ചിത്രഗുപ്തൻ
ഹൈന്ദവരുടെ ഒരു ദേവനാണ് ചിത്രഗുപ്തൻ . ഭൂമിയിലെ ഓരോ വ്യക്തിയുടെയും പ്രവൃത്തിൾ രേഖപ്പെടുത്തി വയ്ക്കുകയും മരണശേഷം അവരെ സ്വർഗ്ഗത്തിലാണോ നരകത്തിലാണോ പ്രവേശിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്യുന്നത് ഈ ദേവനാണ് എന്നാണ് വിശ്വാസം. ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ ചിത്രഗുപ്തൻ പ്രധാന പ്രതിഷ്ഠയായ പല ക്ഷേത്രങ്ങളുമുണ്ട്. കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ചിത്രഗുപ്തസ്വാമി ക്ഷേത്രമാണ് ഇവയിൽ ഏറ്റവും പ്രശസ്തമായത്.
കര്‍ണ്ണന്‍
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ് കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനോളം മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമയിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ് കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാണ് കർണ്ണൻ വധിക്കപ്പെട്ടത്.....
കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയും ചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ കർണ്ണൻ എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ രാധേയൻ എന്ന പേരിലും സൂതപുത്രൻ എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.
കർണ്ണന്റെ ആയുധവിദ്യാഭ്യാസം കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.പിന്നീട് പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു.പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടുകൄപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രീയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു.
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു.
മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാനോ ജയിക്കുവാനോ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങിനെയെങ്കിലും ചോദിച്ചുവാങ്ങണം.ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ ഏകനായിരിക്കുന്ന കർണ്ണന്റെ മുൻപിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വംവന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും ജയിക്കാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.എന്നാൽ ബ്രാഹ്മണ വേഷധാരിയായി വന്ന ഇന്ദ്രന് കർണ്ണൻ അവ ദാനം ചെയ്തു. കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജേഷ്ഠനാണെന്നും വെളിപ്പെടുത്തി.എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.
കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്.കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും ഒരു വേൽ വാങ്ങിയിരുന്നു.അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു.എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽക്കചനനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും വേലുപയോഗിച്ച് കർണ്ണൻ ഘടോൽക്കചനനെ വധിക്കുകയും ചെയ്തു.യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി. കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്.അർജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു.എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു.തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു. കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്.പിന്നീട് കർണ്ണൻ ക്ഷത്രിയനാണെന്നറിയുന്ന പരശുരാമൻ അവശ്യ സമയത്ത് പഠിച്ച വിദ്യ ഉപകരിക്കാതാവട്ടെ എന്ന് കർണ്ണനെ ശപിക്കുന്നു.ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു.ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.
അർജ്ജുനൻ
ദേവേന്ദ്രനു കുന്തിയിലുള്ള പുത്രനാണ് അർജുനൻ . പഞ്ച പാണ്ഡവരിൽ മൂന്നാമനായ അർജ്ജുനൻ അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനാണ്. കൃഷ്ണന്റെ ഉറ്റ തോഴനും. കുരുവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ മകനാണ് അർജുനൻ.മക്കളില്ലാത്തതിനാൽ പാണ്ഡുവിന്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജുനൻ. അതിനാൽ പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ . കൗരവഗുരുവായ കൃപരുടെ കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ ദ്രോണർപിന്നീട് അർജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു മുതലയിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായിമാറി.
കൃഷ്ണൻ ആണ് അർജുനന്റെ ഏറ്റവും വലിയ മിത്രം. കൃഷ്ണസഹോദരിയായ സുഭദ്രയാണ് അർജുനന്റെ ഒരു ഭാര്യ.ദുര്യോധനന്റെ സ്നേഹിതനും അതിരഥന്റെ വളർത്തുമകനുമായ കർണ്ണൻ പക്ഷെ അര്ജുനനറെ ശത്രു പക്ഷത്തായിരുന്നു.. എന്നാൽ കർണ്ണൻ കുന്തിയുടെ മൂത്തപുത്രനായതിനാൽ അർജ്ജുനന്റെ ജ്യേഷ്ഠനുമാണ്.
കൃഷ്ണൻ ആണ് അർജുനന്റെ ഏറ്റവും വലിയ മിത്രം. കൃഷ്ണസഹോദരിയായ സുഭദ്രയാണ് അർജുനന്റെ ഒരു ഭാര്യ.ദുര്യോധനന്റെ സ്നേഹിതനും അതിരഥന്റെ വളർത്തുമകനുമായ കർണ്ണൻ പക്ഷെ അര്ജുനനറെ ശത്രു പക്ഷത്തായിരുന്നു.. എന്നാൽ കർണ്ണൻ കുന്തിയുടെ മൂത്തപുത്രനായതിനാൽ അർജ്ജുനന്റെ ജ്യേഷ്ഠനുമാണ്.
