- ഹോം
- കീര്ത്തനങ്ങള്
- ക്ഷേത്രവിശേഷം
- ഫോട്ടോഗാലെറി
- മറ്റു ക്ഷേത്രങ്ങള്
- kshethra chaithanyam/ആചാരങ്ങള്/ [Acharangal/anus...
- അറിയുവാന്II /നാഗാരാധന
- അറിയുവാന് I / നാഗാരാധന
- ഞങ്ങളുടെ അമ്മ/ലളിത സഹസ്രനാമ സ്തോത്രം
- മഹാഭാരതകഥ/Mahabharatham
- ബന്ധപ്പെടുക// ഈ മാസത്തെപ്രധാന വഴിപാട് /
- vaikom Ashtami
- ashtabandha kalasam’,ദേവപ്രശ്നവും പരിഹാരങ്ങളും
2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച
ഐതിഹ്യമാല/എളേടത്തു തൈക്കാട്ടു മൂസ്സന്മാർ
ഐതിഹ്യമാല/എളേടത്തു തൈക്കാട്ടു മൂസ്സന്മാർ
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി എളേടത്തു തൈക്കാട്ടു മൂസ്സന്മാർ | കൈപുഴത്തമ്പാൻ→ |
അഷ്ടവൈദ്യന്മാരിൽ ഒട്ടും അപ്രധാനരല്ലാത്ത എളേടത്തു തൈക്കാട്ടു മൂസ്സന്മാരുടെ ഇല്ലം കൊച്ചി സംസ്ഥാനത്തു തൃശ്ശിവപേരൂർ താലൂക്കിൽ ഒല്ലൂർ തീവണ്ടി സ്റ്റേഷനിൽനിന്ന് ഒരു നാഴിക തെക്ക് "തൈക്കാട്ടുശ്ശേരി" എന്ന ദേശത്താണ്. ഈ ഇല്ലക്കാർ മലയാളബ്രാഹ്മണരെന്നൊരു വകക്കാരുണ്ടായ കാലത്തുതന്നെ പെരുമനം ഗ്രാമത്തിലെ വൈദ്യന്മാരായി ശ്രീ പരശുരാമനാൽ നിയമിക്കപ്പെട്ടിട്ടുള്ളവരാണെന്നുള്ള കേട്ടു കേൾവിയല്ലാതെ ഇവരുടെ പൂർവ്വചരിത്രമറിയുന്നതിനു ശരിയായ ലക്ഷ്യമൊന്നും ഇപ്പോൾ കാണുന്നില്ല. അതിനാൽ ഇപ്പോൾ ആ ഇല്ലത്തുള്ള വലിയ മൂസ്സന്മാരുടെ പ്രപിതാമഹൻ മുതൽക്കുണ്ടായിരുന്ന ചില മഹാന്മാരെക്കുറിച്ചുമാത്രം പറയാനേ ഇപ്പോൾ നിവൃത്തിയുള്ളു.
ഇപ്പോഴുള്ള വലിയ മൂസ്സന്മാരുടെ പ്രപിതാമഹനും അദ്ദേഹത്തിന്റെ അനുജനുമായി രണ്ടു മൂസ്സന്മാരുണ്ടായിരുന്നു. അവർ രണ്ടുപേരും ഒരുപോലെ വിദ്വാന്മാരും വൈദ്യശാസ്ത്രനിപുണരുമായിരുന്നു. എങ്കിലും അവരിൽ ജ്യേഷ്ഠനായ പരമേശ്വരൻമൂസ്സിനു ചില സമയങ്ങളിൽ സ്വൽപമൊരു ഉന്മാദത്തിന്റെ ഛായ ഉണ്ടാകാറുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ അടുക്കൽ രോഗികൾ ചെല്ലുകയോ രോഗികളെ കാണിക്കാനായി അദ്ദേഹത്തെ ആരെങ്കിലും കൊണ്ടുപോവുകയോ ചെയ്യാറില്ല. അതെല്ലാം അനുജൻമൂസ്സിനെക്കൊണ്ടാണ് എല്ലാവരും നിർവ്വഹിച്ചിരുന്നത്.
ഇപ്പോൾ ബ്രിട്ടീഷ് മലബാറിലിരിക്കുന്ന പൂമുള്ളിമന മേൽപറഞ്ഞ മൂസ്സന്മാരുടെകാലത്ത് ഊരകത്ത് ക്ഷേത്രത്തിനു സമീപത്തൊരു സ്ഥലത്തായിരുന്നു. അവിടെ ഒരു നമ്പൂരിപ്പാട്ടിലേക്ക് എന്തോ സുഖക്കേടാവുകയാൽ അനുജൻമൂസ്സിനെ കൂട്ടിക്കൊണ്ടുചെല്ലാനായി എളേടത്തു തൈക്കാട്ടേക്ക് ആളെ അയച്ചിരുന്നു. ആ ആൾ അവിടെ ചെന്നപ്പോൾ അനുജൻമൂസ്സ് അവിടെയുണ്ടായിരുന്നില്ല. അതിനാൽ ആ ചെന്നയാളോട് ജ്യേഷ്ഠൻ മൂസ്സ് "അനുജൻ ഇപ്പോൾ ഇവിടെയില്ല. വരുമ്പോൾ വിവരം പറയാം. ഇപ്പോൾതന്നെ വരണമെങ്കിൽ ഞാൻവരാം" എന്നു പറഞ്ഞു. അപ്പോൾ ചെന്നയാൾ. "അതുവേണ്ട. അനുജൻമൂസ്സിനെ കൊണ്ടുചെല്ലണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ അദ്ദേഹം വരുമ്പോൾ വിവരം പറഞ്ഞാൽ മതി" എന്നു പറയുകയും ഉടനെ അയാൾ പോവുകയും ചെയ്തു.
ഇതുകേട്ടപ്പോൾ പരമേശ്വരൻ മൂസ്സിനു ദുസ്സഹമായ മനസ്താപമുണ്ടായി. "കഷ്ടം, ഈശ്വരാ! എന്റെ സ്ഥിതി ഇങ്ങനെയായിപ്പോയല്ലോ. ശാസ്ത്രങ്ങൾ അനുജൻ പഠിച്ചിട്ടുള്ളതിൽ ഒട്ടും കുറയാതെ ഞാനും പഠിച്ചിട്ടുണ്ട്. എങ്കിലും എന്റെ അടുക്കൽ ദീനക്കാരാരും വരുന്നില്ല. എന്നെ ആരും എങ്ങും കൊണ്ടുപോകുന്നുമില്ല. ഇപ്പോൾ വന്നയാൾതന്നെ ഞാൻ ചെല്ലേണ്ടെന്നും അനുജൻ ചെന്നാൽമതിയെന്നുമാണല്ലോ പറഞ്ഞത്. ഈ കുടുംബത്തിൽ ജനിച്ച് ഞാൻ ഈ സ്ഥിതിയിൽ എന്തിനാണ് ജീവിച്ചിരിക്കുന്നത്? ഇങ്ങനെ വന്നത് ഈശ്വാരാനുകൂല്യം ഇല്ലാഞ്ഞിട്ടുതന്നെയായിരിക്കണമല്ലോ. അതിനാൽ യഥാശക്തി ഈശ്വരനെ സേവിക്കാം" എന്നിങ്ങനെ വിചാരിച്ച് തീർച്ചയാക്കുകയും അടുത്തദിവസംതന്നെ അദ്ദേഹം പെരുമനത്തു ക്ഷേത്രത്തിൽ ഭജനം തുടങ്ങുകയും ചെയ്തു. ആ ഭജനം വലിയ നിഷ്ഠയോടുകൂടിയായിരുന്നു എന്നുമാത്രമല്ല അതദ്ദേഹം ഒരു വ്യാഴവട്ടം (പന്ത്രണ്ടു സംവൽസരം) മുഴുവനും നിർവിഘ്നമായി നിർവഹിക്കുകയും ചെയ്തു. പന്ത്രണ്ടാമത്തെ കൊല്ലത്തിൽ ശാല്യന്നഭക്ഷണം കൂടാതെതന്നെയായിരിന്നു ഭജനം.
ഭജനം കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിനുണ്ടായിരുന്ന ചിത്തഭ്രമം നിശ്ശേഷം ഭേദപ്പെടുകയും ബുദ്ധി ചാണയിൽ തേച്ചുമിനുക്കിയ രത്നം പോലെ പൂർവ്വാധികം തെളിയുകയും അദ്ദേഹത്തിന്റെ അടുക്കൽ പ്രതിദിനം രോഗികൾ സംഖ്യയില്ലാതെ വന്നു തുടങ്ങുകയും അദ്ദേഹത്തിന്റെ ചികിത്സകൾ ഒന്നും തെറ്റാതെ എല്ലാം ശരിയായി ഫലിച്ചു തുടങ്ങുകയും തന്നിമിത്തം അദ്ദേഹത്തിന്റെ ഖ്യാതി ലോകത്തിൽ വ്യാപിക്കുകയും ചെയ്തു.
അക്കാലത്ത് എളേടത്തു തൈക്കാട്ടില്ലത്തിനു സമീപംതന്നെയുള്ള ആലക്കാട്ടു ചെവ്വര മനയ്ക്കലെ ഒരു നമ്പൂരിക്കു തുടയിൽ ഒരുവക ചൊറി തുടങ്ങി. നമ്പൂരി അതു പരമേശ്വരൻമൂസ്സിനെ കാണിച്ചിട്ട്, മൂസ്സ് "ഇതു കേവലം നിസ്സാരമായ ചൊറിയല്ല. ക്രമേണ ഇതു ദേഹം മുഴുവനും വ്യാപിക്കും. ഒടുക്കം അപായകരമായിത്തീരുകയും ചെയ്യും." എന്നുമാത്രം പറഞ്ഞു. ചികിത്സ ഒന്നും പറഞ്ഞുമില്ല. അതിനാൽ നമ്പൂരിക്കു ദുസ്സഹമായ മനസ്താപമുണ്ടായി. നമ്പൂരി ഏറ്റവും സുന്ദരനും യൗവനയുക്തനുമായിരുന്നു. അദ്ദേഹം വ്യസനം സഹിക്കവയ്യാതെയായിട്ട്, മൂസ്സ് ഇപ്രകാരം പറഞ്ഞുവെന്നും ചികിത്സയൊന്നും പറഞ്ഞില്ലെന്നുമുള്ള വിവരം പലരോടും പറഞ്ഞു. അതുകേട്ടവരെല്ലാം പറഞ്ഞത്, "എന്നാലിനി അതിനെക്കുറിച്ചൊന്നും വിചാരിക്കാനില്ല. പരമേശ്വരൻമൂസ്സു പറഞ്ഞാൽ അതൊരിക്കലും തെറ്റുകയില്ല." എന്നായിരുന്നു. എങ്കിലും ആ നമ്പൂരിയുടെ സ്നേഹിതനായ മറ്റൊരു നമ്പൂരി, "അങ്ങനെ തീർച്ചയാക്കേണ്ട. ഈശ്വരൻ വിചാരിച്ചാൽ അസാധ്യമായിട്ട് ലോകത്തിൽ യാതൊന്നുമില്ല. അങ്ങ് ആദിത്യനമസ്കാരം തുടങ്ങണം; സുഖം കിട്ടും" എന്നു പറഞ്ഞു. ആ സ്നേഹിതൻ പറഞ്ഞതിനെ നമ്പൂരി പൂർണ്ണമായി വിശ്വസിക്കുകയും അടുത്ത ദിവസംതന്നെ ആദിത്യനമസ്കാരം തുടങ്ങുകയും ചെയ്തു. കഠിനനിഷ്ഠയോടുകൂടിയാണ് നമ്പൂരി ആദിത്യനമസ്കാരം നടത്തിയത്. ഉദയം മുതൽ കിഴക്കോട്ട് ആയിരത്തെട്ടും ഉച്ചതിരിഞ്ഞാൽ പടിഞ്ഞാട്ട് ആയിരത്തെട്ടും ഇങ്ങനെ പ്രതിദിനം രണ്ടായിരത്തിപ്പതിനാറ് നമസ്കാരം വീതമായിരുന്നു പതിവ്. ഉച്ചയാകുമ്പോൾ മൂഴക്കരി വച്ച് ആദിത്യനു നിവേദിച്ചിട്ട് ആ ചോറ് ഉപ്പുകൂടാതെ ഭക്ഷിക്കും. പിന്നെ വെള്ളം കുടിക്കുകപോലും ചെയ്കയുമില്ല. അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ഇങ്ങനെ നാൽപത്തൊന്നു ദിവസം കഴിഞ്ഞപ്പോഴേക്കും നമ്പൂരിയുടെ ദേഹം കരിക്കട്ടപോലെ കറുക്കുകയും കറുത്തതായ ആ ഒരടുക്കുതൊലി ദേഹത്തിൽനിന്നു പൊളിഞ്ഞുപോവുകയും അതോടുകൂടി അദ്ദേഹത്തിന്റെ ചൊറി നിശ്ശേഷം പോവുകയും അപ്പോൾ ദേഹത്തിന്റെ നിറം സ്വർണ്ണസദൃശമായിത്തീരുകയും അദ്ദേഹം പൂർവാധികം സുന്ദരനായി ഭവിക്കുകയും ചെയ്തു. നമ്പൂരി സ്വസ്ഥശരീരനായിത്തീർന്നതിന്റെ ശേഷം അദ്ദേഹം ആ വിവരം മൂസ്സിനോട് പറഞ്ഞു. അപ്പോൾ മൂസ്സ് " ഞാൻ ഈശ്വരനല്ല. മരുന്നുസേവിച്ചാൽ സാധ്യങ്ങളായിട്ടുള്ള രോഗങ്ങൾ മാത്രമേ ഭേദപ്പെടുകയുള്ളൂ. ഈശ്വരനെ സേവിച്ചാൽ അസാധ്യരോഗങ്ങളും ഭേദപ്പെടും. ഈശ്വരൻ സർവ്വശക്തനാണ്. അവിടേക്ക് അസാധ്യമായിട്ടുള്ളത് ഒന്നുമില്ല. ഇതൊക്കെ വിചാരിച്ചാണ് ഞാനന്ന് ചികിത്സ വല്ലതും പറഞ്ഞിരുന്നുവെങ്കിൽ അങ്ങ് അതു ചെയ്യുകയല്ലാതെ ആദിത്യനമസ്കാരം തുടങ്ങുകയില്ലായിരുന്നു എന്നുള്ളതു തീർച്ചയാണല്ലോ. ചികിത്സ വല്ലതും ചെയ്തിരുന്നുവെങ്കിൽ ദീനം ഭേദമാകാതെ അങ്ങ് ഇതിനുമുമ്പ് മരിക്കുമായിരുന്നു. അതിനിടയാകാതെ ഇപ്പോൾ സുഖമായല്ലോ. സന്തോഷമായി" എന്നാണ് മറുപടി പറഞ്ഞത്. ആ നമ്പൂരി പിന്നെയും വളരെക്കാലം സസുഖം ജീവിച്ചിരുന്നു.
പരമേശ്വരൻമൂസ്സു പെരുമനത്തു ക്ഷേത്രത്തിലെ ഭജനം കാലംകൂടിയ കാലത്തുതന്നെ ഗുരുവായൂർക്ഷേത്രത്തിൽ തിങ്ങൾഭജനം തുടങ്ങി. ഒരിക്കൽ അദ്ദേഹം ഗുരുവായൂർക്ക് പോയപ്പോൾ മധ്യേമാർഗം മൂന്നാളുകളെ മാലകളണിയിച്ചു വാദ്യഘോഷത്തോടുകൂടി കൊണ്ടുപോകുന്നതു കണ്ടു. അവരിൽ ഒരുവൻ ഈഴവനും രണ്ടുപേർ മുഹമ്മദീയരു മായിരുന്നു. അവരെ പുനത്തൂർരാജവിന്റെ വിധിപ്രകാരം തൂക്കിക്കൊല്ലാൻ കൊണ്ടുപോവുകയാണെന്ന് അവരുടെ കൂടെയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥന്മാർ പറഞ്ഞറിയുകയാൽ മൂസ്സ്, "ഈ ഈഴവനെ കൊണ്ടുപോകണമെന്നില്ല"എന്നു പറഞ്ഞു. രാജകൽപന നടത്താതെയിരിക്കാൻ നിവൃത്തിയില്ലായ്കയാൽ ആ ഉദ്യോഗസ്ഥന്മാർ മൂസ്സിന്റെ വാക്കിനെ വകവയ്ക്കാതെ അവരെ മൂന്നുപേരെയും കൊല സ്ഥലത്തേക്കുതന്നെ കൊണ്ടുപോയി. കഴുമരങ്ങൾ നാട്ടിയിരുന്നത് ഒരു പുഴയുടെ വക്കത്തായിരുന്നു. കഴുവേറ്റാനുള്ള കുറ്റക്കാരെ കഴുവിലിടുന്നതിന് മുൻപായി അവർക്കെന്തെങ്കിലും ആഗ്രഹമുണ്ടോ എന്നു ചോദിക്കുകയും നിവൃത്തിയുള്ളതെല്ലാം സാധിപ്പിക്കുകയും പതിവായിരുന്നതിനാൽ അപ്രകാരം ആ ഉദ്യോഗസ്ഥന്മാർ ഈ കുറ്റക്കാരോടും ചോദിച്ചു. അവരിൽ രണ്ടുപേർ ആഗ്രഹമൊന്നുമില്ലെന്നു പറഞ്ഞു. ആ ഈഴവൻ, "ഈ പുഴവക്കത്തുനിൽക്കുന്ന തെങ്ങിന്മേൽക്കയറി ഒരു കരിക്ക് പറിച്ച് അവിടെയിരുന്നുതന്നെ അതു കുടിച്ചാൽ കൊള്ളാമെന്നു മാത്രം ഒരാഗ്രഹമുണ്ട്" എന്നു പറയുകയും ഉദ്യോഗസ്ഥന്മാർ അത് സമ്മതിക്കുകയും ചെയ്തു. അവൻ തെങ്ങിന്മേൽ കയറിയാൽ താഴെയിറങ്ങാതെ ഓടിക്കളയാനും മറ്റും സാധിക്കുകയില്ലല്ലോ എന്നു വിചാരിച്ചാണ് ആ ഉദ്യോഗസ്ഥന്മാർ അനുവദിച്ചത്. അനുവാദം കിട്ടിയ ക്ഷണത്തിൽ ഈഴവൻ ഒരായുധവും കൊണ്ട് തെങ്ങിന്മേൽ കയറി ഒരു കരിക്ക് പറിച്ചെടുത്ത് അവിടെ ഇരുന്നുകൊണ്ടുതന്നെ അത് ചെത്തിത്തുളച്ചു കുടിച്ചു. പിന്നെ മന്ദംമന്ദം കീഴ്പോട്ട് ഇറങ്ങിത്തുടങ്ങി. തെങ്ങിന്റെ മദ്ധ്യത്തിങ്കലായപ്പോൾ അവൻ പുഴയിലേക്ക് ചാടുകയും നീന്തി മറുകരയിൽ കയറി രക്ഷപ്രാപിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്മാർ ശേഷമുണ്ടായിരുന്ന രണ്ടുപേരെയും തൂക്കിക്കൊന്ന വിവരം രാജാവിന്റെ അടുക്കൽ അറിയിച്ച കൂട്ടത്തിൽ ഈഴവൻ ഓടിപ്പോയ്ക്കളഞ്ഞുവെന്നും അവനെ കൊണ്ടുപോകണമെന്നില്ലെന്നു വഴിക്കുവച്ചുതന്നെ പരമേശ്വരൻ മൂസ്സ് പറഞ്ഞുവെന്നുംകൂടി അറിയിച്ചു. ഉടനെ കൽപനപ്രകാരം അന്വേഷണം നടത്തുകയും മൂസ്സു ഗുരുവായൂരുണ്ടെന്ന് അറിയുകയും അദ്ദേഹത്തെ വിളിച്ചുകൊണ്ടുവന്നു രാജസന്നിധിയിൽ ഹാജരാക്കുകയും ചെയ്തു. അപ്പോൾ രാജാവ്, " ആ ഈഴവനെ കൊല്ലാൻ കൊണ്ടുപോയപ്പോൾ 'കൊണ്ടുപോകണമെന്നില്ല' എന്നു പറഞ്ഞതെന്തുകൊണ്ടാണ്?"
മൂസ്സ്: അവനെ മരണലക്ഷണം ബാധിച്ചിരുന്നില്ല. അതിനാൽ കൊണ്ടുപോയാലും കൊല്ലാൻ സാധിക്കയില്ലല്ലോ എന്നു വിചാരിച്ചാണ്.
രാജാവ്: ആട്ടെ, എന്നാൽ ഞാനെന്നു മരിക്കുമെന്നു പറയാമോ?
മൂസ്സ്: പറയാം. എങ്കിലും അതറിയുന്നതെന്തിനാണ്?
രാജാവ്: വിശേഷിച്ചു കാര്യമൊന്നുമുണ്ടായിട്ടല്ല. മുൻകൂട്ടി അറിഞ്ഞിരുന്നാൽ യഥാവസരം വല്ല സൽക്കർമ്മങ്ങളും ചെയ്യാമല്ലോ എന്നുമാത്രം വിചാരിച്ചാണ്.
മൂസ്സ്: മരണം എന്നെങ്കിലും ഉണ്ടാകുമെന്നു തീർച്ചയാണല്ലോ. അതുകൊണ്ട് സൽക്കർമ്മങ്ങൾ എപ്പോഴും ചെയ്യാം. അതു മരണദിവസമറിഞ്ഞിട്ടേ ആകാവൂ എന്നില്ലല്ലോ. അവിടുന്നു മരിക്കുന്നതിന്റെ തലേദിവസം ഞാനിവിടെ വരും. ഞാൻ വന്നാൽ പിറ്റേദിവസം അവിടുന്നു മരിക്കുകയും ചെയ്യും.
ഇത്രയും പറഞ്ഞിട്ട് ഉടനെതന്നെ മൂസ്സു പോയി. പിന്നെ അഞ്ചെട്ടു കൊല്ലം കഴിഞ്ഞതിന്റെ ശേഷം ഒരു ദിവസം വൈകുന്നേരം മൂസ്സ് പുന്നത്തൂർ കോട്ടയിലെത്തി. പിറ്റേദിവസം രാജാവിന്റെ തിരുനാളായിരുന്നു. അതിന്റെ ബഹളംകൊണ്ടും മറ്റും മൂസ്സ് അന്നു രാജാവിനെ കണ്ടില്ല. അത്താഴം കഴിച്ച് മൂസ്സ് അവിടെ ഒരു സ്ഥലത്ത് കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ കുളിയും നിത്യകർമ്മാനുഷ്ഠാനാദികളും കഴിച്ച് നമ്പൂരിമാരുടെ കൂട്ടത്തിൽ പോയിരുന്ന് ഊണുകഴിച്ചു. മൂസ്സ് എല്ലാവരെയുംകാൾ മുൻപ് ഊണുകഴിച്ചു ക്ഷണത്തിൽ കൈകഴുകി രാജസന്നിധിയിലേക്കു പോയി. അവിടെച്ചെന്നപ്പോൾ രാജാവ് ഉണ്ണാനിരിക്കുകയായിരുന്നു. രാജാവിനു ഉറത്തൈരു വിളമ്പിയ സമയത്താണ് മൂസ്സ് അവിടെയെത്തിയത്. ഉറത്തൈരുകൂട്ടി ഒരുരുള ഉണ്ടപ്പോൾ രാജാവ്, "എന്തോ, തല തിരിയുന്നുവെന്നു തോന്നുന്നുവല്ലോ" എന്നു പറയുകയും രണ്ടു കവിൾ ഛർദ്ദിക്കുയും ചെയ്തു. ഉടനെ മൂസ്സ് അടുക്കലുണ്ടായിരുന്ന ഇളയരാജാക്ക ന്മാരോടു "ക്ഷണത്തിൽ പിടിച്ചെടുത്തു മാറ്റിക്കിടത്തണം. പുല്ലും മണലും വിരിച്ച നിലത്തുകിടത്തിയാൽ മതി" എന്നു പറഞ്ഞു. അവർ അപ്രകാരം ചെയ്യുകയും അപ്പോഴേക്കും മൂസ്സ് പുറത്തിറങ്ങിപ്പോകുകയും ഉടനെ രാജാവു മരിക്കുകയും ചെയ്തു.
മുൻകാലങ്ങളിൽ പെരുമനത്തടുത്തുള്ള പനണ്യത്തു ക്ഷേത്രത്തിൽ ആണ്ടുതോറും ഓത്തൂട്ടു (മുറജപംപോലെ ഒരടിയന്തരം) പതിവുണ്ടായിരുന്നു. അത് ഓരോ ദിവസവും ഓരോരുത്തരുടെ വകയായിട്ടു നടത്തുകയാണ് പതിവ്. ഓരോരുത്തരും"എന്റെ പേർക്കുള്ളത് അധികം കേമമാക്കണം, എന്റെ പേർക്കുള്ളത് അധികം കേമമാക്കണം" എന്നുള്ള വിചാരത്തോടുകൂടി മത്സരിച്ചാണ് അതു നടത്തിയിരുന്നത്. ഓത്തൂട്ടിനു പകൽ നല്ല ഭംഗിയായിട്ടുള്ള ഒരു ഊണിന്റെ വട്ടം മാത്രമേ പതിവുള്ളു. സദ്യയുടെ കേമത്തമെല്ലാം രാത്രിയിലാണ്. പഞ്ചസാരപ്പായസം എടുത്തു വിലക്കിയാൽ *പ്പോരാ രണ്ടും മൂന്നും വാർപ്പു നിറച്ചു ശേഷിച്ചുകിടക്കണം എന്നാണ് ഓരോരുത്തരുടെയും വിചാരം. പഞ്ചസാരപ്പായസം ആർക്കും വേണ്ടാതെയായിട്ട് അധികം കിടക്കുന്നതിന്റെ കണക്കു നോക്കിയിട്ടാണ് ആരുടെ പേർക്കുള്ള ഓത്തൂട്ടാണ് അധികം കേമമായതെന്നു തീർച്ചയാക്കുക. ഇപ്രകാരമുള്ള ഓത്തൂട്ട് ഒരു കൊല്ലം നടന്നുകൊണ്ടിരിന്നപ്പോൾ ഒരു ദിവസം ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് 'പഴേടം' എന്ന് ഇല്ലപ്പേരായ ഒരു നമ്പൂരി കുളപ്പുരയിൽപോയി കിടന്ന് ഉറങ്ങി. ആ സമയത്ത് പരമേശ്വരൻ മൂസ്സും അവിടെ അകസ്മാൽ ചെന്നുചേർന്നു. മൂസ്സും കാലും മുഖവും കഴുകുന്നതിനോ മറ്റോ ആയിട്ടു കുളത്തിൽ ചെന്നിറങ്ങി നോക്കിയപ്പോൾ ഒരു കൂർക്കംവലികേട്ട് "ആ കൂർക്കം വലിക്കുന്നതാരാണ്?" എന്നു കരയ്ക്കു നിന്നിരുന്ന ചില നമ്പൂരിമാരോടു ചോദിച്ചു. അപ്പോൾ അവർ "പഴേടമാണ്" എന്നു മറുപടി പറഞ്ഞു. ഉടനെ മൂസ്സ് "അദ്ദേഹത്തെ ക്ഷണത്തിൽ വിളിച്ചുണർത്തി അദ്ദേഹത്തിന്റെ ഇല്ലത്തേക്കു പറഞ്ഞയയ്ക്കണം" എന്നു പറയുകയും ആ നമ്പൂരിമാർ അപ്രകാരം ചെയ്യുകയും അദ്ദേഹം ഇല്ലത്തെത്തീട്ടു രണ്ടു നാഴിക കഴിയുന്നതിനു മുമ്പു മരിക്കുകയും ചെയ്തു. പനണ്യത്തു ക്ഷേത്രത്തിൽനിന്നു പഴേടത്തില്ലത്തേക്ക് ഏകദേശം നാലു നാഴികയേ ദൂരമുള്ളു.
ഇങ്ങനെ പരമേശ്വരൻമൂസ്സിന്റെ ദിവ്യത്വങ്ങൾ ഇനിയും വളരെ പറയാനുണ്ട്. ഇത്രയും പറഞ്ഞതുകൊണ്ടുതന്നെ അദ്ദേഹം ഒരസാമാന്യനായിരുന്നുവെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. അതിനാൽ ഇനി അധികം വിസ്തരിക്കണമെന്നു വിചാരിക്കുന്നില്ല.
ഈ പരമേശ്വരമൂസ്സിനു നാരായണൻ എന്നു പേരായി ഒരു പുത്രൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ നാരയാണൻമൂസ്സും ഒരു നല്ല വൈദ്യനായിരുന്നു. എങ്കിലും അദ്ദേഹത്തെക്കുറിച്ച് അധികമൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ള ഒന്നുരണ്ടു സംഗതികൾ മാത്രം താഴെപ്പറഞ്ഞുകൊള്ളുന്നു.
കൊച്ചി ദിവാനായിരുന്ന ശങ്കരവാര്യരുടെ പുത്രനും പ്രസിദ്ധനുമായിരുന്ന തോട്ടയ്ക്കാട്ടു ശങ്കുണ്ണിമേനവനു ബാല്യത്തിൽ സഹിക്കവയ്യാത്ത വിധത്തിൽ വയറ്റിൽ ഒരു വേദനയുണ്ടായി. അനേകം വൈദ്യന്മാർ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കീട്ടും ആ വേദന ഭേദമാക്കാൻ കഴിഞ്ഞില്ല. ഒടുക്കം ശങ്കരവാര്യർ ദിവാൻജി ആളയച്ചു നാരായണൻ മൂസ്സിനെ വരുത്തി വിവരമെല്ലാം പറഞ്ഞു. ഉടനെ മൂസ്സ് ഒരു പൊടിക്കു കുറിച്ചുകൊടുത്തു. ആ പൊടിയുണ്ടാക്കി മൂന്നുനേരം സേവിച്ചപ്പോൾ കുട്ടിക്കു നല്ല സുഖമായി. വയറ്റിൽ ആ വേദന ശങ്കുണ്ണിമേനവനു പിന്നെ ഒരിക്കലുമുണ്ടായിട്ടില്ല. ഈ ചികിത്സ കഴിഞ്ഞതിനോടുകൂടി ദിവാൻജിക്കു നാരായണൻമൂസ്സിനെക്കുറിച്ചു വളരെ ബഹുമാനവും സ്നേഹവുമുണ്ടായിത്തീർന്നു.
