അത്രി, മാഹിഷ്മതി ബലരാമന്‍ വേദവ്യാസൻ പാലാഴിമഥനം
അത്രി
സപ്തർഷിമണ്ഡലത്തിൽപ്പെട്ട ഒരു മുനിയാണ് അത്രി. വളരെയേറെ വേദസൂക്തങ്ങളുടെ കർത്താവാണ് ഇദ്ദേഹം. സ്വയംഭുവമന്വന്തരത്തിൽ ബ്രഹ്മാവിന്റെ കണ്ണിൽനിന്നാണ് അത്രി ഉണ്ടായതെന്ന് ചെറുശ്ശേരി ഭാരതത്തിൽ കാണുന്നു. അതുകൊണ്ടാണ് ബ്രഹ്മാവിന്റെ മാനസപുത്രൻ എന്ന നിലയിൽ അത്രി അറിയപ്പെടുന്നത് അഗ്നിയിൽ നിന്നു ജനിച്ചതായും ചില പരാമർശങ്ങളുണ്ട്. ഇന്ദ്രൻ, വിശ്വദേവൻമാർ, അശ്വിനികൾ, അഗ്നി എന്നിവരെ പ്രകീർത്തിക്കുന്ന വേദസൂക്തങ്ങൾ അത്രിമുനിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ദക്ഷന്റെ പുത്രിയായ അനസൂയയാണ് അത്രിയുടെ പത്നി. ആരാണ് പരമോന്നതനായ സർവശക്തൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൌതമനുമായി അത്രി സംവാദം നടത്തി. വേദങ്ങളിലെ സനാതനമതം സ്വീകരിച്ച ഈ ഋഷിവര്യൻ ഏക ദൈവവിശ്വാസിയായിരുന്നു. ഏകനായ ഈശ്വരൻ താൻതന്നെ എന്ന് പറഞ്ഞുകൊണ്ട് ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ ഓരോരുത്തരായി ഇദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ടു. ത്രിമൂർത്തികളുടെ പ്രസാദത്താൽ സോമൻ, ദത്താത്രേയൻ, ദുർവാസസ്സ് എന്നിങ്ങനെ മൂന്ന് പുത്രന്മാർ യഥാക്രമം അത്രിക്കുണ്ടായി. വൈവസ്വതമന്വന്തരത്തിൽ അര്യമാവ് എന്നൊരു പുത്രനും അമല എന്നൊരു പുത്രിയും കൂടി ജനിച്ചു. അത്രിയുടെ കണ്ണിൽനിന്നാണ് ചന്ദ്രൻ ജനിച്ചതെന്ന് വിഷ്ണുപുരാണത്തിൽ കാണുന്നു. അതുകൊണ്ടാണ് 'അത്രിനേത്രഭവൻ' എന്ന പേരുകൂടി ചന്ദ്രന് സിദ്ധിച്ചിട്ടുള്ളത്. സിദ്ധന്മാരും മഹർഷിമാരുമായ അനവധിപേരുടെ പിതാവെന്നനിലയിൽ പുരാണങ്ങൾ അത്രിയെ പരാമർശിക്കുന്നു. വനവാസകാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും ചിത്രകൂടത്തിനു തെക്കുള്ള ആശ്രമത്തിൽ ചെന്ന് അത്രിയെയും അനസൂയയെയും സന്ദർശിച്ച് ആതിഥ്യവും അനുഗ്രഹവും സ്വീകരിച്ചതായി രാമായണത്തിൽ പ്രസ്താവമുണ്ട്.
വേദകാലത്ത് പ്രപഞ്ചസൃഷ്ടിക്കായി മനു നിയോഗിച്ച പത്തു പ്രജാപതിമാരിൽ ഒരാൾ, സപ്തർഷികളിലൊരാൾ, ലോകത്തിന്നാധാരമായ അഷ്ടപ്രകൃതികളിലൊന്ന്, കുബേരന്റെ ഏഴു ഗുരുക്കന്മാരിൽ അദ്വിതീയൻ, വരുണന്റെ ഏഴു ഋത്വിക്കുകളിൽ ഒരാൾ; ചന്ദ്രന്റെ രാജസൂയ യാഗത്തിലെ ഹോതാവ്, രാഹുവിന്റെ ഗ്രഹണത്തിൽനിന്നും സൂര്യചന്ദ്രന്മാരെ വീണ്ടെടുത്ത് ലോകത്തിനു വെളിച്ചം നല്കിയ ധീരനായ ക്ഷത്രിയൻ എന്നിങ്ങനെ വിവിധ പദവികൾ അത്രിക്കു കല്പിക്കപ്പെട്ടിട്ടുണ്ട്. ശിവന് അത്രി എന്ന പര്യായമുണ്ട്. ശുക്രന്റെ ഒരു പുത്രനും അത്രി എന്ന പേരിലറിയപ്പെടുന്നതായി മഹാഭാരതത്തിൽ കാണുന്നു (ആദിപർവം).
മാഹിഷ്മതി
യാദവ വംശത്തിലെ ഹേഹേയ രാജ്യത്തിന്റെ തലസ്ഥാന നഗരിയാണ് മാഹിഷ്മതി. ഭാരതത്തിലെ സപ്തനദികളിലൊന്നായ നർമദയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പുരാതന നഗരിയായ മാഹിഷ്മതിയുടെ ഇന്നത്തെ പേർ മഹേശ്വർ (മദ്ധ്യപ്രദേശ് - ഖർഗോൺ ജില്ല) എന്നാണ്. മാഹിഷ്മതിയെക്കുറിച്ച് രാമായണത്തിലും, മഹാഭാരതത്തിലും, ഇതരപുരാണാങ്ങളിലും വർണ്ണിക്കുന്നുണ്ട്. രാമായണത്തിൽ പൂർവ്വാകാണ്ഡത്തിൽ കാർത്തവീര്യവിജയത്തിൽ മാഹിഷ്മതി നഗരിയെപറ്റിയും അവിടുത്തെ ജീവിതചര്യകളും മറ്റും വിശദമായി വിവരിക്കുന്നുണ്ട്. രാവണൻ തന്റെ പടയോട്ടക്കാലത്ത് ഈ സുന്ദര നഗരിയിൽ വരുകയും മനോഹര നഗരം പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ രാജാവായിരുന്ന കാർത്തവീര്യാർജ്ജുനൻ അദ്ദേഹത്തെ നിശ്ശേഷം തോൽപ്പിച്ചു. (രാവണൻ രാമനെകൂടാതെ രണ്ടുപേരോടു മാത്രമെ തന്റെ തോൽവി സമ്മതിച്ചിട്ടുള്ളു, അത് മാഹിഷ്മതിപതി കാർത്തവീര്യാർജ്ജുനനോടും, കിഷ്കിന്ദാപതി ബാലിയോടുമാണ്). ജമദഗ്നി മഹർഷിയെ വധിച്ചതിനാൽ പരശുരാമൻ കാർത്തവീര്യനേയും അദ്ദേഹത്തിന്റെ മറ്റനുജന്മാരെയും, പുത്രന്മാരെയും നിഗ്രഹിക്കുകയും, മാഹിഷ്മതിനഗരം നശിപ്പിച്ചുകളയുകയും ചെയ്തു.