2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

/കിടങ്ങൂർ കണ്ടങ്കോരൻ

/കിടങ്ങൂർ കണ്ടങ്കോരൻ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കിടങ്ങൂർ കണ്ടങ്കോരൻ

തിരുവിതാംകൂർ സംസ്ഥാനത്തുള്ള പ്രസിദ്ധ ക്ഷേത്രങ്ങളിൽവെച്ച് ഒട്ടും അപ്രധാനമല്ലാത്തതായി, ഏറ്റുമാനൂർ താലൂക്കിൽ, കിടങ്ങൂർ ദേശത്ത് ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ട്. ഇതു കിടങ്ങൂർ ഗ്രാമത്തിലുൾപ്പെട്ട ചില നമ്പൂരിമാരുടെ ഊരാൺമക്ഷേത്രമാണ്. ഇവിടെ 'കണ്ടങ്കോരൻ' എന്നു പ്രസിദ്ധനായിട്ട് ഒരു കൊമ്പനാനയുണ്ടായിരുന്നു. ആകൃതികൊണ്ടും പ്രകൃതികൊണ്ടും തത്തുല്യനായ ഒരാന വേറെ ഒരു ദിക്കിലും ഉണ്ടായിരുന്നതായും ഉള്ളതായും കേട്ടുകേൾവിപോലുമില്ല. ഈ ആനയ്ക്ക് വലിപ്പവും ഭംഗിയും പ്രസിദ്ധനായിരുന്ന വൈക്കത്തു തിരുനീലകണ്ഠനെക്കാൾ വളരെ അധികമുണ്ടായിരുന്നു. തിരുനീലകണ്ഠനെക്കാൾ ഇവനു പൊക്കവും ഉടൽനീളവും ഒരു മുഴത്തിൽ കുറയാതെ ഉണ്ടായിരുന്നു എന്നാണ് കേട്ടിരിക്കുന്നത്. തലയെടുപ്പും ഒട്ടും കുറവല്ലായിരുന്നു. മുമ്പോട്ടു വളഞ്ഞുള്ള ആ വലിയ കൊമ്പുകളുടെ ഭംഗിയും തിരുനീലകണ്ഠനേക്കാൾ വളരെ അധികമുണ്ടായിരുന്നു. എഴുന്നള്ളിച്ചാലുള്ള ഭംഗിയും അങ്ങനെതന്നെ.
ഈ ആനയുടെ ബുദ്ധിവിശേ‌ഷമാണ് ഇതിലൊക്കെയും വിസ്മയനീയമായിട്ടുള്ളത്. സാധുത്വവും ശൂരത്വവും ഒന്നുപോലെ ഉള്ളതായി ഇങ്ങനെ വേറെയൊരാനയെ കാണുന്നതിനു പ്രയാസമുണ്ട്. അവൻ മദംപൊട്ടുന്ന സമയങ്ങളിൽപോലും യാതൊരുത്തരെയും കൊന്നിട്ടില. കൂട്ടാനകളെ കുത്തുകയെന്നുള്ള സമ്പ്രദായവും കണ്ടങ്കോരനുണ്ടായിരുന്നില്ല. ഒന്നും അറിഞ്ഞുകൂടാത്ത കുട്ടികൾപോലും അടുത്തു ചെന്നാൽ യാതൊരു ഉപദ്രവവും അവൻ ചെയ്തിരുന്നില്ല. അത്ര സാധുവാണെങ്കിലും ഏതൊരാനക്കാരെന്റെയും ആജ്ഞയെ അവൻ അനുസരിക്ക പതിവില്ല. ആനക്കാരന്മാരെല്ലാം അവന്റെ അഭിപ്രായം അറിഞ്ഞു നടന്നുകൊള്ളണം എന്നതായിരുന്നു അവന്റെ ചട്ടം. സാധാരണ ആനകളെപ്പോലെ കണ്ടങ്കോരനെ തളയ്ക്കുക പതിവില്ല. അതിനവൻ സമ്മതിക്കയുമില്ല. യഥേഷ്ടം നടക്കുന്നതിന് അവനെ വിട്ടേക്കുകയാണ് പതിവ്. എന്നാൽ രാത്രിസമയങ്ങളിൽ വല്ല എടവും പോയി കിടന്നു കൊള്ളും. അല്ലാതെ യാതൊരുപ്രദ്രവും ചെയ്യാറില്ല. ക്ഷേത്രത്തിനു വടക്കുവശത്തുള്ള പുഴയിൽ ഒരു വലിയ കയമുണ്ട്. പകൽസമയം മിക്കവാറും ആ കയത്തിലാണ് അവന്റെ കിടപ്പ്. പോത്തുകളോടും എരുമകളോടു കണ്ടങ്കോരനു വളരെ സ്നേഹമായിരുന്നു. അവൻ കിടക്കുന്ന കയത്തിൽ വളരെ പോത്തുകളും എരുമകളും വന്നു കൂടുക പതിവായിരുന്നു. എന്നാൽ അവയ്ക്കു തിന്നാനൊന്നും കിട്ടാതെ വിശന്നിരിക്കുന്ന സമയങ്ങളിൽ കണ്ടങ്കോരൻ അവയെയെല്ലാം കരയ്ക്കു കേറ്റിക്കൊണ്ടു പോകും. കിടങ്ങൂർ കരിമ്പുകൃ‌ഷി ധാരാളമുള്ള പ്രദേശമാകയാൽ, പുഴവക്കത്തു തന്നെ കരിമ്പുകൃ‌ഷിചെയുന്ന സ്ഥലം ധാരാളമുണ്ട്. ഏതെങ്കിലും ഒരു വേലി കുറെ പൊളിച്ച്, പോത്തുകളെയും എരുമകളെയും വേലിക്കകത്തുകടത്തി, ആ വേലിമുറിക്കൽ കണ്ടങ്കോരനും നിൽക്കും. എരുമകളെയും മറ്റും അടിച്ചിറക്കാനായി വല്ലവനും വന്നാൽ അവരുടെ നേരെ കണ്ടങ്കോരൻ പാഞ്ഞെത്തും എങ്കിലും ആരെയും ഉപദ്രവിക്കയില്ലതാനും. കണ്ടങ്കോരൻ പാഞ്ഞടുക്കുമ്പോഴേക്കും എല്ലാവരും പേടിച്ചോടിക്കോളും. പോത്തുകളും എരുമകളും തിന്നു നിറഞ്ഞു കഴിഞ്ഞാൽ അവയെയെല്ലാം കൂട്ടിക്കൊണ്ട് ആ കയത്തിലേക്കുതന്നെ പോരികയും ചെയ്യും. എന്നാൽ കണ്ടങ്കോരൻ ഒരു കരിമ്പുപോലും തിന്നുകയില്ല. അവനു പതിവുള്ള തീറ്റി ആനക്കരന്മാർ ഹാജരാക്കി ക്കൊടുത്തുകൊള്ളണം. ദിവസംതോറും ക്ഷേത്രത്തിൽനിന്നും പതിവുള്ള ചോറും പായസവും കൊടുത്തേക്കുകയും വേണം. അല്ലാതെ പരോപദ്രവം ചെയ്ത് അവനൊന്നും തിന്നുക പതിവില്ല.
ഒരു ദിവസം രാത്രിയിൽ കണ്ടങ്കോരൻ ആ കയത്തിൽ കിടക്കുമ്പോൾ, ഇഞ്ചി, മഞ്ഞൾ, നാളികേരം, അടയ്ക്ക മുതലായ സാധനങ്ങൾ കയറ്റിയ ഒരു വഞ്ചി കിഴക്കുനിന്ന് ഒഴുക്കു താഴ്ത്തി വന്നു. അവൻ അവിടെ കിടക്കുന്നതു വഞ്ചിക്കാർ അറിഞ്ഞില്ല. വഞ്ചി കൊണ്ടുവന്നു കണ്ടങ്കോരന്റെ മീതെ കയറ്റി. അവൻ വഞ്ചി പിടിച്ചവിടെ മുക്കി, എല്ലാമടിച്ചു പൊളിച്ചുകളഞ്ഞു. വഞ്ചിക്കാരെല്ലാം പേടിച്ചു വെള്ളത്തിൽ ചാടി നീന്തിക്കേറി ഓടിക്കളഞ്ഞു. അവൻ അവരെ ഒന്നും ചെയ്തില്ല. അന്നുമുതൽ കണ്ടങ്കോരനു വഞ്ചികളൊടും വഞ്ചിക്കാരോടും ബദ്ധവൈരമായിത്തീർന്നു. പിന്നെ അവൻ കയത്തിൽ കിടക്കുമ്പോൾ ആ പുഴയിൽക്കുടി ഒരു വഞ്ചിയും കടത്തിവിടാതെയായി. വഞ്ചി കണ്ടാൽ അടിച്ചുപൊളിക്കും. അതിനാൽ പിന്നെ വഞ്ചിക്കാർ കണ്ടങ്കോരന്റെ കാലം കഴിയുന്നതുവരെ അവൻ കയത്തിൽ ഇല്ലാത്ത സമയംനോക്കിയല്ലാതെ വഞ്ചി കടത്തിക്കൊണ്ടു പോയിട്ടില്ല. കിഴക്കുനിന്നു പടിഞ്ഞാട്ടും പടിഞ്ഞാറുനിന്നു കിഴക്കോട്ടും പോകുന്ന വഞ്ചികൾ ആ കയത്തിന്റെ വളരെ ദൂരെ മുകളിലും താഴെയും വന്നടുത്തു കെട്ടി, വഞ്ചിക്കാർ കരയ്ക്കിറങ്ങി വന്നുനോക്കി, വിവരമറിഞ്ഞല്ലാതെ കടന്നുപോവുക പതിവില്ല. കണ്ടങ്കോരനെ കയത്തിൽ കാണാതെയിരിക്കാനായിട്ടു കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്കു സകല വഞ്ചിക്കാരും അന്നു വഴിപാടുകൾ കൊടുക്കാറുണ്ട്. അങ്ങനെയുണ്ടായ മുതൽകൊണ്ടു കിഴക്കേനടയിൽ ഒരു ദീപസ്തംഭമുണ്ടാക്കീട്ടുള്ളത് ഇന്നും നിലനിൽക്കുന്നുണ്ട്.
ക്ഷേത്രത്തിൽ എഴുന്നള്ളിക്കാറാകുമ്പോൾ കണ്ടങ്കോരനെ ആനക്കാരന്മാർ വിളിച്ചോ പിടിച്ചോ കൊണ്ടുവരിക പതിവില്ല. എഴുന്നള്ളിക്കുന്നതിനു പാണികൊട്ടുന്നതുകേട്ടാൽ, അവൻ സ്വയമേവ, കയത്തിൽനിന്നു കയറി കൊടിമരത്തിന്റെ ചുവട്ടിൽ ഹാജരാകും. തലയിൽക്കെട്ടു കെട്ടിക്കുന്നതിനായി ആനക്കാരന്മാർ ചെന്നാൽ പിൻഭാഗത്തുകൂടി കയറിക്കൊള്ളുന്നതിനു കാൽ പൊക്കിക്കൊടുക്കും. അതിലേ കേറി, തലയിൽക്കെട്ടു കെട്ടിച്ച് അതിലെതന്നെ ഇറങ്ങിക്കൊള്ളണം. അങ്ങനെയാണ് അവന്റെ ഏർപ്പാട്. എഴുന്നള്ളിക്കുന്ന ഒരാളല്ലാതെ വേറെയാരും മുൻവശത്തുകൂടി കേറുന്നതിന് അവൻ സമ്മതിക്കയില്ല. എഴുന്നള്ളിക്കുന്നതിന് ആരും പറയാതെ തന്നെ കാൽ മടക്കിക്കൊടുക്കുകയും ചെയ്യും. കുടയാലവട്ടം, വെൺചാമരം എന്നിതുകൾക്കായി കേറുന്നവരും പിറകിൽക്കൂടി വേണം കയറുവാൻ. ശീവേലി, വിളക്കു മുതലായതിന് എഴുന്നള്ളിച്ചാൽ കുറച്ചു വേഗം നടക്കുന്നതിനോ പതുക്കെ നടക്കുന്നതിനോ ആനക്കാരന്മാർ ഉത്സാഹിച്ചാൽ ഒന്നും അവൻ അനുസരിക്കയില്ല. അവനൊരു നിശ്ചയമൊക്കെയുണ്ട്. അതുപോലെ ഒക്കെ നടക്കും. അവന്റെ നിശ്ചയം ഒട്ടും തരക്കേടുള്ളതല്ലായിരുന്നുതാനും. ചെണ്ടമേളത്തിനും മറ്റും ഓരോരോ നിലകൾക്കു ഇന്നിന്ന സ്വലങ്ങളിൽ ഇത്രയിത്ര താമസിക്കേണമെന്നവനറിയാം. അതുപോലെയൊക്കെ താമസിക്കും. അതുപോലെ നാഗസ്വരപ്രദക്ഷിണത്തിനും അവനൊരു പതിവുണ്ട്. അപ്രകാരംതന്നെ ഉത്സവത്തിന്റെ രണ്ടാം ദിവസത്തേക്കാൾ മൂന്നാം ദിവസം കുറച്ചധികം താമസിക്കും. അതിനേക്കാളധികം പിറ്റേ ദിവസം താമസിക്കും. അങ്ങനെ ഉത്സവത്തിന്റെ കേമത്തം കൂടിവരുന്ന ക്രമത്തിനു തക്കവണ്ണമൊക്കെ അവൻ നിൽക്കും. പള്ളിവേട്ട, ആറാട്ട് ഇങ്ങനെയുള്ള ദിവസങ്ങളിൽ യഥാക്രമം വെളുപ്പാൻകാലമാകുന്നതുവരെ നിൽക്കുന്നതിനു അവനൊരു വിരോധവുമില്ല. അതിനൊന്നും ആരും പറയേണ്ടാ. ഒക്കെ അവനറിയാം. എന്നാൽ ഒരു ദിവസം വിളക്കോ ശീവേലിയോ കുറച്ചു വേഗം കഴിച്ചുകളയാമെന്നു വിചാരിച്ചാൽ, അവൻ സമ്മതിക്കയില്ല. അവൻ നടക്കാതെ എന്തുചെയ്യും? അപ്രകാരംതന്നെ ഒരു ദിവസം പതിവിൽ കുറച്ചധികം വിസ്തരിച്ചുവേണമെന്നുവെച്ചു പതിവിൽ അധികം താമസിക്കാൻ കണ്ടങ്കോരൻ സമ്മതിക്കയില്ല. പതിവുള്ള സമയമായാൽ അവനങ്ങോട്ടു നടന്നുതുടങ്ങും. പിന്നെ വാദ്യക്കാർ മുതലായവർ നടക്കുകയല്ലാതെ എന്തുചെയ്യും? ഉത്സവത്തിൽ ഓരോ ദിവസത്തെ വിളക്കിനു പതിവിൻപടിയുള്ള വെളിച്ചെണ്ണ അളന്നെടുത്താൽ, പതിവുപോലെയുള്ള തീവെട്ടിയുണ്ടായാൽ വിളക്കു കഴിയുമ്പോൾ ശരിയായിട്ടിരിക്കും. വെളിച്ചെണ്ണ പതിവിൽ കുറച്ചധികമെടുത്താൽ വിളക്കു കഴിയുമ്പോൾ അധികമെടുത്തത് അധികമുണ്ടായിരിക്കും. കുറച്ചെടുത്താൽ കുറവുള്ളതുകൂടെ എടുക്കാതെ തികയുകയുമില്ല. അത്ര കണിശമാണ് കണ്ടങ്കോരന്റെ കാര്യം. കണ്ടങ്കോരനുണ്ടായിരുന്ന കാലത്തു വിളക്കു വകയ്ക്കുള്ള വെളിച്ചെണ്ണയ്ക്കു കള്ളക്കണക്കെഴുതാൻ ദേവസ്വശമ്പളക്കാർക്കു കഴിഞ്ഞിട്ടില്ല. എന്തെങ്കിലും വ്യത്യാസം ചെയ്താൽ ഉടനെ വെളിപ്പെട്ടുപോകും. കണ്ടങ്കോരൻ നേരനീക്കം വരുത്തുകയില്ലെന്നു സർവ്വസമ്മതമാണ്. കണ്ടങ്കോരന്റെ സ്വഭാവഗുണത്തിനു ദൃഷ്ടാന്തമായി അനേക സംഗതികളുണ്ടായിട്ടുള്ളതിൽ ഒന്നു പറയാം. ഒരു ദിവസം ശീവേലി കഴിഞ്ഞു കണ്ടങ്കോരൻ ഒരിടവഴിയിൽക്കൂടിപ്പോകുമ്പോൾ ഒരു കോണു തിരിയുന്ന ദിക്കിൽവെച്ച് ഒരു വയോധികയായ അന്തർജനവുമായി തൊട്ടുതൊട്ടില്ല എന്ന വിധത്തിൽ അടുക്കുന്നതിനിടയായി. ആനയെ അടുത്തു കണ്ടപ്പോഴേക്കും ആ വൃദ്ധയായ അന്തർജനം പേടിച്ചു വിറച്ച് അവിടെ വീണു. പിന്നാലേ തുണയായി വന്നിരുന്ന അച്ചിപ്പെണ്ണ് പേടിച്ചു പിന്നോക്കം ഓടിപ്പോയി. ആനയ്ക്കൊഴിഞ്ഞു പോകുന്നതിനും തിരിഞ്ഞു പോകുന്നതിനും ആ ഇടവഴിക്കു വിസ്താരമില്ലായിരുന്നു. കണ്ടങ്കോരൻ കുറച്ചുസമയം അവിടെ നിന്നു. എന്നിട്ടും അന്തർജനം എണീറ്റു മാറായ്കയാൽ അവൻ അവരെ പതുക്കെ എടുത്ത് ഒരുവശത്തുള്ള കയ്യാലയുടെ മുകളിലേക്കുവെക്കുകയും അന്തർജനത്തിന്റെ കുടയെടുത്തങ്ങോട്ടുവെച്ച് നേരേ പോവുകയും ചെയ്തു. ആനക്കാരന്മാർ ആരും കൂടെയില്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അ അന്തർജനത്തിനു ലവലേശം വേദനയുണ്ടായില്ല. ഇത്രയും ബുദ്ധി ഗുണം ഏതാനയ്ക്കുണ്ട്? ആന കടന്നുപോയി, കുറച്ചു കഴിഞ്ഞപ്പോൾ അന്തർജനം പതുക്കെ എണീറ്റു കുടയുമെടുത്ത് പോവുകയും ചെയ്തു. ഇങ്ങനെ അവന്റെ അത്ഭുതകർമ്മങ്ങൾ വളരെയുണ്ട്.
കണ്ടങ്കോരനെ തടി പിടിക്കുവാൻ പലരും കൊണ്ടുപോവുക പതിവുണ്ട്. എത്രവണ്ണവും എത്ര നീളവും ഉണ്ടായാലും അവനു പിടിക്കാൻ വയ്യാത്ത തടിയില്ല. വക്ക കെട്ടിക്കൊടുത്താൽ എത്ര തടിയും അവൻ കൊണ്ടുപോകും. എന്നാൽ അതും അവന്റെ മനസ്സുകൂടാതെ ആരു വിചാരിച്ചാലും പറ്റുകയുമില്ല. ആനക്കാരന്മാർക്കും ദേവസ്വത്തിലേക്കും വല്ലതും മുറപ്രകാരം കൊടുക്കുന്നതു കൂടാതെ, കണ്ടങ്കോരനുകൂടി വല്ലതും കൊടുക്കാതെ അവനെക്കൊണ്ടു തടിപിടിപ്പിക്കാൻ ആരു വിചാരിച്ചാലും സാധിക്കയില്ല. എന്നാൽ ആനക്കാരന്റെ മനസ്സുകൂടാതെ കഴിയുമോ. അതുമില്ല. അഞ്ചാറാനക്കാരന്മാരുണ്ടായിരുന്നു എങ്കിലും അവരിൽ പ്രധാനമായി ഒരുത്തനുണ്ട്. അവൻ കൂടെയിലാതെ കണ്ടങ്കോരൻ ആ കിടങ്ങൂർക്ഷേത്രത്തിൽ നിന്നു കാൽ നാഴിക തികച്ചു ദൂരേ പോവുകയില്ല; യാതൊരു തടിയും പിടിക്കയുമില്ല. അതിനാൽ ദേവസ്വക്കാരുടെ സമ്മതം വാങ്ങിയതിനുശേ‌ഷം ആനക്കാരനു വല്ലതും കൊടുത്ത് അവനെയും സമ്മതിപ്പിക്കണം. പിന്നെ കണ്ടങ്കോരന് ഇന്നതു കൊടുക്കാമെന്ന് ഒരു ഉടമ്പടിയും പറയണം. കണ്ടങ്കോരനുള്ളതു തടി പിടിച്ചു കഴിഞ്ഞാൽ ഉടനെ കൊടുത്തില്ലെങ്കിൽ തടി തിരിയെ പിടിച്ചു മുമ്പു കിടന്നിരുന്ന ദിക്കിൽ കൊണ്ടു ചെന്നിടും. അങ്ങനെയാണ് കണ്ടങ്കോരന്റെ പതിവ്. പിടിക്കാനുള്ള തടിയും നീളവും വണ്ണവും പിടിചാൽ കൊടുക്കുന്ന പ്രതിഫലവും ആദ്യമേ പറയണം. അപ്പോൾ കണ്ടങ്കോരൻ സമ്മതിച്ചാലും ഇല്ലെങ്കിലും ശിരഃകമ്പനം, ഗർജിതം മുതലായവകൊണ്ട് അവൻ അറിയിക്കും. സമ്മതിച്ചില്ലെങ്കിൽ, കുറച്ചുകൂടി വല്ലതും കൊടുക്കാമെന്നു പറഞ്ഞാൽ അപ്പോൾ സമ്മതിച്ച് അവൻ നല്ലപോലെ തല കുലുക്കും.
കണ്ടങ്കോരന്റെ പ്രതിഫലം സാധാരണ പഴക്കുല, നാളികേരം, ശർക്കര, പായസം മുതലായവയാണ്. ഒരിക്കൽ ഒരാൾ ഒരു വലിയ തടി പിടിക്കുന്നതിനാവശ്യപ്പേട്ടു ചെന്നു പറഞ്ഞു. ദേവസ്വക്കാരും ആനക്കാരും സമ്മതിച്ചു. "കണ്ടങ്കോരനെന്തു കൊടുക്കു"മെന്നാനക്കരൻ ചോദിച്ചു. "പത്തുകുല പൂവൻ പഴവും, പത്തു നാളികേരവും ഒരു തുലാം ശർക്കരയും കൊടുക്കാ" മെന്ന് ആവശ്യക്കാരൻ പറഞ്ഞു. ഉടനെ ആനക്കാരൻ പതിവുപ്രകാരം തടി കണ്ടങ്കോരനെക്കൊണ്ട് പിടിപ്പിച്ചു കൊടുത്തു. എന്നാൽ തടി പിടിച്ചപ്പോൾ തടിയുടെ ഉടമസ്ഥൻ അതു കൊടുത്തില്ല. എന്നു മാത്രമല്ല കുറച്ചു ദിവസം കഴിഞ്ഞു തരാമെന്നു പറഞ്ഞു. ഇതു കണ്ടങ്കോരൻ കേട്ടപ്പോൾ അവനു കോപം സഹിക്കവഹിയാഞ്ഞു തടി എടുത്ത സ്ഥലത്തുതന്നെ കൊണ്ടു ചെന്നിടുകയും ചെയ്തു. ആ സമയത്തു തടിയുടെ ഉടമസ്ഥൻ അവിടെ ഉണ്ടായിരുന്നില്ല. തടിയുടെ ഉടമസ്ഥൻ നോക്കിയപ്പോൾ തടി പൂർവസ്ഥത്തു തന്നെ കിടക്കുന്നതു കണ്ടു വളരെ വ്യസനപ്പെട്ടു. വേറെ പല ആനകളെയും അതിനായി വിളിച്ചു. എന്നാൽ മറ്റാനകൾക്കൊന്നിനും അതിനെ എള്ളിടപോലും നീക്കാൻ സാധിച്ചില്ല. അവസാനം വീണ്ടും ആ ഉടമസ്ഥൻ ചെന്നു പറഞ്ഞപ്പോൾ ദേവസ്വക്കാരും ആനക്കാരും സമ്മതിച്ചുവെങ്കിലും കണ്ടങ്കോരനെ വിളിച്ചപ്പോൾ അവൻ ചെയ്തില്ല.

കോഴിക്കോട്ടങ്ങാടി

കോഴിക്കോട്ടങ്ങാടി
കോഴിക്കോട്ടങ്ങാടി

ണ്ടു കോഴിക്കോട്ടു രാജാവിനു രാജ്യാധിപത്യമുണ്ടായിരുന്ന കാലത്ത് ഒരിക്കൽ അന്നു നാടുവാണിരുന്ന സാമുതിരിപ്പാടു തമ്പുരാന്റെ വലത്തേത്തോളിന് ഒരു വേദന തുടങ്ങി. അതു പ്രതിക്ഷണം വർദ്ധിച്ചു വർദ്ധിച്ചു തമ്പുരാന് സഹിക്കവയ്യാതെയായിത്തീർന്നു. അപ്പോഴേക്കും വൈദ്യന്മാരും മന്ത്രവാദികളും പ്രശ്നക്കാരുമൊക്കെ എത്തി അവരുടെ വിദ്യകളെ പലവിധം പ്രകടിപ്പിച്ചുതുടങ്ങി. സംഖ്യയില്ലാതെ വൈദ്യന്മാരും മന്ത്രവാദികളും വരികയും പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കുകയും ചെയ്തിട്ടും തമ്പുരാനു വേദനയ്ക്ക് ഒരു കുറവും ഉണ്ടായില്ലെന്നു തന്നെയുമല്ല, ക്രമേണ കൂടുതലായിക്കൊണ്ടുമിരുന്നു. ഒടുക്കം വൈദ്യന്മാരും മന്ത്രവാദികളുമെല്ലാം അസാധ്യമെന്നു നിശ്ചയിച്ചു പിന്മാറി. ഒരു നിവൃത്തിയുമില്ലെന്നായിത്തീർന്നു. അങ്ങനെയിരിക്കുമ്പോൾ നല്ല ബുദ്ധിമാനും സൂക്ഷ്മഗ്രാഹിയും ആലോചനാശക്തിയുള്ളയാളുമായ ഒരു വിദ്വാൻ സാമുതിരിപ്പാട്ടിലെ തിരുമുമ്പാകെ ചെന്ന് ആലസ്യത്തിന്റെ വിവരമെല്ലാം ചോദിച്ചറിഞ്ഞു. ഉടനെ അയാൾ "ഈ വേദന ഞാൻ ഭേദമാക്കാം. ഇതിനു വിശേ‌ഷിച്ചൊന്നും വേണ്ടാ. ഒരു തോർത്തുമുണ്ടു നനച്ചു പിഴിഞ്ഞ് ആ വേദനയുള്ള സ്ഥലത്ത് വെച്ചാൽ ക്ഷണത്തിൽ വേദന ദേദമാകും" എന്നു പറഞ്ഞു. ഇതു കേട്ടിട്ടു ഫലിക്കുന്ന പ്രയോഗമാണെന്നുള്ള വിശ്വാസം സാമുതിരിത്തമ്പുരാനെന്നല്ല, അവിടെ ആർക്കും തന്നെയുണ്ടായില്ല. എങ്കിലും വേദനയുടെ ദുസ്സഹത്വംകൊണ്ട് ഇതു ഒന്നു പരീക്ഷിച്ചു നോക്കിയേക്കാം എന്നു വിചാരിച്ച് തമ്പുരാൻ അപ്രകാരം ചെയ്തു. മുണ്ടു നനച്ചു പിഴിഞ്ഞു വലത്തേത്തോളിൽ വെച്ചു മാത്രനേരം കഴിഞ്ഞപ്പോൾ വേദന അശേ‌ഷം മാറി തമ്പുരാനു നല്ല സുഖമായി. അപ്പോൾ ആ വിദ്യ പറഞ്ഞുകൊടുത്ത വിദ്വാന്റെ പേരിൽ തമ്പുരാനു വളരെ സന്തോ‌ഷവും ബഹുമാനവും ഉണ്ടായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. ഉടനെ തമ്പുരാൻ ആ വിദ്വാനെ വീരശൃംഖല മുതലായ സമ്മാനങ്ങൾ കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഈ സംഗതികളെല്ലാം ദിവാൻജി കേട്ടു. ഏറ്റവും സ്വാമിഭക്തനും ബുദ്ധിമാനുമായ ദിവാൻജിക്ക് ഈ വർത്തമാനം കേട്ടപ്പോൾ ദുസ്സഹമായ മനസ്താപമാണുണ്ടായത്. ഉടനെ ദിവാൻജി "അയ്യോ! കാര്യം തെറ്റിപ്പോയല്ലോ" എന്നു പറഞ്ഞ് ഏറ്റവും വി‌ഷാദത്തോടുകൂടി പുറപ്പെട്ടു. ആരെയോ അന്വേ‌ഷിക്കുന്നതുപോലെ പല സ്ഥലങ്ങളിൽ ചുറ്റി നടന്ന് ഒടുക്കം സന്ധ്യയോടുകൂടി അങ്ങാടിയിൽ ചെന്നുചേർന്നു. അപ്പോൾ അവിടെ സർവാംഗസുന്ദരിയായ ഒരു യുവതി നിൽക്കുന്നതു കണ്ട്, അവളുടെ അടുക്കൽ ചെന്നു വിനയസമേതം "എനിക്ക് നിങ്ങളോട് അത്യാവശ്യമായി ഒരു സ്വകാര്യം പറയുവാനുണ്ട്" എന്നു പറഞ്ഞു. "എന്താണെന്നുവെച്ചാൽ പറയാമല്ലോ" എന്നു സ്ത്രീ പറഞ്ഞു. അപ്പോൾ ദിവാൻജി ഒരു പരിഭ്രമഭാവത്തോടുകൂടി "അയ്യോ! എന്റെ മുദ്ര ഞാൻ കച്ചേരിയിൽവെച്ചു മറന്നിട്ടാണ് പോന്നത്. ഞാൻ ചെന്ന് അതെടുത്തുകൊണ്ട് ക്ഷണത്തിൽ വന്നേക്കാം. അതുവരെ നിങ്ങൾ ദയവുചെയ്തു ഇവിടെ നിൽക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു. എനിക്കു പറയാനുള്ളതു ഒരത്യാവശ്യകാര്യമാകയാൽ ഞാൻ വന്ന് അതു പറയാതെ നിങ്ങൾ പൊയ്ക്കളയരുത്" എന്നു പറഞ്ഞു. "നിങ്ങൾ തിരിച്ചുവരുന്നതുവരെ ഞാനിവിടെത്തന്നെ നിൽക്കാം." എന്നു സ്ത്രീ സമ്മതിച്ചു പറഞ്ഞു. "അങ്ങനെ സാധാരണയായി പറഞ്ഞാൽ പോരാ. ഞാൻതിരിച്ചുവന്നല്ലാതെ പോവുകയില്ലെന്നു നിങ്ങൾ സത്യം ചെയ്യണം" എന്നു ദിവാൻജി വീണ്ടും നിർബന്ധിക്കയാൽ സ്ത്രീ അപ്രകാരം സത്യം ചെയ്യുകയും ദിവാൻജി പോവുകയും ചെയ്തു.
ഉടനെ ദിവാൻജി വി‌ഷാദത്തോടുകൂടി സാമുതിരിപ്പാടുതമ്പുരാൻ തിരുമുമ്പാകെ ചെന്ന് "ഇപ്പോൾ തിരുമേനിക്കു സുഖമായില്ലേ?" എന്നു ചോദിച്ചു. ഉടനെ തമ്പുരാൻ "നല്ല സുഖമായി. ചികിത്സയുടെ വിവരമൊക്കെ കേട്ടിരിക്കുമല്ലോ. ആ കൌശലം പറഞ്ഞുതന്നയാൾ യോഗ്യൻതന്നെ, സംശയമില്ല" എന്നു കല്പിച്ചു. അപ്പോൾ ദിവാൻജി, “അയാൾ യോഗ്യൻതന്നെ. കാര്യം പറ്റിച്ചുവല്ലോ. ആലോചിക്കാതെ അയാൾ പറഞ്ഞതുപോലെ കല്പിച്ചു ചെയ്തതു വലിയ കഷ്ടമായിപ്പോയി. ഇനി അതു പറഞ്ഞിട്ടും വിചാരിച്ചിട്ടും പ്രയോജനമില്ലല്ലോ. തിരുമേനിക്കുണ്ടായിരുന്ന ആലസ്യത്തിന്റെ കാരണം അവിടുന്ന് അറിഞ്ഞിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുകയില്ലായിരുന്നു. ഇവിടെ ഇത്രമാത്രം ഐശ്വര്യം വർദ്ധിച്ചതു തിരുമേനിയിൽ ലക്ഷ്മീഭഗവതിയുടെ അധിവാസമുണ്ടായിരുന്നതിനാലാണ്. മഹാലക്ഷ്മി അവിടുത്തെ വലത്തേത്തോളിൽ നൃത്തം ചെയ്തുകൊണ്ടിരുന്നതിനാലാണ് അവിടേക്കു സഹിക്കവയ്യാതെകണ്ടുള്ള വേദനയുണ്ടായത്. ഈറൻമുണ്ടു വലത്തേ തോളിൽ വെയ്ക്കുന്നതുപോലെ ആശ്രീകരമായിട്ടു മറ്റൊന്നുമില്ല. അങ്ങനെ ചെയ്താൽ ചെയ്യുന്ന ആളുടെ ദേഹത്തിൽനിന്നു ലക്ഷ്മീഭഗവതി ഉടനെ വിട്ടു മാറുകയും ജ്യേ‌ഷ്ഠാഭഗവതി ആ സ്ഥാനത്തു ബാധിക്കുകയും ചെയ്യും. ഈ തത്ത്വവും തിരുമേനിയുടെ ആലസ്യത്തിന്റെ കാരണവും അറിഞ്ഞിരുന്നതിനാലാണ് ആ വിദ്വാൻ ഈ ഉപായം പറഞ്ഞുതന്നത്. ഇതു നമ്മുടെ കാലദോ‌ഷം കൊണ്ടുണ്ടായതാണ്. ഇനി പറഞ്ഞിട്ടു കാര്യമില്ല. ലക്ഷ്മീദേവി ഇവിടെ നിന്നിറങ്ങിയെങ്കിലും രാജ്യം വിട്ടുപോകാതെയിരിക്കാൻ അടിയൻ ഒരുപായം പ്രയോഗിച്ചിട്ടുണ്ട്. അതിനാൽ അടിയനിനി ജീവിച്ചിരിക്കാൻ നിവൃത്തിയില്ല" എന്നു പറഞ്ഞ് ദിവാൻജീ തിരുമുമ്പാകെ നിന്നു വേഗത്തിൽ ഇറങ്ങിപ്പോവുകയും ഉടനെ ആത്മഹത്യചെയ്യുകയും ചെയ്തു. ദിവാൻജി സത്യം ചെയ്യിച്ച് അങ്ങാടിയിൽ നിർത്തിയ സ്ത്രീ സാക്ഷാൽ മഹാലക്ഷ്മി തന്നെ ആയിരുന്നുവെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ദിവാൻജി തിരിച്ചുവന്നുകാണാതെ പോകാൻ പാടില്ലാതെ തീർന്നതിനാൽ ലക്ഷ്മീദേവി ഇന്നും കോഴിക്കോട്ടങ്ങാടിയിൽ നിൽക്കുന്നുണ്ടെന്നാണ് വിശ്വാസം. കോഴിക്കോട്ടങ്ങാടിയുടെ ഐശ്വര്യം ഇന്നും നശിക്കാതെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതും സന്ധ്യാസമയത്ത് ചെന്നു നോക്കിയാൽ ആ സ്ഥലത്തിനു വിശേ‌ഷാൽ ഒരു ശ്രീയുണ്ടായിരിക്കുന്നതായി കാണപ്പെടുന്നതും അവിടെ ലക്ഷ്മീഭഗവതിയുടെ അധിവാസമുണ്ടായിട്ടാണെന്നുള്ള ഇതിഹാസത്തിൽ എന്തോ ചില വാസ്തവമുണ്ടെന്നു ആർക്കും തോന്നിപ്പോകത്തക്കവണ്ണം ഐശ്വര്യവും സന്ധ്യാസമയത്ത് ഒരു വിശേ‌ഷഭംഗിയും ആ അങ്ങാടിക്കു ഇന്നും കണ്ടുവരുന്നുണ്ട്.
കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി ദിവാൻജി പറഞ്ഞു മനസ്സിലാക്കിയപ്പോൾ സാമൂതിരിത്തമ്പുരാൻ അത്യന്തം വ്യസനിക്കുകയും പശ്ചാത്തപിക്കുകയും ചെയ്തു. "അതീതകാര്യാനുശയേന കിം സ്യാദശേ‌ഷ വിദ്വജ്ജനഗർഹിതേന." ഈ സംഗതി നടന്നിട്ടു വളരെ താമസിയാതെതന്നെ സാമുതിരിപ്പാടുതമ്പുരാന്റെ രാജലക്ഷ്മി (രാജ്യാധിപത്യം) അന്യാധീനപ്പെട്ടുപോവുകയും ചെയ്തു.

കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും

കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും

കുഞ്ചമൺപോറ്റിയും മറ്റപ്പള്ളി നമ്പൂതിരിപ്പാടും

ചാത്തനെസ്സേവിച്ചു പ്രത്യക്ഷമാക്കിയ പ്രസിദ്ധനായ കുഞ്ചമൺ പോറ്റിയും, ശ്രീപോർക്കലിയിൽപ്പോയി ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷ പ്പെടുത്തിയ വിശ്വവിശ്രുതനായ മറ്റപ്പള്ളി നമ്പൂരിപ്പാടും ഒരുകാലത്തു ജീവിച്ചിരുന്നവരാണ്. മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ ഇല്ലപ്പേർ ആദ്യകാലത്ത് 'മറ്റപ്പള്ളി' എന്നു മാത്രമായിരുന്നു. ആ ഇല്ലത്തു നിന്ന് ഒരാൾ ശ്രീപോർക്കലിയിൽ പോയി ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷമാക്കി വന്നതിനാൽ അക്കാലംമുതൽ ഇല്ലപ്പേർ 'ഭദ്രകാളി മറ്റപ്പള്ളി' എന്നു പ്രസിദ്ധമായിത്തീർന്നു. അതിനാൽ എല്ലാവരും പറയുന്നതും ആ ഇല്ലത്തുള്ളവർ എഴുത്തുകുത്തുകളിൽ പേരുവയ്ക്കുന്നതുമെല്ലാം ഇന്നും 'ഭദ്രകാളിമറ്റപ്പള്ളി നമ്പൂരി' (പ്പാട്) എന്നുതന്നെയാണ്.
സാക്ഷാൽ ഭദ്രകാളി മറ്റപ്പള്ളി നമ്പൂരിപ്പാട് ഒരിക്കൽ ഒരു തോണിയിൽക്കയറി വേമ്പനാട്ടുകായലിൽക്കൂടി തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. വൈക്കത്തു പടിഞ്ഞാറുവശത്തായപ്പോൾ അവിടെ ക്ഷേത്രത്തിൽ ഒരു പാണി കൊട്ടുന്നതു കേട്ടു. ആ പാണി ഒരു അസാധാരണരീതിയിൽ ആയിരുന്നതിനാൽ, "ശാസ്ത്രപ്രകാരം ഇത്ര ശരിയായി ഈ പാണി കൊട്ടുന്നത് ആരാണെന്നറിയണം. ഇതു മനു‌ഷ്യരിലാരുമാണെന്നു തോന്നുന്നില്ല. ദേവന്മാരിൽ ആരെങ്കിലുമായിരിക്കണം. ഏതെങ്കിലും തോണി ഇവിടെ അടുക്കട്ടെ എന്നു പറഞ്ഞു തോണി അടുപ്പിച്ചു നമ്പൂരിപ്പാടു കരയ്ക്കിറങ്ങി, കുളിയും കഴിച്ചു ക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടെ ഉൽസവകാലമായിരുന്നു. ഉൽസവബലിയുടെ പാണികൊട്ടാണ് നമ്പൂരിപ്പാട് കേട്ടത്. ആ പാണി കൊട്ടിയിരുന്നതു ഒരു സ്ത്രീയായിരുന്നു.
വൈക്കത്തുക്ഷേത്രത്തിൽ പ്രവൃത്തിക്കാരും അവകാശികളുമായവരിൽ ഒരു മാരാന്റെ വീട്ടിൽ ഒരുകാലത്തു പുരു‌ഷന്മാരാരുമില്ലാതെയായിത്തീർന്നു. ഒരു സ്ത്രീയും രണ്ടുമൂന്നു പെൺകുട്ടികളും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. അവർക്കു പതിവായി ക്ഷേത്രത്തിൽനിന്നുള്ള ചോറല്ലാതെ ഉപജീവനത്തിനു യാതൊരു മാർഗവും ഉണ്ടായിരുന്നില്ല. ആ വീട്ടുകാർ ക്ഷേത്രത്തിൽ പ്രതിദിനം നടത്തേണ്ടുന്ന കൊട്ട്, പാട്ട് മുതലായ പ്രവൃത്തികൾ ആ സ്ത്രീ ശേ‌ഷമുള്ള മാരാന്മാരോടു നല്ലവാക്കു പറഞ്ഞു അവരെക്കൊണ്ടു നടത്തിച്ചു ചോറു വാങ്ങി ഉപജീവനം കഴിച്ചുവന്നു.
അങ്ങനെയിരിക്കുമ്പോൾ ഒരുൽസവകാലത്ത് അവിടെ ശേ‌ഷമുള്ള മാരാന്മാരെല്ലാവരുംകുടി, ആ സ്ത്രീയുടെ വീട്ടിൽനിന്നു നടത്തേണ്ടുന്ന പ്രവൃത്തികൾ നടത്താതെ മുട്ടിച്ചാൽ അവർക്കുള്ള അവകാശം പോവുകയും ആ അവകാശവും അതിനുള്ള ആദായങ്ങളും കൂടി തങ്ങൾക്കു കിട്ടുകയും ചെയ്യുമല്ല എന്നു വിചാരിച്ച് അവരുടെ ആൾപ്പേരായി ആരും അടിയന്തിരം നടത്തിക്കൊടുക്കരുതെന്നു പറഞ്ഞു നിശ്ചയിച്ചു. പിന്നെ അവർ എല്ലാവരുംകൂടി ആ സ്ത്രീയെ വിളിച്ച്, "നിങ്ങളുടെ ആൾപ്പേരായിട്ടു ക്ഷേത്രത്തിലെ പ്രവൃത്തികൾ നടത്താൻ ഞങ്ങൾക്കാർക്കും മനസ്സില്ല. നാളെ ഉൽസവബലിയാണ്. അതിന്റെ പാണി നടത്തുന്നതിനുള്ള പ്രധാന ചുമതല നിങ്ങളുടെ തറവാട്ടേക്കാണല്ലോ. അതിനാൽ ആരെയെങ്കിലും വരുത്തി അടിയന്തിരം നടത്തിച്ചുകൊള്ളണം. അല്ലെങ്കിൽ അടിയന്തിരം മുട്ടും. ഞങ്ങൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു" എന്നു പറയുകയും ചെയ്തു. അന്നു വൈക്കത്തു പേരുംതൃക്കോവിൽ ക്ഷേത്രം ചില നമ്പൂരിമാരുടെ ഊരാൺമയോടും രാജ്യാധിപതിയായ വടക്കുംകൂർ രാജാവിന്റെ മേങ്കോയിമ്മസ്ഥാനത്തോടും കൂടിയായിരുന്ന തിനാൽ ആ മാരാന്മാർ ആ സ്ത്രീയുടെ ആൾപ്പേരായി ക്ഷേത്രത്തിലെ അടിയന്തിരങ്ങൾ നടത്താൻ തങ്ങൾക്കു മനസ്സില്ലെന്നുള്ള വിവരം ഊരാൺമക്കാരുടെയും രാജാവിന്റെയും അടുക്കലും കൂടി പറയുകയും ചെയ്തു. ആ സാധുസ്ത്രീ വളരെ താഴ്മയോടുകൂടി പലവിധത്തിൽ പറഞ്ഞിട്ടും ദുഷ്ടന്മാരും ദുരാഗ്രഹികളുമായ മാരാന്മാർ സമ്മതിച്ചില്ല. ആൾപ്പേരായിട്ട് അടിയന്തിരം നടത്താൻ മനസ്സില്ലെന്നുതന്നെ അവർ വീണ്ടും തീർച്ചയായിട്ടു പറഞ്ഞു. അപ്പോഴേക്കും സൂര്യൻ അസ്തമിക്കാറായിരുന്നതിനാൽ പിറ്റേദിവസത്തേക്കു ദൂരസ്ഥലങ്ങളിൽ നിന്ന് ആളെ വരുത്തി അടിയന്തിരം നടത്തിക്കാൻ നിവൃത്തിയില്ലായിരുന്നു. പാണി പരിചയമുള്ള മാരാന്മാർ അടുക്കലെങ്ങും വേറെ ഉണ്ടായിരിന്നുമില്ല. ആകപ്പാടെ ആ സ്ത്രീ വിചാരവും വി‌ഷാദവും കൊണ്ടു പരവശയായിത്തീർന്നു. അവർ വ്യസനംകൊണ്ട് അത്താഴമുണ്ണാതെ, "എന്റെ പെരുതൃക്കോവിലപ്പാ! അന്നദാനപ്രഭോ! എന്റെ ചോറു മുട്ടിക്കല്ലേ. ഇതിന് അവിടുന്നുതന്നെ എന്തെങ്കിലും ഒരു മാർഗമുണ്ടാക്കിത്തരണേ. അല്ലാതെ ഞാൻവിചാരിച്ചിട്ട് ഒരു നിവൃത്തിയും കാണുന്നില്ല" എന്നു പറഞ്ഞു കരഞ്ഞുംകൊണ്ട് പോയിക്കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ ഉറങ്ങുകയും ഉറക്കത്തിൽ അവർക്ക്, "നീ ഒട്ടും വ്യസനിക്കേണ്ടാ. നീ ഇപ്പോൾ ഗർഭം ധരിച്ചിട്ടുണ്ട്. നിന്റെ ഉദരത്തിൽ കിടക്കുന്നത് ഒരു പുരു‌ഷപ്രജയാണ്. അതിനാൽ നാളെ ഉൽസവബലിക്കു നീതന്നെ പാണി കൊട്ടിയാൽ മതി. നീ രാവിലെ കുളിച്ചു ക്ഷേത്രത്തിൽ ചെല്ലണം. അപ്പോൾ പാണി കൊട്ടാനുള്ള എണ്ണങ്ങളെല്ലാം നിനിക്കു ഞാൻ തോന്നിച്ചുതന്നു കൊള്ളാം." എന്നു പെരുംതൃക്കോവിലപ്പന്റെ ദർശനമുണ്ടാവുകയും ചെയ്തു. അപ്രകാരംതന്നെ ഉൽസവബലിക്ക് ഈ സ്ത്രീയെക്കൊണ്ട് പാണികൊട്ടിച്ചു കൊള്ളണമെന്നു രാജാവിനും ഊരാൺമക്കാർക്കും തന്ത്രിക്കുംകൂടി അന്നു ദർശനമുണ്ടായി. അതിനാൽ പിറ്റേദിവസം രാവിലെ ആ സ്ത്രീ കുളിച്ച് അമ്പലത്തിൽ ചെല്ലുകയും പാണി കൊട്ടിക്കൊള്ളുന്നതിനു രാജാവു മുതലായവർ അനുവദിക്കുകയും അവർ പാണി കൊട്ടിത്തുടങ്ങുകയും ചെയ്തു. ഇപ്രകാരമാണ് അന്ന് അവിടെ ഉൽസവബലിക്ക് ഒരു സ്ത്രീ പാണി കൊട്ടാനിടയായത്.
ആ സ്ത്രീ കുളിച്ചു ക്ഷേത്രത്തിൽ ചെന്നതിന്റെ ശേ‌ഷം ഉൽസവബലി കഴിയുന്നതുവരെ അവർക്കു സുബോധമുണ്ടായിരുന്നില്ല. പെരുംതൃക്കോവിലപ്പൻ തോന്നിച്ചതുപോലെയൊക്കെ അവർ പ്രവർത്തിച്ചു എന്നേയുള്ളു. ഭഗവാൻ തോന്നിച്ചിട്ടു കൊട്ടിയ പാണി ശാസ്ത്രപ്രകാരവും അസാധാരണവുമായിരുന്നത് ഒരത്ഭുതമല്ലല്ലോ. പാണി വിധിപ്രകാര മായിരുന്നതിനാൽ ഉൽസവബലി ഭുജിക്കുന്നതിനു ഭൂതങ്ങളും പ്രത്യക്ഷ മായി വായും വിളർന്നുകൊണ്ട് തന്ത്രിയുടെ അടുക്കലേക്ക് അടുത്തു തുടങ്ങി. അന്നു വൈക്കത്തു ക്ഷേത്രത്തിൽ തന്ത്രി 'മേക്കാട്ടു നമ്പൂരി' ആയിരുന്നു. അദ്ദേഹം ഉൽസവബലിയും മറ്റും ഒരുവിധം കഴിച്ചുകൂട്ടുമായിരുന്നു എന്നല്ലാതെ ദിവ്യമായ ആ പാണിക്കു ചേർന്നവിധം തൂവാൻ തക്കവണ്ണമുള്ള പഠിത്തവും പരിചയവും തപശ്ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭൂതങ്ങളെ പ്രത്യക്ഷമായി കണ്ടപ്പോഴേക്കും തന്ത്രി പേടിച്ചു വിറച്ചുതുടങ്ങി. ഉൽസവബലി വേണ്ടപോലെ ആയില്ലെങ്കിൽ ഭൂതങ്ങൾ തന്ത്രിയെക്കൂടി ഭക്ഷിച്ചുകളയുമെന്നു അദ്ദേഹത്തിനു തോന്നി. ഉടനെ തന്ത്രി നമ്പൂരി, നമ്പൂരിപ്പാടിനോട് "നമ്പൂരി എന്നെ രക്ഷിക്കണം. അല്ലെങ്കിൽ ഇവർ ഇപ്പോൾ എന്നെ പിടിച്ചു ഭക്ഷിക്കും, ഈ ക്ഷേത്രത്തിലെ തന്ത്രം പകുതി ഞാൻ നമ്പൂരിക്കു തന്നിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോൾ നമ്പൂരിപ്പാടു താറുടുത്തു മണ്ഡപത്തിൽ ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്ത്രിനമ്പൂരി മേൽ പറഞ്ഞ പ്രകാരം അപേക്ഷിച്ചു പറഞ്ഞതുകേട്ട് നമ്പൂരിപ്പാടു മണ്ഡപത്തിൽനിന്നിറങ്ങിച്ചെന്നു കൈവട്ടകയും പൂപ്പാലികയും വാങ്ങി വിധി പ്രകാരം തൂവാനും ഭൂതങ്ങളെലാം പ്രത്യക്ഷമായി ഉൽസവബലി ഭുജിക്കാനും തുടങ്ങി. ഉൽസവബലി കഴിഞ്ഞപ്പോൾ ഭൂതങ്ങളെല്ലാം വളരെ തൃപ്തിയോടും സന്തോ‌ഷത്തോടുംകൂടി അന്തർധാനം ചെയ്യുകയും ചെയ്തു. ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷമാക്കിയ ആളും സകലശാസ്ത്രപാരംഗതനും നല്ല മന്ത്രവാദിയും തന്ത്രിയുമായ നമ്പൂരിപ്പാട് ഭൂതങ്ങളെ ഭയപ്പെടാതെയിരുന്നതും അദ്ദേഹം ഉൽസവബലി കഴിച്ചിട്ടു ഭൂതങ്ങളെല്ലാം തൃപ്തിപ്പെടുകയും സന്തോ‌ഷിക്കുകയും ചെയ്തതും ഒരത്ഭുതമല്ലല്ലോ. ഇപ്രകാരമാണ് ഭദ്രകാളി മറ്റപ്പള്ളി നമ്പൂരിപ്പാട്ടിലെ തറവാട്ടേക്കു വൈക്കത്തെ തന്ത്രം പകുതി കിട്ടിയത്. ഇപ്പോഴും വൈക്കത്തെ തന്ത്രം മേക്കാട്ടു നമ്പൂരിയും മറ്റപ്പള്ളി നമ്പൂരിപ്പാടും കൂടിയാണ് നടത്തിവരുന്നത്.
സാക്ഷാൽ ഭദ്രകാളിമറ്റപ്പള്ളി നമ്പൂരിപ്പാടു വൈക്കത്തുക്ഷേത്രത്തിൽ തന്ത്രിയായി അവിടെ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം കുഞ്ചമൺപ്പോറ്റി എവിടെയോ പോയി വരുംവഴി വൈക്കത്തു ചെന്നുചേർന്നു. ഊണു കഴിഞ്ഞു നമ്പൂരിപ്പാടും പോറ്റിയുംകൂടി ഓരോ വെടികൾ പറഞ്ഞുകൊണ്ടിരുന്ന മധ്യേ പ്രസംഗവശാൽ പോറ്റി, "ഒരു മൂർത്തിയെ സേവിക്കുകയാണെങ്കിൽ ചാത്തനെത്തന്നെ സേവിക്കണം. ചാത്തൻ പ്രസാദിച്ചാൽ സാധിക്കാത്ത കാര്യം യാതൊന്നുമില്ല" എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞു പറഞ്ഞ് ഒടുക്കം അവർ തമ്മിൽ വാദം വലിയ കലശലായി. വാദം മുറുക്കമായപ്പോൾ പോറ്റി, "എന്നാൽ നമുക്ക് അത് ഇപ്പോൾത്തന്നെ ഒന്നു പരീക്ഷിച്ചു നോക്കാം, നമുക്ക അമ്പലത്തിലേക്കു പോകാം" എന്നും പറഞ്ഞു. "അങ്ങനെതന്നെ" എന്നു നമ്പൂരിപ്പാടും പറഞ്ഞു. രണ്ടുപേരുംകൂടി പോയി ക്ഷേത്രത്തിൽ മണ്ഡപത്തിൽ കേറിയിരുന്നു. ഉടനെ പോറ്റി, "ആരവിടെ മുറക്കാൻ കൊണ്ടുവരട്ടെ" എന്നു പറഞ്ഞു. അപ്പോൾ ഒരു കുട്ടിച്ചാത്തൻ ഒരു ഭൃത്യന്റെ വേ‌ഷത്തിൽ വെറ്റില തേച്ചു തെറുത്തു മുറുക്കാൻ തയ്യാറാക്കി പോറ്റിക്കു കൊണ്ടുചെന്നു കൊടുത്തു. ഉടനെ നമ്പൂരിപ്പാട്, "കാളിയെവിടെ? മുറുക്കാൻ കൊണ്ടു വരട്ടേ" എന്നു പറഞ്ഞു. അപ്പോൾ സാക്ഷാൽ ഭദ്രകാളി അതിസുന്ദരിയായ മനു‌ഷ്യസ്തിയുടെ വേ‌ഷത്തിൽ മുറുക്കാൻ തയ്യാറാക്കി നമ്പൂരിപ്പാട്ടി ലേക്കും കൊണ്ടുചെന്നുകൊടുത്തു. ഉടനെ പോറ്റി, "ആരവിടെ, കോളാമ്പി കൊണ്ടുവരട്ടേ" എന്നു പറഞ്ഞു. അപ്പോൾ ഭൂസ്പർശംകൂടാതെ ഒരാളൊരു കോളാമ്പിയും കൊണ്ടു പോറ്റിയുടെ അടുക്കൽ ആവിർഭവിച്ചു. പോറ്റി ആ കോളാമ്പിയിൽ തുപ്പുകയും ആ ആൾ കോളാമ്പിയുംകൊണ്ടു മേൽഭാഗത്തേക്കുപോയി അന്തർധാനം ചെയ്യുകയും ചെയ്തു. ഉടനെ നമ്പൂരിപ്പാടും "കാളിയെവിടെ? കോളാമ്പി കൊണ്ടുവരട്ടെ" എന്നു പറഞ്ഞു. അപ്പോൾ ഒരു സ്ത്രീ നിലംതൊടാതെ കോളാമ്പിയുംകൊണ്ടു നമ്പൂരിപ്പാട്ടിലെ അടുക്കൽ ചെല്ലുകയും നമ്പൂരിപ്പാട് കോളാമ്പിയിൽ തുപ്പുകയും ആ സ്ത്രീയും മേൾഭാഗത്തേക്കു പോയി മറയുകയും ചെയ്തു. ഉടനെ കുഞ്ചമൺപോറ്റി നമ്പൂരിപ്പാടിനോട്, "അവിടുന്നു തന്നെ ജയിച്ചു. ഞാൻ മടങ്ങിയിരിക്കുന്നു. ഞാൻ ഇത്രത്തോളം വിചാരിച്ചിരുന്നില്ല" എന്നു സമ്മതിച്ചു യാത്രയും പറഞ്ഞു പോയി. ഉടനെ ഭദ്രകാളി, നമ്പൂരിപ്പാട്ടിലെ അടുക്കൽ വീണ്ടും ആവിർഭവിക്കുകയും "ഇപ്രകാരമുള്ള പ്രവൃത്തി എന്നെക്കൊണ്ടു ചെയ്യിച്ചു കളയാമെന്നു വിചാരിച്ചതു ശരിയായില്ല. ഈ വകയൊക്കെ എനിക്കു പ്രയാസമാണ്. അതിനാൽ ഇനി അവിടുന്ന് എന്നെക്കാണുകയില്ല. എങ്കിലും അങ്ങ് ന്യായമായി വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഇനിയും ഞാൻ സാധിപ്പിച്ചുതന്നുകൊള്ളാം" എന്ന് അരുളിചെയ്തിട്ടു മറയുകയും അന്നുമുതൽ ഭദ്രകാളി മറ്റപ്പള്ളിനമ്പൂരിപ്പാട്ടിലേക്കു ഭദ്രകാളി അപ്രത്യക്ഷമായി ഭവിക്കുകയും ചെയ്തു.

ഐതിഹ്യമാല/കാലടിയിൽ ഭട്ടതിരി

ഐതിഹ്യമാല/കാലടിയിൽ ഭട്ടതിരി


രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കാലടിയിൽ ഭട്ടതിരി

കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം കുമാരനല്ലൂർ ഗ്രാമത്തിലുൾപ്പെട്ട നെട്ടാശ്ശേരി എന്ന ദിക്കിലാകുന്നു. ഈ ഇല്ലത്തുള്ളവർക്കു പാരമ്പര്യമായിട്ടുതന്നെ മന്ത്രവാദമുണ്ടെന്നും ഗണപതി പ്രത്യക്ഷമാണെന്നും പ്രസിദ്ധമാണല്ലോ. ഇവരുടെ മന്ത്രവാദത്തിന് അനന്യസാധാരണത്വം സിദ്ധിക്കുന്നതിനും ഗണപതി പ്രത്യക്ഷീഭവിക്കുന്നതിനുമുള്ള കാരണങ്ങൾ ചുരുക്കമായി ഇവിടെ വിവരിക്കുന്നു.
ഒരിക്കൽ ഈ ഇല്ലത്തുള്ള ഒരു ഭട്ടതിരിയും അദ്ദേഹത്തിന്റെ സ്നേഹിതനായ വേറെ ഒരു നമ്പൂതിരിയുംകൂടി ത്യശ്ശിവപേരൂർ പൂരം കാണാനായി പുറപ്പെട്ടു. ഇരിങ്ങാലക്കുടയ്ക്കു സമീപമായപ്പോൾ നേരം വൈകിയതിനാൽ ഒരില്ലത്തുകയറി പകലെ ഊണും സന്ധ്യാവന്ദനവും കഴിച്ച് അവിടെനിന്നു പുറപ്പെട്ട് 'യക്ഷിപ്പറമ്പ് ' എന്ന സ്ഥലത്തിനു സമീപമായപ്പോൾ സർവ്വാംഗസുന്ദരികളായ രണ്ടു മനു‌ഷ്യസ്ത്രീകൾ വഴിയിൽ നില്ക്കുന്നതുകണ്ടു. ആ സ്ത്രീകൾ ഇവർ അടുത്തുചെന്നപ്പോൾ തിരുമേനികൾ എങ്ങോട്ടാണ് ഈ അസമയത്ത് എഴുന്നള്ളത്ത്? എന്നു ചോദിച്ചു. അപ്പോൾ ഭട്ടതിരി ഞങ്ങൾ പൂരത്തിനു പോവുകയാണ് എന്നു പറഞ്ഞു. ഉടനെ സ്ത്രീകൾ ഇവിടെ അങ്ങോട്ടുചെല്ലുമ്പോൾ യക്ഷിപ്പറമ്പെന്നു പറയുന്ന സ്ഥലമായി. ഇങ്ങനെയുള്ള അസമയങ്ങളിൽ ഇതിലേ മനു‌ഷ്യരാരും നടക്കാറില്ല. ഇതൊരു വൈ‌ഷമ്യസ്ഥലമാണെന്ന് അവിടുന്ന് കേട്ടിട്ടില്ലായിരിക്കുമോ? എഴുന്നള്ളത്തു ഇന്നു വേണ്ടെന്നാണ് അടിയങ്ങൾക്ക് തോന്നുന്നത്. എഴുന്നള്ളിയാൽ എന്തെങ്കിലും ആപത്തുണ്ടാകും. അങ്ങനെ വളരെ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അപ്പോൾ നമ്പൂരി, ഞങ്ങൾക്ക് ഈ ദിക്കിലെങ്ങും പരിചയമില്ല. ഞങ്ങൾ ഈ ദിക്കുകാരല്ല. ഇന്നു പോകേണ്ടെന്നുവച്ചാൽ കേറികിടക്കുന്നതിന് എവിടെയാണു സകൗര്യമുള്ളത്. ഇവിടെ അടുക്കലെങ്ങാനും വല്ല ശൂദ്രവീടുകളോ മറ്റോ ഉണ്ടോ? എന്നു ചോദിച്ചു. അടിയങ്ങളുടെ കുപ്പമാടം ഇവിടെ അടുക്കലാണ്. വിരോധമില്ലെങ്കിൽ അങ്ങൊട്ടെഴുന്നള്ളിയാൽ അവിടെ കിടക്കാം. എന്നു സ്ത്രീകൾ പറഞ്ഞു.
ഇങ്ങനെ ആ സ്ത്രീകളും ഈ ബ്രാഅണരും കൂടി കുറഞ്ഞൊരു നേരത്തെ സംഭാ‌ഷണം കഴിഞ്ഞപ്പോഴേക്കും അസമയത്തു പോയാൽ വല്ലതും ആപത്തു സംഭവിച്ചെങ്കിലോ എന്നുള്ള ഭയംകൊണ്ടും ഈ സുന്ദരികളോടുകൂടി പോയാൽ അന്നു രാത്രി സുഖമായി കഴിച്ചുകൂട്ടാമെന്നുള്ള മോഹംകൊണ്ടും ഭട്ടതിരിയും നമ്പൂരിയും ആ സ്ത്രീകളുടെ വീട്ടിലേയ്ക്കു പോവുകയെന്നുതന്നെ തീർച്ചയാക്കി. പിന്നെ അവർ നാലുപേരുംകൂടി അവിടെനിന്നു പോയി. കുറച്ചു ചെന്നപ്പോൾ വലിയതായിട്ട് ഒരു മാളിക കണ്ടു. ഈ സ്ത്രീകൾ ബ്രാഹ്മണരെ ആ മാളികയിൽ കൂട്ടിക്കൊണ്ടുപോയി. അവിടെ അടുത്തടുത്തു വിശാലമായ രണ്ടു മുറികൾ ഉണ്ടായിരുന്നു. അതിൽ ഒന്നിൽ ഭട്ടതിരിയെയും ഒന്നിൽ നമ്പൂരിയെയും കൊണ്ടുചെന്നു കിടത്തി. രണ്ടു മുറികളിലും ഓരോ സ്ത്രീകൾ ചെന്നുകൂടി. ഭട്ടതിരി കിടന്ന മുറിയിൽ ചെന്ന ആ സ്ത്രീ ഭട്ടതിരിയെ തൊട്ടപ്പോൾതന്നെ അദ്ദേഹത്തിനു ബോധമില്ലാതായി. ഉടനെ അവൾ അദ്ദേഹത്തെ ഭക്ഷിക്കാനും തുടങ്ങി. നമ്പൂരിക്കു പതിവായി 'ദേവീമാഹാത്മ്യം' പാരായണമുള്ളതിനാൽ അദ്ദേഹത്തിന്റെ കൈയ്യിൽ ദേവീമഹാത്മ്യം ഗ്രന്ഥമുണ്ടായിരുന്നു. ആ ഗ്രന്ഥം തലയ്ക്കൽ വച്ചുംകൊണ്ടാണ് കിടക്കുക പതിവ്. അന്നും ഗ്രന്ഥം തലയ്ക്കൽ വച്ചിട്ടുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന സ്ത്രീ "ആ ഗ്രന്ഥം ഇവിടെ താഴെയെങ്ങാനും വെച്ചേക്കണം. അതെന്തിനു തലയ്ക്കൽ വെച്ചിരിക്കുന്നു" എന്നു ചോദിച്ചു. "ഇതു താഴെ വയ്ക്കാൻ പാടില്ല. തലയ്ക്കൽ വച്ചുംകൊണ്ടാണ് ഞാൻകിടന്നുറങ്ങുക പതിവ്" എന്നു നമ്പൂരി പറഞ്ഞു. പിന്നെയും ഗ്രന്ഥം താഴെവയ്ക്കാൻ ആ സ്ത്രീ വളരെ നിർബന്ധിച്ചു. എങ്കിലും നമ്പൂരി സമ്മതിച്ചില്ല. അപ്പോഴേക്കും മറ്റേ മുറിയിൽ ഭട്ടതിരിയുടെ എല്ലുകൾ കടിച്ചുപൊട്ടിക്കുന്നതിന്റെയും ചോര കുടിക്കുന്നതിന്റെയും ശബ്ദം കലശലായിട്ട് ഈ മുറിയിൽ കേട്ടുതുടങ്ങി. നമ്പൂരിക്കു കുറേശ്ശെ ഭയവും ചില സംശയങ്ങളും തോന്നിത്തുടങ്ങി. അവിടെക്കിടന്നുംകൊണ്ടു ഭട്ടതിരിയെ വിളിച്ചു. ഭട്ടതിരിയെ അപ്പോഴേക്കും മുക്കാലും ഭക്ഷിച്ചുകഴിഞ്ഞിരുന്നു. പിന്നെ ആർ വിളി കേൾക്കുന്നു? ഭട്ടതിരി വിളി കേൾക്കാതിരിക്കുകയും അടുക്കൽ നിൽക്കുന്ന സ്ത്രീ ഗ്രന്ഥം താഴെ വയ്ക്കാൻ നിൽബന്ധിക്കുകയും ചെയ്യുന്നതുകൊണ്ടും മറ്റും ആകപ്പാടെ കാര്യം നല്ല പന്തിയല്ലെന്നും ഈ സ്ത്രീകൾ കേവലം മനു‌ഷ്യസ്ത്രീകൾ അല്ലെന്നും തോന്നുകയാൽ നമ്പൂരിക്കു ഭയം കലശലായിത്തീർന്നു. അദ്ദേഹം ഗ്രന്ഥം കയ്യിലെടുത്തുപിടിച്ചുകൊണ്ടു തന്നെ കിടന്നു അദ്ദേഹത്തിനു ലവലേശം ഉറക്കം വരികയും അദ്ദേഹം ഉറങ്ങുകയും ഉണ്ടായില്ലെന്നു പറയേണ്ടതില്ലല്ലോ. അന്ത്യയാമമാകുന്നതു വരെ ആ സ്ത്രീ അദ്ദേഹത്തിന്റെ അടുക്കൽ ആ മുറിയിൽ നിന്നു. പിന്നെ പുറത്തേക്കിറങ്ങിപ്പോയി. നമ്പൂതിരി നിശ്ചഷ്ടേനായി ആ കട്ടിലിൽതന്നെ ഉറങ്ങാതെ കിടക്കുകയും ചെയ്തു.
നേരം വെളുത്തപ്പോൾ അവിടെ മാളികയുമില്ല; സ്ത്രീകളുമില്ല. നമ്പൂരി ഒരു വലിയ കരിമ്പനയുടെ മുകളിൽ ഇരിക്കുന്നു. പിന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ട് ഒരു വിധത്തിൽ താഴെയിറങ്ങി. അപ്പോൾ അതിനടുത്തുള്ള മറ്റൊരു കരിമ്പനയുടെ ചുവട്ടിൽ ഭട്ടതിരിയുടെ നഖങ്ങളും കുടുമ്മയും മാത്രം കിടക്കുന്നതു കണ്ടു. അപ്പോൾ തലേദിവസം കാണപ്പെട്ട സ്ത്രീകൾ മനു‌ഷ്യസ്ത്രീകൾ അല്ലെന്നും യക്ഷികളായിരുന്നു എന്നും അവരുടെ മായാബലംകൊണ്ട് അവരെ മനു‌ഷ്യസ്ത്രീകളാണെന്നും കരിമ്പന മാളികയാണെന്നും തോന്നിച്ചതാണെന്നും ഭട്ടതിരിയെ യക്ഷി ഭക്ഷിക്കയായിരുന്നു എന്നും ദേവീമാഹാത്മ്യം എന്ന ഗ്രന്ഥം തന്റെ കൈയിലുണ്ടായിരുന്നതിനാൽ തന്നെത്തൊടാൻ പാടില്ലാഞ്ഞതിനാലാണ് മറ്റേ യക്ഷി തന്നെ ഭക്ഷിക്കാഞ്ഞതെന്നും മറ്റും നമ്പൂരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം പൂരത്തിനു പോകാതെതന്നെ തിരിച്ചുപോന്നു.
അന്നു മരിച്ചുപോയ ആ ഭട്ടതിരിയല്ലാതെ ആ ഇല്ലത്തു പുരു‌ഷൻമാരാരും ഉണ്ടായിരുന്നില്ല. മരിച്ചുപോയ ഭട്ടതിരിയുടെ അന്തർജനത്തിനു അന്നു ഗർഭമുണ്ടായിരുന്നു. നമ്പൂരി വന്നു ഭട്ടതിരിയുടെ മരണവ്യത്താന്തം അന്തർജനത്തിന്റെ അടുക്കൽ അറിയിച്ചു. അപ്പോൾ വിധവയായിതീർന്ന ആ അന്തർജനം അത്യന്തം വി‌ഷാദമഗ്നനായി എന്നുള്ളതു പറയേണ്ടതില്ലല്ലോ. പിന്നെ ആ പതിവ്രതതന്നെ ഭർത്താവിന്റെ ശേ‌ഷക്രിയകളെല്ലാം കഴിച്ചു. അങ്ങനെയിരിക്കുന്ന കാലത്ത് ഏറ്റവും തേജോമയനായ ഒരു പുത്രനെ അന്തർജനം പ്രസവിച്ചു. ഉണ്ണിക്കു ജാതകർമ്മം, നാമകരണം, അന്നപ്രാശനം, ചൌളം, ഉപനയനം, സമാവർത്തനം മുതലായവ യഥാകാലം വേണ്ടതുപോലയെല്ലാം കഴിച്ചു. അതിനിടക്കു വിദ്യാഭ്യാസം ചെയ്യിക്കുകയും വേദാധ്യയനം ചെയ്യിക്കുകയുമെല്ലാം ചെയ്തു. അത്യന്തം ബുദ്ധിമാനായ ആ ബ്രാഹ്മണകുമാരൻ പതിനാറു വയസ്സു കഴിഞ്ഞപ്പോഴേക്കും അദ്ദേഹം വേദവേദാംഗതത്ത്വജ്ഞനായും സകലശാസ്ത്രപുരാണേതിഹാസ പാരംഗതനായും തീർന്നു.
അപ്പോൾ തന്റെ അച്ഛന്റെ മരണവൃത്താന്തം അമ്മ പറഞ്ഞു മനസ്സിലാവുകയാൽ അച്ഛനെക്കൊന്ന ആ യക്ഷിയുടെ കഥ കഴിച്ചേക്കുമെന്ന് അദ്ദേഹം നിശ്ചയിച്ച് ആ ഉദ്ദേശസിദ്ധിക്കായി സൂര്യനെ സേവിച്ചുതുടങ്ങി. അതികഠിനമായിരിക്കുന്ന തപസ്സുകൊണ്ട് അദ്ദേഹം സൂര്യഭഗവാനെ പ്രത്യക്ഷമാക്കി സൂര്യഭഗവാൻ ഒരു ബ്രാഹ്മണൻറെ രൂപം ധരിച്ച് ഭട്ടതിരിയുടെ അടുക്കൽ ചെന്നു ചില ദിവ്യമന്ത്രങ്ങൾ ഉപദേശിക്കുകയും "പോരാത്തതെല്ലാം ഇതിൽ പറയുന്നുണ്ട്. ഇതിൽ നോക്കിച്ചെയ്തോളൂ" എന്നു പറഞ്ഞ് ഒരു ഗ്രന്ഥം കൊടുക്കുകയും ചെയ്തിട്ട് മറഞ്ഞുപോവുകയും ചെയ്തു. ആ ഭട്ടതിരിക്കു "സൂര്യകാലടി" എന്നു നാമം സിദ്ധിക്കുകയും പ്രസിദ്ധനാവുകയും ചെയ്തു. അദ്ദേഹമാണ് വിശ്വവിശ്രുതനായ "സൂര്യകാലടി" എന്നു പറയപ്പെടുന്ന ഭട്ടതിരി. അക്കാലം മുതൽ ആ ഇല്ലത്ത് ഓരോ തലമുറയിൽ ഓരോരുത്തർക്ക് "സൂര്യൻ" എന്നുകൂടി പേരിട്ടു തുടങ്ങി. അതിന്നും നടന്നുവരുന്നു.
സൂര്യഭഗവാനിൽനിന്ന് ഉപദേശവും ഗ്രന്ഥവും കിട്ടിയതിന്റെ ശേ‌ഷം സൂര്യഭട്ടതിരി വിവാഹം കഴിച്ചു ഗൃഹസ്ഥനായിട്ടു താമസിച്ചു. അക്കാലത്തു സൂര്യദത്തമായ ഗ്രന്ഥം മുഴുവനും നോക്കി ഹൃദിസ്ഥമാക്കി. അതൊരു മന്ത്രവാദഗ്രന്ഥമായിരുന്നതിനാൽ ഭട്ടതിരി പ്രസിദ്ധനായ ഒരു മന്ത്രവാദിയായിത്തീർന്നു. അദ്ദേഹം പിന്നെ അദ്ദേഹത്തിനുണ്ടായ പുത്രന്മാർക്കും സൂര്യഭഗവാങ്കൽനിന്നു തനിക്കു കിട്ടിയ വിദ്യയെ ഉപദേശിച്ചുകൊടുത്തു. അങ്ങനെ തലമുറതോറുമുണ്ടായ ഉപദേശംകൊണ്ട് ആ പാരമ്പര്യം ഇന്നും ആ ഇല്ലത്തുള്ളവർക്കു കാണുന്നുണ്ട്. കാലടിയിൽ ഭട്ടതിരിമാരുടെ മന്ത്രവാദത്തിന് ഒരനന്യസാധാരണത്വമുണ്ടായത് ഇങ്ങനെയാണ്.
പിന്നെ സൂര്യഭട്ടതിരിയെ പല സ്ഥലങ്ങളിലും മന്ത്രവാദത്തിനായി കൊണ്ടുപോകുകയും അദ്ദേഹം പല ബാധകൾ ഒഴിക്കുകയുമുണ്ടായിട്ടുണ്ട്. അദ്ദേഹം മന്ത്രവാദം ചെയ്തിട്ട് ഒഴിയാതെ ഒരു ബാധയും ഉണ്ടായിരുന്നില്ല. അങ്ങനെ പല ദൃഷ്ടാന്തങ്ങൾ കണ്ടപ്പോൾ സൂര്യഭഗവാന്റെ ഉപദേശസാഫല്യത്തെക്കുറിച്ചു ഭട്ടതിരിയുടെ മനസ്സിൽത്തന്നെ നല്ല വിശ്വാസമുണ്ടായി. സൂര്യഭഗവാന്റെ ഉപദേശപ്രകാരം ചെയ്താൽ എലാം ഫലിക്കുമെന്നു കണ്ടപ്പോൾ ഇനി ഒട്ടും താമസിയാതെ തന്റെ അച്ഛനെ ഭക്ഷിച്ച യക്ഷിയെ ശിക്ഷിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. പിന്നെ അതിനു വേണ്ടുന്ന ഉപകരണങ്ങളെല്ലാം സമ്പാദിച്ച് അതികഠിനമായ ഒരു ഹോമം തുടങ്ങി. ശിക്ഷാർഹയായ യക്ഷി ഏതാണെന്നു നിശ്ചയമില്ലായ്കയാൽ അദ്ദേഹം ലോകത്തിലുള്ള സകലയക്ഷികളെയും ഒന്നായിട്ടാവാഹിച്ചു. ഇദ്ദേഹത്തിന്റെ മന്ത്രശക്തികൊണ്ടു നിവൃത്തിയില്ലാതെയായിട്ടു സകലയക്ഷികളും അദ്ദേഹത്തിന്റെ അടുക്കൽ വന്നു. അപ്പോൾ ഭട്ടതിരി "എന്റെ അച്ഛനെ ഭക്ഷിച്ചതു നിങ്ങളിലാരാണ്?" എന്നു ചോദിച്ചു. അപ്പോൾ എല്ലാ യക്ഷികളും "ഞാനല്ല, ഞാനല്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി യക്ഷികളെ ഓരോരുത്തരെ ആയിട്ടു പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിച്ചു വിട്ടയച്ചു. അങ്ങനെ ശിക്ഷാർഹയായ ആ ഒരു യക്ഷി ഒഴികെ ശേ‌ഷമെല്ലാവരും പോയി. അപ്പോൾ ഭട്ടതിരി തന്റെ പുരോഭാഗത്തിങ്കൽ ഭയവിഹ്വലയായി വിറച്ചുകൊണ്ടു നിൽക്കുന്ന ആ യക്ഷിയോടും സത്യം ചെയ്യാൻ പറഞ്ഞു. താൻ അപരാധിനിയാകയാൽ സത്യം ചെയ്യുന്നതിനു നിവൃത്തിയില്ലാതെ ആ യക്ഷി തന്റെ അപരാധത്തെ ഏറ്റു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാൽ ഞാനിപ്പോൾ നിന്നെ ഹോമിക്കും" എന്നു പറഞ്ഞു. "എന്നെ ഹോമിച്ചാൽ ഇന്നേക്കു നാല്പത്തൊന്നാം ദിവസം അങ്ങു ചക്രശ്വാസം വലിച്ചു മരിക്കും" എന്ന് യക്ഷി പറഞ്ഞു. അപ്പോൾ ഭട്ടതിരി "അങ്ങനെ വരാതിരിക്കാൻ ഒരു മാർഗമില്ലെന്നു വരുമോ" എന്നു ചോദിച്ചു. "നാൽപത്തൊന്നാം ദിവസം തിരുവാലൂർ പോയി ദർശനം കഴിക്കാൻ സംഗതിയായാൽ മരിക്കില്ല. അല്ലാതെ ശാപമോക്ഷമുണ്ടാകുന്നതല്ല" എന്ന് യക്ഷി പറഞ്ഞു. "എന്തായാലും ഇനി ഞാൻനിന്നെ വിട്ടയയ്ക്കുന്നില്ല" എന്നു പറഞ്ഞു ഭട്ടതിരി ആ യക്ഷിയെ പിടിച്ചു ഹോമിക്കുകയും ചെയ്തു.
അതിന്റെ ശേ‌ഷം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അന്നു കേരളരാജ്യം വാണുകൊണ്ടിരുന്ന "പള്ളിബാണപ്പെരുമാൾ" ഭട്ടതിരിയുടെ അടുക്കൽ ഒരാളയച്ചു. ഉടനെ ഭട്ടതിരി അവിടെ ചെന്നു. അപ്പോൾ പെരുമാൾ തന്റെ ഭാര്യയ്ക്ക് ഒരു ഗന്ധർവന്റെ ഉപദ്രവം തുടങ്ങീട്ടു വളരെക്കാലമായി എന്നും പല മന്ത്രവാദികളെക്കൊണ്ടും മന്ത്രവാദങ്ങൾ ചെയ്യിച്ചിട്ടും ഗന്ധർവ്വൻ ഒഴിഞ്ഞുപോയിട്ടില്ലെന്നും ആ ഉപദ്രവം നിമിത്തം ഭാര്യയ്ക്കുണ്ടാകുന്ന ഗർഭമെല്ലാം അലസിപ്പോകുന്നു എന്നും അതിനാൽ ഏതു വിധവും ആ ഉപദ്രവം ഒഴിച്ചുതരണമെന്നും ഭട്ടതിരിയോടു പറഞ്ഞു. ഭട്ടതിരി അങ്ങനെ ആവാമെന്നു സമ്മതിക്കുകയും, അതിലേക്കു വേണ്ടുന്ന ഉപകരണങ്ങൾക്ക് ഒരു ചാർത്തെഴുതിക്കൊടുക്കുകയും ചെയ്തു. ചാർത്തിൻപ്രകാരമുള്ള ഉപകരണങ്ങളെല്ലാം അന്നുതന്നെ തയ്യാറാക്കി. ഭട്ടതിരി മന്ത്രവാദവും തുടങ്ങി. ചക്രം വരച്ചു പിണിയാളുകളെയിരുത്തി ഭസ്മം ജപിച്ചിടുകയും പലവിധത്തിലുള്ള ഹോമകർമാദികൾ കഴിക്കുകയും ചെയ്തിട്ടും പിണിയാൾ തുള്ളിയില്ല. എന്തൊക്കെയായിട്ടും ഗന്ധർവൻ തന്റെ ആകർ‌ഷണത്തിൽ ഉൾപ്പെടുന്നില്ലെന്നു കണ്ടപ്പോൾ ഭട്ടതിരിക്കു വാശി കലശലായിത്തീരുകയാൽ ബ്രാഹ്മണർക്ക് വിഹിത മല്ലാത്ത പല കഠിനകർമങ്ങളും അദ്ദേഹം ചെയ്തു. പല ജന്തുക്കളെയും മറ്റും അദ്ദേഹം മുറിച്ചു മുറിച്ചു ഹോമിച്ചു തുടങ്ങി. ശീല നെയ്യിൽ മുക്കി നിലത്തു വിരിച്ച് അതു നിറച്ച് ഉറുമ്പാകുമ്പോൾ എടുത്തുഹോമിക്കും. ഇങ്ങനെയുള്ള കഠിനപ്രവൃത്തികൾ സംഖ്യയില്ലാതെ ചെയ്തപ്പോൾ ഗന്ധർവന് നിവൃത്തിയില്ലാതെയായിത്തീരുകയാൽ പ്രത്യക്ഷമായി ഭട്ടതിരിയുടെ മുമ്പിൽ വന്നു. പിന്നെ അവർ തമ്മിൽ മന്ത്രതന്ത്രങ്ങളെക്കുറിച്ച് ഒരു വലിയ വാദമുണ്ടായി. ആ വാദത്തിൽ ഭട്ടതിരി തന്നെ ജയിച്ചു. ഒരുവിധത്തിലും ഭട്ടതിരിയെ ജയിക്കുന്നതിനു നിവൃത്തിയില്ലെന്നു തീർച്ചയായപ്പോൾ ഗന്ധർവൻ വളരെ താഴ്മയോടുകൂടി "അതിവിശിഷ്ടനായിരിക്കുന്ന അങ്ങയെ ജയിക്കുന്നതിന് ആരു വിചാരിച്ചാലും കഴിയുന്നതല്ല. അങ്ങയുടെ അച്ഛനെ ഭക്ഷിച്ചവളും എന്റെ പ്രിയതമയുമായ ആ യക്ഷിയെ അങ്ങു സംഹരിച്ചുവല്ലോ.ഇനി സ്ത്രീയെയും വിട്ടു പോകണമെന്ന് അങ്ങു നിർബന്ധിക്കുന്നതു കഷ്ടമാണ്. എനിക്ക് ഈ സ്ത്രീയിൽ അധികമായിരിക്കുന്ന ആസക്തി ജനിക്കുകയാലാണ് ഞാൻവന്നു ബാധിച്ചത്. ഇവളെ ഉപേക്ഷിച്ചു പോകുന്ന കാര്യം എനിക്കു വളരെ വ്യസനമാണ്. അതിനാൽ അവിടുന്ന് കൃപയുണ്ടായി എന്നെ ഉപദ്രവിക്കാതിരിക്കണം" എന്നു പറഞ്ഞു. അപ്പോൾ ഭട്ടതിരി "രാജാവിന്റെ ഭാര്യയ്ക്കു നേരിട്ടിരിക്കുന്ന ഉപദ്രവം നീക്കിക്കൊടുത്തുകൊള്ളാമെന്നു ഞാൻ രാജാവിന്റെ അടുക്കൽ പറഞ്ഞുപോയി. ഇനി അതിനെ ഭേദപ്പെടുത്തുന്നത് എനിക്കു വളരെ അപമാനവും നിവൃത്തിയില്ലാത്തതുമാണ്. അതിനാൽ വേഗത്തിൽ സത്യം ചെയ്ത് ഇവിടെനിന്ന് ഒഴിഞ്ഞുപൊയ്ക്കൊള്ളണം. അതാണു നല്ലത്. പോകാത്തപക്ഷം നിന്റെ യക്ഷി പോയവഴിക്കു നിന്നെ ഞാനയയ്ക്കും" എന്നു പറഞ്ഞു. അതു കേട്ടപ്പോൾ ഗന്ധർവനു ഭയവും വ്യസനവും സഹിക്കവഹിയാതായിട്ട് "ഇന്നേക്കു പന്ത്രണ്ടാം ദിവസം അങ്ങ് മൂത്രം മുട്ടി മരിക്കട്ടെ" എന്നു ഭട്ടതിരിയെ ശപിച്ചു. അപ്പോൾ ഭട്ടതിരി വ്യസനത്തോടുകൂടി ശാപമോക്ഷത്തെ അപേക്ഷിക്കുകയും പന്ത്രണ്ടാം ദിവസം തിതുവാലൂർ പോയി ദർശനം കഴിച്ചാൽ മരിക്കയില്ലെന്നു ഗന്ധർവൻ ശാപമോക്ഷം കൊടുക്കുകയും ചെയ്തു. പിന്നെയും ഭട്ടതിരിയുടെ നിർബന്ധം നിമിത്തം ഗന്ധർവൻ സത്യംചെയ്ത് അവിടംവിട്ട് പോകുകയും ചെയ്തു. ബാണപെരുമാൾ ഭട്ടതിരിക്കു വളരെ സമ്മാനങ്ങളും മറ്റും കൊടുത്തു ബഹുമാനിച്ചയച്ചു. താമസിയാതെ പെരുമാളുടെ ഭാര്യ ഗർഭം ധരിക്കുകയും ഒന്നും അലസാതെ നാലഞ്ചു കുട്ടികൾ ഉണ്ടാവുകയും ചെയ്തു.
ഭട്ടതിരിയുടെ മരണത്തിന്റെ തലേദിവസം തിരുവാലൂർ ഒരു അശരീരിവാക്കു കേൾക്കപ്പെട്ടു. "നാളെ ഇവിടെ ഒരപമൃത്യു സംഭവിക്കും; അതിനാൽ മൂന്നേമുക്കാൽ നാഴികപ്പകലിനുമുമ്പ് അത്താഴപ്പൂജയും കഴിച്ച് എല്ലാവരും പൊയ്ക്കൊള്ളണം" എന്നായിരുന്നു ആ അശരീരിവാക്ക്. മരണദിവസം പകലെ ആയപ്പോഴേക്കും ഭട്ടതിരി തിരുവാലൂരെത്തി. അതുവരെ അദ്ദേഹത്തിനു യാതൊരു ദീനവും ഉണ്ടായിരുന്നില്ല. അദ്ദേഹം ശുദ്ധം മാറിയിരുന്നതിനാൽ തിരുവാലൂർ ചെന്നയുടനെ കുളത്തിലിറങ്ങി കുളിച്ചു. കുളി കഴിഞ്ഞ കരയ്ക്കു കയറിയപ്പോൾ മൂത്രമൊഴിക്കണമെന്നു തോന്നി. ഉടനെ അവിടെ അടുക്കൽത്തന്നെയുണ്ടായിരുന്ന മൂത്രക്കുഴിയിൽ ചെന്നിരുന്നു. അപ്പോൾ മൂത്രം ഒഴിക്കണ്ടെന്നു തോന്നി. ഉടനെ എണീറ്റു കുളത്തിലിറങ്ങി ശൗചിച്ചു കാലും മുഖവും ശുദ്ധിവരുത്തി കരയ്ക്കു കയറിയപ്പോൾ പിന്നെയും മൂത്രം മുട്ടിത്തുടങ്ങി. പിന്നെയും മൂത്രമൊഴിക്കാൻ ചെന്നിരുന്നു. അപ്പോൾ വേണ്ടെന്നു തോന്നി. ഇങ്ങനെ സന്ധ്യവരെ അദ്ദേഹം കുളത്തിലിറങ്ങുകയും കേറുകയുമായിട്ടു കഴിച്ചുകൂട്ടി. സന്ധ്യയായപ്പോഴേക്കും അദ്ദേഹം ക്ഷീണിച്ചു കുളപ്പുരയിൽ വീണു. ഉടനെ ചക്രശ്വാസവും വലിച്ചുതുടങ്ങി. അന്നു പ്രദോ‌ഷമായിരുന്നതിനാൽ വ്രതക്കാരായിട്ടും മറ്റും അസംഖ്യം ജനങ്ങൾ അവിടെ കൂടിയിരുന്നു. എങ്കിലും അശരീരിവാക്കിൻപ്രകാരം മൂന്നേമുക്കാൽ നാഴികപ്പകലെ അത്താഴപ്പൂജയും കഴിച്ചു എലാവരും പോയി. ഭട്ടതിരി മാത്രം ശ്വാസം വലിച്ചുംകൊണ്ട് അവിടെ കിടന്നു. മൂത്രം മുട്ടിയും ചക്രശ്വാസം വലിച്ചും മരണവേദനയോടുകൂടി അദ്ദേഹം കിടന്നു വി‌ഷമിക്കുമ്പോൾ "ഈശ്വരാ! ഗ്രന്ഥത്തിൽ കണ്ടതാണല്ലോ ഞാൻ ചെയ്തത്" എന്നു പറഞ്ഞു എന്നും അപ്പോൾ അതിനു മറുപടിയായിട്ട് "സൂര്യകാലടി വേണം ചെയ്യാൻ എന്നു ഗ്രന്ഥത്തിലുണ്ടായിരുന്നുവോ" എന്നൊരു അശരീരിവാക്കുണ്ടായെന്നും പ്രസിദ്ധമായി കേൾക്കുന്നുണ്ട്. ഇപ്പോഴും അതൊരു പഴഞ്ചൊല്ലുപോലെ ജനങ്ങൾ ഉപയോഗിച്ചു വരുന്നുമുണ്ട്. എന്നാൽ സമീപത്തെങ്ങും മറ്റാരുമില്ലാതിരുന്നപ്പോൾ ഉണ്ടായ ഈ വാക്ക് ഇത്ര പരസ്യമായിത്തീർന്നതെങ്ങനെയെന്നു നിശ്ചയമില്ല.
ഏതെങ്കിലും ഭട്ടതിരി ചക്രശ്വാസം വലിച്ചും മൂത്രം മുട്ടിയും അർധരാത്രിയായപ്പോഴേക്കും അവിടെക്കിടന്നു മരിച്ചു. അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോൾ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്. തിരുവാലൂർ ക്ഷേത്രം ആലങ്ങാട്ടു താലൂക്കിലാണ്. സൂര്യഭട്ടതിരി ജീവിച്ചിരുന്നതു പള്ളിബാണപ്പെരുമാളുടെ കാലത്താണെന്നു കാണുന്നതുകൊണ്ട് ഉദ്ദേശം കലിവർ‌ഷം മൂവായിരത്തിനാനൂറിനോടടുത്താണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.സൂര്യഭട്ടതിരിയുടെ കാലം കഴിഞ്ഞതിൽ പിന്നെയും ആ ഇല്ലത്തുള്ള ഭട്ടതിരിമാർ വളരെ തപശ്ശക്തിയുള്ളവരും വേദജ്ഞന്മാരും ശാസ്ത്രജ്ഞന്മാരും നല്ല മന്ത്രവാദികളുംതന്നെയായിരുന്നു.
ഒരു ദിക്കിൽ ഒരു വലിയ ജന്മിയുടെ വക ഒരു തെങ്ങിൻതോട്ടത്തിൽ കാവലായിട്ട് ഒരു മൂത്തചേകോൻ (തീയൻ) താമസിച്ചിരുന്നു. ആ തോട്ടത്തിൽ വളരെ തേങ്ങ വീഴുന്നതുകൊണ്ടു വലിയ വലിയ തേങ്ങാക്കൂട്ടങ്ങൾ വളരെയുണ്ടായിരുന്നു. മിക്ക സമയങ്ങളിലും കൂടുകൾ ഒഴിയാതെ ഉണക്കത്തേങ്ങ കിടക്കുക പതിവാണ്. അവിടെ ഈ മൂത്തചേകോൻ ഒരു മാടം കെട്ടിയുണ്ടാക്കി അതിലാണ് അവന്റെ കിടപ്പു പതിവ്. രാത്രിയിൽ തീയിടാനായിട്ട് ആ മാടത്തിൽ ഒരു വലിയ നെരിപ്പോടുമുണ്ടായിരുന്നു. അവൻ തണുപ്പുള്ള കാലങ്ങളിൽ വരട്ടുതേങ്ങയെടുത്തു വെട്ടിക്കീറി അതിന്റെ ചകിരിയിട്ടു തീ കത്തിക്കുകയും തേങ്ങ തീയിലിട്ടു ചുട്ടെടുത്തു തിന്നുകയും ചെയ്തും തീയും കാഞ്ഞിരിക്കുക പതിവാണ്.
ഒരിക്കൽ ഒരു മഞ്ഞുകാലത്തു വെളുപ്പാൻകാലമായപ്പോൾ മൂത്തചേകോനു തണുപ്പു സഹിക്കാൻ പാടില്ലാതെയായിട്ട് എണീറ്റ് രണ്ടുമൂന്നു തേങ്ങയെടുത്തു വെട്ടിക്കീറി ചകിരിയിട്ടു തീയും കത്തിച്ചു തേങ്ങയും ചുട്ടുതിന്നു തീയും കാഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ആ മാടത്തിന്റെ മെടയുടെ (തട്ടിയുടെ) ഇടയിൽക്കൂടി ഒരു കൊച്ചു തുമ്പിക്കെ മൂത്തചോകോന്റെ അടുക്കലേക്കു നീട്ടുന്നത് അവൻ കണ്ടു. ഉടനെ ഒരു തേങ്ങാക്ക‌ഷണം അവൻ തുമ്പിക്കയ്യിലേകു വെച്ചുകൊടുത്തു. അതു വാങ്ങി തിന്നിട്ടു പിന്നെയും തുമ്പിക്കെ നീട്ടി. മൂത്തചേകോൻ പിന്നെയും ഒരു ക‌ഷണം വെച്ചു കൊടുത്തു. അങ്ങനെ പല പ്രാവശ്യം കഴിഞ്ഞപ്പോഴേക്കും ചുട്ട തേങ്ങയെല്ലാം അവസാനിച്ചു. നേരവും വെളുത്തു. അപ്പോൾ തുമ്പിക്കൈ കാണാതെയുമായി. മൂത്തചേകോനെണീറ്റ് അവന്റെ ജോലിക്കും പോയി.
പിറ്റേദിവസം വെളുപ്പാൻകാലത്തു മൂത്തചേകോൻ പതിവുപോലെ തേങ്ങ ചുട്ടു തിന്നുന്നതിനു തുടങ്ങി. അപ്പോൾ തലേദിവസത്തെപ്പോലെ ആ കൊച്ചു തുമ്പിക്കയ്യും കണ്ടുതുടങ്ങി. അന്നും അവൻ ഓരോ ക‌ഷണം ആ തുമ്പിക്കയ്യിൽ വെച്ചുകൊടുക്കുകയും ആ കുട്ടിയാന മൂത്തചേകോന്റെ അടുക്കൽ വന്നുനിന്നു തേങ്ങ വാങ്ങിത്തിന്നും തുടങ്ങി. എന്തിനു വളരെ പറയുന്നു. അങ്ങനെ ഏതാനും ദിവസം കഴിഞ്ഞപ്പോഴേക്കും മൂത്ത ചേകോനും കുട്ടിയാനയും പരസ്പരം അത്യന്തം സ്നേഹമായിത്തീർന്നു. ഒരു സമയവും കുട്ടിയാന മൂത്തചേകോനെ പിരിഞ്ഞുപോകാതെയായി. മൂത്തചേകോൻ ഭക്ഷിക്കുന്ന സാധനങ്ങളിലെല്ലാം ഒരു ഭാഗം കുട്ടിയാനയ്ക്കും കൊടുക്കാതെ അവൻ ഭക്ഷിക്കുകയില്ല. എന്നാൽ കുട്ടിയാനയ്ക്കു ചുട്ട തേങ്ങപോലെ പ്രിയമായിട്ടു മറ്റൊന്നുമില്ല. മൂത്തചേകോൻ ദിവസംതോറും രണ്ടും മൂന്നും തേങ്ങവീതം ചുട്ടു കുട്ടിയാനയ്ക്കു കൊടുക്കും. അസംഖ്യം തേങ്ങ വീഴുന്ന സ്ഥലമായതു കൊണ്ട് ഈ കുറവ് ഉടമസ്ഥൻ അറിയുന്നതിനും ചോദ്യപ്പെടുന്നതിനും ഇടയായതുമില്ല. മൂത്തചേകോൻ വല്ലേടത്തും കൂലിവേലയ്ക്കു പോയാലും കുട്ടിയാന കൂടെ ഉണ്ടായിരിക്കും. എന്നുവേണ്ടാ, കുട്ടിയാനയും മൂത്തചേകോനുമായി പിരിഞ്ഞിട്ട് ഒരു സമയവുമില്ലെന്നു പറഞ്ഞാൽ മതിയല്ലോ. എന്നാൽ ഈ കുട്ടിയാനയെ ആ മൂത്തചേകോനല്ലാതെ മറ്റാർക്കും കാൺമാൻ പാടില്ലായിരുന്നു താനും.
അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ ഒരു കാലടിയിൽ ഭട്ടതിരി എവിടെയോ മന്ത്രവാദത്തിനോ തന്ത്രത്തിനോ മറ്റോ പോയി തിരിച്ചുവരുമ്പോൾ നാട്ടുവഴി ഈ തോട്ടത്തിന്നടുക്കൽക്കൂടിയായിരുന്ന തിനാൽ അതിലേ വന്നു. അപ്പോൾ അദ്ദേഹം ഈ കുട്ടിയാനയെ കണ്ടു. ഭട്ടതിരി ഒരു ദിവ്യനായിരുന്നതിനാൽ ഇതു കേവലമൊരു കുട്ടിയാനയല്ലെന്ന് അദ്ദേഹത്തിനു തോന്നുകയാൽ ഇതിനെ വിലയ്ക്കു തരാമോ എന്നു മൂത്തചേകോനോടു ചോദിച്ചു. മൂത്തചേകോന് ഈ ആനക്കുട്ടിയുടെ മേൽ വളരെ വാത്സല്യവും കൌതുകവും ഉണ്ടായിരുന്ന തിനാൽ "അയ്യോ അടിയൻ ഈ ഒറ്റക്കൊമ്പനെ (ആ കുട്ടിയാനയ്ക്ക് ഒരു കൊമ്പേ ഉണ്ടായിരുന്നുള്ളൂ) തരികയില്ല" എന്നു പറഞ്ഞു. എങ്കിലും ഭട്ടതിരിയുടെ നിർബന്ധംകൊണ്ടു നിവൃത്തിയില്ലാതെയായതുകൊണ്ടും പറയുന്ന വില കൊടുക്കാമെന്നു അദ്ദേഹം സമ്മതിച്ചതുകൊണ്ടും ഒടുക്കം കൊടുക്കാമെന്ന് അവൻ സമ്മതിച്ചു. പിന്നെ ഭട്ടതിരി മൂത്തചേകോൻ പറഞ്ഞതുപോലെയുള്ള സംഖ്യ എണ്ണിക്കൊടുത്തു കുട്ടിയാനയെ വാങ്ങി. എങ്കിലും കുട്ടിയാന ഭട്ടതിരിയുടെ കൂടെപ്പോകാതെ മൂത്തചേകോന്റെ അടുക്കൽത്തന്നെ നിന്നു. പിന്നെ ഭട്ടതിരി മൂത്തചേകോനോട് അവന്റെ നെരിപ്പോടും രണ്ടുമൂന്നു വരട്ടുതേങ്ങയും വിലകൊടുത്തു വാങ്ങി. ആ തേങ്ങാ തല്ലിപ്പൊട്ടിച്ചു നെരിപ്പോടിലിട്ടു ചുട്ടു. അതിൽനിന്ന് ഒരു ക‌ഷണം തേങ്ങായെടുത്തു നീട്ടിയപ്പോൾ കുട്ടിയാന ഭട്ടതിരിയുടെ അടുക്കൽ വന്നു വാങ്ങിച്ചു തിന്നു. പിന്നെ ഭട്ടതിരി ആ നെരിപ്പോടുമെടുത്തുംകൊണ്ടു നടന്നുതുടങ്ങി. കുട്ടിയാന അദ്ദേഹത്തിന്റെ പിന്നാലെയും ചെന്നു. ഇടയ്ക്കിടയ്ക്കു ഭട്ടതിരി ഓരോ ക‌ഷണം തേങ്ങയെടുത്തു കുട്ടിയാനയ്ക്കു കൊടുത്തുംകൊണ്ടാണ് നടന്നത്. കുട്ടിയാന അതെല്ലാം വാങ്ങിച്ചു തിന്നുംകൊണ്ടു പിന്നാലെതന്നെ ചെല്ലുകയും ചെയ്തു. അങ്ങനെ ഭട്ടതിരി കുട്ടിയാനയെയുംകൊണ്ട് ഇല്ലത്തെത്തി
മൂത്തചേകോന് ആ കുട്ടിയാനയുടെ സൂക്ഷ്മസ്ഥിതിയൊന്നും മനസ്സിലായില്ല. അതു ഭട്ടതിരിയുടെ പിന്നാലെ പോയതു തേങ്ങയുടെ കൊതികൊണ്ടുമാത്രമാണെന്നേ അവൻ വിചാരിച്ചുള്ളൂ. ഭട്ടതിരിക്ക് ആ കുട്ടിയാന സാക്ഷാൽ ഗണപതിയാണെന്നു കണ്ടപ്പോൾത്തന്നെ മനസ്സിലായി. അദ്ദേഹം തേങ്ങ വാങ്ങിച്ചു ഗണപതിഹോമം കഴിച്ചു ഗണപതിയെ ആവാഹിച്ചുംകൊണ്ടാണ് പോന്നത്. അതൊന്നും മൂത്ത ചേകോൻ അറിഞ്ഞില്ല. ഭട്ടതിരി ഇല്ലത്തെത്തിയപ്പോഴേക്കും കുട്ടിയാന സാക്ഷാൽ ഗണപതിയുടെ രൂപത്തിൽ പ്രത്യക്ഷനായി. അദ്ദേഹം ആ ഗണപതിയെ തന്റെ മറ്റുള്ള തേവാരങ്ങളുടെ കൂട്ടത്തിൽ ഇല്ലത്തുതന്നെ പ്രതി‌ഷ്ഠിക്കുകയും ചെയ്തു. അങ്ങനെയാണ് കാലടിയിൽ ഭട്ടതിരിമാർക്കു ഗണപതി പ്രത്യക്ഷമായിത്തീർന്നത്.
അക്കാലംമുതൽ അവിടെ എല്ലാവരും ഗണപതിയെ വേണ്ടുംവണ്ണം സേവിച്ചുകൊണ്ടിരുന്നു. എന്നുമാത്രമല്ല, സമാവർത്തനം കഴിഞ്ഞാൽ പിന്നെ ആ ഇല്ലത്തുള്ള എല്ലാവരും ദിവസവും ഗണപതിഹോമം കഴിക്കണമെന്നും ഇല്ലത്തു തേവാരവും ഗണപതിഹോമവും ഒരു ദിവസവും മുടങ്ങാതെ കഴിക്കേണ്ടതിലേക്കായി പുരു‌ഷന്മാരിൽ ആരെങ്കിലും ഒരാൾ എന്നും ഇല്ലത്തുണ്ടായിരിക്കണമെന്നും ഏർപ്പാടു വെച്ചു. ആ ഇല്ലത്തുള്ള എല്ലാവർക്കും ഗണപതി പ്രത്യക്ഷമായിത്തീർന്നു എന്നുമാത്രമല്ല, അവർ വിചാരിക്കുന്ന സകല കാര്യങ്ങളും ഗണപതി സാധിച്ചുകൊടുത്തും തുടങ്ങി. അപ്പോഴേക്കും അവർക്കു മന്ത്രവാദത്തിൽ മുമ്പിനാലെ ഉണ്ടായിരുന്ന പ്രശസ്തി ശതഗുണീഭവിച്ചു. അപസ്മാരം, ബ്രഹ്മരക്ഷസ്സ് മുതലായി സകല ബാധോപദ്രവങ്ങളും ഒഴിവാക്കുന്നതിനു കാലടിയിൽ ഭട്ടതിരിമാർക്കു യാതൊരു പ്രയാസവുമില്ലാതെയായിത്തീർന്നു. എന്തെങ്കിലും ഉപദ്രവമുണ്ടായാൽ ജനങ്ങൾ ഭട്ടതിരിയെ സ്വസ്ഥാനത്തു വരുത്തീട്ടോ കാലടിയിൽ പോയി ഭജനമിരുന്നിട്ടോ മന്ത്രവാദം ചെയ്യിക്കുന്നതല്ലാതെ മറ്റൊരു മന്ത്രവാദിയെക്കൊണ്ടു മന്ത്രവാദം ചെയ്യിക്കുകയോ മറ്റൊരു സ്ഥലത്തുപോയി ഭജനമിരിക്കുകയോ അക്കാലത്തു പതിവില്ലായിരുന്നു. കാലടിയി!ൽ ഗണപതിയുടെ മാഹാത്മ്യങ്ങൾ പറഞ്ഞാൽ വളരെയുണ്ട്. വിസ്രതാരഭയത്താൽ അവയെല്ലാം ഇവിടെ വിവരിക്കുന്നില്ല. എങ്കിലും ദൃഷ്ടാന്തത്തിനായി ഒന്നുരണ്ടു സംഗതികൾ മാത്രം ചുരുക്കത്തിൽ പറഞ്ഞുകൊള്ളുന്നു.
തിരുവിതാംകൂർ സംസ്ഥാനത്തു ചങ്ങനാശ്ശേരിത്താലൂക്കിൽ കാടമുറി ഗ്രാമത്തിൽ "കുഞ്ചമൺപോറ്റി" എന്നൊരു മന്ത്രവാദിയുണ്ടെന്നും ആ തറവാട്ടുകാർക്കു ചാത്തന്മാർ പ്രത്യക്ഷമാണെന്നും ഇന്നും പ്രസിദ്ധമാണല്ലോ. ഇപ്പോൾ ഇവിടെയുള്ളവർക്കു ചാത്തന്മാരെ പ്രത്യക്ഷമായി കാണാൻ പാടില്ലെങ്കിലും ചാത്തന്മാർ ഇന്നും അവരുടെ ആജ്ഞയെ അനുസരിക്കുന്നുണ്ട്. ഇപ്പോഴും അവർ പല സ്ഥലങ്ങളിൽ പോയി ചാത്തന്റെ ഉപദ്രവങ്ങൾ ഒഴിക്കുന്നുണ്ട്. കുഞ്ചമൺ പോറ്റി ഒഴിച്ചാൽ ഒഴിയാത്ത ചാത്തൻ എങ്ങുമില്ലെന്നുള്ളതു പ്രസിദ്ധമാണ്. ആവശ്യക്കാർ വന്ന് അപേക്ഷിച്ചാൽ തത്കാലം പോകുന്നതിനു സകൗര്യമില്ലെങ്കിൽ കുഞ്ചമൺ പോറ്റിമാർ അവധിവെച്ച് എഴുത്തുകൊടുത്ത് തത്കാലത്തേക്കു ചാത്തന്മാരെ ഒഴിച്ചുനിർത്തുക ഇന്നും പതിവുള്ളതാണ്. "ഇന്ന മാസം ഇത്രാം തീയതി നാമവിടെ വരുന്നതാണ്. അതുവരെ നിങ്ങൾ ഇന്ന ഗൃഹത്തിൽ യാതൊരുപദ്രവവും ചെയ്തുപോകരുത്. ഇതു നമ്മുടെ കുട്ടിചാത്തന്മാർ ഗ്രഹിപ്പാൻ കുഞ്ചമൺപോറ്റി ഇന്നാര്." ഇപ്രകാരമാണ് അവർ എഴുത്തു കൊടുത്തയയ്ക്കുന്നത്. ഇപ്രകാരം കുഞ്ചമൺപോറ്റിയുടെ എഴുത്തുവാങ്ങിച്ചുകൊണ്ടു പോയി ചാത്തന്റെ ഉപദ്രവമുള്ള ഗൃഹത്തിൽ വായിച്ചാൽ അവധി കഴിയുന്നതുവരെ ആ ഗൃഹത്തിൽ യാതൊരുപദ്രവവുമുണ്ടാവുകയില്ലെന്നുള്ളതു തീർച്ചയായിട്ടുള്ളതും ഇന്നും കണ്ടുവരുന്നതുമാണ്. ചാത്തന്മാരെ സേവിച്ചു പ്രത്യക്ഷമാക്കിയ കുഞ്ചമൺപോറ്റിയും ഗണപതിയെ പ്രത്യക്ഷമാക്കിയ കാലടിയിൽ ഭട്ടതിരിയും ഒരു കാലത്തു ജീവിച്ചിരുന്നവരാണ്.
മുമ്പൊരിക്കൽ ഒരു കുഞ്ചമൺപോറ്റി കാലടിയിൽ ഭട്ടതിരിയെ കാണാനായി ചെന്നിരുന്നു. പോറ്റി പതിനെട്ടു തണ്ടുവെച്ച ഒരു ബോട്ടിലാണ് ചെന്നിരുന്നത്. ഭട്ടതിരിയുടെ ഇല്ലം പുഴവക്കത്താകയാൽ ബോട്ട് ആ കടവിൽത്തന്നെ ചെന്നടുത്തു. ഉടനെ പോറ്റി കരയ്ക്കിറങ്ങി ചെന്നു. അപ്പോൾ സന്ധ്യാസമയമായിരുന്നതുകൊണ്ടു ഗൃഹസ്ഥനായ ഭട്ടതിരി ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. പോറ്റി മുറ്റത്തു ചെന്നപ്പോൾ ഭട്ടതിരി പുറത്തേക്കു വന്ന്, "വേഗം കുളി കഴിഞ്ഞു വരാം" എന്നു പറഞ്ഞു പോറ്റിയെ കുളിക്കാനയച്ചിട്ട് അകത്തേക്കുതന്നെ പോയി. പോറ്റി ബോട്ടിലാണു വന്നതെന്നു മനസ്സിലാവുകയാൽ പോറ്റിക്കും ബോട്ടു കാർക്കും വേഗത്തിൽ അത്താഴം കാലമാക്കണമെന്നു ഭട്ടതിരി ശട്ടംകെട്ടി. ഭട്ടതിരി അന്തിമുടിച്ചു കഴിഞ്ഞപ്പോഴേക്കും പോറ്റിയും കുളി കഴിഞ്ഞു വന്നു. പിന്നെ ഭട്ടതിരിയും പോറ്റിയും കൂടി പുറത്തളത്തിലിരുന്നു രണ്ടുപേരുടെയും ജപങ്ങളും മറ്റും കഴിച്ചു. കുറച്ചുനേരം കുശലപ്രശ്നവും ചെയ്തുകൊണ്ട് അങ്ങനെയിരുന്നു. അപ്പോഴേക്കും അത്താഴം കാലമാവുകയാൽ രണ്ടുപേരും ഊണു കഴിച്ചു. ഊണു കഴിഞ്ഞു പിന്നെയും പുറത്തളത്തിൽ വന്നു വെടിയും പറഞ്ഞങ്ങനെ ഇരിക്കുന്ന മധ്യേ ഭട്ടതിരി മടപ്പിള്ളിക്കാരെ വിളിച്ച് പോറ്റിയുടെ ബോട്ടുകാർക്കുകൂടെ വേഗത്തിൽ ചോറുകൊടുക്കാൻ ശട്ടം കെട്ടി. അപ്പോൾ പോറ്റി "അതൊന്നും വേണ്ട, നമ്മുടെ ബോട്ടുകാർക്കു ഭക്ഷണം ഞാൻ തന്നെ കൊടുത്തുകൊള്ളാം. മറ്റാരും കൊടുത്താൽ അവർക്കു തൃപ്തിയാവുകയില്ല" എന്നു പറഞ്ഞു. ഉടനെ ഭട്ടതിരി "എന്നാൽ അങ്ങോട്ടു ചെന്നു വിളമ്പിക്കൊടുത്തേക്കണം; നമുക്കങ്ങോട്ടു പോകാം: ഞാൻകൂടി വരാം" എന്നു പറഞ്ഞു. അപ്പോൾ പോറ്റി "അതൊന്നും വേണ്ട, ഞാനവർക്ക് അത്താഴം കൊടുത്തു. അവർ പോവുകയും ചെയ്തു. ഇനിയിപ്പോൾ അതിനായിട്ടുൽസാഹിക്കണമെന്നില്ല" എന്നു പറഞ്ഞു. ഇത്രയും കേട്ടപ്പോൾ ഭട്ടതിരിക്കു കാര്യം മനസ്സിലായി. "ബോട്ടുകാരൊക്കെ ചാത്തന്മാരായിരിഇകും, അല്ലേ?" എന്നു ഭട്ടതിരി ചോദിച്ചു. "അതേ, ഒരു മൂർത്തിയെ സേവിക്കയെന്നുവെച്ചാൽ ചാത്തനെത്തന്നെ സേവിക്കണം. എങ്കിലേ എല്ലാത്തിനും ഉപയോഗപ്പെടൂ" എന്നു പോറ്റി പറഞ്ഞു. വെറുതെ പത്തിരുപതുപേർക്കുകൂടി രാത്രികാലത്ത് അരിവയ്ക്കുന്നതിനിടയാക്കുകയും പോറ്റി ഇപ്രകാരം പറയുകയും ചെയ്തത് തന്നെ അപമാനിക്കയായിരുന്നു എന്നും ഗണപതിയെ സേവിച്ചാൽ എല്ലാത്തിനും ഉപയോഗപ്പെടുകയില്ലെന്നാണ് പോറ്റിയുടെ വാക്കിന്റെ സാരമെന്നും മനസ്സിലാവുകയാൽ ഭട്ടതിരിയുടെ മനസ്സിൽ അല്പം വല്ലായ്മയുണ്ടായി. എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് "അതു ശരിയാണ്" എന്നു സമ്മതിച്ചു. പിന്നെയും രണ്ടുപേരുംകൂടി വളരെ നേരം സംഭാ‌ഷണംചെയ്തുകൊണ്ടിരുന്നശേ‌ഷം പോറ്റിക്കു കിടക്കുന്നതിനെല്ലാം തയ്യാറാക്കി കൊടുപ്പിച്ചിട്ടു ഭട്ടതിരി അകത്തേക്കുപോയി രണ്ടുപേരും കിടന്നുറങ്ങുകയും ചെയ്തു.
വെളുപ്പാൻകാലത്തു രണ്ടുപേരും ഉണർന്നെണീറ്റു പുറത്തളത്തിൽ വന്നു. പോറ്റി അപ്പോൾത്തന്നെ യാത്രയും പറഞ്ഞു ബോട്ടു കേറാൻ പോയി. ഭട്ടതിരി കുളിക്കാനും പോയി. പോറ്റി കടവിൽ ചെന്നു നോക്കിയപ്പോൾ ബോട്ടവിടെ കാണാനില്ലായിരുന്നു. ബോട്ടു കള്ളന്മാർ വല്ലവരും മോഷ്ടിച്ചതായിരിക്കുമെന്നു വിചാരിച്ച് പോറ്റിക്കു വളരെ വ്യസനമായിത്തീർന്നു. ബോട്ടു പൂട്ടിയിരുന്ന താഴും തുടലും ഒന്നും കാണാനില്ലായിരുന്നു. ഉടനെ പോറ്റി പരിഭ്രമിച്ചു ഭട്ടതിരി കുളിക്കുന്നിടത്തു ചെന്നു വിവരം പറഞ്ഞു. അപ്പോൾ ഭട്ടതിരി "ഇവിടെനിന്ന് ഒരു സാമാനവും കള്ളന്മാർ കൊണ്ടുപോകാറില്ല. ഇതും കള്ളന്മാർ കൊണ്ടുപോയതാണെന്നു തോന്നുന്നില്ല. ഇവിടെ ഒരൊറ്റക്കൊമ്പനുണ്ട്. ഇത് അയാളുടെ നേരമ്പോക്കായിരിക്കണം. ഏതായാലും പരിഭ്രമിക്കേണ്ടാ, നിവൃത്തിയുണ്ടാകും" എന്നു പറഞ്ഞു. പിന്നെ ഭട്ടതിരി അവിടെ നിന്നുംകൊണ്ടു മേല്പോട്ടു നോക്കിയപ്പോൾ ബോട്ട് ആ കടവിൽ നിൽക്കുന്ന ആലിന്റെ മുകളിൽ ഇരിക്കുന്നതു കണ്ടു. ഉടനെ പോറ്റിയോട് "എന്നെ തൊട്ടുകൊണ്ട് മേല്പോട്ട് നോക്കൂ" എന്ന് ഭട്ടതിരി പറയുകയും പോറ്റി അപ്രകാരം നോക്കുകയും ചെയ്തു. അപ്പോൾ ആലിന്റെ മുകളിൽ ഒരു കൊമ്പത്തു ബോട്ടു കേറ്റിവെച്ച്, തുമ്പിക്കൈകൊണ്ടു താങ്ങിപ്പിടിച്ചുംകൊണ്ട് ഗണപതി ഇരിക്കുന്നതു പോറ്റിയും കണ്ടു. ഇതു താൻ തലേദിവസം പറഞ്ഞതിനു വിദ്യയാണെന്നു പോറ്റിക്കു തന്നെ അബദ്ധമാക്കാനായിട്ടുള്ള മനസ്സിലാവുകയാൽ പോറ്റി ഭട്ടതിരിയോടു മാപ്പുചോദിച്ചു. ഉടനെ ഭട്ടതിരി ഗണപതിയോട് "അതിങ്ങ് കൊടുത്തേക്കൂ. അദ്ദേഹത്തിനു പോകാൻ വൈകിയെന്നു പറയുന്നു, വെറുതെ ബുദ്ധിമുട്ടിക്കേണ്ടാ" എന്നു പറഞ്ഞു. അപ്പോൾ ഗണപതി അവിടെയിരുന്നുംകൊണ്ട് ബോട്ടെടുത്തു പുഴയിലേക്ക് ഇട്ടുകൊടുത്തു. ആലിന്റെ മുകളിൽനിന്നും ബോട്ടു വെള്ളത്തിൽ വീഴുന്നതുകണ്ടപ്പോൾ ബോട്ടു പൊട്ടിപ്പോയി എന്നു പോറ്റിക്കു തോന്നി. എങ്കിലും യാതൊരു കേടും സംഭവിച്ചില്ല. പോറ്റിക്കു വളരെ ബഹുമാനവും അത്ഭുതവും ഉണ്ടായി. ബോട്ടു കിട്ടി എങ്കിലും ബോട്ടുകാരില്ലാതെ പോറ്റി പിന്നെയും വി‌ഷണ്ണനായിത്തീർന്നു. ഗണപതിയെപ്പേടിച്ചു ചാത്തന്മാരും അടുത്തു വരികയില്ല. അതു ഭട്ടതിരിയോടു പറയാൻ പോറ്റിക്കു വളരെ ലജ്ജയും മടിയും തോന്നുകയാൽ ഒന്നും മിണ്ടാതെ കുറച്ചുനേരം അങ്ങനെ പരുങ്ങലായിട്ടു നിന്നു. ഒടുക്കം നിവൃത്തിയില്ലെന്നു തോന്നുകയാൽ ആ വിവരവും ഭട്ടതിരിയോടു പറഞ്ഞു. പിന്നെ ഭട്ടതിരി "ഭയപ്പെടേണ്ടാ, അവർ വന്നോട്ടെ, അയാളൊന്നും ഉപദ്രവിക്കാതെ ഞാൻ നോക്കിക്കൊള്ളാം" എന്നു പറഞ്ഞു. പിന്നെ ചാത്തന്മാർ വന്നു ബോട്ടിൽകയറി. പോറ്റി വഴിപാടിനു പണവും കൊടുത്തു ഗണപതിയെ തൊഴുതുംവെച്ചു പോവുകയും ചെയ്തു.
പിന്നെ ഒരിക്കൽ ഒരു കാലടിയിൽ ഭട്ടതിരി കോഴിക്കോട്ടു താനത്തിനായിട്ടു പോയിരുന്നു. അവിടെ കൌണാറ്റിനു വടക്കേകരയുള്ളവർക്കല്ലാതെ താനം പതിവില്ല. കാലടിയിൽ ഭട്ടതിരിയുടെ ഇല്ലം അന്നു കൌണാറ്റിനു തെക്കേക്കര ആയിരുന്നതുകൊണ്ട് അവിടെചെന്നപ്പോൾ അദ്ദേഹത്തിനു താനം ചാർത്തുകയില്ലെന്നു വഴക്കായി. അപ്പോൾ താനത്തിനായിട്ട് അത്രത്തോളം ചെന്നിട്ട് വെറുതെ പോരുന്നത് തനിക്കവമാനമാണല്ലോ എന്നു വിചാരിച്ചു ഭട്ടതിരി "എന്റെ ഇല്ലം കൌണാറ്റിനു വടക്കേക്കരയാണ്" എന്നു പറഞ്ഞു. വാസ്തവത്തിൽ തെക്കേക്കരയാണെന്നു നല്ല നിശ്ചയമുള്ളവർ അവിടെ പലരുമുണ്ടായിരുന്നു. അവരെല്ലാവരും ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയാണെന്നു പറഞ്ഞു. ആരു പറഞ്ഞാലും ഭട്ടതിരി സമ്മതിക്കയില്ല. അദ്ദേഹം പിന്നെയും "എന്റെ ഇലം വടക്കേക്കരയാണ്" എന്നു പറയും. ഇങ്ങനെ വഴക്കു കലശലായി. അപ്പോൾ വിവരം സാമൂതിരിപ്പാടു തിരുമനസ്സുകൊണ്ടു കേട്ടു. അവിടുന്ന് ഒടുക്കം ഒരു തീർച്ച നിശ്ചയിച്ചു. എങ്ങനെയെന്നാൽ "തത്ക്കാലം ഭട്ടതിരിയുടെ താനം ചാർത്തുകയും കിഴി കൊടുക്കുകയും ചെയ്കയും ഇവിടെനിന്ന് ഒരാളെ അയച്ച്, ഭട്ടതിരിയുടെ ഇല്ലം തെക്കേക്കരയോ വടക്കേകരയോ എന്നു നോക്കി തിട്ടംവരുത്തുകയും പോകുന്നയാൾ തിരിച്ചുവരുന്നതുവരെ ഭട്ടതിരിയെ ഇവിടെ താമസിപ്പിക്കുകയും ഭട്ടതിരി സത്യമാണ് പറഞ്ഞതെങ്കിൽ അദ്ദേഹത്തെ സബഹുമാനം വിട്ടയയ്ക്കുകയും വ്യാജമാണെങ്കിൽ കിഴി തിരിയെ വെപ്പിക്കുകയും യഥായോഗ്യം ശിക്ഷിക്കുകയും വേണ്ടതാണ്" എന്നായിരുന്നു കല്പന. ആ കല്പനയെ ഭട്ടതിരിയും മറ്റെല്ലാവരും സമ്മതിക്കുകയും ഭട്ടതിരിയെക്കൂടെ താനം ചാർത്തുകയും ചെയ്തു. കല്പനപ്രകാരം കോഴിക്കോട്ടു നിന്ന് അയച്ചയാൾ വന്നു നോക്കിയപ്പോൾ ഭട്ടതിരിയുടെ ഇല്ലം വടക്കേക്കര ഇരിക്കുന്നതും കൌണാറിനു തെക്കുപുറെ പ്രവഹിക്കുന്നതും കണ്ടു. ആ വിവരം അവിടെച്ചെന്നു തിരുമനസ്സറിയിച്ചു. ഉടനെ സാമൂതിരിപ്പാടുതമ്പുരാൻ തിരുമനസ്സുകൊണ്ടു ഭട്ടതിരിയെ തിരുമുമ്പാകെ വരുത്തി വളരെ സമ്മാനങ്ങളും കൊടുത്തു ബഹുമാനിച്ചയക്കുകയും ചെയ്തു. വാസ്തവത്തിൽ ഭട്ടതിരിയുടെ ഇല്ലം മുമ്പു കൌണാറ്റിനു തെക്കേക്കരെത്തന്നെയായിരുന്നു. ഈ തർക്കമുണ്ടായ പ്പോൾ ഭട്ടതിരിക്ക് അവമാനം വരുമല്ലോ എന്നു വിചാരിച്ച് ഗണപതി തന്റെ ഒറ്റക്കൊമ്പുകൊണ്ടു കുത്തി ആറിനെത്തിരിച്ചു ഭട്ടതിരിയുടെ ഇല്ലത്തിനു തെക്കുപുറെ ആക്കിവിടുകയായിരുന്നു. ആറ് പണ്ട് ഭട്ടതിരിയുടെ ഇല്ലത്തിനു വടക്കുപുറെ ആയിരുന്നു എന്നുള്ളത് ഇപ്പോഴും അവിടെച്ചെന്നു നോക്കിയാൽ ആ സ്ഥലത്തിന്റെ കിടപ്പുകൊണ്ട് അറിയാവുന്നതാണ്.
കാലടിയിൽ ഭട്ടതിരിമാർക്കു പ്രത്യക്ഷമായിരുന്ന ഗണപതി പിന്നെ അങ്ങനെയല്ലാതെ ആയതിന്റെ കാരണംകൂടി പറയാതെ ഈ ഉപന്യാസം ഉപസംഹരിക്കുന്നതു വിഹിതമല്ലെന്നു വിചാരിച്ച് അതുകൂടിപ്പറഞ്ഞു കൊള്ളുന്നു. ഒരിക്കൽ ഒരു കപ്പൽക്കച്ചവടക്കാരൻ വിലപിടിച്ചവയായ അനേകം സാമാനങ്ങൾ കേറ്റിക്കൊണ്ടു വടക്കുനിന്നു തെക്കോട്ടു കൊണ്ടുപോയ ഒരു കപ്പൽ സമുദ്രത്തിൽ താണുപോയി. കപ്പലിലുണ്ടായി രുന്നവർ മിക്കപേരും ഒരുവിധം മരിക്കാതെ കരയ്ക്കു കയറി. കപ്പലിന്റെ ഉടമസ്ഥനും മരിച്ചില്ല. കപ്പൽചേതംകൊണ്ടു വളരെ ന ഷ്ടമുണ്ടായതിനാൽ കപ്പലിന്റെ ഉടമസ്ഥൻ വ്യസനിച്ചുകൊണ്ടു നടക്കുമ്പോൾ കാലടിയിൽ ഭട്ടതിരിക്കു ഗണപതി പ്രത്യക്ഷമാണെന്നും അവിടെച്ചെന്നു പറഞ്ഞാൽ ഇതിനെന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരുമെന്നും ആരോ അവനോടു പറഞ്ഞു. ഉടനെ ആ കച്ചവടക്കാരൻ കാലടിയിലെത്തി. ഭട്ടതിരിയെക്കണ്ടു വിവരമെല്ലാം പറയുകയും സാമാനങ്ങൾക്കൊന്നും ന ഷ്ടവും കപ്പലിനു കേടും കൂടാതെ കപ്പൽ ഉയർത്തിക്കൊടുത്താൽ കപ്പലിലുള്ള സാമാനത്തിന്റെ പകുതി വില ഭട്ടതിരിക്കു കൊടുത്തേക്കാമെന്നു സമ്മതിക്കുകയും ചെയ്തു. പിന്നെ ഗണപതിയുടെ അടുക്കൽച്ചെന്ന് ഈ വിവരം പറഞ്ഞു. അപ്പോൾ ഗണപതി "ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എനിക്കു പ്രയാസമാണ്" എന്നു പറഞ്ഞു. അപ്പോൾ ഭട്ടതിരി "ഈ കാര്യം സാധിച്ചുകൊടുക്കാമെന്നു ഞാൻ ഏറ്റുപറഞ്ഞുപോയതാണ്. ഇത് ഏതുവിധവും നിർവഹിച്ചുതരണമെന്നു നിർബന്ധിച്ചു പറഞ്ഞു. ഉടനെ ഗണപതി പോയി സമുദ്രത്തിൽ മുങ്ങി കപ്പൽ തന്റെ ഒറ്റക്കൊമ്പുകൊണ്ട് ഉയർത്തിക്കൊടുക്കുകയും കച്ചവടക്കാരൻ പറഞ്ഞിരുന്നതുപോലെയുള്ള ദ്രവ്യം ഭട്ടതിരിക്കു കൊടുക്കുകയും ചെയ്തു. അതിന്റെ ശേ‌ഷം ഗണപതി ഭട്ടതിരിയോട് "നിങ്ങൾക്കു ദ്രവ്യത്തിങ്കലുള്ള അത്യാഗ്രഹംകൊണ്ട് ഇന്നതേ പറയാവൂ എന്നില്ലാതെയായിരിക്കുന്നു. അതു ഞാൻ നിങ്ങൾ പറയുന്നതുപോലെയെല്ലം ചെയ്തുംകൊണ്ടു പ്രത്യക്ഷമായിട്ടിരുന്നിട്ടുണ്ടാ യിട്ടുള്ള അഹമ്മതി നിമിത്തമാണ്. അതിനാൽ ഇനി നിങ്ങൾ എന്നെ പ്രത്യക്ഷമായി കാണുകയില്ല. എങ്കിലും നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഞാൻസാധിച്ചു തന്നുകൊള്ളാം. ദുസ്സാധ്യമായിട്ടുള്ള കാര്യങ്ങൾ അന്യന്മാർക്കു സാധിപ്പിച്ചുകൊടുക്കുന്നതിനായിട്ടും അത്യാഗ്രഹം നിമിത്തവും യാതൊന്നും എന്നോടപേക്ഷിക്കയുമരുത്" എന്നു പറഞ്ഞിട്ടു മറയുകയും ചെയ്തു. അതിൽപ്പിന്നെ ആ ഇല്ലത്തുള്ളവർ ഗണപതിയെ പ്രത്യക്ഷമായി കണ്ടിട്ടില്ല. എങ്കിലും അവർ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ചുകൊണ്ടുതന്നെ ഇരുന്നു. കാലക്രമേണ ആ ഇല്ലത്തുള്ളവർക്കു മുമ്പുണ്ടായിരുന്നവരെപ്പോലെയുള്ള തപശ്ശക്തിയും ഗണപതിയെക്കുറിച്ചുള്ള ഭക്തിയും സേവയും കുറഞ്ഞുതുടങ്ങി. അപ്പോൾ കാര്യസിദ്ധികളും അങ്ങനെതന്നെയായിത്തീർന്നു. എങ്കിലും കാലടിയിൽ ഗണപതിയുടെ ശക്തിയും മാഹാത്മ്യവും ഇന്നും അശേ‌ഷമില്ലാതെയായി എന്നു പറഞ്ഞുകൂടാ. അപ്രകാരം തന്നെ കാലടിയിൽ ഭട്ടതിരിമാരുടെ മന്ത്രവാദവും മറ്റുള്ള പാരമ്പര്യക്കാരായ മന്ത്രവാദികളുടെ മന്ത്രവാദത്തേക്കാൾ ഇപ്പോഴും ഫലിച്ചുകാണുന്നുണ്ട്. കലിയുഗം മൂത്തിരിക്കുന്ന ഇക്കാലത്തു മുൻകാലങ്ങളിലെപ്പോലെ, ദൃഷ്ടാന്തങ്ങൾ കാണാൻ പ്രയാസമുണ്ടല്ലോ.

ഐതിഹ്യമാല/മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും

ഐതിഹ്യമാല/മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
മംഗലപ്പിള്ളി മൂത്തതും പുന്നയിൽ പണിക്കരും

തിരുവിതാംകൂറിൽ തിരുവല്ലാ താലൂക്കിൽ ചേർന്ന ആറന്മുളെ മംഗലപ്പിള്ളിയില്ലത്ത് പണ്ടു ജ്യോതിശ്ശാസ്ത്രപാരംഗതനും മഹാവിദ്വാനുമായിട്ട് ഒരു മൂത്തതുണ്ടായിരുന്നു. അദ്ദേഹം, കൂട്ടമ്പേരൂർ നാലേക്കാട്ടിൽ ഇപ്പോഴുള്ള ശങ്കരനാരായണപിള്ള അവർകളുടെ പിതാമഹനും വലിയ വിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിരുന്നു സമ്പ്രതിപ്പീള്ള അവർകളുടെ സഹപാഠിയും ആപ്തമിത്രവുമായിരുന്നു. ഒരിക്കൽ അദ്ദേഹം എവിടെയോ പോകുംവഴി തന്റെ സ്നേഹിതനെക്കൂടി കണ്ടിട്ടു പോകാമെന്നു വിചാരിച്ചു നാലേക്കാട്ടിൽ കേറി. അപ്പോൾ ഒരു പോറ്റി തനിക്കൊന്നു വേളികഴിക്കണമെന്നു വിചാരിച്ചു പല സ്ത്രീജാതകങ്ങളും തന്റെ ജാതകവും കൊണ്ടു സമ്പ്രതിപ്പിള്ളയെക്കൊണ്ടു നോക്കിക്കാനായി അവിടെ വന്നു കൂടീട്ടുണ്ടായിരുന്നു. മൂത്തതു ചെന്നുകേറിയ ഉടനെ സമ്പ്രതിപ്പിള്ള സബഹുമാനം എഴുന്നേറ്റ് ആസനസത്കാരം ചെയ്തിരുത്തി, താനും യഥാസ്ഥാനം ഇരുന്നതിന്റെ ശേ‌ഷം രണ്ടുപേരും പരസ്പരം കുശല പ്രശ്നാദിസംഭാ‌ഷണം ചെയ്തുകൊണ്ടിരുന്നു. അനന്തരം സമ്പ്രതിപ്പിള്ള (പോറ്റിയെ ചൂണ്ടിക്കാണിച്ചിട്ട്) "ഇദ്ദേഹം ഒന്നു വേളികഴിക്കണമെന്നു വിചാരിച്ചു ജാതകങ്ങൾ നോക്കിക്കാനായിട്ടാണു വന്നിരിക്കുന്നത്. സ്ത്രീജാതകങ്ങൾ ഒട്ടുവളരെ കൊണ്ടുവന്നിട്ടുണ്ട്.ഞാനാണെങ്കിൽ ഇതെല്ലാം പരിശോധിച്ച് ഒന്നു തിരഞ്ഞെടുക്കുന്നതിനും വളരെ ദിവസം വേണ്ടി വന്നേക്കും. അവിടുന്നായാൽ എളുപ്പമൂണ്ടല്ലോ. അതിനാൽ അതൊന്നു നോക്കി തീർച്ചപ്പെടുത്തി അദ്ദേഹത്തെ അയച്ചേച്ചാൽ എനിക്കും അദ്ദേഹത്തിനും വലിയ സഹായമാകും. പിന്നെ വർത്തമാനങ്ങൾ പറയുന്നതിനു നമുക്കു മനസ്സിനു സുഖവുമുണ്ടായിരിക്കും" എന്നു പറഞ്ഞു. ഉടനെ മൂത്തത് "ഓഹോ, ആ ജോലി ഇപ്പോൾ തീർത്തേക്കാമല്ലോ" എന്നു പറഞ്ഞു പോറ്റിയോടു ജാതകങ്ങളെല്ലാം വാങ്ങി. ആകപ്പാടെ തിരിച്ചും മറിച്ചും ഒന്നുനോക്കീട്ട് "ഇതു കൊള്ളുകയില്ല" എന്നു പറഞ്ഞിട്ട് ഓരോന്നായിട്ടു താഴെയിട്ട് ഒടുക്കം ഒരു ജാതകം കയിൽ പിടിചുകൊണ്ട് "ഈ സ്ത്രീജാതകം ശാസ്ത്രപ്രകാരം നോക്കിയാൽ ഇദ്ദേഹത്തിനു നല്ലപോലെ ചേർന്നതായിരിക്കും. പക്ഷേ, ഈ കന്യകയെ ഇദ്ദേഹത്തിനു വിവാഹം കഴിക്കാൻ കിട്ടുകയില്ല എന്നേ ഒരു ദോ‌ഷമുള്ളൂ" എന്നു പറഞ്ഞു. മൂത്തതിന്റെ വാക്കു കേട്ട് പോറ്റി ആ ജാതകം എവിടത്തെ പെൺകിടാവിന്റെതാണെന്നു നോക്കീട്ട് "ജാതകം ചേരുമെങ്കിൽ ഈ കന്യകയെ എനിക്കു കിട്ടാതിരിക്കുകയില്ല. ആ ഇല്ലക്കാരും ഞങ്ങളും തമ്മിൽ പണ്ടേതന്നെ ചാർച്ചക്കാരും സ്നേഹിതരുമാണ്" എന്നു പറഞ്ഞു. ഉടനെ മൂത്തത് "പോയി പരീക്ഷിചു നോക്കുക. ഒടുവിൽ ഫലം ഞാൻപറഞ്ഞതുപോലെയായിരിക്കും. വേറെ കന്യകയെ ആയിരിക്കുമെന്നേ ഉള്ളൂ. ആ വേളികൊണ്ട് ഫലമൊന്നുമില്ല താനും. പ്രസവിക്കുന്നതിനുമുമ്പ് ആ സ്ത്രീ മരിച്ചുപോകും. സന്തതിയുണ്ടാകണമെങ്കിൽ പിന്നെ ഒന്നുകൂടി വേളി കഴിക്കേണ്ടിവരും" എന്നു പറഞ്ഞു. ഇതൊക്കെക്കേട്ടിട്ട് പോറ്റിക്ക് ഒട്ടും വിശ്വാസമുണ്ടായില്ല. അദ്ദേഹം "ഞാനൊന്നു പരീക്ഷിച്ചുനോക്കട്ടേ" എന്നു പറഞ്ഞു ജാതകങ്ങളും എടുത്തുകൊണ്ടുപോയി. കുറച്ചുനേരം സമ്പ്രതിപ്പിള്ളയോടു വർത്തമാനങ്ങളും പറഞ്ഞിരുന്നതിന്റെ ശേ‌ഷം യാത്ര പറഞ്ഞു മൂത്തതും പോയി.
പോറ്റി തനിക്കു നശ്ചയിക്കഒപ്പെട്ട പെണ്കിടാവിന്റെ ഇല്ലത്തോട്ട് ചെന്ന് ഉടമസ്ഥന്മാരോടു വിവരം പറയൂകയും കന്യകയെ കൊടുക്കാമെന്ന് അവർ സസന്തോഷം സമ്മതിക്കുകയും- സ്വജനങ്ങളിൽ ചിലരുടെ ‘മധ്യസ്ഥതയോടു കൂടി സ്ത്രീ ധനത്തുകയും മറ്റും തീ൪ച്ചപെ്പടുത്തുകയും മുഹൂർത്തം നിശ്ചയിക്കുകയും ചെയ്തു. പെൺകിടാവിന്റെ ഇല്ലത്ത് വേളിക്കു വേണ്ടുന്ന ക്രിയാദികൾക്ക് വട്ടങ്ങളൊക്കെ കൂട്ടുകയുംവേണ്ടുന്ന ആളുകളെ ക്ഷണിക്കുകയും മുഹൂർത്തദിവസമായപ്പോൾ എല്ലാവരും അവിടെ എത്തുകയും വേളി കഴിക്കാനൂള്ള പോറ്റി അയനിയൂണ് മുതലായവ കുഴിച്ചു സമയത്തിനു ഹാജരാവുകയും ചെയ്തപ്പോൾ അവിടെ ക്കൂടിയിരുന്ന സ്വജനങ്ങള് തമ്മിൽ എന്തോ കാരണവശാൽ വിചാരിക്കാതെ ഒരു വഴക്കും ശണ്ഠയും ഉണ്ടായി തീർന്നു ശണ്ഠ മുറുകിയപ്പോൾ പോറ്റിമാർ രണ്ട് കക്ഷികളായി പിരിഞ്ഞു ഒടുക്കം ഒരു കൂട്ടർ ഇയ്യാൾക്ക് പെണ്ണിനെ കൊടുക്കുകയാണെങ്കിൽ ഞങ്ങളിവിടെ ഒന്നിനും കൂടുകയില്ല എന്നും മറ്റേ കക്ഷി ഇയാൾക്ക് പെണ്ണിനെ കൊടുക്കാതിരിക്കുകയാണെങ്കിൽ ഞങ്ങളിവിടെ ഒന്നിനും കൂടംകയില്ല എന്നുമായി വഴക്ക് പെണ്ണിന്റെ പിതാവ് ഒരു കക്ഷിയിലും ചേരാൻ നിവൃത്തയില്ലാതെ വല്ലാതെ വിഷമിച്ചു രണ്ടു കക്ഷിയിലും തന്റെ ബന്ധുക്കളും ചർച്ചക്കാരും പ്രബലൻമാരും ഒരുപോലെയുണ്ടായിരുന്നു അതിനാൽ ഒരു കക്ഷിയെയും ഉപേക്ഷിക്കാൻ അദ്ദേഹത്തിന് തൽക്കാലം ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ അദേഹം സംഘബലം അധികമുള്ള കക്ഷിയെ സ്വീകരിക്കയെന്നു നിശ്ചയിച്ചിട്ട് നിങ്ങൾ രണ്ടു കൂട്ടക്കാരും വാശിപിടിച്ച് വഴക്ക് തുടങ്ങിയാൽ ഞാനെന്താണ് വേണ്ടത് എനിക്ക് പെണ്ണിനെ ഏതു വിധവും കൊടുക്കേണ്ടത് അത്യാവശ്യമാണല്ലൊ അതിനുകൂടി നിങ്ങളൊരു നിവൃത്തി മാർഗം പറഞ്ഞ് തരണം എന്ന് പറഞ്ഞു. ഉടനെ ഒരു പോറ്റി, "അതിനെക്കുറിച്ച് അങ്ങൊട്ടും വ്യസനിക്കേണ്ട. എനിക്കു സ്ത്രീധനമായി ഒരു കാശുപോലും തരികയും വേണ്ടാ, എന്നാലും ഈ പെണ്ണിനെ ഇയ്യാൾക്കു കൊടുക്കാൻ പാടില്ല. അങ്ങേക്കു സമ്മതമുണ്ടെങ്കിൽ പറയണം. ഞാനിപ്പോൾ കുളിച്ചു വന്നേയ്ക്കാം" എന്നു പറഞ്ഞു. വേറെ നിവൃത്തിയൊന്നും കാണായ്കയാൽ അച്ഛൻപോറ്റി അതിനെസ്സമ്മതിച്ചു. വേളി കഴിക്കാമെന്നു പറഞ്ഞ പോറ്റി കുളിച്ചുവരികയും അച്ഛൻപോറ്റി കന്യാദാനം ചെയ്യുകയും ചെയ്തു. അപ്പോൾ പോറ്റി രുഗ്മിണീസ്വയംവരത്തിലെ ശിശുപാലനെപ്പോലെ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. അതു കണ്ടു മറ്റേ കക്ഷിയിലുള്ള ഒരു പോറ്റി "അങ്ങ് ഇതുകൊണ്ടൊട്ടും വ്യസനിക്കേണ്ടാ. ഈ മുഹൂർത്തത്തിൽത്തന്നെ അങ്ങേക്കൊണ്ടു ഞാൻവേളി കഴിപ്പിക്കാം. എന്റെ കൂടെ വന്നോളൂ. എന്റെ മകളെ ഞാൻ അങ്ങേക്കു തരാമെന്നു നിശ്ചയിച്ചു. ഇവിടെത്തരാമെന്നു പറഞ്ഞതിൽ ഇരട്ടി സ്ത്രീധനം തരാനും ഞാൻ തയ്യാറുണ്ട്" എന്നുപറഞ്ഞു. അത് അദ്ദേഹവും സമ്മതിച്ചു. ആ കക്ഷിക്കാരെല്ലാംകൂടി ഇറങ്ങി മറ്റേ പോറ്റിയുടെ മഠത്തിലേക്കു പോവുകയും ആ മുഹൂർത്തത്തിനുതന്നെ രണ്ടു സ്ഥലത്തും വേളി നടക്കുകയും ചെയ്തു. ഈ ഭവി‌ഷ്യത്ഫലങ്ങളെല്ലാം മംഗലപ്പിള്ളി മൂത്തതു മുമ്പേതന്നെ പറഞ്ഞിരുന്നതാണല്ലോ. എങ്കിലും അപ്പോഴത്തെ വാശിയും വഴക്കുംകൊണ്ടു തത്കാലം അതൊന്നും ആരുമോർത്തില്ല. വേളി കഴിഞ്ഞ ശേ‌ഷം, താൻ ജാതകം നോക്കിക്കാനായി ചെന്നപ്പോൾ നാലേക്കാട്ടിൽവെച്ചു മൂത്തതു പറഞ്ഞതെല്ലാം ആ പോറ്റിക്ക് ഓർമ്മവരികയും മനസ്സുകൊണ്ടുമൂത്തതിനെ വളരെ ബഹുമാനിക്കുകയും ചെയ്തു. എങ്കിലും ശേ‌ഷംകൂടി ഒക്കുമോ എന്നറിയട്ടെ എന്നു വിചാരിച്ച് അദ്ദേഹം സ്വസ്ഥമായിരുന്നു. ആറു മാസം കഴിയുന്നതിനുമുമ്പേ ആ പോറ്റിയുടെ അന്തർജനം മരിച്ചു. അപ്പോൾ മൂത്തതു പറഞ്ഞിരുന്നതു മുഴുവനും ഓർത്തതിനാൽ മൂത്തതിന്റെ പ്രശ്നത്തിൽ പോറ്റിക്കു വളരെ വിശ്വാസമായി.
അനന്തരം പോറ്റി ഒന്നുകൂടി വേളികഴിക്കണമല്ലോ എന്നു വിചാരിച്ചിട്ട് ഒട്ടുവളരെ സ്ത്രീജാതകങ്ങൾ ശേഖരിച്ചു. "ഇനി മൂത്തതിനെക്കൊണ്ടുതന്നെ ജാതകം നോക്കിച്ചു നിശ്ചയിച്ചിട്ടു വേണം വേളി കഴിക്കാൻ" എന്നു വിചാരിച്ചു പോറ്റി ജാതകങ്ങളുംകൊണ്ട് ആറന്മുള മൂത്തതിന്റെ ഇല്ലത്തെത്തി. അപ്പോൾ മൂത്തത് അമ്പലത്തിൽ തൊഴാൻ പോയിരികുകയായിരുന്നു. മൂത്തതു തൊഴീലും കഴിഞ്ഞ് ഇല്ലത്തു ചെന്നപ്പോൾ ജാതകക്കെട്ടുമായി പോറ്റി വന്നിരിക്കുനന്തു കണ്ടിട്ട് "എന്താ ഞാൻപറഞ്ഞിരുന്നതൊക്കെ ഒത്തില്ലേ? ഇനി ഒന്നു വേളി കഴിക്കണം. അല്ലേ?" എന്നു ചോദിച്ചു. അപ്പോൾ പോറ്റി "പറഞ്ഞിരുന്നതുപോലെ എല്ലാം സംഭവിച്ചു. ഇനി വേണ്ടതിനെ പറഞ്ഞുതരണം. സ്ത്രീജാതകങ്ങൾ പത്തുമുപ്പതെണ്ണം കൊണ്ടുവന്നിട്ടുണ്ട്. ഊണു കഴിഞ്ഞ് ഇതെല്ലാമൊന്നു പരിശോധിച്ച്, ഇതിൽ വല്ലതും കൊള്ളാവുന്നതുണ്ടെങ്കിൽ നിശ്ചയിച്ചു പറഞ്ഞയയ്ക്കണം" എന്നു പറഞ്ഞു. ഉടനെ മൂത്തത് "എനിക്ക് പരിശോധിക്കാനും ആലോചിക്കാനുമൊന്നുമില്ല. വല്ലതും മനസ്സിൽ തോന്നുന്നതിനെ പറയുക എന്നേയുള്ളൂ. ഈശ്വരകാരുണ്യംകൊണ്ടും ഗുരുകടാക്ഷംകൊണ്ടും പറഞ്ഞാലധികം തെറ്റാറില്ല. അതിനാൽ ഇതും ഇപ്പോൾത്തന്നെ പറഞ്ഞേക്കാം. ആ ജാതകക്കെട്ടിൽനിന്നും രണ്ടെണ്ണം മാറ്റീട്ടു മൂന്നാമതിരിക്കുന്ന ജാതകം കാർത്തികനക്ഷത്രം ജനിച്ച ഒരു കന്യകയുടേതായിരിക്കും. അത് അങ്ങേക്കു ചേരും. ആ കന്യകയെ വിവാഹം കഴിച്ചോളൂ. ദോ‌ഷം വരികയില്ല. ആ ഭാര്യയിൽ അങ്ങേക്കു രണ്ടുണ്ണികളും ഒരു പെൺകിടാവും ഉണ്ടാകും. നാലാമത്തെ ഗർഭം അലസിപ്പോകും. പിന്നെ ആ അന്തർജനം പ്രസവിക്കുകയുമില്ല. ഇതിലധിക മൊന്നും ഇപ്പോൾ അറിയണമെന്നില്ലല്ലോ. ഇനി പോകുന്നെങ്കിൽ പോകാം. ഇരിക്കുന്നെങ്കിൽ ഇവിടെയിരിക്കാം. ഞാൻഊണു കഴിച്ചു വേഗം വരാം" എന്നു പറഞ്ഞു. പോറ്റി പിന്നെ അവിടെ താമസിച്ചില്ല. അപ്പോൾത്തന്നെ സസന്തോ‌ഷം യാത്രപറഞ്ഞുപോയി. മൂത്തത് ഉണ്ണാനായി അകത്തേക്കും പോയി. പോറ്റി പോയി മൂത്തതു പറഞ്ഞ കന്യകയെത്തന്നെ വിവാഹം കഴിക്കുകയും രണ്ടുണ്ണികളും ഒരു പെൺകിടാവും ഉണ്ടാവുകയും അന്തർജനത്തിന്റെ നാലാമത്തെ ഗർഭം അലസുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോൾ പോറ്റിക്കു മൂത്തതിനെക്കുറിച്ചുള്ള ബഹുമാനവും സന്തോ‌ഷവും സഹിക്കവഹിയാതെയായി. പിന്നെ അദ്ദേഹം കേമമായിട്ട് ഒരു സദ്യയ്ക്കു വേണ്ടുന്ന വട്ടങ്ങളുംകൂട്ടി ഒട്ടുവളരെ മുണ്ടുകളും പണവുമൊക്കെക്കൊണ്ടു കിടാങ്ങളോടുകൂടി ആറന്മുളെ മൂത്തതിന്റെ ഇല്ലത്തു ചെന്നു. അന്നുതന്നെ അദ്ദേഹം കിടാങ്ങളെയൊക്കെ അമ്പലത്തിൽ കൊണ്ടുപോയി തൊഴീക്കുകയും താൻ തൊഴുകയും വളരെ വഴിപാടുകൾ കഴിക്കുകയും ചെയ്തു. പിറ്റേ ദിവസം മൂത്തതിനെ സത്കരിക്കുന്നതിനായി ഇല്ലത്തുവെച്ച് അതികേമമായി ഒരു സദ്യ നടത്തുകയും മൂത്തതിനും ഇല്ലത്തുള്ള സകലർക്കും ആബാലവൃദ്ധം വാലിയക്കാർ, അച്ചിമാർ മുതലായവർ വരെ ഓണപ്പുടവ കൊടുക്കുകയും മറ്റും ചെയ്തു മൂത്തതിനെ വളരെ സന്തോ‌ഷിപ്പിച്ചുപോരികയും ചെയ്തു. ഇപ്രകാരം ദൂതലക്ഷണജ്ഞന്മാരായ മഹാന്മാർ മുൻകാലങ്ങളിൽ കേരളത്തിൽ വളരെയുണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയുള്ളവർ എങ്ങുമുള്ളതായി കേൾക്കുന്നുപോലുമില്ല. ദൂതലക്ഷണജ്ഞതയുടെ മാഹാത്മ്യം എത്രമാത്രമുണ്ടെന്നു മേല്പറഞ്ഞ ഐതിഹ്യങ്ങൾകൊണ്ടു സ്പഷ്ടമാകുന്നുണ്ടല്ലോ. ദൂതലക്ഷണജ്ഞന്മാർക്കു ലക്ഷണം പറയുന്നതിനു പറലും പലകയുമൊന്നുമാവശ്യമില്ല. അവർ ദൂതന്മാരുടെ വാക്കും ഭാവവും നിലയും ചേഷ്ടയും സമയവും മറ്റും നോക്കി മാത്രമാണ് ഫലങ്ങൾ പറയുന്നത്. അതിനാൽ ദൂതലക്ഷണം വളരെ അത്ഭുതകരവും സകൗര്യമുള്ളതുമാണെന്നു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.
കുമരനല്ലൂർക്കടുത്തു നെട്ടാശ്ശേരി എന്ന ദിക്കിൽ "പുന്നയിൽ" എന്നൊരു ശൂദ്രഭവനം ഇപ്പോഴുമുണ്ട്. ആ വീട്ടിൽ മഹാവിദ്വാനും പ്രസിദ്ധ ജ്യോത്സ്യനുമായിട്ട് ഒരാൾ മുമ്പൊരിക്കലുണ്ടായിരുന്നു. ആ തറവാട്ടേക്കു പണിക്കർസ്ഥാനമുള്ളതിനാൽ അവിടെയുള്ള പുരു‌ഷന്മാരെ പണിക്കന്മാരെ ന്നാണു പറയുക പതിവ്. അതിനാൽ നമ്മുടെ കഥാനായകനായ ജ്യോത്സ്യനെയും പുന്നയിൽ പണിക്കരെന്നാണ് പറഞ്ഞുവന്നിരുന്നത്. കുമരനല്ലൂർ ഗ്രാമത്തിലുള്ള ഒരു നമ്പൂരി തന്റെ പുത്രനെ ഉപനയിക്കുന്നതിന് ഒരു മുഹൂർത്തം പറഞ്ഞുകൊടുക്കണമെന്നു പല ജ്യോത്സ്യന്മാരോടും ആവശ്യപ്പെട്ടിട്ടും ആരും മുഹൂർത്തം പറഞ്ഞു കൊടുത്തില്ല. അക്കാലത്തു തെക്കുംകൂറിൽ ഉൾപ്പെട്ട ചില തമ്പുരാക്കന്മാർ, വട്ടപ്പിള്ളി ശങ്കുമൂത്തതു മുതലായി ആ ദിക്കുകളിൽത്തന്നെ പല ജ്യോത്സ്യന്മാരുണ്ടായിരുന്നു. അവരെല്ലാം നോക്കീട്ടു ആ കൊല്ലത്തിൽ ആ ഉണ്ണിയെ ഉപനയിക്കാൻ കൊള്ളാവുന്ന മുഹൂർത്തമില്ലെന്നു പറയുക കൊണ്ടും ഉണ്ണിയെ ഉപനയിക്കുന്നതിനുള്ള കാലമായിരുന്നതുകൊണ്ടും നമ്പൂരി ഒടുക്കം പുന്നയിൽ പണിക്കരുടെ അടുക്കൽ ചെന്ന് ഒരു മുഹൂർത്തമുണ്ടാക്കിക്കൊടുക്കണമെന്ന് അപേക്ഷിച്ചു. പണിക്കർ ഉടനെ ഒരു പ്രയാസവും സംശയവും കൂടാതെ മുഹൂർത്തം ചാർത്തിക്കൊടുക്കുകയും ചെയ്തു. നമ്പൂരി ആ മുഹൂർത്തച്ചാർത്തുംകൊണ്ടു തെക്കുംകൂർ തമ്പുരാക്കന്മാർ മുതലായവരുടെ അടുക്കൽ ചെന്ന് "നിങ്ങളൊക്കെ മുഹൂർത്തമില്ലെന്നു പറഞ്ഞുവെങ്കിലും പുന്നയിൽ പണിക്കർ ഒരു മുഹൂർത്തമുണ്ടാക്കിത്തന്നു" എന്നു പറഞ്ഞു. ഉടനെ അവർ "അതുവ്വോ? എന്നാൽ ആ ചാർത്തൊന്നു കാണണമല്ലോ" എന്നു പറഞ്ഞ് അവർ ആ ചാർത്തു വാങ്ങി നോക്കി. അപ്പോൾ പണിക്കർ ചാർത്തിക്കൊടുത്തിരിക്കുന്ന മുഹൂർത്തം ഉപനയിക്കാനുള്ള ഉണ്ണിയുടെ അഷ്ടമരാശിക്കൂറു സമയത്തായിരുന്നതിനാൽ തമ്പുരാൻ ആളയച്ച് പണിക്കരെ അവിടെ വരുത്തി. പണിക്കർ അന്നുണ്ടായിരുന്ന ജ്യോത്സ്യന്മാരെ എല്ലാവരെയും ഓരോ വിധത്തിൽ ജയിച്ചിരുന്നതിനാൽ എല്ലാവർക്കും പണിക്കരുടെ പേരിൽ കിടമത്സരവും അസൂയയുമുണ്ടായിരുന്നു. അതിനാൽ ഈ അവസരത്തിൽ പണിക്കരെ ഒന്നു മധ്യമമാക്കാമെന്നു നിശ്ചയിച്ചുകൊണ്ടു ശങ്കു മൂത്തതു മുതലായവരും അവിടെക്കൂടി. എല്ലാവരും വന്നപ്പോഴേക്കും പണിക്കരും വന്നുചേർന്നു. ഉടനെ എല്ലാവരുംകൂടി "അഷ്ടമരാശിക്കൂറു സമയത്ത് ഉപനയനം കഴിക്കാമെന്ന് എന്തു പ്രമാണമാണുള്ളത്? എന്നു പണിക്കരോട് ചോദ്യമായി. അപ്പോൾ പണിക്കർ "അഷ്ടമരാശിക്കൂറു മുഹൂർത്തങ്ങൾക്കു വർജ്യമാണെന്നാണ് പ്രമാണം. എങ്കിലും ഈ ഉണ്ണിയെ ഇക്കൊല്ലം ഉപനയിക്കാഞ്ഞാൽ വേറെ തരക്കേടു വരാനുള്ളതുകൊണ്ടും ഇക്കൊല്ലത്തിൽ ഉപനയനത്തിന് ഈയൊരു മുഹൂർത്തമല്ലാതെ ഇല്ലാത്തതുകൊണ്ടും ഇങ്ങനെ ചാർത്തിക്കൊടുത്തതാണ്" എന്നു പറഞ്ഞു. ഉടനെ മറ്റവർ "ഈ ഉണ്ണിയെ ഇക്കൊലത്തിൽത്തന്നെ ഉപനയിച്ചില്ലെങ്കിൽ എന്തു തരക്കേടാണു വരാനുള്ളത്?" എന്നു ചോദിച്ചു. അപ്പോൾ പണിക്കർ "അടുത്ത കൊല്ലത്തിൽ ഉണ്ണിക്ക് അമ്മ മരിച്ച് ദീക്ഷയായിരിക്കും. പിന്നത്തെ കൊല്ലത്തിൽ ഉപനയനത്തിനു മുഹൂർത്തം തന്നെയില്ല. അതിന്റെ പിന്നത്തെ കൊല്ലത്തിൽ ഉണ്ണിയുടെ അച്ഛൻ മരിച്ച് ആ ദീക്ഷയുമായിരിക്കും. ദീക്ഷക്കാലത്ത് ഉപനയനം പാടില്ലല്ലോ. ഇങ്ങനെ മൂന്നു കൊല്ലം കഴിയുമ്പോൾ ഉപനയനത്തിന്റെ കാലവും കഴിയും. കാലം കഴിയുന്നതിനു മുമ്പ് ഉപനയിക്കാഞ്ഞാൽ ഉണ്ണി ബ്രാഹ്മണാചാരപ്രകാരം ഭ്രഷ്ടനായിപ്പോവുകയും ചെയ്യുമല്ലോ. അതിൽ ഭേദം അഷ്ടമരാശിക്കൂറു സമയത്ത് ഉപനയിക്കുന്നതല്ലയോ?" എന്നു ചോദിച്ചു. "അങ്ങനെയൊക്കെ വരുമെങ്കിൽ ഈ മുഹൂർത്തത്തിനുതന്നെ ഉപനയിക്കുകയാണു വേണ്ടത്" എന്ന് എല്ലാവരും സമ്മതിക്കുകയും ഉണ്ണിയെ ആ മുഹൂർത്തത്തിനുതന്നെ ഉപനയിക്കുകയും പണിക്കർ പറഞ്ഞിരുന്നതുപോലെ ആ കൊല്ലങ്ങളിൽ ഉണ്ണിയുടെ മാതാപിതാക്കന്മാർ മരിക്കുകയും ചെയ്തു. അക്കാലം മുതൽ മറ്റുള്ള ജ്യോത്സ്യന്മാർക്കു പണിക്കരോടുള്ള മൽസരവും അസൂയയും അസ്തമിക്കുകയും എലാവർക്കും പൂർവ്വാധികം ബഹുമാനമുദിക്കുകയും ചെയ്തു.

ഐതിഹ്യമാല/പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ

ഐതിഹ്യമാല/പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ

 ഉപ്പുമാങ്ങ വളരെ പ്രസിദ്ധമായിട്ടുള്ളതാണെങ്കിലും ഇതിന് അനന്യസാധാരണമായ ഈ വിശേ‌ഷമുണ്ടാകുവാനുള്ള കാരണവും മേല്പറഞ്ഞ ഭരണിയുടെ ആഗമവും കേട്ടിട്ടുള്ളവർ അധികമുണ്ടെന്നു പറയുന്നില്ല. അതിനാൽ അവയെ ചുരുക്കത്തിൽ ചുവടെ വിവരിക്കുന്നു. പാണ്ടമ്പറമ്പത്തു ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീ‌ഷിലാണ്. ഇപ്പോൾ അവിടെ സാമാന്യം ധനപുഷ്ടിയുണ്ടെങ്കിലും ആ തറവാടു മുമ്പൊരു കാലത്ത് വളരെ ദാരിദ്ര്യം ഉള്ളതാരുന്നു . നിത്യവൃത്തിക്കുപോലും യാതൊരു നിവൃത്തിയുമില്ലാതെ വളരെ വി‌ഷമിച്ചുകൊണ്ടാണ് ഇരുന്നിരുന്നത്. അങ്ങനെയിരിക്കുന്ന കാലത്ത് ചീനത്തുകാരൻ ഒരു കപ്പൽക്കച്ചവടക്കാരൻ അവന്റെ കപ്പലിൽ വിലപിടിച്ച അനേകം സാമാനങ്ങൾ കയറ്റിക്കൊണ്ടു കച്ചവടത്തിന്നായി പുറപ്പെട്ടു. ദൈവഗത്യാ മധ്യേമാർഗം ആ കപ്പൽ ഉടഞ്ഞുപോയതിനാൽ അതിലുണ്ടായിരുന്ന മിക്ക സാധനങ്ങളും നഷ്ടപ്പെട്ടുപോയി. കപ്പലിലുണ്ടായിരുന്ന അനേകം ജനങ്ങളും ചരമഗതിയെ പ്രാപിച്ചു. ചിലരെല്ലാം പത്തേമാരികളിലായിട്ടും നീന്തിയും മറ്റും കരയ്ക്കു കയറി രക്ഷപ്പെട്ടു. ആ കൂട്ടത്തിൽ കപ്പലിന്റെ ഉടമസ്ഥനും ഒരു പത്തേമാരിയിൽ കയറി കൈവശം കിട്ടിയ പത്ത് ചീനഭരണികളും അതിൽ കയറ്റി ഒരു വിധം കരയ്ക്കടുത്തു കണ്ട ഒരു ഗൃഹത്തിലേക്കു ചെന്നു. അതു സാക്ഷാൽ പാണ്ടമ്പറമ്പത്തു ഭട്ടതിരിയുടെ ഇല്ലമായിരുന്നു. അന്ന് ആ ഇല്ലം വളരെ ചെറിയതും ഉള്ളതുതന്നെ പഴക്കംകൊണ്ടും സാമാന്യംപോലെ കെട്ടി സൂക്ഷിക്കായ്കയാൽ വീണിടിഞ്ഞും മഹാമോശമായിരുന്നു.
ഈ കച്ചവടക്കാരൻ മുറ്റത്തു ചെന്ന് നിന്നുകൊണ്ട് "ഇവിടെ ആരാ ഉള്ളത്? ഇവിടെയൊന്നു കാണട്ടെ" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോൾ അവിടെ ഗൃഹസ്ഥനായ ഭട്ടതിരിക്കും അന്തർജനത്തിനും നാലഞ്ചു കിടാങ്ങൾക്കും കൂടി ഇരുനാഴി അരിയിട്ടു കഞ്ഞിവെച്ചുണ്ടാക്കി, ഗൃഹസ്ഥൻ കഞ്ഞി കുടിക്കാനായി ഇരിക്കാൻ ഭാവിക്കയായിരുന്നു. കച്ചവടക്കാരൻ വിളിക്കുന്നതുകേട്ട ഉടനെ ഭട്ടതിരി പുറത്തേക്കു വന്നു. അപ്പോൾ കച്ചവടക്കാരൻ "ഞാൻ ചീനത്തുകാരനായ ഒരു കപ്പൽക്കച്ചവടക്കാരനാണ്. എന്റെ കപ്പൽ ചേതംവന്നുപോയി. കൂടെയുണ്ടായിരുന്ന വേലക്കാരും ഒക്കെ മരിച്ചുപോയി. ഞാൻ ഭക്ഷണം കഴിച്ചിട്ടു നേരത്തോടുനേരം കഴിഞ്ഞിരിക്കുന്നു. അതിനാൽ എനിക്കു ഭക്ഷിപ്പാൻ വല്ലതും തന്നാൽ കൊള്ളാം" എന്നു പറഞ്ഞു. ഇപ്രകാരം ആ കച്ചവടക്കാരന്റെ ദീനവചനങ്ങളെ കേൾക്കുകയും പാരവശ്യത്തെ കാണുകയും ചെയ്തിട്ട് ആർദ്രമാനസനായി ഭവിച്ച ആ ഭട്ടതിരി ഉടനെ അകത്തേക്കുപോയി ആ ഉണ്ടായിരുന്ന കഞ്ഞി എടുത്തുകൊണ്ടുവന്ന് കച്ചവടക്കാരനു വിളമ്പിക്കൊടുത്തു. കച്ചവടക്കാരൻ കഞ്ഞികുടി കഴിഞ്ഞതിന്റെ ശേ‌ഷം ഭട്ടതിരിയോട് "അവിടുന്ന് ഇപ്പോൾ എനിക്ക് കഞ്ഞി തന്നേ ഉള്ളൂ എന്നു വിചാരിക്കേണ്ട. ഇതുകൊണ്ട് എന്റെ പ്രാണരക്ഷ ചെയ്കയാണ് ചെയ്തത്. ഈ കഞ്ഞിയുടെ സ്വാദ് ഞാൻ ചത്താലും മറക്കുന്നതല്ല. ഈ ഉപകാരത്തിനു തക്കതായ പ്രതിഫലം തരുന്നതിനു ഞാൻ ശക്തനല്ല. എങ്കിലും ഞാൻ സ്വദേശത്തു പോയി തിരിച്ചുവരാൻ സംഗതിയായെങ്കിൽ എന്റെ ശക്തിക്കു തക്ക പ്രതിഫലം ഞാൻ തരും. പോരാത്തതു ദൈവവും അവിടേക്കു തന്നുകൊള്ളും. എന്നാൽ എനിക്കിനി ഇവിടുന്ന് ഒരു സഹായം കൂടി ചെയ്തുതരണം. എന്തെന്നാൽ എന്റെ സാമാനങ്ങളെല്ലാം നഷ്ടപ്പെട്ടുപോയി. എങ്കിലും പത്തു ചീനബ്ഭരണി കേടുകൂടാതെ കിട്ടീട്ടുണ്ട്. ഞാൻ നാട്ടിൽപ്പോയി തിരിച്ചുവരുന്നതുവരെ അവ ഇവിടെവെച്ചു സൂക്ഷിച്ചുതരണം" എന്നു പറഞ്ഞു. അപ്പോൾ ഭട്ടതിരി "ഇവിടെ സ്ഥലം ചുരുക്കമാണ്. എങ്കിലും ഉള്ള സ്ഥലം കൊണ്ടു സൂക്ഷിച്ചുതരാം. ഭരണിയിൽ വിലപിടിപ്പുള്ള സാധനമൊന്നുമില്ലല്ലോ. അങ്ങനെ വല്ലതുമുണ്ടെങ്കിൽ ഇവിടെ വെക്കാൻ പാടില്ല. ഇല്ലം ഒട്ടും ഉറപ്പിലാത്തതാണ്" എന്നു പറഞ്ഞു.
കച്ചവടക്കാരൻ: വിലപിടിപ്പുള്ള സാമാനങ്ങളൊന്നുമില്ല. അതിലൊക്കെ തുവരപ്പരിപ്പു നിറച്ചിട്ടുണ്ട്, അത്രേ ഉള്ളൂ."
ഭട്ടതിരി: എന്നാൽ വിരോധമില്ല.
ഉടനെ കച്ചവടക്കാരൻ ഭരണികൾ പത്തും അടച്ചുകെട്ടി മുദ്രയുംവെച്ച് എടുപ്പിച്ച് ഇല്ലത്തു പുരയ്ക്കകത്തു കൊണ്ടുചെന്നു വെപ്പിച്ചു.
ഭട്ടതിരിയോടു യാത്രയും പറഞ്ഞു പോവുകയും ചെയ്തു. പിന്നെ കുറഞ്ഞോരു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം ആ ഇല്ലത്തുള്ളവർക്കു ഭക്ഷണത്തിനു യാതൊരു നിവൃത്തിയുമില്ലാതെവന്നുകൂടി. ഉച്ചതിരിഞ്ഞപ്പോഴേക്കും കുട്ടികളെല്ലാം വിശപ്പു സഹിക്കാൻ പാടില്ലാതെ കരഞ്ഞുകൊണ്ടു കിടന്നുരുണ്ടുതുടങ്ങി. ഗൃഹസ്ഥനും അന്തർജനവും വിശപ്പുകൊണ്ടും കിടാങ്ങളുടെ പാരവശ്യം കണ്ടിട്ടും ആകപ്പാടെ വളരെ വി‌ഷണ്ണരായിത്തീർന്നു. അപ്പോൾ അന്തർജനം "ചീനത്തുകാരന്റെ ആ ഭരണികളിൽ തുവരപ്പരിപ്പാണെന്നല്ലേ പറഞ്ഞത്? നമുക്ക് ഒരു ഭരണിയിൽ നിന്ന് കുറച്ച് പരിപ്പെടുത്തു വെച്ചു ഈ കുട്ടികൾക്ക് കുറേശ്ശെ കൊടുത്തെങ്കിലോ? ഇപ്പോൾ ഇവർക്കു എന്തു കൊടുത്താലും തിന്നോളും. ഇവർ അത്രയ്ക്കു വി‌ഷമിച്ചു. നമുക്കൊന്നുമില്ലെങ്കിൽ വേണ്ട. ഒന്നും അറിയാറായിട്ടില്ലാത്ത ഈ കുട്ടികൾക്ക് ഇനിയും ഒന്നും കൊടുക്കാത്തതും കഷ്ടമല്ലേ? നേരം പത്തു നാഴികപ്പകലായല്ലോ?" എന്നു പറഞ്ഞു.
ഭട്ടതിരി: പറഞ്ഞതൊക്കെ ശരിയാണ്. എനിക്കും വിശപ്പ് സഹിക്കാൻ വഹിയാതെയായിരിക്കുന്നു. അവിടെയും അങ്ങനെതന്നെ ആയിരിക്കുമല്ലോ. എങ്കിലും മറ്റൊരാൾ നമ്മെ വിശ്വസിച്ചു സൂക്ഷിക്കാനായി വെച്ചിരിക്കുന്ന സാമാനം ഉടമസ്ഥന്റെ അനുവാദം കൂടാതെ നാമെടുക്കുന്നതു ശരിയാണോ? മരിച്ചാലും വിശ്വാസവഞ്ചന ചെയ്യരുത്.
അന്തർജനം: ഈ കൂട്ടികളുടെ പ്രാണരക്ഷയ്ക്കായിട്ട് അതിൽനിന്ന് കുറച്ചു പരിപ്പെടുത്താൽ നമുക്ക് ഒരു പാപവും വരികയില്ല. പിന്നെ ആ കച്ചവടക്കാരൻ വരുമ്പോഴേക്കും അത്രയും പരിപ്പ് നമുക്ക് എങ്ങനെയെങ്കിലും ഉണ്ടാക്കി അതിലിട്ട് നിറച്ചുവയ്ക്കുകയും ചെയ്യാം. അതില്ലെങ്കിൽതന്നെയും നമ്മുടെ പരമാർഥം അറിഞ്ഞാൽ അവനൊരു വിരോധവും തോന്നുകയില്ല. അവനും ഒരു മനു‌ഷ്യനല്ലേ? വിശന്നാലുള്ള ദണ്ഡം അവനും അറിഞ്ഞിട്ടുണ്ടല്ലോ.."
എന്തിനു വളരെപ്പറയുന്നു. ഇങ്ങനെ വളരെ നേരത്തെ വാഗ്വാദം കഴിഞ്ഞതിന്റെശേ‌ഷം ഭട്ടതിരി ഒരു ഭരണിയഴിച്ചു കുറച്ചു പരിപ്പ് എടുക്കുക തന്നെയെന്നു തീർച്ചപ്പെടുത്തി പുരയ്ക്കകത്തു ചെന്ന് ഒരു ഭരണിയുടെ മുദ്ര പൊട്ടിച്ചു കെട്ടഴിച്ചു ഭരണിക്കകത്തു കയ്യിട്ടു പരിപ്പു വാരിയെടുത്തു. ഉടനെ അത് തുവരപ്പരിപ്പു മാത്രമല്ലെന്നു തോന്നുകയാൽ അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നുനോക്കി. അപ്പോൾ അത് തുവരപ്പരിപ്പും ചില സ്വർണ്ണനാണയങ്ങളുമായിരുന്നു. പിന്നെ പുരയ്ക്കകത്ത് ഇരുട്ടായതിനാൽ ഒരു വിളക്കു കൊളുത്തിക്കൊണ്ടുചെന്നു നോക്കിയപ്പോൾ ഭരണിനിറച്ചു സ്വർണ്ണനാണയങ്ങൾ ഇട്ടു മീതെ മാത്രം കുറേശ്ശെ തുവരപ്പരിപ്പ് ഇട്ടിട്ടേ ഉള്ളൂ എന്നു മനസ്സിലായി. പത്തു ഭരണികളും പരിശോധിച്ചപ്പോൾ എല്ലാം അങ്ങനെ തന്നെ ആയിരുന്നു. ഒമ്പതു ഭരണികളും അദ്ദേഹം പൂർവസ്ഥിതിയിൽത്തന്നെ അടച്ചു മുദ്രയിട്ടുവെച്ചു. ഒരു ഭരണിയിൽനിന്ന് ഒരു പവൻ എടുത്തുകൊണ്ടുപോയി വിറ്റു കുറെ അരിയും കറിക്കോപ്പുകളും ശേ‌ഷം പണവും വാങ്ങി ഇല്ലത്തു വന്നു. ഉടനെ അന്തർജനം എല്ലാം വെച്ചുണ്ടാക്കി കുട്ടികൾക്കൊക്കെ ചോറു കൊടുത്തു. പിന്നെ ആ ദമ്പതിമാരും ഊണു കഴിച്ചു.
ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭട്ടതിരി വിചാരിച്ചു. "ഏതെങ്കിലും വിശ്വാസവഞ്ചന ചെയ്കയെന്നുള്ളത് ഇവിടെക്കഴിഞ്ഞു. ഇനി ഈ ദാരിദ്ര്യദുഃഖം അനുഭവിച്ചുകൊണ്ടിരുന്നിട്ടു പ്രയോജനമൊന്നുമില്ല. അതിനാൽ ഇനി സുഖമായിട്ടിരിക്കാനുള്ള മാർഗം നോക്കണം. ആ കച്ചവടക്കാരൻ വരാൻ കുറച്ചു താമസിച്ചു എങ്കിൽ എല്ലാം ശരിയാക്കിക്കൊടുക്കുകയും ചെയ്യാം" എന്നിങ്ങനെ വിചാരിച്ചു നിശ്ചയിച്ചിട്ട് ആ ഭരണിയിൽനിന്ന് ഏതാനും ദ്രവ്യമെടുത്ത് അതികേമമായി എട്ടുകെട്ടോടും മാളികയോടും കൂടി ഒരില്ലം പണിയിച്ചു. ശേ‌ഷം ആഭരണിയിലുണ്ടായിരുന്ന മുതലിനു വസ്തുക്കളും ഭരണി, പാത്രങ്ങൾ മുതലായവയും സമ്പാദിച്ചു. അങ്ങനെ കുറച്ചു ദിവസംകൊണ്ട് അദ്ദേഹം ഒരു വലിയ ദ്രവ്യസ്ഥനായിത്തീർന്നു. പരമാനന്ദമായി സകലചെലവും കഴിച്ചു പ്രതിവത്സരം പന്തീരായിരം രൂപ മിച്ചമുണ്ടായിത്തുടങ്ങി. ആ മിച്ചംവരുന്ന മുതലിനു സ്വർണനാണയങ്ങൾ വാങ്ങി താൻ എടുത്ത ഭരണി നിറച്ചു തുടങ്ങി. അങ്ങനെ അഞ്ചെട്ടുകൊല്ലം കൊണ്ട് അദ്ദേഹം ആ ഭരണി പൂർവ്വസ്ഥിതിയിൽ നിറച്ച് അടച്ചുകെട്ടി മുദ്രയിട്ടുവെച്ചു. പിന്നെ ആ പത്തു ഭരണികളുടെ വലിപ്പത്തിൽ ഒന്നുപാതി വീതം വലിപ്പമുള്ള പത്തു ഭരണികൾ കൂടി അദ്ദേഹം വിലയ്ക്കു വാങ്ങി. അവയിലും സ്വർണനാണയങ്ങൾ നിറച്ച് അവയും അടച്ചുകെട്ടി മുദ്രയിട്ടുവെച്ചു. അപ്പോഴേക്കും ആ കച്ചവടക്കാരൻ വേറെ ഒരു കപ്പലിൽ സാമാനങ്ങളും കയറ്റി ആ ദിക്കിൽ വന്നടുത്തു. അപ്പോൾ അവൻ പോയിട്ടു പന്ത്രണ്ടു കൊല്ലം കഴിഞ്ഞിരുന്നു. അവൻ കരയ്ക്കിറങ്ങി, താൻ ഭരണികൾ സൂക്ഷിക്കാൻ വെച്ചിരുന്ന ഇല്ലം അന്വേ‌ഷിച്ചു പുറപ്പെട്ടു. ആ സ്ഥലത്തു വന്നു നോക്കിയപ്പോൾ ഇല്ലത്തിന്റെ സ്വഭാവം ആകപ്പാടെ മാറിക്കണ്ടതുകൊണ്ട് അവനു വളരെ സംശയമായിത്തീർന്നു. പിന്നെ ചിലരോടു ചോദിച്ചപ്പോൾ ആ ഇല്ലം ഇതുതന്നെയാണെന്നും അതിയ്യിടെ പുത്തനായി പണികഴിപ്പിച്ചതാണെന്നും ഭട്ടതിരിക്ക് ഒരു നിധി കിട്ടിയതിനാലാണ് ദാരിദ്ര്യം ഒക്കെ തീർന്നത് എന്നും ഇപ്പോൾ അവിടെ സ്വത്തു ധാരാളമായിപ്പോയി എന്നും മറ്റും പറഞ്ഞു. അതു കേട്ടപ്പോൾ നിധി കിട്ടിയെന്നു പറയുന്നതു ഭോ‌ഷ്കാണെന്നും ഇതെല്ലാം തന്റെ ഭരണിയിലുണ്ടായിരുന്ന മുതൽകൊണ്ട് സമ്പാദിച്ചതാണെന്നും കച്ചവടക്കാരൻ തീർച്ചപ്പെടുത്തി. ഈ സ്ഥിതിക്കു തന്റെ മുതൽ കിട്ടുന്ന കാര്യം പൂജ്യം തന്നെ എന്നും അവൻ നിശ്ചയിച്ചു. എങ്കിലും ഭട്ടതിരിയെക്കണ്ട് ഒന്നു ചോദിച്ചേക്കാം. തരുന്നു എങ്കിൽ തരട്ടെ, ഇല്ലെങ്കിൽ വേണ്ടാ എന്നു വിചാരിച്ച് ആ കച്ചവടക്കാരൻ ഇല്ലത്തു ചെന്ന് മുറ്റത്തു നിന്നുംകൊണ്ട് "ഇവിടത്തെ തിരുമേനി ഇവിടെയുണ്ടോ?" എന്നു ചോദിച്ചു. അപ്പോൾ ഭട്ടതിരി മാളികയിൽ ഇരിക്കുകയായിരുന്നു. കച്ചവടക്കാരന്റെ ഒച്ച കേട്ടപ്പോൾ ആളറിയുകയാൽ ഉടനെ അദ്ദേഹം താഴെയിറങ്ങിവന്നു. കച്ചവടക്കാരനെ വളരെ ആദരവോടുകൂടി വിളിച്ചു തന്റെ പടിപ്പുര മാളികയിൽ കൊണ്ടുചെന്നു കസേര കൊടുത്തിരുത്തി, താനും ഇരുന്നിട്ടു കുശലപ്രശ്നാദികളെല്ലാം ചെയ്തു. പിന്നെ ആ കച്ചവടക്കാരനും കൂടെ വന്നിരുന്നവർക്കും അതികേമമായി ഒരു വിരുന്നുസല്ക്കാരവും കഴിച്ചതിന്റെ ശേ‌ഷം ഭട്ടതിരി പറഞ്ഞു, "ഞാൻ നിങ്ങളുടെ അനുവാദം കൂടാതെ ഇവിടെ സൂക്ഷിക്കാനായി വെച്ചിരുന്ന മുതലിൽനിന്നു സ്വല്പമെടുത്തു ചില കൈകാര്യങ്ങൾ ചെയ്തു. അങ്ങനെ ചെയ്യാൻ സംഗതിയായത് എന്റെ ദാരിദ്ര്യദുഃഖത്തിന്റെ ശക്തി നിമിത്തമാണ്. എങ്കിലും എന്റെ പ്രവൃത്തി ന്യായവിരോധമായിട്ടുള്ളതാണെന്ന് ഞാൻ സമ്മതിക്കുന്നു. ആ തെറ്റിനെ നിങ്ങൾ ക്ഷമിച്ച് എനിക്ക് മാപ്പു തരണമെന്നു അപേക്ഷിക്കുന്നു. ഇപ്പോൾ നിങ്ങളുടെ മുതൽ പലിശയോടുകൂടി ഇവിടെ തയ്യാറുണ്ടുതാനും." ഇത്രയും പറഞ്ഞതിന്റെശേ‌ഷം കച്ചവടക്കാരന്റെ പത്തു ഭരണികളും അതോടുകൂടി താൻ ശേഖരിച്ചുവെച്ചിരുന്ന ചെറിയ ഭരണികൾ പത്തും എടുപ്പിച്ചു പുറത്തു വരുത്തിവെച്ചു. അപ്പോൾ കച്ചവടക്കാരൻ "ഞാനിവിടെ പത്തു ഭരണി മാത്രമേ വെച്ചിട്ടുണ്ടായിരുന്നുള്ളൂ. ഈ ചെറിയ ഭരണികൾ എന്റെ വകയല്ല. ഇതിന്റെ കൂടെ അതുകൂടി കൊണ്ടുവന്നു വെച്ചിരിക്കുന്നതെന്തിനാണ്?" എന്നു ചോദിച്ചു.
ഭട്ടതിരി: നിങ്ങൾ ഈ മുതൽ ഇവിടെ ഏല്പിച്ചിട്ടു പന്ത്രണ്ടുകൊല്ലം കഴിഞ്ഞിരിക്കുന്നു. മുതലിന് അരവാശി പലിശ കൂട്ടി തരേണ്ടതാണല്ലോ.
കച്ചവടക്കാരൻ: സൂക്ഷിക്കാൻ തന്ന മുതലിനു സൂക്ഷിപ്പുകൂലി അങ്ങോട്ടു തരികയല്ലാതെ പലിശ ഇങ്ങോട്ടു വാങ്ങുക ന്യായമല്ല. അതിനാൽ ഈ പലിശ ഞാൻവാങ്ങുന്നതല്ല.
ഭട്ടതിരി: എനിക്കിപ്പോൾ കൊല്ലത്തിൽ ചെലവു കഴിച്ചു പന്തീരയിരത്തിൽ ഉറുപ്പിക ബാക്കിയാകുന്നുണ്ട്. പന്തീരായിരത്തിൽ കുറയാതെ അത്രയ്ക്കുള്ള വസ്തുക്കളും ഈ കാണുന്ന ഇല്ലവും എന്നു വേണ്ടാ എന്റെ സർവസ്വവും നിങ്ങളുടെ മുതൽ കൊണ്ടുണ്ടായതാണ്. അനുവാദം കൂടാതെ നിങ്ങളുടെ മുതലെടുത്തു കൈകാര്യം ചെയ്തതിനായി ഒരു പ്രായശ്ചിത്തമായിട്ടെങ്കിലും ഈ ചെറിയ ഭരണികൾകൂടെ നിങ്ങൾ സ്വീകരിക്കണം. അല്ലെങ്കിൽ എനിക്കു വളരെ വ്യസനമാണ്.
കച്ചവടക്കാരൻ: ഞാനിവിടെ കൊണ്ടുവന്നുവെച്ച പത്തു ഭരണികളും പൂർവസ്ഥിതിയിൽ ഇപ്പോഴും ഇരിക്കുന്നുണ്ട്. അതിൽ എനിക്കു യാതൊരു നഷ്ടവും വരുത്തിയിട്ടില്ല. പിന്നെ ഇവിടേക്കു കുറച്ചു സമ്പാദ്യമുണ്ടായത് ഇവിടത്തെ ഭാഗ്യവും ഉത്സാഹവും കൊണ്ടെന്നല്ലാതെ വിചാരിപ്പാനില്ല. ഇവിടേക്ക് അപ്രകാരമുണ്ടായ മുതലെല്ലാം ഇവിടുത്തെ സ്വന്തം തന്നെയാണ്. അതിനാൽ ആ ബ്രഹ്മസ്വം ഒരിക്കലും ഞാൻ സ്വീകരിക്കുന്നതല്ല. വെറുതെ ഞാൻ ബ്രഹ്മസ്വം സ്വീകരിച്ചാൽ എനിക്കുള്ള ശേ‌ഷം മുതൽകൂടി നശിച്ചുപോകും.
ഇങ്ങനെ അവർ തമ്മിൽ വളരെ വാഗ്വാദം കഴിഞ്ഞതിന്റെ ശേ‌ഷം ചെറിയ ഭരണികൾ പത്തും ഭട്ടതിരി തിരിയെ എടുപ്പിച്ച് അകത്തുതന്നെ കൊണ്ടുചെന്നു വെപ്പിച്ചു. അതിന്റെ ശേ‌ഷം ആ കച്ചവടക്കാരൻ പൂവും നീരും വെറ്റിലയും പാക്കും കൂട്ടി തന്റെ സ്വന്തം ഭരണിയിൽ ഒന്നു ഭട്ടതിരിക്കു ദാനമായി കൊടുത്തു. അതു വാങ്ങുന്നതിനും ഭട്ടതിരി വളരെ വിസമ്മതിച്ചു. എങ്കിലും കച്ചവടക്കാരന്റെ നിർബന്ധം നിമിത്തം ഒടുക്കം വാങ്ങി. ആ ഭരണിയാണ് "കോടൻഭരണി" അതിന്റെ വായല്പം കോടീട്ടുള്ളതിനാലാണ് അതിന് ഈ പേരു സിദ്ധിച്ചത്. ദാനം ചെയ്തു കഴിഞ്ഞതിന്റെ ശേ‌ഷം കച്ചവടക്കാരൻ "അല്ലയോ മഹാ ബ്രാഹ്മണാ! ഈ ഭരണി കുറച്ചു കോട്ടമുള്ളതാണെങ്കിലും വളരെ ഐശ്വര്യവും വിശേ‌ഷവുമുള്ളതാണ്. ഈ ഭരണി ഇരിക്കുന്ന ദിക്കിൽ ദാരിദ്ര്യം എന്നുള്ളത് ഒരിക്കലും ഉണ്ടാവുകയില്ല. എന്നു മാത്രമല്ല ഇതിൽ മാങ്ങ ഉപ്പിലിട്ടാൽ അനിതരസാധാരണമായ ഒരു സ്വാദുണ്ടായിരിക്കയും ചെയ്യും എന്നും പറഞ്ഞ് തൊഴുത് അത്യന്തം സന്തോ‌ഷത്തോടുകൂടി ഒൻപതു ഭരണികളും എടുപ്പിച്ചുകൊണ്ട് കച്ചവടക്കാരൻ പോവുകയും ചെയ്തു.
ഭട്ടതിരി ആ ചെറിയ ഭരണികളും കോടൻഭരണിയിലുണ്ടായിരുന്ന ദ്രവ്യം മറ്റൊരു ഭരണിയിലാക്കി അതും തന്റെ നിലവറയിൽ സ്ഥാപിച്ചു. ആ പതിനൊന്നു നിക്ഷേപങ്ങളും ഇന്നും അവിടെയിരിക്കുന്നുണ്ടെന്നാണ് കേൾവി. പിന്നെ ആണ്ടുതോറും കോടൻഭരണിയിൽ മാങ്ങ ഉപ്പിലിടുകയും തുടങ്ങി. ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടാൽ എത്രനാൾ കഴിഞ്ഞാലും മാങ്ങയുടെ പച്ചനിറം മാറുകയില്ല. അതിന്റെ സ്വാദ് ഇന്ന പ്രകാരമെന്ന് അനുഭവിച്ചിട്ടുള്ളവർക്കറിയാമെന്നല്ലാതെ പറഞ്ഞറിയിക്കുന്ന കാര്യം പ്രയാസം. അമൃതതുല്യമെന്നു പറഞ്ഞാൽ മതിയോ എന്നു സംശയമാണ്. രുചിക്ഷയം നിമിത്തം ജലപാനംപോലും കഴിക്കാൻ പാടില്ലാതെ കിടക്കുന്നവർക്ക് ആ മാങ്ങയുടെ ഒരു ക‌ഷണം കൊടുത്താൽ അപ്പോൾ നിശ്ചയമായിട്ടും മുന്നാഴിയരിയുടെ ചോറുണ്ണും. അത്രയുണ്ട് അതിന്റെ സ്വാദ്. ഈ മാങ്ങയെക്കുറിച്ച് കേട്ടിട്ടുള്ള ഒരു കഥകൂടി പറയാം.
കൊല്ലം തൊള്ളായിരത്തെഴുപത്തുമൂന്നാമാണ്ടു നാടു നീങ്ങിയ മഹാരാജാവു തിരുമനസ്സുകൊണ്ടു രാജ്യം വാണുകൊണ്ടിരിക്കുമ്പോൾ ഒരു മുറജപക്കാലത്ത് ഒരു ദിവസം നമ്പൂരിമാർ അത്താഴമുണ്ടുകൊണ്ടിരിക്കുന്ന സമയം അത്താഴത്തിന്റെ വെടിപ്പും കേമത്തവും കൊണ്ട് ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട് "എടോ! എന്താ അത്താഴം കേമംതന്നെ, അല്ലേ? ഇങ്ങനെ മറ്റൊരു സ്ഥലത്തു നടക്കാൻ പ്രയാസമുണ്ട്. അങ്ങനെയല്ലോ?" എന്നു ചോദിച്ചു. അപ്പോൾ മറ്റേ നമ്പൂരി, "അങ്ങനെ തന്നെ, അങ്ങനെതന്നെ, സംശയമില്ല. എങ്കിലും ആ പാണ്ടമ്പറത്തെ ഉപ്പുമാങ്ങയുടെ ഒരു ക‌ഷണം കൂടിയുണ്ടായിരുന്നു എങ്കിൽ ഒന്നുകൂടി ജാത്യമായേനേ. ആ ഒരു കുറവേ ഉള്ളൂ" എന്നു പറഞ്ഞു. ആ സമയം തിരുമനസ്സുകൊണ്ടു കോവിലെഴുന്നള്ളി പ്രദക്ഷിണമായി പോവുകയായിരുന്നു. നമ്പൂരിമാർ തിരുമനസ്സിനെ കണ്ടില്ല. എങ്കിലും അവിടുന്ന് ഈ സംഭാ‌ഷണം കേൾക്കുകയും അതു പറഞ്ഞ നമ്പൂരി ഇന്നാരാണെന്നു മനസ്സിലാക്കുകയും ചെയ്തു.
അന്നു രാത്രിയിൽത്തന്നെ തിരുമനസ്സുകൊണ്ടു ഗൂഢമായി ഒരാളെ അയച്ചു പിന്നത്തെ മുറയായപ്പോഴേക്കും കോടൻഭരണിയിലെ ഉപ്പുമാങ്ങ വരുത്തി, ഒരു ദിവസം അത്താഴത്തിനു പുളി വിളമ്പിച്ചു. അവിടെ മുറജപംവകയ്ക്കായി പലവിധത്തിൽ ഉപ്പിലിട്ടിട്ടുള്ള മാങ്ങകൾ പുളി വിളമ്പിയ കൂട്ടത്തിലാണ് ഇതും വിളമ്പിയത്. കോടൻ ഭരണിയിലെ മാങ്ങ വരുത്തിയ കഥ യാതൊരുത്തരും അറിഞ്ഞിരുന്നുമില്ല. എങ്കിലും മേല്പറഞ്ഞ നമ്പൂരി ഈ മാങ്ങാ ക‌ഷണം എടുത്തു കഴിച്ച ഉടനെ "ഓഹോ ആ കുറവും തീർന്നു. എടാ യോഗ്യാ! നീ ഇവിടെ വന്നുചേർന്നോ?" എന്നു പറഞ്ഞത്രെ. അപ്പോൾ അടുക്കലിരുന്ന വേറെ നമ്പൂരി "ഈ മാങ്ങ സാക്ഷാൽ കോടൻഭരണിയിലേതാണ്" എന്നു പറഞ്ഞു. തിരുമനസ്സുകൊണ്ട് ആ സമയവും കോവിലെഴുന്നെള്ളീട്ടുണ്ടായിരുന്നതിനാൽ അതും കേട്ടു. കൊട്ടാരത്തിൽ എഴുന്നള്ളിയ ഉടനെ ആ നമ്പൂരിയെ വരുത്തി, "അങ്ങേപ്പോലെ സ്വാദറിഞ്ഞു ഭക്ഷിക്കുന്നവർ ചുരുക്കമാണ്" എന്നും മറ്റും സന്തോ‌ഷപൂർവം കല്പിക്കുകയും നമ്പൂരിക്ക് ഒരു സമ്മാനം കൊടുത്ത് അയയ്ക്കുകയും ചെയ്തു.
ഇങ്ങനെയാണ് കോടൻഭരണിയുടെയും അതിലെ മാങ്ങയുടെയും വിശേ‌ഷം. ആ മാങ്ങ ഒരിക്കൽ കൂട്ടീട്ടുള്ളവർ അതിന്റെ സ്വാദ് ഒരിക്കലും മറക്കുകയില്ല. ആ കോടൻഭരണി ആ ഇല്ലത്ത് ഇന്നും ഇരിക്കുന്നുണ്ട്. അതിലെ മാങ്ങയ്ക്കുള്ള അനന്യസാധാരണമായ ആ വിശേ‌ഷം ഇന്നും കണ്ടുവരുന്നുമുണ്ട്.

ഐതിഹ്യമാല/കോലത്തിരിയും സാമൂതിരിയും

ഐതിഹ്യമാല/കോലത്തിരിയും സാമൂതിരിയും

കോലത്തിരിയും സാമൂതിരിയും

ണ്ടൊരിക്കൽ കോലസ്വരൂപത്തിങ്കൽ രാജാവ് കോഴിക്കോട്ടു സാമൂതിരിരാജാവിനെ കാണാനായി വന്നിരുന്നു. അന്നു രണ്ടുപേർക്കും രാജ്യാധിപത്യമുള്ള കാലമാണ്. തമ്മിൽ കണ്ടാൽ രണ്ടുപേരും പുറമേ ഭംഗിക്കു വളരെ സ്നേഹം ഭാവിക്കുകയും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോവുകയും വരികയുമൊക്കെ പതിവുണ്ടായിരുന്നു. എങ്കിലും ഉള്ളിൽ പരസ്പരം മത്സരവും ആക്ഷേപവും ധാരാളമായിരുന്നു. കോലസ്വരൂപത്തിങ്കൽ രാജാവ് ഇങ്ങോട്ടു വന്നിരിക്കുന്ന സ്ഥിതിക്ക് വേണ്ടതുപോലെ സത്ക്കരിക്കാഞ്ഞാൽ ലൗകികത്തിനു പോരല്ലോ എന്നു വിചാരിച്ച് അദ്ദേഹത്തെ സാമൂതിരിരാജാവ് യഥായോഗ്യം സത്കരിച്ചു. ഊണു കഴിഞ്ഞു രണ്ടുപേരുംകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരിക്കുമ്പോൾ കോലസ്വരൂപത്തിങ്കൽ രാജാവ് അകത്ത് നിരൂപിച്ചുകൊണ്ടു നേരംപോക്കെന്ന ഭാവത്തിൽ "സാമൂരി കുത്തുമോ?" എന്നു ചോദിച്ചു. (സാമൂതിരി എന്നുള്ളത് ലോപിച്ചു "സാമൂരി" എന്നും പറയാറുണ്ടല്ലോ). സാമൂരി എന്നാൽ ഒരു മാതിരി മൂരി (കാള) എന്നുള്ള അർഥത്തിലാണ് കോലസ്വരൂപത്തിങ്കൽ രാജാവ് ചോദിച്ചത്. ഇതുകേട്ട് സാമൂതിരിപ്പാട് " കോലത്തിരി കത്തുമോ?" എന്ന് അങ്ങോട്ടും ചോദിച്ചു. കോലസ്വരൂപത്തിങ്കൽ രാജാവിനെ "കോലത്തിരി" എന്നും പറയാറുണ്ടല്ലോ. ഇതു കേട്ട് കോലസ്വരൂപത്തിങ്കൽ രാജാവ് "കോലത്തിരി ചിലപ്പോൾ കത്തിയേക്കും, സൂക്ഷിക്കണം" എന്നു പറഞ്ഞു. അപ്പോൾ സാമൂതിരിപ്പാട് "കോലത്തിരി കത്തിയാൽ സാമൂരി കുത്തുകയും ചെയ്യും" എന്നു പറഞ്ഞു. ഇങ്ങനെ അനേകം നേരമ്പോക്കുകളും പറഞ്ഞുരസിച്ചിരുന്നതിന്റെ ശേ‌ഷം കോലസ്വരൂപത്തിങ്കൽ രാജാവ് സന്തോ‌ഷഭാവത്തിൽ പോവുകയും ചെയ്തു.
പിന്നെ വളരെക്കാലം കഴിഞ്ഞതിന്റെ ശേ‌ഷം കോലസ്വരൂപത്തിങ്കൽ രാജാവ് വിശേ‌ഷമാതിരിയിൽ പണികഴിപ്പിച്ചിട്ടുള്ള ഒരു പെട്ടി താക്കോലോടുകൂടി ഒരു ഭൃത്യൻ വശം സാമൂതിരിപ്പാട്ടിലേക്കു കൊടുത്തയച്ചു. ആ പെട്ടിക്കകത്തു വെടിമരുന്നു നിറച്ചിരുന്നതുകൂടാതെ പെട്ടി തുറന്നാലുടനെ വെടിമരുന്നിനു തീപിടിച്ചു പെട്ടി തുറക്കുന്ന ആളുടെ മുഖവും ദേഹവുമെല്ലാം കത്തിപ്പോകത്തക്കവണ്ണം ഒരു സൂത്രവും പറ്റിച്ചിരുന്നു. "കോലത്തിരി കത്തുമോ?" എന്നു സാമൂതിരിപ്പാടു മുമ്പു ചോദിച്ചിരുന്നതിനു ഒന്നു കത്തിക്കണമെന്നുള്ള വിചാരത്തോടുകൂടിയാണ് ഈ ചതി പ്രയോഗിച്ചതെന്ന് പറയേണ്ടതില്ലല്ലോ. ഭൃത്യൻ പെട്ടി താക്കോലോടുകൂടി സാമൂതിരിപ്പാട്ടിലെ അടുക്കൽ കൊണ്ടുചെന്നു കൊടുത്ത്, കോലസ്വരൂപത്തിങ്കൽ രാജാവിന്റെ സമ്മാനമാണെന്നുള്ള വിവരം അറിയിച്ചു. ഇതു കേട്ടപ്പോൾ സാമൂതിരിപ്പാട്, "ഇപ്പോൾ കോലത്തിരിരാജാവ് നമുക്കൊരു സമ്മാനം അയച്ചുതരാനുള്ള സംഗതി എന്തായിരിക്കും? ഇതെന്തെങ്കിലും ചതിയായിരിക്കാനേയിടയുള്ളൂ. "കോലത്തിരി കത്തുമോ" എന്നു നാം ചോദിച്ചതിനും "ചിലപ്പോൾ കത്തിയേക്കും, സൂക്ഷിക്കണം" എന്നാണല്ലോ മറുപടി പറഞ്ഞിട്ടുള്ളത്. അതിനാൽ ഈ പെട്ടിക്കകത്ത് എന്തെങ്കിലും കത്തുന്ന സാധനമായിരിക്കണം. അതുകൊണ്ട് ഈ പെട്ടി വെള്ളത്തിൽ മുക്കീട്ടു വേണം തുറക്കാൻ. അല്ലെങ്കിൽ അബദ്ധം പറ്റിയേക്കും" എന്നു വിചാരിച്ച് പെട്ടി വെള്ളത്തിൽ മുക്കിയെടുത്തു കൊണ്ടുവരുവാൻ തന്റെ ഭൃത്യന്മാരോടു കല്പിച്ചു. ഭൃത്യന്മാർ പെട്ടിയെടുത്തു കൊണ്ടുപോയി മുക്കിക്കൊണ്ടുവന്നു. സാമൂതിരിപ്പാട് പെട്ടി തുറന്നു. പെട്ടിക്കകത്ത് വെള്ളംകേറി വെടിമരുന്നെല്ലാം നനഞ്ഞുപോയതിനാൽ തീ കത്തുകയും അബദ്ധം പറ്റുകയുമൊന്നുമുണ്ടായില്ല. ഈ സംഗതികളെല്ലാം കോലത്തിരി രാജാവിന്റെ ഭൃത്യന്മാർ തിരിച്ചുചെന്ന് അദ്ദേഹത്തിന്റെ അടുക്കൽ അറിയിക്കുകയും ചെയ്തു. തന്റെ പ്രയോഗം പറ്റിയില്ലല്ലോ എന്നു വിചാരിച്ചു കോലത്തിരിരാജാവിനു വളരെ കുണ്ഠിതമുണ്ടായി എന്നുള്ളതു പറയേണ്ടതില്ലല്ലോ.
പിന്നെ കുറച്ചുകാലം കഴിഞ്ഞതിന്റെശേ‌ഷം സാമൂതിരിപ്പാടും മേൽപ്രകാരം ഒരു പെട്ടി തന്റെ ഭൃത്യന്മാർ മുഖാന്തരം കോലത്തിരിരാജാവിനു സമ്മാനമായി കൊടുത്തയച്ചു. ആ പെട്ടി കോലത്തിരി രാജാവിന്റെ അടുക്കൽ എത്തിയപ്പോൾ അദ്ദേഹം, "നാമങ്ങോട്ടു ചെയ്തതിനു പകരം ഇതും ഒരു ചതിപ്രയോഗമായിരിക്കണം. നാം കൊടുത്തയച്ച പെട്ടി സാമൂതിരി വെള്ളത്തിൽ മുക്കിയിട്ടാണല്ലോ തുറന്നത്. അതുപോലെ ഈ പെട്ടിയും വെള്ളത്തിൽ മുക്കിയിട്ടുവേണം തുറക്കാൻ. അല്ലെങ്കിൽ വല്ല അബദ്ധവും പറ്റിയേക്കും" എന്നിങ്ങനെ വിചാരിച്ചു പെട്ടി വെള്ളത്തിൽ മുക്കി തുറന്നു നോക്കിയപ്പോൾ അതിൽ നിറയെ കടന്നൽക്കൂടുകളായിരുന്നു നിറച്ചയച്ചിരുന്നത്. പെട്ടിക്കകത്തു വെള്ളം കേറിയപ്പോഴേക്കും കടന്നലുകൾ അതികോപത്തോടുകൂടി ഇളകിവശായി. ആ സമയത്താണ് കോലത്തിരി രാജാവു പെട്ടി തുറന്നത്. പിന്നത്തെക്കഥ പറയണമെന്നില്ലല്ലോ. കടന്നലുകളുടെ കുത്തുകൊണ്ടു കോലത്തിരിരാജാവിനു നിവൃത്തിയില്ലാതെയായി. അദ്ദേഹം ഇതിലധികം വി‌ഷമിക്കേണ്ടതില്ല. അനേകമാളുകൾകൂടി കടന്നലുകളെ അടിച്ചും തീവെച്ചും ചുട്ടും മറ്റും നശിപ്പിച്ച് രാജാവിന്റെ പ്രാണനെ രക്ഷിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.