2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ

ഐതിഹ്യമാല/പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പാണ്ടമ്പറമ്പത്തു കോടൻഭരണിയിലെ ഉപ്പുമാങ്ങ

 ഉപ്പുമാങ്ങ വളരെ പ്രസിദ്ധമായിട്ടുള്ളതാണെങ്കിലും ഇതിന് അനന്യസാധാരണമായ ഈ വിശേ‌ഷമുണ്ടാകുവാനുള്ള കാരണവും മേല്പറഞ്ഞ ഭരണിയുടെ ആഗമവും കേട്ടിട്ടുള്ളവർ അധികമുണ്ടെന്നു പറയുന്നില്ല. അതിനാൽ അവയെ ചുരുക്കത്തിൽ ചുവടെ വിവരിക്കുന്നു. പാണ്ടമ്പറമ്പത്തു ഭട്ടതിരിയുടെ ഇല്ലം ബ്രിട്ടീ‌ഷിലാണ്. ഇപ്പോൾ അവിടെ സാമാന്യം ധനപുഷ്ടിയുണ്ടെങ്കിലും ആ തറവാടു മുമ്പൊരു കാലത്ത് വളരെ ദാരിദ്ര്യം ഉള്ളതാരുന്നു . നിത്യവൃത്തിക്കുപോലും യാതൊരു നിവൃത്തിയുമില്ലാതെ വളരെ വി‌ഷമിച്ചുകൊണ്ടാണ് ഇരുന്നിരുന്നത്. അങ്ങനെയിരിക്കുന്ന കാലത്ത് ചീനത്തുകാരൻ ഒരു കപ്പൽക്കച്ചവടക്കാരൻ അവന്റെ കപ്പലിൽ വിലപിടിച്ച അനേകം സാമാനങ്ങൾ കയറ്റിക്കൊണ്ടു കച്ചവടത്തിന്നായി പുറപ്പെട്ടു. ദൈവഗത്യാ മധ്യേമാർഗം ആ കപ്പൽ ഉടഞ്ഞുപോയതിനാൽ അതിലുണ്ടായിരുന്ന മിക്ക സാധനങ്ങളും നഷ്ടപ്പെട്ടുപോയി. കപ്പലിലുണ്ടായിരുന്ന അനേകം ജനങ്ങളും ചരമഗതിയെ പ്രാപിച്ചു. ചിലരെല്ലാം പത്തേമാരികളിലായിട്ടും നീന്തിയും മറ്റും കരയ്ക്കു കയറി രക്ഷപ്പെട്ടു. ആ കൂട്ടത്തിൽ കപ്പലിന്റെ ഉടമസ്ഥനും ഒരു പത്തേമാരിയിൽ കയറി കൈവശം കിട്ടിയ പത്ത് ചീനഭരണികളും അതിൽ കയറ്റി ഒരു വിധം കരയ്ക്കടുത്തു കണ്ട ഒരു ഗൃഹത്തിലേക്കു ചെന്നു. അതു സാക്ഷാൽ പാണ്ടമ്പറമ്പത്തു ഭട്ടതിരിയുടെ ഇല്ലമായിരുന്നു. അന്ന് ആ ഇല്ലം വളരെ ചെറിയതും ഉള്ളതുതന്നെ പഴക്കംകൊണ്ടും സാമാന്യംപോലെ കെട്ടി സൂക്ഷിക്കായ്കയാൽ വീണിടിഞ്ഞും മഹാമോശമായിരുന്നു.
