2013, മേയ് 16, വ്യാഴാഴ്‌ച

കര്‍ത്തവ്യങ്ങളുടെ സ്വഭാവമല്ല,ഏതു വിധം നിറവേറ്റുന്നു എന്നതാണ് പ്രധാനം




കര്‍ത്തവ്യങ്ങളുടെ സ്വഭാവമല്ല, ഏതു വിധം നിറവേറ്റുന്നു എന്നതാണ് പ്രധാനം
ജനനത്തേയും ജീവിതത്തിലെ നിലകളേയും (വര്‍ണ്ണാശ്രമങ്ങളെ) ആശ്രയിച്ചുള്ള കര്‍ത്തവ്യങ്ങളെപ്പറ്റി ഭഗവദ്ഗീതയില്‍ പലയിടത്തും പറയുന്നുണ്ട്. ജീവിതത്തിലെ വിവിധവ്യവഹാരങ്ങളോട് ഓരോ മനുഷ്യര്‍ക്കുമുള്ള മാനസികവും ധാര്‍മ്മികവുമായ നിലപാട് ഏറിയ കൂറും അവരവരുടെ ജന്മത്തേയും ജീവിതത്തിലും സമുദായത്തിലും അവര്‍ക്കുള്ള നിലയേയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ നാം ഏതു സമുദായത്തില്‍ ജീവിച്ചിരിക്കുന്നുവോ ആ സമുദായത്തിന്റെ ആദര്‍ശങ്ങള്‍ക്കും പ്രവര്‍ത്തനരീതികള്‍ക്കും അനുസരണമായി, നമുക്കു മേന്മയും ഔത്കൃഷ്ട്യവും കൈവരുത്തുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ടതു നമ്മുടെ കര്‍ത്തവ്യമാകുന്നു. എന്നാല്‍ ഒരേ ആദര്‍ശങ്ങളും പ്രവര്‍ത്തനരീതികളുമല്ല എല്ലാരാജ്യങ്ങളിലും നിലവിലുള്ളതെന്ന് പ്രത്യേകം ഓര്‍മ്മവെയ്ക്കണം. ഒരു ജനതയ്ക്കു മറ്റൊരു ജനതയോടു തോന്നുന്ന വെറുപ്പിന് അധികം കാരണവും ഇക്കാര്യത്തിലുള്ള നമ്മുടെ അജ്ഞതയാകുന്നു. അമേരിക്കയിലെ ആചാരമനുസരിച്ച് അവിടത്തുകാരന്‍ ചെയ്യുന്നതെല്ലാം ഉത്തമകര്‍മ്മങ്ങളാണെന്നും, ആ ആചാരാനുസാരം പ്രവര്‍ത്തിക്കാത്ത ഏതൊരുത്തനും മഹാദുഷ്ടനായിരിക്കണമെന്നും അമേരിക്കക്കാരന്‍ വിചാരിക്കുന്നു. തന്റെ ആചാരങ്ങള്‍മാത്രമാണ് ശരിയായിട്ടുള്ളവ, അവയാണ് ലോകത്തിലേയ്ക്കും ഒന്നാംതരം, അവ അനുസരിക്കാത്തവന്‍ ഏറ്റവും ദുഷ്ടനാണ്, എന്നിങ്ങനെ ഒരു ഹിന്ദു വിചാരിക്കുന്നു. ഇതു നമുക്കെല്ലാവര്‍ക്കും സ്വാഭാവികമായി വരാവുന്ന ഒരു തെറ്റാണ്. എന്നാല്‍ ഇതില്‍നിന്നു വളരെ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നുണ്ട്; ലോകത്തില്‍ കാണുന്ന വിദ്വേഷങ്ങളില്‍ പകുതിക്കും ഹേതു ഇതാണ്.

ഞാന്‍ ഈ നാട്ടില്‍ വന്നശേഷം ചിക്കാഗോനഗരത്തിലെ പ്രദര്‍ശനവീഥിയില്‍ ക്കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നൊരാള്‍ എന്റെ തലപ്പാവു പിടിച്ചു വലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍, വൃത്തിയായി വസ്ത്രധാരണം ചെയ്ത് കാഴ്ചയില്‍ മാന്യനെന്നു തോന്നിച്ച ഒരു വ്യക്തിയെയാണ് കണ്ടത്. ഞാന്‍ അയാളോടു സംസാരിച്ചു. എനിക്ക് ഇംഗ്ലീഷ് അറിയാമെന്നു കണ്ടപ്പോള്‍ അയാള്‍ വളരെ ലജ്ജിച്ചു. മറ്റൊരിക്കല്‍ അതേ വീഥിയില്‍വെച്ച് വേറൊരാള്‍ എന്നെപ്പിടിച്ചുന്തി. നിങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അയാളും ലജ്ജിതനായി, നിങ്ങള്‍ എന്തിന് ഈ വേഷം കെട്ടിയിരിക്കുന്നു? എന്നു പരുങ്ങിപ്പതറി ഒരു സമാധാനം പറഞ്ഞു. ഈവക മനുഷ്യരുടെ സഹഭാവം അവരുടെ ഭാഷയുടേയും സ്വന്തം വസ്ത്രധാരണരീതിയുടേയും അതിര്‍ത്തിക്കുള്ളില്‍ മാത്രമേ വ്യാപരിക്കുന്നുള്ളു. പ്രബലന്മാരായ ജനവര്‍ഗ്ഗങ്ങള്‍ ബലഹീനരായവരെ പീഡിപ്പിക്കുന്നതിന് അധികവും ഹേതു ഈ പൂര്‍വ്വധാരണയാണ്. മനുഷ്യസഹോദരന്മാര്‍ക്കു തമ്മില്‍ തോന്നേണ്ട സഹാനുഭൂതിയെ അതു വറ്റിച്ചുകളയുന്നു. എന്റെ വസ്ത്രധാരണരീതി ഹേതുവായി എന്നോട് അപമര്യാദയായി പെരുമാറുകയും ഞാന്‍ അയാളെപ്പോലെ വസ്ത്രം ധരിക്കാത്തതെന്തെന്നു ചോദിക്കുകയും ചെയ്ത ആ മനുഷ്യന്‍ വളരെ നല്ലവനായിരിക്കാം. എന്നാല്‍ മറ്റൊരു രീതിയില്‍ വസ്ത്രം ധരിച്ച ഒരു മനുഷ്യനെക്കണ്ടപ്പോഴേയ്ക്കും അയാളുടെ സ്വഭാവത്തിലെ സൗഹൃദമെല്ലാം നശിച്ചുപോയി. എല്ലാ രാജ്യങ്ങളിലും വിദേശീയര്‍ ചൂഷണത്തിനു വിധേയരാകുന്നു; കാരണം, അവര്‍ക്ക് അവിടെ സ്വയം രക്ഷിക്കാനുള്ള വഴി അറിഞ്ഞുകൂടാ. അങ്ങനെ, അവര്‍ തങ്ങള്‍ കണ്ട രാജ്യക്കാരെക്കുറിച്ചു തെറ്റായ ധാരണകളോടുകൂടി സ്വന്തംനാട്ടിലേയ്ക്കു മടങ്ങുന്നു. കപ്പല്‍ക്കാര്‍, പട്ടാളക്കാര്‍, കച്ചവടക്കാര്‍ മുതലായവര്‍ മറുനാടുകളില്‍ വളരെ അസാധാരണമായി പെരുമാറുന്നു; അവര്‍ സ്വന്തം രാജ്യത്ത് അങ്ങനെ പെരുമാറുവാന്‍ സ്വപേ്‌നപി വിചാരിക്കുകയില്ല. പക്ഷേ ഇതു കൊണ്ടാവാം, ചൈനക്കാര്‍ യൂറോപ്യന്മാരെയും അമേരിക്കക്കാരെയും പരദേശിപ്പിശാചുകള്‍ എന്നു വിളിക്കുന്നത്. പാശ്ചാത്യരുടെ ജീവിതത്തിലെ വിശിഷ്ടവും സരളവുമായ ഭാഗങ്ങള്‍ കണ്ടിരുന്നുവെങ്കില്‍, അവര്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ല.

