2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും

ഐതിഹ്യമാല/അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും

ച്ഛൻകോവിൽ ക്ഷേത്രം തിരുവിതാംകൂർ സംസ്ഥാനത്തു കൊല്ലം ഡിവി‌ഷനിലുള്ള പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തതും ഏറ്റവും പുരാതനമായിട്ടുള്ളതുമാണ്. നാലമ്പലവും ബലിക്കൽപ്പുരയും ചുറ്റും മതിലും നാലു ഗോപുരങ്ങളും മതിൽക്കു പുറമേ ചുറ്റും തേർവീഥിയുമുള്ള ഈ മഹാക്ഷേത്രത്തിൽ പ്രതി‌ഷ്ഠിക്കപ്പെട്ടിരിക്കുന്ന പ്രധാന മൂർത്തി ശാസ്താവാകുന്നു. ഈ ദേശം പണ്ടു ഭരിച്ചിരുന്നതു പന്തളത്തു രാജാക്കന്മാരായിരുന്നതിനാൽ അവർ ഈ ശാസ്താവിനെ തങ്ങളുടെ കുലപരദേവതയായിട്ടാണ് ആചരിച്ചു വരുന്നത്. ഇപ്പോഴും അവർ അങ്ങനെ തന്നെ വിചാരിച്ചു പോരുന്നുമുണ്ട്.
അച്ചൻകോവിൽ ശാസ്താവിന്റെ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നതു പ്രസിദ്ധമായ അച്ചൻകോവിൽ മലയുടെ കിഴക്കുവടക്കേ കോണിലുള്ള താഴ്വരയിലാണ്. ഇവിടെ മതിൽക്കകത്തു തെക്കുഭാഗത്തായി ഒരു ഭഗവതിയും തേർവീഥിക്കു പുറത്തു പടിഞ്ഞാട്ടുള്ള നാട്ടുവഴിക്കു തെക്കുവശത്തായി ആറേഴു കോൽ പൊക്കത്തിലുള്ള ഒരമ്മൻകോവിലിൽ വേറെ രണ്ടു ദേവിമാരും മതിൽക്കു പുറത്തു കിഴക്കേനടയിൽ തെക്കോട്ടുമാറി ചതുർബാഹുവായ വി‌ഷ്ണുവിന്റെ ഒരു ചെറിയ വിഗ്രഹവും ശാസ്താവിന്റെ അമ്പലത്തിൽനിന്ന് ഏകദേശം കാൽ നാഴിക ദൂരെ കിഴക്കായി, കിഴക്കേ ഗോപുരത്തിൽനിന്നു കിഴക്കോട്ടു നോക്കിയാൽ കാണാവുന്ന ഒരു സ്ഥലത്ത് ഒരു കോവിലിൽ കറുപ്പസ്വാമിയെന്നും അതിന്റെ ഇടത്തുവശത്തു കറുപ്പായി അമ്മ എന്നും രണ്ടു മൂർത്തികൾ പടിഞ്ഞാട്ടു ദർശനമായും കറുപ്പസ്വാമി കോവിലിനു തെക്കുവശത്തു സ്വൽപം പടിഞ്ഞാട്ടു മാറി വടക്കോട്ടു ദർശനമായി ചേപ്പാണിമാടൻ, കാളമാടൻ എന്നിങ്ങനെ രണ്ടു മൂർത്തികളും ഇവയ്ക്കും പടിഞ്ഞാറ് ഒരാൽച്ചുവട്ടിൽ കൊച്ചിട്ടാണൻ (കൊച്ചിട്ടി നാരായണൻ) എന്നു പേരായ ഒരറുകുലയും ആ ആലിന്റെ ചുവട്ടിൽനിന്നു വടക്കോട്ടുമാറി കറുപ്പസ്വാമികോവിലിനു നേരെ, കിഴക്കോട്ടു ദർശനമായി ശിങ്കിലിഭൂതത്താൻ എന്നൊരു ഭൂതവും പ്രതി‌ഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ശാസ്താവിന്റെ പരിവാരങ്ങളാണ്. ഇവയിൽ പ്രധാനമൂർത്തി കറുപ്പസ്വാമി തന്നെ. കറുപ്പായി അമ്മ കറുപ്പസ്വാമിയുടെ ഭാര്യയാണ്.
പടിഞ്ഞാട്ടുള്ള വഴിയുടെ തെക്കുഭാഗത്ത് ഒരമ്മൻകോവിലും അതിൽ രണ്ടു ദേവിമാരെ പ്രതി‌ഷ്ഠിച്ചിട്ടുമുണ്ടെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവിടെ ഒരു ദേവീ വിഗ്രഹത്തിന്റെ അടുക്കൽ ഒരു ശൂലം നാട്ടി അതിന്മേൽ ഏതാനും ചിലമ്പുകളും മറ്റേതിന്റെ അടുക്കൽ ഒട്ടുവളരെ കുപ്പിവളകളും ഇട്ടിരിക്കുന്നതായിക്കാണുന്നുണ്ട്. ഇതിന്റെ ആഗമവും സങ്കൽപവും കാരണവുമൊന്നും അറിഞ്ഞുകൂടാ. ചേപ്പാണിമാടൻ, കാളമാടൻ എന്നീ മൂർത്തികളിൽ കാളമാടന്റെ കഴുത്തിനു മേൽപ്പോട്ടു കാളയെപ്പോലെയും ശേ‌ഷം ഭാഗം മനു‌ഷനെപ്പോലെയുമാണിരിക്കുന്നത്. ശിങ്കിലിഭൂതത്താന്റെ പാദത്തിങ്കൽ രണ്ടുമൂന്നു ചങ്ങലകൾ കിടക്കുന്നതായി ക്കാണുന്നുണ്ട്. ആ ഭൂതത്താൻ പോയി ആരെയും ഉപദ്രവിക്കാതിരിക്കാനായി അയ്യപ്പസ്വാമി ആ ഭൂതത്തിന്റെ കാലിൽ ചങ്ങലയിട്ടു ബന്ധിച്ചു നിർത്തിയിരിക്കുന്നു എന്നാണ് അതിന്റെ സങ്കൽപം. ആ ഭൂതത്തിനു പ്രതിദിനമുള്ള പൂജ നടത്തുന്നതു ബ്രാഹ്മണരാണ്. കറുപ്പസ്വാമി മുതലായി ശേ‌ഷമുള്ള പരിവാരമൂർത്തികൾക്കെല്ലാം 'താഴത്തേതിൽവീട്ടുകാർ' എന്നു പറയപ്പെടുന്ന ഒരു വക പാണ്ടിപ്പിള്ളമാരാണ് ശാന്തി നടത്തി വരുന്നത്. ഈ വീട്ടുകാരെ കറുപ്പൻ പൂശാരികൾ എന്നും പറയാറുണ്ട്. ഇനി കൊച്ചിട്ടാണനെക്കുറിച്ചു സ്വൽപം വിവരിക്കേണ്ടിയിരിക്കുന്നു.
പണ്ടു കറുപ്പസ്വാമിക്കു മദ്യവും മാംസവും കൂടി നിവേദിക്കാറുണ്ടായിരുന്നു. നിവേദ്യത്തിനുള്ള മാംസം അന്നന്നു കൊല്ലപ്പെട്ട കാട്ടുമൃഗങ്ങളുടേതായിരിക്കണമെന്നു നിർബന്ധവുമുണ്ടായിരുന്നു. നിവേദ്യത്തിനുള്ള മദ്യവും മാംസവും കറുപ്പസ്വാമികോവിലിലെ ആവശ്യത്തിനു വേണ്ടുന്ന വിറകും തീയും പതിവായി കൊണ്ടുചെന്നു കൊടുക്കുന്നതിന് ഒരു വീട്ടുകാരെ പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആ വീട്ടിൽ ഒരു കാലത്ത് കൊച്ചിട്ടാണൻ എന്നൊരാളുണ്ടായിരുന്നു. അയാളാണ് കറുപ്പസ്വാമി കോവിലിൽ അക്കാലത്തു മദ്യവും മാംസവും തീയും വിറകും പതിവായി ശേഖരിച്ചു കൊടുത്തിരുന്നത്. ഒരു ദിവസം അതിരാവിലെ കൊച്ചിട്ടാണൻ മാംസം തേടി കാട്ടിൽച്ചെന്നപ്പോൾ അയാളെ ഒരു കടമാൻ പോത്തു വെട്ടിക്കൊന്നു. അന്നു പൂജയ്ക്കുള്ള സമയായിട്ടും കൊച്ചിട്ടാണൻ മടങ്ങിവരായ്കയാൽ അയാളുടെ വീട്ടിലുണ്ടായിരുന്നവർ വ്യസനാകുലരായിത്തീർന്നു. നിവേദ്യത്തിനുള്ള സാധനങ്ങൾ സമയത്തിനു കിട്ടായ്കയാൽ പൂശാരി കോപിച്ച് വിറച്ചുതുടങ്ങി. ആ സമയം അയാളിൽ കറുപ്പസ്വാമിയുടെ ആവേശമുണ്ടാകയാൽ അയൾ വിറച്ചുവിറച്ചു തുള്ളിത്തുടങ്ങി. തുള്ളിത്തുള്ളി അയാൾ കാട്ടിലേക്ക് ഓടിപ്പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ ഏറ്റവും വലിയതായ ഒരു കടമാൻപോത്തിനെ കൊമ്പിൽപ്പിടിച്ചു വലിച്ചിഴച്ച് കിഴക്കേ ഗോപുരത്തി ങ്കൽ കൊണ്ടുവരികയും അവിടെനിന്ന് അത്യുച്ചത്തിൽ ഒന്ന് അട്ടഹസിക്കുകയും ചെയ്തു. അട്ടഹാസം കേട്ട് അവിടെ അസംഖ്യം ജനങ്ങൾ വന്നുകൂടി. അപ്പോൾ കറുപ്പസ്വാമി (തുള്ളിനിന്ന പൂശാരി) കൽപിക്കുകയാലാണ് കൊചിട്ടാണൻ മരിചുപോയി എന്ന് എലാവരും അറിഞ്ഞത്.
കറുപ്പസ്വാമി ആ കടമാൻപോത്തിനെ കൊമ്പുകളിൽപ്പിടിച്ചു തലയോള മുയർത്തി മൂന്നു പ്രാവശ്യം ചുറ്റിയിട്ട് ഒരേറു കൊടുത്തു. കൊമ്പുകൾ സ്വാമിയുടെ കൈകളിൽത്തന്നെയായിരുന്നു. കടമാൻ പോത്തിന്റെ ഉടൽ ഒരാലിന്റെ ചുവട്ടിൽച്ചെന്നു വീണു. ദുർമരണം നിമിത്തം അറുകുലയായി ത്തീർന്ന കൊച്ചിട്ടാണനെ ആ ആലിന്റെ ചുവട്ടിൽത്തന്നെ കടമാൻ പോത്തിന്റെ ഉടൽ ചെന്നുവീണ സ്ഥലത്തു പ്രതി‌ഷ്ഠിച്ചുകൊള്ളണമെന്നും മദ്യവും മാംസവും നിവേദ്യം മേലാൽ വേണ്ടെന്നും കറുപ്പസ്വാമി കൽപ്പിക്കുകയാൽ കൊചിട്ടാണനെ ആ സ്ഥലത്തു പ്രതി‌ഷ്ഠിക്കുകയും
അക്കാലം മുതൽക്കു കറുപ്പസ്വാമിക്കു മദ്യവും മാംസവും നിവേദ്യം വേണ്ടെന്നു വെയ്ക്കുകയും ചെയ്തു. എങ്കിലും കുറച്ചുകാലം മുമ്പുവരെ ക്ഷേത്രത്തിൽ വിറകും തീയും കൊടുത്തിരുന്നതു കൊച്ചിട്ടാണന്റെ വീട്ടുകാർ തന്നെയാണ്. അവർക്കു പതിവുണ്ടായിരുന്ന അനുഭവം ദേവസ്വത്തിൽനിന്നു കൊടുത്തുവരികയും ചെയ്തിരുന്നു. പിന്നീട് അവരുടെ അനുഭവം നിർത്തിക്കളയുകയാൽ അവർ തീയും വിറകും കൊടുക്കാതെയുമായി. കടമാൻപോത്തിന്റെ കൊമ്പുകൾ കറുപ്പസ്വാമി ക്ഷേത്രത്തിന്റെ അകത്തു മണ്ഡപത്തിൽ കൊണ്ടുചെന്നിടുകയാൽ അവ അവിടെത്തന്നെ കെട്ടിത്തൂക്കിയിരുന്നു. ക്ഷേത്രത്തിൻ അഗ്നിബാധ യുണ്ടായ കാലത്ത് ആ കൊമ്പുകളും അഗ്നിക്കിരയാവുകയാൽ ദഹിച്ചുപോകുകയും ചെയ്തു. പരിവാരമൂർത്തികൾക്ക് പ്രതിദിനം നിവേദ്യത്തിന് ഒരിടങ്ങഴി അരി വീതമാണു പതിവ്. എന്നാൽ കൊച്ചിട്ടാണന് ആണ്ടിരൊലിക്കൽ വീതമേ നിവേദ്യവും പൂജയും പതിവുള്ളു. കറുപ്പസ്വാമിക്കു 'കറുപ്പനൂട്ട്' എന്നൊരു വഴിപാട് ഓരോ കാര്യങ്ങൾ സാധിക്കുന്നതിനും മറ്റുമായി പലരും നടത്താറുണ്ട്. ഈ വഴിപാട് ക്ഷേത്രസന്നിധിയിൽവച്ചേ നടത്താവൂ എന്നില്ല. അവരവർ നിശ്ചയിക്കുന്ന സ്ഥലങ്ങളിലും വച്ചു നടത്താം. സകൗര്യമുള്ള സ്ഥലമായിരിക്കണമെന്നേയുള്ളു. ഇതിന്റെ കർമ്മി കറുപ്പസ്വാമിയുടെ പൂശാരി തന്നെയാണ്. വഴിപാട് എവിടെ വച്ച് നടത്തുന്നതിനു നിശ്ചയിച്ചാലും പൂശാരിയെ അറിയിച്ചാൽ അദ്ദേഹം പരികർമ്മികൾ മുതലായവരോടു കൂടി നിശ്ചിതദിവസം നിശ്ചിതസ്ഥലത്തെത്തി അതു നടത്തും. കറുപ്പനൂട്ടിനു വേണ്ടുന്ന സാമാനങ്ങളുടെ ചുരുക്കത്തിലുള്ള ഒരു പടിത്തരം താഴെച്ചേർക്കുന്നു.
ഉണക്കലരി നാലു പറ, നാളികേരം നാൽപ്പത്, ചാരായം നാലുപറ, കോഴിമുട്ട നാൽപ്പത്, അവിൽ നാലു പറ, മലർ നാലു പറ, അട നാൽപ്പത്, അപ്പം നാൽപ്പത്, പഴം പടല നാൽപ്പത്, കരിക്ക് (ഇളനീർ) നൂറ്റെട്ട്, കഞ്ചാവ് പലം പതിനൊന്ന്, കറുപ്പ് കഴഞ്ച് പതിനൊന്ന്, കളഭം ഇടങ്ങഴി പതിനൊന്നേകാൽ, കർപ്പൂരം പലം പതിനൊന്ന്, അ ഷ്ടഗന്ധപ്പൊടി ഇടങ്ങഴി പന്ത്രണ്ടേകാൽ, വെറ്റിലക്കെട്ടു നൂറ്റെട്ട്, പാക്കു നുറുക്ക് പറ രണ്ട്, ചുണ്ണാമ്പു റാത്തൽ നാല്, മഞ്ഞൾപ്പൊടി ഇടങ്ങഴി പതിനൊന്നേകാൽ, അരിപ്പൊടി ഇടങ്ങഴി പതിനൊന്നേകാൽ, ഭസ്മം ഇടങ്ങഴി മുപ്പത്താറേ കാൽ, നിലവിളക്കു വലിയതു പതിനൊന്ന്, ടി ചെറിയതു തൊണ്ണൂറ്റിയഞ്ച്, കുത്തുവിളക്കു നാല്, വിളക്കിന് എണ്ണ നാലുപറ, തിരശ്ശീല തുലാം ഒന്ന്, തൂശനില നൂറ്റെട്ട്, ചെത്തി, തുളസി മുതലായവ ഉൾപ്പെടെ പൂവ് ഇടങ്ങഴി മുപ്പത്താറേകാൽ, ശർക്കര പലം പതിനൊന്നേകാൽ, നെയ്യ് ഇടങ്ങഴി കാൽ, ഇവ കൂടാതെ ചില ചില്ലറ സാമാനങ്ങളും വേണം. അവ പൂശാരി വരുമ്പോൾ പറയും. ഒന്നും മേൽപ്പറഞ്ഞതിൽ കുറയരുത്. കൂടുതൽ എത്രയായാലും വിരോധമില്ല. ആഴികൂട്ടുന്നതിനു വിറകുവേണം. ആഴി എത്ര വലിയതായാലും തരക്കേടില്ല. അധികം ചെറിയതായിപ്പോകരുതെന്നേയുള്ളു. കറുപ്പനൂട്ടു കഴിക്കുന്നതു കറുപ്പസ്വാമിയെ ഉദ്ദേശിച്ചാണെങ്കിലും അത് അയ്യപ്പസ്വാമിക്കും പ്രസാദകരമായിട്ടുള്ളതാണ്.
പന്തളത്തുരാജാക്കന്മാർ അവർക്ക് ദേശാധിപത്യമുണ്ടായിരുന്നപ്പോൾ ആണ്ടുതോറും ഉത്സവകാലത്ത് അച്ചൻകോവിലിൽ പോവുക പതിവായിരുന്നു. ഉത്സവം കഴിഞ്ഞു പോകുന്ന സമയം അവർ കറുപ്പനൂട്ടു കഴിചു തൊഴുതിട്ടാണ് പോകുക പതിവ്. അവർ അവിടെച്ചെന്നാൽ അമ്പലത്തിൽ കടക്കുക പതിവില്ല. ശാസ്താവിനെ തൊഴുന്നതു തന്നെ ബലിക്കൽപ്പുരയ്ക്കു പുറത്തു കൊടിമരത്തിനു മറഞ്ഞുനിന്നാണ്. അങ്ങോട്ടു കാണണം, ഇങ്ങോട്ടു കാണരുത് എന്നാണു സങ്കൽപം. രാജാവിനെ ക്കണ്ടാൽ ശാസ്താവ് എണീക്കണം. അതുകൊണ്ടാണ് ഇങ്ങോട്ടു കാണാതെ മറഞ്ഞുനിന്നു തൊഴുന്നത്. ശാസ്താവു ഹരിഹരപുത്രനായി അവതരിച്ച് അക്ഷരവിദ്യയും സകലശാസ്ത്രങ്ങളും ആയോധനവിദ്യയും മറ്റും പഠിച്ചതിന്റെ ശേ‌ഷം പാണ്ഡ്യരാജയ്ത്തു ചെന്നു പാണ്ഡ്യരാജാവിന്റെ സൈന്യത്തിൽ ചേർന്ന് ഒരു സൈനികനായിട്ടും പാണ്ഡ്യരാജാവിന്റെ സേവകനായിട്ടും താമസിച്ചിരുന്നു എന്നൊരു കഥയുണ്ടല്ലോ. പന്തളത്തു രാജാക്കന്മാർ പാണ്ഡ്യരാജവംശജരാകയാൽ അവർക്കും ശാസ്താവിനും തമ്മിൽ സേവ്യസേവകഭാവമുണ്ടെന്നാണ് സങ്കൽപം. തന്റെ സ്വാമിയെ ക്കണ്ടാൽ സേവകൻ എണീക്കണമല്ലോ. ശാസ്താവിനും ഈശ്വരത്വമു ള്ളതിനാൽ എണീക്കാനിടയാക്കുന്നതു ക ഷ്ടമാണല്ലോ എന്നു വിചാരി ച്ചാണ് പന്തളത്തുരാജാക്കന്മാർ അതിനിടയാക്കാത്തത്. ഇവർ ശബരിമലെ പ്പോയാലും ഇങ്ങനെതന്നെയാണുപതിവ്. അയ്യപ്പസ്വാമി ഇവരെക്കാണാനിട യാക്കാറില്ല. എങ്കിലും അവരിൽ ഒരാളെങ്കിലും ആണ്ടുതോറും മകര സംക്രാന്തിക്കു ശബരിമലെപ്പോവുക പതിവാണ്.
അച്ചൻകോവിൽശാസ്താവിന്റെയും അവിടുത്തെ പരിവാരമൂർത്തികളുടെയും വിശേ‌ഷിച്ച് കറുപ്പസ്വാമിയുടെയും മഹത്വവും മാഹാത്മ്യവും ഒട്ടും ചില്ലറയല്ലെന്നുള്ളതിലേക്ക് അനേകം ദൃ ഷ്ടാന്തങ്ങൾ പറയാനുണ്ട്. അവയിൽ ചിലതു മാത്രം താഴെ പ്രസ്താവിച്ചുകൊള്ളുന്നു.
അച്ചൻകോവിൽ ദേവസ്വം വകയക്ക് അനേകം വസ്തുവക കളുള്ളതു കൂടാതെ പാണ്ടിയിൽ ഒരു സ്ഥലത്ത് ഉരികുറയെ തൊള്ളായിരപ്പറ നിലമുണ്ട്. ഈ നിലം വലിയ സമ്പന്നനായിരുന്ന ഒരു പരദേശ ബ്രാഹ്മണൻ പണ്ടൊരിക്കൽ ദേവസ്വത്തിലേക്ക് വെച്ചൊഴിഞ്ഞു കൊടുത്തതാണ്. ആ ബ്രാഹ്മണന് അനപത്യതാദുഃഖം ദുസ്സഹമായിത്തീരുകയാൽ അദ്ദേഹം ഭാര്യാസമേതം അച്ചൻകോവിൽ ക്ഷേത്രത്തിൽ ചെന്നു സ്വാമി ദർശനം കഴിച്ചു നടയിൽനിന്ന് 'എന്റെ അയ്യപ്പസ്വാമീ, എനിക്കൊരു പുത്രസന്താനമുണ്ടായാൽ എന്റെ സർവ്വസ്വവും ഞാൻസ്വാമിക്കായി വെച്ചൊഴിഞ്ഞു തന്നേക്കാം' എന്നു പ്രാർത്ഥിച്ചു. അചിരേണ ആ ബ്രാഹ്മണ സ്ത്രീ ഗർഭം ധരിക്കുകയും യഥാകാലം ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. അപ്പോൾ ആ ദമ്പതിമാർക്കുണ്ടായ സന്തോ‌ഷം അപരിമിതമായിരുന്നു. സന്തോ‌ഷാധിക്യത്താൽ മറന്നു പോയിട്ടോ എന്തോ അവർ അയ്യപ്പസ്വാമിക്കു കൊടുക്കാമെന്നു പറഞ്ഞിരുന്നതുപ്പോലെ സർവ്വസ്വ മെന്നല്ല, യാതൊന്നും കൊടുത്തില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബ്രാഹ്മണസ്ത്രീ രാത്രിയിൽ കിടന്നുറങ്ങുന്ന സമയം പതിവായി ആരോ അവരുടെ അടുക്കൽച്ചെന്നു "പറഞ്ഞിട്ടുള്ളതു മറക്കരുത്" എന്നു പറയുന്നതായി തോന്നിത്തുടങ്ങി. എന്നിട്ടും അവർ അയ്യപ്പസ്വാമിക്കു യാതൊന്നും കൊടുത്തില്ല.അങ്ങനെ അഞ്ചെട്ടു കൊല്ലം കഴിഞ്ഞു. കുട്ടിക്ക് ഉപനയനത്തിനുള്ള കാലമായി. മുഹൂർത്തം നിശ്ചയിക്കുകയും അടിയന്തിര ത്തിനു കെങ്കേമമായി വട്ടം കൂട്ടുകയും ക്ഷണിക്കേണ്ടുന്നവരെയെല്ലാം ക്ഷണിക്കുകയും ചെയ്തു. ചാർച്ചക്കാരും വേഴ്ചക്കാരും ബന്ധുക്കളുമെല്ലാം അടിയന്തിരത്തിനു തലേദിവസം തന്നെ വന്ന് ഓരോ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അന്നു രാത്രിയിലും കുട്ടിയുടെ മാതാവിനു സ്വപ്നമുണ്ടായി. അതു പതിവുപോലെത്തന്നെ അല്ലായിരുന്നു. "അയ്യപ്പസ്വാമിക്കു കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളതു കൊടുക്കാതെ ഉപനയനത്തിനാരംഭിചാൽ സമയമാകുമ്പോൾ കുട്ടിയെ കൊണ്ടുപോകും" എന്നുകൂടി ആരോപറഞ്ഞതായി ബ്രാഹ്മണസ്ത്രീക്കു തോന്നി. എങ്കിലും അവർ സ്വാമിക്കൊന്നും കൊടുത്തില്ല. ഉപനയനത്തിന്റെ ക്രിയകൾ ആരംഭിച്ച സമയത്ത് ആരോ ഒരാൾ (ഒരു പട്ടാണിയാണെന്നാണ് എല്ലാവർക്കും തോന്നിയത്) അവിടെക്കേറിച്ചെന്നു കുട്ടിയെ എടുത്തുകൊണ്ട് അന്തർദ്ധാനം ചെയ്തു. ആ ആൾ ചെന്നതും കുട്ടിയെ എടുത്തതും അവിടെ കൂടിയിരുന്ന എല്ലാവരും കണ്ടു. പോയത് ആരും കണ്ടില്ല. കുട്ടിയെ കാണാതായപ്പോഴേക്കും അവിടെ എല്ലാവർക്കും വ്യസനവും പരിഭ്രമവും കലശലായി. കുട്ടിയുടെ മാതാപിതാക്കന്മാരുടെ വ്യസനം അവർക്കു സന്തതിയുണ്ടാ കാതിരുന്ന കാലത്തേതിലധികമായിരുന്നു. അവർ മാറത്തും തലയ്ക്കുമടിച്ചുകൊണ്ട് മുറവിളികൂട്ടിത്തുടങ്ങി. അപ്പോൾ ചിലർ, "അയ്യപ്പസ്വാമിക്കു കൊടുക്കാമെന്നു പറഞ്ഞതു കൊടുക്കാഞ്ഞിട്ടാണ് ഇങ്ങനെ വന്നത്. അചൻകോവിൽ ശാസ്താവ് ആരുടെയും കളിപ്പിള്ളയല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കിക്കൊള്ളട്ടെ" എന്നും മറ്റും പറഞ്ഞ് അവരെ ശകാരിച്ചു തുടങ്ങി. മറ്റുചിലർ സാന്ത്വനവാക്കുകൾകൊണ്ട് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുതുടങ്ങി. "സ്വാമിക്കു കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളതു കൊടുക്കാഞ്ഞാലാപത്തുണ്ടാകുമെന്നു ഞാൻകൂടെക്കൂടെ പറയാറുണ്ട്. ഈ ദുഷ്ടൻ ധനത്തിലുള്ള അത്യാർത്തി നിമിത്തം അതു കൊടുക്കാതെയിരുന്നിട്ടാണ് എന്റെ ഓമന മകൻ പോയത്" എന്നും മറ്റും പറഞ്ഞ് ബ്രാഹ്മണസ്ത്രീ ബ്രാഹ്മണനേയും, "സ്വാമിക്ക് കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളതു കൊടുക്കുന്നതിന് എനിക്ക് പൂർണ്ണസമ്മതമാണ്. ഈ ദുഷ്ട സമ്മതിക്കാഞ്ഞിട്ടാണു ഞാൻകൊടുക്കാതെയിരുന്നത്. ഇവൾ നിമിത്തം ഏക സന്താനം നഷ്ടപ്പെട്ടു" എന്നും മറ്റും പറഞ്ഞ് ബ്രാഹ്മണൻ ബ്രാഹ്മണസ്ത്രീയെയും ശകാരിച്ചു തുടങ്ങി. ശകാരം മൂത്ത് മൂത്ത് അവർ തമ്മിൽ വലിയ ശണ്ഠയായി. ആകപ്പാടെ അവിടെ വലിയ ലഹളയും ബഹളവുമായി ത്തീർന്നു. "ഇതൊന്നു കൊണ്ടും യാതൊരു ഫലവുമില്ല. കുട്ടിയെയും കൊണ്ട് ആ പട്ടാണി എങ്ങോട്ടാണ് പോയതെന്നു വേഗത്തിൽ അന്വേ‌ഷിച്ചു കണ്ടുപിടിക്കാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്" എന്നു പറഞ്ഞു ബന്ധുക്കൾ ചില മറവരെയും മറ്റും കൂട്ടിക്കൊണ്ടു പല സ്ഥലങ്ങളിലുമന്വേ‌ഷിച്ചു. ഒരു തുമ്പുമുണ്ടായില്ല. കുട്ടിയെ തിരിച്ചു കിട്ടുന്നകാര്യം അസാധ്യം തന്നെയെന്ന് എല്ലാവരും തീർച്ചപ്പെടുത്തുകയാൽ കുട്ടിയുടെ പിതാവായ ബ്രാഹ്മണൻ, "ഈശ്വരകാരുണ്യം കൊണ്ട് എനിക്ക് അവസാനകാലത്ത് ഒരു സന്തതിയുണ്ടായി. ആ ഏകസന്താനം നഷ്ടപ്പെട്ടു. ഇനി ഈ വാർദ്ധക്യത്തിൽ സന്താനമുണ്ടാകുമെന്നു വിചാരിക്കാൻ ന്യായവുമില്ല. എനിക്കിനി വസ്തുക്കളും വേണ്ടാ, സ്വത്തുക്കളും വേണ്ടാ, പണവും വേണ്ടാ, ഭാര്യയും വേണ്ടാ; എന്നല്ല യാതൊന്നും വേണ്ടാ, ഞാൻവല്ലവഴിക്കും പോവുകയാണ്" എന്നു പറഞ്ഞ് ഒരു കുടയും വടിയുമെടുത്തു യാത്രയായി. ആ സമയം അവിടെയുണ്ടായിരുന്ന അന്യനായ ഒരു ബ്രാഹ്മണൻ തുള്ളിയുറഞ്ഞുകൊണ്ട് "ഇനിയെങ്കിലും നിങ്ങൾ മുൻപു പറഞ്ഞിട്ടുള്ളതുപോലെ ചെയ്യാൻ തയ്യാറുണ്ടെങ്കിൽ കുട്ടി ഇപ്പോൾ ഇവിടെ വരും. തയ്യാറുണ്ടെന്നു പറഞ്ഞാൽ പോരാ. ആധാരം തീർത്തു സാക്ഷിവെച്ച് ഒപ്പിടണം" എന്നു പറഞ്ഞു. ഇതുകേട്ടു കുട്ടിയുടെ അച്ഛനായ ബ്രാഹ്മണൻ, "കുട്ടി മടങ്ങി വരികയാണെങ്കിൽ എന്റെ സർവ്വസ്വവും ഞാൻസ്വാമിക്കു കൊടുത്തേക്കാം. യാതൊരു സംശയവുമില്ല. ആധാരം ഇപ്പോൾ തീർത്തേക്കാം" എന്നു പറഞ്ഞു. ഉടനെ ആ ബ്രാഹ്മണൻ തനിക്കുള്ള സർവ്വസ്വവും അച്ചൻകോവിൽ ശാസ്താവിനു വെച്ചൊഴിഞ്ഞുകൊടുത്തിരിക്കുന്നതായി ഒരാധാരം എഴുതിത്തീർത്ത് ഒപ്പു വെയ്ക്കുകയും നാലുപേരെ സാക്ഷിവെച്ച് അവരെക്കൊണ്ടും ഒപ്പിടുവിക്കുകയും ചെയ്തു. ബ്രാഹ്മണൻ ആധാരത്തിൽ ഒപ്പിട്ടതും അച്ചൻകോവിലിൽ ഉച്ചപൂജയുടെ പ്രസന്നപൂജ കഴിഞ്ഞു നടതുറന്നതും ഒരേ സമയത്തായിരുന്നു. നട തുറന്നയുടനെ മേൽശാന്തിക്കാരൻ തുള്ളിക്കൊണ്ട് കിഴക്കോട്ടു പുറപ്പെട്ടു. അദ്ദേഹം കറുപ്പസ്വാമി കോവിലിന്റെ സമീപത്തു ചെന്നപ്പോൾ കറുപ്പസ്വാമിയുടെ പൂശാരി തുള്ളി ബ്രാഹ്മണക്കുട്ടിയുടെ കൈക്കുപിടിച്ചു കൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു. പിന്നെ രണ്ടുപേരും കുട്ടിയെയും കൊണ്ടു പാണ്ടിയിൽ ആ ബ്രാഹ്മണന്റെ ഗൃഹത്തിലെത്തുകയും ചെയ്തു. കുട്ടിയെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാം സന്തോ‌ഷാത്ഭുതപരവശന്മാരായിത്തീർന്നു. കുട്ടിയുടെ അച്ഛൻ എഴുതിത്തീർത്ത് വച്ചിരുന്ന ആധാരമെടുത്തു ഭക്ത്യാദരങ്ങളോടു കൂടി ആനന്ദാശ്രു ഒലിപ്പിച്ചുകൊണ്ട് മേൽശാന്തി ബ്രാഹ്മണന്റെ പാദത്തിങ്കൽ ചെന്നു വെച്ചു നമസ്കരിച്ചു. അപ്പോൾ കറുപ്പസ്വാമി "ഇതുമുഴുവനും എന്റെ സ്വാമിക്കു വേണ്ടാ. ഒരു സന്തതിയുണ്ടായാൽക്കൊള്ളാമെന്നുള്ള ആഗ്രഹം കൊണ്ടു നിങ്ങൾ അങ്ങനെ പ്രാർത്ഥിച്ചുപോയെങ്കിലും നിങ്ങടെ സർവ്വസ്വവും സ്വാമിക്കു സമർപ്പിച്ചാൽ നിങ്ങൾക്കു നിത്യവൃത്തിക്കു യാതൊന്നുമില്ലല്ലോ. അതുകൊണ്ടു നിങ്ങൾക്കിപ്പോൾ യാതൊരനുഭവവുമില്ലാതെയും യാതൊന്നും വിളയാതെയും ഉരികുറച്ചു തൊള്ളായിരപ്പറനിലം നിങ്ങൾക്ക് ഒരു സ്ഥലത്തുണ്ടല്ലോ. അതുമാത്രം എന്റെ സ്വാമിക്കു കൊടുത്താൽ മതി" എന്നു കൽപ്പിചു. ഉടനെ ബ്രാഹ്മണൻ സന്തോ‌ഷസമേതം ആ ഉരികുറച്ചു തൊള്ളായിരപ്പറനിലം അച്ചൻകോവിൽ ശാസ്താവിനു വച്ചൊഴിഞ്ഞു കൊടുത്തിരിക്കുന്നതായി വേറൊരാധാരം എഴുതി ഒപ്പിട്ടു സമർപ്പിച്ചു. ആ ആധാരമെടുത്തുംകൊണ്ടു ശാന്തിക്കാരനും പൂശാരിയും തുള്ളിക്കൊണ്ടുതന്നെ മടങ്ങിപ്പോരുകയും ആ ആധാരം അയ്യപ്പസ്വാമിയുടെ നടയ്ക്കൽ വെച്ചിട്ടു കലിയടങ്ങുകയും ചെയ്തു. ഉചപ്പൂജ കഴിഞ്ഞു നടതുറന്നിട്ടു മൂന്നേമുക്കാൽ നാഴിക കൊണ്ട് ഈസംഗതികളെല്ലാം നടന്നു. കലിയടങ്ങിയതിന്റെ ശേ‌ഷം ഇതിലൊന്നും അവർക്കു രണ്ടുപേർക്കും ലേശം പോലും ഓർമ്മയുണ്ടായിരുന്നുമില്ല. ഇങ്ങനെയാണ് ആ നിലം അച്ചൻകോവിൽ ദേവസ്വം വകയ്ക്കു കിട്ടിയത്. പുല്ലുപോലും മുളയ്ക്കാതെ കിടന്നിരുന്ന ആ നിലം അയ്യപ്പസ്വാമിക്കായതിന്റെ ശേ‌ഷം ഒന്നാന്തരമായി വിളഞ്ഞുതുടങ്ങി. ഇപ്പോഴും ആ നിലം ആ ദേശത്തുള്ള നിലങ്ങളിൽവെച്ചു മേത്തരമായിട്ടു തന്നെയാണിരി ക്കുന്നത്.
ശാന്തിക്കാരനും പൂശാരിയും ആധാരം കൊണ്ടുപോന്നതിന്റെശേ‌ഷം ബ്രാഹ്മണൻ അടുത്തുണ്ടായിരുന്ന മറ്റൊരു മുഹൂർത്തത്തിൽ കുട്ടിയുടെ ഉപനയനം നടത്തുകയും ഭാര്യാപുത്രസഹിതം അച്ചൻകോവിലിൽ വന്നു സ്വാമിദർശനവും സ്വാമിക്ക് അനേകം വഴിപാടുകളും കറുപ്പസ്വാമിക്ക് ഊട്ടും കഴിച്ചു മടങ്ങിപ്പോവുകയും ചെയ്തു. ആ ബ്രാഹ്മണന്റെ കുടുംബക്കാർ പാണ്ടിയിലെവിടെയോ ഇപ്പോഴുമുണ്ടെന്നാണ് കേൾവി. പട്ടാണിവേ‌ഷം ധരിച്ചു ബ്രാഹ്മണക്കുട്ടിയെ എടുത്തുകൊണ്ടു മറഞ്ഞതു കറുപ്പസ്വാമിയായിരുന്നു എന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.
പാണ്ഡിരാജ്യം (പാണ്ടി) ബ്രിട്ടീ‌ഷുഗവർമ്മേണ്ടിന്റെ അധീനതയിലായതിന്റെ ശേ‌ഷം മേൽപറഞ്ഞ നിലവും ഗവർമ്മേണ്ടുവകയാക്കുന്നതിന് അന്നത്തെ കലക്ടർ സായിപ്പു തീർച്ചയാക്കി. ഈ വിവരമറിഞ്ഞ പന്തളത്തു രാജാവ് അച്ചൻകോവിൽ മണിക്കാരനെ (പാർവ്വത്യക്കാരനെ) സായിപ്പിന്റെ അടുക്കൽ അയച്ച് "ഈ ഉരികുറച്ചു തൊള്ളായിരപ്പറനിലം അച്ചൻ കോവിൽ ശാസ്താവിന്റെ വകയാണ്. അതു ഗവർമ്മേണ്ടു വകയാക്കരുത്" എന്നു പറയിച്ചു. മണിക്കാരൻ പറഞ്ഞിയതിനെ സായിപ്പ് പുല്ലോളം വകവെച്ചില്ല. ഇത്രയും നിലം അയ്യപ്പസ്വാമിക്കു നഷ്ടപ്പെട്ടുപോകുമല്ലോ എന്നു വിചാരിച്ചു സ്വാമിഭക്തനായ ആ മണിക്കാരൻ വ്യസനിച്ചുകൊണ്ടു മടങ്ങിപ്പോന്നു. നേരം വൈകിയപ്പോൾ അയാൾ രാത്രി കഴിച്ചുകൂട്ടാനായി വഴിക്കടുത്തുണ്ടായിരുന്ന ഒരു സ്ഥലത്തു കയറി. അന്ന് അവിടെയൊരു കറുപ്പനൂട്ടു നടക്കുന്നുണ്ടായിരുന്നു. മണിക്കാരൻ അവിടെച്ചെന്നപ്പോൾ കറുപ്പസ്വാമിയുടെ പൂശാരി കറുപ്പസ്വാമിയുടെ വെളിച്ചപ്പാടായിട്ടു തുള്ളിക്കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. ആ തുള്ളൽ കണ്ടപ്പോൾത്തന്നെ ഇതു സ്വാമിയുടെ അധിവാസമുണ്ടായിട്ടുള്ളതല്ലെന്നും കള്ളത്തുള്ളലാണെന്നും മണിക്കാരനു മനസ്സിലാവുകയാൽ അദ്ദേഹം ഒന്നും മിണ്ടാതെ അവിടെ നിന്നു. അപ്പോൾ പൂശാരി തുള്ളിത്തുള്ളി മണിക്കാരന്റെ അടുക്കൽച്ചെന്ന്, 'ഒട്ടും വ്യസനിക്കണ്ടാ, ഞാൻനിവൃത്തിയുണ്ടാക്കി ക്കൊള്ളാം' എന്നു പറഞ്ഞു. മണിക്കാരൻ ശുദ്ധഹൃദയനും ശുണ്ഠിക്കാരനുമായ ഒരു പരദേശബ്രാഹ്മണനായിരുന്നു. അദ്ദേഹം വ്യസനവും ദേ‌ഷ്യവും സഹിക്കാൻ വയ്യാതെയായിട്ടു പൂശാരിയുടെ മുഖത്തു 'ഫാ' എന്നൊരാട്ടുമൊരു തുപ്പും വെച്ചുകൊടുത്തു. പൂശാരി മാറിക്കളഞ്ഞ തിനാൽ മണിക്കാരന്റെ തുപ്പൽ അവിടെ കത്തിജ്വലിച്ചു കൊണ്ടിരുന്ന ഒരു പന്തത്തിന്മെൽ വീഴുകയും അതു തെള്ളി (ചെഞ്ചെല്യ)പ്പൊടി പോലെ കത്തിക്കാളുകയും ചെയ്തു. അപ്പോൾ പൂശാരിയിൽ കറുപ്പസ്വാമിയുടെ ആവേശമുണ്ടാവുകയാൽ ഭാവം മാറീട്ടു വീണ്ടും മണിക്കാരനോട് 'ഒട്ടും വ്യസനിക്കണ്ടാ, ഞാൻനിവൃത്തിയുണ്ടാക്കിക്കൊള്ളാം. ഗ്രാമത്തിൽ ചെന്ന് എവിടെയെങ്കിലും താമസിച്ചുകൊള്ളണം. അവിടെ ആൾ വരും. സംഗതി തീർച്ചയായിട്ടു മടങ്ങിപ്പോന്നാൽ മതി' എന്നു പറഞ്ഞു. ഇതു കറുപ്പസ്വാമിയുടെ കൽപനതന്നെയാണെന്നു തോന്നുകയാൽ മണിക്കാരൻ, 'കൽപന പോലെ ചെയ്തുകൊള്ളാം. ശുദ്ധഗതിയും മുൻകോപവും കൊണ്ടു ഞാൻചെയ്തുപോയ അപരാധം അവിടുന്നു സദയം ക്ഷമിക്കണം' എന്നു പറഞ്ഞു വന്ദിച്ചുകൊണ്ട് അവിടുന്ന് ഇറങ്ങിപ്പോയി ഗ്രാമത്തിൽചെന്ന് ഒരു ഗൃഹത്തിൽ കയറി കിടന്നു.
പന്തത്തിൻമേൽ വീണ തുപ്പൽ കത്തിക്കാളിയപ്പോൾ മുതൽ കലക്ടർ സായിപ്പിന്റെ മദാമ്മയ്ക്കു ദേഹമാസകലം ഉമിത്തീയിലിട്ടാലെന്നപോലെ ഒരു പുകച്ചിൽ തുടങ്ങി. ഉടനെ അനേകം ഡോക്ടർമാരെ വരുത്തി പല ചികിത്സകൾ ചെയ്യിച്ചുനോക്കി. ഒരു ഗുണവും കണ്ടില്ല. അതിനാൽ സായിപ്പു വല്ലാതെ വ്യസനാക്രാന്തനായിത്തീർന്നു. അപ്പോൾ സായിപ്പിന്റെ സേവകനും ക്ലാർക്കുമായ ഒരു ഹിന്ദു "ഇതിന്റെ കാരണമറിയുന്നതിന് ഒന്നു പ്രശ്നം വെപ്പിച്ചു നോക്കിച്ചാൽ കൊള്ളാം" എന്നുപറഞ്ഞു. ഗൂഢമായി അപ്രകാരം നോക്കിക്കുന്നതിനു സായിപ്പു സമ്മതിക്കുകയാൽ ആ ക്ലാർക്കു ഗൂഢമായി ഒരു പ്രശ്നക്കാരനെ വരുത്തി ആരും അറിയാതെ ഒരു ഗൂഢസ്ഥലത്തുവച്ച് പ്രശ്നം വെപ്പിച്ചു നോക്കിച്ചു. മദാമ്മയുടെ സുഖക്കേടിനു കാരണം അച്ചൻകോവിൽ ശാസ്താവിന്റെ കോപമാണെന്നും മണിക്കാരനെ വരുത്തി സമാധാനം പറഞ്ഞാൽ മദാമ്മയ്ക്കു സുഖമാകുമെന്നും പ്രശ്നക്കാരൻ വിധിച്ചു. ക്ലാർക്ക് ഉടനെ ഈ വിവരം സായിപ്പിനെ ഗ്രഹിപ്പിക്കുകയും സായിപ്പിന്റെ ആജ്ഞപ്രകാരം ആളയച്ചു മണിക്കാരനെ വരുത്തുകയും ചെയ്തു. വിവരമൊക്കെപ്പറഞ്ഞപ്പോൾ മണിക്കാരൻ അയ്യപ്പസ്വാമിയെ സ്മരിച്ചുകൊണ്ടു സ്വൽപ്പം ഭസ്മമെടുത്തു ജപിച്ചു മദാമ്മയുടെ ദേഹത്തിലും ശിരസ്സിലുമിട്ടു. ഉടനെ മദാമ്മയുടെ സുഖക്കേടെല്ലാം മാറി, നല്ല സുഖമായി. സായിപ്പു സന്തോ‌ഷിച്ചു മണിക്കാരനു ചില സമ്മാനങ്ങൾ കൊടുക്കുകയും നിലം ഗവർമ്മേണ്ടിൽ ചേർക്കാൻ പാടുള്ളതല്ലെന്നു തീർച്ചയാക്കുകയും ദേവസ്വം പേരിൽത്തന്നെ പതിച്ചുകൊടുക്കുകയും ചെയ്തു.
ആറന്മുളക്ഷേത്രത്തിൽ ഇപ്പോൽ ഉള്ളതിനു മുമ്പുണ്ടായിരുന്ന ധ്വജത്തിന്റെ തടി അച്ചൻകോവിൽ മലയിൽനിന്നു വെട്ടിയിറക്കി കൊണ്ടു വന്നതായിരുന്നു. ആദ്യം ചിലർ പോയി തടി നോക്കിക്കണ്ടു നിശ്ചയിച്ചു പോന്നതിന്റെ ശേ‌ഷം വെട്ടിയിറക്കിക്കൊണ്ടുവരാനായിട്ടു പത്തുമുപ്പതുപേർ ശേഖരമായിട്ടാണ് പോയിരുന്നത്. തടിനിന്നിരുന്നത് ആനയെക്കൊണ്ടു പിടിപ്പിച്ചിറക്കുന്നതിനു സകൗര്യമില്ലാത്തതായ ഒരു സ്ഥലത്തായിരുന്നു. അതിനാൽ തടി പിടിച്ചിറക്കി ആറ്റിലാക്കുന്നതിനും മനു‌ഷ്യർ തന്നെ വേണ്ടിയിരുന്നതുകൊണ്ടാണ് ഇത്രയധികം ആളുകൾ പോയത്. അവർ മലയിൽചെന്നു തടി വെട്ടി, പിടിച്ചിറക്കി അനേകദിവസം കൊണ്ട് ഒരു വിധത്തിൽ ആറ്റുകടവിൽ കൊണ്ടുവന്നു. അപ്പോഴേക്കും അന്നു നേരം വൈകുകയും അവരെല്ലാവരും ഏറ്റവും ക്ഷീണിക്കുകയും ചെയ്യുകയാൽ തടി പിടിച്ചു വെള്ളത്തിലിറക്കുന്നതു പിറ്റേദിവസമാകാമെന്നു നിശ്ചയിച്ച് അവരെല്ലാവരും അച്ചൻകോവിൽ ക്ഷേത്രത്തിൽ പോയി അന്ന് അവിടെ ത്താമസിച്ചു.
പിറ്റേദിവസം അതിരാവിലെ അവരെല്ലാവരും കൂടിപ്പോയി തടിപിടിച്ചു വെച്ചിരുന്ന സ്ഥലത്തു ചെന്നപ്പോൾ തടി അവിടെ കാൺമാനില്ലായിരുന്നു. അപ്പോൾ അവർക്കുണ്ടായ മനസ്താപം എത്രമാത്രമെന്നു പറയാൻ പ്രയാസം. അവർ അവിടെയൊക്കെ അന്വേ‌ഷിച്ചു നടന്നു ചെന്നപ്പോൾ തടി മലയുടെ മുകളിൽ അവർ എവിടെനിന്നു കൊണ്ടു പോന്നുവോ ആ സ്ഥലത്തുതന്നെ ഇരിക്കുന്നതുകണ്ടു. തടി ആരും ഇറക്കി ക്കൊണ്ടുപോയില്ലെന്നറിഞ്ഞപ്പോൾ അവർക്കു സ്വൽപം സമാധാനമായി. പിന്നെയും അവർ തടി പിടിച്ചിറക്കാനുള്ള ശ്രമം തുടങ്ങി. നാലഞ്ചുദിവസം കൊണ്ട് അവർ പിന്നെയും തടി ആറ്റുകടവിലാക്കി, അന്നു നേരം വൈകിപ്പോയതിനാൽ രാത്രിയിൽ താമസിക്കുന്നതിന് അമ്പലത്തിലേക്കി പോയി. പിറ്റേദിവസം കാലത്തു ചെന്നു നോക്കിയപ്പോഴും തടി ആസ്ഥലത്തു കാൺമാനില്ലായിരുന്നു. എങ്കിലും അധികം അന്വേ‌ഷിച്ചു നടക്കാതെ തടി യഥാപൂർവ്വം മലയുടെ മുകളിലിരിക്കുന്നതു കണ്ടു. ഇങ്ങനെ പലപ്രാവശ്യമായപ്പോൽ അവർ ഏറ്റവും വി‌ഷണ്ണൻമാരായി ത്തീർന്നു. "ഇനി ആറന്മുളച്ചെന്നു പ്രശ്നം വെയ്പിച്ചു നോക്കിച്ച് ഇതിന്റെ കാരണമറിയാതെ വെറുതെ കഷ്ടപ്പെടാൻ കഴിയില" എന്നു നിശ്ചയിച് അവർ അവിടെനിന്ന് ആറന്മുളയ്ക്കു യാത്രയായി.
ഇവർ തടിയുംകൊണ്ടു മടങ്ങിയെത്തായ്കയാൽ ആറന്മുള കരനാഥന്മാർ മുതലായവർക്കു വിചാരമായി. അവരെല്ലാവരും ഒരു ദിവസം ക്ഷേത്രസന്നിധിയിൽ കൂടി. അത് ഇവർ അച്ചൻകോവിലിൽ നിന്ന് അങ്ങോട്ടു പുറപ്പെട്ട ദിവസം തന്നെയായിരുന്നു. ആ സമയം പ്രസിദ്ധ ദൈവജ്ഞനായ മംഗലപ്പള്ളി മൂത്തതും ദേവദർശനത്തിനായി അവിടെ ചെന്നു ചേർന്നു. മൂത്തതിനെ കണ്ടപ്പോൾ കരയിൽ പ്രമാണികളിലൊരാൾ "നമ്മുടെ കാര്യം നമുക്കു നമ്മുടെ കൊച്ചു മൂത്തതിനോടു ചോദിക്കാം; ഇനി എന്താണ് വേണ്ടതെന്ന് അദ്ദേഹം വിചാരിച്ചു പറയട്ടെ" എന്നു പറഞ്ഞു. അതുകേട്ടു മൂത്തത്, "നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?" എന്നു ചോദിച്ചു. അതിനുത്തരമായി ഒരാൾ, "കൊടിമരത്തടിക്കു പോയവരിലാരും മടങ്ങിവന്നു കാണായ്കയാൽ ഞങ്ങൾക്കു വളരെ വ്യസനമായിരി ക്കുന്നു. അവർ പോയിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞു. ഒരു വർത്തമാനവും അറിയുന്നില്ല. അവർക്കു വല്ലതും ആപത്തുപറ്റിയോ എന്തോ? ചിലരെ അങ്ങോട്ട് അയച്ചുവെങ്കിലോ എന്നും സംശയമുണ്ട്. ഇതിനെക്കിറിച്ചു മനസ്സിരുത്തി ഒന്നു ചിന്തിച്ചു വേണ്ടതു പറഞ്ഞുതരണം. ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിച്ചു പറയുന്നതിന് അവിടെയ്ക്കു കവിടിയും മറ്റും ആവശ്യമില്ലല്ലോ" എന്നു പറഞ്ഞു. ഉടനെ മൂത്തത് അകത്തു പോയി ദർശനം കഴിച്ച് എല്ലാം വേണ്ടതുപോലെ തോന്നിക്കുന്നതിനു സ്വാമി സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ട് പുറത്തു കൊടിമരസ്ഥാനത്തു വന്നു നിന്നുകൊണ്ട് അവിടെ കൂടിയിരുന്നവരോട് "തടിക്ക് പോയിരിക്കുന്നവർക്കു യാതൊരാപത്തും സംഭവിച്ചിട്ടില്ല. തടി കൊണ്ടു പോരാൻ സാധിക്കായ്കയാലാണ് അവർക്കു താമസം പറ്റിയത്. അവർ ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട്. എങ്കിലും തടി കൊണ്ടുവരുന്നില്ല. അച്ചൻകോവിൽ മലയിൽനിന്നാണല്ലോ തടി കൊണ്ടുവരേണ്ടത്. ആ തടി അച്ചൻകോവിൽ ശാസ്താവിന്റെ വകയാണ്. അതിനാൽ, അവിടെച്ചെന്നു സ്വാമിയെ വന്ദിക്കുകയും യഥാശക്തി വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കുകയും ചെയ്യാതെ തടി കൊണ്ടുപോരാൻ ഒരിക്കലും സാധിക്കുകയില്ല. അയ്യപ്പസ്വാമിയുടെ പരിവാരമൂർത്തികൾക്കും യഥായോഗ്യം വഴിപാടുകൾ നടത്തണം. ആ മൂർത്തികളിൽ പ്രാധാന്യം കറുപ്പസ്വാമിക്കാണ്. കറുപ്പസ്വാമിക്ക് ഒരു ഊട്ടു തന്നെ നടത്തണം. എന്നാൽ അതു തടി ഇവിടെ വന്നുചേർന്നതിനു ശേ‌ഷം നടത്തിയാൽ മതി. ഇപ്പോൾത്തന്നെ കറുപ്പസ്വാമി കോവിലിൽച്ചെന്നു തൊഴുതു പ്രാർത്ഥിച്ചു പൂശാരിയോട് ചാർത്തുവാങ്ങിക്കൊണ്ടു പോരണം. ഇത്രയും ചെയ്താൽ പിന്നെ തടിക്കായിട്ട് ആരും പോകേണ്ടാ. തടി താനേ ഇവിടെ വന്നു ചേരും. അയ്യപ്പസ്വാമിയുടെ പരിവാരങ്ങൾ അത്യുഗ്രമൂർത്തികളാണ്. തടിക്കു പോയവർ പലതവണ തടി മലയിൽനിന്നിറക്കി ആറ്റുകടവിൽ കൊണ്ടുവന്നുവെച്ചു. എങ്കിലും പിറ്റേദിവസമാകുമ്പോൾ തടി മലയുടെ മുകളിലായിരിക്കും. അതുകൊണ്ടാണ് അവർക്കു തടി കൊണ്ടുപോരാൻ സാധിക്കാഞ്ഞത്. ഇറക്കിക്കൊണ്ടുപോന്ന തടി വീണ്ടും മലയുടെ മുകളിൽ കൊണ്ടുപോയി വെച്ചതു സ്വാമിയുടെ പരിവാരമൂർത്തികളാണ്. അവർതന്നെ നമുക്കിവിടെ തടി എത്തിച്ചുതരികയും ചെയ്യും. ഇവിടെനിന്ന് അച്ചൻകോവിലിലേക്ക് നാലുപേർ കുറയാതെ ഉടനേ പോകണം. തടി കൊണ്ടുവരാൻ പോയവരെ വഴിക്കുവെച്ചു കാണാം. അവരും കൂടി അങ്ങോട്ടു പോരട്ടെ. എല്ലാവരും കൂടിച്ചെന്നു സ്വാമിദർശനം കഴിച്ച് വഴിപാടുകളും നടത്തി പ്രാർത്ഥിച്ചു പോരിക" എന്നു പറഞ്ഞു. മൂത്തതു പറഞ്ഞതുപോലെ ആറന്മുളനിന്നു പ്രധാനന്മാരായ നാലുപേർ അന്നു തന്നെ പുറപ്പെടുകയും മുമ്പ് പോയിരുന്നവരെ വഴിക്കു വച്ചു കാണുകയും എല്ലാവരും കൂടി അച്ചൻകോവിലിൽച്ചെന്നു സ്വാമി ദർശനവും വഴിപാടുകളും പ്രാർത്ഥനയും മറ്റും നടത്തുകയും കറുപ്പനൂട്ടിനുള്ള ചാർത്തു വാങ്ങി മടങ്ങിപ്പോരികയും ചെയ്തു.
അച്ചൻകോവിലിൽ പോയിരുന്നവരെല്ലാം ആറന്മുള മടങ്ങിയെത്തിയദിവസം നിശ്ചിതസമയത്ത് ക്ഷേത്രക്കടവിനടുത്ത് ആറ്റിൽ കെങ്കേമമായിട്ടുള്ള ഒരു വഞ്ചിപ്പാട്ടും ആളുകളുടെ ആരവവും അർപ്പുവിളിയും കുരവയും പാണ്ടിവാദ്യവും നാഗസ്വരവുമെല്ലാം കേൾക്കപ്പെട്ടു. അതുകേട്ടു ജനങ്ങൾ പരിഭ്രമിച്ച് ഓടി കടവിലെത്തിയപ്പോൽ അവിടെ കൊട്ടും പാട്ടും വാദ്യഘോ‌ഷവും യാതൊന്നുമില്ലായിരുന്നു. അവിടെയെങ്ങും ആരെയും കാൺമാനുമുണ്ടായിരുന്നില്ല. എങ്കിലും കൊടിമരത്തിനുള്ള തടി കടവിൽ കിടക്കുന്നുണ്ടായിരുന്നു. അതുകണ്ട് എല്ലാവരും സന്തോ‌ഷാത്ഭുതപരവശ ന്മാരായിത്തീർന്നു. അപ്പോൽത്തന്നെ ജനങ്ങൾ തടിപിടിച്ചു കയറ്റി മതിൽക്കകത്തു കൊണ്ടുചെന്നു വെച്ചു. നേരം വെളുത്തപ്പോൾ പരിശോധിച്ചു നോക്കിയതിൽ തടി യാതൊരു കേടുമില്ലാത്തതും ഒന്നാം തരവുമാണെന്നു കണ്ട് എല്ലാവരും വളരെ സന്തോ‌ഷിച്ചു. അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. അതിനടുത്ത വെള്ളിയാഴ്ച തന്നെ കറുപ്പനൂട്ടു നടത്തണമെന്ന് എല്ലാവരുംകൂടി നിശ്ചയിക്കുകയും അതിലേക്കു വേണ്ടുന്ന വട്ടങ്ങളൊക്കെ കൂട്ടിക്കൊണ്ടു വിവരം പൂശാരിയെ അറിയിക്കുകയും പൂശാരിയും പരികർമ്മികളും മറ്റും വ്യാഴാഴ്ച തന്നെ സ്ഥലത്തെത്തുകയും ആറന്മുളയ്ക്കടുത്ത അയിരൂരാറ്റിൽ മണപ്പുറത്തു വെച്ചു നിശ്ചിതദിവസം തന്നെ ആ വഴിപാടു കെങ്കേമമായി നടത്തുകയും ചെയ്തു.
പൂശാരിയും പരികർമ്മികളും വ്യാഴാഴ്ച വൈകുന്നേരം ആറന്മുളക്ഷേത്രത്തിലെത്തി സ്വാമിദർശനം കഴിച്ച് അന്നവിടെ താമസിക്കുകയും വെള്ളിയാഴ്ചനാൾ കാലത്തു കുളിയും ദർശനവും കഴിക്കുകയും ചെയ്തതിന്റെ ശേ‌ഷമാണ് അയിരൂർ മണപ്പുറത്തേക്കു പുറപ്പെട്ടത്. പൂശാരിക്ക് അന്നു പകൽ ഊണു പതിവില്ലാത്തതിനാൽ ആ മനു‌ഷ്യനെ ഒഴിച്ചു ശേ‌ഷം എല്ലാവരും കൂടി ഊണുകഴിച്ചിട്ടേ ക്ഷേത്രസന്നിധിയിൽ നിന്നു പുറപ്പെട്ടുള്ളു. അവർ മണൽപ്പുറത്തെത്തിയപ്പോൾ അവിടെ ഏറ്റവും വിശാലമായ ഒരു പന്തലിട്ടു കെട്ടി വിതാനിച്ചലങ്കരിച്ച് ഊട്ടിനു വേണ്ടുന്ന സകല സാമാനങ്ങളും ചാർത്തിൻപ്രകാരം ശേഖരിച്ചു വെച്ചിട്ടുണ്ടായിരുന്നു.
ആറന്മുള ദേശത്തോ അടുത്ത കരകളിലോ വച്ചു കറുപ്പനൂട്ടു നടത്തുകയാണെങ്കിൽ ക്ഷേത്രത്തിൽനിന്ന് ഒരു കൊടി എഴുന്നള്ളിച്ചു കൊണ്ടുവന്നു വെച്ചിട്ടാണ് നടത്തുക പതിവ്. ഇതിലേക്ക് ആറന്മുളദേവന്റെ സങ്കേതത്തിലുൾപ്പെട്ട പതിനെട്ടു കളരികളിലെ സകല ജനങ്ങളും ആബാലവൃദ്ധം വന്നു കൂടിയിരുന്നു. പാണ്ടിവാദ്യം, നാഗസ്വരം, പഞ്ചവാദ്യങ്ങൾ, ഉരുട്ടുചെണ്ട, ജനങ്ങളുടെ ആർപ്പുവിളി, കുരവ മുതലായ ഘോ‌ഷങ്ങളോടുകൂടി ഏറ്റവും കോലാഹലസമേതമാണ് ആ എഴുന്നള്ളത്തു പുറപ്പെട്ടത്. ഏകദേശം അഞ്ചുനാഴികപ്പകലേ ആ എഴുന്നള്ളത്തു പന്തലിലെത്തുകയും കൊടി ഒരു പ്രധാനസ്ഥലത്ത് എഴുന്നള്ളിച്ചു വയ്ക്കുകയും ചെയ്തു. അതിന്റെ സമീപത്തു കറുപ്പസ്വാമിയുടെ പൂജയ്ക്കു വേണ്ടതെല്ലാം നിരത്തിവെച്ചൊരുക്കി. കൊടിയെഴുന്നള്ളിച്ചു വെച്ചതിന്റെ മുൻവശത്ത് ഏകദേശം രണ്ടു ദണ്ഡു സമചതുരത്തിലും വളരെ പൊക്കത്തിലും ആഴിക്കു വിറകടുക്കി സന്ധ്യയ്ക്കുമുമ്പായിതീയിട്ടു. സന്ധ്യയായപ്പോൾ പൂശാരി കുളിച്ചു ഉടുത്തുകെട്ടി വന്നു പൂജ ആരംഭിചു. പൂജയും കർപ്പൂരാരാധനയും (കർപ്പൂരം കത്തിചുഴിയുകയും) കഴിഞ്ഞു പൂശാരി എഴുന്നേറ്റു പടിഞ്ഞാട്ടു തിരിഞ്ഞുനിന്ന് ആറന്മുളഭഗവാനെ വിചാരിച്ച് ഒന്നു വന്ദിച്ചതിന്റെ ശേ‌ഷം, കിഴക്കോട്ടു തിരിഞ്ഞു തൊഴുതുപിടിച്ചു കണ്ണുമടച്ചു ധ്യാനത്തോടുകൂടി നിശ്ചഷ്ടേനായി സ്വൽപനേരം നിന്നു. അപ്പോഴേയ്ക്കും ആഴികൂട്ടിയിരുന്ന വിറകെല്ലാം എരിഞ്ഞടങ്ങി നല്ല കനലായിക്കഴിഞ്ഞു. ആ സമയം കൊട്ടും ഘോ‌ഷവും ആർപ്പും കുരവയും ശംഖുവിളിയും കതിനാവെടിയും വെടിക്കെട്ടും മറ്റും കൊണ്ടു ലോകമപ്പാടെ ഞടുങ്ങിക്കൊണ്ടിരുന്നു. അപ്പോൾ നിശ്ചഷ്ടേനായി നിന്നിരുന്ന പൂശാരിയുടെ ശരീരം ആകപ്പാടെ ഒന്നു വിറച്ചു. ഉടനെ അയാൾ തുള്ളിത്തുടങ്ങുകയും അരിവാൾ, വേൽ, കപ്പര (ഭസ്മപ്പാത്രം) ഇതുകൾ കൈയിലെടുത്തുകൊണ്ട് ആഴിക്കും കൊടിക്കും പൂജാസ്ഥലത്തിനും കൂടി മൂന്നു പ്രദിക്ഷണം വെച്ചിട്ട് ആഴിയിൽക്കയറി നിൽക്കുകയും ചെയ്തു. അവിടെനിന്നു കുറച്ചു നേരം തുള്ളിയപ്പോൾ ആഴി നിരന്നു. പിന്നെ അവിടെനിന്നിറങ്ങീട്ടു കപ്പരയിൽനിന്നും സ്വൽപ്പം ഭസ്മമെടുത്തു കൊടിയിന്മേലിട്ടു. ഉടനെ കൊടി വിറച്ചു വിറച്ച് സ്വയമേവ തുള്ളിത്തുടങ്ങി. പിന്നെ പൂശാരി തുള്ളിക്കൊണ്ടുതന്നെ കപ്പരയിൽനിന്ന് ഒരു പിടി ഭസ്മം വാരിയെടുത്ത് ജനക്കൂട്ടത്തിലേയ്ക്ക് എറിഞ്ഞു. അപ്പോൾ കറുപ്പൻ തുള്ളലിൽ വിശ്വാസമില്ലാത്തവരായി അവിടെ വന്നു കൂടിയിരുന്നവരെല്ലാം കൂട്ടത്തോടെ തുള്ളിത്തുടങ്ങി. അവരെല്ലാവരും ആഴിയിൽച്ചാടി ചവുട്ടി നിരത്തിയതിന്റെ ശേ‌ഷം, "കറുപ്പസ്വാമിയെ ഞങ്ങളെല്ലാവരും പൂർണ്ണമായി വിശ്വസിക്കുന്നു. ഞങ്ങൾക്കു ദാഹം കലശലായിരിക്കുന്നു" എന്നു വിളിച്ചു പറഞ്ഞുതുടങ്ങി. പൂശാരി കരിക്കിൻവെള്ളവും ചാരായവും കൂടിയെടുത്ത് എല്ലാവരുടെയും മേൽ തളിച്ചു. ഉടനെ അവരുടെ ദാഹം ശമിച്ചു എങ്കിലും തുള്ളൽ നിന്നില്ല. ആ സമയം കോഴിമുട്ടകളെല്ലാം കോഴികളായിത്തീർന്നു. പൂശാരി ആ കോഴികളെയെല്ലാം വെട്ടുകയും ആഴിയിൽ നിന്നു ഭസ്മംവാരിയെടുത്തു കൊടിയിന്മേലും തുള്ളിക്കൊണ്ടുനിന്ന ജനങ്ങളുടെ മേലും എറിയുകയും അപ്പോൾ എല്ലാവരുടെയും തുള്ളൽ നിൽക്കുകയും ചെയ്തു. പിന്നെയും പൂശാരിയുടെ തുള്ളൽ നിന്നില്ല; പൂശാരി കളഭമെടുത്തു തന്റെ ദേഹത്തിലെല്ലാം പൂശുകയും പ്രസാദമായിട്ടു ജനങ്ങൾക്കെല്ലാവർക്കും കൊടുക്കുകയും ചെയ്തിട്ട് (കറുപ്പസ്വാമിയുടെ നിലയിൽ) "നിങ്ങളുടെ വഴിപാടു ഞാൻസ്വീകരിച്ചിരിക്കുന്നു. എനിക്കു വളരെ സന്തോ‌ഷമായി" എന്നു പറഞ്ഞു. ഉടനെ തുള്ളലും നിന്നു. തുള്ളൽ നിന്നയുടനെ പൂശാരി അവിടെ വീണു. അപ്പോൾ കൊട്ടും ഘോ‌ഷവു മെല്ലാം നിറുത്തി, പരികർമികളും മറ്റും കൂടി പൂശാരിയെ വീശിക്കൊണ്ടു നിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പൂശാരി സ്വബോധത്തോടുകൂടി എഴുന്നേറ്റു കൈയും മുഖവും കഴുകി അത്താഴവും കഴിച്ച് അന്ന് അവിടെ താമസിക്കുകയും പിറ്റേദിവസം രാവിലെ പരികർമ്മികൾ മുതലായവരോടു കൂടി അചൻകോവിലിലേക്കു പോവുകയും ചെയ്തു. പൂശാരിയെയും പരികർമ്മികളെയും യഥായോഗ്യം ദക്ഷിണയും സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചാണ് പറഞ്ഞയച്ചതെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. തടി കിട്ടിയതിൽ സന്തുഷ്ടരായ കരനാഥന്മാരും മറ്റും കൂടിയുത്സാഹിച്ച് അധികം താമസിയാതെതന്നെ ഒരു സുമുഹൂർത്തത്തിൽ ആറന്മുളെ ദേവസന്നിധിയിൽ യഥാവിധി ധ്വജപ്രതി‌ഷ്ഠ നടത്തുകയും ചെയ്തു.
ഒരിക്കൽ 'കാളിനായ്ക്കൻ' എന്നൊരാൾ ആലപ്പുഴെ തടിക്കുത്തക ഏറ്റിരുന്നു. കുത്തകക്കാർ തടി വെട്ടിയിറക്കി വൃശ്ചികമാസം XXXXആം തിയതിക്കകം ആലപ്പുഴെ കച്ചവടം വകയിലേൽപ്പിക്കണമെന്നായിരുന്നു ഏർപ്പാട്. അതിനാൽ കുത്തകക്കാർ ചിങ്ങം കന്നി മാസങ്ങളിൽ തടികൾ വെട്ടിയിറക്കി നദീതീരങ്ങളിൽ കൊണ്ടുവന്നു ശേഖരിക്കുകയും തുലാവർ‌ഷത്തിന്റെ വെള്ളപ്പൊക്കത്തോടുകൂടി ആറ്റിലിറക്കി ചെങ്ങാടം കെട്ടി ആലപ്പുഴെ കൊണ്ടുചെന്ന് ഏൽപിക്കുകയുമാണ് പതിവ്. ആ പതിവനുസരിച്ച് ഒരു കൊല്ലം കാളിനായ്ക്കൻ തടികൾ ശേഖരിച്ചിരുന്നത് അച്ചൻകോവിലിൽനിന്നും രണ്ടുമൂന്നു നാഴിക പടിഞ്ഞാറ് 'കല്ലാറ്' എന്നു പേരായ നദിയുടെ തീരപ്രദേശങ്ങളിലായിരുന്നു. അക്കൊല്ലം കന്നിമാസത്തിലെ ഉണക്ക് അതികഠിനമായിരിക്കുകയും വൃശ്ചികമായിട്ടും തുലാ വർ‌ഷം ആരംഭിക്കാതിരിക്കുകയും ചെയ്തതുകൊണ്ടു കല്ലാറ്റിൽ വെള്ളം വളരെ കുറവായിരുന്നു. എന്നു മാത്രമല്ല, കല്ലാർ അച്ചൻകോവിലാറ്റിൽ വന്നുകൂടുന്ന സ്ഥലത്ത് ആറ്റിൽ വിലങ്ങനെ മൂന്നു വലിയ പാറകളുണ്ടായിരുന്നു. ആ പാറകളുടെ മുകളിൽക്കൂടി തടികളിറക്കി ക്കൊണ്ടു പോരുവാൻ തക്കവണ്ണം വെള്ളം പൊങ്ങുന്ന സമയങ്ങളിലല്ലാതെ അതിലേകൂടി തടികൾ കൊണ്ടു പോരുന്നതിനു യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഇക്കൊല്ലം ഇങ്ങനെ സംഭവിച്ചു എന്നല്ലാതെ ഇതു സാധാരണമല്ല. ആണ്ടുതോറും കാലവർ‌ഷത്തിലും തുലാവർ‌ഷത്തിലും ആ പാറകളുടെ മുകളിൽക്കൂടി തടികൾ കടത്തിക്കൊണ്ടു പോരുവാൻ തക്കവണ്ണം വെള്ളം പൊങ്ങുക പതിവാണ്. അതുകൊണ്ടാണ് നായ്ക്കൻ അവിടെ തടികൾ ശേഖരിച്ചത്. തടികുത്തകക്കാർക്കു വളരെ ലാഭമുള്ള ഏർപ്പാടാണെങ്കിലും അവധികഴിയുന്നതിനുമുമ്പ് തടികൾ ആലപ്പുഴെ കൊണ്ടുചെന്നേൽപ്പിച്ചില്ലെങ്കിൽ വലിയ നഷ്ടം നേരിടുകയും ചെയ്യും. അതിനാൽ കാളിനായ്ക്കൻ ഏറ്റവും വ്യസനാക്രാന്തനായിത്തീർന്നു. അയാൾ ആലോചിച്ചിട്ട് ഇതിനു യാതൊരു നിവൃത്തിമാർഗ്ഗവും കാണായ്കയാൽ ഒടുക്കം അച്ചൻകോവിലിൽ ചെന്ന് അയപ്പസ്വാമിയെയും പരിവാരമൂർത്തികളെയും വന്ദിക്കുകയും യഥായോഗ്യം വഴിപാടുകൾ നടത്തുകയും ചെയ്തിട്ട് നടയിൽ ചെന്നുനിന്ന്, "എന്റെ അയപ്പസ്വാമീ, ഇതിന് എന്തെങ്കിലും ഒരു നിവൃത്തിയുണ്ടാക്കിത്തരണേ; ഞാൻ ആലപ്പുഴക്കടപ്പുറത്തുവെച് എന്റെ ശക്തിക്കു തക്കവണ്ണം ഒരു കറുപ്പനൂട്ടു കഴിച്ചേക്കാം" എന്നു പ്രാർത്ഥിച്ചു. അന്നു രാത്രിയിൽ നായ്ക്കൻ കിടന്നുറങ്ങിയപ്പോൽ ഒരാൾ അയാളുടെ അടുക്കൽച്ചെന്നു "പാറകൾ മറ്റിയിരിക്കുന്നു. തടികൾ കടത്തിക്കൊണ്ടുപോകാം" എന്നു പറഞ്ഞതായി അയാൾക്കു തോന്നി. കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു തന്നെക്കുറിച്ചു പ്രസാദിച്ചിട്ട് അയ്യപ്പ സ്വാമിയോ കറുപ്പസ്വാമിയോ കൽപ്പിച്ചതാണെന്ന് അയാൾ വിശ്വസിച്ചു. പിറ്റേദിവസം രാവിലെ അയാൾ ആ സ്ഥലത്തു ചെന്നു നോക്കിയപ്പോൾ വിലങ്ങത്തിൽ കിടന്നിരുന്ന പാറകൾ നെടുനീളത്തിലായിരിക്കുന്നതും അവയുടെ ഇടയിൽക്കൂടി തടികൾ കടത്തിക്കൊണ്ടുപോകുവാൻ തക്ക വണ്ണം വാലുകൾ പോലെ രണ്ടു കൈവഴികൾ തെളിഞ്ഞിരിക്കുന്നതായും കണ്ടു. അപ്പോൾ അയാളുടെ മനസ്സിൽ വളരെ സന്തോ‌ഷവും വി‌ഷ്മയവും ജനിച്ചുവെന്നു മാത്രമല്ല, അയ്യപ്പസ്വാമിയെയും പരിവാരമൂർത്തികളെയും കുറിച്ചുണ്ടായിരുന്ന ഭക്തിവിശ്വാസങ്ങൾ ശതഗുണീഭവിക്കുകയും ചെയ്തു. അയാൾ തടികൾ വെള്ളത്തിലിറക്കി ചെങ്ങാടം കെട്ടി നി‌ഷ്പ്രയാസം കൊണ്ടുപോയി അവധിക്കുമുൻപ് ആലപ്പുഴെ ഏൽപിചു. ആ പ്രാവശ്യം അയാൾക്കു പതിവിൽക്കൂടുതൽ ലാഭം കിട്ടി. അതിനാൽ പിന്നെയും അചൻകോവിലിൽചെന്ന് അയപ്പസ്വാമിക്കും പരിവാരമൂർത്തികൾക്കും യഥായോഗ്യം വഴിപാടുകൾ കഴിച്ചു വന്ദിച്ചു. അക്കാലത്ത് അച്ചൻകോവിൽ ക്ഷേത്രത്തിൽ ദേവസ്വം വകയായിട്ടുണ്ടായിരുന്ന പാത്രങ്ങളെല്ലാം പൊട്ടിയും തുളഞ്ഞും കേടു സംഭവിച്ചവയായിരുന്നു. അതിനാലയാൾ നാഴിമുതൽ നാൽപ്പതു നാഴി അരിവെയ്ക്കാവുന്ന അനേകം പാത്രങ്ങൾ പുത്തനായി വാർപ്പിച്ചു നടയ്ക്കുവെച്ചു. അവയിൽ ചില പാത്രങ്ങൾ ഇപ്പോഴും അവിടെ കാൺമാനുണ്ട്. അധികം താമസിയാതെ കാളിനായ്ക്കൻ കറുപ്പനൂട്ടിനുള്ള ചാർത്തു വാങ്ങുകയും അതിൻപ്രകാരം സകലതും വട്ടം കൂട്ടി ആലപ്പുഴെ കടപ്പുറത്തുവെച്ചു കെങ്കേമമായി കറുപ്പനൂട്ടു നടത്തുകയും ചെയ്തു.
