2013, മേയ് 16, വ്യാഴാഴ്‌ച

കര്‍ത്തവ്യങ്ങളുടെ സ്വഭാവമല്ല,ഏതു വിധം നിറവേറ്റുന്നു എന്നതാണ് പ്രധാനം




കര്‍ത്തവ്യങ്ങളുടെ സ്വഭാവമല്ല, ഏതു വിധം നിറവേറ്റുന്നു എന്നതാണ് പ്രധാനം
ജനനത്തേയും ജീവിതത്തിലെ നിലകളേയും (വര്‍ണ്ണാശ്രമങ്ങളെ) ആശ്രയിച്ചുള്ള കര്‍ത്തവ്യങ്ങളെപ്പറ്റി ഭഗവദ്ഗീതയില്‍ പലയിടത്തും പറയുന്നുണ്ട്. ജീവിതത്തിലെ വിവിധവ്യവഹാരങ്ങളോട് ഓരോ മനുഷ്യര്‍ക്കുമുള്ള മാനസികവും ധാര്‍മ്മികവുമായ നിലപാട് ഏറിയ കൂറും അവരവരുടെ ജന്മത്തേയും ജീവിതത്തിലും സമുദായത്തിലും അവര്‍ക്കുള്ള നിലയേയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ നാം ഏതു സമുദായത്തില്‍ ജീവിച്ചിരിക്കുന്നുവോ ആ സമുദായത്തിന്റെ ആദര്‍ശങ്ങള്‍ക്കും പ്രവര്‍ത്തനരീതികള്‍ക്കും അനുസരണമായി, നമുക്കു മേന്മയും ഔത്കൃഷ്ട്യവും കൈവരുത്തുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ടതു നമ്മുടെ കര്‍ത്തവ്യമാകുന്നു. എന്നാല്‍ ഒരേ ആദര്‍ശങ്ങളും പ്രവര്‍ത്തനരീതികളുമല്ല എല്ലാരാജ്യങ്ങളിലും നിലവിലുള്ളതെന്ന് പ്രത്യേകം ഓര്‍മ്മവെയ്ക്കണം. ഒരു ജനതയ്ക്കു മറ്റൊരു ജനതയോടു തോന്നുന്ന വെറുപ്പിന് അധികം കാരണവും ഇക്കാര്യത്തിലുള്ള നമ്മുടെ അജ്ഞതയാകുന്നു. അമേരിക്കയിലെ ആചാരമനുസരിച്ച് അവിടത്തുകാരന്‍ ചെയ്യുന്നതെല്ലാം ഉത്തമകര്‍മ്മങ്ങളാണെന്നും, ആ ആചാരാനുസാരം പ്രവര്‍ത്തിക്കാത്ത ഏതൊരുത്തനും മഹാദുഷ്ടനായിരിക്കണമെന്നും അമേരിക്കക്കാരന്‍ വിചാരിക്കുന്നു. തന്റെ ആചാരങ്ങള്‍മാത്രമാണ് ശരിയായിട്ടുള്ളവ, അവയാണ് ലോകത്തിലേയ്ക്കും ഒന്നാംതരം, അവ അനുസരിക്കാത്തവന്‍ ഏറ്റവും ദുഷ്ടനാണ്, എന്നിങ്ങനെ ഒരു ഹിന്ദു വിചാരിക്കുന്നു. ഇതു നമുക്കെല്ലാവര്‍ക്കും സ്വാഭാവികമായി വരാവുന്ന ഒരു തെറ്റാണ്. എന്നാല്‍ ഇതില്‍നിന്നു വളരെ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നുണ്ട്; ലോകത്തില്‍ കാണുന്ന വിദ്വേഷങ്ങളില്‍ പകുതിക്കും ഹേതു ഇതാണ്.

