2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

നമ്മുടെ നാടിനു ഭാരതം എന്ന പേര് വന്നത് എങ്ങനെ




നമ്മുടെ നാടിനു ഭാരതം എന്ന പേര് വന്നത് എങ്ങനെ*
============================================
പേജിൽ വന്ന സംശയം ആകുന്നു കുറെ ഏറെ ആൾക്കാർക്ക് സംശയം ഉള്ളൊരു വിഷയം ആകുന്നു ഇത്.
കാരണം നമ്മുടെ മത ഗ്രന്ഥം പഠിക്കുന്ന കാര്യത്തിൽ ഹിന്ദുക്കൾ വളരെ ഏറെ മുന്നിൽ ആയതു തന്നെ കാരണം.
ഭാരതം എന്ന പേര് വരുന്നതിനു മുൻപ് ആദ്യം ജംബുദ്വീപം എന്നും അജനാഭം എന്നും ഇളാവൃതം എന്നൊക്കെ ആയിരുന്നു നമ്മുടെ നാടിന്റെ നാമങ്ങൾ
ഭാരതീയ ചരിത്ര ശാസ്ത്ര പ്രകാരം ഭൂലോകത്തിൽ ഏഴ് ദ്വീപങ്ങളാണ്.
1 . ജംബുദ്വീപം
2 . ക്രൗഞ്ച ദ്വീപം
3 .ശാല്മല ദ്വീപം
4 . ശാക ദ്വീപം
5 . കുശദ്വീപം
6 . പുഷ്കര ദ്വീപം
7 . പ്ലക്ഷ ദ്വീപം
മുതലായവയാണ് സപ്ത ദ്വീപങ്ങൾ.
ജംബൂക ഫലത്തിൻറെ (ജാംബയ്ക്കയുടെ) ആകൃതിയായതിനാലാണ് ഏഷ്യാ ഭൂഖണ്ഡത്തിന് ജംബു ദ്വീപം എന്ന് പേര് വീണത്.
ഇന്നത്തെ ലഭ്യമായ തെളിവുകൾ അനുസരിച്ച് ഏതാണ്ട് നാലായിരം വർഷങ്ങളായി നമ്മുടെ പുരോഹിതൻമാര് യാഗങ്ങൾ
മഹാ പൂജകൾ മുതലായവ നടക്കുമ്പോൾ ചൊല്ലിവരുന്ന ഒരു മന്ത്രത്തിന്റെ ഒരു ഭാഗത്ത് ജംബുദ്വീപം എന്ന പ്രയോഗം ഉപയോഗിക്കുന്നുണ്ട്.
ജംബുദ്വീപത്തിൽ ഒൻപത് വർഷങ്ങൾ ആയിരുന്നുവത്രേ ഉണ്ടായിരുന്നത്.
1 .ഭാരത വർഷം
2 .കേതു വർഷം
3 .ഹരി വർഷം
4 .ഇളാവൃത വർഷം
5 .കുരു വർഷം
6 .ഹിരണ്യക വർഷം
7 .രമ്യക വർഷം
8 .കിമ്പുരുഷ വർഷം
9 .ഭദ്രസ്വ വർഷം
മുതലായവയാണ് ജംബുദ്വീപത്തിലെ വർഷങ്ങൾ.
അതിലെ ഭാരത വർഷത്തിൽ ആറ് ഖണ്ഡങ്ങളാണുണ്ടായിരുന്നത്.
1 .ഭാരത ഖണ്ഡം
2 .ഈജിപ്ത്
3 .പേർഷ്യൻ ഖണ്ഡം
4 .സുമേരിയൻ ഖണ്ഡം
5 .ഗാന്ധാര ഖണ്ഡം
6 .കാശ്യപ ഖണ്ഡം
മുതലായ ആറ് ഖണ്ഡങ്ങൾ.
ഭാരതഖണ്ഡത്തിലാകട്ടെഏറ്റവും ചുരുങ്ങിയത് ആറ് വീതം രാജ്യങ്ങൾ ഉൾപ്പെടുന്ന അമ്പത്തിയാറ് മഹാരാജ്യങ്ങൾ ഉണ്ടായിരുന്നു.
ഇവയിൽ നിന്ന് ഏതാണ്ട് പതിനാല് മഹാ രാജ്യങ്ങൾ ഭാരതഖണ്ഡത്തിൽ നിന്ന് വേർ പിരിഞ്ഞു പോവുകയും, അങ്ങിനെ ഇന്നത്തെ അറിവനുസരിച്ച് ഭാരത വർഷം ഇല്ലാതായത് പോലെ ((ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ്)) ഭാരതഖണ്ഡവും 1947 ന് പിറകിൽ ഏകദേശം ആയിരം വർഷങ്ങളിലൂടെ ഇല്ലാതാവുകയാണ് ചെയ്തത്.
അവശേഷിക്കുന്ന നാല്പത്തിരണ്ട് മഹാരാജ്യങ്ങൾ ചേർന്ന് നില്ക്കുന്ന പ്രദേശത്തേയാണ് ഭാരതം എന്ന് ഇന്ന് അറിയപ്പെടുന്നത്.
ജംബുദ്വീപത്തിലാകവേവ്യാപരിച്ചു ജീവിച്ചിരുന്ന ഹൈന്ദവർ പ്രതികൂലമായ സാമൂഹ്യ പ്രാകൃതിക സാഹചര്യങ്ങളിൽ ആദ്യം
ഭാരത വർഷത്തിലേ ക്കും പിന്നീട് ഭാരത ഖണ്ഡത്തിലേക്കും ചുരുങ്ങുകയും വീണ്ടും ഭാരതത്തിൻറെ നാലതിരുകൾ ക്കകത്തേക്ക് തിരിച്ചു വരികയും ചെയ്യുകയാണ് ചെയ്തത് എന്നതാണ് സത്യം. ഈ വസ്തുതയെ പ്രകടമായിത്തെളിയിക്കുന്നതിനാവശ്യമായ അനവധി കാര്യങ്ങൾ നമ്മളാൽ ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്....
അജനാഭം
അജനാഭം നാമൈതദ്വര്‍ഷം ഭാരതം ഇതി യത ആരഭ്യ വ്യപദിശന്തി [ഭാഗവതം 5.7.3] അജനാഭം (നാഭി എന്ന രാജവിന്റെ പേരില്‍: ഭാഗവതം 5.3) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം (ഭരതന്റെ ഭരണത്തിനുശേഷം) ഭാരതവര്‍ഷം എന്ന് വിളിക്കപ്പെട്ടു. ..
മഹാഭാരതത്തിലെ ഭരതന്‍ ചന്ദ്രവംശജനായ അത്രിയുടെ കുലത്തില്‍ ജനിച്ച ദുഷ്യന്തന്റെയും ശകുന്തളയുടെയും മകന്‍ ആണ്. മഹാഭാരതം ആദി പര്‍വത്തില്‍ ഭരതനെക്കുറിച്ച് പറയുന്നുണ്ട്: ഭൂമിമുഴുവന്‍ കീഴടക്കിയ ആദ്യത്തെ ചക്രവര്‍ത്തി/സാര്‍വഭൌമന്‍ എന്ന്.
ഇളാവൃതം
****************
ഒരിക്കൽ ശിവ-പാര്‍വ്വതിമാരുടെ പ്രേമ സല്ലാപത്തിന്റെ ഇടയിൽ ശിവസ്തുതി ഗീതം പാടിക്കൊണ്ട് കുറെ ഋഷിമാര്‍ വനത്തില്‍ കടന്നു വന്നു. . ഓര്‍ക്കാപ്പുറത്തു വന്നു കയറിയതില്‍ പാർവതി നാണിച്ചു , മുനിമാര്‍ സ്തുതി പാടുന്നത് നിർത്തി ദേവനോട് സങ്കടം ഉണർത്തിച്ചു തിരികെ പോയപ്പോൾ പാർവതി മഹാദേവനോട് പറഞ്ഞു ഇനി ഒരിക്കലും നമ്മുടെ പ്രേമ സല്ലാപങ്ങൾക്കു ഭംഗം വരാതെ ഇരിക്കാൻ മാർഗം കാണണം എന്ന് ദേവിയുടെ ആജ്ഞ പ്രകാരം
അപേക്ഷ അതേപടി സ്വീകരിച്ച്, പരമേശ്വരന്‍ ഇങ്ങനെ പ്രഖ്യാപിച്ചു. “ഈ നിമിഷം മുതല്‍ ഈ വനത്തില്‍ പ്രവേശിക്കുന്ന പുരുഷന്മാരെല്ലാം സ്ത്രീകളായി മാറട്ടെ.!!”
വൈവസ്വതമനുവിന്‍റെ പുത്രന്‍ സുദ്യുമ്നന്‍, ഇളയായി മാറി ബുധനെ വരിച്ച് പുരുരവസ്സിന് ജന്മം നല്‍കാന്‍ ഇടയാക്കിയത് “ഇളാവൃതം” എന്ന ഈ വനത്തിലെക്കുള്ള പ്രവേശനമായിരുന്നു എന്നു കഥ. ഇന്നത്തെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ മറ്റൊരു പ്രതിഭാസം..!
ഇങ്ങനെ നിരവധി കഥകളിലൂടെ നമ്മുടെ നാടിനു പല പേരുകൾ ഉണ്ടായിരുന്നു ...

