2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/മുഴമംഗലത്തു നമ്പൂരി

ഐതിഹ്യമാല/മുഴമംഗലത്തു നമ്പൂരി

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
മുഴമംഗലത്തു നമ്പൂരി

ചിലർ മഴമംഗലത്തു നമ്പൂരിയെന്നും മറ്റു ചിലർ മഹി‌ഷമംഗലത്തു നമ്പൂരിയെന്നും പറഞ്ഞുവരുന്ന മുഴമംഗലത്തു നമ്പൂരിയെ, അദ്ദേഹത്തിന് ആഭിജാത്യവും വേദശാസ്ത്രാദികളിലുള്ള അഭിജ്ഞതയും സ്വൽപം കുറവായിരുന്നതിനാൽ, ഒരു യാഗശാലയിൽനിന്നു ബഹി‌ഷ്ക്കരിക്കുകയും അദ്ദേഹം അവിടെനിന്നു പരദേശത്തു പോയി ശ്രുതിസ്മൃത്യാദികളെല്ലാം പഠിച്ചു തിരിച്ചുവന്നതിന്റെശേ‌ഷം ഒരു യാഗസ്ഥലത്തു പോയി യാഗശാലയുടെ പുറത്തു നിൽക്കുകയും ആ സമയം അകത്തു വപ ഹോമിക്കുന്നതിനുള്ള മന്ത്രം പിഴച്ചു ചൊല്ലുന്നതായി കേട്ടു പെട്ടെന്നു യാഗശാലയ്ക്കകത്തു കടന്നു തന്റെ കയ്യിലുണ്ടായിരുന്ന വീശുപാള ഹോമകുണ്ഡത്തിന്റെ മീതെ പിടിച്ചുകൊണ്ടു "മംഗലം യാഗശാലയിൽ കടന്നാൽ പ്രായച്ഛിത്തം മതി; വപ പിഴച്ചാൽ പ്രായശ്ചിത്തമില്ല; യാഗം നി‌ഷ്ഫലമായിപ്പോകും" എന്നു പറയുകയും പിന്നെ അദ്ദേഹം ആ മന്ത്രം ശരിയായി ചൊല്ലിക്കൊടുത്തു ഹോമം നടത്തുകയും അന്നു മുതൽ മറ്റുള്ള നമ്പൂരിമാർ യാഗമുള്ള സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെക്കൂടി ക്ഷണിച്ചു യാഗശാലയ്ക്കകത്ത് ഒരു മാന്യസ്ഥലത്തു പലക കൊടുത്തിരുത്തിത്തുടങ്ങുകയും ചെയ്തു എന്നും ഇപ്പോഴും യാഗമുള്ള സ്ഥലങ്ങളിലെല്ലാം ഒരു മാന്യസ്ഥലത്തു "മഴമംഗലത്തിന്" എന്നു പറഞ്ഞ് ഒരു പലക വയ്ക്കുക പതിവുണ്ടെന്നും മറ്റുമുള്ള കഥ പ്രസിദ്ധമാണല്ലോ.
മഴമംഗലത്തു നമ്പൂരി മേൽപ്പറഞ്ഞ പ്രകാരം സർവ്വമാന്യനായിത്തീർന്നതിന്റെ ശേ‌ഷം, ചില പോറ്റിമാരുടെ പൌരോഹിത്യം വഹിച്ചു കൊണ്ടു തിരുവിതാംകൂറിൽ തിരുവല്ല, ചെങ്ങന്നൂർ മുതലായ ദേശങ്ങളിൽ, കുറച്ചുകാലം താമസിച്ചിരുന്നു. അക്കാലത്തു ചെങ്ങന്നൂരു "വാഴമാവേലി" എന്നില്ലപ്പേരായ ഒരു പോറ്റിയുടെ മഠത്തിൽ നിത്യശ്രാദ്ധമുണ്ടുകൊണ്ട് അദ്ദേഹത്തിന് ഒരു കൊല്ലം താമസിക്കേണ്ടതായി വന്നു. അതിനിടയ്ക്ക് ഒരു ദിവസം വാഴമാവേലിപ്പോറ്റിയുടെ പുത്രനും പ്രധാനശി‌ഷ്യനുമായ കൃ‌ഷ്ണൻ എന്ന ശൂദ്രയുവാവ് ഏകദേശം സന്ധ്യയാകാറായ സമയം ആ മഠത്തിന്റെ മുറ്റത്തിറങ്ങി പടിഞ്ഞാട്ടു നോക്കി നിന്നുകൊണ്ട് അമാവാസി നാൾ ചന്ദ്രനെക്കണ്ടാലുള്ള ഫലമെന്താണ് എന്ന് മുഴമംഗലത്തു നമ്പൂരിയോടു ചോദിച്ചു. അതിനുത്തരമായി നമ്പൂരി, "എനിക്ക് നിശ്ചയമില്ല" എന്നു പറഞ്ഞുകൊണ്ടു ചന്ദ്രനെക്കാണാനായി മുറ്റത്തിറങ്ങി പടിഞ്ഞാട്ടു നോക്കി. അപ്പോൾ ആ ശൂദ്രയുവാവ് കൈകൊട്ടിചിരിച്ചു അപ്പോഴാണു നമ്പൂരിക്കു കാര്യം മനസ്സിലായത്. ശ്രുതിസ്മൃതികളും മറ്റും പഠിച്ചിട്ടുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രത്തിന്റെ ഗന്ധംപോലുമുണ്ടായിരുന്നില്ല. പോറ്റി ജ്യോതിശ്ശാസ്ത്രത്തിൽ അതിനിപുണനായിരുന്നു. അദ്ദേഹം ആ പുത്രനെയും ആ ശാസ്ത്രം നല്ലപോലെ പഠിപ്പിച്ചിരുന്നു. നമ്പൂരി ആ വി‌ഷയത്തിൽ അനഭിജ്ഞനായിരുന്നതിനാൽ അദ്ദേഹത്തെ പരിഹസിക്കാനായിട്ടാണ് ആ യുവാവ് അമാവാസിനാളത്തെ ചന്ദ്രദർശനഫലമെന്താണെന്നു ചോദിച്ചത്. അയാൾ ചിരിച്ചു തുടങ്ങിയപ്പോൾ മാത്രമേ നമ്പൂരിക്ക് ഈ കളവു മനസ്സിലായുള്ളു. കറുത്തവാവുനാൾ ചന്ദ്രനെക്കാണാനായി നോക്കിയതും വലിയ ഭോ‌ഷത്വമായിപ്പോയല്ലോ. ആകെപ്പാടെ നമ്പൂരി ഏറ്റവും വി‌ഷണ്ണനായി. അപ്പോൾ അദ്ദേഹത്തിന് ഒരു വാശി തോന്നുകയും "ഇനി ജ്യോതിശ്ശാത്രം പഠിച്ച് ഈ വി‌ഷയത്തിൽ ഇവനെ (പോറ്റിയുടെ പുത്രനെ) മടക്കിയല്ലാതെ മറ്റൊരു കാര്യമില്ല" എന്ന് അദ്ദേഹം മനസ്സുകൊണ്ടു തീർച്ചപ്പെടുത്തുകയും ചെയ്തു.
അടുത്ത ദിവസംതന്നെ നമ്പൂരി തന്നെക്കൂടി ജ്യോതിശ്ശാസ്ത്രം പഠിപ്പിക്കണമെന്നും പോറ്റിയോടപേക്ഷിക്കുകയും പോറ്റി അപ്രകാരം ചെയ്യാമെന്നു സമ്മതിക്കുകയും ഒരു സന്മൂഹൂർത്തത്തത്തിൽ അദ്ദേഹം നമ്പൂരിയെ പഠിപ്പിച്ചുതുടങ്ങുകയും ചെയ്തു.
നമ്പൂരി ഏറ്റവും ബുദ്ധിമാനും നല്ല വ്യുൽപന്നനുമായിരുന്നതിനാൽ ജ്യോതിശ്ശാസ്ത്രം പഠിക്കുന്നതിന് അദ്ദേഹത്തിന് അധികം ബുദ്ധിമുട്ടോ കാലതാമസമോ വേണ്ടിവന്നില്ല. കുറച്ചു ദിവസത്തെ പരിശ്രമംകൊണ്ട് അദ്ദേഹം ആ വി‌ഷയത്തിൽ അതിനിപുണനായിത്തീർന്നു എന്നു മാത്രമല്ല, അദ്ദേഹത്തിനു പോറ്റിയെക്കാൾ യുക്തിയും ബുദ്ധിയുമുണ്ടായിരുന്നതിനാൽ "തിരിയിൽനിന്നു' കൊളുത്തിയ പന്തം പോലെ" അദ്ദേഹം ആ വി‌ഷയത്തിൽ ഗുരുവിനെക്കാളധികം പ്രകാശിച്ചു. പഴയ സമ്പ്രദായത്തിൽ വളരെ ക്രിയകൾ ചെയ്യേണ്ടതായ സംഗതികൾ നമ്പൂരി സ്വയമേവ എളുപ്പത്തിലുള്ള ചില വഴികൾ കണ്ടുപിടിക്കുകയും അതിലേക്കും പുതിയതായി ചില പ്രമാണങ്ങൾ ഉണ്ടാക്കിത്തുടങ്ങുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും പോറ്റിക്കു നമ്പൂരിയെക്കുറിച്ചു വളരെ ബഹുമാനം തോന്നിത്തുടങ്ങി. പോറ്റിയുടെ പുത്രനു താൻ നമ്പൂരിയെ മുമ്പു പരിഹസിച്ചതിനു പകരം അദ്ദേഹം തന്നെ ജ്യോതിശ്ശാസ്ത്രവി‌ഷയത്തിൽ എങ്ങനെയെങ്കിലും അവമാനിക്കാതെയിരിക്കയില്ലെന്നുള്ള വിചാരം നിമിത്തം മനസ്സിൽ ഭയം ജനിക്കുകയും ആ വിവരം അയാൾ അയാളുടെ പിതാവും ഗുരുവുമായ പോറ്റിയെ ഗ്രഹിപ്പിക്കുകയും ചെയ്തു.
പോറ്റിയുടെ സംവൽസരദീക്ഷ കഴിഞ്ഞപ്പോഴേക്കും നമ്പൂരിയുടെ ഉടനെ നമ്പൂരി പോറ്റിക്കു ജ്യോതിശാസ്ത്രപഠനവും കഴിഞ്ഞു. ഗുരുദക്ഷിണ കഴിക്കാനായി നിശ്ചയിച്ച വിവരം പോറ്റിയോടു പറഞ്ഞു. അപ്പോൾ പോറ്റി "അങ്ങ് എനിക്കു ദക്ഷിണയായി ഒന്നും തരണമെന്നില്ല. എന്റെ പ്രിയപുത്രനെ അങ്ങ് അവമാനിക്കാതെയിരിക്കുകമാത്രം ചെയ്താൽ മതി. അതിലധികം സന്തോ‌ഷകരമായി എനിക്കു മറ്റൊന്നുമില്ല" എന്നു പറഞ്ഞു. ഉടനെ നമ്പൂരി, "എന്നാൽ ഞാൻ ഇത്ര പ്രയാസപ്പെട്ട് ഈ ശാസ്ത്രം പഠിച്ചതെന്തിനാണ്? എന്റെ പ്രയത്നത്തിന്റെ പ്രധാനോദ്ദേശ്യം ഇയ്യാളെ അവമാനിക്കയെന്നുള്ളതാണ്. അതിനാൽ അതിലേക്ക് അവിടുന്നു സദയം അനുവദിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു" എന്നു പറഞ്ഞു. ഇതിനുത്തരമായി പോറ്റി, "അങ്ങ് ഇത് പഠിച്ചത് ഈ ഉദ്ദേശ്യത്തോടുകൂടിയായിരിക്കാം. എന്നാൽ ഞാൻ പഠിപ്പിച്ചത് അങ്ങയുടെ പഠിത്തം ജനോപകാരകരമായി വരണമെന്നു വിചാരിച്ചാണ്. അതിനാൽ അത് അങ്ങനെയാക്കിത്തീർക്കാനായിട്ടാണ് അങ്ങ് ശ്രമിക്കേണ്ടത്" എന്ന് പറഞ്ഞു. അപ്പോൾ നമ്പൂരി, "അതങ്ങനെയാവാം. എന്നാൽ അങ്ങയുടെ മകന്റെ പഠിത്തം ജനോപദ്രവകരമാകാതെയിരിക്കത്തക്കവിധത്തിലാക്കണമെന്നുകൂടി എനിക്കാഗ്രഹമുണ്ട്. അതിനെങ്കിലും അവിടുന്നനുവദിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ പോറ്റി, "ഓഹോ; അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ല"എന്നു സമ്മതിച്ചു പറഞ്ഞു. ഉടനെ നമ്പൂരി,"എന്നാൽ അങ്ങയുടെ മകൻ ഗണിച്ചുണ്ടാക്കി, എഴുതിവച്ചിരിക്കുന്ന പഞ്ചാംഗത്തിൽ ചില അബദ്ധങ്ങളുണ്ട്. അവ ജനോപദ്രവകരങ്ങളായിത്തീരുന്നതാകയാൽ ആ പഞ്ചാംഗം ചുട്ടുകളയണമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി, "അതില്ല; അവന്റെ പഞ്ചാംഗത്തിൽ അബദ്ധമൊന്നും കാണാനിടയില്ല. അതു ഞാൻ കൂടി പരിശോധിച്ചിട്ടുള്ളതാണ്" എന്നു പറഞ്ഞു. ഉടനെ നമ്പൂരി,"ആരെല്ലാം പരിശോധിച്ചതായാലും ആ പഞ്ചാംഗത്തിലബദ്ധമുണ്ട്" എന്നു പറഞ്ഞു. "എന്താണബദ്ധം?" എന്നു പോറ്റി ചോദിച്ചതിനു നമ്പൂരി "മൂഹൂർത്തങ്ങൾക്ക് ഇടിമുഴക്കമുണ്ടാകും. അതു തന്നെ" എന്നുത്തരം പറഞ്ഞു.
പിന്നെ ഇടിമുഴക്കമുണ്ടാവുകയില്ലെന്നും ഉണ്ടാകുമെന്നും അവർ തമ്മിൽ വളരെ വാദിച്ചതിന്റെശേ‌ഷം എന്നാൽ അതൊന്നു പരീക്ഷിച്ചു നോക്കണമെന്നും പോറ്റിയും അങ്ങനെതന്നെ എന്നു നമ്പൂരിയും പറഞ്ഞു സമ്മതിച്ചു. അപ്രകാരം പോറ്റിയുടെ മകന്റെ മൂഹൂർത്തചാർത്തനുസരിച്ച് ഒരു ക്രിയ നടത്തുന്ന ഒരു സ്ഥലത്ത് പോറ്റിയും നമ്പൂരിയും ചെന്നുചേർന്നു. അപ്പോൾ വർ‌ഷകാലമല്ലായിരുന്നു. ഇടിമുഴക്കമുണ്ടാകുന്നതിനുള്ള ലക്ഷണമൊന്നും മുഹൂർത്തമാകുന്നതുവരെ കണ്ടിരുന്നുമില്ല. എങ്കിലും മുഹൂർത്തസമയമായപ്പോൾ പെട്ടെന്ന് ഒരിടിമുഴക്കമുണ്ടായി. അതു കേട്ട് അത്ഭുതപരവശനായ വാഴമാവേലിപ്പൊറ്റി "അമ്പാ! മുഴക്കമംഗലമേ" എന്നു പറഞ്ഞു. ഇതു നിമിത്തം നമ്പൂരിക്കു "മുഴക്കമംഗലം" എന്ന പേരു സിദ്ധിച്ചു. അദ്ദേഹത്തിന്റെ പുരാതനമായ ഇല്ലപ്പേരു "മംഗലം" കാലക്രമേണ എന്നു മാത്രമായിരുന്നു. മുഴക്കമംഗലമെന്നുള്ളതു മുഴമംഗലമെന്നായി. വടക്കരായ ചില നമ്പൂരിമാർ "മുഴാമംഗലം" എന്നും പറയാറുണ്ട്.
ഇടിമുഴക്കമുണ്ടായതിനാൽ ആ ക്രിയ മുടങ്ങുകയും അവിടെക്കൂടിയിരുന്നവരെല്ലാം കൂടി പോറ്റിയുടെ മകന് "അബദ്ധപഞ്ചാംഗക്കാരൻ" എന്നു പേരിടുകയും അങ്ങനെ മുഴമംഗലത്തു നമ്പൂരിയുടെ ആഗ്രഹം പരിപൂർണ്ണമായി സാധിക്കുകയും ചെയ്തു. അനന്തരം മുഴമംഗലത്തു നമ്പൂരിയുടെ ആഗ്രഹപ്രകാരം വാഴമാവേലിപ്പോറ്റി തന്റെ പുത്രൻ ഗണിച്ചുണ്ടാക്കിവച്ചിരുന്ന നൂറുസംവൽസരത്തെ പഞ്ചാംഗവും എടുത്തു ചുട്ടുകളയുകയും അതിനു പകരം പഞ്ചാംഗം ഗണിച്ചുണ്ടാക്കിക്കൊടുക്കണമെന്നും നമ്പൂരിയോടാവശ്യപ്പെടുകയും നമ്പൂരി ഇടിമുഴക്കമുണ്ടാകാത്ത മൂഹൂർത്തങ്ങളോടുകൂടി ആയിരം സംവൽസരത്തെ പഞ്ചാംഗം ഗണിച്ചുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. ആ പഞ്ചാംഗം ഇപ്പോഴും വാഴമാവേലിപ്പോറ്റിയുടെ മഠത്തിലിരിക്കുന്നുണ്ടെന്നാണ് കേൾവി.
മുഴമംഗലത്തെ നമ്പൂരി ജനോപകരാർത്ഥമായി കാലദീപം മുതലായ ജ്യോൽസ്യഗ്രന്ഥങ്ങൾ കൂടാതെ ആശൗചം, പ്രായച്ഛിത്തം മുതലായ വയ്ക്കുള്ള അനേകം പ്രമാണഗ്രന്ഥങ്ങളും നൈ‌ഷധചമ്പു മുതലായ വളരെ ഭാ‌ഷാഗ്രന്ഥങ്ങളും ഭാണം, കൊടിയവിരഹം മുതലായ പല സംസ്കൃതഗ്രന്ഥങ്ങളുമുണ്ടാക്കിയിട്ടുണ്ട്. അവയിൽ പലതും അച്ചടിക്കുകയും വളരെ പ്രചാരം സിദ്ധിക്കുകയും ചെയ്തിട്ടുള്ളവയാകയാൽ അവയുടെ ഗുണപൗഷ്ക്കല്യത്തെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ല.
മുഴുമംഗലത്തു നമ്പൂതിരി സംസ്കൃതത്തിലും ഭാ‌ഷയിലും ഓരോ ആശൗചഗ്രന്ഥങ്ങളുണ്ടാക്കിയിട്ടുണ്ട്. ആശൗചഗ്രന്ഥങ്ങൾ വേറെയും പല മഹാന്മാരുമുണ്ടാക്കീട്ടുണ്ടെങ്കിലും അവയിലൊന്നും മുഴമംഗലത്തു നമ്പൂതിരിയുടെ ആശൗചഗ്രന്ഥങ്ങളോളം സർവ്വസമ്മതത്വവും പ്രചാരവും സിദ്ധിച്ചിട്ടില്ല. ആകെപ്പാടെ നോക്കിയാൽ അദ്ദേഹം ഒരു സരസകവിയും നല്ല വിദ്വാനുമായിരുന്നു എന്നുതന്നെ വിചാരിക്കേണ്ടിയിരിക്കുന്നു.

ഐതിഹ്യമാല/ശാസ്താങ്കോട്ടയും കുരങ്ങന്മാരും

ഐതിഹ്യമാല/ശാസ്താങ്കോട്ടയും കുരങ്ങന്മാരും

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ശാസ്താംകോട്ടയും കുരങ്ങന്മാരും

ശാസ്താങ്കോട്ട തിരുവിതാംകൂറിൽ കുന്നത്തുർ താലുക്കിലുൾപ്പെട്ട ഒരു സ്ഥലമാണ്. ഈ സ്ഥലത്തിന് "ശാസ്താങ്കോട്ട" എന്നു പേരുണ്ടായതിന്റെ കാരണംതന്നെ ആദ്യമേ വിവരിക്കേണ്ടിയിരിക്കുന്നു. പന്തളത്തു രാജാക്കന്മാർ പാണ്ഡ്യരാജവംശ്യന്മാരാണെന്നും അവരുടെ കുലപരദേവത ശബരിമല ശാസ്താവാണെന്നുമുള്ളതു സുപ്രസിദ്ധമാണല്ലോ. മുൻകാലങ്ങളിൽ പന്തളത്തു രാജാക്കന്മാരെല്ലാവരും ആണ്ടിലൊരിക്കൽ ശബരിമലയിൽപ്പോയി സ്വാമിദർശനം കഴിക്കുക പതിവുണ്ടായിരുന്നു. ഇപ്പോഴും അവരിലൊരാളെങ്കിലും ആണ്ടിലൊരിക്കൽ (മകരസംക്രാന്തിക്ക്) ശബരിമലയിൽച്ചെന്നു ദർശനം കഴിക്കണമെന്ന് ഏർപ്പാടുണ്ട്.
പണ്ടൊരിക്കൽ ഒരു പന്തളത്തു രാജാവ് കായംകുളത്തു വന്ന് അവിടുത്തെ ഒരു രാജ്ഞിയെ ഭാര്യയായി സ്വീകരിക്കുകയും അവിടെ ത്തന്നെ താമസം തുടങ്ങുകയും ചെയ്തു. ആ രാജാവും രാജ്ഞിയും പരസ്പരാനുരാഗം നിമിത്തം പിരിഞ്ഞു താമസിക്കുവാൻ അശക്തരായിത്തീരുകയാൽ ആ രാജാവു പന്ത്രണ്ടു കൊല്ലത്തേക്കു പന്തളത്തു പോവുകയോ ശബരിമലയിൽപ്പോയി സ്വാമിദർശനം കഴിക്കുകയോ ചെയ്യാതെ കായംകുളത്തുതന്നെ താമസിച്ചു. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ പന്തളത്തു രാജാവ് ഉറക്കത്തിൽ "അയ്യോ! കടുവ വരുന്നേ, പുലി വരുന്നേ!" എന്നു പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചു. അതുകേട്ടു രാജ്ഞി ഉണർന്നു പേടിച്ചു വിറച്ചുകൊണ്ട് എന്താണെന്നു ചോദിച്ചപ്പോൾ രാജാവ് "ഒന്നുമില്ല. ഒരു സ്വപ്നം കണ്ടു. അത്രയുള്ളൂ" എന്നു പറയുകയും വീണ്ടും ഉറങ്ങിത്തുടങ്ങുകയും ചെയ്തു. അപ്രകാരം പിറ്റേ ദിവസവുമുണ്ടായി. എന്നല്ല, അതു ദിവസംതോറും പതിവായിത്തീർന്നു. ഇതു നിമിത്തം പേടിച്ചിട്ടു രാജ്ഞിക്കു രാത്രിയിൽ കിടന്നുറങ്ങുവാൻ നിവൃത്തിയില്ലാതെയായി. ഈ വിവരം കായംകുളത്തു രാജാവറികയും ഇതിന്റെ ശമനത്തിനായി പല മന്ത്രവാദങ്ങളും ചികിത്സകളും ഈശ്വരസേവാദികളും മറ്റും നടത്തിക്കുകയും ചെയ്തു. ഇതൊന്നുകൊണ്ടും പന്തളത്തു രാജാവിന്റെ സ്വപ്നദർശനത്തിനും നിലവിളിക്കും യാതൊരു ഭേദവുമുണ്ടായില്ല. പ്രത്യുത, അതു ക്രമേണ വർദ്ധിച്ച്, ദിവസം തോറും അഞ്ചുമാറും എട്ടും പത്തും പ്രാവശ്യം വീതമായിത്തീർന്നു. അപ്പോൾ രാജ്ഞിക്കു മാത്രമല്ല, രാജമന്ദിരത്തിലാർക്കും തന്നെ പേടിച്ചിട്ടു രാത്രിയിൽ കിടന്നുറങ്ങുവാൻ നിവൃത്തിയില്ലാതെയായി. അതിനാൽ കായംകുളത്ത് രാജാവ് ഒരു ദിവസം തന്റെ ആവുത്തനായ പന്തളത്തു രാജാവിനെ അടുക്കൽ വരുത്തി "ഹേ! അങ്ങയുടെ കൂക്കുവിളിയും കോലാഹലവും കൊണ്ടു ഇവിടെയാർക്കും രാത്രികാലങ്ങളിൽ കിടന്നുറങ്ങാൻ നിവൃത്തിയില്ലാതെയായല്ലോ. അവിടെക്കു ഭ്രാന്തുണ്ടോ? "കടുവാ വരുന്നു; പുലി വരുന്നു; കടുവാ പെറ്റു; പുലി പെറ്റു" ഇങ്ങനെ എന്തെല്ലം അസംബന്ധങ്ങളാണ് അവിടുന്നു പറയുന്നത്. ഈ സ്ഥിതിയിൽ ഇനി ഇവിടെ താമസിക്കണമെന്നില്ല. പന്തളത്തുതന്നെ പോയി താമസിക്കാണം. ഈ ഉപദ്രവങ്ങളൊക്കെ മാറിയിട്ട് വന്നാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ പന്തളത്തു രാജാവിന് അസാമാന്യമായ മനസ്താപമുണ്ടായി. ഒന്നാമത്, തന്റെ പ്രാണപ്രിയയായ രാജ്ഞിയെ വിട്ടു പിരിഞ്ഞു താമസിക്കുക എന്നുള്ള കാര്യം അദ്ദേഹത്തിനു പരമസങ്കടമായിട്ടുള്ളതായിരുന്നു. പിന്നെ കായംകുളത്തു രാജാവിന്റെ വാക്കു സ്വല്പം പുച്ഛരസത്തോടുകൂടിയും ആക്ഷേപമായിട്ടും എന്നാൽ, ഒരു വിധം ശാസനയായിട്ടുമായിരുന്നു. എല്ലാംകൊണ്ടും പന്തളത്തു രാജാവ് അത്യന്തം വി‌ഷണ്ണനായിത്തീർന്നുവെന്നും പറഞ്ഞാൽ മതിയല്ലോ.
അന്നു രാത്രിയിൽ പന്തളത്തു രാജാവിനു പതിവുള്ളതു കൂടാതെ വിശേ‌ഷാൽ ഒരു സ്വപ്നം കൂടിയുണ്ടായി. അതു ഒരു പരദേശബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് "ഹേ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടുന്ന് ഒരു കാര്യം ചെയ്താൽ അവിടെക്കുണ്ടായിരിക്കുന്ന ഉപദ്രവം നീങ്ങി നല്ല സുഖമാവും. അവിടുത്തെ പരദൈവമായ ശബരിമല ശാസ്താവിനെ ദർശനം കഴിച്ചിട്ട് ഇപ്പോൾ പന്ത്രണ്ടു കൊല്ലാമായല്ലോ. അതിനാൽ അവിടെപ്പോയി ഒരു പന്ത്രണ്ടു ദിവസം ആ സ്വാമിയെ ഭജിക്കണം. പിന്നെ തിങ്കൾ ഭജന മുടങ്ങാതെ നടത്തുകയും വേണം. എന്നാൽ മതി, എല്ലാ സുഖമാകും. അങ്ങു സ്വപ്നത്തിൽ കാണുന്നു കടുവായും പുലിയും ശബരിമല ശാസ്താവിന്റെ നായ്ക്കളാണ്. കായംകുളത്തു രാജാവ് അങ്ങേ ആക്ഷേപിച്ചതിന്റെ ഫലം അദ്ദേഹം അനുഭവിക്കും" എന്നു പറഞ്ഞു എന്നായിരുന്നു. ഇത് കേവലം സ്വപ്നമല്ലെന്നും ശബരിമല ശാസ്താവുതന്നെ തന്റെ അടുക്കൽ എഴുന്നള്ളി അരുളിച്ചെയ്തതാണെന്നും വിശ്വസിച്ച് രാജാവ് പിറ്റേ ദിവസം രാവിലെ രാജ്ഞിയെ ഗ്രഹിപ്പിക്കുകയും തനിക്കു പോകുന്നതിന് അനുവാദം ചോദിക്കുകയും ചെയ്തു. രാജാവിനുണ്ടായിട്ടുള്ള ഉപദ്രവം മാറിയാൽ കൊള്ളാമെന്നു വളരെ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പിരിഞ്ഞുപോവുകയെന്നുള്ള കാര്യം രാജ്ഞിക്ക് അത്യന്തം സന്താപകരമായിരുന്നു. അതിനാൽ ഭജനം കഴിഞ്ഞാൽ അന്നുതന്നെ തന്റെ അടുക്കൽ എത്തികൊള്ളാമെന്നു സത്യം ചെയ്തിട്ട് അദ്ദേഹം പോയിവരുന്നതിന് ആ സാധ്വി അനുവദിക്കുകയും രാജാവ് അപ്രകാരം ചെയ്തിട്ട് അന്നുതന്നെ പന്തളത്തേക്കു പോവുകയും ചെയ്തു. അന്നുമുതൽ കായംകുളത്തു രാജവിന് ഒരു ചിത്തഭ്രമത്തിന്റെ ലക്ഷണം കണ്ടുതുടങ്ങി. അദ്ദേഹം സദാ "കടുവാ പെറ്റു, പുലി പെറ്റു, കടുവാ പെറ്റു,' എന്ന് ഉരുവിട്ട് തുടങ്ങുകയും വേറെ യാതൊന്നും സംസാരിക്കാതെയാവുകയും ചെയ്തു. കുളി, ഭക്ഷണം മുതലായതുതന്നെ അന്യൻമാരുടെ നിർബന്ധംകൊണ്ടു വേണ്ടതായിത്തീർന്നു. എന്നാൽ അതൊക്കെ പേരിനു മാത്രം നടത്തുമെന്നല്ലാതെ സാമാന്യം പോലെ ഒന്നും ചെയ്യാതെയായി. ചില ദിവസങ്ങളിൽ ആരെല്ലാം നിർബന്ധിച്ചാലും കുളിക്കുകയും ഉണ്ണുകയും ചെയ്യാതെയുമിരുന്നു. രാജ്യകാര്യങ്ങളെപ്പറ്റി അദ്ദേഹത്തിനു ചിന്ത പോലുമില്ലാതെയായി. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാലും പറഞ്ഞാലും എല്ലാറ്റിനും ഉത്തരം, "കടുവാ പെറ്റു, പുലി പെറ്റു" എന്നുമാത്രം. ഇതു നിമിത്തം രാജമന്ദിരത്തിലുള്ളവരും രാജപുരു‌ഷൻമാരും മാത്രമല്ല, രാജ്യവാസികളും ആകെപ്പാടെ പര്യാകുലൻമാരായിത്തീർന്നു. അനേകം മന്ത്രവാദങ്ങളും ചികിത്സകളും മറ്റും ചെയ്യിച്ചു നോക്കി. ഒന്നുകൊണ്ടും ഒരു ഫലവും കണ്ടില്ല. അതിനാൽ പിന്നെ പ്രസിദ്ധൻമാരായ ചില പ്രശ്നക്കാരെ വരുത്തി പ്രശ്നം വയ്പ്പിച്ച് നോക്കിയപ്പോൾ അവർ, പന്തളത്തു രാജാവിനെ ആക്ഷേപിച്ചതിനാൽ ശബരിമല ശാസ്താവിനുണ്ടായിട്ടുള്ള വിരോധം നിമിത്തം സംഭവിച്ചിട്ടുള്ളതാണെന്നും അതിലേക്കു പ്രായശ്ചിത്തമായി നൂറ്റൊന്നു രാശി ശബരിമല കൊടുത്തയച്ചു നടയിലിടുവിക്കുകയും "കടുവാ പെറ്റു, പുലി പെറ്റു" എന്നുള്ള വാക്കുകൾ എന്നും ബ്രാഹ്മണർ സഭയിൽ പ്രയോഗിക്കത്തക്കവണ്ണം ഏർപ്പാടു ചെയ്യുകയും ചെയ്താൽ ഈ സുഖക്കേടു മാറി രാജാവു പൂർവ്വസ്ഥിതിയെ പ്രാപിക്കുമെന്നും വിധിച്ചു. ഉടനെ നൂറ്റൊന്നു രാശി കൊടുത്തയച്ച്, ശബരിമല ശാസ്തവിന്റെ നടയിലിടുവിക്കുകയും മേൽപ്പറഞ്ഞ (കടുവാ പെറ്റു, പുലി പെറ്റു എന്നുള്ള)വാക്കുകൾ സംഘക്കളിക്കാരായ നമ്പൂരിമാരെ ക്കൊണ്ടു സഭയിൽ പ്രയോഗിപ്പിച്ചു തുടങ്ങുകയും കായംകുളത്തു രാജാവ് ഉന്മാദം വിട്ട് പൂർവ്വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. സംഘക്കളിക്കാർ ഇപ്പോഴും
"കാട്ടിൽക്കിടന്നഞ്ചെട്ടെലികൂടിക്കടലുഴുതു
കാലത്തിളവിത്തു വിതച്ചപ്പോഴടയ്ക്ക കായ്ച്ചു
തോണ്ടിപ്പറിപ്പിച്ചപ്പോഴരമുറം നിറകേ മാങ്ങാ
തോലു കളഞ്ഞപ്പോളഞ്ഞൂറു പറങ്കിക്കപ്പൽ
കപ്പൽ വലിച്ചങ്ങു തലമലമുകളിൽക്കെട്ടി
കായംകുളത്തല്ലോ കടുവായും പുലിയും പെറ്റു"
എന്നൊരു പാട്ടു സംഘക്കളിയിൽ ഉപയോഗിച്ചു വരുന്നുണ്ടല്ലോ. പന്തളത്തു രാജാവ് കായംകുളത്തുനിന്ന് പോയതിൽപ്പിന്നെ അദ്ദേഹത്തിനു സ്വപ്നദർശനം മുതലായ ഉപദ്രവങ്ങളൊന്നുമുണ്ടായില്ല. അദ്ദേഹം ഏതാനും ദിവസം സ്വദേശത്തു താമസിച്ചതിന്റെ ശേ‌ഷം പരിവാരസമേതം ശബരിമലയിലെത്തി നവരത്നഖചിതമായ ഒരു പൊൻകിരീടവും വളരെ വിലയേറിയ ഒരു മുത്തുമാലയും നടയ്ക്കു വച്ചു വന്ദിക്കുകയും ഭക്തിപൂർവ്വം പന്ത്രണ്ടു ദിവസത്തെ ഭജനം നടത്തുകയും ചെയ്തു. പന്ത്രണ്ടാം ദിവസം നാലഞ്ചു നാഴിക പകലെ രാജാവിനു വയറ്റിൽ ഒരു വേദന തുടങ്ങി. അതിനാൽ അന്നും അദ്ദേഹം അത്താഴം വേണ്ടെന്നു തീർച്ചയാക്കുകയും യഥാകാലം സന്ധ്യാവന്ദനവും സ്വാമിദർശനവും കഴിച്ചു പോയിക്കിടന്നു ഉറങ്ങുകയും ചെയ്തു. അപ്പോൾ ഒരു പരദേശ ബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽചെന്ന് "ഹേ ഹേ! ഉറക്കമായോ? ഇന്നു രാജ്ഞിയുടെ അടുക്കൽ എത്തിക്കൊള്ളാമെന്ന് അങ്ങ് ശപഥം ചെയ്തിട്ടില്ലേ? സത്യലംഘനം വിഹിതമാണോ? ഇതാ ഇവിടെ ഒരു കുതിര നിൽക്കുന്നുണ്ട്. ഇതിന്റെ പുറത്തു കയറിപ്പോയാൽ ക്ഷണത്തിൽ രാജ്ഞിയുടെ അടുക്കലെത്താം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ എണീറ്റു പുറത്തു ചെന്നു നോക്കിയപ്പോൾ ഒരു കുതിര നിൽക്കുന്നതു കാണുകയും അദ്ദേഹം അതിന്റെ പുറത്തുകയറി ഓടിച്ചുപോവുകയും ക്ഷണനേരംകൊണ്ട് കായംകുളത്തെത്തുകയും ചെയ്തു. രാജാവു തന്റെ പ്രിയതമയുടെ ശയനഗൃഹദ്വാരത്തിങ്കലെത്തി താഴെയിറങ്ങുകയും ആ കുതിര അന്തർദ്ധാനം ചെയ്യുകയും ഒരുമിച്ചു കഴിഞ്ഞു. രാജാവു രാജ്ഞിയുടെ ശയ്യാഗൃഹത്തിങ്കിൽച്ചെന്നു വാതിലിൽ മുട്ടി വിളിച്ചു. ഉടനെ രാജ്ഞിവാതിൽ തുറന്നു. ആ സാധ്വി തന്റെ പ്രിയതമന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. രാജ്ഞിയും അത്താഴമുണ്ടിട്ടില്ലായിരുന്നു. അതിനാൽ രണ്ടുപേരും കൂടിപ്പോയി അത്താഴം കഴിച്ചു വരുകയും സുഖമായി കിടന്നുറങ്ങുകയും ചെയ്തു.
പിറ്റേ ദിവസം രാവിലെ കായംകുളത്തു രാജാവ് തന്റെ ആവുത്തനായ പന്തളത്തു രാജാവ് തിരിച്ചുവന്നിരിക്കുന്നതായി അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ വന്ദിച്ചിട്ട് "അല്ലയോ മഹാത്മാവേ, ഞാൻ അജ്ഞതമൂലം പറഞ്ഞു പോയിട്ടുള്ളതെല്ലാം അവിടുന്ന് സദയം ക്ഷമിക്കുകയും ഇനിയും യഥാപൂർവം സ്ഥിരതാമസം ഇവിടെത്തന്നെ ആക്കുകയും ചെയ്യണം" എന്ന് അപേക്ഷിച്ചു. പന്തളത്തു രാജാവ് അതു കേട്ടു സസന്തോ‌ഷം "എനിക്കു ഭവാനോടു യാതൊരു വിരോധവുമില്ല. ക്ഷമായാചനം ചെയ്യത്തക്കവണ്ണം ഭവാൻ യാതൊരുപരാധവും ചെയ്തിട്ടുള്ളതായി ഞാനറിയുന്നുമില്ല. ഇനിയും നിവൃത്തിയുള്ളിടത്തോളം കാലം ഇവിടെത്തന്നെ താമസിക്കണമെന്നാണ് ഞാനും വിചാരിക്കുന്നത്" എന്നു പറയുകയും അവിടെത്തന്നെ താമസിച്ചുതുടങ്ങുകയും ചെയ്തു.
അങ്ങനെ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം പന്തളത്തു രാജാവും അദ്ദേഹത്തിന്റെ പ്രണയിനിയായ രാജ്ഞിയുംകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരുന്നപ്പോൾ, രാജാവിനു മുമ്പുണ്ടായ സ്വപ്ന ദർശനത്തെപറ്റിയും ശബരിമല ശാസ്താവിന്റെ മാഹാത്മ്യത്തെക്കുറിച്ചും മറ്റുംകൂടി പ്രാസ്താവിക്കയുണ്ടായി. അപ്പോൾ ശബരിമല തിങ്കൾഭജനം (മാസംതോറും ദർശനം) മുടങ്ങാതെ നടത്തണമെന്നു തനിക്കു സ്വപ്നത്തിൽ ദർശനമുണ്ടായിട്ടുള്ള കഥ രാജാവിന് ഓർമ്മ വന്നു. അടുത്ത മാസത്തിലെന്നല്ല, മാസംതോറുംതന്നെ ഏതാനും ദിവസം തന്റെ പ്രാണപ്രിയയെ പിരിഞ്ഞു പോകേണ്ടതായിരിക്കുന്നുവല്ലോ എന്നു വിചാരിച്ചു രാജാവിനും ഈ വിവരമറിഞ്ഞപ്പോൾ രാജ്ഞിക്കും മനസ്താപമുണ്ടായി. അന്നു രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന്റെ അടുക്കൽ ഒരാൾ ചെന്ന് മന്ദസ്മിതത്തോടുകൂടി "ഹേ, അങ്ങ് ഒട്ടും വ്യസനിക്കേണ്ട. അങ്ങ് എന്നെ കാണാനായി പ്രിയതമയെ വിട്ടു പിരിഞ്ഞു ശബരിമലവരെ വരണമെന്നില്ല. ഞാൻഇവിടെ അടുത്തൊരു സ്ഥലത്തു വന്നു ഇരുന്നേക്കാം" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ അദ്ദേഹം ഉണർന്നു കണ്ണുതുറന്ന നോക്കിയപ്പോൾ അവിടെയെങ്ങും വിശേ‌ഷിച്ചാരെയും കണ്ടില്ല. രാജ്ഞി നല്ല ഉറക്കമായിരുന്നു. തന്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞതും ശബരിമല ശാസ്താവു തന്നെയാണെന്നു രാജാവു വിശ്വസിക്കുകയും സ്വാമിയുടെ ഭക്തവാത്സല്യത്തെയും മാഹാത്മ്യത്തെയും കുറിച്ചു വിചാരിച്ചു വിസ്മയിച്ച് അദ്ദേഹം മനസ്സുകൊണ്ട് തന്റെ പരദേവതയെ നമസ്കരിക്കുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ രാജാവ് ഈ വിവരം രാജ്ഞിയെയും ഗ്രഹിപ്പിച്ചു. അപ്പോൾ രാജ്ഞിക്കും വളരെ സന്തോ‌ഷമായി.
കായംകുളത്തു രാജാവ് ആണ്ടിലൊരിക്കൽ തന്റെ സൈനികന്മാരെയൊക്കെ തന്റെ മുമ്പിൽ വരുത്തി ഒരായുധാഭ്യാസപരീക്ഷ നടത്തുകയും പരീക്ഷയിൽ ജയിക്കുന്നവർക്കു യഥായോഗ്യം വസ്തുക്കളും പൊന്നും പണവും പട്ടും വളയും മറ്റും സമ്മാനമായി കൊടുക്കുകയും പതിവുണ്ടായിരുന്നു. ഈ കഥ നടന്ന കാലത്ത് ഈ പരീക്ഷ മേടമാസം ഒമ്പതാം തീയ്യതി നടത്തുന്നതിനു നിശ്ചയിച്ചു. രാജാവു മൂന്നു ദിവസം മുമ്പ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. എട്ടാം തീയ്യതി രാത്രിയിൽ പന്തളത്തു രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. തേജസ്വിയും യുവാവുമായ ഒരാൾ അദ്ദേഹത്തിന്റെ അടുക്കൽചെന്ന് "നാളെ ഇവിടെ ആയുധാഭ്യാസപരീക്ഷയുണ്ടാകുമല്ലോ. അതിൽച്ചേരാൻ ഞാനും വരും. അപ്പോൾ ഞാനെയ്യുന്ന അമ്പു വീഴുന്ന സ്ഥലത്തു വന്നാൽ എന്നെക്കാണാം." എന്നു പറഞ്ഞതായി രാജാവിനു തോന്നി. അദ്ദേഹമുണർന്നു കണ്ണു തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടുമില്ല.
ഒമ്പതാം തിയ്യതി രാവിലെ പടയാളികളെല്ലാം കായംകുളത്തു രാജാവിന്റെ മുമ്പിൽ ഹാജരായി. ആ കൂട്ടത്തിൽ അപരിചിതനായ ഒരു യുവാവും വന്നുചേർന്നു. അവനെ കണ്ടിട്ട്, കായംകുളത്തു രാജാവ്, " നീ ആർ" എന്നു ചോദിച്ചു.
യുവാവ്: അടിയൻ ഒരു മലയാളിയാണ്.
രാജാവ്: നീ എവിടെപ്പാർക്കുന്നു?
യുവാവ്: അടിയൻ കുറച്ചു കിഴക്ക് ഒരു മലയിലാണ് പാർക്കുന്നത്.
രാജാവ്: നിന്റെ പേരെന്ത്?
യുവാവ്: അയപ്പൻ എന്നാണ്.
രാജാവ്: നീ ഇവിടെ എന്തിനു വന്നു?
യുവാവ്: തിരുമനസ്സുകൊണ്ട് ആയുധാഭ്യാസപരീക്ഷ നടത്തി ജയിക്കുന്നവർക്കു സമ്മാനങ്ങൾ കല്പിച്ചുകൊടുക്കുന്നുണ്ടെന്നു കേട്ടു. അതിൽ ചേരാമെന്നു വിചാരിച്ചാണ് അടിയൻ വിടകൊണ്ടത്.
രാജാവ്: നിനക്ക് ഏതായുധം പ്രയോഗിക്കാനാണ് പരിചയമുള്ളത്?
യുവാവ്: അടിയനു എല്ലാം കുറേശ്ശെ പരിചയമുണ്ട്.
രാജാവ്: എന്നാൽ ചേർന്നുകൊള്ളുക. വിരോധമില്ല.
എന്നു പറഞ്ഞിട്ടു തന്റെ സൈനികന്മാരിൽ പ്രധാനന്മാരും നല്ല അഭ്യാസികളുമായവരെ വിളിച്ചു ഈ യുവാവിനെ പരീക്ഷീക്കുന്നതിന് ആജ്ഞാപിച്ചു. അവർ വില്ലും അമ്പും പ്രയോഗിച്ചും വാളും പരിചയും പ്രയോഗിച്ചും ഈട്ടി, കുന്തം, വേൽ മുതലായ ആയുധങ്ങൾ പ്രയോഗിച്ചും പല വിധത്തിൽ പരീക്ഷിച്ചു. ആ പരീക്ഷകളിലെല്ലാം ആ യുവാവു ജയിക്കുകയും കായംകുളം സൈനികരെ തോല്പിക്കുകയും ചെയ്തു. അതുകണ്ടു കായംകുളത്ത് രാജാവ് ഏറ്റവും സന്തോ‌ഷിക്കകയും "നിനക്ക് സമ്മാനമായ് എന്താണ് വേണ്ടത്? എന്തും തരാൻ നാം തയാറാണ്" എന്നു പറയുകയും ചെയ്തു. അതുകേട്ട് ആ യുവാവ്,"അടിയനു അധികമൊന്നും കിട്ടണമെന്ന് ആഗ്രഹമില്ല. അടിയൻ ഇവിടെനിന്ന് എയ്യുന്ന ശരം ചെന്നുവീഴുന്ന സ്ഥലവും അതിന്റെ ചുറ്റുമുള്ള സ്ഥലങ്ങളുമുൾപ്പെടെ മുക്കാതം (പന്ത്രണ്ടു നാഴിക ദീർഘവിസ്താരമുള്ള) ഭൂമി കരമൊഴിവാക്കി കൽപിച്ചു തന്നാൽ മതി" എന്നറിയിച്ചു. "അങ്ങനെതന്നെ. അത്രയും കരമൊഴിവായി തന്നേക്കാം. ശരമെടുത്തെയ്യുക" എന്നു രാജാവു കല്പിച്ചു. ആ യുവാവ് ഒരു ശരമെടുത്തു ഞാണിൽത്തൊടുത്തു കിഴക്കോട്ടു തിരിഞ്ഞുനിന്നു വലിച്ചുവിട്ടു. ആ ശരം ചെന്നു വീണ സ്ഥലം കണ്ടു പിടിക്കുന്നതിനായി കായംകുളത്തു രാജാവ് തന്റെ വിശ്വസ്തഭടന്മാരിൽ ചിലരെ നിയോഗിച്ചയച്ചു. അവരോടുകൂടി ആ യുവാവും, വെറുതെ നേരമ്പോക്കിനായിട്ടെന്നുള്ള ഭാവത്തിൽ പന്തളത്തു രാജാവും പോയി. അവരെല്ലാവരുംകൂടി കായംകുളത്തുംനിന്നും കിഴക്കുതെക്കായി ഏകദേശം പന്ത്രണ്ടു നാഴിക ദൂരംവരെ ചെന്നപ്പോൾ അവിടെ ഒരു പൊയ്കയും അതിന്റെ തീരപ്രദേശത്ത് ഏതാനും കാളകൾ മേഞ്ഞുകൊണ്ട് നിൽക്കുന്നതും കണ്ടു. അവയിൽ ഏറ്റവും ഭയങ്കര മൂർത്തിയായ ഒരു കൂറ്റൻ മൂക്കുറയിട്ടുകൊണ്ട് പന്തളത്തു രാജാവിനെ കുത്തനായി പാഞ്ഞുചെന്നു. അതുകണ്ടു രാജഭടന്മാർ പേടിച്ചോടി. അഭാസിയും സുന്ദരനുമായി ആ യുവാവ് ധൈര്യസമേതം തിരിഞ്ഞുനിന്നു. കാളയെ അടിച്ചോടിച്ചു പന്തളത്തു രാജാവിനെ രക്ഷിച്ചു. ഈ സംഭവം നിമിത്തം ആ പൊയ്കയ്ക്ക് അന്നുണ്ടായ "കാളകുത്തിപ്പൊയ്ക" എന്നു പേരുതന്നെ ഇന്നും ജനങ്ങൾ പറഞ്ഞുവരുന്നു.