ഇങ്ങനെയിരുന്ന കാലത്ത് 1022-ആമാണ്ട് നാടുനീങ്ങിയ തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സിലേക്ക് ഒരു ശീലായ്മ (അസുഖം) ഉണ്ടാവുകയും ചില വൈദ്യന്മാർ ചികിത്സിച്ചിട്ട് അതു ഭേദമാകാതെയിരിക്കുകയും ചെയ്ത വിവരമറിഞ്ഞു ശങ്കരവാര്യർ ദിവാൻജി എഴുതിയയച്ച് അനുവാദം വരുത്തി നാരായണൻമൂസ്സിനെ തിരുവനന്തപുരത്തേക്കയച്ചു. വൈദ്യന്മാർ ചെന്നാൽ രോഗവിവരം ചോദിക്കുകയോ തൊട്ടുനോക്കി അറിയുകയോ ചെയ്തുകൂടായെന്നും നോക്കിക്കണ്ട് രോഗമറിഞ്ഞു ചികിത്സിക്കണമെന്നുമായിരുന്നു തിരുമനസ്സുകൊണ്ട് നിശ്ചയിച്ചിരുന്നത്. ആ വിവരം ശങ്കരവാര്യർ ദിവാൻജി പറഞ്ഞിരുന്നതുകൊണ്ട് മൂസ്സ് തിരുമുൻപിൽ ചെന്നിട്ട് ഏകദേശം ഒരുമണിക്കൂർ നേരം ഒന്നും സംസാരിക്കാതെ നോക്കിക്കൊണ്ടുനിന്നു. അനന്തരം ചികിത്സ നിശ്ചയിക്കുകയും ചെയ്തു. ആ ചികിത്സകൊണ്ടു ശീലായ്മ മിക്കവാറും ഭേദമാവുകയും ചെയ്തു. അപ്പോഴേക്കും മൂസ്സിന്റെ സീമന്തപുത്രനു വിവാഹം നിശ്ചയിച്ചിരിക്കുന്നതായി ഇല്ലത്തുനിന്ന് എഴുത്ത് ചെല്ലുകയാൽ അദ്ദേഹത്തിന് ഉടനെ മടങ്ങിപ്പോകേണ്ടതായി വന്നു. ആ വിവരം തിരുമനസ്സറിയിച്ചപ്പോൾ തിരുമനസ്സുകൊണ്ട് മൂസ്സിന് അനേകം സമ്മാനങ്ങൾ കല്പിച്ചു കൊടുത്തു സന്തോഷിപ്പിച്ചയച്ചു. ഗംഭീരാശയനായിരുന്ന ആ തിരുമനസ്സിലെ തൃക്കൈയിൽനിന്നു സമ്മാനങ്ങൾ ലഭിക്കുകയെന്നുള്ളതു സാമാന്യക്കാർക്ക് സാദ്ധ്യമല്ലായിരുന്നു.
ഈ നാരായണൻമൂസ്സിനു നാലു പുത്രന്മാരുണ്ടായിരുന്നു. അവരിൽ ഒന്നാമനും രണ്ടാമനും വിവാഹം കഴിച്ചിട്ടു സന്തതി ഉണ്ടാകുന്നതിനു മുൻപുതന്നെ മരിച്ചുപോയി. പിന്നെ മൂന്നാമനായ നീലകണ്ഠൻമൂസ്സു വേളികഴിച്ചതിലുണ്ടായ സന്താനങ്ങളാണ് ഇപ്പോൾ പ്രസിദ്ധന്മാരായിരിക്കുന്ന നാരായണൻമൂസ്സും ദിവാകരൻമൂസ്സും. നീലകണ്ഠൻമൂസ്സും വൈദ്യ ശാസ്ത്രം വേണ്ടതുപോലെ പഠിച്ചിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ പരിശ്രമം മുഴുവനും കുടുംബകാര്യങ്ങൾ സംബന്ധിച്ചായിരുന്നു. രോഗികൾ വന്നാൽ ചികിത്സ നിശ്ചയിച്ചു പറഞ്ഞയ്ക്കുകയും ആരെങ്കിലും ആവശ്യപ്പെട്ടാൽ രോഗികളെ ചെന്നു കാണുകയും മറ്റും ചെയ്തിരുന്നത് അദ്ദേഹത്തിന്റെ അനുജനായ ഇട്ടീരിമൂസായിരുന്നു.
ഇട്ടീരിമൂസ്സു കുട്ടഞ്ചേരി അപ്പൻ (വാസുദേവൻ) മൂസ്സിന്റെ അടുക്കലാണ് വൈദ്യശാസ്ത്രം അഭ്യസിച്ചത്. ശാസ്ത്രാഭ്യാസാനന്തരം അദ്ദേഹം കുറച്ചുകാലം സ്വഗൃഹത്തിൽതന്നെ താമസിച്ചു ചികിത്സകൾ നടത്തിക്കൊണ്ടിരുന്നു. അതിനിടയ്ക്ക് അദ്ദേഹം മൂകാംബികാക്ഷേത്രത്തിൽപ്പോയി പന്ത്രണ്ടു ദിവസത്തെ ഭജനം അതിനിഷ്ഠയോടുകൂടി നിർവിഘ്നം നിർവഹിച്ചുവരികയും അക്കാലം മുതൽക്ക് ഇട്ടീരിമൂസ്സിന്റെ ചികിത്സയ്ക്ക് ഫലസിദ്ധിയും പ്രചാരവും പൂർവാധികം വർദ്ധിക്കുകയും ചെയ്തു.
അങ്ങനെയിരുന്ന കാലത്തു കുറുവട്ടവണാമനയ്ക്കൽ മകൻരണ്ടാമൻ നമ്പൂരിപ്പാട്ടിലേക്കു വാതസംബന്ധമായ ഒരു ദീനമാരംഭിച്ചു. പല വൈദ്യന്മാർ പഠിച്ച പണിയെല്ലാം പ്രയോഗിച്ചു നോക്കീട്ടും ആ ദീനം ഭേദമാക്കാൻ കഴിഞ്ഞില്ല. ഒടുക്കം ഇട്ടീരിമൂസ്സിനെ കൊണ്ടുപോയി രോഗിയെ കാണിക്കുകയും,അദ്ദേഹം ഏതാനും ദിവസത്തെ ചികിത്സകൊണ്ട് ആ ദീനം നിഷ്പ്രയാസം ഭേദപ്പെടുത്തുകയും ചെയ്തു. വാതസംബന്ധങ്ങളായ രോഗങ്ങൾ സാധാരണ വൈദ്യന്മാർ ഭേദപ്പെടുത്തുന്നതു തൈലപ്രയോഗങ്ങൾ കൊണ്ടാണല്ലോ. എന്നാൽ ഇട്ടീരിമൂസ്സ് ഈ ദീനം ഭേദപ്പെടുത്തിയതു യാതൊരു വിധത്തിലും എണ്ണ ഉപയോഗിക്കാതെയാണ്. ഇതൊരത്ഭുതമാണല്ലോ.
ഒരിക്കൽ ഇട്ടീരിമൂസ്സ് കരുവന്നൂർ റോഡിൽക്കൂടി പോയപ്പോൾ നാസാർശസ്സു(മൂക്കിൽ ദശ വന്നു പുറത്തേക്കു തള്ളീട്ടു)ള്ള ഒരു രോഗിയെ യാദൃശ്ചികമായി കാണാനിടയായി. ആരും ആവശ്യപ്പെടാതെതന്നെ മൂസ്സ് സ്വയമേവ അവനെ വിളിച്ചു രോഗസ്ഥിതിയെല്ലാം ചോദിക്കുകയും അവന്റെ വാക്കിൽനിന്ന് ഒരഗതിയാണെന്നും പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ആ രോഗം ഭേദമാക്കാൻ കഴിഞ്ഞില്ലെന്നും മനസ്സിലാക്കുകയും ചെയ്തു. ഉടനെ മൂസ്സ് അവനെ വിളിച്ച് അവിടെയുള്ള പാലത്തിന്റെ ചുവട്ടിൽ കൊണ്ടുപോയി അവന്റെ നാസാർശസ്സു പറിച്ചുകളഞ്ഞ്, പുഴയിൽ കുളിപ്പിച്ചു സുഖപ്പെടുത്തിപ്പറഞ്ഞയച്ചു.
ഇതിൽനിന്നു മൂസ്സിനുണ്ടായിരുന്ന ദീനദായാലുത്വം, പരോപകാരതൽപരത, പ്രതിഫലേച്ഛയില്ലായ്ക, ചികിത്സാ നൈപുണ്യം മുതലായ ഗുണങ്ങൾ സ്പഷ്ടമാണല്ലോ. ഈ അത്ഭുതകർമ്മത്തോടു കൂടി ഇട്ടീരിമൂസ്സിന്റെ പ്രസിദ്ധി ശതഗുണീഭവിച്ചു. അക്കാലത്തു കൊല്ലം 1063-ൽ തീപ്പെട്ട കൊച്ചി വലിയ തമ്പൂരാൻ തിരുമനസ്സിലെ ഭാഗിനേയിയായ ഒരു കൊച്ചുതമ്പുരാട്ടിക്ക് ഒരു ശീലായ്മ തുടങ്ങുകയും പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ഭേദമാകാതിരിക്കുകയും ചെയ്യുകയാൽ തിരുമനസ്സിലെ സേവകനും ഇട്ടീരിമൂസ്സിന്റെ സ്നേഹിതനുമായിരുന്ന ചെറുവത്തൂരുനമ്പൂരി "ഇട്ടീരിമൂസ്സിനെ വരുത്തി ചികിത്സിപ്പിച്ചാൽ ഈ ദീനം ഭേദമാകും" എന്നു തിരുമനസ്സറിയിച്ചു. തിരുമനസ്സു കൊണ്ട് അതു പൂർണ്ണമായി വിശ്വസിച്ചു. ഉടനെ ആളയച്ചു മൂസ്സിനെ വരുത്തി രോഗിണിയെ കാണിക്കുകയും അദ്ദേഹം ചികിത്സിച്ചു കൊച്ചു തമ്പുരാട്ടിയുടെ ശീലായ്മ അചിരേണ ഭേദപ്പെടുത്തുകയും ചെയ്തു. തിരുമനസ്സുകൊണ്ട് സന്തോഷിച്ച് മൂസ്സിന് പ്രതിമാസം പത്തു രൂപ ശമ്പളം പതിച്ചുകൊടുത്തു. എന്നു മാത്രമല്ല മൂസ്സ് തൃപ്പൂണിത്തുറെത്തന്നെ സ്ഥിരമായി താമസിക്കണമെന്നു കല്പിക്കുകയും അതിലേക്കു കോട്ടയ്ക്കകത്തു തന്നെ പ്രത്യേകമൊരു മഠം പണിയിച്ചുകൊടുക്കുകയും മൂസ്സിനു ശമ്പളത്തിനു പുറമേ ഭക്ഷണാദികളായ സകല ചെലവുകളും കോവിലകം വകയിൽനിന്നു നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. അക്കാലം മുതൽ ഇട്ടിരിമൂസ്സു കോവിലകം വൈദ്യനായി വളരെക്കാലം തൃപ്പൂണിത്തുറെത്തന്നെ താമസിച്ചു.
ഒരു ദിവസം കോവിലകത്തു മുറ്റമടിച്ചുവാരിക്കൊണ്ടുനിന്ന ഒരു സ്ത്രീയെ കണ്ടിട്ട് മൂസ്സ് അവരെ വിളിച്ച്, അവർ ക്ഷണത്തിൽ അവരുടെ വീട്ടിലേക്കു പോകണമെന്നു പറഞ്ഞു. ആ സ്ത്രീ അതനുസരിക്കായ്കയാൽ മൂസ്സ് വിവരം ഉടനെ തിരുമനസ്സറിയിക്കുകയും കൽപനപ്രകാരം ചില ശേവുകക്കാർ ചെന്ന് അവരെ അവരുടെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയും വീട്ടിലെത്തീട്ടു രണ്ടു നാഴിക കഴിയുന്നതിനു മുൻപ് ആ സ്ത്രീ മരിക്കുകയും ചെയ്തു.
ഒരിക്കൽ പാലിയത്ത് ഒരമ്മയ്ക്ക് ഒരു ദീനമുണ്ടായി. ആദ്യം തൊണ്ടയിൽ സ്വൽപമായ ഒരു വേദനയുണ്ടാവുകയാണ് ചെയ്തത്. അതു ക്രമേണ വർദ്ധിച്ചു വെള്ളംപോലുമിറക്കാൻ പാടില്ലാത്ത വിധത്തിൽ ദുസ്സഹമായിത്തീർന്നു. ഭക്ഷണമില്ലാതെയായപ്പോൾ ആ അമ്മ ഏറ്റവും ക്ഷീണിക്കുകയും പട്ടിണി കിടന്നുതന്നെ മരിക്കുമെന്നുള്ള സ്ഥിതിയിലാവുകയും ചെയ്തു. പല നാട്ടുവൈദ്യന്മാരും ചില ഇംഗ്ളീഷു വൈദ്യന്മാരും പലതും ചെയ്തുനോക്കീട്ടും യാതൊരു ഫലവുമുണ്ടായില്ല. ഇംഗ്ളീഷു വൈദ്യന്മാർ പീച്ചാങ്കുഴൽവച്ചു മലദ്വാരത്തിൽക്കൂടി പാൽ അകത്തു കടത്തി ഏകദേശം ഒരു മാസംവരെ പ്രാണരക്ഷ ചെയ്തുകൊണ്ടിരുന്നു. ഒടുക്കം അതും അസാദ്ധ്യമെന്നു തോന്നുകയാൽ അവരും ഉപേക്ഷിച്ചു പിന്മാറി. ഇത്രയുമായതിന്റെ ശേഷം പാലിയത്തച്ചൻ ഇട്ടീരിമൂസ്സിനെ കൊണ്ടുവരാനായി തൃപ്പൂണിത്തുറയ്ക്ക് ആളയച്ചു. അച്ചന്റെ ആൾ ചെല്ലുകയാൽ മൂസ്സ് വിവരം തിരുമനസ്സറിയിച്ച് അനുവാദം വാങ്ങിക്കൊണ്ട് പോയി പാലിയത്തെത്തി. ഉടനെ അച്ഛൻ രോഗിണിയെ കാണിച്ചു വിവരമെല്ലാം പറഞ്ഞു. മൂസ്സ് രണ്ടു ദിവസത്തെ ചികിത്സകൊണ്ട് ആ ദീനം ഭേദമാക്കുകയും ആ അമ്മ യഥാപൂർവ്വം ഭക്ഷണം കഴിച്ചു തുടങ്ങുകയും ചെയ്തു. ആ ദീനം ആ അമ്മയ്ക്കു പിന്നെ ഒരിക്കലും ഉണ്ടായിട്ടുമില്ല.
ഒരിക്കൽ ഒരു തലവേദനക്കാരൻ മൂസ്സിന്റെ അടുക്കൽ ചെന്നു തനിക്കു സഹിക്കവയ്യാതെയുള്ള ഒരു തലവേദന തുടങ്ങീട്ടു വളരെക്കാലമായെന്നും പല വൈദ്യന്മാർ ചികിത്സിച്ചിട്ടും ഒരു ഭേദവുമുണ്ടായിട്ടില്ലെന്നും എണ്ണ കാച്ചിത്തേച്ചിട്ട് ഒരെണ്ണയും പിടിക്കുന്നില്ലെന്നും പറഞ്ഞു. മൂസ്സ് അല്പം ആലോചിച്ചിട്ട് ആഴ്ച മുറയ്ക്ക് പതിവായി ആവണക്കെണ്ണ തേച്ചുകുളിക്കാൻ പറയുകയും അങ്ങനെ ചെയ്തിട്ട് ആ മനുഷ്യന്റെ തലവേദന മാറിപ്പോവുകയും ചെയ്തു.
ഇങ്ങനെ ഇട്ടീരിമൂസ്സിന്റെ ചികിത്സാസാമർത്ഥ്യത്തെയും അത്ഭുതകർമ്മങ്ങളെയും പറ്റി പറയുകയാണെങ്കിൽ ഇനിയും വളരെയുണ്ട്. വിസ്തരഭയത്താൽ അതിനായിത്തുനിയുന്നില്ല. മൂസ്സിന്റെ ചികിത്സാനൈപുണ്യത്തെക്കുറിച്ചു സന്തോഷിച്ചു വലിയ തമ്പുരാൻ തിരുമനസ്സു കൊണ്ട് അദ്ദേഹത്തിന്റെ ശമ്പളം രണ്ടു പ്രാവശ്യം അഞ്ചുവീതംകൂട്ടി ഇരുപതു രൂപയാക്കി.
ആ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് 1063-ആമാണ്ട് തീപ്പെട്ടു പോയെങ്കിലും പിന്നീടു നാടുവാണിരുന്ന (1071-ൽ തീപ്പെട്ട) വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു മൂസ്സിനെ വിട്ടയയ്ക്കാതെ യഥാപൂർവം തൃപ്പൂണിത്തുറെത്തന്നെ താമസിപ്പിച്ചിരുന്നു. അങ്ങനെ ഇട്ടീരിമൂസ്സ് ഏകദേശം മുപ്പത്തിരണ്ട് കൊല്ലത്തോളം അവിടെ താമസിച്ചു.അപ്പോഴേക്കും നീലകണ്ഠൻമൂസ്സു കാലധർമ്മത്തെ പ്രാപിക്കുകയും ഇട്ടീരിമൂസ്സിനു തറവാട്ടിൽ മൂപ്പു സിദ്ധിക്കുകയും വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ട് തീപ്പെട്ടു പോവുകയും ചെയ്യുകയാൽ അദ്ദേഹം അവിടെ അധിക കാലം താമസിച്ചില്ല.
അദ്ദേഹം വളരെക്കാലമായി ആഗ്രഹിച്ചിരുന്ന സേതുസ്നാനം ഉടനെ നടത്തണമെന്നു നിശ്ചയിച്ച് 1073-ആമാണ്ട് ധനുമാസമാദ്യം സ്വദേശത്തുനിന്നു പുറപ്പെട്ടു. അദ്ദേഹം സ്വശിഷ്യനായ ഒരു നമ്പൂരിയേയും രണ്ടു പരദേശബ്രാഹ്മണരേയും കൂടെക്കൊണ്ടുപോയിരുന്നു. അന്യദേശങ്ങളിലെ ഭക്ഷണം പിടിക്കായ്കയാലോ എന്തോ തൃശ്ശിനാപ്പള്ളിയിലെത്തിയ പ്പേഴേക്കും മൂസ്സിനു സ്വല്പമായി ഒരതിസാരം ആരംഭിക്കുകയും മധുരയിലെത്തിയപ്പോഴേക്കും അതു വർദ്ധിച്ച് യാത്രതുടരാൻ നിവൃത്തിയില്ലാതെയായിത്തീരുകയും ചെയ്തു. പിന്നെ കുറച്ചുദിവസം അവിടെ താമസിച്ചു. കൈവശമുണ്ടായിരുന്ന ചില ഗുളികകളും മറ്റും സേവിച്ചുവെങ്കിലും ക്രമേണ ദീനം വർദ്ധിക്കുകയാണ് ചെയ്തത്. "ജീവനാശമടുത്തൊരു രോഗിക്കു ദിവ്യമെന്നാലുമൗഷധം പറ്റുമോ?" ആ ധനുമാസം 13-ആം തീയ്യതി കാലത്ത് ഒമ്പതുമണിക്ക് ആ മഹാവൈദ്യൻ പരലോകത്തെ പ്രാപിച്ചു. മരിക്കുന്നതിനു സ്വല്പം മുൻപ് മൂസ്സ് അടുക്കൽ ശുശ്രൂഷിച്ചുകൊണ്ടിരുന്ന സ്വശിഷ്യനായ നമ്പൂരിയോട്, "പുണ്യാഹത്തിന് ഈ ദിക്കിൽ നമ്പൂരിമാരെ കിട്ടുന്ന കാര്യം അസാദ്ധ്യമാണ്. അതിനാൽ ശവശ്ശുദ്ധമാകാതെയിരിക്കാൻ കരുതിക്കൊള്ളണം"എന്നു പറയുകയും മരിക്കാറായപ്പോൾ സ്വയമേവ മെത്തയിൽനിന്ന് മാറി തെക്കോട്ടു തലയായിട്ടു നിലത്തു കിടക്കുകയും ചെയ്തുവത്രേ.
എളേടത്തു തൈക്കാട്ടില്ലത്ത് ഇപ്പോൾ ഉള്ള മൂസ്സന്മാരും നല്ല വൈദ്യന്മാരാണെന്നുള്ള പേരു സമ്പാദിച്ചിട്ടുള്ളവരാണ്. ആ കുടുംബക്കാരുടെ പ്രസിദ്ധി മേലും വർദ്ധിച്ചുകൊണ്ടിരിക്കുവാൻ സർവ്വേശ്വരൻ സദയം സഹായിക്കട്ടെ.
ഐതിഹ്യമാല/അവണാമനയ്ക്കൽ ഗോപാലൻ
ഐതിഹ്യമാല/അവണാമനയ്ക്കൽ ഗോപാലൻ
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി അവണാമനയ്ക്കൽ ഗോപാലൻ | പള്ളിപ്പുറത്തുകാവ്→ |
കൊച്ചി രാജ്യത്ത് തലപ്പിള്ളി താലൂക്കിൽ ദേശമംഗലം വില്ലേജിൽ ദേശമംഗലത്തു മനയെന്നും, തൃശ്ശിവപേരൂർ താലൂക്കിൽ ഇടക്കുന്നിൽ വില്ലേജിൽ തെക്കിനിയേടത്തു കിരാങ്ങാട്ടുമനെയെന്നും ടി താലൂക്കിൽ ത്തന്നെ കടലാശ്ശേരി വില്ലേജിൽ അവണാമനയെന്നും പറഞ്ഞുവരുന്ന ബ്രാഹ്മണോത്തമകുടുംബവകയായി പണ്ടു ഗോപാലൻ എന്നു പ്രസിദ്ധനായിട്ട് ഒരു കൊമ്പനാനയുണ്ടായിരുന്നു. അനേകം ഗുണങ്ങളും യോഗ്യതകളുമുണ്ടായിരുന്ന ആ ഗോപാലനോടു കിടയായിട്ട് ഒരു കൊമ്പനാന അക്കാലത്തു വേറെയെങ്ങുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇക്കാലത്തും എങ്ങുമുള്ളതായി കേട്ടുകേൾവി പോലുമില്ല. ഈ ആന ഈ മനയ്ക്കൽ വന്നു ചേർന്നത് ഏതുവിധമെന്നും മറ്റും താഴെ പറഞ്ഞുകൊള്ളുന്നു.
മേൽപ്പറഞ്ഞ മനയ്ക്കൽ കൊല്ലം 1068-ആമാണ്ടുവരെജീവിച്ചിരുന്ന നാരായണൻ നമ്പൂരിപ്പാട് സത്യം, ദയ, ദാനം, ധർമ്മം, നീതി, പരോപകാരതത്പരത മുതലായ സൽഗുണങ്ങളുടെ വിളനിലമായിരുന്നതിനാൽ അദ്ദേഹത്തെക്കുറിച്ച് ഓർമ്മയുള്ളവർ ഇപ്പോഴും പലരുമുണ്ടായിരിക്കാനിടയുണ്ട്. യോഗ്യനും ഭാഗ്യവാനുമായിരുന്ന അവിടേയ്ക്ക് ഒരിക്കൽ സ്വന്തമായി ഒരു കൊമ്പനാനയെ വാങ്ങിയാൽ കൊള്ളാമെന്ന് ഒരു മോഹമുണ്ടായിത്തീരുകയാൽ അതിനായി അന്വേഷണം തുടങ്ങി. അപ്പോൾ പാമ്പുംമേയ്ക്കാട്ടുമനയ്ക്കൽ ഒരു കുട്ടിക്കൊമ്പൻ നിൽക്കുന്നുണ്ടെന്നും അതിനെ വിൽക്കാൻ പോകുന്നുവെന്നും കേട്ടു നമ്പൂരിപ്പാട് അങ്ങോട്ടു പുറപ്പെട്ടു. അക്കാലത്ത് ആനകളുടെ ലക്ഷണങ്ങളും ഗുണദോഷങ്ങളും അറിയാവുന്ന ആളായിട്ട് ഊരകത്തു തെക്കേവെളിയത്ത് എന്ന വീട്ടിൽ കൃഷ്ണൻനായർ എന്നൊരാളുണ്ടായിരുന്നതിനാൽ നമ്പൂരിപ്പാട് അവിടെച്ചെന്ന് ആ മനുഷ്യനെ കൂട്ടിക്കൊണ്ടാണ് പോയത്. അടുത്ത ദിവസം തന്നെ അവർ പാമ്പുംമേയ്ക്കാട്ട് എത്തുകയും നമ്പൂരിപ്പാടു താൻ ചെന്നിരിക്കുന്നതിന്റെ ഉദ്ദേശം ആ മനയ്ക്കലെ അച്ഛൻനമ്പൂരിയെ ധരിപ്പിക്കുകയും ചെയ്തു. അപ്പോൾ അച്ഛൻനമ്പൂരി, "ഇവിടെ ഒരാനക്കുട്ടിയുണ്ടെന്നും അതിനെ വിൽക്കണമെന്നു വിചാരിച്ചിരിക്കുകയാണെന്നും കേട്ടത് വാസ്തവം തന്നെയാണ്. എന്നാൽ പരമാർത്ഥം പറയാതെ നമ്പൂരിയെ ചതിക്കുന്നത് കഷ്ടമാണല്ലോ. അതുകൊണ്ടു സത്യം ഞാൻ പറയാം. ആ ആനക്കുട്ടിക്ക് 'കരിനാക്ക്' (നാവിൽ കറുത്ത രേഖ) ഉണ്ട്. അതു ദുർലക്ഷണവും ദോഷമായിട്ടുള്ളതുമാണല്ലോ. അതുകൊണ്ടാണ് അതിനെ വിറ്റുകളയാമെന്ന് ഇവിടെ വിചാരിക്കുന്നത്" എന്നു പറഞ്ഞു. അക്കാലത്തു മലയാള ബ്രാഹ്മണർ ശുദ്ധന്മാരും നിഷ്കളങ്കഹൃദയന്മാരും സത്യസന്ധന്മാരും അന്യായമായും ചതിച്ചും പരദ്രവ്യം കൈക്കലാക്കാൻ ഇച്ഛയില്ലാത്തവരുമായിരുന്നു എന്നുള്ളതിന് ഇതൊരു ഉത്തമദൃഷ്ടാന്തമാണല്ലോ.
ഇതു കേട്ടയുടനെ നമ്പൂരിപ്പാടും കൃഷ്ണൻനായരും കൂടി ആന നിന്നിരുന്ന സ്ഥലത്തേക്കു പോയി. അവിടെച്ചെന്ന് ആ ആനക്കുട്ടിയുടെ ഭംഗിയും മറ്റും ആകപ്പാടെ കണ്ടപ്പോൾ, എന്തെല്ലാം ദോഷങ്ങളുണ്ടായിരുന്നാലും അതിനെ വാങ്ങണമെന്നുള്ള ഭ്രമം നമ്പൂരിപ്പാട്ടിലേക്കു കലശലായി. കൃഷ്ണൻനായർ ആകപ്പാടെ പരിശോധിച്ചു നോക്കീട്ട്, "ഇതിനു കരിനാക്കുണ്ടെന്നു പറഞ്ഞതു വാസ്തവം തന്നെ. അതു ദോഷമായിട്ടുള്ളതുമാണ്. എങ്കിലും ഇതിനു മറ്റനേകം ശുഭലക്ഷണങ്ങളുള്ളതുകൊണ്ട് ഇതിനെ വാങ്ങിയാൽ നമുക്കു ഗുണമല്ലാതെ ദോഷമൊന്നുമുണ്ടാകയില്ലെന്നാണ് അടിയന്റെ അഭിപ്രായം. 'ഏകോഹി ദോഷോ ഗുണസന്നിപാതേ നിമ ́തീന്ദോഃ കിരണേഷ്വിവാങ്കഃ' എന്നുള്ളതുപോലെയാണ് ഈ ദോഷമിരിക്കുന്നത്" എന്നു നമ്പുരിപ്പാട്ടിലെ അടുക്കൽ സ്വകാര്യമായിട്ടു പറഞ്ഞു. ഉടനെ രണ്ടുപേരും കൂടി വീണ്ടും അച്ഛൻ നമ്പൂതിരിയുടെ അടുക്കൽ ചെന്നു വിലയെക്കുറിച്ചു ചോദിച്ചു. അപ്പോൾ അച്ഛൻ നമ്പൂരി, "ഈ കൊമ്പൻകുട്ടിക്കു കരിനാക്കെന്നുള്ള ദോഷമില്ലായിരുന്നുവെങ്കിൽ അയ്യായിരമുറുപ്പികയിൽ കുറയാതെ ആരും തരുമായിരുന്നു. അയ്യായിരമല്ല, പതിനായിരം കിട്ടിയാലും ഞാൻകൊടുക്കുകയുമില്ലായിരുന്നു. ഈ ഒരു ദോഷമുള്ളതുകൊണ്ട് ഇതിനെ വിലതന്ന് ആരും വാങ്ങുമെന്നു തോന്നുന്നില്ല. നമ്പൂരിക്കു വേണമെങ്കിൽ, ആയിരമുറുപ്പിക തന്നാൽ ഈ കുട്ടിയെ ഞാൻതന്നേക്കാം. നല്ല സമ്മതമുണ്ടെങ്കിൽ മതി താനും" എന്നു പറഞ്ഞു. അയ്യായിരമുറുപ്പികയിൽ കുറയാതെ കൊടുക്കേണ്ടതായി വന്നേക്കുമെന്നായിരുന്നു നമ്പൂരിപ്പാടു വിചാരിച്ചിരുന്നത്. ആയിരമെന്നു കേട്ടപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും "കരിനാക്കുണ്ടെങ്കിലും മേയ്ക്കാടിനെ നഷ്ടപ്പെടുത്തണമെന്നു ഞാൻ വിചാരിക്കുന്നില്ല" എന്നു പറയുകയും അപ്പോൾത്തന്നെ ഉറുപ്പിക വരുത്തി രൊക്കം കൊടുത്ത് ആനക്കുട്ടിയെ വാങ്ങുകയും ഒരാനക്കാരന്റെ സഹായത്തോടുകൂടി ആ കൊമ്പൻകുട്ടിയെ അവിടെനിന്നു കൊണ്ടു പോരികയും ചെയ്തു. ഇപ്രകാരമാണ് ഗോപാലൻ അവണാമനയ്ക്കൽ വന്നുചേർന്നത്. അക്കാലത്തു ഗോപാലന് ഇരുപതു വയസ്സു മാത്രമേ പ്രായമായിരുന്നുള്ളു എങ്കിലും ഉടലിന്റെ പുഷ്ടിയും ഉയർച്ചയും കണ്ടാൽ അതിലധികം തോന്നുമായിരുന്നു. കൊമ്പുകളുടെ ഭംഗി, തലക്കട്ടി, തലയെടുപ്പു മുതലായ ഗുണങ്ങൾ കൊണ്ടു ഗോപാലൻ നിസ്തുലനായ ഒരു കൊമ്പൻകുട്ടി തന്നെയായിരുന്നു.
ആനക്കുട്ടിയെ ദേശമംഗലത്തു കൊണ്ടുചെന്നപ്പോൾ അന്നത്തെ അച്ഛൻ നമ്പൂരിപ്പാട് അതിന്റെ ഭംഗി കണ്ടും വിലയുടെ ലഘുത്വമറിഞ്ഞും വളരെ സന്തോഷിക്കുകയും, "ഉണ്ണീ, കൊമ്പൻകുട്ടി നമ്മുടെ ബ്രഹ്മസ്വം വകയായിരിക്കട്ടെ. ഇതിനു കൊടുത്ത വില ഞാൻതന്നേക്കാം" എന്നു പറയുകയും ആയിരമുറുപ്പിക രൊക്കം മകനു കൊടുത്ത് ആ ആനക്കുട്ടിയെ മനയ്ക്കലേക്കായിട്ടു വാങ്ങുകയും ചെയ്തു.
