പാഞ്ചാലി വസ്ത്രാക്ഷേപത്തിലെ ഭീഷ്മരുടെ നിലപാട്
മഹാഭാരതം കേട്ടിട്ടുള്ള ആര്‍ക്കും തോന്നുന്ന ഒരു കാര്യമാണ്
വസ്ത്രാക്ഷേപ സമയത്ത് അവിടെ കൂടിയിരുന്ന ധൃതരാഷ്ട്രര്‍, ഭീഷ്മര്‍ ,ദ്രോണര്‍, മുതലായവര്‍ ഈ അനീതിയെ എന്തുകൊണ്ട് തട്ഞ്ഞില്ല എന്ന്.അന്ന് ആ സഭയില്‍ ദ്രൗപദി ഉയര്‍ത്തിയ ധര്‍മ്മപ്രശ്നത്തിനു( യുധിഷ്ഠിരന്‍ സ്വയം അടിമയായതിനു ശേഷം തന്നെ പണയം വെച്ചത് ധര്‍മ്മപ്രകാരം ശരിയാണോ) മറുപടി പറയാന്‍ ഈ മഹാരഥന്‍മാര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. അന്ന് ദ്രൗപദിക്ക് അനുകൂലമായി സഭയില്‍ സംസാരിച്ച ഒരേ ഒരാള്‍ ദുര്യോധനസഹോദരനായ വികര്‍ണന്‍ ആയിരുന്നു.(പാണ്ഡവരുടെ ഭാഗത്തു നിന്നും ഭീമനും പ്രതിഷേധിച്ചിരുന്നു)
ദ്രൗപദിയുടെ ചോദ്യത്തിനു ഭീഷ്മര്‍ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു."ധര്‍മ്മം സൂക്ഷ്മമായതു കൊണ്ട് നിന്റെ ചോദ്യത്തിനു മറുപടി പറയാന്‍ ഞാന്‍ ആളല്ല.ഒരു വശത്ത് സ്വന്തമായൊന്നുമില്ലാത്തവനു മറ്റൊന്നു പണയം വെയ്ക്കാന്‍ വയ്യ, മറുവശത്ത് സ്ത്രീ ഭര്‍ത്താവിന്നധീനയുമാണ്. യുധിഷ്ഠിരന്‍ സപന്ന്മായ ഭൂമി മുഴുവന്‍ വെടിയും,സത്യം വെടിയില്ല. അദ്ദേഹം താന്‍ പണയപ്പെട്ടു എന്നു സമ്മതിച്ചു കഴിഞ്ഞു.അതിനാല്‍ ഞാന്‍ ഇതില്‍ ഒന്നും പറയാനാളല്ല.യുധിഷ്ഠിരനാണ് ഇതിനു മറുപടി പറയേണ്ടത്."
എന്നാല്‍ മഹാഭാരത്തെ അധികരിച്ച് കുട്ടികൃഷ്ണമാരാര്‍ രചിച്ച ഭാരതപര്യടനത്തില്‍ ഭീഷ്മരുടെ ഈ നിലപാടിനു വളരെ വ്യക്തമായ ഒരു വിശദീകരണം നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന്.
"അന്നവിടെ നടന്നതു ഇന്നതുധര്‍മ്മം,ഇന്നതധര്‍മ്മം ,എന്നു തീര്‍ച്ചപ്പെടുത്തി പോകാനിരുന്ന ഒരു പണ്ഡിത സദസ്സായിരുന്നില്ല.ആരെന്തു പറഞ്ഞാലും ദുര്യോധനന്‍ ദ്രൗപദിയേയും അവള്‍ വഴി പാണ്ഡവരേയും ആ സഭയില്‍ വെച്ച് ആവോളം അപമാനിക്കാന്‍ വെന്പിയിരിക്കയാണ്.മറ്റു മിക്കവര്‍ക്കും അയാളെ പേടിയായതു കൊണ്ട്, അയാള്‍ ബലവാനായതു കൊണ്ട് അതവിടെ നടക്കുക തന്നെ ചെയ്യും.ഇതില്‍ നിന്നും ദ്രൗപദിക്കും
പാണ്ഡവര്‍ക്കും രക്ഷാമാര്‍ഗ്ഗം ഒന്നേയുള്ളൂ-യുധിഷ്ഠിരന്‍ തന്റെ വാക്കു മാറ്റി,’താനവളെ ചൂതുകളിക്കന്പം മൂലം അര്‍ഹത നോക്കാതെ പണയം വെച്ചു പോയതാണെന്നു തെറ്റു തിരുത്തി ,ഭീമാദികളോടു കൂടി , വേണമെന്കില്‍ ബലം പ്രയോഗിച്ചും അവളെ വീണ്ടെടുക്കുക.അതിനദ്ദേഹം ഒരുങ്ങിയാല്‍
ദുര്യോധനനില്‍ ഭയമുള്ള ആ സദസ്സു തിരിഞ്ഞു യുധിഷ്ഠിരനു പിന്നില്‍ അണി നിരന്നേയ്കാം.പാഞ്ചാലിക്കു രക്ഷയും കിട്ടാം. പക്ഷേ വാക്കു മാറാത്ത യുധിഷ്ഠിരന്‍ പ്രാണന്‍ പോയാലും അതൂ ചെയ്യില്ല; അദ്ദേഹം അതു ചെയ്യാത്ത കാലത്തോളം അവിടെ എന്തെല്ലാം ധര്‍മ്മപ്രഖ്യാപനം നടന്നിട്ടും ഒരു ഫലവുമില്ലതാനും.
ഇതല്ലേ ,ഭീഷ്മര്‍ ആദ്യം
"ത്യജേത സര്‍വാം പൃഥിവീം സമൃദ്ധാം
യുധിഷ്ഠിരഃ, സത്യമഥോ ന ജഹ്യാല്‍"(യുധിഷ്ഠിരന്‍ സപന്ന്മായ ഭൂമി മുഴുവന്‍ വെടിയും,സത്യം വെടിയില്ല).
എന്നും രണ്ടാമത്
"യുധിഷ്ഠിരസ്തു പ്രശ്നേസ്മിന്‍ പ്രമാണമിതി മേ മതിഃ(യുധിഷ്ഠിരനാണ് ഇതിനു മറുപടി പറയേണ്ടത്)
എന്നും പറഞ്ഞതിന്റെ പരമമായ അര്‍ത്ഥം? ആണെന്കില്‍ അന്നാ സദസ്സില്‍ വെച്ചു പറയപ്പെട്ട മറ്റേതു ധര്‍മ്മപ്രവചനത്തെക്കാളും പല മടങ്ങ് അര്‍ത്ഥഗംഭീരമാണ് ആ ഭീഷ്മവാക്യമെന്നു കാണാം .അദ്ദേഹത്തിന്റെ ആ രണ്ടാം വാക്യം ഒരിക്കല്‍ക്കൂടി വായിച്ച് അതിനെ താഴെക്കാണുന്ന വിധം വ്യാഖാനിച്ചു നോക്കുക
ചില പരിസ്ഥിതികളീല്‍ ഇന്നതു ധര്‍മ്മം,ഇന്നതര്‍മ്മം എന്നു നിര്‍ണ്ണയിക്കുക മഹാത്മക്കളായ വിപ്രന്‍മാര്‍ക്കു പോലൂം എളുതല്ല.’ധര്‍മ്മസ്യ ഗഹനാ ഗതിഃ. അപ്പോള്‍ ,ഒരാത്യന്തികഘട്ടം വരുന്പോള്‍ ധര്‍മ്മാധര്‍മ്മ ചിന്തയില്‍ കാലം കളയാതെ യാതാര്‍ത്ഥ്യം കണ്ടറിഞ്ഞു കാലദേശോചിതമായി കാര്യം നടത്തുവാന്‍ സന്നദ്ധതയുണ്ടാവുകയാണ് മനുഷ്യനായാല്‍ വേണ്ടത്.അതിനു ത്രാണിയുള്ളതാര്‍ക്കോ അയാള്‍ പറയുന്നതാണ് ധര്‍മ്മമെന്ന് മറ്റുള്ളവര്‍ തനിയെ സമ്മതിച്ചു കൊള്ളും.ആ ബലമില്ലാത്തവര്‍ക്കാകട്ടെ എല്ലാം കണ്ടു മിണ്ടാതെ നില്ക്കുക മാത്രമേ ഗതിയിള്ളൂ.എന്നാല്‍ പരമമായ ഒരു ധര്‍മ്മം എവിടെയൊ ഇരുന്നു ഗഹനമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ അന്ത്യവിധി ഇന്നല്ലെന്കില്‍ നാളെ നടത്തപ്പെടാതിരിക്കുകയുമില്ല.ഈ ദ്യൂതസംരംഭത്തിന്റെ ഫലാമായി കുരുവംശമാകെ മുടിയാന്‍ പോകുന്നു എന്നു തീര്‍ച്ച.
മാരാരുടെ ഈ വിശദീകരണം ഭീഷ്മരുടെ നിലപാടിനെ സാധൂകരിക്കുന്നു.