2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി

ഐതിഹ്യമാല/പൂന്താനത്തു നമ്പൂരി

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പൂന്താനത്തു നമ്പൂരി

പൂന്താനത്തു നമ്പൂരി വേദാർഹനല്ലാത്ത ഒരു ബ്രാഹമണനായിരുന്നുവെന്നാണ് കേട്ടിരിക്കുന്നത്. ബാല്യകാലത്തു കുറേ ഏതാണ്ടൊക്കെ പഠിച്ചിരുന്നുവെന്നല്ലാതെ അദ്ദേഹം ഒരു വിദ്വാനല്ലായിരുന്നു. അദ്ദേഹത്തിന്റെ ഇല്ലം ബ്രിട്ടി‌ഷ് ശീമയിൽ 'അങ്ങാടിപ്പുറം' എന്ന ദിക്കിലായിരുന്നു. പൂന്താനത്തു നമ്പൂരിയും മേലപത്തൂർ നാരായണഭട്ടതിരിയും ജീവിച്ചിരുന്നതു ഒരു കാലത്തായിരുന്നുവെന്നു കാണുന്നു. ഭട്ടതിരിയുടെ നാരായണീയം ഉണ്ടാക്കിക്കുറതീർന്നത് അതിലെ 'ആയുരാരോഗ്യസൗഖ്യം' എന്നുള്ള കലിസംഖ്യകൊണ്ടു കൊലവർ‌ഷം 762-ആമാണ്ട് വൃശ്ചികമാസം 28-ആം തീയതിയാണെന്നു നിശ്ചയിക്കാമല്ലോ. അതിനാൽ പൂന്താനത്തു നമ്പൂരി ജീവിച്ചിരുന്നതു കൊല്ലം 8 ആം ശതാബ്ദത്തിലായിരുന്നുവെന്നു തീർച്ചപ്പെടുത്താവുന്നതാണ്.
പൂന്താനത്തു നമ്പൂരിക്ക്, വളരെ ആഗ്രഹിച്ചിരുന്ന് സീമന്തപുത്രനായിട്ട് ഒരൂ ഉണ്ണിയുണ്ടായി. ആ ഉണ്ണിയുടെ അന്നപ്രാശനമടിയന്തിരം പ്രമാണിച്ചു സ്വജനങ്ങളുടെ ഇല്ലങ്ങളിലെല്ലാം ക്ഷണിച്ചിരുന്നു. മുഹൂർത്തം രാത്രിയിലായിരുന്നു. ക്ഷണപ്രകാരം വന്നു ചേർന്ന അന്തർജനങ്ങൾ അവരുടെ വസ്ത്രഭാണ്ഡങ്ങൾ അവിടെയൊരു സ്ഥലത്തു ഉറക്കിക്കിടത്തിയിരുന്ന ഉണ്ണിയുടെ മീതെ അറിയാതെ കൊണ്ടുചെന്നിട്ടു. ചോറൂണിനു മുഹൂർത്തമടുത്തപ്പോൾ ഉണ്ണിയുടെ അമ്മ ഉണ്ണിയെ എടുത്തു കുളിപ്പിക്കാനായി ചെന്നപ്പോഴേയ്ക്കും ഉണ്ണി ശ്വാസം മുട്ടി മരിച്ചിരിക്കുന്നതായി കണ്ടു. അപ്പോൾ അവിടെ കൂടിയിരുന്നവർക്കും വിശേ‌ഷിച്ചു ഉണ്ണിയുടെ മാതാ പിതാക്കൾക്കുമുണ്ടായ വ്യസനം എത്രമാത്രമുണ്ടായിരുന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.
പ്രകൃത്യാതന്നെ ഒരു വി‌ഷ്ണുഭക്തനും സാധുവുമായിരുന്ന പൂന്താനത്തു നമ്പൂരി ഉണ്ണി മരിച്ചതോടുകൂടി ഒരു വിരക്തനും കൂടി ആയിത്തീർന്നു. അദ്ദേഹം തന്റെ പുത്രൻ മരിച്ചതിനാലുള്ള വ്യസനത്തോടു കൂടി ഉണ്ടാക്കിയ കൃതിയാണ് പ്രസിദ്ധമായ ജ്ഞാനപ്പാന. അത്യന്തം ദുസ്സഹങ്ങളായ വ്യസനങ്ങൾ നേരിടുന്ന കാലങ്ങളിൽ ഈ ജ്ഞാനപ്പാന വായിച്ചാൽ മനസ്സിനു വളരെ സമാധാനമുണ്ടാകുമെന്നുള്ളതിനു സംശയമില്ല. ഇതു എല്ലാവർക്കും അർത്ഥം മനസ്സിലാകത്തക്കവണ്ണം വളരെ ലളിതവും സരസവുമായിട്ടുള്ളതാണ്. ഉണ്ണി മരിച്ചതിന്റെ ശേ‌ഷം പൂന്താനത്തു നമ്പൂരി കുളിയും, ജപവും, പ്രദക്ഷിണവും, നമസ്ക്കാരവുമായി മിക്കവാറും ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നു. അക്കാലത്താണ് ഭജനത്തിനായി മേല്പത്തൂർ ഭട്ടതിരിയും അവിടെ ചെന്നു ചേർന്നത്. നാരായണഭട്ടതിരി നാരായണീയം ഉണ്ടാക്കാനായി ആരംഭിച്ചപ്പോൾ പൂന്താനത്തു നമ്പൂരി സന്താനഗോപാലം സന്താനകരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ചു ആ കഥ ഒരു പാന യായിട്ടുണ്ടാക്കുവാനും തുടങ്ങി. അതിവിദ്വാനും വേദജ്ഞനുമായിരുന്ന ഭട്ടതിരിക്കു ഭാ‌ഷാകവിതയെക്കുറിച്ചും വേദഹീനനും അവ്യുല്പന്നനും ആയ പൂന്താനത്തു നമ്പൂരിയെക്കുറിച്ചും ആന്തരത്താൽ വളരെ പുച്ഛമുണ്ടായിരുന്നു. സാധുവായ നമ്പൂരി ആ സൂ‌ഷ്മാവസ്ഥ അറിയാതെ ഒരു ദിവസം താൻ ഉണ്ടാക്കിയ ഏതാനുമായിരുന്ന സന്താനഗോപാലം പാന ഭട്ടതിരിയുടെ അടുക്കൽ കൊണ്ടുചെന്നു പിഴ നോക്കി തിരുത്തികൊടുക്കണമെന്നു അപേക്ഷിച്ചു. അപ്പോൾ ഭട്ടതിരി "ഭാ‌ഷാകവിതയിൽ നോക്കാനെന്തിരിക്കുന്നു? അതിൽ അബദ്ധമല്ലാതെ വല്ലതും കാണുമോ? വിശേ‌ഷിച്ചും പൂന്താനത്തിനു വിഭക്തിയുറച്ചിട്ടുമില്ല. അതിനാൽ അതു മുഴുവനും പിഴ തന്നെ ആയിരിക്കും" എന്നു പറഞ്ഞു. പലരും കേൾക്കേ ഭട്ടതിരി ഇങ്ങനെ പറഞ്ഞപ്പോൾ നമ്പൂരി വ്യസനം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞുപോയി. ആ സമയത്തു ശ്രീകോവിലിനകത്തു നിന്നു "പൂന്താനത്തിനു ഭട്ടതിരിയോളം വിഭക്തിയുറച്ചിട്ടില്ലെങ്കിലും ഭട്ടതിരിയെക്കാൾ ഭക്തിയുറച്ചിട്ടുണ്ട്" എന്നൊരു അശരീരിവാക്കുണ്ടായി. ഗുരുവയൂരപ്പന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഭട്ടതിരിയ്ക്കു വളരെ വ്യസനവും ലജ്ജയും പശ്ചാത്താപവും ഉണ്ടക്കിയെന്നുള്ളതു പറയണമെന്നില്ലല്ലോ. ഉടനെ ഭട്ടതിരി നമ്പൂരിയെ അന്വേ‌ഷിചപ്പോൾ നമ്പൂരി വ്യസനിചു കരഞ്ഞുകൊണ്ട് അമ്പലത്തിന്റെ ഒരു കോണിൽ പോയി കിടക്കുന്നതായി അറിഞ്ഞു. അവിടെ ചെന്നു "ഹേ പൂന്താനം, ഞാൻപറഞ്ഞതുകൊണ്ട് മു‌ഷിഞ്ഞ് വന്നു കിടക്കുകയാണോ? ഞാനപ്പോൾ ഒരു മനോരാജ്യം വിചാരിച്ചുകൊണ്ടിരുന്നതിനാൽ അങ്ങിനെ പറഞ്ഞുവെന്നേ ഉള്ളു. പൂന്താനത്തിന്റെ കവിത വളരെ നല്ലതാണെന്നു അങ്ങേടെ ജ്ഞാനപ്പാനകൊണ്ടുതന്നെ സർവ്വസമ്മതമായിട്ടുള്ളതല്ലേ? പിന്നെ ഞാനങ്ങനെ നേരമ്പോക്കായിട്ടു പറഞ്ഞതിനു ഇത്ര മനസ്താപപ്പെടാനുണ്ടോ? സന്താനഗോപാലം തീർന്നേടത്തോളം കാണട്ടെ. ഞാൻ നോക്കി തിരുത്തിത്തരാമല്ലോ."എന്നുപറഞ്ഞു നമ്പൂരിയെ സമാശ്വസിപ്പിക്കുകയും സന്താനഗോപാലം വാങ്ങി തീർന്നേടത്തോളം ഭാഗം മുഴുവനും നോക്കി അതിനെക്കുറിച്ചും വളരെ ശ്ലാഘിച്ചു പറഞ്ഞ് നമ്പൂരിയെ സന്തോ‌ഷിപ്പിക്കുകയും ചെയ്തു.
സന്താനഗോപാലത്തിൽ ശ്രീകൃ‌ഷ്ണനും അർജുനനുംകൂടി വൈകുണ്ഠത്തിൽ ചെന്ന ഭാഗത്ത് വൈകുണ്ഠത്തെ ഏതുപ്രകാരമാണു വർണ്ണിക്കേണ്ടത് എന്നു വിചാരിച്ചുകൊണ്ട് നമ്പൂരി ഒരു ദിവസം കിടന്നു ഉറങ്ങുമ്പോൾ ഗുരുവായൂരപ്പൻ വൈകുണ്ഠത്തെ നമ്പൂരിക്കു സ്വപ്നത്തിൽ കാണിച്ചു കൊടുത്തുവെന്നും അതിൻ പ്രകാരമാണ് നമ്പൂരി വർണ്ണിച്ചിരിക്കുന്നത് എന്നും ഒരു കേൾവിയുണ്ട്. ഭട്ടതിരിയുടെ നാരായണീയം മുഴുവനും തീർന്ന ദിവസം തന്നെയാണ് പൂന്താനത്തു നമ്പൂരിയുടെ സന്താനഗോപാലം പാനയും കുറതീർന്നതെന്നാണു കേൾവി. ഭക്തശിരോമണിയായ പൂന്താനത്തു നമ്പൂരിയെ യോഗ്യനാക്കാൻവേണ്ടി ഗുരുവയൂരപ്പൻ പലരെയും അബദ്ധരാക്കീട്ടുള്ളതായി പല കഥകളുണ്ടു്.
ഒരു ദിവസം നമ്പൂരി ഒരു സ്തോത്രം ജപിക്കുമ്പോൾ 'പത്മനാഭോ മരപ്രഭുഃ' എന്നു ചൊല്ലി. അതു കേട്ട് വിദ്വാനായ മറ്റൊരു നമ്പൂരി, "വിഡ്ഢി! മരപ്രഭുവല്ല അമരപ്രഭുവാണ്. പത്മനാഭോമരപ്രഭുഃ എന്നു സന്ധി ചേർത്തു ചൊലുകതന്നെ" എന്നു പറഞ്ഞു. അപ്പോൾ "പിന്നെ മരപ്രഭു ആരാണ്; ഞാൻ മരപ്രഭുവുമാണ്എന്നൊരു അശരീരിവാക്കു ശ്രീകോവിലകത്തു നിന്നു കേൾക്കപ്പെട്ടു. അപ്പോൾ വിദ്വാൻ നമ്പൂരി അബദ്ധനായിതീർന്നുവെന്നുള്ളതു പറയണമെന്നില്ലല്ലോ.
പൂന്താനത്തു നമ്പൂരിക്കു വ്യുല്പത്തിയില്ലായിരുന്നുവെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിലിരുന്നു പല വിദ്വാന്മാർ ഭാഗവതം വായിച്ചു അർത്ഥം പറയുന്നതു കേട്ടുകേട്ട് അദ്ദേഹത്തിനു ഭാഗവതം ഏതു ഭാഗം വായിക്കുന്നതു കേട്ടാലും അർത്ഥം പറയാറായിത്തീർന്നു എന്നു മാത്രമല്ല, ഭക്തനായ അദ്ദേഹം ഭക്തിരസത്തോടുകൂടി അർത്ഥം പറയുന്നതു കേൾക്കാൻ എല്ലാവർക്കും വളരെ കൗതുകമുണ്ടായിത്തീർന്നു. ഒടുക്കം ഭാഗവതം ആരു വായിച്ചാലും അർത്ഥം പറയാൻ പൂന്താനത്തു നമ്പൂതിരി വേണമെന്നു ജനങ്ങൾക്കു നിർബന്ധമായിത്തീർന്നു. അതുകൊണ്ടു വിദ്വാന്മാരായവർക്കു നമ്പൂരിയോടു കുറേശ്ശെ അസൂയയും തോന്നി തുടങ്ങി. എങ്കിലും ആരു വായിച്ചാലും അർത്ഥം പറയുക പൂന്താനത്തു നമ്പൂരിതന്നെയെന്നു പതിവായിത്തീർന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഭാഗവതം വായന പതിവായിട്ടുണ്ടല്ലോ. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനത്തു നമ്പൂരി അർത്ഥം പറയാനും തുടങ്ങി. വായന കേൾക്കാൻ പണ്ഡിതന്മാരും പാമരന്മാരുമായിട്ട് അസംഖ്യം ജനങ്ങളും അവിടെ വന്നു കൂടി. അന്നു വായിച്ച ഭാഗം രുഗ്മണീസ്വയംവരം കഥയായിരുന്നു. വ്യുല്പത്തിയില്ലാതിരുന്നതിനാൽ നമ്പൂരി അർത്ഥം പറയുന്നതു അദ്ദേഹത്തിന്റെ മനോധർമ്മംപോലെയെന്നല്ലാതെ ശ്ലോകാർത്ഥം മനസ്സിലായിട്ടല്ലായിരുന്നു. അതിനാൽ രുഗ്മണി കൃ‌ഷ്ണന്റെ അടുക്കലേയ്ക്ക് ബ്രാഹ്മണനെ പറഞ്ഞയക്കുന്ന ദിക്കിൽ നമ്പൂരി "രുഗ്മണി ഇങ്ങനെ ഒക്കെ പറഞ്ഞു ബ്രാഹ്മണന്റെ കൈയിലൊരെഴുത്തും കൊടുത്തയച്ചു" എന്നർത്ഥം പറഞ്ഞു. എഴുത്തു കൊടുത്തയച്ചു എന്നുള്ളതു ഭാഗവത ത്തിൽ പറഞ്ഞിട്ടില്ലാത്തതായിരുന്നതിനാൽ ഇതു കേട്ടു കൊണ്ടിരുന്ന വിദ്വാനായ ഒരു നമ്പൂരി പൂന്താനത്തു നമ്പൂരിയോടു "എഴുത്തു കൊടുത്തയച്ചു എന്നുള്ളത് ഏതു ശ്ലോകത്തിലാണു പറഞ്ഞിരിക്കുന്നത്?" എന്നു ചോദിചു. അതു കേട്ടപ്പോൾ പൂന്താനത്തു നമ്പൂരി മറുപടി പറയാൻ നിവൃത്തിയില്ലാതെ വി‌ഷമിച്ചു. അപ്പോൾ ശ്രീകോവിലിനകത്തു നിന്ന് "എഴുത്തുകൊടുത്തയച്ചില്ല എന്ന് ഏതു ശോകത്തിലാണ് പറഞ്ഞിരിക്കുന്നത്? ആ ബ്രാഹ്മണൻ എന്റെ അടുക്കൽ വന്നപ്പോൾ രുഗ്മണിയുടെ ഒരെഴുത്തുകൂടി കൊണ്ടുവന്നിരുന്നു." എന്നൊരശരീരി വാക്കു കേൾക്കപ്പെട്ടു. ഇതു കേട്ടപ്പോൾ ദുശ്‌ചോദ്യം ചോദിച്ച നമ്പൂരി വളരെ മദ്ധ്യമമാവുകയും പൂന്താനത്തു നമ്പൂരി സന്തോ‌ഷിക്കുകയും ശേ‌ഷമുള്ളവർ അത്ഭുത പ്പെടുകയും ചെയ്തു.
ഇപ്രകാരം കുറച്ചു കാലം കഴിഞ്ഞപ്പോഴേയ്ക്കും പൂന്താനത്തു നമ്പൂരിയെകുറിച്ചെല്ലാവർക്കും വളരെ ബഹുമാനമുണ്ടായിത്തീർന്നു. ക്ഷേത്രത്തിൽ പതിവായി നമസ്കാരഭക്ഷണത്തിനു ഇരിക്കുമ്പോൾ വേദജ്ഞന്മാരും വിദ്വാന്മാരും ആയ ബ്രാഹ്മണർ എത്ര ഉണ്ടായിരുന്നാലും പൂന്താനത്തു നമ്പൂരിയെ മാന്യസ്ഥാനത്തു ഒന്നാമനായിട്ട് ഇരുത്തുക പതിവായി. ക്രമേണ ആരും പറഞ്ഞില്ലങ്കിലും അദ്ദേഹത്തിന് മാന്യസ്ഥാനത്തിരിക്കാമെന്നായിത്തീർന്നു. അങ്ങിനെയിരിക്കുമ്പോൾ ദൂരസ്ഥനും വിദ്വാനും വേദജ്ഞനുമായ ഒരു നമ്പൂരിപ്പാട് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി വന്നു. നമ്പൂരിപ്പാട്ടിലേക്കു ഊണു ക്ഷേത്രത്തിൽ തന്നെയായിരുന്നു. അതിനാൽ ക്ഷേത്രാധികാരിയായ നമ്പൂരി അന്നു ഭക്ഷണത്തിനു മാന്യസ്ഥാനത്തു നമ്പൂരിപ്പാടിനെ ഇരുത്തണമെന്നു നിശ്ചയിച്ചു. പൂന്താനത്തു നമ്പൂരി ആ സംഗതി അറിയാതെ പതിവുപോലെ ഊണു കാലമായപ്പോൾ മാന്യസ്ഥാനത്തു ഒന്നാമനായി പോയിരുന്നു. അപ്പോൾ ക്ഷേത്രാധികാരി പൂന്താനത്തിനോട് "മഹായോഗ്യനായിരിക്കുന്ന ഒരുത്തമബ്രാഹ്മണൻ ഇവിടെ വന്നിരിക്കുന്ന സ്ഥിതിയ്ക്ക് ഇന്നു താനിവിടെക്കടന്നിരിക്കുന്നതു ന്യായമായില്ല. അതിനാൽ വേഗമെണീറ്റു മാറിയിരിക്കൂ" എന്നു പറഞ്ഞു. എങ്കിലും പല യോഗ്യന്മാർ കൂടി തനിക്കു സമ്മതിച്ചു തന്നിരിക്കുന്ന മാന്യസ്ഥാനം വിട്ടുകൊടുക്കുന്നതിനു മനസ്സു വരായ്കയാൽ പൂന്താനത്തു നമ്പൂരി എണീറ്റു മാറിയില്ല. അതിനാൽ ക്ഷേത്രാധികാരി അദ്ദേഹത്തിന്റെ കൈയ്ക്കു പിടിച്ചു എണീപ്പിച്ചു. താൻ വേദാർഹനും വിദ്വാനുമല്ലാഞ്ഞിട്ടാണല്ലൊ തന്നെ ഇങ്ങിനെ അപമാനിച്ച തെന്നു വിചാരിച്ചിട്ടു പൂന്താനത്തുനമ്പൂരിക്ക് വളരെ വ്യസനമുണ്ടായി. അദ്ദേഹം ഉടനെ കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി. അപ്പോഴും ശ്രീകോവിലിനകത്തുനിന്നും "പൂന്താനം ഇനി ദുഷ്ടന്മാരുടെ അടുക്കൽ താമസിക്കുകയും ഇവിടെ വരികയും വേണ്ട. പൂന്താനത്തിനു എന്നെ കാണണമെങ്കിൽ ഞാൻപൂന്താനത്തിന്റെ ഇല്ലത്തു വന്നുകൊള്ളാം" എന്നൊരു അശരീരി വാക്കുണ്ടായി. നമ്പൂരി അതുകേട്ടു സന്തോ‌ഷിച്ച് അപ്പോൾതന്നെ തന്റെ ഇലത്തേയ്ക്കു പോവുകയും ചെയ്തു.
നമ്പൂരി ഇല്ലത്തുചെന്നതിന്റെ ശേ‌ഷം ഭഗവാൻ വന്നു കണ്ടല്ലാതെ ഊണു കഴിക്കുകയില്ലന്നു നിശ്ചയിച്ചു അവിടെയിരുന്നു. അപ്പോൾ ഭക്തവത്സലനായ ഭഗവാൻ ശ്രീകൃ‌ഷ്ണൻ നമ്പൂരിയുടെ ഇല്ലത്തു എഴുന്നള്ളി. ഭക്തശിരോമണിയായ നമ്പൂരി ഭക്തവത്സലനായ ഭഗവാനെ തന്റെ വാമഭാഗത്തു (ഇടതു) പ്രത്യക്ഷമായി കണ്ടു നമ്പൂരി ഉടനെ എണീറ്റു ഭഗവാനെ സാഷ്ടാഗമായി നമസ്കരിച്ചു വന്ദിച്ചു. അപ്പോൾ ഭഗവാൻ "ഇനി പൂന്താനം എന്നെ ഇവിടെയിരുന്നു സേവിച്ചാൽ മതി. എന്റെ സാന്നിദ്ധ്യം ഇവിടെയുണ്ടായിരിക്കും" എന്നു അരുളിച്ചെയ്തതിന്റെ ശേ‌ഷം മറയുകയും ചെയ്തു. നമ്പൂരി ഭഗവാനെ കണ്ടതായ ആ സ്ഥലത്തു ഒരമ്പലം പണിയിച്ചു (ശ്രീകോവിൽ മാത്രം) അവിടെ ശ്രീകൃ‌ഷ്ണന്റെ വിഗ്രഹത്തെ കുടിയിരുത്തി പതിവായി പൂജാനിവേദ്യാദികൾ കഴിച്ചു സേവിച്ചു കൊണ്ടിരുന്നു. ആ സ്ഥലം നമ്പൂരി ഇരുന്നതിന്റെ ഇടതുവശത്തായിരു ന്നതിനാൽ ആ അമ്പലത്തിനു "ഇടതുപുറത്തമ്പലം" എന്നു പേരിടുകയും ചെയ്തു.
ഭാഗവതവും മറ്റും വായിച്ചുകേട്ടിട്ടുണ്ടായ പദപരിചയം കൊണ്ടും ഭഗവദ്ഭക്തി കൊണ്ടും ഭഗവത്കാരുണ്യംകൊണ്ടും പൂന്താനത്തു നമ്പൂരി കാലക്രമേണ സംസ്കൃതത്തിലും കവിതയുണ്ടാക്കാൻ ശക്തനായിത്തീർന്നു.
പൂന്താനത്തു നമ്പൂരി ഗുരുവായൂർ ക്ഷേത്രം വിട്ട് ഇല്ലത്ത് സ്ഥിര താമസമാക്കിയതിന്റെ ശേ‌ഷം ഭഗവത്കാരുണ്യത്താൽ അദ്ദേഹത്തിനു ദീർഘായുസ്സോടുകൂടിയ പുത്രസന്താനങ്ങൾ ധാരാളമുണ്ടാവുകയും അദ്ദേഹം പിന്നെയും വളരെക്കാലം അർഥപുത്രമിത്രാദികളോടും ഭഗവാങ്കൽ നിശ്ചലതയും സുദൃഢവുമായ ഭക്തിയോടുംകൂടി സുഖമാകുംവണ്ണം ജീവിച്ചിരിക്കുകയും ചെയ്തു.

