2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

തിരുനാവായ നാവാമുകുന്ദക്ഷേത്രം_*  
*_കേരളത്തിൽ മലപ്പുറം ജില്ലയിൽഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം.മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ, നാവാമുകുന്ദൻ എന്നപേരിൽ ക്ഷേത്രേശൻ അറിയപ്പെടുന്നു._*
_ഐതിഹ്യപ്രകാരം നവയോഗികൾ എന്നറിയപ്പെടുന്ന സഹോദരന്മാരായ ഒമ്പത് സന്ന്യാസിവര്യന്മാരാണ് ഇവിടെ പ്രതിഷ്ഠ നടത്തിയത്. ഇവരിൽ ആദ്യത്തെ എട്ട് വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്തുവെന്നും അവസാനത്തെ യോഗി പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിലുള്ളതെന്നും വിശ്വസിച്ചുവരുന്നു.
തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായമാമാങ്കം നടന്നിരുന്നത്. കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന്റെ ഉടമസ്ഥയിലാണ് ഇന്നും തിരുനാവായ ക്ഷേത്രം.
ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെനിളാതീരം. ഭാരതത്തിലെ 108ദിവ്യദേശങ്ങളിൽ (തിരുപതികളിൽ)കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ നാവായ് മുകുന്ദനായി" ഐശ്വര്യദായിനിയായ മഹാലക്ഷ്മിയോടൊപ്പം കുടികൊള്ളുന്നു. "ലക്ഷ്മീ നാരായണ" സങ്കൽപ്പത്തിലാണ് ആരാധന._
_ഐതിഹ്യപ്പെരുമകളാൽ സമ്പന്നമാണ് നിളാതീരത്തെ നാവാമുകുന്ദക്ഷെത്രവും നാവായ് മുകുന്ദ പെരുമാളും.മലയാളത്തിലും, തമിഴിലും ധാരാളം പുസ്തകങ്ങൾ ഇവിടുത്തെ തേവരുടെ ഐതിഹ്യകഥകൾ പറയുന്നുണ്ട്. ഒൻപതുയോഗികൾ ഇവിടെ പ്രതിഷ്ഠനടത്തിയെങ്കിലും ഒൻപതാമത്തെ തവണ പാൽപായസം തരാമെന്ന വ്യവസ്ഥയിലാണ് പ്രതിഷ്ഠ ഉറച്ചതെന്നും ഐതിഹ്യം പറയുന്നു.
നാവാമുകുന്ദക്ഷേത്രത്തിനടിയിൽ നിരവധി വിഗ്രഹങ്ങളുണ്ടെന്ന് വിശ്വാസമുള്ളതിനാൽ ഇവിടെ അധികം പ്രദക്ഷിണം വച്ചിരുന്നില്ല. ആദ്യം പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ എവിടെയൊക്കെയാണെന്നറിയാത്തതിനാൽ ആഴ്വാഞ്ചേരി തമ്പ്രാക്കളും തിരുനാവായ വാദ്ധ്യാനും മുട്ടുകുത്തിയാണ് പ്രദക്ഷിണം വച്ചിരുന്നതും തൊഴുതിരുന്നതുമത്രെ._
*_നവയോഗികൾ_*
_നവയോഗികളായ കവി, ഹരി, അംബരീഷൻ, പ്രബുദ്ധൻ, പിപ്പലായനൻ, ആവിർഭൂത്രൻ, ഭൂമിളൻ, ചമസ്സൻ, കരഭാജൻ എന്നിവർക്ക് മഹാവിഷ്ണു ഇവിടെ ദർശനം നൽകിയിട്ടൂണ്ട്. ധാരാളം യാഗങ്ങൾ നടത്തി പ്രസിദ്ധിയാർജ്ജിച്ച നവയോഗികളുടെ സാന്നിധ്യം സ്ഥലനാമത്തിനു കാരണമായി എന്നു കരുതുന്നു.
