2018, ജൂൺ 10, ഞായറാഴ്‌ച

കാളസര്‍പ്പയോഗം



കാളസര്‍പ്പയോഗം

കാലസര്‍പ്പയോഗം, മഹാകാലസര്‍പ്പയോഗം എന്നീ പേരുകളിലും കാളസര്‍പ്പയോഗത്തെ അറിയപ്പെടുന്നു, കാളസര്‍പ്പയോഗത്തെ കുറിച്ച് കേള്‍ക്കാത്തവര്‍ പൊതുവേ കുറവായിരിക്കും. മിക്കവര്‍ക്കും ഈ യോഗത്തെ ഒരു പരിധിവരെ ഭയവുമാണ്. അവര്‍ക്ക് ലഭിച്ച ഉപദേശം അപ്രകാരം ആയിരിക്കും. എന്നാല്‍ ദോഷപ്രദമായി നില്‍ക്കുന്ന കാളസര്‍പ്പയോഗം അത്യപൂര്‍വ്വമായി മാത്രമേ സംഭവിക്കുകയുള്ളൂ എന്ന വസ്തുത മനസ്സിലാക്കുന്നത് ഗുണപ്രദം ആയിരിക്കും.
കാളസര്‍പ്പയോഗം എങ്ങനെ തിരിച്ചറിയാം?
***********************************************************
ഒരു ഗ്രഹനിലയില്‍ രാഹുവിനും കേതുവിനും ഇടയിലായി എല്ലാ രാശികളിലും സപ്തഗ്രഹങ്ങളും നിന്നാല്‍ അതിനെ "പരിപൂര്‍ണ്ണ കാളസര്‍പ്പയോഗം" എന്ന് പറയുന്നു. ഇതാണ് യഥാര്‍ത്ഥ കാളസര്‍പ്പയോഗം. ഇങ്ങനെയുള്ള "പരിപൂര്‍ണ്ണ കാളസര്‍പ്പയോഗം" സംഭവിച്ചാല്‍ ആ ജാതകന്‍റെ ജീവിതം അതീവ ദുരിതപൂര്‍ണ്ണമായിരിക്കും. എന്നാല്‍ ഈ ഗ്രഹസ്ഥിതി അത്യപൂര്‍വ്വമായി മാത്രമേ സംഭവിക്കുകയുള്ളൂ. ഒരു ഗ്രഹനിലയില്‍ രാഹുവിനും കേതുവിനും ഇടയിലായി സപ്തഗ്രഹങ്ങളും വ്യത്യസ്ഥ രാശികളിലായി നിന്നാലും കാളസര്‍പ്പയോഗം ഉണ്ടാകുമെന്ന് പറയുന്നു. പ്രസ്തുത കാളസര്‍പ്പയോഗം അതീവ ദോഷപ്രദം ആയിരിക്കില്ല. ആകയാല്‍ കാളസര്‍പ്പയോഗം ഉണ്ടെന്ന് വന്നാലും അത് അതീവ ദോഷപ്രദമാണോ എന്ന് മനസ്സിലാക്കിയതിനു ശേഷം മാത്രം ദോഷപരിഹാരമാര്‍ഗ്ഗം ചിന്തിച്ചാല്‍ മതിയല്ലോ. കാളസര്‍പ്പയോഗം ഉണ്ടെന്ന് കണ്ടാലും ഗ്രഹസ്ഫുടം കൂടി നോക്കാതെ ആ ജാതകന് കാളസര്‍പ്പയോഗം ഉണ്ടെന്ന് പറഞ്ഞുകളഞ്ഞാല്‍ അത് ആ ജ്യോതിഷിയുടെ അറിവില്ലായ്മ ആയിരിക്കുമെന്ന് മാത്രമല്ല, തെറ്റായ വിവരം നല്‍കിയതിന്‍റെ പേരില്‍ ആ ജാതകന്‍ മാനസികസംഘര്‍ഷത്തിലുമാകും.
ഒരു ഉദാഹരണം പറയാം: 31-8-1983, 10.46pm ന് കൊല്ലം ജില്ലയില്‍ രോഹിണി നക്ഷത്രത്തില്‍ ജനിച്ച ഒരു ആണിന്‍റെ ഗ്രഹനിലയില്‍ ഇടവലഗ്നത്തില്‍ ചന്ദ്രനും രാഹുവും, വൃശ്ചികത്തില്‍ കേതുവും വ്യാഴവും നില്‍ക്കുന്നു. ഗ്രഹസ്ഫുടം നോക്കാതെ തിരുവനന്തപുരത്തുള്ള പ്രശസ്തരായ രണ്ട് പേര്‍ (ദയവായി അവരുടെ പേരുവിവരം ചോദിക്കരുത്) ഇദ്ദേഹത്തിന് കാളസര്‍പ്പയോഗം ഉണ്ടെന്ന് പറഞ്ഞുകളഞ്ഞു. ഒരു രാശിയില്‍ രാഹുവും ചന്ദ്രനും നില്‍ക്കുന്നു. അവസാനരാശിയില്‍ കേതുവും വ്യാഴവും നില്‍ക്കുന്നു. മറ്റൊന്നും നോക്കാതെ ജാതകന് കാളസര്‍പ്പയോഗമുണ്ടെന്ന് അവര്‍ വിധിയെഴുതുകയും ചെയ്തു. എന്നാല്‍ ഈ ജാതകത്തില്‍ കാളസര്‍പ്പയോഗമില്ല. കാരണം, ഇടവത്തിലെ ചന്ദ്രന്‍ നില്‍ക്കുന്നത്‌ ഇടവത്തിലെ രാഹുവിന് മുന്നിലാണ്.
ദോഷപരിഹാരം:
************************
കാളസര്‍പ്പദോഷ പരിഹാരത്തിനായി പലവിധമായ പരിഹാരങ്ങള്‍ ജ്യോതിഷികള്‍ നിര്‍ദ്ദേശിക്കാറുണ്ട്. സര്‍പ്പക്ഷേത്രത്തിലെ യഥാശക്തി അഭിഷേകം മുതല്‍ കാളഹസ്തിയിലെ പരിഹാരപൂജ വരെയും, ദുര്‍ഗ്ഗാദേവിയ്ക്കോ സുബ്രഹ്മണ്യനോ അതുമല്ലെങ്കില്‍ സാക്ഷാല്‍ പരമശിവനോ പരിഹാരകര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ട്. നവഗ്രഹക്ഷേത്രത്തില്‍ നവഗ്രഹപൂജ അല്ലെങ്കില്‍ നവഗ്രഹാര്‍ച്ചന നടത്തുന്നതും ഗുണപ്രദം ആയിരിക്കും. എന്നിരിക്കിലും അത്യുത്തമം ആയ ദോഷപരിഹാരം, അവരവര്‍ ജനിച്ച തിഥികളില്‍ ശിവക്ഷേത്രത്തില്‍ കൂവളദളം കൊണ്ട് മൃത്യുഞ്ജയാര്‍ച്ചന ചെയ്യുക എന്നതാകുന്നു. ഇത് അത്യുത്തമമായ പരിഹാരകര്‍മ്മം ആണെന്ന് ഞങ്ങള്‍ക്ക്‌ നേരിട്ട് അറിവും ഉള്ളതുമാകുന്നു.
കാളസര്‍പ്പയോഗം പന്ത്രണ്ട് വിധമുണ്ട്:
***************************************************
1) അനന്ത കാളസര്‍പ്പയോഗം അഥവാ വിപരീതകാളസര്‍പ്പയോഗം: ലഗ്നത്തില്‍ രാഹുവും ഏഴില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
2) ഗുളിക കാളസര്‍പ്പയോഗം: രണ്ടില്‍ രാഹുവും എട്ടില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
3) വാസുകി കാളസര്‍പ്പയോഗം: മൂന്നില്‍ രാഹുവും ഒമ്പതില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
4) ശംഖപാല കാളസര്‍പ്പയോഗം: നാലില്‍ രാഹുവും പത്തില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
5) പത്മ കാളസര്‍പ്പയോഗം: അഞ്ചില്‍ രാഹുവും പതിനൊന്നില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
6) മഹാപത്മ കാളസര്‍പ്പയോഗം: ആറില്‍ രാഹുവും കേതു പന്ത്രണ്ടിലും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
7) തക്ഷക കാളസര്‍പ്പയോഗം: ഏഴില്‍ രാഹുവും ലഗ്നത്തില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
കാര്‍ക്കോടക കാളസര്‍പ്പയോഗം: എട്ടില്‍ രാഹുവും രണ്ടില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
9) ശംഖചൂഡ കാളസര്‍പ്പയോഗം: ഒമ്പതില്‍ രാഹുവും മൂന്നില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
10) ഘാതക കാളസര്‍പ്പയോഗം: പത്തില്‍ രാഹുവും നാലില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
11) വിഷധര കാളസര്‍പ്പയോഗം: പതിനൊന്നില്‍ രാഹുവും അഞ്ചില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍.
12) ശേഷനാഗ കാളസര്‍പ്പയോഗം: പന്ത്രണ്ടില്‍ രാഹുവും ആറില്‍ കേതുവും ഇവയ്ക്ക് ഉള്ളിലായി സപ്തഗ്രഹങ്ങളും നിന്നാല്‍..
ഓരോ കാളസര്‍പ്പയോഗത്തിനും വ്യത്യസ്ഥമായ ഫലദോഷങ്ങള്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ക്ക് ദോഷവും മറ്റ് ചിലര്‍ക്ക് ഗുണവും ദോഷവും കണ്ടുവരുന്നു. ഫലദോഷങ്ങള്‍ മറ്റൊരിക്കല്‍ പ്രസിദ്ധീകരിക്കുന്നതാണ്. കാളസര്‍പ്പദോഷം ഭവിച്ചിട്ടുള്ള ജാതകര്‍ ദേവീ ഭക്തരാണെങ്കില്‍ അവര്‍ക്കുവേണ്ടി അത്യുത്തമം ആയ മറ്റൊരു മന്ത്രം കൂടി എഴുതുന്നു. കാളസര്‍പ്പയോഗം ഉള്ളവര്‍ അവരുടെ രാഹു അല്ലെങ്കില്‍ കേതുവിന്‍റെ ദശാപഹാര കാലങ്ങളില്‍ അക്ഷരത്തെറ്റ്‌ വരാതെ ഭയഭക്തിയോടെ നിത്യവും 3 ഉരു ഈ മന്ത്രം ജപിക്കുന്നതും അതീവ ഫലപ്രദമാകുന്നു. മന്ത്രം ജപിക്കുന്നതിനുമുമ്പ്‌ സാക്ഷാല്‍ ശ്രീ പരമേശ്വരനെ ഗുരുവായി സങ്കല്‍പ്പിച്ച്, ധ്യാനിക്കുകയും തെറ്റുകുറ്റങ്ങള്‍ പൊറുക്കുകയും ചെയ്യണമെന്ന് അപേക്ഷിക്കുകയും ചെയ്യേണ്ടതുമാകുന്നു.
സര്‍പ്പദോഷശാന്തി മന്ത്രം:
*********************************
"ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൌ
നിശായാം നിദ്രാണാം നിശി ചരമഭാഗേ ച വിശദൌ
വരം ലക്ഷ്മീപാത്രം ശ്രിയമതിസൃജന്തൌ സമയിനാം
സരോജം ത്വത്പാദൌ ജനനി ജയതശ്ചിത്രമിഹ കിം"
കാളസര്‍പ്പയോഗം ഇല്ലാതെ, രാഹുദോഷപരിഹാരമായും ഈ മന്ത്രം ഭക്തിയോടെ ദേവിയെ ആരാധിച്ചുകൊണ്ട് ജപിക്കാവുന്നതുമാണ്. ഫലം സുനിശ്ചിതമാകുന്നു.

