ഐതിഹ്യമാല/പറങ്ങോട്ടു നമ്പൂരി
പറങ്ങോട്ടു നമ്പൂരി | പാക്കിൽ ശാസ്താവ്→ |
ബ്രിട്ടിഷുമലബാറിൽ 'പറങ്ങോട്' എന്നില്ലപ്പേരായി ഒരു നമ്പൂരിയുണ്ടായിരുന്നു. അദ്ദേഹം സകല വേദശാസ്ത്രങ്ങളും പുരാണേതിഹാസാദികളും ഗ്രഹിച്ചിട്ടുള്ള ഒരു വിദ്വാനും പ്രകൃത്യാ വിരക്തനും ഈശ്വരഭക്തനുമായിരുന്നു. ഐഹികസുഖങ്ങളെല്ലാമുപേക്ഷിച്ച് അദ്ദേഹം കുറച്ചുകാലം ഈശ്വരനെ സേവിച്ചുകൊണ്ട് സ്വഗൃഹത്തിൽത്തന്നെ താമസിച്ചതിന്റെ ശേഷം അർത്ഥപുത്രമിത്രകളത്രാദികളെ എല്ലാമുപേക്ഷിച്ചു വളരെക്കാലം അന്യദേശങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരുന്നു. അങ്ങനെ പോയിപ്പോയി ഒടുവിൽ അദ്ദേഹം ഒരു വലിയ വനാന്തരത്തിൽ ചെന്നുചേർന്നു. അപ്പോഴേക്കും അദ്ദേഹം ക്ഷുൽപിപാസാദികൾകൊണ്ട് ഏറ്റവും പരവശനായിത്തീർന്നു. അതിനാൽ ഭക്ഷണപാനീയങ്ങളന്വേഷിച്ചു കൊണ്ട് അദ്ദേഹം ആ വനാന്തരത്തിൽ ചുറ്റിസഞ്ചരിച്ചു. അപ്പോൾ ദൈവഗത്യാ ഒരു മുനിവരാശ്രമം കണ്ടെത്തുകയും അവിടെ തപസ്സു ചെയ്തുകൊണ്ടിരുന്ന മഹർഷിശ്രേഷ്ഠന്റെ അടുക്കൽചെന്നു തനിക്കു വിശപ്പും ദാഹവും ദുസ്സഹമായിത്തീർന്നിരിക്കുന്നുവെന്നും അവയെ ശമിപ്പിക്കുന്നതിനു വല്ലതും തരണമെന്നും യാചിക്കുകയും ചെയ്തു. അതുകേട്ട് ആ മഹർഷിശ്രേഷ്ഠൻ ചില ഭക്ഷണസാധനങ്ങളും മറ്റും കൊടുത്ത് ആ നമ്പൂരിയെ സംതൃപ്തനാക്കിയതിന്റെ ശേഷം, "അങ്ങ് ആരാണ്? എന്തിനായിട്ടാണ് ഇവിടെ വന്നത്" എന്നും മറ്റും ചോദിച്ചു. അപ്പോൾ നമ്പൂരി താനൊരു ബ്രാഹ്മണനാണെന്നും മറ്റുമുള്ള പരമാർത്ഥമെല്ലാം മഹർഷിയെ ഗ്രഹിപ്പിച്ചു. ഉടനെ മഹർഷി, "അങ്ങു വേദാധ്യയനം ചെയ്തിട്ടില്ലേ" എന്നു ചോദിച്ചു. "ഉണ്ട്" എന്നു നമ്പൂരി പറഞ്ഞപ്പോൾ മഹർഷി. "എന്നാൽ അങ്ങേക്കു ക്ഷുൽപിപാസാദികളുടെ ബാധയുണ്ടാകാനിടയില്ലല്ലോ. ആട്ടെ, വേദം മുഴുവനും അങ്ങു പഠിച്ചപ്രകാരം ഒന്നു ചൊല്ലിക്കേൾക്കട്ടെ" എന്നു പറഞ്ഞു. അതു കേട്ടു നമ്പൂരി വേദം മുഴുവനും താൻ പഠിച്ചിരുന്നതുപോലെ ചൊല്ലിക്കേൾപ്പിച്ചു. അപ്പോൾ മഹർഷി, "ഇതുമുഴുവനും പിഴയാണ്; ഇതെല്ലാം മറന്നാൽ അങ്ങേക്കു ഞാൻവേദമുപദേശിച്ചുതരാം. ഇതു മറക്കുന്നതിനു കുറച്ചു ദിവസം വടക്കോട്ടു തിരിഞ്ഞിരുന്ന് ഉരുവിട്ടാൽ മതി." എന്നു പറഞ്ഞു. അപ്രകാരം നമ്പൂരി വടക്കോട്ടു തിരിഞ്ഞിരുന്ന് ഏതാനും ദിവസം വേദം ഉരുവിടുകയും അപ്പോഴേക്കും അദ്ദേഹം പഠിച്ചിരുന്നതെല്ലാം മറക്കുകയും ചെയ്തു. പിന്നെ ആ മഹർഷിശ്രേഷ്ഠൻ വേദം ആദിമുതൽ അവസാനംവരെ നമ്പൂരിക്ക് ഉപദേശിക്കുകയും വേദത്തിൽ ഇന്നിന്ന മന്ത്രങ്ങൾ ജപിച്ചുകൊണ്ടാൽ വിശപ്പും ദാഹവും ഉണ്ടാവുകയില്ലെന്നു പറഞ്ഞുകൊടുക്കുകയും ചെയ്തു. പിന്നെ നമ്പൂരി അപ്രകാരം ക്ഷുൽപിപാസാദികളെ അടക്കിക്കൊണ്ടും യോഗാഭ്യാസം ചെയ്തുകൊണ്ടും ആ മഹർഷിയുടെ അടുക്കൽ താമസിച്ചു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രണ്ടു ദിവ്യപുരുഷന്മാർ അവിടെ വരുകയും മഹർഷിയെക്കണ്ട് എന്തോ ചിലതെല്ലാം പറഞ്ഞു പോവുകയും ചെയ്തു. അവരും മഹർഷിയുമായി ഉണ്ടായ സംഭാഷണമെല്ലാം കേട്ടുവെങ്കിലും അതു മനുഷ്യഭാഷയിൽ അല്ലായിരുന്നതിനാൽ നമ്പൂരിക്ക് കാര്യമൊന്നും മനസ്സിലായില്ല. അതിനാൽ അദ്ദേഹം മഹർഷിയോട് ആ വന്ന ദിവ്യപുരുഷന്മാരാരായിരുന്നുവെന്നും അവർ പറഞ്ഞതെന്തായിരുന്നുവെന്നും മറ്റും ചോദിച്ചു. അപ്പോൾ മഹർഷി, "ആ ദിവ്യന്മാർ കൈലാസവാസികളായ രണ്ടു ശിവഭൂതങ്ങളാണ്. ഇന്നു ശ്രീപാർവതിക്കു സോമവാരവ്രതമാകയാൽ കാൽകഴുകിച്ചൂട്ടിനു ഞാൻകൂടി ചെല്ലണമെന്നു ദേവി അരുളിച്ചെയ്തിരിക്കുന്നു എന്നാണ് അവർ പറഞ്ഞത്" എന്നു പറഞ്ഞു. അതു കേട്ടപ്പോൾ തനിക്കും കൂടി കൈലാസത്തിങ്കൽ പോയാൽക്കൊള്ളാമെന്നുള്ള ആഗ്രഹം കലശലായിത്തീരുകയാൽ നമ്പൂരി തന്നെക്കൂടി കൊണ്ടുപോകണമെന്നു മഹർഷിയോടപേക്ഷിച്ചു. അപ്പോൾ മഹർഷി, "അങ്ങ് അതിനിപ്പോൾ ശക്തനായിട്ടില്ല. ഇവിടെത്താമസിച്ചാൽ കുറച്ചുകാലം കഴിയുമ്പോൾ അങ്ങും അതിന് ശക്തനായിത്തീരുമായിരിക്കാം. അപ്പോൾ അതിനായിട്ടാഗ്രഹിച്ചാൽ മതി" എന്നു പറഞ്ഞു. അതൊന്നും സമ്മതിക്കാതെ നമ്പൂരി പിന്നെയും നിർബന്ധിക്കുകയാൽ ഒടുവിൽ മഹർഷി നമ്പൂരിയുടെ ഇഷ്ടംപോലെ ചെയ്യാമെന്നു സമ്മതിക്കുകയും എന്നാൽ കൈലാസത്തിൽച്ചെന്നാൽ അങ്ങുമിങ്ങുമൊക്കെ നോക്കുകയോ വല്ലതും സംസാരിക്കുകയോ ചെയ്യരുതെന്നും ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിലത്തുതന്നെ നോക്കിക്കൊണ്ട് ഇരുന്നുകൊള്ളണമെന്നും മഹർഷി പറയുകയും അപ്രകാരമായിക്കൊള്ളാമെന്നു നമ്പൂരി സമ്മതിക്കുകയും ചെയ്തു. പോകാനുള്ള സമയമായപ്പോൾ മഹർഷി തന്റെ കൈയ്ക്കു പിടിച്ചുകൊണ്ട് കണ്ണടയ്ക്കാൻ നമ്പൂരിയോടു പറഞ്ഞു. നമ്പൂരി അപ്രകാരം ചെയ്യുകയും അരനിമിഷംകൊണ്ട് രണ്ടുപേരും കൈലാസത്തിങ്കലെത്തുകയും ചെയ്തു. അപ്പോൾ കാൽ കഴുകിച്ചൂട്ടിനായി അവിടെ അസംഖ്യം മഹർഷിമാർ എത്തീട്ടുണ്ടായിരുന്നു. അവരെയൊക്കെ കാൽ കഴുകിച്ചത് ശ്രീപരമേശ്വരനായിരുന്നു. ആ കൂട്ടത്തിൽ പറങ്ങോട്ടു