2022, ഒക്‌ടോബർ 8, ശനിയാഴ്‌ച

മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം

 




മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രം 

====================================================



കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും  ഏകദേശം10 കി.മി. വടക്കു കിഴക്കു മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..മൂന്നൂഭാഗവും പുഴകളാൽ ചുറ്റപ്പെട്ട് ഹരിതാഭമായകാവുകാളാൽ പ്രകൃതി അനുഗ്രഹിച്ച പ്രദേശം.വെമ്പുഴ,ബാരപ്പുഴ,കുണ്ടൂർപ്പുഴ എന്നിവ മുണ്ടയാംപറമ്പിന്റെ മൂന്നുഭാഗങ്ങളിലൂടെ ഒഴുകുമ്പോൾ കാക്കത്തോട് എന്ന ചെറിയതോട് മുണ്ടയാംപറമ്പിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു.ഈ പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവുമെല്ലാം മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിന്റെതുമാണ്.

    

  ഉച്ചതിരിഞ്ഞാൽ ഉച്ഛരിക്കാൻ പാടില്ലാത്ത ദേശമെന്ന് പുകൾപെറ്റ മുണ്ടയാംപറമ്പ്. പുഴകളാൽ ചുറ്റപ്പെട്ട് കാവുകളാൽ അലങ്കൃതമായ ഈ ദേശത്തിന്റെ ഗ്രാമദേവതയായി   ശ്രീ മുണ്ടയാംപറമ്പിലമ്മ കുടികൊള്ളുന്ന തറക്കുമീത്തൽ ഭഗവതി ക്ഷേത്രം.ഉച്ചതിരിഞ്ഞാൽ ഈ ക്ഷേത്രത്തിന്റെയോ  ദേവതയുടെയൊ നാമം ഉച്ഛരിക്കാൻ പാടില്ലാത്ത ദേശമായിരുന്നു ഇത്.അങ്ങനെ മിണ്ടാപറമ്പെന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം കാലാന്തരത്തിൽ മുണ്ടയാംപറമ്പ് എന്നായി മാറിയെന്നാണ് ഒരു വിശ്വാസം. ചണ്ഡമുണ്ഡാസുരന്മാരെ നിഗ്രഹിച്ച സ്ഥലമായതിനാലാണ് മുണ്ടയാംപറമ്പെന്ന പേരുണ്ടായതെന്ന മറ്റൊരു  ഐതിഹ്യം കൂടിയുണ്ട്. ക്ഷേത്രത്തിൽ ഭഗവതിയെ വലിയതമ്പുരാട്ടിയെന്നും ചെറിയതമ്പുരാട്ടിയെന്നും ആരാധിക്കുന്നു.ഒപ്പം പെരുമ്പേശൻ ദൈവത്തിന്റെ സ്ഥാനവും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനു സമീപത്തെ അറവിലാൻ കാവാണ് അറവിലാൻ ദൈവത്തിന്റെ സ്ഥാനം.


                   ആചാരത്തിലുള്ള വൈവിധ്യമാണ് ഈ ക്ഷേത്രത്തെ മറ്റ് ദേവീക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അസുര നിഗ്രഹത്തിനായി ശ്രീ കൊട്ടിയൂർ പെരുമാളീശ്വര സന്നിധിയിൽ നിന്നും ഉത്ഭവിച്ചഒരു ശക്തി മുണ്ടയാംപറമ്പിൽ കുടികൊണ്ടു എന്നാണ് ഐതിഹ്യം. മൂന്ന് തരത്തിലുള്ള പൂജാക്രമങ്ങളാണുള്ളത്.ശ്രീ കോവിലിൽ ബ്രാഹ്മണപൂജയും തറക്കുമീത്തൽ സ്ഥാനത്ത് കല്ലാടിയുടെ നേതൃത്വത്തിലുള്ള കർമങ്ങളും താഴെകാവിൽ കോമരത്തിന്റെ നേതൃത്വത്തിലുള്ള കർമ്മങ്ങളും നടക്കുന്നു.സാത്വികാചര പ്രകാരമുള്ള പൂജാവിധികളും കൗളാചാര പ്രകാരമുള്ള പൂജാവിധികളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.വനത്തിലുള്ള ഒരു ശക്തിക്ക് രൂപവും ഭാവവും നൽകി പൂർവികരാൽ സാത്വികമായും തമോഗുണത്തോടും രജോഗുണത്തോടും കൂടി കർമ്മങ്ങൾ ചെയ്ത് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ശക്തിയാണ് ഈ ദേവി .ക്ഷേത്രത്തിൽ തെയ്യങ്ങൾക്കോ മറ്റ് ചടങ്ങുകൾക്കോ ചെണ്ട ഉപയോഗിക്കാത്ത അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണിത്.  


                നിരവധികാവുകൾ ക്ഷേത്രവുമായി ബന്ധപ്പെട്ടു മുണ്ടയാംപറമ്പിൽ ഉണ്ട്. മേലെക്കാവ്(തറക്കുമീത്തൽ),താഴെക്കാവ്,അറവിലാൻ കാവ്, നാരായണികാവ്, പനക്കരക്കാവ്,ഓലേക്കാവ് എന്നിവയാണ് കാവുകൾ.തറക്കുമീത്തൽ സ്ഥാനത്ത് എല്ലാ സംക്രമ നാളുകളിലും കല്ലാടിയുടെ കലശം ഉണ്ടാവാറുണ്ട്.എന്നാൽ ദേവിയുടെ തറക്കുമീത്തൽ സ്ഥാനത്തിനാണ് പ്രാധാന്യം. താഴെകാവിൽ കോമരത്തിന്റെയും പാട്ടാളിയുടെയും കാർമ്മികത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും  ദിവസങ്ങളിലും കലശം ഉണ്ടാവാറുണ്ട്.സർവ്വ വിഘ്നങ്ങൾക്കും പരിഹാരമായ മറികൊത്തൽ ചടങ്ങ് നടക്കുന്നത് താഴെക്കാവിലാണ്.


        നിത്യ പൂജയില്ലാത്ത ക്ഷേത്രമാണിത്. മണ്ഡലകാലത്തും പുത്തരിദിവസവും നവീകരണകലശദിനത്തിനും ഉത്സവങ്ങൾക്കും സംക്രമദിവസങ്ങളിലുമാണ് നടതുറന്നു പൂജ.മണ്ഡലകാലത്തിന്  സമാപനം കുറിച്ചുകൊണ്ട് ധനു 10,11,12 തീയതികളിൽ ധനുത്തിറ ഉത്സവം ആഘോഷിക്കുന്നു. വിവിധ ദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രയാണ് ഈ ഉത്സവത്തിന്റെ ആകർഷണീയത.മേടം 13,14,15 തീയതികളിൽ നടക്കുന്ന ഉത്സവമാണ് മേടത്തിറ ഉത്സവം. പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ മലബാറിന്റെ നാനാഭാഗ ത്തുനിന്നും നിരവധി ആളുകൾ ഇവിടെ ഉത്സവത്തിന് എത്തിച്ചേർന്നിരുന്നു.ഇന്ന് പതിനായിരങ്ങളാണ് മേടത്തിറ പ്രധാനമായ മേടം 14ന് മുണ്ടയാംപറമ്പിൽ വരുന്നത്  കുണ്ടുംകരയൂട്ട് ഈ ഉത്സവത്തിന്റെ ഒരു പ്രധാന ചടങ്ങാണ്. ഉത്സവത്തോടനുബന്ധിച്ച് ഒമ്പത് തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. വലിയതമ്പുരാട്ടി, ചെറിയതമ്പുരാട്ടി,അറവിലാൻ തെയ്യം, പെരുമ്പേശൻ തെയ്യം, ഒാലേപ്പോതിയോർ, രാപ്പോതിയോർ,ഇവരുടെ മക്കൾ എന്നിങ്ങനെയാണ് തെയ്യങ്ങൾ.കൂടാതെ ചിങ്ങസംക്രമനാളിൽ പടിക്കൽത്തിറയും വർഷാവർഷം ക്ഷേത്രത്തോടനുബന്ധിച്ച് കാരണവന്മാരെ കെട്ടൽത്തിറയും നടന്നുവരുന്നു.