ഈ കച്ചവടക്കാരൻ മുറ്റത്തു ചെന്ന് നിന്നുകൊണ്ട് "ഇവിടെ ആരാ ഉള്ളത്? ഇവിടെയൊന്നു കാണട്ടെ" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അപ്പോൾ അവിടെ ഗൃഹസ്ഥനായ ഭട്ടതിരിക്കും അന്തർജനത്തിനും നാലഞ്ചു കിടാങ്ങൾക്കും കൂടി ഇരുനാഴി അരിയിട്ടു കഞ്ഞിവെച്ചുണ്ടാക്കി, ഗൃഹസ്ഥൻ കഞ്ഞി കുടിക്കാനായി ഇരിക്കാൻ ഭാവിക്കയായിരുന്നു. കച്ചവടക്കാരൻ വിളിക്കുന്നതുകേട്ട ഉടനെ ഭട്ടതിരി പുറത്തേക്കു വന്നു. അപ്പോൾ കച്ചവടക്കാരൻ "ഞാൻ ചീനത്തുകാരനായ ഒരു കപ്പൽക്കച്ചവടക്കാരനാണ്. എന്റെ കപ്പൽ ചേതംവന്നുപോയി. കൂടെയുണ്ടായിരുന്ന വേലക്കാരും ഒക്കെ മരിച്ചുപോയി. ഞാൻ ഭക്ഷണം കഴിച്ചിട്ടു നേരത്തോടുനേരം കഴിഞ്ഞിരിക്കുന്നു. അതിനാൽ എനിക്കു ഭക്ഷിപ്പാൻ വല്ലതും തന്നാൽ കൊള്ളാം" എന്നു പറഞ്ഞു. ഇപ്രകാരം ആ കച്ചവടക്കാരന്റെ ദീനവചനങ്ങളെ കേൾക്കുകയും പാരവശ്യത്തെ കാണുകയും ചെയ്തിട്ട് ആർദ്രമാനസനായി ഭവിച്ച ആ ഭട്ടതിരി ഉടനെ അകത്തേക്കുപോയി ആ ഉണ്ടായിരുന്ന കഞ്ഞി എടുത്തുകൊണ്ടുവന്ന് കച്ചവടക്കാരനു വിളമ്പിക്കൊടുത്തു. കച്ചവടക്കാരൻ കഞ്ഞികുടി കഴിഞ്ഞതിന്റെ ശേ‌ഷം ഭട്ടതിരിയോട് "അവിടുന്ന് ഇപ്പോൾ എനിക്ക് കഞ്ഞി തന്നേ ഉള്ളൂ എന്നു വിചാരിക്കേണ്ട. ഇതുകൊണ്ട് എന്റെ പ്രാണരക്ഷ ചെയ്കയാണ് ചെയ്തത്. ഈ കഞ്ഞിയുടെ സ്വാദ് ഞാൻ ചത്താലും മറക്കുന്നതല്ല. ഈ ഉപകാരത്തിനു തക്കതായ പ്രതിഫലം തരുന്നതിനു ഞാൻ ശക്തനല്ല. എങ്കിലും ഞാൻ സ്വദേശത്തു പോയി തിരിച്ചുവരാൻ സംഗതിയായെങ്കിൽ എന്റെ ശക്തിക്കു തക്ക പ്രതിഫലം ഞാൻ തരും. പോരാത്തതു ദൈവവും അവിടേക്കു തന്നുകൊള്ളും. എന്നാൽ എനിക്കിനി ഇവിടുന്ന് ഒരു സഹായം കൂടി ചെയ്തുതരണം. എന്തെന്നാൽ എന്റെ സാമാനങ്ങളെല്ലാം നഷ്ടപ്പെട്ടുപോയി. എങ്കിലും പത്തു ചീനബ്ഭരണി കേടുകൂടാതെ കിട്ടീട്ടുണ്ട്. ഞാൻ നാട്ടിൽപ്പോയി തിരിച്ചുവരുന്നതുവരെ അവ ഇവിടെവെച്ചു സൂക്ഷിച്ചുതരണം" എന്നു പറഞ്ഞു. അപ്പോൾ ഭട്ടതിരി "ഇവിടെ സ്ഥലം ചുരുക്കമാണ്. എങ്കിലും ഉള്ള സ്ഥലം കൊണ്ടു സൂക്ഷിച്ചുതരാം. ഭരണിയിൽ വിലപിടിപ്പുള്ള സാധനമൊന്നുമില്ലല്ലോ. അങ്ങനെ വല്ലതുമുണ്ടെങ്കിൽ ഇവിടെ വെക്കാൻ പാടില്ല. ഇല്ലം ഒട്ടും ഉറപ്പിലാത്തതാണ്" എന്നു പറഞ്ഞു.
കച്ചവടക്കാരൻ: വിലപിടിപ്പുള്ള സാമാനങ്ങളൊന്നുമില്ല. അതിലൊക്കെ തുവരപ്പരിപ്പു നിറച്ചിട്ടുണ്ട്, അത്രേ ഉള്ളൂ."
ഭട്ടതിരി: എന്നാൽ വിരോധമില്ല.
ഉടനെ കച്ചവടക്കാരൻ ഭരണികൾ പത്തും അടച്ചുകെട്ടി മുദ്രയുംവെച്ച് എടുപ്പിച്ച് ഇല്ലത്തു പുരയ്ക്കകത്തു കൊണ്ടുചെന്നു വെപ്പിച്ചു.
