2019, ജനുവരി 16, ബുധനാഴ്‌ച

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം



ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

ദക്ഷിണഭാരതത്തിലെ പ്രധാനപ്പെട്ട ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. കേരളത്തിലെ തൃശ്ശൂർപട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽമഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണൻ എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. നിൽക്കുന്ന രൂപത്തിൽ കാണപ്പെടുന്ന ഭഗവാൻ 4 കൈകളിൽ പാഞ്ചജന്യം (ശംഖ്‌),സുദർശനചക്രം, കൗമോദകി (ഗദ), താമര എന്നിവ ധരിച്ചിരിക്കുന്നു. മാറിൽ ശ്രീവത്സം എന്ന അടയാളവും, കൗസ്തുഭംതുടങ്ങിയ ആഭരണങ്ങളും, മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദർശനമായാണ് ഗുരുവായൂരപ്പൻ വാഴുന്നത്. റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.

പേരിനു പിന്നിൽ

കുരുവൈയൂർ എന്നായിരുന്നു ഗുരുവായൂരിന്റെ ആദികാല നാമം.14-)ം നൂറ്റാണ്ടിലെ കോകസന്ദേശത്തിൽ കുരുവയൂർ എന്നാൺ പരാമർശിച്ചിരിക്കുന്നത്. ഗുരുവും വായുവും ചേർന്ന ഗുരുവായൂരാക്കിയതും അതിനെ ക്ഷേത്രവുമായി ബന്ധിച്ച് വളർത്തിയെടുത്തതും ആധുനികകാലത്താണ്‌. എങ്കിലും ഐതിഹ്യമായി പ്രചരിക്കുന്ന അത്തരം കഥകൾക്കാണ്‌ കൂടുതൽ ശ്രോതാക്കൾ. കുരവക്കൂത്ത് നടന്നിരുന്ന സ്ഥലമായതിനാലാവാം കുരവയൂർ എന്ന പേരു വന്നതെന്ന് വി.വി.കെ വാലത്ത് അനുമാനിക്കുന്നു