ഗോപാലന്റെ ബുദ്ധിഗുണം അസാധാരണമായിരുന്നു. അവൻ വളർന്നുവന്നതിനോടുകൂടി അവന്റെ ഗുണങ്ങളും വർദ്ധിച്ചു. നീർക്കോളുള്ള സമയത്തല്ലാതെ ഗോപാലനെ തളയ്ക്കുക (കെട്ടിയിടുക) പതിവില്ല. അല്ലാത്ത കാലങ്ങളിൽ മനയ്ക്കലെ പറമ്പിൽ അവനു നിശ്ചയിച്ചു കൊടുത്തിരുന്ന സ്ഥലത്തുപോയി നിൽക്കുകയും കിടക്കുകയും ചെയ്തുകൊള്ളും. തീറ്റസ്സാമാനങ്ങളെല്ലാം നേരനീക്കം കൂടാതെ അവിടെ കൊണ്ടുചെന്നു കൊടുത്തേക്കുകയാണു പതിവ്. ആ പറമ്പിൽ തെങ്ങും വാഴയും മറ്റും ധാരാളമുണ്ടായിരുന്നു. ഒരു സമയം തീറ്റയ്ക്കുള്ളവ കൊണ്ടുചെന്നുകൊടുക്കാൻ സ്വൽപം താമസിച്ചുപോയാലും തെങ്ങും വാഴയും മറ്റും ഒടിച്ചിട്ടും പറിച്ചും അവൻ തിന്നു നശിപ്പിക്കാറില്ല. മനയ്ക്കലെ കുട്ടികളും മറ്റും ഗോപാലന്റെ അടുക്കൽ ചെന്നു കളിക്കുക സാധാരണമായിരുന്നു. കുട്ടികൾ അവന്റെ കൊമ്പിലും വാലിലും പിടിച്ച് അവനെ കുറേശ്ശെ ഉപദ്രവിച്ചാലും അവൻ ആരെയും ഉപദ്രവിക്കാറില്ല. കുട്ടികൾ കളിച്ചു ചെയ്യുന്ന ഉപദ്രവങ്ങളെല്ലാം ഗോപാലനു സന്തോഷാവഹങ്ങളായിരുന്നു. കഥയില്ലാത്ത കുട്ടികൾ കളിച്ചു വല്ലതും ചെയ്താലും കാര്യവിവരമുള്ള താൻ അതിനു പകരം ചെയ്യുന്നതു ശരിയല്ലല്ലോ എന്നായിരുന്നു അവന്റെ വിചാരം.
മനയ്ക്കലുള്ള ഒരോരുത്തരും ഗോപാലനു പതിവായി ചില അവകാശങ്ങൾ കൊടുത്തിരുന്നു. അവയെല്ലാം ഒരു മാത്രപോലും സമയം തെറ്റിക്കാതെ അവൻ അതാതു സ്ഥലങ്ങളിൽ ചെന്നു നിശ്ചിതസമയങ്ങളിൽ ത്തന്നെ വാങ്ങി അനുഭവിച്ചുകൊണ്ടിരുന്നു.
മനയ്ക്കൽ കാലത്തെ ഗണപതിഹോമം, തേവരം, പൂജ മുതലായതു കഴിയുമ്പോൾ ഗോപാലൻ അടുക്കളയുടെ വടക്കെ വാതിൽക്കലെത്തുക പതിവാണ്. അപ്പോൾ കുറച്ചു നിവേദ്യച്ചോറും അപ്പം, അട, ശർക്കര, കദളിപ്പഴം, തേങ്ങാപൂൾ മുതലായവയും അമ്മാത്തോൽ കൊടുക്കും. അവയെല്ലാം അമ്മാത്തോൽ കൊച്ചുകുട്ടികൾക്കെന്നപോലെ ഗോപാലനെ വായിൽ വെച്ചുകൊടുക്കുകയും അവൻ സാദരം വാങ്ങി ഭക്ഷിക്കുകയും ഇടയ്ക്കൊക്കെ അമ്മാത്തോൽ മകനേ, മകനേ എന്നു വിളിക്കുകയും അതിനൊക്കെ ഗോപാലൻ അനുസരണത്തോടുകൂടിയും നന്ദിസൂചകമായും ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നതു കാണുകയും കേൾക്കുകയും ചെയ്താൽ ഈ ജന്മത്തിലല്ലെങ്കിലും പൂർവ്വ്വജന്മത്തിൽ ഇവർ അമ്മയും മകനും തന്നെയായിരിക്കുമെന്ന് ആർക്കും തോന്നിപ്പോകും. വാസ്തവത്തിൽ ആ അമ്മാത്തോൽക്കു ഗോപാലനെക്കുറിച്ചു പുത്രനിർവ്വിശേഷമായ വാത്സല്യവും ഗോപാലന് അമ്മാത്തോലിനെക്കുറിച്ചു മാതൃനിർവ്വിശേഷമായ ഭക്തിസ്നേഹാദരങ്ങളുമുണ്ടായിരുന്നു.
ഗോപാലന്റെ ബുദ്ധിവിശേഷങ്ങൾ വിസ്തരിക്കുകയെന്നുവെച്ചാൽ അവസാനമില്ലാതെയുണ്ട്. അവയിൽ ചിലതുമാത്രം താഴെ പ്രസ്താവിച്ചു കൊള്ളുന്നു:
ഒരു ദിവസം കാലത്തു ഗോപാലൻ പതിവുപോലെ അടുക്കള വാതിൽക്കൽ ചെന്നു വായും പൊളിച്ചു നിന്നപ്പോൾ അമ്മാത്തോൽ നിവേദ്യച്ചോറു കൊണ്ടുവന്ന് അവന്റെ വായിൽ വച്ചുകൊടുത്തിട്ട് ശർക്കര, തേങ്ങാപ്പൂൾ മുതലായവ എടുത്തുകൊണ്ടുവരാനായിട്ടു പോയി. ആ സമയം മനയ്ക്കലെ ഒരു ഉണ്ണി ഓടിച്ചെന്നു ഗോപാലന്റെ കൊമ്പുകളിൽ ചാടിപ്പിടിച്ചു ഞാന്നു. താൻ വായ് കൂട്ടിയാൽ ഉണ്ണി വീണെങ്കിലോ എന്നു വിചാരിച്ചു ഗോപാലൻ വായ് കൂട്ടാതെയും അനങ്ങാതെയും ആ നിലയിൽത്തന്നെ നിന്നു. അതിനാൽ വായിൽക്കൊടുത്ത ചോറു മുഴുവനും താഴെ വീണുപോയി. അപ്പോഴേയ്ക്കും അമ്മാത്തോൽ വീണ്ടും അവിടെ വരികയും ഉണ്ണിയെപ്പിടിച്ചിറക്കി വിടുകയും ഗോപാലന്റെ ബുദ്ധിഗുണത്തെ ക്കുറിച്ചു വിസ്മയിക്കുകയും ചെയ്തു.
ഒരിക്കൽ മനയ്ക്കലെ തെക്കുവശത്തുണ്ടായിരുന്ന ഒരു പൊട്ടക്കിണറിന്റെ വക്കത്ത് അറുപത്തിനാലു വണ്ണമുള്ളതായ ഒരു പിലാവു നിൽക്കുന്നുണ്ടായിരുന്നു. അതു മറിഞ്ഞുവീണാൽ അനേകവിധത്തിലുള്ള നാശങ്ങൾ സംഭവിക്കാനിടയുണ്ടായിരുന്നതിനാൽ അതു മുറിച്ചുമാറ്റണ മെന്നു തീർച്ചപ്പെടുത്തി. കിണറ്റിലും മറ്റും വീഴാതെയിരിക്കാനായി അനേകമാളുകൾ കൂടി വലിയ വടങ്ങളിട്ടു പിടിച്ചുകൊണ്ടാണ് പിലാവു വെട്ടിയത്. എങ്കിലും കടയറ്റപ്പോൾ അതു വീണതു കിണറ്റിലാണ്. സാമാന്യത്തിലധികം വലിപ്പമുള്ളതായ ആ തടി കിണറ്റിൽനിന്നു പിടിച്ചുകയറ്റുക എന്നതു സുകരമായിട്ടുതല്ലല്ലോ. ഒന്നാംതരം ഒരു തടി വെറുതേ കളയാൻ ആർക്കെങ്കിലും മനസ്സുവരുമോ? ഏതുവിധമെങ്കിലും ആ തടി പിടിച്ചു കയറ്റിക്കണെമെന്ന് അച്ഛൻ നമ്പൂരിപ്പാടു പറയുകയാൽ ആനക്കാർ ഗോപാലനെയും കൊണ്ടുപോയി പലപ്രാവശ്യം പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കീട്ടും ഒരു ഫലവുമുണ്ടായില്ല. പിന്നെ ഒരു ദിവസം അച്ഛൻ നമ്പൂരിപ്പാട് അവിടെ സ്വന്തം ക്ഷേത്രത്തിൽ വഴിപാടു കഴിപ്പിച്ച് ഒരു നാലിടങ്ങഴിയുരുളി നിറച്ച് അപ്പവും നാലഞ്ചു കുല പഴവും, അമ്പതു കൊട്ടത്തേങ്ങയും അരത്തുലാം ശർക്കരയും വരുത്തി അച്ഛൻ നമ്പൂരിപ്പാടിരിക്കുന്ന പൂമുഖത്തിന്റെ മുൻവശത്തു നിരത്തിവെപ്പിച്ചു. ഗോപാലനെ പകൽ നാലുമണിക്കു കുളിപ്പിച്ച് അച്ഛൻ നമ്പൂരിപ്പാട്ടിലെ അടുക്കൽ കൊണ്ടുചെല്ലുക പതിവാണ്. ആ പതിവനുസരിച്ച് അവനെ അന്നും കൊണ്ടുചെന്നു. അപ്പോൾ മേൽപറഞ്ഞ സാധനങ്ങളൊക്കെ അവിടെയിരിക്കുന്നത് അവൻ കണ്ടു. എങ്കിലും അതൊന്നും കണ്ടതായി അവൻ ഭാവിച്ചു പോലുമില്ല. ഗോപാലൻ അടുത്തുചെന്നയുടനെ അച്ഛൻ നമ്പൂരിപ്പാട്, 'ഗോപാലാ, ആ തടി ആ കിണറ്റിൽ കിടന്നാൽ മതിയോ? നീ ഇവിടെയുള്ള സ്ഥിതിക്ക് അത് അവിടെക്കിടന്നു വെറുതെ പോകുന്നതു കഷ്ടമാണ്. നിവൃത്തിയുണ്ടെങ്കിൽ അതു പിടിച്ചെടുത്തു കരയ്ക്കിട്ടാൽ കൊള്ളാം' എന്നു പറഞ്ഞു. അതു കേട്ട ക്ഷണത്തിൽ ഗോപാലൻ ആ തടി കിടന്നിരുന്ന സ്ഥലത്തേയ്ക്കു നടന്നു. അവിടെച്ചെന്നയുടനെ കിണറിന്റെ വക്ക് ഇടിഞ്ഞുപോയേക്കുമോ എന്നുള്ള സംശയം തീർക്കുന്നതിനായി ചുറ്റും നടന്നു ചവിട്ടിനോക്കി; ഇടിയുകയില്ലെന്നു നിശ്ചയം വരുത്തിയ തിന്റെ ശേഷം മുട്ടുകുത്തി കിടന്നുകൊണ്ടു കിണറ്റിൽ കിടന്ന തടി തുമ്പിക്കൈ കൊണ്ടു പിടിച്ചുവലിച്ചു കരയക്കു കയറ്റി അലക്ഷ്യഭാവത്തിൽ ഒരേറുകൊടുത്തിട്ടു വീണ്ടും അച്ഛൻനമ്പൂതിരിപ്പാട്ടിലെ മുമ്പിൽ എത്തി. ഉടനെ നമ്പൂരിപ്പാട് അവിടെ ഒരുക്കി വെച്ചിരുന്ന സാധനങ്ങളെല്ലാം ഗോപാലനു കൊടുക്കുകയും അവൻ അവയെല്ലാം വാങ്ങി തിന്നുകയും ചെയ്തു. കിടങ്ങൂർ കണ്ടങ്കോരൻ എന്തെങ്കിലും കൈക്കൂലി കൊടുക്കാമെന്ന് ഉടമ്പടിചെയ്യാതെ ഒന്നും ചെയ്യാറില്ലല്ലോ. ഗോപാലന് അങ്ങനെ യുള്ള നിർബന്ധമൊന്നുമില്ല. പറയാനുള്ളവർ പറഞ്ഞാൽ അവൻ എന്തും ചെയ്യും. പിന്നെ സന്തോഷിച്ച് എന്തെങ്കിലും കൊടുത്താൽ അതു വാങ്ങുക യും ചെയ്യും. അങ്ങനെയാണ് ഗോപാലന്റെ സ്വഭാവം.
അവണാമനയ്ക്കൽ നമ്പൂരിപ്പാട് ഊരകത്ത് അമ്മതിരുവടിയെക്കുറിച്ചു വളരെ ഭക്തിയുള്ളയാളും അവിടേയ്ക്കുവേണ്ടി എന്തും ചെയ്യാൻ സദാസന്നദ്ധനുമായിരുന്നു. ആറാട്ടുപുഴെ പൂരത്തിന് അമ്മതിരുവടിയെ എഴുന്നള്ളിക്കാൻ ആണ്ടുതോറും ഗോപാലനെ അയച്ചുകൊടുക്കുക പതിവായിരുന്നു. ആ എഴുന്നുള്ളത്തിന് ഇരുപത്തൊൻപത് ആനകളാണല്ലോ പതിവ്. അതിനാൽ ഗോപാലനെക്കൂടാതെ ഇരുപത്തെട്ടാനകൾ കൂടി അവിടെ ആവശ്യമാണ്. ഒരു കൊല്ലം ആനകൾ തികയാതെവന്നതിനാൽ അവണാമനയ്ക്കൽ നമ്പൂരിപ്പാട് കോവിലകം വക മൂന്നാനകളെക്കൂടി വരുത്തിക്കൊടുത്തു. പൂരം കഴിഞ്ഞതിന്റെ ശേഷം ഗോപാലനെയും മറ്റേ മൂന്നാനകളെയും അടുക്കലടുക്കൽ കെട്ടി തീറ്റിയിട്ടുകൊടുത്തു. തന്റെ അടുക്കലെങ്ങാനും മറ്റാനകളെ കെട്ടുന്നുണ്ടെങ്കിൽ തന്റെ ദൃഷ്ടിയിൽപ്പെടത്തക്കവണ്ണം വേണമെന്നു ഗോപാലനു നിർബന്ധമുണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്തത്. കോട്ടയ്ക്കൽ നിന്നു വരുത്തിയിരുന്ന ആനകളുടെ കൂട്ടത്തിൽ ഒരു കുട്ടിക്കൊമ്പനുണ്ടായിരുന്നു. അവന്റെ മുമ്പിലിട്ടിരുന്ന തീറ്റ തീർന്നുപോയതിനാൽ അവൻ ഗോപാലന്റെ മുമ്പിൽ കിടന്നിരുന്ന തീറ്റയിൽനിന്ന് ഒരു തെങ്ങിൻപട്ട (തെങ്ങോലമടൽ) വലിച്ചെടുത്തു. ഉടനെ ഗോപാലൻ തന്റെ മുമ്പിൽനിന്നു മൂന്നുനാലു പട്ട ആ കുട്ടിക്കൊമ്പന്റെ അടുക്കലേക്കു മാറ്റിയിട്ടുകൊടുത്തു. അതുകൊണ്ടും തൃപ്തിപ്പെടാതെ ആ കുട്ടിയാന കയറി ഗോപാലനെ കുത്തി. ഗോപാലൻ കുത്തുകൊള്ളാതെ ഒഴിഞ്ഞുമാറീട്ടു തുമ്പിക്കൈ ചുരുട്ടി ആ ആനയ്ക്കിട്ട് ഒരു തട്ടുകൊടുത്തു. തട്ടുകൊണ്ടു കുട്ടിയാന നാലുകാലും മലച്ചു 'പൊത്തോ' എന്നു വീണു. അപ്പോഴേയ്ക്കും ആനക്കാർ ചെന്നു ചങ്ങല അഴിച്ചതുകൊണ്ട് അതു ചത്തില്ല. ആനക്കാർ ഉടനെ അടുത്തെത്തി ചങ്ങല അഴിച്ചില്ലായിരുന്നെങ്കിൽ ആ കുട്ടിയാനയുടെ കഥ അപ്പോൾത്തന്നെ കഴിയുമായിരുന്നു. അതുകൊണ്ടു ഗോപാലനു വേണ്ടതുപോലെ ഔദാര്യവും, ദുസ്സാമർത്ഥ്യം കാട്ടുന്നവരെ ഉടനുടൻ ശിക്ഷിക്കണമെന്നുള്ള വിചാരവുമുണ്ടായിരുന്നു എന്നു സ്പഷ്ടമാണല്ലോ.
ആറാട്ടുപുഴെ പൂരം കഴിഞ്ഞ് ആറാട്ടിനു കടവിലേക്കെഴുന്നള്ളിച്ചാൽ ഗോപാലനെ കുളിപ്പിച്ച് അവനു തീറ്റയ്ക്കു പതിവുള്ള അമ്പതു തെങ്ങിൻ പട്ടയുമെടുപ്പിച്ച് അവിടെനിന്ന് രണ്ടുനാഴിക വടക്ക് അവണാമനയ്ക്കലെ വക പിടിക്കപ്പറമ്പ് എന്ന ദിക്കിൽ ഒരു സ്ഥലത്തു കൊണ്ടുപോയി കെട്ടുകയാണ് പതിവ്. അങ്ങോട്ടു പോകുമ്പോൾ കുറച്ചിട രണ്ടുവശവും വേലിയായിട്ടുള്ള ഒരിടവഴിയുണ്ട്. ഒരിക്കൽ ആ ഇടവഴിയിലായപ്പോൾ നായ്ക്കൻജാതിയിലുള്ള കുരുടനായ ഒരുത്തൻ തപ്പിത്തപ്പി അതിലെ വരുന്നുണ്ടായിരുന്നു. ആനപ്പുറത്ത് ഉറക്കംതൂങ്ങിക്കൊണ്ടിരുന്നതിനാൽ ആനക്കാരനും രണ്ടുവശത്തുമുള്ള വേലിക്കു കേടുവരാതെയിരിക്കുന്നതിനായി പൊക്കിപ്പിടിച്ചിരുന്ന തെങ്ങിൻപട്ടയുടെ മറവുകൊണ്ട് ആനയും ആ കുരുടൻ വരുന്നതു കണ്ടില്ല. അടുത്തുവന്നപ്പോൾ ചങ്ങല കിലുങ്ങുന്നതു കേട്ടോ എന്തോ ഒരാന വരുന്നുണ്ടെന്നു തോന്നുകയാൽ ആ കുരുടൻ ഭയപ്പെട്ട്, 'അയോ!' എന്ന് ഉറക്കെ നിലവിളിച്ചു. അതു കേട്ടപ്പോൾ ആരോ ഒരാൾ തന്റെ മുൻവശത്തെത്തിയിട്ടുണ്ടെന്ന് ഗോപാലനും മനസ്സിലായി. ഉടനെ അവൻ സ്വൽപം പിമ്പോട്ടു മാറി തെങ്ങിൻപട്ട താഴെ വെച്ചിട്ടു തുമ്പിക്കൈ കൊണ്ടു കുരുടനെ പതുക്കെയെടുത്തു വേലിക്കുമീതെ പറമ്പിലേയ്ക്കു വെച്ചതിന്റെ ശേഷം പട്ടയുമെടുത്തു നേരെ പോവുകയും ചെയ്തു. ഇതുകൊണ്ടു ഗോപാലനു ഭൂതദയയും മനസ്സലിവും എത്രമാത്രമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ. ഇങ്ങനെ വേറെയും പല സംഗതികളും ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ ഗോപാലൻ ദേശമംഗലത്തുവച്ച്, ഏറ്റവും കുണ്ടായിട്ടുള്ള ഒരിടവഴിയിൽക്കൂടി പുഴയിലേക്കു പോയ സമയം, ഗർഭിണിയായ ഒരീഴവസ്ത്രീ എതിരെ വന്നു. ഏറ്റവും അടുത്തായതിൽപ്പിന്നെയാണ് അവൾ ആനയെ കണ്ടത്. വഴിമാറിപ്പോകുന്നതിന് അവിടെ യാതൊരു സകൗര്യവുമില്ലാതെയിരുന്നതിനാൽ അവൾ ഭയപരവശയായി അവിടെ നിന്നു വല്ലാതെ പരുങ്ങി. അപ്പോൾ ഗോപാലൻ ഇതൊരു ഉപദ്രവമായിത്തീർന്നല്ലോ എന്നുള്ള ഭാവത്തോടുകൂടി ഒരു പറമ്പിലേക്കു കയറി ഒഴിഞ്ഞുപോയി. ഇങ്ങനെ ഇനിയും പലതും പറവാനുണ്ടെങ്കിലും മിക്കവയും ഒരുപോലെതന്നെയുള്ളവയാകയാൽ ഈ ഭാഗം ഇനി വിസ്തരിക്കുന്നില്ല.
സാധാരണമായി വലിയ ആനകളെല്ലാം തന്നെ എഴുന്നള്ളിപ്പിനോ തടിപിടിപ്പിക്കുന്നതിനോ ഏതിനെങ്കിലും ഒന്നിനു കൊള്ളാവുന്നവയായിരിക്കും. രണ്ടിനും കൊള്ളാവുന്ന ആനകൾ ചുരുക്കമാണ്. എന്നാൽ ഗോപാലൻ ഈ രണ്ടു കാര്യങ്ങൾക്കും അദ്വിതീയൻ തന്നെയായിരുന്നു. ഗോപാലൻ വളർന്ന് ഒരൊത്തയാനയായതിൽപ്പിന്നെ ആജീവനാന്തം കൊച്ചീരാജ്യത്തെ പ്രധാനപ്പെട്ട എഴുന്നള്ളത്തുകളെല്ലാം നിർവ്വഹിച്ചിട്ടുള്ളത് അവൻ തന്നെയാണ്. ഗോപാലൻ പ്രകൃത്യാതന്നെ തലയെടുപ്പുള്ള ഒരാനയായിരുന്നു. അവന്റെ തലയിൽ ചട്ടം (കോലം) വെച്ച് എഴുന്നള്ളിച്ചു കഴിയുമ്പോൾ അവൻ തല ഒന്നുകൂടി പൊക്കിപ്പിടിക്കുക പതിവായിരുന്നു. ഒന്നിലധികം ദേവന്മാരെ എഴുന്നള്ളിച്ചിരിക്കുമ്പോൾ അവനെക്കാൾ വലിയതായ മറ്റൊരാനയുടെ പുറത്തു മറ്റൊരു ദേവനെ എഴുന്നള്ളിച്ച് അടുപ്പിച്ചു നിർത്തിയാൽ അധികം പൊങ്ങിക്കാണുന്നതു ഗോപാലന്റെ തലയായിരിക്കും. എന്നാൽ ആവശ്യം പോലെ തലതാഴ്ത്തിയും ദേഹം ചുരുക്കിയും ചെറുതാവാനും ഗോപാലനു കഴിയുമായിരുന്നു. ഗോപാലനുണ്ടായിരുന്ന കാലത്തെല്ലാം തൃശ്ശിവപേരൂർ പൂരത്തിൽ പാറമേക്കാവിലെ എഴുന്നള്ളത്തിന് അവൻ തന്നെയായിരുന്നു പതിവ്. പാറമേക്കാവിൽനിന്ന് എഴുന്നള്ളിച്ചുവന്നു വടക്കുന്നാഥക്ഷേത്രത്തിലെ കിഴക്കേഗോപുരത്തിൽ ക്കൂടി അകത്തേക്കു കടക്കുമ്പോഴും തെക്കേ ഗോപുരത്തിൽക്കൂടി പുറത്തേക്കിറങ്ങുമ്പോഴും ഗോപാലനെക്കണ്ടാൽ തലയെടുപ്പില്ലാത്ത ഒരു കുട്ടിയാനയാണെന്നു തോന്നുമായിരുന്നു. അവിടം കടന്നാൽപ്പിന്നെ അവന്റെ തലയേക്കൾ പൊന്തി മറ്റൊരാനയുടെ തലയും കണ്ടിരുന്നുമില്ല. പഞ്ചാരി, പാണ്ടി എന്നീ മേളങ്ങൾ കൊട്ടുന്ന സമയം ഗോപാലൻ ചെവിയാട്ടുന്നതുകണ്ടാൽ അവനു മേളത്തിൽ ജ്ഞാനവും താളസ്ഥിതിയും നല്ലപോലെയുണ്ടെന്നു മനസ്സിലാക്കാമായിരുന്നു. ഗംഗാധരനെപ്പോലെ കൂട്ടാനകളെ കുത്തുക മുതലായ ഉപദ്രവങ്ങളൊന്നും ഗോപാലൻ ചെയ്തിരുന്നില്ല. എന്നാൽ അവനെ ഉപദ്രവിക്കാൻ ചെല്ലുന്ന ആനകളെ അവൻ നല്ല പാഠം പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.
ഒരു കൊലം തൃപ്പൂണിത്തുറ ഉത്സവത്തിൽ ഗോപാലന്റെ പുറത്തു തൃപ്പൂണിത്തുറയപ്പനെ വിളക്കിനെഴുന്നള്ളിച്ചിരുന്ന സമയം കൂട്ടാനകളുടെ കൂട്ടത്തിൽ പാഴൂർ പടുതോൾവക ആനയുമുണ്ടായിരുന്നു. ആ ആനയെയാണ് ഗോപാലന്റെ അടുക്കൽ നിർത്തിയിരുന്നത്. ആ ആനയ്ക്കു നീരുവന്നു പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. മദജലത്തിന്റെ ഗന്ധം ഗോപാലന് അത്ര ഇഷ്ടമല്ലാത്തതിനാൽ അവൻ ഒന്നു ചുളിഞ്ഞ് ഇടതു വശത്തേക്ക് ഒതുങ്ങി നിന്നു. അതു കണ്ടപ്പോൾ പാഴൂരാനയ്ക്കു ഗോപാലൻ തന്നെ കുത്താൻ ഭാവിക്കുകയാണെന്നു തോന്നുകയാൽ ആ ആന കയറി ഗോപാലനിട്ട് ഒരു കുത്തു കൊടുത്തു. ഗോപാലൻ അതു കൊള്ളാതെ തടുത്തിട്ട് പാഴൂരാനയെ കുത്താനായി തിരിഞ്ഞു. അതുകണ്ടു പാഴൂരാന പേടിച്ചോടി മതിൽക്കകത്തു തെക്കുകിഴക്കേ മൂലയ്ക്കെത്തി.
പിന്നാലെച്ചെന്നു പാഴൂരാനയുടെ അപ്പോഴേയ്ക്കും ഗോപാലൻ പിൻഭാഗത്ത് ഒരു കുത്തു കൊടുത്തു. ഗോപാലൻ വലിയ ഊക്കോടു കൂടിയല്ല കുത്തിയത്. അതിനാൽ അവന്റെ കൊമ്പ് ഒരു ചാൺ മാത്രമേ മറ്റേ ആനയുടെ ദേഹത്തിൽ കയറിയുള്ളു. എങ്കിലും മറ്റേ ആനയുടെ കൊമ്പുകൾ പകുതിയിലധികം ഭാഗം മതിലിമേൽ കയറുകയും ആ ആന ഉറക്കെ നിലവിളിച്ചുകൊണ്ട് മലമൂത്രവിസർ ́നം ചെയ്യുകയും ചെയ്തു. ഇത്രയും കഴിഞ്ഞതിന്റെ ശേഷം ഗോപാലൻ എഴുന്നള്ളിച്ചു നിർത്തി യിരുന്ന സ്ഥലത്തു വന്നു യഥാപൂർവ്വം അനങ്ങാതെ നിൽക്കുകയും ചെയ്തു. അവന്റെ അപ്പോഴത്തെ ഭാവം കണ്ടാൽ ഇതൊന്നും അവനറിഞ്ഞ തേയില്ലെന്നും തോന്നുമായിരുന്നു.
എഴുന്നള്ളിച്ചിരിക്കുന്ന സമയങ്ങളിൽ എന്തെല്ലാം ബഹളങ്ങളും ലഹളകളുമുണ്ടായാലും ഗോപാലൻ അനങ്ങാറില്ല. ഒരിക്കൽ പെരുമനത്തു പൂരത്തിന് ഒരു വലിയ ബഹളമുണ്ടായി. ശേഷമുണ്ടായിരുന്ന ആറാനകളും ഓടിയെങ്കിലും ഗോപാലൻ നിന്ന നിലയിൽനിന്നിളകിയില്ല. കമ്പക്കോട്ടകൾ പൊട്ടിത്തുടങ്ങുമ്പോൾ ചില ആനകൾ കമ്പം പിടിച്ച് ഓടിത്തുടങ്ങുമല്ലോ. എന്നാൽ ഗോപാലനു കരിമരുന്നു പ്രയോഗങ്ങൾ കാണുകയും അവയുടെ ശബ്ദം കേൾക്കുകയും ചെയ്യുന്നതു ബഹുരസമായിരുന്നു. നീർക്കോളിന്റെ ആരംഭകാലത്തുമാത്രമേ അവന് ഈവക സംഗതികളിൽ വൈരസ്യമുണ്ടാ യിരുന്നുള്ളു. ദേഹസുഖമില്ലാത്തതിനാൽ മനുഷ്യർക്കും വിനോദങ്ങളിൽ രസമുണ്ടായിരിക്കുകയില്ലല്ലോ.
തൃശ്ശിവപേരൂർപ്പൂരത്തിനു പാറമേക്കാവിലെ എഴുന്നള്ളത്തിനു കൊണ്ടു പോയാൽ തലയിൽക്കെട്ടു കെട്ടിച്ചു കഴിഞ്ഞാൽ പിന്നെ ഇറക്കി യെഴുന്നള്ളിച്ചു കഴിയുന്നതുവരെ ഗോപാലന്റെ കാര്യത്തിൽ ആനക്കാരനെക്കൊണ്ട് ആവശ്യമൊന്നുമുണ്ടായിരുന്നില്ല. എഴുന്നള്ളിക്കാറാകുമ്പോൾ മടക്കുന്നതിനും എഴുന്നള്ളിച്ചിരിക്കുമ്പോൾ നടക്കേണ്ടുന്ന ദിക്കിൽ നടക്കുന്നതിനും നിൽക്കേണ്ടുന്നിടത്തു നിൽക്കുന്നതിനും മറ്റും അവനോടാരും പറയേണ്ടിയിരുന്നില്ല. എല്ലാമവനറിയാമായിരുന്നു.
ഗോപാലൻ എഴുന്നള്ളിപ്പിനെന്ന പോലെത്തന്നെ തടിപിടിക്കുന്നതിനും സമർത്ഥനായിരുന്നുവെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ഇരുപതു കണ്ടിവരെയുള്ള തടിപിടിക്കുന്നതിന് അവനു യാതൊരു കൂസലുമുണ്ടായിരുന്നില്ല. കൊച്ചിരാജ്യത്തു മൂന്നു മലകളിൽ തടികൾ കുറ്റക്കാണം തീർത്തു വാങ്ങി കച്ചവടം നടത്തിയിരുന്ന വെള്ളായ്ക്കൽ ശങ്കുണ്ണി മേനവനാണ്, അദ്ദേഹത്തിന്റെ ജീവാവസാനം വരെ, ഗോപാലനെ പാട്ടത്തി നേറ്റിരുന്നത്. പൂരത്തിനു പാറമേക്കാവിലെ എഴുന്നള്ളത്തിനു ഗോപാലൻ അക്കാലത്തു പതിവുകാരനായിത്തീർന്നതും ദേവസ്വം സമുദായവും പൂരശ്രമക്കാരിൽ പ്രമാണിയുമായ ഈ മേനവൻ മുഖാന്തരമാണ്.