അനന്തരം പന്തളത്തുരാജാവും ആ യുവാവുംകൂടി അവിടെനിന്നു കുറച്ചു കിഴക്കോട്ടു പോയതിന്റെശേ‌ഷം ഒരു പാറപ്പുറത്തുചെന്നിരുന്ന് സ്വൽപനേരം വിശ്രമിച്ചു. അപ്പോഴേക്കും നേരം വൈകിയതിനാൽ ആ രാത്രി അവിടെ താമസിച്ചു. ആ യുവാവിന്റെ കാലടികൾ അന്ന് അവിടെ പതിഞ്ഞത് ഇപ്പോഴും മാഞ്ഞുപോകാതെ തെളിഞ്ഞു കാൺമാനുണ്ട്. ആ സ്ഥലത്തിന് "തൃപ്പാദം" എന്ന് പേരു പറഞ്ഞുവരുന്നു. പിറ്റേദിവസം (പത്താംതീയതി) അതിരാവിലെ പന്തളത്തുരാജാവും ആ യുവാവും കൂടി ഏകദേശം അരനാഴിക കിഴക്കോട്ടു ചെന്നപ്പോൾ അവിടെ ഒരു കായലും അതിന്റെ മധ്യത്തിൽ ഒരു തുരുത്തും കണ്ടു. അപ്പോൾ ആ യുവാവ് "ആ കാണുന്ന തുരുത്തിലാണ് അടിയന്റെ ശരം പതിച്ചിരിക്കുന്നത്. അതിനാൽ അങ്ങോട്ടെഴുന്നള്ളണം. ഇവിടെ കടവിൽ ഒരു പൊങ്ങുതടി കിടക്കുന്നുണ്ട്. അതിൽക്കയറിപ്പോയാൽ ആ തുരുത്തിലിറങ്ങാം" എന്നു പറഞ്ഞു. രാജാവ് അപ്രകാരം സമ്മതിക്കുകയും യുവാവിനോടുകൂടി കടവിൽച്ചെന്നു പൊങ്ങുതടിയിൽക്കയറുകയും ചെയ്തു. ആരും തുഴയാതെതന്നെ പൊങ്ങുതടി ചെന്നു തുരുത്തിലടുത്തു. രാജാവു തിരിഞ്ഞു നോക്കിയപ്പോൾ ആ യുവാവിനെ കാൺമാനില്ലായിരുന്നു. ആ പൊങ്ങുതടി അവിടെ നിന്നു വെള്ളത്തിൽകൂടി നീന്തിപ്പോകുന്നതു കണ്ടു വിസ്മയത്തോടുകൂട് രാജാവ് സൂക്ഷിച്ചു നോക്കിയപ്പോൾ വാസ്തവത്തിൽ അതൊരു പൊങ്ങുതടിയല്ലെന്നും ഒരു മുതലയാണെന്നും അദ്ദേഹത്തിനു മനസ്സിലാവുകയും തന്റെ പരദേവതയുടെ മാഹത്മ്യത്തെക്കുറിച്ച് വിചാരിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. അപ്പോഴേക്കും ഒരാൾ വാളും പരിചയുമെടുത്തുകൊണ്ട് ഏറ്റവും വിനയത്തോടുകൂടി രാജാവിന്റെ അടുക്കൽച്ചെന്ന് "ഇതിലെ എഴുന്നള്ളാം" എന്നറിയിച്ചു. രാജാവ് ഉടനെ കുളിയും സന്ധ്യാവന്ദനവും കഴിച്ച് ആ അകമ്പടിക്കാരനോടുകൂടി തുരുത്തിന്റെ ഒരു ഭാവത്തു ചെന്നപ്പോൾ അവിടെ ഒരു ശിലാവിഗ്രഹവും അതിന്മേൽ താൻ ശബരിമല നടയ്ക്കുവച്ച പൊൻകിരീടവും മുത്തുമാലയും ചാർത്തിയിരിക്കുന്നതായും കണ്ട് രാജാവ് സന്തോ‌ഷാത്ഭുതപരവശനായി ഭക്തിസമേതം സാഷ്ടാംഗം വീണു നമസ്കരിച്ചു. അപ്പോൾ ഒരാൾ അവിടെ നിന്നു ശംഖു വിളിക്കുകയും ഒരാൾ വിഗ്രഹത്തിന്റെ മുമ്പിലിരുന്നു പൂജിക്കുകയും അസംഖ്യം കുരങ്ങന്മാർ തൊഴുതു നമസ്കരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. രാജാവ് നമസ്കരിച്ച് എണീറ്റപ്പോൾ ആ പൂജക്കാരൻ തീർത്ഥവും പ്രസാദവും കൊടുത്തു. ആ സമയം വൃദ്ധനായ ഒരു പരദേശ ബ്രാഹ്മണൻ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിക്കൊണ്ട് അവിടെ വരുകയും പന്തളത്തു രാജാവിന്റെ നേരെ നോക്കി,"എന്താ, എന്റെ ഉണ്ണിക്കു സന്തോ‌ഷമായില്ലേ? ആഗ്രഹം സാധിച്ചുവല്ലോ. ഞാൻപറഞ്ഞിരുന്നതുപോലെ ഇവിടെ വന്നിരിക്കുന്നു. ഇനി എന്റെ ഉണ്ണി എന്റെ മല കേറണമെന്നില്ല. ഇവിടെ വേണ്ടതുപോലെ ചെയ്തുകൊണ്ടാൽ മതി. ഈ പൂജക്കാരൻതന്നെ എന്റെ പൂജക്കാരനായി ഇരുന്നുകൊള്ളട്ടെ. (രാജാവിന്റെ അകമ്പടിക്കാരനെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ ഉണ്ണിത്താൻ എന്റെ ദാസനാണ്. ഇവൻ എന്റെ ഉണ്ണിയുടെ അംഗരക്ഷകനായിരിക്കട്ടെ (ശംഖു വിളിച്ച മാരാനെ ചൂണ്ടിക്കാണിച്ചിട്ട്) ഇവൻ എന്റെ മാരാനും കഴകക്കാരനുമായിരിക്കട്ടെ. ഈ കുരങ്ങന്മാരും എന്റെ ഉണ്ണിയെ ഇക്കരെ കടത്തിയ മുതലയും ഈ കായലിലുള്ള "ശ്ര‌ഷ്ഠകൾ" (ഏട്ടകൾ) എന്നു പേരായ മത്സ്യങ്ങളും എന്റെ പരിവാരങ്ങളാണ്. ഇവരെയെല്ലാം എന്റെ ഉണ്ണി രക്ഷിച്ചു കൊള്ളണം. ഇവരിൽ ആരെയെങ്കിലും ആരെങ്കിലും ഉപദ്രവിച്ചാൽ ആ ഉപദ്രവികളെ ഞാൻ യഥായോഗ്യം ശിക്ഷിക്കും. എന്റെ ഉണ്ണി ഇവിടെ വന്ന് ആദ്യമായി എന്നെ ദർശിച്ച ഈ ദിവസം ഈ സമയത്ത് (മേടമാസം പത്താം തീയതി രാവിലെ) ഇവിടെ വന്നു എന്നെ ഭക്തിപൂർവ്വം ദർശിക്കുന്നവർക്കു സകലാഭീഷ്ടങ്ങളും ഞാൻസാധിപ്പിച്ചു കൊടുക്കുകയും ചെയ്യും" എന്നു പറയുകയും ചെയ്തിട്ട് അദ്ദേഹം വന്നതുപോലെ തന്നെ ഓടിപ്പോവുകയും ചെയ്തു. ആ ബ്രാഹ്മണൻ എവിടെനിന്നു വന്നു എന്നും എങ്ങോട്ടാണ് പോയതെന്നും ആർക്കും നിശ്ചയമില്ല. അദ്ദേഹത്തെ അതിനുമുമ്പും അതിൽ പിന്നെയും ആരും കണ്ടിട്ടില്ല. അതു സാക്ഷാൽ ശാസ്താവുതന്നെ വേ‌ഷംമാറി വന്നതാണെന്നാണ് വിശ്വാസം. മേടമാസത്തിൽ പത്താമുദയത്തുന്നാൾ (പത്താം തീയ്യതി) രാവിലെ അവിടെച്ചെന്നു ദർശനം കഴിക്കുക വളരെ പ്രധാനമായിട്ടാണ് വച്ചിരിക്കുന്നത്. ഇതിനായി ആണ്ടുതോറും അസംഖ്യമാളുകൾ ഇപ്പോഴും അവിടെക്കൂടാറുണ്ട്.
ഈ സ്ഥലം അക്കാലത്തു കായംകുളത്തോടു ചേർന്നതായിരുന്നതിനാൽ ആ ബ്രാഹ്മണൻ പോയ ഉടനെ പന്തളത്തുരാജാവ് ഉണ്ണിത്താനെ വിളിച്ച് "ഇവിടെ ഉണ്ടായിരിക്കുന്ന സംഗതികളെല്ലാം ഉടനെ കായംകൂളത്തു രാജാവിനെ അറിയിക്കണം" എന്ന് ആജ്ഞാപിക്കുകയും ഉണ്ണിത്താൻ അപ്പോൾതന്നെ പുറപ്പെട്ടു കായംകുളത്തെത്തി രാജാവ് അന്നു വൈകുന്നേരമായപ്പോഴേക്കും ഈ സ്ഥലത്തെത്തി സ്വാമിദർശനം കഴിക്കുകയും പിന്നെ ഏതാനും ദിവസം അവിടെത്തന്നെ താമസിച്ചുകൊണ്ട് അവിടെ വേണ്ടുന്ന പരി‌ഷ്കാരങ്ങളെല്ലാം വരുത്തുകയും ചെയ്തു. കായംകുളത്തു രാജാവ് അവിടെ ചെയ്ത പരി‌ഷ്കാരങ്ങളിൽ പ്രാധനപ്പെട്ടവ താഴെ പറയുന്നവ യാണ്. ആദ്യംതന്നെ ജനങ്ങളുടെ ഗതാഗത സൗകര്യത്തിനായി ഒരു തുരുത്തിൽനിന്ന് ഒരു കൽച്ചിറ കെട്ടിച്ചു പടിഞ്ഞാറേക്കരയോടു സംഘടിപ്പിച്ചു. പിന്നെ ക്ഷേത്രം പണികഴിപ്പിക്കുകയും ചുറ്റും മതിൽ കെട്ടിക്കുകയും ക്ഷേത്രത്തിൽ നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായ വകയ്ക്ക് വേണ്ടുന്ന വസ്തുവകകൾ നിശ്ചയിക്കു കയും ചെയ്തു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തു വടക്കോട്ടു മാറി ഒരു കൊട്ടാരം പണികഴിപ്പിചു. പന്തളത്തു രാജാവിനെയും അദ്ദേഹത്തിന്റെ പ്രിയതമയായ രാജ്ഞിയെയും അവിടെ താമസിപ്പിച്ചു. അപ്രകാരംതന്നെ പൂജ (ശാന്തി)ക്കാരൻ, കഴകക്കാരൻ, ഉണ്ണിത്താൻ എന്നിവർക്കും ക്ഷേത്രത്തിന്റെ സമീപം തന്നെ ഓരോ ഗൃഹങ്ങൾ പണിയിച്ചുകൊടുക്കുകയും ചെയ്തു. അവർക്കു ചെലവിനു വേണ്ടുന്ന വസ്തുക്കൾ കരമൊഴിവായി പതിച്ചുകൊടുക്കുകയും ചെയ്തു. മുമ്പേ തന്നെ ഈ സ്ഥലത്തിനുണ്ടായിരുന്ന "കോട്ട" എന്നു പേരു ശാസ്താവിന്റെ സാന്നിധ്യംനിമിത്തം അക്കാലം മുതൽക്കു "ശാസ്താംകോട്ട" എന്നായിത്തീരുകയും ചെയ്തു.
ശാസ്താങ്കോട്ടയിൽ ക്ഷേത്രം പണി മുതലായവ കഴിഞ്ഞിട്ടും അവിടുത്തെ പൂർവ്വ നിവാസികളായിരുന്ന കടുവ, പുലി മുതലായ ദുഷ്ടമൃഗങ്ങൾ അവിടെത്തന്നെ നിവസിച്ചിരുന്നു. അവ അവിടെ പാർത്തി രുന്നത് ക്ഷേത്രത്തിനു കുറച്ചു കിഴക്കു വടക്കായി കായൽവക്കത്തുള്ള ഒരു വലിയ ഗുഹയിലായിരുന്നു. ആ ഗുഹ ഇപ്പോഴും അവിടെ കാൺമാനുണ്ട്. ആ ഗുഹയ്ക്ക് "പുലിവാരം" എന്നാണ് ഇപ്പോൾ പേരു പറഞ്ഞുവരുന്നത്. ആ ഗുഹയുടെ അന്തർഭാഗം ഏറ്റവും വിശാലവും സഞ്ചാര സൗകര്യമുള്ളതുമാണെന്നു ചിലർ പറയുന്നു.
ഒരിക്കൽ ഒരു കടുവാ അയ്യപ്പസ്വാമിയുടെ ഭക്തനായ ഉണ്ണിത്താന്റെ ഒരു പശുവിനെ പിടിച്ചു കൊന്നു. അത് സ്വാമിക്ക് ഒട്ടും രസിച്ചില്ല. അതിനാൽ സ്വാമി വില്ലുമമ്പുമെടുത്തുകൊണ്ട് പുറപ്പെട്ടു. സകല ദുഷ്ടമൃഗങ്ങളെയും അവിടെനിന്ന് ആട്ടിയോടിച്ചു കൊണ്ടുപോയി കൊട്ടാരക്കരയ്ക്ക് സമീപം "കോട്ടത്തല" എന്നു പറയുന്ന സ്ഥലത്തിനപ്പുറത്താക്കി. സ്വാമി അവിടെ വില്ല് ഊന്നിപ്പിടിച്ചുനിന്നുകൊണ്ട് "മേലാൽ യാതൊരു ദുഷ്ടമൃഗവും ഈ സ്ഥലത്തിനപ്പുറം കടക്കരുത്" എന്നാജ്ഞാപിക്കുകയും ചെയ്തു. അതിൽപ്പിന്നെ കോട്ടത്തലയ്ക്കു പടിഞ്ഞാട്ടു യാതൊരു ദുഷ്ടമൃഗവും ഇതുവരെ കടന്നിട്ടില്ല. അന്നു സ്വാമി വില്ലൂന്നിനിന്ന സ്ഥലത്തു തൃപ്പാദങ്ങളും വില്ലിന്റെ അഗ്രവും പതിഞ്ഞത് ഇപ്പോഴും കാൺമാനുണ്ട്.
പന്തളത്തു രാജാവും രാജ്ഞിയും ശാസ്താങ്കോട്ടയിൽ താമസമായതിന്റെ ശേ‌ഷം കൊട്ടാരത്തിൽനിന്നും പുറത്തിറങ്ങിയാൽ മുമ്പിലും പിമ്പിലും കുരങ്ങന്മാർ അകമ്പടിയായി കൂടുക പതിവായി. അപ്രകാരംതന്നെ രാജാവും രാജ്ഞിയും കുളിക്കാനായി കടവിൽ ചെല്ലുമ്പോൾ മുമ്പു പറഞ്ഞിട്ടുള്ള ആ മുതലയും മത്സ്യങ്ങളും അവിടെ ഹാജരാവും. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഇവർക്കു എന്തെങ്കിലും പതിവായി കൊടുക്കേണ്ടതാണെന്നു രാജാവിനും രാജ്ഞിക്കും തോന്നുകയും കുരങ്ങന്മാർക്ക് പഴം, ശർക്കര, തേങ്ങാപ്പൂൾ മുതലായവയും മുതലയ്ക്ക് ചോറും മത്സ്യങ്ങൾക്കു അരിയും പതിവായി കുറേശ്ശെ കൊടുത്തു തുടങ്ങുകയും ചെയ്തു. പിന്നീട് ഇനിയൊരു നിശ്ചയം ചെയ്യേണ്ടതാണെന്നു തോന്നുകയാൽ പ്രതിദിനം കുരങ്ങന്മാർക്ക് ആറേകാലിടങ്ങഴി അരിയുടെയും മുതലയ്ക്ക് ഒന്നേകാലിടങ്ങഴി അരിയുടെയും ചോറും മത്സ്യങ്ങൾക്കു മുന്നാഴി അരിയും പതിവായി ക്ഷേത്രത്തിൽനിന്നു കൊടുക്കുന്നതിനു പന്തളത്തു രാജാവ് ഏർപ്പാടു ചെയ്തു. രാജാവും രാജ്ഞിയും കുളിക്കാൻ കടവിൽ ചെല്ലുമ്പോൾ മത്സ്യങ്ങൾക്കുള്ള അരി ദേവസ്വം കലവറക്കാരൻ കടവിൽ കൊണ്ടു ചെല്ലണം. ആ അരി വാരി മത്സ്യങ്ങൾക്കു ഇട്ടുകൊടുക്കുക രാജാവും രാജ്ഞിയും കൂടിയാണ് പതിവ്. ഉച്ചപൂജ കഴിയുമ്പോൾ കുരങ്ങന്മാർക്കുള്ള ചോറു കിഴക്കേഗോപുരത്തിങ്കൽ മതിൽക്കുവെളിയിൽ കൊണ്ടു ചെന്നു കൊടുക്കേണ്ടതു ശാന്തിക്കാരനും മുതലയ്ക്കുള്ള ചോറു കടവിൽ കൊണ്ടു ചെന്നു കൊടുക്കേണ്ടതു മാരാരുമാണ്. അങ്ങനെയാണ് രാജാവ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. കുരങ്ങന്മാർ ഊണു കഴിഞ്ഞാൽ കൊട്ടാരത്തിൽച്ചെന്നു രാജാവിനെ കണ്ടു വന്ദിക്കുകയും ഒരു സന്തോ‌ഷശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുക പതിവായിരുന്നു.
ഇങ്ങനെയിരുന്ന കാലത്ത് ഒരിക്കൽ കായംകുളത്തു രാജാവു സ്വാമിദർശനത്തിനും കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടൊ എന്ന് അന്വേ‌ഷിക്കുന്നതിനുമായി വീണ്ടും ശാസ്താങ്കോട്ടയിൽ വന്നു. അദ്ദേഹം മഞ്ചലിൽ വന്നു പന്തളത്തു രാജാവും രാജ്ഞിയും താമസിച്ചിരുന്ന കൊട്ടാരത്തിലാണ് ഇറങ്ങിയത്. പന്തളത്തു രാജാവും രാജ്ഞിയും കുളിയും സാമിദർശനവും കഴിച്ചുകൊട്ടാരത്തിൽ വന്ന സമയത്തായിരുന്നു കായംകുളത്തു രാജാവിന്റെ വരവ്. അതിനാൽ അകമ്പടിക്കാരായ കുരങ്ങന്മാർ അപ്പോൾ അവിടെത്തന്നെ ഉണ്ടായിരുന്നു. കായംകൂളത്തു രാജാവു മഞ്ചലിൽനിന്ന് ഇറങ്ങിയ ഉടനെ വാനരവീരന്മാർ രാജാവിനെ താണു തൊഴുതിട്ടു കൈ കെട്ടി വായ് പൊത്തി വളരെ ആദരവോടും ഭക്തിയോടുകൂടി നിരന്നുനിന്നു. അതു കണ്ടിട്ടു കായംകുളത്തു രാജാവ് "ഇതു നല്ല നേരമ്പോക്കുതന്ന. ഇവർ മഹായോഗ്യന്മാരാണെന്നു തോന്നുന്നുവല്ലോ" എന്നു പറഞ്ഞു ചിരിച്ചു. അപ്പോൾ പന്തളത്തു രാജാവ്, "അതേ, അവർ യോഗ്യന്മാർതന്നെയാണ്. അവരുടെ ദിവ്യത്വം ഒട്ടും ചില്ലറയല്ല. അവർ സ്വാമിയുടെ ആളുകളാണ്. അവർക്കു ദിവസംതോറും പതിവായി ആറേകാലിടങ്ങഴി അരിയുടെ ചോറു ക്ഷേത്രത്തിൽനിന്നു കൊടുക്കുന്നതിനു ഞാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്" എന്നു പറഞ്ഞു.
കായംകുളത്തു രാജാവു സ്വല്പം വിശ്രമിച്ചതിന്റെ ശേ‌ഷം കുളിക്കാനായി കടവിലേക്കു പോയി. അകമ്പടിയായി കുരങ്ങന്മാരും പോയി. രാജാവിനു തേച്ചുകുളിയായിരുന്നതിനാൽ കൈവിരലിൽ കിടന്ന രത്നഖചിതമായ മോതിരമൂരി കടവിൽ ഒരു കല്ലിന്മേൽ വച്ചിട്ട് എണ്ണ തേച്ചു രാജഭൃത്യന്മാർ രാജാവിനെ കുളിപ്പിച്ചുകൊണ്ടുനിന്ന സമയം ഒരു പരുന്ത് ആ മോതിരത്തിൽ പതിച്ചിരുന്ന രത്നത്തിന്റെ ശോഭ കണ്ടു വല്ല ഭക്ഷണസാധനവുമായിരിക്കുമെന്നു വിചാരിച്ചിട്ടോ എന്തോ, പെട്ടെന്നു പറന്നുവന്ന് ആ മോതിരം റാഞ്ചിക്കൊണ്ടുപോയി. അതു കണ്ടു രാജഭൃത്യന്മാർ "അയ്യോ! തിരുവാഴി കൊണ്ടുപോയല്ലോ" എന്നു പറഞ്ഞു. ആ മോതിരം വളരെ വില കൂടിയതായിരുന്നതിനാൽ അതു പോയതു കൊണ്ട് രാജാവിനും അത്യധികമായ മനസ്താപമുണ്ടായി. എങ്കിലും ഗംഭീരമാനസനായ അദ്ദേഹം അതു പുറത്തു കാണിച്ചില്ല. അദ്ദേഹം കുളിച്ചു ക്ഷേത്രത്തിൽ പോയി ദർശനം കഴിച്ചു കൊട്ടാരത്തിലേക്ക് പോയി. ആ സമയത്തും കുരങ്ങന്മാരുടെ അകമ്പടിയുണ്ടായിരുന്നു. എങ്കിലും അവരിൽ തലവനായ വലിയ കുരങ്ങൻ അപ്പോൾ ആ കൂട്ടത്തിലുണ്ടാ യിരുന്നില്ല. രാജാവു കൊട്ടാരത്തിലെത്തിയപ്പോഴേക്കും യൂഥനാഥനായ ആ വാനരവീരൻ മോതിരം തട്ടികൊണ്ടുപോയ ആ പരുന്തിനെ അടിച്ചുകൊന്നു പിടിച്ചുവലിച്ച് അവിടെ കൊണ്ട് ചെല്ലുകയും പരുന്തിന്റെ നഖത്തിൽ കോർത്തിരുന്ന മോതിരമെടുത്ത് രാജാവിന്റെ മുമ്പിൽ വച്ചു വന്ദിക്കുകയും ചെയ്തു. അതുകണ്ട് കായംകുളത്തു രാജാവ് വളരെ സന്തോ‌ഷിക്കുകയും തലവനായ ആ വാനരവീരന് "സുഗ്രീവൻ" എന്നൊരു പേരു കല്പിചു കൊടുക്കുകയും ചെയ്തു. ഉടനെ കുരങ്ങന്മാരെല്ലാം രാജാവിന്റെ വീണ്ടും വന്ദിച്ചിട്ടു കിഴക്കെ നടയിലേക്കും കായംകുളത്തു രാജാവ് പന്തളത്തു രാജാവിനോട് കൂടി ഊണു കഴിക്കാൻ അകത്തേക്കും പോയി. രാജാക്കന്മാർ ഊണു കഴിഞ്ഞ് പുറത്തുവന്നപ്പോൾ കുരങ്ങന്മാരെ കാണായ്കയാൽ
"കുരങ്ങന്മാർ ഊണു കഴിഞ്ഞാൽ അവരുടെ സന്തോ‌ഷത്തെ ചില ശബ്ദങ്ങൾ കൊണ്ട് അറിയിക്കാനായി ഇവിടെ വരാറുണ്ടായിരുന്നു. ഇന്നവരെ കാണാഞ്ഞതെന്താണവോ? എന്ന് പന്തളത്തു രാജാവ് പറഞ്ഞു. അപ്പോൾ ക്ഷേത്രസന്നിധിയിൽ കുരങ്ങന്മാരുടെ കളകളശബ്ദം ഉച്ചത്തിൽ കേൾക്കയാൽ "അവിടെ ഇന്ന് എന്തോ വിശേ‌ഷമുണ്ടായിട്ടുണ്ടെന്നാണ് തോന്നുന്നത്" എന്താണെന്നു പോയി നോക്കട്ടെ" എന്നു പറഞ്ഞ് പന്തളത്തു രാജാവ് അങ്ങോട്ടു പുറപ്പെട്ടു. അദ്ദേഹത്തോടുകൂടി കായംകുളത്തു രാജാവും പോയി. രാജാക്കന്മാർ അങ്ങോട്ടു ചെന്നപ്പോഴേക്കും സുഗ്രീവാദികൾ അവർക്കു കൊടുത്ത ചോറ് പാത്രത്തോടുകൂടി പിടിച്ചുവലിച്ചു കൊണ്ടു ക്ഷേത്രത്തിൽനിന്നു കൊട്ടാരത്തിലേക്കുള്ള വഴിയിലോളം എത്തിയിരുന്നു. അവർ എന്താണ് ചെയ്യാൻ ഭാവിക്കുന്നതെന്നറിയാനായി രാജാക്കന്മാർ ആ വഴിയിൽ തന്നെ നോക്കിക്കൊണ്ടു നിന്നു. കുരങ്ങന്മാർ ആ പാത്രം പിടിച്ചുവലിച്ചു കായംകുളത്തു രാജാവിന്റെ മുമ്പിൽകൊണ്ടു ചെന്ന് വച്ചിട്ട് സുഗ്രീവൻ ആ പാത്രത്തിലുണ്ടായിരുന്ന ചോറും ഓരോ കുരങ്ങന്മാരെയും അവരുടെ വയറും തൊട്ടുകാണിച്ചുകൊണ്ടു ദുഃഖഭാവത്തോടുകൂടി രാജാവിന്റെ നേരെ നോക്കി. ബുദ്ധിമാനായ കായംകുളത്തു രാജാവിനു കാര്യം മനസ്സിലായി. അദ്ദേഹം സുഗ്രീവനോട് "നിങ്ങൾക്കു എല്ലാവർക്കും കൂടി ഈ ചോറുകൊണ്ടുമതിയാകുന്നില്ല, അല്ലേ? എന്നു ചോദിച്ചു. കാര്യം അതുതന്നെ എന്ന് സുഗ്രീവൻ ആംഗ്യം കാണിച്ചു. "ആട്ടെ, ഉള്ളതുകൊണ്ട് എലാവരുംകൂടി ഊണു കഴിച്ചിട്ടു കൊട്ടാരത്തിൽ വരുവിൻ, സമാധാനമുണ്ടാക്കാം" എന്നു പറഞ്ഞിട്ടു കായംകുളത്തു രാജാവു പന്തളത്തു രാജാവിനോടുകൂടി കൊട്ടാരത്തിലേക്കു പോയി. ഊണു കഴിച്ചുകൊണ്ടു സുഗ്രീവപ്രഭൃതികളും അവിടെ ഹാജരായി വണക്കത്തോടു കൂടി നിരന്നുനിന്നു. കായംകുളത്തു രാജാവു നാളികേരം, ശർക്കര, പഴം മുതലായവ് വരുത്തി അവർക്കു ധാരാളമായി കൊടുത്തിട്ടു പ്രതിദിനം അവർക്കു മൂന്നുപറ അരിയുടെ ചോറുകൂടി കൊടുത്തുകൊള്ളുന്നതിനു കൽപ്പന കൊടുക്കുകയും അപ്രകാരം കല്പിച്ചനുവദിച്ചിരിക്കുന്നതായി ഒരു ചെമ്പുതകിടിൽ എഴുതിച്ചു തുല്യം ചാർത്തി സുഗ്രീവന്റെ കൈയിൽ കൊടുക്കുകയും ചെയ്തു. കുരങ്ങന്മാർ ഒരു സന്തോ‌ഷശബ്ദം പുറപ്പെടുവിച്ചിട്ട് രാജാവിനെ വീണ്ടും വന്ദിച്ചുകൊണ്ട് നാലുപുറത്തേക്കും പാഞ്ഞുപോവുകയും അടുത്ത ദിവസംമുതൽ ദേവസ്വം പടിത്തരത്തിൽ ചേർത്ത് അവർക്കു മൂന്നുപറ ആറേകാലിടങ്ങഴി അരിയുടെ ചോറുവിതം കൊടുത്തുതുടങ്ങുകയും ചെയ്തു.