സഞ്ചായം ഡിപ്പർട്ടുമന്റുകാർ സർക്കാർ വകയായി ഒരു കറുപ്പനൂട്ട് ആണ്ടുതോറും പതിവായി നടത്തിവന്നിരുന്നു. വർണ്ണീഡു സായ്പവർകൾ സഞ്ചായം ഡിപ്പാർട്ടുമന്റിന്റെ മേലധികാരിയായി വന്നപ്പോൾ അതു വേണ്ടെന്നുവെച്ചു. അക്കൊല്ലം കോന്നി മുതലായ സ്ഥലങ്ങളിൽ കുഴികളിൽ ആന വീണില്ല. അതിന്റെ കാരണമെന്താണെന്നു ചോദിച്ച പ്പോൾ "പതിവുള്ള കറുപ്പനൂട്ടു നടത്താഞ്ഞിട്ടായിരിക്കു"മെന്നു ഹിന്ദുക്കളായ ജീവനക്കാർ പറഞ്ഞു. "എന്നാൽ കുഴികളിൽ ആനകൾ വീഴട്ടെ, കറുപ്പനൂട്ടു നടത്തിയേക്കാം" എന്നു സായ്പവർകൾ സമ്മതിചു. പിന്നെ മുറയ്ക്കു കുഴികളിൽ ആനകൾ വീണുതുടങ്ങി. എങ്കിലും സായ്പവർകൾ കറുപ്പനൂട്ടു നടത്തിയില്ല. അപ്പോൾ കുഴികളിൽനിന്നും കയറ്റി കൂട്ടിലാക്കിയ ആനകൾ കൂട്ടിൽ കിടന്നും കുഴികളിൽ വീഴുന്ന ആനകൾ കുഴികളിൽത്തന്നെ കിടന്നും ചത്തുതുടങ്ങി. അങ്ങനെ അനേകം ആനകൾ ചത്തുപോവുകയാൽ സർക്കാരിലേക്ക് വളരെ ന ഷ്ടം സംഭവിച്ചു. അപ്പോൾ സായ്പവർക്കൾ നല്ല മനസ്സോടുകൂടിയല്ലെങ്കിലും കറുപ്പനൂട്ടു നടത്താമെന്നു സമ്മതിക്കുകയും പതിവിൽ കൂടുതലായി വട്ടങ്ങൾ കൂട്ടുകയും ദിവസം നിശ്ചയിച്ചു പൂശാരിയെ അറിയിക്കുകയും ചെയ്തു. പൂശാരിക്കു കോന്നിയിലും ഒരു വീടുണ്ട്. അതിന്റെ പേര് "വാര്യവീട്" എന്നാണ്. അവിടെയാണ് ഈ വിവരം അറിയിച്ചത്. കറുപ്പനൂട്ട് സഞ്ചായം കച്ചേരിയുടെ സമീപത്തുവെച്ചുതന്നെ നടത്തണമെന്നായിരുന്നു സായ്പവർകളുടെ ഉത്തരവ്. അതിനാൽ അവിടെയാണ് പന്തലിട്ട് കെട്ടിവിതാനിച്ചലങ്കരിച്ചു സാമങ്ങളെല്ലാം ശേഖരിച്ചു വെച്ചത്.
കറുപ്പനൂട്ടിനു നിശ്ചയിച്ച ദിവസത്തിനു രണ്ടുമൂന്നു ദിവസം മുമ്പേ സായ്പവർകൾ പതിനൊന്ന് ഭരണികളിൽ ചാരയം നിറപ്പിച്ച് അടച്ചുകെട്ടിച്ചു പന്തലിനു സമീപം വലിയകുഴികൾ കുഴിപ്പിച്ച്, ഭരണികൾ കുഴികളിൽ വെപ്പിച്ചു മണ്ണിട്ടു മൂടിച്ചു. ഇതു മറ്റാരും അറിയാതെ സായ്പവർകൾ തന്റെ വിശ്വസ്തന്മാരായ ഒന്നു രണ്ടു ഭൃത്യന്മാരെക്കൊണ്ട് ഏറ്റവും രഹസ്യമായിട്ടാണ് ചെയിച്ചത്. പിന്നെ ആഴിക്കു പത്തു ദണ്ഡുസമചതുരത്തിലും ഒന്നര ദണ്ഡു താശ്ചയിലും ഒരു കുഴി കുഴിച്ച്, അതിൽ വലിയ പാഴ്മരത്തടികൾ ആനകളെക്കൊണ്ടു പിടിച്ചു വരുത്തി നിരത്തിയി ടുവിച്ചു തീയുമിട്ടു. തടികൾക്കു തീ പിടിച്ചുതുടങ്ങിയപ്പോൾ അതിന്റെ മീതെ പത്ത് ആനചങ്ങലകളുമിടുവിച് അതിന്റെ മീതെയും തടികൾനിരത്തിച്ച് അവയ്ക്കും തീയിട്ടു.
നിശ്ചിതദിവസം സന്ധ്യയ്ക്കു മുമ്പായി പൂശാരി പരികർമികൾ മുതലായവരോടുകൂടി നിശ്ചിതസ്ഥലത്തെത്തി. ഉടനെ കുളിച് ഉടുത്തുകെട്ടി ഉത്തരീയം മുതലായവയും ധരിച്ചു പന്തലിൽ ചെന്നു. അവിടെയുള്ള വട്ടങ്ങൾ ആകപ്പടെ കണ്ടപ്പോൾ അയാൾ സ്വൽപനേരം വലാതെ അന്ധനായി നിന്നു പോയി; ഇത്ര വലിയ ആഴിയും മറ്റും അയാൾ ഇതിനുമുമ്പ് മറ്റെങ്ങും കണ്ടിട്ടില്ലായിരുന്നു. പിന്നെ ധൈര്യത്തെ അവലംബിച്ചു കൊണ്ടു സ്വൽപം ചന്ദനവും പൂവും വെള്ളവും കൂടി കൈയ്യിലെടുത്തു കിഴക്കോട്ട് ആരാധിച്ചിട്ട് കണ്ണുമടച്ചു തൊഴുതുപിടിച്ചുകൊണ്ടു സ്വൽപനേരം നിന്നു. പിന്നെ മുറയ്ക്കു പൂജ ആരംഭിച്ചു. അപ്പോഴേക്കും ആ ദിക്കിലുള്ള സകലജനങ്ങളും കുടുംബസഹിതം അവിടെ വന്നുചേർന്നു. ആഴിയുടെ വലിപ്പവും മറ്റും കണ്ട് എലാവരും ഭയപ്പെടുകയും സായ്പവർകൾ കറുപ്പസ്വാമിയെ പരീക്ഷിക്കാൻ ഭാവിക്കുകയാണെന്നറിഞ്ഞ് "അയ്യപ്പസ്വാമീ, കറുപ്പസ്വാമീ; അവമാനത്തിനിടയാക്കരുതേ" എന്നു മനസാ വാചാ പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ സായ്പവർകൾ പന്തലിനു പുറത്ത് ഒരു സ്ഥലത്ത് ഒരു കുതിരച്ചമ്മട്ടി കൈയ്യിലെടുത്തുകൊണ്ട് ഒരു കസാല യിൽ വന്നിരുന്നു. പൂജ കഴിഞ്ഞു കർപ്പൂരാരാധന ആയപ്പോഴേക്കും പണ്ടിവാദ്യം, നാഗസ്വരം, പഞ്ചവാദ്യങ്ങൾ, ചെണ്ട, ശംഖ്, മുതലായവയുടെ നാദം കൊണ്ടു ദിക്ൾചക്രവാളം മാറ്റൊലിക്കൊണ്ടുതുടങ്ങി. ജനങ്ങൾ ആർപ്പും കുരവയും ശരണംവിളിയും പൊടിപൊടിച്ചുതുടങ്ങി. പൂശാരിയുടെ ഭാവം അപ്പാടെ മാറിത്തുടങ്ങി. ദേഹം വിറച്ചുതുടങ്ങി. കപ്പരയും അരിവാളും വേലും കൈയിലെടുത്തുകൊണ്ട് അയാൾ തുള്ളിത്തുടങ്ങി. അയാളുടെ മുഖഭാവവും മറ്റും കണ്ടാൽ സാക്ഷാൽ കറുപ്പസ്വാമിയാണെന്നുതന്നെ തോന്നുമായിരുന്നു. അയാൾ ഭസ്മം വാരി ജനങ്ങൾക്കു കൊടുത്തിട്ടു സായ്പിന്റെ മുമ്പിൽചെന്ന് 'എന്നെ പരീക്ഷിക്കുകയാണ് അല്ലേ? ആട്ടെ' എന്നു പറഞ്ഞു. സായിപ് അതുകേട്ട് പുച്ഛഭാവത്തിൽ ഒന്നു ചിരിക്കുകയും "മലയാളി സാധു സാധു" എന്നു പറയുകയും ചെയ്തു. പൂശാരി പിന്നെ ചാരായഭരണികൾ സ്ഥാപിച്ചിരുന്ന സ്ഥലത്തുചെന്നുനിന്നു കൊണ്ടു കപ്പരയിൽനിന്നു സ്വൽപം ഭസ്മമെടുത്തു മേൽപോട്ടെറിഞ്ഞിട്ട് ഒന്നട്ടഹസിച്ചു. അപ്പോൾ ചാരായഭരണികളുടെ മീതെ മൂടിയിരുന്ന മണ്ണും അടപ്പുമെല്ലാം തനിയെ മാറി, ചാരായം തീപ്പൊരികളായി പൂക്കുറ്റികളിൽ നിന്നെന്നപോലെ മേൽപോട്ടു പോയിത്തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ പൂശാരി ഇനി ഭരണികളിൽ വല്ലതുമുണ്ടോ എന്നു നോക്കാൻ സായ്പി നോടു പറഞ്ഞു. സായ്പവർകൾ ഭരണികളെടുത്തു നോക്കിയപ്പോൾ അവയുടെ അകത്തു ചാരായത്തിന്റെ ഗന്ധം പോലുമില്ലായിരുന്നു. അപ്പോൾ സായ്പും സ്വൽപം വലാതെയായി. പിന്നെ പൂശാരി സായ്പിന്റെ കയിലിരുന്ന ചമ്മട്ടി തട്ടിപ്പറിചെടുത്തുകൊണ്ട് സായ്പിന്റെ കുതിരയുടെ അടുക്കലെത്തി. ആ കുതിര വളരെ പിണക്കമുള്ളതും അന്യന്മാരെ അടുക്കലടുപ്പിക്കാത്തതും സാമാന്യത്തിലധികം വലിയതുമായിരുന്നു. ആ കുതിരപ്പുറത്തു നി‌ഷ്പ്രയാസം ചാടിക്കേറീട്ട് പൂശാരി ആഴിയിലേക്കു കുതിരയെ നടത്തി. കുതിര ആഴിയിൽ ചാടിനിന്നുകൊണ്ടു തുള്ളി ത്തുടങ്ങി. കുതിരയുടെ തുള്ളൽകൊണ്ടു കനലെല്ലാം ചാരമായിപ്പറന്നു. പിന്നെ പൂശാരി കുതിരപ്പുറത്തുനിന്നിറങ്ങീട്ടു കുതിരയെ സായ്പിന്റെ അടുക്കലേക്കു വിട്ടു. സായ്പവർകൾ പരിശോധിച്ചു നോക്കിയപ്പോൾ കുതിരയ്ക്കു യാതൊരു തരക്കേടും പറ്റീട്ടില്ലയിരുന്നുവെന്നല്ല, അതിന്റെ ഒരു രോമം പോലും കരിഞ്ഞിട്ടുമില്ലായിരുന്നു. അപ്പോൾ സായ്പവർകൾ അത്യന്തം വിസ്മയാകുലനായിത്തീർന്നു. പൂശാരി പിന്നെയും ആഴിയിൽ ച്ചാടിത്തുള്ളി. അപ്പോൾ ചങ്ങലകളെല്ലാം പഴുത്തു തീക്കനൽ പോലെ ആയിക്കിടന്നിരുന്നു. പൂശാരി ആ ചങ്ങലകൾ വാരിയെടുത്തു ദേഹത്തി ലെല്ലാമണിഞ്ഞിട്ട്, ഒരു ചങ്ങല കൈയിലെടുത്തുംകൊണ്ടു സായ്പിന്റെ അടുക്കൽ ചെന്ന്, "ഇതു മേടിക്കണം" എന്നു പറഞ്ഞു. സായ്പു സ്വബോധത്തോടുകൂടിയോ എന്തോ ഉടനെ രണ്ടു കൈയും നീട്ടി അതു മേടിച്ചു. തീക്കട്ട പോലെയിരുന്ന ആ ആനച്ചങ്ങൽ അപ്പോൾ പച്ചവെള്ളം പോലെ തണുപ്പുള്ളതും പൂപോലെ ഘനം കുറഞ്ഞതുമായിട്ടാണ് സായ്പവർകൾക്കു തോന്നിയത്. ഉടനെ അതു താഴെ ഇടാൻ പൂശാരി പറഞ്ഞു. സായ്പവർകൾ താഴെയിട്ടു. പിന്നെയുമെടുക്കാൻ പൂശാരി പറഞ്ഞു. സായ്പവർക്കൾ അതെടുക്കാനായി കൈകൾ ചങ്ങലയുടെ അടുക്കലേക്കു നീട്ടിയപ്പോൾ തീക്കനലിന്റെ അടുക്കൽ കൈ കൊണ്ടുചെന്നപോലെ ചൂടുതോന്നുകയാൽ എടുത്തില്ല. അപ്പോൾ പൂശാരി (കറുപ്പസ്വാമി) "എന്താ പരീക്ഷയൊക്കെ കഴിഞ്ഞുവോ? ഇനിയും വല്ലതും ഭാവമുണ്ടോ?" എന്നു ചോദിച്ചു. ഇതിനുത്തരമായിട്ടു സായ്പവർകൾ, "ഇനി പരീക്ഷ യൊന്നും വേണമെന്നു വിചാരിക്കുന്നില്ല. ഇത്രയും പരീക്ഷിച്ചതു തന്നെ അബദ്ധമായി എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. എന്റെ ഈ അപരാധം കറുപ്പസ്വാമി സദയം ക്ഷമിക്കണം, ഇതിനു പ്രായശ്ചിത്തമായി ആണ്ടുതോറും ഒരു കറുപ്പനൂട്ട് ഗവർമ്മേണ്ടുവകയായിട്ടുള്ളതു കൂടാതെ, തന്റെ പേർക്ക് വിശേ‌ഷാൽ, ഞാനിവിടെ ഇരിക്കുന്നടത്തോളം കാലം, നടത്തിയേക്കാം" എന്നു പറഞ്ഞു. അതുകേട്ടു പൂശാരി, "അന്യമത ക്കാരനായ നിങ്ങൾക്ക് എന്നെക്കുറിച്ചു വിശ്വാസമില്ലാതെയിരുന്നത് ഒരദ്ഭുതമല്ല. എന്നുമാത്രമല്ല, നിങ്ങളെ പക്ഷവാതം ബാധിക്കാറായിരി ക്കുന്നു. അതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്തതാണ്. അതിനാൽ എനിക്കു യാതൊരു വിരോധവുമില്ല. വളരെ സന്തോ‌ഷമായിരിക്കുന്നു" എന്നു പറഞ്ഞു. കലി ഉടനെ അടങ്ങുകയും ചെയ്തു.
ഇതുകഴിഞ്ഞ് അധികം താമസിയാതെ വർണ്ണീഡ് സായ്പവർകൾക്കു പക്ഷവാതം ആരംഭിച്ചു. വാതത്തിൻ ഇംഗീ‌ഷ് ചികിത്സ ഫലിക്കയില്ലെന്നറിയാമായിരുന്നതുകൊണ്ടു സായ്പവർകൾ തന്റെ ദീനത്തിനു നാട്ടുചികിത്സകളാണ് ചെയ്തിരുന്നത്. അതുകൊണ്ട് ഏതാനും കൊല്ലങ്ങൾ കൂടി ഇവിടെത്തന്നെ കഴിച്ചുകൂട്ടി. ഒടുക്കം നാട്ടുചികിത്സയും ഫലിക്കാതെയായതിനാൽ അദ്ദേഹം ശീമയ്ക്കു പോകുകയും ചെയ്തു.
വർണ്ണീഡ് സായ്പവർകൾ ഉദ്യോഗമായി ഇവിടെ ഇരുന്നിരുന്ന കാലത്തെലാം ഗവർമ്മെന്റുവകയായിട്ടുള്ളതുകൂടാതെ അദ്ദേഹത്തിന്റെ വഴിപാടായിട്ടും ഒരോ കറുപ്പനൂട്ട് ആണ്ടുതോറും പതിവായി നടത്തിയിരുന്നു. അദ്ദേഹം പോയതിനുശേ‌ഷം ആ സ്ഥനത്തുവന്ന സായ്പന്മാരും ആ പതിവു മുടക്കിയില്ല. അവരെല്ലാം കറുപ്പനൂട്ടു നടത്തിയിരുന്നത് അരുവാപ്പാലത്തു മണൽപ്പുറത്തുവെച്ചായിരുന്നു.
അച്ചൻകോവിൽ ക്ഷേത്രത്തിൽ ചില കള്ളന്മാർ വഴിപാടുകഴിക്കുകയും മറ്റുചില കള്ളന്മാർ അകത്തുകടന്നു തിരുവാഭരണം മുതലായവ മോ ഷ്ടിക്കുകയും ചെയ്യാറുണ്ടായിരുന്നു.
മുൻകാലങ്ങളിൽ തിരുവിതാംകൂറിന്റെ അതിർത്തിസ്ഥലങ്ങളിൽവ്യാജപ്പുകയിലയുടെ പ്രചാരം ധാരാളമായിട്ടുണ്ടായിരുന്നല്ലോ. ചെങ്കോട്ട മുതലായ സ്ഥലങ്ങളിലാണ് ഇത് അസാമാന്യമായി വർദ്ധിച്ചിരുന്നത്. ചെങ്കോട്ട മുതലായ സ്ഥലങ്ങളിലേക്കു വ്യാജപ്പുകയില രാത്രികാലങ്ങളിൽ അച്ചൻകോവിലിൽക്കൂടിയാണ് കടത്തിക്കൊണ്ടുപോവുക പതിവ്. ആസമയം സർക്കാരാളുകൾ കണ്ടുപിടിക്കാതെയും കാട്ടുമൃഗങ്ങൾ ഉപദ്രവിക്കാതെയും ഇരിക്കുന്നതിനായിട്ട് ഈ കള്ളക്കച്ചവടക്കാർ കറുപ്പസ്വാമിയുടെ നടയിൽ നാലും അഞ്ചും എട്ടും പത്തും രൂപാവീതം കാണിക്കയിട്ടുംവെച്ചു പോകാറുണ്ടായിരുന്നു. അങ്ങനെ വ്യാജപ്പുകയിലക്കാർ രാത്രിയിലിടുന്നവകയായിട്ടുതന്നെ കറുപ്പൻ പൂശാരിക്കു പ്രതിദിനം രാവിലെ അൻപതും അറുപതും എഴുപതും ചിലദിവസം നൂറും രൂപാവീതം കിട്ടിക്കൊണ്ടാണിരുന്നത്. ഇപ്പോൾ സർക്കാരാളുകളുടെ സൂക്ഷിപ്പും കാവലും മുറുകിയതോടുകൂടി അവിടെ അങ്ങനെയൊന്നും വരാതെയും പൂശാരിക്കു കിട്ടാതെയുമായി.
ഒരിക്കൽ എട്ടു മറവർ കൂടി രാത്രിസമയം അച്ചൻകോവിലിൽ വന്നു ക്ഷേത്രത്തിൽക്കയറി ചില തിരുവാഭരണങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയി. അവർ "അതിരുമല" (മലയാളത്തിന്റെയും പാണ്ടിയുടെയും അതിർത്തിയി ലുള്ള മല)യുടെ സമീപത്ത് ഒരു വൃക്ഷച്ചുവട്ടിൽ ചെന്നപ്പോൾ തിരുവാഭരണങ്ങളെല്ലാം അവിടെ വെച്ചിട്ടു വൃക്ഷത്തിനു പ്രദക്ഷിണം വെച്ചുതുടങ്ങി. മോ‌ഷണം നടന്നതിന്റെ മൂന്നാം ദിവസം വിവരമറിഞ്ഞു പോലീസുകാർ ക്ഷേത്രസന്നിധിയിലെത്തി. ആ സമയം കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടു പൂശാരി തുള്ളി പോലീസുകാരെ കൂട്ടിക്കൊണ്ടു പോയി ആ കള്ളന്മാരെ കാണിച്ചുകൊടുത്തു. അതിനാൽ ആ മറവർക്കു ശിക്ഷയും ക്ഷേത്രത്തിലേക്കു തിരുവാഭരണവും കിട്ടി. മറവർ പ്രദക്ഷിണം വെച്ച വൃക്ഷത്തിന്റെ ചുവട്ടിൽ കറുപ്പസ്വാമിയുടെ ഒരു പ്രതി‌ഷ്ഠ പണ്ടേതന്നെ ഉണ്ടായിരുന്നു. അതിനാൽ കറുപ്പസ്വാമിയാണ് ആ മറവരെ വിട്ടയയ്ക്കാതെ മൂന്ന് അഹോരാത്രം അവിടെ പ്രദക്ഷിണം വെപ്പിച്ചത്.അച്ചൻകോവിൽ ക്ഷേത്രത്തിൽനിന്ന് ആ സ്ഥലത്തേയ്ക്ക് അഞ്ചാറുനാഴികയിലധികം ദൂരമില്ല.
ആ മറവരെ അകപ്പെടുത്തിയത് കറുപ്പസ്വാമിയാണെന്നറിഞ്ഞപ്പോൾ മറവർക്ക് ആകപ്പാടെ കറുപ്പസ്വാമിയോടു വളരെ വിരോധമായി. കറുപ്പസ്വാമിയെ കഴിവുള്ളിടത്തോളം ദ്രാഹിക്കണമെന്ന് അവർ തീർച്ചയാക്കി. ഒരിക്കൽ രണ്ടു മറവർ കൂടി അച്ചൻകോവിലിൽ വന്നു രാത്രിസമയം കറുപ്പസ്വാമിക്കോവിലിൽ കയറി. കായംകുളത്തു രാജാവ് പണ്ടൊരിക്കൽ കറുപ്പസ്വാമിക്കു വഴിപാടായി നടയ്ക്കുവെച്ച ഒരു വെള്ളി പ്രഭയും സ്വർണ്ണം കൊണ്ടുള്ള ഒരരിവാളും ഒരു വേലും ഒരു കപ്പരയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവ ഈ മറവർ തട്ടിക്കൊണ്ടുപോയി. ക്ഷേത്രത്തിൽനിന്നു ചില സാമാനങ്ങൾ കള്ളന്മാർ മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു എന്നറിഞ്ഞപ്പോൾ പോലീസ് സൂപ്രണ്ടു മുതലായവർ അച്ചൻകോവിലിലെത്തി. അന്നു പോലീസ് സൂപ്രണ്ടായിരുന്നത് സാക്ഷാൽ ത്രിവിക്രമൻ തമ്പിയായിരുന്നു. പോലീസുകാർ സ്ഥലത്തെത്തിയ ഉടനെ ക്ഷേത്രസംബന്ധികളെയും അയൽവാസികളെയും മറ്റും പിടിച്ചു മർദ്ദിക്കാനാരംഭിച്ചു. ആ സമയം കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടു പൂശാരി തുള്ളി സൂപ്രണ്ടിന്റെ അടുക്കൽ ചെന്ന് "ഇവിടെയുള്ളവരെ വെറുതെ പിടിച്ചുപദ്രവിക്കുന്നതെന്തിനാണ്? നിങ്ങൾക്കു കഴിയുമെങ്കിൽ നിങ്ങൾ തെങ്കാശിക്ഷേത്രത്തിനു സമീപം റോഡരികിൽ ചെന്നിരിക്കണം. അപ്പോൾ ചുവപ്പു ശീല തലയിൽ കെട്ടിക്കൊണ്ട് ആ വഴിയേ ഒരുത്തൻ വരും. അവനെ പിടികൂടിയാൽ ഒന്നുപകുതി സാമാനങ്ങൾ അവന്റെ പക്കൽനിന്നു കിട്ടും. പിന്നെ അവനോടു ചോദിച്ചറിഞ്ഞ് അവന്റെ കൂടുകാരനായി ഒരുത്തൻ കൂടിയുള്ളവനെയും പിടികൂടണം. ശേ‌ഷമുള്ള ഒന്നുപകുതി സാമാനങ്ങൾ അവന്റെ പക്കൽ നിന്നും കിട്ടും" എന്നു പറഞ്ഞു. ത്രിവിക്രമൻ തമ്പി അവർകൾക്കു കറുപ്പസ്വാമിയെക്കുറിച്ചു നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ അദ്ദേഹം അന്നുതന്നെ ചില പോലീസുകാരോടുകൂടി തെങ്കാശിയിലേയ്ക്കു പുറപ്പെട്ടു. അവിടെയെത്തി, കറുപ്പസ്വാമി കൽപിച്ച സ്ഥലത്തു വരികയും കുറചുനേരം കാത്തിരുന്നപ്പോൾ ഒരു ചുവപ്പുതലയിൽക്കെട്ടുകാരൻ അതിലെ വരികയും, അവനെയും അവൻ മുഖാന്തിരം അവന്റെ കൂട്ടുകാരനേയും പിടികൂടുകയും അവരിൽനിന്നു ഒന്നു പകുതി വീതമായി സാമാനങ്ങളെല്ലാം കിട്ടുകയുംചെയ്തു. ആ വക സാമാനങ്ങൾ ഇതുവരെ ദേവസ്വത്തിൽ ഏൽപ്പിച്ചു കൊടുത്തിട്ടില്ല. ഇപ്പോഴും ഹജൂർ ഖജനാവിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇനി കായംകുളത്തു രാജാവ് വെള്ളിപ്രഭയും മറ്റും കറുപ്പസ്വാമിക്കു വഴിപാടായി നടയ്ക്കുവെച്ചതിന്റെ കാരണം കൂടി പറയാം. ഒരു കാലത്ത് കായംകുളം രാജ്യം ഭരിച്ചിരുന്ന രാജാവിനു കറുപ്പസ്വാമിയെയും മറ്റും കുറിച്ചു വിശ്വാസവും ഭക്തിയുമൊന്നുമുണ്ടായിരുന്നില്ല. കറുപ്പനൂട്ടു കഴിക്കുന്നതു കേവലം അനാവശ്യമാണെന്നും, തുള്ളൽ ശുദ്ധമേ കള്ളമാണെന്നും കറുപ്പനൂട്ടു നടത്തുന്നത് കഥയില്ലാത്തവരും പൂശാരിയുടെ ജാടയിൽ മിരണ്ടുപോവുന്നവരുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അഭിപ്രായത്തെ സാധൂകരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയിൽ കറുപ്പസ്വാമിയെക്കുറിച്ചും മറ്റുമുണ്ടായിട്ടുള്ള വിശ്വാസത്തെ ദൂരീകരിക്കുന്നതിനുമായി ഒരു കറുപ്പനൂട്ടു നടത്തിക്കളയാമെന്നു നിശ്ചയിച്ച് ഒരിക്കൽ രാജാവ് ചാർത്തു വരുത്തുകയും വട്ടങ്ങളൊക്കെ കൂട്ടുകയും ചെയ്തു. എന്നാൽ രാജാവു സ്വൽപം വിശേ‌ഷ വിദ്യകൾ കാണിക്കാതെയിരുന്നില്ല. വിറകിനുപകരം വാഴപ്പിണ്ടികൾ നിരത്തിയടുക്കിയാണ് ആഴികൂട്ടിയിരുന്നത്. പിന്നെ നിവേദ്യത്തിനുള്ള മദ്യത്തിൽ ഉമ്മത്തിൻകായ് ധാരാളമായി അരച്ചു കലക്കിക്കുകയും ചെയ്തിരുന്നു. ഇവരണ്ടുകൂട്ടവുമാണ് രാജാവു വിശേ‌ഷവിധിയായി ചെയ്യിച്ചിരുന്നത്.
നിശ്ചിതദിവസം സന്ധ്യയ്ക്കുമുമ്പായി പൂശാരിയും പരികർമ്മികൾ മുതലായവരും സ്ഥലത്തെത്തി. ഊട്ടിനെല്ലാം വട്ടം കൂട്ടിയിരുന്നതു രാജമന്ദിരത്തിന്റെ മുറ്റത്തുതന്നെ പന്തലിട്ടു കെട്ടിവിതാനിച്ചലങ്കരിച്ചായിരുന്നു. ആഴി കൂട്ടിയിരുന്നത് അതിനടുത്തുമായിരുന്നു. വാഴപ്പിണ്ടി കൊണ്ട് ആഴികൂട്ടിയിരിക്കുന്നതും മറ്റും കണ്ടപ്പോൾത്തന്നെ ഈ ഊട്ടു നടത്തുന്നതു പരീക്ഷാർത്ഥമായിട്ടാണെന്നു പൂശാരിക്കു മനസ്സിലായി. എങ്കിലും അയാൾ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. അയാൾ സന്ധ്യയ്ക്കു മുമ്പുതന്നെ കുളിച്ച് ഉടുത്തുകെട്ടിചമഞ്ഞ് ഉത്തരീയം മുതലായവയും ധരിച്ചു പന്തലിലെത്തി. അപ്പോഴേക്കും പരികർമി പൂജയ്ക്കെല്ലാ മൊരുക്കി, വെച്ചൊരുക്കും കഴിച്ചിരുന്നു. രാജാവ് ഊട്ടു നടത്തുന്നതു കറുപ്പസ്വാമിയെ പരീക്ഷിക്കാനായിട്ടാകയാൽ ഇവിടെ എന്തെങ്കിലും വിശേ‌ഷവിദ്യകൾ ഉണ്ടാകാതെയിരിക്കില്ലെന്നു വിചാരിച്ചു പുരു‌ഷന്മാരും, സ്ത്രീകളും, വൃദ്ധന്മാരും, ബാലന്മാരും മറ്റുമായി അസംഖ്യം ജനങ്ങളും സന്ധ്യയോടുകൂടി അവിടെ വന്നുചേർന്നു. ഉടനെ പൂശാരി പൂജ ആരംഭിച്ചു. കൊട്ടും, ഘോ‌ഷവും ആർപ്പും, കുരവയും മറ്റും ഒട്ടും കുറവില്ലായിരുന്നു. അവയൊക്കെ സാധാരണ പതിവുള്ളതിൽ വളരെ കൂടുതലായിരുന്നു. പൂജ ഏകദേശം പകുതിയായപ്പോഴേക്കും കാളമാടൻ, ചേപ്പാറമുണ്ടൻ, ചെപ്പാണി മാടൻ മുതലായ മൂർത്തികൾ ബാധിച്ചു രാജാവിന്റെ പരിചാരകന്മാരിൽത്തന്നെ ചിലർ തുള്ളിത്തുടങ്ങി. കാളമാടൻ ബാധിച്ചവർ കൈകളും നിലത്തുകുത്തി കാളയെപ്പോലെ നടന്നുകൊണ്ടു മുക്കുറയിട്ടു തുടങ്ങി. ആ മുക്കുറാ ശബ്ദം കേട്ട് അവിടെ കൂടിയിരുന്നവർ മാത്രമല്ല, സമീപസ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ കൂടി ഭയപ്പെട്ടു തുടങ്ങി. ചേപ്പാറമുണ്ടൻ ആന പിടിച്ചാലിളകാത്തതും ഒരു കിണറ്റിലിട്ടിരുന്നതുമായ ഒരു കരിങ്കൽപ്പാലം ഒരു വടിപോലെ നി‌ഷ്പ്രയാസം കൈയിലെടുത്തു വീശിക്കൊണ്ടാണ് തുള്ളിയത്. ചെപ്പാണിമാടൻ ഒരു വലിയ വൃക്ഷം ചുവടേ പറിച്ചെടുത്തുകൊണ്ടു തുള്ളി ഓടിനടന്നു. ആകപ്പാടെ പേടിച്ചിട്ട് അവിടെയെങ്ങും ആർക്കും ഇരിക്കാനും നിൽക്കാനും വയ്യാതെയായിത്തീർന്നു. അപ്പോൾ അവിടെ സമീപത്തു നിന്നിരുന്ന ഒരു തെങ്ങിനെ അഗ്രഭാഗത്ത് ഇടിനാദം പോലെ ഒരു അട്ടഹാസം കേട്ടു 'ഞാൻ കൊച്ചിട്ടാണനാണ്. കറുപ്പസ്വാമിക്കു നിവേദ്യത്തിനുള്ള മദ്യം കൊടുക്കാനുള്ള അംഗീകാരവും അവകാശവും എനിക്കാണ്. അവിടെ ഇരിക്കുന്ന മദ്യം നിവേദ്യത്തിനും മനു‌ഷ്യർക്ക് ഉപയോഗിക്കുന്നതിനും കൊള്ളുകയില്ല. അതിൽ ഉമ്മത്തിൻകായ അരചുകലക്കിയിട്ടുണ്ട്. ഇതാ കള്ളിൻകുടങ്ങൾവരുന്നു; പിടിച്ചുകൊള്ളണം' എന്നു പറയുന്നതുകേട്ടു. ഉടനെ ചേപ്പാറമുണ്ടൻ തെങ്ങിന്റെ ചുവട്ടിലെത്തി. കൊച്ചിട്ടാണൻ കള്ളിൻകുടങ്ങൾ തെങ്ങിന്റെ മുകളിൽനിന്ന് ഇട്ടു കൊടുത്തു. ചേപ്പാറമുണ്ടൻ എല്ലാം പിടിച്ചു താഴെ നിരത്തിവെച്ചു. അങ്ങനെ കൊച്ചിട്ടാണൻ നൂറ്റൊന്നു കുടങ്ങളിട്ടു കൊടുത്തു. അവയിലെല്ലാം നിറച്ചു കള്ളുമുണ്ടായിരുന്നു. ആ തെങ്ങു ചെത്തിത്തുടങ്ങീട്ടുപോലുമുണ്ടായിരുന്നില്ല. പിന്നെ ഇത്ര വളരെ കള്ളും കുടങ്ങളും എവിടെനിന്നുണ്ടായിയെന്നു സ്വാമിക്കു മാത്രമറിയാം. കള്ളിൻ കുടങ്ങളെല്ലാം ഇട്ടുകൊടുത്തതിന്റെ ശേ‌ഷം കൊച്ചിട്ടാണനും താഴെയിറങ്ങിവന്നു. മറ്റുള്ള മൂർത്തികളുടെ കൂട്ടത്തിൽ തുള്ളിക്കൊണ്ട് ഓടിനടന്നു. ആ മനു‌ഷ്യനും രാജാവിന്റെ പരിചാരകവർഗ്ഗത്തിലുൾപ്പെട്ട ഒരാൾ തന്നെയായിരുന്നു.
പൂജകഴിഞ്ഞു കർപ്പൂരാരാധനയയപ്പോൾ കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടു പൂശാരിയും തുള്ളിത്തുടങ്ങി. പൂശാരി കർപ്പൂരത്തട്ടവും കൊണ്ട് പന്തലിൽനിന്നു പുറത്തിറങ്ങി, ആഴിക്ക് ഒരു പ്രദക്ഷിണം വെച്ചിട്ടു കത്തിക്കൊണ്ടിരുന്ന ഒരു കർപ്പൂരക്കട്ടയെടുത്ത് ആഴിയിലേക്ക് ഇട്ടു. ഉടനെ വാഴപ്പിണ്ടികൾക്ക് തീ പിടിച്ചു കത്തിക്കാളി ജ്വലിച്ചുതുടങ്ങി. തീപ്പൊരികൾ മേൽപോട്ടുയർന്നു നാലു ദിക്കിലേക്കും പറന്നുതുടങ്ങി. അക്കാലത്തു രാജാവിന്റെ കൊട്ടാരം മുതലായ കെട്ടിടങ്ങളെല്ലാം തെങ്ങോല മേഞ്ഞവയായിരുന്നു. തീപ്പൊരി പറന്നുവീണ് കെട്ടിടങ്ങൾക്ക് അഗ്നിബാധയുണ്ടായെങ്കിലോ എന്നു വിചാരിച്ച് രാജാവ് കെട്ടിടങ്ങൾക്ക് മേഞ്ഞിരുന്ന ഓലയെല്ലാം പൊളിച്ചു മാറ്റിച്ചു. ഉടനെ അതികലശലായിട്ടുള്ള മഴ തുടങ്ങി. മഴവെള്ളം ആ പ്രദേശത്തെല്ലാം കുത്തിയൊലിച്ചു തുടങ്ങി. രാജാവിന്റെ കൊട്ടാരവും പള്ളിയറയും ഭണ്ഡാരമുറിയുമെല്ലാം വെള്ളം നിറഞ്ഞു നാലുപുറത്തേക്കും ഒഴുകീട്ട് ആഴിക്കകത്തും വെള്ളം നിറഞ്ഞു. അപ്പോൾ തീ കുറച്ചുകൂടി ശക്തിയോടു കൂടി കത്തി. വെള്ളം പെരുകുന്തോറും തീയുടെ ശക്തിയും വർദ്ധിച്ചു കൊണ്ടിരുന്നു. മഴവെള്ളം ആഴിക്കു നെയ്യെന്നപോലെയാണ് ഫലിച്ചത്. കറുപ്പസ്വാമിയും പരിവാരമൂർത്തികളും ആഴിയിൽനിന്നു നൃത്തം തകർത്തു. പിന്നെ പൂശാരി തുള്ളിക്കൊണ്ടു രാജാവിന്റെ അടുക്കൽച്ചെന്ന് "എന്താ പരീക്ഷയൊക്കെ കഴിഞ്ഞുവോ? ഇനിയും വല്ലതും ഭാവമുണ്ടോ?" എന്നു ചോദിച്ചു. അപ്പോൾ രാജാവ് അദ്ഭുതം കൊണ്ടും ഭയം കൊണ്ടും ഒന്നും സംസാരിക്കാൻ പോലും വയ്യാത്തവിധത്തിൽ പരവശനായിത്തീർന്നി രുന്നു. അദ്ദേഹം ഭയം കൊണ്ടുള്ള വിറയലും ഗദ്ഗദത്തോടും കൂടി, "ഇല്ല, പൊന്നുസ്വാമീ, ഇനി ഒരു പരീക്ഷയുമില്ല; ഇത്രയും പരീക്ഷിച്ചതുതന്നെ വലിയ തെറ്റായിപ്പോയി എന്നാണ് ഇപ്പോൾ ഞാൻവിചാരിക്കുന്നത്. എന്റെ മൂഡതകൊണ്ടു ഞാൻചെയ്തുപോയ അപരാധത്തെ സ്വാമി യഥാപൂർവ്വം ക്ഷമിക്കണമെന്നു പശ്ചാത്താപത്തോടുകൂടി പ്രാർത്ഥിക്കുന്നു. ഈ തെറ്റിനു പ്രായശ്ചിത്തമായി ഞാൻസ്വാമിക്കു വെള്ളികൊണ്ട് ഒരു പ്രഭയും സ്വർണ്ണം കൊണ്ടുള്ള ഒരരിവാളും ഒരു വേലും ഒരു കപ്പരയും നടയ്ക്കുവെയ്ക്കു കയും അയ്യപ്പസ്വാമിക്കും മറ്റുള്ള പരിവാരമൂർത്തികൾക്കും യഥായോഗ്യം വഴിപാടുകൾ നടത്തുകയും ചെയ്തേക്കാം" എന്നു വളരെ പണിപ്പെട്ടു പറഞ്ഞു. ഉടനെ കറുപ്പസ്വാമി (പൂശാരി) "എന്നാൽ മതി. ഞാൻ സമ്മതിച്ചിരിക്കുന്നു; എനിക്കു സന്തോ‌ഷമായി; ഇനി എനിക്ക് ഒരു വിരോധവുമില്ല" എന്നു പറയുകയും അതോടുകൂടി തുള്ളൽ നിൽക്കുകയും ചെയ്തു. അപ്പോൾ ശേ‌ഷമുള്ളവരുടെ തുള്ളലും നിന്നു. മഴയും മാറി; എല്ലാവരും സന്തോ‌ഷത്തോടുകൂടി പിരിയുകയും അധികം താമസിയാതെ രാജാവ് മേൽപറഞ്ഞ സാധനങ്ങളുണ്ടാക്കിച്ച് അച്ചൻകോവിലിൽ കൊണ്ടു പോയി കറുപ്പസ്വാമിക്കു നടയ്ക്കുവെക്കുകയും അയ്യപ്പസ്വാമിക്കും മറ്റുള്ള പരിവാരമൂർത്തികൾക്കും യഥായോഗ്യം വഴിപാടുകൾ നടത്തുകയും വന്ദിച്ചുപോരികയും ചെയ്തു. ഇങ്ങനെയാണ് കായംകുളത്തുരാജാവ് വെള്ളിപ്രഭയും മറ്റും കറുപ്പസ്വാമിക്കു വഴിപാടായി നടയ്ക്കുവെയ്ക്കാ നിടയായത്.