അതുകൊണ്ട് നാം ഓര്‍മ്മിക്കേണ്ട ഒരു സംഗതി, അന്യരുടെ കര്‍ത്തവ്യത്തെ അവരുടെ ദൃഷ്ടിയില്‍ക്കൂടിത്തന്നെ കാണാന്‍ എപ്പോഴും ശ്രമിക്കേണ്ടതാണെന്നും, അന്യജനതകളുടെ ആചാരങ്ങളെക്കുറിച്ച് വിധികല്പിക്കുവാന്‍ നമ്മുടെ സ്വന്തം മാനദണ്ഡം ഒരിക്കലും ഉപയോഗിക്കരുതെന്നുമാകുന്നു. ഞാന്‍ ജഗത്തിന്റെ മാനദണ്ഡമല്ല. ഞാന്‍ സ്വയം ലോകത്തിനൊത്തു ഒതുങ്ങിക്കൊള്ളുകയാണ് വേണ്ടത്. അല്ലാതെ ലോകം എനിക്കൊത്തൊതുങ്ങുന്നതല്ല. അങ്ങനെ ചുറ്റുപാടുകള്‍ നമ്മുടെ കര്‍ത്തവ്യത്തിന്റെ പ്രകൃതത്തിനു മാറ്റം വരുത്തുന്നുണ്ടെന്നും, ഓരോ സമയത്തും നമ്മുടെ കര്‍ത്തവ്യമായി കാണുന്ന കര്‍മ്മങ്ങളെ ചെയ്തുകൊണ്ടിരിക്കുകയാണു ലോകത്തില്‍ നമുക്ക് ഉത്തമമായിട്ടുള്ളതെന്നും വരുന്നു. ജന്മവശാല്‍ കര്‍ത്തവ്യ മായി വന്നുചേര്‍ന്നിട്ടുള്ള കര്‍മ്മങ്ങള്‍ നമുക്കു ചെയ്യാം. അതു ചെയ്തുകഴിഞ്ഞാല്‍പ്പിന്നെ ജീവിതത്തിലും ജനസമുദായത്തിലും നമുക്കുള്ള നില ഹേതുവായി വന്നിട്ടുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാം. എന്നാല്‍ മനുഷ്യപ്രകൃതിയെ സംബന്ധിച്ച് ഒരു വലിയ അപകടമുണ്ട്. മനുഷ്യര്‍ ഒരിക്കലും ആത്മപരീക്ഷണം ചെയ്യുകയില്ല. രാജാവിനെപ്പോലെ സിംഹാസനം വാഴാന്‍ തനിക്കും യോഗ്യതയുണ്ട് എന്ന് അവന്‍ വിചാരിക്കുന്നു. അങ്ങനെ യോഗ്യതയുണ്ടെങ്കില്‍ത്തന്നേയും, അയാള്‍ തല്‍ക്കാലം ഏതു പടിയിലിരിക്കുന്നുവോ, അതിനോടനുബന്ധിച്ച കര്‍ത്തവ്യം നിറവേറ്റിയതായി ആദ്യം കാണിക്കണം; അപ്പോള്‍ അതിലും ഉപരിയായ കര്‍ത്തവ്യങ്ങള്‍ വന്നുചേരും. നാം ലോകത്തില്‍ ആത്മാര്‍ത്ഥതയോടെ കര്‍മ്മങ്ങളിലേര്‍പ്പെട്ടുതുടങ്ങുമ്പോള്‍, പ്രകൃതി നമ്മെ ഇടത്തും വലത്തും പ്രഹരിക്കയും അങ്ങനെ നമ്മുടെ യഥാര്‍ത്ഥസ്ഥാനം കണ്ടുപിടിക്കുവാന്‍ സഹായിക്കയും ചെയ്യുന്നു. തനിക്ക് അര്‍ഹതയില്ലാത്ത സ്ഥാനത്ത് ദീര്‍ഘകാലം തൃപ്തികരമായി ഇരിക്കാന്‍ ഒരുവനും സാധിക്കയില്ല. പ്രകൃതിയുടെ ക്രമീകരണപ്രവൃത്തിയില്‍ പിറുപിറുത്തിട്ടു കാര്യമില്ല. താണതരം ജോലി ചെയ്യുന്നതുകൊണ്ട് ആരും താണവനാകയില്ല. ഏര്‍പ്പെട്ടിരിയ്ക്കുന്ന കര്‍ത്തവ്യങ്ങളുടെ സ്വഭാവം കൊണ്ടുമാത്രം ആരേയും മതിക്കാവുന്നതല്ല; മറിച്ച്, കര്‍ത്തവ്യങ്ങളെ ഏതുവിധം നിറവേറ്റുന്നു എന്നും ഏതു മനോഭാവത്തോടെ നിറവേറ്റുന്നു എന്നും നോക്കിയാണ് സകലരേയും മതിക്കേണ്ടത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I

ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് സ്വഭാവമാകുന്നു




ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് സ്വഭാവമാകുന്നു (1)

 

ലോകത്തില്‍ നാം കാണുന്ന സകലകര്‍മ്മങ്ങളും, മനുഷ്യസമുദായത്തിലെ സകലപ്രസ്ഥാനങ്ങളും, നമുക്കു ചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും, വിചാരത്തിന്റെ ബാഹ്യപ്രകടനം അഥവാ മനുഷ്യന്റെ ഇച്ഛാശക്തിയുടെ ബഹിര്‍പ്രകാശനം മാത്രമാകുന്നു. യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍, കപ്പലുകള്‍, പടക്കപ്പലുകള്‍ ഇവയെല്ലാം ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളല്ലാതെ മറ്റൊന്നുമല്ല. ഈ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നതു സ്വഭാവമാകുന്നു: സ്വഭാവത്തെ കര്‍മ്മവും. കര്‍മ്മം ഏതുപോലെയോ അതുപോലെയായിരിക്കും ഇച്ഛാശക്തിയുടെ പ്രകാശനവും. മഹത്തായ ഇച്ഛാശക്തിയോടുകൂടി ലോകത്തില്‍ ഉണ്ടായിട്ടുള്ളവരെല്ലാം വലിയ കര്‍മ്മികളായിരുന്നു: ലോകങ്ങളെ ഇളക്കി മറിക്കുവാന്‍ തക്ക ഇച്ഛാശക്തിയോടുകൂടിയ ആ ഗംഭീരാത്മാക്കള്‍ക്ക് അങ്ങനെയുള്ള ഇച്ഛാശക്തി, അവര്‍ അനേകം ജന്മങ്ങളിലൂടെ നിശ്ചയദാര്‍ഢ്യത്തോടെ ചെയ്ത നിരന്തരകര്‍മ്മങ്ങളുടെ ഫലമായി, സിദ്ധിച്ചതാണ്. ബുദ്ധനോ ക്രിസ്തുവിനോ ഉണ്ടായിരുന്നതുപോലുള്ള ഗംഭീരമനശ്ശക്തി ഒരു ജന്മംകൊണ്ടു സമ്പാദിക്കാവുന്നതല്ല: എന്തെന്നാല്‍ അവരുടെ പിതാക്കന്മാര്‍ ആരായിരുന്നു എന്ന് നമുക്ക് അറിവുണ്ട്. മനുഷ്യസമുദായത്തിന്റെ നന്മയ്ക്കായി ഒരിക്കലെങ്കിലും ഒരു വാക്ക് ആ പിതാക്കന്മാര്‍ പറഞ്ഞതായി അറിവില്ല. ജോസഫിനെപ്പോലെ എത്രയോ ലക്ഷം ആശാരിമാര്‍ മുമ്പുണ്ടായിരുന്നു, എത്രയോ ലക്ഷം ഇപ്പോഴുമുണ്ട്. ബുദ്ധന്റെ പിതാവിനെപ്പോലുള്ള എത്രയോ ലക്ഷം ചെറിയ രാജാക്കന്മാര്‍ ലോകത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ബുദ്ധനെപ്പോലുള്ളവരുടെ ശക്തികള്‍ പാരമ്പര്യേണ സിദ്ധിച്ചതാണെന്നു പറയാമെന്നുവെച്ചാല്‍, ഒരു പക്ഷേ, സ്വന്തം ഭൃത്യന്മാര്‍പോലും വകവെച്ചിട്ടില്ലാത്ത ആ ചെറിയ രാജാവ് ലോകത്തിലെ പകുതി ജനങ്ങളുടെ ആരാധനാപാത്രമായ ഒരു പുത്രനെ ജനിപ്പിച്ചതെങ്ങനെ? ആ ആശാരിക്കും, അനേകലക്ഷം ജനങ്ങള്‍ ഈശ്വരനായാരാധിക്കുന്ന അയാളുടെ പുത്രനും തമ്മിലുള്ള വിപുലമായ അന്തരത്തിനെന്തു കാരണം? പാരമ്പര്യസിദ്ധാന്തംകൊണ്ട് ഇവയ്ക്കു തൃപ്തികരമായ സമാധാനം നല്കാവുന്നതല്ല. ബുദ്ധനും യേശുവും ലോകത്തിന്റെമേല്‍ ക്ഷേപിച്ച ഗംഭീരമനശ്ശക്തി എവിടെ നിന്നു വന്നു? ഈ ശക്തിസമാഹാരം എവിടെനിന്നുണ്ടായി? അതു പണ്ടുപണ്ടേ ഉണ്ടായിരുന്നിരിക്കണം: പല യുഗങ്ങളില്‍ക്കൂടി വളര്‍ന്നു വളര്‍ന്ന് ഒടുവില്‍ ഒരു ബുദ്ധന്റെയോ ക്രിസ്തുവിന്റെയോ രൂപത്തില്‍ ലോകത്തു പെട്ടെന്നു വെളിപ്പെട്ടു: അത് ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഇതെല്ലാം കര്‍മ്മത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. സ്വന്തം