2022, നവംബർ 2, ബുധനാഴ്‌ച

മുഴുക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം ,കണ്ണൂർ ജില്ല

 








മുഴുക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രം 

============================================


കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഭഗവതീക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാക്ഷേത്രം. ദുർഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. എന്നാൽ, സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്ക്കപ്പെട്ടു വരുന്നു  ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.. പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമാണ് ഈ ഭഗവതീ ക്ഷേത്രം എന്ന് പഴമ . പഴശ്ശി യുദ്ധത്തിന് പോകും മുൻപ് ഇവിടെ ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പരശുരാമൻ സൃഷ്ടിച്ച നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനമബ്ജവാസരമണീം... എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്.  കലാകാവ്യാദികളും അക്ഷരവുമെല്ലാം ദേവീസ്വരൂപമായി കണ്ട് ആരാധിക്കുന്ന പുരാതന ശാക്തേയ സമ്പ്രദായത്തിന്റെ ഭാഗമാണിതെന്ന് കണക്കാക്കപ്പെട്ടു വരുന്നു.. ക്ഷേത്രത്തിനു പുറത്തായി തന്നെ കേരളവർമ്മ പഴശ്ശിരാജാവിന്റെ ഒരു പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.


2016-ൽ ഈ ക്ഷേത്രം വൻ ജനശ്രദ്ധ നേടിയിരുന്നു. മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അലക്സാണ്ടർ ജേക്കബ് സർ വെളിപ്പെടുത്തിയ മൂന്ന് സംഭവകഥകളാണ് ക്ഷേത്രത്തിലേയ്ക്കുള്ള ഭക്തജനങ്ങളുടെ ഒഴുക്ക് വർദ്ധിപ്പിച്ചത്തിനു കാരണമായത്  കലാവാസനകൾ വളരാനായും വിദ്യാഭ്യാസ ഉന്നതിക്കും ദുരിതശാന്തിക്കുമെല്ലാം ഈ ക്ഷേത്രദർശനം ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു. നവരാത്രിയും മീനമാസത്തിലെ പൂരം നാളുമാണ് പ്രധാന ഉത്സവങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.



ഐതിഹ്യം

------------------

സ്ഥലനാമം

സ്വർഗ്ഗലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെങ്ങോ  സംഗീതരൂപിണിയായ ദുർഗ്ഗാഭഗവതി ഒരു മിഴാവിന്റെ രൂപത്തിൽ വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലമാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവുകുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തിൽ അതു മാറി മിഴാക്കുന്ന് – മൊഴക്കുന്ന് എന്നിങ്ങനെ ഇന്നത്തെ മുഴക്കുന്ന് എന്ന പേരിൽ എത്തി നിൽക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മൃദംഗം വീണതെന്നു വിശ്വസിക്കപ്പെടുന്നു. മുഴക്കുന്നിലമ്മയെ സരസ്വതിയായി കരുതുന്നത് ഈ ഐതിഹ്യം മൂലമാനന്ന് വിശ്വസിക്കുന്നു 


കഥകളി

------------


കേരളത്തിന്റെ തനതുകലാരൂപമായ കഥകളിയുടെ ഉദ്ഭവവും ഈ ക്ഷേത്രവുമായി അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതായി കരുതുന്നു  അതുമായി ബന്ധപ്പെട്ട് ഒരു കഥയും നിലവിലുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ പ്രസിദ്ധ കൃതിയായ ഐതിഹ്യമാലയിൽ പരാമർശിച്ചിട്ടുള്ള ആ കഥ ഇങ്ങനെയാണ് 


