ത്രിമൂര്‍ത്തികള്‍ വാഴും മൊടപ്പിലാപ്പള്ളി മന
മലപ്പുറം ജില്ലയിലെ പടിഞ്ഞാറ്റുമുറിയിലാണു കേരളത്തിലെ ഏറ്റവും പ്രസിദ്ധ താന്ത്രിക പരമ്ബരയായ മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്നത്. മൂര്‍ത്തികള്‍ വാഴുന്ന മനയാണു മൊടപ്പിലാപ്പള്ളി മന . എങ്ങു നോക്കിയാലും ദൈവീക സാന്നിധ്യം കാണാം. മൊടപ്പിലാപ്പള്ളി മന , തറവാട് എന്നതിനെക്കാള്‍ ഒരു മഹാക്ഷേത്രം എന്നു പറയാനാണു ഞാന്‍ ആഗ്രഹിക്കുക. അതിനുത്തരം ഈ പോസ്റ്റ് വായിക്കുമ്ബോള്‍ നിങ്ങള്‍ക്ക് മനസിലാകും.വള്ളുവനാടിന്റെ ചരിത്രം പറയുമ്ബോള്‍ മൊടപ്പിലാപ്പള്ളിക്കാരുടെ ചരിത്രം കൂടി പറയാതെ അതു മുഴുമിപ്പിക്കാനാവില്ലാ. , ചരിത്രമുറങ്ങുന്ന മൊടപ്പിലാപ്പള്ളി മനയിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം .
ഏകദേശം അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്നെ കണ്ണൂര്‍ തളിപ്പറമ്ബില്‍ നിന്നു പൊടിയാട്ട് വന്നു , പൊടിയാട്ട് എന്ന സ്ഥലത്ത് നിന്നു മഞ്ചേരിയിലെ പടിഞ്ഞാറ്റുമുറിയിലേക്ക് വന്നവരാണിവര്‍. നമ്ബൂതിരി ഗ്രാമങ്ങളിലെ ഉപഗ്രാമമായ സഗരപുരത്തിലാണു മൊടപ്പിലാപ്പള്ളി മന സ്ഥിതി ചെയ്യുന്നത്. ( പഴയ തഗരപുരം ഇന്ന് സഗരപുരം- മൊത്തം എട്ടില്ലങ്ങളാണീ ഗ്രാമത്തില്‍ .നാലു പെരുവനം ഗ്രാമക്കാരും, നാലു ശുകപുരം ഗ്രാമക്കാരും ചേര്‍ന്നതാണു സഗരപുരം ഗ്രാമം. മൊടപ്പിലാപ്പള്ളിക്കാര്‍ ഇതില്‍ പെരുവനം ഗ്രാമത്തില്‍ പെടും. തിരുവുള്ളക്കാവ് ശാസ്താവ് ആണിവരുടെ ഗ്രാമ പരദേവത).മൊടപ്പിലാപ്പള്ളി മനയില്‍ ഒരിക്കല്‍ ആണ്‍സന്തതികള്‍ ഇല്ലാതായി. അപ്പോള്‍ വട്ടൊള്ളി എന്ന ഇല്ലത്ത് നിന്ന് ഒരു ആണ്‍കുട്ടിയെ ദത്തെടുത്തു മൊടപ്പിലാപ്പള്ളി മനക്കാര്‍. ( കാട്ടിലാമിറ്റം ( കൈനൂര്‍) എന്ന ഇല്ലം വട്ടൊള്ളിയില്‍ ലയിച്ചിട്ടുണ്ട്. കാലക്രമേണ വട്ടൊള്ളി എന്ന ഇല്ലം ഇല്ലാതായി. പല പഴയ രേഖകളിലും വട്ടൊള്ളി എന്നും മൊടപ്പിലാപ്പള്ളി എന്നും മന അറിയപ്പെടുന്ന എന്ന രീതിയില്‍ കണ്ടിട്ടുണ്ട് ത്രെ ) വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ പാരമ്ബര്യ തന്ത്രി കുടുംബമായ മൊടപ്പിലാപ്പള്ളി മനക്കാരെ കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. അപ്പോള്‍ ആലോച്ചിച്ചാല്‍ അറിയാലൊ മൊടപ്പിലാപ്പള്ളിയുടെ ചരിത്ര പ്രാധാന്യം.
