2018, ജൂലൈ 3, ചൊവ്വാഴ്ച

പരീക്ഷിത്തിന്റെ ഭൂമിപരിപാലനം




പരീക്ഷിത്തിന്റെ ഭൂമിപരിപാലനം

ദ്വാപരയുഗത്തിന്റെ അവസാനഘട്ടമായി. ശ്രീകൃഷ്ണന്‍ സ്വധാമത്തിലേയ്ക്ക്‍ തിരിച്ചുപോയി എന്ന വാര്‍ത്ത അര്‍ജ്ജുനന്‍ യുധിഷ്ഠിരനെ അറിയിച്ചു. ശ്രീകൃഷ്ണന്‍ അന്തര്‍ദ്ധാനം ചെയ്താല്‍ അന്നുമുതല്‍ കലിയുഗം തുടങ്ങും, അവിടെ കലിയുടെ വിളയാട്ടം തുടങ്ങും, എന്ന്‌ അറിയാമായിരുന്ന യുധിഷ്ഠിരാദികള്‍ തങ്ങള്‍ക്കും മടങ്ങാനുള്ള സമയമായി എന്നു തിരിച്ചറിഞ്ഞു. എല്ലാം കൊണ്ടും യോഗ്യനായ പരീക്ഷിത്തിനെ രാജാവായി വാഴിച്ച് ഉത്തരവാദിത്തങ്ങളൊക്കെ കൈമാറി, വനത്തിലേയ്ക്കു പുറപ്പെട്ടു.

പരീക്ഷിത്തു രാജഭരണം തുടങ്ങി. കാലമപ്പോഴേയ്ക്കും കലികാലമായിരുന്നു, എന്നോര്‍മ്മിയ്ക്കണം.
“കലി“ എന്നാല്‍ കലഹം, കലാപം, കോലാഹലം എന്നൊക്കെയാണര്‍ഥം. ഒരു രാജാവായാല്‍, പ്രജകള്‍ക്കെല്ലാം ക്ഷേമമാണെന്ന്‌ ഉറപ്പുവരുത്തണം. നാടെങ്ങും സന്തുഷ്ടി കളിയാടണം. അക്രമം , അധര്‍മ്മം ഇതൊന്നും ഉണ്ടാവരുത്‌. രാജധര്‍മ്മമാണത്‌. പരീക്ഷിത്ത്, രാജ്യത്തിലങ്ങോളമിങ്ങോളം സ്വയം സഞ്ചരിച്ച് കാര്യങ്ങള്‍ നേരിട്ടറിയാന്‍ ശ്രമിയ്ക്കാറുണ്ടായിരുന്നു.
അങ്ങനെയൊരുദിവസം, നടക്കുന്നതിനിടയില്‍, പരീക്ഷിത്ത്‌ ഒരു ഞെട്ടിയ്ക്കുന്ന കാഴ്ച കണ്ടു.
ഒരു പശു, വളരെ ദുഃഖിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഒരു കാള അതിന്റെ അടുത്തേയ്ക്കു നടന്നുവരുന്നു. നടക്കുക എന്നു പറഞ്ഞുകൂട, കാളയുടെ മൂന്നുകാലുകളും ഒടിഞ്ഞുതൂങ്ങിയതുപോലുണ്ട്‌. ഒരുകാലില്‍ മുടന്തിമുടന്തി... ഒരുവിധം അതു പശുവിനടുത്തെത്തി. കാളയെ ഈയവസ്ഥയില്‍ കണ്ട പശു, സങ്കടം സഹിയ്ക്കവയ്യാതെ, ഉച്ചത്തില്‍ കരഞ്ഞുതുടങ്ങി. എന്തിനാ കരയുന്നതെന്ന്‌ കാള പശുവിനോടു ചോദിച്ചു.
അവര്‍ തമ്മില്‍ സംഭാഷണമാരംഭിച്ചു.
പെട്ടെന്നതാ ഒരാള്‍ കയ്യില്‍ ഒരു വാളും പിടിച്ച്‌ അവരുടെ നേരെ ഓടിവരുന്നു. വാളെടുത്ത്‌ പശുവിനേയും കാളയേയും വെട്ടാന്‍ ഓങ്ങിയതും, അല്‍പ്പം അകലെ മാറിനിന്ന്‌ രംഗം വീക്ഷിയ്ക്കുകയായിരുന്ന പരീക്ഷിത്ത്‌ അവിടേയ്ക്ക്‍ ഓടിക്കുതിച്ചെത്തി, അവനെ വെട്ടാനാഞ്ഞു.
“ എന്നെ ശിക്ഷിയ്ക്കരുതേ, ഞാനങ്ങയെ ശരണം പ്രാപിയ്ക്കുന്നു.” സൂത്രശാലിയായ അവന്‍ പെട്ടെന്ന്‌ രാജാവിനോട് കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു.
പരീക്ഷിത്തു പറഞ്ഞു--
“ഞാനാണിവിടത്തെ രാജാവ്‌.
സ്വയം ധര്‍മ്മം പാലിയ്ക്കുക, മറ്റുള്ളവരെ ധര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുക,
ദുഃഖിതരുടെ ദുഃഖനിവാരണത്തിനായി പ്രവര്‍ത്തിയ്ക്കുക, ദുഷ്ടന്മാരെ നിലയ്ക്കുനിര്‍ത്തുക എന്നതെല്ലാം രാജാവിന്റെ മുഖ്യധര്‍മ്മമാണ്. ആരാണു നീ? എന്തിനീ കടുംകൈ ചെയ്യുന്നു? “

“ മഹാരാജാവേ, ഞാന്‍ കലിയാണ്. എന്നെക്കൊല്ലരുത്‌. ഞാനങ്ങയെ ശരണം പ്രാപിയ്ക്കുന്നു. എന്നെ കൊല്ലരുത്‌‘

“ശരണാര്‍ഥികളെ കൊല്ലരുത്‌- അതും നമ്മുടെ നിയമമാണ്. അതുകൊണ്ടു കൊല്ലുന്നില്ല. പക്ഷേ,
നീ ആളുകളെ കലാപത്തിലേയ്ക്കു നയിക്കുന്നുവല്ലോ. അധര്‍മ്മിയായ നിന്നെ ഈ രാജ്യത്തു വെച്ചുപൊറുപ്പിക്കുകയില്ല. “ പരീക്ഷിത്തു പറഞ്ഞു.

“മഹാരാജാവേ! ഈ ഭൂമിയുടെ മുഴുവന്‍ ചക്രവര്‍ത്തിയാണല്ലോ അങ്ങ്. അതുകൊണ്ട്, അങ്ങയുടേതല്ലാത്ത രാജ്യം ഇല്ല, എനിയ്ക്കു താമസിക്കാന്‍. ദയവുചെയ്ത്‌ എനിയ്ക്കിരിയ്ക്കാനുള്ള സ്ഥലം അങ്ങു നിശ്ചയിച്ചുതരൂ. തീര്‍ച്ചയായും ഞാനവിടം വിട്ടു മറ്റൊരിടത്തുവരില്ല.” കലി, പരീക്ഷിത്തിനു വാക്കു കൊടുത്തു.
“അസത്യത്തിന്റെ കളിസ്ഥലമായ ‘ദ്യൂതം(ചൂതാട്ടം)‘, തെളിഞ്ഞുനില്‍ക്കുന്ന ബോധത്തെ മറയ്ക്കുന്ന ‘മദ്യപാനം‘, കാമവികാരം ആളിക്കത്തിയ്ക്കുന്ന ‘സ്ത്രീ‘-‘കാമവാസന‘- പുരുഷനു സ്ത്രീയോടും, സ്ത്രീയ്ക്കു പുരുഷനോടും തോന്നുന്ന കാമാന്ധത), മിണ്ടാപ്രാണികളെ കൊല്ലുന്ന ‘കശാപ്പുശാല‘, അത്യാഗ്രഹം ജനിപ്പിയ്ക്കുന്ന ‘സ്വര്‍ണ്ണം‘, ഈ അഞ്ചു സ്ഥാനങ്ങളില്‍ നീ ഒതുങ്ങിയിരുന്നുകൊള്ളണം” --പരീക്ഷിത്തു കല്‍പ്പിച്ചു.
കലി നിര്‍വീര്യനായി തോന്നിച്ചെങ്കിലും, സ്വയം കാലുഷ്യം കൂട്ടി, ആളുകളെ ആക്രമിച്ചു തന്റെ വരുതിയില്‍ക്കൊണ്ടുവരാന്‍ തക്കം പാര്‍ത്തിരിക്കാന്‍ തുടങ്ങി.
പരീക്ഷിത്ത്, പശുവിനേയും കാളയേയും ശുശ്രൂഷിച്ചു. കാളയുടെ കാലുകളെ പരിചരിച്ച്‌, നേരാംവണ്ണമാക്കി. അതുകൊണ്ടുതന്നെ പശുവും സന്തോഷിച്ചു. ഇത്രയും ഇന്നത്തെ കഥ.

ഈ കാളയും പശുവും ഒക്കെ പ്രതീകങ്ങളാണ്.
പശു, ഭൂമിയുടെ പ്രതീകം, കാള, ധര്‍മ്മത്തിന്റെ പ്രതീകം.
അക്രമവും അധര്‍മ്മവും പെരുകുമ്പോള്‍, അതായത്‌ ധര്‍മ്മത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമ്പോള്‍, ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടുന്നു. ഭൂമി കരയുന്നതപ്പോഴാണ്. ധര്‍മ്മത്തെ താങ്ങിനിര്‍ത്തുന്നതിനും നടത്തുന്നതിനും ആരോഗ്യമുള്ള നാലു കാലുകള്‍ വേണം. ഏതൊക്കെയാണാ നാലു കാലുകള്‍?

തപസ്സ്‌, ശൌചം, ദയ, സത്യം. ഇവ നാലും സമൂഹത്തില്‍ പുഷ്ടിപ്പെട്ടാലേ ധര്‍മ്മവും പുഷ്ടിപ്പെടൂ.
തപസ്സ്‌, എന്നാല്‍ ഒറ്റക്കാലില്‍നില്‍ക്കുക എന്നതല്ല അര്‍ഥം. തപസ്സെന്നാല്‍ ഏകാഗ്രത- അതായത്‌ ‘ഇന്ദ്രിയസംയമനം’. [അഞ്ചു വ്യത്യസ്തദിശകളിലേയ്ക്ക്‍ വലിച്ചുകൊണ്ടിരിയ്ക്കുന്ന കുതിരകളെ നിലയ്ക്കുനിര്‍ത്തി, യാത്രികന്റെ ലക്ഷ്യത്തിലേയ്ക്കു അവയെ നയിക്കാനുള്ള നിയന്ത്രണശക്തി നേടുക]

ശൌചം എന്നാല്‍ ‘ശുദ്ധി’. മനസ്സിന്റേയും ശരീരത്തിന്റേയും തെളിമയും ശുദ്ധിയും. ശരീരത്തെ മോടിപിടിപ്പിയ്ക്കാന്‍ പല വസ്തുക്കളുമുണ്ട്, നമ്മുടെ സഹായത്തിന്‌. എന്നാല്‍ മനസ്സിലെ പക, അസൂയ, വെറുപ്പ്, പുച്ഛം തുടങ്ങിയവയൊക്കെ തൂത്തുവൃത്തിയാക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ?

ദയ, എന്നാല്‍ സഹതാപമല്ല. ഓരോ ജീവിയുടെ നേരേയും ഉള്ള ശുഭചിന്ത എന്ന് ദയയെ വിശേഷിപ്പിയ്ക്കാം.

നാലാമത്തേത്‌, ‘സത്യം’. അത്‌, ഒരിയ്ക്കലും നശിക്കുകയില്ല, നാം അറിഞ്ഞാലും ഇല്ലെങ്കിലും. അതാണ്, കലികാലമായപ്പോള്‍, ധര്‍മ്മത്തിനു കോട്ടം തട്ടി എന്നു ചിത്രീകരിയ്ക്കാന്‍, മൂന്നുകാലുകളും ഒടിഞ്ഞുതൂങ്ങിയ, മുടന്തിനടക്കുന്ന ഒരു കാളയെ പരാമര്‍ശിച്ചത്‌

അധര്‍മ്മത്തെ നിലയ്ക്കുനിര്‍ത്തി, ധര്‍മ്മത്തെ വേണ്ടവിധത്തില്‍ പോഷിപ്പിച്ചു, പരീക്ഷിത്തുമഹാരാജാവ്‌. ഭൂമിയിലെങ്ങും സന്തോഷം അലതല്ലി.


അന്ധകന്‍..//മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗം//അക്ഷൗഹിണി



അന്ധകന്‍

ശിവ പുരാണത്തിലും വാമനപുരാണത്തിലും പരാമ‍ര്‍ശിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് അന്ധകന്‍.പരമശിവന്റെ പുത്രനായിരുന്നു അന്ധകന്‍.ഒരിക്കല്‍ ശിവന്‍ കൈലാസത്തില്‍ ഇരിക്കുന്ന സമയത്ത് പാര്‍വ്വതി പിന്നില്‍ക്കൂടി വന്ന് അദ്ദേഹത്തിന്റെ കണ്ണ് പൊത്തി.എന്നാല്‍ ശിവന്റെ കണ്ണില്‍ നിന്നും വരുന്ന ഊര്‍ജ്ജം സഹിക്കവയ്യാതെ പാര്‍വ്വതിയുടെ കൈകള്‍ വിയര്‍ക്കുകയും ആ വിയര്‍പ്പു തുള്ളികള്‍ ഭൂമിയില്‍ പതിക്കുകയും ചെയ്തു.അതില്‍ നിന്നും ജനിച്ചതാണ് അന്ധകന്‍.ജനിച്ച്പ്പോള്‍ തന്നെ അന്ധനായിരുന്നു . ഇതേ സമയം തന്നെ ഹിരണ്യാക്ഷന്‍ എന്ന അസുരന്‍ പുത്രലാഭത്തിനു വേണ്ടി ശിവനെ തപസ്സു ചെയ്യുന്നുണ്ടായിരുന്നു.ശിവന്‍ ഹിരണ്യാക്ഷനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് അന്ധകനെ അദ്ദെഹത്തിനു നല്‍കി. അങ്ങനെ അന്ധകന്‍ അന്ധകാസുരനായി.ഹിരാണാക്ഷ്യന്റെ മരണത്തിനു ശേഷം ( വിഷ്ണു വരാഹാവതാരമെടുത്ത് വധിച്ചു) അദ്ദെഹത്തിന്റെ സഹോദരീ പുത്രന്‍മാര്‍ ചേര്‍ന്ന് അന്ധകനെ രാജ്യത്തു നിന്നു കടത്തുകയും രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു.ദുഃഖിതനായ അന്ധകന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്തു. തപസ്സില്‍ തൃപ്തനായ ബ്രഹ്മാവ് അന്ധകനു മുന്‍പില്‍ പ്രത്യക്ഷനായി വരം ചോദിക്കാന്‍ ആവശ്യപ്പെട്ടു. അന്ധകന്‍ പറഞ്ഞു."എന്റെ അന്ധത മാറണം അതു പോലെ ഒരിക്കലും മരിക്കാതിരിക്കാനുള്ള് വരവും തരണം". ബ്രഹ്മാവ് പറഞ്ഞു മരിക്കാതിരിക്കാനുള്ള വരം തരാന്‍ എനികാവില്ല. അതു കൊണ്ട് നീ വേറെ എന്തെന്കിലും ആവശ്യപ്പെടൂ.ഇതുകേട്ട് അന്ധകന്‍ പറഞ്ഞു ." എന്കില്‍ എന്റെ മാതൃസ്ഥാനത്തൂള്ള് ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്പോള്‍ മാത്രമേ എന്റെ മരണം സംഭവിക്കാവൂ" . ബ്രഹ്മദേവന്‍ ആ വരം നല്‍കി. വരം ലഭിച്ചു ശക്തനായ അന്ധകന്‍ സ്വന്തം രാജ്യം തിരിച്ചു പിടിച്ചു. പിന്നെ മൂന്നു ലോകങ്ങളും കീഴടക്കി. അങ്ങനെ ഒരു ദിവസം അന്ധകന്‍ അതിസുന്ദരിയായ ഒരു സ്ത്രീയെ കണ്ടു. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന അന്ധകന്‍ ആ സ്ത്രീയെ ഭാര്യയാക്കണെമെന്നു ആഗ്രഹിച്ചു . വിവാഹാവശ്യവുമായി അന്ധകന്‍ ആ സ്ത്രീയെ സമീപിച്ചു. എന്നാല്‍ ആ സ്ത്രീ സാക്ഷാല്‍ പാര്‍വ്വതീ ദേവിയായിരുന്നു. പാര്‍വ്വതി പറഞ്ഞു." ഞാന്‍ വിവാഹിതയാണ്. നിനക്ക് എന്നെ ലഭിക്കണമെന്നുണ്ടെന്കില്‍ എന്റെ ഭര്‍ത്താവിനെ യുദ്ധത്തില്‍ തോല്പിച്ചു എന്നെ സ്വന്തമാക്കുക ". ഇതു കേട്ട അന്ധകന്‍ പറഞ്ഞു" ഈ ത്രിലോകങ്ങളിലും എന്നെ വെല്ലാന്‍ ആരുമില്ല. അതുകൊണ്ട് യുദ്ധത്തിനു ഞാന്‍ തയ്യാര്‍." അങ്ങനെ സ്വന്തം മാതാവിനെ വിവാഹം കഴിക്കാന്‍ വേണ്ടി പിതാവിനോട് അന്ധകന്‍ യുദ്ധം ചെയ്തു. അതി ഭയന്കാരമായ യുദ്ധത്തിനൊടുവില്‍ പരമശിവന്‍ അന്ധകനെ വധിച്ചു.

