2019, ഫെബ്രുവരി 7, വ്യാഴാഴ്‌ച

ഐതിഹ്യമാല/ഊരകത്ത് അമ്മതിരുവടി

ഐതിഹ്യമാല/ഊരകത്ത് അമ്മതിരുവടി

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ഊരകത്ത് അമ്മതിരുവടി

രകത്ത് അമ്മതിരുവടിക്ഷേത്രത്തിൽ പണ്ടൊരു കാലത്തു വാഴപ്പിള്ളി മേനോന്മാരിൽ ഒരാൾക്ക് ആദ്യം നടകാവലും പിന്നീടു കണക്കെഴുത്തുമുണ്ടായിരുന്നു. കാലക്രമേണ ഊരാളന്മാരായ നമ്പൂരിമാരും മേനവനും തമ്മിൽ വലിയ പിണക്കമായിത്തീർന്നു. അതിനാൽ മേനോൻ ദേവസ്വംവക കണക്കുകളും ഗ്രന്ഥവരികളും മറ്റും ചുട്ടുനശിപ്പിച്ചുകളഞ്ഞു. തന്നിമിത്തം ഇപ്പോൾ ക്ഷേത്രസംബന്ധമായ പഴയ ചരിത്രമറിയുന്നതിനു രേഖാപ്രമാണമൊന്നും ഇല്ലാതെയാണിരിക്കുന്നത്. ഇതിനാൽ ഇതെഴുതുന്നത് പഴമപരിചയമുള്ള വയോവൃദ്ധന്മാരിൽനിന്നു ലഭിച്ചിട്ടുള്ള കേട്ടു കേൾവിയെമാത്രം അടിസ്ഥാനപ്പെടുത്തിയാണ്.
അമ്മതിരുവടിക്ഷേത്രത്തിൽ സ്ഥാന(കാരയ്മ)ക്കണക്ക് ഇപ്പോഴും വാഴപ്പിള്ള മേനോന്റെ തറവാട്ടിൽ അന്നന്നു മൂപ്പായിട്ടുള്ള ആൾ ഒരു ഓലക്കണക്കുകെട്ട് എടുത്തുകൊണ്ട് എഴുന്നള്ളത്തിനു മുൻപിൽ നടക്കുക ഇപ്പോഴും പതിവുണ്ട്. അതിലേക്കു ദേവസ്വത്തിൽനിന്നു ചില അനുഭവങ്ങൾ അവർക്കു ഇപ്പോഴും കൊടുത്തുവരുന്നുണ്ട്. ആ തറവാട്ടിൽ അന്നന്നു മൂപ്പായിട്ടുള്ള മേനവനെ മുൻകാലങ്ങളിൽ എല്ലാവരും "കാക്കുന്ന മേനോൻ" എന്നാണ് പറഞ്ഞുവന്നിരുന്നത്. അതു ലോപിച്ച് "കാക്കര മേനോൻ" എന്നായിരിക്കുന്നു.
അമ്മതിരുവടിയുടെ സാക്ഷാൽ തിരുനാമധേയം "തിരുവലയന്നൂർ ഭഗവതി" എന്നാണ്. പ്രസിദ്ധനായിരുന്ന "മഴമംഗലത്തു നമ്പൂരി"യുടെ ഭാ‌ഷാനൈ‌ഷധ ചമ്പുവിൽ,
"അൻപതൊന്നക്ഷരാളീ കലിതതനുലതേ,
വേദമാകുന്ന ശാഖി
ക്കൊമ്പത്തൻപോടു പൂക്കും കുസുമതതിയിലേ
ന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർ ബാണഡംഭപ്രശമനസുകൃതോ
പാത്തസൗഭാഗ്യലക്ഷ്മീ
സമ്പത്തേ കുമ്പിടുന്നേൻ കഴലിണ വലയാ
ധീശ്വരീ, വിശ്വനാഥേ!"
എന്ന ആദ്യശ്ലോകം ഈ ദേവിയെക്കുറിച്ചാണ്. മഴമംഗലത്തു നമ്പൂരിയുടെ ഇല്ലം ഊരകത്തായിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. ഈ ഭഗവതിക്കു ഈ തിരുനാമധേയം സിദ്ധിച്ചതിന്റെ കാരണം താഴെപ്പറയുന്ന സംഗതികൾക്കൊണ്ടു സ്പഷ്ടമാകുന്നതാണ്.
കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പെരുമനം ഗ്രാമത്തിലുൾപ്പെട്ട തൃശ്ശിവപേരൂർനിന്ന് ഏകദേശം ഏഴു നാഴിക തെക്കാണ് പ്രസ്തുത ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീപരശുരാമൻ പരദേശത്തുനിന്ന് ആദ്യം കേരളത്തിൽ കൊണ്ടുവന്ന ബ്രാഹ്മണർ തിരുച്ചു പൊയ്ക്കളഞ്ഞതിനാൽ രണ്ടാമതു കൊണ്ടുവന്നവരും അപ്രകാരം പോകാതെയിരിക്കുന്നതിനായി അവരുടെ ശിഖ പിൻഭാഗത്തുനിന്നു മുൻഭാഗത്തത്താക്കുകയും ആചാരങ്ങൾ മിക്കവാറും മാറ്റുകയും അവർക്കു നമ്പൂരിമാരെന്നു സംജ്ഞകൽപ്പിച്ചു കേരളത്തിൽ സ്ഥിരതാമസമാക്കിക്കുകയും ചെയ്തിട്ടു മദ്ധ്യകേരളമായ തൃശ്ശിവപേരൂർവച്ച് അന്തർദ്ധാനം ചെയ്തതിന്റെ ശേ‌ഷം നമ്പൂരിമാർ എല്ലാവരും കൂടി കേരളത്തിന്റെ സർവ്വ സമ്പദ്സമൃദ്ധ്യർത്ഥം കാഞ്ചീപുരത്തുപോയി കാമാക്ഷിയമ്മനെ സേവിച്ചു പ്രത്യക്ഷീകരിച്ചു കൊണ്ടുവന്നു കേരളത്തിൽ പ്രതി‌ഷ്ഠിക്കണമെന്നു നിശ്ചയിക്കുകയും അതിനായി "തിരുവലയന്നൂർ"'ഭട്ടതിരിയെയും അദ്ദേഹത്തിനു സഹായത്തിനായി "കീഴോട്ടുകര" നമ്പൂരിപ്പാടിനെയും "കോമരത്തു" മേനവനെയും തിരഞ്ഞെടുത്ത് അയയ്ക്കുകയും ചെയ്തു. അവർ മൂന്നുപേരും കാഞ്ചീപുരത്തു പോയി ഭക്തിപൂർവ്വം ഭജിക്കുകയാൽ അമ്മൻ പ്രത്യക്ഷമായി "നിങ്ങളുടെ അഭീഷ്ടമെന്താണ്" എന്നു ചോദിച്ചപ്പോൾ "അമ്മൻ ഞങ്ങളോടുകൂടി കേരളത്തിലേക്കു പോരണം" എന്ന് അവർ സവിനയം അപേക്ഷിക്കുകയും ദേവി അപ്രകാരം സമ്മതിക്കുകയും ചെയ്തു.
അവർ മൂന്നുപേരും സസന്തോ‌ഷം സ്വദേശത്തു മടങ്ങിയെത്തി. സ്വഗൃഹത്തിൽ ചെന്ന് അവരുടെ കൈയിലുണ്ടായിരുന്ന ഓലക്കൂട ഓരോ സ്ഥലത്തുവച്ചിട്ട് പോയി കുളി മുതലായവ കഴിച്ചു തിരിച്ചുവന്നു കുടയെടുത്തപ്പോൾ അത് എടുക്കാൻ വയ്യായിരുന്നു. അതിന്റെ കാരണമെന്തെന്നു പ്രശ്നംവെപ്പിച്ചു നോക്കിയപ്പോൾ ആ കുടകളിൽ ദേവി ഇളകൊണ്ടിരുന്നതിനാലാണ് അവ ഇളകാത്തതെന്നു കണ്ടു. അതിനാൽ ആ സ്ഥലങ്ങളിൽവച്ചുതന്നെ ദേവിയെ പൂജിച്ചുകൊണ്ടിരുന്നു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞതിന്റെ ശേ‌ഷം ഒരു ദിവസം തിരുവലയന്നൂർ ഭട്ടതിരിക്ക് ഒരു സ്വപ്നമുണ്ടായി. അദ്ദേഹത്തിന്റെ ഇല്ലത്തിന്റെ പടിഞ്ഞാറ്റി ശ്രീകോവിലാക്കി ക്ഷേത്രം പണിയിച്ചു ദേവിയെ അവിടെ കുടിയിരുത്തണമെന്നും ഇല്ലത്തെ വക സകലസ്വത്തുക്കളും ദേവിക്കായി വെച്ചൊഴിയുകയും ദേവസ്വകാര്യങ്ങൾ അന്വേ‌ഷിക്കുന്നതിനുള്ള അധികാരം കൊച്ചിരാജാവിനെ ഏൽപ്പിക്കുകയും ചെയ്യണമെന്നും ഇത്രയും ചെയ്തതിന്റെ ശേ‌ഷം ഭട്ടതിരി വടക്കോട്ടു പോയ്ക്കൊള്ളണമെന്നും ഒരു ദിവസത്തെ വഴി വടക്കോട്ടു ചെല്ലുമ്പോൾ ഇവിടെ ഇപ്പോൾ ഉള്ളതിലിരട്ടി സ്വത്തുക്കളും മറ്റും അവിടെ കിട്ടുമെന്നും ഇളങ്കുന്നിന്റെ വടക്കെ താഴ്വരയിൽ പാതാളാഞ്ജനംകൊണ്ടുള്ള ഒരു ബിംബം കിടക്കുന്നുണ്ടെന്നും ആ ബിംബമെടുത്തു ദേവിയെ അതിന്മേലാവാഹിച്ചു പ്രതി‌ഷ്ഠ നടത്തിച്ചുകൊള്ളണമെന്നും ആരോ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു പറഞ്ഞതായിട്ടായിരുന്നു സ്വപ്നം. അദ്ദേഹം ഉണർന്നു കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. എങ്കിലും ഇതു ദേവിതന്നെ തന്നോടരുളിച്ചെയ്തതാണെന്ന് അദ്ദേഹം വിശ്വസിച്ചു. അടുത്ത ദിവസം രാവിലെ പുറപ്പെട്ട ഭട്ടതിരി ഇളങ്കുന്നിന്റെ താഴ്വരയിൽ ചെന്നു നോക്കിയപ്പോൾ സ്വപ്നത്തിൽ കണ്ടതുപോലെ പാതാളാഞ്ജനം കൊണ്ടുള്ള ഒരു ദേവീവിഗ്രഹം കണ്ടെത്തി. അപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസം കുറച്ചുകൂടി ദൃഢീഭവിച്ചു. ഉടനെ അദ്ദേഹം ആ വിഗ്രഹം അവിടെനിന്നെടുപ്പിച്ചു കൊണ്ടുവന്നു ജലാധിവാസം ചെയ്യിക്കുകയും സ്വപ്നത്തിൽ കണ്ടതുപോലെതന്നെ ക്ഷേത്രം പണിയിക്കുകയും ഒരു സുമുഹൂർത്തത്തിൽ പ്രതി‌ഷ്ഠയും കലശവും നടത്തിക്കുകയും സകല സ്വത്തുക്കളും ദേവിക്കായി വച്ചൊഴിയുകയും ദേവസ്വകാര്യാന്വേ‌ഷണം കൊച്ചിരാജാവിനെ ഏൽപ്പിക്കുകയും ചെയ്തതിന്റെ ശേ‌ഷം വടക്കോട്ടു പോയി. ഒരു ദിവസം വൈകുന്നേരം ഒരില്ലത്തെത്തി കുളിയും സന്ധ്യാ വന്ദനവും അത്താഴവും കഴിച്ച് അവിടെത്താമസിച്ചു. അക്കാലത്ത് ആ ഇലത്തെ ഗൃഹസ്ഥൻ അനപത്യതകൊണ്ടു വി‌ഷണ്ണനും വാർദ്ധക്യം കൊണ്ടു വിവശനുമായിത്തീരുകയാൽ കൊള്ളാവുന്ന ഒരില്ലത്തുനിന്നു ചിലരെ അവിടെ ദത്തെടുത്ത് അവകാശപ്പെടുത്തണമെന്നു വിചാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭട്ടതിരിയുമായി കുറച്ചുനേരം സംഭാ‌ഷണം ചെയ്തുകഴിഞ്ഞപ്പോൾ അദ്ദേഹത്തെത്തന്നെ ദത്തെടുത്താൽക്കൊള്ളാമെന്നു ഗൃഹസ്ഥനു തോന്നുകയും ആ വിവരം ഭട്ടതിരിയോടു പറയുകയും ഭട്ടതിരി തനിക്കുണ്ടായ സ്വപ്നത്തെക്കുറിച്ചുകൂടി ഓർത്തിട്ടു ഗൃഹസ്ഥന്റെ അഭിപ്രായപ്രകാരം ചെയ്യുന്നതിനു പൂർണ്ണമായി സമ്മതിക്കുകയും അചിരേണ ഭട്ടതിരിയെ സകുടുംബം ആ ഇല്ലത്തേക്കു ദത്തെടുക്കുകയും ചെയ്തു. ആ ഇല്ലത്തേക്ക് ഭട്ടതിരിയുടെ ഇല്ലത്തേക്കുണ്ടായിരുന്നതിൽ ഇരട്ടിയിലധികം സ്വത്തുണ്ടായിരുന്നു. ഈ ഇല്ലമാണ് പ്രസിദ്ധമായ സാക്ഷാൽ "പൂമുള്ളിമന" എന്നുകൂടി പറഞ്ഞാൽ അവിടെ ധനപുഷ്ടിക്ക് ഇപ്പോഴും യാതൊരു കുറവും വന്നിട്ടിലെന്നു എല്ലാവർക്കും അറിയാമല്ലോ. ഇപ്പോൾ പൂമുള്ളിമനയ്ക്കലുള്ളവരെല്ലാം തിരുവലയന്നൂർ ഭട്ടതിരിയുടെ സന്താനപരമ്പരയിലുൾപ്പെട്ടവരാണെന്ന് ഇനി വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇപ്പോഴും അമ്മ തിരുവടി ക്ഷേത്രത്തിൽ പൂമുള്ളിനമ്പൂരിപ്പാട്ടിലേക്കും തന്ത്രിക്കും മേൽശാന്തിക്കുമല്ലാതെ അകത്തു കടന്നു പൂജ കഴിക്കാൻ പാടില്ലെന്നാണ് വച്ചിരിക്കുന്നത്. ദേവിയെ സേവിച്ചുകൊണ്ടു വരുകയും തന്റെ ഇല്ലംതന്നെ ക്ഷേത്രമാക്കി പ്രതി‌ഷ്ഠ നടത്തുകയും ചെയ്തത് തിരുവലയന്നൂർ ഭട്ടതിരി ആയതുകൊണ്ടാണ് ഊരകത്ത് അമ്മ തിരുവടിക്കു "തിരുവലയന്നൂർ ഭഗവതി" എന്നുള്ള തിരുനാമം സിദ്ധിച്ചതെന്ന് ഇനി പ്രത്യേകം പറയണമെന്നു തോന്നുന്നില്ല. ദേവിക്കു പ്രതിദിനം അഭി‌ഷേകം കഴിഞ്ഞാലുടനെയുള്ള നിവേദ്യം ഇപ്പോഴും പൂമുള്ളി മനയ്ക്കലെ വകയായിട്ടാണ് നടത്തിപ്പോരുന്നത്.
ഊരകത്ത് അമ്മതിരുവടിക്ഷേത്രത്തിന്റെ മതിൽക്കകത്തു കിഴക്കേ പടിഞ്ഞാറുവശത്തായി കരിങ്കൽത്തറയോടുകുടി പ്രദക്ഷിണവഴിക്കു ഇപ്പോൾ ഒരു പിലാവു നിൽക്കുന്ന സ്ഥലം പണ്ടു തിരുവലയന്നൂർ ഭട്ടതിരി യുടെ ഇല്ലത്തിന്റെ മുറ്റമായിരുന്നു. ആ സ്ഥലതായിരുന്നു ഭട്ടതിരി കാഞ്ചീ പുരത്തുനിന്നു മടങ്ങിവന്നപ്പോൾ ഓലക്കുട വച്ചത്. ആ സ്ഥലത്തിന് ഇപ്പോൾ ശ്രീമൂലസ്ഥാനം എന്നാണ് പേർ പറഞ്ഞു വരുന്നത്. ശ്രീമൂല സ്ഥാനത്തും പതിവായി പൂജയും ജനങ്ങൾ വന്ദിക്കുകയും ഇപ്പോഴും നടന്നുവരുന്നുണ്ട്. അവിടെ എന്തെങ്കിലും കാരണവശാൽ അശുദ്ധി ബാധിച്ചാൽ ശ്രീകോവിലിനകത്തു ബിംബത്തിങ്കലും പുണ്യാഹം വേണം. ദേവി കാഞ്ചീപുരത്തുനിന്ന് കേരളത്തിലേക്ക് പോന്നത് ഓലക്കുടയിന്മേൽ അധിവസിച്ചുകൊണ്ടായിരുന്നതിനാൽ അമ്മതിരുവടിക്ക് ഇപ്പോഴും ഓലക്കുട പ്രധാനമാണ്. മൂന്നുനേരവും ശീവേലിക്ക് അവിടെ ഇപ്പോഴും ഓലക്കൂടതന്നെയാണ് പിടിക്കുക പതിവ്. പൂരത്തിനും മറ്റും പുറത്തേക്കെഴുന്നള്ളിക്കുന്ന ദിവസങ്ങളിൽ ആനപ്പുറത്തു പിടിക്കുന്നതിനുള്ള പട്ടുകുടയും അവിടെ ഉണ്ടാക്കുന്നത് ഉള്ളിൽ ഓലക്കുടക്കുടി ചേർത്താണ്.
അമ്മതിരുവടിക്ഷേത്രം ഒരു മഹാക്ഷേത്രമായിട്ടാണ് ഇപ്പോഴുമിരിക്കുന്നത്. ഇവിടെ പതിവായി അഞ്ചു പൂജ, മൂന്നു ശീവേലി, നവകം, പഞ്ചഗവ്യം മുതലായവയെല്ലാം ഇപ്പോഴും നടന്നുവരുന്നുണ്ട്.
ദേവി കാർത്ത്യായനി(കന്യക)യാകയാൽ ഇവിടെ സുഗന്ധമുള്ള പു‌ഷ്പങ്ങൾ പൂജയ്ക്കും, മറ്റും ഉപയോഗിക്കാൻ പാടില്ലെന്നു മാത്രമല്ല, പൂരം മുതലായവയ്ക്കു വെടി, വെടിക്കെട്ട് മുതലായ കരിമരുന്നുപ്രയോഗങ്ങളും പതിവില്ല.
അമ്മതിരുവടിയുടെ ക്ഷേത്രസങ്കേതത്തിനകത്തു നായന്മാരിൽ താഴ്ന്ന ജാതിക്കാർ കുടിപ്പാർക്കുകയോ മദ്യം, മാംസം മുതലായവ ക്രയവിക്രയങ്ങൾ ചെയ്യുകയോ പാടില്ല. നായന്മാർ മുതലായ ജാതിക്കാർക്കുതന്നെയും പുരയ്ക്ക് ഓടുമേയിക്കാനോ നാലുകോടി (മൂല)കളും ചേർത്തിണക്കി പടിപ്പുര പണിയിക്കാനോ അടിയന്തിരങ്ങൾക്ക് അപ്രകാരം പന്തൽ (കൊട്ടിൽ) കെട്ടിക്കുവാനോ അർഹതയില്ല. പുരയ്ക്ക് ഓടിടുവിക്കുന്നതിനു കല്യാണത്തിന് ആനപ്പുറത്തു മുല്ല കൊണ്ടുവരുവാനും വലിയ പപ്പടം, പഞ്ചസാര മുതലായവയോടുകൂടി സദ്യ കഴിക്കുന്നതിനും ദേവസ്വത്തിലെ അനുവാദത്തോടുകൂടി വലിയ തമ്പുരാൻ തിരുമനസ്സിലെ തീട്ടുരം വേണം. പുരയ്ക്ക് ഓടിടുവിക്കുന്നതിനു ദേവസ്വത്തിലെ അനുവാദം കിട്ടണമെങ്കിൽ ദേവിയുടെ നടയിൽ ഒരു നൂറ്റൊന്നു പണം കെട്ടി വയ്ക്കണം (ഒരു പണത്തിന് നാലണ ഏഴുപൈ).
കീഴോട്ടുകര നമ്പൂരിപ്പാടും കോമരത്തു മേനവനും കൊണ്ടുവന്ന ഭഗവതിമാരെ അവരും ഓരോ സ്ഥലത്തു പ്രതി‌ഷ്ഠിപ്പിച്ചു. നമ്പൂരിപ്പാടു ഭഗവതിയെ പ്രതി‌ഷ്ഠിപ്പിച്ച സ്ഥലത്തിനു പി‌ഷാരിക്കലെന്നും മേനവൻ പ്രതി‌ഷ്ഠിപ്പിച്ച സ്ഥലത്തിന് "പലിശ്ശേരി"യെന്നുമാണ് പേരു പറഞ്ഞു വരുന്നത്. മൂന്നുപേരും (ഭട്ടതിരിയും നമ്പൂതിരിപ്പാടും മേനവനും) ഒരു ഭഗവതിയെത്തന്നെയാണ് സേവിചുകൊണ്ട് വന്നത്. എങ്കിലും പ്രതി‌ഷ്ഠാസമയത്തെ ധ്യാനഭേദംകൊണ്ടോ എന്തോ, മേനവന്റെ ഭഗവതി ഭദ്രകാളിയായിത്തീർന്നു. അവിടെ ഇപ്പോഴും പൂജ നടത്തിവരുന്നതു ഭദ്രകാളിയ യിട്ടുതന്നെയാണ്. ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന സമയങ്ങളിൽ ഒരു വാളുമെടുത്തുകൊണ്ടു കോമരത്തുമേനോൻ അകമ്പടി സേവിക്കുക ഇപ്പോഴും പതിവുണ്ട്.
ആണ്ടുതോറും തുലമാസത്തിൽ അമാവാസിദിവസം അമ്മതിരുവടിയെ പുറത്തേക്കെഴുന്നള്ളിക്കുകയും കിഴക്കുവശത്തുള്ള മമ്പിള്ളിക്കുളത്തിൽ ആറാട്ടും പതിവുണ്ട്. ആ ദിവസംമാത്രമെ പുറത്തേക്കു കിഴക്കെ ഗോപുരത്തിൽക്കൂടി എഴുന്നള്ളിക്കാറുള്ളു. പുറത്തേക്കെഴുന്നള്ളിക്കുക പതിവുള്ള മറ്റു ദിവസങ്ങളിൽ പടിഞ്ഞാറെ ഗോപുരത്തിൽക്കൂടിയാണ് പതിവ്. ഇതിനു പറഞ്ഞുവരുന്ന കാരണം താഴെക്കാണുന്ന പ്രകാരമാണ്.
പണ്ടൊരിക്കൽ കൊടുങ്ങല്ലൂർ ഭഗവതി ലോകരക്ഷാർത്ഥം ദേശ സഞ്ചാരം ചെയ്ത കൂട്ടത്തിൽ ഒരു ദിവസം ഇവിടെ വന്നുചേരുകയും അമ്മതിരുവടിയെക്കാണുകയും രണ്ടു പേരും തമ്മിൽ സഖ്യം സിദ്ധിക്കുകയും അമ്മതിരുവടി കൊടുങ്ങല്ലൂർ ഭഗവതി തന്റെ അടുക്കൽത്തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെടുകയും കിഴക്കെ ഗോപുരത്തിന്റെ മുകളിൽ ഇരുന്നുകൊള്ളുന്നതിന് അനുവദിക്കുകയും അതനുസരിച്ചു കൊടുങ്ങല്ലൂർ ഭഗവതി അന്നുമുതൽ കിഴക്കെ ഗോപുരത്തിന്റെ മുകളിൽ വാസമാവുകയും ചെയ്തു. അതിനാൽ അമ്മതിരുവടിയെ അതിലേ എഴുന്നള്ളിച്ചാൽ കൊടുങ്ങല്ലൂർ ഭഗവതിയുടെ കാൽക്കൂട്ടിൽക്കൂടിയാകുമല്ലോ. അതുകൊണ്ടാണ് അതിലെ എഴുന്നള്ളിപ്പു വേണ്ടെന്നു വച്ചത്. തുലാമാസത്തിൽ അമാവാസി ദിവസം സമുദ്രസ്നാനം ചെയ്യുന്നതിനായി കൊടുങ്ങല്ലൂർ ഭഗവതി തലേദിവസം രാത്രിയിൽത്തന്നെ ഇവിടെനിന്നു പോകും. പിന്നെ അമാവാസിനാൾ സമുദ്രസ്നാനവും മറ്റും കഴിഞ്ഞേ മടങ്ങിവരുകയുള്ളു. കൊടുങ്ങല്ലൂർ ഭഗവതി അവിടെയില്ലാത്ത സമയത്ത് അതിലെ എഴുന്നള്ളിക്കുന്നതിനു വിരോധമില്ലല്ലോ. അതുകൊണ്ടാണ് അന്നുമാത്രം അതിലെ എഴുന്നള്ളിക്കാമെന്നു വച്ചിരിക്കുന്നത്. ഇപ്പോഴും ഇവിടെ ക്ഷേത്രത്തിൽ ദർശനത്തിനായി വരുന്ന ജനങ്ങൾ കൊടുങ്ങല്ലൂർ ഭഗവതിയെ ധ്യാനിച്ചു കിഴക്കെ ഗോപുരത്തിന്റെ മുകളിലേക്കും തൊഴുക പതിവുണ്ട്.
ഇനി ഭഗവതി ആറാടുന്നതായ മമ്പിള്ളിക്കുളതിന്റെ ഉത്ഭവത്തെക്കുറിച്ചുകൂടി സ്വൽപം പറയേണ്ടിയിരിക്കുന്നു. മമ്പിള്ളി എന്നത് ഒരു നമ്പൂരിയുടെ ഇല്ലപ്പേരാണ്. വലിയ ചിറപോലെ വലിപ്പമുള്ളതായ ഈ കുളം ഒരു ദിവസംകൊണു കുത്തിച്ചതാണെന്നാണ് പറയുന്നത്.
പണ്ടൊരുകാലത്തു കൊച്ചി രാജകുടുംബത്തിൽ പുരു‌ഷസന്താനം ചുരുക്കമായിത്തീർന്നു. അതിനാൽ അക്കാലത്തു ഗർഭിണിയായിത്തീർന്ന ഒരു തമ്പുരാട്ടി താൻ പ്രസവിച്ചുണ്ടാകുന്നത് ഒരു പുരു‌ഷസന്താനമായിരി ക്കണമെന്നുള്ള പ്രാർത്ഥനയോടുകൂടി ഊരകത്ത് അമ്മതിരുവടി ക്ഷേത്രത്തിൽ ഭജനമിരുന്നിരുന്നു. ആ ഭജനക്കാലത്ത് ഒരു ദിവസം തമ്പുരാട്ടി കാലും മുഖവും കഴുകുന്നതിനായി ക്ഷേത്രക്കുളത്തിൽ ചെന്നിറങ്ങിയ സമയം മമ്പിള്ളിയില്ലത്തെ ബ്രഹ്മചാരിയായ ഒരുണ്ണി ആ കുളക്കടവിൽ നിൽക്കുന്നുണ്ടായിരുന്നു. കുസൃതിക്കാരനായ ആ ഉണ്ണി തമ്പുരാട്ടിയുടെ മേൽമുണ്ടിന്മേൽ ചെളിവെള്ളം തട്ടിത്തെറിപ്പിച്ചു. തമ്പുരാട്ടിക്ക് ആ ഉണ്ണിയുടെ നേരെ സാമാന്യത്തിലധികം ദേ‌ഷ്യം തോന്നിയെങ്കിലും ഒന്നും മിണ്ടാതെ കയറിപ്പോവുകയും ആ മുണ്ടിലെ ചെളി കളയാതെ അത് അപ്രകാരം തന്നെ സൂക്ഷിച്ചുവയ്ക്കുകയും ഭജനം കാലംകുടിയതിന്റെ ശേ‌ഷം തമ്പൂരാട്ടി കോവിലകത്തേക്കു തിരിച്ചെഴുന്നള്ളുകയും യഥാകാലം ഒരു പുരു‌ഷപ്രജയെ പ്രസവിക്കുകയും ചെയ്തു. ഭാഗ്യവാനായിരുന്ന ആ രാജകുമാരനു പതിനെട്ടാമത്തെ തിരുവയസ്സിൽത്തന്നെ രാജാധികാരം സിദ്ധിച്ചു. രാജ്യഭാരമേറ്റിട്ട് ആദ്യം വന്ന ആട്ടത്തിരുന്നാൾ ദിവസം അമ്മതമ്പുരാട്ടി സൂക്ഷിച്ചു വച്ചിരുന്ന ആ ചെളിപുരണ്ട മേൽമുണ്ട് അപ്രകാരംതന്നെ ഉടുത്തുകൊണ്ടു തമ്പുരാനു ചോറു വിളമ്പിക്കൊടുത്തു! ആ മുണ്ടു കണ്ടിട്ടു തമ്പുരാൻ അതങ്ങനെയാവാനുള്ള കാരണം കൽപ്പിച്ചു ചോദിക്കുകയും തമ്പുരാട്ടി വിവരമെല്ലാം ധരിപ്പിക്കുകയും ചെയ്തു. അമൃതേത്തു കഴിഞ്ഞു പുറത്തെഴുന്നള്ളിയ ഉടനെ തമ്പുരാൻ ദിവാൻജിയെ തിരുമുമ്പാകെ വരുത്തി "നാളെ രാവിലെ എനിക്കു കുളി മമ്പിള്ളി നമ്പൂരിയുടെ ഇല്ലമിരിക്കുന്ന സ്ഥലത്താണ്. അതിനു വേണ്ടതുപോലെ ചട്ടംകെട്ടിക്കൊള്ളണം" എന്നു കൽപിച്ചു. കൽപന പ്രകാരം ദിവാൻജി അന്നുതന്നെ വേണ്ടുന്ന ആളുകളെ ശേഖരിച്ചു നമ്പൂരിയുടെ ഇല്ലം പൊളിച്ചു മാറ്റിക്കുകയും അതിരുന്ന സ്ഥലത്തു വലിയ ചിറപോലെ ഒരു കുളംകുഴുപ്പിച്ചു പിറ്റേദിവസം നേരം വെളുക്കുന്നതിനു മുമ്പ് പുണ്യാഹം കഴിപ്പിച്ചു ശുദ്ധമാക്കിക്കുകയും രാവിലെ തമ്പുരാനെഴുന്നെള്ളി അവിടെ നീരാട്ടുകുളി കഴിക്കുകയും ചെയ്തു. ഇപ്രകാരമാണ് മാമ്പിള്ളിക്കുളത്തിന്റെ ഉത്ഭവം.
അമ്മതിരുവടി ക്ഷേത്രത്തിൽ ആണ്ടുതോറും വൃശ്ചികമാസം ഒന്നാംതീയ്യതി മുതൽ നാൽപ്പത്തൊന്നുദിവസത്തെ വാരവും കാർത്തികനാൾ വിളക്കും പതിവുണ്ട്. കാർത്തികനാളത്തെ സദ്യയുടെയും മറ്റും ചിലവും കൊച്ചി സർക്കാരിൽനിന്നാണ് ചെയ്തു വന്നത്.
പ്രസിദ്ധമായ ആറാട്ടുപുഴപ്പൂരം മീനമാസത്തിലാണ്. അതു സംബന്ധിച്ചു രോഹിണിനാൾ ശുദ്ധികലശം മുതലായവ കഴിച്ചു മകയിരത്തുന്നാൾ കൊടിയേറും. എട്ടാം ദിവസം ഉത്രത്തുന്നാളാണ് പ്രധാനമായ ആറാട്ട്. അത് ഒരോ ദിവസം ഓരോ ദിക്കിലാണ്. അവയിൽ മകയിരം തിരുവാതിര ഈ ദിവസങ്ങളിലെ ആറാട്ടു മമ്പിള്ളിക്കുളത്തിലാണ് പതിവ്.
ആറാട്ടുപുഴപ്പൂരത്തിനു നാല്പത്തൊന്നു ക്ഷേത്രങ്ങളിൽനിന്ന് എഴുന്നള്ളിച്ചു വരും. ആ ക്ഷേത്രങ്ങളിലെല്ലാം മകയിരുത്തുന്നാൾ കൊടിയേറ്റും ഉത്രത്തുന്നാൾ ആറാട്ടുമാണ് പതിവ്. പൂരത്തുന്നാൾ ആറാട്ടുപുഴെ എഴുന്നള്ളിച്ചു വന്നാൽ ഉത്രത്തുന്നാൾ കാലത്ത് ആറാട്ടു കഴിഞ്ഞിട്ടാണ് എല്ലാ ദേവന്മാരെയും തിരിച്ചെഴുന്നള്ളിക്കുന്നത്. എല്ലാ ദേവന്മാരുടെയും ആറാട്ട് ആറാട്ടുപുഴ പുഴക്കടവിൽതന്നെയാണ്. ഈ സ്ഥലത്തിന് "ആറാട്ടുപുഴ" എന്നു നാമം സിദ്ധിച്ചതിന്റെ കാരണം ഇതു തന്നെയായിരിക്കണ. ഇവിടെ നാൽപ്പത്തൊന്നു ക്ഷേത്രങ്ങളിൽ നിന്നും എഴുന്നള്ളിച്ചു വരുന്നുണ്ടെങ്കിലും അവയിൽ പ്രാധാന്യം അമ്മതിരുവടിക്കുതന്നെയാണ്. ഇവിടെ എഴുന്നള്ളിച്ചുവരുന്ന സകല ദേവന്മാർക്കും ഉത്രത്തുന്നാൾ കാലത്തു പുഴക്കടവിൽ ആറാട്ടു കഴിഞ്ഞാലുള്ള നിവേദ്യത്തിനും മറ്റും വേണ്ടുന്നതെല്ലാം അമ്മതിരുവടി (ദേവസ്വത്തിൽ നിന്ന്) ആണ് കൊടുക്കുന്നത്. എന്നാൽ പ്രഭുത്വം കൊണ്ടു തൃപ്രയാറ്റു ദേവനും (ശ്രീരാമസ്വാമിയും) മത്സരം നിമിത്തം ചേർപ്പിൽ ഭഗവതിയും മാത്രം അതൊന്നും സ്വീകരിക്കാറില്ല. അമ്മതിരുവടിയും ചേർപ്പിൽ ഭഗവതിയും തമ്മിലുള്ള മത്സരത്തിന്റെ കാരണം പിന്നാലെ പ്രസ്താവിക്കാം.
പെരുമനം ഗ്രാമത്തിലുള്ള നമ്പൂതിരിമാർ തമ്മിൽ കിടമത്സരം നിമിത്തം മുൻകാലങ്ങളിൽ മിക്കപ്പോഴും കലഹിച്ചുകൊണ്ടിരിക്കുക പതിവായിരുന്നു. പെരുമനം ക്ഷേത്രത്തിൽ ഉത്സവമില്ലാതെയായിപ്പോയതു തന്നെ ഇവരുടെ മത്സരം നിമിത്തമാണ്. അവിടെ പണ്ട് ഉത്സവമുണ്ടായിരുന്നു. അവിടെയും മകയിരുത്തുന്നാൾ കൊടിയേറ്റും ഉത്രത്തുന്നാൾ ആറാടുമായിട്ടാണ് ഉൽസവം നടന്നിരുന്നത്. നമ്പൂതിരിമാർ തമ്മിലുള്ള മത്സരവും വഴക്കും ലഹളയും നിമിത്തം അതു നിന്നു പോയി. പിന്നെ കുറച്ചു കാലത്തേക്ക് അവിടെ ഉത്സവമെന്നല്ല യാതൊരാഘോ‌ഷവുമില്ലായിരുന്നു. പതിവായിട്ടുള്ള പൂജ മുതലായവപോലും ശരിയായി നടക്കാതെയായിത്തീർന്നു. അങ്ങനെ കഴിഞ്ഞതിന്റെ ശേ‌ഷം യോഗക്കാരിൽ പകുതി യിലധികമാളുകൾ യോജിച്ച് ഉത്സവവും മറ്റുമില്ലെങ്കിലും ആണ്ടിലൊരിക്കൽ ഒരാഘോ‌ഷം നടത്തണമെന്നും പൂരം ആറാട്ടുപുഴെ പ്രധാനമാകയാൽ അതു പൂയത്തുന്നാൾ മതിയെന്നും അതിനും പെരുമനത്തപ്പനെ പുറത്തേക്കെഴുന്നള്ളിക്കേണ്ടെന്നും ആ ദിവസം ഗ്രാമത്തിലുള്ള മറ്റു ദേവന്മാരെയെല്ലാമെഴുന്നെള്ളിച്ച് ഇവിടെ കൊണ്ടുവരുകയും ആ എഴുന്നള്ളിപ്പു കഴിവുള്ളിടത്തോളം കേമമാക്കുകയും ചെയ്താൽ മതിയെന്നും നിശ്ചയിക്കുകയും അങ്ങനെ നടപ്പാക്കുകയും ചെയ്തു. അതാണ് ഇപ്പോഴത്തെ പെരുമനത്തുപൂരം.
യോഗക്കാരുടെ മത്സരം നിമിത്തം പെരുമനത്തുക്ഷേത്രത്തിൽ പ്രതി ദിനമുള്ള ഉച്ചപൂജയും ആണ്ടുതോറുമുള്ള കൂടിയാട്ടവും മറ്റും ചിലപ്പോൾ മുട്ടാനിടവരുകയാൽ അവ മുട്ടാതെ നടത്തുന്നതിലേക്കു യോജിച്ച യോഗക്കാർകൂടി പറവൂർ രാജാവിനെ ചുമതലപ്പെടുത്തുകയും ആ വകയ്ക്ക് ഒട്ടുവളരെ നിലംപുരയിടങ്ങൾ ദേവസ്വത്തിൽനിന്ന് ആ രാജാവിനു വിട്ടുകൊടുക്കുകയും ചെയ്തു. പറവൂർദേശം തിരുവിതാംകൂറി ലേക്ക് ഒതുങ്ങിയപ്പോൾ ആ വക വസ്തുക്കളും തിരുവിതാംകൂർ ഗവർമ്മെണ്ടിന്റെ അധീനതയിലായി. അതുകൊണ്ടാണ് കൊച്ചീരാജ്യത്തിരിക്കുന്ന പെരുമനത്തു ക്ഷേത്രത്തിൽ ഉച്ചപ്പൂജ, കുടിയാട്ടം മുതലായവ ഇപ്പോഴും തിരുവിതാംകൂർ ഗവർമ്മെണ്ടിൽ നിന്ന് നടത്തിപ്പോരുന്നത്.
ഇത്രയുമൊക്കെയായിട്ടും യോഗക്കാരുടെ മത്സരവും പിണക്കവും പൂർണ്ണമായിട്ടു ശമിച്ചില്ല. പെരുമനം ഗ്രാമത്തിൽ പ്രധാനന്മാരും പ്രബലന്മാരുമായ അവണാ മനയ്ക്കൽ നമ്പൂരിപ്പാടും ചിറ്റൂർ മനയ്ക്കൽ നമ്പൂരി പ്പാടും തമ്മിലാണ് ഒടുക്കം വലിയ പിണക്കമുണ്ടായത്. പെരുമന ക്ഷേത്രത്തിലെ സംഗതികളെല്ലാം മേൽപറഞ്ഞ പ്രകാരം ഒരുവിധമവസാനിപ്പിച്ച തിന്റെ ശേ‌ഷം ചിറ്റൂർ നമ്പൂരിപ്പാട് അമ്മതിരുവടിയുടെ നേരെ തിരിഞ്ഞു. ഏതുവിധവും ആ ക്ഷേത്രം നാമാവശേ‌ഷമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനായി അദ്ദേഹം പല വിദ്യകൾ പ്രയോഗിച്ചു നോക്കി. അവണാമനയ്ക്കൽ നമ്പൂരിപ്പാട് അവയെല്ലാം സൂക്ഷ്മാവലോകനത്തോടുകൂടി തടഞ്ഞുകൊണ്ടിരുന്നതിനാൽ അമ്മതിരുവടി ദേവസ്വത്തിലേക്ക് വലിയ തരക്കേടൊന്നും പറ്റിയില്ല. അവണാമനയ്ക്കൽ നമ്പൂരി പ്പാടിലേക്ക് അമ്മ തിരുവടിയുടെ ആനുകുല്യവും സജ്ജനങ്ങളുടെ സഹായവും ധാരാളമായിട്ടുണ്ടായിരുന്നു. ചിറ്റൂർ നമ്പൂരിപ്പാട്ടിലേക്ക് അവ രണ്ടും വളരെ കുറവായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ഉദ്ദേശം ശരിയായി ഫലിക്കാതിരുന്നത്.
അമ്മതിരുവടിയെ പെരുമനത്തു പൂരത്തിന് എഴുന്നള്ളിച്ചുകൊണ്ടു പോകുന്ന സമയം ചില അപകടങ്ങൾ പറ്റിക്കുന്നതിനായി ചിറ്റൂർ നമ്പൂരിപ്പാടു ഗൂഢമായി ചില ആലോചനകളും ചട്ടംകെട്ടുകളും ചെയ്തിരുന്നു. അവണാമന നമ്പൂരിപ്പാട് ആ വിവരം തന്റെ ചാരന്മാർ മുഖാന്തിരമറിഞ്ഞ് അമ്മതിരുവടിയെ പെരുമനത്തേക്കു എഴുന്നള്ളിക്കുമ്പോൾ സ്വന്തം ചാത്തംകുടത്തു ശാസ്താവിനെക്കൂടെ എഴുന്നള്ളിച്ചുകൊണ്ടു പോകുന്നതിനും ആ എഴുന്നള്ളത്തോടുകൂടി അനേകം അകമ്പടിക്കാരും പോകുന്നതിനും ശട്ടംകെട്ടുകയും ക്ഷേത്രപ്രദക്ഷിണത്തിനായി അമ്മ തിരുവടിയെ പെരുമനത്തു മതിൽക്കകത്തേക്ക് എഴുന്നെള്ളിക്കുമ്പോൾ ശാസ്താവു മുമ്പിലായിരിക്കണമെന്നും ഉപദേശിക്കുകയും ചെയ്തയച്ചു. അതിനാൽ ചിറ്റൂർ നമ്പൂരിപ്പാട്ടിലെ ആ ഉദ്ദേശ്യവും ഫലിച്ചില്ല. ഇപ്പോൾ ദേവസ്വം ബോർഡിൽനിന്ന് അകമ്പടിക്കാരില്ലെങ്കിലും പെരുമനത്തുപൂരത്തിന് അമ്മതിരുവടിയെ എഴുന്നള്ളിക്കുമ്പോൾ അവണാമന നമ്പൂരിപ്പാട് ഇപ്പോഴും തന്റെ ചാത്തംകുടത്തു ശാസ്താവിനെക്കൂടി എഴുന്നള്ളിച്ചയയ്ക്കാറുണ്ട്. മതിൽ ക്കകത്തേക്കെഴുന്നള്ളിക്കുമ്പോൾ ശാസ്താവു മുൻപിലും തിരിച്ചെഴുന്നള്ളി ക്കുമ്പോൾ ഭഗവതി മുമ്പിലുമായിട്ടാണ് ഇപ്പോഴും പതിവ്. അമ്മതിരുവടിക്ക് അപകടമൊന്നും പറ്റാതെയിരിക്കുന്നതിന് അവണാമന നമ്പൂരിപ്പാട് സദാ വേണ്ടുന്ന മുൻകരുതലുകളെല്ലാം ചെയ്തു കൊണ്ടിരുന്നുവെങ്കിലും സ്വൽപമായ ഒരു നഷ്ടം പറ്റാതെയിരുന്നില്ല. ഒരു തവണ പെരുമനത്തുപൂരത്തിന് തെക്കെ ഗോപുരത്തിൽക്കുടി അമ്മതിരുവടിയെ മതിൽക്കകത്തേക്കെഴുന്നള്ളിച്ചപ്പോൾ ചിലർ ഗോപുരത്തിന്റെ മുകളിലിരുന്നു തോട്ടിയിട്ടു കുടയുടെ പൊൻമകുടം വലിച്ചെടുത്തുകൊണ്ട് പോയ്ക്കളഞ്ഞു. ഇത് ചെയ്തത് ചിറ്റൂർ നമ്പൂരിപ്പാട്ടിലെ ആജ്ഞാകാരന്മാരായിക്കുമല്ലോ. ഏതെങ്കിലും അക്കാലം മുതൽ അമ്മതിരുവടിയെ പെരുമനത്തു മതിൽക്കകത്തേക്കു ആ ഗോപുരത്തിൽക്കൂടി എഴുന്നള്ളിക്കാറില്ല.
ഇതൊന്നുകൊണ്ടും ചിറ്റൂർ നമ്പൂരിപ്പാട്ടിലേക്കു തൃപ്തിയായില്ല. ഒടുക്കം അദ്ദേഹം അമ്മതിരുവടിക്ഷേത്രത്തിലെ തന്ത്രിയായിരുന്ന പടിഞ്ഞാറേടത്തു ഭട്ടതിരിയെ സ്വാധീനപ്പെടുത്തി, ദേവിയെ പൂവും നീരും കൂട്ടി ആവാഹിച്ചു ശംഖിലാക്കി ചിറ്റൂർ മനയ്ക്കൽ കൊണ്ടുചെന്നു കൊടുക്കുന്നതിനു പറഞ്ഞു ചട്ടംകെട്ടി. തന്ത്രി അപ്രകാരം ദേവിയെ ആവാഹിച്ചുകൊണ്ട് മതിൽക്കു പുറത്തു വടക്കുകിഴക്കെ മൂലവരെ ചെന്നപ്പോൾ ശംഖ് അദ്ദേഹത്തിന്റെ കൈയിൽനിന്ന് നിലത്തു വീഴുകയും അതിൽനിന്ന് ദുർന്നിരീക്ഷ്യമായ ഒരു തേജസ്സ് പുറപ്പെട്ട് അമ്പലത്തിനക ത്തേക്കു പോകുന്നതായി കാണപ്പെടുകയും ചെയ്തു. അന്നുമുതൽ ദർശനത്തിനായി അവിടെ വരുന്നവരെല്ലാം ശംഖ് നിലത്തു വീണതായ ആ സ്ഥാനത്തു മതിലിന്മേൽ തൊട്ടു തലയിൽ വയ്ക്കുക പതിവായി. അത് ഇപ്പോഴും നടന്നുവരുന്നുണ്. ചിറ്റൂർ നമ്പൂരിപ്പാട്ടിലെ വാക്കു കേട്ടു കപടതന്ത്രം പ്രയോഗിച്ച തന്ത്രിയെ യോഗക്കാരും മറ്റും കൂടിയാലോചിച്ച് അന്നുതന്നെ മാറ്റുകയും തന്ത്രത്തിന് അവിടെ വേറെ ആളെ നിയമിക്കുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും ചിറ്റൂർ നമ്പൂരിപ്പാട്ടിലേക്ക് ഒട്ടു തൃപ്തിയാവുകയും തന്റെ ഉദ്ദേശ്യം ഫലിക്കയില്ലെന്നു പൂർണ്ണബോധം വരുകയും അതിനാലദ്ദേഹം സ്വന്തമായി ഒരു ക്ഷേത്രം പണിയിച്ച് അവിടെ യും ഭഗവതിയെ പ്രതി‌ഷ്ഠിപ്പിക്കുകയും പൂരം മുതലായ ആഘോ‌ഷങ്ങൾ നടത്തിത്തുടങ്ങുകയും ചെയ്തു. ഇപ്രകാരമുണ്ടായതാണ് ചേർപ്പിൽ ഭഗവതി. ഈ സ്ഥിതിക്ക് ആ ഭഗവതിക്ക് അമ്മതിരുവടിയോട് മത്സരമുണ്ടായത് ഒരത്ഭുതമല്ലല്ലോ. എന്നാൽ മനു‌ഷ്യർ തമ്മിലല്ലാതെ ദേവിമാർ തമ്മിൽ മത്സരമുണ്ടാവനിടയില്ലാത്തതിനാൽ ഇതു മനു‌ഷ്യസങ്കൽപം മാത്രമാണെന്നു വരാനേ തരമുള്ളു. ആറാട്ടുപുഴപ്പൂരത്തിനു ചേർപ്പിൽ ഭഗവതിയുടെ എഴുന്നള്ളത്ത് അമ്മതിരുവടിയുടെ എഴുന്നള്ളത്തിനേക്കാൾ മോടിപിടിപ്പിച്ചു കേമമാക്കണമെന്നു വിചാരിച്ച് ഇപ്പോഴും മത്സരബുദ്ധിയോടുകൂടി ഉത്സാഹിക്കുന്നത് തത്പക്ഷപാതികളായ മനു‌ഷ്യരാണലോ. ആറാട്ടുപുഴപ്പൂരതിനു നാൽപത്തൊന്നു ക്ഷേത്രങ്ങളിൽനിന്ന് എഴുന്നള്ളിച്ചുവരുമെന്നു പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ തൃപ്രയാറ്റു ശ്രീരാമ സ്വാമിയുടെയും ഊരകത്ത് അമ്മതിരുവടിയുടെയും ചേർപ്പിൽ ഭഗവതിയുടെയും എഴുന്നള്ളത്തുകളാണ് അധികം കേമമായും മോടിയോടു കൂടിയും ഇപ്പോഴും നടന്നുവരുന്നത്. അമ്മതിരുവടിയുടെ എഴുന്നള്ളത്തിന് ഇരുപത്തൊമ്പത് ആനകളാണ് പതിവ്. ചേർപ്പിൽ ഭഗവതിയുടെ എഴുന്നള്ള ത്തിന് ഒരിക്കലും അതിൽ കുറയാറില്ല. ചില കൊല്ലങ്ങളിൽ ഉണ്ടായിരിക്കാറുണ്ട്. എഴുപതിൽപ്പരം ഒന്നാന്തരം അതിലധികവും കൊമ്പനാനകളോടും മുൻവശത്തു നാലു വരിയായി അസംഖ്യം ദീപയഷ്ടി (തീവട്ടി)കളോടുംകൂടി നടുവിൽ തൃപ്രയാറ്റുദേവനും ഇടത്തുവശത്ത് ഊരകത്ത് അമ്മതിരുവടിയും വലത്തുവശത്ത് ചേർപ്പിൽഭഗവതിയുമായി ആറാട്ടുപുഴപ്പാടത്തുള്ള ആ എഴുന്നള്ളത്തു കാഴ്ചക്കാർക്കു നേത്രാത്സവം തന്നെയാണ്. ആ എഴുന്നള്ളത്തിന്റെ ഭംഗി മുഴുവനും അനുഭവഗോചരമാകണമെങ്കിൽ സ്വൽപം ദുരത്തുനിന്നു നോക്കണം. ആനകളുടെ ആധിക്യവും മേളത്തിന്റെ തകർപ്പുംകൊണ്ടു ഗംഭീരവും വെടിക്കെട്ടു മുതലായവയുടെ രാഹിത്യം കൊണ്ടു പ്രശാന്തരമണീയവുമായ ആ എഴുന്നള്ളത്തു കാണുന്നതിനു ദേവന്മാരും വരുന്നുണ്ടെന്നുള്ള കേൾവി കേവലം അതിശയോക്തിയല്ലെന്ന് ഇതു കാണുന്നവർക്കു തോന്നിപ്പോകുമെന്നുള്ളതിനു സംശയമില്ല. അതിനുള്ള മുഖ്യകാരണവും അമ്മതിരുവടിയുടെ മാഹാത്മ്യം തന്നെയാണ്.
പണ്ടു കീഴോട്ടുകരമനയ്ക്കലെ ഒരു കന്യക പതിവായി അമ്മതിരുവടിയുടെ ക്ഷേത്രത്തിൽ ചെന്നു ദർശനംകഴിച്ചിരുന്നു. അങ്ങനെ കുറചുകാലം കഴിഞ്ഞപ്പോൾ കന്യകയ്ക്ക് യൗവനാരംഭമായി. അപ്പോൾ അച്ഛൻനമ്പൂരിപ്പാടു ദുരസ്ഥനായ ഒരു നമ്പൂരിക്കു പുത്രിയെ വേളി കഴിപ്പിച്ചുകൊടുക്കുന്നതിനു തീർച്ചയാക്കി മുഹൂർത്തം നിശ്ചയിക്കുകയും വേണ്ടതെല്ലാം വട്ടംകൂട്ടുകയും വേണ്ടുന്നവരെയൊക്കെ ക്ഷണിക്കുകയും ചെയ്തു. മുഹൂർത്തദിവസത്തിന്റെ തലേദിവസം തന്നെ വരനായി നിശ്ചയിക്കപ്പെട്ട നമ്പൂരിയും ക്രിയാദികൾക്കു വേണ്ടുന്നവരും ഓതിക്കോൻ മുതലായവരും മറ്റും വന്നുചേർന്നു. മുഹൂർത്തം ഒരു ദിവസം രാത്രിയിലായിരുന്നു. അന്നുകാലത്തു കന്യക പതിവുപോലെ കുളിച്ച് അമ്മതിരുവടി ക്ഷേത്രത്തിലെത്തി ദർശനത്തിനായി നടയിൽ ചെന്ന സമയം "എന്റെ ദേവീ, ഞാനിനി ഇവിടെ വന്നു ദർശനം കഴിക്കുന്നത് ഏതു കാലത്തായിരിക്കും? എനിക്കിനി സംഗതിവരുമോ എന്നുതന്നെ സംശയമാണ്. ഒരു ദിവസമെങ്കിലും ഇവിടെ വന്നു ദർശനം കഴിക്കാതെ ജിവിച്ചിരിക്കുന്നതിനെക്കാൾ നല്ലതു മരിക്കുകതന്നെയാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാൽ ഞാൻ ഇന്നുതന്നെ മരിക്കുന്നതിനു സകരുണം ദേവി എന്നെ അനുഗ്രഹിക്കണം" എന്നു പ്രാർത്ഥിച്ചു കരഞ്ഞുകൊണ്ടു തൊഴുതു. അപ്പോൾ ദേവി, "ഒട്ടും വ്യസനിക്കേണ്ട. ഇങ്ങോട്ടു പോരൂ" എന്നു അരുളിചെയ്തു തൃക്കൈകൾ തന്റെ നേരെ നീട്ടിയതായി കന്യകയ്ക്ക് തോന്നി. ഉടനെ കന്യക ശ്രീകോവിലകത്തേക്ക് ഓടിച്ചെന്നു. ദേവിയുടെ ബിംബത്തിന്മേൽ മുറുകെ കെട്ടിപ്പിടിക്കുകയും അവിടെ ഐക്യം പ്രാപിക്കുകയും ചെയ്തു. അക്കാലംമുതൽ കീഴോട്ടുകര മനയ്ക്കൽനിന്ന് അന്തർജ്ജനങ്ങളും കന്യകമാരും അമ്മതിരുവടിക്ഷേത്രതിൽ വന്നു ദർശനം കഴിക്കാതെയായി. അങ്ങനെ കുറച്ചുകാലം കഴിഞ്ഞതിന്റെ ശേ‌ഷം അന്തർജ്ജനങ്ങൾക്കു ദർശനത്തിനായി അമ്മതിരുവടിയെ ആണ്ടിലൊരിക്കൽ മനയ്ക്കലെഴുന്നള്ളിക്കണമെന്നു നമ്പൂരീപ്പാടു ദേവസ്വത്തിലപേക്ഷിക്കുകയും പൂരം സംബന്ധിച്ചു കൊടിയേറിയാൽ ആറാട്ടിനു മുൻപായി ഒരു ദിവസം മനയ്ക്കലേക്ക് എഴുന്നള്ളിക്കാമെന്നു ദേവസ്വക്കാർ സമ്മതിക്കുകയും അപ്രകാരം എഴുന്നള്ളിച്ചു തുടങ്ങുകയും ചെയ്തു. ആണ്ടുതോറും കൊടിയേറിയാൽ ആറാട്ടിനു മുൻപായി ഒരു ദിവസം അമ്മതിരുവടിയെ കീഴോട്ടുകര മനയ്ക്കലെഴുന്നള്ളിച്ച് ഇറക്കിപ്പൂജയും മറ്റും ഇപ്പോഴും പതിവുണ്ട്. ഇറക്കിയെഴുന്നള്ളിച്ചു തന്ത്രിയുടെ പൂജ കഴിഞ്ഞാൽ തിടമ്പു കിഴക്കിനിയിൽ എഴുന്നെള്ളിച്ചുവച്ചിട്ടു തന്ത്രി മാറിനിൽക്കും. പിന്നെ അവിടെ അന്തർജ്ജനങ്ങൾ വന്നു പൂജാനിവേദ്യാദി കളും ദർശനവും മറ്റും കഴിച്ചതിന്റെ ശേ‌ഷമാണ് തിരിച്ചെഴുന്നള്ളിക്കുന്നത്. തന്ത്രിയുടെ പൂജാനിവേദ്യാദികളെക്കാൾ ദേവിക്ക് സന്തോ‌ഷാവഹങ്ങളായിട്ടുള്ളത് അന്തർജ്ജനങ്ങളുടെ നിവേദ്യാദികളാണെന്നാണ് അവരുടെ വിശ്വാസം.
ശീവേലിക്കെഴുന്നള്ളിക്കുന്നതു ശാന്തിക്കാരൻ ബലിക്കല്ലുകളിന്മേൽ തൂവിക്കോണ്ടു പോകുന്നതിനു പിന്നിലായിട്ടാണല്ലോ പതിവ്. എന്നാൽ അമ്മതിരുവടിക്ഷേത്രത്തിൽ അത്താഴശ്ശീവേലിക്കുളള പതിവ് ദേവിയെ മുൻപേ എഴുന്നള്ളിക്കുകയും ശാന്തിക്കാരൻ അതിന്റെ പിന്നാലെ നടന്നു തൂവുകയുമാണ്. ഇവിടെ ഇങ്ങനെയായത് ഇടക്കാലത്താണ്. അതിന് കേട്ടിട്ടുള്ള കാരണം താഴെച്ചേർക്കുന്നു:
പണ്ടൊരു ഗന്ധർവൻ തിരുവഞ്ചിക്കുളത്തു ദീപാരാധനയ്ക്കും ഊരകത്ത് ക്ഷേത്രത്തിൽ അത്താഴശ്ശീവേലിക്കും തൃശ്ശിവപേരൂർ വടക്കുന്നാഥക്ഷേത്രത്തിൽ തൃപ്പുകയ്ക്കും പതിവായി ദർശനം നടത്തിവന്നിരുന്നു. ഒരു ദിവസം ആ ഗന്ധർവ്വൻ തിരുവഞ്ചിക്കുളത്തുള്ള ദീപാരാധനയ്ക്കു തൊഴുതിട്ട് ഊരകത്തെത്തിയെപ്പോഴേക്കും അവിടെ അത്താഴശ്ശീവേലിക്ക് എഴുന്നള്ളിച്ചിരിക്കുന്നതായി കണ്ടു. തനിക്കു പതിവുള്ള പ്രദക്ഷിണവും നമസ്കാരവുമെല്ലാം മുഴുവാനാകുന്നതിനു മുമ്പ് ശീവേലി കഴിഞ്ഞു നടയടച്ചുപോയെങ്കിലോ എന്നു വിചാരിച്ച് ആ ഗന്ധർവ്വൻ എഴുന്നള്ളത്തിന് മുൻപു തൂവിക്കൊണ്ടുപോയ മേശ്ശാന്തിക്കാരനെ തടുത്തുനിർത്തി ഭയപ്പെടുത്തി. അതിനാൽ ആ ശാന്തിക്കാരൻ ബോധരഹിതനായി കുറച്ചു നേരം സ്തംഭിച്ചുനിന്നുപോയി. ദേവിയെ എഴുന്നള്ളിച്ച് അടുക്കൽ കൊണ്ടുചെന്നതിന്റെ ശേ‌ഷമേ അദ്ദേഹത്തിനു ബോധം വീണുള്ളു. ദേവി അടുത്തുണ്ടായാൽ ആരെയും ഭയപ്പെടുത്താൻ ഗന്ധർവ്വനും മറ്റും വിചാരിച്ചാൽ സാധിക്കയില്ലല്ലോ. അതിനാൽ അക്കാലംമുതൽ അവിടെ അത്താഴശ്ശീവേലിക്ക് അമ്മതിരുവടിയെ എഴുന്നള്ളിച്ചു കൊടിമരത്തറയുടെ വടക്കുവശത്തു നിർത്തിയതിനുശേ‌ഷം മേശ്ശാന്തിക്കാരൻ വന്നു തൂവിത്തുടങ്ങിയാൽ മതിയെന്നു നിശ്ചയിച്ചു. അതിനാൽ ഇപ്പോഴും അപ്രകാരം തന്നെ നടന്നുവരുന്നു.
ഈ ഐതിഹ്യംകൊണ്ടു ദേവയോനികൾപോലും പതിവായി വന്ന് അമ്മ തിരുവടിയെ വന്ദിക്കുന്നുണ്ടെന്നു സ്പഷ്ടമാകുന്നുണ്ടല്ലോ. അതു നമുക്കിപ്പോൾ പ്രത്യക്ഷമായിരിക്കുന്നുണ്ടെങ്കിലും ഇവിടെ സന്തതിക്കായിട്ടും സമ്പത്തിനായിട്ടും വിദ്യയ്ക്കായിട്ടും മറ്റും അനേകമാളുകൾ വന്ന് ഇപ്പോഴും ദേവിയെ ഭജിക്കുകയും എല്ലാവർക്കും അഭീഷ്ടസിദ്ധിയുണ്ടാവുകയും ചെയ്യുന്നുണ്ടെന്നുള്ളത് എല്ലാവർക്കും അനുഭവസിദ്ധമായിട്ടുള്ളതാണ്.
"സേവിക്കുന്ന ജനാവലിക്കു സതതം ഭാവിപ്പതെല്ലാം കൊടു-
ത്തീ വിശ്വത്തിനു കല്പവല്ലീസമയായ് ഭൂവിൽ പ്രസിദ്ധ്യാ പരം
ശ്രീ വിങ്ങും വലയാലയത്തിലമരും ദേവിക്കെഴും പാദമുൾ
പ്പൂവിൽച്ചേർത്തു നമിക്കിലാർക്കുമുടനിങ്ങാവിർഭവിക്കും ശുഭം."

