2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/കൊച്ചുനമ്പൂരി

ഐതിഹ്യമാല/കൊച്ചുനമ്പൂരി

റ്റുമാനൂർ താലൂക്കിൽ ചേർന്ന കടുത്തുരുത്തി വില്ലേജ് തിരുവമ്പാടി എന്നദിക്കിൽ കൊച്ചുനമ്പൂരി എന്നൊരു സരസ്സൻ ഉണ്ടായിരുന്നു. ഇദ്ദേഹം ഒരു വലിയ വ്യുത്പന്നനല്ലായിരുന്നു എങ്കിലും കവിതാ വാസന സാമാന്യം ഉള്ള ആളായിരുന്നു. എന്നു മാത്രമല്ല നല്ല ഫലിതക്കാരനുമായിരുന്നു. ഈ ദിക്കുകളിലെ ലെ ശാസ്ത്രക്കളിയിൽ വിഡ്ഢി, വൃദ്ധ, പ്രാക്കൾ, ഓതിക്കോൻ നമ്പൂരി, മുതലായ വിനോദകരങ്ങളായ വേ‌ഷങ്ങൾ എല്ലാം പരി‌ഷ്കരിച്ചത് ഇദ്ദേഹമാണ്. അതാതു വേ‌ഷക്കാർക്കു ചേർന്നവയായ വാക്കുകളും പാട്ടുകളും ശ്ലോകങ്ങളും എല്ലാം നല്ല ഫലിതമയങ്ങളായിട്ട് ഇദ്ദേഹം ഉണ്ടാക്കീട്ടുണ്ട്. ശാസ്ത്രക്കളിയിൽ ഇദ്ദേഹത്തിന്റെ പ്രധാന വേ‌ഷങ്ങൾ വിഡ്ഢിയുടേയും, പ്രാക്കളുടേയും ആയിരുന്നു. ഇദ്ദേഹത്തിന്റെ കാലത്തു ഏകദേശം ഇതുപോലെ തന്നെ ഫലിതക്കാരനായിട്ട് മഠത്തിൽ നമ്പൂരി എന്നൊരാളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനവേ‌ഷങ്ങൾ വൃദ്ധയുടേയും ഓതിക്കോൻ നമ്പൂരിയുടേയും ആയിരുന്നു. ഇവർ രണ്ടു പേരും കൂടിയുള്ള സംഭാ‌ഷണങ്ങൾ എല്ലാം ഫലിതമയങ്ങളും ഏറ്റവും സരസങ്ങളും ആയിരുന്നു. ഇവർക്കു രണ്ടുപേർക്കും അനന്യസാധാരണമായിട്ടുണ്ടായിരുന്ന ഒരു വിശേ‌ഷം തൽക്കാലോചിതങ്ങളായ ഫലിത വാക്കുകൾ അപ്പളപ്പോൾ പുത്തൻ പുത്തനായി തോന്നിവരുമെന്നുള്ളതാകുന്നു. വിഡ്ഢിയുടെ ഞാണിന്മേൽ കളിയുടെ വന്ദനശ്ലോകങ്ങളായി കൊച്ചുനമ്പൂരി ഉണ്ടാക്കീട്ടുള്ളവയിൽ ചിലതു താഴെ ചേർക്കുന്നു.
കച്ചോലം കച്ചമുണ്ടും കലവറമുരലും
കോലരക്കാലവട്ടം
പച്ചക്കായാണ്ടിയാട്ടം തൽമുടിവലിയാ-
നേടെ കൊമ്പും കരിമ്പും
പച്ചപ്പട്ടും വയമ്പും കുറുനിര ചിറകും
കത്തി തേച്ചോരു വേ‌ഷം
പിച്ചന്മാരിപ്രകാരം പറയുമവരെ ഞാൻ
നിച്ചലും കൈതൊഴുന്നേൻ.
1
തീണ്ടാനാരി കറപ്പു ജീരകമരം
തണ്ടിഞ്ചി പൂരാടവും
വെൺകൊറ്റക്കുടയും വിയർപ്പുതുണിയും
വേഴാമ്പലോടാമ്പലും
പഞ്ചാരപ്പൊതിയും ചിരിച്ച ചിരിയും
ധാന്വന്തരം പമ്പരം
ഇത്ഥം പേകൾ പറഞ്ഞുകൊണ്ടു വിലസും
ഭ്രാന്തായ തുഭ്യം നമഃ
2
അക്ഷീണം മദിരാശിതന്നിലുളവാം
വൃത്താന്തമിന്നൊക്കെയും
ശിക്ഷയ്ക്കിങ്ങരനാഴികയ്ക്കറിയുമാ-
ക്കമ്പിതപാലും ദ്രുതം
പക്ഷിപ്രൗഢനതെന്നപോലെ ഗമനം
ചെയ്യുന്ന തീവണ്ടിയും
രക്ഷിച്ചീടണമാസ്ഥയോടു കയറേൽ
ക്കേറിക്കളിക്കും വിധൗ
3
അഖിലഭുവനമുണ്ണീ ഘോരയാം നക്രതുണ്ഡീ-
യനിലതനയനുണ്ണീ മാലകെട്ടുന്നൊരുണ്ണീ
ഹരനുടെ മകനുണ്ണീ നല്ലൊരോന്നിച്ചയുണ്ണീ-
യഴകൊടു നളനുണ്ണീ പാതു മാം കൊത്തലുണ്ണീ[2]
വൃദ്ധയുടെ കേശാദിപാദാന്തം വർണ്ണിക്കുന്നവയായ പാട്ടുകളിൽ ഒന്നു താഴെ ചേർക്കുന്നു.
(ശീതങ്കന്റെ മട്ട്)
ഞാണിൽക്കരേറിക്കളിക്കുന്നനേരത്തു
വീണുപോകാതിരുന്നീടാൻ ഗണേശനും
വാണിയും മൽഗുരുനാഥനും വ്യാസനും
പാണികൾ നീട്ടിയനുഗ്രഹിച്ചീടണം.
ചഞ്ചലം കൂടാതെ വൃദ്ധയാം നിന്നെയും
നെഞ്ചകം തന്നിൽ നിനയ്ക്കുന്നു സന്തതം,
അഞ്ചിതമാം നിന്റെ കേശാദിപാദവു-
മഞ്ചാതെ ചിത്തേ വിളങ്ങേണമെപ്പോഴും.
വെഞ്ചാമരം പോലെയുള്ള തവമുടി-
ക്കഞ്ചുവിരൽ നീളമുണ്ടതിലെപ്പോഴും
പഞ്ചാര കണ്ടാലുറുമ്പരിക്കുമ്പോലെ
സഞ്ചരിച്ചീടുന്നു മുട്ടയും പേനുമായ്.
തറ്റുടുത്തീടാൻ ഞൊറിയുന്നതുപോലെ
യറ്റമില്ലാതുണ്ടവയാൽ വിളങ്ങുന്ന
നെറ്റിത്തടത്തിന്റെ ജാത്യമോർത്തീടിലോ
മറ്റൊരു നാരിക്കുമീവണ്ണമില്ലഹോ!
കണ്ണിണതന്നുടെ ജാത്യങ്ങളൊക്കയും
വർണ്ണിച്ചു ചൊല്ലുവാനിന്നു തുടങ്ങിയാൽ
കുണ്ഡലിനാഥനായുള്ളോരനന്തനും
ദണ്ഡമാണങ്കിലുമൽപം പറഞ്ഞിടാം.
കണ്ണമ്പഴത്തിന്റെ തൊണ്ടുകളഞ്ഞിട്ടു
വെണ്ണനൈപോലങ്ങരച്ചിട്ടുരുട്ടീട്ടു
കണ്ണുകൾ രണ്ടിലും വെച്ചെന്നു തോന്നുമീ
കണ്ണു കാണൂന്ന ജനങ്ങൾക്കശേ‌ഷവും.
രണ്ടരച്ചോതന കൊള്ളുന്ന തോൽക്കുടം
രണ്ടു കമത്തിയ പോലെ കവിൾത്തടം
രണ്ടും പ്രകാശിപ്പതോർക്കുകിൽ ബ്രഹ്മാവു
പണ്ടിതുപോലെ ചമച്ചിതില്ലെങ്ങുമേ.
പാണ്ടു പിടിച്ചുള്ള ചുണ്ടും, പെരുച്ചാഴി
മാണ്ടിപോലുള്ളോരു വായിന്റെ ഭംഗിയും
മന്ദഹാസങ്ങളും കണ്ടാൽ തലേത്തട്ടി
വന്നു പിടിച്ചപോലാശു ഛർദ്ദിച്ചിടും
വേനൽക്കു കായ്ക്കുന്ന വെള്ളരിക്കായ്ക്കവ-
മാനം വരുത്തുന്ന..കൊങ്കതൻ യുഗ്മവും
പാതാളമൊക്കും വയറും നിനയ്ക്കിലാ
വേതാളവും തോറ്റുപോമെന്നു നിർണ്ണയം
ശേ‌ഷമനേകമുണ്ടിന്നു വാഴ്ത്തീടുവാൻ
ശേ‌ഷിയില്ലാഞ്ഞടങ്ങുന്നു മാലോകരേ!
ഇതു കൂടാതെ ‘പാലയപാലയ വൃദ്ധേ! നിന്റെ കോലം ഞാൻ കണ്ടുതൊഴുന്നേൻ’ എന്നു പല്ലവിയായി ഒരു കേശാദിപാദം കൂടിയുണ്ട്. വിസ്തരഭയത്താൽ അതിവിടെ പകർത്തുന്നില്ല.
കൊച്ചുനമ്പൂരി വിഡ്ഢി കെട്ടുമ്പോൾ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കഥകളിലുള്ള പല ഘട്ടങ്ങളേയും അനുകരിച്ചു പല ഫലിതങ്ങളും പ്രയോഗിക്കാറുണ്ട് അവയിൽ ചിലതു താഴെ ചേർക്കുന്നു. ഒരു പറയൻ തുള്ളലിൽ ഭസ്മധാരണത്തെക്കുറിച്ചു കുഞ്ചൻനമ്പ്യാരു പറഞ്ഞിട്ടുള്ളതിനു പകരം,
സൂര്യദേവനുദിക്കുമ്പോൾ
ജലം കൂട്ടിദ്ധരിയ്ക്കണം
മേപ്ടിയാനസ്തമിക്കുമ്പോൾ
മേപ്ടി കൂടാതെയും മേപ്ടി.