വ്രതങ്ങള്‍



വ്രതങ്ങള്‍

ആഴ്ചവ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വ്രതമെടുക്കുന്നവര്‍ വ്രതദിനത്തിലും തലേദിവസം മുതല്‍ ശുദ്ധി, പ്രത്യേകിച്ചും അന്ന - ശരീരശുദ്ധി പാലിക്കണം. വ്രതദിനത്തിലും ഇതാവശ്യമാണ്. വ്രതദിനത്തിന് പിറ്റേദിവസം വരെയും അതുപാലിക്കുകയും വേണം.ആഴ്ചതോറും വ്രതമെടുക്കാന്‍ കഴിയാത്തവര്‍ മലയാളമാസത്തിലെ ആദ്യം വരുന്ന ആഴ്ചകളില്‍ വ്രതമനുഷ്ഠിക്കണം. ഈ ആഴ്ചകളെ മുപ്പെട്ടു ഞായര്‍, മുപ്പെട്ടു തിങ്കള്‍, മുപ്പെട്ടു ചൊവ്വ, മുപ്പെട്ടു ബുധന്‍, മുപ്പെട്ടു വ്യാഴം, മുപ്പെട്ടു വെള്ളി, മുപ്പെട്ടു ശനി എന്നു വിളിക്കുന്നു. ദശാദോഷമനുഭവിക്കുന്നവര്‍ മുടങ്ങാതെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠിച്ചാല്‍ ദോഷഫലത്തിനു ശമനമുണ്ടാകുന്നതാണ്. അക്ഷതങ്ങളെക്കൊണ്ട് വിഷ്ണുവിനെയും തുളസീദളംകൊണ്ട് വിഘ്നെശ്വരനെയും അര്‍ച്ചിക്കരുത്.

ശിവശക്തിയുടെ ദശാവതാരങ്ങൾ,,അംബരീഷ മഹാരാജാവും സുദര്‍ശന ചക്രവും

അംബരീഷ മഹാരാജാവും സുദര്‍ശന ചക്രവും

പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു. ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി. അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു. കുറെ സമയം കഴിഞ്ഞപ്പോള്‍ ദുര്‍വ്വാസാവ് മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു. അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. രാജാവിന് ഒരു ഭയവും തോന്നിയില്ല. പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മ്ികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല.
പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു. അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.

ശിവശക്തിയുടെ ദശാവതാരങ്ങൾ

ശിവം എന്നാല്‍ മംഗളം എന്നാണ് അര്‍ത്ഥം. ഭഗവാന്‍ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലന്‍ .ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു..രണ്ടാമത്തെ അവതാരം "താര"മെന്ന പേരില്‍ അറിയപ്പെടുന്നു...താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം....മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു...ബാലഭുവനേശിയാണ് ശക്തിസ്വരൂപം...ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്. അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരില്‍ പ്രസിദ്ധമാണ്...ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു...ഭഗവാന്റെ ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു...ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം...ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു...ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു...ഭഗവാന്റെ എട്ടാമത്തെ അവതാരം ബഗലാമുഖനാണ് ..ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു...ഒന്‍പതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു...മാതംഗി ആണ് ശക്തിസ്വരൂപം...പത്താമത്തെ അവതാരം കമലെന്നും ..ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ശിവന്‍റെ രൂപ സങ്കല്പം പ്രപഞ്ചം എന്ന സങ്കല്‍പ്പത്തില്‍ നിന്നും ഉണ്ടായതാണ് . പ്രപഞ്ചത്തിന്‍റെ പ്രതീകമാണ് ശിവന്‍ . പുരാതന ഋഷിവര്യന്‍മാര്‍ പ്രപഞ്ചത്തെ നോക്കി കണ്ടത് ശിവനായിട്ടാണ് . ദിഗംബരന്‍ ആണ് ശിവന്‍ .ദിക്കാകുന്ന വസ്ത്രം ഉള്ളവന്‍ . അത് നാം കാണുന്ന പ്രകൃതിയുടെ അതിരാണ് . ആകാശത്തിലെ കാര്‍മേഘം ആണ് ശിവന്‍റെ ജഢ