ഐതിഹ്യമാല/കോന്നിയിൽ കൊച്ചയ്യപ്പൻ

ഐതിഹ്യമാല/കോന്നിയിൽ കൊച്ചയ്യപ്പൻ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കോന്നിയിൽ കൊച്ചയ്യപ്പൻ

കോന്നിയിൽ കൊച്ചയ്യപ്പനെന്നു പ്രസിദ്ധനായിരുന്ന താപ്പാനയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂർ രാജ്യത്തും അടുത്തപ്രദേശങ്ങളിലും അധികമാളുകൾ ഉണ്ടായിരിക്കുമെന്നു തോന്നുന്നില്ല. ഈ ആന ചരിഞ്ഞു (മരിച്ചു) പോയിട്ട് ഇപ്പോൾ പതിനാലു കൊല്ലത്തിലധികംകാലമായിട്ടില്ലാത്തതിനാൽ ഇവനെ (ഈ ആനയുടെ സ്വഭാവം വിചാരിക്കുമ്പോൾ ഇതിനെ എന്നല്ല "ഇവനെ" എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.) കണ്ടിട്ടുള്ളവരായിട്ടുതന്നെ ഇപ്പോൾ അനേകംപേർ ജീവിച്ചിരിക്കുന്നുണ്ട് എന്നുള്ളതിനു സംശയമില്ല. ഈ ആന ആദ്യം റാന്നിയിൽ കർത്താവിന്റെ വകയായിരുന്നു. പ്രസിദ്ധ മാന്ത്രികനായിരുന്ന തേവലശ്ശേരി ദാമോദരൻ നമ്പി പറഞ്ഞതനുസരിച്ച് കർത്താവ് ഈ ആനയെ 990-ആമാണ്ട് അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി നടയ്ക്കിരുത്തി. നടയ്ക്കിരുത്തിയ സമയത്താണ് ഈ ആനയ്ക്കു കൊച്ചയപ്പൻ എന്നു പേരിട്ടത്. അന്ന് ഈ ആനയ്ക്ക് ഏഴു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. നടയ്ക്കിരുത്തിയപ്പോൾ ആന ദേവസ്വംവകയായിത്തീർന്നുവെങ്കിലും അവിടെ നിറുത്തിയിരുന്നാൽ ആനയ്ക്ക് രക്ഷ മതിയാവുകയില്ലെന്നു വിചാരിച്ചും ആ ആനയെക്കുറിച്ചുണ്ടായിരുന്ന വാത്സല്യംകൊണ്ടും കർത്താവ് ആനയെ അപ്പോൾ തന്നെ ദേവസ്വക്കാരോട് ഏറ്റുവാങ്ങി റാന്നിയിൽത്തന്നെ കൊണ്ടു വന്നു നിറുത്തി രക്ഷിച്ചു വളർത്തിവന്നു. അക്കാലത്തു കൊച്ചയ്യപ്പനു ചങ്ങല ഇടുകയോ അവനെ തളയ്ക്കുകയോ ചെയ്തിരുന്നില്ല. അവനു കൊടുക്കുന്നതു തിന്നുകൊണ്ട് കർത്താവിന്റെ വാസസ്ഥലത്തുതന്നെ മുറ്റത്തും പറമ്പിലുമായി കളിച്ചുനടന്നാണ് കൊച്ചയ്യപ്പൻ വളർന്നത്. എന്നാലവൻ മനു‌ഷ്യരെ ഉപദ്രവിക്കുകയോ പറമ്പിലുള്ള തെങ്ങിൻതൈവാഴ മുതലായവ നശിപ്പിക്കുകയോ യാതൊന്നും ചെയ്തിരുന്നില്ല. കേവലം മനു‌ഷ്യബാലനെപ്പോലെയാണ് കൊച്ചയപ്പൻ അവിടെ താമസിച്ചിരുന്നത്. കൊച്ചയപ്പനു കർത്താവിന്റെ ഗൃഹത്തിലുള്ള സ്ത്രീപുരു‌ഷന്മാരോടു വളരെ സ്നേഹവും കുട്ടികളെക്കുറിചു പ്രത്യേകം വാത്സല്യവുമുണ്ടായിരുന്നു. അവിടെയുള്ളവർക്കു കൊച്ചയപ്പനെക്കുറിച്ചുള്ള സ്നേഹവും അളവറ്റതായിരുന്നു. ആ കുടുംബാംഗങ്ങളിൽ ആരെങ്കിലും "കൊച്ചയപ്പാ!" എന്നു വിളിച്ചാൽ അവൻ അപ്പോൾ അവിടെയെത്തും. കർത്താവിന്റെ ഗൃഹത്തിലുള്ള കുട്ടികളെ കളിപ്പിക്കുന്നതിനു കൊച്ചയപ്പനും കൊച്ചയ്യപ്പന്റെ അടുക്കൽച്ചെന്നു കളിക്കുന്നതിന് അവിടുത്തെ കുട്ടികൾക്കും വളരെ സന്തോ‌ഷവും ഉത്സാഹവുമുണ്ടായിരുന്നു. കുട്ടികളെ കൊച്ചയപ്പന്റെ അടുക്കലാക്കിയാൽ വേണ്ടതുപോലെ സൂക്ഷിച്ചുകൊള്ളുമെന്നുള്ള വിശ്വാസം അവിടെയുള്ള അമ്മമാർക്കും മറ്റുമുണ്ടായിരുന്നതിനാൽ അവർ അതിനനുവദിക്കുകയും നടക്കാറായ കുട്ടികളെല്ലാം കൊച്ചയപ്പന്റെ അടുക്കൽ ചെന്നു കളിക്കുകയും ചെയ്തിരുന്നു.
കൊച്ചയപ്പനെ ഇടവും വലവും പഠിപ്പിച്ച് ഇണക്കി, കൂട്ടിൽനിന്നിറക്കി കർത്താവിന്റെ വാസസ്ഥലത്തു കൊണ്ടുവന്ന ദിവസം മുതൽ കാരണവരു കർത്താവ് നെയ്യും പരിപ്പും കൂട്ടിക്കുഴച്ച് ഒരുരുളച്ചോറു കൊച്ചയപ്പനു കൊടുക്കാതെ ഊണു കഴിക്കാറില്ല. അതു കണ്ട് അവിടെയുള്ളവരെല്ലാവരും കൊച്ചയപ്പന് ഒരുരുളച്ചോറുവീതം പതിവായി കൊടുത്തുതുടങ്ങി. എന്നാൽ കാരണവരുകർത്താവ് ഉരുളക്കൊടുക്കുന്ന തിനുമുമ്പ് ആരെങ്കിലും ഉരുള കൊണ്ടുചെന്നാൽ കൊച്ചയപ്പൻ വാങ്ങുകയില്ലെന്നുള്ളതു തീർച്ചയാണ്. കാരണവരുകർത്താവിന്റെ ഉരുള വാങ്ങിത്തിന്നുകഴിഞ്ഞാൽ പിന്നെ ആരു കൊണ്ടുചെന്നു കൊടുത്താലും അവൻ വാങ്ങിക്കൊള്ളും. പിന്നെ നിർബന്ധമൊന്നുമില്ല.
കൊച്ചയപ്പൻ കർത്താവിന്റെ വാസസ്ഥലത്തു താമസിച്ചിരുന്നപ്പോൾ അവന് ആനക്കാരന്മാരുണ്ടായിരുന്നില്ല. അവനു തീറ്റി, തെങ്ങോല മുതലായവ ആരെക്കൊണ്ടെങ്കിലും കർത്താവു വെട്ടിച്ചുകൊടുക്കും. അവൻ തീറ്റി കഴിഞ്ഞാൽ മുററത്തോ പറമ്പിലോ എവിടെയെങ്കിലും യഥേഷ്ടം പോയിക്കിടന്നുകൊള്ളും; അങ്ങനെയാണ് പതിവ്. അക്കാലത്തു കർത്താവിന്റെ ഗൃഹത്തിൽ ദാസ്യപ്രവൃത്തികൾക്കായി ചക്കിയെന്നും വിക്കിയെന്നും പേരായിട്ടുള്ള രണ്ടു സ്ത്രീകൾ താമസിച്ചിരുന്നു. കൊച്ചയ്യപ്പന്റെ ശുശ്രൂ‌ഷയ്ക്കായി ആ സ്ത്രീകളെയാണ് കർത്താവു നിയമിച്ചിരുന്നത്. അവർ പതിവായി കൊച്ചയ്യപ്പനെ പുഴയിൽക്കൊണ്ടുപോയി കുളിപ്പിച്ചുകൊണ്ടുവരണം അതല്ലാതെ വിശേ‌ഷിച്ചൊന്നും ആനയെസ്സംബന്ധിച്ച് അവർ ചെയ്യേണ്ടതായിട്ടുണ്ടായിരുന്നില്ല. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ ചക്കിയും വിക്കിയും പെട്ടെന്നു മരിച്ചുപോയി.
അപ്പോൾ കൊച്ചയപ്പനുണ്ടായ സങ്കടം എത്രമാത്രമെന്നു പറയാൻ പ്രയാസം. വിക്കിക്ക് മക്കളും മറ്റുമുണ്ടായിരുന്നില്ല. ചക്കിക്ക് ഒരു മകളുണ്ടായിരുന്നു. ചക്കി മരിച്ചതിന്റെ ശേ‌ഷം കർത്താവു കൊച്ചയപ്പനെ കുളിപ്പിക്കുന്നതിനു ചക്കിയുടെ മകളെ നിയമിച്ചു.
അങ്ങനെ കുറചു കാലംകൂടി കഴിഞ്ഞപ്പോൾ കാരണവരുകർത്താവും മരിച്ചു. അപ്പോൾ കൊച്ചയപ്പനുണ്ടായ സങ്കടം കേവലം ദുസ്സഹംതന്നെയായിരുന്നു. കർത്താവു മരിച്ചിട്ടു മൂന്നുദിവസത്തേക്ക് കൊച്ചയപ്പൻ എന്തെങ്കിലും തിന്നുകയാകട്ടെ, വെള്ളം കുടിക്കുകയാകട്ടെ, ഉറങ്ങുകയാകട്ടെ ചെയ്തില്ല. അഹോരാത്രം കരഞ്ഞു കൊണ്ടുതന്നെ അവൻ കഴിചുകൂട്ടി.
കാരണവരുകർത്താവു മരിച്ചതു സംബന്ധിച്ചുള്ള അടിയന്തിരങ്ങളെല്ലാം കഴിഞ്ഞതിന്റെ ശേ‌ഷം പതിനേഴാം ദിവസം പിന്നത്തെ കാരണവരുകർത്താവും തളത്തിൽച്ചെന്ന് ഉണ്ണാനിരുന്നപ്പോൾ മുൻപതിവു വിചാരിച്ചു കൊച്ചയ്യപ്പൻ തളത്തിന്റെ വാതിൽക്കൽ ഹാജരായി നിന്നു. എന്നാൽ ആ കാരണവരുടെ സ്വഭാവം കഴിഞ്ഞുപോയ കാരണവരുടെ സ്വഭാവംപോലെ അല്ലാതെയിരുന്നതിനാൽ അദ്ദേഹം കൊച്ചയ്യപ്പന് ഉരുള കൊടുത്തില്ല. അപ്പോൾ കൊച്ചയപ്പന് അസാമാന്യമായ കുണ്ഠിതമുണ്ടായി.എങ്കിലും അവിടെ ശേ‌ഷമുണ്ടായിരുന്നവരെല്ലാം പതിവുപോലെ ഉരുളകൊടുത്തതിനാൽ കൊച്ചയപ്പൻ ഒരുവിധം സമാധാനപ്പെട്ടു. എന്നാൽ ആ സമാധാനവും അധികദിവസത്തേക്കു നീണ്ടുനിന്നില്ല. അവിടെ ശേ‌ഷമുള്ളവരെല്ലാം ആനയ്ക്ക് ഉരുളകൊടുക്കുന്നുണ്ടെന്നു രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോൾ പുതിയ കാരണവരറിയുകയും അതിനെക്കുറിച്ച് അദ്ദേഹം കോപിച്ച് എല്ലാവരെയും ശാസിക്കുകയും ചെയ്തു. ആനയ്ക്ക് തിന്നാൻതെങ്ങോലയോ മറ്റൊ അല്ലാതെ ചോറു കൊടുക്കുന്നത് അനാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നുമാത്രമല്ല, ആനയ്ക്കു കുട്ടിപ്രായം കഴിഞ്ഞിരിക്കുന്നതിനാൽ ഇനി അതിന് ഒരാനക്കാരനെ നിയമിക്കുകയും ചങ്ങലയിടു പണിയിച്ചു തുടങ്ങുകയും ചെയ്യണമെന്നുകൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊന്നുമറിയാതെ കൊച്ചയപ്പൻ പിറ്റേ ദിവസം പതിവു പോലെ ഉരുളയ്ക്കായി അടുക്കളവാതിൽക്കൽ ഹാജരായി. അപ്പോൾ അവിടത്തെ വലിയമ്മ കൊച്ചയപ്പനോട്, "എന്റെ മകനേ, ഈയിടെ കാലമൊക്കെ മാറിപ്പോയി, വലിയമ്മ, നിനക്കു ചോറു തരരുതെന്നാണ് ഇപ്പോഴത്തെ കാരണവരുടെ കൽപന. അദ്ദേഹം പറയുന്നതിനെഅനുസരിക്കാതെയിരിക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ലല്ലോ. നിനക്കു ചോറു തരരുതെന്നു മാത്രമല്ല. ചങ്ങലയിട്ടു നിന്നെ ഇനി പണിക്കയയ്ക്കണമെന്നുകൂടി അദ്ദേഹം നിശ്ചയിച്ചിരിക്കുന്നു. ഞങ്ങൾക്കൊക്കെ ഇതു വലിയ സങ്കടമായിട്ടുള്ള കാര്യമാണ്. എങ്കിലും എന്തു ചെയ്യാം? എല്ലാം സഹിക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ" എന്നു പറഞ്ഞു. ഇതു കേട്ടു കൊച്ചയ്യപ്പൻകണ്ണീരൊലിപ്പിച്ച് കരഞ്ഞുകൊണ്ടു സ്വൽപനേരം വിചാരമഗ്നനായി അവിടെ നിന്നു. ആ സമയം അവിടത്തെ ഒരു ചെറിയ കുഞ്ഞമ്മ കുറെചോറെടുത്തു കുഴച്ചുരുട്ടി കൊച്ചയപ്പനു കൊണ്ടുചെന്നു കൊടുത്തു. എങ്കിലും അവൻ അതു വാങ്ങിയില്ല. പിന്നെ അവൻ എല്ലാവരോടും യാത്ര പറയുന്ന ഭാവത്തിൽ തുമ്പിക്കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിക്കുകയും ദീനസ്വരങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടു കണ്ണിരൊലിപ്പിച്ചു കൊണ്ട് അവിടെനിന്ന് ഇറങ്ങിപ്പോയി. കൊച്ചയ്യപ്പന്റെ ആ യാത്ര കണ്ട് അവിടെയുണ്ടായിരുന്ന എല്ലാവരും ആബാലവൃദ്ധം പൊട്ടിക്കരഞ്ഞുപോയി.
കൊച്ചയപ്പൻ നേരെ ചെന്ന് ആറ്റിലിറങ്ങി നാലു നാഴിക പകലാകുന്നതുവരെ വെള്ളത്തിൽത്തന്നെ കിടന്നു. നാലു നാഴിക പകലെ ചക്കിയുടെമകൾ കുളിക്കാനായി ആറ്റുകടവിൽ ചെന്നു. ആ സമയം കൊച്ചയപ്പൻഅവിടെനിന്ന് എഴുന്നേറ്റു പോയി ആറ്റുവക്കത്തു നിന്നിരുന്ന ഒരില്ലിക്കൂട്ടംകുത്തി മറിച്ചിട്ടു. അപ്പോൾ അതിന്റെ ചുവട്ടിൽ മണ്ണിനിടയിൽ ഇരുന്നിരുന്ന ഒരു ചെപ്പുകുടം ഉരുണ്ട് ആറ്റിലേക്കു വീണു. കൊച്ചയപ്പൻ ആ ചെപ്പുകുടമെടുത്തു ചക്കിയുടെ മകൾക്കു കൊടുക്കുകയും യാത്ര പറയുന്ന ഭാവത്തിൽ തുമ്പിക്കൈകൊണ്ടു ചില ആംഗ്യങ്ങൾ കാണിക്കുകയും ചില ദീനസ്വരങ്ങൾ പുറപ്പെടുവിക്കുകയും പിന്നെ കർത്താവിന്റെ ഗൃഹത്തിലേക്കു നോക്കി കരയുകയും ചെയ്തിട്ട് അവിടെനിന്നു പോവുകയും ചെയ്തു. ആ ചെപ്പുകുടം നിറച്ചു രാശിയായിരുന്നു. പിറ്റേദിവസം രാവിലെ കൊച്ചയപ്പൻ അച്ചൻകോവിൽ ശാസ്താവിന്റെ നടയിലെത്തി. ശാന്തിക്കാരൻ കൊച്ചയ്യപ്പനെ കണ്ടപ്പോൾ അറിയുകയാൽ കുറെ ചോറുകൊണ്ടുചെന്നു കൊടുത്തു. കൊച്ചയപ്പൻ അതു വാങ്ങിതിന്നിട്ടു കാട്ടിൽക്കയറി കണ്ടതൊക്കെ പറിച്ചു തിന്നുതുടങ്ങി. അന്നുമുതൽകൊച്ചയപ്പൻ കാട്ടിൽനിന്നു തീറ്റി നടത്തുകയും കണ്ടെത്തുന്ന തടാകങ്ങളിലും മറ്റും ഇറങ്ങി വെള്ളം കുടിക്കുകയും രാത്രിയാകുമ്പോൾ അമ്പലത്തിന്റെ തിരുമുറ്റത്തു ചെന്നു കിടന്നുറങ്ങുകയും പതിവാക്കി.
അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ദേവസ്വക്കർ കൊച്ചയപ്പനെ രക്ഷിക്കുന്നതിന് ഒരാനക്കാരനെ നിയമിക്കുകയും വിവരം മേലാവിലേക്കു എഴുതിയയ്ക്കുകയും ചെയ്തു. അപ്പോൾ കൊച്ചയപ്പന്റെ കഥകളെലാം മഹാരാജാവു തിരുമനസ്സുകൊണ്ടു കൽപ്പിച്ചറിയുകയും ഈ ആനയെകോന്നിയിൽ താപ്പനകളുടെ കൂട്ടത്തിൽ നിറുത്തി വേണ്ടതുപോലെ രക്ഷിചു കൊള്ളണമെന്നു കൽപനയുണ്ടാവുകയും ചെയ്തു. അക്കാലത്ത് നാടുവാണിരുന്നത് കൊല്ലം 1022-ആമാണ്ടു നാടു നീങ്ങിയ രാമവർമ്മമഹാരാജാവു തിരുമനസ്സുകൊണ്ടായിരുന്നു. കൽപനപ്രകാരം കൊച്ചയപ്പൻകോന്നിയിലെത്തി താമസമായി. കുറച്ചുകാലം കഴിഞ്ഞപ്പോൾ പത്തനാ പുരം തിരുമൂലംപിള്ള എന്നൊരു പാണ്ടിപ്പിള്ള അവന്റെ രക്ഷകനായിനിയമിക്കപ്പെട്ടു.
തിരുമൂലംപിള്ളയുടെ ശിക്ഷാസാമർത്ഥ്യംകൊണ്ടും കോന്നിയിലുണ്ടായിരുന്ന മറ്റു താപ്പാനകളുടെ സഹവാസംകൊണ്ടും മറ്റും കൊച്ചയപ്പൻ കാലക്രമേണ ഒരു താപ്പാനയായിത്തീർന്നു. എന്നുമാത്രമല്ല കുഴിയിൽ വീഴുന്ന ആനകളെ കരയ്ക്ക് കയറ്റി കൂട്ടിലാക്കി അടയ്ക്കുന്നതിനു കൊച്ചയ്യപ്പനെപോലെ ബുദ്ധിയും സാമർത്ഥ്യവുമുള്ള ഒരു താപ്പാന തിരുവിതാംകൂറിൽ വേറെയില്ലെന്നുള്ള പ്രസിദ്ധി അവൻ അചിരേണ സമ്പാദിക്കുകയും ചെയ്തു.
ഏറെത്താമസിയാതെ പത്മനാഭൻ എന്നു പ്രസിദ്ധനായ ഒരു താപ്പാനകൂടി കോന്നിയിൽ വന്നുചേർന്നു. കുറച്ചുദിവസത്തെ സഹവാസം കൊണ്ടു കൊച്ചയപ്പനും പത്മനാഭനും പരസ്പരം അത്യന്തം സ്നേഹാകുലന്മാരായിത്തീർനു. അവർ രണ്ടുപേരും കൂടെ കൂടിയാൽ എത്ര വലിയ കാട്ടാനയായാലും കുഴിയിൽനിന്നു കരയ്ക്കു കയറ്റി കൂട്ടിൽക്കൊണ്ടുചെന്ന് അടയ്ക്കുന്നതിന് അവർക്ക് യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.
