*വെറ്റില വിശേഷം*
*താംബൂലപ്രശ്നം എന്തിന്?*
ജ്യോതിഷാലയത്തില്‍ വച്ച് ജ്യോതിഷി നടത്തുന്ന പ്രശ്ന ചിന്തയെക്കാള്‍ കുറേകൂടി വിപുലവും സൂക്ഷ്മവുമായ ക്ഷേത്രസംബന്ധമായോ ഗൃഹസംബന്ധമായോ ഉള്ള ഗുണദോഷങ്ങള്‍ അറിയുന്നതിനുവേണ്ടിയാണ് താംബൂലപ്രശ്നം (വെറ്റില പ്രശ്നം).
*സാധാരണ പ്രശ്നങ്ങളെക്കാള്‍ കുറച്ചുകൂടി വിപുലമാണ് താംബൂലപ്രശ്ന പദ്ധതി*. എങ്കില്‍ കൂടി അഷ്ടമംഗലപ്രശ്നത്തിന്റെ വൈപുല്യം ഇതിനില്ല.
ഏകദേശം ഒരു ദിവസം നീണ്ടുനില്‍ക്കുന്ന താംബൂല പ്രശ്നം കൊണ്ടും മതിയായില്ലായെങ്കില്‍ (ക്ഷേത്രത്തിലായാലും ഗൃഹത്തിലായാലും) രണ്ടോ മൂന്നോ ദിവസം നീണ്ടു നില്ക്കുന്ന വിപുലമായ അഷ്ടമംഗലപ്രശ്ന ചിന്ത നി൪ദ്ദേശിക്കാവുന്നതാണ്.
*താംബൂലത്തില്‍ അധിവസിക്കുന്ന ദേവതകള്‍*
*താംബൂലാഗ്രത്തില്‍ ലക്ഷ്മിദേവിയും, മദ്ധ്യഭാഗത്ത് സരസ്വതിയും, കടയ്ക്കല്‍ ജ്യേഷ്ഠാഭഗവതിയും, വലതുഭാഗത്ത് പാ൪വ്വതിയും, ഇടതു ഭാഗത്ത് ഭൂമി ദേവിയും, ഉള്ളില്‍ വിഷ്ണുവും, പുറത്ത് ചന്ദ്രനും, കോണുകളില്‍ ശിവനും ബ്രഹ്മാവും, ഉപരിഭാഗത്ത് ഇന്ദ്രനും ആദിത്യനും എല്ലാ ഭാഗങ്ങളിലും കാമ ദേവനും സ്ഥിതി ചെയ്യുന്നു*.
*താംബൂലദാനലക്ഷണം*
വെറ്റിലയോടൊപ്പം പണമോ ഫലമോ സ്വ൪ണ്ണമോ ദൈവജ്ഞന് ദാനം ചെയ്യുന്നത് ഉത്തമമാണ്. എന്നാല്‍ അവ താംബൂലത്തിന്റെ പുറത്ത് വയ്ക്കുന്നത് അശുഭഫലസൂചകമാണ്.
ലക്ഷ്മീനിവാസസ്ഥാനമായ വെറ്റിലയുടെ അഗ്രഭാഗം മുന്നിലാക്കി വെറ്റില മല൪ത്തി വയ്ക്കുന്നതും, വെറ്റിലയുടെ അഗ്രഭാഗം കിഴക്കുദിക്കിലേയ്ക്കോ വടക്കുദിക്കിലേയ്ക്കോ തിരിഞ്ഞിരിക്കുന്ന വിധം വയ്ക്കുന്നതും ശുഭഫലസൂചകമാണ്.
ഇതിനു വിപരീതമായ വെറ്റില കമഴ്ത്തിവയ്ക്കുന്നതും, തെക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞിരിക്കുന്നതും അത്യധികമായ കഷ്ടഫലങ്ങളെ സൂചിപ്പിക്കുന്നതാണ്.
വെറ്റിലകെട്ട് അഴിച്ചു വയ്ക്കുന്നത് ഉത്തമമാണ്. കെട്ടഴിക്കാതെ വയ്ക്കുന്നത് അധമവും. വെറ്റില ദാനം ചെയ്യുന്നയാള്‍ അംഗവൈകല്യമുള്ളവനായിരിക്കുന്നതും വെറ്റില കേടായിപ്പോവുകയോ, ദൈവജ്ഞന് സമ൪പ്പിക്കാന്‍ പോകുമ്പോള്‍ തറയില്‍ വീണുപോവുകയോ ചെയ്യുന്നതും ഏറെ അശുഭമായ ഫലത്തെ സൂചിപ്പിക്കുന്നതാണെന്ന് അറിഞ്ഞുകൊള്ളണം.
(*ശിവന് പാ൪വ്വതിയോട് പറയുകയാണ്*) അല്ലയോ പ്രിയേ, ശത്രുക്കള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം നേരേനീട്ടിയും, മിത്രങ്ങള്‍ക്ക് വെറ്റിലയുടെ അഗ്രഭാഗം താഴ്ത്തിയും, സേവകന്മാ൪ക്ക് അഗ്രഭാഗം മുകളിലേയ്ക്ക് ഉയ൪ത്തിപ്പിടിച്ചും വേണം താംബൂലദാനം ചെയ്യേണ്ടത്. *കാര്യസാദ്ധ്യം സൂചിപ്പിക്കുന്ന ഈ സിദ്ധയോഗം ഞാന്‍ നിന്നോട് വളരെ ചുരുക്കിയാണ് പറഞ്ഞത്*. (യുക്ത്യനുസാരം താംബൂലദാനത്തിന്റെ മറ്റു ലക്ഷണങ്ങള്‍ കൂടി ഗ്രഹിച്ചു കൊള്ളുക.)
*വെറ്റിലയുടെ വലിപ്പവും നിറവും*
വെറ്റിലയ്ക്ക് വീതിയുടെ മൂന്നിരട്ടി നീളം ഉണ്ടായിരിക്കുന്നതാണ് ഏറ്റവും ശുഭപ്രദം.
രണ്ടംഗുലം വീതിയും ആറംഗുലം നീളമുള്ള ഏറെ നീളം കൂടിയതോ ഏറെ വീതിയുള്ളതോ അല്ലാത്ത, വെറ്റില ഭാവപുഷ്ടിയെ പ്രദാനം ചെയ്യും.
എങ്കില്‍ കൂടി വ്യത്യസ്ത ദേശങ്ങളില്‍ വളരുന്നവയും വെവ്വേറെ ഇനങ്ങളിലുള്ളവയുമായ വെറ്റിലകള്‍ക്ക് വലിപ്പ വ്യതാസവും ആകൃതി വ്യത്യാസവും ഉണ്ടാകാം.
*എന്നതിനാല്‍ മേല്‍പ്പറഞ്ഞ നിയമത്തിന് അമിത പ്രാധാന്യം കല്പിക്കേണ്ടതില്ല, മറിച്ച് ദേശകാലങ്ങള്‍ക്കൊത്തതായിരിക്കണം വെറ്റില എന്ന് മനസ്സിലാക്കിയാല്‍ മതി*.
ഏതൊരു ദേശത്തുവെച്ചാണോ താംബൂലപ്രശ്നം നടക്കുന്നത് ആ ദേശത്ത് പ്രചാരത്തിലിരിക്കുന്ന വെറ്റിലയ്ക്ക് സമാനമായ വലിപ്പമുള്ളതും സമ്പൂ൪ണ്ണതയും രൂപസൗഭാഗവും പ്രകാശിപ്പിക്കുന്നതുമായിരിക്കണം
*താംബൂല പ്രശ്നത്തിനായി ലഭിക്കുന്ന വെറ്റില. മറിച്ചാണ് എങ്കില്‍ അതിനനുസരണമായ ദോഷഫലങ്ങള്‍ പറഞ്ഞുകൊള്ളുക*.
ഇതുപോലെ തന്നെ വെറ്റിലയുടെ നിറവും സാമാന്യഫലത്തെ മാത്രം സൂചിപ്പിക്കുന്നതാണ്. ഏതു ഭാവത്തെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നതിനനുസരിച്ചാണ് വെറ്റിലയുടെ നിറത്തെ ഫലവുമായി എങ്ങനെ യോജിപ്പിക്കേണ്ടത് എന്ന് നിശ്ചയിക്കേണ്ടത്.
വെളുത്തപക്ഷത്തിലോ കറുത്തപക്ഷത്തിലോ തളിരിട്ടത് എന്നതിനെ അടിസ്ഥാനമാക്കി വെറ്റിലയുടെ നിറം വെളുത്തതോ ഇരുണ്ടതോ ആകാം. *വെളുപ്പുകല൪ന്ന വെറ്റില ദൈവീകപ്രാധാന്യത്തെയും, ഇരുണ്ട നിറമുള്ള വെറ്റില പിതൃപ്രാധാന്യത്തെയും സൂചിപ്പിക്കുന്നു എന്ന് പറയാവുന്നതാണ്*.
*ഇരുണ്ട വെറ്റില തിക്തം ഉഷ്ണം കയ്പ് ദാഹം വായ് വരള്‍ച്ച അഴുക്ക് എന്നിവയെ സൂചിപ്പിക്കുന്നതും അസ്വീകാര്യവുമാണ്. വെളുത്ത വെറ്റില കഫനാശകവും, സ്വീകാര്യവും, മധുര രസമുള്ളതും, ദഹനശേഷി വ൪ദ്ധിപ്പിക്കുന്നതും ആണ്*. രോഗപ്രശ്നത്തില്‍ ആറാം വെറ്റിലയോട് ബന്ധപ്പെടുത്തി ഇക്കാര്യം പ്രത്യേകം പരിഗണിക്കാവുന്നതാണ്.
*താംബൂലലക്ഷണവും താംബൂലപ്രശ്നവും*
ജ്യോതിഷിക്ക് ചോദ്യക൪ത്താവ് വിനീതമായി സമ൪പ്പിക്കുന്ന വെറ്റിലകളുടെ എണ്ണത്തെ തല്ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധിപ്പിച്ച് അതുകൊണ്ടുള്ള ഫലചിന്തയാണ് താംബൂലപ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നത്.
മറിച്ച് ദ്വാദശ ഭാവസൂചകമായ വെറ്റിലകളിലെ മ്ലാനി, കീറല്‍, ദ്വാരം, പുഴുക്കടി തുടങ്ങിയ ലക്ഷണങ്ങള്‍ നിരീക്ഷിച്ച് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടാനുള്ള ശ്രമമാണ് താംബൂല ലക്ഷണം.
താംബൂല ലക്ഷണത്തില്‍ നിന്ന് ശുഭാശുഭങ്ങളെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനം നേടി, ആ അറിവിനെ തല്ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി ഫലം സൂക്ഷ്മപ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമേ താംബൂലപ്രശ്നം സ്വാ൪ത്ഥമായിത്തീരുകയുള്ളു.
താംബൂല ലക്ഷണവും തല്ക്കാല ഗ്രഹസ്ഥിതിയും ഒരേ ചരടില്‍ കൊരുത്ത മുത്തുകളെന്നപോലെ പരസ്പര ബന്ധത്തോടുകൂടിയതാക്കുമ്പോള്‍ താംബൂലപ്രശ്നം സമഗ്രതയാ൪ന്ന ഒരു ഫലചിന്താരീതിയായിമാറുന്നു.
*താംബൂല ലക്ഷണം*
പൃച്ഛകന് ജ്യോതിഷിക്ക് കൊടുത്തിട്ടുള്ള താംബൂലങ്ങളെക്കൊണ്ടും ദ്വാദശഭാവങ്ങളുടെ (12 ഭാവങ്ങളുടെ) എല്ലാ ശുഭാശുഭഫലങ്ങളേയും പറയാം. താംബൂലംകൊണ്ട് ചിന്തിക്കേണ്ട രീതിയെയാണ് ഇവിടെ പറയുന്നത്.
“പൃച്ഛ” മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) മുമ്പെയായാല്‍ പൃച്ഛകന്‍തന്ന വെറ്റില അങ്ങിനെ തന്നെ എടുത്ത് മുകളിലത്തെ വെറ്റില ഒന്നാം ഭാവമായും താഴെയുള്ളത് രണ്ടാം ഭാവമായും ക്രമേണ പന്ത്രണ്ടു വെറ്റിലകളെക്കൊണ്ടും പന്ത്രണ്ട് ഭാവങ്ങളായി കല്പിച്ചുകൊള്ളേണ്ടതാകുന്നു. പൃച്ഛ മദ്ധ്യാഹ്നത്തിന് (ഉച്ചക്ക്) ശേഷമാണെങ്കില്‍ താഴത്തെ വെറ്റില ലഗ്നഭാവമായും (ഒന്നാം ഭാവമായും) അതിന് മുകളിലത്തെ വെറ്റില രണ്ടാം ഭാവമായും, ഇപ്രകാരം മേല്പോട്ട് പന്ത്രണ്ട് വെറ്റിലകളെക്കൊണ്ട് പന്ത്രണ്ട് ഭാവങ്ങളേയും കല്പിച്ച് ഫലം പറയേണ്ടതാകുന്നു.
പൃച്ഛ രാത്രിയുടെ പൂ൪വ്വാ൪ദ്ധത്തിലാണെങ്കില്‍ ചുവട്ടില്‍ നിന്ന് തുടങ്ങി മേല്പോട്ടും പൃച്ഛ രാത്രിയുടെ ഉത്തരാ൪ദ്ധത്തിലാണെങ്കില്‍ മുകളില്‍ നിന്ന് കീഴ്പ്പോട്ടും എണ്ണി ക്രമേണ ലഗ്നാദി ഭാവങ്ങളെ ചിന്തിക്കാം എന്ന് ആപ്തോപദേശം. വെറ്റിലയ്ക്ക് വാട്ടമോ മുറിവോ ചതവോ ദ്വാരമോ പുഴുക്കടിയോ ഉണ്ടെങ്കില്‍ ആ ഭാവത്തിന് വ്യാധി നാശം മുതലായ അനിഷ്ടഫലങ്ങളേയും, നല്ല വെറ്റിലയാണെങ്കില്‍ ശുഭത്തേയും ഐശ്വര്യവ൪ദ്ധനയേയും പറയണം.
(*പ്രഷ്ടാവ് നല്കിയ വെറ്റിലകലെക്കൊണ്ട് അയാളുടെ എല്ലാ ഫലങ്ങളും പറയാവുന്നതാണ്*) എന്നിങ്ങനെ. “അഖിലം വക്തവ്യം” എന്ന് പറഞ്ഞിരിക്കുന്നതില്‍
അ – സൂര്യന് (അഷ്ടവ൪ഗ്ഗം) – പിംഗല (ദക്ഷിണ നാഡി)
ഖി – കുജന് (കവ൪ഗ്ഗം) – അഗ്നി (സുഷുമ്നാ നാഡി)
ലം – ചന്ദ്രന് (യവ൪ഗ്ഗം) – അഗ്നി (വാമ നാഡി)
എന്നിങ്ങനെ ശ്വാസത്തോടുകൂടി സൂചിപ്പിച്ചതില്‍ നിന്ന് ദൈവജ്ഞന് താംബൂലപ്രശ്നം ചെയ്യുമ്പോള്‍ ശ്വാസപരിശോധന ചെയ്യണം എന്നു കൂടി ആചാര്യന് സൂചിപ്പിച്ചിരിക്കുന്നു.
*പൃച്ഛകന് ജ്യോതിഷിക്ക് നല്കിയ വെറ്റിലയുടെ എണ്ണത്തെ സംബന്ധിച്ച ഫലങ്ങള്‍*
ഒരു വെറ്റില മാത്രമായാല്‍ ദുഃഖഫലത്തേയും രണ്ടു വെറ്റിലയാണെങ്കില്‍ ധനക്ഷയവും മൂന്നു വെറ്റിലയായാല്‍ വിനാശത്തേയും പറയണം. നാലോ അഞ്ചോ അതില്‍ കൂടുതലോ വെറ്റിലയുണ്ടെങ്കില്‍ ശുഭഫലപ്രദവുമാണ്.
ഇവിടെ 5 വരെയുള്ള വെറ്റിലകള്‍ക്കാണല്ലോ ഫലം പറഞ്ഞിട്ടുള്ളത്. *അതിനാല്‍ ചില൪ ആകെ വെറ്റിലകളുടെ എണ്ണത്തെ 5 കൊണ്ട് ഹരിച്ച് ശിഷ്ടം എത്ര വരുന്നുവോ അതിനനുസരണമായി ശിഷ്ടസംഖ്യ 1 എങ്കില്‍ ദുഃഖം, 2 എങ്കില്‍ ധനനാശം, 3 എങ്കില്‍ വിനാശം, 4 എങ്കില്‍ ശുഭം, 5 എങ്കില്‍ ശുഭം എന്നിങ്ങനെ ഫലം നി൪ണ്ണയിക്കുന്നു*. ഈ രീതിയും സ്വീകാര്യം തന്നെ.
*ശത്രുവിന് മൂന്നും, ശത്രുവായ വൈശ്യന് പത്തും, വീരന്മാ൪ക്ക് പതിനേഴും, ദിവ്യന്മാ൪ക്ക് മുപ്പത്തെട്ടും, സിദ്ധന്മാ൪ക്കും മനുഷ്യ൪ക്കും പത്തൊമ്പതും, ഭൃത്യന്മാ൪ക്ക് ഏഴും, കന്യകയ്ക്ക് ഇരുപത്തിയഞ്ചും, സാമന്ത രാജാക്കന്മാ൪ക്കും പൗത്രന്മാ൪ക്കും പതിനഞ്ചും, പുത്രവധുവിന് മുപ്പതും, ദാസിക്ക് പതിനാലും, മറ്റുള്ളവ൪ക്ക് ഇരുപതും വെറ്റിലയാണ് നല്‍കേണ്ടത് എന്നാണ് നിയമം*.
പൃച്ഛകന് ഇതൊന്നും പാലിച്ചിരിക്കണമെന്നില്ല. എന്നാല്‍ ജ്യോതിഷിക്ക് ഈ അറിവും ഫലപ്രവചനത്തില്‍ യുക്തിപൂ൪വ്വം പ്രയോജനപ്പെടുത്താവുന്നതാണ്
*താംബൂല ലഗ്നം കണ്ടുപിടിക്കുന്നത് എങ്ങനെ?*
താംബൂലസംഖ്യയെ ഇരട്ടിച്ച് അഞ്ചുകൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയില്‍ ഒന്നുകൂട്ടി ഏഴില്‍ ഹരിക്കുക; (താംബൂല സംഖ്യയെ പത്തില്‍ പെരുക്കി ഒന്ന് കൂട്ടിയാല്‍ മതി, {(താംബൂല സംഖ്യ x 10) +1 = ലഭിക്കുന്ന ഉത്തരത്തെ ഏഴില്‍ ഹരിക്കുക}ശേഷിച്ച സംഖ്യ ക്രമേണ സൂര്യാദി ഏഴ് ഗ്രഹങ്ങളാകുന്നു.
ഇപ്രകാരം വരുന്ന ഗ്രഹം തല്ക്കാലത്തില് (താംബൂലപ്രശ്നദിവസത്തെ ഗ്രഹനിലയില്‍) ഏത് രാശിയില്‍ നില്ക്കുന്നുവോ ആ രാശിയെ താംബൂല ലഗ്നരാശിയെന്ന് (താംബൂല ലഗ്നം / താംബൂലാരൂഢം) പറയുന്നു.
ഹരണശേഷം ശിഷ്ടസംഖ്യ ഒന്നെങ്കില്‍ സൂര്യനെന്നും, രണ്ടെങ്കില്‍ ചന്ദ്രനെന്നും, മൂന്നെങ്കില്‍ ചൊവ്വയെന്നും നാലെങ്കില്‍ ബുധനെനെന്നും, അഞ്ചു എങ്കില്‍ വ്യാഴം എന്നും ആറ് എങ്കില്‍ ശുക്രനെന്നും ഏഴ് എങ്കില്‍ ശനിയെന്നും ചിന്തിക്കണം.
ഇങ്ങനെ ഏഴുവരെയുള്ള സംഖ്യകൊണ്ട് ശനിവരെയുള്ള ഏഴ് ഗ്രഹങ്ങളൊന്നിന്റെ ഉദയത്തെ കല്പിക്കണം. ഇപ്രകാരം വരുന്ന ഗ്രഹം – താംബൂലഗ്രഹം – പ്രശ്നസമയത്ത് ഏത് രാശിയില്‍ നില്ക്കുന്നുവോ ആ രാശിയെ ലഗ്നരാശി അഥവാ താംബൂല ലഗ്നം (താംബൂലാരൂഢം) എന്ന് പറയുന്നു.
*താംബൂലലഗ്നത്തിന്റെ / താംബൂല ഗ്രഹത്തിന്റെ ഫലങ്ങള്‍*
താംബൂലഗ്രഹം സൂര്യനാണെങ്കില്‍ പൃച്ഛകന് ദുഃഖവും, ചന്ദ്രനാണെങ്കില്‍ സുഖവും, കുജനാണെങ്കില്‍ കലഹവും, ബുധനോ വ്യാഴമോ ആണെങ്കില്‍ ധനലാഭവും, ശുക്രനാണെങ്കില്‍ സ൪വ്വാഭീഷ്ടസിദ്ധിയും, ശനിയാണെങ്കില് മരണവും ഫലമാകുന്നു.
താംബൂല ഗ്രഹം നില്ക്കുന്ന രാശിയാണല്ലോ താംബൂലലഗ്നം. താംബൂലലഗ്നം തുടങ്ങി ദ്വാദശഭാവങ്ങളുടെ ശുഭാശുഭഫലങ്ങളേയും സിദ്ധിയേയും ഇപ്രകാരം ലഭിക്കുന്ന ലഗ്നാദി പന്ത്രണ്ടു ഭാവങ്ങളെക്കൊണ്ടും അവിടെ നില്ക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും ഫലം പറയാവുന്നതാണ്.
*ലക്ഷണ ചിന്തയ്ക്കായി വെറ്റില എടുക്കേണ്ട ക്രമം*
പ്രഷ്ടാവ് നല്കിയ വെറ്റിലകളെക്കൊണ്ട് അയാളുടെ സകലഫലങ്ങളും പറയാവുന്നതാണ്. താംബൂലപ്രശ്നം ഉച്ചയ്ക്ക് മുമ്പാണെങ്കില്‍ ഫലചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍, എണ്ണിഎടുക്കേണ്ടത് മുകളില്‍ നിന്ന് താഴേക്കും ഉച്ചയ്ക്ക് ശേഷമാണെങ്കില്‍ താഴെ നിന്ന് മുകളിലേയ്ക്കുമാണ്.
താംബൂലൈഃ പ്രഷ്ടൃദത്തൈരപി ഫലമഖിലാ-
സ്തസ്യ വക്തവ്യമേവം
പ്രാരഭ്യോപ൪യ്യധസ്താദ് ഗണനമിഹ വപുഃ-
പൂ൪വ്വമഹ്നോ൪ദ്ധയോഃ സ്യാല്‍
എന്ന പദ്യം ഓ൪മ്മിക്കുക,
ഇവിടെ ഉപരി (മുകളില്‍) എന്നതുകൊണ്ട് വെറ്റിലക്കെട്ടില്‍ വെറ്റില മല൪ന്നിരിക്കുന്ന ഭാഗവും (അകവശം കാണാവുന്ന ഭാഗവും) അധസ്താദ് (താഴെ മുതല്‍) എന്നതുകൊണ്ട് വെറ്റില കമഴ്ന്നിരിക്കുന്ന ഭാഗവും (ബാഹ്യഭാഗം മാത്രം കാണാനാവുന്ന ഭാഗവും) ആണ് സൂചിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും സ്പഷ്ടമായി അറിഞ്ഞിരിക്കേണ്ടതാണ്.
*വെറ്റില കെട്ടഴിച്ചു മല൪ത്തിക വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം*. അങ്ങിനെ മല൪ത്തി വയ്ക്കപ്പെട്ട വെറ്റില വെയിലേറ്റ് വാടിപോകാന്‍സാദ്ധ്യതയുള്ളതിനാലാണ് ഇപ്രകാരം ഒരു നിയമം പറയപ്പെട്ടിരിക്കുന്നതെന്ന് തോന്നുന്നു.
*വെയിലേറ്റ് വാടാത്ത നല്ല വെറ്റില നോക്കിവേണം താംബൂലപ്രശ്നം പറയാന്‍ എന്ന് സാരം*.
പൃച്ഛകന്റെതല്ലാത്ത കാരണങ്ങളാല്‍ വാടിപോയ വെറ്റിലയെടുത്ത് വച്ച് ദോഷഫലങ്ങള്‍ മാത്രം പറഞ്ഞ് പൃച്ഛകന് മനോദുഃഖം വ൪ദ്ധിപ്പിക്കുന്നത് ഒട്ടും നന്നല്ലല്ലോ.
താംബൂല ദാനം രാവിലെ തന്നെ നി൪വ്വഹിക്കപ്പെടുകയും പൃച്ഛകന്റെതല്ലാത്ത ഏതെങ്കിലും കാരണത്താല്‍ താംബൂല ലക്ഷണങ്ങള്‍ ഫലപ്രവചനം ഉച്ഛയ്ക്കുശേഷമാവുകയും ചെയ്താല്‍, വെറ്റില വെയിലേറ്റ് വാടിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ദുരിതഫലങ്ങള്‍ മാത്രം പറയുന്നത് പ്രഷ്ടാവിനോട് കാണിക്കുന്ന ദ്രോഹമായിരിക്കും.
കൂടാതെ അത് സത്യഫലബോധനത്തിന് സഹായിക്കുകയില്ല. ആകയാലാവാം ഇപ്രകാരം ഒരു നിയമം നല്കപ്പെട്ടിരിക്കുന്നത്. രാത്രിയിലാണ് പൃച്ഛ എങ്കില്‍ വെറ്റില എണ്ണിയെടുക്കേണ്ട ക്രമത്തെപ്പറ്റി ആചാര്യന് ഒന്നും പറഞ്ഞിട്ടില്ല എന്നത് ഈ ആശയത്തിന് ഉപോല്‍ബലകമാണ്.
മേല്പറഞ്ഞ പദ്യങ്ങളില്‍ ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കേണ്ട ക്രമം പറയപ്പെട്ടിട്ടുണ്ടെങ്കിലും ഓരോ വെറ്റിലയുടെയും ഉള്‍ഭാഗം നോക്കിയാണോ ഭാവചിന്ത നടത്തേണ്ടത് എന്ന് സ്പഷ്ടമാക്കിയിട്ടില്ല പ്രമുഖ ഗ്രന്ഥങ്ങളിലൊന്നും ഈ വിഷയം ച൪ച്ച ചെയ്തിട്ടില്ല എന്നത്, ഏറ്റവും സ്വാഭാവികമായ രീതിയാണ് അക്കാര്യത്തില്‍ അവ൪ പിന്തുട൪ന്നിരുന്നത് എന്ന് സൂചിപ്പിക്കുന്നു.
*രാവിലെയാണെങ്കിലും ഉച്ചയ്ക്കുശേഷമാണെങ്കിലും ശരി, ഓരോ വെറ്റിലയും മല൪ത്തിവെച്ച് വെറ്റിലയുടെ അകവശം നോക്കി ഫലചിന്ത ചെയ്യുന്നതാണ് ഏറ്റവും ഉത്തമമായ മാ൪ഗ്ഗം*. താംബൂലാഗ്രം കിഴക്ക് ദിക്കിലേയ്ക്ക് തിരിഞ്ഞിരിക്കുന്ന വിധമാണ് വെറ്റില വെയ്ക്കേണ്ടത്.
*ഭാവപുഷ്ടികരമായ വെറ്റിലയുടെ ലക്ഷണങ്ങള്‍*
വലതുഭാഗം ഉയ൪ന്നിരിക്കുന്ന വെറ്റില വെളുത്തപക്ഷത്തില്‍ തളിരിട്ടതാണ്. അപ്രകാരം വെളുത്തപക്ഷത്തില്‍ തളിരിട്ടതും വെളുത്ത് ശോഭയോടുകൂടിയതും, കേടില്ലാത്തതും വളരെ ദീ൪ഘമല്ലാത്തതും ഹ്രസ്വമല്ലാത്തതും, ജന്തുക്കള്‍ ദോഷപ്പെടുത്താത്തതും, തടിച്ച സിരകളുള്ളതുമായ വെറ്റില പൃച്ഛകന് ദീ൪ഘായുസ്സിനേയും സുഖത്തേയും ധനത്തേയും തദ്ഭാവപുഷ്ടിയേയും പ്രദാനം ചെയ്യുന്നു.
*ഭാവനാശകമായ വെറ്റിലയുടെ ലക്ഷണങ്ങള്‍*
ഇടതുഭാഗം ഉയ൪ന്നിരിക്കുന്ന വെറ്റില കറുത്തപക്ഷത്തില്‍ തളിരിട്ടതാണ്. കറുത്തപക്ഷത്തില്‍ തളിരിട്ടതും കറുത്തനിറത്തോടുകൂടിയതും ഇടതുഭാഗം ഉയ൪ന്നിരിക്കുന്നതും കൃമിദൂഷണത്തോടുകൂടിയതും വാടിയതും മുറിവുള്ളതും വളരെ ദീ൪ഘമായതും അഥവാ വളരെ ചെറിയതും ദൗ൪ബല്യമുള്ളതും, ചെറിയ നാഡീഞരമ്പുകളോടു കൂടിയതുമായ വെറ്റില പൃച്ഛകന്മാ൪ക്ക് വളരെ വ്യസനത്തേയും രോഗഭയത്തേയും മരണഭയത്തേയും ഭാവനാശത്തേയും ചെയ്യുന്നതാണ്.
*താംബൂല ലക്ഷണത്തിലെ ഭാവചിന്താവിധി*
പ്രഷ്ടാവ് നല്കിയ വെറ്റിലകളില്‍ യാതൊരു ഭാവസംബന്ധിയായ വെറ്റിലയ്ക്കാണോ വാട്ടമോ, കീറലോ, ദ്വാരമോ, മറ്റു കേടുകളോ ഉള്ളത്, ആ ഭാവത്തിന് വ്യാധി, നാശം തുടങ്ങിയ അനിഷ്ടഫലങ്ങള്‍ പറഞ്ഞുകൊള്ളണം. അപ്രകാരം യാതൊരു ഭാവസംബന്ധിയായ വെറ്റിലയാണോ കേടുകളൊന്നും കൂടാതെ നന്നായിരിക്കുന്നത് ആ ഭാവത്തിന് ഐശ്വര്യാഭിവൃദ്ധി മുതലായ ഇഷ്ടഫലങ്ങള്‍ പറഞ്ഞുകൊള്ളണം.
മ്ലാനി൪ക്ഷത്യാദ്യുപേതം തദയുതമപി യദ്
ഭാവസംബന്ധി പത്രം
തസ്യ വ്യാധ്യാദ്യനിഷ്ടം ഭവതി ശുഭമപി
പ്രാപ്തിസംവ൪ദ്ധനാദ്യം.
എന്ന് പറഞ്ഞത് ഓ൪മ്മിക്കുക. സമാന അ൪ത്ഥത്തിലുള്ള മലയാള പദ്യം താഴെ പറയുന്നു.
വാടിയോ, കീറിയോ, സുഷിരം വീണതോ, പുഴുതിന്നതോ
ഏതുഭാവത്തിനെന്നാകില്‍ ആ ഭാവത്തിനു ഹാനിയും
കേടുകൂടാതെ താംബൂലഭാവങ്ങള്‍ കണ്ടു പുഷ്ടിയും
വിചാരിച്ചു യഥാന്യായം പറഞ്ഞീടുക തല്ഫലം.
*വെറ്റില വാടിയിരുന്നാലുള്ള ഫലം*
വെറ്റില വാടിയതാണെങ്കില്‍ പൂ൪വ്വപുണ്യത്തിന്റെ കുറവിനേയും അഗ്നിഭയത്തേയും, ചൊവ്വയ്ക്ക് കാരകത്വമുള്ള രക്തം, രോഗം തുടങ്ങിയവയാല്‍ പ്രേരിതമായ ദോഷങ്ങളെയും, സ൪പ്പം, വനം എന്നിവയുടെ നാശത്തേയും (അഥവാ സ൪പ്പക്കാവുകളുടെ നാശത്തേയും), മരങ്ങള്‍ മുറിക്കുന്നതിനേയും പറയാം. കിണറുകള്‍ നികത്തിയതുകൊണ്ടുള്ള ദോഷമുണ്ടെന്നും പറയാവുന്നതാണ്. ‘പൂ൪വ്വപുണ്യസ്യദോഷോ’ എന്ന് പറഞ്ഞിരിക്കയാല്‍ പൂ൪വ്വപുണ്യക്ഷതി പറയാമെങ്കിലും ഏതു ഭാവത്തിനെ സൂചിപ്പിക്കുന്ന വെറ്റിലയാണോ വാടിയിരിക്കുന്നത് ആ ഭാവത്തോട് ബന്ധപ്പെട്ട പൂ൪വ്വപുണ്യദോഷമാണ് പറയേണ്ടത്. ‘വഹ്നേ൪ ഭീതിശ്ച ഭൂമിസുതകൃതരുധിരാദ്യാമയഃ പ്രേതഭൂഃ’ എന്ന് പറഞ്ഞിരിക്കയാല്‍ യാതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ വാടിയിരിക്കുന്നത് ആ ഭാവത്തെ അപേക്ഷിച്ച് കുജന്റെ സ്ഥിതിയുമായി ബന്ധപ്പെടുത്തി ആ ഭാവം കൊണ്ട് ചിന്തിക്കാവുന്നവയുടെ നാശത്തെ പറയാം എന്ന് സ്പഷ്ടമാകുന്നു. ‘കൂപാനാം ച വിനാശനം ച ഭവനേ’ എന്ന് പറഞ്ഞിരിക്കയാല്‍ നാലാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റില ശുഷ്കമായിരുന്നാലാണ് (ഭവനം = നാലാം ഭാവം) ശേഷം ഫലങ്ങളും കിണറിന്റെ നാശവും പ്രത്യേകിച്ചും പറയേണ്ടതെന്നുണ്ട്.
*വെറ്റില കീറിയിരുന്നാലുള്ള ഫലം*
വെറ്റില ഛിന്നമായിരുന്നാല്‍ – അതാത് വെറ്റിലയില്‍ പൊട്ടല്‍ അഥവാ കീറലുണ്ടായിരുന്നാല്‍ – ധനവിഭവങ്ങള്‍ ഹേതുവായുള്ള വലുതായ ശത്രുതയും, ആ പ്രദേശവാസികളുടെ പലവിധത്തിലുള്ള വിരോധങ്ങളും, പ്രേതബാധാദി ദോഷങ്ങളും, ദേവന്മാരുടെ മൂലക്ഷേത്രത്തിലുള്ള അശുദ്ധിയും, ദേവബിംബങ്ങളുടേയും പൊട്ടലും ജീ൪ണ്ണതയും പറയണം. ഈ കാരണങ്ങള്‍ കൊണ്ട് തദ്ദേശവാസികളായ ജനങ്ങള്‍ക്ക് പലവിധത്തിലുള്ള അരിഷ്ടതകളേയും മനോദുഃഖങ്ങളെയും പറയുകയും വേണം.
താംബൂല ലക്ഷണങ്ങളെ താംബൂലലഗ്നം തുടങ്ങിയുള്ള തല്ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി മാത്രമേ ഇത്തരം ഫലങ്ങള്‍ ഉറപ്പിച്ചു പറയാവു. ഏതൊരു ഭാവത്തെക്കുറിച്ചാണോ ചിന്തിക്കുന്നത് ആ ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയുടെ ലക്ഷണങ്ങളേക്കാള്‍ തല്ക്കാല ഗ്രഹസ്ഥിതിയാണ് ജ്യോതിഷിക്ക് ഫലങ്ങളെ സ്പഷ്ടമായി കാണിച്ചുകൊടുക്കുന്നത്. ആകയാലാണ് താംബൂല പ്രശ്നത്തില്‍ താംബൂല ലക്ഷണങ്ങളെക്കാള്‍ പ്രാധാന്യം താംബൂല ലഗ്നം തുടങ്ങിയുള്ള തല്ക്കാല ഗ്രഹസ്ഥിതിക്ക് നല്‍കിയിരിക്കുന്നത്. താംബൂലലക്ഷണങ്ങളും താംബൂലലഗ്നം തുടങ്ങിയുള്ള തല്‍ക്കാലഗ്രഹസ്ഥിതിയും പരസ്പര പൂരകങ്ങളാണെന്ന് കരുതണം.
രണ്ടാം ഭാവസൂചകമായ വെറ്റിലയില്‍ പൊട്ടല്‍ ഉണ്ടായിരുന്നാല്‍ (വെറ്റില ഛിന്നമായിരുന്നാല്‍) ആ കുടുംബത്തില്‍പ്പെട്ട ആരെങ്കിലും അന്യജാതിയിലോ മതത്തിലോ പോയിട്ടുണ്ടെന്ന് (തത്രത്യാന്യാം) ഫലം പറയാവുന്നതാണ്, രാണ്ടാംഭാവ സൂചകമായ വെറ്റിലയുടെ ഇടതുഭാഗത്ത്, 3-7-11 ഭാവസൂചകമായ ഭാഗത്ത്, പൊട്ടലുണ്ടായിരുന്നാലാണ് ഈ ഫലം ഉറപ്പിച്ച് പറയേണ്ടത്. ഇത്തരത്തില്‍ താംബൂല ലക്ഷണങ്ങളെ വിവിധ ഭാവങ്ങളുമായി ബന്ധപ്പെടുത്തേണ്ടതെപ്രകാരമാണെന്ന് വളരെ ചിന്തിച്ച് നിശ്ചയിക്കേണ്ടതാണ്. അപ്പോള്‍ മാത്രമേ ഉറപ്പോടെ താംബൂലലക്ഷണങ്ങള്‍ നിരീക്ഷിച്ച് ഫലപ്രവചനം നടത്താന്‍ സാധിക്കൂ.
*വെറ്റിലയില്‍ സുഷിരം ഉണ്ടായിരുന്നാല്‍ ഫലം*
വെറ്റിലയില്‍ ദ്വാരമുണ്ടെങ്കില് ജനങ്ങളുടെ പൂ൪വ്വപുണ്യക്ഷയത്തേയും അഗ്നിഭീതിയേയും രാജകോപത്തേയും അധികാരസ്ഥാനങ്ങളുടെ അപ്രീതിമൂലമുണ്ടാകുന്ന പ്രയാസങ്ങളേയും, പലവിധങ്ങളായ രോഗപീഡകളേയും പ്രേതബാധയേയും, സ൪പ്പനാശത്തേയും, വൃക്ഷശിഖരങ്ങളുടെ നാശത്തേയും, പുഷ്പവള്ളികളുടെ നാശത്തേയും, കാവ് മുതലായവ നശിപ്പിച്ചത് നിമിത്തമുണ്ടായ സ൪പ്പശാപത്തേയും അത് ഹേതുവായി ഉണ്ടാകുന്ന ചൊറി, ചിരങ്ങ് മുതലയാവയേയും പറയണം. സ൪പ്പം കാമത്തിന്റെ പ്രതീകമാകയാല്‍, ഇവിടെ “ഭോഗീന്ദ്രശാപദധിഗത പീടകം” എന്ന് പറഞ്ഞിരിക്കുന്നതിനെ, അതിധികമായ കാമവും കാമപൂരണത്തിനുള്ള ശ്രമങ്ങളും (വേശ്യാസംഗം മുതലായവ) നിമിത്തം ഉണ്ടായ ഗുഹ്യരോഗങ്ങളും ചൊറി, ചിരങ്ങ് മുതലായ ത്വക് രോഗങ്ങളും എന്ന് വ്യക്തിപ്രശ്നത്തില്‍ യുക്ത്യനുസാരം വ്യാഖ്യാനിക്കാവുന്നതാണ്. ഇപ്രകാരം ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവത്തിന് അനുയോജ്യമായ ഫലങ്ങള്‍ മാത്രം വെറ്റിലയുടെ ഇത്തരം ലക്ഷണങ്ങളില്‍ നിന്നും പറയപ്പെടണമെന്നും ശേഷം ഫലങ്ങള്‍ താംബൂലാരൂഢം തുടങ്ങിയുള്ള തല്ക്കാല ഗ്രഹനിലയും അതേ ഫലത്തെ സൂചിപ്പിക്കുന്നു എങ്കില്‍ മാത്രമേ പറയപ്പെടാന്‍ പാടുള്ളൂ എന്നും അറിഞ്ഞിരിക്കണം. ഏതൊരു ഭാവസംബന്ധിയായ വെറ്റിലയിലാണോ മ്ലാനിക്ഷത്യാദി ദോഷലക്ഷങ്ങള്‍ ഉള്ളത്, ആ ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്ന ഫലങ്ങള്‍ മാത്രമല്ല, ആ ഭാവസംബന്ധിയായ മറ്റു ദോഷങ്ങളും തല്ക്കാല ഗ്രഹസ്ഥിതിയുമായി ബന്ധപ്പെടുത്തി പറയേണ്ടതാണ്.
താംബൂലത്തിന്റെ അഗ്രഭാഗത്തിങ്കല്‍ ദ്വാരമുണ്ടെങ്കില് വനദേവതയേയും, തെക്കുഭാഗത്ത് ദ്വാരമുണ്ടെങ്കില് ദു൪മൃതി പ്രേതത്തിനേയും, പടിഞ്ഞാറ് ഭാഗത്ത് ദ്വാരമുണ്ടെകില്‍ ജലമൃതി പ്രേതത്തേയും, വടക്കുഭാഗത്ത് ദ്വാരമുണ്ടെങ്കില് ധനസംബന്ധമായ വൈരാഗ്യത്തേയും, മദ്ധ്യഭാഗത്ത് ദ്വാരമുണ്ടെങ്കില് പാശമൃതി (തൂങ്ങി മരണം) മുതലായവ സംഭവിച്ചിട്ടുള്ള പ്രേതബാധകളെയും പറയണം.
രണ്ടാം ഭാവസംബന്ധിയായ വെറ്റിലയുടെ കിഴക്കോട്ടു തിരിഞ്ഞിരിക്കുന്ന അഗ്രഭാഗത്ത് ദ്വാരമുണ്ടെങ്കില് “താംബൂലാഗ്രേ നിവസതി രമാ” എന്നുകൂടി ഉണ്ടായിരിക്കയാല്‍ ധനസംബന്ധമായ ദോഷങ്ങളും ദാരിദ്രവും പ്രവചിക്കപ്പെടാറുണ്ട്. വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടെങ്കില് അത് മൂലക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് വ്യാഖ്യാനിക്കാം. ബിംബം, അഷ്ടബന്ധം തുടങ്ങിയവയെ സൂചിപ്പിക്കുന്ന വെറ്റിലയുടെ കടയ്ക്കല്‍ ദ്വാരമുണ്ടായിരുന്നാല്‍ – തല്ക്കാല ഗ്രഹസ്ഥിതികൂടി അനുകൂലമെങ്കില്‍ – ബിംബത്തിന്റെയും അഷ്ടബന്ധത്തിന്റെയും ദോഷമായി വ്യാഖ്യാനിക്കാവുന്നതാണ്. ക്ഷേത്രത്തിനു വെളിയില്‍ കാവിനോടും കാടിനോടും അനുബന്ധിച്ചുള്ള ദേവതകളെയാണ് “വനദേവത” എന്ന് പറയുന്നത്. ശാസ്താവ്, നാഗ൪ തുടങ്ങിയവ൪ വനദേവതകളാണ്. മാടന്, യക്ഷി തുടങ്ങി പല ക്ഷേത്രങ്ങളിലും ധാരാളമായി കാണുന്ന മിക്ക ദേവതകളേയും വനദേവതാ വിഭാഗത്തില്‍പ്പെടുത്താവുന്നതാണ്. തെക്കുഭാഗത്ത്, അതായത് കിഴക്കോട്ട് തിരിച്ചുവെച്ചിരിക്കുന്ന വെറ്റിലയുടെ വലതുഭാഗത്ത് സുഷിരമുണ്ടായിരുന്നാല്‍ (കുജന് – “കു”വില്‍ നിന്ന് അതായത് ഭൂമിയില്‍ നിന്ന് ജനിച്ചവ൪ എന്ന൪ത്ഥമുണ്ടായിരിക്കയാല്‍) ഭൂമി സംബന്ധമായ കാരണങ്ങളാല്‍ ഉണ്ടായ കുഴപ്പങ്ങള്‍ നിലവിലുണ്ട് എന്ന് പറയാം. കൂടാതെ ഭ്രൂണം ഏതൊന്നിന്റെയും ഉത്ഭവത്തെ സൂചിപ്പിക്കുന്നതാകയാല്‍ തദ്ഭാവ സംബന്ധിയായ ഏതോ കാര്യത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട ദുരിതങ്ങളാണ് എന്ന് കരുതാവുന്നതാണ്. ഏതൊരു ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റിലയാണോ ആ ഭാവംകൊണ്ട് ചിന്തിക്കാവുന്ന വ്യക്തികളുടെ കുടുംബങ്ങളിലെ ഗ൪ഭം അലസല്‍, ബാലമരണം എന്നിവയും അവ സൂചിപ്പിക്കുന്നതായും വ്യാഖ്യാനിച്ചു കേട്ടിട്ടുണ്ട്. നാലാം ഭാവ സൂചകമായ വെറ്റിലയുടെ കടയ്ക്കല്‍ (പടിഞ്ഞാറുഭാഗത്ത്) സുഷിരമുണ്ട് എങ്കില്‍, ആയത് കിണ൪ കുളം ഇത്യാദി ജലസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മരണദോഷങ്ങളെ സൂചിപ്പിക്കുന്നതായി കരുതാം. ഇടതുഭാഗത്താണ് (വടക്കുഭാഗം) സുഷിരമെങ്കില്‍ ധനലാഭവുമായി ബന്ധപ്പെട്ട വൈരാഗ്യങ്ങള്‍ ഉണ്ടെന്ന് പറയണം. ദേവലന്‍ (ശാന്തിക്കാരന്), ഭക്തജനങ്ങള്‍, ശത്രുക്കള്‍ ഇത്യാദിയായി അനുയോജ്യമായ ഏതിനെയെങ്കിലും സൂചിപ്പിക്കുന്ന വെറ്റിലയുടെ മദ്ധ്യഭാഗത്ത് സുഷിരമുണ്ടെങ്കില്‍ തൂങ്ങിമരണം മുതലായവ പറയാവുന്നതാണ്. കൂടാതെ വൃഥാഭിമാനജന്യങ്ങളായ പ്രശ്നങ്ങളും നിലവിലുണ്ടാവാം. ഭാവചിന്തയുമായും തല്ക്കാല ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ചിന്തിച്ച് ഫലങ്ങള്‍ സൂക്ഷ്മപ്പെടുത്തിക്കൊള്ളണം.
*താംബൂലം പുഴുതിന്നാലുള്ള ഫലം*
താംബൂലം പുഴുത്തിന്നിട്ടുണ്ടെങ്കിലും, കരിഞ്ഞിരുന്നാലും, താംബൂലാഗ്രം പൊട്ടിപ്പോയി എങ്കിലും, വെറ്റിലയുടെ പ്രധാന ഞരമ്പ് ഓടിഞ്ഞിരുന്നാലും ദോഷഫലം പറയേണ്ടതാണ്.
ഒന്നാം ഭാവസൂചകമായ വെറ്റിലയില്‍ പുഴുവിനെ കണ്ടാല്‍ സ൪പ്പദോഷമുണ്ടെന്ന് കരുതാം.
നാലാം ഭാവസൂചകമായ വെറ്റിലയിലാണ് പുഴുവിനെ കാണുന്നതെങ്കില്‍ ധ൪മ്മദേവതാ സ്ഥാനവുമായോ കുടുംബവുമായോ കാവുമായോ ബന്ധപ്പെട്ട സ൪പ്പദോഷങ്ങളുണ്ടാവാം.
അഞ്ചാം ഭാവസൂചകമായ വെറ്റിലയില്‍ പുഴുവിനെ കണ്ടാല്‍ സ൪പ്പദോഷം കൊണ്ട് സുതക്ഷയം (പുത്രനാശം) സംഭവിക്കും.
ഇങ്ങനെ ഓരോ ഭാവവുമായി ബന്ധപ്പെട്ട് സ൪പ്പദോഷാദികള്‍ പുഴുവിനെ കണ്ടാലും അഥവാ പുഴുതിന്ന വെറ്റില കണ്ടാലും ചിന്തിച്ചുകൊള്ളുക.
*വെറ്റിലകൊണ്ട് ഐശ്വര്യലക്ഷണവും ആയു൪നാശലക്ഷണവും*
നീണ്ടു മനോഹരമായ താംബൂലാഗ്രത്തോട് കൂടിയതും ഇടത് വലത് എന്നിങ്ങനെ ഇരു കോണുകളും സമാന വലിപ്പത്തോട് കൂടിയതുമായ വെറ്റില ഏറ്റവും ശുഭസൂചകവും ഐശ്വര്യത്തെയും അഭിവൃദ്ധിയെയും പ്രദാനം ചെയ്യുന്നതുമാണ്.
താംബൂലാഗ്രഹം വരണ്ടിരിക്കുന്നതായി കണ്ടാല്‍ അത് ആ വെറ്റില സൂചിപ്പിക്കുന്ന ഭാവ കൊണ്ട് ചിന്തിക്കേണ്ടതായ വ്യക്തിയുടെ അഥവാ വിഷയങ്ങളുടെ രോഗാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. താംബൂലാഗ്രത്തിലോ അഥവാ വെറ്റിലയ്ക്ക് പൊതുവായ ആകൃതിക്ക് കുറവുകളോ പൊട്ടലുകളോ വന്നിട്ടുണ്ട് എങ്കില്‍ അത് ആ ഭാവസൂചകമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ശാപകോപാദികളെയാണ് സൂചിപ്പിക്കുന്നത്. താംബൂല ലക്ഷണത്തിലെ ഭാവാല്‍ഭാവചിന്തയുമായും തല്ക്കാല ഗ്രഹസ്ഥിതിയുമായും ബന്ധപ്പെടുത്തി ഫലം യുക്ത്യനുസാരം സൂക്ഷ്മപ്പെടുത്തിക്കൊള്ളുക. വ്യത്യസ്ത ഭാവ സൂചകമായ വെറ്റിലകളില്‍ കാണുന്ന ചിലന്തിവലയും മറ്റും ആ ഭാവസൂചകമായ വ്യക്തികളെ അഥവാ വിഷയങ്ങളെ ബാധിച്ചിട്ടുള്ള ആയു൪ദോഷാദികളെയാണ് സൂചിപ്പിക്കുന്നതെന്ന് പറയാവുന്നതാണ്.
വെറ്റിലയുടെ അഗ്രഭാഗത്ത് ആയുസ്സും, കടയ്ക്കല്‍ യശസ്സും, മദ്ധ്യഭാഗത്ത് ലക്ഷ്മിയും സ്ഥിതിചെയ്യുന്നു. വെറ്റിലയുടെ കടയ്ക്കല്‍ കേടുണ്ടായിരുന്നാല്‍ രോഗവും, ആഗ്രഭാഗത്ത് കേടുണ്ടായിരുന്നാല്‍ ആയു൪നാശവും ഫലം പറയാവുന്നതാണ്. ഇത്തരം ഫലചിന്ത പ്രധാനമായും എട്ടാം ഭാവ സൂചകമായ വെറ്റിലയുമായി ബന്ധപ്പെടുത്തി വേണം.
*വെറ്റിലയുടെ ഞരമ്പുകള്‍* (സിരകള്‍)
“സിരയാ ബുദ്ധിനാശനം”. “സിരാദോഷേ തു ഗോത്രാണാം ദോഷം തത്തല്‍ വിനി൪ദ്ദിശേല്‍” എന്നെല്ലാം പറയപ്പെടുന്നു. അതിനാല്‍ ഏത് ഭാവത്തോടു ബന്ധപ്പെട്ട വെറ്റിലയിലാണോ സിരാദോഷങ്ങള്‍ കാണപ്പെടുന്നത്, ആ ഭാവം കൊണ്ട് പറയേണ്ട വ്യക്തികള്‍ക്ക് ബുദ്ധിമാന്ദ്യം ഭ്രാന്ത് ഇത്യാദിദോഷങ്ങളും, ആ ഭാവം സൂചിപ്പിക്കുന്ന കുടുംബശാഖകള്‍ക്കും നാശവും ഫലം പറയാവുന്നതാണ്. യുക്തിയോടെ ഇക്കാര്യം ഫലത്തില്‍ യോജിപ്പിച്ചുകൊള്ളുക.
സിരകള്‍ ബലവത്തായിരുന്നാല്‍ ആ ഭാവത്തിന് പുഷ്ടിയും, ആ ഭാവം കൊണ്ട് പറയപ്പെടേണ്ട വ്യക്തികള്‍ക്ക് ദീ൪ഘായുസ്സും സുഖസമ്പത്തും വിജയവും ഉണ്ട് എന്ന് പറയാവുന്നതാണ്.
സിരകള്‍ വായ്ക്കും ഹൃദയത്തിലും ശൈഥില്യം ഉണ്ടാക്കും. ഉണങ്ങിയതോ അഥവാ പൊട്ടി കഷണങ്ങളായി ചിതറിയതോ ആയ വെറ്റില കഴിക്കുന്നത് ത്വക്ദോഷത്തെ ഉണ്ടാക്കും.
ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ആ ഭാവം സൂചിപ്പിക്കുന്ന വ്യക്തികളില്‍ ഇത്തരം ഫലാനുഭവങ്ങള്‍ ഉള്ളവ൪ ഉണ്ട് എന്ന് പറയാവുന്നതാണ്.
*താംബൂല പ്രശ്നത്തില്‍ ഭാവനി൪ണ്ണയം*
പ്രഷ്ടാവ് ജ്യോതിഷിക്ക് നല്കിയ വെറ്റിലകളെക്കൊണ്ട് 12 ഭാവങ്ങള്‍ നിശ്ചയിച്ച്, പ്രഷ്ടാവിന്റെ എല്ലാ ശുഭാശുഭങ്ങളും പറയാവുന്നതാണ്.
പ്രഷ്ടാവ് നല്കിയ വെറ്റിലകെട്ടില്‍ നിന്നും ഭാവചിന്തയ്ക്കാവശ്യമായ 12 വെറ്റിലകള്‍ എണ്ണിയെടുക്കണം. ആ വെറ്റിലകളെ യഥാക്രമം ഒന്നുമുതല്‍ 12 വരെയുള്ള ഭാവങ്ങളെ സൂചിപ്പിക്കുന്നതായി കരുതി ഫലചിന്ത നടത്താവുന്നതാണ്. ഒന്നാമത്തെ വെറ്റില ഒന്നാം ഭാവമെന്നും രണ്ടാമത്തെ വെറ്റില രണ്ടാം ഭാവമെന്നും മൂന്നാമത്തെ വെറ്റില മൂന്നാം ഭാവമെന്നും ഇങ്ങനെ ക്രമേണ ധരിച്ചുകൊള്ളണം. ഇപ്രകാരം 12 ഭാവങ്ങളെ സൂചിപ്പിക്കുന്നതായ വെറ്റിലകളെക്കൊണ്ട് പ്രഷ്ടാവിന്റെ സ൪വ്വ ഫലങ്ങളും പറയാന്‍ കഴിയുന്നത് താംബൂല ലക്ഷണങ്ങളും തത്കാല ഗ്രഹസ്ഥിതിയും തമ്മില്‍ ബന്ധിപ്പിച്ച് സൂക്ഷ്മ ഫലപ്രവചനം നടത്താന്‍ സാധിക്കുമ്പോഴാണ്.
താംബൂല ലഗ്നം (താംബൂലാരൂഢം) മേടം രാശിയായാല്‍ കലഹവും, ഇടവത്തിന് ധനവ൪ദ്ധനയും, മിഥുനത്തിന് മൃഗഭീതിയും, ക൪ക്കിടകത്തിന് സുഖവൃദ്ധിയും, താംബൂല ലഗ്നം ചിങ്ങം രാഷിയായാല്‍ വയറിനുരോഗവും, കന്നിക്ക് ശുഭവും, തുലാത്തിന് ഗുണവും സല്‍കീ൪ത്തിയും, വൃശ്ചികത്തിന് ശത്രുവ൪ദ്ധനയും, ധനുവിന് ആത്മസുഖവും, മകരത്തിന് സ്ഥാനനാശവും, കുംഭത്തിന് മരണദോഷവും, മീനത്തിന് സന്തതിവ൪ദ്ധനയും ഫലം.
താംബൂലാരൂഢം തുടങ്ങിയുള്ള 12 ഭാവങ്ങളുടെ ഫലചിന്ത താംബൂല പ്രശ്നം എന്ന പേരില്‍ അറിയപ്പെടുന്നു. താംബൂല ലഗ്നം കണ്ടുപിടിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടസംഖ്യ എത്രയാണോ വരുന്നത് അത്രയും തലമുറകളുടെ അഥവാ അത്രയും ശതകങ്ങളുടെ പഴക്കം ആ ക്ഷേത്രത്തിനുണ്ടെന്നും ദേവപ്രശ്നത്തില്‍ പലപ്പോഴും ഫലം പറയാറുണ്ട്. ഈ അറിവ് യുക്തിപൂ൪വ്വം വേണം ഉപയോഗിക്കാന്‍.
*താംബൂല പ്രശ്ന പദ്ധതി*
*താംബൂല ഗ൪ഭ പ്രശ്നം*
അഞ്ചാം ഭാവത്തെ സൂചിപ്പിക്കുന്ന വെറ്റില ലക്ഷണമൊത്തതും മ്ലാനി, ക്ഷതി, വൈകല്യം എന്നിവയില്ലാത്തത്തുമാണെങ്കില്‍ സന്താനലബ്ധിയുണ്ടാകും. അഞ്ചാംഭാവസൂചകമായ വെറ്റിലയ്ക്ക് ദോഷമുണ്ടെങ്കില്‍ ഗ൪ഭസ്രാവം പറയണം.
പ്രഷ്ടാവിനാല്‍ നല്കപ്പെട്ട വെറ്റിലകളില്‍ അഞ്ചാമത്തേതിന് കേടു സംഭവിച്ചിരിക്കുക, അതില്‍ ചത്ത പ്രാണി പറ്റിപ്പിടിച്ചിരിക്കുക എന്നിവ ഗ൪ഭസ്രാവത്തിന്റെ സൂചനയാണ്.
ഇതുപോലെ തന്നെ താംബൂലാരൂഢത്തിന്റെ (താംബൂല ലഗ്നത്തിന്റെ) അഞ്ചാം ഭാവത്തിലെ ഗ്രഹസ്ഥിതിയും പ്രാധാന്യത്തോടെ പരിഗണിക്കണം. താംബൂലാരൂഢം (താംബൂല ലഗ്നം) തുടങ്ങിയുള്ള ഗ്രഹസ്ഥിതിയും ഇതേ ഫലത്തെ സൂചിപ്പിക്കുന്നുവെങ്കില്‍ മാത്രമേ ഈ ഫലം ദൃഢതയോടെ പറയാന്‍ പാടുള്ളു.
ഉദാഹരണമായി അഞ്ചാം ഭാവത്തില്‍ ചൊവ്വ, ശനി, സൂര്യന്, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ സ്ഥിതി, അഞ്ചാം ഭാവാധിപന് മൗഢ്യം, നീചസ്ഥിതി എന്നിവയിലൊന്ന് ഉണ്ടായിരിക്കുക, അഞ്ചാം ഭാവത്തിന് പാപമദ്ധ്യസ്ഥിതി ഉണ്ടായിരിക്കുക, അഞ്ചാം ഭാവത്തില്‍ ഗുളികസ്ഥിതിയും പാപദൃഷ്ടിയും ഉണ്ടായിരിക്കുക എന്നിവയെല്ലാം മേല്പറഞ്ഞ ഗ൪ഭശ്രാവലക്ഷണത്തെ ഉറപ്പിക്കാന്‍ സഹായിക്കുന്ന സൂചനകളാണ്.
ഇതേ രീതി തന്നെയാണ് മറ്റു പ്രശ്നങ്ങളില്‍ പിന്തുടരേണ്ടത്. ഉദാഹരണമായി
*ഗൃഹപ്രശ്നം* :-
നാലാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും, താംബൂലാരൂഢം തുടങ്ങി നാലാം ഭാവത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടും ചിന്തിച്ചുകൊള്ളുക.
*സ്ഥലപ്രശ്നം* :-
ഒന്നാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്കും താംബൂലാരൂഢത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിച്ചുകൊള്ളുക.
*വിവാഹപ്രശ്നം* :-
ഏഴാമത്തെ വെറ്റിലയുടെ ലക്ഷണങ്ങള്‍ക്കും, താംബൂലാരൂഢം തുടങ്ങി ഏഴാം ഭാവത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ചിന്തിച്ചുകൊള്ളുക.
എന്നിങ്ങനെ മറ്റു പ്രശ്നങ്ങളിലും വെറ്റിലകൊണ്ട് പ്രശ്നചിന്ത നടത്താവുന്നതാണ്.
*താംബൂലം കൊണ്ടുള്ള കൂപപ്രശ്നം*
കൂപം = കിണ൪
ദൂതന് സ്ഥപതിയെ സമീപിച്ച് ഭക്തിയോടും ആദരവോടും കൂടി വയ്ക്കുന്ന വെറ്റിലയും അടയ്ക്കയും ആധാരമാക്കി ഫലം ചിന്തിക്കാറുണ്ട്. ഇവിടെ താംബൂലാരൂഢം നി൪ണ്ണയിക്കുന്നതിനുള്ള രീതി വ്യാത്യാസമുണ്ട്.
വെറ്റിലകളുടെ എണ്ണം 12 ല്‍ കൂടുതലാണെങ്കില്‍ ആകെ വെറ്റിലകളുടെ എണ്ണത്തെ 12 കൊണ്ട് ഹരിച്ചു കിട്ടുന്ന ശിഷ്ടത്തെ ആധാരമാക്കിയാണ് താംബൂലാരൂഢം (താംബൂല ലഗ്നം) നി൪ണ്ണയിക്കുന്നത്. ശിഷ്ടം 1 എങ്കില്‍ മേടം, 2 എങ്കില്‍ ഇടവം, 3 എങ്കില്‍ മിഥുനം എന്നിങ്ങനെ താംബൂലാരൂഢം (താംബൂല ലഗ്നം) നി൪ണ്ണയിച്ചുകൊള്ളുക. ഈ താംബൂലാരൂഢം (താംബൂല ലഗ്നം) ഏത് രാശി എന്നതിനെ അടിസ്ഥാനമാക്കി വെള്ളം കിട്ടുമോ ഇല്ലയോ എന്ന് പ്രവചിക്കാവുന്നതാണ്.
*താംബൂലം മേടമെന്നാകില്‍ ഏഴിനാലേ ജലം വരും*
*താംബൂലമിടവം വന്നാല്‍ ഒന്‍പതില്‍ പാറ കണ്ടിടും*
*താംബൂലം മിഥുനം വന്നാല്‍ ജലവും ദൂരമേറുമേ*
*താംബൂലം ക൪ക്കടകം വന്നാല്‍ പാറയങ്ങോട്ടുമില്ലടോ*
*താംബൂലം ചിങ്ങമെന്നാകില്‍ മൂന്നിനാല്‍ പാറ കണ്ടിടും*
*താംബൂലം കന്നിയെന്നാകില്‍ ജലം പെരികെയുണ്ടെടോ*
*തുലാം താംബൂലമായ് വന്നാല്‍ മണ്ണുമങ്ങോട്ടുമില്ലടോ*
*താംബൂലം ചാപമെന്നാകില്‍ ജലമങ്ങോട്ടുമില്ലെടോ*
*താംബൂലം മകരം വന്നാല്‍ മൂന്നിനാല്‍ പാറ കണ്ടിടും*
*താംബൂലം കുംഭമെന്നാകില്‍ മുക്കോലില്‍ പാറ കണ്ടിടും*
*താംബൂലം മീനമെന്നാകില്‍ അഞ്ചിനാല്‍ ജലവും വരും*.
എന്നിങ്ങനെയാണ് *എത്രയടി ആഴം ചെന്നാല്‍ വെള്ളം കിട്ടും എന്ന് വെറ്റിലകളെ ആധാരമാക്കി പ്രവചിക്കേണ്ടത് എന്ന് വാസ്തുഗ്രന്ഥങ്ങളില്‍ പറയപ്പെട്ടിരിക്കുന്നു*.
#ഭാരതീയചിന്തകൾ