2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

കുടപ്പാറ ഭഗവതി ക്ഷേത്രം തൃശ്ശൂർ ജില്ല കൊണ്ടയൂർ ദേശത്ത്


കുടപ്പാറ ഭഗവതി ക്ഷേത്രം തൃശ്ശൂർ ജില്ല കൊണ്ടയൂർ ദേശത്ത്

തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് ദേശമംഗലം പഞ്ചായത്തിൽ കൊണ്ടയൂർ ദേശത്ത് ഭാരതപ്പുഴയുടെ തീരത്തായി കുടപ്പാറ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ആൽത്തറയിൽ പ്രതിഷ്ഠിച്ച ദേവീ ചൈതന്യത്തിന് കിഴക്കോട്ട് ദർശനം. വിശാലമായ അമ്പലപ്പറമ്പോടുകൂടിയ ഈ അമ്പലം കുടപ്പാറ ക്ഷേത്രക്കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നു. ജഗദംബയായ ദുർഗാ ദേവിയുടെ നനദുർഗാ രൂപത്തിൽ ദേവിയെ ഇവിടെ ആരാധിക്കുന്നു. നിത്യ പൂജക്ക് കിരിയത്ത് നായര്‍  പൂജാ സമ്പ്രദായമാണ് അനുവർത്തിച്ചുവരുന്നത്. വിശേഷ ദിവസങ്ങളിലോ, വിശേഷ പൂജാ അവസരങ്ങളിലോ മാത്രമേ ബ്രാഹ്മണ പൂജ പതിവുള്ളൂ.                                                                                                 


കുടപ്പാറ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ കുംഭമാസത്തിലെ (ഫെബ്രുവരി - മാർച്ച്) ഒരു വെള്ളിയാഴ്ച നടക്കുന്ന പൂരവും മിഥുന മാസത്തിലെ (ജൂൺ - ജൂലൈ) ചിത്ര നാളിൽ നടത്തപ്പെടുന്ന പിറന്നാളാഘോഷവുമാണ്. ക്ഷേത്രത്തിലെ പ്രധാന പരിപാടികളുടെ വിവരണം താഴെ കൊടുക്കുന്നു.

പൂരം

കുടപ്പാറ പൂരം വർഷങ്ങൾക്ക് മുമ്പ് പറയർ സമുദായക്കാർ കെട്ടിയാടിക്കൊണ്ടിരുന്ന വേലയാണ് പിൽകാലത്ത് സാർവജനിക കുടപ്പറ പൂരമായി വിപുലപ്പെടുത്തപ്പെട്ടത്. കൊണ്ടയുർ കിഴക്കുമുറി, കൊണ്ടയുർ പടിഞ്ഞാറ്റുമുറി ദേശക്കാരുടെ പൂരവും, അതേ ദേശക്കാരുടെ ഹരിജൻ പൂരവും, കാഞ്ഞിരക്കോട്ട് കോളനി കാളവേലയും, പറയരുടെ ദാരികനും കാളിയും വരവും ചേർന്നതാണ് കുടപ്പാറ പൂരം. 20 ആനകളും, തായമ്പകയും, പഞ്ചവാദ്യവും, പാണ്ടിമേളവും, കാവടിയും, അലങ്കാരക്കാളകളും, പൂതൻ, തിറ , വെള്ളാട്ട്, കരിങ്കാളി, മറ്റ് ദേവതാ വേഷങ്ങളും ചേർന്ന ദൃശ്യവിസ്മയമാണ് കുടപ്പാറ പൂരം. മധ്യകേരളത്തിലെ പ്രസിദ്ധമായ മറ്റുപൂരങ്ങളേപ്പോലെ തന്നെ ഇവിടെയും ഗംഭീര വെടിക്കെട്ട് / കരിമരുന്നു പ്രയോഗം അരങ്ങേറാറുണ്ട്. വെടിക്കെട്ട് കാണുന്നതിനായി വിശാലമായ പാടശേഖരം പ്രത്യേകം കെട്ടിയൊരുക്കി സുരക്ഷാ സംവിധാനങ്ങൾ പാലിച്ചു കൊണ്ടാണ് സൌകര്യമൊരുക്കുന്നത്.                                                                                             
2008ലെ സുവർണ്ണ പ്രശ്നാനന്തരം ഭഗവതിയുടെ പുന: പ്രതിഷ്ഠ നടത്തുക ഉണ്ടായി. പിന്നീടുള്ള വർഷങ്ങളിൽ ആ ദിവസം കുടപ്പാറ അമ്മയുടെ പിറന്നാളായി ആഘോഷിക്കാൻ തുടങ്ങി. കുടപ്പാറമ്മയുടെ പിറന്നാൾ എല്ലാ വർഷവും മിഥുന മാസത്തിൽ ചിത്ര നാളിൽ നടത്തപ്പെടുന്നു. വിശേഷാൽ പൂജകളുടെ പുറമേ അന്നേ ദിവസം ഭക്തജനങ്ങൾക്ക് പ്രസാദമായി പിറന്നാൾ സദ്യ നല്കി വരുന്നു. കുടപ്പാറ ഭഗവതിയുടെ ഈ തിരുനാളാഘോഷത്തിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് കുടപ്പാറയിലേക്ക് ഒഴുകിയെത്തുന്നത്.


വൃശ്ചികം ഒന്നു മുതൽ നാൽപ്പത്തെട്ട് ദിവസം അമ്പലത്തിൽ ദിവസവും നിറമാലയും ചുറ്റുവിളക്കും ഭക്തജനങ്ങൾ നേർച്ചയായി കഴിപ്പിക്കാറുണ്ട്. നാൽപ്പത്തൊന്നാം ദിവസം പടിഞ്ഞാറ്റുമുറി പൂരാഘോഷ കമ്മിറ്റിയും നാൽപ്പത്തെട്ടാം നാൾ കിഴക്കുമുറി പൂരാഘോഷക്കമ്മിറ്റിയും വിശേഷാൽ നിറമാലയും ചുറ്റുവിളക്കും നടത്തുന്നു.


കുടപ്പാറ ഭഗവതിയുടെ ചരിത്രത്തെ പറ്റി വ്യക്തമായ രേഖകളൊന്നും നിലവിലില്ല. ആകെയുള്ളത് വാമൊഴിയായി പകർന്നുകിട്ടിയതും ക്ഷേത്രജ്ഞരുടെ ഗണിതത്തിൽ തെളിഞ്ഞതും ആയ വിവരങ്ങൾ മാത്രമേയുള്ളൂ. കുറച്ചെങ്കിലും സ്വീകാര്യമായ ഒരു ഭാഷ്യം ഇതാണ്. പണ്ട് പണ്ടാരത്തിൽ, നമ്പ്രത്ത് എന്ന രണ്ടു നായർ തറവാട്ടിലെ കാരണാവർമാർ പുഴക്കക്കരെ ഉള്ള വാണിയംകുളം ചന്തയ്ക്ക് ഉരുക്കളെ വാങ്ങാൻ പോയി. ഉരുക്കളെയും വാങ്ങി വരുന്ന വഴിമദ്ധ്യേ അവർ ജീർണ്ണിച്ചു കിടക്കുന്ന ഒരു അമ്പലപ്പറമ്പിലെ ആൽമരത്തിന് ചുവട്ടിൽ വിശ്രമിക്കാനിരുന്നു. ഒന്നു മയങ്ങുകയും ചെയ്തു. ക്ഷീണം മാറ്റി വീണ്ടും നടപ്പ് തുടർന്ന അവർ കൂമ്പൻ പാറക്കല്ലിനടുത്തുള്ള കയത്തിൽ കുളിക്കാനിറങ്ങി. കന്നുകളെ കഴുകി കയറ്റി കുളിയും കഴിഞ്ഞു പണ്ടാരത്തിലെ കാരണവർ കുടയുമെടുത്ത് സ്വന്തം വീട്ടിലേക്ക് പോയി. പുഴക്കരയിൽ തന്നെ വീടുള്ള നമ്പ്രത്ത് തറവാട്ടിലെ കാരണവർ കുളികഴിഞ്ഞു കന്നുകളെയും കൊണ്ട് പോകനൊരുങ്ങിയപ്പോഴാണ് വിചിത്രമായ ആ ആനുഭവം ഉണ്ടായത്, തന്റെ ഓലക്കുട പാറയിൽ നിന്നും ഇളകുന്നില്ല. കുറെ ശ്രമിച്ചിട്ടും കുട വിട്ടു വരാത്തതിനാൽ കുടയെ പാറയിൽ തന്നെ വിട്ടു അദ്ദേഹം വീട്ടിലേക്ക് പോയി. പിറ്റേദിവസം അദ്ദേഹം പണ്ടാരത്തിൽ തറവാട്ടിലെ കാരണവരെ കാണാനായി പോയി. ആ സമയത്ത് അവിടെയും ചില വിസ്മയങ്ങൾ നടക്കുന്നുണ്ടായിരുന്നു. മച്ചിൽ വച്ചിരുന്ന കുട വിറക്കുകയും ഇളകുകയും ചെയ്യുന്നു. രണ്ടു കാര്യങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്ന് തോന്നിയതിനാൽ വേഗം ഒരു ദൈവജ്ഞനെ കണ്ടു പ്രശ്നം വയ്പ്പിച്ചു . കന്നുകളെയും കൊണ്ട് വരുന്ന വഴിയിൽ വിശ്രമിച്ച അമ്പലത്തിലെ ദേവി ഇവരുടെ കൂടെ പുറപ്പെട്ട് പോന്നതാണെന്നും അതിപ്പോൾ കുടയുറച്ച കൂമ്പൻ പാറക്കടിയിൽ ജലത്തിലും , കുടയിളകിയ മച്ചിലും ആയി സാന്നിധ്യം ഉണ്ടായിരിക്കുന്നു വെന്നും പ്രശ്നവശാൽ വെളിവായി. രണ്ടു തറവാട്ടിലും അന്ന് മുതൽ ഭഗവതിയെ കുലദൈവമായി ആരാധിച്ചുതുടങ്ങി . കുടയിൽ വന്നു പാറയിൽ വസിച്ച ദേവിയാണ് പിന്നീട് കുടപ്പാറമ്മ എന്ന പേരിൽ ആരാധിക്കപ്പെട്ടു തുടങ്ങിയത്.
ഭഗവതിയുടെ കുടപ്പാറയിലെ വാസത്തെക്കുറിച്ച് പ്രചാരത്തിലിക്കുന്ന മറ്റൊരു വാമൊഴി കൂടിയുണ്ട്. പാടത്തെ പണികഴിഞ്ഞു കന്നുകളെ പുഴയിൽ കൊണ്ടുവന്നു കഴുകി ദാഹവും മാറ്റി കൊണ്ടുപോകാറുള്ള നമ്പ്രത്ത് തറവാട്ടിലെ കാരണവർ ചില ദിവസങ്ങളിൽ കന്നുകളിൽ ഒന്നിനെ ഇടക്കിടക്ക് കാണാതാവുന്നു. ഇതിന്റെ രഹസ്യം തേടിയപ്പോഴാണ് ഒരു പോത്ത് ഇടക്കിടക്ക് കയത്തിൽ മുങ്ങിയാൽ വരാൻ സമയമെടുക്കുന്നു എന്നു മനസിലാക്കിയത്. ഒരു ദിവസം കാരണവർ പോത്തിനെ വെള്ളത്തിലിറക്കിയപ്പോൾ അതിന്റെ വാലിൽ പിടി കൂടി, കാരണവരെയും കൊണ്ട് പോത്ത് കയത്തിൽ മുങ്ങി. കയത്തിന്റെ അടിയിലെ ഏതോ രഹസ്യ മാർഗ്ഗത്തിലൂടെ പോത്ത് കാരണവരെ വിസ്മയകരമായ ഒരു ലോകത്തെത്തിച്ചു. അതൊരു പാതാള അമ്പലമായിരുന്നത്രേ. അവിടുത്തെ ഊട്ടുപുരയുടെ പുറകിൽ പോയി ഇലയും മറ്റും തിന്നാനാണ് പോത്തിന്റെ ഈ പോക്കെന്ന് കാരണവർക്ക് മനസ്സിലായി. കാരണവർ സ്ഥലം നടന്നു കാണുന്ന തിരക്കിൽ പോത്തിനെ മറന്നു. അടുത്ത തവണ പോത്ത് വന്നപ്പോഴേക്കും കാരണവർ അതൊരു ജലവാസി യായ ഒരു ഭഗവതി ക്ഷേത്രം ആണെന്നും നിത്യ പൂജയുള്ള സ്ഥലമാണെന്നുമൊക്കെ മനസ്സിലാക്കി. പോത്തിന്റെ വാലിൽ പിടിച്ച് കാരണവർ വീണ്ടും കടവത്ത് പൊങ്ങിവന്നു. തുവർത്തി വീട്ടിലേക്ക് നടന്നപ്പോൾ അവിടെയോരാൾക്കൂട്ടം. മാറിനിന്നു എന്താണെന്ന് കാരണവർ അന്വേഷിച്ചു. അന്നേക്കു കാരണവർ പോയിട്ടു 16 ദിവസം ആയത്രേ, കാരണവർ പുഴയിൽ വീണു മരിച്ചെന്നു കരുതി അടിയന്തിരം നടക്കുകയാണവിടെ. തന്നെ കണ്ട ആളോടു താൻ മരിച്ചിട്ടില്ലെന്നും, ഇത് തന്റെ പിറന്നാൽ സദ്യ ആയി കരുതണമെന്നും, താൻ കാശിക്ക് പോകുകയാണെന്നും പറഞ്ഞു പുറപ്പെട്ട് പോയി . അദ്ദേഹത്തെപറ്റി പിന്നെ വിവരമൊന്നും കിട്ടിയില്ല.
 കുടപ്പാറയിലെ പ്രധാന വഴിപാടുകൾ ഇവയാണ് .