ഗോപാലന് തടിപിടിക്കുന്ന കാര്യത്തിൽ ഒട്ടും മടിയുണ്ടായിരുന്നില്ലെങ്കിലും വക്കകെട്ടിക്കൊടുക്കുന്നവരോട് അവനു വലിയ വിരോധമായി രുന്നു. 'ഇവർ നിമിത്തമാണ് ഞാനിതു പിടിക്കേണ്ടതായിവന്നത്' എന്നായിരുന്നിരിക്കാമവന്റെ വിചാരം. അതിനാൽ വക്കകെട്ടിക്കഴിഞ്ഞിട്ടേ ഗോപാലനെ തടിയുടെ അടുക്കലേക്കു കൊണ്ടുചെല്ലാറുള്ളു. ഗോപാലൻ ചെല്ലുമ്പോൾ വക്കകെട്ടുന്നവർ ഒളിച്ചുമാറിക്കളയും. അങ്ങനെയാണ് പതിവ്. നേരെ കണ്ടാൽ ഉപദ്രവിച്ചേക്കുമെന്നുള്ള ഭയം അവർക്കും വളരെ യുണ്ടായിരുന്നു. എന്നാൽ ഗോപാലൻ കേവലം നിർദ്ദയനല്ലായിരുന്നു. എങ്കിലും വക്കകെട്ടുന്നവർ വളരെ ഭയത്തോടുകൂടിയാണ് പെരുമാറിയി രുന്നത്.
ഒരിക്കൽ കണക്കൻ (എന്നൊരു ജാതിക്കാരൻ) ശങ്കരൻ എന്നൊരുവൻ പറവട്ടാനി മലയിൽ 'എരപ്പൻപാറ' എന്ന സ്ഥലത്തു തടിക്കൾക്കു വക്ക കെട്ടിക്കൊണ്ടു നിന്നു. ഗോപാലൻ അടുത്തു ചെന്നപ്പോൾ ശങ്കരൻ ഒളിച്ചുമാറിനിന്നു. ഗോപാലൻ ചെന്നു മുറയ്ക്കു തടി പിടിച്ചുതുടങ്ങി. ആ സമയം ഗോപാലൻ കണ്ടേക്കുമെന്നു ഭയപ്പെട്ടു സ്വൽപം കൂടി മാറിയതിനാൽ ശങ്കരൻ പെട്ടന്നു പുഴയിലേക്കു വീണു. അവിടം അത്യഗാധമായ ഒരു സ്ഥലമായിരുന്നു. അതിനാൽ അവൻ പുഴയിൽനിന്നു കയറുവാൻ കഴിയാതെ ക്ഷീണിച്ചുതുടങ്ങി. ഗോപാലൻ അതുകണ്ടു പെട്ടന്നു വക്ക താഴെ വെച്ചിട്ട് ഓടിച്ചെന്നു തുമ്പിക്കൈകൊണ്ടു ശങ്കരനെ പതുക്കെ പിടിച്ചെടുത്തു കരയ്ക്കു വെച്ചു. അതിനാൽ ശങ്കരൻ മരിച്ചില്ല. വക്ക കെട്ടിയത് ഈ ശങ്കരനാണെന്നു ഗോപലനു നല്ലപോലെ അറിയാമായിരുനു. എങ്കിലും ആ വിരോധം അവനപ്പോൾ കാണിച്ചില്ല. ഗോപാലൻ രക്ഷിച്ചില്ലെങ്കിൽ ശങ്കരന്റെ കഥ അന്നു കഴിയുമായിരുന്നു.
അവണാമനയ്ക്കലേക്കു 'കുട്ടികൃഷ്ണൻ' എന്നൊരാനകൂടിയുണ്ടായിരുന്നു. അവനും തടിപിടിക്കുന്നതിന് അതിസമർത്ഥനായിരുന്നു. ഗോപാലൻ പിടിക്കുന്ന തടികളെല്ലാം കുട്ടികൃഷ്ണനും പിടിക്കുമായിരുന്നു. എങ്കിലും അവൻ ഒരു കുസൃതിക്കാരനായിരുന്നു. ദേഷ്യം വന്നാൽ കുട്ടികൃഷ്ണൻ കിടങ്ങൂർ കണ്ടങ്കോരനെപ്പോലെ മുൻപോട്ടുകൊണ്ടുപോയ തടി പിന്നോക്കം കൊണ്ടുവന്നു വല്ല അപകടസ്ഥലത്തും തട്ടിയിടും. അതിനാൽ ഗോപാലനോടുകൂടിയല്ലാതെ അവനെ പാട്ടത്തിനു കൊടുക്കാറില്ലായിരുന്നു. ഗോപാലൻ കൂടെയുണ്ടെങ്കിൽ കുട്ടികൃഷ്ണൻ ഏറ്റവും മര്യാദക്കാരനായിരിക്കും. ഗോപാലനെ അവനു വളരെ ഭയവും ബഹുമാനവുമായിരുന്നു. കുട്ടികൃഷ്ണൻ നീർക്കോൾ കൊണ്ടു ഭ്രാന്തുപിടിച്ചു നിൽക്കുന്ന സമയത്തായാലും ഗോപാലൻ ചെന്നാൽ പട്ടിയെപ്പോലെ പിന്നാലെ പോകുമായിരുന്നു. ദുസ്സാമർത്ഥ്യം കാട്ടിയാൽ ഗോപാലൻ മുറയ്ക്കു ശിക്ഷിക്കുമെന്നു കുട്ടികൃഷ്ണനു നല്ലപോലെ അറിയാമായിരുന്നു.
തീറ്റസ്സാമാനങ്ങൾ എന്തുതന്നെ കണ്ടാലും അവ എടുത്തു കൊള്ളുന്നതിന് അവയുടെ ഉടമസ്ഥനോ ആനക്കാരനോ പറയാതെ ഗോപാലൻ തൊടുകപോലും ചെയ്യാറില്ല. ഒരിക്കൽ ഗോപാലനെ ദേശമംഗലത്ത് ഒരു പറമ്പിലൂടെ കൊണ്ടുപോയപ്പോൾ അവിടെ ഒരു പിലാവിന്മേൽ ധാരാളം ചക്ക കിടക്കുന്നതുകണ്ടിട്ട് ആനക്കാരൻ, 'ഒരു ചക്ക ഈ ആനയ്ക്കു കൊടുക്കാമോ' എന്നു ചോദിച്ചു. 'ആനയ്ക്കു ചക്ക കൊടുക്കണമെങ്കിൽ വിലകൊടുത്തു വാങ്ങിക്കൊടുക്കണം' എന്നു പറമ്പിന്റെ ഉടമസ്ഥൻ പറഞ്ഞപ്പോൾ ആനക്കാരൻ, 'ഈ ആന മനയ്ക്കലെ വകയാണ്. പറമ്പും മനയ്ക്കലെ വക തന്നെയാണല്ലോ' എന്നു വീണ്ടും പറഞ്ഞു. അതിനു മറുപടിയായി പറമ്പിന്റെ ഉടമസ്ഥൻ പറഞ്ഞത്, 'പറമ്പ് മനയ്ക്കലെ വകയാണെങ്കിൽ ഞാൻപാട്ടം ശരിയായിട്ട് അവിടെ കൊടുക്കുന്നുണ്ട്. ആനയ്ക്കു ചക്ക കൊടുക്കണമെന്ന് ആധാരത്തിൽ പറഞ്ഞിട്ടില്ല' എന്നാണ്. പിന്നെ ആനക്കാരൻ അയാളോടൊന്നും പറഞ്ഞില്ല. പറമ്പിന്റെ ഉടമസ്ഥൻ കേൾക്കാതെ തന്നത്താൻ 'നാളെ നേരം വെളുക്കുമ്പോൾ ഈ പിലാവിന്മേൽ ഒരു ചക്കയും കാണുകയില്ല' എന്നു പതുക്കെ പറഞ്ഞുകൊണ്ടു പോയി. ഇതു ഗോപാലനോടായിട്ടുമല്ലായിരുന്നു. എങ്കിലും ഗോപാലൻ അതു കേൾക്കാതെയിരുന്നില്ല.
അന്നു വൈകുന്നേരവും ആനക്കാരൻ ഗോപാലനെ പതിവുസ്ഥല ത്തു കൊണ്ടുപോയി നിർത്തി. ഏകദേശം അർദ്ധരാത്രിയായപ്പോൾ ഗോപാലൻ പതുക്കെ അവിടെനിന്നു പുറപ്പെട്ടു. പകൽ കണ്ട പിലാവിന്റെ ചുവട്ടിൽച്ചെന്ന് അതിന്മേലുണ്ടായിരുന്ന ചക്ക മുഴുവനും പറിച്ചു താഴെയിട്ട് അവനു വേണ്ടതു തിന്നുകയും അധികമുണ്ടായിരുന്നതു മനയ്ക്കലെ മറ്റാനകൾക്കു കൊണ്ടുചെന്നു കൊടുക്കുകയും ചെയ്തതിന്റെ ശേഷം സ്വസ്ഥാനത്തു ചെന്നു യഥാപൂർവ്വം നിൽക്കുകയും ചെയ്തു. അതിൽ പ്പിന്നെ ഗോപാലനുവേണ്ടി എന്തു ചോദിച്ചാലും ആ ദിക്കുകാരിലാരും കൊടുക്കാതെയിരുന്നിട്ടില്ല.
ഇത്രയുമെല്ലാം ബുദ്ധിയും സാമർത്ഥ്യവും സത്യവും കൃത്യ നിഷ്ഠയും മറ്റനേകം ഗുണങ്ങളുമുണ്ടായിരുന്നിട്ടും ഗോപാലൻ ഒരു കടുംകൈ ചെയ്തിട്ടുണ്ട്. അത്, അവന്റെ ആനക്കാരനായിരുന്ന അച്യുത മേനവനെ പുഴയിൽ മുക്കിക്കൊന്നു എന്നുള്ളതാണ്. പക്ഷേ, അവൻ അതു മനസ്സറിയാതെ ചെയ്തുപോയതാണ്. സ്വബോധത്തോടുകൂടി ഇപ്രകാര മുള്ള ദുഷ്കൃത്യം അവൻ ഒരിക്കലും ചെയ്തിട്ടില്ല നീർക്കോളുകൊണ്ട് ഭ്രാന്തുപിടിച്ചിരുന്ന സമയം പുഴയിൽ നനയ്ക്കാൻ കൊണ്ടുപോയതിനാലാണ് അവൻ ഇപ്രകാരം ചെയ്തുപോയത്. നീരു ഭേദമായപ്പോൾ അച്യുതമേനവനെക്കാണാഞ്ഞിട്ടു ഗോപാലൻ വളരെ വ്യസനിക്കുകയും താൻ ചെയ്ത ക്രൂരപ്രവർത്തിയെക്കുറിച്ച് അന്യന്മാർ പറഞ്ഞറിഞ്ഞപ്പോൾ ഏറ്റവും പശ്ചാത്തപിക്കുകയും ചെയ്തു.
ഗോപാലൻ ദേശമംഗലത്തു താമസിച്ചിരുന്ന കാലത്തെല്ലാം അവനെ ഭാരതപ്പുഴയുടെ ഒരു ഭാഗമായ ദേശമംഗലത്തു പുഴയിലാണ് കൊണ്ടു പോയി കുളിപ്പിക്കുക പതിവ്. ഒരു ഭാഗം തേച്ചു വൃത്തിയാക്കിക്കഴിഞ്ഞാൽ മറ്റേഭാഗം അവൻ ആരും പറയാതെ സ്വയമേ കാണിച്ചുകൊടുക്കും. പക്ഷേ തേച്ച ഭാഗം വൃത്തിയായിയെന്നു ആനക്കാരും മറ്റും പറഞ്ഞാൽ പോരാ; അവനുതന്നെ തോന്നണം. അവന്റെ കുളി കഴിഞ്ഞാൽ ആനക്കാരുടെ കുളികൂടി കഴിയുന്നതുവരെ അവനവിടെ കാത്തു നിൽക്കാറില്ല. കുളി കഴിഞ്ഞു കരയ്ക്കു കയറിയാലുടനെ അവൻ നേരെ മനയ്ക്കലേക്കു നടക്കും അപ്പോൾ അവിടെ ഗോപാലനു പതിവുള്ള ചോറും നെയ്യും കൂട്ടിക്കുഴച്ചു വെച്ചിരിക്കും. അവൻ അതു വാങ്ങി തിന്നിട്ട് അവനു കിടപ്പിനു നിശ്ചയിച്ചിട്ടു സ്ഥലത്തു പോയി നിൽക്കും. അപ്പോഴേക്കും ആനക്കാർ കുളിയും മറ്റും കഴിഞ്ഞു വരും. പിന്നെ അവർ ഗോപാലനു രാത്രിയിൽ തിന്നാനുള്ള സാധനങ്ങളെല്ലാം അവിടെ ശേഖരിച്ചുകൊടുത്തിട്ടു പോകും. ഇങ്ങനെയെല്ലാമായിരുന്നു ഗോപാലന്റെ പതിവുകൾ.
ഒരുദിവസം ഗോപാലൻ പകലേ നാലുമണിക്കു കുളികഴിഞ്ഞു മനയ്ക്കൽ വന്നു പതിവുള്ള ചോറുമേടിച്ചു തിന്നതിന്റെ ശേഷം അവിടേ മുറ്റത്തു കിടന്നിരുന്ന ചാരം തുമ്പിക്കൈകൊണ്ടു വാരി മേലെല്ലാമിട്ടിട്ടു തെക്കോട്ടു തലവെച്ച് അവിടെ കിടക്കുകയും ഉടനെ അന്ത്യശ്വാസം വിടുകയും ചെയ്തു. ഇത് 1079 ചിങ്ങത്തിൽ ചിത്തിരനാളിലാണ്.
വിചാരിച്ചിരിക്കാതെ പെട്ടന്നുണ്ടായ ഈ കഷ്ടസംഭവം നിമിത്തം അപ്പോൾ അവിടെ ദുഃഖസൂചകങ്ങളായിട്ടുണ്ടായ കോലാഹലങ്ങളും ബഹളങ്ങളുമെല്ലാം അപരിമിതങ്ങളും അവർണ്ണനീയങ്ങളുമായിരുന്നു. അപ്പോൾ അവിടെ അലയും മുറയും കരച്ചിലും പിഴിച്ചിലുമല്ലാതെ കേൾപ്പാനില്ലായിരുന്നു. ഗോപാലൻ കഴിഞ്ഞു എന്നു കേട്ടപ്പോൾ കരയാത്തവരായി ആ ദേശത്താരുമുണ്ടായിരുന്നില്ല. മനയ്ക്കലെ കഥ പറയാനുമില്ലല്ലോ. 'വല്യ ദുഃഖമെന്നാലും കാലം ചെല്ലുമ്പോൾ കുറഞ്ഞുപോം' എന്നുണ്ടല്ലോ. ഗോപാലൻ മരിച്ചതു സംബന്ധിച്ചുള്ള അടിയന്തിരത്തിനു മുന്നൂറു പറയരി വെച്ചു കേമായി സദ്യ നടത്തിച്ചു. തടിപിടിച്ച വകയിലും എഴുന്നള്ളിപ്പുവകയിലുമായി ഗോപാലന്റെ സ്വന്ത സമ്പാദ്യം, അവനെസ്സംബന്ധിച്ചുണ്ടായിട്ടുള്ള സകല ചെലവുകളും കഴിച്ച്, ഒരു ലക്ഷം ഉറുപ്പികയോളമുണ്ടായിരുന്നുവെന്നാണ് കേൾവി.
ഐതിഹ്യമാല/അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും
ഐതിഹ്യമാല/അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും
ഐതിഹ്യമാല രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി അച്ഛൻകോവിൽശാസ്താവും പരിവാരമൂർത്തികളും | അവണാമനയ്ക്കൽ ഗോപാലൻ→ |
അച്ഛൻകോവിൽ ക്ഷേത്രം തിരുവിതാംകൂർ സംസ്ഥാനത്തു കൊല്ലം ഡിവിഷനിലുള്ള പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്തതും ഏറ്റവും പുരാതനമായിട്ടുള്ളതുമാണ്. നാലമ്പലവും ബലിക്കൽപ്പുരയും ചുറ്റും മതിലും നാലു ഗോപുരങ്ങളും മതിൽക്കു പുറമേ ചുറ്റും തേർവീഥിയുമുള്ള ഈ മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന പ്രധാന മൂർത്തി ശാസ്താവാകുന്നു. ഈ ദേശം പണ്ടു ഭരിച്ചിരുന്നതു പന്തളത്തു രാജാക്കന്മാരായിരുന്നതിനാൽ അവർ ഈ ശാസ്താവിനെ തങ്ങളുടെ കുലപരദേവതയായിട്ടാണ് ആചരിച്ചു വരുന്നത്. ഇപ്പോഴും അവർ അങ്ങനെ തന്നെ വിചാരിച്ചു പോരുന്നുമുണ്ട്.
അച്ചൻകോവിൽ ശാസ്താവിന്റെ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നതു പ്രസിദ്ധമായ അച്ചൻകോവിൽ മലയുടെ കിഴക്കുവടക്കേ കോണിലുള്ള താഴ്വരയിലാണ്. ഇവിടെ മതിൽക്കകത്തു തെക്കുഭാഗത്തായി ഒരു ഭഗവതിയും തേർവീഥിക്കു പുറത്തു പടിഞ്ഞാട്ടുള്ള നാട്ടുവഴിക്കു തെക്കുവശത്തായി ആറേഴു കോൽ പൊക്കത്തിലുള്ള ഒരമ്മൻകോവിലിൽ വേറെ രണ്ടു ദേവിമാരും മതിൽക്കു പുറത്തു കിഴക്കേനടയിൽ തെക്കോട്ടുമാറി ചതുർബാഹുവായ വിഷ്ണുവിന്റെ ഒരു ചെറിയ വിഗ്രഹവും ശാസ്താവിന്റെ അമ്പലത്തിൽനിന്ന് ഏകദേശം കാൽ നാഴിക ദൂരെ കിഴക്കായി, കിഴക്കേ ഗോപുരത്തിൽനിന്നു കിഴക്കോട്ടു നോക്കിയാൽ കാണാവുന്ന ഒരു സ്ഥലത്ത് ഒരു കോവിലിൽ കറുപ്പസ്വാമിയെന്നും അതിന്റെ ഇടത്തുവശത്തു കറുപ്പായി അമ്മ എന്നും രണ്ടു മൂർത്തികൾ പടിഞ്ഞാട്ടു ദർശനമായും കറുപ്പസ്വാമി കോവിലിനു തെക്കുവശത്തു സ്വൽപം പടിഞ്ഞാട്ടു മാറി വടക്കോട്ടു ദർശനമായി ചേപ്പാണിമാടൻ, കാളമാടൻ എന്നിങ്ങനെ രണ്ടു മൂർത്തികളും ഇവയ്ക്കും പടിഞ്ഞാറ് ഒരാൽച്ചുവട്ടിൽ കൊച്ചിട്ടാണൻ (കൊച്ചിട്ടി നാരായണൻ) എന്നു പേരായ ഒരറുകുലയും ആ ആലിന്റെ ചുവട്ടിൽനിന്നു വടക്കോട്ടുമാറി കറുപ്പസ്വാമികോവിലിനു നേരെ, കിഴക്കോട്ടു ദർശനമായി ശിങ്കിലിഭൂതത്താൻ എന്നൊരു ഭൂതവും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ശാസ്താവിന്റെ പരിവാരങ്ങളാണ്. ഇവയിൽ പ്രധാനമൂർത്തി കറുപ്പസ്വാമി തന്നെ. കറുപ്പായി അമ്മ കറുപ്പസ്വാമിയുടെ ഭാര്യയാണ്.
പടിഞ്ഞാട്ടുള്ള വഴിയുടെ തെക്കുഭാഗത്ത് ഒരമ്മൻകോവിലും അതിൽ രണ്ടു ദേവിമാരെ പ്രതിഷ്ഠിച്ചിട്ടുമുണ്ടെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. അവിടെ ഒരു ദേവീ വിഗ്രഹത്തിന്റെ അടുക്കൽ ഒരു ശൂലം നാട്ടി അതിന്മേൽ ഏതാനും ചിലമ്പുകളും മറ്റേതിന്റെ അടുക്കൽ ഒട്ടുവളരെ കുപ്പിവളകളും ഇട്ടിരിക്കുന്നതായിക്കാണുന്നുണ്ട്. ഇതിന്റെ ആഗമവും സങ്കൽപവും കാരണവുമൊന്നും അറിഞ്ഞുകൂടാ. ചേപ്പാണിമാടൻ, കാളമാടൻ എന്നീ മൂർത്തികളിൽ കാളമാടന്റെ കഴുത്തിനു മേൽപ്പോട്ടു കാളയെപ്പോലെയും ശേഷം ഭാഗം മനുഷനെപ്പോലെയുമാണിരിക്കുന്നത്. ശിങ്കിലിഭൂതത്താന്റെ പാദത്തിങ്കൽ രണ്ടുമൂന്നു ചങ്ങലകൾ കിടക്കുന്നതായി ക്കാണുന്നുണ്ട്. ആ ഭൂതത്താൻ പോയി ആരെയും ഉപദ്രവിക്കാതിരിക്കാനായി അയ്യപ്പസ്വാമി ആ ഭൂതത്തിന്റെ കാലിൽ ചങ്ങലയിട്ടു ബന്ധിച്ചു നിർത്തിയിരിക്കുന്നു എന്നാണ് അതിന്റെ സങ്കൽപം. ആ ഭൂതത്തിനു പ്രതിദിനമുള്ള പൂജ നടത്തുന്നതു ബ്രാഹ്മണരാണ്. കറുപ്പസ്വാമി മുതലായി ശേഷമുള്ള പരിവാരമൂർത്തികൾക്കെല്ലാം 'താഴത്തേതിൽവീട്ടുകാർ' എന്നു പറയപ്പെടുന്ന ഒരു വക പാണ്ടിപ്പിള്ളമാരാണ് ശാന്തി നടത്തി വരുന്നത്. ഈ വീട്ടുകാരെ കറുപ്പൻ പൂശാരികൾ എന്നും പറയാറുണ്ട്. ഇനി കൊച്ചിട്ടാണനെക്കുറിച്ചു സ്വൽപം വിവരിക്കേണ്ടിയിരിക്കുന്നു.
പണ്ടു കറുപ്പസ്വാമിക്കു മദ്യവും മാംസവും കൂടി നിവേദിക്കാറുണ്ടായിരുന്നു. നിവേദ്യത്തിനുള്ള മാംസം അന്നന്നു കൊല്ലപ്പെട്ട കാട്ടുമൃഗങ്ങളുടേതായിരിക്കണമെന്നു നിർബന്ധവുമുണ്ടായിരുന്നു. നിവേദ്യത്തിനുള്ള മദ്യവും മാംസവും കറുപ്പസ്വാമികോവിലിലെ ആവശ്യത്തിനു വേണ്ടുന്ന വിറകും തീയും പതിവായി കൊണ്ടുചെന്നു കൊടുക്കുന്നതിന് ഒരു വീട്ടുകാരെ പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആ വീട്ടിൽ ഒരു കാലത്ത് കൊച്ചിട്ടാണൻ എന്നൊരാളുണ്ടായിരുന്നു. അയാളാണ് കറുപ്പസ്വാമി കോവിലിൽ അക്കാലത്തു മദ്യവും മാംസവും തീയും വിറകും പതിവായി ശേഖരിച്ചു കൊടുത്തിരുന്നത്. ഒരു ദിവസം അതിരാവിലെ കൊച്ചിട്ടാണൻ മാംസം തേടി കാട്ടിൽച്ചെന്നപ്പോൾ അയാളെ ഒരു കടമാൻ പോത്തു വെട്ടിക്കൊന്നു. അന്നു പൂജയ്ക്കുള്ള സമയായിട്ടും കൊച്ചിട്ടാണൻ മടങ്ങിവരായ്കയാൽ അയാളുടെ വീട്ടിലുണ്ടായിരുന്നവർ വ്യസനാകുലരായിത്തീർന്നു. നിവേദ്യത്തിനുള്ള സാധനങ്ങൾ സമയത്തിനു കിട്ടായ്കയാൽ പൂശാരി കോപിച്ച് വിറച്ചുതുടങ്ങി. ആ സമയം അയാളിൽ കറുപ്പസ്വാമിയുടെ ആവേശമുണ്ടാകയാൽ അയൾ വിറച്ചുവിറച്ചു തുള്ളിത്തുടങ്ങി. തുള്ളിത്തുള്ളി അയാൾ കാട്ടിലേക്ക് ഓടിപ്പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ ഏറ്റവും വലിയതായ ഒരു കടമാൻപോത്തിനെ കൊമ്പിൽപ്പിടിച്ചു വലിച്ചിഴച്ച് കിഴക്കേ ഗോപുരത്തി ങ്കൽ കൊണ്ടുവരികയും അവിടെനിന്ന് അത്യുച്ചത്തിൽ ഒന്ന് അട്ടഹസിക്കുകയും ചെയ്തു. അട്ടഹാസം കേട്ട് അവിടെ അസംഖ്യം ജനങ്ങൾ വന്നുകൂടി. അപ്പോൾ കറുപ്പസ്വാമി (തുള്ളിനിന്ന പൂശാരി) കൽപിക്കുകയാലാണ് കൊചിട്ടാണൻ മരിചുപോയി എന്ന് എലാവരും അറിഞ്ഞത്.
കറുപ്പസ്വാമി ആ കടമാൻപോത്തിനെ കൊമ്പുകളിൽപ്പിടിച്ചു തലയോള മുയർത്തി മൂന്നു പ്രാവശ്യം ചുറ്റിയിട്ട് ഒരേറു കൊടുത്തു. കൊമ്പുകൾ സ്വാമിയുടെ കൈകളിൽത്തന്നെയായിരുന്നു. കടമാൻ പോത്തിന്റെ ഉടൽ ഒരാലിന്റെ ചുവട്ടിൽച്ചെന്നു വീണു. ദുർമരണം നിമിത്തം അറുകുലയായി ത്തീർന്ന കൊച്ചിട്ടാണനെ ആ ആലിന്റെ ചുവട്ടിൽത്തന്നെ കടമാൻ പോത്തിന്റെ ഉടൽ ചെന്നുവീണ സ്ഥലത്തു പ്രതിഷ്ഠിച്ചുകൊള്ളണമെന്നും മദ്യവും മാംസവും നിവേദ്യം മേലാൽ വേണ്ടെന്നും കറുപ്പസ്വാമി കൽപ്പിക്കുകയാൽ കൊചിട്ടാണനെ ആ സ്ഥലത്തു പ്രതിഷ്ഠിക്കുകയും
അക്കാലം മുതൽക്കു കറുപ്പസ്വാമിക്കു മദ്യവും മാംസവും നിവേദ്യം വേണ്ടെന്നു വെയ്ക്കുകയും ചെയ്തു. എങ്കിലും കുറച്ചുകാലം മുമ്പുവരെ ക്ഷേത്രത്തിൽ വിറകും തീയും കൊടുത്തിരുന്നതു കൊച്ചിട്ടാണന്റെ വീട്ടുകാർ തന്നെയാണ്. അവർക്കു പതിവുണ്ടായിരുന്ന അനുഭവം ദേവസ്വത്തിൽനിന്നു കൊടുത്തുവരികയും ചെയ്തിരുന്നു. പിന്നീട് അവരുടെ അനുഭവം നിർത്തിക്കളയുകയാൽ അവർ തീയും വിറകും കൊടുക്കാതെയുമായി. കടമാൻപോത്തിന്റെ കൊമ്പുകൾ കറുപ്പസ്വാമി ക്ഷേത്രത്തിന്റെ അകത്തു മണ്ഡപത്തിൽ കൊണ്ടുചെന്നിടുകയാൽ അവ അവിടെത്തന്നെ കെട്ടിത്തൂക്കിയിരുന്നു. ക്ഷേത്രത്തിൻ അഗ്നിബാധ യുണ്ടായ കാലത്ത് ആ കൊമ്പുകളും അഗ്നിക്കിരയാവുകയാൽ ദഹിച്ചുപോകുകയും ചെയ്തു. പരിവാരമൂർത്തികൾക്ക് പ്രതിദിനം നിവേദ്യത്തിന് ഒരിടങ്ങഴി അരി വീതമാണു പതിവ്. എന്നാൽ കൊച്ചിട്ടാണന് ആണ്ടിരൊലിക്കൽ വീതമേ നിവേദ്യവും പൂജയും പതിവുള്ളു. കറുപ്പസ്വാമിക്കു 'കറുപ്പനൂട്ട്' എന്നൊരു വഴിപാട് ഓരോ കാര്യങ്ങൾ സാധിക്കുന്നതിനും മറ്റുമായി പലരും നടത്താറുണ്ട്. ഈ വഴിപാട് ക്ഷേത്രസന്നിധിയിൽവച്ചേ നടത്താവൂ എന്നില്ല. അവരവർ നിശ്ചയിക്കുന്ന സ്ഥലങ്ങളിലും വച്ചു നടത്താം. സകൗര്യമുള്ള സ്ഥലമായിരിക്കണമെന്നേയുള്ളു. ഇതിന്റെ കർമ്മി കറുപ്പസ്വാമിയുടെ പൂശാരി തന്നെയാണ്. വഴിപാട് എവിടെ വച്ച് നടത്തുന്നതിനു നിശ്ചയിച്ചാലും പൂശാരിയെ അറിയിച്ചാൽ അദ്ദേഹം പരികർമ്മികൾ മുതലായവരോടു കൂടി നിശ്ചിതദിവസം നിശ്ചിതസ്ഥലത്തെത്തി അതു നടത്തും. കറുപ്പനൂട്ടിനു വേണ്ടുന്ന സാമാനങ്ങളുടെ ചുരുക്കത്തിലുള്ള ഒരു പടിത്തരം താഴെച്ചേർക്കുന്നു.
ഉണക്കലരി നാലു പറ, നാളികേരം നാൽപ്പത്, ചാരായം നാലുപറ, കോഴിമുട്ട നാൽപ്പത്, അവിൽ നാലു പറ, മലർ നാലു പറ, അട നാൽപ്പത്, അപ്പം നാൽപ്പത്, പഴം പടല നാൽപ്പത്, കരിക്ക് (ഇളനീർ) നൂറ്റെട്ട്, കഞ്ചാവ് പലം പതിനൊന്ന്, കറുപ്പ് കഴഞ്ച് പതിനൊന്ന്, കളഭം ഇടങ്ങഴി പതിനൊന്നേകാൽ, കർപ്പൂരം പലം പതിനൊന്ന്, അ ഷ്ടഗന്ധപ്പൊടി ഇടങ്ങഴി പന്ത്രണ്ടേകാൽ, വെറ്റിലക്കെട്ടു നൂറ്റെട്ട്, പാക്കു നുറുക്ക് പറ രണ്ട്, ചുണ്ണാമ്പു റാത്തൽ നാല്, മഞ്ഞൾപ്പൊടി ഇടങ്ങഴി പതിനൊന്നേകാൽ, അരിപ്പൊടി ഇടങ്ങഴി പതിനൊന്നേകാൽ, ഭസ്മം ഇടങ്ങഴി മുപ്പത്താറേ കാൽ, നിലവിളക്കു വലിയതു പതിനൊന്ന്, ടി ചെറിയതു തൊണ്ണൂറ്റിയഞ്ച്, കുത്തുവിളക്കു നാല്, വിളക്കിന് എണ്ണ നാലുപറ, തിരശ്ശീല തുലാം ഒന്ന്, തൂശനില നൂറ്റെട്ട്, ചെത്തി, തുളസി മുതലായവ ഉൾപ്പെടെ പൂവ് ഇടങ്ങഴി മുപ്പത്താറേകാൽ, ശർക്കര പലം പതിനൊന്നേകാൽ, നെയ്യ് ഇടങ്ങഴി കാൽ, ഇവ കൂടാതെ ചില ചില്ലറ സാമാനങ്ങളും വേണം. അവ പൂശാരി വരുമ്പോൾ പറയും. ഒന്നും മേൽപ്പറഞ്ഞതിൽ കുറയരുത്. കൂടുതൽ എത്രയായാലും വിരോധമില്ല. ആഴികൂട്ടുന്നതിനു വിറകുവേണം. ആഴി എത്ര വലിയതായാലും തരക്കേടില്ല. അധികം ചെറിയതായിപ്പോകരുതെന്നേയുള്ളു. കറുപ്പനൂട്ടു കഴിക്കുന്നതു കറുപ്പസ്വാമിയെ ഉദ്ദേശിച്ചാണെങ്കിലും അത് അയ്യപ്പസ്വാമിക്കും പ്രസാദകരമായിട്ടുള്ളതാണ്.
പന്തളത്തുരാജാക്കന്മാർ അവർക്ക് ദേശാധിപത്യമുണ്ടായിരുന്നപ്പോൾ ആണ്ടുതോറും ഉത്സവകാലത്ത് അച്ചൻകോവിലിൽ പോവുക പതിവായിരുന്നു. ഉത്സവം കഴിഞ്ഞു പോകുന്ന സമയം അവർ കറുപ്പനൂട്ടു കഴിചു തൊഴുതിട്ടാണ് പോകുക പതിവ്. അവർ അവിടെച്ചെന്നാൽ അമ്പലത്തിൽ കടക്കുക പതിവില്ല. ശാസ്താവിനെ തൊഴുന്നതു തന്നെ ബലിക്കൽപ്പുരയ്ക്കു പുറത്തു കൊടിമരത്തിനു മറഞ്ഞുനിന്നാണ്. അങ്ങോട്ടു കാണണം, ഇങ്ങോട്ടു കാണരുത് എന്നാണു സങ്കൽപം. രാജാവിനെ ക്കണ്ടാൽ ശാസ്താവ് എണീക്കണം. അതുകൊണ്ടാണ് ഇങ്ങോട്ടു കാണാതെ മറഞ്ഞുനിന്നു തൊഴുന്നത്. ശാസ്താവു ഹരിഹരപുത്രനായി അവതരിച്ച് അക്ഷരവിദ്യയും സകലശാസ്ത്രങ്ങളും ആയോധനവിദ്യയും മറ്റും പഠിച്ചതിന്റെ ശേഷം പാണ്ഡ്യരാജയ്ത്തു ചെന്നു പാണ്ഡ്യരാജാവിന്റെ സൈന്യത്തിൽ ചേർന്ന് ഒരു സൈനികനായിട്ടും പാണ്ഡ്യരാജാവിന്റെ സേവകനായിട്ടും താമസിച്ചിരുന്നു എന്നൊരു കഥയുണ്ടല്ലോ. പന്തളത്തു രാജാക്കന്മാർ പാണ്ഡ്യരാജവംശജരാകയാൽ അവർക്കും ശാസ്താവിനും തമ്മിൽ സേവ്യസേവകഭാവമുണ്ടെന്നാണ് സങ്കൽപം. തന്റെ സ്വാമിയെ ക്കണ്ടാൽ സേവകൻ എണീക്കണമല്ലോ. ശാസ്താവിനും ഈശ്വരത്വമു ള്ളതിനാൽ എണീക്കാനിടയാക്കുന്നതു ക ഷ്ടമാണല്ലോ എന്നു വിചാരി ച്ചാണ് പന്തളത്തുരാജാക്കന്മാർ അതിനിടയാക്കാത്തത്. ഇവർ ശബരിമലെ പ്പോയാലും ഇങ്ങനെതന്നെയാണുപതിവ്. അയ്യപ്പസ്വാമി ഇവരെക്കാണാനിട യാക്കാറില്ല. എങ്കിലും അവരിൽ ഒരാളെങ്കിലും ആണ്ടുതോറും മകര സംക്രാന്തിക്കു ശബരിമലെപ്പോവുക പതിവാണ്.
അച്ചൻകോവിൽശാസ്താവിന്റെയും അവിടുത്തെ പരിവാരമൂർത്തികളുടെയും വിശേഷിച്ച് കറുപ്പസ്വാമിയുടെയും മഹത്വവും മാഹാത്മ്യവും ഒട്ടും ചില്ലറയല്ലെന്നുള്ളതിലേക്ക് അനേകം ദൃ ഷ്ടാന്തങ്ങൾ പറയാനുണ്ട്. അവയിൽ ചിലതു മാത്രം താഴെ പ്രസ്താവിച്ചുകൊള്ളുന്നു.
അച്ചൻകോവിൽ ദേവസ്വം വകയക്ക് അനേകം വസ്തുവക കളുള്ളതു കൂടാതെ പാണ്ടിയിൽ ഒരു സ്ഥലത്ത് ഉരികുറയെ തൊള്ളായിരപ്പറ നിലമുണ്ട്. ഈ നിലം വലിയ സമ്പന്നനായിരുന്ന ഒരു പരദേശ ബ്രാഹ്മണൻ പണ്ടൊരിക്കൽ ദേവസ്വത്തിലേക്ക് വെച്ചൊഴിഞ്ഞു കൊടുത്തതാണ്. ആ ബ്രാഹ്മണന് അനപത്യതാദുഃഖം ദുസ്സഹമായിത്തീരുകയാൽ അദ്ദേഹം ഭാര്യാസമേതം അച്ചൻകോവിൽ ക്ഷേത്രത്തിൽ ചെന്നു സ്വാമി ദർശനം കഴിച്ചു നടയിൽനിന്ന് 'എന്റെ അയ്യപ്പസ്വാമീ, എനിക്കൊരു പുത്രസന്താനമുണ്ടായാൽ എന്റെ സർവ്വസ്വവും ഞാൻസ്വാമിക്കായി വെച്ചൊഴിഞ്ഞു തന്നേക്കാം' എന്നു പ്രാർത്ഥിച്ചു. അചിരേണ ആ ബ്രാഹ്മണ സ്ത്രീ ഗർഭം ധരിക്കുകയും യഥാകാലം ഒരു പുത്രനെ പ്രസവിക്കുകയും ചെയ്തു. അപ്പോൾ ആ ദമ്പതിമാർക്കുണ്ടായ സന്തോഷം അപരിമിതമായിരുന്നു. സന്തോഷാധിക്യത്താൽ മറന്നു പോയിട്ടോ എന്തോ അവർ അയ്യപ്പസ്വാമിക്കു കൊടുക്കാമെന്നു പറഞ്ഞിരുന്നതുപ്പോലെ സർവ്വസ്വ മെന്നല്ല, യാതൊന്നും കൊടുത്തില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബ്രാഹ്മണസ്ത്രീ രാത്രിയിൽ കിടന്നുറങ്ങുന്ന സമയം പതിവായി ആരോ അവരുടെ അടുക്കൽച്ചെന്നു "പറഞ്ഞിട്ടുള്ളതു മറക്കരുത്" എന്നു പറയുന്നതായി തോന്നിത്തുടങ്ങി. എന്നിട്ടും അവർ അയ്യപ്പസ്വാമിക്കു യാതൊന്നും കൊടുത്തില്ല.അങ്ങനെ അഞ്ചെട്ടു കൊല്ലം കഴിഞ്ഞു. കുട്ടിക്ക് ഉപനയനത്തിനുള്ള കാലമായി. മുഹൂർത്തം നിശ്ചയിക്കുകയും അടിയന്തിര ത്തിനു കെങ്കേമമായി വട്ടം കൂട്ടുകയും ക്ഷണിക്കേണ്ടുന്നവരെയെല്ലാം ക്ഷണിക്കുകയും ചെയ്തു. ചാർച്ചക്കാരും വേഴ്ചക്കാരും ബന്ധുക്കളുമെല്ലാം അടിയന്തിരത്തിനു തലേദിവസം തന്നെ വന്ന് ഓരോ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അന്നു രാത്രിയിലും കുട്ടിയുടെ മാതാവിനു സ്വപ്നമുണ്ടായി. അതു പതിവുപോലെത്തന്നെ അല്ലായിരുന്നു. "അയ്യപ്പസ്വാമിക്കു കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളതു കൊടുക്കാതെ ഉപനയനത്തിനാരംഭിചാൽ സമയമാകുമ്പോൾ കുട്ടിയെ കൊണ്ടുപോകും" എന്നുകൂടി ആരോപറഞ്ഞതായി ബ്രാഹ്മണസ്ത്രീക്കു തോന്നി. എങ്കിലും അവർ സ്വാമിക്കൊന്നും കൊടുത്തില്ല. ഉപനയനത്തിന്റെ ക്രിയകൾ ആരംഭിച്ച സമയത്ത് ആരോ ഒരാൾ (ഒരു പട്ടാണിയാണെന്നാണ് എല്ലാവർക്കും തോന്നിയത്) അവിടെക്കേറിച്ചെന്നു കുട്ടിയെ എടുത്തുകൊണ്ട് അന്തർദ്ധാനം ചെയ്തു. ആ ആൾ ചെന്നതും കുട്ടിയെ എടുത്തതും അവിടെ കൂടിയിരുന്ന എല്ലാവരും കണ്ടു. പോയത് ആരും കണ്ടില്ല. കുട്ടിയെ കാണാതായപ്പോഴേക്കും അവിടെ എല്ലാവർക്കും വ്യസനവും പരിഭ്രമവും കലശലായി. കുട്ടിയുടെ മാതാപിതാക്കന്മാരുടെ വ്യസനം അവർക്കു സന്തതിയുണ്ടാ കാതിരുന്ന കാലത്തേതിലധികമായിരുന്നു. അവർ മാറത്തും തലയ്ക്കുമടിച്ചുകൊണ്ട് മുറവിളികൂട്ടിത്തുടങ്ങി. അപ്പോൾ ചിലർ, "അയ്യപ്പസ്വാമിക്കു കൊടുക്കാമെന്നു പറഞ്ഞതു കൊടുക്കാഞ്ഞിട്ടാണ് ഇങ്ങനെ വന്നത്. അചൻകോവിൽ ശാസ്താവ് ആരുടെയും കളിപ്പിള്ളയല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കിക്കൊള്ളട്ടെ" എന്നും മറ്റും പറഞ്ഞ് അവരെ ശകാരിച്ചു തുടങ്ങി. മറ്റുചിലർ സാന്ത്വനവാക്കുകൾകൊണ്ട് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുതുടങ്ങി. "സ്വാമിക്കു കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളതു കൊടുക്കാഞ്ഞാലാപത്തുണ്ടാകുമെന്നു ഞാൻകൂടെക്കൂടെ പറയാറുണ്ട്. ഈ ദുഷ്ടൻ ധനത്തിലുള്ള അത്യാർത്തി നിമിത്തം അതു കൊടുക്കാതെയിരുന്നിട്ടാണ് എന്റെ ഓമന മകൻ പോയത്" എന്നും മറ്റും പറഞ്ഞ് ബ്രാഹ്മണസ്ത്രീ ബ്രാഹ്മണനേയും, "സ്വാമിക്ക് കൊടുക്കാമെന്നു പറഞ്ഞിട്ടുള്ളതു കൊടുക്കുന്നതിന് എനിക്ക് പൂർണ്ണസമ്മതമാണ്. ഈ ദുഷ്ട സമ്മതിക്കാഞ്ഞിട്ടാണു ഞാൻകൊടുക്കാതെയിരുന്നത്. ഇവൾ നിമിത്തം ഏക സന്താനം നഷ്ടപ്പെട്ടു" എന്നും മറ്റും പറഞ്ഞ് ബ്രാഹ്മണൻ ബ്രാഹ്മണസ്ത്രീയെയും ശകാരിച്ചു തുടങ്ങി. ശകാരം മൂത്ത് മൂത്ത് അവർ തമ്മിൽ വലിയ ശണ്ഠയായി. ആകപ്പാടെ അവിടെ വലിയ ലഹളയും ബഹളവുമായി ത്തീർന്നു. "ഇതൊന്നു കൊണ്ടും യാതൊരു ഫലവുമില്ല. കുട്ടിയെയും കൊണ്ട് ആ പട്ടാണി എങ്ങോട്ടാണ് പോയതെന്നു വേഗത്തിൽ അന്വേഷിച്ചു കണ്ടുപിടിക്കാനാണ് ഇപ്പോൾ ശ്രമിക്കേണ്ടത്" എന്നു പറഞ്ഞു ബന്ധുക്കൾ ചില മറവരെയും മറ്റും കൂട്ടിക്കൊണ്ടു പല സ്ഥലങ്ങളിലുമന്വേഷിച്ചു. ഒരു തുമ്പുമുണ്ടായില്ല. കുട്ടിയെ തിരിച്ചു കിട്ടുന്നകാര്യം അസാധ്യം തന്നെയെന്ന് എല്ലാവരും തീർച്ചപ്പെടുത്തുകയാൽ കുട്ടിയുടെ പിതാവായ ബ്രാഹ്മണൻ, "ഈശ്വരകാരുണ്യം കൊണ്ട് എനിക്ക് അവസാനകാലത്ത് ഒരു സന്തതിയുണ്ടായി. ആ ഏകസന്താനം നഷ്ടപ്പെട്ടു. ഇനി ഈ വാർദ്ധക്യത്തിൽ സന്താനമുണ്ടാകുമെന്നു വിചാരിക്കാൻ ന്യായവുമില്ല. എനിക്കിനി വസ്തുക്കളും വേണ്ടാ, സ്വത്തുക്കളും വേണ്ടാ, പണവും വേണ്ടാ, ഭാര്യയും വേണ്ടാ; എന്നല്ല യാതൊന്നും വേണ്ടാ, ഞാൻവല്ലവഴിക്കും പോവുകയാണ്" എന്നു പറഞ്ഞ് ഒരു കുടയും വടിയുമെടുത്തു യാത്രയായി. ആ സമയം അവിടെയുണ്ടായിരുന്ന അന്യനായ ഒരു ബ്രാഹ്മണൻ തുള്ളിയുറഞ്ഞുകൊണ്ട് "ഇനിയെങ്കിലും നിങ്ങൾ മുൻപു പറഞ്ഞിട്ടുള്ളതുപോലെ ചെയ്യാൻ തയ്യാറുണ്ടെങ്കിൽ കുട്ടി ഇപ്പോൾ ഇവിടെ വരും. തയ്യാറുണ്ടെന്നു പറഞ്ഞാൽ പോരാ. ആധാരം തീർത്തു സാക്ഷിവെച്ച് ഒപ്പിടണം" എന്നു പറഞ്ഞു. ഇതുകേട്ടു കുട്ടിയുടെ അച്ഛനായ ബ്രാഹ്മണൻ, "കുട്ടി മടങ്ങി വരികയാണെങ്കിൽ എന്റെ സർവ്വസ്വവും ഞാൻസ്വാമിക്കു കൊടുത്തേക്കാം. യാതൊരു സംശയവുമില്ല. ആധാരം ഇപ്പോൾ തീർത്തേക്കാം" എന്നു പറഞ്ഞു. ഉടനെ ആ ബ്രാഹ്മണൻ തനിക്കുള്ള സർവ്വസ്വവും അച്ചൻകോവിൽ ശാസ്താവിനു വെച്ചൊഴിഞ്ഞുകൊടുത്തിരിക്കുന്നതായി ഒരാധാരം എഴുതിത്തീർത്ത് ഒപ്പു വെയ്ക്കുകയും നാലുപേരെ സാക്ഷിവെച്ച് അവരെക്കൊണ്ടും ഒപ്പിടുവിക്കുകയും ചെയ്തു. ബ്രാഹ്മണൻ ആധാരത്തിൽ ഒപ്പിട്ടതും അച്ചൻകോവിലിൽ ഉച്ചപൂജയുടെ പ്രസന്നപൂജ കഴിഞ്ഞു നടതുറന്നതും ഒരേ സമയത്തായിരുന്നു. നട തുറന്നയുടനെ മേൽശാന്തിക്കാരൻ തുള്ളിക്കൊണ്ട് കിഴക്കോട്ടു പുറപ്പെട്ടു. അദ്ദേഹം കറുപ്പസ്വാമി കോവിലിന്റെ സമീപത്തു ചെന്നപ്പോൾ കറുപ്പസ്വാമിയുടെ പൂശാരി തുള്ളി ബ്രാഹ്മണക്കുട്ടിയുടെ കൈക്കുപിടിച്ചു കൊണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു. പിന്നെ രണ്ടുപേരും കുട്ടിയെയും കൊണ്ടു പാണ്ടിയിൽ ആ ബ്രാഹ്മണന്റെ ഗൃഹത്തിലെത്തുകയും ചെയ്തു. കുട്ടിയെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാം സന്തോഷാത്ഭുതപരവശന്മാരായിത്തീർന്നു. കുട്ടിയുടെ അച്ഛൻ എഴുതിത്തീർത്ത് വച്ചിരുന്ന ആധാരമെടുത്തു ഭക്ത്യാദരങ്ങളോടു കൂടി ആനന്ദാശ്രു ഒലിപ്പിച്ചുകൊണ്ട് മേൽശാന്തി ബ്രാഹ്മണന്റെ പാദത്തിങ്കൽ ചെന്നു വെച്ചു നമസ്കരിച്ചു. അപ്പോൾ കറുപ്പസ്വാമി "ഇതുമുഴുവനും എന്റെ സ്വാമിക്കു വേണ്ടാ. ഒരു സന്തതിയുണ്ടായാൽക്കൊള്ളാമെന്നുള്ള ആഗ്രഹം കൊണ്ടു നിങ്ങൾ അങ്ങനെ പ്രാർത്ഥിച്ചുപോയെങ്കിലും നിങ്ങടെ സർവ്വസ്വവും സ്വാമിക്കു സമർപ്പിച്ചാൽ നിങ്ങൾക്കു നിത്യവൃത്തിക്കു യാതൊന്നുമില്ലല്ലോ. അതുകൊണ്ടു നിങ്ങൾക്കിപ്പോൾ യാതൊരനുഭവവുമില്ലാതെയും യാതൊന്നും വിളയാതെയും ഉരികുറച്ചു തൊള്ളായിരപ്പറനിലം നിങ്ങൾക്ക് ഒരു സ്ഥലത്തുണ്ടല്ലോ. അതുമാത്രം എന്റെ സ്വാമിക്കു കൊടുത്താൽ മതി" എന്നു കൽപ്പിചു. ഉടനെ ബ്രാഹ്മണൻ സന്തോഷസമേതം ആ ഉരികുറച്ചു തൊള്ളായിരപ്പറനിലം അച്ചൻകോവിൽ ശാസ്താവിനു വച്ചൊഴിഞ്ഞു കൊടുത്തിരിക്കുന്നതായി വേറൊരാധാരം എഴുതി ഒപ്പിട്ടു സമർപ്പിച്ചു. ആ ആധാരമെടുത്തുംകൊണ്ടു ശാന്തിക്കാരനും പൂശാരിയും തുള്ളിക്കൊണ്ടുതന്നെ മടങ്ങിപ്പോരുകയും ആ ആധാരം അയ്യപ്പസ്വാമിയുടെ നടയ്ക്കൽ വെച്ചിട്ടു കലിയടങ്ങുകയും ചെയ്തു. ഉചപ്പൂജ കഴിഞ്ഞു നടതുറന്നിട്ടു മൂന്നേമുക്കാൽ നാഴിക കൊണ്ട് ഈസംഗതികളെല്ലാം നടന്നു. കലിയടങ്ങിയതിന്റെ ശേഷം ഇതിലൊന്നും അവർക്കു രണ്ടുപേർക്കും ലേശം പോലും ഓർമ്മയുണ്ടായിരുന്നുമില്ല. ഇങ്ങനെയാണ് ആ നിലം അച്ചൻകോവിൽ ദേവസ്വം വകയ്ക്കു കിട്ടിയത്. പുല്ലുപോലും മുളയ്ക്കാതെ കിടന്നിരുന്ന ആ നിലം അയ്യപ്പസ്വാമിക്കായതിന്റെ ശേഷം ഒന്നാന്തരമായി വിളഞ്ഞുതുടങ്ങി. ഇപ്പോഴും ആ നിലം ആ ദേശത്തുള്ള നിലങ്ങളിൽവെച്ചു മേത്തരമായിട്ടു തന്നെയാണിരി ക്കുന്നത്.
ശാന്തിക്കാരനും പൂശാരിയും ആധാരം കൊണ്ടുപോന്നതിന്റെശേഷം ബ്രാഹ്മണൻ അടുത്തുണ്ടായിരുന്ന മറ്റൊരു മുഹൂർത്തത്തിൽ കുട്ടിയുടെ ഉപനയനം നടത്തുകയും ഭാര്യാപുത്രസഹിതം അച്ചൻകോവിലിൽ വന്നു സ്വാമിദർശനവും സ്വാമിക്ക് അനേകം വഴിപാടുകളും കറുപ്പസ്വാമിക്ക് ഊട്ടും കഴിച്ചു മടങ്ങിപ്പോവുകയും ചെയ്തു. ആ ബ്രാഹ്മണന്റെ കുടുംബക്കാർ പാണ്ടിയിലെവിടെയോ ഇപ്പോഴുമുണ്ടെന്നാണ് കേൾവി. പട്ടാണിവേഷം ധരിച്ചു ബ്രാഹ്മണക്കുട്ടിയെ എടുത്തുകൊണ്ടു മറഞ്ഞതു കറുപ്പസ്വാമിയായിരുന്നു എന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ.
പാണ്ഡിരാജ്യം (പാണ്ടി) ബ്രിട്ടീഷുഗവർമ്മേണ്ടിന്റെ അധീനതയിലായതിന്റെ ശേഷം മേൽപറഞ്ഞ നിലവും ഗവർമ്മേണ്ടുവകയാക്കുന്നതിന് അന്നത്തെ കലക്ടർ സായിപ്പു തീർച്ചയാക്കി. ഈ വിവരമറിഞ്ഞ പന്തളത്തു രാജാവ് അച്ചൻകോവിൽ മണിക്കാരനെ (പാർവ്വത്യക്കാരനെ) സായിപ്പിന്റെ അടുക്കൽ അയച്ച് "ഈ ഉരികുറച്ചു തൊള്ളായിരപ്പറനിലം അച്ചൻ കോവിൽ ശാസ്താവിന്റെ വകയാണ്. അതു ഗവർമ്മേണ്ടു വകയാക്കരുത്" എന്നു പറയിച്ചു. മണിക്കാരൻ പറഞ്ഞിയതിനെ സായിപ്പ് പുല്ലോളം വകവെച്ചില്ല. ഇത്രയും നിലം അയ്യപ്പസ്വാമിക്കു നഷ്ടപ്പെട്ടുപോകുമല്ലോ എന്നു വിചാരിച്ചു സ്വാമിഭക്തനായ ആ മണിക്കാരൻ വ്യസനിച്ചുകൊണ്ടു മടങ്ങിപ്പോന്നു. നേരം വൈകിയപ്പോൾ അയാൾ രാത്രി കഴിച്ചുകൂട്ടാനായി വഴിക്കടുത്തുണ്ടായിരുന്ന ഒരു സ്ഥലത്തു കയറി. അന്ന് അവിടെയൊരു കറുപ്പനൂട്ടു നടക്കുന്നുണ്ടായിരുന്നു. മണിക്കാരൻ അവിടെച്ചെന്നപ്പോൾ കറുപ്പസ്വാമിയുടെ പൂശാരി കറുപ്പസ്വാമിയുടെ വെളിച്ചപ്പാടായിട്ടു തുള്ളിക്കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. ആ തുള്ളൽ കണ്ടപ്പോൾത്തന്നെ ഇതു സ്വാമിയുടെ അധിവാസമുണ്ടായിട്ടുള്ളതല്ലെന്നും കള്ളത്തുള്ളലാണെന്നും മണിക്കാരനു മനസ്സിലാവുകയാൽ അദ്ദേഹം ഒന്നും മിണ്ടാതെ അവിടെ നിന്നു. അപ്പോൾ പൂശാരി തുള്ളിത്തുള്ളി മണിക്കാരന്റെ അടുക്കൽച്ചെന്ന്, 'ഒട്ടും വ്യസനിക്കണ്ടാ, ഞാൻനിവൃത്തിയുണ്ടാക്കി ക്കൊള്ളാം' എന്നു പറഞ്ഞു. മണിക്കാരൻ ശുദ്ധഹൃദയനും ശുണ്ഠിക്കാരനുമായ ഒരു പരദേശബ്രാഹ്മണനായിരുന്നു. അദ്ദേഹം വ്യസനവും ദേഷ്യവും സഹിക്കാൻ വയ്യാതെയായിട്ടു പൂശാരിയുടെ മുഖത്തു 'ഫാ' എന്നൊരാട്ടുമൊരു തുപ്പും വെച്ചുകൊടുത്തു. പൂശാരി മാറിക്കളഞ്ഞ തിനാൽ മണിക്കാരന്റെ തുപ്പൽ അവിടെ കത്തിജ്വലിച്ചു കൊണ്ടിരുന്ന ഒരു പന്തത്തിന്മെൽ വീഴുകയും അതു തെള്ളി (ചെഞ്ചെല്യ)പ്പൊടി പോലെ കത്തിക്കാളുകയും ചെയ്തു. അപ്പോൾ പൂശാരിയിൽ കറുപ്പസ്വാമിയുടെ ആവേശമുണ്ടാവുകയാൽ ഭാവം മാറീട്ടു വീണ്ടും മണിക്കാരനോട് 'ഒട്ടും വ്യസനിക്കണ്ടാ, ഞാൻനിവൃത്തിയുണ്ടാക്കിക്കൊള്ളാം. ഗ്രാമത്തിൽ ചെന്ന് എവിടെയെങ്കിലും താമസിച്ചുകൊള്ളണം. അവിടെ ആൾ വരും. സംഗതി തീർച്ചയായിട്ടു മടങ്ങിപ്പോന്നാൽ മതി' എന്നു പറഞ്ഞു. ഇതു കറുപ്പസ്വാമിയുടെ കൽപനതന്നെയാണെന്നു തോന്നുകയാൽ മണിക്കാരൻ, 'കൽപന പോലെ ചെയ്തുകൊള്ളാം. ശുദ്ധഗതിയും മുൻകോപവും കൊണ്ടു ഞാൻചെയ്തുപോയ അപരാധം അവിടുന്നു സദയം ക്ഷമിക്കണം' എന്നു പറഞ്ഞു വന്ദിച്ചുകൊണ്ട് അവിടുന്ന് ഇറങ്ങിപ്പോയി ഗ്രാമത്തിൽചെന്ന് ഒരു ഗൃഹത്തിൽ കയറി കിടന്നു.
പന്തത്തിൻമേൽ വീണ തുപ്പൽ കത്തിക്കാളിയപ്പോൾ മുതൽ കലക്ടർ സായിപ്പിന്റെ മദാമ്മയ്ക്കു ദേഹമാസകലം ഉമിത്തീയിലിട്ടാലെന്നപോലെ ഒരു പുകച്ചിൽ തുടങ്ങി. ഉടനെ അനേകം ഡോക്ടർമാരെ വരുത്തി പല ചികിത്സകൾ ചെയ്യിച്ചുനോക്കി. ഒരു ഗുണവും കണ്ടില്ല. അതിനാൽ സായിപ്പു വല്ലാതെ വ്യസനാക്രാന്തനായിത്തീർന്നു. അപ്പോൾ സായിപ്പിന്റെ സേവകനും ക്ലാർക്കുമായ ഒരു ഹിന്ദു "ഇതിന്റെ കാരണമറിയുന്നതിന് ഒന്നു പ്രശ്നം വെപ്പിച്ചു നോക്കിച്ചാൽ കൊള്ളാം" എന്നുപറഞ്ഞു. ഗൂഢമായി അപ്രകാരം നോക്കിക്കുന്നതിനു സായിപ്പു സമ്മതിക്കുകയാൽ ആ ക്ലാർക്കു ഗൂഢമായി ഒരു പ്രശ്നക്കാരനെ വരുത്തി ആരും അറിയാതെ ഒരു ഗൂഢസ്ഥലത്തുവച്ച് പ്രശ്നം വെപ്പിച്ചു നോക്കിച്ചു. മദാമ്മയുടെ സുഖക്കേടിനു കാരണം അച്ചൻകോവിൽ ശാസ്താവിന്റെ കോപമാണെന്നും മണിക്കാരനെ വരുത്തി സമാധാനം പറഞ്ഞാൽ മദാമ്മയ്ക്കു സുഖമാകുമെന്നും പ്രശ്നക്കാരൻ വിധിച്ചു. ക്ലാർക്ക് ഉടനെ ഈ വിവരം സായിപ്പിനെ ഗ്രഹിപ്പിക്കുകയും സായിപ്പിന്റെ ആജ്ഞപ്രകാരം ആളയച്ചു മണിക്കാരനെ വരുത്തുകയും ചെയ്തു. വിവരമൊക്കെപ്പറഞ്ഞപ്പോൾ മണിക്കാരൻ അയ്യപ്പസ്വാമിയെ സ്മരിച്ചുകൊണ്ടു സ്വൽപ്പം ഭസ്മമെടുത്തു ജപിച്ചു മദാമ്മയുടെ ദേഹത്തിലും ശിരസ്സിലുമിട്ടു. ഉടനെ മദാമ്മയുടെ സുഖക്കേടെല്ലാം മാറി, നല്ല സുഖമായി. സായിപ്പു സന്തോഷിച്ചു മണിക്കാരനു ചില സമ്മാനങ്ങൾ കൊടുക്കുകയും നിലം ഗവർമ്മേണ്ടിൽ ചേർക്കാൻ പാടുള്ളതല്ലെന്നു തീർച്ചയാക്കുകയും ദേവസ്വം പേരിൽത്തന്നെ പതിച്ചുകൊടുക്കുകയും ചെയ്തു.
ആറന്മുളക്ഷേത്രത്തിൽ ഇപ്പോൽ ഉള്ളതിനു മുമ്പുണ്ടായിരുന്ന ധ്വജത്തിന്റെ തടി അച്ചൻകോവിൽ മലയിൽനിന്നു വെട്ടിയിറക്കി കൊണ്ടു വന്നതായിരുന്നു. ആദ്യം ചിലർ പോയി തടി നോക്കിക്കണ്ടു നിശ്ചയിച്ചു പോന്നതിന്റെ ശേഷം വെട്ടിയിറക്കിക്കൊണ്ടുവരാനായിട്ടു പത്തുമുപ്പതുപേർ ശേഖരമായിട്ടാണ് പോയിരുന്നത്. തടിനിന്നിരുന്നത് ആനയെക്കൊണ്ടു പിടിപ്പിച്ചിറക്കുന്നതിനു സകൗര്യമില്ലാത്തതായ ഒരു സ്ഥലത്തായിരുന്നു. അതിനാൽ തടി പിടിച്ചിറക്കി ആറ്റിലാക്കുന്നതിനും മനുഷ്യർ തന്നെ വേണ്ടിയിരുന്നതുകൊണ്ടാണ് ഇത്രയധികം ആളുകൾ പോയത്. അവർ മലയിൽചെന്നു തടി വെട്ടി, പിടിച്ചിറക്കി അനേകദിവസം കൊണ്ട് ഒരു വിധത്തിൽ ആറ്റുകടവിൽ കൊണ്ടുവന്നു. അപ്പോഴേക്കും അന്നു നേരം വൈകുകയും അവരെല്ലാവരും ഏറ്റവും ക്ഷീണിക്കുകയും ചെയ്യുകയാൽ തടി പിടിച്ചു വെള്ളത്തിലിറക്കുന്നതു പിറ്റേദിവസമാകാമെന്നു നിശ്ചയിച്ച് അവരെല്ലാവരും അച്ചൻകോവിൽ ക്ഷേത്രത്തിൽ പോയി അന്ന് അവിടെ ത്താമസിച്ചു.