കഥകളിയുടെ ആദ്യരൂപം കൊട്ടാരക്കര തമ്പുരാൻ സൃഷ്ടിച്ചെടുത്ത രാമനാട്ടമായിരുന്നു.  നാല് ആട്ടക്കഥകളിലൂടെ (ബകവധം, കിർമ്മീരവധം, കീചകവധം, കല്യാണസൗഗന്ധികം) കോട്ടയം തമ്പുരാനാണ് അത് പരിഷ്കരിച്ചെടുത്തത്. ഒരിയ്ക്കൽ, ഇവിടെയിരുന്ന് ആട്ടക്കഥ രചിയ്ക്കുകയായിരുന്ന തമ്പുരാന് സ്ത്രീവേഷം സങ്കല്പിയ്ക്കാൻ വളരെ ബുദ്ധിമുട്ടേണ്ടിവന്നു. അദ്ദേഹം പരാശക്തിയോട് പ്രാർഥിച്ച ആ സമയത്ത് ഭക്തവത്സലയായ ദുർഗ്ഗാഭഗവതി ക്ഷേത്രക്കുളത്തിൽ നിന്ന് ഒരുകഥ്കളി  സ്ത്രീരൂപത്തിൽ പൊന്തിവന്നു. അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തമ്പുരാൻ സ്ത്രീവേഷത്തിന്റെ രൂപം സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു  ഇന്നും കഥകളിയിൽ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്. അന്ന് മഹാദേവി പ്രത്യക്ഷപ്പെട്ട ആ കുളത്തിനും ഈ ക്ഷേത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്.


ചരിത്രം

----------------

കോട്ടയം രാജാക്കന്മാരുടെ പരദേവതാക്ഷേത്രമായ മുഴക്കുന്ന് മൃദംഗശൈലേശ്വരിക്ഷേത്രത്തിന് ഏകദേശം രണ്ടായിരം വർഷം പഴക്കം ഉണ്ടന്ന് പറയപ്പെടുന്നു എങ്കിലും അത് തെളിയിയ്ക്കാനുള്ള രേഖകൾ ഒന്നും മില്ല. ആദ്യകാലത്ത് കോട്ടയം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന പുരളിമല, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഒരറ്റത്താണ്. തന്മൂലം പുരളീശ്വരന്മാർ എന്നും അവർ അറിയപ്പെട്ടുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യ ചമ്പൂകാവ്യമായ ഉണ്ണിയച്ചീചരിതത്തിൽ ഇവരെക്കുറിച്ച് പരാമർശമുണ്ട്. ഇവരെ അതിൽ പുരളിമലയിൽ ഇവരുടെ പൂർവ്വികനായ ഹരിശ്ചന്ദ്രൻ കെട്ടിപ്പടുത്ത കോട്ടയുടെ അവശിഷ്ടങ്ങൾ കാണാം. ഭാസ്കരരവിവർമ്മന്റെ തിരുനെല്ലി ചെപ്പേടിൽ പുറകിഴനാടും ഭരണാധിപനായ ശങ്കരൻ കോതവർമ്മനും പരാമർശിക്കപ്പെടുന്നുണ്ട്. മേല്പറഞ്ഞ രാജാക്കന്മാരുടെയെല്ലാം കാലത്ത് മൃദംഗശൈലേശ്വരീക്ഷേത്രം അതിന്റെ പ്രൗഢിയോടെ അറിയപ്പെട്ടിരുന്നു  തങ്ങളുടെ കുലദേവതയെ അവർ ഭക്തിപൂർവ്വം ഭജിച്ചുപോന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് അക്കാലത്ത് ഒരു ഗുഹാക്ഷേത്രമുണ്ടായിരുന്നു. അതായിരുന്നു യഥാർത്ഥത്തിൽ പോർക്കലീക്ഷേത്രം. കോട്ടയം രാജാക്കന്മാർ എവിടെയൊക്കെ യുദ്ധത്തിന് പോകുമ്പോഴും ഇവിടെ വന്ന് ഗുരുതിപൂജ നടത്തിയേ യുദ്ധത്തിന് പോകുമായിരുന്നുള്ളൂ. ഇന്ന് ഈ ഗുഹാക്ഷേത്രമില്ല. അതിന്റെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. എന്നാൽ, അത് പുനർനിർമ്മിയ്ക്കാനുള്ള പരിപാടികൾ തുടർന്നുവരുന്നുണ്ട്. ഇതിനടുത്തുതന്നെ പാർത്ഥസാരഥീഭാവത്തിൽ ശ്രീകൃഷ്ണഭഗവാൻ കുടികൊണ്ടിരുന്ന മറ്റൊരു ക്ഷേത്രവുമുണ്ടായിരുന്നു. ഇതും കോട്ടയം രാജാക്കന്മാരുടെ ആരാധനാകേന്ദ്രമായിരുന്നു. ഇതും ഇന്നില്ല. ഗുഹാക്ഷേത്രത്തിലേയ്ക്ക് പോകുന്ന വഴിയിലാണ് കോട്ടയം രാജാക്കന്മാരുടെ ആയുധപരിശീലനകേന്ദ്രമായിരുന്ന പിണ്ഡാരി കളരി. കോട്ടയം രാജവംശം പിന്നീട് തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മൂന്നായി പിരിഞ്ഞു. തെക്കേ ശാഖ കോട്ടയത്തുതന്നെ താമസമാക്കിയപ്പോൾ കിഴക്കേ ശാഖ മുഴക്കുന്നിൽ ക്ഷേത്രത്തിനടുത്തും പടിഞ്ഞാറേ ശാഖ പഴശ്ശിയിലും താമസമാക്കി. ഇവയിൽ പടിഞ്ഞാറേ ശാഖയിലെ അംഗങ്ങളായിരുന്നു വിദ്വാൻ തമ്പുരാനും പഴശ്ശിരാജയും. കുടുംബം മൂന്നായി പിരിഞ്ഞപ്പോഴും മൂന്ന് ശാഖകളും ക്ഷേത്രകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിച്ചുപോന്നു. മൂവരും ഏകയോഗക്ഷമതയോടെത്തന്നെ കാര്യങ്ങൾ നടത്തിപ്പോന്നു. തങ്ങളുടെ കോവിലകങ്ങളിലും അവർ ദേവിയെ കുടിയിരുത്തി പൂജിച്ചുവന്നിരുന്നതായിട്ടു പറയപ്പെടുന്നു.


എന്നാൽ, കോട്ടയം രാജവംശത്തിന്റെ പതനത്തോടെ കാര്യങ്ങൾ തലതിരിഞ്ഞു. ആദ്യകാലത്ത് ടിപ്പു സുൽത്താനും പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും നടത്തിയ ആക്രമണങ്ങളിൽ കോട്ടയം രാജവംശം തോറ്റ് തുന്നം പാടിയപ്പോൾ ക്ഷേത്രകാര്യങ്ങളെയും അത് സാരമായി ബാധിച്ചു. കേരളത്തിലെ എല്ലാ പോർക്കലീക്ഷേത്രങ്ങളുടെയും മൂലസ്ഥാനമായിരുന്ന ഗുഹാക്ഷേത്രവും, അതിനടുത്തുണ്ടായിരുന്ന ശ്രീകൃഷ്ണക്ഷേത്രവും തകർക്കപ്പെട്ടത് ഇക്കാലത്താണ്. എന്നാൽ, മൃദംഗശൈലേശ്വരീക്ഷേത്രവും വിഗ്രഹവും കാര്യമായ കേടുപാടുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. എങ്കിലും പിന്നീട് ദീർഘകാലം ക്ഷേത്രം വിസ്മൃതിയിലാണ്ടുപോയിരിയ്ക്കുകയായിരുന്നു. ഏറെ ചരിത്രപ്രാധാന്യവും ഐതിഹ്യപ്രാധാന്യവുമുള്ള ഈ മഹാക്ഷേത്രം, കഥകളിയിലെ വന്ദനശ്ലോകമായ മാതംഗാനനത്തിലൂടെ മാത്രം അറിയപ്പെട്ടുപോന്നു. ക്ഷേത്രവും ക്ഷേത്രക്കുളവും തീർത്തും നാശോന്മുഖമാകുകയും നിത്യപൂജ പോലും മുടങ്ങുകയും ചെയ്തു. പിന്നീട്, പൂജ പുനരാരംഭിച്ചെങ്കിലും ഇടയ്ക്കിടയ്ക്ക് മുടക്കങ്ങൾ നേരിട്ടിരുന്നു. കോട്ടയം രാജവംശം തങ്ങളുടെ ക്ഷേത്രം മദ്രാസ് സർക്കാരിന് ദാനം ചെയ്യുന്ന സ്ഥിതിപോലുമുണ്ടായി. എന്നാൽ, മദ്രാസ് സർക്കാരോ തുടർന്നുവന്ന കേരള സർക്കാരോ ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തിയിരുന്നില്ല. ഇതിനിടയിലും ചില പ്രമുഖ വ്യക്തികൾ ഇവിടെ വന്ന് ദർശനം നടത്തിയിരുന്നു. മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ, കേരള പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കൽ, കർണ്ണാടകസംഗീതജ്ഞൻ വി. ദക്ഷിണാമൂർത്തി തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. ദക്ഷിണാമൂർത്തിയുടെ പേരമകൻ മൃദംഗത്തിൽ അരങ്ങേറ്റം കുറിച്ചതും ഈ ക്ഷേത്രത്തിൽ വച്ചാണ്എന്ന് പറയപ്പെടുന്നു.


