2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

പുളിയാമ്പിള്ളി നമ്പൂരി ഐതിഹ്യമാല



പുളിയാമ്പിള്ളി നമ്പൂരി


ഇദ്ദേഹം ഒരുത്തമബ്രാഹ്മണനും നല്ല ശാക്തേയനുമായിരുന്നു. ദിവസംതോറും ദേവിയെ ഉപാസന ഇദ്ദേഹത്തിനു പതിവുണ്ടായിരുന്നു എന്നു മാത്രമല്ല, ചൊവ്വാഴ്ച, വെള്ളിയാഴ്ച, കറുത്ത വാവ് മുതലായ ദിവസങ്ങളില്‍ മദ്യമാംസാദി നിവേദ്യങ്ങളോടുകൂടി വിധിപ്രകാരമുള്ള ശക്തിപൂജയുമുണ്ടായിരുന്നു. പൂജാനന്തരം, അദ്ദേഹം ധാരാളം മദ്യം സേവിക്കാറുമുണ്ട്. ദേവി അദ്ദേഹത്തിനു പ്രത്യക്ഷമൂര്‍ത്തിയായിരുന്നു.

ഇദ്ദേഹം മദ്യമാംസാദികള്‍ കൂട്ടി ശക്തിപൂജ കഴിക്കയും മദ്യം സേവിക്കുകയും ചെയ്യുന്ന വിവരം മറ്റു ബ്രാഹ്മണര്‍ ധാരാളമായി അറിഞ്ഞു എങ്കിലും ഇദ്ദേഹത്തിന്റെ ദിവ്യത്വം നിമിത്തം അതൊന്നും കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിനു പതിത്വം കല്പിക്കുന്നതിനും ആര്‍ക്കും കഴിഞ്ഞില്ല. ഇദ്ദേഹം ഇല്ലാത്ത സ്ഥലത്തുവെച്ച് നമ്പൂരിമാര്‍ കൂടിയിരുന്നുകൊണ്ട്, "ഇയ്യാള്‍ ശുദ്ധ നീചനാണ്. ഇതൊക്കെ ബ്രാഹ്മണര്‍ക്കു ചേര്‍ന്നതാണോ? നമുക്കിനി ഈ കള്ളുകുടിയനെ നമ്മുടെ ഇല്ലങ്ങളില്‍ യാതൊരടിയന്തിരത്തിനും ക്ഷണിക്കരുത്. ക്ഷണിക്കാതെ വന്നാല്‍ അടിച്ചു പുറത്താക്കണം. നമുക്കാര്‍ക്കും യാതൊരടിയന്തിരത്തിനും ഇയ്യാളുടെയവിടെ പോവുകയും വേണ്ട" എന്നൊക്കെ പറയും എങ്കിലും ഇദ്ദേഹത്തോടു നേരിട്ട് ഒന്നും പറയാന്‍ ആര്‍ക്കും യുക്തിയുണ്ടായിരുന്നില്ല. തക്കതായ ഒരു ലക്ഷ്യം കിട്ടാതെ ഒരാള്‍ക്കു ഭ്രഷ്ട് കല്പിക്കുന്നതെങ്ങനെയാണ്? അതിനാല്‍ വലതും ലക്ഷ്യം കണ്ടുപിടിക്കണമെന്നു നിശ്ചയിച്ചു സ്വദേശികളായ നമ്പൂരിമാരെല്ലാംകൂടി അതിനു തരം നോക്കിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കുമ്പോള്‍ ഒരു വെള്ളിയാഴ്ച നാള്‍ പുളിയാമ്പിള്ളി നമ്പൂരി ശക്തിപൂജയ്ക്കു മദ്യം വാങ്ങാനായി പോയിരിക്കുന്നു എന്നുള്ള വിവരം നമ്പൂരിമാര്‍ക്കറിവു കിട്ടി. ഉടനെ അവര്‍ പലര്‍കൂടി ഇദ്ദേഹം മദ്യവുംകൊണ്ടു വരുമ്പോള്‍ ഇടയ്ക്കുവെച്ചു പിടിക്കണമെന്നു നിശ്ചയിച്ചു വഴിവക്കത്ത് ഒരു സ്ഥലത്തു ചെന്നൊളിച്ചിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ പുളിയാമ്പിള്ളി നമ്പൂരി മദ്യകുംഭവും തലയില്‍ വെച്ചു വരവായി. ഉടനെ നമ്പൂരിമാരെല്ലാം കൂടി ചുറ്റും ചെന്നു വളഞ്ഞു. കാര്യം പറ്റിപ്പോയി എന്നു വിചാരിച്ചുംകൊണ്ട് ഇവര്‍ "ഈ കുടത്തിലെന്താണെ"ന്നു ചോദിച്ചു. ഇവര്‍ തന്നെ ചതിക്കാന്‍ വന്നിരിക്കുന്നവരാണെന്നു പുളിയാമ്പിള്ളി നമ്പൂരിക്കു മനസ്സിലായി. ഇവരുടെ ചതിയൊന്നും തന്നോടു പറ്റുകയില്ലെന്ന് ഇദ്ദേഹത്തിനു നല്ല നിശ്ചയമുണ്ടായിരുന്നു എങ്കിലും, ഇവര്‍ക്കിവരുടെ ഉത്സാഹം ഫലിച്ചു എന്നു വിചാരിച്ചു കുറച്ചുകൂടി സന്തോ‌ഷമുണ്ടാക്കീട്ടു പിന്നീട് അബദ്ധമാക്കി വിടാമെന്നു വിചാരിച്ചു തത്ക്കാലം ഒന്നും മിണ്ടാതെ പരുങ്ങാന്‍ ഭാവിച്ചു. അപ്പോഴേക്കും നമ്പൂരിമാര്‍ക്ക് ഉത്സാഹം വര്‍ധിച്ചു. "എന്താ കുടത്തില്‍, എന്താ കുടത്തില്‍" എന്നെല്ലാവരും ചോദ്യം മുറുക്കമായി. പുളിയാമ്പിള്ളി നമ്പൂരി വലിയ ജളത സംഭവിച്ച ഭാവത്തില്‍ ആരുടേയും നേരെ നോക്കാതെ മുഖം കുമ്പിട്ടു കീഴ്പോട്ടു നോക്കിക്കൊണ്ട്, "ഇതില്‍ വിശേ‌ഷിച്ചൊന്നുമില്ല" എന്നു പതുക്കെ പറഞ്ഞു. അപ്പോള്‍ ചിലര്‍ "എന്നാല്‍ കുടം അഴിചു കാണണം" എന്നായി. ചിലര്‍ കുടം പിടിച്ചു താഴെയിറക്കിവെച്ചു. അപ്പോള്‍ മദ്യത്തിന്റെ ഗന്ധം ധാരാളമായി വന്നതുകൊണ്ടു കുടത്തിനകത്തെന്താണെന്നു നമ്പൂരിമാര്‍ക്കു നിശ്ചയമായി. അതിനാല്‍ കുടം അടച്ചുകെട്ടിയിരിക്കുന്നത് അഴിച്ചു കാണണമെന്നുള്ള മുറുക്കം കലശലായിക്കഴിഞ്ഞു. അപ്പോള്‍ പുളിയാമ്പിള്ളി നമ്പൂരി "എന്തിനഴിച്ചു കാണുന്നു? ഇതില്‍ കുറച്ചു കളിയടയ്ക്കയാണ്. അകായിലേക്കു മൂന്നും കൂട്ടാന്‍ കളിയടയ്ക്ക വേണമെന്നു പറഞ്ഞിട്ടു വാങ്ങിക്കൊണ്ടു പോവുകയാണ്" എന്നു പറഞ്ഞു. അപ്പോള്‍ നമ്പൂരിമാര്‍ "എന്നാല്‍ ഈ കളിയടയ്ക്ക ഞങ്ങള്‍ക്കൊന്നു കാണണം" എന്നായി. എന്തിനു വളരെ പറയുന്നു, കുടമഴിച്ചു കാണിക്കാന്‍ അദ്ദേഹം മടിക്കുംതോറും കുടത്തില്‍ മദ്യമാണെന്നുള്ള നിശ്ചയവും അതഴിച്ചു കാണണമെന്നുള്ള നിര്‍ബന്ധവും നമ്പൂരിമാര്‍ക്കു കലശലായിത്തീര്‍ന്നു. അഴിച്ചു കാണിക്കാതെ വിട്ടയയ്ക്കില്ലെന്നു തീര്‍ച്ചയായപ്പോള്‍ പുളിയാമ്പിള്ളി നമ്പൂരി "എന്നാല്‍ കണ്ടോളിന്‍" എന്നു പറഞ്ഞു കുടത്തിന്റെ മൂടി അഴിച്ചു. നമ്പൂരിമാര്‍ നോക്കിയപ്പോള്‍ കുടം നിറച്ച് നല്ല ഒന്നാന്തരം കളിയടയ്ക്കയായിരുന്നു. നമ്പൂരിമാരെല്ലാം മധ്യമമായിപ്പോയി എന്നു പറയേണ്ടതില്ലല്ലോ. എല്ലാവരും പോയപ്പോള്‍ പുളിയാമ്പിള്ളി നമ്പൂതിരി കുടം പൂര്‍വസ്ഥിതിയില്‍ അടചുകെട്ടി എടുത്തുംകൊണ്ട് അദ്ദേഹത്തിന്റെ ഇലത്തേക്കു പോയി. പൂജയുടെ സമയമായപ്പോള്‍ കളിയടയ്ക്ക മദ്യംതന്നെ ആയിത്തീരുകയും ചെയ്തു.

ഇങ്ങനെ പലവിധത്തില്‍ പരീക്ഷിച്ചിട്ടും ഇദ്ദേഹം മദ്യപാനം ചെയ്യുന്നുണ്ടന്നുള്ളതിനു തക്കതായ ഒരു ലക്ഷ്യം കണ്ടുപിടിക്കുന്നതിനു നമ്പൂരിമാര്‍ വിചാരിച്ചിട്ടു കഴിഞ്ഞില്ല. പൂജിക്കുന്നതും മദ്യം സേവിക്കുന്നതും പുരയ്ക്കകത്തുതന്നെയാണ് പതിവ്. അതു രാത്രികാലങ്ങളിലായിരിക്കയും ചെയ്യും. അങ്ങനെയുള്ള സമയങ്ങളില്‍ ആരെങ്കിലും കാണാന്‍ ചെന്നാല്‍ "ഇപ്പോള്‍ സമയമില്ല. രാവിലെ ആവട്ടെ" എന്നു പറയുന്നതിനു ഭൃത്യന്മാരെ ശട്ടം കെട്ടിയിരിക്കും. പിന്നെ രാത്രിസമയത്തു വാതിലടച്ചു കിടക്കുന്ന ഇദ്ദേഹത്തിനെ ആര്‍ക്കെങ്കിലും ചെന്നു കാണാന്‍ കഴിയുമോ? പകല്‍ പുറത്തു കാണുമ്പോഴെങ്ങും കുടിച്ചിട്ടുണ്ടായിരിക്കയുമില്ല. പിന്നെ എന്തു നിവൃത്തിയാണുള്ളത്?

ഇങ്ങനെ ഒരു നിവൃത്തിമാര്‍ഗവും ഇല്ലാതെ വളരെക്കാലം വി‌ഷമിച്ചതിന്റെ ശേ‌ഷം നമ്പൂരിമാരെല്ലാവരുംകൂടി വിവരം രാജാവിങ്കല്‍ അറിയിച്ചു. ശക്തിപൂജയുള്ള ദിവസം നിശ്ചയമായി അറിഞ്ഞു പറഞ്ഞാല്‍ നിവൃത്തിയുണ്ടാക്കാമെന്നു രാജാവു കല്പിച്ചു. പിന്നെ നമ്പൂരിമാരെല്ലാവരുംകൂടി കര്‍ക്കടകത്തില്‍ കറുത്ത വാവിന്നാള്‍ ശക്തിപൂജയുണ്ടെന്നുള്ള വിവരം സൂക്ഷ്മമായി അറിഞ്ഞു രാജാവിങ്കല്‍ ഗ്രഹിപ്പിച്ചു. പുളിയാമ്പിള്ളി നമ്പൂരി പതിവുപോലെ പൂജയും കഴിച്ചു മദ്യവും സേവിച്ചു മദാന്ധഹൃദയനായിക്കിടന്ന സമയം അദ്ദേഹത്തെ വിളിച്ചുകൊണ്ടു വരുവാനായിട്ടു രാജാവാളയച്ചു. രാജാവിന്റെ ആള്‍ നമ്പൂരിയുടെ ഇല്ലത്തു ചെന്നു വിവരം ദസി മുഖാന്തരം അകായില്‍ ഗ്രഹിപ്പിച്ചു. അന്തര്‍ജനം ആ വിവരം നമ്പൂരിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു. അപ്പോള്‍ മദ്യത്തിന്റെ ലഹരികൊണ്ടു ബോധംകെട്ടു കിടന്ന നമ്പൂരി "ആട്ടെ നിലാവുദിക്കുമ്പോള്‍ ചെല്ലാം. ഇപ്പോള്‍ ഇരുട്ടത്തു പ്രയാസമുണ്ടെന്നു പറഞ്ഞയച്ചേക്ക്" എന്നു പറഞ്ഞു. അന്തര്‍ജനം ആ വിവരം ദാസിമൂലം രാജഭൃത്യനോടു പറഞ്ഞയയ്ക്കുകയും ചെയ്തു.

പുളിയാമ്പിള്ളി നമ്പൂരി വെളിവു കൂടാതെ വരുന്നതു കാണുന്നതിനും രാജാവിനെക്കൂടി സാക്ഷിയാക്കി വെച്ചുകൊണ്ടു ഭ്രഷ്ട് കല്പിക്കുന്നതിനുമായി അന്നു രാജസന്നിധിയില്‍ അസംഖ്യം നമ്പൂരിമാര്‍ കൂടിയിരുന്നു. അപ്പോള്‍ രാജഭൃത്യന്‍ വന്നു "നമ്പൂരി നിലാവുദിക്കുമ്പോള്‍ വരാമെന്നു പറഞ്ഞിരിക്കുന്നു" എന്നു രാജാവിന്റെ അടുക്കല്‍ അറിയിച്ചു. അതുകേട്ടു നമ്പൂരി മദ്യപാനം ചെയ്തു വെളിവു കൂടാതെ പറഞ്ഞയച്ചതാണെന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. കറുത്തവാവിന്നാള്‍ ചന്ദ്രനുദിക്കയെന്നുള്ളത് ഒരിക്കലും ഉണ്ടാകാത്തതാകയാല്‍ അതു സ്വബോധമുള്ളവര്‍ പറയുകയില്ലല്ലോ. അപ്പോള്‍ രാത്രി കുറെ അധികമായതിനാല്‍ നമ്പൂരിമാരാരും അവരവരുടെ ഇല്ലങ്ങളിലേക്കു പോയില്ല. രാജാവ് പള്ളിയറയിലേക്കെഴുന്നള്ളിയതിന്റെ ശേ‌ഷം എല്ലാവരും രാജഭവനത്തില്‍ത്തന്നെ ഓരോ സ്ഥലത്തു പോയിക്കിടന്നുറങ്ങി.

ഏകദേശം അര്‍ധരാത്രിയായപ്പോള്‍ പുളിയാമ്പിള്ളി നമ്പൂരിക്കു ബോധം വീണു. അപ്പോള്‍ അദ്ദേഹത്തിനു രാജാവിന്റെ ആള്‍ വന്നിരുന്നു എന്നോ താന്‍ എന്തോ അസംബന്ധം പറഞ്ഞയചു എന്നോ ഏതാണ്ടൊക്കെ ഒരു സ്വപ്നം പോലെ ഓര്‍മതോന്നുകയാല്‍ വിവരം അന്തര്‍ജനത്തോടു ചോദിക്കയും ഉണ്ടായ വസ്തുത അന്തര്‍ജനം പറയുകയും ചെയ്തു. നിലാവുദിക്കുമ്പോള്‍ ചെല്ലാമെന്നാണ് പറഞ്ഞയച്ചിരിക്കുന്നതെന്നു കേട്ടപ്പോള്‍ നമ്പൂരി തത്ക്കാലം ഒന്നന്ധാളിച്ചു. എങ്കിലും സര്‍വലോകൈകമാതാവായിരിക്കുന്ന സാക്ഷാല്‍ ശക്തിയുടെ സഹായമുള്ളതുകോണ്ട് തനിക്ക് ഒന്നും ദുഃസാദ്ധ്യമായും അവമാനകരമായും വരികയില്ലെന്നുള്ള വിശ്വാസത്തോടുകൂടി അദ്ദേഹം ഉടനെ എണീറ്റു രാജസന്നിധിയിലേക്ക് പുറപ്പെട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ പൂര്‍ണചന്ദ്രന്‍ ആകാശമധ്യത്തിങ്കല്‍ പ്രകാശിചു നില്‍ക്കുന്നതും നല്ല വിശദചന്ദ്രിക ലോകമെല്ലാം നിറഞ്ഞു പരന്നിരിക്കുന്നതും കാണപ്പെട്ടു. അതിനാല്‍ അത്യന്തം സന്തു ഷ്ടഹൃദയനായ നമ്പൂരി വേഗത്തില്‍ രാജഭവനത്തിലെത്തി രാജാവു കിടന്നുറങ്ങുന്ന പള്ളിയറവാതില്ക്കല്‍ ചെന്നു മുട്ടി വിളിച്ചു. ഉടനെ രാജാവുണര്‍ന്ന് "ആരത്?" എന്നു ചോദിച്ചു. " ഞാന്‍തന്നെ, പുളിയാമ്പിള്ളി" എന്നു നമ്പൂരി ഉടനെ രാജാവു പുറത്തിറങ്ങി നോക്കിയപ്പോള്‍ പറഞ്ഞു. പൂര്‍ണചന്ദ്രനെയും ചന്ദ്രികാപ്രകാശത്തെയും കണ്ട് അത്യന്തം വിസ്മയിച്ചു. അപ്പോള്‍ത്തന്നെ രാജാവു ഭൃത്യന്മാരെപ്പറഞ്ഞയച്ചു നമ്പൂരിമാരെയെല്ലാം വിളിച്ചുവരുത്തി. എല്ലാവരും ഇതുകണ്ട് ഏറ്റവും അത്ഭുതപ്പെട്ടു. രാജാവു പുളിയാമ്പിള്ളി നമ്പൂരിക്ക് അനവധി സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ ഇല്ലത്തെത്തിയപ്പോഴേക്കും ചന്ദ്രനും ചന്ദ്രികയും മറഞ്ഞു നല്ല ഇരുട്ടാവുകയും ചെയ്തു. ആ കാണപ്പെട്ടത് സാക്ഷാല്‍ ചന്ദ്രനും ചന്ദ്രികയുമല്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ഭക്തവത്സലയായ ദേവി ഭക്തനായ നമ്പൂരിക്ക് അവമാനം സംഭവിക്കാതെ ഇരിക്കാന്‍ വേണ്ടി തന്റെ കുണ്ഡലങ്ങളില്‍ ഒന്നെടുത്ത് ഉയര്‍ത്തിപ്പിടിക്കയായിരുന്നു ചെയ്തത്. അത് കണ്ടവര്‍ക്കെല്ലാം ചന്ദ്രനായിട്ടു അതിന്റെ ശോഭ ചന്ദ്രികയായിട്ടു തോന്നി എന്നേയുള്ളൂ.

ഇപ്രകാരം പലരും പല വിധത്തില്‍ പരീക്ഷിച്ചിട്ടും പുളിയാമ്പിള്ളി നമ്പൂരിയെ അവമാനിക്കുന്നതിനോ അദ്ദേഹത്തിന്റെ മദ്യപാനത്തെ പ്രത്യക്ഷപ്പെടുത്തുന്നതിനോ അദ്ദേഹത്തിനു ഭ്രഷ്ട് കല്പിക്കുന്നതിനോ കഴിഞ്ഞില്ല. ദേവിപ്രസാദം വേണ്ടതുപോലെ സിദ്ധിച്ചിട്ടുള്ളവരെ ജയിക്കാന്‍ ആരു വിചാരിച്ചാലും കഴിയുന്നതല്ലല്ലോ.

പുളിയാമ്പിള്ളി നമ്പൂരി ഒരു നല്ല മന്ത്രവാദിയുമായിരുന്നു. അദ്ദേഹത്തെ മന്ത്രവാദത്തിനായി പലരും ക്ഷണിച്ചുകൊണ്ട് പോവുക പതിവായിരുന്നു. അദ്ദേഹം ഒഴിച്ചാല്‍ ഒഴിയാത്ത ബാധ ഒന്നും ഉണ്ടായിരുന്നില്ല. നമ്പൂരി മന്ത്രവാദത്തിനും മറ്റുമായി അന്യസ്ഥലങ്ങളില്‍ പോവുമ്പോള്‍ ദേവി പ്രത്യക്ഷമൂര്‍ത്തിയായിട്ട് അദ്ദേഹത്തോടുകൂടി പോവുക പതിവായിരുന്നു. എങ്കിലും അത് അന്യന്മാര്‍ക്ക് അപ്രത്യക്ഷം തന്നെ ആയിരുന്നു.

ഒരു ദിവസം നമ്പൂരി എവിടെയോ പോയി ഒരു മന്ത്രവാദം കഴിഞ്ഞ് അര്‍ധരാത്രി നമ്പൂരി മുമ്പും ദേവി പിമ്പുമായി ഇല്ലത്തേക്കു പുറപ്പെട്ടു. കുറെ വഴി പോന്നതിന്റെ ശേ‌ഷം ഒരിക്കല്‍ നമ്പൂരി തിരിഞ്ഞുനോക്കിയപ്പോള്‍ ദേവിയെക്കണ്ടില്ല. എവിടെപ്പോയതായിരിക്കും എന്നു സംശയിച്ചു കുറച്ചു നേരം തിരിഞ്ഞുനിന്നു. എന്നിട്ടും കാണായ്കയാല്‍ നമ്പൂരിക്കു വ്യസനമായി. ഒന്നന്വേ‌ഷിച്ചിട്ടുവേണം പോകാനെന്നു നിശ്ചയിച്ച് അദ്ദേഹം പോന്ന സ്ഥലത്തേക്കുതന്നെ തിരിയെപ്പുറപ്പെട്ടു. കുറച്ചു ചെന്നപ്പോള്‍ വഴിക്കുസമീപം ഒരു പറയന്റെ മാടത്തില്‍ ഒരു പറയന്‍ ഒരു വാളും പീഠവും വെച്ചു ദേവിയെ പൂജിക്കുന്നതും കൊട്ടുന്നതും ചാറ്റുന്നതും ചില സ്തോത്രങ്ങള്‍ ചൊല്ലി സ്തുതിക്കുന്നതും ദേവി ആ പൂജ ഏറ്റുകൊണ്ട് ആ പീഠത്തിന്മേല്‍ ഇരിക്കുന്നതും നമ്പൂരി കണ്ടു. (ദേവിയെ പറയനു കാണാന്‍ പാടില്ലായിരുന്നുതാനും). അവന്റെ പൂജയും മറ്റും കഴിയുന്നതുവരെ നമ്പൂരി എല്ലാം കണ്ടുംകൊണ്ട് വഴിയില്‍ത്തന്നെ നിന്നു. അതെല്ലാം കഴിഞ്ഞപ്പോള്‍ ദേവി എണീറ്റ് അവിടെനിന്നു പുറപ്പെട്ടു നമ്പൂരിയൂടെ അടുക്കല്‍ വന്നു. അപ്പോള്‍ നമ്പൂരി "അല്ലയോ ദേവി! ഈ പറമാടത്തിലും മറ്റും അവിടെന്നെഴുന്നെള്ളിയത് വലിയ കഷ്ടമാണ്. മന്ത്രതന്ത്രാദികളൊന്നുമില്ലാതെ നീചനായ ആ പറയന്‍ പൂജിച്ചതിനെ അവിടുന്നു കൈക്കൊള്ളുകയും അവന്റെ നിവേദ്യാംശത്തെ അവിടുന്നനുഭവിക്കുകയും ചെയ്യുന്നതു കണ്ടിട്ട് എനിക്ക് വളരെ വല്ലാതെ തോന്നി. ഇനി മേലാലെങ്കിലും ഇങ്ങനെയുള്ളതിനു പോകാതിരുന്നാല്‍ കൊള്ളാം" എന്നു പറഞ്ഞു. ഇതു കേട്ടു ദേവി ചിരിച്ചുംകൊണ്ട് "അല്ലാ, അങ്ങ് ഇതുവരെ എന്റെ സ്വഭാവം നല്ലപോലെ അറിഞ്ഞിട്ടില്ല, അല്ലേ? അങ്ങേക്കു മനഃശുദ്ധിയും ഭക്തിയും മതിയായിട്ടില്ല. എന്നെക്കുറിച്ചു ഭക്തിയുള്ള എല്ലാവരും എനിക്കൊന്നു പോലെയാണ്.ചണ്ഡാലനെന്നും ബ്രാഹ്മണനെന്നുമുള്ള വ്യത്യാസം എനിക്കില്ല. ഭക്തിയുള്ളവര്‍ ആരു വിളിച്ചാലും എനിക്കവിടെ പോകാതിരിക്കാന്‍ നിവൃത്തിയില്ല. ഞാന്‍ മന്ത്രതന്ത്രാദി കളെക്കാള്‍ ഗണിക്കുന്നത് ഭക്തിയെയാണ്. ഈ തത്ത്വം അറിഞ്ഞിട്ടില്ലാത്ത അങ്ങേടെ കൂടെ ഞാന്‍വരുന്നില്ല. ഇനി അങ്ങേയ്ക്ക് എന്നെക്കാണാനും കഴിയില്ല എങ്കിലും പതിവിന്‍പ്രകാരം ഭക്തിയോടുകൂടി എന്നെ ഉപാസിച്ചുകൊണ്ടിരുന്നാല്‍ അങ്ങു വിചാരിക്കുന്ന കാര്യമെല്ലാം ഞാന്‍ സാധിപ്പിച്ചു തരികയും ചെയ്യാം" എന്നരുളിച്ചെയ്ത് അവിടെത്തന്നെ അന്തര്‍ധാനവും ചെയ്തു. അതില്‍പ്പിന്നെ നമ്പൂരി മാംസചക്ഷുസ്സുകൊണ്ടു ദേവിയെ കണ്ടിട്ടില്ല. ദേവി അപ്രത്യക്ഷയായതിന്റെ ശേ‌ഷം അധികകാലം അദ്ദേഹം ജീവിച്ചിരുന്നിട്ടുമില്ല.