നിറമാല

നിറമാലയും ചുറ്റുവിളക്കും ഭഗവതിക്ക് വൈകുന്നേരങ്ങളിൽ അർപ്പിക്കുന്നു. കഴിവിനനുസരിച്ച് പായസവും ഉണ്ടാകും. നിവേദിച്ച പായസം സന്നിഹിതരായ ഭക്ത ജനങ്ങൾക്ക് പ്രസാദമായി നല്കുന്നു. ഇതിലേക്ക് വേണ്ട സാധനങ്ങൾ ഈ പൂജ കഴിക്കുന്നവർ വാങ്ങി ഏൽപ്പിക്കുന്ന പതിവാണ് നിലവിലുള്ളത്.

വെടി വഴിപാട്

ചൊവ്വ , വെള്ളി , ഞായർ ദിവസങ്ങളിൽ നടത്തുന്ന കതിനാവെടി യുടെ വഴിപാടാണു അമ്മക്ക് പ്രിയമുള്ള മറ്റൊന്നു. കാര്യ സാധ്യത്തിനും വിഘ്നങ്ങളകറ്റുന്നതിനും പ്രാർത്ഥിക്കുന്നതാണ് ഇത്.

തുലാഭാരം

തുലാഭാരം വഴിപാടു നേരത്തെ അറിയിച്ചു അമ്പലം തുറന്നിരിക്കുമ്പോൾ നടത്തുന്നതിന് സൌകര്യമുണ്ട്. സാധന സാമഗ്രികൾ ഭക്തർ കൊണ്ടുവരണം .

നടയ്ക്കിരുത്തൽ

പശു , ആട് , കോഴി എന്നിവയെ അമ്മക്ക് സമർപ്പിക്കാറുണ്ട് . അവ ലേലം ചെയ്തു കിട്ടുന്ന പണം അമ്പലത്തിലേക്ക് മുതൽ കൂട്ടുന്നു.

പറ ചെരിയൽ

ഉത്സവ സമയങ്ങളിൽ അമ്പലത്തിൽ പറ ചെരിയുന്നതിനുള്ള സംവിധാനമുണ്ട്.

മറ്റ് വഴിപാടുകൾ

പുഷ്പാഞ്ജലി, വിളക്കും മാലയും, പട്ടു ചാർത്തൽ, ആദിയായ വഴിപാടിനങ്ങൾ നടത്തുന്നതിനും സൌകര്യമുണ്ട്. പിറന്നാൾ അവസരത്തിൽ അന്നദാനത്തിനുള്ള അരി, പച്ചക്കറി ആദിയായവ നടയ്ക്കു സമർപ്പിക്കുകയും ചെയ്യാവുന്നതാണ് .



കുടപ്പാറ ക്ഷേത്രത്തിലെത്താൻ സൌകര്യപ്രദമായ വഴികൾ ഇതാണ്.
  • തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽനിന്നും കുണ്ടന്നൂർ, ചിറ്റണ്ട, വരവൂർ, ദേശമംഗലം വഴിയും (ദൂരം 20 കിലോ മീറ്റർ), ഷൊറണൂരിൽ നിന്നും ചെറുതുരുത്തി, പള്ളം, ദേശമംഗലം വഴിയും (11 കിലോ മീറ്റർ), പട്ടാമ്പി/കുന്നംകുളം ഭാഗത്തുനിന്നും വരുന്നവർ പട്ടാമ്പി കൂട്ടുപാതയിൽ നിന്നും ആറങ്ങോട്ടുകര , ദേശമംഗലം വഴിയും കൊണ്ടയൂർ കുടപ്പാറ അമ്പലത്തിലെത്താം.
  • കാരക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നു ഭാരതപ്പുഴ കടന്നും കൊണ്ടയൂർ കുടപ്പാറ അമ്പലത്തിലെത്താം. മഴക്കാലത്ത് തോണി സൌകര്യം ഉണ്ട്.

2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം





നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം

കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് നീർവേലി ശ്രീരാമസ്വാമി ക്ഷേത്രംകണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്തായി കൂത്തുപറമ്പ്- ഇരിട്ടി റൂട്ടിൽ നീർവേലി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചിട്ടുള്ള ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. വധിച്ച്‌ വിജയശ്രീലാളിതനായി വാഴുന്ന ശ്രീരാമന്റെ അതിരൗദ്രഭാവത്തിലുള്ള വിശ്വരൂപദർശനത്തെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു.