ഗ്രീക്ക് പുരാണത്തിലും ഇതുപോലെ ഒരു കഥാപാത്രമുണ്ട് ഈഡിപ്പസ്. ജനിച്ചപ്പോള്‍ തന്നെ ഈഡിപ്പസിനെ സ്വന്തം മാതാപിതാക്കള്‍ ഉപേക്ഷിച്ചു.അങ്ങനെ വേറോരു രാജാവാണ് ഈഡിപ്പസിനെ വളര്‍ത്തിയത് . അവസാനം രാജാവായപ്പോള്‍ ഒരു യുദ്ധത്തില്‍ തന്റെ യഥാര്‍ത്ഥപിതാവിനെ വധിക്കുകയും മാതാവിനെ വിവാഹം കഴിക്കുകയും ചെയ്ത്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഈഡിപ്പസ് ഈ സത്യം അറിയുകയും കുറ്റബോധത്തില്‍ തന്റെ കണ്ണുകള്‍ കുത്തിപൊട്ടിക്കുകയും ചെയ്തു.

അക്ഷൗഹിണി

കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് കേട്ടിട്ടുള്ള എല്ലാവരും അക്ഷൗഹിണി എന്ന വാക്കു കേട്ടു കാണും. കൗരവപക്ഷത്ത് പതിനൊന്ന് അക്ഷൗഹിണിയും പാണ്ഡവപക്ഷത്ത് ഏഴു അക്ഷൗഹിണിയും ആണ് ഉണ്ടായിരുന്നത്. എന്നാല്‍ എന്താണ് ഈ അക്ഷൗഹിണി?.പണ്ടു കാലത്തു സൈന്യത്തിന്റെ വലിപ്പം അളക്കാനുള്ള അളവായിരുന്നു അക്ഷൗഹിണി. ഒരു അക്ഷൗഹിണി എന്നാല്‍ 21870 രഥവും അത്രയും തന്നെ ആനയും 65610 കുതിരയും 109350 കാലാളും ചേര്‍ന്നതായിരുന്നു.അക്ഷൗഹിണിയല്ലാതെ വേറെയും അളവുകളുണ്ടായിരുന്നു. അത് ചുവടെ ചേര്‍ക്കുന്നു

രഥം ആന കുതിര കാലാള്‍ സേനയുടെ പേര്


1 1 3 5 പഥി

3 3 9 15 സേനാമുഖ

9 9 27 45 ഗുല്മ

27 27 81 135 ഗണ

81 81 243 405 വാഹിനി

243 243 729 1215 പൃതാന

729 729 2187 3645 ചാമു

2187 2187 6561 10935 അന്കിനി
പത്തു അന്കിനി ചേരുന്നതാണ് ഒരു അക്ഷൗഹിണി.

18 അക്ഷൗഹിണി എന്നതു ഒരു കവി ഭാവനായാകാം.ഭാരതം ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു യുദ്ധം എന്നു പറയാനായിരിക്കണം കവി ഇതു ഉപയോഗിച്ചത്. ഒപ്പം യുദ്ധം കൊണ്ട് ഉണ്ടാകുന്ന മഹാനാശത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും

മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗം

ശിവപുരാണ പ്രകാരം 12 ജ്യോതിര്‍ലിംഗങ്ങളാണുള്ളത്.അതില്‍ അദ്യത്തേത് സോമനാഥ ക്ഷേത്രത്തിലെ ആണ്.രണ്ടാമത് മല്ലികാര്‍ജ്ജുനക്ഷേത്രത്തിലെത് ആണ് .അതിനെ കുറിച്ച് ശിവപുരാണത്തില്‍പ്രതിപാദിക്കുന്നതു ഇങ്ങനെയാണ് .ശിവനും പാര്‍വ്വതിയും മക്കളായ ഗണേശന്‍റെയും കാര്‍ത്തികേയന്റെയും വിവാഹം നടത്താന്‍തീരുമാനിച്ചു എന്നാല്‍ആദ്യം ആരുടെ വിവാഹം നടത്തും ആരുടെ വിവാഹം ആദ്യം നടത്തിയാലും മറ്റേയാള്‍ക്ക് വിഷമമാകും അതുകൊണ്ട് അവര്‍ഒരു ഉപായം കണ്ടു പിടിച്ചു . അവര്‍ഗണേശനെയും കാര്‍ത്തികേയനെയും വിളിച്ചു പറഞ്ഞു . ത്രിലോകങ്ങളും ചുറ്റി ആദ്യം ആരാണോ കൈലാസത്തില്‍തിരിച്ചെത്തുന്നത് അവരുടെ വിവാഹം ആദ്യം നടത്തും. ഇത് കേട്ട കാര്‍ത്തികേയന്‍ ലോകസഞ്ചാരത്തിനായി പുറപെട്ടു. എന്നാല്‍ ബുദ്ധിമാനായ ഗണേശന്‍ ശിവനും പാര്‍വ്വതിക്കും ചുറ്റും പ്രദിക്ഷണം വച്ചു .എന്നിട്ട് തന്റെ വിവാഹം നടത്തിത്തരാന്‍ ആവശ്യപ്പെട്ടു. ഇതുകേട്ട അവര്‍ ഗണേശനോട് ചോദിച്ചു നീ ലോകം ചുറ്റി വന്നിട്ടില്ല പിന്നെങ്ങനെ ആണ് നിന്റെ വിവാഹം നടത്തിതരുന്നത് . ഗണേശന്‍പറഞ്ഞു “ വേദങ്ങളില്‍ പറയുന്നുണ്ടല്ലോ സ്വന്തം മാതാപിതാക്കളെ പ്രദക്ഷിണം ചെയ്യുന്നതു ലോകപ്രദക്ഷിണം ചെയ്യുന്നതിന് തുല്യമാണെന്ന്. ഞാന്‍ഇപ്പോള്‍ ലോകപ്രദക്ഷിണം ചെയ്തു കഴിഞ്ഞു അതുകൊണ്ട് എന്റെ വിവാഹം നടത്തിത്തരുക.” മകന്‍റെ ബുദ്ധിശക്തിയില്‍സന്തുഷ്ടരായ ശിവപാര്‍വ്വതിമാര്‍ വിശ്വാരുയ പുത്രിമാരായ സിദ്ധിയേയും ബുദ്ധിയെയും ഗണേശന് വിവാഹം ചെയ്തു കൊടുത്തു. ഇതേ സമയം ലോകസഞ്ചാരം കഴിഞ്ഞു മടങ്ങി വന്ന കാര്‍ത്തികേയന്‍വിവരമെല്ലാം അറിഞ്ഞു ദേഷ്യപെട്ട് താനിനി ഒരിക്കലും വിവാഹം കഴിക്കില്ല എന്ന് ശപഥം ചെയ്തു കൈലാസത്തില്‍നിന്നും പോയി ക്രൌഞ്ച പാര്‍വതത്തിനു മുകളില്‍താമസമാക്കി.പുത്രന്റെ ഈ പ്രവര്‍ത്തിയില്‍ദുഖിതരായ ശിവപാര്‍വ്വതിമാര്‍ ക്രൌഞ്ച പര്‍വതത്തില്‍ചെന്ന് കാര്‍ത്തികേയനോട് തിരിച്ചു കൈലാസത്തില്‍ മടങ്ങി വരണമെന്ന് അഭ്യര്‍ഥിച്ചു. എന്നാല്‍കാര്‍ത്തികേയന്‍ അതിനു വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് ശിവപാര്‍വ്വതിമാര്‍തൊട്ടടുത്ത പര്‍വതമായ ശ്രീശൈലത്തില്‍താമസമാകി . അമാവാസി നാളില്‍ശിവനും പൌര്‍ണമി നാളില്‍ശ്രീപാര്‍വ്വതിയും പുത്രനെ കാണാന്‍ക്രൌഞ്ച പര്‍വതത്തില്‍എത്തും.

മല്ലികാര്‍ജ്ജുന ജ്യോതിര്‍ലിംഗം ശ്രീശൈലം, ഹൈദരാബാദ്,അന്ധ്രപ്രദേശ്


പാഞ്ചാലി വസ്ത്രാക്ഷേപത്തിലെ ഭീഷ്മരുടെ നിലപാട്



പാഞ്ചാലി വസ്ത്രാക്ഷേപത്തിലെ ഭീഷ്മരുടെ നിലപാട്

മഹാഭാരതം കേട്ടിട്ടുള്ള ആര്‍ക്കും തോന്നുന്ന ഒരു കാര്യമാണ്
വസ്ത്രാക്ഷേപ സമയത്ത് അവിടെ കൂടിയിരുന്ന ധൃതരാഷ്ട്രര്‍, ഭീഷ്മര്‍ ,ദ്രോണര്‍, മുതലായവര്‍ ഈ അനീതിയെ എന്തുകൊണ്ട് തട്ഞ്ഞില്ല എന്ന്.അന്ന് ആ സഭയില്‍ ദ്രൗപദി ഉയര്‍ത്തിയ ധര്‍മ്മപ്രശ്നത്തിനു( യുധിഷ്ഠിരന്‍ സ്വയം അടിമയായതിനു ശേഷം തന്നെ പണയം വെച്ചത് ധര്‍മ്മപ്രകാരം ശരിയാണോ) മറുപടി പറയാന്‍ ഈ മഹാരഥന്‍മാര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അന്ന് ദ്രൗപദിക്ക് അനുകൂലമായി സഭയില്‍ സംസാരിച്ച ഒരേ ഒരാള്‍ ദുര്യോധനസഹോദരനായ വികര്‍ണന്‍ ആയിരുന്നു.(പാണ്ഡവരുടെ ഭാഗത്തു നിന്നും ഭീമനും പ്രതിഷേധിച്ചിരുന്നു)
ദ്രൗപദിയുടെ ചോദ്യത്തിനു ഭീഷ്മര്‍ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു."ധര്‍മ്മം സൂക്ഷ്മമായതു കൊണ്ട് നിന്റെ ചോദ്യത്തിനു മറുപടി പറയാന്‍ ഞാന്‍ ആളല്ല.ഒരു വശത്ത് സ്വന്തമായൊന്നുമില്ലാത്തവനു മറ്റൊന്നു പണയം വെയ്ക്കാന്‍ വയ്യ, മറുവശത്ത് സ്ത്രീ ഭര്‍ത്താവിന്നധീനയുമാണ്. യുധിഷ്ഠിരന്‍ സപന്ന്മായ ഭൂമി മുഴുവന്‍ വെടിയും,സത്യം വെടിയില്ല. അദ്ദേഹം താന്‍ പണയപ്പെട്ടു എന്നു സമ്മതിച്ചു കഴിഞ്ഞു.അതിനാല്‍ ഞാന്‍ ഇതില്‍ ഒന്നും പറയാനാളല്ല.യുധിഷ്ഠിരനാണ് ഇതിനു മറുപടി പറയേണ്ടത്."
എന്നാല്‍ മഹാഭാരത്തെ അധികരിച്ച് കുട്ടികൃഷ്ണമാരാര്‍ രചിച്ച ഭാരതപര്യടനത്തില്‍ ഭീഷ്മരുടെ ഈ നിലപാടിനു വളരെ വ്യക്തമായ ഒരു വിശദീകരണം നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്.
"അന്നവിടെ നടന്നതു ഇന്നതുധര്‍മ്മം,ഇന്നതധര്‍മ്മം ,എന്നു തീര്‍ച്ചപ്പെടുത്തി പോകാനിരുന്ന ഒരു പണ്ഡിത സദസ്സായിരുന്നില്ല.ആരെന്തു പറഞ്ഞാലും ദുര്യോധനന്‍ ദ്രൗപദിയേയും അവള്‍ വഴി പാണ്ഡവരേയും ആ സഭയില്‍ വെച്ച് ആവോളം അപമാനിക്കാന്‍ വെന്പിയിരിക്കയാണ്.മറ്റു മിക്കവര്‍ക്കും അയാളെ പേടിയായതു കൊണ്ട്, അയാള്‍ ബലവാനായതു കൊണ്ട് അതവിടെ നടക്കുക തന്നെ ചെയ്യും.ഇതില്‍ നിന്നും ദ്രൗപദിക്കും
പാണ്ഡവര്‍ക്കും രക്ഷാമാര്‍ഗ്ഗം ഒന്നേയുള്ളൂ-യുധിഷ്ഠിരന്‍ തന്റെ വാക്കു മാറ്റി,’താനവളെ ചൂതുകളിക്കന്പം മൂലം അര്‍ഹത നോക്കാതെ പണയം വെച്ചു പോയതാണെന്നു തെറ്റു തിരുത്തി ,ഭീമാദികളോടു കൂടി , വേണമെന്കില്‍ ബലം പ്രയോഗിച്ചും അവളെ വീണ്ടെടുക്കുക.അതിനദ്ദേഹം ഒരുങ്ങിയാല്‍
ദുര്യോധനനില്‍ ഭയമുള്ള ആ സദസ്സു തിരിഞ്ഞു യുധിഷ്ഠിരനു പിന്നില്‍ അണി നിരന്നേയ്കാം.പാഞ്ചാലിക്കു രക്ഷയും കിട്ടാം. പക്ഷേ വാക്കു മാറാത്ത യുധിഷ്ഠിരന്‍ പ്രാണന്‍ പോയാലും അതൂ ചെയ്യില്ല; അദ്ദേഹം അതു ചെയ്യാത്ത കാലത്തോളം അവിടെ എന്തെല്ലാം ധര്‍മ്മപ്രഖ്യാപനം നടന്നിട്ടും ഒരു ഫലവുമില്ലതാനും.
ഇതല്ലേ ,ഭീഷ്മര്‍ ആദ്യം
"ത്യജേത സര്‍വാം പൃഥിവീം സമൃദ്ധാം
യുധിഷ്ഠിരഃ, സത്യമഥോ ന ജഹ്യാല്‍"(യുധിഷ്ഠിരന്‍ സപന്ന്മായ ഭൂമി മുഴുവന്‍ വെടിയും,സത്യം വെടിയില്ല).

എന്നും രണ്ടാമത്
"യുധിഷ്ഠിരസ്തു പ്രശ്നേസ്മിന്‍ പ്രമാണമിതി മേ മതിഃ(യുധിഷ്ഠിരനാണ് ഇതിനു മറുപടി പറയേണ്ടത്)

എന്നും പറഞ്ഞതിന്റെ പരമമായ അര്‍ത്ഥം? ആണെന്കില്‍ അന്നാ സദസ്സില്‍ വെച്ചു പറയപ്പെട്ട മറ്റേതു ധര്‍മ്മപ്രവചനത്തെക്കാളും പല മടങ്ങ് അര്‍ത്ഥഗംഭീരമാണ് ആ ഭീഷ്മവാക്യമെന്നു കാണാം .അദ്ദേഹത്തിന്റെ ആ രണ്ടാം വാക്യം ഒരിക്കല്‍ക്കൂടി വായിച്ച് അതിനെ താഴെക്കാണുന്ന വിധം വ്യാഖാനിച്ചു നോക്കുക
ചില പരിസ്ഥിതികളീല്‍ ഇന്നതു ധര്‍മ്മം,ഇന്നതര്‍മ്മം എന്നു നിര്‍ണ്ണയിക്കുക മഹാത്മക്കളായ വിപ്രന്‍മാര്‍ക്കു പോലൂം എളുതല്ല.’ധര്‍മ്മസ്യ ഗഹനാ ഗതിഃ. അപ്പോള്‍ ,ഒരാത്യന്തികഘട്ടം വരുന്പോള്‍ ധര്‍മ്മാധര്‍മ്മ ചിന്തയില്‍ കാലം കളയാതെ യാതാര്‍ത്ഥ്യം കണ്ടറിഞ്ഞു കാലദേശോചിതമായി കാര്യം നടത്തുവാന്‍ സന്നദ്ധതയുണ്ടാവുകയാണ് മനുഷ്യനായാല്‍ വേണ്ടത്.അതിനു ത്രാണിയുള്ളതാര്‍ക്കോ അയാള്‍ പറയുന്നതാണ് ധര്‍മ്മമെന്ന് മറ്റുള്ളവര്‍ തനിയെ സമ്മതിച്ചു കൊള്ളും.ആ ബലമില്ലാത്തവര്‍ക്കാകട്ടെ എല്ലാം കണ്ടു മിണ്ടാതെ നില്ക്കുക മാത്രമേ ഗതിയിള്ളൂ.എന്നാല്‍ പരമമായ ഒരു ധര്‍മ്മം എവിടെയൊ ഇരുന്നു ഗഹനമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ അന്ത്യവിധി ഇന്നല്ലെന്കില്‍ നാളെ നടത്തപ്പെടാതിരിക്കുകയുമില്ല.ഈ ദ്യൂതസംരംഭത്തിന്റെ ഫലാമായി കുരുവംശമാകെ മുടിയാന്‍ പോകുന്നു എന്നു തീര്‍ച്ച.