തിരുനവയോഗിഎന്നു പറയെപ്പെട്ടിരുന്നത് പിന്നീട് ലോപിച്ച് "തിരുനാവായ" എന്നുമായിമാറിയെന്ന് ഒരു ഐതിഹ്യം._
_നവയോഗികൾ ഓരോരുത്തരും അവരവരുടേതായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവർ ഓരോരുത്തരും തങ്ങളുടേതായ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. എന്നാൽ പ്രതിഷ്ഠ കഴിഞ്ഞ ഉടനെ അവ അന്തർദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകളൊന്നുമില്ലാതെ പ്രതിഷ്ഠാകർമ്മങ്ങൾ നടത്തിയതുകാരണമാണ് അവ അന്തർദ്ധാനം ചെയ്തതെന്ന് നവയോഗികളിലെ ഇളയവനായ കരഭാജൻ മനസ്സിലാക്കി.
അതായത് അഭിഷേകം, അർച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠാകർമ്മത്തിന് നിർബന്ധങ്ങളാണ്. അവയൊന്നുമില്ലാതെ പ്രതിഷ്ഠ നടത്തിയതാണ് അന്തർദ്ധാനത്തിന് കാരണം. തുടർന്ന് അദ്ദേഹം തന്റെ കൈവശമുള്ള വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠിച്ചപ്പോൾ നിളാനദിയിലെ (ഭാരതപ്പുഴ) ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കൾ കൊണ്ട് അർച്ചനയും നടത്തി പാൽപ്പായസം നേദിച്ച് നെയ്വിളക്ക് കത്തിച്ചാണ് പ്രതിഷ്ഠാകർമ്മം നടത്തിയത്.
ഇന്നും കാലാവസ്ഥാഭേദമെന്യേ ക്ഷേത്രത്തിൽ അഭിഷേകത്തിനും നിവേദ്യത്തിനും ഉപയോഗിയ്ക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. അതിനാൽ ക്ഷേത്രത്തിൽ കുളവും കിണറുമില്ല. താമരമാലയും നെയ്വിളക്കും പാല്പായസവും ഇവിടെ പ്രധാന വഴിപാടുകളായിത്തന്നെ തുടരുന്നു._
*_ലക്ഷ്മീദേവിയും ആദിഗണേശനും_*
_ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മി-നാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകൾ സാധാരണ ഉണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് തന്റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള പ്രതിഷ്ഠകൾ അപൂർവ്വമത്രേ. ഇതിനാധാരമായി പറയപ്പെടുന്നത് നാവാമുകുന്ദന്റെ ഭക്തവാത്സല്യം വെളിപ്പെടുത്തുന്ന ഒരു കഥയാണ്.
വിഷ്ണുഭക്തനായ ആദിഗണേശൻ ബ്രാഹ്മമുഹൂർത്തത്തിൽ നിളയിൽ സ്നാനം ചെയ്ത്, അടുത്തുള്ള താമരപ്പൊയ്കയിൽ നിന്നും നവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കൾ പറിച്ചുകൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തിൽ അർച്ചന നടത്തിയിരുന്നു. ഒരുഅക്ഷയതൃതീയനാളിൽ താമരപ്പൂക്കൾ ശേഖരിക്കാൻ ചെന്നപ്പോൾ, മറ്റാരോ താമരപ്പൂക്കൾ പറിച്ചതിനാൽ, ആദിഗണേശന് താമരപ്പൂവ് ഒന്നും ലഭിച്ചില്ല.