ശ്രീരാമന്റെ വനവാസകാലത്ത് സീതയെ മോഹിപ്പിക്കാനായി സ്വർണ്ണമാനായി വന്ന മാരീചനെ പിന്തുടർന്ന് കൊന്ന ഉഗ്രരൂപിയായ ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. രാമന്റെ ശബ്ദത്തിലുള്ള കരച്ചിൽ കേട്ട് വന്ന ലക്ഷ്മണനെ പെരിഞ്ചീരി എന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. കാരയിൽ സീതാദേവിക്ഷേത്രം നിൽക്കുന്ന സ്ഥലത്താണ് ഇവർ വസിച്ചിരുന്നതെന്നു കരുതുന്നു.പണ്ട് കിഴക്കോട് ആയിരുന്നു വത്രെ ഇവിടെ പ്രതിഷ്ഠ. അതിന്റെ സൂചനയായി ക്ഷേത്രക്കുളവും അരയാലും ഇപ്പൊഴും കിഴക്കെ നടയിലാണ്. ഒരിക്കൽ പടിഞ്ഞാറ് ഭാഗത്തെ രംഗത്തെ രാമായണം കഥകളിയിൽ മാരിചന്റെ വിളികേട്ട് പടിഞ്ഞാട്ട് തിരിഞ്ഞിരുന്നതാണത്രെ. വിഗ്രഹം . അതിനുശേഷം ആന, കഥകളി എന്നിവ ഇവിടേ പതിവില്ല.                                                                                                                          



ദിവസവും ഉഷ പൂജ, , ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ ,മൂന്നുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു.



പാൽപ്പായസം, കളഭാഭിഷേകം, ചന്ദനം ചാർത്തൽ, ചാക്യാർ കൂത്ത്, സുന്ദരകാണ്ഡം പാരായണം, ഉദയാസ്തമനപൂജ തുടങ്ങിയവ മറ്റുവഴിപാടുകളാണ്.

രാമപുരം ശ്രീരാ‍മക്ഷേത്രം


രാമപുരം ശ്രീരാ‍മക്ഷേത്രം

മലപ്പുറം ജില്ലയിലെ അപൂർവ്വം ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നാണ് രാമപുരം ശ്രീരാ‍മക്ഷേത്രം.

ഒരു വടക്കേ ഇന്ത്യക്കാരനായ ബ്രാഹ്മണൻ തന്റെ ഇഷ്ട ദേവതയുടെ വിഗ്രഹവുമായി ഒരിക്കൽ തീർത്ഥയാത്രയ്ക്കിടെ ഇവിടെയെത്തി. അദ്ദേഹം നേപ്പാളിൽ നിന്നു കൊണ്ടുവന്നതായിരുന്നു ഈ വിഗ്രഹം. ഒരു നമ്പൂതിരി ഇല്ലത്തെത്തിയ അദ്ദേഹം അവിടത്തെ പുരുഷന്മാരെല്ലാം ക്ഷേത്രത്തിൽ വാരത്തിനു (ബ്രാഹ്മണർക്കുള്ള ഊണ്) പോയിരിക്കുകയാണെന്ന് അറിഞ്ഞു. അദ്ദേഹം ആ ഇല്ലത്തെ അന്തർജനങ്ങളോട് വിഗ്രഹത്തിനു നൈവേദ്യം (ഭക്ഷണം) ഒന്നും കൊടുക്കരുത് എന്നുപറഞ്ഞ് വിഗ്രഹം അവിടെ ഏൽപ്പിച്ച് അമ്പലത്തിലേക്കു പോയി.
പക്ഷേ ചെറുപ്പക്കാരും കുസൃതികളുമായ അന്തർജനങ്ങൾ പാൽപ്പായസം ഉണ്ടാക്കി വിഗ്രഹത്തിനു സമർപ്പിച്ചു. നമ്പൂതിരി തിരിച്ചുവന്നപ്പോൾ വിഗ്രഹം തറയിൽ ഉറച്ചുപോയിരിക്കുന്നതായി കണ്ടു. തന്റെ ഇഷ്ടദേവതയെ കൂടെ കൊണ്ടുപോവാൻ കഴിയാതെ മനം നൊന്ത് യാത്രചെയ്ത അദ്ദേഹം യാത്രമദ്ധ്യേ ഒരു കല്ലു പാലത്തിൽ നിന്ന് താഴേയ്ക്കുവീണ് മരിച്ചു.


ഈ സ്ഥലത്ത് ആളുകൾ ഒരു ശ്രീരാമക്ഷേത്രം പറഞ്ഞു. ഒരു ഇഞ്ചക്കാട് ആയിരുന്നു ഇവിടെ. ക്ഷേത്രത്തിന്റെ കോണിൽ മരിച്ചുപോയ ബ്രാഹ്മണന്റെ ഓർമ്മയ്ക്കായി ഒരു കണ്ണാടിയും സ്ഥാപിച്ചു. ബ്രാഹ്മണൻ അപകടത്തിൽ മരിച്ചതായതുകൊണ്ട് ബ്രഹ്മരക്ഷസ്സ് എന്ന് ബ്രാഹ്മണന്റെ വിഗ്രഹം അറിയപ്പെടുന്നു.
ഈ ശ്രീരാമക്ഷേത്രം വളരെ പ്രശസ്തമായപ്പോൾ അരികിൽ ഒന്നു രണ്ട് കിലോമീറ്റർ ചുറ്റളവിൽ രാമപുരത്ത് ശ്രീരാമന്റെ സഹോദരരായഭരതനും(കരിഞ്ചാപ്പാടി ഭരതക്ഷേത്രം) ശത്രുഘ്നനനും (നാറാണത്ത) ലക്ഷ്മണനും(അയോദ്ധ്യ ലക്ഷ്മണക്ഷേത്രം) സീതാദേവിക്കും ക്ഷേത്രങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ ക്ഷേത്രങ്ങൾ എല്ലാം ഇന്നും നിലവിലുണ്ട്. അതുപോലെ തന്നെ രാമപുരത്തെ ഹിന്ദു ഭവനങ്ങളിൽ ഒരു ആണ്തരിയുടെ എങ്കിലും പേര് രാമൻ എന്ന് ഇടാറുണ്ട്. വള്ളുവക്കോനാതിരി 12 നമ്പൂതിരി കുടുംബങ്ങളോട് രാമപുരത്തുവന്ന് താമസിക്കുവാൻ ആവശ്യപ്പെട്ട് അവർക്കായി നിലം കൊടുത്തു.
ഈ ക്ഷേത്രത്തിലെ നടത്തിപ്പുകാർ വടക്കേടത്ത് ഭട്ടതിരിയും തെക്കേടത്ത് ഭട്ടതിരിയുമാണ്. ഭരണാവകാശം ഓരോ ആറു മാസത്തിലും ഇവർ തമ്മിൽ കൈമാറുന്നു.
ഉപദേവനായി ശാസ്താവും ഈ ക്ഷേത്രത്തിൽ ഉണ്ട്. വിവാഹിതനും രണ്ട് പത്നികളുമുള്ള രൂപത്തിലാണ് ഇവിടെ ശാസ്താവ് കുടികൊള്ളുന്നത്.

ചെറു തിരുനാവായ മഹാദേവക്ഷേത്രം,,മലപ്പുറം ജില്ല



തിരുനാവായ മഹാദേവക്ഷേത്രം  മലപ്പുറം ജില്ല

ചെറു തിരുനാവായ മഹാദേവക്ഷേത്രം
മലപ്പുറം ജില്ലയിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് തിരുനാവായ മഹാദേവക്ഷേത്രം. ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം. ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ് ഇത്. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീപരമശിവനാണ്.
  
ചെറു തിരുനാവായ മഹാദേവക്ഷേത്രം


                                                             ബ്രഹ്മാ ക്ഷേത്രം


മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. നവാമുകുന്ദൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. നവയോഗികളായ സത്തുവനാഥർ, സാലോഗ നഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കഡയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടൂണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമായിമാറി. ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ദിവ്യധാമത്തിൽ ഭഗവാൻ നിന്ന തിരുക്കോലത്തിലാണ് കുടികൊള്ളുന്നത്. ഭാരതപ്പുഴയുടെ അങ്ങേക്കരയിൽ ഒരു ശിവപ്രതിഷ്ഠയും ബ്രഹ്മദേവന്റെ പ്രതിഷ്ഠയും കാണുന്നുണ്ട്.

                                              തിരുനാവായ നവാമുകുന്ദ ക്ഷേത്രം

പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം മലപ്പുറം ജില്ല, നിലമ്പൂർ, പോരൂർ



പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ പോരൂർ പഞ്ചായത്തിലാണ് പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം. മഹാവിഷ്ണുക്ഷേതം എന്ന് പ്രസിദ്ധമെങ്കിലും നാലമ്പലത്തിനകത്തുതന്നെ പടിഞ്ഞാട്ട് മുഖമായി ത്രിപുരാന്തകശിവനും നാലമ്പലത്തിനു പുറത്ത് നരസിംഹമൂർത്തിയും തുല്യപ്രാധാന്യത്തോടെ ഈ ക്ഷേത്രത്തിൽ                       കുടികൊള്ളൂന്നു.                                                                                                                                    
പൂത്രക്കോവ് മഹാവിഷ്ണുക്ഷേത്രം  

കിഴക്കോട്ട് മുഖമായ മഹാവിഷ്ണുവാണ് ഈ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണുന്നത്. വൈദികബ്രാഹ്മണരായ വെള്ളക്കാട്ട് ഭട്ടതിരിയുടെപരദേവത എന്ന നിലക്ക് വേദാർച്ചന നടന്നിരുന്ന ക്ഷേത്രമായിരുന്നു ഇത്. യജുർവേദപാരമ്പര്യമനുസരിച്ച് ഓത്തൂട്ട് മുറപ്രകാരം ഇവിടെ നടന്നിരുന്നു.
മഹാവിഷ്ണുവിന്ന് വലത്തായി പടിഞ്ഞാട്ട് മുഖമായിട്ടാണ് ശിവന്റെ ശ്രീകോവിൽ. പടിഞ്ഞാട്ട് മുഖമുള്ള ശിവന്ന് ശക്തികൂടുമെന്ന് പ്രസിദ്ധം. അതുതന്നെ മതിലിനുപുറം ശ്രീകോവിലിനു മുഖം മറച്ചുകൊണ്ട് മലയാണെങ്കിൽ പ്രത്യേകിച്ചും എന്നാണ് പണ്ഡിതമതം. ഈ ലക്ഷണങ്ങൾ ഇവിടെ ചേരുന്നു. ഈ ദേവനെ സ്തുതിച്ചുകൊണ്ടുള്ള ഒരു തിരുവാതിരപ്പാട്ടിൽ തേക്കിൻ കാട്ടിൽ വാണരുളും ശിവനെ ഞാനിതാ കൈതൊഴുന്നേൻ എന്ന് കാണൂന്നതിനാൽ ഏതോ തേക്കിൻ കാട്ടിൽ നിന്നും ഇവിടെക്ക് കുടിയിരുത്തിയതാണെന്ന് കരുതേണ്ടിയിരിക്കുന്നു.