1907-ൽ മദ്രാസ് സർക്കാർ ഏറ്റെടുത്ത ഈ ക്ഷേത്രം പിന്നീട് എച്ച്.ആർ.&സി.ഇ.യുടെ നിയന്ത്രണത്തിലായി. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ നിയന്ത്രണത്തിലായി. എങ്കിലും ഇവരാരും ക്ഷേത്രത്തെ ശ്രദ്ധിച്ചില്ല. ഇടയ്ക്ക് ക്ഷേത്രത്തിന് യാതൊരു വരുമാനവുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. തദ്ദേശീയർ മാത്രമേ ഇക്കാലത്ത് ഭക്തജനങ്ങളായി ഉണ്ടായിരുന്നുള്ളൂ, അതും അപൂർവ്വമായി മാത്രം. അങ്ങനെ പൂജ പോലും മുടങ്ങിപ്പോകുന്ന ഒരു സാഹചര്യമുണ്ടായി. അക്കാലത്ത്, കർണാടകയിലെ മുരുഡേശ്വരം സ്വദേശിയായ സത്യനാരായണ ഭട്ട് എന്ന പൂജാരിയെ ഇവിടെക്കൊണ്ടുവന്ന് പൂജ നടത്തിയ്ക്കാൻ തുടങ്ങി. ദേവസ്വം ബോർഡിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന ശമ്പളം മതിയാകാതെ വന്നപ്പോൾ ക്ഷേത്രം ഭാരവാഹികൾ ഭക്തജനങ്ങളിൽ നിന്ന് പിരിവെടുത്ത് ശമ്പളം കൊടുക്കുന്ന സാഹചര്യം പോലുമുണ്ടായി. അങ്ങനെയിരിയ്ക്കേ, മേൽശാന്തിയ്ക്ക് ഒരു മാസം ശമ്പളം കൊടുക്കാനുള്ള ഫണ്ട് സ്വരൂപിയ്ക്കുന്നതിനുവേണ്ടി ഒരു ലക്ഷദീപ സമർപ്പണം നടത്താൻ ക്ഷേത്രഭരണസമിതി തീരുമാനിച്ചു. 2016 മേയ് ഒന്നാം തീയതിയാണ് സമർപ്പണം നിശ്ചയിച്ചത്. എന്നാൽ, നൂറു ദീപങ്ങൾ തെളിയും മുമ്പുതന്നെ അപ്രതീക്ഷിതമായ വേനൽമഴയുണ്ടായി. മുഴക്കുന്നിന്റെ ചരിത്രത്തിൽ അതുവരെയുണ്ടാകാത്ത തരത്തിലുള്ള മഴയായിരുന്നു അത്. കൂട്ടത്തിൽ ശക്തമായ ഇടിമിന്നലും വന്നു. ജനങ്ങൾ പരിഭ്രാന്തരായി ഓടി. അങ്ങനെ പരിപാടി ദയനീയ പരാജയമായി. ഇതിന്റെ കാരണം അന്വേഷിയ്ക്കാനായി പിന്നീട് ഭരണസമിതി ഒരു ദേവപ്രശ്നം വപ്പിച്ചു. പ്രസിദ്ധ ജ്യോതിഷവിദഗ്ദ്ധനായ ഇരിഞ്ഞാലക്കുട പത്മനാഭശർമ്മയായിരുന്നു മുഖ്യദൈവജ്ഞൻ. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള, ഐതിഹ്യപ്രാധാന്യമുള്ള ക്ഷേത്രക്കുളം അക്കാലത്ത് കാടുമൂടിപ്പിടിച്ച് ഒരു പാടം പോലെ കിടക്കുകയായിരുന്നു. നീന്തൽ വശമില്ലാത്തവർ ഇതിനുമുകളിലൂടെ നടന്നുപോയി അപകടത്തിൽ പെടുന്ന സാഹചര്യവും അക്കാലത്തുണ്ടായിരുന്നു. പ്രസ്തുത ക്ഷേത്രക്കുളം വൃത്തിയാക്കിയാൽ ക്ഷേത്രം പഴയ പ്രൗഢിയിലേയ്ക്ക് തിരിച്ചുവരുമെന്നും ഭരണസമിതി മറ്റൊന്നും ചെയ്യേണ്ടതില്ലെന്നുമായിരുന്നു പ്രശ്നവിധി. അതനുസരിച്ച് വൻ തുക സമാഹരിച്ച് ഭരണസമിതി ക്ഷേത്രക്കുളം വൃത്തിയാക്കി. തുടർന്നുവന്ന ജൂലൈ മാസത്തിൽ, ക്ഷേത്രക്കുളത്തിൽ വെള്ളം നിറഞ്ഞൊഴുകിയ സമയത്താണ് മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബിന്റെ വെളിപ്പെടുത്തലുണ്ടായത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം, താൻ കണ്ണൂർ ജില്ലയിലെ പോലീസ് സൂപ്രണ്ടായി ജോലി ചെയ്തിരുന്ന കാലത്തുണ്ടായ മൂന്ന് മോഷണങ്ങളും തുടർന്നുണ്ടായ സംഭവവികാസങ്ങളും വെളിപ്പെടുത്തിയത്. അവ ഇതൊക്കെയായിരുന്നു:


1979 -ലാണ് ക്ഷേത്രത്തിൽ ആദ്യമായി മോഷണം നടന്നത്.  എന്നാൽ ഇത്തവണ വിഗ്രഹം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വരെയേ പോയുള്ളൂ. പിറ്റേന്ന് രാവിലെ പടിഞ്ഞാറേ നടയിൽ ക്ഷേത്രമതിലകത്തുനിന്ന് 200 മീറ്റർ മാറി വിഗ്രഹം കണ്ടെത്തി വീണ്ടും ഏപ്രിൽ 29-ആം തീയതി അർദ്ധരാത്രി ക്ഷേത്രം കുത്തിത്തുറന്ന മോഷ്ടാക്കൾ ശ്രീകോവിലിനകത്ത് കയറുകയും തുടർന്ന് ദേവിയുടെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോകുകയുമായിരുന്നു. എന്നാൽ, തങ്ങളുടെ കേന്ദ്രം വരെ കൊണ്ടുപോകുന്നതിനുപകരം അവർ പാലക്കാട്ടാണ് ചെന്നുപെട്ടത്. അവിടെ ഒരു റോഡരികിൽ ഉപേക്ഷിയ്ക്കുകയും ചെയ്തു. അക്കാലത്ത് അലക്സാണ്ടർ ജേക്കബ് ഉൾപ്പെട്ട സംഘം പാലക്കാട്ടെത്തി അന്വേഷിച്ചപ്പോൾ വിഗ്രഹത്തിന്റെ കൂടെ ഒരു കുറിപ്പും കണ്ടിരുന്നു. ഇത് മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹമാണെന്നും അതുമായി യാത്ര ചെയ്യാൻ തങ്ങൾക്കാകുന്നില്ലെന്നും അതിനാൽ ഇത് തങ്ങൾ ഉപേക്ഷിയ്ക്കുകയാണെന്നും ഉടനെ യഥാസ്ഥാനത്ത് എത്തിയ്ക്കണമെന്നുമായിരുന്നു ആ കുറിപ്പ്. അതനുസരിച്ച് വിഗ്രഹം തിരിച്ചെത്തിയ്ക്കുകയും പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.


മൂന്നാമതായി 

കുറച്ചുവർഷങ്ങൾക്കുശേഷം വിഗ്രഹം വീണ്ടും മോഷ്ടിയ്ക്കപ്പെട്ടു. എന്നാൽ ഇത്തവണ വിഗ്രഹം 

പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോൾ വീണ്ടും മോഷണമുണ്ടായി. അപ്പോൾ വിഗ്രഹം വയനാട് ജില്ലയിലെ കൽപ്പറ്റ വരെ കൊണ്ടുപോയെങ്കിലും ഒടുവിൽ മോഷ്ടാക്കൾ തന്നെ പോലീസിൽ വിവരമറിയിച്ച് വിഗ്രഹം തിരിച്ചയച്ചു.