ഇതിൽ കുണ്ഠിതനായ ഗണേശൻ തന്റെ സങ്കടം നവാമുകുന്ദനോട് ഉണർത്തിക്കാൻ ചെന്നപ്പോൾ മുകുന്ദവിഗ്രഹം താമരപ്പൂക്കളാൽ മൂടിയിരിക്കുന്നതായി കണ്ടു. തനിക്ക് മുൻപ് ആരോ താമരപ്പൂക്കൾ പറിച്ച് അർച്ചന നടത്തിയതായി മനസ്സിലായി. അതിൽ മനം നൊന്ത് അദ്ദേഹം മുകുന്ദപാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. തന്റെ ദുർവിധിക്ക് കാരണം എന്താണെന്നും, അതു പരിഹരിക്കാൻ തനിക്ക് കഴിവുണ്ടാക്കിതരണം എന്നും വിലപിച്ച് കൊണ്ട് ആദിഗണേശൻ ശ്രീമുകുന്ദനോട് മനമുരുകി പ്രാർത്ഥിച്ചു. നവാമുകുന്ദൻ പ്രത്യക്ഷനായി._
_തന്റെ പ്രിയപത്നി ശ്രീമഹാലഷ്മി, ആദിഗണേശനെഴുന്നേൽക്കുന്നതിനുമുമ്പുതന്നെ താമരപ്പൂക്കൾ ശേഖരിച്ച് അർപ്പിച്ചതാണ്. തനിക്ക് തന്റെ ഭക്തന്മാരോടുള്ള അമിത സ്നേഹവാത്സല്യങ്ങൾ കണ്ട്, അതിൽ അസൂയ പൂണ്ട്, അത്രയും സ്നേഹവാത്സല്യങ്ങൾ ദേവിയ്ക്കും കിട്ടണം എന്ന ആഗ്രഹത്താലാണ് ദേവി അങ്ങനെ ചെയ്തതെന്നും ഭഗവാൻ അരുളിച്ചെയ്തു.
തനിക്ക് നവാമുകുന്ദാർച്ചന നടത്താൻ താമരപ്പൂക്കൾ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാർത്ഥന ഭഗവാൻ സ്വീകരിച്ചു. ഇനിമേലിൽ ശ്രീഗണേശന് നിർവിഘ്നം താമരപ്പൂക്കൾ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം._
_തിരുനാവായിൽ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കൾ ഭഗവാൻ അർപ്പിയ്ക്കാൻ സമ്മതിയ്ക്കാത്ത ലക്ഷ്മീദേവി ഇവിടെമലർമങ്കൈ നാച്ചിയാർ എന്നും അറിയപ്പെടുന്നു. ഭഗവാനോടൊപ്പം ശിവനെയും ഇവിടെ കാണാൻ സാധിയ്ക്കുന്നതുകൊണ്ട് സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട്. 'ദക്ഷിണകാശി' എന്നൊരു അപരനാമവും അങ്ങനെ തിരുനാവായയ്ക്ക് കിട്ടി._
*_പരശുരാമനും ശ്രാദ്ധവും_*
_പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം.
രാമൻ കർക്കിടക അമാവാസിനാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു._
*_മുഖ്യപ്രതിഷ്ഠ_*
*_നാവാമുകുന്ദൻ_*
_ക്ഷേത്രത്തിലെ പ്രധാന പ്രതിക്ഷ്ഠ ലക്ഷ്മിസമേതനായ നാരായണനാണെന്ന് പുരാണ തമിഴ് ഗ്രന്ഥമായദിവ്യപ്രബന്ധത്തിൽ പരാമർശം കാണുന്നു. അത്യപൂർവമായ ഒരു ശിലയിൽ തീർത്ത വിഗ്രഹമാണ്. എന്നാൽ ഇപ്പോൾ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഏകദേശം നാലടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. ചതുർബാഹുവായ ഭഗവാൻ ശംഖചക്രഗദാപദ്മങ്ങൾ ധരിച്ചിരിയ്ക്കുന്നു. രണ്ടുനിലകളോടുകൂടിയ ചതുരശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ഭഗവാൻ വാഴുന്നു._
_വിഷുസംക്രമദിവസം ഭഗവാന്റെ പാദാരവിന്ദങ്ങളിൽ ഉദയസൂര്യന്റെ കിരണങ്ങൾ വന്നുപതിക്കുന്നവിധത്തിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. ഗുരുവായൂരിലെപ്പോലെ ഇവിടെയും കൊടിമരവും ബലിക്കല്ലുമെല്ലാമുണ്ടെങ്കിലും പ്രധാനകവാടത്തിൽനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ കഴിയും._
_മുമ്പ് പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ അന്തർദ്ധാനം ചെയ്ത സ്ഥലമായതിനാൽ പണ്ടുകാലത്ത് ക്ഷേത്രദർശനം നടത്താൻ വരുന്ന ഭക്തർ മണ്ണിൽ ചവുട്ടി നടക്കുന്നതിനുപകരം മുട്ടുകുത്തിനിന്നാണ് തൊഴുതിരുന്നത്. വിഗ്രഹത്തിനുമുകളിൽ ചവുട്ടാൻ പാടില്ല എന്ന നിയമം അന്നത്തെ ജനങ്ങൾ കർശനമായും പാലിച്ചുപോന്നിരുന്നു. എന്നാൽ ഇന്ന് ആരും നിയമം പാലിച്ചുപോകാറില്ല. അതിനാൽ സാധാരണക്ഷേത്രങ്ങളിലേതുപോലെ ദർശനം നടക്കുന്നു._
_ഇവിടത്തെ പ്രതിഷ്ഠയുടെ പേരിനെച്ചൊല്ലി ഒരുപാട് തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. നാവാമുകുന്ദൻ എന്നാണോ നവമുകുന്ദൻ എന്നാണോ എന്നതുതന്നെ പ്രധാനപ്രശ്നം. നവയോഗികൾ പ്രതിഷ്ഠിച്ച മുകുന്ദൻ (വിഷ്ണു) നവമുകുന്ദനാണെന്ന് ചിലരും തിരുനാവായയിൽ വാഴുന്ന മുകുന്ദൻ നാവാമുകുന്ദനാണെന്ന് മറ്റുചിലരും പറയുന്നു. എന്തായാലും നാവാമുകുന്ദൻ എന്ന പേരുതന്നെയാണ് പ്രസിദ്ധം._
*_ഉപദേവതകൾ_*
*_ഗണപതി_*
_കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലേതുപോലെ ഇവിടെയും ഗണപതിപ്രതിഷ്ഠയുണ്ട്. നാലമ്പലത്തിനകത്ത് കന്നിമൂലയിൽ (തെക്കുപടിഞ്ഞാറുഭാഗം) ഒരു ചെറിയ മുറിയിൽ കിഴക്കോട്ട് ദർശനമായാണ് ഗണപതിപ്രതിഷ്ഠ. ചുറ്റും പ്രദക്ഷിണത്തിന് സൗകര്യവുമുണ്ട്. ആദിഗണേശസങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. ഗജേന്ദ്രമോക്ഷകഥയുമായി ഏറെ ബന്ധമുള്ള പ്രതിഷ്ഠയാണിത്. അഗസ്ത്യമുനിയുടെ ശാപം മൂലം ആനയായി മാറിയ ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യരാജാവാണ് ആദിഗണേശൻ എന്ന് വിശ്വസിക്കപ്പെടുന്നു. പ്രതിഷ്ഠയെക്കുറിച്ചുള്ള കഥ ഇങ്ങനെ:_
_മലയാദ്രിയിൽ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്നനെ കാണാൻ ഒരു ദിവസം അഗസ്ത്യമുനി വന്നു. എന്നാൽ തപസ്സനുഷ്ഠിക്കുകയായിരുന്ന ഇന്ദ്രദ്യുമ്നൻ അഗസ്ത്യമുനിയെ കണ്ടഭാവം നടിച്ചില്ല. ഇതിനെത്തുടർന്നാണ് അഗസ്ത്യമുനി അദ്ദേഹത്തെ ശപിച്ചത്. ഇന്ദ്രദ്യുമ്നൻ ശാപമോക്ഷത്തിനായി യാചിച്ചപ്പോൾ മഹാവിഷ്ണുവിനാൽ ശാപമോക്ഷം കിട്ടും എന്ന് അഗസ്ത്യമുനി പറഞ്ഞു.
അദ്ദേഹത്തിന്റെ ശാപത്തെത്തുടർന്ന് ഇന്ദ്രദ്യുമ്നൻ ഗജേന്ദ്രനായ ആദിഗണേശനായി ജനിച്ചു. വിഷ്ണുഭക്തനായ ആദിഗണേശൻ എല്ലാ ദിവസവും നേരം പുലരും മുമ്പ് നിളയിൽ സ്നാനം ചെയ്ത് ഭഗവാന് ചാർത്താൻ താമരപ്പൂക്കൾ കൊണ്ടുവരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഗജേന്ദ്രനായ ആദിഗണേശന്റെ കാലിൽ ഒരു മുതല കടിച്ചു.
