2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

വായില്ല്യാംകുന്നു് ക്ഷേത്രം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം




വായില്ല്യാംകുന്നു് ക്ഷേത്രം
പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വായില്ല്യാംകുന്നു് ക്ഷേത്രം. കടമ്പഴിപ്പുറത്തിനടുത്ത് പാലക്കാട്-ചെർപുളശ്ശേരി പാതയോടു ചേർന്ന് നിലകൊള്ളുന്ന ഈ ക്ഷേത്രത്തിൽ വായില്ലാക്കുന്നിലപ്പനാണ് (വായില്യാംകുന്നപ്പൻ) പ്രധാന പ്രതിഷ്ഠ.
പന്തിരുകുലത്തിൽ വരരുചിക്കും പത്നിക്കും പിറന്ന 12-ആമത്തെ പുത്രനാണ് വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായി പിറന്ന പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം. പിന്നീട് വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെട്ട ഈ ദേവൻ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ശക്തിയായി കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. -
വായില്ല്യാംകുന്നു് ക്ഷേത്രം:
ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യന്റെ രാജസദസ്സിലെ പണ്ഡിതശ്രേഷ്ഠനും,നവരത്നങ്ങളില്‍ ഒരാളും ആയിരുന്നു ബ്രാഹ്മണന്‍ ആയിരുന്ന വരരുചി. എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം എന്നാണ്‌ ഐതിഹ്യം. വരരുചിക്ക് പറയ സമുദായത്തില്‍ പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്.
രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതെന്ന രാജാവിന്റെ ചോദ്യത്തിന് ഉത്തരം തേടിയിറങ്ങിയ വരരുചി വനത്തില്‍ വച്ച് വനദേവതമാരുടെ സംഭാഷണമദ്ധ്യേ "മാം വിദ്ധി" എന്ന ശ്ലോകം പോലും അറിയാത്ത ഈ മനുഷ്യന്‍ ഇവിടെ ഇപ്പോള്‍ ജനിച്ച ഒരു പറയ പെണ്‍കുഞ്ഞിനെ വിവാഹം കഴിക്കും എന്ന് പറയുന്നത് കേട്ടു. വരരുചി മടങ്ങി കൊട്ടാരത്തില്‍ എത്തുകയും രാജാവിന്റെ ചോദ്യത്തിനുള്ള ഉത്തരമായി " “ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ” എന്ന ശ്ലോകമാണ് രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായത് എന്ന് പ്രസ്താവിക്കുകയും ചെയ്തു.
ഈശ്വരനിയോഗം പോലെ വരരുചി പറയസ്ത്രീയെ വിവാഹം കഴിക്കേണ്ടി വരികയും സമുദായത്തില്‍ നിന്ന് സ്വയം ഭ്രഷ്ട് കല്‍പ്പിച്ച് പാപപരിഹാരാര്‍ത്ഥം തീര്‍ത്ഥയാത്രകള്‍ക്ക് പുറപ്പെടുകയും ചെയ്തു. ആ യാത്രകളില്‍ വരരുചിക്കും പത്നിക്കും ജനിച്ച 12 കുട്ടികള്‍ ആണ് പിന്നീട് ചിരപ്രതിഷ്ഠ നേടിയ പറയി പെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. (മേഴത്തോള്‍ അഗ്നിഹോത്രി, പാക്കനാ൪, രജക൯, നാറാണത്ത്‌ ഭ്രാന്ത൯, കാരയ്ക്കലമ്മ, അകവൂ൪ ചാത്ത൯, വടുതല നായ൪, വള്ളോ൯, ഉപ്പുകൂറ്റ൯, പാണനാ൪, പെരുന്തച്ച൯, വായില്ലാക്കുന്നിലപ്പ൯ എന്നിവരാണ് അവര്‍)
ഓരോ കുട്ടി ജനിക്കുമ്പോഴും കുട്ടിക്ക് വായുണ്ടോ എന്ന് പത്നിയോട് വരരുചി ചോദിക്കുകയും ഉണ്ട് എന്ന് പത്നി മറുപടി പറയുകയും, എങ്കില്‍ കുട്ടിയെ ഉപേക്ഷിച്ചു പോരൂ എന്ന് വരരുചി ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രസവിച്ച 11 കുട്ടികളെയും അപ്രകാരം ദുഃഖത്തോടെ ഉപേക്ഷിക്കേണ്ടിവന്ന ആ മാതാവ് പന്ത്രണ്ടാമത്തെ പ്രസവത്തിലും വരരുചിയുടെ ഇതേ ചോദ്യം നേരിട്ടു. ഈ കുഞ്ഞിനെയെങ്കിലും തന്റെ ഒപ്പം കൂട്ടാനായി, ഇത്തവണ പക്ഷെ കുഞ്ഞിനു വായില്ല എന്നു പറഞ്ഞു. പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തി കാരണം ആ കുഞ്ഞിന്റെ വായ്‌ ഉടന്‍ തന്നെ അടഞ്ഞുപോയി. വായില്ലാത്ത കുഞ്ഞിനെ ദൈവം രക്ഷിക്കും എന്ന് മറുപടി പറഞ്ഞ വരരുചി,ആ കുട്ടിയെ ഒരു മലമുകളില്‍ പ്രതിഷ്ഠിച്ച ശേഷം പത്നിയെ ബലമായി പിടിച്ചുകൊണ്ട് വീണ്ടും യാത്ര തുടര്‍ന്നു എന്നാണ് ഐതിഹ്യം.
പന്ത്രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത് ഇപ്പോഴത്തെ പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന സ്ഥലത്തുള്ള മലമുകളില്‍ വച്ചായിരുന്നു എന്നാണു വിശ്വാസം. 
പന്തിരുകുലത്തില്‍ വരരുചിക്കും പത്നിക്കും പിറന്ന പന്ത്രണ്ടാമത്തെ പുത്രനാണ് പിന്നീട് വായില്ലാക്കുന്നിലപ്പന്‍ എന്നറിയപ്പെട്ട ഈ ദേവന്‍. ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ശക്തിയായി വായില്ലാക്കുന്നിലപ്പന്‍ കരുതപ്പെടുന്നു. 
ഇപ്രകാരം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തില്‍ വായില്ലാക്കുന്നിലപ്പന്റെ പ്രതിഷ്ഠയോടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് വായില്ല്യാംകുന്നു് ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ വായില്ലാക്കുന്നിലപ്പനാണ് (വായില്യാംകുന്നപ്പന്‍) പ്രധാന പ്രതിഷ്ഠ. വായില്യാംകുന്ന് പൂരം ആണ് പ്രധാന ആഘോഷം.
പന്തിരുകുലത്തില്‍ പിന്മുറക്കാര്‍ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ സംസ്കൃത വിദ്യാപീഠം സ്ഥാപിച്ച കണ്ണംകുളങ്ങര കുട്ടി എഴുത്തച്ഛന്‍ എന്ന കൃഷ്ണഗുപ്തന്‍, കലാമണ്ഡലം മണ്ടഴി കുട്ടന്‍ ഭാഗവതര്‍, വടക്കന്‍ ചിട്ടയില്‍ കിരാതം ആട്ടക്കഥ എഴുതിയ കുതിരവട്ടം സ്വരൂപത്തിലെ ശങ്കരന്‍ തമ്പാന്‍ തുടങ്ങിയവരുടെ ഇഷ്ടദേവന്‍ ആയിരുന്നു വായില്ലാക്കുന്നിലപ്പന്‍ എന്ന് പറയപ്പെടുന്നു

വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം


വടക്കന്തറ രാമപുരം മഹാവിഷ്ണുക്ഷേത്രം


കേരളത്തിൽപാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്തുള്ള വടക്കന്തറയിൽസ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ രാമപുരം മഹാവിഷ്ണുക്ഷേത്രം. ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാൻ മുഖ്യപ്രതിഷ്ഠയായുള്ള ക്ഷേത്രം വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രത്തിന്റെ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്. ഭഗവതിക്ഷേത്രത്തെക്കാൾ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. രണ്ടും ഒറ്റ ക്ഷേത്രമായാണ് ഇപ്പോൾ ഗണിയ്ക്കപ്പെടുന്നത്. ഉപദേവതകളായി ഗണപതിധന്വന്തരി എന്നിവരും ക്ഷേത്രത്തിലുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം

ഏകദേശം അറുന്നൂറുവർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് സൂചന. അതനുസരിച്ച് ഇവിടെയടുത്ത് കഴിഞ്ഞിരുന്ന ഒരു വാര്യർ കുടുംബവുമായി ബന്ധപ്പെട്ടാണ് കഥ പോകുന്നത്. രാമപുരത്ത് വാരിയം എന്ന് അറിയപ്പെട്ടിരുന്ന ഈ കുടുംബം വഴിയാണ് ക്ഷേത്രത്തിന് 'രാമപുരം' എന്ന പേരുവന്നത്. വാരിയത്തെ കാരണവർക്ക് ഒരുദിവസം പെട്ടെന്ന് വിഷ്ണുസാന്നിദ്ധ്യം അനുഭവപ്പെടുകയും തുടർന്ന് അദ്ദേഹം വാരിയത്തിനടുത്ത് ക്ഷേത്രം പണികഴിപ്പിയ്ക്കുകയുമായിരുന്നത്രേ.
പിന്നീട് കുറേക്കാലം കഴിഞ്ഞാണ് തിരുപുരായ്ക്കൽ ഭഗവതി വടക്കന്തറയിലെത്തിയത്. അതിനുമുമ്പ് സമീപസ്ഥലമായ മേലാമുറിയിലെനടുപ്പതിമന്ദം ക്ഷേത്രത്തിലായിരുന്നു ഭഗവതിപ്രതിഷ്ഠ. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രം തകർക്കപ്പെട്ടപ്പോൾ അവിടത്തെ ഭഗവതിയെ വടക്കന്തറയിലെ പ്രസിദ്ധ നായർ കുടുംബമായ തരവത്ത് തറവാട്ടിൽ കൊണ്ടുവരികയും കുറച്ചുകാലം കഴിഞ്ഞ് രാമപുരം ക്ഷേത്രത്തിലെ അത്തിമരച്ചുവട്ടിൽ പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. പിന്നീട് അത്തിമരം നിലനിർത്തിക്കൊണ്ടുതന്നെ ശ്രീകോവിലും പണിതു. അങ്ങനെയാണ് ഭഗവതിക്ഷേത്രമുണ്ടായത്. ഇന്ന് രണ്ടും ഒരുമിച്ചാണ് നടന്നുപോരുന്നത്.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

വടക്കന്തറ ദേശത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കിഴക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രമൈതാനം പരന്നുകിടക്കുന്നു. വാഹനപാർക്കിങ് സൗകര്യവും അവിടെത്തന്നെയാണ്. വിഷ്ണുക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് ഭഗവതിക്ഷേത്രമുള്ളത്. വിഷ്ണുനടയ്ക്കുനേരെ കൊടിമരവും ബലിക്കൽപ്പുരയും ആനക്കൊട്ടിലും ഗോപുരവുമെല്ലാം പണിതിട്ടുണ്ട്. ഇവയെല്ലാം താരതമ്യേന പുതിയതാണ്. ഏറെക്കാലം ജീർണ്ണാവസ്ഥയിലായിരുന്ന ഈ ക്ഷേത്രം 2006-ൽ പുനരുദ്ധരിച്ചിരുന്നു. അതിനുശേഷമാണ് ഇവ പണിതിട്ടുള്ളത്. ക്ഷേത്രക്കുളവും ദേവസ്വം ഓഫീസും ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. 'തിരുപുരായ്ക്കൽ ഭഗവതി-രാമപുരം വിഷ്ണു ദേവസ്വം' എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഇവിടത്തെ ദേവസ്വം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'എ' ഗ്രേഡ് ദേവസ്വമാണ്. രണ്ടുനിലകളോടെ പണിത ക്ഷേത്രഗോപുരം പുതുമ മാറാതെ നിൽക്കുന്നു. ആനക്കൊട്ടിലിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരമുള്ളത്. തെക്കുഭാഗത്ത് ദേവസ്വം വക വഴിപാട് കൗണ്ടറുകൾ കാണാം

വടക്കന്തറ തിരുപുരായ്‌ക്കൽ ഭഗവതിക്ഷേത്രം



  • വടക്കന്തറ തിരുപുരായ്‌ക്കൽ
    ഭഗവതിക്ഷേത്രം
    കേരളത്തിലെ പ്രസിദ്ധ ഭഗവതിക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിൽ പാലക്കാട് നഗരത്തിനടുത്തുള്ള വടക്കന്തറയിലുള്ള പ്രസിദ്ധമായ ശ്രീ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം. അത്യുഗ്രദേവതയായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. എന്നാൽ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയായി സങ്കല്പിച്ചാണ് പൂജ നടത്തിവരുന്നത്. ക്ഷേത്രത്തിൽ മൂന്ന് വർഷത്തിലൊരിയ്ക്കൽ നടത്തിവരുന്ന വലിയവിളക്കുവേല പ്രസിദ്ധമാണ്. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
    ചിലപ്പതികാരത്തിലെ നായകനായ കോവലനെ ചെയ്യാത്ത തെറ്റിന് വധിച്ചുകളഞ്ഞ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ ഭാര്യയായ കണ്ണകി മധുരാനഗരം ചുട്ടെരിച്ച് കേരളത്തിലേയ്ക്ക് യാത്രതിരിച്ചു. പോകുന്ന വഴിയിൽ പാലക്കാട്ടെത്തിയ കണ്ണകി അടുത്തുള്ള മേലാമുറി എന്ന സ്ഥലത്ത് താമസിച്ചു. പാലക്കാട്ട് രാജാവായിരുന്ന ശേഖരിവർമ്മയ്ക്ക് ദർശനം നൽകിയ ഭഗവതി തുടർന്ന് അവിടെ സ്വയംഭൂവായി അവതരിച്ചു. ശേഖരിവർമ്മ അവിടെ ഭഗവതിയ്ക്ക് ഒരു ക്ഷേത്രം നിർമ്മിച്ചു. ഇത് 'നടുപ്പതിമന്ദം ക്ഷേത്രം' എന്ന പേരിൽ അറിയപ്പെട്ടു. ഭഗവതിയോടൊപ്പം രണ്ട് സഹോദരിമാരും വന്നിരുന്നത്രേ. അവരിലൊരാൾ പിരായിരിയിലും മറ്റൊരാൾ തിരുനെല്ലായിയിലും കുടികൊണ്ടു. ഇവർ യഥാക്രമം 'കണ്ണുക്കോട്ട് ഭഗവതി' എന്നും 'കണ്ണാടത്ത് ഭഗവതി' എന്നും അറിയപ്പെട്ടു. ഇന്നും ഈ ക്ഷേത്രങ്ങൾ നിലവിലുണ്ട്.
    മധുരയിൽ നിന്ന് രക്ഷപ്പെട്ടുപോന്ന ഒരു ജനവിഭാഗം ഈ യാത്രയിൽ ഭഗവതിമാരെ അനുഗമിച്ചിരുന്നു. മൂത്താൻ എന്നാണ് ഈ ജാതി അറിയപ്പെടുന്നത്. ഇന്നും ഈ ജാതിക്കാർ പാലക്കാട്ട് സ്ഥിരതാമസമാക്കിയിട്ടുണ്ട്. വൈശ്യരായ അവർ ആദ്യം കുടികൊണ്ട സ്ഥലത്തിന് 'മൂത്താന്തറ' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. തമിഴ് പാരമ്പര്യമുള്ള ജാതിയാണെങ്കിലും മൂത്താന്മാർ മലയാളം തന്നെയാണ് മാതൃഭാഷയാക്കിയിരിയ്ക്കുന്നത്. ഇത് തമിഴ്നാട്ടിൽ നിന്ന് കുടിയേറിവന്ന മറ്റ് ജാതിവിഭാഗങ്ങളിൽ നിന്ന് അവരെ വ്യത്യസ്തരാക്കുന്നു.
    ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്ത് നടുപ്പതിമന്ദം ക്ഷേത്രമടക്കം പാലക്കാട്ടെ മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. ഇതേത്തുടർന്ന് നടുപ്പതിമന്ദത്തുണ്ടായിരുന്ന ഭഗവതിവിഗ്രഹം ഭക്തർ വടക്കന്തറയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു. അവിടത്തെ പ്രശസ്ത നായർ കുടുംബമായ തരവത്ത് തറവാട്ടിലാണ് ആദ്യം ഭഗവതിയുടെ പ്രതിഷ്ഠയുണ്ടായിരുന്നത്. പിന്നീട്, രാമപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിനടുത്തുള്ള അത്തിമരച്ചുവട്ടിൽ ഭഗവതിയെ പ്രതിഷ്ഠിച്ചു. കാലപ്രവാഹത്തിൽ മരം നിലനിർത്തിക്കൊണ്ടുതന്നെ അവിടെയൊരു ശ്രീകോവിലും പണികഴിപ്പിച്ചു. ഉപദേവതാപ്രതിഷ്ഠകളും ഇതിനോടനുബന്ധിച്ചുതന്നെ നടത്തി. അങ്ങനെയാണ് പ്രസിദ്ധമായ വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതിക്ഷേത്രം നിലവിൽ വന്നത്.
    ക്ഷേത്രനിർമ്മിതി
    വടക്കന്തറ ദേശത്തിന്റെ ഒത്തനടുക്കായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന് നേരെമുന്നിൽ അതിവിശാലമായ ക്ഷേത്രമൈതാനവും വാഹന പാർക്കിങ് സൗകര്യവുമണ്ട്. ഭഗവതിക്ഷേത്രത്തിന്റെ തൊട്ടുതെക്കുഭാഗത്താണ് മഹാവിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇരുക്ഷേത്രങ്ങളും ഒരേ ദേവസ്വത്തിന്റെ കീഴിലാണ്. ഇരുഭാഗങ്ങളിൽ നിന്നും പ്രവേശനകവാടങ്ങളുണ്ട്. വിഷ്ണുക്ഷേത്രത്തിന് നാലമ്പലവും മതിൽക്കെട്ടും കൊടിമരവും ബലിക്കൽപ്പുരയുമെല്ലാമുണ്ട്. എന്നാൽ, ഭഗവതിക്ഷേത്രത്തിന് ശ്രീകോവിലും അത്തിമരത്തറയും മാത്രമേയുള്ളൂ. ക്ഷേത്രക്കുളവും ദേവസ്വം ഓഫീസും ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. 'തിരുപുരായ്ക്കൽ ഭഗവതി-രാമപുരം വിഷ്ണു ദേവസ്വം' എന്ന ഒറ്റപ്പേരിൽ അറിയപ്പെടുന്ന ഇവിടത്തെ ദേവസ്വം മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'എ' ഗ്രേഡ് ദേവസ്വമാണ്. ഇരുനടകൾക്കുനേരെയും പ്രവേശനകവാടങ്ങളുമുണ്ട്. ഭഗവതിക്ഷേത്രത്തിനടുത്ത് പ്രത്യേക രീതിയിൽ നിർമ്മിച്ച കിണർ കാണാം. വട്ടത്തിൽ ഒരു പാത്രം പോലെ കിടക്കുന്ന ഈ കിണർ ക്ഷേത്രത്തിൽ വരുന്ന ഭക്തരെ ആകർഷിയ്ക്കുന്നു. സ്വർണ്ണം പൂശിയ നിലയിലാണ് ഈ കിണർ.
    ഭഗവതിയുടെ ശ്രീകോവിൽ ചതുരാകൃതിയിൽ തീർത്തതും താരതമ്യേന ചെറുതുമാണ്. ഒറ്റനിലയേ ഈ ശ്രീകോവിലിനുള്ളൂ. വനദുർഗ്ഗാസങ്കല്പമുള്ളതിനാൽ മേൽക്കൂര പണിതിട്ടില്ല. ഒരടി ഉയരമുള്ള അപൂർണ്ണരൂപത്തിലുള്ള വിഗ്രഹം പടിഞ്ഞാറോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കണ്ണകിയുടെ ഒരു ഭാഗം മൂത്താന്മാർ അടുത്തുള്ള മൂത്താന്തറയിലേയ്ക്ക് കൊണ്ടുപോയി എന്നാണ് കഥ. അതിനുശേഷമാണത്രേ ഭഗവതി ഇങ്ങനെയായത്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് തിരുപുരായ്ക്കലമ്മ, വടക്കന്തറയിലെ ശ്രീലകത്ത് കുടികൊള്ളുന്നു.

ശ്രീകിരാതമൂർത്തി ക്ഷേത്രം പാലക്കാട് ജില്ല


ശ്രീകിരാതമൂർത്തി ക്ഷേത്രം പാലക്കാട് ജില്ല


പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ മുതുകുറുശ്ശിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശ്രീകിരാതമൂർത്തി ക്ഷേത്രം കിരാതമൂർത്തിയായ ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഉപദൈവങ്ങളായി പാർവ്വതി ,ഗണപതിഭഗവതിഅയ്യപ്പൻ എന്നീ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്‌. ജലധാരയാണു പ്രധാന വഴിപാട്. ശിരോരോഗങ്ങൾ മാറാൻ ഈ വഴിപാട് ഉത്തമമാണെന്നു വിശ്വസിക്കപ്പെടുന്നു. കുംഭമാസത്തിലെ ശിവരാത്രിയാണ്‌ ഇവിടത്തെ പ്രധാന വിശേഷ ദിവസം. അഴകത്ത് ശാസ്ത്രശർമ്മൻ നമ്പൂതിരിയാണ്‌ ഇപ്പോൾ ഈ ക്ഷേത്രത്തിലെ തന്ത്രി.

മാത്തൂർ മന്ദമ്പുള്ളി ഭഗവതിക്ഷേത്രം പാലക്കാട് ജില്ല



മാത്തൂർ മന്ദമ്പുള്ളി ഭഗവതിക്ഷേത്രം
================================
പാലക്കാട് ജില്ലയിലെ മാത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് മാത്തൂർ മന്ദംപുള്ളിക്കാവ് ഭഗവതിക്ഷേത്രം ആയിരത്തിൽപരം വർഷത്തെ പഴക്കമുള്ള പുരാതനമായ ഈ ഭദ്രകാളി ക്ഷേത്രം ടിപ്പുസുൽത്താന്റെ പടയോട്ടകാലത്ത് ടിപ്പുവിന്റെ സൈന്യം കേരളത്തിലെ നിരവധി ക്ഷേത്രങ്ങൾ തച്ചു തകർത്തതിൽ ഈ ക്ഷേത്രവും പെടുന്നു . അതിനു ശേഷം അനേക വർഷം ഈ ക്ഷേത്രം ജീർണതവസ്ഥയിൽ ആയിരുന്നു.

തൃപ്പാളൂർ മഹാദേവക്ഷേത്രം പാലക്കാട്



തൃപ്പാളൂർ മഹാദേവക്ഷേത്രം


തൃപ്പാളൂർ മഹാദേവക്ഷേത്രം
പാലക്കാട് ജില്ലയിലെ തൃപ്പാളൂർ ഗ്രാമത്തിൽ ഗായത്രിപ്പുഴയുടെ കരയിലുള്ള പ്രശസ്തമായ ശിവക്ഷേത്രമാണ് തൃപ്പാളൂർ മഹാദേവക്ഷേത്രംപരമശിവൻമഹാവിഷ്ണുവിന്റെഅവതാരങ്ങളായ നരസിംഹമൂർത്തിശ്രീകൃഷ്ണൻ എന്നിദേവന്മാർ കിഴക്കോട്ട് ദർശനമായി പ്രധാനമൂർത്തികളായിവാഴുന്ന ക്ഷേത്രം കൂടിയാണിത്. അതിനാൽ ശൈവ-വൈഷ്ണവ തേജസ്സുകൾ കുടികൊള്ളുന്ന പുണ്യസങ്കേതവുമാണ്.

ഐതിഹ്യം

വൈക്കംഏറ്റുമാനൂർകടുത്തുരുത്തി എന്നിവിടങ്ങളിൽ ശിവപ്രതിഷ്ഠനടത്തിയ ഖരപ്രകാശമഹർഷി ഒരിക്കൽ വലത്തെക്കൈയിലും ഇടത്തെക്കൈയിലും കാലിലും മൂന്ന് ശിവലിംഗങ്ങൾ കൊണ്ടുപോയി. ഒടുവിൽ ക്ഷീണം തോന്നിയപ്പോൾ അദ്ദേഹം അവ മൂന്നിടങ്ങളിൽ പ്രതിഷ്ഠിച്ചു. അങ്ങനെയാണ് തൃപ്പല്ലാവൂർഅയിലൂർതൃപ്പാളൂർ എന്നീ ശിവക്ഷേത്രങ്ങൾ വന്നത്.

ക്ഷേത്രം

ഗായത്രിപ്പുഴയുടെ തെക്കേക്കരയിലാണ് ക്ഷേത്രം. കാഴ്ചയ്ക്ക് ചെറുതാണെങ്കിലും പ്രതിഷ്ഠ ശക്തമാണ്. ശിവന്റെയും നരസിംഹത്തിന്റെയും ശ്രീകോവിലുകൾ വൃത്താകൃതിയിലും ശ്രീകൃഷ്ണന്റെ ശ്രീകോവിൽ സമചതുരാകൃതിയിലുമാണ്. ഗണപതിഅയ്യപ്പൻനാഗങ്ങൾഹനുമാൻസുബ്രഹ്മണ്യൻഭഗവതി എന്നിവരാണ് ഉപപ്രതിഷ്ഠകൾ. നിത്യേന മൂന്നുപൂജകളുണ്ട്. ശിവരാത്രിയാണ് പ്രധാന ഉത്സവം.

തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം



പ്രധാന വിശേഷങ്ങൾ

കൂത്തമ്പലം
ക്ഷേത്രത്തിലെ പ്രധാന വിശേഷമായ ഉത്സവം കുംഭമാസത്തിലെ ഉത്രട്ടാതിനാളിൽ കൊടികയറുന്നു. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തൂതപ്പുഴയിൽ ആറാട്ടോടെ സമാപിയ്ക്കുന്നു. മഹാശിവരാത്രി, വൃശ്ചിക മാസത്തിലെ അഷ്ടമി, തുടങ്ങിയ ദിവസങ്ങളും പ്രധാനമാണ്‌. മേടമാസത്തിലെ മുപ്പട്ടു ഞായറാഴ്ച മുതൽ നടത്തിവരുന്ന ഭഗവതിപ്പാട്ട് പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. കൊടിക്കുന്നു ഭഗവതിയ്ക്കാണ്‌ പാട്ടുൽസവം നടത്തുന്നത്. 
നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ മാണി മാധവചാക്യാർ വർഷങ്ങളോളം ഇവിടെ കൂത്തു നടത്തിയിരുന്നു

ചിത്രശാല[തിരുത്തുക]

ചാക്യാംകാവ് അയ്യപ്പക്ഷേത്രം പാലക്കാട് ജില്ല,,ചിനക്കത്തൂർ ഭഗവതിക്ഷേത്രം.











ചിനക്കത്തൂർ ഭഗവതിക്ഷേത്രം.

കേരളത്തിൽ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറം ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധവും പുരാതനവുമായ ഒരു ക്ഷേത്രമാണ് ചിനക്കത്തൂർ ഭഗവതിക്ഷേത്രം. മാതൃദേവതയായ ഭദ്രകാളി രണ്ട് വ്യത്യസ്ത ഭാവങ്ങളിൽ കുടിയിരിയ്ക്കുന്ന ക്ഷേത്രം, തെക്കോട്ട് ദർശനം വരുന്ന അപൂർവ്വക്ഷേത്രം, മൂന്ന് കൊടിമരങ്ങളുള്ള ക്ഷേത്രം തുടങ്ങി ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. അതിവിശാലമായ വളപ്പോടുകൂടിയ ഈ ക്ഷേത്രം ഒറ്റപ്പാലത്തുനിന്ന് 4 കിലോമീറ്റർ കിഴക്കുമാറി പാലക്കാട്ടേയ്ക്കുള്ള വഴിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ കുംഭമാസത്തിൽ നടക്കുന്ന പൂരമഹോത്സവംഅതിപ്രസിദ്ധമാണ്. പാലപ്പുറം ദേശത്തിന്റെ മഹോത്സവമായി ഇത് കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ ഉയരത്തിലും താഴ്ചയിലുമായി രണ്ട് നടകൾ കാണാം. ഇവ 'താഴത്തെക്കാവ്' എന്നും 'മുകളിലെക്കാവ്' എന്നും അറിയപ്പെടുന്നു. മലബാർ ദേവസ്വം ബോർഡിന്റെകീഴിലാണ് ഈ ക്ഷേത്രം.

ഐതിഹ്യം

സീതാന്വേഷണത്തിനായി ലങ്കയിലേയ്ക്ക് പോകുന്ന വഴിയിൽ ശ്രീരാമനും ലക്ഷ്മണനും യാത്ര ചെയ്ത് ക്ഷീണിച്ച് ഭാരതപ്പുഴയുടെതീരത്തെത്തി. ശ്രീധർമ്മശാസ്താവും ഭദ്രകാളിയും അവർക്കൊപ്പമുണ്ടായിരുന്നു. വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അന്വേഷിച്ചുവരാനായി ശ്രീരാമൻ ശാസ്താവിനോട് അപേക്ഷിച്ചു. ഉടനെ ശാസ്താവ് ഭദ്രകാളിയോടൊപ്പം സ്ഥലം നോക്കാൻ പുറപ്പെട്ടു. അവർ അങ്ങനെ തിരുവില്വാമലയിലെത്തി. വിശ്രമിയ്ക്കാൻ ഏറ്റവും അനുയോജ്യം അവിടമാണെന്ന് തോന്നിയ അവർ അവിടെത്തന്നെയിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും ശാസ്താവിനെയും ഭദ്രകാളിയെയും കാണാത്തതിൽ സംശയം പൂണ്ട ശ്രീരാമലക്ഷ്മണന്മാർ ഉടനെ അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവിൽ തിരുവില്വാമലയിലെത്തിയ അവർ ശാസ്താവിനെ കണ്ടെത്തി. ദേഷ്യപ്പെട്ട ശ്രീരാമൻ ശാസ്താവിനെ പുറംകാലുകൊണ്ട് ചവുട്ടിവീഴ്ത്തി. ചവുട്ടേറ്റ ശാസ്താവ് ചെന്നുവീണത് 50 അടി താഴെയുള്ള പടുകുഴിയിലാണ്. തിരുവില്വാമലയിലെ വില്വാദ്രിനാഥക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ കുണ്ടിലയ്യപ്പൻ അങ്ങനെയാണ് വന്നതെന്ന് പറയപ്പെടുന്നു.
ഈ സംഭവം കണ്ട ഭദ്രകാളി ഉടനെത്തന്നെ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ!' എന്നും നിലവിളിച്ചുകൊണ്ട് ഓടിപ്പുറപ്പെട്ടു. ശ്രീരാമനും ലക്ഷ്മണനും പിന്നാലെ ഓടി. എന്നാൽ, അധികം കഴിയും മുമ്പേ അവർ തിരിച്ചുവന്നു. ഭദ്രകാളി ഭാരതപ്പുഴ കടന്ന് മറുകരയിലെത്തി ഒരു സ്ഥലത്തെത്തിയപ്പോൾ ഓട്ടം നിർത്തി സ്വയംഭൂവായി അവതരിച്ചു. അവിടെയാണ് ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യം വടക്കോട്ടായിരുന്നു പ്രതിഷ്ഠയുടെ ദർശനം. പിന്നീട് സ്വയം തിരിഞ്ഞ് തെക്കോട്ടാകുകയായിരുന്നുവത്രേ!
ആര്യന്മാരുടെ വരവിനുമുമ്പ് ദ്രാവിഡരുടെ ആരാധനാമൂർത്തികളായിരുന്ന ശാസ്താവിനും ഭദ്രകാളിയ്ക്കുമുണ്ടായിരുന്ന സ്ഥാനം ആര്യന്മാരുടെ വരവോടെ നഷ്ടപ്പെട്ടതും പകരം ആര്യദേവതകൾ ആധിപത്യം സ്ഥാപിച്ചതുമാണ് ഈ കഥയുടെ പിന്നിൽ ചരിത്രകാരന്മാർ കാണുന്ന തത്ത്വം. ഭദ്രകാളി വിളിച്ചോടിയ 'അയ്യോ! എന്നെ കൊല്ലുന്നേ! രക്ഷിയ്ക്കണേ' എന്ന വാക്കുകൾ ഇന്നും കുംഭമാസത്തിലെ പൂരക്കാലത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേൾക്കാറുണ്ട്.

ചരിത്രം

കാവ് സങ്കല്പവുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാൽ ചിനക്കത്തൂർ ക്ഷേത്രം ആദിയിൽ ഒരു ദ്രാവിഡക്ഷേത്രമായിരുന്നിരിയ്ക്കാനാണ്സാദ്ധ്യത. ആദിയിൽ ദ്രാവിഡർ പൂജിച്ചിരുന്ന കാവിനെ പിന്നീട് ക്ഷേത്രമാക്കി മാറ്റിയതാകും. ക്ഷേത്രത്തിൽ താഴെയും മുകളിലുമായി കാണപ്പെടുന്ന ക്ഷേത്രങ്ങൾ ഇരുകൂട്ടരുടെയും ആരാധനാക്രമങ്ങളിലെ വ്യത്യാസം കാണിയ്ക്കുന്നു. താഴത്തെ ക്ഷേത്രം ആര്യവത്കരിയ്ക്കപ്പെട്ടപ്പോൾ പ്രതിഷേധമായി രൂപത്തോടുകൂടിയ ഒരു വിഗ്രഹം മുകളിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതാകാൻ സാദ്ധ്യത കാണുന്നുണ്ട്. ഇതിന് ഉപോദ്ബലകമായി താഴത്തെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത് നമ്പൂതിരിമാരും മുകളിലെ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ നടത്തുന്നത് നായന്മാരുമാണ്. മുകളിലെ ക്ഷേത്രത്തിൽ വളരെക്കാലം മുമ്പ് മൃഗബലി നടത്തിവന്നിരുന്നു. പിന്നീട് അത് നിർത്തലാക്കി.
വള്ളുവനാട് രാജ്യത്തിന്റെ പാരമ്പര്യവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. പറഞ്ഞുവരുന്ന കഥയനുസരിച്ച് തിരുനാവായ മണപ്പുറത്ത് പന്ത്രണ്ടുവർഷത്തിലൊരിയ്ക്കൽ നടന്നുവന്നിരുന്ന മാമാങ്കത്തിന്റെ സ്മരണ പുതുക്കലാണ് ചിനക്കത്തൂർ പൂരം. അതിന്റെ തെളിവായി ചില ചരിത്രവസ്തുതകളുമുണ്ട്. മാമാങ്കം തുടങ്ങിയിരുന്ന കുംഭമാസത്തിലെ മകം നാളിലാണ് ചിനക്കത്തൂർ പൂരം നടക്കുന്നത്. അവസാനത്തെ ചേരചക്രവർത്തി തന്റെ സ്ഥാനമാനങ്ങളെല്ലാം തന്റെ സാമന്തന്മാർക്ക് ഏൽപ്പിച്ചുപോയപ്പോൾ അദ്ദേഹം നടത്തിവന്ന മാമാങ്കത്തിന്റെ അവകാശം വള്ളുവനാട്ട് രാജാവിനാണ് കൊടുത്തത്. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ വള്ളുവനാട്ട് രാജാക്കന്മാർ വഹിച്ചുപോന്ന ഈ സ്ഥാനം പിന്നീട് സാമൂതിരി തട്ടിയെടുക്കുകയായിരുന്നു. ഇതുകാരണം, ഇരുകൂട്ടരും ബദ്ധശത്രുക്കളായി. അങ്ങനെയാണ് മാമാങ്കം ഒരു യുദ്ധമായി മാറിയത്. വില്ല്യം ലോഗന്റെ മലബാർ മാന്വലിൽ പറയുന്നതനുസരിച്ച് സാമൂതിരി അക്കാലത്ത് കേരളത്തെ മുഴുവൻ നിയന്ത്രിച്ചിരുന്നു. ആ സമയത്ത് സാമൂതിരിയുടെ അധീശത്വത്തെ നിരാകരിച്ച വള്ളുവനാട്ട് രാജ്യത്തെ നിരവധി പടയാളികൾ ചാവേറുകളാകാനായി പോയിരുന്നു. സാമൂതിരിയോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച വള്ളുവനാടൻ ചാവേറുകൾ നിരവധിയാണ്. ഇതിന്റെ സ്മരണയ്ക്കായി ചിനക്കത്തൂർ പൂരത്തിന് കുതിരകളി നടത്തിവരുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കുതിരയ്ക്ക് 'സാമൂതിരി' അഥവാ 'പാണ്ടക്കുതിര' എന്നാണ് പേരിട്ടിരിയ്ക്കുന്നത്. ഈ കുതിരയാണ് ബാക്കി യുദ്ധം മുഴുവൻ നിയന്ത്രിയ്ക്കുന്നത്. കൊച്ചി രാജാവ്തിരുവിതാംകൂർ രാജാവ് എന്നിങ്ങനെ വേറെയും കുതിരകളുണ്ട്.
ക്ഷേത്രം ആദ്യം ഊരാളന്മാരുടെ വകയായിരുന്നു. ഏറന്നൂർ മന എന്ന ബ്രാഹ്മണകുടുംബവും, ഒരേ കുടുംബത്തിന്റെ നാലുശാഖകളായ വടക്കേവീട്ടിൽ, കിഴക്കേവീട്ടിൽ, പടിഞ്ഞാറേവീട്ടിൽ, തെക്കേവീട്ടിൽ എന്നീ നായർ കുടുംബങ്ങളുമാണ് ക്ഷേത്രഭരണം നോക്കിയിരുന്നത്. പിന്നീട്, 1988-ൽ ക്ഷേത്രഭരണം ഹിന്ദുമത ധർമ്മകേന്ദ്രം (എച്ച്.ആർ.&സി.ഇ.) ഏറ്റെടുത്തു. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇപ്പോൾ, മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് ചിനക്കത്തൂർ ദേവസ്വം. എക്സിക്യൂട്ടീവ് ഓഫീസറാണ് ക്ഷേത്രകാര്യങ്ങൾ നോക്കുന്നത്.

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

പാലപ്പുറം ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ മുന്നിലൂടെ പാലക്കാട്-പൊന്നാനി പാത കടന്നുപോകുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഇരുവശത്തേയ്ക്കുമായി ബസ് സ്റ്റോപ്പുകളുണ്ട്. അതിവിശാലമായ ക്ഷേത്രവളപ്പിൽ നിറയെ മരങ്ങൾ തഴച്ചുവളർന്നുനിൽക്കുന്നു. കിഴക്കുഭാഗത്ത് വാഹനപാർക്കിങ് സൗകര്യം ഏർപ്പെടുത്തിരിയ്ക്കുന്നു. റോഡിനോടുചേർന്ന് തോൽപ്പാവക്കൂത്ത് മണ്ഡപമുണ്ട്. കേരളത്തിലെ ദേവീക്ഷേത്രങ്ങളിൽ നടത്തിവരാറുള്ള ഒരു അനുഷ്ഠാനകലാരൂപമാണ് തോൽപ്പാവക്കൂത്ത്. ഭദ്രകാളി ദാരുകൻ എന്ന അസുരനെ വധിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ കലാരൂപത്തിന്റെ ഐതിഹ്യം. അരണ്ട വെളിച്ചത്തിൽ പാവകളുടെ നിഴലുകൾ വച്ചുനടത്തുന്ന ഈ കലാരൂപം അത്യാകർഷകമാണ്. തെക്കുപടിഞ്ഞാറായി ദേവസ്വം ഓഫീസ് കെട്ടിടം കാണാം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 'ബി' ഗ്രേഡ് ദേവസ്വമാണ് ചിനക്കത്തൂർ ദേവസ്വം. ഇതിനടുത്താണ് വഴിപാട് കൗണ്ടറുകളുള്ളത്. വഴിപാടിനത്തിലാണ് ക്ഷേത്രത്തിലെ പ്രധാന വരുമാനം. നിരവധി വഴിപാടുകൾ ഈ ക്ഷേത്രത്തിൽ നടത്താറുണ്ട്.
മൂന്ന് കൊടിമരങ്ങളോടുകൂടിയ അപൂർവ്വക്ഷേത്രമാണ് ചിനക്കത്തൂർ ക്ഷേത്രം. ഇവയിൽ രണ്ടെണ്ണം ക്ഷേത്രവളപ്പിൽ തന്നെയാണുള്ളത്. ദേവീവാഹനമായ വേതാളത്തെ ശിരസ്സിലേറ്റുന്ന രണ്ട് കൊടിമരങ്ങളും പ്രതിഷ്ഠിച്ചിട്ട് അധികകാലമായിട്ടില്ല. ആദ്യമുണ്ടായിരുന്നത് ചെമ്പുകൊടിമരങ്ങളാണ്. കാലപ്പഴക്കം കൊണ്ട് അവ ജീർണ്ണിച്ചപ്പോൾ സ്വർണ്ണക്കൊടിമരങ്ങളാക്കുകയായിരുന്നു. കൊടിമരങ്ങളോടുചേർന്ന് നടപ്പുര പണിതിരിയ്ക്കുന്നു. ഇവയിൽ, പടിഞ്ഞാറുഭാഗത്തെ കൊടിമരത്തിന് തൊട്ടടുത്താണ് ഭഗവതിയുടെ ശ്രീമൂലസ്ഥാനം. ഇവിടെയാണ് ഭഗവതി ആദ്യം കുടികൊണ്ടതെന്ന കഥയാണ് ഇതിനെ ശ്രീമൂലസ്ഥാനമാക്കിയത്. പിന്നെയാണത്രേ രണ്ട് അമ്പലങ്ങളും പണിതത്. ഇതിനടുത്ത് ചെരുപ്പ് കൗണ്ടറുകൾ കാണാം. ഇവ കടന്ന് പടികളിറങ്ങി താഴത്തെക്കാവിലെത്താം. അവിടെയാണ് മൂന്നാമത്തെ കൊടിമരം. ഇത് കരിങ്കൽക്കൊടിമരമാണ്. കാലപ്പഴക്കത്തെ അതിജീവിച്ച് ഇത് ഇന്നും നിലനിൽക്കുന്നു.
പടിഞ്ഞാറുഭാഗത്ത് വിശേഷിച്ചൊന്നും തന്നെ കാണാനില്ല. വടക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം കാണാം. ഏറെ മനോഹരമായ ഈ ക്ഷേത്രക്കുളം ആരുടെയും മനസ്സിനെ ആകർഷിയ്ക്കും. ശാന്തിക്കാരും ഭക്തരും ഈ കുളത്തിൽ കുളിച്ചാണ് ക്ഷേത്രദർശനം നടത്തുന്നത്. കിഴക്കുഭാഗത്ത് ഉയരത്തിലാണ് മേലേക്കാവ് ക്ഷേത്രം. ഇതിന് തൊട്ടപ്പുറത്ത് ഒരു ഗണപതിക്ഷേത്രമുണ്ട്. വിദ്യാഗണപതിയാണ് ഇവിടെ പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന അപൂർവ്വഗണപതിയാണിത്. അതിനാൽ, സവിശേഷപ്രാധാന്യം ഈ പ്രതിഷ്ഠയ്ക്കുണ്ട്. ഗണപതിയ്ക്ക് പ്രത്യേകം തിടപ്പള്ളിയും ഹോമപ്പുരയുമുണ്ട്. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥിയാണ് ഗണപതിയുടെ വിശേഷദിവസം.

ശ്രീകോവിലുകൾ

ക്ഷേത്രത്തിൽ താഴത്തും മുകളിലുമായി രണ്ട് ശ്രീകോവിലുകളുണ്ട്. രണ്ടും ചതുരാകൃതിയിൽ തീർത്തതും താരതമ്യേന ചെറുതുമാണ്. രണ്ടിനും ഓരോ മുറിയേയുള്ളൂ. താഴത്തെക്കാവിലെ ശ്രീകോവിൽ തറനിരപ്പിൽ നിന്ന് താഴെയായാണ് കിടക്കുന്നത്. അതിനാൽ, സോപ്പാനപ്പടികൾ പണിതിട്ടില്ല. ഒരടിയോളം ഉയരം വരുന്ന ശിവലിംഗരൂപത്തിലുള്ള സ്വയംഭൂവായ വിഗ്രഹം തെക്കോട്ട് ദർശനമായി ശ്രീലകത്ത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സ്വയംഭൂവിഗ്രഹമായതിനാൽ, വിഗ്രഹത്തിൽ ചെത്തിമിനുക്കലൊന്നും നടത്തിയിട്ടില്ല. വിഗ്രഹത്തിന് സ്വർണ്ണഗോളകയും പ്രഭാമണ്ഡലവും ചാർത്തിയിട്ടുണ്ട്. അവ അഴിച്ചുമാറ്റാറില്ല. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ താഴത്തെക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.
മേലേക്കാവിലെ ശ്രീകോവിലിൽ ഉഗ്രഭാവത്തോടുകൂടിയ ഭദ്രകാളിയായാണ് പ്രതിഷ്ഠാസങ്കല്പം. താരതമ്യേന പുതിയ ശ്രീകോവിലാണിത്. ചെമ്പുമേഞ്ഞ ഈ ശ്രീകോവിലിൽ നാലടിയോളം ഉയരം വരുന്ന, ചതുർബാഹുവായ ഭദ്രകാളിവിഗ്രഹമാണുള്ളത്. പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ ദാരുകരക്തം ശേഖരിച്ചുവയ്ക്കാനുള്ള കൈവട്ടകയും ധരിച്ച ഭഗവതി ദാരുകവധത്തിനുശേഷം രൗദ്രമടങ്ങാത്ത ഭാവത്തിലാണ്. മണ്ണുകൊണ്ടുള്ള വിഗ്രഹമായിരുന്നു ആദ്യമുണ്ടായിരുന്നത്. 1954-ൽ അതു മാറ്റി ഇപ്പോഴുള്ള വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയായിരുന്നു. ഇപ്പോൾ ഈ വിഗ്രഹത്തിനും സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ ആവാഹിച്ചുകൊണ്ട് ശ്രീ ചിനക്കത്തൂർ മേലേക്കാവിലമ്മ ശ്രീലകത്ത് വാഴുന്നു.
ഇരുശ്രീകോവിലുകളും ചുവർചിത്രങ്ങൾ കൊണ്ടോ ദാരുശില്പങ്ങൾ കൊണ്ടോ അലംകൃതമല്ല. തികച്ചും ലളിതമായ നിർമ്മിതികളാണ് രണ്ടും.

നാലമ്പലം

താഴത്തെക്കാവ് ക്ഷേത്രത്തിൽ ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിട്ടുണ്ട്. ചെമ്പുമേഞ്ഞതാണ് നാലമ്പലവും. വിശേഷിച്ചൊന്നും തന്നെ നാലമ്പലത്തിൽ കാണാനില്ല. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറുമുണ്ട്. ശ്രീകോവിലിനെച്ചുറ്റി അകത്തെ ബലിവട്ടമുണ്ട്

കരിമ്പുഴ ബ്രഹ്മീശ്വരൻ ക്ഷേത്രം



കരിമ്പുഴ ബ്രഹ്മീശ്വരൻ ക്ഷേത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ശിവക്ഷേത്രമാണ് ബ്രഹ്മീശ്വരൻ ക്ഷേത്രം. പാലക്കാട് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള കരിമ്പുഴ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്

ബ്രഹ്മീശ്വരം ശിവക്ഷേത്രം

ഈ പഴയ ക്ഷേത്രം 2001 വരെ ഒരുപാടു നാളായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കരിമ്പുഴയിൽ തറവാട് ഉള്ള ചാലപ്പുറത്ത് എന്ന ഒരു നായർ കുടുംബം ഈ ക്ഷേത്രത്തിലെ പരമശിവന് വഴിപാടു കഴിക്കുവാൻ എത്തി. ചാലപ്പുറത്തു കുടുംബം ഈ ക്ഷേത്രം പുതുക്കി പണിതു. മൂന്നുവർഷം കൊണ്ടാണ് പുനരുദ്ധാരണം പൂർത്തിയായത്. ഈ കുടുംബത്തിൽ നിന്നുള്ള വ്യവസായിയായ ബി.ജി. മേനോനും പ്രശസ്ത സിനിമാ നടനായിരുന്ന യശഃശരീരനായ രവി മേനോനും ഈ പുനരുദ്ധാരണത്തിന് ചുക്കാൻ പിടിച്ചു.

പുരാതന ജൈന സ്തൂപമാണ് കട്ടിൽമാടം. പാലക്കാട്



പുരാതന ജൈന സ്തൂപമാണ് കട്ടിൽമാടം.  പാലക്കാട് 


പാലക്കാട് ജില്ലയിലെ നഗലശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന ജൈന സ്തൂപമാണ് കട്ടിൽമാടംപട്ടാമ്പി - ഗുരുവായൂർറൂട്ടിൽ കൂട്ടുപാതക്കടുത്തായി കാണപ്പെടുന്ന ജൈന മതത്തിന്റെ അവശേഷിപ്പ് ആണിത്. ഇത്‌ "കട്ടിൽ മാടം" എന്ന പേരിൽ അറിയപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിലോ പത്താം നൂറ്റാണ്ടിന്റെ പ്രാരംഭഘട്ടത്തിലോ ആണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. പട്ടാമ്പി - ഗുരുവായൂർ റോഡിൽ, പട്ടാമ്പിയിൽ നിന്നും 5 കി.മി. അകലെ ആയി കൂട്ടുപാതയിൽ സ്ഥിതി ചെയ്യുന്ന ഈ ജൈന ക്ഷേത്രത്തിന്റെ നിർമ്മാണ രീതി പുരാത ദ്രാവിഡ നിർമ്മാണ കലയോട്‌ സാമ്യം പുലർത്തുന്നുണ്ട്‌. പൂർണ്ണമായും കരിങ്കല്ലിൽ നിർമ്മിച്ച ഈ കെട്ടിടം പാണ്ഡ്യചോള രാജ വംശങ്ങളുടെ നിർമ്മാണ കലയുടെ ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു. കേരള സർക്കാർ 1976 ജനുവരി 6 ന് ഇത്‌ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ട്‌.