മാരാരുടെ ഈ വിശദീകരണം ഭീഷ്മരുടെ നിലപാടിനെ സാധൂകരിക്കുന്നു.

നിസ്സംഗനായ ശുകദേവന്‍



നിസ്സംഗനായ ശുകദേവന്‍

പരാശരമഹര്‍ഷിയുടേയും സത്യവതിയുടേയും പുത്രനായിട്ടാണ് ഭഗവാന്‍ വേദവ്യാസമഹര്‍ഷി ജനിച്ചത്. വേദങ്ങളെ ഋഗ്‍വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്ന് നാലായി തിരിച്ച് ലോകത്തിനു നല്കി. പുരാണങ്ങളുടേയും ഉപപുരാണങ്ങളുടേയും, മഹാഭാരതം, ബ്രഹ്മസൂത്രം തുടങ്ങിയവകളുടേയും കര്‍ത്താവാണ് അദ്ദേഹം.
ആത്മാന്വേഷകര്‍ക്ക് പരമഗുരുവും സര്‍വ്വവേദാന്തസിദ്ധാന്തങ്ങളുടേയും സുനിശ്ചിതാവുമായ മഹാമുനിയുടെ സര്‍വ്വശ്രേഷ്ഠനായ പുത്രനാണ് ശ്രീശുകദേവന്‍. അമ്മയുടെ ഉദരത്തില്‍ ഒരു കുട്ടിയായി വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാഹ്യലോകത്തിന്റെ അനിത്യതയും ക്ഷണികത്വവും ശുകദേവന്‍ മനസ്സിലാക്കി. ഗര്‍ഭപാത്രത്തില്‍ കിടന്നുകൊണ്ടു തന്നെ ആത്മവിന്റെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ച് ആ കുഞ്ഞ് ഗാഢമായി ചിന്തിച്ചു.
ജീവന് ഗര്‍ഭവാസകാലം അതീവ ക്ലേശകരവും അസഹ്യവുമാണ്. ജനിച്ച് ബാഹ്യലോകത്തിലേയ്ക്ക് പോകാമെന്നു കരുതിയാല്‍ അത് അതിനേക്കാളധികം കഷ്ടം! ശരീരമെടുക്കേണ്ടി വരുന്നതിനേക്കാള്‍ ദുഃഖകരമായി മറ്റൊരവസ്ഥയില്ല. ശരീരം നശിക്കുന്നതാണ്. നശിക്കാത്തത് ആത്മാവ് മാത്രമാണ്. കാണപ്പെടുന്നതെല്ലാം നശിക്കുമ്പോഴും ആത്മാവ് നിത്യസത്യ ബോധമായി നിലകൊളളുന്നു. ആ ആത്മാവ് ബോധസ്വരൂപമാണ്. പരമാനന്ദം. സച്ചിദാനന്ദം. തന്റെയുള്ളില്‍ താന്‍തന്നെയായിട്ടിരിക്കുന്ന ബോധസ്വരൂപം. ഏറ്റവും അദ്വിതീയവും സര്‍വ്വവ്യാപാരിയും സര്‍വ്വാന്തര്യാമിമായിരിക്കുന്ന ആത്മസത്ത. താന്‍ എല്ലാത്തിലും നിറഞ്ഞു നില്ക്കുന്നു. തന്നില്‍ നിന്ന് അന്യമായി മറ്റൊന്നില്ല.
പ്രപഞ്ചജീവിതം വ്യര്‍ത്ഥമാണെന്നറിഞ്ഞ് ജനിച്ച ശുകദേവന്‍ പിറന്നപ്പോള്‍ തന്നെ സത്യവും തത്ത്വജ്ഞാനവും നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വളരെ ഭിന്നനായി അദ്ദേഹം പരാശ്രയം കൂടാതെ വളരെക്കാലം പരിചിന്തനം ചെയ്തുനടന്നു. തന്റെ വിവേകബുദ്ധികൊണ്ട് ആത്മസ്വരൂപം എന്താണെന്ന് ദൃഢമായ ഒരു ധാരണലഭിച്ചു. അദ്ദേഹം വിചാരം ചെയ്തത് പലരും കണ്ടെത്തി.
ഇന്ദ്രിയങ്ങളില്‍ നിന്നും വിഷയങ്ങളില്‍നിന്നും വേറിട്ടു നില്ക്കുന്ന സത്തയാണ് ആത്മാവ്. അതിനാല്‍ ആത്മാവ് അനിര്‍വചനീയമാണ്. അഗമ്യമാണ്. അതിസൂക്ഷ്മമാണ്. അണുവിലും അണുവാണ്. മനസ്സാകുന്ന ആറാമത്തെ ഇന്ദ്രിത്തില്‍ അവസ്ഥിതമായിരിക്കുന്നതുകൊണ്ട് ആത്മാവ് അണുവിന്റെ ആകാരത്തോടുകൂടിയതാകുന്നു. അത് ചിന്മാത്രവും ആകാശതത്ത്വത്തേക്കാള്‍ സൂക്ഷ്മാതിസൂക്ഷ്മവും ആകുന്നു. പരമമായിരിക്കുന്ന ഈ ആത്മാവില്‍ കോടാനുകോടി നക്ഷത്രങ്ങളും ഗോളങ്ങളും എല്ലാം അടങ്ങുന്ന ബ്രഹ്മാണ്ഡം സ്ഥിതിചെയ്യുന്നു. ശക്തിക്രമമനുസരിച്ച് സൃഷ്ടിസ്ഥിതിലയാദ്യവസ്ഥകളെ പ്രാപിച്ചു കൊണ്ടിരിക്കുന്നു.
ആത്മാവിന്റെ രൂപത്തെപ്പറ്റി വര്‍ണ്ണിക്കുക സാധ്യമല്ല. ഇത് സ്ഥൂലവസ്തുവല്ല. സ്വരൂപമാണ്. പ്രകാശാത്മകമാണ്. ചൈതന്യമാണ്. സച്ചിദാനന്ദസ്വരൂപമാണ്. ആനന്ദവിജ്ഞാനരൂപമാണ്. അത് താന്‍ തന്നെയാകുന്നു. ഞാന്‍ ആത്മാവില്‍ നിന്ന് ഭിന്നനല്ല ആത്മാവാണ് ഞാന്‍. ഞാന്‍ തന്നെ ആത്മാവ്.
ഇങ്ങനെ തന്റെ ആത്മസത്തയെ വിചാരം ചെയ്ത ശ്രീശുകദേവന് യാഥാര്‍ത്ഥ്യങ്ങള്‍ ഏറെക്കുറെ മനസ്സിലായി. തന്റെ സൂക്ഷ്മബുദ്ധികൊണ്ടാണ് ഇത് സാധ്യമായത്. സ്വയം അന്വേഷിച്ചറിഞ്ഞ ഈ പരമതത്ത്വത്തില്‍ അദ്ദേഹം നിരന്തരം ലീനനായി ബാഹ്യലോകത്തെ അദ്ദേഹം മറന്നു.
വിഷയങ്ങളില്‍ ഏതൊരു വിധ ആഗ്രഹങ്ങളും ഇല്ലാത്തവനായി. ഭോഗാസക്തി തീരെയില്ല. മനസ്സിന് ചാഞ്ചല്യമില്ല. മനസ്സ് ശാന്തമാണ്. സ്വസ്ഥമാണ്. ശരീരത്തെ മോടി പിടിപ്പിക്കുന്ന ആടയാഭരണങ്ങളും വേഷഭൂഷാദികളും ഒട്ടും ഇല്ല. വസ്ത്രധാരണത്തില്‍ പോലും താല്പര്യമില്ല. പൂര്‍ണനഗ്നന്‍. കുട്ടികളെ പോലെ നിര്‍മ്മലന്‍. നിഷ്കളങ്കന്‍. യുവാവായി വളര്‍ന്നുവലുതായിട്ടും ഒരേ നിലതന്നെ. അദ്ദേഹത്തെ കാണുന്നവര്‍ക്ക് മനസ്സില്‍ ഭക്തിയും ബഹുമാനവും ഉണ്ടാകും.
ശുകദേവന്‍ നഗ്നനും നിസ്സംഗനുമായി സാവധാനം നടന്നു പോകുന്നതു കണ്ടാല്‍ പുരുഷന്മാര്‍ പരിഹസിക്കുകയോ സ്ത്രീകള്‍ ലജ്ജിക്കുകയോ ചെയ്യാറില്ല. നാണവും മാനാഭിമാനങ്ങളും ശ്രീശുകന്റെ സാന്നിധ്യത്തില്‍ ആര്‍ക്കും ഉണ്ടാകുന്നില്ല.
ഒരിക്കല്‍ ശുകദേവന്‍ മഹാമേരു പര്‍വ്വതത്തിലേയ്ക്കു പുറപ്പെട്ടു. മഹത്തായ പര്‍വ്വതത്തിന്റെ വിശാലമായ ഭൂവിഭാഗത്തിലൂടെ ആ യോഗീശ്വരന്‍ നടന്നു. ആ യാത്ര അവസാനിച്ചത് ഏകാന്തമായ ഒരിടത്താണ്. തന്റെ പിതാവായ കൃഷ്ണദ്വൈപായനമഹര്‍ഷി തപോനിഷ്ഠനായിരിക്കുന്നത് ശ്രീശുകന്‍ കണ്ടറിഞ്ഞു.
ധ്യാനത്തില്‍നിന്ന് കണ്ണുകള്‍ തുറന്ന് നോക്കിയ മഹര്‍ഷി തന്റെ മുമ്പില്‍ നില്‍ക്കുന്ന നിസ്സംഗനും ഉഗ്രതേജസ്സോടു കൂടിയവനുമായ ശ്രീ ശുകനെ കണ്ടു. തന്റെ പുത്രന്‍ എന്നതിനേക്കാളുപരി സ്വപ്രയത്നത്താല്‍ പരമജ്ഞാനിയായിത്തീര്‍ന്നിട്ടുള്ളവനാണ്. അറിവിന്റെ അപാരത കണ്ടറിഞ്ഞവന്‍. ഇന്ദ്രിയനിഗ്രവും വിഷയവിരക്തിയും ആത്മജ്ഞാനവും നേടിയ യുവാവ്. യോഗികള്‍ക്കും മുനിമാര്‍ക്കും ബഹുമാന്യനായ മഹാതേജസ്വി.
അവര്‍ മൗനമായി കുറെനേരം പരസ്പരം നോക്കിയിരുന്നുപോയി. ഒടുവില്‍ ശ്രീശുകന്‍ ശാന്തനായി ചോദിച്ചു:
“മഹര്‍ഷേ, അവിടുത്തേയ്ക്ക് അടിയന്റെ വിനീതനമസ്കാരങ്ങള്‍. പലതും അറിയുന്നതിനു വേണ്ടി അങ്ങയോട് ചിലത് ചോദിക്കാന്‍ ആഗ്രഹിക്കുന്നു.”
“താങ്കളുടെ ചോദ്യത്തില്‍ നമുക്ക് അതിയായ ജിജ്ഞാസയുണ്ട്. എന്താണെങ്കിലും.” വ്യാസമഹര്‍ഷി വളരെ താല്പര്യപൂര്‍വ്വം പറഞ്ഞു.
“മഹാമുനേ, ഈ സംസാരാഡംബരത്തിന്റെ ഉത്ഭവം എങ്ങനെയാണ്? ഇത് എങ്ങനെയാണ് വിലയം പ്രാപിക്കുന്നത്? ഇത് എന്താണ്? ആരുടേതാണ്? ഇത് എപ്പോഴുണ്ടായി? അങ്ങ് ദയവു ചെയ്ത് ഇതെല്ലാം എനിക്ക് പറഞ്ഞു തന്നാലും.” ശ്രീശുകന്‍ കരങ്ങള്‍ കൂപ്പി വ്യാസമഹര്‍ഷിയോട് അഭ്യര്‍ത്ഥിച്ചു.
വ്യാസമഹര്‍ഷിയ്ക്കു സന്തോഷമായി. എന്തെല്ലാമാണോ തന്റെ പുത്രന്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടത് അവതന്നെയാണ് ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. പുത്രനു പറഞ്ഞു കൊടുക്കുവാനാഗ്രഹിച്ചിരിക്കുന്ന രഹസ്യമായ തത്ത്വങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
ശുകദേവന്റെ ജിജ്ഞാസ കണ്ടിട്ട് ആത്മജ്ഞാനിയായ വ്യാസമുനി സന്തുഷ്ടനായി.
“നമുക്ക് സന്തോഷമായി. ഈ സംസാരരാഡംബത്തിന്റെ ഉത്ഭവം മുതല്‍ എല്ലാം നാമിപ്പോള്‍ ഉപദേശിച്ചു തരാം. കേട്ടാലും.” വ്യാസമുനി എല്ലാക്കാര്യങ്ങളും പുത്രന് വേണ്ടതു പോലെ ഉപദേശിച്ചു പറഞ്ഞു കൊടുത്തു. എന്നിട്ട് നിറഞ്ഞ സംതൃപിയോടെ ശുകദേവന്റെ മുഖത്തേയ്ക്കു നോക്കി.
ശുകദേവന്റെ മുഖത്ത് നിരാശ നിറഞ്ഞു നില്ക്കുന്നത് വ്യാസമുനി കണ്ടു.
ശുകദേവന്‍ അലക്ഷ്യമായി മേരുപര്‍വ്വതത്തിന്റെ അനന്തതകളിലേയ്ക്ക് കണ്ണുകള്‍ പായിച്ചുകൊണ്ടിരുന്നു. പ്രതീക്ഷകളോടെയാണ് പിതാവായ മാമുനിയോട് അറിയേണ്ടവയായ പലതും ചോദിച്ചത്. പക്ഷേ തനിക്കു നേരത്തേതന്നെ അറിയാവുന്നവ തന്നെയാണ് മറുപടിയായി ഉപദേശിക്കുന്നത്. ശുകനു നിരാശ തോന്നി. പിതാവിന്റെ ഉപദേശങ്ങള്‍ വേണ്ടത്ര ശ്രദ്ധയോ താല്പര്യമോ പ്രകടിപ്പിച്ചില്ല. അലക്ഷ്യമായിട്ടിരുന്നു.
ശ്രീശുകന്റെ ഈ ഭാവം വ്യാസന് മനസ്സിലായി. മഹര്‍ഷി ആലോചിച്ചു. ശുകദേവന്‍ സ്വബുദ്ധ്യാല്‍ ആത്മതത്വം അറിഞ്ഞവനാണ്. വീണ്ടും സംശയം ഉണ്ടാകേണ്ട കാര്യമില്ല. സംശയം അവശേഷിക്കുന്ന സ്ഥിതിക്ക് ആ സംശയങ്ങളെ ഇല്ലാതാക്കിക്കൊടുക്കണം. പക്ഷേ ഉപദേഷ്ടാവായ താന്‍ പിതാവായതുകൊണ്ടാവാം വേണ്ടത്ര ശ്രദ്ധ പ്രകടിപ്പിക്കുന്നില്ല. മാത്രവുമല്ല ഇതെല്ലാം തനിക്കറിയാവുന്നതന്നെയെന്നും വിചാരിക്കുന്നുണ്ട്. അതിനാല്‍ ബന്ധുവല്ലാത്ത മറ്റൊരു ഗുരുവിന്റെ അടുക്കലേയ്ക്ക് ശ്രീശുകനെ അയയ്ക്കുകതന്നെ.
ഉദാസീനനായിട്ടിരിക്കുന്ന ശ്രീശുകനോട് ചെറുചിരിയോടെ വ്യാസമഹര്‍ഷി പറഞ്ഞു:
“ശ്രീശുകാ, നീ സ്വയം അറിഞ്ഞവതന്നെയാണ് ഞാനിപ്പോള്‍ ഉപദേശിച്ചവയെല്ലാം. വാസ്തവത്തില്‍ ഇക്കാര്യങ്ങളെ തത്ത്വപരമായിട്ട് ഞാനും അറിയുന്നില്ല. നിനക്ക് ഇക്കാര്യത്തില്‍ വളരെയധികം ജിജ്ഞാസയും സംശയങ്ങളുമുണ്ട്. നല്ലതു തന്നെ. അതിനാല്‍ ഈ വിഷയത്തില്‍ പരിപൂര്‍ണ്ണ ജ്ഞാനമുള്ള ഒരാളെ സമീപിക്കുക. മിഥിലാധിപതിയായ ജനകമഹാരാജാവ് നിന്റെ എല്ലാ സംശയങ്ങളേയും തീര്‍ക്കുവാന്‍ മാത്രം അറിവുള്ളവനാണ്. താല്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുക. ഒട്ടേറെ ജ്ഞാനികള്‍ക്ക് അദ്ദേഹം ആത്മോപദേശം നല്കിയിട്ടുണ്ട്. നീ ആഗ്രഹിക്കുന്ന ജ്ഞാനം അദ്ദേഹത്തില്‍നിന്ന് ലഭിക്കും. ഇപ്പോള്‍ തന്നെ പുറപ്പെട്ടാലും!”
പിതൃവാക്യം കേട്ട് ശ്രീശുകദേവന്‍ എഴുന്നേറ്റു. പിതാവിനെ നമസ്ക്കരിച്ചിട്ട് അവിടെ നിന്ന് നടന്നകന്നു. മഹാമേരുപര്‍വ്വതത്തിലൂടെ നടന്ന് അദ്ദേഹം താഴെയിറങ്ങി. സമതലഭൂമിയില്‍ കൂടി മിഥിലാപുരിയെ ലക്ഷ്യമാക്കി നടന്നു.
സമ്പദ്സമൃദ്ധമായ മിഥിലാപുരി എന്ന രാജ്യത്തെക്കുറിച്ചും ആ രാജ്യം ധാര്‍മ്മികമായി പരിപാലിക്കുന്ന ജനകമഹാരാജാവിനെ കുറിച്ചും ശ്രീശുകദേവന്‍ വളരെയധികം കേട്ടിട്ടുണ്ട്. മഹാരാജാവായി സിംഹാസനത്തിലിരുന്ന് രാജ്യഭരണം നടത്തുന്നവനെങ്കിലും മഹാജ്ഞാനിയാണദ്ദേഹം. അനേകപണ്ഡിതന്‍മാര്‍ക്കും മഹര്‍ഷിമാര്‍ക്കും ആത്മാന്വേഷകര്‍ക്കും എല്ലാത്തരത്തിലും ആശ്രയകേന്ദ്രമാണ് ജനകമഹാരാജാവ്. ആ പരിപൂര്‍ണ്ണ ജ്ഞാനിയില്‍നിന്ന് തനിക്ക് അറിവിന്റെ അപാരതയെ ഗ്രഹിക്കാനാകും. സംശയമില്ല.
ശ്രീശുകന്‍ വളരെദൂരം യാത്ര ചെയ്തത് ജനകമഹാരാജാവിന്റെ മിഥിലാപുരിയില്‍ പ്രവേശിച്ചു.
മനോഹരമായ തലസ്ഥാന നഗരം. സന്തുഷ്ടരായി നടക്കുന്ന ജനങ്ങള്‍. അതിമനോഹരങ്ങളും അംബരചുംബികളും മിഥിലാപുരിയില്‍ സകലപ്രൗഢിയും എടുത്തുകാട്ടുന്നവയുമാണ് രാജകൊട്ടാരങ്ങള്‍. പ്രധാന കൊട്ടാരത്തിന്റെ കവാടത്തിനു മുമ്പില്‍ ശുകദേവന്‍ എത്തിനിന്നു.
ദ്വാരപാലകന്‍മാര്‍ക്ക് വിസ്മയമായി. വേദവ്യാസമഹര്‍ഷിയുടെ പുത്രനും മഹാമതിയുമായ ശ്രീശുകന്‍ ഇതാ കണ്‍മുമ്പില്‍ വന്നുനില്ക്കുന്നു. മിഥിലാദേശം സന്ദര്‍ശിക്കാനെത്തുന്ന പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ കാണാന്‍ കഴിയുന്നത് ഇതാദ്യമാണ്. ഇത്രയും കാലം ഈ മഹാ‍ജ്ഞാനി മാത്രം എന്തു കൊണ്ട് ഇവിടെ സന്ദര്‍ശിക്കാന്‍ എത്തിയില്ല. അപ്രതീക്ഷിതമായി ഇപ്പോള്‍ എത്തിയിരിക്കുന്നു. മുനിമാരേയും തപസ്സികളേയും ആനന്ദിപ്പിക്കുന്നതില്‍ മഹാരാജാവിനുള്ള സാമര്‍ത്ഥ്യം ഇന്ന് പരിപൂര്‍ണ്ണമായി പ്രകടിപ്പിക്കപ്പെടും.
ശുകദേവന്‍ വന്നതറിഞ്ഞ് ദ്വാരപാലകന്മാര്‍ ജനകമഹാരാജാവിന്റെ സമീപത്തേയ്ക്ക് കുതിച്ചു. രാജാവിനെ വണങ്ങി വൃത്താന്തം അറിയിച്ചു.
“പ്രഭോ, വ്യാസമഹര്‍ഷ്യുടെ ധീരനായ പുത്രന്‍ ശുകദേവന്‍ കൊട്ടാരവാതില്‍ക്കല്‍ നില്‍ക്കുന്നു!”
ഇതുകേട്ട് ജനകമഹാരാജാവ് അവജ്ഞയോടെ പറഞ്ഞു: “അദ്ദേഹം അവിടെത്തന്നെ നില്ക്കട്ടെ!”
ദ്വാരപാലകന്‍മാര്‍ ഒന്നും മിണ്ടാതെ കവാടത്തിലേയ്ക്കുമടങ്ങി. ശുകദേവന്‍ ജനകമഹാരാജാവിന്റെ അനുമതിയും കാത്ത് അവിടെ തന്നെ ഒരു പ്രതിമയെപ്പോലെ ശാന്തഗംഭീരനായി നിന്നു.
ഏഴുദിവസങ്ങള്‍ കടന്നുപോയി. അതുവരെ ജനകമഹാരാജാവ് തന്റെ അതിഥിയെപ്പറ്റി ആരോടും ഒന്നും അന്വേഷിച്ചില്ല. എട്ടാം ദിവസം ശ്രീശുകനെ കൊട്ടാരത്തിന്റെ മുറ്റത്തേയ്ക്കു ക്ഷണിച്ചു.
“കവാടത്തിനു പുറത്തു നില്ക്കുന്ന ശുകദേവനെ കടത്തിവിടൂ!” ജനകന്റെ ആജ്ഞപ്രകാരം കവാടത്തിനു പുറത്തു നിന്ന് അകത്തുകടന്ന ശ്രീശുകദേവന്‍ ഏഴുദിവസം അവിടെ കാത്തു നില്ക്കേണ്ടിവന്നു. ആരും ഒന്നും അന്വേഷിച്ചില്ല. പഴയപടി കാത്തുനിന്നു. വീണ്ടും എട്ടാം ദിവസം അദ്ദേഹത്തെ അന്തഃപുരത്തിലേയ്ക്ക് ക്ഷണിച്ചു. അവിടെയും ഏഴുദിവസങ്ങള്‍ കാത്തുനില്ക്കേണ്ടിവന്നു. ​എന്നാല്‍ രാജാവ് ശുകദേവന്റെ മുമ്പില്‍ വരികയോ സംസാരിക്കുകയോ എന്തെങ്കിലും അന്വേഷിക്കുകയോ പോലും ചെയ്തില്ല. ഇപ്പോള്‍ ആകെ ഇരുപത്തിയൊന്ന് ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.
ഇരുപത്തിരണ്ടാം ദിവസം ജനകമഹാരാജാവ് തന്റെ വിശിഷ്ടാതിഥിയെ കാണുവാനും സ്വീകരിക്കുവാനും തയ്യാറായി. കൊട്ടാരത്തിലെ ഏറ്റവും സുന്ദരികളും യുവതികളുമായ സ്ത്രീകളോട് മനോഹരമായ ഒരുക്കങ്ങള്‍ ചെയ്യാന്‍ ഏര്‍പ്പാടാക്കി. അവര്‍ വളരെ ഭംഗിയില്‍ അണിഞ്ഞൊരുങ്ങി. പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, നിറദീപങ്ങള്‍, മുത്തുക്കുടകള്‍, താളമേളങ്ങള്‍, വാദ്യങ്ങള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവകളെല്ലാം എടുത്ത് അനേക വാല്യക്കാരോടും നൃത്തക്കാരോടുമൊപ്പം വേഗമെത്തി. രാജാവ് അവരോടും വിവിധ പ്രകാരത്തിലുള്ള ഭോജനദ്രവ്യങ്ങളോടും, മറ്റു സുയോഗ്യവസ്തുക്കളോടും കൂടി ശുകദേവന്റെ മുമ്പില്‍ നേരിട്ട് ചെന്ന് സല്‍ക്കാരങ്ങള്‍ ആരംഭിച്ചു. ചക്രവര്‍ത്തിമാര്‍പോലും കൊതിക്കുന്നതരത്തിലുള്ള ഗംഭീരസ്വീകരണമാണ് ശുകദേവന് രാജാവ് നല്‍കിയത്.
ശുകനെ സ്വര്‍ണ്ണപ്പല്ലക്കില്‍ കയറ്റിയിരുത്തി കൊട്ടാരത്തിനു പ്രദക്ഷിണം നടത്തി. സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് കുളിപ്പിച്ചു. വിശിഷ്ടവസ്ത്രങ്ങള്‍ നല്കി. സ്വാദൂറുന്ന ഭക്ഷണപാനീയങ്ങള്‍ മതിയാവോളം ഒരുക്കിവച്ചു. സുന്ദരിമാരായ യുവതികളെക്കൊണ്ട് ശുശ്രൂഷകള്‍ ചെയ്യിപ്പിച്ചു. അവര്‍ മനോഹരഗാനങ്ങള്‍ പാടി. നൃത്തമാടിത്തിമിര്‍ത്തു. ശുകനെ ലാളിച്ചു.
എന്നാല്‍ ശുകദേവന്‍ സൗമ്യവദനനായി നിലകൊണ്ടു. തനിക്ക് നല്‍കപ്പെട്ട ഭോഗവസ്തുക്കളും ഉഗ്രന്‍ സ്വീകരണങ്ങളുമൊന്നും ആകര്‍ഷണീയങ്ങളായി അദ്ദേഹത്തിനു തോന്നിയില്ല. സുന്ദരാംഗനകളുടെ ലാളനകള്‍ക്ക് അദ്ദേഹത്തിന്റെ മനസ്സിനെ ഇളക്കാനായില്ല. പ്രപഞ്ചത്തിലെ സുഖഭോഗങ്ങളെല്ലാം ശുകദേവന് വെറുക്കപ്പെട്ട വസ്തുക്കളായിരുന്നു. ദൃഢമായ ഒരു വന്‍പര്‍വ്വതത്തിനുമുമ്പില്‍ നേരിയ ഇളം കാറ്റുപോലെയായിപ്പോയി ജനകദേവന്റെ സ്വീകരണപദ്ധതികളെല്ലാം.
ഉറച്ച കരിമ്പാറക്കെട്ടുപോലെ ആത്മാവില്‍ മനസ്സ് ഏകാഗ്രവും ദൃഢവുമാക്കിയവനാണ് ശുകദേവന്‍. ജനകമഹാരാജാവ് കൊണ്ടുവന്ന സുഖഭോഗങ്ങളെല്ലാം ശുകദേവന് നിസ്സാരങ്ങളായിരുന്നു. വളരെ വിധത്തില്‍ പ്രലോഭനങ്ങളെ ഉണ്ടാക്കിയിട്ടും ശുകദേവന്റെ മനസ്സിനെ വ്യതിചലിപ്പിക്കുവാന്‍ രാജാവിനായില്ല.
ശുകദേവന്‍ ഏറ്റവും ശാന്തനായി നിലകൊണ്ടു. തികച്ചും വികാര രഹിതന്‍. പ്രസന്നചിത്തന്‍, സമഭാവനായുക്തന്‍, സംഗദോഷരഹിതന്‍. നിര്‍മ്മലനായ പൂര്‍ണ്ണചന്ദ്രനെപ്പോലെ ശുഭ്രതേജസ്സോടുകൂടിയവന്‍.
താന്‍ ഏര്‍പ്പെടുത്തിയ പ്രലോഭനങ്ങളെ അതിജീവിച്ചു നില്ക്കുന്ന ശുകദേവനെ സമീപിച്ച് ജനകമഹാരാജാവ് ഭക്തിപൂര്‍വ്വം നമസ്ക്കരിച്ചു. എന്നിട്ട് എളിമയോടെ തല കുനിച്ചുകൊണ്ട് പറഞ്ഞു:
“മഹാനുഭാവനായ മഹര്‍ഷേ, സാദരനമസ്ക്കാരങ്ങള്‍. അങ്ങ് അങ്ങയുടെ പ്രാപഞ്ചികവിഷയങ്ങള്‍ അവസാനിപ്പിച്ചിരിക്കുന്നവനാണ്. ഇപ്പോള്‍ അങ്ങ് എല്ലാ മനോരഥങ്ങളും നേടിയവനുമായിട്ടിരിക്കുന്നു. ഇനി അവിടുത്തേയ്ക്ക് എന്തെങ്കിലും നേടാനുള്ളതായി നാം കാണുന്നില്ല. എങ്കിലും ഈ സന്ദര്‍ഭത്തില്‍ വിനീതനായി ചോദിക്കുകയാണ്. അങ്ങേയ്ക്ക് എന്തെങ്കിലും ആഗ്രഹം ബാക്കിയായിട്ട് ഉണ്ടെങ്കില്‍ ദയവായി പറഞ്ഞാലും. അവിടുത്തെ ഏതാഗ്രഹത്തെയാണ് ഇനി എന്നാല്‍ പൂര്‍ത്തിയാക്കേണ്ടതായിട്ടുള്ളത്.” ജനകമഹാരാജാവ് ഈ വിധം ഭവ്യതയോടെ ചോദിച്ചു.
ഇതുകേട്ട് ശ്രീശുകന്‍ നിന്നിടത്തു നിന്ന് ഒന്നിളകി. ചെറുതായിട്ടെങ്കിലും മനസ്സു തുറന്ന് വിശാലമായിട്ടൊന്നു പുഞ്ചിരിച്ചു. എന്നിട്ട് ജനകമഹാരാജാവിന്റെ മുമ്പിലേയ്ക്ക് നടന്നടുത്ത് ആ പാദങ്ങളില്‍ ദീര്‍ഘദണ്ഡ നമസ്ക്കാരം ചെയ്തു. എഴുന്നേറ്റിട്ട് ജിജ്ഞാസയോടെ പറഞ്ഞു:
“അല്ലായോ ഗുരുശ്രേഷ്ഠ, അടിയന് ചില സംശയങ്ങള്‍ അവശേഷിക്കുന്നു. ഈ സാംസ്കാരിക പ്രപഞ്ചം എങ്ങനെയുണ്ടാകുന്നു? ഇത് എങ്ങനെ വിലയം പ്രാപിക്കുന്നു? ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വേണ്ടതുപോലെ എനിക്ക് ഉപദേശിച്ചു നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.”
“മഹാമുനേ, വ്യാസപുത്രനായ അവിടുത്തേയ്ക്ക് പ്രപഞ്ച നിഗൂഢകളില്‍ സംശയം അവശേഷിക്കുന്നുവെന്നതില്‍ വിസ്മയം തോന്നുന്നു. ഗുരുസ്ഥാനത്തുനിന്ന് ഉപദേശിക്കുവാന്‍ മാത്രം ശക്തനല്ലെന്നിരിക്കിലും കാര്യങ്ങള്‍ പറഞ്ഞുതരാം. കേട്ടാലും.” സന്തോഷപൂര്‍വ്വം ജനകമഹാരാജാവ് ആത്മതത്ത്വം ഉപദേശിക്കുവാന്‍ തുടങ്ങി.
ശുകദേവന്‍ ശ്രദ്ധയോടെ കേട്ടിരുന്നു. ​എന്നാല്‍ മഹാരാജാവ് പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ വ്യാസഭഗവാന്‍ ഉപദേശിച്ചതിന്റെ ആവര്‍ത്തനം മാത്രമായിരുന്നു. അതിനാല്‍ തെല്ല് മടുപ്പു തോന്നിയ ശുകദേവന്‍ പറഞ്ഞു.
“ഈ കാര്യങ്ങളൊക്കെ എന്റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുള്ളവയാണ്. എന്നുമാത്രമല്ല, ഞാന്‍ ആദ്യമേ സ്വയമേവ മനസ്സിലാക്കിയിട്ടുള്ളവയുമാണ്. അങ്ങ് എന്നോട് ഇപ്പോള്‍ പറഞ്ഞതും അതേ കാര്യങ്ങള്‍ തന്നെയാണ്. ശാസ്ത്രങ്ങളിലും ഇതു തന്നെ ഉദ്ഘോഷിക്കുന്നു. ഇനി പറയാം പ്രപഞ്ചമെന്നത് വാസ്തവത്തില്‍ ഇല്ലാത്തതാണ്. മനസ്സിന്റെ സങ്കല്പവികല്പങ്ങളെക്കൊണ്ടാണ് പ്രപഞ്ചത്തിന്റെ ഉല്പത്തിയും നാശവും സംഭവിക്കുന്നത്. സങ്കല്പം കൊണ്ട് പ്രപഞ്ചം ഉല്പന്നമാകുന്നു. അത് നഷ്ടമായാല്‍ പ്രപഞ്ചത്തിനു നാശം സം‌ഭവിക്കുന്നു. ഈ പ്രപഞ്ചം അതിഗര്‍ഹണീയവും വാസ്തവത്തില്‍ ഇല്ലാത്തതുമാണെന്ന് എനിക്കറിയാം. അപ്പോള്‍ പിന്നെ എന്താണ് വാസ്തവത്തില്‍ ഉള്ളത് ? എന്താണ് യഥാര്‍തഥ വസ്തു ? ഈ കാര്യം എനിക്ക് അങ്ങ് വേണ്ടതുപോലെ പറഞ്ഞുതന്നാലും! എന്റെ ചിത്തം ജഗത‍് വിഷയത്തില്‍ ഭ്രമിച്ചു നട്ടം തിരിയുകയാണ്. അങ്ങ് സത്യത്തെ പറഞ്ഞു തന്നാലും. അവിടുത്തെ സദുപദേശംകൊണ്ടു മാത്രമേ എനിക്ക് ശാന്തി ലഭിക്കുകയുള്ളൂ.”
ശുകദേവന്റെ അഭ്യര്‍ത്ഥന കേട്ടിട്ട് ജനകമഹാരാജാവ് ശാന്തനായി ഉപദേശിച്ചു തുടങ്ങി.
“ശുകദേവാ! ഇനി ഞാന്‍ അങ്ങേയ്ക്ക് ജ്ഞാനത്തെപ്പറ്റി സവിസ്തരം ഉപദേശിച്ചു തരാം. യഥാര്‍ത്ഥജ്ഞാനം എല്ലാ ജ്ഞാനങ്ങളുടേയും സാരവും സര്‍വ്വരഹസ്യവുമാകുന്നു. പരമമായ ഈ ജ്ഞാനത്തെ ആര്‍ജ്ജിക്കുന്നവനാണ് യഥാര്‍ത്ഥപുരുഷന്‍. അവന്‍ വളരെവേഗം മുക്ത്യാവസ്ഥയെ പ്രാപിക്കും.”
വാസ്തവത്തില്‍ ഈ ദൃശ്യപ്രപഞ്ചം മനസ്സിന്റെ ഭ്രമം മാത്രമാണ്. ഈ ദൃശ്യപ്രപഞ്ചം ഭ്രമമാണെന്ന് ദൃഢമായി അറിഞ്ഞുകഴിഞ്ഞാല്‍ മനസ്സിന്റെ ഭ്രമം മാറി. അതോടെ അവാസ്തവികവിഷയങ്ങളില്‍നിന്ന് മനസ്സ് വേറിട്ട് ശുദ്ധമായിത്തീരും. ജ്ഞാനം പൂര്‍ണ്ണമായി ലഭിച്ചു കഴിഞ്ഞാല്‍ നിര്‍വ്വാണശക്തി കൈവരുന്നു. അത് മനസ്സിന്റെ നിര്‍വൃതിയാണ്. മനസ്സില്‍ വാസനകള്‍ അല്പം പോലും അവശേഷിക്കരുത്. മനസ്സില്‍ നിന്ന് വാസനകളെ അശേഷേണ ഇല്ലാതാക്കുന്നതാണ് ഏറ്റവും പരമവും ശ്രേഷ്ഠവുമായ ത്യാഗം. വിമലമായ മനസ്സിന്റെ അത്യുദാത്തമായ ത്യാഗപരിസമാപ്തിയുടെ ഫലമാണ് ശ്രേഷ്ഠമായ മോക്ഷാവസ്ഥ.
ശുദ്ധമായ കാമനകളോടും, അര്‍ത്ഥശൂന്യമായ ജീവിതത്തോടും കൂടി ആരാണോ അറിയേണ്ട യഥാര്‍ത്ഥ തത്ത്വങ്ങള്‍ അറിഞ്ഞിട്ടുള്ളത് അവനാണ് ജീവന്മുക്തന്‍. ഹേ, ശുകദേവാ! അറിഞ്ഞാലും. പദാര്‍ത്ഥഭാവനാദാര്‍ഢ്യമാണ് ബന്ധനം. വാസനാനാശം തന്നെ മോക്ഷം.
ജീവന്‍മുക്തനെക്കുറിച്ച് ഇനി വിശദീകരിക്കാം. തപസ്സ് മുതലായ സാധനകള്‍ ഒന്നും അനുഷ്ഠിക്കാതെ തന്നെ സ്വാഭാവികമായി ലോകത്തിലെ സുഖഭോഗങ്ങളില്‍ നിന്ന് വിരക്തനായിരിക്കുന്നവന്‍ ആരാണോ അവനാണ് ജീവന്‍മുക്തന്‍. പ്രാപഞ്ചിക സുഖദുഃഖങ്ങള്‍ ജീവന്‍മുക്തനെ ബാധിക്കുന്നില്ല. അപ്പപ്പോള്‍ ലഭിക്കുന്ന സുഖത്തില്‍ സന്തുഷ്ടിയോ ദുഃഖത്തില്‍ അസന്തുഷ്ടിയോ അനുഭവപ്പെടുന്നില്ല. ഏതവസ്ഥയും ജീവന്‍മുക്തന് ഒന്നുപോലെതന്നെ. കാമം, ക്രോധം, ഹര്‍ഷം, ശോകം തുടങ്ങിയ വികാരങ്ങളില്‍ നിന്ന് വിമുക്തനും അഹങ്കാരയുക്തമായ വാസനയെ സ്വാഭാവികമായിത്തന്നെ പരിത്യജിച്ചവനുമാണ് ജീവന്മുക്തന്‍.
അവന്‍ ചിത്തത്തിന്റെ ഉദാത്തഭാവനയെ ആശ്രയിച്ച് സദാ ത്യാഗിയായിരിക്കും. പദാര്‍ത്ഥങ്ങളില്‍ കാമനകളില്ല. ബാഹ്യവിഷയങ്ങള്‍ മനസ്സിനെ യാതൊരു തരത്തിലും ബാധിക്കുന്നില്ല. എപ്പോഴും അന്തര്‍മുഖമായ ദൃഷ്ടി. ശുദ്ധമായ, ശാന്തമായ മനസ്സ്. ചിത്തം സദാ സ്വസ്വരൂപമായ ആത്മാവില്‍ ലയിച്ചിരിക്കുന്നു. ആഗ്രഹമോ ആസക്തിയോ ഇല്ലാത്ത ഉദാസീനഭാവം, പ്രശാന്തഭാവം.
ജീവന്‍മുക്തന്‍ രാഗദ്വേഷരഹിതനും ദുഃഖാദികളില്‍ നിരപേക്ഷനുമാണ്. ധാര്‍മ്മിക കര്‍മ്മങ്ങള്‍ അഅനുഷ്ഠിക്കുന്നവനായി കാണപ്പെടുമെങ്കിലും കര്‍മ്മാസക്തിയോ, ഫലേച്ഛയോ ഉണ്ടായിരിക്കുകയില്ല. അവന്‍ ധര്‍മ്മാധര്‍മ്മങ്ങളില്‍ നിര്‍ലിപ്തനായിരിക്കും. കര്‍മ്മനിരതനെങ്കിലും മോഹരഹിതനും ഉദ്വേഗരഹിതനുമായിരിക്കും. എല്ലാത്തിനും സാക്ഷിയെന്നോണം ജീവിതം നയിക്കും. ആഹാരം, വസ്ത്രധാരണം, ശയനം, ദേഹസംരക്ഷണം തുടങ്ങിയവയിലൊന്നും പ്രത്യേക നിഷ്ക്കര്‍ഷത പുലര്‍ത്തിയില്ല. പുളിപ്പ്, മധുരം, ഉപ്പ്, കയ്പ് എന്നിവയെ വേര്‍തിരിച്ചു പരിഗണിക്കുന്നില്ല. ആഹാരപദാര്‍ത്ഥങ്ങളെ സ്വാദിഷ്ടം, അസ്വാദിഷ്ടം, ദുസ്വാദിഷ്ടം എന്നിങ്ങനെ നോക്കുന്നില്ല. എല്ലാ രസങ്ങളേയും ഒന്നായിക്കരുതി ആഹാരം കഴിക്കുന്നു. ആപത്ത്, ഐശ്വര്യം, ദാരിദ്ര്യം തുടങ്ങിയ വിഭിന്നദശകളില്‍ സമഭാവനയോടുകൂടി എല്ലാ പരിതഃസ്ഥിതികളിലും സന്തുഷ്ടചിത്തനായിരിക്കും. ജനനമരണങ്ങളില്‍ ഹര്‍ഷശോകങ്ങളുണ്ടാകുന്നില്ല. സൃഷ്ടി-സ്ഥിതി-ലയാവസ്ഥകളിലും ഉന്നതി, അവനതികളിലും സമചിത്തനായിരിക്കാന്‍ ജീവന്‍മുക്തനു കഴിയുന്നു. ഒന്നിനോടും മമതയോ ഈര്‍ഷ്യയോ ഇല്ല.
ലോകത്തിലെ എല്ലാ സമ്പദ്സമൃദ്ധികളുടേയും മദ്ധ്യേവിരാജിക്കുന്നവനെങ്കിലും ജീവന്‍മുക്തന്‍ എല്ലാത്തിനേയും പരധനമെന്നപോലെ കരുതി നിസ്പൃഹനായിരിക്കുന്നു. ആത്മാവില്‍മാത്രം പൂര്‍ണ്ണത്വാനുഭൂതിയോടിരിക്കുന്ന ആ മഹാത്മാവിനെയാണ് അറിവുള്ളവര്‍ ജീവന്‍മുക്തനെന്നു വിളിക്കുന്നത്.
ജീവന്മുക്തനായ മഹാത്മാവ് ദേഹമുള്ളിടത്തോളം കാലം ദേഹസ്ഥിതനായി കാണപ്പെടുന്നു. തന്റെ ശരീരത്തെ കാലസാത്ക്കരിച്ചതിനുശേഷം ജീവന്‍മുക്തപദത്തെയും ത്യജിച്ച് നിശ്ചലമായ പവനനെപ്പോലെ വിദേഹമുക്താവസ്ഥയെ പ്രാപിക്കുന്നു. വിദേഹമുക്താവസ്ഥയില്‍ അഭിവ്യക്തമാകാത്തതും അനിര്‍വ്വചനീയവുമായ സത്ത് മാത്രമാണ് അവശേഷിക്കുന്നത്. അത് അത്യന്തം പൂര്‍ണ്ണമാണ്. ഭാവനാരഹിതമാണ്.
ഹേ ശുകദേവാ,അങ്ങ് ബാഹ്യവും ആഭ്യന്തരവും ആയ ദൃശ്യങ്ങള്‍ കണ്ടിട്ടും അതിനെ കാണാത്തവനായിട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങ് സമ്പൂര്‍ണ്ണമായ കൈവല്യാവസ്ഥയില്‍ കേവലം സാക്ഷിരൂപത്തില്‍തന്നെ സ്ഥിതിചെയ്യുന്നു. ഇനി എന്താണ് സംശയിക്കുവാനുള്ളത്?
ജനകമഹാരാജാവിന്റെ ഉപദേശങ്ങളെല്ലാം കേട്ട് ശ്രദ്ധയോടിരിക്കുകയായിരുന്നു ശ്രീശുകദേവന്‍. ഇതിനോടകം അദ്ദേഹത്തിന്റെ സംശയങ്ങളെല്ലാം നശിച്ചു കഴിഞ്ഞിരുന്നു. ശോകം,ഭയം, സംശയം, ഭ്രമം എന്നിവയൊന്നും കൂടാതെ കാമനാഹീനനായി പരമതത്ത്വസ്വരൂപമായ ആത്മാവില്‍ സ്ഥിരചിത്തനായിത്തീര്‍ന്നു.
“പ്രഭോ, ആ തത്ത്വം എന്നില്‍ വിളങ്ങുന്നതായി ഞാനനുഭവിക്കുന്നു.” നിര്‍വികാരനായി ശുകദേവന്‍ മൊഴിഞ്ഞു.
“ഞാന്‍ ധന്യനായി.” ജനകമഹാരാജാവ് സംതൃപ്തിയോടെ സാവധാനം എഴുന്നേറ്റു.
“ഇനി ഞാന്‍ മഹാമേരുവിലേയ്ക്ക് നടക്കട്ടെ.”
“അങ്ങയുടെ നിശ്ചയംപോലെ എല്ലാം സമംഗളം ഭവിക്കട്ടെ.”
ജനകമഹാരാജാവിന്റെ കൊട്ടാരത്തില്‍നിന്ന് ശ്രീശുകദേവന്‍ യാത്ര പറഞ്ഞിറങ്ങി. നേരെ മഹാമേരു പര്‍വ്വതത്തിലെത്തി. അവിടെ വ്യാസഭഗവാന്‍ കാത്തിരിക്കുകയായിരുന്നു. പുത്രന്റെ പ്രശാന്തസുന്ദരമായ ഭാവവും തേജസ്സും കണ്ട് മഹാമുനി സംതൃപ്തനായി.
ശ്രീശുകദേവന്‍ ആയിരം വര്‍ഷം മഹാമേരു പര്‍വ്വതത്തില്‍ വസിച്ച് ആത്മാനുചിന്തനത്തിലൂടെ നിര്‍വ്വികല്പസമാധിയിലെത്തിയ അദ്ദേഹം സങ്കല്പദോഷവിനിര്‍മുക്തനായി. ശുദ്ധസ്വരൂപനായി ആത്മപദത്തില്‍ താദാത്മ്യം പ്രാപിച്ചു.
ഓം തത് സത്
അവലംബം – മഹോപനിഷത്ത് , രണ്ടാം അദ്ധ്യായം

ഭഗവാന്റെ രാമാവതാരം



രാമ ദര്‍ശനം

ദുഷ്ടജന നിഗ്രഹം, ശിഷ്ടജന പരിപാലനം, ധര്‍മ്മരക്ഷ എന്നിവയ്ക്കായിട്ടാണ്‌ ഭഗവാന്റെ രാമാവതാരം - ഉപാസകന്മാരുടെ രക്ഷയ്ക്കായി ഭഗവാന്‍ ഓരോ അവതാരത്തെ സ്വീകരിക്കുന്നു. "ഉപാസകനാം കാര്യാര്‍ത്ഥം ബ്രഹ്മണോ രൂപ കല്‍പ്പനാ" എന്ന്‌ പ്രമാണം. സത്യലോകത്ത്‌ ചെന്ന നാരദമഹര്‍ഷി ബ്രഹ്മദേവനോട്‌ ഭൂമിയിലെ അവസ്ഥകളെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു.

"പ്രാപ്തേ കലിയുഗേ ഘോരെ
നരാ പുണ്യ വിവര്‍ജ്ജിതം..."

കലിയുഗാരംഭത്തോടെ മനുഷ്യര്‍ പുണ്യങ്ങള്‍ വര്‍ജ്ജിച്ചുതുടങ്ങി. ഘോരമായ കലിയുഗമാണ്‌ സൂചിപ്പിക്കുന്നത്‌. "ദുരാചാര രതാ", സര്‍വ്വേ: "സര്‍വ്വരും ദുരാചാരങ്ങളില്‍ തല്‍പരായി ഭവിച്ചിരിക്കുന്നു. മാത്രമല്ല, "സത്യവാര്‍ത്താ പരാങ്മുഖാ:" സത്യനിഷേധികളുമായി തീര്‍ന്നു. പിന്നെ സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ മഹര്‍ഷി വിവരിക്കുന്നു.