ഐതിഹ്യമാല/കിളിരൂർകുന്നിന്മേൽ ഭഗവതി

ഐതിഹ്യമാല/കിളിരൂർകുന്നിന്മേൽ ഭഗവതി

കിളിരൂർകുന്നിന്മേൽ ഭഗവതി

തിരുവതാംകൂർ സംസ്ഥാനത്ത് കോട്ടയം താലൂക്കിൽ കിളിരൂർ ദേശം പണ്ടു തെക്കുംകൂർ രാജ്യത്തുൾപ്പെട്ടതായിരുന്നു. അതിനാൽ ഈ ഭഗവതി ക്ഷേത്രം കിളിരൂർ ദേശക്കാർ തെക്കുംകൂർ രാജാവിന്റെ അനുവാദത്തോടും സഹായത്തോടും കൂടിയാണ് പണികഴിപ്പിച്ചത്. എന്നാൽ അവരുടെ വിചാരം ഇവിടെ ഭഗവതിയെ പ്രതിഷ്ഠിക്കണമെന്നല്ലായിരുന്നു. ശാസ്താവിനെ പ്രതിഷ്ഠിക്കണമെന്നുവിചാരിച്ചാണ് ആ ദേശക്കാർ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. അമ്പലത്തിന്റെ പണിയെല്ലാം കുറേ തീർപ്പിക്കുകയും ശാസ്താവിന്റെ ഒരു വിഗ്രഹമുണ്ടാക്കിക്കുകയും പ്രതിഷ്ഠയ്ക്കായി മുഹൂർത്തം നോക്കിച്ചു നിശ്ചയിക്കുകയും അടുത്തുള്ള തിരുവാർപ്പു ക്ഷേത്രത്തിലെ തന്ത്രിയായ മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ അടുക്കൽനിന്നു പ്രതിഷ്ഠക്കും കലശം മുതലായതിനും വേണ്ടുന്ന ഉപകരണങ്ങൾക്കും മറ്റും പടിത്തരച്ചാർത്തു വാങ്ങുകയും സാമാനങ്ങൾ ശേഖരിച്ചു തുടങ്ങുകയും പ്രതിഷ്ഠാദികൾ മുറയ്ക്കു നടത്തിക്കുന്നതിനായി കരയിൽ പ്രധാനിമാരായ പള്ളിയിൽ മേനോൻ, വെട്ടികുളങ്ങര കയ്മൾ മുതലായവരുടെ അപേക്ഷ പ്രകാരം തെക്കുംകൂർ രാജാവ് മുൻകൂട്ടി സ്ഥലത്തെത്തി വേണ്ടുന്ന ചട്ടംകെട്ടുകളെല്ലാം ചെയ്തുകൊണ്ടു താമസം തുടങ്ങുകയും ചെയ്തു.
ഈ സംഗതികൾ നടന്നു കൊണ്ടിരിക്കുന്ന കാലത്തു കിളിരൂർ ദേശത്തു 'കണ്ണാട്ട്' എന്ന വീട്ടിൽ 'കോത' എന്നു പേരായ് ഒരു സ്ത്രീ ഉണ്ടായിരുന്നു. വയോവൃദ്ധയും ഈശ്വരഭക്തയും സത്ഗുണവതിയുമായിരുന്ന അവരെ എല്ലാവരും കോതയമ്മ എന്നാണു വിളിച്ചിരുന്നത്. അവർക്ക് ഏഴര നാഴികവെളുപ്പിനു കുളിയും ചില ജപങ്ങളും മറ്റും പതിവുണ്ടായിരുന്നു. ഒരു യോഗീശ്വരൻ അവർക്കു ദിവ്യമന്ത്രം ഉപദേശിച്ചിരുന്നതിനാൽ ആ മന്ത്രം ജപിചു ജപിച്ചു അവർ ഒരു ദിവ്യയായിത്തീർന്നുവത്രേ. അവർ വെളുപ്പാൻ കാലത്തു കുളിക്കാൻപോകുന്ന സമയം 'കാർത്യായനി' എന്നു പേരായി അവർക്കുണ്ടായിരുന്ന മകളെക്കൂടെ കൊണ്ടുപോവുക പതിവായിരുന്നു.
ഒരു ദിവസം വെളുപ്പാൻ കാലത്തു കുളിക്കാൻപോകാറായപ്പോൾ കോതയമ്മ പതിവു പോലെ മകളെ വിളിച്ചു. 'അമ്മ മുൻപേ പൊയ്ക്കൊള്ളൂ, ഞാൻപിന്നാലെവന്നു കൊള്ളാം' എന്നു പറയുകയാൽ വൃദ്ധ പോയി. പുഴയിലിറങ്ങി കുളി ആരംഭിച്ചു. അപ്പോൾ മറുകരയിൽ നിന്നു ആരോ വെള്ളത്തിലിറങ്ങി നടന്നു തന്റെ നേരേ വരുന്നതായി തോന്നുകയാൽ വൃദ്ധ സ്വല്പം ഭയത്തോടുകൂടി "കാർത്ത്യായനീ" എന്നു ഉറക്കെ വിളിച്ചു. അപ്പോൾ വെള്ളത്തിൽക്കൂടി നടന്നു വന്ന ആൾ ഉച്ചത്തിൽ വിളി കേട്ടുകൊണ്ടു കോതയമ്മയുടെ അടുക്കലേയ്ക്ക് ചെന്നു. അതു തന്റെ മകളായിരിക്കുമെന്നു വിചാരിച്ചിട്ട് കോതയമ്മ, "നീയിപ്പോൾ അക്കരയ്ക്കു പോയതെന്തിനാണ്?" എന്നു ചോദിച്ചു. അപ്പോൾ വന്നയാൾ "അമ്മേ ഞാൻഒരു കാർത്ത്യായനി തന്നെയാണ് എങ്കിലും നിങ്ങളുടെ മകളല്ല"എന്നു പറഞ്ഞു. അതു കേട്ട് വൃദ്ധസൂക്ഷിച്ചു നോക്കി. വൃദ്ധയ്ക്ക് നയനേന്ദ്രിയശക്തി കുറഞ്ഞുപോയിരുന്നുവെങ്കിലും അപ്പോൾ കുറേശ്ശെ നിലാവുണ്ടായിരുന്നതിനാൽ ആവന്നയാൾ സർവ്വാംഗസുന്ദരിയും നവയവ്വൗനയുക്തയുമായ ഒരു കന്യകയാണന്നും ആ ബാലിക തലമുടി ഭംഗിയായി ചീകിക്കെട്ടി സുരഭിലകുസുമങ്ങൾ ചൂടുകയും, കാതിൽ ഓലയും കഴുത്തിൽ പാലയ്ക്കാ മോതിരവും അരയിൽ പട്ടുവസ്ത്രവും, ധരിയ്ക്കുകയും ചെയ്തിട്ടുണ്ടന്നും വൃദ്ധ മനസ്സിലാക്കുകയും അവർ തമ്മിൽ സ്വല്പം സംഭാ‌ഷണം നടക്കുകയുംചെയ്തു.
വൃദ്ധ: നീ എവിടെ നിന്നാണ് വരുന്നതു? എങ്ങോട്ടു പോകുന്നു?
കന്യക: ഞാൻ സ്വല്പം കിഴക്കുനിന്നാണു വരുന്നതു ഇവിടെ കുന്നിന്മേൽ പുത്തനായി ഒരു ക്ഷേത്രം പണീകഴിപ്പിച്ചിട്ടുണ്ടല്ലോ.ഞാൻ അവിടെ കയറി പാർക്കാനായിട്ടാണു പോകുന്നത്.
വൃദ്ധ: ആ അമ്പലം ശാസ്താവിനെ പ്രതിഷ്ഠിക്കാനായിട്ടു പണിയി ച്ചിട്ടുള്ളതാണല്ലോ.
കന്യക: അതു ശരിതന്നെ. എങ്കിലും ഞാൻതന്നെ അവിടെ പാർക്കും. ഞങ്ങൾ ഏഴുപേരാണ് കിഴക്കുനിന്നും പോന്നത്. ശേ‌ഷമെല്ലാവരും ഇടയ്ക്കു ഓരോസ്ഥലങ്ങളിൽ കയറി താമസമായി. എനിക്കു മാത്രം എങ്ങും സ്ഥലം കിട്ടിയില്ല. അപ്പോഴാണു ഇങ്ങിനെ ഒരു സ്ഥലം തയ്യാറായിട്ടുണ്ടെന്ന് അറിഞ്ഞത്. ഉടനെ ഇങ്ങോട്ടു പോരികയും ചെയ്തു. ശാസ്താവിനെ പ്രതിഷ്ഠിക്കാൻ വേണമെങ്കിൽ വേറെ അമ്പലം പണിയിച്ചു കൊള്ളുവാൻ നിങ്ങൾ നിങ്ങളുടെ സഹോദരൻ മുഖാന്തിരം പള്ളിയിൽ മേനോൻ മുതലായവരെ അറിയിച്ചേക്കണം. അവർ രാജാവിന്റെ അടുക്കൽ അറിയിച്ചുകൊള്ളുമല്ലോ. ഇനി മേലാൽ ഈ കരയിൽ കുട്ടികൾക്കു കാർത്ത്യായനി എന്നു പേരിടുകയും പാലയ്ക്കാമോതിരം കെട്ടിയ്ക്കുകയും ചെയ്യരുതെന്നും നിങ്ങൾ നിങ്ങളുടെ സഹോദരൻ മുഖാന്തിരം ജനങ്ങളെ അറിയിച്ചേക്കണം. ഇതൊന്നും പറഞ്ഞതായിട്ടും നമ്മൾ തമ്മിൽ കണ്ടതായിട്ടും ആരോടും നിങ്ങൾ പറകയുമരുത്.
ഇവരുടെ സംഭാ‌ഷണം കേട്ടുകൊണ്ട് ആ ദേശക്കാരനും,നല്ല ജോത്സ്യനുംപ്രശ്നമാർഗ്ഗനിപുണനും ഒരുദിവ്യനുമായ കണിയാംപറമ്പിൽ കണിയാർ ഒരു മരത്തിനു മറഞ്ഞു നിന്നിരുന്നു. കന്യകയുടെ സംഭാ‌ഷണമവസാനിച്ചപ്പോൾ ഉടനെ ആ കണീയാർ അടിയൻ "ഇതെലാം കേട്ടുവല്ലോ" എന്നു പറഞ്ഞു. അപ്പോൾ ആ കന്യക എന്നാൽ നീയുമിതൊന്നും ആരോടും മിണ്ടിപ്പോകരുത്. നീ ആരോടെങ്കിലും പറഞ്ഞാൽ നിന്റെ സന്താനങ്ങളെല്ലാം എന്നും ചട്ടനും , പൊട്ടനും (മുടന്തനും, ബധിരനും) ആയിത്തീരും" എന്നും, വൃദ്ധയോടു "കുന്നിന്മേൽ വന്നാൽ ഇനിയും നിങ്ങൾക്കു എന്നെ കാണാം" എന്നും പറഞ്ഞിട്ടു അദൃശ്യയായി ഭവിക്കുകയും ചെയ്തു. ആ കന്യകയുടെ സ്വരൂപം കാണുകയും സംഭാഷണം കേൾക്കുകയും ചെയ്തിട്ട് ഭയവിസ്മയവിഹ്വലയായിത്തീർന്ന കോതയമ്മ ക്ഷണത്തിൽ കുളി കഴിച്ചു വീട്ടിലെത്തി പതിവുള്ള ജപവും മറ്റും കഴിച്ചുകൂട്ടി. അപ്പോഴേക്കും കോതയമ്മയുടെ സഹോദരനായ കൊച്ചയപ്പനും അവിടെയെത്തി. ഉടനെ കോതയമ്മ കൊച്ചയ്യപ്പനോട്' "എടാ! കൊച്ചയ്യപ്പാ! കുന്നിന്മേൽ പണികഴിപ്പിച്ചിരിക്കുന്ന അമ്പലത്തിൽ ഒരു ഭഗവതി ഇളകൊണ്ടിരിക്കുന്നു. അതിനാൽ ഇനി ശാസ്താവിനെ പ്രതിഷ്ഠിക്കണമെങ്കിൽ അമ്പലം വേറെ ഉണ്ടാക്കിക്കണം. അവിടെ ഇളകൊണ്ടിരിക്കുന്നതു സാക്ഷാൽ കാർത്ത്യായനിയാണ്. അതിനാൽ ഇനി മേലാൽ ഈ കരയിൽ ആർക്കും കാർത്ത്യായനി എന്നു പേരിട്ടുകൂടാ. ആരെയും പാലയ്ക്കാ മോതിരം കെട്ടിയ്ക്കയുമരുത്. നീ ഈ വിവരം കരയിൽ പ്രധാനന്മാരായ പള്ളിയിൽ മേനോൻ, വെട്ടിക്കുളങ്ങര കൈമൾ മുതലായവരെ ഇപ്പോൾ തന്നെ ധരിപ്പിക്കണം. രാജാവിന്റെ അടുക്കൽ അവർ അറിയിച്ചുകൊള്ളുമല്ലോ" എന്നു പറഞ്ഞു. ഇതു കേട്ടിട്ടു കോതയമ്മ എന്തോ പിച്ചു പറയുന്നു എന്നാണു കൊച്ചയ്യപ്പനു തോന്നിയത്. എങ്കിലും അയാൾ ഉടന ഈ വിവരം പള്ളിയിൽ മേനോൻ മുതലായവരെ ഗ്രഹിപ്പിക്കുകയും മേനോൻ തെക്കുംകൂർ രാജാവിന്റെ അടുക്കൽ അറിയിക്കുകയും ചെയ്തു. കോതയമ്മ പറഞ്ഞതായതുകൊണ്ട് ഇതു കേവലം അബദ്ധമായിരിക്കുയില്ലന്നു വിചാരിച്ചു രാജാവും, പള്ളിയിൽ മേനോൻ മുതലായവരും കുന്നിന്മേൽ കൂടുകയും കണീയാൻ പറമ്പിൽ കണിയാനെ വരുത്തി പ്രശ്നം വയ്പ്പിച്ചു നോക്കിക്കുകയും ചെയ്തു. ഈ പണിക്കൂറ തീർത്തിരിക്കുന്ന ക്ഷേത്രത്തിൽ ദേവീസാന്നിദ്ധ്യം ഉണ്ടായിട്ടുണ്ടെന്നുള്ളതു വാസ്തവം തന്നെയാണന്നും സാക്ഷാൽ മഹാമായയാകുന്ന കാർത്ത്യായനീ ദേവി ലോകരക്ഷാർത്ഥം പല മൂർത്തികളായിപ്പിരിഞ്ഞു ഇപ്പോൾ കേരളത്തിൽ സഞ്ചരിച്ചു ഒരോ സ്ഥലങ്ങളിൽ കയറി ഇളകൊണ്ടിരിക്കുകയാണെന്നും, അക്കൂട്ടത്തിൽ ഒരു മൂർത്തിയാണിവിടെയും ഇളകൊണ്ടിരി ക്കുന്നതെന്നും പല മൂർത്തികളായി പിരിഞ്ഞിരിക്കുന്നുവെങ്കിലും എല്ലാം മഹാമായ ഒരാൾ തന്നെയാണന്നും, ഏകൈവാഹം ജഗ്രത്യത്ര ദ്വിതീയാ കാ മമാപര? എന്നാണല്ലോ ദേവി അരുളിച്ചെയ്തിരിക്കുന്നത് എന്നും കണിയാൻ പറഞ്ഞു. അപ്പോൾ എല്ലാവരും ഇതെല്ലാം വിശ്വസിക്കുകയും ചെയ്തു.
ഈ സമയം കോതയമ്മയും കുന്നിന്മേൽ എത്തി. "കുന്നിന്മേൽ വന്നാൽ ഇനിയും നിങ്ങൾക്കു എന്നെ കാണാം" എന്നു ദേവി അരുളിച്ചെയ്തതിനെ ഓർത്തു അവർ അമ്പലത്തിൽ കയറി ശ്രീകോവിലിനകത്തേക്കു നോക്കിഅപ്പോൾ അവർ അവിടെ നാലെട്ടു തൃക്കൈകളിലുജ്വലിക്കും ശൂലാദിനാനായുധഭാസമാനയായും മൂർത്ത്യാമനോജ്ഞയായുമിരിക്കുന്ന കാർത്ത്യായനിയെ പ്രത്യക്ഷമായിക്കണ്ടിട്ട് വിസ്മയാകുലയായിത്തീരുകയും ചില സ്തോത്രങ്ങൾ ചൊല്ലി ദേവിയെ സ്തുതി ക്കുകയും ചെയ്തു. ആ സമയം ഭക്തയെ തൊട്ടുകൊണ്ട് നോക്കിയവരെലാം ദേവിയുടെ രൂപം മേല്പറഞ്ഞപ്രകാരം കണ്ട് ഏറ്റവും ഭയാത്ഭുതപരവശന്മാരായി തീർന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടെ ദുർനിരീക്ഷ്യമായ ഒരു തേജസ്സ് മാത്രം അവശേ‌ഷിക്കുകയും ക്രമേണ അദൃശ്യമായിതീരുകയും ചെയ്തു. അനന്തരം അവിടെ കൂടിയിരുന്ന മഹാന്മാരുടെ ആലോചന അടുത്ത മുഹൂർത്തത്തിൽ പ്രതിഷ്ഠിപ്പാനായി പണിതു വച്ചിരിക്കുന്ന ശാസ്താവിന്റെ വിഗ്രഹം ഇനി എന്താണ് ചെയ്യേണ്ടത് എന്നായിരുന്നു. പുത്തനായി പണിയിച്ചിട്ടുള്ള അമ്പലത്തിന്റെ അടുക്കൽ തന്നെ തത്ക്കാലം ഒരു ശ്രീകോവിൽ മാത്രം പണിയിച്ചു ശാസ്താവിനെ പ്രതിഷ്ഠ നടത്തിക്കാമെന്നു എല്ലാവരും കൂടി തീരുമാനമെടുത്തു. അപ്രകാരം അഞ്ചെട്ടു ദിവസം കൊണ്ട് ഒരു ശ്രീകോവിൽ തീർത്തു കുറ തീർപ്പിക്കുകയും ചെയ്തു. പ്രതിഷ്ഠയ്ക്കുള്ള ക്രിയകൾ തുടങ്ങുന്നതിനു തലേദിവസം തന്നെ തന്ത്രി, പരികർമികൾ മുതലായവർ സ്ഥലത്തെത്തി. അപ്പോൾ അവിടെ ഉണ്ടായ വിശേ‌ഷങ്ങളെല്ലാം പള്ളിയിൽ മേനോൻ തന്ത്രി നമ്പൂരിപ്പാട്ടിലെ അറിയിച്ചു. ഉടനെ നമ്പൂരിപ്പാട്ടീന്നു എന്നാൽ ദേവീപ്രതിഷ്ഠ കൂടി ഇപ്പോൾ തന്നെ നടക്കുകയാണല്ലോ വേണ്ടത്. ദേവി ഇവിടെ ഇള കൊണ്ടിട്ടുണ്ടന്നു നിങ്ങൾക്കെല്ലാവർക്കും വിശ്വാസം വന്നിട്ടുണ്ടെങ്കിലും എല്ലാവർക്കും കാണത്തക്ക വിധം ഒരു അർച്ചനാബിംബം പ്രതിഷ്ഠ കൂടി ചെയേണ്ടത് അത്യാവശ്യമാണ്. അങ്ങിനെ തീർച്ചപ്പെടുത്തുന്നപക്ഷം അതിലേയ്ക്കും വേണ്ടുന്ന ഉപകരണങ്ങളും ഒരു ബിംബവും വേണം എന്നു പറഞ്ഞു. അപ്പോൾ മേനോൻ മുതലായവർ "ഉപകരണ ങ്ങളൊക്കെയും ഉണ്ടാക്കാം. അതിനു പ്രയാസമില്ല . ഈ മുഹൂർത്തത്തിനു പ്രതിഷ്ഠിക്കവണ്ണം ബിംബമുണ്ടാക്കിക്കുന്ന കാര്യം അസാദ്ധ്യമാണ്. അതിനാൽ ദേവീപ്രതിഷ്ഠ ഇനി ആദ്യമുണ്ടാകുന്ന മുഹൂർത്തത്തിലാകാമെന്നു വെയ്ക്കാനേ നിവൃത്തിയുള്ളു" എന്നു പറഞ്ഞു. "എന്നാൽ അങ്ങനെ മതി" എന്നു നമ്പൂരിപ്പാടും സമ്മതിച്ചു. അന്നു രാത്രിയിൽ കോതയമ്മയ്ക്കു ഒരു സ്വപ്നമുണ്ടായി. കുറച്ചു ദിവസം മുൻപ് അവർ ആറ്റുകടവിൽ വചു കണ്ടതായ ആ കന്യക അവരുടെ അടുക്കൽ ചെന്നു, "നിങ്ങൾ പതിവായി കുളിക്കുന്ന കടവിൽ നിന്നു സ്വല്പം പടിഞ്ഞാട്ടുമാറി ഒരു കയമുണ്ടല്ലോ. ആ കയത്തിൽ എന്റെ ഒരു ശിലാവിഗ്രഹം കിടക്കുന്നുണ്ട്. അതെടുപ്പിച്ചു ഈ അടുത്ത മുഹൂർത്തത്തിൽ തന്നെ എന്റെ പ്രതിഷ്ഠയും നടത്തിക്കണം. തോണിയിൽ കയറി ആ കയത്തിന്റെ സമീപത്തു ചെന്നാൽ അവിടെ വെള്ളത്തിനടിയിൽ നിന്നു ധാരാളം പാലയ്ക്കാ പൊങ്ങിവരുന്നതു കാണാം.ആ സ്ഥലത്തു മുങ്ങിത്തപ്പിയാൽ വിഗ്രഹം കണ്ടുകിട്ടും" എന്നു പറഞ്ഞു എന്നായിരുന്നു സ്വപ്നം. സ്വപ്നം കണ്ട ഉടനെ വൃദ്ധ ഉണർന്നു കണ്ണു തുറന്നു നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു ദേവി എഴുന്നള്ളി അരുളിച്ചെയ്തതുതന്നെയാണെന്നു വിശ്വസിച്ചുകൊണ്ട് കോതയമ്മ ഈ വിവരം കൊച്ചയ്യപ്പൻ മുഖാന്തിരം അതിരാവിലെ പള്ളീയിൽ മേനോൻ മുതലായവരെ അറിയിച്ചു. കോതയമ്മയുടെവാക്കു ഒരിക്കലും തെറ്റിപ്പോകയില്ലന്നുള്ള വിശ്വാസമെല്ലാവർക്കുമുണ്ടായിരുന്നതിനാൽ പള്ളിയിൽ മേനോൻ മുതലായ ചില പ്രധാനന്മാർ വെള്ളത്തിൽ മുങ്ങിത്തപ്പാൻ പരിചയവും സാമർത്ഥ്യവുമുള്ള ചിലരോടു കൂടി ഉടനെ വള്ളത്തിൽ കയറി ആ കയത്തിലേയ്ക്കു പോയി. അവിടെ ചെന്നപ്പോൾ ഒരു സ്ഥലത്തു സംഖ്യയില്ലാതെ പാലയ്ക്കാ വെള്ളത്തിനടിയിൽ നിന്നും പൊങ്ങി വരുന്നതായി കാണുകയും അവിടെ ചിലർ മുങ്ങിത്തപ്പിയപ്പോൾ ബിംബം കണ്ടുകിട്ടുകയും അതെടുത്ത് കുന്നിന്മേൽ കൊണ്ടുവരികയും പിന്നെ ബിംബപരിഗ്രഹം മുതലായ സകലക്രിയകളും ചെയ്തു നിശ്ചിത മുഹൂർത്തത്തിൽ തന്നെ ദേവിയുടേയും ശാസ്താവിന്റെയും പ്രതിഷ്ഠയും കലശവും നടത്തുകയും ചെയ്തു. അതോടുകൂടി അതികേമമായി ഉത്സവവും നടത്തി.
അക്കാലത്തു തെക്കുംകൂർ രാജാവും തന്ത്രിയും പള്ളിയിൽ മേനോൻ മുതലായവരും കൂടി ക്ഷേത്രത്തിൽ ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങൾ, മാസവിശേ‌ഷങ്ങൾ, നിത്യനിദാനം മുതലായവയ്ക്കു പടിത്തരം നിശ്ചയിക്കുകയും അവയ്ക്കെല്ലാം വകവച്ചു ധാരാളം വസ്തുക്കൾ ദേവസ്വം പേരിൽ പതിയ്ക്കുകയും ചെയ്തു. അതിനാൽ ആ ഭഗവതി ദേവസ്വം ഏറ്റവും ധനപുഷ്ഠിയുള്ളതായി തീർന്നു. അവിടെ പ്രാധാന്യവും ദേവിയ്ക്ക് തന്നെ സിദ്ധിച്ചു. ശാസ്താവിന് അവിടെ ഒരു ഉപദേവന്റെ സ്ഥാനം മാത്രമെ സിദ്ധിച്ചുള്ളു. എങ്കിലും ദേവിയ്ക്ക് ഇതുകൊണ്ടൊന്നും നല്ല തൃപ്തിയായില്ല. പടിത്തരം നിശ്ചയിച്ച ദിവസം രാത്രിയിൽതെക്കുംകൂർ രാജാവിനുഒരു സ്വപ്നമുണ്ടായി.സർവാംഗസുന്ദരിയായ ഒരു സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, "ഇതൊന്നുകൊണ്ടും എനിക്കു തൃപ്തിയായിട്ടില്ല, എനിക്കു തൃപ്തിയാകണമെങ്കിൽ എന്റെ കോതയമ്മയ്ക്കു കൂടി എന്തെങ്കിലും കൊടുക്കണം. കോതയമ്മ സന്തോ‌ഷിച്ചാൽ ഞാനും സന്തോ‌ഷിക്കും" എന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. ആ സമയത്തു തന്നെ ഇപ്രകാരമൊരുസ്വപ്നം പള്ളിയിൽ മേനോനുമുണ്ടായി. നേരം വെളുത്തയുടനെ പള്ളിയിൽ മേനോൻ രാജസന്നിധിയിലെത്തി തനിയ്ക്കുണ്ടായ സ്വപ്നത്തിന്റെ വിവരം അറിയിച്ചു. തനിക്കും ഇപ്രകാരമൊരു സ്വപ്നമുണ്ടായി എന്നു രാജാവും പറഞ്ഞു. ഉടനെ രണ്ടുപേരും കൂടി ആളയച്ചു കണിയാൻ പറമ്പിൽ കണിയാനെ വരുത്തി പ്രശ്നം വയ്പ്പിച്ചു നോക്കിച്ചു. അപ്പോൾ ഈ ഉണ്ടായിട്ടുള്ളതു ദേവിയുടെ ദർശനം തന്നെയാണന്നും കോതയമ്മ യ്ക്കു കൂടി എന്തെങ്കിലും ശരിയായിട്ടു കൊടുത്തില്ലങ്കിൽ ദേവിയുടെ കോപവും തന്നിമിത്തം അനേകം അനർഥങ്ങളുണ്ടായിത്തീരുമെന്നും കണിയാൻ വിധിച്ചു.
അതിനാൽ കോതയമ്മയുടെ പേരിൽ ഏതാനും പുഞ്ചനിലം ഇനാമായിപതിച്ചു കൊടുത്തതു കൂടാതെ അവരുടെ സഹോദരനായ കൊച്ചയ്യപ്പനെ ദേവസ്വത്തിൽ മാറാച്ചന്തിരമായി നിയമിക്കുകയും ചെയ്തു. കോതയമ്മയുടെ പേരിൽ പതിച്ചു കൊടുത്ത നിലത്തിനു 'കോത നേടിയ നിലം' എന്നാണു പറഞ്ഞു വന്നിരുന്നത്. അതു കാലക്രമേണ ലോപിച്ചു കോതാടിനിലമെന്നായിത്തീർന്നു. ആ നിലം ഏതാനും കൊല്ലങ്ങൾക്കു മുൻപ് (1070-ആമാണ്ട്) വരെ കണ്ണാട്ടു വീട്ടുകാരുടെ കൈവശാനുഭത്തിൽ തന്നെ ഇരുന്നിരുന്നു. പിന്നീട് അവർ എഴുതി വിറ്റു കളഞ്ഞതിനാൽ അന്യാധീനപ്പെട്ടുപോയി. എങ്കിലും ആ നിലത്തിനു കോതാടിനിലം എന്നു തന്നെയാണു പറഞ്ഞു വരുന്നത്. ആ വീട്ടുകാർക്കു ദേവസ്വത്തിൽ 1030-ആമാണ്ടുവരെ മാറാച്ചന്തിരവുമുണ്ടായിരുന്നു. പിന്നീട് ചില കാരണങ്ങളാൽ അതും മാറിപ്പോയി. എങ്കിലും ആ വീട്ടുകാർക്കു പ്രതിവർ‌ഷം 72 പറ നെല്ലുവീതം ഗവൺമെന്റിൽ നിന്നു ഇനാമായി ഇപ്പോഴും കൊടുത്തുവരുന്നുണ്ട്.
കോതയമ്മയ്ക്കു ഇനാമായി നിലം പതിച്ചു കൊടുത്ത കാലത്തു കണിയാൻ പറമ്പിൽ കണിയാനും ചില വസ്തുക്കൾ പതിച്ചു കൊടുത്തിരുന്നു. വിശേ‌ഷിച്ചു അവരുടെ തറവാട്ടിലേയ്ക്ക് മെച്ചര് എന്നൊരു സ്ഥനപ്പേരുകൂടി തെക്കുംകൂർ രാജാവ് കല്പിചു കൊടുത്തു. വസ്തുക്കളെല്ലാം അവർ ഓരൊ കാലത്തായി എഴുതി വിറ്റു കളഞ്ഞതിനാൽ ഇപ്പോൾ അവർക്കു കുടിപാർക്കുന്ന പുരയിടവും മെച്ചെര് എന്നുള്ള സ്ഥാനപ്പേരും മാത്രമേയുള്ളു. എങ്കിലും ദേവിയുടെ ശാപം അവർ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കോതയമ്മയും ദേവിയും തമ്മിൽ ആറ്റുകടവിൽ വച്ചുണ്ടായ സംഭാ‌ഷണം മറഞ്ഞു നിന്നു കേട്ട കണിയാൻ ആ വർത്തമാനം അപ്പോൾ തന്നെ സ്വകാര്യമായി അവന്റെ ഭാര്യയോടു പറഞ്ഞു. അതിനാൽ അവന്റെ കുടുംബത്തിലുണ്ടാകുന്ന പുരു‌ഷന്മാർ പൊട്ടനോ ചട്ടനോ ആയിരിക്കുമെന്നുള്ള ദേവിയുടെ ശാപത്തിനു ഇപ്പോഴും വ്യത്യാസം വന്നിട്ടില്ല.
പ്രസ്തുത ഭഗവതിക്ഷേത്രത്തിൽ ആദ്യകാലം മുതൽക്കു തന്നെ തെക്കുംകൂർ രാജാവിനു നാമമാത്രമായി ഒരു മേലാഴ്മ സ്ഥാനം ഉണ്ടായിരുന്നുവെങ്കിലും അവിടെ സകല കൈകാര്യകർത്തൃത്വവും കരക്കാർക്കു തന്നെയായിരുന്നു. തെക്കുംകൂർ രാജ്യം തിരുവതാംകൂറിൽ ചേർന്നിട്ടുംവളരെക്കാലത്തേയ്ക്കു ആ ദേവസ്വം കരക്കാരുടെ കൈവശത്തിൽ തന്നെ ഇരുന്നിരുന്നു. കൊല്ലം 987-ാമാണ്ട് ഈ ദേവസ്വം തിരുവിതാംകൂർ സർക്കാരിൽ ചേർക്കുകയും അതോടുകൂടി കരക്കാരുടെ അധികാരങ്ങളെല്ലാംവിട്ടു പോവുകയും ചെയ്തു. എങ്കിലും ആ ദേശക്കാർ ആ ദേവിയെ ഇപ്പോഴും തങ്ങളുടെ പരദേവതയായിത്തന്നെ ആദരിക്കു കയും ആചരിക്കുകയും ചെയ്തുവരുന്നുണ്ട്. മൂവ്വായിരപ്പറനിലവും അസംഖ്യം പുരയിടങ്ങളും തനതു പേരിൽ തന്നെ ഉണ്ടായിരുന്ന ഈ ദേവസ്വം സർക്കാരിൽ ചേർത്തപ്പോൾ അന്നു ബ്രിട്ടീ‌ഷ് റസിഡണ്ടും തിരുവതാംകൂർ ദിവാനുമായിരുന്ന മൺട്രോ സായിപ്പവർകൾ ക്ഷേത്രത്തിലെ അടിയന്തിരങ്ങൾക്ക് മുൻപു നിശ്ചയിച്ചിരുന്ന പതിവുകളെല്ലാം കുറച്ചു കളഞ്ഞതിനാൽഅവിടെ ഉത്സവാദികൾക്ക് മുതൽ ഒട്ടും മതിയാകാതെയായിത്തീർന്നു. ഈയിടെ ഉണ്ടായ ദേവസ്വം പരി‌ഷ്ക്കാരത്തോടു കൂടി ആ മതിയായ്ക പരമകാഷ്ഠയെ പ്രാപിക്കുകയും ചെയ്തു. എങ്കിലും ആ ദേശക്കാർക്കു ക്ഷേത്രകാര്യങ്ങളിലുള്ള പ്രതിപത്തിയും ശ്രദ്ധയും ഒട്ടും കുറഞ്ഞു പോയിട്ടില്ലാത്തതിനാൽ അവിടെ വേണ്ടുന്ന കാര്യങ്ങളെല്ലാം ഇപ്പോഴും ഭംഗിയായിത്തന്നെ നടന്നു പോരുന്നുണ്ട്. ക്ഷേത്രകാര്യങ്ങൾക്കായി ദേശക്കാർ ഏതാനും പണം ശേഖരിച്ചിട്ടുള്ളതിനാൽ സർക്കാരിൽ നിന്നുപതിവുള്ളതു കഴിച്ചു പോരാത്തതിനു ദേശക്കാരുടെ ആ പണത്തിന്റെ പലിശയിൽ നിന്നുകൂടി ചെലവു ചെയ്താണു അവിടെ അവർ ഉത്സവം മുതലായവ നടത്തിപ്പോരുന്നത്. കരക്കാർ വിശേ‌ഷാൽ ചില തിരുവാഭരണങ്ങളും മറ്റും കൂടി ഉണ്ടാക്കിച്ചിട്ടുണ്ട്. അവയെല്ലാം കരക്കാരുടെ കൈവശം തന്നെയാണു ഇപ്പോഴും ഇരിക്കുന്നത്. ഉത്സവകാലത്തും മറ്റു വിശേ‌ഷങ്ങളിലും ഉപയോഗിക്കുന്നതിനായി അവർ അവ എടുത്തു കൊടുക്കുകയും അടിയന്തിരം കഴിഞ്ഞാൽ തിരിയെ വാങ്ങിവെച്ചു സൂക്ഷിക്കുകയും ചെയ്തു വരുന്നു. അവയൊന്നും അവർ സർക്കാരിലേയ്ക്കു വിട്ടു കൊടുത്തില്ല.
കിളിരൂർ കുന്നിന്മേൽ ദേവീപ്രതിഷ്ഠ കഴിഞ്ഞിട്ട് ആദ്യമായി നടന ഉൽസവം മീനമാസത്തിൽ രോഹിണി കൊടിയേറ്റും പൂരം ആറാട്ടുമായിട്ടായിരുന്നു. അങ്ങനെതന്നെ ഇപ്പോഴും നടന്നുവരുന്നു. മീനമാസത്തിൽ കാർത്തിക ഭഗവതിയുടെ തിരുനാളെന്നു സങ്കല്പിച്ച് ആ ദിവസത്തെയും ഒരുൽസവംപോലെതന്നെ ആഘോ‌ഷപൂർവം കൊണ്ടാടിവരുന്നുണ്ട്. അതും ദേശക്കാർകൂടി പണം ചെലവുചെയ്താണ് നടത്തിവരുന്നത്. സർക്കാർ ക്ഷേത്രത്തിൽ ദേശക്കാരുടെ സഹകരണം ഇതുപോലെ മറ്റെങ്ങുമുണ്ടെന്നു തോന്നുന്നില്ല. ഈ ക്ഷേത്രത്തിൽ 1022-ആമാണ്ടു മണ്ഡപത്തിനുംചെമ്പിടുവിച്ചതു ശ്രീകോവിലിനും 1060-ആമാണ്ടുദേശക്കാർ തന്നെയാണ്. അടുത്തകാലത്ത് അഗ്നിബാധയാൽ നഷ്ടപ്പെട്ടു പോയ ശ്രീകോവിൽ സർക്കാരനുവാദപ്രകാരം വീണ്ടും പണികഴിച്ചു ചെമ്പിടുവിക്കാൻ ഉൽസാഹിച്ചുവരുന്നതും ഈ ദേശക്കാർ തന്നെ. ഇതെല്ലാം ആ ദേശക്കാർക്കു ദേവിയെക്കുറിച്ചുള്ള ഭക്തികൊണ്ടു മാത്രമല്ല; ഭയംകൊണ്ടു കൂടിയാണ്. ആ ദേവിയുടെ ചൈതന്യവും മാഹാത്മ്യവും അത്രയ്ക്കുമാത്രമുണ്ട്. അതിലേക്കു ചില ദൃഷ്ടാന്തങ്ങൾകൂടി പറയാം.
കിളിരൂർ ദേശത്തിൽ ആർക്കും കാർത്ത്യായനിയെന്നു പേരിടുകയും പാലയ്ക്കാ മോതിരം കെട്ടിക്കയുമരുതെന്നു ദേവി മുൻപേതന്നെ അരുളിച്ചെയ്തിരുന്നല്ലോ. ആ രണ്ടു കൂട്ടവും ഇപ്പോഴും ആ ദേശത്തു പതിവില്ല. ആ ദേശത്തുള്ള പുരു‌ഷന്മാർ സംബന്ധം ചെയ്തോ മറ്റോ കാർത്ത്യായനി എന്നു പേരായ സ്ത്രീകളെ അന്യദേശത്തുനിന്ന് അവിടെ ക്കൊണ്ടുവന്നു താമസിപ്പിച്ചാലും സുഖമായി അധികദിവസം താമസിക്കാനിടയില്ല എന്തെങ്കിലും കാരണവശാൽ ആ സ്ത്രീകൾ പെട്ടെന്ന് ആ ദിക്കു വിട്ടു പോകേണ്ടതായി വരും. ഇത് ഇപ്പോഴും കണ്ടുവരുന്ന ഒരു സംഗതിയാണ്.
പണ്ടൊരിക്കൽ ചെങ്ങളം എന്ന ദേശത്ത് ഒരു വീട്ടിൽ സ്ത്രീ സന്താനമില്ലാതെയിരുന്നതിനാൽ "ഒരു പെൺകുട്ടിയുണ്ടായാൽ ആ കുട്ടിയെ കിളിരൂർ കുന്നിന്മേൽ ഭഗവതിയുടെ നടയിൽ കൊണ്ടുപോയി ചോറു കൊടുത്തേക്കാം" എന്ന് ആ വീട്ടുകാർ നിശ്ചയിച്ചു. അനന്തരം അധികം താമസിയാതെ ആ വീട്ടിൽ ഒരു സ്ത്രീ ഗർഭം ധരിക്കുകയും യഥാകാലം ഒരു പെൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. ആ വീട്ടുകാർ അത്യന്തം സന്തോ‌ഷിച്ച് ആറാം മാസത്തിൽ ചോറു കൊടുക്കുന്നതിനായി കുട്ടിയേയുംകൊണ്ട് കിളിരൂർ കുന്നിന്മേലെത്തി ചില വഴിപാടുകൾ നടത്തി, ചോറു കൊടുക്കുന്നതിനായി ആഭരണങ്ങളുമണിയിച്ചു. കുട്ടി കണ്ണു തുറക്കുകയോ മുല കുടിക്കുകയോ ചെയ്യാതെ വെയിലത്തിട്ട താളുപോലെ വാടിത്തളർന്നു കിടക്കുന്നതു കണ്ടു കുട്ടിയുടെ മാതാപിതാക്കൾ മാത്രമല്ല, ദേവീദർശനത്തിനായി അവിടെ കൂടിയിരുന്ന അന്യജനങ്ങൾ പോലും അത്യന്തം വി‌ഷണ്ണരായിത്തീർന്നു. ഉടനെ ഒരു ദൈവജ്ഞനെ വരുത്തി പ്രശ്നംവെയ്പിച്ചുനോക്കുകയും കുട്ടിയുടെ അസ്വാസ്ഥ്യത്തിന്റെ കാരണം, അതിനെ പാലയ്ക്കാമോതിരം കെട്ടിച്ചു നടയിൽ കൊണ്ടു വന്നതാണെന്നും ആ മോതിരമഴിച്ചു നടയ്ക്കുവെച്ചാൽ കുട്ടിയ്ക്കു സുഖമാകുമെന്നും പ്രശ്നക്കാരൻ വിധിക്കുകയും കുട്ടിയുടെ ഉടമസ്ഥന്മാർ ആ മോതിരമഴിച്ചു നടയ്ക്കുവെക്കുകയും ഉടനെ കുട്ടിക്കു സുഖമാകയാൽ ചോറു കൊടുത്തു കൊണ്ടുപോവുകയും ചെയ്തു. ആ പാലയ്ക്കാ മോതിരം മറ്റുള്ള തിരുവാഭരണങ്ങളുടെ കൂട്ടത്തിൽ കരക്കാരുടെ കൈവശം ഇപ്പോഴുമവിടെ ഇരിക്കുന്നുണ്ട്. അത് അവിടെ ഉത്സവകാലങ്ങളിലും മറ്റും എഴുന്നള്ളിപ്പിന് അങ്കിയിൽ ചാർത്തുകയാണ് ചെയ്തുവരുന്നത്.
വൈക്കത്തു കോട്ടയംമുഖം സന്ധ്യവേലയ്ക്കു വേണ്ടുന്ന അരി, കറിക്കോപ്പുകൾ മുതലായ സാമാനങ്ങളെല്ലാം കോട്ടയം പാർവത്യക്കാരൻ ശേഖരിച്ച്, വള്ളങ്ങളിലാക്കി വൈക്കത്തു കൊണ്ടുപോയി സന്ധ്യവേല നടത്തുകയായിരുന്നു മുൻകാലങ്ങളിൽ പതിവ്. സാമാനങ്ങളെല്ലാം വള്ള ങ്ങളിലാക്കി വൈക്കത്തേക്കു പുറപ്പെടുന്ന ദിവസം പാർവത്യക്കാരൻ മുതലായവരുടെ വകയായി കിളിരൂർ കുന്നിന്മേൽ ഭഗവതിക്ക് ഒരു ചരക്കിലട വഴിപാടു നടത്തുകയും പതിവായിരുന്നു. സർക്കാർവക കോട്ടയം താലൂക്കു വക അടിയന്തിരങ്ങൾക്കുള്ള സാമാനങ്ങൾക്കെല്ലാം കുത്തകയേർപ്പാടായപ്പോൾ സന്ധ്യവേലയ്ക്കുള്ള സാമാനങ്ങൾ പാർവത്യക്കാരന്മാർ ശേഖരിച്ചു കൊണ്ടുപോവുകയെന്നുള്ള പതിവുനിന്നുപോയി. അതോടുകൂടി കുന്നിന്മേൽ ഭഗവതിക്കു പതിവുണ്ടായിരുന്ന അടവഴിപാടും നിറുത്തലാക്കി. അപ്പോൾ വൈക്കത്തു ചില ദുർലക്ഷണങ്ങൾ കണ്ടു തുടങ്ങി. സന്ധ്യവേലസ്സദ്യയ്ക്കുള്ള പ്രഥമനിൽ അട്ട വീഴുക, കാളനിൽ ഗൗളി വീഴുക മുതലായ ദുർലക്ഷണങ്ങൾ പതിവായി കണ്ടു തുടങ്ങിയപ്പോൾ അതിന്റെ കാരണമറിയുന്നതിനായി പ്രശ്നംവെയ്പിച്ചു നോക്കിച്ചു. അപ്പോൾ ഈ അമംഗളങ്ങൾ കാണുന്നതിന്റെ കാരണം കിളിരൂർ കുന്നിന്മേൽ ഭഗവതിക്കു പതിവുള്ള വഴിപാടു നടത്താത്തതുകൊണ്ടു വൈക്കത്തപ്പനുണ്ടായിട്ടുള്ള വിരോധമാണെന്നും "എന്റെ കാർത്ത്യായനിക്കു പതിവുള്ളതു കൊടുക്കാതെ എനിക്കു പതിവുള്ളതുഞാൻ സ്വീകരിക്കുകയില" എന്നാണ് വൈക്കത്തപ്പന്റെ ഭാവമെന്നും പ്രശ്നക്കാരൻ വിധിച്ചു. അതിനെസ്സംബന്ധിച്ചും എഴുത്തുകുത്തുകൾ നടത്തുകയാൽ സർക്കാർ വകയായി ആ വഴിപാടു നടത്തിക്കൊള്ളുന്നതിന് ഗവൺമെന്റ് അനുവദിച്ചു. പണ്ടത്തെപ്പോലെയൊന്നുമല്ലെങ്കിലും സന്ധ്യവേല വകയായി ആ വഴിപാടു നാമമാത്രമായിട്ടെങ്കിലും ഇപ്പോഴും നടക്കുന്നുണ്ട്.
ഇനി ഇവിടെ ദേവിക്ക് അടവഴിപാട് പ്രധാനമായിത്തീർന്നതിന്റെ കാരണം കൂടി പറയാം. ദേവിയുടെ ബിംബത്തിനു പ്രാണപ്രതിഷ്ഠ കഴിച്ചദിവസം തന്ത്രിനമ്പൂരിപ്പാട്ടിലേക്ക് എന്തോ അത്താഴമില്ലാത്ത ദിവസമായിരുന്നു. അതിനാൽ പലഹാരത്തിന് അരിപൊടിച്ചു കൊണ്ടുചെന്നു കൊടുക്കണമെന്ന് ശാന്തിക്കാരൻ കഴകക്കാരോടു പറഞ്ഞു. കഴകക്കാർ ഇരുനാഴി ഉണക്കലരിയാണ് പൊടിച്ചു കൊണ്ടുചെന്നു കൊടുത്തത്. അതിനാൽ ശാന്തിക്കാരൻ അതിനു ചേരുന്ന ശർക്കരയും നാളികേരവും ചേർത്തുണ്ടാക്കിയ വൽസൻ (അട) ആയിരുന്നു തന്ത്രിക്കു കൊടുത്തത്. അതു കണ്ടിട്ടു തന്ത്രിനമ്പൂരിപ്പാട് "വൽസനാണോ പലഹാരം? എന്നാൽ അതു നിവേദിച്ചിട്ടു വേണം തിന്നാൻ. ബിംബത്തിനു പ്രാണപ്രതിഷ്ഠ കഴിഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ എന്തെങ്കിലും നിവേദിക്കണമല്ലോ. അതിന് ഇതു തന്നെആയിക്കളയാം" എന്നു പറഞ്ഞ് ആവൽസനെടുത്തുവെച്ച് അദ്ദേഹംതന്നെ നിവേദ്യം കഴിച്ചു. അന്നു രാത്രിയിൽ നമ്പൂരിപ്പാട്ടിലേക്കു ദേവിയുടെ ദർശനമുണ്ടായി. "വൽസൻ നിവേദ്യം എനിക്കു വളരെ തൃപ്തികരമായിരിക്കുന്നു. പതിവായി അത്താഴപ്പൂജയോടുകൂടി നിവേദിക്കുന്നതിന് ഏർപ്പാടുചെയ്യണം" എന്നു ദേവി അരുളിച്ചെയ്തതായിട്ടാണ് നമ്പൂരിപ്പാട്ടിലേക്കു ദർശനമുണ്ടായത്. ഇങ്ങനെ ദർശനമുണ്ടായ വിവരം പിറ്റേ ദിവസം തന്ത്രി നമ്പൂരിപ്പാട് രാജാവിന്റെ അടുക്കലും പള്ളിയിൽമേനോൻ മുതലായവരോടും പറഞ്ഞു. അവർ പ്രശ്നം വെയ്പ്പിച്ചുനോക്കിയതിൽ അതു ദേവിയുടെ അരുളപ്പാടുതന്നെ യാണെന്നു പ്രശ്നക്കാരൻ വിധിക്കുകയും ചെയ്തു. അതിനാൽ പ്രതിദിനം അത്താഴപൂജയ്ക്ക് ഇരുനാഴിയരിയുടെ വൽസൻകൂടി പടിത്തരക്കണക്കിൽ എഴുത്തിച്ചേർത്തു. അതു പതിവായിത്തീരുകയും ചെയ്തു. അതിപ്പോഴും നടന്നുവരുന്നുണ്ട്. അടവഴിപാടു ദേവിക്കു പ്രീതികരമാണെന്ന് അറിയുകയാൽ ഓരോരുത്തർ ഓരോ കാര്യങ്ങൾ സാധിക്കുന്നതിനായി യഥാശക്തി മൂന്നേകാലിടങ്ങഴി അരികൊണ്ടും ആറേകാലിടങ്ങഴി അരികൊണ്ടും പന്ത്രണ്ടേകാലിടങ്ങഴി അരികൊണ്ടും ഇരുപത്തഞ്ചേകാലിടങ്ങഴി അരി കൊണ്ടും മറ്റും അടവഴിപാടുപ്രാർത്ഥിച്ചുതുടങ്ങുകയും എല്ലാവർക്കും കാര്യങ്ങൾ സാധിച്ചു തുടങ്ങുകയും ചെയ്തു. അങ്ങനെ അടവഴിപാട് അവിടെ നടപ്പാവുകയും അതിനു പ്രാധാന്യം സിദ്ധിക്കുകയും ചെയ്തു. പന്ത്രണ്ടേകാലിടങ്ങഴി അരികൊണ്ടുള്ളതിനു "പന്തിരുനാഴിയട" എന്നാണ് പറഞ്ഞുവരുന്നത്. അതിൽക്കുറഞ്ഞതിന് അരപ്പന്തിരുനാഴി, കാൽപ്പന്തിരു നാഴി എന്നും യഥാക്രമം പേർ പറയുന്നു. ഇരുപത്തഞ്ചേകാലിടങ്ങഴി അരികൊണ്ടുള്ള അട വലിയ ചരക്കിൽ (വാർപ്പിൽ) അല്ലാതെ ഉണ്ടാക്കാൻ പാടില്ല. അതിനാൽ അതിനു "ചരക്കിലട" എന്നും പേർ പറഞ്ഞുവരുന്നു. ചരക്കിലടയ്ക്കു നൂറ്റൊന്നു നാഴി അരി, നൂറ്റൊന്നു നാളികേരം, നൂറ്റൊന്നു കദളിപ്പഴം, മൂന്നു തുലാം ശർക്കര, മുന്നാഴി നെയ്യ് ഇങ്ങനെയാണ് പതിവ്. പന്തിരുനാഴിയട മുതലായവയ്ക്കും ഈ കണക്കനുസരിച്ചു വീതപ്രകാരമുള്ള നാളികേരം, ശർക്കര മുതലായവ ചേർക്കണം. കദളിപ്പഴം കിട്ടാതെ വന്നാൽ അതിനു പകരം നേന്ത്രപ്പഴവും വരിക്കച്ചക്കപ്പഴവും ചേർക്കാറുണ്ട്. അടവഴിപാടുണ്ടായാൽ സമീപസ്ഥന്മാരായ ആബാലവൃദ്ധം അനേകം ജനങ്ങൾ ആ ക്ഷേത്രസന്നിധിയിൽ വന്നുകൂടുക പതിവാണ്. ഇത്രയിടങ്ങഴി അരികൊണ്ട് അടയുണ്ടായാൽ ബ്രഹ്മസ്വമായും ശാന്തിക്കാരൻ, കശക്കാരൻ, തേങ്ങാപ്പണിക്കാരൻ, പള്ളിയിൽ മേനോൻ, വെട്ടിക്കുളങ്ങരക്കയ്മൾ, പാത്രം തേപ്പുകാരൻ, ഇലയും വിറകും കൊടുക്കുന്നയാൾ മുതലായവർക്ക് ഇത്ര ഇത്ര അടവീതം കൊടുക്കണമെന്നു കണക്കുണ്ട്. അതൊക്കെ കഴിഞ്ഞാൽ ഉള്ളതിന്റെ അവസ്ഥപോലെ ഒന്നോ രണ്ടോ അടവീതം അവിടെ വന്നുകൂടുന്നവർക്കെല്ലാവർക്കും കൊടുക്കണമെന്നു നിർബന്ധമാണ്. അതുപോലെ ഒരു ഭാഗം വഴിപാടു നടത്തുന്ന ആൾക്കുമുണ്ട്. അതു കൊടുത്തില്ലെങ്കിലും വെറുതെ വരുന്നവർക്കു കൊടുക്കാതെയിരിക്കാൻ പാടില്ല. അവർക്കു കൊടുക്കാതെയിരുന്നാൽ ആ വഴിപാടുകൊണ്ട് യാതൊരു ഫലവുമുണ്ടാവുകയില്ലെന്നു മാത്രമല്ല, ദേവിയുടെ വിരോധമുണ്ടാവുകയും ചെയ്യും. ഇതിനു ദൃഷ്ടാന്തമായി പല സംഗതികളുമുണ്ടായിട്ടുണ്ട്. അവയിൽ ഒന്നു മാത്രം പ്രസ്താവിച്ചുകൊള്ളുന്നു.
ഒരാണ്ടിൽ വൈക്കത്തു സന്ധ്യവേലയ്ക്കു സാമാനങ്ങളെല്ലാം ശേഖരിച്ചു വള്ളത്തിലാക്കിക്കൊണ്ടുപോയ പാർവത്യക്കാരൻ, പതിവുള്ള ചരക്കിലട കഴിച്ചിട്ടു ശാന്തിക്കാരൻ മുതലായ അനുഭവക്കാർക്കുമാത്രം പതിവുള്ളതു കൊടുത്തതിന്റെ ശേ‌ഷം പിന്നെയുണ്ടായിരുന്ന അടയെല്ലാം വാങ്ങി ഭാണ്ഡംകെട്ടിക്കൊണ്ടുപോയി. ഉടനെ വൈക്കത്തിനു യാത്രയാവുകയും ചെയ്തു. അട കിട്ടുമെന്നാഗ്രഹിച്ചു വന്നവരെല്ലാം ഇച്ഛാഭംഗത്തോടുകൂടി തിരികെപ്പോയി. ചില കുട്ടികൾ ഉറക്കെ കരഞ്ഞുകൊണ്ടാണ് മടങ്ങിയത്. അതു കണ്ടിട്ട് ചിലർ, "ഇതു ഭഗവതി സഹിക്കുമെന്നു തോന്നുന്നില്ല. എന്തെല്ലാമാപത്തുകൾ വന്നുകൂടുമോ എന്തോ" എന്നു പറഞ്ഞുകൊണ്ടാണ് മടങ്ങിപ്പോയത്. കാര്യം അങ്ങനെതന്നെ പറ്റുകയും ചെയ്തു.
പാർവത്യക്കാരൻ മുതലായവർ വേമ്പനാട്ടുകായലിൽ എത്തിയപ്പോഴേക്കും അതികലശലായി കാറ്റും മഴയും തുടങ്ങി. കായലിൽ ഓളങ്ങൾ പെരുകി വള്ളങ്ങളിൽ വെള്ളം അടിച്ചുകയറി. വള്ളം മുങ്ങുമെന്ന ദിക്കായി. പാർവത്യക്കാരൻ മുതലായവർക്കു പരിഭ്രമവും കലശലായി. പ്രാണഭീതി നിമിത്തം ചിലർ നിലവിളിയും തുടങ്ങി. അപ്പോൾ പഴമപരിചയമുള്ളവരായി വള്ളത്തിലുണ്ടായിരുന്നവരിൽ ചിലർ, "അവിടെ വന്നുകൂടിയവർക്കാരുക്കും അട കൊടുക്കാത്തത് ഭഗവതിക്കൊട്ടും രസിച്ചില്ല. ദേവിയുടെ വിരോധം കൊണ്ടുതന്നെയാണ് ഇപ്പോൾ ഈ കാറ്റും പിശറും വന്നു കൂടിയത്. എന്തെങ്കിലും ഒരു പ്രായച്ഛിത്തം ചെയ്യാമെന്നു നിശ്ചയിച്ചില്ലെങ്കിൽ വള്ളങ്ങൾ മുങ്ങുകതന്നെ ചെയ്യും" എന്നു പറഞ്ഞു. അതു കേട്ടു പാർവത്യക്കാരൻ "എന്നാൽ വൈക്കത്തു പോയി സന്ധ്യവേല കഴിഞ്ഞു തിരിച്ചെത്തിയാലുടനെ പ്രായശ്ചിത്തമായി ഒരു ചരക്കിലടകൂടി കഴിക്കുകയും അവിടെ വരുന്നവർക്കെല്ലാം ധാരാളമായി കൊടുക്കുകയും ചെയ്തേക്കാം. ഈ കാറ്റും പിശറും മാറട്ടെ" എന്നു പറഞ്ഞു. ഉടനെ കാറ്റും മഴയും മാറുകയാൽ കായൽ ശാന്തതയെ പ്രാപിക്കുകയും ചെയ്തു. സന്ധ്യവേല കഴിഞ്ഞു മടങ്ങിയെത്തിയ ഉടനെ പാർവത്യക്കാരൻ നിശ്ചയിച്ചതുപോലെ പ്രായശ്ചിത്തവഴിപാടു നടത്തുകയും അന്നവിടെ ചെന്നുകൂടിയവർക്കെല്ലാം അട പതിവിലധികം കൊടുക്കുകയും ചെയ്തു. ദേവിയുടെ മാഹാത്മ്യത്തെ സംബന്ധിച്ച ഒന്നുരണ്ടു സംഗതികൾകൂടി പറഞ്ഞിട്ട് ഈ ലേഖനമവസാനി പ്പിക്കാമെന്നു വിചാരിക്കുന്നു.
1078-ആമാണ്ടു കുംഭമാസത്തിൽകിളിരൂർദേശത്തുതന്നെയുള്ള "പുത്തൻമഠത്തിൽ ശിവയ്യൻ" എന്ന പരദേശബ്രാഹ്മണനു മസൂരികാ (വസൂരി) ദീനമുണ്ടായി. ദീനം ഏറ്റവും കടുത്ത വകയായിരുന്നു. അവിടെ ദീനരക്ഷയ്ക്കായിട്ടിരുന്നവരും ദീനം ചെന്നു കണ്ടവരായ അന്യന്മാരുമെല്ലാം ആ ബ്രാഹ്മണൻ കുളിക്കുന്ന കാര്യം അസാദ്ധ്യമാണെന്നുതന്നെ തീർച്ചപ്പെടുത്തി. താൻ ഇതിനാലെ മരിച്ചുപോകുമെന്നു രോഗിക്കും തോന്നി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, "കുന്നിന്മേൽ ഭഗവതിക്കു പന്ത്രണ്ടു ചരക്കിലട കഴിച്ചേക്കാമെന്നു നിശ്ചയിക്കൂ. അങ്ങേക്കു കുളിച്ചുതൊഴാൻ സംഗതിയാകും" എന്നു പറഞ്ഞതായി തോന്നി. അദ്ദേഹം കണ്ണു തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. "എന്തോ വെറുതെ സ്വപ്നം കണ്ടതായിരിക്കും" എന്നു വിചാരിച്ച് അദ്ദേഹം പിന്നെയും കണ്ണടച്ചു കിടന്നു. അദ്ദേഹം മയങ്ങിത്തുടങ്ങിയപ്പോൾ പിന്നെയും യഥാപൂർവ്വം ഒരാൾ അടുക്കൽ ചെന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. അങ്ങനെ മൂന്നു പ്രാവശ്യമുണ്ടായി. മൂന്നാം പ്രാവശ്യം അദ്ദേഹം കണ്ണു തുറന്നു നോക്കിയപ്പോൾ സർവാംഗസുന്ദരിയായ ഒരു തരുണി ആ മുറിയിൽനിന്ന് ഇറങ്ങിപ്പോകുന്നതായി അദ്ദേഹം കാണുകയും ചെയ്തു. അപ്പോൾ അത് ദേവിയുടെ അരുളപ്പാടുതന്നെയാണെന്ന് അദ്ദേഹത്തിനു തോന്നുകയും കുളിച്ചു തൊഴുന്ന ദിവസംതന്നെ പന്ത്രണ്ടു ചരക്കിലട കഴിച്ചേക്കാമെന്ന് അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതൽ ദീനത്തിന് ഇറക്കം തുടങ്ങി. ദീനമാരംഭിച്ചതിന്റെ ഇരുപത്തിരണ്ടാം ദിവസം അദ്ദേഹത്തെ കുളിപ്പിച്ചു. ഒരു വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ കുളിപ്പിച്ചത്. അടുത്ത ഞാറാഴ്ച അദ്ദേഹത്തെ കുന്നിന്മേൽ കൊണ്ടുപോയി തൊഴീക്കുകയും അന്നുതന്നെ പന്ത്രണ്ടു ചരക്കിലട കഴിക്കുകയും ചെയ്തു.
ഈ ദേശത്തുതന്നെ മറ്റൊരു മഠത്തിൽ 1085-ആമാണ്ട് യുവാവായ ഒരു ബ്രാഹ്മണനു വസൂരിദീനമുണ്ടായി. ആ ദീനവും ഏറ്റവും കടുത്ത വകയായിരുന്നു. അദ്ദേഹവും ഈ ദീനത്താൽ മരിച്ചുപോകുമെന്ന് എല്ലാവരും തീർച്ചപ്പെടുത്തി. ആ ബ്രാഹ്മണന്റെ ഭാര്യയായ അമ്മ്യാർ വ്യസനാക്രാന്തയായിട്ട്, " എന്റെ ഭർത്താവിനെ കുളിപ്പിച്ചു തൊഴീക്കാൻ സംഗതിയായാൽ തൊഴീക്കുന്ന ദിവസം എന്റെ കഴുത്തിൽ പതിവായി കെട്ടിവരുന്ന പവൻമാല ഞാൻനടയ്ക്കു വെച്ചേക്കാം" എന്നു നിശ്ചയിച്ചു. ഇതു മറ്റാരോടും പറഞ്ഞില്ല. ബ്രാഹ്മണനു ക്രമേണ ദീനം ഭേദപ്പെട്ടുതുടങ്ങി. പതിനെട്ടാം ദിവസം അദ്ദേഹത്തെ കുളിപ്പിച്ചു. അപ്പോൾ അമ്മ്യാർക്കു വിചാരമായി: "അയ്യോ! എന്റെ പവൻമാല കൊടുക്കണമല്ലോ. അതു പ്രയാസവുമാണ്. ഇതിൽനിന്ന് ഒരു പവൻ ഊരിയെടുത്തു നടയ്ക്കു വെച്ചേക്കാം. അതു മതി" എന്ന് ആലോചിച്ചു തീർച്ചപ്പെടുത്തി. ബ്രാഹ്മണനെ നടയിൽകൊണ്ടുപോയി തൊഴീച്ച ദിവസം അമ്മ്യാരും കൂടെപ്പോ യിരുന്നു. അവർ നിശ്ചയിച്ചതുപോലെ ഒരു പവൻ ഊരിയെടുത്തു നടയ്ക്കു വെച്ചു. ദീനമുണ്ടായ ബ്രാഹ്മണൻ ഉടൻ വിറയ്ക്കുവാൻ തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് അദ്ദേഹത്തിനു കലികൊണ്ടതുപോലെയായിട്ടു വെളിച്ചപ്പാടന്മാർ പറയുന്നതുപോലെ "കൊണ്ടുവാ, പവൻമാല അഴിച്ചുകൊണ്ടുവാ. അല്ലാതെ ഞാൻസമ്മതിക്കുകയില്ല" എന്നു വിളിച്ചു പറഞ്ഞുതുടങ്ങി. ഉടനെ ബ്രാഹ്മണന്റെ ഭാര്യ പവൻമാല അഴിച്ചു ബ്രാഹ്മണന്റെ കൈയിൽ ക്കൊടുത്തു. അദ്ദേഹം അതു നടയ്ക്കു വെച്ചിട്ടു പള്ളിയിൽ മേനോനെ വിളിച്ച് "ഇതെടുത്തുമറ്റുള്ള തിരുവാഭരണങ്ങളുടെകൂട്ടത്തിൽ സൂക്ഷിച്ചുകൊള്ളണം. വിശേ‌ഷദിവസങ്ങളിൽ അകത്തു കൊടുത്തു ബിംബത്തിന്മേൽ ചാർത്തിക്കണം" എന്നു പറയുകയും കലിയടങ്ങി ബ്രാഹ്മണൻ പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. ആ പവൻമാല ഇപ്പോഴും കരക്കാരുടെ കൈവശംതന്നെ ഇരിക്കുന്നു. വിശേ‌ഷദിവസ ങ്ങളിൽ ദേവിയുടെ ബിംബത്തിന്മേൽ ചാർത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ പവൻമാലയിൽ ഒറ്റക്കുഴ വെച്ചതായ പതിനെട്ട് അരപ്പവനും ഒരു മുഴുപ്പവനുമാണുള്ളത്.
ഇങ്ങനെ പറയുകയാണെങ്കിൽ കിളിരൂർ കുന്നിന്മേൽ ഭഗവതിയുടെ അത്ഭുതമാഹാത്മ്യങ്ങൾ ഇനിയും വളരെയുണ്ട്. വിസ്തരഭയത്താൽ അതിനായി തുനിയുന്നില്ല. ഈ ദേവിയുടെ പ്രതിഷ്ഠയെപ്പറ്റി ഒരു വിദ്വാൻ ഉണ്ടാക്കീട്ടുള്ളതായി കേട്ടിട്ടുള്ള ശ്ലോകംകൂടി താഴെ എഴുതിക്കൊള്ളുന്നു.
"കോളംബാബ്ദേ സുപൂജ്യേ ദിനകൃതിഝ‌ഷഗേ, കീരദേശാലയേസ്മിൻ
മംഗല്യേ സന്മുഹൂർത്തേ നിജജനഹിതകൃൽ ബിംബിലീശോ മഹാത്മാ
യസ്യാം ബിംബപ്രതിഷ്ഠാം ക്ഷിതിവിബുധവരൈഃ കാരയാമാസ ധീര
സ്സാ ദേവീ ശൈലകന്യാ കലയത കുശലം സർവദാ സർവ്വഥാ നഃ"
ഈ ശ്ലോകം കൊണ്ട് ഇവിടെ ദേവീപ്രതിഷ്ഠ നടന്നതു കൊല്ലം ഒരുനൂറ്റിപതിനേഴാമാണ്ടു മീനമാസത്തിലാണെന്നും അതു നടത്തിച്ചതു തദ്ദേശവാസികളായ ജനങ്ങളുടെ ഇഷ്ടപ്രകാരം തെക്കുംകൂർ രാജാവാണെന്നും സ്പഷ്ടമാകുന്നുണ്ടല്ലോ.