മൊടപ്പിലാപ്പള്ളി മന പ്രസിദ്ധ പാരമ്ബര്യ തന്ത്രി കുടുംബമാണു . പണ്ട് കാലത്ത് ഇവര്‍ക്ക് വര്‍ഷത്തില്‍ ദിവസേന ഒരു ക്ഷേത്രത്തില്‍ തന്ത്രത്തിനു പോയാലും മുഴുവന്‍ ക്ഷേത്രങ്ങളിലും എത്തിച്ചേരാന്‍ കഴിയാന്‍ പറ്റില്ലാ എന്നൊരു ചൊല്ലുണ്ടായിരുന്നു . ഇന്നു കേരളത്തിലും , കേരളത്തിനു പുറത്തും, വിദേശത്തുമായി 300 ഓളം ക്ഷേത്രങ്ങളില്‍ തന്ത്രം മൊടപ്പിലാപ്പള്ളിക്കാര്‍ക്കുണ്ട്. അഡ്വക്കേറ്റ് ജീവിതം മാറ്റി വച്ചു മുഴുവന്‍ സമയവും താന്ത്രിക കര്‍മ്മങ്ങള്‍ക്കായി മാറ്റി വച്ച് ബ്രഹ്മശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും , അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ശ്രീ മൊടപ്പിലാപ്പള്ളി ശാസ്തൃ ശര്‍മ്മന്‍ നമ്ബൂതിരിപ്പാടുമാണു പാരമ്ബര്യ താന്ത്രിക കര്‍മ്മങ്ങള്‍ക്ക് പോകുന്നത്. മഹാക്ഷേത്രമായ കരിക്കാട് ക്ഷേത്ര തന്ത്രവും( അയ്യപ്പനു) മഞ്ചേരി കാളികാവ് തന്ത്രവും മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കാണു.മൂര്‍ത്തികളില്‍ അയ്യപ്പ ക്ഷേത്രങ്ങളുടെ തന്ത്രമാണു മൊടപ്പിലാപ്പള്ളിക്കാര്‍ക്ക് അധികം ഉള്ളത്.
തന്ത്രി, പ്രതിഷ്ഠകള്‍ക്ക് പ്രാണന്‍ നല്‍കുന്നവരാണു തന്ത്രികള്‍. പിതൃതുല്ല്യര്‍. സ്വന്തം പ്രാണന്‍ തന്നെയാണു പ്രതിഷ്ഠയ്ക്ക് നല്‍കുന്നവര്‍. ദിവസേന 108 ഉരു ഗായത്രി ജപിക്കണം. പ്രതിഷ്ഠ സമയത്ത് 1008 ഉരു ഗായത്രി ( സഹസ്രാവര്‍ത്തി) ജപിക്കണം. ദിവസേന ഇഷ്ടദേവത , കുലദേവത , ഗ്രാമദേവത എന്നിവരെ ഉപാസിക്കുന്നവരാണു . ആലോച്ചിച്ചു നോക്കൂ തന്ത്രി പരമ്ബരയുടെ മഹത്വം, അവരുടെ സമര്‍പ്പണം എല്ലാം .
മൊടപ്പിലാപ്പള്ളി മന പ്രസിദ്ധികേട്ടത് താന്ത്രിക പരമ്ബര എന്ന പേരിലും അതു പോലെ മനയില്‍ ഉണ്ടായിരുന്ന കഥകളി യോഗത്തിന്റെ പേരിലുമായിരുന്നു. മൊടപ്പിലാപ്പള്ളി മനയില്‍ ഉണ്ടായിരുന്ന കഥകളി യോഗം കേരളത്തിലെ തന്നെ കഥകളി യോഗങ്ങളില്‍ പ്രസിദ്ധി കേട്ടതായിരുന്നു . കെ.പി.എസ്. മേനോന്റെ കഥകളി രംഗത്തില്‍ മൊടപ്പിലാപ്പള്ളി മനയിലെ കഥകളി യോഗത്തെ കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. കഥകളി രംഗത്തെ ഇതിഹാസമായ ശ്രീ പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍ അദ്ദേഹം പത്തു കൊല്ലം മൊടപ്പിലാപ്പള്ളി മനയില്‍ താമസിച്ചു കലാമണ്ഡലം രാമന്‍ കുട്ടി നായരെ പോലെ അനവധി പ്രഗത്ഭരെ കഥകളി അഭ്യസിപ്പിച്ചിരുന്നു. മൊടപ്പിലാപ്പള്ളി മനയിലെ പത്തായപ്പുരയിലായിരുന്നു കഥകളി അഭ്യസിപ്പിച്ചിരുന്നത്. ഓരോ തലമുറയിലും കഥകളിയ്ക്കായി ജീവിതമുഴിഞ്ഞു വച്ചവര്‍ മൊടപ്പിലാപ്പള്ളി മനയ്ക്കല്‍ ഉണ്ടാവാറുണ്ട് . ഈ തലമുറയില്‍ വിനു വാസുദേവന്‍ (Vinu Vasudevanമൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാട്)അദ്ദേഹത്തിനാണു ആ നിയോഗം.
ജന്മി പരമ്ബരയായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. 25000 പറ പാട്ടം നെല്ലുണ്ടായിരുന്നു. പാപ്പിനിപ്പാറ , മഞ്ചേരി ഭാഗങ്ങളില്‍ ഭൂസ്വത്തിനു ഉടമകളായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. മൊടപ്പിലാപ്പള്ളി മനയിലെ പ്രഥമ നാമം വാസു ദേവന്‍ നമ്ബൂതിരിപ്പാട് എന്നാണു ( 400 കൊല്ലം മുന്നെ തന്നെ ) രണ്ടാമത്തെ നാമം ജാതവേദന്‍ നമ്ബൂതിരിപ്പാട് എന്നും മൂന്നാമത്തെ ഗണപതി എന്നുമാണു . പ്രഥമനാമം ഇന്നും ആവര്‍ത്തിച്ചു പോരുന്നു . മൊടപ്പിലാപ്പള്ളി ജാതവേദന്‍ നമ്ബൂതിരിപ്പാട് അഥവ ചാതവട്ടൊള്ളി എന്ന പേരിലറിയപ്പെട്ട മഹാപണ്ഡിതനായ വ്യക്തി കൂലിപടയാളികളാല്‍ ആളു മാറി വധിക്കപ്പെട്ടു . പാനയം കളി കണ്ടു മടങ്ങും വഴിയാണു സംഭവം നടന്നത്. ആ മഹാനുഭാവന്റെ മരണ ശേഷം മനയില്‍ പിന്നെ ആര്‍ക്കും ജാതവേദന്‍ നമ്ബൂതിരിപ്പാട് എന്ന് നാമകരണം നടത്തിയിട്ടില്ലാ .
മൊടപ്പിലാപ്പള്ളി മന എട്ടുകെട്ടാണു. 113 വര്‍ഷം പഴക്കമുണ്ട് ഈ എട്ടുകെട്ടിനു. വിശാലമായ തൊടിയിലാണു മന സ്ഥിതി ചെയ്യുന്നത്. വാസ്തുവിദ്യയുടെ ശ്രീകോവിലാണു മൊടപ്പിലാപ്പള്ളി മന. കാണേണ്ട ഒരു കാഴ്ച്ച. പ്രകൃതി ചമയമണിയിച്ചു നിര്‍ത്തിയിരിക്കുന്ന മൊടപ്പിലാപ്പള്ളി മന. പ്രകൃതിയുമായി വളരെ ചേര്‍ന്നു നില്‍ക്കുന്നു മന . മനയുടെ പൂമുഖം തെക്കോട്ടാണു ( തെക്കെ മാളികയാണു) ഇല്ലം മറഞ്ഞാണു പത്തായപ്പുര സ്ഥിതി ചെയ്യുന്നത്. തെക്കോട്ട് മുഖമായാല്‍ പത്തായപ്പുര ഇല്ലം മറഞ്ഞു വരണം എന്നാണു ആചാര്യഭാഷ്യം. 52 പടികള്‍ കയറി വരണം പടിപ്പുരയിലേക്ക്. ( പടിപ്പുര മാളിക എന്നു പറയാം - താമസ സൗകര്യം ഉള്ള പടിപ്പുരയാണു) ഇത്രയും പടികള്‍ കയറി വരുന്ന പടിപ്പുര കേരളത്തിലുണ്ടാകില്ല. കണ്ണിനു കുളിര്‍മ്മയേകുന്ന കാഴ്ച്ചയാണത്. ആ പടികളില്‍ കണ്ണിമാങ്ങയും, ഇലകളും വീണു കിടക്കുന്ന കാഴ്ച ഗംഭീരാണു. മുല്ലത്തറയോട് കൂടിയ വല്ലിയ നടുമുറ്റവും, ഒരു ചെറിയ നടുമുറ്റവും ഉണ്ട് മനയില്‍.24 ഓളം മുറികളുണ്ട് മൊടപ്പിലാപ്പള്ളി മനയില്‍. എല്ലാം തട്ടിട്ട മുറികള്‍ തന്നെ . ധാരാളം ജനലുകളും, തൂണുകളും,കോണിപ്പടികളും, വല്ലിയ വാതിലുകളും, മനയ്ക്ക് ഭംഗി കൂട്ടുന്നു .