പുളിയാമ്പിള്ളി നമ്പൂരിയെ മലയാളത്തില്‍ പല ദേശങ്ങളിലും പല ജനങ്ങളും ഇന്നും കുടുംബപരദേവതയായി വെച്ചാചരിച്ചുവരുന്നുണ്ട്. കര്‍ക്കിടമാസത്തിലും തുലാംമാസത്തിലും മറ്റും പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി വെയ്ക്കുക എന്നൊരു കാര്യവും പലേടത്തും നടപ്പുണ്ട്. പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി പ്രാര്‍ത്ഥിച്ചാല്‍ സകല കാര്യങ്ങളും സാധിക്കുമെന്നാണ് ചിലരുടെ വിശ്വാസം. സന്തതിയുണ്ടാകാനായിട്ടും സമ്പത്തുണ്ടാകാനായിട്ടും ബാധോപദ്രവങ്ങള്‍, രോഗങ്ങള്‍ മുതലായവ മാറുന്നതിനായിട്ടു നമ്പൂരിക്കു വെള്ളംകുടി പ്രാര്‍ത്ഥിക്ക പലേടത്തും നടപ്പാണ്. മോ‌ഷണം തെളിയിക്കുന്ന വി‌ഷയത്തിലാണത്ര ഇതു പ്രധാനം. പുളിയാമ്പിള്ളി നമ്പൂരിക്കു വെള്ളംകുടി പ്രാര്‍ഥിച്ചാല്‍ തെളിയാത്ത മോ‌ഷണം ലോകത്തിലില്ലെന്നാണ് ചിലര്‍ പറയുന്നത്. വെള്ളംകുടി പ്രാര്‍ഥിച്ചാല്‍ നാല്പത്തൊന്നു ദിവസത്തിനകം മോഷ്ടിച്ചവന്‍ മാപ്പു ചോദിച്ചുകൊണ്ടു മോ‌ഷണത്തൊണ്ടി ഉടമസ്ഥന്റെ പാദത്തിങ്കല്‍ കൊണ്ടുചെന്നു നമസ്കരിക്കും. അങ്ങനെ ചെയ്തില്ലെങ്കില്‍ ആ മോഷ്ടാവും അവന്റെ തറവാട്ടിലുള്ള എല്ലാവരും രക്തം ഛര്‍ദ്ദിച്ചു മരിക്കും. കാര്യം സാധിച്ചിട്ടു പ്രാര്‍ഥന നടത്താതെയിരുന്നാല്‍ മോഷ്ടാവിന്റെ അനുഭവംതന്നെ ഉടമസ്ഥനും സിദ്ധിക്കും. പുളിയാമ്പിള്ളി നമ്പൂരിയുടെ സ്വഭാവം കായംകുളം വാളുപോലെ ഇരുഭാഗത്തും മൂര്‍ച്ചയുള്ളതാണ്. ഇദ്ദേഹത്തെപ്പോലെ ഉഗ്രമൂര്‍ത്തിയായിട്ടു വേറെ യാതൊരു മൂര്‍ത്തിയുമില്ല എന്നിങ്ങനെ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ ഇക്കാലത്തു ധാരാളമുണ്ട്. വളരെക്കാലം മുമ്പേ മരിച്ചുപോയിരിക്കുന്ന ഇദ്ദേഹത്തെക്കുറിച്ചുള്ള ഭയഭക്തിവിശ്വാസബഹുമാനങ്ങള്‍ ഇക്കാലംവരെ നിലനില്‍ക്കണമെങ്കില്‍, ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഇദ്ദേഹത്തിന്റെ ദിവ്യത്വങ്ങളും അത്ഭുതകര്‍മ്മങ്ങളും സാമാന്യമൊന്നുമല്ലായിരുന്നുവെന്നു എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്.

ഇദ്ദേഹത്തിന്റെ ഇല്ലം കോഴിക്കോട്ടായിരുന്നു എന്നും ഇദ്ദേഹം ചരമഗതിയെ പ്രാപിചിട്ട് ഇപ്പോള്‍ അഞ്ഞൂറു സംവത്സരത്തില്‍ അധികമായിരിക്കുന്നു എന്നുമാണ് കേട്ടിരിക്കുന്നത്.

വയസ്ക്കരെ അച്ഛൻ മൂസ്സ് ഐതിഹ്യമാല



വൈദ്യന്മാർക്കു പ്രധാനമായി വേണ്ടതു ഗുരുത്വവും കൈപ്പുണ്യവുമാണെന്നു പ്രസിദ്ധവും സർവ്വസമ്മതവുമാണല്ലോ. വൈദ്യന്മാർ നല്ലപോലെ ശാസ്ത്രനൈപുണ്യവും ബുദ്ധിയും യുക്തിയുമുള്ളവരായിരുന്നാലും ഗുരുത്വവും കൈപ്പുണ്യവുമില്ലെങ്കിൽ അവരുടെ ചികിത്സ ഫലിക്കയില്ലെന്നുള്ളതു തീർച്ചയാണ്. ശാസ്ത്രജ്ഞാനവും യുക്തിയും ബുദ്ധിയുമില്ലാത്തവർക്കു ഗുരുത്വവും കൈപ്പുണ്യവും മാത്രമുണ്ടായിരുന്നതുകൊണ്ട് മതിയാകുന്നതല്ലെങ്കിലും ഗുരുത്വവും കൈപ്പുണ്യവുമുള്ളവർക്കു ശാസ്ത്രപരിചയവും മറ്റും കുറച്ചു കുറവായിരുന്നാലും അബദ്ധമൊന്നും വരുന്നതല്ല. ഗുരുത്വവും കൈപ്പുണ്യവുമുള്ളവർക്കു ശാസ്ത്രജ്ഞാനവും യുക്തിയും ബുദ്ധിയും കൂടിയുണ്ടായിരുന്നാൽ പിന്നത്തെക്കഥ പറയാനുമില്ലല്ലോ. അഷ്ടവൈദ്യന്മാരിൽ അദ്വിതീയന്മാരെന്നു പണ്ടേയ്ക്കുപണ്ടേ പ്രസിദ്ധന്മാരായിരുന്ന വയക്കരെ മൂസ്സന്മാർക്കു മേൽപറഞ്ഞവയെല്ലാം പൂർണ്ണമായിട്ടുള്ളതിനാലാണ് അവർ സർവോത്കർ‌ഷേണ വർത്തിക്കുന്നത്.ഇതിനു ദൃഷ്ടാന്തമായി കഴിഞ്ഞുപോയ ആര്യൻ നാരായണൻമൂസ്സ് അവർകളുടെ അച്ഛനായ അച്ഛൻമൂസ്സ് അവർകളുടെ ചില അത്ഭുതകർമ്മങ്ങളെ താഴെ പ്രസ്താവിക്കുന്നു. കേവലം കേട്ടുകേൾവിയെമാത്രം അടിസ്ഥാനപ്പെടുത്തിയെഴുതുന്ന ഈവക ഐതിഹ്യങ്ങളുടെ വാസ്തവത്വത്തെപ്പറ്റി അധികം ആലോചിക്കണമെന്നില്ല. "മഹാന്മാർക്കെന്തു ദു‌ഷ്കരം?" എന്നു മാത്രം വിചാരിച്ചാൽ മതി.
1. ഒരാൾക്കു മലവും മൂത്രവും പോകാതെ വയറു വല്ലാതെ അടച്ചു വീർത്തു വേദന സഹിക്കവയ്യാതെയായിത്തീർന്നു. വേദനയുടെ ശക്തി കൊണ്ടു കിടക്കാനും ഇരിക്കാനും ഉണ്ണാനുമുറങ്ങാനും എന്നുവേണ്ട, യാതൊന്നും വയ്യാതെയായി രോഗി ഉറക്കെ നിലവിളിച്ചുകൊണ്ടു കിടന്നുരുണ്ടുതുടങ്ങി. പല വൈദ്യന്മാർ വന്നു കാണുകയും പല പ്രയോഗങ്ങൾ ചെയ്തുനോക്കുകയുമൊക്കെ ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ല. മരിച്ചുപോകുമെന്നുതന്നെ രോഗിയും വൈദ്യന്മാരും ശേ‌ഷമുള്ളവരും എല്ലാം തീർച്ചപ്പെടുത്തി. എങ്കിലും വയക്കരെ അച്ഛൻമൂസ്സിന്റെ അടുക്കൽക്കൂടി ഒന്നു പോയി പറഞ്ഞുനോക്കാം എന്നു വിചാരിച്ചു രോഗിയുടെ അനന്തിരവൻ വയക്കരെ എത്തി. അതു ദീനം തുടങ്ങിയതിന്റെ പിറ്റേദിവസം രാവിലെയായിരുന്നു. അപ്പോൾ അച്ഛൻമൂസ്സ് വാലിയക്കാർ കറിക്കു നുറുക്കുന്നിടത്തു ചെന്ന് അവരോട് എന്തോ പറഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. ഈ ചെന്നയാൾ അവിടെച്ചെന്നു കണ്ടു ദീനത്തിന്റെ വിവരമെല്ലാം അറിയിച്ചു. ഉടനെ അച്ഛൻമൂസ്സ് അവിടെക്കിടന്നിരുന്ന മത്തങ്ങായുടെ ഒരു ഞെട്ടി (ഞെടുപ്പ്) എടുത്തു കൊടുത്തിട്ട് "ഇതുകൊണ്ടുപോയി കാഞ്ഞവെള്ളത്തിൽ അരച്ചു കലക്കിക്കൊടുത്താൽ മതി" എന്നു പറഞ്ഞു. അയാൾ അത് ഭക്തിയോടുകൂടി വാങ്ങിക്കൊണ്ടുപോയി, അവിടുന്നു പറഞ്ഞതുപോലെ അതിൽ പകുതിയെടുത്തു കാഞ്ഞവെള്ളത്തിൽ അരച്ചുകലക്കി രോഗിക്കു കൊടുത്തു. അതു കുടിച്ചു മാത്രനേരം കഴിഞ്ഞപ്പോൾ മലവും മൂത്രവും ഒഴിക്കുകയും സകലവേദനകളും മാറി രോഗിക്കു നല്ല സുഖമാകുകയും ചെയ്തു. എങ്കിലും മലവും മൂത്രവും പോയിത്തൂടങ്ങീട്ടു മൂത്രപോക്കു നിന്നു. വയറിളകി പിന്നെയും പൊയ്ക്കൊണ്ടുതന്നെയിരുന്നു. അതും ക്രമേണ നിന്നോളുമെന്നു വിചാരിച്ചു അന്നത്തെ അങ്ങനെ കഴിഞ്ഞു. പിറ്റേദിവസമായപ്പോഴേക്കും വയറ്റിൽനിന്നു പോക്കു കുറച്ചുകൂടി അധികമായി. അപ്പോഴേക്കും രോഗിക്കു ക്ഷീണവും പാരവശ്യവും കലശലായി. ഉടനെ രോഗിയുടെ അനന്തിരവൻ ഓടി പിന്നെയും അച്ഛൻമൂസ്സിന്റെ അടുക്കലെത്തി വിവരം അറിയിച്ചു. അപ്പോൾ അച്ഛൻമൂസ്സ് "ആ തന്നയച്ച മരുന്നു മുഴുവനും അരച്ചു കലക്കിക്കൊടുത്തുവോ? എന്നു ചോദിച്ചു. "ഇല്ല. പകുതിയേ കൊടുത്തുള്ളു. ശേ‌ഷം ഇരിക്കുന്നുണ്ട്" എന്ന് ഈ ചെന്നയാൾ അറിയിച്ചു. "എന്നാൽ ശേ‌ഷമുള്ളതുകൂടി അരച്ചുകലക്കിക്കൊടുത്തേക്കു. സുഖമാവും എന്ന് അച്ഛൻമൂസ്സ് പറഞ്ഞു. ഉടനെ അയാൾ ചെന്നു മത്തങ്ങയുടെ ഞെട്ടി ശേ‌ഷമുണ്ടായിരുന്നതുകൂടി കാഞ്ഞവെള്ളത്തിൽ അരച്ചുകലക്കിക്കൊടുത്തു. അതു കുടിച്ചതോടുകൂടിത്തന്നെ വയറ്റിൽനിന്നു പോക്കു നിന്നു. ക്രമേണ മലമൂത്രങ്ങൾ പതിവുപോലെ പോയിത്തുടങ്ങുകയും ക്രമേണ രോഗിയുടെ ക്ഷീണം മാറി സുഖമാവുകയും ചെയ്തു.