ദുര്യോധനൻ,,ശീലാവതി,,അഭിമന്യു,,മൃതസജ്ജീവനീ മന്ത്രം

ദുര്യോധനൻ,,ശീലാവതി,,അഭിമന്യു,,മൃതസജ്ജീവനീ മന്ത്രം

ദുര്യോധനൻ

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ദുര്യോധനൻ . ധൃതരാഷ്ട്രരുടെ മൂത്ത പുത്രൻ. സുയോധനൻ, ആജമീഢൻ, ഭാരതൻ, ഭരതർഷഭൻ, ഭാരതാഗ്യ്രൻ, ധാർത്തരാഷ്ട്രൻ, ധൃതരാഷ്ട്രജൻ, ഗാന്ധാരീപുത്രൻ, കൌരവനന്ദനൻ, കൗരവേന്ദ്രൻ, കൌരവേയൻ, കുരുപ്രവീരൻ, കുരുസത്തമൻ തുടങ്ങിയ പേരുകൾ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തിൽ പ്രയുക്തമായിട്ടുണ്ട്. ദുര്യോധനന്റെ ജനനസമയത്ത് അനേകം ദുർനിമിത്തങ്ങളുണ്ടായി. ധൃതരാഷ്ട്രർ ബ്രാഹ്മണരെയും ഭീഷ്മരെയും മറ്റും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കിൽ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാൻ ധൃതരാഷ്ട്രർക്കു മനസ്സു വന്നില്ല. പാണ്ഡുവിന്റെ മരണശേഷം കുന്തിയും പുത്രന്മാരുംകൂടി ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ കൌരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായി. ഒരിക്കൽ ദുര്യോധനൻ ഭീമന് കാളകൂടവിഷം കലർത്തി ഭക്ഷണം കൊടുത്തു. പക്ഷേ, ഭീമൻ പൂർവാധികം ശക്തനാവുകയാണുണ്ടായത്. മറ്റൊരിക്കൽ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങി. അതനുസരിച്ച് വാരണാവതം എന്ന സ്ഥലത്ത് ദുര്യോധനൻ ഒരു അരക്കില്ലം പണിയിച്ചു. ശില്പി വിദുരരുടെ നിർദേശപ്രകാരം ദുര്യോധനൻ അറിയാതെ അതോടു ചേർത്ത് ഒരു ഗുഹാദ്വാരവും കൂടി പണിതു. പാണ്ഡവർ അരക്കില്ലത്തിൽ വാസം തുടങ്ങി. ഒരു ദിവസം ദുര്യോധനൻ അരക്കില്ലം അഗ്നിക്കിരയാക്കി. പക്ഷേ, പാണ്ഡവർ ഗുഹാമാർഗ്ഗത്തിലൂടെ രക്ഷപെട്ടു. പാണ്ഡവർ വെന്തെരിഞ്ഞു എന്ന ധാരണയിൽ ദുര്യോധനൻ ആശ്വസിച്ചു കഴിഞ്ഞുകൂടി.
ഈ അവസരത്തിൽ പാഞ്ചാലരാജപുത്രിയായ ദ്രൗപദിയുടെ സ്വയംവരത്തിൽ സംബന്ധിക്കുവാനായി ദുര്യോധനാദികൾ അങ്ങോട്ടു പുറപ്പെട്ടു. എന്നാൽ ബ്രാഹ്മണവേഷധാരികളായി അവിടെ വന്നുചേർന്ന പാണ്ഡവരാണ് ദ്രൗപദിയെ വിവാഹം ചെയ്തത്. ഭീഷ്മർ, ദ്രോണർ തുടങ്ങിയവരുടെ ഉപദേശപ്രകാരം ധൃതരാഷ്ട്രർ പാണ്ഡവരെ തിരിച്ചുവിളിച്ച് അവർക്ക് പകുതി രാജ്യത്തിന്റെ അവകാശം കൊടുത്തു. പാണ്ഡവരെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ആഗ്രഹിച്ച ദുര്യോധനൻ ധർമപുത്രരെ ചൂതിനു വിളിച്ചു. ശകുനിയുടെ സഹായത്തോടെ നടന്ന കള്ളച്ചൂതിൽ ദുര്യോധനൻ ധർമപുത്രരെ അടിക്കടി പരാജയപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട ധർമപുത്രർക്ക് സഹോദരന്മാരുടെയും പഞ്ചാലിയുടെയും കൂടെ പന്ത്രണ്ടുവർഷം വനവാസത്തിനും ഒരു വർഷം അജ്ഞാതവാസത്തിനുമായി പുറപ്പെടേണ്ടിവന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതം നേരിട്ടുകണ്ട് ആസ്വദിക്കുവാനായി ദുര്യോധനൻ വനത്തിലെത്തി. അവിടെവച്ച് ഗന്ധർവന്മാർ ദുര്യോധനനെ ബന്ധിച്ചു. പാണ്ഡവർ ഇടപെട്ടാണ് ദുര്യോധനനെ മോചിപ്പിച്ചത്. ലജ്ജിതനായ ദുര്യോധനൻ ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും ദുശ്ശാസനന്റെയും മറ്റും സാന്ത്വനവചനങ്ങൾ കേട്ട് ഉത്തേജിതനായി ആത്മഹത്യാശ്രമം ഉപേക്ഷിച്ചു.
പാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ചെന്നറിഞ്ഞ് അസൂയാകലുഷിതനായിത്തീർന്ന ദുര്യോധനൻ ഒരിക്കൽ ദുർവാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദർശിക്കാൻ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാൽപ്പിന്നെ ആ ദിവസം അക്ഷയപാത്രത്തിൽ ആഹാരം ഉണ്ടാവുകയില്ല. ദുർവാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാൻ പറഞ്ഞയച്ചശേഷം ധർമപുത്രർ കൃഷ്ണനോട് സഹായത്തിന് അഭ്യർഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തിൽ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണൻ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുർവാസാവിനും കൂട്ടർക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമായെന്നാണ് പുരാണകഥ. മുനിയുടെ കോപത്താൽ പാണ്ഡവർ നശിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയ ദുര്യോധനൻ അവിടെയും പരാജയപ്പെട്ടു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവർക്ക് സൂചികുത്തുവാൻ പോലും സ്ഥലം കൊടുക്കുകയില്ലെന്ന് ദുര്യോധനൻ ശഠിച്ചു. അതിന്റെ ഫലമായി പാണ്ഡവന്മാരും കൌരവന്മാരും തമ്മിൽ കുരുക്ഷേത്രത്തിൽവച്ച് പതിനെട്ടുദിവസം നീണ്ടുനിന്ന ഭാരതയുദ്ധം നടന്നു. ആ യുദ്ധത്തിൽ ഭീമസേനന്റെ ഗദകൊണ്ടുള്ള അടിയേറ്റ് തുടയെല്ലൊടിഞ്ഞു നിലംപതിച്ച ദുര്യോധനൻ ഏറെത്താമസിയാതെ പ്രാണത്യാഗം ചെയ്തു.
ഹൈന്ദവ പണ്ഠിതന്മാരുടെ നിരീക്ഷണത്തിൽ ദുര്യോധനൻ കഴിവുറ്റ പ്രജക്ഷേമ തത്പരനായ രാജാവായിരുന്നു.എന്നിരിക്കിലും പാണ്ഡവരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ കുടിലമായ വഴികൾ സ്വീകരിക്കാൻ യാതൊരു മടിയും കാണിച്ചില്ല. യുധിഷ്ഠിരനെ യുവരാജാവാക്കുന്നത് ദുര്യോധനന് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.കുന്തിക്കു ലഭിച്ച വരം എന്നത് കെട്ടുകഥയാണെന്ന് ഉറച്ചു വിശ്വസിച്ചു.ഇക്കാരണത്താൽ കുന്തിയുടെയും മാദ്രിയുടെയും മക്കളെയും കുരു വശജരായി അംഗീകരിച്ചിരുന്നില്ല. കുട്ടിക്കാലത്ത് ഭീമസേനന്റെ മൃഗീയമായ മർദ്ദനം ദുര്യോധനന്റെ മനസ്സിൽ തീർത്ത മുറിവ് ഒരിക്കലും ഉണങ്ങുമായിരുന്നില്ല. ബന്ധുജനങ്ങൾക്ക്,പ്രത്യേകിച്ച് മാതുലൻ വിദുരരുടെ പാണ്ഡവരോടുള്ള പക്ഷപാതപരമായ സമീപനം പ്രതികാരാഗ്നി ആളിക്കത്തിച്ചു. ദ്രോണാചാര്യരും വ്യത്യസ്തനായിരുന്നില്ല. ദുര്യോധനന്റെ നല്ല ഗുണമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് തന്റെ സുഹൃത്തായ കർണനോടുള്ള കറ തീർന്ന സ്നേഹമാണ്.തന്റെ നൂറ് സഹോദരന്മാർ മരിച്ച് വീണപ്പൊഴും സമചിത്തത കൈവിടാതിരുന്ന ദുര്യോധനൻ കർണ്ണന്റെ മരണവൃത്താന്തമറിഞ്ഞപ്പോൾ പരിസരം മറന്ന് വിലപിച്ചു എന്ന് പറയപ്പെടുന്നു.

ശീലാവതി

പുരാണത്തിലെ സ്ത്രീ കഥാപാത്രങ്ങളില്‍ വളരെ ശ്രദ്ധേയയായ ഒരു കഥാപാത്രമാണ് ശീലാവതി . പലരും ആ പദം നല്ല രീതിയില്‍ ഉപയോഗിക്കാറുള്ള ഒരു പേരല്ല ശീലാവതി. പാതിവൃത്യത്തിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഒരു ശക്ത യായ സ്ത്രീകധാപാത്രമായിരുന്നു ശീലാവതി. പഞ്ചമഹാരത്നങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന പതിവൃതാ രത്നങ്ങളില്‍ ശീലാവതിയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് എന്റെ ചിന്തകളെ ആലോസരപെടുതിയിട്ടുണ്ട് . എങ്കിലും പാതിവൃത്യത്തിന്റെ അവസാന പേരാണ് ശീലാവതി . അത്രി മുനിയുടെ പുത്രന്‍ ആയ ഉഗ്രശ്രവസ്സ് ആയിരുന്നു ശീലാവതിയുടെ ഭര്‍ത്താവ്. ഭര്‍തൃ ശുശ്രൂഷയില്‍ മാത്രം ശ്രദ്ധാലുവായിരുന്ന ശീലാവതിയെ ഭര്‍ത്താവ് നിരന്തരം കുറ്റം പറയുകയും ക്രൂരമായി ശകാരിക്കുകയും ചെയ്തിരുന്നു. ഒരു കുറ്റവും ചെയ്യാതെ തന്നെ ശീലവതിയെ ഭര്‍ത്താവ് ശകാരിച്ചു. ഭര്‍ത്താവിന്റെ ചെയ്തികളെ ചോദ്യം ചെയ്യാതെ എല്ലാം അനുസരണയോടെ അനുസരിക്കുകയും ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു . ഒരിക്കല്‍ പോലും എതിര്‍ക്കുകയോ പരിഭാവിക്കുകയോ കുറ്റപ്പെടുത്തുകയോ ഉണ്ടായില്ല. ഭക്തിപൂര്‍വ്വം അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞു ഉഗ്രശ്രവസ്സിന്റെ സ്വഭാവത്തില്‍ മാറ്റമൊന്നും കണ്ടില്ല. പക്ഷെ കര്‍മ ഫലം ആണോ എന്നറിയില്ല ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. അപ്പോഴും ശീലാവതി ഭര്‍തൃ ശുശ്രൂഷയില്‍ യാതൊരു വീഴ്ചയും വരാതെ നോക്കിയിരുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതോടൊപ്പം ഭിക്ഷ യാചിച്ചു കൊണ്ട് വരേണ്ട ആവശ്യകതയും ശീലാവതിക്ക് വന്നു ചേര്‍ന്നു. ഒരിക്കല്‍ ഭിക്ഷയെടുത്തു കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഉഗ്രശ്രവസ്സിന്റെ വിരല്‍ അടര്‍ന്നു ചോറില്‍ വീണു. കുഷ്ടരോഗിയുടെ വിരല്‍ അടര്‍ന്നുവീണ ഭക്ഷണം യാതൊരു മടിയും കൂടാതെ ശീലാവതി കഴിക്കുകയും ചെയ്തു
ഒരിക്കല്‍ വാശിക്കാരനായ ഉഗ്രശ്രവസ്സ് തനിക്കു ഒരു വേശ്യാഗൃഹത്തില്‍ പോകണമെന്ന് വാശി പിടിച്ചു. ഭര്‍ത്താവിന്റെ ആഗ്രഹത്തിന് തടസ്സമൊന്നും പറഞ്ഞില്ല ശീലാവതി. നോക്കണേ ഓരോ പരീക്ഷണങ്ങള്‍.... കുഷ്ടരോഗിയായ ഭര്‍ത്താവിനെ ഒരു കുട്ടയില്‍ വച്ച് ചുമന്നു കൊണ്ട് ശീലാവതി നേരേ നടന്നു; ഉഗ്രശ്രവസ്സിന്റെ ആഗ്രഹം നടത്തിക്കാന്‍. പോകും വഴിയില്‍ അണി മാണ്ടാവ്യന്‍ എന്ന മുനി ശൂലത്തിന്‍ നഗ്നനായി കിടക്കുന്നുണ്ടായിരുന്നു. കുട്ടയും ചുമന്നു പോകുന്നതിനിടയില്‍ മുനിയുടെ അരികിലൂടെയാണ്‌ ശീലാവതി പോയത്. കാര്യം മനസ്സിലാക്കിയ മുനി ഉഗ്രശ്രവസ്സിനെ ശപിച്ചു. അടുത്ത സൂര്യോദയത്തിനു മുന്‍പ് ഉഗ്രശ്രവസ്സ് മരിച്ചുപോകും എന്നായിരുന്നു ശാപം. പതി ഭക്തയായ ശീലാവതി ഉഗ്രമായ തപസ്സ്‌ അനുഷ്ടിച്ചുകൊണ്ട് ഇനി മേലാല്‍ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ എന്ന് പ്രര്ധിച്ചു .ശീലവ്തിയുടെ മനഷക്തിയാല്‍ സൂര്യന്‍ ഉദിച്ചില്ല. സൂര്യോദയം ഉണ്ടാകാതെ ഭൂമിയാകെ കുഴപ്പത്തിലായി. ഒടുവില്‍ ത്രിമൂര്‍ത്തികള്‍ വിഷമത്തില്‍ ആയി അത്രിമുനിയുടെ പത്നിയായ അനസൂയയെ ശരണം പ്രാപിച്ചു. അനസൂയയുടെ നിര്‍ബന്ധത്തിനു വഴങ്ങി ശീലാവതി ശാപം പിന്‍വലിച്ചു.അങ്ങനെ സൂര്യന്‍ വീണ്ടും ഉദിക്കുകയും ശാപത്തിന്റെ ഫലമായി ഉഗ്രശ്രവസ്സ് മരണമടയുകയും ചെയ്തു . അന്നും ഇന്നും എന്നും പാതിവൃത്യത്തിന്റെ പ്രതീകമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു കഥാപാത്രമാണ് ശീലാവതി. സഹനത്തിന്റെ അടയാളമായി ഭാരതീയ മനസ്സില്‍ ഇന്നും ശീലാവതി ജീവിക്കുന്നു. ഭര്‍ത്താവിനെ ദൈവതുല്യമായി കാണുന്ന ഒരു പാരമ്പര്യത്തിന്റെ ഉടമയായിരുന്നു ശീലാവതി .കാലം മാറി ,ചിന്തകളും മാറി മറഞ്ഞു...ലോകവും മാറി ...ഇന്ന് നല്ല വ്യക്തിത്വങ്ങള്‍ കഥകളില്‍ മാത്രം ഒതുങ്ങി.

