പരാശർ തടാകം
ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം,
=========================================================
l
മിത്തുകളാലും കഥകളാലും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളാണ് നാടിന്‍റെ പ്രത്യേകത. കേള്‍ക്കുമ്പോള്‍ അവിശ്വസനീയം എന്നു തോന്നുമെങ്കിലും പല ഇടങ്ങള്‍ക്കും പ്രത്യേകിച്ച് ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ഉത്തര്‍ പ്രദേശിലെയും സ്ഥലങ്ങള്‍ക്ക് പുരാണ ഇതിഹാസങ്ങളുമായി മാറ്റിവയ്ക്കുവാന്‍ കഴിയാത്ത തരത്തില്‍ ബന്ധങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് പ്രശാര്‍ ലേക്ക് അഥവാ പരാശാര്‍ തടാകം. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകം വിശ്വാസികള്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും എല്ലാം ഒരുപോലെ പ്രിയപ്പെട്ടതാണ് വശീകരിക്കുന്ന പ്രകൃതിഭംഗിക്കു പുറമേ പല കാര്യങ്ങളും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ട്രക്കിങ്ങിലെ തുടക്കക്കാര്‍ക്കു പോലും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയുന്ന ഇടമായതിനാല്‍ പലരും രണ്ടാമതൊന്നാലോചിക്കാതെ പരാശര്‍ തടാകത്തെ തിരഞ്ഞെടുക്കുന്നു. ഇതാ പരാശര്‍ തടാകത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കുറച്ചു കാര്യങ്ങളിലേക്ക്!!!
പരാശര മഹര്‍ഷി തപസ്സുചെയ്തയിടം പരാശര തടാകത്തെക്കുറിച്ചു പറയുമ്പോള്‍ ഐതിഹ്യങ്ങളില്‍ നിന്നുതന്നെ തുടങ്ങാം. പുരാണങ്ങളിലെ പലപല കഥകളും ഈ തടാകത്തിന്‍റേതായുണ്ട്. അതിലൊന്ന് പരാശര മഹര്‍ഷിയുമായി ബന്ധപ്പെട്ടതാണ്. അദ്ദേഹം ഇവിടുത്തെ തടാകത്തിന്‍റെ കരയിലിരുന്നു തപസ്സനുഷ്ഠിച്ചുവെന്നും അങ്ങനെ കാലക്രമേണ ഇവിടം പരാശര്‍ തടാകം എന്നായി മാറിയെന്നുമാണ് ഇവിടുത്തെ ഒരു വിശ്വാസം.
കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മഹാഭാരതവും പാണ്ഡവരുമായും തടാകത്തിന്‍റെ കഥകള്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മടങ്ങുംവഴി പാണ്ഡവര്‍ ഇവിടെ എത്തി. കമ്രുനാഗവുമായി ആയിരുന്നു ഇവരുടെ മടക്കം, യാത്രയില്‍ ഈ സ്ഥലത്തെത്തിപ്പോള്‍ യക്ഷന്മാരുടെ രാജാവായ കമ്രുനാഗിന് ഈ സ്ഥലം വളരെ അധികം ഇഷ്ടമാവുകയും ഇവിടെ താമസിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെ പാണ്ഡവരിലെ ശക്തിമാനായ ഭീമന്‍ അദ്ദേഹത്തിന്‍റെ കൈമുട്ട് വെച്ച് ഭൂമിയില്‍ ഇടിച്ച് ഒരു കുളം സൃഷ്ടിച്ചുവെന്നും അതാണ് ഈ കാണുന്ന പരാശര്‍ തടാകം എന്നുമാണ് വിശ്വാസം
കണ്ടെത്തുവാനാത്ത ആഴം
ഇവിടുത്തെ പ്രാദേശിക വിശ്വാസങ്ങള്‍ അനുസരിച്ച് ഈ തടാകത്തിന്റെ ആഴം കണ്ടെത്തുവാനും അളക്കുവാനും സാധിക്കുന്നതിനും മേലെയാണ് എന്നാണ് വിശ്വാസം. ഒരിക്കല്‍ കൊടുങ്കാറ്റില്‍ സമീപത്തെ വന്‍ മരങ്ങള്‍ തടാകത്തില്‍ പതിക്കുകയും ഒരു തുമ്പു പോലും കാണുവാന്‍ സാധിക്കാത്ത വിധം അത് ആഴത്തില്‍ മറഞ്ഞുവെന്നുമാണ് ഇതിനു കാരണങ്ങളിലൊന്നായി അവര്‍ പറയുന്നത്. ഒരിക്കല്‍ പ്രഗത്ഭരായ രണ്ട് ജര്‍മ്മന്‍ ഡൈവര്‍മാര്‍ ഇതിന്റെ ആഴം അളക്കുവാനായി ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു മടങ്ങിയത്രെ.
വിശുദ്ധ തടകാം മുന്‍പ് സൂചിപ്പിച്ച ഐതിഹ്യങ്ങളും കഥകളും കാരണം ഈ തടാകത്തിന് എന്നും വിശുദ്ധ പരിവേഷമാണ് ഉള്ളത്. അതുകൊണ്ടു തന്നെ സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കുമൊന്നും തടാകത്തിലേക്ക് പ്രവേശനം അനുവദിക്കാറില്ല. ആകെ തടാകത്തിനു സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരികള്‍ക്ക് പൂജാ ആവശ്യങ്ങള്‍ക്കു മാത്രമാണ് തടാകത്തിലേക്ക് വരുവാന്‍ അനുമതിയുള്ളത്
ഹോളോമിക്റ്റിക് ലേക്ക് വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഹോളോമിക്റ്റിക് ലേക്കുകളില്‍ ഒന്നു കൂടിയാണ് പരാശാര്‍ തടാകം. വര്‍ഷത്തില്‍ ഒരു പ്രത്യേക സമയത്ത് തടാകത്തിലെ ഏറ്റവും ഉപരിതലത്തില്‍ നിന്നും ഏറ്റവും താഴെ വരെ ഒരേ തരത്തിലുള്ള സാന്ദ്രതയും ചൂടും ആയിരിക്കും.