'നാളായണീചരിതം' പറയൻ തുള്ളലിൽ മുനിയും മുനിപത്നിയും കൂടി ഓരോ വേ‌ഷം ധരിച്ചുനടന്നതായി കുഞ്ചൻനമ്പ്യാർ വർണ്ണിച്ചിരിക്കുന്നതിന്റെ പകരം,
ആശാര്യായ് മുനിശ്രഷ്ഠൻ
ആശാർച്ച്യായ് മുനിപത്നി
മൂശാര്യായ് മുനിശ്രേഷ്ഠൻ
മൂശാർച്ച്യായ് മുനിപത്നി
കൊല്ലനായ് മുനിശ്രഷ്ഠൻ
കൊല്ലത്ത്യയായ് മുനിപത്നി
ഞാനായി മുനിശ്രഷ്ഠൻ (എന്റെ)
അമ്മയായ് മുനിപത്നി.
നാരദമഹർ‌ഷി ശ്രീകൃ‌ഷ്ണനെ കാണാനായിച്ചെന്ന സമയം പതിനാറായിരത്തെട്ട് ഭാര്യമാരുടെ ഗൃഹത്തിലും ഓരോവിധം ഭഗവാനെ കണ്ടതായി കുഞ്ചൻനമ്പ്യാർ ഒരു ഓട്ടൻതുള്ളലിൽ പറഞ്ഞിരിക്കുന്നതിനു പകരം,
ചതുരൻ കൃ‌ഷ്ണനും ഒരു സുന്ദരിയും
ചതുരംഗം വെക്കുന്നതു കണ്ടു
വട്ടൻ കൃ‌ഷ്ണനുമൊരു സുന്ദരിയും
വട്ടങ്കം വെക്കുന്നതു കണ്ടു
കോണൻ കൃ‌ഷ്ണനുമൊരുസുന്ദരിയും
കോണങ്കം വെക്കുന്നതു കണ്ടു.
പിന്നെ ഒരോട്ടൻ തുള്ളലിൽ കുഞ്ചൻനമ്പ്യാർ സുബ്രഹ്മണ്യന്റെ ആറു മുഖങ്ങളും ഓരോ വിധത്തിൽ വർണ്ണിച്ചിരിക്കുന്നു.
മെച്ചമേറും കൊച്ചിതന്നിലഴിമുഖമൊന്നു
പിച്ചാത്തിപിടിയിന്മേലെ വ്യാളീമുഖമൊന്നു
പത്മനാഭനാറാടുന്ന ശംഖുമുഖമൊന്നു
ഏറ്റുമാനൂർ സന്ധ്യവേല നല്ല മുഖമൊന്നു
മധുരഞ്ചിറയിരവിയുടെ മുതലമുഖമൊന്നു
ചാരവും കരിയും തേച്ചൊരെന്റെ മുഖമൊന്നു.
വേറെ ഒരു തുള്ളൽകഥയിൽ ശ്രീപരമേശ്വരന്റെ ശിരസ്സിൽ ഗംഗാദേവിയുടെ മുഖം കണ്ടിട്ടു ശ്രീപാർവതിയുടെ ചോദ്യവും ഭഗവാന്റെ സമാധാനവും മംഗളാർഥം കുഞ്ചൻനമ്പ്യാർ വർണ്ണിച്ചിരിക്കുന്നതിനു പകരം,
എന്നുടെ തലയിൽ മരത്തങ്കോടൻ
തന്നുടെ മൂക്കും മുഞ്ഞിയുമഴകൊടു
കണ്ടൂ കയർത്തെന്നമ്മയൊരുനാൾ
കുണ്ഠിതമോടെ ചോദ്യം ചെയ്തു.
മകനേ! നിന്നുടെ തലയിൽ പല പല
വികൃതികൾ കാണ്മതിതെന്തൊരു വസ്തു?
ഞാനുരചെയ്തേൻ തലയിൽ പ്രാക്കടെ-
യാനനമായ കിരീടമിതെന്ന്
ദുഷ്ടാ! കപടമുരയ്ക്കരുതെന്നോടു
പൊട്ടക്കിണറിത കാണാകുന്നു.
മൂത്തു നരച്ചൊരു നിന്നൊടു കപടമ-
തോർത്തുരചെയ്തിട്ടെന്തൊരു കാര്യം?
പൊട്ടക്കിണറല്ലമ്മേ! പ്രാക്കടെ
വട്ടക്കണ്മിഴിയാണറിയേണം.
കോമളമാകിയ നിൻ തലയിൽ ര-
ണ്ടാമകൾ കാണ്മാനെന്തവകാശം?
ആമകളല്ല കവിൾത്തടമാണതു
മാമകജനനീ! ബോധിച്ചാലും
പ്രാക്കടമുഖമതിൽ മാക്കാന്തവള ക-
രേറി വസിപ്പതിനെന്തവകാശം
മാക്കാനല്ലതു രമ്യമതാകും
മൂക്കാണെന്നു ധരിച്ചീടേണം
ധവളിമയോടെ തെളുതെളെ വിലസും
കവടികൾ കാണ്മാനെന്തവകാശം
കവടികളല്ലതു പ്രാക്കടെ ദന്തം
കവടികൾ പോലെ വിളങ്ങീടുന്നു.
കമ്പിളി തന്നുടെ ചരടുകളനവധി
സംപ്രതി കാണ്മാനെന്തവകാശം?
കമ്പിളിയല്ലിതു പ്രാക്കടെ നല്ലൊരു
ചെമ്പന്മീശകളേന്നറിയേണം.
ഇത്ഥം കപടഗിരം ഗിരിസുതയൊടു
സത്വരമോതും ഗിരിശ നമസ്തേ.
ഇപ്രകാരം കൊച്ചു നമ്പൂരിയുടെ, വിഡ്ഢിയുടെ, നേരമ്പോക്കുകൾ പറഞ്ഞാലവസാനം ഇല്ലാതെ ഉണ്ട്. വിസ്തരഭയത്താൽ അവയെല്ലാം ഇവിടെ ചേർക്കണമെന്നു വിചാരിക്കുന്നില്ല. ഇനി അദ്ദേഹം പ്രാക്കളുടെ വേ‌ഷം കെട്ടുമ്പോളുള്ള നേരമ്പോക്കുകളിൽ ചിലതു പറഞ്ഞുകൊള്ളുന്നു.
മരത്തങ്കോടൻ എന്നും ഘോരൻ എന്നുംകൂടെ പേരുള്ള പ്രാക്കൾ ഒരു മത്സ്യച്ചുമടും ആയി അരങ്ങത്തു വന്നാൽ മത്സ്യങ്ങളെ വർണ്ണിച്ചു ചൊല്ലുന്നതിനായി അനേകം ശ്ലോകങ്ങൾ അദ്ദേഹം ഉണ്ടാക്കീട്ടുള്ളവയിൽ ചിലതു താഴെ ചേർക്കുന്നു.
അംഭോധിക്കുള്ളിൽ വാഴും ജലജപരി‌ഷകൾ-
ക്കൊക്കയും തമ്പുരാനാം
വൻപൻ കുമ്പ്ളാച്ചിമീനെപ്പരിചൊടു വല ത-
തന്നിലുള്ളിലാക്കിപിടിച്ചു
തുമ്പപ്പൂ നെയ്യിൽ മൂപ്പിച്ചതുമിതുമൊരുപോ-
ലങ്ങു നിത്യം ഭുജിച്ചാ
ലെൺപത്തെണ്ണായിരത്താണ്ടവനിയിലതിമോ-
ദേന ജീവിച്ചിരിക്കും
1
മച്ചിപ്പെണ്ണൂ കുറിച്ചിമീനതു പിടി-
ച്ചുപ്പിൽ പചിച്ചിച്ഛയാ
മെച്ചം വെച്ചു പുളിച്ചുകച്ചതിൽ വെളി-
ച്ചെണ്ണാം തുളിച്ചാദരാൽ
പച്ചപ്പാള പൊളിച്ചു വെച്ചതിനക-
ത്തേറ്റം ഭുജിച്ചീടുകിൽ
കൊച്ചുണ്ടാമൊരുമിച്ചൊരൻപതു തടി-
ച്ചുച്ചൈസ്തരം നിശ്ചയം
2
പരലെന്നുള്ള മത്സ്യത്തെപ്പുലർകാലേ പിടിച്ചുടൻ
മലരിൽച്ചേർത്തു സേവിച്ചാൽ പരലോകം ഗമിച്ചിടാം
3
ചാളയെന്നുള്ള മത്സ്യത്തെ പാളക്കീറ്റിൽ പൊതിഞ്ഞുടൻ
തോളത്തിട്ടങ്ങു കൊട്ടീടിൽ താളമുണ്ടായ്വരും ദൃഢം
4
സരസകവികുലാഗ്രേസരൻ ആയിരുന്ന വെണ്മണി മഹൻ നമ്പൂരിപ്പാടും ഈ കൊച്ചുനമ്പൂരിപ്പാടും തമ്മിൽ വളരെ സ്നേഹമായിരുന്നു എന്നു മാത്രമല്ലാ, കൊച്ചുനമ്പൂരിയുടെ കവിതാരീതി മഹൻനമ്പൂരിപ്പാട്ടിലേക്കു വളരെ ബോധിച്ചിട്ടുമുണ്ടായിരുന്നു. അതിനാൽ ഒരിക്കൽ നമ്പൂരിപ്പാട് 'മധുരാപുരിരാജചരിതം' എന്നൊരു പുസ്തകം ഉണ്ടാക്കാനാരംഭിക്കുകയും കുറെ ആയപ്പോൾ അദ്ദേഹത്തിനു സഹജമായിട്ടുള്ള മടി നിമിത്തം അതു മുഴുവനാക്കാനായി കൊച്ചുനമ്പൂരിയുടെ പേർക്കു എഴുത്തോടു കൂടി അയച്ചുകൊടുക്കുകയും ചെയ്തു, ആ എഴുത്തിൽ എട്ടു ശ്ലോകങ്ങളുണ്ടായിരുന്നു. എങ്കിലും മുഴുവൻ തോന്നാത്തതിനാൽ തോന്നുന്ന രണ്ടു ശ്ലോകം താഴെ ചേർക്കുന്നു.
ക്ഷീരത്തിൽ സിത ചേർത്തപോലെ മധുരി-
ച്ചീടുന്ന പദ്യങ്ങളെ-
ച്ചാരുത്വത്തോടുതിർത്തിടും കവികളിൽ
കാർന്നോരതാകും ഭവാൻ
ഏറെത്തന്നെ മനസ്സിരുത്തി മുഴുവൻ
തീർക്കേണമെന്തെങ്കിലും
പാരിൽത്തന്നെ കിടയായിടും കവിയെവൻ
ചേർത്തോർത്തു തീർത്തീടുവാൻ?
കൊച്ചുനമ്പൂരിക്കായി കൊച്ചനാം വെണ്മണിദ്വിജൻ