ഐതിഹ്യം


ക്ഷേത്രത്തിൽ ഇന്നു കാണപ്പെടുന്ന വിഗ്രഹം ചതുർബാഹുവും ശംഖചക്രഗദാപത്മധാരിയുമായ മഹാവിഷ്ണുവിന്റേതാണ്. സ്വയംഭൂവാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ വിഗ്രഹത്തിന് ഉദ്ദേശം നാലടിക്കും അഞ്ചടിക്കുമിടയിൽ ഉയരം വരും. പീഠം കൂടി കണക്കിലെടുത്താൽ ആറടിയാകും. നിൽക്കുന്ന രൂപത്തിലുള്ള വിഗ്രഹത്തിന്റെ ദർശനം കിഴക്കോട്ടാണ്. പാതാളാഞ്ജനശിലയിൽ തീർത്ത ഈ വിഗ്രഹം ആദ്യം ശിവന്റെയൊപ്പമായിരുന്നു. പിന്നീട് ബ്രഹ്മാവും ഇത് സ്വന്തമാക്കി. ഒടുവിൽ സന്താനസൗഭാഗ്യമില്ലാതെ കഴിഞ്ഞിരുന്ന സുതപസ്സ് എന്ന രാജാവിന് ബ്രഹ്മാവ് ഇത് സമ്മാനിച്ചു. നാലുജന്മങ്ങളിൽ അദ്ദേഹത്തിന്റെ പുത്രനായി മഹാവിഷ്ണു അവതരിച്ചു (പ്രശ്നിഗർഭൻ, വാമനൻ, ശ്രീരാമൻ, ശ്രീകൃഷ്ണൻ). ഒടുവിൽ ദ്വാരകകടലിൽ മുങ്ങിയപ്പോൾ ദേവഗുരുവായ ബൃഹസ്പതിയും അദ്ദേഹത്തിന്റെ ശിഷ്യനായ വായുദേവനും ചേർന്ന് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. അങ്ങനെ സ്ഥലത്തിന് ഗുരുവായൂർ എന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പൻ എന്നും പേരുകൾ വന്നു.
ശിവൻ തപസ്സു ചെയ്തെന്നു കരുതുന്ന പൊയ്കയെ രുദ്രതീർത്ഥമെന്ന്‌ വിളിക്കുന്നു (ഇപ്പോഴുള്ള ഗുരുവായൂർ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിന്റെ വടക്കു ഭാഗത്താണിത്‌.) ശ്രീകൃഷ്ണൻ ഉദ്ധവനോട്‌ ദേവഗുരു ബൃഹസ്പതിയെകൊണ്ട്‌ ഉചിതമായ സ്ഥലത്ത്‌ പ്രതിഷ്ഠിക്കുവാൻ ആവശ്യപ്പെടുകയുണ്ടായ മഹാവിഷ്ണു വിഗ്രഹമാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠയെന്ന്‌ വിശ്വാസം. ഗുരുവും വായുഭഗവാനും കൂടി സ്ഥലം കണ്ടെത്തി പ്രതിഷ്ഠ നടത്തിയതിനാൽ ഗുരുവായൂരെന്നു നാമമുണ്ടായെന്ന്‌ സ്ഥലനാമ പുരാണം.
പാതാള അഞ്ജനം കൊണ്ടു തീർത്ത ഗുരുവായൂരിലെ വിഗ്രഹത്തിനെ മഹാവിഷ്ണു ആരാധിച്ചിരുന്നു എന്നാണ് ഐതീഹ്യം.ബ്രഹ്മാവിന് വിഷ്ണു ഈ വിഗ്രഹം സമ്മാനിച്ചു. പ്രജാപതിയായ സുതപനും അദ്ദേഹത്തിന്റെ പത്നിയായ പ്രശ്നിയും ബ്രഹ്മാവിനെ വിളിച്ച് തപസ്സനുഷ്ഠിച്ചു. ഈ തപസ്സിൽ സം‌പ്രീതനായ ബ്രഹ്മാവ് ഇവർക്ക് ഈ വിഗ്രഹം സമ്മാനിച്ചു. വിഗ്രഹത്തെ അതിഭക്തിയോടെ ഇവർ ആരാധിക്കുന്നതു കണ്ട വിഷ്ണു ഇവരുടെ മുൻപിൽ അവതരിച്ച് വരം ചോദിക്കുവാൻ ആവശ്യപ്പെട്ടു. വിഷ്ണുവിനെ കണ്ട ആഹ്ലാദത്തിൽ ഇരുവരും മൂന്നുതവണ “വിഷ്ണുസമാനനായ ഒരു മകനെ വേണം” എന്ന് ആവശ്യപ്പെട്ടു. വിഷ്ണു മൂന്നു ജന്മങ്ങളിൽ ഇവരുടെ മകനായി ജനിക്കാമെന്നും ഈ മൂന്നു ജന്മങ്ങളിലും ഇവർക്ക് ബ്രഹ്മാവിൽ നിന്ന് വിഗ്രഹം ലഭിക്കും എന്നും വരം കൊടുത്തു.
സത്യയുഗത്തിലെ ഒന്നാം ജന്മത്തിൽ മഹാവിഷ്ണു സുതപന്റെയും പ്രശ്നിയുടെയും മകനായി പ്രശ്നിഗർഭൻ ആയി ജനിച്ചു. പ്രശ്നിഗർഭൻ ലോകത്തിന് ബ്രഹ്മചാര്യത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു കൊടുത്തു.
ത്രേതായുഗത്തിൽ സുതപനും പത്നി പ്രശ്നിയും കശ്യപനും അദിതിയുമായി ജനിച്ചു. മഹാവിഷ്ണു രണ്ടാമത്തെ ജന്മത്തിൽ അവരുടെ മകനായ വാമനനായി ജനിച്ചു.
ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ വസുദേവന്റെയും ദേവകിയുടെയും മകനായി ജനിച്ചു.
ദൌമ്യനാണ് ഇവർക്ക് ഈ വിഗ്രഹം ആരാധനയ്ക്കായി നൽകിയത് എന്നു കരുതപ്പെടുന്നു. ശ്രീകൃഷ്ണൻ ദ്വാരകയിൽ ഒരു വലിയ ക്ഷേത്രം നിർമ്മിച്ച് ഈ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചു. സ്വർഗ്ഗാരോഹണ സമയത്ത് കൃഷ്ണൻ തന്റെ ഭക്തനായ ഉദ്ധവനോട് ഈ വിഗ്രഹം ദേവലോകത്തെ ഗുരുവായ ബൃഹസ്പതിയുടെയും വായൂദേവന്റെയുംസഹായത്തോടെ ഒരു പുണ്യസ്ഥലത്ത് പ്രതിഷ്ഠിക്കുവാൻ പറഞ്ഞു. ഗുരുവും വായുവും ഈ വിഗ്രഹവുമായി തെക്കുള്ള ഒരു സ്ഥലത്തെത്തി വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവും വായുവും വന്ന ഊര് (സ്ഥലം) എന്നതിൽ നിന്നാണ് ഗുരുവായൂർ എന്ന സ്ഥലപ്പേര് ഉണ്ടായത്. ശിവനും പാർവ്വതിയും ഈ വിഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യമുഹൂർത്തത്തിൽ അവിടെ ഉണ്ടായിരുന്നു എന്നും എല്ലാവർക്കും നിൽക്കുവാൻ ക്ഷേത്രത്തിനടുത്ത് സ്ഥലം ഇല്ലാത്തതുകൊണ്ട് ശിവൻ അല്പം മാറി മമ്മിയൂർ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തുനിന്ന് അനുഗ്രഹങ്ങൾ വർഷിച്ചു എന്നുമാണ് ഐതീഹ്യം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും 10 മിനിറ്റ് നടക്കാവുന്ന ദൂരത്തിലാണ് മമ്മിയൂർ ക്ഷേത്രം.

ചരിത്രം

ഗുരുവായൂർ ക്ഷേത്രത്തിന് 5,000 വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. ആദ്യകാലത്ത് ഇത് ഒരു ദ്രാവിഡ ക്ഷേത്രമായിരുന്നു. പിന്നീട് ബുദ്ധക്ഷേത്രമായും മാറി. ഗുരുവായൂർ ക്ഷേത്രത്തെ പ്രതിപാദിക്കുന്ന ഏറ്റവും പഴയ കൃതി 14-ആം നൂറ്റാണ്ടിലെ തമിഴ് പുസ്തകമായ ‘കോകസന്ദേശം’ ആണ്. ഇതിൽ കുരുവായൂർ എന്ന് പ്രതിപാദിച്ചിരിക്കുന്നു. 16-ആം നൂറ്റാണ്ടിലെ പല കൃതികളിലും ഗുരുവായൂരിനെ കുറിച്ചുള്ള കുറിപ്പുകളും വർണ്ണനയും കാണാം. എങ്കിലും മേൽപ്പത്തൂരിന്റെനാ‍രായണീയം ആണ് ഗുരുവായൂർ ക്ഷേത്രത്തെ പ്രശസ്തമാക്കിയത്."തിരുന്നാവായ കഴിഞ്ഞാൽ പ്രാധാന്യം കൊണ്ടു രണ്ടാമതുവരുന്നതു തൃശ്ശൂൽ ജില്ലയിൽ ചാവക്കാട് താലൂക്കിലുള്ള ഗുരുവായൂർ ക്ഷേത്രമാണ്.തളർവാതരോഗശാന്തിക്കു പുകൾപ്പെറ്റതാണ് ഈ ഹൈന്ദവാരാധന കേന്ദ്രം" വില്യം ലോഗൻ മലബാർ മാനുവലിൽഇങ്ങനെയാണ് ഗുരുവായൂർക്ഷേത്രത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.

