2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ...* ഹരിവരാസനം



ഈ മഹത് കീർത്തനത്തിന്റെ അർത്ഥം നോക്കൂ...*
🌻*ഹരിവരാസനം*🌻
🌻*വിശ്വമോഹനം*🌻
🌻*ഹരിദധീശ്വരം*🌻
🌻*ആരാധ്യപാദുകം*🌻
🌻*അരി വിമർദ്ദനം*🌻
🌻*നിത്യ നർത്തനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔 ഹരിയുടെ അനുഗ്രഹങ്ങൾക്ക് നിലയവും, വിശ്വത്തെമുഴുവൻ ആകർഷിക്കുന്നവനും,
സകല ദിക്കുകളുടേയും ഈശ്വരനും, ആരാദ്ധ്യങ്ങളായ പാദുകങ്ങളോട് കൂടിയവനും,
ശത്രുക്കളെ വിമർദ്ദനം ചെയ്തവനും, നിത്യവും നർത്തനം ചെയ്യുന്നവനും,
ഹരി(വിഷ്ണു) യുടെയും ഹരന്റെയും(ശിവൻ) പുത്രനുമായ ദേവാ....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🌻*ശരണ കീർത്തനം*🌻
🌻*ശക്ത മാനസം*🌻
🌻*ഭരണലോലുപം*🌻
🌻*നർത്തനാലസം*🌻
🌻*അരുണ ഭാസുരം*🌻
🌻*ഭൂതനായകം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ...*🌻
🔔 ശരണകീർത്തനം ചെയ്യുന്ന ശക്ത മാനത്തൊടു കൂടിയവനും,
വിശ്വത്തിന്റെ പാലനത്തിൽ സന്തോഷമുള്ളവനും, നൃത്തം ചെയ്യാൻ തൽപ്പരനും ഉദയ സൂര്യനെപ്പോലെ പ്രശോഭിക്കുന്നവനും, സകല ഭൂതങ്ങളുടെയും നാഥനും,
ഹരിയുടേയും ഹരന്റെയും പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു....
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*പ്രണയ സത്യകം*🌻
🌻*പ്രാണ നായകം*🌻
🌻*പ്രണതകല്പകം*🌻
🌻*സുപ്രഭാഞ്ചിതം*🌻
🌻*പ്രണവ മന്ദിരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔 പ്രഭാസത്യക സമേതനും, മൂന്നാം പാദം പ്രാണനായകനും,
ഭക്തർക്ക് കൽപ്പതരു ആയവനും, ദിവ്യമായ പ്രഭയുള്ളവനും,
'ഓം'കാരമായ പ്രണവത്തിന്റെ ക്ഷേത്രം ആയവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹര പുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു...
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*തുരഗവാഹനം*🌻
🌻*സുന്ദരാനനം*🌻
🌻*വരഗദായുധം*🌻
🌻*വേദവർണ്ണിതം*🌻
🌻*ഗുരുകൃപാകരം*🌻
🌻*കീർത്തന പ്രിയം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻
🔔 കുതിരയെ വാഹനമാക്കിയവനും, സുന്ദരമായ മുഖം ഉള്ളവനും,
ദിവ്യമായ ഗദ ആയുധമായുള്ളവനും, വേദത്താൽ വർണ്ണിക്കപ്പെടുന്നവനും,
ഗുരുവേപ്പോലെ കൃപചൊരിയുന്നവനും, കീർത്തനങ്ങളിൽ പ്രീതിയുള്ളവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു.....
🙏
🌻*ത്രിഭുവനാർച്ചിതം*🌻
🌻*ദേവതാത്മകം*🌻
🌻*ത്രിനയനം പ്രഭും*🌻
🌻*ദിവ്യദേശികം*🌻
🌻*ത്രിദശ പൂജിതം*🌻
🌻*ചിന്തിത പ്രദം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔 മൂന്നു ലോകങ്ങളാലും പൂജിക്കപ്പെടുന്നവനും, ദേവന്മാരുടെയും ആത്മാവായ് വിളങ്ങുന്നവനും,
മുക്കണ്ണനായ സാക്ഷാൽ ശിവൻ തന്നെയായവനും, ദിവ്യനായ ഗുരുവും,
ഭൂതം, ഭാവി, വർത്തമാനം എന്നീ മൂന്നു കാലങ്ങളിലും പൂജിക്കപ്പെടുന്നവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു....