ഐതിഹ്യമാല/വൈക്കത്തു തിരുനീലകണ്ഠൻ

ഐതിഹ്യമാല/വൈക്കത്തു തിരുനീലകണ്ഠൻ

വൈക്കത്തു തിരുനീലകണ്ഠൻ

വിശ്വവിശ്രുതനായിരുന്ന വൈക്കത്തു തിരുനീലകണ്ഠൻ എന്ന ഗജശ്രേഷ്ഠനെക്കുറിച്ചുള്ള ഓർമ്മ ഈ നാട്ടുകാരുടെ മനസ്സിൽനിന്നു മാഞ്ഞുപോയിരിക്കുമെന്നു തോന്നുന്നില്ല. അവന്റെ യോഗ്യതാംശങ്ങൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളവർക്കാർക്കും അവനെ ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതുമല്ല. (ആനയെ അത് എന്നല്ലാതെ അവൻ എന്നു പറയുന്നതു ശരിയല്ലെന്നു ചിലർക്കു തോന്നിയേക്കാം. എന്നാൽ തിരുനീലകണ്ഠൻ സ്വഭാവംകൊണ്ട് ഒരു മൃഗമല്ലാതെയിരുന്നതിനാൽ ഞാനിപ്രകാരം പറയുന്നതാണെന്നു വായനക്കാർ മനസ്സിലാക്കിക്കൊള്ളേണ്ടതാണ്).
തിരുനീലകണ്ഠന്റെ ജനനം എന്നായിരുന്നുവെന്നു തീർച്ചപ്പെടു ത്താൻ മാർഗമൊന്നും കാണുന്നില്ല. എന്നാൽ ഇവനെ കാട്ടിൽനിന്നു പിടിച്ചു കൂട്ടിലിട്ടു പഴക്കിപ്പുറത്തിറക്കിയതിന്റെ ശേ‌ഷം ആദ്യമായി ഏറ്റുമാനൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പാനായി നിയമിക്കുകയാണ് ചെയ്തതെന്നും അത് 965-ആമാണ്ടിനിടയ്ക്കായിരുന്നുവെന്നും അപ്പോൾ അവന് ഏകദേശം നാലഞ്ചുവയസ്സു പ്രായമായിരുന്നു എന്നുമുള്ളതിനു ചില ലക്ഷ്യങ്ങളുണ്ട്. അതിനാൽ നമ്മുടെ കഥാനായകന്റെ ജനനം കൊല്ലം 950-961 ആയിടയ്ക്കായിരിക്കുമെന്ന് ഊഹിക്കാം. എന്നാലിവൻ വൈക്കത്തു ചെന്നു ചേർന്നത് എന്നാണെന്നു നിശ്ചയിക്കുന്നതിനും തക്കതായ ലക്ഷ്യമൊന്നുമില്ലാതെയാണിരിക്കുന്നത്. വൈക്കത്തു സന്ധ്യവേല തുടങ്ങിയാൽ ഉൽസവം കഴിയുന്നതുവരെയും രണ്ടു നേരവും എഴുന്നള്ളിപ്പു വേണ്ടതുകൊണ്ടും വിശേ‌ഷിച്ചും അഷ്ടമിനാൾ ഉദയനാപുരത്തപ്പന്റെ എഴുന്നളളത്തുകൂടി ഉള്ളതുകൊണ്ടും അവിടെ എന്നും രണ്ടു നല്ല ആനകൾ അവശ്യം വേണ്ടതായിട്ടാണിരിക്കുന്നത്. ഒരു കാലത്ത് അവിടെ വേലായുധൻ എന്നും വിരൂപാക്ഷൻ എന്നും രണ്ടു വലിയ ആനകളുണ്ടായിരുന്നു. അക്കാലത്ത് ആ ആനകളെ ക്കൊണ്ടാണ് അവിടുത്തെ അടിയന്തിരങ്ങൾ നിർവഹിച്ചു വന്നിരുന്നത്. വിരൂപാക്ഷൻ കഴിഞ്ഞതിന്റെ ശേ‌ഷം വേലായുധനെക്കൊണ്ടുമാത്രം അവിടെ മതിയാകാതെ വന്നതിനാലാണ് തിരുനീലകണ്ഠനെ അവിടെ നിയമിച്ചത്. ഇതുകൊണ്ടു തിരുനീലകണ്ഠൻ വൈക്കത്തു ചെന്നു ചേർന്ന സമയം അവന്റെ ബാല്യദശ കഴിഞ്ഞിരുന്നുവെന്നും വൈക്കത്തെ എഴുന്നള്ളിപ്പു നിർവ്വഹിക്കാൻ തക്ക പ്രായവും പുഷ്ടിയും അവനു സിദ്ധിച്ചിരുന്നുവെന്നും തീർച്ചയാക്കാം. വേലായുധനു തിരുനീലകണ്ഠനേക്കാൾ വലിപ്പമുണ്ടായിരുന്നു. എങ്കിലും ഭംഗിയും തലയെടുപ്പും തിരുനീലകണ്ഠനോളം വേലായുധനുണ്ടായിരുന്നില്ല. എഴിന്നള്ളിക്കുന്ന സമയങ്ങളിൽ തിരുനീലകണ്ഠൻ തല ഒന്നു കൂടി ഉയർത്തിപ്പിടിക്കുമായിരുന്നു. അതിനാൽ ആ സമയം മുമ്പിൽനിന്നു നോക്കിയാൽ വേലായുധനേക്കാൾ പൊക്കം കൂടുതൽ തിരുനീലകണ്ഠനാണെന്നു തോന്നും. തലയെടുപ്പ്, തലക്കട്ടി, മസ്തകത്തിന്റെ വിരിവ്, ദേഹത്തിന്റെ പുഷ്ടി, കൊമ്പുകളുടെയും ചെവികളുടെയും വലിപ്പം, ഭംഗി ഇങ്ങനെയുള്ള ഓരോ ഭാഗങ്ങൾ നോക്കിയാലും തിരുനീലകണ്ഠനെപ്പോലെയുള്ള ഒരാന 'ന ഭൂതോ ന ഭവി‌ഷ്യതി' എന്നു തന്നെ തീർച്ചപറയാം. എഴുന്നള്ളിക്കുന്ന സമയങ്ങളിൽ തല ഉയർത്തിപ്പിടിച്ചുകൊണ്ടും വാദ്യഘോ‌ഷങ്ങളുടെ താളമൊപ്പിച്ചു ചെവിയാട്ടിക്കൊണ്ടുമുള്ള അവന്റെ ആ നിലയുടെ ഭംഗി ഒന്നു വേറെ തന്നെയാണ്. എന്നാൽ വിസ്മയനീയവും ശ്ലാഘ്യവുമായിരിക്കുന്നത് തിരുനീലകണ്ഠന്റെ സ്വഭാവഗുണവും ബുദ്ധി മാഹാത്മ്യവുമാണ്.
ആനകളുടെ വർഗത്തിലും ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ ഇങ്ങനെ നാലു വകയുണ്ടെന്നും അവയിൽ തിരുനീലകണ്ഠൻ ബ്രാഹ്മണവർഗ്ഗത്തിൽപ്പെട്ടവനാണെന്നുമാണ് ചിലരുടെ അഭിപ്രായം. തിരുനീലകണ്ഠൻ മനസ്സറിഞ്ഞ് ആരെയും കൊന്നിട്ടില്ല. അവൻ നിമിത്തം ഒരു മഹമ്മദീയസ്ത്രീ മാത്രം മരിച്ചിട്ടുണ്ടെന്നു വേണമെങ്കിൽ പറയാം. ചിലപ്പോൾ എഴുന്നള്ളിപ്പാനായി തിരുനീലകണ്ഠനെ ചേർത്തല കൊണ്ടുപോകാറുണ്ടായിരുന്നു. അവനെ മുട്ടത്തങ്ങാടിയിൽകൂടി കൊണ്ടുപോകുമ്പോൾ മിക്ക കച്ചവടക്കാരും അവനു പഴക്കുല കൊടുക്കുക പതിവാണ്. ഒരാണ്ടിൽ ഒരു മഹമ്മദീയവ്യാപാരി അവനു പഴക്കുല കൊടുത്തില്ല. ആ മഹമ്മദീയനു പഴവും പലഹാരങ്ങളും കച്ചവടവുമുണ്ടായിരുന്നിട്ടും പഴക്കുല കൊടുക്കാതിരുന്നതു ന്യായമായില്ലെന്നാണ് തിരുനീലകണ്ഠനു തോന്നിയത്. മറ്റുള്ള കച്ചവടക്കാർ വില കൊടുത്തു പഴക്കുല വാങ്ങിക്കൊടുത്ത സ്ഥിതിക്ക് അനേകം പഴക്കുലകൾ കൈവശം വെച്ചുകൊണ്ടിരിക്കുകയും പഴം വിറ്റുതന്നെ വളരെ ലാഭമെടുത്തു കൊണ്ടിരിക്കുകയും ചെയ്ത ആ മഹമ്മദീയൻ ഒന്നും കൊടുക്കാതെയിരുന്നതിനാൽ നമ്മുടെ കഥാനായകനു വൈരസ്യം തോന്നിയത് ഒരന്യായമായി വിചാരിക്കാനുമില്ലല്ലോ. ഏതെങ്കിലും തിരുനീലകണ്ഠൻ വഴിയിൽ നിന്നുകൊണ്ടു തുമ്പിക്കൈ നീട്ടി മഹമ്മദീയന്റെ പീടികയിൽ നിന്നിരുന്ന ഒരു പഴക്കുലയുടെ ഒരറ്റത്തു പിടിച്ചു. അപ്പോൾ കച്ചവടം ചെയ്തുകൊണ്ടിരുന്ന ഒരു മഹമ്മദീയസ്ത്രീ പഴക്കുലയുടെ മറ്റേത്തലയ്ക്കു പിടിച്ച് അകത്തേയ്ക്ക് വലിച്ചു. 'തിരുനീലകണ്ഠൻ പഴക്കുല പിടിച്ചു പുറത്തേയ്ക്കു വലിച്ചതിനോടുകൂടി ആ സ്ത്രീ തന്റെ മുമ്പിൽ വന്നു വീണയുടനെ തിരുനീലകണ്ഠൻ അവിടെനിന്നും പോയി. ആളുകൾ വന്നു സ്ത്രീയെ എടുത്ത് അകത്തു കൊണ്ടുപോയിക്കിടത്തി അപ്പോഴേക്കും അവൾ മരിച്ചിരുന്നു അത് അവളുടെ ആധികൊണ്ടെന്നല്ലാതെ തിരുനീലകണ്ഠൻ കൊന്നിട്ടെന്നു പറയാനില്ലല്ലോ.
തിരുനീലകണ്ഠൻ വൈക്കത്തു ചെന്നകാലം മുതൽ അവസാനംവരെ അവന്റെ പ്രധാന പാപ്പാൻ 'മൂലയിൽ ഗോവിന്ദശ്ശാര് ' എന്നൊരു നായരായിരുന്നു. അയാൾക്കു തിരുനീലകണ്ഠനെക്കുറിച്ചു പുത്രനിർവിശേ‌ഷമായ സ്നേഹവും വാൽസല്യവുമുണ്ടായിരുന്നു. തിരുനീലകണ്ഠനു നേരത്തേ എന്തെങ്കിലും ഭക്ഷണം കൊടുക്കാതെ അയാൾ ജലപാനം പോലും കഴിക്കുക പതിവില്ല. വൈകുന്നേരവും അവനു വയറു നിറയത്തക്കവണ്ണം തീറ്റയ്ക്കു വക കരുതാതെ അയാൾ അത്താഴമുണ്ണാറില്ല. ഗോവിന്ദശ്ശാർ പതിവായി അവനെ പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ചു ക്ഷേത്രത്തിൽകൊണ്ടുചെന്നു തൊഴീച്ചു തീർത്ഥവും പ്രസാദവും ത്രിമധുരവും മറ്റും മേടിച്ചുകൊടുക്കുന്നതു കണ്ടാൽ ഇവൻ അയാളുടെ മകൻ തന്നെയായിരിക്കുമോ എന്നു തോന്നിപ്പോകും. അയാൾ അവനെ സാധാരണ വിളിച്ചുവന്നതും 'മക്കളേ!' എന്നുതന്നെയാണ്. പിന്നെ അയാൾ തിരുനീലകണ്ഠന് 'ശങ്കു' എന്ന ഓമനപ്പേരുകൂടി ഇട്ടിരുന്നു. ചില പ്പോൾ അയാൾ അതും വിളിക്കാറുണ്ടായിരുന്നു. അല്ലാതെ തിരുനീലകണ്ഠനെന്നുള്ള ശബ്ദം അയാൾ ഒരിക്കലും അവനെ വിളിക്കാനും പറയാനും ഉപയോഗിച്ചിരുന്നില്ല. തിരുനീലകണ്ഠൻ ഗോവിന്ദശ്ശാരെ വിചാരിച്ചിരുന്നതും, തന്റെ പിതാവിനെപ്പോലെതന്നെയാണ്. അയാൾ ദൂരെനിന്നുകൊണ്ടു മക്കളേ, അല്ലെങ്കിൽ ശങ്കൂ, എന്നു വിളിച്ചാൽ ഏറ്റവും ആദരവോടും ഭയഭക്തി സ്നേഹബഹുമാനങ്ങളോടുംകൂടി ഉറക്കെ വിളികേട്ടുകൊണ്ട് അവൻ ഓടിചെല്ലുന്നതു കണ്ടാൽ ഏവരും വിസ്മയിച്ചുപോകും. ഗോവിന്ദശ്ശാർ തിരുനീലകണ്ഠനെ ഇപ്രകാരം വശംവദനാക്കിതീർത്തത് ചില മന്ത്രപ്രയോഗങ്ങൾകൊണ്ടാണെന്നു ചിലർ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ അയാൾ സ്നേഹവാൽസല്യങ്ങളും പരിചരണാദികളുംകൊണ്ടാണ് അവനെ സ്വാധീനപ്പെടുത്തിയത്. അയാൾക്ക് അത് അനായാസേന സാധിച്ചത് അവന്റെ സ്വഭാവഗുണംകൊണ്ടുമാണ്. ഗോവിന്ദശ്ശാർ ഒരിക്കലും തിരുനീലകണ്ഠനെ അടിക്കയും മറ്റും ചെയ്തു വേദനപ്പെടുത്തിയിട്ടില്ല. സകലകാര്യവും നല്ലവാക്കു പറഞ്ഞുതന്നെയാണ് അയാൾ സാധിപ്പിച്ചിട്ടുള്ളത്. അടിക്കുന്നതിനും മറ്റും തിരുനീലകണ്ഠൻ ഒരിക്കലും കാരണമുണ്ടാക്കീട്ടില്ല. അതിനൊന്നും കാരണമുണ്ടാവാനും മാർഗമില്ലായിരുന്നു. സാധാരണ ആനക്കാരൻമാരെപോലെ ഗോവിന്ദശ്ശാർ തിരുനീലകണ്ഠനെകൊണ്ടു കള്ളത്തടി പിടിപ്പിക്കുകയും മറ്റും പതിവില്ല. എഴുന്നള്ളിപ്പുകൾക്കു മാത്രമല്ലാതെ അയാൾ അവനെ ഉപയോഗപ്പെടുത്താറില്ല. അതിലേയ്ക്ക്, വിശേ‌ഷിച്ചും വൈക്കത്തു ക്ഷേത്രത്തിൽ വേണ്ടിവരുന്ന ബുദ്ധിമുട്ടും കഷ്ടപ്പാടുമെല്ലാം സഹിക്കാൻ, തിരുനീലകണ്ഠൻ സദാ സന്നദ്ധനുമായിരുന്നു. ഗോവിന്ദശ്ശാർ പറഞ്ഞാൽപിന്നെ പറയാനുമില്ല.
സാധാരണയാനകളെപ്പോലെ തിരുനീലകണ്ഠനെ തളയ്ക്കുക പതിവില്ല. പകൽ സമയമെല്ലാം അവൻ വൈക്കത്തു മതിൽക്കകത്തുതന്നെയാണ് നിൽക്കുക പതിവ്. രാത്രികാലങ്ങളിൽ ഗോവിന്ദശ്ശാരുടെ ഭാര്യാ വീടിനു സമീപം എവിടെയെങ്കിലും അയാൾ തീറ്റി തയ്യാറാക്കി വെച്ചു കൊടുക്കുന്ന സ്ഥലത്തു നിൽക്കുകയും തീറ്റി തിന്നു തീർന്നാൽ കിടന്നുറങ്ങുകയും ചെയ്തുകൊള്ളും. വളരെ വാഴയും തെങ്ങിൻതൈയുമുള്ള പുരയിടങ്ങളിലായാലും തിരുനീലകണ്ഠൻ അവയിലൊന്നും നഷ്ടപ്പെടുത്തുക പതിവില്ല. ഉത്സവകാലത്ത്, വിശേ‌ഷിച്ചും അഷ്ടമിദിവസം, സ്ത്രീകളും പുരു‌ഷൻമാരും കുട്ടികളും വ്യദ്ധൻമാരും മറ്റുമായി വൈക്കത്തു മതിൽക്കകത്തു ജനങ്ങൾ സദാ തിങ്ങി വിങ്ങി നിറഞ്ഞിരിക്കുമല്ലൊ. ആ കൂട്ടത്തിൽ തിരുനീലകണ്ഠനുമുണ്ടായിരിക്കും. അവനെ തളച്ചിരിക്കുകയില്ലെന്നല്ല, ആനക്കാരനും അവിടെയെങ്ങുമുണ്ടായിരിക്കാറില്ല. എന്നാൽ അവൻ ഗോവിന്ദശ്ശാർ ശേഖരിച്ചുകൊടുക്കുന്ന സാമാനങ്ങൾ തിന്നുകൊണ്ട് ഒരരികിലെങ്ങാനും നിൽക്കുകയല്ലാതെ യാതൊരുത്തരെയും യാതൊരു പ്രകാരത്തിലും ഉപദ്രവിക്കുക പതിവില്ല. അവന്റെ ഈ സാധുസ്വഭാവം കണ്ടിട്ട് ചില രസികൻമാർ ഫലിതമായി തിരുനീലകണ്ഠനാനകേസരിയാണെങ്കിലും വൈക്കത്തു മതിൽക്കകത്തു ചെന്നാൽ പട്ടിയാകും.' എന്നു പറയാറുണ്ട്.