അഭിമന്യു

മഹാഭാരതത്തിലെ ഒരു ദുരന്തകഥാപാത്രമാണ് അഭിമന്യു. പാണ്ഡവനായ അർജ്ജുനന് ശ്രീകൃഷ്ണസഹോദരിയായ സുഭദ്രയിൽ ജനിച്ച മകനാണ് ഇദ്ദേഹം. ചന്ദ്രന്‍റെ അംശാവതാരമായി വിശേഷിപ്പിക്കുന്ന അഭിമന്യു അച്ഛനോളം പോന്ന വില്ലാളിയാണ്. ഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ അർജ്ജുനൻ പത്നിയെ സവിസ്തരം വിവരിച്ചുകേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ ചക്രവ്യൂഹത്തിൽ കടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക് വഴുതിയത് കണ്ട് അർജ്ജുനൻ വിവരണം നിർത്തി. അതിനാൽ അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ ഈ വിദ്യകളെല്ലാം സസൂക്ഷ്മം ഹൃദിസ്ഥമാക്കിയ അഭിമന്യുവിന് ചക്രവ്യൂഹത്തിലേക്ക് കടക്കാനുള്ള വഴിവരെ മാത്രമേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ. ചക്രവ്യൂഹത്തിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള വിദ്യ മനസ്സിലാക്കാൻ സാധിക്കാത്തത് പിൽക്കാലത്ത് മഹാഭാരതയുദ്ധത്തിൽ അദ്ദേഹത്തിന്റെ അന്ത്യത്തിന് വഴിവെക്കുകയും ചെയ്തു.
അമ്മയുടെ രാജ്യമായ ദ്വാരകയിലാണ് അഭിമന്യുവിൻറെ ചെറുപ്പകാലം കടന്നുപോയത്. ശ്രീകൃഷ്ണപുത്രനായ പ്രദ്യുമ്നനായിരുന്നു ആദ്യഗുരു. പിന്നീട് അച്ഛൻ അർജ്ജുനനും അദ്ദേഹത്തെ ആയോധനകല അഭ്യസിപ്പിച്ചു. അമ്മയുടെ വീട്ടിൽ വളർന്നതിനാൽ അമ്മാവൻ ശ്രീകൃഷ്ണൻറെ പ്രത്യേകശിക്ഷണത്തിൽ വളരാനും അഭിമന്യുവിന് സാധിച്ചു. വിരാടരാജകുമാരിയായ ഉത്തരയെയാണ് അഭിമന്യു വിവാഹം കഴിച്ചത്. കുരുക്ഷേത്രയുദ്ധത്തിന് തൊട്ടുമുമ്പ് വിരാടരാജ്യവുമായി പാണ്ഡവന്മാർക്ക് ദൃഢബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അർജ്ജുനൻ നേരിട്ട് ഇടപെട്ടാണ് ഈ വിവാഹം നടത്തിയത്. മഹാഭാരതയുദ്ധത്തിൻറെ പതിമൂന്നാം ദിവസമാണ് അഭിമന്യുവിന്റേതായി മാറിയത്. അന്നേദിവസം ചക്രവ്യൂഹം ചമച്ച് അത് തകർക്കാൻ കൗരവർ പാണ്ഡവരെ വെല്ലുവിളിച്ചു. ശ്രീകൃഷ്ണനും അർജ്ജുനനും ചക്രവ്യൂഹം ഭേദിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുന്ന വിദ്യ അറിയാമായിരുന്നതിനാൽ പാണ്ഡവർ വെല്ലുവിളി സ്വീകരിച്ചു. എന്നാൽ ശ്രീകൃഷ്ണനെയും അർജ്ജുനനെയും യുദ്ധമുന്നണിയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റി പാണ്ഡവരെ പരാജയപ്പെടുത്താനായിരുന്നു കൗരവരുടെ പദ്ധതി. ഈ ദൗത്യം സംശപ്തകന്മാർ ഭംഗിയായി നിർവഹിച്ചു. അതോടെ ചക്രവ്യൂഹം ഭേദിക്കാൻ സാധിക്കാതെ പാണ്ഡവർ കുഴങ്ങി. ഇതിനെത്തുടർന്ന് ചക്രവ്യൂഹത്തിനുള്ളിൽ കടക്കാൻ അറിയാമായിരുന്ന പതിനാറുകാരനായ അഭിമന്യു ഈ ദൗത്യം ഏറ്റെടുക്കാനുറച്ചു. എന്നാൽ ചക്രവ്യൂഹത്തിൽനിന്ന് പുറത്തുകടക്കാൻ അഭിമന്യുവിന് സാധിക്കില്ലെന്ന് അറിയാമായിരുന്നു മറ്റു പാണ്ഡവർ അഭിമന്യുവിനോടൊപ്പം ചക്രവ്യൂഹം ഭേദിച്ച് ഉള്ളിലേക്ക് കയറാനും തീരുമാനമായി.
തീരുമാനപ്രകാരം അഭിമന്യു ചക്രവ്യൂഹം ഭേദിക്കാൻ തയ്യാറായി. ദ്രോണാചാര്യരുടെ നേരെ തേര് നയിക്കാനായിരുന്നു അഭിമന്യു ആദ്യംതന്നെ തേരാളിക്ക് നല്കിയ ആജ്ഞ. എന്നാൽ യുദ്ധനിപുണനായ ദ്രോണരുടെ മുന്നിലേക്ക് ബാല്യം വിട്ടുമാറാത്ത അഭിമന്യുവിനെ നയിക്കുന്നതിൽ പന്തികേട് കണ്ട തേരാളി അറച്ചുനിന്നു. പക്ഷേ അഭിമന്യുവിന്റെ നിരന്തരമായ ആജ്ഞയുടെ അടിസ്ഥാനത്തിൽ തേരാളി ദ്രോണാചാര്യരുടെ നേരെ തേര് നയിക്കുകയും ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറുകയും ചെയ്തു. എന്നാൽ അഭിമന്യുവിനോടൊപ്പം മറ്റുള്ളവർക്കും ചക്രവ്യൂഹത്തിനുള്ളിലേക്ക് കടക്കാമെന്ന പാണ്ഡവരുടെ മോഹം സിന്ധു രാജാവായ ജയദ്രഥൻ തകർത്തു. അർജ്ജുനനൊഴിച്ചുള്ള പാണ്ഡവരെയെല്ലാം ഒരു ദിവസം മുഴുവൻ തടഞ്ഞു നിർത്താനുള്ള വരം ഇദ്ദേഹം പരമശിവനിൽനിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. ഇതോടെ ചക്രവ്യൂഹം ചമച്ചുനിൽക്കുന്ന കൗരവരുടെ മുന്നിൽ അഭിമന്യു ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടെങ്കിലും അതിഭയങ്കരമായ യുദ്ധത്തിനാണ് പിന്നീട് കുരുക്ഷേത്രം സാക്ഷ്യം വഹിച്ചത്. ദുര്യോധനപുത്രൻ ലക്ഷ്മൺ, അംശകന്റെ പുത്രൻ, ശല്യരുടെ ഇളയ സഹോദരൻ, ശല്യരുടെ മകൻ രുക്മാരഥൻ, ദ്രിഘലോചനൻ, കുന്ദവേധി, സുഷേണൻ, വാസതിയൻ, ക്രതൻ തുടങ്ങി ഒട്ടേറെ വീരശൂരപരാക്രമികൾക്ക് അഭിമന്യുവിൻറെ മുന്നിൽ ജീവൻ വെടിയേണ്ടിവരുന്നു. കർണ്ണൻ അഭിമന്യുവിൻറെ മുന്നിൽനിന്ന് തോറ്റോടിപ്പോയപ്പോൾ ദുശ്ശാസനൻ യുദ്ധമുന്നണിയിൽ മോഹലസ്യപ്പെട്ടുവീണു. മകൻ കൊല്ലപ്പെട്ടെന്നറിഞ്ഞ ദുര്യോധനൻ കൗരവരോടൊന്നടങ്കം അഭിമന്യുവിനോടെതിരിടാൻ ആജ്ഞാപിച്ചു. ഇതോടെ യുദ്ധനിയമങ്ങളെല്ലാം കാറ്റിൽ പറത്തി കൗരവർ എല്ലാവരും ചേർന്ന് ഒറ്റയാനായി നിൽക്കുന്ന അഭിമന്യുവിനോടെതിരിട്ടു.
ഇത്രയൊക്കെയായിട്ടും പതറാതെ മുന്നേറിക്കൊണ്ടിരുന്ന അഭിമന്യുവിനെക്കണ്ട് കൗരവർ നിരാശരായി. ദ്രോണാചാര്യരുടെ ഉപദേശത്തെത്തുടർന്ന് കർണ്ണൻ പിന്നിൽനിന്ന് അമ്പെയ്ത് അഭിമന്യുവിൻറെ വില്ല് തകർത്തു. പിന്നീട് തേര് തകർക്കുകയും തേരാളിയെയും കുതിരകളെയും കൊല്ലുകയും ചെയ്തു. പിന്നീട് കുതിരകളുടെയും ആനകളുടെയും പുറത്തുകയറി വാളെടുത്ത് അഭിമന്യു യുദ്ധത്തിനൊരുങ്ങി. തേർചക്രമായിരുന്നു പരിചയായി ഉപയോഗിച്ചത്. ദുശ്ശാസനൻറെ പുത്രനുമായി നേരിട്ടെതിരിടുകയായിരുന്നു അഭിമന്യു. ഈ സമയം കൗരവരൊന്നടങ്കം അദ്ദേഹത്തോടെതിരിടുകയും വാളും തേർചക്രവും തകർക്കുകയും ചെയ്തു. തുടർന്ന് നിരായുധനായ അഭിമന്യുവിന്റെ ശിരസ്സ് ദുശ്ശാസനപുത്രൻ ഗദ കൊണ്ടടിച്ചു തകർത്തു. എങ്കിലും മരിക്കുന്നതിനു മുമ്പ് ദുശ്ശാസനപുത്രനെ അഭിമന്യു സ്വന്തം ഗദ കൊണ്ട് അടിച്ചു സാരമായി പരിക്കേൽപ്പിച്ചു. ഭരതൻ വീണ്ടും യുദ്ധമുഖത്തെത്തിയപ്പോൾ അഭിമന്യു നിരായുധനായി അർദ്ധജീവനുമായി നിന്നു പോരാടുന്നതാണ്. ഈ സമയം ഒട്ടും പാഴാക്കാതെ ഗദയുമായി എത്തിയ ഭരതൻ അഭിമന്യുവിനെ വധിച്ചു. മഹാഭാരതയുദ്ധത്തിൽ യുദ്ധനീതി കാറ്റിൽ പറന്നത് അഭിമന്യുവിന്റെ മരണത്തോടെയാണ്. പിന്നീട് നിരായുധനായ കർണ്ണനെ കൊല്ലാൻ മടിച്ചുനിന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ ഓർമ്മിപ്പിച്ചത് അഭിമന്യുവിനെ കൊന്ന രീതിയായിരുന്നു. ദുര്യോധനനെ കൊല്ലാൻ ഭീമന് ഉപദേശം നല്കിയതും ഇതേ അടിസ്ഥാനത്തിൽത്തന്നെ.

മൃതസജ്ജീവനീ മന്ത്രം

പണ്ട് ദേവന്മാരും അസുരന്മാരും തമ്മില്‍ എപ്പോഴും മത്സരിക്കുന്ന സമയം. ദേവന്മാര്‍ക്ക് വേദങ്ങളും മറ്റു ശാസ്ത്രങ്ങളുമൊക്കെ കരസ്ഥമാക്കിയ ബൃഹസ്പതി ഗുരുവും, അസുരന്മാര്‍ക്ക് ശുക്രാചാര്യരുമായിരുന്നു ഗുരു. ശുക്രാചാര്യര്‍ക്ക് കൈമുതലായി മൃതസജ്ജീവനി മന്ത്രം ഉണ്ടായിരുന്നതിനാല്‍ ദേവന്മാര്‍ തോല്‍പ്പിച്ച് കൊല്ലുന്ന അസുരന്മാരെയൊക്കെ അദ്ദേഹം പുനര്‍ജ്ജീവിപ്പിച്ചുകൊണ്ടിരുന്നു. ദേവന്മാരുടെ ബുദ്ധിയിൽ ഇതിനു പരിഹാരമായി ഒരു പരിഹാരമേ കാണുന്നുള്ളൂ, എങ്ങിനെയെങ്കിലും ശുക്രാചാര്യനിൽ നിന്നും മൃതസജ്ജീവനീ മന്ത്രം കരസ്ഥമാക്കുക. ദേവന്മാര്‍ ദേവഗുരുവായ ബൃഹസ്പതിയുടെ പുത്രന്‍ കചനെ മൃതസജ്ജീവനി മന്ത്രം കരസ്ഥമാക്കി വരാനായി നിയോഗിച്ചു. ശുക്രാചാര്യം ബ്രൃഹസ്പതിയുടെ പുത്രനെ സ്വാഗതം ചെയ്തു. കചന്‍ ശുക്രാചാര്യനില്‍ നിന്നും വിദ്യ അഭ്യസിച്ചു തുടങ്ങി. വളരെക്കാലം കചൻ വിദ്യാഭ്യാസം തുടർന്നു. ശുക്രാചാര്യര്‍ക്ക് അതിസുന്ദരിയായ ഒരു പുത്രിയുണ്ടായിരുന്നു. ദേവയാനി. കചനെ ദേവയാനിക്ക് വളരെ ഇഷ്ടമായിരുന്നു. അവള്‍ പലപ്പോഴും പ്രണയാഭ്യാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.. ദേവവംശനായ തനിക്ക് അസുരയുവതിയായ ദേവയാനിയെ പരിണയിക്കാനാവില്ല എന്നറിയാമായിരുന്ന കചന്‍ അവളുടെ പ്രലോഭനങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി നടന്നു.
കുറെക്കാലം കഴിഞ്ഞ് അസുരന്മാര്‍ കചന്‍ ദേവനാണെന്നും മൃതസജ്ജീവനീമന്ത്രം പഠിക്കാന്‍ ശുക്രാചാര്യരുടെ അടുത്ത് കൂടിയിരിക്കയാണെന്നും അറിഞ്ഞു. എങ്ങിനെയെങ്കിലും സജ്ജീവനി പഠിക്കും മുൻപു തന്നെ കചനെ എങ്ങിനെയെങ്കിലും വകവരുത്തണം എന്നു കരുതി തക്കം പാർത്തിരുന്നു. അവര്‍ ഒരിക്കല്‍ ആരും കാണാതെ കചനെ പല കഷണങ്ങളായി നുറുക്കി ചെന്നായ്ക്കള്‍ക്ക് കൊടുത്തു. കചനെ കാണാഞ്ഞ് വിഷമിച്ച് ദേവയാനി താതനോട് വേവലാതിപ്പെട്ടു. ശുക്രാചാര്യന്‍ മൃതസ്ജ്ജീവനി മന്ത്രം ഉരുവിട്ടപ്പോല്‍ ചെന്നായ്ക്കളുടെ വയറ്റില്‍ നിന്നും കചന്‍ വെളിയില്‍ വന്നു. ദേവയാനി അത്യധികം സന്തോഷിച്ചു. പിന്നീടൊരിക്കല്‍ കചന്‍ കാട്ടില്‍ തനിയേ പൂപറിക്കാന്‍ പോയപ്പോല്‍ അസുരര്‍ കചനെ ഭസ്മമാക്കി കടലില്‍ ഇട്ടു. ഇപ്രാവശ്യവും ദേവയാനിയുടെ പരിതാപം സഹിക്കാനാവാതെ ശുക്രാചാര്യന്‍ മൃതസജ്ജീവനീമന്ത്രം ഉരുവിട്ട് കചനെ പുനര്‍ജ്ജീവിപ്പിച്ചു. തങ്ങളുടെ തന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്നു കണ്ട അസുരന്മാര്‍ അടുത്തപ്രാവശ്യം കചനെ വറുത്ത് പൊടിച്ച് ശുക്രാചാര്യം കുടിക്കുന്ന മദ്യത്തില്‍ കലക്കി. അദ്ദേഹം ഒന്നും സംശയിക്കാതെ അത് കുടിക്കയും ചെയ്തു. നേരം കഴിഞ്ഞും കചനെ കാണാതെ വിഷമിച്ച ദേവയാനി, ഇപ്രാവശ്യവും എന്തോ ആപത്തില്‍ അകപ്പെട്ടിരിക്കും എന്നു വേവലാതിപ്പെട്ട് അച്ഛനോട് അപേക്ഷിക്കുന്നു. അദ്ദേഹം മൃതസജ്ജീവനീമന്ത്രം ഉരുവിടുമ്പോള്‍ കചന്‍ അദ്ദേഹത്തിനെ ഉദരത്തിനകത്തു കിടന്ന് വിളികേട്ടു. ദേവയാനിയും ശുക്രാചാര്യരും സംഭ്രമിച്ചു! ഇനി എന്തുചെയ്യാന്‍! കചന്‍ വെളിയി വരണമെങ്കില്‍ ശുക്രാചാര്യര്‍ മരിക്കണം. ഒടുവില്‍ ശുക്രാചാര്യന്‍ ഒരു ബുദ്ധി തോന്നി. അദ്ദേഹം കചന് മൃതസ്ജ്ജീവനീ മന്ത്രം പഠിപ്പിച്ചുകൊടുത്തു. വയറ്റില്‍ നിന്നും കചന്‍ പുറത്തുവന്ന് മൃതനായിക്കിടന്ന ശുക്രാചാര്യരെ മൃതസ്ജ്ജീവനീമന്ത്രം ഉരുവിട്ട് ജീവിപ്പിക്കുന്നു. ശുക്രാചാര്യര്‍ കചനെ അനുഗ്രഹിക്കയും അസുരന്മാര്‍ അജ്ഞന്മാരായി പോകട്ടെ എന്നു ശപിക്കയും ചെയ്യുന്നു.

അർജ്ജുനൻ,,കര്‍ണ്ണന്‍,,ചിത്രഗുപ്തൻ,,ച്യവനൻ,,അപ്സരസ്സ്



ചിത്രഗുപ്തൻ

ഹൈന്ദവരുടെ ഒരു ദേവനാണ് ചിത്രഗുപ്തൻ . ഭൂമിയിലെ ഓരോ വ്യക്തിയുടെയും പ്രവൃത്തിൾ രേഖപ്പെടുത്തി വയ്ക്കുകയും മരണശേഷം അവരെ സ്വർഗ്ഗത്തിലാണോ നരകത്തിലാണോ പ്രവേശിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്യുന്നത് ഈ ദേവനാണ് എന്നാണ് വിശ്വാസം. ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ ചിത്രഗുപ്തൻ പ്രധാന പ്രതിഷ്ഠയായ പല ക്ഷേത്രങ്ങളുമുണ്ട്. കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ചിത്രഗുപ്തസ്വാമി ക്ഷേത്രമാണ് ഇവയിൽ ഏറ്റവും പ്രശസ്തമായത്.