ഭട്ടതിരിയോടു യാത്രയും പറഞ്ഞു പോവുകയും ചെയ്തു. പിന്നെ കുറഞ്ഞോരു ദിവസം കഴിഞ്ഞപ്പോൾ ഒരു ദിവസം ആ ഇല്ലത്തുള്ളവർക്കു ഭക്ഷണത്തിനു യാതൊരു നിവൃത്തിയുമില്ലാതെവന്നുകൂടി. ഉച്ചതിരിഞ്ഞപ്പോഴേക്കും കുട്ടികളെല്ലാം വിശപ്പു സഹിക്കാൻ പാടില്ലാതെ കരഞ്ഞുകൊണ്ടു കിടന്നുരുണ്ടുതുടങ്ങി. ഗൃഹസ്ഥനും അന്തർജനവും വിശപ്പുകൊണ്ടും കിടാങ്ങളുടെ പാരവശ്യം കണ്ടിട്ടും ആകപ്പാടെ വളരെ വി‌ഷണ്ണരായിത്തീർന്നു. അപ്പോൾ അന്തർജനം "ചീനത്തുകാരന്റെ ആ ഭരണികളിൽ തുവരപ്പരിപ്പാണെന്നല്ലേ പറഞ്ഞത്? നമുക്ക് ഒരു ഭരണിയിൽ നിന്ന് കുറച്ച് പരിപ്പെടുത്തു വെച്ചു ഈ കുട്ടികൾക്ക് കുറേശ്ശെ കൊടുത്തെങ്കിലോ? ഇപ്പോൾ ഇവർക്കു എന്തു കൊടുത്താലും തിന്നോളും. ഇവർ അത്രയ്ക്കു വി‌ഷമിച്ചു. നമുക്കൊന്നുമില്ലെങ്കിൽ വേണ്ട. ഒന്നും അറിയാറായിട്ടില്ലാത്ത ഈ കുട്ടികൾക്ക് ഇനിയും ഒന്നും കൊടുക്കാത്തതും കഷ്ടമല്ലേ? നേരം പത്തു നാഴികപ്പകലായല്ലോ?" എന്നു പറഞ്ഞു.
ഭട്ടതിരി: പറഞ്ഞതൊക്കെ ശരിയാണ്. എനിക്കും വിശപ്പ് സഹിക്കാൻ വഹിയാതെയായിരിക്കുന്നു. അവിടെയും അങ്ങനെതന്നെ ആയിരിക്കുമല്ലോ. എങ്കിലും മറ്റൊരാൾ നമ്മെ വിശ്വസിച്ചു സൂക്ഷിക്കാനായി വെച്ചിരിക്കുന്ന സാമാനം ഉടമസ്ഥന്റെ അനുവാദം കൂടാതെ നാമെടുക്കുന്നതു ശരിയാണോ? മരിച്ചാലും വിശ്വാസവഞ്ചന ചെയ്യരുത്.
അന്തർജനം: ഈ കൂട്ടികളുടെ പ്രാണരക്ഷയ്ക്കായിട്ട് അതിൽനിന്ന് കുറച്ചു പരിപ്പെടുത്താൽ നമുക്ക് ഒരു പാപവും വരികയില്ല. പിന്നെ ആ കച്ചവടക്കാരൻ വരുമ്പോഴേക്കും അത്രയും പരിപ്പ് നമുക്ക് എങ്ങനെയെങ്കിലും ഉണ്ടാക്കി അതിലിട്ട് നിറച്ചുവയ്ക്കുകയും ചെയ്യാം. അതില്ലെങ്കിൽതന്നെയും നമ്മുടെ പരമാർഥം അറിഞ്ഞാൽ അവനൊരു വിരോധവും തോന്നുകയില്ല. അവനും ഒരു മനു‌ഷ്യനല്ലേ? വിശന്നാലുള്ള ദണ്ഡം അവനും അറിഞ്ഞിട്ടുണ്ടല്ലോ.."