🙏
🌻*ഭവഭയാപഹം* 🌻
🌻*ഭാവുകാവഹം*🌻
🌻*ഭുവനമോഹനം*🌻
🌻*ഭൂതിഭൂഷണം*🌻
🌻*ധവളവാഹനം*🌻
🌻*ദിവ്യവാരണം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ.....*🌻
🔔 ഭവഭയത്തെ അകറ്റുന്നവനും, ഐശ്വര്യദായകനും
ഭുവനത്തെ മുഴുവൻ ആകർഷിക്കുന്നവനും, ഭസ്മ വിഭൂഷിതനും,
വെളുത്ത നിറമുള്ള ദിവ്യമായ ആനയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*കള മൃദുസ്മിതം*🌻
🌻*സുന്ദരാനനം*🌻
🌻*കളഭ കോമളം*🌻
🌻*ഗാത്ര മോഹനം*🌻
🌻*കളഭ കേസരി*🌻
🌻*വാജിവാഹനം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔 മന്ദസ്മേര യുക്തമായ സുന്ദര മുഖമുള്ളവനും,
കളഭം അണിഞ്ഞ മനോഹര ശരീരമുള്ളവനും,
ആന,പുലി, കുതിര എന്നിവയെ വാഹനമാക്കിയവനും,
ഹരിഹരപുത്രനുമായ ദേവാ നിന്നെ ആശ്രയിക്കുന്നു.
അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🙏
🌻*ശ്രിതജനപ്രിയം*🌻
🌻*ചിന്തിതപ്രദം*🌻
🌻*ശ്രുതിവിഭൂഷണം*🌻
🌻*സാധുജീവനം*🌻
🌻*ശ്രുതിമനോഹരം*🌻
🌻*ഗീതലാലസം*🌻
🌻*ഹരിഹരാത്മജം*🌻
🌻*ദേവമാശ്രയേ....*🌻
🔔ഭക്തന്മാർക്ക് പ്രിയപ്പെട്ടവനും, ചിന്തിക്കുന്നതു മുഴുവൻ സത്യമാക്കുന്നവനും,
യാതൊരുവനാണോ വേദങ്ങൾ ആഭരണമായത് , സുകൃതികളുടെ ജീവനായിട്ടുള്ളവനും,
മനോഹരമായ ശ്രുതിയോടു കൂടിയവനും, ഗീതത്തിൽ ലസിച്ചിരിക്കുന്നവനും ആയ അയ്യപ്പാ നിന്നിൽ ഞാൻ ശരണം തേടുന്നു...
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...🌻
🌻*ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ നഗരത്തിലാണ് ജലകണ്‌ഠേശ്വര്‍ ക്ഷേത്രം.



ജലാശയത്തിനു നടുവില്‍ ജലകണ്‌ഠേശ്വരര്‍
_________________________________________
തമിഴ്‌നാട്ടിലെ വെല്ലൂര്‍ നഗരത്തിലാണ് ജലകണ്‌ഠേശ്വര്‍ ക്ഷേത്രം. ചുറ്റും തെളിമയാര്‍ന്ന ജലമുള്ള ജലാശയം. കിടങ്ങിനുമുകളിലുള്ള ചെറിയ പാലം കടന്നുവേണം ക്ഷേത്രത്തിന്റെ പുറത്തെ പ്രാകാരത്തിലെത്താന്‍. തെക്കേ ഗോപുരത്തിലൂടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക.
ചരിത്രപരമായ കാരണങ്ങളാല്‍ നാല് നൂറ്റാണ്ടോളം ഈ ക്ഷേത്രത്തില്‍ പൂജാദി കര്‍മ്മങ്ങളൊന്നും നടന്നിരുന്നില്ല. സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം ക്ഷേത്രത്തിനോ വിഗ്രഹത്തിനോ കേടുപാടുകള്‍ വരുത്താന്‍ കാരണമായേക്കുമെന്ന് ഭയന്ന് ജലകണ്‌ഠേശ്വരര്‍ സ്വാമിയുടെ ശിവലിംഗം വെല്ലൂരിന്റെ കിഴക്ക് ഭാഗത്തുള്ള ജലകണ്ഠവിനായകര്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയുണ്ടായി.