കര്‍ണ്ണന്‍

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് കർ‌ണ്ണൻ. കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ്‌ കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്. അർജുനനോളം‍ മികച്ച വില്ലാളിയും ലോകം കണ്ടതിൽ വച്ചേറ്റവും വലിയ ദാനശീലനുമയിരുന്നു സൂര്യപുത്രനായ കർണ്ണൻ എന്നാണ്‌ കഥ. സ്വന്തം അനുജനായ അർജ്ജുനന്റെ കൈകളാലാണ് കർണ്ണൻ വധിക്കപ്പെട്ടത്‌.....
കുന്തീഭോജരാജാവിന്റെ വളർത്തുപുത്രിയായ കുന്തീദേവിയുടെ മൂത്തപുത്രനാണ് കർണ്ണൻ. ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ ഏഴുന്നെള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് രാജകുമാരിയായ കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും. ഉൽസുകത കാരണം കുന്തി ഈ മന്ത്രം പരീക്ഷിച്ചു നോക്കുവാൻതന്നെ തീരുമാനിച്ചു. ഉദിച്ചുയരുന്ന സൂര്യദേവനെ നോക്കി അതിൽ ഒരു മന്ത്രം ഉരുവിട്ടു. തുടർന്ന് ദേവൻ പ്രത്യക്ഷനാകുകയും പുത്രലബ്ദ്ധി ഉണ്ടാകുകയും ചെയ്തു. ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺ കുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കാവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും, കർണങ്ങളിൽ കുണ്ഡലങ്ങൾ ഉള്ളതിനാൽ കർണ്ണൻ എന്ന പേരുനൽകി എടുത്തു വളർത്തി. അങ്ങനെ രാധേയൻ എന്ന പേരിലും സൂതപുത്രൻ എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.
കർണ്ണന്റെ ആയുധവിദ്യാഭ്യാസം കൗരവ-പാണ്ഡവപുത്രന്മാരോടുകൂടി ഗുരുവായ ദ്രോണാചാര്യരുടെ കീഴിൽ നടന്നു.പിന്നീട് പരശുരാമന്റെ കീഴിലും ആയുധവിദ്യ അഭ്യസിച്ചു.പാണ്ഡുപുത്രന്മാരുടേയും ധൃതരാഷ്ട്രപുത്രന്മാരുടേയും ആയുധവിദ്യാഭ്യാസം പൂർത്തിയായപ്പോൾ അവർക്കോരോരുത്തർക്കുമുള്ള സാമർഥ്യം സഭയിൽ പരീക്ഷിച്ചറിയുവാൻവേണ്ടി ഒരു പരീക്ഷാരംഗം സജ്ജമാക്കാൻ ഭീഷ്മാചാര്യർ ഏർപ്പാടുചെയ്തു. അർജ്ജുനനെപ്പോലെ എല്ലാവിധ ആയുധങ്ങളിലും പ്രത്യേകിച്ച് അസ്ത്രവിദ്യയിൽ ഏറ്റവും സമർഥനായി മറ്റാരുമില്ലെന്ന അഭിപ്രായം സഭയിൽ ഉയർന്നുവന്നു. ഉടനെ അതിനെ നിഷേധിച്ചുകൊണ്ട് ദുര്യോധനൻ കർണ്ണനെ രംഗത്തുകൊണ്ടുവന്നു. അർജ്ജുനനും കർണ്ണനും തമ്മിൽ മൽസരിച്ചു സാമർഥ്യം തെളിയിക്കട്ടെ അപ്പോൾ ആരാണ് ഏറ്റവും സമർഥൻ എന്നു തീരുമാനിക്കാമെന്ന് ദുര്യോധനൻ ഉദ്ഘോഷിച്ചു. എന്നാൽ ഇതു കേട്ടുകൄപാചാര്യർ കർണ്ണനെ വളരെയധികം ഭൽസിച്ചു. ക്ഷത്രീയനും രാജവംശാംഗവുമായ അർജ്ജുനന്റെ മുന്നിൽ വെറും സൂതപുത്രനും കുലഹീനനുമാണ് കർണ്ണനെന്നും അദ്ദേഹം അധിക്ഷേപിക്കുകയുണ്ടായി. തുടർന്ന് രംഗത്തുനിന്നും പുറത്തുപോകുവാനും ആജ്ഞാപിച്ചു. തൽക്ഷണം തന്നെ ദുര്യോധനൻ,ഹസ്തിനപുരം ചക്രവർത്തിയായ ധൃതരാഷ്ടരുടേയും ഗുരുക്കന്മാരുടേയും സാന്നിദ്ധ്യത്തിൽ കർണ്ണനെ അംഗരാജ്യത്തെ രാജാവായി പ്രഖ്യാപിക്കുകയും അഭിഷേകം ചെയ്യിക്കുകയും ചെയ്തു.
ഈ സംഭവത്തോടെ ദാനശീലനും സദ്ഗുണങ്ങളും സദാചാരമര്യാദകളും ജന്മംകൊണ്ട് ഉൽക്കൃഷ്ടനുമായിരുന്ന കർണ്ണൻ ദുര്യോധനന്റെ ആത്മമിത്രമായി. അതേസമയം ഇത് കർണ്ണനെ പാണ്ഡവരുടെ ശത്രുവുമാക്കിത്തീർത്തു.ആപത്തിൽ അഭിമാനം കാത്ത ആത്മമിത്രമായ ദുര്യോധനന്റെ ഏതു ദുഃഷ് പ്രവർത്തിക്കും കർണ്ണൻ കൂട്ടുനിന്നു.
മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാനോ ജയിക്കുവാനോ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങിനെയെങ്കിലും ചോദിച്ചുവാങ്ങണം.ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ ഏകനായിരിക്കുന്ന കർണ്ണന്റെ മുൻപിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വംവന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു. തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും ജയിക്കാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു.എന്നാൽ ബ്രാഹ്മണ വേഷധാരിയായി വന്ന ഇന്ദ്രന് കർണ്ണൻ അവ ദാനം ചെയ്തു. കുന്തീദേവി കർണ്ണനു മുൻപിൽ വന്ന് കർണ്ണൻ അവരുടെ മകനാണെന്നും പാണ്ഡവരുടെ ജേഷ്ഠനാണെന്നും വെളിപ്പെടുത്തി.എന്നാൽ സൃഹൃത്തായ ദുര്യോധനനെ കൈവിടാൻ തയ്യാറല്ലെന്നും മാതാവിനു വേണ്ടി അർജുനൻ ഒഴിച്ചുള്ള പാണ്ഡവരെ താൻ വധിക്കില്ലെന്നും കർണ്ണൻ കുന്തിയെ അറിയിച്ചു.
കൗരവരും പാണ്ഡവരും തമ്മിലുള്ള സ്പർദ്ധ കാലക്രമേണ വളർന്ന് അതിന്റെ മൂർദ്ധന്ന്യാവസ്ഥയിലെത്തുകയും ഒടുവിൽ കുരുക്ഷേത്രഭൂമിയിൽ നടന്ന ഭയങ്കരമായ ഭാരതയുദ്ധത്തിൽ കലാശിക്കുകയും ചെയ്തു.കുരുക്ഷേത്രയുദ്ധത്തിൽ കൗരവപക്ഷം ചേർന്നാണു കർണ്ണൻ പോരാടിയത്.കവചകുണ്ഡലങ്ങൾക്കു പകരമായി കർണ്ണൻ ഇന്ദ്രന്റെ കയ്യിൽ നിന്നും ഒരു വേൽ വാങ്ങിയിരുന്നു.അർജുനനു നേരെ പ്രയോഗിക്കാൻ കർണ്ണൻ ഇത് സൂക്ഷിച്ചു.എന്നാൽ ഇതറിയാവുന്ന കൃഷ്ണൻ ഭീമപുത്രനായ ഘടോൽക്കചനനെ യുദ്ധത്തിന്റെ പതിനാലാം ദിവസം കർണ്ണനു നേരെ അയക്കുകയും വേലുപയോഗിച്ച് കർണ്ണൻ ഘടോൽക്കചനനെ വധിക്കുകയും ചെയ്തു.യുദ്ധത്തിന്റെ പതിനാറാം ദിവസം കർണ്ണൻ സർവ്വസൈന്യാധിപനായി നിയമിതനായി. കുരുക്ഷേത്രയുദ്ധത്തിന്റെ പതിനേഴാം ദിവസമാണ് കർണ്ണൻ കൊല്ലപ്പെടുന്നത്.അർജുനനുമായി നേരിട്ടേറ്റു മുട്ടിയ കർണ്ണൻ തന്റെ രഥം ചെളിയിൽ താണുപോയതിനെ തുടർന്ന് ഏറ്റുമുട്ടൽ തത്കാലം നിർത്തി വയ്ക്കാൻ അർജുനനോടാവശ്യപ്പെടുന്നു.എന്നാൽ ഇപ്പോഴല്ലാതെ പിന്നൊരിക്കൽ കർണ്ണനെ കൊല്ലാനാവില്ലെന്നറിയാവുന്ന കൃഷ്ണൻ ഉടൻ തന്നെ കർണ്ണനെ വധിക്കാൻ അർജുനനെ ഉപദേശിക്കുന്നു.തുടർന്ന് അർജുനൻ കർണ്ണനെ വധിക്കുന്നു. കർണ്ണന്റെ വധത്തിനു നിരവധി ശാപങ്ങൾ കാരണമായിട്ടുണ്ട്.ക്ഷത്രിയനായ കർണ്ണൻ ഒരു ബ്രാഹ്മണനെന്ന വ്യാജേനയാണ് ക്ഷത്രിയവിദ്വേഷിയായ പരശുരാമന്റെ അടുക്കലേയ്ക്ക് ആയുധവിദ്യ അഭ്യസിക്കാൻ പോകുന്നത്.പിന്നീട് കർണ്ണൻ ക്ഷത്രിയനാണെന്നറിയുന്ന പരശുരാമൻ അവശ്യ സമയത്ത് പഠിച്ച വിദ്യ ഉപകരിക്കാതാവട്ടെ എന്ന് കർണ്ണനെ ശപിക്കുന്നു.ഈ പഠനത്തിനിടയ്ക്ക് കർണ്ണൻ ഒരു ബ്രാഹ്മണന്റെ പശുവിനെ കൊല്ലുകയും ബ്രാഹ്മണൻ കർണ്ണനെ ശപിക്കുകയും ചെയ്തു.മറ്റൊരിക്കൽ ഭൂമിദേവിയും കർണ്ണനെ ശപിക്കുന്നു.ഈ ശാപങ്ങൾ കാരണമാണ് കർണ്ണന്റെ രഥം യുദ്ധത്തിനിടെ ചളിയിലാണ്ട് പോകുന്നത്.

അർജ്ജുനൻ

ദേവേന്ദ്രനു കുന്തിയിലുള്ള പുത്രനാണ് അർജുനൻ . പഞ്ച പാണ്ഡവരിൽ മൂന്നാമനായ അർജ്ജുനൻ അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനാണ്. കൃഷ്ണന്റെ ഉറ്റ തോഴനും. കുരുവംശത്തിലെ പാണ്ഡു മഹാരാജാവിന്റെ മകനാണ് അർജുനൻ.മക്കളില്ലാത്തതിനാൽ പാണ്ഡുവിന്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു.ഇതിൽ മൂന്നാമത് ആവാഹിക്കപ്പെട്ട ദേവേന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജുനൻ. അതിനാൽ പഞ്ച പാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ . കൗരവഗുരുവായ കൃപരുടെ കീഴിൽ അർജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്ര, ശസ്ത്ര വിദ്യകളിൽ നിപുണനായ ദ്രോണർപിന്നീട് അർജുനന്റെ ഗുരുവായി.പഠനത്തിനിടെ ഒരു മുതലയിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജുനൻ ഗുരുവിന്റെ വത്സലശിഷ്യനായിമാറി.
കൃഷ്ണൻ ആണ് അർജുനന്റെ ഏറ്റവും വലിയ മിത്രം. കൃഷ്ണസഹോദരിയായ സുഭദ്രയാണ് അർജുനന്റെ ഒരു ഭാര്യ.ദുര്യോധനന്റെ സ്നേഹിതനും അതിരഥന്റെ വളർത്തുമകനുമായ കർണ്ണൻ പക്ഷെ അര്ജുനനറെ ശത്രു പക്ഷത്തായിരുന്നു.. എന്നാൽ കർണ്ണൻ കുന്തിയുടെ മൂത്തപുത്രനായതിനാൽ അർജ്ജുനന്റെ ജ്യേഷ്ഠനുമാണ്.

ച്യവനൻ

ബ്രഹ്മപുത്രനായ ഭൃഗുമഹർഷിക്ക് ഖ്യാതിയിൽ ജനിച്ച പുത്രനാണ് ച്യവനൻ.ആയുർവേദ രസായന ഔഷധയോഗമായ ച്യവനപ്രാശം അദ്ദേഹത്തിനുവേണ്ടി അശ്വിനീ ദേവന്മാർ നിർമ്മിച്ചതാണെന്നാണ് ഐതീഹ്യം. ച്യവനമഹർഷിക്ക് അകാലത്തിൽ വാർധക്യവും ശരീരനാശവും സംഭവിച്ചപ്പോൾ പത്നിയായ സുകന്യയുടെ സഹായത്തോടെ അശ്വിനീ ദേവന്മാർ ഉപദേശിച്ചു കൊടുത്ത രസായനൗഷധമാണ് ഇത്. ഭൃഗു മഹർഷിയുടെ പത്നി ഖ്യാതി ച്യവനനെ ഗർഭം ധരിച്ചിരുന്നവസരത്തിൽ, അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പുലോമൻ എന്നപേരുള്ള രാക്ഷസൻ അവളെ തട്ടിക്കൊണ്ടുപോകുകയും, പൂർണ്ണ ഗർഭിണിയായ ഖ്യാതി സംഭീതയായി അവളുടെ ഗർഭം ഛിദ്രിക്കുകയും കുട്ടി വഴുതി പുറത്തുവീഴുകയും ചെയ്തു. ജനിച്ചുവീണ ആ പൈതൽ കോപത്തോടെ പുലോമനെ നോക്കുകയും ആ രാക്ഷസൻ അഗ്നിയിൽ ദഹിച്ചു ചാമ്പലാവുകയും ചെയ്തു.വഴുതി ഗർഭഛിദ്രം ഉണ്ടായി ജനിച്ചവനെ ച്യവനൻ എന്നു ബ്രഹ്മദേവൻ നാമകരണം ചെയ്തു.
ച്യവനമഹർഷിയും പിതാവിനെപോലെ മഹാതപസിയായി തീർന്നു. അദ്ദേഹം തന്റെ തപസ്സ് തുടർച്ചയായി ചെയ്കയാൽ ച്യവനനും ചുറ്റും ചിതൽപ്പുറ്റുണ്ടാവുകയും അത് കാര്യമാക്കാതെ തന്റെ തപസ്സ് തുടരുകയും ചെയ്തു. ഒരിക്കൽ ശര്യാതി മഹാരാജാവിന്റെ ഏകപുത്രിയായിരുന്ന സുകന്യ ഈ കാട്ടിൽ വരികയും അവരുടെ കളികൾക്കിടയിൽ ച്യവനനു ചുറ്റുമുണ്ടായ വലിയ ചിതൽ പുറ്റ് അവളുടെ ശ്രദ്ധയിൽപെട്ടു. ചിതൽപ്പുറ്റിനുള്ളിൽ ചെറിയ രണ്ടു പ്രകാശങ്ങൾ മിന്നാമിനുങ്ങളെപ്പോലെ തിളങ്ങുന്നതായി അവൾക്കു തോന്നി. കൗതുകം തോന്നിയ അവൾ ചെറിയ മുൾകമ്പുപയോഗിച്ച് രണ്ടു പ്രകാശങ്ങളിലും ശക്തിയായി മാറിമാറികുത്തി. ആ പ്രകാശങ്ങൾ ച്യവനന്റെ കണ്ണുകളായിരുന്നു. കണ്ണുകൾ പൊട്ടിയ വേദനയിൽ ച്യവനൻ ദയനീയമായി കരഞ്ഞുപോയി. അതുകേട്ട് അവൾ പേടിച്ച് അവിടെ നിന്നും ഓടിപ്പോയി. മഹാഭാരതത്തിലും ദേവിഭാഗവതത്തിലും ഈ കഥ വിശദമായി പറയുന്നുണ്ട്.സുകന്യ ഈ കാര്യം പേടിതോന്നിയതിനാൽ ആരോടും പറഞ്ഞില്ല. ആ ചിതൽപ്പുറ്റിലുണ്ടായിരുന്നത് ച്യവനനായിരുന്ന കാര്യവും അവൾ അറിഞ്ഞില്ല. പക്ഷേ അതിനുശേഷം ശര്യാതിയുടെ രാജ്യത്തും രാജകൊട്ടാരത്തിലും തുടർച്ചയായി അനിഷ്ടസംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇതിനെത്തുടർന്ന് കാരണം മനസ്സിലാക്കിയ രാജാവും മന്ത്രിപ്രമുഖന്മാരും ച്യവനനെ കണ്ട് മാപ്പ് അപേക്ഷിച്ചു. പക്ഷേ മുനിവര്യൻ ഒന്നും ആവശ്യപ്പെട്ടില്ല. ശര്യാതി വീണ്ടും വീണ്ടും മഹർഷിയെ കൊട്ടാരത്തിലേക്ക് വിളിച്ചുവെങ്കിലും, തന്റെ തപസ്സു മുടക്കാൻ ആഗ്രഹമില്ലാഞ്ഞ ച്യവനൻ ശാന്തമായി പറഞ്ഞു ശര്യാതിയുടെ പുത്രിയെ വിവാഹംചെയ്തു കൊടുക്കാൻ. ച്യവനന്റെ ആവശ്യം മനസ്സിലാക്കിയ സുകന്യ വിവാഹത്തിനു സമ്മതിക്കുകയും, രാജകീയ സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ച്യവനനൊപ്പം മരവുരിയുടുത്ത് സുകന്യ കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് താമസം മാറ്റി.
ദിവസങ്ങൾ കടന്നുപോയി സുകന്യയുടെ കരങ്ങൾ ച്യവനനു കണ്ണുകളായി, അവർ സുഖമായി പരിഭവങ്ങൾ ഒന്നും കൂടാതെ ആശ്രമത്തിൽ കഴിഞ്ഞു പോന്നു. ഒരിക്കൽ ദേവവൈദ്യന്മാരായ അശ്വിനീ ദേവന്മാർ ആശ്രമപരിസരത്തു വരികയും സുന്ദരിയായ സുകന്യയെ കാണുകയും ചെയ്തു. സുകന്യയുടെ സൗന്ദര്യത്തിൽ മയങ്ങിയ അശ്വനിദേവന്മാർ അവളെ സ്വന്തമാക്കാനായി സമീപിച്ച് ആഗ്രഹം അവളോട് പറഞ്ഞു. സുകന്യ വിവാഹിതയാണന്നും ഭർത്താവ് ച്യവനമുനിയാണന്നും അവൾ മറുപടി പറഞ്ഞെങ്കിലും നിരന്തരം വിവാഹാഭ്യർത്ഥനയുമായി അവർ പിറകേ കൂടി. അവൾ താൻ പതിവ്രതയാണെന്നും ഭർത്താവല്ലാതെ വേറെ ഒരു പുരുഷനോടും തനിക്ക് പ്രിയം ഇല്ലെന്നും പുറമേ കാണുന്ന സൗന്ദര്യമല്ല എന്നെ ഭർത്താവിനോട് അടുപ്പിക്കുന്നതെന്നും അവൾ അറിയിച്ചു. നീ പതിവ്രതയെങ്കിൽ, ബാഹ്യസൗന്ദര്യമല്ല നീ കാണുന്നതെങ്കിൽ നീ നിന്റെ ഭർത്താവിനെ ഏതു വേഷത്തിലും തിരിച്ചറിയുമല്ലോ, നീ കണ്ടുപിടിക്കു നിന്റെ ഭർത്താവിനെ എന്നു പറഞ്ഞ് അശ്വനികുമാരന്മാർ ഇരുവരും, അടുത്തു നിന്ന ച്യവനമഹർഷിയും അടുത്തുള്ള തടാകത്തിലേക്ക് ഇറങ്ങി മുങ്ങി. നിമിഷങ്ങൾക്കകം മൂവരും രൂപം മാറി ഒരുപോലെയുള്ള മൂന്നു കുമാരന്മാരായി പൊങ്ങിവന്നു. സുകന്യ, മുന്നിൽ പരന്നു കിടക്കുന്ന തടാകത്തിൽ നിലകൊള്ളുന്ന ഒരു പോലുള്ള മൂന്നു സുന്ദരന്മാരെയും മാറിമാറി നോക്കി. അവൾ അത്ഭുതപ്പെട്ടു, മൂന്നുപേരും ഒരേപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ടു മൊഴിഞ്ഞു, 'സുകന്യേ, ഞാനാണ് ച്യവനൻ. സംശയം വേണ്ട. എന്നെ സ്വീകരിക്കാം നിനക്ക്'. സുകന്യ മൂന്നുപേരെയും മാറിമാറി നോക്കി, ഇതിനു മുൻപ്‌ കണ്ടിട്ടേയില്ലാത്ത മൂന്നു സുന്ദരന്മാർ, മൂവരും ഒരുപോലെ.അവൾ പരാശക്തിയായ ജഗദംബികയെ പ്രാർത്ഥിച്ചു. (ദേവിയുടെ അനുഗ്രഹത്താൽ സുകന്യക്കു മനസ്സിലായി ദേവകുമാരന്മാർക്ക് മിഴികൾ അടയാറില്ലത്രെ). ച്യവനമഹർഷിയെ മനസ്സിലാക്കാൻ കഴിഞ്ഞ സുകന്യയേയും ച്യവനനേയും അശ്വനികുമാരന്മാർ അനുഗ്രഹിച്ച് യാത്രയായി. ച്യവനമഹർഷിയ്ക്ക് നിത്യയൗവനശക്തി നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ച്യവനപ്രാശം എന്ന ഔഷധകൂട്ടിനു ആ പേർ കിട്ടിയത്.