അദ്ധ്വാനം കൊണ്ടു സമ്പാദിക്കുന്നതല്ലാതെ യാതൊന്നും ആര്‍ക്കും ലഭിക്കുകയില്ല. ഇതൊരു ശാശ്വതമായ നിയമമാകുന്നു. ഇത് അങ്ങനെയല്ലെന്ന് ചിലപ്പോള്‍ തോന്നും: എന്നാല്‍ കാലാന്തരത്തില്‍ അതിന്റെ യാഥാര്‍ത്ഥ്യം നമുക്കു ബോദ്ധ്യപ്പെടും. ധനത്തിനുവേണ്ടി ഒരാള്‍ ജീവിത കാലം മുഴുവന്‍ യത്‌നിച്ചിരിക്കാം. അയാള്‍ അതിനുവേണ്ടി അനേകായിരം പേരെ വഞ്ചിച്ചിരിക്കാം: എന്നാല്‍ തനിക്ക് ധനികനാകാനുള്ള അര്‍ഹത ഇല്ല എന്ന് ഒടുവില്‍ അയാള്‍ അറിയുന്നു. അയാള്‍ക്ക് ജീവിതം ഒരു ബുദ്ധിമുട്ടും ശല്യവുമായി പരിണമിക്കുകയും ചെയ്യുന്നു. ശാരീരിക സുഖങ്ങള്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കാന്‍ നമുക്കു കഴിഞ്ഞേയ്ക്കാം: എന്നാല്‍ നാം നേടിയതേ യഥാര്‍ത്ഥത്തില്‍ നമ്മുടേതാകയുള്ളു. ഒരു മഠയന്‍ ലോകത്തിലുള്ള സകല പുസ്തകങ്ങളും വിലയ്ക്കു വാങ്ങി തന്റെ ഗ്രന്ഥശാലയില്‍ ശേഖരിച്ചു എന്നു വരാം: പക്ഷേ, വായിക്കാനര്‍ഹതയുള്ളവ മാത്രമേ അയാള്‍ക്കു വായിക്കാന്‍ സാധിക്കയുള്ളു. ഈ അര്‍ഹതയാകട്ടെ കര്‍മ്മം കൊണ്ടാണ് സിദ്ധിക്കേണ്ടത്. നമുക്ക് എന്തിനെല്ലാം അര്‍ഹതയുണ്ടെന്നും നമുക്ക് എന്തെല്ലാം ദഹിക്കുമെന്നും നിര്‍ണ്ണയിക്കുന്നത് നമ്മുടെ കര്‍മ്മങ്ങളാകുന്നു. നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്കുത്തരവാദി നാംതന്നെ. മേലില്‍ ഏതവസ്ഥയില്‍ ആകണമെന്ന് നാം ആഗ്രഹിക്കുന്നുവോ, ആ അവസ്ഥയിലാകുവാനുള്ള ശക്തിയും നമുക്കുണ്ട്. നമ്മുടെ ഇന്നത്തെ അവസ്ഥ സ്വന്തം പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമാണെങ്കില്‍, ഭാവിയില്‍ നാം ആഗ്രഹിക്കുന്നവിധമുള്ള ഏതവസ്ഥയും നമ്മുടെ ഇപ്പോഴത്തെ കര്‍മ്മങ്ങള്‍കൊണ്ടു വരുത്താവുന്നതാണെന്നും അതില്‍നിന്നു സിദ്ധിക്കുന്നു. അതുകൊണ്ട് കര്‍മ്മം ചെയ്യേണ്ടത് എങ്ങനെ എന്നറിയേണ്ടതാവശ്യം. കര്‍മ്മം ചെയ്യാന്‍ പഠിക്കാനെന്തുണ്ട്? ലോകത്തിലുള്ള സകലരും ഏതെങ്കിലും ഒരു വിധത്തില്‍ കര്‍മ്മം ചെയ്യുന്നുണ്ടല്ലോ, എന്ന് നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ നമ്മുടെ ശക്തികളെ ചിന്നിച്ചിതറിക്കളയുക എന്നൊന്നുണ്ട്. അങ്ങനെ സംഭവിക്കാതെ, സാമര്‍ത്ഥ്യത്തോടുകൂടി ശാസ്ത്രീയ രീതിയില്‍ കര്‍മ്മം ചെയ്യുന്നതിനാണ് കര്‍മ്മയോഗം എന്ന് ഗീത പറയുന്നത്. കര്‍മ്മത്തിന്റെ വഴിയറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രം ഒരുവന് അതില്‍നിന്നുള്ള പരമാവധി ഫലം സിദ്ധിക്കുന്നു. മനസ്സിനു സ്വതഃസിദ്ധമായിട്ടുള്ള ശക്തികളെ ആവിഷ്‌കരിക്കുക, ആത്മാവിനെ ഉണര്‍ത്തുക, എന്നുള്ളതാണ് സകലകര്‍മ്മങ്ങളുടേയും ഉദ്ദേശ്യം എന്ന് ഓര്‍മ്മിക്കണം. ശക്തി ഓരോ മനുഷ്യനിലും ഉണ്ട്. ജ്ഞാനവും ഉണ്ട്. അവയെ പുറത്തേയ്ക്കു കൊണ്ടുവരാനുള്ള ആഘാതങ്ങളെപ്പോലെയാകുന്നു വിവിധതരത്തിലുള്ള കര്‍മ്മങ്ങള്‍: ആ ഗംഭീരന്മാരെ തട്ടിയുണര്‍ത്തുകയാകുന്നു കര്‍മ്മം ചെയ്യുന്നത്.


വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം

കര്‍ത്തവ്യം എന്നാല്‍ എന്ത്?




കര്‍ത്തവ്യം എന്നാല്‍ എന്ത്?

 

കര്‍മ്മയോഗത്തെപ്പറ്റി മനസ്സിലാക്കുന്നതിനു കര്‍ത്തവ്യമെന്നാലെന്ത് എന്നറിയേണ്ടത് ആവശ്യമാകുന്നു. ഞാന്‍ വല്ലതും ഒന്നു ചെയ്യണമെന്നുണ്ടെങ്കില്‍, അത് എന്റെ കര്‍ത്തവ്യമാണെന്ന് ആദ്യം അറിയേണ്ടിയിരിക്കുന്നു; എങ്കില്‍ പിന്നെ അതു ചെയ്യാന്‍ എനിക്കു സാധിക്കും. കര്‍ത്തവ്യത്തെക്കുറിച്ച് ഓരോ ജനതയ്ക്കുമുള്ള ബോധം ഓരോ വിധത്തിലാണ്. ഒരു മുഹമ്മദീയന്‍ പറയും, തന്റെ ഗ്രന്ഥമായ ഖുറാനില്‍ എഴുതിയിട്ടുള്ളത് തന്റെ കര്‍ത്തവ്യമാണെന്ന്. വേദങ്ങളില്‍ വിധിച്ചിട്ടുള്ളതാണ് തന്റെ കര്‍ത്തവ്യമെന്നു ഹിന്ദുവും, ബൈബിളിലെ ശാസനങ്ങളാണ് തനിക്കു കര്‍ത്തവ്യമെന്നു ക്രിസ്ത്യാനിയും പറയും. ജീവിതത്തിലെ അവസ്ഥാഭേദങ്ങളനുസരിച്ചും ചരിത്ര പരമായ കാലഘട്ടങ്ങളുടെ വ്യത്യാസമനുസരിച്ചും ജനവര്‍ഗ്ഗങ്ങളുടെ ഭേദമനുസരിച്ചും കര്‍ത്തവ്യത്തെക്കുറിച്ചുള്ള ധാരണകള്‍ക്കു വൈവിധ്യമുള്ളതായി കാണുന്നു. സാര്‍വ്വലൗകികവും കേവലം സൂക്ഷ്മാര്‍ത്ഥ വാചിയുമായ മറ്റേതു പദത്തേയുംപോലെ കര്‍ത്തവ്യം എന്ന പദവും വ്യക്തമായി നിര്‍വ്വചിക്കാന്‍ സാധ്യമല്ലാത്ത ഒന്നാകുന്നു. അതിന്റെ പ്രവര്‍ത്തനരീതികളേയും ഫലങ്ങളേയും അറിഞ്ഞ് തദ്ദ്വാരാ അതിനെക്കുറിച്ച് ഒരാശയം നേടുവാനേ നമുക്കു കഴിയൂ.

നമ്മുടെ മുമ്പാകെ ചില സംഭവങ്ങള്‍ നടക്കുമ്പോള്‍, അവയെ സംബന്ധിച്ച് ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ഒരു ഉള്‍പ്രേരണ നമുക്കെല്ലാവര്‍ക്കും സ്വഭാവേനയോ പരിശീലനം ഹേതുവായിട്ടോ ഉണ്ടാകുന്നുണ്ട്. ഈ പ്രേരണയുണ്ടാകുമ്പോള്‍ മനസ്സ് ആ അവസ്ഥാവിശേഷത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങുന്നു. നിലവില്‍വന്ന പരിതോവസ്ഥ കളില്‍, ഒരു പ്രകാരം പ്രവര്‍ത്തിക്കുന്നതു നല്ലതാണെന്ന് മനസ്സിനു ചിലപ്പോള്‍ തോന്നും; മറ്റു സന്ദര്‍ഭങ്ങളില്‍ അതേ പരിതഃസ്ഥിതിക ളില്‍ത്തന്നെ, അതേ പ്രകാരം പ്രവര്‍ത്തിക്കുന്നതു തെറ്റാണെന്നു തോന്നും. കര്‍ത്തവ്യത്തെക്കുറിച്ച് സാധാരണമായുള്ള ധാരണ, സജ് ജനങ്ങളെല്ലാം അവരവരുടെ മനഃസാക്ഷിയുടെ നിയോഗത്തെ ആദരി ച്ചു പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്. എന്നാല്‍ ഒരു കര്‍മ്മത്തെ കര്‍ത്തവ്യമാക്കിത്തീര്‍ക്കുന്നതെന്താണ്? (വിശന്നിരിക്കുന്ന) ഒരു ക്രിസ്ത്യാനിക്ക് ഒരു കഷണം ഗോമാംസം കിട്ടിയാല്‍ അയാള്‍ സ്വപ്രാണ രക്ഷാര്‍ത്ഥം അതു ഭക്ഷിക്കാതിരിക്കുകയോ, അല്ലെങ്കില്‍ മറ്റൊരുവന്റെ പ്രാണരക്ഷാര്‍ത്ഥം അതു കൊടുക്കാതിരിക്കുകയോ ചെയ്യുന്നപക്ഷം താന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റിയില്ലെന്ന് അയാള്‍ക്കു തീര്‍ച്ചയായും തോന്നും; എന്നാല്‍ ഒരു ഹിന്ദു ആ മാംസക്കക്ഷണം ഭക്ഷിക്കാനോ മറ്റൊരു ഹിന്ദുവിനു കൊടുക്കാനോ ധൈര്യപ്പെടുന്നുവെങ്കില്‍ കര്‍ത്തവ്യം നിറവേറ്റിയില്ല എന്ന് അയാള്‍ക്കും അതുപോലെ തീര്‍ച്ചയായും തോന്നും; ഹിന്ദുവിന്റെ ശിക്ഷണപരിശീലനങ്ങള്‍ അയാളെക്കൊണ്ട് അങ്ങനെ തോന്നിപ്പിക്കുന്ന വിധത്തിലുള്ളവയാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയില്‍ തഗ്ഗുകള്‍ എന്നു വിളിക്കപ്പെട്ടിരുന്ന പ്രസിദ്ധ കവര്‍ച്ചസംഘക്കാര്‍ ഉണ്ടായിരുന്നു. കഴിയുന്നവരെയൊക്കെ കൊന്ന് അവരുടെ സ്വത്ത് അപഹരിക്കുന്നതു തങ്ങളുടെ കര്‍ത്തവ്യ മാണെന്ന് അവര്‍ വിചാരിച്ചിരുന്നു. എത്രയും കൂടുതലാളുകളെ കൊല്ലുന്നുവോ അത്രയ്ക്കും തങ്ങള്‍ക്കു നന്മയാണെന്ന് അവര്‍ വിചാരിച്ചിരുന്നു.