                                          ക്ഷേത്രം ഒരു സൈഡ് കാഴ്ച 



പ്രത്യക്ഷ അനുഭവവും ജ്യോതിഷത്തിന്റെ സാധുതക്കും ഉദാഹരണമായി ഇവിടുത്തെ നരസിംഹമൂർത്തി നിലകൊള്ളുന്നു. ഏകദേശം 60 വർഷങ്ങൾക്കു മുമ്പുവരെ ഇവിടെ ഈ മൂർത്തി ഇല്ലായിരുന്നു. അന്ന് സാത്വികനായ വെള്ളക്കാട്ടു മന കാരണവർക്ക് (വി എം നാരായണൻ ഭട്ടതിരിപ്പാട്‌) പെട്ടെന്ന് ഒരു ഭയം അനുഭവപ്പെട്ടുതുടങ്ങി. അന്ന് പ്രസിദ്ധനായ ജ്യോതിഷി ഗുരുവായൂർ പുതുശ്ശേരി നമ്പൂതിരിയെ വിളിച്ച് പ്രശ്നവിചാരം നടത്തിയപ്പോൾ ഒരുനരസിംഹമൂർത്തിയുടെ സാന്നിദ്ധ്യം കാണൂകയും (ഒരു കിഴുക്കില നേദ്യത്തിനായി യാചിച്ച പിന്നാലെ നടക്കുകയാണെന്നും യാചകനെങ്കിലും നരസിംഹമായതിനാലാണ് ഭയമെന്നും ജ്യോതിഷി) അദ്ദേഹം തന്നെ ക്ഷേത്രത്തിൽ നിന്നും സുമാർ 3 കിമി മാറി പോരൂരിൽ ഒരുസ്ഥാനം കാണീച്ച് കുഴിച്ചപ്പോൾ കിട്ടിയ വിഗ്രഹമാണ് ഇവിടെ ഇപ്പോൾ പ്രതിഷ്ഠിച്ചിട്ടുള്ളത്. ജ്യോതിഷം പാഴാണെന്നു വാദിക്കുന്നവരോട് ഈ സംഭവം വിശദീകരണം ആരായുന്നു.

                                                             ക്ഷേത്രം മുന്‍വശം


  എത്തിച്ചേരാന്‍
  • പെരിന്തൽമണ്ണ -നിലമ്പൂർ റൂട്ടിൽ 28ൽ നിന്നും പോരൂർ വഴി വാണിയമ്പലത്തേക്കു പോകുമ്പോൾ 5 കിമി
  • വണ്ടൂർ കാളികാവ് റൂട്ടിൽ വാണിയമ്പലത്തുനിന്നും 1.5 കിലോമീറ്റർ

                                                                 ക്ഷേത്രക്കുളം

പെരുമ്പറമ്പ് മഹാദേവക്ഷേത്രം മലപ്പുറം ജില്ലയിൽ എടപ്പാളിന് അടുത്താണീ ക്ഷേത്രം



പെരുമ്പറമ്പ് മഹാദേവക്ഷേത്രം

മലപ്പുറം ജില്ലയിൽ എടപ്പാളിന് അടുത്താണീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് .                                                                             

വളരെ പൊക്കമേറിയ ശ്രീകോവിലാണിവിടുത്തേത്. ശ്രീകോവിലിന്റെ കല്ലിൽ തീർത്ത അടിത്തറ പോലും ആറടിയോടം പൊക്കത്തിലാണ്. മറ്റു പരശുരാമ പ്രതിഷ്ഠിതമായ ക്ഷേത്രങ്ങളിലേതുപോലെതന്നെ     ഇവിടെയും ശിവലിംഗ പ്രതിഷ്ഠയാണ്  . പഞ്ചലോഹ   വിഗ്രഹവും പൂജയ്ക്കു വെക്കാറുണ്ട്.                                                                                                                                             

                                                                                                             


പെരുമ്പറമ്പ് ശിവക്ഷേത്രത്തിലെ ക്ഷേത്ര ശ്രീകോവിലിന് മുന്നിലായി പ്രധാന ചുറ്റമ്പല വാതിൽ ക്ഷേത്രേശന്റെ ധ്യാനശ്ലോക വിധിപ്രകാരം പ്ലാവിൽ നിർമിച്ചതാണ്. അഞ്ചടിവീതിയും ഒമ്പതര അടി ഉയരവും രണ്ടിഞ്ച് കനവുമുള്ള വാതിലിൽ ചിന്താമണി, അഘോരൻ, അനാഹിതചക്രശിവൻ,ദക്ഷിണാമൂർത്തിമൃത്യുഞ്ജയൻ, ത്വരിതരുദ്രന്‍എന്നീ ശിവഭാവങ്ങൾ മനോഹരമായി കൊത്തിവെച്ചിരിക്കുന്നു. സൂത്രപ്പട്ടികയിൽ ഗണപതിലക്ഷ്മി എന്നിവരുടെ രൂപങ്ങളുമുണ്ട്.

ഉപ മൂര്‍ത്തികള്‍ 
  • ദക്ഷിണാമൂർത്തി
  • ഉണ്ണിഗണപതി
  • മഹാഗണപതി
  • അയ്യപ്പൻ

രാമായണമാസാചരണം

ശിവക്ഷേത്രത്തിൽ രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് ഗജപൂജയും ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതിഹോമവും നടത്തുക പതിവുണ്ട്.

നവരാത്രി

ശിവക്ഷേത്രത്തിൽ ബൊമ്മക്കൊലു ഒരുക്കൽ, ആയുധപൂജ, വിദ്യാരംഭം എന്നിവയാണ് പതിവ്.

ആർദ്രാദർശന മഹോത്സവം

മഹാദേവ ക്ഷേത്രത്തിലെ ആർദ്രാദർശന മഹോത്സവം എല്ലാവർഷവും നടത്താറുണ്ട്. അന്നേ ദിവസം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്നും എഴുന്നള്ളിപ്പ് ശിവക്ഷേത്രത്തിലേക്ക് പതിവുണ്ട്.
മലപ്പുറം ജില്ലയിൽ എടപ്പാൾ - പൊന്നം ബസ് റൂട്ടിലാണ് പാറാപറമ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം



മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം

കേരളത്തിലെ നരസിംഹസ്വാമിക്ഷേത്രങ്ങളിൽ പ്രമുഖമാണ് മറ്റം ശ്രീ നരസിംഹസ്വാമിക്ഷേത്രം. മാവേലിക്കര തട്ടാരമ്പലത്തിനു മുമ്പ് കണ്ടിയൂർ മഹാദേവക്ഷേത്രത്തിനു പടിഞ്ഞാറായി അച്ചൻ കോവിലാറിനു കരയിൽ ഈ ക്ഷേത്രം കുടികൊള്ളുന്നു. നരസിംഹസ്വാമിക്കു പുറമേകൃഷ്ണൻമുഖമണ്ഡപത്തോടെയും , സ്വാമിയാർ നട,യക്ഷി എന്നിവയും ഇവിടെ ഉണ്ട്,