പിറ്റേദിവസം അതിരാവിലെ അവരെല്ലാവരും കൂടിപ്പോയി തടിപിടിച്ചു വെച്ചിരുന്ന സ്ഥലത്തു ചെന്നപ്പോൾ തടി അവിടെ കാൺമാനില്ലായിരുന്നു. അപ്പോൾ അവർക്കുണ്ടായ മനസ്താപം എത്രമാത്രമെന്നു പറയാൻ പ്രയാസം. അവർ അവിടെയൊക്കെ അന്വേഷിച്ചു നടന്നു ചെന്നപ്പോൾ തടി മലയുടെ മുകളിൽ അവർ എവിടെനിന്നു കൊണ്ടു പോന്നുവോ ആ സ്ഥലത്തുതന്നെ ഇരിക്കുന്നതുകണ്ടു. തടി ആരും ഇറക്കി ക്കൊണ്ടുപോയില്ലെന്നറിഞ്ഞപ്പോൾ അവർക്കു സ്വൽപം സമാധാനമായി. പിന്നെയും അവർ തടി പിടിച്ചിറക്കാനുള്ള ശ്രമം തുടങ്ങി. നാലഞ്ചുദിവസം കൊണ്ട് അവർ പിന്നെയും തടി ആറ്റുകടവിലാക്കി, അന്നു നേരം വൈകിപ്പോയതിനാൽ രാത്രിയിൽ താമസിക്കുന്നതിന് അമ്പലത്തിലേക്കി പോയി. പിറ്റേദിവസം കാലത്തു ചെന്നു നോക്കിയപ്പോഴും തടി ആസ്ഥലത്തു കാൺമാനില്ലായിരുന്നു. എങ്കിലും അധികം അന്വേഷിച്ചു നടക്കാതെ തടി യഥാപൂർവ്വം മലയുടെ മുകളിലിരിക്കുന്നതു കണ്ടു. ഇങ്ങനെ പലപ്രാവശ്യമായപ്പോൽ അവർ ഏറ്റവും വിഷണ്ണൻമാരായി ത്തീർന്നു. "ഇനി ആറന്മുളച്ചെന്നു പ്രശ്നം വെയ്പിച്ചു നോക്കിച്ച് ഇതിന്റെ കാരണമറിയാതെ വെറുതെ കഷ്ടപ്പെടാൻ കഴിയില" എന്നു നിശ്ചയിച് അവർ അവിടെനിന്ന് ആറന്മുളയ്ക്കു യാത്രയായി.
ഇവർ തടിയുംകൊണ്ടു മടങ്ങിയെത്തായ്കയാൽ ആറന്മുള കരനാഥന്മാർ മുതലായവർക്കു വിചാരമായി. അവരെല്ലാവരും ഒരു ദിവസം ക്ഷേത്രസന്നിധിയിൽ കൂടി. അത് ഇവർ അച്ചൻകോവിലിൽ നിന്ന് അങ്ങോട്ടു പുറപ്പെട്ട ദിവസം തന്നെയായിരുന്നു. ആ സമയം പ്രസിദ്ധ ദൈവജ്ഞനായ മംഗലപ്പള്ളി മൂത്തതും ദേവദർശനത്തിനായി അവിടെ ചെന്നു ചേർന്നു. മൂത്തതിനെ കണ്ടപ്പോൾ കരയിൽ പ്രമാണികളിലൊരാൾ "നമ്മുടെ കാര്യം നമുക്കു നമ്മുടെ കൊച്ചു മൂത്തതിനോടു ചോദിക്കാം; ഇനി എന്താണ് വേണ്ടതെന്ന് അദ്ദേഹം വിചാരിച്ചു പറയട്ടെ" എന്നു പറഞ്ഞു. അതുകേട്ടു മൂത്തത്, "നിങ്ങൾക്ക് എന്താണ് അറിയേണ്ടത്?" എന്നു ചോദിച്ചു. അതിനുത്തരമായി ഒരാൾ, "കൊടിമരത്തടിക്കു പോയവരിലാരും മടങ്ങിവന്നു കാണായ്കയാൽ ഞങ്ങൾക്കു വളരെ വ്യസനമായിരി ക്കുന്നു. അവർ പോയിട്ടിപ്പോൾ ഒരു മാസം കഴിഞ്ഞു. ഒരു വർത്തമാനവും അറിയുന്നില്ല. അവർക്കു വല്ലതും ആപത്തുപറ്റിയോ എന്തോ? ചിലരെ അങ്ങോട്ട് അയച്ചുവെങ്കിലോ എന്നും സംശയമുണ്ട്. ഇതിനെക്കിറിച്ചു മനസ്സിരുത്തി ഒന്നു ചിന്തിച്ചു വേണ്ടതു പറഞ്ഞുതരണം. ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിച്ചു പറയുന്നതിന് അവിടെയ്ക്കു കവിടിയും മറ്റും ആവശ്യമില്ലല്ലോ" എന്നു പറഞ്ഞു. ഉടനെ മൂത്തത് അകത്തു പോയി ദർശനം കഴിച്ച് എല്ലാം വേണ്ടതുപോലെ തോന്നിക്കുന്നതിനു സ്വാമി സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ട് പുറത്തു കൊടിമരസ്ഥാനത്തു വന്നു നിന്നുകൊണ്ട് അവിടെ കൂടിയിരുന്നവരോട് "തടിക്ക് പോയിരിക്കുന്നവർക്കു യാതൊരാപത്തും സംഭവിച്ചിട്ടില്ല. തടി കൊണ്ടു പോരാൻ സാധിക്കായ്കയാലാണ് അവർക്കു താമസം പറ്റിയത്. അവർ ഇങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട്. എങ്കിലും തടി കൊണ്ടുവരുന്നില്ല. അച്ചൻകോവിൽ മലയിൽനിന്നാണല്ലോ തടി കൊണ്ടുവരേണ്ടത്. ആ തടി അച്ചൻകോവിൽ ശാസ്താവിന്റെ വകയാണ്. അതിനാൽ, അവിടെച്ചെന്നു സ്വാമിയെ വന്ദിക്കുകയും യഥാശക്തി വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കുകയും ചെയ്യാതെ തടി കൊണ്ടുപോരാൻ ഒരിക്കലും സാധിക്കുകയില്ല. അയ്യപ്പസ്വാമിയുടെ പരിവാരമൂർത്തികൾക്കും യഥായോഗ്യം വഴിപാടുകൾ നടത്തണം. ആ മൂർത്തികളിൽ പ്രാധാന്യം കറുപ്പസ്വാമിക്കാണ്. കറുപ്പസ്വാമിക്ക് ഒരു ഊട്ടു തന്നെ നടത്തണം. എന്നാൽ അതു തടി ഇവിടെ വന്നുചേർന്നതിനു ശേഷം നടത്തിയാൽ മതി. ഇപ്പോൾത്തന്നെ കറുപ്പസ്വാമി കോവിലിൽച്ചെന്നു തൊഴുതു പ്രാർത്ഥിച്ചു പൂശാരിയോട് ചാർത്തുവാങ്ങിക്കൊണ്ടു പോരണം. ഇത്രയും ചെയ്താൽ പിന്നെ തടിക്കായിട്ട് ആരും പോകേണ്ടാ. തടി താനേ ഇവിടെ വന്നു ചേരും. അയ്യപ്പസ്വാമിയുടെ പരിവാരങ്ങൾ അത്യുഗ്രമൂർത്തികളാണ്. തടിക്കു പോയവർ പലതവണ തടി മലയിൽനിന്നിറക്കി ആറ്റുകടവിൽ കൊണ്ടുവന്നുവെച്ചു. എങ്കിലും പിറ്റേദിവസമാകുമ്പോൾ തടി മലയുടെ മുകളിലായിരിക്കും. അതുകൊണ്ടാണ് അവർക്കു തടി കൊണ്ടുപോരാൻ സാധിക്കാഞ്ഞത്. ഇറക്കിക്കൊണ്ടുപോന്ന തടി വീണ്ടും മലയുടെ മുകളിൽ കൊണ്ടുപോയി വെച്ചതു സ്വാമിയുടെ പരിവാരമൂർത്തികളാണ്. അവർതന്നെ നമുക്കിവിടെ തടി എത്തിച്ചുതരികയും ചെയ്യും. ഇവിടെനിന്ന് അച്ചൻകോവിലിലേക്ക് നാലുപേർ കുറയാതെ ഉടനേ പോകണം. തടി കൊണ്ടുവരാൻ പോയവരെ വഴിക്കുവെച്ചു കാണാം. അവരും കൂടി അങ്ങോട്ടു പോരട്ടെ. എല്ലാവരും കൂടിച്ചെന്നു സ്വാമിദർശനം കഴിച്ച് വഴിപാടുകളും നടത്തി പ്രാർത്ഥിച്ചു പോരിക" എന്നു പറഞ്ഞു. മൂത്തതു പറഞ്ഞതുപോലെ ആറന്മുളനിന്നു പ്രധാനന്മാരായ നാലുപേർ അന്നു തന്നെ പുറപ്പെടുകയും മുമ്പ് പോയിരുന്നവരെ വഴിക്കു വച്ചു കാണുകയും എല്ലാവരും കൂടി അച്ചൻകോവിലിൽച്ചെന്നു സ്വാമി ദർശനവും വഴിപാടുകളും പ്രാർത്ഥനയും മറ്റും നടത്തുകയും കറുപ്പനൂട്ടിനുള്ള ചാർത്തു വാങ്ങി മടങ്ങിപ്പോരികയും ചെയ്തു.
അച്ചൻകോവിലിൽ പോയിരുന്നവരെല്ലാം ആറന്മുള മടങ്ങിയെത്തിയദിവസം നിശ്ചിതസമയത്ത് ക്ഷേത്രക്കടവിനടുത്ത് ആറ്റിൽ കെങ്കേമമായിട്ടുള്ള ഒരു വഞ്ചിപ്പാട്ടും ആളുകളുടെ ആരവവും അർപ്പുവിളിയും കുരവയും പാണ്ടിവാദ്യവും നാഗസ്വരവുമെല്ലാം കേൾക്കപ്പെട്ടു. അതുകേട്ടു ജനങ്ങൾ പരിഭ്രമിച്ച് ഓടി കടവിലെത്തിയപ്പോൽ അവിടെ കൊട്ടും പാട്ടും വാദ്യഘോഷവും യാതൊന്നുമില്ലായിരുന്നു. അവിടെയെങ്ങും ആരെയും കാൺമാനുമുണ്ടായിരുന്നില്ല. എങ്കിലും കൊടിമരത്തിനുള്ള തടി കടവിൽ കിടക്കുന്നുണ്ടായിരുന്നു. അതുകണ്ട് എല്ലാവരും സന്തോഷാത്ഭുതപരവശ ന്മാരായിത്തീർന്നു. അപ്പോൽത്തന്നെ ജനങ്ങൾ തടിപിടിച്ചു കയറ്റി മതിൽക്കകത്തു കൊണ്ടുചെന്നു വെച്ചു. നേരം വെളുത്തപ്പോൾ പരിശോധിച്ചു നോക്കിയതിൽ തടി യാതൊരു കേടുമില്ലാത്തതും ഒന്നാം തരവുമാണെന്നു കണ്ട് എല്ലാവരും വളരെ സന്തോഷിച്ചു. അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. അതിനടുത്ത വെള്ളിയാഴ്ച തന്നെ കറുപ്പനൂട്ടു നടത്തണമെന്ന് എല്ലാവരുംകൂടി നിശ്ചയിക്കുകയും അതിലേക്കു വേണ്ടുന്ന വട്ടങ്ങളൊക്കെ കൂട്ടിക്കൊണ്ടു വിവരം പൂശാരിയെ അറിയിക്കുകയും പൂശാരിയും പരികർമ്മികളും മറ്റും വ്യാഴാഴ്ച തന്നെ സ്ഥലത്തെത്തുകയും ആറന്മുളയ്ക്കടുത്ത അയിരൂരാറ്റിൽ മണപ്പുറത്തു വെച്ചു നിശ്ചിതദിവസം തന്നെ ആ വഴിപാടു കെങ്കേമമായി നടത്തുകയും ചെയ്തു.
പൂശാരിയും പരികർമ്മികളും വ്യാഴാഴ്ച വൈകുന്നേരം ആറന്മുളക്ഷേത്രത്തിലെത്തി സ്വാമിദർശനം കഴിച്ച് അന്നവിടെ താമസിക്കുകയും വെള്ളിയാഴ്ചനാൾ കാലത്തു കുളിയും ദർശനവും കഴിക്കുകയും ചെയ്തതിന്റെ ശേഷമാണ് അയിരൂർ മണപ്പുറത്തേക്കു പുറപ്പെട്ടത്. പൂശാരിക്ക് അന്നു പകൽ ഊണു പതിവില്ലാത്തതിനാൽ ആ മനുഷ്യനെ ഒഴിച്ചു ശേഷം എല്ലാവരും കൂടി ഊണുകഴിച്ചിട്ടേ ക്ഷേത്രസന്നിധിയിൽ നിന്നു പുറപ്പെട്ടുള്ളു. അവർ മണൽപ്പുറത്തെത്തിയപ്പോൾ അവിടെ ഏറ്റവും വിശാലമായ ഒരു പന്തലിട്ടു കെട്ടി വിതാനിച്ചലങ്കരിച്ച് ഊട്ടിനു വേണ്ടുന്ന സകല സാമാനങ്ങളും ചാർത്തിൻപ്രകാരം ശേഖരിച്ചു വെച്ചിട്ടുണ്ടായിരുന്നു.
ആറന്മുള ദേശത്തോ അടുത്ത കരകളിലോ വച്ചു കറുപ്പനൂട്ടു നടത്തുകയാണെങ്കിൽ ക്ഷേത്രത്തിൽനിന്ന് ഒരു കൊടി എഴുന്നള്ളിച്ചു കൊണ്ടുവന്നു വെച്ചിട്ടാണ് നടത്തുക പതിവ്. ഇതിലേക്ക് ആറന്മുളദേവന്റെ സങ്കേതത്തിലുൾപ്പെട്ട പതിനെട്ടു കളരികളിലെ സകല ജനങ്ങളും ആബാലവൃദ്ധം വന്നു കൂടിയിരുന്നു. പാണ്ടിവാദ്യം, നാഗസ്വരം, പഞ്ചവാദ്യങ്ങൾ, ഉരുട്ടുചെണ്ട, ജനങ്ങളുടെ ആർപ്പുവിളി, കുരവ മുതലായ ഘോഷങ്ങളോടുകൂടി ഏറ്റവും കോലാഹലസമേതമാണ് ആ എഴുന്നള്ളത്തു പുറപ്പെട്ടത്. ഏകദേശം അഞ്ചുനാഴികപ്പകലേ ആ എഴുന്നള്ളത്തു പന്തലിലെത്തുകയും കൊടി ഒരു പ്രധാനസ്ഥലത്ത് എഴുന്നള്ളിച്ചു വയ്ക്കുകയും ചെയ്തു. അതിന്റെ സമീപത്തു കറുപ്പസ്വാമിയുടെ പൂജയ്ക്കു വേണ്ടതെല്ലാം നിരത്തിവെച്ചൊരുക്കി. കൊടിയെഴുന്നള്ളിച്ചു വെച്ചതിന്റെ മുൻവശത്ത് ഏകദേശം രണ്ടു ദണ്ഡു സമചതുരത്തിലും വളരെ പൊക്കത്തിലും ആഴിക്കു വിറകടുക്കി സന്ധ്യയ്ക്കുമുമ്പായിതീയിട്ടു. സന്ധ്യയായപ്പോൾ പൂശാരി കുളിച്ചു ഉടുത്തുകെട്ടി വന്നു പൂജ ആരംഭിചു. പൂജയും കർപ്പൂരാരാധനയും (കർപ്പൂരം കത്തിചുഴിയുകയും) കഴിഞ്ഞു പൂശാരി എഴുന്നേറ്റു പടിഞ്ഞാട്ടു തിരിഞ്ഞുനിന്ന് ആറന്മുളഭഗവാനെ വിചാരിച്ച് ഒന്നു വന്ദിച്ചതിന്റെ ശേഷം, കിഴക്കോട്ടു തിരിഞ്ഞു തൊഴുതുപിടിച്ചു കണ്ണുമടച്ചു ധ്യാനത്തോടുകൂടി നിശ്ചഷ്ടേനായി സ്വൽപനേരം നിന്നു. അപ്പോഴേയ്ക്കും ആഴികൂട്ടിയിരുന്ന വിറകെല്ലാം എരിഞ്ഞടങ്ങി നല്ല കനലായിക്കഴിഞ്ഞു. ആ സമയം കൊട്ടും ഘോഷവും ആർപ്പും കുരവയും ശംഖുവിളിയും കതിനാവെടിയും വെടിക്കെട്ടും മറ്റും കൊണ്ടു ലോകമപ്പാടെ ഞടുങ്ങിക്കൊണ്ടിരുന്നു. അപ്പോൾ നിശ്ചഷ്ടേനായി നിന്നിരുന്ന പൂശാരിയുടെ ശരീരം ആകപ്പാടെ ഒന്നു വിറച്ചു. ഉടനെ അയാൾ തുള്ളിത്തുടങ്ങുകയും അരിവാൾ, വേൽ, കപ്പര (ഭസ്മപ്പാത്രം) ഇതുകൾ കൈയിലെടുത്തുകൊണ്ട് ആഴിക്കും കൊടിക്കും പൂജാസ്ഥലത്തിനും കൂടി മൂന്നു പ്രദിക്ഷണം വെച്ചിട്ട് ആഴിയിൽക്കയറി നിൽക്കുകയും ചെയ്തു. അവിടെനിന്നു കുറച്ചു നേരം തുള്ളിയപ്പോൾ ആഴി നിരന്നു. പിന്നെ അവിടെനിന്നിറങ്ങീട്ടു കപ്പരയിൽനിന്നും സ്വൽപ്പം ഭസ്മമെടുത്തു കൊടിയിന്മേലിട്ടു. ഉടനെ കൊടി വിറച്ചു വിറച്ച് സ്വയമേവ തുള്ളിത്തുടങ്ങി. പിന്നെ പൂശാരി തുള്ളിക്കൊണ്ടുതന്നെ കപ്പരയിൽനിന്ന് ഒരു പിടി ഭസ്മം വാരിയെടുത്ത് ജനക്കൂട്ടത്തിലേയ്ക്ക് എറിഞ്ഞു. അപ്പോൾ കറുപ്പൻ തുള്ളലിൽ വിശ്വാസമില്ലാത്തവരായി അവിടെ വന്നു കൂടിയിരുന്നവരെല്ലാം കൂട്ടത്തോടെ തുള്ളിത്തുടങ്ങി. അവരെല്ലാവരും ആഴിയിൽച്ചാടി ചവുട്ടി നിരത്തിയതിന്റെ ശേഷം, "കറുപ്പസ്വാമിയെ ഞങ്ങളെല്ലാവരും പൂർണ്ണമായി വിശ്വസിക്കുന്നു. ഞങ്ങൾക്കു ദാഹം കലശലായിരിക്കുന്നു" എന്നു വിളിച്ചു പറഞ്ഞുതുടങ്ങി. പൂശാരി കരിക്കിൻവെള്ളവും ചാരായവും കൂടിയെടുത്ത് എല്ലാവരുടെയും മേൽ തളിച്ചു. ഉടനെ അവരുടെ ദാഹം ശമിച്ചു എങ്കിലും തുള്ളൽ നിന്നില്ല. ആ സമയം കോഴിമുട്ടകളെല്ലാം കോഴികളായിത്തീർന്നു. പൂശാരി ആ കോഴികളെയെല്ലാം വെട്ടുകയും ആഴിയിൽ നിന്നു ഭസ്മംവാരിയെടുത്തു കൊടിയിന്മേലും തുള്ളിക്കൊണ്ടുനിന്ന ജനങ്ങളുടെ മേലും എറിയുകയും അപ്പോൾ എല്ലാവരുടെയും തുള്ളൽ നിൽക്കുകയും ചെയ്തു. പിന്നെയും പൂശാരിയുടെ തുള്ളൽ നിന്നില്ല; പൂശാരി കളഭമെടുത്തു തന്റെ ദേഹത്തിലെല്ലാം പൂശുകയും പ്രസാദമായിട്ടു ജനങ്ങൾക്കെല്ലാവർക്കും കൊടുക്കുകയും ചെയ്തിട്ട് (കറുപ്പസ്വാമിയുടെ നിലയിൽ) "നിങ്ങളുടെ വഴിപാടു ഞാൻസ്വീകരിച്ചിരിക്കുന്നു. എനിക്കു വളരെ സന്തോഷമായി" എന്നു പറഞ്ഞു. ഉടനെ തുള്ളലും നിന്നു. തുള്ളൽ നിന്നയുടനെ പൂശാരി അവിടെ വീണു. അപ്പോൾ കൊട്ടും ഘോഷവു മെല്ലാം നിറുത്തി, പരികർമികളും മറ്റും കൂടി പൂശാരിയെ വീശിക്കൊണ്ടു നിന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പൂശാരി സ്വബോധത്തോടുകൂടി എഴുന്നേറ്റു കൈയും മുഖവും കഴുകി അത്താഴവും കഴിച്ച് അന്ന് അവിടെ താമസിക്കുകയും പിറ്റേദിവസം രാവിലെ പരികർമ്മികൾ മുതലായവരോടു കൂടി അചൻകോവിലിലേക്കു പോവുകയും ചെയ്തു. പൂശാരിയെയും പരികർമ്മികളെയും യഥായോഗ്യം ദക്ഷിണയും സമ്മാനങ്ങളും കൊടുത്തു സന്തോഷിപ്പിച്ചാണ് പറഞ്ഞയച്ചതെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. തടി കിട്ടിയതിൽ സന്തുഷ്ടരായ കരനാഥന്മാരും മറ്റും കൂടിയുത്സാഹിച്ച് അധികം താമസിയാതെതന്നെ ഒരു സുമുഹൂർത്തത്തിൽ ആറന്മുളെ ദേവസന്നിധിയിൽ യഥാവിധി ധ്വജപ്രതിഷ്ഠ നടത്തുകയും ചെയ്തു.
ഒരിക്കൽ 'കാളിനായ്ക്കൻ' എന്നൊരാൾ ആലപ്പുഴെ തടിക്കുത്തക ഏറ്റിരുന്നു. കുത്തകക്കാർ തടി വെട്ടിയിറക്കി വൃശ്ചികമാസം XXXXആം തിയതിക്കകം ആലപ്പുഴെ കച്ചവടം വകയിലേൽപ്പിക്കണമെന്നായിരുന്നു ഏർപ്പാട്. അതിനാൽ കുത്തകക്കാർ ചിങ്ങം കന്നി മാസങ്ങളിൽ തടികൾ വെട്ടിയിറക്കി നദീതീരങ്ങളിൽ കൊണ്ടുവന്നു ശേഖരിക്കുകയും തുലാവർഷത്തിന്റെ വെള്ളപ്പൊക്കത്തോടുകൂടി ആറ്റിലിറക്കി ചെങ്ങാടം കെട്ടി ആലപ്പുഴെ കൊണ്ടുചെന്ന് ഏൽപിക്കുകയുമാണ് പതിവ്. ആ പതിവനുസരിച്ച് ഒരു കൊല്ലം കാളിനായ്ക്കൻ തടികൾ ശേഖരിച്ചിരുന്നത് അച്ചൻകോവിലിൽനിന്നും രണ്ടുമൂന്നു നാഴിക പടിഞ്ഞാറ് 'കല്ലാറ്' എന്നു പേരായ നദിയുടെ തീരപ്രദേശങ്ങളിലായിരുന്നു. അക്കൊല്ലം കന്നിമാസത്തിലെ ഉണക്ക് അതികഠിനമായിരിക്കുകയും വൃശ്ചികമായിട്ടും തുലാ വർഷം ആരംഭിക്കാതിരിക്കുകയും ചെയ്തതുകൊണ്ടു കല്ലാറ്റിൽ വെള്ളം വളരെ കുറവായിരുന്നു. എന്നു മാത്രമല്ല, കല്ലാർ അച്ചൻകോവിലാറ്റിൽ വന്നുകൂടുന്ന സ്ഥലത്ത് ആറ്റിൽ വിലങ്ങനെ മൂന്നു വലിയ പാറകളുണ്ടായിരുന്നു. ആ പാറകളുടെ മുകളിൽക്കൂടി തടികളിറക്കി ക്കൊണ്ടു പോരുവാൻ തക്കവണ്ണം വെള്ളം പൊങ്ങുന്ന സമയങ്ങളിലല്ലാതെ അതിലേകൂടി തടികൾ കൊണ്ടു പോരുന്നതിനു യാതൊരു നിവൃത്തിയുമില്ലായിരുന്നു. ഇക്കൊല്ലം ഇങ്ങനെ സംഭവിച്ചു എന്നല്ലാതെ ഇതു സാധാരണമല്ല. ആണ്ടുതോറും കാലവർഷത്തിലും തുലാവർഷത്തിലും ആ പാറകളുടെ മുകളിൽക്കൂടി തടികൾ കടത്തിക്കൊണ്ടു പോരുവാൻ തക്കവണ്ണം വെള്ളം പൊങ്ങുക പതിവാണ്. അതുകൊണ്ടാണ് നായ്ക്കൻ അവിടെ തടികൾ ശേഖരിച്ചത്. തടികുത്തകക്കാർക്കു വളരെ ലാഭമുള്ള ഏർപ്പാടാണെങ്കിലും അവധികഴിയുന്നതിനുമുമ്പ് തടികൾ ആലപ്പുഴെ കൊണ്ടുചെന്നേൽപ്പിച്ചില്ലെങ്കിൽ വലിയ നഷ്ടം നേരിടുകയും ചെയ്യും. അതിനാൽ കാളിനായ്ക്കൻ ഏറ്റവും വ്യസനാക്രാന്തനായിത്തീർന്നു. അയാൾ ആലോചിച്ചിട്ട് ഇതിനു യാതൊരു നിവൃത്തിമാർഗ്ഗവും കാണായ്കയാൽ ഒടുക്കം അച്ചൻകോവിലിൽ ചെന്ന് അയപ്പസ്വാമിയെയും പരിവാരമൂർത്തികളെയും വന്ദിക്കുകയും യഥായോഗ്യം വഴിപാടുകൾ നടത്തുകയും ചെയ്തിട്ട് നടയിൽ ചെന്നുനിന്ന്, "എന്റെ അയപ്പസ്വാമീ, ഇതിന് എന്തെങ്കിലും ഒരു നിവൃത്തിയുണ്ടാക്കിത്തരണേ; ഞാൻ ആലപ്പുഴക്കടപ്പുറത്തുവെച് എന്റെ ശക്തിക്കു തക്കവണ്ണം ഒരു കറുപ്പനൂട്ടു കഴിച്ചേക്കാം" എന്നു പ്രാർത്ഥിച്ചു. അന്നു രാത്രിയിൽ നായ്ക്കൻ കിടന്നുറങ്ങിയപ്പോൽ ഒരാൾ അയാളുടെ അടുക്കൽച്ചെന്നു "പാറകൾ മറ്റിയിരിക്കുന്നു. തടികൾ കടത്തിക്കൊണ്ടുപോകാം" എന്നു പറഞ്ഞതായി അയാൾക്കു തോന്നി. കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു തന്നെക്കുറിച്ചു പ്രസാദിച്ചിട്ട് അയ്യപ്പ സ്വാമിയോ കറുപ്പസ്വാമിയോ കൽപ്പിച്ചതാണെന്ന് അയാൾ വിശ്വസിച്ചു. പിറ്റേദിവസം രാവിലെ അയാൾ ആ സ്ഥലത്തു ചെന്നു നോക്കിയപ്പോൾ വിലങ്ങത്തിൽ കിടന്നിരുന്ന പാറകൾ നെടുനീളത്തിലായിരിക്കുന്നതും അവയുടെ ഇടയിൽക്കൂടി തടികൾ കടത്തിക്കൊണ്ടുപോകുവാൻ തക്ക വണ്ണം വാലുകൾ പോലെ രണ്ടു കൈവഴികൾ തെളിഞ്ഞിരിക്കുന്നതായും കണ്ടു. അപ്പോൾ അയാളുടെ മനസ്സിൽ വളരെ സന്തോഷവും വിഷ്മയവും ജനിച്ചുവെന്നു മാത്രമല്ല, അയ്യപ്പസ്വാമിയെയും പരിവാരമൂർത്തികളെയും കുറിച്ചുണ്ടായിരുന്ന ഭക്തിവിശ്വാസങ്ങൾ ശതഗുണീഭവിക്കുകയും ചെയ്തു. അയാൾ തടികൾ വെള്ളത്തിലിറക്കി ചെങ്ങാടം കെട്ടി നിഷ്പ്രയാസം കൊണ്ടുപോയി അവധിക്കുമുൻപ് ആലപ്പുഴെ ഏൽപിചു. ആ പ്രാവശ്യം അയാൾക്കു പതിവിൽക്കൂടുതൽ ലാഭം കിട്ടി. അതിനാൽ പിന്നെയും അചൻകോവിലിൽചെന്ന് അയപ്പസ്വാമിക്കും പരിവാരമൂർത്തികൾക്കും യഥായോഗ്യം വഴിപാടുകൾ കഴിച്ചു വന്ദിച്ചു. അക്കാലത്ത് അച്ചൻകോവിൽ ക്ഷേത്രത്തിൽ ദേവസ്വം വകയായിട്ടുണ്ടായിരുന്ന പാത്രങ്ങളെല്ലാം പൊട്ടിയും തുളഞ്ഞും കേടു സംഭവിച്ചവയായിരുന്നു. അതിനാലയാൾ നാഴിമുതൽ നാൽപ്പതു നാഴി അരിവെയ്ക്കാവുന്ന അനേകം പാത്രങ്ങൾ പുത്തനായി വാർപ്പിച്ചു നടയ്ക്കുവെച്ചു. അവയിൽ ചില പാത്രങ്ങൾ ഇപ്പോഴും അവിടെ കാൺമാനുണ്ട്. അധികം താമസിയാതെ കാളിനായ്ക്കൻ കറുപ്പനൂട്ടിനുള്ള ചാർത്തു വാങ്ങുകയും അതിൻപ്രകാരം സകലതും വട്ടം കൂട്ടി ആലപ്പുഴെ കടപ്പുറത്തുവെച്ചു കെങ്കേമമായി കറുപ്പനൂട്ടു നടത്തുകയും ചെയ്തു.