കായംകുളത്തുരാജാവിന്റെ പരീക്ഷണാനന്തരം ഏതാനും കൊല്ല ങ്ങൾക്കുശേ‌ഷം ഒരു മന്ത്രവാദിയും കറുപ്പസ്വാമിയെ ഒന്നു പരീക്ഷിക്കാമെന്നു കരുതി. കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടാണ് പൂശാരി തുള്ളുന്നതെന്നു പറയുന്നത് ശുദ്ധമേ അബദ്ധമാണെന്നായിരുന്നു മന്ത്രവാദിയുടെ വാദം. അത് അബദ്ധമല്ല, പരമാർത്ഥമാണെന്ന് അച്ചൻകോവിലിലെ തന്ത്രിയായ താഴമൺപോറ്റിയും വാദിച്ചു. അവർ തമ്മിലുള്ള വാദപ്രതിവാദങ്ങൾ മുറുകിയപ്പോൾ പോറ്റി, "ആകട്ടെ, മഠത്തിൽവെച്ചു തന്നെ കറുപ്പനൂട്ടു നടത്തുകയും അവിടെവെച്ചുതന്നെ കറുപ്പസ്വാമിയുടെ തുള്ളൽ പരമാർത്ഥമായിട്ടുള്ളതാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യാം" എന്നു പറയുകയും വേണ്ടതെല്ലാം വട്ടംകൂട്ടിക്കൊണ്ടു പൂശാരി മുതലായ വരെ വരുത്തി, മുറയ്ക്ക് ഒരു കറുപ്പനൂട്ടു നടത്തിക്കുകയും ചെയ്തു. പൂജയും കർപ്പൂരാരാധനയും കഴിഞ്ഞു പൂശാരി തുള്ളി ആഴിയിൽച്ചാടി നൃത്തം തുടങ്ങിയപ്പോൾ പോറ്റി, "എന്താ സമ്മതിച്ചുവോ? സാധാരണ മനു‌ഷ്യർക്കു തീക്കനലിൽ കിടന്ന് ഇങ്ങനെ നൃത്തം ചെയ്യുവാൻ സാധിക്കുമോ?" എന്നു മന്ത്രവാദിയോടു ചോദിച്ചു. അപ്പോൾ മന്ത്രവാദി, "ഇതൊരു വലിയ കാര്യമായി ഞാൻവിചാരിക്കുന്നില്ല. കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടാണ് പൂശാരി തുള്ളുന്നതെങ്കിൽ അയാൾ പോയി ഒരു കടമാൻപോത്തിനെ പിടിച്ചുകൊണ്ടുവരട്ടെ. എന്നാൽ സമ്മതിക്കാം" എന്നു പറഞ്ഞു. ഉടനെ പൂശാരി അവിടെനിന്നിറങ്ങിപ്പോയി. ഒരു നാഴിക കഴിഞ്ഞപ്പോൾ എവിടെനിന്നോ ഒരു വലിയ കടമാൻ പോത്തിനെ പിടിച്ചു വലിച്ചുകൊണ്ടു മടങ്ങി വന്നു. അപ്പോൾ മന്ത്രവാദി "ശരിതന്നെ, ഞാൻ സമ്മതിചു" എന്നു പറഞ്ഞു. പൂശാരി അതിനെ പുറത്തുകൊണ്ടുപോയിവിട്ടയച്ചു. പിന്നെ അത് എങ്ങോട്ടു പോയി എന്ന് ആരും കണ്ടില. പൂശാരിപിന്നെയും ആഴിയിൽച്ചാടി നൃത്തം ചെയ്തു. അപ്പോൾ മന്ത്രവാദി പൂശാരിയുടെ കലിയടങ്ങുന്നതിന് എന്തോ ഒരു വിദ്യ പ്രയോഗിച്ചു. ആഴിയിൽനിന്ന് ഇറങ്ങുന്നതിനുമുമ്പ് കലി അടങ്ങിപ്പോവുകയാൽ പൂശാരിയുടെ കാൽ പൊള്ളി. ഉടനെ അയാൾ അയാളുടെ വീട്ടിലേക്കു പോയി. അവിടെ ചെന്നിട്ട് അധികം താമസിയാതെ മരിച്ചുപോവുകയും ചെയ്തു.
പൂശാരിയുടെ കാൽ പൊള്ളിയപ്പോൾ മുതൽ മന്ത്രവാദിയുടെ ദേഹമാസകലം ഉമിത്തീയിലിട്ടാലെന്നപോലെ ഒരു പുകച്ചിലും നീറ്റലും തുടങ്ങി. അനേക ചികിത്സകൾ ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ല. അതിനാൽ ഇതിന്റെ കാരണമെന്താണെന്ന് അയാൾ പ്രശ്നം വെയ്പിചു നോക്കിച്ചു. അച്ചൻകോവിൽ ശാസ്താവിന്റെയും കറുപ്പസ്വാമിയുടെയും വിരോധം തീരാനായിട്ടു മന്ത്രവാദി അവിടെ ചില വഴിപാടുകൾ നടത്താനായി പല പ്രാവശ്യം ശ്രമിച്ചുനോക്കി. എല്ലാ പ്രാവശ്യവും അശുദ്ധിയും നേരിട്ടുകൊണ്ടിരുന്നതിനാൽ ഒരിക്കലും ഒന്നും സാധിച്ചില്ല. ഒടുക്കം അയാളുടെ ദേഹം മുഴുവനും പൊള്ളിക്കഴന്നു വ്രണപ്പെട്ടു പുഴുത്ത് വളരെ കഷ്ടതയനുഭവിച്ചു മൂന്നാം കൊല്ലത്തിൽ മരിക്കുകയും ചെയ്തു.
അചൻകോവിൽ ശാസ്താവിന്റെ ഉച്ചപ്പൂജ കഴിഞ്ഞാൽ ഉടനെപോയി അമ്മൻകോവിലിൽ നിവേദ്യം കഴിക്കണം. അതുകഴിഞ്ഞു വന്നിട്ടേ ശാസ്താവിന്റെ നടയടയ്ക്കാവൂ. അങ്ങനെയാണ് പതിവ്. ഒരിക്കൽ ഒരു ശാന്തിക്കാരൻ ശാസ്താവിന്റെ ഉച്ചപ്പൂജ കഴിഞ്ഞു നടയടച്ചിട്ട് അമ്മൻകോവിലിൽ നിവേദ്യം കഴിക്കാനായി പോയി. വളരെനേരം കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിവരായ്കയാൽ ചിലർ അമ്മൻകോവിലിൽ ചെന്നു നോക്കി. അപ്പോൾ അദ്ദേഹത്തിന്റെ കുടുമ്മയും നഖങ്ങളും പല്ലുകളും മാത്രം അവിടെ കിടക്കുന്നുണ്ടായിരുന്നു. അല്ലാതെയൊന്നും കണ്ടില്ല. ആ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവം അവിടെ ദുസ്സഹമായിത്തീരുകയാൽ അതിനെ ആവാഹിച്ച് ഒരു വി‌ഷ്ണുവിഗ്രഹത്തിന്മേലാക്കി അവിടെ പ്രതി‌ഷ്ഠിച്ചു. ആ വി‌ഷ്ണുവിഗ്രഹമാണ് അവിടെ കിഴക്കേ തേർവീഥിക്കു തെക്കുഭാഗത്തായി ഇപ്പോഴും കാണുന്നത്.
ഇനി ഒരു കൊടിയുടെ ആഗമത്തെക്കുറിച്ചാണ് പ്രധാനമായി പറയാനുള്ളത്. ആറന്മുള ക്ഷേത്രത്തിങ്കൽ നിന്ന് ഏകദേശം രണ്ടു നാഴിക തെക്കായിട്ടു 'കനകമല' എന്നൊരു മലയും ആ മലയിൽ ഒരു ദേവപ്രതി‌ഷ്ഠയുമുണ്ടായിരുന്നു. അവിടുത്തെ ദേവനെ എല്ലാവരും 'കനകമലദേവൻ' (തേവര്) എന്നാണ് പറയുന്നത്. ആറന്മുള ക്ഷേത്രമുണ്ടാകുന്നതിനു മുമ്പ് ആ ദിക്കുകാർ ദേശപരദേവതയായി ആചരിക്കുകയും വന്ദിക്കുകയും ചെയ്തുവന്നിരുന്നത് ആ ദേവനെയാണ്. ആ ദേവൻ ശിവനാണ്. അവിടുത്തെ നാഥത്വം 'ഇടശ്ശേരിമല' ദേശക്കാർക്കാണ്. അവിടെ ശിവരാത്രി വളരെ പ്രധാനമാണ്. ശിവരാത്രി നാൾ ആ മലയിൽ അസംഖ്യമാളുകൾ കൂടുക പതിവാണ്. അവരിൽ അധികം പേരും കുറവർ മുതലായ ജാതിക്കാരാണ്. ഇവരുടെ വഴിപാടായി ശിവരാത്രി ദിവസം അവിടെ വളരെപ്പണം വരും. ആ പണമെല്ലാം എടുക്കുന്നത് ഇടശ്ശേരിമലക്കാരാണ്. അവിടെ കരനാഥന്റെ വകയായി ഒരു കൊട്ടാരമുണ്ട്. മലയിൽ വഴിപാടായി വരുന്ന പണം ആ കൊട്ടാരത്തിൽ വിളക്കുവെപ്പിനും മറ്റുമായിട്ടാണ് ചിലവു ചെയ്യുക പതിവ്. ഇടശ്ശേരി മലകരക്കാർ കനകമലത്തേവരുടെ വകയായി ഒരു കൊടിയുണ്ടാക്കി. ആ കൊടി കരനാഥന്റെ കൊട്ടാരത്തിലാണ് വെച്ചു സൂക്ഷിക്കുന്നത്. ആറന്മുള ക്ഷേത്രമുണ്ടായപ്പോൾ കനമലത്തേവരുടെ പ്രാധാന്യം കുറഞ്ഞുപോയി. അതിനാൽ കനകമലത്തേവരെ ആവാഹിച്ച് ആറന്മുളദേവന്റെ സന്നിധിയിലേക്ക് കൊണ്ടുപോകുന്നത് മേൽപറഞ്ഞ കൊടിയിന്മേലാണ്. ആ കാലം മുതൽ ആ കൊടി ആറന്മുളഭഗവാന്റെ വകയായി. എങ്കിലും ഇപ്പോഴും അതുവെചു സൂക്ഷിക്കുന്നത് പൂർവസ്ഥലത്തുതന്നെയാണ്. ആറന്മുളക്ഷേത്രത്തിൽ ഉത്സവകാലത്തും മറ്റും ദേവനെ എഴുന്നള്ളിക്കുമ്പോൾ ഈ കൊടികൂടി എഴുന്നള്ളിക്കണം. അത് ഇടശ്ശേരിമലകരക്കാരാണ് പതിവ്. അതിനു പ്രതിഫലമായി അവർക്ക് ആറന്മുള ക്ഷേത്രത്തിൽ നിന്നു ചോറും പണവും പതിവുണ്ട്. അത് ഇപ്പോഴും നിർത്തലാക്കീട്ടില്ല. ഊരുവലത്തിനും മറ്റും ആറന്മുള ദേവനെ എഴിന്നുള്ളിക്കുന്നതിനു പകരം ഈ കൊടിയാണ് എഴുന്നള്ളിചുകൊണ്ടുപോവുക പതിവ്. ആറന്മുളഭഗവാന്റെ സങ്കേതത്തിലുൾപ്പെട്ട ഏതു ദേശത്തെങ്കിലും കറുപ്പനൂട്ടുണ്ടെങ്കിൽ ഈ കൊടി എഴുന്നള്ളിച്ചുകൊണ്ടു പോവുക പതിവാണ്. അയിരൂരിൽ മണൽപ്പുറത്തു വെച്ചു നടത്തിയ കറുപ്പനൂട്ടിന് എഴുന്നള്ളിച്ചുകൊണ്ടു പോയിരുന്ന കൊടി ഇതുതന്നെയായിരുന്നു.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ രീതിയെക്കുറിച്ചുകൂടി സ്വൽപം വിവരിക്കുന്നത് അനുചിതമായി വരികയില്ലെന്നു വിശ്വസിക്കുന്നു. അവിടെ ആണ്ടുതോറും ധനുമാസം ഒന്നാം തീയതി മുതൽ പത്തുദിവസത്തെ ഉത്സവമാണ് പതിവ്. മൂന്നാം ഉത്സവം മുതൽ ചെറിയ തേരിന്റെ ആകൃതിയിൽ കെട്ടിയുണ്ടാക്കുന്ന ഒരു വാഹനത്തിലാണ് രാത്രിയിലത്തെ എഴുന്നള്ളത്ത്. അയ്യപ്പസ്വാമിയുടെ ഒരു സ്വർണ്ണവിഗ്രഹം ആ വാഹനത്തിൽ എഴുന്നള്ളിച്ചുവെച്ചു തേർവീഥിയിൽ ക്കൂടി പ്രദക്ഷിണമായി എടുത്തുകൊണ്ടു നടന്നാണ് എഴുന്നള്ളിക്കുന്നത്. ആ എഴുന്നള്ളത്തിനു 'മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത്' എന്നാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. വിഗ്രഹമെഴുന്നള്ളിക്കുമ്പോൾ മണിക്കാരൻ (പാർവ്വ്വത്യക്കാരൻ) ഒരു സ്വർണ്ണവാളുമെടുത്ത് എഴുന്നള്ളത്തിനു മുമ്പിൽ നിൽക്കും. വാഹനത്തിലെഴുന്നള്ളിച്ചു വെച്ചാലുടനെ ഒരു ബ്രാഹ്മണൻ വന്നു സ്വാമിയുടെ മുമ്പിൽ ഒരു തേങ്ങയെറിയും. അതു കഴിഞ്ഞാലുടനെ ചില ബ്രാഹ്മണർ വന്നു വാഹനമെടുത്ത് എഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളത്തിനു പാണ്ടിവാദ്യം, നാഗസ്വരം, പഞ്ചവാദ്യങ്ങൾ മുതലായവയൊക്കെ ഉണ്ടായിരിക്കും. എഴുന്നള്ളത്ത് ആരംഭിക്കുമ്പോഴേക്കും കറുപ്പസ്വാമിയുടെ പൂശാരി ഉടുത്തുകെട്ടി, ഉത്തരീയമിട്ട്, തലയിൽക്കെട്ടും കെട്ടി, അരിവാൾ, വേൽ, കപ്പര മുതലായവ എടുത്തുകൊണ്ട് എഴുന്നള്ളത്തിന്റെ മുൻപേ നടക്കും. എഴുന്നള്ളത്തു പടിഞ്ഞാറേ ഗോപുരത്തിനു പടിഞ്ഞാറുവശത്താകുമ്പോൾ അവിടെ നിൽക്കും. അപ്പോൾ നാഗസ്വരവായന ഒന്നു വിസ്തരിക്കും. ആ സമയം കറുപ്പസ്വാമി (പൂശാരി) തുള്ളും. തുള്ളിക്കൊണ്ടു ജനങ്ങളുടെ ഇടയിൽ ക്കൂടികുറച്ചുനേരം ഓടിനടന്നിട്ട് അമ്മനെ തൊഴുതു, ഗണപതി പ്രതി‌ഷ്ഠയുള്ളതായ അവിടെ സമീപത്തു നിൽക്കുന്ന പിലാവിനു പ്രദക്ഷിണമായി, തന്ത്രിയുടെ അടുക്കൽച്ചെന്നു വീഴും. അപ്പോൾ തന്ത്രി കുറെ ഭസ്മമെടുത്തു ശിരസ്സിലിടും. ഉടനെ കലിയടങ്ങും. പിന്നെ മുറയ്ക്കു പ്രദക്ഷിണമായി എഴുന്നള്ളിച്ചു കൊണ്ടുപോയി അകത്തെഴുന്നള്ളിക്കും. എട്ടാമുത്സവം വരെ ഈ വിധത്തിലും രാത്രിയിലുമാണ് എഴുന്നള്ളത്ത്. ഒൻപതാമുത്സവമാകുമ്പോൾ ഈ രീതിയൊക്കെ മാറും. ഒൻപതാമുത്സവ ദിവസം പകൽ ഉച്ചശ്ശീവേലി കഴിഞ്ഞാലുടനെയാണ് എഴുന്നുള്ളത്ത്. അന്നു വലിച്ചുകൊണ്ട് നടക്കുന്ന ഒരു വലിയ തേരിലാണ് മണികണ്ഠ മുത്തയ്യസ്വാമിയെ എഴുന്നള്ളിക്കുന്നത്. ഈ തേര് അലങ്കരിക്കുന്നതു കാനൽത്തെങ്ങ്, കാനൽക്കമുകു മുതലായി കാട്ടിലുണ്ടാകുന്ന വൃക്ഷ ങ്ങളിൽനിന്നും മറ്റുമെടുക്കുന്ന സാധനങ്ങൾ കൊണ്ടാണ്. ആ അലങ്കാരം ഏറ്റവും മനോഹരമായിരിക്കും. തേരു വലിച്ചുകൊണ്ടുപോകുന്നതിനു കെട്ടുന്നതു വടത്തിനു പകരം വലിയ ചൂരലണ്. എല്ലാം കാട്ടുസാമാനാങ്ങളായിരിക്കണമെന്നു നിർബന്ധമുണ്ട്. ഈ വക കാട്ടുസാമാനങ്ങൾ കൊണ്ടുവന്നു കൊടുക്കുന്നതു 'പളിയർ' എന്നൊരു ജാതിക്കാരാണ്. ഇതിലേക്ക് അവർക്കു ദേവസ്വത്തിൽനിന്നു ചില അനുഭവങ്ങളുമുണ്ട്. തേരിൽ സ്വാമിയെ എഴുന്നള്ളിച്ചിരുത്തിയാലുടനെ കറുപ്പസ്വാമിയുടെ പൂശാരി ഉടുത്തുകെട്ടിച്ചമഞ്ഞു വന്നു തേർത്തണ്ടിന്മേൽ ഒരു തേങ്ങയെറിയണം. ഇത് കഴിഞ്ഞാലുടനെ സ്ഥലം തഹശീൽദാർ മുതലായ ഉദ്യോഗസ്ഥന്മാർ, മേൽശാന്തിക്കാർ, സമൂഹക്കാർ, മണിക്കാരൻ മുതലായ വരും ഒരോ തേങ്ങയെറിയണം. ഇതും കഴിഞ്ഞാലൊരു കർപ്പൂരാരാധനയുണ്ട്. അതുകഴിഞ്ഞാൽ ആദ്യം ചൂരലിന്മേൽ കറുപ്പസ്വാമി പിടിച്ചാലുടനെ തഹശീൽദാർ മുതലായ ഉദ്യോഗസ്ഥന്മാരും സമൂഹക്കാർ മുതലായി അവിടെ കൂടീട്ടുള്ള ബ്രാഹ്മണരും എന്നുവേണ്ടാ, സകലരും ചൂരലിന്മേൽ പിടിക്കണം. എല്ലാവരും കൂടി പിടിച്ചുവലിച്ചു തേരു പടിഞ്ഞാറു പടിഞ്ഞാറേത്തേർവീഥിയുടെ തെക്കേ അറ്റത്തു വരുമ്പോഴേക്കും കറുപ്പസ്വാമി തുള്ളിത്തുടങ്ങും. തേര് അവിടെ ഒരു മണിക്കൂറോളം നിറുത്തും. അപ്പോൾ പാണ്ടിവാദ്യം, നാഗസ്വരം, പഞ്ചവാദ്യങ്ങൾ, ചെണ്ട മുതാലയവയും ആർപ്പും കുരവയും ശരണംവിളിയുമെല്ലാം പൊടിപൊടിക്കും. ആകപ്പാടെയുള്ള കോലാഹലം കൊണ്ട് ആ സമയത്ത് ഭൂലോകം കുലുങ്ങുന്നുണ്ടോ എന്നു തോന്നും. അപ്പോൾ അവിടെ തുള്ളാത്തവരായിട്ട് അധികം പേരെ കാണുകയില്ല. അപ്പോഴത്തെ കോലാഹലം തുള്ളാത്ത വരെയും തുള്ളിക്കുന്നതാണ്. കറുപ്പസ്വാമിയുടെ തുള്ളലും അട്ടഹാസവും അപ്പോൾ കലശലാകും. അപ്പോൾ ചേപ്പാറമുണ്ടൻ, ചെപ്പാണിമാടൻ, കാളമാടാൻ, അമ്മൻകോവിലിലെ അമ്മൻ എന്നിവരും തുള്ളി എഴുന്നുള്ള ത്തിന്റെ സമീപത്തു വന്നുചേരും. ആ സമയത്തു കൊച്ചിട്ടാണൻ തുള്ളി കിഴക്കേഗോപുരത്തിങ്കലെത്തി തുള്ളൽ പൊടിപൊടിക്കും. ഈ തുള്ളലുകളിൽ വിശ്വാസമില്ലാത്തവരായ ചിലർ പലവിധത്തിൽ പരീക്ഷിച്ചു നോക്കുകയും അവരൊക്കെ അനേകവിധത്തിലുള്ള ദൃഷ്ടാന്തങ്ങൾകൊണ്ട് ഒടുക്കം വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്.
അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിൽ വിശേ‌ഷാലുള്ള പ്രധാന സംഗതികൾ ഇത്രമാത്രമാണ്. ഇനി ചില്ലറ സംഗതികൾ മാത്രമേയുള്ളു. അവയെ വിവരിച്ച് ഈ ഉപന്യാസം ഇനിയും ദീർഘിപ്പിക്കണമെന്നു വിചാരിക്കുന്നില്ല.

ഐതിഹ്യമാല/കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

ഐതിഹ്യമാല/കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ

പ്രസിദ്ധ മാന്ത്രികനും യുദ്ധവിദഗ്ദ്ധനും ചാരാഗ്രസരനും ധീരനും ശൂരനും അനന്യസാധാരണമായ കായബലത്തോടുകൂടിയ പുരു‌ഷകേസരിയുമായിരുന്ന കുഞ്ചിക്കുട്ടിപ്പിള്ളയുടെ ജനനം ആലങ്ങാട്ടു താലൂക്കിൽ കോട്ടപ്പുറം ദേശത്തു ചന്ത്രത്തിൽ എന്നു പ്രസിദ്ധമായ നായർ ഗൃഹത്തിലായിരുന്നു. ഇദ്ദേഹത്തിന്റെ ഒരു ശാഖാകുടുംബമായി ഈ പേരോടു കൂടിത്തന്നെ ഒരു വീട് പറവൂർ താലൂക്കിൽ പറവൂത്തറ ദേശത്ത് ഇപ്പോഴുമുണ്ട്.
കുഞ്ചിക്കുട്ടിപ്പിള്ള ബാല്യത്തിൽ അക്കാലത്തു നടപ്പുണ്ടായിരുന്ന രീതിയിൽ വിദ്യാഭ്യാസം ചെയ്തു. മലയാളവും തമിഴും സാമാന്യംപോലെ എഴുതാനും വായിക്കാനും, കണക്കും ശീലമാക്കിയതിന്റെ ശേ‌ഷം ഏതാനും കാലം കായികാഭ്യാസവും യുദ്ധമുറകളും പരിശീലിച്ചു. പിന്നെ അദ്ദേഹം കുറച്ചുകാലം ദേശസഞ്ചാരം ചെയ്തിരുന്നു. അനന്തരം അദ്ദേഹം വീണ്ടും സ്വദേശത്തുതന്നെ മടങ്ങിയെത്തി. അക്കാലത്തു നാടുവാഴികളായിരുന്ന ആലങ്ങാട്, പറവൂർ എന്നീ രാജാക്കന്മാരുടെ സേവകനായും ആ രാജാക്കന്മാരുടെ മേൽക്കോയ്മസ്ഥാനം വഹിച്ചിരുന്ന കൊച്ചി രാജാവിന്റെ ആശ്രിതനായും താമസിച്ചിരുന്നു. അക്കാലത്താണ് 97-ആമാണ്ട് നാടുനീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു കൊച്ചി രാജാവിന്റെ ദാനപ്രകാരം ആലങ്ങാടും പറവൂരും തിരുവിതാംകൂറിൽ ചേർത്തു നാടുവാണിരുന്നത്. അലങ്ങാടും പറവൂരും കൈവിട്ടുകളഞ്ഞതായി അറിഞ്ഞ ഉടനെ കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തെത്തി മഹാരാജാവു തിരുമനസ്സിലെ മുഖം കാണിച്ചു തന്റെ സ്ഥിതികളെല്ലാം തിരുമനസ്സറിയിക്കുകയും കൽപനപ്രകാരം ആ തിരുമനസ്സിലെ സേവകനായി അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ഈ വിവരമറിഞ്ഞു കൊച്ചി രാജാവു ഗൂഡമായി ആളയച്ചു കുഞ്ചിക്കുട്ടിപ്പിള്ളയെ തന്റെ അടുക്കൽ വരുത്തി, 'നീ നമ്മുടെ അധികാരത്തിലിരുന്നിരുന്ന രാജ്യത്തു ജനിച്ചു വളർന്നവനാണല്ലോ. എന്നിട്ട് ഇപ്പോൾ തിരുവിതാംകൂറിൽപ്പോയി ആ രാജാവിനെ സേവിച്ചു താമസിക്കുന്നതെന്താണ്? ഇതു ന്യായവും നമ്മുക്കു സമ്മതമായിട്ടുള്ളതുമല്ല. കുഞ്ചിക്കുട്ടി നമ്മുടെ അടുക്കൽത്തന്നെ താമസിക്കണം' എന്നു കൽപിച്ചു. ഇതിനു മറുപടിയായി കുഞ്ചിക്കുട്ടിപ്പിള്ള, 'അടിയന്റെ ജന്മഭൂമി തിരുമനസ്സുകൊണ്ടു കൈവിട്ടുകളഞ്ഞുവല്ലോ. ആ സ്ഥലം ഇപ്പോൾ തിരുവിതാംകൂറിലായിരിക്കുന്നതിനാലാണ് അടിയൻ അങ്ങോട്ടു വിടകൊണ്ടത്. ആ ദേശം തിരുമനസ്സുകൊണ്ടു വീണ്ടെടുക്കുന്ന കാലത്ത് അടിയൻ ഇവിടെ വിടകൊണ്ടു താമസിച്ചുകൊള്ളാം' എന്നറിയിച്ചിട്ട് അപ്പോൾത്തന്നെ മടങ്ങിപ്പോന്നു.
കുഞ്ചിക്കുട്ടിപ്പിള്ള കൊച്ചിയിൽ നിന്നു മടങ്ങിയെത്തി തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്ത് ആയോധനവിദ്യ കുറച്ചുകൂടി അഭ്യസിച്ച് അതിൽ അദ്വിതീയനായിത്തീർന്നു. ദേശസഞ്ചാരത്തിൽ അദ്ദേഹം പലരോടും പരിചപ്പെടുകയും പലരിൽ നിന്നുമായി പല ഭാ‌ഷകളും പഠിക്കുകയും ചെയ്തിരുന്നു. അനന്തരം അദ്ദേഹം തിരുമനസ്സിലെ അനുവാദത്തോടുകൂടി ചെങ്ങന്നൂർ തേവലശ്ശേരി ദാമോദരൻ നമ്പിയുടെ അടുക്കൽച്ചെന്നു താമസിച്ചു മന്ത്രവാദം പഠിച്ച് അതിലും അസാമാന്യമായ നൈപുണ്യം സമ്പാദിച്ചു. കുഞ്ചിക്കുട്ടിപ്പിള്ളയെക്കുറിച്ചു വളരെ സന്തോ‌ഷം തോന്നുകയാൽ നമ്പി ഒരു സ്വർണ്ണത്തകിടിൽ ഒരു യന്ത്രമെഴുതി മന്ത്രസംഖ്യ കഴിച്ചു കുഞ്ചിക്കുട്ടിപ്പിളയുടെ ഒരു തുട കീറി യന്ത്രം സ്ഥാപിച്ച് ഒരു പച്ചമരുന്നു തേച്ച് മുറിവുണക്കി ശരിയാക്കി. 'ഈ തകിടു ദേഹത്തിലിരിക്കുന്ന കാലത്ത് കുഞ്ചിക്കുട്ടിക്കു ശത്രുക്കളുടെ ആയുധമേറ്റു മരിക്കാനിടവരില്ല.' എന്നു പറഞ്ഞു അനുഗ്രഹിച്ചയച്ചു. കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തെത്തി വിവരമെല്ലാം തിരുമനസ്സറിയിച്ചു. തിരുമനസ്സിലേക്കു വളരെ സന്തോ‌ഷമായെന്നു മാത്രമല്ല, കുഞ്ചിക്കുട്ടിപ്പിള്ളയെ ശമ്പളക്കൂടുതലോടുകൂടി വലിയ കൊട്ടാരം ഹേഡ്രായസമായി കൽപിച്ചു നിയമിക്കുകയും ചെയ്തു.
അങ്ങനെയിരിക്കുന്ന കാലത്താൺ ടിപ്പു സുൽത്താൻ തിരുവിതാംകൂറിനെ ആക്രമിക്കാൻ വരുന്നു എന്നുള്ള വിവരം തിരുമനസ്സിലേക്ക് അറിവു കിട്ടിയത്. എന്നാൽ ആ മൈസൂർ കടുവായുടെ വരവ് ഏതു വഴിക്കാണെന്ന് അറിയാൻ കഴിഞ്ഞില്ല. അതിനാൽ തിരുമനസ്സുകൊണ്ട് 'രാജാകേശവദാസൻ' എന്നു പ്രസിദ്ധനായിരുന്ന കേശവപിള്ള ദിവാൻജിയുമായി ആലോചിച്ച് ഈ വിവരം ഗൂഡമായി തിരക്കിയറിഞ്ഞു വരുന്നതിനായിട്ട് കുഞ്ചിക്കുട്ടിപ്പിളയെ നിയമിച്ചു. കുഞ്ചിക്കുട്ടിപ്പിള്ള തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു മധ്യേമാർഗ്ഗം സന്യാസിവേ‌ഷം ധരിച്ചുകൊണ്ട് മൈസൂറിലെത്തി ടിപ്പുവിന്റെ യാത്രാമാർഗ്ഗവും മറ്റും ഉപായത്തിൽ മനസ്സിലാക്കിക്കൊണ്ടു മടങ്ങി തിരുവനന്തപുരത്തെത്തി. ടിപ്പുസുൽത്താൻ തൃക്കണാമതിലകം വഴിയാണ് വരുന്നതെന്നും അതിനാൽ വടക്കേ അതിർത്തിയാണ് ഉറപ്പിക്കേണ്ടതെന്നും തിരുമനസ്സറിയിക്കുകയും ദിവാൻജിയെ ഗ്രഹിപ്പിക്കുകയും ചെയ്തു. ഈ അറിവു കിട്ടുകയാൽ അങ്ങുമിങ്ങുമായി താമസിച്ചിരുന്ന സൈന്യങ്ങളെയൊക്കെ ശേഖരിച്ചു രാജ്യത്തിന്റെ വടക്കേ അതിർത്തിയിൽ അയച്ചു താമസിപ്പിച്ച് ആ ഭാഗം മുൻകൂട്ടി ഉറപ്പിക്കുന്നതിനു കേശവപിള്ള ദിവാൻജിക്ക് സാധിച്ചു.
ടിപ്പു സുൽത്താൻ ആലുവായിലെത്തി പാളയമടിച്ചു താമസിച്ച സമയം മലവെള്ളം പൊങ്ങി യുദ്ധക്കോപ്പുകളും സൈന്യത്തിൽ ഏതാനും ഭാഗവും നശിച്ചു പോവുകയാൽ ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോയി എന്നുള്ളതു ചരിത്രപ്രസിദ്ധമാണല്ലോ. എന്നാൽ അതിനും കാരണഭൂതൻ കുഞ്ചിക്കുട്ടിപ്പിള്ളതെന്നെയായിരുന്നു. പെരിയാറ്റിന്റെ ഉദ്ഭവസ്ഥനത്തിനു സമീപം ഒരു വലിയ തടാകമുണ്ടായിരുന്നു. മലവഴി വരുന്ന വെള്ളം മുഴുവനും പെരിയാറുവഴി താഴേക്കു വരികയാണെങ്കിൽ ആലുവാ മുതലായ സ്ഥലങ്ങളിൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർക്കു പലവിധത്തിലുള്ള നാശങ്ങൾ സംഭവിക്കുമായിരുന്നു. അങ്ങനെ വരാതെയിരുന്നത് മലവഴി വരുന്ന വെള്ളത്തിൽ ഏതാനും ഭാഗം ആ തടാകത്തിൽ വന്നു വീണു കെട്ടിനിന്നതുകൊണ്ടായിരുന്നു. തടാകത്തിന്റെ ഒരു വശം മലയും ശേ‌ഷം ഭാഗങ്ങളിൽ വലിയ ഉരുളൻ പാറകൾ കൊണ്ടുള്ള ചിറയുമുണ്ടായിരുന്നതിനാലാണ് വെള്ളം അവിടെ കെട്ടിനിന്നിരുന്നത്. ടിപ്പുവിന്റെ സൈന്യങ്ങൾ തിരുവിതാംകൂറിലുള്ളതിൽ വളരെയധികമുണ്ടായിരുന്നതിനാൽ അവനെ ജയിക്കാൻ കഴിയുമോ എന്നു സംശയം തോന്നുകകൊണ്ട് കുഞ്ചിക്കുട്ടിപ്പിള്ള ഒരു കശൗലം ആലോചിച്ചു നിശ്ചയിച്ചുകൊണ്ട് ഒരു ഗൂടന്മമാർഗ്ഗത്തിൽക്കൂടി കിഴക്കോട്ട് പുറപ്പെട്ടു. കുഞ്ചിക്കുട്ടിപ്പിള്ള മുൻപു ചെയ്ത ദേശാടനത്തിൽ കിഴക്കൻ പ്രദേശങ്ങളിലെ മലകളും കാടുകളും കുഴികളും സ്ഥിതികളുമെല്ലാം നോക്കിക്കണ്ടു ധരിച്ചിട്ടുണ്ടായിരുന്നു. അതിനാൽ ഏതു വഴിയേ പോകുന്നതിനും ഏതു ദിക്കിൽ സഞ്ചരിക്കുന്നതിനും അദ്ദേഹത്തിന് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അദ്ദേഹം കിഴക്കോട്ടു പുറപ്പെട്ടതു രാത്രിയിലായിരുന്നു. കുറേ പോയതിനു ശേ‌ഷം രണ്ടു മൂന്നു നാഴിക വിസ്താരം കുറഞ്ഞ ഒരു ഇടവഴിയിൽക്കൂടിത്തന്നെ പോകേണ്ടിയിരുന്നു. ആ വഴിയുടെ രണ്ടു വശങ്ങളും വലിയ മതിൽകെട്ടിയതു പോലെ പാറകളായിരുന്നു. വഴി ഏകദേശം പകുതിയായപ്പോൾ മുൻവശത്തു സ്വൽപം ദൂരെയായി ഒരു വെളിച്ചം കണ്ടു. ഉടനേതന്നെ അത് അദൃശ്യമാകുകയും ചെയ്തു. സ്വൽപം കഴിഞ്ഞപ്പോൾ കുറചുകൂടി അടുത്തു പിന്നെയും യഥാപൂർവ്വം വെളിച്ചം കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ തനിക്ക് എതിരായി ഏറ്റവും കൂറ്റനായ ഒരു പന്നി വരുന്നെണ്ടെന്നും അതിന്റെ തേറ്റകൾ പാറകളിൽ മുട്ടീട്ടു പുറപ്പെടുന്ന തീയുടെ വെളിച്ചമാണ് താൻ കണ്ടതെന്നും അദ്ദേഹത്തിനു മനസ്സിലായി. പുറകോട്ടു പോവുകയാണെങ്കിൽ ആ ഇടുങ്ങിയ വഴിയുടെ ദൈർഘ്യം കുറച്ചൊന്നുമല്ല. പന്നി അടുത്തു വന്നാൽ ഉപദ്രവിക്കുമെന്നുള്ള കാര്യം തീർച്ച തെന്നെ. ഒഴിഞ്ഞു മാറാൻ അവിടെ മാർഗ്ഗവുമില്ല. ആകപ്പാടെ അദ്ദേഹം കുഴങ്ങി വശായി. 'ഈശ്വരാ! ഇനി എന്താണ് ചെയ്യേണ്ടത്?' എന്നു വിചാരിച്ച് അങ്ങനെ നിന്നപ്പോൾ അദ്ദേഹത്തിന് ഒരു കശൗലം തോന്നി. വഴിയുടെ രണ്ടു വശങ്ങളിലുമുള്ള രണ്ടു പാറകളിൽ കാലുകളുറപ്പിച്ചു പന്നിക്കു കടന്നു പോകാവുന്ന വിധത്തിൽ കവച്ചു നിന്നു. പന്നികൾ മേൽപോട്ടു നോക്കുക പതിവില്ലല്ലോ. അതിനാൽ അത് അദ്ദേഹം അവിടെ അങ്ങനെ നിന്നിരുന്നതു കാണാതെ മുമ്പോട്ടു കടന്നുപോയി. പന്നി അദ്ദേഹത്തിന്റെ കാൽക്കീഴിൽക്കൂടി കടന്ന ക്ഷണത്തിൽ അദ്ദേഹം താഴെചാടുകയും പന്നിയുടെ പിൻകാലുകൾ രണ്ടും കൂട്ടിപ്പിടിചെടുത്ത് നിലത്ത് ഒരടിയടിക്കുകയും ഒരുമിച്ചു കഴിഞ്ഞു. അതോടുകൂടി പന്നിയുടെ കഥയും കഴിഞ്ഞു. ഇതുകൊണ്ടുതന്നെ കുഞ്ചിക്കുട്ടിപ്പിള്ളയുടെ കായബല വും കരബലവും സാമാന്യമല്ലായിരുന്നു എന്നു തീർച്ചയാക്കാമല്ലോ. സൂകരവധം കഴിച്ചതിന്റെ ശേ‌ഷം അദ്ദേഹം പിന്നെയും യാത്ര തുടർന്നു. അങ്ങനെ പോയിപ്പോയി മേൽപറഞ്ഞ തടാകത്തിന്റെ വക്കത്തിരുന്നതും പത്താളുകൾ കൂടിപ്പിടിചാലിളകാത്തതുമായ ഒരു കല്} അദ്ദേഹം ഇളക്കിയുരുട്ടി മാറ്റി. അപ്പോൾ തടാകത്തിലെ വെള്ളം വലിയ അണമുറിച്ചുവിട്ടാലെന്നവണ്ണം ഊക്കോടുകൂടി പടിഞ്ഞാട്ട് ഒഴുകിത്തുടങ്ങി. ആ സമയം കാലവർ‌ഷത്തിന്റെ ആരംഭഘട്ടമായതിനാൽ മലവെള്ളപ്പാച്ചിൽ തുടങ്ങിയിരുന്നു. അതോടുകൂടി തടാകത്തിലെ വെള്ളവും ചെന്നു ചേർന്നതിനാലാണ് ക്ഷണത്തിൽ ആലുവാപ്പുഴ കവിഞ്ഞൊഴുകുന്നതിനും ടിപ്പുവിനു വിചാരിച്ചിരിക്കാത്ത ആപത്തുകളും അനർത്ഥങ്ങളും സംഭവിക്കുന്നതിനും അവൻ പ്രാണഭയത്തോടുകൂടി മടങ്ങിയോടുന്നതിനും ഇടയായത്.