പിച്ചുകൊണ്ടു കുറിച്ചിന്നേൽപ്പിച്ചീടുന്നേതിനൊക്കെയും.
ആ എഴുത്തിനു മറുപടിയായി കൊച്ചുനമ്പൂരി അയച്ച ശ്ലോകങ്ങളെയും ഇവിടെ എഴുതുന്നു.
വിപ്രാഗ്രസര! വെണ്മണിദ്വിജ! ഭവാ-
നെൻ കൈയിൽ വന്നെത്തുവാ-
നുൾപ്പൂവിൽ ബഹുമോദമോടെഴുതിയോ-
രാപ്പദ്യമിന്നൊക്കെയും
സ്വല്പം താമസമെന്നിയേ ഗുണനിധേ!
വന്നെത്തി വായിച്ചു ഞാൻ
മുപ്പാരിൽപ്പുരുകീർത്തി ചേർത്തധിവസി-
ച്ചീടുന്ന ഭാഗ്യാംബുധേ!
1
പാരാവാരമതിങ്കലുള്ള തിരപോൽ
വാരിച്ചൊരിഞ്ഞേറ്റവും
നേരമ്പോക്കുകളാർന്ന പദ്യനിരകൊ-
ണ്ടീരേഴുലോകത്തിലും
പാരം കീർത്തി നിറച്ചീടുന്ന ധരണി-
ദേവാഗ്രഗണ്യാ! ഭവാൻ
പാരാതങ്ങു ചമച്ച രാജചരിത
ശ്ലോകങ്ങളും കണ്ടു ഞാൻ
2
വെള്ളോലതന്നിൽ വിലസും തവ പദ്യമോർത്തി-
ട്ടുള്ളിൽ ജനിച്ച പരിതോ‌ഷമശേ‌ഷമിപ്പോൾ
പൊള്ളല്ലുരയ്ക്കുവതിനോർക്കിൽ മുരാന്തകന്റെ
പള്ളിക്കിടക്കയുമൊടുക്കമബദ്ധമാകും.
3
ഉൾദണ്ഡം തീർന്നുതീർക്കും തവ സരസകവി-
ത്വങ്ങൾവർണ്ണിച്ചുകേട്ടാ-
ലുദ്ദണ്ഡന്നും ക്ഷണത്തിൽ പരിഭവമകതാ-
രിങ്കലങ്ങങ്കുരിക്കും.
അദ്ദണ്ഡംപോലെതന്നേ വരുമതിസരസൻ
കുഞ്ചനും വീരനായോ-
രദ്ദണ്ഡിക്കും നിതാന്തം പ്രിയവചനമുര-
യ്ക്കുന്നതല്ലന്തണേന്ദ്ര!
4
ചൊല്ലേറും മധുരാപുരീശചരിതം
മല്ലാക്ഷി കേട്ടീടുവാ-
നുല്ലാസേന ചമച്ചു നല്ല സരസ
ശ്ലോകങ്ങളാക്കിബ്ഭവാൻ
കല്യാണാലയ! ശിഷ്ടമുള്ളതഹമി-
ന്നാഹന്ത? തീർത്തീടുവാ-
നല്ലോ പദ്യമയച്ചതായതു നിന-
ച്ചല്ലൽപ്പെടുന്നേനഹം.
5
ചൊല്ലേറിടുന്ന തവ പദ്യമതിന്റെ ശി‌ഷടം
ചൊല്ലുന്നതിന്നു മടിയാതെ തുടർന്നുവെങ്കിൽ
വല്ലാതെകണ്ടു വലയും ബഹുമിശ്രമാകു-
മെല്ലാം ജനങ്ങൾ പരിഹാസമതും തകർക്കും.
6
കേടറ്റ തങ്കമണിമാലകൾ തന്റെ മദ്ധ്യേ
മാടോടുകൊണ്ടു ചിലമാലകൾ തീർത്തു കോർത്താൽ
മൂഢത്വമെന്നു പറയും, ഗരുഡൻ പറന്നാൽ
മാടപ്പിറാവുമതുപോലെ പറന്നുപോമോ?
7
കവികുലജനമെല്ലാം സർവ്വദാ കൈവണങ്ങും
ധവളമണിയതാകും ധാത്രിദേവോത്തമന്റെ
ചെവിയിലിതു ധരിപ്പിച്ചിടേണം കൂട്ടി വായി-
ച്ചിവ സകലമതിനായ് ബാലവിപ്രൻ കുറിച്ചേൻ.
8
ഇപ്രകാരം വെണ്മണി മഹൻനമ്പൂരിപ്പാട്ടിലേക്കയച്ചതായിട്ടും മറ്റനേകം സംഗതിവശാലും കൊച്ചുനമ്പൂരിഅസംഖ്യം ശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ട്. പലവിധത്തിലുള്ള പാട്ടുകൾ സങ്കീർത്തങ്ങൾ മുതലായവയും ഉണ്ടാക്കീട്ടുണ്ട്. സമസ്യകൾ പൂരിപ്പിച്ചിട്ടുള്ളതിനു സംഖ്യയില്ല. അദ്ദേഹം പൂരപ്പിച്ചിട്ടുള്ള നാലു സമസ്യകളെ പൂരണങ്ങളോടുകൂടി താഴെചേർക്കുന്നു.
വെളുത്ത ചോറെങ്കിലുമി ഷ്ടഹീനൻ
വിളിച്ചു തന്നാലതിനില്ല സൗഖ്യം
വിളക്കു കാണാനൃതുവായ നാരി
കുളിച്ചു കോപ്പിട്ടു വരുന്ന പോലെ‌
1
ഹംസം വാഹനമായവന്റെ ലിഖിതം
കഷ്ടം! മഹാദുഃഖദം
സംസാരാംബുധിതന്നിൽ വീണു കരുണാ-
രാശേ! വലഞ്ഞേനഹം
കംസൻ തന്നുടെ വൈരിയാം മധുരിപോർ-
ന്നാമത്രയം സർവ്വദാ
സംസാരിപ്പതിനെങ്കിലും വഴി വഴ-
ക്കെന്ന്യേ വരുത്തീടണം
2
ചെറുപ്പകാലത്തു തനൂരുഹങ്ങൾ
കറുത്തിരുന്നായതിലർദ്ധമിപ്പോൾ
വെളുത്തതോർത്താലിനി മേലിലെല്ലാം
വെളുത്തുപോമെന്നിഹ തോന്നിടുന്നു.
3
ഓണത്തിനും വി‌ഷുവിനും തിരുവാതിരയ്ക്കും
പ്രാണാധിനാഥയെ വെടിഞ്ഞു വസിക്കയെന്നും
വാണീവരൻ മമ ശിരസ്സിൽ വരച്ചതോർത്താൽ
പ്രാണൻ ത്യജിക്കിലതു തന്നെ ഗുണം മഹാത്മൻ!
4
മേല്പ്പറഞ്ഞ സമസ്യകൾ വെണ്മണി മഹൻ നമ്പൂരിപ്പാട്ടിലേതാണെന്നു ചിലർ പറയുന്നുണ്ട്. മൂന്നാം സമസ്യ നമ്പൂരിപ്പാട്ടീന്നു തന്നെ പൂരിപ്പിച്ചിട്ടുള്ളതും കേട്ടിട്ടുണ്ട്. താരതമ്യവിവേചനത്തിനായി ആ പൂരണവും ഇവിടെ ചേർക്കുന്നു.
കുളിർത്ത ചെന്താമര തന്നകത്തെ-
ദ്ദളത്തിനൊക്കും മിഴിമാർമണേ! കേൾ
തളത്തിൽ നിന്നിങ്ങനെതന്നെ നേരം
വെളുത്തുപോമെന്നിഹ തോന്നിടുന്നു.
കൊച്ചു നമ്പൂരി ഈശ്വരസ്തോത്രങ്ങളായിട്ടും സദാചാരങ്ങളായിട്ടും അനേകം ശ്ലോകങ്ങൾ ഉണ്ടാക്കീട്ടുണ്ട്. സ്ഥലച്ചുരുക്കത്താലവയും ഇവിടെ ചേർക്കാൻ നിവൃത്തിയില്ല. പരൽപേരിൻപ്രകാരം അക്ഷരനിർണയം ചെയ്തു അർത്ഥം മനസിലാക്കേണ്ടതായ ഒരു ശ്ലോകം താഴെ ചേർക്കുന്നു.
എൺപത്തൊന്നതു[3] ദൂരെ വിട്ടു പതിനേ-
ഴൻപൊടുകൈകൊണ്ടുതാ-
നൻപത്തൊന്നവതാരബാലകനെഴും
മുപ്പത്തിമൂന്നെപ്പോഴും
സമ്പത്തെന്നു ദൃടന്മീകരിച്ചതെഴുനൂ-
റ്റഞ്ചിൽ സ്മരിച്ചീടിലി-
ങ്ങൻപത്തൊന്നതു ദൂരെയാക്കിയറുപ-
ത്തഞ്ചിൽ സുഖിക്കാമെടോ!
വെണ്മണി മഹൻനമ്പൂരിപ്പാടുണ്ടാക്കിയ മധുരാപുരിരാജചരിതം ആരും മുഴുവനാക്കീട്ടില്ല. നമ്പൂരിപ്പാട്ടീന്നു ഇരുപത്തഞ്ചു ശ്ലോകമുണ്ടാക്കീട്ടുള്ളതായി കേട്ടിട്ടുണ്ട്. കൊച്ചു നമ്പൂരിക്കയച്ചതായ ഒരു പദ്യം കൊണ്ടതു സ്പഷ്ടമാകുന്നുണ്ട്. ആ ശ്ലോകം താഴെ എഴുതുന്നു.
പഞ്ചാരപ്പൊടിയൊടു പാരമിടയും
ത്വൽ പദ്യമിപ്പോൾ ഭവാ-
നഞ്ചാറല്ല കൊടുത്തയച്ചതിരുപ
ത്തഞ്ചും സഖേ! സാദരം
എഞ്ചാരത്തിഹ വന്നനേരമധുനാ
വാങ്ങിച്ചു വായിച്ചു ഞാൻ
നെഞ്ചാകെത്തെളിവായി മന്ദമെഴുനേ-
റ്റഞ്ചാറു ചാടീടിനേൻ.
മേൽപ്പറഞ്ഞ സംഗതികൊണ്ടു കൊച്ചു നമ്പൂരിയുടെ കവിതാരീതി വെണ്മണി മഹൻ നമ്പൂരിപ്പാട്ടിലേക്കു ഏറ്റവും ബോധിച്ചതായിരുന്നുന്നു സ്പഷ്ടമാകുന്നുണ്ട് ഇപ്രകാരം സരസകവിയായ അദ്ദേഹം കൊല്ലം ഒരായിരത്തി അൻപതാമാണ്ട് മീനമാസത്തിൽ ചരമഗതിയെ പ്രാപിച്ചു.