"പരാപവാദ നിരതാ പരദ്രവ്യാഭിലാഷിണാ
പരസ്ത്രീ സക്ത മനസാഃ പരഹിംസാ പരായണ

ഇതാണ്‌ സാമാന്യേന ജനങ്ങളുടെ ഇന്നത്തെ മാനസീകമായ അവസ്ഥ എന്ന്‌ ഋഷി ചൂണ്ടിക്കാട്ടി. എന്നാല്‍ സമൂഹത്തെ നേര്‍വഴിക്ക്‌ നയിക്കേണ്ടവരായിട്ടുള്ള വിപ്രന്മാരുടെ സ്ഥിതി തുലോം കഷ്ടം തന്നെ.

"വിപ്രാ ലോഭഗ്രഹസ്താ വേദ വിക്രിയ ജീവിത
ഇതി ചിന്താകുലം ജായതേ മമചിത്തം."

ധനാര്‍ത്തിയാല്‍ വിപ്രന്മാര്‍ വേദത്തെ വിറ്റ്‌ ജീവിക്കുന്നു. ഇത്‌ എന്റെ മനസ്സിന്റെ സ്വസ്ഥതയെ കെടുത്തുന്നു. വേദത്തെ കളങ്കപ്പെടുത്തുന്നു എന്നത്‌ മുനിയുടെ മനസ്സിനെ നോവിപ്പിക്കുന്നു എന്നര്‍ഥം. നാരദമഹര്‍ഷി വളരെ കാര്യമാത്ര പ്രസക്തമായിട്ടാണ്‌ ഭൂമിയിലെ ദുരവസ്ഥയെ ധരിപ്പിച്ചത്‌. രാമാവതാരത്തിന്റെ ആവശ്യകതയിലേക്കാണ്‌ ഋഷി നമ്മെ നയിക്കുന്നത്‌.

ഇതിനെല്ലാം പരിഹാരമായി ബ്രഹ്മദേവന്‍ രാമദര്‍ശനത്തിലേക്ക്‌ നാരദന്റെ മനസ്സിനെ നയിക്കുന്ന പരമേശ്വര സങ്കല്‍പത്തിലേക്ക്‌ അനുവാചകരെ എത്തിക്കുകയാണ്‌ ലക്ഷ്യം. "പുരാ ത്രിപുരാഹന്തരം പാര്‍വ്വതീ ഭക്തവത്സലാ ശ്രീരാമതത്ത്വം ജിജ്ഞാസു പപ്രഛ ഉമ മഹേശ്വര സംവാദമാണ്‌ രാമായണ ദര്‍ശനത്തിനാധാരം എന്ന്‌ സൂചന. തന്റെ പ്രിയ പത്നിക്കായി "ഗൂഢം വ്യാഖ്യാതവാന്‍ സ്വയം
പുരാണോത്തമ മധ്യാത്മ രാമായണം ഇതി"

പുരാണങ്ങളില്‍ ഉത്തമവും ഗഹനവുമായ ആധ്യാത്മ രാമായണ കഥ ദേവിക്കായി ഭഗവാന്‍ പരമേശ്വരന്‍ വ്യാഖ്യാനിച്ചുകെടുത്തു. ആ രാമായണകഥ കേള്‍ക്കുന്നവര്‍ "ജനായാസ്യന്തി സദ്ഗതി." മോക്ഷം പ്രാപിക്കും. രാമായണകഥ പറയുന്നവരോ, കേള്‍ക്കുന്നവരോ "സ ജീവമുക്ത ഉച്ചതേ" ജീവമുക്തന്മാരായി തീരുന്നു. സര്‍വദേവാര്‍ച്ചനാഫലം തന്നെ പ്രാപ്തി. തുളസിത്തറയുടെ സമീപത്തും, അരയാല്‍ വൃക്ഷ വട്ടം, സാളഗ്രാമശിലാ സന്നിധിയിലും രാമഗീത വായിച്ചാല്‍ "സര്‍വ്വേഃ യാന്തി വിഷ്ണോഃ പരംപദംഃ" പരമപദമായി വിഷ്ണുലോകം പ്രാപിക്കും. മുനിശ്രേഷ്ഠന്മാരുടെ സാന്നിധ്യത്തില്‍ വായിക്കുന്നവന്റെ കാര്യം പിന്നെ പറയാനുമില്ല.

"യഃ ശ്രദ്ധയാ പംതി വാ ശൃണ യാത്‌ സമര്‍ഥ്യഃ
പ്രോപ്നോതി വിഷ്ണു പദവീസുരപൂജ്യമാനഃ"
ദേവാപൂജിതമായ വിഷ്ണുപദവി കൈവരിക്കുന്നു.
രാമാവതാര കാരണം വ്യാസമഹര്‍ഷി വിശദമാക്കുന്നത്‌ ശ്രദ്ധിക്കാം.
യഃ പൃഥ്വീഭരവാരണായ ദിപീജൈ:
സംപ്രാത്ഥിതശ്ചിന്നമമഃ

രാക്ഷസാദികളുടെ ദ്രോഹത്താല്‍ പൊറുതിമുട്ടിയ ദേവന്മാര്‍ ഭൂമിഭാരത്തെ കുറയ്ക്കാനായി മഹാവിഷ്ണുവിനോട്‌ കൈകൂപ്പി പ്രാര്‍ഥിച്ചു. പ്രാര്‍ഥനാഫലമായി "സംജാതഃ പൃഥ്വിതയേ രവികുലേ മായാമാനുഷോവ്യയഃ" മായാബന്ധമുള്ള മനുഷ്യ രൂപത്തില്‍ അവ്യയ സ്വരൂപന്‍ സൂര്യവംശത്തില്‍ ജാതനായി. എന്നിട്ട്‌ സര്‍വ്വരാക്ഷസന്മാരെയും വധിച്ച്‌ ജനങ്ങളെ രക്ഷിച്ച ബ്രഹ്മത്തില്‍ വിലയിക്കുകയും ചെയ്തു. മായ ഭഗവാനെ ആശ്രയിച്ചു നില്‍ക്കുന്ന നിഗൂഢശക്തിയാകുന്നു. സത്വരജതമോ ഗുണസങ്കല്‍പമാണ്‌ മായ. "അനിര്‍വാച്യാ" എന്ന്‌ പറയുന്നു. ഭക്തന്മാര്‍ക്കുമാത്രമേ മായയെ മറികടക്കാനാകൂ. "ദൈവീ ഹ്യോഷാ ഗുണമയിമാമ മായാ" ദൈവീകമായ ശക്തിതന്നേയാണത്‌. മായയെ സേഛയാഭഗവാന്‍ വികസിപ്പിക്കുമ്പോള്‍ അവതാരവും സങ്കോചിക്കുമ്പോള്‍ ബ്രഹ്മവിലയനവും നടക്കുന്നു. ഭഗവാനാകട്ടെ

വിശ്വോത്സവ സ്ഥിതി ലയാധിഷ്ഠ
ഹേതുകമേകം മായാശ്രയം വിഗതമായം"

സൃഷ്ടിസ്ഥിതി സംഹാര കാരണവും മായജ്ഞാശ്രയവും മായയെ മറികടന്നവനുമാണ്‌ ഭഗവാന്‍. "അചിന്ത്യമൂര്‍ത്തിയും" ആകുന്നു ഈശ്വരന്‍. അങ്ങനെ ഈശ്വരചൈതന്യം നിറഞ്ഞ സീതാപതിയെ ഞാന്‍ നമസ്കരിക്കുന്നു. രാമചൈതന്യത്തെ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്‌.

"ആനന്ദ സാന്ദ്രം അമലം നിങ്കബോധരൂപം
സീതാപതി, വിദിതത്വമഹം നമാചി."

സാന്ദ്രാനന്ദവും പരിശുദ്ധിയും രോഗഭാവരഹിതം സ്വാഭാവികമായ ജ്ഞാന തന്നെ തന്റെ സ്വരൂപം എന്ന്‌ അറിയുന്നവനും ആയ ശ്രീരാമനെ വന്ദിക്കുന്നു. അങ്ങിനെയുള്ള ശ്രീരാമചരിതമായ രാമായണം "സര്‍വ്വപുരാണസമ്മതം" ആകുന്നു. രാമകഥയെക്കുറിച്ച്‌ ദേവി ഇങ്ങനെ പരമേശ്വരനോട്‌ ചോദിച്ചു.

ദേവ! ജഗന്നിവാസ!
സര്‍വ്വാത്മദൃക്ക്‌ ത്വം പരമേശ്വരോ
പൃച്ഛാമി തത്ത്വം പുരുഷോത്തമസ്യ
സനാതനം ത്വം ച സഹാത നാസി.

സര്‍വ്വഭൂതങ്ങളിലും ആത്മരൂപേണ പ്രകാശിക്കുന്ന ബ്രഹ്മത്തെ ആത്മസ്വരൂപനായി ദര്‍ശിക്കുന്ന അങ്ങ്‌ പരമേശ്വരനാണല്ലോ. ബ്രഹ്മത്തിന്റെ ഉപാധിരഹിതമായിരിക്കുന്ന പുരുഷോത്തമ തത്വത്തെ സനാതന സ്വരൂപനായ അങ്ങയോട്‌ തന്നെ ചോദിച്ചുകൊള്ളുന്നു. ഭഗവാന്‍ ദേവിയോട്‌ ഇങ്ങനെ പറഞ്ഞുകൊള്ളുവാന്‍ പ്രേരിപ്പിച്ചതായി പറയാം.

ശ്രീകൃഷ്ണാവതാരം ശ്രീമദ് ഭാഗവത മാഹാത്മ്യം



ശ്രീകൃഷ്ണാവതാരം

ശ്രീമദ് ഭാഗവത മാഹാത്മ്യം

ദേവന്മാരും അസുരന്മാരും തമ്മില്‍ അതിഭയങ്കരമായ ഒരു യുദ്ധം നടന്നു. ദേവന്മാരെ സഹായിക്കാന്‍ മഹാവിഷ്ണുവും. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്താല്‍ മരിക്കുന്നവര്‍ക്ക് മോക്ഷമാണ് ലഭിക്കുന്നത്. എന്നാല്‍ അതില്‍ ചിലര്‍ മുജ്ജന്മവാസന നിമിത്തം അസുര രാജാക്കന്മാരായി ജനിച്ചു. അവരില്‍ പ്രധാനികള്‍ കംസന്‍, ശിശുപാലന്‍ , ദന്തവക്ത്രന്‍ , ജരാസന്ധന്‍ മുതലായവരായിരുന്നു. അവരുടെ ദുര്‍ഭരണം മൂലം സജ്ജനങ്ങള്‍ക്ക്‌ വളരെ കഷ്ടപ്പാടായി. ദുഷ്ടന്മാര്‍ വല്ലാതെ വളര്‍ന്നപ്പോള്‍, ഭൂമീദേവിക്ക് ഭാരം സഹിക്കവയ്യാതെ പശുരൂപം ധരിച്ച് ബ്രഹ്മാവിന്റെ സമീപത്തെത്തി. ദേവന്മാരും താപസന്മാരും ഇതേ ആവലാതിയുമായി അവിടെ എത്തിയിരുന്നു. ബ്രഹ്മാവ്‌ അവരെയും കൂട്ടി കൈലാസനാഥന്റെ അടുത്തു ചെന്നു. ശിവന്റെ നിര്‍ദ്ദേശപ്രകാരം എല്ലാവരും ക്ഷീരസാഗരത്തില്‍ ചെന്ന് ഭഗവാനെ സ്തുതിച്ചു. ബ്രഹ്മാവ്‌ പുരുഷസൂക്തം കൊണ്ട് ഭഗവാനെ സേവിച്ച് ധ്യാനിച്ചു. അപ്പോള്‍ ആയിരം സൂര്യന്മാര്‍ ഉദിച്ചുയരുന്നത്പോലെയുള്ള ശോഭയോടെ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് മധുരസ്വരത്തില്‍ ഇപ്രകാരം പറഞ്ഞു. "ഭൂഭാരം ഇല്ലാതാക്കാനായി ഞാന്‍ മധുരാപുരിയില്‍ ദേവകീവസുദേവന്മാരുടെ പുത്രനായി അവതരിക്കുന്നതാണ്. ആ സമയത്ത് തന്നെ അമ്പാടിയില്‍ ഗോകുലത്തില്‍ യശോദയുടെയും നന്ദഗോപരുടെയും പുത്രിയായി വിഷ്ണുമായയും പിറക്കും. എന്റെ ജ്യേഷ്ടനായി ആദിശേഷനും അവതരിച്ചിരിക്കും. ഞങ്ങള്‍ക്ക് സഹായത്തിനായി ദേവകള്‍ ഭൂമിയില്‍ ഗോപന്മാരായും, അപ്സരസ്ത്രീകള്‍ ഗോപികമാരായും ജനിക്കണം. പിന്നെ ദുഷ്ടഭൂതങ്ങള്‍ ഓരോരുത്തരായി നശിച്ച് ഭൂമിയുടെ ഭാരം ഇല്ലാതായിത്തീരുന്നതാണ്". ഇത്രയും പറഞ്ഞ് ഭഗവാന്‍ മറഞ്ഞു.

എല്ലാവരും സന്തോഷരായി സ്വസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി. യദുകുലോത്തമനായ ശൂരസേനനായിരുന്നു അന്ന് മഥുരയിലെ രാജാവ്. അദ്ദേഹത്തിന്‍റെ പുത്രനായിരുന്നു വസുദേവര്‍.അവര്‍ വിഷ്ണുഭക്തന്മാരായ സജ്ജനങ്ങളായിരുന്നു . ഭോജനരാജാവായ ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍. ദുഷ്ടനായ അയാള്‍, വിഷ്ണുവിന്റെ സുദര്‍ശനചക്രത്താല്‍ മരിച്ച കാലനേമി എന്ന അസുരന്റെ പുനര്‍ജ്ജന്മമായിരുന്നു .ശിശുപാലനും ജരാസന്ധനും കംസന്റെ സുഹൃത്തുക്കളായിരുന്നു. കംസനില്‍നിന്നുള്ള ഭയമകറ്റാന്‍ വസുദേവര്‍, കംസന്റെ സഹോദരിയും ഉഗ്രസേനന്റെ മകളുമായ ദേവകിയെ വിവാഹം ചെയ്തു. ഉഗ്രസേനന്‍ മകള്‍ക്ക് സ്ത്രീധനമായി കൊടുത്തത്, പൊന്നണിഞ്ഞ നാനൂറു ആനകള്‍, പതിനാലായിരം കുതിരകള്‍, ആയിരം തേരുകള്‍, പതിനായിരം കാലാള്‍, ഇരുന്നൂറു ദാസികള്‍, പതിനായിരം പശുക്കള്‍, മനോഹര വര്‍ണങ്ങളിലുള്ള ധാരാളം പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ , പിന്നെ പന്ത്രണ്ടു ഭാരം സ്വര്‍ണവും. വിവാഹം കഴിഞ്ഞ് വസുദേവരും ദേവകിയും മംഗളവാദ്യഘോഷങ്ങളോടെ തേരില്‍ വരന്റെ ഗൃഹത്തിലോട്ടു പുറപ്പെട്ടു. തേര്‍ തെളിച്ചത് കംസനായിരുന്നു. വഴിമധ്യേ ഒരശരീരി കേട്ടു. അതിപ്രകാരമായിരിന്നു. "കംസാ നിന്റെ സോദരിയായ ഇവള്‍ പ്രസവിക്കുന്ന എട്ടാമത്തെ പുത്രന്‍ അതിമാനുഷനായിരിക്കും. അവന്‍ നിന്നെ കൊല്ലുന്നതാണ്". അശരീരി ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ട് കംസന്‍ നടുങ്ങിപ്പോയി. കംസന്‍ ദേവകിയെ കൊല്ലാനായി അവളുടെ മുടിക്ക് ചുറ്റിപ്പിടിച്ച് കഴുത്തുവെട്ടാന്‍ തുനിഞ്ഞു. വസുദേവരുടെ സാന്ത്വന വാക്കുകള്‍ക്കൊന്നും ഫലം ഉണ്ടായില്ല. ഒടുവില്‍, ദേവകി പ്രസവിക്കുന്ന എല്ലാ കുട്ടികളേയും കംസനെ ഏല്‍പ്പിക്കാം;എന്തുവേണമെങ്കിലും
ചെയ്തുകൊള്‍ക എന്ന് സ്വന്തം പിതാവിന്റെ നാമത്തില്‍ വസുദേവര്‍ സത്യം ചെയ്തു. അതോടെ കംസന് ആശ്വാസമാകുകയും അവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു.

കുറെകാലങ്ങള്‍ക്കുശേഷം ദേവകി ഗര്‍ഭിണിയായി
ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. സത്യസന്ധനായ വസുദേവര്‍ ആ കുട്ടിയെ കംസന് നല്‍കി. എട്ടാമത്തെ പുത്രനല്ലേ തന്നെ കൊല്ലുകയുള്ളൂ എന്ന് ധരിച്ച് കംസന്‍ ആ കുഞ്ഞിനെ വസുദേവര്‍ക്ക് തിരികെ നല്‍കി. വസുദേവര്‍ ആ കുഞ്ഞിനു കീര്‍ത്തിമാന്‍ എന്ന് പേരിട്ട് വളര്‍ത്തി. അങ്ങനെയിരിക്കെ ഒരു ദിവസം നാരദമുനി കംസന്റെ കൊട്ടാരത്തില്‍ എത്തി. വിധിപ്രകാരമുള്ള ഉപചാരങ്ങള്‍ക്ക്‌ ശേഷം നാരദമുനി, കംസനോട് ഇപ്രകാരം പറഞ്ഞു, "കംസന്‍ കഴിഞ്ഞ ജന്മത്തില്‍ കാലനേമി എന്ന ചക്രവര്‍ത്തിയായിരുന്നു. വിഷ്ണുവാണ് കാലനേമിയെ വധിച്ചത്. ഈ ജന്മത്തില്‍ വിഷ്ണുവും ദേവന്മാരുമെല്ലാം ഭൂമിയില്‍ വന്നു പിറന്നിട്ടുണ്ട്. ഗോപന്മാരും അക്കൂട്ടത്തില്‍ പെട്ടവരാണ്. ശ്രീനാരായണനും യദുകുലത്തില്‍ വന്ന് പിറക്കുന്നതായിരിക്കും". എന്നുപറഞ്ഞ് നാരദമുനി മറഞ്ഞു. ക്രുദ്ധനായ കംസന്‍ ഉടെനെത്തന്നെ വസുദേവമന്ദിരത്തില്‍ച്ചെന്നു വസുദേവരെയും ദേവകിയെയും ചങ്ങലകൊണ്ടു ബന്ധിച്ച് കാരാഗൃഹത്തില്‍ അടച്ചു. പിന്നീട് കുഞ്ഞിനെ കാലില്‍പ്പിടിച്ച് തൂക്കിയെടുത്ത് നിലത്തടിച്ചു കൊന്നു. അതിനുശേഷം വിഷ്ണുഭക്തനായ തന്റെ പിതാവിനെ കൈകാലുകള്‍ ബന്ധിച്ച് മറ്റൊരു കല്‍തുറങ്കില്‍ അടച്ചിട്ടു.


പ്രലംബന്‍, ചാനുരന്‍ , ത്രുണാവര്‍ത്തന്‍ , മുഷ്ടികന്‍, അരിഷ്ടകന്‍, കേശി, ധേനുകന്‍, അഘന്‍, വിവിദന്‍, പൂതന തുടങ്ങിയ കിങ്കരെരെയയച്ച് കംസന്‍ സജ്ജനങ്ങളെ പലവിധത്തില്‍ ദ്രോഹിപ്പിച്ചു. ജനങ്ങള്‍ കോസലം, വിദേഹം, നിഷധം, വിദര്‍ഭം എന്നീ രാജ്യങ്ങളില്‍ അഭയം തേടി. ചിലര്‍ കംസകിങ്കരരായി അഭിനയിച്ച് അവിടെത്തന്നെ കൂടുകയും ചെയ്തു. കാരാഗൃഹത്തില്‍ കഴിയുന്ന ദേവകി പിന്നെ അഞ്ചു പുത്രന്മാര്‍ക്കുകൂടി ജന്മം നല്‍കി. അവരെ അഞ്ചുപേരെയും കംസന്‍ നേരത്തെ ചെയ്തപോലെ കൊന്നു. ദേവകി ഏഴാമതും ഗര്‍ഭിണിയായി. വിഷ്ണുഭഗവാന്‍ മായാദേവിയോട് ദേവകിയുടെ ഗര്‍ഭത്തിലിരിക്കുന്ന ശേഷാംശജനായ കുഞ്ഞിനെ ആവാഹിച്ചെടുത്ത്‌, വസുദേവരുടെ മറ്റൊരു പത്നിയായ രോഹിണിയുടെ ഗര്‍ഭത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ നന്ദഗോപരുടെ ഗോകുലത്തിലെ ഗൃഹത്തില്‍ അഭയം പ്രാപിച്ചു കഴിയുകയാണ്. അതേസമയം നന്ദഗോപരുടെ പത്നി യശോദയില്‍ പെണ്‍കുഞ്ഞായി ജനിക്കാനും ഭഗവാന്‍ മായാദേവിയോട് അരുളിച്ചെയ്തു. അങ്ങനെ ആ പെണ്‍കുഞ്ഞ് വളര്‍ന്ന് അംബിക, നാരായണി, ചണ്ധിക, ദുര്‍ഗ്ഗ, വിദ്യ, ശ്രീഭദ്രകാളി, കൃഷ്ണാ, മാധവി, മഹാവൈഷ്ണവി, ശാരദ , കുമുദ, വിജയ, ഈശാനീ , ഗൌരി എന്നീ നാമങ്ങളില്‍ ആരാധിക്കപ്പെടും. രോഹിണി പ്രസവിക്കുന്ന ആണ്‍കുഞ്ഞ് സങ്കര്‍ഷണന്‍, ബലരാമന്‍, ബലഭദ്രന്‍ എന്നീ പേരുകളിലറിയപ്പെടും .
ദേവകിയുടെ ഗര്‍ഭം ച്ചിദ്രിച്ചുപോയി. യോഗമായ യശോദയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു.


ഭഗവാന്‍ വസുദേവരുടെ ഹൃദയത്തില്‍ പ്രവേശിച്ചു. പിന്നീട്
ആ ചൈതന്യം ദേവകിഗര്‍ഭത്തില്‍ പ്രവേശിച്ചു. അതോടെ വസുദേവര്‍ സൂര്യനെപ്പോലെ ശോഭിച്ചു; ദേവകി പൂര്‍ണചന്ദ്രനെപ്പോലെ വിളങ്ങി. ഇതുകണ്ട് കംസന്‍ തെല്ലൊന്നു വിസ്മയിച്ചെങ്കിലും എട്ടാമത്തെ പുത്രനെ വധിക്കാനായി കാത്തിരുന്നു. മഹാവിഷ്ണുവിന്റെ അവതാരസമയമടുത്തത്കൊണ്ട് ബ്രഹ്മാവും പരമശിവനും ദേവന്മാരും നാരദാദിമുനിയക്ഷകിന്നരഗന്ധര്‍വ്വന്മാരും ദേവകീവസുദേവന്മാര്‍ വസിക്കുന്ന കാരാഗൃഹത്തിലെത്തി, കല്‍പ്പകപ്പൂക്കള്‍ കൊണ്ട് ആരാധിച്ച് ഭഗവാനെ വണങ്ങി. വസുദേവരെയും ദേവകിയെയും ആശ്വസിപ്പിച്ചശേഷം അവരെല്ലാം സ്വസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോയി.
ഭഗവാന്റെ ജന്മസമയമായപ്പോള്‍ ചന്ദ്രാദിഗ്രഹങ്ങളെല്ലാം തെളിഞ്ഞ് മംഗളസ്ഥാനങ്ങളില്‍ പ്രകാശിച്ചുനിന്നു . ദിക്കുകളെല്ലാം അതിശയകരമാംവണ്ണം ദീപ്തി ചൊരിഞ്ഞു . നക്ഷത്രങ്ങള്‍ ഉജ്ജ്വലിച്ചു പ്രകാശിച്ചു. കാനനങ്ങളിലും നദികളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും എല്ലാം ഭൂമീദേവിയും പ്രസാദിച്ചുകൊണ്ട് മംഗളരൂപിണിയായി ഭഗവാനെ എതിരേല്‍ക്കാന്‍ തയ്യാറായി. നിര്‍മ്മലസരസ്സുകളില്‍ താമരകള്‍ വിടര്‍ന്നു വികസിച്ചു. വൃക്ഷലതാദികളെല്ലാം പൂത്തുതളിര്‍ത്ത് കായ്കനികള്‍ നിറഞ്ഞ് ശോഭിച്ചുനിന്നു . പക്ഷിമൃഗാദികള്‍ ജാതിവൈരം വെടിഞ്ഞ് പരസ്പരം സമ്മേളിച്ചുല്ലസിച്ചു . വണ്ടുകള്‍ തേന്‍ നുകര്‍ന്ന് ആനന്ദമത്തരായി മൂളിപ്പാട്ട് പാടിക്കൊണ്ടിരുന്നു. സുഗന്ധപൂരിതമായ ഇളം കുളിര്‍കാറ്റ്‌ എല്ലായിടത്തും മന്ദമായി വീശി. ബ്രാഹ്മണരുടെ ഹോമകുണ്ഢങ്ങളില്‍ അഗ്നി വലം ചുഴന്നു പ്രകാശിച്ചു. സജ്ജനങ്ങള്‍ സന്തുഷ്ടരായി. ആകാശത്ത് ദേവന്മാരും യക്ഷകിന്നരഗന്ധര്‍വന്മാരും സംഗീതമാലപിച്ചു. അപ്സരസ്സുകളും വിദ്യാധരസുന്ദരിമാരും താളമേളത്തോടെ നൃത്തം വെച്ചു. ദേവന്മാര്‍ പാരിജാതപ്പൂക്കള്‍ വാരിക്കോരിയാരാധിച്ചു. മുനിമാര്‍ ഭഗവദ് സ്വരൂപത്തെ ധ്യാനിച്ചുനിന്നു. ആ മംഗളമുഹൂര്‍ത്തത്തില്‍ മഴക്കാറും ഇടിമുഴക്കവും ഉണ്ടായി.
അന്ന് അഷ്ടമിയും രോഹിണി നക്ഷത്രവും ചേര്‍ന്ന ദിവസമാണ്. പാതിരാത്രിയായപ്പോള്‍ ശുഭമുഹൂര്‍ത്തത്തില്‍ നാല് തൃക്കൈകളോടും, ശംഖ് ചക്രഗദാപത്മധാരിയായി ഭഗവാന്‍ ദേവകിയില്‍ നിന്ന് അവതാരം ചെയ്തു. വസുദേവര്‍ മനസ്സുകൊണ്ട് പതിനായിരം
പൊന്നുകെട്ടിയ പശുക്കളെ ബ്രാഹ്മണര്‍ക്ക് ഉടനടി ധാനംചെയ്തു .


ഭഗവാനെ സ്തുതിച്ച് പ്രാര്‍ത്ഥിച്ചശേഷം വസുദേവരും
ദേവകിയും ഭഗവാനോട് സാധാരണ പൈതലായി കാണണമെന്നപേക്ഷിച്ചു . ഭഗവാന്‍ സാധാരണ ശിശുവിന്റെ രൂപം ധരിച്ച് അവരുടെ പൂര്‍വ്വജന്മകഥകള്‍ പറഞ്ഞുകേള്‍പ്പിച്ചു. "ആദ്യജന്മത്തില്‍ വസുദേവര്‍ സുതപസ്സെന്ന പ്രജാപതിയും, ദേവകി അദ്ദേഹത്തിന്‍റെ പത്നിയായ പ്രുസ്നിയുമായിരുന്നു. നിങ്ങള്‍ പതിനായിരം വര്‍ഷം പരമാത്മാവില്‍ എല്ലാം സമര്‍പ്പിച്ച്‌ കഠിനമായ തപസ്സനുഷ്ടിച്ചു. അന്ന് ഞാന്‍ ഇതേ രൂപത്തില്‍ പ്രത്യക്ഷപെട്ട് എന്ത് വരം വേണമെന്ന് ചോദിച്ചപ്പോള്‍ എന്നെപ്പോലെയുള്ള ഒരു പുത്രനുണ്ടാകണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ പ്രുസ്നിഗര്‍ഭന്‍ എന്നപേരില്‍ നിങ്ങളുടെ പുത്രനായി ജനിച്ചു. പിന്നെ വേറൊരു മനുവിന്റെ കാലത്ത് നിങ്ങള്‍ കശ്യപനും അദിതിയുമായിരുന്നു . അന്ന് ഉപേന്ദ്രന്‍ (വാമനന്‍) എന്ന പേരില്‍ നിങ്ങളുടെ പുത്രനായി ജനിച്ച് മഹാബലിയെ സുതലത്തിലേക്കയച്ചു . ഈ ജന്മത്തില്‍ നിങ്ങളുടെ പൂര്‍വ്വ കഥ ഓര്‍മിപ്പിക്കാനാണ് ഞാന്‍ പുത്രനായി ജനിച്ച് ഈ രൂപം കാണിച്ചുതന്നത്. കംസന്‍ വരുന്നതിനു മുന്‍പ് എന്നെ കൊണ്ടുപോയി അമ്പാടിയില്‍ നന്ദഗോപരുടെ പത്നിയായ യശോദയുടെ അടുത്തു കിടത്തി, അവിടെ ഇപ്പോള്‍ ജനിച്ചിട്ടുള്ള പെണ്‍കുഞ്ഞിനെ ഇവിടെകൊണ്ടുവന്നുകിടത്തണം. കംസന്‍ വരുമ്പോള്‍ ആ കുഞ്ഞിനെ കൊടുക്കണം.നിങ്ങളുടെ ബന്ധനങ്ങളെല്ലാം ഇപ്പോള്‍ കുറച്ചുനേരത്തേക്ക് നീങ്ങുന്നതാണ് ".
ഇതേസമയം ഗോകുലത്തില്‍ യശോദക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. യോഗമായയായ ആ കുഞ്ഞിന്റെ മായയാല്‍ യശോദ അപ്പോഴും ഗാഡനിദ്രയിലായിരുന്നു . വസുദേവര്‍ തന്റെ കുഞ്ഞിനെ വാരിയെടുത്തപ്പോള്‍ അദ്ദേഹത്തെ ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിഞ്ഞുവീണു.. കാവല്‍ക്കാര്‍ ബോധംവിട്ട് ഉറങ്ങുകയും വാതിലുകള്‍ താനെ തുറക്കുകയും ചെയ്തു. അര്‍ദ്ധരാത്രി അകമ്പടി സേവിക്കാനെന്നവണ്ണം ഇടിമിന്നലുകള്‍ വഴിതെളിച്ചു. അനന്തന്‍ തന്റെ ആയിരം ഫണങ്ങള്‍ വിടര്‍ത്തി കുഞ്ഞിന്റെ മുകള്‍ഭാഗത്ത് കുടയായിപ്പിടിച്ച് ഒപ്പം സഞ്ചരിച്ചു. ദേവന്മാരും മുനിമാരും സ്തുതിഗീതങ്ങള്‍ പാടി പുഷ്പവൃഷ്ടിചെയ്ത്
ആകാശത്തുകൂടി കുഞ്ഞിനൊപ്പം സഞ്ചരിച്ചു. അങ്ങനെ അവര്‍ കളിന്ദീയുടെ തീരത്തെത്തി. വസുദേവര്‍ പ്രാര്‍ത്ഥിച്ചു . "സര്‍വ്വലോകത്തിനും ആധാരഭൂതനായ ശ്രീഭഗവാന്റെ എഴുന്നള്ളത്തിനായി ഭവതി വഴി തന്നാലും". കാളിന്ദി നദി രണ്ടായി പിളര്‍ന്നുനിന്ന്‍ കുഞ്ഞിനെ കൊണ്ടുപോകാനുള്ള വഴി കൊടുത്തു. വസുദേവര്‍ അമ്പാടിയിലെത്തി. വാതിലുകളെല്ലാം താനെ തുറന്നു.കുഞ്ഞിനെ യശോദയുടെ അടുത്തു കിടത്തിയിട്ട്, അവിടത്തെ പെണ്‍കുഞ്ഞുമായി വസുദേവര്‍ തിരിച്ചുവന്ന് ദേവകിയുടെ അടുത്തു കിടത്തി. വാതിലുകളെല്ലാം താനെ അടഞ്ഞു. താഴുകള്‍ താനേ പൂട്ടി. ചങ്ങലകള്‍ വന്ന് വസുദേവരുടെ കൈകാലുകള്‍ ബന്ധിച്ചുനിന്നു. കുഞ്ഞ് ഉച്ചത്തില്‍ കരഞ്ഞു.