ഒരിക്കൽ കൊട്ടാരക്കര ഒരു നായർ കുടുംബത്തിലുണ്ടായിരുന്ന സ്ത്രീപുരു‌ഷന്മാർ ഓരോരുത്തരായി ചത്തുകെട്ടുപോയിട്ട് ഒടുക്കം ഒരു സ്ത്രീമാത്രം ശേ‌ഷിച്ചു. ആ സ്ത്രീ നാൽപത്തഞ്ചു വയസ്സുവരെ പ്രസവിക്കാതെയിരുന്നു. സന്താനാർത്ഥമായി അവർ അനേകം സത്കർമ്മങ്ങൾ ചെയ്തു എങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അതിനാൽ ആ സ്ത്രീ കേവലം വന്ധ്യയാണെന്നും അവർ പ്രസവിച്ചു സന്താനമുണ്ടാവുകയെന്നുള്ള കാര്യം അസാധ്യമാണെന്നും ആ കുടുംബം അന്യംനിന്നു പോവുകതന്നെ ചെയ്യുമെന്നും എല്ലാവരും തീർച്ചപ്പെടുത്തി. അങ്ങനെയിരുന്ന കാലത്തു ഭിക്ഷക്കാരനായി ഒരു സന്യാസി ആ കുടുംബത്തിൽ ചെല്ലുകയും ഭിക്ഷ വാങ്ങിയ ശേ‌ഷം ആ ദിവ്യൻ ആ കുടുംബനായികയോട് "അമ്മേ, നിങ്ങൾ ഒട്ടും വ്യസനിക്കേണ്ട. നിങ്ങൾ ശാസ്താങ്കോട്ടയിൽ പോയി സ്വാമിദർശനം കഴിച്ചു വഴിപാടുകൾ പ്രാർത്ഥിച്ചാൽ നിങ്ങൾക്കു സന്തതിയുണ്ടാകും" എന്നു പറഞ്ഞിട്ടു ഇറങ്ങിപ്പോകുകയും ചെയ്തു. അതു കേട്ടിട്ട് ആ സ്ത്രീക്ക് ഈ ദിവ്യന്റെ വാക്ക് ഒരിക്കലും മിഥ്യയായിപ്പോവുകയില്ലെന്നു മനസ്സിൽത്തോന്നുകയും അടുത്ത ദിവസം തന്നെ അവർ അവരുടെ ഭർത്താവിനോടുകൂടി ശാസ്താങ്കോട്ടയിൽച്ചെന്നു കുളിച്ചുതൊഴുതു നടയിൽനിന്ന്, താൻ പ്രസവിച്ച് ഒരു പെൺകുട്ടിയുണ്ടായാൽ സ്വാമിയുടെ നടയിൽ വച്ചു കുട്ടിക്കു ചോറു കൊടുക്കുകയും മൂന്നുപറ അരിയുടെ ചോറുകൊണ്ട് നാനാവിഭവങ്ങളോടു കൂടി കുരങ്ങ ന്മാർക്കു സദ്യ കഴിക്കുകയും മുന്നാഴി അരി ഏട്ടകൾക്കു കൊടുക്കുകയും ചെയ്യാമെന്നു പ്രാർത്ഥിക്കുകയും ചെയ്തുപോയി. അനന്തരം ഒരു മാസം കഴിയുന്നതിനുമുമ്പ് എന്തോ കാരണവശാൽ ആ സ്ത്രീയുടെ ഭർത്താവ് അവരോടു മു‌ഷിഞ്ഞു സംബന്ധം മതിയാക്കിപ്പോവുകയും വേറെ ഒരാൾ അവർക്കു സംബന്ധം തുടങ്ങുകയും ഉടനെ ആ സ്ത്രീ ഗർഭം ധരിക്കുകയും അവർ യഥാകാലം സസുഖം പ്രസവിച്ച് ഒരു പെൺകുട്ടി ഉണ്ടാവുകയും ചെയ്തു.
ആറാം മാസത്തിൽ കുട്ടിക്കു ചോറു കൊടുക്കുന്നതിനായി ആ സ്ത്രീയും അവളുടെ ഭർത്താവുംകൂടി കുട്ടിയെയുംകൊണ്ടു ശാസ്താങ്കോട്ടയിലെത്തി. ക്ഷേത്രത്തിൽ വേണ്ടുന്ന വഴിപാടുകൾക്കെല്ലാം ഏർപ്പാടു ചെയ്തതിന്റെ ശേ‌ഷം അവർ പോയി കുളിച്ചുവന്നു സ്വാമിദർശനം കഴിച്ചു കിഴക്കെ നടയിൽ ഹാജരായി. ശാന്തിക്കാരൻ തീർത്ഥവും പ്രസാദവും ചോറും പായസവുമെല്ലാം അവിടെകൊണ്ടുചെന്നു കൊടുത്ത് കുട്ടിക്കു ചോറു കൊടുക്കാനായി നടയിൽ ഇലവച്ചു ചോറും പായസവും വിളമ്പി. അപ്പോഴേക്കും കുട്ടി ആരോ അടിച്ചിട്ടെന്നപോലെ ഞെളിഞ്ഞു പിരിഞ്ഞ് ഉറക്കെക്കരഞ്ഞുതുടങ്ങി. ഒരു വിധത്തിലുംചോറു കൊടുക്കാൻ നിവൃത്തിയില്ലാതെയായിത്തീർന്നു. എടുത്താലും പിടിച്ചാലും കുട്ടി കയ്യിലിരിക്കാതെ കുതിച്ചുചാടിത്തുടങ്ങി. കുട്ടി കയ്യിൽനിന്നു താഴെപ്പോകുമെന്നായപ്പോൾ ആ സ്ത്രീ ഒരു മുണ്ടു വിരിച്ചു കുട്ടിയെ അവിടെക്കിടത്തി. ആ സമയം വാനരകുലാധിപതിയായ സുഗ്രീവൻ ചാടിച്ചെന്നു കുട്ടിയെ എടുത്തും കൊണ്ടോടിപ്പോയി ഒരു വലിയ വൃക്ഷത്തിന്റെ മുകളിൽ കയരി ഇരിപ്പായി. സുഗ്രീവൻ എടുത്തപ്പോൾമുതൽ കുട്ടി കരച്ചിൽ നിർത്തി, ചിരിക്കുകയും കൈയും കാലും കുടഞ്ഞു കളിക്കുകയും ചെയ്തു തുടങ്ങി. ഇതുകേട്ടു കേട്ട് ആ ദിക്കിലുള്ളവരൊക്കെ അവിടെക്കൂടി. എല്ലാവരും വിസ്മയഭരിത രായിത്തീർന്നു. കുട്ടിയുടെ മാതാപിതാക്കന്മാർ വ്യസനപരവശരുമായിത്തീർന്നു. കുരങ്ങന്മാരെല്ലാം നടയിൽ കൂടി. ഏട്ടകളെല്ലാം വെള്ളത്തിൽ നിന്നു കരയ്ക്കു കയറി നടയിലെത്തി. ഈ അത്ഭുതപൂർവ്വമായ സംഭവത്തിന് എന്തോ കാരണമുണ്ടെന്നു ജനങ്ങൾ അഭിപ്രായപ്പെട്ടു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിധി കല്പിക്കാനുള്ള അധികാരം ഉണ്ണിത്താനാണ്. അതിനാൽ ഉണ്ണിത്താൻ കുട്ടിയുടെ പിതാവിനെ വിളിച്ച് "നിങ്ങൾ ഈ കുരങ്ങന്മാർക്കും ഏട്ടകൾക്കും എന്തെങ്കിലും കൊടുക്കാമെന്നു പ്രാർത്ഥിച്ചിട്ടുണ്ടോ?" എന്നു ചോദിച്ചു. "എന്തോ എനിക്കു നിശ്ചയമില്ല" എന്ന് അയാൾ പറഞ്ഞു. പിന്നെ കുട്ടിയുടെ മാതാവിനോടു ചോദിച്ചപ്പോൾ ആ സ്ത്രീ "ഈ കുട്ടിയെ നടയിൽ കൊണ്ടുവന്നു ചോറുകൊടുക്കുന്ന ദിവസം മൂന്നു പറ അരിയുടെ ചോറുകൊണ്ടു നാനാവിഭവങ്ങളോടുകൂടി കുരങ്ങന്മാർക്കു ഒരു സദ്യ കഴിക്കുകയും മുന്നാഴി അരി ഏട്ടകൾക്കു കൊടുക്കുകയും ചെയ്യാമെന്നു ഞാൻ പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നു. അതു ഞാൻ മറന്നുപോയിരുന്നു. ഇപ്പോളാണ് ഓർത്തത്" എന്നു പരഞ്ഞു. "എന്നാൽ കുരങ്ങന്മാർക്കു സദ്യയും ഏട്ടകൾക്കും അരിയും കൊടുക്കൽ നാളെ നടത്തിക്കൊള്ളമെന്നു പറഞ്ഞ് അതിലേക്കായി നൂറ്റൊന്നു പണം നിങ്ങൾ ഇപ്പോൾ നടയിൽ വയ്ക്കണം. എന്നാൽ എല്ലാം ശരിയാകും. നാളെ വഴിപാടുകൾ നടത്തീട്ടേ നിങ്ങൾ പോകാവു. പണം ഇപ്പോൾ നിങ്ങളുടെ കൈവശമില്ലെങ്കിൽ ഞാൻ തരാം. താമസിയാതെ എത്തിച്ചു തന്നാൽ മതി" എന്ന് ഉണ്ണിത്താൻ പറഞ്ഞു. ആ സ്ത്രീ അപ്രകാരം സമ്മതിച്ചു നൂറ്റൊന്നുപണം ഉണ്ണിത്താനോടു കടമായി വാങ്ങി നടയിൽ വച്ചു. തൽക്ഷണം സുഗ്രീവൻ കുട്ടിയെക്കൊണ്ടു വന്നു നടയിൽ കിടത്തിക്കൊടുത്തു. ഉടനെ ആ സ്ത്രീ കുട്ടിയെ എടുത്തു ചോറു കൊടുത്തു. ചോറൂണു കഴിഞ്ഞ് ഉടനെ കുരങ്ങന്മാർ ഓരോ വൃക്ഷങ്ങളിലേക്കും ഏട്ടകൾ വെള്ളത്തിലേക്കും ജനങ്ങൾ അവരവരുടെ ഗൃഹങ്ങളിലേക്കും പിരിഞ്ഞുപോയി. കൊട്ടാരക്കരക്കാരായ ദമ്പതിമാർ പിറ്റേ ദിവസം കുരങ്ങന്മാർക്കു കേമമായി സദ്യ നടത്തുകയും ഏട്ടകൾക്കു അരി കൊടുക്കുകയും കഴിച്ച് സ്വാമിയെ തൊഴുതു കുട്ടിയെയും കൊണ്ടു തിരിച്ചുപോവുകയും അടുത്ത് ദിവസംതന്നെ ഉണ്ണിത്താന്റെ പണം എത്തിച്ചുകൊടുക്കുകയും ചെയ്തു.
കൊല്ലം 721-ആമാണ്ടു വൃശ്ചികമാസം 5-ആം തീയതി ജയസിംഹനാട്ടു (ദേശിങ്ങനാട്ട്=കൊല്ലത്ത്) നാടുവാണിരുന്ന ഉണ്ണികേരളവർമ്മ പണ്ടാരത്തിൽ എന്ന രാജാവു ശാസ്താങ്കോട്ടയിൽ വന്നു സ്വാമിദർശനം കഴിക്കുകയും "അറുപറ" എന്നു പേരായ പ്രധാന വഴിപാടു നടത്തുകയും പ്രതിദിനം ഉ‌ഷഃപൂജയ്ക്ക് ഒന്നേകാലിടങ്ങഴി അരി പതിവു വെക്കുകയും ചെയ്തതായി അവിടെ ഒരു ശിലാലിഖിതം ഇപ്പോഴും കാണുന്നുണ്ട്.
കൊല്ലം 933-ആമാണ്ടു നാടുനീങ്ങിയ (തിരുവിതാംകൂർ) മാർത്താണ്ഡ വർമ്മ മഹാരാജാവ് തിരുമനസ്സുകൊണ്ടു രാജദ്രാഹികളായ എട്ടുവീട്ടിൽ പിള്ളമാരെ ഭയപ്പെട്ടു വേ‌ഷപ്രച്ഛന്നനായി സഞ്ചരിച്ചിരുന്ന കാലത്ത് ഒരു ദിവസം മധ്യാഹ്നസമയത്ത് കുന്നത്തൂർ താലൂക്കിൽ കണ്ണങ്കോട് എന്നു ദേശത്തു ചെന്നെത്തി. അവിടെ വലിയ മാളികയും മറ്റുമുള്ള ഒരു വീട് കണ്ടു കയറിച്ചെന്ന് "ഞാൻ ഇന്നലെത്തന്നെ ആഹാരമൊന്നു കഴിച്ചിട്ടില്ല. വിശപ്പും ദാഹവും വളരെ കലശലായിരിക്കുന്നു. അതിനാൽ ആഹാരത്തിനു വല്ലതും ഏർപ്പാടു ചെയ്തു തരണം" എന്നരുളിച്ചെയ്തു. അതുകേട്ട് അവിടെയുണ്ടായിരുന്ന ഗൃഹനായകൻ തന്റെ ഭൃതനെ വിളിച്ച് "എടാ, അയാൾക്കു ഒരു ഉപ്പുമാങ്ങ എടുത്തുകൊടുക്ക്" എന്നു പറഞ്ഞു. അതുകേട്ടു തിരുമനസ്സുകൊണ്ട് അവിടെ നിന്നിറങ്ങി അതിനടുത്ത് ഒരു വീട്ടിൽക്കയറിച്ചെന്നു. അവിടെ പുരു‌ഷന്മാരാരും ഉണ്ടായിരുന്നില്ല. ഒരു വൃദ്ധയായ സ്ത്രീ മുറ്റത്തു നിൽക്കുന്നുണ്ടായിരുന്നു. തിരുമനസ്സുകൊണ്ട് ആ വൃദ്ധയെ അടുക്കൽ വിളിച്ചു മേൽപറഞ്ഞപ്രകാരം താൻ തലേദിവസംതന്നേ ആഹാരം കഴിച്ചിട്ടില്ലെന്നും വിശപ്പും ദാഹവും സഹിക്കവയ്യാതെയായിരിക്കുന്നുവെന്നും അതിനാൽ ആഹാരത്തിനു വല്ലതും ഏർപ്പാടുചെയ്തു കൊടുക്കണമെന്നും അരുളിച്ചെയ്തു. അതുകേട്ട് ആ വൃദ്ധ (ഇതൊരു നമ്പൂരിയോ മറ്റോ ആണെന്നു വിചാരിച്ച്) "ആഹാരത്തിന് അടിയങ്ങൾ വല്ലതും തന്നൽ അവിടേക്ക് കൊള്ളുകയില്ലല്ലോ. അതിനാൽ അടുത്തുള്ള ബ്രാഹ്മണഗൃഹത്തിൽ ചട്ടംകെട്ടിത്തരാം. നീരാട്ടുകുളി കഴിഞ്ഞു ചെല്ലുമ്പോഴേക്കും ആഹാരത്തിനു തയ്യാറായിരിക്കും" എന്നു പറഞ്ഞു കുളവും ബ്രാഹ്മണഗൃഹവും കാണിച്ചു കൊടുക്കുന്നതിന് ഒരാളെ കൂടെയയച്ചു. ബ്രാഹ്മണഗൃഹത്തിൽ ഭക്ഷണം കൊടുക്കുന്നതിനും ചട്ടംകെട്ടി. തിരുമനസ്സുകൊണ്ടു നീരാട്ടുകുളിയും നിത്യകർമ്മാദികളും കഴിചു ചെന്നപ്പോൾ ഊണിനെല്ലാം തയ്യാറായിരുന്നു. ഉടനെ അമൃതേത്തു കഴിച്ച് അവിടെനിന്നറിങ്ങി മേൽപറഞ്ഞ രണ്ടു വീട്ടുകാരുടെയും സ്ഥിതിയെപ്പറ്റിയും വീട്ടുപേരുകളും അന്വേ‌ഷിച്ചറിഞ്ഞു. തിരുമനസ്സു കൊണ്ട് ആദ്യം ചെന്നുകയറിയ വീട് "ചിറ്റുണ്ടിയിൽത്തരകൻ" എന്ന ധനവാന്റേതായിരുന്നു. ആ വീട്ടുകാർ വലിയ ധനവാന്മാരായിരുന്നുവെങ്കിലും ആർക്കും പച്ചവെള്ളം പോലും കൊടുക്കാത്ത ദുഷ്ടന്മാരായിരുന്നു. രണ്ടാമതു കയറിയ വീടിന്റെ പേരു "നെല്ലിമൂട്ടിൽ" എന്നായിരുന്നു. ആ വീട്ടുകാർ ഉപായകാലക്ഷേപക്കാരായിരുന്നുവെങ്കിലും ദയയും മര്യാദയുമുള്ള ധർമ്മി‌ഷ്ഠന്മാരായിരുന്നു. ആ രണ്ടു വീട്ടുകാരും സുറിയാനി ക്രിസ്ത്യാനികളാണ്. തിരുമനസ്സുകൊണ്ട് ആ വിവരങ്ങളെല്ലാം അന്വേ‌ഷിച്ചറിഞ്ഞിട്ട് അവിടം വിട്ടു പോവുകയും ചെയ്തു. മാർത്താണ്ഡവർമ്മമഹാരാജാവു തിരുമനസ്സിലേക്കു തിരുമൂപ്പു സിദ്ധിക്കുകയും അവിടുന്നു രാജദ്രോഹികളെയെല്ലാം സംഹരിക്കുകയും കായംകുളം മുതലായ രാജ്യങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതിന്റെ ശേ‌ഷം സാധുക്കളായ നെല്ലിമൂട്ടിൽ കുടുംബക്കാർക്കു കരമൊഴിവായി വളരെ വസ്തുക്കൾ കല്പിച്ചു പതിച്ചുകൊടുത്തതു കൂടാതെ "മുതലാളി" എന്നൊരു സ്ഥാനവും കല്പിച്ചുകൊടുത്തു. ചിറ്റുണ്ടിയിൽത്തരകന്റെ സ്ഥാവരങ്ങളും ജംഗമങ്ങളുമായ സകലവസ്തുക്കളും കണ്ടുകെട്ടി ശാസ്താങ്കോട്ടദേവസ്വത്തിൽ ചേർക്കുകയും ചെയ്തു. ആ വസ്തുക്കളിൽ നിന്നുള്ള ആദായംകൊണ്ട് ശാസ്താങ്കോട്ടയിൽ ശനിയാഴ്ചതോറും നാല്പത്തൊന്നു പറ അരികൊണ്ട് ധർമ്മകഞ്ഞിയും അഞ്ചുപറ അരി കൊണ്ട് ക്ഷേത്രത്തിൽ ബ്രാഹ്മമണഭോജനവും നടത്തുന്നതിനും ശേ‌ഷമുള്ളതു നിത്യനിദാനത്തിൽ കൂട്ടുന്നതിനുമാണ് കല്പിച്ചു വ്യവസ്ഥ ചെയ്തത്. ആ തിരുമനസ്സിലെ കാലാനന്തരമുണ്ടായ പരിക്ഷ്കാരത്തിൽ ഈ പതിവ് കുറച്ച് ധർമ്മകഞ്ഞിക്കു മൂന്നു പറ അഞ്ചിടങ്ങഴി അരിയും ബ്രാഹ്മണഭോജനം വകയ്ക്ക് ഒരു പറ എട്ടിടങ്ങഴി അരിയുമാക്കുകയും ശേ‌ഷമുള്ളതു കൊണ്ട് കൊല്ലത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നമസ്കാര(ബ്രാഹ്മണഭോജന)വും ആശ്രാമത്ത് ഊട്ടും നടത്തുന്നതിന് ഏർപ്പാടുചെയ്യുകയും ചെയ്തു. ശാസ്താങ്കോട്ട ക്ഷേത്രത്തിലുള്ള ചില ഓട്ടുപാത്രങ്ങളിലും മറ്റു "ചിറ്റുണ്ടിയിൽത്തരകൻവക" എന്നു പേരു വെട്ടിയിരിക്കുന്നത് ഇപ്പോഴും കാൺമാനുണ്ട്.
ബ്രിട്ടി‌ഷ് റസിഡണ്ടും തിരുവിതാംകൂർ ദിവാനുമായിരുന്ന മണ്ട്റോ സായ്പവർകൾ ദേവസ്വങ്ങൾ പരി‌ഷ്ക്കരിചു പതിവുകളേർപ്പെടുത്തിയ കാലത്ത് ശാസ്താങ്കോട്ടയിൽ കുരങ്ങന്മാർക്കും മുതലയ്ക്കും ചോറും മത്സ്യങ്ങൾക്കു അരിയും കൊടുക്കുന്നത് അനാവശ്യമാണെന്നു പറഞ്ഞ് ആവക ചെലവുകൾ നിർത്തലെഴുതിച്ചു. കുരങ്ങന്മാർക്കു ചോറു കിട്ടാതായപ്പോൾ അവർ ക്ഷേത്രത്തിൽക്കടന്നു നിവേദ്യം കഴിയുമ്പോൾ അനുഭവക്കരുടെയും വഴിപാടുകാരുടെയും മറ്റും ചോറെല്ലാം എടുത്തു തിന്നുകയും ശാന്തിക്കാരനെയും ദേവസ്വക്കാരനെയും അടിക്കുകയും കടിക്കുകയും മാന്തുകയും കീറുകയും മറ്റും ചെയ്തു ഉപദ്രവിക്കുകയും ചെയ്തു തുടങ്ങി. അനുഭവക്കാർക്കു ചോറു കിട്ടാതാവുകയും ദേവസ്വ ക്കാർക്കു അവിടെച്ചെന്നു ജോലി ചെയ്വാൻ നിവൃത്തിയില്ലാതാവുകയും ചെയ്യുകയാൽ അവർ എലാവരും കൂടിപ്പോയി മണ്ട്റോ സായ്പവർകളെക്കണ്ടു വിവരം ബോധിപ്പിക്കുകയും സായ്പവർകൾ ഇതിന്റെ പരമാർത്ഥമ റിയുന്നതിനായി ശാസ്താങ്കോട്ടയിൽ വരികയും ചെയ്തു. സായ്പവർകൾ വന്നു മതിൽക്കു വെളിയിൽ ഒരു സ്ഥലത്തു കസേരയിട്ട് ഇരുന്നു. അപ്പോൾ കുരങ്ങന്മാർ എല്ലാം അവിടെ ഹാജരായി കുനിഞ്ഞു സലാം ചെയ്തിട്ടു നിരന്നുനിന്നു. അപ്പോൾ സായ്പവർകൾ "നിങ്ങൾ ഈ അക്രമങ്ങൾ കാണിക്കുന്നതെന്താണ്?" എന്നു ചോദിച്ചു. അവർ അവരുടെ വയർ തൊട്ടു കാണിച്ചും മറ്റും വിശപ്പു സഹിക്കാൻ വയ്യാഞ്ഞിട്ടാണെന്നു സായ്പവർകളെ ഗ്രഹിപ്പിച്ചു. ഉടനെ സായ്പവർകൾ "നിങ്ങൾക്ക് ഇവിടെ ചോറു പതിവുവച്ചത് ആരാണ്, എന്നാണ്, അതിലേക്കു വല്ല ലക്ഷ്യവുമുണ്ടോ?" എന്നു ചോദിച്ചു. തത്ക്ഷണം സുഗ്രീവൻ തന്റെ വായിൽ കൈയിട്ട് ഒരു ചെമ്പുതകിടെടുത്തു തുടച്ചു നന്നാക്കി സായ്പവർകളുടെ മുമ്പിൽവച്ചു. അത് കായംകുളത്തു രാജാവു കൊടുത്ത ചെമ്പു തകിടായിരുന്നു. സായ്പവർകൾ അതെടുത്തു വായിച്ചുനോക്കി വളരെ സന്തോ‌ഷിക്കുകയും സമ്മതിക്കുകയും കുരങ്ങന്മാരുടെ ചോറും മറ്റും യഥാപൂർവ്വം കൊടുത്തു കൊള്ളുന്നതിന് അനുവദിക്കുകയും ചെമ്പു തകിട് സുഗ്രീവന്റെ കൈയിൽതന്നെ കൊടുക്കുകയും ചെയ്തിട്ട് മടങ്ങിപ്പോവുകയും ചെയ്തു.
മുതലയ്ക്കു ചോറു കൊണ്ടുചെന്നു കൊടുക്കുന്നതിനുള്ള ചുമതല മാരാർക്കാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഒരു ദിവസം പതിവുമാരാൻ മാരാൻ എവിടെയോ പോയിരുന്നതിനാൽ അവരുടെ കുടുംബത്തിലുണ്ടായി രുന്ന ഒരു ചെറുക്കനാണ് മുതലയ്ക്ക് ചോറു കൊണ്ടുചെന്നു കൊടുത്തത്. മുതല വന്നു ചോറു തിന്നുകൊണ്ടിരുന്ന സമയം ആ ചെറുക്കൻ ഒരു വലിയ കല്ലെടുത്തു മുതലയുടെ തലയ്ക്ക് ഒരിടി കൊടുത്തു. ഇടികൊണ്ട് മുതല ഉറക്കെ നിലവിളിച്ചു. ആ ശബ്ദം കേട്ടു ചിലർ കടവിൽ ഓടിച്ചെന്നു നോക്കിയപ്പോൾ മുതല ചത്തു വെള്ളത്തിലും മാരാച്ചെറുക്കൻ മരിച്ചു കരയ്ക്കു കിടക്കുന്നതായിക്കണ്ടു. അക്കാലംമുതൽ മുതലയ്ക്കുള്ള ചോറു നിർത്തലാവുകയും ചെയ്തു.
ശാസ്താങ്കോട്ടയിൽ താമസിച്ചിരുന്ന പന്തളരാജാവിന്റെ കാലാ നന്തരം അവിടെ ദേവസ്വകാര്യങ്ങൾ അന്വേ‌ഷിച്ചിരുന്നത് ഉണ്ണിത്താന്റെ കുടുംബത്തിൽ അന്നന്നു മൂപ്പായിട്ടുള്ളവരായിരുന്നു. ആ കുടുംബത്തിലുള്ളവർ അക്കാലത്തു സ്വാമിയെക്കുറിച്ചു വളരെ ഭയവും ഭക്തിയും വിശ്വാസവുമുള്ളവരായിരുന്നു. അവർ രാവിലെ കുളിച്ചു സ്വാമിദർശനം കഴിക്കാതെ വെള്ളം കുടിക്കുകപോലും ചെയ്യാറില്ലായിരുന്നു. കാലക്രമേണ അതൊക്കെ കുറേശ്ശേ ഭേദപ്പെട്ടു തുടങ്ങി.
പന്തളത്തുരാജാവിന്റെ കാലം കഴിഞ്ഞതിന്റെശേ‌ഷം ഏട്ടകൾക്കു അരിവാരിയിട്ടു കൊടുത്തിരുന്നത് ഉണ്ണിത്താനായിരുന്നു. ഒരിക്കൽ ഒരുണ്ണിത്താൻ ശരീരം ശുദ്ധം മാറിക്കൊണ്ടു ചെന്ന് ഏട്ടകൾക്കു അരി വാരിയിട്ടു കൊടുത്തു. ഏട്ടകൾ ആ അരി തിന്നില്ല. അന്നു മുതൽ ആ ഉണ്ണിത്താൻ അരി വാരിയിട്ടുകൊടുത്താൽ ഏട്ടകൾ ഒരിക്കലും തിന്നാതെയായി. അതിനാൽ ആവക അരിയും നിർത്തലെഴുതി. ശാസ്താങ്കോട്ടയിലെ കുരങ്ങന്മാർ അബ്രാഹ്മണരുടെ ചോറോ മത്സ്യമാംസാദികളോ ഭക്ഷിക്കാറില്ല. അതിനാലാണ് അവർക്കു പതിവുള്ള ചോറ് ശാന്തിക്കാരൻ കൊണ്ടു ചെന്നു കൊടുക്കണമെന്ന് ഏർപ്പാടുവച്ചത്.
ഒരിക്കൽ ഇവരിൽ ചില കുരങ്ങന്മാർ ക്ഷേത്രത്തിൽ പടിഞ്ഞാറു ഭാഗത്തായി താമസിച്ചിരുന്ന മരയ്ക്കാന്മാരുടെ കുടികളിൽക്കയറി അവർ പാകംചെയ്തുവച്ചിരുന്ന മത്സ്യവും മാംസവും ചോറും മറ്റുമെടുത്തു ഭക്ഷിച്ചു. അതു ശേ‌ഷമുള്ള കുരങ്ങന്മാർക്കു ഒട്ടും രസവും സമ്മതവുമായില്ല. പിറ്റേ ദിവസം പതിവുപോലെ ഉച്ചപ്പൂജ കഴിഞ്ഞപ്പോൾ എല്ലാ കുരങ്ങന്മാരും കിഴക്കെനടയിൽകൂടി. പതിവുള്ള ചോറു ശാന്തിക്കാരൻ പാത്രത്തോടുകൂടിപ്പിടിച്ചു ഗോപുരത്തിനു വെളിയിൽ പതിവു സ്ഥലത്തു കൊണ്ടുചെന്നിട്ടു. മുക്കുവരുടെ ചോറും മാംസവും ഭക്ഷിച്ച കുരങ്ങന്മാർ തൊട്ട ചോറു ശേ‌ഷമുള്ള കുരങ്ങന്മാർ തിന്നുകയില്ലല്ലോ. അതിനാൽ മാംസം തിന്നവർ ചോറു തൊടാൻ മറ്റുള്ളവർ സമ്മതിച്ചില്ല. തങ്ങളെ കൂട്ടാതെ മറ്റവർ തനിച്ചു ചോറെടുത്തു ഭക്ഷിക്കാൻ മാംസം തിന്നവരും സമ്മതിച്ചില്ല. അതിനാൽ ആ രണ്ടു കൂട്ടുക്കാരും തമ്മിൽ അവിടെവച്ചു ദേവാസുരയുദ്ധംപോലെ വലിയ യുദ്ധമുണ്ടായി. ഒടുക്കം രണ്ടുകൂട്ടർക്കും ഊണു കഴിക്കാൻ സാധിച്ചില്ല. ചോറ് അവിടെക്കിടന്നു വെറുതെ പോയി. അങ്ങനെ രണ്ടു കൂട്ടരും തമ്മിൽ ഏകദേശം ഒരു മാസത്തോളം കാലം യുദ്ധമുണ്ടായി. അത്രയും കാലം അവർക്കുണ്ടായിരുന്ന ചോറു വെറുതെ പോയതിനാൽ അക്കാലംമുതൽ ആ ചോറും നിറുത്തലായിപ്പോയി. എങ്കിലും കുരങ്ങന്മാർക്കു പതിവുണ്ടായിരുന്ന ചോറും മത്സ്യങ്ങൾക്കു പതിവുണ്ടായിരുന്ന അരിയും ആണ്ടിലൊരിക്കൽ (പത്താമുദയദിവസം) ഇപ്പോഴും കൊടുത്തുവരുന്നുണ്ട്. മറ്റുള്ള ദിവസങ്ങളിൽ സ്വാമിദർശനത്തിനായി അവിടെ ചെല്ലുന്നവർ വല്ലതും കൊടുത്തെങ്കിൽ മാത്രമേ കുരങ്ങന്മാർക്കും ഏട്ടകൾക്കും ഇപ്പോൾ ആഹാരത്തിനു മാർഗ്ഗമുള്ളൂ. എങ്കിലും വഴിപാടുകാർ ഇപ്പോഴും അവിടെ ധാരാളമായി വന്നുകൊണ്ടിരിക്കുന്നതിനാൽ അവർക്കു ഒരു ദിവസവും ആഹാരത്തിനു മുട്ടുവരുന്നില്ല. യുദ്ധത്തിൽ ഒടുക്കം മാസഭുക്കുകളായ കുരങ്ങന്മാർ തോറ്റുപോവുകയാൽ അവർ അക്കാലം മുതൽ അവിടം വിട്ട് സ്ഥിരവാസം ക്ഷേത്രത്തിനു പടിഞ്ഞാര് ഇപ്പോൾ ചന്തയായിരിക്കുന്ന സ്ഥലത്തോടടുത്തുള്ള പ്രദേശങ്ങളിലാക്കി. അതിനാൽ വഴിപാടായി ലഭിക്കുന്ന ചോറും പഴവും മറ്റും മാസഭോജികളല്ലാത്ത വാനരന്മാർക്കു ഇപ്പോൾ നിർബാധമായി ഭക്ഷിക്കാം. ആരും ഒന്നും കൊടുക്കാത്ത ദിവസങ്ങളിൽ ക്ഷേത്രത്തിൽ ക്ഷേത്രസംബന്ധികളുടെയും മറ്റും ചോറ് ബലാൽ തട്ടിയെടുത്താണ് അവരിപ്പോൾ ഉപജീവനം കഴിച്ചു വരുന്നത്. അവർ ആ ക്ഷേത്ര സന്നിധി വിട്ട് എങ്ങും പോകാറില്ല. മാംസഭോജികളായ കുരങ്ങന്മാർ ഇപ്പോൾ ഉപജീവിച്ചു വരുന്നതും മിക്കവാറും ചന്തകൊണ്ടാണ്. അവരും കച്ചവടക്കാരും തമ്മിൽ അവിടെ പലപ്പോഴും അടിയും പിടിയും ശണ്ഠയുമുണ്ടാവാറുണ്ട്. വലിയ രാജാക്കൻമാരോ പ്രഭുക്കൻമാരോ സ്വാമിദർശനത്തിനായി ശാസ്താങ്കോട്ടയിൽച്ചെന്നാൽ അന്നു മാംസഭുക്കുകളായ കുരങ്ങൻമാരും ക്ഷേത്രസന്നിധിയിൽ വന്നുചേരും. എങ്കിലും അവർ ക്ഷേത്രത്തിൽ കടക്കാറില്ല. ഭ്രഷ്ടൻമാർക്കു ക്ഷേത്രം പാടില്ലല്ലോ. ഇപ്പോൾ രാജാക്കന്മാരുടെയും മറ്റും വഴിപാടായി രണ്ടുകൂട്ടം കുരങ്ങൻമാർക്കും ചോറോ പഴമോ കൊടുക്കുന്നുണ്ടെങ്കിൽ വെവ്വേറെ രണ്ടു പാത്രങ്ങളിലാക്കി കൊടുക്കണം. എന്നു മാത്രമല്ല മാംസഭുക്കുകളല്ലാത്ത കുരങ്ങ ന്മാർക്കു ആദ്യം കൊടുക്കുകയും വേണം. അതു മറ്റവർക്കു കൊടുക്കുന്നതിലധികമുണ്ടായിരിക്കുകയും വേണം. അല്ലെങ്കിൽ യുദ്ധമുണ്ടാകുന്നകാര്യം തീർച്ചയാണ്.
ശാസ്താങ്കോട്ടയിൽ സ്വാമിയുടെ ചൈതന്യവും കുരങ്ങന്മാരുടെ ദിവ്യത്വവും ഇപ്പോഴും കുറഞ്ഞിട്ടില്ല. ഇക്കാലത്തും അവിടെ ദർശനത്തിനായിട്ടും ഭജനത്തിനായിട്ടും പ്രതിദിനം അസംഖ്യമാളുകൾ വരുന്നുണ്ട്. അവിടെ ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദമാകാത്ത രോഗവും വഴിപാടു പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. മനു‌ഷ്യർ നിവസിക്കുന്ന ഗൃഹങ്ങളിലും മറ്റും ചിലപ്പോൾ ഉറുമ്പിന്റെ ഉപദ്രവം കലശലായി ത്തീരുന്നതു സാധാരണമാണല്ലോ. ആ അവസരങ്ങളിൽ നാഴി അരിയിൽ ഒരു നാളികേരം ചിരകിയിട്ടിളക്കി ഏട്ടകൾക്കു കൊടുത്താൽ ഉറുമ്പിന്റെ ഉപദ്രവം നിശ്ശേ‌ഷം നീങ്ങിപ്പോകും. ഈ സംഗതിയിൽ കൊല്ലം, തിരുവനന്തപുരം മുതലായ സ്ഥലങ്ങളിൽ അനുഭവസ്ഥരായി ഇപ്പോഴും പലരുമുണ്ട്. ഉറുമ്പിന്റെ ഉപദ്രവം ശമിക്കാനായി ഇപ്പോഴും പലരും ഇപ്രകാരം ചെയ്തുവരുന്നുമുണ്ട്. ഇവയ്ക്കെല്ലാം ദൃഷ്ടാന്തങ്ങളായിട്ട് അനേകം ഐതിഹ്യങ്ങളുണ്ട്. കുരങ്ങന്മാരുടെ മാഹാത്മ്യം സംബന്ധിച്ചു അസംഖ്യം കഥകൾ ഇനിയും പറയാനുണ്ട്. വിസ്തരഭയത്താൽ
അവയൊന്നും ഇവിടെ വിവരിക്കുന്നില്ല. അടുത്ത കാലത്ത്, അതായത് ഒരു മുപ്പതു കൊല്ലം മുമ്പുണ്ടായതായ ഒരു സംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ അവസാനിക്കാമെന്നു വിചാരിക്കുന്നു.
കൊല്ലം 1065-ആമാണ്ടിടയ്ക്ക് ദൂരസ്ഥലന്മാരായ അഞ്ചുപേരൊരുമിച്ച് ശാസ്താങ്കോട്ടയിൽ സ്വാമി ദർശനത്തിനായി വന്നിരുന്നു. അവരിൽ നാലു പേർ സ്വാമിക്കു വഴിപാടിനും കുരങ്ങന്മാർക്കും ചോറും കൊടുക്കുന്നതിനും ഏട്ടകൾക്ക് അരി കൊടുക്കുന്നതിനും മറ്റും ഉണ്ണിത്തന്റെ പക്കൽ പണം കൊടുത്തേൽപ്പിച്ചു. ഒരാൾ മാത്രം വഴിപാടിനും മറ്റും ഒന്നും കൊടുത്തില്ല. അതിനാൽ അയാളോടു മറ്റവർ "എന്താ താൻ വഴിപാടിനൊന്നും കൊടുക്കുന്നില്ലേ?' എന്നു ചോദിച്ചു. "ഇല്ല. ഞാൻ കുളിച്ചു തൊഴണമെന്നു മാത്രമേ വിചാരിക്കുന്നുള്ളു. ഈശ്വരന്മാർക്കു ഞാൻ കൈക്കൂലി കൊടുക്കാറില്ല. എന്നുതന്നെയുമല്ല, കുരങ്ങന്മാർക്കു ചോറും മത്സ്യങ്ങൾക്കു അരിയും കൊടുക്കുന്നതു കേവലം മൂടന്മത്വമാണെന്നാണ് എന്റെ വിശ്വാസം" എന്നു പറഞ്ഞു. "എന്നാൽ വേണ്ടാ. എന്തോ ഇതൊരാപത്താണ്" എന്നു മറ്റവരും പറഞ്ഞു. അഞ്ചുപേരുംകൂടി കുളിക്കാൻ പോയി. അഞ്ചുപേരും മടിശ്ശീല കടവിൽ ഒരു കല്ലിന്മേൽ വചിട്ടു കുളിക്കാനിറങ്ങി. അപ്പോൾ ഒരു വാനരവീരൻ പെട്ടെന്ന് ചാടിച്ചെന്ന് വഴിപാടിനു കൊടുക്കാത്ത ആ മനു‌ഷ്യന്റെ മടിശ്ശീല മാത്രം എടുത്തുകൊണ്ട് ഓടിപ്പോയി ഒരു വൃക്ഷത്തിന്റ മുകളിൽ കയറിയിരുന്നു. മടിശ്ശീല കൊണ്ടുപോയപ്പോൾ അതിന്റെ ഉടമസ്ഥനു വലിയ വ്യസനമായി. അയാൾ പ്രാണനെക്കാൾ പണത്തെ സ്നേഹിക്കുന്നു ഒരാളാണ്. അയാൾ ഒരു കല്ലെടുത്ത് ആ കുരങ്ങനെ എറിഞ്ഞു. കുരങ്ങൻ ആ കല്ലും ചാടിപ്പിടിച്ച് അതുകൊണ്ടു തന്നെ ആ മനു‌ഷ്യനെയുമെറിഞ്ഞു. ആ ഏറുകൊണ്ട് ആ മനു‌ഷ്യന്റെ തലപൊട്ടിച്ചോരയൊലിച്ചു. പിന്നെ ആ കുരങ്ങൻ മടിശ്ശീലയഴിച്ച് അതിലുണ്ടായിരുന്ന പണമെടുത്ത് ഓരോന്നായി കായലിലേക്കിട്ടു. ഗത്യന്തരമിലയ്കയാൽ പണത്തിന്റെ ഉടമസ്ഥൻ അതുകണ്ടു വ്യസനിചു കൊണ്ടു നിന്നു. പണം മുഴുവനും തീർന്നപ്പോൾ കുരങ്ങൻ മടിശ്ശീല ചുരുട്ടിക്കൂട്ടി ഉടമസ്ഥന്റെ മുഖത്തേക്ക് ഒരേറുകൊടുത്തു. അപ്പോൾ ആ മനു‌ഷ്യന്റെ കൂട്ടുകാർ "എന്താ തൃപ്തിയായിലേ? ഈശ്വരന്മാർക്കുകൈക്കൂലി കൊടുക്കാഞ്ഞിട്ടു പണമൊക്കെ ഇപ്പോൾ ലാഭമായല്ലോ. തല പൊട്ടിയതുമാത്രം ലാഭം. എന്തെങ്കിലും ആപത്തുണ്ടുകുമെന്നു ഞങ്ങൾ മുമ്പുതന്ന പറഞ്ഞുവല്ലോ. ഇനി നടയിൽച്ചെന്നു സമസ്താപരാധങ്ങൾ ക്ഷമിക്കുന്നതിനു പ്രാർത്ഥിക്കൂ. അല്ലെങ്കിൽ തനിക്ക് ഇവിടെ നിന്നുപോയി പ്പിഴയ്ക്കാനൊക്കുമെന്നു തോന്നുന്നില്ല" എന്നു പറഞ്ഞു. അവർ അഞ്ചുപേരും കുളിച്ചു നടയിൽച്ചെലുകയും വഴിപാടു കഴിക്കാത്തയാൾ ഏറ്റവും പശ്ചാത്താപത്തോടുകൂടി മേൽപ്പറഞ്ഞപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ ഒരാൾ അവിടെച്ചെന്നു സംഗതി കളെല്ലാം ചോദിച്ചറിയുകയും കായലിൽപ്പോയ പണമെല്ലാം സ്വാമിക്കു വഴിപാടായിട്ടും കുരങ്ങന്മാർക്കും ചോറും ഏട്ടകൾക്കു അരിയും കൊടുക്കുന്നതായിട്ടും കൊടുത്തയയ്ക്കാമെന്നു നിശ്ചയിക്കാൻ അവരോടു പറയുകയും പണത്തിന്റെ ഉടമസ്ഥൻ അപ്രകാരം സമ്മതിചു പറഞ്ഞു സ്വാമിയെ പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ കുരങ്ങൻ കായലിൽ ച്ചെന്നു മുങ്ങി ഒരു ചെരട്ട എടുത്തുകൊണ്ടുവന്നു നടയിൽവച്ചു. കായലിലിട്ട പണം അതിലുണ്ടായിരുന്നു. എണ്ണിനോക്കിയപ്പോൾ അതു നൂറ്റൊന്നു പണമായിരുന്നുവെന്ന് ഉടമസ്ഥൻ പറഞ്ഞു. ആ പണം മുഴുവൻ സ്വാമിക്കു വഴിപാടിനും മറ്റുമായി ഉടമസ്ഥൻ ദേവസ്വത്തിൽ ഏല്പിച്ചു. ദേവസ്വക്കാർ അതിൽ പകുതിപ്പണം കൊണ്ടു സ്വാമിക്കു വഴിപാടുകൾ നടത്തുകയും ശേ‌ഷംകൊണ്ടു കുരങ്ങന്മാർക്കു ചോറും ഏട്ടകൾക്കു അറിയും കൊടിപ്പിക്കുകയും ചെയ്തു. എങ്കിലും കുരങ്ങന്മാർ ആ ചോറും ഏട്ടകൾ ആ അരിയും തിന്നില്ല. മനസ്സില്ലാത്തവർ നിവൃത്തിയില്ലാഞ്ഞിട്ടു കൊടുത്ത സാധനങ്ങൾ അവർ സ്വീകരിക്കാറില്ല.
ആ കായലിന്റെ തീരപ്രദേശത്തു സ്ഥിരവാസക്കാരായ അനേകം മുക്കുവരുണ്ട്. അവർ ആ കായലിൽനിന്നു മത്സ്യങ്ങളെ പിടിച്ചു വിറ്റും തിന്നും ഉപജീവിക്കുന്നവരാണ്. എങ്കിലും അവർ ഏട്ടകളെ പിടിക്കുകയോ ഏട്ടകൾ അവരുടെ വലയിൽ അകപ്പെടുകയോ ചെയ്യാറില്ല. ഏട്ടകളെ അവർ സ്വാമിയുടെ "തിരുമക്കൾ" എന്നാണ് പറയുന്നത്. ഇപ്പോൾ (1925-ൽ) തിരുവനന്തപുരത്തു വലിയകൊട്ടാരം മാനേജരായിത്താമസിക്കുന ശങ്കരൻനമ്പി അവർകളുടെ ഉത്സാഹവും പ്രവേശവും നിമിത്തം ശാസ്താങ്കോട്ടയ്ക്കു പൂർവ്വാധികം തെളിച്ചവും പരി‌ഷ്ക്കാരവും സിദ്ധിച്ചിട്ടുള്ള വാസ്തവംകൂടി പ്രസ്താവിച്ചുകൊണ്ട് ഈ ഉപന്യാസത്തെ സമാപിപ്പിച്ചുകൊള്ളുന്നു.

ഐതിഹ്യമാല/പിലാമന്തോൾ മൂസ്സ്

ഐതിഹ്യമാല/പിലാമന്തോൾ മൂസ്സ്

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പിലാമന്തോൾ മൂസ്സ്

പിലമന്തോൾ മൂസ്സിന്റെ ഇല്ലം ബ്രിട്ടീ‌ഷുമലബാറിൽ വള്ളുവനാടു താലൂക്കിൽ പിലമന്തോൾ അംശത്തിൽ പിലാമന്തോൾ ദേശത്താണ്. ഈ ഇല്ലക്കാർ പണ്ടു സാമുരിരിപ്പാടു തമ്പുരാന്റെ ഇഷ്ടന്മാരും പ്രത്യേക വൈദ്യന്മാരും വൈദ്യവി‌ഷയത്തിൽ അതിവിദഗ്ദ്ധന്മാരും സുപ്രസിദ്ധന്മാരുമായിരുന്നു. ആ സ്ഥിതിക്കു ഇപ്പോഴും വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല.
പണ്ടൊരിക്കൽ (അന്നു നാടുവാണിരുന്ന) തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേക്ക് അതികഠിനമായ ഒരു ശീലായ്മ (വയറ്റിൽ വേദന) ഉണ്ടാവുകയും തിരുവിതാംകൂറിലും കൊച്ചിയിലും മറ്റുമുള്ള പ്രസിദ്ധന്മാരായ സകല വൈദ്യന്മാരും പഠിച്ച പണി എല്ലാം നോക്കീട്ടും അതു ഭേദമാകാതെയിരിക്കുകയും ചെയ്യുകയാൽ ഒടുക്കം പിലാമന്തോൾ മൂസ്സിനെ വരുത്തണമെന്നു നിശ്ചയിച്ചു അങ്ങോട്ടാളയച്ചു. മുമ്പുണ്ടായിരുന്ന പിലമന്തോൾ മൂസ്സന്മാരെക്കുറിച്ചുള്ള കേൾവി നിമിത്തമാണ് അങ്ങോട്ടാളയച്ചത്. എന്നാൽ അക്കാലത്ത് അവിടെ പ്രായപൂർത്തി വന്നവരോ വൈദ്യവിദ്യ അഭ്യസിച്ചവരോ ആയ പുരു‌ഷന്മാർ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഏകദേശം പതിന്നാലു വയസ്സുമാത്രം പ്രായമായ ഒരു ഉണ്ണിമൂസ്സു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. ഉപനയനവും സമാവർത്തനവും കഴിഞ്ഞിരുന്നുവെങ്കിലും വൈദ്യവി‌ഷയകമായി യാതൊന്നും അവിടുന്നു പഠിച്ചിരുന്നില്ല. മഹാരാജാവു തിരുമനസ്സിലെ ആളുകൾ ചെന്നു വിവരം പറഞ്ഞപ്പോൾ അവിടുന്ന് അത്യന്തം വി‌ഷണ്ണനായിത്തീർന്നു. "എന്റെ പൂർവന്മാർ മഹായോഗ്യന്മാരും വലിയ വൈദ്യന്മാരും വൈദ്യവി‌ഷയമായി പല അത്ഭുതകർമ്മങ്ങൾ ചെയ്തിട്ടുള്ളവരും പ്രസിദ്ധന്മാരുമായിരുന്നതിനാലാണല്ലോ മഹാരാജാവു കല്പിച്ച് ഇവിടെ ആളയയ്ക്കാനിടയായത്. കഷ്ടം! ഈശ്വരാ! ഞാനിങ്ങനെയായിപ്പോയല്ലോ. എന്റെ അച്ഛൻ എനിക്കു ബാല്യമായിരുന്നപ്പോൾതന്നെ മരിച്ചുപോയതിനാലാണല്ലോ എനിക്ക് ഒന്നും പഠിക്കാനിടയാകാഞ്ഞത്. തിരുവിതാംകൂറിൽ പോയി മഹാരാജാവിന്റെ സുഖക്കേടു ഭേദമാക്കിയെങ്കിൽ എനിക്കു വളരെ ശ്രയസ്സും യശസ്സും ബഹുമതിയും ലഭിക്കുമായിരുന്നു. ഒന്നും പഠിച്ചിട്ടില്ലാത്ത ഞാൻ വിചാരിച്ചാൽ അതു സാധ്യമല്ലല്ലോ. ഈശ്വരാ! ഇപ്പോൾ ഞാൻഇവിടെ എന്താണ് ചെയ്യേണ്ടത്? എനിക്കൊന്നു അറിഞ്ഞുകൂടെന്നു പറഞ്ഞാൽ ഈ കുടുംബത്തേക്കുകൂടി കുറിച്ചിലായിത്തീരുമല്ലോ" എന്നിങ്ങനെ വിചാരിച്ച് അവിടുന്ന് ഏറ്റവും വി‌ഷാദത്തോടുകൂടി അകത്തു ചെന്നു തന്റെ അമ്മയെ വിളിച്ചു വിവരമെല്ലാം പറഞ്ഞു. അപ്പോൾ ആ അന്തർ ́നം, "ഉണ്ണി ഒട്ടും വി‌ഷാദിക്കേണ്ടാ, നമ്മുടെ പരദൈവമായ പരമേശ്വരനെ ഭക്തിപൂർവം പന്ത്രണ്ടു ദിവസം ഭജിക്കുക. അദ്ദേഹം എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരും. ഭജനം കഴിഞ്ഞിട്ടു ചെല്ലാമെന്നു പറഞ്ഞു മഹാരാജാവിന്റെ ആളുകളെ അയയ്ക്കുക" എന്നു പറഞ്ഞു. അപ്രകാരംതന്നെ ഉണ്ണിമൂസ്സ് പുറത്തുവന്നു മഹാരാജാവിന്റെ ആളുകളോട്,"എനിക്ക് ഇപ്പോൾ അമ്പലത്തിൽ ഭജനമാണ്. അതിനി പന്ത്രണ്ടു ദിവസംകൂടിയുണ്ട്. അതു കഴിഞ്ഞല്ലാതെ വരാൻ എനിക്കു നിവൃത്തിയില്ല. നിങ്ങൾ പോയി ഭജനം കഴിയുമ്പോഴേക്കും വരുക. പിന്നെ നമുക്ക് ഒരുമിച്ചു പോകാം" എന്നു പറഞ്ഞു. അതു കേട്ടു രാജപുരു‌ഷന്മാർ, "പന്ത്രണ്ടു ദിവസം കഴിഞ്ഞാൽ മതിയല്ലോ. അത്രയും ദിവസംകൊണ്ട് പോയിവരാൻ സാധിക്കയില്ല. സ്വല്പം താമസിച്ചാലും ഒരുമിച്ചു കൊണ്ടു ചെല്ലണമെന്നാണ് കല്പന. അതിനാൽ ഭജനം കഴിയുന്നതുവരെ ഞങ്ങൾ ഇവിടെ താമസിചുകൊള്ളാം" എന്നു പറഞ്ഞു. "എന്നാൽ അങ്ങനെതന്നെ" എന്നു ഉണ്ണിമൂസ്സും സമ്മതിക്കുകയും അവിടുന്നു അന്നുതന്നെ ഭജനം ആരംഭിക്കുകയും ചെയ്തു. ഭജനം അത്യന്തം ഭക്തിയോടും വലിയ നി‌ഷ്ഠയോടുംകൂടിയായിരുന്നു. ഭജനം തുടങ്ങിയതിന്റെ പതിനൊന്നാം ദിവസം രാത്രിയിൽ ഉണ്ണിമൂസ്സ് അമ്പലത്തിൽക്കിടന്നുറങ്ങിയ സമയം ഒരു വൃദ്ധബ്രാഹ്മണൻ തന്റെ അടുക്കൽ വന്ന് "ഹേ! അങ്ങ് ഒട്ടും വ്യസനിക്കേണ്ടാ. അങ്ങു തിരുവിതാംകൂറിൽച്ചെന്ന്, ഇതാ, ഈ മരുന്നു മൂന്നു നേരം കാഞ്ഞവെള്ളത്തിൽ കലക്കി മഹാരാജാവിനു കൊടുക്കണം. ഇതുകൊണ്ടു നല്ല സുഖമാകും. മഹാരാജാവ് എന്തെങ്കിലും തന്നാൽ ഒന്നും വാങ്ങരുത്. "എനിക്ക് ഇതൊന്നും വേണ്ടാ" എന്നു പറയണം. അപ്പോൾ "പിന്നെ എന്താണ് വേണ്ടത്?" എന്നു മഹാരാജവു ചോദിക്കും. ഉടനെ അങ്ങ് "താമ്രപർണ്ണീനദിയിൽ ധന്വന്തരിയുടെ വിഗ്രഹം കിടക്കുന്നുണ്ട്. അത് അവിടെനിന്ന് എടുപ്പിച്ച് എന്റെ പരദേവതയായ ശിവന്റെ ഇടത്തുവശത്ത് ആ അമ്പലത്തിൽത്തന്നെ പ്രതി‌ഷ്ഠ കഴിപ്പിച്ചുതരണം. ഇതാണ് എനിക്ക് വേണ്ടത്. ബിംബം മുങ്ങിയെടുക്കാനുള്ള ആളുകൾ താമ്രാപർണ്ണീതീരത്തു ചെല്ലുമ്പോൾ, അതു കിടക്കുന്ന സ്ഥലം കാണിച്ചുകൊടുക്കുന്നതിനും പ്രതി‌ഷ്ഠ കഴിക്കുന്നതിനുമുള്ള ആൾ അവിടെ വരും. ആൾ പറയുന്ന സ്ഥലത്തുനിന്നു ബിംബമെടുപ്പിച്ച് ആ ആളെക്കൊണ്ടു പ്രതി‌ഷ്ഠ കഴിപ്പിചാൽ മതി" എന്നു പറയണം. "ഇത് എങ്ങനെ അറിഞ്ഞു?" എന്നു മഹാരാജവു ചോദിച്ചാൽ ഈ പരമാർത്ഥമൊന്നും പറയരുത്. "ഞാൻഇങ്ങനെ കേട്ടിട്ടുണ്ട്" എന്നു മാത്രമേ പറയാവൂ. മഹാരാജാവു ബിംബം എടുപ്പിച്ചു പ്രതി‌ഷ്ഠ കഴിപ്പിചാൽപ്പിന്നെ ഇപ്പോൾ ശിവനെ എന്നപോലെതന്നെ ധന്വന്തരിയെയും പരദേവതയായി വിചാരിച്ചു സേവിച്ചു കൊള്ളണം. പൂജാനിവേദ്യാദികൾ രണ്ടു സ്ഥലത്തും യാതൊരു വ്യത്യാസവും കൂടാതെ ഭക്തിപൂർവ്വം ഒരുപോലെ നടത്തിച്ചുകൊള്ളണം. എന്നാൽ നിങ്ങൾക്കു ഐശ്വര്യവും വൈദ്യത്തിൽ പ്രസിദ്ധിയും പൂർവ്വാധികം വർദ്ധിക്കും" എന്നു പറഞ്ഞു മൂന്നു ഗുളിക തന്റെ കയ്യിൽ വച്ചതായി ഉണ്ണി മൂസ്സിനു തോന്നി. ഉടനെ ഉണർന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും മൂന്നു ഗുളിക തന്റെ കൈയ്യിൽ ഇരിക്കുന്നതായി കണ്ട് ഉണ്ണിമൂസ്സു വളരെ വിസ്മയിക്കുകയും വൃദ്ധബ്രാഹ്മണന്റെ വേ‌ഷത്തിൽ തന്റെ അടുക്കൽ വന്ന് ഇപ്രകാരം പറയുകയും മരുന്നു തരുകയും ചെയ്തത് തന്റെ പരദേവതയായ ശ്രീപരമേശ്വരൻതന്നെയാണെന്നു വിശ്വസിക്കുകയും ചെയ്തു.
പന്ത്രണ്ടു ദിവസംകഴിഞ്ഞു പതിമൂന്നാം ദിവസം യഥാവിധി ഭജനം കാലംകൂടുകയും ഇല്ലത്തു ചെന്ന് അമ്മയെ വിളിച്ചു വിവരമെല്ലാം ധരിപ്പിക്കുകയും പാദത്തിങ്കൽ വീണു നമസ്ക്കരിച്ചു യാത്ര പറഞ്ഞ് അനുഗ്രഹവും അനുവാദവും വാങ്ങിയതിന്റെ ശേ‌ഷം ഉണ്ണിമൂസ്സു മഹാരാജാവിന്റെ ആളുകളോടുകൂടി തിരുവിതാംകൂറിലേക്ക് പുറപ്പെടുകയും യഥാകാലം രാജധാനിയിലെത്തി മഹാരാജാവിനെ കാണുകയും തന്റെ കൈവശമുണ്ടായിരുന്ന ഗുളിക മൂന്നും മൂന്നു നേരമായി മഹാരാജാവിനെ സേവിപ്പിക്കുകയും ചെയ്തു.
ആ ഗുളിക സേവിച്ചതോടുകൂടി തിരുമനസ്സിലേക്കു വയറ്റിൽ വേദന നിശ്ശേ‌ഷം വിട്ടുമാറി. അവിടുന്നു പരിപൂർണ്ണസുഖത്തെ പ്രാപിച്ചു. അതിനാൽ അവിടുന്നു സന്തോ‌ഷിച്ച് ഉണ്ണിമൂസ്സിനു വിലപിടിച്ച അനേകം സമ്മാനങ്ങൾ കൽപ്പിച്ചു കൊടുത്തു. ഉണ്ണിമൂസ്സ്, "എനിക്ക് ഇതൊന്നും ആവശ്യമില്ല" എന്നു പറഞ്ഞ് ഉപേക്ഷിച്ചതല്ലാതെ അവയിലൊന്നും സ്വീകരിച്ചില്ല. "പിന്നെ മൂസ്സിന് എന്താണ് വേണ്ടതെ"ന്ന് കൽപ്പിച്ചു ചോദിച്ചപ്പോൾ ഉണ്ണിമൂസ്സു തന്നോട് ഉറക്കത്തിൽ വൃദ്ധബ്രാഹ്മണൻ പറഞ്ഞതുപോലെയൊക്കെ പറയുകയും അപ്രകാരമെല്ലാം ചെയ്യുന്നതിനു വേണ്ടുന്ന പണവുംകൊടുത്തു തക്കതായ ആളുകളെ കൽപ്പിച്ചയയ്ക്കുകയും ചെയ്തു.
മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപ്പിച്ചയച്ച ആളുകൾ താമ്രപർണ്ണീ തീരത്തെത്തി, ഏതു ഭാഗത്താണ് മുങ്ങിത്തപ്പേണ്ടതെന്നു സംശയിച്ചുകൊണ്ടുനിന്നപ്പോൾ എവിടെനിന്നോ അവിടെ ഒരു സന്യാസി ചെന്നുചേർന്നു. അപ്പോൾ ഒരു കൃ‌ഷ്ണപ്പരുന്തു നദിയുടെ മേൽഭാഗത്തു വട്ടത്തിൽ പറന്നുകൊണ്ടിരിക്കുകയും ചെയ്തു. ആ സന്യാസി രാജപുരു‌ഷന്മാരോടു "നിങ്ങൾ എന്താണ് സംശയിച്ചു നിൽക്കുന്നത്? ആ പരുന്തു പറക്കുന്നതിന്റെ നേരെ താഴെ മുങ്ങി നോക്കിയാൽ ബിംബം കിട്ടും" എന്നു പറഞ്ഞു. മഹാരാജാവിന്റെ ആളുകൾ അവിടെ മുങ്ങിത്തപ്പുകയും ധന്വന്തരിയുടെ ഒരു ശിലാവിഗ്രഹം കണ്ടുകിട്ടുകയും ചെയ്തു. ബിംബമെടുത്തു കരയ്ക്കു കൊണ്ടുവന്നപ്പോൾ ആ സന്യാസി, "നിങ്ങൾ ഈ ബിംബം കൊണ്ടുപോയി പ്രതി‌ഷ്ഠയ്ക്കു വേണ്ടതൊക്കെ തയ്യാറാക്കുവിൻ. പ്രതി‌ഷ്ഠയ്ക്കുള്ള മുഹൂർത്തമാകുമ്പോൾ ഞാനവിടെ വന്നു പ്രതി‌ഷ്ഠ നടത്തിക്കൊള്ളാം"എന്നു പറഞ്ഞിട്ട് അവിടെനിന്നു പോവുകയും ചെയ്തു. ആ സന്യാസി എവിടെനിന്നാണ് വന്നതെന്നും എങ്ങോട്ടാണ് പോയതെന്നും ആർക്കും നിശ്ചയമില്ല.
മഹാരാജവിന്റെ ആളുകൾ ബിംബവുംകൊണ്ടു പിലാമന്തോൾ എത്തി, ബിംബം അവിടെ പുഴയിൽ ജലാധിവാസം ചെയ്യിക്കുകയും മൂസ്സിന്റെ പരദേവതയായ ശിവന്റെ അമ്പലത്തിൽത്തന്നെ മുമ്പുണ്ടായിരുന്ന ശ്രീകോവിലിന്റെ ഇടത്തുവശത്തായി ഒരു ശ്രീകോവിൽകൂടി പണിയിക്കുകയും പ്രതി‌ഷ്ഠയ്ക്ക് ഒരു ശുഭമുഹൂർത്തം നിശ്ചയിക്കുകയും മുഹൂർത്ത സമയമായപ്പോൾ മേൽപ്പറഞ്ഞ സന്യാസി അവിടെ എത്തുകയും ബിംബമെടുത്തുകൊണ്ടുവരാൻ ആജ്ഞാപിക്കുകയും ചെയ്തു. ഉടനെ രണ്ടു ബ്രാഹ്മണശ്ര‌ഷ്ഠന്മാർ പോയി ബിംബമെടുക്കാൻ നോക്കിയിട്ടു സാധിക്കായ്കയാൽ പിന്നെ നാലഞ്ചുപേർകൂടി പോയി. എന്നിട്ടു സാധിച്ചില്ല. കിം ബഹുനാ? അസംഖ്യം ബാഅണന്മാർകൂടി ശ്രമിച്ചിട്ടും ആ ബിംബം കിടന്ന സ്ഥലത്തുനിന്ന് ഇളക്കിയെടുക്കാൻപോലും കഴിഞ്ഞില്ല. ആരു വിചാരിച്ചാലും ബിംബം അവിടെനിന്ന് ഇളക്കിയെടുക്കാൻ സാധിക്കയില്ലെന്നു തീർച്ചയായപ്പോൾ ആ സന്യാസി ഒരു ജലപാത്രവുമെടുത്തുകൊണ്ട് ആ സ്ഥലത്തേക്കു ചെല്ലുകയും ഒരു കൈകൊണ്ടു നി‌ഷ്പ്രയാസം ആ ബിംബം പുഴയിൽനിന്ന് എടുക്കുകയും മറ്റേക്കയ്യിലുണ്ടായിരുന്ന ജലപാത്രത്തിൽ വെള്ളം മുക്കിയെടുക്കുകയും ചെയ്തുകൊണ്ട് അമ്പലത്തിലെത്തി. മുഹൂർത്തസമയത്തുതന്നെ ബിംബം പ്രതി‌ഷ്ഠിക്കുകയും ജലപാത്രത്തിലുണ്ടായിരുന്ന വെള്ളംകൊണ്ട് ബിംബത്തിന് അഭി‌ഷേകം കഴിക്കുകയും ചെയ്തു. അന്നുമുതൽ പിലമന്തോൾ മൂസ്സന്മാർക്കു ശിവനും ധന്വന്തരിയും പരദേവതമാരായിത്തീർന്നു. അവർ ഇന്നും ആ രണ്ടു ദേവന്മാരെയും ഒരുപോലെ സേവിക്കുകയും ആചരിക്കുകയും ചെയ്തുവരുന്നു. അവിടെ രണ്ടു ദേവന്മാർക്കും നിത്യനിദാനം, മാസവിശേ‌ഷം, ആട്ടവിശേ‌ഷം മുതലായവയെല്ലാം ഇന്നും ഒരുപോലെ തന്നെയാണ് നടത്തിവരുന്നത്. ആരെങ്കിലും അവിടെ വഴിപാടു കഴിക്കുകയാണെങ്കിലും രണ്ടു ദേവന്മാർക്കും ഒരുപോലെ വേണം. ഒരു കദളിപ്പഴം നിവേദിക്കുകയാണെങ്കിൽ അതു നടുവേ മുറിച്ചു രണ്ടിടത്തു ഒരുപോലെ നിവേദിക്കണം. ഇങ്ങനെയെല്ലാം ഇപ്പോഴും നടന്നുവരുന്നു.
തിരുവിതാംകൂർ മഹാരാജാവിന്റെ സുഖക്കേടു ഭേദമാക്കിയ ഉണ്ണിമൂസ്സ് ധന്വന്തരിയുടെ പ്രതി‌ഷ്ഠ കഴിഞ്ഞതിന്റെ ശേ‌ഷം ആ ദേവനെയും പൂർവ്വപരദേവതയായ ശിവനെയും ഭക്തിപൂർവ്വം വളരെ സേവിക്കുകയും അ‌ഷ്ഠവൈദ്യന്മാരിലൊരാളായ ആലത്തൂർനമ്പിയുടെ അടുക്കൽ യഥാക്രമം വൈദ്യശാസ്ത്രം പഠിക്കുകയും വൈദ്യവി‌ഷയത്തിൽ അവിടുന്ന് അതിസമർത്ഥനും വിശ്വവിശ്രുതനുമായിത്തീരുകയും അനന്തരം തന്റെ ഗുരുനാഥന്റെ പുത്രിയായ ഒരു കന്യകയെ യഥാക്രമം വിവാഹം കഴിക്കുകയും അതിൽ അവിടേക്കു ധാരാളം പുത്രസന്താനങ്ങളുണ്ടാവുകയും ആ സന്താനപരമ്പര ക്രമേണ വർദ്ധിക്കുകയും അവരെല്ലാവരും അവരുടെ പരദേവതമാരെ യഥാക്രമം സേവിക്കുകയാൽ വൈദ്യവി‌ഷയത്തിൽ പൂർവന്മാരെ അതിശയിചു പ്രസിദ്ധന്മാരായിത്തീരുകയും ചെയ്തു.
ധന്വന്തരിയെ പ്രതി‌ഷ്ഠിച്ച സന്യാസി പ്രതി‌ഷ്ഠാനന്തരം എങ്ങോട്ടും പോയില്ല. തപസ്സുചെയ്തുകൊണ്ട് ആ അമ്പലത്തിൽത്തന്നെ വളരെക്കാലമിരിക്കുകയും ഒടുക്കം അവിടെവച്ചുതന്നെ സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തു. സന്യാസിയുടെ മൃതശരീരം ആ അമ്പലത്തിൽത്തന്നെ രണ്ടു ശ്രീകോവിലുകളുടെയും മദ്ധ്യത്തിലായി ഭൂമിദാനം ചെയ്യ(സംസ്കരിക്ക)പ്പെടുകയും ആ സ്ഥലത്ത് ഒരു തറകെട്ടിച്ചു തുളസി നടുകയും ചെയ്തു. ആ തുളസിത്തറയും തുളസിയും ഇപ്പോഴും അവിടെ കാൺമാനുണ്ട്.
ധന്വന്തരിയുടെ പ്രതി‌ഷ്ഠയും സന്യാസിയുടെ സ്വർഗ്ഗാരോഹണവും മറ്റും കഴിഞ്ഞിട്ടു വളരെ തലമുറകൾക്കുശേ‌ഷം പിലാമന്തോൾ മൂസ്സിന്റെ ഇല്ലത്ത് ഒരു കാലത്ത് ഓരോരുത്തരായി കാലധർമ്മത്തെ പ്രാപിക്കുകയും ഒടുക്കം ഒരു കന്യക മാത്രം ശേ‌ഷിക്കുകയും ചെയ്തു. അക്കാലത്തു നാടുവാണിരുന്ന സാമൂതിരിപ്പാടു തമ്പുരാന്റെ പുറത്ത് ഏറ്റവും വലിയതായ ഒരു പ്രമേഹകുരു ഉണ്ടാവുകയും അതിനു ചികിത്സിക്കുന്നതിനു പിലമന്തോൾ ഇല്ലത്തു മൂസ്സന്മാരാരും ഇല്ലാതെയിരിക്കുകയും ചെയ്കയാൽ അവിടുത്തെ പ്രധാന ശി‌ഷ്യന്മാരിലൊരാളും പിലമന്തോൾക്കു സമീപം "കുലുക്കലൂർ" എന്ന ദേശത്തുകാരനും "വടക്കുംകര" എന്ന് ഇല്ലപ്പേരുമായ ഒരു നമ്പൂതിരിയെക്കൊണ്ടു ചികിത്സിപ്പിച്ചു. ശസ്ത്രക്രിയ ചെയ്യാതെ സുഖപ്പെടുത്താൻ പ്രയാസമാണെന്നു തോന്നുകയാൽ നമ്പൂരി കുരു കീറുകയും ചികിത്സിച്ചു ദീനം ഭേദമാക്കുകയും ചെയ്തു. ശസ്ത്രക്രിയ ചെയ്യുകയാൽ ആ നമ്പൂരിയുടെ ശ്രാദ്ധാദികൾ ശേ‌ഷമുള്ള നമ്പൂതിരിമാർ നടത്തിക്കൊടുക്കാതിരിക്കുകയും അദ്ദേഹത്തിനു സ്വന്തം ഇല്ലത്തുതന്നെ താമസിക്കാൻ പാടില്ലെന്നായിത്തീരുകയും ചെയ്തു. അതിനാൽ ആ വിവരം നമ്പൂരി സാമൂതിരിപ്പാടുതമ്പുരാന്റെ അടുക്കൽ അറിയിക്കുകയും തമ്പുരാൻ ആ നമ്പൂതിരിയെക്കൊണ്ട് പിലാമന്തോളില്ലത്തുണ്ടായിരുന്ന കന്യകയെ വിവാഹം കഴിപ്പിക്കുകയും സർവ്വസ്വദാനമായി അവിടെ ദത്തു കയറ്റി താമസിപ്പിക്കുകയും ആ നമ്പൂതിരിക്കായി വളരെ വസ്തുവഹകൾ കല്പിച്ചു കൊടുക്കുകയും ചെയ്തു. പിലാമന്തോൾ മൂസ്സിന്റെ ഇല്ലത്തേക്ക് ഇപ്പോൾ ഉള്ള വസ്തുക്കളിൽ മിക്കവയും സാമൂതിരിപ്പാടു തമ്പുരാൻ ഇപ്രകാരം കല്പിച്ചു കൊടുത്തിട്ടുള്ളവയും ആ ഇല്ലത്തുള്ളവർ വടക്കുംകര നമ്പൂരിയുടെ സന്താനപരമ്പരയിലുൾപ്പെട്ടവരുമാണ്. ഇപ്പോൾ ഈ ഇല്ലത്ത് ഒരു മൂസ്സും അവിടുത്തെ അമ്മയും അവിടുന്നു വിവാഹം കഴിച്ചിട്ടുള്ള അന്തർജ്ജനവും രണ്ടു പുരു‌ഷസന്താനങ്ങളും ഒരു സ്ത്രീ സന്താനവും മാത്രമേ ഉള്ളു. ആ പുരാതന കുടുംബം സകലൈശ്വര്യങ്ങളോടുംകൂടി എന്നെന്നും വർദ്ധിച്ചിരിക്കുവാൻ സ്വർവ്വേശ്വരൻ കടാക്ഷിക്കുമാറാകട്ടെ.

സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട്

സ്വാതിതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ട്

കൊല്ലം 1004-ആമാണ്ടുമുതൽ 1022-ആമാണ്ടുവരെ അനിതരസാധാരണമായ സാമർത്ഥ്യത്തോടും നീതിയോടും കൂടി തിരുവിതാംകൂർ രാജ്യം യഥായോഗ്യം ഭരിച്ചിരുന്ന മഹാനും സംഗീതസാഹിത്യസാഗരപാരഗനും ശൂരനും ധീരനും കുശാഗ്രബുദ്ധിയും ഗർഭശ്രീമാനുമായിരുന്ന സ്വാതി തിരുനാൾ മഹാരാജാവു തിരുമനസ്സിലെക്കുറിച്ചു കേട്ടിട്ടില്ലാത്തവർ കേരള രാജ്യങ്ങളിലെന്നല്ല, പരദേശങ്ങളിൽപ്പോലും അധികമുണ്ടായിരിക്കയില്ല. ഈ തിരുമനസ്സുകൊണ്ട് അവതാരം ചെയ്തരുളിയത് 988-ആമാണ്ടു മേടമാസത്തിലാണ്.
988-ആമാണ്ട് ബാലരാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു നാടുനീങ്ങിയതിനോടുകൂടി തിരുവിതാംകൂർ മഹാരാജവംശത്തിൽ ആൺവഴിത്തമ്പുരാക്കൻമാരാരുമില്ലാതെയായിത്തീരുകയും തന്നിമിത്തം അന്ന് പെൺവഴിത്തമ്പുരാക്കൻമാരിൽ മൂപ്പായിരുന്ന ലക്ഷ്മി മഹാരാജ്ഞി അക്കാലംമുതൽ രാജ്യം ഭരിച്ചുതുടങ്ങുകയും ആ മഹാരാജ്ഞി 990-ആമാണ്ടു നാടുനീങ്ങിപ്പോവുകയാൽ അക്കാലംമുതൽ തത്സഹോദരിയായ പാർവ്വതീമഹാരാജ്ഞി നാടുവാഴുകയും ചെയ്തിട്ടുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. അതിനാൽ സ്വാതിതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് തിരുവവതാരം ചെയ്തതുതന്നെ രാജ്യാധിപതിയായിട്ടാണ്. അതിനാലാണ് ആ തിരുമേനിയെ എല്ലാവരും "ഗർഭശ്രീമാൻ" എന്നു പറഞ്ഞുവന്നിരുന്നത്. ഈ തിരുമനസ്സുകൊണ്ട് തിരുവവതാരം ചെയ്തതിന്റെശേ‌ഷം മേല്പറഞ്ഞ മഹാരാജ്ഞികൾ രാജ്യം ഭരിച്ചിരുന്നത് ഈ തിരുമനസ്സിലെ പ്രാതിനിധ്യത്തോടുകൂടിയായിരുന്നുവെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. 1004-ആമാണ്ട് തിരുമനസ്സിലേക്കു പതിനാറു തിരുവയസ്സാവുകയും തിരുമാടമ്പു കഴിയുകയും ചെയ്യുകയാൽ അക്കാലം മുതൽ തിരുമനസ്സു കൊണ്ടു രാജ്യഭരണം ആരംഭിച്ചു. പുരു‌ഷപ്രായം തികയുന്നതിനു പതിനെട്ടു വയസ്സാകണമെന്നേ അക്കാലത്ത് നിർബന്ധമുണ്ടായിരുന്നുള്ളൂ. പതിനാറു വയസ്സായാൽ രാജ്യഭരണമാരംഭിക്കാമെന്നായിരുന്നു ഇവിടുത്തെ ചട്ടം. കീഴ്നടപ്പും അങ്ങനെയായിരുന്നു. ബാലരാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് 73-ആമാണ്ട് രാജ്യഭരണമാരംഭിച്ചപ്പോൾ അവിടേക്കു പതിനാറു വയസ്സുമാത്രമേ ആയിരുന്നുള്ളുവല്ലോ. അതിനാൽ ബുദ്ധി സാമർത്ഥ്യവും തന്റേടവും ഭരണശക്തിയുമുള്ള ഈ തിരുമനസ്സുകൊണ്ടു പതിനാറാമത്തെ തിരുവയസ്സിൽ രാജ്യഭരണമാരംഭിച്ചത് അഭൂതപൂർവ്വവും അത്ഭുതവുമായ ഒരു കാര്യമല്ല. ഈ തിരുമനസ്സുകൊണ്ടു ബുദ്ധിയും നീതിയും കാര്യഗ്രഹണശക്തിയും താൻ നിശ്ചയിക്കുന്ന കാര്യം അപ്രകാരം തന്നെ നടക്കണമെന്നു നിർന്ധവുമുള്ള ആളാണെന്നുള്ളതിലേക്ക് അവിടുത്തെ ബാല്യത്തിൽത്തന്നെ അനേകം ദൃഷ്ടാന്തങ്ങളുണ്ടായിട്ടുണ്ട്. യാഗം കഴിഞ്ഞ് സോമയാജി (ചോമാതിരി) ആകുന്നവർക്ക് തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ തിരുബലി മുതലായ അടിയന്തിരങ്ങൾക്കു കൊല്ലംതോറും ഓരോ പണക്കിഴിവീതം കൊടുക്കുക പതിവുണ്ട്. ഈ ദാനത്തിനു "കർമ്മിത്താനം" എന്നാണ് പേര് പറഞ്ഞു വരുന്നത്. കിഴിയിൽ ഒരുനൂറ്റൊന്നു പണം വീതമാണ് പതിവ്. അങ്ങനെയുള്ള കിഴി നാലും അഞ്ചും അതിലധികവും പതിവുള്ള ചോമാതിരിമാരും ചിലപ്പോൾ ഉണ്ടായേക്കും. ഒരു ചോമാതിരി മരിച്ചാൽ ആ വിവരം മഹാരാജാവുതിരുമനസ്സിലെ അടുക്കൽ ആദ്യം ചെന്നറിയിക്കുന്ന ചോമാതിരിക്കു മരിച്ച ചോമാതിരിക്കു പതിവുള്ള കിഴികൂടി പേരിൽപ്പതിച്ചു കൊടുക്കും. എന്നാൽ വിവരം തിരുമനസ്സറിയിക്കുന്നതു ചോമാതിരി തന്നെ വേണമെന്നു നിർബന്ധമില്ല. ചോമാതിരിയുടെ ഇല്ലത്തുള്ളവരിൽ ആരെങ്കിലുമായാൽ മതി. തിരുമുമ്പാകെച്ചെന്ന്, "ഇന്ന ഇല്ലത്തെ ഇന്ന ചോമാതിരി മരിച്ചുപോയി. അദ്ദേഹത്തിന്റെ പേരിലുള്ള താനം എന്റെ ഇല്ലത്തെ ഇന്ന ചോമാതിരിയുടെ പേരിൽ പതിച്ചുതരുന്നതിന് കല്പനയുണ്ടാകണം" എന്നാണ് പറയേണ്ടത്. ഇങ്ങനെ പറയുന്നതിന് "വീഴിലം പറയുക" എന്നാണ് പറഞ്ഞുവരുന്നത്. വീഴില്ലം പറയുന്നതിന് തിരുമനസ്സിലെ സന്നിധിയിൽ ചെല്ലുന്നതിനു സമയം നോക്കേണ്ടാ. ഏതു സമയത്തും ചെന്നു പറയാമെന്നാണ് വെയ്പ്. പള്ളിയറയിൽ പള്ളിക്ക് കുറുപ്പായിക്കിടക്കുന്ന സമയത്തു വാതിൽ മുട്ടിവിളിച്ചുണർത്തിപ്പറയുന്നതിനും വിരോധമില്ല.
ഒരിക്കൽ ഒരു ചോമാതിരി മരിച്ചിട്ടു വീഴില്ലം പറയാനായി വേറെ രണ്ടില്ലത്തുള്ള ചോമാതിരിയുടെ ഇല്ലങ്ങളിൽനിന്നു രണ്ടു നമ്പൂതിരിമാർ പുറപ്പെട്ടു. രണ്ടുപേരും ഒരേ സമയത്തുതന്നെ കരൂപ്പടന്നെ വന്നെത്തി. രണ്ടുപേരും ഉടനെ രണ്ടു വള്ളങ്ങളിലായിക്കയറി ഒരുമിച്ചു പുറപ്പെട്ടു. അക്കാലങ്ങളിൽ കരൂപ്പടന്നക്കടവിൽ സദാ വള്ളവുമായി വള്ളക്കാരുണ്ടായിരിക്കുക പതിവാണ്. ഈ നമ്പൂതിരിമാർ കയറിയ വള്ളങ്ങളിലെ ഊന്നുകാർ സമർത്ഥന്മാരും പരിചയമുള്ളവരുമായ നായന്മാരായിരുന്നു. രണ്ടു നമ്പൂതിരിമാരും അവരവരുടെ വള്ളക്കാരോടു മുൻകൂട്ടി തിരുവനന്തപുരത്തെത്തിചാൽ പതിവുള്ള കൂലി കൂടാതെ വിശേ‌ഷാൽ ചില സമ്മാനങ്ങളും മറ്റും കൊടുത്തേക്കാമെന്നു പറഞ്ഞ് അവരെ പ്രാത്സാഹിപ്പിച്ചു. അതിനാൽ വളരെ വാശിയോടുകൂടി രണ്ടു വള്ളക്കാരും ഊന്നിത്തുടങ്ങി. കടുകിടയ്ക്കു വ്യത്യാസംകൂടാതെ രണ്ടു വള്ളങ്ങളും ഒരു പോലെ നിന്നു. അങ്ങനെ പോയി രണ്ടു വള്ളങ്ങളും ഒരുമിച്ചു തിരുവനന്തപുരത്തു കൽപ്പാലക്കടവിൽച്ചെന്നടുത്തു. ഉടനെ ഒരു നമ്പൂതിരി കരയ്ക്കു ചാടി മറ്റേ വള്ളത്തിന്റെ തലയ്ക്കൽ പിടിച്ച് ഒരു തള്ളുകൊടുത്തുംവച്ച് ഓടി. അന്നു നാടുവാണിരുന്നത് ഉത്രട്ടാതി തിരുനാൾ പാർവ്വതീഭായി മഹാറാണി തിരുമനസ്സുകൊണ്ടായിരുന്നു. ഓടിപ്പോയ നമ്പൂതിരി കൊട്ടാരത്തിനകത്തു കടന്നു തിരുമുമ്പാകെച്ചെന്നു വിവരം തിരുമനസ്സറിയിച്ചിട്ടു കുളിക്കാൻ പോയി. പിടിച്ചു തള്ളപ്പെട്ട വള്ളത്തിലിരുന്നിരുന്ന നമ്പൂതിരി വീണ്ടും വള്ളമടുപ്പിച്ചു കരയ്ക്കിറങ്ങി ഓടി കൊട്ടാരത്തിലെത്തിയപ്പോഴേക്കും മുമ്പേ ഓടിയ നമ്പൂതിരി വീഴില്ലം പറയുക കഴിഞ്ഞു എന്നറിയുകയാൽ അദ്ദേഹത്തിനു ഏറ്റവും വി‌ഷാദവും ഇച്ഛാഭംഗവുമുണ്ടായി എന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. അദ്ദേഹം പ്രാതഃസ്നാനവും ജപവും നമസ്കാരവും തേവാരവും മറ്റും പതിവുള്ള ഒരു വിശി ഷ്ടനായിരുന്നു. അവയെല്ലാം മുടക്കി വളരെ കഷ്ടപ്പെട്ടു തിരുവനന്തപുരം വരെ ചെന്നിട്ടു കാര്യം ഫലിക്കാതെപോയതിൽ അദ്ദേഹത്തിനു വളരെ വ്യസനമുണ്ടായത് അത്ഭുതമല്ലല്ലോ. തിരുവനന്തപുരത്ത് എത്തിയപ്പോൾത്തന്നെ നേരം നാലഞ്ചുനാഴിക പുലർന്നിരുന്നു. കാര്യം തെറ്റിപ്പോയതിലുണ്ടായതിലധികം വി‌ഷാദം അദ്ദേഹത്തിന് യഥാകാലം കുളിയും തേവാരവും കഴിക്കാൻ സാധിക്കാഞ്ഞതുകൊണ്ടായിരുന്നു. "വിചാരിച്ചുവന്ന കാര്യം പൂജ്യമായി, കുളി മുതലായതിനു നേരവും തെറ്റി. ഇനിയെങ്കിലും വേഗത്തിൽ കുളിച്ചു നിത്യകർമ്മമെങ്കിലും കഴിക്കാം. തേവാരത്തിനും വൈശ്യത്തിനും മറ്റും വേണ്ടുന്ന പൂവും പുല്ലും മറ്റും ഇവിടെക്കിട്ടാൻ മാർഗ്ഗമില്ലല്ലോ. അതുകൊണ്ട് അതൊക്കെ ഊർദ്ധ്വം തന്നെ എന്നിങ്ങനെ വിചാരിച്ചു വി‌ഷാദിച്ചുകൊണ്ട് ആ നമ്പൂതിരിയും കുളിക്കാനായി പുറപ്പെട്ടു. ആ സമയം സമപ്രായക്കാരായ അഞ്ചെട്ടു ബാലന്മാരോടുകൂടി കളിച്ചുകൊണ്ട് നമ്മുടെ സ്വാതിതിരുനാൾ തിരുമനസ്സുകൊണ്ട് കൊട്ടാരത്തിന്റെ മുറ്റത്ത് എഴുന്നള്ളി നിന്നിരുന്നു. ഓടിയതിനാൽ ക്ഷീണിച്ചും തളർന്നും വിയർത്തൊലിച്ചും വി‌ഷാദഭാവത്തോടുകൂടിയും പോകുന്ന ആ നമ്പൂതിരിയെക്കണ്ടിട്ട് തിരുമനസ്സുകൊണ്ട് നമ്പൂതിരിയെ വിളിച്ച് അടുക്കൽ വരുത്തീട്ട്, "അങ്ങ് എന്താണ് ഇത്ര ക്ഷീണിച്ചിരിക്കുന്നത്? മുഖം കണ്ടിട്ട് എന്തോ വലുതായ ഒരു വി‌ഷാദം മനസ്സിലുള്ളതുപോലെ തോന്നുന്നുവല്ലോ. അതിന്റെ കാരണം പറയൂ. എന്തായാലും സമാധാനമുണ്ടാക്കാം, ഒട്ടും വി‌ഷാദിക്കേണ്ടാ" എന്നു കല്പിച്ചു. തിരുമനസ്സിലേക്ക് അന്ന് ഏകദേശം എട്ടു തിരുവയസ്സുമാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. തന്നോട് ഇപ്രകാരം സമാധാനം പറയുന്ന ഈ ബാലൻ ആരാണെന്നു നമ്പൂതിരിക്കു നല്ലപോലെ മനസ്സിലായില്ലെങ്കിലും ഏറ്റവും തേജസ്വിയും ആജാനു ബാഹുവുമായ ഈ കുമാരൻ കേവലം നിസ്സാരനല്ലെന്നും ഒരുസമയം രാജകുമാരൻ തന്നെ ആയിരിക്കാമെന്നും അദ്ദേഹം ഊഹിക്കാതെയിരുന്നില്ല. "കേവലം നിസ്സാരനായ ഒരു ചെറിയ കുട്ടിയിൽനിന്ന് ഇപ്രകാരമുള്ള സാന്ത്വനവാക്കുകളുണ്ടാവാനിടയില്ലല്ലോ" എന്നു വിചാരിച്ച് അദ്ദേഹം പരമാർത്ഥമെല്ലാം തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട്, "ആട്ടെ, കുളിയും തേവാരവും മറ്റും കഴിയട്ടെ. കാര്യത്തിന് എന്തെങ്കിലും സമാധാനമുണ്ടാകും" എന്നു കല്പിച്ചു നമ്പൂതിരിയെ അയച്ചു. അദ്ദേഹത്തിന്റെ കുളി കഴിഞ്ഞപ്പോഴേക്കും തേവാരത്തിനു വേണ്ടുന്നതെല്ലാം കല്പനപ്രകാരം ഒരു കുട്ടിപ്പട്ടർ കടവിൽ ഹാജരാക്കിക്കൊടുത്തു. തേവാരം കഴിഞ്ഞപ്പോൾ മറ്റൊരു പട്ടർ ചെന്ന് "ഊണിനെല്ലാം കാലമായിരിക്കുന്നു. കൊട്ടാരത്തിലേക്കു വരാം" എന്നു പറഞ്ഞു. ഉടനെ നമ്പൂതിരി കൊട്ടാരത്തിൽ ചെല്ലുകയും വെടിപ്പായി ഭക്ഷണം കഴിക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോൾ മുമ്പു തന്നെ സമാധാനപ്പെടുത്തി കുളിക്കാൻ പറഞ്ഞയച്ചത് സ്വാതിതിരുനാൾ മഹാരാജകുമാരൻ തന്നെയാണെന്ന് അദ്ദേഹം തീർച്ചപ്പെടുത്തി. തിരുമേനിയെ നമ്പൂതിരി മുമ്പു കണ്ടിട്ടില്ലായിരുന്നുവെങ്കിലും ധാരാളമായി കേട്ടിട്ടുണ്ടായിരുന്നു.
നമ്പൂതിരിയെ കുളിക്കാൻ കല്പിച്ചയച്ച ഉടനെ തിരുമനസ്സുകൊണ്ട് "ഇന്ന് ഇല്ലത്തെച്ചോമാതിരി മരിച്ചുപോവുകയും ഇന്ന ഇല്ലത്തെ നമ്പൂതിരി വന്നു നമ്മോടു വീഴില്ലം പറയുകയും ചെയ്തിരിക്കകൊണ്ടു മരിച്ചുപോയ ചോമാതിരിയുടെ പേരിലുള്ള താനം വീഴില്ലം പറഞ്ഞ നമ്പൂതിരിയുടെ ഇല്ലത്തുള്ള ചോമാതിരിയുടെ പേരിൽ പതിച്ചുകൊടുത്തുകൊള്ളണം" എന്നു കല്പിച്ചു പകടശാലയിലേക്ക് എഴുതിയയപ്പിച്ചു. അതു പകടശാലയിൽ എത്തിയപ്പോഴേക്കും മഹാരാജ്ഞി തിരുമനസ്സിലെ കല്പന പ്രകാരം താനം പേരുമാറിപ്പതിക്കുക കഴിഞ്ഞിരുന്നു. അതിനാൽ പകടശാലയിലുള്ള ഉദ്യോഗസ്ഥന്മാർ വല്ലാതെ കുഴങ്ങിവശായി. മഹാരാജാവു തിരിമനസ്സിലെ കല്പനപ്രകാരം ചെയ്യാതെ ഇരിക്കാമോ? മഹാരാജ്ഞി തിരുമനസ്സിലെ കല്പനപ്രകാരം ചെയ്തതിനെ ഭേദപ്പെടുത്താമോ? രണ്ടും വയ്യാതെ അവർ വി‌ഷമിച്ചു. ഒടുക്കം അവർ ഈ വിവരം മഹാരാജ്ഞി തിരുമനസ്സിലെ അടുക്കൽ അറിയിച്ചു. മഹാരാജ്ഞി തിരുമനസ്സുകൊണ്ട് മഹാരാജാവു തിരുമേനിയെ വിളിചുവരുത്തി, "അപ്പൻ (തിരുവിതാംകൂർ മഹാരാജകുടുംബത്തിൽ പ്രായം കൂടിയവർ കുറഞ്ഞവരെ "അപ്പൻ" എന്നു പറയുന്നതു സാധാരണമാണ്. ഇവിടെ അപ്പൻ എന്നുള്ളതു കുട്ടൻ എന്നും കുഞ്ഞെനും ഓമന എന്നും മറ്റും പറയുന്നതുപോലെ വാൽസല്യസൂചകമായ ഒരോമനപ്പേരായിട്ടാണ് വച്ചിരിക്കുന്നത്) ഇങ്ങനെയൊക്കെത്തുടങ്ങുന്നതെന്താണ്? ആദ്യം വീഴില്ലം പറഞ്ഞ നമ്പൂതിരിയുടെ ഇല്ലത്തുള്ള ചോമാതിരിയുടെ പേരിലാണ് താനം പതിച്ചു കൊടുക്കാൻ ഞാൻചട്ടം കെട്ടിയത്. അതു ഭേദപ്പെടുത്തുന്നതു ന്യായമല്ല" എന്നു കല്പിച്ചു. അതിനു മറുപടിയായി മഹാരാജാവു തിരുമനസ്സുകൊണ്ട് "ഇപ്പോൾ നാടുവാഴുന്നത് അമ്മയാകയാൽ അമ്മയുടെ കല്പനപ്രകാരം കാര്യങ്ങളൊക്കെ നടക്കേണ്ടതാണ്. അതിനു സംശയമില്ല. എന്നാൽ "കുലശേഖരപ്പെരുമാൾ" എന്നുള്ള സ്ഥാനം എനിക്കില്ലേ? എന്റെ അടുക്കൽ വന്നു വീഴില്ലം പറഞ്ഞ ആളെ ഇച്ഛാഭംഗത്തോടുകൂടി മടക്കിയയയ്ക്കുന്നത് ഈ സ്ഥാനത്തേക്കു യുക്തവും ന്യായവുമാണോ? അങ്ങനെയാണെന്ന് അമ്മ കല്പിക്കുന്ന പക്ഷം എനിക്കു നിർബന്ധമില്ല. അമ്മ കല്പിച്ചു ചട്ടം കെട്ടിയതുപോലെ നടക്കട്ടെ. എന്റെ ആജ്ഞയെ ഞാൻ പിൻവലിച്ചേക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നതു ന്യായവും ഈ സ്ഥാനത്തേക്കു യോഗ്യവുമാണെന്ന് അമ്മ കല്പിക്കണം. അല്ലാതെ ഞാൻ സമ്മതിക്കയില്ല" എന്നു കല്പിച്ചു. ഇതു കേട്ടപ്പോൾ മഹാരാജ്ഞി ശരിയായ മറുപടി ഒന്നും തോന്നാതെ കുഴങ്ങി. ഒടുക്കം "ഇനി എങ്ങനെയാണ് വേണ്ടതെന്ന് അപ്പൻ തന്നെ നിശ്ചയിക്കണം. അപ്പൻ നിശ്ചയിക്കുന്നതെല്ലാം എനിക്ക് സമ്മതമാണ്" എന്നു കല്പിച്ചു. ഉടനെ മഹാരാജാവു തിരുമനസ്സുകൊണ്ട്, "അമ്മയ്ക്കു സമ്മതമാണെങ്കിൽ ഇപ്പോൾ ഇവിടെ ന്യായവും രണ്ടുപേർക്കും മാനവുമായിട്ടുള്ളതു ഞാൻ നിശ്ചയിക്കാം. ഇപ്പോൾ ഒരു ചോമാതിരിയുടെ പേരിലുള്ള താനമാണ് ഒഴിഞ്ഞുവന്നിരിക്കുന്നത്. അതിനു രണ്ടുപേർ വന്നു വീഴില്ലം പറയുകയും ചെയ്തു. നമ്മൾ രണ്ടുപേരും പരസ്പരം അറിയാതെ രണ്ടുപേർക്കും പതിച്ചു കൊടുക്കാൻ ചട്ടംകെട്ടുകയും ചെയ്തു. അതിനാൽ ഈ താനം ഒന്നു പകുതിവീതം രണ്ടുചോമാതിരിമാരുടെ പേരിലും തൽക്കാലം പതിച്ചുകൊടുക്കുകയും ഈ ചോമാതിരിമാർ ഒരാൾ മരിക്കുമ്പോൾ ജീവിച്ചിരിക്കുന്ന ചോമാതിരിയുടെ പേരിൽ മുഴുവനാക്കിക്കൊടുക്കുകയും ചെയ്യുന്നതാണ് യുക്തമെന്ന് എനിക്കു തോന്നുന്നു. പിന്നെ അമ്മ കല്പിക്കുന്നതുപോലെ" എന്നു കല്പിച്ചു. അതു കേട്ടപ്പോൾ ഇതു നല്ല ന്യായമാണെന്നു മഹാരാജ്ഞിക്കും തോന്നുകയാൽ അങ്ങനെ ചട്ടം കെട്ടുകയും അക്കാര്യം അങ്ങനെ അവസാനിക്കുകയും ചെയ്തു.
സ്വാതിതിരുനാൾ തിരുമനസ്സിലെ ബാല്യകഥകൾ ഇങ്ങനെ വളരെയുണ്ട്. ഈ ഒരു സംഗതികൊണ്ടുതന്നെ അവിടുന്നു ചെറുപ്പത്തിൽത്തന്നെ ന്യായസ്ഥനും നീതിമാനും താനൊന്നു നിശ്ചയിച്ചാൽ അത് അപ്രകാരം നടക്കണമെന്നു നിർന്ധമുള്ള ആളുമായിരുന്നു എന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാൽ ആ ഭാഗം അധികം വിസ്തരിക്കുന്നില്ല.
വീഴില്ലം പറയുന്നതിന്റെ ചട്ടമൊക്കെ ഇപ്പോൾ വളരെ ഭേദപ്പെട്ടിട്ടുണ്ട്. ഇപ്പോൾ യഥേഷ്ടം ഏതു സമയത്തും തിരുമുമ്പാകെച്ചെന്നു വീഴില്ലം പറയാനും മറ്റും പാടില്ല. അതൊക്കെ ഭേദപ്പെടുത്തീട്ടു വളരെക്കാലമായി. ഇപ്പോൾ വീഴില്ലം പറയുന്നത് കൊട്ടാരത്തിൽച്ചെന്നു തവണക്കാരുടെ അടുക്കൽ മതിയെന്നാണ് ചട്ടം. അവർ സമയം പോലെ തിരുമനസ്സറിയിച്ചു കൊള്ളും.
ഈ തിരുമനസ്സുകൊണ്ട് നരസിംഹാംശസംഭൂതനാണെന്നാണ് അക്കാലത്ത് എല്ലാവരും പറയുകയും വിശ്വസിക്കുകയും ചെയ്തിരുന്നത്. അവിടുന്നു നേരെ നോക്കിയാൽ ഭയപ്പെടാത്തവരായി അക്കാലത്ത് ആരുംതന്നെ ഉണ്ടായിരുന്നില്ല. തിരുമനസ്സുകൊണ്ട് ആരുടെയും നേരെനോക്കി സംസാരിക്കാറില്ല. സംഭാ‌ഷണങ്ങളെല്ലാം നിലത്തുനോക്കിക്കൊണ്ടാണ് പതിവ്.
തിരുമനസ്സുകൊണ്ടു സിംഹാസനാരോഹണം ചെയ്തതിന്റെ ശേ‌ഷം കുറച്ചുകാലം കഴിഞ്ഞപ്പോൾ ബ്രിട്ടീ‌ഷുഗവർമെണ്ടിന്റെ പ്രതിനിധിയും ഈസ്റ്റിന്ധ്യാകമ്പനിക്കാരിൽ പ്രധാനനുമായ ഒരു യൂറോപ്യൻ തിരുമേനിയെക്കാണുന്നതിനായി തിരുവനന്തപുരത്തു വന്നിരുന്നു. ബ്രിട്ടീ‌ഷു ഗവർമ്മേണ്ടും തിരുവതാംകൂർ മഹാരാജാവുമായിട്ടുള്ള ഉടമ്പടിയിൽ ചില ഭേദഗതികൾ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനായിട്ടാണ് സായ്പു വന്നിരുന്നത്. മഹാരാജാവിനുള്ള രാജാധികാരങ്ങളിൽ ചിലതു കുറയ്ക്കുകയും കപ്പത്തിൽ സ്വൽപ്പം കൂട്ടുകയും ചെയണമെന്നായിരുന്നു സായിപ്പിന്റെ ഉദ്ദേശ്യം. മഹാരാജാവിന്നു പ്രായം ചെറുപ്പമാകയാൽ ആ ഉദ്ദേശ്യം നി‌ഷ്പ്രയാസം സാധിക്കാമെന്നും അയാൾ വിചാരിച്ചിരുന്നു. സായ്പു തിരുവനന്തപുരത്തു ചെന്നിട്ട് അയാൾക്കു സുഖമായി താമസിക്കുന്നതിനു വേണ്ടുന്നതെല്ലാം കൽപനപ്രകാരം ചട്ടംകെട്ടിക്കൊടുത്തു. എങ്കിലും തമ്മിൽക്കാണുന്നതിനു വളരെ ദിവസം കഴിഞ്ഞിട്ടേ ദിവസവും സമയവും കൽപിച്ചനുവദിച്ചുള്ളു. കൽപിച്ചനുവദിച്ച ദിവസം നിശ്ചിതസമയത്തു സായ്പു കൂടികാഴ്ചയ്ക്കു നിശ്ചയിച്ചിരുന്ന സ്ഥലത്തെത്തി. തിരുമനസ്സുകൊണ്ട് അതിനു മുമ്പുതന്നെ അവിടെ എഴുന്നള്ളീട്ടുണ്ടായിരുന്നു. സായ്പു ചെന്ന ഉടനെ തിരുമനസ്സുകൊണ്ടു സബഹുമാനം ആസനസത്കാരം ചെയ്ത് ഇരുത്തിയതിന്റെ ശേ‌ഷം അവിടുന്നും ഇരുന്നു കുശലപ്രശ്നം ചെയ്തു. സായ്പു മറുപടി പറയാനായി ഭാവിച്ച സമയം തിരുമനസ്സുകൊണ്ടു തൃക്കണ്ണു തുറന്നു സായ്പിന്റെ നേരെ ഒന്നു നോക്കി. തത്ക്ഷണം സായ്പു ബോധരഹിതനായി നിലത്തു വീണു. "ഇയ്യാളെ എടുത്തു പുറത്തുകൊണ്ടു പോകട്ടെ" എന്നു കല്പിചിട്ടു തിരുമനസ്സുകൊണ്ടു കൊട്ടാരത്തിലേക്കെഴുന്നള്ളി. ഉടനെ നാലു ഭടന്മാർ വന്ന് സായ്പിനെയെടുത്ത് അയാൾക്കു താമസത്തിനു നിശ്ചയിച്ചിരുന്ന സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ചെന്നിട്ടും വളരെനേരം കഴിഞ്ഞതിന്റെ ശേ‌ഷമാണ് സായ്പിന് ബോധം വീണത്. "ഈ മഹാരാജാവിന്റെ കാലത്തു താൻ വിചാരിച്ചുവന്ന കാര്യമൊന്നും സാധിക്കയില്ല" എന്നു നിശ്ചയിച്ച് സായ്പ് അന്നുതന്നെ തിരുവനന്തപുരത്തുനിന്നു മടങ്ങിപ്പോവുകയും ചെയ്തു.
ഒരാണ്ടിൽ മീനമാസത്തിൽ പത്മനാഭസ്വാമിക്ഷേത്രത്തിൽ ഉത്സവത്തിന് ആറാട്ടു കഴിഞ്ഞു കടൽക്കരയിൽനിന്നു തിരിയെ എഴുന്നളളിച്ച സമയം അമ്പാരികെട്ടി അകമ്പടിയാക്കി കൊണ്ടുപോയിരുന്ന മദോൻമത്തനായ ഒരു കൊമ്പനാന പിണങ്ങി ആൾക്കൂട്ടത്തിലേക്ക് ഓടി. വാദ്യക്കാരും അകമ്പടിക്കാരും ദീപയഷ്ടി(തീവെട്ടി)ക്കാരുംമറ്റും പ്രാണഭീതിയോടുകൂടി നാലുവഴിക്കും ഓടിപ്പോയി. പത്മനാഭസ്വാമിയെ എഴുന്നള്ളിച്ചി രുന്നതിന്റെ മുമ്പിൽ പള്ളിവാളും പരിചയും ധരിച്ച് അകമ്പടിയായി നിന്നിരുന്ന തിരുമനസ്സുകൊണ്ടുമാത്രം ഇളകാതെ ആ നിലയിൽത്തന്നെ സധൈര്യം നിന്നു. ജനങ്ങളെല്ലാം ഒഴിഞ്ഞോടിക്കഴിഞ്ഞപ്പോൾ ആന തിരുമനസ്സിലെ നേരെ പാഞ്ഞടുത്തു. ആനക്കാരൻ മുമ്പേതന്നെ ഓടിയൊളിച്ചിരുന്നതിനാൽ ആനയ്ക്കു സ്വാതന്ത്ര്യവും സിദ്ധിച്ചിരുന്നു. ആന നേരെ പാഞ്ഞുവരുന്നതു കണ്ടിട്ടും അവിടേക്കു യാതൊരു കൂസലുമുണ്ടായിരുന്നില്ല. തുമ്പിക്കൈകൊണ്ട് എത്തിപ്പിടിക്കുവാൻ തക്കവണ്ണം അടുത്തപ്പോൾ തിരുമനസ്സുകൊണ്ട് തൃക്കണ്ണുകൾ തുറന്ന് ആനയുടെ നേരെ ഒന്നു നോക്കി. ആന ഉടനെ അത്യുച്ചത്തിലുള്ള ദീനസ്വരത്തോടുകൂടി തിരുമുമ്പിൽ കൊമ്പുകുത്തി. ആനയുടെ കൊമ്പുകൾ മുഴുവനും നിലത്തു താഴ്ന്നു. ഉടനെ ആനക്കാരൻ അവിടെയെത്തി, ആനയെ എഴുന്നെൽപ്പിച്ചു കൂച്ചുവിലങ്ങിട്ടു കൊണ്ടുപോയി. ആന പേടിച്ചുവിറച്ചുകൊണ്ടാണ് ആനക്കാരൻമാരുടെ കൂടെപ്പോയത്. പിന്നെ ആന തിരുമനസ്സിലെ ശബ്ദം കേട്ടാൽപ്പോലും നടുങ്ങുമായിരുന്നു. ഇപ്രകാരമുള്ള തിരുമനസ്സുകൊണ്ട് നരസിംഹാംശസംഭൂതാണെന്ന് ജനങ്ങൾ വിശ്വസിച്ചിരുന്നതിൽ അത്ഭുതമില്ലല്ലോ.
തിരുമനസ്സിലെ നാമം കേട്ടാൽത്തന്നെ പേടിക്കാത്തവരായി അക്കാലത്ത് ആരുമുണ്ടായിരുന്നില്ല. എന്നാൽ അക്രമമായി അവിടുന്ന് ആരെയും ശിക്ഷിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നില്ല. വാസ്തവത്തിൽ അവിടുന്ന് ഏറ്റവും ദയാലുവായിരുന്നു. അവിടുന്ന് ക്രൂരപ്രവൃത്തി ഒന്നുംതന്നെ ചെയ്തിരുന്നില്ല. എന്നാൽ എത്ര വലിയ ആളായാലും കുറ്റം ചെയ്താൽ അവിടുന്ന് മുറയ്ക്കു ശിക്ഷിക്കാതെയിരിക്കാറില്ല. കുറ്റക്കാരുടെ പേരിൽ അവിടേക്ക് ലേശവും ദാക്ഷിണ്യമുണ്ടായിരുന്നില്ല. രാജ്യത്തു നീതി നടക്കണമെന്നും താൻ ഒന്നു നിശ്ചയിച്ചാൽ അത് അപ്രകാരംതന്നെ നടക്കണമെന്നും അവിടേക്കു വളരെ നിർന്ധമുണ്ടായിരുന്നു. ഒരു ദിവസം കോവിലെഴുന്നള്ളത്തു സമയത്തു കൂടെയുണ്ടായിരുന്ന സർവ്വാധികാര്യക്കാരോട് "നാളെ ഒരു കുലവാഴച്ചിറപ്പു നടത്തണം" എന്നു കൽപിച്ചു. കുലവാഴച്ചിറപ്പിന് ആയിരത്തിൽക്കുറയാതെ കുലവാഴ വേണ്ടതാകയാൽ സർവാധികാര്യക്കാരൻ "നാളെ നടത്തുന്ന കാര്യം അസാധ്യമാണ്. നാലു ദിവസത്തെ ഇട കൽപിച്ചനുവദിക്കണം" എന്നു തിരുമനസ്സറിയിച്ചു. ഉടനെ അവിടുന്ന് "ചിറപ്പു നാളെത്തന്നെ വേണം. എലാം പഴക്കുല ആയിരിക്കുകയും വേണം" എന്നു കല്പിച്ചു. പിന്നെയും കൽപനയ്ക്കു വിരോധമായി തിരുമനസ്സറിയിച്ചാൽ ശിക്ഷയുണ്ടാകുമെന്ന് അറിയാമായിരുന്നതുകൊണ്ട് സർവ്വാധികാര്യക്കാർ "കൽപനപോലെ നടത്തിക്കൊള്ളാം" എന്നു തീരുമനസ്സറിയിച്ചു. പിറ്റേ ദിവസം വൈകുന്നേരം തിരുമനസ്സുകൊണ്ട് പത്മനാഭസ്വാമി ദർശനത്തിനായി മതിലകത്ത് എഴുന്നളളിയ സമയം അവിടെയെല്ലാം പഴക്കുല വാഴകൊണ്ട് അലങ്കരിച്ചിരുന്നു. ചിറപ്പു കേമമായും ഭംഗിയായും നടക്കുകയും അവിടുന്നു സന്തോ‌ഷിച്ചു സർവ്വാധികാര്യക്കാർക്കു ചില സമ്മാനങ്ങൾ കൽപിച്ചു കൊടുക്കുകയും ചെയ്തു. സർവ്വാധികാര്യക്കാർ പല ദിക്കുകളിലേക്ക് ആളുകളെ ഓടിച്ച് അസംഖ്യം പഴുക്കടയ്ക്കയും കുലച്ച വാഴകളും വരുത്തി, കായയെല്ലാമറുത്തുകളഞ്ഞ് അവയുടെ സ്ഥാനത്തു പഴുക്കടയ്ക്ക കുത്തിക്കോർത്താണ് പഴക്കുലവാഴകളുണ്ടാക്കിച്ചത്. അവിടത്തെ അഭിപ്രായവും അതുതന്നെയായിരുന്നു. ബുദ്ധിമാനായ സർവ്വാധികാര്യക്കാർ അതറിഞ്ഞു പ്രവർത്തിച്ചതിനാലാണ് തിരുമനസ്സിൽ സന്തോ‌ഷമുണ്ടാകുകയും കൽപ്പിച്ചു സമ്മാനം കൊടുക്കുകയും ചെയ്തത്. തിരുമനസ്സിലേക്ക് സന്തോ‌ഷം തോന്നിയാൽ ഉടനെ എന്തെങ്കിലും കൽപ്പിച്ചു സമ്മാനം കൊടുക്കുക പതിവാണ്. ഒരിക്കൽ തിരുവനന്തപുരത്തു പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉത്സവകാലത്ത് ഒരു ദിവസം ശീവേലിക്കെഴുന്നള്ളിച്ചിരുന്ന സമയം മഹാരാജാവു തിരുമനസ്സുകൊണ്ടു ശ്രീപത്മനാഭസ്വാമിയെ ഉദ്ദേശിച്ച് തന്റെ അടുക്കൽ നിന്നിരുന്ന സേവകനും വിദ്വാനും മഹാകവിയുമായിരുന്ന കിളിമാനൂർ ചെറുണ്ണിക്കോയിത്തമ്പുരാനവർകളോട്:
"ശിബികായാം വിഭാത്യേ‌ഷഃ
ശ്രീമാനംബുരുഹേക്ഷണഃ"
എന്നൊരു ശോകത്തിന്റെ പൂർവാർദ്ധം തത്ക്ഷണമുണ്ടാക്കി കൽപ്പിക്കുകയും ഉടനെ കോയിത്തമ്പുരാനവർകൾ ഉത്തരാർദ്ധമായി,
"കനകാദ്രിസമാരൂടന്മ
ഘനകാന്തിം വിഡംബയൻ"
എന്നുണ്ടാക്കിച്ചൊല്ലുകയും ശീവേലി കഴിഞ്ഞു കൊട്ടാരത്തിലെഴുന്നള്ളിയ ഉടനെ തിരുമനസ്സുകൊണ്ടു കോയിത്തമ്പുരാന് ആയിരംരൂപാ വിലയുള്ള വൈരക്കല്ലുകൾ വച്ച ഒരു ജോടി കടുക്കനും ഇപ്രകാരംതന്നെ ഒരാറാട്ടുദിവസം പത്മനാഭസ്വാമിയെ ശംഖുമുഖത്തേക്ക് (പടിഞ്ഞാറെ സമുദ്രതീരത്തേക്ക്) എഴുന്നള്ളിച്ച സമയം അകമ്പടിയായി എഴുന്നെള്ളിയിരുന്ന തിരുമനസ്സുകൊണ്ടു വഴിയുടെ രണ്ടു ഭാഗത്തുമുള്ള മേടകളിൽ സുന്ദരിമാരായ സ്ത്രീകളുടെ മുഖങ്ങൾ കണ്ടിട്ട്
"രാകാശശാങ്കകലിതായതാമാലികേവ
മുഗ്ദ്ധാംഗനാവദനപംക്തിരിഹാവഭാതി"
എന്നൊരു ശ്ലോകത്തിന്റെ പൂർവ്വാർദ്ധം തത്ക്ഷണമുണ്ടാക്കിക്കൽപ്പിക്കുകയും അതിന്റെ ഉത്തരാർദ്ധമായി കോത്തമ്പുരാനവർകൾ ഉടനെ
"കിന്ത്വത്ര പങ്കജധിയാ മധുപാവലീവ
ദുരാത്സമാപതതി കാമിജനാക്ഷിപംക്തിഃ"
എന്നുണ്ടാക്കിച്ചൊല്ലുകയും തിരുമനസ്സുകൊണ്ട് സന്തോ‌ഷിച്ച് അതിലേക്ക് കോയിത്തമ്പുരാനവർകൾക്ക് ഒരട്ടത്തോടൻ വീരശൃംഖലയും കൽപ്പിച്ചു സമ്മാനിച്ചു എന്നുള്ളതു പ്രസിദ്ധമാണല്ലോ.
ഇങ്ങനെ അവിടുന്ന് ഓരോ സന്ദർഭങ്ങളിൽ ഓരോ കാരണങ്ങളാൽ പലർതക്കും അനേകം സമ്മാനങ്ങൾ കൽപിച്ചുകൊടുത്തിട്ടുണ്ട്. തിരുമനസ്സുകൊണ്ടു വലിയ വിദ്വാനും മഹാകവിയുമായിരുന്നതിനാൽ സംസ്കൃതവിദ്വാൻമാരും സംഗീതവിദ്വാൻമാരും മറ്റുമായ യോഗ്യൻമാർ പ്രതിദിനമെന്നപോലെ അവിടുത്തെ മുഖം കാണിക്കുന്നതിനായി ദൂരദേശങ്ങളിൽനിന്നു തിരുവനന്തപുരത്തു വന്നുകൊണ്ടിരുന്നു. അവരെയെല്ലാം തിരുമനസ്സുകൊണ്ട് യഥായോഗ്യം സൽക്കരിക്കുകയും ചെയ്തിരുന്നു. തിരുമനസ്സുകൊണ്ടു സംഗീതത്തിലും സാഹിത്യത്തിലും ഒരുപോലെ പാണ്ഡിത്യമുള്ള ആളായിരുന്നതിനാൽ വരുന്നവരെല്ലാം ഒരുവിധം ലജ്ജാവനതമുഖൻമാരായിട്ടാണ് മടങ്ങിപ്പോവുക പതിവ്. താർക്കികൻമാരും വൈയാകരണൻമാരും ആലങ്കാരികൻമാരും മറ്റുമായി പരദേശങ്ങളിൽനിന്നു വരുന്ന വിദ്വാൻമാരോടു തിരുമനസ്സു കൊണ്ട് കൽപ്പിച്ചു രണ്ടോ മൂന്നോ ചോദ്യങ്ങൾ ചോദിക്കുമ്പോഴേക്കും അവർ തോൽക്കുക പതിവാണ്. അപ്രകാരംതന്നെ സംഗീതവിദ്വാൻമാർ വന്നാലും അവരിൽ പാട്ടുകാരെകൊണ്ടു പാടിക്കുകയും വീണവായനക്കാരെക്കൊണ്ടു വീണ വായിപ്പിക്കുകയും കൽപ്പിച്ചുകേട്ടിട്ടു സസന്തോ‌ഷം അവതെ വളരെ ശാഘിച്ചു ചിലതൊക്കെ കൽപ്പിക്കുകയും ഒടുക്കം തിരുമനസ്സുകൊണ്ടു സ്വൽപം പാടുകയോ വീണവായിക്കുകയോ ചെയ്യുകയും പതിവാണ്. തിരുമനസ്സിലെ പാട്ടോ വീണവായനയോ കേൾക്കുന്ന വിദ്വാൻമാരെല്ലാം അത്ഭുതപരവശൻമാരും ലജ്ജാവിഹ്വലൻമാരുമായിത്തീരും. ഈ ഗന്ധർവ്വന്റെ മുമ്പിൽ വന്നു തങ്ങളുടെ അല്പജ്ഞതയെ പ്രകടിപ്പിച്ചതു ഭോ‌ഷത്വമായിയെന്നും "ഇവിടെനിന്നു സമ്മാനമൊന്നും കിട്ടണമെന്നില്ല, വല്ലവിധവും പോയിപ്പിഴച്ചാൽ മതി" എന്നും അവർ വിചാരിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും തിരുമനസ്സുകൊണ്ട് എല്ലാവർക്കും യഥായോഗ്യം സമ്മാനങ്ങൾ കൽപ്പിച്ചുകൊടുക്കാറുണ്ട്.
തിരുമനസ്സിലേക്ക് മലയാളത്തിലെന്നപോലെ സംസ്കൃതം, തമിഴ്, ഹിന്ദുസ്ഥാനി, തെലുങ്ക് മുതലായി അനേകം ഭാ‌ഷകളിൽ അപാരമായ പാണ്ഡ്യത്യമുണ്ടായിരുന്നു. അവയിലെല്ലാം കല്പിച്ചു പാട്ടുകളും മറ്റുമായി കവിതകളുണ്ടാക്കീട്ടുണ്ട്. അവയിൽ പ്രധാനങ്ങൾ ഉത്സവവർണ്ണനം, മണി പ്രവാളബന്ധവും മണിപ്രവാളപദങ്ങളും, സംസ്കൃതത്തിൽ അജാമിളോപാഖ്യാനം, കുചേലോപാഖ്യാനം എന്നിവയുമാണ്. ഇവകൂടാതെ അനേകം പദങ്ങളും വർണ്ണങ്ങളും കീർത്തനങ്ങളും മറ്റും കൽപ്പിച്ചുണ്ടാക്കീട്ടുണ്ട്. കൽപ്പിച്ചുണ്ടാക്കീട്ടുള്ള കീർത്തനങ്ങളും പദങ്ങളും വർണ്ണങ്ങളും മറ്റും കേരളത്തിലും പരദേശങ്ങളിലുമുള്ള സംഗീതവിദ്വാൻമാർ ഇപ്പോഴും പഠിക്കുകയും പാടുകയും ചെയ്തുവരുന്നുണ്ട്.
തിരുമനസ്സുകൊണ്ട് സ്വായത്തസിദ്ധിയായ ഒരു മഹാരാജാവു തന്നെയായിരുന്നു. സകലകാര്യങ്ങളും സ്വയമേവ ആലോചിച്ചു തീർച്ചചെയ്യുന്ന തല്ലാതെ അന്യോപദേശപ്രകാരം അവിടുന്നു യാതൊന്നും കല്പിച്ചു ചെയ്തിരുന്നില്ല. രാജ്യകാര്യങ്ങളെല്ലാം അവിടുന്നുതന്നെയാണ് അന്വേ‌ഷിക്കുകയും നടത്തുകയും ചെയ്തിരുന്നത്. കൽപ്പനപ്രകാരമല്ലാതെ ഒരു കാര്യവും അക്കാലത്തു രാജ്യത്തു നടന്നിരുന്നില്ല. ദിവാൻജി മുതലായ ഉദ്യോഗസ്ഥൻമാർ തിരുമനസ്സിലെ കൽപ്പന പ്രകാരം കാര്യങ്ങൾ ചട്ടംകെട്ടി നടത്തുക മാത്രമേ അക്കാലത്തു ചെയ്തിരുന്നുള്ളു. അന്നത്തെ ദിവാൻജി ഒരിക്കൽ ഒരുമാസത്തെ അവധി കിട്ടിയാൽക്കൊള്ളാമെന്നു തിരുമനസ്സിലെ അടുക്കൽ അപേക്ഷിക്കുകയും അപേക്ഷപ്രകാരം കൽപ്പിച്ചനുവദിക്കുകയും ചെയ്തു. ദിവാൻജി ജോലി വിട്ടു പോകുന്നതിനു നിശ്ചയിച്ച ദിവസം തിരുമുമ്പാകെച്ചെന്നു മുഖം കാണിക്കുകയും "പകരം കൽപ്പിചു നിയമിക്കുന്നതു പഴക്കവും പരിചയമുള്ളവരിൽ ആരെയെങ്കിലും വേണം. അല്ലെങ്കിൽ കാര്യങ്ങൾക്കു കുഴപ്പം നേരിട്ടേയ്ക്കും" എന്നു തിരുമനസ്സറിയിക്കുകയും അപ്രകാരം ഒരു ഭൃത്യനെ വിളിച്ച് "ഹജൂർ കച്ചേരി അടിച്ചുവാരി പഴകിത്തേഞ്ഞിട്ടുള്ള ഒരു ചൂലെടുത്തു ദിവാൻജി കച്ചേരിയിൽ പതിവായിട്ടിരിക്കുന്ന കസേരയിൽ വച്ചേക്കണം. ദിവാൻജി തിരിച്ചുവന്നിട്ടല്ലാതെ അത് അവിടെ നിന്ന് എടുത്തുമാറ്റുകയുമരുത്" എന്നു കൽപ്പിച്ചു. ആ ഭൃത്യൻ അപ്രകാരം ചെയ്തു. ദിവാൻജിക്കു പകരം ജോലി നോക്കുന്നതിന് ആരെയും കല്പിച്ചു നിയമിച്ചുമില്ല. ഒരു മാസം കഴിഞ്ഞു ദിവാൻജി തിരിച്ചുവന്നു ജോലിയിൽ പ്രവേശിക്കുന്നതിനായി കച്ചേരിയിൽ ചെന്നപ്പോൾ താൻ പതിവായിട്ടിരിക്കുന്ന കസേരയിൽ ഒരു ചൂലിരിക്കുന്നത് കണ്ട് അതവിടെ കൊണ്ടു ചെന്നു വെച്ചതാരാണെന്നു ചോദിച്ചു ദേ‌ഷ്യപ്പെട്ടു. അപ്പോൾ ഒരു ശിപായി കൽപ്പനപ്രകാരമാണ് അങ്ങനെ ചെയ്തതെന്നു ബോധിപ്പിക്കുകയും ചൂല് അവിടെനിന്ന് എടുത്തു മാറ്റുകയും ചെയ്തു. ദിവാൻജി സ്ഥലത്തില്ലാതെയിരുന്ന ഒരു മാസത്തിനിടയ്ക്കു രാജകാര്യങ്ങളിൽ യാതൊരു കുഴപ്പവും കൂടാതെ എല്ലാം ശരിയായി നടന്നിരുന്നു എന്നറിഞ്ഞപ്പോൾ ദിവാൻജി എന്നൊരാളെ പേരിനു മാത്രമായിട്ടാണ് കൽപ്പിച്ചു നിയമിച്ചിട്ടുളളതെന്നും രാജ്യകാര്യങ്ങളെല്ലാം തിരുമനസ്സിലെ ശക്തികൊണ്ടാണ് നടന്നുപോകുന്നതെന്നും തന്നെ അറിയിക്കാനായിട്ടാണ് കല്പിച്ച് ഇപ്രകാരം ചെയ്യിച്ചതെന്നു ബുദ്ധിമാനായ ദിവാൻജി മനസ്സിലാക്കുകയാൽ പിന്നെ അതിനെക്കുറിച്ച് ഒന്നും പറഞ്ഞതുമില്ല.
ഈ തിരുമനസ്സുകൊണ്ടു പ്രധാനമായി കൽപ്പിച്ചു ചെയ്തിട്ടുള്ള സംഗതികൾ, തിരുവനന്തുപുരത്ത് ഇദംപ്രഥമമായി ഒരിംഗ്ലീഷ് പള്ളിക്കൂടവും നക്ഷത്രബംഗാവും സ്ഥാപിക്കുകയും ഇപ്പോഴും "പുത്തൻമാളിക" എന്നുതന്നെ പറഞ്ഞുവരുന്ന കെട്ടിടം പണിയിക്കുകയും രഥമുണ്ടാക്കിച്ചു രഥത്തിലെഴുന്നള്ളത്തു തുടങ്ങുകയും ഹജൂർകച്ചേരിയും മറ്റും കൊല്ലത്തുനിന്നു മാറ്റി തിരുവനന്തപുരത്താക്കുകയും ജനങ്ങൾക്കു ദുസ്സഹങ്ങളും ദുർവ്വഹങ്ങളുമായിരുന്ന ചില നികുതികൾ നിർത്തുകയും സർവ്വേ തുടങ്ങിക്കുകയും മറ്റുമാണ്. ഈ തിരുമനസ്സുകൊണ്ട് ധാർമ്മികനും ദാനശീലനും അനേകം ദാനധർമ്മങ്ങൾ ചെയ്തിട്ടുള്ള ആളുമായിരുന്നു. അവിടുന്നു സിംഹാസനാരോഹണം ചെയ്തതായ 1004-ആമാണ്ടു തന്നെ തുലാപുരു‌ഷദാനവും 1009-ആമാണ്ടു പത്മഗർഭദാനവും കല്പിച്ചു നടത്തി. ഇപ്രകാരമെല്ലാം ഗുണവാനും അമാനു‌ഷപ്രഭാവനുമായിരുന്ന ആ മഹാരാജാവു തിരുമനസ്സുകൊണ്ട് 34-ആമത്തെ തിരുവയസ്സിൽ 1022-ആമാണ്ടു ധനുമാസത്തിൽ നിത്യാനന്ദപ്രദമായ പത്മനാഭ സായൂജ്യത്തെ പ്രാപിക്കുകയും ചെയ്തു.