ച്യവനൻ
ബ്രഹ്മപുത്രനായ ഭൃഗുമഹർഷിക്ക് ഖ്യാതിയിൽ ജനിച്ച പുത്രനാണ് ച്യവനൻ.ആയുർവേദ രസായന ഔഷധയോഗമായ ച്യവനപ്രാശം അദ്ദേഹത്തിനുവേണ്ടി അശ്വിനീ ദേവന്മാർ നിർമ്മിച്ചതാണെന്നാണ് ഐതീഹ്യം. ച്യവനമഹർഷിക്ക് അകാലത്തിൽ വാർധക്യവും ശരീരനാശവും സംഭവിച്ചപ്പോൾ പത്നിയായ സുകന്യയുടെ സഹായത്തോടെ അശ്വിനീ ദേവന്മാർ ഉപദേശിച്ചു കൊടുത്ത രസായനൗഷധമാണ് ഇത്. ഭൃഗു മഹർഷിയുടെ പത്നി ഖ്യാതി ച്യവനനെ ഗർഭം ധരിച്ചിരുന്നവസരത്തിൽ, അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പുലോമൻ എന്നപേരുള്ള രാക്ഷസൻ അവളെ തട്ടിക്കൊണ്ടുപോകുകയും, പൂർണ്ണ ഗർഭിണിയായ ഖ്യാതി സംഭീതയായി അവളുടെ ഗർഭം ഛിദ്രിക്കുകയും കുട്ടി വഴുതി പുറത്തുവീഴുകയും ചെയ്തു. ജനിച്ചുവീണ ആ പൈതൽ കോപത്തോടെ പുലോമനെ നോക്കുകയും ആ രാക്ഷസൻ അഗ്നിയിൽ ദഹിച്ചു ചാമ്പലാവുകയും ചെയ്തു.വഴുതി ഗർഭഛിദ്രം ഉണ്ടായി ജനിച്ചവനെ ച്യവനൻ എന്നു ബ്രഹ്മദേവൻ നാമകരണം ചെയ്തു.
ച്യവനമഹർഷിയും പിതാവിനെപോലെ മഹാതപസിയായി തീർന്നു. അദ്ദേഹം തന്റെ തപസ്സ് തുടർച്ചയായി ചെയ്കയാൽ ച്യവനനും ചുറ്റും ചിതൽപ്പുറ്റുണ്ടാവുകയും അത് കാര്യമാക്കാതെ തന്റെ തപസ്സ് തുടരുകയും ചെയ്തു. ഒരിക്കൽ ശര്യാതി മഹാരാജാവിന്റെ ഏകപുത്രിയായിരുന്ന സുകന്യ ഈ കാട്ടിൽ വരികയും അവരുടെ കളികൾക്കിടയിൽ ച്യവനനു ചുറ്റുമുണ്ടായ വലിയ ചിതൽ പുറ്റ് അവളുടെ ശ്രദ്ധയിൽപെട്ടു. ചിതൽപ്പുറ്റിനുള്ളിൽ ചെറിയ രണ്ടു പ്രകാശങ്ങൾ മിന്നാമിനുങ്ങളെപ്പോലെ തിളങ്ങുന്നതായി അവൾക്കു തോന്നി. കൗതുകം തോന്നിയ അവൾ ചെറിയ മുൾകമ്പുപയോഗിച്ച് രണ്ടു പ്രകാശങ്ങളിലും ശക്തിയായി മാറിമാറികുത്തി. ആ പ്രകാശങ്ങൾ ച്യവനന്റെ കണ്ണുകളായിരുന്നു. കണ്ണുകൾ പൊട്ടിയ വേദനയിൽ ച്യവനൻ ദയനീയമായി കരഞ്ഞുപോയി. അതുകേട്ട് അവൾ പേടിച്ച് അവിടെ നിന്നും ഓടിപ്പോയി. മഹാഭാരതത്തിലും ദേവിഭാഗവതത്തിലും ഈ കഥ വിശദമായി പറയുന്നുണ്ട്.സുകന്യ ഈ കാര്യം പേടിതോന്നിയതിനാൽ ആരോടും പറഞ്ഞില്ല. ആ ചിതൽപ്പുറ്റിലുണ്ടായിരുന്നത് ച്യവനനായിരുന്ന കാര്യവും അവൾ അറിഞ്ഞില്ല. പക്ഷേ അതിനുശേഷം ശര്യാതിയുടെ രാജ്യത്തും രാജകൊട്ടാരത്തിലും തുടർച്ചയായി അനിഷ്ടസംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇതിനെത്തുടർന്ന് കാരണം മനസ്സിലാക്കിയ രാജാവും മന്ത്രിപ്രമുഖന്മാരും ച്യവനനെ കണ്ട് മാപ്പ് അപേക്ഷിച്ചു. പക്ഷേ മുനിവര്യൻ ഒന്നും ആവശ്യപ്പെട്ടില്ല. ശര്യാതി വീണ്ടും വീണ്ടും മഹർഷിയെ കൊട്ടാരത്തിലേക്ക് വിളിച്ചുവെങ്കിലും, തന്റെ തപസ്സു മുടക്കാൻ ആഗ്രഹമില്ലാഞ്ഞ ച്യവനൻ ശാന്തമായി പറഞ്ഞു ശര്യാതിയുടെ പുത്രിയെ വിവാഹംചെയ്തു കൊടുക്കാൻ. ച്യവനന്റെ ആവശ്യം മനസ്സിലാക്കിയ സുകന്യ വിവാഹത്തിനു സമ്മതിക്കുകയും, രാജകീയ സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ച്യവനനൊപ്പം മരവുരിയുടുത്ത് സുകന്യ കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് താമസം മാറ്റി.
