ശിവക്ഷേത്രത്തില്‍ എന്തുകൊണ്ട് പൂര്‍ണ്ണപ്രദക്ഷിണമരുത്?
============================================================
ഓരോ ക്ഷേത്രത്തിലും ചുറ്റമ്പലത്തിനെ പ്രദക്ഷിണം വയ്ക്കണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്. പക്ഷേ, ശിവക്ഷേത്രത്തിലെ ശ്രീകോവിലിനെയോ ചുറ്റമ്പലത്തിനെയോ പൂര്‍ണ്ണമായി പ്രദക്ഷിണം ചെയ്യാന്‍ അനുവാദമില്ല. അറിയാതെ ആരെങ്കിലും ചെയ്യുമോയെന്നു കരുതി ചില ക്ഷേത്രങ്ങളില്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്നു
പൂര്‍ണ്ണതയുടെ ദേവനായാണ് ശ്രീ പരമശിവനെ ഭക്തര്‍ ആരാധിച്ചുവരുന്നത്. അങ്ങനെ പൂര്‍ണ്ണസങ്കല്‍പ്പത്തില്‍ വിളങ്ങുന്ന ശ്രീ പരമശിവനെ പ്രദക്ഷിണം വച്ചാല്‍ അതിനര്‍ത്ഥം പരിമിതമെന്നാണല്ലോ! അതിനാല്‍ ശ്രീപരമ ശിവന്റെ പൂര്‍ണ്ണത - അപരിമിത - ബോദ്ധ്യമാക്കുന്ന പ്രതീകാത്മകമായ അനുഷ്ഠാനമാണ് ഭാഗികമായി ശിവാലയ പ്രദക്ഷിണം വെയ്ക്കല്‍.
ശ്രീ ശിവഭഗവാന്റെ ശിരസ്സിലൂടെ ശ്രീ ഗംഗാമാതാവ് ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന സങ്കല്‍പ്പത്തിലുള്ള ധാരാജലം ഒഴുകുന്ന ഓവ് മുറിച്ച് പ്രദക്ഷിണം ചെയ്യാന്‍ പാടില്ലെന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാലും പൂര്‍ണ്ണപ്രദക്ഷിണം തടയപ്പെട്ടിരിക്കുന്നു.
അർദ്ധ പ്രദക്ഷിണം) എന്നതിന്റെ ശാസ്ത്രം !
ക്ഷേത്രത്തെ ഒരു യജ്ഞശാലയായി ആണ് സങ്കല്പിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ യജ്ഞ ശാലയിലേക്ക് തന്നെ ഇതിനുത്തരത്തിനും നോക്കേണ്ടി വരും. അതിരാത്രം അഥവാ അഗ്നി എന്ന യജ്ഞ വിശേഷത്തില്‍ അഞ്ഞൂറില്‍ അധികം വിവിധാകൃതിയിലുള്ള ഇഷ്ടികകള്‍ ഉപയോഗിച്ച് ഒന്നിന് മീതെ ഒന്നായി അഞ്ചു തട്ടുള്ള ഗരുഡ ചിതി നിര്‍മിക്കുന്ന ചടങ്ങുണ്ട്. ഋതിക്കുകളില്‍ പ്രമുഖനായ അധര്യുവിനാണ് മന്ത്രപൂര്‍വമായി പടവിന്റെ ചുമതല. അഞ്ചു ദിവസം കൊണ്ടേ പണി തീരുകയുള്ളൂ. പടവിനു കുറ്റിയടിച്ചാല്‍ പിന്നെ പടുക്കാനുള്ള സ്ഥലത്തിനു ക്ഷേത്രം എന്നാണു പേര് (ഇതില്‍ നിന്നാണ് ദേവാലയത്തിന് ക്ഷേത്രം എന്ന സംജ്ഞ വന്നത്). സ്ഥലം അതിരിട്ടു തിരിക്കുന്നത് മുതല്‍ക്കു അധ്വര്യുവിന്റെ നടത്തം മുഴുവന്‍ സവ്യാപസവ്യ ശൈലിയില്‍ ആണ് എന്നറിയുക. (സവ്യം = പ്രദക്ഷിണം, അപസവ്യ = അപ്രദക്ഷിണം) ഈ പടവിന്റെ മുകള്‍ തട്ടിലെ ഒത്ത നടുക്കുള്ള സ്വയമാതൃണ്ണ എന്ന ഇഷ്ടികമേല്‍ യജുര്‍ വേദാന്തര്‍ഗ്ഗതമായ ശ്രീരുദ്ര സൂക്ത മന്ത്രം ജപിച്ചു കൊണ്ട് ആട്ടിന്‍ പാല്‍ അഭിഷേകം ചെയ്യും. (ഈ ചടങ്ങില്‍ നിന്നുണ്ടായതാണ് ശ്രീ രുദ്രന്റെ ശാന്ത സ്വരൂപമായ ശ്രീ പരമശിവന്റെ അഭിഷേക പ്രിയത്വം എന്ന് വേണം കരുതാന്‍). ഒരു വിശദീകരണത്തിനു കൂടി ഇവിടെ സാംഗത്യം ഉണ്ട്. ക്ഷേത്രാരാധനയുടെ ആരംഭ ദിശയില്‍ ശിവ ക്ഷേത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വിഗ്രഹാരാധനയിൽ ആഭിമുഖ്യം വന്നപ്പോള്‍ മാത്രമാണ് ശ്രീമഹാവിഷ്ണ്വാദികളായ ഇതരമൂര്‍ത്തികള്‍ക്കും ക്ഷേത്രങ്ങളില്‍ സ്ഥാനം ലഭിച്ചത്. തുടക്കത്തില്‍ എല്ലാം ക്ഷേത്രങ്ങളിലും സവ്യാസപസവ്യ രീതി നില നിന്നിരിക്കണം. പിന്നീടു അതിനെ പരിത്യജിച്ചതായിരിക്കണം. ഇങ്ങനെ ശിവ ക്ഷേത്രത്തില്‍ തിരുമുറ്റത്തു കൂടി സവ്യാപസവ്യ പ്രദക്ഷിണം നടത്തുമ്പോള്‍ ചിലര്‍ വടക്ക് ഭാഗത്തുള്ള സോമനും വൈശ്രവനനും ബലി തൂവുന്ന ബലിക്കല്ലുകള്‍ക്ക് പ്രദക്ഷിണമായി അപ്രദിക്ഷിനത്തിലേക്ക് കടക്കുന്നത് കാണാം. അത് തെറ്റാണ്. ദേവനും ബാലിക്കല്ലിനുമിടയില്‍, ഗുരുവിനും ശിഷ്യനുമിടയില്‍, ഭാര്യക്കും ഭർത്താവിനുമിടയിൽ മുറിഞ്ഞു കടക്കരുത് എന്ന് ശാസ്ത്രം പറയുന്നു.
വാസ്തവത്തില്‍ ഓവല്ല, സോമ രേഖയാണ് പ്രശ്നം. ഭൂകാന്തം തന്നെ ആണ് സോമരേഖ. ത്രൈവര്‍ണ്ണികരുടെ (ശൂദ്രര്‍ ഒഴിച്ചുള്ള മൂന്ന് ജാതി) കുടിക്ക് നീര്‍വീഴ്ത്തലിലും (ഭക്ഷണത്തിനു മുന്നേ, ഇലയില്‍ ജലം വീഴ്ത്തി പ്രാർത്ഥിക്കുന്ന ആചാരം)ഹോമകുണ്ഡത്തിന്റെ ചുറ്റുമുള്ള തലോടലിലും, വ്ലാകലിലും എല്ലാ ക്ഷേത്രങ്ങളിലും ഉള്ള വലിയ ബലിക്കല്ലിന്റെ ചുറ്റുമുള്ള ബലി തൂകലില്‍ എന്ന് വേണ്ട സവ്യാപസവ്യത്തിന്റെ പ്രായോഗിക ആചരണം സാര്‍വത്രികം തന്നെ ആണ്. ശുദ്ധി മുതലായ കര്‍മങ്ങളുടെ ഭാഗമായി ഗര്‍ഭ ഗൃഹത്തിനകത്തും പുറത്തും പ്രദക്ഷിണത്തിന്റെ വിഷയം വരുമ്പോള്‍ സവ്യാപാസവ രീതി തന്നെ എല്ലാ ക്ഷേത്രങ്ങളിലും നിര്‍വഹിക്കപ്പെടുന്നു. അറിവും പരിചയവും ഉള്ള അമ്പലവാസികള്‍ ആരും തന്നെ തിടപ്പള്ളിയിലെക്കോ ശ്രീലകത്തേക്കോ ആവശ്യമുള്ള വസ്തുക്കള്‍ കൊണ്ട് വരുമ്പോള്‍ പ്രതിഷ്ഠാമൂര്‍ത്തി ഏതായാലും ഓവ് മുറിച്ചു കടക്കാറുമില്ല. കേരളത്തിനു പുറത്തു സാമാന്യമായി മറ്റെവിടെയും സവ്യാപസവ്യമില്ലെങ്കിലും ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ ഇന്നും അതുണ്ട്. ഭൂമിയുടെ കാന്തദണ്ഡത്തിനു (സോമ രേഖക്ക്) മുകളില്‍ ആയിട്ടാണ് സോമനാഥ ക്ഷേത്രം പ്രതിഷ്ഠിച്ചിട്ടുള്ളത് . ഒരു പക്ഷെ അക്കാരണം കൊണ്ടായിരിക്കാം, മറ്റുള്ള ശിവ ക്ഷേത്രങ്ങളില്‍ ഈ സമ്പ്രദായം ഇല്ലഞ്ഞിട്ടും, സോമനാഥ ക്ഷേത്രത്തില്‍ ഇക്കാര്യം ഇന്നും നിഷ്ഠയോടെ പരിപാലിച്ചു പോരുന്നത്.
ഇത്രയും ശിവക്ഷേത്ര പ്രദക്ഷിണത്തിന്റെ ശാസ്ത്രവും പ്രത്യേകതയും.
ഇനി പൊതുവെ പ്രദക്ഷിണം എന്നാൽ എന്താണെന്ന് നോക്കാം..
പ്രദക്ഷിണത്തെ രണ്ടു ഘട്ടമായ് തിരിക്കാം. ചുറ്റമ്പലത്തില്‍ തിരുമുറ്റത്തു കൂടി ഉള്ളത്, പിന്നൊന്ന് പുറത്തു പ്രദക്ഷിണ വഴിയില്‍ കൂടിയുള്ളത്. ഇതില്‍ ആദ്യത്തേത് അകത്തെ ബലിവട്ടത്തിനു പുറത്തു കൂടി വേണമെന്ന് നിര്‍ബന്ധമാണ്. പുറത്തേത് , പുറത്തെ ബലിവട്ടത്തിനു പുറത്തു കൂടിയും.
തിരുമുറ്റത്തു ഒരു പ്രദക്ഷിണമേ വേണ്ടൂ. പ്രതിഷ്ഠാ മൂര്‍ത്തി ഏതായാലും കൂടുതല്‍ പ്രദക്ഷിണം ചെയ്യുന്നതിന് തടസവുമില്ല. എന്നാല്‍ പുറത്തെ സ്ഥിതി ഇതല്ല. അതിനു നിയമം ഉണ്ട്. എണ്ണത്തിലും പ്രദക്ഷിണത്തിലും.
പ്രദക്ഷിണ എണ്ണം:
ഏകം വിനയകെ കുര്യാല്‍ ദ്വേ സൂര്യേ ത്രിനി ശങ്കറെ
ചത്വാരി ദേവയാ വിഷ്ണു ച സപ്താശ്വത്തേ പ്രദക്ഷിണം
ആഗമ ശാസ്ത്ര വിധി പ്രകാരം പ്രദക്ഷിണത്തിന്റെ എണ്ണം ശ്രീ ഗണപതിക്കൊന്നു, ശ്രീ സൂര്യന് രണ്ടു, ശ്രീ പരമശിവന് മൂന്നു, എല്ലാ ദേവിമാര്‍ക്കും ശ്രീമഹാവിഷ്ണുവിനും നാല്, അരയാലിനു ഏഴു എന്നിവ നിര്‍ബന്ധമാണ്. (അരയാലിനു ഉച്ച കഴിഞ്ഞാല്‍ പ്രദക്ഷിണം പാടില്ല എന്നാണു). ശ്രീ ശാസ്താവ്, ശ്രീ സുബ്രഹ്മണ്യന്‍, ശ്രീ വേട്ടയ്ക്കൊരു മകൻ , ശ്രീ നാഗങ്ങള്‍ എന്നിവക്കെല്ലാം ശ്രീപരമ ശിവന്റെ പ്രദക്ഷിണം തന്നെ.
പ്രദക്ഷിണ നിയമം:
"ആസന്ന പ്രസവാ നാരി തൈലപുര്‍ണം യഥാ ഘടം വാഹന്തിശന കൈര്യാതി തഥാ കാര്യാല്‍ പ്രദക്ഷിണം " പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കുടി വച്ചാല്‍ എത്ര പതുക്കെ നടക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം വയ്ക്കാന്‍ എന്ന് തന്ത്ര സമുച്ചയം പറയുന്നു.
പദാല്‍ പദാനുഗം ഗച്ചേല്‍ കരൌ ചലവിവര്‍ജ്ജിതെ സ്തുതിര്‍വ്വാഹി ഹൃദി ധ്യാനം ചതുരംഗം പ്രദക്ഷിണം.
പ്രദക്ഷിണത്തില്‍ നാലംഗങ്ങള്‍ ഉണ്ട്. അടിവച്ചടി വച്ച് പതുക്കെ നടക്കുകയെ പാടുള്ളൂ. കൈ വീശരുത് . തൊഴുതു നടക്കണം. ചുണ്ടുകളില്‍ ഈശ്വര സ്തുതിയും, മനസ്സില്‍ ഈശ്വര ധ്യാനവും ഉണ്ടായിരിക്കണം.
ഇത്രയുമാണ് ക്ഷേത്ര പ്രദക്ഷിണത്തില്‍ ശ്രദ്ധിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍.
കടപ്പാട്
സുരേഷ്