വൈദേശികാക്രമണം

നൂറുകണക്കിന് വർഷങ്ങളിൽ ഗുരുവായൂർ മുസ്ലീം - യൂറോപ്യൻ കടന്നുകയറ്റക്കാരുടെ ആക്രമണത്തിനു പാത്രമായി. 1716-ൽ ഡച്ചുകാർ ഗുരുവായൂർ ക്ഷേത്രം ആക്രമിച്ച് ക്ഷേത്രത്തിലെ വിലപിടിച്ച വസ്തുക്കളും സ്വർണ്ണക്കൊടിമരവും കൊള്ളയടിച്ച് വടക്കേ ഗോപുരത്തിന് തീവെച്ചു. ക്ഷേത്രം 1747-ൽ പുനരുദ്ധരിച്ചു. 1755-ൽസാമൂതിരിയുമായുള്ള യുദ്ധത്തിൽ ഡച്ചുകാർ തൃക്കുന്നവായ് ക്ഷേത്രം നശിപ്പിച്ചു. ഇവിടെ നിന്ന് ബ്രാഹ്മണർ പലായനം ചെയ്തു. പിന്നീട് സാമൂതിരി ഗുരുവായൂരിന്റെയും തൃക്കുന്നവായ് ക്ഷേത്രത്തിന്റെയും സംരക്ഷകനായി. ഈ ക്ഷേത്രങ്ങളിലെ മേൽക്കോയ്മ സാമൂതിരിക്കായിരുന്നു.
1766-ൽ മൈസൂരിലെ ഹൈദരലി കോഴിക്കോടും ഗുരുവായൂരും പിടിച്ചടക്കി. ഗുരുവായൂർ ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ ഹൈദരലി 10,000 പണം കപ്പം ചോദിച്ചു. ഈ സംഖ്യ നൽകിയെങ്കിലും അരക്ഷിതാവസ്ഥയെ തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കുറഞ്ഞു. മലബാർ ഗവർണ്ണറായിരുന്ന ശ്രീനിവാസ റാവുവിന്റെഅഭ്യർത്ഥനയെത്തുടർന്ന് ഹൈദരലി ദേവദയ നൽകുകയും ക്ഷേത്രം നാശോന്മുഖമാവാതെ ഇരിക്കുകയും ചെയ്തു. എങ്കിലും 1789-ൽ ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ സാമൂതിരിയുടെ സാമ്രാജ്യം ആക്രമിച്ചു. മുൻപ് പല ക്ഷേത്രങ്ങളും ടിപ്പു സുൽത്താൻ നശിപ്പിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തെ ഭയന്ന് ഉത്സവ വിഗ്രഹവുംമൂർത്തിയും മല്ലിശ്ശേരി നമ്പൂതിരിയും കക്കാട് ഓതിക്കനും ചേർന്ന് അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. ടിപ്പു ക്ഷേത്രത്തിനു ചുറ്റുമുള്ള ചെറിയ കോവിലുകൾ നശിപ്പിക്കുകയും ക്ഷേത്രത്തിന് തീവെക്കുകയും ചെയ്തു. എങ്കിലും പെട്ടെന്ന് ഉണ്ടായ മഴയെത്തുടർന്ന് ക്ഷേത്രം രക്ഷപെട്ടു. പിന്നീട് 1792-ൽ സാമൂതിരിയും ബ്രിട്ടീഷുകാരും ചേർന്ന് ടിപ്പു സുൽത്താനെ തോൽപ്പിച്ചു. സംരക്ഷിച്ചിരുന്ന മൂർത്തിയും ഉത്സവ വിഗ്രഹവും 1792 സെപ്റ്റംബർ 17-നു പുനസ്ഥാപിച്ചു. പക്ഷേ ഈ സംഭവ ഗതികൾ ക്ഷേത്രത്തിലെ നിത്യ പൂജയെയും ആചാരങ്ങളെയും സാരമായി ബാധിച്ചിരുന്നു.