ദിവസങ്ങൾ കടന്നുപോയി സുകന്യയുടെ കരങ്ങൾ ച്യവനനു കണ്ണുകളായി, അവർ സുഖമായി പരിഭവങ്ങൾ ഒന്നും കൂടാതെ ആശ്രമത്തിൽ കഴിഞ്ഞു പോന്നു. ഒരിക്കൽ ദേവവൈദ്യന്മാരായ അശ്വിനീ ദേവന്മാർ ആശ്രമപരിസരത്തു വരികയും സുന്ദരിയായ സുകന്യയെ കാണുകയും ചെയ്തു. സുകന്യയുടെ സൗന്ദര്യത്തിൽ മയങ്ങിയ അശ്വനിദേവന്മാർ അവളെ സ്വന്തമാക്കാനായി സമീപിച്ച് ആഗ്രഹം അവളോട് പറഞ്ഞു. സുകന്യ വിവാഹിതയാണന്നും ഭർത്താവ് ച്യവനമുനിയാണന്നും അവൾ മറുപടി പറഞ്ഞെങ്കിലും നിരന്തരം വിവാഹാഭ്യർത്ഥനയുമായി അവർ പിറകേ കൂടി. അവൾ താൻ പതിവ്രതയാണെന്നും ഭർത്താവല്ലാതെ വേറെ ഒരു പുരുഷനോടും തനിക്ക് പ്രിയം ഇല്ലെന്നും പുറമേ കാണുന്ന സൗന്ദര്യമല്ല എന്നെ ഭർത്താവിനോട് അടുപ്പിക്കുന്നതെന്നും അവൾ അറിയിച്ചു. നീ പതിവ്രതയെങ്കിൽ, ബാഹ്യസൗന്ദര്യമല്ല നീ കാണുന്നതെങ്കിൽ നീ നിന്റെ ഭർത്താവിനെ ഏതു വേഷത്തിലും തിരിച്ചറിയുമല്ലോ, നീ കണ്ടുപിടിക്കു നിന്റെ ഭർത്താവിനെ എന്നു പറഞ്ഞ് അശ്വനികുമാരന്മാർ ഇരുവരും, അടുത്തു നിന്ന ച്യവനമഹർഷിയും അടുത്തുള്ള തടാകത്തിലേക്ക് ഇറങ്ങി മുങ്ങി. നിമിഷങ്ങൾക്കകം മൂവരും രൂപം മാറി ഒരുപോലെയുള്ള മൂന്നു കുമാരന്മാരായി പൊങ്ങിവന്നു. സുകന്യ, മുന്നിൽ പരന്നു കിടക്കുന്ന തടാകത്തിൽ നിലകൊള്ളുന്ന ഒരു പോലുള്ള മൂന്നു സുന്ദരന്മാരെയും മാറിമാറി നോക്കി. അവൾ അത്ഭുതപ്പെട്ടു, മൂന്നുപേരും ഒരേപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ടു മൊഴിഞ്ഞു, 'സുകന്യേ, ഞാനാണ് ച്യവനൻ. സംശയം വേണ്ട. എന്നെ സ്വീകരിക്കാം നിനക്ക്'. സുകന്യ മൂന്നുപേരെയും മാറിമാറി നോക്കി, ഇതിനു മുൻപ് കണ്ടിട്ടേയില്ലാത്ത മൂന്നു സുന്ദരന്മാർ, മൂവരും ഒരുപോലെ.അവൾ പരാശക്തിയായ ജഗദംബികയെ പ്രാർത്ഥിച്ചു. (ദേവിയുടെ അനുഗ്രഹത്താൽ സുകന്യക്കു മനസ്സിലായി ദേവകുമാരന്മാർക്ക് മിഴികൾ അടയാറില്ലത്രെ). ച്യവനമഹർഷിയെ മനസ്സിലാക്കാൻ കഴിഞ്ഞ സുകന്യയേയും ച്യവനനേയും അശ്വനികുമാരന്മാർ അനുഗ്രഹിച്ച് യാത്രയായി. ച്യവനമഹർഷിയ്ക്ക് നിത്യയൗവനശക്തി നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ച്യവനപ്രാശം എന്ന ഔഷധകൂട്ടിനു ആ പേർ കിട്ടിയത്.
അപ്സരസ്സ്
ഹിന്ദു പുരാണങ്ങൾ പ്രകാരം ഗന്ധർവ്വ പത്നിമാരും, അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവ്വനവതികളുമാണ് അപ്സരസ്സുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ, ഉർവ്വശി, മേനക, തിലോത്തമ എന്നിവരാണ് ഏറ്റവും പ്രശസ്തകളായ അപ്സരസ്സുകൾ.. പാലാഴി മഥനം ചെയ്തതിൽ നിന്നാണ് നാല് അപ്സരസ്സുകളും ഉണ്ടായത് എന്നാണ് വിശ്വാസം. സരസ്സിൽ നിന്നുണ്ടായവർ ആണ് അപ്സരസ്സ് ആയത്. ദേവൻമാരുടെ രാജാവായ ഇന്ദ്രന്റെ സദസ്സിലെ നർത്തകികളായ ഇവരെ ഋഷിമാരുടെ തപസ്സുമുടക്കാൻ ഇന്ദ്രൻ അയച്ച സന്ദർഭങ്ങൾ പലതും പുരാണേതിഹാസങ്ങളിൽ കാണാം. ഇതിൽ ഏറ്റവും പ്രസിദ്ധം വിശ്വാമിത്രന്റെ തപസ്സു മേനക മുടക്കിയതാവണം. കൊടുംതപസ്സിലേർപ്പെട്ട വിശ്വാമിത്രന്റെ തപശ്ശക്തിയിൽ ഭീതിപൂണ്ട ഇന്ദ്രൻ എവ്വിധവും തപസ്സുമുടക്കണമെന്ന നിർദ്ദേശത്തോടെ മേനകയെ അയച്ചു. ഇന്ദ്രന്റെ ആജ്ഞ ധിക്കരിക്കവയ്യാത്തതുകൊണ്ടുമാത്രമാണ് ശാപമേൽക്കുമെന്ന ഭയത്തോടെ മേനക വിശ്വാമിത്രനെ സമീപിച്ചത്. ആ സമയത്ത് വായുദേവനായ മാരുതൻ ഒരു കുസൃതിയൊപ്പിച്ചു. കാറ്റിൽ മേനകയുടെ വസ്ത്രങ്ങളൊക്കെ പറപ്പിച്ചുകളഞ്ഞു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി തപസ്സുപേക്ഷിച്ച് മേനകയൊടൊത്തു രമിച്ചു. ഇവരുടെ സംഗമത്തിന്റെ ഫലമായാണ് ശകുന്തള പിറവിയെടുത്തത്. ദേവൻമാരും അസുരൻമാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽനിന്നുയർന്നുവന്നവരാണ് അപ്സരസ്സുകൾ എന്ന് വാല്മീകി രാമായണം ബാലാകാണ്ഡത്തിൽ (സർഗ്ഗം-45, ശ്ലോകം- 33) പറയുന്നു. പ്രശസ്തരായ അപ്സരസ്സുകൾ ഉർവ്വശി, മേനക, രംഭ, തിലോത്തമ എന്നിവരാണ്. അപ്സരസ്സുകൾ 60 കോടി വരുമെന്നാണ് പുരാണങ്ങൾ പറയുന്നത്. തിരസ്കരിണീവിദ്യ വശമുള്ള ഇവർക്ക് ഇഷ്ടാനുസരണം രൂപം മാറാൻ കഴിവുണ്ട്. ആകാശസഞ്ചാരവും ഇവർക്കു വശമാണ്. വീരമൃത്യുവടയുന്നവരെ വരണമാല്യവുമായി അപ്സരസ്സുകൾ കാത്തുനിൽക്കുന്നു എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഋഗ്വേദത്തിൽ അപ്സരസ്സുകളെപ്പറ്റി പരാമർശമുണ്ട്. ഉർവ്വശിയും മർത്യലോകത്തെ അവളുടെ ഭർത്താവായ പുരൂരവസ്സും തമ്മിലുള്ള സംഭാഷണമാണ് ഒരു സൂക്തത്തിലെ പ്രതിപാദ്യവിഷയം. (ഋഗ്വേദം, അദ്ധ്യായം 10, സൂക്തം 95.)