2.^ ഈ ശ്ലോകം ‘അഖിലഭുവനമുണ്ണീ വെണ്ണയും പാലുമുണ്ണീ’ എന്നുള്ള ശ്രീകൃ‌ഷ്ണവന്ദനയായിട്ടുള്ള പഴയ സങ്കീർത്തനശ്ലോകത്തെ അനുകരിച്ചുണ്ടാക്കിയിട്ടുള്ളതാകുന്നു. കഥകളിയിൽ നളന്റെ വേ‌ഷം കെട്ടാൻ പ്രസിദ്ധനായിരുന്ന ഒരാളാണ് നളനുണ്ണി.
3.^ എൻപത്തൊന്നു - വ്യാജം; പതിനേഴ് - സത്യം; അമ്പത്തൊന്നു - കൃ‌ഷ്ണ; മുപ്പത്തിമൂന്നു – ലീല; എഴുന്നൂറ്റഞ്ചു – മനസ്സ്; അമ്പത്തൊന്നു - കാമം; അറുപത്തഞ്ചു - മോക്ഷം.

ഐതിഹ്യമാല/രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം

ഐതിഹ്യമാല/രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം

രണ്ടു മഹാരാജാക്കന്മാരുടെ സ്വഭാവവ്യത്യാസം

തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽനിന്നു മിത്രാനന്ദപുരം ക്ഷേത്രത്തിലേക്കുള്ള വഴിയുടെ രണ്ടു വശങ്ങളിലും മുൻ കാലങ്ങളിൽ നമ്പൂതിരിമാരുടെ മഠങ്ങൾ ഉണ്ടായിരുന്നു. ആ മഠങ്ങളിൽ ഓണന്തുരുത്ത്, കുമാരനല്ലൂർ, കിടങ്ങൂർ, കാടമുറി മുതലായ ഗ്രാമങ്ങളിൽ നിന്നു തിരുവനന്തപുരത്തു മണ്ഡപത്തിൽ ജപം, ഈശ്വരസേവ, പള്ളിത്തേവാരം മുതലായവ നടത്തുന്നതിനായി ചെന്നു താമസിക്കുന്ന നമ്പൂതിരിമാരാണ് പാർത്തുവന്നിരുന്നത്. അവർ രണ്ടു വശത്തുള്ള മഠങ്ങളിൽ ഇരുന്നു വെറ്റില മുറുക്കിയാൽ വഴിയിലേക്കാണു തുപ്പുക പതിവ്. അതുകൊണ്ട് മിത്രാനന്ദപുരം ക്ഷേത്രത്തിൽ ദർശനത്തിനായും മറ്റും പോകുന്നവർക്ക് അതിലെ ശുദ്ധമായിട്ട് നടക്കാൻ പ്രയാസമായിത്തീർന്നു. ആ പ്രയാസം കോവിലെഴുന്നള്ളത്തു സമയത്തു മഹാരാജാക്കന്മാർക്കു ഉണ്ടാകാതെയിരുന്നില്ല. എങ്കിലും നമ്പൂരിമാരെക്കുറിച്ചുള്ള ഭക്ത്യാദരബഹുമാനങ്ങൾ നിമിത്തം ആരുമൊന്നും പറയാറുമില്ല.
1036-ആമാണ്ട് നാടുനീങ്ങിയ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇളംകൂറായിരിക്കുന്ന കാലത്തു ഒരു ദിവസം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെഴുന്നള്ളി ദർശനം കഴിച്ചതിന്റെ ശേ‌ഷം മിത്രാനന്ദപുരത്തേക്കായി എഴുന്നള്ളി. മേൽപറഞ്ഞ വഴിയുടെ സമീപത്തായപ്പോൾ വഴിയെല്ലാം തുപ്പൽ നിറഞ്ഞിരുന്നതിനാൽ അതിലെ പോകാൻ നിവൃത്തിയില്ലാതെ അവിടെ എഴുന്നള്ളി നിന്നുകൊണ്ട് അടിച്ചുതളിക്കാരെ വരുത്തി ആ വഴിയെല്ലാം വെടിപ്പാക്കി അടിച്ചു തളിപ്പിക്കുകയും മേലാലിവിടെ ആരും തുപ്പാതിരിക്കുന്നതിനുവേണ്ടി ആ വഴിയുടെ ഇരുപാർശ്വങ്ങളിലും തുളസി നടുവിക്കുകയും തുളസിക്ക് ദിവസം തോറും വെള്ളമൊഴിച്ചും മറ്റും അതിനെ രക്ഷിക്കുന്നതിനു പ്രത്യേകമൊരു ശമ്പളക്കാരനെ കല്പിച്ചു നിയമിക്കുകയും ചെയ്തിട്ട് കോവിലെഴുന്നള്ളത്തു കഴിഞ്ഞു കൊട്ടാരത്തിലേക്കു എഴുന്നള്ളുകയും ചെയ്തു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അന്നു നാടുവാണിരുന്ന (1022-ആമാണ്ട് നാടു നീങ്ങിയ) സ്വാതിതിരുനാൾ രാമവർമ്മമഹാരാജാവ് തിരുമനസ്സിലെ കോവിലെഴുന്നള്ളത്തായി. അവിടുന്ന് പത്മനാഭക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മിത്രാനന്ദപുരം ക്ഷേത്രത്തിൽ ദർശനത്തിനായി എഴുന്നള്ളി മേൽപറഞ്ഞ വഴിയുടെ അടുക്കലായപ്പോൾ അവിടെ നിറച്ചു തുളസി നട്ടിരിക്കുന്നതായും അതിന്മേലെല്ലാം തുപ്പിയിരിക്കുന്നതായും കണ്ടിട്ട് 'ഇവിടെയൊക്കെ തുളസി നട്ടതാരാണു'? എന്നു കല്പിച്ചു ചോദിക്കുകയും ഇവിടെയാരും തുപ്പാതിരിക്കാനായിട്ട് ഇളയ തമ്പുരാൻ തിരുമനസ്സുകൊണ്ട് കല്പിച്ച് നടീച്ചതാണ് എന്നു എഴുന്നള്ളത്തോടുകൂടെ ഉണ്ടായിരുന്നവർ അറിയിക്കുകയും ചെയ്തു. അതു കേട്ടിട്ടു മഹാരാജാവ് തിരുമനസ്സുകൊണ്ട് അപ്പനു (തിരുവതാംകൂർ മഹാരാജകുടുംബത്തിൽ പ്രായം കൂടിയവർ പ്രായം കുറഞ്ഞവരെ വാത്സല്യസൂചകമായി 'അപ്പൻ' എന്നാണു പറയുക പതിവ്). ഇത്ര ശുദ്ധഗതിയുണ്ടല്ലോ. ഇക്കാലത്തുള്ളവരോട് ഈ വിദ്യയൊന്നും പറ്റുകയില്ല. ഇതു കലിയുഗമാണു ഇപ്പൊഴുള്ള ബ്രാഹ്മണർക്ക് തുളസിയിന്മേൽ തുപ്പരുതെന്നും മറ്റുമുള്ള വിചാരം ചുരുക്കമാണ്. ഇതാ, ഇതിന്മേലൊക്കെ നിറച്ചു തുപ്പിയിരിക്കുന്നതു കണ്ടില്ലേ? ആട്ടെ ഇതിനു ഞാൻഒരു കശൗലം പ്രയോഗിച്ചു നോക്കാം' എന്നും കല്പിച്ചിട്ട് ആ തുളസിയെല്ലാം അവിടുന്ന് പറിപ്പിച്ചു മാറ്റിക്കുകയും ഒരു കൈയാമം വരുത്തി അവിടെ കല്പിച്ചു സ്ഥാപിപ്പിക്കുകയും ചെയ്തു. അന്നു മുതൽ ആരെങ്കിലും ഈ വഴിയിലേക്ക് തുപ്പിയാൽ അവരെ പിടിച്ചു ഈ ആമത്തിലിട്ടേക്കണം എന്നു കല്പിച്ചിട്ട് ചട്ടം കെട്ടി അവിടെയൊരു ശിപായിയെ നിയമിക്കുകയും ചെയ്തു. അന്നു മുതൽ ആ വഴിയിലേക്ക് ആരും തുപ്പാതെയുമായി. ജ്യേഷ്ഠാനുജന്മാരായിരുന്ന ആ മഹാരാജാക്കന്മാരുടെ സ്വഭാവ വ്യത്യാസം ഇതിൽ നിന്നു ഗ്രഹിക്കാമല്ലോ.