തീപിടിത്തം

1970 നവംബർ 30-നു ക്ഷേത്ര സമുച്ചയത്തിൽ ഒരു തീപിടിത്തം ഉണ്ടായി. പടിഞ്ഞാറേ ചുറ്റമ്പലത്തിൽ നിന്ന് തുടങ്ങിയ തീ 5 മണിക്കൂറോളം ആളിക്കത്തി. ശ്രീകോവിൽ ഒഴിച്ച് മറ്റെല്ലാം ഈ തീയിൽ ദഹിച്ചു. വിഗ്രഹവും ഗണപതി, ശാസ്താവ്, ഭഗവതി എന്നിവരുടെ കോവിലുകളും കൊടിമരവും മാത്രം അൽഭുതകരമായി തീയിൽ നിന്ന് രക്ഷപെട്ടു. എന്നാൽ വിഗ്രഹം ഇപ്പോൾ അംഗഭംഗം സംഭവിച്ച നിലയിലാണ്. കിഴക്കോട്ട് ദർശനമായ പ്രതിഷ്ഠയായതിനാൽ രാവിലെ വരുന്നവർക്ക് അവ വ്യക്തമായി കാണാം. ജാതി മത പ്രായ ഭേദമന്യേ എല്ലാ തുറകളിലെ ആളുകളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു.
ഏകാദശിവിളക്ക് സമയത്തായിരുന്നു ഈ തീപിടിത്തം നടന്നത്. ഈ ഉത്സവ സമയത്ത് വിളക്കുമാടത്തിലെ എല്ലാ വിളക്കുകളും ജ്വലിപ്പിച്ചിരുന്നു. ശീവേലി പ്രദക്ഷിണത്തിനു ശേഷം ഉത്സവ പരിപാടികൾ കഴിഞ്ഞ് ഗോപുരത്തിന്റെ എല്ലാ നടകളും അടച്ചുകഴിഞ്ഞിട്ടായിരുന്നു ഈ തീപിടിത്തം. പടിഞ്ഞാറേ ചുറ്റമ്പലത്തിനു സമീപം താമസിക്കുന്ന ആരോ ക്ഷേത്രത്തിനുള്ളിൽ തീ കണ്ട് മറ്റ് ആൾക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ മണ്ണും വെള്ളവും ഉപയോഗിച്ച് ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. പൊന്നാനി, തൃശ്ശൂർ, ഫാക്ട് എന്നിവിടങ്ങളിലെ അഗ്നിശമന സേനാംഗങ്ങളും ഈ തീ അണയ്ക്കാൻ പരിശ്രമിച്ചു. രാവിലെ 5.30-ഓടു കൂടി തീ പൂർണ്ണമായും അണഞ്ഞു.
അനിയന്ത്രിതമായ തീ കണ്ട് അധികാരികൾ വിലപിടിപ്പുള്ളതെല്ലാം ശ്രീകോവിലിനുള്ളിൽ നിന്നു മാറ്റിയിരുന്നു. ഗണപതി മൂർത്തി, ശാസ്താവിന്റെ മൂർത്തി, ഗുരുവായൂരപ്പന്റെ പ്രധാന മൂർത്തി എന്നിവ ചുറ്റമ്പലത്തിലേക്കും പിന്നീട് കൂടുതൽ സുരക്ഷിതമായ ഇടം എന്ന നിലയ്ക്ക് തന്ത്രിയുടെ ഗൃഹത്തിലേക്കും മാറ്റി. ചുറ്റമ്പലവും പടിഞ്ഞാറേ വിളക്കുമാടവും തെക്ക്, വടക്കു വശങ്ങളും മുഴുവനായി അഗ്നിക്കിരയായി. ശ്രീകോവിലിൽ നിന്നും 3 വാര മാത്രം അകലത്തായിരുന്നു ചുറ്റമ്പലം എങ്കിലും ശ്രീകോവിലിൽ മാത്രം തീ സ്പർശിച്ചില്ല.

പുനരുദ്ധാരണം

കേരള സർക്കാർ തീപ്പിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചു. അന്വേഷണത്തിൽ ക്ഷേത്രഭരണത്തിൽ വളരെയധികം ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തി. അതിനുശേഷം കേരളസർക്കാർ ക്ഷേത്ര ഭരണം ഏറ്റെടുക്കാൻ ഉത്തരവു പുറപ്പെടുവിച്ചു. 1977 ൽ ഗുരുവായൂർ ദേവസ്വം നിയമം നിലവിൽ വന്നു.
തീപിടിത്തത്തിനു ശേഷം വൻ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു. പൊതുജനങ്ങളുടെ‍ നിർലോഭമായ സഹകരണം മൂലം Rs. 26, 69,000/- പിരിച്ചെടുക്കാൻ സാധിച്ചു. കേരളത്തിലെ പ്രശസ്തരായ ജ്യോത്സ്യരെ സമ്മേളിപ്പിച്ച് ക്ഷേത്രാധികാരികൾ ഭഗവാന്റെ ഇംഗിതം എന്താണെന്ന് ആരാഞ്ഞു. വടക്ക്, കിഴക്ക് വാതിലുകൾക്ക് വീതികൂട്ടുവാനുള്ള ആശയം ഒഴിച്ച് ഈ യോഗം തീരുമാനിച്ച മറ്റെല്ലാ നിർദ്ദേശങ്ങളും അംഗീകരിച്ചു. പുനരുദ്ധാരണത്തിനുള്ള തറക്കല്ല് ജഗദ്ഗുരു കാഞ്ചി കാമകോടി മഠാതിപതി ജയേന്ദ്ര സരസ്വതി സ്വാമികൾ ആണ് സ്ഥാപിച്ചത്. രണ്ട് വാതിൽമാടങ്ങളിലെ പത്ത് ഉരുണ്ട തൂണുകൾ മനോഹരമായി കൊത്തുപണി ചെയ്തു. ഇവിടെ ഇരുന്നായിരുന്നു മേൽപ്പത്തൂർ നാരായണ ഭട്ടതിരി നാരായണീയം എഴുതിയത്. തീപിടുത്തത്തിനു ശേഷം വിളക്കുമാടത്തിൽ ആദ്യമായി തിരിതെളിച്ചത് 1973 ഏപ്രിൽ 14-നു (വിഷു ദിവസം) ആയിരുന്നു.

ക്ഷേത്ര വാസ്തുവിദ്യ

തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് ഗുരുവായൂർ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണ് ഇവിടെ ആദ്യത്തെ ക്ഷേത്രം നിർമ്മിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. വിഷുദിവസത്തിൽ സൂര്യന്റെ ആദ്യ കിരണങ്ങൾ ഗുരുവായൂരിലെ വിഷ്ണുവിന്റെ കാൽക്കൽ വീഴുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് (കിഴക്കോട്ട് ദർശനം). ഇങ്ങനെ സൂര്യൻ വിഷു ദിവസത്തിൽ ആദ്യമായി വിഷ്ണുവിന് വന്ദനം അർപ്പിക്കുന്നു.
ക്ഷേത്രത്തിന് കിഴക്കുവശത്തും പടിഞ്ഞാറുവശത്തും രണ്ട് കവാടങ്ങളുണ്ട്. ഭഗവദ്ദർശനവശമായ കിഴക്കുവശത്തുള്ളതാണ് പ്രധാനം. തിരക്കില്ലാത്തപ്പോൾ അവിടെനിന്നുനോക്കിയാൽത്തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിക്കും.