എന്തിനു വളരെപ്പറയുന്നു. ഇങ്ങനെ വളരെ നേരത്തെ വാഗ്വാദം കഴിഞ്ഞതിന്റെശേ‌ഷം ഭട്ടതിരി ഒരു ഭരണിയഴിച്ചു കുറച്ചു പരിപ്പ് എടുക്കുക തന്നെയെന്നു തീർച്ചപ്പെടുത്തി പുരയ്ക്കകത്തു ചെന്ന് ഒരു ഭരണിയുടെ മുദ്ര പൊട്ടിച്ചു കെട്ടഴിച്ചു ഭരണിക്കകത്തു കയ്യിട്ടു പരിപ്പു വാരിയെടുത്തു. ഉടനെ അത് തുവരപ്പരിപ്പു മാത്രമല്ലെന്നു തോന്നുകയാൽ അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നുനോക്കി. അപ്പോൾ അത് തുവരപ്പരിപ്പും ചില സ്വർണ്ണനാണയങ്ങളുമായിരുന്നു. പിന്നെ പുരയ്ക്കകത്ത് ഇരുട്ടായതിനാൽ ഒരു വിളക്കു കൊളുത്തിക്കൊണ്ടുചെന്നു നോക്കിയപ്പോൾ ഭരണിനിറച്ചു സ്വർണ്ണനാണയങ്ങൾ ഇട്ടു മീതെ മാത്രം കുറേശ്ശെ തുവരപ്പരിപ്പ് ഇട്ടിട്ടേ ഉള്ളൂ എന്നു മനസ്സിലായി. പത്തു ഭരണികളും പരിശോധിച്ചപ്പോൾ എല്ലാം അങ്ങനെ തന്നെ ആയിരുന്നു. ഒമ്പതു ഭരണികളും അദ്ദേഹം പൂർവസ്ഥിതിയിൽത്തന്നെ അടച്ചു മുദ്രയിട്ടുവെച്ചു. ഒരു ഭരണിയിൽനിന്ന് ഒരു പവൻ എടുത്തുകൊണ്ടുപോയി വിറ്റു കുറെ അരിയും കറിക്കോപ്പുകളും ശേ‌ഷം പണവും വാങ്ങി ഇല്ലത്തു വന്നു. ഉടനെ അന്തർജനം എല്ലാം വെച്ചുണ്ടാക്കി കുട്ടികൾക്കൊക്കെ ചോറു കൊടുത്തു. പിന്നെ ആ ദമ്പതിമാരും ഊണു കഴിച്ചു.
ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഭട്ടതിരി വിചാരിച്ചു. "ഏതെങ്കിലും വിശ്വാസവഞ്ചന ചെയ്കയെന്നുള്ളത് ഇവിടെക്കഴിഞ്ഞു. ഇനി ഈ ദാരിദ്ര്യദുഃഖം അനുഭവിച്ചുകൊണ്ടിരുന്നിട്ടു പ്രയോജനമൊന്നുമില്ല. അതിനാൽ ഇനി സുഖമായിട്ടിരിക്കാനുള്ള മാർഗം നോക്കണം. ആ കച്ചവടക്കാരൻ വരാൻ കുറച്ചു താമസിച്ചു എങ്കിൽ എല്ലാം ശരിയാക്കിക്കൊടുക്കുകയും ചെയ്യാം" എന്നിങ്ങനെ വിചാരിച്ചു നിശ്ചയിച്ചിട്ട് ആ ഭരണിയിൽനിന്ന് ഏതാനും ദ്രവ്യമെടുത്ത് അതികേമമായി എട്ടുകെട്ടോടും മാളികയോടും കൂടി ഒരില്ലം പണിയിച്ചു. ശേ‌ഷം ആഭരണിയിലുണ്ടായിരുന്ന മുതലിനു വസ്തുക്കളും ഭരണി, പാത്രങ്ങൾ മുതലായവയും സമ്പാദിച്ചു. അങ്ങനെ കുറച്ചു ദിവസംകൊണ്ട് അദ്ദേഹം ഒരു വലിയ ദ്രവ്യസ്ഥനായിത്തീർന്നു. പരമാനന്ദമായി സകലചെലവും കഴിച്ചു പ്രതിവത്സരം പന്തീരായിരം രൂപ മിച്ചമുണ്ടായിത്തുടങ്ങി. ആ മിച്ചംവരുന്ന മുതലിനു സ്വർണനാണയങ്ങൾ വാങ്ങി താൻ എടുത്ത ഭരണി നിറച്ചു തുടങ്ങി. അങ്ങനെ അഞ്ചെട്ടുകൊല്ലം കൊണ്ട് അദ്ദേഹം ആ ഭരണി പൂർവ്വസ്ഥിതിയിൽ നിറച്ച് അടച്ചുകെട്ടി മുദ്രയിട്ടുവെച്ചു. പിന്നെ ആ പത്തു ഭരണികളുടെ വലിപ്പത്തിൽ ഒന്നുപാതി വീതം വലിപ്പമുള്ള പത്തു ഭരണികൾ കൂടി അദ്ദേഹം വിലയ്ക്കു വാങ്ങി. അവയിലും സ്വർണനാണയങ്ങൾ നിറച്ച് അവയും അടച്ചുകെട്ടി മുദ്രയിട്ടുവെച്ചു. അപ്പോഴേക്കും ആ കച്ചവടക്കാരൻ വേറെ ഒരു