2022, ഒക്‌ടോബർ 9, ഞായറാഴ്‌ച

ദക്ഷിണേശ്വർ കാളി ക്ഷേത്രം, കൊൽക്കത്ത

 







ദക്ഷിണേശ്വർ കാളി ക്ഷേത്രം


കൊൽക്കത്തയിലെ ഏറ്റവും പ്രധാന കാഴ്ചകളുടെയും നിർമ്മിതികളുടെയും ഗണത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ദക്ഷിണേശ്വർ കാളി ക്ഷേത്രം ഹൂഗ്ലി നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ പരാശക്തി ആദ്യ കാളിയുടെ രൂപമായ ഭവതാരിണിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.


നഗരത്തിലൂടെ  ഒന്നു കയറുന്നതു മുതൽ തെരുവിന്‍റെ ഓരോ കോണുകളും ഓരോന്നും  കണ്ടുതീരുന്നതു വരെ ഒരുപാടു കാര്യങ്ങൾ സന്തോഷത്തിന്റെ ഈ നഗരത്തിൽ ചെയ്തുതീർക്കുവാനുണ്ട്. ഈ പട്ടികയിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ് 'ദക്ഷിണേശ്വർ കാളി ക്ഷേത്രം' . കാളി മാതാവിനായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ആത്മീയപരമായി മാത്രമല്ല, ചരിത്രപരമായും സാമൂഹ്യ-രാഷ്ട്രീയപരമായുമെല്ലാം നിരവധി പ്രത്യേകതകൾ അവകാശപ്പെടുവാൻ യോഗ്യമായ ഒന്നാണ് ദക്ഷിണേശ്വർ കാളി ക്ഷേത്രം. ക്ഷേത്രത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം


നവരത്ന ശൈലി


1855-ൽ ബംഗാളിലെ റാണി രശ്‌മോണി സ്ഥാപിച്ച ദക്ഷിണേശ്വർ  കാളി ക്ഷേത്രം കാഴ്ചയിൽ തീർത്തും വ്യത്യസ്തവും മനോഹരവുമാണ്. ബംഗാളിന്‍റെ തനത് നിർമ്മാണ ശൈലിയായ നവരത്ന ശൈലിയിൽ ആണ് ഇത് പൂർത്തികരിച്ചിരിക്കുന്നത്.


ചരിത്രം നേരത്തെ  തന്നെ ആരാധനയ്ക്കായുള്ള ഒരു സ്ഥാനം എന്നതിനേക്കാൾ കൊൽക്കത്തയുടെ ചരിത്രത്തോടും സാമൂഹ്യരംഗത്തോടും ഒക്കെ വളരെ ചേർന്നു നിൽക്കുന്ന ഒന്നാണ്  ഈ ക്ഷേത്രം റാണി രാഷ്‌മോണിയുടെ നേതൃത്വത്തിലാണ് നിർമ്മിക്കുന്നത്. റാണിക്ക് സ്വപ്നത്തിൽ ലഭിച്ച കാളി ദർശനവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്‍റെ കഥ. ഒരിക്കൽ കാശിയിലേക്ക് ഒരു നീണ്ട തീർത്ഥാടനത്തിനായി പോകുവാനുള്ള ഒരുക്കത്തിനു തലേ ദിവസം റാണിക്ക് കാളി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് റാണി കാശിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും പകരം ഗംഗാനദിയുടെ തീരത്തുള്ള ക്ഷേത്രത്തിൽ എന്റെ പ്രതിമ സ്ഥാപിക്കുകയും അവിടെ എന്റെ ആരാധന ക്രീമീകരിക്കുകയും ചെയ്താൽ ഞാൻ അവിടെ വിഗ്രഹത്തിൽ കുടികൊള്ളാമെന്നും ദേവി പറയുകയുണ്ടായത്രെ! അങ്ങനെ റാണി ക്ഷേത്രം നിർമ്മിക്കുവാൻ തയ്യാറെടുക്കുകയും ദക്ഷിണേശ്വർ  ഗ്രാമത്തിൽ 30,000 ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. ആ സ്ഥലത്ത് പിന്നീട് 1847 നും 1855 നും ഇടയിലായി മികച്ച ഒരു ക്ഷേത്രം നിർമ്മിച്ചു. താന്ത്രിക പാരമ്പര്യമനുസരിച്ച് ശക്തിയുടെ ആരാധനയ്ക്ക് അനുയോജ്യമാണെന്ന് കരുതപ്പെടുന്ന ആമയുടെ ആകൃതിയിലുള്ള സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അക്കാലത്ത് ഏകദേശം 9 ലക്ഷം രൂപയും എട്ട് നീണ്ട വർഷങ്ങളുമാണ് ക്ഷേത്രനിർമ്മാണം പൂർത്തിയാക്കുവാനായി വേണ്ടിവന്നത്. 1855 മെയ് 31 ന് ക്ഷേത്രത്തിൽ കാളിവിഗ്രഹം സ്ഥാപിച്ചു.രാംകുമാർ ഛട്ടോപാധ്യായ ആയിരുന്നു പ്രധാന പുരോഹിതൻ. ഇദ്ദേഹത്തെ സഹായിക്കുവാനായി വന്ന സഹോദരനും ഭാര്യയുമാണ് ചരിത്രത്തിലെ രാമകൃഷ്ണ പരമഹംസനും ഭാര്യ ശാരദാ ദേവിയും. പിറ്റേ വർഷം ഛട്ടോപാധ്യായ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനം രാമകൃഷ്ണ പരമഹംസനു ലഭിച്ചു. കാളി ക്ഷേത്രത്തിന്‍റെ ചരിത്രത്തോടും പ്രശസ്തിയോടും ഏറെ ചേർന്നു നിൽക്കുന്ന ഒരു പേരാണിത്.