സഞ്ചായം ഡിപ്പർട്ടുമന്റുകാർ സർക്കാർ വകയായി ഒരു കറുപ്പനൂട്ട് ആണ്ടുതോറും പതിവായി നടത്തിവന്നിരുന്നു. വർണ്ണീഡു സായ്പവർകൾ സഞ്ചായം ഡിപ്പാർട്ടുമന്റിന്റെ മേലധികാരിയായി വന്നപ്പോൾ അതു വേണ്ടെന്നുവെച്ചു. അക്കൊല്ലം കോന്നി മുതലായ സ്ഥലങ്ങളിൽ കുഴികളിൽ ആന വീണില്ല. അതിന്റെ കാരണമെന്താണെന്നു ചോദിച്ച പ്പോൾ "പതിവുള്ള കറുപ്പനൂട്ടു നടത്താഞ്ഞിട്ടായിരിക്കു"മെന്നു ഹിന്ദുക്കളായ ജീവനക്കാർ പറഞ്ഞു. "എന്നാൽ കുഴികളിൽ ആനകൾ വീഴട്ടെ, കറുപ്പനൂട്ടു നടത്തിയേക്കാം" എന്നു സായ്പവർകൾ സമ്മതിചു. പിന്നെ മുറയ്ക്കു കുഴികളിൽ ആനകൾ വീണുതുടങ്ങി. എങ്കിലും സായ്പവർകൾ കറുപ്പനൂട്ടു നടത്തിയില്ല. അപ്പോൾ കുഴികളിൽനിന്നും കയറ്റി കൂട്ടിലാക്കിയ ആനകൾ കൂട്ടിൽ കിടന്നും കുഴികളിൽ വീഴുന്ന ആനകൾ കുഴികളിൽത്തന്നെ കിടന്നും ചത്തുതുടങ്ങി. അങ്ങനെ അനേകം ആനകൾ ചത്തുപോവുകയാൽ സർക്കാരിലേക്ക് വളരെ ന ഷ്ടം സംഭവിച്ചു. അപ്പോൾ സായ്പവർക്കൾ നല്ല മനസ്സോടുകൂടിയല്ലെങ്കിലും കറുപ്പനൂട്ടു നടത്താമെന്നു സമ്മതിക്കുകയും പതിവിൽ കൂടുതലായി വട്ടങ്ങൾ കൂട്ടുകയും ദിവസം നിശ്ചയിച്ചു പൂശാരിയെ അറിയിക്കുകയും ചെയ്തു. പൂശാരിക്കു കോന്നിയിലും ഒരു വീടുണ്ട്. അതിന്റെ പേര് "വാര്യവീട്" എന്നാണ്. അവിടെയാണ് ഈ വിവരം അറിയിച്ചത്. കറുപ്പനൂട്ട് സഞ്ചായം കച്ചേരിയുടെ സമീപത്തുവെച്ചുതന്നെ നടത്തണമെന്നായിരുന്നു സായ്പവർകളുടെ ഉത്തരവ്. അതിനാൽ അവിടെയാണ് പന്തലിട്ട് കെട്ടിവിതാനിച്ചലങ്കരിച്ചു സാമങ്ങളെല്ലാം ശേഖരിച്ചു വെച്ചത്.
കറുപ്പനൂട്ടിനു നിശ്ചയിച്ച ദിവസത്തിനു രണ്ടുമൂന്നു ദിവസം മുമ്പേ സായ്പവർകൾ പതിനൊന്ന് ഭരണികളിൽ ചാരയം നിറപ്പിച്ച് അടച്ചുകെട്ടിച്ചു പന്തലിനു സമീപം വലിയകുഴികൾ കുഴിപ്പിച്ച്, ഭരണികൾ കുഴികളിൽ വെപ്പിച്ചു മണ്ണിട്ടു മൂടിച്ചു. ഇതു മറ്റാരും അറിയാതെ സായ്പവർകൾ തന്റെ വിശ്വസ്തന്മാരായ ഒന്നു രണ്ടു ഭൃത്യന്മാരെക്കൊണ്ട് ഏറ്റവും രഹസ്യമായിട്ടാണ് ചെയിച്ചത്. പിന്നെ ആഴിക്കു പത്തു ദണ്ഡുസമചതുരത്തിലും ഒന്നര ദണ്ഡു താശ്ചയിലും ഒരു കുഴി കുഴിച്ച്, അതിൽ വലിയ പാഴ്മരത്തടികൾ ആനകളെക്കൊണ്ടു പിടിച്ചു വരുത്തി നിരത്തിയി ടുവിച്ചു തീയുമിട്ടു. തടികൾക്കു തീ പിടിച്ചുതുടങ്ങിയപ്പോൾ അതിന്റെ മീതെ പത്ത് ആനചങ്ങലകളുമിടുവിച് അതിന്റെ മീതെയും തടികൾനിരത്തിച്ച് അവയ്ക്കും തീയിട്ടു.
നിശ്ചിതദിവസം സന്ധ്യയ്ക്കു മുമ്പായി പൂശാരി പരികർമികൾ മുതലായവരോടുകൂടി നിശ്ചിതസ്ഥലത്തെത്തി. ഉടനെ കുളിച് ഉടുത്തുകെട്ടി ഉത്തരീയം മുതലായവയും ധരിച്ചു പന്തലിൽ ചെന്നു. അവിടെയുള്ള വട്ടങ്ങൾ ആകപ്പടെ കണ്ടപ്പോൾ അയാൾ സ്വൽപനേരം വലാതെ അന്ധനായി നിന്നു പോയി; ഇത്ര വലിയ ആഴിയും മറ്റും അയാൾ ഇതിനുമുമ്പ് മറ്റെങ്ങും കണ്ടിട്ടില്ലായിരുന്നു. പിന്നെ ധൈര്യത്തെ അവലംബിച്ചു കൊണ്ടു സ്വൽപം ചന്ദനവും പൂവും വെള്ളവും കൂടി കൈയ്യിലെടുത്തു കിഴക്കോട്ട് ആരാധിച്ചിട്ട് കണ്ണുമടച്ചു തൊഴുതുപിടിച്ചുകൊണ്ടു സ്വൽപനേരം നിന്നു. പിന്നെ മുറയ്ക്കു പൂജ ആരംഭിച്ചു. അപ്പോഴേക്കും ആ ദിക്കിലുള്ള സകലജനങ്ങളും കുടുംബസഹിതം അവിടെ വന്നുചേർന്നു. ആഴിയുടെ വലിപ്പവും മറ്റും കണ്ട് എലാവരും ഭയപ്പെടുകയും സായ്പവർകൾ കറുപ്പസ്വാമിയെ പരീക്ഷിക്കാൻ ഭാവിക്കുകയാണെന്നറിഞ്ഞ് "അയ്യപ്പസ്വാമീ, കറുപ്പസ്വാമീ; അവമാനത്തിനിടയാക്കരുതേ" എന്നു മനസാ വാചാ പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ സായ്പവർകൾ പന്തലിനു പുറത്ത് ഒരു സ്ഥലത്ത് ഒരു കുതിരച്ചമ്മട്ടി കൈയ്യിലെടുത്തുകൊണ്ട് ഒരു കസാല യിൽ വന്നിരുന്നു. പൂജ കഴിഞ്ഞു കർപ്പൂരാരാധന ആയപ്പോഴേക്കും പണ്ടിവാദ്യം, നാഗസ്വരം, പഞ്ചവാദ്യങ്ങൾ, ചെണ്ട, ശംഖ്, മുതലായവയുടെ നാദം കൊണ്ടു ദിക്ൾചക്രവാളം മാറ്റൊലിക്കൊണ്ടുതുടങ്ങി. ജനങ്ങൾ ആർപ്പും കുരവയും ശരണംവിളിയും പൊടിപൊടിച്ചുതുടങ്ങി. പൂശാരിയുടെ ഭാവം അപ്പാടെ മാറിത്തുടങ്ങി. ദേഹം വിറച്ചുതുടങ്ങി. കപ്പരയും അരിവാളും വേലും കൈയിലെടുത്തുകൊണ്ട് അയാൾ തുള്ളിത്തുടങ്ങി. അയാളുടെ മുഖഭാവവും മറ്റും കണ്ടാൽ സാക്ഷാൽ കറുപ്പസ്വാമിയാണെന്നുതന്നെ തോന്നുമായിരുന്നു. അയാൾ ഭസ്മം വാരി ജനങ്ങൾക്കു കൊടുത്തിട്ടു സായ്പിന്റെ മുമ്പിൽചെന്ന് 'എന്നെ പരീക്ഷിക്കുകയാണ് അല്ലേ? ആട്ടെ' എന്നു പറഞ്ഞു. സായിപ് അതുകേട്ട് പുച്ഛഭാവത്തിൽ ഒന്നു ചിരിക്കുകയും "മലയാളി സാധു സാധു" എന്നു പറയുകയും ചെയ്തു. പൂശാരി പിന്നെ ചാരായഭരണികൾ സ്ഥാപിച്ചിരുന്ന സ്ഥലത്തുചെന്നുനിന്നു കൊണ്ടു കപ്പരയിൽനിന്നു സ്വൽപം ഭസ്മമെടുത്തു മേൽപോട്ടെറിഞ്ഞിട്ട് ഒന്നട്ടഹസിച്ചു. അപ്പോൾ ചാരായഭരണികളുടെ മീതെ മൂടിയിരുന്ന മണ്ണും അടപ്പുമെല്ലാം തനിയെ മാറി, ചാരായം തീപ്പൊരികളായി പൂക്കുറ്റികളിൽ നിന്നെന്നപോലെ മേൽപോട്ടു പോയിത്തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ പൂശാരി ഇനി ഭരണികളിൽ വല്ലതുമുണ്ടോ എന്നു നോക്കാൻ സായ്പി നോടു പറഞ്ഞു. സായ്പവർകൾ ഭരണികളെടുത്തു നോക്കിയപ്പോൾ അവയുടെ അകത്തു ചാരായത്തിന്റെ ഗന്ധം പോലുമില്ലായിരുന്നു. അപ്പോൾ സായ്പും സ്വൽപം വലാതെയായി. പിന്നെ പൂശാരി സായ്പിന്റെ കയിലിരുന്ന ചമ്മട്ടി തട്ടിപ്പറിചെടുത്തുകൊണ്ട് സായ്പിന്റെ കുതിരയുടെ അടുക്കലെത്തി. ആ കുതിര വളരെ പിണക്കമുള്ളതും അന്യന്മാരെ അടുക്കലടുപ്പിക്കാത്തതും സാമാന്യത്തിലധികം വലിയതുമായിരുന്നു. ആ കുതിരപ്പുറത്തു നിഷ്പ്രയാസം ചാടിക്കേറീട്ട് പൂശാരി ആഴിയിലേക്കു കുതിരയെ നടത്തി. കുതിര ആഴിയിൽ ചാടിനിന്നുകൊണ്ടു തുള്ളി ത്തുടങ്ങി. കുതിരയുടെ തുള്ളൽകൊണ്ടു കനലെല്ലാം ചാരമായിപ്പറന്നു. പിന്നെ പൂശാരി കുതിരപ്പുറത്തുനിന്നിറങ്ങീട്ടു കുതിരയെ സായ്പിന്റെ അടുക്കലേക്കു വിട്ടു. സായ്പവർകൾ പരിശോധിച്ചു നോക്കിയപ്പോൾ കുതിരയ്ക്കു യാതൊരു തരക്കേടും പറ്റീട്ടില്ലയിരുന്നുവെന്നല്ല, അതിന്റെ ഒരു രോമം പോലും കരിഞ്ഞിട്ടുമില്ലായിരുന്നു. അപ്പോൾ സായ്പവർകൾ അത്യന്തം വിസ്മയാകുലനായിത്തീർന്നു. പൂശാരി പിന്നെയും ആഴിയിൽ ച്ചാടിത്തുള്ളി. അപ്പോൾ ചങ്ങലകളെല്ലാം പഴുത്തു തീക്കനൽ പോലെ ആയിക്കിടന്നിരുന്നു. പൂശാരി ആ ചങ്ങലകൾ വാരിയെടുത്തു ദേഹത്തി ലെല്ലാമണിഞ്ഞിട്ട്, ഒരു ചങ്ങല കൈയിലെടുത്തുംകൊണ്ടു സായ്പിന്റെ അടുക്കൽ ചെന്ന്, "ഇതു മേടിക്കണം" എന്നു പറഞ്ഞു. സായ്പു സ്വബോധത്തോടുകൂടിയോ എന്തോ ഉടനെ രണ്ടു കൈയും നീട്ടി അതു മേടിച്ചു. തീക്കട്ട പോലെയിരുന്ന ആ ആനച്ചങ്ങൽ അപ്പോൾ പച്ചവെള്ളം പോലെ തണുപ്പുള്ളതും പൂപോലെ ഘനം കുറഞ്ഞതുമായിട്ടാണ് സായ്പവർകൾക്കു തോന്നിയത്. ഉടനെ അതു താഴെ ഇടാൻ പൂശാരി പറഞ്ഞു. സായ്പവർകൾ താഴെയിട്ടു. പിന്നെയുമെടുക്കാൻ പൂശാരി പറഞ്ഞു. സായ്പവർക്കൾ അതെടുക്കാനായി കൈകൾ ചങ്ങലയുടെ അടുക്കലേക്കു നീട്ടിയപ്പോൾ തീക്കനലിന്റെ അടുക്കൽ കൈ കൊണ്ടുചെന്നപോലെ ചൂടുതോന്നുകയാൽ എടുത്തില്ല. അപ്പോൾ പൂശാരി (കറുപ്പസ്വാമി) "എന്താ പരീക്ഷയൊക്കെ കഴിഞ്ഞുവോ? ഇനിയും വല്ലതും ഭാവമുണ്ടോ?" എന്നു ചോദിച്ചു. ഇതിനുത്തരമായിട്ടു സായ്പവർകൾ, "ഇനി പരീക്ഷ യൊന്നും വേണമെന്നു വിചാരിക്കുന്നില്ല. ഇത്രയും പരീക്ഷിച്ചതു തന്നെ അബദ്ധമായി എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട്. എന്റെ ഈ അപരാധം കറുപ്പസ്വാമി സദയം ക്ഷമിക്കണം, ഇതിനു പ്രായശ്ചിത്തമായി ആണ്ടുതോറും ഒരു കറുപ്പനൂട്ട് ഗവർമ്മേണ്ടുവകയായിട്ടുള്ളതു കൂടാതെ, തന്റെ പേർക്ക് വിശേഷാൽ, ഞാനിവിടെ ഇരിക്കുന്നടത്തോളം കാലം, നടത്തിയേക്കാം" എന്നു പറഞ്ഞു. അതുകേട്ടു പൂശാരി, "അന്യമത ക്കാരനായ നിങ്ങൾക്ക് എന്നെക്കുറിച്ചു വിശ്വാസമില്ലാതെയിരുന്നത് ഒരദ്ഭുതമല്ല. എന്നുമാത്രമല്ല, നിങ്ങളെ പക്ഷവാതം ബാധിക്കാറായിരി ക്കുന്നു. അതുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്തതാണ്. അതിനാൽ എനിക്കു യാതൊരു വിരോധവുമില്ല. വളരെ സന്തോഷമായിരിക്കുന്നു" എന്നു പറഞ്ഞു. കലി ഉടനെ അടങ്ങുകയും ചെയ്തു.
ഇതുകഴിഞ്ഞ് അധികം താമസിയാതെ വർണ്ണീഡ് സായ്പവർകൾക്കു പക്ഷവാതം ആരംഭിച്ചു. വാതത്തിൻ ഇംഗീഷ് ചികിത്സ ഫലിക്കയില്ലെന്നറിയാമായിരുന്നതുകൊണ്ടു സായ്പവർകൾ തന്റെ ദീനത്തിനു നാട്ടുചികിത്സകളാണ് ചെയ്തിരുന്നത്. അതുകൊണ്ട് ഏതാനും കൊല്ലങ്ങൾ കൂടി ഇവിടെത്തന്നെ കഴിച്ചുകൂട്ടി. ഒടുക്കം നാട്ടുചികിത്സയും ഫലിക്കാതെയായതിനാൽ അദ്ദേഹം ശീമയ്ക്കു പോകുകയും ചെയ്തു.
വർണ്ണീഡ് സായ്പവർകൾ ഉദ്യോഗമായി ഇവിടെ ഇരുന്നിരുന്ന കാലത്തെലാം ഗവർമ്മെന്റുവകയായിട്ടുള്ളതുകൂടാതെ അദ്ദേഹത്തിന്റെ വഴിപാടായിട്ടും ഒരോ കറുപ്പനൂട്ട് ആണ്ടുതോറും പതിവായി നടത്തിയിരുന്നു. അദ്ദേഹം പോയതിനുശേഷം ആ സ്ഥനത്തുവന്ന സായ്പന്മാരും ആ പതിവു മുടക്കിയില്ല. അവരെല്ലാം കറുപ്പനൂട്ടു നടത്തിയിരുന്നത് അരുവാപ്പാലത്തു മണൽപ്പുറത്തുവെച്ചായിരുന്നു.
അച്ചൻകോവിൽ ക്ഷേത്രത്തിൽ ചില കള്ളന്മാർ വഴിപാടുകഴിക്കുകയും മറ്റുചില കള്ളന്മാർ അകത്തുകടന്നു തിരുവാഭരണം മുതലായവ മോ ഷ്ടിക്കുകയും ചെയ്യാറുണ്ടായിരുന്നു.
മുൻകാലങ്ങളിൽ തിരുവിതാംകൂറിന്റെ അതിർത്തിസ്ഥലങ്ങളിൽവ്യാജപ്പുകയിലയുടെ പ്രചാരം ധാരാളമായിട്ടുണ്ടായിരുന്നല്ലോ. ചെങ്കോട്ട മുതലായ സ്ഥലങ്ങളിലാണ് ഇത് അസാമാന്യമായി വർദ്ധിച്ചിരുന്നത്. ചെങ്കോട്ട മുതലായ സ്ഥലങ്ങളിലേക്കു വ്യാജപ്പുകയില രാത്രികാലങ്ങളിൽ അച്ചൻകോവിലിൽക്കൂടിയാണ് കടത്തിക്കൊണ്ടുപോവുക പതിവ്. ആസമയം സർക്കാരാളുകൾ കണ്ടുപിടിക്കാതെയും കാട്ടുമൃഗങ്ങൾ ഉപദ്രവിക്കാതെയും ഇരിക്കുന്നതിനായിട്ട് ഈ കള്ളക്കച്ചവടക്കാർ കറുപ്പസ്വാമിയുടെ നടയിൽ നാലും അഞ്ചും എട്ടും പത്തും രൂപാവീതം കാണിക്കയിട്ടുംവെച്ചു പോകാറുണ്ടായിരുന്നു. അങ്ങനെ വ്യാജപ്പുകയിലക്കാർ രാത്രിയിലിടുന്നവകയായിട്ടുതന്നെ കറുപ്പൻ പൂശാരിക്കു പ്രതിദിനം രാവിലെ അൻപതും അറുപതും എഴുപതും ചിലദിവസം നൂറും രൂപാവീതം കിട്ടിക്കൊണ്ടാണിരുന്നത്. ഇപ്പോൾ സർക്കാരാളുകളുടെ സൂക്ഷിപ്പും കാവലും മുറുകിയതോടുകൂടി അവിടെ അങ്ങനെയൊന്നും വരാതെയും പൂശാരിക്കു കിട്ടാതെയുമായി.
ഒരിക്കൽ എട്ടു മറവർ കൂടി രാത്രിസമയം അച്ചൻകോവിലിൽ വന്നു ക്ഷേത്രത്തിൽക്കയറി ചില തിരുവാഭരണങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയി. അവർ "അതിരുമല" (മലയാളത്തിന്റെയും പാണ്ടിയുടെയും അതിർത്തിയി ലുള്ള മല)യുടെ സമീപത്ത് ഒരു വൃക്ഷച്ചുവട്ടിൽ ചെന്നപ്പോൾ തിരുവാഭരണങ്ങളെല്ലാം അവിടെ വെച്ചിട്ടു വൃക്ഷത്തിനു പ്രദക്ഷിണം വെച്ചുതുടങ്ങി. മോഷണം നടന്നതിന്റെ മൂന്നാം ദിവസം വിവരമറിഞ്ഞു പോലീസുകാർ ക്ഷേത്രസന്നിധിയിലെത്തി. ആ സമയം കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടു പൂശാരി തുള്ളി പോലീസുകാരെ കൂട്ടിക്കൊണ്ടു പോയി ആ കള്ളന്മാരെ കാണിച്ചുകൊടുത്തു. അതിനാൽ ആ മറവർക്കു ശിക്ഷയും ക്ഷേത്രത്തിലേക്കു തിരുവാഭരണവും കിട്ടി. മറവർ പ്രദക്ഷിണം വെച്ച വൃക്ഷത്തിന്റെ ചുവട്ടിൽ കറുപ്പസ്വാമിയുടെ ഒരു പ്രതിഷ്ഠ പണ്ടേതന്നെ ഉണ്ടായിരുന്നു. അതിനാൽ കറുപ്പസ്വാമിയാണ് ആ മറവരെ വിട്ടയയ്ക്കാതെ മൂന്ന് അഹോരാത്രം അവിടെ പ്രദക്ഷിണം വെപ്പിച്ചത്.അച്ചൻകോവിൽ ക്ഷേത്രത്തിൽനിന്ന് ആ സ്ഥലത്തേയ്ക്ക് അഞ്ചാറുനാഴികയിലധികം ദൂരമില്ല.
ആ മറവരെ അകപ്പെടുത്തിയത് കറുപ്പസ്വാമിയാണെന്നറിഞ്ഞപ്പോൾ മറവർക്ക് ആകപ്പാടെ കറുപ്പസ്വാമിയോടു വളരെ വിരോധമായി. കറുപ്പസ്വാമിയെ കഴിവുള്ളിടത്തോളം ദ്രാഹിക്കണമെന്ന് അവർ തീർച്ചയാക്കി. ഒരിക്കൽ രണ്ടു മറവർ കൂടി അച്ചൻകോവിലിൽ വന്നു രാത്രിസമയം കറുപ്പസ്വാമിക്കോവിലിൽ കയറി. കായംകുളത്തു രാജാവ് പണ്ടൊരിക്കൽ കറുപ്പസ്വാമിക്കു വഴിപാടായി നടയ്ക്കുവെച്ച ഒരു വെള്ളി പ്രഭയും സ്വർണ്ണം കൊണ്ടുള്ള ഒരരിവാളും ഒരു വേലും ഒരു കപ്പരയും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അവ ഈ മറവർ തട്ടിക്കൊണ്ടുപോയി. ക്ഷേത്രത്തിൽനിന്നു ചില സാമാനങ്ങൾ കള്ളന്മാർ മോഷ്ടിച്ചു കൊണ്ടു പോയിരിക്കുന്നു എന്നറിഞ്ഞപ്പോൾ പോലീസ് സൂപ്രണ്ടു മുതലായവർ അച്ചൻകോവിലിലെത്തി. അന്നു പോലീസ് സൂപ്രണ്ടായിരുന്നത് സാക്ഷാൽ ത്രിവിക്രമൻ തമ്പിയായിരുന്നു. പോലീസുകാർ സ്ഥലത്തെത്തിയ ഉടനെ ക്ഷേത്രസംബന്ധികളെയും അയൽവാസികളെയും മറ്റും പിടിച്ചു മർദ്ദിക്കാനാരംഭിച്ചു. ആ സമയം കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടു പൂശാരി തുള്ളി സൂപ്രണ്ടിന്റെ അടുക്കൽ ചെന്ന് "ഇവിടെയുള്ളവരെ വെറുതെ പിടിച്ചുപദ്രവിക്കുന്നതെന്തിനാണ്? നിങ്ങൾക്കു കഴിയുമെങ്കിൽ നിങ്ങൾ തെങ്കാശിക്ഷേത്രത്തിനു സമീപം റോഡരികിൽ ചെന്നിരിക്കണം. അപ്പോൾ ചുവപ്പു ശീല തലയിൽ കെട്ടിക്കൊണ്ട് ആ വഴിയേ ഒരുത്തൻ വരും. അവനെ പിടികൂടിയാൽ ഒന്നുപകുതി സാമാനങ്ങൾ അവന്റെ പക്കൽനിന്നു കിട്ടും. പിന്നെ അവനോടു ചോദിച്ചറിഞ്ഞ് അവന്റെ കൂടുകാരനായി ഒരുത്തൻ കൂടിയുള്ളവനെയും പിടികൂടണം. ശേഷമുള്ള ഒന്നുപകുതി സാമാനങ്ങൾ അവന്റെ പക്കൽ നിന്നും കിട്ടും" എന്നു പറഞ്ഞു. ത്രിവിക്രമൻ തമ്പി അവർകൾക്കു കറുപ്പസ്വാമിയെക്കുറിച്ചു നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ അദ്ദേഹം അന്നുതന്നെ ചില പോലീസുകാരോടുകൂടി തെങ്കാശിയിലേയ്ക്കു പുറപ്പെട്ടു. അവിടെയെത്തി, കറുപ്പസ്വാമി കൽപിച്ച സ്ഥലത്തു വരികയും കുറചുനേരം കാത്തിരുന്നപ്പോൾ ഒരു ചുവപ്പുതലയിൽക്കെട്ടുകാരൻ അതിലെ വരികയും, അവനെയും അവൻ മുഖാന്തിരം അവന്റെ കൂട്ടുകാരനേയും പിടികൂടുകയും അവരിൽനിന്നു ഒന്നു പകുതി വീതമായി സാമാനങ്ങളെല്ലാം കിട്ടുകയുംചെയ്തു. ആ വക സാമാനങ്ങൾ ഇതുവരെ ദേവസ്വത്തിൽ ഏൽപ്പിച്ചു കൊടുത്തിട്ടില്ല. ഇപ്പോഴും ഹജൂർ ഖജനാവിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇനി കായംകുളത്തു രാജാവ് വെള്ളിപ്രഭയും മറ്റും കറുപ്പസ്വാമിക്കു വഴിപാടായി നടയ്ക്കുവെച്ചതിന്റെ കാരണം കൂടി പറയാം. ഒരു കാലത്ത് കായംകുളം രാജ്യം ഭരിച്ചിരുന്ന രാജാവിനു കറുപ്പസ്വാമിയെയും മറ്റും കുറിച്ചു വിശ്വാസവും ഭക്തിയുമൊന്നുമുണ്ടായിരുന്നില്ല. കറുപ്പനൂട്ടു കഴിക്കുന്നതു കേവലം അനാവശ്യമാണെന്നും, തുള്ളൽ ശുദ്ധമേ കള്ളമാണെന്നും കറുപ്പനൂട്ടു നടത്തുന്നത് കഥയില്ലാത്തവരും പൂശാരിയുടെ ജാടയിൽ മിരണ്ടുപോവുന്നവരുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അഭിപ്രായത്തെ സാധൂകരിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജനങ്ങളുടെ ഇടയിൽ കറുപ്പസ്വാമിയെക്കുറിച്ചും മറ്റുമുണ്ടായിട്ടുള്ള വിശ്വാസത്തെ ദൂരീകരിക്കുന്നതിനുമായി ഒരു കറുപ്പനൂട്ടു നടത്തിക്കളയാമെന്നു നിശ്ചയിച്ച് ഒരിക്കൽ രാജാവ് ചാർത്തു വരുത്തുകയും വട്ടങ്ങളൊക്കെ കൂട്ടുകയും ചെയ്തു. എന്നാൽ രാജാവു സ്വൽപം വിശേഷ വിദ്യകൾ കാണിക്കാതെയിരുന്നില്ല. വിറകിനുപകരം വാഴപ്പിണ്ടികൾ നിരത്തിയടുക്കിയാണ് ആഴികൂട്ടിയിരുന്നത്. പിന്നെ നിവേദ്യത്തിനുള്ള മദ്യത്തിൽ ഉമ്മത്തിൻകായ് ധാരാളമായി അരച്ചു കലക്കിക്കുകയും ചെയ്തിരുന്നു. ഇവരണ്ടുകൂട്ടവുമാണ് രാജാവു വിശേഷവിധിയായി ചെയ്യിച്ചിരുന്നത്.
നിശ്ചിതദിവസം സന്ധ്യയ്ക്കുമുമ്പായി പൂശാരിയും പരികർമ്മികൾ മുതലായവരും സ്ഥലത്തെത്തി. ഊട്ടിനെല്ലാം വട്ടം കൂട്ടിയിരുന്നതു രാജമന്ദിരത്തിന്റെ മുറ്റത്തുതന്നെ പന്തലിട്ടു കെട്ടിവിതാനിച്ചലങ്കരിച്ചായിരുന്നു. ആഴി കൂട്ടിയിരുന്നത് അതിനടുത്തുമായിരുന്നു. വാഴപ്പിണ്ടി കൊണ്ട് ആഴികൂട്ടിയിരിക്കുന്നതും മറ്റും കണ്ടപ്പോൾത്തന്നെ ഈ ഊട്ടു നടത്തുന്നതു പരീക്ഷാർത്ഥമായിട്ടാണെന്നു പൂശാരിക്കു മനസ്സിലായി. എങ്കിലും അയാൾ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. അയാൾ സന്ധ്യയ്ക്കു മുമ്പുതന്നെ കുളിച്ച് ഉടുത്തുകെട്ടിചമഞ്ഞ് ഉത്തരീയം മുതലായവയും ധരിച്ചു പന്തലിലെത്തി. അപ്പോഴേക്കും പരികർമി പൂജയ്ക്കെല്ലാ മൊരുക്കി, വെച്ചൊരുക്കും കഴിച്ചിരുന്നു. രാജാവ് ഊട്ടു നടത്തുന്നതു കറുപ്പസ്വാമിയെ പരീക്ഷിക്കാനായിട്ടാകയാൽ ഇവിടെ എന്തെങ്കിലും വിശേഷവിദ്യകൾ ഉണ്ടാകാതെയിരിക്കില്ലെന്നു വിചാരിച്ചു പുരുഷന്മാരും, സ്ത്രീകളും, വൃദ്ധന്മാരും, ബാലന്മാരും മറ്റുമായി അസംഖ്യം ജനങ്ങളും സന്ധ്യയോടുകൂടി അവിടെ വന്നുചേർന്നു. ഉടനെ പൂശാരി പൂജ ആരംഭിച്ചു. കൊട്ടും, ഘോഷവും ആർപ്പും, കുരവയും മറ്റും ഒട്ടും കുറവില്ലായിരുന്നു. അവയൊക്കെ സാധാരണ പതിവുള്ളതിൽ വളരെ കൂടുതലായിരുന്നു. പൂജ ഏകദേശം പകുതിയായപ്പോഴേക്കും കാളമാടൻ, ചേപ്പാറമുണ്ടൻ, ചെപ്പാണി മാടൻ മുതലായ മൂർത്തികൾ ബാധിച്ചു രാജാവിന്റെ പരിചാരകന്മാരിൽത്തന്നെ ചിലർ തുള്ളിത്തുടങ്ങി. കാളമാടൻ ബാധിച്ചവർ കൈകളും നിലത്തുകുത്തി കാളയെപ്പോലെ നടന്നുകൊണ്ടു മുക്കുറയിട്ടു തുടങ്ങി. ആ മുക്കുറാ ശബ്ദം കേട്ട് അവിടെ കൂടിയിരുന്നവർ മാത്രമല്ല, സമീപസ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ കൂടി ഭയപ്പെട്ടു തുടങ്ങി. ചേപ്പാറമുണ്ടൻ ആന പിടിച്ചാലിളകാത്തതും ഒരു കിണറ്റിലിട്ടിരുന്നതുമായ ഒരു കരിങ്കൽപ്പാലം ഒരു വടിപോലെ നിഷ്പ്രയാസം കൈയിലെടുത്തു വീശിക്കൊണ്ടാണ് തുള്ളിയത്. ചെപ്പാണിമാടൻ ഒരു വലിയ വൃക്ഷം ചുവടേ പറിച്ചെടുത്തുകൊണ്ടു തുള്ളി ഓടിനടന്നു. ആകപ്പാടെ പേടിച്ചിട്ട് അവിടെയെങ്ങും ആർക്കും ഇരിക്കാനും നിൽക്കാനും വയ്യാതെയായിത്തീർന്നു. അപ്പോൾ അവിടെ സമീപത്തു നിന്നിരുന്ന ഒരു തെങ്ങിനെ അഗ്രഭാഗത്ത് ഇടിനാദം പോലെ ഒരു അട്ടഹാസം കേട്ടു 'ഞാൻ കൊച്ചിട്ടാണനാണ്. കറുപ്പസ്വാമിക്കു നിവേദ്യത്തിനുള്ള മദ്യം കൊടുക്കാനുള്ള അംഗീകാരവും അവകാശവും എനിക്കാണ്. അവിടെ ഇരിക്കുന്ന മദ്യം നിവേദ്യത്തിനും മനുഷ്യർക്ക് ഉപയോഗിക്കുന്നതിനും കൊള്ളുകയില്ല. അതിൽ ഉമ്മത്തിൻകായ അരചുകലക്കിയിട്ടുണ്ട്. ഇതാ കള്ളിൻകുടങ്ങൾവരുന്നു; പിടിച്ചുകൊള്ളണം' എന്നു പറയുന്നതുകേട്ടു. ഉടനെ ചേപ്പാറമുണ്ടൻ തെങ്ങിന്റെ ചുവട്ടിലെത്തി. കൊച്ചിട്ടാണൻ കള്ളിൻകുടങ്ങൾ തെങ്ങിന്റെ മുകളിൽനിന്ന് ഇട്ടു കൊടുത്തു. ചേപ്പാറമുണ്ടൻ എല്ലാം പിടിച്ചു താഴെ നിരത്തിവെച്ചു. അങ്ങനെ കൊച്ചിട്ടാണൻ നൂറ്റൊന്നു കുടങ്ങളിട്ടു കൊടുത്തു. അവയിലെല്ലാം നിറച്ചു കള്ളുമുണ്ടായിരുന്നു. ആ തെങ്ങു ചെത്തിത്തുടങ്ങീട്ടുപോലുമുണ്ടായിരുന്നില്ല. പിന്നെ ഇത്ര വളരെ കള്ളും കുടങ്ങളും എവിടെനിന്നുണ്ടായിയെന്നു സ്വാമിക്കു മാത്രമറിയാം. കള്ളിൻ കുടങ്ങളെല്ലാം ഇട്ടുകൊടുത്തതിന്റെ ശേഷം കൊച്ചിട്ടാണനും താഴെയിറങ്ങിവന്നു. മറ്റുള്ള മൂർത്തികളുടെ കൂട്ടത്തിൽ തുള്ളിക്കൊണ്ട് ഓടിനടന്നു. ആ മനുഷ്യനും രാജാവിന്റെ പരിചാരകവർഗ്ഗത്തിലുൾപ്പെട്ട ഒരാൾ തന്നെയായിരുന്നു.