കപ്പലിൽ സാമാനങ്ങളും കയറ്റി ആ ദിക്കിൽ വന്നടുത്തു. അപ്പോൾ അവൻ പോയിട്ടു പന്ത്രണ്ടു കൊല്ലം കഴിഞ്ഞിരുന്നു. അവൻ കരയ്ക്കിറങ്ങി, താൻ ഭരണികൾ സൂക്ഷിക്കാൻ വെച്ചിരുന്ന ഇല്ലം അന്വേ‌ഷിച്ചു പുറപ്പെട്ടു. ആ സ്ഥലത്തു വന്നു നോക്കിയപ്പോൾ ഇല്ലത്തിന്റെ സ്വഭാവം ആകപ്പാടെ മാറിക്കണ്ടതുകൊണ്ട് അവനു വളരെ സംശയമായിത്തീർന്നു. പിന്നെ ചിലരോടു ചോദിച്ചപ്പോൾ ആ ഇല്ലം ഇതുതന്നെയാണെന്നും അതിയ്യിടെ പുത്തനായി പണികഴിപ്പിച്ചതാണെന്നും ഭട്ടതിരിക്ക് ഒരു നിധി കിട്ടിയതിനാലാണ് ദാരിദ്ര്യം ഒക്കെ തീർന്നത് എന്നും ഇപ്പോൾ അവിടെ സ്വത്തു ധാരാളമായിപ്പോയി എന്നും മറ്റും പറഞ്ഞു. അതു കേട്ടപ്പോൾ നിധി കിട്ടിയെന്നു പറയുന്നതു ഭോ‌ഷ്കാണെന്നും ഇതെല്ലാം തന്റെ ഭരണിയിലുണ്ടായിരുന്ന മുതൽകൊണ്ട് സമ്പാദിച്ചതാണെന്നും കച്ചവടക്കാരൻ തീർച്ചപ്പെടുത്തി. ഈ സ്ഥിതിക്കു തന്റെ മുതൽ കിട്ടുന്ന കാര്യം പൂജ്യം തന്നെ എന്നും അവൻ നിശ്ചയിച്ചു. എങ്കിലും ഭട്ടതിരിയെക്കണ്ട് ഒന്നു ചോദിച്ചേക്കാം. തരുന്നു എങ്കിൽ തരട്ടെ, ഇല്ലെങ്കിൽ വേണ്ടാ എന്നു വിചാരിച്ച് ആ കച്ചവടക്കാരൻ ഇല്ലത്തു ചെന്ന് മുറ്റത്തു നിന്നുംകൊണ്ട് "ഇവിടത്തെ തിരുമേനി ഇവിടെയുണ്ടോ?" എന്നു ചോദിച്ചു. അപ്പോൾ ഭട്ടതിരി മാളികയിൽ ഇരിക്കുകയായിരുന്നു. കച്ചവടക്കാരന്റെ ഒച്ച കേട്ടപ്പോൾ ആളറിയുകയാൽ ഉടനെ അദ്ദേഹം താഴെയിറങ്ങിവന്നു. കച്ചവടക്കാരനെ വളരെ ആദരവോടുകൂടി വിളിച്ചു തന്റെ പടിപ്പുര മാളികയിൽ കൊണ്ടുചെന്നു കസേര കൊടുത്തിരുത്തി, താനും ഇരുന്നിട്ടു കുശലപ്രശ്നാദികളെല്ലാം ചെയ്തു. പിന്നെ ആ കച്ചവടക്കാരനും കൂടെ വന്നിരുന്നവർക്കും അതികേമമായി ഒരു വിരുന്നുസല്ക്കാരവും കഴിച്ചതിന്റെ ശേ‌ഷം ഭട്ടതിരി പറഞ്ഞു, "ഞാൻ നിങ്ങളുടെ അനുവാദം കൂടാതെ ഇവിടെ സൂക്ഷിക്കാനായി വെച്ചിരുന്ന മുതലിൽനിന്നു സ്വല്പമെടുത്തു ചില കൈകാര്യങ്ങൾ ചെയ്തു. അങ്ങനെ ചെയ്യാൻ സംഗതിയായത് എന്റെ ദാരിദ്ര്യദുഃഖത്തിന്റെ ശക്തി നിമിത്തമാണ്. എങ്കിലും എന്റെ പ്രവൃത്തി ന്യായവിരോധമായിട്ടുള്ളതാണെന്ന് ഞാൻ സമ്മതിക്കുന്നു. ആ തെറ്റിനെ നിങ്ങൾ ക്ഷമിച്ച് എനിക്ക് മാപ്പു തരണമെന്നു അപേക്ഷിക്കുന്നു. ഇപ്പോൾ നിങ്ങളുടെ മുതൽ പലിശയോടുകൂടി ഇവിടെ തയ്യാറുണ്ടുതാനും." ഇത്രയും പറഞ്ഞതിന്റെശേ‌ഷം കച്ചവടക്കാരന്റെ പത്തു ഭരണികളും അതോടുകൂടി താൻ ശേഖരിച്ചുവെച്ചിരുന്ന ചെറിയ ഭരണികൾ പത്തും എടുപ്പിച്ചു പുറത്തു വരുത്തിവെച്ചു. അപ്പോൾ കച്ചവടക്കാരൻ "ഞാനിവിടെ പത്തു ഭരണി മാത്രമേ വെച്ചിട്ടുണ്ടായിരുന്നുള്ളൂ. ഈ ചെറിയ ഭരണികൾ എന്റെ വകയല്ല. ഇതിന്റെ കൂടെ അതുകൂടി കൊണ്ടുവന്നു വെച്ചിരിക്കുന്നതെന്തിനാണ്?" എന്നു ചോദിച്ചു.