ടിപ്പു സുൽത്താന്റെ ഉപദ്രവം നിമിത്തം പല ദേശക്കാർ നാടും വീടും വിട്ട് ഓടി തിരുവതാംകൂറിലെത്തി മഹാരാജാവിനെ ശരണം പ്രാപിക്കുകയും അവിടുന്ന് എല്ലാവരെയും അഭയം കൊടുത്തു രക്ഷിക്കുകയും ചെയ്തുവെന്നുള്ളതു പ്രസിദ്ധമാണല്ലോ. അങ്ങനെ തിരുവനന്തപുരത്തു വന്നു ചേർന്നവരുടെ കൂട്ടത്തിൽ മൈസൂർക്കാരനും ടിപ്പുവിന്റെ ചാരനുമായ ഒരു ദുഷ്ടനുമുണ്ടായിരുന്നു. അവൻ സദാ മാഹാരാജാവിനെ നിഗ്രഹിക്കാനുള്ള മാർഗ്ഗവും തരവും നോക്കിക്കൊണ്ടു തന്നെയാണ് തിരുവനന്തപുരത്തു താമസിച്ചത്. ഇതൊന്നും മനസ്സിലാക്കുന്നതിന് അവിടെ ആർക്കും കഴിഞ്ഞില്ല. എങ്കിലും കുഞ്ചിക്കുട്ടിപ്പിള്ള ഈ വന്നിരിക്കുന്നവൻ ആരാണെന്നും ഏതു ദേശക്കാരനാണെന്നും അവന്റെ ഉദ്ദേശ്യമെന്താണെന്നും മറ്റും ഉപായത്തിൽ മനസ്സിലാക്കുകയും അവനെ സദാ പ്രത്യേകം സൂക്ഷിചുകൊണ്ടിരിക്കുകയും ചെയ്തു.
എന്നാൽ ഇതൊന്നും അവനറിഞ്ഞുമില്ല. അവൻ മഹാരാജാവിനെ അകപ്പെടുത്തുന്നതിനു പല മാർഗ്ഗങ്ങൾ നോക്കീട്ടും ഒന്നും ശരിയായി കണ്ടില്ല. ഒടുക്കം അവൻ ഒരു കശൗലം കണ്ടുപിടിച്ചു നിശ്ചയിച്ചു. മഹാരാജാവു തിരുമനസ്സിലെ പള്ളിയറ മാളികയുടെ സമീപത്തായി ഒരു മരം നിൽക്കുന്നുണ്ടായിരുന്നു. രാത്രി സമയം ഒരു കയറും കൊണ്ട് ആ മരത്തിന്മേൽ കയറിയാൽ കയറിന്റെ ഒരറ്റം മരത്തിന്റെ ഒരുകൊമ്പിന്മേലും മറ്റേ അറ്റം തന്റെ അരയ്ക്കും കെട്ടിമുറുക്കിക്കൊണ്ട് കീഴ്പോട്ടു നിന്നാൽ ആടിച്ചെന്നു ജനലിൽപ്പിടിക്കാം. മഹാരാജാവ് നല്ല ഉറക്കമാകുന്ന സമയം ജന്നലിൽക്കൂടി അകത്തു കടന്നു മഹാരാജാവിന്റെ കഥ കഴിക്കാം എന്നാണ് അവൻ നിശ്ചയിചുറചത്. ഒരു ദിവസം പകൽ സമയം ആ ചാരൻ പള്ളിയറയുടെ സമീപത്തു ചുറ്റി നടക്കുന്നതും ആ മരത്തിന്റെ ചുവട്ടിൽച്ചെന്നു മേൽപോട്ടും മറ്റും നോക്കുന്നതും കുഞ്ചിക്കുട്ടിപ്പിള്ള ഒരു സ്ഥലത്ത് ഒളിച്ചുനിന്നു കണ്ടു. അപ്പോൾത്തന്നെ അവന്റെ അന്തർഗ്ഗതം മനസ്സിലാക്കുകയും ചെയ്തു.
ഒരു ദിവസം രാത്രിയിൽ ഏകദേശം പന്ത്രണ്ടുമണിയായ സമയം ആ ചാരൻ ഒരു വലിയ കയറും കൊണ്ട് ആ മരത്തിൽചെന്നു കയറി. ജന്നലിൽക്കൂടി മാളികയിലേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. മാളികയിൽ വിളക്കു കൊളുത്തിവെച്ചിരുന്നതുകൊണ്ട് അവിടത്തെ സ്ഥിതികളെലാം അവനു സ്പഷ്ടമായിക്കാണാമായിരുന്നു. അവൻ അവിടെത്തന്നെ ദൃ ഷ്ടി ഉറപ്പിച്ചുകൊണ്ടിരുന്ന സമയം കുഞ്ചിക്കുട്ടിപ്പിള്ള ഒരു കറുത്ത വസ്ത്രവും ധരിച്ച് ഒരായുധവുമായി മരത്തിന്റെ മറ്റേവശത്തുകൂടി മന്ദം മന്ദം കയറി മുകളിലെത്തി ശിഖരങ്ങളുടെ മറവിലായി ഒളിച്ചിരുന്നു. മഹാരാജാവു തിരുമനസ്സുകൊണ്ട് പള്ളിക്കുറുപ്പായി എന്നു തോന്നിയപ്പോൾ ആ ചാരൻ കയറെടുത്ത് ഒരറ്റം മരത്തിന്റെ കൊമ്പത്തും മറ്റേ അറ്റം തന്റെ അരയിലും കെട്ടിമുറുക്കിക്കൊണ്ട് കീഴ്പോട്ടു പോന്നു. ആ സമയം കുഞ്ചിക്കുട്ടിപ്പിള്ള തന്റെ കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് കയറിന്റെ മുകളിലത്തെ അറ്റം അറുത്തുമുറിച്ചു. ചാരൻ ചക്കവെട്ടിയതുപോലെ 'പൊത്തോ'യെന്നു നിലത്തു ചെന്നു വീണു. കുഞ്ചിക്കുട്ടിപ്പിള്ളയുടെ നിയോഗപ്രകാരം അവിടെ ഒരു സ്ഥലത്ത് ഒളിച്ചിരുന്ന ഭടന്മാർ ഉടനെ വന്ന് അവനെ പിടികൂടി. അപ്പോഴേക്കും കുഞ്ചിക്കുട്ടിപ്പിള്ളയും താഴെയിറങ്ങി അവിടെയെത്തി ആ ചാരന്റെ അരയിൽ കെട്ടിയിരുന്ന കയറുകൊണ്ടുതന്നെ അവന്റെ കൈകൾ കൂട്ടിക്കെട്ടി കൊണ്ടുപോയി. നേരം വെളുക്കുന്നതുവരെ അവനെ പാറാവിൽ വച്ചു സൂക്ഷിച്ചു. നേരം വെളുത്തപ്പോൾ കുഞ്ചിക്കുട്ടിപ്പിള്ള ആ ചാരണെ തിരുമുമ്പാകെ ഹാജരാക്കിക്കൊണ്ടു സംഗതികളെല്ലാം തിരുമനസ്സറിയിച്ചു. ഉടനെ തിരുമനസ്സുകൊണ്ട് ആ ദുഷ്ടനെ തൂക്കിക്കൊല്ലുന്നതിനു കൽപിക്കുകയും കുഞ്ചിക്കിട്ടിപ്പിള്ളയെ സർവ്വാധികാര്യക്കാരായി കൽപിച്ചു നിയമിച്ചു നീട്ടു കൊടുക്കുകയും ചെയ്തു.
കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാരായിരുന്ന കാലത്തു കൊച്ചിയും തിരുവിതാംകൂറും കൂടിച്ചേർന്നതായ അതിർത്തിസ്ഥലത്ത് ഒരാന കുഴിയിൽ വീണു. അതറിഞ്ഞ് ആ ആനയെ കുഴിയിൽനിന്നു കയറ്റിക്കൊണ്ടുപോരാനായി കൽപന പ്രകാരം കുഞ്ചിക്കുട്ടിപ്പിള്ള പരിവാരസമേതം പോയിരുന്നു. അദ്ദേഹം സ്ഥലത്തെത്തിയപ്പോഴേക്കും കൊച്ചി സർക്കാരിൽനിന്നു താപ്പാനകളെയും മറ്റും കൊണ്ട് ആളുകൾ വന്ന് ആനയെ കുഴിയിൽനിന്നു കയറ്റി അതിർത്തി കടത്തിക്കഴിഞ്ഞിരുന്നു. കുഞ്ചിക്കുട്ടിപ്പിള്ള അടുത്തു ചെന്ന് തന്റെ മന്ത്രശക്തികൊണ്ട് ആനയെ പിറകോട്ടു നടത്തിത്തിരിച്ചു കൊണ്ടുവന്ന് തിരുവിതാംകൂർ സർക്കാർ വക ആനക്കൂട്ടിലാക്കിയടച്ചു. ഇണക്കവും പരിചയം വരാത്ത കാട്ടാനയെ പിടിക്കാനോ തടുക്കാനോ അതിന്റെ അടുക്കൽ ചെല്ലാനോ ആർക്കും സാധ്യമല്ലല്ലോ. അതിനാൽ കൊച്ചിയിൽനിന്നു വന്നവർ ഒന്നും ചെയ്യാൻകഴിയാതെ നോക്കിക്കൊണ്ടു നിന്നതേയുള്ളു.
അക്കാലത്തു കൊച്ചിയിൽ നാടുവാണിരുന്നത് അമാനു‌ഷപ്രഭാവനും പ്രസിദ്ധനുമായിരുന്ന ശക്തൻ തമ്പുരാൻ തിരുമനസ്സുകൊണ്ടായിരുന്നു. ആ തിരുമനസ്സുകൊണ്ടു കുഞ്ചിക്കുട്ടിപ്പിള്ളയുടെ ഈ ദിവ്യത്വത്തെക്കുറിച്ചു കേട്ടിട്ടു തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലേക്ക് 'അവിടെ ഇപ്പോൾ സർവ്വാധിയായിരിക്കുന്ന കുഞ്ചിക്കുട്ടിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്നുണ്ട്. അതിനാൽ സകൗര്യംപോലെ അവനെ ഇങ്ങോട്ടൊന്ന് അയച്ചാൽക്കൊള്ളാം' എന്നൊരു തിരുവെഴുത്ത് എഴിതിയയച്ചു. തിരുവെഴുത്തു കണ്ടയുടനെ മഹാരാജാവു തിരുമനസ്സുകൊണ്ട് സർവ്വാധികാര്യക്കാരെ തിരുമുമ്പിൽ വരുത്തി, 'കുഞ്ചിക്കുട്ടിയെ ഒന്നു കാണാനായിട്ടു തൃപ്പൂണിത്തുറേയ്ക്കയചാൽ കൊള്ളാമെന്നു പെരുമ്പടപ്പിൽ മൂപ്പിലെ എഴുത്തു വന്നിരിക്കുന്നു. എന്താ ഒന്നു പോയിവരാൻ വയ്യേ?' എന്നു കൽപിച്ചു ചോദിച്ചു. അതിനുത്തരമായി 'കൽപനയുണ്ടെങ്കിൽ വിടകൊള്ളാം' എന്നു സർവ്വാധികാര്യക്കാർ അറിയിക്കുകയും, 'ആട്ടെ ഒന്നു പോയി വരൂ: സൂക്ഷിച്ചുവേണം. അദ്ദേഹം ഒരു ശുദ്ധാത്മാവാണ്. എങ്കിലും മുൻകോപം കലശലായിട്ടുണ്ട്. ദേ‌ഷ്യം വന്നാൽ എന്തും ചെയും. അങ്ങനെയാണ് സ്വഭാവം. ആളറിഞ്ഞു പെരുമാറിക്കൊണ്ടാൽ മതി' എന്നു കൽപിക്കുകയും ചെയ്തു.
സർവ്വാധികാര്യക്കാർ മഹാരാജാവു തിരുമനസ്സിലെ വന്ദിച്ചുകൊണ്ട് അന്നു തന്നെ പുറപ്പെട്ട്, നാലാം ദിവസം തൃപ്പൂണിത്തുറയെത്തി. സേവകന്മാർ മുഖാന്തരം അനുവാദം വാങ്ങിക്കൊണ്ടു തിരുമുമ്പാകെയെത്തി. ആ സമയം ശക്തൻ തിരുമനസ്സുകൊണ്ട് കളിമാളികയുടെ വരാന്തയിൽ ഒരു ചാരുകസാലയിൽ എഴുന്നള്ളിയിരിക്കുകയായിരുന്നു. തൃക്കൈയിൽ ഒരു വാളുമുണ്ടായിരുന്നു. സർവ്വാധികാര്യക്കാർ അടുത്തു ചെന്നു വന്ദിച്ചു. വിനീതഭാവത്തിൽ പഞ്ചപുച്ഛമൊതുക്കി നിന്നു. അപ്പോൾശക്തൻ തിരുമനസ്സുകൊണ്ട് 'കുഞ്ചിക്കുട്ടിയെക്കുറിച്ചു ധാരാളമായി കേട്ടിട്ടുണ്ട്. കാണാൻ കഴിഞ്ഞിട്ടില്ല. ഒന്നു കണ്ടാൽക്കൊള്ളാമെന്നു ഞാൻ വിചാരിച്ചുതുടങ്ങീട്ടു വളരെ ദിവസമായി. ഇന്നു കണ്ടുവല്ലോ. സന്തോ‌ഷ മായി' എന്നരുളിച്ചെയ്തു.
സർവ്വാധികാര്യക്കാർ: ഇവിടെ വിടകൊണ്ട് തൃപ്പാദം കണ്ടു വന്ദിച്ചാൽ കൊള്ളാമെന്ന് അടിയനും വിചാരിക്കാറുണ്ട്. അതിനുള്ള വിധി ഇന്നേ അടിയനു ലഭിച്ചുള്ളൂ.
ശക്തൻ: (തൃക്കൈയിലിരുന്ന വാൾ കാണിച്ചുകൊണ്ട്) കുഞ്ചിക്കുട്ടി ഇതു കണ്ടുവോ?
സർവ്വാധികാര്യക്കാർ: ഇറാൻ. ചെറുതായിട്ടൊന്ന് അടിയന്റെ കൈയിലുമുണ്ട്. (എന്നു പറഞ്ഞ് അരയിൽ ഒളിച്ചുവെച്ചിരുന്ന അരവാളെടുത്തു കാണിച്ചു.)
ശക്തൻ: കാണട്ടെ. അതിങ്ങോട്ടു തരൂ.
സർവ്വാധികാര്യക്കാർ: തൃക്കൈയിലിരിക്കുന്നത് ഇങ്ങോട്ടു കൽപിച്ചു തന്നാൽ കൊള്ളാം.
(ശക്തൻ തിരുമനസ്സുകൊണ്ടു തൃക്കൈയിലിരുന്ന വാൾ കൽപ്പിച്ചു കൊടുക്കുകയും സർവ്വാധികാര്യക്കാർ താണു തൊഴുതു രണ്ടു കൈയ്യും നീട്ടി സാദരം വാങ്ങുകയും ചെയ്തതിന്റെ ശേ‌ഷം)
ശക്തൻ: ഇനി അതിങ്ങോട്ടു തരരുതോ?
സർവ്വാധികാര്യക്കാർ: നിവൃത്തിയില്ല. ഇതു തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് അടിയനു കൽപിച്ചു തന്നിട്ടുള്ളതാണ്. അത് അടിയൻ ജീവനുള്ളപ്പോൾ താഴെ വെയ്ക്കുകയോ മറ്റൊരാളുടെ കൈയ്യിൽകൊടുക്കുകയോ ചെയ്കയില്ല.
ശക്തൻ: എന്നാൽ ഞാൻതന്നത് ഇങ്ങോട്ടു തന്നേക്കൂ.
സർവ്വാധികാര്യക്കാർ: അടിയന് ഇവിടുത്തെക്കുറിച്ചും ഭക്തി ഒട്ടും കുറവില്ല. ഇവിടുന്ന് അടിയനു കൽപ്പിച്ചുതന്നത് അടിയൻ തിരിച്ചുതരുന്നതു മര്യാദയല്ല. കൽപ്പിച്ചു തന്നതു തിരിച്ചുവാങ്ങുന്നത് ഇവിടേയ്ക്കും യുക്തമല്ലല്ലോ. ഇതും അടിയൻ അടിയന്റെ ജീവനുള്ളപ്പോൾ താഴെ വയ്ക്കുകയോ മറ്റൊരാളുടെ കൈയിൽ കൊടുക്കുകയോ ചെയ്കയില്ല.
ശക്തൻ: എടാ! സമർത്ഥാ! നീ കുഞ്ചിക്കുട്ടിയല്ല. ആനക്കുട്ടിയാണ്.
സർവ്വാധികാര്യക്കാർ: ഇവിടെ വിചാരിച്ചാൽ അടിയനെ ആനക്കുട്ടിയാക്കാനും പൂനക്കുട്ടിയാക്കാനും കഴിയും.
ശക്തൻ: ആട്ടെ, സന്തോ‌ഷമായി. കുലശേഖരപെരുമാളുടെ ആളുകളെല്ലാം നമ്മുടെയും സ്വന്തമാണ്.
എന്ന് അരുളിച്ചെയുകയും ഒരു കുത്തു പാവുമുണ്ടും ഒരു വീരശൃംഖലയും കൂടി സമ്മാനമായി കൽപ്പിച്ചു കൊടുത്തു സർവ്വ്വാധികാര്യക്കാരെ മടക്കിയയയ്ക്കുകയും ചെയ്തു.
കുഴിയിൽ വീണ ആനയെ തിരിച്ചു കൊണ്ടുപോന്നതിനെക്കുറിച്ചു വല്ലതും കൽപ്പിച്ചു ചോദിച്ചേക്കുമോ എന്നുള്ള വിചാരം സർവ്വാധികാര്യക്കാരുടെ മനസ്സിൽ സാമാന്യത്തിലധികമുണ്ടായിരുന്നു. ഈശ്വരകാരുണ്യം കൊണ്ട് അതിനെക്കുറിച്ചു യാതൊന്നും കൽപിച്ചു ചോദിച്ചില്ല. തേവലശ്ശേരി നമ്പി ധരിപ്പിച്ച രക്ഷയുണ്ടായിരുന്നതുകൊണ്ടു തിരുമനസ്സിലെ ആയുധമേറ്റു മരിക്കാനിടയാവുകയില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നുവെങ്കിലും തിരുമുമ്പാകെനിന്നു പിരിഞ്ഞുപോന്നതിന്റെ ശേ‌ഷമേ സർവ്വാധി കാര്യക്കാരുടെ മനസ്സിനു സമാധാനമുണ്ടായുള്ളു. സർവ്വാധികാര്യക്കാർഅന്നുതന്നെ തൃപ്പൂണിത്തുറനിന്നു പുറപ്പെടുകയും യഥാകാലം തിരുവനന്തപുരത്തെത്തുകയും തൃപ്പൂണിത്തുറെ ചെന്നിട്ടുണ്ടായ സകല സംഗതികളും മഹാരാജാവു തിരുമനസ്സിലെ അടുക്കൽ അറിയിക്കുകയും ചെയ്തു. ഇങ്ങനെ അദ്ദേഹത്തിന്റെ യോഗ്യതാംശങ്ങൾവളരെപ്പറയാനുണ്ട്. വിസ്തരഭത്താൽ ചുരുക്കുന്നു.
കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ആ സ്ത്രീയിൽ അദ്ദേഹത്തിനു ചില സന്താനങ്ങളുണ്ടാവുകയും ചെയ്തു. ആസന്താനപരമ്പരയിലുൾപ്പെട്ട ഒരു വീട്ടുകാർ ഇപ്പോഴും കാർത്തികപ്പള്ളിത്താലൂക്കിൽ ഏവൂർ ദേശത്ത് ഉള്ളതായി അറിയുന്നുണ്ട്.
ഇപ്രകാരം അർത്ഥപുത്രമിത്രകളത്രാദികളോടും ഉദ്യോഗപദവിയോടും കൂടി മഹാരാജാവു തിരുമനസ്സിലെ പ്രീതിഭാജനമായി പാർത്തിരുന്ന സർവ്വാധികാര്യക്കാർ ഒരു യോഗീശ്വരന്റെ സാഹചര്യം നിമിത്തം ഒരു വിരക്തനായ സന്യാസിയായിത്തീർന്നു. പിന്നെ മുറയ്ക്കു യോഗശാസ്ത്രമഭ്യസിച്ചു വലിയ യോഗിയായിത്തീരുകയും ഒടുക്കം സർവ്വസ്വവുമുപേക്ഷിച്ചു ദേശം വിട്ടുപോവുകയും ചെയ്തു. പിന്നെ അദ്ദേഹം കാട്ടുപഴങ്ങളും കാട്ടുകിഴങ്ങുകളും ഭക്ഷിച്ചുകൊണ്ടു വനങ്ങളിലും മലകളിലും സഞ്ചരിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം ഒരു മലയുടെ അടിവാരത്തു സമാധിയിൽ ഇരുന്നിരുന്ന സമയം ഒരു ഉരുൾ (മലയുടെ ജലഗർഭമായ സ്ഥലം) പൊട്ടി അത്യുഗ്രമായ ജലപ്രവാഹമുണ്ടാവുകയും അദ്ദേഹം അതിൽപ്പെട്ട് ഒഴുകിപ്പോവുകയും ഒടുക്കം അദ്ദേഹത്തിന്റെ ദേഹം സമുദ്രത്തിലും ദേഹി പരമാത്മാവിങ്കലും ചെന്നു ചേരുകയും ചെയ്തു. കുഞ്ചിക്കുട്ടിപ്പിള്ള സർവ്വാധികാര്യക്കാർ ചരമഗതിയെ പ്രാപിച്ചതും കൊല്ലം 969-ആമാണ്ടാണെന്നാണ് കേട്ടിട്ടുള്ളത്.

ഐതിഹ്യമാല/തോലകവി

ഐതിഹ്യമാല/തോലകവി

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
തോലകവി

ദ്ദേഹം ഒരു മലയാള ബ്രാഹ്മണകുലത്തിൽ ജനിച്ച ആളായിരുന്നു എന്നല്ലാതെ ഇദ്ദേഹത്തിന്റെ ഇല്ലം എവിടെയായിരുന്നുവെന്നും സാക്ഷാൽ പേരെന്തായിരുന്നുവെന്നും ജീവിച്ചിരുന്ന കാലമേതെന്നും മറ്റുമറിയുന്നതിനു ശരിയായ ലക്ഷ്യമൊന്നും കാണുന്നില്ല. എങ്കിലും ഇദ്ദേഹം അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെയും ആശ്ചര്യമഞ്ജരി എന്ന ഗദ്യപ്രബന്ധത്തിന്റെയും നിർമാതാവും കേരളചക്രവർത്തിയുമായിരുന്ന 'കുലശേഖരവർമാ'വെന്ന ചേരമാൻ പെരുമാളുടെകൂടെ സേവകനായി തിരുവഞ്ചിക്കുളത്തു താമസിച്ചിരുന്നതായി കേൾവിയുണ്ട്. അതിനാൽ തോലകവി ജീവിച്ചിരുന്നത് ആ ചേരമാൻ പെരുമാളുടെ കാലത്തായിരുന്നു എന്നു വിചാരിക്കാം. തോലകവിയുടെ കുടുംബവും വംശ്യന്മാരും ഇപ്പോൾ ഇല്ലെന്നു തീർച്ചയാണ്. അദ്ദേഹത്തിന്റെ ചരിത്രം വിചാരിച്ചാൽ അതൊന്നുമുണ്ടായിരിക്കാൻ മാർഗവുമില്ല. തോലകവി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അച്ഛൻ മരിച്ചു. പിന്നെ ആ കുടുംബത്തിൽ അദ്ദേഹവും വിധവയായ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. തോലകവി വിവാഹം കഴിച്ചിരുന്നില്ല. പിന്നെ ആ വംശം വർദ്ധിക്കാനിടയില്ലല്ലോ.
തോലകവി ചെറുപ്പത്തിൽത്തന്നെ ബുദ്ധിയും യുക്തിയുമുള്ള ആളും ഫലിതക്കാരനും പരിഹാസശീലനുമായിരുന്നു. ഒരു ദിവസം അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്ത് ഊണുകഴിച്ചുകൊണ്ടും അമ്മ വിളമ്പിക്കൊടുത്തു കൊണ്ടുമിരുന്ന സമയം അവിടെ ദാസ്യ പ്രവൃത്തികൾ ചെയ്തു താമസിച്ചിരുന്ന 'ചക്കി' എന്നു പേരായ വൃ‌ഷലി ഇതൊരു നല്ല അവസരമാണെന്നു കരുതി നെല്ലു മോഷ്ടിച്ചെടുക്കാനായി പത്തായത്തിൽ കയറി. തോലനും അമ്മയും അടുക്കളയിലായിരുന്നതിനാൽ ആരും കാണുകയില്ലെന്നു വിചാരിച്ചാണ് അവൾ ആ തരം നോക്കി പത്തായത്തിൽ കയറിയത്. എങ്കിലും തോലൻ അതു കണ്ടു. ബ്രഹ്മചാരികൾ ഉണ്ടിരിക്കുമ്പോൾ മിണ്ടരുതെന്നും അഥവാ വല്ലതും സംസാരിക്കുകയാണെങ്കിൽ അതു സംസ്കൃതത്തിലേ ആകാവൂ എന്നും മലയാള ബ്രാഹ്മണരുടെ ഇടയിൽ ഒരു ചട്ടമുണ്ട്. തോലന് സംസ്കൃതഭാ‌ഷാജ്ഞാനമില്ലായിരുന്നതിനാൽ ഒരു സമയം അദ്ദേഹം കണ്ടാലും തത്ക്കാലമൊന്നും മിണ്ടുകയില്ലെന്നുള്ള വിചാരവും ചക്കിക്ക് ഉണ്ടായിരുന്നു. എന്നാൽ തോലൻ ഇതു കണ്ടിട്ടു മിണ്ടാതെയിരുന്നില്ല. അദ്ദേഹത്തിനു ഗീർവ്വാണഭാ‌ഷാജ്ഞാനമില്ലായിരുന്നുവെങ്കിലും തൽക്കാലാവശ്യത്തിനായി അദ്ദേഹം തന്റെ യുക്തികൊണ്ടും ബുദ്ധികൊണ്ടും ചില വാക്കുകൾ സൃഷ്ടിച്ചാണ് സംസാരിച്ചത്. അത് 'പനസി ദശായാം പാശി' എന്നായിരുന്നു. പനസം എന്നു പറഞ്ഞാൽ ചക്ക എന്നും ദശ എന്നു പറഞ്ഞാൽ പത്ത് എന്നും പാശം എന്നു പറഞ്ഞാൽ കയറ് എന്നും അർത്ഥമുള്ളതിനാൽ പനസി എന്നു പറഞ്ഞാൽ ചക്കി എന്നും ദശായാം എന്നു പറഞ്ഞാൽ പത്തായത്തിലെന്നും പാശി എന്നു പറഞ്ഞാൽ കയറി എന്നും അർത്ഥം സിദ്ധിക്കുമെന്നു യുക്തികൊണ്ടു നിശ്ചയിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തോലന്റെ അമ്മയും പുത്രനെപ്പോലെത്തന്നെ ബുദ്ധിയും യുക്തിയുമുള്ള കൂട്ടത്തിലായിരുന്നു. അതിനാൽ ആ അന്തർജനം പുത്രൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കുകയും ഉടൻ ഓടിച്ചെന്ന് ചക്കിയുടെ കളവു കണ്ടുപിടിക്കുകയും ചെയ്തു എങ്കിലും 'ഇനി മേലാൽ ഇങ്ങനെ ചെയ്യരുതെ'ന്നും പറഞ്ഞു ശാസിച്ചതല്ലാതെ ആ അന്തർജനം ചിരപരിചിതയും അനന്യശരണയുമായിരുന്ന ആ വൃ‌ഷലിയെ ഉപേക്ഷിച്ചില്ല. അതിനാൽ അവൾ പിന്നെയും യഥാപൂർവ്വം അവിടെത്തന്നെ താമസിച്ചു. എങ്കിലും അക്കാലം മുതൽ അന്തർജനവും തോലനും പ്രത്യേകം സൂക്ഷിച്ചു തുടങ്ങിയതുകൊണ്ട് അവൾക്ക് അവിടെനിന്ന് ഒന്നും മോഷ്ടിച്ചെടുക്കാൻ തരമില്ലാതെയായിത്തീർന്നു. അതിനാലവൾ, 'ബ്രഹ്മചാരിയെ ഏതു വിധവും സ്വാധീനപ്പെടുത്തണം. ഇദ്ദേഹത്തിന്റെ സഹായം കൂടാതെ ഇവിടെനിന്നും യാതൊന്നും കൈക്കലാക്കുവാൻ സാധിക്കയില്ല' എന്നു വിചാരിച്ച് അദ്ദേഹത്തെ വശപ്പെടുത്താൻ ഉത്സാഹിച്ചു തുടങ്ങി. ഈ ആഗ്രഹം സാധിക്കുന്നതിനായി അവൾ പ്രയോഗിച്ച ഉപായങ്ങൾ ഗൂഡമായി ചില നർമ്മാലാപങ്ങളും ശൃംഗാരചേഷ്ടകളും മറ്റുമായിരുന്നു. ആദ്യ കാലത്ത് ഇവകൊണ്ട് വിശേ‌ഷിചു ഫലമൊന്നും ഉണ്ടായില്ല. എങ്കിലും ക്രമേണ തോലനു പ്രായം കൂടിവരികയും അതോടുകൂടി അദ്ദേഹത്തിനു ചക്കിയുടെ ചേഷ്ടകളിലും നാട്യങ്ങളിലും രഹസ്സല്ലാപങ്ങളിലും ഒരു കൌതുകം ജനിക്കുകയും ചെയ്തു. പതിനാറു വയസ്സാകാതെ സമാവർത്തനം കഴിച്ചുകൂടാ എന്നാണല്ലോ മലയാള ബ്രാഹ്മണരുടെ നിയമം. ഈ ബ്രഹ്മചാരി പതിനാറു വയസ്സാകുന്നതിനു മുമ്പു തന്നെ മന്മഥാക്രാന്തഹൃദയനായിത്തീരുകയും ചക്കിയുടെ അപാംഗവലയിലകപ്പെടുകയും അങ്ങനെ ബ്രഹ്മചര്യവ്രതത്തിനു ഭംഗം വരുത്തുകയും അതു പലരും അറിയുന്നതിന് ഇടയാവുകയും ചെയ്തു. ഇതിനു വിധിപ്രകാരം പ്രായശ്ചിത്തവും മറ്റും ചെയ്യിച്ച് അദ്ദേഹത്തെ ശുദ്ധീകരിച്ചെടുക്കുന്നതിന് അദ്ദേഹത്തിന് അച്ഛനും മറ്റും ജീവിച്ചിരിക്കുന്നുണ്ടായിരുന്നില്ലല്ലോ. എന്നു മാത്രമല്ല, അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം എല്ലാവരെയും പരിഹസിക്കാറുമുണ്ടായിരുന്നതുകൊണ്ട് സ്വജനങ്ങൾക്കൊക്കെ അദ്ദേഹത്തോടു വിരോധവുമുണ്ടായിരുന്നു. അതിനാൽ എല്ലാവരും കൂടി അദ്ദേഹത്തെ ഭ്രഷ്ടനാക്കിക്കളഞ്ഞു. സമാവർത്തനത്തിന്റെ കാലമായിട്ടും ആരും അത് നടത്താതെയിരിക്കുകയും നടത്തുകയില്ലെന്നു തീർച്ചയാവുകയും ചെയ്തപ്പോൾ അദ്ദേഹം സ്വയമേവ അദ്ദേഹത്തിന്റെ കഴുത്തിൽക്കിടന്നിരുന്ന തോൽ പറിച്ചു കളഞ്ഞു. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമാവർത്തനം. ബ്രാഹ്മണകുമാരന്മാരെ ഉപനയിക്കുമ്പോൾ പൂണൂലോടു കൂടി തോലും (കൃ‌ഷ്ണാജിനവും) ഇടുക പതിവുണ്ടല്ലോ. അതിനാൽ ബ്രഹ്മചാരികളെ തോലിട്ട ഉണ്ണി എന്നും ചിലർ പരിഹാസമായിട്ടു തോലൻ എന്നും പറയാറുണ്ട്. ആ തോൽ എടുത്തുകളയുന്നത് സമാവർത്തന സമയത്താണ്. ഈ ഉണ്ണിക്കു തോൽ ഇട്ടതല്ലാതെ മുറപ്രകാരം എടുത്തു കളയുകയുണ്ടായില്ലല്ലോ. അതുകൊണ്ടും സ്വയമേവ തോൽ പറിച്ചു കളഞ്ഞതുകൊണ്ടും അദ്ദേഹത്തെ എല്ല്ലാവരും തോലൻ എന്നു പറഞ്ഞു തുടങ്ങുകയും ആ പേരുതന്നെ ക്രമേണ സ്ഥിരപ്പെടുകയും അതിനാൽ അദ്ദേഹത്തിന്റെ സാക്ഷാൽ പേർ എന്തായിരുന്നുവെന്നു കാലാന്തരത്തിൽ ആർക്കും നിശ്ചയമില്ലാതെയായിത്തീരുകയും ചെയ്തു. ഭ്രഷ്ടനായിപ്പോയ അദ്ദേഹത്തിനു സ്വജനങ്ങളായിട്ടുള്ളവരാരും പെണ്ണിനെ കൊടുക്കാഞ്ഞിട്ടാണ് അദ്ദേഹം വിവാഹം കഴിക്കാതെയിരിക്കുകയും അദ്ദേഹത്തിന്റെ വംശം നശിച്ചുപോവുകയും ചെയ്തതെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ആരും പെണ്ണിനെ കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ചക്കിയെത്തന്നെ അദ്ദേഹം ഭാര്യയായി സ്വീകരിച്ചു.
അനന്തരം തോലൻ യഥാക്രമം വിദ്യാഭ്യാസം ചെയ്യുകയും അചിരേണ വലിയ വിദ്വാനും മഹാകവിയുമായിത്തീരുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ പ്രകൃതിസിദ്ധമായുള്ള പരിഹാസശീലത്തിനും ഫലിതോക്തിക്കും യാതൊരു ഭേദവും വന്നില്ല. ചക്കിയെക്കുറിച്ചുതന്നെ അദ്ദേഹം വർണ്ണിച്ചു പല ശ്ലോകങ്ങളുണ്ടാക്കിയിട്ടുണ്ട്. അവയിൽ ചിലതു താഴെ ചേർക്കുന്നു:
'അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ!
തേനൊത്ത വാക്കീ! തിലപു‌ഷ്പമൂക്കീ!
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ!'
ഈ ശ്ലോകം ചക്കിക്ക് ഒട്ടും സന്തോ‌ഷകരമായില്ല. 'എന്നെ പോക്കീ, പാട്ടീ, വാക്കീ, മൂക്കീ എന്നും മറ്റും പറയരുത്' എന്നവൾ പറഞ്ഞു. അതിനാൽ തോലൻ നല്ല ഭംഗിയുള്ള പദങ്ങൾ ചേർത്തു പിന്നെയൊരു ശ്ലോകമുണ്ടാക്കി. അത്:
'അർക്കശു‌ഷ്കഫലകോമളസ്തനീ!
ശർക്കരാസദൃശ ചാരുഭാ‌ഷിണീ!
തന്ത്രിണീദല സമാന ലോചനേ!
സിന്ധുരേന്ദ്രരുചിരാമലദ്യുതേ!
ഇതു ചക്കിക്കു നല്ലപോലെ ബോധിച്ചു. ചക്കി കേവലം വിഡ്ഢിയായിരുന്നുവെന്നും ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ അവൾക്കു ശക്തിയില്ലായിരുന്നുവെന്നും വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. തോലകവി ചക്കിയെ വർണ്ണിച്ചുണ്ടാക്കിയ മറ്റൊരു ശ്ലോകവും താഴെ ചേർക്കുന്നു:
'മുളഞ്ഞാസന സൃഷ്ടീങ്കൽ
വിളങ്ങും ചേർജലോചനേ!
പൊതിപ്പെണ്ണച്ചനോടൊത്ത
മാർജദ്വന്ദം വിരാജതേ!'
ചില ആശാന്മാർ 'വിരിഞ്ചഃ കമലാസനഃ' എന്നുള്ളത് 'വിരിംചക്കമലാസന' എന്നു ചൊല്ലിക്കൊടുത്തു കുട്ടികളെ പഠിപ്പിക്കുന്നതുകേട്ടിട്ട് ആ ആശാന്മാരെ പരിഹസിക്കാനും തന്റെ യുക്തി കാണിക്കാനും കൂടിയാണ് തോലൻ ഈ ശ്ലോകമുണ്ടാക്കിയത്. ചക്കമലാസനനൻ ചക്കയുടെ മലം ആസനമായിട്ടുള്ളവൻ. ചക്കയുടെ മലം മുളഞ്ഞ്.
'വിരിഞ്ചഃ കമലാസനഃ' എന്നുള്ളതു ബ്രഹ്മാവിന്റെ പര്യായങ്ങളാണല്ലോ. ബ്രഹ്മാവിനെ 'ചക്കമലാസനൻ' എന്നു പറയാമെങ്കിൽ 'മുളഞ്ഞാസനൻ' എന്നും പറയാമെന്നാണ് തോലന്റെ യുക്തി. ചേർ = പങ്കം. ചേർജം എന്നു പറഞ്ഞാൽ പങ്കജം എന്നർത്ഥം. കാളപ്പുറത്തു കെട്ടിയിടുന്ന ചുമടിനു പൊതിയെന്നു പറയാറുണ്ടല്ലോ. അപ്പോൾ കാളപ്പുറത്തിരിക്കുന്നതിനു പൊതിയെന്നു പറയാമെന്നു സിദ്ധിക്കുന്നു. ശിവനും കാളപ്പുറത്തിരിക്കുമല്ലോ. അതിനാൽ ശിവനെയും പൊതിയെന്നു പറയാം. ആ പൊതിയുടെ പെണ്ണ് ശ്രീപാർവതി. ശ്രീപാർവതിയുടെ അച്ചൻ (അച്ഛൻ) ഹിമവാൻ. അപ്പോൾ 'പൊതിപ്പെണ്ണച്ചനോടൊത്ത്' എന്നു പറഞ്ഞാൽ 'പർവത തുല്യമായ' എന്നർത്ഥം. മാർജം മാറിൽ ജനിച്ചത്. സ്തനം എന്നു താൽപര്യം. ഉരോജം, വക്ഷോജം ഇത്യാദി എന്നപോലെ.
ഈ ശ്ലോകവും ചക്കിക്ക് ഏറ്റവും സന്തോ‌ഷകരമായിരുന്നതിനാൽ ഒരു ശ്ലോകം കൂടിയുണ്ടാക്കണമെന്ന് അവൾ പറയുകയും ഉടനെ തോലകവി താഴെക്കാണുന്ന പ്രകാരം ഒരു ശ്ലോകമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു.
'വക്ത്രാംഭോജം തു കൈലാസവദിദമളകാലംകൃതം, കൊങ്കയുഗ്മം
വൃത്രാരാതേഃ കഠോരം കുലിശമിവപരി¢ിന്നസാരം ഗിരീണാം.
മധ്യം മത്തേഭവത്തേ പിടിയിലമരുവൊന്നെത്രയും ചിത്രമോർത്താൽ
മുഗ്ദ്ധേ, മൽപ്രാണനാഥേ, വപുരുദധിരിവാഭാതി ലാവണ്യപൂർണ്ണം.'
ഇങ്ങനെ ചക്കിയുടെ ആവശ്യപ്രകാരവും അല്ലാതെയും ശൃംഗാരഹാസ്യരസ പ്രധാനങ്ങളും ഫലിതമയങ്ങളുമായിട്ടുള്ള അനേകം ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കീട്ടുണ്ട്. എല്ലാത്തിന്റെയും രീതി ഇതു തന്നെ.
തോലകവിയുടെ ഭക്തിരസപ്രധാനങ്ങളായ ശ്ലോകങ്ങൾ ഫലിതമയങ്ങളും യുക്തികൊണ്ട് അർത്ഥം ഗ്രഹിക്കേണ്ടുന്നവയുമാണ്. രീതി കാണിക്കാനായി ഒരു ശ്ലോകം താഴെ ചേർക്കുന്നു:
'പല്ലിത്തോലാടയാം യസ്യ യസ്യ പന്ത്രണ്ടര പ്രിയാ കോണച്ചേട്ടാഭിധാനസ്യ അർദ്ധാർദ്ധം പ്രണതോസ്മ്യഹം.'
പല്ലിനു സംസ്കൃതത്തിൽ ദന്തമെന്നു പറയുമല്ലോ. അപ്പോൾ പല്ലി എന്നു പറഞ്ഞാൽ ദന്തി ആന എന്നർത്ഥം. പന്ത്രണ്ടര ആറ്. ഗംഗ എന്നു താൽപര്യം. കോണ് = മുക്ക്. ചേട്ടൻ = അണ്ണൻ. കോണചേട്ടൻ = മുക്കണ്ണൻ. അർദ്ധാർദ്ധം = അർദ്ധത്തിന്റെ അർദ്ധം. അർദ്ധം = പകുതി. അര എന്നു താൽപര്യം. അതിന്റെ അർദ്ധം കാൽ = പാദം എന്നർത്ഥം. ആനത്തോൽ വസ്ത്രമായും ഗംഗ ഭാര്യയായും മുക്കണ്ണൻ എന്നു പേരോടുകൂടിയവനുമായിരിക്കുന്ന അവന്റെ പാദത്തെ ഞാൻ നമസ്കരിക്കുന്നു എന്ന് ആകപ്പാടെയുള്ള അർത്ഥം.
തോലകവി ശിവനെക്കുറിച്ചുതന്നെ മറ്റൊരു വന്ദനശ്ലോകമുണ്ടാക്കിയിട്ടുണ്ട്. അതും താഴെ ചേർക്കുന്നു:
'മാരാരേ, തവ ദാസോഹം വാരി യസ്യ ജടാന്തരേ
യം പ്രാഹുരവ്യയം നിത്യം തന്ത്രിണേത്രം നമാമ്യഹം.'
കേവലം സംസ്കൃതഭാ‌ഷയിലുള്ള ഈ ശ്ലോകത്തിലും അദ്ദേഹം മാരാർ, വാരിയർ, എമ്പ്രാൻ, തന്ത്രി എന്നിവരുടെ പേരുകൾ വരുത്തിയിരിക്കുന്നു. ഇതും ഒരുവക ഫലിതമാണല്ലോ. പരപരിഹാസാർത്ഥമായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കീട്ടുണ്ട്. 'ഒന്നായ്ച്ചേർക്കയുമാം പദങ്ങളിടവിട്ടെങ്ങെങ്കിലും ചേർത്തിടാം' എന്നാണല്ലോ സംസ്കൃതനിയമം. ആ നിയമവും പ്രാസം, യമകം മുതലായ ശബ്ദഭംഗിക്കും പാദപൂരണത്തിനും മറ്റുമായി നിരർത്ഥകങ്ങളും അനാവശ്യകങ്ങളുമായ പദങ്ങൾ പ്രയോഗിക്കുന്നതും തോലകവിക്ക് ഇഷ്ടമല്ല. അങ്ങനെ പ്രയോഗിക്കുന്ന വരെ ആക്ഷേപിച്ചു തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങളും താഴെ ചേർക്കുന്നു:
ഥപ്രഥനന്ദാനന്ദം
പദദ്വയം നാത്ര ജനിതനന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയം ദലിതദാനവന്ദേവക്യാഃ
ഈ ശ്ലോകത്തിൽ ഥപ്രഥനം, ദാനന്ദം, വക്യാഃ ഈ മൂന്നു പദങ്ങൾ നിരർത്ഥങ്ങളും യമകത്തിനായിട്ടു മാത്രം ചേർത്തിട്ടുള്ളവയുമാണ്. ശേ‌ഷമുള്ള പദങ്ങൾകൊണ്ടു മാത്രമേ കാര്യമുള്ളു. ആവശ്യമില്ലാത്ത
പദങ്ങളോടു ചേർത്തുതന്നെ 'പദദ്വയം നാത്ര' എന്നും 'നിരന്വയം'എന്നും പ്രയോഗിച്ച് അവ അനാവശ്യകങ്ങളാണെന്നു സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതും ഒരു സാമർത്ഥ്യമാണല്ലോ. ഇനി ഇതുപോലെത്തന്നെ വേറൊരു ശ്ലോകം:
'ഉത്തി‌ഷ്ഠോത്തി‌ഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ ടഃ
ഏഷഖ ആഹ്വയതേ കുക്കു
ച വൈ തു ഹി ച വൈ തു ഹി'
ഇവിടെ 'കുക്കു' എന്നുള്ളതിനോടു 'ടഃ' എന്നുകൂടിച്ചേർത്ത് അന്വയിക്കണം. പദങ്ങളെ അങ്ങുമിങ്ങുമായി പ്രയോഗിക്കാമെങ്കിൽ അക്ഷരങ്ങളെയും അങ്ങനെ പ്രയോഗിക്കാം എന്നാണ് തോലകവിയുടെ അഭിപ്രായം. അപ്രകാരം തന്നെ 'ച, വൈ, തു, ഹി ഇത്യാദി അനാവശ്യകങ്ങളായിട്ടുള്ള അവ്യയപദങ്ങൾ അങ്ങുമിങ്ങുമായി ഇടയ്ക്കിടയ്ക്കു ചേർത്തു പ്രയോഗിക്കുന്നതെന്തിന്? എല്ലാംകൂടി ഒരുമിച്ചിരിക്കട്ടെ. ആവശ്യം പോലെ ഓരോ പദങ്ങൾ എടുത്ത് അന്വയിക്കാമല്ലോ' എന്നു വിചാരിച്ചാണ് തോലകവി ആ വക പദങ്ങൾ കൊണ്ടുതന്നെ നാലാം പാദം തീർത്തത്. അനാവശ്യങ്ങളും അനർത്ഥങ്ങളുമായ പദങ്ങളെ ഔചിത്യം കൂടാതെ പ്രയോഗിക്കുന്ന കവികൾക്ക് ഈ ആക്ഷേപങ്ങൾ മർമഭേദകങ്ങളായിരിക്കുമല്ലോ.
അന്യരുടെ കൃതികൾക്കു കുറ്റവും കുറവും പറയുന്നവർ ധാരാളവും നിരാക്ഷേപമായി കവനം നിർമിക്കുവാൻ കഴിയുന്നവർ ലോകത്തിൽ ചുരുക്കവുമാണല്ലോ. എന്നാൽ തോലകവി അന്യന്മാരുടെ കൃതികളെ ആക്ഷേപിക്കുന്നതിനും അന്യന്മാർ ആക്ഷേപിക്കാത്തവിധത്തിൽ കാവ്യ ങ്ങൾ നിർമിക്കുന്നതിനും കഴിയുന്ന ആളായിരുന്നു. അദ്ദേഹം അന്വയ ക്രമത്തിനു പദങ്ങൾ ചേർത്തും അനാവശ്യപദങ്ങൾ കൂടാതെയും കാവ്യം നിർമിച്ചിട്ടുണ്ട്. അതിലുള്ള ശ്ലോകങ്ങളിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഒന്നു താഴെ ചേർക്കുന്നു.
'സ്വർജാലികാനിർജരനിർഝരിണ്യാം
തദീയസൗധാഗ്രജു‌ഷാം വധൂനാം
ആലോലനേത്രപ്രകരം നിരീക്ഷ്യ
ഝ‌ഷഭ്രമാർജാലശതം ക്ഷിപന്തി.'
ഈ കാവ്യം കൂടി ഉണ്ടാക്കിക്കഴിഞ്ഞപ്പോഴേക്കും തോലകവി വിശ്വവിശ്രുതനായിത്തീർന്നു. അദ്ദേഹത്തെ 'തോലൻ' എന്നു പറഞ്ഞിരുന്ന അസൂയാലുക്കളായ വിരോധികൾ പോലും 'തോലകവി' എന്നുതന്നെ പറഞ്ഞുതുടങ്ങുകയും ചെയ്തു.
ഇങ്ങനെയിരുന്ന കാലത്താണ് കുലശേഖരവർമാവെന്ന് പ്രസിദ്ധനായിരുന്ന ചേരമാൻ പെരുമാൾ സംസ്കൃതനാടകങ്ങൾ ചാക്യാന്മാരെ ക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കുവാൻ ഉത്സാഹിച്ചു തുടങ്ങിയത്. അദ്ദേഹം ആദ്യംതന്നെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കാനുത്സാഹിച്ചതു ശാകുന്തളം നാടകമാണ്. അരങ്ങേറ്റത്തിനു സൂതന്റെ വേ‌ഷം ധരിച്ച ചാക്യാർ 'രാജാനം മൃഗഞ്ചാവലോക്യ' (മൃഗമതിനെയുമാത്തചാപനാകും ജഗദഭിവന്ദ്യ ഭവാനെയും വിലോക്യ) എന്നുള്ള ഭാഗം യഥാക്രമം അഭിനയിച്ചപ്പോൾ ആ ചാക്യാരുടെ കണ്ണു പൊട്ടിപ്പോവുകയാൽ അരങ്ങേറ്റം നടന്നില്ല. പിന്നെ പെരുമാൾ അഭി‌ഷേകം, തപതീസംവരണം, സുഭദ്രാധനഞ്ജയം ഇങ്ങനെ മൂന്നു നാടകങ്ങൾ സ്വയമേ നിർമിക്കുകയും അവ ഉടനെ ചാക്യാന്മാരെക്കൊണ്ട് അരങ്ങേറ്റം കഴിപ്പിക്കണമെന്നു നിശ്ചയിക്കുകയും ചെയ്തു. ആ മൂന്നു നാടകങ്ങളിൽ ഒടുവിലുണ്ടാക്കിയ സുഭദ്രാധനഞ്ജയമാണ് പെരുമാൾക്ക് അധികം ബോധിച്ചത്. അതിനാൽ അതു തന്നെ ആദ്യം അരങ്ങേറ്റം കഴിപ്പിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. എങ്കിലും അതു വിദ്വാന്മാരെ ഒന്നു കേൾപ്പിച്ചിട്ടു വേണം ചാക്യാന്മാരെ ഏൽപിക്കാനെന്ന് അദ്ദേഹത്തിനു തോന്നി. 'ആപരിതോ‌ഷാദ്വി ദു‌ഷാം ന സാധു മന്യേ പ്രയോഗവിജ്ഞാനം' എന്നുണ്ടല്ലോ. അതിനാൽ ചേരമാൻ പെരുമാൾ ഒരു ദിവസം തന്റെ സദസ്യന്മാരും സമീപസ്ഥന്മാരുമായ വിദ്വാന്മാരെയെല്ലാം വിളിച്ചുകൂട്ടി. ആ സദസ്സിൽ തോലകവിയും ചെന്നു ചേർന്നിരുന്നു. ആ സഭാവാസികളെ ചേരമാൻ പെരുമാൾ സുഭദ്രാധനഞ്ജയം സ്വയമേവ വായിച്ചു കേൾപ്പിക്കാനാരംഭിച്ചു. ഒന്നാമങ്കം കഴിഞ്ഞു രണ്ടാമങ്കം വയിച്ചുതുടങ്ങിയപ്പോൾ തന്നെ തോലകവി കുറേശ്ശെ വിറച്ചു തുടങ്ങി. രണ്ടാമങ്കം ഏകദേശം പകുതിയായപ്പോൾ തോലകവി അത്യുച്ചത്തിൽ അട്ടഹസിച്ചുകൊണ്ടും 'അയ്യോ, എനിക്കു സഹിക്കാൻ വയ്യേ' എന്നു പറഞ്ഞുകൊണ്ട് ചാടിയെണീറ്റുനിന്നു വെളിച്ചപ്പാടിനെ പ്പോലെ തുള്ളിത്തുടങ്ങി. സദസ്യരെല്ലാം പരിഭ്രമിച്ച് എണീക്കുകയും 'ആരാണ്? കാര്യമെന്താണ്?' എന്നും മറ്റും ചോദിക്കുകയും ചെയ്തു. അപ്പോൾ തോലകവി 'ഞാൻശാകുന്തളം നാടകമാണ്. എനിക്കുള്ള അർത്ഥകൽപ്പനകളും Cായയുമെല്ലാമപഹരിച്ച് സുഭദ്രാധനഞ്ജയത്തിനു കൊടുത്തിരിക്കുന്നു. ഇതെനിക്കു സഹിക്കാവുന്നതല്ല' എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ഇതു തോലകവി ചേരമാൻ പെരുമാളെ പരിഹസിക്കാനായിട്ടെടുത്ത വിദ്യയാണെന്നു സദസ്യർക്കു മനസ്സിലാവുകയും ചിലർ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോവുകയും ഏതാനും പേർ തങ്ങൾക്കു വന്ന ചിരി പെരുമാളെ ഭയപ്പെട്ട് ഉള്ളിൽ ഒതുക്കുകയും ചെയ്തു. പെരുമാൾ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ. അദ്ദേഹം ശേ‌ഷം വായിക്കാൻ ശക്തനാകാതെ ലജ്ജാവനതമുഖനായി അവിടെനിന്ന് എണീറ്റുപോയി. ഉടനെ തോലകവിയുടെ തുള്ളൽ നിൽക്കുകയും സഭാവാസികളെല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു.
അന്നു രാത്രിയിൽ കിടന്നിട്ടു ചേരമാൻ പെരുമാൾക്ക് ഉറക്കം വന്നില്ല. തന്റെ നാടകങ്ങൾ വിദ്വജ്ജനങ്ങൾക്കു രുചിക്കയും അവയ്ക്കു പ്രസിദ്ധിയും പ്രചാരവും സിദ്ധിക്കുകയും ചെയ്യുന്നതിന് എന്താണ് വേണ്ടതെന്ന് അദ്ദേഹം വളരെ നേരം വിചാരിച്ചു നോക്കീട്ടും ശരിയായ മാർഗ്ഗമൊന്നും കണ്ടില്ല. ഒടുക്കം തോലകവിയെ തന്നെ വരുത്തി ആലോചിക്കാമെന്നു നിശ്ചയിച്ചു. ചേരമാൻ പെരുമാൾ ആ രാത്രിയിൽത്തന്നെ ആളയച്ചു തോലകവിയെ ഗൂടമമായി തന്റെ അടുക്കൽ വരുത്തി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം നാടകാഭിനയത്തിനുവേണ്ടുന്ന മുറകളെല്ലാം വ്യവസ്ഥപ്പെടുത്തി. വിദൂ‌ഷകനുള്ള നാടകങ്ങൾ അഭിനയിക്കുന്നതിന് ആദ്യം തന്നെ വിദൂ‌ഷകവേ‌ഷധാരിയായ ഒരു നടൻ പ്രവേശിച്ചു വിവാദു തീർത്തു എന്നും വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരു‌ഷാർത്ഥങ്ങൾ സാധിച്ചു എന്നും പറയണമെന്നും അവയ്ക്കും നാടക ങ്ങളിലെ വിദൂ‌ഷകന്റെ വാക്യങ്ങൾക്കു പകരമായിട്ടും മണിപ്രവാളമായും മറ്റു ചിലശ്ലോകങ്ങൾ കൂടി വേണമെന്നും മറ്റുമാണ് അവർ വ്യവസ്ഥപ്പെടുത്തിയത്. ആ വക ശ്ലോകങ്ങളെല്ലാമുണ്ടാക്കുന്നതിന് ചേരമാൻ പെരുമാൾ തോലകവിയെത്തന്നെ ഏൽപിക്കുകയും അദ്ദേഹം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
വിവാദുതീർക്കുക എന്നുവെച്ചാൽ അനധീതമംഗലം ഗ്രാമക്കാരും പെരുംതൃക്കോവിലെന്ന ക്ഷേത്രത്തിലെ ഊരാളന്മാരുമായ മേയ്ക്കാന്തല, കിഴക്കാന്തല എന്നു രണ്ടുകൂട്ടർ തമ്മിലുള്ള അധികാരത്തർക്കം തീർക്കുകയാണ്. ഇതിൽ ഊരാളന്മാർ, സമുദായം, ശാന്തിക്കാർ, വാരിയർ, മാരാര് മുതലായ ക്ഷേത്രാധികാരികളുടെയും ക്ഷേത്രസംബന്ധികളുടെയും ചാക്യാർ, നമ്പ്യാർ മുതലായവരുടെയും സ്വഭാവങ്ങളെ വർണ്ണിച്ച് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിനോദം എന്നത് ഈ ഊരാളന്മാർ മുതലായവരെല്ലാംകൂടി 'ഭ്രമരികുലകോലാഹലത്തുണ്ണിമഞ്ജരി' എന്നൊരു വേശ്യാസ്ത്രീയുടെ അടുക്കൽച്ചെന്നു തൃതീയപുരു‌ഷാർത്ഥം സാധിക്കുകയാണ്. ഇതിന് സ്ത്രീകളുടെ സ്വഭാവങ്ങളെ വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ തോലകവി നിർമ്മിച്ചു. വഞ്ചനം എന്നത് വിനോദം സാധിക്കാൻ പോയവരിൽ ഒരാൾ ഉണ്ണിമഞ്ജരിയുടെ വെള്ളിക്കരണ്ടകം മോഷ്ടിച്ച് ആരുമറിയാതെ വായിലാക്കി കൊണ്ടുപോന്നു എന്നുള്ളതാണ്. അതിന് അധികം വിസ്താരവും വർണ്ണനയുമൊന്നുമില്ല. പിന്നെ അശനം എന്നത് ണ്ഠീം ണ്ഠീം നായ്ക്കരുടെ പന്ത്രണ്ടാം മാസസദ്യ ഇവർ പോയി ഉണ്ടു എന്നുള്ളതാണ്. ഇതു വളരെ കേമമാക്കി. സദ്യയുടെ ഓരോ വിഭവങ്ങളെയും പ്രത്യേകം പ്രത്യേകം വിവരിച്ചും വർണ്ണിച്ചും വളരെ ശ്ലോകങ്ങൾ കവി ഉണ്ടാക്കി. ഇങ്ങനെ മൂന്നു പുരു‌ഷാർത്ഥങ്ങൾ സാധിച്ചുകഴിഞ്ഞാൽ പിന്നെ രാജസേവയായി. അതിന് ഈ ഊരാളന്മാർ മുതലായവരിൽ സമർത്ഥനായ ഒരാളെ തിരഞ്ഞെടുത്ത് അയയ്ക്കുകയാണ്. അയാൾ, പിന്നീടഭിനയിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാടകെമേതോ അതിലെ കഥാനായകനായ രാജാവിനെ സേവിച്ചു താമസിച്ചു എന്നു പറഞ്ഞ് നാടകവുമായി സംബന്ധം വരുത്തണം. നാടകത്തിലെ വിദൂ‌ഷകനായിത്തീരുന്നതും അയാൾ തന്നെയാണ്. ഈ നാലാമത്തെ പുരു‌ഷാർത്ഥം പറയുന്നതിനും രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ച് അനവധി ശ്ലോകങ്ങൾ തോലകവി ഉണ്ടാക്കി. വിവാദു തീർത്തതായും പുർ‌ഷാർത്ഥങ്ങൾ സാധിച്ചതായും പറയുന്നതിലേക്കായി തോലകവി ഉണ്ടാക്കിയ ശ്ലോകങ്ങളെല്ലാം സരസങ്ങളും ഫലിതഭരിതങ്ങളുമാണ്. അവയിൽ മിക്കവയും മണിപ്രവാളങ്ങളും ചിലതു സംസ്കൃതങ്ങളുമാണ്. ഭർത്തൃഹരി മുതലായവയിൽനിന്നും ചില ശ്ലോകങ്ങൾ ഈ ആവശ്യത്തിലേക്കായി അദ്ദേഹം യഥോചിതം എടുത്തു ചേർത്തിട്ടുമുണ്ട്. തോലകവി ഉണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ കേട്ടാൽ പ്രത്യേകമറിയാം. അവയുടെ രസികത്വം ഒന്നു വേറെ തന്നെയാണ്.
മേൽപറഞ്ഞ ചടങ്ങുകളോടും തോലകവിയുടെ സഹായത്തോടും കൂടി ചേരമാൻ പെരുമാൾ തന്റെ നാടകങ്ങളെലാം അരങ്ങേറ്റം കഴിപ്പിക്കുകയും എല്ലാവരും വളരെ രസിക്കുകയും സന്തോ‌ഷിക്കുകയും ചെയ്തു. അപ്പോൾ മാത്രമേ ചേരമാൻ പെരുമാൾക്കു മുമ്പുണ്ടായ കുണ്ഠിതം നിശ്ശേ‌ഷം തീർന്നുള്ളു. പിന്നെ അദ്ദേഹം തോലകവിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷിപ്പിച്ച് അദ്ദേഹത്തിനെ തന്റെ കൂടെത്തന്നെ താമസിപ്പിച്ചു.
അനന്തരം ചേരമാൻ പെരുമാൾ നാഗാനന്ദം മുതലായ ചില നാടകങ്ങൾക്കു കൂടി തോലകവിയെക്കൊണ്ടു വിദൂ‌ഷകശ്ലോകങ്ങളുണ്ടാക്കിക്കുകയും അവയും ആശ്ചര്യചൂഡാമണി, കല്യാണസഗൗന്ധികം മുതലായി മറ്റു ചില നാടകങ്ങളും കൂടി അരങ്ങേറ്റം കഴിപ്പിക്കുകയും ചെയ്തു. ചാക്യാന്മാർ നാടകങ്ങളിലഭിനയിക്കുന്നതിനു ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ള പേര് 'കൂടിയാട്ടം' എന്നാണ് അങ്ങനെതന്നെ ഇപ്പോഴും പറഞ്ഞുവരുന്നു. അതിന് ആകപ്പാടെയുള്ള പേര് കൂത്ത് എന്നുമാണ്. രസവാസനയും നാട്യസാമർത്ഥ്യവും വേ‌ഷഭംഗിയുമുള്ള ചാക്യാന്മാർ നായകന്റെ ഭാഗവും, മനോധർമ്മവും യുക്തിയും വാഗ്മിത്വവും വാq് മാധുര്യവുമുള്ള ചാക്യാന്മാർ വിദൂ‌ഷകന്റെ ഭാഗവും നിർവ്വഹിക്കുന്നതായാൽ കൂടിയാട്ടം കാണാനും കേൾക്കാനും വളരെ നല്ലതാണ്. പക്ഷേ അങ്ങനെയുള്ള ചാക്യാന്മാർ ഇപ്പോൾ ചുരുക്കമാണെന്നേയുള്ളു. വിദൂ‌ഷകനില്ലാത്ത നാടകങ്ങൾ അഭിനയിക്കുന്നതിനു പുർ‌ഷാർത്ഥങ്ങളും മറ്റും പറയുക പതിവില്ലാത്തതിനാൽ നല്ല ആട്ടക്കാരായിട്ടുള്ള ചാക്യന്മാരുണ്ടായാലും മതി. അതിനും യോഗ്യന്മാരായിട്ടുള്ളവർ വളരെ ചുരുക്കമാണ്. കൂത്ത് ക്ഷേത്രങ്ങളിൽ മാത്രമേ പാടുള്ളൂ എന്നാണ് ചേരമാൻ പെരുമാൾ നിശ്ചയിച്ചിട്ടുള്ളത്. കൂത്തിനുള്ള വിളക്കിനു വെളിച്ചെണ്ണയും വേ‌ഷം കെട്ടുന്നതിനു വെളുത്തേടന്റെ മാറ്റും മാലയ്ക്കു ചെത്തിപ്പൂവും വേണമെന്നാണ് നിശ്ചയം. 'കലിയുഗം മൂക്കുമ്പോൾ ഇല്ലത്തു കൂത്തും കൊമ്പത്തെണ്ണ(പുന്നക്കായെണ്ണ, പൂവത്തെണ്ണ, മരോട്ടിയെണ്ണ മുതലായവ)യും മണ്ണാത്തി മാറ്റും അശകിൻ പൂവും വേണമെന്നു ജനങ്ങൾ പറഞ്ഞുതുടങ്ങും. അപ്പോൾ നിങ്ങളുടെ അണയലങ്ങൾ (വേ‌ഷം കെട്ടാനുള്ള കോപ്പുകൾ) തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ കൊണ്ടു ചെന്നു മണ്ഡപത്തിൽ കെട്ടിത്തൂക്കീട്ടു നിങ്ങൾ തീർത്ഥാടനം ചെയ്തുകൊള്ളണം' എന്നു ചേരമാൻ പെരുമാൾ ചാക്യാരോടും പറഞ്ഞിട്ടുണ്ടെന്ന് ഒരു കേൾവിയുണ്ട്. ഇതുകൊണ്ടും മുമ്പു വിവരിച്ചിട്ടുള്ള ചില സംഗതികൾ കൊണ്ടും കുലശേഖരവർമ്മാവു താമസിച്ചിരുന്നതു തിരുവഞ്ചിക്കുളത്തുതന്നെയായിരുന്നുവെന്നും തോലകവിയുടെ വാസ സ്ഥലവും അവിടെ സമീപത്തെവിടെയോ ആയിരുന്നുവെന്നും ഊഹിക്കേണ്ടിയിരിക്കുന്നു.
തോലകവി ഉണ്ടാക്കീട്ടുള്ള പുർ‌ഷാർത്ഥശ്ലോകങ്ങളുടെയും നാടക ശ്ലോകങ്ങളുടെയും രസികത്വം വിചാരിക്കുമ്പോൾ അവയിൽ ചിലതുകൂടി ഇവിടെ പകർത്തിയാൽ കൊള്ളാമെന്നു തോന്നുന്നുണ്ട്. ലേഖനദൈർഘ്യം വിചാരിക്കുമ്പോൾ അതിനു മനസ്സു വരുന്നുമില്ല. എങ്കിലും ചിലതു താഴെ ചേർക്കുന്നു:
'ശാന്തിദ്വിജഃ പ്രകുരുതേ ബഹുദീപശാന്തിം
തത്രത്യവാരവനിതാമദനാഗ്നിശാന്തിം
പക്വാജ്യപായസഗുളൈർജഠരാഗ്നിശാന്തിം
കാലക്രമേണ പരമേശ്വരശക്തിശാന്തിം.'
'കുളിച്ചു കുറ്റിത്തലയും കുടഞ്ഞ-
ങ്ങമന്ത്രകുംഭം ചൊരിയുന്ന നേരം
ഭ്രമിച്ചു ദേവൻ ചുമരോടലച്ചു
നീരോകിലൂടെ ഗമനം കരോതി.'
ഈ ശ്ലോകങ്ങൾ വിവാദു തീർക്കുന്നതിലുള്ളവയാണ്. ഇനി വിനോദത്തിലെ ചില ശ്ലോകങ്ങൾ താഴെ കുറിക്കുന്നു:
'പത്തചങ്ങു പടിപ്പുരയ്ക്കു പുറമേ നിൽപ്പാ, നകം പൂകുവാൻ
പത്താനക്കളഭാ, നകത്തൊരു പദം വെയ്പാൻ സുവർണ്ണാചലം
മറ്റേകാൽക്കു സുരദ്രുമം, പുണരുവാൻ വിശ്വം തരേണം നമു-
ക്കിത്ഥം ചൊൽവൊരു നാരിമാരൊടണയുന്നോർക്കേ‌ഷ ബദ്ധാഞ്ജലിഃ'
അശനത്തിലെ പ്രധാനവും പ്രഥമവുമായ ശ്ലോകം കൂടി അടിയിൽ ചേർക്കുന്നു:
വെണ്ണസ്മേരമുഖീം വറത്തു വരളും വാർത്താകദന്തച്ഛദാം
ചെറ്റോമന്മധുരക്കറിസ്തനഭരാമമ്ലാപദം ശോദരീം
ചേണാർന്നോരെരുമത്തയിർക്കുടിതടാം ചിങ്ങമ്പഴോരുദ്വയീ
മേനാം ഭുക്തിവധൂം പിരിഞ്ഞയി സഖേ ലോകഃ കഥം ജീവതി?'
രാജാക്കന്മാരുടെ സ്വഭാവങ്ങളെ വർണ്ണിച്ചു രാജസേവയിലും വളരെ ശ്ലോകങ്ങളുണ്ട്. വിസ്തരഭയത്താൽ അവയൊന്നും ഇവിടെ പകർത്തുന്നില്ല.
കേരളത്തിൽ ബ്രാഹ്മണർക്കു ശാസ്ത്ര(സംഘ)ക്കളിയും നായന്മാർ മുതലായവർക്ക് ഏഴാമത്തു കളിയുമുള്ളതുപോലെ അമ്പലവാസിവർഗ്ഗക്കാർക്കു കൂറപ്പാറകൻ എന്നൊരു കളിയുണ്ടല്ല്ലോ. അതിൽ ഉപയോഗിക്കുന്നതിനായിട്ടും തോലകവി അനേകം ശ്ലോകങ്ങളുണ്ടാക്കി ആ വകക്കാർക്കു കൊടുത്തു. ആ കളിയിലും അനേകം വേ‌ഷങ്ങളുണ്ട്. അവർ ചൊല്ലുന്ന ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം. പാത്രം തേയ്ക്കാൻ പോകുന്ന ഭാവത്തിൽ പ്രവേശിക്കുന്ന വാരസ്യാരെക്കുറിച്ചുള്ള ശ്ലോകമാണ് താഴെ പകർത്തുന്നത്:
'വെണ്ണീറ്റുകട്ട വലിയോന്നു വലത്തുകൈയിൽ,
മറ്റേതിൽ വറ്റുരുളി, ചട്ടക, മൊട്ടു വയ്ക്കോൽ
ഓമൽക്കഴുത്തിലൊരു മദ്ദളവും ധരിച്ചു
കൈലാസനാരി വരവുണ്ടതു കാണ്മനീ ഞാൻ.'
ഒരു വൃദ്ധയും മകളും പ്രവേശിച്ചിട്ടു വൃദ്ധ മകളോടു പറയുന്നതായി ചൊല്ലുന്ന ശ്ലോകം കൂടി താഴെ ചേർക്കുന്നു:
'പത്തു പത്തനമൊത്തോണം
ശുദ്ധശൂന്യം വരുത്തി ഞാൻ
പത്താലൊന്നു മുടിച്ചീടാൻ
മുഗ്ധേ! നീ മതിയാകുമോ?'
കൂട്ടപ്പാഠകത്തിൽ ഉപയോഗിച്ചുവരുന്ന ശ്ലോകങ്ങളെല്ലാം തോലകവി ഉണ്ടാക്കീട്ടുള്ളവയാണെന്നാണ് പറയുന്നത്. എന്നാൽ അവയിൽ ചില ശ്ലോകങ്ങൾ കേട്ടൽ രീതിഭേദം കൊണ്ട് അവ മറ്റാരോ ഉണ്ടാക്കിയതാണെന്ന് തോന്നിപ്പോകും. അങ്ങനെയുള്ള ചില ശ്ലോകങ്ങൾ കൂടിയാട്ടങ്ങളിൽ ചാക്യാന്മാരുപയോഗിക്കുന്ന വിദൂ‌ഷകശ്ലോകങ്ങളിലും കാണുന്നുണ്ട്. അവയുടെ വ്യത്യാസം കവിതാമർമ്മജ്ഞന്മാരായ സഹൃദയന്മാർ ക്കറിയാവുന്നതാണ്. അതൊക്കെ എങ്ങിനയായാലും കൂട്ടപ്പാഠകം എന്നൊന്ന് ഉണ്ടാക്കിത്തീർത്തതു തോലകവിതന്നെയാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.
'പോരുന്ന ലോകരു പരമ്പരയാ പറഞ്ഞു
പോരുന്ന വാക്കിലയഥാർത്ഥവിചാരമാകാ'
എന്നുണ്ടല്ലോ. ഇനി നാടകങ്ങളിൽ വിദൂ‌ഷകനു ചൊല്ലാനായി തോലകവി ഉണ്ടാക്കീട്ടുള്ള ചില ശ്ലോകങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം.
സുഭദ്രാധനഞ്ജയത്തിൽ സുഭദ്രയെക്കുറിച്ചുള്ള 'സൌന്ദര്യം, സുകുമാരതാ' ഇത്യാദി ശ്ലോകത്തിനു പകരം,
'വാനാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
നോക്കും വാക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേ‌ഷചക്കീഗുണാൻ
ഇച്ചക്ക്യാമുപയുജ്യ പത്മജനഹോ! ശക്യാണ, ചക്യന്തരം
സൃഷ്ടിപ്പാനവ വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം.'
'നാഴിഭിരുരിഭിരുഴഗ്ഭിഃ
പാതി മണൽഭിസ്തഥൈവ ചവലരിഭിഃ
യത്ര മനോരഥമുടനേ
സിധ്യയി തസ്യൈ നമോ നമശ്ചക്ക്യൈ'
തനിക്കു വിവേവകമില്ലാതെയിരുന്ന ചെറുപ്പകാലത്തു തന്നെ മയക്കി ഭ്രഷ്ടനാക്കിത്തീർത്ത ചക്കിയെക്കുറിച്ചു തോലകവിക്കു പിന്നീടു വൈരസ്യമുണ്ടായതായി മേലെഴുതിയിരിക്കുന്ന ഈ ശ്ലോകങ്ങൾകൊണ്ടു വിചാരിക്കാം. അഥവാ അദ്ദേഹത്തിനു പ്രകൃത്യാ ഉള്ള പരിഹാസശീലം കൊണ്ട് ഇങ്ങനെയുണ്ടാക്കിയതാണെന്നും വരാം. ഏതായാലും അദ്ദേഹം ചക്കിയെ ഒരുകാലത്തും മറന്നിരുന്നില്ലെന്നു സ്പഷ്ടമാകുന്നുണ്ട്.
മലയാളപദങ്ങൾക്കു (നാമമായാലും ക്രിയയായാലും) സംസ്കൃത പ്രത്യയങ്ങൾ ചേർത്തു പ്രയോഗിക്കുകയെന്നുള്ള വിദ്യ ആദ്യം തുടങ്ങിയത് തോലകവി തന്നെയാണെന്നാണു തോന്നുന്നത്. അദ്ദേഹത്തിന്റെ മിക്ക പദ്യങ്ങളിലും അങ്ങനെയുള്ള പ്രയോഗങ്ങൾ കാണാം. അങ്ങനെയുള്ളതും പ്രസിദ്ധവുമായ ഒരു സന്ധ്യാവർണ്ണനശ്ലോകം കൂടി താഴെ ചേർക്കുന്നു:
'താഴ്പൂട്ടിയന്തി തകരാഃ കറികൊയ്തശേ‌ഷാഃ
കാകാഃ കരഞ്ഞു മരമേറിയുറങ്ങിയന്തി
മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ
മിന്നാമിനുങ്ങനിവഹാശ്ചഃ മിനുങ്ങയന്തി.'
തോലകവി ചേരമാൻ പെരുമാളുടെ സേവകനായിത്താമസിച്ചിരുന്ന കാലത്തുണ്ടായ ചില നേരമ്പോക്കുകൾ കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു.
ഒരിക്കൽ ചേരമാൻ പെരുമാൾ എണ്ണതേച്ച സമയം തന്റെ കൈ വിരലിൽ കിടന്നിരുന്ന തിരുവാഴി (മോതിരം) ഊരി താഴെ വച്ചിട്ട് എണ്ണ തേച്ചു. കുളി കഴിഞ്ഞു പോന്ന സമയം ആ മോതിരമെടുക്കാൻ അദ്ദേഹം മറന്നുപോയി. കൂടെയുണ്ടായിരുന്ന പരിചാരകന്മാരും മോതിരത്തിന്റെ കാര്യം ഓർത്തില്ല. ചേരമാൻ പെരുമാൾ കുളികഴിഞ്ഞു പോയ ഉടനെ തോലകവി കടവിൽച്ചെന്നപ്പോൾ തിരുവാഴി അവിടെയിരിക്കുന്നതു കണ്ടു. അദ്ദേഹം ആരും കാണാതെയും ആരോടും പറയാതെയും നേരമ്പോക്കിനായി അതെടുത്തുകൊണ്ടു പോയി വാളിന്റെ ഉറയിലിട്ട് ഒളിച്ചുവച്ചു. പിന്നെ അദ്ദേഹം ആ കടവിൽ പോകാതെ മറ്റൊരു സ്ഥലത്തു പോയി കുളിച്ചു പോരികയും ചെയ്തു. ചേരമാൻ പെരുമാൾ ഊണു കഴിഞ്ഞു കൈ കഴുകിയപ്പോഴാണ് മോതിരത്തെക്കുറിച്ച് ഓർത്തത്. ഉടനെ ആളയച്ചു കടവിൽ നോക്കിച്ചു. മോതിരം അവിടെ കാണായ്കയാൽ മുറയ്ക്ക് അന്വേ‌ഷണം തുടങ്ങി. പലവിധത്തിൽ അന്വേ‌ഷിച്ചിട്ടും ഒരു തുമ്പുമുണ്ടായില്ല. തോലകവി സേവകന്മാരിൽ പ്രധാനിയായിത്തീരുകകൊണ്ടും അദ്ദേഹം എല്ലാവരെയും പരിഹസിച്ചിരുന്നതിനാലും പലർക്കും അദ്ദേഹത്തോടു വിരോധവും അസൂയയുമുണ്ടായിരുന്നു. അവരെല്ലാവരും കൂടി തിരുവാഴി മോഷ്ടിച്ചതു തോലകവിയാണെന്നു പെരുമാളുടെ അടുക്കൽ പറഞ്ഞു വിശ്വസിപ്പിച്ചു. പെരുമാൾ ചോദിച്ചിട്ടും തോലവവി കുറ്റം സമ്മതിച്ചില്ല. ഒടുക്കം തോലകവി കൈ മുക്കണമെന്നു പെരുമാൾ വിധിച്ചു. കൈ മുക്കുകയെന്നാൽ ഇരുനാഴിയുരി നെയ്യ് ഒരു പാത്രത്തിലൊഴിച്ച് അടുപ്പത്തുവെച്ച് തിളപ്പിച്ച് ചൂടോടുകൂടി വങ്ങിവെച്ച് അതിൽ കൈ മുക്കുകയാണ്. കൈ പൊള്ളിയെങ്കിൽ മോഷ്ടിച്ചു എന്നും പൊള്ളിയില്ലെങ്കിൽ മോഷ്ടിച്ചില്ലെന്നും തീർച്ചപ്പെടുത്തും. ഒരിക്കൽ എന്തെങ്കിലും കുറ്റം ചെയ്തതായി സംശയം ജനിക്കുകയും സംശയിക്കപ്പെടുന്നയാൾ കുറ്റം സമ്മതിക്കാതിരിക്കുകയും ചെയ്താൽ സംശയം തീർക്കുന്നതിന് അക്കാലത്ത് ഇങ്ങനെ ഒരു വിദ്യയാണ് ചെയ്തിരുന്നത്. (മുൻകാലങ്ങളിൽ സ്മാർത്തവിചാരത്തിൽ സംശയഗ്രസ്തന്മാരായിത്തീരുന്നവർ ശുചീന്ദ്രത്തു നടയിൽവെച്ച് കൈ മുക്കുക പതിവായിരുന്നുവല്ലോ.) അങ്ങനെ ചെയ്യാമെന്നു തോലകവി സമ്മതിക്കുകയും ചെയ്തു. ഉടനെ ചിലർ കൂടി ചേരമാൻ പെരുമാളുടെ മുമ്പിൽത്തന്നെ ഒരടുപ്പുണ്ടാക്കി തീ കത്തിച്ചു, പാത്രത്തിൽ നെയ്യൊഴിച്ച്, അടുപ്പത്തു വച്ച് തിളപ്പിച്ചു. നെയ്യ് നല്ലപോലെ തിളച്ച സമയം ഒരാൾ കൈക്കല കൂട്ടിപ്പിടിച്ച് അതു വാങ്ങിത്താഴെവെച്ചു. ഉടനെ തോലകവി 'ഇനി ഞാൻകൈ മുക്കണമെന്നുണ്ടോ? കളവിവിടെ തെളിഞ്ഞുവല്ലോ. ഈ നെയ്യു വാങ്ങിവെച്ച ആളാണ് തിരുവാഴി മോഷ്ടിച്ചത്. അല്ലെങ്കിൽ അയാൾ കൈക്കല കൂട്ടിപ്പിടിച്ചതെന്തിനാണ്? അയാൾ മോഷ്ടിച്ചില്ലെങ്കിൽ അയാളുടെ കൈ പൊള്ളുകയില്ലല്ലോ'എന്നു പറഞ്ഞു. ഇതിനു ശരിയായ സമാധാനം പറയാൻ ആർക്കും തോന്നിയില്ല. പെരുമാളും മൗനത്തെത്തനെ അവലംബിച്ചു. അപ്പോൾ തോലകവി 'ഇതൊക്കെ വിഢ്ഢികളെപ്പറ്റിക്കാനുള്ള വിദ്യകളാണ്. ഇതൊന്നും എന്നോടു പറ്റുകയില്ല. ബുദ്ധിയുള്ളവർ ശരിയായി അന്വ്വേ‌ഷിച്ചിരുന്നെങ്കിൽ തിരുവാഴി കിട്ടുമായിരുന്നു. തമ്പുരാന്റെ ചോറു തിന്നുന്നവരിൽ അങ്ങനെയുള്ള വരാരും ഇവിടെയില്ല. എല്ലാവരുടെയും ഉത്സാഹമൊക്കെക്കഴിഞ്ഞുവല്ലോ. ഇനി തിരുവാഴി ഞാൻകണ്ടെടുത്തുതരാം' എന്നു പറഞ്ഞു തിരുവാഴി വാളുറയിൽ നിന്നെടുത്തു തിരുമുമ്പിൽ വെച്ചുകൊടുത്തു.
ഇപ്രകാരം തന്നെ പിന്നെയുമൊരിക്കൽ ചിലർ കൂടി തോലകവിയുടെ മേൽ ഒരു കുറ്റം സ്ഥാപിച്ചുകൊണ്ട് തിരുമനസ്സറിയിച്ചു. തോലകവി ആ കുറ്റം സമ്മതിച്ചില്ല. അതിനു ചേരമാൻ പെരുമാൾ വിധിച്ചത് തോലകവി ഒരു കയത്തിൽ ചാടണമെന്നായിരുന്നു. മനു‌ഷ്യരോ മറ്റു ജീവജന്തുക്കളോ വീണാൽ ഉടനെ പിടിച്ചുതിന്നുന്നവയായ വലിയ മുതലകൾ ആ കയത്തിൽ വളരെയുണ്ടായിരുന്നു. തോലകവി അതിൽ ചാടീട്ടു മുതല പിടിച്ചില്ലെങ്കിൽ നിർദ്ദോ‌ഷനാണെന്നു വിശ്വസിക്കാമെന്നായിരുന്നു കൽപ്പന. തോലകവി അതും സമ്മതിച്ചു. കയത്തിൽ ചാടാനുള്ള ദിവസവും സമയവും നിശ്ചയിച്ചു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുകയും ആ സമയത്തു പെരുമാളും അസംഖ്യം ജനങ്ങളും കയത്തിന്റെ കരയിലെത്തുകയും ചെയ്തു. ആ സമയം, ജനിച്ചിട്ടു കണ്ണുതുറക്കുകപോലും ചെയ്യാത്ത രണ്ടു പട്ടിക്കുട്ടികളെ തോലകവി കയത്തിലേയ്ക്ക് എറിയുകയും തൽക്ഷണം മുതലകൾ വന്ന് അവയെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. അപ്പോൾ തോലകവി ചേരമാൻ പെരുമാളുടെ അടുക്കൽച്ചെന്ന് 'ആ പട്ടിക്കുട്ടികൾ ജനിച്ചിട്ട് കണ്ണു തുറക്കുക പോലും ചെയ്തിട്ടില്ല. അവ യാതൊരപരാധവും ചെയ്തിരിക്കയില്ലല്ലോ. അവയെയും ഈ മുതലകൾ പിടിച്ചു. അതിനാൽ ഈ മുതലകൾ അപരാധികളെയും നിരപരാധ ന്മാരെയും തിരിച്ചറിയുന്നവയാണെന്നു തോന്നുന്നില്ല. അവ ആരെയും പിടിച്ചു തിന്നും. ഈ സ്ഥിതിക്കു ഞാൻചാടിയാൽ എന്നെയും പിടിക്കയില്ലയോ എന്നു ഞാൻസംശയിക്കുന്നു' എന്നു പറഞ്ഞു. ഇതിനും ശരിയായ മറുപടിയൊന്നും പറയാൻ തോന്നായ്കയാൽ ചേരമാൻ പെരുമാൾ ഒന്നും മിണ്ടാതെ തിരിച്ചെഴുന്നള്ളി. പുരു‌ഷാരങ്ങളും പിരിഞ്ഞു. തോലകവിയും മടങ്ങിപ്പോയി. അതിൽപ്പിന്നെ ആരും അദ്ദേഹത്തെക്കുറിച്ചു പെരുമാളുടെ അടുക്കൽ ഏഷണി പറയുകയും പെരുമാൾ കുറ്റം വിധിക്കുകയുമുണ്ടായില്ല.
ഇങ്ങനെ തോലകവിയെക്കുറിച്ച് ഇനിയും പല കഥകൾ പറയാനുണ്ട്. വിസ്തരഭയത്താൽ ഇപ്പോൾ വിരമിക്കുന്നു.

ഐതിഹ്യമാല/പുരുഹരിണപുരേശമാഹാത്മ്യം

ഐതിഹ്യമാല/പുരുഹരിണപുരേശമാഹാത്മ്യം

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പുരുഹരിണപുരേശമാഹാത്മ്യം

പുരുഹരിണപുര (ഏറ്റുമാനൂർ) മഹാക്ഷേത്രം ധനപുഷ്ടികൊണ്ടും പ്രസിദ്ധികൊണ്ടും തിരുവതാംകൂറിലുള്ള മഹാക്ഷേത്രങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തത്താണെന്നുള്ളതിനു സംശയമില്ല. ഇവിടെ ഖരപ്രകാശമഹർ‌ഷിയാൽ പ്രതി‌ഷ്ഠിക്കപ്പെട്ട അഘോര (അത്യുഗ്ര) മൂർത്തിയായ ശിവന്റെ സാന്നിധ്യം ആദ്യകാലം മുതൽക്കുതന്നെ ഉണ്ടായിരുന്നു എന്നും, പിന്നീടു തപസ്വിയായ ഒരു ബ്രാഹ്മണന്റെ ശാപം നിമിത്തം ഈ സ്ഥലം ആയിരം സംവൽസരക്കാലം വലിയ വനമായി കിടന്നുപോയി എന്നും തദനന്തരം പ്രസിദ്ധനായ വില്വമംഗലത്തു സ്വാമിയാരാണ് ഈ സ്ഥലം കണ്ടുപിടിക്കുകയും മുപ്പത്താറു നാഴിക ചുറ്റളവുള്ള സ്ഥലം മുഴുവനും ദേവന്റെ സങ്കേതമാക്കിത്തീർക്കുകയും ഈ സ്ഥലത്തുനിന്നുള്ള ആദായം കൊണ്ടും അയൽദേശവാസികളായും മറ്റുമുള്ള മഹാജനങ്ങളുടെ സഹായത്തോടുകൂടിയും ഇവിടെ ക്ഷേത്രം പണി കഴിപ്പിക്കുകയും പ്രസിദ്ധ തന്ത്രിയായ താഴമൺ പോറ്റിയെക്കൊണ്ട് ദേവനു നവീകരണത്തോടുകൂടി കലശം മുതലായ ക്രിയകൾ നടത്തിക്കുകയും പടിത്തരം നിശ്ചയിക്കുകയും മറ്റും ചെയ്തതെന്നുമാണ് ഐതിഹ്യം. അതൊക്കെയെങ്ങനെയായാലും ഇവിടെ അസാമാന്യമായി ദേവസാന്നിധ്യമുണ്ടെന്നും ഇവിടത്തെ ദേവന്റെ മാഹാത്മ്യം അദ്ഭുതകരമാണെന്നുമുള്ളതിനു സംശയമില്ല. ഏറ്റുമാനൂർ ദേവന്റെ പ്രസിദ്ധി കേരളത്തിൽ മാത്രമല്ല, പരദേശങ്ങളിലും ധാരാളമായി വ്യാപിച്ചിട്ടുണ്ട്. ഈ ദേവസന്നിധിയിൽ ഭക്തിയോടുകൂടി ഭജനമിരുന്നാൽ ഒഴിയാത്ത ബാധയും ഭേദപ്പെടാത്ത രോഗവുമില്ലെന്നുള്ളതു ലോകപ്രസിദ്ധമാണ്. ആ ദേവ സന്നിധിയിൽ പ്രാർത്ഥിച്ചാൽ സാധിക്കാത്ത കാര്യവുമില്ല. അതിനാൽ പലവിധത്തിലുള്ള കാര്യസിദ്ധിയെ ഉദ്ദേശിച്ചു പല സ്ഥലങ്ങളിൽനിന്നും അനേകമാളുകൾ പ്രതിദിനമെന്നപോലെ ഇപ്പോഴും അവിടെ വരികയും ഭജിക്കുകയും ചെയ്യുന്നുണ്ട്. രക്ഷസ്സ്, അപസ്മാരം എന്നീ ബാധകളെ ഒഴിക്കുന്ന വി‌ഷയത്തിലാണ് ഏറ്റുമാനൂർ മഹാദേവന്റെ ശക്തി സവിശേ‌ഷം പ്രത്യക്ഷപ്പെട്ടു കാണുന്നത്. ഇവ ഇതരദേവസന്നിധിയിൽപ്പോയാൽ എളുപ്പത്തിൽ ഒഴിയുകയില്ലല്ലോ. അതിനാൽ ഇവിടെ ഭജനത്തിനായും മറ്റും വരുന്നവരിൽ അധികം പേരും രക്ഷസ്സോ, അപസ്മാരമോ ബാധിച്ചവരായിരിക്കും. വേറെ കാര്യങ്ങളെ ഉദ്ദേശിച്ചും ഇവിടെ പലരും വരുന്നുണ്ട്. വിശ്വാസവും ഭക്തിയുമുള്ളവരിലാരും ഈ ദേവസന്നിധിയിൽ വന്നിട്ടു കാര്യം സാധിക്കാതെ മടങ്ങിപ്പോയിട്ടില്ല.
പണ്ടൊരിക്കൽ ഒരു ചെമ്പകശ്ശേരി (അമ്പലപ്പുഴ) രാജാവിനു സഹിക്കവഹിയാതെയുള്ള ഒരു വറ്റിൽവേദനയുണ്ടായി. അനേകം വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പിക്കുകയും പല ക്ഷേത്രങ്ങളിൽ ഭജനമിരിക്കുകയും ചെയ്തിട്ടും വയറ്റിൽവേദനയ്ക്കു യാതൊരു കുറവുമുണ്ടായില്ല. പിന്നെ ഏറ്റുമാനൂർ ദേവസന്നിധിയിൽച്ചെന്നു ഭജിച്ചാൽ ഈ ഉദരവ്യാധി ശമിക്കുമെന്നു കാണുകയാൽ രാജാവ് അവിടെച്ചെന്ന് ഭജനം തുടങ്ങി. നാൽപത്തൊന്നു ദിവസത്തെ ഭജനം കഴിഞ്ഞപ്പോൾത്തന്നെ രാജാവിനു വേദന വളരെക്കുറയുകയും ഒരുവിധം സഹിക്കാമെന്നുള്ള സ്ഥിതിയാവുകയും ചെയ്തു. പിന്നെയും അദ്ദേഹം ഭക്തിയോടും വിശ്വാസത്തോടും നി‌ഷ്ഠയോടുംകൂടി ഒരു സംവൽസരം ഭജിച്ചു. വയറ്റിൽവേദന നിശ്ശേ‌ഷം മാറി രാജാവു പൂർണ്ണസുഖത്തെ പ്രാപിച്ചു. ഭജനം ഏതാണ്ടു പതിനൊന്നു മാസമായപ്പോൾത്തന്നെ രാജാവു ഭജനം കാലംകൂടുന്ന ദിവസം ക്ഷേത്രത്തിൽ ഒരു സദ്യയും വിളക്കും കഴിക്കണമെന്നു നിശ്ചയിച്ചു. അതു നിശ്ചയിച്ച ദിവസം രാത്രിയിൽ കിടന്നുറങ്ങിയ സമയം രാജാവിന് ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ അടുക്കൽ ഒരാൾ ചെന്ന്, 'എനിക്ക് സദ്യയും വിളക്കുമൊന്നും ആവശ്യമില്ല; വിചാരിച്ചിട്ടുള്ള സംഖ്യ പണമായിട്ടോ പണ്ടമായിട്ടോ തന്നാൽ മതി' എന്നു പറഞ്ഞതായിട്ടാണ് സ്വപ്നം കണ്ടത്. ഇത് ഏറ്റുമാനൂർ മഹാദേവൻ തന്നെ അരുളിച്ചെയ്തതാണെന്ന് അദ്ദേഹത്തിനു തോന്നി. പിറ്റേദിവസം പ്രശ്നം വെയ്പിച്ചു നോക്കീട്ട് അങ്ങനെതന്നെ വിധിക്കുകയും ചെയ്തു. അതിനാൽ രാജാവു സദ്യയ്ക്കും വിളക്കിനുമായി നിശ്ചയിച്ചിരുന്ന സംഖ്യയിൽനിന്ന് ഏതാനും ചിലവുചെയ്ത് ഓടുകൊണ്ട് ഒരു വൃ‌ഷഭവിഗ്രഹം വാർപ്പിച്ച് ഭജനം കാലംകൂടിയ ദിവസം നടയ്ക്കു വയ്ക്കുകയും ശേ‌ഷം പണം ഭണ്ഡാരത്തിലിടുകയും ചെയ്തു. ആ വൃ‌ഷഭവിഗ്രഹത്തിന്റെ അകം പൊള്ളയാണ്. അതിന്റെ ഒരു വശത്ത് ഒരു ദ്വാരവും ആ ദ്വാരത്തിനു ശംഖു പിരിയായിട്ട് ഒരടപ്പുമുണ്ട്. ആ വിഗ്രഹത്തിനകത്തു നിറച്ച് ചെന്നെല്ലു വിത്താക്കി അടച്ചാണ് അതു നടയ്ക്കുവെച്ചത്. അതു നടയ്ക്കുവെച്ച രാത്രിയിൽ രാജാവിനു വീണ്ടും ഒരു ദർശനമുണ്ടായി. അദ്ദേഹം കിടന്നുറങ്ങിയ സമയം, മുൻപു സ്വപ്നത്തിൽക്കണ്ട ആൾ തന്നെ അദ്ദേഹത്തിന്റെ അടുത്തുചെന്ന്, 'ഞാൻവളരെ സന്തോ‌ഷിച്ചിരിക്കുന്നു. ഇനി അങ്ങേയ്ക്കു വയറ്റിൽവേദന ഒരിക്കലുമുണ്ടാവില്ല. നാളെത്തന്നെ സ്വദേശത്തേയ്ക്കു പൊയ്ക്കൊള്ളൂ. അങ്ങു നടയ്ക്കുവെച്ചിരിക്കുന്ന വൃ‌ഷഭവിഗ്രഹത്തിന്റെ അടപ്പുതുറന്ന് ഒരു നെല്ലെടുത്തു ഭക്ഷിച്ചാൽ ആർക്കും ഏതു വിധത്തിലുള്ള ഉദരവ്യാധിയും ശമിക്കും' എന്നു പറഞ്ഞതായിട്ട് അദ്ദേഹത്തിനു തോന്നി. രാജാവ് ആ വിവരം ദേവസ്വക്കാരെ അറിയിച്ചിട്ടു പിറ്റേ ദിവസം തന്നെ സ്വദേശത്തേയ്ക്കു പോയി. ആ വൃ‌ഷഭവിഗ്രഹം ഇപ്പോഴും ഏറ്റുമാനൂർ ക്ഷേത്രത്തിൽ മണ്ഡപത്തിലിരിക്കുന്നുണ്ട്. അതിൽ നിന്നു നെല്ലെടുത്തു തിന്നിട്ടു പലർക്കും ഉദരവ്യാധി ഭേദമാകുന്നുമുണ്ട്. ഭക്തിയും വിശ്വാസവുമില്ലാത്തവർക്കു യാതൊരു ഫലവും കാണുകയില്ലെന്നു മാത്രമേയുള്ളു.
പണ്ടൊരു കാലത്ത് ഒരു പൂഞ്ഞാറ്റിൽത്തമ്പുരാൻ ആളറിയാതെ ഒരു പരദേശബ്രാഹ്മണനെ വെട്ടിക്കൊന്നു. ആ ബ്രഹ്മരക്ഷസ്സ് തമ്പുരാനെ ബാധിക്കുകയും തന്നിമിത്തം തമ്പുരാൻ വലിയ കഷ്ടസ്ഥിതിയിലായിത്തീരുകയും ചെയ്തു. ആ രക്ഷസ്സിനെ ഒഴിക്കാനായിട്ടു തമ്പുരാൻ പലരെക്കൊണ്ടും മന്ത്രവാദങ്ങൾ ചെയ്യിക്കുകയും അനേകം ദേവാലയങ്ങളിൽ ഭജനമാരംഭിക്കുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം അദ്ദേഹം ഏറ്റുമാനൂർ ദേവസന്നിധിയിലെത്തി, ഏറ്റവും നി‌ഷ്ഠയോടുകൂടി ഭജനം തുടങ്ങി. നാൽപത്തൊന്നാം ദിവസം രക്ഷസ്സു തുള്ളി സത്യം ചെയ്ത് ഒഴിഞ്ഞുപോയി. അനന്തരം തമ്പുരാൻ പ്രതിദിനം മുപ്പത്താറു ബ്രാഹ്മണർക്കുവീതം ക്ഷേത്രത്തിൽ നമസ്കാരം (ഭക്ഷണം) കൊടുക്കുന്നതിനു വേണ്ടുന്ന വസ്തുവകകൾ ദേവസ്വത്തിലേക്കു വെച്ചൊഴിഞ്ഞു കൊടുത്തു. ആ മുപ്പത്താറു നമസ്കാരം ഇപ്പോഴും അവിടെ മുടക്കം കൂടാതെ നടന്നു വരുന്നുണ്ട്.
ഒരിക്കൽ സാമൂതിരിപ്പാടു തമ്പുരന്റെ ഭാഗിനേയിയും 'മാധവി' എന്നു പേരുമായ ഒരു തമ്പുരാട്ടിയുടെ തലയിൽ ഒരു വലിയ വ്രണമുണ്ടായി. അനേകം ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുക്കം വ്രണം വളരെ വർദ്ധിക്കുകയും പുഴുക്കുകയും ചെയ്തു. അപ്പോൾ തമ്പുരാട്ടിക്കു വേദനയും മനസ്താപവും സഹിക്കാൻ വയ്യാതെയായി ത്തീർന്നു. ഒരു ദിവസം രാത്രിയിൽ തമ്പുരാട്ടി വേദന കൊണ്ട് ഉറക്കം വരാതെ വ്യസനിച്ചുകൊണ്ട് കിടന്നപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യങ്ങൾ പലരും പറഞ്ഞു കേട്ടിട്ടുള്ളതിനെക്കുറിച്ച് ഓർമ്മ വരികയാൽ 'എന്റെ ഏറ്റുമാനൂർ മഹാദേവാ, എന്റെ ഈ വ്യാധി മാറ്റി ഒരു ദിവസമെങ്കിലും സുഖമായി ജീവിച്ചിരിക്കാൻ എനിക്കു സംഗതിയാക്കിത്തന്നാൽ അവിടെ എന്റെ പേർക്ക് എന്നും ഒരു പൂജ നടത്തിച്ചേക്കാം. അനേകം പേരുടെ രോഗങ്ങളും ബാധകളും മാറ്റി അവിടുന്നു രക്ഷിക്കുന്നുണ്ടല്ലോ. എന്നെക്കുറിച്ചുകൂടി അവിടേയ്ക്കു സ്വൽപം കൃപയുണ്ടാകേണമേ' എന്നു പ്രാർത്ഥിച്ചു. സ്വൽപസമയം കഴിഞ്ഞപ്പോൾ വേദന കുറയുകയും തമ്പുരാട്ടി ഉറങ്ങിത്തുടങ്ങുകയും ചെയ്തു. ആ സമയം വലത്തുകൈയിൽ ഒരു വാളും ഇടത്തു കൈയിൽ ഒരു ഭസ്മസഞ്ചിയും അരയിൽ ഒരു പട്ടും ധരിച്ച്, ഒരാൾ തന്റെ അടുക്കൽ വരികയും വാൾകൊണ്ടു തലയിലെ പുഴുക്കളെയെല്ലാം വടിച്ചു കളഞ്ഞു ഭസ്മം തേച്ചിട്ട് 'നീ ഒട്ടും വ്യസനിക്കേണ്ട, നിന്റെ സുഖക്കേടു നിശ്ശേ‌ഷം ഭേദമായിരിക്കുന്നു' എന്നു പറയുകയും ചെയ്തു എന്നു തമ്പുരാട്ടി സ്വപ്നം കണ്ടു. നേരം വെളുത്തു തമ്പുരാട്ടി ഉണർന്നു തലയിൽ തപ്പി നോക്കിയപ്പോൾ വ്രണം നിശേ‌ഷം ഉണങ്ങിയിരിക്കുന്നതായി അറിഞ്ഞു. ലേശം പോലും വേദന ഉണ്ടായിരുന്നുമില്ല. ഉടനെ തമ്പുരാട്ടി ഈ വിവരമെല്ലാം സാമൂതിരിപ്പാടു തമ്പുരാന്റെ അടുക്കൽ അറിയിക്കുകയും തമ്പുരാൻ അത്യധികം സന്തോ‌ഷിക്കുകയും വിസ്മയിക്കുകയും അടുത്ത ദിവസം തന്നെ മാധവിത്തമ്പുരാട്ടിയെയും കൊണ്ടു പരിവാരസമേതം പുറപ്പെട്ട് ഏറ്റുമാനൂരെത്തുകയും ചെയ്തു. തമ്പുരാൻ അവിടെ ഏതാനും ദിവസം താമസിച്ചു 336 പറ നിലവും ഏഴര മുറി പുരയിടവും വാങ്ങി. അതിന്റെ ആധാരവും അസംഖ്യം പണവും പട്ടും രത്നങ്ങളും മാധവി ത്തമ്പുരാട്ടിയെക്കൊണ്ടു നടയ്ക്കുവെയ്പിച്ചു വന്ദിപ്പിക്കുകയും ആ വസ്തുക്കളുടെ ആദായമെടുത്ത് പതിവായി ദേവന് അഭി‌ഷേകം കഴിഞ്ഞാലുടനെ ഒരു പൂജ നടത്തുന്നതിന് ഏർപ്പാടു ചെയുകയും ചെയ്തു. ഈ പൂജ പതിവായി നിർവ്വിഘ്നം നടത്തിക്കുന്നതിനായി അദ്ദേഹം തന്റെ ശമ്പളക്കാരിൽ ചിലരെ അവിടെ താമസിപ്പിച്ചു. അവർക്കു താമസിക്കു ന്നതിന് ഒരു മഠം പണിയിച്ചുകൊടുക്കുകയും ചെയ്തു. ഇത്രയുമൊക്കെ ക്കഴിച്ചിട്ടാണ് തമ്പുരാൻ മടങ്ങിപ്പോയത്. അത്രയും കാലം ഏറ്റുമാനൂർ മഹാദേവനെ ഭജിച്ചുകൊണ്ട് മാധവിത്തമ്പുരാട്ടിയും അവിടെത്താമസി ച്ചിരുന്നു. തമ്പുരാട്ടിയുടെ വകയായി ഏർപ്പെടുത്തിയ പൂജ ഇപ്പോഴും അവിടെ പതിവായി നിർവ്വിഘ്നം നടന്നുവരുന്നുണ്ട്. ആ പൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നാണ് പേരു പറഞ്ഞുവരുന്നത്. പൂജ വകയ്ക്കായി ദേവസ്വത്തിലേക്ക് ഏൽപ്പിച്ചുകൊടുത്ത നിലത്തിന് 'മാധവിപ്പള്ളിനില' മെന്നും പുരയിടങ്ങൾക്ക് 'മാധവിപ്പള്ളിപ്പുരയിട'മെന്നും ഇപ്പോഴും പേരു പറഞ്ഞുവരുന്നു. ഈ പുജയ്ക്കു നീലക്കരിമ്പിന്റെ ആറുപലം ശർക്കരയും ആറു നാളികേരവും രണ്ടു തുടം നെയ്യും ഇരുനാഴി അരിയുമായിട്ട് ഒരു ഇടിച്ചു പിഴിഞ്ഞ പായസവും ഒരു പറ അരി വെള്ള നിവേദ്യവും വിളക്കു വകയ്ക്ക് നാഴി എണ്ണയുമാണ് പതിവ്.
കൊല്ലം 929-ആമാണ്ട് വടക്കുംകൂർ രാജ്യം പിടിച്ചടക്കുന്നതിനായി തിരുവതാംകൂർ മഹാരാജാവിന്റെ സൈന്യങ്ങൾ അവിടെ പ്രവേശിച്ചപ്പോൾ മാധവിപ്പിള്ളനിലത്തിലെ വിളവും മാധവിപ്പിള്ളപ്പുരയിടങ്ങളിലെ ഫലപുഷ്ടിയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളി മഠവും നശിപ്പിച്ചുകളയുകയും തന്നിമിത്തം മഹാരാജവിന് ഏറ്റുമാനൂർ മഹാദേവന്റെ അനിഷ്ടവും പല വിധത്തിലുള്ള അനർത്ഥങ്ങളും സംഭവിക്കുകയാൽ തദ്ദോ‌ഷപരിഹാരാർത്ഥം മഹാരാജാവു പ്രായശ്ചിത്തമായി എട്ടുമാറ്റിൽ ഏഴായിരത്തി ഒരുന്നൂറ്റി നാൽപത്തിമൂന്നേ അരയ്ക്കാൽ കഴഞ്ചു സ്വർണ്ണം കൊണ്ട് ഏഴര ആനകളെയും ഏഴു കഴഞ്ചു സ്വർണ്ണം കൊണ്ട് തോട്ടിയും വളറും തൊണ്ണൂറ്റാറര കഴഞ്ചു സ്വർണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കു വെയ്ക്കുകയും മാണിക്കം ദേശത്തുൾപ്പെട്ട 168 പറ നിലവും ഇരുപത്തി മൂന്നര മുറി പുരയിടവും ഒരു മഠവും ഏറ്റുമാനൂർ മഹാദേവനായി ദേവസ്വത്തിലേയ്ക്കു വെച്ചൊഴിഞ്ഞു കൊടുക്കുകയും ചെയ്തതായി ഒരു പ്രായശ്ചിത്തച്ചാർത്ത് കൊല്ലം 964-ആമാണ്ട് ഇടവമാസം പന്ത്രണ്ടാം തിയതി എഴുതിവെച്ചതായി ദേവസ്വത്തിൽ ഇപ്പോഴും കാണുന്നുണ്ട്. ഈ ഏഴര പൊന്നാനകളെ 973- ആമാണ്ട് നാടു നീങ്ങിയ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവുണ്ടാക്കിച്ചു വൈക്കത്തപ്പനു വഴിപാടായി കൊടുത്തയച്ചതാണെന്നും ആനകളെ കൊണ്ടുപോയവർ ഏറ്റുമാനൂരെത്തി യപ്പോൾ ഏറ്റുമാനൂർ മഹാദേവന്റെ വിരോധം കൊണ്ട് ആനകളെ അവിടെനിന്നു കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ വരികയാൽ അവ ഏറ്റുമാനൂർ ദേവന്റെ വകയായിത്തീർന്നതാണെന്നും മറ്റും ഒരൈതിഹ്യ മുണ്ട്. മേൽപറഞ്ഞ പ്രായശ്ചിത്തച്ചാർത്തുകൊണ്ട് ആദ്യം പറഞ്ഞതുതന്നെ വാസ്തവമാണെന്നു വിചാരിക്കാം. ഏതുവിധമായാലും ഈ പൊന്നാനകൾ ഇപ്പോഴും ഏറ്റുമാനൂരുണ്ടെന്നുള്ളതിൽ പക്ഷാന്തരത്തിനവകാശമില്ല. മരംകൊണ്ടുണ്ടാക്കി സ്വർണ്ണത്തകിടുകൊണ്ടു പൊതിഞ്ഞ ഏഴര (ഏഴു വലിയതും ഒന്നു ചെറിയതുമായ) പ്പൊന്നാനകളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആണ്ടുതോറും ഉത്സവകാലത്ത് ഭണ്ഡാരത്തിൽ നിന്നെടുത്ത് വിളക്കിനും മറ്റുമുള്ള എഴുന്നള്ളത്തുസമയത്ത് അകമ്പടിയായി കൊണ്ടു നടക്കുന്നത് പതിവായിക്കാണുന്നുണ്ടല്ലോ. ഈ പൊന്നാനകളും പഴുക്കാ ക്കുലയും കൂടാതെ ഓരോ കാലത്ത് ഓരോ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും നടയ്ക്കു വച്ചിട്ടുള്ളതായ വലംപിരിശംഖ്, നെല്ലുമാണിക്യം മുതലായ അനേകം ദിവ്യവസ്തുക്കളും പൊന്നുപണവും പണ്ടങ്ങളുമായി അസംഖ്യം മുതലും ഏറ്റുമാനൂർ മഹാദേവന്റെ ഭണ്ഡാരത്തിലിരിക്കുന്നുണ്ട്. 'ചൊൽക്കൊള്ളുന്നേറ്റുമാനൂരധിപതി ഭഗവാൻ വിത്തമാർജിച്ചനേകം വെയ്ക്കുന്നു' എന്നുള്ളതു പ്രസിദ്ധമാണല്ലോ. തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യം പിടിച്ചടക്കാനായി സൈന്യസമേതം ആക്രമിച്ച സമയം അവിടെ തേവാരക്കാരനായിരുന്ന കാക്കൂർ ചെമ്മന്തട്ടമഠത്തിൽ നമ്പൂരി തേവാരവിഗ്രഹങ്ങളും സാളഗ്രാമ ങ്ങൾ മുതലായവയുമെടുത്തുകൊണ്ട് ഗൂഢമായി പെട്ടെന്ന് വള്ളം കേറിപ്പോയി. ഈ വർത്തമാനം ചാരമുഖേന ഗ്രഹിച്ച മഹാരാജാവും ഒരു ഓടിവള്ളത്തിൽ കയറി പിന്നാലെ ചെന്നു. മധ്യേമാർഗം നമ്പൂരിയെ വെട്ടിക്കൊന്ന് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങളെ ടുത്തുംകൊണ്ട് മടങ്ങിപ്പോന്നു. ആ ബ്രഹ്മഹത്യാദോ‌ഷം തീരുന്നതിനായി മഹാരാജാവു കഠിനനി‌ഷ്ഠയോടുകൂടി ഏറ്റുമാനൂർ ദേവനെ നാൽപ ത്തൊന്നു ദിവസം ഭജിക്കുകയും മഹാദേവപ്രസാദത്താൽ ആ ദോ‌ഷം തീരുകയും ചെയ്തു. മഹാരാജാവു ഭജനം കാലം കൂടിയത് ഒരു തുലാമാസത്തിൽ തിരുവോണദിവസമായിരുന്നു. അതിനാൽ മഹാരാജാവു താൻ വെട്ടിക്കൊന്ന നമ്പൂരിയുടെ ഇല്ലക്കാരുൾപ്പടെ വേങ്ങാട്ടുഗ്രാമത്തി ലുള്ള 141 ഇല്ലക്കാരെയും തലേദിവസം വൈകുന്നേരം തന്നെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ വരുത്തി, അന്നും പിറ്റേദിവസവുമായി മൂന്നുനേരം ചതുർവ്വിധ വിഭവങ്ങളോടുകൂടി ഭക്ഷണവും തിരുവോണദിവസം 101 പണവും 12 വസ്ത്രവും വീതം ദക്ഷിണയും (ദാനവും) അവർക്കെല്ലാവ ർക്കും കൊടുത്ത് സന്തോ‌ഷിപ്പിച്ച് അനുഗ്രഹം വാങ്ങുകയും ഇപ്രകാരം ആണ്ടുതോറും ആ മഹാദേവസന്നിധിയിൽ വച്ചു നടത്തുന്നതിനു നിശ്ചയിക്കുകയും ചെയ്തു. ആണ്ടുതോറും തുലാമാസത്തിൽ തിരുവോണ ദിവസവും തലേദിവസം വൈകുന്നേരവുമായി വേങ്ങാട്ടുഗ്രാമക്കാരായ 141 നമ്പൂരിമാർക്കു മൂന്നു നേരത്തെ സദ്യയും 101 പണവും 12 വസ്ത്രവും വീതം തിരുവോണദിവസം ദാനവും ഏറ്റുമാനൂർ മഹാദേവസന്നിധിയിൽ വെച്ചു മഹാരാജാവു തിരുമനസ്സിലെ വകയായി ഇപ്പോഴും നടത്തി വരുന്നുണ്ട്. ഈ അടിയന്തിരത്തിനു 'പട്ടത്താനം' എന്നാണ് പേരു പറഞ്ഞുവരുന്നത്. ഇപ്പോൾ ഈ ദാനം മഹാരാജാവു തിരുമനസ്സിലെ പ്രതിനിധിയായി ഏറ്റുമാനൂരെത്തി നടത്തിവരുന്നത് വഞ്ഞിപ്പുഴത്തമ്പുരാ നാണ്. ഇതിലേയ്ക്കു തമ്പുരാനു ചില അനുഭവങ്ങൾ കൽപിച്ചുവച്ചിട്ടുമുണ്ട്.
ഏറ്റുമാനൂർ ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ വലിയ ബലിക്കല്ലിന്റെ പടിഞ്ഞാറുവശത്തായി ഒരു വലിയ തൂക്കുവിളക്കുണ്ട്. അതു മേൽത്തട്ടിന്മേൽ ഒരു കുറ്റിയും വളയും തറച്ച് അതിന്മേലാണു തൂക്കിയി രിക്കുന്നത്. ആ വിളക്കിനു സാധാരണയായി പറഞ്ഞു വരുന്ന പേര് 'വലിയ വിളക്ക്' എന്നാണ്. അതു വാടാവിളക്കായി എന്നും അഹോരാത്രം കത്തിക്കൊണ്ടുതന്നെ നിൽക്കുന്നു. ആ വിളക്കു വകയ്ക്കു ദേവസ്വത്തിൽ നിന്നും യാതൊരു ചെലവും പതിവില്ല. ആ വിളക്കു വകയ്ക്കായി വഴിപാടായിട്ടു വരുന്ന എണ്ണകൊണ്ട് ആ ചെലവു നടക്കുന്നുണ്ടെന്നു മാത്രമല്ല, ആണ്ടുതോറും 100-150 ചോതന എണ്ണവീതം മിച്ചം വരുന്നുണ്ട്. ഏറ്റുമാനൂർ വലിയ വിളക്കു കൊളുത്തിക്കുക പ്രാധാനമായിട്ടുള്ള ഒരു വഴിപാടാണ്. ബാധോപദ്രവമുള്ളവർ അവിടെ ഭജനമിരിക്കുകയോ ദർശനത്തിനായി നടയിൽ ചെല്ലുകയോ ചെയ്താൽ തുള്ളി സത്യംചെയ്ത് ഒഴിഞ്ഞു പോകുക സാധാരണമാണ്. അങ്ങനെ സത്യം ചെയ്യുന്നതെല്ലാം ഈ വലിയ വിളക്കു പിടിച്ചാണ്. ഈ വിളക്കിന്റെ അടിത്തട്ടിനു മുകളിലായി ഒരു മൂടിയുണ്ട്. അതിന്മേൽ ദീപജ്വാല തട്ടി എല്ലായ്പോഴും മ‌ഷി പിടിച്ചിരിക്കും. ആ മ‌ഷിയെടുത്തു കണ്ണെഴുതിയാൽ സകലവിധ നേത്രരോഗങ്ങളും മറ്റുള്ള വ്യാധികളും ശമിക്കുമെന്നുള്ളതു പ്രസിദ്ധമാണ്. പലവിധത്തിലുള്ള ചികിത്സകൾ ചെയ്തിട്ടും ഭേദമാകാത്ത നേത്രരോഗങ്ങൾ ഈ മ‌ഷിയെടുത്ത് കണ്ണെഴുതിയിട്ട് പലർക്കും ഭേദമായിട്ടുണ്ട്. ഇപ്രകാര മെല്ലാം മാഹാത്മ്യമുള്ള ഈ വിളക്ക് ഇവിടെ വന്നുചേർന്നതെങ്ങനെയാണെന്നുകൂടി വായനക്കാർ അറിഞ്ഞിരിക്കേണ്ടതാകയാൽ അതു താഴെ പറഞ്ഞുകൊള്ളുന്നു.
ഏറ്റുമാനൂർ മഹാക്ഷേത്രം ജീർണ്ണോദ്ധാരണാർത്ഥം കൊല്ലം 717-ആമാണ്ട് അനുജ്ഞ വാങ്ങി പണി ആരംഭിക്കുകയും 721-ആമാണ്ട് പണി കഴിഞ്ഞു ദ്രവ്യകലശം മുതലായവ നടത്തുകയും ചെയ്തു. നാലാം കലശം കഴിഞ്ഞ ദിവസം ഊരാൺമക്കാരും സമുദായവും ക്ഷേത്രസംബന്ധികളും മറ്റും കൃതാർത്ഥതയോടും സന്തോ‌ഷത്തോടുംകൂടി പടിഞ്ഞാറേ ഗോപുരത്തിങ്കൽക്കൂടി അമ്പലം പണിയും കലശവും നിശ്ചിതകാലത്തു തന്നെ നി‌ഷ്പ്രയാസം കഴിഞ്ഞുകൂടിയതിനെക്കുറിച്ചും മഹാദേവന്റെ മാഹാത്മ്യത്തെപ്പറ്റിയും മറ്റും ഓരോന്നു പറഞ്ഞുകൊണ്ടു നിന്ന സമയം ദാരിദ്യ്രദേവതയുടെ മൂർത്തിയോ എന്നു തോന്നുമാറ് പ്രാകൃതവേ‌ഷനായ ഒരു മൂശാരി മേൽപറഞ്ഞ പ്രകാരം അടിത്തട്ടിനു മുകളിൽ ഒരു മൂടിയും തറച്ചുതൂക്കാനുള്ള കുറ്റി, വളയം, തുടൽ ഇവയുള്ളതുമായ ഒരു വലിയ തൂക്കുവിളക്ക് അവിടെ കൊണ്ടുവന്നു വച്ചിട്ട് "ഈ വിളക്ക് ഇവിടെ എടുത്തുകൊണ്ട് എനിക്കു വല്ലതും തരണം. ഇന്നതു കിട്ടണമെന്നില്ല; ഇന്നത്തെ ചെലവിനുള്ള വക കിട്ടിയാലും മതി. ഈ വിളക്കു വളരെ മാഹാത്മ്യമുള്ളതാണ്. ഇവിടെ എടുക്കാതെയിരിക്കരുത്" എന്നു പറഞ്ഞു. അപ്പോൾ അവിടെ കൂടിയിരുന്നവരിൽ ഒരാൾ, "ഈ വിളക്കിന്റെ മാഹാത്മ്യമെന്താണ്? ഇതിൽ എണ്ണ ഒഴിക്കാതെ കത്തുമോ?" എന്നു ചോദിച്ചു. അതിനുത്തരമായി മൂശാരി, "ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം കൊണ്ട് അങ്ങനെയും വന്നേക്കാം" എന്നു പറഞ്ഞു. അവിടെ കൂടിയിരുന്നവർ ഓരോരുത്തരും ആ വിളക്കെടുത്തു മാറ്റിവെയ്ക്കാൻ നോക്കീട്ടു സാധിച്ചില്ല. അപ്പോൾ ഒരാൾ, "രണ്ടുപേരെടുത്താൽ പൊങ്ങാത്ത ഈ വിളക്ക് ഇവിടെ എവിടെയാണ് തൂക്കുന്നത്? ഇതെടുത്തു തൂക്കുന്നതാരാണ്? ഇത് അസാദ്ധ്യമായ കാര്യമാണ്" എന്നു പറഞ്ഞു.
ഈ സമയം ഊരാൺമക്കാരായ നമ്പൂരിമാരിൽ ഒരാൾ ഉറക്കെ അട്ടഹസിച്ചുകൊണ്ടു തുള്ളിയുറഞ്ഞു ചെന്ന് ഇടതുകൈകൊണ്ട് ആ വിളക്കു നി‌ഷ്പ്രയാസം എടുത്തുകൊണ്ട് ബലിക്കൽപ്പുരയിലേക്ക് ഓടി പ്പോയി. പിന്നാലെ അവിടെ കൂടിയിരുന്ന ജനങ്ങളും ചെന്നു. അവർ അവിടെയെത്തിയപ്പോൾ വലിയ ബലിക്കല്ലിനോടടുത്ത് പടിഞ്ഞാറുഭാഗ ത്തായി മേൽത്തട്ടിന്മേൽ കുറ്റിയും വളയവും തറച്ചു വിളക്കു തൂക്കിയിരിക്കുന്നതായും തുള്ളിയ നമ്പൂരി സ്വബോധത്തോടു കൂടി സ്വസ്ഥനായി അവിടെ നിൽക്കുന്നതായും കണ്ടു. ഉടനെ ചിലർ, 'ഈ വിളക്ക് ഇപ്പോൾ തന്നെ കത്തിക്കണം' എന്നു പറഞ്ഞ് എണ്ണയും തിരിയും കൊണ്ടുവന്നു. തിരി വിളക്കിലിട്ട് എണ്ണയൊഴിക്കുന്നതിനു മുമ്പായി അതിഭയങ്കരമായ ഒരു ഇടിയും മിന്നലുമുണ്ടായി. അതോടുകൂടി അവിടെക്കൂടിയിരുന്നവർക്കെല്ലാം കുറച്ചു സമയത്തേക്കു കണ്ണു കാണാൻ വയ്യാതെയായിപ്പോയി. എല്ലാ വർക്കും കണ്ണു കാണാറയപ്പോൾ വിളക്കിൽ എണ്ണ നിറഞ്ഞിരിക്കുന്നതായും വിളക്കു കത്തുന്നതായും കണ്ടു. കൊണ്ടുചെന്നുവെച്ച എണ്ണ മുഴുവനും അവിടെത്തന്നെ ഇരിക്കുന്നുമുണ്ടായിരുന്നു. ഇപ്രകാരമാണ് ഈ വലിയ വിളക്കിന്റെ ആഗമം.
എല്ലാവരും വിസ്മയാകുലരായി കുറച്ചുനേരം നിന്നതിന്റെ ശേ‌ഷം അവർക്കു മൂശാരിയുടെ കാര്യം ഓർമവന്നു. 'അവനു വല്ലതും കൊടുത്തയയ്ക്കണം. അവനൊരു പാവമാണ്. നേരം വൈകിത്തുടങ്ങി. അവന് അത്താഴത്തിന് ഇവിടെനിന്നു വല്ലതും കിട്ടി കൊണ്ടുചെന്നിട്ടു വേണമായിരിക്കും' എന്നു പറഞ്ഞുകൊണ്ട് എല്ലാവരും വീണ്ടും ഗോപുരത്തിങ്കലെത്തി. മൂശാരിയെ അവിടെക്കാണാഞ്ഞിട്ടു നാലു ദിക്കിലേക്കും ആളുകളെ അയച്ച് അന്വേ‌ഷിപ്പിച്ചു. അവിടെയെങ്ങും അവനെ കണ്ടില്ല. അവൻ ഏതു ദിക്കുകാരനെന്നോ എവിടെനിന്നു വന്നു എന്നോ എങ്ങോട്ടു പോയി എന്നോ അറിയാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് അവൻ കേവലം ഒരു മൂശാരി അല്ലായിരുന്നു എന്നും ഒരു ദിവ്യനായിരുന്നു എന്നും എല്ലാവരും തീർച്ചപ്പെടുത്തി. രണ്ടുപേർകൂടിപ്പിടിച്ചാൽ നീക്കിവെയ്ക്കാൻ കഴിയാത്തതായ ആ വിളക്ക് അവൻ തനിച്ച് എടുത്തുകൊണ്ടുവന്നപ്പോൾത്തന്നെ അവൻ കേവലമൊരു മനു‌ഷ്യനല്ലെന്ന് അറിയേണ്ടതായിരുന്നു. അപ്പോൾ അതിനെക്കുറിച്ച് ആരും ഓർത്തില്ല എന്നേയുള്ളു.
ഇങ്ങനെ ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യത്താൽ അവിടെയുണ്ടായിട്ടുള്ള അത്ഭുതങ്ങൾ പറഞ്ഞാൽ ഒരിക്കലും അവസാനിക്കുകയില്ല. അതിനാൽ ഈ അടുത്ത കാലത്തുണ്ടായ ഒരത്ഭുതസംഗതികൂടി പറഞ്ഞിട്ട് ഈ ഉപന്യാസത്തെ സമാപിപ്പിക്കാമെന്നു വിചാരിക്കുന്നു.
വയോവൃദ്ധനായ ഒരു പരദേശബ്രാഹ്മണൻ ചേർത്തലെയുള്ള ധനവാനായ ഒരു തിരുമുൽപാടിന്റെ അടുക്കൽചെന്ന്, "എന്റെ കൈവശം ആയിരം രൂപയുണ്ട്. ഇത് എന്റെ ചെറുപ്പം മുതൽ ഓരോ സ്ഥലങ്ങളിൽ സദ്യയ്ക്കു ദേഹണ്ഡം (പാചകവൃത്തി) കഴിച്ചും പ്രതിഗ്രഹം വാങ്ങിയും മറ്റും വളരെ കഷ്ടപ്പെട്ടു സമ്പാദിച്ചതാണ്. ഇതല്ലാതെ എനിക്കു വേറെയാതൊരു സമ്പാദ്യവുമില്ല. ഇപ്പോൾ എനിക്ക് അധ്വാനിക്കാൻ ശേ‌ഷിയില്ലാതെയായിരിക്കുന്നു. രണ്ടുമൂന്നു കുട്ടികളുള്ളവർക്ക് ഒന്നും ചെയ്‌വാൻ പ്രായമായിട്ടില്ല. ഭാര്യയ്ക്ക് ദേഹത്തിനു നല്ല സുഖമില്ല. ഈ പണത്തിന്റെ പലിശകൊണ്ടുവേണം നിത്യവൃത്തി കഴിഞ്ഞുകൂടാൻ. അതിനാൽ ഈ രൂപ ഇവിടുന്ന് ആർക്കെങ്കിലും കൊടുത്തു പലിശ ഈടാക്കിത്തന്ന് ഈ പാവപ്പെട്ട ബ്രാഹ്മണകുടുംബത്തെ ഇവിടുന്നു രക്ഷിക്കണം. മറ്റാരുടെ കൈവശവും കൊടുക്കാൻ എനിക്കു വിശ്വാസമില്ല. ഇവിടെ ഏർപ്പാടുള്ളവർ ധാരാളമുള്ളതുകൊണ്ട് ഇവിടെയ്ക്ക് ഇതൊരു ബുദ്ധിമുട്ടായി വരികയുമില്ലല്ലോ" എന്നു പറഞ്ഞു. അതുകേട്ടു തിരുമുൽപാട്, "ഇതു വാങ്ങി ആർക്കെങ്കിലും കൊടുത്തു ശരിയായ പ്രമാണം വാങ്ങുകയും ആണ്ടുതോറും മുറയ്ക്കു പലിശ വാങ്ങി അങ്ങേക്കു തരികയും അതിനൊക്കെ കണക്കെഴുതുകയും മറ്റും പ്രയാസമുള്ള കാര്യമാണ്. ചിലർക്കു കൊടുത്തിട്ടു കിട്ടാതെ വന്നാൽ അന്യായം കൊടുത്ത് ഈടാക്കേണ്ടാതായും വരും. അപ്പോൾ കുറേശ്ശെ പാഴ്ചെലവും ബുദ്ധിമുട്ടും വേണ്ടിവന്നേക്കും. ചിലപ്പോൾ പണം പലിശയ്ക്കു പോകാതെ ഇരിപ്പായിപ്പോയാലും ഞാൻ അങ്ങേയ്ക്കു പലിശ തരണമല്ലോ. അതെനിക്കു നഷ്ടകാരണമായിത്തീരുമല്ലോ. ഇങ്ങനെയൊക്കെയാണ് പരമാർത്ഥസ്ഥിതി എങ്കിലും അങ്ങ് എന്റെ അടുക്കൽ വന്ന് അപേക്ഷിച്ചിട്ടു ഞാൻ തീരെ ഉപേക്ഷിക്കുന്നതു കഷ്ടമാണല്ലോ. അതിനാൽ ആയിരം രൂപയ്ക്ക് ആണ്ടിൽ അറുപതു രൂപ പലിശയായിട്ടു സമ്മതമുണ്ടെങ്കിൽ രൂപ തന്നേക്കൂ; ഞാൻ എടുത്തുകൊള്ളാം. പണം പലിശയ്ക്കു പോകാതെ ഇവിടെ ഇരുന്നു പോയാലും ഈ പലിശ ഞാൻ തന്നേക്കാം. ഒരു ബ്രാഹ്മണകുടുംബം രക്ഷിക്കാനായിട്ടു സ്വൽപം നഷ്ടവും ബുദ്ധിമുട്ടും വന്നാലും അതൊന്നും ഒരു വലിയ കാര്യമായി ഞാൻ വിചാരിക്കുന്നില്ല. പലിശ ഞാൻ പറഞ്ഞതിൽ കൂടുതൽ വേണമെന്നുണ്ടെങ്കിൽ പണം ഇവിടെ വേണ്ടാ. വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളൂ" എന്നു പറഞ്ഞു. പലിശ സ്വൽപം കുറഞ്ഞാലും മുതലിനു ദോ‌ഷം വരികയില്ലല്ലോ എന്നു വിചാരിച്ചു ബ്രാഹ്മണൻ തിരുമുൽപാടു പറഞ്ഞതുപോലെ തന്നെ പലിശ സമ്മതിച്ചു രൂപ കൊടുത്തു. തിരുമുൽപാട് രൂപ ആയിരവും എണ്ണിയെടുത്തുകൊണ്ട് അതിന് ബ്രാഹ്മണന് ഒരു പ്രമാണവും എഴുതിക്കൊടുത്തു. പ്രമാണം വാങ്ങിക്കൊണ്ടു ബ്രാഹ്മണൻ അപ്പോൾതന്നെ പോവുകയും ചെയ്തു. പിന്നെ ആണ്ടു തികഞ്ഞപ്പോൾ ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കലെത്തി. ഉടനെ തിരുമുൽപാടു പലിശവക ഉറുപ്പിക അറുപതും എണ്ണിക്കൊടുക്കുകയും ബ്രാഹ്മണൻ അതു വാങ്ങിക്കൊണ്ടു രശീതു കൊടുക്കുകയും ചെയ്തു.
അങ്ങനെ അഞ്ചാറു കൊല്ലം കഴിഞ്ഞപ്പോൾ പ്രമാണത്തിനു കാലഹരണം സംഭവിക്കാറായതിനാൽ കാലഹരണം വരുന്നതിന്റെ തലേദിവസം ബ്രാഹ്മണൻ തിരുമുൽപാടിന്റെ അടുക്കൽ ചെന്ന്, "നമ്മുടെ പ്രമാണത്തിന് കാലഹരണദോ‌ഷം സംഭവിക്കാറായിരിക്കുന്നു. അതിനാൽ അതൊന്നു മാറിയെഴുതിത്തന്നാൽ കൊള്ളാം. എനിക്ക് അവിടുത്തെപ്പേരിൽ അവിശ്വാസമുണ്ടായിട്ടു പറയുന്നതല്ല. പ്രമാണത്തിനു കാലഹരണം വന്നാലും ഇവിടെ നേരുകേടു പറയുകയില്ലെന്ന് എനിക്കു നല്ല ധൈര്യമുണ്ട്. എങ്കിലും മനു‌ഷ്യാവസ്ഥയല്ലേ? പ്രമാണം ശരിയായിത്തന്നെ ഇരിക്കട്ടെ എന്നു വിചാരിച്ചു പറയുന്നതാണ്. ഞാൻ അഗതിയാണെന്നും എനിക്കു വേറെ സമ്പാദ്യമൊന്നും ഇല്ലെന്നും അറിയാമല്ലോ" എന്നു പറഞ്ഞു. അപ്പോൾ തിരുമുൽപാട്, "പ്രമാണത്തിനു നാളെ കാലഹരണ മാകും എന്നുള്ള കാര്യം ഞാൻ ഓർത്തുകൊണ്ടു തന്നെയാണിരിക്കുന്നത്. ഇനി പ്രമാണം മാറിയെഴുതാനും, അങ്ങേയ്ക്കു പലിശ തന്നു കൊണ്ടിരി ക്കാനും മറ്റും എന്നെക്കൊണ്ടു സാധിക്കയില്ല. ഇവിടെയുള്ള കൊടുക്ക വാങ്ങലുകളെല്ലാംതന്നെ ഇനി മതിയാക്കണമെന്നാണ് ഞാൻ വിചാരിക്കു ന്നത്. അങ്ങേയ്ക്കു തരുവാനുള്ള ഒരാണ്ടത്തെ പലിശയും മുതലും നാളെ രാവിലെ വന്നാൽ തന്നേക്കാം. പണം ഇവിടെ തയ്യാറുണ്ട്. ഒരു നൂറോ നൂറ്റമ്പതോ ഉറുപ്പിക മാത്രമേ പോരാതെയുള്ളു. അതു നാളെ രാവിലെ ഉണ്ടാവും. എനിക്ക് ഒരാൾ ഒരഞ്ഞൂറുറുപ്പിക പലിശ തരാനുണ്ട്. അതു നാളെ കാലത്ത് ഏഴുമണിക്കുമുമ്പ് ഇവിടെ കൊണ്ടുവരാമെന്നാണ് അയാൾ പറഞ്ഞിരിക്കുന്നത്. അയാളെ ഞാൻ ഇന്നലെ വൈകുന്നേരവും കണ്ടു പറഞ്ഞിട്ടുണ്ട്"എന്നു പറഞ്ഞു. അതു കേട്ടു ബ്രാഹ്മണൻ, "മുതൽ കുറച്ചുകാലം കൂടെ ഇവിടെത്തന്നെ നിറുത്തിയാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം" എന്നു പറഞ്ഞു. "ഇനി അതിനൊക്കെ പ്രയാസമാണ്. അങ്ങു പണം വേറെ ആർക്കെങ്കിലും കൊടുത്തുകൊള്ളണം. മുതലുള്ള ആളായിരിക്കുകയും വസ്തു ഈടു കാണിച്ച് പ്രമാണം തരികയും ചെയ്താൽ പിന്നെ പേടിക്കാനെന്താണുള്ളത്? പണം തന്നില്ലെങ്കിൽ നമുക്കീടാക്കാമല്ലോ?" എന്നു തിരുമുൽപാടു പറയുകയാൽ ബ്രാഹ്മണൻ ഒടുക്കം അങ്ങനെ സമ്മതിച്ച് അന്നവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തു മണി ഏകദേശം എട്ടായപ്പോൾ തിരുമുൽപ്പാട്, "അയാൾ വന്നില്ലല്ലോ, ഞാനൊന്നിറങ്ങി അയാളെ അന്വേ‌ഷിക്കട്ടെ. താമസിക്കയില്ല; ക്ഷണത്തിൽ വന്നേക്കാം. പണം അതു കിട്ടാനില്ലെങ്കിൽ വേറെ ഉണ്ടാകും. എങ്ങനെയായാലും കാര്യത്തിനു കുഴപ്പമില്ല. ഞാൻ മടങ്ങി വരുമ്പോഴേയ്ക്കും അങ്ങ് കുളിച്ച് ഊണുകഴിക്കണം. പണവും കൊണ്ടു പോകുമ്പോൾ കുളിക്കാനുമുണ്ണാനുമായി വഴിക്കു വല്ല സ്ഥലത്തും കയറു ന്നതു ശരിയല്ല; വല്ലതും അനർഥമുണ്ടായാൽ വി‌ഷമമാണ്. കാലം കലിയുഗമല്ലേ? ഇപ്പോൾ ആരെയും വിശ്വസിക്കാൻ പാടില്ല. പണം ആളെക്കൊല്ലിയാണ്; നല്ലപോലെ സൂക്ഷിക്കണം. 'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നുണ്ടല്ലോ" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഇറങ്ങിപ്പോയി. ബ്രാഹ്മണൻ കുളിയും ഊണും കഴിച്ചു തിരുമുൽപ്പാടിന്റെ വരവിനെത്തന്നെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. നേരം പത്തുമണിയായി. പന്ത്രണ്ടുമണിയായി, രണ്ടുമണിയായി. തിരുമുൽപ്പാടിനെക്കാണുന്നില്ല. അപ്പോൾ ബ്രാഹ്മണനു കുറേശ്ശെ ദുശ്ശങ്ക തുടങ്ങി. അന്നു പ്രമാണം മാറിയെഴുതുകയോ അന്യായം കോടതിയിൽ കൊടുക്കുകയോ ചെയ്തില്ലെങ്കിൽ കാലഹരണമാവും. സംഖ്യ ആയിരം രൂപായ്ക്ക് മേലുള്ളതിനാൽ അന്യായം കൊടുക്കണമെങ്കിൽ ആലപ്പുഴ ജില്ലാക്കോർട്ടിൽ വേണം. രണ്ടുമണിക്കു തന്നെ പോയാലും കച്ചേരി പിരിയുന്നതിനുമുമ്പ് ആലപ്പുഴച്ചെന്ന് അന്യായമെഴുതിച്ചു കോടതിയിൽ കൊടുക്കുന്ന കാര്യം അസാധ്യമാണല്ലോ. അതിനാൽ ബ്രാഹ്മണൻ മനസ്സിലെ വ്യസനവും പരിഭ്രമവും പുറത്തുകാണിക്കാതെ ധൈര്യത്തോടുകൂടി അവിടെത്തന്നെയിരുന്നു.
ഏകദേശം മൂന്നു മണിയായപ്പോൾ തിരുമുൽപ്പാടു മടങ്ങിയെത്തി. അദ്ദേഹം അതുവരെ കുളിക്കുകയും ഉണ്ണുകയും ഉണ്ടായിട്ടില്ലായിരുന്നു. അതിനാൽ ഗൃഹത്തിലെത്തിയ ക്ഷണത്തിൽ ഒന്നും മിണ്ടാതെ കുളിക്കാനുമുണ്ണാനും പോയി. കുളിയും ഊണും കഴിഞ്ഞപ്പോഴേയ്ക്കും നേരമേകദേശം മണി നാലരയോളമായി. അപ്പോൾ പുറത്തു ബ്രാഹ്മണന്റെ അടുക്കൽ വന്നു. "പണത്തിനായി ഓടി നടന്നതുകൊണ്ട് കുളിക്കാനും ഉണ്ണാനും ഒന്നും ഒത്തില്ല. ഇന്നു ഞാൻ ഇപ്പോഴാണ് ഊണു കഴിചത്. ഇങ്ങനെ ഒരു കഷ്ടപ്പാട് എനിക്ക് ഇതിനുമുമ്പ് ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് തരക്കേടൊന്നുമില്ല. ഇന്ന് ഏതെങ്കിലും നേരം വൈകിയല്ലോ. നാളെ നേരത്തെ ഏർപ്പാടു തീർത്തേക്കാം" എന്നു പറഞ്ഞു. തിരുമുൽപ്പാട് പറഞ്ഞതിനെ വിശ്വസിച്ച് ബ്രാഹ്മണൻ അവിടെത്താമസിച്ചു. പിറ്റേദിവസം കാലത്തേ തിരുമുൽപ്പാട് ഉറക്കമുണർന്നു പുറത്തു വന്ന് ബ്രാഹ്മണനോട് "പ്രമാണമെടുക്കൂ, നോക്കട്ടെ" എന്നു പറഞ്ഞു. ഉടനെ അദ്ദേഹം പ്രമാണമെടുത്തു കൊടുത്തു. തിരുമുൽപ്പാട് പ്രമാണം വാങ്ങി നോക്കീട്ട്, "ഹേ! ഈ പ്രമാണത്തിനു കാലഹരണം വന്നുപോയല്ലോ. കാലഹരണം വന്ന പ്രമാണത്തിനു പണം കൊടുക്കുക ഇവിടെ പതിവില്ല. എനിക്കാരും തരാറുമില്ല. അതിനാൽ പണത്തിനായി ഇനി താമസിക്കണമെന്നില്ല. അങ്ങേക്കു പോകാം" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് തിരുമുൽപ്പാടു നേരംപോക്കു പറയുകയാണെന്നു വിചാരിച്ചു ബ്രാഹ്മണൻ "ഹേ നേരംപോക്കു പറയാതെ പണം തന്ന് എന്നെ അയക്കണം. നേരം പുലരുന്നു. ഇനിയും ഇവിടെ താമസിക്കാൻ എനിക്കു നിവൃത്തിയില്ല" എന്നു പറഞ്ഞു. "താമസിക്കണമെന്നില്ല എന്നു ഞാൻ പറഞ്ഞില്ലേ? ഇങ്ങനെയുള്ള കാര്യങ്ങളിൽ നേരംപോക്കു പറയുക എനിക്കു പതിവില്ല ഞാൻ കാര്യമാണ് പറഞ്ഞത്. കാലഹരണം വന്ന പ്രമാണപ്രകാരമുള്ള പണം തരാൻ ഞാൻ തയ്യാറല്ല. ഇതു തീർച്ചയാണ്" എന്നു തിരുമുൽപ്പാട് ഗൌരവഭാവത്തോടുകൂടി വീണ്ടും പറഞ്ഞപോൾ ബ്രാഹ്മണനുണ്ടായ മനസ്താപം എത്രമാത്രമെന്നു പറയാൻ പ്രയാസം. അദ്ദേഹം വ്യസനസമേതം വീണ്ടും വളരെയൊക്കെ പറഞ്ഞുനോക്കി. യാതൊരു ഫലവുമുണ്ടായില്ല. തിരുമുൽപ്പാടു പണം കൊടുക്കുകയില്ലെന്നു തീർച്ചയായപ്പോൾ ആ സാധു കരഞ്ഞുകൊണ്ട് അവിടെനിന്ന് ഇറങ്ങി പ്പോയി. ഉടനെ ഒരു തോണിയിൽക്കയറി കായലിനു കിഴക്കേക്കരയിലിറങ്ങി വൈക്കത്തു ചെന്ന് കുളിയും നിത്യകർമാനു‌ഷ്ഠാനവും കഴിച്ചു ക്ഷേത്രത്തിലെത്തി വൈക്കത്തപ്പനെ തൊഴുതിട്ടു മണ്ഡപത്തിൽ കയറി ജപിച്ചുകൊണ്ടിരുന്നു. സദ്യയ്ക്ക് ഇലവെച്ചു തുടങ്ങീട്ടും അദ്ദേഹം അവിടെ നിന്ന് എണീറ്റില്ല. ഊണു കഴിക്കാനായി പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോയില്ല. ജലപാനം പോലും കഴിക്കാതെ അദ്ദേഹം അവിടെത്തന്നെ ഇരുന്നു. നേരം സന്ധ്യയായപ്പോൾ പോയി സന്ധ്യാവന്ദനം കഴിച്ചു തിരിച്ചുവന്നു. പിന്നെയും മണ്ഡപത്തിൽക്കയറി ജപിച്ചുകൊണ്ടിരുന്നു. അത്താഴശ്ശീവേലി കഴിഞ്ഞ് അമ്പലമടയ്ക്കാറായപ്പോൾ ചിലർ ചെന്നു പുറത്തിറങ്ങിപ്പോകണമെന്നു പറഞ്ഞതിനാൽ അദ്ദേഹം അവിടെ നിന്നിറങ്ങി കൊടിമരച്ചുവട്ടിൽ ചെന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ക്ഷേത്രം കാവൽക്കാർ ചെന്ന് അവിടെനിന്നുമിറങ്ങി മതിൽക്കു പുറത്തു പോകണമെന്നു പറയുകയാൽ അദ്ദേഹം പോയി കിഴക്കേ ഗോപുരത്തിന്റെ പുറത്തേത്തറയിൽ ചെന്നിരുന്നു. നേരം രാത്രി ഏകദേശം പത്തു മണിയായപ്പോൾ ഇരിക്കാൻ വയ്യാതെയായിട്ട് അദ്ദേഹം അവിടെക്കിടന്നു. വ്യസനം കൊണ്ട് ഉറക്കം വന്നില്ലെങ്കിലും വിശപ്പും ക്ഷീണവും കൊണ്ട് അദ്ദേഹം കണ്ണടച്ച് സ്വൽപമൊന്നു മയങ്ങി. അപ്പോൾ ഒരു വൃദ്ധബ്രാഹ്മണൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് "ഇവിടെ പട്ടിണി കിടക്കാൻ പാടില്ല അങ്ങ് ഏറ്റുമാനൂർചെന്ന് സങ്കടം പറയൂ. ഏറ്റുമാനൂർ ദേവൻ നിവൃത്തിയുണ്ടാക്കിത്തരും" എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഉടനെ കണ്ണു തുറന്ന് നോക്കീട്ട് അവിടെയെങ്ങും ആരെയും കണ്ടില്ല. ഇതു വൈക്കത്തപ്പന്റെ അരുളപ്പാടുതന്നെയാണ് എന്നു നിശ്ചയിച്ച് അദ്ദേഹം അവിടെനിന്നെണീറ്റു പതുക്കെ നടന്നുതുടങ്ങി. പിറ്റേദിവസം കാലത്തെ ഏകദേശം എട്ടുമണിയായപ്പോഴേയ്ക്കും അദ്ദേഹം ഒരുവിധത്തിൽ ഏറ്റുമാനൂരെത്തി. ഉടനെ പോയിക്കുളിച്ചു നിത്യകർമാദികൾ കഴിച്ചുകൊണ്ട് ക്ഷേത്രത്തിലെത്തി. മഹാദേവനെ വന്ദിച്ചിട്ടു മണ്ഡപത്തിലിരുന്നു ജപം തുടങ്ങി. നമസ്കാരമൂണു കാലമായപ്പോൾ പലരും ചെന്നു വിളിച്ചിട്ടും അദ്ദേഹം പോകാതെ ജപിച്ചുകൊണ്ടുതന്നെ ഇരുന്നു. അദ്ദേഹം അങ്ങനെ ഇരിക്കട്ടെ! ഇനി നമുക്കു തിരുമുൽപ്പാടിന്റെ സ്ഥിതി എങ്ങനെയിരിക്കുന്നു എന്നു നോക്കാം.
ബ്രാഹ്മണൻ ഏറ്റുമാനൂരെത്തിയ ദിവസം കാലത്തു പത്തുമണി യായപ്പോൾ തിരുമുൽപ്പടിനു മുളകരച്ചു തേച്ചതുപോലെയോ ഉമിത്തീയി ലിട്ടതുപോലെയോ ഇന്നവിധമെന്നു പറയാൻ വയ്യാത്തവിധം ദേഹമാസ കലം ഒരു നീറ്റലും പുകച്ചിലും തുടങ്ങി. അതു ക്രമേണ വർദ്ധിച്ച് തിരുമുൽപ്പാടിന് ഇരിക്കാനും കിടക്കാനും കുളിക്കാനും ഉണ്ണാനും ഒന്നും വയ്യാത്ത വിധത്തിലായി. ഉടനെ വൈദ്യന്മാരും മന്ത്രവാദികളുമൊക്കെയെത്തി ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെത്തുടങ്ങി. അവരെല്ലാവരും പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചിട്ടും അദ്ദേഹത്തിനു സുഖക്കേടുകൂടിവന്നതല്ലാതെ ലേശം പോലും കുറഞ്ഞില്ല. പിന്നെ പ്രസിദ്ധനായ കായിക്കര മേനവനെ വരുത്തി പ്രശ്നം വയ്പിച്ചു നോക്കിച്ചപ്പോൾ ധനസംബന്ധമായ ഒരു കാര്യത്തിനായി ഒരു ബ്രാഹ്മണൻ ചെന്ന് ഏറ്റുമാനൂർ മഹാദേവനെ ശരണം പ്രാപിച്ചിരിക്കുന്നതിനാൽ ആ മഹാദേവന്റെ കോപം നിമിത്തമാണ് ഈ സുഖക്കേടുണ്ടായിരിക്കുന്നതെന്നും, ബ്രാഹ്മണനു കൊടുക്കാനുള്ള സംഖ്യ കൊടുത്തു ക്ഷമായാചനം ചെയ്യുകയും അത്രയും സംഖ്യ ഭണ്ഡാരത്തിലിട്ടു മഹാദേവനെ വന്ദിക്കുകയും ചെയ്യാതെ സുഖക്കേടു ഭേദമാവുകയില്ലെന്നും അങ്ങനെ ചെയ്താൽ ഉടനെ സുഖമാകുമെന്നും വിധിച്ചു. ഉടനെ തിരുമുൽപ്പാട് ആയിരത്തി ഒരുനൂറു രൂപ വീതം രണ്ടു കിഴി കെട്ടിയെടുപ്പിചുകൊണ്ട് ഒരു തോണിയിൽ കയറി പുറപ്പെട്ട് ഏറ്റുമാനൂർക്കു സമീപം അതിരമ്പുഴയെത്തി കരയ്ക്കിറങ്ങി നടന്ന് ഏറ്റുമാനൂർ ചെന്നു ചേർന്നു. അദ്ദേഹം കുളിച്ച് അമ്പലത്തിൽ ചെന്നപ്പോൾ ഉത്തമർണ്ണനായ ബ്രാഹ്മണൻ മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുന്നതു കണ്ട് ഒരു കിഴി അദ്ദേഹത്തിന്റെ മുമ്പിൽ വച്ചു നമസ്കരിച്ചു ക്ഷമായാചനം ചെയ്യുകയും മറ്റേക്കിഴിയിലെ സംഖ്യ ഭണ്ഡാരത്തിലിട്ട് മഹാദേവനെ വന്ദിക്കുകയും ചെയ്തു. ഇത്രയും ചെയ്തുകഴിഞ്ഞപ്പോൾ തിരുമുൽപ്പാടിനു സുഖക്കേടൊക്കെ മാറി പൂർണ്ണസുഖമായി. ബ്രാഹ്മണനു മനസ്താപം തീർന്നു സന്തോ‌ഷമായി. അദ്ദേഹം കിഴിയഴിച്ച് എണ്ണിനോക്കി ആയിരം രൂപയെടുക്കുകയും നൂറു രൂപ ഭണ്ഡാരത്തിലിടുകയും ചെയ്തു. പിന്നെ അദ്ദേഹവും തിരുമുൽപ്പാടും പോയി ഊണു കഴിച്ച് വീണ്ടും നടയ്ക്കൽ ചെന്ന് മഹാദേവനെ വന്ദിച്ചിട്ട് അവരവരുടെ ദേശങ്ങളിലേക്കു മടങ്ങിപ്പോയി. ആയിരത്തി അറുപതു രൂപ കൊടുക്കേണ്ടതു കൊടുക്കാതെയിരുന്ന തിരുമുൽപ്പാടിന് ആയിരത്തി ഒരുനൂറ്റി നാൽപതു രൂപ നഷ്ടവും കൊടുക്കേണ്ടതു കൊടുപ്പിച്ച ഏറ്റുമാനൂർ മഹാദേവനു ആയിരത്തി ഇരുന്നൂറു രൂപ ലാഭവുമായി. ഇപ്രകാരമൊക്കെയാണ് ഏറ്റുമാനൂർ മഹാദേവന്റെ മാഹാത്മ്യം. ആ ദേവസ്വം തിരുവതാംകൂർ സർക്കാരിൽ ചേർത്തപ്പോൾ അവിടുത്തെ നിത്യനിദാനാദികൾക്കു മുമ്പുണ്ടായിരുന്ന പതിവിൽ വളരെ കുറച്ചിട്ടുണ്ട്. കാലഭേദം കൊണ്ട് അവിടുത്തെ പൂജാകർമാദികൾക്ക് വളരെ വൈകല്യവും വന്നിട്ടുണ്ട്. എങ്കിലും ദേവസാന്നിധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു കുറവും വന്നിട്ടില്ല.