കോടികൾ വിലമതിയ്ക്കുന്ന ദേവീവിഗ്രഹം ഇങ്ങനെ ഉപേക്ഷിച്ച് കടന്നുകളയുന്നതെന്താണെന്ന് വിശ്വാസികൾക്കും അവിശ്വാസികൾക്കും പോലീസിനും ഒരുപോലെ സംശയമുണ്ടായി. ഈ സംശയം പരിഹരിയ്ക്കപ്പെട്ടത് വിഗ്രഹമോഷണം നടത്തിയവർ മറ്റു കേസുകളിൽ കുടുങ്ങി അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നടന്ന വെളിപ്പെടുത്തലുകളിലൂടെയാണ്. മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ചുകൊണ്ടുപോയ സമയത്ത് ഇവർക്ക് സ്ഥലകാലബോധം നഷ്ടപ്പെടുകയും മലമൂത്രവിസർജനം തദ്ക്ഷണം സംഭവിയ്ക്കുകയും ചെയ്തുവത്രേ! ഇത് മറ്റുള്ള മോഷ്ടാക്കൾക്കും സംഭവിയ്ക്കുമെന്നും അവർ പറയുകയുണ്ടായി. ഈ വെളിപ്പെടുത്തലുണ്ടായതിനുപിന്നാലെ ക്ഷേത്രം പെട്ടെന്ന് പ്രസിദ്ധമായി. ഈ വെളിപ്പെടുത്തലിന്റെ ഭാഗം മാത്രം മുറിച്ചെടുത്ത് ചിലർ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയുണ്ടായി. തുടർന്ന് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിയ്ക്കപ്പെട്ടതോടെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കായി. വെറും ഒരു മാസം കൊണ്ടാണ് ആരാലും അറിയപ്പെടാതെ കിടന്ന ക്ഷേത്രം പ്രസിദ്ധിയിലേയ്ക്ക് കുതിച്ചത്. തുടർന്നുള്ള ഒരു വർഷത്തിനിടയിൽ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി അടക്കം നിരവധി പ്രമുഖർ ക്ഷേത്രദർശനം നടത്തി. ഇപ്പോൾ കേരളത്തിലെ ഏറ്റവും ഭക്തജനത്തിരക്കുള്ള ക്ഷേത്രങ്ങളിലൊന്നാണ് മൃദംഗശൈലേശ്വരീക്ഷേത്രം.


ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് നിരവധി മരങ്ങൾ തഴച്ചുവളരുന്ന ഒരു കാടാണ്. ഇതുവഴി അല്പദൂരം പോയാൽ ക്ഷേത്രത്തിലെ പോർക്കലീസ്ഥാനത്തെത്താം.


ശ്രീ മൃദംഗശൈലേശ്വരീദേവി

ആദിപരാശക്തിയായ ദുർഗ്ഗാദേവിയാണ് "മൃദംഗശൈലേശ്വരിയായി" ഇവിടെ കുടികൊള്ളുന്നത്. മഹിഷാസുരനെ വധിക്കാനാണ് ദുർഗ്ഗ അവതരിച്ചതെന്നാണ് ഐതിഹ്യം.ശ്രീ പോർക്കലിയായ ഭദ്രകാളീ, സംഗീതരൂപിണിയായ സരസ്വതി, മഹാലക്ഷ്മി തുടങ്ങി വിവിധ ഭാവങ്ങളിൽ ജഗദംബ ഇവിടെ ആരാധിക്കപ്പെടുന്നു. മൃദംഗത്തിൽ കുടികൊണ്ട ഭഗവതിയാണ് മൃദംഗശൈലേശ്വരിയായതെന്ന് പറയപ്പെടുന്നു. ഇവിടെ വന്ന് ദർശനം നടത്തുന്നത് കൊല്ലൂർ മൂകാംബികാക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് തുല്യമായി പറയപ്പെടുന്നു.

വിശേഷദിവസങ്ങൾ

മീനപ്പൂരം

നവരാത്രി

തൃക്കാർത്തിക