ഭട്ടതിരി: നിങ്ങൾ ഈ മുതൽ ഇവിടെ ഏല്പിച്ചിട്ടു പന്ത്രണ്ടുകൊല്ലം കഴിഞ്ഞിരിക്കുന്നു. മുതലിന് അരവാശി പലിശ കൂട്ടി തരേണ്ടതാണല്ലോ.
കച്ചവടക്കാരൻ: സൂക്ഷിക്കാൻ തന്ന മുതലിനു സൂക്ഷിപ്പുകൂലി അങ്ങോട്ടു തരികയല്ലാതെ പലിശ ഇങ്ങോട്ടു വാങ്ങുക ന്യായമല്ല. അതിനാൽ ഈ പലിശ ഞാൻവാങ്ങുന്നതല്ല.
ഭട്ടതിരി: എനിക്കിപ്പോൾ കൊല്ലത്തിൽ ചെലവു കഴിച്ചു പന്തീരയിരത്തിൽ ഉറുപ്പിക ബാക്കിയാകുന്നുണ്ട്. പന്തീരായിരത്തിൽ കുറയാതെ അത്രയ്ക്കുള്ള വസ്തുക്കളും ഈ കാണുന്ന ഇല്ലവും എന്നു വേണ്ടാ എന്റെ സർവസ്വവും നിങ്ങളുടെ മുതൽ കൊണ്ടുണ്ടായതാണ്. അനുവാദം കൂടാതെ നിങ്ങളുടെ മുതലെടുത്തു കൈകാര്യം ചെയ്തതിനായി ഒരു പ്രായശ്ചിത്തമായിട്ടെങ്കിലും ഈ ചെറിയ ഭരണികൾകൂടെ നിങ്ങൾ സ്വീകരിക്കണം. അല്ലെങ്കിൽ എനിക്കു വളരെ വ്യസനമാണ്.
കച്ചവടക്കാരൻ: ഞാനിവിടെ കൊണ്ടുവന്നുവെച്ച പത്തു ഭരണികളും പൂർവസ്ഥിതിയിൽ ഇപ്പോഴും ഇരിക്കുന്നുണ്ട്. അതിൽ എനിക്കു യാതൊരു നഷ്ടവും വരുത്തിയിട്ടില്ല. പിന്നെ ഇവിടേക്കു കുറച്ചു സമ്പാദ്യമുണ്ടായത് ഇവിടത്തെ ഭാഗ്യവും ഉത്സാഹവും കൊണ്ടെന്നല്ലാതെ വിചാരിപ്പാനില്ല. ഇവിടേക്ക് അപ്രകാരമുണ്ടായ മുതലെല്ലാം ഇവിടുത്തെ സ്വന്തം തന്നെയാണ്. അതിനാൽ ആ ബ്രഹ്മസ്വം ഒരിക്കലും ഞാൻ സ്വീകരിക്കുന്നതല്ല. വെറുതെ ഞാൻ ബ്രഹ്മസ്വം സ്വീകരിച്ചാൽ എനിക്കുള്ള ശേ‌ഷം മുതൽകൂടി നശിച്ചുപോകും.