2.ദേഹത്തിന്റെ സ്ഥൗല്യം നിമിത്തം ഇരിക്കാനും നിൽക്കാനും നടക്കാനും കിടക്കാനും നിവൃത്തിയില്ലാതായിത്തീർന്ന ഒരു മാപ്പിള ഒരിക്കൽ അച്ഛൻമൂസ്സവർകളുടെ അടുക്കൽ വരികയുണ്ടായി. അയാൾക്കു ശരീരം ക്രമത്തിലധികം തടിച്ചു പോയതുകൊണ്ടുള്ള അസ്വാധീനമല്ലാതെ വേറെ യാതൊരു സുഖക്കേടുമില്ല. സാമാന്യത്തിലധികം തടിച്ചുകഴിഞ്ഞിട്ടു പിന്നെയും ദിവസംപ്രതിയെന്നപോലെ സ്ഥൗല്യം വർദ്ധിച്ചുകൊണ്ടിരുന്നതിനാൽ അയാൾ പല വൈദ്യന്മാരെ കാണുകയും പല ചികിത്സ ചെയ്തിട്ടും ഒരു ഫലവും കാണാഞ്ഞതിനാലുമാണ് ഒടുക്കം വയക്കരെ വന്നത്. "കാർശ്യമേവ വരം സ്ഥൗല്യാന്ന ഹി സ്ഥൂലസ്യ ഭേ‌ഷജം" എന്നുള്ളതിൽ വൈദ്യന്മാരുടെ ചികിത്സകൾ ഫലിക്കാത്തതിനാൽ അത്ഭുതപ്പെടാനുമില്ല.
അച്ഛൻമൂസ്സവർകൾ വിവരമെല്ലാം കേട്ടതിന്റെ ശേ‌ഷം രോഗിയുടെ ആപാദചൂഡം ഒന്നുരണ്ടു പ്രാവശ്യം സൂക്ഷിച്ചുനോക്കിയിട്ട് "നിനക്കിപ്പോൾ ചികിത്സയൊന്നും ചെയ്യണമെന്നില്ല. മുപ്പതു ദിവസത്തിനകം നീ മരിച്ചുപോകും. മരണലക്ഷണങ്ങൾ പൂർണ്ണമായിട്ടു കാണുന്നുണ്ട്. ഈശ്വര കാരുണ്യംകൊണ്ട് ആയുസ്സിന്റെ ബലംകൊണ്ടു ഒരുവേള മരിക്കാതെയിരിക്കുകയാണെങ്കിൽ ഒരു മാസം കഴിഞ്ഞിട്ട് ഇവിടെ വന്നാൽ വല്ലതും ചികിത്സ നിശ്ചയിക്കാം. അല്ലാതെ ഇപ്പോളൊന്നും നിശ്ചയിക്കാനില്ല" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾതന്നെ മാപ്പിളയുടെ മനസ്സിൽ വല്ലാതെ ഒരു വ്യസനവും ആധിയുമുണ്ടായി. പെട്ടെന്ന് അയാൾ മൂർച്ഛിച്ചുവീണു. വയക്കരെ അച്ഛൻമൂസ്സവർകൾ പറഞ്ഞാൽ പിന്നെ അതിനു കടുകിടയ്ക്കു വ്യത്യാസം വരികയില്ലെന്നുള്ളതു പ്രസിദ്ധവും എല്ലാവർക്കും അനുഭവസിദ്ധവുമാണ്. അങ്ങനെയിരിക്കുന്ന അവിടുന്ന് ഇപ്രകാരം പറഞ്ഞാൽ ആർക്കാണ് വ്യസനമുണ്ടാകാത്തത്? മരണഭയമെന്നത് എല്ലാവർക്കുമുള്ളതാണല്ലോ.
മൂന്നേമുക്കാൽ നാഴിക കഴിഞ്ഞപ്പോൾ മാപ്പിളയ്ക്കു ബോധം വീണു. ഉടനെ കുടെയുണ്ടായിരുന്നവരിൽ അഞ്ചാറുപേരുകൂടി ഒരുവിധമെടുത്തു തോണിയിലാക്കി കൊണ്ടുപോവുകയും ചെയ്തു. വീട്ടിൽ എത്തിയതിന്റെ ശേ‌ഷം മാപ്പിളയ്ക്കു കഞ്ഞിക്കും ചോറിനും ഒന്നിനും രുചിയുമില്ല. ഉറക്കവുമില്ല. ഒരു കാര്യത്തിലും ഒരുത്സാഹവും മനസ്സുമില്ലെന്നുള്ള സ്ഥിതിയിലായിത്തീർന്നു. ഭാര്യയും പുത്രന്മാരും വളരെ നിർബന്ധിച്ചാൽ കുറച്ചു കഞ്ഞി കുടിക്കും. അല്ലാതെ അയാളുടെ മനസ്സാലെ സ്നനാശനാദികൾ ഒന്നും തന്നെയില്ലാതായിത്തീർന്നു. ക്രമേണ ദേഹം ചടച്ചു തുടങ്ങുകയും ചെയ്തു. എന്തിനു വളരെപ്പറയുന്നു? ഒരു കുട്ടിയാനയെപ്പോലെയിരുന്ന ആ കൂറ്റൻ ഒരു മാസം കഴിഞ്ഞപ്പോഴേക്കും കൃശശരീരനായ ഒരു മനു‌ഷ്യന്റെ ആകൃതിയായിത്തീർന്നു. ഒരു മാസം കഴിഞ്ഞപ്പോൾ ഇനി ഇപ്പോൾ മരിച്ചുപോവുകില്ലായിരിക്കുമെന്നുള്ള ഒരു വിചാരവും മാപ്പിളയുടെ മനസ്സിൽ ഉണ്ടായിത്തുടങ്ങി. ക്ഷീണം നല്ലപോലെയുണ്ടെങ്കിലും അയാൾക്ക് എണീറ്റു നടക്കുന്നതിനും മറ്റും യാതൊരുസ്വാധീനവും ഇല്ലാതെയാവുകയും ചെയ്തു. എങ്കിലും "ഒരു മാസം കഴിഞ്ഞിട്ടു മരിച്ചില്ലെങ്കിൽ പിന്നെയും ചെല്ലണമെന്നാണല്ലോ വയക്കരെത്തിരുമേനി കൽപിച്ചിരിക്കുന്നത്. അതിനാൽ ഒന്നുകൂടി പോകണം" എന്നു നിശ്ചയിച്ച് അയാൾ പരിവാരസമേതം വീണ്ടും അച്ഛൻമൂസ്സ് അവർകളുടെ അടുക്കലെത്തി വിവരമെല്ലാം അറിയിച്ചു. അപ്പോൾ അവിടുന്ന് "നീ ഇനി ഇപ്പോഴെങ്ങും മരിച്ചുപോവുകയില്ല. ഞാനന്ന് അങ്ങനെ പറഞ്ഞത് മരിച്ചുപോകുമെന്നു വിചാരിച്ചിട്ടുമല്ല. ചടച്ചവരുടെ ദേഹം തടിക്കാനല്ലാതെ തടിച്ചവരുടെ ദേഹം ചടയ്ക്കാൻ ചികിത്സയൊന്നുമില്ല. പിന്നെ ദേഹം ചടപ്പിക്കുന്നതിനു മനോവിചാരം തന്നെയാണ് ചികിത്സ. മരണഭയം നിമിത്തം ഉണ്ടാകുന്നതിലധികം പ്രബലമായ മനോവിചാരമുണ്ടാകാൻ തരമില്ലല്ലോ. അതിനാൽ അന്ന് അങ്ങനെ പറഞ്ഞത് ഒരു ചികിത്സയാണെന്ന് വിചാരിച്ചാൽ മതി. ആ ചികിത്സ ഫലിക്കുകയും ചെയ്തുവല്ലോ. ഇപ്പോൾ ദേഹത്തിന്റെ സ്വാധീനക്കുറവൊക്കെ മാറിയില്ലേ? വേറെ ദീനമൊന്നുമില്ലാത്തതിനാൽ ഇനി ചികിത്സയൊന്നും വേണമെന്നില്ല. ഇനിയും പണ്ടത്തെപ്പോലെ ദേഹം തടിക്കാതെ സൂക്ഷിക്കുക മാത്രം ചെയ്താൽ മതി. അതിനു പതിവായി ദേഹം വിയർക്കത്തക്കവണ്ണം വല്ലതും അദ്ധ്വാനം ചെയ്തുകൊണ്ടിരുന്നാൽ മതിതാനും. സന്തതിയും സമ്പത്തും ധാരാളമുണ്ടായിരിക്കുക; മനോവിചാരത്തിനു കാരണമൊന്നുമില്ലാതെയിരിക്കുക; സുഖമായി യഥേഷ്ടം ഭക്ഷണവും കഴിച്ച് അദ്ധ്വാനമൊന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുക - ഇതൊക്കെക്കൊണ്ടാണ് ദേഹം ക്രമത്തിലധികം തടിക്കുന്നത്. ശക്തിക്കു തക്കവണ്ണം വ്യായാമം മനു‌ഷ്യർക്ക് അത്യാവശ്യമാണ്. അതു പതിവായി ചെയ്തുകൊണ്ടാൽ സുഖമായിരിക്കാം. അതിനാൽ ഇനി പതിവായി അങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടു മാപ്പിള വളരെ സന്തോ‌ഷിച്ചു പോവുകയും പതിവായി വ്യായാമം ചെയ്തുകൊണ്ട് ആജീവനാന്തം സുഖമായി ഇരിക്കുകയും ചെയ്തു.
3.ഒരിക്കൽ ഒരു സ്ത്രീയ്ക്കു പ്രസവവേദന ആരംഭിച്ചതിന്റെ ശേ‌ഷം നാലഞ്ചുദിവസം കഴിഞ്ഞിട്ടും പ്രസവിച്ചില്ല. അഞ്ചാം ദിവസം പ്രജയുടെ ഒരു കയ്യിന്റെ അറ്റം പുറത്തു കാണായി. സാധാരണ പ്രസവത്തിങ്കൽ ശിരസ്സാണലോ ആദ്യം കാണപ്പെടുന്നത്. അങ്ങനെയലാതെ ആദ്യം കയ്പുറത്തേക്കു വന്നു കണ്ടതിനാൽ വയറ്റാട്ടികൾക്കും മറ്റും വളരെ പരിഭ്രമവും വ്യസനവുമുണ്ടായി. അക്കാലത്തു സൂതികർമിണികളും അപ്പാത്തിക്കിരിമാരും മറ്റും ഈ ദിക്കുകളിൽ ഇല്ലാതിരുന്നതിനാൽ ഇങ്ങനെയുള്ള സംഗതികളിൽ നാട്ടുകാർക്കു നാട്ടുവൈദ്യന്മാരല്ലാതെ ഒരു ശരണവുമില്ലായിരുന്നല്ലോ. അതിനാൽ സ്ത്രീയുടെ ഉടമസ്ഥന്മാർ ഓടി വയക്കരെ എത്തി, വിവരം അച്ഛൻമൂസ്സവർകളുടെ അടുക്കൾ അറിയിച്ചു. അച്ഛൻ മൂസ്സവർകൾ കുറച്ചാലോചിച്ചിട്ട് "ഒരു ഇരുമ്പാണിയോ പിശ്ശാങ്കത്തിയോ വല്ലതും തീയത്തു കാണിച്ച് നല്ലപോലെ പഴുപ്പിച്ച് ആ കുട്ടിയുടെ കയ്യിന്മേൽ വച്ചാൽ മതി" എന്നു പറഞ്ഞു. സ്ത്രീയുടെ ഉടമസ്ഥന്മാർക്ക് അങ്ങനെ ചെയ്യാൻ നല്ല മനസ്സില്ലായിരുന്നു. എങ്കിലും വേറെ മാർഗമൊന്നും ഇല്ലാതിരുന്നതിനാലും അച്ഛൻമൂസ്സവർകൾ പറഞ്ഞിട്ട് ചെയ്താൽ ഒന്നും അപകടമായി വരികയില്ലെന്നുള്ള വിശ്വാസം കൊണ്ടും അവർ അങ്ങനെ ചെയ്തു. ഇരുമ്പു പഴുപ്പിച്ചുവച്ച ഉടനെ ശിശു കൈ അകത്തേക്കു വലിച്ചു. മാത്രനേരം കഴിഞ്ഞപ്പോൾ സ്ത്രീ ക്രമപ്രകാരം പ്രസവിക്കുകയും ചെയ്തു. തള്ളയ്ക്കും പിള്ളയ്ക്കും യാതൊരുതരക്കേടും പറ്റിയില്ല. കുട്ടിയുടെ കൈ പൊള്ളിയിരുന്നു. ആ വിവരം പിന്നെ മൂസ്സവർകളുടെ അടുക്കൽ അറിയിക്കുകയും അതിനു ചില ചികിത്സകൾ അവിടുന്നു നിശ്ചയിച്ചു പറയുകയും അതിൻപ്രകാരം ചെയ്തപ്പോൾ കുട്ടിക്കു സുഖമാവുകയും ചെയ്തു.
4. ഒരിക്കൽ വാതരോഗിയും വയറ്റിൽവേദനക്കാരനുമായ ഒരാൾ പല ചികിത്സകൾ ചെയ്തിട്ടും സുഖം കാണയ്കയാൽ വയക്കരെ അച്ഛൻമൂസ്സ് അവർകളുടെ അടുക്കൽ വന്നു വിവരം അറിയിച്ചു. ആ രോഗി ചെങ്ങന്നൂർക്കാരനോ മറ്റോ ആണെന്നാണ് കേട്ടിട്ടുള്ളത്. ദീനത്തിന്റെ വിവരമെല്ലാം കേട്ടപ്പോൾ അച്ഛൻമൂസ്സ് അവർകൾ "നിങ്ങളുടെ ദിക്കിൽ മുതിര ധാരാളം കിട്ടുകയില്ലേ? എന്നു ചോദിച്ചു. രോഗി "ധാരാളം കിട്ടും. അടിയനുതന്നെ ആണ്ടുതോറും ഇരുനൂറുപറ മുതിരയിൽ കുറയാതെ കിട്ടുന്നുണ്ട്" എന്നു പറഞ്ഞു. "എന്നാൽ മുതിര വറുത്തു കുത്തി പരിപ്പാക്കി, അതു കുറേശ്ശ പുഴുങ്ങി, ദിവസന്തോറും രാവിലെ അതും കൂട്ടി കഞ്ഞി കുടിച്ചാൽ മതി" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ രോഗിക്ക് ഒട്ടും തൃപ്തിയായില്ല. എങ്കിലും അവിടുത്തെ അടുക്കൽ ഒന്നും മറുത്തുപറയാൻ പാടില്ലലോ എന്നു വിചാരിച്ചു ഒന്നും പറയാതെ കുണ്ഠിതത്തോടുകൂടി തിരിച്ചുപോയി. വീട്ടിൽ ചെന്ന ഉടനെ അയാളുടെ ഭാര്യ ചികിത്സയുടെ വിവരം ചോദിച്ചു. അപ്പോൾ ആ രോഗി "എന്റെ ദീനം ഭേദമാകുന്നതാണെന്നു തോന്നുന്നില്ല. കുതിരകളെപ്പോലെ ദിവസംതോറും ഞാൻ കാണം പുഴുങ്ങിത്തിന്നാനാണ് അവിടുന്ന് കല്പിച്ചത്. ഭേദപ്പെടുന്ന ദീനമാണെങ്കിൽ അവിടുന്ന് അങ്ങനെ കല്പിക്കുകയില്ലല്ലോ. ഞാൻ അവിടെ ചെന്നപ്പോൾ അനേകം രോഗികൾ അവിടെ കൂടിയിരുന്നു. അവർക്കൊക്കെ ക‌ഷായത്തിനും മറ്റും ചാർത്തിക്കൊടുക്കുകയും ചിലർക്കു മരുന്നുകൾ കൊടുക്കുകയും മറ്റും ചെയ്തു. എന്നോടുമാത്രം ഇങ്ങനെ കല്പിച്ച സ്ഥിതിക്ക് എന്റെ ദീനം മാറുന്നതല്ലെന്നു നിശ്ചയിക്കാം" എന്നു പറഞ്ഞു. അപ്പോൾ ഭാര്യ "അങ്ങനെ നിശ്ചയിക്കാൻ പാടില്ല. ഏതായാലും അവിടുന്നു കൽപ്പിച്ചതുപോലെ കുറച്ചു ദിവസം ചെയ്തുനോക്കണം. ഭേദമായില്ലെങ്കിൽ വേണ്ടാ. ഇതു ചെയതതുകൊണ്ട് നമുക്കു നഷ്ടമൊന്നും വരാനില്ലല്ലോ" എന്നു പറഞ്ഞു. "എന്നാലങ്ങനെയാവട്ടെ" എന്നു രോഗിയും സമ്മതിച്ചു. അച്ഛൻമൂസ്സ് അവർകൾ പറഞ്ഞയച്ചതുപോലെ പത്തുപന്ത്രണ്ടു ദിവസം ചെയ്തപ്പോൾ രോഗിക്കു കുറച്ചു സുഖമുണ്ടെന്നു തോന്നുകയാൽ നാൽപതു ദിവസം മുടങ്ങാതെ അങ്ങനെ ചെയ്തു. അപ്പോൾ രോഗി സകല സുഖക്കേടുകളും മാറി സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.
5. ഒരിക്കൽ ഒരു സ്ത്രീ തന്റെ ഗൃഹത്തിലുള്ള ഉത്തരത്തിൽനിന്ന് എന്തോ ഒരു സാധനം എടുക്കുന്നതിനായി വലത്തെ കയ്യുയർത്തി. പിന്നെ ആ കൈ എന്തായാലും മേൽപ്പോട്ടുതന്നെ നിൽക്കുന്നതല്ലാതെ കീഴ്പ്പോട്ടിടാൻ വയ്യാതെയായിത്തീർന്നു. പല വൈദ്യന്മാർ ചില ചികിത്സകൾ ചെയ്തു. ഞരമ്പിന്റെ നിശ്ചയമുള്ളവരായ തിരുമ്മുകാരെ ക്കൊണ്ടു തിരുമ്മിച്ചുനോക്കി. ചിലർ ഈ രോഗം വാതസംബന്ധമായിട്ടുള്ളതാണെന്നും മറ്റു ചിലർ ഞരമ്പു പിണങ്ങിപ്പോയതാണെന്നും വേറെ ചിലർ ഇതൊരു ദേവതാഗോഷ്ടിയാണെന്നും മറ്റും അഭിപ്രായപ്പെട്ടു. പല ചികിത്സകളും മന്ത്രവാദങ്ങളുമൊക്കെ ചെയ്തിട്ടും ഒരു ഭേദവുമുണ്ടായില്ല. സ്ത്രീയുടെ കൈ നേരെ മേൽപ്പോട്ടുതന്നെ നിന്നതല്ലാതെ കീഴ്പ്പോട്ടു വന്നില്ല. ഒടുക്കം ആ സ്ത്രീയെ വയക്കരെ അച്ഛൻമൂസ്സവർകളുടെ അടുക്കൽ കൊണ്ടുവന്നു കാണിച്ചു വിവരമൊക്കെ പറഞ്ഞു. അച്ഛൻ മൂസ്സവർകൾ കുറച്ചു നേരം തന്റെ മനസ്സുകൊണ്ട് ആലോചിച്ചിട്ട്, ആ സ്ത്രീയെ ഇറയത്തു കേറ്റി നിർത്താൻ പറഞ്ഞു. സ്ത്രീയുടെ ഉടമസ്ഥന്മാർ അപ്രകാരം ചെയ്തു. പിന്നെ ആ സ്ത്രീയുടെ അസ്വാധീനമല്ലാത്ത ഇടത്തേ കൈ ഒരു കയറിട്ടു മുറുക്കി പുരയുടെ മുകളിലത്തെ വളയിൽ കെട്ടാൻ പറഞ്ഞു. അതും അങ്ങനെ ചെയ്തു. അപ്പോൾ വയക്കരെ തെക്കുവശത്തു മുറ്റത്തു ദീനക്കാരായും മറ്റും വളരെ ആളുകൾ കൂടിട്ടുണ്ടായിരുന്നു. ഈ സ്ത്രീയുടെ കൂടെയും അവരുടെ ഭർത്താവ്, സഹോദരന്മാർ മുതലായി പലരുമുണ്ടായിരുന്നു. ഈ ആളുകളൊക്കെ നോക്കിക്കൊണ്ടു നിൽക്കുന്ന സ്ഥലത്തുവെച്ചാണ് ഈ വിദ്യ കാണിക്കുന്നതെന്നുകൂടി വായനക്കാർ ഓർത്തുകൊള്ളണം. സ്ത്രീയുടെ ഇടത്തെക്കൈ മേല്പോട്ടു പിടിച്ചുകെട്ടിക്കഴിഞ്ഞപ്പോൾ അച്ഛൻമൂസ്സവർകൾ സ്ത്രീയുടെ ഭർത്താവിനെ വിളിച്ച് അവൾ ഉടുത്തിരിക്കുന്ന വസ്ത്രം അഴിച്ചുകളയാൻ പറഞ്ഞു. ഇതു കേട്ടപ്പോൾ സ്ത്രീയുടെ ഉടമസ്ഥന്മാർക്കൊക്കെ വളരെ വ്യസനമായി. സ്ത്രീയുടെ കഥ പറയാനുമില്ലല്ലോ. ഈ ബഹുജനസമക്ഷം ഇങ്ങനെ പ്രവർത്തിക്കാനും ഇങ്ങനെ ചെയ്യാൻ മനസ്സില്ലെന്ന് അച്ഛൻ മൂസ്സവർകളോട് പറയാനും ധൈര്യമില്ലാതെ സ്ത്രീയുടെ ഭർത്താവും ഉടമസ്ഥന്മാരും അങ്ങനെ പരുങ്ങിക്കൊണ്ടുനിന്നു. അപ്പോൾ അച്ഛൻമൂസ്സവർകൾ "നിങ്ങൾക്കു മടിയുണ്ടെങ്കിൽ ഞാൻതന്നെയാവാം" എന്നു പറഞ്ഞു പെട്ടെന്നു സ്ത്രീയുടെ അടുക്കലേക്കു ചെന്നു വസ്ത്രത്തിന്റെ തുമ്പത്തു പിടിക്കാനായി ഭവിക്കയും സ്ത്രീയുടെ വലത്തേ കൈ കീഴ്പ്പോട്ടു വരികയും ഒരുമിച്ചു കഴിഞ്ഞു. വസ്ത്രമിപ്പോൾ അഴിച്ചുകളയുമെന്നുള്ള ദിക്കായപ്പോൾ സ്ത്രീ 'അയ്യോ! അരുത്' എന്നു പറഞ്ഞുകൊണ്ട് വലത്തേക്കൈകൊണ്ട് വസ്ത്രത്തിന്റെ തുമ്പത്തു മുറുകേ പിടിച്ചു. അച്ഛൻ മൂസ്സവർകൾ പിന്നോക്കംപോന്നു യഥാസ്ഥാനം ഇരിക്കുകയും ചെയ്തു. സ്ത്രീയുടെ കൈ കീഴ്പ്പോട്ടു വന്നതിനോടുകൂടി അതിന്റെ അസ്വാധീനതയും തീർന്നു. പിന്നെ ആ കൈ പൊക്കുകയോ താഴ്ത്തുകയോ എന്തു വേണമെങ്കിലും ഇഷ്ടംപോലെ പ്രവർത്തിക്കാറായി. ഇതു കണ്ട് എല്ലാവരും വളരെ അത്ഭുതപ്പെട്ടു. സ്ത്രീയുടെ ഇടത്തെ കയിന്റെ കെട്ടഴിച്ചു കൊണ്ടുപോയ്ക്കൊള്ളുന്നതിന് അച്ഛൻമൂസ്സവർകൾ പറയുകയും അവർ കൊണ്ടുപോവുകയും ഇങ്ങനെ ആ സ്ത്രീ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു.
6. ഒരിക്കൽ ഒരു പുരു‌ഷൻ കോട്ടുവായിടുന്നതിനായി വായ പൊളിച്ചിട്ടു പിന്നെ വായ പൂട്ടാൻ പാടില്ലാതെയായിത്തീർന്നു. എല്ലായ്പ്പോഴും വായ പൊളിച്ചുകൊണ്ടുതന്നെയിരുന്നു. മുക്കൂട്ടും കുഴമ്പുമൊക്കെ പുരട്ടിത്തിരുമ്മിക്കുകയും മറ്റു പല ചികിത്സകൾ ചെയ്തിട്ടും അയാൾക്കു വായ പൊളിച്ചപടി തന്നെ ഇരുന്നതല്ലാതെ കൂട്ടാറായില്ല. ഒടുക്കം അയാളെ വയക്കരെ അച്ഛൻമൂസ്സ് അവർകളുടെ അടുക്കൽത്തന്നെ കൊണ്ടുവന്നു. വിവരമെല്ലാം കേട്ടതിന്റെ ശേ‌ഷം അച്ഛൻമൂസ്സവർകൾ അടുത്തു ചെന്നു വലതുകൈകൊണ്ടു രോഗിയുടെ താടിക്ക് ഒരു തട്ടും ഇടതുകൈകൊണ്ട് മൂർധാവിൽ ഒരിടിയും ഒരുമിച്ചുകൊടുത്തു. അതോടുകൂടി അയാളുടെ സുഖക്കേടു ഭേദമായി. വായ യഥാപൂർവ്വം അടയ്ക്കുകയും തുറക്കുകയും ചെയ്യാറായി അയാൾ പോവുകയും ചെയ്തു. ഇങ്ങനെ അച്ഛൻമൂസ്സ അവർകളുടെ ദിവ്യത്വങ്ങളും അത്ഭുതകർമ്മങ്ങളും പറഞ്ഞാൽ അവസാനമില്ലാതെയുണ്ട്. ഇതെല്ലാം പ്രധാനമായി അവിടുത്തെ ഗുരുത്വവും കൈപ്പുണ്യവും കൊണ്ടാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഗുരുത്വമുള്ളവർക്കു തത്കാലോചിതങ്ങളായ പ്രവൃത്തികളും യുക്തികളും അപ്പപ്പോൾ തോന്നിക്കൊള്ളും. കൈപ്പുണ്യമുള്ളവർ എന്തു ചെയ്താലും ഫലിക്കാതെയിരിക്കുകയില്ലല്ലോ.