ഐതിഹ്യമാല/പാഴൂർ പെരുംതൃക്കോവിൽ 1

ഐതിഹ്യമാല/പാഴൂർ പെരുംതൃക്കോവിൽ 1

പാഴൂർ പെരുംതൃക്കോവിൽ 1

രിക്കൽ ഒരു നമ്പൂതിരി വിവാഹം കഴിക്കണമെന്നു നിശ്ചയിച്ചു ജാതകം നോക്കിക്കാനായി ചില സ്ത്രീജാതകങ്ങളും, തന്റെ ജാതകവും കൊണ്ട് പാഴൂർ കണിയാരുടെ അടുക്കൽ ചെന്നു.കണിയാർ ജാതകങ്ങളെല്ലാം വാങ്ങി ആകപ്പാടെ ഒന്നുനോക്കീട്ടു തമ്പുരാനിപ്പോൾ വിവാഹത്തിനായി ഉത്സാഹിക്കണമെന്നില്ല, അവിടേക്ക് ഇപ്പോൾ വലിയ ഗ്രഹപ്പിഴക്കാലമാണ്. ഒരു കൊല്ലത്തിനകം അവിടുന്നു തീപ്പെട്ടുപോകുമെന്നാണ് ജാതകം കൊണ്ടു കാണുന്നത്. അതിനാൽ ജാതകം നോക്കണമെങ്കിൽ ഒരു കൊല്ലം കഴിഞ്ഞിട്ടുമതി. ഈ ഗ്രഹപ്പിഴ നീങ്ങികിട്ടണമെങ്കിൽ അതിനു തക്കവണ്ണമുള്ള പുണ്യകർമ്മമെന്തെങ്കിലും ചെയ്യണം. അതത്ര എളുപ്പമല്ലല്ലോ എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ നമ്പൂരിക്കു സാമാന്യത്തിലധികം വ്യസനമുണ്ടായിയെന്നുള്ളതു പറയേണ്ടതില്ലല്ലോ. അദ്ദേഹം ഇതിനു മറുപടിയായി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി. അപ്പോഴേക്കും നേരം സന്ധ്യയായി തുടങ്ങിയതിനാൽ പുഴയിൽ ഇറങ്ങി കുളിച്ചു ഒരു നമ്പൂരി ഇല്ലത്തു പോയി അത്താഴവും കഴിച്ചു അവിടെ കിടന്നു. തന്റെ മരണത്തെക്കുറിച്ചുള്ള വിചാരംനിമിത്തം നമ്പൂരിക്കു രാത്രിയിൽ കിടന്നിട്ടു ഉറക്കം വന്നില്ല. അദ്ദേഹം അവിടെ കിടന്നുകൊണ്ട് ഈ ഗ്രഹപ്പിഴനീങ്ങാൻ എന്താണു ചെയ്യേണ്ടതെന്നു വിചാരിച്ചു തുടങ്ങി. അദ്ദേഹം വിചാരിച്ചു വിചാരിച്ച് ഒടുക്കം ഒരു ക്ഷേത്രം പണിയിച്ചു ശിവപ്രതിഷ്ഠ കഴിപ്പിച്ച് അവിടെ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കു വേണ്ടുന്ന മുതൽ കൊടുത്തേക്കാമെന്നു നിശ്ചയിക്കുകയും അതിനുള്ള മുതൽ തന്റെ മനസ്സങ്കല്പ്പം കൊണ്ട് നീക്കിവയ്ക്കുകയും ചെയ്തു.
പിറ്റേദിവസം രാവിലെ അദ്ദേഹം വീണ്ടും കണിയാരുടെ അടുക്കൽ ചെന്നു തന്റെ ആയുസ്സിനെക്കുറിച്ചു ഒന്നു കൂടി ചിന്തിച്ചു പറയണമെന്നു പറഞ്ഞു. കണിയാർ വീണ്ടും നോക്കിയപ്പോൾ അദ്ദേഹത്തിനു ദീർഘായുര്യോഗം കാണുകയാൽ, തമ്പുരാനെന്തോ വലുതായ പുണ്യകർമം ചെയ്തിരിക്കുന്നതായി കാണുന്നുണ്ട്, ഇനി ഭയപ്പെടാനൊന്നുമില്ല. അവിടേക്ക് ദീർഘായുര്യോഗം സിദ്ധിച്ചിരിക്കുന്നു. ഇനി ഉടനെ വിവാഹം നടത്താം എന്നു പറയുകയും, ജാതകം നോക്കി കൊടുക്കുകയും ചെയ്തു. എങ്കിലും താൻ നിശ്ചയിച്ച പുണ്യകർമം സാധിച്ചതിനു ശേ‌ഷമല്ലാതെ വിവാഹം കഴിയ്ക്കുന്നില്ലന്നു നമ്പൂരി തീർച്ചയാക്കി. അക്കാലത്തു പാഴൂർ തന്നെ തച്ചുശാസ്ത്രനിപുണനും യോഗ്യനുമായ ഒരു തച്ചൻ (ആശാരി) ഉണ്ടായിരുന്നു. നമ്പൂരി അവന്റെ അടുക്കൽ ചെന്നു വൈക്കത്തു പെരുംതൃക്കോവിൽപോലെ ഒരു ക്ഷേത്രം പണി കഴിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും, അതിലേക്കു ഒരു കണക്കു ഉണ്ടാക്കുകയും സ്ഥാനം നിശ്ചയിക്കുകയും പണി നടത്തിച്ചു തരികയും ചെയ്യണമെന്നു പറഞ്ഞു. തച്ചൻ അപ്രകാരം ചെയ്യാമെന്നു സമ്മതിക്കുകയും,വൈക്കത്തു പെരുംതൃക്കോവിൽക്ഷേത്രത്തിന്റെ ആകൃതിയൊപ്പിച്ചു കണക്കുണ്ടാക്കുകയും, ക്ഷേത്രം പണിയുന്നതിനു പൂർവ്വവാഹിനിയായ (കിഴക്കോട്ടു ഒഴുകുന്ന) പാഴൂർ പുഴയുടെ വക്കത്തു ഒരു സ്ഥാനം കാണുകയും, അവിടെ ആ കണക്ക് ഒപ്പിച്ചു ഒരമ്പലം പണി തീർക്കുകയുംചെയ്തു. നമ്പൂരി അവിടെ ശിവപ്രതിഷ്ഠ, കലശം, മുതലായവ നടത്തുകയും, ഒരു മഹാക്ഷേത്രത്തിൽ വേണ്ടുന്ന അഞ്ചു പൂജ, മൂന്നുശീവേലി, നവകം, പഞ്ചഗവ്യം മുതലായവ, പ്രതിദിനം നടത്തുന്നതിനും,മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയ്ക്കു വേണ്ടുന്ന വസ്തുവകകൾ ആ ദേവന്റെ വകയ്ക്കായി കൊടുക്കുകയും ചെയ്തു. ഇപ്രകാരമാണ് പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രമുണ്ടായത്. ആ ക്ഷേത്രം വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ ആകൃതിയിൽ തന്നെയാണ് ഇപ്പോഴും കാണപ്പെടുന്നത്. ഇനി ഈ ക്ഷേത്രം സംബന്ധിച്ചുള്ള ചില വിശേ‌ഷങ്ങൾ പറയാനുണ്ട്. അവ താഴെ കുറിയ്ക്കുന്നു.
പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം പണി നടത്തിയ തച്ചപ്പണിക്കൻ നല്ല കണക്കനായിരുന്നുവെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ.അതിനാലവനെ ക്ഷേത്രങ്ങൾക്കു കണക്കു നിശ്ചയിക്കുന്നതിനും സ്ഥാനം കാണുന്നതിനും മറ്റുമായി പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കൊണ്ടുപോവുക പതിവായിരുന്നു. ക്ഷേത്രം പണി തുടങ്ങിയാൽ അതു മുഴുവനായി കലശം കഴിയുന്നതുവരെ പ്രധാന തച്ചൻ പൂണൂൽ ധരിക്കണമെന്നും ക്ഷൗരം ചെയ്യിക്കാൻ പാടില്ലെന്നും ഒരേർപ്പാടുണ്ടല്ലോ.അതിനാൽ ഈ തച്ചപ്പണിക്കൻ എന്നും പൂണൂൽ ധരിച്ചുകൊണ്ടും, ക്ഷൗരം ചെയ്യിക്കാതെയുമാണ് ഇരുന്നിരുന്നത്. ക്ഷേത്രം പണിക്കു പ്രാധാന്യം വഹിച്ചു കൊണ്ടിരിക്കാനല്ലാതെ അവനു സമയം കിട്ടിയിരുന്നില്ല. അവന്റെ ചുമതലയിൽ ഒരു സ്ഥലത്തു ഒരമ്പലം പണി തുടങ്ങിയാൽ അതു മുഴുവൻ ആകുന്നതിനു മുൻപു വേറെ നാലു ദിക്കിൽ തുടങ്ങും. അതിനാലവൻ എന്നും താടിയും തലയും വളർത്തി കൊണ്ടും പൂണൂൽ ധരിച്ചു കൊണ്ടുമിരുന്നു. അവന്റെ ദേഹം വെളുത്തു ചുവന്നും തടിച്ചുരുണ്ടും സ്വല്പം കുടവയറോടു കൂടിയതുമായിരുന്നു. കാഴ്ചയിൽ അവൻ നല്ല ശ്രീമാനും, തേജസ്വിയും ആകപ്പാടെ യോഗ്യനുമായിരുനു. ഇതെല്ലാം കൊണ്ടും ഇവനെകണ്ടിട്ടു പരിചയമില്ലാത്തവർ ഒരാഢ്യൻ നമ്പൂരിയാണെന്നു തെറ്റിദ്ധരിക്കുക സാധാരണവുമായിരുന്നു.