ഒരാള്‍ തെരുവീഥിയിലേയ്ക്ക് ഇറങ്ങി മറ്റൊരാളെ വെടിവെച്ചുകൊന്നാല്‍ അതിനെപ്പറ്റി താന്‍ ഒരു തെറ്റു ചെയ്തുപോയല്ലോ എന്നു വിചാരിച്ച് സാധാരണയായി പശ്ചാത്തപിക്കാനിടയുണ്ട്. എന്നാല്‍, അതേ ആള്‍ തന്നെ സൈന്യത്തില്‍ ഒരു ഭടന്റെ നിലയില്‍ ഒന്നല്ല, ഇരുപതു പേരെ കൊന്നാലും തന്റെ കര്‍ത്തവ്യം സവിശേഷം നിര്‍വ്വഹിച്ചു എന്നു വിചാരിച്ച് അത്രയ്ക്ക് ആഹ്ലാദിക്കുകയേയുള്ളുവെന്നു തീര്‍ച്ച. അതിനാല്‍, ചെയ്യപ്പെടുന്ന കര്‍മ്മത്തിന്റെ ബാഹ്യ രൂപത്തെ ആസ്പദമാക്കി കര്‍ത്തവ്യത്തെ നിര്‍വ്വചിക്കാവുന്നതല്ല എന്നു കാണുന്നു. കര്‍ത്തവ്യത്തിനു വസ്തുനിഷ്ഠമായ ഒരു നിര്‍വ്വചനം നല്കുക കേവലം അസാദ്ധ്യം തന്നെ. എന്നാല്‍ കര്‍ത്തൃനിഷ്ഠമായി (കര്‍മ്മം ചെയ്യുന്ന ആളിനെ ആസ്പദമാക്കി) കര്‍ത്തവ്യം ഉണ്ട്. നമ്മെ ഈശ്വരങ്കലേയ്ക്കു നയിക്കുന്ന ഏതൊരു കര്‍മ്മവും സത്കര്‍മ്മമാകുന്നു; അതു നമ്മുടെ കര്‍ത്തവ്യവുമാണ്. നമ്മെ അധഃപതിപ്പിക്കുന്ന ഏതൊരു കര്‍മ്മവും ദോഷമാകുന്നു; അതു നമുക്കു കര്‍ത്തവ്യമല്ല താനും. കര്‍ത്തൃനിഷ്ഠമായി നോക്കുമ്പോള്‍, ചില കര്‍മ്മങ്ങള്‍ നമ്മുടെ സ്വഭാവത്തിനു മേന്മയും ഔത്കൃഷ്ട്യവും ചേര്‍ക്കുന്നതിനു പര്യാപ്തങ്ങളാണെന്നും മറ്റു ചില കര്‍മ്മങ്ങള്‍ നമ്മെ അധഃപതിപ്പിക്കന്നതിനും നമ്മിലെ മൃഗീയത വളര്‍ത്തുന്നതിനും സഹായിക്കുന്നവയാണെന്നും കാണാന്‍ കഴിയും. എന്നാല്‍ പല പരിതഃസ്ഥിതിയിലും വര്‍ത്തിക്കുന്നവരായ നാനാജനങ്ങളെ സംബന്ധിച്ചും ഇന്നയിന്ന കര്‍മ്മങ്ങള്‍ക്ക് ഇന്നയിന്ന പ്രകാരത്തിലുള്ള പ്രവണതയാണുള്ളതെന്നു സൂക്ഷ്മമായി നിര്‍ണ്ണയിക്കുക സാധ്യമല്ല. എങ്കിലും കര്‍ത്തവ്യത്തെക്കുറിച്ച്, സര്‍വരാജ്യങ്ങളിലും സര്‍വ്വകാലങ്ങളിലും സര്‍വ്വസമ്പ്രദായങ്ങളിലുംപെട്ട മനുഷ്യര്‍ പൊതുവെ അംഗീകരിച്ചിട്ടുള്ള ഒരാശയം മാത്രമുണ്ട്; അതിനെ സംസ്‌കൃതത്തിലുള്ള ഒരു വാക്യത്തില്‍ ഇങ്ങ നെ സംക്ഷേപിച്ചിരിക്കുന്നു; ഒരു ജീവിയേയും ഹിംസിക്കാതിരിക്കുക. പരോപകാരം പുണ്യവും പരപീഡനം പാപവും ആകുന്നു.
വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം



അവരവരുടെ കര്‍ത്തവ്യങ്ങള്‍സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക


അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം അനുഷ്ഠിക്കുക (11

ഉയര്‍ച്ചയ്ക്ക് ഒരു വഴിയേയുള്ളു: അത്, നമ്മുടെ അടുത്തെത്തിയ കര്‍ത്തവ്യം നിര്‍വ്വഹിച്ചു ശക്തിയാര്‍ജ്ജിച്ചുകൊണ്ട് അത്യുച്ചപദത്തിലെത്തുന്നതുവരെ മുന്നോട്ടു പോവുകയാകുന്നു. ഒരു യുവസന്ന്യാസി വനത്തില്‍ പോയി അവിടെയിരുന്നു ധ്യാനപൂജാദികള്‍ നടത്തുകയും ദീര്‍ഘകാലം യോഗം അഭ്യസിക്കയും ചെയ്തു. അനേകസംവ ത്‌സരക്കാലത്തെ കഠിനപ്രയത്‌നത്തിനും അഭ്യാസത്തിനും ശേഷം, ഒരു ദിവസം അയാള്‍ ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. കുറെ ഉണങ്ങിയ ഇലകള്‍ അയാളുടെ തലയില്‍ വന്നുവീണു. മേലേ്പാട്ടു നോക്കിയപ്പോള്‍ വൃക്ഷാഗ്രത്തില്‍ ഒരു കാക്കയും കൊക്കും തമ്മില്‍ പൊരുതുന്നതു കണ്ടു. അയാള്‍ക്കു കോപമുണ്ടായി. എന്ത് എന്റെ തലയില്‍ ഉണക്കയിലകള്‍ വീഴ്ത്തുവാന്‍ നിങ്ങള്‍ക്കു ധൈര്യം വന്നോ? ഇങ്ങനെ പറഞ്ഞുകൊണ്ട് അയാള്‍ ആ പക്ഷികളെ ക്രോധത്തോടെ നോക്കി. അപ്പോള്‍, അയാളുടെ ശിരസ്സില്‍നിന്ന് ഒരു അഗ്‌നിജ്വാല പുറപ്പെട്ടുചെന്ന് ആ പക്ഷികളെ ദഹിപ്പിച്ചു. അയാളുടെ യോഗശക്തി അത്രയ്ക്കുണ്ടായിരുന്നു. യോഗശക്തിയുടെ ഈ പൗഷ്കല്യത്തില്‍ - ഒരു നോട്ടംകൊണ്ട് കാക്കയേയും കൊക്കിനേയും ഭസ്മീകരിക്കാന്‍ തനിക്കു കഴിഞ്ഞില്ലേ! - അയാള്‍ സന്തുഷ്ടനായി, ആഹ്ലാദത്താല്‍ ഏതാണ്ടു മതിമറന്നു.