വെൺമണി നമ്പൂതിരിപ്പാടന്മാർ ഐതിഹ്യമാല





വെൺമണിനമ്പൂരിപ്പാട്ടിലെ ഇല്ലം കൊച്ചി രാജ്യത്തു 'വെള്ളാരപ്പിള്ളി' എന്ന ദേശത്താണ്. ആ ഇല്ലത്ത് ഒരു കാലത്തു മന്ദബുദ്ധിയായിട്ട് ഒരു ബ്രാഹ്മണകുമാരൻ ഉണ്ടായിത്തീർന്നു. അദ്ദേഹത്തെ അദ്ദേഹത്തിന്റെ അച്ഛൻ യഥാകാലം ഉപനയനം, സമാവർത്തനം മുതലായവ കഴിച്ചു വേദാധ്യായനത്തിനായി തൃശ്ശിവപേരൂർ ബ്രഹ്മസ്വം മഠത്തിൽ കൊണ്ടു ചെന്നാക്കി. അദ്ദേഹം വേദാധ്യയനം ചെയ്തു തൃശ്ശിവപേരൂർ താമസിച്ചിരുന്നതു സഹപാഠികളുടെ പരിഹാസപാത്രമായിട്ടാണ്. ഇദ്ദേഹം ഒരോഭോ‌ഷനും സാധുവുമായിരുന്നതിനാൽ ദുസ്സാമർത്ഥ്യക്കാരായ ഉണ്ണിനമ്പൂരിമാർ ഇദ്ദേഹത്തെ പലവിധത്തിൽ ഭോ‌ഷങ്കളിപ്പിക്കുകയും പരിഹസിക്കുകയും ഉപദ്രവിക്കുകയും പല അപകടങ്ങളിൽ അകപ്പെടുത്തി ബുദ്ധിമുട്ടിക്കുകയും മറ്റും ചെയ്തു കൊണ്ടിരുന്നു.
അക്കാലത്തു തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ ശ്രീകോവിലിന്റെ ഭിത്തിയിൽ ഒരു ചിത്രമെഴുത്തുകാരൻ ഒരു യക്ഷിയുടെ രൂപം എഴുതുകയും ആ ചിത്രം സകല ലക്ഷണങ്ങളും തികഞ്ഞതായിത്തീരുകയാൽ അവിടെ ഒരു യക്ഷിയുടെ സാന്നിധ്യമുണ്ടാവുകയും ചെയ്തിരുന്നു. ആ യക്ഷി രാത്രികാലങ്ങളിൽ സഹശയനത്തിനായി ആ ദിക്കിലുള്ള യവൗനയുക്തന്മാരായ പുരു‌ഷന്മാരുടെ അടുക്കൽ ചെല്ലുകയും അങ്ങനെ പലരെ ഉപദ്രവിക്കുകയും പതിവായിരുന്നു. അക്കാലത്ത് ആ ദിക്കിൽ യക്ഷിയാൽ ബാധിതരായി, ആ ദിവ്യരതിക്രീഡയെ അനുഭവിക്കാൻ അശക്തന്മാരായ പലർ പിറ്റേ ദിവസത്തേക്കു മരിച്ചുപോകുകയും ചിലർ എണീക്കാൻ പാടില്ലാത്തവണ്ണം ക്ഷീണിച്ച് അവശന്മാരായിത്തീരുകയും നല്ലപോലെ ദേഹബലവും ധൈര്യവുമുള്ള ചിലർ മാത്രം അപകടമൊന്നും കൂടാതെ സുഖമനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു. യക്ഷി ആരെയാണു പിടികൂടുന്നതെന്നു നിശ്ചയമില്ലാതിരുന്നതിനാൽ അക്കാലത്ത് ആ ദിക്കിലുള്ള പുരു‌ഷന്മാരെല്ലാം വളരെ ഭയപ്പെട്ടാണ് രാത്രികാലങ്ങൾ കഴിച്ചുകൂട്ടികൊണ്ടിരുന്നത്; മേൽപറഞ്ഞ ചിത്രത്തിന്റെ അടുക്കൽ പുരു‌ഷന്മാരാരെങ്കിലും ചെന്ന് 'ഇന്ന് രാത്രിയിൽ എന്റെ അടുക്കൽ വരണം' എന്നു പറഞ്ഞാൽ അന്നു രാത്രിയിൽ ആ യക്ഷി ആ പുരു‌ഷന്റെ അടുക്കലെത്തും. ആ യക്ഷിക്ക് അങ്ങനെ ഒരു വിശേ‌ഷം കൂടിയുണ്ടായിരുന്നു.
ഇങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം വൈകുന്നേരം ചില ഉണ്ണിനമ്പൂരിമാരും വെൺമണി നമ്പൂരിപ്പാടുംകൂടി വടക്കുന്നഥക്ഷേത്രത്തിൽ തൊഴാനായിട്ടുപോയി. അവിടെചെന്ന് യഥാക്രമം ഓരോ ദേവന്മാരെ തൊഴുതുതൊഴുത് ആ യക്ഷിയുടെ ചിത്രത്തിന്റെ അടുക്കൽ ചെന്നപ്പോൾ ഉണ്ണിനമ്പൂരിമാരെല്ലാവരുംകൂടി പറഞ്ഞിളക്കി വെൺമണി നമ്പൂരിപ്പാടിനെക്കൊണ്ട് ആ യക്ഷിയുടെ അടുക്കൽ "ഇന്നു രാത്രിയിൽ എന്റെ അടുക്കൽ വരണം" എന്നു പറയിച്ചു. എലാവരുംകൂടി അങ്ങനെ പറയണമെന്നു നിർബന്ധിച്ചതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നല്ലാതെ അങ്ങനെ പറയുന്നത് എന്തിനായിട്ടാണെന്നും അങ്ങനെ പറഞ്ഞാലുണ്ടാകുന്ന ഫലമെന്താണെന്നും ഒന്നും അദ്ദേഹത്തിന് അറിവില്ലായിരുന്നു. തൊഴുക കഴിഞ്ഞ് എല്ലാവരുംകൂടി ബ്രഹ്മസ്വം മഠത്തിലേക്കു പോയി. സന്ധ്യാവന്ദനാദികളും അത്താഴവും കഴിഞ്ഞു പതിവുപോലെ എല്ലാവരും അവരവരുടെ കിടപ്പുസ്ഥലത്തു ചെന്നു കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോൾ യക്ഷി ആ മഹൻ നമ്പൂരിപ്പാട്ടിലെ അടുക്കൽ എത്തി. യക്ഷി ചെന്നു തൊട്ട ഉടനെ അദ്ദേഹം ഉണർന്നു. പിന്നെ അവർ യഥേഷ്ടം സുഖാനുഭൂതിയോടുകൂടി സഹശയനംചെയ്തു. ആ ദിവസംവരെ ബ്രഹ്മച്ചര്യത്തോട്കൂടിയും സ്ത്രീസുഖമറിയാതെയും ഇരുന്നിരുന്ന നമ്പൂരിപ്പാട്ടിലേക്ക് ആ യക്ഷിയുടെ സഹശയനം പരമാനന്ദകരമായിഭവിച്ചു. അപ്രകാരം തന്നെ യക്ഷിയും അദ്ദേഹത്തിന്റെ സഹശയനം ഏറ്റവും തൃപ്തികരവും സന്തോ‌ഷാവഹവുമായിത്തീർന്നു. ആ യക്ഷിക്ക് അന്നത്തെപ്പോലെ ഒരു സുഖവും തൃപ്തിയും അതിനുമുമ്പ് ഒരിക്കലും ഉണ്ടായതായി തോന്നിയില്ല. സുഖാനുഭവങ്ങളെല്ലാം കഴിഞ്ഞ് അന്ത്യയാമം ആകാരായപ്പോൾ യക്ഷി, "എനിക്ക് ഇവിടെ താമസിക്കാൻ പാടില്ല. മനു‌ഷ്യസഞ്ചാരം തുടങ്ങുന്നതിനു മുമ്പ് എനിക്ക് സ്വസ്ഥാനത്ത് എത്തണം. അതിനാൽ ഇപ്പോൾ ഞാൻ പോകുന്നു" എന്നു പറഞ്ഞു. ഉടനെ നമ്പൂരിപ്പാട് "ഇന്നു രാത്രിയിലും വരാമോ?' എന്നു ചോദിച്ചു. അപ്പോൾ യക്ഷി "അവിടേക്ക് അങ്ങനെ ആഗ്രഹവും എന്റെ പേരിൽ സന്തോ‌ഷവുമുണ്ടെങ്കിൽ ഞാൻ ഇന്നെന്നല്ലാ, എല്ലാ ദിവസം രാത്രിയിലും അവിടുത്തെ അടുക്കൽ വന്നുകൊള്ളം. എന്നാൽ ഒരു കാര്യമുണ്ട്. അതുകൂടി പറഞ്ഞേക്കാം. അവിടുന്ന് എന്റെ സമ്മതം കൂടാതെ അന്യസ്ത്രീകളെ തൊടരുത്. വേറെ ഒരു സ്ത്രീയെ അവിടുന്നു തൊട്ടാൽപ്പിന്നെ ഞാൻ അവിടുത്തെ അടുക്കൽ വരികില്ല."
നമ്പൂരിപ്പാട്: "ഇല്ല; എന്റെ അച്ഛനാണ് ഇല്ല. നിന്റെ അനുവാദം കൂടാതെ ഞാൻ യാതൊരു സ്ത്രീയെയും തൊടുകയില്ല."
ഇതു കേട്ടപ്പോൾ യക്ഷി സന്തോ‌ഷത്തോടുകൂടി "എന്നാൽ ഞാൻ പതിവായി വന്നുകൊള്ളാം" എന്നു പറഞ്ഞു പോവുകയും പിന്നെ പതിവായി രാത്രിതോറും നമ്പൂരിപ്പാട്ടിലെ അടുക്കൽ വന്നുകൊണ്ടിരിക്കുകയും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പരസ്പരസ്നേഹാകുലരായിത്തീരുകയും ചെയ്തു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ മഹൻ നമ്പൂരിപ്പാട്ടിലെ വേദാധ്യയനം നിറുത്തി, ഇല്ലത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകാനായി അച്ഛൻനമ്പൂരിപ്പാട് ഒരു ദിവസം ത്രിശ്ശിവപേരൂർ ചെന്നു. അച്ഛൻ തന്നെ കൂട്ടികൊണ്ടുപോകാനായിട്ടാണ് വന്നിരിക്കുന്നത് എന്നറിഞ്ഞപ്പോൾ, യക്ഷിയെ പിരിഞ്ഞു പോകണമല്ലോ എന്നു വിചാരിച്ചു മഹൻ നമ്പൂരിപ്പാട്ടിലേക്കു വളരെ വ്യസനമായി. അന്നു രാത്രിയിൽ യക്ഷി വന്നപ്പോൾ നമ്പൂരിപ്പാടു വളരെ മനസ്താപത്തോടുകൂടി, "എന്നെ ഇല്ലത്തേക്കു കൊണ്ടുപോകാൻ അച്ഛൻ വന്നിട്ടുണ്ട്. നാളെ രാവിലെ പോകണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞാനെന്താണു വേണ്ടത്?" എന്നു ചോദിച്ചു. അപ്പോൾ യക്ഷി "അവിടുന്ന് ഒട്ടും വ്യസനിക്കേണ്ട. അവിടുന്ന് ഇല്ലത്തേക്കു പോയാൽ പിന്നെ പതിവായി ഞാൻ അവിടെ വന്നുകൊള്ളാം" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ നമ്പൂരിപ്പാട്ടിലേക്കു വ്യസനമെല്ലാം തീർന്നു, വളരെ സന്തോ‌ഷമായി. പിന്നെ പതിവുപോലെ അവർ സുഖമായി ഒരുമിച്ച് രമിക്കുകയും വെളുപ്പാൻ കാലമായപ്പോൾ പോവുകയും ചെയുതു. രാവിലെ അച്ഛൻനമ്പൂരിപ്പാടു മഹനെ കൂട്ടികൊണ്ട് ഇലത്തേക്കു പോയി. മഹൻ നമ്പൂരിപ്പാട് ഇലത്തുചെന്നു താമസമായതിന്റെ ശേ‌ഷവും യക്ഷിരാത്രിതോറും പതിവായി അവിടെയും ചെന്നു കൊണ്ടിരുന്നു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അച്ഛൻനമ്പൂരിപ്പാട് മകനെക്കൊണ്ട് ഒന്നു വേളികഴിപ്പിക്കണമെന്നു നിശ്ചയിച്ച് പില സ്ത്രീജാതകങ്ങൾ വരുത്തി നോക്കിക്കുക മുതലായ ചില ശ്രമങ്ങൾ തുടങ്ങി. ഈ വിവരമറിഞ്ഞപ്പോൾ, താൻ വേളികഴിച്ചാൽ പിന്നെ യക്ഷി തന്റെ അടുക്കൽ വരികില്ലല്ലോ എന്നു വിചാരിച്ചിട്ട് അതും മകൻനമ്പൂതിപ്പാട്ടിലേക്ക് അത്യന്തം വ്യസനകാരണമായിത്തീർന്നു. അതിനാൽ അദ്ദേഹം തനിക്കു വേളി കഴിക്കാൻ മനസ്സില്ലെന്നും അതിനായി അച്ഛൻ നിർബന്ധിക്കരുതെന്നും മറ്റൊരാൾ മുഖാന്തരം അച്ഛനെ ഗ്രഹിപ്പിച്ചു.
അച്ഛൻനമ്പൂരിപ്പാട്ടിലേക്ക് അതുകേട്ടപ്പോൾ വ്യസനവും കോപവും സഹിക്കവഹിയാതെയായിത്തീർന്നു. ഉടനെ അദ്ദേഹം മഹനെ വിളിച്ചു നേരിട്ടുതന്നെ "എന്താ ഉണ്ണിക്കു വേളി കഴിക്കാൻ മനസ്സില്ല, അല്ലേ? നീ ഇത്ര കഥയില്ലാത്തവനായി തീർന്നല്ലോ. നീ ഒന്ന് വേളി കഴിച്ച്, അതിൽ ചില സന്താനങ്ങളുണ്ടായിക്കണ്ടിട്ടു നമ്മുടെ കാലം കഴിഞ്ഞാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം. അതൊന്നും സാധിച്ചില്ലെങ്കിലും ഈ തറവാടു നശിക്കാതെയിരിക്കണമല്ലോ. അതിനു നീ വേളി കഴിക്കാതിരുന്നാൽ പിന്നെ എന്താ മാർഗം?"
മഹൻ: "അച്ഛൻ പറയുന്നതൊക്കെ കാര്യമാണ്. ഇതിനൊക്കെ സമാധാനം പറയാൻ എനിക്കറിഞ്ഞുകൂടാ. എന്തൊക്കെയായാലും ഞാൻ വേളി കഴിക്കയില്ല. അതിന് അച്ഛൻ എന്നൊടു നിർബന്ധിക്കയുമരുത്."
അച്ഛൻ:"വേളി കഴിക്കയില്ല എന്നു പറഞ്ഞാൽ മതിയോ? കഴിക്കയില്ലാത്തതിന്റെ കാരണമെന്താണ്? അതു കേൾക്കട്ടെ"
മഹൻ: "കാരണമൊന്നുമില്ല. എനിക്കതിന്നു മനസ്സില്ല എന്നേയുള്ളു."
അച്ഛൻ: "വേണ്ടുന്ന കാര്യം ചെയ്വാൻ മനസ്സില്ലെങ്കിൽ നീ ഈ തറവാട്ടിൽ കേറരുത്. എവിടെയെങ്കിലും പൊയ്ക്കൊള്ളണം. ഏഭ്യാ! നിനക്കു മനസ്സില്ല, അല്ലേ? എന്റെ മുമ്പിൽ നിന്നു നിനക്കിങ്ങനെ പറയാൻ ധൈര്യമുണ്ടായല്ലോ. പോ, എന്റെ മുമ്പിൽനിന്ന്. കൊശവനെ ഇനി ഇവിടെ കണ്ടാലറിയാം."
ഇങ്ങനെ അച്ഛൻ കോപത്തോടുകൂടി ശകാരിച്ചതു കേട്ടപ്പോൾ സാധുവും ശുദ്ധഹൃദയനുമായ മഹൻ നമ്പൂതിരിപ്പാട്ടിലേക്കു വ്യസനം സഹിക്കവഹിയാതെയായി. ഈ സംഭാ‌ഷണമുണ്ടായതു രാത്രിയിൽ അത്താഴത്തിനു മുമ്പായിട്ടായിരുന്നു. അതിനാൽ മഹൻനമ്പൂതിരിപ്പാട്ടിലേക്കു വ്യസനം നിമിത്തം അത്താഴമുണ്ണാതെ കരഞ്ഞും കൊണ്ടു പോയിക്കിടന്നു. പതിവുസമയമായപ്പോൾ യക്ഷി അദ്ദേഹത്തിന്റെ അടുക്കൽവന്നു. അപ്പോൾ അദ്ദേഹം വ്യസനിച്ചു കരഞ്ഞുകൊണ്ടു കിടക്കുകയാണെന്നു യക്ഷിക്കു മനസ്സിലായതിനാൽ വ്യസനകാരണമെന്താണെന്നു ചോദിച്ചു. ഈ സംഗതി യക്ഷിയോടു പറയാൻ അദ്ദേഹത്തിനു വളരെ മടിയും ലജ്ജയുമുണ്ടായിരുന്നതിനാൽ ആദ്യം ഒന്നും പറയാതെ ഉപായത്തിൽ കഴിച്ചുകൂട്ടാൻ അദ്ദേഹം കഴിയുന്നതും ശ്രമിച്ചുനോക്കി. എങ്കിലും യക്ഷിയുടെ നിർബന്ധം നിമിത്തം ഒടുക്കം പരമാർത്ഥമൊക്കെ അദ്ദേഹം യക്ഷിയോടു പറഞ്ഞു. അപ്പോൾ യക്ഷി. "അവിടുന്ന് ഒട്ടും വ്യസനിക്കേണ്ടാ. വേളി കഴിക്കുന്നതിനു എനിക്കു യാതൊരു വിരോധവുമില്ല. അവിടുന്നു വേളി കഴിക്കാതെയിരുന്നാൽ ഈ തറവാടു നശിച്ചു പോകുമല്ലോ. ഞാൻ നിമിത്തം അങ്ങനെ വരുന്നത് എനിക്കും വളരെ വ്യസനമാണ്. അവിടുന്നു വേളി കഴിച്ചാലും എന്നെ ഉപേക്ഷിക്കരുത് എന്നു മാത്രമേ എനിക്കു നിർബന്ധമുള്ളു. വേളി കഴിച്ചാൽ ഒന്നരാടൻ ദിവസം ആ അന്തർജനത്തിന്റെ അടുക്കൽ സഹശയനം ചെയ്തുകൊള്ളണം. ഒന്നരാടൻ മാറി വേറെ സ്ഥലത്തു കിടന്നുകൊള്ളണം. ആ ദിവസങ്ങളിൽ ഞാൻ അവിടുത്തെ അടുക്കൽ വന്നുകൊള്ളാം. അതിനാൽ നാളെ രാവിലെ അച്ഛന്റെ അടുക്കൽചെന്നു വേളി കഴിക്കാൻ സമ്മതമാണെന്നു പറയണം. അച്ഛൻ പറഞ്ഞതിനെ കേൾക്കാതിരിക്കുന്നതു ശരിയല്ല" എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ മഹൻ നമ്പുരിപ്പാട്ടിലേക്കു വളരെ സന്തോ‌ഷമായി. പിന്നെ അവർ രണ്ടുപേരുംകൂടി രാത്രിയെ സുഖമായി നയിച്ചു. വെളുപ്പാൻ കാലമായപ്പോൾ യക്ഷി പോയി. മഹൻനമ്പൂതിരിപ്പാട് രാവിലെ എണീറ്റ് അച്ഛന്റെ അടുക്കൽ ചെന്നു വേളികഴിച്ചുകൊള്ളാമെന്നു സമ്മതിച്ചു പറയുകയും അച്ഛൻ നമ്പൂതിപ്പാട് അതു കേട്ടു സന്തോ‌ഷിക്കുകയും താമസിയാതെ ഒരു മൂഹൂർത്തത്തിൽ മഹന്റെ വേളിയും കുടിവെപ്പും കേമമായും ഭംഗിയായും നടത്തിക്കുകയും ചെയ്തു. വേളി കഴിച്ചതിന്റെ ശേ‌ഷം മഹൻ നമ്പൂതിരിപ്പാട് യക്ഷി പറഞ്ഞിട്ടുള്ളതുപോലെ ഒന്നരാടൻ ദിവസം അന്തൻജനത്തിന്റെ അടുക്കലും ഒന്നരാടൻ വേറെയും കിടന്നുകൊണ്ടിരിക്കുകയും ദിവസ മുറയ്ക്കു യക്ഷി അദ്ദേഹത്തിന്റെ അടുക്കൽ ചെന്നുകൊണ്ടിരിക്കുകയും ചെയ്തു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ അന്തർജനം ഗർഭം ധരിക്കുകയും പത്തുമാസവും തികഞ്ഞ് ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. മഹൻനമ്പൂരിപ്പാടു പുത്രന്റെ ജാതകർമ്മം, നാമകരണം, അന്ന പ്രാശനം മുതലായവ അച്ഛന്റെ സഹായത്തോടും ആജ്ഞപ്രകാരവും യഥാ കാലം വേണ്ടതുപോലെ നടത്തി. അപ്പോഴേക്കും അച്ഛൻനമ്പൂരിപ്പാട് അദ്ദേഹത്തിന്റെ ആഗ്രഹംപോലെത്തന്നെ പത്രമുഖം കണ്ടു സന്തോ‌ഷിച്ചുകൊണ്ടു ചരമഗതിയെ പ്രാപിച്ചു. പിന്നെ മഹൻനമ്പൂതിരിപ്പാട് അച്ഛന്റെ പിണ്ഡം, സംവൽസരദീക്ഷ, പന്ത്രാണ്ടാം മാസം മുതലായവ യഥാശക്തി കഴിച്ചുകൂട്ടി.
അപ്പോഴേക്കും മഹനെ ഉപനയിക്കാനുള്ള കാലമായി. പിന്നെ അതിനു മുഹൂർത്തം നിശ്ചയിക്കുകയും ക്രിയാദികൾക്കും മറ്റും വേണ്ടുന്ന ആളുകളെ ഒക്കെ ക്ഷണിക്കുകയും സാമാനങ്ങളെല്ലാം വട്ടംകൂട്ടുകയും ചെയ്തു. ഉപനയനത്തിന്റെ തലേദിവസം രാത്രി യക്ഷിയുടെ മുറയായിരുന്നതിനാൽ യക്ഷി പതിവുപോലെ നമ്പൂരിപ്പാട്ടിലെ അടുക്കലെത്തി. അപ്പോൾ നമ്പൂരിപ്പാടു പ്രസംഗവശാൽ "നാളെ കാലത്തു കുംഭരാശി മുഹൂർത്തത്തത്തിന് ഉണ്ണിയുടെ ഉപനയനം കഴിച്ചാൽ കൊള്ളാമെന്നു വിചാരമുണ്ട്" എന്നു പറഞ്ഞു. അപ്പോൾ യക്ഷി, "എന്നാൽ എനിക്ക് ഒരാഗ്രഹമുണ്ട്. അത് അവിടുന്നു സാധിപ്പിച്ചുതരണം. അവിടുത്തെ പ്രധാനഭാര്യ അഗ്നിസാക്ഷികമായി വിവാഹം ചെയ്യപ്പെട്ട് ആ അന്തർജനമാണെങ്കിലും ആദ്യഭാര്യ ഞാനാണല്ലോ. അതിനാൽ അവിടുത്തെ പുത്രനായ ആ ഉണ്ണിക്കു ഞാൻ വലിയമ്മയാണ്. അതുകൊണ്ട് നാളെ ഉപനയനസമയത്ത് ഉണ്ണി ക്രിയാംഗമായി ഭിക്ഷ യാചിക്കുമ്പോൾ ആദ്യം ഭിക്ഷ കൊടുക്കാൻ ഞാനായാൽ കൊള്ളാമെന്ന് എനിക്കു വളരെ ആഗ്രഹമുണ്ട്. അത് അവിടുന്ന അനുവദിക്കുകയും എന്നെക്കൊണ്ടു നടത്തിക്കുകയും വേണം. സമയമാകുമ്പോൾ ഞാൻ ഒരന്തർജനത്തിന്റെ വേ‌ഷത്തിൽ ഇവിടെ വന്നുകൊള്ളാം" എന്നു പറഞ്ഞു. ഉടനെ നമ്പൂരിപ്പാട്, "അതിനെന്തു വിരോധമാണ്? എനിക്കതു വളരെ സന്തോ‌ഷമാണ്. സമയമാകുമ്പോൾ ഇവിടെ വന്നോളു. കാര്യം ഞാൻ നടത്തിച്ചുകൊള്ളാം." എന്നു സമ്മതിച്ചു പറയുകയും ചെയ്തു.
ക്രിയയ്ക്കു വേണ്ടുന്ന ആളുകളും ഓതിക്കോനും ചാർച്ചക്കാര്യം വേഴ്ചക്കാരും മറ്റുമായിട്ടുള്ള വേറെ അനേകം ബ്രാഹ്മണശ്രേഷ്ഠന്മാരും അന്തർജനങ്ങളും കിടാങ്ങളുമൊക്കെ തലേദിവസംതന്നെ എത്തീട്ടുണ്ടായിരുന്നു. പിറ്റേദിവസം നേരം വെളുത്തപ്പോഴേക്കും എല്ലാവരും കുളിച്ചു തറ്റുടുത്തു ഹാജരായി. ഉടനെ ക്രിയകൾ ആരംഭിക്കുകയും ചെയ്തു. ഭിക്ഷ കൊടുക്കാനുള്ള സമയമായപ്പോഴേക്കും മറക്കുടയും പുതപ്പും ധരിച്ച് അന്തർജനത്തിന്റെ വേ‌ഷമായി കുറെ അരിയും ഒരു പാത്രത്തിലെടുത്തു കൊണ്ട് യക്ഷിയും ആ സ്ഥലത്തെത്തി. യക്ഷി ചെന്നു യാതൊരു ശങ്കയുംകൂടാതെ അന്തർജനങ്ങളുടെ കൂട്ടത്തിൽ കേറി നിലയായി. അന്തർജനവേ‌ഷധാരിണിയായ യക്ഷിയെ കണ്ടപ്പോൾതന്നെ നമ്പൂരിപ്പാട്ടിലേക്ക് ആളെ മനസ്സിലായി. എങ്കിലും ശേ‌ഷമുള്ള ബ്രാഹ്മണരുടേയും അന്തർജനങ്ങളുടേയും ഇടയിൽ "ഈ അന്തർജനം ഏതാണ്, എവിടുത്തേതാണ്, എന്തിനാണ് വന്നത്?" എന്നും മറ്റും അപ്പോൾ സംസാരം തുടങ്ങി. "ഏതായാലും തൊടരുത്" എന്നു പറഞ്ഞു ശേ‌ഷമുള്ള അന്തർജനങ്ങളെല്ലാം മാറിനിന്നു.
ഭിക്ഷ യാചിക്കുക എന്നുള്ള ക്രിയയായപ്പോൾ നമ്പൂരിപ്പാട് ഓതിക്കോനോട് "ഇപ്പോൾ വിശേ‌ഷാൽ വന്നിരിക്കുന്ന ആ അന്തർജനത്തിന്റെ അടുക്കൽ വേണം ഭിക്ഷ യാചിക്കാൻ. ആദ്യം ഭിക്ഷയിടാനും ആ അന്തർജനം വേണം. ഉണ്ണിയുടെ അമ്മ രണ്ടാമതു ഭിക്ഷയിട്ടുകൊള്ളട്ടെ. അതു മതി" എന്നു പറഞ്ഞു.
ഓതിക്കോൻ: "അതു വിഹിതമല്ല. ഉണ്ണിയുടെ അമ്മയാണ് ആദ്യം ഭിക്ഷയിടേണ്ടത്. അതു കഴിഞ്ഞല്ലാതെ മറ്റാർക്കും ഭിക്ഷയിടാൻ പാടില്ല."
നമ്പൂരിപ്പാട്: "ഇപ്പോൾ വന്നിരിക്കുന്നത് ഉണ്ണിയുടെ വലിയമ്മയാണ്. ഞാൻ ആദ്യം വേളി കഴിച്ചത് ഈ അന്തർജനത്തെയാണ്. അതിനാൽ ഈ അന്തർജനം വേണം ആദ്യം ഭിക്ഷയിടാൻ."
ഇതു കേട്ടപ്പോൾ നമ്പൂരിപ്പാട്ടിലെ ചാർച്ചക്കാരായും സ്വജനങ്ങളായും മറ്റും അവിടെ വന്നുകൂടിയിരുന്ന നമ്പൂരിമാരും അന്തർജനങ്ങളും ഓതിക്കോനും എല്ലാവരും "അങ്ങ് ഈ ഉണ്ണിയുടെ അമ്മയെ വേളി കഴിക്കുന്നതിനു മുമ്പ് ഒന്നുകൂടി വേളി കഴിച്ചിട്ടുണ്ടെങ്കിൽ അതു ഞങ്ങളാരും അറിയാതിരിക്കുമോ? അങ്ങ് ഈ പറഞ്ഞതു ശുദ്ധമേ ഭോ‌ഷ്കാണ്. അല്ലെങ്കിൽ പറയു, കേൾക്കട്ടെ; ഈ അന്തർജനം എവിടുത്തെ, ആരുടെ മകളാണ്?" എന്നും മറ്റും ചില ചോദ്യങ്ങളും വഴക്കുകളും തർക്കങ്ങളും കലശലായി. ഈ വന്നിരിക്കുന്നതു തന്റെ സഹപത്നിയാണെന്നും തന്നെക്കൊണ്ട് ആദ്യം ഭിക്ഷയിടുവിക്കുകയില്ലെന്നും അറിഞ്ഞപ്പോൾ ആ ഉണ്ണിയുടെ അമ്മയായ അന്തർജനത്തിനു കോപവും മനസ്താപവും ദുസ്സഹമായിത്തീരുകയാൽ ആ അന്തർജനം, "എനിക്ക് കാൺമാൻ കൊതിച്ച് ആദ്യമുണ്ടായ ഈ ഉണ്ണിക്ക് ആദ്യമെന്നല്ല, ഒരിക്കലും ഈ തെണ്ടിക്കേറിവന്ന വരത്തയെക്കൊണ്ടു ഭിക്ഷയിടീക്കാൻ ഞാൻ സമ്മതിക്കില്ല. എന്റെ ഉണ്ണിക്ക് ഞാൻ ഭിക്ഷയിട്ടാൽ മതി. ഈ പിശാച് വല്യമ്മ ചമഞ്ഞ് ഇപ്പോൾ എവിടുന്നാണ് കേറിവന്നത്? എന്റെ ഉണ്ണിക്ക് ഇവൾ ഭിക്ഷയിടുകയാണെങ്കിൽ ഇവളുടെ മുഖത്തു ഞാൻ ചൂലെടുത്തടിക്കും" എന്നും മറ്റും ശകാരവും വഴക്കും പൊടിപൊടിച്ചു തുടങ്ങി. എല്ലാവരും ഇങ്ങനെ തനിക്കു വിരോധമായി പറഞ്ഞുതുടങ്ങുകയാൽ നമ്പൂരിപ്പാട് ഒന്നും പറയാൻ ശക്തനല്ലാതെ അങ്ങനെ വല്ലാതെ അന്ധനായിത്തീർന്നു. അപ്പോൾ യക്ഷി, "ഞാൻ ഉണ്ണിക്കു ഭിക്ഷയിടാനാണ് വന്നത്. ഉണ്ണിയുടെ അച്ഛന് അതു സമ്മതവുമാണ്. അതിനാൽ നിങ്ങളൊക്കെ എന്തെല്ലാം പറഞ്ഞാലും ഭിക്ഷയിടാതെ ഞാൻ പോവുകയില്ല, നിശ്ചയംതന്നെ" എന്നു പറഞ്ഞു. ഉടനെ അന്തർജനം, "നിനക്ക് അത്ര നിശ്ചയവും മിടുക്കുമുണ്ടോ? എന്നാലതുതന്നെ ഒന്നറിയണം. നിന്നെ ഇവിടെനിന്നു പുറത്തിറക്കിയല്ലാതെ ഇവിടെ ഇനി ഉപനയനത്തിന്റെ ക്രിയ യാതൊന്നും പാടില്ല. ഞാനാണ് പറഞ്ഞത്. ഭിക്ഷയാചിക്കാനും ഭിക്ഷയിടാനും ഇവളെ ഇവിടെനിന്ന് ഇറക്കി വിട്ടിട്ടു വേണം. വരുവിൻ, ആത്തേമ്മാരുകളെല്ലാരും വരുവിൻ! നമുക്കിവളെപ്പിടിച്ച് ഇവിടെ നിന്നു പുറത്താക്കാം. പിന്നെ നമ്പൂരിമാരും വാലിയക്കാരുംകൂടി ഇവളെ പടിക്കു പുറത്താക്കി അയച്ചോളും" എന്നു പറഞ്ഞു ശേ‌ഷമുള്ള അന്തർജനങ്ങളുടെ സഹായത്തോടുകൂടി യക്ഷിയെ പിടിച്ച് ആ അകത്തുനിന്നു പുറത്താക്കി. നമ്പൂരിപ്പാട് "അയ്യോ! സാഹസം പ്രവർത്തിക്കരുത്" എന്നു പറഞ്ഞു നിലവിളച്ചുകൊണ്ട് പിന്നാലെചെന്നു. പടിക്കു പുറത്ത് കൊണ്ടുപോയി തള്ളിയെ ഉടനെ ലജ്ജയും കോപവും സഹിക്കാൻ പാടില്ലാതെ യക്ഷി സ്വന്തമായ രൂപത്തെത്തന്നെ സ്വീകരിച്ച് അവിടെ നിന്നുകൊണ്ട് നമ്പൂരിപ്പാടിനോടായിട്ട്, "അവിടുന്ന് ഒട്ടും വ്യസനിക്കരുത്. ഇതൊന്നും അവിടുത്തെ ദോ‌ഷംകൊണ്ടല്ലെന്ന് എനിക്കറിയാം. എനിക്ക് അവിടുത്തേപ്പേരിൽ ലേശംപോലും പരിഭവവുമില്ല. എങ്കിലും ഈ സ്ഥലത്തും ഈ അടിയന്തരത്തിങ്കലുംവെച്ച് എന്നെ ഇപ്രകാരം അവമാനിച്ചതിനാൽ ഇനി മൂന്നു തലമുറ കഴിഞ്ഞാൽപിന്നെ ഈ തറവാട്ടിൽ ഉണ്ണിയുണ്ടായിട്ട് ഉപനയനം കഴിക്കാൻ സംഗതിയാവുകയില്ല, നിശ്ചയംതന്നെ. എന്നാൽ, ഇപ്പോൾ ഒരു വ്യാഴവട്ടത്തിലധികം കാലമായി എന്റെ സാന്നിധ്യം ഈ സ്ഥലത്ത് ഉണ്ടായിട്ടുള്ളതിന്റെ ഫലമാഹാത്മ്യം ഹേതുവായിട്ട് ഒടുവിൽ രണ്ടു തലമുറയ്ക്കുണ്ടാകുന്ന രണ്ടു പുരു‌ഷന്മാർ സരസ്വതീപ്രസാദംകൊണ്ട് വിശ്വവിശ്രുതന്മാരായിത്തീരുകയും ചെയ്യും. ഇത്രയും കാലം മനു‌ഷ്യസഹവാസത്തോടുകൂടി ഞാൻ ഭൂലോകത്തിൽത്തന്നെ താമസിച്ചു പോയതുകൊണ്ട് ഇനി ഞാൻ ഞങ്ങളുടെ ലോകത്തിൽ ചെന്നാൽ എന്നെ അവിടെ യഥാപൂർവം സ്വീകരിക്കുമെന്നു തോന്നുന്നില്ല. എന്നുമാത്രമല്ല, ഈ അവമാനം അനുഭവിച്ചിട്ട് ഇനി ജീവിച്ചിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. അവിടുന്ന് എന്നെക്കുറിച്ച് വിചാരിച്ച് വ്യസനിക്കരുത്. അകത്ത് പോയി ഉപനയനത്തിന്റെ ശേ‌ഷം ക്രിയകൾകൂടി നടത്തി, ഇനിയും വളരെക്കാലം ഭാര്യാപുത്രാദികളോടുകൂടി സുഖമായി ജീവിച്ചിരുന്നാലും. ഞാൻ ഇതാ യോഗാഗ്നിയിൽ എന്റെ ദേഹത്തെ ഭസ്മീകരിക്കുന്നു" എന്നു പറയുകയും ഉടനെ ആ യക്ഷി എല്ലാവർക്കും അദൃ ഷ്ടയായി ഭവിക്കുകയും ഒരു തേജസ്സു മേൽപ്പോട്ടുയർന്നു മേഘമണ്ഡലത്തിൽ കേറി മറയുന്നത് എല്ലാവരാലും കാണപ്പെടുകയും ചെയ്തു. യക്ഷിയുടെ ഈ വാക്കു കേൾക്കുകയും ഈ അത്ഭുതം കാണുകയും ചെയ്തപ്പോൾ തങ്ങൾ പ്രവർത്തിച്ചതു സാഹസവും അവിവേകവുമായി എന്ന് എല്ലാവർക്കും തോന്നി എങ്കിലും "അതീത കാര്യാനുശയേന കിം സ്യാത്".
വെൺമണിനമ്പൂരിപ്പാടന്മാരുടെ സാക്ഷാൽ തറവാട് ഇപ്പോൾ പുരു‌ഷന്മാരില്ലാതെ ശൂന്യപ്രായമായിരിക്കുന്നത് ആ യക്ഷിയുടെ ശാപം കൊണ്ടും ഒടുവിലത്തെ തലമുറക്കാരും കൊല്ലം 1066-ആമാണ്ടു വൃശ്ചികമാസത്തിലും 1068-ആമാണ്ടു മകര മാസത്തിലുമായി ദേഹവിയോഗം ചെയ്തവരുമായ വെൺമണി അച്ഛൻനമ്പൂരിപ്പാടും മഹൻ നമ്പൂരിപ്പാടു വിശ്വവിശ്രുതന്മാരായിത്തീർന്നത് ആ യക്ഷിയുടെ അനുഗ്രഹമാഹത്മ്യം കൊണ്ടു മാത്രമാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇപ്പോൾ‍ ഉള്ള വെൺമണിനമ്പൂരിപ്പാടന്മാർ പണ്ടേതന്നെ ഈ കുടുംബത്തിൽനിന്നു പിരിഞ്ഞുപോയിട്ടുള്ള ഒരു അച്ഛൻ നമ്പൂരിപ്പാട്ടിലെ ശാഖയിലുണ്ടായിട്ടുള്ളവരാണ്.

ഐതിഹ്യമാല / ചെമ്പകശ്ശേരിരാജാവ്


ഐതിഹ്യമാല / ചെമ്പകശ്ശേരിരാജാവ്

പണ്ട് തെക്കുംകൂർ രാജ്യത്ത് (ഇപ്പോൾ തിരുവിതാംകൂറിൽ)[1] ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കൽച്ചെമ്പകശ്ശേരി'എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു.

രണ്ടുമൂന്നുദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ട് അവരുടെ അടുക്കൽച്ചെന്ന് "ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോടു ചോദിച്ചാലാണ് ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?" എന്നു ചോദിച്ചു.

 ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ട് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞുനിന്ന് "ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണ്" എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്ന് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്ത് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛംനിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ച് ആ ഭടന്മാർക്കു കൊടുത്തിട്ട്" നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റ് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി,ഇപ്പഴത്തെ ഭക്ഷണം കഴിക്കണം;വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുത്" എന്നു പറഞ്ഞയച്ചു.


ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റ് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് "ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണ്. ഇന്നു മുതൽ അവിടുന്ന് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണ്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ച് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല" എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി "നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരംതന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്ക് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്ക് വേണ്ടതുകൂടി നിങ്ങളുണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നത്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടത് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണ്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം" എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ "കല്പന പോലെ" എന്നു പറഞ്ഞ് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ട് അവിടെനിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല,എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.


പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്ത് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്ന്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്ന് അറിയിച്ചു. രാജാവ് ഇതുകേട്ട് "ഉണ്ണിക്ക് ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു" എന്നു പറഞ്ഞു. ഉടനെ ഉണ്ണി "എന്നാൽ അപ്രകാരം ഒരു പ്രമാണംകൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ" എന്നറിയിച്ചു. രാജാവ് ഇതുകേട്ട് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ട് "ഇതിൽ എന്തോ ചതിയുണ്ടെന്നാണ് തോന്നുന്നത്. ഈ ഉണ്ണിക്ക് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമനമൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതുപോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്ന് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്" എന്നറിയിച്ചു. രാജാവ് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവ് ഒപ്പും മുദ്രയുംവെച്ചു നീട്ട് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു.

അതിന്റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ട് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ട് ഓരോന്ന് വെട്ടിക്കൊണ്ട് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർരാജാവ് പ്രമാണം കൊടുത്തിരിക്കുന്നത്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊര് (ദേശം) ആകയാൽ ആ ദേശത്തിന് 'ഉടവാളൂര്'എന്ന പേരിടുകയും ചെയ്തു. ഉടവാളൂര് എന്നുള്ളത് കാലക്രമേണ 'കുടമാളൂര്'എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നുതന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ടകെട്ടിക്കുകയും ചെയ്ത് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ട് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടുംകൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചുതുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ'പുളിക്കൽ' എന്നുണ്ടായിരുന്നത് ലോപിച്ചുപോവുകയും അദ്ദേഹത്തെ എല്ലാവരും'ചെമ്പകശ്ശേരിത്തമ്പുരാൻ'എന്നും 'ചെമ്പകശ്ശേരിരാജാവ്'എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരിനമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.


അനന്തരം ആ ഭടന്മാർ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കര 'വേമ്പനാട്ടു'രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴനാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരിരാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു 'ചെമ്പകശ്ശേരി രാജ്യം' എന്നു നാമം സിദ്ധിച്ചു.
ചെമ്പകശ്ശേരിരാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണ് (ചെമ്പകശ്ശേരിരാജാവിന്റെ ഭവനത്തിനു 'മഠം' എന്നാണു പറഞ്ഞുവന്നിരുന്നത്).

പുളിക്കൽച്ചെമ്പകശ്ശേരിനമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ട് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർകൂടി ഇദ്ദേഹത്തിന്റെ ഊരാൺമസ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർക്ഷേത്രത്തിന്റെ വടക്കെനടയിൽ മതിൽപുറത്ത് മതിലിനോടു ചേർന്ന് ഒരു മഠമുണ്ടായിരുന്നത് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിന് ഇന്നും 'പുളിക്കൽമഠത്തിൽ പുരയിടം' എന്നാണു പേര് പറഞ്ഞുവരുന്നത്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടംനിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലിപ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നുഎങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിന് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തുനിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ട് കെട്ടിച്ചു മതിൽക്കകത്തേക്ക് അഴിച്ചുവിടുകയും ചെയ്തിട്ടു കുടമാളൂർക്ക് പോവുകയും ചെയ്തു. ആ തലേക്കെട്ട് ഇന്നും കുമാരനല്ലൂർ ഭണ്ഡാര ത്തിലിരിക്കുന്നുണ്ട്. വിഷുവിന് കണിവയ്ക്കാനും ഉത്സവകാലത്തും അത് പുറത്തെടുത്ത് ഉപയോഗിക്കാറുണ്ട്. അതിൽ 'ചെമ്പകശ്ശേരിവക' എന്നു പേരു വെട്ടിയിട്ടുമുണ്ട്.

ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്തപുത്രനായിരുന്നു അമ്പലപ്പുഴെ 'പൂരാടംപിറന്ന തമ്പുരാൻ' എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴരാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തുപതിനഞ്ചു കൊല്ലംമുമ്പേ കുടമാളൂർ മഠത്തിൽവെച്ച് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ'വേലിയാംകോൽ' എന്നൊരു നമ്പൂരിയുടെ ഇല്ലത്തുനിന്ന് ഇവിടെ ദത്തുകേറിയവരും അവരുടെ സന്താനങ്ങളുമാണ്. അമ്പലപ്പുഴരാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചുപോരുന്നത് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണ്.

മണ്ണടിക്കാവും കാമ്പിത്താനും ഐതിഹ്യമാല" രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി



മണ്ണടിക്കാവും കാമ്പിത്താനും




"ഐതിഹ്യമാല"

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി

തിരുവിതാംകൂർ കൊല്ലം ഡിവി‌ഷനിൽച്ചേർന്ന കുന്നത്തൂർ താലൂക്കിൽ കണ്ണാടി എന്ന ദേശത്തുള്ള സുപ്രസിദ്ധമായ ഭദ്രകാളീക്ഷേത്രത്തെയാണ് "*മണ്ണടിക്കാവെ*"ന്നു പറയുന്നത്.

ഭദ്രകാളീക്ഷേത്രത്തിൽ ഒരു വെളിച്ചപ്പാടുണ്ടായിരിക്കുക സാധാരണമാണല്ലോ. ചില ദിക്കുകളിൽ വെളിച്ചപ്പാടിനെ "*കോമര*"മെന്നും പറയുന്നതായി കേട്ടിട്ടുണ്ട്.

എന്നാൽ കണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ "കാമ്പിത്താ”നെന്നാണ് പറയുക പതിവ്. മണ്ണടിക്കാവിൽ ഭഗവതി സ്വയംഭൂവാണ്. ആ ക്ഷേത്രം പണ്ട് ദേശാധിപതിയായിരുന്ന വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലെ വകയായിരുന്നു. അടുത്ത കാലത്ത് ഒരു വിധിപ്രകാരം അതു "*മംഗലത്തു പണിക്കർ*" എന്നൊരു നായരുടെ വകയാണെന്നു തീർച്ചപ്പെട്ടിട്ടുണ്ടത്ര.
പണ്ടു വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ മണ്ണടിദേശത്തിന്റെ അധിപനായിരുന്ന കാലത്ത് അവിടത്തെ വകയായി ഒരു ചെറിയ സൈന്യശേഖരമുണ്ടായിരുന്നു. ആ സൈനികന്മാരെ ആയോധനവിദ്യ അഭ്യസിപ്പിക്കുകയും സൈന്യത്തിന്റെ ആധിപത്യം വഹിക്കുകയും ചെയ്തിരുന്നത് മംഗലത്തു പണിക്കരുടെ തറവാട്ടിൽ അന്നന്നു മൂപ്പായിരിക്കുന്നവരായിരുന്നു. അന്നു സൈന്യങ്ങളെ അഭ്യസിപ്പിച്ചിരുന്ന കളരിയും ആ കളരിയിൽ ചില പരദേവതമാരുടെ വിഗ്രഹങ്ങളും മംഗലത്തു പണിക്കരുടെ ഗൃഹത്തിനടുത്ത് ഇപ്പോഴും കാൺമാനുണ്ട്. ഇങ്ങനെ വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ ദേശാധിപതിയും മംഗലത്തു പണിക്കർ സേനാനായകനുമായിരുന്ന കാലത്ത് ഒരു ദിവസം കൃ‌ഷിയിറക്കുന്നതിനു കാടു വെട്ടിത്തെളിക്കാനായി ചില പുലയർ മംഗലത്തു പണിക്കരുടെ ഭവനത്തിനു സമീപം ഒരു കാട്ടിൽ വന്നുചേർന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പുലക്കള്ളി (പുലയസ്ത്രീ) അവിടെക്കണ്ട ഒരു കല്ലിന്മേൽ അരിവാൾ തേച്ചപ്പോൾ ആ ശിലയിൽനിന്നു രക്തം പ്രവഹിക്കുകയാൽ അതുകണ്ടു പുലയർ ഭയാത്ഭുതപരവശന്മാരായി ഉറക്കെ നിലവിളിച്ചു. നിലവിളികേട്ടു മംഗലത്തു പണിക്കർ മുതലായ സമീപസ്ഥർ ഉടനെ സ്ഥലത്തെത്തി സംഗതി മനസ്സിലാക്കുകയും വിവരം വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലെ അടുക്കൽ അറിയിക്കുകയും ചെയ്തു. അതുകേട്ടപ്പോൾ അന്നത്തെ മൂത്ത പണ്ടാരത്തിൽ "രക്തം കണ്ടുവെങ്കിൽ അതൊരു ദേവബിംബമായിരിക്കണം. ഇപ്രകാരം സ്വയംഭൂവായ ദേവബിംബം കണ്ടാൽ ഉടനെ അതിനൊരു നിവേദ്യം കഴിച്ചില്ലെങ്കിൽ അതു മറഞ്ഞു പോകുമെന്നു കേട്ടിട്ടുണ്ട്. അതിനാൽ പണിക്കർ ഈ മലരും പഴവും അവിടെക്കൊണ്ടുപോയി വയ്ക്കുകയും ആ പുലയരെ അവിടെനിന്ന് മാറ്റുകയും ചെയ്യണം. ഞാനൊന്നു കുളിച്ചിട്ടു ക്ഷണത്തിൽ അങ്ങോട്ടു വന്നേക്കാം" എന്നു പറഞ്ഞു കുറെ മലരും പഴവും കൊടുത്തു മംഗലത്തു പണിക്കരെ മുൻപെ അയച്ചിട്ടു പണ്ടാരത്തിൽ കുളിക്കാൻപോയി. പണിക്കർ മലരും പഴവും എടുത്തു ബിംബത്തിന്റെ അടുക്കൽ കൊണ്ടുചെന്നുവച്ചു. അപ്പോഴേക്കും പുലയരെല്ലാം അവിടെനിന്നു ദൂരെ മാറുക കഴിഞ്ഞിരുന്നു. ഉടനെ പണ്ടാരത്തിൽ കുളിയും കഴിഞ്ഞ് പരിവാരസമേതം ഒരു വിളക്കുമായി അവിടെയെത്തി. ദേശക്കാരെല്ലാവരും അപ്പോൾ അവിടെ വന്നുകൂടി. ആ സമയം ഒരു ഊരാളി (മണ്ണാനെന്നും വണ്ണാനെന്നും പരവനെന്നും മറ്റുകൂടി പേരുള്ള ഒരു ജാതിക്കാരൻ) തുള്ളിക്കൊണ്ട് അവിടെ വരുകയും "ഈ കാണപ്പെട്ടിരിക്കുന്ന ബിംബം ഭദ്രകാളിയുടേതാണ്. ഇവിടെ നിവേദ്യവും പൂജയുമൊന്നും വേണ്ട. അവിൽ, മലർ, പഴം മുതലായ സാധനങ്ങൾ സന്നിധിയിൽ കൊണ്ടുചെന്നുവെയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോൾ എടുത്തുകൊണ്ടുപോവുകയും ചെയ്താൽ മതി. അങ്ങനെ ചെയ്താൽ നിവേദ്യം കഴിച്ചാലെന്നപോലെ ദേവിക്കു തൃപ്തിയാകും. മലരും, പഴവും മറ്റും കൊണ്ടുചെന്നുവയ്ക്കുന്നത് മംഗലത്തു പണിക്കർ തന്നെവേണം. ബ്രാഹ്മണരുടെ പൂജയും മറ്റും ഇവിടെ വേണ്ട" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് ആരും വിശ്വസിച്ചില്ല. ഇവനിങ്ങനെ പറയുന്നതു പണിക്കരുടെ സേവയ്ക്കുവേണ്ടിയോ സ്വകാര്യമായി പണിക്കർ ചട്ടം കെട്ടീട്ടൊ ആയിരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്. അതിനാൽ ആ ഊരാളി, "എന്താ ഞാൻ പറഞ്ഞത് നിങ്ങൾക്കാർക്കും വിശ്വാസമായില്ല, അല്ലേ? ആട്ടേ, ഞാൻ നിങ്ങളെ വിശ്വസിപ്പിക്കാം" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഓടിപ്പോയി. ഉത്സാഹശാലികളായ ചില ജനങ്ങളും അവന്റെ പിന്നാലെ ഓടി. അവൻ ഓടിച്ചെന്ന് "കുടപ്പാറ"യുടെ മുകളിൽക്കയറി നിന്നു. കുടപ്പാറ സ്ഥിതിചെയ്യുന്നത് മണ്ണടിയിൽനിന്ന് ആറേഴുനാഴിക കിഴക്കുവടക്കായി പത്തനാപുരം താലൂക്കിൽ കലഞ്ഞൂര് എന്ന ദേശത്ത് ഒരു മലയുടെ മുകളിലാണ്. ആ പാറ കുടയുടെ ആകൃതിയിൽ മേൽഭാഗം വൃത്താകാരമായി പരന്നും അതിന്റെ മധ്യത്തിങ്കൽ ഒരു കാലുമായിട്ടാണിരിക്കുന്നത്. അതിനാൽ അതിന്റെ മുകളിൽ കയറുകയെന്നുള്ളത് മനു‌ഷ്യർക്ക് അസാദ്ധ്യമാണ്. ആ ഊരാളി ഏഴു പ്രാവശ്യം അതിന്റെ മുകളിൽ കയറുകയുമിറങ്ങുകയും ചെയ്തു. ആ പാറയുടെ ചുറ്റും വലിയ കാടായിരുന്നതിനാൽ ഊരാളിയുടെ പിന്നാലെ ഓടിച്ചെന്നവർക്ക് അടുത്തു ചെല്ലുവാൻ സാധിച്ചില്ല. പാറ ഒരുയർന്ന സ്ഥലത്തായിരുന്നതിനാൽ അവൻ അതിന്മേൽ കയറുകയും ഇറങ്ങുകയും ചെയ്തത് അവർ ദൂരെ നിന്നുകൊണ്ട് കാണുക മാത്രമെ ചെയ്തുള്ളൂ. പന്ത്രണ്ടുകോലിൽ കുറയാതെ പൊക്കമുള്ള ആ പാറ ഇപ്പോഴും അവിടെക്കാണ്മാനുണ്ട്.

ആ ഊരാളി കുടപ്പാറയുടെ മുകളിൽനിന്നിറങ്ങി, കാട്ടിൽനിന്നു വെളിയിൽ വന്നതു നാലഞ്ചു കടുവാക്കുട്ടികളെയും പിടിച്ചുകൊണ്ടാണ്. അവൻ ആ കടുവാക്കുട്ടികളെയുംകൊണ്ട് മണ്ണടിയിൽ ബിംബം കണ്ട സ്ഥലത്തെത്തി. അതുകണ്ട് എലാവരും ഭയപ്പെടുകയും അവൻ പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം ദേവിയുടെ അധിവാസമുണ്ടായിട്ടാണെന്ന് എല്ലാവരും വിശ്വസിക്കുകയും ചെയ്തു. അതിനാൽ അവൻ കടുവാക്കുട്ടികളെയെല്ലാം വിട്ടയയ്ക്കുകയും അതോടുകൂടി അവന്റെ കലി അടങ്ങുകയും ചെയ്തു. ഊരാളി പറഞ്ഞതെല്ലാം എല്ലാവരും വിശ്വസിച്ചുവെങ്കിലും പണ്ടാരത്തിലും മംഗലത്തു പണിക്കരും ദേശക്കാരുംകൂടി സർവ്വസമ്മതനായ ഒരു പ്രശ്നക്കാരനെക്കൊണ്ടു പിന്നെ പ്രശ്നം വെപ്പിച്ചുനോക്കിക്കുകകൂടി ചെയ്തു. ഊരാളി പറഞ്ഞതെല്ലാം ശരിയാണെന്ന് പ്രശ്നക്കാരനും പറയുകയാൽ പണ്ടാരത്തിലെ ആജ്ഞപ്രകാരം അവിടെ ക്ഷേത്രം പണി നടത്തിക്കുകയും നിത്യനിദാനം മുതലായവയ്ക്കു പതിവുകൾ നിശ്ചയി ക്കുകയും ചെയ്തു. ഇപ്രകാരമാണ് മണ്ണടിക്കാവുണ്ടായത്. അവിടെ ഇപ്പോഴും അരിവച്ചു നിവേദ്യവും ബ്രാഹ്മണരുടെ പൂജയും പതിവില്ല. മലർ, പഴം മുതലായവ ബിംബസന്നിധിയിൽ കൊണ്ടുചെന്നു വയ്ക്കുകയും കുറച്ചുസമയം കഴിയുമ്പോൾ എടുത്തുകൊണ്ടുപോവുകയും മാത്രമേ പ്രതിദിനം ഇപ്പോഴും ചെയ്തുവരുന്നുള്ളൂ. മലരും പഴവും മറ്റും കൊണ്ടുചെന്നു വയ്ക്കുന്നത് ഇപ്പോഴും മംഗലത്തു പണിക്കർ തന്നെയാണ്. ഇനി കാമ്പിത്താനെക്കുറിച്ചു കൂടി പറയാം.

മണ്ണടിക്കാവു ക്ഷേത്രമുണ്ടായതിന്റെ ശേ‌ഷം ഏതാനും കൊല്ലങ്ങൾ കഴിഞ്ഞപ്പോൾ വാക്കുവഞ്ഞിപ്പണ്ടാരത്തിലേക്കു പുത്രസന്താനമില്ലാതെയായിത്തീർന്നു. പണ്ടാര ത്തിൽ സന്താനാർത്ഥമായി അനേകം സത്ക്കർമ്മങ്ങൾ ചെയ്തിട്ടും യാതൊരു ഫലവുമുണ്ടകായ്കയാൽ ഒടുക്കം ഭഗവതി തന്നെ ഇതിനൊരു നിവൃത്തിയുണ്ടാക്കണമെന്നു പ്രാർത്ഥിച്ചുകൊണ്ട് പണ്ടാരത്തിൽ അന്തർജ്ജ ́നസമേതം മണ്ണടിക്കാവിൽ ഭജനമിരുന്നു. ഭജനം ദൃഢഭക്തിയോടും പൂർണ്ണവിശ്വാസത്തോടും കഠിനനി‌ഷ്ഠയോടും കൂടിയായിരുന്നു. അങ്ങനെ ഏകദേശം അരമണ്ഡലം (ഇരുപത്തിയൊന്നു ദിവസം) കഴിഞ്ഞപ്പോൾ പണ്ടത്തെ ഊരാളി (ബിംബം കാണപ്പെട്ട സമയം തുള്ളിക്കൊണ്ടു വന്ന ഊരാളി തന്നെ) തുള്ളിക്കൊണ്ടു നടയിൽ വരുകയും കല്പന കേൾക്കാനായി പണ്ടാരത്തിൽ അവിടെച്ചെന്നു നിൽക്കുകയും ചെയ്തു. അപ്പോൾ ഊരാളി "ഒട്ടും വ്യസനിക്കേണ്ടാ. ഇന്നേക്കു മൂന്നാം ദിവസം ഒരാൾ ഇവിടെ വരും. ഭഗവതിയുടെ അധിവാസമുണ്ടായിട്ട് അയാൾ പറയുന്നതുപോലെ ചെയ്താൽ താമസിയാതെ സന്തതിയുണ്ടാകും" എന്നു പറഞ്ഞിട്ട് കലിയടങ്ങി മടങ്ങിപ്പോയി.

ഊരാളി പറഞ്ഞതുപോലെ മൂന്നാം ദിവസം ഒരാൾ അവിടെച്ചെന്നു. അയാൾ ഒരു വിദേശീയനുംഭിക്ഷ യാചിച്ചുകൊണ്ടു നടന്ന പാവപ്പെട്ട ഒരു ശൂദ്രനുമായിരുന്നു. അയാൾ അവിടെയെത്തിയ ഉടനെ കൈയിലുണ്ടായിരുന്ന കുടയും വടിയും മാറാപ്പും ദൂരെ വലിച്ചെറിഞ്ഞിട്ടു ക്ഷേത്രത്തിൽ തെക്കുവശത്തുള്ള ആറ്റിൽച്ചാടിക്കുളിച്ചു കയറി തുള്ളിക്കൊണ്ടു നാലു നടയിലും ചെന്നു നിന്ന് അത്യുച്ചത്തിൽ മൂന്നു പ്രാവശ്യം വീതം അട്ടഹസിച്ചു. മുൻകൂട്ടി ഊരാളി പറഞ്ഞിരുനതിനാലും അട്ടഹാസം കേൾക്കുകകൊണ്ടും പണ്ടാരത്തിലും മംഗലത്തു പണിക്കരും ദേശക്കാരുമെല്ലാം ക്ഷണത്തിൽ അവിടെയെത്തി. അപ്പോൾ തുള്ളിക്കൊണ്ടു നിന്ന ആ മനു‌ഷ്യൻ പണ്ടാരത്തിലെ നേരെ നോക്കി, "ഒട്ടും വ്യസനിക്കേണ്ടാ. എനിക്ക് ഒരു "ഉച്ചബലി" നടത്തിയാൽ ഉടനെ സന്താനമുണ്ടാകും" എന്നും ഉച്ചബലി നടത്തേണ്ടുന്ന ക്രമങ്ങളും പറഞ്ഞു. ഉടനെ കലിയടങ്ങുകയും ചെയ്തു. ആ മനു‌ഷ്യൻ പറഞ്ഞതെല്ലാം ഭഗവതി അരുളിച്ചെയ്തതായിത്തന്നെ എല്ലാവരും വിശ്വസിക്കുകയും പണ്ടാരത്തിൾ ഉച്ചബലി എന്ന അടിയന്തിരം വഴിപാടായി നടത്തുകയും താമസിയാതെ അവിടേക്കു പുത്രസന്താന മുണ്ടാവുകയും ചെയ്തു. ഉച്ചബലി കഴിച്ചാൽ ഉണ്ണിയുണ്ടാകുമെന്നു തുള്ളിപ്പറഞ്ഞ ആ മനു‌ഷ്യനെ പണ്ടാരത്തിൽ ചെലവിനു വേണ്ടതെല്ലാം കൊടുത്ത് അവിടെത്തന്നെ താമസിപ്പിക്കുകയും ആ മനു‌ഷ്യൻ ഭഗവതിയെ ഭജിച്ചുകൊണ്ട് സന്യാസവൃത്തിയോടുകൂടി അവിടെത്തന്നെ താമസിക്കുകയും ചെയ്തു. പണ്ടാരത്തിലേക്ക് ഉണ്ണിയുണ്ടായപ്പോഴേക്കും ജനങ്ങൾക്ക് ആ മനു‌ഷ്യനെക്കുറിച്ചുള്ള വിശ്വാസവും ഭക്തിയും വളരെ വർദ്ധിക്കുകയും കല്പനകൾ കേൾക്കാനായി പലവിധത്തിലുള്ള സങ്കടക്കാർ മണ്ണടിക്കാവിൽ മുട്ടുപാടിരിക്കുകയും ആ മനു‌ഷ്യൻ പറയുന്നതെല്ലാം ശരിയായിത്തീരുകയും ചെയ്യുകയാൽ പണ്ടാരത്തിലും പണിക്കരും ദേശക്കാരുംകൂടി അയാളെ ആ കാവിലെ കാമ്പിത്താനായി സ്ഥിരപ്പെടുത്തുകയും അയാൾക്ക് ചില സ്ഥാനമാനങ്ങളെല്ലാം നിശ്ചയിക്കുകയും തുള്ളുമ്പോൾ ഉപയോഗിക്കാനായി വാൾ, ശൂലം, അരമണി, ചിലമ്പ് മുതലായവ കൊടുക്കുകയും ചെയ്തു. മണ്ണടിക്കാവിലെ ആദ്യത്തെ കാമ്പിത്താൻ അയാളാണ്. അയാളുടെ വാക്കുകളും പ്രവൃത്തികളും അത്ഭുതപ്പെടത്തക്കവയായിരുന്നു. അയാൾ തുള്ളിപ്പറഞ്ഞിട്ടുള്ളവയിൽ ഒന്നുപോലും ഒക്കാതെയിരുന്നിട്ടില്ല.
ഈ കാമ്പിത്താന്റെ കാലത്തു കായംകുളത്തുരാജാവിനു സന്തതി യില്ലാതാവുകയാൽ കല്പന കേൾക്കാനായി കായംകുളത്തുരാജാവ് അവിടെച്ചെലുകയും കാമ്പിത്താൻ തുള്ളി, "എനിക്കു തരാമെന്നു നിശ്ചയിച്ചിട്ടുള്ളത് നിശ്ചിതകാലത്തു തരണം, വിശേ‌ഷാൽ ഒരു ഉച്ചബലി കൂടി നടത്തണം. ഉച്ചബലി കഴിച്ചാൽ ഒരു വത്സരം തികയുന്നതിനുമുമ്പു ഒരു സന്തതിയുണ്ടാകും" എന്നു കല്പിച്ചു. സന്തതിയുണ്ടായാൽ ആ കുട്ടിയുടെ അന്നപ്രാശനം കഴിഞ്ഞാലുടനെ മണ്ണടിക്കാവിൽ കൊണ്ടുചെന്നു തൊഴീക്കയും രത്നഖചിതമായ ഒരു പൊൻമുടി നടയ്ക്കു വയ്ക്കുകയും ചെയ്യാമെന്നായിരുന്നു രാജാവ് നിശ്ചയിച്ചിരുന്നത്. ഈ സംഗതി മനസ്സിൽ വിചാരിച്ചതല്ലാതെ അവിടുന്ന് ആരോടും പറഞ്ഞിരുന്നില്ല. ഇതു കാമ്പിത്താൻ കല്പിചുകേട്ടപ്പോൾ കായംകുളത്തു രാജാവ് ഏറ്റവും വിസ്മയിക്കുകയും കല്പനപോലെയെല്ലാം ചെയ്യാമെന്നു സമ്മതിക്കുകയും അധികം താമസിയാതെ ഉച്ചബലി നടത്തിക്കുകയും ഒരു കൊല്ലം കഴിയുന്നതിനുമുമ്പ് അവിടെ സന്തതിയുണ്ടാവുകയും ചെയ്തു. ആ കുട്ടിയുടെ അന്നപ്രാശനം കഴിഞ്ഞയുടനെ ആ കുട്ടിയെ മണ്ണടിക്കാവിൽ കൊണ്ടുപോയി തൊഴീക്കയും അമൂല്യങ്ങളായ അനേകം രത്നങ്ങൾ പതിച്ച ഒരു പൊൻമുടി രാജാവു നടയ്ക്കു വയ്ക്കുകയും ചെയ്തു. മംഗലത്തു പണിക്കരുടെ കളരിയിൽ വച്ചു സൂക്ഷിച്ചിരുന്നതും ഈ അടുത്ത കാലത്തു തസ്കരന്മാർ തട്ടിക്കൊണ്ടുപോയതുമായ പൊൻമുടി ഇതുതന്നെയാണത്ര.
കായംകുളത്തു രാജാവു മനസ്സിൽ വിചാരിച്ച വഴിപാടു കാമ്പിത്താൻ തുള്ളി ചോദിച്ചു മേടിച്ചുവെന്നും മറ്റുമുള്ള വർത്തമാനം അന്നു മധുരയിൽ വാണിരുന്ന പാണ്ഡ്യരാജാവു കേട്ടിട്ടു സ്വർണ്ണത്തിലും വെള്ളിയിലുമായി രണ്ടുകൂട്ടം വാളും ചിലമ്പുമുണ്ടാക്കിച്ചുവയ്ക്കുകയും ഇതറിഞ്ഞ് കാമ്പിത്താൻ തുള്ളിക്കല്പിച്ച് ആളയയ്ക്കുകയാണെങ്കിൽ വെള്ളികൊണ്ടുള്ള വാളും ചിലമ്പും കൊടുത്തയയ്ക്കുകയും കാമ്പിത്താൻ തന്നെ വരുകയാണെങ്കിൽ സ്വർണം കൊണ്ടുള്ള വാളും ചിലമ്പും തന്നെ കൊടുത്തയയ്ക്കാമെന്നു മനസ്സിൽ വിചാരിച്ചു.

ഒരു ദിവസം എന്തോ ചില സംഗതികൾക്കു കല്പന കേൾക്കാനായി പണ്ടാരത്തിലും പണിക്കരും ദേശക്കാരും മണ്ണടിക്കാവിൽ കൂടുകയാൽ സന്ധ്യാസമയമായപ്പോൾ കാമ്പിത്താൻ തുള്ളുകയും തുള്ളി നടയിൽ വന്നയുടനെ "എനിക്ക് ഒരാൾ ചില സമ്മാനങ്ങൾ തരാൻ നിശ്ചയിച്ചിരിക്കുന്നു. ഞാൻപോയി അതുവാങ്ങിക്കൊണ്ടു ക്ഷണത്തിൽ വരാം" എന്നു പറഞ്ഞിട്ട് അവിടെനിന്ന് ഓടിപ്പോവുകയും ചെയ്തു. എങ്ങോട്ടാണ് പോകുന്നതെന്നറിയാനായി ചിലർ കാമ്പിത്താന്റെ പിന്നാലെ ഓടി. കുറച്ചുദൂരം ചെന്നപ്പോൾ കാമ്പിത്താൻ അദൃശ്യനായിത്തീരുകയാൽ പിന്നാലെ ഓടിയവർ മടങ്ങിപ്പോന്നു. രാത്രി മൂന്നേമുക്കാൽ നാഴികയായപ്പോൾ കാമ്പിത്താൻ മധുരയിൽ പാണ്ഡ്യരാജാവിന്റെ അടുക്കലെത്തി. "എനിക്കു തരാനായി വച്ചിരിക്കുന്നതു വേഗത്തിൽ തരണം. താമസിക്കാനിടയില്ല" എന്നു പറഞ്ഞു. ആയുധങ്ങളും വേ‌ഷവും വാക്കും എല്ലാം കണ്ടും കേട്ടും ഈ വന്നിരിക്കുന്നതു കാമ്പിത്താൻ തന്നെയാണെന്ന് നിശ്ചയിച്ചു പാണ്ഡ്യരാജാവു വെള്ളികൊണ്ടുള്ള വാളും ചിലമ്പും കൊടുക്കാനായി എടുത്തുകൊണ്ടുവന്നു. അപ്പോൾ കാമ്പിത്താൻ, "ഇതല്ലല്ലോ എനിക്കു തരാമെന്നു വിചാരിച്ചിരുന്നത്. ഞാൻ ആളയയ്ക്കുകയായിരുന്നുവെങ്കിൽ ഇതു മതിയായിരുന്നു. ഇപ്പോൾ ഞാൻ തന്നെയാണല്ലോ വന്നിരിക്കുന്നത്. അതിനാൽ ആദ്യം വിചാരിച്ചതു തന്നെ തരണം. അല്ലെങ്കിൽ ഒന്നും വേണ്ടാ. താമസിയാതെ ഞാൻ ഒന്നിനു രണ്ടുവീതം എന്റെ സ്ഥലത്തു വരുത്തി വാങ്ങിക്കൊള്ളാം" എന്നു പറഞ്ഞു. ഇതുകേട്ട് പാണ്ഡ്യരാജാവ് ഭയാത്ഭുതപരവശനായി അകത്തുപോയി സ്വർണ്ണം കൊണ്ടുള്ള വാളും ചിലമ്പും തന്നെ എടുത്തുകൊണ്ടുചെന്നു കൊടുക്കു കയും താൻ പ്രവർത്തിക്കാൻ ഭാവിച്ച തെറ്റിനു ക്ഷമായാചനം ചെയ്യുകയും ചെയ്തു. കാമ്പിത്താൻ ആ വാളും ചിലമ്പും വാങ്ങിക്കൊണ്ട് അപ്പോൾ ത്തന്നെ തിരികെപ്പോരുകയും ഏഴരനാഴിക രാച്ചെന്നപ്പോഴേക്കും മണ്ണടിക്കാവിലെത്തുകയും അവിടെക്കൂടിയിരുന്നവർ ആവശ്യപ്പെട്ട കല്പനകൾ യഥോചിതം കൊടുക്കുകയും ചെയ്തു. അക്കാലം മുതൽ ആ കാമ്പിത്താനും പിന്നീടുണ്ടായ കാമ്പിത്താന്മാരും തുള്ളുന്ന സമയങ്ങളിൽ ഉപയോഗിച്ചിരുന്നതു പാണ്ഡ്യരാജാവു കൊടുത്ത ആ വാളും ചിലമ്പുമാണ്. ആ ഒന്നാമത്തെ കാമ്പിത്താൻ മരിച്ചതിന്റെ ശേ‌ഷം ആ വാളും ചിലമ്പും അവിടെ ക്ഷേത്രത്തിന്റെ തെക്കുവശത്തുള്ള നദിയിൽ വലിയ കയമായിട്ടുള്ള ഒരു സ്ഥലത്തു കൊണ്ടുചെന്നു നിക്ഷേപിക്കുകയും അവിടെ മുങ്ങി ആ വാളും ചിലമ്പും എടുത്തുകൊണ്ടുവരുന്ന ആളെയല്ലാതെ മേലാൽ കാമ്പിത്താനായി സ്വീകരിക്കയില്ലെന്നും നിശ്ചയിക്കു കയും ചെയ്തു. ഇപ്രകാരം ചെയ്തതു പണ്ടാരത്തിലും പണിക്കരും ദേശക്കാരും കൂടിയാലോചിച്ചിട്ടാണ്. വാളും ചിലമ്പുമിട്ട ആ സ്ഥലത്തിന്റെ പേര് "പാറക്കടവ്" എന്നാണ് പറഞ്ഞുവരുനന്ത്. അതിനിമ്നമായ ആ സ്ഥലത്തു മുങ്ങി അടിയിൽച്ചെലുക എന്നുള്ളതു മനു‌ഷ്യരാൽ സാദ്ധ്യമായിട്ടുള്ളതല്ല. വർ‌ഷകാലങ്ങളിൽ അവിടെ അതികഠിനമായ ഒഴുക്കുണ്ടായിരിക്കും. ഒഴുക്കില്ലാത്ത സമയങ്ങളിൽ അവിടെ വലിയ മുതലകളുണ്ടായിരിക്കുകയും പതിവാണ്. എങ്കിലും ഒന്നാമത്തെ കാമ്പിത്താന്റെ കാലശേ‌ഷവും പാറക്കടവിൽ മുങ്ങി വാളും ചിലമ്പുമെടുത്തുകൊണ്ടുവരികയും കുടപ്പാറയുടെ മുകളിൽ കയറി നൃത്തം ചെയുകയും കലഞ്ഞൂർ കാട്ടിൽനിന്ന് കടുവാക്കുട്ടികളെ പിടിച്ചുകൊണ്ടുവരുകയും ചെയ്തവരായ രണ്ടോ മൂന്നോ കാമ്പിത്താന്മാർ അവിടെ ഉണ്ടായിത്തീർന്നിരുന്നു. അവരുടെ ഓരോരുത്തരുടേയും കാലശേ‌ഷം ആ വാളും ചിലമ്പും ആ കയത്തിലിടുകതന്നെയാണ് ചെയ്തിരുന്നത്. ഇപ്പോൾ വളരെക്കാലമായി അവിടെ കാമ്പിത്താനുണ്ടാകാതെയിരിക്കുന്നതുകൊണ്ട് ആ വാളും ചിലമ്പും ആ കയത്തിൽത്തന്നെ കിടക്കുകയാണ്.
ഒന്നാമത്തെ കാമ്പിത്താന്റെ കാലശേ‌ഷമുണ്ടായ കാമ്പിത്താന്മാരുടെ ദിവ്യത്വം സംബന്ധിച്ചും അനേകം ഐതിഹ്യങ്ങളുണ്ട്. അവയിൽ ചിലതു മാത്രം താഴെപ്പറഞ്ഞുകൊള്ളുന്നു.

ഒരിക്കൽ ഒരു നമ്പൂരി ഭദ്രോല്പത്തി പതിവായി വായിക്കണമെന്ന് നിശ്ചയിച്ച് എവിടെനിന്നോ ഒരു ഗ്രന്ഥം സമ്പാദിച്ചു. ഭദ്രാല്പത്തി ഗ്രന്ഥം എഴുതി സമ്പാദിച്ചിട്ടുള്ളവർ ചുരുക്കവും അച്ചടിച്ചിട്ടില്ലാത്തതുമാകയാൽ ദേവീമാഹാത്മ്യവും മറ്റുംപോലെ അതത്ര സുലഭവുമല്ല. അതിനാൽ ആ നമ്പൂരി ആ ഒരു ഗ്രന്ഥം സമ്പാദിച്ചതു വളരെ പ്രയാസപ്പെട്ടാണ്. അദ്ദേഹം ആ ഗ്രന്ഥം അഴിച്ചുനോക്കിയപ്പോൾ അതിൽ ഒരു ഭാഗത്തു മൂന്നക്ഷരങ്ങൾ പൊടിഞ്ഞുപോയിരിക്കുന്നതായിക്കണ്ടു. ആ അക്ഷരങ്ങൾകൂടിയില്ലാതെ പാരായണം ശരിയായി നടത്താൻ നിവൃത്തിയില്ലല്ലോ. അതിനാൽ അദ്ദേഹം ഇതിനെക്കുറിച്ച് പല വിദ്വാന്മാരോടും ചോദിച്ചു. അവർ ഓരോരുത്തരും ഓരോവിധം മാറിമാറിപ്പറഞ്ഞു. വിദ്വാന്മാരുടെ അഭിപ്രായം ഭിന്നിച്ചുവരുക യാൽ നമ്പൂരി വേറെ പല ഗ്രന്ഥങ്ങളിൽ നോക്കി. ഓരോ ഗ്രന്ഥത്തിലും ഈ അക്ഷരങ്ങൾ മാറിമാറിത്തന്നെ കണ്ടു. ഒന്നിൽ കണ്ടതുപോലെ മറ്റൊന്നിൽക്കൂടെ കാണ്മാൻ സാധിച്ചില്ല. ആകെപ്പാടെ നമ്പൂരി വി‌ഷമിച്ചു. പിന്നെ അദ്ദേഹം ഭദ്രകാളീ ക്ഷേത്രങ്ങളിലുള്ള വെളിച്ചപ്പാടന്മാർക്കു ഭഗവതിയുടെ അധിവാസമുണ്ടാകുന്ന സമയം അവരോടു ചോദിച്ചാൽ ഇതിന്റെ വാസ്തവമറിയാമെന്ന് വിചാരിച്ച് അതിനായി ശ്രമിച്ചുതുടങ്ങി. അദ്ദേഹം ഇതിനായി മലയാളത്തിലുള്ള പല ഭദ്രകാളീ ക്ഷേത്രങ്ങളിൽ പ്പോയി. ഓരോ സ്ഥലത്തും ചെല്ലുമ്പോൾ എന്തിനായിട്ടാണ് ചെന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ "ഒരു കല്പന കേൾക്കാനാണ്" എന്നു മാത്രമല്ലാതെ അദ്ദേഹം വാസ്തവം ആരോടും പറഞ്ഞില്ല. കാര്യമെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ "അതു ഭഗവതിക്കറിയാം" എന്നു മാത്രമാണ് അദ്ദേഹം മറുപടി പറഞ്ഞത്.

നമ്പൂരി കല്പന കേൾക്കാനായിച്ചെന്ന ക്ഷേത്രങ്ങളിലെല്ലാം വെളിച്ചപ്പാടന്മാർ തുള്ളിചെലുമ്പോൾ "എന്താണ് എന്റെ ഉണ്ണിക്കു സങ്കടം? എന്താണറിയേണ്ടത്?" എന്നു ചോദിക്കുകയും "എനിക്ക് അറിയിക്കാനും അറിയാനുമുള്ള കാര്യം ഗോപ്യമായിട്ടുള്ളതാണ്. അത് മറ്റാരും കേൾക്കാനും അറിയാനും പാടില്ല" എന്നു നമ്പൂരി പറയുകയും അപ്പോൾ അടുത്തുചെന്നു ചെവിയിൽ സ്വകാര്യമായി പറഞ്ഞുകൊള്ളുന്നതിന് വെളിച്ചപ്പാടനുവദിക്കുകയും നമ്പൂരി അടുത്തുചെന്ന് വെളിച്ചപ്പാടിന്റെ ചെവിയിൽ സ്വകാര്യമായി "ഇപ്പോൾ വരട്ടുവാഴയ്ക്കായ്ക്ക് എന്തു വിലയുണ്ട്" എന്നു ചോദിക്കുകയും ഇതുകേട്ടു ചില വെളിച്ചപ്പാടന്മാർ ലജ്ജിച്ച് ഒന്നും മിണ്ടാതെ പിന്മാറുകയും ചിലർ കോപിച്ച്, "അഹോ! എന്നെ പരീക്ഷിക്കാനായി വന്നിരിക്കയാണ് അല്ലേ? ആട്ടെ ഇതിന്റെ ഫലം ഞാൻ കാണിച്ചുതരാം" എന്നും മറ്റും പറയുകയും ചെയ്തുകൊണ്ടിരുന്നു. വെളിച്ചപ്പാടന്മാരുടെ ദേ‌ഷ്യപ്പെടലും മറ്റും നമ്പൂരി അല്പം പോലും വകവയ്ക്കാറില്ല. "വാസ്തവമായി ഭഗവതിയുടെ അധിവാസമുണ്ടായിട്ടു തുള്ളുന്നതണെങ്കിൽ വെളിച്ചപ്പാടന്മാർ കാര്യമെന്താണെന്നു ചോദിക്കയില്ലല്ലോ; ആരും പറയാതെ തന്നെ ഭഗവതിക്ക് എല്ലാമറിയാമല്ലോ" എന്നായിരുന്നു നമ്പൂരിയുടെ വിചാരം. കള്ളത്തുള്ളലു തുള്ളുന്ന വെളിച്ചപ്പാടന്മാരെക്കുറിച്ചുള്ള് പുച്ഛംകൊണ്ടാണ് അദ്ദേഹം വരട്ടുവാഴയ്ക്കായുടെ വില ചോദിച്ചിരുന്നതെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.





ഇങ്ങനെ ആ നമ്പൂതിരി ഭദ്രകാളീക്ഷേത്രങ്ങളിൽ പോയി കല്പന കേൾക്കുകയും കാര്യം സാധിക്കായ്കയാൽ ഇച്ഛാഭംഗത്തോടുകൂടി പിരിയുകയും ചെയ്തതിന്റെശേ‌ഷം ഒടുവിൽ മണ്ണടിക്കാവിൽ ചെന്നു ചേർന്നു. അവിടെ കാമ്പിത്താൻ അധിവാസമുണ്ടായി തുള്ളിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്പൂരി ചെന്നു ചേർന്നത്. അദ്ദേഹം അവിടെ ചെന്നയുടനെ കാമ്പിത്താൻ അദ്ദേഹത്തെ അടുക്കൽ വിളിച്ച് "എന്താ, വരട്ടുവാഴയ്ക്കായുടെ വിലയറിയണം, അല്ലേ? പല സ്ഥലങ്ങളിൽപോയിട്ടും അതറിയാൻ കഴിഞ്ഞില്ലല്ലോ. ആട്ടെ അതു ഞാൻപറഞ്ഞുതരാം" എന്നു പറഞ്ഞിട്ട് കൈയിലുണ്ടായിരുന്ന വാളിന്റെ അഗ്രം കോണ്ട് മൂന്നക്ഷരങ്ങൾ നിലത്തു എഴുതിക്കാണിച്ചു കൊടുക്കുകയും, "എന്താ മനസ്സിലായോ? ഇപ്പോൾ ശരിയായില്ലേ?" എന്നു ചോദിക്കുകയും ചെയ്തു. നമ്പൂരി ആ അക്ഷരങ്ങൾ നോക്കി ധരിച്ചതിന്റെ ശേ‌ഷം ഭക്ത്യാദരസമേതം കാമ്പിത്താന്റെ കാല്ക്കൽ വീണു നമസ്കരിക്കുകയും "ഭഗവതിയുടെ കൃപകൊണ്ട് ഇപ്പോൾ എന്റെ ആഗ്രഹം സാധിച്ചു. ഈ ഭക്തനിൽ എന്നും കരുണയുണ്ടായിരിക്കണം" എന്നു പറയുകയും കുളിച്ചു തൊഴുത് ക്ഷേത്രത്തിൽ അനേകം വഴിപാടുകൾ നടത്തുകയും ചെയ്തു. കാമ്പിത്താൻ എഴുതിക്കാണിച്ച അക്ഷരങ്ങൾ ശ്ലോകത്തിന്റെ വൃത്തത്തിനും അർഥത്തിനും യോജിച്ചവയാ യിരുന്നതിനാൽ നമ്പൂരി അവകൂടി തന്റെ ഗ്രന്ഥത്തിൽ ചേർത്തെഴുതിക്കൊണ്ടു സ്വദേശത്തെത്തി പതിവായി ഭദ്രാല്പത്തി പാരായണം ചെയ്തു കൊണ്ടിരുന്നു.
മുമ്പുണ്ടായിരുന്ന കാമ്പിത്താൻ കഴിഞ്ഞുപോയതിന്റെ ശേ‌ഷം കാമ്പിത്താനുണ്ടാകാതെയും ഒരു കാമ്പിത്തനുണ്ടായാൽക്കൊള്ളാമെന്ന് ജനങ്ങൾ ആഗ്രഹിച്ചുകൊണ്ടുമിരുന്ന കാലത്ത് ഒരിക്കൽ ഒരു നായർ എവിടെനിന്നോ ഒരു ചുമട് ഉപ്പുമായി മണ്ണടിക്കാവിന്റെ കിഴക്കേ നടയിൽ വന്നുചേർന്നു. അയാൾ അവിടെ ഒരു മരത്തണലിൽ ചുമടിറക്കിവച്ചു ക്ഷീണം തീർക്കാനായി ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാളുടെ വിധമൊക്കെ മാറി. അയാൾ തുള്ളിച്ചാടിയെണീറ്റ് അത്യുച്ചത്തിൽ ഒന്നട്ടഹസിചു. ആ അട്ടഹാസം കേട്ട് സമീപസ്ഥന്മാരായ ജനങ്ങളെല്ലാവരും അവിടെക്കൂടി. അപ്പോൾ ആ മനു‌ഷ്യൻ, "കാമ്പിത്താനാണ്, അടുത്ത വെള്ളിയാഴ്ച ജനങ്ങളെല്ലാവരും കുടപ്പാറയുടെ സമീപത്തു വരണം. അപ്പോൾ എന്നെ അവിടെക്കാണാം" എന്നു പറഞ്ഞിട്ട് പാറക്കടവിൽച്ചെന്നു ചാടി വെള്ളത്തിൽത്താഴുകയും ചെയ്തു.
അടുത്ത വെള്ളിയാഴ്ച ജനങ്ങൾ കുടപ്പാറയുടെ സമീപത്തു ചെന്നപ്പോൾ ആ മനു‌ഷ്യൻ കുടപ്പാറയുടെ മുകളിൽ നില്ക്കുന്നതായി എല്ലാവരും കണ്ടു. പാണ്ഡ്യരാജാവു സ്വർണ്ണംകൊണ്ടു പണിയിച്ച് ഇതിനു മുമ്പിലത്തെ കാമ്പിത്താനു കൊടുത്തതും ആ കാമ്പിത്താന്റെ കാലശേ‌ഷം പാറക്കടവിൽ നിക്ഷേപിച്ചിരുന്നതുമായ വാളും ചിലമ്പും ഇളക്കിപ്പിടിച്ചു കൊണ്ടാണ് ആ മനു‌ഷ്യൻ അവിടെ നിന്നിരുന്നത്. ജനങ്ങളെക്കണ്ടയുടനെ അയാൽ താഴെയിറങ്ങി നാലഞ്ചു കടുവാക്കുട്ടികളെയും പിടിച്ചുകൊണ്ട് ജനങ്ങളുടെ അടുക്കലെത്തി. അവിടെ നിന്ന് എല്ലാവരുംകൂടി മണ്ണടിക്കാവിലെത്തി. അപ്പോൾ വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിലും മംഗലത്തുപണിക്കരും ദേശക്കാരും അവിടെക്കൂടുകയും ആ കാമ്പിത്താനെ വിശ്വാസപൂർവ്വം ബഹുമാനിച്ചു സ്വീകരിക്കുകയും ചെയ്തു. ആ കാമ്പിത്താനും അനേകം അത്ഭുതകർമ്മങ്ങൾ ചെയ്തിട്ടുണ്ട്.

ഒരിക്കൽ ഈ കാമ്പിത്താൻ തുള്ളി. പാറക്കടവിൽ വെള്ളത്തിനടിയിൽ ഒരു ഭഗവതി ഇരിക്കുന്നുണ്ടെന്നും അവിടെ ഒരു പൂജ കഴിക്കേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞു. കുറെ ഉണക്കലരിയും പൂവും പൂജാപാത്രങ്ങളും തീയും വിറകും ചന്ദനവും ഉപസ്തരണവും മറ്റുമെടുത്തുകൊണ്ട് പാറക്കടവിൽച്ചെന്നു വെള്ളത്തിൽച്ചാടി മുങ്ങുകയും നാലഞ്ചു നാഴിക കഴിഞ്ഞപ്പോൾ ചൂടാറാത്ത ചോറും പൂജാപാത്രങ്ങളും എടുത്തുകൊണ്ട് വെള്ളത്തിൽനിന്നു കയറിവരുകയും ഇതുകണ്ട് ജനങ്ങൾ ഏറ്റവും വിസ്മയിക്കുകയും ചെയ്തു.

ഒരിക്കൽ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിൽനിന്ന് ഏറ്റവും വിലയേറിയ ചില തിരുവാഭരണങ്ങൾ തസ്കരന്മാർ തട്ടിക്കൊണ്ടു പോവുകയും പലവിധത്തിൽ അന്വേ‌ഷണങ്ങൾ നടത്തീട്ടും യാതൊരു തുമ്പുമുണ്ടാകാതെ വരികയും ചെയ്യുകയാൽ അന്നു നാടു വാണിരുന്ന മഹാരാജാവു തിരുമനസ്സുകൊണ്ടു ഭഗവതിയുടെ കല്പന കേൾക്കുന്നതിനായി മണ്ണടിക്കാവിലേക്ക് കല്പിച്ചാളയച്ചു. തിരുമനസ്സിലെ ആളുകൾ മണ്ണടിക്കാവിൽ വന്ന സമയം ഈ കാമ്പിത്താൻ തുള്ളി കളവുപോയ സാധനങ്ങൾ ഇന്നിടത്ത് ഇന്നാരുടെ അറയിൽ ഒരു പെട്ടിക്കകത്തിരിപ്പുണ്ടെന്നും മോഷ്ടിച്ചത് ഇന്നാരാണെന്നും സ്പഷ്ടമായി പറഞ്ഞു. അതനുസരിച്ച് അന്വേ‌ഷണം നടത്തിയപ്പോൾ സാധനങ്ങളെല്ലാം കണ്ടുകിട്ടുകയും മോഷ്ടാവു കുറ്റം സമ്മതിക്കുകയും അവനെ യഥാന്യായം ശിക്ഷിക്കുകയും ചെയ്തു. ഈ മോ‌ഷണം തെളിയിച്ചുകൊടുത്തതിലേക്ക് തിരുമനസ്സു കൊണ്ട് "പട്ടാഴി" എന്ന ദേശം കരമൊഴിവായി ആ കാമ്പിത്താന്റെ പേരിൽ കല്പിച്ചു പതിപ്പിച്ചു കൊടുത്തു. അതിനാൽ അക്കാലം മുതൽ ആ ദേശ ത്തുള്ള നിലം പുരയിടങ്ങൾക്കെല്ലാം കാമ്പിത്താൻ കുടിയാന്മാർക്ക് ആധാരങ്ങൾ എഴുതിക്കൊടുക്കുകയും പാട്ടം പിരിക്കുകയും ചെയ്തു തുടങ്ങി. അവിടെയുണ്ടായിരുന്ന ഭദ്രകാളീക്ഷേത്രം ജീർണ്ണോദ്ധാരണം ചെയിച്ച് കലശം കഴിപ്പിക്കലും കാമ്പിത്താൻതന്നെ നടത്തി. ദേവസ്വകാര്യങ്ങളെല്ലാം അന്വേ‌ഷിച്ചു നടത്തിവരുന്നതും കാമ്പിത്താൻതന്നെ.

കാമ്പിത്താനെക്കുറിച്ചു ജനങ്ങൾക്കു വിശ്വാസവും ഭക്തിയും ബഹുമാനവും ക്രമേണ വർദ്ധിച്ചുവരികയാൽ അവിടെ കാമ്പിത്താനു സാമാന്യത്തിലധികം പ്രാബല്യവും സിദ്ധിച്ചു. അതിനാൽ മണ്ണടിക്കാവിൽ വഴിപാടായും നടവരവായുമുണ്ടാകുന്ന മുതലുകളെല്ലാം കാമ്പിത്താൻ തന്നെ എടുത്തുതുടങ്ങി. അപ്പോൾ മംഗലത്തു പണിക്കർക്ക് ആദായം കുറഞ്ഞുതുടങ്ങുകയും തന്നിമിത്തം പണിക്കരും കാമ്പിത്താനുമായി വഴക്കും ശണ്ഠയും കലശലായിത്തീരുകയും ചെയ്തു. അപ്പോൾ ദേശക്കാരും മറ്റും കൂടിപ്പറഞ്ഞ് ആ ശണ്ഠ ശമിപ്പിച്ച് അവരെ രാജിപ്പെടുത്തുകയും "കയ്യിൽ കിട്ടുന്നതു കാമ്പിത്താനും നടയ്ക്കു വരുന്നതു പണിക്കരും എടുത്തുകൊള്ളുക" എന്നൊരു വ്യവസ്ഥ നിശ്ചയിക്കുകയും ചെയ്തു. അപ്പോൾ ആരുമൊന്നും നടയ്ക്കു വയ്ക്കാതെ എല്ലാം കാമ്പിത്താന്റെ കൈയിൽക്കൊടുത്തു തുടങ്ങി. ദേവസ്വം സംബന്ധിച്ച് ഒന്നും കിട്ടാതായപ്പോൾ പിന്നേയും പണിക്കർക്കു കാമ്പിത്താനോട് വൈരം വർദ്ധിച്ചു. എങ്കിലും കാമ്പിത്താനു സകലജനങ്ങളുടെയും സഹായവും മഹാരാജാവു തിരുമനസ്സിലെ കാരുണ്യവും വേണ്ടുംവണ്ണമുണ്ടായിരുന്നതിനാൽ ജയം കിട്ടുന്ന കാര്യം അസാദ്ധ്യമാണെന്നു വിചാരിച്ച് പണിക്കർ വ്യവഹാരത്തിനും മറ്റും പോയില്ല. ചില ദുർമ്മന്ത്രവാദികളെക്കൊണ്ട് പണിക്കർ ആഭിചാരം ചെയ്യിച്ചു (വി‌ഷം കൊടുത്താണെന്നും ചിലർ പറയുന്നുണ്ട്) കാമ്പിത്താനെക്കൊല്ലിച്ചു. അതിനാൽ മണ്ണടിക്കാവു ദേവസ്വം പിന്നെയും യഥാപൂർവ്വം മംഗലത്തു പണിക്കരുടെ കൈവശംതന്നെയായി ത്തീർന്നു. അതിൽപ്പിന്നെ ഇതുവരെ അവിടെ കാമ്പിത്താനുണ്ടായിട്ടില്ലാത്തതിനാൽ ഇപ്പോഴും ദേവസ്വം നിർബാധം പണിക്കരുടെ കൈവശം തന്നെയായിരിക്കുന്നു.
ഒരു കാമ്പിത്താൻ മരിച്ചാൽ അയാളുടെ ശവസംസ്കാരവും ഉദകക്രിയ മുതലായവയും ചെയ്യേണ്ടതു പിന്നെയുണ്ടാകുന്ന കാമ്പിത്താനാണ്. പ്രസ്തുത കാമ്പിത്താന്റെ കാലശേ‌ഷം ഇതുവരെ കാമ്പിത്താനുണ്ടായിട്ടില്ലാത്തതിനാൽ ഈ ഒടുവിൽ കഴിഞ്ഞ കാമ്പിത്താന്റെ ശവസംസ്കാരവും ശേ‌ഷക്രിയകളും ഇതുവരെ നടന്നിട്ടില്ല. അയാളുടെ മൃതദേഹം ഒരു പെട്ടിയിലാക്കി ഉപ്പും കർപ്പൂരവുമിട്ടു സ്ഥാപിച്ചിരിക്കുകയാണ്. വാളും ചിലമ്പും പാറക്കടവിലും നിക്ഷേപിച്ചിരിക്കുന്നു.

കാമ്പിത്താൻ മരിച്ചതിന്റെ ശേ‌ഷം പട്ടാഴിദേശവും ദേവസ്വവും തിരുവിതാംകൂർ ഗവർമ്മേന്റിൽ ചേർക്കുകയും ചെയ്തു. എന്നാൽ ഇനിയൊരു കാമ്പിത്താനുണ്ടായാൽ അപ്പോൾ വിട്ടുകൊടുക്കുവാൻ തക്കവണ്ണമല്ലാതെ പൂർണ്ണമായി സർക്കാരിൽ ചേർത്തിട്ടില്ല.
ഇനി ഉച്ചബലിയെസ്സംബന്ധിചാണ് സ്വല്പം പറയാനുള്ളത്. അതു താഴെ പ്രസ്താവിച്ചുകൊള്ളുന്നു.

പട്ടാഴിയിലുള്ള ഭദ്രകാളീക്ഷേത്രത്തിൽ പണ്ടേതന്നെ ഒരു മുടി ഇരിക്കുന്നുണ്ടായിരുന്നു. അതു ഭദ്രകാളിയുടെ മുടിയാണെങ്കിലും അവിടെ ബിംബത്തിൽ ചാർത്തുക പതിവില്ല. സ്വർണ്ണമയമായ ആ മുടി ക്ഷേത്രത്തിനകത്തുതന്നെ പ്രത്യേകമൊരു സ്ഥലത്തുവച്ചു പതിവായി പൂജിച്ചിരുന്നു. മുടിവച്ചു പൂജിച്ചിരുന്ന സ്ഥലത്തിന് "മുടിപ്പുര" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ മുടി എങ്ങനെയോ മണ്ണടിക്കാവിൽച്ചെന്നുചേരുകയും മംഗലത്തു പണിക്കർ കൈവശപ്പെടുത്തുകയും പണിക്കർ അയാളുടെ വീട്ടുമുറ്റത്തു തന്നെ ഒരു മുടിപ്പുര പണിയിച്ച് മുടി അവിടെവച്ച് അയാൾ തന്നെ പൂജ തുടങ്ങുകയും ചെയ്തു.

പണിക്കരും കാമ്പിത്താനും രസമില്ലാതെയാവുകയും മണ്ണടിക്കാവു കാമ്പിത്താന്റെ കൈവശത്തിലാവുകയും ചെയ്തപ്പോൾ പണിക്കർ അയാളുടെ ഗൃഹത്തിനു സമീപം ഒരു ക്ഷേത്രം പണിയിച്ച് അവിടെ ഒരു ഭഗവതിയെ പ്രതി‌ഷ്ഠിക്കുകയും ആ ഭഗവതിക്കു പണിക്കർതന്നെ പൂജ നടത്തിത്തുടങ്ങുകയും ചെയ്തു. ആ ക്ഷേത്രത്തിനു "പുതിയകാവ്" എന്നും "പടിഞ്ഞാറെ നട" എന്നും പേരു സിദ്ധിച്ചു. പുതിയതായി ഉണ്ടായതു കൊണ്ടും മണ്ണടിക്കാവിന്റെ പടിഞ്ഞാറുവശത്തായതുകൊണ്ടും ഈ പേരുകളുണ്ടായതാണ്. പുതിയ കാവിലും മുടിപ്പുരയിലും നിവേദ്യം മലർ മാത്രമാണ് പതിവ്.
ഇദംപ്രഥമമായി ഉച്ചബലിയടിയന്തിരം നിശ്ചയിച്ച കാലത്ത് പണിക്കർ ഒരു ദാരുക(ചിലർ ദാരികനെന്നും പറയും)ന്റെ മുടികൂടിപ്പണിയിച്ചു മുടിപ്പുരയിൽ വച്ചു.
കുംഭമാസം ഒന്നാം തീയതി മംഗലത്തു പണിക്കരും ദേശക്കാരും കിഴക്കേനടയിൽ കൂടിയാണ് ഉച്ചബലിയുടെ ദിവസം നിശ്ചയിച്ചിരുന്നത്. കുംഭമാസം 15-ം തീയതി കഴിഞ്ഞുവരുന്ന വെള്ളിയാഴ്ചയോ ചൊവ്വാഴ്ചയോ വേണമെന്നല്ലാതെ ഉച്ചബലി ഇന്ന ദിവസം വേണമെന്നില്ല. ഉച്ചബലിയുടെ പത്തു ദിവസം മുമ്പേ കൊടിയേറ്റും പിന്നെ പത്തു ദിവസത്തെ ഉത്സവവുമുണ്ട്. കൊടിയേറിയാൽ പത്തു ദിവസത്തേക്കു മംഗലത്തു പണിക്കർ ശരീരശുദ്ധിയോടുകൂടി വ്രതമായിട്ടിരിക്കണം.
ഉച്ചബലിനാൾ എഴരനാഴികപ്പകലാവുന്ന സമയം മൂത്തപണിക്കർ വാദ്യഘോ‌ഷങ്ങളോടും ദേശക്കാരുടെ അകമ്പടിയോടുംകൂടി ഭദ്രകാളിയുടെ മുടിയെടുത്ത് എഴുന്നള്ളിച്ചുകൊണ്ട് വാക്കുവഞ്ഞിപ്പുഴമഠത്തിൽച്ചെല്ലണം. അവിടെനിന്ന് മേൽപ്രകാരം ആഘോ‌ഷങ്ങളോടുകൂടിത്തന്നെ മുടിയെഴുന്നള്ളിച്ചുകൊണ്ട് ഊരുവലത്തായി (ദേശപ്രദക്ഷിണമായി) കിഴക്കേ നടയിൽ വന്നു ചേരണം. ഏഴര നാഴിക രാത്രിയാകുമ്പോൾ ഇളയ പണിക്കർ ദാരുകന്റെ മുടിയുമെടുത്തുകൊണ്ട് അവിടെ എത്തണം. അവിടെ വച്ചു മൂത്തപണിക്കരും ഇളയപണിക്കരുംകൂടി ഭദ്രകാളിയും ദാരുകനും കൂടി പണ്ടുണ്ടായ വിധം ഒരു യുദ്ധം അഭിനയിക്കണം. അതു കഴിഞ്ഞാൽ മുടികൾ രണ്ടും പണിക്കരുടെ വീട്ടിലേക്ക് എഴുന്നള്ളിക്കുകയും മുടിപ്പുരയിൽ കൊണ്ടുചെന്ന് യഥാപൂർവം വയ്ക്കുകയും ചെയണം. ഇത്രയുമാണ് ഉച്ചബലിയുടെ ചടങ്ങുകൾ. ഇതിനു "മുടിയെടുപ്പ്" എന്നും പറയാറുണ്ട്.

പണ്ടൊരിക്കൽ ഒരുച്ചബലിക്കു മൂത്തപണിക്കരും ഇളയപണിക്കരും കൂടി യുദ്ധമഭിനയിച്ച സമയം മൂത്തപണിക്കർക്കു കലികൊള്ളുകയും യുദ്ധം അഭിനയം വിട്ടു വാസ്തവമായിത്തീരുകയും ദാരുകനായ ഇളയപണിക്കർക്കു നേരിട്ടുനിൽക്കാൻ നിവൃത്തിയില്ലാതെയാവുകയാൽ അയാൾ ഓടുകയും ഭദ്രകാളിയായ മൂത്തപണിക്കർ പിന്നാലെ എത്തുകയും ഗത്യന്തരമില്ലെന്നായപ്പോൾ ഇളയ പണിക്കർ ഒരു കിണറ്റിൽ ചാടുകയും മൂത്ത പണിക്കർ കൂടെ ചാടുകയും കുറച്ചുകഴിഞ്ഞപ്പോൾ മൂത്തപണിക്കർ ഇളയ പണിക്കരുടെ തലയും ദാരുകന്റെ മുടിയുംകൊണ്ടു കരയ്ക്കു കയറി വരികയും ആ ഉച്ചബലി അങ്ങനെ അവസാനിക്കുകയും ചെയ്തു.
ഇളയപണിക്കർ കഴിഞ്ഞിട്ടു പിന്നെ അവരുടെ കുടുംബത്തിൽ പുരു‌ഷനായിട്ടു മൂത്തപണിക്കർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പണിക്കരുടെ തറവാട്ടിൽ പ്രായം തികഞ്ഞ രണ്ടു പുരു‌ഷന്മാരുണ്ടാകുന്ന കാലത്ത് അവർ മുടിയെഴുന്നള്ളിച്ചാൽ മതിയെന്നും അതുവരെ കണിയാന്മാരെക്കൊണ്ട് ഉച്ചബലി നടത്തിയാൽ മതിയെന്നും തീർച്ചപ്പെടുത്തി. അതിൽപ്പിന്നെ ഇതുവരെ മംഗലത്തു പണിക്കരുടെ തറവാട്ടിൽ പ്രായം തികഞ്ഞ രണ്ടുപുരു‌ഷന്മാർ ഒരു കാലത്തുമുണ്ടായിട്ടില്ല. ഇളമുറക്കാരനു പുരു‌ഷപ്രായമാകുന്നതിനുമുമ്പു മൂത്തപണിക്കർ മരിക്കും. അങ്ങനെയാണ് ഇപ്പോഴും അവിടെക്കണ്ടുവരുന്നത്.

ഇളയപണിക്കരുടെ കാലശേ‌ഷം ഉച്ചബലിയടിയന്തിരം ദേശാവകാശികളായ കണിയാന്മാരെക്കൊണ്ടു നടത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു ഉച്ചബലിദിവസം കാളിയും ദാരുകനുംകൂടി യുദ്ധമഭിനയിച്ചുകൊണ്ടുനിന്ന സമയം ആ സ്ഥലത്തു ജനങ്ങളുടെ തിക്കും തിരക്കുംകൊണ്ടു കണിയാന്മാർക്കു നില്ക്കാൻ നിവൃത്തിയില്ലാതെയായി. മറിഞ്ഞുവീണുകയും കാലുമൊടിയുകയോ ഏറ്റവും വിലയേറിയ മുടികൾക്കു വല്ലതും കേടുപറ്റുകയോ ചെയ്തുവെങ്കിലോ എന്നു ഭയപ്പെട്ടു കണിയാന്മാർ മുടികൾ അടുത്തു നിന്നിരുന്ന ഈഴവരുടെ കൈയിലേക്കു കൊടുത്തു. ഈഴവർ ആ മുടികൾ മടക്കിക്കൊടുക്കാതെ കൊണ്ടുപോവുകയും ഒരു മുടിപ്പുര പണിയിച്ച് അവിടെവച്ച് അവർതന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അക്കാലം മുതൽ രണ്ടുകൊല്ലം മുമ്പ് (1097-ആമാണ്ട്) വരെ ഉച്ചബലിയടിയന്തിരം നടത്തിവന്നത് ഈഴവരാണ്.
1097-ആമാണ്ട് ഈഴവർ അവർക്കുകൂടി ക്ഷേത്രപ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെടുകയും മംഗലത്തുപണിക്കരും ദേശക്കാരും അതനുവദിക്കായ്കയാൽ ഈഴവർ പിണങ്ങി അവർക്ക് ഉച്ചബലി നടത്താൻ കഴികയില്ലെന്നു പറഞ്ഞ് മുടികൾ മംഗലത്തു പണിക്കരെ ഏല്പിച്ചു കൊടുക്കുകയും ചെയ്തു. അക്കാലംമുതൽ വീണ്ടും കണിയാന്മാരെക്കൊണ്ട് ഉച്ചബലി നടത്തിച്ചു തുടങ്ങി. ഇപ്പോൾ അതു നടത്തുന്നതു കണിയാന്മാർ തന്നെയാണ്. മുടികൾവച്ചു സൂക്ഷിക്കുന്നതു മംഗലത്തു പണിക്കർ തന്നെ.
ഉച്ചബലി സംബന്ധിച്ചു യുദ്ധമഭിനയിക്കുന്ന സ്ഥലത്തിനു "*ഊട്ടുകളം*" എന്നാണ് പേർ പറഞ്ഞുവരുന്നത്. ദാരുകനായ ഇളയപണിക്കർ ചാടിയ കിണറ്റിലെ വെള്ളം ഇപ്പോഴും രക്തവർണ്ണമായിത്തന്നെ കിടക്കുന്നു. അതു ക്ഷേത്രത്തിന്റെ വടക്കു വശത്താണ്. ആ സ്ഥലത്തിനു "ഭഗവതിമഠം" എന്നു പേർ പറഞ്ഞുവരുന്നു.

