2019, ജനുവരി 16, ബുധനാഴ്‌ച

ആറുപടൈ വീടുകള്‍



ആറുപടൈ വീടുകള്‍
തിരുപ്രംകുണ്ഡ്രത്തില്‍ ഭജിച്ചാല്‍ സമ്പത്ത്.
തിരുച്ചെന്തൂരില്‍ തൊഴുതാല്‍ ആത്മവിശ്വാസം.
പളനിയില്‍ രോഗശാന്തിയും ആത്മശാന്തിയും.
സ്വാമിമലയില്‍ ജ്ഞാനം. തിരുത്തണിയില്‍ ശാന്തിയും
ഐശ്വര്യവും. പഴമുതിര്‍ച്ചോലയില്‍ വിവേകം.

ഐശ്വര്യദായകനായ സുബ്രഹ്മണ്യന്റെ പെരുമയേറിയ
ആറു കോവിലുകളിലൂടെ, ആറു പടൈവീടുകളിലൂടെ
ഒരു തീര്‍ഥാടനം

ഉന്നൈ കാണാന്‍ ആയിരംകണ്‍ വേണ്ടും...



കലിയുഗവരദനാണ് സുബ്രഹ്മണ്യന്‍. ശിവന്റെ മൂന്നാം കണ്ണില്‍ നിന്നും ആറായുത്ഭവിച്ച് ശക്തിയുടെ പരിരംഭണത്താല്‍ ഒന്നായി തീര്‍ന്ന ശിവബാലന്‍. ദേവകളില്‍ ഏറ്റവും സുന്ദരന്‍. യുവത്വത്തിന്റെയും വീര്യത്തിന്റെയും നിദര്‍ശനമായ സ്‌കന്ദന്‍. ശൂരസംഹാരം നടത്തിയ ദേവസേനാപതി. അറിവിന്റെയും വിജ്ഞാനത്തിന്റെയും കുമരന്‍. പിതാവിന് പ്രണവാര്‍ഥം പകര്‍ന്ന ഗുരുഗുഹന്‍. ജ്ഞാനപ്പഴം. ബ്രഹ്മചാരിയായ ആണ്ടിവടിവേലന്‍. ഭസ്മലേപനന്‍. വല്ലീദേവയാനീ സമേതനായ കടമ്പന്‍. അഭിഷേകപ്രിയന്‍. വൈരാഗ്യത്തിന്റെ അലൗകികതയും ഗാര്‍ഹസ്ഥ്യത്തിന്റെ ലൗകികതയും സാധ്യമാക്കുന്ന കാര്‍ത്തികേയന്‍. ഷഡ്ദര്‍ശനങ്ങളുടെ കുലപതിയായ ഷണ്‍മുഖന്‍. ശരവണഭവനായ മയില്‍വാഹനന്‍. ക്ഷിപ്രപ്രസാദിയായ വേലായുധന്‍.

മുരുകഭക്തിയുടെ ഹൃദയഭൂമിയാണ് തമിഴകം. രാജ്യത്തകത്തും പുറത്തുമുള്ള അസംഖ്യം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയവയാണ് തമിഴകത്തെ ആറുപടൈവീടുകള്‍. സംഘകവിയും ജ്ഞാനിയുമായ നക്കീരറാണ് തിരുമുരുകതൃപ്പടി എന്ന തന്റെ കൃതിയില്‍ ആറുപടൈവീടുകളെപ്പറ്റി പരാമര്‍ശിച്ചത്. ശൂരപദ്മനെതിരെയുള്ള യുദ്ധനീക്കത്തില്‍ ബാലസുബ്രഹ്ഹ്മണ്യന്‍ സൈന്യവുമായി തമ്പടിച്ച ആറു പുണ്യസ്ഥലങ്ങളാണിവ എന്നാണ് ഐതിഹ്യം. ആണ്ടവന്റെ ആറുപടൈവീടുകളില്‍ ദര്‍ശനം നടത്തുന്നത് കലിയുഗപുണ്യമെന്നാണ് വിശ്വാസം. തമിഴ്‌നാടിന്റെ ഓരങ്ങളിലും മധ്യഭാഗത്തുമായി ചിതറിക്കിടക്കുന്ന ഈ ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ഥയാത്ര തമിഴ്‌നാടിന്റെ ഗഹനമായ സംസ്‌കാരത്തിലൂടെയും ഭൂപ്രകൃതിയിലൂടെയുമുള്ള യാത്ര കൂടിയാണ്. തിരുപ്രംകുണ്ഡ്രം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോലൈ എന്നിവയാണ് വിഖ്യാതമായ ആറുപടൈവീടുകള്‍. 



തിരുപ്രംകുണ്ഡ്രം ഗുഹാക്ഷേത്രം

തിരുപ്രംകുണ്ഡ്രം
വിഖ്യാതമായ ആറുപടൈ വീടുകളില്‍ ആദ്യം
മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്.
ആറുമുഖന്‍ ദേവയാനിയെ വേളി ചെയ്ത ഇടം

ആറുപടൈവീടുകളില്‍ ആദ്യത്തേത് മധുരക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില്‍ ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം. അകനാനൂറിലും തേവാരങ്ങളിലും പരന്‍കുന്‍ഡ്രം എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം സത്യഗിരിയില്‍ പാണ്ഡ്യന്‍മാരാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന്‍ ദേവേന്ദ്രന്റെ പുത്രിയായ ദേവസേനയെ വിവാഹം കഴിച്ച സ്ഥലം. തിരുപ്രംകുണ്ഡ്രത്തില്‍ വെച്ച്, വിശേഷിച്ചും പൈങ്കുനിഉത്രം നാളില്‍, വിവാഹിതരായാല്‍, ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര്‍ വിശ്വസിക്കുന്നു.

മിക്ക മുരുക കോവിലുകളിലുമെന്ന പോലെ തൂണുകളും ശില്‍പ്പങ്ങളും നിറഞ്ഞ മൂന്നു വിതാനങ്ങളുള്ള മൂന്നു മണ്ഡപങ്ങളടങ്ങുന്നതാണ് ക്ഷേത്ര സഞ്ചയം. ക്ഷേത്ര ഗോപുരം ഉള്‍ക്കൊളളുന്ന, 48 തൂണുകളുളള ആസ്ഥാന മണ്ഡപത്തില്‍ നിന്നാണ് ക്ഷേത്രത്തിലേക്കു പ്രവേശിക്കേണ്ടത്. മണികള്‍ പതിച്ച വലിയ വാതില്‍ കടന്നാല്‍ വിശാലമായ കമ്പത്തട്ടി മണ്ഡപം. അവിടെ ശ്രീകോവിലിലേക്ക് നോക്കി നില്‍ക്കുന്ന നന്ദിയും മയിലും മൂഷികനും. പ്രാകാരത്തിനു ചുറ്റും മഹാവിഷ്ണു അടക്കമുള്ള ദേവതകള്‍. പടികള്‍ കയറിയാല്‍ പാറയില്‍ കൊത്തിയെടുത്ത ഗര്‍ഭഗൃഹമായി. മഹാമണ്ഡപം. അവിടെ വേലണിഞ്ഞ് താമരയില്‍ ഒരു പാദമുറപ്പിച്ച് ആസനസ്ഥനായ ചതുര്‍ബാഹുവായ മുരുകന്‍. താഴെ ഇടതു വശത്ത് വധുവായ ദേവയാനിയും വലതുവശത്ത് അഗസ്ത്യ മുനിയും ഭഗവാനെ വണങ്ങി ഇരിക്കുന്നു. മേലെ ഇരു വശങ്ങളിലും മനുഷ്യാകൃതി പൂണ്ട സൂര്യനും ചന്ദ്രനും. വെളളികൊണ്ടു തീര്‍ത്ത വേലിനാണ് ഇവിടെ അഭിഷേകം നടത്തുന്നത്. മഹാദേവന്‍, വിനായകന്‍, ദുര്‍ഗ്ഗ എന്നീ ദേവതകളുടെ ആരൂഢങ്ങളും ഗര്‍ഭഗൃത്തിലുണ്ട്. ഗുഹാക്ഷേത്രത്തിലെ വിവിധ അറകളിലായി അന്നപൂര്‍ണ്ണ, നരസിംഹം, മഹാലക്ഷ്മി എന്നീ ദേവീദേവന്‍മാര്‍ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു.

മഹാലക്ഷമീ തീര്‍ഥവും വസന്തമണ്ഡപവും തിരുവാച്ചി മണ്ഡപവും ക്ഷേത്രത്തിനകത്തു തന്നെ. മുഖ്യ തീര്‍ഥമായ ശരവണപ്പൊയ്ക ക്ഷേത്രത്തിനു പുറത്താണ്. കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രത്തിലെ ശില്‍പ്പങ്ങളില്‍ ഏറ്റവും പ്രശസ്തമായത് ശിവതാണ്ഡവമാണ്. 
കടലോരത്തെ പുണര്‍ന്നു കിടക്കുന്ന തിരുച്ചെന്തൂര്‍ ബാലമുരുക ക്ഷേത്രം


തിരുച്ചെന്തൂര്‍
ശിലയില്‍ കടഞ്ഞെടുത്ത, മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്‍ശിച്ച്,
തെന്‍തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള
രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്.
ശൂരപദ്മാസുരനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ
ദേവസേനാപതിയുടെ കോവിലിലേക്ക്

മലമുകളില്‍ കുടിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്‍. തമിഴ്‌നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്‍വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്‍. ഇവിടെ വെച്ചാണ് ദേവന്‍ ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം. സമുദ്രമധ്യത്തിലുള്ള വീരമഹേന്ദ്രപുരം എന്ന കോട്ടയില്‍ ദേവസേനയുമായി തമ്പടിച്ച് , ത്രിലോകങ്ങളെ കാല്‍ക്കീഴിലാക്കിയ ശൂരപദ്മനെയും സഹോദരങ്ങളായ സിംഹമുഖനെയും താരകനേയും വധിച്ച്, അസുരസേനയെ മുടിച്ച് തന്റെ അവതാരോദ്ദേശം സാധിച്ച പുണ്യസ്ഥലം. രണ്ടായി ഛേദിച്ച ശൂരപദ്മന്റെ ശരീരത്തില്‍ ഒരു ഭാഗം മയിലായും മറു ഭാഗം കോഴിയായും മാറി. മയില്‍ ദേവന്റെ വാഹനമായി, കോഴി ദേവേന്ദ്രന്റെ കൊടിയടയാളമായും മാറി. ദേവവിജയം കൊണ്ടാടാനാണ് സ്‌കന്ദഷഷ്ഠിയാഘോഷം. ദേവന് ശിവഭഗവാനെ ഭജിക്കാന്‍ മയന്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് തിരുച്ചെന്തൂര്‍ എന്നാണു വിശ്വാസമെങ്കിലും പ്രധാന പ്രതിഷ്ഠ മുരുകന്‍ തന്നെ.

ദേവസേനാപതിയായ ബാലസുബ്രഹ്ഹ്മണ്യന്‍ ഇവിടെ സെന്തിലാണ്ടവനാണ്. കിഴക്കു ദിക്കിലേക്ക് സമുദ്രത്തിന് ദര്‍ശനം നല്‍കി ഏകനായി മന്ദഹസിച്ചു നില്‍ക്കുന്ന ചതുര്‍ബാഹുവാണ് പ്രതിഷ്ഠ. പ്രതിഷ്ഠയുടെ ഇടതു ഭാഗത്ത് ജഗന്നാഥ ശിവലിഗം. തെക്കു ഭാഗത്ത് ദര്‍ശനം തരുന്ന വള്ളീദേവയാനീസമേതനായ ഷണ്‍മുഖസ്വാമിയുടെ പന്ത്രണ്ടു കൈകളുള്ള വിഗ്രഹം പണ്ട് ഡച്ചുകാര്‍ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചതാണ്. തിരുച്ചെന്തൂര്‍ ദേവനെ പ്രകീര്‍ത്തിച്ച് ശങ്കരാചാര്യര്‍ രചിച്ച സുബ്രഹ്മണ്യ ഭുജംഗത്തിലെ വരികള്‍ ചുമരുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വദനാരംഭതീര്‍ഥമായ കടലില്‍ കുളിച്ചാണ് ഭഗവാനെ ദര്‍ശിക്കേണ്ടത്. ക്ഷേത്രം ഉയരത്തിലാണെങ്കിലും ശ്രീകോവില്‍ സമുദ്രനിരപ്പിനും താഴെയാണ്. രാവിലെ അഞ്ചിനു നട തുറന്നാല്‍ രാത്രി ഒമ്പതു വരെ നട അടച്ചിടാറില്ല. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിലേക്കു പ്രവേശിക്കണമെങ്കില്‍ മേല്‍ വസ്ത്രം മാറ്റണം.

മാര്‍ത്താണ്ഡ വര്‍മ്മയാണ് ക്ഷേത്രരീതികള്‍ ക്രമപ്പെടുത്തിയെതെന്ന് കരുതുന്നു. (രാവിലെയുള്ള ഉദയമാര്‍ത്താണ്ഡ പൂജ ഉദാഹരണം). പൂജാരികള്‍ തുളു ബ്രാഹ്മണന്‍മാരാണ്. പടിഞ്ഞാറു ഭാഗത്താണ് ഒമ്പതു നിലകളുള്ള രാജഗോപുരമെങ്കിലും, നൂറ്റിഇരുപത്തിനാല് തൂണുകള്‍ അലങ്കരിക്കുന്ന തെക്കു ഭാഗത്തുള്ള ഷണ്‍മുഖവിലാസ മണ്ഡപമാണ് പ്രധാന പ്രവേശന കവാടം. തുടര്‍ന്ന് ശീവേലി മണ്ഡപം. ദക്ഷിണാമൂര്‍ത്തി, വളളി, കാശി വിശ്വനാഥന്‍, വിശാലാക്ഷി, ചണ്ടികേശ്വരന്‍, ഭൈരവന്‍, ശനീശ്വരന്‍ എന്നീ മൂര്‍ത്തികളും 63 നായനാര്‍മാരുടെ പ്രതിമകളും ഇവിടെ കാണാം. അടുത്ത പ്രാകാരമായ ഐരാവതമണ്ഡപത്തില്‍ ബാലാജിയും മേലെവാസല്‍ വിനായകനും. ക്ഷേത്രത്തിനു മുമ്പിലും, ചുറ്റും നടപ്പന്തലിട്ട നീണ്ടു കിടക്കുന്ന ഗിരിപ്രാകാരം. ചുറ്റിലും നിറയെ മണ്ഡപങ്ങള്‍. നടപ്പന്തലിനു തുടക്കത്തില്‍ തുണ്ടുകൈ വിനായകന്‍. സ്‌കന്ദപുഷ്‌കരണിയെന്നു വിഖ്യാതമായ ശുദ്ധജല ഉറവയായ നാഴിക്കിണറിലേക്കു ക്ഷേത്രത്തില്‍ നിന്നു നീളുന്ന നടപ്പാതയുണ്ട്. വടക്കു ഭാഗത്ത് വള്ളിയുടെ ഗുഹാക്ഷേത്രവും ധ്യാനമണ്ഡപവും.വഴിയോരത്തുള്ള വേപ്പു മരങ്ങളില്‍ നിറയെ മയിലുകള്‍.


പഴനി: ഒരു രാത്രി ദൃശ്യം


പഴനി

കടല്‍ പുണരുന്ന തിരുച്ചെന്തൂരിലെ മുരുകനെ തൊഴുത്,
ദണ്ഡായുധപാണിയായ ആണ്ടിവടിവേലനെക്കാണാന്‍ പഴനിയിലേക്ക്.
മൂന്നാം പടൈവീട്ടിലേക്ക്. 

പഴനിയെന്നു പുകഴ്‌പെറ്റ തിരുവാവിന്‍കുടിയാണ് (മലക്കു മേലേ ദണ്ഡായുധപാണിയും താഴെ വേലായുധനും) മൂന്നാം പടൈവീട്. വൈരാഗിയായ ദണ്ഡായുധപാണിയാണ് പഴനിയാണ്ടവന്‍. തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് കൗപീനം മാത്രം ധരിച്ച ബാലബ്രഹ്മചാരി. പഴം കിട്ടാതെ അച്ഛനോടും അമ്മയോടും കലഹിച്ചു വന്ന ബാലനോട് നീ തന്നെയാണ് ജ്ഞാനപഴം (പഴം നീ) എന്ന് പാര്‍വതീപരമേശ്വരന്‍മാര്‍ പറഞ്ഞുവത്രെ. നവപാഷാണങ്ങള്‍ കൊണ്ടു തീര്‍ത്ത് ഭോഗനാഥര്‍ സ്ഥാപിച്ച പ്രതിഷ്ഠ പുകഴ്‌പെറ്റതാണ്. വിഗ്രഹത്തിന്റെ കീഴ്‌പ്പോട്ട് പക്ഷെ തേഞ്ഞ് തീരാറായ അവസ്ഥയിലാണ്. വിഗ്രഹത്തിന് മുഴുക്കാപ്പായണിയിക്കുന്ന ചന്ദനത്തിനും, അഭിഷേക ജലത്തിനും ദിവ്യൗഷധശക്തിയുണ്ടെന്ന് കരുതുന്നു. ചേരമാന്‍ പെരുമാളാണ് പഴനി മലമുകളിലുള്ള (ശിവഗിരി) ക്ഷേത്രം നിര്‍മ്മിച്ചത്

കാവടിയേന്തിയും, മുണ്ഡനം ചെയ്ത് മുടി മുരുകന് സമര്‍പ്പിച്ചും ഹരോ ഹര വിളിച്ചും ആയിരങ്ങള്‍ ദിനവും 693 പടികള്‍ കയറി ക്ഷേത്രസന്നിധിയില്‍ എത്തുന്നു. പടിഞ്ഞാറോട്ടു ദര്‍ശനം നല്‍കുന്ന ദേവന്‍ കേരളക്കരക്ക് അനുഗ്രഹം ചൊരിയുന്നുവെന്ന് ഒട്ടു പരിഭവത്തൊടെ തമിഴ്ഭക്തര്‍ പറയും. ശരവണപ്പൊയ്കയില്‍ കുളിച്ച്, അടിവാരത്തുള്ള രാജ്യത്തെ തന്നെ ഏറ്റവും പഴക്കമേറിയ സുബ്രഹ്മണ്യക്ഷേത്രമായ തിരുവാവിന്‍കുടി ക്ഷേത്രത്തില്‍, മയില്‍ വാഹനനായ ബാലവേലായുധനെ തൊഴുത്, ആദ്യ പ്രാകാരമായി കണക്കാക്കുന്ന പഴനിമല പ്രദക്ഷിണം (ഗിരിവലം) ചെയ്താണ് (2.4 കി മി) മല കയറേണ്ടത്. മല കയറാന്‍ വിഷമം അനുഭവപ്പെടുന്നവര്‍ക്ക് റോപ്പ് കാറും, വിന്ചുമുണ്ട്. മലയുടെ മുകളിലെ പ്രദക്ഷിണ വഴി (രണ്ടാം പ്രാകാരം) ദീര്‍ഘചതുരാകൃതിയില്‍, വിശാലമാണ്. വശങ്ങളില്‍ നടപ്പന്തലുകള്‍. തെക്കുപടിഞ്ഞാറുള്ള കവാടത്തിനരികെയാണ് ഭോഗരുടെ ക്ഷേത്രം.

ഗര്‍ഭഗൃഹത്തിലേക്കുള്ള രാജഗോപുരത്തിനിരുവശവും 172 തൂണുകളുള്ള നായ്ക്കര്‍ മണ്ഡപം. അകത്തുള്ള പ്രാകാരത്തില്‍ ശോഭന മണ്ഡപവും കാര്‍ത്തിക മണ്ഡപവും. ഇതോടു ചേര്‍ന്നുള്ള വസന്തമണ്ഡപത്തില്‍ കന്യാകുമാരി, തിരുനല്‍വേലിയിലെ ഗാന്ധിമതി, രാമേശ്വരത്തെ പര്‍വത വര്‍ദ്ധിനി, മീനാക്ഷി, കാമാക്ഷി, തിരുവാനൈക്കയിലെ അഖിലാണ്ഡേശ്വരി, തിരുക്കടയൂരിലെ അഭിരാമി, മൈലാപ്പൂരിലെ കനകാംമ്പാള്‍, കാശിയിലെ വിശാലാക്ഷി എന്നീ നവ ദുര്‍ഗ്ഗമാര്‍. ഗര്‍ഭഗൃഹത്തിനു മകുടമായി സ്വര്‍ണ്ണവിമാനം. ശ്രീകോവിലില്‍ ശുഭ്രവസ്ത്രധാരിയായും, സന്യാസിയായും, വേട്ടക്കാരനായും, ബാലകനായും, അര്‍ച്ചകനായും രാജാവായും അലങ്കരിക്കപ്പെടുന്ന പഴനിമുരുകന്‍.

സ്വാമിമലൈ

പഴനിമുരുകനെ തൊഴുത്
കാവേരീ തടത്തിലുളള കുംഭകോണത്തിലേക്ക്.
സ്വാമിമലയില്‍ വാഴും സ്വാമിനാഥനെ കാണാന്‍.
അഞ്ചുംതഞ്ചൈയിലെ നാലാം പടൈവീട്

കാവേരിയുടെ തീരത്താണ് സ്വാമിമലൈ. പിതാവിന് പ്രണവാര്‍ഥം വിശദീകരിച്ച ബാലമുരുകന്‍ ഇവിടെ സ്വാമിനാഥനാണ്. സ്വാമിയുടെയും നാഥന്‍. ദീക്ഷിതരുടെ നാട്ടരാഗത്തിലുള്ള പ്രസിദ്ധമായ ''സ്വാമിനാഥ പരിപാലസുമ'' എന്ന കൃതി സ്വാമിമലയിലെ നാഥനെ പറ്റിയാണ്. കൃത്രിമമായി ഉണ്ടാക്കിയ മലയ്ക്കു മുകളിലാണ് ഈ മഹാക്ഷേത്രം.

അറുപത് തമിഴ് മാസങ്ങളെ പ്രതിനിധീകരിക്കുന്ന അറുപതു പടികള്‍ കയറി വേണം ശ്രീകോവില്‍ എത്താന്‍. താഴെ കീഴ് സന്നിധി എന്ന അര്‍ദ്ധമണ്ഡപത്തില്‍ മീനാക്ഷിയും സുന്ദരേശ്വരനും മകനെ ആശീര്‍വദിച്ചിരിക്കുന്നു. കിഴക്കു ഭാഗത്താണ് പ്രധാന പ്രവേശന കവാടം, അവിടെ വല്ലഭഗണപതിയുടെ കൂറ്റന്‍ വിഗ്രഹം.

കൂംഭകോണത്തിനടുത്തുള്ള സ്വാമിമലൈ ക്ഷേത്രം കാവേരിയുടെ തീരത്താണ്‌

കവാടത്തിന്റെ ഭാഗമായ രാജഗോപുരത്തില്‍ മേലെ ക്ഷേത്രത്തിന്റെ ഉള്ളില്‍, രണ്ടാം പ്രാകാരത്തില്‍ നിന്നും നോക്കിയാല്‍ കാണുന്നിടത്ത് ബാലസുബ്രഹ്മണ്യന്‍ പിതാവിന്റെ കൈകളില്‍ ഒതുങ്ങി കാതില്‍ ഓംശരവണഭവഗുഹ എന്നു പ്രണവാര്‍ഥം ഒാതുന്ന ശില്‍പ്പം. ഉപദേശഘട്ടം എന്നാണീ സ്ഥലം അറിയപ്പെടുപന്നത്. മൂലസ്ഥാനത്ത് ദണ്ഡായുധം ധരിച്ച് ഇടതു കൈ കാലില്‍ ഊന്നി നില്‍ക്കുന്ന സ്വാമിനാഥന്റെ ആറടിപൊക്കമുള്ള വിഗ്രഹം. സമീപത്ത് പ്രസിദ്ധമായ വൈരവേല്‍. എല്ലാ ബുധനാഴ്ച്ചകളിലും സ്വാമിയെ രാജാവിനെപ്പോലെ അലങ്കരിക്കും. അടുത്തുള്ള അലങ്കാരമണ്ഡപത്തില്‍ ഉത്സവമൂര്‍ത്തി. പുറത്ത് ലക്ഷ്മിയും വിദ്യാസരസ്വതിയും ഷണ്‍മുഖനും. ക്ഷേത്രക്കിണറായ വജ്രതീര്‍ഥത്തിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നാണു വിശ്വാസം.
ചെന്നൈ ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി മുരുകന്‍


തിരുത്തണി
സ്വാമിമലൈയില്‍ നിന്ന്
വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട്ടിലേക്ക്

തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്. ചുറ്റിലും മനോഹരമായ മലനിരകള്‍. പടിഞ്ഞാറുള്ള വള്ളിമലയില്‍ വെച്ച് വള്ളിയെ വിവാഹം ചെയ്ത് സ്വാമി ഇവിടേക്കു വന്നു.
മലകളില്‍ ഏറ്റവും ശ്രേഷ്ഠമായ ഇടമായതിനാലാണ് ഇവിടേക്കു വന്നതെന്ന വള്ളിയുടെ സംശയത്തിനു മറുപടി നല്‍കിയ സ്വാമി, ഇവിടെ തന്നെ അഞ്ചു ദിവസം ഭജിച്ചു പ്രാര്‍ഥിച്ചവര്‍ക്ക് ഇഹത്തിലും പരത്തിലും പുണ്യമുണ്ടാവുമെന്നും അരുളിച്ചെയ്തു. മൂലസ്ഥാനത്ത്, തിരുപ്പുകഴ് പാടലിന്റെ പശ്ചാത്തലത്തില്‍ വള്ളീദേവയാനീ സമേതനായ സുബ്രഹ്മണ്യന്‍. ദ്വാരപാലകരായി സുദേകനും സുമുഖനും. അര്‍ദ്ധമണ്ഡപത്തിലും സ്ഥപനമണ്ഡപത്തിലും ആപത്സഹായ വിനായകന്‍. ഉച്ചപ്പിള്ളയാര്‍ എന്നീ ഗണേശപ്രതിഷ്ഠകളും. ഉപദേവതകളും. ഉച്ചവര്‍സന്നിധി എന്നു വിളിക്കുന്ന രണ്ടാം പ്രാകാരത്തില്‍ ഏകാംബരേശ്വരന്‍, അര്‍ദ്ധനാരീശ്വരന്‍ അരുണാചലേശ്വരന്‍ ചിദംബരേശ്വരന്‍ ഉമാമഹേശ്വരന്‍ തുടങ്ങിയ മഹാദേവന്റെ വിവിധ ഭാവങ്ങള്‍. 

മധുരൈ നഗരത്തിനടുത്താണ്
ആറാം പടൈവീടായ പഴമുതിര്‍ച്ചോലൈ

പഴമുതിര്‍ച്ചോലൈ

മധുരൈമാനഗരിയുടെ ചാരെയാണ്
ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രത്തിലേക്ക്

പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം. മധുരക്കു പോവുകയായിരുന്ന അവ്വയാര്‍ വഴിക്കിടെ ഒരു വൃക്ഷത്തണലില്‍ വിശ്രമിക്കാനിരുന്നപ്പോള്‍ സുന്ദരകളേബരനായ ഒരു ബാലന്‍ ഓടിവന്നു ചോദിച്ചു ''മുത്തശ്ശീ, പഴം വേണോ?'' മരത്തിനു മുകളില്‍ കയറിയ ബാലന്‍ വീണ്ടും ചോദ്യമെറിഞ്ഞു. ''ചുട്ട പഴം വേണോ, ചുടാത്ത പഴം വേണോ?'' കുസൃതിചോദ്യം അത്ര ഇഷ്ടപ്പെടാത്ത അവ്വയാര്‍ കുറച്ചു കടുപ്പിച്ചു പറഞ്ഞു ''ചുടാത്ത പഴം മതി.'' കൊമ്പുകള്‍ കുലുങ്ങി. പഴങ്ങള്‍ താഴേക്കു വീണു. താഴെ വീണ പഴത്തിലെ മണ്ണ് ഊതിക്കളയുമ്പോള്‍ ബാലന്‍ ചോദിച്ചു. ''മുത്തശ്ശീ, പഴങ്ങള്‍ക്ക് ചൂടുള്ളതു കൊണ്ടാണോ ഊതുന്നത്് '' ? വിദുഷിയായ അവ്വയാറിന് ചോദ്യത്തിന്റെ ആന്തരാര്‍ഥം മനസ്സിലായി. '' കുഞ്ഞെ, ഞാന്‍ ഇനിയുമേറേ പഠിക്കാനുണ്ടെന്ന് നീ തെളിയിച്ചു.'' പഴമുതിര്‍ന്ന ചോലയില്‍ ബാലന്‍ ജ്ഞാനപ്പഴമായ ബാലസുബ്രഹ്മണ്യനായി മാറി.

അവ്വയാറിനു ബോധോദയം നല്‍കിയ പുണ്യ സഥലമാണ് പഴമുതിര്‍ച്ചോലൈ. പ്രാകാരങ്ങളില്ലാത്ത കൊച്ചു കോവില്‍. ജ്ഞാനശക്തിയായ മുരുകന്‍ ഇഛാശക്തിയായ വള്ളിയോടും ക്രിയാശക്തിയായ ദേവയാനിയോടും ഒപ്പം ഇവിടെ കുടികൊള്ളുന്നു. മുമ്പ് മൂലസ്ഥാനത്ത് ആരാധിച്ചിരുന്ന കല്‍വേല്‍ ഇപ്പോഴുമവിടെയുണ്ട്. അടിവാരത്തേക്കിറങ്ങിയാല്‍ ആള്‍വാര്‍മാര്‍ പാടിപുകഴേറ്റിയ ഗാംഭീര്യമാര്‍ന്ന അളഗാര്‍കോവില്‍ എന്ന വിഷ്ണു ക്ഷേത്രം

മേല്പത്തൂർ നാരായണ ഭട്ടതിരി



മേല്പത്തൂർ നാരായണ ഭട്ടതിരി


പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതശ്രേഷ്ഠനും കവിയും സാഹിത്യകാരനുമായിരുന്നു മേല്പത്തൂർ നാരായണ ഭട്ടതിരി(ജനനം - 1559, മരണം - 1632) . അച്യുത പിഷാരടിയുടെ മൂന്നാമത്തെ ശിഷ്യനായ മേൽപ്പത്തൂർ നാരായണ ഭട്ടതിരി മാധവന്റെജ്യോതിശാ‍സ്ത്ര, ഗണിത വിദ്യാലയത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഒരു വ്യാകരണജ്ഞനുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ ശാസ്ത്രീയ കൃതി പാണിനിയുടെ വ്യാകരണസിദ്ധാന്തങ്ങൾ പ്രതിപാദിച്ച് എഴുതിയ പ്രക്രിയ സർവ്വവം ആണ്. മേല്പത്തൂർ,നാരായണീയത്തിന്റെ കർത്താവ് എന്ന നിലയിലാണ് കൂടുതൽ പ്രശസ്തൻ. നാരായണീയത്തിന്റെ രചനാവേദിയായിരുന്ന ഗുരുവായൂർക്ഷേത്രത്തിൽ ഇന്നും ആ കൃതി ആലപിക്കപ്പെടുന്നു.

മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ ഛായചിത്രം

ജനനം


കൊല്ലവർഷം 735 (ക്രിസ്തുവർഷം 1560) മേല്പത്തൂരിന്റെ ജനനവർഷമായി പറയപ്പെടുന്നു.പൊന്നാനി താലൂക്കിൽ എടക്കുളം റെയിൽവേസ്റ്റേഷനടുത്തായി ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂർ ഇല്ലം. തിരുനാവായ ക്ഷേത്രം ഇതിനടുത്താണ്. നാരായണ ഭട്ടതിരിയുടെ അച്ഛൻ മാതൃദത്ത ഭട്ടതിരിയായിരുന്നു.ഭാരതപ്പുഴയുടെ തീരത്തുള്ള മേൽപ്പത്തൂർ നിന്നുള്ള ഒരു നമ്പൂതിരി കുടുംബത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. മാമാങ്കത്തിന്റെ പേരിൽ പ്രശസ്തമായ പുണ്യനഗരമായതിരുനാവായക്ക് അടുത്താണ് മേൽപ്പത്തൂർ. ഭട്ടതിരിയുടെ പിതാവ് മാതൃദത്തൻ പണ്ഠിതനായിരുന്നു. മാതൃഗൃഹം മീമാംസാ പാണ്ഡിത്യത്തിനു പേരു കേട്ട പയ്യൂരില്ലംആയിരുന്നു. അദ്ദേഹത്തിൻ ദാമോദരൻ എന്നൊരു ചേട്ടനും മാതൃദത്തൻ എന്നൊരു അനുജനും ഉണ്ടായിരുന്നതായി കാണൂന്നു.


ബാല്യം, ജീവിതം

ബാല്യത്തിൽ അദ്ദേഹം പിതാവിൽ നിന്ന് മിമാംസാദി വിദ്യ അഭ്യസിച്ചു. പിന്നീട് മാധവനിൽ‍ എന്ന ഗുരുനാഥനിൽനിന്ന് ഋഗ്‌വേദം ദാമോദരനെന്ന ജ്യേഷ്ഠനിൽ നിന്ന് തർക്കശാസ്ത്രവുംഅച്യുത പിഷാരടിയിൽ നിന്ന് തർക്ക ശാ‍സ്ത്രവും  പഠിച്ചു. എന്നു അദ്ദേഹം തന്നെ പ്രക്രിയാ സർവ്വസ്വം എന്ന തന്റെ കൃതിയിൽ പറയുന്നുണ്ട്.. പിന്നീട് ദാമോദരൻ എന്ന ജ്യേഷ്ഠനുമായി പിണങ്ങിയോ എന്നു സംശയിക്കതക്കതാണ് നാരായണീയത്തിലെ പ്രസ്താവം (ഭ്രാതാ മേ വന്ധ്യശീലൊ ഭജതികിൽ വിഷ്ണുമിത്ഥം ...)  16-ആം വയസ്സിൽ അദ്ദേഹം ഒരു പണ്ഠിതനായി. നാരായണ ഭട്ടതിരി സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കാതെ തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ അനന്തിരവളെ പത്നിയായി സ്വീകരിച്ചത്. അദ്ദേഹം "മൂസ്സ്' മുത്തമകൻ അല്ലാത്തതിനാലാണെന്നില്ല. എന്നാൽ മാതൃദത്തന്റെ സീമന്തപുത്രനായിരുന്നു മഹാകവി എന്ന ഉള്ളൂരിന്റെ പ്രസ്താവന പുനരാലോചിക്കപ്പെടേണ്ടതാണ്  അച്ചുതപിഷാരടിയുടെ ശിഷ്യനായിരിക്കെ ഗുരുവിനു ബാധിച്ച വാതരോഗം ബ്രാഹ്മണശിഷ്യന്റെ കടമ എന്ന നിലക്ക് കർമ്മവിപാകദാനസ്വീകാരത്തിലൂടെ ഭട്ടതിരി 25, 26 വയസ്സായപ്പോഴേയ്ക്കും ഏറ്റുവാങ്ങി എന്ന ഐതിഹ്യം വളരെ പ്രശസ്തമാണ്. ചികിത്സയിലൂടെ മാറാതിരുന്നതിനാൽ വാതരോഗഹരനായ ഗുരുവായൂരപ്പനെ ഭജിച്ചു. നൂറു ദിവസത്തിനുള്ളിൽ 1036 ശ്ലോകങ്ങളുൽക്കൊള്ളൂന്ന നാരായണീയ മഹാകാവ്യം രചിച്ച് രോഗത്തിൽ നിന്നും മുക്തി നേടി. നാരായണീയ രചന അവസാനിപ്പിച്ചപ്പോൾ അദ്ദേഹത്തിൻ 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

നാരായണീയം

നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃത കൃതിയാണ്. ഒരു പ്രാർത്ഥനാരൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 14,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1586-ൽ ആണ് എഴുതപ്പെട്ടത്

ഐതിഹ്യം

അദ്ദേഹത്തിന് പണ്ഡിതനും കവിയുമായ എഴുത്തച്ഛൻ ഇതിനു പ്രതിവിധിയായി ‘മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. എന്നാൽ മേല്പത്തൂർ അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭഗാവാൻ വിഷ്ണുവിന്റെ മത്സ്യം മുതൽ ഉള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത് അവശനായ അദ്ദേഹം തൃക്കണ്ടിയൂരിൽ നിന്നുംഗുരുവായൂരമ്പലത്തിൽ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഒരോ ദശകം വീതം ദിവ്സവും ഉണ്ടാക്കിച്ചൊല്ലി 1587 ല് 1000ത്തിലധികം പദ്യങ്ങൾ അടങ്ങിയ നാരായണീയം പൂർത്തിയാക്കി ഭഗവാന് സമർപ്പിച്ചത്. അതോടെ അദ്ദേഹത്തിന്റെ വാതരോഗവും ശമിച്ചു എന്നു വിശ്വസിക്കുന്നു. തന്റെ വാത രോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പത്തൂർ നാരായണ ഭട്ടതിരി മലയാള വർഷം 761 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുത പിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തിൽ നിന്നു വിമുക്തനാക്കുവാൻ സംസ്കൃത പണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛൻ അദ്ദേഹത്തോട് “മീൻ തൊട്ട് കൂട്ടുവാൻ“ ആവശ്യപ്പെട്ടു. ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങൾ പൂർത്തിയാക്കിയ ഭട്ടാതിരി 1587 നവംബർ 27-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം“ പൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം. നൂറാം ശതകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെരൂപത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു.
പൂർവ്വമീമാംസ, ഉത്തരമീമാംസ, വ്യാകരണം എന്നിവയുടെ പണ്ഠിതനും വക്താവുമായിരുന്നു അദ്ദേഹം.
 ചരിത്ര ക്ര്യതികള്‍
  • നാരായണീയം 
  • പ്രക്രിയാ സർവ്വസ്വം
  • അപാണിനീയ പ്രമാണ്യ സാധനം
  • ധാതുകാവ്യം
  • മാനമേയോദയം
  • ത്ന്ത്രവാർത്തിക നിബന്ധനം
  • ശ്രീപാദസപ്തതി
  • മാടരാജപ്രശസ്തി
  • ശൈലാബ്ധീശ്വര പ്രശസ്തി
  • ഗുരുവായൂർപുരേശസ്തോത്രം
  • പാഞ്ചാലീ സ്വയം വരം
  • പാർവ്വതീ സ്വയം‍വരം

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം



ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂർപട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽമഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. നിൽക്കുന്ന രൂപത്തിൽ കാണപ്പെടുന്ന ഭഗവാൻ 4 കൈകളിൽ പാഞ്ചജന്യം (ശംഖ്‌),സുദർശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്നു. മാറിൽ ശ്രീവത്സം എന്ന അടയാളവും, കൗസ്തുഭംതുടങ്ങിയ ആഭരണങ്ങളും, മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പൻ വാഴുന്നത്. റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.

പേരിനു പിന്നിൽ

കുരുവൈയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം.14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാൺ പരാമർശിച്ചിരിക്കുന്നത്. ഗുരുവും വായുവും ചേർന്ന ഗുരുവായൂരാക്കിയതും അതിനെ ക്ഷേത്രവുമായി ബന്ധിച്ച് വളർത്തിയെടുത്തതും ആധുനികകാലത്താണ്‌. എങ്കിലും ഐതിഹ്യമായി പ്രചരിക്കുന്ന അത്തരം കഥകൾക്കാണ്‌ കൂടുതൽ ശ്രോതാക്കൾ. കുരവക്കൂത്ത് നടന്നിരുന്ന സ്ഥലമായതിനാലാവാം കുരവയൂർ എന്ന പേരു വന്നതെന്ന് വി.വി.കെ വാലത്ത് അനുമാനിക്കുന്നു


ഐതിഹ്യം


ക്ഷേത്രത്തിൽ ഇന്നു കാണപ്പെടുന്ന വിഗ്രഹം ചതുർബാഹുവും ശംഖചക്രഗദാപത്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ്. സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഗ്രഹത്തിന് ഉദ്ദേശം നാലടിക്കും അഞ്ചടിക്കുമിടയിൽ ഉയരം വരും. പീഠം കൂടി കണക്കിലെടുത്താൽ ആറടിയാകും. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്റെ ദർശനം കിഴക്കോട്ടാണ്. പാതാളാഞ്ജനശിലയിൽ തീർത്ത ഈ വിഗ്രഹം ആദ്യം ശിവന്റെയൊപ്പമായിരുന്നു. പിന്നീട് ബ്രഹ്മാവും ഇത് സ്വന്തമാക്കി. ഒടുവിൽ സന്താനസൗഭാഗ്യമില്ലാതെ കഴിഞ്ഞിരുന്ന സുതപസ്സ് എന്ന രാജാവിന് ബ്രഹ്മാവ് ഇത് സമ്മാനിച്ചു. നാലുജന്മങ്ങളിൽ അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു അവതരിച്ചു (പ്രശ്നിഗർഭൻ, വാമനൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ). ഒടുവിൽ ദ്വാരകകടലിൽ മുങ്ങിയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും അദ്ദേഹത്തിന്റെ ശിഷ്യനായ വായുദേവനും ചേർന്ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. അങ്ങനെ സ്ഥലത്തിന് ഗുരുവായൂർ എന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും പേരുകൾ വന്നു.
ശിവൻ തപസ്സു ചെയ്തെന്നു കരുതുന്ന പൊയ്കയെ രുദ്രതീർത്ഥമെന്ന്‌ വിളിക്കുന്നു (ഇപ്പോഴുള്ള ഗുരുവായൂർ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണിത്‌.) ശ്രീകൃഷ്ണൻ ഉദ്ധവനോട്‌ ദേവഗുരു ബൃഹസ്പതിയെകൊണ്ട്‌ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാൻ ആവശ്യപ്പെടുകയുണ്ടായ മഹാവിഷ്ണു വിഗ്രഹമാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠയെന്ന്‌ വിശ്വാസം. ഗുരുവും വായുഭഗവാനും കൂടി സ്ഥലം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂരെന്നു നാമമുണ്ടായെന്ന്‌ സ്ഥലനാമ പുരാണം.
പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ മഹാവിഷ്ണു ആരാധിച്ചിരുന്നു എന്നാണ് ഐതീഹ്യം.ബ്രഹ്മാവിന് വിഷ്ണു ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സിൽ സം‌പ്രീതനായ ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും മൂന്നുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു മൂന്നു ജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ മൂന്നു ജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.
സത്യയുഗത്തിലെ ഒന്നാം ജന്മത്തിൽ മഹാവിഷ്ണു സുതപന്റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗർഭൻ ആയി ജനിച്ചു. പ്രശ്നിഗർഭൻ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.
ത്രേതായുഗത്തിൽ സുതപനും പത്നി പ്രശ്നിയും കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തിൽ അവരുടെ മകനായ വാമനനായി ജനിച്ചു.
ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ വസുദേവന്റെയും ദേവകിയുടെയും മകനായി ജനിച്ചു.
ദൌമ്യനാണ് ഇവർക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നൽകിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായൂദേവന്റെയുംസഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതിൽ നിന്നാണ് ഗുരുവായൂർ എന്ന സ്ഥലപ്പേര് ഉണ്ടായത്. ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു എന്നുമാണ് ഐതീഹ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.

ചരിത്രം

ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും മേൽപ്പത്തൂരിന്റെനാ‍രായണീയം ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്."തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു തൃശ്ശൂൽ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂർ ക്ഷേത്രമാണ്.തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം" വില്യം ലോഗൻ മലബാർ മാനുവലിൽഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.

വൈദേശികാക്രമണം

നൂറുകണക്കിന് വർഷങ്ങളിൽ ഗുരുവായൂർ മുസ്ലീം - യൂറോപ്യൻ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി. 1716-ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച് വടക്കേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747-ൽ പുനരുദ്ധരിച്ചു. 1755-ൽസാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായിരുന്നു.
1766-ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെഅഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവുംമൂർത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ൽ സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ 17-നു പുനസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികൾ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.

തീപിടിത്തം

1970 നവംബർ 30-നു ക്ഷേത്ര സമുച്ചയത്തിൽ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീ 5 മണിക്കൂറോളം ആളിക്കത്തി. ശ്രീകോവിൽ ഒഴിച്ച് മറ്റെല്ലാം ഈ തീയിൽ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അൽഭുതകരമായി തീയിൽ നിന്ന് രക്ഷപെട്ടു. എന്നാൽ വിഗ്രഹം ഇപ്പോൾ അംഗഭംഗം സംഭവിച്ച നിലയിലാണ്. കിഴക്കോട്ട് ദർശനമായ പ്രതിഷ്ഠയായതിനാൽ രാവിലെ വരുന്നവർക്ക് അവ വ്യക്തമായി കാണാം. ജാതി മത പ്രായ ഭേദമന്യേ എല്ലാ തുറകളിലെ ആളുകളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു.
ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു.
അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗണപതി മൂർത്തി, ശാസ്താവിന്റെ മൂർത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂർത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല.

പുനരുദ്ധാരണം

കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി. അതിനുശേഷം കേരളസർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറപ്പെടുവിച്ചു. 1977 ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു.
തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ‍ നിർലോഭമായ സഹകരണം മൂലം Rs. 26, 69,000/- പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. ഇവിടെ ഇരുന്നായിരുന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-നു (വിഷു ദിവസം) ആയിരുന്നു.

ക്ഷേത്ര വാസ്തുവിദ്യ

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.
ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും രണ്ട് കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും.

ക്ഷേത്രത്തിലെ നിത്യനിദാനം

ഗുരുവായൂരിൽ നിത്യേന അഞ്ചുപുജകളും മൂന്നുശീവേലികളുമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ “നിർമാല്യ ദർശനം“ എന്ന് പറയുന്നു.

  • വാകച്ചാർത്ത്
ബിംബത്തിൽ എണ്ണയഭിഷേകം നടത്തുന്നു. തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ.
  • ഉഷ:പൂജ
മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ.
  • എതിർത്ത് പൂജ
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് “എതിർത്ത് പൂജ” എന്ന് പറയുന്നത്. ബാലഭാസ്കരനഭിമുഖമായി വിരാജിക്കുന്ന ഭഗവത്ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയായതിനാലാണ് ഈ പൂജയ്ക്ക് എതിർത്ത് പൂജ എന്ന പേർ സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് ഗണപതി, പുറത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തു കാവിൽ ഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു.
  • കാലത്തെ ശീവേലി
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാൺ ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടകുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.
  • നവകാഭിഷേകം
ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലുംകൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നു. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്.
  • പന്തീരടി പൂജ
നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാൺ ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്.
  • ഉച്ചപൂജ
ഇത് നടയടച്ചുള്ള പൂജയാൺ. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ “കാഴ്ച ശീവേലി” എന്ന് വിശേഷിക്കപ്പെടുന്നു.
  • ദീപാരാധന
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു.
  • അത്താഴ പൂജ
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. നിവേദ്യം കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കംകുറിക്കും. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാൽ “തൃപ്പുക” എന്ന ചടങ്ങാൺ. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള അഷ്ടഗന്ധ ചൂർണ്ണമാൺ തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൌരഭ്യം നിരഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ എഴുതിയ ഓല വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു.
അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് “12 ദർശനങ്ങൾ“ എന്നു പറയുന്നു.


വഴിപാടുകൾ


പാൽ പായസം, വെണ്ണ, അപ്പം, അട, പഴം, പഞ്ചസാര, ഉദയാസ്തമനപൂജ, ത്രിമധുരം, കളഭാഭിഷേകം എന്നിവയാണ് ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ.ഗണപതിഹോമം, അപ്പം, മോദകം എന്നിവ ഗണപതിക്കും നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ അയ്യപ്പനും അഴൽ, വെടി വഴിപാട്, മഞ്ഞൾ - കുങ്കുമംപ്രസാദം എന്നിവ ഭഗവതിക്കും പ്രധാനവഴിപാടുകളാണ്. 2007ൽ തെറ്റായ ദേവപ്രശ്നവിധി സത്യമാണെന്ന് വിശ്വസിച്ച് പമ്പരവിഡ്ഢിയായിരുന്ന അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അയ്യപ്പനുമുന്നിൽ എള്ളുതിരി നിർത്തി. തുടർന്ന് ഗുരുവായൂരുകാർക്ക് ശനിദശയായി. കള്ളക്കടത്തും കവർച്ചയും കൊലപാതകങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

 വിശേഷദിവസങ്ങള്‍ 

ഉത്സവം

ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു. ആനയോട്ടദിവസം രാത്രിയോടെ ഉത്സവത്തിനായി കൊടികയറും. കിഴക്കേ നടപ്പുരയ്ക്കകത്തുതന്നെ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ഉത്സവത്തിന് "മുളയിടൽ" ചടങ്ങ് ഉണ്ട് . നവധാന്യങ്ങൾ വെള്ളി കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു. ഇവ മുളയറയിൽ(വാതിൽമാടം) സൂക്ഷിക്കുന്നു. പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിൽ ആണ്. രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്ക് കൊടിയും കൂറയും സ്ഥാപിക്കുന്നു. എല്ലാ ദിവസവും രാത്രി അമ്പലത്തിന്റെ വടക്കുഭാഗത്ത് ശ്രീഭൂതബലി കഴിഞ്ഞ് ഗുരുവായൂരപ്പൻ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി ഇരിക്കും. എട്ടാം ദിവസം മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ബലി ഇടുന്നു. ആ ദിവസം “എട്ടാം വിളക്ക്“ എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. ഒൻപതാം ദിവസം പള്ളിവേട്ട . അന്ന് ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. നഗരപ്രദക്ഷിണശേഷമാണ് പള്ളിവേട്ട. പിഷാരടി പള്ളിവേട്ട തുടങ്ങാൻ ക്ഷണിക്കുന്നു. ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) 9 പ്രദക്ഷിണം നടത്തുന്നു. 9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റെദിവസം 6 മണിക്ക് ഉണരുന്നു. ഉഷപൂജ, ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. അന്ന് ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. നഗരപ്രദക്ഷിണം രുദ്രതീർഥകുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി കണ്ടിയൂർ പട്ടരുടെ ഓർമ്മ പുതുക്കുന്നു. അതിനുശേഷം ഭഗവതി അമ്പലത്തിലൂടെ പ്രവേശിക്കുകയും ഭക്തജനങ്ങൾ കൊണ്ടുവന്ന ഇളനീരിൽ ആദ്യം ഭഗവാൻ ആറാടുകയും ചെയ്യുന്നു. അതിനുശേഷം രുദ്രതീർഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രി മുങ്ങുന്നു. പിന്നിട് ഭക്തജനങ്ങൾ ആറാടുന്നു. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപൂജ. വർഷത്തിൽ ആറാട്ട് ദിവസം രാവിലെ 11 മണിയോടെയാണ് ഉച്ചപൂജ . അതിനുശേഷം 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.

ആനയോട്ടം

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയോടെ ഒരു കൂട്ടം ആനകൾ തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നു ഗുരുവായൂരിലേക്ക് ഓടി വന്നു എന്ന് ഐതീഹ്യം. അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെ ആണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുകയും ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക.

ഏകാദശി

വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത്. കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച്‌ അർജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്. ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ്‌ എത്തുക.
വലിയ ആഘോഷ പരിപാടികൾ ആണ്‌ ഗുരുവായൂരിൽ ഒരുക്കുന്നത്‌. ഗോതമ്പു ചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ്. നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിര ക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക.രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തിൽ ഭഗവാൻ എഴുന്നള്ളും. ഭഗവാന്റെ സ്വർണ്ണക്കോലം പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂർ കേശവനവകാശപ്പെട്ടതായിരുന്നു. പുലർച്ച യോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം ആരംഭിക്കും. അടുത്ത ദിവസം രാവിലെ വരെ അതുതുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ.

മണ്ഡല പൂജ/വിശേഷാൽ കളഭാഭിഷേകം

വൃശ്ചികം ഒന്നിനാണ് മണ്ഡല കാലം ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകം ഗുരുവായൂരപ്പനു നടത്തപെടുന്നു. മൂന്നു നേരം കാഴ്ച ശീവേലി ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മണ്ഡല കാലത്തിന്റെ അവസാന ദിവസം ഗുരുവായൂരപ്പനു കളഭം ആടുന്നു (അഭിഷേകം നടത്തുന്നു) . ഏകാദശി, നാരായണീയ ദിനം, മേല്പത്തൂർ പ്രതിമ സ്ഥപനം ഇവ മണ്ഡല കാലത്തുള്ള വിശേഷദിവസങ്ങൾ .

അഷ്ടമി രോഹിണി

ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു. ഭഗവാന്റെ പ്രിയപ്പെട്ട അപ്പം വഴിപാട് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശീട്ടാക്കാറുണ്ട്.

നാരായണീയദിനം

മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയം എഴുതി തീർന്ന ദിവസം. ഇതു വ്രുശ്ചികത്തിലെ 28ആം ദിവസം ആഘോഷിക്കുന്നു.

പൂന്താന ദിനം

കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനമായി ആഘോഷിക്കുന്നതു.

കൃഷ്ണഗീതി ദിനം

തുലാം 30,1161 നു സാമൂതിരി രാജാവായിരുന്ന മാനവേദരാജയാൽ കൃഷ്ണഗീതി രചിക്കപ്പെട്ടു. ഇതിന്റെ ഓർമ്മയ്ക്കായ് ഗുരുവായൂർ ദേവസ്വം ഈ ദിവസം ആഘോഷിക്കുന്നു.

കുചേലദിനം

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച ആഘോഷിക്കപെടുന്നു. ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി ശ്രീ കൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്കായി ഈ ദിനം ആഘോഷിക്കുന്നു. ഈ ദിവസം അനേകായിരം ഭക്തന്മാർ അവിലുമായി ഗുരുവായൂരപ്പനെ ദർശ്ശിക്കാൻ എത്തുന്നു തങ്ങളുടെ ദാരിദ്രനിർമ്മാജനത്തിനായി.

അക്ഷയതൃതീയ

വൈശാഖത്തിലെ ആദ്യത്തെ തൃതീയ ദിനം ആഘോഷിക്കപ്പെടുന്നു. ഈ ദിവസം “ബലരാമജയന്തി“ എന്നു അറിയപ്പെടുന്നു. കൂടാതെ ഗുരുവായൂരമ്പലത്തിന്റെ കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും അതി ഗംഭീരമായി ആഘോഷിക്കുന്നു.

മേട വിഷു

വിഷുദിനത്തിൽ ഭഗവാനെ കണികാണാൻ ആയിരങ്ങൾ എത്തുന്നു. പുലർച്ചെ 3 മണിക്കാണ് കണികാണൽ ചടങ്ങ്. മേൽശാന്തി ഭഗവാനെ പ്രത്യ്യേകം തയ്യാറാക്കിയ കണി കാണിക്കുന്നു. അതിനുശേഷം ഭക്തജനങ്ങൾ ഭഗവാനെ കണികാണുന്നു.

ചെമ്പൈ സംഗീതോത്സവം

സംഗീതസാമ്രാട്ട് ചെമ്പൈവൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാൺ ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാൺ ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.

വൈശാഖം

മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ “വൈശാഖ പുണ്യകാലം” ആരംഭിക്കുന്നു. ഈ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. വൈശാഖ കാലം മുഴുവൻ ക്ഷേത്രം ഊട്ട്പുരയിൽ വച്ച് “ഭാഗവത സപ്താഹപാരായണം” നടത്തപ്പെടുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതി (അക്ഷയതൃതീയ) ‘ബലരാമ ജയന്തി’ എന്ന പേരിൽ ആചരിക്കപ്പെടുന്നു.