ഇങ്ങനെ അവർ തമ്മിൽ വളരെ വാഗ്വാദം കഴിഞ്ഞതിന്റെ ശേ‌ഷം ചെറിയ ഭരണികൾ പത്തും ഭട്ടതിരി തിരിയെ എടുപ്പിച്ച് അകത്തുതന്നെ കൊണ്ടുചെന്നു വെപ്പിച്ചു. അതിന്റെ ശേ‌ഷം ആ കച്ചവടക്കാരൻ പൂവും നീരും വെറ്റിലയും പാക്കും കൂട്ടി തന്റെ സ്വന്തം ഭരണിയിൽ ഒന്നു ഭട്ടതിരിക്കു ദാനമായി കൊടുത്തു. അതു വാങ്ങുന്നതിനും ഭട്ടതിരി വളരെ വിസമ്മതിച്ചു. എങ്കിലും കച്ചവടക്കാരന്റെ നിർബന്ധം നിമിത്തം ഒടുക്കം വാങ്ങി. ആ ഭരണിയാണ് "കോടൻഭരണി" അതിന്റെ വായല്പം കോടീട്ടുള്ളതിനാലാണ് അതിന് ഈ പേരു സിദ്ധിച്ചത്. ദാനം ചെയ്തു കഴിഞ്ഞതിന്റെ ശേ‌ഷം കച്ചവടക്കാരൻ "അല്ലയോ മഹാ ബ്രാഹ്മണാ! ഈ ഭരണി കുറച്ചു കോട്ടമുള്ളതാണെങ്കിലും വളരെ ഐശ്വര്യവും വിശേ‌ഷവുമുള്ളതാണ്. ഈ ഭരണി ഇരിക്കുന്ന ദിക്കിൽ ദാരിദ്ര്യം എന്നുള്ളത് ഒരിക്കലും ഉണ്ടാവുകയില്ല. എന്നു മാത്രമല്ല ഇതിൽ മാങ്ങ ഉപ്പിലിട്ടാൽ അനിതരസാധാരണമായ ഒരു സ്വാദുണ്ടായിരിക്കയും ചെയ്യും എന്നും പറഞ്ഞ് തൊഴുത് അത്യന്തം സന്തോ‌ഷത്തോടുകൂടി ഒൻപതു ഭരണികളും എടുപ്പിച്ചുകൊണ്ട് കച്ചവടക്കാരൻ പോവുകയും ചെയ്തു.
ഭട്ടതിരി ആ ചെറിയ ഭരണികളും കോടൻഭരണിയിലുണ്ടായിരുന്ന ദ്രവ്യം മറ്റൊരു ഭരണിയിലാക്കി അതും തന്റെ നിലവറയിൽ സ്ഥാപിച്ചു. ആ പതിനൊന്നു നിക്ഷേപങ്ങളും ഇന്നും അവിടെയിരിക്കുന്നുണ്ടെന്നാണ് കേൾവി. പിന്നെ ആണ്ടുതോറും കോടൻഭരണിയിൽ മാങ്ങ ഉപ്പിലിടുകയും തുടങ്ങി. ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടാൽ എത്രനാൾ കഴിഞ്ഞാലും മാങ്ങയുടെ പച്ചനിറം മാറുകയില്ല. അതിന്റെ സ്വാദ് ഇന്ന പ്രകാരമെന്ന് അനുഭവിച്ചിട്ടുള്ളവർക്കറിയാമെന്നല്ലാതെ പറഞ്ഞറിയിക്കുന്ന കാര്യം പ്രയാസം. അമൃതതുല്യമെന്നു പറഞ്ഞാൽ മതിയോ എന്നു സംശയമാണ്. രുചിക്ഷയം നിമിത്തം ജലപാനംപോലും കഴിക്കാൻ പാടില്ലാതെ കിടക്കുന്നവർക്ക് ആ മാങ്ങയുടെ ഒരു ക‌ഷണം കൊടുത്താൽ അപ്പോൾ നിശ്ചയമായിട്ടും മുന്നാഴിയരിയുടെ ചോറുണ്ണും. അത്രയുണ്ട് അതിന്റെ സ്വാദ്. ഈ മാങ്ങയെക്കുറിച്ച് കേട്ടിട്ടുള്ള ഒരു കഥകൂടി പറയാം.