ഭരണാധികാരികള്‍ തമ്മില്‍ പോരാട്ടം നടക്കുന്ന കേന്ദ്രമായതിനെത്തുടര്‍ന്ന് കോട്ടയിലേക്കുള്ള പ്രവേശനം തടഞ്ഞതുമൂലം ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങള്‍ മുടങ്ങിയതോടെ ക്ഷേത്രം വിജനമായി. ശിവലിംഗം സാമൂഹ്യവിരുദ്ധര്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്ഥലം മാറ്റി സൂക്ഷിച്ച് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിഗ്രഹത്തിന് ഒരു പോറല്‍പോലും ഏറ്റില്ല എന്നതും ചരിത്രത്തിന്റെ അദ്ഭുതങ്ങളില്‍ ഒന്നാണ്.
1981 മാര്‍ച്ചിലാണ് വീണ്ടും ഈ ശിവലിംഗം ഇവിടെ പ്രതിഷ്ഠിതമായത്. ഈ കോട്ടയുടെയും ക്ഷേത്രത്തിന്റെയും നിയന്ത്രണം ഇപ്പോള്‍ ദേശീയ പുരാവസ്തു വകുപ്പിനാണ്. മണലിനടിയിലായിരുന്ന ക്ഷേത്രഭാഗങ്ങള്‍ മറനീക്കി ശ്രദ്ധാപൂര്‍വം വീണ്ടെടുത്തതും ഇവര്‍ തന്നെ. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായുള്ള കല്യാണമണ്ഡപം കേടുപാടുകള്‍ തീര്‍ത്ത് പഴമയുടെ മോടി ചോര്‍ന്നുപോകാതെ പുതുക്കി പണിതതാണ്. ഇതുകൂടാതെ വസന്തമണ്ഡപം എന്നുപേരുള്ള മറ്റൊരു മണ്ഡപവുമുണ്ട് ഇവിടെ.
ചുറ്റും ശുദ്ധജലം നിറഞ്ഞ കിടങ്ങ്. അതിനുള്ളിലെ കോട്ടയ്ക്കുള്ളില്‍ 13-ാം നൂറ്റാണ്ടില്‍ പണിയാരംഭിച്ച ക്ഷേത്രത്തിന്റെ നിര്‍മാണജോലികള്‍ 14-ാം നൂറ്റാണ്ടിലാണ് പൂര്‍ത്തിയായത്. ഉള്ളിലെ പ്രാകാരങ്ങള്‍ പണി തീര്‍ത്തത് ഇക്കാലത്താണ്. കൂട്ടിച്ചേര്‍ക്കലുകളൊക്കെ 16-ാം നൂറ്റാണ്ടുവരെ തുടര്‍ന്നു. പുറത്തെ പ്രാകാരങ്ങളും ഇക്കാലത്ത് പൂര്‍ത്തിയായി. 1982 ല്‍ മഹാകുംഭാഭിഷേകം നടത്തി. ഉത്സവവേളകളില്‍ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന തങ്കത്തേര് 15 അടി ഉയരവും 8 അടി സമചതുരത്തിലുമുള്ളതാണ്.
ക്ഷേത്രത്തിനകത്ത് പ്രവേശിക്കുമ്പോള്‍ ഇടതുവശത്ത് കാണുന്ന മണ്ഡപത്തിലെ തൂണുകളിലെ ശില്‍പ്പവൈദഗ്ദ്ധ്യം ആരെയും വിസ്മയിപ്പിക്കും. ശിവലിംഗം പ്രകൃത്യാ ഉള്ള വെള്ളത്തിന്റെ ഉറവയ്ക്കു മുകളിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ചുറ്റുമുള്ള ശുദ്ധജലാശയം നഗരവാസികളുടെ കണ്ണിനും കരളിനും ആനന്ദം നല്‍കുന്നു. പടിഞ്ഞാറേ ശ്രീകോവിലില്‍ ശിവലിംഗവും വടക്കേ ശ്രീകോവിലില്‍ നടരാജവിഗ്രഹവുമാണ് പ്രതിഷ്ഠ. ശിവന്‍ ഇവിടെ ജലവാസിയായതുകൊണ്ട് ജലകണ്‌ഠേശ്വരര്‍ എന്ന പേരും ഉണ്ടായി.
നീലനിറമുള്ള കരിങ്കല്ലില്‍ കൊത്തിയ ഏഴുനില ഗോപുരമാണ് ക്ഷേത്രത്തിന്റേത്. ആനകളുടെയും കുതിരകളുടെയും കുതിരപ്പടയാളികളുടെയും മറ്റും രൂപങ്ങള്‍ കൊത്തിയ തൂണുകളാല്‍ അലംകൃതമാണ് വസന്ത മണ്ഡപം.
പാലാറിന്റെ കരയിലാണ് വെല്ലൂര്‍ നഗരം. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇഴകള്‍ ഇഴുകിച്ചേര്‍ന്ന നഗരമാണിത്. ചെന്നൈയില്‍ നിന്ന് 145 കിലോമീറ്ററും ബെംഗളൂരുവില്‍നിന്ന് 251 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ളത്.
ഉത്സവമൂര്‍ത്തികള്‍ സോമസ്‌കന്ദര്‍, ചന്ദ്രശേഖരര്‍, ദേവി അഖിലാണ്ഡേശ്വരി.
ഏപ്രില്‍-മെയ് മാസത്തിലായി വരുന്ന പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചിത്രാപൗര്‍ണ്ണമി ഉത്സവം, ഒക്‌ടോബര്‍- നവംബര്‍ മാസത്തിലെ ശൂരസംഹാരോത്സവം, ആടി (ജൂലായ്-ആഗസ്റ്റ്) മാസത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആടി പൂരോത്സവം, വിനായകചതുര്‍ത്ഥി, നവരാത്രി എന്നിവയാണ് പ്രധാന ഉത്സവങ്ങള്‍. ഈ സമയത്തും ശനിയാഴ്ചയും ദര്‍ശനപുണ്യം ഏറും.
ത്രിമൂര്‍ത്തികളുടെ പത്‌നീസമേതരായ പ്രതിഷ്ഠകളാണ് (മഹാലക്ഷ്മിയും വിഷ്ണവും, ബ്രഹ്മാവും സരസ്വതിയും, ശിവനും പാര്‍വ്വതിയും) ഇവിടത്തെ പ്രത്യേകതകളില്‍ ഒന്ന്.
രാവിലെ 6.30 ന് നട തുറന്ന് ഉച്ചയ്ക്ക് 1 മണിക്ക് അടയ്ക്കും. വൈകിട്ട് 5 ന് തുറന്ന് 8.30 ന് അടയ്ക്കും.

ഉദയഗിരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം :

ഉദയഗിരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം :
പഴയകാലത്ത് പാറക്കെട്ട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്, കൂടല്‍ കണ്ണന്‍ പണിക്കര്‍ ഒറ്റക്കോലത്തിന് നൃത്തകോലം കെട്ടിയാടിയപ്പോള്‍ വാക്ക്‌മൊഴിയാല്‍ നല്‍കിയ പേരാണ് ഉദയഗിരി. ഇപ്പോള്‍ ഈ ഗ്രാമം ഉദയഗിരി എന്ന നാമദേയത്തില്‍ അറിയപ്പെടുന്നു. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം, പറക്കില മഹാദേവ ശാസ്താ വിനായക ക്ഷേത്രം, കൂട്‌ലു ഗോപാലകൃഷ്ണ ക്ഷേത്രം, വിഷ്ണുക്ഷേത്രം, ദേവീ ക്ഷേത്രം എന്നിങ്ങനെ പലക്ഷേത്രങ്ങള്‍ക്കും മദ്ധ്യത്തിലാണ് വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീ വിഷ്ണുമൂര്‍ത്തി സേവാസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ശ്രീ വിഷ്ണുമൂര്‍ത്തിക്ഷേത്രത്തിന്റെ ഉത്സവങ്ങള്‍ നടക്കുന്നത്. 1972 ലാണ് ശ്രീവിഷ്ണുമൂര്‍ത്തി സേവാസംഘം രജിസ്റ്റര്‍ ചെയ്തത്. അന്ന് മന്ദിരങ്ങളൊന്നും ഈ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിനുശേഷം വിഷ്ണുമന്ദിരം സ്ഥാപിച്ചു. ഭജന കാര്യാധികള്‍ തുടങ്ങി 2 വര്‍ഷത്തിലൊരിക്കല്‍ ഒറ്റക്കോല മഹോത്സവം ആഘോഷിക്കുവാനും തീരുമാനിച്ചു. കുറച്ചുകാലങ്ങള്‍ക്കുശേഷം രക്തേശ്വരി ഗുളികന്‍ തറ സ്ഥാപിച്ച് ഉത്സവം നടത്തുവാനും തീരുമാനിച്ചു. പിന്നീട് അയ്യപ്പ മന്ദിരം സ്ഥാപിച്ചു. 1995 ഡിസംബര്‍ 7, 8, 9, 11 തീയ്യതികളില്‍ സ്വര്‍ണ്ണപ്രശ്‌ന ചിന്തയില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ഭജനമന്ദിരം ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം എന്ന് അറിയപ്പെടണമെന്ന് തെളിഞ്ഞു. 
ഭജനമന്ദിരം സ്ഥാപിച്ചതുമുതല്‍ വ്യാഴാഴ്ച രാത്രി ഭജനയും പൂജയും ഉണ്ടായിരുന്നു. 2 വര്‍ഷത്തില്‍ ഒരിക്കല്‍ ഒറ്റക്കോല മഹോത്സവം കൊണ്ടാടിയിരുന്നു. പണ്ട് നമ്മുടെ പൂര്‍വ്വികന്മാരുടെ കാലത്ത് തോരാത്ത മഴയും കൃഷി നാശവും കാറ്റും രോഗദാരിദ്ര്യങ്ങളും വിട്ടൊഴിയാതെ നഷ്ടകഷ്ടതകള്‍ വന്നപ്പോള്‍ ഗ്രാമവാസികളും ഗുരുക്കന്മാരും ചേര്‍ന്ന് ആലോചിച്ച് എടുത്ത തീരുമാനപ്രകാരം മഹാവ്യാധികള്‍ക്കും പ്രകൃതി ക്ഷോഭത്തിനും പരിഹാരം കാണാനായി കൊണ്ടാടിയ ഉത്സവമാണ് ഒറ്റക്കോല മഹോത്സവം. ഇത് നടത്തിവന്നിരുന്നത് എട്ടില്ലം തീയ്യരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാതിമതഭേദമന്യേയാണ് ഉത്സവം നടത്തുന്നത്. 1943 കാലഘട്ടത്തില്‍ കാപ്പിവളപ്പ് കായര്‍പ്പള്ള ഭാഗത്ത് ഒരു ഒറ്റക്കോലം നടന്നതായി കാരണവര്‍മാര്‍ പറയപ്പെടുന്നു. അന്ന് കൊങ്കണ്ണി സമുദായത്തില്‍പ്പെട്ട ശ്രീ ദേവണ്ണ ഭട്ട് ആയിരുന്നു യുവാക്കള്‍ക്കും വൃദ്ധന്‍മാര്‍ക്കും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ കായര്‍പ്പള്ളത്ത് സ്ഥലപരിമിതി മൂലം ആസ്ഥലം ഒഴിവാക്കി ശ്രീ വിഷ്ണുമൂര്‍ത്തിയെ ഉദയഗിരിയില്‍ വെച്ച് ആരാധിക്കാന്‍ തുടങ്ങി. ഉളിയ ധന്വന്തരിയിലെ വാഴ്‌ന്നോരായ ഉളിയത്തായ വിഷ്ണു ആസ്രയാണ് ക്ഷേത്തിലെ ആചാര്യവര്യന്‍.
2003 ജൂണ്‍ മാസത്തില്‍ ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യ സ്വര്‍ണ്ണ പ്രശ്‌ന വിധിപ്രകാരം ക്ഷേത്രത്തിന്റെയും ഭജനമന്ദിരത്തിന്റെയും പുനര്‍ നിര്‍മ്മാണം ആരംഭിക്കുകയും 2007 ജനുവരി മാസത്തില്‍ ക്ഷേത്രത്തിന്റെയും ഭജനമന്ദിരത്തിന്റെയും പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം നടക്കുകയുണ്ടായി. പുനര്‍ പ്രതിഷ്ഠയ്ക്കു ശേഷം ഭജനമന്ദിരത്തില്‍ എല്ലാദിവസവും രാവിലെയും വൈകുന്നേരവും ദീപാരാധനയും വ്യാഴാഴ്ച രാത്രി ഭജനയും പൂജയും, ക്ഷേത്രത്തില്‍ സംക്രമത്തിന് പൂജയും നടത്തിവരുന്നു. ക്ഷേത്രത്തിന്റെ പുനര്‍ പ്രതിഷ്ഠ നടന്നതിനു ശേഷം എല്ലാവര്‍ഷവും മലയാള മാസം മകരം 6, 7 തീയ്യതികളില്‍ ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തി ദൈവകോലവും ഗുളികന്‍ കോലവും നടന്നുവരുന്നു. 2 വര്‍ഷത്തിലൊരിക്കല്‍ നടത്തികൊണ്ടിരുന്ന ഒറ്റക്കോല മഹോത്സവം ഇപ്പോള്‍ 4 വര്‍ഷത്തിലൊരിക്കലാണ് നടത്തുന്നത്. ഉദയഗിരിയിലെ ഒറ്റക്കോല മഹോത്സവം വളരേയേറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. ഒറ്റക്കോല മഹോത്സവത്തിന്റെ മേലേരിയാണ് എടുത്തുപ്പറയേണ്ടത്. ഈ ഭാഗത്ത്‌വെച്ച് ഏറ്റവും അധികം മേലേരി ഇവിടെയാണ് കാണാന്‍ കഴിയുക. 

ഭഗവാനും നാരദരും തമ്മിലുള്ള രസകരമായൊരു സംവാദം...


ഭഗവാനും നാരദരും തമ്മിലുള്ള
രസകരമായൊരു സംവാദം...
.
ഒരിക്കൽ, നാരദമുനി ഭഗവാനോട് ചോദിച്ചു ," പ്രഭോ ! എന്തുകൊണ്ടാണ് , അങ്ങയുടെ ക്ഷേത്രങ്ങളിൽ , ഗരുഡന്റെ പ്രതിമ വെക്കണമെന്ന നിഷ്ക്കർഷയുള്ളത് ,എന്തുകൊണ്ട് എന്റെ പ്രതിമ വെക്കുന്നില്ല ? ഞാനും അങ്ങയുടെ പരമഭക്തനല്ലെ?*
ഭഗവാൻ മറുപടിപറയാൻ തുടങ്ങുന്നതിന് മുൻപ് , പുറത്തുനിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടു . " എന്താണത്? " മഹാവിഷ്ണു ആരാഞ്ഞു . ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന ഗരുഡൻ അപ്പോളവിടെ ഉണ്ടായിരുന്നില്ല . " ഗരുഡനെ ഞാൻ ഒരു കാര്യത്തിനായി അയച്ചിരിക്കയാണ് , അങ്ങേക്ക് അവിടെ എന്താണുണ്ടായതെന്ന് ഒന്ന് നോക്കി വരാനാകുമോ ?" ഭഗവാൻ ചോദിച്ചു . ഭഗവാനെ പ്രീതിപ്പെടുത്താനുള്ള ആവേശത്തിൽ നാരദമുനി പുറത്തേക്കോടി ,വളരെ പെട്ടെന്ന് തിരികെ എത്തി അറിയിച്ചു ," അവിടെ ഒരു പാൽക്കാരി തെന്നിവീണതാണ് ". " അവളുടെ പേരെന്താണ് ?" ഭഗവാൻ ചോദിച്ചു , നാരദൻ വീണ്ടും പുറത്തേക്കോടി വേഗം തന്നെ മറുപടിയുമായി വന്നു ,"ശാരദ എന്നാണ് അവരുടെ പേര് ". " അവർ എവിടെ പോകുകയായിരുന്നു ?" ഭഗവാൻ വീണ്ടും ചോദിച്ചു , നാരദമുനി ഒരിക്കൽ കൂടെ പുറത്തേക്കോടി ആ സ്ത്രീയുമായി സംസാരിച്ച് തിരിച്ചെത്തിയ ശേഷം പറഞ്ഞു ," അവർ കച്ചവടത്തിനായി പോകുകയായിരുന്നു ".
അവർ എങ്ങിനെയാണ് വീഴാൻ ഇടയായത് ?" ഭഗവാൻ വീണ്ടും ആരാഞ്ഞു . നാരദർക്കു കുറേശ്ശെ നീരസം തോന്നിത്തുടങ്ങി ," ഈ ചോദ്യം ഞാൻ നേരത്തെ പോയപ്പോൾ അങ്ങെന്താണ് ചോദിക്കാഞ്ഞത്? എന്ന് പറഞ്ഞും കൊണ്ട് നാരദൻ പിന്നെയും പുറത്തേക്കോടി , തിരികെ വന്ന ശേഷം പറഞ്ഞു ," അവരുടെ മുന്നിലൂടെ ഒരു സർപ്പം കടന്നുപോയി .അതുകണ്ട് പേടിച്ചാണ് അവർ വീണത് ".
അവരുടെ കൈയ്യിലുള്ള പാൽക്കുടം പൊട്ടിപ്പോയോ ?" ഭഗവാൻ വീണ്ടും ചോദിച്ചു ,നാരദർ അസ്വസ്ഥതയോടെ വൈകുണ്ഠത്തിന് പുറത്തേക്ക് പോയി ആ സ്ത്രീയെ സമീപിച്ചു ,വളരെ സന്തോഷത്തോടെ , തിരികെ വന്നു പറഞ്ഞു ," അവരുടെ കയ്യിൽ രണ്ടു പാല്കുടങ്ങൾ ഉണ്ടായിരുന്നു , ഒന്ന് ഉടഞ്ഞുപോയി , ഇനിയൊരെണ്ണം ഉള്ളത് ഇരട്ടി വിലക്ക് വില്ക്കാനാണ് അവർ ഉദ്ദേശിക്കുന്നത് ". " അവർ എന്ത് വിലക്കാണ് വിൽക്കാൻ ഉദ്ദേശ്ശിക്കുന്നത് ? എനിക്കത് വാങ്ങാമെന്നുണ്ട് ". മഹാവിഷ്ണു വീണ്ടും ചോദിച്ചു . "ക്ഷമിക്കണം , ഞാനത് അന്വേഷിക്കാൻ വിട്ടുപോയി ,ഇപ്പോൾത്തന്നെ ചോദിച്ചിട്ടു വരാം " നാരദൻ വീണ്ടുംപുറത്തേക്ക് പാഞ്ഞു . " സാരമില്ല്യ , ഞാൻ വേറെയാരെയെങ്കിലും അയച്ചുകൊള്ളാം ," ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു . ആ സമയത്താണ് , ഗരുഡൻ അവിടെ എത്തിയത് ,മഹാവിഷ്ണുവും , നാരദരും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് , ഗരുഡന് അറിയില്ലായിരുന്നു . ഭഗവാൻ ഗരുഡനോടായി പറഞ്ഞു '" അല്പം മുൻപേ എന്തോ വീഴുന്ന ഒച്ച കേട്ടു , ഒന്നുപോയി അന്വേഷിച്ചു വരൂ " ഗരുഡൻ പുറത്തേക്ക് പോയി . ഭഗവാൻ നാരദരെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു ," ഗരുഡൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നോക്കിക്കളയാം "
അൽപ സമയത്തിനുള്ളിൽ ഗരുഡൻ മടങ്ങിയെത്തിയിട്ട് പറഞ്ഞു ," ശാരദ എന്ന ഒരു പാൽവില്പനക്കാരി കച്ചവടത്തിനായി പോകെ , ഒരു സർപ്പത്തിനെ വഴിയിൽക്കണ്ടുപേടിച്ച് . കാലിടറി വീണു . രണ്ടു പാല്കുടങ്ങൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം പൊട്ടിപ്പോയി ,ഇനിയുള്ള പാൽക്കുടം വില്പന നടത്തി പൊട്ടിപ്പോയ പാലിന്റെയും കുടത്തിന്റെയും വില എങ്ങിനെ കിട്ടാനാകും എന്നോർത്ത് അവർ വിഷമിച്ചു ഇരിക്കയായിരുന്നു , ഞാൻ ,അങ്ങ് ആ പാൽക്കുടം വാങ്ങുമെന്ന് നിർദേശിച്ചു ,അങ്ങയുടെ പത്നി ഭാഗ്യത്തിന്റെ അധിദേവതയാണല്ലോ ." മഹാവിഷ്ണു ചോദിച്ചു " പാലിന്റെ വില എന്താണ് " . " നാല് ചെമ്പ് നാണയങ്ങളാണ് അവർ വിലപറഞ്ഞത് , അങ്ങയുമായുള്ള ഇടപാട് ആയതുകൊണ്ട് നല്ല ലാഭം ഉണ്ടാക്കാനാകുമെന്ന് അവർക്ക് പ്രതീക്ഷയുണ്ട് ". ഭഗവാൻ ചിരിച്ചുകൊണ്ട് നാരദരെ നോക്കി , എന്തുകൊണ്ടാണ് ഗരുഢവിഗ്രഹം ,ശ്രീകൃഷ്ണക്ഷേത്രങ്ങളുടെ മുന്നിൽ വെക്കുന്നതെന്ന് നാരദർക്കു മനസ്സിലായി .
ഗരുഡൻ , ഭഗവാന്റെ ഒരു നല്ല സേവകനാണ് , എന്ത് കാര്യവും,നല്ലതുപോലെ ഗ്രഹിച്ച് , മുൻകയ്യെടുത്ത്‌ വേണ്ടതുപോലെ ചെയ്യാനുള്ള കഴിവുമുണ്ട് . ഗരുഡൻ നമ്മുടെ സങ്കടങ്ങളെ ഞൊടിയിടയിൽ ഭഗവാന്റെ മുന്നിലെത്തിക്കുന്നു , നമ്മുടെ പ്രശ്നങ്ങൾ എന്താണെന്നും , അതെങ്ങിനെ പരിഹരിക്കണമെന്നും , ഗരുഡന് വളരെ നന്നായി അറിയാം . വിശ്വാസത്തോടും , ഭക്തിയോടും കൂടി ഗരുഡനെ സ്മരിക്കുന്നത് , പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള ശക്തി നൽകുന്നു
ഹരേ കൃഷ്ണാ
“ഓം നമോ നാരായണായ “
“ഓം മഹാവിഷ്ണുവേ നമ:“

കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്




കണിക്കൊന്നയ്ക്ക് ഒരു കഥയുണ്ട്
ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്ത് ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ?
ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് പിന്നീട് ""കൊന്ന"" മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു.
"ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല ""കൊന്ന"" മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം."
ഭഗവാന്‍ പറഞ്ഞു.
" പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കും സൌഭാഗ്യം ലഭിക്കും. സദാ ഈശ്വര സ്മരണയോടെ ഇരിക്കുക".
ഭഗവാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു.
കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂരൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. വൈകീട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല.
കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി. പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍ നിന്നും മാല ഊരിയെടുത്ത്
" കണ്ണാ! നീ എന്‍റെ ചങ്ങതിയല്ല. ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മലയും"
എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു. ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്.അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു.
"ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കെണ്ടാതായി വരില്ല".
അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു.
ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു,
അതാണ് കവി പാടിയത്‌.
" എനിക്കാവതില്ല പൂക്കാതിരിക്കാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"🙏
Ambalam എന്നയാളുടെ ഫോട്ടോ