2023, ജനുവരി 25, ബുധനാഴ്‌ച

പാലന്തായി കണ്ണന്‍ ,കാസര്‍കോഡ് ജില്ല

 

പാലന്തായി കണ്ണന്
=====================

കാസര്കോഡ് ജില്ലയിലെ പ്രകൃതി രമണീയമായ പ്രദേശമാണ് നീലേശ്വരം. പുഴകളും പാലങ്ങളും കൊച്ചു ദ്വീപുകളും കൊണ്ട് ഏറെ പ്രകൃതി സമ്പ്ന്നമായ പ്രദേശം. നീലേശ്വരം രാജാവിന്റെ പടനായകരില് പ്രധമൻ 'കുറുവാട്ടുകുറുപ്പ്'. ജാതീയത കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടമാണത്. കുറുവാട്ട് കുറുപ്പ് ഏറെ ധനികനും രാജാവിന്റെ പ്രീതിയാല് ധാരാളം ഭൂസ്വത്ത് കൈവശം വച്ചിരുന്ന ആളുമായിരുന്നു. ആയിരക്കണക്കിന് 'പറ' നെല്ല് കൊയ്യ്തെടുത്ത പാടങ്ങളും. നൂറുകണക്കിന് പശുക്കളെ കൊണ്ട് നിറഞ്ഞ ഗോശാലയും കുറുപ്പിന്റെ സന്വത്തിന്റെ ആഴം നമുക്ക്‌ കാണിച്ച് തരുന്നു. കുറുപ്പിന്റെ വിശാലമായ ഭൂപ്രദേശം നോക്കി നടത്താന് ധാരാളം ജോലിക്കാരുമുണ്ടായിരുന്നു. അതില് കുറുപ്പിന്റെ കാലികളെ പരിചരിക്കാന് നിയോഗിക്കപ്പെട്ട ചെക്കനായിരുന്നു' കണ്ണന്.
ജാതിയതയും തൊട്ടു കൂടായ്മ്മയും ദൃഷ്ടിയില് കാണുന്നത് പോലും 'അയിത്തമായി കണ്ട ഒരു കെട്ടകാലത്താണ് 'പാലന്തായി കണ്ണന്റെ' കഥ നടക്കുന്നത്. കുറുപ്പിന്റെ ജോലിക്കാരനായിരുന്നു കണ്ണന്. ഒരു നാള് മാവില്ക്കയറി പഴുത്ത പറിച്ചു. മാങ്ങ തിന്നശേഷം മാങ്ങയണ്ടി താഴേക്ക് വലിച്ചെറിയുന്നതിനിടയില് അതുവഴി പോവുകയായിരുന്ന കുറുപ്പിന്റെ മരുമകളുടെ തലയില് വീണു. ജാതിയമായീ താഴ്ന്ന ജാതിയില് പെട്ട 'തീയ്യ ചെക്കന്' തന്റെ മരുമകളെ അപമാനിച്ചതായി കുറുപ്പ് തെറ്റിദ്ധരിച്ചു. അന്ന് കൊല്ലിനും കൊലയ് ക്കും കുലാധിക്കാരമുണ്ടായിരുന്നവരാണ് ഈ കുറുപ്പന്മ്മാര്. തന്റെ മരുമകളെ അപമാനിച്ച കാലിയ ചെക്കനെ പിടിച്ചുകെട്ടി തറവാട്ടുമുറ്റത്ത് ഹാജരാക്കാന് കുറുപ്പ് ഉത്തരവിട്ടു. ഈ വിവരം അറിഞ്ഞ കണ്ണന് ജീവനും കൊണ്ടോടി. ചന്ദ്രഗിരിപ്പുഴയും കടന്ന് തുളുനാട്ടിലേക്ക് രക്ഷപ്പെട്ടു. മംഗലാപുരത്തുളള കോവില് കുറുപ്പാടി എന്ന സ്ഥലത്തെത്തിയ കണ്ണനെ അവിടത്തെ തറവാട്ടിലെ അമ്മ സഹായിയാക്കി. തറവാട്ടിലെ അടിച്ചുതെളിക്കും പൂജാദികര്മങ്ങള്ക്കും സഹായിച്ച് വര്ഷങ്ങള് ചെലവഴിച്ചു. ഒരു നാള് പൂജയ്ക്കായി ഒരുക്കിയ പാല് നഷ്ടപ്പെട്ട വിവരത്തിന് 'പാല് എന്തായി കണ്ണാ' എന്ന തറവാട്ടമ്മയുടെ അന്വേഷണമാണ് പിന്നീട് പാലന്തായി കണ്ണന് എന്നറിയപ്പെടാനിടയായത്.
തറവാട്ടിലെത്തി വർഷം 12 കഴിഞ്ഞു. കണ്ണൻ നല്ല യുവാവായി. പിറന്ന നാടിന്റെയും പെറ്റമ്മയുടെയും ഓർമ്മകൾ കണ്ണനെ അലട്ടാൻ തുടങ്ങി. കണ്ണൻ മുത്തശ്ശിയോട്‌ കാര്യം പറഞ്ഞു. സങ്കടത്തോടെ മുത്തശ്ശി സമ്മതം മൂളി.നാടിന്റെ കണ്മണിയായി മാറിയ പാലന്തായിക്കണ്ണനെ യാത്രയാക്കാൻ ഗ്രാമം ഒന്നടങ്കമെത്തി.12 വർഷം താൻ വിളക്ക്‌ വെച്ച്‌ നൈവേദ്യമർപ്പിച്ച വിഷ്ണുമൂർത്തിയുടെ പള്ളിയറയുടെ മുന്നിൽ കണ്ണൻ തൊഴു കൈകളോടെ നിന്നു. പൊടുന്നനെ ശ്രീകോവിലിനകത്ത്‌ സൂക്ഷിച്ചിരുന്ന ദേവിയുടെ ഉടവാള് സ്വയം ഉറഞ്ഞ് തുളളി കണ്ണന്റെ കൈയ്യിലേക്ക് വന്നു. കണ്ണന് പോകുന്ന സങ്കടത്തോടെ തറവാട്ടമ്മ അരിയിട്ട് യാത്രയയച്ചു. കുമ്പളപ്പുഴ കടന്ന് മടിയന്ക്ഷേത്രപാലകനെ തൊഴുത് വന്ദിച്ചശേഷം മൂലപ്പള്ളി കൊല്ലന് കൊട്ടിലില്നിന്ന് ചുരികയ്ക്ക് മൂര്ച്ചവരുത്തുകയുംചെയ്തു.
അങ്ങനെ കണ്ണൻ ജന്മനാടായ നീലേശ്വരത്ത്‌ എത്തി.അപ്പോഴാണു കളിക്കൂട്ടു കാരനായിരുന്ന കനത്താടനെ കണ്ടത്ത്‌.
വിശേഷങ്ങൾ പങ്കു വെച്ച്‌ കണ്ണനെ തന്റെ വീട്ടിലേക്ക്‌ ക്ഷണിച്ചു ഭക്ഷണത്തിനു മുൻപ്‌ കദളിക്കുളത്തിലിറങ്ങി കുളിക്കാൻ ആവശ്യപ്പെട്ടു ആസമയത്ത്‌ കനത്താടൻ കുറുപ്പിനടുത്തേക്കോടി വിവരമറിയിച്ചു.കുടിപ്പക മൂത്ത്‌ കുറുപ്പ്‌ വാളുമായി കദളിക്കുളത്തിലേക്കോടി.
താമരകൾ നിറഞ്ഞ കുളത്തിലതാ കണ്ണൻ അരയോളം വെള്ളത്തിൽ.മാനിന്റെ നേരെ പുലിയെന്ന കുറുപ്പ്‌ പോലെ കണ്ണനു നേരെ പാഞ്ഞടുത്തു.കുളിച്ചു കൊണ്ടിരുന്ന കണ്ണനെ ആഞ്ഞു വെട്ടി.കണ്ണന്റെ ചോര വീണ കദളിക്കുളം കുരുതിക്കളം പോലെ ചുവന്നു.കൽപ്പടവിൽ വെച്ച കണ്ണന്റെ ചുരികയും കുടയും അയാൾ ചിള്ളിയെറിഞ്ഞു.
