- തിരുവേഗപ്പുറ ശ്രീമഹാക്ഷേത്രം
- പാലക്കാട് ജില്ലയിൽ പട്ടാമ്പിയ്ക്കടുത്തുള്ള തിരുവേഗപ്പുറയിൽ, ഭാരതപ്പുഴയുടെപോഷകനദിയായ തൂതപ്പുഴയുടെ തീരത്ത് കാണപ്പെടുന്ന അതിപ്രസിദ്ധമായ ഒരു മഹാക്ഷേത്രമാണ് തിരുവേഗപ്പുറ ശ്രീ ശിവ-വിഷ്ണു-ശങ്കരനാരായണക്ഷേത്രം. പരമശിവൻ, പാർവ്വതീദേവി, മഹാവിഷ്ണു, ശങ്കരനാരായണൻ എന്നിവർ പ്രധാനമൂർത്തികളായി കുടികൊള്ളുന്ന ഈ പുണ്യസങ്കേതം, തന്മൂലം തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിന് തുല്യമാകുന്നു. എന്നാൽ, വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് വ്യത്യസ്തമായി ഇവിടെ മൂന്നുതരം ശ്രീകോവിലുകളും (ശിവന്റെയും പാർവ്വതിയുടെയും ശ്രീകോവിൽ ഒന്നാണ്), മൂന്നു കൊടിമരങ്ങളും പ്രതിഷ്ഠകൾക്കുണ്ട്. തൂതപ്പുഴയുടെ കിഴക്കേ തീരത്ത് കിഴക്കോട്ട് ദർശനമായാണ് ക്ഷേത്രം പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ളത്. പാലക്കാട്-മലപ്പുറം ജില്ലകളുടെഅതിർത്തിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വളാഞ്ചേരിയിൽ നിന്ന് ഇവിടേയ്ക്ക് അഞ്ച് കിലോമീറ്ററേയുള്ളൂ. ക്ഷേത്രവളപ്പിൽ കൂത്തമ്പലവും ഊട്ടുപുരയുമുണ്ട്. ഇത് ക്ഷേത്രത്തിന് മാറ്റുകൂട്ടുന്നു. ഗണപതി, ദക്ഷിണാമൂർത്തി, ത്രിപുരാന്തകൻ, വേട്ടയ്ക്കൊരുമകൻ, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ.
പ്രധാന വിശേഷങ്ങൾ
ക്ഷേത്രത്തിലെ പ്രധാന വിശേഷമായ ഉത്സവം കുംഭമാസത്തിലെ ഉത്രട്ടാതിനാളിൽ കൊടികയറുന്നു. എട്ടുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തൂതപ്പുഴയിൽ ആറാട്ടോടെ സമാപിയ്ക്കുന്നു. മഹാശിവരാത്രി, വൃശ്ചിക മാസത്തിലെ അഷ്ടമി, തുടങ്ങിയ ദിവസങ്ങളും പ്രധാനമാണ്. മേടമാസത്തിലെ മുപ്പട്ടു ഞായറാഴ്ച മുതൽ നടത്തിവരുന്ന ഭഗവതിപ്പാട്ട് പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. കൊടിക്കുന്നു ഭഗവതിയ്ക്കാണ് പാട്ടുൽസവം നടത്തുന്നത്.
നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ മാണി മാധവചാക്യാർ വർഷങ്ങളോളം ഇവിടെ കൂത്തു നടത്തിയിരുന്നു