ഞാന്‍ ഈ നാട്ടില്‍ വന്നശേഷം ചിക്കാഗോനഗരത്തിലെ പ്രദര്‍ശനവീഥിയില്‍ ക്കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നൊരാള്‍ എന്റെ തലപ്പാവു പിടിച്ചു വലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍, വൃത്തിയായി വസ്ത്രധാരണം ചെയ്ത് കാഴ്ചയില്‍ മാന്യനെന്നു തോന്നിച്ച ഒരു വ്യക്തിയെയാണ് കണ്ടത്. ഞാന്‍ അയാളോടു സംസാരിച്ചു. എനിക്ക് ഇംഗ്ലീഷ് അറിയാമെന്നു കണ്ടപ്പോള്‍ അയാള്‍ വളരെ ലജ്ജിച്ചു. മറ്റൊരിക്കല്‍ അതേ വീഥിയില്‍വെച്ച് വേറൊരാള്‍ എന്നെപ്പിടിച്ചുന്തി. നിങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അയാളും ലജ്ജിതനായി, നിങ്ങള്‍ എന്തിന് ഈ വേഷം കെട്ടിയിരിക്കുന്നു? എന്നു പരുങ്ങിപ്പതറി ഒരു സമാധാനം പറഞ്ഞു. ഈവക മനുഷ്യരുടെ സഹഭാവം അവരുടെ ഭാഷയുടേയും സ്വന്തം വസ്ത്രധാരണരീതിയുടേയും അതിര്‍ത്തിക്കുള്ളില്‍ മാത്രമേ വ്യാപരിക്കുന്നുള്ളു. പ്രബലന്മാരായ ജനവര്‍ഗ്ഗങ്ങള്‍ ബലഹീനരായവരെ പീഡിപ്പിക്കുന്നതിന് അധികവും ഹേതു ഈ പൂര്‍വ്വധാരണയാണ്. മനുഷ്യസഹോദരന്മാര്‍ക്കു തമ്മില്‍ തോന്നേണ്ട സഹാനുഭൂതിയെ അതു വറ്റിച്ചുകളയുന്നു. എന്റെ വസ്ത്രധാരണരീതി ഹേതുവായി എന്നോട് അപമര്യാദയായി പെരുമാറുകയും ഞാന്‍ അയാളെപ്പോലെ വസ്ത്രം ധരിക്കാത്തതെന്തെന്നു ചോദിക്കുകയും ചെയ്ത ആ മനുഷ്യന്‍ വളരെ നല്ലവനായിരിക്കാം. എന്നാല്‍ മറ്റൊരു രീതിയില്‍ വസ്ത്രം ധരിച്ച ഒരു മനുഷ്യനെക്കണ്ടപ്പോഴേയ്ക്കും അയാളുടെ സ്വഭാവത്തിലെ സൗഹൃദമെല്ലാം നശിച്ചുപോയി. എല്ലാ രാജ്യങ്ങളിലും വിദേശീയര്‍ ചൂഷണത്തിനു വിധേയരാകുന്നു; കാരണം, അവര്‍ക്ക് അവിടെ സ്വയം രക്ഷിക്കാനുള്ള വഴി അറിഞ്ഞുകൂടാ. അങ്ങനെ, അവര്‍ തങ്ങള്‍ കണ്ട രാജ്യക്കാരെക്കുറിച്ചു തെറ്റായ ധാരണകളോടുകൂടി സ്വന്തംനാട്ടിലേയ്ക്കു മടങ്ങുന്നു. കപ്പല്‍ക്കാര്‍, പട്ടാളക്കാര്‍, കച്ചവടക്കാര്‍ മുതലായവര്‍ മറുനാടുകളില്‍ വളരെ അസാധാരണമായി പെരുമാറുന്നു; അവര്‍ സ്വന്തം രാജ്യത്ത് അങ്ങനെ പെരുമാറുവാന്‍ സ്വപേ്‌നപി വിചാരിക്കുകയില്ല. പക്ഷേ ഇതു കൊണ്ടാവാം, ചൈനക്കാര്‍ യൂറോപ്യന്മാരെയും അമേരിക്കക്കാരെയും പരദേശിപ്പിശാചുകള്‍ എന്നു വിളിക്കുന്നത്. പാശ്ചാത്യരുടെ ജീവിതത്തിലെ വിശിഷ്ടവും സരളവുമായ ഭാഗങ്ങള്‍ കണ്ടിരുന്നുവെങ്കില്‍, അവര്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ല.