ആ മാത്രയിൽ ഓലക്കുടനിന്നു തുള്ളാൻ തുടങ്ങി.കണ്ണന്റെ ചുരിക കദളിക്കുളത്തിലെ താമരകളെയൊക്കെയും അറുത്തിട്ട്‌ പടിഞ്ഞാറോട്ട്‌ കുതിച്ചു.പേടിച്ചരണ്ട കുറുപ്പ്‌ ഭ്രാന്തനെപ്പോലെ വീട്ടിലെക്കോടി.അവിടെയെത്തിയ കുറുപ്പ്‌ ഞെട്ടി.തന്റെ തറവാട്‌ നിന്നിടത്ത്‌ ചെമ്മണ്ണും തീപ്പുകയും മാത്രം.ആലയിലെ കാലികളെയെല്ലാം നരിപിടിച്ചിരിക്കുന്നു.. നാട്‌ മുഴുവൻ അനർത്ഥങ്ങൾ കണ്ടു തുടങ്ങി.കുറുപ്പ്‌ നീലെശ്വരം കൊട്ടാരത്തിലെത്തി തമ്പുരാനെ കണ്ടു.തന്റെ പടനായർക്കു വന്ന ദുസ്ഥിതിയറിയാൻ ജ്യോതിഷിയെ വരുത്തി.കണ്ണന്റെ ചുരികപ്പുറമേറി കീർത്തിയുള്ളൊരു പരദേവത വന്നിട്ടുണ്ടെന്നും തന്റെ നിസ്വാർത്ഥ ഭക്തിയാൽ കണ്ണനും ദൈവക്കരുവായി മാറിയെന്നും പ്രശ്ന ചിന്തയിൽ തെളിഞ്ഞു.കണ്ണന്റെ ചുരിക ചെന്നു നിന്ന കോട്ടപ്പുറം പൂഴിപ്പരപ്പിൽ കുറുവാട്ട്‌ കുറുപ്പ്‌ സ്വയം കല്ല് ചുമന്ന് ക്ഷേത്രം നിർമ്മിച്ച്‌ വിഷ്ണുമൂർത്തിയെയും പാലന്തായിക്കണ്ണനെയും പ്രതിഷ്ഠിക്കണമെന്നും തെളിഞ്ഞു.
അതിൻപ്രകാരം നീലേശ്വരം രാജാവ്‌ തലയിൽ വെച്ച്‌ കൊടുത്ത മുഹൂർത്തക്കല്ലുമായി കുറുപ്പ്‌ കോട്ടപ്പുറത്തെത്തി ക്ഷേത്രം പണിത്‌ വിഷ്ണുമൂർത്തിയെയും പാലന്തായികണ്ണനെയും കുടിയിരുത്തി.അങ്ങനെ കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം ഉയർന്നു വന്നു..
പിന്നീട്‌ വിഷ്ണുമൂർത്തിയെ കോലം കെട്ടിയാടിക്കാൻ തീരുമാനിച്ചു.പാലായിയിലെ കൃഷ്ണൻ എന്ന മലയൻ വീട്ടിലിരിക്കവെ തേജസ്വിയായ ഒരു ബ്രാഹ്മണൻ അവിടെയെത്തി.ഇന്നു പച്ചോല മെടഞ്ഞുണ്ടാക്കിയ കുടിലിൽ കിടന്നുറങ്ങണം എന്നാവശ്യപ്പെട്ട്‌ ആ ബ്രാഹ്മണൻ മറഞ്ഞു.
അതിൻ പ്രകാരം ഉറങ്ങവെ അദ്ദേഹം ഒരു സ്വപനം കണ്ടു അതിൽ കണ്ട രൂപം നിനക്ക്‌ കോട്ടപ്പുറത്ത്‌ കെട്ടിയാടിക്കാമൊ എന്ന ചോദ്യവും.സങ്കീർണ്ണമായ രണ്ടു രൂപങ്ങളും പറ്റില്ല എന്നറിയിച്ചു. മൂന്നാമതായി കണ്ടത്‌ കുരുത്തോലകൾ അലങ്കരിച്ച ഒരു രൂപമായിരുന്നു.അത്‌ ആറ്റവും തോറ്റവുമുണ്ടാക്കി കെട്ടിയാടിക്കാം എന്നറിയിച്ചു.
അങ്ങനെ കോട്ടപ്പുറത്ത്‌ ആണ്ടു കളിയാട്ടം നിശ്ചയിച്ചു.വിഷ്ണുമൂർത്തിയെ ആദ്യമായി കെട്ടിയാടി.പാലായി പരപ്പേൻ എന്ന ആചാരം കോലക്കാരനു ലഭിച്ചു.പാലന്തായികണ്ണനെ പള്ളിക്കര കർണ്ണമൂർത്തി എന്ന ആചാരമുള്ള വണ്ണാൻ സമുദായക്കാരും കെട്ടിയാടുന്നു.
വിഷ്ണുമൂർത്തിയെ കെട്ടിയാടുന്ന കോഴിക്കോട്‌ മുതൽ മംഗലാപുരം വരെയുള്ള കാവുകളിലെല്ലാം പാലന്തായിയുടെയും കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രത്തിന്റെയും കീർത്തി പരന്നു കിടക്കുന്നു.