തെക്കിനിയില്‍ പാട്ടു തറയാണു . വടിക്കിനിയില്‍ ഹോമാദി കാര്യങ്ങള്‍ നടക്കുന്നു. കിഴക്കിനിയില്‍ അടുക്കള. പടിഞ്ഞാറ്റിയില്‍ പൂജാദികാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.വടക്കെ കെട്ടിന്റെ കിഴക്കെ ഭാഗത്താണു അടുക്കള. നാലു ഭാഗത്തു നിന്നും മനയിലേക്ക് പ്രവേശന സൗകര്യം ഉണ്ട്. 8 കിണറുകളും , മൂന്നു കുളവും ഉണ്ട് മനയില്‍. മൂന്നു കുളവും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പച്ചപ്പിനാല്‍ , പ്രകൃതിയാല്‍ ആലിംഗനബന്ധരായി നില്‍ക്കുന്ന മനയാണു മൊടപ്പിലാപ്പള്ളി മന. പ്രകൃതി ദേവി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. ആധുനികത അങ്ങനെ അധികമായി കയറിപറ്റിയിട്ടില്ലാ മനയില്‍.
മൊടപ്പിലാപ്പള്ളി മനയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നമുക്ക് ഭക്തിയോടെ മാത്രെ നടക്കാന്‍ പറ്റൂ. കാരണം മനയില്‍ എവിടെ ചെന്നാലും മൂര്‍ത്തി സാന്നിധ്യമുണ്ട് .അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയാണു മൊടപ്പിലാപ്പള്ളി മനക്കാരുടെ പരദേവത. ഗ്രാമപരദേവത തിരുവുള്ളക്കാവ് ശാസ്താവാണെന്നു ആദ്യമെ സൂചിപ്പിച്ചിരുന്നു ഞാന്‍ . മൊടപ്പിലാപ്പള്ളി മനക്കാരുടെ ധര്‍മ്മ ദേവത കുട്ടിച്ചാത്തന്മാര്‍( രക്ത്വേശ്വരി മണികണ്ഠന്മാര്‍)ആണു . ശ്രീലകത്ത് തിരുമാന്ധാകുന്നിലമ്മയാണു തേവാരമൂര്‍ത്തി. അതു പോലെ മഞ്ചേരി മൂതൃകുന്നു ഭഗവതിയും മൊടപ്പിലാപ്പള്ളി മനക്കാര്‍ക്ക് പരദേവതയ്ക്ക് തുല്ല്യ പ്രാധാന്യം ഉണ്ട്. മനയ്ക്കലെ ഏതൊരു വ്യക്തി പൂജാദികര്‍മ്മ പഠനം പൂര്‍ത്തികരിച്ചു പൂജ തുടങ്ങുന്നതിനു മുന്നെ ആദ്യം മൂതൃകുന്നു ഭഗവതിയെ പൂജിക്കണം. അതു കാലാകാലങ്ങളായി നടക്കുന്ന കീഴ്‌വഴക്കമാണു . തന്ത്രം തുടങ്ങുമ്ബോഴും ആദ്യ പൂജ മൂതൃകുന്നു ഭഗവതിയ്ക്കാണു.മനയ്ക്കലെ നടുമുറ്റത്ത് ശ്രീഭഗവതി ( മഹാലക്ഷ്മി- ശ്രീചക്ര പ്രതിഷ്ഠ) സാന്നിധ്യമുണ്ട്. മനയ്ക്കലെ മച്ചില്‍ ഏറാട്ട് കാളന്‍ ( ശിവന്‍-ഏറനാടിന്റെ കാവലാള്‍- ഏറാട്ട്കാളന്‍)പ്രതിഷ്ഠയുണ്ട്. കല്‍പ്പീഠത്തിലാണു ഏറാട്ട് കാളന്‍ പ്രതിഷ്ഠ. ആ പ്രതിഷ്ഠ തന്നെ ഒരദ്ഭുതമാണു , നിര്‍മ്മിതിയും, കല്‍പ്പീഠത്തിന്റെ നിര്‍മ്മിതിയും നമ്മെ അദ്ഭുതപരതന്ത്രരാക്കും.