                                                             മറ്റം ക്ഷേത്രം





മറ്റം നരസിംഹസ്വാമിക്ഷേത്രം -കൃഷ്ണന്‍റെ  നട




മറ്റം നരസിംഹസ്വാമിക്ഷേത്രം പടിപ്പുര





മറ്റം നരസിംഹ സ്വാമി ക്ഷേത്രം  ശ്രീ കോവില്‍ 



മറ്റം നരസിംഹസ്വാമിക്ഷേത്രം ദൃശ്യം

                                                                                                                                                     


മറ്റം നരസിംഹസ്വാമിക്ഷേത്രം സ്വാമിയാർ നട




നരസിംഹസ്വാമിക്ഷേത്രത്തിനു മുമ്പിൽനിന്നുള്ള് അച്ചൻ കോവിലാർ കാഴ്ച

മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ



മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ്‌ മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ദേവിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്. താഴമൺ തന്ത്രികൾക്കാണ് തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.



തിരുവിതാംകൂർ മഹാരാജാവിന്റെ സ്ഥാനിയായിരുന്ന പവ്വത്തിൽ കൈമൾ വീടുപണിയുന്നതിന് പാലായ്ക്കടുത്തുള്ള മങ്കൊമ്പുമലയിൽനിന്ന് തടിവെട്ടി ചങ്ങാടമാക്കി പമ്പാനദിവഴി ആലപ്പുഴയിലേക്ക്‌ കടത്തിക്കൊണ്ടുപോകെ കൊമ്പ് കരയിലുടക്കിയെന്നും അത് പിന്നീട് ഇളക്കാനായില്ലെന്നും ആ തടിയിൽ ഭഗവതികുടിയിരിക്കുന്നുണ്ടെന്നറിഞ്ഞ് ദേവിക്കുവേണ്ടി ആ സ്ഥലത്ത് ഒരു അമ്പലം പണിതു എന്നുമാണ് ഐതിഹ്യം. മങ്കൊമ്പിലമ്മയുടെ കൂടെ വന്ന ദേവിമാർക്കായി അടുത്ത മറ്റ് രണ്ടിടങ്ങളിലായി കൈമളും നാട്ടുകാരും ക്ഷേത്രം നിർമ്മിച്ചു. വടയാറ്റു ക്ഷേത്രം, കോയിക്കൽ ക്ഷേത്രം എന്നിവയാണവ. മങ്കൊമ്പ് എന്ന സ്ഥലപ്പേർ ഉദ്ഭവിച്ചത് മങ്കൊമ്പിൽനിന്ന് ദേവിയെ കുടിയിരുത്തിയതിനാലാണെന്നും കരയിൽ മാങ്കൊമ്പ് ഉടക്കിയതിനാലാണെന്നും ഒക്കെ പല പക്ഷമുണ്ട്. കോട്ടഭാഗം എന്നാണ് ഈ സ്ഥലത്തിന്‍റെ മറ്റൊരു പേര്.                                                                                                                                                                                      


ദേവിയുടെ പൂജാക്രമങ്ങൾ ഇവിടത്തുകാർക്ക് അറിയാത്തതിനാൽ കോലത്തുനാട്ടിലെ അറയ്ക്കൽനിന്ന് നമ്പൂതിരിയില്ലക്കാരെ പൂജയ്ക്ക് കൊണ്ടുവന്നു. അവർ ക്ഷേത്രക്കുളത്തോടുചേർന്ന് താമസമാക്കുകയും അതിനാൽ കുളങ്ങരെ ഇല്ലക്കാർ എന്ന് പേർ സിദ്ധിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ദൂരദേശങ്ങളിൽനിന്ന് ക്ഷേത്രസംബന്ധമായ ജോലികൾക്കും കച്ചവടത്തിനുമായി ബ്രാഹ്മണർ കുടിയേറുകയുണ്ടായി.

പാലായ്ക്കടുത്ത് മൂന്നിലവ് മങ്കൊമ്പുകാവാണ് മങ്കൊമ്പിലമ്മയുടെ മൂലസ്ഥാനം. ഇവിടെനിന്ന് ദേവിയെ നിരവധി ഇടങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവയിൽ ദേവിയുടെ സകലരൂപം മൂന്നിടത്തുമാത്രമാണുള്ളത്. അവയിലൊന്ന് കോട്ടഭാഗം മങ്കൊമ്പിലെ ഈ പ്രതിഷ്ഠയാണ്.


മേടമാസത്തിൽ വിഷു മുതൽ പത്തു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ ഉൽസവം. കുട്ടനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മങ്കൊമ്പ് ക്ഷേത്രത്തിലേത്. പത്താമുദയത്തിന് ഗരുഡൻ തൂക്കം നടത്തുന്നു.

                                                       മങ്കൊമ്പിലമ്മ 



വെള്ളാളരുടെ കുലദേവതയാണ് മങ്കൊമ്പിലമ്മ. ഏതാണ്ട്‌ ആയിരം വർഷം മുൻപ്‌ അവർ കൂടെ കൊണ്ടു പോന്ന അവരുടെ കുലദേവതയാണ് മങ്കൊമ്പിലമ്മ. തെങ്കാശിലെ അഞ്ചു ഊരുകാരായിരുന്ന ഇവരെ "അഞ്ഞൂറ്റിക്കാർ" എന്നാൺ വിളിച്ചിരുന്നത്‌ .അവരും ആശ്രിതരും കോട്ടയം ജില്ലയിലെ പാലായ്ക്കു സമീപമുള്ള മൂന്നിലവിൽ കുടിയേറി. കാലക്രമത്തിൽ കുറേപ്പേർ തൊടുപുഴയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും മാറിത്താമസ്സിച്ചു.