മുനിശാപം മൂലം മുതലയായിത്തീർന്ന ഹുഹു എന്ന ഗന്ധർവനായിരുന്നു അത്. വേദന താങ്ങാനാവാതെ നിലവിളിച്ച ഗജേന്ദ്രന്റെ നിലവിളി കേട്ടപ്പോൾ ഭഗവാൻ ഗരുഡാരൂഢനായി വന്ന് സുദർശനചക്രമുപയോഗിച്ച് മുതലയെ വധിച്ചു. അങ്ങനെ ഇരുവർക്കും ശാപമോക്ഷം ലഭിച്ചു. കരുണാമയനായ ഭഗവാൻ ആദിഗണേശനെ തന്റെ വലതുഭാഗത്തിരുത്തി. പിന്നീട് പ്രതിഷ്ഠയെ ഗണപതിയാക്കി സങ്കല്പിച്ച് പൂജകൾ തുടങ്ങി._
*_മഹാലക്ഷ്മി_*
_ലക്ഷ്മീസമേതനായ നാരായണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. സാധാരണഗതിയിൽ ലക്ഷ്മീനാരായണസങ്കല്പത്തിൽ ദേവി ഒന്നുകിൽ അദൃശ്യസാന്നിദ്ധ്യമായിരിക്കും, അല്ലെങ്കിൽ പ്രധാന ശ്രീകോവിലിൽത്തന്നെ ഭഗവാനോടൊപ്പം വാമാംഗസ്ഥയായി (ഇടതുഭാഗം) വാഴുന്നുണ്ടാകും.
എന്നാൽ ഇവിടെ, ദേവിക്ക് പ്രത്യേകം ശ്രീകോവിലുണ്ട്. നാലമ്പലത്തിനകത്ത് വായുകോണിൽ (വടക്കുപടിഞ്ഞാറുഭാഗം) കിഴക്കോട്ട് ദർശനമായാണ് ദേവീപ്രതിഷ്ഠ. ഭഗവാന്റെ വാമഭാഗത്താണ് ദേവി വാഴുന്നത്. രണ്ടു കൈകളേയുള്ളൂ. വരദാഭയമുദ്രകളാണ് രണ്ടിലും. ഇവിടെ ആദ്യം ദേവിയുടെ രണ്ടുകൈകളും വരദമുദ്രയായിരുന്നു. പിന്നീട് ശങ്കരാചാര്യരാണ് ഒരുകൈ താഴോട്ടാക്കിയത്തെന്ന് പറയുന്നു. കഥ ഇങ്ങനെ:_
_വന്നവർക്കെല്ലാം ദേവി വാരിക്കോരിക്കൊടുത്തു. അങ്ങനെ ദാരിദ്ര്യം എന്നൊന്ന് തിരുനാവായയിലില്ലാതായി. അങ്ങനെയിരിയ്ക്കേ ക്ഷേത്രദർശനത്തിനുവന്ന ശങ്കരാചാര്യർ നടയിൽ മുട്ടുകുത്തിതൊഴാൻ നിന്നു. മുമ്പ് പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങൾ അന്തർധാനം ചെയ്ത സ്ഥലം എന്ന അർത്ഥത്തിൽ പണ്ടാരും കാലുകൊണ്ട് നിലത്തു ചവിട്ടിയിരുന്നില്ല.