നാഗ യക്ഷിയും നാഗയക്ഷിണിയും



നാഗ യക്ഷിയും നാഗയക്ഷിണിയും
അനാദി കാലം മുതൽ തന്നെ നാഗാരാധനയുമായി ബന്ധം ഉള്ള ഒരു പ്രദേശം കേരളം ശാസ്ത്രീയമായോ ആശാസ്ത്രീയമായോ കേരളീയർ നാഗാരാധനയുമായി ബന്ധമുള്ളവർ ആണ് കേരളോത്പത്തിയുമായി ബന്ധപെട്ടു തന്നെ നാഗത്തിന്റെ കഥ നിലനിൽക്കുന്നു .മാത്രവുമല്ല ഹിന്ദുവിന്റെ ഏതു ആചാരങ്ങൾ നോക്കിയാലും നാഗത്തിന്റെ പ്രത്യക്ഷമായോ പരോക്ഷമായോ നാഗാരാധനയുടെ കണങ്ങൾ കാണാം നമുക് .തറവാടുകളിൽ കാവുകളിൽ നാഗയക്ഷിയും നാഗരാജാവും കരിനാഗവും മണിനാഗവും .ആയില്യപൂജയും നൂറുംപാലും സർപ്പബലിയും നാഗബലിയും അഷ്ടനാഗബലിയും നാഗരൂട്ടും പട്ടും നൂറും സമർപ്പണവും .കുന്നതാര് കൊടുക്കലും കളമെഴുത്തും പാട്ടും ഇങ്ങനെ നീളുന്നു നമ്മുടെ ആചാരങ്ങളിൽ സർപ്പ ആരാധനയുടെ ബന്ധം .സർപ്പങ്ങൾ നമുക് ബാഹ്യവും ആന്തരികവുമായി ഗുണങ്ങൾ തരുന്ന ദേവതയാണ് .കുണ്ഡലിനി പാട്ടുകളിലും തോറ്റങ്ങളിലും കുണ്ഡലിനിയിലെ ശക്തിയെ പെൺ സർപ്പമായി ഭാവനചെയ്താണ് ആരാധിക്കുന്നത് .ബാഹ്യാരാധനയിൽ സർപ്പങ്ങൾ നമുക് കാവൽ ദൈവങ്ങൾ ആണ് മണ്ണും സ്വത്തും ജീവനും പ്രകൃതി തുടങ്ങിയ അനവധി അനവധി ജീവിത കണികകളെ സംരക്ഷിക്കുന്ന സംരക്ഷകർ .(ഇതിനെ കുറിച്ച് പിന്നെ പറയാം) .ഇത്രയും പറയാനുള്ള കാരണം .ഇന്ന് കാലത്തു scientific institute of Tantric heritage ന്റെ സുഹുര്ത് ഇൻബോക്സിൽ കുറച്ചു സമയം നാഗ വിഷയമായി സംസാരിക്ക ഉണ്ടായി .നമ്മുടെ ഫേസ്ബുക് ഇന്റർനെറ്റ് തന്ത്ര മന്ത്ര പഠനം നടത്തുന്ന ചില തട്ടിപ്പുകൾ വളരെ വ്യക്തമായി മനസിലാക്കാൻ പറ്റി .
സംസാരിച്ച വിഷയം ...നാഗിനി സാധന എന്നാൽ എന്താണ് എന്ന് അദ്ദേഹം അറിയാൻ വേണ്ടി ചോദിക്ക ഉണ്ടായി
സത്യത്തിൽ നാഗിനി എന്നത് ശാസ്ത്രീയമല്ലാത്ത ഒരു സങ്കൽപം ആകുന്നു സിനിമാക്കാർ സീരിയൽ കാർ ഉണ്ടാക്കിയ പേര് .
അദ്ദേഹം അപ്പോൾ അദ്ദേഹത്തിനുണ്ടായ അനുഭവം പറയുക ഉണ്ടായി. ഒരു ഫേസ്ബുക് പേജിൽ നാഗിനി സാധന എന്ന് പറഞ്ഞു കൊണ്ട് ദീക്ഷ കൊടുക്കുന്ന ഒരു വിഭാഗം ആള്കാര് .കൊടുക്കുന്ന മന്ത്രം അദ്ദേഹം എനിക്ക് അയച്ചു തന്നു .മന്ത്ര ശാസ്ത്ര പ്രകാരം പുരുഷ മന്ത്രം .സ്ത്രീ മന്ത്രം എന്നാണ് പറയാറ് .അതായത് മന്ത്രം സൃഷ്ടിക്കുമ്പോൾ അക്ഷരങ്ങൾ ചേർക്കുന്നത് പുരുഷ സ്ത്രീ നപുംസക അക്ഷരങ്ങൾ ചേർത്താണ് .പുരുഷാക്ഷരം അധികമുള്ള മന്ത്രം പുരുഷ മന്ത്രവും സ്ത്രീ അക്ഷരം കൂടുതൽ ഉള്ള മന്ത്രം സ്ത്രീ മന്ത്രവും ആകുന്നു ബാക്കിയുള്ള അക്ഷരം(ചില്ല് തുടങ്ങിയവ) നപുംസക അക്ഷരം ആകുന്നു .നപുംസക അക്ഷരം തനിയെ നിന്നും കൊണ്ട് ഒരു മന്ത്രത്തെ സൃഷ്ടിക്കാൻ കഴിയില്ല പുരുഷ .സ്ത്രീ അക്ഷരങ്ങളുടെ കൂടെ നിൽക്കാനേ കഴിയു .ഇദ്ദേഹത്തിന് ഇവിടെ കിട്ടിയ മന്ത്രം "പുഹ്" ഇത് നപുംസക ബീജമാണ് ഇങ്ങനെ ഒരു മന്ത്രം ഉണ്ടാകില്ല ഇത് ശുദ്ധ അസംബന്ധം ആകുന്നു .
ഇനി എന്താണ് ഈ സാധന എന്ന് താന്ത്രിക വീക്ഷണം നോക്കാം ...
അഷ്ട നാഗ സങ്കൽപം നോക്കാം
അഷ്ടനാഗങ്ങൾ
1. വാസുകി
2. തക്ഷകൻ
3. കാർക്കോടകൻ
4. ശംഖൻ
5. ഗുളികൻ
6. പത്മൻ
7. മഹാപത്മൻ
8. അനന്തൻ
എന്നിവരാണ് അതായത് അറുപത്തി നാല് ശാക്ത നാഗങ്ങളിലും .അൻപത്തി നാല് വൈഷ്ണവ നാഗങ്ങളിലും .തൊണ്ണൂറ്റി ആറു ശൈവ സർപ്പങ്ങളിൽ വച്ച് മുഖ്യമായ എട്ടെണ്ണം താന്ത്രിക സങ്കൽപം അനുസരിച്ചു ഒരു പുരുഷ ദേവതയ്ക് നിർബന്ധമായും ശക്തി അഥവാ സ്ത്രീ സങ്കൽപം ഉണ്ടാകും. ഇവിടെ
1.വാസുകി മുഖി
2.തക്ഷക മുഖി
3.കാർക്കോടക മുഖി
4.ശംഖ മുഖി
5ഗുളികമുഖി
6.പദ്മ മുഖി
7.മഹാ പദ്മ മുഖി
8.അനന്ത മുഖി എന്നാണ്
പ്രധാനപ്പെട്ട ഗ്രന്ഥം "സർപ്പ രാജ തന്ത്രം. "സർപ്പ കല്പം" നാഗ പദ്ധതി" തക്ഷക കല്പം .വാസുകി തന്ത്രം തുടങ്ങിയവയാണ് .ഈ ദേവതകളെ ആണ് നാഗിനി എന്ന് പറഞ്ഞു കൊണ്ട് ദീക്ഷ കൊടുക്കുന്നത് .ഇവർ അർദ്ധ ദേവതകൾ അല്ല പൂർണ്ണ ദേവതകൾ തന്നെ ആണ്
നാഗിനി എന്നാൽ ഒരുതരം അപ്സരസുകൾ പോലെ ഉള്ള ആളുകൾ ആണെന്നും അവരുടെ സാധന എല്ലാ കാമവാസനകൾക്കു ഉപയുക്തമാണെന്നു പറഞ്ഞു കൊണ്ടാണ് ഇത്തരം ആൾകാർ മന്ത്രം ഫേസ്ബുക്കിൽ വിൽക്കുന്നത് .മറ്റൊരു വാദം നോക്കാം ...ഇവർ നാഗ കന്യകൾ ആണന്നു പറയുന്നു ..നമ്മുടെ നാട്ടിൽ പണ്ട് ഒരു ആചാരം നിലനിന്നിരുന്നു സർപ്പാരാധന ഉള്ള വീടുകളിൽ ഒരു പെൺകുട്ടി കന്യക ആയി ഇരിക്കണം എന്ന് .അത് പോലെ ഉള്ള കന്യക സങ്കല്പങ്ങൾക്കു മന്ത്രം ന്യാസം ധ്യാനം ഋഷി ഛന്ദസ് കൊടുക്കാൻ മാത്രം അറിവില്ലാത്തവർ ആണോ നമ്മുടെ ഋഷിമാർ ..നാഗ കന്യക സങ്കൽപം ദേശാചാര സങ്കല്പ്പം ആക്കുന്നു ഇവയ്ക്കു താന്ത്രിക പ്രമാണവുമായി ബന്ധമില്ല .ഇത് പറയാനുള്ള കാരണം ഇത് പോലെ ഇന്റർനെറ്റിലൂടെയും ഫേസ്ബുക്കിലൂടെയും മന്ത്രം വിൽക്കുന്നവർ അനവധി ഉണ്ട് സ്വയം ഋഷിമാർ ആയി മന്ത്രങ്ങൾ സൃഷ്ടിച്ചു അയ്യായിരത്തിനും പത്തായിരത്തിനും വിൽക്കുന്നവർ അനവധി ഉണ്ട് .മന്ത്ര വിധിയില്ലാതെ ജപം ചെയ്‌താൽ ഗുണത്തേക്കാൾ ഏറെ ദോഷം തന്നെയാ ..ഇത് കൊണ്ട് തന്നയാണ് ഞങ്ങൾ പറയുന്നത് നല്ല ഗുരുവിൽ നിന്ന് പ്രാമാണികമായി മന്ത്ര വിധികൾ പഠിക്കുക ...കാരണം നപുംസക മന്ത്രങ്ങൾ .അടിസ്ഥാനമില്ലാത്ത മന്ത്രങ്ങൾ ജപിക്കുന്നത് ഹാനികരം ആകുന്നു ....
"മന്ത്ര വിധി വിനാ ജപേതഃ
സർവത്ര വൃഥാ ഭവേത് "

2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

തിരുവങ്ങാട്ക്ഷേത്രം, തലശ്ശേരി,കണ്ണൂർ




 
തിരുവങ്ങാട്ക്ഷേത്രം, തലശ്ശേരി,കണ്ണൂർ
ടിപ്പുവിന്റെ ആക്രമണത്തിനിരയായ ക്ഷേത്രങ്ങളിലൊന്ന് '

തലശ്ശേരി നഗരത്തിന് കിഴക്കായി തിരുവങ്ങാട് എന്ന സ്ഥലത്താണ് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ട. കേര‌ളത്തിൽ ശ്രീരാമ പ്രതിഷ്ടയുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മേടമാസത്തിൽ വിഷുവിനോട് അനുബന്ധിച്ചാണ് ഇവിടുത്തെ പ്രധാന ഉത്സവം നടക്കാറുള്ളത്. രണ്ടേക്കർ കൂടുതൽ വിസ്തൃതിയുള്ള ഒരു ചിറയുടെ(കുളം) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചെമ്പ് തകിടുകൊണ്ടാണ് ഈ ക്ഷേത്രത്തിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. അതിനാൽ പിച്ചള ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ടിപ്പുവിന്റെ പടയോട്ട കാലത്തെ ആക്രമത്തിന് ഇരയായിട്ടുള്ള ഈ ക്ഷേത്രത്തിന് നിരവധി ചരിത്രം പറയാനുണ്ട്. കേരളത്തിലെ അഞ്ച് പ്രധാന ശ്രീരാമ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വൈക്കം, തൃപ്പയാർ, തിരുവില്ല്വാമല, കടലൂർ എന്നിവിടങ്ങളിലാണ് മറ്റു ശ്രീരാമ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

#ഐതിഹ്യം
അഗസ്ത്യമഹർഷി ശിഷ്യഗണങ്ങളോടുകൂടി കാവേരി സ്നാനത്തിനുപോകുന്ന അവസരത്തിൽ ശ്വേതൻ, നീലൻ എന്നീ രണ്ടു രാക്ഷസന്മാർ അദ്ദേഹത്തെ അപമാനിക്കുകയും കോപാകുലനായ മുനി അവരെ "അധഃപതിയ്ക്കട്ടെ "എന്ന് ശപിക്കുകയും ചെയ്തു. രാക്ഷസന്മാർ ശാപമോചനത്തിന് അപേക്ഷിച്ചപ്പോൾ മുനി, നീലനെ തളിയിലപ്പനെ ഭജിക്കുവാനും ശ്വേതനെ തിരുവങ്ങാടുള്ള ശിവക്ഷേത്രത്തിൽ ചെന്ന് ഭജിക്കുവാനും ഉപദേശിച്ചു. ഇങ്ങനെ തുടർച്ചയായി മൂന്നു കൊല്ലം ഭജിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും അരുളിച്ചെയ്തു. അതനുസരിച്ച് ശ്വേതൻ തിരുവങ്ങാടുള്ള ഇപ്പോൾ വടക്കേടം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലും നീലൻ തളിയിലപ്പൻ ക്ഷേത്രത്തിലും ഭജനം നടത്തി .അക്കാലത്ത് വൻ കാടായിരുന്ന തിരുവൻകാട് ,"തിരുവങ്ങാട് "എന്ന് വിളിച്ചു വരുന്നു. ശ്വേതൻ ഭജിച്ചിരുന്നതിനാൽ തിരുവങ്ങാട് "ശ്വേതാരണ്യപുരം " എന്നും അറിയപ്പെടുന്നു. 'ശ്വേതം' എന്ന വാക്കിന് വെളുപ്പ് എന്ന അർത്ഥവുമുണ്ട്. അതിനാൽ 'തിരുവെൺകാട്' തിരുവങ്ങാടായതാണെന്നും പറയപ്പെടുന്നു.

ഖരവധം കഴിഞ്ഞ ഉടനെയുള്ള നിലയിൽ ശ്രീരാമാസ്വാമിയെ മകരമാസത്തിലെ തിരുവോണം നക്ഷത്രദിനം അമാവാസിയ്ക്ക് പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിച്ചു വരുന്നു. അന്നേ ദിവസം ആണ് തിരുവോണപ്പട്ടത്താനം കൊണ്ടാടുന്നത്. യുദ്ധത്തിനായി ശൂർപ്പണഖയുടെ ആവലാതി പ്രകാരം ഖരൻ അയച്ച രാക്ഷസരെ എല്ലാം നിഗ്രഹിച്ച വിവരം ശൂർപ്പണഖ ഖരനെ അറിയിക്കുന്നു. അതിക്രോധത്തോടെ ഖരൻ പതിനാലായിരം പടയോടുകൂടി ത്രിശിരസ്സിനെയും ഭൂഷനെയും അയക്കുന്നു. രാക്ഷസപ്പടയുടെ രൂക്ഷമായ കോലാഹലം കേട്ട് ശ്രീരാമൻ സീതാദേവിയെ ഒരു ഗുഹയിലാക്കി ലക്ഷ്മണനെ കാവൽ നിർത്തി രാക്ഷസന്മാരോട് പൊരുതുവാൻ പോയി. ഈ ഗുഹ തിരുവങ്ങാട് ദേശത്തുള്ള പോക്കനശ്ശേരി എന്ന പറമ്പിൽ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

ഒരിക്കൽ ഖരവധം കളിമദ്ധ്യെ രാമനെ പോരിനു വിളിച്ച ഖരനെ പിന്നെ കണ്ടിട്ടില്ലത്രേ. അതിനാലാണ് ഇവിടങ്ങളിൽ ഖരവധം കഥകളി കളിക്കാത്തത്. ഈ കാരണം കൊണ്ടും ഇവിടെ ഉള്ള ശ്രീരാമ പ്രതിഷ്ഠ ഖരവധം കഴിഞ്ഞ ഉടനെ ഉള്ള നിലയിലാണെന്നു അനുമാനിക്കാം.

#ചരിത്രം
ടിപ്പുവിന്റെ സൈന്യങ്ങൾ പീരങ്കി വേദികൾ പൊട്ടിച്ച് ഗോപുരവും ക്ഷേത്രമതിലും തകർത്തു ഉള്ളോട്ട്‌ നീങ്ങിയപ്പോൾ ക്ഷേത്രത്തിലും ക്ഷേത്ര പറമ്പിലും അഭയം തേടിയിരുന്നവർ ഭയപ്പെട്ട് തിരുവങ്ങാട് പെരുമാളെ ശരണം വിളി തുടങ്ങി തത്സമയം ഒരാൾ കുതിരപ്പുറത്തു കയറി കിഴക്കോട്ട് പോകുകയും ക്ഷേത്രത്തെ ഉന്നം വെച്ച് വരുന്ന ടിപ്പുവിന്റെ സേന കലഹിച്ചു ഭയങ്കരമായി അന്യോന്യം യുദ്ധം ചെയ്തു നശിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഈ യുദ്ധ സ്ഥലത്തിനു പെരുംബോർക്കുളം എന്നത് ചുരുങ്ങി പെരുങ്കുളം എന്ന് പറയുന്നു. ഉത്സവകാലത്ത് പെരുമാളുടെ പള്ളിവേട്ട പെരുങ്കുളത്തുവച്ചാണ് .

#ക്ഷേത്രരൂപകല്പന
പ്രധാന പ്രതിഷ്ഠ ശ്രീരാമസ്വാമിയാണ്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് പ്രതിഷ്ഠ. കൃഷ്ണശിലയിൽ തീർത്ത വിഗ്രഹത്തിന് ആറടിപൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. നിൽക്കുന്ന രൂപത്തിൽ ശംഖും ചക്രവും ഗദയും താമരയും ധരിച്ചിരുക്കുന്ന ഈ പ്രതിഷ്ഠയെ തിരുവങ്ങാട്ട് പെരുമാളെന്നും വിളിയ്ക്കുന്നു. ഖരവധത്തിനുശേഷം രൗദ്രഭാവമടങ്ങാത്ത ശ്രീരാമനാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിന് ചുറ്റും അൽപ്പം താഴ്ന്നുനിൽക്കുന്ന മുഖമണ്ഡപത്തിന്റെ ഇടതുഭാഗത്തായിട്ടാണ് ശ്രീരാമദാസനായ ഹനുമാനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. തെക്കുഭാഗത്തുള്ള ഇടനാഴിയിലാണ് ദക്ഷിണാമൂർത്തി (ശിവന്റെ ഒരു രൂപഭേദം) പ്രതിഷ്ഠ. അതിനു തൊട്ടടുത്തായി ഗണപതി പ്രതിഷ്ഠയും കാണാം. നമസ്കാരമണ്ഡപത്തിനും തിടപ്പള്ളിക്കും ഇടയിൽ പടിഞ്ഞാറ് മുഖമായി സുബ്രഹ്മണ്യപ്രതിഷ്ഠയുമുണ്ട്.

മണ്ഡപത്തിന്റെ വടക്കുകിഴക്കുഭാഗത്ത്‌ ഒരു ചെറിയ മരം കൊണ്ടുള്ള കൂട്ടിൽ ഭഗവതിയുടെ പ്രതിഷ്ഠയും ഉണ്ട് .ഭഗവതിയുടെ സഞ്ചാരം ജനങ്ങൾക്ക്‌ ഭയാജനകമായതിനാൽ മന്ത്രശക്തി കൊണ്ട് ഭഗവതിയെ കൂട്ടിലാക്കി ദിക്ബന്ധം ചെയ്തു ചങ്ങല തളച്ചു എന്നാണു ഐതിഹ്യം. വാദ്യക്കാരനായ മാരാർ ബീജാക്ഷരങ്ങളുള്ള പാണികൊട്ടി താൻ ദേവിയെ വരുത്താം എന്നും ശാന്തിക്കാരൻ നമ്പൂതിരി തത്സമയം താൻ നിവേദ്യം അർപ്പിക്കും എന്നും തർക്കിച്ചുകൊണ്ട് പാണി കൊട്ടിയപ്പോൾ ഈ ദേവിയുടെ സാന്നിദ്യം ഉണ്ടായെന്നും നിവേദ്യം ഒരുക്കാൻ കഴുകിയ അരി ഉടനെ ദേവിക്ക് നിവേദിച്ചു എന്നും പറയുന്നു. ഇപ്പോഴും ആ നിവേദ്യത്തിലെന്നപോലെ വേവിക്കാത്ത അരിയാണ് ദേവിക്ക് നിവേദിക്കുന്നത്. മുഖ്യമായ വഴിപാടു ദേവിക്ക് അരിയാണ്. "അരിത്ലാവൽ" എന്നാണ് ഇതറിയപ്പെടുന്നത്. അയ്യപ്പൻ, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ്, ഗുരുവായൂരപ്പൻ (മഹാവിഷ്ണു/ശ്രീകൃഷ്ണൻ), ക്ഷേത്രം തന്ത്രിയുടെ ചില തേവാരമൂർത്തികൾ എന്നിവരാണ് മറ്റ് ഉപപ്രതിഷ്ഠകൾ.

കൂടാതെ വടക്കേടമെന്നും കിഴക്കേടമെന്നും പേരുള്ള രണ്ട് ശിവക്ഷേത്രങ്ങളുമുണ്ട്. വടക്കേടമാണ് ആദ്യമുണ്ടായത്. ഇവിടത്തെ ശിവന്റെ രൗദ്രതമൂലം സമീപവാസികൾക്ക് ബുദ്ധിമുട്ടുകളുണ്ടായപ്പോഴാണ് കിഴക്കേടം ക്ഷേത്രം അതിന് അഭിമുഖമായി പണിതത്. വടക്കേടം ക്ഷേത്രം കിഴക്കോട്ടും കിഴക്കേടം ക്ഷേത്രം പടിഞ്ഞാട്ടും ദർശനമായിരിക്കുന്നു.

ക്ഷത്രിയനായ ശ്രീരാമൻ ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്ത ശേഷം മാത്രമേ ഭക്ഷണം കഴിക്കരുള്ളുവത്രേ. ഇപ്പോഴും ഉച്ചപൂജയ്ക്കു മുമ്പായി ഒരു ബ്രാഹ്മണന് എന്നും ഭോജനം കൊടുത്ത ശേഷം ഗ്രമാപിള്ള നടയിൽ ചെന്നു തൊഴുതു ഭക്ഷണം കഴിഞ്ഞു എന്ന് സ്വാമിയെ അറിയിക്കുന്നു.

പെരുമാൾക്ക് മാത്രമായി വഴിപാടുകൾ കഴിക്കുന്നത്‌ ദുർല്ലഭം ആണ് .കൂട്ടത്തിൽ ഹനുമാനെയും പെടുത്തും .പെരുമാൾക്ക് വലിയവട്ടളം പായസം കഴിക്കുമ്പോൾ ഹനുമാന് അവിൽ നിവേദ്യം ആണ് വഴിപാട്.

18-ആം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ കേരളം ആക്രമിച്ച് ക്ഷേത്രങ്ങൾ നശിപ്പിച്ചപ്പോൾ ഈ ക്ഷേത്രത്തിനും നാശം സംഭവിച്ചിരുന്നു. എങ്കിലും ക്ഷേത്രം പൂർണ്ണമായി നശിച്ചുപോകാതെ രക്ഷപെട്ടു. ഈ ക്ഷേത്ര വളപ്പിൽ വെച്ചാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരും തദ്ദേശീയരായ പ്രമാണിമാരും തമ്മിൽ പല കൂടിക്കാഴ്ചകളും നടന്നതും പല ഉടമ്പടികളും ഒപ്പുവെച്ചതും. ഈ ക്ഷേത്രത്തിൽ പല താളിയോല ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്നു. പല മനോഹരമായ ശില്പങ്ങളും ഈ ക്ഷേത്രത്തിൽ ഉണ്ട്.

ക്ഷേത്രത്തിലെ വാർഷികോത്സവം എല്ലാ മേടമാസവും വിഷു ദിവസമാണ് നടക്കുന്നത്. (ഏപ്രിൽ-മെയ് മാസങ്ങളിൽ). ഉത്സവം ഒരു ആഴ്ച നീണ്ടു നിൽക്കും.

വിരലിമലൈമുരുഗൻക്ഷേത്രം, തിരുച്ചിറപ്പള്ളി, തമിഴ്നാട്


വിരലിമലൈമുരുഗൻക്ഷേത്രംതിരുച്ചിറപ്പള്ളിതമിഴ്നാട്🕉

തിരുച്ചിറപ്പള്ളി നഗരത്തിന്‍െറ മധ്യഭാഗത്തുള്ള വിരലിമലൈ മലയുടെ മുകളിലാണ് ഈ മുരുക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 207 പടികള്‍ കയറിവേണം ഇവിടെയത്തൊന്‍. പടിക്കെട്ടുകളോട് ചേര്‍ന്ന് തീര്‍ഥാടകര്‍ക്ക് ക്ഷീണമകറ്റാന്‍ മണ്ഡപങ്ങളും നിര്‍മിച്ചിട്ടുണ്ട്. നിരവധി വൈവിധ്യമാര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഇവിടം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചന്ദനകുഴമ്പ് കൊണ്ട് നിര്‍മിച്ച ചുരുട്ട് മുരുക വിഗ്രഹത്തിന് നല്‍കുന്ന ചടങ്ങ്. നിരവധി മരങ്ങളും സസ്യലതാദികളും ക്ഷേത്രത്തിന് ചുറ്റുമുണ്ട്. പുരാതന കാലത്ത് ഈ മരങ്ങള്‍ക്ക് കീഴില്‍ സന്യാസിമാര്‍ ധ്യാനനിമഗ്നരായി ഇരുന്നിരുന്നതായാണ് ചരിത്രം.
ക്ഷേത്രത്തിലും പരിസരത്തുമായി ധാരാളം മയിലുകളെയും കാണാം. നാരദമുനിയുടെയും കാശ്യപ മുനിയുടെയും വിഗ്രഹങ്ങളാണ് മറ്റൊരു ആകര്‍ഷണം. ക്ഷേത്രത്തിന്‍െറ തൂണുകളില്‍ നിരവധി കൊത്തുപണികളും കാണാം

ഘൃഷ്ണേശ്വർ_ജ്യോതിർലിംഗക്ഷേത്രം മഹാരാഷ്ട്ര..



· 


മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിൽനിനുസമീപമുള്ള ദൗലത്താബാദിൽനിന്നും കേവലം 11കി.മീ അകലെയായാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ഘുശ്മേശ്വർ എന്ന നാമത്തിലും ഈ ജ്യോതിർലിംഗം അറിയപ്പെടുന്നു.
ഛത്രപതി ശിവജിയുടെ പിതാമഹൻ മാലോജി ഭോസലെയാണ് ഈ ക്ഷേത്രം 16ആം നൂറ്റാണ്ടിൽ പുനർനിർമിച്ചത്. പിന്നീട് 18ആം നൂറ്റാണ്ടിൽ ഹോൾകർ രാജവംശത്തിലെ മഹാറാണി അഹല്യാബായ് ഹോൽക്കറും ഈ ക്ഷേത്രത്തെ പുനഃരുദ്ധരിക്കുകയുണ്ടായി. കാശിയിലെ വിശ്വനാഥ് ക്ഷേത്രവും, ഗയയിലെ വിഷ്ണുപദ് ക്ഷേത്രവും അഹല്യാബായ് ഹോൽക്കറാണ് പുനർനിർമിച്ചത്.
ഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്കിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു

തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.





തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.
=====================================
ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി പുലിയൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.
ഐതിഹ്യം 
അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം.അതിൽ ഭീമൻ ആരാധിച്ച മഹാവിഷ്ണുവാണ് തൃപ്പുലിയൂരപ്പൻ. യുധിഷ്ഠിരൻ- തൃച്ചിറ്റാറ്റും അർജ്ജുനൻ തിരുവാറന്മുളയിലും, നകുലൻ തിരുവൻ വണ്ടൂരും, സഹദേവൻ- തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.
ഇതിൽ തൃപ്പുലിയൂരിലെ പ്രസ്തുത ക്ഷേത്രം സപ്തർഷികളാണ് പ്രതിഷ്ഠനടത്തിയതെന്നും വ്യാഘ്രപാദമഹർഷി പിന്നീട് ഇവിടെ വസിച്ച് പൂജകൾ നടത്തിയിരുന്നെന്നും അങ്ങനെയാണ് സ്ഥലനാമം പുലിയൂർ എന്ന് വന്നതെന്നും മറ്റും ഐതിഹ്യങ്ങളിൽ കാണുന്നു.
ക്ഷേത്രരൂപകല്പന:
മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽ‌പ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ വാഴുന്നത്. ഗണപതി, അയ്യപ്പൻ, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, നാഗങ്ങൾ, രക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്.
എത്തിച്ചേരാൻ:
ചെങ്ങന്നൂരിൽ നിന്നും ചെറിയനാട് വഴി മാവേലിക്കര ബസിനു കയറി 3.5 കിമി പോയാൽ പുലിയൂർ ആയി അവിടെഇറങ്ങി ഇലഞ്ഞിമേൽ റോട്ടിലെക്ക് തിരിഞ്ഞാൽ തൃപ്പുലിയൂർ ക്ഷേത്രം കാണാം.

മല്ലം_ശ്രീദുർഗ്ഗാപരമേശ്വരിക്ഷേത്രം ,കാസറഗോഡ്



മല്ലം_ശ്രീദുർഗ്ഗാപരമേശ്വരിക്ഷേത്രം ,കാസറഗോഡ്🕉
============================================
ഇതു മല്ലം ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം ,കാസറഗോഡ് സിറ്റിയില്‍ നിന്നും ജലസൂര്‍ സുള്ളിയ മൈസൂര്‍ റോഡ്‌ വഴി 13 കിലോ മീറ്റര്‍ വന്നാല്‍ ഈ അമ്പലം കാണാം ,എല്ലാ ദിവസവും രണ്ടു നേരം ഇവിടെ നിന്നും അന്ന ദാനം ഉണ്ടായിരിക്കും ,(നല്ല വിഭവ സമൃദ്ധമായ സദ്യ തന്നെ ആണ് ) അതിനു അമ്പലം വക കൌണ്ടറില്‍ പറഞ്ഞാല്‍ 1 രൂപയുടെ കൂപ്പന്‍ തരും ,കൂപ്പന്‍ എടുക്കണം എന്ന് നിര്‍ബന്ധം ഇല്ല ,ദിവസവും 1000 ല്‍ പരം ആളുകള്‍ കാണും ഭക്ഷണം കഴിക്കാന്‍. ഇവിടുത്തെ സത്യാ നാരായണ പൂജ വളരെ അറിയപെടുന്നതാണ് ,കര്‍ണാടകയിലെ ആളുകള്‍ കൂടുതല്‍ ആയി ഈ അമ്പലത്തില്‍ വരുന്നു .
അമ്പലത്തില് ദൂരെ സ്ഥലത്ത് (എവിടെ നിന്നും ) നിന്നും വരുന്നവര്‍ക്ക് അമ്പലം വക താമസ സൌകരിയം ഉണ്ട് ,അമ്പലത്തിണ്ടേ സൈഡില്‍ തന്നെ ലോഡ്ജ് ഉണ്ട് ,നല്ല വൃത്തി ഉള്ള സൌകരിയം എല്ലാം ഉള്ള റൂം , കേവലം 40 രൂപ കൊടുത്ത റൂം കിട്ടും ,തിരിച്ചു പോവുന്ന സമയത്ത് 20 രൂപ തിരിച്ചു തരും.

തില്ലൈനടരാജക്ഷേത്രം, ചിദംബരം, തമിഴ്നാട്






ഭഗവാന്‍ ശ്രീപരമേശ്വരനെ ആരാധിക്കുന്നവരുടെ അഭയസ്ഥാനമാണ് തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള ചിദംബരം ശ്രീ നടരാജ ക്ഷേത്രം.
ശക്തിസ്വരൂപനാണ് ഇവിടുത്തെ ദേവന്‍.
പ്രണവമന്ത്രമായ ‘ഓം’ കാരമൂര്‍ത്തിയായാണ് ഇവിടെ നടരാജമൂര്‍ത്തി കുടികൊള്ളുന്നത് എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അതിനാല്‍തന്നെ ശിവഭക്തരുടെ പ്രധാന പൂജാ കേന്ദ്രമാണിവിടം.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണെന്നാണ് കരുതപ്പെടുന്നത്.
അക്കാലം മുതല്‍ തമിഴ്‌നാട്ടിലെ കലയും വാസ്തുവിദ്യയുമെല്ലാം ഇവിടെ കേന്ദ്രമാക്കിയാണ് വളര്‍ന്നതെന്നും കരുതപ്പെടുന്നു. നിര്‍മ്മിക്കപ്പെട്ടതില്‍പ്പിന്നെ പലകാലങ്ങളിലായി ഈ ക്ഷേത്രം പുതുക്കിപ്പണിതിട്ടുണ്ട്.
പല രാജകുലങ്ങളുടെ പുതുക്കിപ്പണിയലുകളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. പല സാമ്രാജ്യങ്ങളുടെയും ഉദയത്തിനും അസ്തമയത്തിനും സാക്ഷിയായ ക്ഷേത്രം കൂടിയാണിത്. തില്ലൈ കൂത്തന്‍ എന്ന പേരിലാണ് ഇവിടെ ശിവനെ ആരാധിയ്ക്കുന്നത്. നടരാജരൂപത്തിലാണ് ഇവിടുത്തെ വിഗ്രഹം. ക്ഷേത്രഗോപുരത്തില്‍ ഭരതനാട്യത്തിലെ 108 കരണങ്ങള്‍ കൊത്തിവച്ചിരിക്കുന്ന കാഴ്ച മനോഹരമാണ്. ക്ഷേത്രസമുച്ചയത്തിനകത്തെ തീര്‍ത്ഥക്കുളമായ ശിവഗംഗയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
ആയിരം കാല്‍ മണ്ഡപം, മനോഹരമായി അലങ്കരിച്ച ശ്രീകോവില്‍, കനകസഭ, കൊടിമരത്തിനടുത്തായുള്ള നൃത്തസഭ, രാജസഭ, ദേവസഭ എന്നിങ്ങനെ വിവിധ ഭാഗങ്ങളുണ്ട് ക്ഷേത്രത്തിനുള്ളില്‍. ലോകത്തിന് നടുക്കായിട്ടാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളുടെയും മധ്യത്തില്‍ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാല്‍ ശിവന്‍ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് പേരുകേട്ട ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.
ശിവനെ ആകാശരൂപത്തില്‍ സങ്കല്‍പ്പിക്കുന്നതിനാലാണ് ഇത്തരത്തില്‍ മാലചാര്‍ത്തുന്നതെന്നും പറയുന്നുണ്ട്. ചിദംബരംനഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ടാല്‍ മതിവരാത്ത വിസ്മയമാണ് ചിദംബരം ക്ഷേത്രമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയമില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ നൃത്തോത്സവം നടക്കാറുണ്ട്. അക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.
ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാൻ ശിവൻ ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാർ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേൽ പാദങ്ങളാഴ്ത്തി ശിവഭഗവാൻ താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷൻ പതഞ്ജലിയായി ജന്മമെടുത്തു.
തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങൾ (കണ്ടൽ വൃക്ഷം)ഇടതൂർന്ന വനമായിരുന്നത്രേ. തില്ലൈ വനത്തിൽ പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു. സന്തുഷ്ടനായ ശിവൻ തൈമാസത്തിലെ പൂയം നക്ഷത്രവും പൗർണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാൻ ആശീർവദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പിൽക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താൽ രോഗമുക്തി നേടിയ സിംഹവർമനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വർഷം മുമ്പ് ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തിൽ അനേകം നിർമാണജോലികൾ നടന്നു.
അതിവിസ്തൃതമായ പരപ്പിലാണ് ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. നാലു വശങ്ങളിലും നാല് രാജഗോപുരങ്ങളുണ്ട്. ഏഴു നിലകളും 13 വലിയ ചെമ്പുകുടങ്ങളുമുളള ഗോപുരങ്ങളിൽ നാട്യശിൽപങ്ങൾ ഭംഗിയോടെ തീർത്തിരിക്കുന്നു. തെക്കേ ഗോപുരത്തിൽ ഭഗവാന്റെ കൊടിയുണ്ട്. അഞ്ചു ചുറ്റമ്പലങ്ങളിലായിട്ടാണ് ക്ഷേത്രം. രാജസഭ, നൃത്തസഭ, ദേവസഭ, കനകസഭ, ചിത്‌സഭ (ചുറ്റമ്പലം).
ചുറ്റമ്പലവഴികളിൽ അനേകം തിരുസന്നിധാനങ്ങളുണ്ട്. മുക്കുറുണി വിനായകർ, പടിഞ്ഞാറേ ഗോപുരത്തിനടുത്ത് കർപ്പക വിനായകർ, ബാലസുബ്രഹ്മണ്യൻ, സോമസുന്ദര ഭഗവാൻ, തിരുമൂല വിനായകൻ, ശിവഗംഗാതീർ‌ഥത്തിനടുത്ത് ശിവകാമസുന്ദരിക്ഷേത്രം, നവലിംഗ ക്ഷേത്രം... തുടങ്ങി സന്നിധാനങ്ങൾ അനവധി. നവലിംഗക്ഷേത്രത്തിനു കിഴക്കാണ് രാജസഭയെന്ന ആയിരം കാൽ മണ്ഡപം.
രണ്ടാം ചുറ്റമ്പലത്തിൽ കാലസംഹാരമൂർത്തി, ഊർദ്ധ്വതാണ്ഡവ മൂർത്തി, ശരഭേശ്വരസന്നിധാനം, ലക്ഷ്മി സന്നിധി, ദണ്ഡായുധപാണി സന്നിധി ഇവയും കാണാം. വടക്കേ പ്രകാരത്തിൽ ദക്ഷിണാമൂർത്തി, മല്ലികേശ്വരൻ, വല്ലഭഗണപതി മുതലായവരുടെ സന്നിധാനങ്ങൾ. ചണ്ഡശ്വരസന്നിധാനം, അരുണാചലേശ്വർ സന്നിധി, മൂലട്ടാനേശ്വരൻ തിരുസന്നിധി ഇവയും പ്രധാനപ്പട്ടതാണ്.

മമ്മിയൂർ മഹാദേവക്ഷേത്രം




*മമ്മിയൂർ മഹാദേവക്ഷേത്രം*
*_തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത്സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് മമ്മിയൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെനൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണ്. . വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ മമ്മിയൂരപ്പന്റെ (പരമശിവൻ) സാന്നിധ്യം ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര പ്രതിഷ്ഠാസമയത്ത് ഉണ്ടായിരുന്നുവെന്ന് ഐതിഹ്യം.
ഗുരുവായൂർ ക്ഷേത്രത്തിനുഅടുത്തായി ഗുരുവായൂർ-കുന്നംകുളം/കോഴിക്കോട് റൂട്ടിൽ വടക്കുപടിഞ്ഞാറ്‌ ഭാഗത്തു സ്ഥിതി ചെയ്യുന്നു. ഗുരുവായൂരിൽപോകുന്ന എല്ലാ ഭക്തജനങ്ങളും ഇവിടെയും പോകണം എന്നാണ് ആചാരം._*
*_ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ പാർവ്വതീസമേതനായ പരമശിവനാണ്. കൂടാതെ, തൊട്ടടുത്തുതന്നെ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. ശിവകുടുംബസാന്നിദ്ധ്യമാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം._*
*🔅ഐതിഹ്യങ്ങൾ*
*നാരദപുരാണത്തിൽ പറയുന്ന ഗുരുപവനപുര മാഹാത്മ്യം തന്നെയാണ് മമ്മിയൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനും കാരണമായ കഥ. തന്റെ പിതാവായ പരീക്ഷിത്ത് മഹാരാജാവിന്റെ അന്ത്യത്തിന് കാരണക്കാരനായ തക്ഷകന്റെ വംശത്തെ മുഴുവൻ ഇല്ലാതാക്കാൻ നടത്തിയ ഭീകരയാഗത്തിന്റെ ഫലമായി കുഷ്ഠരോഗം പിടിപെട്ട് നരകയാതൻ അനുഭവിച്ച ജനമേജയൻ ഒടുവിൽ ദത്താത്രേയമഹർഷിയുടെ വാക്കുകേട്ട് ഗുരുവായൂരിൽ പോയി ഭജനം ആരംഭിച്ചു. അന്ന് ജനമേജയന് ദത്താത്രേയൻ പറഞ്ഞുകൊടുത്ത ഐതിഹ്യം ഇങ്ങനെയാണ്:*
*പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽമഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു.
പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ താൻ തന്നെ നാലുജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു.
പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനുംഅദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻഎന്ന പേരിൽ അവതരിച്ചു. പിന്നീട് ത്രേതായുഗത്തിൽത്തന്നെ അവർ ദശരഥനും കൗസല്യയുമായിപുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽഅവർ വസുദേവരും ദേവകിയുമായിപുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ നാലുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.
*തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക്കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പംക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു.
ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി.
ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.
*ചരിത്രം *
*ചരിത്രപരമായി ഏതാണ് ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കം മമ്മിയൂരിനുമുണ്ട്. ശൈവമതംകേരളത്തിൽ വളർന്ന കാലത്ത് മമ്മിയൂർ ക്ഷേത്രത്തിനും വൻ വളർച്ചയുണ്ടായിരുന്നു. അതേ സമയം ഗുരുവായൂർ ക്ഷേത്രം തീർത്തും അവഗണിയ്ക്കപ്പെട്ടുകഴിഞ്ഞു. പിന്നീടൊരു കാലത്ത് സംഗതി കീഴ്മേൽ മറിയുകയുണ്ടായി. എന്നാൽ, ഇന്ന് രണ്ട് ക്ഷേത്രങ്ങളും തുല്യമായ രീതിയിലാണ് പരിഗണിച്ചുവരുന്നത്.*
*🔅പ്രധാന പ്രതിഷ്ഠകൾ*
*🔅ശ്രീ മമ്മിയൂരപ്പൻ (ശിവൻ
*_ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. പാർവ്വതീസമേതനായ പരമശിവനാണ് പ്രതിഷ്ഠാസങ്കല്പം. രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി മമ്മിയൂരപ്പൻ കുടികൊള്ളുന്നു. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവകൊണ്ട് ശിവലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കും. ശിവലിംഗത്തിൽ ൿ ചാർത്താൻ സ്വർണ്ണത്തിലും വെള്ളിയിലും ചന്ദ്രക്കലകളും ത്രിനേത്രങ്ങളുമുണ്ട്. വിശ്വപ്രകൃതിയുടെ മൂലഭാവം മുഴുവൻ ആവാഹിച്ചുകൊണ്ട് മമ്മിയൂരപ്പൻ സ്വയംഭൂലിംഗമായി മമ്മിയൂരിൽ കുടികൊള്ളുന്നു. ഉദയാസ്തമനപൂജ, കൂവളമാല, പിൻവിളക്ക്, ധാര, ശംഖാഭിഷേകം, ഉമാമഹേശ്വരപൂജ തുടങ്ങിയവയാണ് മമ്മിയൂരപ്പന്റെ പ്രധാന വഴിപാടുകൾ._*
*ശ്രീ പാർവ്വതീദേവി*
*_ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്നാണ് മാതൃദേവതയും ആദിപരാശക്തിയുമായ ശ്രീ പാർവതി. ഭഗവതിക്ക് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠയില്ല. എന്നാൽ, ശിവഭഗവാന്റെ സങ്കല്പം പാർവ്വതീസമേതഭാവത്തിലായതിനാൽ ഇവിടെ ദേവിയുടെ ഒരു അദൃശ്യസാന്നിദ്ധ്യമുണ്ട്. ശിവശ്രീകോവിലിന്റെ പുറകിൽ (പടിഞ്ഞാറുഭാഗത്ത്) ഭഗവാന് അനഭിമുഖമായാണ് മഹാദേവി കുടികൊള്ളുന്നത്. ഇവിടെ ദേവിയുടെ ഒരു ചുവർച്ചിത്രവും അതിനുമുന്നിൽ ഒരു കെടാവിളക്കുമാണുള്ളത്. വിളക്കിൽ എണ്ണയൊഴിയ്ക്കുന്നതാണ് പ്രധാന വഴിപാട്. ദേവി ശിവസാന്നിദ്ധ്യത്തിൽ കുടികൊള്ളുന്നതിനാൽ സർവ്വമംഗളകാരിണിയായ ഇഷ്ടമംഗല്യവരദായിനിയാണ്.*
*🔅ശ്രീ മഹാവിഷ്ണു🔅*
*ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. സാധാരണ ക്ഷേത്രങ്ങളിലുള്ളതുപോലെത്തന്നെയാണ് ഇവിടെയും വിഷ്ണുപ്രതിഷ്ഠ. നാലടി ഉയരമുള്ള നിൽക്കുന്ന രൂപത്തിലുള്ള ശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് പരമാത്മാവായ ഭഗവാൻ കുടികൊള്ളുന്നത്. ചതുർബാഹുവായ ഭഗവാൻ തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ചിരിയ്ക്കുന്നു. ഗുരുവായൂരപ്പപ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിച്ച ശിവൻ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചപ്പോൾ വിഷ്ണുവും ഇവിടെ കുടികൊണ്ടുവെന്നും തന്മൂലം ഈ . ശ്രീഗുരുവായൂരപ്പൻ തന്നെയാണെന്നും വിശ്വസിച്ചുവരുന്നു. പാൽപ്പായസം, അപ്പം, അട, വെണ്ണ, കദളിപ്പഴം, തുളസിമാല, പുരുഷസൂക്താർച്ചന തുടങ്ങിയവയാണ് വിഷ്ണുഭഗവാന്റെ പ്രധാന വഴിപാടുകൾ.*
*🔅ഉപദേവതകൾ *
*🔅ഗണപതി*
*നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് സർവ്വവിഘ്നഹരനും ശിവപാർവ്വതീപുത്രനുമായ ഗണപതിഭഗവാന്റെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഗണപതിയുടേത്. സാധാരണ ഗണപതിവിഗ്രഹങ്ങളുടേതുപോലെയാണ് ഇതും കാഴ്ചയിൽ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും കാണാം. മുന്നിലെ വലതുകൈ കൊണ്ട് ഭഗവാൻ അനുഗ്രഹിയ്ക്കുന്നു. വിഘ്നേശ്വരപ്രീതിയ്ക്കായി ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തിവരുന്നുണ്ട്. ഒറ്റയപ്പം, മോദകം, കറുകമാല, നാളികേരമുടയ്ക്കൽ തുടങ്ങിയവയാണ് ഗണപതിഭഗവാന്റെ മറ്റ് പ്രധാന വഴിപാടുകൾ.
*🔅സുബ്രഹ്മണ്യൻ *
*നാലമ്പലത്തിനകത്ത് പടിഞ്ഞാറുഭാഗത്ത് (ശിവന്റെയും വിഷ്ണുവിന്റെയും ശ്രീകോവിലുകൾക്കിടയിൽ പുറകുഭാഗത്ത്) കിഴക്കോട്ട് ദർശനമായാണ് പ്രണവമന്ത്രത്തിന്റെ പൊരുളറിഞ്ഞ ശിവപാർവ്വതീപുത്രനായ സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. ബാലസുബ്രഹ്മണ്യഭാവത്തിലുള്ള പ്രതിഷ്ഠയാണിത്. നാലടി ഉയരം വരുന്ന ഇവിടത്തെ ശിലാവിഗ്രഹത്തിന് പഴനിയിലെ വിഗ്രഹവുമായി രൂപത്തിൽ നല്ല സാദൃശ്യമുണ്ട്. ദ്വിബാഹുവായ ഭഗവാൻ ഇടതുകൈ അരയിൽ കുത്തി വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. വലത്തെച്ചുമലിൽ ആയുധമായ വേലും കാണാം. പാലഭിഷേകം, പഞ്ചാമൃതം, ഭസ്മാഭിഷേകം എന്നിവയാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രധാന വഴിപാടുകൾ._*
*🔅അയ്യപ്പൻ *
*_നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായാണ് ഹരിഹരപുത്രനും താരകബ്രഹ്മസ്വരൂപനുമായ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ. ശബരിമലയിലെ വിഗ്രഹുമായി രൂപത്തിൽ നല്ല സാമ്യമുണ്ട് ഒന്നരയടി ഉയരം വരുന്ന ഇവിടത്തെ പഞ്ചലോഹവിഗ്രഹത്തിന്. ഇടതുകൈ തൃത്തുടയിൽ വച്ച് വലതുകൈ ചിന്മുദ്രാങ്കിതമാക്കി നിർത്തിക്കൊണ്ട് കുടികൊള്ളുന്ന അയ്യപ്പസ്വാമിയുടെ തിരുനടയിലാണ് ശബരിമലയ്ക്കുപോകുന്ന ഭക്തർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. നീരാജനം (എള്ളുതിരി), നെയ്യഭിഷേകം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയാണ് അയ്യപ്പസ്വാമിയുടെ പ്രധാന വഴിപാടുകൾ._*
*🔅ബ്രഹ്മരക്ഷസ്സ്*
*_നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തറയിൽ കിഴക്കോട്ട് ദർശനമായാണ് ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ. പണ്ടെന്നോ കൊല ചെയ്യപ്പെട്ട തന്ത്രവിദ്യാവിശാരദനായ ഒരു ബ്രാഹ്മണനാണ് ബ്രഹ്മരക്ഷസ്സായി കുടികൊള്ളുന്നത്. ശിവലിംഗരൂപത്തിലുള്ള കൊച്ചുവിഗ്രഹമാണ് ബ്രഹ്മരക്ഷസ്സിനെ പ്രതിനിധീകരിയ്ക്കുന്നത്. അരയടി ഉയരമേ ഇതിനുള്ളൂ. നിത്യേന രണ്ട് സന്ധ്യയ്ക്കുമുള്ള വിളക്കുവയ്പും പാൽപ്പായസനിവേദ്യവുമൊഴികെ മറ്റ് വഴിപാടുകളൊന്നുമില്ല._*
*🔅ഭദ്രകാളി*
*നാലമ്പലത്തിന് പുറത്ത് വടക്കുപടിഞ്ഞാറേ മൂലയിൽ പ്രത്യേകം മതിൽക്കെട്ടിലാണ് ആദിപരാശക്തിയുടെ രൗദ്രഭാവമായ ശ്രീഭദ്രകാളിയുടെ പ്രതിഷ്ഠ. ഒരു കാവിന്റെ അന്തരീക്ഷം ജനിപ്പിയ്ക്കുന്ന മനോഹരമായ പ്രദേശത്താണ് ലോകമാതാവായ ഭഗവതിയുടെ ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് അനഭിമുഖമായി പടിഞ്ഞാറോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഇത് പ്രതിഷ്ഠയുടെ ഉഗ്രത സൂചിപ്പിയ്ക്കുന്നതാണെന്ന് ഭക്തർ വിശ്വസിച്ചുവരുന്നു. നാലടി ഉയരമുള്ള ശിലാപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. എന്നാൽ, ഇതിൽ വെള്ളിഗോളക ചാർത്തിയിട്ടുണ്ട്. ചതുർബാഹുവായ ശ്രീഭദ്ര പുറകിലെ വലതുകയ്യിൽ ത്രിശൂലവും പുറകിലെ ഇടതുകയ്യിൽ ദാരുകശിരസ്സും മുന്നിലെ വലതുകയ്യിൽ വാളും മുന്നിലെ ഇടതുകയ്യിൽ പാനപ്പാത്രവും പിടിച്ചിട്ടുണ്ട്. പൂമൂടൽ, മുട്ടറുക്കൽ, ഗുരുതി, പട്ടും താലിയും ചാർത്തൽ, ശത്രുദോഷ പരിഹാരപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ. തിരക്ക് കാരണം പ്രത്യേക വഴിപാട് കൗണ്ടർ കാളിക്ഷേത്രത്തിൽ നിർമ്മിച്ചിട്ടുണ്ട്.
*നാഗദൈവങ്ങൾ *
*ഭദ്രകാളിയുടെ ശ്രീകോവിലിന് തൊട്ടടുത്തുതന്നെയാണ് നാഗദൈവങ്ങളുടെയും പ്രതിഷ്ഠ. ഭദ്രകാളിയുടെയും നാഗദൈവങ്ങളുടെയും പ്രതിഷ്ഠകൾ ആദിദ്രാവിഡസങ്കല്പത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുന്നു. പടിഞ്ഞാട്ടുതന്നെയാണ് നാഗദൈവങ്ങളുടെയും ദർശനം. നാഗരാജാവായി ശിവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകിയും നാഗാമാതാവായ നാഗയക്ഷിയും നാഗകന്യകയും സഹോദരി നാഗചാമുണ്ഡിയും ചിത്രകൂടവും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. ആൽമരത്തിന്റെ തണലിൽ വിരാജിയ്ക്കുന്ന നാഗദൈവങ്ങൾക്ക് നൂറും പാലും സമർപ്പിയ്ക്കുന്നതാണ് പ്രധാന വഴിപാട്. പുറ്റും മുട്ടയും, ആയില്യപൂജ, പാൽപ്പായസം എന്നിവയാണ് മറ്റ് പ്രധാന വഴിപാടുകൾ._*
*🔅ചെറുരക്ഷസ്സ് *
*ഭദ്രകാളിയുടെ ശ്രീകോവിലിനടുത്തുതന്നെയാണ് ചെറുരക്ഷസ്സിന്റെയും പ്രതിഷ്ഠ. പണ്ടെന്നോ കൊല്ലപ്പെട്ട ദേവീഭക്തനായ ഒരു പടയാളിയാണ് രക്ഷസ്സായി കുടികൊള്ളുന്നത്. വർഷത്തിലൊരിയ്ക്കൽ അതിരുദ്ര/മഹാരുദ്ര മഹായജ്ഞത്തിന്റെ സമയത്തുമാത്രമേ ചെറുരക്ഷസ്സിന് പൂജയുണ്ടാകൂ
*🔅നിത്യപൂജകളും തന്ത്രവും 
*നിത്യേന മൂന്നുപൂജകളുള്ള ഇടത്തരം ക്ഷേത്രമാണ് മമ്മിയൂർ ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് ശംഖനാദത്തോടെ ഭഗവാന്മാരെ പള്ളിയുണർത്തി നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. തുടർന്ന്, ശിവന്നും വിഷ്ണുവിനും എണ്ണയഭിഷേകവും ശംഖാഭിഷേകവും വിഷ്ണുവിന് മാത്രം വാകച്ചാർത്തും നടത്തുന്നു. തുടർന്ന് വിഗ്രഹങ്ങൾ അലങ്കരിച്ച് ഇരുവർക്കും മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയോടെ ഗണപതിഹോമം നടത്തുന്നു. ആറേമുക്കാലിന് ശിവന് ഋഗ്വേദ ധാരയാണ്. എട്ടുമണിയ്ക്ക് ഉഷഃപൂജ നടത്തുന്നു. പത്തുമണി തൊട്ട് പതിനൊന്നുമണി വരെയുള്ള സമയങ്ങളിൽ മഹാമൃത്യുഞ്ജയഹോമം, കറുകഹോമം, തിലഹോമം, ആയുഷ്യഹോമം തുടങ്ങിയ ഹോമങ്ങളും രാഹുപൂജ, നാഗപൂജ, രക്ഷസ്സ് പൂജ തുടങ്ങിയ പൂജകളും നടത്തുന്നു. തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ ഉച്ചപ്പൂജയും നടത്തി പന്ത്രണ്ടരയ്ക്ക് നടയടയ്ക്കുന്നു._
*വൈകീട്ട് നാലരയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. തുടർന്നാണ് ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളായ ഉമാമഹേശ്വരപൂജ, ഭഗവതിസേവ, ദമ്പതിപൂജ എന്നിവ നടത്തുന്നത്. രാത്രി ഏഴരയോടെ അത്താഴപ്പൂജ നടത്തി എട്ടരയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.
*സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും (ഉദാ: ശിവരാത്രി, അഷ്ടമിരോഹിണി) സൂര്യ-ചന്ദ്രഗ്രഹണങ്ങളുള്ള ദിവസങ്ങളിലും ഇവയിൽ മാറ്റം വരും.
ഗുരുവായൂർ ക്ഷേത്രം തന്ത്രിമാരായ പുഴക്കര ചേന്നാസ് നമ്പൂതിരിമാർക്കുതന്നെയാണ് ഇവിടെയും തന്ത്രാധികാരം. ദേവസ്വം ബോർഡ് നിയമിയ്ക്കുന്ന വ്യക്തികളാണ് മേൽശാന്തിയും കീഴ്ശാന്തിയുമാകുക
കടപ്പാട്

തിരുവല്ലം പരശുരാമക്ഷേത്രം



തിരുവല്ലം പരശുരാമക്ഷേത്രം
കേരളത്തിന്റെ തലസ്ഥാന നഗരിയിലാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. റോഡുമാർഗം ഹൈവേയിൽനിന്നു നേരെ ക്ഷേത്രത്തിലേക്ക് കടക്കാം. തമ്പാനൂരിൽ നിന്ന് കിഴക്കേകോട്ട മണക്കാട് വഴിയും തിരുവല്ലത്തെത്താം. (തിരുവനന്തപുരം-വിഴിഞ്ഞം-കോവളം റൂട്ട്)
പിതൃ കർമങ്ങൾക്ക് പഴമക്കാർ പറയും - ഇല്ലം വല്ലം നെല്ലി - അതായത് ആദ്യം സ്വന്തം വീട്ടിൽ, പിന്നെ തിരുവല്ലം, അതുകഴിഞ്ഞാൽ തിരുനെല്ലി എന്ന്.
അമ്മയുടെ ആത്മാവിൻറെ ശാന്തിക്കായി ഞാൻ തിരുവല്ലത്തു ബലിയിടാൻ ചെന്നു.
അമ്മ മരിച്ചപ്പോൾ പിതൃ കർമങ്ങൾ ചെയ്യാൻ ശങ്കരാചാര്യർക്കു വിലക്കുകൾ ഉണ്ടായി എന്നും അതിനാൽ അദ്ദേഹം തിരുവല്ലത്തു എത്തി ചെളിമണ്ണു കൊണ്ട് പരശുരാമ വിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിച്ചു ബലി ഇട്ടുവെന്നും അതുമായി ക്ഷേത്രത്തിനടുത്ത പുഴക്കരയിൽ എത്തിയ പ്പോൾ പ്രഥമ അവതാരമായ മത്സ്യമൂർത്തി തന്നെ പിണ്ഡം ഏറ്റുവാങ്ങി എന്നും പുരാവൃത്തം
ക്ഷേത്രത്തിൽ ശിവനും പരശുരാമനും പ്രധാന മൂർത്തികൾ. ശിവ പ്രതിഷ്ഠ സ്വയംഭൂ ആണെന്ന് പറയുന്നു. ഉപദേവതകൾ മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ ഗണപതി വ്യാസൻ സുബ്രമണ്യൻ ബ്രഹ്മാവ് . കൊല്ല വര്ഷം 399, 412 എന്നീ ലിഖിതങ്ങൾ ക്ഷേത്രത്തിൽ കാണുന്നതുകൊണ്ടു അത്രയും പഴക്കമെങ്കിലും ഉണ്ടാകാം.
പരശുരാമകഥ ഇന്ത്യയുടെ പടിഞ്ഞാറേ തീരദേശങ്ങളിൽ വളരെ വ്യത്യസ്ഥത യോടെ പ്രചരിക്കുന്നുണ്ട്. ഋഷി, ദൈവം, രാജാവ് എന്നീ നിലകളിൽ ഒക്കെ പരശുരാമനെ പ്രകീർത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഒരു വിഭാഗം ബ്രാഹ്മണരുടെ പരദേവത പരശുരാമൻ ആണ്. പഞ്ചാബ് കൂടാതെ മഹാരാഷ്ട്രയിലും കർണാടകത്തിലും പരശുരാമ ക്ഷേത്രങ്ങൾ ഉണ്ട്. കേരളത്തിൽ പയ്യന്നൂരിലും തൃക്കണ്ടിയൂരിലും പരശുരാമൻ ഉപദേവനായിട്ടുണ്ട്. പ്രധാന മൂർത്തിസ്ഥാനം തിരുവല്ലത്തു മാത്രമാണെന്ന് തോന്നുന്നു.
പരേത ആത്മാക്കളുടെ ദോഷം തീർക്കാൻ ക്ഷേത്രത്തിൽ പിണ്ഡവും തിലഹോമവും നടത്തുന്നു. ക്ഷേത്രത്തിൽ അകത്താണ് ബലി ഇടുന്നത് . അതിനു ശേഷം പിണ്ഡം തൊട്ടുള്ള കരമന ആറിൽ ഒഴുക്കുന്നു. അതുകഴിഞ്ഞു തിലഹോമവും ചെയ്യുന്നു. പരേത ആത്മാവിനെ പരശുരാമ പാദങ്ങളിൽ ചേർത്തു എന്ന് സങ്കല്പം.
ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണ്. ഭക്ത ജനങ്ങൾക്ക് പറയത്തക്ക ഒരു സൗകര്യവും ഇവിടെ കണ്ടില്ല.
പൗരാണികതക്കും ഐതിഹ്യ കഥകൾക്കും അപ്പുറം ഇന്നിന്റെ അനുഭവം അത്ര നല്ലതാണു എന്ന് പറയുക വയ്യ.
ബലിയിടുവാൻ 7 മണിക്ക് ടിക്കറ്റ് എടുത്തിട്ട് 10 മണിക്കാണ് അതിനു കഴിഞ്ഞത്. കാരണം ചുറ്റും കൂട്ടം കൂടി നിൽക്കുന്നവരെ ഇടിച്ചും കുത്തിയും ഇരച്ചുകയറി ഒരു പുണ്യം അമ്മക്ക് വേണ്ട എന്ന് കരുതി . ഇതു ഒരു സാധാരണ ദിവസം. ഏകദേശം 500 ൽ അധികം പേര് ബലിയിടുവാനും തിലഹോമത്തിനും ഉണ്ട്. ഒരു ക്യു സംവിധാനം പോലും കണ്ടില്ല. കൈയൂക്കുള്ളവന് കാര്യക്കാരൻ ആവാം.
നിരവധി പ്രശ്നങ്ങളാൽ പരിതപ്തനായി ഭക്തൻ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ - ഞാനും എന്റെ ഭക്തനും വേറെയല്ല - ഞാൻ അവനിലും അവൻ എന്നിലും കുടികൊള്ളുന്നു - എന്ന് ഭഗവാൻ പറഞ്ഞ ഒരു ചെറിയ കാര്യം എങ്കിലും ക്ഷേത്രം പ്രവർത്തകരും ജീവനക്കാരും അധികാരികളും മറക്കാതിരുന്നാൽ ക്ഷേത്രങ്ങൾ സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വളർച്ചക്കും ആത്മ വികാസത്തിനും നല്ലൊരു സാമൂവ്യവസ്ഥക്കും അതുവഴി തെളിക്കുകയും ചെയ്യും. അല്ല എങ്ങനെയെകിലും അവന്റെ കുപ്പായ കീശയിൽ ആണ് നോട്ടം എങ്കിൽ തകരുന്നത് ഒരു സംസ്കാരം തന്നെയാവും.
ശ്രീ ശിവൻ.