വൈക്കത്തു ക്ഷേത്രത്തിൽ മിക്ക ദിവസവും സദ്യയുണ്ടായിരിക്കുന്നത് സാധാരണമാണല്ലൊ. സദ്യയുള്ള ദിവസങ്ങളിലെല്ലാം ഒരു ചെമ്പു (മൂന്നു പറ അരിയുടെ) ചോറ് തിരുനീലകണ്ഠനും കൊടുക്കണമെന്ന് ഏർപ്പാടുണ്ടായിരുന്നു. അത് അമ്പലവാസിസ്സദ്യ കഴിയുമ്പോഴാണ് പതിവ്. അമ്പലവാസികൾ ഊണുകഴിഞ്ഞ് ഊട്ടുപുരയിൽനിന്ന് ഇറങ്ങിത്തുടങ്ങുമ്പോൾ ആരും പറയതെതന്നെ തിരുനീലകണ്ഠൻ അടുക്കളവാതിൽക്കൽ ഹാജരാകും. അപ്പോൾ ദേഹണ്ഡക്കാർ പതിവുള്ള ചോറും പായസവും പാത്രങ്ങളിലാക്കി പുറത്തെടുത്തിടും. ഗോവിന്ദശ്ശാർ വന്ന് ഉരുട്ടിയിരുട്ടി വായിൽ വച്ചുകൊടുക്കുകയും തിരുനിലകണഠൻ മുറയ്ക്കുവാങ്ങി ഭക്ഷിക്കുകയും ചെയ്യും. ചിലപ്പോൾ ഗോവിന്ദശ്ശാർ വരാതെയിരുന്നാൽ ദേഹണ്ഡക്കാരിൽ പ്രധാനനായ "വെങ്കിട്ടനെമ്പ്രാൻ" എന്നയാളായിരുന്നു ചോറുരുട്ടികൊടുക്കുക പതിവ്. ആ എമ്പ്രാന്തിരിയും തിരുനീലകണ്ഠനും തമ്മിലും വലിയ സ്നേഹമായിരുന്നു. ചുരുക്കത്തിലുള്ള ചില സദ്യകളുണ്ടായാൽ ചിലപ്പോൾ അമ്പലവാസിസ്സദ്യ ഉണ്ടായില്ലെന്നുംവരും. എങ്കിലും തിരുനീലകണ്ഠനു പതിവുള്ളതു കൊടുക്കാതെയിരിക്കാറില്ല. അമ്പലവാസിസ്സദ്യ ഇല്ലാത്ത ദിവസങ്ങളിൽ അടുക്കളവാതിൽക്കൽ ഹാജരാകേണ്ടുന്ന സമയം നിശ്ചയമില്ലാതെ തിരുനീലകണ്ഠൻ ചിലപ്പോൾ സ്വൽപം താമസിച്ചുപോയിയെന്നുവരും. എന്നാൽ വെങ്കിട്ടനെമ്പ്രാൻ ചോറെടുത്തു പുറത്തിട്ടുകൊണ്ടു ശങ്കൂ! എന്ന് ഉറക്കെ വിളിക്കും. വിളികേട്ടാലുടനെ അവനവിടെ എത്തുകയും ചോറു വാങ്ങി ഭക്ഷിക്കുകയും ചെയ്യും. ഭക്ഷണം കഴിഞ്ഞാലുടനെ യഥാപൂർവ്വം അവൻ അവന്റെ സ്ഥാനത്തു പോയി നിൽക്കുകയും ചെയ്യും. ആനക്കൊട്ടിലിന്റെ വടക്കുവശത്തു കിഴക്കോട്ടു മാറി ആ അരികിലാണ് അവൻ പകൽസമയം നിൽക്കുക പതിവ്. ചില ദിവസം വല്ല കാരണത്താലും അവനു പതിവുള്ള ചോറുമുഴുവനും കിട്ടാതെവന്നാൽ അടുക്കളവാതിൽക്കൽനിന്ന് അവൻ പോവുകയില്ല. കുറച്ചുനേരംകൂടി അവിടെ നിന്നിട്ടും ചോറു മുഴുവനും കൊടുത്തില്ലെങ്കിൽ തഹശീൽദാർ ഇരിക്കുന്ന സ്ഥലത്തു ചെന്ന് ഉറക്കെ ഒന്നു ഗർജിക്കും. തിരുനീലകണ്ഠൻ ആവലാതിക്കു ചെല്ലുമ്പോൾത്തന്നെ തഹശീൽദാരൻമാർക്കു കാര്യം മനസ്സിലാകും. അന്വേ‌ഷിക്കുമ്പോൾ ചോറു മുഴുവനും കൊടുത്തില്ലായിരിക്കും. തഹശീൽദാരുടെ മുമ്പിൽനിന്ന് അവൻ പോകണമെങ്കിൽ അവനു കൊടുപ്പാനുള്ള ചോറ്, അല്ലെങ്കിൽ അതിനു ശരിയാകത്തക്കവണ്ണമുള്ള പഴം, ശർക്കര, നാളികേരം മുതലായ സാമാനങ്ങൾ ഏതെങ്കിലും കൊടുത്തുകഴിഞ്ഞാൽ വാങ്ങി ഭക്ഷിക്കുകയും സ്വസ്ഥാനത്തു പോയി നിൽക്കുകയും ചെയ്തുകൊള്ളും. ഇതിനൊന്നിനും തിരുനീലകണ്ഠന് ആനക്കാരൻമാരുടെ സഹായം ആവശ്യമില്ലായിരുന്നു.
എഴുന്നള്ളിക്കാറാകുമ്പോൾ ആനക്കാരൻമാരാരുമവിടെയില്ലെങ്കിലും തിരുനീലകണ്ഠൻ സ്വയമേവ കൊടിമരച്ചുവട്ടിൽ ഹാജരാകും. തലയിൽക്കെട്ടു കെട്ടിക്കുന്നതിന് ആർക്കെങ്കിലും പുറത്തുകയറാം. അവൻ യാതൊരുപദ്രവവും ചെയ്യുകയില്ല. എന്നാൽ മുൻവശത്തുകൂടി കേറുകയും ഇറങ്ങുകയും ഗോവിന്ദശ്ശാരും എഴുന്നള്ളിക്കുന്ന ആളും മാത്രമേ പാടുള്ളൂ എന്ന് അവന് നിർബന്ധമുണ്ട്. മറ്റാരായാലും അവൻ പിൻകാൽ പൊക്കിക്കൊടുക്കും. അതിലേ കേറുകയും ഇറങ്ങുകയും ചെയ്തു കൊള്ളണം എന്നാണ് അവന്റെ ചട്ടം. എഴുന്നള്ളിപ്പിന് ആനക്കാരില്ലെങ്കിലും കഴിച്ചുകൂട്ടുന്നതിന് ഒരു പ്രയാസവുമില്ല. ഇന്നിന്ന സ്ഥലങ്ങളിൽ നടക്കണം, ഇന്ന സ്ഥലത്തു വേഗത്തിൽ നടക്കണം, ഇന്ന സ്ഥലത്തു സാവധാനത്തിൽ നടക്കണം, നിൽക്കുന്നത് ഇത്രനേരം വേണം, ഇത്രാമതിത്രാമതുത്സവങ്ങളിൽ ശീവേലിക്കും വിളക്കിനും ഇത്രയിത്രനേരം താമസിക്കണമെന്നും മറ്റുമുള്ള കാര്യങ്ങൾ തിരുനീലകണ്ഠനു നല്ല നിശ്ചയമുണ്ടായിരുന്നു. ആനക്കാരുണ്ടായിരുന്നാൽ അവർ പറ്റുകേളി, വളരെ വിസ്തരിച്ചുള്ള നാഗസ്വരപ്രദക്ഷിണം. ചെണ്ടപ്രദക്ഷിണം എന്നിവയാകു മ്പോൾ തിരുനീലകണ്ഠന്റെ കാലുകളിൻമേൽ ചാരിയിരുന്നുറങ്ങുക പതിവാണ്. എന്നാൽ നിൽക്കുന്ന നിലയിൽ നിന്നു നടന്നു തുടങ്ങാറാകു മ്പോൾ അവൻ പതുക്കെ തുമ്പിക്കൈകൊണ്ടും മറ്റും അവരെ ഉണർത്തുകയല്ലാതെ ഉപദ്രവിക്കുക പതിവില്ല. സന്ധ്യവേലക്കാലത്തും ഉത്സവകാലത്തും വിളക്കിന്റെ ഉരുട്ടുചെണ്ട പ്രദക്ഷിണം വടക്കെ നടയിലാകുമ്പോൾ തിരുനീലകണ്ഠൻ അതിഗംഭീര ശബ്ദത്തോടുകൂടി ഗർജ്ജിക്കുക പതിവാണ്. അപ്പോൾ വലിയ കലവറയിൽ നിന്നു മൂന്നാലു പഴക്കുല കൊണ്ടുചെന്ന് അവന് കൊടുത്തേയ്ക്കണം. പിന്നെ എത്രനേരം വേണമെങ്കിലും നിൽക്കുന്നതിന് അവനു യാതൊരു വിരോധവുമില്ല. അതു കൊടുത്തില്ലെങ്കിൽ അവൻ ക്ഷണത്തിൽ നടന്നു പ്രദക്ഷിണം തികച്ചിട്ടു കൊടിമരച്ചുവട്ടിൽ ചെന്നു മടക്കും. ഉടനെ ഇറക്കിയെഴുന്നള്ളിച്ചുകൊള്ളണം. അങ്ങനെയാണ് അവന്റെ ഏർപ്പാട്. അവന്റെ ഹിതത്തിനു വിപരീതമായി ഗോവിന്ദശ്ശാരൊന്നും പറയാറില്ല. പറഞ്ഞാൽ കേൾക്കുമോ എന്ന് അയാൾ പരീക്ഷിച്ചിട്ടില്ല. ഗോവിന്ദശ്ശാരു പറഞ്ഞാൽ തിരുനീലകണ്ഠൻ എന്തും ചെയ്യുമെന്നാണ് പരസമ്മതം. ആ മാനം പൊയ്പ്പോയെങ്കിലോ എന്നു വിചാരിച്ചുകൂടിയായിരിക്കാം അതു പരീക്ഷിച്ചുനോക്കാതെയിരുന്നിട്ടുള്ളത്. തിരുനീലകണ്ഠന്റെ ഈ സ്വഭാവം എല്ലാവർക്കും അറിയാവുന്നതുകൊണ്ട് അവന്റെ ഗർജനം കേട്ടാലുടനെ പഴക്കുലകൊണ്ടുചെന്നു കൊടുക്കാതെയിരിക്കാറില്ല. ചില തഹശീൽദാന്മാരുടെ സ്വഭാവവ്യത്യാസം നിമിത്തം ഒന്നോ രണ്ടോ പ്രാവശ്യമേ തിരുനീലകണ്ഠന്റെ ഗർജനം കേട്ടിട്ടും പഴക്കുലകൊടുക്കാതെയിരുന്നിട്ടുള്ളൂ. അന്നൊക്കെ അവൻ മേൽപ്രകാരം വിളക്ക് ക്ഷണത്തിൽ കഴിച്ചുകൂട്ടുകയും ചെയ്തു.
തിരുനീലകണ്ഠന്റെ ഓർമശക്തിയും വിസ്മയിക്കത്തക്കതുതന്നെയായിരുന്നു. ഒരിക്കൽ അവനെ ഏറ്റുമാനൂരാറാട്ടിന് എഴുന്നള്ളിക്കാൻ കൊണ്ടുപോയിരുന്നു. എഴുന്നള്ളിച്ചു വടക്കെ നടയിലായപ്പോൾ ചുറ്റമ്പലത്തിൽനിന്നും പുറത്തേക്ക് അടിയിൽകൂടിയുള്ള ഓകിന്റെ മീതെയിരുന്ന തളക്കല്ലിൻമേൽ അവൻ ചവിട്ടുകയും കല്ല് കീഴ്പോട്ടു താണുപോകുകയും ചെയ്തു. തിരുനീലകണ്ഠൻ അവന്റെ സാമർത്ഥ്യംകൊണ്ടു കാൽ ആ കുഴിയിലകപ്പെടാതെ ക്ഷണത്തിൽ അവിടം കടന്നുകളഞ്ഞു. പിന്നെയും ആ ആണ്ടുതോറും അവനെ ഏറ്റുമാനൂരാറാട്ടിനെഴുന്നള്ളിക്കാൻ കൊണ്ടു പോകാറുണ്ടായിരുന്നു. എന്നാൽ അവൻ വടക്കെ നടയിൽ ആ ഓകിന്റെ ചൊവ്വിനാകുമ്പോൾ ആ തളക്കല്ലിൻമേൽ ചവിട്ടാതെ കാൽ അകത്തിവയ്ക്കുക പതിവായിരുന്നു. വളരെക്കാലം കഴിഞ്ഞിട്ടും ഒരിക്കലവന് അബദ്ധം പറ്റാൻ ഭവിച്ച ആ സംഗതി അവൻ മറന്നില്ല.
തിരുനീലകണ്ഠനു നമ്മുടെ ഇപ്പോഴത്തെ ഗംഗാധരനെയും മറ്റും പോലെ കൂട്ടാനയെക്കുത്തുകയെന്നുള്ള ദുഃസ്വഭാവമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, അവനു സ്വജാതിസ്നേഹവും ധാരാളമുണ്ടായിരുന്നു. ചില കട്ടിയാനകൾ തിന്നാനൊന്നുമില്ലാതെ വിശന്നു നിൽക്കുന്നതു കണ്ടാൽ അവൻ അവന്റെ തീറ്റമനസ്സാമാനങ്ങളിൽ നിന്നു കുറേശ്ശെയെടുത്ത് അവയുടെ മുമ്പിലേക്ക് മാറ്റിയിട്ടുകൊടുക്കുക പതിവാണ്. എന്നാൽ കൂട്ടാനയെ കുത്തുന്ന ആനകളോട് അവന് വളരെ വിരോധവുമാണ്. വേലായുധൻ കഴിഞ്ഞതിന്റെ ശേ‌ഷം ഒരഷ്ടമിയെഴുന്നള്ളത്തിനു ചങ്ങനാശ്ശേരി ല‌ഷ്മീപുരത്തുകൊട്ടാരംവക ഒരാനയെ വൈക്കത്തു വരുത്തിയിരുന്നു. ആ ആനയും വളരെ നല്ലതായിരുന്നു. പക്ഷേ, കൂട്ടാനയെ കുത്തുകയെന്നുള്ള ദുഃസ്വഭാവംകൊണ്ട് അവനെ എഴുന്നള്ളത്തിനു കൊണ്ടുപോകാൻ എല്ലാവർക്കും വളരെ ഭയമായിരുന്നു. വൈക്കത്ത് അക്കൊല്ലം വേറെ നല്ലയാനയെ കിട്ടായ്കകൊണ്ടുമാത്രം അവനെ വരുത്തിയതാണ്. അഷ്ടമിദിവസം വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും എഴുന്നള്ളിക്കുന്നതിന് രണ്ടു നല്ലയാനകളില്ലാതെ നിവൃത്തിയില്ലല്ലോ. ല‌ഷ്മീപുരത്തുകൊട്ടാരത്തിലെ ആനയെ വരുത്തിയ കാലം അഷ്ടമിക്കു കൊട്ടാരം വക ആനപ്പുറത്ത് വൈക്കത്തപ്പനെയും തിരുനീലകണ്ഠന്റെ പുറത്ത് ഉദയനാപുരത്തപ്പനെയുമാണ് എഴുന്നള്ളിച്ചിരുന്നത്. ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്തു വടക്കെ ഗോപുരത്തിനകത്തു കടന്നു കിഴക്കോട്ടു തിരിഞ്ഞപ്പോൾ വൈക്കത്തപ്പനെ വഹിച്ചുകൊണ്ട് കൊട്ടാരം വക ആന കിഴക്കെ ആനക്കൊട്ടിലിൽ പടിഞ്ഞാട്ടു തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. തിരുനീലകണ്ഠൻ തലയുയർത്തിപ്പിടിച്ചു ചെവിയുമാട്ടി മന്ദംമന്ദം ആടിക്കുഴഞ്ഞ് അങ്ങനെ വരുന്നതു കണ്ടിട്ടു കൊട്ടാരംവക ആനയ്ക്ക് ഒട്ടും രസിച്ചില്ല. നമ്മുടെ കഥാനായകനെ നേരിട്ടു കണ്ടപ്പോഴേക്കും മറ്റേയാന ചെവി വട്ടം പിടിക്കുകയും വാലുയർത്തിപ്പിടിക്കുകയും ചെയ്തുകൊണ്ടു മുൻപോട്ടു നടന്നുതുടങ്ങി. ആനക്കാരനമാർ തോട്ടിയിട്ട് പിടിക്കുകയും കുന്തംകൊണ്ടു കുത്തുകയും മറ്റും ചെയ്തിട്ടും അവൻ നിന്നില്ല. ആ ആന, ആനക്കൊട്ടിലിനു പുറത്തായപ്പോഴേക്കും വൈക്കത്തു മതിൽക്കകത്തുണ്ടായ ഭൂകമ്പം ഇന്നപ്രകാരമെന്നു പറയാൻ പ്രയാസം. വാദ്യക്കാർ, തീവെട്ടിക്കാർ, മുതലായവർപോലും പ്രാണഭീതിയോടുകൂടി നാലു പുറത്തേക്കും ഓടി. ഇതൊക്കെയായിട്ടും നമ്മുടെ തിരുനീലകണ്ഠനും ഗോവിന്ദശ്ശാർക്കും ഒരിളക്കവുമുണ്ടായില്ല. കൊട്ടാരം വക ആന അടുത്തു തുടങ്ങിയപ്പോൾ തിരുനീലകണ്ഠൻ ഗോവിന്ദശ്ശാരുടെ കയ്യിലിരുന്ന വളർവടി തുമ്പിക്കൈയ്യിൽ മേടിച്ചു പിടിച്ചു. കൊട്ടാരം വക ആന തിരുനീലകണ്ഠനെ കുത്താനായി പാഞ്ഞുചെന്ന സമയം തിരുനീലകണ്ഠൻ സ്ഥാനം നോക്കി ആ വടികൊണ്ട് ഒരടി കൊടുത്തു. അടി കൊണ്ട ഉടനെ കൊട്ടാരംവക ആന ഉറക്കെ നിലവിളിച്ചുകൊണ്ട് ഓടിച്ചെന്നു ബലിക്കൽപ്പുരയിൽക്കയറി പേടിച്ചു വിറച്ചുകൊണ്ടു നിന്നു. ആനക്കാരന്മാർ പഠിച്ച വിദ്യകളെല്ലാം നോക്കീട്ടും ആ ആനയെ അപ്പോൾ അവിടെനിന്ന് ഇറക്കിക്കൊണ്ടു പോകാൻ കഴിഞ്ഞില്ല. വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനെയും കൂടി ഒരുമിച്ച് ആനക്കൊട്ടിലിൽ എഴുന്നള്ളിച്ചുനിറുത്തീട്ടു വേണമല്ലോ കാണിക്കയിടുക മുതലായവ നടത്താൻ. അതിനാൽ വെറൊരാനയെക്കൊണ്ടു വന്നു കൊട്ടാരംവക ആനയുടെ പുറത്തു നിന്നു വൈക്കത്തപ്പനെ ആ ആനയുടെ പുറത്തേക്കു മാറ്റി എഴുന്നള്ളിച്ചു, കിഴക്കെ ആനക്കൊട്ടിലിൽ ഉദയനാപുരത്തപ്പനോടുകൂടി നിറുത്തി, കാണിക്കയിടുക കഴിക്കുകയും അവിടെ നിന്നെഴുന്നള്ളിച്ചു പടിഞ്ഞാറെ നടയിലാവുകയും ചെയ്തതിന്റെശേ‌ഷം കൊട്ടാരംവക ആനയെ ബലിക്കൽപ്പുരയിൽനിന്നിറക്കി, തലയിൽക്കെട്ട് അഴിച്ചെടുത്തുകൊണ്ടുപോയിത്തളച്ചു. അതിൽപ്പിന്നെ കൊട്ടാരംവക ആന കൂട്ടാനയെക്കുത്തുക ഒരിക്കലുമുണ്ടായിട്ടില്ല. തിരുനീലകണ്ഠനെ തിരുവിതാംകൂറിനു പുറത്ത് ഒരു സ്ഥലത്തും അയയ്ക്കുക പതിവില്ല. തൃപ്പൂണിത്തുറയുൽസവം, തൃശ്ശിവപേരൂർപൂരം, ആറാട്ടുപുഴപൂരം മുതലായ അടിയന്തിരങ്ങൾക്ക് എഴിന്നളളള്ളിപ്പിനായി തിരുനീലകണ്ഠനെ കൊണ്ടുപോകുന്നതിനു പലരും വരികയും വളരെ നിർബന്ധിക്കുകയും കൂലി എന്തുവെണമെങ്കിലും കൊടുക്കാമെന്നു പറയുകയും മറ്റും പല പ്രാവശ്യമുണ്ടായിട്ടുണ്ട്. എങ്കിലും അവനെ എങ്ങും അയയ്ക്കാറില്ല. തിരുനീലകണ്ഠന്റെ അന്യാദ്യശങ്ങളായ യോഗ്യതാംശങ്ങൾ കേട്ടുകേട്ട് അവനെ ഒന്നു കാണണമെന്നുള്ള ആഗ്രഹം കൊച്ചി ത്തമ്പുരാക്കൻമാർക്കു കലശലായിത്തീരുകയാൽ നമ്മുടെ ആയില്യം തിരുനാൾ തിരുമനസ്സിലേക്കാലത്ത് അവിടുത്തെപ്പേർക്ക് അന്നത്തെ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ഒരു കളഭവും വിളക്കും നിശ്ചയിച്ചിരിക്കുന്നുവെന്നും അതിന്റെ എഴുന്നള്ളിപ്പിന് തിരുനീലകണ്ഠനെ അയയ്ക്കുന്നതിന് അനുവാദമുണ്ടായിരിക്കണമെന്നും നേരിട്ടു ഒരു സ്വകാര്യക്കത്തയയ്ക്കുകയും അതിൻപ്രകാരം കല്പിച്ചനു വദിച്ചു കല്പനപ്രകാരം എഴുതിവരികയും ചെയ്യുകയാൽ ഒരിക്കൽ അവനെ തൃപ്പൂണിത്തുറ അയയ്ക്കുകയുണ്ടായിട്ടുണ്ട്. ആ എഴുന്നള്ളിപ്പുകഴിഞ്ഞു തിരിയെ വൈക്കത്തു കൊണ്ടുവന്നപ്പോഴേക്കും തിരുനീലകണ്ഠൻ വളരെ ക്ഷീണിക്കുകയും പഴം കൊടുത്താൽപോലും തിന്നാതെയും വെള്ളം കുടിക്കാതെയുമാവുകയും എണീറ്റു നടക്കാൻപോലും ശക്തനല്ലാതെ കിടപ്പാവുകയും അവന്റെ ദേഹത്തിലെല്ലാം കഴഞ്ചിക്കുരു മുഴുപ്പിൽ ഒരുമാതിരി പോളയുണ്ടാവകയും ചെയ്തു. പിന്നെ വേലൻപ്രവൃത്തി, വറതിരുമ്മുക, മുതലായ മന്ത്രവാദങ്ങളും അനേകം ചികിൽസകളും മറ്റും ചെയ്തതിന്റെ ശേ‌ഷമാണ് അവനു സുഖമായത്. ഈ ആപത്തുണ്ടായതു കരിങ്കണ്ണൻമാരായ ആരുടെയോ നാവിൻദോ‌ഷം നിമിത്തമാണെന്നുളളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇതു കഴിഞ്ഞതിൽപ്പിന്നെ അവനെ ഈ രാജ്യത്തിനു പുറത്ത് ഒരു സ്ഥലത്തുമയച്ചിട്ടില്ല.
ഒരാണ്ടിൽ കുംഭമാസത്തിലഷ്ടമിക്കു കിഴക്കോട്ടെഴുന്നള്ളിച്ചുപോയ സമയം മദ്ധ്യേ മാർഗം ഒരു സ്ഥലത്തുവെച്ചു തലയിൽക്കെട്ടിലെ ഒരു സ്വർണകുമിള ചില കുത്തുകൾ വിട്ടുപോവുകയാൽ തൂങ്ങിക്കിടക്കുന്ന തായിക്കണ്ടു ഗോവിന്ദശ്ശാർ അതു പറിച്ചെടുക്കാനായി ഭാവിച്ചു. സർക്കാർവക ഉരുപ്പടി വല്ലെടത്തും പൊഴിഞ്ഞുപോയാൽ വഴക്കായി തീരുമല്ലോ എന്നും അതിനിടയാകാതെ അതു പറിച്ചെടുത്തു ദേവസ്വക്കാരെ ഏൽപിച്ചേക്കാമെന്നും മാത്രമേ ഗോവിന്ദശ്ശാരു വിചാരിച്ചുള്ളൂ. താൻ തലയിൽക്കെട്ടിൽ തൊടുമ്പോൾ എഴുന്നെക്കള്ളിക്കപ്പെട്ടിരുന്ന ബിംബവും എഴുന്നള്ളിച്ചിരിക്കുന്ന ആളുകളും ശുദ്ധംമാറുമെന്നുള്ള വിചാരം അയാൾക്കുണ്ടായില്ല. എന്നാൽ തിരുനീലകണ്ഠനു താൻ വഹിക്കുന്ന ബിംബവും മറ്റും ശുദ്ധം മാറ്റരുതെന്നുള്ള വിചാരം നല്ലപോലെയുള്ളതിനാൽ അവനതു സമ്മതിച്ചില്ല. കുമിളപറിച്ചെടുക്കാനായി ഗോവിന്ദശ്ശാർ കൈ പൊക്കിയപ്പോൾ തിരുനീലകണ്ഠൻ അവന്റെ കടക്കൊമ്പുകൊണ്ടു പതുക്കെ ഒരു തട്ടുകൊടുത്തു. തിരുനീലകണ്ഠന്റെ തട്ടു വളരെ പതുക്കെയും ദയയോടുകൂടിയതുമായിരുന്നുവെങ്കിലും ഗോവിന്ദശ്ശാർക്ക് അതു കണക്കിനു പറ്റി. "അയ്യോ! മക്കളേ! ചതിച്ചോടാ!" എന്നുള്ള നിലവിളിയോടുകൂടി അയാൾ തൽക്ഷണം നിലത്തു പതിച്ചു. അപ്പോഴേക്കും തിരുനീലകണ്ഠൻ വളരെ വല്ലാതെയി. അവൻ പശ്ചാത്താപത്തോടുകൂടി കണ്ണുനീരൊഴുക്കുകയും ചില ദീനസ്വരങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ട് അവിടെതന്നെ നിന്നു. അവനെ അവിടെനിന്നു മാറ്റി കിഴക്കോട്ടെഴിന്നള്ളിച്ചു കൊണ്ടുപോകുന്നതിന് മറ്റുള്ള ആനക്കാരെല്ലാം പഠിച്ച വിദ്യകളെല്ലാമെടുത്തിട്ടും സാധിച്ചില്ല. രണ്ടുമൂന്നു നാഴിക കഴിഞ്ഞപ്പോൾ ഗോവിന്ദശ്ശാർക്കു ബോധം വീഴുകയാൽ അയാൾ പതുക്കെ എണീറ്റിരുന്നു. അപ്പോൾ തന്റെ പ്രിയപ്പെട്ട വളർത്തുപുത്രനായ ശങ്കു വി‌ഷണ്ണനായി നിൽക്കുന്നതു കണ്ട് അയാൾ "ഇല്ല മക്കളേ സാരമില്ല; എനിക്കൊന്നും പറ്റിയില്ല. എന്റെ മക്കൾ പൊയ്ക്കോ വൈക്കത്തപ്പന്റെ എഴുന്നള്ളത്തിനു താമസം വരുത്തരുത്" എന്നു പറഞ്ഞു. ഇത്രയും കേട്ടതിന്റെ ശേ‌ഷം തിരുനീലകണ്ഠൻ കിഴക്കോട്ടു നടന്നു തുടങ്ങി. കണ്ണുനീരുമൊലിപ്പിച്ചുകൊണ്ട് അവൻ പോയ പോക്കുകണ്ടാൽ മനസ്സോടു കൂടി പോകുന്നതല്ലെന്നും ഗൊവിന്ദശ്ശാരെ വിട്ടുപോകുന്നതിന് അവനൊട്ടും മനസ്സില്ലെന്നും വൈക്കത്തപ്പന്റെ അടിയന്തിരത്തിനു വീഴ്ച വരരുതല്ലോ എന്നുമാത്രം വിചാരിച്ചു പോകുന്നതാണെന്നും ആർക്കും മനസ്സിലാകുമായിരുന്നു. കിഴക്കോട്ടെഴുന്നള്ളിച്ചു പോയതിന്റെശേ‌ഷം ഗോവിന്ദശ്ശാരെ ചിലരെല്ലാംകൂടി എടുത്ത് അയാളുടെ ഭാര്യാഗ്രഹത്തിൽ കൊണ്ടുപോയി കിടത്തി (ഗോവിന്ദശ്ശാർ പതിവായി താമസിച്ചിരുന്നത് അവിടെയാണ്). എഴുന്നള്ളിപ്പു കഴിഞ്ഞു തലയിൽക്കെട്ട് അഴിച്ചെടുത്ത മാത്രയിൽ തിരുനീലകണ്ഠനും ആ വീടിന്റെ മുറ്റത്തെത്തി. പിന്നെ ഗോവിന്ദശ്ശാർക്കു സുഖമാകുന്നതുവരെ അവൻ മിക്കസമയവും അവിടെതന്നെയാണ് താമസിച്ചിരുന്നത്. മതിൽക്കകത്തു പോയിട്ട് വേണ്ടുന്ന കാര്യങ്ങൾക്കു മാത്രമേ അവൻ അവിടം വിട്ടുപോകാറിണ്ടായിരുന്നുള്ളു. ഗോവിന്ദശ്ശാർക്കു സുഖമാകുന്നതിനു രണ്ടുമൂന്നു മാസം വേണ്ടിവന്നു. അത്രയും കാലം തിരുനീലകണ്ഠൻ സാമാന്യം പോലെ തീറ്റി തിന്നുകപോലും ചെയ്തിരുന്നില്ല. ഇപ്രകാരമൊരബദ്ധം തിരുനീലകണ്ഠനു മുമ്പും അതിൽപിന്നെയും പറ്റീട്ടുമില്ല.
1061-ആമാണ്ട് കർക്കടകസംക്രാന്തിക്കു പതിവുള്ള ശീവേലി കഴിഞ്ഞതിന്റെശേ‌ഷം തിരുനീലകണ്ഠനെ വൈക്കത്തിന്റെ തെക്കേക്കരയായ തോട്ടകത്തോളം കൊണ്ടുപോകേണ്ടതായിവന്നു. എന്തോ അസകൗര്യം നിമിത്തം ഗോവിശ്ശാർക്കു കൂടെപ്പോകുന്നതിനു തരപ്പെട്ടില്ല. അയാളുടെ അസിസ്റ്റന്റായ ഒരു ശങ്കുശ്ശാരാണ് തിരുനീലകണ്ഠനെ കൊണ്ടുപോയത്. വലിയാനപ്പുഴയാറ്റിൽ അന്നു കഠിനമായ ഒഴുക്കുണ്ടായിരുന്നു. ഗോവിന്ദശ്ശാരായിരുന്നുവെങ്കിൽ തിരുനീലകണ്ഠനെ ആ സമയം ആറ്റിൽ ഇറക്കുകയില്ലായിരുന്നു. ശങ്കുശ്ശാർ അവനെ ആറ്റിൽ നീന്തിച്ച് അക്കര കയറ്റി. അന്നുതന്നെ അയാൾ അവനെ വടക്കേക്കരയ്ക്കും നീന്തിച്ചുകയറ്റി. ഇങ്ങോട്ടായപ്പോഴേക്കും തിരുനീലകണ്ഠൻ വളരെ വി‌ഷമിച്ചു. ഒന്നുരണ്ടു പ്രാവശ്യം ഒഴുകിപ്പോകാൻ തുടങ്ങി. എങ്കിലും അവൻ ഒരുവിധം കരയ്ക്കുകയറിയെന്നേ പറയാനുള്ളൂ. അപ്പോഴേക്കും നമ്മുടെ കഥാനായകൻ വളരെ അവശനായി.
തിരുനീലകണ്ഠൻ വടക്കേക്കര കയറിയപ്പോഴേക്കും ഗോവിന്ദശ്ശാരും അവിടെയെത്തി. അയാളെകണ്ടപ്പോൾ തിരുനീലകണ്ഠൻ തനിക്കു വളരെ അവശതപറ്റിയിരിക്കുന്നു എന്നു ചില ദീനസ്വരങ്ങൾകൊണ്ടു ഭാവഭേദം കൊണ്ടും ഗോവിന്ദശ്ശാർ മനസ്സിലാക്കി. കുറച്ചു നടന്നപ്പോഴേക്കും നടക്കാൻ പാടില്ലാതെ തിരുനീലകണ്ഠൻ നിന്നു തുടങ്ങി. അതു കണ്ടു ഗോവിന്ദശ്ശാർ, "എന്റെ മക്കൾക്കു നടക്കാൻ വയ്യാതായോ? എന്റെ മകനെന്തുപിണഞ്ഞു?" എന്നു ചോദിച്ചുകൊണ്ട് കരഞ്ഞുതുടങ്ങി. അതുകണ്ടു തിരുനീലകണ്ഠനും കണ്ണുനീരു പൊഴിച്ചുതുടങ്ങി. "നടക്കാൻ വയ്യെങ്കിൽ എന്റെ മക്കൾ ഇന്നിനി നടക്കേണ്ട" എന്നു പറഞ്ഞ് ഗോവിന്ദശ്ശാർ അവനെ അവിടെ അടുത്തുള്ള ഒരു പുരയിടത്തിലേയ്ക്കു കയറ്റി. ആ പുരയിടം വഴിയേക്കാൾ സ്വല്പമുയർന്നതിനാൽ അങ്ങോട്ടു കയറുന്നതിനുതന്നെ തിരുനീലകണ്ഠൻ വളരെ പ്രയാസപ്പെട്ടു. അവിടെ നിന്നിരുന്ന ഒരു തെങ്ങിന്മേൽപ്പിടിച്ചാണ് അവൻ കയറിയത്. ഗോവിന്ദശ്ശാർ അവനു കുറേ തെങ്ങോലയും കൈതയും കൊണ്ടു കൊടുത്തു. അവൻ ഒന്നും തിന്നില്ല. പിന്നെ അയാൾ ഒരു കുല പഴം മേടിച്ചു കൊടുത്തു. അതും തിന്നുന്നതിനു നമ്മുടെ കഥാനായകൻ ശക്തനായില്ല. ഓരോ പഴമായിട്ടു വായിൽ വച്ചുകൊടുത്തിട്ടും ഇറക്കുന്നതിനു വയ്യായിരുന്നു. തിരുനീലകണ്ഠൻ പഴം പോലും തിന്നാതെയിരിക്കുകയും വായിൽ വെച്ചുകൊടുത്തപഴമെല്ലാം താഴെ വീഴുകയും ചെയ്യുന്നതുകണ്ട് ഗോവിന്ദശ്ശാർ മാറത്തടിച്ച് ഉറക്കെക്കരഞ്ഞു തുടങ്ങി. അതു കണ്ട് തിരുനീലകണ്ഠനും കണ്ണുനീരൊലിപ്പിക്കുകയും ദീനസ്വരത്തിൽ കരയുകയും തുമ്പിക്കൈ നീട്ടി ഗോവിന്ദശ്ശാരെ കൂടെകൂടെ തൊടുകയും മണപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. രാത്രിയായപ്പോൾ അവൻ കിടന്നു. ഗോവിന്ദശ്ശാർ ജലപാനംപോലും കഴിക്കാതെ രാത്രി മുഴുവൻ ഉറക്കമിളച്ച് അവനെ തൊട്ടുതലോടിക്കൊണ്ട് അടുക്കൽതന്നെയിരുന്നു. നേരം വെളുത്തപ്പോഴേക്കും നമ്മുടെ കഥാനായകൻ കഥാവശേ‌ഷനായിത്തീരുകയും ചെയ്തു.
തിരുനീലകണ്ഠന്റെ കാലാനന്തരം തൽസ്ഥാനത്തു നിയമിക്കപ്പെട്ട മഞ്ഞപ്രത്തിരുനീലകണ്ഠന്റെ ആനക്കാരനായിട്ടും കുറച്ചുകാലം ജീവിതത്തെ നയിച്ചതിന്റെ ശേ‌ഷം ഗോവിന്ദശ്ശാരും പരലോകത്തെ പ്രാപിച്ചു. ആകപ്പാടെ വിചാരിച്ചാൽ വൈക്കത്തു തിരുനീലകണ്ഠനെപ്പോലെ ഒരാനയും മൂലയിൽ ഗോവിന്ദശ്ശാരെപ്പോലെ ഒരാനക്കാരനും അതിനു മുമ്പും അതിൽപ്പിന്നെയും ഉണ്ടായിട്ടുമില്ല. ഇനി ഉണ്ടാവുകയുമില്ലെന്നു തീർച്ചയായി പറയാം.