അങ്ങനെ ചെയ്ത ശങ്കരാചാര്യരെ കണ്ടപ്പോൾ ചില കുബുദ്ധികൾ 'ദേ നടയിൽ കുട്ടിയാന നിൽക്കുന്നേ' എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു. ഇത് ഐശ്വര്യമദം കൊണ്ടാണെന്ന് മനസ്സിലാക്കിയ ശങ്കരാചാര്യർ ഉടനെ ദേവിയെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി ഒരുകൈ കീഴ്പ്പോട്ടാക്കണം എന്ന് അഭ്യർത്ഥിച്ചു. അങ്ങനെയാണ് വിഗ്രഹത്തിന്റെ ഒരു കൈ കീഴ്പ്പോട്ടായത്. അതോടെ തിരുനാവായ ഗ്രാമം കടുത്ത ദാരിദ്ര്യത്തിലായി. എന്നാൽ ഇന്ന് ഗ്രാമം വികസനത്തിന്റെ പാതയിലാണ്._
*_ചെറുതിരുനാവായ ബ്രഹ്മാ-ശിവക്ഷേത്രം_*
_ഭാരതപ്പുഴയുടെ മറുകരയിൽ തവനൂരിനടുത്ത് ചെറുതിരുനാവായയിലുള്ള ക്ഷേത്രം പ്രദേശത്തെ ത്രിമൂർത്തീസംഗമസ്ഥാനമാക്കുന്നു. പഴയ കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊന്നാണിത്. ക്ഷേത്രത്തിൽ ചെറിയൊരു വട്ടശ്രീകോവിലാണുള്ളത്. തകർന്നുകിടക്കുന്ന ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സാക്ഷാൽ പരമശിവൻ വാഴുന്നു. അടുത്ത് മറ്റൊരു ചെറിയ ശ്രീകോവിലിൽ ബ്രഹ്മാവും വാഴുന്നു. എന്നാൽ ശിവശാപം കൊണ്ടോ എന്തോ, ബ്രഹ്മാവിന് പൂജയും വിളക്കുമില്ല. നാവാമുകുന്ദക്ഷേത്രത്തിന്റെയും ക്ഷേത്രത്തിന്റെയും ഐതിഹ്യത്തെപ്പറ്റി ഒരു കഥയുണ്ട്:_
_പണ്ട്, സ്ഥലത്ത് ഒരു യാഗം നടത്താൻ ത്രിമൂർത്തികളും ദേവേന്ദ്രനും തീരുമാനിച്ചു. അതിനായി ശിവനും ബ്രഹ്മാവും നദിയുടെ തെക്കേക്കരയിലും വിഷ്ണുവും ദേവേന്ദ്രനും വടക്കേക്കരയിലും താമസിച്ചു. നിർഭാഗ്യവശാൽ ഇവരുടെ പത്നിമാർ (ഗായത്രി, സരസ്വതി, ലക്ഷ്മി, പാർവ്വതി, ഇന്ദ്രാണി) നദികളായി മാറി. അതോടെ യാഗം മുടങ്ങി. പിൽക്കാലത്ത് ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പാപം തീർക്കാൻ ഇവിടെ വന്ന പരശുരാമൻ ഉപാസിക്കുന്നതിനായി ത്രിമൂർത്തികൾക്ക് ക്ഷേത്രങ്ങൾ പണിതു. ത്രിമൂർത്തീസംഗമസ്ഥാനത്തെ പിതൃതർപ്പണവും ശ്രാദ്ധക്രിയകളും പിതൃക്കൾക്ക് മോക്ഷകാരണമാകും എന്നാണ് വിശ്വാസം. അതിനാൽ ധാരാളമാളുകൾ ദിവസവും പിതൃതർപ്പണത്തിനായെത്തുന്നു._
_മലയാള ചരിത്രത്തിൽ തിരുനാവായയും നാവാമുകുന്ദ ക്ഷേത്രവും ധാരാളം പരാമർശിക്കുന്നുണ്ട്._
_ചെന്താമര സരസ്സ് എന്നറിയപ്പെടുന്ന ഇവിടുത്തെ പുഷ്കരണിയിൽ നിറയെ ചുവന്ന താമരപ്പൂക്കളാണുള്ളത്. അതുകൊണ്ട് തന്നെ പുഷ്കരണിയ്ക്ക് അങ്ങനെ പേർ വന്നതും. വേദപണ്ഡിതന്മാരായ നവയോഗികളാൽ ആരാധിയ്ക്കപ്പെട്ടിരുന്നതുകാരണം ഇവിടുത്തെ വിമാനംവേദ വിമാനംഎന്നാണറിയപ്പെടുന്നത്._
*_പിതൃതർപ്പണം_*
_പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം. ആണ്ടു ശ്രാദ്ധം, മരിച്ച് പതിനാറിനോടുബന്ധിച്ചുള്ള ബലികർമ്മങ്ങൾ, ത്രിപക്ഷപിണ്ഡം(മരിച്ച് 41 ന്), പുലയിലുള്ള 14 ദിവസത്തെ ബലികർമ്മങ്ങൾ, അസ്ഥിസ്ഥാപനം, ക്ഷേത്രപിണ്ഡം, വാവുബലി, എന്നിങ്ങനെ പിതൃകർമ്മങ്ങൾ നിത്യേന ഇവിടെ നടക്കാറുണ്ട്. ദിവംഗതരായ പൂർവ്വപിതാക്കൾക്കും ബന്ധുജനങ്ങൾക്കും വേണ്ടി, കേരളത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള അനേകമാളുകൾ ബലിതർപ്പണകർമ്മങ്ങൾക്കായും അസ്ഥിനിമജ്ഞനത്തിനും മറ്റുമായി പുണ്യ സംഗമസ്ഥാനത്ത് എത്താറുണ്ട്.മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു,ആർ. ശങ്കർ, ലാൽ ബഹാദൂർ ശാസ്ത്രി,ജയപ്രകാശ് നാരായണൻ, കേളപ്പജി, കെ. കരുണാകരൻ തുടങ്ങിയ മഹാത്മാക്കളുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കിയിട്ടുണ്ട്._
*_ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ_*
_മാമാങ്കവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ക്ഷേത്രമാണ് തിരുനാവായ നാവാമുകുന്ദ ക്ഷേത്രം._
*_തിരുവുത്സവം_*
_വിഷുസംക്രമത്തിന് കൊടിയേറി പത്തുദിവസത്തെ ഉത്സവം മേടമാസത്തിൽ കൊണ്ടാടുന്നു. ഇതാണ് ഇന്ന് ക്ഷെത്രത്തിൽ നിലനിൽക്കുന്ന പ്രധാന ആഘോഷവും ഉത്സവും. കണികണ്ട് കൊടിയേറുന്ന അപൂർവ്വക്ഷേത്രമാണ് തിരുനാവായ._
*_പ്രതിഷ്ഠാദിനം_*
_1992- നടന്ന ക്ഷേത്ര ജീർണ്ണോദ്ധാരണത്തിനും പുനപ്രതിഷ്ഠയ്ക്കും ശേഷംമീനമാസത്തിലെ മകയിരം നാളാണ് പ്രതിഷ്ഠാദിനമായി ആചരിക്കുന്നത്. പണ്ട് കാലത്ത് മിഥുനത്തിലെ ചോതി നക്ഷത്രമായിരുന്നു പ്രതിഷ്ഠാദിനം. ദിവസം, നാവാമുകുന്ദന് വിശേഷാൽ പൂജകളൂം നിവേദ്യങ്ങളൂം ഉണ്ടാകും. അന്നേ ദിവസം ഉച്ചയ്ക്ക് ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ട് നടത്താറുണ്ട്._
*_നിറപുത്തരി_*
_എല്ലാവർഷവും നടക്കുന്ന ഇവിടുത്തെ നിറപുത്തരി കർക്കിടവാവു കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച യാണ് നടക്കാറ്. നിറയ്ക്കാവശ്യമായ കതിർ കിഴക്കേ ഗോപുരകവാടത്തിങ്കലെ ആൽത്തറയിൽ നിന്നും സ്വീകരിച്ച് തലയിലേറി, ക്ഷേത്രം മേൽശാന്തി ചുറ്റമ്പലം വലംവച്ച് നാലമ്പലത്തിലേക്ക് പ്രവേശിക്കുന്നു. ശ്രീകോവിലും ഉപദേവന്മാരേയും വലം വച്ച് നെൽക്കതിർ വാതിൽ മാടത്തിൽ കൊണ്ട് വക്കുകയും ഗണപതി നിവേദ്യവും കതിർപൂജയും നടത്തുകയും ചെയ്യുന്നു. തുടന്ന് മേൽശാന്തി പൂജക്കായി കതിർ ശ്രീലകത്തേക്ക് കൊണ്ടുപോയി ഭഗവാന് സമർപ്പിക്കുന്നു. പിന്നീട് നാവാമുകുന്ദന് പുത്തരിപ്പായസം നിവേദിക്കുന്നു. പൂജിച്ച നിറകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാറുണ്ട്._
*_കർക്കിടകത്തിലെ അമാവാസി_*
_കർക്കിടത്തിലെ അമാവാസി നാൾ പിതൃദിനമായി ഗണിക്കപ്പെടുന്നതിനാൽ അന്നേദിവസം പിതൃകർമ്മങ്ങൾക്ക് ഏറ്റവും പ്രാധാന്യം കല്പ്പിക്കുന്നു. കർക്കിടകത്തിലെ കറുത്തവാവ് ദക്ഷിണായനാരംഭത്തെ കുറിക്കുന്നു. ദക്ഷിണായനം പിതൃമാർഗ്ഗമാണ്. അതുകൊണ്ടാണ് ദിവസം ബലിതർപ്പണാദികൾ അനുഷ്ഠിച്ചാൽ പിതൃക്കൾക്ക് സദ്ഗതിയുണ്ടാവുമെന്ന് വിശ്വസിച്ച് വരുന്നത്. തുലാം-കുംഭ മാസത്തിലെ അമാവാസിനാളൂം വൈശാഖത്തിലെ അമാവാസിനാളൂം ഇവിടെ ബലികർമ്മങ്ങൾക്ക് ഏറെ പ്രാധാന്യം കല്പ്പിക്കപ്പെട്ടിരിക്കുന്നു._
*_ഏകാദശി_*
_കുംഭത്തിലെ കറുത്തവാവു കഴിഞ്ഞുവരുന്ന ഏകാദശി(വെളുത്തപക്ഷ ഏകാദശി) ഇവിടെ വളരെ പ്രധാനമാണ്. അന്നേ ദിവസം വിശേഷാൽ പൂജകളൂം മറ്റും നടക്കാറുണ്ട്._
*_കുചേലദിനം_*
_തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാനായി ഒരു പിടി അവിലുമായി കുചേലൻ ദ്വാരകയിലേക്ക് പോയ ദിവസത്തിന്റെ ഓർമ്മ പുതുക്കലാണ് ദിനം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണ് കുചേലദിനമായി ആചരിക്കുന്നത്. ദിവസം നാവാമുകുന്ദന് അവിൽ നിവേദ്യം ഏറ്റവും വിശേഷമായി കരുതുന്നു. കുടുംബത്തിന്റെ ക്ഷേമത്തിനും ഐശ്യര്യത്തിനുമായി ധാരാളം ഭക്തജനങ്ങൾ ദിവസം നാവാമുകുന്ദന് അവിൽ സമര്പ്പിക്കാറുണ്ട്._
*_തിരുവോണവാരം_*
_തുലാമാസത്തീലെ തിരുവോണം നാവാമുകുന്ദന് ഏറെ വിശേഷമായി കരുതുന്നു. വിശേഷാൽ പൂജകളൂം മറ്റും ദിവസം ഉണ്ടാകും. വൈകീട്ട് ഊട്ടുപുരയിൽ വാരസദ്യയും ഉണ്ടാകും. ധാരാളം ഭക്തജനങ്ങൾ തിരുവോണ ഊട്ടിന് എത്താറുണ്ട്._
*_നവരാത്രി പൂജ_*
_
നവരാത്രികാലത്ത് ക്ഷേത്രത്തിൽ പൂജവയ്ക്കുക പതിവുണ്ട്. വിജയദശമിനാളിൽ കുട്ടികളെ നവാമുകുന്ദക്ഷേത്രത്തിൽ എഴുത്തിനിരുത്തുന്നത് വളരെ വിശേഷമായി കാണുന്നു._
*_പ്രധാന വഴിപാടുകൾ_*
_തിരുനാവായ ക്ഷേത്രത്തിൽ താമരയില വഴിപാട് പ്രസിദ്ധമാണ്. ഏറെ കഷ്ടപ്പെടാതെ ജീവൻ പോകുന്നതിന് (സുഖമരണത്തിനാണ്) താമരയില വഴിപാട് നടത്തുന്നത്._

കടപ്പാട്