നമ്പൂരിയെയും ഭഗവാൻ കാൽകഴുകിച്ചു. ഉടനെ എല്ലാവരും ഉണ്ണാനിരുന്നു. അപ്പോഴേക്കും അവർക്കു കുടിക്കു നീർവീഴ്ത്താനായി ശ്രീപാർവതിയുടെ പുറപ്പാടായി. ദേവിയുടെ കാൽച്ചിലമ്പിന്റെ മഞ്ജൂളനാദം കേട്ടുതുടങ്ങിയപ്പോൾത്തന്നെ നമ്പൂരിയുടെ മനസ്സിളകിത്തുടങ്ങി. ശ്രീപാർവ്വതി ഓരോരുത്തർക്കും മുറയ്ക്കു കുടിക്കു നീർവീഴ്ത്തി. ക്രമേണ നമ്പൂരിയുടെ അടുക്കൽ വന്നുചേർന്നു. അദ്ദേഹത്തിനു കുടിക്കു നീർവീഴ്ത്തിയ സമയം അദ്ദേഹം കുനിഞ്ഞിരിക്കുകയായിരുന്നു. എങ്കിലും ശ്രീപാർവ്വതിയുടെ പാദങ്ങൾ അദ്ദേഹം സ്പഷ്ടമായിക്കണ്ടു. "ഈ പാദങ്ങൾ തന്നെ ഇത്ര മനോഹരങ്ങളായിരിക്കുന്ന സ്ഥിതിക്ക് ഈ ദേവിയുടെ മുഖം എത്രമാത്രം സുന്ദരമായിരിക്കും! എന്തൊക്കെയായാലും അതൊന്നു കാണാതെ കഴിയുകയില്ല" എന്നു വിചാരിച്ച് നമ്പൂരി പതുക്കെയൊന്നു തലയുയർത്താൻ ഭാവിച്ചു.
അപ്പോൾ ദേവിയുടെ സമീപത്തു നിന്നിരുന്ന നന്ദികേശ്വരന്റെ ഒരു ഹൂങ്കാരം കേൾക്കപ്പെടുകയും നമ്പൂരി ബോധരഹിതനായി അവിടെ നിന്നു തെറിച്ചുപോവുകയും ചെയ്തു.
പിറ്റേ ദിവസം പ്രഭാതമായപ്പോൾ നമ്പൂരിക്കു ബോധം വീണു. അദ്ദേഹം കണ്ണുതുറന്നു നോക്കിയപ്പോൾ താൻ കിടക്കുന്നത് ഒരു കുളത്തിലാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. എങ്കിലും ഈ ദേശം ഏതാണെന്നും മറ്റും അദ്ദേഹത്തിനറിയാൻ പാടില്ലായിരുന്നു. അപ്പോൾ ഒരു വൃഷലി ചില പാത്രങ്ങൾ തേച്ചു മുക്കുന്നതിനായി ആ കുളത്തിൽ വന്നു. അവളോടു ചോദിച്ചപ്പോൾ ആ കുളം പൂമുള്ളിമനയ്ക്കലെ വകയാണെന്നും മറ്റും പറയുകയും നമ്പൂരി അവിടെ മുമ്പു പലപ്പോഴും പോയിരുന്നതു കൊണ്ട് അതു വാസ്തവം തന്നെയാണെന്നു മനസ്സിലാവുകയും ചെയ്തു. നമ്പൂരിക്കു സന്ധിബന്ധങ്ങളെല്ലാം തളർന്നിരുന്നുവെങ്കിലും അദ്ദേഹം ഒരു വിധം അവിടെ നിന്ന് കരയ്ക്കു കയറി. ആ സമയം പൂമുള്ളി മനയ്ക്കൽ അതികലശലായി ഒരു കരച്ചിലും പിഴിച്ചിലും അലയും മുറയുമെല്ലാം കേൾക്കുകയാൽ അതിന്റെ കാരണമെന്തെന്ന് അദ്ദേഹം ആ വൃഷലിയോടു ചോദിച്ചു. അപ്പോൾ അവൾ, "മനയ്ക്കലെ വലിയ തിരുമനസ്സിലേക്കു വളരെ മോഹിച്ചിരുന്നുണ്ടായ ഏകപുത്രൻ ഇന്നലെ രാത്രിയിൽ പെട്ടെന്നുണ്ടായ എന്തോ സുഖക്കേടുനിമിത്തം മരിച്ചുപോയി. ആ തങ്കക്കട്ടപോലെയിരുന്ന ഓമനക്കുട്ടനു മൂന്നു വയസ്സുമാത്രമേ പ്രായമായിരുന്നുള്ളു. അതിന്റെ ശവം ഇപ്പോൾ ദഹിപ്പിക്കാനെടുത്തുകൊണ്ടു പോവുകയാണ്. അതിന്റെ കോലാഹലമാണ് ഈ കേൾക്കുന്നത്" എന്നു പറഞ്ഞു.