പടിഞ്ഞാറ്റിയില്‍ ഉതിരക്കുഴിയില്‍ ശാസ്താവ് ഉണ്ട്. വര്‍ഷത്തിലൊരിക്കല്‍ പൂജയുണ്ട് അവിടെ ശാസ്താവിനു . പുരത്തറയുടെ അടിയില്‍ ശ്രീചക്ര പ്രതിഷ്ഠയുണ്ട്. തെക്കിനിയിലെ പാട്ടുത്തറയില്‍ വര്‍ഷത്തില്‍ അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലമ്മയ്ക്ക് കളം പാട്ടുണ്ട്. മൊടപ്പിലാപ്പള്ളി മനയ്ക്കലെ അംഗങ്ങള്‍ എവിടെ തന്ത്രി പൂജയ്ക്ക് പോയാലും ആദ്യം നാലു കളം വരച്ച് ( ഒരു കളം തിരുമാന്ധാംകുന്നിലമ്മയ്ക്ക്, മറ്റൊന്നു മൂതൃകുന്നു ഭഗവതിയ്ക്ക്, ബാക്കി രണ്ട്കളം കുട്ടിച്ചാത്തന്മാര്‍ക്ക്) തങ്ങളുടെ പരദേവത , ധര്‍മ്മദേവത പൂജ നടത്തണം . അത് നിര്‍ബന്ധാണു. തെക്കിനിയിലെ പാട്ട് തറയില്‍ പണ്ട് പുരുഷാര്‍ത്ഥം പാട്ടു നടത്തിയിട്ടുണ്ട്. അതിനാല്‍ മനയ്ക്കലെ കളം പാട്ടിനു കൂറയിടലോ, കൂറവലിയ്ക്കലോ വേണ്ടാ.120 കളം പാട്ട് അടുപ്പിച്ചു നടത്തുന്നതാണു പുരുഷാര്‍ത്ഥം പാട്ട്. പുരുഷാര്‍ത്ഥം പാട്ട് നടത്തി കഴിഞ്ഞാല്‍ അവിടെ ഒരിക്കലും കളം പാട്ടിനു കൂറയിടലും കൂറവലിയ്ക്കലും വേണ്ടാ.
മൊടപ്പിലാപ്പള്ളി മനയിലെ കാവ് ഒരു അദ്ഭുതമാണു . മൊടപ്പിലാപ്പള്ളി മനക്കാര്‍ ഇവിടെ വന്നു താമസമാക്കുന്നതിനു മുന്നെ കാവ് ഇവിടെ ഉണ്ടായിരുന്നു. ഏകദേശം 600 വര്‍ഷം പഴക്കം കാണും കാവിനു. നാഗരാജാവും, നാഗയക്ഷിയും, അഷ്ടനാഗങ്ങളും, ശാസ്താവും, രക്തേശ്വരി മണികണ്ഠന്മാര്‍ എന്നറിയപ്പെടുന്ന അഞ്ചു കുട്ടിച്ചാത്തന്മാരും ഉണ്ട് ഈ കാവില്‍ . രക്തേശ്വേരി മണികണ്ഠന്മാര്‍ ശൈവഭദ്രക്കാളീ അംശമാണു.കുട്ടിച്ചാത്തന്മാരാണു മൊടപ്പിലാപ്പള്ളി മനയുടെ അധിപതികള്‍. എല്ലാ മാസവും കുട്ടിച്ചാത്തന്മാര്‍ക്ക് ഗുരുതിയുണ്ട്.ശക്തിയും, ദിവ്യത്വവും ഉള്ള കുട്ടിച്ചാത്തന്മാര്‍ ആണു . മാസത്തില്‍ ഒരിക്കല്‍ ഗുരുതി നടത്താന്‍ നിരവധി ഭക്തന്മാര്‍ മൊടപ്പിലാപ്പള്ളി മനയിലെ കാവില്‍ വരാറുണ്ട്. കുട്ടിച്ചാത്തന്മാരുടെ ദിവ്യത്വം അനുഭവിച്ച അനവധി ഭക്തരുണ്ട് ആ നാട്ടില്‍. വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നവര്‍. കാവിലെ സര്‍പ്പങ്ങള്‍ക്ക് എല്ലാ ആയില്ല്യം നാളിലും വെള്ളയരിയുണ്ട്. എല്ലാ ദിവസവും കാവില്‍ പൂജയുണ്ട്. ഭൂമിയില്‍ ഏറ്റവും നല്ല ശുദ്ധമായ വായു കിട്ടണ ഇടമാണു ഈ കാവ്. ആധുനികത തൊട്ടു