2020, മേയ് 14, വ്യാഴാഴ്‌ച

കുന്നത്തില്ലവും രക്തേശ്വരിയും..കാസർഗോഡ് ജില്ല



കുന്നത്തില്ലവും രക്തേശ്വരിയും..കാസർഗോഡ് ജില്ല=
=================================================


രക്തേശ്വരിയമ്മയുടെ ഉല്പത്തി കവടിയങ്ങാനം കാവും അടൂർ ദേവനുമായി ബന്ധപ്പെട്ടു കിടക്കുന്നു .ദേവിയെ സമാധാനിപ്പിച്ചു ഒരു സ്ഥാനം കല്പിച്ചു കൊടുത്തത് അടൂർ ക്ഷേത്രത്തിലും .തുടർന്ന് മന്ത്രമൂർത്തിയായ രക്തേശ്വരി പലയിടങ്ങളിലും തന്റെ സ്ഥാനം ഉറപ്പിച്ചു .മാന്ത്രിക താന്ത്രിക പ്രമുഖരായിട്ടുള്ള പല ബ്രാഹ്മണ ഇല്ലങ്ങളിലുമാണ്‌ രക്തേശ്വരിയമ്മ പ്രധാനമായും നിലയുറപ്പിചിരിക്കുന്നത് .അതുകൊണ്ടു തന്നെ ദേവിയുടെ ശക്തി പ്രാഭാവം അത്രയും വലുതാണെന്ന് നമുക്ക് മനസ്സിലാക്കാം .രക്തേശ്വരിയുടെ സ്വരൂപം അഘോര സ്വരൂപമാണ് .സാത്വികമായും രാജസമായും താമാസമായിട്ടും ദേവിയെ ആരാധിക്കുന്നു .കയ്യിൽ രണ്ടു പന്തവും അരയിൽ നാലു പന്തവും ആണ് രക്തേശ്വരിക്ക് .കയ്യിലെ പന്തം ആയുധവും അരയിൽ ഉള്ളത് നാല് മുഖങ്ങളുമായിട്ട് ദേവിയെ സങ്കല്പിക്കുന്നത് .കൂടാതെ ചന്ദ്രനെ തൊടുന്ന അത്രയും വലിയ മുടിയും അല്ലെങ്കിൽ കാർകൂന്തൽ ആണ് ദേവിയുടേത് .
കാസർഗോഡ് ജില്ലയിലെ കൊടക്കാട് ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത്‌ വേങ്ങപ്പാറയിൽ ആണ് കുന്നത്തില്ലവും ശൈലപുരേശ്വരി ക്ഷേത്രവും .മാന്ത്രിക താന്ത്രിക വൈദിക വിശാരദൻമാരായിരുന്നു ഇവിടുത്തെ പൂർവികർ .അങ്ങനെയുള്ള കുന്നത്തില്ലത്തിന്റെ പ്രൗഢിയിൽ മോഹിച്ച രക്തേശ്വരി ഒരിക്കൽ കവടിയങ്ങാനം കാവിൽ പൂജയ്ക്ക് പോയ പൂർവസൂരിയുടെ കൂടെ കൊടക്കാട് കുന്നത്തില്ലതേക്ക് എഴുന്നള്ളിയെന്നും ഐതിഹ്യം .അങ്ങനെ ആ പുണ്യ ഭൂമിയിൽ ക്ഷേത്രം പണി കഴിപ്പിച്ചു അവിടെ രക്തേശ്വരിയെയും ത്രിപുര സുന്ദരിയേയും ധ്വജ പ്രതിഷ്ഠയായി ശ്രീ ചക്രത്തിനുമുകളിൽ പ്രതിഷ്ഠ ചെയ്തു കുടിയിരുത്തി .അപൂർവ്വ രീതിയിൽ ഉള്ള ഒരു പ്രതിഷ്ഠ .ഉപ ദേവതമാരായി ശൂലാപ്പിൽ ഭഗവതിയും പണയക്കാട്ട് ഭഗവതിയും പുലിക്കണ്ടനും വിഷ്ണുമൂർത്തിയും ഗുളികനും നിലകൊള്ളുന്നു .
എല്ലാ വര്ഷവും മുടങ്ങാതെ കളിയാട്ടവും മഹാ ഗുരുതിയും നിത്യ പൂജയും ഇന്നും ഇവിടെ ചെയ്തുപോരുന്നു .അതുകൊണ്ടു തന്നെ രക്തേശ്വരിയുടെ വളരെ പ്രധാനമായ ഒരു ദേവസങ്കേതം തന്നെയാണ് ഇവിടം .രക്തേശ്വരി ഉപാസനാമൂർത്തി ആയിട്ടുള്ള കുന്നത്തില്ലക്കാർ തങ്ങളുടെ പരദേവതയെ പാലിൽ കുളിപ്പിച്ചു പട്ടിൽ പൊതിഞ്ഞു ഒരു രത്നത്തെ പോലെ സൂക്ഷിക്കുന്നു .പുതുതലമുറയും അതിൽ വളരെയധികം ശ്രദ്ധിക്കുന്നു എന്നതും ഒരു പ്രത്യേകത തന്നെയാണ് .ദേശ ദേവതമാരുടെ അനുഗ്രഹത്താലും രക്തേശ്വരിയുടെ പ്രഭാവത്താലും ഇനിയും ഈ പുണ്യഭൂമി ധന്യമാവട്ടെ എന്ന് ചിലമ്പൊലി പ്രാർത്ഥിക്കുന്നു .