2021, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

തിരുമറയൂര്‍ ക്ഷേത്രം,എറണാകുളം ജില്ല

 




തിരുമറയൂര്‍ ക്ഷേത്രം,എറണാകുളം ജില്ല

========================================


നിരവധി വിശ്വാസങ്ങളാല്‍ സമൃദ്ധമായ ക്ഷേത്രമാണ് തിരുമറയൂര്‍ ക്ഷേത്രം. എറണാകുളം ജില്ലയില്‍ പിറവം പേപ്പതിക്കു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു .ഈ ക്ഷേത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശ്രീരാമനാണ് പ്രതിഷ്ഠ

പട്ടാഭിഷേക രൂപത്തില്‍ ശ്രീരാമന്‍റെ പട്ടാഭിഷേക രൂപത്തിലാണ് പ്രതിഷ്ഠയുടെ ഭാവമുള്ളതിനാല്‍ രാമനൊപ്പം സഹോദരന്മാരായ ലക്ഷ്മണന്റെയും ഭരതന്റെയം ശത്രുഘനന്‍റെയും ഒപ്പം സീതാദേവിയുടെയും സാന്നിധ്യം ക്ഷേത്രത്തിലുണ്ട് എന്നാണ് വിശ്വസിക്കുന്നത്

പേരുവന്ന വഴി 

രാമായണത്തിലെ പലസംഭവങ്ങള്‍ക്കും സാക്ഷിയായ പ്രദേശമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വനവാസക്കാലത്ത് രാമന്‍ സീതയോടും ലക്ഷ്മണനോടും കൂടി  ഇതുവഴി യാത്ര ചെയ്തു പോയിരുന്നുവത്രെ. ഇവിടെ വെച്ചുതന്നെയാണ് മാരീചന്‍ മാനിന്റെ രൂപത്തിലെത്തിയതും അതിനെ ശ്രീരാമന്‍ അമ്പെയ്തു വീഴ്ത്തിയതും. മറഞ്ഞിരുന്ന് അമ്പെയ്ത ഇടമായതിനാലാണ് പ്രദേശത്തിന് തിരുമറയൂര്‍ എന്ന പേരു വന്നതത്രെ

ഹനുമാന്‍റെ സാന്നിധ്യം ലോകത്തിലെ ഏക ഹനുമത് പൂജിത ശ്രീരാമസ്വാമി ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. തൻറെ  നാഥനായ രാമനെ  സ്ഥിരമായി ഹനുമാന്‍ പൂജചെയ്യുമത്രെ


പൂജ ചെയ്യുവാനെത്തുന്ന ഹനുമാന്‍ 

ഹമുനാന്‍റെ സാന്നിധ്യം എല്ലാ ദിവസവും ഇവിടെ ഉണ്ടാകുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. എല്ലാ ദിവസവും പുലര്‍ച്ചെ 3.30 ന് ഹനുമാന്‍ ശ്രീരാമന് പൂജ ചെയ്യുവാനായി ക്ഷേത്ര സന്നിധിയില്‍ എത്തുമത്രെ. അതിനു തെളിവായി പൂജ ചെയ്യുമ്പോളുള്ള ശംഖുവിളിയും മണിയുടെ ശബ്ദവുമെല്ലാം കേള്‍ക്കുമത്രെ. ഇതു കേട്ടതായി പരിസരത്തുള്ള പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനു തെളിവായി പലരും പിറ്റേന്ന് പുലര്‍ച്ചെ പൂജയുടെ ഭാഗമായ പൂക്കളും തുളസിയുമെല്ലാം ഇവിടെ കാണുവാൻ സാധിയ്‌ക്കും 


പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! 

വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം


കുന്നിന്‍ചെരുവിലെ ക്ഷേത്രം

 പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണതയുള്ള ഒരു സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാടത്തിനു നടുവിലെ ഒരു ചെറിയ കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് നിരവധി ആളുകള്‍ എത്താറുണ്ട്. കര്‍ക്കിടക മാസത്തിലാണ് ഇവിടെ കൂടുതലും വിശ്വാസികള്‍ എത്തുന്നത്.


2021, ഓഗസ്റ്റ് 15, ഞായറാഴ്‌ച

അംബര്‍നാഥ് ക്ഷേത്രം, മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപം

 അംബര്‍നാഥ് ക്ഷേത്രം, മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപം 







അംബര്‍നാഥ് ക്ഷേത്രം, മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപം 

=================================================================


ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം അറിയപ്പെടുന്നത്. 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം മഹാരാഷ്ട്രയില്‍ മുംബൈയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. പുരാതന ശിവാലയമെന്ന് പ്രാദേശികമായും അംബരേശ്വരര്‍ ക്ഷേത്രമെന്ന് വ്യാപകമായും ഇവിടം അറിയപ്പെടുന്നു. ആകാശത്തിന്‍റെ നാഥന്‍ അല്ലെങ്കില്‍ ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്‍നാഥന്‍ എന്ന വാക്കിനര്‍ത്ഥം. വാല്‍ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള, വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാധാന്യം  കല്പിക്കുന്ന നമ്മുടെ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം. ഭാരതത്തിലെ ഏറ്റവും പുരാതനമായ ശിവക്ഷേത്രങ്ങളില്‍ ഒന്ന്... ഇന്നും മുടക്കമില്ലാതെ പൂജകള്‍ നടക്കുന്ന ദൈവ സ്ഥാനം.. എന്നിങ്ങനെ വിശേഷണങ്ങള്‍ പലതുണ്ട് ഈ ക്ഷേത്രത്തിന്


വനവാസക്കാലത്ത് ഒറ്റ രാത്രിയില്‍ എഡി 1060 ല്‍ ശിലഹാരാ രാജാവായിരുന്ന ഛിത്രരാജ നിര്‍മ്മിച്ചതാണന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് ധാരാളം ഐതിഹ്യങ്ങളുണ്ട്. അതിലൊന്ന് പാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. വനവാസക്കാലത്ത് പാണ്ഡവര്‍ ഒറ്റ രാത്രികൊണ്ടാണ് ഈ വലിയ ഒരു കല്ലില്‍ നിന്നും ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് അവിടെ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിന്‍റെ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം പോലെ മറ്റൊരു ക്ഷേത്രം ലോകത്ത് നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്.

ആകാശത്തിലേക്ക് തുറക്കുന്ന മേല്‍ക്കൂര 

മാത്രമല്ല, പാണ്ഡവര്‍ക്ക് തങ്ങളുടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തതിന്‍റെ തെളിവുകളാണ് ഇന്നും ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുകളിലെ പൂര്‍ത്തിയാക്കാത്ത മേല്‍ക്കൂര. ഇതു കൂടാതെ പാണ്ഡവര്‍ കടന്നു പോയ ഒരു കിലോമീറ്റര്‍ ദൂരമുള്ള ഒരു തുരങ്കവും ഇവിടെ ഉണ്ടായിരുന്നുവത്രെ. ഇന്നത് അടച്ചിട്ട നിലയിലാണ്.

കാവല്‍ നില്‍ക്കുന്ന രണ്ട് നന്ദികള്‍ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ പ്രധാനമായും ഹേമദ്പന്തി ശൈലിയിലാണ്. ക്ഷേത്രത്തിന്റെ പുറം ഭിത്തികൾ കറുത്ത പാറയിൽ വളരെ മനോഹരമായി കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ രണ്ട് നന്ദികൾ കാണാം. ഗർഭ ഗൃഹ എന്ന പ്രധാന മുറിയിൽ സ്വയംഭൂ ആയ ശിവലിംഗം കാണാം. 30 പടികള്‍ ഇറങ്ങി വേണം ഈ ശ്രീകോവിലിലേക്ക് കടക്കുവാന്‍. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ദില്‍വാര ക്ഷേത്രങ്ങളോട് സാമ്യമുള്ളതാണ് ഇതിന്‍റെ നിര്‍മ്മാണ ശൈലി എന്നാണ് കരുതപ്പെടുന്നത്.

ബ്രഹ്മാവും അംബരേശ്വരനും ബ്രഹ്മാവിന്‍റെ രണ്ടു പ്രാധാന്യമുളള രൂപങ്ങള്‍ ഈ ക്ഷേത്രത്തില്‍ കാണാം. പുറം മതിലിൽ കൊത്തിയെടുത്ത ബ്രഹ്മദേവന്റെ ഒരു മികച്ച ശിൽപവും, ശിവനും വിഷ്ണുവും ബ്രഹ്മാവും സൂര്യനും ഒരുമിച്ച് ഏകദൈവമായി ചിത്രീകരിച്ചിരിക്കുന്ന ഹരി-ഹര-പിതാമഹ-സൂര്യന്റെ അപൂർവമായ ഒരു മൂർത്തി രൂപവും ഇവിടെ ഉണ്ട് 

നിത്യവും ഹനുമാനെത്തും തന്‍റെ സ്വാമിക്ക് പൂജ ചെയ്യുവാന്‍... തെളിവായി തുളസിദളവും മണിയൊച്ചയും!

ആഘോഷങ്ങള്‍ മഹാശിവരാത്രിയിലും ശ്രാവണി സോമത്തിലും ശിവക്ഷേത്രം ഭക്തരെക്കൊണ്ട് നിറയും. മഹാശിവരാത്രിയോടനുബന്ധിച്ച് 4 ദിവസം അംബരനാഥിൽ ഒരു വലിയ മേളയുണ്ട്. ഇത് മഹാശിവരാത്രിക്ക് രണ്ട് ദിവസം മുമ്പ് ആരംഭിക്കുകയും മഹാശിവരാത്രി കഴിഞ്ഞ് ഒരു ദിവസം തുടരുകയും ചെയ്യുന്നു.


എത്തിച്ചേരുവാന്‍ അംബർനാഥ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് അംബർനാഥ് ഈസ്റ്റിൽ നിന്ന് നിങ്ങൾക്ക് ഓട്ടോ യിലും  ക്ഷേത്രത്തിലെത്താം. 50 കിലോമീറ്റര്‍ അകലെയുള്ള മുംബൈ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.


ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം എറണാകുളം ജില്ല

 ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം

=====================================================

കേരളത്തിലെ എറണാകുളം ജില്ലയിൽ അങ്കമാലിക്കും, ആലുവയ്ക്കും ഇടയ്ക്ക് ചൊവ്വര ഗ്രാമത്തിൽ പെരിയാറിന്റെ കരയിലാണ് ചൊവ്വര ചിദംബരേശ്വരസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തിലെ മൂർത്തിയായ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. ചിദംബരേശ്വരക്ഷേത്രം എന്നപേരുതന്നെ ഇതിന് ഉപോദ്ബലകമാണ്. ഇവിടുത്തെ ശിവലിംഗം ചിദംബരത്തു നിന്നും കൊണ്ടുവന്നതാണന്നും പിന്നീട് പരശുരാമൻ സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്

ഐതിഹ്യം

തമിഴ്നാട്ടിലെ ചിദംബരത്തെ നടരാജമൂർത്തി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത് എന്നു വിശ്വസിക്കുന്നു. എന്നാൽ, പതിവുപോലെ ശിവലിംഗരൂപത്തിലാണ് പ്രതിഷ്ഠ. കേരളപഴമയുമായി ബന്ധപ്പെട്ട പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻറെ വിഹാരരംഗമായ അകവൂർമനയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഉൾക്കൊള്ളുന്ന ഈ ഗ്രാമം പെരിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.

തമിഴ്നാട്ടിലെ ചിദംബരം ക്ഷേത്രത്തെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ആകാശത്തിനു പ്രാധാന്യം നല്കി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ലോകത്തിന്റെ ഒത്ത നടുവിലായി, ശൂന്യമായ ഈശ്വര സങ്കല്പത്തെ ആരാധിക്കുന്ന ഈ ക്ഷേത്രം ലോക പ്രശസ്തമാണ്. രണ്ടായിരത്തിലധികം വർഷത്തെ പഴക്കമുള്ള ചിദംബരം ക്ഷേത്രം അറിയപ്പെടുന്നതു തന്നെ അവിശ്വാസിയേപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നതു പോലും. ചിദംബരത്തെ നടരാജ മൂർത്തിയെ പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റൊരു ക്ഷേത്രം നമ്മുടെ നാട്ടിലുണ്ടെന്ന് കേട്ടിട്ടുണ്ടോ?! എറണാകുളത്തെ ചൊവ്വര ചിദംബരസ്വാമി ക്ഷേത്രമാണ് പേരുകൊണ്ടും ആചാരങ്ങൾകൊണ്ടും പ്രസിദ്ധമായ ആ ക്ഷേത്രം. കൂടുതലറിയുവാനായി വായിക്കാം...

കൊച്ചി രാജകുടുംബവും ക്ഷേത്രവും കൊച്ചി രാജകുടുംബവുമായി പല തരത്തിലുള്ള ബന്ധങ്ങളും ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജകുടുംബവുമായി വളരെയധികം ബന്ധങ്ങളുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു കോവിലകമായിരുന്നു ക്ഷേത്ര കാര്യങ്ങൾ നടത്തിക്കൊണ്ടിരുന്നത്. വളരെ ചെറിയ ഒന്നായ ഈ ക്ഷേത്രം പടിഞ്ഞാറ് ദർശനമായാണ് നിർമ്മിച്ചിരിക്കുന്നത്.

പുരാണങ്ങളിലൂടെ പുരാണങ്ങളിലും ഐതിഹ്യങ്ങളിലും പലതവണ ഈ ക്ഷേത്രവും അതിരിക്കുന്ന ഈ ഗ്രാമവും പരാമർശിക്കപ്പെട്ടിട്ടുണ്ട്. പറയിപെറ്റ പന്തിരുകുലത്തിലെ ചാത്തൻറെ അകവൂർമനയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രവും ഇവിടെയാണെന്നാണ് വിശ്വാസം. അത് കൂടാതെ മൂലം തിരുനാൾ രാമവർമ്മ മഹാരാജാവ് ഇവിടെ വെച്ച് മരണമടഞ്ഞതിനാൽ ഇവിടം ശ്രീമൂല നഗരം എന്നും അറിയപ്പെടുന്നു.

ക്ഷേത്ര വിശേഷം ശിവലിംഗ രൂപത്തിലാണ് നടരാജ മൂർത്തിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചിദംബര നാഥനെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ ചിദംബരേശ്വരം എന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. മകര മാസത്തിലാണ് ക്ഷേത്രോത്സവം കൊണ്ടാടുന്നത്.



എത്തിച്ചേരുവാൻ എറണാകുളത്ത്, അങ്കമാലിക്കും ആലുവയ്ക്കും ഇടയിലായി ചൊവ്വര ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അങ്കമാലിയിൽ നിന്നും 11.3 കിലോമീറ്ററും ആലുവയില്‍ നിന്നും 5.7 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.അവിശ്വാസിയെപ്പോലും വിശ്വാസിയാക്കുന്ന ക്ഷേത്രങ്ങൾ



2021, ഓഗസ്റ്റ് 9, തിങ്കളാഴ്‌ച

ഞണ്ടുപാറ ഗുഹാക്ഷേത്രം, തിരുവനന്തപുരം ജില്ല






 


ഞണ്ടുപാറ ഗുഹാക്ഷേത്രം തിരുവനന്തപുരം ജില്ല

=================================================

ഞണ്ടുപാറ ഗുഹാ ക്ഷേത്രം കുട്ടമല

തിരുവനന്തപുരം ജില്ലയിൽ അമ്പൂരി പഞ്ചായത്തിൽ കുട്ടമല (നെയ്യാർഡാമിന്‌ 8 കിലോമീറ്റർ മാറി)

ഞണ്ടുപാറ ഗുഹാ ക്ഷേത്രം.സ്ഥിതിചെയ്യുന്നു ...തിരുവനന്തപുരം നിവാസികൾക്കു പോലും അപരിചിതമായ ഒന്നാണിത് .തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളില‍ൊന്നാണ് തിരുവനന്തപുരം കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ഇവിടെ കുന്നും മലകളും താണ്ടി സഞ്ചാരികളെത്താറുണ്ട്. തിരുവനന്തപുരത്തിന്‍റെ കാണാക്കാഴ്ചകളുമായി കാത്തിരിക്കുന്ന ഞണ്ടുപാറയുടെയും ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിന്‍റെയും വിശേഷങ്ങളിലേക്ക്.നമുക്കൊന്ന് സഞ്ചരിയ്ക്കാം .


ഞണ്ടുപാറ തിരുവനന്തപുരത്തിന്‍റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നായ അമ്പൂരിയ്ക്ക് തൊട്ടടുത്തു കുട്ടമലയ്ക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറത്ത്, ഒന്നു കൂടി വ്യക്തമാക്കിയാൽ അമ്പൂരിയ്ക്ക് പുറത്ത് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവർ ഏറെയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.


ഞണ്ടുപാറ ഗുഹാ ക്ഷേത്രം


 ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം. ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രം എന്ന  പേരുവന്ന്ത്. .ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

ഒരു മണിക്കൂർ നടക്കാനുള്ള  കയറ്റം താഴെ നിന്നും മുകളിലേക്ക്, അതായത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയിലേക്ക് നടന്നെത്തുവാൻ മാത്രമേ സാധിക്കൂ. കുന്നും മലയും കയറി കിതച്ചിരുന്നും പുല്ലുകൾ വകഞ്ഞു മാറ്റിയും കല്ലുകൾ നിറഞ്‍ വഴിയിലൂടെ കയറണം. കയറിത്തുടങ്ങിയാൽ പിന്നെ രസമാണ്.. എങ്ങനെയും തീർത്ത് മാത്രമേ താഴേക്കിറങ്ങൂകയുള്ളു ... കുത്തനെയുള്ള പാറ കയറിയും ചരിവുകൾ സൂക്ഷിച്ചു കയറിയുമൊക്കെ ഏതാണ്ട് ഒരുമണിക്കൂർ സമയം വേണ്ടിവരും ഞണ്ടുപാറയുടെ മുകളിലെത്തുവാന്‍.

മഴ പെയ്യുവാൻ പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള്‌ നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തിയിരുന്നു . ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്..മുകളിലെത്തിയാൽ  അതുവരെയുള്ള ക്ഷീണത്തെയെല്ലാം മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണുവാനുള്ളത്. നോക്കെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ചയും ഒക്കെ മനസ്സിനെ തണുപ്പിക്കും. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.


പോകുവാൻ പറ്റിയ സമയം


 പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേയ് ക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം


എത്തിച്ചേരുവാന്‍ തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിക്ക് തൊട്ടടുത്ത് കുട്ടമലയും കുട്ടമലയോട് ചേർന്ന് ഞണ്ടുപാറയും സ്ഥിതി ചെയ്യുന്നു. അമ്പൂരി- കുട്ടമല റോഡിൽ എസ്എൻഡിപി ഓഫീസിന് എതിർവശത്തുള്ള കവാടത്തിലൂടെ മുകളിലോട്ട് കയറിയാൽ മതി


ഞണ്ടുപാറ ഗുഹാക്ഷേത്രം 

യാത്രകൾ എന്നും ഒരനുഭൂതിയാണ് ചില യാത്രകൾ മാനസിക ഉന്മേഷത്തിനും ചില യാത്രകൾ ശാരീരികോന്മേഷത്തിനും വഴിയൊരുക്കുന്നു എന്നാൽ ഇവ രണ്ടും ഒത്തുചേരുന്ന യാത്രകൾ അപൂർവ്വമാണ് ആ അപൂർവ്വത തന്നെയാണ് . 

ഇവിടം.   പഞ്ചായത്തിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടുത്തെ ഗുഹാക്ഷേത്രം ഇവിടെ എല്ലാ വർഷവും ഉത്സവം നടത്തി വരുന്നു നാടിന് ഐശ്വര്യത്തിന്റെ പ്രതീകമായാണ് നാട്ടുകാർ ഗുഹാക്ഷേത്രത്തെ കാണുന്നത് ക്ഷേതത്തിലെ ഗുഹയിൽ ഒരിക്കലും വറ്റാത്ത നീരുറവയുണ്ട് ഉറവയിൽ സ്വർണ്ണ നിറമുള്ള ഒരു ഞണ്ട് കാണപ്പെടുന്നു എന്നാണ് വിശ്വാസം അതിനാലാണ് ഈ പാറയ്ക്ക് ഞണ്ടുപാറ എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം.  പണ്ടുകാലത്ത് വരൾച്ചയിൽ പ്രദശമാകെ ബുദ്ധിമുട്ടുമ്പോൾ നാട്ടുകാർ പാറയുടെ മുകളിലെത്തി ഗുഹയിൽ നിന്ന് വെള്ളമെടുത്ത് അവിടെ പൊങ്കാല അർപ്പിക്കുമായിരുന്നു ആ സമയം തന്നെ പ്രദേശത്ത് മഴ ലഭിച്ചിരുന്നു എന്നാണ് കേട്ടറിവ് ഇത് വെറുമൊരു കെട്ടുകഥയല്ല നാടിന്റെ നിലനിൽക്കുന്ന ഐതിഹ്യമാണ്. ഏതൊരു സഞ്ചാരിയെയും തൃപ്തിപ്പെടുത്താൻ 100% ഈ നാടിന് കഴിയും എന്നാണ്  വിശ്വാസം നാടിന്റെ വളർച്ചയ്ക്കായി നമുക്ക് കാത്തിരിയ്ക്കാം 


കടപ്പാട് 

2021, ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം മലപ്പുറം ജില്ല

 തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം 








=====================================

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം ചരിത്രമെഴുതിയ അങ്ങാടിപ്പുറത്താണ്


 തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. ദാമ്പത്യ പ്രശ്നങ്ങൾക്കു പരിഹാരമായും മംഗല്യ ഭാഗ്യത്തിനായും ഒക്കെ വിശ്വാസികൾ ആശ്രയിക്കുന്ന ഈ ക്ഷേത്രത്തിന് കഥകളും മിത്തുകളും ഒരായിരമുണ്ട്. വള്ളുവനാടൻ  രാജാക്കന്മാരുടെ കുലദൈവമായ ഭദ്രകാളിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അന്നു മുതൽ പരിപാലിച്ചു പോരുന്നത് വള്ളുവനാട് രാജാക്കന്മാരായിരുന്നു. പോരാട്ടങ്ങളുടെയും ആയോധനകലകളുടെയും ഒക്കെ ചരിത്രമുറങ്ങുന്ന ഈ മണ്ണ് മാമാങ്കത്തോട് കിടപിടിക്കുന്ന തിരുമാന്ധാംകുന്ന് പൂരത്തിനും ഏറെ പ്രസിദ്ധമാണ്. വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും വിശ്വാസികളുടെ പ്രിയ ക്ഷേത്രമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ വിശേഷങ്ങളും ചരിത്രവും പ്രത്യേകതകളും ഒക്കെ നമുക്ക് ഒന്ന് കണ്ണോടിയ്ക്കാം .


മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിപുരാതനമായ ഈ ക്ഷേത്രം വള്ളുവനാട് രാജാക്കന്മാരുടെ കുലദേവതാ ക്ഷേത്രം കൂടിയായിരുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ്  തിരുമാന്ധാംകുന്ന് ക്ഷേത്രം .


കുന്നിൻമുകളിലെ ക്ഷേത്രം

-----------------------------------------------

 പേരുപോലെ തന്നെ ഒരു ചെറിയ കുന്നിന്‍റെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലു കവാടങ്ങളുള്ള ക്ഷേത്രത്തിൽ വടക്കോട്ട്‌ ദർശനമായി ഭദ്രകാളിയുടെയും  കിഴക്കോട്ട് ദർശനമായി ശിവന്റെ ശ്രീകോവിലും കാണാം. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. മാതൃശാല എന്ന ശ്രീകോവിലിലാണ് തിരുമാന്ധാംകുന്നിലമ്മയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.


ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം

---------------------------------------------------------------------------------

 തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഐതിഹ്യം സൂര്യവംശത്തിന്റെ കാലത്തുള്ളതാണ്. സൂര്യവംശത്തിലെ രാജാവായിരുന്ന മാന്ധാതാവ്‌ തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് നാടുചുറ്റാനിറങ്ങി. യാത്രയ്ക്കിടെ അങ്ങാടിപ്പുറത്തെത്തിയ അദ്ദേഹം ഈ സ്ഥലത്തിന്‍റെ ഭംഗിയിൽ ആകൃഷ്ടനായി ഇവിടെ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സംപ്രീതനായ ശിവൻ പ്രത്യക്ഷപ്പെട്ട് എന്താഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലുതും മനോഹരവുമായ ശിവലിംഗമാണ് അദ്ദേഹം ശിവനോട് ആവശ്യപ്പെട്ടത്. എന്നാൽ അത് തൻറെ പത്നിയായ പാർവ്വതിയുടെ കൈവശമാണെന്ന് അറിയാവുന്ന ശിവൻ ആകെ സങ്കടത്തിലാവുകയും ഒടുവിൽ പാര്‍വ്വതി കാണാതെ അദ്ദേഹം ആ ശിവലിംഗം മാന്ധാതാവിനു നല്കി. എന്നാൽ പതിവ് പൂജാ സമയത്ത് വിഗ്രഹം അന്വേഷിച്ച കാണാത്ത പാർവ്വതി അത് പോയ വഴി മനസ്സിലാക്കുകയും ഭദ്രകാളിയെയും ശിവഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയക്കുകയുടെ ചെയ്തു. എന്നാൽ എത്ര ശ്രമിച്ചിട്ടും മാന്ധാതാവ് വിഗ്രഹം തിരികെ കൊടുക്കുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ ഭൂതഗണങ്ങൾ മഹർഷിയുടെ ആശ്രമം ആക്രമിച്ചു. അവരെ തുരുത്തുവാനായി മഹർഷിയുടെ ശിഷ്യന്മാർ കാട്ടുപഴങ്ങൾ പെറുക്കിയെറിഞ്ഞു. ഓരോ പഴവും ഓരോ ശിവലിംഗങ്ങളായി ഭൂതഗണങ്ങളുടെ മുകളിൽ പതിച്ച് ഇവർക്ക് പിന്മാറേണ്ടി വന്നു. ഒടുവില്‍ രൗദ്രഭാവം പൂണ്ട ഭദ്രകാളി ബലമായി ശിവലിംഗം എടുത്തുകൊണ്ടു പോകുവാൻ വരികയും അവസാനം ജ്യോതിർലിംഗം രണ്ടായി പിളർന്നു പോവുകയും ചെയ്തു എന്നാണ് പറയുന്നത്. പിളർന്ന രീതിയിലാണ് ഇന്നും ഇവിടെ ശ്രീമൂലസ്ഥാനത്ത് പ്രതിഷ്ഠയുള്ളത്. പിന്നീട് ഇത് അന്യാധീനപ്പെട്ടുപോവുകയും പതിറ്റാണ്ടുകൾക്കു ശേഷം വളരെ അവിചാരിതമായി ക്ഷേത്രം കണ്ടെത്തി നവീകരിക്കുകയുമായിരുന്നു.


മാമാങ്കവും തിരുമാന്ധാംകുന്ന് പൂരവും 

========================================


കേരള ചരിത്രത്തിലെ തന്നെ എണ്ണംപറഞ്ഞ സംഭവങ്ങളിലൊന്നായ മാമാങ്കവും തിരുമാന്ധാംകുന്ന് ക്ഷേത്രവും തമ്മിൽ അഭേദ്യമായ ചില ബന്ധങ്ങളുമുണ്ട്. രക്തം കൊടുത്തും അഭിമാനം സംരക്ഷിക്കുന്ന ചാവേറുകളുടെ കഥ ഇന്നും ഉൾപ്പുളകത്തോടെ മാത്രമേ കേട്ടിരിക്കുവാൻ സാധിക്കൂ. പെരുമാക്കന്മാർ ആഘോഷിച്ചിരുന്ന മാമാങ്കത്തിന് വെള്ളാട്ടിരി പിന്മാഗാമിയായിത്തീർന്നു. എന്നാൽ സാമൂതിരിയുടെ വരവോടെ വെള്ളാട്ടിരിക്ക് പിന്തിരിഞ്ഞ് തോൽവി  അംഗീകരിക്കേണ്ടി വരികയും സാമൂതിരി മാമാങ്കത്തിന്‍റെ രക്ഷാപുരുഷനായി  മാറുകയും ചെയ്തു.എന്നാൽ അങ്ങനെതോൽവി സമ്മതിക്കുവാൻ തയ്യാറാകാതിരുന്ന വെള്ളാട്ടിരി മാമാങ്കത്തിന് ചാവേറുകളെ അയച്ചുകൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നാണ് വെള്ളാട്ടിരി മാമാങ്കത്തിന് പുറപ്പെട്ടിരുന്നത്. ഇവിടെ നിന്നുതന്നെയാണ് ചാവേറുകളും അങ്കത്തിനു പുറപ്പെട്ടിരുന്നത്. ചാവേറുകൾ പുറപ്പെട്ടിരുന്ന തറയായ ചാവേർത്തറ ഇപ്പോഴും ക്ഷേത്രത്തിന്റെ തെക്കുവശത്തുണ്ട്. അതിനിടയിൽ മാമാങ്കത്തിനു തുല്യമായ മറ്റൊരു പൂരത്തിനും അദ്ദേഹം രൂപം നല്കി. അതാണ് തിരുമാന്ധാംകുന്ന് പൂരം എന്നറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ 12 വർഷത്തിലൊരിക്കലായിരുന്നുവെങ്കിലും പിന്നീട് അത് എല്ലാ വർഷവും നടത്തുവാൻ തുടങ്ങി


മാംഗല്യപൂജ 


ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ പൂജകളിലൊന്നാണ് മാംഗല്യ പൂജ. ഇഷ്ട മാംഗല്യത്തിനും സർവാഭീഷ്ടത്തിനും ഇവിടുത്തെ ഗണപതിക്ക്‌ നടത്തുന്ന വഴിപാടാണ് മംഗല്യപൂജ എന്നറിയപ്പെടുന്നത്. മംഗല്യപൂജയുടെ സമയത്ത് ഗണപതിയുടെ നേരെയുള്ള വാതിൽ തുറന്നു ഭക്തർക്ക്‌ ദർശനം നൽകും. ഇവിടുത്തെ തുലാമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന മഹാമംഗല്യപൂജ വളരെ പ്രസിദ്ധമാണ്.


ആട്ടങ്ങയേറ് ക്ഷേത്ര ഉല്പത്തിയുടെ കഥയോട് ചേർന്നു നിൽക്കുന്ന ഒന്നാണ് ആട്ടങ്ങയേറ്. ഭദ്രകാളിയുടെ ഭൂതഗണങ്ങളും മാന്ധാതാവ് മഹർഷിയുടെ ശിഷ്യഗണങ്ങളും തമ്മിലുണ്ടായ യുദ്ധത്തിന്റെ അനുസ്മരണമാണ് ആട്ടങ്ങയേറ്. തുലാമാസം ഒന്നിനാണ് ഈ ചടങ്ങ് നടത്തിവരുന്നത്. ഇവിടുത്തെ പ്രസിദ്ധമായ ചടങ്ങുകളിലൊന്നാണിത്. ക്ഷേത്രത്തിന്‍റെ വടക്കേ നടയിൽ വടക്കേനടയിൽ ഭക്തർ രണ്ടു സംഘമായി പരസ്പരം കാട്ടുപഴമായ ആട്ടങ്ങയെറിയുന്നതാണ് ഈ ചടങ്ങ്.



തിരുമാന്ധാംകുന്ന് പൂരം 11 ദിവസം നീണ്ടു നില്‍ക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് തിരുമാന്ധാംകുന്ന് പൂരം. ഭഗവതിക്കും ഭഗവാനും ഒരേ സമയം നടക്കുന്ന ഈ പൂരം വള്ളുവനാടിന്‍റെ ദേശീയോത്സവമായാണ് അറിയപ്പെടുന്നത്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്. വലിയകണ്ടം നടീൽ,കളംപാട്ട്,ചാന്താട്ടം,നിറ, ഞെരളത്ത് സംഗീതോത്സവം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രധാന പരിപാടികൾ.


എത്തിച്ചേരുവാൻ 



മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറത്താണ് തിരുമന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം പെരിന്തൽമണ്ണയിൽ നിന്നും മൂന്ന് കിലോമീറ്റർ പടിഞ്ഞാറ്  സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്ങാടിപ്പുറത്തും വിമാനത്താവളം കോഴിക്കോടുമാണ്.