ഈ തച്ചപ്പണിക്കനെ ഒരിക്കൽ ഒരു അമ്പലത്തിനു സ്ഥാനം നോക്കി നിശ്ചയിക്കാനായി കായംകുളത്തു രാജാവിന്റെ കല്പന പ്രകാരം ആളുകൾ വന്നു ഒരു തോണിയിൽ കയറ്റി കൊണ്ടുപോയി. ആ തോണി വേമ്പനാട്ടു കായലിലായപ്പോൾ തെക്കു നിന്നു വടക്കോട്ട് ഒരുബോട്ടു വരുന്നതു കണ്ടു. ആ ബോട്ടിൽ പൂരാടംപിറന്ന ശക്തനായ ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവായിരുന്നു. ബോട്ടും തോണിയും തമ്മിൽ ഒട്ടടുത്തപ്പോൾ തന്നെ രാജാവ് തച്ചപ്പണിക്കനെ കാണൂകയും വിശിഷ്ടനായ ഒരു ബ്രാഹ്മണശ്രേഷ്ഠനാണന്നു തീർച്ചപ്പെടുത്തി ബോട്ടിനകത്തു എണീറ്റു നില്ക്കുകയും ചെയ്തു. രാജാവിനെ കണ്ടു തച്ചനും തോണീയിൽ എണീറ്റു നിന്നു. ബോട്ടും തോണിയുമായി നല്ലപോലെ അടുത്തപ്പോൾ രാജാവ് തച്ചനോട് 'ആരാണ്' എന്നു ചോദിച്ചു. വിക്കി വിക്കി ‘ആ ആ ആരാണ്’ എന്നാണു ചോദിച്ചത്. തച്ചപ്പണിക്കനും വിക്കിയിരുന്നതിനാൽ ‘അ അ അടിയൻ ത ത ത തച്ചനാണു’ എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഇവൻ തന്നെക്കാൾ ആഭിജാത്യമുള്ള ആഡ്യന്മാരിലാരെങ്കിലുമായിരിക്കുമെന്നു വിചാരിച്ചു ബ്രാഹ്മണനായ താൻ സബഹുമാനം എണീറ്റു നിന്നുപോയതിലുള്ള കുണ്ഠിതവും, തച്ചനും വിക്കി വിക്കി പറഞ്ഞതു തന്നെ പരിഹസിച്ചാണെന്നു വിചാരിച്ചുണ്ടായ കോപവും രാജാവിനു സഹിക്കവയ്യാതെയായി. ഉടനെ അദ്ദേഹമൊരു വാളുമായി ആ തോണിയിൽ ചാടി കയറുകയും തച്ചന്റെ കഴുത്തു വെട്ടിമുറിച്ചു കായലിൽ ഇടുകയും ചെയ്തിട്ട് പോകേണ്ടിയിരുന്ന ദിക്കിലേക്കു പോവുകയും ചെയ്തു.
ആ ദിവസം പാഴൂർ പെരുംതൃക്കോവിലിൽ ഉച്ചശീവേലിക്കെഴുന്നള്ളിച്ച് ആദ്യത്തെ പ്രദിക്ഷിണം കിഴക്കെ നടയിൽ ആയപ്പോൾ ‚മതി, അകത്തെഴുന്നള്ളിച്ചു നട പൂട്ടട്ടെ. എന്റെ തച്ചൻ മരിച്ചിരിക്കുന്നു; എനിക്കു അതുകൊണ്ടുള്ള വ്യസനം സഹിക്കവയ്യാതെയുമായിരിക്കുന്നു‛ എന്നൊരശരീരിവാക്കു കേൾക്കപ്പെട്ടു. ഇതു പാഴൂർ തൃക്കോവിൽ ഭഗവാന്റെ അരുളപ്പാടാണന്നു വിശ്വസിച്ചു ഉടനെ അകത്തെഴുന്നള്ളിക്കുകയും നട പൂട്ടുകയും ചെയ്തു. ഇപ്പോഴും അവിടെ ഉച്ച ശീവേലിക്കു ഒരു പ്രദിക്ഷിണമേ പതിവുള്ളു.
പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ പതിവായി നിവേദ്യം വകയ്ക്കും മറ്റുമുള്ള അരിയളന്നു കൊടുക്കുക മുതലായ പ്രവൃത്തികൾ നടത്തുന്നതിനു ഒരു മൂത്തതുണ്ടായിരുന്നു. അദ്ദേഹത്തിനു ക്ഷേത്രത്തിൽ നിന്നും പല അനുഭവങ്ങളും ആദായങ്ങളും നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം വലിയ ചതുരംഗപ്പോരുകാരനായിരുന്നു. ചതുരംഗം വച്ചു അദ്ദേഹം പലരെയും തോൽപ്പിക്കുകയും ആരോടും തോൽക്കാതിരിക്കുകയും ചെയ്തതിനാൽ ചതുരംഗത്തിൽ തന്നെ തോൽപ്പിക്കുന്നതിനു ഭൂലോകത്തി ലാരുമില്ലെന്ന ഒരഹന്ത അദ്ദേഹത്തിനു കലശലായിതീർന്നു.
അങ്ങിനെയിരിക്കുന്ന കാലത്ത് ആ ദേശക്കാരനും ‘കുറൂർ’ എന്ന ഇല്ലപ്പേരുമായ ഒരു നമ്പൂരിയും ഈ മൂത്തതും കൂടി ഒരു ദിവസം ചതുരംഗം വയ്ക്കുകയും, നമ്പൂരി മൂത്തതിനെ തോൽപ്പിക്കുകയും ചെയ്തു. അപ്പോൾ മൂത്തത് 'ഒരു വരകൂടി വയ്ക്കുകയാണങ്കിൽ ഞാൻ അങ്ങയെ തോൽപ്പിക്കും എന്നു പറഞ്ഞു. 'തോൽപ്പിച്ചില്ല, മൂത്തതിനെ ഞാൻ തോൽപ്പിക്കുകയാണ് ചെയ്തതെങ്കിലോ' എന്നു നമ്പൂരി ചോദിച്ചു. 'അങ്ങിനെ വരികയാണങ്കിൽ എനിക്കു ഈ ക്ഷേത്രത്തിലുള്ള അവകാശങ്ങൾ മുഴുവനായും ഞാനങ്ങയ്ക്ക് ഒഴിഞ്ഞുതന്നേക്കാം' എന്നു മൂത്തതു പറഞ്ഞു. അപ്രകാരം മൂത്തതിനെക്കൊണ്ടു സത്യം ചെയ്യിപ്പിച്ചതിന്റെ ശേ‌ഷം നമ്പൂതിരി മൂത്തതിനോടുകൂടി വീണ്ടും ചതുരംഗം വയ്ക്കുകയും, മൂത്തതിനെ തോൽപ്പിക്കുകയും ചെയ്തു. മൂത്തതു സത്യപ്രകാരം ക്ഷേത്രത്തിലെ സകല അവകാശങ്ങളും നമ്പൂതിരിക്കു ഒഴിഞ്ഞു കൊടുത്തിട്ട് കുടുംബസഹിതം ആ ദേശത്തു നിന്നും പൊയ്ക്കളഞ്ഞു. അതിനാൽ ഇപ്പോഴും പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിൽ മൂത്തതില്ല. മൂത്തതു നടത്തിവന്നിരുന്ന പ്രവൃത്തികളെല്ലാം ഇപ്പോൾ കുറൂരു നമ്പൂതിരിയുടെ ആൾക്കാരായ ചിലരാണു നടത്തി വരുന്നത്. മൂത്തതിനുണ്ടായ അനുഭവങ്ങളെല്ലാം ദേവസ്വത്തിൽ നിന്നു കുറൂരു നമ്പൂതിരിക്ക് കൊടുത്തുവരുന്നുണ്ട്.
പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രതിരുമുറ്റത്തു വളരെ പഴക്കമുള്ളതായ ഒരു വരിക്കപ്ലാവ് ഇപ്പോഴും നിൽക്കുന്നുണ്ട്. അതുണ്ടായതെന്നാണെന്നു ഓർമ്മയുള്ളവരായി ആരും ആ ദിക്കിലില്ല. വലിയ വയോ വൃദ്ധന്മാരോടു ചോദിച്ചാലും അവർക്കു ഓർമ്മയുള്ള കാലം മുതൽ അതങ്ങനെ അവിടെ നിൽക്കുന്നുണ്ടന്നുപറയും. അതിനെ 'കീഴ് ലോകത്തു വരിക്ക' എന്നാണു എല്ലാവരും പറഞ്ഞു വരുന്നത്. ആ പ്ലാവിന്റെ ആഗമനത്തെകുറിച്ചുള്ള ഐതിഹ്യം ഏറ്റവും രസകരമാണ്.
ഒരിക്കൽ പാഴൂർ പെരുംതൃക്കോവിലെ കലശക്കുടങ്ങൾ മുക്കാനായി ക്ഷേത്രത്തിൽ പ്രവർത്തിക്കാരിലൊരാൾ പുഴയിൽ കൊണ്ടുപോയി. ആ കൂട്ടത്തിൽ ഒരു സ്വർണ്ണക്കുടം ഉണ്ടായിരുന്നു. അതു ക്ഷേത്രത്തിൽ പതിവായിട്ടുള്ള നവകത്തിനു ബ്രഹ്മക്കുടമായി ഉപയോഗിക്കുന്നതായിരുന്നു. ആ കുടം മുക്കിയപ്പോൾ കയ്യിൽ നിന്നു തെറ്റി വെള്ളത്തിൽ പോവുകയും പുഴയിൽ താണുപോവുകയും ചെയ്തു. ഉടനെ ആ കഴകക്കാരൻ 'അയ്യോ! പൊങ്കുടം പോയല്ലോ' എന്നു പറഞ്ഞു ആറ്റിൽ ചാടിമുങ്ങി. കുടം താണുപോകുന്നതു അയാൾക്കു കാണാമായിരുന്നു. എങ്കിലും പിടിക്കാൻ പറ്റിയില്ല. അതിനാൽ അയാളും കുടത്തിന്റെ പിന്നാലെ പോയി. അങ്ങിനെ വളരെ താഴെ ചെന്നപ്പോൾ വെള്ളമവസാനിക്കുകയും അവിടമൊരു കരപ്രദേശമായി കാണപ്പെടുകയും ചെയ്തു. അവിടെ കുറെ ആളുകൾ കൂടി ചക്കപ്പഴം തിന്നു കൊണ്ടിരിക്കുകയായിരുന്നു. അവർ ഈ മനു‌ഷ്യനെ കണ്ടപ്പോൾ ഒരു തുണ്ടം ചക്കപ്പഴം അയാൾക്കു തിന്നാനായി കൊടുക്കുകയും അതിലുള്ള കുരുവെല്ലാം തിരികെ ഏൽപ്പിക്കണമെന്നു പറയുകയും ചെയ്തു. അയാൾ ആ ചക്കപ്പഴം തിന്നു നോക്കി. അതിന്റെ മാധുര്യം അസാധാരണമായി അയാൾക്കു തോന്നി. അത്ര വിശേ‌ഷപ്പെട്ട ചക്കപ്പഴം അയാൾ അതിനു മുൻപ് ഒരിക്കലും തിന്നിട്ടില്ലായിരുന്നു. എന്തായാലും ഇതിന്റെ ഒരു കുരു തട്ടിയെടുത്തു നമ്മുടെ ദിക്കിൽ കൊണ്ടുപോകണം’ എന്നു അയാൾ നിശ്ചയിക്കയും, അവിടെയുള്ളവരറിയാതെ ഒരു കുരു മുണ്ടിനടിയിൽ ഒളിച്ചുവയ്ക്കുകയും ചെയ്തു. പിന്നെ ആ മനു‌ഷ്യൻ പൊങ്കുടവുമെടുത്ത് അവിടെ ഉണ്ടായിരുന്നവരോട് യാത്രയും പറഞ്ഞു തിരിച്ചു പോരുകയും പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ കടവിൽ തന്നെ വന്നു കയറുകയും ചെയ്തു. അയാൾ മോഷ്ടിച്ചു കൊണ്ടു പോന്ന ചക്കക്കുരു കുഴിച്ചിട്ടു മുളപ്പിച്ചുണ്ടാക്കിയ പ്ലാവിനെയാണു ഇപ്പോൾ 'കീഴ്ലോകത്തു വരിക്ക' എന്നു പറഞ്ഞുപോരുന്നത്. ഇങ്ങനെ അനേകം വിശേ‌ഷങ്ങളോടു കൂടിയതാണു പാഴൂർ പെരുംതൃക്കോവിൽ എന്നു പറഞ്ഞു കൊണ്ട് ഈ ഉപന്യാസത്തെ അവസാനിപ്പിച്ചുകൊള്ളുന്നു.