അപ്സരസ്സ്

ഹിന്ദു പുരാണങ്ങൾ പ്രകാരം ഗന്ധർവ്വ പത്നിമാരും, അഭൗമസൗന്ദ്യര്യവതികളും, നിത്യയൗവ്വനവതികളുമാണ് അപ്സരസ്സുകൾ എന്ന് വിശ്വസിക്കപ്പെടുന്നു. രംഭ, ഉർവ്വശി, മേനക, തിലോത്തമ എന്നിവരാണ്‌ ഏറ്റവും പ്രശസ്തകളായ അപ്സരസ്സുകൾ.. പാലാഴി മഥനം ചെയ്തതിൽ നിന്നാണ്‌ നാല്‌ അപ്സരസ്സുകളും ഉണ്ടായത് എന്നാണ്‌ വിശ്വാസം. സരസ്സിൽ നിന്നുണ്ടായവർ ആണ്‌ അപ്സരസ്സ് ആയത്. ദേവൻമാരുടെ രാജാവായ ഇന്ദ്രന്റെ സദസ്സിലെ നർത്തകികളായ ഇവരെ ഋഷിമാരുടെ തപസ്സുമുടക്കാൻ ഇന്ദ്രൻ അയച്ച സന്ദർഭങ്ങൾ പലതും പുരാണേതിഹാസങ്ങളിൽ കാണാം. ഇതിൽ ഏറ്റവും പ്രസിദ്ധം വിശ്വാമിത്രന്റെ തപസ്സു മേനക മുടക്കിയതാവണം. കൊടുംതപസ്സിലേർപ്പെട്ട വിശ്വാമിത്രന്റെ തപശ്ശക്തിയിൽ ഭീതിപൂണ്ട ഇന്ദ്രൻ എവ്വിധവും തപസ്സുമുടക്കണമെന്ന നിർദ്ദേശത്തോടെ മേനകയെ അയച്ചു. ഇന്ദ്രന്റെ ആജ്ഞ ധിക്കരിക്കവയ്യാത്തതുകൊണ്ടുമാത്രമാണ് ശാപമേൽക്കുമെന്ന ഭയത്തോടെ മേനക വിശ്വാമിത്രനെ സമീപിച്ചത്. ആ സമയത്ത് വായുദേവനായ മാരുതൻ ഒരു കുസൃതിയൊപ്പിച്ചു. കാറ്റിൽ മേനകയുടെ വസ്ത്രങ്ങളൊക്കെ പറപ്പിച്ചുകളഞ്ഞു. വിവസ്ത്രയായി മേനകയെ കണ്ട വിശ്വാമിത്രൻ കാമമോഹിതനായി തപസ്സുപേക്ഷിച്ച് മേനകയൊടൊത്തു രമിച്ചു. ഇവരുടെ സംഗമത്തിന്റെ ഫലമായാണ് ശകുന്തള പിറവിയെടുത്തത്. ദേവൻമാരും അസുരൻമാരും‍ ചേർന്ന് പാലാഴി കടഞ്ഞപ്പോൾ അതിൽനിന്നുയർന്നുവന്നവരാണ് അപ്സരസ്സുകൾ എന്ന് വാല്മീകി രാമായണം ബാലാകാണ്ഡത്തിൽ (സർഗ്ഗം-45, ശ്ലോകം- 33) പറയുന്നു. പ്രശസ്തരായ അപ്സരസ്സുകൾ ഉർവ്വശി, മേനക, രംഭ, തിലോത്തമ എന്നിവരാണ്. അപ്സരസ്സുകൾ 60 കോടി വരുമെന്നാണ് പുരാണങ്ങൾ പറയുന്നത്. തിരസ്കരിണീവിദ്യ വശമുള്ള ഇവർക്ക് ഇഷ്ടാനുസരണം രൂപം മാറാൻ കഴിവുണ്ട്. ആകാശസഞ്ചാരവും ഇവർക്കു വശമാണ്. വീരമൃത്യുവടയുന്നവരെ വരണമാല്യവുമായി അപ്സരസ്സുകൾ കാത്തുനിൽക്കുന്നു എന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഋഗ്വേദത്തിൽ അപ്സരസ്സുകളെപ്പറ്റി പരാമർശമുണ്ട്. ഉർവ്വശിയും മർത്യലോകത്തെ അവളുടെ ഭർത്താവായ പുരൂരവസ്സും തമ്മിലുള്ള സംഭാഷണമാണ് ഒരു സൂക്തത്തിലെ പ്രതിപാദ്യവിഷയം. (ഋഗ്വേദം, അദ്ധ്യായം 10, സൂക്തം 95.)

കൃഷ്ണഗാഥ

\

കൃഷ്ണഗാഥ

ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ചെറുശ്ശേരി രചിച്ച കാവ്യമാണ് കൃഷ്ണഗാഥ. രണ്ടു ഭാഗങ്ങളായാണ് കൃഷ്ണഗാഥ രചിച്ചിട്ടുള്ളത്. ശ്രീകൃഷ്ണന്റെ ജനനവും ബാലലീലകളും ഒന്നാംഭാഗത്തിൽ പ്രതിപാദ്യവിഷയമാകുന്നു. അവതാരലക്ഷ്യത്തിനായി പുറപ്പെടുന്നതു മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങളാണ് രണ്ടാംഭാഗത്തിൽ വർണ്ണിക്കുന്നത്.
ഒന്നാം ഭാഗം
1. കൃഷ്ണോല്പത്തി
2. പൂതനാമോക്ഷം
3. ഉല്ലൂഖലബന്ധനം
4. വത്സസ്തേയം
5. കാളിയമർദ്ദനം
6. ഗ്രീഷ്മവർണ്ണനം
7. പ്രാവൃഡ്വർണ്ണനം
8. ശരദ്വർണ്ണനം
9. ഹേമന്തവർണ്ണനം
10. ഹേമന്തലീല
11. വിപ്രപത്ന്യനുഗ്രഹലീല
12. ഗോവർദ്ധനോദ്ധരണം
13. നന്ദമോക്ഷം
14. വേണുഗാനം
15. ഗോപികാദുഃഖം
16. രാസക്രീഡ
17. കംസമന്ത്രം
18. അക്രൂരാഗമനം
രണ്ടാം ഭാഗം
1. കംസസദ്‍ഗതി
2. ഗുരുദക്ഷിണ
3. ഉദ്ധവദൂത്
4. അക്രൂരദൂത്യം
5. ജരാസന്ധയുദ്ധം
6. രുക്മിണീസ്വയംവരം
7. ശംബരവധം
8. സ്യമന്തകം
9. നരകാസുരവധം
10. രുക്മീവധം
11. ബാണയുദ്ധം
12. നൃഗമോക്ഷം
13. ബലഭദ്രഗമനം
14. പൗണ്ഡ്രകവധം
15. സാംബോദ്വാഹം
16. നാരദപരീക്ഷ
17. ഖാണ്ഡവദാഹം
18. രാജസൂയം
19. സാല്വവധം
20. സീരിണസ്സൽക്കഥ
21. കുചേലഗതി
22. തീർത്ഥയാത്ര
23. കുമാരഷൾക്കാനയനം
24. സൗഭദ്രികകഥ
25. വൃകാസുരകഥ
26. ഭൃഗുപരീക്ഷ
27. സന്താനഗോപാലം
28. രാജ്യസ്ഥിതികഥ
29. സ്വർഗ്ഗാരോഹണം