ഐതിഹ്യമാല/വട്ടപ്പറമ്പിൽ വലിയമ്മ

ഐതിഹ്യമാല/വട്ടപ്പറമ്പിൽ വലിയമ്മ


രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
വട്ടപ്പറമ്പിൽ വലിയമ്മ

കാർത്തികപ്പള്ളി താലൂക്കിൽ ചേർന്ന കായംകുളം എന്ന പ്രദേശം തിരുവതാംകൂറിൽ ചേരുന്നതിനു മുൻപ് അതൊരു പ്രത്യേക രാജ്യമായി ഒരു രാജാവിനാൽ ഭരിക്കപ്പെട്ടിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. അവിടെ ഇപ്പോഴുള്ള 'പുതിയടത്തു' ക്ഷേത്രത്തിനു സമീപം വട്ടപ്പറമ്പിൽ എന്നു പ്രസിദ്ധമായിട്ട് ഒരു നായർ കുടുംബം ഉണ്ടായിരുന്നു. ഈ കുടുംബക്കാർക്കു കായംകുളത്തു രാജാവിന്റെ മന്ത്രിസ്ഥാനവും, ആയുധാഭ്യാസ വി‌ഷയത്തിൽ ഗുരുസ്ഥാനവും തന്നിമിത്തം സേനാനായകത്വവും ഉണ്ടായിരുന്നതു കൂടാതെ വിവാഹബന്ധത്താൽ ബന്ധുത്വവുമുണ്ടായിരുന്നു. ഇപ്രകാരം രാജാവിന്റെ ആശ്രയത്തിലും, സംരക്ഷണത്തിലുമിരുന്ന ആ കുടുംബത്തിലുൾപ്പെട്ട ഒരു ശാഖക്കാർ എന്തോ കാരണവശാൽ ആ രാജാവിന്റെ അപ്രീതിക്കു പാത്രീഭവിക്കുകയാൽ കൊല്ലം 850-ആമാണ്ടിടയ്ക്ക് അവിടെ നിന്നും പിരിഞ്ഞു പോകേണ്ടതായി വന്നു. പണ്ടേ തന്നെ ശൂരന്മാരും ധൈര്യശാലികളും യുദ്ധവിദഗ്ദ്ധന്മാരുമായിരുന്ന അവർ അവിടെ നിന്നും പിരിഞ്ഞുപോയി. എങ്കിലും ഏതാനും സൈന്യങ്ങളെ ശേഖരിച്ചുകൊണ്ട് കായംകുളത്തിനു സമീപം തന്നെ 'കീരിക്കാട്' എന്ന ദിക്കിൽ എതാനും സ്ഥലം സ്വാധീനപ്പെടുത്തുകയും, അവിടെ കോട്ട,കൊത്തളം മുതലായവയും ആ കോട്ടയ്ക്കകത്തു ഒരു ഭവനവും ചില പരദേവതാലയങ്ങളും മുതലായവ ഉണ്ടാക്കുകയും ചെയ്തു അനന്യാശ്രയമായും പൂർവ്വാധികം പ്രാബല്യത്തോടുകൂടിയും താമസിച്ചു. ശേ‌ഷമുള്ള ശാഖക്കാർ യഥാപൂർവ്വം കായംകുളത്തു രാജാവിനെ ആശ്രയിച്ചുതന്നെ കായംകുളത്തുള്ള ആദികുടുംബത്തിലും താമസിച്ചു വന്നു. കീരിക്കാട്ടേക്ക് മാറിത്താമസിച്ചവർ കായംകുളത്തു രാജാവിനെ ലേശം പോലും വക വയ്ക്കാതെ സ്വാതന്ത്ര്യത്തോടെയാണു താമസിച്ചിരുന്നത്. എങ്കിലും അവരുടെ പ്രാബല്യത്തേയും പരാക്രമത്തേയും സൈന്യബലത്തേയും കുറിച്ചു വിചാരിച്ചിട്ടും തന്റെ സൈനികന്മാർ അവരുടെ ശി‌ഷ്യരും വളരെക്കാലം അവരുടെ അധികാരത്തിൻ കീഴിൽ ഇരുന്നവരുമാകയാൽ അടുത്തുകൂടി വരുമ്പോൾ മറുഭാഗത്തു ചേർന്നു കളഞ്ഞെങ്കിൽ വലിയ ആപത്തായിത്തീരുമല്ലോ എന്നു ശങ്കിച്ചിട്ടും കായംകുളത്തു രാജാവിനു അവരോടെതിർക്കാൻ ധൈര്യമുണ്ടായില്ല. അതിനാൽ അവർ കാലക്രമേണ ഒരു നാടുവാഴിയുടെ സ്ഥിതിയിലായിത്തീർന്നു.
വട്ടപ്പറമ്പിൽ കുടുംബത്തിൽ നിന്നും പിരിഞ്ഞുപോയി താമസം കീരിക്കാട്ടാക്കിയതിന്റെ ശേ‌ഷംവും അവർ എഴുത്തുകുത്തുകളിലും മറ്റും ആ പുരാതനകുടുംബപ്പേർ തന്നെയാണു ഉപയോഗിച്ചിരുന്നത്. ഇപ്പോഴും അങ്ങിനെ തന്നെ നടത്തി വരുന്നു. എങ്കിലും കീരിക്കാട്ടിലുള്ള ആ ഭവനം കോട്ടയ്ക്കകത്താകയാൽ ആ ദിക്കുകാർ ആ ഭവനത്തിനു 'കോട്ടയ്ക്കകത്തു' എന്നു കൂടി പേർ പറഞ്ഞു തുടങ്ങുകയും അതു ആ ദിക്കുകളിൽ ഒരു വിധം നടപ്പായിത്തീരുകയും ചെയ്തു. ഇപ്പോഴും അവിടങ്ങളിൽ ചിലർ അങ്ങിനെ പറഞ്ഞുവരുന്നുമുണ്ട്.
കൊല്ലം 681-ആമാണ്ടുമുതൽ 710-ആമാണ്ടുവരെ രാജ്യം വാണിരുന്ന വീര ഉദയമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലാനന്തരം 904-ആമാണ്ട് സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യഭാരം കൈയേറ്റ കാലം വരെ ചില ഇടപ്രഭുക്കന്മാർ, മാടമ്പിമാർ, എട്ടുവീട്ടിൽപിള്ളമാർ, മുതലായ രാജ്യദ്രാഹികളുടെ അക്രമങ്ങളും ഉപദ്രവങ്ങളും നിമിത്തം തിരുവതാംകൂർ മഹാരാജകുടുംബത്തിലെ ആൺവഴിതമ്പുരാക്കന്മാരും പെൺവഴിതമ്പുരാക്കന്മാരും പലപ്പോഴും തലസ്ഥാനം വിട്ട് ഒളിച്ചോടിപ്പോയി പല സ്ഥലങ്ങളിൽ ചെന്നു അജ്ഞാതവാസം ചെയ്യേണ്ടതായി വന്നിട്ടുണ്ടന്നുള്ളതു പ്രസിദ്ധമാണല്ലോ. ആ കൂട്ടത്തിൽ ഒരു മഹാരാജ്ഞി ശത്രുഭയം നിമിത്തം പ്രാണരക്ഷാർഥം കുറച്ചുകാലം അരിപ്പാട്ടു 'കരിപ്പാലിൽ' കോയിക്കൽ എഴുന്നള്ളി താമസിച്ചിരുന്നു. 933-ആമാണ്ട് മുതൽ 73-ആമാണ്ടുവരെ തിരുവതാംകൂർ രാജ്യം യഥായോഗ്യം ഭരിച്ചു വാണിരുന്ന വിശ്വവിശ്രുതനായ കാർത്തികതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ട് തിരുവവതാരം ചെയ്തരുളിയത് ആ മഹാരാജ്ഞിയിൽ നിന്നും അവിടെവച്ചുമായിരുന്നു. അങ്ങിനെ ആ മഹാരാജ്ഞി ആ രാജകുമാരനോടുകൂടി അവിടെ എഴുന്നള്ളി താമസിച്ചിരുന്നകാലത്തു കീരിക്കാട്ടു വട്ടപ്പറമ്പിൽ അന്നു മൂപ്പായിരുന്ന സ്ത്രീ കൂടെക്കൂടെ മഹാരാജ്ഞിയെ മുഖം കാണിക്കാനായി കരിപ്പാലിൽകോയിക്കൽ പൊയ്ക്കൊണ്ടിരുന്നു. അതിനാൽ ആ സ്ത്രീയും മഹാരാജ്ഞിയും തമ്മിൽ പരിചയമായി എന്നു മാത്രമല്ല പരസ്പരം മഹാരാജ്ഞീ തിരുവതാംകൂർ മഹാരാജകുടുംബത്തിലെ ഒരു പ്രധാന അംഗമായിരുന്നുവെങ്കിലും കാലസ്ഥിതികൊണ്ടും ദേശാന്തരവാസം നിമിത്തവും മറ്റും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഞെരുക്കങ്ങളുമുണ്ടായിരുന്നു. അക്കാലത്തു അതിനെല്ലാം പരിഹാരങ്ങളുണ്ടാക്കികൊടുത്തു സഹായിച്ചുകൊണ്ടിരുന്നതു വട്ടപ്പറമ്പിലെ ആ ഗുണവതിയും ബുദ്ധിശാലിനിയും ഔദാര്യനിധിയുമായ സ്ത്രീയായിരുന്നു. അവരുടെ സഹായമില്ലായിരുന്നെങ്കിൽ മഹാരാജ്ഞിതിരുമനസ്സിലേക്ക് അന്നു അവിടെ കഴിച്ചുകൂട്ടാൻ കഴിയുമായിരുന്നോ എന്നുതന്നെ സംശയമാണ്. ആ സ്ത്രീ കൂടെക്കൂടെ ചെന്നു മുഖംകാണിക്കുകയും അവിടുത്തെ യോഗക്ഷേമങ്ങളെ അന്വേ‌ഷിക്കുകയും ചെല്ലുമ്പോളെല്ലാം കുറേശ്ശേ പണവും നിത്യോപയോഗ്യങ്ങളായ ചില സാധനങ്ങളും തിരുമുൽക്കാഴ്ച്ച വയ്ക്കുകയും പതിവായിരുന്നു.
അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം വട്ടപ്പറമ്പിലെ ആ മൂത്ത സ്ത്രീ തിരുമുമ്പാകെ ചെന്നിരുന്ന സമയം അന്നു മൂന്നു തിരുവയസ്സുമാത്രം പ്രായമായിരുന്ന രാജകുമാരൻ ആ സ്ത്രീയെക്കണ്ടിട്ടു ‚ഇതാരാണമ്മേ‛ എന്നു കൽപ്പിച്ചു ചോദിക്കുകയും അതിനു മറുപടിയായി മഹാരാജ്ഞി (ആ സ്ത്രീയ്ക്കു മഹാരാജ്ഞിയെക്കാൾ പ്രായക്കൂടുതലുണ്ടായിരുന്നതിനാൽ) ഇതു നിന്റെ വലിയമ്മയാണു എന്നു കൽപ്പിക്കുകയും ചെയ്തു. അന്നു മുതൽ ആ രാജകുമാരൻ ആ സ്ത്രീയെ വലിയമ്മ എന്നു വിളിച്ചുവന്നു. അവിടുന്നു മഹാരാജാവായതിന്റെ ശേ‌ഷവും അങ്ങിനെ തന്നെ ക കൽപ്പിച്ചു വിളിച്ചു വന്നിരുന്നതിനാൽ വട്ടപ്പറമ്പിൽ കുടുംബത്തിൽ അന്നന്നു മൂപ്പായിരുന്ന സ്ത്രീകൾക്കു വലിയമ്മയെന്നുള്ളതു ഒരു സ്ഥാനപ്പേരായിരുന്നു. അതിനാൽ ഇപ്പോഴും അവരെ എല്ലാവരും അങ്ങിനെ തന്നെ വിളിച്ചുവരുന്നു
വട്ടപ്പറമ്പിൽ വലിയമ്മ എന്തെങ്കിലും തിരുമുൽക്കാഴ്ച വെയ്ക്കാനായി മഹാരാജ്ഞിയുടെ തിരുമുമ്പാകെ കൊണ്ടുചെന്നാൽ രാജകുമാരൻ ഓടിച്ചെന്നു തൃകൈയ്യിൽ വാങ്ങി അമ്മയുടെ അടുക്കൽ കൊണ്ടുചെന്നുകൊടുക്കുക പതിവായിരുന്നു. അതിനാൽ അവിടുന്നു തിരുമൂപ്പേറ്റതിന്റെ ശേ‌ഷവും വട്ടപ്പറമ്പിൽ കുടുംബത്തിലെ സ്ത്രീകൾ മുഖം കാണിക്കാനായി ചെല്ലുന്ന സമയങ്ങളിൽ കൊണ്ടുചെല്ലുന്ന കാഴ്ചദ്രവ്യം തൃകൈയ്യിൽ തന്നെ വാങ്ങുക പതിവായിരുന്നു. എന്നു മാത്രമല്ല തന്റെ പിൻവാഴ്ച്ചക്കാരും അങ്ങിനെ ചെയ്തുകൊള്ളണമെന്നു ഒരേർപ്പാട് കൽപ്പിച്ചു നിശ്ചയിക്കുകയും ചെയ്തു. ആ ഏർപ്പാട് ഇപ്പോഴും അങ്ങിനെതന്നെ നടന്നു വരുന്നുമുണ്ട്.
രാമവർമ്മരാജകുമാരനു അക്ഷരാഭ്യാസം ചെയ്യിക്കുന്നതിന് ആദ്യം ഗുരുസ്ഥാനം വഹിച്ചത് മഹാരാജ്ഞിതന്നെയാണ്. പിന്നീട് അതിനു വേണ്ടുന്ന ഏർപ്പാടുകൾ വട്ടപ്പറമ്പിൽ വലിയമ്മ ചെയ്തുകൊടുക്കുകയും ചെയ്തു. രാജകുമാരൻ അന്നു ഏകദേശം അനാഥസ്ഥിതിയിലാണ് താമസ്സിച്ചിരുന്നതെങ്കിലും വട്ടപ്പറമ്പിൽ വലിയമ്മയുടെ പേരിൽ സാക്ഷാൽ വലിയമ്മയുടെ പേരിലെന്നപോലെ തന്നെ സ്നേഹബഹുമാനങ്ങളുണ്ടായിരുന്നു. അപ്രകാരം തന്നെ രാജകുമാരനെക്കുറിച്ചു പുത്രനിർവിശേ‌ഷമായ സ്നേഹവാത്സല്യം ആ വലിയമ്മയ്ക്കുമുണ്ടായിരുന്നു.
ഇങ്ങിനെയിരിക്കുന്ന കാലത്തു ഒരു ദിവസം വൈകുന്നേരം 'പെരുളാവൂർ അടിതിരി' എന്നു പ്രസിദ്ധനായ ഒരു ബ്രാഹ്മണശ്രേഷ്ഠൻ അരിപ്പാട്ടു ചെന്നു ചേർന്നു. അത്താഴം കഴിക്കുന്നതിന് എവിടെ കേറിയാൽ തരമാകും എന്നു അന്വേ‌ഷിച്ചപ്പോൾ കരിപ്പാലിൽ കോയിക്കൽ ചെന്നാൽ അത്താഴം കിട്ടുമെന്നും, അവിടെ അരിവെപ്പു ബ്രാഹ്മണരാണന്നും ആരോ പറയുകയാൽ അദ്ദേഹം അവിടെ ചെന്നുകയറി. ഔദാര്യനിധിയായിരുന്ന രാജകുമാരൻ ആ ബ്രാഹ്മണോത്തമനെ കണ്ടയുടനെ അത്താഴത്തിനു ക്ഷണിക്കുകയും കുളിയും മറ്റും കഴിഞ്ഞു വരുവാൻ കൽപ്പിച്ചയക്കുകയും ചെയ്തു, അടിതിരിപ്പാട്ടീന്നു കുളിയും സന്ധ്യാവന്ദനാദി നിത്യകർമാനുഷ്ഠാനങ്ങളും കഴിഞ്ഞു ചെന്നപ്പോഴേയ്ക്കും അത്താഴം കാലമായിരുന്നു. അത്താഴം കഴിഞ്ഞതിന്റെ ശേ‌ഷം ആ ബ്രാഹ്മണവര്യൻ എവിടെ നിന്നാണു വരുന്നതെന്നും എവിടെപ്പോകാനായിട്ടാണ് പുറപ്പെട്ടിരിക്കുന്നതെന്നും മറ്റും രാജാവ് കൽപ്പിച്ചു ചോദിക്കുകയും, താൻ കുറച്ചു വടക്കുനിന്നാണു വരുന്നത് എന്നും തനിക്കു വിവാഹം കഴിച്ചുകൊടുക്കനുള്ള പ്രായം അതിക്രമിച്ചവരായി ഒൻപതു പെൺകിടാങ്ങൾ ഇരിക്കുന്നുണ്ടന്നും ദാരിദ്ര്യം നിമിത്തം ഒരു കന്യകയെയെങ്കിലും വിവാഹം കഴിച്ചു കൊടുപ്പാൻ താൻ ശക്തനല്ലെന്നും തിരുവനന്തപുരത്തു ചെന്നുമഹാരാജാവിനെ മുഖം കാണിച്ചു വിവരമറിയിച്ചാൽ വല്ലതും നിവൃത്തിയുണ്ടായെങ്കിലെന്നു വിചാരിച്ചു താൻ തിരുവനന്തപുരത്തേക്കായിട്ടാണു പുറപ്പെട്ടിരിക്കുന്നതെന്നും മറ്റും ആ ബ്രാഹ്മണൻ പറയുകയും ചെയ്തു. അപ്പോൾ രാജകുമാരൻ ‚ഒൻപതു പെൺകിടാങ്ങളെ കൊടുക്കുന്നതിനു എത്ര പണം വേണ്ടിവരും?‛ എന്നു കൽപ്പിച്ചു ചോദിച്ചതിനു നമ്പൂരീ ‚ഒൻപതിനായിരം പണമുണ്ടങ്കിൽ ഒരുവിധം കഴിച്ചുകൂട്ടാമായിരുന്നു‛ എന്നു മറുപടി പറഞ്ഞു. (അക്കാലത്തു നമ്പൂരിമാർക്കു ഒരു പെൺകൊടയ്ക്ക് ആയിരം പണത്തിലധികം സ്ത്രീധനം കൊടുക്കേണ്ടിയിരുന്നില്ല.) ഉടനെ രാജകുമാരൻ ‚കാലത്തു തമ്മിൽ കണ്ടിട്ടേ പൊയ്ക്കളയാവൂ‛ എന്നരുളിച്ചെയ്തിട്ട് നമ്പൂരിയെ കിടക്കാൻ കല്പ്പിച്ചയച്ചു. അപ്പോൾ തന്നെ രാജകുമാരൻ ഈ വിവരങ്ങളെല്ലാം കാണിച്ചു ഒരു തിരുവെഴുത്ത് വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു എഴുതി ഒരു ഭൃത്യന്റെ പക്കൽ കൽപ്പിച്ചയച്ചു. വലിയമ്മ തിരുവെഴുത്തു കണ്ടയുടൻ ഒൻപതിനായിരം പണം ഒൻപതു കിഴിയാക്കിക്കെട്ടി ആ ഭൃത്യന്റെ കയ്യിൽ തന്നെ കൊടുത്തയച്ചു. ഭൃത്യൻ കൊണ്ടുവന്ന പണക്കിഴികൾ വാങ്ങി വെച്ചതിന്റെ ശേ‌ഷം രാജകുമാരൻ പള്ളിക്കുറിപ്പിനുഎഴുന്നുള്ളുകയും ചെയ്തു.
പിറ്റെ ദിവസം രാജകുമാരൻ രാവിലെ പള്ളിക്കുറിപ്പുണർന്നു പുറത്തെഴുന്നള്ളിയപ്പോഴേക്കും അടിതിരിപ്പാടും അവിടെയെത്തി. ഉടനെ രാജകുമാരൻ പണക്കിഴി ഒൻപതും എടുത്തുകൊണ്ടുവന്നു ആ ബ്രാഹ്മണന്റെ കയ്യിൽ കൊടുത്തിട്ടു ‚ഇതാ ഇവയിൽ ഒൻപതിനായിരം പണമുണ്ട്. ഇതിനായിട്ട് അങ്ങ് ഇനി തിരുവനന്തപുരം വരെ പോകണമെന്നില്ല‛ എന്നു കല്പ്പിച്ചു. അപ്പോൾ ആ ബ്രാഹ്മണോത്തമനു‚ ഇത്രമാത്രം ഔദാര്യമുള്ള ഈ ബാലൻ ആരാണ്?‛ എന്നു സംശയം തോന്നുകയും വിവരം രാജകുമാരനോട് തന്നെ ചോദിക്കുകയും, അവിടുന്നു വസ്തുതയെല്ലാം അരുളിചെയ്യുകയും ചെയ്തു. സംഗതികളെല്ലാം മനസ്സിലായപ്പോൾ അടിതിരിപ്പാട്ടിലേക്കുണ്ടായ സന്തോ‌ഷവും സന്താപവും, അത്ഭുതവും, ബഹുമാനവും, വാത്സല്യവുമെല്ലാം സീമാതീതങ്ങളായിരുന്നു എന്നുള്ളതു പറയേണ്ടതില്ലല്ലോ. ഉടനെ ആ ബ്രാഹ്മണോത്തമൻ പുളകാവൃതശരീരനായി ആനന്ദാശ്രു പൊഴിച്ചുകൊണ്ട് രണ്ടു കയ്യും രാജകുമാരന്റെ ശിരസ്സിൽ വെച്ചിട്ട് സഗൽഗദം ‚അവിടേക്കു ഈ കഷ്ടപ്പാടുകളെല്ലാം തീർന്നു വളരെക്കാലം നിർബാധമായി രാജഭോഗങ്ങളനുഭവിച്ചു സുഖമായി വാണരുളുവാൻ സർവേശ്വരൻ സഹായിക്കട്ടെ എന്നനുഗ്രഹിച്ചു. അനന്തരം അദ്ദേഹം യാത്രയറിയിച്ചുകൊണ്ട് സസന്തോ‌ഷം സ്വദേശത്തേക്കു തന്നെ മടങ്ങിപ്പോവുകയും ചെയ്തു. ഈ സംഗതി നടന്നകാലത്തു നമ്മുടെ കൊച്ചു തമ്പുരാനു കഷ്ടിച്ചു ഒൻപതു തിരുവയസ്സു മാത്രമേ പ്രായമായിട്ടുണ്ടായിരുന്നുള്ളു. തദനന്തരം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മഹാരാജ്ഞി പുത്രസമേതം അരിപ്പാട്ട് എഴുന്നള്ളി താമസിക്കുന്നുണ്ടെന്ന വിവരം എട്ടുവീടന്മാർ, മാടമ്പിമാർ മുതലായ രാജ്യദ്രാഹികൾക്ക് അറിവു കിട്ടുകയാൽ ഇവരെ സംഹരിക്കാനായി അവർ ഇങ്ങോട്ടു പുറപ്പെട്ടിരിക്കുന്നുവെന്നു ചാരന്മാർ മുഖാന്തിരം മഹാരാജ്ഞി അറിഞ്ഞു. അപ്പോൾ അവിടേക്ക് ഉണ്ടായ ഭയവും വ്യസനവും പരിഭ്രമവും എത്രമാത്രമായിരുന്നു എന്നു പറയാൻ പ്രയാസം. ഉടനെ അവിടുന്നു വട്ടപ്പറമ്പിലേക്ക് ആളയച്ചു വലിയമ്മയെ വരുത്തി, വിവരമെല്ലാം കൽപ്പിച്ചു. വലിയമ്മ ഇതുകേട്ടിട്ട് ‚ഇതു നിമിത്തം അവിടുന്നു ഒട്ടും വ്യസനിക്കുകയും പരിഭ്രമിക്കുകയും വേണ്ട. ഇതിനു സമാധാനം അടിയൻ ഉണ്ടാക്കികൊള്ളാം. ഏതായാലും ഇനി ഇവിടെ എഴുന്നള്ളി താമസിച്ചാൽ ആപത്തുണ്ടായേക്കും. അതിനാൽ ഉടനെ എഴുന്നള്ളത്തിനു തയ്യാറാകണം‛ എന്നു തിരുമനസ്സറിയിച്ച ശേ‌ഷം അക്കാലത്തു ദേശാധിപത്യവും, അഭ്യാസബലവും സൈന്യബലവും, പ്രാബല്യവും ധാരളമുണ്ടായിരുന്ന മാമ്പള്ളി(വഞ്ഞിപ്പുഴ)ത്തമ്പുരാന്റെ പേർക്കു സകലവിവരത്തിനും ഒരു എഴുത്തെഴുതിക്കൊടുത്തിട്ട് ഒരു ഭൃത്യനെ മുൻകൂട്ടി ചെങ്ങന്നൂർക്ക് ഓടിക്കുകയും കരിപ്പാലിൽ കോയിക്കലുണ്ടായിരുന്ന പാത്രങ്ങൾ മുതലായവ സമീപത്തു തന്നെ വിശ്വാസമുള്ള ഒരു സ്ഥലത്താക്കി സൂക്ഷിക്കുകയും കീരിക്കാട്ടേക്ക് ആളെ അയച്ചു എതാനും സൈനികന്മാരേയും, ഭൃത്യന്മാരേയും ഒരു മേനാവും (ഡോലി) വരുത്തുകയും ചെയ്തു. അപ്പോഴേക്കും മഹാരാജ്ഞിയും കൊച്ചുതമ്പുരാനും അമൃതേത്തും മറ്റും കഴിച്ചു എഴുന്നള്ളത്തിനു തയ്യാറായി. ഉടനെ വലിയമ്മയും ഊണു കഴിക്കുകയും ഭൃത്യന്മാർ മുതലായവരെ ഊണു കഴിപ്പിക്കുകയും ചെയ്തിട്ട് ക്ഷണത്തിൽ യാത്ര പുറപ്പെട്ടു. മഹാരാജ്ഞിയും കുമാരനും വലിയമ്മയും മേനാവിലും, ശേ‌ഷമുള്ളവർ കാൽനടയായിട്ടുമാണൂ പുറപ്പെട്ടത്. അങ്ങിനെ ചെങ്ങന്നൂർക്കു ഒട്ടു സമീപം 'ബുധനൂർ' എന്ന ദിക്കിലുള്ള വലിയപാടത്തു എത്തിയപ്പോഴേക്കു പിള്ളമാരും മാടമ്പിമാരും വിവരമറിഞ്ഞു പിന്നാലെ അവിടെയെത്തി ആ ദേശക്കാരായ ചില ദുഷ്ടന്മാരെകൂടി കൂട്ടുപിടിച്ചുകൊണ്ട് കല്ലും, കട്ടയും കൊടിയുമായി അടുത്തുകൂടി. ശത്രുക്കൾ അടുത്തുവരുന്നു എന്നു കണ്ടപ്പോൾ വലിയമ്മ മഹാരാജ്ഞിയേയും രാജകുമാരനേയും മേനാവിൽ നിന്നു താഴെയിറക്കി ഒരു ദാസിയുടെയും ചെറുക്കന്റെയും നിലയിൽ മേനാവിന്റെ പിന്നാലെ നടത്തുകയും, വലിയമ്മ മേനാവിൽ തന്നെ വാതിലടച്ചിരിക്കുകയും ഭൃത്യന്മാരോടും മറ്റും വേഗത്തിൽ നടക്കാൻ ആജ്ഞാപിക്കുകയും ചെയ്തു. ശത്രുക്കൾക്കു സംഘബലം അധികമുണ്ടായിരുന്നതിനാൽ അവരോടെതിരിടാൻ പോകേണ്ടന്നും മേനാവിന്റെ ചുറ്റും ചേർന്നു നടന്നു കൊണ്ടാൽ മതിയെന്നും സൈനികന്മാരോടു പറഞ്ഞു ചട്ടം കെട്ടി.അപ്പോഴേക്കും ശത്രുക്കൾ അടുത്തുവന്നു ഏറു തുടങ്ങി. മഹാരാജ്ഞിയും രാജകുമാരനും മേനാവിനകത്താണ് എന്നു വിചാരിച്ച് അവർ അധികമെറിഞ്ഞത് മേനാവിന്റെ നേരെയും മേനാവു ചുമക്കുന്നവരുടെ നേരെയും സൈനികരുടെ നേരെയുമായിരുന്നു. പാവപ്പെട്ടവരായ ഭൃത്യസ്ത്രീയും ചെറുക്കനുമാണന്നു വിചാരിച്ചു മഹാരാജ്ഞിയേയും കുമാര നേയും അവർ അധികമുപദ്രവിച്ചില്ല. അതു വലിയമ്മയുടെ കശൗലത്തിന്റെ ഫലമാണന്നു പറയണമെന്നില്ലല്ലോ. ഭൃത്യന്മാർക്കും, സൈനികർക്കും ധാരാളം ഏറുകൊണ്ടുവെന്നാലും അവർ ഓടിക്കളയാതെ ധൈര്യത്തോടു കൂടി അതെല്ലാം സഹിച്ചു മേനാവിന്റെ കൂടെത്തന്നെ നടന്നു. എങ്കിലും മേനാവിന്റെ വാതിൽ പൊളിഞ്ഞു ചില ഏറുകൾ വലിയമ്മയ്ക്കും കൊള്ളാതെയിരുന്നില്ല. അതു വരുമെന്നു വലിയമ്മ മുമ്പേ തന്നെ വിചാരിച്ചിരുന്നു. തനിക്കു എന്തെല്ലാം ഉപദ്രവങ്ങൾ പറ്റിയാലും മഹാരാജ്ഞിയേയും, കുമാരനേയും രക്ഷിക്കണമെന്നു മാത്രമേ അവർവിചാരിച്ചിരുന്നുള്ളു.
ഇങ്ങിനെ ഒരു വിധം ചെങ്ങനൂരിന്റെ അതിർത്തിയിലെത്തിയപ്പോഴേക്കും വഞ്ഞിപ്പുഴ തമ്പുരാനും സൈന്യസമേതം അവിടെ വന്നു ചേർന്നു. തമ്പുരാനെയും സൈന്യങ്ങളേയും കണ്ടപ്പോഴേക്കും രാജ്യദ്രാഹികളായ ദുഷ്ടന്മാരെല്ലാം ഭയവിഹല്വന്മാരായി ഓടി ഒളിച്ചു. പിന്നെ മഹാരാജ്ഞിയേയും രാജകുമാരനേയും കൂടി മേനാവിൽ കയറ്റി എല്ലാവരും കൂടി വഞ്ഞിപ്പുഴ മഠത്തിൽ ചെന്നു ചേർന്നു. വട്ടപ്പറമ്പിൽ വലിയമ്മ അവിടെ മൂന്നു ദിവസം താമസിച്ചതിന്റെ ശേ‌ഷം മഹാരാജ്ഞിയേയും രാജകുമാരനേയും വഞ്ഞിപ്പുഴ തമ്പുരാന്റെ അടുക്കൽ പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ട് യാത്രയുമറിയിച്ചു പരിവാര സമേതം സ്വദേശത്തേക്കു മടങ്ങിപ്പോരുകയും ചെയ്തു. അതിന്റെ ശേ‌ഷം കുറഞ്ഞൊരു ദിവസം കഴിഞ്ഞപ്പോൾ അന്നു നാടുവാണിരുന്ന വലിയരാമവർമ്മമഹാരാജാവ് തിരുമനസ്സിലേയ്ക്കു ശീലായ്മ കലശലായിരിക്കുന്നതായി കേൾക്കുകുകയാൽ വഞ്ഞിപ്പുഴ തമ്പുരാൻ മഹാരാജ്ഞിയെ പുത്രസമേതം യാതൊരാപത്തിനും ഇടയാകതെ തിരുവനന്തപുരത്തു കൊണ്ടുചെന്നാക്കുകയും പിന്നെ അധികം താമസിയാതെ മഹാരാജാവു തിരുമനസ്സുകൊണ്ട് നാടുനീങ്ങുകയും രാജകേസരിയെന്നു പ്രസിദ്ധനും വീരനും ശൂരനുമായിരുന്ന സാക്ഷാൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അവിടുന്നു രാജ്യദ്രാഹികളുടെ വംശത്തെ നമാവശേ‌ഷമാക്കിത്തീർക്കുകയും രാജ്യത്തു ക്ഷേമവും സമാധാനവും വർദ്ധിപ്പിക്കുകയും ചെയ്തു. അതിനാൽ അന്തച്ഛിദ്രങ്ങളും കലഹങ്ങളും കലാപങ്ങളും ശമിച്ചു. മഹാരാജകുടുംബത്തിലെ അംഗങ്ങളെല്ലാം പിന്നീടു നിർബാധമായും നിർഭയമായും സസുഖം വസിച്ചു.
ഇത്രയും പറഞ്ഞുകൊണ്ട് വട്ടപ്പറമ്പിൽ വലിയമ്മയുടെ ബുദ്ധിസാമർഥ്യം, ഔദാര്യം, ധീരത, തൽക്കാലോചിതകർത്തവ്യജ്ഞാനം, രാജഭക്തി മുതലായ സത്ഗുണങ്ങൾ എത്രമാത്രമുണ്ടായിരുന്നു എന്നു സ്പഷ്ടമായല്ലോ. ഇനി വട്ടപ്പറമ്പിൽ കുടുംബത്തെകുറിച്ചു തിരുവതാംകൂർ മഹാരാജാക്കന്മാർക്കു പ്രത്യേകമൊരു പ്രതിപത്തിയും കാരുണ്യവും ഉണ്ടാകുവാനുള്ള ചില കാരണങ്ങൾ കൂടി ഈ ഉപന്യാസം അവസാനിപ്പിക്കുന്നതിനു മുൻപായി പറയേണ്ടിയിരിക്കുന്നു.
മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് കായംകുളം രാജ്യം പിടിച്ചടക്കണമെന്നു നിശ്ചയിച്ചതിന്റെ ശേ‌ഷം താൻ ഇന്നപ്രകാരം ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നുവെന്നും അതിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരണമെന്നു വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു സ്വകാര്യമായി ഒരു തിരുവെഴുത്തയക്കുകയും അങ്ങിനെ ചെയ്തുകൊള്ളാമെന്നു സമ്മതിച്ചു വലിയമ്മ മറുപടി അയച്ചുകൊടുക്കുകയും അപ്രകാരംമഹാരാജാവും രാമയ്യൻ ദളവയും യുദ്ധത്തിനായി സൈന്യസമേതം കായംകുളത്തെത്തിയ സമയം വലിയമ്മ അവിടെയുണ്ടായിരുന്ന സൈന്യങ്ങളെയെല്ലാം തന്റെ സഹോദരീപുത്രനോടുകൂടി അയച്ചു, കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. കായംകുളത്തു രാജാവ് തോറ്റോടുകയും മാർത്താണ്ഡവർമ്മ മഹാരാജാവ് ജയിക്കുകയും അതോടുകൂടി യുദ്ധം അവസാനിക്കുകയും ചെയ്തതിന്റെ ശേ‌ഷം രാമയ്യൻദളവയും വട്ടപ്പറമ്പിലുണ്ണിത്താനും (വട്ടപ്പറമ്പിലെ പുരു‌ഷന്മാർക്കു 'ഉണ്ണിത്താൻ' എന്ന സ്ഥാനപ്പേര് കായംകുളത്തു രാജാവ് കൊടുത്തതാണ്) കൂടി കോട്ടയ്ക്കകത്തു കടന്ന് ഓരോന്നും കണ്ടും കാണിച്ചും സഞ്ചരിച്ചുകൊണ്ടിരുന്ന മദ്ധ്യേ വിജിതനായി കായംകുളത്തു രാജാവിന്റെ ഒരു ഭടൻ ഒരു സ്ഥലത്തു ഒളിച്ചു നിന്നുകൊണ്ട് ഉണ്ണിത്താനെ ലക്ഷ്യമാക്കി വി‌ഷലിപ്തമായ ഒരു ശരം പ്രയോഗിച്ചു. അതു കൊണ്ടയുടനെ ഉണ്ണിത്താൻ നിലത്തു പതിക്കുകയും സ്വൽപ്പനേരത്തിനിടയിൽ കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ഇതു കേട്ടപ്പോൾ മാർത്താണ്ഡവർമ്മ മഹാരാജാവിനുണ്ടായ വ്യസനം സീമാതീതമായിരുന്നു. ഈ വർത്തമാനം കേൾക്കുമ്പോൾ ഉണ്ണിത്താന്റെ അമ്മയ്ക്കും വലിയമ്മയ്ക്കും ഉണ്ടാകുന്ന ദുഖം എത്രമാത്രമായിരിക്കുമെന്നും അവരെ ഏതുപ്രകാരം സമാധാനപ്പെടുത്തുന്നു എന്നും വിചാരിച്ചിട്ടാണ് അവിടേക്കു അധികം വ്യസനമുണ്ടായത്. ഉണ്ണിത്താന്റെ അമ്മയ്ക്കു യുദ്ധവിദഗ്ദ്ധനും ധീരനും സുന്ദരനും യുവാവുമായിരുന്ന ആ ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ സംഗതികളാകപ്പാടെ വിചാരിച്ചിട്ട് മഹാരാജാവ് അത്യന്തം വി‌ഷണ്ണനായിതീർന്നു. ഏതുവിധവും ആ മാതാവിനെ സമാധാനപ്പെടുത്തണമല്ലോ എന്നു വിചാരിച്ചു മഹാരാജാവും രാമയ്യൻ ദളവയും കൂടി അവിടെ നിന്നു പുറപ്പെട്ടു കീരിക്കാട്ടു വട്ടപ്പറമ്പിലെത്തി അപ്പോഴേക്കും നേരം അർദ്ധരാത്രി കഴിഞ്ഞിരുന്നതിനാൽ അവിടെ എല്ലാവരും കിടന്നു ഊറക്കമായിരുന്നു. ഉണ്ണിത്താന്റെ അമ്മ മാത്രം തന്റെ പുത്രൻ തിരിച്ചു വന്നില്ലല്ലോ എന്നുള്ള വിചാരം നിമിത്തം ഉറങ്ങീട്ടില്ലായിരുന്നു. മഹാരാജാവ് മുറ്റത്തെഴുന്നള്ളിനിന്നുകൊണ്ട് 'അമ്മേ! അമ്മേ! എന്നു വിളിച്ചു. അതു കേട്ട് ഉണ്ണിത്താന്റെ അമ്മ തന്റെ പുത്രനാണ് വിളിക്കുന്നതെന്നു വിചാരിച്ചു സന്തോ‌ഷത്തോടുകൂടി വാതിൽ തുറന്നു ഒരു വിളക്കുമായി പുറത്തു വന്നു. അപ്പോൾ കണ്ടതു അപരിചിതന്മാരായ രണ്ടു പേരെ ആകയാൽ ആ അമ്മ ‚എന്റെ മകനെവിടെ?‛ എന്നു ചോദിച്ചു. അതിനു മറുപടിയായി തിരുമനസ്സുകൊണ്ട് ‚ഇന്നു മുതൽ നിങ്ങളുടെ മകൻ ഞാനാണ്. നിങ്ങൾ പ്രസവിച്ച മകനെ ഇനി ജീവനോടു കൂടി കാണ്മാൻ നിങ്ങൾക്കു സാധിക്കില്ല‛ എന്നു കകൽപ്പിച്ചു. ഇതു കേട്ട് ആ സാധ്വി ഇടിവെട്ടിയമരം പോലെ കുറച്ചു നേരം നിശ്ചേഷ്ടയായി നിന്നുപോയി. എങ്കിലും ബുദ്ധിശാലിനിയായ ആ വിദു‌ഷി ഉടനെ ധൈര്യത്തെ അവലംബിച്ചു മനസ്സിനെ ഉറപ്പിച്ചുകൊണ്ട് ‚അങ്ങ് ആരാണ്? എന്റെ മകനു എന്തൊരാപത്താണു പറ്റിയത്?‛ എന്നു വീണ്ടും ചോദിച്ചു. ഉടനെ മഹാരാജാവ് തിരുമനസ്സുകൊണ്ട് താൻ ആരാണെന്നും ഉണ്ണിത്താനു പ്രാണഹാനി സംഭവിക്കുവാനുണ്ടായ കാരണമിന്നതെന്നും കൽപ്പിച്ചു കേൾപ്പിക്കുകയും വിവരമെല്ലാം അറിഞ്ഞപ്പോൾ വീണ്ടും ദുഖാർത്തയായി ഭവിച്ച ആ സാധുസ്ത്രീയെ പലവിധത്തിലുള്ള സ്വാന്തനവാക്കുകൾ കൊണ്ട് ഒരു വിധം സമാശ്വസിപ്പിക്കയും ചെയ്തിട്ടു തിരിച്ചെഴുന്നള്ളുകയും ചെയ്തു. കാർത്തികതിരുനാൾ തിരുമനസ്സുകൊണ്ട് ഒരു സ്ത്രീയെ വലിയമ്മയെന്നു വിളിച്ചതുകൊണ്ട് വട്ടപ്പറമ്പിൽ കുടുംബത്തിൽ അന്നന്നു മൂപ്പായിരിക്കുന്ന സ്ത്രീകൾക്കെല്ലാം വലിയമ്മ എന്ന സ്ഥാനം സിദ്ധിദമായതുപോലെ മാർത്താണ്ഡവർമ മഹാരാജാവു തിരുമനസ്സു കൊണ്ട് ആ ഒരു സ്ത്രീയെ അമ്മേ! എന്നു കല്പ്പിച്ചു വിളിച്ചതു നിമിത്തം ആ കുടുംബത്തിലുള്ള സ്ത്രീകൾക്കെല്ലാം അമ്മയെന്നുള്ള സ്ഥാനം സിദ്ധിച്ചു. ഇപ്പോഴും അവിടെയുള്ള സ്ത്രീകളെയെല്ലാം എല്ലാവരും അങ്ങനെതന്നെയാണു പറഞ്ഞുവരുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവു നാടുനീങ്ങതുവരെ ആ സ്ത്രീയെ സ്വമാതാവിനെയെന്നപോലെ തന്നെ അത്യന്തം സ്നേഹബഹുമാനങ്ങളോടുകൂടി ആദരിച്ചിരുന്നു എന്നു മാത്രമല്ല, ആ കുടുംബത്തേക്കു അസംഖ്യം വസ്തുവകകളും പല സ്ഥാന മാനങ്ങളും കൽപ്പിച്ചു കൊടുക്കുകയും ചെയ്തു. വട്ടപ്പറമ്പിൽ കുടുംബത്തിലെ പുരു‌ഷന്മാർക്കു മുമ്പിനാലെ ഉണ്ടായിരുന്ന ഉണ്ണിത്താൻ എന്ന പേർ ഭേദപ്പെടുത്തി 'വലിയത്താൻ' എന്ന സ്ഥാനം കല്പ്പിച്ചുകൊടുത്തതും മാർത്താണ്ഡവർമ്മ മഹാരാജാവാണ്. മഹാരാജ്ഞിയെന്നു വിചാരിച്ചു വട്ടപ്പറമ്പിൽ വലിയമ്മയെ ബുധനൂർ പാടത്തുവച്ചുകല്ലെറിഞ്ഞ തദ്ദേശവാസികളായ ദുഷ്ടന്മാരെ ആ മഹാരാജാവ് പിടിച്ചുവരുത്തി യഥാന്യായം ശിക്ഷിക്കുകയും, അവർക്കു ആ പാടത്തുണ്ടായിരുന്ന വസ്തുക്കളെല്ലാം 'ദ്രോഹപാട്ടം' എന്ന ഇനത്തിൽ ചേർത്തു കണ്ടുകെട്ടി സർക്കാരിലേക്ക് എടുക്കുകയും ചെയ്തു. വട്ടപ്പറമ്പിലെ ഒരു വലിയത്താൻ (മേൽപറഞ്ഞ വലിയമ്മയുടെ ഒരു ദൗഹിത്രിപുത്രനെന്നാണു കേട്ടിരിക്കുന്നത്) ഒരിക്കൽ ദേശസഞ്ചാരത്തിനായി പോവുകയും മൂകാംബി, കുടജാദ്രി മുതലായ സ്ഥലങ്ങളിൽ ദർശനം നടത്തി വടക്കു കോട്ടയത്തു വന്നുചേരുകയും കോട്ടയത്തു രാജാവിനെ കണ്ടു പരിചയമാവുകയും അദ്ദേഹത്തിന്റെ അടുക്കൽ നിന്നു ഇന്ദ്രജാലം, മഹേന്ദ്രജാലം മുതലായ മോടിവിദ്യകൾ അഭ്യസിച്ചു അതിൽ അദ്വിതീയനായിത്തീരുകയും ചെയ്തതിന്റെ ശേ‌ഷം തിരുനെൽവേലി മാർഗ്ഗം തിരുവനന്തപുരത്തു വന്നുചേർന്നുവെന്നും അന്നു നാടുവാണിരുന്ന കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവ് തിരുമനസ്സിലെ മുഖം കാണിക്കുകയും മഹാരാജാവ് സസന്തോ‌ഷം സൽക്കരിച്ചു വലിയത്താനെ കുറച്ചു ദിവസം തിരുവനന്തപുരത്തു താമസിപ്പിക്കുകയും ചെയ്തുവെന്നും അക്കാലത്തു മോടിവിദ്യയിൽ ഏറ്റവും പ്രസിദ്ധനായി തിരുവനന്തപുരത്തുണ്ടായിരുന്ന 'പീതാംബരയ്യൻ' എന്ന പാരദേശികനെ വലിയത്താൻ തോൽപ്പിച്ചോടിച്ചുവെന്നും പത്മതീർത്ഥ മദ്ധ്യത്തിൽ കച്ചവടസാമാനങ്ങൾ നിരത്തി തങ്ങളുടെ സാമർഥ്യത്തെ കാണിച്ച ഊറ്റക്കാരും ഐന്ദ്രജാലികന്മാരുമായ പട്ടാണികളെയും ഈ വലിയത്താൻ വെള്ളത്തിൽ മുക്കി മടക്കിവിട്ടുവെന്നും വലിയത്താന്റെ ഈ വക പ്രയോഗങ്ങൾ കണ്ടു മഹാരാജാവ് വലരെ സന്തോ‌ഷിക്കുകയും, വിസ്മയിക്കുകയും വലിയ ത്താന്റെ രണ്ടു കൈയ്ക്കും വീരശ്രംഖലയും മറ്റനേകം സമ്മാനങ്ങളും കൽപ്പിച്ചു കൊടുത്ത് സന്തോ‌ഷിപ്പിച്ചയക്കുകയും ചെയ്തുവെന്നും പ്രസിദ്ധവിദ്വാനും മഹാകവിയുമായിരുന്ന അശ്വതിതിരുനാൾ ഇളയതമ്പുരാൻ തിരുമനസ്സുകൊണ്ട് കുറച്ചുകാലം കൃ‌ഷ്ണപുരത്തെഴുന്നള്ളി താമസിച്ചു ഈ വലിയത്താന്റടുക്കൽനിന്നു മോടിവിദ്യകളഭ്യസിക്കയുണ്ടായിട്ടുണ്ടെന്നും മറ്റും ചില കഥകളും കേട്ടിട്ടുണ്ട്. വട്ടപ്പറമ്പിൽ കുടുംബക്കാരും തിരുവതാംകൂർ മഹാരാജകുടുംബവുമായി ഇപ്രകാരമുള്ള അടുപ്പങ്ങളെല്ലാമുണ്ടാവാൻ പ്രധാന കാരണഭൂത ആ വലിയമ്മയാണന്നുള്ളത് സ്പഷ്ടമാണല്ലോ. ഐതിഹ്യങ്ങൾ മിക്കവാറും കേട്ടുകേൾവിയെ അടിസ്ഥാനപ്പെടുത്തിയും ഓരോരുത്തർ നിർമിക്കുന്ന കള്ളക്കഥകളെ കൂട്ടിച്ചേർത്തും പറഞ്ഞും എഴുതിക്കൂട്ടിയുണ്ടാക്കുന്നവയാണന്നാണല്ലോ സാധാരണ ജന ങ്ങളുടെ വിശ്വാസം. എന്നാൽ ഈ ഉപന്യാസത്തിൽ പറയപ്പെട്ടിട്ടുള്ള മിക്ക സംഗതികളും വട്ടപ്പറമ്പിൽ ഇപ്പോഴുമിരിപ്പുള്ള പുരാതനരേഖാപ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയിട്ടുള്ളവയാണന്നും ഇതിലേക്കു വേറേയും ലക്ഷ്യങ്ങൾ കാണുന്നുണ്ടെന്നും അതിനാൽ ഈ ഐതിഹ്യങ്ങളെപ്പറ്റി അവിശ്വസിക്കാൻ യാതൊരു കാരണവുമില്ലന്നും വായനക്കാരെ അറിയിച്ചുകൊള്ളുന്നു. കീരിക്കാട്ടു വട്ടപ്പറമ്പിൽ ഭവനത്തിനു 'കോട്ടയ്ക്കകത്തു' എന്നു കൂടി ഒരു പേർ ഇപ്പോഴും ആ ദിക്കുകാരിൽ ചിലർ പറഞ്ഞു വരുന്നതും അവിടെ കോട്ട, കിടങ്ങ് മുതലായവയുടെ നഷ്ടാവശിഷ്ടങ്ങൾ ഇപ്പോഴും കാണാവുന്നതും ആ ഭവനത്തിൽ ഏറ്റവും പഴക്കമുള്ള വലിയ തോക്കുകൾ വാളുകൾ, ഈട്ടി, കുന്തം, വേൽ മുതലായ ആയുധങ്ങൾ ഇപ്പോഴും കാണപ്പെടുന്നതും ഇതിലേക്കു ഉത്തമ ലക്ഷ്യങ്ങളാണല്ലോ. തിരുവതാംകൂർ മഹാരാജാക്കന്മാർക്കു വട്ടപ്പറമ്പിൽ കുടുംബത്തോടുള്ള പ്രത്യേകപ്രതിപത്തി ഇപ്പോഴും നിലനിന്നു പോരുന്നു ണ്ടെന്നുള്ളതിനു പല ദൃഷ്ടാന്തങ്ങളുണ്ട്. ഇവർക്കു ബഹുമാനസൂചകമായി രണ്ടു വെള്ളിവില്ലക്കാരെ കൽപ്പിച്ചനുവദിച്ചിട്ടുള്ളതു ഇന്നും നിറുത്തൽ ചെയ്തിട്ടില്ലാത്തതുതന്നെ ഒരു മുഖ്യലക്ഷണമാണല്ലോ. കാർത്തിക തിരുനാൾതിരുമനസ്സുകൊണ്ടും, മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ടും വട്ടപ്പറമ്പിൽ വലിയമ്മയുടെ പേർക്കു ഓരോ തിരുവെഴുത്തുകൾ അയച്ചതായി മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ആ തിരുവെഴുത്തുകൾ വട്ടപ്പറമ്പിലെ പഴയ രേഖാപ്രമാണങ്ങളുടെ ശേഖരത്തിൽ അവർ സബഹുമാനം സൂക്ഷിച്ചു വച്ചിരുന്നു. 1045-ആമാണ്ടിടയ്ക്കു ദിവാനായിരുന്ന സർ ടി. മാധരായരവർകൾ ഒരു തിരുവതാംകൂർ ചരിത്രമെഴുതുന്നതിലേക്കായി വട്ടപ്പറമ്പിലുള്ള പഴയ രേഖാപ്രമാണങ്ങൾ കാണണമെന്ന് ആവശ്യപ്പെടുകയും, വലിയത്താനവർകൾ അവ കാണിച്ചു കൊടുക്കുകയും ചിലതെല്ലാം മാധവരായരവർകളുടെ ആവശ്യപ്രകാരം കൊടുത്തകൂട്ടത്തിൽ ആ തിരുവെഴുത്തുകളും കൊടുക്കുകയും ചെയ്തു. ആ പ്രമാണങ്ങളൊന്നും തിരിയെ കൊടുത്തിട്ടില്ല. എങ്കിലും അവയുടെ ശരിപ്പകർപ്പുകൾ ഇപ്പോഴും വട്ടപ്പറമ്പിൽ കാണുന്നുണ്ട്.
1085-ആമാണ്ട് വട്ടപ്പറമ്പിലെ അന്നത്തെ വലിയമ്മ തിരുവനന്തപുരത്തു ചെന്നു തന്റെ കുടുംബസംഗതികളെപ്പറ്റി ഒരു സങ്കടഹർജി വിശാഖംതിരുനാൾ തിരുമനസ്സിലെ സന്നിധിയിൽ സമർപ്പിക്കുകയും തിരുമനസ്സുകൊണ്ട് ആ ഹർജി തൃക്കൈയിൽത്തന്നെ കൽപ്പിച്ചു വാങ്ങുകയും ഉടൻ തന്നെ താഴെ കാണുന്ന അർത്ഥത്തിൽ അറിവെഴുതി തുല്യം ചാർത്തി സർവാധികാര്യക്കാരെ ഏൽപ്പിക്കുകയുംചെയ്തു.
ഇതു വട്ടപ്പറമ്പിൽ വലിയമ്മയുടെ ഒരു ഹർജിയാണ്. ഇവർ വളരെ മാന്യതയോടും ഐശ്വര്യത്തോടുമിരിക്കുന്ന ഒരു കുടുംബക്കാരാകുന്നു. ഈ ഹർജി ദിവാൻജിയുടെ പൂർണ്ണമായും ശീഘ്രതയിലുമുള്ള ആലോചനക്കായി ഒരു സാധനത്തോടുകൂടി അയക്കണം. അമ്മ ഇവിടെ താമസിക്കുന്നു. അവരെ ആവശ്യത്തിലധികം താമസിപ്പിക്കരുത്.‛ എന്നു രാമവർമ്മ.
ഇത് മഹാരജാവ് തിരുമനസ്സിലെ പ്രീതിയും കാരുണ്യവും ഇവരുടെ പേരിൽ എത്രമാത്രമുണ്ടന്നുള്ളതിനു ഒരു ദൃഷ്ടാന്തമാണല്ലോ. ഇനി വട്ടപ്പറമ്പു കുടുംബത്തിന്റെ താൽക്കാലികസ്ഥിതികൂടി സ്വൽപ്പം പറയേണ്ടിയിരിക്കുന്നു.
കായംകുളത്തു താമസിച്ചിരുന്ന ശാഖക്കാർ കായംകുളം തിരുവതാംകൂറിൽ ചേർന്നിട്ടു അധികം താമസിയാതെ തന്നെ നാമാവശേ‌ഷമായിതീർന്നു. അവിടെ ഇപ്പോൾ അവരുടെ ചില പരദേവതാ ക്ഷേത്രങ്ങളും മറ്റും അല്ലാതെ പഴയ ഭവനം പോലും കാണ്മാനില്ല. കീരിക്കാട്ടുള്ള ഭവനത്തിൽ കൊല്ലം 1000-ആമാണ്ടായപ്പോഴേക്കും ഒരു വലിയമ്മ മാത്രമായിത്തീർന്നു. അവർ വയോവൃദ്ധയായിത്തീരുകയും, അവർക്കു സന്തതിയില്ലാതിരിക്കുകയും ചെയ്യുകയാൽ വിവരം മഹാരാജാവിങ്കൽ തിരുമനസ്സറിയിച്ചു അവിടുത്തെ അനുവാദപ്രകാരം 1034-ആമാണ്ട് പന്തളത്തു തോട്ടത്തിൽ ഉണ്ണിത്താന്മാരുടെ ഭവനത്തിൽ നിന്നു കുടുംബമടക്കം ദത്തെടുത്ത് വട്ടപ്പറമ്പിൽ കുടുംബത്തിൽ അവകാശപ്പെടുത്തി. ആ ദത്തിൽ ഉൾപ്പെട്ടവരായി ഒരമ്മയും മൂന്നു സ്ത്രീസന്താനങ്ങളും രണ്ടു പുരു‌ഷസന്താനങ്ങളും ഉണ്ടായിരുന്നു. ആ മൂന്നു സ്ത്രീകളിൽ ഒരു സ്ത്രീ പന്തളത്തും, ഒരു സ്ത്രീ കീരിക്കാട്ട് വട്ടപ്പറമ്പിലും, താമസിക്കുകയും ഒരു സ്ത്രീയെ 1068-ആമാണ്ടു തീപ്പെട്ടുപോയ നെടുമ്പ്രത്തു കോയിക്കൽ വലിയ തമ്പുരാൻ അവർകൾ പട്ടും പരിവട്ടവുമിട്ട് അവിടുത്തെ പ്രണയിനിയാക്കി സ്വീകരിച്ചു അവർക്കു വേണ്ടുന്ന വസ്തുവകകളും ഗൃഹവും പുരയിടങ്ങളുമെല്ലാം കൊടുത്തു തിരുവല്ലായിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തു. കീരിക്കാട്ടു വട്ടപറമ്പിൽ ഒടുക്കം ശേ‌ഷിച്ച വലിയമ്മ 1059-ആമാണ്ട് കർക്കടകമാസം 18-ആം തീയതി ചരമഗതിയെ പ്രാപിച്ചുപോയി. ഇപ്പോൾ പന്തളത്തുള്ള തോട്ടത്തിൽ ഭവനത്തിലും കീരിക്കട്ടു വട്ടപ്പറമ്പിലും തിരുവല്ലാ വട്ടപ്പറമ്പിലുമായി താമസിച്ചു വരുന്ന മൂന്നു ശാഖക്കാരും നേരെ ജ്യേ‌ഷ്ഠത്തിയനുജത്തിമാരുടെ സന്താനങ്ങളാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

ഐതിഹ്യമാല/ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും

ഐതിഹ്യമാല/ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും


ചെമ്പകശ്ശേരി രാജാവും മേപ്പത്തൂർ ഭട്ടതിരിയും

പ്രസിദ്ധവിദ്വാനും മഹാകവിയുമായിരുന്ന മേപ്പത്തൂർ ഭട്ടതിരി ചെമ്പകശ്ശേരി രാജാവിന്റെ ഇഷ്ടനായിട്ട് കുറച്ചു കാലം അമ്പലപ്പുഴെ താമസ്സിച്ചിരുന്നു എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. അദ്ദേഹം അമ്പലപ്പുഴെ ചെന്നു ചേരാനും, രാജാവിന്റെ ഇഷ്ടനായിത്തീരാനുമുണ്ടായ കാരണത്തെയാണ് ഇവിടെ ആദ്യമായി പറയാൻ പോകുന്നത്.
ഒരു കാലത്തു അമ്പലപ്പുഴ നാടൂ വാണിരുന്ന രാജാവിനു പ്രതിദിനം ഒരു ബ്രാഹ്മണനെക്കൊണ്ടു ഭാരതം വായിപ്പിച്ചു കേട്ടല്ലാതെ ഭക്ഷണം കഴിക്കുകയില്ലെന്നു ഒരു നിഷ്ഠയുണ്ടായിരുന്നു. അതിലേക്കു പ്രത്യേകമൊരു ബ്രാഹ്മണനെ ശമ്പളം വച്ചു ആക്കീട്ടുണ്ടായിരുന്നു. ആ ബ്രാഹ്മണൻ ഒരു ദിവസത്തെ വായന കഴിഞ്ഞു പിറ്റേദിവസത്തേക്കു തിരിച്ചെത്തികൊള്ളാമെന്നു വിചാരിച്ച് എവിടയൊ പോയി. അദ്ദേഹം വിചാരിച്ചപോലെ പിറ്റേ ദിവസത്തെ വായനയ്ക്കു വന്നെത്തുന്നതിനു എന്തോ കാരണവശാൽ സാധിച്ചില്ല. രാജാവ് നേരത്തെ കുളിയും തേവാരവുമെല്ലാം കഴിഞ്ഞു പതിവുപോലെ വായന കേൾക്കാൻ ചെന്നിരുന്നു. വളരെ നേരമായിട്ടും വായനക്കാരൻ ബ്രാഹ്മണനെ കണ്ടില്ല ഭക്ഷണത്തിന്റെ സമയം കഴിഞ്ഞപ്പോഴേയ്ക്കും രാജാവിനു വിശപ്പു കലശലായി. എവിടെ നിന്നെങ്കിലും ഒരു ബ്രാഹ്മണനെ ഉടനെ വിളിച്ചു കൊണ്ടുവരണമെന്നു പറഞ്ഞു ഭടന്മാരെ ഓടിച്ചു. അപ്പോൾ ഒരാൾ രാജാവിന്റെ അടുക്കൽ ചെന്നുവഴിപോക്കനായ ഒരു ബ്രാഹ്മണൻ അമ്പലത്തിനകത്തു ജപിച്ചുകൊണ്ടിരിക്കുന്നുണ്ടന്നു അറിയിച്ചു. ഉടനെ രാജാവ് ആളയച്ചു ആ ബ്രാഹ്മണനെ വരുത്തി. 'ഹേ അങ്ങേക്ക് കൂട്ടി വായന ശീലമുണ്ടോ' എന്നു ചോദിച്ചു. 'കുറേശ്ശെ പരിചയമുണ്ട്' എന്നു ബ്രാഹ്മണൻ പറയുകയും ഉടനെ രാജാവ് ഭാരതം ഗ്രന്ഥം എടുത്തു കൊടുക്കുകയും ബ്രാഹ്മണൻ വായിച്ചു തുടങ്ങുകയും ചെയ്തു. കർണ്ണപർവ്വമാണു വായിച്ചിരുന്നത്. അതിൽ ഭീമന്റെ കയറ്റത്തെ വർണ്ണിക്കുന്ന ഘട്ടത്തിൽ
'ഭീമസേനഗദാത്രസ്താ ദുര്യോധനവരൂഥിനീ
ശിഖാ ഖാർവാടകസ്യേവ കർണ്ണമൂലമുപാശ്രിതാ'
എന്നു കൂട്ടി വായിച്ചു. ഭാരതത്തിലില്ലാത്തതായ ഈ ശ്ലോകം ക‌ഷണ്ടിത്തലയനായ തന്നെ പുച്ഛിച്ച് ആ നമ്പൂരി തൽക്ഷണം ഉണ്ടാക്കിയതാണന്നു രാജാവിനു മനസ്സിലാകയാൽ 'അങ്ങുന്നാണോ മേപ്പത്തൂർ നാരായണഭട്ടതിരി?' എന്നു നിസ്സംശയം ചോദിക്കുകയും ചെയ്തു. അപ്പോൾ രാജാവിനെ സന്തോ‌ഷിപ്പിക്കാനായി അദ്ദേഹം,
അവ്യഞ്ജനസ്താർക്ഷ്യകേതുര്യൽപദം ഘടയി‌ഷ്യതി
തത്തേ ഭവതു കല്പാന്തം ദേവനാരായണപ്രഭോ!
ഈ ശ്ലോകവും തൽക്ഷണമുണ്ടാക്കിച്ചൊല്ലി. ഇദ്ദേഹം മേപ്പത്തൂർ ഭട്ടതിരിയാണന്നറിഞ്ഞപ്പോൾ രാജാവിനു വളരെ സന്തോ‌ഷമുണ്ടാവുകയും ഭട്ടതിരി അന്നു ഊണു കഴിച്ചിട്ടില്ലായിരുന്നതിനാൽ അവർ ഒപ്പമിരുന്ന് ഊണു കഴിക്കുകയും രാജാവ് പിന്നെ കുറച്ചു കാലത്തേക്കു ഭട്ടതിരിയെ അവിടെ താമസിപ്പിക്കുകയും ചെയ്തു.ഇങ്ങനെയാണു മേപ്പത്തൂർ ഭട്ടതിരി അമ്പലപ്പുഴെരാജാവിന്റെ ഇഷ്ടനായി അവിടെ താമസ്സിക്കുന്നതിനിടയായത്. ഇങ്ങിനെ താമസിക്കുന്ന കാലത്തുണ്ടാക്കിയതാണ് 'പ്രക്രിയാസർവസ്വ'മെന്ന വ്യാകരണഗ്രന്ഥം. അക്കാലത്തു ഭട്ടതിരിയോട് ഒരു നാടകമുണ്ടാക്കണമെന്നു രാജാവും, നാടകമുണ്ടാക്കി കിട്ടിയാൽ കല്പനയുണ്ടങ്കിൽ അരങ്ങേറ്റംകഴിച്ചു കൊള്ളാമെന്നു അക്കാലത്തു അതിസമർത്ഥനായി അവിടെയുണ്ടായിരുന്ന ചാക്യാരും പറഞ്ഞു. എങ്കിലും ഭട്ടതിരി‚ "ഒരു നാടകമുണ്ടാക്കാൻ തക്കവണ്ണമുള്ള പാണ്ഡിത്യവും, കവിത്വവും എനിക്കില്ല, ചാക്യാർക്കു പറയാമെന്നുണ്ടങ്കിൽ ഞാൻ ചില ചമ്പൂപ്രബന്ധങ്ങൾ ഉണ്ടാക്കിത്തരാം" എന്നു പറഞ്ഞതല്ലാതെ നാടകമുണ്ടാക്കാൻ തുനിഞ്ഞില്ല. വലിയ വിദ്വാനും മഹാകവിയുമായിരുന്ന ഭട്ടതിരിതന്നെ ഇപ്രകാരം പറഞ്ഞ് ഒഴിഞ്ഞതു കൊണ്ട് അക്കാലത്തു 'നാടകാദ്യം കവിത്വ'മെന്നുള്ളതല്ല, നാടകാന്തം കവിത്വ'മെന്നുള്ള അഭിപ്രായം തന്നെയാണു വിദ്വാന്മാരുടെ ഇടയിൽ പ്രബലപ്പെട്ടിരുന്നത്. എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. നാടകമുണ്ടാക്കുകയെന്നുള്ളത് അശക്യമാണങ്കിൽ ചമ്പൂപ്രബന്ധങ്ങളുണ്ടാക്കിയാലും മതിയെന്നു രാജാവ് സമ്മതിക്കുകയാൽ ഭട്ടതിരിസുഭദ്രാഹരണം, ദൂതവാക്യം, രാജസൂയം, നൃഗമോക്ഷം, നിരനുനാസികം,മത്സ്യാവതാരം ഇത്യാദികളായ പത്തു ചമ്പൂപ്രബന്ധങ്ങൾ ഉണ്ടാക്കുകയും അവയെല്ലാം അമ്പലപ്പുഴെ രാജാവിന്റെ കല്പനപ്രകാരം ചാക്യാർ അരങ്ങേറ്റം കഴിക്കുകയും ചെയ്തു. ഭട്ടതിരി പ്രബന്ധങ്ങൾ മുഴുവൻ ഉണ്ടാക്കി കൊടുത്തിട്ട് അവ പിന്നീട് ചാക്യാരു തോന്നിച്ച് അരങ്ങേറ്റം കഴിക്കുകയല്ല ചെയ്തത്. ഭട്ടതിരി ചാക്യാർക്കു ഓരോ ദിവസം പറയാൻ മാത്രം കുറേശ്ശേ എഴുതികൊടുക്കുകയും എഴുതികൊടുക്കുന്നത് അന്നന്ന് തോന്നിച്ചു ചാക്യാർ അരങ്ങേറ്റം കഴിക്കുകയുമാണു ചെയ്തിരുന്നത്. ഓരോ ശ്ലോകങ്ങൾക്കും ഗദ്യങ്ങൾക്കും ഭട്ടതിരി വിചാരിക്കുന്നതിലുമധികം അർത്ഥം ചാക്യാർ പറഞ്ഞിരുന്നതിനാൽ സന്തോ‌ഷവും, ഉത്സാഹവും വർദ്ധിക്കുകയാലാണ് ഭട്ടതിരി പത്തു പ്രബന്ധങ്ങളുണ്ടാക്കാൻ ഇടയായത്. ഒരു പ്രബന്ധമുണ്ടാക്കുകയെന്നേ ഭട്ടതിരി ആദ്യം വിചാരിചിരുന്നുള്ളു. ചാക്യാർ പറഞ്ഞ ഒരു വിശേ‌ഷാർഥം ഉദാഹരണത്തിനായി താഴെ പറയുന്നു.
'സുഭദ്രാഹരണം' പ്രബന്ധത്തിലെ, അത്രാഗതം..... എന്ന ശ്ലോകത്തിനു ചാക്യാർ, 'കബരീ ഇഹ പ്രശിഥിലാ, ഇഹ നദ്ധാ' (തലമുടി ഇവിടെവച്ച് അഴിഞ്ഞു ഇവിടെ വച്ചുകെട്ടി) എന്നു രണ്ടായിട്ടന്വയിച്ചു അർത്ഥം പറഞ്ഞു. കൂത്തു കഴിഞ്ഞപ്പോൾ ഭട്ടതിരീ ‚ ചക്യാർ ഞാൻ വിചാരിച്ചിരുന്നതിൽ ഒന്നു കടത്തി വച്ചു. 'പ്രശിഥിലാ കബരീ ഇഹ നദ്ധാ' (അഴിഞ്ഞതലമുടി അവിടെ വച്ചുകെട്ടി) എന്നു ഒരന്വയമേ ഞാൻ വിചാരിച്ചിരുന്നുള്ളൂ. ചാക്യാർ രണ്ടന്വയമായിട്ടു പറഞ്ഞതിലാണ് അധികം ചമൽക്കാരവും, അർഥപുഷ്ടിയും ഉണ്ടാകുന്നത്. അതിനാൽ "ചാക്യാരുടെ മനോധർമ്മം വളരെ നന്നായി" എന്നു പറയുകയും ചെയ്തു. ഇങ്ങിനെ അനേകം ശ്ലോകങ്ങൾക്കു ആ ചാക്യാർ ഭട്ടതിരി വിചാരിക്കുന്നതിലധികമർത്ഥം പറയുകയും അവയെല്ലാം ഭട്ടതിരിയും രാജാവും സമ്മതിക്കുകയുംചെയ്തു.
നാരായണഭട്ടതിരീ സംസ്കൃത ചമ്പൂപ്രബന്ധങ്ങളുണ്ടാക്കുകയും അവയെ ചെമ്പകശ്ശേരി രാജാവിന്റെ കല്പനപ്രകാരം അമ്പലപ്പുഴ ചാക്യാർ അരങ്ങേറ്റം കഴിക്കുകയും ചെയ്തതിന്റെ ശേ‌ഷം ആ പ്രബന്ധങ്ങളെത്തന്നെ ശേ‌ഷമുള്ള ചാക്യാരന്മാരും പാഠകക്കാരും ഉപയോഗിച്ചു തുടങ്ങുകയും അവയ്ക്കു സർവ്വത്ര പ്രചാരം സിദ്ധിക്കുകയും ചെയ്തു, ഭട്ടതിരിയെ അനുകരിച്ചു വേറെ ചില വിദ്വാന്മാരും രംഗോപജീവികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചു ചമ്പൂപ്രബന്ധങ്ങളുണ്ടാക്കീട്ടുണ്ട്. എങ്കിലും അവയിലൊന്നിനും ഭട്ടതിരിയുടെ പ്രബന്ധങ്ങളോളം പ്രചാരം സിദ്ധിച്ചില്ല. ഭട്ടതിരി സംസ്കൃതചമ്പൂപ്രബന്ധങ്ങളുണ്ടാക്കി അരങ്ങേറ്റം കഴിപ്പിക്കുന്നതിനു മുമ്പു ചാക്യാന്മാർ, പാഠകക്കാർ മുതലായ രംഗോപജീവികൾ ഭാ‌ഷാചമ്പൂപ്രബന്ധങ്ങളാണു ഉപയോഗിച്ചുവന്നിരുന്നത്. അതിനാൽ ഭട്ടതിരിയുടെ പ്രബന്ധനിർമ്മാണോദ്യമം രംഗോപജീവികൾക്കും ജനങ്ങൾക്കാകപ്പാടെയും ഉപകാരകമായിട്ടുണ്ടന്നു പറയേണ്ടിയിരിക്കുന്നു.