തീണ്ടിയിട്ടില്ലാ. കാവും കാടും ഒന്നു തന്നെ . അപൂര്‍വ്വ ജൈവസസ്യങ്ങളുടെ സംഗമ സ്ഥലമാണു ഈ കാവ്. മൊടപ്പിലാപ്പള്ളി മനയില്‍ ജലക്ഷാമം ഉണ്ടാവാറില്ലാ ത്രെ. അതിനു കാരണം ഈ കാവ് കൂടിയാണു. മനയുടെ ഐശ്വര്യത്തിനും പ്രൗഡിയ്ക്കും ഒരു കോട്ടവും തട്ടാത്തതും ഈ കാവാണു. കാവ് അത്രയ്ക്കു നന്നായി പരിപാലിച്ചു പോരുന്നുണ്ട് മൊടപ്പിലാപ്പള്ളി മനക്കാര്‍.കാവ് സംരക്ഷരണത്തിനു കേരളാ ഫോറസ്റ്റ് വകുപ്പില്‍ നിന്നു മൊടപ്പിലാപ്പള്ളി മനയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട് .
മൊടപ്പിലാപ്പള്ളിക്കാര്‍ തളിപ്പറമ്ബില്‍ നിന്നു വന്നവരാണെന്ന് പറഞ്ഞല്ലോ . അവര്‍ വരുമ്ബോള്‍ തങ്ങളുടെ ഉപാസനമൂര്‍ത്തിയായ തളിപ്പറമ്ബപ്പനെയും കൊണ്ട് വന്നു മൊടപ്പിലാപ്പള്ളി മനയുടെ പടിഞ്ഞാറു ഭാഗത്ത് ക്ഷേത്രം നിര്‍മ്മിച്ച പ്രതിഷ്ഠിച്ചു . കാരാട്ട് തൃക്കോവില്‍ ശിവക്ഷേത്രം എന്നാണു ആ ക്ഷേത്രത്തിന്റെ പേര്‍. മനയുടെ കിഴക്കു ഭാഗത്തു മൊടപ്പിലാ തൃക്കോവില്‍ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നു (നരസിംഹമൂര്‍ത്തി) . ശ്രീലകത്ത് സാളഗ്രാമത്തില്‍ ബ്രഹ്മദേവ സാന്നിധ്യം ഉണ്ട്. പൂജയും ഉണ്ട്. ബുധനാഴ്ചകളില്‍ പഞ്ചാരയട നിവേദ്യം ബ്രഹ്മദേവനു പ്രധാനം. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിധ്യം മനയില്‍ ഉള്ളത് കൊണ്ടാണു ഞാന്‍ മൊടപ്പിലാപ്പള്ളി മനയെ തൃമൂര്‍ത്തികള്‍ വാഴും മന എന്നു വിശേഷിപ്പിച്ചത്. ഇത്രയും ആചാരാനുഷ്ഠാനങ്ങള്‍ ഉള്ള മന, അതെല്ലാം കാത്തു സൂക്ഷിക്കുന്ന മന എന്നു പറയാവും ഭേദം , അത് കേരളത്തില്‍ വിരളാണു .
ലോകത്തിലാദ്യമായി ദേവീഭാഗവത നവാഹയജ്ഞം സത്രരൂപത്തില്‍ നടന്നത് മൊടപ്പിലാപ്പള്ളി മനയിലായിരുന്നു .2007 ഇല്‍ ആയിരുന്നു സത്രം നടന്നത്.പതിനായിരക്കണക്കിനു ജനങ്ങള്‍ പങ്കെടുത്ത ഒരു പുണ്ണ്യ സംഗമം ആയിരുന്നു സത്രം . സത്രം നടന്ന അന്നു മുതല്‍ മൊടപ്പിലാപ്പള്ളി മനയ്ക്ക് മണിദ്വീപ പുരി എന്നൊരു നാമം കൂടി ലഭിക്കുകയുണ്ടായി . പടിപ്പുരയുടെ താഴെ ശിലാഫലകങ്ങളുടെ തുടക്കത്തില്‍ സത്രത്തിന്റെ ഓര്‍മ്മയായ, മണിദ്വീപപുരി എന്ന നാമധേയം ആലേഖനം ചെയ്ത ശിലാഫലകം കാണാം.സകലപുണ്ണ്യങ്ങളും ഇപ്പോള്‍ മൊടപ്പിലാപ്പള്ളി മനയില്‍ ലയിച്ചു.
കാരാട്ട് തൃക്കോവില്‍, മൊടപ്പിലാ തൃക്കോവില്‍, കടക്കോട്ട് കാവ് , കോങ്ങാട് തിരുമാന്ധാംകുന്നു ക്ഷേത്രം ( ഉപക്ഷേത്രങ്ങളായ മേലെ മമ്ബുള്ളി ശിവക്ഷേത്രം , ചമ്ബയില്‍ ശിവക്ഷേത്രം) എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണു മൊടപ്പിലാപ്പള്ളി മനക്കാര്‍. അതു പോലെ ഗജരാജന്‍ സാക്ഷാല്‍ കോങ്ങാട് കുട്ടിശങ്കരന്‍ , പ്രസിദ്ധമായ കോങ്ങാട് ഭഗവതി മഠം എന്നിവ മൊടപ്പിലാപ്പള്ളി മനയുടെ കീഴിലാണു. കോങ്ങാടുമായി വളരെ അടുത്ത ബന്ധമാണു മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കുള്ളത്. അതു വിശദമായി വേറെ ഒരു പോസ്റ്റില്‍ പറയാം . കോങ്ങാട് ഒരു രണ്ടാം ഗൃഹം തന്നെയാണു മൊടപ്പിലാപ്പള്ളിക്കാര്‍ക്ക്.
വള്ളുവകോനാതിരിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍ക്ക് . വള്ളുവകോനാതിരിയുടെ അരിയിട്ടുവാഴ്ചയില്‍ പ്രത്യേക സ്ഥാനമാനങ്ങള്‍ മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കുണ്ടായിരുന്നു. അതു പോലെ വള്ളുവനാടിന്റെ ഭരണാധികാരികളായിരുന്ന ആയിരനാഴികോവിലകത്തില്‍ അനവധി നൂറ്റാണ്ടുകളായി വിവാഹ ബന്ധങ്ങള്‍ സ്വീകരിച്ചിരുന്നു മൊടപ്പിലാപ്പള്ളി മനക്കാര്‍. (ആയിരനാഴി അരിപ്ര മങ്കട കടന്നമണ്ണ എന്നീ കോവിലകങ്ങളില്‍ നിന്നു ഏറ്റവും മൂത്ത വ്യക്തിയെയാണു വള്ളുവകോനാതിരിയായി വാഴിക്കുക)അടുത്തിടെ ഇഹലോകവാസം വെടിഞ്ഞ വള്ളുവകോനാതിരി രണ്ടാം സ്ഥാനിയും, ആയിരനാഴി കോവിലകത്തിലെ തമ്ബുരാനുമായ ശ്രീ എ.സി. വേണുഗോപാല രാജ അവര്‍കള്‍ മൊടപ്പിലാപ്പള്ളി മനയ്ക്കലെ ശ്രീ ശേഖരന്‍ നമ്ബൂതിരിപ്പാട് അദ്ദേഹത്തിന്റെ പുത്രനായിരുന്നു.