കുലദേവതയെ നിത്യവും തങ്ങളുടെ വീടുകളിൽ പൂജിക്കയും വർഷത്തിലൊരിക്കൽ 'പത്താമുദയത്തിന്‌" സമുദായം ഒന്നടങ്കം മൂന്നിലവിലെത്തി വിധിപ്രകാരാം പൂജിക്കയും ചെയ്തു പോന്നു. പിൽക്കാലത്തു ഈ പ്രദേശങ്ങളിൽ നിന്നും മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയവർ മങ്കൊമ്പിലമ്മയെ കൂടെ കൊണ്ടു പോയതിനാൽ നിരവധി സ്ഥലങ്ങളിൽ മങ്കൊമ്പിലമ്മമാരുണ്ടായി എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിൽ ഏറ്റവും പ്രസിദ്ധം കുട്ടനാട്ടിലെ മങ്കൊമ്പായതിനാൽ പലരും കുട്ടനാട്ടിൽ മാത്രമേ മങ്കൊമ്പ്‌ ഉള്ളൂ എന്നു കരുതുന്നു.

മഹിഷാസുര മർ‍ദ്ദിനിയായ ശിവമഹാലക്ഷ്മി ആണ് മങ്കൊമ്പിലമ്മ. ദുർഗ്ഗാ സങ്കൽപ്പത്തിൽ ശൈവ ശാക്തേയതന്ത്രങ്ങളുമായി ബന്ധമുണ്ട്‌. ചിലപ്പതികാരത്തിലെ ദുർഗ്ഗയെ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാൺ അവതരിപ്പിക്കുന്നത്‌. തമിഴ് ഭദ്രകാളി സങ്കൽപ്പത്തിനും കേരളത്തിലെ ശിവസുതയായ ഭദ്രകാളി സങ്കൽപ്പത്തിനും തമ്മിൽ വ്യത്യാസമുണ്ട്‌. മൂന്നിലവ്‌ മങ്കൊമ്പിൽ രൂപമില്ലാത്ത കേവല ശിലാ പ്രതിഷ്ഠയാണ് .പനച്ചിപ്പാറ ശിലാവിഗ്രഹമാണ് .മടുക്കമരത്തണലിൽ.കുട്ടനാട്ടിലെ ദാരുബിംബത്തിൻ ഇതിനോടു സാമ്യമുണ്ട്‌. പനച്ചിപ്പാറ വിഗ്രഹത്തിനു തമിഴ്‌ ശിൽപ ശൈലിയാണ്‌. ഈ ധ്യാന രൂപം താഴെക്കൊടുത്തിരിക്കുന്ന സ്തോത്രത്തിൽ വർണ്ണിക്കപ്പെടുന്നു.

പഴയ തിരുവിതാംകൂർ പ്രദേശത്ത്‌ പാലാ മൂന്നിലവ്‌, തൃക്കാരിയൂരിനടുത്തുള്ള അറക്കുളം, പറപ്പുഴ,തലനാട്‌ (ശ്രീകോവിൽ), പൂഞ്ഞാർ പനച്ചിപ്പാറ, കോട്ടയം കൂരോപ്പട,കുട്ടനാട്‌ മങ്കൊമ്പ്‌ എന്നിങ്ങനെ ൨൬ മങ്കൊമ്പിൽ ക്ഷേത്രങ്ങളുണ്ട്‌ . പാലാ മൂന്നിലവിലേതാണ്‌ മൂലക്ഷേത്രം. കൃഷി, കച്ചവടം, കണക്കെഴുത്ത്‌ ഇവ മൂന്നിലും വിദഗ്ദർ ആയിരുന്ന കുംഭകോണം വെള്ളാളരിൽ കുറേപ്പറ്‍ എന്തോ കാരണത്താൽ തെങ്കാശിയിലെ വള്ളിയൂരിലേക്കും പിന്നീട്‌ അവിടെ നിന്നും തിരുവിതാംകൂറിലെ കിഴക്കൻ മലയോര മേഖലയിലേക്കും കുടിയേറി .

പോത്താകുന്നൊരു ദാനവന്റെ കരവീര്യത്താലമർത്യാവലി
പേർത്തും ഭീതികലർന്നൊളിച്ചു മരുവീടുന്നൊരവസ്താന്തരേ
കൈത്താർ കൊണ്ട്‌ കഴുത്തറുത്ത്‌ തലയും കോർത്തു ശൂലാന്തറെ
കീർത്യാ മേവും ഉമേ, രമേ,വിതര മേ,മങ്കൊമ്പിലമ്മേ ശുഭം.





എത്തിച്ചേരാന്‍ 

ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നും കേരള സ്റ്റേറ്റ് ബസ്സ്‌ സര്‍വീസ് ഉണ്ട് . രണ്ടിടത്തുനിന്നും കയറി മങ്കൊമ്പ് jn ഇറങ്ങി 1.5 കി മി വടക്ക് നടക്കുക ക്ഷേത്രത്തില്‍ എത്താം 

ഉമ്പർനാട് ശാസ്താനട മാവേലിക്കര




ഉമ്പർനാട് ശാസ്താനട

ഉമ്പർനാട് ശാസ്താനട മാവേലിക്കരയിലെ പ്രസിദ്ധ അയ്യപ്പക്ഷേത്രങ്ങളിൽ ഒന്നാണ് ഈ പ്രകൃതിമനോഹരമായ മന്ദിരം പ്രശാന്തമായ അന്തരീക്ഷവും ഭവ്യമായ ക്ഷേത്രാനുഭൂതി ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്നു. ഈ ക്ഷേത്രത്തോടുചേർന്നുള്ള കാവ് പ്രത്യേകം പ്രസ്താവ്യമാണ്.                                                                                                                                



മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം.

മാവേലിക്കരയിൽ നിന്നും കല്ലുമലവഴി കറ്റാനത്തേക്ക് പോകുമ്പോൾ കനാൽ കവലയിൽ നിന്നും 2 കിമി കിഴക്കോട്ട് യാത്രചെയ്താൽ ഇവിടെ എത്തിച്ചേരാം