ഇതു കേട്ട മാത്രയിൽ നമ്പൂരി മനയ്ക്കലേക്കു ചെന്നു. ആ സമയം വലിയ നമ്പൂരിപ്പാട്ടീന്നു തന്റെ ഏകപുത്രന്റെ മൃതശരീരം ദഹിപ്പിക്കാനായി എടുത്തു ചിതയിങ്കലേക്കു കൊണ്ടുപോവുകയായിരുന്നു. നമ്പൂരി അടുത്തുചെന്ന്, "ഹേ! അവിടുന്ന് ഒട്ടും വ്യസനിക്കേണ്ടാ, ഉണ്ണിയെ ഞാനിപ്പോൾ ജീവിപ്പിച്ചുതരാം. അതിനെ അവിടെ കിടത്തണം" എന്നു പറഞ്ഞു. ഇതു കേട്ടിട്ട് നമ്പൂരിപ്പാട്ടിലേക്ക് ഒട്ടും വിശ്വാസമുണ്ടായില്ല. എങ്കിലും മോഹാധിക്യം നിമിത്തം ആ മൃതശരീരത്തെ അവിടെക്കിടത്തി. നമ്പൂരി കുറച്ചു വെള്ളം കൈയിലെടുത്തു കണ്ണടച്ചു എന്തോ ഒരു മന്ത്രം ജപിച്ച് ഉണ്ണിയുടെ മുഖത്ത് തളിച്ചു. ഉണ്ണി ഉടനെ കണ്ണു തുറന്നു. നമ്പൂരി പിന്നെയും രണ്ടു പ്രാവശ്യം കൂടി വെള്ളം ജപിച്ചു തളിച്ചു. അപ്പോൾ മരിച്ചുകിടന്നിരുന്ന ഉണ്ണി സ്വസ്ഥശരീരനായി എണീറ്റ് "അച്ഛാ " എന്നു വിളിച്ചുകൊണ്ട് നമ്പൂരിപ്പാട്ടിലെ അടുക്കലേക്ക് ചെന്നു. അപ്പോൾ നമ്പൂരിപ്പാട്ടിലേക്കും അവിടെക്കൂടിയിരുന്ന ജനങ്ങൾക്കും മറ്റുമുണ്ടായ സന്തോഷവും അത്ഭുതവും എത്രമാത്രമെന്നു പറയാൻ പ്രയാസം.
പറങ്ങോട്ടു നമ്പൂരി നമ്പൂരിപ്പാട്ടിലേക്കു പരിചിതനായിരുന്നു. എങ്കിലും അപ്പോൾ ജടയും മുടിയുമൊക്കെ ധരിച്ചും മരവുരി ഉടുത്തും മറ്റുമിരുന്നതുകൊണ്ടും കണ്ടിട്ടും വളരെക്കാലമായിരുന്നതിനാലും അദ്ദേഹം ഇന്നാളാണെന്നു നമ്പൂരിപ്പാട്ടിലേക്കു തത്ക്കാലം മനസ്സിലായില്ല. പിന്നെ നമ്പൂരിപ്പാട്ടിന്നു ചോദിക്കുകയാൽ നമ്പൂരി തന്റെ ചരിത്രങ്ങളെല്ലാം നമ്പൂരിപ്പാട്ടിലെ ഗ്രഹിപ്പിച്ചു. അപ്പോൾ നമ്പൂരിപ്പാട്ടിലേക്കു നമ്പൂരിയുടെ മുഖച്ഛായ ഓർമ്മയിൽ വരുകയും അദ്ദേഹം പറഞ്ഞതെല്ലാം ശരിയെന്നു വിശ്വസിക്കുകയും ചെയ്തു.
പറങ്ങോട്ടുനമ്പൂരിക്ക് ആഭിജാത്യം സ്വൽപം കുറവായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ യോഗ്യതയും ദിവ്യത്വവും വിചാരിച്ചു നമ്പൂരിപ്പാട്ടീന്ന് അദ്ദേഹത്തിനു തന്റെ പുരോഹിതസ്ഥാനം കൊടുത്തു തന്റെ കൂടെത്തന്നെ ആജീവനാന്തം താമസിപ്പിച്ചു.