അനവധി സല്‍കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പുണ്ണ്യഭൂമിയാണിത്. ഒരു കാലത്ത് സഹസ്രനാമം കാല്‍ക്കഴിച്ചൂട്ട് ഒക്കെ നടന്നിരുന്നു. അതു പോലെ വാസുദേവന്‍ നമ്ബൂതിരിപ്പാടിന്റെ കാലത്ത് , അദ്ദേഹത്തിന്റെ മരണം വരെ മനുഷ്യവൃക്ഷലതാദികള്‍ തൊട്ട് പക്ഷിമൃഗാദികള്‍ക്ക് വരെ ഊട്ടു നടത്തിയിരുന്നു. പണ്ഡിതന്മാരായ ശ്രീ ജാതവേദന്‍ നമ്ബൂതിരിപ്പാട് , ശ്രീ ശേഖരന്‍ നമ്ബൂതിരിപ്പാട്, അതു പോലെ ഇപ്പോഴത്തെ മൊടപ്പിലാപ്പള്ളി മനയിലെ ഇപ്പോഴത്തെ തലമുറയുടെ പിതാവായ , തന്ത്രി പ്രമുഖന്‍ ആയിരുന്ന ശ്രീ മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാട് ( മലബാറിലെ 1800 ഓളം ക്ഷേത്രങ്ങള്‍ക്ക് വര്‍ഷാശനം ലഭിക്കാന്‍ പോരാടിയ വ്യക്തിത്വമായിരുന്നു വാസുദേവന്‍ നമ്ബൂതിരിപ്പാട് അദ്ദേഹം) തുടങ്ങി അനവധി വ്യക്തിത്വങ്ങള്‍ മനയുടെ യശസ്സിനു മാറ്റു കൂട്ടി. അത് പോലെ ഇന്നത്തെ തലമുറയില്‍ വക്കീലും പ്രസിദ്ധ തന്ത്രിയുമായ ശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും (തന്ത്രശാസ്ത്ര ഗവേഷണ വിദ്യാര്‍ത്ഥി കൂടിയാണു ഇദ്ദേഹം), തന്ത്രിയും കോങ്ങാട് തിരുമാന്ധാംകുന്നു ക്ഷേത്ര ട്രസ്റ്റിയുമായ മൊടപ്പിലാപ്പള്ളി ശ്രീ ശാസ്തൃശര്‍മ്മന്‍ നമ്ബൂതിരിപ്പാടും, ലക്ചററും, മാധ്യമപ്രവര്‍ത്തകനും, കഥകളി നടത്തിപ്പുകളില്‍ സജീവ സാന്നിധ്യവുമായ ശ്രീ വിനുവാസുദേവന്‍ ( മൊടപ്പിലാപ്പള്ളി വാസു ദേവന്‍ നമ്ബൂതിരിപ്പാട് ) അദ്ദേഹവും മനയ്ക്ക് അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്നു. സാമൂഹികമായ പല മാറ്റങ്ങള്‍ക്കും തങ്ങളുടേതായ സംഭാവനകള്‍ അതാത് കാലത്ത് മൊടപ്പിലാപ്പള്ളി മനക്കാര്‍ നല്‍കിയിട്ടുണ്ട് .കൂട്ടിലങ്ങാടി പഞ്ചായത്തിലും . കോങ്ങാടിലും ഒരുപാട് പ്രശംസനീയമായ കാര്യങ്ങള്‍ക്ക് പങ്കുവഹിക്കാന്‍ മൊടപ്പിലാപ്പള്ളി മനക്കാര്‍ക്കായിട്ടുണ്ട് . കോങ്ങാടിനെ സംബന്ധിച്ചു മൊടപ്പിലാപ്പള്ളി മന ഒരഭിമാനം കൂടിയാണു. കോങ്ങാടിന്റെ ചരിത്രവുമായി മൊടപ്പിലാപ്പള്ളി മനയ്ക്ക് വളരെ അടുത്ത ബന്ധമുണ്ട് . അത് പിന്നീടൊരിക്കല്‍ പറയാം.
മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്ബൂതിരിപ്പാടിന്റെയും പത്ന്നി ലീല മുണ്ടനാട് അവര്‍കളുടെയും 7 മക്കളാണു( അവരുടെ കുടുംബവും)മൊടപ്പിലാപ്പള്ളി മന തറവാട്ടിലെ ഇപ്പോഴത്തെ അംഗങ്ങള്‍ ( ശാസ്തൃശര്‍മ്മന്‍നമ്ബൂതിരിപ്പാട് , , പരമേശ്വരന്‍നമ്ബൂതിരിപ്പാട് , , വിനുവാസു ദേവന്‍ നമ്ബൂതിരിപ്പാട് , ഗിരിജ അന്തര്‍ജ്ജനം ശോഭ അന്തര്‍ജ്ജനം, രമണി അന്തര്‍ജ്ജനം, സാവിത്രി അന്തര്‍ജ്ജനം ഇങ്ങനെ ഏഴു മക്കള്‍ ).മൊടപ്പിലാപ്പള്ളി മനയില്‍ ഇപ്പോള്‍ താമസിക്കുന്നതു തന്ത്രി ബ്രഹ്മശ്രീ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്ബൂതിരിപ്പാടും അമ്മ ലീല മുണ്ടനാട് അവര്‍കളും,കുടുംബവുമാണു .