കാരാഗൃഹത്തിലെ കാവല്‍ക്കാര്‍ ഉടനെതന്നെ കംസനെ വിവരമറിയിച്ചു. പതിവുപോലെ കംസന്‍ ആ കുഞ്ഞിനെ ബലമായി തട്ടിയെടുത്ത് തലകീഴോട്ടാക്കി കാലില്‍ തൂക്കിപ്പിടിച്ച് ചുഴറ്റിയടിക്കാന്‍ തുടങ്ങവേ ആ കുഞ്ഞ് കൈയില്‍നിന്നും വഴുതി മേല്‍പ്പോട്ടുയര്‍ന്ന്‍ അനേകം ആയുധങ്ങളും ധരിച്ച ദേവീരൂപം സ്വീകരിച്ച് ആകാശത്ത് ചെന്നുനിന്ന് ദേവി ഇപ്രകാരം പറഞ്ഞു. "ഹേ ജളപ്രഭോ, നീ എന്തിനാണ് എന്നെ കൊല്ലാന്‍ തുനിയുന്നത്? ഞാന്‍ നിന്നെ ദ്രോഹിക്കാന്‍ വന്നവളല്ല. ലോക പരിപാലനമാണ്‌ എന്റെ ധര്‍മ്മം. നിന്നെ കൊല്ലാനായി സാക്ഷാല്‍ നാരായണന്‍ അവതരിച്ചിട്ടുണ്ട്. നിശ്ചയമായും അവന്‍ നിന്നെ കൊല്ലും". ദേവിയുടെ സമീപം ആകാശത്ത് യക്ഷകിന്നരഗന്ധര്‍വ്വന്മാരായ സര്‍വ്വ ദേവതകളും വന്നുനിന്ന് ദേവിയെ സ്തുതിച്ചു . നാരായണന്‍ ദേവിയെ ഭൂലോകത്തില്‍ പന്ത്രണ്ടു സ്ഥാനങ്ങളില്‍ പന്ത്രണ്ടു രൂപത്തിലും അത്രതന്നെ പേരിലും പ്രതിഷ്ഠിച്ചു.


തെറ്റുകളെല്ലാം തിരിച്ചറിഞ്ഞ കംസന്‍ ആ ദമ്പതികളുടെ കാല്‍ക്കല്‍ വീണു നമസ്കരിച്ച് മാപ്പപേക്ഷിച്ചു. ദേവകിയും വസുദേവരും ദുഃഖം അടക്കി കംസന്റെ തെറ്റുകള്‍ ക്ഷമിച്ച്‌ സമാധാനിപ്പിച്ച് കൊട്ടാരത്തിലേക്ക് തിരിച്ചയച്ചു. കംസന്‍ സഭകൂടി മന്ത്രിമാരോട് കാര്യങ്ങളെല്ലാം വിവരിച്ചു പറഞ്ഞു. മന്ത്രിമാര്‍ ഉപദേശിച്ചു, " പത്തുനാള്‍ക്കുള്ളില്‍ ജനിച്ചിട്ടുള്ള ശിശുക്കളെയെല്ലാം കിങ്കരന്മാരെവിട്ട് കൊല്ലിക്കുക. കംസന്റെ അന്തകനായ ശിശുവും അതില്‍പ്പെട്ടു മരിച്ചുപോകും". കംസന് ഈ അഭിപ്രായം ബോധിച്ചു. അതിനുവേണ്ട ഏര്‍പ്പാടുകളെല്ലാം ചെയ്തു.

രുഗ്മിണീസ്വയംവരം ശ്രീമദ് ഭാഗവത മാഹാത്മ്യം



രുഗ്മിണീസ്വയംവരം

ശ്രീമദ് ഭാഗവത മാഹാത്മ്യം


വിദര്‍ഭ (കുണ്ധിനം) രാജ്യത്തിലെ രാജാവായ ഭീഷ്മകന് രുഗ്മി, രുഗ്മരഥന്‍ , രുഗ്മബാഹു , രുഗ്മകേശന്‍ , രുഗ്മാലി എന്നീ അഞ്ചു പുത്രന്മാരും രുഗ്മിണി എന്ന പുത്രിയും ഉണ്ടായിരുന്നു. രുഗ്മിണി അതീവ സുന്ദരിയും സത്സ്വഭാവിയും ആയിരുന്നു. ചെറുപ്പം മുതലേ ശ്രീകൃഷ്ണ ഭഗവാന്റെ ഗുണഗണങ്ങള്‍ കേട്ടറിഞ്ഞിരുന്ന രുഗ്മിണി, കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരണമെന്ന് ആഗ്രഹിച്ചിരുന്നു. വിശ്വനായകനായ ശ്രീകൃഷ്ണ ഭഗവാനും രുഗ്മിണിയുടെ 
സൌന്ദര്യത്തെക്കുറിച്ചു കേട്ടിരുന്നു. രുഗ്മിണി തന്റെ പത്നിയാകണമെന്ന് ഭഗവാനും ആഗ്രഹിച്ചു. രുഗ്മിണി വളര്‍ന്നു യൌവനയുക്തയായി . രുഗ്മി ഒരു ദുശ്ശാട്യക്കാരനായിരുന്നു. അയാളുടെ സുഹൃത്തുക്കള്‍ സാല്വന്‍, ശിശുപാലന്‍, ജരാസന്ധന്‍, ദന്തവക്ത്രന്‍ തുടങ്ങിയവരായിരുന്നു. ഇവരൊക്കെ ശ്രീകൃഷ്ണന്റെ ശതൃക്കളുമായിരുന്നു. അച്ഛനമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും രുഗ്മിണിയെ കൃഷ്ണന് കല്യാണം കഴിച്ചു കൊടുക്കാനാണ് താല്‍പ്പര്യം. എന്നാല്‍ രുഗ്മി തന്റെ സഹോദരിയെ ശിശുപാലന് കല്യാണം കഴിച്ചുകൊടുക്കാന്‍ താല്‍പ്പര്യപ്പെട്ടു. നിവൃത്തിയില്ലാതെ ആയപ്പോള്‍ എല്ലാവരും ആ നിര്‍ബന്ധത്തിനു വഴങ്ങി. ഇതറിഞ്ഞ രുഗ്മിണി വളരെ ദുഖിതയായി. ഒരു വിശ്വസ്ത ബ്രാഹ്മണനെ വിളിച്ച് കൃഷ്ണനെ ഈ വിവരം അറിയിക്കാന്‍ അയച്ചു. 
ബ്രാഹ്മണന്‍ ദ്വാരകയിലെത്തി ദ്വാരപാലന്മാരുടെ അനുവാദം വാങ്ങി ശ്രീകൃഷ്ണന്റെ സമീപമെത്തി ഭഗവാന്‍ ആ ബ്രാഹ്മണനെ വിധിയാംവണ്ണം പൂജിച്ച് തന്റെ ചാരത്തിരുത്തി ഇഷ്ടഭോജനങ്ങള്‍ നല്‍കി. സംതൃപ്തനായ ബ്രാഹ്മണന്‍ വിവരമെല്ലാം ശ്രീകൃഷ്നോട് പറഞ്ഞു. എളുപ്പമായ ഒരു മാര്‍ഗ്ഗവും പറഞ്ഞുകൊടുത്തു. അതായത് കുലദൈവമായ ഗൌരിയെ ആരാധിക്കാനായി ക്ഷേത്രത്തിലേക്ക് വരുമ്പോള്‍, അവിടെ വച്ച് രുഗ്മിണിയെ തേരില്‍ കയറ്റി കൊണ്ടുപോയാല്‍ മതി, എന്നാണു രുഗ്മിണി പറഞ്ഞയച്ചത്. രുഗ്മിണിയുടെ സന്ദേശവാര്‍ത്ത കേട്ട് ഭഗവാന്‍ അളവറ്റു സന്തോഷിച്ചു. 


ദാരുകനെ തേരാളിയാക്കി, ഭഗവാന്‍ ആ ബ്രാഹ്മണനെയും കൂട്ടി വിദര്‍ഭയിലോട്ട് അതിവേഗത്തില്‍ യാത്രതിരിച്ചു. ഇതറിഞ്ഞ ബലരാമന്‍ അനുജനെ സഹായിക്കാനായി സൈന്യസമേതം വിദര്‍ഭയിലേക്ക് പുറപ്പെട്ടു. ഭീഷ്മകന്‍ തന്റെ പുത്രിയുടെ വിവാഹാഘോഷങ്ങളെല്ലാം ഒരുക്കിയിരുന്നു. വിപ്രരെ വരുത്തി കാല്‍കഴുകിച്ചു പൂജിച്ച് ദാനധര്‍മ്മങ്ങള്‍ ചെയ്തു. ദേവപൂജകള്‍ നടത്തി. അന്തപുരസ്ത്രീകള്‍ വധുവിനെ കുളിപ്പിച്ച് നന്നായി ചമയിച്ചൊരുക്കി.
ചേദിരാജാവായ ദമഘോഷനും മകനായ ശിശുപാലനും പൂജകളും ദാനങ്ങളും നടത്തി ചതുരംഗപ്പടയോടും വാദ്യഘോഷത്തോടും കൂടി വിദര്‍ഭ രാജധാനിയിലെത്തി. ഭീഷ്മകനും രുഗ്മിയും ബന്ധുക്കളും അവരെ സ്വീകരിച്ച് സല്‍ക്കാരങ്ങള്‍ ചെയ്തു. അംഗന്‍ , കലിംഗന്‍, മാളന്‍, കേകയന്‍, വംഗന്‍, മാഗധന്‍, കോസലന്‍, സാല്വന്‍ തുടങ്ങിയ രാജാക്കന്മാരും പരിവാരങ്ങളും സന്ഹിതരായിരുന്നു. സാല്വന്‍, ജരാസന്ധന്‍, വിഡൂരഥന്‍ , ദന്തവക്ത്രന്‍ തുടങ്ങിവര്‍ക്ക് ശ്രീകൃഷ്ണന്‍ വന്നു രുഗ്മിണിയെ കൊണ്ടുപോകുമെന്ന് സംശയമുള്ളതിനാല്‍ അവരൊക്കെ വന്‍ സൈന്യസന്നാഹത്തോടെയാണ് ആഗതരായത്.
ദ്വാരകയില്‍ പറഞ്ഞുവിട്ട ബ്രാഹ്മണനെ കാണാതെ രുഗ്മിണി ആകാംഷാഭരിതയായി. അപ്പോഴുണ്ട് അവളുടെ ഇടതു കണ്ണും കവിളും തുടയും തുടിച്ചു. ഇത് നാരിമാര്‍ക്ക് ശുഭലക്ഷണമായതുകൊണ്ട് രുഗ്മിണി സന്തോഷിച്ചു. അപ്പോഴേക്കും ആ ബ്രാഹ്മണന്‍ അവിടെയെത്തി ശ്രീകൃഷ്ണനും ബലരാമനും സൈന്യ വുമെല്ലാം എത്തിയ വിവരം 
രുഗ്മിണിയെ അറിയിച്ചു. അതീവ സന്തുഷ്ടയായ രുഗ്മിണി പലതരം വിലപ്പെട്ട ദ്രവ്യങ്ങള്‍ ആ ബ്രാഹ്മണന് നല്‍കി വണങ്ങി നിന്നു . ബ്രാഹ്മണന്‍ ആശീര്‍വദിച്ചിട്ട്‌ അവിടെനിന്നും യാത്രയായി.


ശ്രീകൃഷ്ണനും ബലരാമനും വന്നിട്ടുണ്ടന്നറിഞ്ഞ
ഭീഷ്മകന്‍ അവരെ സ്വീകരിച്ച് സല്ക്കാരത്തോടെ താമസിപ്പിച്ചു. സുന്ദരരൂപനായ ശ്രീകൃഷ്ണനെ കണ്ട് തങ്ങളുടെ രാജകുമാരിയും ശ്രീകൃഷ്ണനുമായുള്ള വിവാഹം നടക്കേണമേയെന്ന് എല്ലാവരും ഉള്ളഴിഞ്ഞു പ്രാര്‍ത്ഥിച്ചു. രുഗ്മിണി തോഴിമാരോടൊപ്പം ക്ഷേത്രത്തിലെത്തി പാര്‍വതിദേവിയെ നന്നായി പൂജിച്ച് , കൃഷ്ണന്‍ തന്റെ ഭര്‍ത്താവായി വരേണമേയെന്ന് മനംനൊന്ത് പ്രാര്‍ത്ഥിച്ചു.
പൂജകളെല്ലാം കഴിഞ്ഞ് തിരിച്ചുവരുന്ന രുഗ്മിണിയുടെ അതീവ സൌന്ദര്യത്തില്‍ പല രാജാക്കന്മാരും മോഹിച്ച് പ്രതിമ കണക്കെ നിന്നുപോയി. മന്ദം മന്ദം നടന്നടുക്കുന്ന ആ സ്ത്രീ രത്നത്തിന്റെ അടുത്ത് ശ്രീകൃഷ്ണന്‍ തേരുമായിചെന്ന് അവളെ ആ തേരില്‍ കയറ്റി യദുക്കളുടെ അകമ്പടിയോടെ പോവുകയും ചെയ്തു. ഭീഷ്മകനും അന്തപുരസ്ത്രീകളും ബന്ധുക്കളും വളരെയധികം സന്തോഷിച്ചു.

രാജക്കന്മാരെല്ലാം പടയോടെച്ചെന്ന് ശ്രീകൃഷ്ണനോടും
യാദവരോടും യുദ്ധം ചെയ്തുവെങ്കിലും രാജയപ്പെടുകയാണുണ്ടായത്. പക്ഷെ രുഗ്മിയാകട്ടെ, "കൃഷ്ണനെ വധിച്ച്‌ രുഗ്മിണിയെ വീണ്ടെടുത്തശേഷമേ ഇനി വിദര്‍ഭയില്‍ പ്രവേശിക്കുകയുള്ളൂ " എന്ന് പ്രതിജ്ഞചെയ്തു. രുഗ്മിയും ശ്രീകൃഷ്ണനും തമ്മില്‍ ഭയാനകമായ യുദ്ധം നടന്നു. രുഗ്മിയുടെ അസ്ത്രങ്ങളെല്ലാം കൃഷ്ണന്‍ എയ്തുമുറിച്ചു. രുഗ്മി വാള്‍ പ്രയോഗിച്ചപ്പോള്‍ കൃഷ്ണന്‍ ആ വാള്‍ എയ്തുമുറിച്ചു. അവസാനം കൃഷ്ണനും വാളെടുത്ത് രുഗ്മിയുടെ നേര്‍ക്ക്‌ പാഞ്ഞു. അപ്പോള്‍ രുഗ്മിണി, തന്റെ സഹോദരനെ കൊല്ലരുതെന്നും, അപരാധങ്ങള്‍ പൊറുത്ത് മാപ്പുകൊടുക്കണമെന്നും കേണപേക്ഷിച്ചു. തന്റെ പ്രിയതമയുടെ വാക്കുകള്‍ സ്വീകരിച്ച്, കൃഷ്ണന്‍ രുഗ്മിയെ വധിച്ചില്ല. എന്നാല്‍ അവനെ പിടിച്ചുകെട്ടി മീശയും കേശവും കരിച്ച് വിരൂപനാക്കി . രുഗ്മിയുടെ സേനയെയെല്ലാം വധിച്ച്‌ ബലരാമനും അപ്പോള്‍ അവിടെയെത്തി. രുഗ്മിയെ അഴിച്ചുവിട്ടശേഷം രുഗ്മിണിയെ ആശ്വസിപ്പിച്ചു . രുഗ്മി പ്രതിജ്ഞയനുസരിച്ച് പിന്നെ വിദര്‍ഭ രാജ്യത്ത് കയറിയിട്ടില്ല. ഭോജകുടം എന്ന ഒരു പുരം നിര്‍മ്മിച്ച്‌ അവിടെ താമസമാക്കുകയാണ് ചെയ്തത്.


ശ്രീകൃഷ്ണനും ബലരാമനും യാദവരും രുഗ്മിണിയേയും കൊണ്ട് ദ്വാരകയിലെത്തി. ദ്വാരകാവാസികള്‍ അത്യാഹ്ലാദപൂര്‍വ്വം അവരെ എതിരേറ്റു കൊണ്ടുവന്നു. പിന്നെ നല്ല മുഹൂര്‍ത്തം നോക്കി ശ്രീകൃഷ്ണന്റെയും രുഗ്മിണിയുടെയും സ്വയംവരം നടന്നു. അവര്‍ക്ക് പ്രദ്യുമ്നന്‍ എന്ന പേരില്‍ വിശ്രുതനായ ഒരു സല്പുത്രന്‍ ജനിച്ചു.