പൂജകഴിഞ്ഞു കർപ്പൂരാരാധനയയപ്പോൾ കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടു പൂശാരിയും തുള്ളിത്തുടങ്ങി. പൂശാരി കർപ്പൂരത്തട്ടവും കൊണ്ട് പന്തലിൽനിന്നു പുറത്തിറങ്ങി, ആഴിക്ക് ഒരു പ്രദക്ഷിണം വെച്ചിട്ടു കത്തിക്കൊണ്ടിരുന്ന ഒരു കർപ്പൂരക്കട്ടയെടുത്ത് ആഴിയിലേക്ക് ഇട്ടു. ഉടനെ വാഴപ്പിണ്ടികൾക്ക് തീ പിടിച്ചു കത്തിക്കാളി ജ്വലിച്ചുതുടങ്ങി. തീപ്പൊരികൾ മേൽപോട്ടുയർന്നു നാലു ദിക്കിലേക്കും പറന്നുതുടങ്ങി. അക്കാലത്തു രാജാവിന്റെ കൊട്ടാരം മുതലായ കെട്ടിടങ്ങളെല്ലാം തെങ്ങോല മേഞ്ഞവയായിരുന്നു. തീപ്പൊരി പറന്നുവീണ് കെട്ടിടങ്ങൾക്ക് അഗ്നിബാധയുണ്ടായെങ്കിലോ എന്നു വിചാരിച്ച് രാജാവ് കെട്ടിടങ്ങൾക്ക് മേഞ്ഞിരുന്ന ഓലയെല്ലാം പൊളിച്ചു മാറ്റിച്ചു. ഉടനെ അതികലശലായിട്ടുള്ള മഴ തുടങ്ങി. മഴവെള്ളം ആ പ്രദേശത്തെല്ലാം കുത്തിയൊലിച്ചു തുടങ്ങി. രാജാവിന്റെ കൊട്ടാരവും പള്ളിയറയും ഭണ്ഡാരമുറിയുമെല്ലാം വെള്ളം നിറഞ്ഞു നാലുപുറത്തേക്കും ഒഴുകീട്ട് ആഴിക്കകത്തും വെള്ളം നിറഞ്ഞു. അപ്പോൾ തീ കുറച്ചുകൂടി ശക്തിയോടു കൂടി കത്തി. വെള്ളം പെരുകുന്തോറും തീയുടെ ശക്തിയും വർദ്ധിച്ചു കൊണ്ടിരുന്നു. മഴവെള്ളം ആഴിക്കു നെയ്യെന്നപോലെയാണ് ഫലിച്ചത്. കറുപ്പസ്വാമിയും പരിവാരമൂർത്തികളും ആഴിയിൽനിന്നു നൃത്തം തകർത്തു. പിന്നെ പൂശാരി തുള്ളിക്കൊണ്ടു രാജാവിന്റെ അടുക്കൽച്ചെന്ന് "എന്താ പരീക്ഷയൊക്കെ കഴിഞ്ഞുവോ? ഇനിയും വല്ലതും ഭാവമുണ്ടോ?" എന്നു ചോദിച്ചു. അപ്പോൾ രാജാവ് അദ്ഭുതം കൊണ്ടും ഭയം കൊണ്ടും ഒന്നും സംസാരിക്കാൻ പോലും വയ്യാത്തവിധത്തിൽ പരവശനായിത്തീർന്നി രുന്നു. അദ്ദേഹം ഭയം കൊണ്ടുള്ള വിറയലും ഗദ്ഗദത്തോടും കൂടി, "ഇല്ല, പൊന്നുസ്വാമീ, ഇനി ഒരു പരീക്ഷയുമില്ല; ഇത്രയും പരീക്ഷിച്ചതുതന്നെ വലിയ തെറ്റായിപ്പോയി എന്നാണ് ഇപ്പോൾ ഞാൻവിചാരിക്കുന്നത്. എന്റെ മൂഡതകൊണ്ടു ഞാൻചെയ്തുപോയ അപരാധത്തെ സ്വാമി യഥാപൂർവ്വം ക്ഷമിക്കണമെന്നു പശ്ചാത്താപത്തോടുകൂടി പ്രാർത്ഥിക്കുന്നു. ഈ തെറ്റിനു പ്രായശ്ചിത്തമായി ഞാൻസ്വാമിക്കു വെള്ളികൊണ്ട് ഒരു പ്രഭയും സ്വർണ്ണം കൊണ്ടുള്ള ഒരരിവാളും ഒരു വേലും ഒരു കപ്പരയും നടയ്ക്കുവെയ്ക്കു കയും അയ്യപ്പസ്വാമിക്കും മറ്റുള്ള പരിവാരമൂർത്തികൾക്കും യഥായോഗ്യം വഴിപാടുകൾ നടത്തുകയും ചെയ്തേക്കാം" എന്നു വളരെ പണിപ്പെട്ടു പറഞ്ഞു. ഉടനെ കറുപ്പസ്വാമി (പൂശാരി) "എന്നാൽ മതി. ഞാൻ സമ്മതിച്ചിരിക്കുന്നു; എനിക്കു സന്തോഷമായി; ഇനി എനിക്ക് ഒരു വിരോധവുമില്ല" എന്നു പറയുകയും അതോടുകൂടി തുള്ളൽ നിൽക്കുകയും ചെയ്തു. അപ്പോൾ ശേഷമുള്ളവരുടെ തുള്ളലും നിന്നു. മഴയും മാറി; എല്ലാവരും സന്തോഷത്തോടുകൂടി പിരിയുകയും അധികം താമസിയാതെ രാജാവ് മേൽപറഞ്ഞ സാധനങ്ങളുണ്ടാക്കിച്ച് അച്ചൻകോവിലിൽ കൊണ്ടു പോയി കറുപ്പസ്വാമിക്കു നടയ്ക്കുവെക്കുകയും അയ്യപ്പസ്വാമിക്കും മറ്റുള്ള പരിവാരമൂർത്തികൾക്കും യഥായോഗ്യം വഴിപാടുകൾ നടത്തുകയും വന്ദിച്ചുപോരികയും ചെയ്തു. ഇങ്ങനെയാണ് കായംകുളത്തുരാജാവ് വെള്ളിപ്രഭയും മറ്റും കറുപ്പസ്വാമിക്കു വഴിപാടായി നടയ്ക്കുവെയ്ക്കാ നിടയായത്.
കായംകുളത്തുരാജാവിന്റെ പരീക്ഷണാനന്തരം ഏതാനും കൊല്ല ങ്ങൾക്കുശേഷം ഒരു മന്ത്രവാദിയും കറുപ്പസ്വാമിയെ ഒന്നു പരീക്ഷിക്കാമെന്നു കരുതി. കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടാണ് പൂശാരി തുള്ളുന്നതെന്നു പറയുന്നത് ശുദ്ധമേ അബദ്ധമാണെന്നായിരുന്നു മന്ത്രവാദിയുടെ വാദം. അത് അബദ്ധമല്ല, പരമാർത്ഥമാണെന്ന് അച്ചൻകോവിലിലെ തന്ത്രിയായ താഴമൺപോറ്റിയും വാദിച്ചു. അവർ തമ്മിലുള്ള വാദപ്രതിവാദങ്ങൾ മുറുകിയപ്പോൾ പോറ്റി, "ആകട്ടെ, മഠത്തിൽവെച്ചു തന്നെ കറുപ്പനൂട്ടു നടത്തുകയും അവിടെവെച്ചുതന്നെ കറുപ്പസ്വാമിയുടെ തുള്ളൽ പരമാർത്ഥമായിട്ടുള്ളതാണെന്നു ബോധ്യപ്പെടുത്തുകയും ചെയ്യാം" എന്നു പറയുകയും വേണ്ടതെല്ലാം വട്ടംകൂട്ടിക്കൊണ്ടു പൂശാരി മുതലായ വരെ വരുത്തി, മുറയ്ക്ക് ഒരു കറുപ്പനൂട്ടു നടത്തിക്കുകയും ചെയ്തു. പൂജയും കർപ്പൂരാരാധനയും കഴിഞ്ഞു പൂശാരി തുള്ളി ആഴിയിൽച്ചാടി നൃത്തം തുടങ്ങിയപ്പോൾ പോറ്റി, "എന്താ സമ്മതിച്ചുവോ? സാധാരണ മനുഷ്യർക്കു തീക്കനലിൽ കിടന്ന് ഇങ്ങനെ നൃത്തം ചെയ്യുവാൻ സാധിക്കുമോ?" എന്നു മന്ത്രവാദിയോടു ചോദിച്ചു. അപ്പോൾ മന്ത്രവാദി, "ഇതൊരു വലിയ കാര്യമായി ഞാൻവിചാരിക്കുന്നില്ല. കറുപ്പസ്വാമിയുടെ അധിവാസമുണ്ടായിട്ടാണ് പൂശാരി തുള്ളുന്നതെങ്കിൽ അയാൾ പോയി ഒരു കടമാൻപോത്തിനെ പിടിച്ചുകൊണ്ടുവരട്ടെ. എന്നാൽ സമ്മതിക്കാം" എന്നു പറഞ്ഞു. ഉടനെ പൂശാരി അവിടെനിന്നിറങ്ങിപ്പോയി. ഒരു നാഴിക കഴിഞ്ഞപ്പോൾ എവിടെനിന്നോ ഒരു വലിയ കടമാൻ പോത്തിനെ പിടിച്ചു വലിച്ചുകൊണ്ടു മടങ്ങി വന്നു. അപ്പോൾ മന്ത്രവാദി "ശരിതന്നെ, ഞാൻ സമ്മതിചു" എന്നു പറഞ്ഞു. പൂശാരി അതിനെ പുറത്തുകൊണ്ടുപോയിവിട്ടയച്ചു. പിന്നെ അത് എങ്ങോട്ടു പോയി എന്ന് ആരും കണ്ടില. പൂശാരിപിന്നെയും ആഴിയിൽച്ചാടി നൃത്തം ചെയ്തു. അപ്പോൾ മന്ത്രവാദി പൂശാരിയുടെ കലിയടങ്ങുന്നതിന് എന്തോ ഒരു വിദ്യ പ്രയോഗിച്ചു. ആഴിയിൽനിന്ന് ഇറങ്ങുന്നതിനുമുമ്പ് കലി അടങ്ങിപ്പോവുകയാൽ പൂശാരിയുടെ കാൽ പൊള്ളി. ഉടനെ അയാൾ അയാളുടെ വീട്ടിലേക്കു പോയി. അവിടെ ചെന്നിട്ട് അധികം താമസിയാതെ മരിച്ചുപോവുകയും ചെയ്തു.
പൂശാരിയുടെ കാൽ പൊള്ളിയപ്പോൾ മുതൽ മന്ത്രവാദിയുടെ ദേഹമാസകലം ഉമിത്തീയിലിട്ടാലെന്നപോലെ ഒരു പുകച്ചിലും നീറ്റലും തുടങ്ങി. അനേക ചികിത്സകൾ ചെയ്തിട്ടും ഒരു ഫലവുമുണ്ടായില്ല. അതിനാൽ ഇതിന്റെ കാരണമെന്താണെന്ന് അയാൾ പ്രശ്നം വെയ്പിചു നോക്കിച്ചു. അച്ചൻകോവിൽ ശാസ്താവിന്റെയും കറുപ്പസ്വാമിയുടെയും വിരോധം തീരാനായിട്ടു മന്ത്രവാദി അവിടെ ചില വഴിപാടുകൾ നടത്താനായി പല പ്രാവശ്യം ശ്രമിച്ചുനോക്കി. എല്ലാ പ്രാവശ്യവും അശുദ്ധിയും നേരിട്ടുകൊണ്ടിരുന്നതിനാൽ ഒരിക്കലും ഒന്നും സാധിച്ചില്ല. ഒടുക്കം അയാളുടെ ദേഹം മുഴുവനും പൊള്ളിക്കഴന്നു വ്രണപ്പെട്ടു പുഴുത്ത് വളരെ കഷ്ടതയനുഭവിച്ചു മൂന്നാം കൊല്ലത്തിൽ മരിക്കുകയും ചെയ്തു.
അചൻകോവിൽ ശാസ്താവിന്റെ ഉച്ചപ്പൂജ കഴിഞ്ഞാൽ ഉടനെപോയി അമ്മൻകോവിലിൽ നിവേദ്യം കഴിക്കണം. അതുകഴിഞ്ഞു വന്നിട്ടേ ശാസ്താവിന്റെ നടയടയ്ക്കാവൂ. അങ്ങനെയാണ് പതിവ്. ഒരിക്കൽ ഒരു ശാന്തിക്കാരൻ ശാസ്താവിന്റെ ഉച്ചപ്പൂജ കഴിഞ്ഞു നടയടച്ചിട്ട് അമ്മൻകോവിലിൽ നിവേദ്യം കഴിക്കാനായി പോയി. വളരെനേരം കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിവരായ്കയാൽ ചിലർ അമ്മൻകോവിലിൽ ചെന്നു നോക്കി. അപ്പോൾ അദ്ദേഹത്തിന്റെ കുടുമ്മയും നഖങ്ങളും പല്ലുകളും മാത്രം അവിടെ കിടക്കുന്നുണ്ടായിരുന്നു. അല്ലാതെയൊന്നും കണ്ടില്ല. ആ ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവം അവിടെ ദുസ്സഹമായിത്തീരുകയാൽ അതിനെ ആവാഹിച്ച് ഒരു വിഷ്ണുവിഗ്രഹത്തിന്മേലാക്കി അവിടെ പ്രതിഷ്ഠിച്ചു. ആ വിഷ്ണുവിഗ്രഹമാണ് അവിടെ കിഴക്കേ തേർവീഥിക്കു തെക്കുഭാഗത്തായി ഇപ്പോഴും കാണുന്നത്.
ഇനി ഒരു കൊടിയുടെ ആഗമത്തെക്കുറിച്ചാണ് പ്രധാനമായി പറയാനുള്ളത്. ആറന്മുള ക്ഷേത്രത്തിങ്കൽ നിന്ന് ഏകദേശം രണ്ടു നാഴിക തെക്കായിട്ടു 'കനകമല' എന്നൊരു മലയും ആ മലയിൽ ഒരു ദേവപ്രതിഷ്ഠയുമുണ്ടായിരുന്നു. അവിടുത്തെ ദേവനെ എല്ലാവരും 'കനകമലദേവൻ' (തേവര്) എന്നാണ് പറയുന്നത്. ആറന്മുള ക്ഷേത്രമുണ്ടാകുന്നതിനു മുമ്പ് ആ ദിക്കുകാർ ദേശപരദേവതയായി ആചരിക്കുകയും വന്ദിക്കുകയും ചെയ്തുവന്നിരുന്നത് ആ ദേവനെയാണ്. ആ ദേവൻ ശിവനാണ്. അവിടുത്തെ നാഥത്വം 'ഇടശ്ശേരിമല' ദേശക്കാർക്കാണ്. അവിടെ ശിവരാത്രി വളരെ പ്രധാനമാണ്. ശിവരാത്രി നാൾ ആ മലയിൽ അസംഖ്യമാളുകൾ കൂടുക പതിവാണ്. അവരിൽ അധികം പേരും കുറവർ മുതലായ ജാതിക്കാരാണ്. ഇവരുടെ വഴിപാടായി ശിവരാത്രി ദിവസം അവിടെ വളരെപ്പണം വരും. ആ പണമെല്ലാം എടുക്കുന്നത് ഇടശ്ശേരിമലക്കാരാണ്. അവിടെ കരനാഥന്റെ വകയായി ഒരു കൊട്ടാരമുണ്ട്. മലയിൽ വഴിപാടായി വരുന്ന പണം ആ കൊട്ടാരത്തിൽ വിളക്കുവെപ്പിനും മറ്റുമായിട്ടാണ് ചിലവു ചെയ്യുക പതിവ്. ഇടശ്ശേരി മലകരക്കാർ കനകമലത്തേവരുടെ വകയായി ഒരു കൊടിയുണ്ടാക്കി. ആ കൊടി കരനാഥന്റെ കൊട്ടാരത്തിലാണ് വെച്ചു സൂക്ഷിക്കുന്നത്. ആറന്മുള ക്ഷേത്രമുണ്ടായപ്പോൾ കനമലത്തേവരുടെ പ്രാധാന്യം കുറഞ്ഞുപോയി. അതിനാൽ കനകമലത്തേവരെ ആവാഹിച്ച് ആറന്മുളദേവന്റെ സന്നിധിയിലേക്ക് കൊണ്ടുപോകുന്നത് മേൽപറഞ്ഞ കൊടിയിന്മേലാണ്. ആ കാലം മുതൽ ആ കൊടി ആറന്മുളഭഗവാന്റെ വകയായി. എങ്കിലും ഇപ്പോഴും അതുവെചു സൂക്ഷിക്കുന്നത് പൂർവസ്ഥലത്തുതന്നെയാണ്. ആറന്മുളക്ഷേത്രത്തിൽ ഉത്സവകാലത്തും മറ്റും ദേവനെ എഴുന്നള്ളിക്കുമ്പോൾ ഈ കൊടികൂടി എഴുന്നള്ളിക്കണം. അത് ഇടശ്ശേരിമലകരക്കാരാണ് പതിവ്. അതിനു പ്രതിഫലമായി അവർക്ക് ആറന്മുള ക്ഷേത്രത്തിൽ നിന്നു ചോറും പണവും പതിവുണ്ട്. അത് ഇപ്പോഴും നിർത്തലാക്കീട്ടില്ല. ഊരുവലത്തിനും മറ്റും ആറന്മുള ദേവനെ എഴിന്നുള്ളിക്കുന്നതിനു പകരം ഈ കൊടിയാണ് എഴുന്നള്ളിചുകൊണ്ടുപോവുക പതിവ്. ആറന്മുളഭഗവാന്റെ സങ്കേതത്തിലുൾപ്പെട്ട ഏതു ദേശത്തെങ്കിലും കറുപ്പനൂട്ടുണ്ടെങ്കിൽ ഈ കൊടി എഴുന്നള്ളിച്ചുകൊണ്ടു പോവുക പതിവാണ്. അയിരൂരിൽ മണൽപ്പുറത്തു വെച്ചു നടത്തിയ കറുപ്പനൂട്ടിന് എഴുന്നള്ളിച്ചുകൊണ്ടു പോയിരുന്ന കൊടി ഇതുതന്നെയായിരുന്നു.
ഇത്രയും പറഞ്ഞ സ്ഥിതിക്ക് അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ രീതിയെക്കുറിച്ചുകൂടി സ്വൽപം വിവരിക്കുന്നത് അനുചിതമായി വരികയില്ലെന്നു വിശ്വസിക്കുന്നു. അവിടെ ആണ്ടുതോറും ധനുമാസം ഒന്നാം തീയതി മുതൽ പത്തുദിവസത്തെ ഉത്സവമാണ് പതിവ്. മൂന്നാം ഉത്സവം മുതൽ ചെറിയ തേരിന്റെ ആകൃതിയിൽ കെട്ടിയുണ്ടാക്കുന്ന ഒരു വാഹനത്തിലാണ് രാത്രിയിലത്തെ എഴുന്നള്ളത്ത്. അയ്യപ്പസ്വാമിയുടെ ഒരു സ്വർണ്ണവിഗ്രഹം ആ വാഹനത്തിൽ എഴുന്നള്ളിച്ചുവെച്ചു തേർവീഥിയിൽ ക്കൂടി പ്രദക്ഷിണമായി എടുത്തുകൊണ്ടു നടന്നാണ് എഴുന്നള്ളിക്കുന്നത്. ആ എഴുന്നള്ളത്തിനു 'മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത്' എന്നാണ് അവിടങ്ങളിലുള്ളവർ പറയുന്നത്. വിഗ്രഹമെഴുന്നള്ളിക്കുമ്പോൾ മണിക്കാരൻ (പാർവ്വ്വത്യക്കാരൻ) ഒരു സ്വർണ്ണവാളുമെടുത്ത് എഴുന്നള്ളത്തിനു മുമ്പിൽ നിൽക്കും. വാഹനത്തിലെഴുന്നള്ളിച്ചു വെച്ചാലുടനെ ഒരു ബ്രാഹ്മണൻ വന്നു സ്വാമിയുടെ മുമ്പിൽ ഒരു തേങ്ങയെറിയും. അതു കഴിഞ്ഞാലുടനെ ചില ബ്രാഹ്മണർ വന്നു വാഹനമെടുത്ത് എഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളത്തിനു പാണ്ടിവാദ്യം, നാഗസ്വരം, പഞ്ചവാദ്യങ്ങൾ മുതലായവയൊക്കെ ഉണ്ടായിരിക്കും. എഴുന്നള്ളത്ത് ആരംഭിക്കുമ്പോഴേക്കും കറുപ്പസ്വാമിയുടെ പൂശാരി ഉടുത്തുകെട്ടി, ഉത്തരീയമിട്ട്, തലയിൽക്കെട്ടും കെട്ടി, അരിവാൾ, വേൽ, കപ്പര മുതലായവ എടുത്തുകൊണ്ട് എഴുന്നള്ളത്തിന്റെ മുൻപേ നടക്കും. എഴുന്നള്ളത്തു പടിഞ്ഞാറേ ഗോപുരത്തിനു പടിഞ്ഞാറുവശത്താകുമ്പോൾ അവിടെ നിൽക്കും. അപ്പോൾ നാഗസ്വരവായന ഒന്നു വിസ്തരിക്കും. ആ സമയം കറുപ്പസ്വാമി (പൂശാരി) തുള്ളും. തുള്ളിക്കൊണ്ടു ജനങ്ങളുടെ ഇടയിൽ ക്കൂടികുറച്ചുനേരം ഓടിനടന്നിട്ട് അമ്മനെ തൊഴുതു, ഗണപതി പ്രതിഷ്ഠയുള്ളതായ അവിടെ സമീപത്തു നിൽക്കുന്ന പിലാവിനു പ്രദക്ഷിണമായി, തന്ത്രിയുടെ അടുക്കൽച്ചെന്നു വീഴും. അപ്പോൾ തന്ത്രി കുറെ ഭസ്മമെടുത്തു ശിരസ്സിലിടും. ഉടനെ കലിയടങ്ങും. പിന്നെ മുറയ്ക്കു പ്രദക്ഷിണമായി എഴുന്നള്ളിച്ചു കൊണ്ടുപോയി അകത്തെഴുന്നള്ളിക്കും. എട്ടാമുത്സവം വരെ ഈ വിധത്തിലും രാത്രിയിലുമാണ് എഴുന്നള്ളത്ത്. ഒൻപതാമുത്സവമാകുമ്പോൾ ഈ രീതിയൊക്കെ മാറും. ഒൻപതാമുത്സവ ദിവസം പകൽ ഉച്ചശ്ശീവേലി കഴിഞ്ഞാലുടനെയാണ് എഴുന്നുള്ളത്ത്. അന്നു വലിച്ചുകൊണ്ട് നടക്കുന്ന ഒരു വലിയ തേരിലാണ് മണികണ്ഠ മുത്തയ്യസ്വാമിയെ എഴുന്നള്ളിക്കുന്നത്. ഈ തേര് അലങ്കരിക്കുന്നതു കാനൽത്തെങ്ങ്, കാനൽക്കമുകു മുതലായി കാട്ടിലുണ്ടാകുന്ന വൃക്ഷ ങ്ങളിൽനിന്നും മറ്റുമെടുക്കുന്ന സാധനങ്ങൾ കൊണ്ടാണ്. ആ അലങ്കാരം ഏറ്റവും മനോഹരമായിരിക്കും. തേരു വലിച്ചുകൊണ്ടുപോകുന്നതിനു കെട്ടുന്നതു വടത്തിനു പകരം വലിയ ചൂരലണ്. എല്ലാം കാട്ടുസാമാനാങ്ങളായിരിക്കണമെന്നു നിർബന്ധമുണ്ട്. ഈ വക കാട്ടുസാമാനങ്ങൾ കൊണ്ടുവന്നു കൊടുക്കുന്നതു 'പളിയർ' എന്നൊരു ജാതിക്കാരാണ്. ഇതിലേക്ക് അവർക്കു ദേവസ്വത്തിൽനിന്നു ചില അനുഭവങ്ങളുമുണ്ട്. തേരിൽ സ്വാമിയെ എഴുന്നള്ളിച്ചിരുത്തിയാലുടനെ കറുപ്പസ്വാമിയുടെ പൂശാരി ഉടുത്തുകെട്ടിച്ചമഞ്ഞു വന്നു തേർത്തണ്ടിന്മേൽ ഒരു തേങ്ങയെറിയണം. ഇത് കഴിഞ്ഞാലുടനെ സ്ഥലം തഹശീൽദാർ മുതലായ ഉദ്യോഗസ്ഥന്മാർ, മേൽശാന്തിക്കാർ, സമൂഹക്കാർ, മണിക്കാരൻ മുതലായ വരും ഒരോ തേങ്ങയെറിയണം. ഇതും കഴിഞ്ഞാലൊരു കർപ്പൂരാരാധനയുണ്ട്. അതുകഴിഞ്ഞാൽ ആദ്യം ചൂരലിന്മേൽ കറുപ്പസ്വാമി പിടിച്ചാലുടനെ തഹശീൽദാർ മുതലായ ഉദ്യോഗസ്ഥന്മാരും സമൂഹക്കാർ മുതലായി അവിടെ കൂടീട്ടുള്ള ബ്രാഹ്മണരും എന്നുവേണ്ടാ, സകലരും ചൂരലിന്മേൽ പിടിക്കണം. എല്ലാവരും കൂടി പിടിച്ചുവലിച്ചു തേരു പടിഞ്ഞാറു പടിഞ്ഞാറേത്തേർവീഥിയുടെ തെക്കേ അറ്റത്തു വരുമ്പോഴേക്കും കറുപ്പസ്വാമി തുള്ളിത്തുടങ്ങും. തേര് അവിടെ ഒരു മണിക്കൂറോളം നിറുത്തും. അപ്പോൾ പാണ്ടിവാദ്യം, നാഗസ്വരം, പഞ്ചവാദ്യങ്ങൾ, ചെണ്ട മുതാലയവയും ആർപ്പും കുരവയും ശരണംവിളിയുമെല്ലാം പൊടിപൊടിക്കും. ആകപ്പാടെയുള്ള കോലാഹലം കൊണ്ട് ആ സമയത്ത് ഭൂലോകം കുലുങ്ങുന്നുണ്ടോ എന്നു തോന്നും. അപ്പോൾ അവിടെ തുള്ളാത്തവരായിട്ട് അധികം പേരെ കാണുകയില്ല. അപ്പോഴത്തെ കോലാഹലം തുള്ളാത്ത വരെയും തുള്ളിക്കുന്നതാണ്. കറുപ്പസ്വാമിയുടെ തുള്ളലും അട്ടഹാസവും അപ്പോൾ കലശലാകും. അപ്പോൾ ചേപ്പാറമുണ്ടൻ, ചെപ്പാണിമാടൻ, കാളമാടാൻ, അമ്മൻകോവിലിലെ അമ്മൻ എന്നിവരും തുള്ളി എഴുന്നുള്ള ത്തിന്റെ സമീപത്തു വന്നുചേരും. ആ സമയത്തു കൊച്ചിട്ടാണൻ തുള്ളി കിഴക്കേഗോപുരത്തിങ്കലെത്തി തുള്ളൽ പൊടിപൊടിക്കും. ഈ തുള്ളലുകളിൽ വിശ്വാസമില്ലാത്തവരായ ചിലർ പലവിധത്തിൽ പരീക്ഷിച്ചു നോക്കുകയും അവരൊക്കെ അനേകവിധത്തിലുള്ള ദൃഷ്ടാന്തങ്ങൾകൊണ്ട് ഒടുക്കം വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്.
അച്ചൻകോവിൽ ക്ഷേത്രത്തിലെ ഉത്സവത്തിൽ വിശേഷാലുള്ള പ്രധാന സംഗതികൾ ഇത്രമാത്രമാണ്. ഇനി ചില്ലറ സംഗതികൾ മാത്രമേയുള്ളു. അവയെ വിവരിച്ച് ഈ ഉപന്യാസം ഇനിയും ദീർഘിപ്പിക്കണമെന്നു വിചാരിക്കുന്നില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)