ഐതിഹ്യമാല/ഒരന്തർജ്ജനത്തിന്റെ യുക്തി

ഐതിഹ്യമാല/ഒരന്തർജ്ജനത്തിന്റെ യുക്തി

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ഒരന്തർജ്ജനത്തിന്റെ യുക്തി

സ്ത്രീകൾ വിവേകശൂന്യകളും ദുർമാർഗ്ഗചാരിണികളും ഭർതൃശുശ്രൂ‌ഷാവിമുഖികളും ആയിപ്പോകുന്നത് അവരുടെ ഭർത്താക്കന്മാരുടെ കൊള്ളരുതായ്കകൊണ്ടാണെന്നാണല്ലോ മഹാന്മാരുടെ അഭിപ്രായം. 'യോ‌ഷാദോ‌ഷം മൃ‌ഷാ യഃ കഥയതി വിദു‌ഷേ ഹന്ത! തസ്മൈ നമസ്തേ' എന്നൊരു മഹദ്വചനമുണ്ടായിട്ടുള്ളതും ഈ അഭിപ്രായത്തിൽ നിന്നാണല്ലോ. എന്നാൽ, പുരു‌ഷന്മാർ ദുർമാർഗ്ഗചാരികളായിധൂർത്തടിച്ചു നടക്കുന്നത് അവരുടെ ഭാര്യമാരായ സ്ത്രീകളുടെ കൊള്ളരുതായ്ക കൊണ്ടാണെന്നും നിസ്സംശയം പറയാവുന്നതാണു. വാസ്തവം വിചാരിച്ചാൽ നല്ല തന്റേടമുള്ള ഒരു പുരു‌ഷനു തന്റെ ഭാര്യയെ ഭർതൃശുശ്രൂ‌ഷാനിരതയും പാതിവ്രത്യനിഷ്ഠയുള്ളവളുമായിരുന്നാൽ എത്രത്തോളം കഴിയുമോ അതിൽ പതിന്മടങ്ങ്, ഒരു സ്ത്രീ നല്ല വൈദഗ്ദ്ധ്യമുള്ളവളാണങ്കിൽ അവളുടെ ഭർത്താവിനെ ഏകപത്നീവ്രതത്തോടുകൂടി സന്മാർഗ്ഗത്തിൽ നടത്താൻ കഴിയുമെന്നുള്ളതിനു സംശയമില്ല. ഇനി സ്ത്രീകൾ ദുർമാർഗ്ഗചാരിണികളും പുരു‌ഷന്മാർ ദുർമാർഗ്ഗചാരികളുമായിത്തീരുന്നതിന്റെ കാരണം വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇതിനു രണ്ടിനും ദൃഷ്ടാന്തം നമ്മുടെ നാട്ടുകാരുടെ ഇടയിൽ തന്നെ ധാരാളമുള്ളതുകൊണ്ട് ഇതിനുവേറേ തെളിവൊന്നും വേണമെന്നും തോന്നുന്നില്ല. എങ്കിലും ഇതിനു ദൃഷ്ടാന്തമായി കേട്ടിട്ടുള്ള ഒരൈതിഹ്യം ഇവിടെ പറഞ്ഞുകൊള്ളുന്നു.
പണ്ട് ഇടപ്പള്ളിയിലെ ഒരു വലിയ തമ്പുരാൻ അവിടുത്തെ ദേശവഴികളിൽ ഒന്നായ 'കല്ലൂപ്പാറ' എന്ന ദിക്കിൽ പോയി താമസിച്ചിരുന്നു. വിവാഹം ചെയ്തിട്ടുണ്ടായിരുന്നു എങ്കിലും കല്ലൂപ്പാറ ഒരു ബാന്ധവമുണ്ടായിരുന്നതിനാൽ അവിടുന്നു ഇടപ്പള്ളിൽപോയി താമസിക്കുക പതിവില്ല. വിവാഹസംബന്ധങ്ങളായ ക്രിയകളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം അവിടുന്നു അന്തർജനത്തെതൊട്ടിട്ടില്ലെന്നല്ല, കാണുകപോലും ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.
ഇങ്ങിനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അവിടുത്തെ ബാന്ധവജനങ്ങൾക്കെല്ലാം വളരെ വ്യസനമായിത്തീർന്നു. 'വിവാഹം കഴിച്ചിട്ടു പത്തു പന്ത്രണ്ടു കൊല്ലമായി. ഇതുവരെ സന്തതിയുണ്ടായിട്ടില്ല. രാജത്വം കൂടിയുള്ള ഒരു വലിയ ബ്രാഹ്മണകുടുംബം സന്തതിയില്ലാതെ നശിച്ചുപോകുന്നതു ക ഷ്ടമാണല്ലോ. സന്താനാർഥം വല്ല സൽകർമ്മങ്ങളും തുടങ്ങണം അല്ലെങ്കിൽ അവിടുത്തെക്കൊണ്ട് ഒന്നുകൂടി വിവാഹം കഴിപ്പിക്കണമെന്നിങ്ങനെ വിചാരിച്ചു ബന്ധുക്കളായ ചില നമ്പൂതിരിമാർ കല്ലൂപ്പാറയെത്തി വലിയതമ്പുരാനെക്കണ്ടു തങ്ങൾ ചെന്ന കാര്യം അറിയിച്ചു. ആദ്യം അവിടുന്നു ഇവർ പറഞ്ഞതൊന്നും അത്ര ആദരിച്ചില്ല. എങ്കിലും നമ്പൂതിരിമാർ വീണ്ടും നിർബന്ധിക്കുകയാൽ ഒന്നു കൂടി വേളി കഴിക്കാമെന്നു അവിടുന്ന് സമ്മതിച്ചു. ആദ്യത്തെ അന്തർജനം വന്ധ്യയായതിനാലാണ് സന്തതിയുണ്ടാകാത്തതെന്നായിരുന്നു നമ്പൂരിമാരുടെ വിചാരം. അതിനാലാണ് അവർ രണ്ടാം വിവാഹത്തിനു അത്ര നിർബന്ധിച്ചത്. ഒടുക്കം വലിയ തമ്പുരാൻ 'നാമിനി രണ്ടാമതും വിവാഹം ചെയ്യണമെങ്കിൽ ആദ്യത്തെ അന്തർജനത്തിന്റെ സമ്മതംവേണമല്ലോ. അതെങ്ങിനെയാണ്? എനിയ്ക്കു അവരോട് ചോദിക്കാൻ കഴിയുകയില്ല എന്നു പറഞ്ഞു.
അപ്പോൾ നമ്പൂതിരിമാർ 'അകായിലെ സമ്മതം ഞങ്ങൾ വാങ്ങിക്കൊള്ളാം. അതിനൊന്നും പ്രയാസമില്ല.' എന്നു പറഞ്ഞു. ‚എന്നാൽ നമ്മുടെ കാര്യസ്ഥനെ കൂടി അയയ്ക്കാം. അകായിൽ നിന്നു അനുവദിക്കുന്ന പക്ഷം ആ വിവരം കാര്യസ്ഥനോടു പറഞ്ഞയച്ചാൽ ഉടനെ നാം അങ്ങോട്ടുവരാം‛ എന്നു വലിയതമ്പുരാനും പറഞ്ഞു. അങ്ങിനെ സമ്മതിച്ചു നമ്പൂതിരിമാരും കാര്യസ്ഥനും കൂടി പുറപ്പെട്ട് ഇടപ്പള്ളിയിൽ എത്തി. ഒരു ദാസി മുഖാന്തിരം വിവരം അകായിലെ ധരിപ്പിക്കുകയും അനുവാദം ചോദിക്കുകയും ചെയ്തു. അപ്പോൾ ആ അന്തർജനം 'ഇവിടെ സന്തതിയുണ്ടാകേണ്ടതു അത്യാവശ്യമാണു. അതു എനിക്കു വളരെ ആഗ്രഹമുള്ള കാര്യമാണ്. അതിനാൽ അവിടുന്നു രണ്ടാമതും വിവാഹം കഴിക്കുന്നതിനു എനിക്കു പൂർണ്ണസമ്മതമാണ്. എന്നാൽ ഒരു കാര്യം കൂടി എനിക്കു ആഗ്രഹമുണ്ട്. ഇനി വേളികഴിക്കുന്നെങ്കിലും നല്ലതുപോലെ ജാതകം നോക്കി വേണം. ഒന്നിങ്ങനെ വന്നു, ഇനി വരരുതല്ലോ. എന്റെ ജാതകംപോലുള്ളവരെ വിവാഹം ചെയ്തതുകൊണ്ടു പ്രയോജനമില്ല. അവിടുന്ന് കല്ലൂപ്പാറ താമസിച്ചാൽ ഇവിടെ സന്തതിയുണ്ടാകണം. അങ്ങിനെയുള്ള ജാതകമുണ്ടങ്കിൽ അതു നോക്കി വേണം ഇനി വിവാഹം കഴിക്കാൻ' എന്നു പറഞ്ഞു. ഇതു കേട്ടപ്പോഴാണു സംഗതി എല്ലാവർക്കും മനസ്സിലായത്. കാര്യസ്ഥൻ ഉടനെപോയി കല്ലൂപ്പാറയിൽ ചെന്നു അകായിൽ പറഞ്ഞതുപോലെ വലിയ തമ്പുരാന്റെ അടുക്കൽ അറിയിച്ചു. ഇതു കേട്ടപ്പോൾ തമ്പുരാന്റെ മനസ്സിൽ ലജ്ജയോ, അത്ഭുതമോ, മനസ്താപമോ എന്തെല്ലാമാണുണ്ടായതെന്നു അവിടേക്കു തന്നെ അറിയാം. എതെങ്കിലും ഈ അന്തർജനത്തിന്റെ യുക്തി കേട്ടിട്ടു മാത്ര പോലും താമസിയാതെ വലിയതമ്പുരാൻ ബോട്ടുകയറി ഇടപ്പള്ളിയിലെത്തി താമസമായി. ആ അന്തർജനത്തിന്റെ ബുദ്ധിഗുണവും ഭർത്തൃശുശ്രൂ‌ഷാസാമർഥ്യവും മറ്റും കൊണ്ടു മനസ്സുലയിച്ചു പോകയാൽ പിന്നെ രണ്ടാം വിവാഹത്തിന്റെ പ്രസംഗംപോലുമുണ്ടായില്ല. കല്ലൂപ്പാറയ്ക്കു പോകണമെന്ന ആഗ്രഹവും നിലച്ചു. മുറയ്ക്കു ഗൃഹസ്ഥാശ്രമം അനുഷ്ഠിച്ചുകൊണ്ട് ഇടപ്പള്ളിയിൽ താമസവുമായി. അങ്ങിനെ ഒരു കൊല്ലം കഴിയുന്നതിനു മുൻപു അവിടേയ്ക്കു ഒരു പുത്രസന്താനം ഉണ്ടാവുകയും ചെയ്തു. പിന്നെ അവിടുന്നു അജീവനാന്തം ആ നിലയിൽ തന്നെ താമസിച്ചിരുന്നു എന്നും ആ അന്തർജനത്തിൽ നിന്നും അനേകം സന്താനങ്ങൾ അവിടേക്ക് ഉണ്ടായി എന്നും കേട്ടിരിക്കുന്നു. ആ അന്തർജനത്തെപ്പോലെ യുക്തിയുക്തമായി സംഭാ‌ഷണം ചെയ്തും ഭക്തിപൂർവം ഭർത്തൃശുശ്രൂ‌ഷചെയ്തും പാതിവ്രത്യനിഷ്ഠയോടുകൂടിയിരുന്നു നമ്മുടെ കേരളീയസ്ത്രീകളെല്ലാവരും തങ്ങളുടെ ഭർത്താക്കന്മാരെ ദുർമാർഗ്ഗത്തിൽ വിടാതെ തങ്ങളിൽ ആസക്തചിത്തന്മാരാക്കിത്തീർത്ത് ഭർത്തൃസുഖത്തോടും സൽസന്താനലാഭത്തോടും കൂടി സുഖമാകുംവണ്ണം വസിക്കട്ടെ.