അങ്ങനെയിരിക്കുന്ന കാലത്തു സർക്കാരിൽനിന്ന് ആനകളെ കുഴിയിൽ വീഴിച്ചു പിടിക്കുകയെന്നുള്ള ഏർപ്പാടു വേണ്ടെന്നുവയ്ക്കുകയും ആനകളെ പിടിക്കുന്നതിനു കോന്നിയിൽനിന്നു പതുപന്ത്രണ്ടുനാഴിക കിഴക്കു "മുണ്ടവൻപുഴി" എന്ന സ്ഥലത്ത് ഒരു കൊപ്പമുണ്ടാക്കുകയും ചെയ്തു. കൊപ്പത്തിൽ കാട്ടാനകൾ വന്നു കയറുന്നതു കൂട്ടത്തോടെ ആണലോ. കാട്ടാനകൾ കൊപ്പത്തിൽ കയറികഴിഞ്ഞാൽ താപ്പാനകളെ അതിലേക്കു വിടുകയും താപ്പാനകൾ കാട്ടാനകളെ ഓടിച്ചു പിള്ളക്കൊപ്പ (വലിയ കൊപ്പത്തിനകത്തുള്ള ചെറിയ കൊപ്പ)ത്തിലാക്കുകയും അവിടെ വച്ചു വടങ്ങളിട്ടു കെട്ടുകയും പിന്നെ താപ്പാനകൾ ഇടത്തുവശത്തും വലത്തുവശത്തും നിന്നു വടങ്ങളിൽ പിടിച്ചുവലിച്ചു കാട്ടാനകളെ ഓരോന്നോരോന്നായി കൊണ്ടു പോയി കൂട്ടിലാക്കി അടയ്ക്കുകയുമാണല്ലോ പതിവ്. അങ്ങനെയായപ്പോൾ താപ്പാനകളുടെ ആവശ്യം അധികപ്പെടുകയും കൊച്ചയപ്പൻ, പത്മനാഭൻ മുതലായി മുമ്പവിടെ ഉണ്ടായിരുന്ന താപ്പനകളെകൊണ്ടു മതിയാകാതെ വരുകയും ചെയ്യുകയാൽ 'മഞ്ഞപ്രത്തിരുനീലകണ്ഠൻ ' മുതലായ ചില താപ്പാനകളെക്കുടി അവിടെ വരുത്തി. മഞ്ഞപ്രത്തിരുനീലകണ്ഠനും ഒരോന്നാന്തരം താപ്പാന തന്നെയായിരുന്നു. എങ്കിലും കൊച്ചയപ്പന്റെ സ്വഭാവവും തിരുനീല കണ്ഠന്റെ സ്വഭാവവും തമ്മിൽ വളരെ അന്തരമുണ്ടായിരുന്നു. കൊച്ചയപ്പൻ തന്റെ പിടിയിലമർത്തിക്കൊണ്ടുപോയി കൂട്ടിലാക്കി അടയ്ക്കും. തിരുനീലകണ്ഠൻ തന്റെ പിടിയിലമരാത്ത ആനകളെ ഉടനെ കുത്തിക്കൊല്ലും. ഇതാണ് അവർ തമ്മിലുള്ള പ്രധാന വ്യത്യാസം. അങ്ങനെ മഞ്ഞപ്ര ത്തിരുനീലകണ്ഠൻ അനേകം നല്ല ആനകളെ കുത്തിക്കൊല്ലുകയും തന്നിമിത്തം സർക്കാരിലേക്കു വളരെ നഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതുനിമിത്തവും മറ്റു ചില കാരണങ്ങളാലും സർക്കാരിൽ നിന്നു കൊപ്പം വേണ്ടെന്നുവയ്ക്കുകയും പൂർവസ്ഥിതിയിൽ ആനകളെകുഴികളിൽ വീഴിച്ചുപിടിച്ചാൽ മതിയെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു.
അക്കാലത്തു നേരം വൈകുമ്പോൾ കൊച്ചയപ്പനെയും പത്മനാഭനെയും ചങ്ങലയെടുത്തു കാട്ടിലേക്കു വിട്ടയയ്ക്കുക പതിവായിരുന്നു. അവർ രണ്ടുപേരുകൂടി കാട്ടിൽക്കയറി കണ്ടതൊക്കെ ഒടിച്ചും പറിച്ചും തിന്നു വയറു നിറയ്ക്കുകയും ഉറക്കം വരുമ്പോൾ യഥേഷ്ടം എവിടെയെങ്കിലും കിടന്നുറങ്ങുകയും നേരം വെളുക്കുമ്പോൾ ആനക്കാരുടെ വാസസ്ഥലത്തു ഹാജരാവുകയും ചെയ്തിരുന്നു. ഒരു ദിവസം പതിവുപോലെ രണ്ടാനകളും ഒരുമിച്ചു കാട്ടിലേക്കു പോയിട്ടു കൊച്ചയപ്പൻതിന്നുതിന്നു വടക്കോട്ടും പത്മനാഭൻ തെക്കോട്ടും പോയതിനാൽ അവർതമ്മിൽ പിരിയാനിടയായി. കുറച്ചുദൂരം പോയതിന്റെ ശേ‌ഷം പത്മനാഭൻ കൊച്ചയപ്പൻ വരുന്നുണ്ടൊ എന്നു നാലുപുറത്തേക്കും നോക്കി. അപ്പോൾമുൻവശത്തു കുറച്ചു ദൂരെയായി ഒരാന നിൽക്കുന്നതുകണ്ട് അതു കൊച്ചയപ്പനാണെന്നു വിചാരിച്ചു പത്മനാഭൻ ചെന്നടുത്തപ്പോൾ ആ കാട്ടാന ചാടിയൊരുകുത്തുകൊടുത്തു. പത്മനാഭൻ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞതിനാൽ കുത്തു കൊണ്ടില്ല. അപ്പോൾ കാട്ടനയ്ക്കു ദേ‌ഷ്യം കലശലായി. ആ ആന പത്മനാഭനെ കുത്താനായി വീണ്ടും ചാടിച്ചെന്നു. അപ്പോൾ പത്മനാഭനും കോപാന്ധനായിത്തീരുകയാൽ ആ കുത്തും കൊള്ളാതെ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞിട്ടു കാട്ടാനയെ കുത്താനായി പത്മനാഭൻ ചാടിവീണു. കാട്ടാനയും കുത്തുകൊള്ളാതെ കൊമ്പുകൊണ്ടു തട്ടിക്കളഞ്ഞു. ഇങ്ങനെ ആ രണ്ടാനകളും ബാലിസുഗ്രീവന്മാരെപ്പോലെ അതിഭയങ്കരമായ യുദ്ധം പൊടിപൊടിച്ചുതുടങ്ങി. പിറ്റേ ദിവസം നേരം വെളുത്തിട്ടും ആ ആനകളുടെ യുദ്ധം അവസാനിച്ചില്ല. നേരം വെളുത്ത പ്പോൾ കൊച്ചയപ്പൻ പതിവുപോലെ ആനക്കാരന്മാരുടെ വാസസ്ഥലത്തെത്തി. അപ്പോൾ പത്മനാഭനെ അവിടെ കാണാഞ്ഞിട്ടു കൊച്ചയ്യപ്പനു വലിയ വിചാരമായി. നേരം രാത്രിയായിട്ടും പത്മനാഭൻ വന്നുചേർന്നില്ല. ഒരുവിധത്തിൽ രാത്രി കഴിച്ചുകൂട്ടീട്ടു നേരം വെളുത്തപ്പൊൾ കൊച്ചയപ്പൻപത്മനാഭനെ അന്വേ‌ഷിക്കാനായി കാട്ടിലേക്കു യാത്രയായി. അവന്റെ പിന്നാലെ ചില താപ്പനകളോടുകൂടി തിരുമൂലംപിള്ള മുതലായ ആനക്കാരും പോയി. കുറെ ദൂരം ചെന്നപ്പോൾ ഒരു കാൽ നാഴിക അകലെയായി രണ്ടാനകളുടെ അമർച്ചയും കൊമ്പുകൾ കൂട്ടിയിടിക്കുന്ന ശബ്ദങ്ങളും കേട്ടുതുടങ്ങി. അപ്പോൾത്തന്നെ കൊച്ചയ്യപ്പനും തിരുമൂലം പിള്ള മുതലായവവരും സംഗതി മനസ്സിലാക്കി. ഉടനെ തിരുമൂലംപിള്ള ഒരുതാപ്പനയുടെ ചങ്ങലയഴിച്ചു കൊച്ചയപ്പന്റെ മുമ്പിൽ ഇട്ടുകൊടുത്തു.
കൊച്ചയ്യപ്പൻ ആ ചങ്ങലെ നാലായിട്ടു മടക്കിയെടുത്തുകൊണ്ടു നടന്നുതുടങ്ങി. പിന്നാലെ മറ്റുള്ളവരും ചെന്നു. അങ്ങനെ കുറച്ചുദൂരംകൂടിചെന്നപ്പോൾ പത്മനാഭനും ഒരു വലിയ കാട്ടാനയും തമ്മിൽ യുദ്ധം ചെയ്തുകൊണ്ടു നിൽക്കുന്നത് അവർ സ്പഷ്ടമായി കണ്ടു. കാട്ടാന ചാടി പത്മനാഭനെ കുത്തുകയും പത്മനാഭൻ കൊമ്പുകൊണ്ടു തട്ടുകയുംചെയ്ത സമയം കൊച്ചയ്യപ്പൻ ഓടിച്ചെന്നു കൈയിലുണ്ടായിരുന്ന ചങ്ങല കൊണ്ടു കാട്ടാനയുടെ ഒരു മർമ്മസ്ഥാനത്ത് ഊക്കോടുകൂടി ഒരടികൊടുത്തു. അടികൊണ്ട ക്ഷണത്തിൽ കാട്ടാന മരണവേദനയോടുകൂടി മൂന്നുവട്ടം ചുറ്റി നിലംപതിച്ചു. അതോടുകൂടി ആ കാട്ടാനയുടെ കഥയും കഴിഞ്ഞു. പിന്നെ എല്ലാവരുംകൂടി കാട്ടിൽനിന്നു തിരികെപ്പോരുകയുംചെയ്തു. അതിൽപ്പിന്നെ കൊച്ചയപ്പനെക്കൂടാതെ പത്മനാഭൻ തനിച്ച് ഒരുകാര്യത്തിനും ഒരു സ്ഥലത്തും പോകാറില്ല.
ഒരിക്കൽ കുഴിയിൽ വീണ ഒരു കാട്ടനയെ കുഴിയിൽ നിന്നുകയറ്റാനായി വടങ്ങളിട്ടു കെട്ടിയശേ‌ഷം പുറകിലത്തെ വടം ഒരു മരത്തിന്മേൽ കെട്ടീട്ടു കഴുത്തിനു കെട്ടിയിരുന്ന വടങ്ങളിൽ വലതുവശത്തെ വടം കൊച്ചയപ്പനും ഇടത്തുവശത്തെ വടം മറ്റൊരു താപ്പാനയും പിടിച്ചു. പിന്നെ കുഴിയുടെ മുകളിലിട്ടിരുന്ന തടികൾ മഞ്ഞപ്രത്തിരുനീലകണ്ഠന്റെ തുമ്പിക്കൈയിന്മേൽ കൊള്ളുന്നതിനിടയായി. തന്നിമിത്തം തിരുനീലകണ്ഠനു സ്വല്പം വേദനയുണ്ടാവുകയും അവൻ കോപാന്ധനായിത്തീരുകയും ഊക്കോടുകൂടി ചാടി പത്മനാഭന്റെ പാർശ്വഭാഗത്ത് ഒരു കുത്തു കൊടുക്കുകയും പത്മനാഭൻ തത്ക്ഷണം മറിഞ്ഞുവീണു ചാവുകയും ചെയ്തു. അതു കണ്ടപ്പോൾ കൊച്ചയപ്പന്റെ വിധം ആകെപ്പാടെ ഒന്നു മാറി.അപ്പോൾ തിരുമൂലംപിള്ള "മകനേ! ചതിക്കരുതേ; വടം വിട്ടുകളയല്ലേ" എന്നു കൊച്ചയപ്പനോടു പറയുകയും "തിരുനീലകണ്ഠനെ മാറ്റിക്കൊള്ളണം" എന്ന ആ ആനയുടെ ആനക്കാരനോട് ആംഗ്യംകാണിക്കുകയും ചെയ്തു. കൊച്ചയ്യപ്പൻ തിരുമൂലംപിള്ളയുടെ വാക്കിനെ അനുസരിക്കാതെയിരിക്കാൻ നിവൃത്തിയില്ലായ്കകൊണ്ട് അത്യന്തം കോപത്തോടു ദുസ്സഹമായ ദുഃഖത്തോടും വടംപിടിച്ചു കൊണ്ടുപോയി കാട്ടാനയെ കൂട്ടിലാക്കി അടച്ചതിന്റെ ശേ‌ഷം തിരുനീലകണ്ഠൻ നിന്നിരുന്ന സ്ഥലത്തേക്കു അതിവേഗത്തിൽ ഓടിയെത്തി. അപ്പോൾ തിരുനീലകണ്ഠനെഅവിടെയെങ്ങും കാണായ്കയാൽ കൊമ്പിന്റെ തരിപ്പു തീർക്കാനായി അവിടെ നിന്നിരുന്ന് ഒരു തേക്കുമരത്തിന്മേൽ ഊക്കോടും കോപത്തോടുംകൂടി ഒരു കുത്തു കൊടുത്തു. കുത്തു കൊണ്ടു മരം തുളഞ്ഞു കൊച്ചയപ്പന്റെ കൊമ്പു മറുവശത്തു ചെന്നു. പിന്നെ കൊച്ചയപ്പൻ കൊമ്പ് ഊരിയെടുത്തുകൊണ്ടു തിരുമൂലംപിള്ളയുടെ വാസസ്ഥലത്തേക്കു പോയി. കൊച്ചയപ്പൻ കുത്തിത്തുളച്ച തേക്കുമരം ഇപ്പോഴും അവിടെ നിൽക്കുന്നുണ്ടത്ര. ആ സമയം തിരുനീലകണ്ഠനെ കണ്ടിരുന്നുവെങ്കിൽ കൊച്ചയ്യപ്പൻഅവന്റെ കഥ കഴിക്കുമായിരുന്നു എന്നുള്ളതിനു സംശയമില്ല. ആ സമയത്തെന്നല്ല പിന്നെ ഒരിക്കലും കൊച്ചയ്യപ്പനു മഞ്ഞപ്രത്തിരുനീലകണ്ഠനെ കാണുന്നതിന് ഇട കൊടുത്തിട്ടില്ല. തിരുനീലകണ്ഠനെ ഉടനെ അരിപ്പാട്ടു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനായി അങ്ങോട്ടയച്ച് അവിടെ നിറുത്തുകയും സാക്ഷാൽ വൈക്കത്തു തിരുനീലകണ്ഠൻ കഴിഞ്ഞതിന്റെ ശേ‌ഷം അങ്ങോട്ടയയ്ക്കുകയും അവനു പകരം കോന്നിയിലേക്കു താപ്പാനായി വലിയ ബാലകൃ‌ഷ്ണൻ എന്നു പ്രസിദ്ധപ്പെട്ട ആനയെ നിയമിക്കുകയും ചെയ്തു. കൊച്ചയ്യപ്പൻ തിരുമൂലംപിള്ളയുടെവാസസ്ഥലത്തു ചെന്നിട്ട് ഏഴു ദിവസത്തേക്കു വെള്ളം കുടിക്കുകപോലും ചെയ്യാതെ രാപകൽ ഒരുപോലെ കരഞ്ഞുകൊണ്ട് അവിടെ ഒരു സ്ഥലത്തുകിടന്നു. പിന്നെ തിരുമൂലംപിള്ളയുടെ സാന്ത്വനവാക്കുകൾകൊണ്ട് ഒരുവിധം സമാശ്വസിച്ചു കുറെശ്ശേ തീറ്റി തിന്നുകയും വെള്ളം കുടിക്കാൻതുടങ്ങുകയും ക്രമേണ പൂർവസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. "വല്ല ദുഃഖമെന്നാലും കാലം ചെല്ലുമ്പോൾ കുറഞ്ഞുപോം" എന്നുണ്ടല്ലോ.
വലിയ ബാലകൃ‌ഷ്ണൻ എന്ന പ്രസിദ്ധപ്പെട്ട താപ്പന കോന്നിയിൽവന്നു ചേർന്നതിന്റെ ശേ‌ഷം കുറച്ചു കാലത്തേക്കു ആനകളെ കുഴിയിൽനിന്നു കയറ്റി കൂട്ടിലാക്കി അടയ്ക്കുകയെന്നുള്ള കാര്യം ആ ആനയും കൊച്ചയ്യപ്പനും കൂടിയാണ് നിർവ്വഹിച്ചു പോന്നു. കൊച്ചയ്യപ്പനു വലിയ ബാലകൃ‌ഷ്ണനെക്കുറിച്ച് പത്മനാഭനെക്കുറിച്ചുണ്ടായിരുന്നിടത്തോളം സ്നേഹമുണ്ടായിരുന്നില്ല. എങ്കിലും വിരോധവുമുണ്ടായിരുന്നില്ല.
അങ്ങനെയിരുന്നപ്പോൾ ഒരു വലിയ കാട്ടാന കുഴിയിൽ വീണു. അതിനെ വടങ്ങളിട്ടു കെട്ടി കുഴിയിൽനിന്നു കയറ്റി കഴുത്തിൽ കെട്ടിയിരുന്ന വടങ്ങളിൽ ഇടത്തുവശത്തേതു കൊച്ചയപ്പനും വലത്തുവശത്തേതു ബാലകൃ‌ഷ്ണനും കടിച്ചുപിടിചുകൊണ്ട് കൂട്ടിലേക്കു പുറപ്പെട്ടു. അപ്പോൾആ കാട്ടാന കാട്ടിലേക്കു പാഞ്ഞു തുടങ്ങി. ഈ രണ്ടാനകൾ പിടിച്ചിട്ടും ആ കാട്ടാന നിന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ വലിയ കാടായി. കാട്ടാനയെ തിരിച്ചുകൊണ്ടുവരുവാൻ സാധിക്കയില്ലെന്നു കണ്ടപ്പോൾ ബാലകൃ‌ഷ്ണൻവടം വിട്ടുകളയുകയും പിൻതിരിഞ്ഞ് ഓടിപ്പോവുകയും ചെയ്തു. എങ്കിലും കൊച്ചയ്യപ്പൻ വിട്ടില്ല. ആ കാട്ടാന കാട്ടിൽക്കൂടി കൊച്ചയപ്പനെയും വലിച്ചുകൊണ്ടു നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ നേരം വൈകിത്തുടങ്ങി. അപ്പോൾ തിരുമൂലംപിള്ള "മകനേ! നേരം വൈകിത്തുടങ്ങി. രാത്രിയിൽ നമ്മൾ കാട്ടിലകപ്പെടാൽ ഈ ആനയുടെ കൂട്ടാനകൾ വന്നു നമ്മുടെ കഥ കഴിക്കും. അതിനാൽ നേരമിരുട്ടുന്നതിനു മുമ്പു നമുക്കു തിരിച്ചു പോകാനുള്ള മാർഗ്ഗം നോക്കണം" എന്നു പറഞ്ഞു. ഉടനെ കൊച്ചയപ്പൻ തലതാഴ്ത്തി വടത്തിന്മേൽ ചവിട്ടിപ്പിടിചുകൊണ്ട് കൊമ്പുകൊണ്ടു വടത്തിന്മേൽ ഒരു തട കൊടുത്തു. അപ്പോൾ കാട്ടാന യുടെ തല പെട്ടെന്നു താഴുകയും കൊമ്പു നിലത്തു മുട്ടുകയും ചെയ്തു. അത്തരത്തിന് കൊച്ചയപ്പൻ കാട്ടാനയുടെ പാർശ്വഭാഗത്ത് ഊക്കോടുകൂടി ഒരു കുത്തും അതോടുകൂടി ഒരു തള്ളും കൊടുത്തു. മലപോലെയിരുന്ന കാട്ടാന തത്ക്ഷണം മറിഞ്ഞുവീണ് ചാകുകയും കൊച്ചയപ്പനും തിരുമൂലംപിള്ളയും അപ്പോൾത്തന്നെ തിരികെ വാസസ്ഥലത്തേക്കു പോരുകയും ചെയ്തു. അതിൽപ്പിന്നെ കൊച്ചയ്യപ്പൻ വലിയ ബാലകൃ‌ഷ്ണനോടുകൂടി യാതൊന്നിനും പോയിരുന്നില്ല.
കൊന്നിയിൽ താപ്പാനകളുടെ കൂട്ടത്തിൽ കല്യാണി എന്നു പേരായിട്ട് ഒരു പിടിയാനയും ഉണ്ടായിരുന്നു. അതിന്റെ ആനക്കാരൻ ഗോവിന്ദപിള്ള എന്നൊരാളായിരുന്നു. അയാൾ കൊച്ചയപ്പന്റെ ആനക്കാരനാകണമെന്നാഗ്രഹിച്ച് അതിലേക്കു ചില ശുപാർശകൾ ചെയ്തു കൊണ്ടിരുന്നു. അനേകകാലത്തെ ഉത്സാഹവും ശുപാർശയും കൊണ്ടഒടുക്കം അതു സാധിച്ചു. തിരുമൂലംപിള്ളയെ കല്യാണിയുടെ ആനക്കാരനായും ഗോവിന്ദപിള്ളയെ കൊച്ചയ്യപ്പന്റെ ആനക്കാരനായും നിയമിച്ച് മേലാവിൽനിന്ന് ഉത്തരവു വന്നു. തിരുമൂലംപിള്ളയ്ക്കും കൊച്ചയ്യപ്പനും ഇത് ഏറ്റവും സങ്കടകരമായിരുന്നു. എങ്കിലും നിവൃത്തിയിലായ്കയാൽ അവരതു സമ്മതിച്ചു. കൊച്ചയപ്പനു ഗോവിന്ദപിള്ളയോട് വിരോധമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അയാൾ പറയുന്നതുപോലെയൊന്നും അവൻ ചെയ്തിരുന്നില്ല. അതിനാൽ കാര്യം നടപ്പില്ലാതെയായിത്തീർന്നു. അതറിഞ്ഞു മേലാവിൽനിന്നു രണ്ടാനക്കാരെയും യഥാപൂർവ്വം ഒരു മാസത്തിനകം മാറ്റി നിയമിക്കുകയും കാര്യങ്ങളെല്ലാം മുറയ്ക്ക് മുമ്പിലത്തെപ്പോലെ നടന്നുതുടങ്ങുകയും ചെയ്തു.