കൊല്ലം തൊള്ളായിരത്തെഴുപത്തുമൂന്നാമാണ്ടു നാടു നീങ്ങിയ മഹാരാജാവു തിരുമനസ്സുകൊണ്ടു രാജ്യം വാണുകൊണ്ടിരിക്കുമ്പോൾ ഒരു മുറജപക്കാലത്ത് ഒരു ദിവസം നമ്പൂരിമാർ അത്താഴമുണ്ടുകൊണ്ടിരിക്കുന്ന സമയം അത്താഴത്തിന്റെ വെടിപ്പും കേമത്തവും കൊണ്ട് ഒരു നമ്പൂരി മറ്റൊരു നമ്പൂരിയോട് "എടോ! എന്താ അത്താഴം കേമംതന്നെ, അല്ലേ? ഇങ്ങനെ മറ്റൊരു സ്ഥലത്തു നടക്കാൻ പ്രയാസമുണ്ട്. അങ്ങനെയല്ലോ?" എന്നു ചോദിച്ചു. അപ്പോൾ മറ്റേ നമ്പൂരി, "അങ്ങനെ തന്നെ, അങ്ങനെതന്നെ, സംശയമില്ല. എങ്കിലും ആ പാണ്ടമ്പറത്തെ ഉപ്പുമാങ്ങയുടെ ഒരു ക‌ഷണം കൂടിയുണ്ടായിരുന്നു എങ്കിൽ ഒന്നുകൂടി ജാത്യമായേനേ. ആ ഒരു കുറവേ ഉള്ളൂ" എന്നു പറഞ്ഞു. ആ സമയം തിരുമനസ്സുകൊണ്ടു കോവിലെഴുന്നള്ളി പ്രദക്ഷിണമായി പോവുകയായിരുന്നു. നമ്പൂരിമാർ തിരുമനസ്സിനെ കണ്ടില്ല. എങ്കിലും അവിടുന്ന് ഈ സംഭാ‌ഷണം കേൾക്കുകയും അതു പറഞ്ഞ നമ്പൂരി ഇന്നാരാണെന്നു മനസ്സിലാക്കുകയും ചെയ്തു.
അന്നു രാത്രിയിൽത്തന്നെ തിരുമനസ്സുകൊണ്ടു ഗൂഢമായി ഒരാളെ അയച്ചു പിന്നത്തെ മുറയായപ്പോഴേക്കും കോടൻഭരണിയിലെ ഉപ്പുമാങ്ങ വരുത്തി, ഒരു ദിവസം അത്താഴത്തിനു പുളി വിളമ്പിച്ചു. അവിടെ മുറജപംവകയ്ക്കായി പലവിധത്തിൽ ഉപ്പിലിട്ടിട്ടുള്ള മാങ്ങകൾ പുളി വിളമ്പിയ കൂട്ടത്തിലാണ് ഇതും വിളമ്പിയത്. കോടൻ ഭരണിയിലെ മാങ്ങ വരുത്തിയ കഥ യാതൊരുത്തരും അറിഞ്ഞിരുന്നുമില്ല. എങ്കിലും മേല്പറഞ്ഞ നമ്പൂരി ഈ മാങ്ങാ ക‌ഷണം എടുത്തു കഴിച്ച ഉടനെ "ഓഹോ ആ കുറവും തീർന്നു. എടാ യോഗ്യാ! നീ ഇവിടെ വന്നുചേർന്നോ?" എന്നു പറഞ്ഞത്രെ. അപ്പോൾ അടുക്കലിരുന്ന വേറെ നമ്പൂരി "ഈ മാങ്ങ സാക്ഷാൽ കോടൻഭരണിയിലേതാണ്" എന്നു പറഞ്ഞു. തിരുമനസ്സുകൊണ്ട് ആ സമയവും കോവിലെഴുന്നെള്ളീട്ടുണ്ടായിരുന്നതിനാൽ അതും കേട്ടു. കൊട്ടാരത്തിൽ എഴുന്നള്ളിയ ഉടനെ ആ നമ്പൂരിയെ വരുത്തി, "അങ്ങേപ്പോലെ സ്വാദറിഞ്ഞു ഭക്ഷിക്കുന്നവർ ചുരുക്കമാണ്" എന്നും മറ്റും സന്തോ‌ഷപൂർവം കല്പിക്കുകയും നമ്പൂരിക്ക് ഒരു സമ്മാനം കൊടുത്ത് അയയ്ക്കുകയും ചെയ്തു.
ഇങ്ങനെയാണ് കോടൻഭരണിയുടെയും അതിലെ മാങ്ങയുടെയും വിശേ‌ഷം. ആ മാങ്ങ ഒരിക്കൽ കൂട്ടീട്ടുള്ളവർ അതിന്റെ സ്വാദ് ഒരിക്കലും മറക്കുകയില്ല. ആ കോടൻഭരണി ആ ഇല്ലത്ത് ഇന്നും ഇരിക്കുന്നുണ്ട്. അതിലെ മാങ്ങയ്ക്കുള്ള അനന്യസാധാരണമായ ആ വിശേ‌ഷം ഇന്നും കണ്ടുവരുന്നുമുണ്ട്.