ഐതിഹ്യമാല/കൈപ്പുഴ രാജ്ഞിയും പുളിംകുന്നുദേശവും

ഐതിഹ്യമാല/കൈപ്പുഴ രാജ്ഞിയും പുളിംകുന്നുദേശവും

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കൈപ്പുഴ രാജ്ഞിയും പുളിംങ്കുന്നുദേശവും

ടക്കുംകൂർ രാജവംശത്തിലെ ഒരു ശാഖക്കാർ ഒരു കാലത്തു ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കൈപ്പുഴ എന്ന സ്ഥലത്തു താമസിച്ചിരുന്നു. അവരെ അക്കാലത്തു സാധാരണമായി 'കൈപ്പുഴ തമ്പുരാക്കന്മാർ’ എന്നാണു പറഞ്ഞുവന്നിരുന്നത്. അവിടെ നിന്നു ഒരു തമ്പുരാട്ടിയെ ഒരമ്പലപ്പുഴ(ചെമ്പകശ്ശേരി)ത്തമ്പുരാൻ സംബന്ധം ചെയ്തു കൊണ്ടുപോയിരുന്നു. അമ്പലപ്പുഴ തമ്പുരാക്കന്മാർ ബ്രാഹ്മണരായിരുന്നുവല്ലോ. മലയാള ബ്രാഹ്മണരിൽ മൂത്തയാൾ മാത്രം സ്വജാതിയിൽ വിവാഹം ചെയ്യുകയും മറ്റുള്ളവരെല്ലാം ബ്രാഹ്മണരിൽ താണ ജാതിക്കാരുടെ സ്ത്രീകളെ സംബന്ധം ചെയ്യുകയാണല്ലോ പതിവ്. ഒരു കാലത്തു അമ്പലപ്പുഴെ ജ്യേഷ്ഠാനുജന്മാരായിട്ടു രണ്ടു തമ്പുരാക്കന്മാരുണ്ടായിരുന്നു. അവരിൽ രണ്ടാമനാണു കൈപ്പുഴ രാജ്ഞിയെ സംബന്ധം ചെയ്തു കൊണ്ടുപോയത്. എങ്കിലും കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു മൂപ്പും രാജ്യാധിപത്യവും വർദ്ധിച്ചു. അക്കാലത്തു ആ തമ്പുരാൻ സ്വരാജ്യത്തിൽ 'പുളിങ്കുന്നു' എന്ന ദേശം തന്റെ പ്രിയതമയായ രാജ്ഞിക്കു ഇഷ്ടദാനമായി കൊടുത്തു. അവിടെ ഒരു ഭവനമുണ്ടാക്കി കൊടുത്ത് ആ രാജ്ഞിയേയും സന്താനങ്ങളേയും പാർപ്പിച്ചു. ആ തമ്പുരാന്റെ കാലം കഴിഞ്ഞിട്ടും ആ തമ്പുരാട്ടിയും മക്കളും അവിടെ തന്നെ താമസിച്ചിരുന്നു. ആ ദേശത്തെ നികുതി പിരിക്കാനുള്ള അധികാരം അവിടേയ്ക്കുണ്ടായിരുന്നതു കൂടാതെ അവിടുത്തെ ഭർത്താവായിരുന്ന തമ്പുരാൻ അവിടേയ്ക്കു ധാരാളം പണം കൊടുക്കുകയും ചെയ്തിരുന്നു. അതിനാൽ അവിടെ വേണ്ടതിനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. കുട്ടിപ്പട്ടന്മാർ, ഭൃത്യന്മാർ, പരിചാരികമാർ, കാര്യസ്ഥന്മാർ മുതലായവരും ധാരാളമുണ്ടായിരുന്നു. ശമ്പളം കൊടുക്കാൻ വേണ്ടുന്ന മുതലുണ്ടെന്നു കണ്ടാൽ സേവിക്കാനാളുകൾ ധാരാളമുണ്ടാകുമല്ലോ. അതിനാൽ രാജ്ഞി യഥാപൂർവം വേണ്ടുന്ന പദവികളോടുകൂടിയാണു അവിടെ താമസ്സിച്ചിരുന്നത്.
ഇങ്ങിനെയിരിക്കുന്ന കാലത്താണു തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജാവുമായി യുദ്ധം ആരംഭിച്ചത്. ആ യുദ്ധത്തിൽ അമ്പലപ്പുഴ രാജാവ് പരാജിതനായിത്തീരുമെന്നു ഏകദേശം തീർച്ചയായപ്പോഴേക്കും, തിരുവതാംകൂർ മഹാരാജവിന്റെ സൈന്യം പുളിങ്കുന്നിലേക്കുകൂടിക്കടന്നു. വല്ല ഉപദ്രവവുമുണ്ടാക്കിയേക്കുമോ എന്നു വിചാരിച്ചു രാജ്ഞിയ്ക്കു പരിഭ്രമവും, ഭയവുമുണ്ടായി, 'ഏതായാലും ഇനി ഇവിടുത്തെ താമസം അത്ര ശുഭമായി വരുകയില്ല. കഴിയുന്ന വേഗത്തിൽ കൈപ്പുഴയ്ക്കു പോകണം' എന്നു രാജ്ഞി തീർച്ചപ്പെടുത്തുകയും ആ വിവരം കാര്യസ്ഥന്മാരെ ധരിപ്പിച്ചു വേണ്ടുന്നതെല്ലാം തയ്യാറാക്കുവാൻ ചട്ടം കെട്ടുകയും ചെയ്തു. അക്കാലത്തു പുളിങ്കുന്നിൽ വലിയ ധനവാന്മാരായ നായന്മാർ മുന്നൂറിൽപ്പരം വീട്ടുകാരുണ്ടായിരുന്നു. ഈ നായന്മാരല്ലാതെ സാമാന്യം പോലെ ആ ദിക്കിലാരുമുണ്ടായിരുന്നില്ലന്നു തന്നെ പറയാം. നസ്രാണിമാപ്പിളമാർ നാലോ അഞ്ചോ കുടുംബക്കാരുണ്ടായിരുന്നു വെങ്കിലും അവരെല്ലാം അന്നന്നു കൂലിവേല ചെയ്തു അഹോവൃത്തി കഴിക്കുന്ന അഗതികളായിരുന്നു. രാജ്ഞിക്കു രാജ്യാധിപത്യം കൂടിയുണ്ടായിരുന്നതിനാൽ അവിടെയുള്ള സകലജനങ്ങളും രാജ്ഞിയുടെ ആജ്ഞയിലുൾപ്പെട്ടാണു അവിടെ താമസിച്ചിരുന്നത്. രാജ്ഞിയുടെ ഭർത്താവായ രാജാവ് തീപ്പെട്ടുപോയതിന്റെ ശേ‌ഷവും ആ രാജപത്നിയെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആർക്കും കുറഞ്ഞിരുന്നില്ല. എങ്കിലും രാജ്ഞി യാത്ര നിശ്ചയിച്ചിരിക്കുന്നുവെന്നു കേട്ടപ്പോൾ, അക്കാലംവരെ അവർക്കു വേണ്ടി പ്രാണത്യാഗം ചെയ്വാൻ പോലും തയ്യാറായിരുന്ന ആ നായന്മാരുടെ ഭാവം മാറി. തങ്ങളുടെ രക്ഷാധികാരിണിയായിരുന്ന രാജ്ഞി ദേശംവിട്ടു പോകുന്നു എന്നു കേട്ടാൽ ഒന്നു ചെന്നു കാണണമെന്നോ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നോ തോന്നുന്നതു സ്വാഭാവികമാണല്ലോ. എന്നാൽ ആ ദിക്കിലുള്ള നായന്മാർക്കു ആ വക ലൗകിക വിചാരമൊന്നുമുണ്ടായില്ല. അവിടെ കൂടെത്താമസിച്ചിരുന്ന ഭൃത്യന്മാർ പോയി രണ്ടു വഞ്ചികൾ കൊണ്ടുവന്നു അവിടെയുണ്ടായിരുന്ന ഭരണി, പാത്രങ്ങൾ മുതലായ സാമാനങ്ങളെല്ലാം ഒരു വഞ്ചിയിലാക്കി. ഉടനെ പണ്ടങ്ങളും പണമായിട്ടുണ്ടായിരുന്നതെല്ലാം എടുത്തും കൊണ്ടു തന്റെ സന്താനങ്ങളോടു കൂടി രാജ്ഞി മറ്റെ വഞ്ചിയിലും ചെന്നു കയറി. അപ്പോഴേക്കും ഭൃത്യന്മാരും എവിടെയൊ പൊയ്ക്കളഞ്ഞു, പരിചാരക ന്മാർ, കുട്ടിപ്പട്ടന്മാർ മുതലായവരും ഭൃത്യന്മാർ പോയ പുറകെ പോയി. കിംബഹുനാ? രാജ്ഞിയും അവിടുത്തെ സന്താനങ്ങളും മാത്രം അവിടെ ശേ‌ഷിച്ചു. സഹായത്തിനുള്ള ആളുകളും വഞ്ചിക്കാരുമെല്ലാം വരുമെന്നു വിചാരിച്ചു അവർ വളരെ നേരം ആ വഞ്ചിയിൽ നോക്കിക്കൊണ്ടിരുന്നു. ആരെയും കണ്ടില്ല. നേരം വൈകിത്തുടങ്ങുകയും ചെയ്തു. അപ്പോൾ രാജ്ഞിയ്ക്കു ഭയവും വ്യസനവും വർദ്ധിച്ചുതുടങ്ങി. 'ഈശ്വരാ! ഇവരെല്ലാം കൂടി എന്നെ ചതിക്കുകയായിരിക്കുമോ'? എന്നു പറഞ്ഞു ആ രാജ്ഞി കുറേശ്ശേ കരഞ്ഞുതുടങ്ങി. അമ്മയുടെ മുഖഭാവം മാറിക്കണ്ടപ്പോൾ മക്കളെല്ലാം കൂട്ടത്തോടെ കരഞ്ഞു തുടങ്ങി. നാലു വയസ്സു മുതൽ പത്തു വയസ്സുവരെ പ്രായമായ മൂന്നാലു കുട്ടികളല്ലാതെ പ്രായം തികഞ്ഞവരായി ആ രാജ്ഞിയുടെ മക്കളിലാരുമുണ്ടായിരുന്നില്ല. രാജ്ഞി ഒരുവിധം തന്റെ വ്യസനത്തെ ഉള്ളിലൊതുക്കുകയും കുട്ടികളെ സമാധാനപ്പെടുത്തുകയും ചെയ്തിട്ട് തന്റെ മൂത്ത പുത്രനെ അവിടെ സമീപത്തുണ്ടായിരുന്ന നായർഗൃഹങ്ങളിലെല്ലാം പറഞ്ഞയച്ചു അവരെയൊക്കെ വിളിപ്പിച്ചു. അവരിൽ സ്ത്രീകളാകട്ടെ പുരു‌ഷന്മാരാകട്ടെ യതൊരുത്തരും വന്നില്ല. എന്നുമാത്രമല്ല,ആ രാജകുമാരൻ ചെന്നു വിളിച്ചിട്ട് അവരാരും മിണ്ടിയതു പോലുമില്ല. പിന്നെ രാജ്ഞി ആ കുമാരനെത്തന്നെ ചില മാപ്പിളവീടുകളിൽ പറഞ്ഞയച്ചു. അവിടെയൊക്കെ ചെന്നു നോക്കിയിട്ടു ആരെയും കണ്ടതു പോലുമില്ല. ആ വിവരവും കുമാരൻ മടങ്ങിവന്നു പറഞ്ഞു. അപ്പോൾ രാജ്ഞി താൻ നിസ്സഹായയിത്തീർന്നുവെന്നു തീർച്ചയാക്കി. രാവിലെ ഊണുകഴിച്ചു വഞ്ചിയിൽ കയറിയ കുട്ടികളെല്ലാം വിശപ്പു കൊണ്ടു ക്ഷീണിച്ചു കരഞ്ഞു തുടങ്ങിയിരിക്കുന്നു. സൂര്യൻ അസ്തമിക്കാറായിരിക്കുന്നു. ‘ഇനി എന്തൊരു ഗതിയാണീശ്വരാ!’ ആകപ്പാടെ ആപത്തിലായല്ലോ എന്നു പറഞ്ഞു രാജ്ഞി വീണ്ടും കരഞ്ഞു തുടങ്ങി. അതു കണ്ടപ്പോൾ കുട്ടികളുടെ കരച്ചിൽ ഒന്നു കൂടി വർദ്ധിച്ചു.
ഇങ്ങിനെ അവരെല്ലാവരും കൂടി കരഞ്ഞുകൊണ്ടിരുന്നപ്പോൾ സ്വല്പം ദൂരെ കൂടി നാലു മാപ്പിളമാർ കടന്നു പോകുന്നതു കണ്ടിട്ട് രാജ്ഞി തന്റെ പുത്രനെക്കൊണ്ട് അവരെ വിളിപ്പിച്ചു. അവർ അടുത്തു വന്നപ്പോൾ രാജ്ഞിയെ കാണുകയും താണു തൊഴുതുകൊണ്ട് 'ഇപ്പോൾ ഇവിടെയിങ്ങനെയെഴുന്നള്ളിയിരിക്കുന്നതെന്താണു എന്നു ചോദിച്ചു. രാജ്ഞി സംഗതികളെല്ലാം പറഞ്ഞു അവരെ ധരിപ്പിച്ചതിന്റെ ശേ‌ഷം 'ഏതുവിധവും നിങ്ങൾ കഴിയുന്നതും വേഗത്തിൽ എന്നെയും എന്റെ കുട്ടികളെയും കൈപ്പുഴെ കൊണ്ടുചെന്നാക്കണം. അതിനു നിങ്ങൾക്കു എന്തു വേണമെങ്കിലും തരാം’ എന്നു പറഞ്ഞു. അതു കേട്ടു മാപ്പിളമാർ ‚‘ഒന്നും കല്പിച്ചു തന്നില്ലെങ്കിലും അവിടേയ്ക്കു വേണ്ടി എന്തും ചെയ്യാൻ അടിയങ്ങൾ തയ്യാറാണ്. വിശേ‌ഷിച്ചും ഈ സ്ഥിതിയിൽ അടിയങ്ങളാൽ കഴിയുന്നതു ചെയ്തില്ലങ്കിൽ പിന്നെ മനു‌ഷ്യരായി ജീവിക്കുന്നതെന്തിനാണ്? അവിടുത്തെ ചോറാണു അടിയങ്ങൾ ഇതുവരെ തിന്നിട്ടുള്ളത്. അതു ചത്താലും മറക്കുകയില്ല. എന്നാൽ കല്പിച്ചു ഒരര നാഴിക ഒന്നു ക്ഷമിക്കണം. അടിയങ്ങൾ നേരം വെളുത്തപ്പോൾ കൂലിവേലയ്ക്കു വിടകൊണ്ടതാണ് . ഇന്നു കരിക്കാടി ആഹരിച്ചിട്ടില്ല. അതിനാൽ ക്ഷണത്തിൽ കുറച്ചു കരിക്കാടിവെള്ളം മൊന്തികൊണ്ടു വിടകൊള്ളാം. കല്പിച്ച കാര്യം അടിയങ്ങൾ ഏറ്റിരിക്കുന്നു. അതിനു യാതൊരു വ്യത്യാസവും വരുത്തുകയില്ല‛ എന്നു പറഞ്ഞു പോയി. ഉടനെ അവർ നാലു പേരും ആഹാരവും കഴിച്ചു വന്നു വഞ്ചികളിൽ ഈരണ്ടു പേർ കയറി. വഞ്ചി നീക്കാറായപ്പോൾ ശുദ്ധഹൃദയയായ ആ രാജ്ഞി വ്യസനാക്രാന്തയായി കരഞ്ഞുകൊണ്ട് 'എന്റീശ്വരാ! ഈ ദിക്കിലുള്ള നായന്മാരെല്ലാം നശിച്ചു പോണേ. മാപ്പിളമാരെല്ലാം സകലശ്രയസ്സുകളോടു കൂടിവർദ്ധിച്ചു വരികയും ചെയ്യണേ' എന്നു പറഞ്ഞിട്ടു ആപത്തൊന്നും കൂടാതെ തന്റെ പൂർവ്വഗൃഹത്തിൽ ചെന്നെത്താനായി ഈശ്വരനെ പ്രാർഥിച്ചു.
യാതൊരാപത്തിനും ഇടയാകാതെ പിറ്റേദിവസം അതിരാവിലെ വഞ്ചികൾ കൈപ്പുഴക്കടവിലടുത്തു. രാജ്ഞിയും മക്കളും കരയ്ക്കിറങ്ങി; രാജമന്ദിരത്തിലേക്കുപോയി. തലേദിവസം ഭക്ഷണം കഴിക്കാതെയിരുന്നതിനാൽ അവർക്കു വളരെ ക്ഷീണമുണ്ടായിരുന്നു. അതിനാൽ ഉടനെ അവർ കുറച്ചു ഭക്ഷണം കഴിച്ചു. അപ്പോഴേയ്ക്കും വഞ്ചിക്കാരായ മാപ്പിളമാരും കൈപ്പുഴ ഉണ്ടായിരുന്ന ഭൃത്യന്മാരും കൂടി സാമാനങ്ങളെല്ലാം ചുമന്നു കോയിക്കലാക്കി. രാജ്ഞി ആ മാപ്പിളമാർക്കു കേമമായി ഭക്ഷണം കൊടുപ്പിക്കുകയും അവർ വിചാരിച്ചിരുന്നതിൽ വളരെ അധികം പണവും സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയക്കുകയും ചെയ്തു.
രാജ്ഞി പുളിങ്കുന്നിൽനിന്നു പോയിട്ടു അധികം തമസിയാതെ തന്നെ തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യവും അതൊടു കൂടി പുളിങ്കുന്നും പിടിച്ചടക്കി സ്വരാജ്യത്തോടുചേർത്തു. ആ രാജ്ഞിയുടെ ശാപവും അനുഗ്രഹവും നിമിത്തം കാലക്രമേണ പുളിങ്കുന്നിലുണ്ടായിരുന്ന നായർകുടുംബങ്ങളെല്ലാം നശിക്കുകയും മാപ്പിളമാരെല്ലാം വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ പുളിങ്കുന്നെന്ന സ്ഥലത്തു നാലോ അഞ്ചോ നായർ കുടുംബങ്ങൾ മാത്രമേയുള്ളു. ആ കുടുംബക്കാരെല്ലാം നിത്യവൃത്തിക്കു പോലും വകയില്ലാതെ അഗതികളുമാണ്. അവിടെയിപ്പോൾ നസ്രാണി മാപ്പിളമാരുടെ വീടുകൾ മുന്നൂറിലധികമുണ്ട്. ആ വീട്ടുകാരിൽ മിക്കവരും വലിയ ധനവാന്മാരുമാണ്. പുളിങ്കുന്നിലുള്ള നായന്മാരുടെ അധഃപതനത്തിനും ആപത്തുകൾക്കും കാരണം കൈപ്പുഴ രാജ്ഞിയുടെ ശാപമാണെന്നു അടുത്ത കാലത്തു പാഴൂർ കണിയാരുടെ പ്രശ്നവിധിയുണ്ടായിട്ടുണ്ട്.