ക്ഷേത്രത്തിലെ നിത്യനിദാനം

ഗുരുവായൂരിൽ നിത്യേന അഞ്ചുപുജകളും മൂന്നുശീവേലികളുമുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത് പുലർച്ചെ മൂന്ന് മണിക്കാണ്. ആ സമയത്ത് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു. തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നു. ഈ ദർശനത്തിനെ “നിർമാല്യ ദർശനം“ എന്ന് പറയുന്നു.

  • വാകച്ചാർത്ത്
ബിംബത്തിൽ എണ്ണയഭിഷേകം നടത്തുന്നു. തുടർന്ന് എണ്ണയുടെ അംശം മുഴുവനും തുടച്ചുമാറ്റിയ ശേഷം ബിംബത്തിന്മേൽ നെന്മേനി വാകയുടെ പൊടി തൂവുന്നു. ഇതാണ് വാകച്ചാർത്ത്. വാകച്ചാർത്തിനു ശേഷം ശംഖാഭിഷേകം നടത്തുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നു. പിന്നീട് സുവർണ്ണ കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. ഭഗവാന്റെ പള്ളിനീരാട്ടാണ് ഇത്. പിന്നെ മലർ നിവേദ്യമായി. മലർ,ശർക്കര,കദളിപ്പഴം എന്നിവയാണ് അപ്പോഴത്തെ നൈവേദ്യങ്ങൾ.
  • ഉഷ:പൂജ
മലർനിവേദ്യത്തെ തുടർന്ന് ഉഷ:പൂജയായി. ഇതിനു അടച്ചു പൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെണ്ണ, കദളിപ്പഴം, പഞ്ചസാര, വെള്ളനിവേദ്യം എന്നിവയാണ് ഉഷ:പൂജയുടെ നിവേദ്യങ്ങൾ.
  • എതിർത്ത് പൂജ
ഈ സമയമാകുമ്പോഴേക്കും സൂര്യോദയമാകും. ഈ പൂജയ്ക്കാണ് “എതിർത്ത് പൂജ” എന്ന് പറയുന്നത്. ബാലഭാസ്കരനഭിമുഖമായി വിരാജിക്കുന്ന ഭഗവത്ബിംബത്തിന്മേൽ നിർവഹിക്കുന്ന പൂജയായതിനാലാണ് ഈ പൂജയ്ക്ക് എതിർത്ത് പൂജ എന്ന പേർ സിദ്ധിച്ചത്. ഈ പൂജയുടെ സമയത്ത് തിടപ്പള്ളിയിൽ ഗണപതിഹോമം നിർവഹിക്കപ്പെടുന്നു. ഗണപതിഹോമത്തിലെ അഗ്നികുണ്ഡത്തിൽ നിന്നുമെടുത്ത അഗ്നി കൊണ്ടായിരുന്നുവത്രെ പണ്ട് തിടപ്പള്ളിയിൽ തീ പിടിപ്പിച്ചിരുന്നത്. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ്ശാന്തിമാർ പൂജ നടത്തുന്നു. അകത്ത് ഗണപതി, പുറത്തെ പ്രദക്ഷിണവഴിയിൽ അയ്യപ്പൻ, വടക്കുകിഴക്കുഭാഗത്ത് ഇടത്തരികത്തു കാവിൽ ഭഗവതി എന്നിവരാണ് ഉപദേവതകൾ. ഗണപതിക്കും അയ്യപ്പനും വെള്ളനിവേദ്യമാണ്. കദളിപ്പഴം, പഞ്ചസാര, ത്രിമധുരം എന്നിവ സാമാന്യമായി എല്ലാ ഉപദേവന്മാർക്കും നിവേദിക്കപ്പെടുന്നു.
  • കാലത്തെ ശീവേലി
തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം. അവർക്ക് നൽകുന്ന ബലിയാൺ ശ്രീബലി-ശീവേലി. ദ്വാരപാലകരും ഭൂതഗണങ്ങളും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ജലഗന്ധ പുഷ്പാദികളായി മേൽശാന്തിയും ഹവിസ്സിന്റെ പാലികയിൽ നിവേദ്യവുമായി കീഴ്ശാന്തിയും നടകുന്നു. ഭൂതഗണങ്ങളെ പ്രതിനീധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനു വെളിയിൽ എത്തുമ്പോൾ ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാൻ പ്രദക്ഷിണമായി നീങ്ങുന്നു. മൂന്ന് പ്രദക്ഷിണശേഷം ഉത്സവവിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് പോകുന്നു.
  • നവകാഭിഷേകം
ശീവേലിക്ക് ശേഷം രുദ്രതീർത്ഥത്തിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. ഇളനീരും പശുവിൻപാലുംകൊണ്ടും വിഗ്രഹത്തിന്മേൽ അഭിഷേകം ചെയ്യുന്നു. തുടർന്ന് ഒൻപത് വെള്ളിക്കലശങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നതിനെയാണ് “നവകാഭിഷേകം” എന്ന് പറയുന്നത്.
  • പന്തീരടി പൂജ
നിഴലിനു പന്ത്രണ്ട് നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം കാലത്ത് 8 മണിക്കും 9 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാൺ ഇതിനെ “പന്തീരടി പൂജ” എന്ന് വിശേഷിപ്പിക്കുന്നത്.
  • ഉച്ചപൂജ
ഇത് നടയടച്ചുള്ള പൂജയാൺ. ഇടയ്ക്കയുടെ അകമ്പടിയോടെ ഈ സമയത്ത് ‘അഷ്ടപദി’ ആലപിക്കുന്നു. ഇടിച്ചുപിഴിഞ്ഞപായസമാണ് നിവേദ്യം. ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകുന്നേരം നാലര മണിക്ക് വീണ്ടും തുറക്കുന്നു. നട തുറന്ന് താമസിയാതെ ഉച്ച ശീവേലിയായി. മൂന്ന് പ്രദക്ഷിണം ഉള്ള ഇതിനെ കാഴ്ചയ്ക്ക് ഹൃദ്യമായതിനാൽ “കാഴ്ച ശീവേലി” എന്ന് വിശേഷിക്കപ്പെടുന്നു.
  • ദീപാരാധന
നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കപ്പെടുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകുന്നു. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വെള്ളിവിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുണ്ട് ദീപാരാധന നടത്തപ്പെടുന്നു.
  • അത്താഴ പൂജ
ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴ പൂജ തുടങ്ങുകയായി. ഈ പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ ഉണ്ണിയപ്പം, ഇലയട, വെറ്റില, അടയ്ക്ക, പാലടപ്രഥമൻ, പാൽപ്പായസം എന്നിവയാണ്. നിവേദ്യം കഴിഞ്ഞാൽ ഉത്സവ വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കംകുറിക്കും. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാൽ “തൃപ്പുക” എന്ന ചടങ്ങാൺ. ചന്ദനം, അഗരു, ഗുൽഗുലു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ പൊടിച്ചുള്ള അഷ്ടഗന്ധ ചൂർണ്ണമാൺ തൃപ്പുകയ്ക്ക് ഉപയോഗിക്കുന്നത്. സൌരഭ്യം നിരഞ്ഞ ധൂമം ശ്രീകോവിലിനകത്തേക്ക് പ്രവേശിക്കുന്നു. തൃപ്പുക കഴിഞ്ഞാൽ അന്നത്തെ വരവുചെലവു കണക്കുകൾ എഴുതിയ ഓല വായിച്ചതിനു ശേഷം തൃപ്പടിമേൽ സമർപ്പിക്കുന്നു.
അങ്ങനെ ഗുരുവായൂർ ക്ഷേത്രത്തിലെ ഒരു ദിവസത്തെ പൂജകൾ സമാപിക്കുന്നു. നിർമ്മാല്യം മുതൽ തൃപ്പുക വരെയുള്ള ഈ ചടങ്ങുകൾക്ക് “12 ദർശനങ്ങൾ“ എന്നു പറയുന്നു.


വഴിപാടുകൾ


പാൽ പായസം, വെണ്ണ, അപ്പം, അട, പഴം, പഞ്ചസാര, ഉദയാസ്തമനപൂജ, ത്രിമധുരം, കളഭാഭിഷേകം എന്നിവയാണ് ഗുരുവായൂരപ്പന്റെ പ്രധാന വഴിപാടുകൾ.ഗണപതിഹോമം, അപ്പം, മോദകം എന്നിവ ഗണപതിക്കും നീരാഞ്ജനം, നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ അയ്യപ്പനും അഴൽ, വെടി വഴിപാട്, മഞ്ഞൾ - കുങ്കുമംപ്രസാദം എന്നിവ ഭഗവതിക്കും പ്രധാനവഴിപാടുകളാണ്. 2007ൽ തെറ്റായ ദേവപ്രശ്നവിധി സത്യമാണെന്ന് വിശ്വസിച്ച് പമ്പരവിഡ്ഢിയായിരുന്ന അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അയ്യപ്പനുമുന്നിൽ എള്ളുതിരി നിർത്തി. തുടർന്ന് ഗുരുവായൂരുകാർക്ക് ശനിദശയായി. കള്ളക്കടത്തും കവർച്ചയും കൊലപാതകങ്ങളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു.