ഒഴുകുന്ന കര!! തടാകത്തിനുള്ളിലായി ഒഴുകി നടക്കുന്ന ചെറിയൊരു കരപ്രദേശവും ഇവിടെ കാണാം.വിവിധ അവസ്ഥകളിലുള്ള ജൈവവൈവിധ്യമാണ് ഈ ചെറിയ കരഭാഗത്തായി കാണുവാന്‍ സാധിക്കുന്നത്. അഴുകുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ സസ്യജാലങ്ങൾ ചേർന്നതാണ് ഇത്,. വളരെ ചെറുതാണെങ്കിലും, അതായത് തടാകത്തിന്‍റെ ഭാഗത്തിന്റെ വെറും 7 ശതമാനം മാത്രമാണ് ഈ കരപ്രദേശം ഉള്ളതെങ്കിലും തടാകത്തിന്‍റെ ഭംഗി വര്‍ധിപ്പിക്കുന്നതില്‍ ഇതിനു പ്രത്യേക പങ്കുണ്ട്. ഫ്ലോട്ടിംഗ് ദ്വീപ് തടാകത്തിലെ എല്ലാ ദിശകളിലേക്കും നീങ്ങുന്നു.
ക്ഷേത്രം പരാശര മഹര്‍ഷിക്കായി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബാന്‍സന്‍ രാജാവാണ് പണി കഴിപ്പിച്ചത് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ ഒരു ബാലന്‍ ഒറ്റ മരത്തില്‍ നിന്നും നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നും ഒരു വിശ്വാസമുണ്ട്. ഹിമാതല്‍ പ്രദേശിലെ വാസ്തുവിദ്യയനുസരിച്ച്, പഗോഡ രീതിയില്‍ മൂന്നു തട്ടുകളായി കല്ലിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ശരണാഹുലി മേള എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ആഘോഷിക്കുന്ന ശരണാഹുലി മേള ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. പരമ്പരാഗത ഹിമാചല്‍ ശൈലിയിലാണ് ഇവിടുത്തെ ആഘോഷങ്ങള്‍ നടക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും വലിയ വിരുന്നും മേളയുടെ അവസാനമുണ്ടാകും. ഓരോ വര്‍ഷവും ആയിരക്കണക്കിന് വിശ്വാസികളും സഞ്ചാരികളുമാണ് ഇതില്‍ പങ്കെടുക്കുവാനായി അവിടെ എത്തുന്നത്.
അടിപൊളി കാഴ്ചകള്‍ സമുദ്രനിരപ്പില്‍ നിന്നും 2,730 മീറ്റര്‍ ഉയരത്തിലാണ് പരാശര്‍ തടാകം സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ കുറേയധികം കാഴ്ചകളാണ് ഇവിടെ നിന്നാല്‍ കാണുവാന്‍ സാധിക്കുക. ഷിംല, കിന്നൗര്‍, റൊത്താങ് പാസ്, ദൗലാധര്‍ പര്‍വ്വത നിരകള്‍, തുടങ്ങിയ സ്ഥലങ്ങളുടെ അതിമനോഹരമായ, മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. ചുറ്റിലുമൊഴുകുന്ന ബിയാസ് നദിയും പ്രദേശത്തി പ്രത്യേക ഭംഗി നല്കുന്നു.
പരാശര്‍ ട്രക്ക് ഹിമാചലിലെ ഏറ്റവും മനോഹരമായ ട്രക്കിങ്ങുകളില്‍ ഒന്നാണ് പരാശര്‍ ട്രക്ക്. കയറ്റങ്ങളും ഇറക്കങ്ങളും ആപ്പിള്‍ തോട്ടങ്ങളും പുല്‍മേടുകളും മഞ്ഞും എല്ലാമായി വ്യത്യസ്തമായ അനുഭവമാണ് ഈ ട്രക്കിങ് സമ്മാനിക്കുന്നത്. ബാഗി എന്നു പേരായ ഗ്രാമത്തില്‍ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. ദൗലാധര്‍ പര്‍വ്വതത്തെ കണ്ടുകൊണ്ടാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണെങ്കില്‍ വഴിയില്‍ മുഴുവനും ഭംഗിയായി പൂത്തു നില്‍ക്കുന്ന റോഡോഡോന്‍ഡ്രോണ്‍ ചെടികളെയും കാണാം. സാധാരണയായി തണുപ്പു കാലങ്ങളില്‍ ഇവിടേക്ക് ട്രക്കിങ് അനുവദിക്കാറില്ല. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.
എത്തിച്ചേരുവാന്‍ ട്രക്ക് ചെയ്തും റോഡ് വഴിയും പരാശര്‍ തടാകത്തിലേക്ക് എത്തിച്ചേരാം. മാണ്ഡിയില്‍ നിന്നും ഇവിടേക്ക് ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. തടാകത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ വരെയാണ് സര്‍വ്വീസ്. അവിടെ നിന്നും ബാക്കി ദൂരം നടന്ന് എത്തേണ്ടി വരും. ഡല്‍ഹിയില്‍ നിന്നും 430 കിലോമീറ്റര്‍ അകലെയാണ് മാണ്ഡി സ്ഥിതി ചെയ്യുന്നത്.