 ഒൻപത് ശിഖരങ്ങളുള്ള നിർമ്മിതിയായ ബംഗാളി നവരത്ന ശൈലിയിലാണ് ക്ഷേത്രം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. തെക്ക് ദിശയിലേക്ക് ദർശനമായുള്ള ഈ ക്ഷേത്രത്തിന് ആകെ മൂന്ന് നിലകളാണുള്ളത്. അതിൽ 9 ഗോപുരങ്ങൾ വരുന്നത് മുകളിലെ രണ്ട് നിലകളുടെ ഭാഗമായാണ്


ഭവതാരിണി 


ഭവതാരിണിയായി കാളിയെ ആരാധിക്കുന്ന ഇവിടെ ആ വിഗ്രഹം ഏറെ സവിശേതകളുള്ളതാണ്. ശിവന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന രൂപമാണ് ഈ വിഗ്രഹത്തിനുള്ളത്. രണ്ട് വിഗ്രഹങ്ങളും വെള്ളിയിൽ നിർമ്മിച്ച ആയിരം ഇതളുകളുള്ള താമര സിംഹാസനത്തിൽ സ്ഥാപിച്ചിരിക്കുന്നു. പ്രധാന ക്ഷേത്രത്തിന് സമീപം, പുറത്ത് ഹൂഗ്ലി നദിയിലെ ഘട്ടിന്റെ ഇരുവശത്തുമായി 12 ശിവക്ഷേത്രങ്ങളും . ക്ഷേത്ര സമുച്ചയത്തിന്റെ വടക്ക് കിഴക്കായി വിഷ്ണു ക്ഷേത്രം അല്ലെങ്കിൽ രാധാ കാന്ത ക്ഷേത്രവും കാണാം.


രാമകൃഷ്ണ പരമഹംസരും ക്ഷേത്രവും 


ഏകദേശം മുപ്പത് വർഷത്തോളം കാലം ദേവീ  സേവനം നടത്തിയ ആളാണ് രാമകൃഷ്ണ പരമഹംസർ. കാളിയുടെ ഏറ്റവും വലിയ ഭക്തനായിരുന്നുന്നു അദ്ദേഹമെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. രാമകൃഷ്ണ പരമഹംസർ ദക്ഷിണേശ്വര് കാളിയെ ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. ക്ഷേത്രത്തിന് അക്കാലത്തുണ്ടായ പ്രശസ്തിയുടെ പിന്നിലും അദ്ദേഹത്തിന്റ സേവനം വിലമതിക്കാനാവാത്തതാണ്. രാമകൃഷനും ഭാര്യ . ശാരദാ ദേവിയും തങ്ങളുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച രാമകൃഷ്ണനും മാ ശാരദയും തങ്ങളുടെ ജീവിതത്തിന്റെ ഗണ്യമായ ഒരു ഭാഗം ചിലവഴിച്ച 'നഹബത്ത്' ഇവിടെ കാണാം. ഇവിടുത്തെ അവസാനത്തെ ശിവക്ഷേത്രത്തിനപ്പുറം വടക്കുപടിഞ്ഞാറൻ മൂലയിലുള്ള അറയാണിത്. അദ്ദേഹത്തിന്റെ കിടക്കയും മറ്റും ഇന്നും ഇവിടെ സംരക്ഷിയ്ക്കപ്പെടുന്നു .


2022, ഒക്‌ടോബർ 8, ശനിയാഴ്‌ച

മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം

 




മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം 

====================================================



കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും  ഏകദേശം10 കി.മി. വടക്കു കിഴക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..മൂന്നൂഭാഗവും പുഴകളാൽ ചുറ്റപ്പെട്ട് ഹരിതാഭമായകാവുകാളാൽ പ്രകൃതി അനുഗ്രഹിച്ച പ്രദേശം.വെമ്പുഴ,ബാരപ്പുഴ,കുണ്ടൂർപ്പുഴ എന്നിവ മുണ്ടയാംപറമ്പിന്റെ മൂന്നുഭാഗങ്ങളിലൂടെ ഒഴുകുമ്പോൾ കാക്കത്തോട് എന്ന ചെറിയതോട് മുണ്ടയാംപറമ്പിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു.ഈ പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവുമെല്ലാം മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിന്റെതുമാണ്.

    

  ഉച്ചതിരിഞ്ഞാൽ ഉച്ഛരിക്കാൻ പാടില്ലാത്ത ദേശമെന്ന് പുകൾപെറ്റ മുണ്ടയാംപറമ്പ്. പുഴകളാൽ ചുറ്റപ്പെട്ട് കാവുകളാൽ അലങ്കൃതമായ ഈ ദേശത്തിന്റെ ഗ്രാമദേവതയായി   ശ്രീ മുണ്ടയാംപറമ്പിലമ്മ കുടികൊള്ളുന്ന തറക്കുമീത്തൽ ഭഗവതി ക്ഷേത്രം.ഉച്ചതിരിഞ്ഞാൽ ഈ ക്ഷേത്രത്തിന്റെയോ  ദേവതയുടെയൊ നാമം ഉച്ഛരിക്കാൻ പാടില്ലാത്ത ദേശമായിരുന്നു ഇത്.അങ്ങനെ മിണ്ടാപറമ്പെന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം കാലാന്തരത്തിൽ മുണ്ടയാംപറമ്പ് എന്നായി മാറിയെന്നാണ് ഒരു വിശ്വാസം. ചണ്ഡമുണ്ഡാസുരന്മാരെ നിഗ്രഹിച്ച സ്ഥലമായതിനാലാണ് മുണ്ടയാംപറമ്പെന്ന പേരുണ്ടായതെന്ന മറ്റൊരു  ഐതിഹ്യം കൂടിയുണ്ട്. ക്ഷേത്രത്തിൽ ഭഗവതിയെ വലിയതമ്പുരാട്ടിയെന്നും ചെറിയതമ്പുരാട്ടിയെന്നും ആരാധിക്കുന്നു.ഒപ്പം പെരുമ്പേശൻ ദൈവത്തിന്റെ സ്ഥാനവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനു സമീപത്തെ അറവിലാൻ കാവാണ് അറവിലാൻ ദൈവത്തിന്റെ സ്ഥാനം.


                   ആചാരത്തിലുള്ള വൈവിധ്യമാണ് ഈ ക്ഷേത്രത്തെ മറ്റ് ദേവീക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അസുര നിഗ്രഹത്തിനായി ശ്രീ കൊട്ടിയൂർ പെരുമാളീശ്വര സന്നിധിയിൽ നിന്നും ഉത്ഭവിച്ചഒരു ശക്തി മുണ്ടയാംപറമ്പിൽ കുടികൊണ്ടു എന്നാണ് ഐതിഹ്യം. മൂന്ന് തരത്തിലുള്ള പൂജാക്രമങ്ങളാണുള്ളത്.ശ്രീ കോവിലിൽ ബ്രാഹ്മണപൂജയും തറക്കുമീത്തൽ സ്ഥാനത്ത് കല്ലാടിയുടെ നേതൃത്വത്തിലുള്ള കർമങ്ങളും താഴെകാവിൽ കോമരത്തിന്റെ നേതൃത്വത്തിലുള്ള കർമ്മങ്ങളും നടക്കുന്നു.സാത്വികാചര പ്രകാരമുള്ള പൂജാവിധികളും കൗളാചാര പ്രകാരമുള്ള പൂജാവിധികളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.വനത്തിലുള്ള ഒരു ശക്തിക്ക് രൂപവും ഭാവവും നൽകി പൂർവികരാൽ സാത്വികമായും തമോഗുണത്തോടും രജോഗുണത്തോടും കൂടി കർമ്മങ്ങൾ ചെയ്ത് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ശക്തിയാണ് ഈ ദേവി .ക്ഷേത്രത്തിൽ തെയ്യങ്ങൾക്കോ മറ്റ് ചടങ്ങുകൾക്കോ ചെണ്ട ഉപയോഗിക്കാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.  


                നിരവധികാവുകൾ ക്ഷേത്രവുമായി ബന്ധപ്പെട്ടു മുണ്ടയാംപറമ്പിൽ ഉണ്ട്. മേലെക്കാവ്(തറക്കുമീത്തൽ),താഴെക്കാവ്,അറവിലാൻ കാവ്, നാരായണികാവ്, പനക്കരക്കാവ്,ഓലേക്കാവ് എന്നിവയാണ് കാവുകൾ.തറക്കുമീത്തൽ സ്ഥാനത്ത് എല്ലാ സംക്രമ നാളുകളിലും കല്ലാടിയുടെ കലശം ഉണ്ടാവാറുണ്ട്.എന്നാൽ ദേവിയുടെ തറക്കുമീത്തൽ സ്ഥാനത്തിനാണ് പ്രാധാന്യം. താഴെകാവിൽ കോമരത്തിന്റെയും പാട്ടാളിയുടെയും കാർമ്മികത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും  ദിവസങ്ങളിലും കലശം ഉണ്ടാവാറുണ്ട്.സർവ്വ വിഘ്നങ്ങൾക്കും പരിഹാരമായ മറികൊത്തൽ ചടങ്ങ് നടക്കുന്നത് താഴെക്കാവിലാണ്.


        നിത്യ പൂജയില്ലാത്ത ക്ഷേത്രമാണിത്. മണ്ഡലകാലത്തും പുത്തരിദിവസവും നവീകരണകലശദിനത്തിനും ഉത്സവങ്ങൾക്കും സംക്രമദിവസങ്ങളിലുമാണ് നടതുറന്നു പൂജ.മണ്ഡലകാലത്തിന്  സമാപനം കുറിച്ചുകൊണ്ട് ധനു 10,11,12 തീയതികളിൽ ധനുത്തിറ ഉത്സവം ആഘോഷിക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രയാണ് ഈ ഉത്സവത്തിന്റെ ആകർഷണീയത.മേടം 13,14,15 തീയതികളിൽ നടക്കുന്ന ഉത്സവമാണ് മേടത്തിറ ഉത്സവം. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മലബാറിന്റെ നാനാഭാഗ ത്തുനിന്നും നിരവധി ആളുകൾ ഇവിടെ ഉത്സവത്തിന് എത്തിച്ചേർന്നിരുന്നു.ഇന്ന് പതിനായിരങ്ങളാണ് മേടത്തിറ പ്രധാനമായ മേടം 14ന് മുണ്ടയാംപറമ്പിൽ വരുന്നത്  കുണ്ടുംകരയൂട്ട് ഈ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ്. ഉത്സവത്തോടനുബന്ധിച്ച് ഒമ്പത് തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി,അറവിലാൻ തെയ്യം, പെരുമ്പേശൻ തെയ്യം, ഒാലേപ്പോതിയോർ, രാപ്പോതിയോർ,ഇവരുടെ മക്കൾ എന്നിങ്ങനെയാണ് തെയ്യങ്ങൾ.കൂടാതെ ചിങ്ങസംക്രമനാളിൽ പടിക്കൽത്തിറയും വർഷാവർഷം ക്ഷേത്രത്തോടനുബന്ധിച്ച് കാരണവന്മാരെ കെട്ടൽത്തിറയും നടന്നുവരുന്നു.