കുറച്ചു കഴിഞ്ഞ് ഭിക്ഷയെടു ക്കുവാന്‍ അയാള്‍ക്ക് നഗരത്തിലേയ്ക്കു പോകേണ്ടിയിരുന്നു. അവിടെച്ചെന്ന് ഒരു വീട്ടിനു പുറത്തുനിന്ന് ഭവതി, ഭിക്ഷാംദേഹി എന്നു പറഞ്ഞു. കുറച്ചു നില്‍ക്കൂ മകനേ എന്ന് വീട്ടിനുള്ളില്‍നിന്നും മറുപടി കിട്ടി. എടീ നീചേ, നീ എന്നെ നിറുത്തിത്താമസിപ്പിക്കയോ! എന്റെ ശക്തി നീ അറിഞ്ഞിട്ടില്ല, എന്നിങ്ങനെ ആ യുവയോഗി തന്നത്താന്‍ വിചാരിച്ചു. ഈ വിചാരം അയാളുടെ ഉള്ളില്‍ക്കൂടി കടന്നുപോകുന്നതിനിടയില്‍ വീട്ടിനുള്ളില്‍നിന്ന് ശബ്ദം വീണ്ടും കേള്‍ക്കാറായി; കുഞ്ഞേ, നീ വലിയ കേമനായിപ്പോയെന്നുതന്നത്താന്‍ വിചാരിക്കരുത്. ഇവിടെ കാക്കയും കൊക്കും ഒന്നുമില്ല. അയാള്‍ ആശ്ചര്യപ്പെട്ടു: പിന്നേയും കാത്തുനിന്നു. ഒടുവില്‍ സ്ത്രീ പുറത്തേയ്ക്കു വന്നു. അയാള്‍ അവരുടെ കാല്ക്കല്‍ വീണു നമസ്‌കരിച്ചുകൊണ്ട്, അമ്മേ, നിങ്ങള്‍ അതെങ്ങനെ അറിഞ്ഞു? എന്നു ചോദിച്ചു. അവര്‍ മറുപടി പറഞ്ഞു; കുട്ടീ, എനിക്കു നിന്റെ യോഗമോ അഭ്യാസമോ ഒന്നും അറിഞ്ഞുകൂടാ. ഞാന്‍ ഒരു സാധാരണസ്ത്രീ. എന്റെ ഭര്‍ത്താവിനു സുഖമില്ല. ഞാന്‍ അദ്ദേഹത്തെ പരിചരിക്കയായിരുന്നു. അതു കൊണ്ടാണ് നിന്നോട് അല്പം കാത്തുനില്ക്കാന്‍ പറഞ്ഞത്. ജീവിതകാലം മുഴുവന്‍ എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുവാന്‍ ഞാന്‍ പണിപ്പെട്ടു യത്‌നിച്ചിട്ടുണ്ട്. വിവാഹിതയാകുന്നതിനുമുമ്പ് ഞാന്‍ മാതാപിതാക്കളോടുള്ള കര്‍ത്തവ്യം നിര്‍വ്വഹിക്കുകയുണ്ടായി. ഇപ്പോള്‍ വിവാഹിതയായിരിക്കെ, ഞാന്‍ എന്റെ ഭര്‍ത്താവിനോടുള്ളു ധര്‍മ്മം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ അഭ്യസിക്കുന്ന യോഗം ഇതു മാത്രമാണ്. എന്നാല്‍ ഈ ധര്‍മ്മാനുഷ്ഠാനം മുഖേന ഞാന്‍ പ്രബുദ്ധയായിരിക്കുന്നു. അതിനാല്‍ നീ ഉള്ളില്‍ വിചാരിച്ചതും കാട്ടില്‍വെച്ചു ചെയ്തതും എനിക്കറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഇതിലും ഉപരിയായി എന്തെങ്കിലും നിനക്കറിയണമെന്നുണ്ടെങ്കില്‍, മിഥിലാനഗരിയില്‍ ചെല്ലുക: അവിടെ ചന്തയില്‍ നീ ഒരു വ്യാധനെക്കാണും. നീ അറിയാന്‍ ആഗ്രഹിക്കുന്ന ചിലതെല്ലാം അയാള്‍ പറഞ്ഞുതരും.

ഞാന്‍ എന്തിന് ആ നഗരത്തില്‍ പോകുന്നു, അതും ഒരു വ്യാധന്റെ അടുക്കല്‍? എന്ന് സന്ന്യാസി വിചാരിച്ചു. എങ്കിലും താന്‍ കണ്ടേടത്തോളം കാര്യങ്ങള്‍കൊണ്ട് അയാളുടെ ബുദ്ധിക്ക് അല്പം വെളിവുണ്ടായി. അതിനാല്‍ പോകാന്‍ തന്നെ തീര്‍ച്ചയാക്കി, നഗരത്തിനടുത്തെത്തി: ചന്ത കണ്ടുപിടിച്ചു. അവിടെ കുറെ ദൂരെ, ഒരു തടിയന്‍ വ്യാധന്‍ ഇരുന്ന് വലിയ കത്തികള്‍ കൊണ്ട് മാംസം മുറിക്കുന്നതു കണ്ടു. അയാള്‍ പലരോടും സംസാരിക്കുകയും വിലപേശുകയും ചെയ്യുന്നുണ്ട്. ഈശ്വരോ രക്ഷതു! ഇയാളോടാണോ ഞാന്‍ ഉപദേശം വാങ്ങേണ്ടത്? ഇയാള്‍ ഒരു രാക്ഷസന്റെ അവതാരമല്ലാതെ മറ്റൊന്നുമല്ല. എന്നിങ്ങനെ വിചാരിച്ച് അയാള്‍ വ്യാധനെ സമീപിച്ചു. അപ്പോള്‍ വ്യാധന്‍ അയാളെ നോക്കി, ഓ സ്വാമി, ആ അമ്മയാണല്ലേ, നിങ്ങളെ ഇങ്ങോട്ടയച്ചത്? എനിക്കല്പം ജോലികൂടിയുള്ളതു തീരുന്നിടംവരെ അവിടെ ഇരുന്നാലും എന്നു പറഞ്ഞു. ഇവിടെ എന്തു സംഭവിക്കാന്‍ പോകുന്നു എന്നായി യോഗിയുടെ വിചാരം. അയാള്‍ ഇരുന്നു. വ്യാധന്‍ ജോലി തുടര്‍ന്നു. അതു പൂര്‍ത്തിയായപ്പോള്‍ അയാള്‍ അന്നു കിട്ടിയ പണവും എടുത്ത്, സ്വാമി, ഇനി നമുക്കു വീട്ടിലേയ്ക്കു പോകാം എന്നു പറഞ്ഞ് നടന്നു. വീട്ടില്‍ ചെന്ന് യോഗിക്ക് ഇരിപ്പിടം കൊടുത്തിട്ട് അയാളോട് അല്പം കാക്കുക എന്നു പറഞ്ഞ് തന്റെ വൃദ്ധരായ മാതാപിതാക്കളെ കുളിപ്പിച്ച് ഊണു കഴിപ്പിക്കുകയും, അവരുടെ പ്രീതിക്കുവേണ്ടി കഴിവതു ശുശ്രൂഷിക്കുകയും ചെയ്തശേഷം അയാള്‍ സന്ന്യാസിയുടെ അരികത്തു മടങ്ങിവന്ന്, സ്വാമി, അങ്ങ് എന്നെ കാണാന്‍ വന്നിരിക്കയാണല്ലോ. ഞാനെന്താണ് അങ്ങയ്ക്കു വേണ്ടി ചെയ്യേണ്ടത്? എന്നു ചോദിച്ചു. സന്ന്യാസി അയാളോട് ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനു മറുപടിയായി വ്യാധന്‍ ദീര്‍ഘമായ ഒരു പ്രഭാഷണം നടത്തി. (അതാണ് മഹാഭാരതത്തിലെ വ്യാധഗീത എന്നറിയപ്പെടുന്ന ഭാഗം. വേദാന്തത്തിലെ അത്യുച്ചതത്ത്വജ്ഞാനം നിറഞ്ഞതാണ് ഈ ഗീത.) വ്യാധന്റെ ഉപദേശം അവസാനിച്ചപ്പോള്‍ യോഗി അദ്ഭുതാധീനനായി. അദ്ദേഹം വ്യാധനോട്, അങ്ങ് എന്തിനാണ് ഈ ശരീരത്തിലിരിക്കുന്നത്? ഇത്ര വിശിഷ്ടമായ ജ്ഞാനവും വെച്ചുകൊണ്ട് ഒരു വ്യാധശരീരത്തിലിരുന്ന് ഇത്ര നിന്ദ്യവും നികൃഷ്ടവുമായ പണി ചെയ്യുന്നതെന്തിന്? എന്നു ചോദിച്ചു. വ്യാധന്‍ പറഞ്ഞു; വത്‌സാ, ഒരു ജോലിയും നികൃഷ്ടമല്ല, ഒരു ജോലിയും മലിനമല്ല. എന്റെ ജനനം എന്നെ ഈ പരിതഃസ്ഥിതിയിലും ചുറ്റുപാടിലും ആക്കി. ബാല്യകാലത്ത് ഞാന്‍ ഈ തൊഴില്‍ അഭ്യസിച്ചു. എനിക്കു കര്‍മ്മത്തില്‍ സക്തിയില്ല. കര്‍ത്തവ്യങ്ങള്‍ നന്നായി ചെയ്യാന്‍ ഞാന്‍ യത്‌നിക്കുന്നു. ഗൃഹസ്ഥന്റെ നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു: അച്ഛനമ്മമാരെ സന്തുഷ്ടരാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നു. എനിക്ക് നിങ്ങളുടെ യോഗം അറിഞ്ഞുകൂടാ. ഞാന്‍ സന്ന്യാസി യായിട്ടില്ല: ലോകം ഉപേക്ഷിച്ചു കാട്ടിലേയ്ക്ക് പോയുമില്ല. എങ്കിലും നിങ്ങള്‍ ഇപ്പോള്‍ കണ്ടതും കേട്ടതും, എന്റെ സ്ഥാനത്തിന്ന് (വര്‍ണ്ണാശ്രമങ്ങള്‍ക്ക്) ചേര്‍ന്ന കര്‍ത്തവ്യങ്ങളെ നിഃസംഗനായി നിര്‍വ്വഹി ച്ചതുമൂലം, എനിക്കു സ്വയം സിദ്ധമായി.

മുന്‍പറഞ്ഞ കഥയില്‍ വ്യാധനും സ്ത്രീയും അവരവരുടെ കര്‍ത്തവ്യങ്ങള്‍ സന്തോഷപൂര്‍വ്വം സര്‍വ്വാത്മനാ അനുഷ്ഠിച്ചു: തത്ഫലമായി അവര്‍ക്ക് ജ്ഞാനോദയം ഉണ്ടായി. ജീവിതത്തിലെ ഏതൊരു നിലയോടനുബന്ധിച്ചും ഉള്ള കര്‍ത്തവ്യങ്ങള്‍, ഫലാസക്തിയില്ലാതെ ശരിയായി നിര്‍വ്വഹിക്കുന്നപക്ഷം, അതു നമ്മെ പരമമായ ആത്മ സാക്ഷാത്കാരത്തിലേയ്ക്കു നയിക്കുമെന്ന് തെളിയിക്കുന്നു
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം