2013, മേയ് 16, വ്യാഴാഴ്‌ച

ചില സുപ്രധാന ദേവദിനങ്ങള്‍


ചില സുപ്രധാന ദേവദിനങ്ങള്‍

വിഷ്ണു - ചിങ്ങത്തിലെ ജന്മാഷ്ടമി, അഥവാ അഷ്ടമി രോഹിണി (ശ്രീകൃഷ്ണജയന്തി), ധനുമാസത്തിലെ ആദ്യ ബുധനാഴ്ച (കുചേലദിനം). കൂടാതെ എല്ലാ ഏകാദശിയും മുപ്പെട്ടു വ്യാഴാഴ്ചകളും.

ഗണപതി - ചിങ്ങത്തിലെ വിനായകച്ചതുര്ഥി, തുലാത്തിലെ തിരുവോണം ഗണപതി, മീനത്തിലെ പൂരം ഗണപതി, ഓരോ മാസത്തിലെയും മുപ്പെട്ടു വെള്ളി.

ശിവന്‍ - കുംഭത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിര, എല്ലാ പ്രദോഷവും, എല്ലാ മുപ്പെട്ടു തിങ്കളും.

ശാസ്താവ് - മണ്ഡലക്കാലമായ വൃശ്ചികം ഒന്ന് മുതല് ധനു പതിനൊന്നുവരെയുള്ള നാല്പത്തിയൊന്നു ദിനങ്ങള്, മകരസംക്രമദിനം, എല്ലാ മുപ്പെട്ടു ബുധനും എല്ലാ ശനിയും.

ദുര്‍ഗാഭഗവതി - പ്രത്യേകാല് വൃശ്ചികത്തിലെ കാര്ത്തികയും എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ കാര്ത്തികനാളുകളും.

സരസ്വതി - കന്നിമാസത്തിലെ നവരാത്രികാലമായ ഒബതു ദിനങ്ങളും, മഹാനവമി, വിജയദശമിദിനങ്ങള് പ്രത്യേകം.

ഭദ്രകാളി - മകരചൊവ്വയും (മകരത്തിലെ ആദ്യചൊവ്വ) മകരം ഇരുപത്തിയെട്ടാം തിയതിയും പ്രത്യേകാല് മീനത്തിലെ ഭരണി, മേടപ്പത്ത് (പത്താമുദയം), എല്ലാ ചൊവ്വ - വെള്ളി ദിനങ്ങളും എല്ലാ ഭരണിനാളും.

സുബ്രഹ്മണ്യന്‍ - കന്നിയിലെ കപിലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, മകരത്തില് തൈപ്പൂയം, കൂടാതെ എല്ലാ ഷഷ്ടിയും പൂയവും മുപ്പെട്ടു ഞായറും.

ശ്രീരാമന്‍ - മേടമാസത്തില് ശ്രീരാമനവമി, നവമി - ഏകാദശി തിഥികളും എല്ലാ ബുധനാഴ്ചകളും.

സര്പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്, സര്പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില് സമര്പ്പിക്കുക, പാല്, ഇളനീര്, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല് ചുട്ടു നീറുന്ന നാഗങ്ങള്ക്ക് വെള്ളത്തില് പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില് സര്പ്പഭയമുണ്ടാകില്ല. സര്പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള് എന്നിവയ്ക്ക് പുള്ളുവന്മാരെകൊണ്ട് സര്പ്പപാട്ട് പാടിച്ചാല് സര്പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്പ്പപൂജകള് നടത്തുന്നത് ഉത്തമമാണ്. എരിക്കിന്പൂവും, കൂവളത്തിലയും ചേര്ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന് പൂക്കുലയും ചെത്തിപൂവും ചേര്ത്ത മാലകള് വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്ക്കും നല്കിയാല് നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല് നാഗദോഷം ഒഴിവാക്കാം. വര്ഷത്തില് വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല് സര്പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല് അവിവാഹിതരായി കഴിയുന്ന പെണ്കുട്ടികള് അരയാലും വേപ്പും ഒന്നിച്ചുനില്ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്ക്ക് പാലഭിഷേകം നടത്തിയാല് ദോഷം അകലും. വര്ഷത്തില് വരുന്ന പഞ്ചമതിഥികളില് വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല് പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്സമൃതിക്കും, ഗൃഹത്തില് ഐശ്വര്യത്തിനും വേണ്ടി സര്പ്പബലി നടത്തുന്നു. നീച്ചസര്പ്പങ്ങളുടെ ദോഷം തീരാന് സര്പ്പപ്പാട്ടും, ഉത്തമ സര്പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്പ്പബലിയുമാണ് പ്രതിക്രിയ. സ്വര്ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്പ്പപ്രതിമ സമര്പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന് പൂക്കില മാലകള് എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്ത്തിയും, കരിക്ക്, പാല്, പനിനീര് എന്നിവയാല് അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.