അതുകൊണ്ട് നാം ഓര്‍മ്മിക്കേണ്ട ഒരു സംഗതി, അന്യരുടെ കര്‍ത്തവ്യത്തെ അവരുടെ ദൃഷ്ടിയില്‍ക്കൂടിത്തന്നെ കാണാന്‍ എപ്പോഴും ശ്രമിക്കേണ്ടതാണെന്നും, അന്യജനതകളുടെ ആചാരങ്ങളെക്കുറിച്ച് വിധികല്പിക്കുവാന്‍ നമ്മുടെ സ്വന്തം മാനദണ്ഡം ഒരിക്കലും ഉപയോഗിക്കരുതെന്നുമാകുന്നു. ഞാന്‍ ജഗത്തിന്റെ മാനദണ്ഡമല്ല. ഞാന്‍ സ്വയം ലോകത്തിനൊത്തു ഒതുങ്ങിക്കൊള്ളുകയാണ് വേണ്ടത്. അല്ലാതെ ലോകം എനിക്കൊത്തൊതുങ്ങുന്നതല്ല. അങ്ങനെ ചുറ്റുപാടുകള്‍ നമ്മുടെ കര്‍ത്തവ്യത്തിന്റെ പ്രകൃതത്തിനു മാറ്റം വരുത്തുന്നുണ്ടെന്നും, ഓരോ സമയത്തും നമ്മുടെ കര്‍ത്തവ്യമായി കാണുന്ന കര്‍മ്മങ്ങളെ ചെയ്തുകൊണ്ടിരിക്കുകയാണു ലോകത്തില്‍ നമുക്ക് ഉത്തമമായിട്ടുള്ളതെന്നും വരുന്നു. ജന്മവശാല്‍ കര്‍ത്തവ്യ മായി വന്നുചേര്‍ന്നിട്ടുള്ള കര്‍മ്മങ്ങള്‍ നമുക്കു ചെയ്യാം. അതു ചെയ്തുകഴിഞ്ഞാല്‍പ്പിന്നെ ജീവിതത്തിലും ജനസമുദായത്തിലും നമുക്കുള്ള നില ഹേതുവായി വന്നിട്ടുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാം. എന്നാല്‍ മനുഷ്യപ്രകൃതിയെ സംബന്ധിച്ച് ഒരു വലിയ അപകടമുണ്ട്. മനുഷ്യര്‍ ഒരിക്കലും ആത്മപരീക്ഷണം ചെയ്യുകയില്ല. രാജാവിനെപ്പോലെ സിംഹാസനം വാഴാന്‍ തനിക്കും യോഗ്യതയുണ്ട് എന്ന് അവന്‍ വിചാരിക്കുന്നു. അങ്ങനെ യോഗ്യതയുണ്ടെങ്കില്‍ത്തന്നേയും, അയാള്‍ തല്‍ക്കാലം ഏതു പടിയിലിരിക്കുന്നുവോ, അതിനോടനുബന്ധിച്ച കര്‍ത്തവ്യം നിറവേറ്റിയതായി ആദ്യം കാണിക്കണം; അപ്പോള്‍ അതിലും ഉപരിയായ കര്‍ത്തവ്യങ്ങള്‍ വന്നുചേരും. നാം ലോകത്തില്‍ ആത്മാര്‍ത്ഥതയോടെ കര്‍മ്മങ്ങളിലേര്‍പ്പെട്ടുതുടങ്ങുമ്പോള്‍, പ്രകൃതി നമ്മെ ഇടത്തും വലത്തും പ്രഹരിക്കയും അങ്ങനെ നമ്മുടെ യഥാര്‍ത്ഥസ്ഥാനം കണ്ടുപിടിക്കുവാന്‍ സഹായിക്കയും ചെയ്യുന്നു. തനിക്ക് അര്‍ഹതയില്ലാത്ത സ്ഥാനത്ത് ദീര്‍ഘകാലം തൃപ്തികരമായി ഇരിക്കാന്‍ ഒരുവനും സാധിക്കയില്ല. പ്രകൃതിയുടെ ക്രമീകരണപ്രവൃത്തിയില്‍ പിറുപിറുത്തിട്ടു കാര്യമില്ല. താണതരം ജോലി ചെയ്യുന്നതുകൊണ്ട് ആരും താണവനാകയില്ല. ഏര്‍പ്പെട്ടിരിയ്ക്കുന്ന കര്‍ത്തവ്യങ്ങളുടെ സ്വഭാവം കൊണ്ടുമാത്രം ആരേയും മതിക്കാവുന്നതല്ല; മറിച്ച്, കര്‍ത്തവ്യങ്ങളെ ഏതുവിധം നിറവേറ്റുന്നു എന്നും ഏതു മനോഭാവത്തോടെ നിറവേറ്റുന്നു എന്നും നോക്കിയാണ് സകലരേയും മതിക്കേണ്ടത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I