Melparampath temple, one among the oldest bhadrakali hindu temples in Kerala
ഇന്നലെയുണ്ടായ വാഹനാപകടത്തിൽ, കൂട്ടുകാരൻ മരണമടഞ്ഞതിൽ ദുഃഖിതനായ തന്റെ മകനെ എങ്ങിനെ ആശ്വസിപ്പിക്കും എന്ന് എന്റെ സുഹൃത്ത് ചോദിച്ച രണ്ടു ചോദ്യങ്ങളാണ് ഈ ചിന്തക്കാധാരം.മകനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും? എന്ത് പറഞ്ഞു സമാധാനപ്പെടും?ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാൻ ശ്രമിക്കുകയാണ് ഞാൻ…
നമ്മളെപ്പോലെയുള്ള സാധാരണ മനുഷ്യർക്കു സഹിക്കാവുന്നതിൽ കൂടിയ ദുഃഖം ആണിത്.ഒന്നും തന്നെ പറഞ്ഞു സമാധാനിപ്പിക്കാനോ സമാധാനിക്കാനോ കഴിയുന്നതല്ല ഇങ്ങനെയൊക്കെയുള്ള ദാരുണ നഷ്ട്ടങ്ങൾ. പക്ഷെ ഇതു പറയുമ്പോൾ തന്നെ, ഈ രണ്ടു ചോദ്യങ്ങള്ക്കുള്ള ആത്യന്തികമായ ഉത്തരം ‘ഭഗവത് ഗീത’ നല്കുന്നുണ്ടെന്നതും വിസ്മരിച്ചു കൂടാ.
ഈ ദുഃഖ കാരണം എന്താണ്?ഗീതയുടെ വഴിയിൾ ഒന്നു ചിന്തിച്ചു നോക്കാം. കേരളത്തിൽ ഇന്നലെയോ അടുത്ത കാലത്തോ നടന്നിട്ടുള്ള ഇതുപോലെയുള്ള ദാരുണ സംഭവങ്ങൾ നമ്മളെ ഇങ്ങിനെ അലട്ടിയോ?കേരളത്തിൽ ദിനം പ്രതി ഇതുപോലെ എത്രപേർ മരണപ്പെടുന്നു.നമുക്ക് എന്തെങ്കിലും വിഷമം തോന്നുന്നുണ്ടോ?ഇല്ല എന്നാണു അത്മാർത്ഥമായ ഉത്തരം. അപ്പോൾ പിന്നെ ഈ സംഭവം മാത്രം നമ്മളെ എന്തു കൊണ്ടു വല്ലാതെ ബാധിക്കുന്നു? കാരണം സ്പഷ്ടമാണ്,ഇത് എനിക്കറിയാവുന്ന, ഞാനുമായി ബന്ധമുള്ള ആളുകളാണ് എന്നതു തന്നെ. അതായത് ജീവനഷ്ടമല്ല, ‘എന്റെ’ എന്ന തിരിച്ചറിവാണ് ദുഖഹേതു.ഇതായിരുന്നു അർജുനന്റെയും വിഷാദ കാരണം.ഇന്ദ്രിയജന്യമായ ഈ ദുഖകാരണം മനസ്സിലായ സ്ഥിതിക്ക് അതിനു ‘ഗീത’ നല്കുന്ന നിവാരണ മാർഗ്ഗവും അറിയാൻ ശ്രമിക്കാം.
“മാത്രാസ്പർശാസ്തു കൌന്തേയ ശീതോഷ്ണ സുഖ ദുഃഖ:ദാ:ആഗമാപായിനോfനിത്യാ; സ്താം സ്തിതിക്ഷസ്വ ഭാരതാ”
(കുന്തീപുത്രനായ ഹേ അർജുനാ! ഇന്ദ്രിയ വിഷയ ബന്ധങ്ങളാവട്ടെ ശീതം, ഉഷ്ണം, സുഖം, ദുഃഖം എന്നിവയെ ഉണ്ടാക്കുന്നതും അസ്ഥിരങ്ങളായ അവ വന്നും പോയും ഇരിക്കുന്നതുമാണ്. ശീതോഷ്ണാദികളെ സഹിക്കുന്ന പോലെ സുഖദുഃഖങ്ങളെയും സഹിക്കുക).
സാഹചര്യങ്ങളും വസ്തുക്കളും അസ്ഥിരങ്ങളെന്നും സുഖദുഃഖങ്ങൾ വന്നും പോയും ഇരിക്കുമെന്നും വിഷയാനുഭവങ്ങളൊക്കെയും അനിത്യങ്ങളെന്നും അറിയുന്ന വിവേകി ജീവിതത്തിൽ എന്ത് സംഭവിച്ചാലും കുലുങ്ങില്ല, സാഹചര്യം അനുകൂലമോ പ്രതികൂലമോ ആവാം.എന്ത് തന്നെയായാലും ‘ഇതും മാറുകതന്നെ ചെയ്യും’ എന്നുറപ്പുള്ള ജ്ഞാനി എല്ലാ വെല്ലുവിളികളെയും തിതിക്ഷയോടെ നേരിടുന്നു.
അതെ, നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെങ്കിലും സത്യം അതാണ്. ഏതു നഷ്ടദുഖവും കാലക്രമേണ മാറിപ്പോകും. ഈ സത്യത്തെ എത്രമാത്രം ഉൾക്കൊള്ളുന്നുവോ, അത്രമാത്രം ദുഖതീവ്രത നമ്മളിൽ കുറയും. ഈ ജ്ഞാനം ആർക്കെങ്കിലും ആശ്വാസം നൽകുമെങ്കിൽ അതു തന്നെയാകും ഈ കുറിപ്പിന്റെ ഗുണഫലവും.