2018, ഒക്‌ടോബർ 29, തിങ്കളാഴ്‌ച

അഞ്ചാം പടൈവീട്ടിലേക്ക്തിരുത്തണിയില്‍ മുരുകന്‍



തിരുത്തണി
സ്വാമിമലൈയില്‍ നിന്ന്
വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട്ടിലേക്ക്

തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്. ചുറ്റിലും മനോഹരമായ മലനിരകള്‍. പടിഞ്ഞാറുള്ള വള്ളിമലയില്‍ വെച്ച് വള്ളിയെ വിവാഹം ചെയ്ത് സ്വാമി ഇവിടേക്കു വന്നു.
മലകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇടമായതിനാലാണ് ഇവിടേക്കു വന്നതെന്ന വള്ളിയുടെ സംശയത്തിനു മറുപടി നല്‍കിയ സ്വാമി, ഇവിടെ തന്നെ അഞ്ചു ദിവസം ഭജിച്ചു പ്രാര്‍ഥിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും പുണ്യമുണ്ടാവുമെന്നും അരുളിച്ചെയ്തു. മൂലസ്ഥാനത്ത്, തിരുപ്പുകഴ് പാടലിന്റെ പശ്ചാത്തലത്തില്‍ വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യന്‍. ദ്വാരപാലകരായി സുദേകനും സുമുഖനും. അര്‍ദ്ധമണ്ഡപത്തിലും സ്ഥപനമണ്ഡപത്തിലും ആപത്സഹായ വിനായകന്‍. ഉച്ചപ്പിള്ളയാര്‍ എന്നീ ഗണേശപ്രതിഷ്ഠകളും. ഉപദേവതകളും. ഉച്ചവര്‍സന്നിധി എന്നു വിളിക്കുന്ന രണ്ടാം പ്രാകാരത്തില്‍ ഏകാംബരേശ്വരന്‍, അര്‍ദ്ധനാരീശ്വരന്‍ അരുണാചലേശ്വരന്‍ ചിദംബരേശ്വരന്‍ ഉമാമഹേശ്വരന്‍ തുടങ്ങിയ മഹാദേവന്റെ വിവിധ ഭാവങ്ങള്‍. 

മധുരൈ നഗരത്തിനടുത്താണ്
ആറാം പടൈവീടായ പഴമുതിര്‍ച്ചോലൈ

പഴമുതിര്‍ച്ചോലൈ

മധുരൈമാനഗരിയുടെ ചാരെയാണ്
ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രത്തിലേക്ക്

പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം. മധുരക്കു പോവുകയായിരുന്ന അവ്വയാര്‍ വഴിക്കിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സുന്ദരകളേബരനായ ഒരു ബാലന്‍ ഓടിവന്നു ചോദിച്ചു ''മുത്തശ്ശീ, പഴം വേണോ?'' മരത്തിനു മുകളില്‍ കയറിയ ബാലന്‍ വീണ്ടും ചോദ്യമെറിഞ്ഞു. ''ചുട്ട പഴം വേണോ, ചുടാത്ത പഴം വേണോ?'' കുസൃതിചോദ്യം അത്ര ഇഷ്ടപ്പെടാത്ത അവ്വയാര്‍ കുറച്ചു കടുപ്പിച്ചു പറഞ്ഞു ''ചുടാത്ത പഴം മതി.'' കൊമ്പുകള്‍ കുലുങ്ങി. പഴങ്ങള്‍ താഴേക്കു വീണു. താഴെ വീണ പഴത്തിലെ മണ്ണ് ഊതിക്കളയുമ്പോള്‍ ബാലന്‍ ചോദിച്ചു. ''മുത്തശ്ശീ, പഴങ്ങള്‍ക്ക് ചൂടുള്ളതു കൊണ്ടാണോ ഊതുന്നത്് '' ? വിദുഷിയായ അവ്വയാറിന് ചോദ്യത്തിന്റെ ആന്തരാര്‍ഥം മനസ്സിലായി. '' കുഞ്ഞെ, ഞാന്‍ ഇനിയുമേറേ പഠിക്കാനുണ്ടെന്ന് നീ തെളിയിച്ചു.'' പഴമുതിര്‍ന്ന ചോലയില്‍ ബാലന്‍ ജ്ഞാനപ്പഴമായ ബാലസുബ്രഹ്മണ്യനായി മാറി.

അവ്വയാറിനു ബോധോദയം നല്‍കിയ പുണ്യ സഥലമാണ് പഴമുതിര്‍ച്ചോലൈ. പ്രാകാരങ്ങളില്ലാത്ത കൊച്ചു കോവില്‍. ജ്ഞാനശക്തിയായ മുരുകന്‍ ഇഛാശക്തിയായ വള്ളിയോടും ക്രിയാശക്തിയായ ദേവയാനിയോടും ഒപ്പം ഇവിടെ കുടികൊള്ളുന്നു. മുമ്പ് മൂലസ്ഥാനത്ത് ആരാധിച്ചിരുന്ന കല്‍വേല്‍ ഇപ്പോഴുമവിടെയുണ്ട്. അടിവാരത്തേക്കിറങ്ങിയാല്‍ ആള്‍വാര്‍മാര്‍ പാടിപുകഴേറ്റിയ ഗാംഭീര്യമാര്‍ന്ന അളഗാര്‍കോവില്‍ എന്ന വിഷ്ണു ക്ഷേത്രം

കന്യാകുമാരി ബാലാംബിക,കല്ലേക്കുളങ്ങര ഹേമാംബിക,ലോകനാര്‍കാവ് ലോകാംബിക,ആളാങ്കുടി ഗുരുക്ഷേത്രം


അമ്മയെത്തേടി 
കന്യാകുമാരി ബാലാംബിക

കടലില്‍ നിന്നും മഴുവാല്‍ താന്‍ വീണ്ടെടുത്ത ഭൂമിയുടെ രക്ഷക്കായി പരശുരാമന്‍ 108 ദുര്‍ഗ്ഗകളെ കേരളത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരിവരെ നീണ്ടു കിടന്ന പഴയ കേരളത്തിന്റെ ഐശ്വര്യവൃദ്ധിക്കായി അദ്ദേഹം ദേശത്തിന്റെ നാലു ഭാഗങ്ങളിലായി അംബികാക്ഷേത്രങ്ങളും സ്ഥാപിച്ചു. നാലംബികമാരെ ദര്‍ശിക്കുന്നതില്‍ക്കവിഞ്ഞ് മറ്റൊരു പുണ്യമില്ല എന്നാണ് സങ്കല്പം. അംബികാക്ഷേത്രങ്ങളിലൂടെയുള്ള ഒരു തീര്‍ഥയാത്ര
കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്. 

കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.

കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെയാണിന്നും.

കന്യാകുമാരിയുടെ അനുഗ്രഹം വാങ്ങിയാണ് വിവേകാനന്ദന്‍ കടലിനപ്പുറത്തുള്ള പാറമേല്‍ ധ്യാനലീനനായിരുന്ന്് ഇന്ത്യയെക്കുറിച്ച് മനനം ചെയ്തത്. 

കല്ലേക്കുളങ്ങര ഹേമാംബിക
പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഹേമാംബിക കുടികൊള്ളുന്നത്. കരിങ്കല്ലിലുള്ള രണ്ടു ശിലാ ഹസ്തങ്ങളാണ് പ്രതിഷ്ഠ. ഏമൂര്‍ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെടുന്നു. ഐശ്വര്യദായിനിയാണ് ഹേമാംബിക. പ്രഭാതത്തില്‍ സരസ്വതിയായും, മധ്യാഹ്നത്തില്‍ ലക്ഷ്മിയായും (വിഷ്ണുമായ), പ്രദോഷത്തില്‍ ദുര്‍ഗ്ഗയായും ദേവിയെ ആരാധിക്കുന്നു.

കൈപ്പത്തിവിഗ്രഹത്തനു പിന്നിലുള്ള ഐതിഹ്യം രസകരമാണ്. പാലക്കാട്ടെ കരിമലയിലായിരുന്നത്രെ ദേവിയെ പരശുരാമന്‍ കുടിയിരുത്തിയത്. ശങ്കരാചാര്യര്‍ പിന്നീട് ദേവിയുടെ സ്ഥാനം മുതിരംകുന്നിലേക്കു മാറ്റി. അകത്തേത്തറയില്‍ താമസിച്ചിരുന്ന കുറൂര്‍ മനയിലെ ഒരംഗം സ്ഥിരമായി ദേവിയെ ഉപാസിച്ചുവന്നിരുന്നു. പ്രായമേറിയപ്പോള്‍ അദ്ദേഹത്തിന് മുതിരംകുന്നുലേക്ക് പോകാന്‍ പ്രയാസം നേരിട്ടു. ദേവി സ്വപ്നത്തില്‍ വന്ന് മനയോടു ചേര്‍ന്നുള്ള ചിറയില്‍ തന്റെ സാന്നിധ്യമുണ്ടാവുമെന്ന് അദ്ദേഹത്തെ അറിയിച്ചു. അടുത്ത ദിനം രാവിലെ ചിറയുടെ നടുവില്‍ നിന്നും രണ്ടു ദിവ്യഹസ്തങ്ങള്‍ ഉയര്‍ന്നു വരുന്നത് അദ്ദേഹം കണ്ടു. ആനന്ദാതിരേകത്താല്‍ ചിറയിലേക്ക് ചാടിയ കുറൂര്‍ നമ്പൂതിരിപ്പാട് ആ കൈകളില്‍ പിടിച്ചു വലിച്ചു. ദിവ്യകരങ്ങള്‍ ശിലാപാണികളായി മാറി. സുഹൃത്തായ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ സഹായത്തോടെ പാലക്കാട് രാജാവിന്റെ നിര്‍ദേശപ്രകാരം ചിറ ഭാഗികമായി നികത്തി ക്ഷേത്രം നിര്‍മ്മച്ചു. ഹേമാംബികാദേവി പിന്നീട് പാലക്കാട് രാജാവിന്റെ കുലദേവതയായി. കഥയുടെ ഭാഗമായ കല്ല് കുളം കര എന്നിവ ചേര്‍ന്ന് സ്ഥലത്തിന് കല്ലായിക്കുളങ്ങര എന്നും പേരു വന്നു. 1982 ല്‍ ഇന്ദിരാഗാന്ധി ഇവിടെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ ചിഹ്നം കൈപ്പത്തിയായി സ്വീകരിച്ചതെന്ന്് പറയുന്നു.

നവരാത്രി, ഓണം, മണ്ഡലം, ശിവരാത്രി, മീനത്തിലെ ലക്ഷാര്‍ച്ചന, കര്‍ക്കടകത്തിലെ ഈശ്വരസേവ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍.

ലോകനാര്‍കാവ് ലോകാംബിക
കോഴിക്കോട്ടെ വടകരയിലാണ് ലോകനാര്‍കാവ്. വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വിഖ്യാതമായ ക്ഷേത്രം. വീരനായകനായ തച്ചോളി ഓതേനന്റെ ഉപാസനാമൂര്‍ത്തിയായ അമ്മയാണ് ക്ഷേത്രത്തിലേത്.

ജഗദോദ്ധാരകയായ അംബയാണ് ലോകനാര്‍കാവിലമ്മ. ശ്രീകോവിലിനുള്ളിലെ മണിത്തൂണില്‍ ഭഗവതി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ശംഖു ചക്ര, അഭയ, വരദ മുദ്രകളുമുള്ള ചതുര്‍ബാഹുവായ ദുര്‍ഗ്ഗയുടെ പൂജാവിഗ്രഹം പഞ്ചലോഹ നിര്‍മ്മിതമാണ്. പരശുരാമപ്രകീര്‍ത്തയായ അമ്മയുടെ വരവിനെ കുറിച്ച് ഒന്നിലേറെ ഐതിഹ്യങ്ങളുണ്ട്. കൊടുങ്ങല്ലുരിലെ ലോകമാലേശ്വരത്തു നിന്ന് പുതുപ്പണം വാഴുന്നവര്‍ ദേവിയെ കടത്തനാട്ടെക്ക് കൊണ്ടുവന്നു എന്നാണ് ഒരു കഥ. കേരളത്തിലേക്ക് കുടിയേറി വന്ന ആര്യ നാഗരികന്‍മാരുടെ കുലദേവതയാണിത് എന്ന് മറ്റൊരു കഥ. ലോകനാര്‍കാവിലമ്മയെ കൂടാതെ മഹാവിഷ്ണുവിന്റെയും മഹാദേവന്റെയും ക്ഷേത്രങ്ങള്‍ ഈ ആരാധനാലയ സമുച്ചയത്തിലുണ്ട്. തെക്കു ഭാഗത്ത് വിഷ്ണു ക്ഷേത്രവും, മധ്യത്തില്‍ ശിവക്ഷേത്രവും വടക്കു ഭാഗത്ത് ഭഗവതി ക്ഷേത്രവും. വിഷണു പ്രതിഷ്ഠക്കാണ് പഴക്കം കൂടുതല്‍ എന്നു കരുതപ്പെടുന്നു.

മീനത്തിലെ പൂരമഹോത്സവമാണ് പ്രധാന ഉത്സവം. മണ്ഡലോത്സവവും ആഘോഷിക്കാറുണ്ട്



ആളാങ്കുടി ഗുരുക്ഷേത്രം


അത്താഴപൂജക്ക് തൊട്ടുമുമ്പ് അവസാനത്തെ ഗ്രഹത്തില്‍. വ്യാഴത്തിന്റെ പ്രകാശവലയത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന ആളാങ്കുടി. ചോളനാട്ടിലെ 'പാടല്‍പെറ്റ' 274 ക്ഷേത്രങ്ങളില്‍ ഒന്ന്. കാവേരിയുടെ തെക്കെ കരയിലുള്ള 127 ക്ഷേത്രങ്ങളില്‍ 98-ാമത്തേത്. തിരുവാരൂര്‍ വാണ മുചുകുന്ദചക്രവര്‍ത്തിക്കു വേണ്ടി മന്ത്രിയായ അമൃതഹരന്‍ പണിത ക്ഷേത്രം. പണി തീര്‍ന്നപ്പോള്‍ പുണ്യം വീതിച്ചു നല്‍കാന്‍ വിസമ്മതിച്ച മന്ത്രിയെ രാജാവ് വെട്ടിക്കൊന്നു. പാപം തീരാന്‍ ആപത്‌സഹായേശ്വരനെത്തന്നെ ശരണം പ്രാപിച്ചു. ഭജിക്കുന്നവരെ കൈവിടാത്ത ദേവനീതി ക്ഷേത്രപ്പെരുമയായി.

കര്‍പ്പൂരഗന്ധം നിറഞ്ഞു നില്‍ക്കുന്ന ക്ഷേത്രം. മതില്‍ക്കെട്ടിനകം ഇരുട്ട് കട്ടകുത്തിക്കിടക്കുന്നു. കൂറ്റന്‍ കരിങ്കല്‍ത്തൂണുകളും ഇടനാഴികളും രാത്രിയായതു കൊണ്ടാവണം, ഭയം ജനിപ്പിക്കുന്ന വിസ്മയരൂപങ്ങളായി തോന്നിച്ചു. ക്ഷേത്രം അത്ര ചെറുതല്ല. വളരെ വലുതുമല്ല. രാത്രിയായതുകൊണ്ടോ എന്തോ തീരെ തിരക്കില്ല. അതിവേഗം ഒന്നു വലംവെച്ചു വരുമ്പോഴേക്കും നടയടക്കാറായി. 24 തവണ വലംവെക്കണമെന്നാണ് നിയമം. അമൃതപുഷ്‌കരണി തീര്‍ഥവും മണ്ഡപവും ഇടനാഴിയും പിന്നിട്ട് 24 ദീപങ്ങള്‍ സദാ കത്തിനില്‍ക്കുന്ന ആപത്‌സഹായദേവന്റെ (ദക്ഷിണാമൂര്‍ത്തി) നടയിലെത്തി. ഐളവാര്‍കുഴലിയാണ് ദേവന്റെ സഹപ്രതിഷ്ഠ. വ്യാഴം (ഗുരു അഥവാ ബൃഹസ്​പതി) ചുമരില്‍ കൊത്തിയ ദേവനാണ്, പ്രത്യേക പ്രതിഷ്ഠയല്ല.

ക്ഷേത്രത്തിലേക്കു നടക്കുമ്പോള്‍ വഴിവക്കിലെ പൂക്കച്ചവടക്കാരും പൂജാദ്രവ്യവില്‍പ്പനക്കാരും പിടിച്ചു വലിച്ചു. ചെരാതുകള്‍ വേണ്ടേ? മുല്ലപ്പൂക്കള്‍ വേണ്ടേ? അന്നത്തെ അപൂര്‍വം സന്ദര്‍ശകരില്‍ അവസാനത്തേതാവണം ഞങ്ങള്‍.

ഗോളാന്തരയാത്ര തീരുകയാണ്. വിശ്വാസത്തിന്റെ ഭ്രമണവീഥികള്‍ താണ്ടി മടക്കയാത്ര. ഒമ്പതു ഗ്രഹങ്ങളും കണ്ടുകഴിഞ്ഞു. ഒമ്പതു മഹാക്ഷേത്രങ്ങള്‍. തമിഴ്‌സംസ്‌കൃതിയുടെ പ്രാര്‍ഥനാമുദ്രകള്‍. ആത്മീയതയുടെ നക്ഷത്രനടകള്‍.

എന്താണു നവഗ്രഹയാത്രയുടെ ഫലശ്രുതി? തിരുനെല്ലാറിലെ സന്യാസിയോട് പിരിയും മുമ്പ് ചോദിച്ചു. അദ്ദേഹം ചിരിച്ചു. ഓരോ ഗ്രഹവും നിങ്ങളിലെ ഓരോ ഭാവമാണ്. നിങ്ങളിലുള്ള ഈ ഗ്രഹഭാവങ്ങളെ പ്രാര്‍ഥിച്ചുണര്‍ത്തി നോക്കൂ. ആത്മരൂപമായ സൂര്യനെ പ്രാര്‍ഥിച്ചാല്‍ ആത്മപ്രഭാവം വര്‍ധിക്കും. മന:കാരകനായ ചന്ദ്രനെ ഭജിച്ചാല്‍ മനോബലം സിദ്ധിക്കും. കുജ(ചൊവ്വ)ന്റെ ഭാവം അചഞ്ചലത്വമാണ്. അതിനാല്‍ കൂജപൂജ ധീരതയും അചഞ്ചലത്വവും സമ്മാനിക്കും. ബുധനെ പ്രസാദിപ്പിച്ചാല്‍ വാഗ്മിയായിത്തീരും. വ്യാഴപൂജ ബുദ്ധിയും ധനവും ബലവും കൊണ്ടു വരും. ശുക്രന്‍ കാമകാരകനാകയാല്‍ ആ ഭാവത്തെ പ്രസാദിപ്പിച്ചാല്‍ കലയിലും കാമത്തിലും ദേവനായിത്തീരും. ശനി ദു;ഖകാരകന്‍. ശനിയെ പ്രസാദിപ്പിക്കുക എന്നാല്‍ ദു:ഖഭാവം വെടിയുക എന്നര്‍ഥം. തിന്മാഭാവങ്ങളാണ് രാഹുകേതുക്കള്‍. അതില്ലാതാക്കാന്‍ പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കുക. ഇതാണ് നവഗ്രഹക്ഷേത്രദര്‍ശനത്തിന്റെ രഹസ്യം.

രാത്രി. ഉറങ്ങിയ ഗ്രാമങ്ങളിലൂടെ മടക്കം. കരിമ്പനകള്‍ കാവല്‍ നില്‍ക്കുന്ന തമിഴ്പാതകള്‍. മാനത്തെ നോക്കി ശ്രുതിമീട്ടുന്ന കാവേരി. അനുഗ്രഹത്തിന്റെ നാട്ടുവെളിച്ചം ചൊരിഞ്ഞ് മേലെ നീലാകാശത്ത് കണ്‍ചിമ്മുന്ന നക്ഷത്രങ്ങള്‍. അവ ഉള്ളിലെ നവഗ്രഹങ്ങളാവണം. ആത്മീയമായ ഒരു ശാന്തിയുടെ രാത്രിവെട്ടം ഇരുള്‍വഴികളില്‍ പരക്കുന്നതു പോലെ.
 

കാഞ്ചനൂര്‍ ശുക്രക്ഷേത്രം,,വൈത്തീശ്വരന്‍ കോവില്‍,കീഴ്‌പെരുംപള്ളം കേതുക്ഷേത്രം,തിരുനെല്ലാറിലെ ശനിദേവന്‍



കാഞ്ചനൂര്‍ ശുക്രക്ഷേത്രം

ശുക്രനക്ഷത്രത്തിലേക്കാണ് ഇനി യാത്ര. തിരുവാടുതുറൈയിലെ ശുക്രക്ഷേത്രത്തിലേക്ക്. സൂര്യക്ഷേത്രത്തില്‍ നിന്ന് മൂന്നു കിലോമീറ്ററേ ഉള്ളൂ. കാവേരിയുടെ വടക്കെ കരയിലാണ് കാഞ്ചനൂര്‍ അഗ്‌നീശ്വരക്ഷേത്രം.
വയലുകള്‍ക്കും കൃഷിയിടങ്ങള്‍ക്കുമിടയിലൂടെ നീളുന്ന വഴി ചെന്നവസാനിക്കുന്നത്് വളരെ ചെറിയൊരു ക്ഷേത്രത്തില്‍. വെയിലില്‍ വെട്ടിത്തിളങ്ങുന്ന താഴികക്കുടം. ഉച്ചപ്പൂജ തീര്‍ന്നു നടയടക്കാറായിരിക്കുന്നു. തീരെ ആള്‍ത്തിരക്കില്ല. ശിവനാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ശുക്രന്‍ സങ്കല്‍പ്പദേവനാണ്. പ്രത്യേകകോവില്‍ ഇല്ല. അഗ്‌നീശ്വരനെത്തന്നെ ശുക്രനായി സങ്കല്‍പ്പിക്കുകയാണ് ചെയ്യുന്നത്. അഗ്‌നി ശിവനെ ഭജിച്ചു പ്രത്യക്ഷനാക്കിയത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം.
കാഞ്ചനൂരില്‍ അധിക സമയം വേണ്ട ക്ഷേത്രക്കാഴ്ചകള്‍ കണ്ടു തീരാന്‍. ഉച്ചയായിരിക്കുന്നു. ഇനി ചൊവ്വാ ഗ്രഹത്തിലേക്ക്. തിരുമണഞ്ചേരി, മയിലാടുംതുറൈ വഴി 35 കിലോമീറ്ററോളം നീളുന്ന യാത്രയില്‍ ഉച്ചഭക്ഷണവും വഴിത്തണലില്‍ ഒരല്‍പ്പം വിശ്രമവും. 

വൈത്തീശ്വരന്‍ കോവില്‍


തിരുപുള്ളിരുക്കുംവേളൂരെന്ന വൈത്തീശ്വരന്‍ കോവിലിലെത്തുമ്പോള്‍ നാലു മണി. ചൊവ്വയുടെ ഭ്രമണപഥം പോലെ നീണ്ടു നീണ്ടു പോകുന്ന ഇടനാഴികളും തൂണുകളും ചുറ്റോടുചുറ്റും ഉപദേവന്മാരുമുള്ള മഹാക്ഷേത്രം. ചൊവ്വയുടെ സന്നിധാനം. വൈദ്യനാഥനായ ശിവനാണിവിടുത്തെ മുഖ്യ പ്രതിഷ്ഠ

പ്രദക്ഷിണവഴിയിലെങ്ങും പലയിടങ്ങളില്‍ നിന്നെത്തിയ വൈദ്യന്മാരുടെ പ്രാര്‍ഥനകള്‍ നടക്കുന്നു. ഇവിടെ വന്നിരുന്ന് അഷ്ടാംഗഹൃദയം വായിക്കുന്നത് വൈദ്യന്മാര്‍ക്ക് തൊഴിലില്‍ അറിവും മികവും പ്രശസ്തിയും അഭിവൃദ്ധിയും സമ്മാനിക്കുമത്രെ.

ക്ഷേത്രത്തിനകത്താണ് തീര്‍ഥക്കുളം. കിഴക്കെ പ്രദക്ഷിണവഴിയില്‍ കുമാരസ്വാമിയുടെ ശ്രീകോവില്‍. കിഴക്കോട്ടു തിരിഞ്ഞ് ദണ്ഡായുധപാണി. തെക്കോട്ടഭിമുഖമായിരിക്കുന്നതാണ് അംഗാരകന്‍(ചൊവ്വ).

നാഡീ ജ്യോതിഷത്തിനും പേരുകേട്ടതാണ് ഈ ഗ്രാമം. അഗസ്ത്യനും വസിഷ്ഠനും പോലുള്ള മുനീശ്വരന്മാര്‍ എഴുതിവെച്ച താളിയോലകള്‍ ഈ ഗ്രാമത്തിന്റെ പാരമ്പര്യ സ്വത്തത്രെ. അതിനെ ആസ്​പദമാക്കി ഒരാളുടെ ഭൂത-ഭാവി-വര്‍ത്തമാനങ്ങള്‍ പറയുന്ന ജ്യോതിഷമാണിത്. ക്ഷേത്രത്തിനു ചുറ്റും നാഡീജ്യോതിഷികളുടെ വീടുകളുണ്ട്. ഏജന്റുമാരും ധാരാളം.

സമയം തീരുന്നു. നേരം സന്ധ്യയോടടുക്കുന്നു. ബുധഗ്രഹത്തിലെ സന്ദര്‍ശനമാണ് ഇനി. വണ്ടി നേരേ തിരുവേങ്കാട്ടേക്ക്.
തിരുവേങ്കാട് ബുധക്ഷേത്രം
ശീര്‍കാഴി റോഡിലൂടെ വാഹനം കുതിച്ചുപാഞ്ഞു. നാലു കിലോമീറ്റര്‍ ചെന്നാല്‍ പൂംപുഹാറിലേക്കുള്ള വഴി. അതിലേ കഷ്ടി പത്തു കിലോമീറ്റര്‍ കൂടി. മുന്നില്‍ അരുള്‍മികു ശ്വേതാരണ്യേശ്വര്‍ ആലയം, തിരുവേങ്കാട് എന്നു തമിഴിലും ഇംഗ്ലീഷിലും എഴുതിയ ബോര്‍ഡ്.

രാമായണത്തില്‍ പരാമര്‍ശമുള്ള ക്ഷേത്രമാണ് തിരുവേങ്കാട്. കാശിക്കു തുല്യമായ ആറു പുണ്യസ്ഥാനങ്ങളില്‍ ഒന്ന്. സന്ധ്യ ചാഞ്ഞു തുടങ്ങിയ നേരം. കര്‍പ്പൂരത്തിന്റെയും വിളക്കെണ്ണയുടെയും ഗന്ധം ചൂഴ്ന്നുനില്‍ക്കുന്ന ക്ഷേത്രത്തില്‍ സന്ധ്യാപൂജ തൊഴാനുള്ള സന്ദര്‍ശകരുടെ വരവ് തുടങ്ങുന്നേയുള്ളൂ. കുട്ടികളില്ലാത്തവര്‍ ഉള്ളുരുകി പ്രാര്‍ഥിക്കാനെത്തുന്ന ക്ഷേത്രമാണിത്. ഇവിടെ പൂജിച്ച നെയ്യ് 48 ദിവസം സേവിച്ചാല്‍ കുട്ടികളുണ്ടാകും. ജാതകത്തില്‍ അഞ്ചില്‍ ബുധന്‍ വന്നാലാണത്രെ കുട്ടികളില്ലാതിരിക്കുക. അതിന് ഇവിടെ ഭജിക്കലാണ് പരിഹാരം.

അതിവേഗം പോയാല്‍ ഒരു ക്ഷേത്രം കൂടി ഇന്നു തന്നെ കാണാം. മയിലാടുംതുറൈ നിന്ന് പൂംപുഹാറിലേക്കുള്ള വഴിയില്‍ ധര്‍മ്മകുളത്തിനടുത്തുള്ള കീഴ്‌പെരുംപള്ളത്തെ കേതു ക്ഷേത്രം.

കീഴ്‌പെരുംപള്ളം കേതുക്ഷേത്രം


നവഗ്രഹക്ഷേത്രച്ചങ്ങലയില്‍ ഏറ്റവും തിരക്കു കുറഞ്ഞ ക്ഷേത്രത്തിലാണ് എത്തിയിരിക്കുന്നത്. അത്താഴപൂജയുടെ ഒരുക്കങ്ങളിലാണ് പൂജാരി. ക്ഷേത്രത്തില്‍ കുറച്ചു പേരേയുള്ളൂ. ഇടനാഴിയിലുടനീളം കര്‍പ്പൂരത്തിരികള്‍ കത്തുന്നു. കരിങ്കല്‍ത്തൂണുകള്‍ക്കു പിന്നില്‍ ക്ഷേത്രവിളക്കുകള്‍ കെടാന്‍ കാത്ത് ഇരുട്ട് പതുങ്ങിനില്‍ക്കുന്നു.

കീഴ്‌പെരുംപള്ളത്തെ നാഗാനന്ദസ്വാമി ക്ഷേത്രം പ്രശസ്തമാകുന്നത് വലുപ്പം കൊണ്ടല്ല, അവിടത്തെ കേതുസാന്നിധ്യം കൊണ്ടാണ്. കേതുദോഷം തീര്‍ക്കാന്‍ ഇവിടെ ഭജനമിരിക്കണമെന്നാണ് വിശ്വാസം.

ഇന്നത്തെ യാത്ര തീരുന്നു. ഒരു പകല്‍ മുഴുവന്‍ നീണ്ട ഓട്ടത്തിന്റെ തളര്‍ച്ചയുമായി ക്ഷേത്രത്തിനു പുറത്തേക്ക്. ഒരു നല്ല കട പോലും ക്ഷേത്രത്തിനടുത്തില്ല. തികച്ചും നാട്ടിന്‍പുറം. അതിരാവിലെ കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ശനിഗ്രഹക്ഷേത്രത്തിലെത്തണം.
ഗ്രഹപര്യടനത്തിന്റെ ആലസ്യത്തില്‍ തിരുക്കടൈയൂരില്‍ രാപ്പാര്‍പ്പ്. സുഖനിദ്രയുടെ ഒരു രാത്രി.

തിരുനെല്ലാറിലെ ശനിദേവന്‍


നേരം പുലരും മുമ്പ് 'ശനിദശ' തുടങ്ങി. ശനിദേവനെത്തേടിയാണ് യാത്ര. 20 കിലോമീറ്റര്‍ ദൂരം അത്രയും മിനുട്ടുകൊണ്ട് പറന്നു താണ്ടി കാരൈക്കലിനടുത്തുള്ള തിരുനെല്ലാറിലെ ക്ഷേത്രനടയിലെത്തുമ്പോള്‍ സൂര്യന്‍ ഉദിച്ചുവരുന്നേയുള്ളൂ.
കേതുക്ഷേത്രത്തിലെ ഏകാന്തനിശ്ശബ്ദതയില്‍ നിന്നു വന്നു വീണത് വഴിയിലുടനീളം ബാരിക്കേഡുകളും കര്‍ശനമായ പരിശോധനകളുമുള്ള മഹാക്ഷേത്രത്തിലേക്ക്. ക്യാമറ അനുവദനീയമല്ല. അധികസമയം നില്‍ക്കരുത്. തൊഴുതാലുടന്‍ നീങ്ങണം. എവിടെയും സുരക്ഷാഭടന്മാര്‍. കര്‍ശനനിയമങ്ങള്‍.

ഗോപുരത്തിനു വടക്ക് ദര്‍പ്പാരണ്യേശ്വരക്ഷേത്രം. തെക്കാണ് ശനിസന്നിധി. ശനിക്ക് അഭിഷേകവും കറുത്ത പട്ടു വഴിപാടും പ്രധാനം. അവിടെ തൊഴുത് രണ്ടാം ഗോപുരം കടന്ന്, കൊടിമരവും കൊടിമരച്ചുവട്ടിലെ മഹാഗണപതിയേയും വന്ദിച്ച് പ്രദക്ഷിണവഴിയില്‍ കയറി. ചുറ്റമ്പലത്തില്‍ 63 ശൈവസന്യാസിമാരുടെ പ്രതിമകള്‍. നിരവധി കോവിലുകള്‍. അംബാള്‍, ദക്ഷിണാമൂര്‍ത്തിസ്വാമി, സ്വര്‍ണവിനായകര്‍, സ്‌കന്ദര്‍, സപ്തവിദംഗശിവലിംഗം, സുബ്രഹ്മണ്യസ്വാമി, വള്ളി, ദേവയാനി, നളനാരായണര്‍, ദുര്‍ഗ, ചണ്ഡികേശ്വര്‍, വൈരവര്‍, നടരാജര്‍, സൂര്യദേവര്‍, തുടങ്ങി നിരവധി ദേവീദേവന്മാര്‍ വാഴുന്ന ചെറുകോവിലുകള്‍. അവിടെയെല്ലാം തൊഴുത് ഒടുവില്‍ ത്യാഗേശ്വരനായ ശിവനേയും വണങ്ങി തെക്കെ ഗോപുരത്തിലൂടെ വേണം പുറത്തു കടക്കാന്‍.

ബ്രഹ്മതീര്‍ഥം, വാണീതീര്‍ഥം, അന്നതീര്‍ഥം, അഗസ്ത്യതീര്‍ഥം, നളതീര്‍ഥം. പഞ്ചതീര്‍ഥങ്ങളുണ്ട് ഇവിടെ. ഇതില്‍ വടക്കു പടിഞ്ഞാറുള്ള നളതീര്‍ഥത്തില്‍ കുളിച്ചാണത്രെ നളനു മേലുള്ള കലിബാധ ഒഴിഞ്ഞുപോയത്. ഏതു ക്ഷേത്രത്തില്‍ പോയില്ലെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും ശനിക്ഷേത്രത്തില്‍ പോണം. നളതീര്‍ഥക്കരയിലെ സന്യാസി ഓര്‍മ്മിപ്പിച്ചു. ശനി നമ്മുടെ ഉള്ളിലുള്ള ഒരു ശാപദോഷാവസ്ഥയാണ്. അതു കുറയ്ക്കലാണ് ഇല്ലാതാക്കലല്ല പരിഹാരം.

തിരുനാഗേശ്വരം രാഹുക്ഷേത്രം


വെയില്‍ ചായും മുമ്പ് കൊല്ലുമാന്‍കുടി വഴി വീണ്ടും കുംഭകോണം റോഡിലേക്കെത്തി. ഇവിടെനിന്ന് 28 കിലോമീറ്റര്‍ പോയാല്‍ തിരുനാഗേശ്വരമായി. അവിടെയാണ് നാഗരാജാവായ രാഹുവിന്റെ അമ്പലം. ശിവനെ പ്രസാദിപ്പിച്ച് രാഹു ഗ്രഹപദവി നേടിയെടുത്ത സ്ഥലം.

കിഴക്കോട്ടു സൂര്യാഭിമുഖമായി നില്‍ക്കുന്ന ക്ഷേത്രത്തിന് അഞ്ചു നിലയുള്ള നാലു ഗോപുരവും മൂന്നു മഹാപ്രാകാരങ്ങളും. കാവേരീതടത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് തിരുനാഗേശ്വരത്തെ നാഗനാഥക്ഷേത്രം. വടക്ക് പുഷ്‌കരണീ തീര്‍ഥവും നല്ലൊരു പൂന്തോട്ടവും. കിഴക്കേ ഗോപുരത്തിലൂടെ പ്രവേശിച്ചാല്‍ വിനായകക്ഷേത്രവും ബലിപീഠവും നന്ദീശ്വരമണ്ഡപവും കൊടിമരവും. തെക്ക് നാലു മണ്ഡപങ്ങളുള്ള തീര്‍ഥക്കുളം. നൂറുകാലുള്ള രഥരൂപമാര്‍ന്ന പ്രാര്‍ഥനാമണ്ഡപം. മതിലിനു ചുറ്റും നാലു വശത്തും തെരുവുകള്‍. മധ്യഗോപുരം കടന്നാല്‍ മഹാപ്രാകാരമായി. പരിക്രമണവഴിയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് രാഹുവിന്റെ കോവില്‍.

ഇവിടത്തെ ദേവീപ്രതിഷ്ഠയ്ക്ക് ഒരു പ്രത്യേകതയുണ്ട്. രാവിലെ പെണ്‍കുട്ടിയായും ഉച്ചക്ക് യുവതിയായും രാത്രി അമ്മയായും സങ്കല്‍പ്പിച്ചാണ് പൂജ. രാഹു പ്രതിഷ്ഠക്കുമുണ്ട് ഒരു വിശേഷം. എല്ലാ ദിവസവും രാഹുകാലത്തെ അഭിഷേകസമയത്ത് പാലൊഴിച്ചാല്‍ വിഗ്രഹം നീല നിറമാവുമത്രെ. രാഹുദോഷം പിടിപെട്ടവര്‍ ഇവിടെ വന്ന് രാഹുകാലത്ത് അഭിഷേകം നടത്തുന്നത് നല്ലതാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ നാഗേശ്വരനായ ശിവനാണ്, ദേവി, ഗിരികുജാംബികയും.

സന്ധ്യയ്ക്കു മുമ്പ് അവസാനത്തെ നവഗ്രഹ സന്ദര്‍ശനത്തിന്. ആളാങ്കുടി വ്യാഴക്ഷേത്രമാണ് ബാക്കിയുള്ളത്. കുംഭകോണത്തു നിന്ന് വലങ്കൈമണ്‍ വഴി നീഡാമംഗലത്തേക്കുള്ള റോഡില്‍ 17 കലോമീറ്റര്‍ കൂടി..

മുരുഡേശ്വരം അത്ഭുതക്കാഴ്ച്ചകളുടെ ക്ഷേത്രോദ്യാനം





ശിവം സുന്ദരം 
മുരുഡേശ്വരം. അത്ഭുതക്കാഴ്ച്ചകളുടെ ക്ഷേത്രോദ്യാനം. കടലിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചതുര്‍ബാഹുവായ പരമശിവന്റെ ഉത്തുംഗമായ പ്രതിമ. ഉയരമേറിയ ഗോപുരവും സ്വര്‍ണ്ണവര്‍ണ്ണമായ ക്ഷേത്രവും ഉദ്യാന ശില്‍പ്പങ്ങളും. കാഴ്ച്ചയുടെ അനിര്‍വചനീയ ഭംഗികള്‍
മുരുഡേശ്വര ഗോപുരവും ക്ഷേത്രവും: തീരത്തു നിന്നുള്ള കാഴ്ച്ച


മുരുഡേശ്വരം ആദ്യമുണര്‍ത്തുന്ന വികാരം അത്ഭുതമാണ്. അഥവാ സ്‌പെക്റ്റക്കിള്‍ എന്ന പദത്തിന്റെ അര്‍ത്ഥമറിയണമെങ്കില്‍ ഉത്തര കാനറയിലെ ഈ കടലോരത്തിലേക്ക് വരിക. കൗതുകത്താല്‍ മലരുന്നതാണ് മുരുഡേശ്വരത്തിലെ കാഴ്ച്ചകള്‍. എത്തും മുന്‍പ് അല്‍പ്പം പുരാണമറിഞ്ഞിരിക്കണം. പിന്നെ ആര്‍. എന്‍. ഷെട്ടി എന്ന മുരുഡേശ്വരംകാരനേയും.

ഉത്തര കാനറയുടെ കവാടമായ ബട്ക്കല്‍ കടന്ന് എന്‍.എച്ച്-17 വടക്കോട്ട് പായുമ്പോള്‍ ഇടത് ഭാഗത്ത് ശ്രദ്ധയാകര്‍ഷിക്കും വണ്ണം ശില്പാലംകൃതമായ ഒരു കവാടം കണ്ണില്‍ പെടും. സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞു തുടങ്ങുമ്പോഴാണ് ആ കവാടം പിന്നിട്ടത്. കടലിന്റെ ഹുംകാരം തീര്‍ക്കുന്ന പ്രണവത്തില്‍, സന്ധ്യാകാശപ്രഭയണിഞ്ഞ് ഒരു പടുകൂറ്റന്‍ ശിവശില്‍പ്പം നാഴികക്കപ്പുറത്തുനിന്നെ കാണാറായി. ധ്യാനലീനമായ കടാക്ഷം നല്‍കി പത്മാസനത്തിലമര്‍ന്ന ചതുര്‍ബാഹു. കണ്ഠ നാളത്തില്‍ തിളങ്ങുന്ന സ്വര്‍ണനാഗം. ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ. ചുവടെ മുരുഡേശ്വര ക്ഷേത്രത്തിന്റെ സ്വര്‍ണവര്‍ണമണിഞ്ഞ ശിലാഗോപുരങ്ങളില്‍ നിയോണ്‍ ദീപങ്ങള്‍ തീര്‍ക്കുന്ന മായികവര്‍ണം. മുമ്പില്‍ മഴതീര്‍ന്ന ആഷാഢമാസത്തിലെ ചാരനിറമാര്‍ന്ന ആകാശത്തിലേക്ക് തുളച്ചുകയറിയ പോലെ ഇന്ത്യയിലെ ഏറ്റവും വലിയ രാജഗോപുരം.


മുരുഡേശ്വരത്തെ മഹാദേവന്‍: ഒരു രാത്രി ദൃശ്യം

കന്ദുകഗിരി എന്ന ഒരു ചെറിയ കുന്നിന്‍ പുറത്താണ് ഈ ക്ഷേത്രം. മൂന്നു വശവും കടല്‍. മുപ്പത്തിയാറ് വര്‍ഷംമുന്‍പ് വെറുമൊരു മുക്കുവ ഗ്രാമം മാത്രമായിരുന്നു മുരുഡേശ്വരം. നിര്‍മാണരംഗത്തെ അതികായനായ ആര്‍.എന്‍. ഷെട്ടി എന്ന ധനികനായ മനുഷ്യസ്‌നേഹി പക്ഷെ മുരുഡേശ്വരത്തിന്റെ മുഖഛായ അമ്പേ മാറ്റി. തകര്‍ന്നടിഞ്ഞ ക്ഷേത്രത്തെ ഷെട്ടി പുനര്‍നിര്‍മിച്ചു. കടലിലേക്ക് തളളി നില്‍ക്കുന്ന കുന്നിന്‍പുറത്ത് 123 അടി വലിപ്പത്തില്‍ മഹാദേവന്റെ ശില്‍പ്പം നിര്‍മിച്ചു. ചുറ്റും ഉദ്യാനങ്ങളും ശില്‍പ്പങ്ങളും തീര്‍ത്തു. തീര്‍ത്ഥാടകര്‍ക്ക് താമസിക്കാന്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിച്ചു. മുരുഡേശ്വരത്തെ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയമായ യാത്രായിടമാക്കി. മുരുഡേശ്വരം മറ്റൊരര്‍ഥത്തില്‍ ഷെട്ടിലാന്‍ഡ് തന്നെയാണ്.

ക്ഷേത്ര പരിസരത്തെ ഒരു സായാഹ്നം

ആനന്ദദായകനായ മൃഡേശ്വരനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പ്രാചീനമാണത്. ഗോകര്‍ണത്തുവെച്ച് ക്രുദ്ധനായ രാവണന്‍ നിലത്തുറച്ചുപോയ ആത്മലിംഗത്തിന്റെ ആവരണമെടുത്ത് വലിച്ചെറിഞ്ഞത് കന്ദുകഗിരിയിലേക്കായിരുന്നു എന്ന് ഐതിഹ്യം.
കരയില്‍നിന്നുള്ള പാതയില്ലെങ്കില്‍ കന്ദുകഗിരി ഒരു ദ്വീപാണെന്ന് നിസ്സംശയം പറയാം. പടുകൂറ്റന്‍ രാജഗോപുരത്തിന്റെ പണി ഈയിടെ കഴിഞ്ഞതേയുള്ളു. ശ്രീരംഗത്തെക്കാള്‍ വലിപ്പം. ശില്‍പ്പഭംഗി പക്ഷെ കുറയും. കവാടത്തില്‍ ശരിയായ വലിപ്പത്തില്‍ രണ്ടു ഗജവീരന്‍മാര്‍ . തമിഴ്‌നാട്ടില്‍ നിന്നുള്ള ശില്‍പ്പികളാണ് ഈ ഗോപുരം നിര്‍മ്മിച്ചത്. മുന്നില്‍ തെക്കു ഭാഗത്ത്, തീരത്ത് നിരനിരെ അടുക്കിയ വഞ്ചികളില്‍ തൊപ്പിധരിച്ച മുസ്ലിം വയോവൃദ്ധര്‍ ക്ഷേത്രമണികളുടെ കിലുക്കത്തിന് താളം പിടിച്ച് വിശ്രമിക്കുന്നു.
  

ക്ഷേത്രത്തിന്റെ ഒരു സാന്ധ്യ ദൃശ്യം


ക്ഷേത്രമാനേജര്‍ മഞ്ജുനാഥ ഷെട്ടി ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. കോഴിക്കോട് ചെറൂട്ടിറോഡില്‍ സിന്‍ഡിക്കേറ്റു ബാങ്കിലായിരുന്നുആറേഴുവര്‍ഷക്കാലം അദ്ദേഹം. വി.ആര്‍.എസ്സു വാങ്ങിപോന്നു. ഇപ്പോള്‍ ഇവിടെയാണ്. മലയാളം വീണ്ടും പറയാന്‍ കഴിഞ്ഞതിന്റെ സന്തോഷം മുഖത്ത്. ആരതി കഴിഞ്ഞ്് നടയടച്ച ശ്രീകോവില്‍ വീണ്ടും ഞങ്ങള്‍ക്കായി തുറന്നു തന്നു.

വൃത്തിയും വെടിപ്പുമുളളതാണ് ക്ഷേത്രം. ഗോപുരം കടന്ന് തെക്കോട്ട് പടികയറിചെന്നാല്‍ കരിങ്കല്ലും ഉരുക്കും കൊണ്ട് പുനര്‍ നിര്‍മ്മിച്ച ക്ഷേത്രം. ശ്രീകോവിലിന് ചുറ്റുപാടുമായി ഉപദേവതകള്‍. മുമ്പില്‍ നന്ദിമണ്ഡപം. കരിങ്കല്ലിന്റെ കമാനങ്ങള്‍ക്ക് സ്വര്‍ണനിറം പൂശിയിരിക്കുന്നു. ചുറ്റിലും തീര്‍ത്ഥങ്ങള്‍. ഭീമതീര്‍ത്ഥം, കമണ്ഡല തീര്‍ത്ഥം, പ്രധാനതീര്‍ത്ഥം അഗ്‌നിതീര്‍ഥം എന്നറിയപ്പെടുന്ന സമുദ്രം തന്നെ.

കന്യാകുമാരിയിലെ വിവേകാനന്ദ മെമ്മോറിയല്‍ കണ്ടപ്പോഴാണ് ആര്‍ എന്‍ ഷെട്ടിക്ക് മുരുഡേശ്വരം പുനര്‍നിര്‍മ്മിക്കണമെന്ന് തോന്നിയത്. എസ് കെ ആചാരി എന്ന ശില്‍പ്പിയുടെ നേതൃത്വത്തില്‍ 1977ല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മിതി തുടങ്ങി.

മരുഡേശ്വരത്തെ ശിവ പ്രതിമ ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിയാമെന്നു പറയപ്പെടുന്ന

പടവുകളിറങ്ങിചെന്ന്, ഗോപുരത്തിനരികില്‍വെച്ച് ഇഴപിരിയുന്ന മറ്റൊരു പടിക്കെട്ടു കയറിയാല്‍ ശിവന്റെ അത്ഭുതാവഹമായ ശില്‍പ്പത്തിനരികിലെത്താം. കാശിനാഥ് എന്ന ശില്‍പ്പിയും സംഘവുമാണ് ഒരു കോടി രൂപയിലധികം ചെലവുവന്ന ഈ ശില്‍പ്പം സൃഷ്ടിച്ചത്. വലിയൊരു പാറയുടെ മുകളില്‍ നിലത്തേക്കൊഴുകുന്ന വ്യാഘ്രത്തോലില്‍ ഇരിക്കുന്നത് അഘോരനായ ശിവന്റെ രജത നിറമുള്ള ഗംഭീര പ്രതിരൂപം. കോണ്‍ക്രീറ്റ് ആണ് നിര്‍മാണ വസ്തു. പാറയ്ക്കടിയിലാകട്ടെ പുരാണ കഥകള്‍ പറയുന്ന രണ്ടു മ്യൂസിയങ്ങള്‍. ശില്‍പ്പത്തിന്റെ പിറകില്‍ ആര്‍ത്തലയ്ക്കുന്ന കടല്‍. പുല്ലു വെച്ചു പിടിപ്പിച്ച ഇറക്കങ്ങളില്‍ പിന്നേയും ശില്‍പ്പങ്ങള്‍. ഏഴുകുതിരകളെ പൂട്ടിയ അഗ്‌നിരഥത്തില്‍ അയനത്തിനൊരുങ്ങുന്ന സൂര്യഭഗവാന്‍. ഗീതോപദേശം, രാവണനും ബ്രാഹ്മണ വേഷധാരിയായ ഗണപതിയും. വടക്കു ഭാഗത്ത് കടലിലേക്ക് തള്ളി നില്‍ക്കുന്ന ആര്‍.എന്‍.എസ് ഗസ്റ്റ് ഹൗസും റസ്‌റ്റോറന്റും. കടലില്‍ ദൂരെ മങ്ങികാണുന്നത് പ്രാവുകള്‍ ചേക്കേറുന്ന, പ്രാദേശിക ദേവതയായ ജട്ടികയുടെ ക്ഷേത്രമുള്ള നേത്രാണി ദ്വീപ്.

കന്ദുകഗിരിയുടെ വടക്കു ഭാഗത്തുള്ള കടല്‍ത്തീരം വൈകുന്നേരങ്ങള്‍ സഞ്ചാരികളെ കൊണ്ടുനിറയും. നീന്താന്‍ സുരക്ഷിതമാണിവിടം. ഒരു വലിയ ബസ്സിനെ വസ്ത്രം മാറാനും കുളിക്കാനുമുളള മൂവിങ് കംഫര്‍ട്ട് സ്റ്റേഷനാക്കി വിശാലമായ തീരത്തു നിര്‍ത്തിയിട്ടിരിക്കുന്നു. തീരത്തിരുന്ന് കാണുന്ന കന്ദുകഗിരിയുടെ സന്ധ്യാദ്യശ്യം വിവരിക്കുക അസാധ്യം. ചെറിയ ടൗണ്‍ഷിപ്പായി വളര്‍ന്നു കഴിഞ്ഞ മുരഡേശ്വരത്ത്് ഇന്റര്‍നെറ്റ് കഫേ തൊട്ട് മദ്യഷാപ്പുകള്‍ വരെയുണ്ട്.

കടലിന്റെ പശ്ചാത്തലത്തില്‍

വൃത്താകൃതിയില്‍ തള്ളി നില്‍ക്കുന്നു. കടലില്‍ തൂണുകള്‍ ഉറപ്പിച്ച, കാന്റീന്‍ എന്നു വിളിക്കുന്ന നവീന്‍ റസ്റ്റോറന്റില്‍ കാപ്പി നുണയുമ്പോള്‍ ഒരു കനത്ത കാറ്റ് മഴയോടൊപ്പം ആര്‍ത്തലച്ചു വന്നു. കസേരകളും പാത്രങ്ങളും പറന്ന് കടലിലേക്ക് വീണു. കൊടുംകാറ്റില്‍ ഉലഞ്ഞ് നിലവിളിയുടെ അരികില്‍ നില്‍ക്കുന്ന നിസ്സഹായരെ കണ്ട് മാനേജര്‍ ചിരിച്ചു പറഞ്ഞു. 'ദിസ് ഇസ് ആന്‍ ആഡഡ്, എക്‌സൈറ്റിങ് ഗിഫ്റ്റ്്'. വിനോദ സഞ്ചാരികള്‍ക്കുളളിലെ തീര്‍ത്ഥാടകര്‍ തൊണ്ടപൊട്ടി വിളിച്ചു, ''മുരുഡേശ്വരാ...''

പാമ്പുമേക്കാട്ടുമന




      • പാമ്പുമേക്കാട്ടുമന

        കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരംതാലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.





        പടിപ്പുരമാളിക

        ഐതിഹ്യം


        മേക്കാട്ട്മന കവാടം
        മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്തനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അരുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.
        മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.

        ചരിത്രം

        കേരളത്തിലെ കാട്ടിലും നാട്ടിലും അഞ്ചു തലയുള്ള സർപ്പവിഗ്രഹത്തെ പ്രതിഷ്ഠിച്ച് ആരാധിച്ചു വന്നത് ജൈന മതക്കാരാണ്. വിഷ്ണുവിൻറെ അനന്തശയനവും ശിവൻറെ നാഗാഭരണങ്ങളും ജൈനരുടെ ഈ രീതിയിൽ നിന്ന് കടം കൊണ്ടതാണ്. ദ്രാവിഡർ നാഗാരാധന നടത്തിയിരുന്നുവെങ്കിലും വിഗ്രഹങ്ങളെ ഉപയോഗിഛ്ൿ കേരളത്തിൽ വൻ തോതിൽ നാഗാരാധനക്ക് വഴിയൊരുക്കിയത് ജൈനരായിരുന്നു. നാഗർ‍കോവിലിലിലെ നാഗരാജക്ഷേത്രം ഇന്ന് ഹിന്ദുക്കളുടേതാണെങ്കിലും ആദിയിൽ അത് ജൈനക്ഷേത്രമായിരുന്നു എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. തിരുവനന്തപുരത്തെ അനന്തപുരിക്ഷേത്രവും ജൈനക്ഷേത്രമാണെന്നാണ് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. മധുരക്കടുത്ത നാഗമല ജൈനകേന്ദ്രമായിരുന്നു.

        പ്രതിഷ്ഠകൾ



        നാഗരാജാവ്
        മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുദ്ദുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മണ് തറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു. വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.

        വിശേഷദിവസങ്ങൾ

        കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി,കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം സർപ്പങ്ങൾക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്നു, കന്നിമാസത്തിലെ ആയില്യം,മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെ ദിവസങ്ങൾ, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേയ്ക്കട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ.

        വിശ്വാസങ്ങൾ



        നാഗയക്ഷി
        മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.

        ഇരുളിലാണ്ട ആചാരങ്ങൾ

        ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദേശിക്കുകയുമാണു ചെയ്തിരുന്നത്. ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.
        അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്ന അറിയില്ല.
        ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.

        ഭരണ നിർവ്വഹണം



        കാവിലെ ഒരു പ്രതിഷ്ഠ
        ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവർ. പ്രായപൂർത്തിയായവർക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവൽക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വർഷം വീതം ഭരണം നൽകുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.
        മേടമാസത്തിൽ ചൊവ്വ, വെള്ളി, ഞായർ എന്നീ കൊടിയാഴ്ചയിലൊന്നിൽ മുടിയേറ്റ് നടത്തുന്നു. മേടമാസത്തിൽ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണു. കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേക്കാട്ടുമനക്കാർക്കും അധികാരമുണ്ട്. മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ സർപ്പബലി നടത്തിവരുന്നു. മണ്ഡലകാലത്ത് ചുരുക്കും മൂന്ന് ദിവസമെങ്കിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സർപ്പകാവുകളിലെ പുള്ളുവൻപാട്ട് ഇവിടെ പതിവില്ല. സർപ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സർപ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.

        ആവാഹനകർമ്മം



        തെക്കേ കാവിന്റെ ഒരു ദൃശ്യം
        സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂർവ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിന്റെ വലിപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും

        മറ്റ് നാഗാരാധന കേന്ദ്രങ്ങളുമായുള്ള ബന്ധം



        കിഴക്കെ കാവ്
        പാമ്പുമേക്കാട്ടിനു പുറമേ സർപ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗർകോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. സർപ്പശ്രേഷ്ടനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.
        ദക്ഷിണേന്ത്യയിൽ പ്രമുഖ സർപ്പക്ഷേത്രമായ നാഗർകോവിലിലെ പ്രധാനതന്ത്രി പാമ്പുമേക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗർകോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവർ എത്തേണ്ടതുണ്ട്.
        പാമ്പുമേക്കാട്ടുകാർക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകൾ ആണ് അവിടെ പൂജാരികൾ എന്നതും മണ്ണാറശാലയും പാമ്പുമേക്കാട്ടും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കുന്നു.

കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ) തൃശ്ശൂർ ജില്ല




കുരുംബ ഭഗവതി ക്ഷേത്രം (കൊടുങ്ങല്ലൂർ)


കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ്‌ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. കുരുംബക്കാവ് എന്നാണ്‌ ഇത് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂർ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടുവനാണ്‌ കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിർമ്മാണം നടത്തിയത്. പത്തിനിക്കടവുൾ (ഭാര്യാദൈവം) എന്നപേരിലാണ്‌ കണ്ണകി അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണമേധാവിത്വത്തിനുശേഷം ഇന്ന് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയായാണ് സങ്കല്പിച്ച് ആരാധിക്കപ്പെടുന്നത്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ്‌ കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തെ കരുതുന്നത്



ശ്രീ കുരുംബ ഭഗവതി ക്ഷേത്രം


ചരിത്രം

 ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. സംഘകാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം (ഇന്നു കാണുന്ന ക്ഷേത്രമല്ല) നിർമ്മിച്ചത് ചേരൻ ചെങ്കുട്ടുവനാണ്‌. പത്തിനിക്കടവുൾ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാലസാഹിത്യങ്ങളിൽ പരാമർശിക്കുന്നു. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമൻ അവരിൽ ഒരാളാണ്. ഭരണിഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, കാവുതീണ്ടൽ, തെറിപ്പാട്ട് എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്.
പിൽക്കാലത്ത് ചേരരാജാക്കൻമാർ ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായി. എന്നാൽ ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ്‌ വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നത്.ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണത്രെ.അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടൽ. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള പാട്ടുകൾ ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികൾ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. മറ്റു ചിലർ അത് സ്വന്തം ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിമജനതയുടെ രോഷപ്രകടനമായാണ്‌ കാണുന്നത്.
ചേരൻ ചെങ്കുട്ടുവൻ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശില പിന്നീട് മാറ്റങ്ങൾക്ക് വിധേയമായി കാളീക്ഷേത്രമായി രൂപാന്തരം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്.മഹായാമൻ പാലിഭാഷയിൽ രചിച്ച മഹാവംശത്തിൽ എ.ഡി. 2-ആം നൂറ്റാണ്ടിൽ ഗജബാഹു സിലോണിൽ വാണിരുന്നതായും വഞ്ചിയിൽ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തിൽ പങ്കെടുത്തതായും പറഞ്ഞുകാണുകയാൽ  1800 വർഷങ്ങൾക്ക് മുമ്പ് കൊടുങ്ങല്ലൂരിൽ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം. ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ച വിഗ്രഹം ഒറ്റമുലയുള്ള കണ്ണകിയുടെതായിരുന്നു എന്നാണ്‌ സാഹിത്യപരാമർശം. വസൂരിമാലയ്ക്ക് മാത്രമേ ഈ ആകാരസാമ്യം ഉള്ളൂ.


കുരുംബ ഭഗവതി ക്ഷേത്രം മുൻപ് ഒരു ബൗദ്ധക്ഷേത്രമായിരുന്നുവെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേൽ കാണുന്ന പത്മദളങ്ങൾ ഒരു ബൗദ്ധസ്തൂപത്തിൻറെ ഭാഗമായിരുന്നു ഈ ശിലയെന്ന് വെളിപ്പെടുത്തുന്നുണ്ട്. ബൗദ്ധരെ ഓടിക്കുവാൻ വേണ്ടിയാണ് ഈ ക്ഷേത്രത്തിൽ കോഴിവെട്ടും തെറിപ്പാട്ടും ആരംഭിച്ചതെന്ന ഐതിഹ്യത്തിൽ കഴമ്പുണ്ടാകാമെന്ന് പി.കെ. ഗോപാലകൃഷ്ണൻ വിശ്വസിക്കുന്നു. ക്ഷേത്ര വിഗ്രഹം ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം എന്നും ഊർവരതയ് പൂജയാണ്‌ ബലിയിലൂടെ അർത്ഥമാക്കുന്നതെന്നും അദ്ദേഹം കരുതുന്നു. 
“കൊടും കല്ലൂര്“ ആണ് കൊടുങ്ങല്ലൂർ ആയതെന്നും ജൈനക്ഷേത്രങ്ങൾക്കാണ് “കല്ല്” എന്നു പറയാറുള്ളതും കാരണം ഈ ക്ഷേത്രം ഒരു ജൈന ക്ഷേത്രമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. പിൽകാലത്ത് ശിവക്ഷേത്രമായി പരിണമിച്ചെങ്കിലും മുൻ കാലത്ത് തൃക്കണാമതിലകം ശിവക്ഷേത്രവും മറ്റും ജൈനക്ഷേത്രങ്ങളായിരുന്നെന്ന് പഴമയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രം ഭഗവതി ക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധി എങ്കിലും ശിവൻ ഇവിടെ മുഖ്യ ദേവനാണെന്നുള്ളതിൻ തെളിവാൺ 108 ശിവാലയ സ്തോത്രത്തിൽ ഈ ദേവൻ ലഭിച്ച അംഗീകാരം

ഐതിഹ്യങ്ങൾ

  • കേരളത്തിൽ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇതു എന്നും പറയുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തിൽ “കോടി” ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകൾ ഇതിനു വേണ്ടി പ്രയോഗിച്ച ശേഷമാൺ കുടിയിരുത്താൻ കഴിഞ്ഞതെന്നും പറയുന്നു.
  • കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാൺ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.
  • പുരാണ കഥാഖ്യാന പ്രകാരം, ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെ രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാൻ വേണ്ടി ഭൂതഗണങ്ങൾ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.
  • ഇന്നത്തെ ദേവിക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് റോഡിൻ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബമ്മ ക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ്‌ ചേരൻ ചെങ്കുട്ടവൻ പത്തിനിക്കടവുൾ പ്രതിഷ്ഠ നടത്തിയത്. എന്നാൽ പരശുരാമൻ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരു ചക്രത്തിൽ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.
  • മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ “തൃച്ചന്ദന ചാർത്ത്“ എന്നും അറിയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധത്തിൽ ദേവിക്കുണ്ടായ മുറിവുകൾക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാർത്തൽ പൂജയെ സങ്കൽപ്പിക്കുന്നത്. തുടർന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും പൂർണ്ണ ആരോഗ്യത്തിനുവേണ്ട ചികിത്സാക്രമങ്ങളായിട്ടാണ് സങ്കല്പം.
  • ക്ഷേത്രത്തിലെ രഹസ്യ അറയിൽ കണ്ണകിയുടെ അവശിഷ്ഠങ്ങൾ ഉണ്ടെന്ന് ശ്രീ. വി.റ്റി.ഇന്ദുചൂഡൻ അഭിപ്രായപ്പെടുന്നു. 
  • ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാൻ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാൻ കുലശേഖരരാജാവ് രാമവർമ്മകുലശേഖരൻ നടത്തിയ ഏതെങ്കിലും യജ്ഞത്തിൻറെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു
  • നിർമ്മാണശൈലി

    ക്ഷേത്രസമുച്ചയത്തിൻറെ മൊത്തം വിസ്തീർണം 10 ഏക്കർ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവിൽ. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്‌. ഈ ക്ഷേത്രത്തിനു മുന്നിൽ നിരവധി അരയാലും പേരാലും ഉണ്ട്. ക്ഷേത്ര നിർമ്മാണശൈലി പരിശോധിക്കുമ്പോൾ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നൽകിയിട്ടുള്ളതായി കാണുന്നു. ശിവൻറെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിൻറെ നിർമ്മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തൽ, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കൾ എല്ലാം തന്നെ ശിവക്ഷേത്രത്തിൻറെ ശിൽപ്പശാസ്ത്രവിധിപ്രകാരമാണ്. ശിവൻറെ ശ്രീകോവിലിനു നേർക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ടപത്തിൻറേയും ബലിക്കല്പുരയുടേയും തട്ട് നവഗ്രഹങ്ങള് കൊത്തിയ ഒറ്റപ്പലകയിൽ തീർത്തതും, മണ്ണുത്തരം, ചിറ്റുത്തരം മുതലായവയിൽ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട് . അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ‍ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. പരശുരരമൻ സൃഷ്ഠിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയിൽ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ഈ അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള ഈ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നു പറയുന്നു. ചേരൻ ചെങ്കുട്ടുവൻ മൂലപ്രതിഷ്ഠ - കണ്ണകി പ്രതിഷ്ഠ - നിർവഹിച്ച ശ്രീമൂലസ്ഥാനം രഹസ്യഅറയാക്കിയിരിക്കുകയാണ്. അറയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. അതിൻറെ മുഖം ശ്രീകോവിലിലേക്കാണ്‌‍. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങൾ കരിങ്കല്ല് കൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിൻ ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാൻ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.
    ക്ഷേത്രത്തിലെ ശിവൻറെ നടയ്ക്കുള്ള മണ്ഡപത്തിൻറെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളിൽ കിഴക്കോട്ട് ദർശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിൻ ശേഷം പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകൾ ഭക്തജനങ്ങൾ പൾലിമാടത്തിനു മുന്നിലാണ് അർപ്പിക്കാറ്.

    പ്രതിഷ്ഠകൾ



    മുഖ്യ പ്രതിഷ്ഠ
    ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ലാവിൽ നിർമ്മിച്ച വിഗ്രഹത്തിന്റെ ദർശനം വടക്കോട്ടാണ്‌. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപത്തിൽ സങ്കൽപ്പിക്കുന്നു. വിഗ്രഹത്തിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയുന്നില്ല. വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ്‌‍ ഇരിപ്പ്. തലയിൽ കിരീടമുണ്ട്.




    രഹസ്യ അറ

    ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറോട്ട് ദർശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് ദർശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വർണ്ണ ഗോളകകൊണ്ട് പൊതിഞ്ഞതുമായ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കോട്ട് ദർശനമായി മറ്റൊരു അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
    ക്ഷേത്രത്തിൻറെ പരമാധികാരി വലിയ തമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദർശനത്തിൻ വരുന്ന അവസരത്തിലോ കൊടുങല്ലൂർ കോവിലകത്തെ ഒരു സന്തതിയെ ഒന്നാം പിറന്നാളിന്‌ ദേവിയ്ക്ക് മുന്നിൽ ( പടിഞ്ഞാറേ നടയ്ക്കൽ) അടിമ കിടത്താൻ കൊണ്ട് വരുകയോ ചെയ്യുന്ന അവസരത്തിലോ മാത്രമേ ശ്രീകോവിലിൻറെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കൽ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ നടയ്ക്കൽ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തിൽ ശ്രീകോവിലിൻറെ പടിഞ്ഞാറെനടയുടെ വലത്തെ കതകുമാത്രം തുറന്നുകൊടുക്കും. തമ്പുരാൻ നമസ്കരിച്ച് എഴുന്നേൽക്കും മുൻപ് നട അടച്ചുകഴിയും

    ശിവൻ

    ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിൻറെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

    ക്ഷേത്രപാലകൻ




    ക്ഷേത്രപാലകന്റെ ക്ഷേത്രം‍
    വടക്കേനടയിൽ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള വിഗ്രഹമാൺ. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലകക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ കൊടുങ്ങല്ലൂരിൽ നിന്നു വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്.പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ്‌‍ (ശർക്കരപായസത്തിൽ തൈര്‌‍ ചേർത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ളനാളികേരം ഉടക്കുക.


    ദേവി ക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകൻറെ നടക്കലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകൻറെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിൻ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകൻറെ തൃപ്പടികളിൽ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകൻ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാർത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.

    തവിടാട്ട് മുത്തി

    ചാമുണ്ഡി രൂപത്തിലുള്ള മൂർത്തിയാണിത്. മേൽക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടക്കൽ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേർന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും അനുഭവപ്പെടുന്ന ശ്വാസ സംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.
    ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃകൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങൾ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പത്മശാലീയർക്കാണ്.

    വസൂരിമാല



    വസൂരിമാലയുടെ ക്ഷേത്രം
    പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. വടക്കോട്ടാൺ ദർശനം. ഇതിൻ മേൽക്കൂരയില്ല. വിഗ്രഹത്തിൻ 4 അടിയോളം ഉയരമുണ്ട്. മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപപട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തി വരുകയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം വസൂരിമാല. പത്മദളം സ്ത്രീലിംഗത്തിൻറെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങൾ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക.

    സപ്തമാതൃക്കൾ

    ശിവൻറെ ശ്രീകോവിലിൻറെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭഗവതിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും.
    സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവി വിഗ്രഹം നിർമിച്ച അതേ വരിക്കപ്ലാവിൻറെ കമ്പുകൾ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.

    കുരുംബക്കാവ്

    ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും ദേവിയെ ഇന്നത്തെ ക്ഷേത്രത്തിൽ മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. താലപ്പൊലിയോടനുബന്ധിച്ചുള്ള രാപകൽ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച് എത്തിച്ചേരുന്ന കുടുംബി സമുദായക്കാർ ദേവിക്ഷേത്രത്തിൽ നട തള്ളാനുള്ള ചെമ്മരിയാടുകളെയും പഴക്കുലയും വാദ്യഘോഷങ്ങളോടെ ആനയിക്കുന്നതും ശ്രീകുരുംബക്കാവിൽ നിന്നുമാണ്. പരിസരവാസികളുടേയും ഭക്തജനങ്ങളുടേയും പരിശ്രമഫലമായി നിത്യേന ഉള്ള വിളക്കുവയ്പ്പ് മുടങ്ങാതെ നടന്നുപോരുന്നു.

    പൂജകൾ

    ക്ഷേത്രത്തിലെ തന്ത്രികൾ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരിൽനിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികൾ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകൾ നിർവ്വഹിക്കുന്നത്. സാത്വിക പൂജകൾ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളു. അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു. അവ മഠത്തിൽ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പർക്കമാണ് മുന്നിൽ നിൽക്കുന്നത്. ക്ഷേത്രഭരണം കൊച്ചിൻ ദേവസ്വം ബോർഡ് നിർവഹിക്കുന്നു.

    വഴിപാടുകൾ

    • എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകൾ ഉണ്ട്. ബുദ്ധമതത്തിന്റെ മറ്റൊരു സംഭാവനയായാണ്‌ കതിന വെടികളെ കാണുന്നത്.
    • ഗുരുതിയാണ്‌ മറ്റൊരു വഴിപാട്. ശത്രുദോഷത്തിനു പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വർദ്ധിക്കാതിരിക്കാനാണ് ഗുരുതി നടത്തിയിരുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക- ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കം കുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല.
    • വസൂരിമാലയ്ക്ക് മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാൻ ഉപയോഗിക്കാറുണ്ട്.
    • ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്‌. 101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതിൽ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.
    • തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയർക്കാണ്. ശ്വാസം സംബന്ധിക്കുന്ന രോഗങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം.
    • ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മർദ്ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളിൽ ഉൾപ്പെടും.
    •  
    • വിശേഷദിവസങ്ങള്‍  
    • മീന ഭരണി


      ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്. ദ്രാവിഡദേവിയെ കണ്ടാരാധിക്കാൻ വേണ്ടിയുള്ള ഒരു കൂട്ടം ജനങ്ങളുടെ കൂടിച്ചേരൽ ആണ് ഈ ഉത്സവം. ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്‌. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. 
      ദേവിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്ന ധാരാളം ചടങ്ങുകൾ മീനഭരണിക്ക്‌ കാണാൻ കഴിയും. കാവുതീണ്ടല്, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കാവേലൻറെ വരവ്‌ എന്നിവ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ്‌ പറയുന്നത്. 
      തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളിൽ) അശ്വതീകാവുതീണ്ടലാണ്‌ എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതൽ മീനമാസത്തിലെ അശ്വതിനാൾ വരെയുള്ള ദിവസങ്ങളാൺ ആഘോഷങ്ങൾ മുഴുവനും. ഇക്കാലയളവിൽ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൂരവും കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങൾ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും. വ്രതാനുഷ്ഠാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാർ എന്നാണ്‌ വിളിക്കുക.
      കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ ആശാരിയും തട്ടാനും ചേർന്ന് നടത്തുന്ന ഒന്നുണ്ട്. നല്ലവനായ വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന തട്ടാനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ അശുദ്ധിതീർത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.
      മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക. വയനാട്, കണ്ണൂർ, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളിൽ നിന്ന് സംഘമായി കാൽനടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവർ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവർക്കും കൊടുങ്ങലൂർ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളിൽ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തർപ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ്‌ വില്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്.ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂർവ്വം ക്ഷേത്രോത്സവങ്ങളാണ്‌ ഇത്.

      കോഴിക്കല്ല് മൂടൽ

      മീനഭരണിക്ക് പത്തു്‌ ദിവസം മുൻപാണ്‌ കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ആദ്യകാലങ്ങളിൽ നടക്കൽ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഭഗവതിയ്ക്ക് അത് ഇഷ്ടമായിരുന്നില്ല. കൂടാതെ ജന്തുഹിംസ പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ ഇപ്പോൾ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ.
      മീനമാസത്തിലെ തിരുവോണദിവസം നടത്തപ്പെടുന്ന കോഴിക്കല്ല് മൂടൽ ചടങ്ങിനു ശേഷം, രേവതി നാളിൽ കളമെഴുത്തുപാട്ടുണ്ട്. അതിൻ കടത്തനാട്ടുകാർക്കാൺ അവകാശം.

      കാവുതീണ്ടൽ



      കാവു തീണ്ടുന്ന കോമരങ്ങൾ
      ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ് കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും, പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദേവിയുടെവിഗ്രഹത്തിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി വിഗ്രഹത്തിൽ തൃച്ചന്ദനപ്പൊടി ചാർത്തുന്നു. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.
      ഇതിനുശേഷം നടതുറക്കുമ്പോൾ ദർശനം നടത്തുന്നത് സർ‌വൈശ്വര്യപ്രധാനിയാണ്‌ എന്ന് ഭക്തർ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ ആരംഭിക്കുകയായി. കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌. അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളിൽ നടതുറപ്പ് എന്നാണ്‌ പറയുക.
      കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നൽകുക. പിറ്റേന്ന് മുതൽ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക

      താലപ്പൊലി

      മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്‌‍. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ.ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന്‌ സാമ്യമുണ്ട്.ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ്‌ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ്‌ താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ്‌ താലപ്പൊലി. താലപ്പൊലി ആരംഭത്തോടെ സംഘക്കളി ആരംഭിക്കും. ശാസ്താക്കളി, പാനയംകളി, യാത്രാക്കളി എന്നൊക്കെ ഈ അനുഷ്ഠാനത്തിനു പേരുണ്ട്. നൂറ്റൊന്നു ദിവസത്തെ 'കുളി'യും 51 ദിവസത്തെ വ്രതവും നോറ്റ് ചുവന്ന വസ്ത്രങ്ങൾ ധരിച്ച മലയരയന്മാർ ഇരുമുടിക്കെട്ടുകളുമായി വന്നെത്തുന്നു. താലപ്പൊലിക്ക് രണ്ട് ദിവസം മുൻപേ ചൊവ്വര ദേശത്തെ നമ്പൂതിരി മാർ വന്ന സംഘക്കളി നടത്തുന്നു. കുടുംബികൾ ചെമ്മരിയാടുകളെ ദേവിക്കു നടതള്ളും. ഈ പ്രാരംഭച്ചടങ്ങുകൾക്ക് ശേഷം നാലുദിവസത്തെ താലപ്പൊലിയുത്സവം നടക്കുന്നു. 
      ഒന്നാം താലപ്പൊലിയുടെ പൂർണചുമതല ഒന്നു കുറെ ആയിരം യോഗത്തിനാണ്. യോഗക്കാരുടെ കൂട്ടമിരുത്തലും തമ്പുരാൻറെ സാന്നിദ്ധ്യവും പഴയ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. മറ്റ് മൂന്ന് ദിവസത്തെ താലപ്പൊലി നടത്തുന്നത് കൊച്ചിൻ ദേവസ്വം ബോർഡാണ്. എന്നാൽ പണ്ട് രണ്ടാം ഉത്സവം അയിരൂർ അയ്യായിരം നായർ കരയോഗവും, മൂന്നാം ദിവസത്തെ കൊച്ചികോവിലകവും നാലാം‍ ദിവസത്തെ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരും നടത്തിവന്നിരുന്നു. രണ്ടാം താലപ്പൊലി നടത്തിയിരുന്ന അയ്യൂരായിരം എന്ന യോഗക്കാർ കൊല്ലവർഷം 1075 നോടടുപ്പിച്ച് നാമാവശേഷമായിത്തീർന്നു. അതിനുശേഷം ദേവസ്വമാണ്‌ നേരിട്ട് നടത്തുന്നത്. അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു. അഞ്ചാം താലപ്പൊലി ചോവന്മാരും ആറാം താലപ്പൊലി അരയന്മാരും ഏഴ് കണകന്മാരും എട്ടാമത്തേത് ചെറുമരുമാണ്‌നടത്തിയിരുന്നത്. പിൽക്കാലത്ത് അത് നാല് ദിവസമായി ചുരുങ്ങി. 
      പകൽ ശീവേലിയും രാത്രി എഴുന്നള്ളിപ്പുമാണ്‌ താലപ്പൊലിയുടെ ചടങ്ങുകൾ. ഒരോ ദിവസവും അതാത് നടത്തിപ്പുകാർ സ്ത്രീകൾ താലത്തിൽ കൊണ്ടുവരുന്ന ധനധാന്യങ്ങൾ വാദ്യമേള അകമ്പടിയോടെ ദേവിക്കു മുന്നിൽ ചൊരിയുന്നതാണ്‌ പ്രധാന ചടങ്ങ്.

      ചാന്താട്ടം

      മേടമാസത്തിലെ കർക്കിടകനാളിലെ ചാന്താട്ടം പ്രധാനമാണ്. തേക്കിൻകറ, ഗോരോചനം, കസ്തൂരി എന്നിവ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന ചാന്ത് ഉപയോഗിച്ചാണ് തടിയിൽ നിർമ്മിച്ചിട്ടുള്ള ദേവി വിഗ്രഹത്തിന് ചാന്താട്ടം നടത്തുന്നത്. ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിൻ ഉത്തമമാണെന്ന് കരുതുന്നു. ക്ഷേത്രത്തിൽ ആഘോഷിക്കുന്ന മറ്റൊരു ഉത്സവമാണ് നവരാത്രി ഉത്സവം.

      പ്രത്യേക ആചാരങ്ങൾ

      മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടത്തെ ചില ആചാരങ്ങളും ചടങ്ങുകളും നടത്തുന്നത് ദ്രാവിഡ ഗോത്രത്തിൽ പെട്ടവരാണ്‌.
      • ക്ഷേത്രപാലന്റെ നടയ്ക്കൽ ഉടയ്ക്കുന്ന നാളികേരത്തിന്റെ അവകാശം എടമുക്കിലുള്ള കുഡുംബി സമുദായക്കാർക്കാണ്‌. അതിന്‌ അവർ കൊല്ലം തോറും കർക്കടമാസം സംക്രാന്തിക്ക് ക്ഷേത്രപരിസരം മുഴുവനും ചെത്തി വൃത്തിയാക്കണം. 
      • വസൂരിമാലക്ക് മഞ്ഞപ്പൊടി ആടിക്കുവാനുള്ള അവകാശം പ്ലാപ്പിള്ളി, തേറോടം എന്നീ രണ്ടു വീടുകളിലെ സ്ത്രീകൾക്കാണുള്ളത്. എല്ലാ നടക്കലുമുള്ള ദീപസ്തംഭങ്ങൾ തെളിയിക്കലും പ്രസാദങ്ങൾ കൊടുക്കലും വടക്കേ നടയിലുള്ള ആൽ‌ത്തറകളിൽ പൂരുരുട്ടാതി മുതൽ ഇരുന്നു കന്നിവെളിച്ചപ്പാടന്മാരെ വെടിതെളിയിച്ചു വാളും ചിലമ്പും കൊടുക്കാനുള്ള അധികാര അവകാശങ്ങളും മേൽ പറഞ്ഞ രണ്ടു വീടുകളിലേയും ആണുങ്ങൾക്കുള്ളതാണ്‌.
      • മേല്പ്പറഞ്ഞ രണ്ടുവീട്ടിലേയും സ്ത്രീകളും പുരുഷന്മാരുമാണ്‌ ദേവിയുടെ ക്ഷേത്രത്തിലെ അടിച്ചുതളി, പാത്രം തേപ്പ്, പൂവുകൊടുക്കൽ, മലരുവറക്കൽ, അരിയടിക്കൽ, മഞ്ഞൾ പൊടിക്കൽ എന്നീ ചുമതലകൾ ചെയ്തു പോരുന്നത്. വർഷങ്ങളായി ഇതിനു വീഴ്ചയൊന്നും വരുത്തിയിട്ടില്ല.
      • കേരളത്തിലെ പഴയ ആചാരങ്ങളിൽ ഒന്നായ “കൂട്ടമിരിപ്പ്” (തറക്കൂട്ടം) ഇപ്പോൾ കേരളത്തിൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ മാത്രമേയുള്ളു. മലയാള മാസം ഒന്നാം തിയതിയാണ് കിഴക്കെനടയിൽ കൂട്ടമിരിപ്പ്. ഇത് പഴയ കാലത്തെ സഭയാണെന്ന് വിശ്വാസം. സങ്കടക്കാരാരുമില്ലെങ്കിലേ കൂട്ടം പിരിയാവൂ എന്നും ക്രമമുണ്ടായിരുന്നത്രെ.
      • ഒ.കെ.യോഗം

        കേരളത്തിൽ പ്രശസ്തവും വളരെ പഴക്കമുള്ളതുമായ ഒരു യോഗസഭയാണ് കൊടുങ്ങല്ലൂരിലെ ഒന്നുകുറെ ആയിരം യോഗം. ചേരമാൻ പെരുമാളിൻറെ നേതൃത്വത്തിൽ പെരുമാളും വിശ്വസ്തരായ നായർ സ്നേഹിതന്മാരുംകൂടി ആയിരം പേർ അടങ്ങിയ നായർ സൈന്യമായിരുന്നു ഇത്. പെരുമാളിൻറെ കാലശേഷം ഒഴിവിലേക്ക് മറ്റൊരാളെ നിയമിക്കാത്തതിനെ തുടർന്ന് 999 പേർ മാത്രമായതിനാലാണ് ഒന്നുകുറച്ച് ആയിരം യോഗം എന്ന പേർ ഉണ്ടായത്. കാലക്രമേണ ഇത് ലോപിച്ച് "ഒന്നുകുറെ ആയിരം യോഗം" എന്നും ഇന്ന് "ഒ.കെ.യോഗം" എന്നും അറിയപെടുന്നു.
        പെരുമാൾ ഭരണത്തിനുശേഷം കൊടുങ്ങല്ലൂർ രാജകുടുംബം നിലവിൽ വന്നതോടെ ഒ.കെ.യോഗവും കൊടുങ്ങല്ലൂർ രാജാക്കന്മാരും ഒത്തുചേർന്ന് ക്ഷേത്രകാര്യങ്ങൾ ആലോചിച്ചിരുന്നു എന്നും അതിൻറെ തുടർച്ചയായി എല്ലാ മലയാളമാസം ഒന്നാം തിയതി രാവിലെ പന്തീരടിപൂജയ്ക്കു ശേഷം ക്ഷേത്രത്തിൻറെ കിഴക്കേനടയിൽ പ്രദക്ഷിണവഴിയിൽ "നിഴലിരിക്കൽ" എന്ന ചടങ്ങ് നടത്തിവരുന്നതായി പറയപ്പെടുന്നു. ക്ഷേത്രകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി കൂട്ടം ഇരിക്കുന്നതിനെയാണ് നിഴലിരിക്കൽ എന്നു പറഞ്ഞുവരുന്നത്. യോഗത്തിലെ കുറഞ്ഞപക്ഷം 32 ആളുകൾ ഈ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ട്.
        ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ ചടങ്ങുകൾ ഒ.കെ.യോഗം നേരിട്ടാണ് നടത്തിവരുന്നത്. താലപ്പൊലി മഹോത്സവത്തിൻറെ തുടക്കം കുറിച്ചുകൊണ്ടുള്ള 1001 കതിനാവെടിയും ഒന്നാം ദിവസത്തെ താലപ്പൊലി മഹോത്സവവും ഇന്നും മുടക്കം വരാതെ ഒ.കെ.യോഗമാണ് നടത്തിവരുന്നത്. വിവിധ സേവനപ്രവർത്തനങ്ങൾക്കുവേണ്ടിയും മറ്റും സഹായധനമായിട്ടും വർഷംതോറും നല്ലൊരു സംഖ്യ യോഗം ചെലവാക്കിവരുന്നുണ്ട്.

        എത്തിച്ചേരുവാനുള്ള വഴി

        • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഇരിഞ്ഞാലക്കുട - 23 കിലോമീറ്റർ അകലെ.
        • ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - തൃശ്ശൂർ - 35 കിലോമീറ്റർ അകലെ.
        • ഏറ്റവും അടുത്തുള്ള പട്ടണം - കൊടുങ്ങല്ലൂർ
        • ഏറ്റവും അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 30 കിലോമീറ്റർ അകലെ.
        • കൊല്ലം-കൊടുങ്ങല്ലൂർ ജലപാതക്കരികിലാണ് ഈ ക്ഷേത്രം.