2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

തിരുവല്ലം പരശുരാമക്ഷേത്രം



തിരുവല്ലം പരശുരാമക്ഷേത്രം
കേരളത്തിന്റെ തലസ്ഥാന നഗരിയിലാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. റോഡുമാർഗം ഹൈവേയിൽനിന്നു നേരെ ക്ഷേത്രത്തിലേക്ക് കടക്കാം. തമ്പാനൂരിൽ നിന്ന് കിഴക്കേകോട്ട മണക്കാട് വഴിയും തിരുവല്ലത്തെത്താം. (തിരുവനന്തപുരം-വിഴിഞ്ഞം-കോവളം റൂട്ട്)
പിതൃ കർമങ്ങൾക്ക് പഴമക്കാർ പറയും - ഇല്ലം വല്ലം നെല്ലി - അതായത് ആദ്യം സ്വന്തം വീട്ടിൽ, പിന്നെ തിരുവല്ലം, അതുകഴിഞ്ഞാൽ തിരുനെല്ലി എന്ന്.
അമ്മയുടെ ആത്മാവിൻറെ ശാന്തിക്കായി ഞാൻ തിരുവല്ലത്തു ബലിയിടാൻ ചെന്നു.
അമ്മ മരിച്ചപ്പോൾ പിതൃ കർമങ്ങൾ ചെയ്യാൻ ശങ്കരാചാര്യർക്കു വിലക്കുകൾ ഉണ്ടായി എന്നും അതിനാൽ അദ്ദേഹം തിരുവല്ലത്തു എത്തി ചെളിമണ്ണു കൊണ്ട് പരശുരാമ വിഗ്രഹം നിർമ്മിച്ച് പ്രതിഷ്ഠിച്ചു ബലി ഇട്ടുവെന്നും അതുമായി ക്ഷേത്രത്തിനടുത്ത പുഴക്കരയിൽ എത്തിയ പ്പോൾ പ്രഥമ അവതാരമായ മത്സ്യമൂർത്തി തന്നെ പിണ്ഡം ഏറ്റുവാങ്ങി എന്നും പുരാവൃത്തം
ക്ഷേത്രത്തിൽ ശിവനും പരശുരാമനും പ്രധാന മൂർത്തികൾ. ശിവ പ്രതിഷ്ഠ സ്വയംഭൂ ആണെന്ന് പറയുന്നു. ഉപദേവതകൾ മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ ഗണപതി വ്യാസൻ സുബ്രമണ്യൻ ബ്രഹ്മാവ് . കൊല്ല വര്ഷം 399, 412 എന്നീ ലിഖിതങ്ങൾ ക്ഷേത്രത്തിൽ കാണുന്നതുകൊണ്ടു അത്രയും പഴക്കമെങ്കിലും ഉണ്ടാകാം.
പരശുരാമകഥ ഇന്ത്യയുടെ പടിഞ്ഞാറേ തീരദേശങ്ങളിൽ വളരെ വ്യത്യസ്ഥത യോടെ പ്രചരിക്കുന്നുണ്ട്. ഋഷി, ദൈവം, രാജാവ് എന്നീ നിലകളിൽ ഒക്കെ പരശുരാമനെ പ്രകീർത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഒരു വിഭാഗം ബ്രാഹ്മണരുടെ പരദേവത പരശുരാമൻ ആണ്. പഞ്ചാബ് കൂടാതെ മഹാരാഷ്ട്രയിലും കർണാടകത്തിലും പരശുരാമ ക്ഷേത്രങ്ങൾ ഉണ്ട്. കേരളത്തിൽ പയ്യന്നൂരിലും തൃക്കണ്ടിയൂരിലും പരശുരാമൻ ഉപദേവനായിട്ടുണ്ട്. പ്രധാന മൂർത്തിസ്ഥാനം തിരുവല്ലത്തു മാത്രമാണെന്ന് തോന്നുന്നു.
പരേത ആത്മാക്കളുടെ ദോഷം തീർക്കാൻ ക്ഷേത്രത്തിൽ പിണ്ഡവും തിലഹോമവും നടത്തുന്നു. ക്ഷേത്രത്തിൽ അകത്താണ് ബലി ഇടുന്നത് . അതിനു ശേഷം പിണ്ഡം തൊട്ടുള്ള കരമന ആറിൽ ഒഴുക്കുന്നു. അതുകഴിഞ്ഞു തിലഹോമവും ചെയ്യുന്നു. പരേത ആത്മാവിനെ പരശുരാമ പാദങ്ങളിൽ ചേർത്തു എന്ന് സങ്കല്പം.
ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണ്. ഭക്ത ജനങ്ങൾക്ക് പറയത്തക്ക ഒരു സൗകര്യവും ഇവിടെ കണ്ടില്ല.
പൗരാണികതക്കും ഐതിഹ്യ കഥകൾക്കും അപ്പുറം ഇന്നിന്റെ അനുഭവം അത്ര നല്ലതാണു എന്ന് പറയുക വയ്യ.
ബലിയിടുവാൻ 7 മണിക്ക് ടിക്കറ്റ് എടുത്തിട്ട് 10 മണിക്കാണ് അതിനു കഴിഞ്ഞത്. കാരണം ചുറ്റും കൂട്ടം കൂടി നിൽക്കുന്നവരെ ഇടിച്ചും കുത്തിയും ഇരച്ചുകയറി ഒരു പുണ്യം അമ്മക്ക് വേണ്ട എന്ന് കരുതി . ഇതു ഒരു സാധാരണ ദിവസം. ഏകദേശം 500 ൽ അധികം പേര് ബലിയിടുവാനും തിലഹോമത്തിനും ഉണ്ട്. ഒരു ക്യു സംവിധാനം പോലും കണ്ടില്ല. കൈയൂക്കുള്ളവന് കാര്യക്കാരൻ ആവാം.
നിരവധി പ്രശ്നങ്ങളാൽ പരിതപ്തനായി ഭക്തൻ ക്ഷേത്രത്തിൽ ചെല്ലുമ്പോൾ - ഞാനും എന്റെ ഭക്തനും വേറെയല്ല - ഞാൻ അവനിലും അവൻ എന്നിലും കുടികൊള്ളുന്നു - എന്ന് ഭഗവാൻ പറഞ്ഞ ഒരു ചെറിയ കാര്യം എങ്കിലും ക്ഷേത്രം പ്രവർത്തകരും ജീവനക്കാരും അധികാരികളും മറക്കാതിരുന്നാൽ ക്ഷേത്രങ്ങൾ സാംസ്‌കാരിക കേന്ദ്രങ്ങളും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വളർച്ചക്കും ആത്മ വികാസത്തിനും നല്ലൊരു സാമൂവ്യവസ്ഥക്കും അതുവഴി തെളിക്കുകയും ചെയ്യും. അല്ല എങ്ങനെയെകിലും അവന്റെ കുപ്പായ കീശയിൽ ആണ് നോട്ടം എങ്കിൽ തകരുന്നത് ഒരു സംസ്കാരം തന്നെയാവും.
ശ്രീ ശിവൻ.