മണ്ണടിക്കാവിൽ ഇപ്പോൾ കാമ്പിത്താനില്ലെങ്കിലും ഭഗവതിയുടെ ശക്തിയ്ക്ക് അവിടെ ഇപ്പോഴും യാതൊരു കുറവും വന്നിട്ടില്ല. പതിവായി ഉത്സവവും ഉച്ചബലിയും നടന്നുവരുന്നു. കാലഭേദംകൊണ്ടു ജനങ്ങൾക്കു ഭക്തി കുറഞ്ഞുപോവുകയാൽ പണ്ടത്തെപ്പോലെ ആരും ഭഗവതിയെ ആദരിക്കുകയും ആചരിക്കുകയും ചെയ്യുന്നില്ലെന്നു മാത്രമേ അവിടെയൊരു ദോ‌ഷം വന്നിട്ടുള്ളൂ.

*സ്വയംഭൂവായ ബിംബത്തിന്മേൽ അരിവാൾ തേച്ച പുലക്കള്ളി രക്തം കണ്ട സമയം മണ്ണുവാരി അടിച്ചതിനാലാണ് ആ സ്ഥലത്തിനു* "*മണ്ണടി*" *എന്നു പേരു സിദ്ധിച്ചതെന്നു ജനങ്ങൾ പറയുന്നു*. അതെങ്ങനെയായാലും ആ സ്ഥലം ഏറ്റവും മാഹാത്മ്യമുള്ളതും ആ ഭഗവതി അത്യുഗ്രമൂർത്തിയാണെന്നുമുള്ളതിന് സംശയമില്ല.

2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

മഹാഭാഷ്യം (വ്യാകരണമഹാഭാഷ്യം - പതഞ്‌ജലി മഹർഷി )


മഹാഭാഷ്യം (വ്യാകരണമഹാഭാഷ്യം - പതഞ്‌ജലി മഹർഷി )




അനന്താംശജാതനായ സാക്ഷാൽ പതജ്ഞലിമഹർ‌ഷി വ്യാകരണമഹാഭാ‌ഷ്യമുണ്ടാക്കി തന്റെ ആയിരം ശി‌ഷ്യന്മാരെയും അടുക്കലിരുത്തി പറഞ്ഞു കൊടുത്തു പഠിപ്പിച്ച്, ഉരുവിടുവിച്ചു കൊണ്ടിരിക്കുമ്പോൾ ആ ശി‌ഷ്യൻമാരിൽ ഒരാൾ അനുവാദം കൂടാതെ എണീറ്റു പാഠശാലയിൽ നിന്നും പുറത്തേക്കു പോയി.


ശി‌ഷ്യന്റെ ഈ ദുസ്സ്വാതന്ത്ര്യപ്രവൃത്തി മഹർ‌ഷിക്ക് ഒട്ടും രസിച്ചില്ല. അതിനാൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പെട്ടെന്നു കോപാഗ്നി ജ്വലിച്ചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകൾ മിഴിച്ചു ഒന്നു നോക്കി. സമീപത്തിരുന്ന ശി‌ഷ്യൻമാരെല്ലാം അദ്ദേഹത്തിന്റെ കോപാഗ്നിയിൽ ഭസ്മാവശേ‌ഷന്മാരായി ഭവിച്ചു.


തന്റെ പ്രിയശി‌ഷ്യൻമാരെല്ലാം നശിച്ചുപോയതിനെക്കുറിച്ചു ശുദ്ധാത്മാവായ തപോധനന്റെ ഹൃദയത്തിൽ പെട്ടെന്ന് അപാരമായ പശ്ചാത്താപമുണ്ടായി. ജനോപകാരാർത്ഥം താനുണ്ടാക്കിയ മഹാഭാ‌ഷ്യമെല്ലാം ഗ്രഹിച്ചവരായ ശിഷ്യന്മാരെല്ലാവരും നശിച്ചുപോയല്ലോ എന്നു വിചാരിച്ചു മഹർ‌ഷി വി‌ഷാദിച്ചുകൊണ്ടിരിക്കുമ്പോൾ മുമ്പു പുറത്തേക്കിറങ്ങിയപ്പോയ ശി‌ഷ്യൻ വിവര മറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ വന്ന്,

 “അല്ലയോ സ്വാമിൻ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു ശി‌ഷ്യനായിട്ടു ഞാനുണ്ടല്ലോ. മഹാഭാ‌ഷ്യം മുഴുവനും എനിക്കു ഹൃദിസ്ഥമായിട്ടുണ്ട്. ഞാനതിനെ ജനോപകാരാർത്ഥം ശി‌ഷ്യപരമ്പരയാ പ്രചരിപ്പിച്ചുകൊള്ളാം” എന്നു പറഞ്ഞു. അപ്പോൾ മഹർ‌ഷിയുടെ മനസ്സിൽ വീണ്ടും കോപാഗ്നി ജ്വലിക്കയാൽ “എടാ ദ്രോഹി നീ നിമിത്തമല്ലേ എന്റെ പ്രിയ ശി‌ഷ്യന്മാരെല്ലാം നശിച്ചുപോയത്? അതിനാൽ നീയും ഭസ്മമായിപ്പോകട്ടെ” എന്ന് ആ ശി‌ഷ്യനേയും ശപിച്ചു ഭസ്മമാക്കി. പിന്നെയും മഹർ‌ഷിക്കു വലിയ വി‌ഷാദമായി.


ശുദ്ധാത്മാക്കൾക്കു കോപവും പശ്ചാത്താപവും പെട്ടെന്നുണ്ടാകുമല്ലോ.
മഹർ‌ഷി പിന്നെയും അങ്ങനെ വി‌ഷാദിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഗന്ധർവൻ അദ്ദേഹത്തിന്റെ അടുക്കൽ വന്ന് “അല്ലയോ ഭഗവാനേ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു പ്രിയശി‌ഷ്യനായിട്ട് ഈ ഞാനുണ്ട്. ഞാനൊരു ഗന്ധർവനാണ്. ഞാൻ വളരെക്കാലമായി ഈ ആശ്രമ സമീപത്തിങ്കൽ നിൽക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു. അവിടുന്നു മഹാഭാ‌ഷ്യം ശി‌ഷ്യൻമാർക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ട് അതെല്ലാം ഞാൻ ഗ്രഹിച്ചിരിക്കുന്നു. അതിനാൽ എന്നെ അവിടുന്ന് ഒരു ശി‌ഷ്യനായി സ്വീകരിച്ചുകൊണ്ടാലും” എന്നു പറഞ്ഞു.


അപ്പോൾ പിന്നെയും മഹർ‌ഷിക്കു കോപമാണുണ്ടായത്. “നീ എന്റെ മനസ്സു കൂടാതെയും ഞാൻ ഉപദേശിക്കാതെയും എന്റെ ഭാ‌ഷ്യം ഒളിച്ചിരുന്ന് ഗ്രഹിച്ചതിനാൽ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ” എന്നു മഹർ‌ഷി ആ ഗന്ധർവ്വനെ ശപിച്ചു.


ഇതു കേട്ടപ്പോൾ ഗന്ധർവൻ ഏറ്റവും പരവശനായിത്തീരുകയാൽ വിനയസമേതം മഹർ‌ഷിയുടെ കാൽക്കൽ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹർ‌ഷി ഉടനെ പ്രസാദിച്ച്, “നീ എന്റെ ഭാ‌ഷ്യം അതു ഗ്രഹിക്കാൻ യോഗ്യതയുള്ള ഒരാൾക്ക് ഉപദേശിച്ചുകൊടുക്കണം. ഭാ‌ഷ്യം മുഴുവനും ഉപദേശിച്ചുകഴിയുമ്പോൾ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും” എന്നു പറഞ്ഞു ഗന്ധർവനെ അനുഗ്രഹിച്ചു.


ബ്രഹ്മരാക്ഷസനായ ഗന്ധർവൻ വീണ്ടും മഹർ‌ഷിയെ വന്ദിച്ചിട്ട് അവിടെ നിന്നു പോയി യഥാപൂർവം ആലിന്റെ മുകളിൽച്ചെന്ന് ഇരിപ്പായി. ഭാ‌ഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവർക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാൻ എന്നു വിചാരിച്ച് ആ ബ്രഹ്മരാക്ഷസൻ അതിലെ കടന്നു പോകുന്ന ബ്രാഹ്മണൻമാരെ ഒക്കെ വിളിച്ച് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.


ബ്രഹ്മരാക്ഷസന്റെ പരീക്ഷ എങ്ങനെയെന്നാൽ, തന്റെ അടുക്കൽ വരുന്നവരോടു “പചേർന്നി‌ഷ്ഠായാം കിം രൂപം” എന്നൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറയാത്തവരെ അവൻ പിടിച്ചു ഭക്ഷിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഏർപ്പാട്.
ഈ ചോദ്യത്തിനു “പക്തം” എന്നും മറ്റു ചില അബദ്ധങ്ങളായ ഉത്തരങ്ങളല്ലാതെ ശരിയായി ആരും പറയായ്കയാൽ ആ ബ്രഹ്മരാക്ഷസൻ അസംഖ്യം മഹാബ്രാഹ്മണരെ പിടിച്ചു ഭക്ഷിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞു.


അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം സർവാശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠൻ അതിലേ വന്നു. അദ്ദേഹം സന്ന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേ‌ഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസൻ തന്റെ അടുക്കൽ വിളിച്ചു മേൽപ്പറഞ്ഞ ചോദ്യം ചോദിച്ചു. അദ്ദേഹം “പക്വം” എന്ന് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോൾ ബ്രാഹ്മണനു മഹാഭാ‌ഷ്യം ഗ്രഹിക്കാൻ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ച് ബ്രഹ്മരാക്ഷസൻ അദ്ദേഹത്തിന് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്രഹ്മരാക്ഷസൻ ആലിൻമേലും ബ്രാഹ്മണൻ ആൽത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസൻ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യൗഷധം കൊടുത്തു സേവിപ്പിച്ചിട്ടാണ് ഭാ‌ഷ്യം ഉപദേശിക്കാൻ തുടങ്ങിയത്. ബ്രഹ്മരാക്ഷസൻ ആ ആലിന്റെ ഇലപറിച്ചു ഭാ‌ഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണൻ അതു നോക്കി ധരിക്കുകയുമായിട്ടാണ് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തത്. ബ്രഹ്മരാക്ഷസൻ എഴുതിയിടുന്നത് ബ്രാഹ്മണൻ നോക്കി ധരിച്ചുകഴിഞ്ഞാൽ പിന്നെയും ബ്രഹ്മരാക്ഷസൻ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോൾ മഹാഭാ‌ഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണൻ ധരിക്കുകയും കഴിഞ്ഞു. അപ്പോൾ ബ്രഹ്മരാക്ഷസൻ ശാപമുക്തനായി പൂർവസ്ഥിതിയിൽ ഗന്ധർവത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണൻ തന്റെ ഗുരുവായ ഗന്ധർവനെ വന്ദിച്ചു യാത്രയും പറഞ്ഞ് അവിടെനിന്ന് യാത്രയായി. അപ്പോൾ ആ ഗന്ധർവൻ തന്റെ പ്രിയശി‌ഷ്യനായ ബ്രാഹ്മണനെ വീണ്ടും വണ്ണം അനുഗ്രഹിച്ചിട്ട് “അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുൽപിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരിക്കാനായി ഞാൻ തന്ന ആ ദിവ്യൗഷധത്തിന്റെ ശക്തി അങ്ങേയ്ക്കു ജലസ്പർശമുണ്ടായാൽ നശിച്ചുപോകും. ഉടൻ ഭവാൻ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങ് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാൽ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം” എന്നു പറഞ്ഞിട്ട് അന്തർദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണൻ താൻ പഠിച്ച മഹാഭാ‌ഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കിൽ പറഞ്ഞുതരാൻ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധർവൻ എഴുതിത്തന്നവയായ ഈ ആലിലകൾകൂടി കൊണ്ടുപോയി ഇതൊന്നു പകർത്തിയെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ച് ആലിലകളും കെട്ടിയെടുത്ത് അവിടെനിന്നു പോവുകയും ചെയ്തു.



ആ ബ്രാഹ്മണൻ പിന്നെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് ഒരു ദിവസം ദിക്കിൽ ചെന്നപ്പോൾ മാർഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയിൽ ഇറങ്ങാതെ അക്കരെ കടക്കുന്നതിന് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയിൽ വെള്ളമധികമില്ലാത്തതുകൊണ്ട് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നത് നദിയിലിറങ്ങിയാണ്. നദി വീതി വളരെ കുറഞ്ഞതുമായിരുന്നു. അതിനാൽ ആ ബ്രാഹ്മണൻ ക്ഷണത്തിൽ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണൻ ഗാഢനിദ്രയെ പ്രാപിച്ച് അവിടെ വീണു. അപ്പോൾ ആ കടവിൽ കുളിച്ചുകൊണ്ടുനിന്ന നവയൗവനയുക്തയായ ഒരു ശൂദ്രകന്യക അതുകണ്ട് അടുത്തു ചെന്നു നോക്കിയപ്പോൾ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണൻ ഇപ്രകാരം മാർഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ട് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ച് അവിടെ നിന്നുകൊണ്ടു ദാസിമാരിൽ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ച് നാലു ഭൃത്യൻമാരെ വരുത്തി, അവരെക്കൊണ്ട് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലേക്കു കൊണ്ടുപോയി. അവിടെ അവൾ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിർബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലിൽ മെത്ത വിരിച്ച് അതിൽ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സൗന്ദര്യം, സൗശീല്യം, സൗജന്യം, വൈദു‌ഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീട് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.


ബ്രാഹ്മണൻ കുറച്ചുനേരം കഴിയുമ്പോൾ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാൽ ഇതെന്തു കഥയാണെന്നു വിചാരിച്ച്, അവൾക്ക് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവൾ അവളുടെ അച്ഛന്റെ അടുക്കൽച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ചപ്പോൾ “ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് നിദ്രയാണ്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാൽ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കിൽ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരുന്നാൽ ഇദ്ദേഹം എത്രനാൾ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോൾ ഇദ്ദേഹത്തിനു ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല” എന്നു പറഞ്ഞു വൈദ്യൻ പോയി. പിന്നെ ആ വൈദ്യൻ പറഞ്ഞതുപോലെയൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാൽ ശരിയാവുകയില്ലെന്നു വിചാരിച്ച് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താൻതന്നെ അല്ലാഞ്ഞാൽ ശരിയാവുകയില്ലെന്നു വിചാരിച്ച് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോ‌ഷമായി. അതിനാൽ അവൾതന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്ത് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.



ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോൾ ആ ബ്രാഹ്മണൻ ഉണർന്നു. അപ്പോൾ അദ്ദേഹത്തിന് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെക്കുറിച്ചായിരുന്നു. അതിനാൽ അദ്ദേഹം പെട്ടെന്നെണീറ്റ് ആ നദീതീരത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോൾ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നിൽക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോൾ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാൽ ബ്രാഹ്മണനു വളരെ വി‌ഷാദമായി. പൊയ്പോയതിനെക്കുറിച്ച് ഇനി വിചാരിച്ചതുകൊണ്ട് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ശേ‌ഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്ത് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോൾ ഈ ബ്രാഹ്മണൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നതിനായി ആ ശൂദ്രകന്യകയാൽ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യൻമാർ അവിടെ വന്നു. അവരോട് ഈ പശു ആരുടെ വകയാണ് എന്ന് ബ്രാഹ്മണൻ ചോദിക്കുകയും ഇത് ഞങ്ങളുടെ യജമാനന്റെ വകയാണ് എന്ന് അവർ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണൻ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തിൽത്തന്നെ വന്നു. അപ്പോൾ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവർ തമ്മിലുണ്ടായ സംഭാ‌ഷണംകൊണ്ട് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവളരെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചത് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ അവർക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താൽപര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണൻ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണന് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാൽ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.



പിറ്റേ ദിവസം രാവിലെ ബ്രാഹ്മണൻ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോൾ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകിത്തുടച്ചു കൊണ്ടുവന്നു. ശേ‌ഷമുള്ള ആലിലകളോടു കൂട്ടിച്ചേർത്തു നോക്കിയപ്പോൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നറിയുകയാൽ അദ്ദേഹത്തിനു വളരെ സന്തോ‌ഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നത് അതുകളിൽ ഭാ‌ഷ്യമെഴുതിയ ഗന്ധർവന്റെ ദിവ്യത്വംകൊണ്ടോ മഹാഭാ‌ഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.
പിന്നെ ആ ബ്രാഹ്മണൻ ആ ആലിലകളെലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കൽ വിളിച്ചു. 



“ഇപ്പോൾ അഞ്ചാറു മാസമായല്ലോ. ഞാനിവിടെ വന്നിട്ട്. ഇനി ഇപ്പോൾ ഞാൻ പോകുവാൻ ഭാവിക്കുകയാണ്. ഇത്രയുംകാലം നീ എന്നെ വേണ്ടുന്ന ശുശ്രൂ‌ഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കുചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാൻ കാണുന്നില്ല. എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാൽ ഞാൻ കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണ്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാൽ അതു സാധിക്കുന്നതിനായി നിന്നെ ഞാൻ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാൻ കാണുന്നില്ല. അതിനാൽ നിന്റെ ആഗ്രഹമെന്താണെന്നു പറയണം” എന്നു പറഞ്ഞു. അപ്പോൾ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ട് “അല്ലയോ സ്വാമിൻ! ഞാൻ ജനിച്ചതിൽപ്പിന്നെ ഒരു പുരു‌ഷന്റെ പാദശുശ്രൂഷ ചെയ്യുന്നതിനാണ് എനിക്ക് ഭാഗ്യം സിദ്ധിച്ചത്. അതിനാൽ ഈ ജന്മത്തിൽ മറ്റൊരു പുരു‌ഷന്റെ ശുശ്രൂഷ ചെയ്വാൻ സംഗതിയാകാതെയിരുന്നാൽ കൊള്ളാമെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാൽ അവിടുന്നു കൃപയുണ്ടായി ഞാൻ അവിടുത്തെ ഭാര്യയായിത്തീരാനായിട്ട് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതിൽ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാൻ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കിൽ എന്റെ ജന്മം സഫലമായി” എന്നു പറഞ്ഞു.



ആ ശൂദ്രകന്യകയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ബ്രാഹ്മണനു വളരെ വിചാരമായി. “കഷ്ടം! ഇഹലോഹസുഖങ്ങളെ അശേ‌ഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേ‌ഷിച്ചു നടക്കുന്ന ഞാൻ ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണ്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണ്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാൻ രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാൽത്തന്നെയും ബ്രഹ്മകുലജാതനായ ഞാൻ ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നത് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളിൽനിന്ന് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്വാൻ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാൽ ഇവളെ വിവാഹം ചെയ്യണമെങ്കിൽ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ വേണ്ടിവന്നത് അത്യാശ്ചര്യമായിരിക്കുന്നു. ഇത് ഈശ്വരൻ എന്നെ പരീക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാൽ ഇതും നല്ലതു തന്നെയാണ്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാൽ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ട് ആ ബ്രാഹ്മണൻ ശൂദ്രകന്യകയോട് 


“അല്ലയോ ഭദ്രേ! നിന്റെ ഹിതത്തെ അനുവർത്തിക്കുന്നതിനു ഞാൻ സദാസന്നദ്ധനാണ്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാൻ ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തിൽനിന്നും ക്ഷത്രിയ കുലത്തിൽനിന്നും വൈശ്യകുലത്തിൽനിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണ് ശാസ്ത്രവിധി. അതിനാൽ ഞാൻ പോയി മൂന്നു വിവാഹം ചെയ്തതിനുശേ‌ഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം” എന്നു പറഞ്ഞു. ഇതു കേട്ടു സന്തോ‌ഷസമേതം ശൂദ്രകന്യക ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്ന് എനിക്ക് നിർബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കിൽ അതിനായിട്ട് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിന് എനിക്ക് യാതൊരു വിരോധവുമില്ല” എന്നു പറഞ്ഞു. “എന്നാൽ അങ്ങനെയാവട്ടെ” എന്നു പറഞ്ഞു ബ്രാഹ്മണൻ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്ത് സ്വദേശത്തേക്കു തിരിച്ചുപോവുകയും ചെയ്തു.
അനന്തരം ആ ബ്രാഹ്മണൻ സ്വഗൃഹത്തിൽ ചെന്നു താമസിച്ചുകൊണ്ട് ബ്രാഹ്മണകുലത്തിൽനിന്നും ക്ഷത്രിയകുലത്തിൽ നിന്നും വൈശ്യകുലത്തിൽ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുൻകാലങ്ങളിൽ ബ്രാഹ്മണർ നാലു ജാതിയിൽനിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).



അങ്ങനെ ആ ബ്രാഹ്മണൻ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തിൽ താമസിച്ച കാലത്ത് ആ നാലു ഭാര്യമാരിൽനിന്നും അദ്ദേഹത്തിന് ഓരോ പുത്രൻമാരുണ്ടായി. പുത്രൻമാരുടെ ജാതകർമം മുതൽ വർത്തമാനംവരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രൻമാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രൻമാർ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേ‌ഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാ‌ഷ്യം പഠിപ്പിച്ചു. എന്നാൽ നാലാമത്തെ പുത്രൻ ശൂദ്രകുലജാതനും മഹാഭാ‌ഷ്യം വേദാംഗവുമാകയാൽ ആ പുത്രനെ അഭിമുഖമായിരുന്നു ഭാ‌ഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ച് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണ് മഹാഭാ‌ഷ്യം ഉപദേശിച്ചുകൊടുത്തത്. എന്നു മാത്രവുമല്ല, മഹാഭാ‌ഷ്യം ശൂദ്രവംശജർക്ക് ഉപദേശിച്ച് പരമ്പരയാ വേദാർഹൻമാരല്ലാത്ത അവരുടെ ഇടയിൽ അതിനു പ്രചാരം വരുത്തുകയില്ലെന്ന് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകകൂടി ചെയ്തിട്ടാണ് അദ്ദേഹം മഹാഭാ‌ഷ്യം ആ പുത്രന് ഉപദേശിചുകൊടുത്തത് എന്ന് ചിലർ പറയുന്നു.



ഇങ്ങനെ പുത്രൻമാർ അതിയോഗ്യൻമാരും യവൗനയുക്തൻമാരുമായിത്തീർന്നതിന്റെ ശേ‌ഷം ആ ബ്രാഹ്മണൻ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം ശ്രീഗഡൗപാദാചാര്യനിൽനിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ട് ബദര്യാശ്രമത്തിങ്കൽ താമസിച്ചു. കേരളാചാര്യഗുരുവായ സാക്ഷാൽ കർത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ അധികമുണ്ടായിരിക്കാനിടയില്ലാത്തതിനാൽ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികൾ എന്നു പറയപ്പെടുന്ന മഹാൻ ഈ ബ്രാഹ്മണോത്തമൻ തന്നെയാണെന്നുകൂടി പറഞ്ഞാൽ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് അധികം വിസ്തരിച്ചിട്ട് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരിൽനിന്നു ജനിച്ചവരായ നാലു പുത്രന്മാരിൽ ബ്രാഹ്മണസ്ത്രീയിൽനിന്നും ജനിച്ച പുത്രൻ സാക്ഷാൽ വരരുചിയും, ക്ഷത്രിയസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയിൽനിന്നു ജനിച്ച പുത്രൻമഹാവിദ്വാനായ ഭർത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാൽ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ച് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. 


പറയിപെറ്റുണ്ടായ പന്തിരുകുലത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകൾക്കു വി‌ഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവർ കേവലം പാമരന്മാരുടെ ഇടയിൽപ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭർത്തൃഹരിയുടെ ശതകത്രയം മലയാളത്തിലും തർജമ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ട്. അതിവിദ്വാന്മാരും സംസ്കൃതത്തിൽ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിർമ്മാതാക്കളുമായ ഇവർ സംസ്കൃതപണ്ഡിതന്മാരുടെ ഇടയിൽ ഇന്നും നിത്യപരിചിതന്മാരായിട്ടാണ് ഇരിക്കുന്നത്. വാർത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങൾ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റ് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭർത്തൃഹരിയും ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭർത്തൃഹരിയുടെ കൃതിയാണെന്ന് വിദ്വാന്മാരുടെ ഇടയിൽ ഒരഭിപ്രായമുണ്ട്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീർച്ചയാണല്ലോ. മഹാഭാ‌ഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാർ ഇവർ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.


മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കൽനിന്നു മഹാഭാ‌ഷ്യം പഠിച്ചുകഴിഞ്ഞതിന്റെ ശേ‌ഷം അവർക്കു ഭാ‌ഷ്യകർത്താവായ പതഞ്ജലിമഹർ‌ഷിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്ന് അതികലശലായിട്ട് ഒരാഗ്രഹമുണ്ടായി. അതിനാൽ അവർ അന്വേ‌ഷിച്ചപ്പോൾ പതഞ്ജലിമഹർ‌ഷി അതിനു വളരെ മുമ്പുതന്നെ സ്വർഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോൾ ഭർത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേർക്കുന്നു.

“അഹോ ഭാ‌ഷ്യമഹോ ഭാ‌ഷ്യമഹോ വയമഹോ വയം
അദൃഷ്ട്വാfസ്മാൻ ഗതസ്വർഗ്ഗമകൃതാർത്ഥോ പതഞ്ജലിഃ