പത്മനാഭൻ മരിച്ചതിന്റെശേ‌ഷം തിരുമൂലംപിള്ള പകലത്തെ പണികഴിഞ്ഞു തന്റെ വാസസ്ഥലത്തേക്കു പോകുമ്പോൾ കൊച്ചയപ്പനെ കൂടെ കൊണ്ടുപോയി തീറ്റ കൊടുത്ത് അവിടെ നിറുത്തുകയാണ് പതിവ്. കൊച്ചയ്യപ്പൻ ചെറുപ്പത്തിൽ റാന്നിയിൽ കർത്താവിന്റെ വാസസ്ഥലത്ത് എപ്രകാരമോ അപ്രകാരംതന്നെയാണ് തിരുമൂലംപിള്ളയുടെ വാസസ്ഥലത്തു താമസിച്ചിരുന്നത്. തിരുമൂലംപിള്ളയുടെ മക്കളും കൊച്ചയപ്പന്റെ അടുക്കൽ ചെന്നു കളിക്കുകയും അവൻ അവരെ കളിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടികൾചെന്നു കൊച്ചയപ്പന്റെ ചെവികളിലും തുമ്പിക്കയ്യിന്മേലും വാലിന്മേലും പിടിച്ചു തുങ്ങിയാലും അവൻ അവരെ ഉപദ്രവിക്കാറില്ല. ചിലപ്പോൾ കുട്ടികളുടെ ഉപദ്രവംകൊണ്ടു വേദന ഉണ്ടായാൽ കൊച്ചയ്യപ്പൻ അവരുടെ ചെവിക്കും തുടയ്ക്കും തുമ്പിക്കയ്യിന്റെഅഗ്രംകൊണ്ടും പിടിച്ചു തിരുമ്മും. എന്നാൽ കുട്ടികൾക്കു അതുകൊണ്ട് വലിയ വേദന ഉണ്ടാകാറുമില്ല.
തിരുമൂലംപിള്ളയ്ക്ക് ഒരിക്കലും കൊച്ചയ്യപ്പനെ അടിക്കേണ്ടിവന്നിട്ടില്ല. തിരുമൂലംപിള്ള പറയുന്നവ മാത്രമല്ല മനസ്സിൽ വിചാരിക്കുന്നവകൂടി കൊച്ചയപ്പൻ അറിഞ്ഞു വേണ്ടതുപോലെ ചെയ്യും. പിന്നെ അവനെ അടിക്കുന്നതെന്തിനാണ്? ഇന്ന സ്ഥലത്തു കുഴിയിൽ ഒരാന വീണിട്ടുണ്ട്; അതിനെക്കയറ്റാൻ നമുക്ക് അങ്ങോട്ടു പോകണം എന്നോ, അല്ലെങ്കിൽ ഇന്ന സ്ഥലത്ത് ഉത്സവമാണ്; അവിടെ എഴുന്നള്ളിപ്പിനു പോകണമെന്നോ പറഞ്ഞ് തിരുമൂലംപിള്ള പുറത്തുയറിക്കിടന്നുറങ്ങിയാൽ കൊച്ചയപ്പൻ മുമ്പു പോയിട്ടുള്ള സ്ഥലമാണെങ്കിൽ അവൻ അവിടെ എത്തിക്കൊള്ളും.ഇടയ്ക്കു വഴിക്കു സംശയം തോന്നിയാൽ അവിടെനിന്നു പതുക്കെ തിരുമൂലംപിള്ളയെ ഉണർത്തും. അയാൾ വഴി പറഞ്ഞുകൊടുത്താൽഅവൻ പിന്നേയും നടന്നുതുടങ്ങുകയും വേണ്ടുന്ന സ്ഥലത്തു ചെന്നുചേരുകയും ചെയ്യും. അങ്ങനെയാണ് പതിവ്. ഒരു കൊല്ലം ആറന്മുളക്ഷേത്രത്തിൽ ഉത്സവക്കാലത്ത് എഴുന്നള്ളിപ്പിനായി കൊച്ചയ്യപ്പനെ കൊണ്ടുപോയിരുന്നു. അവിടെ എണ്ണയ്ക്കാട്ടു കൊട്ടാരംവക ഒരു കൊമ്പനാനയും വന്നിരുന്നു. ആ ആനയ്ക്കു വെടിക്കെട്ടിനെക്കുറിച്ചു വളരെ ഭയമുണ്ടായിരുന്നു. വെടിയുടെ ശബ്ദം കേട്ടാൽ ആ ആന കൂക്കിവിളിച്ചുകൊണ്ട് ഓടും. അങ്ങനെയാണ് അതിന്റെ പതിവ്. അതിനാൽ ആ ആണ്ടിൽ പള്ളിവേട്ടനാൾ വെടിക്കെട്ട് ഇറക്കിയെഴുന്നള്ളിച്ചതിന്റെ ശേ‌ഷമായിരുന്നു. ഇറക്കിയെഴുന്നള്ളിച്ചതിന്റെ ശേ‌ഷം കൊച്ചയപ്പനെ മതിൽക്കകത്തു പടിഞ്ഞാറെ ഗോപുരത്തിനു വടക്കു വശത്തും കൊട്ടാരംവക ആനയെ കിഴക്കെ ഗോപുരത്തിനു തെക്കു വശത്തും കൊണ്ടു ചെന്നു നിറുത്തി. കൊച്ചയ്യപ്പനു വെടിക്കെട്ടു കേട്ടാൽ ഒരിളക്കവുമില്ല; അവൻ ജനങ്ങളെ ഉപദ്രവിക്കയുമില്ല. അതിനാൽ തിരുമൂലംപിള്ള അവന്റെയടുക്കൽ നിൽക്കാതെ ദൂരെമാറി വെടിക്കെട്ടുകാണാൻ തയ്യാറായി നിന്നു. കൊട്ടാരം വക ആനയുടെ അടുക്കൽ തോട്ടി, കുന്തം മുതലായ ആയുധങ്ങളോടുകൂടി രണ്ടാനക്കാരന്മാർ നിന്നിരുന്നു.
ആനയ്ക്കു കയ്യിനു വിലങ്ങുമിട്ടു. ഉടനെ വെടിക്കെട്ട് ആരംഭിച്ച്. കമ്പക്കോട്ട പൊട്ടിത്തുടങ്ങിയപ്പോൾ കൊട്ടാരംവക ആന അത്യുച്ചത്തിൽ ഒന്നുകൂകി. അപ്പോൾ മതിൽക്കകത്ത് അസംഖ്യം ജനങ്ങളുണ്ടായിരുന്നതിനാൽ അവിടെയുണ്ടായിരുന്ന ബഹളവും കോലാഹലവും ഇന്ന പ്രകാരമാണെന്നു പറയാൻ പ്രയാസംതന്നെ. കൊട്ടാരംവക ആനയുടെ ശബ്ദം കേട്ടക്ഷണത്തിൽ കൊച്ചയ്യപ്പൻ കിഴക്കെ നടയിലെത്തി ആ ആനയെ പിടികൂടി അതിന് ഇളകാൻ പാടില്ലാത്തവിധത്തിൽ അവിടെ നിറുത്തി വെടിക്കെട്ടു കഴിഞ്ഞു ജനങ്ങളെല്ലാം പിരിഞ്ഞതിന്റെ ശേ‌ഷമേ കൊച്ചയ്യപ്പൻ പിടിച്ചപിടി വിട്ടുള്ളു.
കൊച്ചയപ്പനും ചോറുവകയ്ക്കു സർക്കാരിൽനിന്ന് പ്രതിദിനം രണ്ടുപറ അഞ്ചിടങ്ങഴി അരി പതിവുവച്ചിട്ടുണ്ടായിരുന്നു. ആ അരി തിരുമൂലംപിള്ളയെ ഏല്പിച്ചുകൊടുക്കയാണ് പതിവ്. കോന്നിയിൽ കാട്ടുതീറ്റി ധാരാളമായിട്ടുണ്ടായിരുന്നതുകൊണ്ട് തിരുമൂലംപിള്ള തെങ്ങോല മുതലായവ ധാരാളമായി കൊടുത്തിരുന്നതിനാലും കൊച്ചയ്യപ്പൻ ഒരു പറ അരിയുടെ ചോറിലധികം തിന്നാറില്ല. ശേ‌ഷമുള്ള അരി തിരുമൂലംപിള്ള എടുക്കുകയാണ് പതിവ്. തിരുമൂലംപിള്ളയുടെ വീട്ടിൽ ഭാര്യയും മക്കളും മറ്റുമായി അനേകം പേരുണ്ടായിരുന്നു. അയാൾക്കുള്ള ശമ്പളംകൊണ്ട് എല്ലാവർക്കുംകൂടി ചെലവിന് മതിയാവുകയില്ലായിരുന്നു. പിന്നെ അയാൾ ഈ അരികൊണ്ടുകൂടിയാണ് കുടുംബം പുലർത്തിപ്പോന്നിരുന്നത്. ഈ പരമാർത്ഥമറിഞ്ഞു കല്യാണിയുടെ ആനക്കാരനായ ഗോവിന്ദപിള്ള പേരും ഒപ്പും കുടാതെ കൺസർവേറ്റർ സായ്പിന്റെ പേർക്ക് ഒരു കള്ളഹർജി എഴുതിയയച്ചു. ആ ഹർജിയിൽ കൊച്ചയ്യപ്പൻ ഒരു പറയരിയുടെ ചോറിലധികം തിന്നുകയില്ലെന്നും ശേ‌ഷമുള്ള അരി തിരുമൂലംപിള്ള അന്യായമായി അപഹരിക്കുകയാണെന്നും മറ്റും വിവരിച്ചിരുന്നു. ഹർജി കിട്ടീട്ടു മുന്നറിവുകൊടുക്കാതെ ഉടനെ പുറപ്പെട്ട് സായ്പ് കോന്നിയിലെത്തി. കാലത്ത് ആറുമണിക്കാണ് സായ്പ് അവിടെ എത്തിയത്. ഉടൻതിരുമൂലംപിള്ളയെ വിളിച്ചു കൊച്ചയ്യപ്പനു ചോറ് തന്നെക്കാൺകെ അരി അളന്നിട്ടു വച്ചുകൊടുക്കണമെന്നു സായ്പ് ചട്ടംകെട്ടി. അപ്രകാരം തിരുമൂലംപിളള സായ്പിന്റെ മുമ്പിൽവച്ചുതന്നെ ഇരുപത്തഞ്ചിടങ്ങഴി അരി അളന്നിട്ടുവച്ചു കൊച്ചയപ്പനു ചോറു കൊടുത്തു. അതിനിടയ്ക്ക് തിരുമൂലംപിള്ള കൊച്ചയപ്പന്റെ ചെവിയിൽ "മകനേ! ചതിക്കരുതേ; എന്റെ കുഞ്ഞുകുട്ടികൾക്കു പട്ടിണിയാക്കലേ" എന്നു സായ്പ്പ് കേൾക്കാതെ സ്വകാര്യമായി പറഞ്ഞു. കൊച്ചയപ്പൻ അതു കേട്ടു കാര്യം മനസ്സിലായി എന്നുള്ള ഭാവത്തിൽ തല കുലുക്കുകയും ചെയ്തു. കൊച്ചയപ്പൻ ആ ചോറു മുഴുവനും തിന്നതിന്റെ ശേ‌ഷം വിശപ്പടങ്ങിയില്ല എന്നുള്ള ഭാവത്തിൽ സായ്പിന്റെ മുമ്പിൽ ചെന്നുനിന്ന് ഉറക്കെ നിലവിളിച്ചു. സായ്പ് അഞ്ചെട്ടു പഴക്കുലകൂടി വരുത്തി കൊച്ചയപ്പനു കൊടുത്തു. അവൻ അതുമെല്ലാം വാങ്ങിത്തിന്നു. എന്നിട്ടും നല്ല തൃപ്തിയായ ഭാവമുണ്ടായിരുന്നില്ല. പിന്നെ സായ്പ് തിരുമൂലംപിള്ളയെ വിളിച്ചു കൊച്ചയ്യപ്പനെക്കൊണ്ടുപോയി അവനു വയർ നിറയത്തക്കവണ്ണം തെങ്ങോലയോ മറ്റോ കൊടുക്കാൻ ചട്ടംകെട്ടിയയച്ചു. അന്നുതന്നെ സായ്പ് അദ്ദേഹതിനു കിട്ടിയ ഹർജി തിരുമൂലംപിള്ളയുടെ വിരോധികളാരോ അയച്ച കള്ളഹർജിയാണെന്നു തീർച്ചപ്പെടുത്തുകയും കൊച്ചയ്യപ്പന് അഞ്ചിടങ്ങഴി അരി കൂട്ടി പ്രതിദിനം മൂന്നു പറ അരിയുടെ ചോറുവീതം കൊടുക്കുന്നതിനും അതിനുള്ള അരി യഥാപൂർവ്വം തിരുമൂലം പിള്ളയെത്തന്നെ ഏല്പിച്ചുകൊടുക്കുന്നതിനും ഏർപ്പാടുചെയ്യുകയും ചെയ്തു. അതിനാൽ ഗോവിന്ദപിള്ള ചെയ്ത ഉപദ്രവം തിരുമൂലംപിള്ളയ്ക്ക് ഉപകാരമായിത്തീർന്നു.
അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോൾ വൈക്കത്തു ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനു തക്കതായ ആനയൊന്നും ഇല്ലാതെ വരുകയാൽകൊച്ചയ്യപ്പനെ അവിടെ അയച്ചു നിറുത്തണമെന്ന് ഉത്തരവു വരുകയും അതനുസരിച്ച് അവനെ അങ്ങോട്ടയ്ക്കുകയും ചെയ്തു. അക്കൊല്ലംകോന്നിയിൽ തക്കതായ താപ്പാന ഇല്ലാതെയിരുന്നതുകൊണ്ട് കുഴിയിൽവീണ ആനകളിൽ മിക്കവയും കയറിപ്പൊയ്ക്കളയുകയും പിടിച്ചവയെ ത്തന്നെ കൂട്ടിലാക്കിയടയ്ക്കാൻ വളരെ പ്രയാസം നേരിടുകയും ചെയ്യുകയാൽ ആ വിവരങ്ങളെല്ലാം സായ്പ് എഴുതി അയയ്ക്കുകയും കൊച്ചയ്യപ്പനെ തിരിയെ കോന്നിയിൽത്തന്നെ വരുത്തി നിറുത്തിക്കൊള്ളുന്നതിന് ഉത്തരവുണ്ടാകയും ചെയ്തു. അതനുസരിച്ചു കൊച്ചയപ്പൻപിന്നെയും കോന്നിയിൽത്തന്നെ വന്നു ചേർന്നു. കൊച്ചയപ്പൻ കൊപ്പത്തിൽനിന്നു പിടിചു കൂട്ടിലാക്കി അടചിട്ടുള്ള ആനകൾക്കു കണക്കില്ല. അവൻ കുഴികളിൽനിന്നുതന്നെ എഴുനൂറിലധികം ആനയെ കയറ്റി കൂട്ടിലാക്കി അടച്ചിട്ടുണ്ട്. അവൻ അധികം ആനകളെ കൊന്നിട്ടുമില്ല. കൊച്ചയപ്പൻ ഒരു കാട്ടാനയെ ചങ്ങലകൊണ്ട് അടിച്ചും മറ്റൊന്നിനെ കുത്തിയും ഇങ്ങനെ രണ്ടാനകളെ കൊന്നിട്ടുള്ളതായി മുമ്പു പറഞ്ഞിട്ടുണ്ടലോ. അതു കൂടാതെ അവൻ ഒരാനയെക്കൂടി കൊന്നിട്ടുണ്ട്. ഒരിക്കൽ കോന്നിയിലുള്ള ആനക്കൂടുകളിൽ സ്ഥലം മതിയാകാതെ വരുകയാൽ പത്തനാപുരത്തും ചില ആനക്കൂടുകളുണ്ടാക്കി. കൊച്ചയ്യപ്പനും മറ്റൊരു താപ്പാനയും കൂടി ഒരു കാട്ടാനയെ കുഴിയിൽനിന്നു കയറ്റിക്കൊണ്ടുവന്ന് പത്തനാപുരത്തുള്ള കൂട്ടിലേക്ക് അടയ്ക്കാനായി പുറപ്പെട്ടു. ആ കാട്ടാന വലിയ പിണക്കക്കാരനായിരുന്നു. അതിനെകൊണ്ടുപോകാനുളള പ്രയാസംകൊണ്ടും വല്ല പ്രകാരവും കൂട്ടിലാക്കി അടച്ചാലും പിന്നീടു നാശങ്ങളുണ്ടാക്കിത്തീർത്തേക്കുമെന്നു തോന്നിയതി നാലും പിടിവിട്ടാൽ തന്നെതന്നെ അവൻ കുത്തിക്കൊന്നേക്കുമെന്നുള്ള ഭയം നിമിത്തവും കൊച്ചയ്യപ്പൻ ആ കാട്ടാനയെ വഴിക്കു വച്ചു കുത്തിക്കൊന്നുകളഞ്ഞു. അതു തിരുമൂലംപിള്ളയുടെ സമ്മതപ്രകാരമായിരുന്നു. കൊച്ചയപ്പനും കൂട്ടാനയും വി‌ഷമിക്കുന്നു എന്നു കണ്ടപ്പോൾ "എന്നാൽ കാച്ചിക്കള മകനേ!" എന്നു തിരുമൂലംപിള്ള പറഞ്ഞിട്ടാണ് കൊച്ചയപ്പൻ കുത്തിയത്. തിരുമൂലംപുള്ള പറയാതെ കൊച്ചയപ്പൻ സ്വമേധയാ അങ്ങനെയൊന്നും ചെയ്യാറില്ല.
ഇക്കഴിഞ്ഞ 1099-ാമാണ്ടു കർക്കടമാസത്തിൽ നാടുനീങ്ങിയ ശ്രീമൂലം തിരുനാൾ മഹാരാജവു തിരുമനസ്സുകൊണ്ട് ഒരിക്കൽ കൊല്ലത്ത് എഴുന്നള്ളിയിരുന്ന സമയം കൊച്ചയ്യപ്പനെ കാണുന്നതിനു കൽപിച്ചാവശ്യപ്പെട്ടപ്രകാരം എഴുതിച്ചെല്ലുകയാൽ തിരുമൂലംപിള്ള അവനെ കൊല്ലത്തുകൊണ്ടുചെന്നു തിരുമുമ്പാകെ ഹാജരാക്കി. തിരുമുമ്പാകെച്ചെന്ന ഉടനെ തുമ്പിക്കയ്യിൽ മടക്കിപ്പിടിച്ചിരുന്ന ഒരു കടലാസ് തിരുമുമ്പാകെ വച്ചിട്ടു മുട്ടുകുത്തി തലകുനിച്ചു നമസ്കരിച്ചു. ഉടനെ എഴുന്നേറ്റു തിരുമുമ്പാകെനിന്നു. തിരുമനസ്സുകൊണ്ട് ആ കടലാസു തൃക്കയ്യിലെടുത്തു തൃക്കൺപാർത്തു. അത് ഒരു ഹർജിയായിരുന്നു. അതിന്റെ സാരം. "അടിയന് ആകാമായിരുന്ന കാലത്തെല്ലാം തിരുമനസ്സിലെ ഗവർമ്മെണ്ടിലേക്ക് നഷ്ടം നേരിടാത്ത വിധത്തിലും ആദായമുണ്ടാകത്തക്കവണ്ണവും മടിയും വ്യാജവും കൂടാതെ യഥാശക്തി അടിയൻ വേലചെയ്തിട്ടുണ്ട്. ഇപ്പോൾ അടിയനു പ്രായാധിക്യം നിമിത്തമുള്ള ക്ഷീണംകൊണ്ടു വേലചെയ്‌വാൻ നിവൃത്തിയില്ലാതെ ആയിരിക്കുന്നു. അതിനാൽ വേല വിടുർത്തി പെൻ‌ഷൻ തരുന്നതിനു സദയം കൽപനയുണ്ടാകണമെന്നു സവിനയം അപേക്ഷിച്ചുകൊള്ളുന്നു." എന്നായിരുന്നു. കൊച്ചയപ്പന് ഇത് എഴുതിക്കൊടുത്തത് ആരാണെന്നും മറ്റും അന്വേ‌ഷിക്കാതെ തന്നെ തിരുമനസ്സുകൊണ്ട് അവനു പെൻ‌ഷൻ കൊടുക്കാൻ സസന്തോ‌ഷം കൽപ്പിച്ചനുവദിച്ചു. കൊച്ചയ്യപ്പനെക്കൊണ്ടു മേലാൽ യാതൊരു വേലയും ചെയ്യിച്ചുപോകരുതെന്നും അവനു പതിവുള്ള ചോറും മറ്റു തീറ്റികളും ശരിയായി കൊടുത്തുകൊള്ളണമെന്നും അവനെ മേലാൽ ആറന്മുളെ നിറുത്തി രക്ഷിച്ചുകൊള്ളണമെന്നും രണ്ടുനേരവും ആറ്റിൽ കൊണ്ടുപോയി കുളിപ്പിക്കണമെന്നും ചോറു കൊടുക്കുന്നതിനും മറ്റും നേരനീക്കം വരുത്തരുതെന്നും മറ്റുമായിരുന്നുകൽപ്പന. ഇങ്ങനെ ഒരു കൽപ്പന തിരുവിതാംകൂറിൽ മറ്റൊരാനയെക്കുറിച്ചും ഉണ്ടായിട്ടുള്ളതായി കേട്ടു കേൾവിപോലുമില്ല. ഈ കൽപ്പന ഉണ്ടായ കാലംമുതൽ കൊച്ചയപ്പന്റെ താമസം ആറന്മുളയായിരുന്നു.
അവിടെവച്ചു തന്നെ അവൻ വിശേ‌ഷിച്ചു യാതൊരു കാരണവും കൂടാതെ അനായാസേന ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. അത് കൊല്ലം 1086-ആമാണ്ടു കുംഭമാസത്തിൽ കൊച്ചയപ്പന്റെ 103-ആമത്തെ വയസ്സിലായിരുന്നു. കൊച്ചയ്യപ്പനെക്കുറിച്ച് ഇനിയും പല കഥകൾ പറയാനുണ്ട്. പക്ഷേ, ഇക്കാലത്തുള്ള ചില ചെറുപ്പക്കാർക്ക് അവയെല്ലാം ഒരുവക അതിശയോക്തികളാണെന്നു തോന്നിയേക്കാമെന്നു വിചാരിച്ചാണ് അധികം വിസ്തരിക്കാതെ ചുരുക്കത്തിൽ പറഞ്ഞു തീർത്തത്. കൊച്ചയപ്പൻകുഴിയിൽ വീണ കാലം മുതൽ കണക്കാക്കുകയാണെങ്കിൽ അവന് അനേകം ആനക്കാരന്മാരുണ്ടായിട്ടുണ്ടെന്നും പറയാം. എങ്കിലും അവന്റെ അമ്പതാമത്തെ വയസ്സുമുതൽ അവസാനകാലംവരെ അവന്റെ രക്ഷകനായി ഇരുന്നിട്ടുള്ളതു തിരുമൂലംപിള്ളതന്നെയാണ്.

തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ

തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
തൃപ്പൂണിത്തുറക്ഷേത്രത്തിലെ ഉത്സവങ്ങൾ

ന്താനഗോപാലമൂർത്തിയായ തൃപ്പൂണിത്തുറയപ്പന്റെ ക്ഷേത്രത്തിൽ ചിങ്ങം, വൃശ്ചികം, കുംഭം ഈ മാസങ്ങളിലായി ആണ്ടുതോറും മൂന്ന് ഉത്സവങ്ങൾ വീതമാണ് നടത്തിവരുന്നത്. ഇവയിൽ പ്രസിദ്ധിയും പ്രാധാന്യവും കേമത്തവുമെല്ലാം വൃശ്ചികമാസത്തിലെ ഉത്സവത്തിനാണ്. "തൃപ്പൂണിത്തുറയപ്പന്റെ ഉത്സവം" എന്നുള്ള പേരും ആ ഉത്സവത്തിനു മാത്രമേ ഉള്ളു. ആ ഉത്സവം മുമ്പിനാലേ ഉള്ളതാണ്. മറ്റുള്ള ഉത്സവങ്ങൾ രണ്ടും മുമ്പിനാലേ ഉള്ളവയല്ല. അവ ഇടക്കാലത്ത് ചില കാരണങ്ങളാൽ ഉണ്ടായിട്ടുള്ളവയാണ്.
ചിങ്ങമാസത്തിലെ ഉത്സവത്തിന് "മൂശാരിയുടെ ഉത്സവം" എന്നാണ് പേരു പറയുന്നത്. അ ഉത്സവത്തിന് അങ്ങനെ പേരുവാരാനുള്ള കാരണം താഴെപ്പറയുന്നു.
പണ്ടൊരിക്കൽ തൃപ്പൂണിത്തുറയപ്പന്റെ ബിംബത്തിനു കേടു സംഭവിക്കുകയാൽ ബിംബം മാറി പ്രതിഷ്ഠിക്കേണ്ടതായിവന്നു. അതിലേക്ക് ഒരു ബിംബം വാർക്കുന്നതിനായി ഒരു മൂശാരിയെ ഏല്പിച്ചു. പഞ്ചലോഹങ്ങൾ (സ്വർണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ഇരുമ്പ്) ചേർത്താണ് ബിംബം വാർക്കുവാൻ ഏർപ്പാട് ചെയ്തത്. മൂശാരി ലോഹങ്ങളെല്ലാം കൂട്ടിയുരുക്കി വാർത്തിട്ട് എല്ലാ ലോഹങ്ങളും ഒരുപോലെ ഉരുകിച്ചേർന്നില്ല. രണ്ടുമൂന്നു പ്രാവശ്യം ഉരുക്കി വാർത്തിട്ടും ശരിയാകായ്കയാൽ മൂശാരി വല്ലാതെ വി‌ഷണ്ണനായിത്തീർന്നു. ഒടുക്കം അദ്ദേഹം ഭക്തിപൂർവ്വം ഭഗവാനെ ദൃടന്മമായി സ്മരിച്ച്, "കൂടുകൂടെന്റെ തൃപ്പൂണിതുറയപ്പാ!" എന്നു പറഞ്ഞുകൊണ്ട് വാർത്തപ്പോൾ എല്ലാം ശരിയായി കൂടിചേരുകയും ആ ബിംബത്തിൽ ആ മൂശാരിയും കൂടിച്ചേർന്നു പോവുകയും ചെയ്തു. അങ്ങനെ ഭഗവത്ഭക്തനായ ആ മൂശാരിക്ക് സായൂജ്യം സിദ്ധിച്ചതിന്റെ സ്മാരകമായി ഒരുത്സവംകൂടിത്തുടങ്ങി. അതിനാൽ ആ ഉത്സവത്തെ "മൂശാരിയുടെ ഉത്സവം" എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നു.
ഇനി കുംഭമാസത്തിൽ ഉത്സവുമുണ്ടായതിന്റെ കാരണം പറയാം.
കുംഭമാസത്തിലെ ഉത്സവത്തിനു "നങ്ങ(കന്യ)പ്പെണ്ണിന്റെ ഉത്സവം" എന്നാണ് പേരു പറഞ്ഞുവരുന്നത്. പണ്ടൊരിക്കൽ ഏകാദശി (ഉദയമ്പേരൂർ) വടക്കേടത്തു നമ്പൂരിയുടെ ഇല്ലത്ത് അന്തർജനം പ്രസവിച്ച് ഒരു പെൺകുട്ടിയുണ്ടായി. ആദ്യമായിട്ടുണ്ടായ ആ കുട്ടിയിൽ അതിന്റെ മാതാപിതാക്കന്മാർക്ക് അപരിമിതമായ വാത്സല്യമുണ്ടായിരുന്നു. ചില നമ്പുരിമാർക്ക് പെൺകുട്ടികളെക്കുറിച്ച് വാത്സല്യമുണ്ടായിരിക്കാറില്ല. അവരെ വിവാഹം കഴിച്ചുകൊടുക്കാനുള്ള ബുദ്ധുമുട്ടു വിചാരിച്ചിട്ടോ എന്തോ, "കന്യാപിതൃത്വം ബഹു ദുഃഖഹേതുഃ" എന്നാണ് അവർ വിചാരിക്കുകയും പറയുകയും ചെയ്യുന്നു. അതു മനു‌ഷ്യത്വമല്ലെന്നാണ് ചിലരുടെ അഭിപ്രായം. ചിലർക്ക് ആൺകുട്ടികളെക്കുറിച്ചുള്ളതിലധികം വാത്സല്യം പെൺകുട്ടികളെക്കുറിചായിട്ടും കാണുന്നുണ്ട്. "പ്രായശോ മാനവാനാം മകളരിൽ മുകളേറും പക്ഷപാതാതിരേകം" എന്നുണ്ടല്ലോ. വടക്കേടത്തു നമ്പൂരിയും ഇക്കൂട്ടത്തിലുള്ള ആളായിരുന്നു.
ആ പെൺകുട്ടിക്ക് ജാതകവശാൽ പന്ത്രണ്ടു വയസ്സു കഴിയുന്നതു വരെ വലിയ ഗ്രഹപ്പിഴയാണെന്നും തദ്ദോ‌ഷപരിഹാരാർത്ഥം ആ കാലം കഴിയുന്നതുവരെ കുട്ടിയെ പതിവായി തൃപൂണിത്തുറ ക്ഷേത്രത്തിൽ കൊണ്ടുപോയി സ്വാമിദർശനം കഴിപ്പിക്കണമെന്നുമുണ്ടായ ജ്യോൽസ്യവിധിപ്രകാരം ആ കുട്ടിയെ ആറാം മാസത്തിൽ അതിന്റെ അന്നപ്രാശനം കഴിഞ്ഞപ്പോൾ മുതൽ പതിവായി തൃപ്പുണിത്തൂറെക്കൊണ്ടു പോയി തൊഴീച്ചിരുന്നു. അങ്ങനെ ശൈശവകാലം മുതൽ ശീലിച്ചുവന്നതിനാൽ കൗമാരക്കാലമായപ്പോൾ ആ കുട്ടിക്ക് തൃപ്പൂണിത്തുറെ സ്വാമിദർശനത്തിനു പോകുന്ന കാര്യത്തിൽ വളരെ സന്തോ‌ഷവും ശ്രദ്ധയും നിർബന്ധവുമുണ്ടായിത്തീർന്നു. ഒടുക്കം ആ കന്യക തൃപ്പൂണിത്തുറയപ്പനെ ത്തൊഴാതെ ജലപാനം കഴിക്കയില്ലെന്ന് തീർച്ചപ്പെടുത്തുകയും നിർവിഘ്നം അത് അങ്ങനെതന്നെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.
അങ്ങനെ ആ കന്യകയ്ക്ക് പന്ത്രണ്ടു വയസ്സു കഴിഞ്ഞു. അതുവരെ ആ ബ്രാഹ്മണകുമാരിക്ക് യാതൊരു സുഖക്കേടുമുണ്ടായിരുന്നില്ല. ഇതിനിടയ്ക്ക് അച്ഛൻനമ്പൂരിക്ക് ആണായിട്ടും പെണ്ണായിട്ടും മൂന്നുനാലു കുട്ടികൾ കൂടിയുണ്ടാവുകയും എലാം തൃപ്പൂണിത്തുറയപ്പന്റെ കാരുണ്യംകൊണ്ടെന്ന് വിശ്വസിച്ച് ആ ബ്രാഹ്മണകുടുംബക്കാർ സന്തോ‌ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ജ്യോത്സ്യന്മാർ പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞുകൂടിയതിനാൽ ഇനി ഈ കന്യകയ്ക്ക് ആപത്തൊന്നുമുണ്ടാവുകയില്ലെന്ന് അവിടെയെല്ലാവരും തീർച്ചയാക്കി. എങ്കിലും കന്യക തന്റെ സ്വാമിദർശനം പിന്നെയും വിഘ്നം കൂടാതെ നടത്തിക്കൊണ്ടുതന്നെയിരുന്നു.
അങ്ങനെയിരിക്കുന്ന കാലത്ത് കന്യകയെ വിവാഹം കഴിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെടുകൊണ്ട് ഒരു നമ്പൂരി വന്നുചേർന്നു. അദ്ദേഹം സമ്പത്തുകൊണ്ടും സന്ദൗര്യംകൊണ്ടും ആഭിജാത്യംകൊണ്ടും എന്നു വേണ്ടാ, എല്ലാംകൊണ്ടും ഈ കന്യകയ്ക്ക് അനുരൂപനായിരുന്നതിനാൽ അച്ഛൻനമ്പൂരി ജ്യോത്സ്യന്മാരെ വരുത്തി, വധുവരന്മാരുടെ ജാതകങ്ങൾ നോക്കിക്കുകയും ജാതകം ചേരുമെന്നു ജ്യോത്സ്യന്മാർ സമ്മതിക്കുകയും കാര്യം തീർച്ചപ്പെടുത്തി വിവാഹത്തിനു മുഹൂർത്തം നിശ്ചയിക്കുകയും ചെയ്തു.
ഈ വർത്തമാനമറിഞ്ഞപ്പോൾ ആ കന്യകയ്ക്കുണ്ടായ വ്യസനം അതിദുസ്സഹമായിരുന്നു. വേളി കഴിക്കാൻ വന്ന നമ്പൂരി ദൂരസ്ഥനാകയാൽ തന്റെ മാതാപിതാക്കന്മാരെ പിരിഞ്ഞുപോകണമല്ലോ എന്നു വിചാരിച്ചല്ല ആ പെൺകിടാവു ദുഃഖിച്ചത്. അതിനെക്കുറിച്ച് ആ സാധുശീല ഓർത്തോ എന്നുതന്നെ സംശയമാണ്. വേളി നിശ്ചയിച്ചു എന്നറിഞ്ഞപ്പോൾതന്നെ തന്റെ സ്വാമിദർശനം മുടങ്ങുമല്ലോ എന്നുള്ള വിചാരമാണ് ആ പെൺകുട്ടിക്കുണ്ടായത്. അതു നിമിത്തമുണ്ടായ ദുസ്സഹദുഃഖം മനസ്സിലൊതുക്കിക്കൊണ്ട് ആ കന്യക തന്റെ പതിവു പിന്നെയും മുട്ടിക്കാതെ നടത്തിക്കൊണ്ടിരുന്നു.
ആ കന്യക വേളിയുടെ തലേ ദിവസം തൊഴാനായി നടയിൽ ചെന്ന സമയം വ്യസനം സഹിക്കവയാതെ പൊട്ടിക്കരഞ്ഞുകൊണ്ട്, "എന്റെ തൃപ്പൂണിത്തുറയപ്പാ, ഞാനിനി എന്നാണ് എന്റെ സ്വാമിയെക്കണ്ടു തൊഴുന്നത്? നാളെക്കാലത്ത് എന്റെ വേളിയായി. അതു കഴിഞ്ഞാലുടനെ എന്നെക്കൊണ്ടുപോവുകയും ചെയ്യും. എന്റെ തൊഴലും മുട്ടും. പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതെന്തിനാണ്? എന്റെ സ്വാമിദർശനം മുടങ്ങീട്ടു ജീവിച്ചിരിക്കുന്നതിനെക്കാൾ നല്ലതു മരിക്കുകതന്നെയാണ്. എന്റെ ഭഗവാനേ, ഇതിനൊരു നിവൃത്തിയുണ്ടാക്കിത്തരണേ" എന്നിങ്ങനെ മനസ്സിൽ വിചാരിച്ചു ഭക്തിയോടുകൂടി തൊഴുതുംകൊണ്ടു നിന്നു. ആ സമയം തൃപ്പൂണിത്തുറെയപ്പൻ കൈനീട്ടി തന്നെ ശ്രീകോവിലകത്തേക്കു വിളിക്കുന്നതായി നങ്ങയ്ക്കു (കന്യകയ്ക്കു) തോന്നി. ഉടനെ ആ പെൺകിടാവ് അകത്തേക്കു കയറിചെലുകയും ആ വിഗ്രഹം കൈനീട്ടി ആ കന്യകയെപ്പിടിച്ച് തന്റെ മാറോടണയ്ക്കുകയും ആ സമയമുണ്ടായ പരമാനന്ദത്തോടുകൂടി കന്യക ആ ബിംബത്തെ മുറുകെ കെട്ടിപ്പിടിക്കുകയും ആ ബിംബത്തോടുച്ചേർന്ന് അദൃശ്യയായി ഭവിക്കുകയും ചെയ്തു. ദേവസായൂജ്യം സിദ്ധിച്ച ആ കന്യകയുടെ വളകൾ, മോതിരങ്ങൾ മുതലായ ആഭരണങ്ങൾ ബിംബത്തിന്റെ പീഠത്തിന്മേൽ കിടന്നിരുന്നതു ശാന്തിക്കാരൻ എടുത്തു ദേവസ്വത്തിലേല്പിച്ചു. അവ ഇപ്പോഴും അവിടെ ഭണ്ഡാരത്തിലിരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
ആ കന്യകയുടെ (നങ്ങപ്പെണ്ണിന്റെ) സ്മാരകമായി നടത്തിവരുന്ന താകയാലാണ് കുംഭമാസത്തിലെ ഉത്സവത്തിനു "നങ്ങപ്പെണ്ണിന്റെ ഉത്സവം" എന്നു നാമം സിദ്ധിച്ചത്. ഈ ഉത്സവകാല ഒരു ദിവസം വടക്കേടത്തു നമ്പൂരിയുടെ ഇലത്തു തൃപ്പൂണിത്തുറയപ്പനെ എഴുന്നള്ളിച്ചുകൊണ്ട് പോവുക ഇപ്പോഴും പതിവുണ്ട്. ആ ദിവസം ആ ഇലത്തു കേമമായി സദ്യ നടത്തുകയും ഇല്ലത്തുള്ളവർ തൃപ്പൂണിത്തുറയപ്പനെ മോതിരമിടുവിക്കുക, തൃപ്പൂണിത്തുറയപ്പന്റെ വകയായി ആ ഇല്ലത്തുള്ളവർക്കൊക്കെ ഓണപ്പുടവ കൊടുക്കുക മുതലായി അനേകം ചടങ്ങുകൾ ഈ ഉത്സവം സംബന്ധിച്ചു ഇപ്പോഴും നടന്നുവരുന്ന സ്ഥിതിക്ക് ഈ ഐതിഹ്യം കേവലം അടിസ്ഥാനരഹിതമാണെന്നു വിചാരിക്കാൻ പാടില്ലല്ലോ.

ഐതിഹ്യമാല/കൊടുങ്ങല്ലൂർ വസൂരിമാല

ഐതിഹ്യമാല/കൊടുങ്ങല്ലൂർ വസൂരിമാല

രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
കൊടുങ്ങല്ലൂർ വസൂരിമാല

മേലെഴുതിയിരിക്കുന്ന പേർ കൊടുങ്ങല്ലൂർ വെളിച്ചപ്പാട് എന്നു പറഞ്ഞു ഭിക്ഷയ്ക്കു നടക്കുന്നവർ പറഞ്ഞെങ്കിലും കേട്ടിട്ടില്ലാത്തവർ കേരളത്തിൽ അധികമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ അതാരാണെന്നും ആ മൂർത്തിയുടെ ഉത്ഭവം ഏതു പ്രകാരമാണെന്നും മറ്റും അറിഞ്ഞിട്ടുള്ളവർ ചുരുക്കമാണെന്നാണ് തോന്നുന്നത്. അതിനാൽ വസൂരീമാലയുടെ ഒരു വിവരണം അനാവശ്യമാവുകയില്ലെന്നു കേവലം വിശ്വസിക്കുന്നു.
തെലോക്യകണ്ടകനായി ദാരുകൻ എന്നൊരസുരനുണ്ടായിരുന്നു എന്നും അവനെ നിഗ്രഹിക്കുന്നതിനായി ശ്രീപരമേശ്വരന്റെ മൂന്നാം തൃക്കണ്ണിൽ നിന്നു ആദിപരാശക്തി ഭദ്രകാളി രൂപത്തിൽ അവതരിക്കുകയും സപ്തമാതാക്കളുമായുണ്ടായ യുദ്ധത്തിൽ ശ്രീഭദ്ര അവനെ വധിക്കുകയും ചെയ്തുവെന്നും മുറ്റുമുള്ള കഥ മാർക്കണ്ഡേയ പുരാണത്തിൽ അന്തർഭൂതമായ ഭദ്രാൽപ്പത്തിപ്രകരണം വായിച്ചു മറ്റും എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ആ ദാരുകന്റെ ഭാര്യ മയാസുരന്റെ പുത്രിയായ മനോദരി എന്ന സുന്ദരിയായിരുന്നു. ദാരുകൻ ഭദ്രകാളിയുമായുള്ള യുദ്ധത്തിൽ മരിച്ചുപോകുമെന്ന് ഏകദേശം തീർച്ചയായപ്പോൾ മനോദരി കൈലാസസമീപത്തിങ്കൽ ചെന്നു പരമശിവനെ സങ്കൽപ്പിച്ചു കഠിനമായ തപസ്സുതുടങ്ങി. അവൾ വളരെക്കാലം തപസ്സുചെയ്തിട്ടും ഭഗവാൻ പ്രസാദിക്കുകയോ അവൾക്കു വല്ല വരവും കൊടുക്കുകയോ ചെയ്തില്ല. അതിനാൽ ശ്രീപാർവ്വതി "അല്ലയോ ഭഗവാനേ! പ്രാണനാഥാ! ഈ സ്ത്രീ ഭഗവാനെക്കുറിച്ച് അവളുടെ അഭീഷ്ടങ്ങളെക്കൊടുത്തയയ്ക്കാത്തതെന്താണ്?" എന്നു ചോദിച്ചു. ശ്രീപരമേശ്വരൻ: " അല്ലയോ ഭദ്ര! പ്രാണപ്രിയേ! ഇവൾ ഏറ്റവും ദുഷ്ടയാണ്. ഇവളുടെ ഭർത്താവായ ദാരുകാസുരനു ബ്രഹ്മാവു വേണ്ടുന്ന വരങ്ങളെല്ലാം കൊടുക്കുക നിമിത്തം അവൻ തെലോക്യവാസികളെ എത്രമാത്രം ഉപദ്രവിച്ചു എന്നുള്ളത് ഭവതിക്കുമറിയാമല്ലോ.
ഇവളുടെ ഇഷ്ടപ്രകാരമുള്ള വരം ഞാൻ കൊടുക്കുകയാണെങ്കിൽ ഇവളും ലോകോപദ്രവകാരിണിയായിത്തീരും. അതിനാലാണ് ഞാൻ ഇവൾക്കു വരമൊന്നും കൊടുക്കാതെയിരിക്കുന്നത്. ദാരുകനെ ഇപ്പോൾ നമ്മുടെ പുത്രിയായ ഭദ്രകാളി നിഗ്രഹിച്ചിരിക്കും.
അവന്റെ ഉപദ്രവം തീർന്നപ്പോഴേക്കും മറ്റൊരു ഉപദ്രവം ഉണ്ടാക്കിവച്ചു എന്നു വരുതുന്നതു കഷ്ടമാണല്ലോ. ശ്രീപാർവതി, "അതൊക്കെ ശരിതന്നെ. എങ്കിലും ആശ്രയിക്കുന്നവരെ അനുഗ്രഹിക്കാതിരിക്കുന്നതും കഷ്ടമാണല്ലോ. ഇവളുടെ ഭർത്താവിനെ നമ്മുടെ പുത്രി നിഗ്രഹിച്ചുവെങ്കിൽ ഇവളിപ്പോൾ അനാഥയായ ഒരു വിധവയായി തീർന്നിരിക്കുന്നു. ഇവളെ അവിടുന്ന് അനുഗ്രഹിക്കാത്തപക്ഷം ഇവൾക്കു ഇനി ആരാണ് ഒരു ശരണം? അതിനാൽ എന്തെല്ലാമായാലും അവിടുന്നു ഇവളെ അനുഗ്രഹിച്ചയയ്ക്കണം" എന്നു പറഞ്ഞു. ഇപ്രകാരം ശ്രീ പാർവതിയുടെ നിർബന്ധം നിമിത്തം ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ ദേഹത്തിലെ വിയർപ്പുതുള്ളികൾ വടിച്ചെടുത്തു കൊടുത്തിട്, "നീ ഇതു കൊണ്ടുപോയി മനു‌ഷ്യരുടെ ദേഹതിൽ തളിക്കുക. നിനക്കു വേണ്ടുന്നതെല്ലാം മനു‌ഷ്യർ തരും" എന്നരുളിച്ചെയ്തു മനോദരിയെ അയച്ചു.
മനോദരി ഇപ്രകാരം ഭഗവാന്റെ അനുഗ്രഹം വാങ്ങിക്കൊണ്ടു കൈലാസത്തിങ്കിൽ പുറപ്പെടു. മദ്ധ്യേമാർഗ്ഗം അവൾ ഭദ്രകാളിയെക്കണ്ടു. ഭദ്രകാളി ദാരുകനെ കൊന്ന് അവന്റെ ശിരസ്സു മുറിച്ചെടുത്ത് ഇടതുകൈയിൽ വഹിച്ചു കൊണ്ടും വേതാളിയുടെ കഴുത്തിൽ കയറി ശിവഭൂതഗണങ്ങളോടുകൂടി ജയഭേരി മുഴക്കിച്ചുകൊണ്ടും ആർത്തിവിളിച്ചുകൊണ്ടും കൈലാസത്തിങ്കലേക്കുള്ള വരവായിരുന്നു. ഈ ഘോ‌ഷയാത്ര കണ്ടിട്ട് മനോദരിക്ക് വളരെ കോപമുണ്ടാകുകയും ചെയ്തു. ഈ ദുഷ്ട എന്റെ ഭർത്താവിനെ കൊന്നുവല്ലോ. അതിനാൽ ഇത് ആദ്യം ഇവളിൽത്തന്നെ പ്രയോഗിക്കാം എന്നു വിചാരിച്ചു മനോദരി ശ്രീപരമേശ്വരൻ കൊടുത്ത വിയർപ്പുതുള്ളിയിൽ നിന്ന് സ്വല്പമെടുത്തു ഭദ്രകാളിയുടെ ദേഹത്തിൽ തളിച്ചു. ഉടനെ ഭഗവതിയുടെ ദേഹത്തിലെല്ലാം വസൂരി കുരുക്കൾ പുറപ്പെട്ടു. പനി, തലവേദന തുടങ്ങിയ
സുഖക്കേടുകൾ കൊണ്ടു മഹാദേവി
പരവശയായിത്തീർന്നു വഴിയിൽ ത്തന്നെ കിടപ്പായി. ഉടനെ ഭൂതഗണങ്ങളിൽ ചിലർ ഓടിച്ചെന്നു വിവരം മഹാദേവന്റെ അടുക്കൽ ഉണർത്തിച്ചു. അതുകേട്ടു
കോപാകുലനായ  ഭഗവാന്റെ കണ്ഠത്തിൽ നിന്നും കർണം വഴി  ഒരു ഭയങ്കരമൂർത്തി
ഉത്ഭവിച്ചു. ഉടനെ ഭഗവാൻ ആ തനുജനെ അടുക്കൽ വിളിച്ചു. " ഞാൻ നിനക്കു കണ്ഠാകർണ്ണൻ എന്നു പേരിട്ടിതിക്കുന്നു. നീ ക്ഷണത്തിൽ പോയി നിന്റെ സഹോദരിയുടെ അവശത തീർത്തു വരണം. അവൾ ഏറ്റവും പരവശയായി വഴിയിൽ കിടക്കുന്നു എന്നരുളിച്ചെയ്തു.
ഉടനെ ഘണ്ടാകർണ്ണൻ ശ്രീ പരമേശ്വരന്റെ പാദങ്ങളിൽ വീണു നമസ്കരിച്ച് അനുഗ്രഹവും വാങ്ങിക്കൊണ്ട് പുറപ്പെട്ടു. കുറെ ദൂരം ചെന്നപ്പോൾ പരവശയായി വഴിയിൽ കിടന്നിരുന്ന ഭദ്രകാളിയെ കണ്ടിട്ട് ആ ശിവപുത്രൻ ഭദ്രകാളിയുടെ പാദം മുതൽ നക്കി കുരുക്കളെല്ലാം തിന്നൊടുക്കി. ഒടുക്കും മുഖത്തു നക്കാനായി ഭാവിച്ചപ്പോൾ ഭദ്രകാളി മുഖം തിരിച്ചുകൊണ്ട് "നീ എന്റെ സഹോദരനാണല്ലോ. മുഖത്തോടുമുഖം ചേർക്കുക ശരിയായിട്ടുള്ളതല്ല. അതിനാൽ മുഖത്തുള്ള കുരുക്കൾ എന്നും എനിക്ക് ഭൂ‌ഷണമായിരിക്കട്ടെ. ശേ‌ഷമുണ്ടായിരുന്നതെല്ലാം പോയപ്പോൾത്തന്നെ എനിക്കു സുഖമായിക്കഴിഞ്ഞു." എന്നരുളിച്ചെയ്തു. ഉടനെ ഭഗവതി ചുഴലവും നോക്കിയപ്പോൾ പേടിച്ചുവിറച്ചു ദൂരെ മാറി നോക്കിക്കൊണ്ടു നിന്നിരുന്ന മനോദരിയെ കണ്ടിട്ട് അവളെ പിടിചു കൊണ്ടുവരുന്നതിനു ഘണ്ടാകർണ്ണനോട് കല്പിച്ചു. ഘണ്ടാകർണ്ണൻ മനോദരിയെ പിടിച്ചു ഭദ്രകാളിയുടെ അടുക്കൽ കൊണ്ടുചെന്നു. പരാശക്തി തന്റെ വാൾ കൊണ്ട് അവളുടെ കണ്ണും ചെവിയും കാലും ചേദിച്ചിട്ട്, "നീ ഇനി കണ്ടും, കേട്ടും ഓടിയും ചെന്നു മനു‌ഷ്യരെ ഉപദ്രവിക്കരുത്. നിന്റെ മനോദരിയെന്നുള്ള പേരിനെ മാറ്റി നിനക്കു ഞാൻ "വസൂരി" എന്നു പേരിട്ടിരിക്കുന്നു. ഇനി നീ എന്നും എന്റെ ആജ്ഞാകാരണിയായി പാർത്തുകൊള്ളുക" എന്നരുളിച്ചെയുകയും അവളെക്കൂടി തന്റെ ശിവഭൂതഗണങ്ങളുടെ കൂട്ടതിൽ കൈലാസത്തിങ്കലേക്ക് കൊണ്ടുപോവുകയും ചെയ്തു.
വസൂരിമാല ബാധിച്ചിട്ടാണ് വസൂരീ, ചിക്കൻപോക്സ് പോലെയുള്ള 
പകർച്ച വ്യാധിയുണ്ടാകുന്നതെന്നും ഭദ്രകാളിക്കു വിരോധമുണ്ടാകുന്ന കാലങ്ങളിലാണ് ഈ ദേവത മനു‌ഷ്യരെ ബാധിക്കുന്നതെന്നുമാണ് പണ്ടുകാലത്തെ ചിലരുടെ വിശ്വാസം. വസൂരിമാലയ്ക്ക് കണ്ണും ചെവിയും കാലുമില്ലല്ലോ. അതിനാൽ ആ ദേവത മണം പിടിച്ചും നിരങ്ങിയും ചെന്നാണ് മനു‌ഷ്യരെ ബാധിക്കുന്നതെന്നും അതുകൊണ്ടാണ് അടുത്ത സ്ഥലങ്ങളിൽ വസൂരിയുള്ളപ്പോൾ കടുകു വറുക്കുകയും പപ്പടം കാച്ചുകയും മറ്റും ചെയ്യരുതെന്നു പറയുന്നതെന്നും ചിലർ പറയുന്നു.
പ്രശ്നക്കാർ പറയുന്നത് വസൂരി, ചിക്കൻപോക്സ്, മീസിൽസ് തുടങ്ങിയ പകർച്ചവ്യാധികൾ എന്നിവ ചൊവ്വാ സംബന്ധമായ രോഗങ്ങളാണെന്നും ചൊവ്വയുടെ ദോഷം കൊണ്ടാണ് അതുണ്ടാകുന്നതെന്നുമാണല്ലോ. യുഗ്മരാശിയിലെ ചൊവ്വായെ കൊണ്ട് നിർദ്ദേശിക്കുന്നതും ഭദ്രകാളിയെ ആണല്ലോ. എന്നാൽ വൈദ്യന്മാർ പറയുന്നത് വസൂരിയും ത്രിദോ‌ഷങ്ങൾ കോപിച്ചിട്ടുണ്ടാകുന്ന മറ്റു രോഗങ്ങളെപ്പോലെ തന്നെ ഒന്നാണെന്നാണ്. രോഗങ്ങൾ എല്ലാം തന്നെ പകരുന്നതാണെന്നും നേത്രത്വഗ്രാഗങ്ങൾക്കു വിശേ‌ഷിച്ചും പകരാനുള്ള ശകിയുണ്ടെന്നുമാണല്ലോ വൈദ്യശാസ്ത്രം ഘോ‌ഷിക്കുന്നത്. വസൂരിയും ത്വരോഗങ്ങളുടെ കൂട്ടത്തിലുള്ളതാകയാൽ പകരുന്നതിനെളുപ്പമുണ്ടെന്നേ അതിനൊരു വിശേ‌ഷമുള്ളു എന്നാണ് വൈദ്യന്മാർ പറയുന്നത്. എന്നാൽ വസൂരി ദീനത്തിനു സാധാരണ വൈദ്യന്മാർ ചികിത്സിക്കാറില്ല. വസൂരിക്കു ചികിത്സിക്കുന്ന വൈദ്യന്മാർ പ്രത്യേകമൊരു കൂട്ടക്കാരാണ്. അഷ്ടാംഗഹൃദയവും മറ്റും അവർ പഠിക്കാറുമില്ല. അവരുടെ ശാസ്ത്രവും വേറെയാണ്. "വസൂരിപടലം"'എന്നും മറ്റും അവർക്കു പ്രത്യേകം ചില വൈദ്യശാസ്ത്രഗ്രന്ഥങ്ങളുണ്ട്. അവയിൽ പറയുന്ന പ്രകാരമാണ് അവർ ചികിത്സിക്കുന്നത്. എന്നാൽ വസൂരി ഉണ്ടാകാതെയിരിക്കാനും ഉണ്ടായാൽ അതിന്റെ ശമനത്തിനായിടും ഭദ്രകാളിയെ സേവിക്കുകയാണ് വേണ്ടതെന്നു മിക്കവരും സമ്മതിക്കുന്നുമുണ്ട്. അത് യുക്തവും തന്നെ. രോഗബാധിതരായ ഭക്തരെ സുഖപ്പെടുത്താൻ അവരുടെ സമീപത്തേക്ക് കണ്ഠാകർണ്ണനെയും വസൂരിമാലയെയും ഭഗവതി അയക്കും എന്നാണ് വിശ്വാസം. "ആപദി കിം കരണീയം" എന്ന ചോദ്യത്തിനു "സ്മരണീയം ചരണയുഗളമംബായാഃ" എന്നാണല്ലോ കാക്കശ്ശേതി ഭട്ടതിരി ഉത്തരം പറഞ്ഞിരിക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ഗുരുതിദേവതയായ വസൂരിമാലക്ക് മഞ്ഞൾപ്പൊടിയും കുരുമുളകും ആടിക്കുന്നതു പകർച്ചവ്യാധികൾ വരാതിരിക്കാനാണെന്നും ഉണ്ടായാൽ തന്നെ അപകടകരം ആകാതിരിക്കാനാണ് എന്നാണ് വിശ്വാസം.

ഐതിഹ്യമാല/പാക്കിൽ ശാസ്താവ്

ഐതിഹ്യമാല/പാക്കിൽ ശാസ്താവ്

പാക്കിൽ ശാസ്താവ്

പാക്കിൽ ശാസ്താവിന്റെ ക്ഷേത്രം തിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ നാട്ടകം പകുതിയിലാണ്. ഈ ക്ഷേത്രം പണ്ട് ഏറ്റവും പ്രസിദ്ധവും പ്രാധാന്യവുമുള്ളതായിരുന്നു. ഇതിനു പുരാതനത്വവും ഒട്ടും കുറവില്ല.
ശ്രീ പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായിട്ട് കിഴക്കു മലകളിലും പടിഞ്ഞാറു സമുദ്രതീരങ്ങളിലുമായി പല സ്ഥലങ്ങളിൽ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. പാക്കിൽശാസ്താവും ആ കൂട്ടത്തിലുള്ളതായി വിചാരിക്കാം. എന്നാൽ സ്വൽപം ഭേദമില്ലെന്നുമില്ല.
ഒരിക്കൽ ബ്രഹ്മാവു തന്റെ ഹേമകുണ്ഡത്തിൽനിന്ന് ഉദ്ഭൂതമായ ഒരു ശാസ്തൃവിഗ്രഹം അഗ്നിദേവന്റെ കയിൽ കൊടുത്ത്, "ഇതു പരശുരാമന്റെ കയ്യിൽ കൊടുത്ത്, ഇതിനെ യഥോചിതം എവിടെയെങ്കിലും ഒരു നല്ല സ്ഥലത്തു പ്രതിഷ്ഠിക്കാൻ പറയണം" എന്നു പറഞ്ഞയച്ചു. അഗ്നിദേവൻ അപ്രകാരം ചെയുകയാൽ പരശുരാമൻ ആ വിഗ്രഹവും കൊണ്ട് പുറപ്പെട്ട് "പാക്ക്" എന്നു പറഞ്ഞുവരുന്ന ആ സ്ഥലത്തു വന്നപ്പോൾ ഈ സ്ഥലം കൊള്ളാമെന്നു തോന്നുകയാൽ ആ ബിംബം അവിടെ പ്രതിഷ്ഠിച്ചു. എങ്കിലും അത് അവിടെ ഉറയ്ക്കാതെ ഇളകി ഉദ്ഗമിച്ചുകൊണ്ടിരുന്നു. പല പ്രാവശ്യം പിടിച്ചിരുത്തീട്ടും ബിംബമവിടെ ഇരിക്കായ്കയാൽ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ആ സമയം ദൈവഗത്യാ സാക്ഷാൽ പാക്കനാരും ഭാര്യയും കൂടി അവിടെ വന്നുചേർന്നു. പാക്കനാരെ കണ്ടപ്പോൾ പരശുരാമൻ പരമാർത്ഥമെലാം പറഞ്ഞു. ഉടനെ പാക്കനാർ ആ ബിംബത്തിന്മേൽപ്പിടിച്ച് കീഴ്പ്പോട്ട് അമർത്തിക്കൊണ്ട് "ഇവിടെപ്പാർക്ക്" എന്നു പറഞ്ഞു. അതോടുകൂടി ബിംബം അവിടെ ഉറച്ചു. പാക്കനാർ "പാർക്ക്" എന്നു പറഞ്ഞതിനാൽ ആ ദേശത്തിനു "പാർക്ക്" എന്നു തന്നെ പേരു സിദ്ധിച്ചു. അതു കാലക്രമേണ "പാക്ക്" എന്നായിത്തീർന്നു. ഇപ്രകാരമൊക്കെയാണ് പാക്കിൽ ശാസ്താവിന്റെ ആഗമം. അതിനാൽ ഈ ശാസ്താവിനെ പ്രതിഷ്ഠിച്ചതു പരശുരാമനാണെന്നും പാക്കനാരാണെന്നും അഗ്നിദേവനാണെന്നും ഓരോരുത്തർ ഓരോവിധം പറയുന്നു. പ്രതിഷ്ഠ കഴിഞ്ഞു പരശുരാമൻ പോയതിന്റെ ശേ‌ഷം ശാസ്താവ് ദിവ്യനായ പാക്കനാർക്കു പ്രത്യക്ഷീഭവിക്കുകയും "പാക്കനാരെ ആണ്ടിലൊരിക്കലെങ്കിലും ഇവിടെ കണ്ടാൽ കൊള്ളാമെന്നുണ്ട്" എന്നരുളിചെയ്കയും അങ്ങനെയാകാമെന്നു പാക്കനാർ സമ്മതിക്കുകയും ചെയ്തു. പാക്കനാർ മുറം വിറ്റുകൊണ്ട് സഞ്ചരിച്ചിരുന്ന അവസരത്തിലാണ് അവിടെച്ചെന്നിരുന്നത്. അതുപോലെ പാക്കനാർ പിന്നെയും ആണ്ടുതോറും കർക്കടക സംക്രാന്തിനാൾ അവിടെ ചെന്നിരുന്നു. പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണല്ലോ. പാക്കനാർ പതിവായി കർക്കടകസംക്രാന്തിനാൾ പാക്കിൽചെന്നിരുന്നതിന്റെ സ്മാരകമായി ഇപ്പോഴും അവിടെ കർക്കടക സംക്രാന്തിതോറും ജനങ്ങൾ കൂടി ഒരു കച്ചവടം നടത്തിവരുന്നുണ്ട്. അതിനു 'സംക്രാന്തിവാണിഭം" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ ദിവസം അവിടെ പലജാതിക്കാരായി അസംഖ്യം ആളുകൾ കൂടുകയും കച്ചവടത്തിനായി അനേകം സാമാനങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. എന്നാൽ വരുന്നവരിൽ അധികം പേരും പറയറും പുലയരും സാമാനങ്ങളിൽ അധികവും കുട്ട, മുറം മുതലായവയുമായിരിക്കും.
പ്രതിഷ്ഠാനന്തരം പരശുരാമൻ തദ്ദേശവാസികളായ ജനങ്ങളെ അവിടെ വരുത്തി ഈ ശാസ്താവിനെ എല്ലാവരും ദേശപരദേവതയായി ആദരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നു ഉപദേശിച്ചു. അതനുസരിച്ചു ജനങ്ങൾ കൂടി അവിടെ ഉപായത്തിൽ ഒരമ്പലം പണി കഴിപ്പിക്കുകയും സമീപസ്ഥനായ അയർക്കാട്ടു നമ്പൂരിയെക്കൊണ്ട് കലശം നടത്തിക്കുകയും ചെയ്തു. ആ ദേവന് ആദ്യം നിവേദ്യം കഴിച്ചതു നാഴിയരിവച്ച് അതിന്റെ മുകളിൽ ഒരു തുടം വെണ്ണയും വച്ചാണ്. അതിനാൽ അങ്ങനെയുള്ള നിവേദ്യം ആ ദേവനു വളരെ പ്രധാനവും പ്രിയതരവുമായിത്തീർന്നു. അങ്ങനെ വഴിപാടായിട്ട് ഇപ്പോഴും പലരും അവിടെ നടത്തിവരുന്നുണ്ട്. അതിനു നാഴിയരിയും വെണ്ണയും എന്നാണ് പേരു പറഞ്ഞുവരുന്നത്.
ദേശക്കാർക്കൂടി ഉപായത്തിൽ ആദ്യം പണികഴിപ്പിച്ച ഈ ക്ഷേത്രത്തിനു പിന്നീടു വേണ്ടുന്ന പുഷ്ടിയൊക്കെ വരുത്തിയതു തെക്കുംകൂർ രാജാവാണ്. ഒരു കാലത്തു നാടുവാണിരുന്ന തെക്കുംകൂർ രാജാവ് ആണ്ടുതോറും മകരസംക്രാന്തിക്ക് ശബരിമല ക്ഷേത്രത്തിൽപ്പോയി സ്വാമിദർശനം കഴിച്ചുവന്നിരുന്നു. ആ തമ്പുരാനു പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം നിമിത്തം അതു ദു‌ഷ്ക്കരമായിത്തുടങ്ങിയതിനാൽ ഒരാണ്ടിൽ അവിടെച്ചെന്നിരുന്നപ്പോൾ നടയിൽ തൊഴുതുകൊണ്ടുനിന്ന് "എന്റെ സ്വാമിൻ! ഇവിടെ വന്നു ദർശനം കഴിചപോകാൻ ഞാൻ ശക്തനല്ലാതെയായിത്തീർന്നിരിക്കുന്നു. ഇതു മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു പരമസങ്കടമാണ്. അതിനാൽ ഇതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരണേ" എന്നു ഭക്തിപൂർവം പ്രാർത്ഥിച്ചു. അന്നു രാത്രിയിൽ തമ്പുരാൻ കിടന്നുറങ്ങിയിരുന്ന സമയം ഒരാൾ അടുക്കൽ ച്ചെന്ന്, "ഇവിടെ വന്ന് എന്നെ ദർശിക്കുന്നതിന് നിവൃത്തിയില്ലാത്തവർ എന്റെ കിഴക്കേ നടയിൽ വന്ന് എന്നെക്കണ്ടാലും മതി. പാക്കിൽ പാർക്കുന്നതും ഞാൻതന്നെയാണ്" എന്നു പറഞ്ഞതായി അദ്ദേഹത്തിനുതോന്നി. ഉണർന്ന് ഉടനെ കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. അതിനാൽ ഇത് കരുണാനിധിയായ ശബരിമലശാസ്താവു തന്റെ പ്രാർത്ഥനയെ കൈക്കൊണ്ട് അരുളിച്ചെയ്തതാണെന്നു തന്നെ തമ്പുരാൻ വിശ്വസിച്ചു.
തമ്പുരാൻ ശബരിമലയിൽനിന്ന് തിരിയെ രാജധാനിയിൽ എത്തിയതിന്റെ ശേ‌ഷം ഒട്ടും താമസിയാതെ പാക്കിൽ ശാസ്താവിന്റെ അമ്പലം, നാലമ്പലം, ബലിക്കൽപ്പുരം, വാതിൽമാടം മുതലായവയോടുകൂടി ഭംഗിയായി പണിയിക്കുന്നതിനു കൽപന കൊടുത്തു. രണ്ടുമൂന്നു മാസംകൊണ്ട് അമ്പലം പണിയും പരിവാര പ്രതിഷ്ഠയും കലശവും നടത്തിക്കുകയും ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങൾക്കും മാസവിശേ‌ഷങ്ങൾക്കും നിത്യനിദാനം മുതലായതിനും പതിവുകൾ നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടിടത്തോളം വസ്തുവകകൾ ദേവസ്വംപേരിൽ പതിച്ചുകൊടുക്കുകയും ചെയ്തു. ആകെപ്പാടെ പാക്കിൽ ക്ഷേത്രം ഒരു മഹാക്ഷേത്രമാക്കിത്തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. ക്ഷേത്രം പണി കഴിഞ്ഞിട്ട് അന്നു കലശം നടത്തിച്ചതും അയർക്കാട്ടു നമ്പുരിയെക്കൊണ്ടുതന്നെയാണ് അതിനാൽ ആ നമ്പൂരി ആ ക്ഷേത്രത്തിലെ തന്ത്രിയായിത്തീർന്നു. ഇപ്പോഴും അവിടെ തന്ത്രി അദ്ദേഹം തന്നെ. അക്കാലം മുതൽ തെക്കുംകൂർ രാജാക്കന്മാർ പാക്കിൽ ശാസ്താവിനെ അവരുടെ ഒരു പരദേവതയായി ആചരിച്ചുതുടങ്ങുകയും ചെയ്തു. അവർ അക്കാലത്തു മാസത്തിലൊരിക്കലെങ്കിലും അവിടെപ്പോയി സ്വാമിദർശനം കഴിക്കാതെയിരിക്കാറില്ല. അന്നു രാജധാനി കോട്ടയത്തു തളിയിലായിരുന്നതിനാൽ പാക്കിൽ ക്ഷേത്രത്തിലേക്കു നാലഞ്ചു നാഴികയിലധികം ദൂരമുണ്ടായിരുന്നില്ല. അതിനാൽ അങ്ങോട്ടു കൂടെക്കൂടെ പ്പോകുന്നതിനു സൗകര്യവുമുണ്ടായിരുന്നു.
പെരുമാക്കന്മാരുടെ ഭരണാനന്തരം കേരളരാജ്യം പല ഖണ്ഡങ്ങളായി ഭാഗിച്ചു ചില രാജാക്കന്മാരും ഇടപ്രഭുക്കന്മാരും പ്രത്യേകം പ്രത്യേകം ഭരിച്ചുതുടങ്ങിയപ്പോൾ അവർ തമ്മിൽ കൂടെക്കൂടെ യുദ്ധമുണ്ടാവുക സാധാരണമായിത്തീർന്നു. അതിനാൽ അവർക്കെല്ലാവർക്കും പ്രത്യേകം പ്രത്യേകം സൈന്യങ്ങളെ ശേഖരിക്കേണ്ടത് അത്യാവശ്യമായും വന്നുകൂടി. തെക്കുംകൂർ രാജാവും ഇക്കൂട്ടത്തിൽ പ്രാധനപ്പെട്ട ഒരിടപ്രഭുവായിരുന്നതിനാൽ അദ്ദേഹത്തിനു ഒരു സൈന്യശേഖരം വേണ്ടിവന്നു. അതിനാൽ അദ്ദേഹം രാജ്യത്തുള്ള ഓരോ കരകളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്കെല്ലാം ചില സ്ഥാനമാനങ്ങളും മറ്റും കല്പിച്ചു കൊടുക്കുകയും ആ ആശാന്മാർ ഓരോ കരകളിലും കളരികൾ കെട്ടി നാട്ടുകാരായ പുരു‌ഷന്മാരെയല്ലാം ആയോധനവിദ്യ അഭ്യസിപ്പിക്കണമെന്ന് ഏർപ്പാടു ചെയ്യുകയും അങ്ങനെ അവിടേക്കു ധാരാളം സൈന്യങ്ങളുണ്ടാ യിത്തീരുകയും ചെയ്തു. എന്നു മാത്രമല്ല, ഇപ്രകാരം യുദ്ധം അഭ്യസിക്കപ്പെടുന്നവർക്കു ആണ്ടിലൊരിക്കൽ ഒരു പരീക്ഷ നടത്തണമെന്നും ആ പരീക്ഷ നടത്തുന്നതു പാക്കിൽ ശാസ്താവിന്റെ സന്നിധിയിൽവച്ചു വേണമെന്നും നിശ്ചയിച്ചു.
ആണ്ടുതോറും വിജയദശമിക്കു വിദ്യാംരംഭം കഴിഞ്ഞിട്ട് രാജാവ് ഒരു നല്ല ദിവസം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തും. ആ ദിവസം രാജ്യത്തുള്ള സകല കരകളിൽനിന്നും ആശാന്മാർ അവരവരുടെ ശി‌ഷ്യന്മാരോടുകൂടി പാക്കിൽ വന്നുചേരും. അപ്പോൾ രാജാവും അവിടെയെത്തും. പിന്നെ പോരാളികളായിട്ടുള്ളവരെ യഥായോഗ്യം രണ്ടുഭാഗമായി തിരിച്ചു നിർത്തും. അവർ തെക്കും വടക്കുമായി പിരിഞ്ഞ് അണിനിരക്കും. എല്ലാവരും സന്നദ്ധരായി നിന്നു കഴിയുമ്പോൾ യുദ്ധം തുടങ്ങുന്നതിന് രാജാവ് കല്പനകൊടുക്കും. ഉടനെ യുദ്ധമാരംഭിക്കുകയും ചെയ്യു. ഇങ്ങനെയൊക്കെയായിരുന്നു ഇതിന്റെ പതിവ്. ഈ പരീക്ഷായുദ്ധത്തിന് പാക്കിൽ പട എന്നാണ് പേരു പറഞ്ഞുവന്നിരുന്നത്. ഈ യുദ്ധത്തിനായി പാക്കിൽ ക്ഷേത്രത്തിനുസമീപം മതിൽക്കുപുറത്തായിട്ട് ഏതാനും സ്ഥലം ഒഴിച്ചിട്ടിരുന്നു. ആ സ്ഥലത്തിന് 'പടനിലം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ യുദ്ധത്തിൽ ജയിക്കുന്നവർക്കു സൈന്യത്തിൽ ചില സ്ഥാനങ്ങളും ചില സമ്മാനങ്ങളും മറ്റും രാജാവു കൽപിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധത്തിൽ ജയിക്കുന്നതിനു പ്രധാനമായി സഹായിക്കുന്ന ദേവന്മാർ വേട്ടയ്ക്കൊരു മകനും ശാസ്താവുമാണെന്നാണല്ലോ വച്ചിരിക്കുന്നത്. അതിനാൽ തെക്കുംകൂർ രാജാവും രാജ്യവാസികളും മാത്രമല്ല, മറ്റു ചില രാജാക്കന്മാരും കോയിത്തമ്പുരാക്കന്മാരും കൂടി പാക്കിൽ ശാസ്താവിനെ ഒരു പരദേവതയായിട്ടാണ് ആചരിച്ചുവരുന്നത്. നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധമില്ലാതായപ്പോൾ മുതൽ അതിനൊക്കെ സ്വല്പം കുറവു വന്നു തുടങ്ങി. എങ്കിലും, പള്ളം, ലക്ഷ്മീപുരം, അനന്തപുരം, പാലിയക്കര, ഗ്രാമം മുതലായ കോയിത്തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങളിലും മറ്റും കൊച്ചുതമ്പുരാക്കന്മാരുടെ അന്നപ്രാശനവും കൊച്ചുതമ്പുരാട്ടിമാരുടെ പള്ളിക്കെട്ടു കഴിഞ്ഞാൽ പാക്കിൽ കൊണ്ടുചെന്നു ദർശനം കഴിപ്പിചു കൊണ്ടുപോവുക ഇപ്പോഴും പതിവുണ്ട്.
ശബരിമലശാസ്താവും പാക്കിൽ ശാസ്താവും ഒന്നുതന്നെയെന്നാണ് ജനങ്ങളുടെ വിശ്വാസം. ശബരിമലയ്ക്ക് പോകുവാൻ സാധിക്കാത്തവരും മറ്റുമായി അനേകം ജനങ്ങൾ മകരസംക്രാന്തിക്കു പാക്കിൽ പോയി ദർശനം കഴിക്കുക ഇപ്പോഴും പതിവാണ്.
പാക്കിൽ ശാസ്താവിനു മുൻകാലങ്ങളിൽ ഇപ്രകാരമെല്ലാം പ്രസിദ്ധിയും പ്രാധാന്യവും ഉണ്ടായിരുന്നുവെങ്കിലും തെക്കുംകൂർ രാജ്യം തിരുവിതാംകൂറിൽ ചേർന്നതോടുകൂടു അതിനൊക്കെ വളരെ ഭേദഗതിവന്നുപോയി. എങ്കിലും ദേവസാന്നിദ്ധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു മാറ്റവും വന്നിട്ടില്ല. ആ ദേശക്കാർ ഇപ്പോഴും ആ ശാസ്തവിനെ തങ്ങളുടെ ദേശപരദേവതയായിട്ടുതന്നെ ആചരിച്ചുവരുന്നുണ്ട്. ആണ്ടു തോറുമുള്ള ഉത്സവത്തിനു സർക്കാരിൽനിന്നു സ്വല്പം നെല്ലും പണവും പതിച്ചുവച്ചിട്ടുണ്ടെങ്കിലും പോരാത്തതെല്ലാം ചെലവുചെയ്ത് ഉത്സവം കേമമാക്കുന്നതും അഹസ്സുകൾ നടത്തുന്നതും ഇപ്പോഴും ദേശക്കാർ തന്നെയാണ്. പാക്കിൽ ശാസ്താവിന്റെ മാഹാത്മ്യങ്ങൾ പറയുകയാണെങ്കിൽ വളരെയുണ്ട്. വിസ്തരഭയത്താൽ അതിനായി ഇപ്പോൾ തുനിയുന്നില്ല.

ഐതിഹ്യമാല/പറങ്ങോട്ടു നമ്പൂരി

ഐതിഹ്യമാല/പറങ്ങോട്ടു നമ്പൂരി

പറങ്ങോട്ടു നമ്പൂരി

ബ്രിട്ടി‌ഷുമലബാറിൽ 'പറങ്ങോട്' എന്നില്ലപ്പേരായി ഒരു നമ്പൂരിയുണ്ടായിരുന്നു. അദ്ദേഹം സകല വേദശാസ്ത്രങ്ങളും പുരാണേതിഹാസാദികളും ഗ്രഹിച്ചിട്ടുള്ള ഒരു വിദ്വാനും പ്രകൃത്യാ വിരക്തനും ഈശ്വരഭക്തനുമായിരുന്നു. ഐഹികസുഖങ്ങളെല്ലാമുപേക്ഷിച്ച് അദ്ദേഹം കുറച്ചുകാലം ഈശ്വരനെ സേവിച്ചുകൊണ്ട് സ്വഗൃഹത്തിൽത്തന്നെ താമസിച്ചതിന്റെ ശേ‌ഷം അർത്ഥപുത്രമിത്രകളത്രാദികളെ എല്ലാമുപേക്ഷിച്ചു വളരെക്കാലം അന്യദേശങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ പോയിപ്പോയി ഒടുവിൽ അദ്ദേഹം ഒരു വലിയ വനാന്തരത്തിൽ ചെന്നുചേർന്നു. അപ്പോഴേക്കും അദ്ദേഹം ക്ഷുൽപിപാസാദികൾകൊണ്ട് ഏറ്റവും പരവശനായിത്തീർന്നു. അതിനാൽ ഭക്ഷണപാനീയങ്ങളന്വേ‌ഷിച്ചു കൊണ്ട് അദ്ദേഹം ആ വനാന്തരത്തിൽ ചുറ്റിസഞ്ചരിച്ചു. അപ്പോൾ ദൈവഗത്യാ ഒരു മുനിവരാശ്രമം കണ്ടെത്തുകയും അവിടെ തപസ്സു ചെയ്തുകൊണ്ടിരുന്ന മഹർ‌ഷിശ്രേഷ്ഠന്റെ അടുക്കൽചെന്നു തനിക്കു വിശപ്പും ദാഹവും ദുസ്സഹമായിത്തീർന്നിരിക്കുന്നുവെന്നും അവയെ ശമിപ്പിക്കുന്നതിനു വല്ലതും തരണമെന്നും യാചിക്കുകയും ചെയ്തു. അതുകേട്ട് ആ മഹർ‌ഷിശ്രേഷ്ഠൻ ചില ഭക്ഷണസാധനങ്ങളും മറ്റും കൊടുത്ത് ആ നമ്പൂരിയെ സംതൃപ്തനാക്കിയതിന്റെ ശേ‌ഷം, "അങ്ങ് ആരാണ്? എന്തിനായിട്ടാണ് ഇവിടെ വന്നത്" എന്നും മറ്റും ചോദിച്ചു. അപ്പോൾ നമ്പൂരി താനൊരു ബ്രാഹ്മണനാണെന്നും മറ്റുമുള്ള പരമാർത്ഥമെല്ലാം മഹർ‌ഷിയെ ഗ്രഹിപ്പിച്ചു. ഉടനെ മഹർ‌ഷി, "അങ്ങു വേദാധ്യയനം ചെയ്തിട്ടില്ലേ" എന്നു ചോദിച്ചു. "ഉണ്ട്" എന്നു നമ്പൂരി പറഞ്ഞപ്പോൾ മഹർ‌ഷി. "എന്നാൽ അങ്ങേക്കു ക്ഷുൽപിപാസാദികളുടെ ബാധയുണ്ടാകാനിടയില്ലല്ലോ. ആട്ടെ, വേദം മുഴുവനും അങ്ങു പഠിച്ചപ്രകാരം ഒന്നു ചൊല്ലിക്കേൾക്കട്ടെ" എന്നു പറഞ്ഞു. അതു കേട്ടു നമ്പൂരി വേദം മുഴുവനും താൻ പഠിച്ചിരുന്നതുപോലെ ചൊല്ലിക്കേൾപ്പിച്ചു. അപ്പോൾ മഹർ‌ഷി, "ഇതുമുഴുവനും പിഴയാണ്; ഇതെല്ലാം മറന്നാൽ അങ്ങേക്കു ഞാൻവേദമുപദേശിച്ചുതരാം. ഇതു മറക്കുന്നതിനു കുറച്ചു ദിവസം വടക്കോട്ടു തിരിഞ്ഞിരുന്ന് ഉരുവിട്ടാൽ മതി." എന്നു പറഞ്ഞു. അപ്രകാരം നമ്പൂരി വടക്കോട്ടു തിരിഞ്ഞിരുന്ന് ഏതാനും ദിവസം വേദം ഉരുവിടുകയും അപ്പോഴേക്കും അദ്ദേഹം പഠിച്ചിരുന്നതെല്ലാം മറക്കുകയും ചെയ്തു. പിന്നെ ആ മഹർ‌ഷിശ്രേഷ്ഠൻ വേദം ആദിമുതൽ അവസാനംവരെ നമ്പൂരിക്ക് ഉപദേശിക്കുകയും വേദത്തിൽ ഇന്നിന്ന മന്ത്രങ്ങൾ ജപിച്ചുകൊണ്ടാൽ വിശപ്പും ദാഹവും ഉണ്ടാവുകയില്ലെന്നു പറഞ്ഞുകൊടുക്കുകയും ചെയ്തു. പിന്നെ നമ്പൂരി അപ്രകാരം ക്ഷുൽപിപാസാദികളെ അടക്കിക്കൊണ്ടും യോഗാഭ്യാസം ചെയ്തുകൊണ്ടും ആ മഹർ‌ഷിയുടെ അടുക്കൽ താമസിച്ചു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രണ്ടു ദിവ്യപുരു‌ഷന്മാർ അവിടെ വരുകയും മഹർ‌ഷിയെക്കണ്ട് എന്തോ ചിലതെല്ലാം പറഞ്ഞു പോവുകയും ചെയ്തു. അവരും മഹർ‌ഷിയുമായി ഉണ്ടായ സംഭാ‌ഷണമെല്ലാം കേട്ടുവെങ്കിലും അതു മനു‌ഷ്യഭാ‌ഷയിൽ അല്ലായിരുന്നതിനാൽ നമ്പൂരിക്ക് കാര്യമൊന്നും മനസ്സിലായില്ല. അതിനാൽ അദ്ദേഹം മഹർ‌ഷിയോട് ആ വന്ന ദിവ്യപുരു‌ഷന്മാരാരായിരുന്നുവെന്നും അവർ പറഞ്ഞതെന്തായിരുന്നുവെന്നും മറ്റും ചോദിച്ചു. അപ്പോൾ മഹർ‌ഷി, "ആ ദിവ്യന്മാർ കൈലാസവാസികളായ രണ്ടു ശിവഭൂതങ്ങളാണ്. ഇന്നു ശ്രീപാർവതിക്കു സോമവാരവ്രതമാകയാൽ കാൽകഴുകിച്ചൂട്ടിനു ഞാൻകൂടി ചെല്ലണമെന്നു ദേവി അരുളിച്ചെയ്തിരിക്കുന്നു എന്നാണ് അവർ പറഞ്ഞത്" എന്നു പറഞ്ഞു. അതു കേട്ടപ്പോൾ തനിക്കും കൂടി കൈലാസത്തിങ്കൽ പോയാൽക്കൊള്ളാമെന്നുള്ള ആഗ്രഹം കലശലായിത്തീരുകയാൽ നമ്പൂരി തന്നെക്കൂടി കൊണ്ടുപോകണമെന്നു മഹർ‌ഷിയോടപേക്ഷിച്ചു. അപ്പോൾ മഹർ‌ഷി, "അങ്ങ് അതിനിപ്പോൾ ശക്തനായിട്ടില്ല. ഇവിടെത്താമസിച്ചാൽ കുറച്ചുകാലം കഴിയുമ്പോൾ അങ്ങും അതിന് ശക്തനായിത്തീരുമായിരിക്കാം. അപ്പോൾ അതിനായിട്ടാഗ്രഹിച്ചാൽ മതി" എന്നു പറഞ്ഞു. അതൊന്നും സമ്മതിക്കാതെ നമ്പൂരി പിന്നെയും നിർബന്ധിക്കുകയാൽ ഒടുവിൽ മഹർ‌ഷി നമ്പൂരിയുടെ ഇഷ്ടംപോലെ ചെയ്യാമെന്നു സമ്മതിക്കുകയും എന്നാൽ കൈലാസത്തിൽച്ചെന്നാൽ അങ്ങുമിങ്ങുമൊക്കെ നോക്കുകയോ വല്ലതും സംസാരിക്കുകയോ ചെയ്യരുതെന്നും ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിലത്തുതന്നെ നോക്കിക്കൊണ്ട് ഇരുന്നുകൊള്ളണമെന്നും മഹർ‌ഷി പറയുകയും അപ്രകാരമായിക്കൊള്ളാമെന്നു നമ്പൂരി സമ്മതിക്കുകയും ചെയ്തു. പോകാനുള്ള സമയമായപ്പോൾ മഹർ‌ഷി തന്റെ കൈയ്ക്കു പിടിച്ചുകൊണ്ട് കണ്ണടയ്ക്കാൻ നമ്പൂരിയോടു പറഞ്ഞു. നമ്പൂരി അപ്രകാരം ചെയ്യുകയും അരനിമി‌ഷംകൊണ്ട് രണ്ടുപേരും കൈലാസത്തിങ്കലെത്തുകയും ചെയ്തു. അപ്പോൾ കാൽ കഴുകിച്ചൂട്ടിനായി അവിടെ അസംഖ്യം മഹർ‌ഷിമാർ എത്തീട്ടുണ്ടായിരുന്നു. അവരെയൊക്കെ കാൽ കഴുകിച്ചത് ശ്രീപരമേശ്വരനായിരുന്നു. ആ കൂട്ടത്തിൽ പറങ്ങോട്ടു നമ്പൂരിയെയും ഭഗവാൻ കാൽകഴുകിച്ചു. ഉടനെ എല്ലാവരും ഉണ്ണാനിരുന്നു. അപ്പോഴേക്കും അവർക്കു കുടിക്കു നീർവീഴ്ത്താനായി ശ്രീപാർവതിയുടെ പുറപ്പാടായി. ദേവിയുടെ കാൽച്ചിലമ്പിന്റെ മഞ്ജൂളനാദം കേട്ടുതുടങ്ങിയപ്പോൾത്തന്നെ നമ്പൂരിയുടെ മനസ്സിളകിത്തുടങ്ങി. ശ്രീപാർവ്വതി ഓരോരുത്തർക്കും മുറയ്ക്കു കുടിക്കു നീർവീഴ്ത്തി. ക്രമേണ നമ്പൂരിയുടെ അടുക്കൽ വന്നുചേർന്നു. അദ്ദേഹത്തിനു കുടിക്കു നീർവീഴ്ത്തിയ സമയം അദ്ദേഹം കുനിഞ്ഞിരിക്കുകയായിരുന്നു. എങ്കിലും ശ്രീപാർവ്വതിയുടെ പാദങ്ങൾ അദ്ദേഹം സ്പഷ്ടമായിക്കണ്ടു. "ഈ പാദങ്ങൾ തന്നെ ഇത്ര മനോഹരങ്ങളായിരിക്കുന്ന സ്ഥിതിക്ക് ഈ ദേവിയുടെ മുഖം എത്രമാത്രം സുന്ദരമായിരിക്കും! എന്തൊക്കെയായാലും അതൊന്നു കാണാതെ കഴിയുകയില്ല" എന്നു വിചാരിച്ച് നമ്പൂരി പതുക്കെയൊന്നു തലയുയർത്താൻ ഭാവിച്ചു.
അപ്പോൾ ദേവിയുടെ സമീപത്തു നിന്നിരുന്ന നന്ദികേശ്വരന്റെ ഒരു ഹൂങ്കാരം കേൾക്കപ്പെടുകയും നമ്പൂരി ബോധരഹിതനായി അവിടെ നിന്നു തെറിച്ചുപോവുകയും ചെയ്തു.
പിറ്റേ ദിവസം പ്രഭാതമായപ്പോൾ നമ്പൂരിക്കു ബോധം വീണു. അദ്ദേഹം കണ്ണുതുറന്നു നോക്കിയപ്പോൾ താൻ കിടക്കുന്നത് ഒരു കുളത്തിലാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. എങ്കിലും ഈ ദേശം ഏതാണെന്നും മറ്റും അദ്ദേഹത്തിനറിയാൻ പാടില്ലായിരുന്നു. അപ്പോൾ ഒരു വൃ‌ഷലി ചില പാത്രങ്ങൾ തേച്ചു മുക്കുന്നതിനായി ആ കുളത്തിൽ വന്നു. അവളോടു ചോദിച്ചപ്പോൾ ആ കുളം പൂമുള്ളിമനയ്ക്കലെ വകയാണെന്നും മറ്റും പറയുകയും നമ്പൂരി അവിടെ മുമ്പു പലപ്പോഴും പോയിരുന്നതു കൊണ്ട് അതു വാസ്തവം തന്നെയാണെന്നു മനസ്സിലാവുകയും ചെയ്തു. നമ്പൂരിക്കു സന്ധിബന്ധങ്ങളെല്ലാം തളർന്നിരുന്നുവെങ്കിലും അദ്ദേഹം ഒരു വിധം അവിടെ നിന്ന് കരയ്ക്കു കയറി. ആ സമയം പൂമുള്ളി മനയ്ക്കൽ അതികലശലായി ഒരു കരച്ചിലും പിഴിച്ചിലും അലയും മുറയുമെല്ലാം കേൾക്കുകയാൽ അതിന്റെ കാരണമെന്തെന്ന് അദ്ദേഹം ആ വൃ‌ഷലിയോടു ചോദിച്ചു. അപ്പോൾ അവൾ, "മനയ്ക്കലെ വലിയ തിരുമനസ്സിലേക്കു വളരെ മോഹിച്ചിരുന്നുണ്ടായ ഏകപുത്രൻ ഇന്നലെ രാത്രിയിൽ പെട്ടെന്നുണ്ടായ എന്തോ സുഖക്കേടുനിമിത്തം മരിച്ചുപോയി. ആ തങ്കക്കട്ടപോലെയിരുന്ന ഓമനക്കുട്ടനു മൂന്നു വയസ്സുമാത്രമേ പ്രായമായിരുന്നുള്ളു. അതിന്റെ ശവം ഇപ്പോൾ ദഹിപ്പിക്കാനെടുത്തുകൊണ്ടു പോവുകയാണ്. അതിന്റെ കോലാഹലമാണ് ഈ കേൾക്കുന്നത്" എന്നു പറഞ്ഞു.
ഇതു കേട്ട മാത്രയിൽ നമ്പൂരി മനയ്ക്കലേക്കു ചെന്നു. ആ സമയം വലിയ നമ്പൂരിപ്പാട്ടീന്നു തന്റെ ഏകപുത്രന്റെ മൃതശരീരം ദഹിപ്പിക്കാനായി എടുത്തു ചിതയിങ്കലേക്കു കൊണ്ടുപോവുകയായിരുന്നു. നമ്പൂരി അടുത്തുചെന്ന്, "ഹേ! അവിടുന്ന് ഒട്ടും വ്യസനിക്കേണ്ടാ, ഉണ്ണിയെ ഞാനിപ്പോൾ ജീവിപ്പിച്ചുതരാം. അതിനെ അവിടെ കിടത്തണം" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് നമ്പൂരിപ്പാട്ടിലേക്ക് ഒട്ടും വിശ്വാസമുണ്ടായില്ല. എങ്കിലും മോഹാധിക്യം നിമിത്തം ആ മൃതശരീരത്തെ അവിടെക്കിടത്തി. നമ്പൂരി കുറച്ചു വെള്ളം കൈയിലെടുത്തു കണ്ണടച്ചു എന്തോ ഒരു മന്ത്രം ജപിച്ച് ഉണ്ണിയുടെ മുഖത്ത് തളിച്ചു. ഉണ്ണി ഉടനെ കണ്ണു തുറന്നു. നമ്പൂരി പിന്നെയും രണ്ടു പ്രാവശ്യം കൂടി വെള്ളം ജപിച്ചു തളിച്ചു. അപ്പോൾ മരിച്ചുകിടന്നിരുന്ന ഉണ്ണി സ്വസ്ഥശരീരനായി എണീറ്റ് "അച്ഛാ " എന്നു വിളിച്ചുകൊണ്ട് നമ്പൂരിപ്പാട്ടിലെ അടുക്കലേക്ക് ചെന്നു. അപ്പോൾ നമ്പൂരിപ്പാട്ടിലേക്കും അവിടെക്കൂടിയിരുന്ന ജനങ്ങൾക്കും മറ്റുമുണ്ടായ സന്തോ‌ഷവും അത്ഭുതവും എത്രമാത്രമെന്നു പറയാൻ പ്രയാസം.
പറങ്ങോട്ടു നമ്പൂരി നമ്പൂരിപ്പാട്ടിലേക്കു പരിചിതനായിരുന്നു. എങ്കിലും അപ്പോൾ ജടയും മുടിയുമൊക്കെ ധരിച്ചും മരവുരി ഉടുത്തും മറ്റുമിരുന്നതുകൊണ്ടും കണ്ടിട്ടും വളരെക്കാലമായിരുന്നതിനാലും അദ്ദേഹം ഇന്നാളാണെന്നു നമ്പൂരിപ്പാട്ടിലേക്കു തത്ക്കാലം മനസ്സിലായില്ല. പിന്നെ നമ്പൂരിപ്പാട്ടിന്നു ചോദിക്കുകയാൽ നമ്പൂരി തന്റെ ചരിത്രങ്ങളെല്ലാം നമ്പൂരിപ്പാട്ടിലെ ഗ്രഹിപ്പിച്ചു. അപ്പോൾ നമ്പൂരിപ്പാട്ടിലേക്കു നമ്പൂരിയുടെ മുഖച്ഛായ ഓർമ്മയിൽ വരുകയും അദ്ദേഹം പറഞ്ഞതെല്ലാം ശരിയെന്നു വിശ്വസിക്കുകയും ചെയ്തു.
പറങ്ങോട്ടുനമ്പൂരിക്ക് ആഭിജാത്യം സ്വൽപം കുറവായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ യോഗ്യതയും ദിവ്യത്വവും വിചാരിച്ചു നമ്പൂരിപ്പാട്ടീന്ന് അദ്ദേഹത്തിനു തന്റെ പുരോഹിതസ്ഥാനം കൊടുത്തു തന്റെ കൂടെത്തന്നെ ആജീവനാന്തം താമസിപ്പിച്ചു.

ഐതിഹ്യമാല/ചില ഈശ്വരന്മാരുടെ പിണക്കം

ഐതിഹ്യമാല/ചില ഈശ്വരന്മാരുടെ പിണക്കം

ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു ഗുരുവായൂരപ്പനെ അവിടെ നിന്ന് ഇളക്കിയെടുത്ത് അമ്പലപ്പുഴെയും പിന്നീട് മാവേലിക്കരെയും എഴുന്നള്ളിച്ചു കുടിയിരുത്തിയിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. ഗുരുവായൂരപ്പനും അമ്പലപ്പുഴെ കൃ‌ഷ്ണസ്വാമിയും വാസ്തവത്തിൽ ആൾ ഒന്നുതന്നെയാണെങ്കിലും അവർ രണ്ടുപേരുംകൂടി അമ്പലപ്പുഴെ താമസിച്ചിരുന്ന കാലത്തു പല പിണക്കങ്ങളും മൽസരങ്ങളുമുണ്ടായിട്ടുള്ളതായി അനേകം ഐതിഹ്യങ്ങളുണ്ട്.
ഗുരുവായൂരപ്പന്റെ പ്രീതിക്കായി നടത്തുന്ന നമസ്ക്കാരസ്സദ്യകൾക്കുള്ള കാളൻ മുതലായ സാധനങ്ങൾ വയ്ക്കുന്ന ഓട്ടുപാത്രങ്ങളിൽത്തന്നെ കിടക്കുകയല്ലാതെ, മറ്റു പാത്രങ്ങളിൽ പകരുക പതിവില്ലെന്നും എന്നാൽ ആ സാധനങ്ങൾക്കു കിളാവുചുവ ഉണ്ടാകാറില്ലെന്നുമുള്ളതു പ്രസിദ്ധമാണല്ലോ. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴെ താമസിച്ചിരുന്ന കാലത്ത് നമസ്ക്കാരത്തിനായി വച്ചുണ്ടാക്കുന്ന കാളനും മറ്റും കിളാവു ചുവകൊണ്ടു മനു‌ഷ്യർക്കു ഉപയോഗിക്കാൻ നിവൃത്തിയില്ലാതായിത്തീർന്നു. ഇതിങ്ങനെ ആക്കിത്തീർത്തതു ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴെ കൃ‌ഷ്ണസ്വാമിയാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇതിനുപകരം ഗുരുവായൂരപ്പനും ചിലതു പ്രവർത്തിക്കാതിരുന്നില്ല.
അമ്പലപ്പുഴെ കൃ‌ഷ്ണസ്വാമിക്കു പ്രതിദിനം മുപ്പത്താറു പറ പാൽകൊണ്ടു പഞ്ചസാരപ്പായസം പതിവുണ്ടായിരുന്നു. അതിൽ ഗുരുവായൂരപ്പൻ അട്ടയും മറ്റും കാണിച്ചു നിവേദ്യത്തിനു കൊള്ളാത്ത വിധത്തിലാക്കിത്തീർത്തുതുടങ്ങി. ഇങ്ങനെ ഇവർ തമ്മിലുള്ള സ്പർദ്ധയും മത്സരവും നിമിത്തം രണ്ടുപേർക്കും പൂജാനിവേദ്യാദികൾ നടത്താൻ നിവൃത്തിയില്ലാതെ വന്നതിനാൽ ഗുരുവായൂരപ്പനെ ടിപ്പുസുൽത്താന്റെ ഉപദ്രവം ശമിക്കുന്നതുവരെ മാവേലിക്കരെ കൊണ്ടുപോയി ഇരുത്തേണ്ടതായിവന്നു. ഗുരുവായൂരപ്പനെ കുടിയിരുത്തിയിരുന്ന സ്ഥലവും അവിടുത്തെ വകയായി ഒരു കിണറും ഇപ്പോഴും അമ്പലപ്പുഴെ കാൺമാനുണ്ട്.
ഇപ്രകാരം തന്നെ വൈക്കത്തപ്പനും ഏറ്റുമാനൂർ ദേവനും തമ്മിലും ചില പിണക്കങ്ങളുണ്ടായിട്ടുണ്ട്. 973-ആമാണ്ടു നാടുനീങ്ങിയ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് വൈക്കത്തപ്പനു വഴിപാടായി ഏഴര (ഏഴു വലിയതും ഒന്നു ചെറിയതും) പൊന്നാനകളെ (പ്ലാവുകൊണ്ടു പണിയിച്ചു സ്വർണ്ണത്തകിടുകൊണ്ട് പൊതിയിച്ചു) തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്ക് കൊടുത്തയച്ചു. കൽപനപ്രകാരം ഹരിക്കാരന്മാർ പൊന്നാനകളെ വിരുത്തിക്കാരെക്കൊണ്ട് എടുപ്പിച്ചു കൊണ്ട് കരമാർഗ്ഗമായി പുറപ്പെട്ട് ഒരു ദിവസം ഏറ്റുമാനൂർ വന്നുചേർന്നു. പൊന്നാനകളെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തറയിലിറക്കിവച്ചു നട കാവൽക്കാരെ ഏൽപ്പിച്ചിട്ട് ഹരിക്കാരന്മാരും ചുമട്ടുകാരും കുളിക്കാനുമുണ്ണാനു പോയി. അവർ കുളിയും ഭക്ഷണവും കഴിഞ്ഞു വന്നു നോക്കിയപ്പോൾ പൊന്നാനകളുടെ തലയിൽ ഓരോ വലിയ സർപ്പങ്ങളിരിക്കുന്നതായി കണ്ടു. ആരെങ്കിലും അടുത്തു ചെന്നാൽ ആ ഭയങ്കര സർപ്പങ്ങൾ ഫണങ്ങൾ വിടർത്തിക്കൊണ്ട് ചീറ്റിത്തുടങ്ങും. അതിനാൽ എല്ലാവരും ഭയപ്പെട്ടു മാറിയതല്ലാതെ അടുത്തു ചെല്ലുന്നതിന് ആർക്കും ധൈര്യമുണ്ടായില്ല. പിന്നെ ഇതിനെപ്പറ്റി പ്രശ്നംവെപ്പിച്ചു നോക്കിയതിൽ, ഈ ആനകളെ താൻ വിട്ടയയ്ക്കുകയില്ലെന്നും ഇവ തനിക്കു വേണമെന്നുമാണ് ഏറ്റുമാനൂർ ദേവന്റെ അഭിപ്രായമെന്നു കാണുകയും ആ വിവരം തിരുമനസ്സറിയിക്കുന്നതിന് എഴുതി അയയ്ക്കുകയും പ്രശ്നത്തിൽ കണ്ടതുപോലെ തന്നെ മഹാരാജാവു തിരുമനസ്സിലേക്കു ഒരു ദർശനമുണ്ടാകുകയും ചെയ്തു. അതിനാൽ ആ പൊന്നാനകളെ ഏറ്റുമാനൂർ ദേവന്റെ ഭണ്ഡാരത്തിൽ എടുത്തുവച്ചുകൊള്ളുന്നതിനു കൽപിച്ചനുവദിച്ചു. ഇപ്പോഴും ഏറ്റുമാനൂർ ഭണ്ഡാരത്തിലിരിക്കുന്നവയും ഉത്സവകാലങ്ങളിൽ എഴുന്നള്ളത്തോടുകൂടി കൊണ്ട് നടക്കുന്നവയുമായ പൊന്നാനകൾ അവിടെ വന്നുചേർന്നതിപ്രകാരമാണ്.
വൈക്കത്തപ്പനു വഴിപാടായി നിശ്ചയിച്ച് ഉണ്ടാക്കിച്ചയച്ചവയായ പൊന്നാനകളെ ഏറ്റുമാനൂർ ദേവൻ ഇടയ്ക്കുവച്ച് തട്ടിയെടുത്തതിനാൽ വീണ്ടും ഏഴരപൊന്നാനകളെ ഉണ്ടാക്കിച്ചു വൈക്കത്തേക്കയയ്ക്കണമെന്ന് മഹാരാജാവു തിരുമനസ്സുകൊണ്ട് കൽപ്പിച്ചു നിശ്ചയിച്ചു. അപ്പോൾ ഒരു ദിവസം രാത്രിയിൽ തിരുമനസ്സിലേക്കു ഒരു ദർശനമുണ്ടായി. അതിന്റെ സാരം തനിക്കു പൊന്നാനയും മറ്റും വേണമെന്നില്ലെന്നും അതിന്റെ വില ചെലവാക്കി ഒരു സഹസ്രകലശം നടത്തിയാൽ മതിയെന്നുമായിരുന്നു. ഇതു വൈക്കത്തപ്പന്റെ കൽപനയാണെന്നു വിശ്വസിച്ചു മഹാരാജാവ് തിരുമനസ്സുകൊണ്ട് അപ്രകാരംതന്നെ അതികേമമായി വൈക്കത്ത് ഒരു സഹസ്രകലശം നടത്തിക്കുകയും ചെയ്തു. വൈക്കത്തപ്പനും ഏറ്റുമാനൂർ ദേവനും തമ്മിൽ ഇപ്പോഴും പിണക്കമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാൽ വൈക്കത്ത് അഷ്ടമി ദർശനത്തിന് ഇപ്പോഴും ഏറ്റുമാനൂർ ദേശക്കാരാരും പോകാറില്ല.
ആറന്മുള ദേവനും ശബരിമലശാസ്താവും തമ്മിലും പിണക്കമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാൽ ആറന്മുളക്കാർ ശബരിമലയ്ക്കു പോകാറില്ല. പണ്ടൊരിക്കൽ ആറന്മുളക്കാരായ ചിലർ ശബരിമലയ്ക്കുപോകുന്നതിനു നിശ്ചയിച്ച് "നോയമ്പു" തുടങ്ങി. അപ്പോൾ അവർക്കു ആറന്മുളദേവൻ സ്വപ്നത്തിൽ പ്രത്യക്ഷമായി "എന്റെ ജനങ്ങൾ മല ചവിട്ടണമെന്നില്ല; സകലകാര്യസിദ്ധിക്കും എന്നെ സേവിച്ചുകൊണ്ടാൽ മതി" എന്നരുളിച്ചെയ്തു. എങ്കിലും അവർ അതിനെ വകവയ്ക്കാതെ യഥാകാലം ശബരിമലയ്ക്കു പോയി. ശബരിമലയ്ക്ക് പോകുന്നവർ "ശരണമയ്യപ്പോ" എന്നും "അയ്യപ്പസ്വാമിയേ ശരണം" എന്നും മറ്റും വിളിച്ചുപറഞ്ഞു കൊണ്ടാണല്ലോ പോകുക പതിവ്. എന്നാൽ ആറന്മുളക്കാർ "ആറന്മുള സ്വാമിയേ ശരണം" എന്നു വിളിച്ചുകൊണ്ടാണ് പോയത്. അവർ അയ്യപ്പസ്വാമിയുടെ നായ്ക്കൾ ശബരിമലയ്ക്കു സമീപമായപ്പോൾ (കടുവാകൾ) വായും പൊളിച്ചുകൊണ്ട് അവരുടെ നേരെ പാഞ്ഞുചെന്നു. അതുകണ്ട് ആറന്മുളക്കാർ ഭയപരവശന്മാരായി പൂർവാധികമുറക്കെ ആറന്മുളസ്വാമിയെ വിളിച്ചുതുടങ്ങി. അപ്പോൾ ആ വ്യാഘ്രങ്ങളുടെ വായിൽ അമ്പുകൾ വന്നു തറയ്ക്കുകയും അവ മടങ്ങിപ്പോവുകയും ചെയ്തു. ആ സമയം ശബരിമല ശാസ്താവിന്റെ വെളിപാടുണ്ടായി (വെളിച്ചപ്പാടു തുള്ളി) "ആറന്മുളക്കാർ എന്റെ നടയിൽ വരാൻ പാടില്ല" എന്നു കല്പിക്കുകയും ആറന്മുളക്കാർ അവിടെ ദർശനം കഴിക്കാതെ മടങ്ങിപ്പോവുകയും ചെയ്തു. അക്കാലം മുതൽക്കാണ് ആറന്മുളക്കാർ ശബരിമലയ്ക്കു പോകാതെയായത്. ആറന്മുള ദേവൻ മഹാവി‌ഷ്ണുവിന്റെ ഒരവതാരമായ ശ്രീകൃഷ്ണനാണെന്നാണല്ലോ സങ്കൽപം. അതിനാൽ ശബരിമലയയ്യപ്പന്റെ നായ്ക്കളുടെ നേരെ ശരമയച്ചത് ആ ദേവൻ തന്നെയാണെന്നാണ് വിശ്വാസം.
ഇങ്ങനെ കേരളത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അനേകം ദേവന്മാർ തമ്മിൽ പല പിണക്കങ്ങളുമുണ്ടായിട്ടുള്ളതിനും ഇപ്പോഴും പിണക്കമാണെന്നുള്ളതിനും വളരെ ഐതിഹ്യങ്ങളുണ്ട്. ഇവയെല്ലാം മനു‌ഷ്യരുടെ സങ്കൽപത്തിൽനിന്നുണ്ടായിട്ടുള്ളവയായിരിക്കാനല്ലാതെ കാരണമില്ലല്ലോ.