 വിശേഷദിവസങ്ങള്‍ 

ഉത്സവം

ഗുരുവായൂർ ഉത്സവം പത്ത് ദിവസം നീളുന്നു. ആനയോട്ടത്തോടെ ആരംഭിക്കുന്ന ഉത്സവം കുംഭമാസത്തിലെ പൂയം നാളിലാണ്. അവസാനദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. ഉത്സവത്തിന്നു മുന്നോടിയായി ബ്രഹ്മകലശ ചടങ്ങുകൾ നടത്തപ്പെടുന്നു. ആനയോട്ടദിവസം രാത്രിയോടെ ഉത്സവത്തിനായി കൊടികയറും. കിഴക്കേ നടപ്പുരയ്ക്കകത്തുതന്നെ ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ഉത്സവത്തിന് "മുളയിടൽ" ചടങ്ങ് ഉണ്ട് . നവധാന്യങ്ങൾ വെള്ളി കുംഭങ്ങളിൽ തന്ത്രി വിതയ്ക്കുന്നു. ഇവ മുളയറയിൽ(വാതിൽമാടം) സൂക്ഷിക്കുന്നു. പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ ഉറങ്ങുന്നത് ഈ മുളച്ച ധാന്യങ്ങൾക്കിടയിൽ ആണ്. രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്ക് കൊടിയും കൂറയും സ്ഥാപിക്കുന്നു. എല്ലാ ദിവസവും രാത്രി അമ്പലത്തിന്റെ വടക്കുഭാഗത്ത് ശ്രീഭൂതബലി കഴിഞ്ഞ് ഗുരുവായൂരപ്പൻ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി ഇരിക്കും. എട്ടാം ദിവസം മുപ്പത്തിമുക്കോടി ദേവഗണങ്ങൾക്കും ബലി ഇടുന്നു. ആ ദിവസം “എട്ടാം വിളക്ക്“ എന്ന് അറിയപ്പെടുന്നു. ആ ദിവസം ഗുരുവായൂരിലെ ഒരു ജീവിയും പട്ടിണികിടക്കരുത് എന്നാണ് വിശ്വാസം. ഒൻപതാം ദിവസം പള്ളിവേട്ട . അന്ന് ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്നു. ഭക്തർ നിറപറയും വിളക്കുമായി ഭഗവാനെ എതിരേൽക്കുന്നു. നഗരപ്രദക്ഷിണശേഷമാണ് പള്ളിവേട്ട. പിഷാരടി പള്ളിവേട്ട തുടങ്ങാൻ ക്ഷണിക്കുന്നു. ഭക്തർ നാനാജാതി മൃഗങ്ങളുടെ വേഷമണിഞ്ഞ് (പ്രത്യേകിച്ച് പന്നിയുടെ) 9 പ്രദക്ഷിണം നടത്തുന്നു. 9ആം പ്രദക്ഷിണത്തിൽ പന്നിയെ ഭഗവാൻ കീഴടക്കുന്നു. പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റെദിവസം 6 മണിക്ക് ഉണരുന്നു. ഉഷപൂജ, ഒഴികെയുള്ള ചടങ്ങുകൾ ആ ദിവസം നടത്താറുണ്ട്. അന്ന് ഉത്സവവിഗ്രഹമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. നഗരപ്രദക്ഷിണം രുദ്രതീർഥകുളത്തിന്റെ വടക്കുഭാഗത്തെത്തുമ്പോൾ സകലവാദ്യങ്ങളും നിറുത്തി കണ്ടിയൂർ പട്ടരുടെ ഓർമ്മ പുതുക്കുന്നു. അതിനുശേഷം ഭഗവതി അമ്പലത്തിലൂടെ പ്രവേശിക്കുകയും ഭക്തജനങ്ങൾ കൊണ്ടുവന്ന ഇളനീരിൽ ആദ്യം ഭഗവാൻ ആറാടുകയും ചെയ്യുന്നു. അതിനുശേഷം രുദ്രതീർഥകുളത്തിൽ ഭഗവാന്റെ വിഗ്രഹവുമായി മൂന്നുപ്രാവശ്യം തന്ത്രി മുങ്ങുന്നു. പിന്നിട് ഭക്തജനങ്ങൾ ആറാടുന്നു. ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ ഉച്ചപൂജ. വർഷത്തിൽ ആറാട്ട് ദിവസം രാവിലെ 11 മണിയോടെയാണ് ഉച്ചപൂജ . അതിനുശേഷം 11 വട്ടം ഓട്ടപ്രദക്ഷിണം. അവസാനം കൊടിയിറക്കം.

ആനയോട്ടം

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നായിരുന്നു ആനകളെ ഉത്സവത്തിനായി കൊണ്ടുവന്നിരുന്നത്. എന്തോ കാരണങ്ങളാൽ ആനകളെ അയക്കില്ല എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയോടെ ഒരു കൂട്ടം ആനകൾ തൃക്കണാമതിലകം ക്ഷേത്രത്തിൽ നിന്നു ഗുരുവായൂരിലേക്ക് ഓടി വന്നു എന്ന് ഐതീഹ്യം. അതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെ ആണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിലെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം കൊടിമരം തൊടുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കുകയും ആ ആനയെ ആയിരിക്കും 10 ദിവസവും എഴുന്നള്ളിപ്പിനായി ഉപയോഗിക്കുക.

ഏകാദശി

വൃശ്ചിക മാസത്തിലെ ശുക്ല പക്ഷ ഏകാദശി. അന്നാണ്‌ ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനാചരണം നടത്തുന്നത്. കൂടാതെ, ഭഗവാൻ കുരുക്ഷേത്ര ഭൂമിയിൽ വെച്ച്‌ അർജ്ജുനന്‌ ഗീതോപദേശം നടത്തിയ ദിവസം എന്ന പ്രത്യേകത കൂടി ഈ ദിവസത്തിന്‌ ഉണ്ട്. ഏകാദശി ദിനത്തിൽ ഭഗവാനെ ദർശിക്കുവാനും പ്രസാദ ഊട്ടിനുമായി ഗുരുവായൂരിൽ ഭക്തലക്ഷങ്ങളാണ്‌ എത്തുക.
വലിയ ആഘോഷ പരിപാടികൾ ആണ്‌ ഗുരുവായൂരിൽ ഒരുക്കുന്നത്‌. ഗോതമ്പു ചോറും പായസവും അടങ്ങുന്ന ഏകാദശി പ്രസാദം രാവിലെ മുതൽ വിതരണം അന്നത്തെ പ്രത്യേകതയാണ്. നാമ ജപ ഘോഷ യാത്രയും രഥ ഘോഷ യാത്ര യുമെല്ലാം ഇതിന്റെ ഭാഗമായി നടക്കും. ആയിര ക്കണക്കിനു നെയ്‌ വിളക്കാണ്‌ ഇന്നു തെളിയുക.രാത്രി വിളക്കെഴുന്നള്ളിപ്പാണ്‌ മറ്റൊരു ചടങ്ങ്‌. നാലാം പ്രദക്ഷിണത്തിൽ ഭഗവാൻ എഴുന്നള്ളും. ഭഗവാന്റെ സ്വർണ്ണക്കോലം പുന്നത്തൂർ കോട്ടയിലെ പ്രധാന കരിവീരനു സ്വന്തം. പണ്ടുകാലത്ത് ഇത് ഗുരുവായൂർ കേശവനവകാശപ്പെട്ടതായിരുന്നു. പുലർച്ച യോടെ കൂത്തമ്പലത്തിൽ ദ്വാദശിപ്പണ സമർപ്പണം ആരംഭിക്കും. അടുത്ത ദിവസം രാവിലെ വരെ അതുതുടരും. പിന്നീട് നടയടച്ചു കഴിഞ്ഞാൽ പിന്നെ വൈകുന്നേരമേ തുറക്കാള്ളൂ.

മണ്ഡല പൂജ/വിശേഷാൽ കളഭാഭിഷേകം

വൃശ്ചികം ഒന്നിനാണ് മണ്ഡല കാലം ആരംഭിക്കുന്നത്. ഈ ദിവസങ്ങളിൽ പഞ്ചഗവ്യ അഭിഷേകം ഗുരുവായൂരപ്പനു നടത്തപെടുന്നു. മൂന്നു നേരം കാഴ്ച ശീവേലി ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മണ്ഡല കാലത്തിന്റെ അവസാന ദിവസം ഗുരുവായൂരപ്പനു കളഭം ആടുന്നു (അഭിഷേകം നടത്തുന്നു) . ഏകാദശി, നാരായണീയ ദിനം, മേല്പത്തൂർ പ്രതിമ സ്ഥപനം ഇവ മണ്ഡല കാലത്തുള്ള വിശേഷദിവസങ്ങൾ .

അഷ്ടമി രോഹിണി

ഭഗവാന്റെ ജന്മദിനം വളരെ വിപുലമായി ഗുരുവായൂർ ദേവസ്വം ആഘോഷിക്കുന്നു. ഭഗവാന്റെ പ്രിയപ്പെട്ട അപ്പം വഴിപാട് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ശീട്ടാക്കാറുണ്ട്.

നാരായണീയദിനം

മേല്പത്തൂർ നാരായണഭട്ടതിരിപ്പാട് നാരായണീയം എഴുതി തീർന്ന ദിവസം. ഇതു വ്രുശ്ചികത്തിലെ 28ആം ദിവസം ആഘോഷിക്കുന്നു.

പൂന്താന ദിനം

കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പൂന്താനദിനമായി ആഘോഷിക്കുന്നതു.

കൃഷ്ണഗീതി ദിനം

തുലാം 30,1161 നു സാമൂതിരി രാജാവായിരുന്ന മാനവേദരാജയാൽ കൃഷ്ണഗീതി രചിക്കപ്പെട്ടു. ഇതിന്റെ ഓർമ്മയ്ക്കായ് ഗുരുവായൂർ ദേവസ്വം ഈ ദിവസം ആഘോഷിക്കുന്നു.

കുചേലദിനം

ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച ആഘോഷിക്കപെടുന്നു. ദാരിദ്ര്യത്താൽ ഉഴഞ്ഞ കുചേലൻ ഒരു പിടി അവിലുമായി ശ്രീ കൃഷ്ണനെ ദ്വാരകയിൽ കാണാൻ വന്നതിന്റെ ഓർമ്മയ്കായി ഈ ദിനം ആഘോഷിക്കുന്നു. ഈ ദിവസം അനേകായിരം ഭക്തന്മാർ അവിലുമായി ഗുരുവായൂരപ്പനെ ദർശ്ശിക്കാൻ എത്തുന്നു തങ്ങളുടെ ദാരിദ്രനിർമ്മാജനത്തിനായി.

അക്ഷയതൃതീയ

വൈശാഖത്തിലെ ആദ്യത്തെ തൃതീയ ദിനം ആഘോഷിക്കപ്പെടുന്നു. ഈ ദിവസം “ബലരാമജയന്തി“ എന്നു അറിയപ്പെടുന്നു. കൂടാതെ ഗുരുവായൂരമ്പലത്തിന്റെ കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തിലും അതി ഗംഭീരമായി ആഘോഷിക്കുന്നു.

മേട വിഷു

വിഷുദിനത്തിൽ ഭഗവാനെ കണികാണാൻ ആയിരങ്ങൾ എത്തുന്നു. പുലർച്ചെ 3 മണിക്കാണ് കണികാണൽ ചടങ്ങ്. മേൽശാന്തി ഭഗവാനെ പ്രത്യ്യേകം തയ്യാറാക്കിയ കണി കാണിക്കുന്നു. അതിനുശേഷം ഭക്തജനങ്ങൾ ഭഗവാനെ കണികാണുന്നു.

ചെമ്പൈ സംഗീതോത്സവം

സംഗീതസാമ്രാട്ട് ചെമ്പൈവൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ഗുരുവായൂർ ദേവസ്വം എല്ലാ വർഷവും നടത്തുന്ന സംഗീതസദസ്സാൺ ഇത്. ഏകാദശിയോട് അനുബന്ധിച്ച് പതിനഞ്ച് ദിവസങ്ങളിലായി ഈ ഉത്സവം നടത്തപ്പെടുന്നു. ക്ഷേത്രത്തിനു പുറത്ത് മേല്പത്തൂർ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സംഗീതമണ്ഡപമാൺ ഇതിന്റെ വേദി. പ്രശസ്ത സംഗീത വിദ്വാന്മാരും സംഗീത വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നു. ഇതിൽ പഞ്ചരത്ന കീർത്തനാലാപനമാണ് ഏറ്റവും പ്രധാനം. ഏകാദശി ദിവസം രാത്രി ശ്രീരാഗത്തിലുള്ള “കരുണ ചെയ് വാനെന്തു താമസം കൃഷ്ണാ” എന്ന സങ്കീർത്തനത്തോടെ സംഗീതോത്സവം സമാപിക്കുന്നു.

വൈശാഖം

മേടമാസത്തിലെ കറുത്തവാവ് കഴിഞ്ഞാൽ “വൈശാഖ പുണ്യകാലം” ആരംഭിക്കുന്നു. ഈ സമയത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പിച്ച ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. വൈശാഖ കാലം മുഴുവൻ ക്ഷേത്രം ഊട്ട്പുരയിൽ വച്ച് “ഭാഗവത സപ്താഹപാരായണം” നടത്തപ്പെടുന്നു. വൈശാഖത്തിലെ വെളുത്ത പക്ഷത്തിലെ തൃതി (അക്ഷയതൃതീയ) ‘ബലരാമ ജയന്തി’ എന്ന പേരിൽ ആചരിക്കപ്പെടുന്നു.