 

കര്‍ത്തവ്യങ്ങളുടെ സ്വഭാവമല്ല,ഏതു വിധം നിറവേറ്റുന്നു എന്നതാണ് പ്രധാനം




കര്‍ത്തവ്യങ്ങളുടെ സ്വഭാവമല്ല, ഏതു വിധം നിറവേറ്റുന്നു എന്നതാണ് പ്രധാനം
ജനനത്തേയും ജീവിതത്തിലെ നിലകളേയും (വര്‍ണ്ണാശ്രമങ്ങളെ) ആശ്രയിച്ചുള്ള കര്‍ത്തവ്യങ്ങളെപ്പറ്റി ഭഗവദ്ഗീതയില്‍ പലയിടത്തും പറയുന്നുണ്ട്. ജീവിതത്തിലെ വിവിധവ്യവഹാരങ്ങളോട് ഓരോ മനുഷ്യര്‍ക്കുമുള്ള മാനസികവും ധാര്‍മ്മികവുമായ നിലപാട് ഏറിയ കൂറും അവരവരുടെ ജന്മത്തേയും ജീവിതത്തിലും സമുദായത്തിലും അവര്‍ക്കുള്ള നിലയേയും ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ നാം ഏതു സമുദായത്തില്‍ ജീവിച്ചിരിക്കുന്നുവോ ആ സമുദായത്തിന്റെ ആദര്‍ശങ്ങള്‍ക്കും പ്രവര്‍ത്തനരീതികള്‍ക്കും അനുസരണമായി, നമുക്കു മേന്മയും ഔത്കൃഷ്ട്യവും കൈവരുത്തുന്ന കര്‍മ്മങ്ങളില്‍ ഏര്‍പ്പെടേണ്ടതു നമ്മുടെ കര്‍ത്തവ്യമാകുന്നു. എന്നാല്‍ ഒരേ ആദര്‍ശങ്ങളും പ്രവര്‍ത്തനരീതികളുമല്ല എല്ലാരാജ്യങ്ങളിലും നിലവിലുള്ളതെന്ന് പ്രത്യേകം ഓര്‍മ്മവെയ്ക്കണം. ഒരു ജനതയ്ക്കു മറ്റൊരു ജനതയോടു തോന്നുന്ന വെറുപ്പിന് അധികം കാരണവും ഇക്കാര്യത്തിലുള്ള നമ്മുടെ അജ്ഞതയാകുന്നു. അമേരിക്കയിലെ ആചാരമനുസരിച്ച് അവിടത്തുകാരന്‍ ചെയ്യുന്നതെല്ലാം ഉത്തമകര്‍മ്മങ്ങളാണെന്നും, ആ ആചാരാനുസാരം പ്രവര്‍ത്തിക്കാത്ത ഏതൊരുത്തനും മഹാദുഷ്ടനായിരിക്കണമെന്നും അമേരിക്കക്കാരന്‍ വിചാരിക്കുന്നു. തന്റെ ആചാരങ്ങള്‍മാത്രമാണ് ശരിയായിട്ടുള്ളവ, അവയാണ് ലോകത്തിലേയ്ക്കും ഒന്നാംതരം, അവ അനുസരിക്കാത്തവന്‍ ഏറ്റവും ദുഷ്ടനാണ്, എന്നിങ്ങനെ ഒരു ഹിന്ദു വിചാരിക്കുന്നു. ഇതു നമുക്കെല്ലാവര്‍ക്കും സ്വാഭാവികമായി വരാവുന്ന ഒരു തെറ്റാണ്. എന്നാല്‍ ഇതില്‍നിന്നു വളരെ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നുണ്ട്; ലോകത്തില്‍ കാണുന്ന വിദ്വേഷങ്ങളില്‍ പകുതിക്കും ഹേതു ഇതാണ്.

ഞാന്‍ ഈ നാട്ടില്‍ വന്നശേഷം ചിക്കാഗോനഗരത്തിലെ പ്രദര്‍ശനവീഥിയില്‍ ക്കൂടി നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നൊരാള്‍ എന്റെ തലപ്പാവു പിടിച്ചു വലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍, വൃത്തിയായി വസ്ത്രധാരണം ചെയ്ത് കാഴ്ചയില്‍ മാന്യനെന്നു തോന്നിച്ച ഒരു വ്യക്തിയെയാണ് കണ്ടത്. ഞാന്‍ അയാളോടു സംസാരിച്ചു. എനിക്ക് ഇംഗ്ലീഷ് അറിയാമെന്നു കണ്ടപ്പോള്‍ അയാള്‍ വളരെ ലജ്ജിച്ചു. മറ്റൊരിക്കല്‍ അതേ വീഥിയില്‍വെച്ച് വേറൊരാള്‍ എന്നെപ്പിടിച്ചുന്തി. നിങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അയാളും ലജ്ജിതനായി, നിങ്ങള്‍ എന്തിന് ഈ വേഷം കെട്ടിയിരിക്കുന്നു? എന്നു പരുങ്ങിപ്പതറി ഒരു സമാധാനം പറഞ്ഞു. ഈവക മനുഷ്യരുടെ സഹഭാവം അവരുടെ ഭാഷയുടേയും സ്വന്തം വസ്ത്രധാരണരീതിയുടേയും അതിര്‍ത്തിക്കുള്ളില്‍ മാത്രമേ വ്യാപരിക്കുന്നുള്ളു. പ്രബലന്മാരായ ജനവര്‍ഗ്ഗങ്ങള്‍ ബലഹീനരായവരെ പീഡിപ്പിക്കുന്നതിന് അധികവും ഹേതു ഈ പൂര്‍വ്വധാരണയാണ്. മനുഷ്യസഹോദരന്മാര്‍ക്കു തമ്മില്‍ തോന്നേണ്ട സഹാനുഭൂതിയെ അതു വറ്റിച്ചുകളയുന്നു. എന്റെ വസ്ത്രധാരണരീതി ഹേതുവായി എന്നോട് അപമര്യാദയായി പെരുമാറുകയും ഞാന്‍ അയാളെപ്പോലെ വസ്ത്രം ധരിക്കാത്തതെന്തെന്നു ചോദിക്കുകയും ചെയ്ത ആ മനുഷ്യന്‍ വളരെ നല്ലവനായിരിക്കാം. എന്നാല്‍ മറ്റൊരു രീതിയില്‍ വസ്ത്രം ധരിച്ച ഒരു മനുഷ്യനെക്കണ്ടപ്പോഴേയ്ക്കും അയാളുടെ സ്വഭാവത്തിലെ സൗഹൃദമെല്ലാം നശിച്ചുപോയി. എല്ലാ രാജ്യങ്ങളിലും വിദേശീയര്‍ ചൂഷണത്തിനു വിധേയരാകുന്നു; കാരണം, അവര്‍ക്ക് അവിടെ സ്വയം രക്ഷിക്കാനുള്ള വഴി അറിഞ്ഞുകൂടാ. അങ്ങനെ, അവര്‍ തങ്ങള്‍ കണ്ട രാജ്യക്കാരെക്കുറിച്ചു തെറ്റായ ധാരണകളോടുകൂടി സ്വന്തംനാട്ടിലേയ്ക്കു മടങ്ങുന്നു. കപ്പല്‍ക്കാര്‍, പട്ടാളക്കാര്‍, കച്ചവടക്കാര്‍ മുതലായവര്‍ മറുനാടുകളില്‍ വളരെ അസാധാരണമായി പെരുമാറുന്നു; അവര്‍ സ്വന്തം രാജ്യത്ത് അങ്ങനെ പെരുമാറുവാന്‍ സ്വപേ്‌നപി വിചാരിക്കുകയില്ല. പക്ഷേ ഇതു കൊണ്ടാവാം, ചൈനക്കാര്‍ യൂറോപ്യന്മാരെയും അമേരിക്കക്കാരെയും പരദേശിപ്പിശാചുകള്‍ എന്നു വിളിക്കുന്നത്. പാശ്ചാത്യരുടെ ജീവിതത്തിലെ വിശിഷ്ടവും സരളവുമായ ഭാഗങ്ങള്‍ കണ്ടിരുന്നുവെങ്കില്‍, അവര്‍ ഇങ്ങനെ ചെയ്യുമായിരുന്നില്ല.

അതുകൊണ്ട് നാം ഓര്‍മ്മിക്കേണ്ട ഒരു സംഗതി, അന്യരുടെ കര്‍ത്തവ്യത്തെ അവരുടെ ദൃഷ്ടിയില്‍ക്കൂടിത്തന്നെ കാണാന്‍ എപ്പോഴും ശ്രമിക്കേണ്ടതാണെന്നും, അന്യജനതകളുടെ ആചാരങ്ങളെക്കുറിച്ച് വിധികല്പിക്കുവാന്‍ നമ്മുടെ സ്വന്തം മാനദണ്ഡം ഒരിക്കലും ഉപയോഗിക്കരുതെന്നുമാകുന്നു. ഞാന്‍ ജഗത്തിന്റെ മാനദണ്ഡമല്ല. ഞാന്‍ സ്വയം ലോകത്തിനൊത്തു ഒതുങ്ങിക്കൊള്ളുകയാണ് വേണ്ടത്. അല്ലാതെ ലോകം എനിക്കൊത്തൊതുങ്ങുന്നതല്ല. അങ്ങനെ ചുറ്റുപാടുകള്‍ നമ്മുടെ കര്‍ത്തവ്യത്തിന്റെ പ്രകൃതത്തിനു മാറ്റം വരുത്തുന്നുണ്ടെന്നും, ഓരോ സമയത്തും നമ്മുടെ കര്‍ത്തവ്യമായി കാണുന്ന കര്‍മ്മങ്ങളെ ചെയ്തുകൊണ്ടിരിക്കുകയാണു ലോകത്തില്‍ നമുക്ക് ഉത്തമമായിട്ടുള്ളതെന്നും വരുന്നു. ജന്മവശാല്‍ കര്‍ത്തവ്യ മായി വന്നുചേര്‍ന്നിട്ടുള്ള കര്‍മ്മങ്ങള്‍ നമുക്കു ചെയ്യാം. അതു ചെയ്തുകഴിഞ്ഞാല്‍പ്പിന്നെ ജീവിതത്തിലും ജനസമുദായത്തിലും നമുക്കുള്ള നില ഹേതുവായി വന്നിട്ടുള്ള കര്‍ത്തവ്യങ്ങള്‍ ചെയ്യാം. എന്നാല്‍ മനുഷ്യപ്രകൃതിയെ സംബന്ധിച്ച് ഒരു വലിയ അപകടമുണ്ട്. മനുഷ്യര്‍ ഒരിക്കലും ആത്മപരീക്ഷണം ചെയ്യുകയില്ല. രാജാവിനെപ്പോലെ സിംഹാസനം വാഴാന്‍ തനിക്കും യോഗ്യതയുണ്ട് എന്ന് അവന്‍ വിചാരിക്കുന്നു. അങ്ങനെ യോഗ്യതയുണ്ടെങ്കില്‍ത്തന്നേയും, അയാള്‍ തല്‍ക്കാലം ഏതു പടിയിലിരിക്കുന്നുവോ, അതിനോടനുബന്ധിച്ച കര്‍ത്തവ്യം നിറവേറ്റിയതായി ആദ്യം കാണിക്കണം; അപ്പോള്‍ അതിലും ഉപരിയായ കര്‍ത്തവ്യങ്ങള്‍ വന്നുചേരും. നാം ലോകത്തില്‍ ആത്മാര്‍ത്ഥതയോടെ കര്‍മ്മങ്ങളിലേര്‍പ്പെട്ടുതുടങ്ങുമ്പോള്‍, പ്രകൃതി നമ്മെ ഇടത്തും വലത്തും പ്രഹരിക്കയും അങ്ങനെ നമ്മുടെ യഥാര്‍ത്ഥസ്ഥാനം കണ്ടുപിടിക്കുവാന്‍ സഹായിക്കയും ചെയ്യുന്നു. തനിക്ക് അര്‍ഹതയില്ലാത്ത സ്ഥാനത്ത് ദീര്‍ഘകാലം തൃപ്തികരമായി ഇരിക്കാന്‍ ഒരുവനും സാധിക്കയില്ല. പ്രകൃതിയുടെ ക്രമീകരണപ്രവൃത്തിയില്‍ പിറുപിറുത്തിട്ടു കാര്യമില്ല. താണതരം ജോലി ചെയ്യുന്നതുകൊണ്ട് ആരും താണവനാകയില്ല. ഏര്‍പ്പെട്ടിരിയ്ക്കുന്ന കര്‍ത്തവ്യങ്ങളുടെ സ്വഭാവം കൊണ്ടുമാത്രം ആരേയും മതിക്കാവുന്നതല്ല; മറിച്ച്, കര്‍ത്തവ്യങ്ങളെ ഏതുവിധം നിറവേറ്റുന്നു എന്നും ഏതു മനോഭാവത്തോടെ നിറവേറ്റുന്നു എന്നും നോക്കിയാണ് സകലരേയും മതിക്കേണ്ടത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I

ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് സ്വഭാവമാകുന്നു




ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് സ്വഭാവമാകുന്നു (1)

 

ലോകത്തില്‍ നാം കാണുന്ന സകലകര്‍മ്മങ്ങളും, മനുഷ്യസമുദായത്തിലെ സകലപ്രസ്ഥാനങ്ങളും, നമുക്കു ചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും, വിചാരത്തിന്റെ ബാഹ്യപ്രകടനം അഥവാ മനുഷ്യന്റെ ഇച്ഛാശക്തിയുടെ ബഹിര്‍പ്രകാശനം മാത്രമാകുന്നു. യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍, കപ്പലുകള്‍, പടക്കപ്പലുകള്‍ ഇവയെല്ലാം ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളല്ലാതെ മറ്റൊന്നുമല്ല. ഈ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നതു സ്വഭാവമാകുന്നു: സ്വഭാവത്തെ കര്‍മ്മവും. കര്‍മ്മം ഏതുപോലെയോ അതുപോലെയായിരിക്കും ഇച്ഛാശക്തിയുടെ പ്രകാശനവും. മഹത്തായ ഇച്ഛാശക്തിയോടുകൂടി ലോകത്തില്‍ ഉണ്ടായിട്ടുള്ളവരെല്ലാം വലിയ കര്‍മ്മികളായിരുന്നു: ലോകങ്ങളെ ഇളക്കി മറിക്കുവാന്‍ തക്ക ഇച്ഛാശക്തിയോടുകൂടിയ ആ ഗംഭീരാത്മാക്കള്‍ക്ക് അങ്ങനെയുള്ള ഇച്ഛാശക്തി, അവര്‍ അനേകം ജന്മങ്ങളിലൂടെ നിശ്ചയദാര്‍ഢ്യത്തോടെ ചെയ്ത നിരന്തരകര്‍മ്മങ്ങളുടെ ഫലമായി, സിദ്ധിച്ചതാണ്. ബുദ്ധനോ ക്രിസ്തുവിനോ ഉണ്ടായിരുന്നതുപോലുള്ള ഗംഭീരമനശ്ശക്തി ഒരു ജന്മംകൊണ്ടു സമ്പാദിക്കാവുന്നതല്ല: എന്തെന്നാല്‍ അവരുടെ പിതാക്കന്മാര്‍ ആരായിരുന്നു എന്ന് നമുക്ക് അറിവുണ്ട്. മനുഷ്യസമുദായത്തിന്റെ നന്മയ്ക്കായി ഒരിക്കലെങ്കിലും ഒരു വാക്ക് ആ പിതാക്കന്മാര്‍ പറഞ്ഞതായി അറിവില്ല. ജോസഫിനെപ്പോലെ എത്രയോ ലക്ഷം ആശാരിമാര്‍ മുമ്പുണ്ടായിരുന്നു, എത്രയോ ലക്ഷം ഇപ്പോഴുമുണ്ട്. ബുദ്ധന്റെ പിതാവിനെപ്പോലുള്ള എത്രയോ ലക്ഷം ചെറിയ രാജാക്കന്മാര്‍ ലോകത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ബുദ്ധനെപ്പോലുള്ളവരുടെ ശക്തികള്‍ പാരമ്പര്യേണ സിദ്ധിച്ചതാണെന്നു പറയാമെന്നുവെച്ചാല്‍, ഒരു പക്ഷേ, സ്വന്തം ഭൃത്യന്മാര്‍പോലും വകവെച്ചിട്ടില്ലാത്ത ആ ചെറിയ രാജാവ് ലോകത്തിലെ പകുതി ജനങ്ങളുടെ ആരാധനാപാത്രമായ ഒരു പുത്രനെ ജനിപ്പിച്ചതെങ്ങനെ? ആ ആശാരിക്കും, അനേകലക്ഷം ജനങ്ങള്‍ ഈശ്വരനായാരാധിക്കുന്ന അയാളുടെ പുത്രനും തമ്മിലുള്ള വിപുലമായ അന്തരത്തിനെന്തു കാരണം? പാരമ്പര്യസിദ്ധാന്തംകൊണ്ട് ഇവയ്ക്കു തൃപ്തികരമായ സമാധാനം നല്കാവുന്നതല്ല. ബുദ്ധനും യേശുവും ലോകത്തിന്റെമേല്‍ ക്ഷേപിച്ച ഗംഭീരമനശ്ശക്തി എവിടെ നിന്നു വന്നു? ഈ ശക്തിസമാഹാരം എവിടെനിന്നുണ്ടായി? അതു പണ്ടുപണ്ടേ ഉണ്ടായിരുന്നിരിക്കണം: പല യുഗങ്ങളില്‍ക്കൂടി വളര്‍ന്നു വളര്‍ന്ന് ഒടുവില്‍ ഒരു ബുദ്ധന്റെയോ ക്രിസ്തുവിന്റെയോ രൂപത്തില്‍ ലോകത്തു പെട്ടെന്നു വെളിപ്പെട്ടു: അത് ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഇതെല്ലാം കര്‍മ്മത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. സ്വന്തം അദ്ധ്വാനം കൊണ്ടു സമ്പാദിക്കുന്നതല്ലാതെ യാതൊന്നും ആര്‍ക്കും ലഭിക്കുകയില്ല. ഇതൊരു ശാശ്വതമായ നിയമമാകുന്നു. ഇത് അങ്ങനെയല്ലെന്ന് ചിലപ്പോള്‍ തോന്നും: എന്നാല്‍ കാലാന്തരത്തില്‍ അതിന്റെ യാഥാര്‍ത്ഥ്യം നമുക്കു ബോദ്ധ്യപ്പെടും. ധനത്തിനുവേണ്ടി ഒരാള്‍ ജീവിത കാലം മുഴുവന്‍ യത്‌നിച്ചിരിക്കാം. അയാള്‍ അതിനുവേണ്ടി അനേകായിരം പേരെ വഞ്ചിച്ചിരിക്കാം: എന്നാല്‍ തനിക്ക് ധനികനാകാനുള്ള അര്‍ഹത ഇല്ല എന്ന് ഒടുവില്‍ അയാള്‍ അറിയുന്നു. അയാള്‍ക്ക് ജീവിതം ഒരു ബുദ്ധിമുട്ടും ശല്യവുമായി പരിണമിക്കുകയും ചെയ്യുന്നു. ശാരീരിക സുഖങ്ങള്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കാന്‍ നമുക്കു കഴിഞ്ഞേയ്ക്കാം: എന്നാല്‍ നാം നേടിയതേ യഥാര്‍ത്ഥത്തില്‍ നമ്മുടേതാകയുള്ളു. ഒരു മഠയന്‍ ലോകത്തിലുള്ള സകല പുസ്തകങ്ങളും വിലയ്ക്കു വാങ്ങി തന്റെ ഗ്രന്ഥശാലയില്‍ ശേഖരിച്ചു എന്നു വരാം: പക്ഷേ, വായിക്കാനര്‍ഹതയുള്ളവ മാത്രമേ അയാള്‍ക്കു വായിക്കാന്‍ സാധിക്കയുള്ളു. ഈ അര്‍ഹതയാകട്ടെ കര്‍മ്മം കൊണ്ടാണ് സിദ്ധിക്കേണ്ടത്. നമുക്ക് എന്തിനെല്ലാം അര്‍ഹതയുണ്ടെന്നും നമുക്ക് എന്തെല്ലാം ദഹിക്കുമെന്നും നിര്‍ണ്ണയിക്കുന്നത് നമ്മുടെ കര്‍മ്മങ്ങളാകുന്നു. നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്കുത്തരവാദി നാംതന്നെ. മേലില്‍ ഏതവസ്ഥയില്‍ ആകണമെന്ന് നാം ആഗ്രഹിക്കുന്നുവോ, ആ അവസ്ഥയിലാകുവാനുള്ള ശക്തിയും നമുക്കുണ്ട്. നമ്മുടെ ഇന്നത്തെ അവസ്ഥ സ്വന്തം പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമാണെങ്കില്‍, ഭാവിയില്‍ നാം ആഗ്രഹിക്കുന്നവിധമുള്ള ഏതവസ്ഥയും നമ്മുടെ ഇപ്പോഴത്തെ കര്‍മ്മങ്ങള്‍കൊണ്ടു വരുത്താവുന്നതാണെന്നും അതില്‍നിന്നു സിദ്ധിക്കുന്നു. അതുകൊണ്ട് കര്‍മ്മം ചെയ്യേണ്ടത് എങ്ങനെ എന്നറിയേണ്ടതാവശ്യം. കര്‍മ്മം ചെയ്യാന്‍ പഠിക്കാനെന്തുണ്ട്? ലോകത്തിലുള്ള സകലരും ഏതെങ്കിലും ഒരു വിധത്തില്‍ കര്‍മ്മം ചെയ്യുന്നുണ്ടല്ലോ, എന്ന് നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ നമ്മുടെ ശക്തികളെ ചിന്നിച്ചിതറിക്കളയുക എന്നൊന്നുണ്ട്. അങ്ങനെ സംഭവിക്കാതെ, സാമര്‍ത്ഥ്യത്തോടുകൂടി ശാസ്ത്രീയ രീതിയില്‍ കര്‍മ്മം ചെയ്യുന്നതിനാണ് കര്‍മ്മയോഗം എന്ന് ഗീത പറയുന്നത്. കര്‍മ്മത്തിന്റെ വഴിയറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രം ഒരുവന് അതില്‍നിന്നുള്ള പരമാവധി ഫലം സിദ്ധിക്കുന്നു. മനസ്സിനു സ്വതഃസിദ്ധമായിട്ടുള്ള ശക്തികളെ ആവിഷ്‌കരിക്കുക, ആത്മാവിനെ ഉണര്‍ത്തുക, എന്നുള്ളതാണ് സകലകര്‍മ്മങ്ങളുടേയും ഉദ്ദേശ്യം എന്ന് ഓര്‍മ്മിക്കണം. ശക്തി ഓരോ മനുഷ്യനിലും ഉണ്ട്. ജ്ഞാനവും ഉണ്ട്. അവയെ പുറത്തേയ്ക്കു കൊണ്ടുവരാനുള്ള ആഘാതങ്ങളെപ്പോലെയാകുന്നു വിവിധതരത്തിലുള്ള കര്‍മ്മങ്ങള്‍: ആ ഗംഭീരന്മാരെ തട്ടിയുണര്‍ത്തുകയാകുന്നു കര്‍മ്മം ചെയ്യുന്നത്.


വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം