2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

യാഗങ്ങളിലെ മൃഗബലി



യാഗങ്ങളിലെ മൃഗബലി

യാഗങ്ങള്‍ അഥവാ യജ്ഞങ്ങള്‍ ഇന്ന് വളരെ ഏറെ പ്രചാരത്തിലില്ലെങ്കിലും ഇടയ്ക്കെല്ലാം അത് പത്രത്താളുകളില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കാറുണ്ട്. യാഗങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക ഹിംസാത്മകമായ ഏതോ ഭയാനക കര്‍മ്മത്തിന്റെ ചിത്രമാണ്. ചരിത്രകാരന്മാരായാലും, ദാര്‍ശനികപ്രവരന്മാരായാലും, പാശ്ചാത്യര്‍ ഉള്ളറിഞ്ഞ് വിളിച്ച ഈ ചുട്ടുകൊല്ലലിനെ (Holocast) ഭാരതീയ സാംസ്കാരിക ചരിത്രത്തിലെ അരുണരേഖയായാണ് കണക്കാക്കുന്നത്. ഭാരതത്തിലെ അതിപ്രാചീനമായ ആരാധനാരീതി ഭയാനകമായ ഒന്നായിരുന്നുവോ എന്ന ചോദ്യം ചരിത്രത്തിന്റെ വക്കുകളില്‍ നിന്നെങ്കിലും ഉയരേണ്ടതാണ്. അഹിംസയെ പരമമായ ധര്‍മ്മമെന്ന് ഉറക്കെ ഉദ്ഘോഷിച്ച ഈ സംസ്കാരത്തില്‍ ഹിംസാത്മകമായ തൃഷ്ണയ്ക്ക് സ്വാധീനമുണ്ടായിരുന്നുവോ? ഈ ചോദ്യത്തിനുമപ്പുറത്ത്, വേദങ്ങളെ കര്‍മ്മകാണ്ഡത്തിന്റെ അതിര്‍വരമ്പുകളില്‍ തളച്ചിട്ടപ്പോള്‍, അത് ഹിംസയെ പ്രോത്സാഹിപ്പിച്ചിരുന്നുവോ എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുട്ടു കൊല്ലാനുള്ള സമ്മതിപത്രമായി വേദങ്ങളെ ഗണിച്ചതിനു പിന്നില്‍ യാഥാര്‍ത്ഥ്യത്തിന്റേയോ സത്യത്തിന്റേയോ നേരിയ പ്രകാശമെങ്കിലും ഉണ്ടായിരുന്നുവോയെന്നത് പരിശോധിക്കേണ്ടതാണ്.
ബി.സി. 5057 നോടടുത്ത് അഗ്നിവേശന്‍ രചിച്ചുവെന്നു കരുതുന്ന ചരകസംഹിത രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വൈശമ്പായനനും ചരകനും പരിഷ്കരിച്ചു. ആ ചരകസംഹിതയിലെ ഒരു പ്രസ്താവം യാഗത്തിലെ മൃഗഹിംസാരംഭം എന്നായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നു. ‘ആദികാലത്ത് മൃഗങ്ങളെ യജ്ഞത്തില്‍ ആലഭനം ചെയ്യുന്നതിന്നായിരുന്നു, ആലംഭനം ചെയ്യുന്നതിനായിരുന്നില്ല. പിന്നീട് ദക്ഷയാഗത്തിനു ശേഷം മനുപുത്രന്മാരായ നരിഷ്യന്ദന്‍, നാഭാഗന്‍, ഇക്ഷ്വാകു, നൃഗന്‍, ശര്യാതി എന്നിവര്‍ മൃഗങ്ങളെ ജന്തുക്കള്‍ എന്നു കരുതി യജ്ഞത്തില്‍ ബലിയര്‍പ്പിക്കാന്‍ തുടങ്ങി. (1) ഇതില്‍ നിന്നും ചില കാര്യങ്ങള്‍ വ്യക്തമാണ്. ഒന്നാമതായി ആദ്യകാലത്തെ ആര്യന്‍ ജനതതിയുടെ ആരാധനയില്‍ മൃഗബലി ഇല്ലായിരുന്നു. രണ്ടാമതായി തെറ്റിദ്ധാരണയുടെ പുറത്താണ് ഈ മൃഗബലി ഉണ്ടായത്. ആലഭയ്ക്ക് സ്പര്‍ശിക്കുക എന്നും ആലംഭയ്ക്ക് ഹിംസയെന്നുമാണ് അര്‍ത്ഥം. ഇങ്ങനെയുണ്ടായ തെറ്റില്‍നിന്നുമാണ് ഇന്നും കാണുന്ന ചില രോഗങ്ങളെങ്കിലും ഉണ്ടായതെന്ന് മഹാഭാരതം പറയുന്നു. ‘അഘ്ന്യയെന്നത് ഗോവിന്റെ പേരാണ്. കൊല്ലാന്‍ പാടില്ലാത്തതെന്നര്‍ത്ഥം. അതിനെ കൊല്ലാന്‍ ആര്‍ക്കാണ് അര്‍ഹത? പശുവിനേയോ കാളയേയോ ആലംഭനം ചെയ്യുകവഴി മഹാഹാനിയാണ് വരുത്തിവെയ്ക്കുന്നത്. ഗോമാതാവിനേയും വൃഷഭപ്രജാപതിയേയും കൊല്ലുകയെന്ന ഈ അനുചിതകര്‍മ്മത്തില്‍ ഞങ്ങള്‍ ദുഃഖിതരാണെന്ന് ഋഷിമാര്‍ നഹുഷനോട് പറഞ്ഞു. ഇതു നിമിത്തം 101 രോഗങ്ങള്‍ സര്‍വ്വത്ര വ്യാപിക്കും.” (2) ഇതില്‍നിന്നും യജ്ഞത്തില്‍ ആദികാലത്ത് മൃഗബലി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നുണ്ട്. എന്നൊക്കെയായിരുന്നു യജ്ഞത്തില്‍ മൃഗങ്ങളെ കൊല്ലാന്‍ തുടങ്ങിയത്? ഒന്നാമതായി വേദത്തില്‍ ജന്തു ഹിംസയുണ്ടെന്ന ധാരണയാണ് അതിന് പുരോഹിതന്മാരെ പ്രേരിപ്പിച്ചത്. ഇത് തെളിയിക്കുന്നതാണ് ചരകസംഹിതയില്‍ നിന്ന് നേരത്തെ എടുത്തുകാട്ടിയത്. ‘അജം’ തുടങ്ങിയ വാക്കുകളും ആലഭ, ആലംഭ തുടങ്ങിയ ധാതുക്കളും തെറ്റായി മനസ്സിലാക്കിയതും യജ്ഞത്തില്‍ മൃഗബലി കര്‍ക്കശമാക്കാന്‍ പുരോഹിതന്മാരെ പ്രേരിപ്പിച്ചിരിക്കാം. വേദത്തില്‍ പ്രയുക്തമായ ‘അജം’ എന്ന വാക്കിന്നുണ്ടായ മറിമായങ്ങളെന്തൊക്കെയാണെന്നും ആ സുലളിതമായ ശബ്ദം ഭാരതത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ ഉണ്ടാക്കിയ വഴിത്തിരിവുകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കേണ്ടതാണ്. അജത്തിന് രണ്ടാണര്‍ത്ഥം. ഛാഗഃ അഥവാ ആട് എന്നും മുളയ്ക്കാത്തത് എന്നും പ്രാചീനാഗമ ഗ്രന്ഥങ്ങളിലുള്ള ‘അജൈര്യഷ്ടവ്യമ്’ തുടങ്ങിയ വാക്യങ്ങളിലെ അജം ഈ രണ്ടില്‍ ഏതാണ് എന്ന് നിര്‍ണ്ണയിക്കാന്‍ ശ്രമിക്കാതെ, അവര്‍ക്ക് പരിചയമായിത്തീര്‍ന്ന ആടെന്ന അര്‍ത്ഥമെടുത്തു. അങ്ങനെ യജ്ഞത്തില്‍ ആടിനെ കൊല്ലലും ആരംഭിച്ചുവെന്നതിന് ശക്തമായ തെളിവുകള്‍ പ്രാചീന സംസ്കൃത സാഹിത്യഗ്രന്ഥങ്ങളില്‍ നിന്ന് ലഭ്യമാണ്. മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ ദേവന്മാരും ഋഷിമാരും തമ്മിലൊരു സംവാദമുണ്ട്; അതിങ്ങനെയാണ്:
‘ദേവന്മാര്‍ പറഞ്ഞു: ‘അജത്താല്‍ യജ്ഞം നടത്തണമെന്നാണ് വിധി. ആ അജമാകട്ടെ ഛാഗഃ അഥവാ ആടായിരിക്കണം. മറ്റു മൃഗങ്ങളാകരുതെന്നും.” അപ്പോള്‍ ഋഷിമാര്‍ പറഞ്ഞു: ‘വൈദികവിധി ബീജങ്ങളാല്‍ യജ്ഞം നടത്തുന്നതാണെന്നത്രെ ശ്രുതി. അജം എന്നത് ബീജസംജ്ഞയാണ്. അതിനാല്‍ ഛാഗത്തെ, ആടിനെ കൊല്ലാന്‍ പാടില്ല. മൃഗവധം നടക്കുന്നിടത്ത് സത്പുരുഷന്മാരുടെ ധര്‍മ്മം പാലിക്കപ്പെടുന്നില്ല”(3) ഇവിടെനിന്നും അജമെന്ന ശബ്ദത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണയുണ്ടായതായും അതിനെതുടര്‍ന്ന് ഉണ്ടായ വാദപ്രതിവാദത്തെക്കുറിച്ചു സുവ്യക്തമായി മനസ്സിലാകും. വായുപുരാണത്തിലും ഇതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ആ സൂചന ഇങ്ങനെയാണ്: ‘ഹേ, സുശ്രേഷ്ഠ! ഹിംസയില്ലാത്ത ബീജങ്ങളാല്‍ യജ്ഞം ചെയ്യുക. അവ മൂന്നു വര്‍ഷത്തിലധികം പഴകിയതും പാടത്ത് മുളക്കുന്നതിനു സാധ്യതയില്ലാത്തതും ആയിരിക്കട്ടെ.”(4) വായുപുരാണത്തിലെ ഈ ശ്ളോകത്തില്‍ ‘അപ്രരോഹി’ എന്നാണ് അജത്തിന് അര്‍ത്ഥം നല്‍കിയിട്ടുള്ളത്. മുളയ്ക്കാത്തതെന്നാണ് ഇതിന്നര്‍ത്ഥം. ഈ അര്‍ത്ഥം ആടിന് ചേരില്ലെന്നു മാത്രമല്ല അതിന് അനുയോജ്യമായത് ധാന്യമാണുതാനും. അതിനുമപ്പുറം മുളയ്ക്കുന്ന വിത്ത് യജ്ഞത്തിന് ഉപയോഗിക്കരുതെന്ന ഒരു നിഷേധംകൂടി അതിനുണ്ട്. മുളയ്ക്കുന്ന വിത്തുപോലും യാഗത്തില്‍ ഹോമിക്കരുതെന്ന് വിധിച്ച അഹിംസാവാദികളായ ഋഷിമാരെ നിന്ദിച്ചുകൊണ്ട് പിന്നീടുവന്ന പുരോഹിതര്‍ അജത്തെ ആടാക്കി. അതും പോരാഞ്ഞ് യജ്ഞശാല യുദ്ധക്കളത്തേക്കാള്‍ ഭീകരമായ വൈതാളിക കേന്ദ്രമാക്കി.
(തുടരും)
—————————————————————————————
1. ആദികാലേ ഖലു യജ്ഞേഷു പശവഃ സമാലഭനീയാ ബഭൂവുഃ നാലമ്ഭായ പ്രക്രിയന്തേ സ്മ. തതോ ദക്ഷയജ്ഞ പ്രത്യവരകാലം മനോഃ പുത്രാണാം നരിഷ്യന്ദന്നാഭഗക്ഷ്വോകു. നൃഗശര്യത്യാദീ നാം ച ക്രതുഷു പശൂനാ മേവാഭ്യനുജ്ഞാനാത് പശവഃ പ്രോക്ഷണമാപുഃ (ചരകസംഹിത, ചികിത്സാസ്ഥാനം 19.4)
2. അഘ്ന്യാ ഇതിഗവാം നാമ ക ഏതാ ഹന്തുമര്‍ഹതി മഹയ്യകാരാകുശലം വൃഷം ഗാം വാളളലഭേത്തുയഃ ഋഷയോ തതയോ ഹ്യേതന്നഹുഷേ പ്രത്യവേദയന്‍ ഗാം മാതരം ചാപ്യവധീര്‍ വൃഷഭം ച പ്രജാപതിംഅകാര്യം നഹുഷാകാ ‘ഷീര്‍ലപ്സ്യാമഹേത്വകൃ തേ വൃഥാമ്ശതം ചൈകംച രോഗാണാം സര്‍വഭൂതേഷ്വ പാതയന്‍” (മഹാഭാരതം ശാന്തിപര്‍വ്വം 265-47 മുതല്‍ 48 വരെ ശ്ളോകങ്ങള്‍)
3. അജേന യഷ്ടവ്യമിതി പ്രാഹുര്‍ദേവാ ദ്വിജോത്തമാന്‍ സ ച ഛാഗോളപൃജോ ജ്ഞേയോ നാന്യഃ പശുരിതി സ്ഥിതിഃ ഋഷയഃ ഊചുഃ ബീജൈര്യജ്ഞേഷ യഷവ്യമിതി വൈ വൈദികീ ശ്രുതിഃ അജ സംജ്ഞാനി ബീജാനി ഛാഗം നോ ഹന്തുമര്‍ഹഥ നൈഷ ധര്‍മഃ സതാം ദേവാ യത്രവൈവധ്യതേ പശുഃ
(ശാന്തിപര്‍വ്വം 3.3.7)
4. യജ്ഞ ബീജൈഃ സുരശ്രേഷ്ഠ യേഷ്ഠ ഹിംസാ നവിദ്യതേ ത്രിവര്‍ഷപരമം കാലമുഷിതൈര പ്രരോഹിധഭിഃ”
(വായുപുരാണം 57.100.101)
അജമെന്നാല്‍ മുളയ്ക്കാത്ത വിത്താണെന്ന പൌരാണിക ഗ്രന്ഥങ്ങളിലെ വചനങ്ങള്‍ യഥാവിധി ജൈനമതാചാര്യന്മാര്‍ ഉള്‍ക്കൊണ്ടിരുന്നതായി കാണാം. ജൈനസാഹിത്യങ്ങളില്‍ പ്രമുഖമായി ഗണിക്കപ്പെടുന്ന ‘സ്വാദ്വാദമഞ്ജരി’യില്‍ പറയുന്ന പ്രശസ്തമായ ഒരു പ്രസ്താവന ഇങ്ങനെയാണ്: ‘വേദത്തിലെ ‘അജത്തെക്കൊണ്ട് യജിക്കണം’ മുതലായ വാക്യങ്ങള്‍ക്ക് അജ്ഞാനികള്‍ (മിഥ്യാദര്‍ശികള്‍) അജം മൃഗവാചിയാണെന്നര്‍ത്ഥം പറയുന്നു. സമ്യഗ്ദര്‍ശികള്‍ (അറിവുള്ളവര്‍) മുളയ്ക്കാന്‍ കഴിവില്ലാത്ത മൂന്നുവര്‍ഷം പഴകിയ യവം, വ്രീഹി, അഞ്ചുവര്‍ഷം പഴകിയ എള്ള്, ചണമ്പയര്‍, ഏഴുവര്‍ഷം പഴകിയ തിന, കടുക് മുതലായ ധാന്യങ്ങളുടെ പര്യായമായി കണക്കാക്കുന്നു.” (5) പഞ്ചതന്ത്രത്തില്‍ നിന്നൊരു ഭാഗം കാണുക. ‘യജ്ഞത്തില്‍ പശുവിനെ കൊല്ലുന്ന ഈ യാജ്ഞികരുണ്ടല്ലോ മൂഢരായ അവര്‍ക്ക് വേദവചനത്തിന്റെ ശരിയായ അര്‍ത്ഥം അറിയില്ല. വേദത്തില്‍ പറയുന്ന ‘അജത്താല്‍ യജിക്കണം.’ എന്ന വചനത്തിന് ഏഴുവര്‍ഷം പഴകിയ വ്രീഹി കൊണ്ട് യജിക്കണമെന്നാണര്‍ത്ഥം. ആടിനെ കൊണ്ടെന്നല്ല” (6) അജം ആടല്ലെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതേപോലെയാണ് അശ്വമേധവും പുരുഷമേധവുമെല്ലാം തെറ്റിദ്ധരിക്കപ്പെട്ടത്.
ഇതുപോലെ തെറ്റിദ്ധാരണയ്ക്ക് മറ്റൊരു കാരണം വൈദികവ്യാകരണവും ധാതുനിഷ്പത്തിയും ഇല്ലാതായതാണെന്ന് സംസ്കൃത സാഹിത്യ പഠനത്തില്‍നിന്ന് മനസ്സിലാക്കാം. ഇതിനേക്കുറിച്ച് ശ്രീ ആചാര്യ നരേന്ദ്രഭൂഷണിന് പറയാനുള്ളതിതാണ്. ‘പാണിനിയുടെ കാലത്തോ ഒരുപക്ഷേ അതിനു മുമ്പുതന്നെയോ ശുദ്ധമായ ലംഭധാതുവിന്റെ തിങന്തത്തിലെ (ക്രിയാപദത്തിലെ) പ്രയോഗം സംസ്കൃതഭാഷയില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. അക്കാലത്തെ വൈയാകരണന്മാര്‍ ‘ലംഭ്’ ധാതുവിനെ ധാതുപാഠത്തില്‍ ഉള്‍ക്കൊള്ളിക്കാതെ ‘ലഭ്’ ധാതുവുമായി ബന്ധിപ്പിക്കുകയാണുണ്ടായത്. ഇക്കാരണത്താല്‍ ആലഭയും ആലംഭയും സമാനാര്‍ത്ഥകമാണെന്ന മിഥ്യാബോധം പ്രചരിച്ചു. ഇതിനെ ആസ്പദമാക്കി ജന്തുഹത്യയും നിലവില്‍ വന്നു.” (7)
വസ്തുത ഇതൊക്കെയാണെങ്കിലും ഇന്ന് ലഭ്യമായ വേദശാഖകളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും ശ്രൌതസൂത്രങ്ങളിലുമെല്ലാം മൃഗബലി വിധിച്ചതായി കാണാം. ഇത് തീര്‍ച്ചയായും പിന്നീടു വന്നവര്‍ കൂട്ടിച്ചേര്‍ത്തതാണ്. അങ്ങനെ കൂട്ടിച്ചേര്‍ത്തതിനേക്കാള്‍ ഭാവനാവിലാസത്തോടെയാണ്, വൈദികസംജ്ഞയോ നിരുക്തിയോ ധാതുപാഠമോ ഒന്നും പഠിക്കാത്ത ചില ഇന്‍ഡോളജിസ്റ്റുകള്‍ മെനഞ്ഞെടുത്തത്. ഇതു കേട്ടപാതി കേള്‍ക്കാത്തപാതി വേറെ ചിലരെഴുതിയത് അതിനേക്കാള്‍ രസാവഹമാണ്. വേദിക് ഏജ് (Vedic Age) എന്നൊരു കൃതി ആര്‍.സി. മജുംദാര്‍ എഴുതിയിട്ടുണ്ട്. അതിലെ ചില പ്രസ്താവനകള്‍ ഇത്തരത്തിലുള്ളതാണ്. ‘ജന്തുബലികളില്‍ ഉപയോഗിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയ ആ പ്രസൂക്തങ്ങള്‍ ദാനസ്തുതിയേക്കാള്‍ ഒട്ടും മേന്മയുള്ളതല്ല. പാരമ്പര്യവിശ്വാസമനുസരിച്ച് ഇവ ജന്തുബലികളില്‍ പ്രയുക്തമായിരുന്നു എന്നതിന് സംശയമില്ല.”
‘ത്യാഗസിദ്ധാന്തം മൌലികമാണോ അല്ലയോ എന്നോ, യജ്ഞം ഔഷധികളുടേയോ സസ്യജാലത്തിന്റേയോ മനുഷ്യന്റെ തന്നെയോ ജീവനെ ശാശ്വതമാക്കുന്ന മന്ത്രജാലമാണോ എന്നതോ, എന്താണ് യജ്ഞത്തിന്റെ മൌലികസിദ്ധാന്തമെന്നതോ വിശദമായി നമുക്ക് ചര്‍ച്ചചെയ്യേണ്ടതില്ല. കൌശികസൂത്രം (13,1-6) നിര്‍ദ്ദേശിക്കുന്ന ഒരു മന്ത്രവാദത്തില്‍ ചില നിശ്ചിത യോഗ്യതകള്‍ നേടണമെന്നാഗ്രഹിക്കുന്നയാള്‍ സിംഹം, കടുവ, ക്ഷത്രിയന്‍, ബ്രഹ്മചാരി തുടങ്ങിയ മനുഷ്യമൃഗാദികളുടെ ചില ശരീരഭാഗങ്ങള്‍ തിന്നണമെന്ന വിധി പരിശോധിച്ചാല്‍ മതി, മൊത്തത്തിലുള്ളതല്ലെങ്കിലും ഈ പവിത്ര കര്‍മ്മവിധിയുടെ വിശുദ്ധ സങ്കല്പമെന്തെന്ന സൂചന ലഭിക്കും.” (9)
ഇതാണ് ഭയാനകമായ ചിന്തയുടെ കാടുകയറ്റം. ഇങ്ങനെയൊന്നും ഒരിടത്തും പറയുന്നില്ല. വസ്തുതയെന്താണെന്ന് മുകളില്‍ വിവരിച്ചിട്ടുണ്ടുതാനും. യജ്ഞത്തിന്റെ പേരു തന്നെ അധ്വരം എന്നാണ്. യാസ്കന്‍ നിരുക്തമെന്ന ഒരു അംഗമുണ്ടാക്കിയിട്ടുണ്ട്. ആ നിരുക്തത്തില്‍ ‘അധ്വര’മെന്നത് യജ്ഞത്തിന്റെ പേരാണ്. അതിന്നര്‍ത്ഥം ഹിംസാരഹിതമായ കര്‍മ്മമെന്നുമാണ്.(10) വേദങ്ങളില്‍ നിരവധി തവണ, നിരവധി ഇടങ്ങളില്‍ അധ്വരമെന്ന് കാണാം ഋഗ്വേദത്തില്‍.
അഗ്നേ യം യജ്ഞമധ്വരം വിശ്വതഃ പരിഭൂരസി
സ ഇദ് ദേവേഷു ഗച്ഛതി (1.1.4)
(ജ്ഞാനസ്വരൂപിയായ ഈശ്വരാ, നീ ഹിംസാരഹിതയജ്ഞങ്ങളിലല്ലോ വ്യാപകന്‍. സത്യ നിഷ്ഠരായ വിദ്വാന്മാരും അതത്രേ കൈക്കൊള്ളുന്നത്.) ഇങ്ങനെ ഋഗ്വേദം 1.1.8, 1.14.11, 1.128.4, 1.191 ല്‍ ഈ ‘അധ്വരം’ ഹിംസാരഹിത യജ്ഞമായി സങ്കല്പിച്ചതായി കാണാം. അഥര്‍വ്വവേദത്തിലും സാമവേദത്തിലും അധ്വരം അഹിംസയെ പ്രതിഫലിപ്പിക്കുന്നതാണ്.
ഇങ്ങനെ വാക്കുകളുടെ അര്‍ത്ഥം ചോര്‍ന്നു പോയപ്പോഴാണ് യജ്ഞത്തില്‍ ഹിംസ കടന്നുവന്നത് ഇത് ഭാരതീയ സംസ്കൃതിയെത്തന്നെ ശോഷിപ്പിച്ചുകളഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. അത് ചരിത്രപരമായി പരിശോധിച്ചാല്‍ ഭാരതത്തിന്റെ ഗതിവിഗതികളെ വളരെയേറെ സ്വാധീനിച്ചതായി കാണാം. യജ്ഞത്തിലെ മൃഗബലിയുടെ തീക്ഷ്ണതയും ക്രൂരതയും കണ്ടാണ് ബുദ്ധന്‍ യജ്ഞവിരുദ്ധനും ഒരു നവ മത സ്ഥാപകനുമായത്. പക്ഷേ ഈ യജ്ഞത്തില്‍ അഗാധമായ രസതന്ത്രവും ഗണിതശാസ്ത്രവും ബീജഗണിതവും അടങ്ങിയിട്ടുണ്ട്. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ അതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് നാം ഭാരതീയര്‍.
———————————————————————————-
5. തഥാഹി കില വേദേ ‘അജൈര്യഷ്ടവ്യമ്’ ഇത്യാദി വാക്യേഷു മിഥ്യാദൃശോ’ജശബ്ദം പശുവാചകം വ്യാക്ഷതേ. സമൃഗ്ദൃശസ്തു ജന്മാ
പ്രായോഗ്യം ത്രിവാര്‍ഷികം യവവ്രീഹ്യാദി പഞ്ചവാര്‍ഷികം തിലമസൂരാദി സപ്തവാര്‍ഷികം കങ്കു സര്‍ഷപാദി ധാന്യപര്യായതയാ പര്യവസായന്തി (23-ാം ശ്ളോക വ്യാഖ്യാനം)
6. ഏതേ’പിയാജ്ഞികാ യജ്ഞകര്‍മണീ പശൂന്‍ വ്യാപാ ദയന്തിതേ മൂര്‍ഖാഃ പരമാര്‍ത്ഥം ശ്രുതേര്ന ജാനന്തി തത്ര കിലൈതതുക്തം, അജൈര്യഷ്ടവ്യമ് അജാ വ്രീഹയഃസപ്ത വാര്‍ഷികാഃ കഥ്യന്തേ നപുനഃ പശുവിശേഷഃ (പഞ്ചതന്ത്രം)
7. യാഗപരിചയം, ശ്രീ ആചാര്യ നരേന്ദ്രഭൂഷണ്‍. പേജ് 115, നിത്യഭാരതി ബുക്സ്, ചെങ്ങന്നൂര്‍
8. The Vedic Age,pp.348. R.C. Majundar Bharatiya Vidya Bhavan, Bombay
9.Ibid pp. 501
10. അധ്വര ഇതിയജ്ഞ നാമ- ധ്വരതി ഹിംസാകര്‍മ തത് പ്രതിഷേധഃ (നിരുക്തം 2.7)
ലേഖകൻ: ആചാര്യ എം ആർ രാജേഷ്‌

2018, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

പറയിപെറ്റ പന്തിരുകുലം (ഐതിഹ്യമാലയില്‍ നിന്ന്)





പറയിപെറ്റ പന്തിരുകുലം

പറയിപെറ്റ പന്തിരുകുലം
ചരിത്രപ്രസിദ്ധനായ ഗോവിന്ദസ്വാമിയുടെ പുത്രനും മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്‌പേരു മുതലായ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളുടെ നിര്‍മാതാവെന്നു പറയപ്പെടുന്ന ആളുമായ വരരുചി എന്ന ബ്രാഹ്മണോത്തമനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ അധികമുണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹം വിക്രമാദിത്യരാജാവിന്റെ സേവകനായിട്ടു താമസിച്ചിരുന്നു. വരരുചി സകലശാസ്ത്രപാരംഗതനും നല്ല പൗരാണികനും ആയിരുന്നതിനാല്‍ രാജാവിനു ശാസ്ത്രം സംബന്ധമായോ പുരാണ സംബന്ധമായോ വല്ല സംശയവും നേരിട്ടാല്‍ ഇദ്ദേഹത്തോടു ചോദിച്ചാണ് അതു തീര്‍ക്കുക പതിവ്.
 അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം രാജാവ് 'രാമായണത്തില്‍ പ്രധാനമായ വാക്യമേതാണ്?' എന്ന് ഈ ബ്രാഹ്മണനോടു ചോദിച്ചു. ഈ ചോദ്യത്തിനു തക്കതായ ഉത്തരം പറയാന്‍ തോന്നായ്കയാല്‍ വരരുചി വളരെ വിഷണ്ണനായിത്തീര്‍ന്നു. ഉടനെ രാജാവ് 'എന്നാല്‍ എവിടെയെങ്കിലും പോയി, ആരോടെങ്കിലും ചോദിച്ചറിഞ്ഞു നാല്പത്തൊന്നുദിവസം കഴിയുന്നതിനു മുമ്പ് ഇവിടെ വന്നു പറയണം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ താന്‍ ഇവിടെ വരണമെന്നില്ല. എനിക്കു തന്നെ കാണുകയും വേണ്ട' എന്നു പറഞ്ഞു. രാജാവിന്റെ ഈ കല്പന കേട്ടപ്പോള്‍ വരരുചിയുടെ ഹൃദയം വിഷാദവും വിചാരവും കൊണ്ടു നിറഞ്ഞു. ഉടനെ അദ്ദേഹം അവിടെനിന്നു പുറപ്പെട്ടുപോവുകയും ചെയ്തു.
തദനന്തരം വരരുചി പല സ്ഥലങ്ങളിലും സഞ്ചരിച്ച്, പല യോഗ്യന്മാരെയും കണ്ടു ചോദിച്ചു. എങ്കിലും രാമായണത്തിലെ എല്ലാ ശ്ലോകങ്ങളും വാക്യങ്ങളും പ്രാധാന്യം തന്നെ. അല്ലാതെ അതിനുണ്ടോ വ്യത്യാസം 'നഹി ഗുള ഗുളികയാഃ ക്വാപി മാധുര്യ ഭേദഃ' എന്നും മറ്റും പലരും പലവിധം പറഞ്ഞതല്ലാതെ ശരിയായ മറുപടി ആരില്‍നിന്നും കിട്ടിയില്ല. അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു. ബ്രാഹ്മണനു വ്യസനം സഹിക്കവഹിയാതെയും ആയിത്തീര്‍ന്നു. രാജാവിന്റെ അടുക്കലുള്ള സേവ പോകുമെന്നു തന്നെയുമല്ല, സര്‍വജ്ഞനെന്നു സര്‍വരാലും സമ്മതിക്കപ്പെട്ടിരിക്കുന്ന തനിക്ക് ഇതറിഞ്ഞുകൂടെന്നു വരുന്നത് ഏറ്റവും അവമാനകരവും ആണല്ലോ. ഈ അവമാനം സഹിച്ചുകൊണ്ടു സ്വദേശത്തു താമസിക്കുന്നതില്‍ ഭേദം മരിക്കതന്നെയാണ് എന്നിങ്ങനെയൊക്കെ വിചാരിച്ചുംകൊണ്ടു ഭക്ഷണവും കൂടാതെ ആ സാധു ബ്രാഹ്മണന്‍ പകല്‍ മുഴുവനും അലഞ്ഞു നടന്നു. രാത്രിയായപ്പോള്‍ ഒരു വനാന്തരത്തില്‍ ഒരാല്‍ത്തറയുടെ അടുക്കല്‍ ചെന്നുചേര്‍ന്നു. വിശപ്പും ദാഹവും ക്ഷീണവും വ്യസനവും സഹിക്കവയ്യാതെ ആ ആല്‍ത്തറയില്‍ കയറിക്കിടന്നു. ഉടനെ ക്ഷീണംകൊണ്ടു മയക്കവുമായി. അദ്ദേഹം കിടന്ന സമയം 'വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ' എന്നു പറഞ്ഞും കൊണ്ടാണ് കിടന്നത്.
നേരം ഏകദേശം പാതിരയായപ്പോഴേക്ക് ചില ആകാശസഞ്ചാരികളായ ദേവതമാര്‍ ആ ആലിന്മേല്‍ വന്നുകൂടി. ആ ആലിന്മേല്‍ സ്ഥിരവാസിനികളായ ദേവതമാരെ വിളിച്ച് 'നിങ്ങള്‍ വരുന്നില്ലേ' ഇപ്പോള്‍ ഒരു സ്ഥലത്ത് ഒരു പ്രസവമുണ്ട്. ഞങ്ങള്‍ അവിടെ പോവുകയാണ്. ചോരയും നീരും കുടിക്കണമെങ്കില്‍ വരുവിന്‍' എന്നു പറഞ്ഞു. അപ്പോള്‍ ആ ആലിന്മേലിരുന്ന ദേവതമാര്‍ 'ഞങ്ങള്‍ക്കു വരാന്‍ നിവൃത്തിയില്ല. ഇവിടെ ഒരു വിശിഷ്ടനായ ബ്രാഹ്മണന്‍ വന്നു കിടക്കുന്നു. ഇദ്ദേഹം സ്വരക്ഷാര്‍ത്ഥം ഞങ്ങളെ പ്രാര്‍ഥിച്ചുകൊണ്ടാണ് കിടന്നത്. അതിനാല്‍ നിങ്ങള്‍ പോയി തിരിച്ചുവരുമ്പോള്‍ ഇതിലേ വന്നു വിവരം പറഞ്ഞു വേണം പോകാന്‍' എന്നു പറഞ്ഞു. എന്നാലങ്ങനെയാവട്ടെ എന്നു പറഞ്ഞ് ആ വനദേവതമാര്‍ പോവുകയും ചെയ്തു.
അന്ത്യയാമമായപ്പോള്‍ വരരുചി ഉണര്‍ന്നുവെങ്കിലും വ്യസനത്തോടുകൂടി ഓരോന്നുമോര്‍ത്തു കണ്ണുമടച്ചു കിടന്നതല്ലാതെ എണീറ്റില്ല. അപ്പോള്‍ മുമ്പേ പോയ ദേവതമാര്‍ വീണ്ടും അവിടെ വന്നുചേര്‍ന്നു. ഉടനെ ആലിന്മേല്‍ ഉണ്ടായിരുന്ന ദേവതമാര്‍ 'പ്രസവമെവിടെയായിരുന്നു? കുട്ടിയെന്താണ്?' എന്നു ചോദിച്ചു. അപ്പോള്‍ ദേവതമാര്‍ 'ഒരു പറയന്റെ അവിടെയായിരുന്നു പ്രസവം. കുട്ടി പെണ്ണാണ്' എന്നു പറഞ്ഞു. 'അവളെ വിവാഹം ചെയ്യുന്നത് ആരായിരിക്കും?' എന്ന് ആലിന്മേലുണ്ടായിരുന്നവര്‍ വീണ്ടും ചോദിച്ചപ്പോള്‍ വന്നവര്‍ 'അത് 'മാം വിദ്ധി' എന്നറിഞ്ഞുകൂടാത്ത ഈ വരരുചിയാണ്. നേരം വെളുക്കാറായി. ഞങ്ങള്‍ ഇനി താമസിക്കുന്നില്ല. ശേഷമൊക്കെ പിന്നെപ്പറയാം' എന്നു പറഞ്ഞ് ഉടനെ പോവുകയും ചെയ്തു.
ഏറ്റവും ബുദ്ധിശാലിയായ വരരുചിക്കു ദേവതമാരുടെ ഈ വാക്കു കേട്ടപ്പോള്‍ തന്റെ കാര്യം സാധിച്ചതിലുള്ള സന്തോഷവും ഭാവിയായ അധഃപതനത്തെക്കുറിച്ചു വിചാരിച്ചുള്ള വിഷാദവും ഒന്നുപോലെ ഹൃദയത്തില്‍ തിങ്ങിവശായി. അധഃപതനം കൂടാതെ കഴിക്കുന്നതിനു തക്കതായ ഒരുപായം ആലോചിച്ചു നിശ്ചയിച്ചുംകൊണ്ടു സന്തോഷത്തോടുകൂടി എണീറ്റു. അപ്പോഴേക്കും നേരവും വെളുക്കയാല്‍ ഉടനെ അവിടെനിന്നു പുറപ്പെട്ടു.
നാല്പത്തൊന്നാം ദിവസമായിട്ടും വരരുചിയെ കാണാഞ്ഞിട്ട് രാജാവിനു വിഷാദമായിത്തീര്‍ന്നു എങ്കിലും സഭാവാസികളായ വിദ്വാന്‍മാര്‍ക്കെല്ലാം വളരെ സന്തോഷമാണുണ്ടായത്. വരരുചി അവിടെ ഉണ്ടായിട്ടാണ് രാജാവ് അവരെ വേണ്ടവണ്ണം ആദരിക്കാത്തതും അവരുടെ ഖ്യാതി പൊങ്ങാത്തതും എന്നും മറ്റും വിചാരിച്ച് അവര്‍ക്കെല്ലാവര്‍ക്കും വരരുചിയെക്കുറിച്ച് അത്യന്തം അസൂയയുണ്ടായിരുന്നു. രാജസഭ കൂടിയപ്പോള്‍ രാജാവ്, 'കഷ്ടം നമ്മുടെ വരരുചിയെ കണ്ടില്ലല്ലോ? അദ്ദേഹം അവമാനം വിചാരിച്ച് പ്രാണത്യാഗം ചെയ്തതോ, രാജ്യം വിട്ടുപോയതോ എന്തോ? അതില്ല, സര്‍വശാസ്ത്രതത്ത്വജ്ഞനും വിശിഷ്ടനുമായ അദ്ദേഹം ഏതു വിധവും നമ്മുടെ ചോദ്യത്തിനു തക്കതായ മറുപടി മനസ്സിലാക്കിക്കൊണ്ടു വരാതെയിരിക്കുകയില്ല' എന്നും മറ്റും വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്തോഷസമേതം വരരുചിയും അവിടെ എത്തി. അദ്ദേഹത്തിന്റെ മുഖപ്രസന്നത കണ്ടപ്പോള്‍ത്തന്നെ കാര്യം സാധിച്ചു എന്നു രാജാവിനും സഭാവാസികളായ എല്ലാവര്‍ക്കും മനസ്സിലായി. ഉടനെ രാജാവ് 'എന്തായി, മനസ്സിലായോ?' എന്നു ചോദിച്ചു.
വരരുചി: ദൈവകാരുണ്യത്താലും ഗുരുകടാക്ഷംകൊണ്ടും മാന്യന്മാരായ നിങ്ങളുടെയൊക്കെ അനുഗ്രഹമാഹാത്മ്യത്താലും ഒരു വിധം മനസ്സിലായി എന്നു തന്നെ പറയാം.
രാജാവ്: ഏതു ശ്ലോകമാണ്, ഏതു വാക്യമാണ്? കേള്‍ക്കട്ടെ.
വരരുചി: രാമായണത്തില്‍ പ്രധാനമായ ശ്ലോകം.
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം
എന്നുള്ളതാണ്. ഇതില്‍ പ്രധാനമായിട്ടുള്ള വാക്യം 'മാം വിദ്ധി ജനകാത്മജാം' എന്നുള്ളതാണ്.
ഇതു കേട്ടപ്പോള്‍ സഭയിലുണ്ടായിരുന്നവരെല്ലാം ശരി ശരി എന്ന് ഐകകണ്‌ഠ്യേന സമ്മതിച്ചു. രാജാവ് സന്തോഷസമന്വിതം എണീറ്റു വരരുചിയുടെ കൈയ്ക്കു പിടിച്ച് അര്‍ധാസനം കൊടുത്തിരുത്തി. പിന്നെ വില തീരാതെ കണ്ടുള്ള ആഭരണങ്ങളും അനവധി സുവര്‍ണരത്‌നങ്ങളും അദ്ദേഹത്തിനു സമ്മാനം കൊടുത്തു സന്തോഷിപ്പിക്കുകയും തന്നോടുകൂടി യഥാപൂര്‍വം താമസിച്ചുകൊള്ളുന്നതിനനുവദിക്കുകയും ചെയ്തു.
തദനന്തരം വരരുചി മേല്പറഞ്ഞ ശ്ലോകത്തിന്റെ അര്‍ഥം പത്തുവിധത്തില്‍ വ്യാഖ്യാനിച്ചു രാജാവിനെ കേള്‍പ്പിച്ചു. അവയില്‍ രണ്ടുവിധം അര്‍ഥം താഴെച്ചേര്‍ക്കുന്നു. ഈ ശ്ലോകം ശ്രീരാമനും സീതയും ലക്ഷ്മണനുംകൂടി വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ മാതൃപാദങ്ങളെ വന്ദിച്ചു യാത്ര പറഞ്ഞ ലക്ഷ്മണനോടു സുമിത്ര പറഞ്ഞതാണ്.
അല്ലയോ താത (വത്സ) രാമം ദശരഥം വിദ്ധി (രാമനെ ദശരഥനെന്ന് അറിഞ്ഞാലും) നിന്റെ ജ്യേഷ്ഠനായ രാമനെ അച്ഛനായ ദശരഥനെപ്പോലെ വിചാരിച്ചുകൊള്ളണം എന്നു താല്‍പ്പര്യം. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) എന്നെപ്പോലെ വിചാരിച്ചുകൊള്ളണം. അടവീം അയോധ്യാം വിദ്ധി. അടവിയെ (വനത്തെ) അയോധ്യയെപ്പോലെ വിചാരിച്ചുകൊള്ളണം. യഥാ സുഖം ഗച്ഛ. സുഖമാകുംവണ്ണം ഗമിച്ചാലും എന്ന് ഒരര്‍ഥം. പിന്നെ-രാമം ദശരഥം വിദ്ധി. രാമനെ ദശരഥന്‍ (പക്ഷിവാഹനനായിരിക്കുന്ന മഹാവിഷ്ണു) എന്നറിഞ്ഞാലും. ജനകാത്മജാം മാം വിദ്ധി. ജനകാത്മജയെ (സീതയെ) മാ (മഹാലക്ഷ്മി) എന്നറിഞ്ഞാലും. അയോധ്യാം അടവീം വിദ്ധി. അയോധ്യയെ (രാമന്‍ പോയാല്‍ പിന്നെ) അടവി (കാട്) എന്നറിഞ്ഞാലും. (അതിനാല്‍) അല്ലയോ വത്സാ! നീ സുഖമാകുംവണ്ണം പോയാലും എന്നു രണ്ടാമത്തെ അര്‍ഥം.
ഇപ്രകാരം യഥാക്രമം പത്തുവിധത്തില്‍ വരരുചിയുടെ വ്യാഖ്യാനം കേട്ടപ്പോള്‍ രാജാവ് പൂര്‍വാധികം സന്തോഷിക്കയും വരരുചിയെ ബഹുമാനിക്കയും ചെയ്തു. പിന്നെ എല്ലാവരും കൂടി ഓരോ രാജ്യവര്‍ത്തമാനം പറഞ്ഞ് അങ്ങനെയിരിക്കുമ്പോള്‍ വരരുചി, 'അല്ലയോ മഹാരാജാവേ! ഇന്നലെ രാത്രിയില്‍ ഒരു പറയന്റെ മാടത്തില്‍ ഒരു പറയി പ്രസവിച്ച് ഒരു പെണ്‍കുട്ടിയുണ്ടായിട്ടുണ്ട്.
അതിന്റെ ജാതകഫലം നോക്കിയതില്‍ ആ കുട്ടിക്കു മൂന്നു വയസ്സു തികയുമ്പോഴേക്കും ഈ രാജ്യം നശിക്കും എന്നു കണ്ടിരിക്കുന്നു. ഇന്നു മുതല്‍ തന്നെ ഓരോ നാശകാരണങ്ങള്‍ തുടങ്ങും. അല്ലെങ്കില്‍ ആ പ്രജയെ ഉടനെ കൊല്ലിക്കണം' എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ജ്യോതിശ്ശാസ്ത്രതത്ത്വജ്ഞനും വിശിഷ്ടനുമായ ഈ ബ്രാഹ്മണോത്തമന്റെ വചനം ഒരിക്കലും മിഥ്യയാകുന്നതല്ലെന്നുള്ള വിശ്വാസത്താല്‍ രാജാവിനും സഭാവാസികള്‍ക്കും വളരെ വ്യസനമായിത്തീര്‍ന്നു. ബാലനിഗ്രഹം കഷ്ടം. വിശേഷിച്ചും പെണ്‍കുട്ടിയായിരിക്കുന്ന സ്ഥിതിക്ക് അതൊരിക്കലും വിഹിതമല്ല. അതിനാല്‍ എന്തു വേണ്ടൂ എന്ന് എല്ലാവരും കൂടി ആലോചിച്ച് ഒരു കൗശലം നിശ്ചയിച്ചു. എങ്ങനെയെന്നാല്‍, വാഴപ്പിണ്ടികൊണ്ട് ഒരു ചെറിയ ചങ്ങാടമുണ്ടാക്കി, ഈ കുട്ടിയുടെ തലയില്‍ ഒരു ചെറിയ പന്തവും കൊളുത്തിക്കുത്തി അതില്‍ കിടത്തി നദിയിലൊഴുക്കുക. ഈ നിശ്ചയത്തെ രാജാവും സമ്മതിച്ചു. ഉടനെ രണ്ടു ഭടന്മാരെ വിളിച്ച് അപ്രകാരം ചെയ്‌വാന്‍ കല്പനയും കൊടുത്തു. കുട്ടിയുണ്ടായിരിക്കുന്ന സ്ഥലം ഏകദേശം ഇന്ന ദിക്കിലാണെന്നു വരരുചി പറഞ്ഞുകൊടുത്തു. രാജഭടന്മാര്‍ അന്വേഷിച്ചുചെന്നു. കുട്ടിയെ എടുത്തു കല്പനപ്രകാരം ചെയ്കയും ഉടനെ വിവരം രാജസന്നിധിയില്‍ അറിയിക്കയും ചെയ്തു. തനിക്കു വരുവാന്‍ ഭാവിച്ച അധഃപതനം കൂടാതെ കഴിഞ്ഞുവല്ലോ എന്നു വിചാരിച്ചു വരരുചിക്ക് വളരെ സന്തോഷമായി. പിന്നെയും അദ്ദേഹം രാജാവിന്റെ അടുക്കല്‍ത്തന്നെ സേവകനായി താമസിച്ചു. അങ്ങനെ കുറഞ്ഞൊരു കാലം കഴിഞ്ഞതിന്റെ ശേഷം വരരുചി സ്ഥിരതാമസം സ്വഗൃഹത്തില്‍ത്തന്നെ ആക്കി.
അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം വരരുചി ഒരു വഴിയാത്രയില്‍ ഭക്ഷണം കഴിക്കാനായി ഒരു ബ്രാഹ്മണന്റെ ഗൃഹത്തില്‍ ചെന്നു. ഉടനെ ബ്രാഹ്മണന്‍ 'വേഗത്തില്‍ കുളി കഴിച്ചു വരാം. ഇവിടെ ഊണു കാലമായിരിക്കുന്നു.' എന്നു പറഞ്ഞു. അപ്പോള്‍ വരരുചി ഈ ബ്രാഹ്മണന്റെ ബുദ്ധിശക്തിയെ പരീക്ഷിക്കാനായിട്ടു 'ഞാന്‍ ഊണു കഴിക്കണമെങ്കില്‍ ചില ദുര്‍ഘടങ്ങളുണ്ട്. അതൊക്കെ ഇവിടെ സാധിക്കുമോ എന്നറിഞ്ഞിട്ടുവേണം കുളിക്കാന്‍ പോകാന്‍' എന്നു പറഞ്ഞു.
ബ്രാഹ്മണന്‍: 'ദുര്‍ഘടങ്ങള്‍ എന്തെല്ലാമാണാവോ? ഇവിടെ നിവൃത്തിയുള്ളവയാണെങ്കില്‍ സാധിക്കാം. എന്തെങ്കിലും കേള്‍ക്കട്ടെ.'
വരരുചി: 'മറ്റൊന്നുമല്ല, കുളി കഴിഞ്ഞാല്‍ ഉടുക്കാന്‍ വീരാളിപ്പട്ടു വേണം. നൂറുപേര്‍ക്കു ഭക്ഷണം കൊടുത്തിട്ടു വേണം എനിക്ക് ഊണു കഴിക്കാന്‍. എന്നു മാത്രമല്ല എന്റെ ഊണിനു നൂറ്റെട്ടു കൂട്ടം കൂട്ടാന്‍ വേണം. ഊണു കഴിഞ്ഞാല്‍ പിന്നെ എനിക്കു മൂന്നുപേരെ തിന്നണം. നാലുപേരെന്നെ ചുമക്കുകയും വേണം. ഇത്രേ ഉള്ളൂ.'
ഇതു കേട്ടപ്പോള്‍ ബ്രാഹ്മണന്‍ വല്ലാതെ അന്ധാളിച്ച് ഒന്നും മിണ്ടാതെ നിന്നു. ഉടനെ ഒരു കന്യക അകത്തിരുന്നുകൊണ്ട് 'അച്ഛനൊട്ടും അന്ധാളിക്കയും പരിഭ്രമിക്കയും വേണ്ട. ഇതെല്ലാം ഇവിടെ തയ്യാറുണ്ടെന്നു പറഞ്ഞേക്കൂ' എന്നു പറഞ്ഞു. ബ്രാഹ്മണന്‍ അപ്രകാരം പറയുകയും വരരുചി കുളിക്കാന്‍ പോവുകയും ചെയ്തു. ഉടനെ ബ്രാഹ്മണന്‍ കന്യകയെ വിളിച്ച് ഇതെല്ലാമിവിടെ സാധിക്കുമോ എന്നു ചോദിച്ചു. അപ്പോള്‍ കന്യക 'എല്ലാം സാധിക്കും. ഇതൊന്നും അത്ര പ്രയാസമില്ല. അദ്ദേഹം പറഞ്ഞതിന്റെ സാരം അച്ഛനു മനസ്സിലാകാഞ്ഞിട്ടാണ് പരിഭ്രമിക്കുന്നത്. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തല്‍ കോണകം വേണമെന്നാണ്. നൂറു പേര്‍ക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ട് നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് ഇങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടുകൂട്ടം കൂട്ടാന്‍ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാല്‍ നൂറ്റെട്ടുകൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണു വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റിലയും അടയ്ക്കയും നൂറും കൂട്ടി മുറുക്കണമെന്നാണ്. (പുകയില അക്കാലത്ത് ഇല്ലായിരിക്കും.) പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാല്‍ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണമെന്നാണ്. കട്ടിലില്‍ കിടക്കുമ്പോള്‍ കട്ടില്‍ക്കാലുകള്‍ നാലുംകൂടിയാണല്ലോ ചുമക്കുന്നത്. ഇത്രയൊക്കേ ഉള്ളൂ. ഇതിനിവിടെ എന്താ വിഷമം?' എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ബ്രാഹ്മണന്‍ വളരെ സന്തോഷിക്കുകയും, കന്യകയുടെ ബുദ്ധിവിശേഷത്തെക്കുറിച്ച് അത്യന്തം അത്ഭുതപ്പെടുകയും ചെയ്തു. 'എന്നാല്‍ എന്റെ മകള്‍ പോയി എല്ലാം വേഗം തയ്യാറാക്കൂ'എന്നുപറഞ്ഞ് കന്യകയെ അയച്ചു. വരരുചി കുളിയും മറ്റും കഴിഞ്ഞു വന്നപ്പോഴേക്കും ഒരു ചീന്തല്‍ കോണകം, വൈശ്യത്തിനു വേണ്ടുന്ന ഹവിസ്സ്, ചന്ദനം, പൂവ് മുതലായവും തയ്യാറാക്കിയിരുന്നു. ഊണിന് ഇഞ്ചിക്കറിയും ഉണ്ടായിരുന്നു. ഊണു കഴിഞ്ഞപ്പോഴേക്കും പുറത്തളത്തില്‍ മുറുക്കാനുള്ള സാമാനങ്ങളും ഒരു കട്ടിലില്‍ പായും തലയിണയും എല്ലാം തയ്യാറാക്കിയിരുന്നു. വരരുചി വൈശ്യവും, ഊണും കഴിച്ചു പുറത്തളത്തില്‍ ചെന്നു മുറുക്കി കട്ടിലില്‍ കയറിക്കിടന്നു. താന്‍ പറഞ്ഞതിന്റെ സാരം മനസ്സിലാക്കി, ഇപ്രകാരമെല്ലാം തയ്യാറാക്കിയത് ഈ കന്യകയുടെ ബുദ്ധിസാമര്‍ഥ്യം കൊണ്ടാണെന്ന് മനസ്സിലാവുകയാല്‍ ഏതു വിധവും ഈ കന്യകയെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം മനസ്സുകൊണ്ടാലോചിച്ചുറച്ചു. എന്തിനു വളരെപ്പറയുന്നു? വരരുചി തന്റെ ആഗ്രഹം ആ കന്യകയുടെ അച്ഛനെ ഗ്രഹിപ്പിക്കുകയും അദ്ദേഹം സമ്മതിക്കുകയും കാലതാമസം കൂടാതെ സുമുഹൂര്‍ത്തത്തിങ്കല്‍ ആ കന്യകയെ വിവാഹം കഴിക്കുകയും സ്വഗൃഹത്തില്‍ കൊണ്ടുപോരികയും ചെയ്തു.
അങ്ങനെ ആ ദമ്പതിമാര്‍ യഥാസുഖം സ്വഗൃഹത്തില്‍ താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം ഭക്ഷണവും മറ്റും കഴിഞ്ഞ് രണ്ടുപേരുംകൂടി സൈ്വര്യസല്ലാപവും ചെയ്തു സന്തോഷിച്ചിരിക്കുന്ന സമയത്തിങ്കല്‍ വരരുചി തന്റെ പ്രേമഭാജനമായ ധര്‍മദാരങ്ങളുടെ തലമുടി ഭംഗിയാകുംവണ്ണം ചീകിക്കെട്ടി. അപ്പോള്‍ തലയുടെ മധ്യത്തില്‍ വലിയതായ ഒരു വ്രണകിണം കാണുകയാല്‍ അതെന്താണെന്നു ചോദിച്ചു. അപ്പോള്‍ ആ സാധ്വി 'അതൊരു പന്തം തറച്ച പാടാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. അമ്മ കുളിച്ചുകൊണ്ടുനിന്നപ്പോള്‍ പിണ്ടിച്ചങ്ങാടത്തിന്മേല്‍ ആറ്റില്‍ക്കൂടി ഒഴുകിവരുന്നതു കണ്ടപ്പോള്‍ എന്നെ പിടിച്ചുകേറ്റി വളര്‍ത്തിയതാണെന്നും, അല്ലാതെ പ്രസവിച്ചതല്ലെന്നും ഒരിക്കല്‍ അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്. അന്ന് എന്റെ തലയില്‍ പന്തവും തറച്ചിരുന്നുവത്രേ' എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ബുദ്ധിശാലിയായ വരരുചിക്കു തന്റെ ഈ ധര്‍മദാരങ്ങള്‍ ആ പറയന്റെ അപത്യംതന്നെയാണെന്നു നിശ്ചയമായി. തല്‍ക്കാലം മനസ്സില്‍ കുറച്ചു വിഷാദം ഉണ്ടായി എങ്കിലും 'ലിഖിതമപി ലലാടേ പ്രോജ്ഝിതും കഃ സമര്‍ഥഃ' (തലയിലെഴുത്ത് മായ്ക്കാന്‍ എത്ര സമര്‍ഥനായിരുന്നാലും സാധിക്കയില്ല.) എന്നു വിചാരിച്ചു സമാധാനപ്പെട്ടുകൊണ്ടു വിവരമെല്ലാം തന്റെ ധര്‍മപത്‌നിയെയും ധരിപ്പിച്ചു. 'ഇനി നമുക്കേതായാലും ഇവിടെയിങ്ങനെ താമസിക്കേണ്ട. ആയുശ്ശേഷത്തെ ദേശസഞ്ചാരംകൊണ്ടുതന്നെ നയിക്കണം' എന്നു പറഞ്ഞു വരരുചി ഭാര്യാസമേതം ഉടനെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പിന്നെ അവരുടെ സഞ്ചാരം മലയാള ദേശങ്ങളിലായിരുന്നു എന്നു പറഞ്ഞാല്‍ അവര്‍ പാരദേശികന്മാരായിരുന്നു എന്നും മേല്പറഞ്ഞ കഥകളെല്ലാം പരദേശത്തുവെച്ചു നടന്നതാണെന്നും വിശേഷിച്ചു പറയണമെന്നില്ലല്ലോ.
അങ്ങനെ അവര്‍ ഓരോരോ ദിക്കുകളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഭാര്യ ഗര്‍ഭം ധരിച്ചു. ഗര്‍ഭം പൂര്‍ണമായി; പ്രസവവേദനയുടെ ആരംഭമായപ്പോള്‍ ഒരു കാട്ടിലേക്കു കയറി പ്രസവിച്ചുകൊള്ളാന്‍ പറഞ്ഞുംവെച്ചു ഭര്‍ത്താവു വഴിയില്‍ ഇരുന്നു. ഭാര്യ അപ്രകാരം ഒരു വനാന്തരത്തില്‍ പ്രവേശിക്കയും ഉടനെ പ്രസവിക്കയും ചെയ്തു. പിള്ള വാങ്ങാനും മറ്റും ആരുമുണ്ടായിരുന്നില്ലെന്നു പറയണമെന്നില്ലല്ലോ. 'ആരുമില്ലാത്തവര്‍ക്കു ദൈവം തുണ' എന്നുണ്ടല്ലോ. പ്രസവം കഴിഞ്ഞപ്പോള്‍ 'കുട്ടിക്കു വായുണ്ടോ?' എന്നു വരരുചി ചോദിച്ചു. 'ഉണ്ട്' എന്ന് ഭാര്യ മറുപടിയും പറഞ്ഞു. 'വായുള്ള പിള്ളയ്ക്കു ദൈവം ഇരയും കല്പിച്ചിട്ടുണ്ട്. അതിനാല്‍ കുട്ടിയെ എടുക്കണമെന്നില്ല' എന്നു പറഞ്ഞു കുട്ടിയെ അവിടെത്തന്നെ ഇട്ടുംവെച്ചു ഭാര്യയോടുകൂടി വരരുചി അപ്പോള്‍ത്തന്നെ അവിടെനിന്നു പുറപ്പെടുകയും ചെയ്തു. പെറ്റു കിടക്കുക എന്നൊരു ഞായം ആ സ്ത്രീക്കുണ്ടായിരുന്നില്ല, പ്രസവരക്ഷയ്ക്കുള്ള മരുന്നുകളും. കാട്ടാറുകളിലെ പച്ചവെള്ളവും കാട്ടിലെ കായ്കനികളും ഭിക്ഷയെടുത്തു കിട്ടുന്ന സ്വല്പമായ അന്നവും മറ്റുമല്ലാതെ വിശേഷിച്ചു യാതൊന്നുമില്ലായിരുന്നു. എങ്കിലും ആ പതിവ്രതയ്ക്കു യാതൊരു തരക്കേടുമുണ്ടായില്ല.
ഇങ്ങനെതന്നെ പല സ്ഥലങ്ങളിലായി പതിനൊന്നു പ്രസവം കഴിഞ്ഞു. കുട്ടികളെയെല്ലാം കാട്ടിലിട്ടും വെച്ചുതന്നെ പോവുകയും ചെയ്തു.ആ പതിനൊന്നു കുട്ടികളെയും ബ്രാഹ്മണന്‍ മുതല്‍ പതിനൊന്നു ജാതിക്കാര്‍ക്കു കിട്ടുകയും അവര്‍ എടുത്തുകൊണ്ടുപോയി വളര്‍ത്തുകയും ചെയ്തു.
പന്ത്രണ്ടാമത്തെ ഗര്‍ഭമുണ്ടായപ്പോള്‍ ആ സാധ്വി, കഷ്ടം! ഞാന്‍ പതിനൊന്നു പ്രസവിച്ചിട്ടും ഒരു കുട്ടിയും എനിക്കില്ലല്ലോ. ഈ പ്രാവശ്യം പ്രസവിക്കുമ്പോള്‍ 'കുട്ടിക്കു വായുണ്ടോ?' എന്നു ഭര്‍ത്താവു ചോദിച്ചാല്‍ ഇല്ലെന്നു പറയണം, എന്നാല്‍ ആ കുട്ടിയെയെങ്കിലും എടുത്തുകൊള്‍വാന്‍ ഇദ്ദേഹം അനുവദിക്കുമായിരിക്കും. പിന്നീടു പരമാര്‍ഥം പറഞ്ഞ് ഇദ്ദേഹത്തെ സമ്മതിപ്പിക്കയും ചെയ്യാം.' എന്നു നിശ്ചയിച്ചു. ഗര്‍ഭം പൂര്‍ണമായപ്പോള്‍ പതിവുപോലെ പ്രസവിക്കയും, 'കുട്ടിക്കു വായുണ്ടോ?' എന്നു ഭര്‍ത്താവു ചോദിക്കുകയും 'ഇല്ല' എന്നു ഭാര്യ പറയുകയും, ആ കുട്ടിയെ എടുത്തുകൊള്ളുന്നതിനു ഭര്‍ത്താവനുവദിക്കുകയും ചെയ്തു. ഉടനെ കുട്ടിയെയുമെടുത്തു രണ്ടുപേരുംകൂടി പുറപ്പെട്ടു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാസ്തവമായിട്ടു കുട്ടിക്കു വായില്ലാതെയായിത്തീര്‍ന്നു. വിശിഷ്ടകളായ സാധ്വികളുടെ വാക്കു മിഥ്യയായി ഭവിക്കുന്നതല്ലല്ലോ. വരരുചി ആ കുട്ടിയെ ഒരു കുന്നിന്റെ മുകളില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു. അതാണ് 'വായില്ലാക്കുന്നിലപ്പന്‍' എന്നു പ്രസിദ്ധപ്പെട്ട ദേവന്‍. ഈ വായില്ലാക്കുന്നിലപ്പന്‍ ഉള്‍പ്പെടെയാണ് 'പറയിപെറ്റു പന്തിരുകുലം' എന്നു പറയുന്നത്. ഈ പന്ത്രണ്ടുപേരുടെയും പേരുകള്‍ പറയുന്നതായ ഒരു ശ്ലോകം കേട്ടിട്ടുള്ളതു താഴെ ചേര്‍ക്കുന്നു:
മേഴ(ള)ത്തോളഗ്നിഹോത്രീ രജകനുളിയനൂര്‍-
ത്തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചേമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനുമുടനകവൂര്‍-
ചാത്തനും പാക്കനാരും.
ഇവര്‍ പല ദിക്കുകളിലായാണ് താമസിച്ചുവന്നത്. എങ്കിലും എല്ലാവര്‍ക്കും ബാല്യം കഴിഞ്ഞപ്പോഴേക്കും അവര്‍ പരസ്​പരം സഹോദരന്മാരാണെന്ന് അറിയുകയും തമ്മില്‍ത്തമ്മില്‍ സ്‌നേഹത്തോടുകൂടി പാര്‍ത്തുവരികയും ചെയ്തു. ഇവരുടെ ദിവ്യത്വങ്ങളും അത്ഭുതകര്‍മങ്ങളും അവസാനമില്ലാതെയുണ്ട്. വരരുചിയും ഭാര്യയും പിന്നെ അവരുടെ ജീവിതശേഷത്തെ സഞ്ചാരം കൊണ്ടുതന്നെ കഴിച്ചുകൂട്ടി. ആ മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിനു മേല്‍പ്പറഞ്ഞ പന്ത്രണ്ടുപേരില്‍ വായില്ലാക്കുന്നിലപ്പന്‍ ഒഴിച്ചു ശേഷമെല്ലാവരും ഒരുമിച്ചു കൂടുകയും ഒരു പുല്ലിന്മേല്‍ത്തന്നെ ബലിയിടുകയുമാണ് പതിവ്. അത് മേളത്തോളഗ്നിഹോത്രിയുടെ ഇല്ലത്തുമാണ്. അഗ്നിഹോത്രി ബ്രാഹ്മണനായിരുന്നതിനാല്‍ ചാത്തത്തിനും ബ്രാഹ്മണര്‍തന്നെയാണ് പതിവ്. പറയന്‍ വരെയുള്ള നാനാജാതികളുംകൂടി ചാത്തമൂട്ടുകയാല്‍ ചാത്തത്തിനു ക്ഷണിച്ചാല്‍ വരുന്നതിനു ബ്രാഹ്മണര്‍ക്കെല്ലാം മടിയായിത്തുടങ്ങി. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനത്തിനും ഈ സഹോദരന്മാരുടെ മേളനം വളരെ കഷ്ടമെന്നു തോന്നിത്തുടങ്ങി. എന്നു മാത്രമല്ല, ഈ വിവരം അന്തര്‍ജനം ഒരുദിവസം ഭര്‍ത്താവിനോടു പറയുകയും ചെയ്തു. 'ആട്ടെ, അതിനു സമാധാനമുണ്ടാക്കാം' എന്ന് അഗ്നിഹോത്രി മറുപടിയും പറഞ്ഞു.
അങ്ങനെയിരിക്കുമ്പോള്‍ അവരുടെ അച്ഛന്റെ ശ്രാദ്ധമായി. ശ്രാദ്ധത്തിന്റെ തലേദിവസം വൈകുന്നേരമായപ്പോഴേക്കും ശേഷമുള്ള സഹോദരന്മാര്‍ പത്തു പേരും ചാത്തക്കാരായ ബ്രാഹ്മണനും അഗ്നിഹോത്രികളുടെ ഇല്ലത്തു വന്നുചേര്‍ന്നു. ഈ സഹോദരന്മാര്‍ വന്നാല്‍ രാത്രിയില്‍ കിടക്കുന്നതിനായി അഗ്നിഹോത്രികള്‍ പ്രത്യേകം പത്തു പുരമുറികള്‍ അവിടെ മുമ്പേതന്നെ ഉണ്ടാക്കീട്ടുണ്ടായിരുന്നു. എല്ലാവരും അവരവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റും കഴിച്ച് അവരവര്‍ക്കുള്ള ശയനഗൃഹങ്ങളില്‍ പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോള്‍ അഗ്നിഹോത്രികള്‍ അന്തര്‍ജനത്തിനെയും ചാത്തത്തിനു വന്നിരിക്കുന്ന ബ്രാഹ്മണനേയും വിളിച്ച് ഒരു വിളക്കുമായി പത്തുപേര്‍ കിടക്കുന്ന സ്ഥലത്തു കൊണ്ടുപോയി 'എന്നെ തൊട്ടുകൊണ്ടു നോക്കുവിന്‍' എന്നു പറഞ്ഞു. അന്തര്‍ജനവും ചാത്തക്കാരനും അഗ്നിഹോത്രികളെ തൊട്ടുകൊണ്ടുനോക്കിയപ്പോള്‍ പത്തു പേരും ഒന്നുപോലെ ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോടുകൂടി ചതുര്‍ബാഹുക്കളായി അനന്തന്റെമേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും ഏറ്റവും ഭയവിസ്മയാകുലരായിട്ടു പെട്ടെന്നു വീണു നമസ്‌കരിച്ചു. അങ്ങനെ അന്തര്‍ജനത്തിനും മറ്റുള്ള ബ്രാഹ്മണര്‍ക്കും ഉണ്ടായിരുന്ന ദുശ്ശങ്കയും സംശയവും തീരുകയും ഇവര്‍ എല്ലാവരും സാക്ഷാല്‍ മഹാവിഷ്ണുവിന്റെ അവതാരമൂര്‍ത്തികളാണെന്നു മനസ്സിലാവുകയും ചെയ്തു.
മേഴത്തോളഗ്നിഹോത്രിയുടെ ഭവനം പൊന്നാനിത്താലൂക്കില്‍ മേഴത്തൂരംശത്തിലാണത്രേ. വള്ളുവനാടുതാലൂക്കില്‍ ഒറ്റപ്പാലത്തിനു സമീപമുള്ള കടമ്പൂരു മനയ്ക്കല്‍ നമ്പൂതിരിമാര്‍ ഈ അഗ്നിഹോത്രിയുടെ പുലക്കാരുമത്രേ. അഗ്നിഹോത്രികളുടെ ഭാര്യയായ അന്തര്‍ജനം ഒരിക്കല്‍ അടുക്കലുള്ള പുഴയില്‍ കുളിക്കാന്‍പോയപ്പോള്‍ ഒരു താലംകൂടി കൊണ്ടുപോയിരുന്നു. ആ താലം തേച്ചു മുക്കി വെള്ളത്തിലിട്ട് ഒഴുകിപ്പോകാതിരിക്കാന്‍ അതില്‍ കുറെ മണലും വാരിയിട്ടു കുളിച്ചുകേറി. പോകാന്‍ നേരത്തു താലമെടുത്തപ്പോള്‍ അത് അവിടെ ഉറച്ചുപോയി. അങ്ങനെ ഉണ്ടായതാണ് 'തൃത്താലപ്പന്‍' എന്നു ലോകപ്രസിദ്ധനായ ദേവന്‍. തൃത്താലപ്പന്റെ വിഗ്രഹം ഇന്നും മണല്‍ കൂട്ടിയതുപോലെ തന്നെയാണിരിക്കുന്നത്. ശിലപോലെ ഉറപ്പുണ്ടുതാനും.
നാറാണത്തു ഭ്രാന്തന്റെ ദിവ്യത്വങ്ങള്‍ പറഞ്ഞാല്‍ വളരെയുണ്ട്. അദ്ദേഹത്തിന്റെ പതിവായിട്ടുള്ള പ്രവൃത്തി വലിയ കല്ലുകള്‍ ഉരുട്ടി മലയുടെ മുകളില്‍ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോള്‍ കൈവിടുകയും കല്ലു സ്വയമേവ കീഴ്‌പോട്ട് ഉരുണ്ടു പോകുന്നതു കണ്ടു കൈകൊട്ടിച്ചിരിക്കയുമാണ്. ഇതു കണ്ടാല്‍-
ഇത്രയും കനത്തോരു കല്ലുകളുരുട്ടിക്കൊ-
ണ്ടദ്രിതന്‍ മുകള്‍പ്പാട്ടിലേറ്റുവാന്‍ പാരം ദണ്ഡം
ആയതു കീഴ്‌പോട്ടേക്കു ചാടിപ്പാനെളുപ്പമാ-
മായാസം ചെറ്റും വേണ്ടാ താഴത്തു വന്നേ നില്‍ക്കൂ.
എന്നുള്ള സാരോപദേശത്തെ ദൃഷ്ടാന്തപ്പെടുത്തി മനുഷ്യസ്ഥിതി ഇതിനോടു സദൃശമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനാണോ എന്നു തോന്നും. 'ആര്‍ക്കറിയാവൂ മഹാന്മാരുടെ മനോഗതം!'
ഇദ്ദേഹത്തിന്റെ ഉപജീവനം ഭിക്ഷയെടുത്തു തന്നെയായിരുന്നു. കൈയില്‍ ഒരു ചെമ്പുപാത്രമുണ്ട്. ഭിക്ഷ യാചിച്ച് അന്നന്നു കിട്ടുന്ന അരി മുഴുവനും വൈകുന്നേരമാകുമ്പോള്‍ എവിടെ എത്തുന്നുവോ അവിടെ വച്ചു സ്വയം പാകം ചെയ്തു ഭക്ഷിക്കും. സ്വയംപാകഭക്ഷണമല്ലാതെ പതിവില്ല. അത് ഒരു നേരമേ ഉള്ളുതാനും. ഊണുകഴിഞ്ഞാല്‍ അവിടത്തന്നെ കിടക്കും. നേരം വെളുത്താല്‍ പുറപ്പെടും. ഉച്ചവരെ കല്ല് മലയില്‍ ഉരുട്ടിക്കേറ്റുകയായി. പിന്നെ ഭിക്ഷയാചിക്കയും. ഇങ്ങനെയൊക്കെയാണ് അദ്ദേഹത്തിന്റെ ദിനചര്യ. അങ്ങനെ ഇരിക്കുമ്പോള്‍ ഒരുദിവസം വൈകുന്നേരമായപ്പോള്‍ ഇദ്ദേഹം ഒരു ശ്മശാനത്തില്‍ ചെന്നുചേര്‍ന്നു. അത് ഒരു ശവദാഹം കഴിഞ്ഞ് ജനങ്ങളെല്ലാം പോയ ഉടനെ ആയിരുന്നതിനാല്‍ അവിടെ ധാരാളം തീയും മുറിക്കൊള്ളിയും ഉണ്ടായിരുന്നു. ഇതുകണ്ടു നാറാണത്തുഭ്രാന്തന്‍ സ്വയംപാകത്തിന് ഇവിടെത്തന്നെ തരം എന്നു നിശ്ചയിച്ചു മൂന്നു കല്ലെടുത്ത് ആ പട്ടടയുടെ ഒരറ്റത്തു തന്നെ അടുപ്പു കൂട്ടി. അടുക്കലുള്ള നദിയില്‍നിന്ന് വെള്ളവും കൊണ്ടുവന്ന് അരിയും വെള്ളവും ഒരുമിച്ചുതന്നെ ആ ചെമ്പുപാത്രത്തില്‍ അടുപ്പത്തുവെച്ചു കുറേ തീക്കനലും നീക്കിക്കൂട്ടി. മുറിക്കൊള്ളികളും പെറുക്കി അടുപ്പിലിട്ടു. ഇടതു കാലിന്മേല്‍ കുറച്ചു മന്തുള്ളതിനാല്‍ ആ കാലു വലിച്ച് അടുപ്പു കല്ലിന്മേല്‍ വെച്ചു തീയും കാഞ്ഞു മൂളിപ്പാട്ടും പാടി കുറേശ്ശ ഉറക്കവും തൂക്കി ആടി അങ്ങനെ അവിടെ ഇരുന്നു. മഞ്ഞുകാലമായതിനാല്‍ തീ കായാന്‍ നല്ല രസമുണ്ടായിരുന്നു. അങ്ങനെയിരുന്നു നേരം ഒരു യാമം കഴിഞ്ഞപ്പോഴേക്കും ഭൂതപ്രേതപിശാചുക്കളോടുകൂടി ആര്‍ത്തു തിമര്‍ത്തു ചുടലഭദ്രകാളിയുടെ വരവായി. അവരുടെ അട്ടഹാസങ്ങളും അലര്‍ച്ചകളുമൊക്കെക്കേട്ടിട്ടും നാറാണത്തുഭ്രാന്തന് ഒരു കുലുക്കവുമുണ്ടായില്ല. അവരെല്ലാവരും അടുത്തു വന്നപ്പോള്‍ പണ്ടെങ്ങുമില്ലാത്ത വിധം അവിടെ ഒരു മനുഷ്യനിരിക്കുന്നത് കണ്ടിട്ട് 'ആരാണവിടെ വന്നിരിക്കുന്നത്? വേഗത്തില്‍ എണീറ്റു പോണം' എന്നു പറഞ്ഞു.
നാറാണത്തു ഭ്രാന്തന്‍: 'നിങ്ങള്‍ക്കു കണ്ണില്ലേ? ഇവിടെയിരിക്കുന്നത് ആരാണെന്നു കണ്ടുകൂടെന്നുണ്ടോ? ഞാനൊരു മനുഷ്യനാണ്. ഇപ്പോള്‍ പോകാന്‍ ഭാവവുമില്ല.'
ഭദ്രകാളി: 'അതില്ലേ? എന്നാല്‍ ഞങ്ങള്‍ നിന്നെ പേടിപ്പിക്കും.'
ഭ്രാന്തന്‍: 'നിങ്ങള്‍ പേടിപ്പിച്ചാല്‍ ഞാന്‍ പേടിച്ചില്ലെങ്കിലോ?'
ഭദ്രകാളി: 'ഞങ്ങള്‍ പേടിപ്പിച്ചാല്‍ പേടിക്കാതെ അങ്ങനെ ആരെങ്കിലുമുണ്ടോ?'
ഭ്രാന്തന്‍: 'ആവോ? ഒന്നു പരീക്ഷിച്ചു നോക്കുവിന്‍. എന്നാലറിയാമല്ലോ '
ഇതു കേട്ടപ്പോള്‍ അവര്‍ക്കു കോപം സഹിക്കവയ്യാതായിട്ട് എല്ലാവരുംകൂടി തീക്കട്ടപോലെയിരിക്കുന്ന ആ കണ്ണുകള്‍ തുറിച്ചുമിഴിച്ചും രക്തവര്‍ണങ്ങളായി ആയതങ്ങളായിരിക്കുന്ന നാവുകളെ വളച്ചുകടിച്ചും ചന്ദ്രക്കലപോലെ വളഞ്ഞ വലിയ ദംഷ്ട്രങ്ങളെയും പല്ലുകളെയും പുറത്തേക്കു തള്ളിച്ചും വലിയ അട്ടഹാസത്തോടുകൂടിയും നാറാണത്തുഭ്രാന്തനെ പേടിപ്പിക്കാനായിട്ട് അദ്ദേഹത്തിന്റെ നേരെ പാഞ്ഞുചെന്നു. അദ്ദേഹം ഇതു കണ്ടിട്ട് യാതൊരു കൂസലും കൂടാതെ ചിരിച്ചുംകൊണ്ട് അവിടെ ഇരുന്നു. ലവലേശം പേടിച്ചില്ല. അപ്പോള്‍ ചുടലഭദ്രകാളിയും ഭൂതങ്ങളുമെല്ലാം ലജ്ജ സഹിക്കവയ്യാതെ മുഖം താഴ്ത്തിക്കൊണ്ടു നിന്നു.
ഭ്രാന്തന്‍: 'എന്താ പേടിപ്പിച്ചുകഴിഞ്ഞുവോ?'
ഭദ്രകാളി: 'അല്ലയോ മഹാനുഭാവാ! അങ്ങ് ഒരു സാധാരണ മനുഷ്യനാണെന്നു വിചാരിച്ച് ഇങ്ങനെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ്. അവിടുന്ന് സാമാന്യനല്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. അതിനാല്‍ ഇതാ ഞങ്ങളപേക്ഷിക്കുന്നു, അവിടുന്ന് കൃപയുണ്ടായി ഇവിടെനിന്നു മാറിത്തരണം. ഞങ്ങള്‍ ഈ ചുടലയില്‍ നൃത്തം ചെയ്‌വാനായി വന്നിരിക്കയാണ്.'
ഭ്രാന്തന്‍: 'നിങ്ങളവിടെ ഒരറ്റത്തു നൃത്തം വെച്ചോളിന്‍, അതിനു ഞാന്‍ പോകണമെന്നുണ്ടോ?'
ഭദ്രകാളി: 'മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ക്ക് നൃത്തം ചെയ്ക വിഹിതമല്ല. അതിനാലാണ് ഇങ്ങനെ അപേക്ഷിക്കുന്നത്.'
ഭ്രാന്തന്‍: 'എന്നാല്‍ നൃത്തം നാളെ മതി. എത്ര അപേക്ഷിച്ചാലും ഇന്നു ഞാന്‍ ഇവിടെനിന്നു പോവുകയില്ല.'
ഭദ്രകാളി: 'നൃത്തം നാളെയായാല്‍ പോരാ, ഇന്നാണ് പതിവ്.'
ഭ്രാന്തന്‍: 'എന്നാല്‍ പതിവുപോലെയാകട്ടെ. ഞാന്‍ പോയിട്ടുണ്ടാവുകയില്ല. എനിക്കും ചില പതിവുകളുണ്ട്. തീയും വെള്ളവും കിട്ടുന്ന ദിക്കില്‍ അരി വെക്കുക, അരി വെയ്ക്കുന്ന ദിക്കില്‍ ഉണ്ണുക, ഉണ്ണുന്ന ദിക്കില്‍ കിടക്കുക ഇങ്ങനെയാണ് നമ്മുടെ പതിവ്. അതും വ്യത്യാസപ്പെടുത്തുകയില്ല.'
ഒരുവിധത്തിലും ഇദ്ദേഹം ഒഴിഞ്ഞുപോവുകയില്ലെന്ന് തീര്‍ച്ചയായപ്പോള്‍ ഭദ്രകാളി 'അല്ലയോ മഹാനുഭാവാ! അവിടുന്ന് ഒരുവിധത്തിലും സമ്മതിക്കായ്കയാല്‍ ഞങ്ങള്‍തന്നെ ഒഴിഞ്ഞുപോയ്ക്കളയാമെന്നു നിശ്ചയിച്ചു. എന്നാല്‍ മനുഷ്യരെ നേരിട്ടു കണ്ടുമുട്ടിപ്പോയാല്‍ അവരെ ശപിക്കയോ അനുഗ്രഹിക്കയോ ഒന്നും ചെയ്യാതെ പോകാന്‍ പാടില്ല. ദിവ്യനായിരിക്കുന്ന അങ്ങേ ഞങ്ങള്‍ ശപിക്കണമെന്നു വിചാരിക്കുന്നില്ല. അനുഗ്രഹിക്കണമെന്നാണ് ഞങ്ങളുടെ വിചാരം. അതിനാല്‍ അവിടേക്ക് ആഗ്രഹമുള്ളതെന്താണെന്ന് പറഞ്ഞാലും' എന്നു പറഞ്ഞു.
ഭ്രാന്തന്‍: 'എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട. നിങ്ങള്‍ പോയ്‌ക്കോളിന്‍. എനിക്കു ചോറു കാലമായിരിക്കുന്നു. ഞാനുണ്ണട്ടെ.'
ഭദ്രകാളി: 'അയ്യോ! അവിടുന്നങ്ങനെ പറയരുത്. ദയയുണ്ടായി എന്തെങ്കിലും ഒരു വരം ഞങ്ങളോടു വാങ്ങണം. അല്ലാതെ ഞങ്ങള്‍ക്കിവിടെനിന്നു പോകാന്‍ നിവൃത്തിയില്ല.'
ഭ്രാന്തന്‍: 'നാശം! ഉപദ്രവമായിട്ടു തീര്‍ന്നല്ലോ. ആട്ടെ എന്നാല്‍ വല്ലതുമൊരു വരം വാങ്ങിച്ചേക്കാം. ഞാനെന്നു മരിക്കുമെന്നു നിങ്ങള്‍ക്കറിയാമോ?'
ഭദ്രകാളി: 'ഓഹോ! ഇനി മുപ്പത്താറു സംവത്സരവും, ആറു മാസവും, പന്ത്രണ്ടു ദിവസവും, അഞ്ചു നാഴികയും, മൂന്നു വിനാഴികയും കഴിയുമ്പോള്‍ മരിക്കും.'
ഭ്രാന്തന്‍: 'എന്നാല്‍ അതു കൂടാതെ ഒരു ദിവസം കൂടി എനിക്കു ജീവിച്ചിരുന്നാല്‍ കൊള്ളാമെന്നാഗ്രഹമുണ്ട്. അങ്ങനെ അനുഗ്രഹിക്കണം.'
ഭദ്രകാളി: 'അതു ഞങ്ങള്‍ വിചാരിച്ചാല്‍ കഴികയില്ല. ഒരു ദിവസമെന്നല്ല, ഒരു മാത്രസമയംകൂടി ആയുസ്സു തരാന്‍ ഞങ്ങള്‍ക്ക് ശക്തിയില്ല.'
ഭ്രാന്തന്‍: 'എന്നാല്‍ അതു വേണ്ട. നിങ്ങള്‍ പറഞ്ഞതിന്റെ തലേദിവസം ഞാന്‍ മരിച്ചാലും മതി. അങ്ങനെ അനുഗ്രഹിക്കുവിന്‍.'
ഭദ്രകാളി: 'അതും ഞങ്ങള്‍ക്കു നിവൃത്തിയില്ല.'
ഭ്രാന്തന്‍: 'എന്നാല്‍ നിങ്ങളുടെ അനുഗ്രഹം എനിക്കെന്തിനാണ്? നിങ്ങള്‍ വിചാരിച്ചാല്‍ ഒന്നും ചെയ്‌വാന്‍ കഴികയില്ലെന്ന് എനിക്കറിയാം. അതാണ് ആദ്യമേ എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞത്.'
ഭദ്രകാളി: 'അവിടുന്നു കൃപയുണ്ടായി ഞങ്ങള്‍ വിചാരിച്ചാല്‍ കഴിയുന്നതായ ഒരു വരത്തെ വരിക്കണം.'
ഭ്രാന്തന്‍: 'എന്നാലാവട്ടെ. ഈ ശനികളിവിടെനിന്നു ഒഴിഞ്ഞുപോകണമല്ലോ. എന്റെ ഈ ഇടത്തുകാലിന്മേലുള്ള മന്തു വലത്തു കാലിന്മേലാകാന്‍ അനുഗ്രഹിച്ചിട്ടു പോയ്‌ക്കൊള്‍വിന്‍. ഇതു നിങ്ങള്‍ വിചാരിച്ചാല്‍ കഴിയും.'
ഇതു കേട്ടു ചുടലഭദ്രകാളിയും മറ്റും സന്തോഷിച്ച് അപ്രകാരം അനുഗ്രഹിച്ചിട്ടു മറഞ്ഞുപോയി. അനുഗ്രഹപ്രകാരം മന്തു വലത്തു കാലിന്മേലാവുകയും ചെയ്തു. നാറാണത്തുഭ്രാന്തന്‍ ഊണും കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങി. അരുണോദയമായപ്പോള്‍ എണീറ്റു കല്ലുപിടിക്കാന്‍ പോവുകയും ചെയ്തു. ഈ കഥയില്‍നിന്ന് ഈശ്വരകല്‍പ്പിതത്തെ നീക്കാന്‍ ആരു വിചാരിച്ചാലും കഴിയുന്നതല്ലെന്നു സ്​പഷ്ടമാകുന്നു.
ഒരിക്കല്‍ നാറാണത്തുഭ്രാന്തന്‍ ഒരു നീചജാതിക്കാരന്റെ ചാത്തമുണ്ണാന്‍ പോകുന്നതറിഞ്ഞ് മറ്റൊരാള്‍കൂടെ ഒരുമിച്ചുചെന്നു. രണ്ടുപേരും മൂക്കുമുട്ടെ ഊണുകഴിച്ചു. ഉടനെ രണ്ടുപേരും ഒരുമിച്ചുതന്നെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു നാറാണത്തുഭ്രാന്തന്‍ 'എനിക്കു ദാഹിക്കുന്നു' എന്നു പറഞ്ഞു. 'എനിക്കും ദാഹം സഹിക്കവഹിയാതെയായിരിക്കുന്നു' എന്നു മറ്റേ ആളും പറഞ്ഞു. അപ്പോള്‍ നാറാണത്തുഭ്രാന്തന്‍ 'ആട്ടെ നിവൃത്തിയുണ്ടാക്കാം' എന്നു പറഞ്ഞു. പിന്നെയും രണ്ടുപേരുംകൂടി കുറച്ചു ചെന്നപ്പോള്‍ ഒരു മൂശാരിയുടെ ആലയില്‍ ഒരു വലിയ വാര്‍പ്പു വാര്‍ക്കാനായി ഓടു ചൂളയില്‍വെച്ചു ഉരുക്കുന്നതു കണ്ടു. നാറാണത്തുഭ്രാന്തന്‍ അവിടെ കേറിച്ചെന്ന് ഉരുകിത്തിളച്ചുമറിയുന്ന ഓടു കുറെ കൈകൊണ്ടു കോരിക്കുടിച്ചു. മറ്റേ ആളോടും കുടിക്കാന്‍ പറഞ്ഞു. 'അയ്യോ! പൊള്ളിച്ചത്തുപോകും! എനിക്കു പ്രയാസമുണ്ട്' എന്നു മറ്റേയാള്‍ പറഞ്ഞപ്പോള്‍ 'എന്നാല്‍ തനിക്കു ഭ്രഷ്ടുണ്ട്. ഞാനുണ്ണുന്നേടത്തൊക്കെയുണ്ടാല്‍ ഞാന്‍ കുടിക്കുന്നതൊക്കെ കുടിക്കയും വേണം' എന്നു പറഞ്ഞു നാറാണത്തുഭ്രാന്തന്‍ പോവുകയും ചെയ്തു.
മുറ്റുമൊരുത്തന്‍ പ്രവര്‍ത്തിച്ചതിനെന്തു
മൂലമെന്നുള്ള വിചാരവും കൂടാതെ
മറ്റവന്‍കൂടെ പ്രവര്‍ത്തിക്കിലിങ്ങനെ
കുറ്റം ഭവിക്കുമെന്നോര്‍ത്തുകൊണ്ടീടുവിന്‍
എന്നുള്ള സാരോപദേശത്തിന് ഈ കഥ ഒരു ദൃഷ്ടാന്തമാകുന്നു.
നാറാണത്തുഭ്രാന്തന്‍ ചിലപ്പോള്‍ കട്ടുറുമ്പുകള്‍ കൂട്ടംകൂടി വരിവരിയായി പോകുമ്പോള്‍ അവയെയെല്ലാം എണ്ണിക്കൊണ്ടിരിക്കും. അങ്ങനെയും ഒരു പതിവുണ്ട്. അങ്ങനെ ഒരു ദിവസം നാറാണത്തുഭ്രാന്തന്‍ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അടുക്കെച്ചെന്ന് 'എത്രയായി?' എന്നു ചോദിച്ചു. ഉടനെ നാറാണത്തുഭ്രാന്തന്‍ 'പതിനായിരം പോയി. പതിനായിരമുണ്ട്. അതുകൂടെ പോകണം. എന്നാല്‍ സുഖമായി' എന്നു മറുപടി പറഞ്ഞു. ഈ ചെന്നു ചോദിച്ച ആള്‍ക്ക് വളരെക്കാലമായി വയറ്റില്‍ ഒരു വേദനയുണ്ടായിരുന്നു. അതിനു ചികിത്സയ്ക്കും മറ്റുമായി പതിനായിരം രൂപ ചെലവായിട്ടുണ്ടായിരുന്നു. പിന്നെ അയാള്‍ പതിനായിരം രൂപ കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു. നാറാണത്തുഭ്രാന്തന്‍ പറഞ്ഞതിന്റെ സാരം ആ പതിനായിരം കൂടി ചെലവായാല്‍ ഇയാള്‍ക്കു വയറ്റില്‍ വേദന ഭേദമായി സുഖമാകുമെന്നായിരുന്നു. ആ സാരം ഈ മനുഷ്യന്‍ മനസ്സിലാക്കി. ശേഷമുണ്ടായിരുന്ന പതിനായിരം കൂടി ചികിത്സയ്ക്കും സത്കര്‍മങ്ങള്‍ക്കുമായി ചെലവാക്കുകയും വയറ്റില്‍വേദന ഭേദമാവുകയും ചെയ്തു.
അകവൂര്‍ ചാത്തനും ഇതുപോലെതന്നെ ഒരു ദിവ്യനായിരുന്നു. അദ്ദേഹം അകവൂര്‍ നമ്പൂരിപ്പാട്ടിലെ ഭൃത്യനായി ആ മനയ്ക്കലാണ് താമസിച്ചിരുന്നത്. അന്നത്തെ അച്ഛന്‍ നമ്പൂരിപ്പാട്ടിലേക്ക് അനര്‍ഹയായ ഒരു സ്ത്രീയില്‍ മനസ്സു പ്രവര്‍ത്തിക്കയാല്‍ തത്പാപപരിഹാരാര്‍ഥം ഗംഗാസ്‌നാനം ചെയ്യണമെന്നു തീര്‍ച്ചയാക്കി. നമ്പൂരിപ്പാട്ടീന്നു പോയപ്പോള്‍ ഭൃത്യനായ ചാത്തനെയും കൊണ്ടുപോയി. ചാത്തന്‍ ഒരു ചുരയ്ക്കായും എടുത്തിട്ടുണ്ടായിരുന്നു. നമ്പൂരിപ്പാട്ടിന്നു സ്‌നാനം കഴിച്ച പുണ്യതീര്‍ഥങ്ങളിലെല്ലാം ചാത്തന്‍ ഈ ചുരയ്ക്കായും മുക്കി, ചാത്തന്‍ എങ്ങും സ്‌നാനം കഴിച്ചുമില്ല. നമ്പൂരിപ്പാട്ടിന്നു തിരിയെ സ്വഭവനത്തില്‍ എത്തി, കാലഭൈരവപ്രീതിയും മറ്റും കേമമായിക്കഴിച്ചു പാപമോചനം വന്നു എന്നു വിചാരിച്ച് ഇരിപ്പുമായി. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ചാത്തന്‍ ഈ ചുരയ്ക്കായെടുത്തു കറിക്കു നുറുക്കിക്കൊടുത്തു.
അതൊരു കയ്പന്‍ ചുരയ്ക്കായായിരുന്നതിനാല്‍ കൂട്ടാന്‍ കയ്പുകൊണ്ട് കൂട്ടാന്‍ പാടില്ലായിരുന്നു. കൂട്ടാന്‍ കയ്ചതിനാല്‍ നമ്പൂരിപ്പാട്ടീന്ന് അന്തര്‍ജനത്തിനെ ദേഷ്യപ്പെട്ടു. 'ചാത്തന്‍ നുറുക്കിത്തന്നതാണ് ഞാന്‍ വെച്ചത്. കഷണമെന്താണെന്നറിഞ്ഞില്ല. ആ കഷണത്തിന്റെ കയ്പായിരിക്കണം. അല്ലാതെയൊന്നുമല്ല' എന്നന്തര്‍ജനം പറഞ്ഞു. നമ്പൂരിപ്പാട്ടിന്ന് ഊണു കഴിഞ്ഞ് പുറത്തു വന്നയുടനെ ചാത്തനെ വിളിച്ച് 'കൂട്ടാനിനു നുറുക്കിക്കൊടുത്ത കഷണമെന്തായിരുന്നു' എന്നും 'അതു കയ്ക്കുന്നതിന്റെ കാരണമെന്തെ'ന്നും ചോദിച്ചു.അപ്പോള്‍ ചാത്തന്‍ 'കൂട്ടാന്റെ കഷണം കയ്ക്കുന്നുണ്ടെങ്കില്‍ തിരുമനസ്സിലെ പാപവും തീര്‍ന്നിട്ടില്ല. തിരുമേനി സ്‌നാനം കഴിച്ച പുണ്യതീര്‍ഥങ്ങളിലെല്ലാം അടിയന്‍ ആ കയ്പന്‍ ചുരയ്ക്കായും മുക്കിയല്ലോ. ആ ചുരയ്ക്കയാണ് കൂട്ടാനിന്നു നുറുക്കിക്കൊടുത്തത്' എന്നു പറഞ്ഞു.
ഇതു കേട്ടപ്പോള്‍ ചാത്തന്‍ തന്നെ പരിഹസിക്കാനായിട്ടാണ് ചുരയ്ക്കാ മുക്കിക്കൊണ്ടുവന്നതെന്ന് മനസ്സിലാകയാല്‍ നമ്പൂരിപ്പാട്ടിലെ കോപം അശേഷം പോയി എന്നു തന്നെയല്ല, വളരെ ലജ്ജയുമുണ്ടായി. തന്റെ പാപം തീര്‍ന്നിട്ടില്ലെന്നു സ്വയമേവ നമ്പൂരിപ്പാട്ടിന്നു സമ്മതിച്ചു. 'ഇനി പാപം തീരാന്‍ എന്തു വേണമെന്നു നീ തന്നെ പറഞ്ഞുതരണ'മെന്നു നമ്പൂരിപ്പാട്ടീന്നു പറയുകയാല്‍ ചാത്തന്‍, 'തിരുമേനി യാതൊരു സാധനത്തെ ആഗ്രഹിച്ചുവോ അതിന്റെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അതു തീയിലിട്ടു നല്ലപോലെ പഴുപ്പിച്ചെടുത്തു നാട്ടി, അനേകം ജനങ്ങള്‍ കൂടിനില്‍ക്കുമ്പോള്‍ ഇന്ന സംഗതിയുടെ പാപം തീരാനാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് അതിനെ ആലിംഗനം ചെയ്യണം. അല്ലാതെ ഈ പാപം ഒരിക്കലും തീരുന്നതല്ല' എന്നു പറഞ്ഞു. നമ്പൂരിപ്പാട്ടിന്ന് ഇതു കേട്ട് അങ്ങനെതന്നെ ചെയ്യാമെന്നു തീര്‍ച്ചപ്പെടുത്തി. പിന്നെ ഇരുമ്പുകൊണ്ട് ഒരാളോളം വലിപ്പത്തില്‍ ഒരു സ്ത്രീപ്രതിമയുണ്ടാക്കിച്ചു. ഈ പ്രതിവിധി ഇന്നദിവസം ചെയ്കയെന്നു നിശ്ചയിച്ചു മലയാള രാജ്യമൊട്ടുക്ക് ഒരു പരസ്യവും പ്രസിദ്ധപ്പെടുത്തി. സമയമായപ്പോഴേക്കും അസംഖ്യം ജനങ്ങള്‍ അവിടെ വന്നുകൂടി. പ്രതിമയും പഴുപ്പിച്ചു വലിയ കൊടിലുകള്‍കൊണ്ടും മറ്റും പിടിച്ചു സഭയില്‍ നാട്ടിവച്ചു. നമ്പൂരിപ്പാട്ടീന്നു തനിക്കു പാപം സംഭവിക്കാനുള്ള കാരണവും ഇത് അതിന്റെ പരിഹാരമാണെന്നും ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തീക്കട്ടപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി ഓടിച്ചെന്നു. തൊട്ടുതൊട്ടില്ലെന്നായപ്പോള്‍ അടുത്തു നിന്നിരുന്ന ചാത്തന്‍ നമ്പൂരിപ്പാട്ടിനെ തടഞ്ഞുനിറുത്തിക്കൊണ്ട് 'ഇത്രയും മതി. ഇപ്പോള്‍ അവിടുത്തെ പാപമെല്ലാം തീര്‍ന്നിരിക്കുന്നു' എന്നു പറഞ്ഞു. അതിനെ അവിടെ കൂടിയിരുന്ന സകലജനങ്ങളും ഐകകണ്‌ഠ്യേന സമ്മതിക്കുകയും ചെയ്തു. ഇതിനാല്‍ പാപമോചനത്തിനു പശ്ചാത്താപവും മനഃശുദ്ധിയുമാണ് വേണ്ടതെന്നും അതുകൂടാതെ ഗംഗാസ്‌നാനം മുതലായവ ചെയ്താല്‍ മതിയാകുന്നതല്ലെന്നും സ്​പഷ്ടമാകുന്നുവല്ലോ. നമ്പൂതിരിപ്പാട്ടീന്നു പതിവായി ഏഴര നാഴിക വെളുപ്പാനുള്ളപ്പോള്‍ കുളിച്ചു ഉച്ചയാകുന്നതുവരെ തേവാരം കഴിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്ന് ഒരു ദിവസം ചാത്തന്‍ ചോദിച്ചു. 'ഞാന്‍ പരബ്രഹ്മത്തെ സേവിക്കയാണെ'ന്നു നമ്പൂതിരിപ്പാട്ടീന്നു പറഞ്ഞു. 'അപ്പോള്‍ പരബ്രഹ്മം എങ്ങനെയിരിക്കും' എന്നു ചാത്തന്‍ ചോദിക്കയാല്‍ നമ്പൂരിപ്പാട്ടീന്നു പരിഹാസമായിട്ടു 'നമ്മുടെ മാടന്‍പോത്തിനെപ്പോലിരിക്കും' എന്നു പറഞ്ഞു. പിന്നെ നമ്പൂതിരിപ്പാട്ടീന്നു കുളിക്കുമ്പോള്‍ ചാത്തനും പതിവായി കുളിച്ചു പരബ്രഹ്മത്തെ സേവിച്ചു തുടങ്ങി. അങ്ങനെ നാല്‍പ്പതു ദിവസം കഴിഞ്ഞപ്പോള്‍ ചാത്തന്റെ ധ്യാനപ്രകാരം മാടന്‍പോത്തിന്റെ സ്വരൂപത്തില്‍ പരബ്രഹ്മം അയാള്‍ക്കു പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്മം ചാത്തന്റെ കൂടെ നടക്കുകയും അയാള്‍ പറയുന്ന വേലകള്‍ ചെയ്കയും തുടങ്ങി. നമ്പൂതിരിപ്പാട്ടീന്ന് ഈ വിവരമൊന്നും അറിഞ്ഞുമില്ല. അദ്ദേഹത്തിന് ഈ മാടന്‍പോത്ത് അപ്രത്യക്ഷമായിട്ടാണ് ഇരുന്നതും.
അങ്ങനെയിരിക്കുമ്പോള്‍ നമ്പൂതിരിപ്പാട്ടീന്നു തെക്കേ ദിക്കിലേക്ക് ഒരു യാത്രയുണ്ടായി. ഭാണ്ഡമെടുക്കുന്നതിനു ചാത്തനേയും കൊണ്ടുപോയി. ചാത്തന്‍ ഭാണ്ഡം മാടന്‍പോത്തിന്റെ പുറത്തു കെട്ടിയിട്ടു ചുമപ്പിച്ചുംകൊണ്ടു നമ്പൂതിരിപ്പാട്ടിലെ കൂടെപ്പോയി. ഓച്ചിറപ്പടനിലം എന്നു പ്രസിദ്ധമായ സ്ഥലത്തു ചെന്നപ്പോള്‍ അവിടെ ഒരു വിസ്താരം കുറഞ്ഞ വാതുക്കലൂടെ കടന്നുപോകേണ്ടിയിരുന്നു. നമ്പൂതിരിപ്പാട്ടീന്നു മുന്‍പേ കടന്നു. പിന്നാലെ ചാത്തനും കടന്നു. മാടന്‍പോത്തിന്റെ കൊമ്പുകള്‍ അവിടെ തടഞ്ഞതിനാല്‍ അതിനു കടക്കാന്‍ പാടില്ലാതെ അവിടെ നിന്നു. അപ്പോള്‍ ചാത്തന്‍ തിരിഞ്ഞുനിന്നു 'ചരിച്ചു കടത്തൂ' എന്നു പറഞ്ഞു. നമ്പൂതിരിപ്പാട്ടീന്ന് ഇതു കേട്ടു തിരിഞ്ഞുനോക്കിയപ്പോള്‍ മാടന്‍പോത്തിനെ അദ്ദേഹത്തിനു കാണ്‍മാന്‍ പാടില്ലായിരുന്നതിനാല്‍ 'നീ ആരോടാണ് പറയുന്നത്?' എന്നു ചോദിച്ചു. 'നമ്മുടെ മാടന്‍പോത്തിനോട്' എന്നു ചാത്തന്‍ മറുപടി പറഞ്ഞു.
നമ്പൂതിരിപ്പാട്: 'മാടന്‍പോത്തെവിടെ? ഏതു മാടന്‍പോത്ത്?'
ചാത്തന്‍: 'ഇതാ നില്‍ക്കുന്നു. അവിടുന്നു കാണുന്നില്ലേ? തിരുമനസ്സിലെ കല്‍പ്പനപ്രകാരം അടിയന്‍ സേവിച്ചു പ്രത്യക്ഷമാക്കിയ മാടന്‍പോത്താണിത്.'
ഇതു കേട്ടു നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ തൊട്ടുംകൊണ്ടു നോക്കിയപ്പോള്‍ മാടന്‍പോത്തിന്റെ ആകൃതിയില്‍ പ്രത്യക്ഷമായിരിക്കുന്ന പരബ്രഹ്മത്തെ കണ്ടു. നമ്പൂതിരിപ്പാട്ടീന്ന് 'എന്നെക്കാള്‍ ഭക്തി നിനക്കു തന്നെയാണ്. അതിനാല്‍ ഞാന്‍ നിന്നെയും വന്ദിക്കുന്നു' എന്നു പറഞ്ഞു ചാത്തനെ നമസ്‌കരിച്ചു. ഉടനെ മാടന്‍പോത്ത് അവിടെത്തന്നെ ഭൂമിയില്‍ താണുപോയി. 'അടിയന്റെ മാടന്‍പോത്തില്ലാതെ അടിയന്‍ വരികയില്ല' എന്നു പറഞ്ഞു ചാത്തനും അവിടെ ഇരിപ്പായി. 'എനിക്കിനി എന്താണ് ഗതി' എന്നു നമ്പൂതിരിപ്പാട്ടീന്നു ചോദിച്ചു. അപ്പോള്‍ ചാത്തന്‍ 'മേല്‍പ്പോട്ടു കേറാന്‍ നൂലുണ്ടല്ലോ. അതു പിടിച്ചു കേറിക്കൊള്ളണം' എന്നു പറഞ്ഞു. അതിന്റെ സാരം വേദംകൊണ്ടു മോക്ഷത്തെ പ്രാപിച്ചുകൊള്ളണമെന്നാണെന്നു മനസ്സിലാക്കി നമ്പൂതിരിപ്പാട്ടീന്നു ചാത്തനെ വിട്ടു വിഷാദത്തോടുകൂടി പോവുകയും ചെയ്തു. ചാത്തന്‍ പിന്നെയും കുറഞ്ഞൊരുകാലം പരബ്രഹ്മത്തെയും ധ്യാനിച്ചുകൊണ്ട് അവിടെയിരുന്നു. ഒടുക്കം ആണ്ടുതോറും പതിവുള്ള പടയില്‍ച്ചേര്‍ന്നു മരിച്ചു സായൂജ്യം പ്രാപിക്കയും ചെയ്തു.
ഉളിയന്നൂര്‍ പെരുന്തച്ചനും അനേകം അത്ഭുതകര്‍മങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശത്തുതന്നെ ഒരു ക്ഷേത്രത്തിലെ ഉപയോഗത്തിലേക്കായി അവിടുത്തെ ഊരാണ്‍മക്കാര്‍ പറഞ്ഞിട്ട് ഒരു കുളം പെരുന്തച്ചന്‍ ഉണ്ടാക്കീട്ടുണ്ട്. കുളം കുഴിച്ചു കല്ലു കെട്ടിത്തുടങ്ങിയപ്പോള്‍ ഊരാണ്‍മക്കാരില്‍ ചിലര്‍ കുളം നീളത്തിലിരിക്കണമെന്നും ചിലര്‍ ചതുരത്തില്‍ വേണമെന്നും മറ്റു ചിലര്‍ വട്ടത്തില്‍ വേണമെന്നും മറ്റും തര്‍ക്കമായി. അപ്പോള്‍ പെരുന്തച്ചന്‍ 'നിങ്ങളാരും വഴക്കു പിടിക്കേണ്ട. എല്ലാവരുടെയും ഇഷ്ടപ്രകാരം കുളം വട്ടത്തില്‍ നീളത്തില്‍ സമചതുരമായി ത്രികോണായിട്ടു കോഴിമുട്ടഭാഷയിലുണ്ടാക്കിയേക്കാം. എന്നാല്‍ പോരേ? എന്നു പറഞ്ഞ് അങ്ങനെ ഒരു കുളവും കെട്ടിത്തീര്‍ത്തു. ആ കുളത്തിന്റെ ഓരോരോ ഭാഗത്തുനിന്നു നോക്കിയാല്‍ പെരുന്തച്ചന്‍ പറഞ്ഞതുപോലെ ഒക്കെയും തോന്നും. കുളത്തിലിറങ്ങിയാല്‍ ഇപ്പോഴും ആര്‍ക്കും കിഴക്കു പടിഞ്ഞാറ് അറിയാന്‍ പാടില്ലാതെയാണിരിക്കുന്നത്. അതിനാല്‍ ബ്രാഹ്മണര്‍ ആ കുളത്തില്‍ കുളിച്ചു നിത്യകര്‍മം കഴിക്കാറില്ല. പെരുന്തച്ചന് അതിദിവ്യനായ ഒരു പുത്രനും ഉണ്ടായിരുന്നു. ഈ കുളം പെരുന്തച്ചന്‍ കുഴിച്ചപ്പോള്‍, മകന്‍, 'പുഴ കടന്ന് ഈ കുളത്തിലേക്ക് വല്ലവരും പോകുമോ' എന്നു ചോദിച്ചു. അന്നു കുളം ക്ഷേത്രത്തിനടുത്തും പുഴ വളരെ അകന്നും ആയതിനാല്‍ 'ഇതെന്താടാ ഈ ഭ്രാന്ത് പറയുന്നത്? പുഴ എത്ര ദൂരെ കിടക്കുന്നു' എന്നു പെരുന്തച്ചന്‍ പറഞ്ഞു. 'ആട്ടെ കാണാം' എന്നു മകനും പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ദൂരേക്കൂടി ഒഴുകിക്കൊണ്ടിരുന്ന നദി കുത്തിപ്പാഞ്ഞ് അമ്പലത്തിന്റെയും കുളത്തിന്റെയും മധ്യേ ഒഴുകിത്തുടങ്ങി. അപ്പോള്‍ അമ്പലമിക്കരെയും കുളമക്കരെയുമായിത്തീര്‍ന്നു. ആറു കടന്ന് ആരും കുളത്തിലേക്കു പോകാതെയുമായി. ഇപ്പോഴും ആ സ്ഥിതിയില്‍ത്തന്നെ ഇരിക്കുന്നു.
പിന്നെ പെരുന്തച്ചന്‍ ഒരു നദിയില്‍ ഒരു പാലം പണിതു. അതിനും കുറെ ദിവ്യത്വമുണ്ട്. പാലത്തിന്റെ ഒരറ്റത്ത് ഒരു പാവയുണ്ട്. മറ്റേ അറ്റത്ത് ആള്‍ കേറുമ്പോള്‍ പാവ കീഴ്‌പോട്ടു താണുതുടങ്ങും. ആള്‍ പാലത്തിന്റെ മധ്യത്തിലാകുമ്പോള്‍ പാവ വെള്ളത്തില്‍ മുങ്ങും. അങ്ങേ അറ്റത്തു ചെല്ലുമ്പോഴേക്കും പാവ വായില്‍ നിറച്ചു വെള്ളവുംകൊണ്ട് പൂര്‍വസ്ഥിതിയില്‍ മുകളില്‍ വന്നു നില്‍ക്കും. ആള്‍ അടുത്തു ചെല്ലുമ്പോള്‍ ചെല്ലുന്ന ആളുടെ മുഖത്ത് ഒരു തുപ്പും കൊടുക്കും. ഇങ്ങനെയാണ് അതിന്റെ സൂത്രം. ഇതു പെരുന്തച്ചന്റെ മകന്‍ കണ്ടിട്ടു വേറൊരു പാവയെ ഉണ്ടാക്കി പാലത്തിന്റെ ഇങ്ങേ അറ്റത്തുവെച്ചു. ആ പാവ പാലത്തിന്മേല്‍ ആളു കയറുമ്പോള്‍ മുമ്പേ നടന്നുതുടങ്ങും. ആളുകള്‍ അങ്ങേ അറ്റത്തു ചെല്ലുന്നതിനു മുമ്പേ അവിടെ എത്തും. മറ്റേപ്പാവ തുപ്പുന്നതിനു മുമ്പേ അതിന്റെ ചെകിട്ടത്ത് ഈ പാവ ഒരടി വെച്ചുകൊടുക്കും.അപ്പോള്‍ ആ തുപ്പുന്ന പാവയുടെ മുഖം തിരിഞ്ഞുപോകുന്നതിനാല്‍ ആരുടെയും മുഖത്തു തുപ്പാന്‍ ഒക്കാതെയുമായി.
പെരുന്തച്ചന്‍ ഒരിക്കല്‍ ഒരു വഴിയാത്ര പോകുമ്പോള്‍ ഒരു ദിക്കില്‍ ചില ആശാരിമാര്‍കൂടി ഒരമ്പലം പണിയുന്നതു കണ്ട് അവിടെച്ചെന്ന് നോക്കിക്കൊണ്ടിരുന്നു. ആശാരിമാരാരും പെരുന്തച്ചനെ ബഹുമാനിക്കയും കണ്ടതായി നടിക്കപോലും ചെയ്തില്ല. അവര്‍ക്ക് ഊണുകാലമായപ്പോള്‍ പെരുന്തച്ചനെ വിളിക്കാതെ പോവുകയും ചെയ്തു. ഉടനെ ശ്രീകോവിലിനുള്ള കഴുക്കോലിന്റെ അറ്റത്തൊക്കെ ഓരോ വര കൂടി വരച്ചുംവെച്ചു പെരുന്തച്ചനും പോയി. ആശാരിമാര്‍ ഊണുകഴിഞ്ഞു വന്നു പണി തുടങ്ങി. പെരുന്തച്ചന്‍ വരച്ച വര അവിടത്തെക്കണക്കാശാരി വരച്ചതാണെന്നു വിചാരിച്ച് അവിടെ വെച്ചു മുറിച്ചു കഴുക്കോലെല്ലാം പണിതീര്‍ത്തു കൂട്ടുകേറ്റിയപ്പോള്‍ കഴുക്കോലിന് നീളം പോരായ്കയാല്‍ കൂടം പിടിക്കയില്ല. കണക്കനും പണിക്കാരനുംകൂടി പഠിച്ച വിദ്യയെല്ലാമെടുത്തിട്ടും കൂടം പിടിച്ചില്ല. ഈ അബദ്ധം എങ്ങനെ വന്നു എന്നറിയാതെ എല്ലാവരും വളരെ വ്യസനിച്ചു. ഒടുക്കം കഴുക്കോലുകള്‍ മാറ്റണമെന്നുതന്നെ തീര്‍ച്ചപ്പെടുത്തി. ശ്രീകോവിലിന്റെ കൂട്ടുകേറ്റിയ വിധത്തില്‍ത്തന്നെ കൂടംപിടിക്കാതെ ആ നിലയില്‍ വെച്ചും വെച്ചുതന്നെ വേറെ പണികള്‍ തുടങ്ങി.
പെരുന്തച്ചന്‍ പോയി ആരുമറിയാതെ കുറെ കടുന്തുടികള്‍ ഉണ്ടാക്കിക്കൊണ്ടു പുറപ്പെട്ടു. യാത്രയായപ്പോള്‍ 'എങ്ങോട്ടാ യാത്ര?' എന്നു മകന്‍ ചോദിച്ചു. ഒന്നും മിണ്ടാതെ പെരുന്തച്ചന്‍ പോയി. പിന്നാലെ മകനും പുറപ്പെട്ടു. ഒരു ദിവസം ഉച്ചയായപ്പോള്‍ ഈ അമ്പലം പണിയുന്ന സ്ഥലത്തുവന്നു. അപ്പോള്‍ ആശാരിമാരെല്ലാം ഉണ്ണാന്‍ പോയിരിക്കയായിരുന്നു. അവിടെ ആരുമില്ലെന്ന് മനസ്സിലായപ്പോള്‍ പെരുന്തച്ചന്‍ ശ്രീകോവിലിന് മുകളില്‍ കയറി ഈ കടുന്തുടികളെല്ലാം വെച്ചിണക്കി
ഒരടി കൊടുത്തു. പെട്ടെന്ന് കൂടം പിടിക്കയും ചെയ്തു. അപ്പോഴേക്കും മകനും അവിടെ എത്തി. ഉടനെ പെരുന്തച്ചന്‍ 'കണ്ടോടാ, മകനേ കൂടം പിടിച്ചത്' എന്നു ചോദിച്ചു. 'ഓഹോ കാണുകയും ചെയ്തു പഠിക്കയും ചെയ്തു' എന്നു മകന്‍ ഉത്തരം പറഞ്ഞു.
ഇങ്ങനെ പലവിധത്തിലും മകന്‍ അസാമാന്യനാണെന്ന് അറിഞ്ഞപ്പോള്‍ തന്റെ ആദ്യപുത്രനാണെങ്കിലും പെരുന്തച്ചന് അവനെക്കുറിച്ച് സഹിക്കവയ്യാതെയുള്ള അസൂയയും വൈരവുമുണ്ടായി. ഇവന്‍ ജീവിച്ചിരുന്നാല്‍ തന്റെ യശസ്സിന് ഹാനി ഭവിക്കുമെന്നും അതിനാല്‍ ഏതുവിധവും ഇവന്റെ കഥ കഴിക്കണമെന്നും പെരുന്തച്ചന്‍ തീര്‍ച്ചയായി മനസ്സില്‍ ഉറച്ചു.
കൂടം പിടിച്ച ശബ്ദം കേട്ട് ആശാരിമാരെല്ലാം ഓടിവന്നു നോക്കിയപ്പോള്‍ കൂടം പിടിച്ചിരിക്കുന്നതായി കണ്ടു. അപ്പോള്‍ ഇതെല്ലാം പെരുന്തച്ചന്റെ കൗശലങ്ങളാണെന്നു മനസ്സിലാവുകയാല്‍ ആശാരിമാരെല്ലാം പെരുന്തച്ചനെയും മകനെയും വന്ദിച്ചു ബഹുമാനിച്ചു. അന്നു മുതല്‍ പെരുന്തച്ചനെയും മകനെയുംകൂടി പണിക്കു പ്രധാനന്മാരായി ചേര്‍ക്കുകയും അവര്‍ കൂടി പണി തുടങ്ങുകയും ചെയ്തു. അക്കാലം മുതല്‍ ആശാരിമാര്‍ പണിതുകൊണ്ടിരിക്കുന്ന സ്ഥലത്ത് മറ്റാശാരിമാര്‍ വന്നാല്‍ അവര്‍ക്കുകൂടി ചോറ് കൊടുക്കാതെ ഇവര്‍ ഉണ്ണുകയില്ലെന്ന് ഒരേര്‍പ്പാടും വെച്ചു.
പിന്നെ അവിടെപ്പണിതുകൊണ്ടിരിക്കുന്ന കാലത്ത് പെരുന്തച്ചന്‍ അമ്പലത്തിന്റെ മുകളിലിരുന്നുകൊണ്ട് താഴെക്കുനിഞ്ഞിരുന്നു പണിയുന്ന മകന്റെ കഴുത്തിലേക്ക് ഒരു വലിയ ഉളി കൈമോശം വന്നുപോയി എന്ന ഭാവത്തില്‍ ഇട്ടു. ഉളി വന്നുവീണ് കഴുത്ത് രണ്ടായി മുറിഞ്ഞ് മകന്‍ മരിക്കയും ചെയ്തു. ഈ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത് തിരുവല്ലായില്‍ വെച്ചാണെന്നാണ് കേട്ടിരിക്കുന്നത്.
പെരുന്തച്ചന്‍ സ്വദേശത്തുള്ള നമ്പൂരിമാരുടെ ആവശ്യപ്രകാരം അവിടെയും ഒരമ്പലം പണിതിട്ടുണ്ട്. അവിടെ സോപാനത്തിങ്കല്‍നിന്നും ശ്രീകോവിലകത്തേക്ക് കേറുമ്പോള്‍ ഇടയ്ക്കിടയ്ക്ക് തലമുട്ടുമെന്നു തോന്നും കണ്ടാല്‍. സാധാരണയായി കേറുകയും ഇറങ്ങുകയും ചെയ്താല്‍ തല മുട്ടുകയില്ല. തല മുട്ടിയേക്കുമെന്ന് സംശയിച്ചു നില്ക്കുകയോ കുനിയുകയോ ചെയ്താല്‍ തല മുട്ടുകയും ചെയ്യും. അങ്ങനെ ഒരു വിദ്യയുണ്ട്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബവും പെരുന്തച്ചനുണ്ടാക്കിയതാണ്. നമ്പൂരിമാരെല്ലാംകൂടി ഒരു ബിംബമുണ്ടാക്കിക്കൊടുക്കണമെന്ന് പെരുന്തച്ചനോട് പറഞ്ഞു. അങ്ങനെയാവാമെന്ന് പെരുന്തച്ചനും സമ്മതിച്ചു. ഏതു മൂര്‍ത്തിയുടെ വിഗ്രഹമാണ് വേണ്ടതെന്ന് നമ്പൂരിമാര്‍ പറഞ്ഞുമില്ല. പെരുന്തച്ചന്‍ ചോദിച്ചുമില്ല. തമ്മില്‍ പിരിഞ്ഞു കഴിഞ്ഞപ്പോഴാണ് പെരുന്തച്ചന്‍ അതിനെക്കുറിച്ച് വിചാരിച്ചത്. എല്ലാവരും അത്താഴം കഴിഞ്ഞ് കിടക്കുന്ന സമയം അവരവരുടെ ഇഷ്ടദേവതമാരുടെ പേര് പറഞ്ഞ് പ്രാര്‍ഥിക്കുമല്ലോ. അതിനാല്‍ നമ്പൂരിമാര്‍ കിടക്കുന്ന സമയം എന്തു പറയുന്നു എന്നറിയണം. അതറിഞ്ഞാല്‍ അവരുടെ ഇഷ്ടദേവതയുടെ വിഗ്രഹം ഉണ്ടാക്കിക്കൊടുക്കാമല്ലോ. എന്നിങ്ങനെ വിചാരിച്ചു. പെരുന്തച്ചന്‍ പല ദിവസമായി നമ്പൂരിമാര്‍ കിടക്കുന്ന സമയത്ത് അവിടെയൊക്കെപ്പോയി ഒളിച്ചുനിന്നു. അവരെല്ലാം കിടക്കുന്ന സമയത്ത് 'അവിടെക്കിട' എന്നും പറഞ്ഞുകൊണ്ടാണ് കിടക്കുക പതിവ്. അല്ലാതെ ഈശ്വരനാമം ഒന്നും പറയുക പതിവില്ല. ഒടുക്കം പെരുന്തച്ചന്‍ 'എന്നാലിവിടെക്കിട' എന്നും പറഞ്ഞ് ഒരു ബിംബം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ ഒരു ബിംബം ഇപ്പോഴും അവിടെ കിടക്കുന്നുണ്ട്. മൂര്‍ത്തിയെന്താണെന്ന് ആര്‍ക്കും നിശ്ചയവുമില്ല.
പെരുന്തച്ചന്‍ ഒരുദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി അദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നിരുന്നു. പെരുന്തച്ചനും മറ്റും അഗ്നിഹോത്രിയുടെ ഇല്ലത്തു ചെന്നാല്‍ ശ്രാദ്ധമൂട്ടേണ്ടുന്ന ദിവസങ്ങളിലല്ലാതെ അകത്തു കടക്കാറില്ല. മറ്റുള്ള ദിവസങ്ങളില്‍ അവിടെച്ചെന്നാല്‍ യഥാക്രമം പുറത്തു നില്‍ക്കുകയേ പതിവുള്ളൂ. അതിനാല്‍ പെരുന്തച്ചന്‍ അന്നു ചെന്നിട്ടു പടിക്കുപുറത്താണു നിന്നത്. അവിടെ നിന്നുകൊണ്ട് അഗ്നിഹോത്രി അപ്പോള്‍ എന്തുചെയ്യുകയാണെന്ന് അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹം സഹസ്രാവൃത്തി കഴിക്കുകയാണെന്നു ഭൃത്യന്മാര്‍ പറഞ്ഞു. ഉടനെ പെരുന്തച്ചന്‍ അവിടെയിരുന്നു നിലത്ത് ചെറുതായിട്ട് ഒരു കുഴി കുഴിച്ചു. പെരുന്തച്ചന്‍ പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്‌കാരത്തിലായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു. പിന്നെ അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി കഴിച്ചുകൊണ്ടിരുന്നത് ഗണപതിഹോമമായിരുന്നു. പെരുന്തച്ചന്‍ അപ്പോഴും ഒരു കുഴി കുഴിച്ചു. ഇങ്ങനെ പെരുന്തച്ചന്‍ അന്വേഷിച്ചപ്പോഴൊക്കെ അഗ്നിഹോത്രി വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമപുഷ്പാഞ്ജലി, വൈശ്യം മുതലായി ഓരോന്നു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. നേരം ഉച്ചയായപ്പോഴേക്കും അഗ്നിഹോത്രി പുറത്തുവന്നു. അപ്പോള്‍ പെരുന്തച്ചന്‍ 'തേവാരമെല്ലാം കഴിഞ്ഞോ?' എന്നു ചോദിച്ചു.
അഗ്നിഹോത്രി: 'ഓ! ഏകദേശമെല്ലാം കഴിഞ്ഞു. പെരുന്തച്ചന്‍ വന്നിട്ടു വളരെ നേരമായി, അല്ലേ? ഇരുന്നു മുഷിഞ്ഞായിരിക്കും.'
പെരുന്തച്ചന്‍: 'ഒട്ടും മുഷിഞ്ഞില്ല. എനിക്കും ഇവിടെ മിനക്കേടുണ്ടായില്ല. ഇവിടെ ഞാന്‍ അനേകം കുഴികള്‍ കുഴിച്ചു. പക്ഷേ, ഒന്നിലും വെള്ളം കണ്ടില്ല. ഇത്രയും നേരം കൊണ്ട് അനേകം കുഴികള്‍ കുഴിക്കാതെ ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ വെള്ളം കാണുമായിരുന്നു.'
ഇതു കേട്ടപ്പോള്‍ പെരുന്തച്ചന്‍ തന്നെ ആക്ഷേപിക്കുകയാണ് ചെയ്തതെന്നും പെരുന്തച്ചന്‍ പറഞ്ഞതിന്റെ സാരം അനേകമീശ്വരന്മാരെ കുറേശ്ശ സേവിക്കുന്നതു വെറുതെയാണെന്നും ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അതു നല്ലതുപോലെയായാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണെന്നും ഇതു തന്റെ തേവാരത്തെ സംബന്ധിച്ചു പറഞ്ഞതാണെന്നും അഗ്നിഹോത്രിക്കു മനസ്സിലാവുകയാല്‍ അദ്ദേഹം, 'പല കുഴികളായാലും അവ പതിവായി കുറേശ്ശ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്‍ക്കു പരസ്​പരബന്ധമുണ്ടായിരിക്കുന്നതുകൊണ്ട് എല്ലാത്തിന്റെയും ചുവട് ഒന്നുതന്നെയാണെന്നു വിചാരിക്കാവുന്നതുമാണ്' എന്നു മറുപടി പറഞ്ഞു.
പെരുന്തച്ചന്‍: 'ചുവടെല്ലാത്തിനും ഒന്നാണെന്നുള്ള ഓര്‍മ വിട്ടുപോകാതെയിരുന്നാല്‍ മതി. പിന്നെ എത്ര വേണമെങ്കിലും കുഴിക്കാം. എല്ലാത്തിലും വെള്ളവും കാണും.'
ഇങ്ങനെ ഒടുക്കം പെരുന്തച്ചന്‍ അഗ്നിഹോത്രിയുടെ യുക്തി ശരിയാണെന്നു സമ്മതിക്കുകയും പിന്നെ വന്ന കാര്യം പറഞ്ഞു പോവുകയും ചെയ്തു.
ഇനി പ്രസിദ്ധനായ പാക്കനാരുടെ ചില കഥകള്‍ കൂടി പറയാതെ ഉപന്യാസം സമാപിപ്പിക്കുന്നതു ശരിയല്ലെന്നു തോന്നുന്നതിനാല്‍ അതു ചിലതു പറയാം. പറയനായ പാക്കനാരുടെ ഉപജീവനവും മറ്റും മുറം വിറ്റാണെന്നാണു വെച്ചിരിക്കുന്നത്.കുലാചാരപ്രകാരമുള്ള പ്രവൃത്തികൊണ്ട് ഉപജീവിക്കുന്നതാണ് ശ്രേഷ്ഠമെന്നു കാണിക്കാനായിരിക്കും അങ്ങനെ വെച്ചിരിക്കുന്നത്.
മാതാപിതാക്കളുടെ ചാത്തമൂട്ടാനായി അഗ്നിഹോത്രികളുടെ ഭവനത്തില്‍ ചെല്ലുമ്പോള്‍ പത്തുപേരും ഓരോ വിശിഷ്ട പദാര്‍ഥങ്ങള്‍ കൊണ്ടുചെല്ലുക പതിവുണ്ട്. പാക്കനാര്‍ മാംസമാണ് കൊണ്ടുചെല്ലുക പതിവ്. അത് അഗ്നിഹോത്രികളുടെ അന്തര്‍ജനത്തിനും ചാത്തക്കാര്‍ക്കും വളരെ വ്യസനമാണ്. എങ്കിലും പാക്കനാരുടെ ദിവ്യത്വം വിചാരിച്ച് ആരുമൊന്നും പറയുകയുമില്ല. കൊണ്ടുചെല്ലുന്നതെല്ലാം അന്തര്‍ജനം പാകംചെയ്കയും ചാത്തക്കാര്‍ ഭക്ഷിക്കയുമാണു പതിവ്.
ഒരിക്കല്‍ പാക്കനാര്‍ ചെന്നപ്പോള്‍ ഒരു പശുവിന്റെ മുല ചെത്തിയെടുത്ത് ഒരിലയില്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നു. വെലിക്കു വേണ്ടുന്ന സാധനങ്ങള്‍ വെയ്പുതുടങ്ങിയപ്പോള്‍ അന്തര്‍ജനം ഈ പൊതിയഴിച്ചുനോക്കി. പശുവിന്റെ മുലയാണെന്നറിഞ്ഞപ്പോള്‍ എന്തായാലും ഇത് പാകം ചെയ്‌വാന്‍ കഴികയില്ലെന്നു നിശ്ചയിച്ച് അത് അങ്ങനെതന്നെ പൊതിഞ്ഞുകെട്ടി നടുമുറ്റത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ചാത്തക്കാരനെ ഇരുത്തി വെലിയും തുടങ്ങി. ചാത്തക്കാരന് ഓരോ സാധനങ്ങള്‍ വിളമ്പിത്തുടങ്ങിയപ്പോള്‍ പാക്കനാരു കൊണ്ടുവന്ന സാമാനം കൊണ്ടുള്ള കറിയൊന്നും കാണായ്കയാല്‍ 'ഞാന്‍ കൊണ്ടുവന്നതെവിടെ?' എന്നു പാക്കനാരു ചോദിച്ചു. അന്തര്‍ജനം ഒന്നും പറയാതെ നിന്നതിനാല്‍ സത്യം പറയാനായി അഗ്നിഹോത്രികള്‍ നിര്‍ബന്ധിക്കുകയും അന്തര്‍ജനം പരമാര്‍ഥമൊക്കെ പറയുകയും ചെയ്തു.
അപ്പോള്‍ പാക്കനാര്‍ 'എന്നാല്‍ അതു കിളിര്‍ത്തോ എന്നു നോക്കൂ' എന്നു പറഞ്ഞു. അന്തര്‍ജനം ചെന്നുനോക്കിയപ്പോള്‍ അതു കിളിര്‍ത്ത് അവിടെയൊക്കെപ്പടര്‍ന്നു നിറച്ചു കായുമായി കിടക്കുന്നതു കണ്ടു. വിവരം പറഞ്ഞപ്പോള്‍ 'അതിന്റെ കായ് പറിച്ച് ഒരുപ്പേരിയെങ്കിലും ഉണ്ടാക്കിക്കൊണ്ടുവരൂ' എന്നു പാക്കനാര്‍ പറഞ്ഞു. ചാത്തക്കാരന്റെ ഊണ് കഴിയുന്നതിനു മുമ്പേ അതിന്റെ കായ്കള്‍ കൊണ്ട് ഉപ്പേരി ഉണ്ടാക്കിക്കൊണ്ടുവന്നു വിളമ്പി. അങ്ങനെ ഉണ്ടായതാണ് കോവല്. കോവല്‍ക്കാ ഇപ്പോഴും വെലിക്കു പ്രധാനമാണല്ലോ. 'കോവലും കോഴിയുമുള്ള സ്ഥലത്ത് വെലിയിടണമെന്നില്ല' എന്നൊരു വാക്കും പ്രസിദ്ധമാണ്. കോവലുള്ള ദിക്കില്‍ വെലിയിട്ടില്ലെങ്കിലും പിതൃക്കള്‍ പ്രസാദിച്ചുകൊള്ളുമെന്നും കോഴിയുള്ള ദിക്കില്‍ ശുദ്ധമായിട്ടു വെലിയിടാന്‍ പ്രയാസമാകയാല്‍ വെലിയിട്ടതു കൊണ്ടും വിശേഷമില്ലെന്നുമാണ് ഇതിന്റെ സാരം. ഇതില്‍നിന്നു പാക്കനാരുടെയും കോവലിന്റെയും മാഹാത്മ്യം എത്രയുണ്ടെന്നു സ്​പഷ്ടമാകുന്നുണ്ടല്ലോ.
ഒരുദിവസം പാക്കനാരും ഭാര്യയുംകൂടി കാട്ടില്‍ വിറകൊടിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ഒരു നമ്പൂരി വന്നു. അദ്ദേഹം ഇവരെക്കണ്ടു വഴിമാറാന്‍ പറഞ്ഞു. അപ്പോള്‍ പറക്കള്ളി നമ്പൂരി കേള്‍ക്കാതെ പതുക്കെ 'മകളെ ഭാര്യയാക്കി വെച്ചുകൊണ്ടിരിക്കുന്ന ഇയാള്‍ക്കെന്തിനാണ് വഴിമാറിക്കൊടുക്കുന്നത്' എന്ന് പറഞ്ഞു. അപ്പോള്‍ പാക്കനാര് 'ഛീ! അങ്ങനെ പറയരുത്, ഒരട്ട ശേഷിച്ചിട്ടുണ്ടായിരുന്നു; അത് നിനക്കുമായി' എന്നു പറഞ്ഞു. രണ്ടുപേരും വഴിമാറിക്കൊടുക്കുകയും നമ്പൂരി കടന്നുപോവുകയും ചെയ്തതിന്റെ ശേഷം പറക്കള്ളി 'ഒരട്ടയുണ്ടെന്നു പറഞ്ഞതിന്റെ സാരമെന്താണ്? അതെനിക്കു മനസ്സിലായില്ല' എന്നു പറഞ്ഞു. ഉടനെ പാക്കനാര്‍ 'അതു പറയാം, കേട്ടോളൂ' എന്നു പറഞ്ഞു താഴെ വരുന്ന പ്രകാരം പറഞ്ഞു:
'ഈ നമ്പൂരിയുടെ അന്തര്‍ജനം ഒരുദിവസം അത്താഴത്തിന് അരിവെച്ചതില്‍ ഒരു അട്ട വീണു. ഉടനെ ആ വിവരം അന്തര്‍ജനം നമ്പൂരിയോടു പറഞ്ഞു. ഇദ്ദേഹം ആ ചോറ് ഭൃത്യന്മാര്‍ക്കു കൊടുക്കുന്നതിന് ശട്ടംകെട്ടി. അന്തര്‍ജനം അപ്രകാരം ചെയ്കയും ചെയ്തു. ആ അട്ട വീണ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുപ്പിച്ചതിനാലുള്ള പാപഫലത്തെ ഇദ്ദേഹത്തെ അനുഭവിപ്പിക്കുന്നതിനായി പരലോകത്തില്‍ ഒരു കുന്നട്ടയെ കൂട്ടീട്ടുണ്ടായിരുന്നു. ഇദ്ദേഹം മരിച്ച് അവിടെ ചെല്ലുമ്പോള്‍ ആ അട്ടയെ മുഴുവനും ഇദ്ദേഹത്തെ തീറ്റണമെന്നാണ് യമധര്‍മരാജാവ് നിശ്ചയിച്ചിരുന്നത്. ആ വിവരം ചിത്രഗുപ്തന് മനസ്സിലായി. ഈ നമ്പൂരി ദിവസംതോറും അത്താഴം കഴിഞ്ഞു കിടക്കുന്ന സമയം 'ചിത്രഗുപ്തായ നമഃ' എന്നു പറഞ്ഞുംകൊണ്ടാണ് കിടക്കുക പതിവ്. അതിനാല്‍ ചിത്രഗുപ്തന്‍ ഈ നമ്പൂരി ദിവസംതോറും എന്നെ പ്രാര്‍ഥിച്ചുകൊണ്ടാണല്ലോ കിടക്കുന്നത്. അദ്ദേഹത്തിനു ഞാന്‍ എന്തെങ്കിലും ഒരു സഹായം ചെയ്തുകൊടുക്കാതിരുന്നാല്‍ കഷ്ടമാണ്. അദ്ദേഹം മരിച്ചിവിടെ വരുമ്പോള്‍ ഈ അട്ടകളെയൊക്കെ തിന്നേണ്ടതായും വന്നിരിക്കുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന് ഈ വിവരം ധരിപ്പിക്കയും ഇതിനൊരു പ്രതിവിധി പറഞ്ഞുകൊടുക്കുകയും ചെയ്യണം എന്നു വിചാരിച്ചു നിശ്ചയിച്ചു. ഉടനെ ചിത്രഗുപ്തന്‍ പ്രത്യക്ഷമായി നമ്പൂരിയുടെ അടുക്കല്‍ ചെന്നു. ചിത്രഗുപ്തനെ കണ്ടപ്പോള്‍ ഒരു സാധാരണ മനുഷ്യനല്ലെന്നു തോന്നുകയാല്‍ നമ്പൂരി എണീറ്റു വന്ദിച്ച് 'അല്ലയോ സ്വാമിന്‍, അവിടുന്ന് ആരാണെന്നും ഇവിടെ വന്നതെന്തിനായിട്ടാണെന്നും ഞാനറിയുന്നില്ല. അതിനാല്‍ അവിടുന്നരുളിച്ചെയ്താലും' എന്നു പറഞ്ഞു.
ചിത്രഗുപ്തന്‍: 'ഞാന്‍ ചിത്രഗുപ്തനാണ്. അങ്ങ് പ്രതിദിനം കിടക്കുന്ന സമയം എന്നെ പ്രാര്‍ഥിക്കുന്നുണ്ടല്ലോ. അങ്ങേക്കു വലിയതായിരിക്കുന്ന ഒരു കഷ്ടസംഭവം വരാനിരിക്കുന്നു. അതറിയിക്കാനായിട്ടാണ് ഇപ്പോള്‍ ഞാനിവിടെ വന്നത്.'
നമ്പൂരി: (വീണ്ടും വന്ദിച്ചിട്ട്) 'അയ്യോ! എന്താണാവോ? അവിടുന്നരുളിച്ചെയ്തു കേള്‍പ്പാന്‍ ഞാനാഗ്രഹിക്കുന്നു.'
ചിത്രഗുപ്തന്‍: 'അങ്ങ് ഒരുദിവസം അട്ട വീണ ചോറ് ഭൃത്യന്മാര്‍ക്കു കൊടുപ്പിച്ചല്ലോ. അതിനാല്‍ അങ്ങു മരിച്ചു പരലോകത്തു വരുമ്പോള്‍ തീറ്റാനായിട്ട് അവിടെ ഒരു കുന്നട്ടയെ കൂട്ടീട്ടുണ്ട്. തക്കതായ പ്രതിവിധി എന്തെങ്കിലും ചെയ്യാത്തപക്ഷം ആ അട്ടയെ എല്ലാം അങ്ങു തിന്നേണ്ടിവരും. അവരവര്‍ ചെയ്യുന്ന പാപത്തിന്റെ ഫലം അവരവര്‍ അനുഭവിക്കാതെ നിവൃത്തിയില്ല. ഈ സംഗതിയില്‍ ഞാന്‍ വിചാരിച്ചാലും അപ്പോള്‍ ഒരു സഹായവും ചെയ്യാന്‍ കഴിയുന്നതല്ല. അതിനാലാണ് മുന്‍കൂട്ടി അറിയിച്ചത്.'
നമ്പൂരി: 'അയ്യോ സ്വാമിന്‍, ഞാനെന്തു വേണ്ടൂ? എന്റെ അറിവില്ലായ്മ കൊണ്ട് അങ്ങനെ ചെയ്തുപോയി. ഇനി അതിനെന്തു പ്രതിവിധിയാണ് ചെയ്യേണ്ടത്? അതും അവിടുന്നുതന്നെ പറഞ്ഞുതരണം. അല്ലാതെ എനിക്കൊന്നും അറിഞ്ഞുകൂടാ.'
ചിത്രഗുപ്തന്‍: 'ആട്ടെ, ഞാനൊരു കാര്യം പറയാം. അപ്രകാരം ചെയ്താല്‍ മതി. അങ്ങയുടെ പുത്രിയും യൗവനയുക്തയുമായ ഒരു കന്യക ഇവിടെയുണ്ടല്ലോ. ഇനി കുറച്ചുകാലം കൂടി കഴിഞ്ഞിട്ടേ ആ കന്യകയെ വിവാഹം കഴിച്ചുകൊടുക്കാവൂ. നാളെ മുതല്‍ അങ്ങയുടെ ശുശ്രൂഷകളെല്ലാം ആ കന്യകയെക്കൊണ്ടു ചെയ്യിക്കണം. എന്നാല്‍ മതി. ഈ സംഗതിയൊന്നും ആരോടും പറയുകയുമരുത്.'
എന്നിങ്ങനെ പറഞ്ഞ ഉടനെ ചിത്രഗുപ്തന്‍ മറയുകയും ചെയ്തു. ഈ പറഞ്ഞതുപോലെ പിറ്റേദിവസം മുതല്‍ പല്ലു തേയ്ക്കാനുള്ളതുണ്ടാക്കിക്കൊടുക്കുക, മുറുക്കാനുണ്ടാക്കിക്കൊടുക്കുക, ചോറു വിളമ്പിക്കൊടുക്കുക, കിടക്കാന്‍ വിരിച്ചുകൊടുക്കുക മുതലായ സകല പ്രവൃത്തികളും നമ്പൂരി തന്റെ പുത്രിയെക്കൊണ്ടു ചെയ്യിച്ചുതുടങ്ങി. ഈവക പ്രവൃത്തികള്‍ മറ്റാരും ചെയ്‌വാന്‍ നമ്പൂരി സമ്മതിക്കയില്ല. പുത്രിയെക്കുറിച്ച് പതിവിലധികം സ്‌നേഹവും ഭാവിച്ചുതുടങ്ങി. ഇങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും ജനങ്ങള്‍ക്ക് കുറേശ്ശ ദുഃശങ്ക തുടങ്ങി. ആളുകള്‍ അങ്ങുമിങ്ങും കുറേശ്ശ കുശുകുശുത്തും തുടങ്ങി. 'എന്തിനു വളരെപ്പറയുന്നു? കുറഞ്ഞോരു ദിവസം കൊണ്ട് നീ പറഞ്ഞതുപോലെ പരക്കെ എല്ലാവരും പറഞ്ഞുതുടങ്ങി. തന്റെ പുത്രിയെക്കുറിച്ച് ക്രമവിരോധമായ യാതൊരു വിചാരവും ആഗ്രഹവും നമ്പൂരിയുടെ മനസ്സില്‍ ഉണ്ടായിട്ടുമില്ല. വെറുതെ ഈ ശുദ്ധബ്രാഹ്മണനെക്കുറിച്ച് ദോഷാരോപണം ചെയ്യുന്നവര്‍ക്കായി പരലോകത്തില്‍ കൂട്ടിയിരുന്ന അട്ടകളെ അവിടെ വീതിച്ചുതുടങ്ങി. അങ്ങനെ ഓരോരുത്തര്‍ക്കു വീതിച്ചു വീതിച്ച് ഒരട്ട അവിടെ ശേഷിച്ചിട്ടുണ്ടായിരുന്നു. അതിപ്പോള്‍ നിനക്കുമായി എന്നാണ് ഞാന്‍ പറഞ്ഞതിന്റെ സാരം.'
ഇങ്ങനെ പാക്കനാര് പറഞ്ഞുകേട്ടപ്പോള്‍ പറക്കള്ളിക്ക് പരമാര്‍ഥം മനസ്സിലാവുകയും വെറുതെ നമ്പൂരിയെ ദുഷിച്ചു പാപം സമ്പാദിച്ചതിനെക്കുറിച്ച് പശ്ചാത്താപം ഉണ്ടാവുകയും ചെയ്തു. ഇതുകൊണ്ട് പാക്കനാര്‍ക്ക് പരലോകകാര്യങ്ങള്‍ കൂടി അറിയാമെന്ന് സ്​പഷ്ടമാകുന്നു.
പിന്നെ ഒരു ദിവസം പാക്കനാര്‍ തന്റെ മാടത്തിലിരിക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ചില ബ്രാഹ്മണര്‍ പോകുന്നതു കണ്ടു. പാക്കനാര്‍ എണീറ്റുചെന്നു വന്ദിച്ച്, 'തമ്പുരാക്കന്മാര്‍ എങ്ങോട്ടാണ് എഴുന്നള്ളത്ത്?' എന്നു ചോദിച്ചു.
ബ്രാഹ്മണര്‍: 'ഞങ്ങള്‍ കാശിയില്‍ ഗംഗാസ്‌നാനത്തിന് പോവുകയാണ്.'
പാക്കനാര്‍: 'എന്നാല്‍ അടിയന്‍ ഒരു വടി കൂടി തന്നയയ്ക്കാം.അതുകൂടി ആ ഗംഗാനദിയില്‍ ഒന്നു മുക്കിക്കൊണ്ടുവന്ന് തരാമെങ്കില്‍ വലിയ ഉപകാരമായിരുന്നു.'
ബ്രാഹ്മണര്‍: 'ഓഹോ! അതിനെന്തു വിരോധം? എന്നാല്‍ ഇതെന്തിനായിട്ടാണെന്നുകൂടി അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.'
പാക്കനാര്‍: 'അതൊക്കെ തിരിയെ എഴുന്നള്ളുമ്പോള്‍ അറിയിക്കാം.'
'ഓഹോ! എന്നാലതുമതി' എന്നുപറഞ്ഞ് ബ്രാഹ്മണര്‍ പാക്കനാരോട് ഒരു വടിയും വാങ്ങിക്കൊണ്ടുപോയി. അവര്‍ കാശിയിലെത്തി ഗംഗയില്‍ സ്‌നാനത്തിനായി ചെന്ന സമയം പറഞ്ഞിരുന്നതുപോലെ ആ വടി ഗംഗയില്‍ മുക്കി. അപ്പോള്‍ വെള്ളത്തിനടിയില്‍ നിന്നുകൊണ്ട് ഒരാള്‍ പിടിച്ചുവലിച്ചാലത്തെപ്പോലെ വടി വെള്ളത്തിനടിയിലേക്ക് താണുപോയി. അപ്പോള്‍ ബ്രാഹ്മണര്‍ക്ക് വളരെ വിഷാദമായി. 'കഷ്ടം! പാക്കനാരുടെ വടി പോയല്ലോ. ഇനി തിരിച്ചുചെല്ലുമ്പോള്‍ അവനോടെന്തു പറയുന്നു? ഉണ്ടായ പരമാര്‍ഥം പറയാം. അല്ലാതെ നിവൃത്തിയില്ലല്ലോ' എന്നൊക്കെപ്പറഞ്ഞുകൊണ്ട് എല്ലാവരും സ്‌നാനം കഴിച്ചു കേറി. പിന്നെ വിശ്വനാഥ ദര്‍ശനം മുതലായവയെല്ലാം കഴിച്ചു. അവര്‍ പിന്നെയും പല പുണ്യസ്ഥലങ്ങളില്‍ സഞ്ചരിക്കയും തീര്‍ഥങ്ങളില്‍ സ്‌നാനം ചെയ്യുകയും പല ദേവാലയങ്ങളില്‍ ദര്‍ശനം കഴിക്കയും മറ്റും ചെയ്തു തിരിച്ചു പാക്കനാരുടെ പടിക്കല്‍ വന്നു. ഉടനെ പാക്കനാര്‍ എണീറ്റുചെന്നു വന്ദിച്ചിട്ട്, 'അടിയന്റെ വടിയെവിടെ?' എന്നു ചോദിച്ചു.
ബ്രാഹ്മണര്‍: 'വടി പൊയ്‌പ്പോയല്ലോ, പാക്കനാരേ! പാക്കനാര്‍ക്ക് മുഷിച്ചില്‍ തോന്നരുത്. ഞങ്ങള്‍ക്ക് കൈമോശം വന്നുപോയതാണ്.'
പാക്കനാര്‍: 'ആട്ടെ, എവിടെയാണതു പോയത്?'
ബ്രാഹ്മണര്‍: 'ഞങ്ങള്‍ കാശിയിലോളം ഭദ്രമായി സൂക്ഷിച്ചു കൊണ്ടുപോയി. അവിടെ കൊണ്ടുചെന്ന് ഗംഗയില്‍ മുക്കിയപ്പോള്‍ വെള്ളത്തില്‍ താണുപോവുകയാണു ചെയ്തത്.'
ഉടനെ പാക്കനാര്‍, 'ഗംഗയിലാണോ പോയത്? എന്നാല്‍ നിവൃത്തിയുണ്ട്' എന്നു പറഞ്ഞ്, പാക്കനാരുടെ പടിക്കലുള്ള കുളത്തിന്റെ വക്കത്തുചെന്ന്, 'എന്റെ വടി ഇങ്ങോട്ടു കാണട്ടെ' എന്നു പറഞ്ഞു. ഉടനെ ആ കുളത്തിലെ വെള്ളത്തില്‍നിന്ന് വടി പൊങ്ങിവരികയും പാക്കനാരെടുക്കുകയും ചെയ്തു. ഇതു കണ്ടപ്പോള്‍ ലോകത്തില്‍ വെള്ളമായിക്കാണുന്നതെല്ലാം ഗംഗയാണെന്നും ഭക്തിയുള്ളവര്‍ക്ക് ഗംഗാസ്‌നാനത്തിന് കാശിയില്‍ പോകണമെന്നില്ലെന്നു തങ്ങളെ ബോധ്യപ്പെടുത്താനായിട്ടാണ് പാക്കനാര്‍ വടി തന്നയച്ചതെന്നും ബ്രാഹ്മണര്‍ക്കു മനസ്സിലായി. പിന്നെ പാക്കനാരുടെ മനശ്ശുദ്ധിയെയും ഭക്തിവിശ്വാസങ്ങളെയും ദിവ്യത്വത്തെയും കുറിച്ചു ശ്ലാഘിക്കയും വിസ്മയിക്കയും തങ്ങളുടെ അന്ധതയെക്കുറിച്ചു ലജ്ജിക്കയും തന്നെത്താന്‍ നിന്ദിക്കയും ചെയ്തുകൊണ്ട് ബ്രാഹ്മണര്‍ പോവുകയും ചെയ്തു.
ബ്രാഹ്മണകുലാഗ്രേസരനായ ആഴുവാഞ്ചേരി തമ്പ്രാക്കള്‍ക്ക് 'തമ്പ്രാക്കള്‍' എന്നുള്ള പേര് സിദ്ധിച്ചത് ഈ പാക്കനാരില്‍നിന്നാണെന്ന് കേട്ടിട്ടുണ്ട്. തമ്പ്രാക്കള്‍ എവിടെയോ ഒരു രാജാവിന്റെ ഹിരണ്യഗര്‍ഭം കഴിഞ്ഞു കിട്ടിയ സ്വര്‍ണം കൊണ്ടുള്ള ഒരു പശുവിനെ ഭൃത്യന്മാരെക്കൊണ്ട് കെട്ടിയെടുപ്പിച്ചു കൊണ്ടുപോവുമ്പോള്‍ പാക്കനാര്‍ കണ്ടു. ഉടനെ വഴിയില്‍ച്ചെന്നു തടുത്തുകൊണ്ട് 'ചത്ത പശുവിന്റെ അവകാശം അടിയനാണ്. അതിനാല്‍ ഇതിനെ തന്നയയ്ക്കില്ല' എന്നു പറഞ്ഞു.
തമ്പ്രാക്കള്‍: 'ചത്തതല്ല. അതു ജീവനുള്ളതാണ്.'
പാക്കനാര്‍: 'എന്നാല്‍ കെട്ടിയെടുക്കണമെന്നില്ലല്ലോ. ജീവനുള്ളതാണെങ്കില്‍ നടത്തിക്കൊണ്ടു പോകണം.'
ഉടനെ തമ്പ്രാക്കള്‍ പശുവിനെ അവിടെ നിറുത്താന്‍ പറഞ്ഞു. ഭൃത്യന്മാര്‍ താഴെ നിറുത്തി, തണ്ടും കയറും അഴിച്ചെടുത്തു മാറിനിന്നു. തമ്പ്രാക്കള്‍ കുറച്ചു പുല്ല് പറിച്ചെടുത്തു കാട്ടി പശുവിനെ വിളിച്ചുകൊണ്ടു മുമ്പേ നടന്നു. അദ്ദേഹത്തിന്റെ തപശ്ശക്തി കൊണ്ട് ആ പശു അചേതനവസ്തുവായ സ്വര്‍ണമാണെങ്കിലും പിന്നാലെ നടന്നുചെന്നു. അതു കണ്ടപ്പോള്‍ പാക്കനാര്‍ ദൂരെ മാറിനിന്നു തൊഴുതുകൊണ്ട് 'എല്ലാത്തമ്പ്രാക്കളും തമ്പ്രാക്കള്‍. ആഴുവാഞ്ചേരി തമ്പ്രാക്കള്‍ തമ്പ്രാക്കള്‍' എന്നു പറഞ്ഞു. അന്നുമുതല്‍ക്കാണ് തമ്പ്രാക്കളെന്ന് പേരു നടപ്പായത്. ഇപ്പോഴും എല്ലാവരും അങ്ങനെയാണല്ലോ പറഞ്ഞുവരുന്നത്. തമ്പുരാക്കള്‍ എന്നു പേരുള്ളതു പറയന്‍ പറഞ്ഞപ്പോള്‍ തമ്പ്രാക്കള്‍ എന്നായതായിരിക്കാം. പാക്കനാരു പറഞ്ഞ ആ വാക്കിനെ എല്ലാവരും സ്വീകരിക്കയും എതത്കാലപര്യന്തം അങ്ങനെതന്നെ പറഞ്ഞുവരികയും ചെയ്യുന്നതുകൊണ്ടുതന്നെ പാക്കനാര്‍ സാമാന്യനല്ലെന്ന് തെളിവാകുന്നു.
ഇങ്ങനെ ഈ മഹാന്മാരുടെ കഥകള്‍ അവസാനമില്ലാതെയുണ്ട്. മേല്പറഞ്ഞ അഗ്നിഹോത്രി, നാറാണത്തുഭ്രാന്തന്‍, അകവൂര്‍ ചാത്തന്‍, പെരുന്തച്ചന്‍, പാക്കനാര്‍ എന്നിവരെപ്പോലെത്തന്നെ ശേഷമുള്ള വടുതല നായര്‍, കാരയ്ക്കലമ്മ, ഉപ്പുകൂറ്റന്‍, തിരുവരങ്കത്തു പാണനാര്‍, വള്ളോന്‍, രജകന്‍ എന്നിവരും ദിവ്യന്മാരാകയാല്‍ പല അത്ഭുതകര്‍മങ്ങളും ചെയ്തിട്ടുണ്ടായിരിക്കണം. എങ്കിലും ഒടുവില്‍ പറഞ്ഞ ആറുപേരുടെയും കഥകള്‍ അത്ര പ്രസിദ്ധമായി ഒന്നും കേട്ടിട്ടില്ല. അഗ്നിഹോത്രി, രജകന്‍, പെരുന്തച്ചന്‍, വള്ളോന്‍, പാണനാര്‍, പാക്കനാര്‍ ഇവര്‍ ഇന്നിന്ന ജാതിക്കാരാണെന്ന് അവരുടെ പേരുകള്‍ കൊണ്ടും ചരിത്രങ്ങള്‍ കൊണ്ടും സ്​പഷ്ടമാകുന്നു. എന്നാല്‍ ശേഷമുള്ളവര്‍ ഏതേതു ജാതിക്കാരാണെന്നറിയുന്നതിന് തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. കാരയ്ക്കലമ്മ ക്ഷത്രിയസ്ത്രീയും നാറാണത്തുഭ്രാന്തന്‍ ഇളയതും അകവൂര്‍ ചാത്തന്‍ വൈശ്യനും വടുതല നായര്‍ ശൂദ്രനും ഉപ്പുകൂറ്റന്‍ മാപ്പിളയും ആണെന്നു ചിലര്‍ പറയുന്നു. ഇതൊരടിസ്ഥാനമില്ലാത്ത വാക്കായതിനാല്‍ വിശ്വസിക്കാമെന്നു തോന്നുന്നില്ല.
ഇപ്രകാരംതന്നെ വരരുചിയുടെ ചരിത്രത്തിലും ചില സംശയങ്ങളുണ്ട്. മലയാളത്തില്‍ നടപ്പുള്ള വാക്യം, പരല്‌പേരു മുതലായവയുടെ കര്‍ത്താവ് വരരുചിയല്ലെന്നും ഇദ്ദേഹം ഉണ്ടാക്കീട്ടുള്ള സൂത്രവാര്‍ത്തികങ്ങള്‍ക്കു വാക്യങ്ങളെന്നു പറയാറുള്ളതിനാല്‍ ഇങ്ങനെ ഒരു സംസാരം നടപ്പാകാനിടയായതാണെന്നും ചില വിദ്വാന്മാര്‍ക്കഭിപ്രായമുണ്ട്. ഭാഷാചരിത്രകര്‍ത്താവ് ഈ അഭിപ്രായം അറിഞ്ഞിട്ടുണ്ടെന്നുതന്നെ തോന്നുന്നില്ല.
പിന്നെ വരരുചി പറയിയായ ആ കന്യകയെ വിവാഹം ചെയ്തിരുന്നുവോ, ചെയ്തിരുന്നില്ലെങ്കില്‍ വൈശ്യം കഴിക്കാനാവശ്യപ്പെട്ടത് എന്തുകൊണ്ട്, വിവാഹം കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് വൈശ്യം പതിവുണ്ടോ, മുമ്പ് വിവാഹം കഴിച്ചിരുന്നു എങ്കില്‍ പരദേശ ബ്രാഹ്മണര്‍ക്ക് രണ്ടാമത് ഒരു വിവാഹം കൂടി കഴിക്ക വിഹിതമാണോ, അങ്ങനെ നടപ്പുണ്ടോ എന്നിങ്ങനെ ചില സംശയങ്ങളുമുണ്ട്. ഇവയെക്കുറിച്ചെല്ലാം നിശ്ചയവും അറിവുമുള്ള മഹാന്മാര്‍ യുക്തിയുക്തമായി പ്രസ്താവിക്കുന്നതായാല്‍ അതൊരു പരോപകാരമായിത്തീരുന്നതാണ്.
(ഐതിഹ്യമാലയില്‍ നിന്ന്)

2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

നവരാത്രി വ്രതം:



നവരാത്രി വ്രതം:

നവരാത്രി വ്രതം അനുഷ്ടിച്ചാല്‍ സര്‍വ്വ വിഘ്നങ്ങളും മാറി ഐശ്വര്യം വരുമെന്നാണ് വിശ്വാസം. വ്രതം എടുക്കുന്നതിന് മുമ്പായി ലോക ഗുരുവായ ദക്ഷിണാമൂര്‍ത്തിയെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും മനസില്‍ ധ്യാനിച്ച് ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തണം. കൂടാതെ അമാവാസി നാളില്‍ പിതൃപ്രീതി വരുത്തുകയും വേണം.മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ തീര്‍ച്ചയായും പിതൃപൂജ നടത്തണം. ജീവിച്ചിരിപ്പുണ്ടെങ്കില്‍ നേരിട്ട് അവരെ വന്ദിച്ച് അനുഗ്രഹാശിസ്സുകള്‍ നേടണം. ഭക്ഷണത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കുകയും മത്സ്യം, മാംസം, മുട്ട എന്നിവ ഉപേക്ഷിക്കുകയും വേണം. ഒന്‍പത് ദിവസവും ഉപവാസമനുഷ്ഠിക്കണമെന്നാണ് വിധി. പരിപൂര്‍ണ്ണ വ്രതാനുഷ്ഠാനമായോ രാത്രി ഒരിക്കലായോ ഉപവസിക്കാം. പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. മനസ്സ് ഭക്തിസാന്ദ്രമാക്കി സൂക്ഷിക്കുകയും മൈഥുനം പാടെ ഒഴിവാക്കുകയും വേണം. രണ്ട് നേരം കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്നത് ഉത്തമമാണ്.
         ഈ ദിവസങ്ങളില്‍ ദേവീ മാഹാത്മ്യം വായിക്കുന്നതും ദേവീ സഹസ്ര നാമം ഉരുവിടുന്നതും ദേവീ മന്ത്രങ്ങള്‍ ജപിക്കുന്നതും ഉചിതമാണ്. നവരാത്രിക്കാലത്ത് കന്യകാ പൂജയും സുമംഗലീ പൂജയും ശ്രേയസ്കരമായിട്ടാണ് കാണുന്നത്. കാരണം നവരാത്രി ഭാരതത്തിലെ സ്ത്രീ ആരാധനയുടെ ശക്തമായ ആചാരമാണ്. നവരാത്രിയുടെ ആദ്യ ദിവസം രാവിലെ അംബികയെ പ്രതിഷ്ഠിച്ച് കലശസ്ഥാപനം ചെയ്യണം. ദേവീപ്രസാദം മാത്രം സേവിച്ച് തറയില്‍ കിടന്നുറങ്ങുകയും വേണം. പകല്‍ സമയം ശ്രീദേവി ഭാഗവതം പാരായണം ചെയ്യണം.ഓരോ ദിവസവും അരിമാവ്, ഗോതമ്പുമാവ്, മുത്ത്, അക്ഷതം, കടല, പരിപ്പ്, മലര്‍, നാണയങ്ങള്‍, കര്‍പ്പൂരം എന്നിവ പൂജിക്കണം. മുല്ല, പിച്ചി, പാരിജാതം, ചെമ്പരത്തി, പനിനീര്‍പ്പൂവ്, താമരപ്പൂവ് എന്നിവ കൊണ്ടും ദേവിയെ പൂജിക്കാം. നമ്മുടെ തൊഴില്‍ ഉപകരണങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ ചന്ദനവും കുങ്കുമവും തൊട്ട് പൂജിച്ച് വണങ്ങണം.
ശൈലപുത്രി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഒന്നാമത്തെ ഭാവമാണ് ശൈലപുത്രി. നവരാത്രിയില്‍ ആദ്യ ദിവസമായ പ്രഥമയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ശൈലപുത്രി ഭാവത്തില്‍ ആരാധിക്കുന്നു.

ഹിമവാന്‍റെ മകളാണ് ശൈലപുത്രി (ശൈലം=പർവ്വതം, ഹിമാലയം). സതി ഭവാനി, പാർവതി മാതാ, ഹൈമവതി മാതാ (ഹിമവാന്‍റെ പുത്രി → ഹൈമവതി ) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ദക്ഷപ്രജാപതിയുടെ  മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി (സാത്വികഭാവം  ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം.

ദക്ഷയാഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്‍റെ മകളായാണ് ദേവി പിന്നീടവതരിച്ചത്. പർവതരാജന്‍റെ (ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്‍റെ (ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.

നവരാത്രിയിലെ ആദ്യ ദിവസം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. കാളയാണ് ദേവിയുടെ വാഹനം. ഒരുകയ്യിൽ ശൂലവും മറുകയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു.
ബാലസ്വരൂപണീഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്‍റെ അര്‍ദ്ധാംഗിനിയാണ്.

"വന്ദേ വാഞ്ഛിതലാഭായ ചന്ദ്രാര്‍ധകൃതശേഖരാം
വൃഷാരൂഢാം ശൂലധരാം ശൈലപുത്രീ യശസ്വിനീം"

ഈ മന്ത്രം ഭക്തിപൂര്‍വ്വം ശൈലപുത്രിയായ ദേവിയെ സങ്കല്‍പ്പിച്ചു ജപിക്കുക. സര്‍വ അഭീഷ്ടങ്ങളും സാധിക്കും.

"വാഞ്ഛിതാര്‍ത്ഥപ്രദേ ദേവീ
ശൈലപുത്രീ നമോസ്തുതേ...




ബ്രഹ്മചാരിണി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ രണ്ടാമത്തെ ഭാവമാണ് ബ്രഹ്മചാരിണി. നവരാത്രിയില്‍ രണ്ടാം ദിവസമായ ദ്വിതീയയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ബ്രഹ്മചാരിണി ഭാവത്തില്‍ ആരാധിക്കുന്നു. ‘ബ്രഹ്മ’ പദം ശിവപ്രാപ്തിയെ സൂചിപ്പിക്കുന്നു. അതിനായി തപസ്സു ചെയ്തതിനാല്‍ ദേവി ബ്രഹ്മചാരിണി ആയി. ശിവപ്രാപ്തിയ്ക്കായി ശൈലപുത്രിയായി അവതരിച്ച പാര്‍വതി ദേവി നാരദ മഹര്‍ഷിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബ്രഹ്മചാരിണി രൂപം സ്വീകരിച്ച് തപസ്സിനു പോയി.ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം  ധരിച്ചതാണ് ദേവിയുടെ രൂപം. ആഭരണങ്ങളായി രുദ്രാക്ഷമാണ് ദേവി ധരിച്ചിരിക്കുന്നത്‌. ബ്രഹ്മചാരിണി ദേവി മരത്തില്‍നിന്നും ഉണങ്ങി വീഴുന്ന ബില്വപത്രം (കൂവളയില) മാത്രം ഭക്ഷിച്ചു കഠിനതപസ്സു തുടര്‍ന്നു. പിന്നീട് ഇല പോലും ഭക്ഷിക്കാതെ അതികഠിന തപസ്സായി. അങ്ങനെ ഇലപോലും ഭക്ഷിക്കാതെ വര്‍ഷങ്ങളോളം തപസ്സു ചെയ്തതിനാല്‍ ബ്രഹ്മചാരിണി ദേവി ‘അപര്‍ണ’ എന്ന നാമത്തിലും അറിയപ്പെടുന്നു.ദേവിയുടെ തപശക്തിയാല്‍ മൂന്നുലോകങ്ങളും കുലുങ്ങി വിറച്ചപ്പോള്‍ ബ്രഹ്മദേവന്‍ ശിവപ്രാപ്തി ഉടന്‍ ദേവിക്കുണ്ടാകുമെന്നും അതിനാല്‍ ഉടന്‍ തപസ്സു നിര്‍ത്തണമെന്നും അപേക്ഷിച്ചു.
ബ്രഹ്മചാരിണി ദേവി അറിവിന്‍റെ മൂര്‍ത്തിഭാവമാണ്. ദേവി തന്‍റെ ഉപാസകര്‍ക്ക് അവസാനമില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കുന്നു. എത്ര കഠിന പരിസ്ഥിതിയിലും ദേവി ഉപാസകന്‍റെ മനസ്സ് ചഞ്ചലപ്പെടില്ല. എവിടെയും ദേവീഭക്തര്‍ വിജയിക്കും.ശിവപ്രാപ്തിക്കായി യോഗികള്‍ നവരാത്രി രണ്ടാംദിവസം ദ്വിതീയയ്ക്കു ബ്രഹ്മചാരിണി ദേവിയെ സ്വാധിഷ്ഠാന ചക്രത്തില്‍ ധ്യാനിക്കുന്നു.
ദും ദുര്‍ഗ്ഗായൈ നമഃ
ജപിക്കേണ്ട മന്ത്രം:-
ദധാനാ കരപത്മാഭ്യാമക്ഷമാലാ കമണ്ഡലു
ദേവി പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ
ദേവീ ശരണം...
ബ്രഹ്മചാരിണി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ രണ്ടാമത്തെ ഭാവമാണ് ബ്രഹ്മചാരിണി. നവരാത്രിയില്‍ രണ്ടാം ദിവസമായ ദ്വിതീയയ്ക്കു ദുര്‍ഗ്ഗാ ദേവിയെ ബ്രഹ്മചാരിണി ഭാവത്തില്‍ ആരാധിക്കുന്നു. ‘ബ്രഹ്മ’ പദം ശിവപ്രാപ്തിയെ സൂചിപ്പിക്കുന്നു. അതിനായി തപസ്സു ചെയ്തതിനാല്‍ ദേവി ബ്രഹ്മചാരിണി ആയി. ശിവപ്രാപ്തിയ്ക്കായി ശൈലപുത്രിയായി അവതരിച്ച പാര്‍വതി ദേവി നാരദ മഹര്‍ഷിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബ്രഹ്മചാരിണി രൂപം സ്വീകരിച്ച് തപസ്സിനു പോയി.ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം  ധരിച്ചതാണ് ദേവിയുടെ രൂപം. ആഭരണങ്ങളായി രുദ്രാക്ഷമാണ് ദേവി ധരിച്ചിരിക്കുന്നത്‌. ബ്രഹ്മചാരിണി ദേവി മരത്തില്‍നിന്നും ഉണങ്ങി വീഴുന്ന ബില്വപത്രം (കൂവളയില) മാത്രം ഭക്ഷിച്ചു കഠിനതപസ്സു തുടര്‍ന്നു. പിന്നീട് ഇല പോലും ഭക്ഷിക്കാതെ അതികഠിന തപസ്സായി. അങ്ങനെ ഇലപോലും ഭക്ഷിക്കാതെ വര്‍ഷങ്ങളോളം തപസ്സു ചെയ്തതിനാല്‍ ബ്രഹ്മചാരിണി ദേവി ‘അപര്‍ണ’ എന്ന നാമത്തിലും അറിയപ്പെടുന്നു.ദേവിയുടെ തപശക്തിയാല്‍ മൂന്നുലോകങ്ങളും കുലുങ്ങി വിറച്ചപ്പോള്‍ ബ്രഹ്മദേവന്‍ ശിവപ്രാപ്തി ഉടന്‍ ദേവിക്കുണ്ടാകുമെന്നും അതിനാല്‍ ഉടന്‍ തപസ്സു നിര്‍ത്തണമെന്നും അപേക്ഷിച്ചു.
ബ്രഹ്മചാരിണി ദേവി അറിവിന്‍റെ മൂര്‍ത്തിഭാവമാണ്. ദേവി തന്‍റെ ഉപാസകര്‍ക്ക് അവസാനമില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കുന്നു. എത്ര കഠിന പരിസ്ഥിതിയിലും ദേവി ഉപാസകന്‍റെ മനസ്സ് ചഞ്ചലപ്പെടില്ല. എവിടെയും ദേവീഭക്തര്‍ വിജയിക്കും.ശിവപ്രാപ്തിക്കായി യോഗികള്‍ നവരാത്രി രണ്ടാംദിവസം ദ്വിതീയയ്ക്കു ബ്രഹ്മചാരിണി ദേവിയെ സ്വാധിഷ്ഠാന ചക്രത്തില്‍ ധ്യാനിക്കുന്നു.
ദും ദുര്‍ഗ്ഗായൈ നമഃ
ജപിക്കേണ്ട മന്ത്രം:-
ദധാനാ കരപത്മാഭ്യാമക്ഷമാലാ കമണ്ഡലു
ദേവി പ്രസീദതു മയി ബ്രഹ്മചാരിണ്യനുത്തമാ
ദേവീ ശരണം...

ചന്ദ്രഘണ്ടാ ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ടാ. നവരാത്രിയില്‍ മൂന്നാം ദിവസം ത്രിതീയയ്ക്ക് ദുര്‍ഗ്ഗാ ദേവിയെ ചന്ദ്രഘണ്ടാ ഭാവത്തില്‍ ആരാധിക്കുന്നു. നെറ്റിയില്‍ മണിയുടെ ആകൃതിയില്‍ അര്‍ദ്ധചന്ദ്ര അടയാളം ഉള്ളതിനാല്‍ ദേവി ചന്ദ്രഘണ്ടാ എന്നറിയപ്പെടുന്നു. ചന്ദ്രന്‍ എന്നത് ബോധമണ്ഡലത്തെ കുറിക്കുന്നു. മണി എന്നത് നാദത്തെ അഥവാ ശബ്ദത്തെ കുറിക്കുന്നു. വളരെ വലിയ ശിവബോധ പ്രാപ്തി രഹസ്യം ഈ ദേവിയുടെ സ്വരൂപത്തിനുണ്ട്. ചന്ദ്രഘണ്ടാ ദേവിയുടെ ശരീരത്തിനു സ്വര്‍ണനിറമാണ്. പത്തു  കൈകളില്‍ ആയുധം ഏന്തിയിരിക്കുന്ന ദേവി സദാ യുദ്ധസന്നദ്ധയായിരിക്കുന്നു. ദേവിയുടെ അലറുന്ന ശബ്ദം ദുഷ്ടശക്തികളെ ഭയചകിതരാക്കി പലായനം ചെയ്യിക്കുന്നു. ദേവി പ്രസന്നയായി ഒന്ന് നോക്കിയാല്‍ മതി എല്ലാ വിഷമതകളും എന്നെന്നേക്കുമായി ഇല്ലാതാവാന്‍.ദുഷ്ടശക്തികളെ ഉന്മൂലനം ചെയ്യുകയും ഭക്തര്‍ക്ക്‌ എപ്പോളും മംഗളങ്ങളെ ചെയ്യുകയും ചെയ്യുന്നതിനാല്‍ ‘കല്യാണി’ എന്നും ദേവി അറിയപ്പെടുന്നു.
ചന്ദ്രഘണ്ടാ ദേവി ഭക്തപ്രിയയാണ്. സ്മരണമാത്രയില്‍ തന്നെ തന്‍റെ ഭക്തരക്ഷക്കെത്തി സകല ദുഃഖങ്ങളും ദേവി ഇല്ലാതാക്കുന്നു. ചന്ദ്രഘണ്ടാ ഉപാസകരില്‍ കാണുന്ന ഏറ്റവും വലിയ ഗുണങ്ങള്‍ അവരുടെ ഉയര്‍ന്ന ബുദ്ധിശക്തിയും നിര്‍ഭയത്വവുമാണ്.
നവരാത്രിയില്‍ ത്രിതീയ ദിവസം ശ്രദ്ധയോടെയും ഭക്തിയോടെയും ദേവിയെ ഉപാസിക്കുന്നവരില്‍ നിന്നും എല്ലാവിധ പാപങ്ങളും ദോഷങ്ങളും വിട്ടകലും എന്ന് വിശ്വസിക്കപ്പെടുന്നു.
ശിവപ്രാപ്തിക്കായി നവരാത്രി മൂന്നാം ദിവസം ത്രിതീയയ്ക്ക് ചന്ദ്രഘണ്ടാ ദേവിയെ മണിപൂരകചക്രത്തില്‍ ധ്യാനിക്കുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവീക സുഗന്ധങ്ങളും ശബ്ദവും അനുഭവപ്പെടുമെന്ന് പറയപ്പെടുന്നു.
മംഗളകാരിയായ ദേവിയെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു ശ്ലോകം –
‘കാളികാം തു കാലാതീതാം കല്യാണ ഹൃദയാം ശിവാം
കല്യാണ ജനനീം നിത്യം കല്യാണി പ്രണമാമ്യാഹം’
ജപിക്കേണ്ട മന്ത്രം:-
പിണ്ഡജപ്രവരാരൂഢാ ചന്ദകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ..

കൂശ്മാണ്ഡാ ദേവീ :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ നാലാമത്തെ / ഭാവമാണ് കൂശ്മാണ്ഡാ. നവരാത്രിയില്‍ നാലാം ദിവസമായ ചതുര്‍ഥിക്കു ദുര്‍ഗ്ഗാ ദേവിയെ കൂശ്മാണ്ഡാ ഭാവത്തില്‍ ആരാധിക്കുന്നു. ദേവിയുടെ ഒരു ചെറു പുഞ്ചിരിയില്‍ നിന്നും അണ്ഡാകൃതിയില്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനാല്‍ ദേവി കൂശ്മാണ്ഡാ എന്നറിയപ്പെടുന്നു. കൂശ്മാണ്ഡാ ദേവീ ആദിശക്തി എന്നും അറിയപ്പെടുന്നു. എട്ടു കൈകള്‍ ഉള്ളതിനാല്‍ ദേവി അഷ്ടഭുജ എന്നും അറിയപ്പെടുന്നു.
സുര്യമണ്ഡല മദ്ധ്യത്തിലാണ് ദേവി വസിക്കുന്നത്. സുര്യമണ്ഡല മദ്ധ്യത്തില്‍ നിലകൊള്ളാന്‍ കഴിയുന്ന ഒരേയൊരു ശക്തി കൂശ്മാണ്ഡാ ആണെന്നു പറയപ്പെടുന്നു. ദേവിയുടെ ശരീരം സൂര്യനെപ്പോലെ പ്രകാശപൂരിതമാണ്.
ഉപാസകര്‍ക്ക് എല്ലാവിധ സിദ്ധികളും ഐശ്വര്യവും ദേവി നല്‍കുന്നു. ദേവി തന്‍റെ കയ്യിലിരിക്കുന്ന അക്ഷമാലയാല്‍ എട്ടു സിദ്ധികളും ഒന്‍പതു നിധികളും ഭക്തര്‍ക്ക്‌ നല്‍കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.കൂശ്മാണ്ഡാ ദേവീ അനാഹത ചക്രത്തെ പ്രതിനിധീകരിക്കുന്നു. ശിവ പ്രാപ്തിക്കായി നവരാത്രി നാലാം ദിവസം ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ അനാഹത ചക്രത്തില്‍ ധ്യാനിക്കുന്നു.നവരാത്രിയിലെ ചതുര്‍ഥിക്കു കൂശ്മാണ്ഡാ ദേവിയെ ആരാധിച്ചാല്‍ ആയുസ്സും, ആരോഗ്യവും, സുപ്രസിദ്ധിയും ലഭിക്കും എന്ന് പറയപ്പെടുന്നു.
ജപിക്കേണ്ട മന്ത്രം:-
സുരാസമ്പൂർണക |ലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപത്മാഭ്യാം കുശ്മാണ്ഡാ ശുഭദാസ്തു മേ..
സ്കന്ദമാതാ ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. നവരാത്രിയില്‍ അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദുര്‍ഗ്ഗാ ദേവിയെ സ്കന്ദമാതാ ഭാവത്തില്‍ ആരാധിക്കുന്നു.സ്കന്ദന്‍ അഥവാ സുബ്രഹ്മണ്യന്‍റെ മാതാവായ പാര്‍വതി ദേവി ബാലസുബ്രഹ്മണ്യനെ കയ്യിലെടുത്ത ഭാവമാണ് സ്കന്ദമാതാ. ശക്തിധരന്‍ ആയതിനാലാണ് സ്കന്ദന് ദേവസൈന്യാധിപന്‍ ആകാന്‍ കഴിഞ്ഞതും ദുഷ്ടശക്തികളെ വധിക്കാന്‍ കഴിഞ്ഞതും,സ്കന്ദമാതാ ദേവി ‘പത്മാസനാ’ എന്നും അറിയപ്പെടുന്നു.ശിവപ്രാപ്തിക്കായി നവരാത്രിയില്‍ പഞ്ചമിക്ക്‌ സ്കന്ദമാതാ ദേവിയെ വിശുദ്ധി ചക്രത്തില്‍ ധ്യാനിക്കുന്നു.നവരാത്രിയിലെ പഞ്ചമിയില്‍ സ്കന്ദമാതാ ദേവിയെ ഭക്തിയോടെ ആരാധിച്ചാല്‍ ദേവി പെട്ടന്ന് പ്രസാദിക്കുമെന്നു പറയപ്പെടുന്നു. ദേവി ഭക്തന്‍റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുകൊടുത്തു പരമാനന്ദത്തെ നല്‍കും. സ്കന്ദമാതാ ദേവിയെ പ്രസാദിപ്പിക്കുന്നതിനു ബാലസുബ്രഹ്മണ്യനെ ഭജിക്കുന്നത് വളരെ നല്ലതാണെന്ന് വിശ്വസിക്കുന്നു.
ജപിക്കേണ്ട മന്ത്രം:-
സിംഹാസനഗതാ നിത്യം പത്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ..
കാർത്യായനി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ആറാമത്തെ ഭാവമാണ് കാർത്യായനി . നവരാത്രിയില്‍ ആറാം ദിവസമായ ഷഷ്ഠിക്കു ദുര്‍ഗ്ഗാ ദേവിയെ കാത്യായനീ ഭാവത്തില്‍ ആരാധിക്കുന്നു.
കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്‍റെ  മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ തന്‍റെ  പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്‍റെ  മകളായ് ദേവി ജനിച്ചതിനാല്‍ കാർത്യായനി എന്നറിയപ്പെടുന്നു. ദേവിയെ പൂജിക്കാന്‍ പ്രഥമ അവകാശം കാത്യായന മഹര്‍ഷിക്കായതുകൊണ്ട് ദേവി കാത്യായനീ എന്നറിയപ്പെടുന്നു എന്നും അഭിപ്രായം ഉണ്ട്.
സര്‍വ്വൈശ്വര്യദായികയാണ് കാത്യായനീ ദേവി. ദ്വാപരയുഗത്തില്‍ കൃഷ്ണനെ വരനായി ലഭിക്കാന്‍ ഗോപികമാര്‍ കാത്യായനീ ദേവിയെയാണ് പൂജിച്ചത്.നവരാത്രിയില്‍ ആറാം ദിവസം ഷഷ്ഠിക്കു യോഗികളും ഉപാസകരും ആജ്ഞാചക്രത്തില്‍ ധ്യാനിക്കുന്നു. അവിടെ ഉപാസകനെ അനുഗ്രഹിക്കുന്നതും ആദ്ധ്യാത്മിക അനുഭൂതികൊടുക്കുന്നതും കാത്യായനീ ദേവിയാണ്. നവരാത്രിയില്‍ ആറാം ദിവസം ഭക്തര്‍ ചുവപ്പും വെളുപ്പും വസ്ത്രങ്ങള്‍ അണിഞ്ഞു ദേവിയെ ആരാധിക്കുന്നു. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ കാത്യായനീ ദേവി പ്രധാനം ചെയ്യുന്നു.
ജപിക്കേണ്ട മന്ത്രം:-
ചന്ദ്രഹാസോജ്ജ്വലകരാ ശാർദ്ദൂലവരവാഹനാ
കാത്യായനീ ശുഭം ദദ്യാദേവീ ദാനവഘാതിനി..

കാളരാത്രി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ ഏഴാമത്തെ ഭാവമാണ് കാളരാത്രി. നവരാത്രിയില്‍ ഏഴാം ദിവസമായ സപ്തമിക്ക് ദുര്‍ഗ്ഗാ ദേവിയെ കാളരാത്രി ഭാവത്തില്‍ ആരാധിക്കുന്നു.കാളരാത്രി എന്നതിന് ഇരുണ്ട രാത്രി എന്ന് അര്‍ത്ഥം പറയാം. കാലനേയും അവസാനിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ കാളരാതി ആയിയെന്നും ദുഷ്ടന്മാര്‍ക്കു കാലനായി മരണം സമ്മാനിക്കുന്നതിനാല്‍ കാളരാത്രി ആയിയെന്നും വ്യാഖ്യാനിച്ചു കാണുന്നു.ദുര്‍ഗ്ഗാഭാവങ്ങളില്‍ ഏറ്റവും ഭീഭല്‍സഭാവമാണ് കാളരാത്രി. ഇരുളിന്‍റെ (കറുപ്പ്) നിറത്തോടു കൂടിയ ശക്തിസ്വരൂപമാണ് കാളരാത്രി. നാലുകൈകളോട് കൂടിയതാണ് ധ്യാനരൂപം. ദേവി കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാല ഇടിമിന്നല്‍ പോലെ പ്രകാശിക്കുന്നതാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ മൂക്കിലൂടെ തീജ്വാലകള്‍ വരുന്നത് ശത്രുക്കളുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നതാണ്. കഴുതയാണ്‌ ദേവിയുടെ വാഹനം.
കാളരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ്ഗാ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. ഭൂമിയില്‍ പതിക്കുന്ന ഓരോ തുള്ളി ചോരയില്‍ നിന്നും നിരവധി അസുരര്‍ ഉണ്ടാകും എന്നതിനാല്‍ രക്തപാനം ചെയ്തു അസുരവധം ചെയ്ത കഥ മാര്‍ക്കണ്ഡേയ പുരാണം പറയുന്നുണ്ട്.ശുഭാകാരി എന്നും കാളരാത്രി ദേവി അറിയപ്പെടുന്നു. കാഴ്ചയില്‍ ഭയാനകമാണെങ്കിലും ദേവി അന്ധകാരത്തെ മാറ്റി ജ്ഞാനത്തെ നല്കുന്നതിനാലാണിത്.യോഗികളും സാധകരും നവരാത്രി ഏഴാമത്തെ ദിവസം സഹസ്രാര ചക്രത്തില്‍ ധ്യാനിക്കുന്നു. കാളരാത്രി ദേവിയുടെ അനുഗ്രഹത്താല്‍ അവരുടെ മുന്നില്‍ പ്രപഞ്ച വാതില്‍ തുറക്കപ്പെടും.
നവരാത്രിയില്‍ ഏഴാംനാള്‍ സപ്തമിക്ക് കാളരാത്രി ഭാവത്തില്‍ ദേവിയെ ആരാധിച്ചാല്‍ ദേവി ഭക്തര്‍ക്ക്‌ നിര്‍ഭയത്വവും ക്ഷമയും നല്‍കും. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കുമൊപ്പം നവഗ്രഹദോഷങ്ങളും ശമിപ്പിക്കും. നല്ല വിശ്വാസത്തോടെയും ഭക്തിയോടെയും ആയിരിക്കണം ആരാധന നടത്തേണ്ടതെന്നുമാത്രം.
ജപിക്കേണ്ട മന്ത്രം:-
ഏകവേണീ ജപാകര്‍ണ്ണപൂര നഗ്നാ ഖരാസ്ഥിതാ
ലംബോഷ്ഠീ കര്‍ണ്ണികാകര്‍ണ്ണീ തൈലാഭ്യക്തശരീരിണി
വാമപാദോല്ലസല്ലോഹ ലതാകണ്ടകഭൂഷണാ
വര്‍ധനമൂർധ്വജാ കൃഷ്ണാ കാളരാത്രിര്‍ഭയങ്കരി..

മഹാഗൗരി ദേവി :-
നവദുര്‍ഗ്ഗാ ഭാവങ്ങളില്‍ എട്ടാമത്തെ ഭാവമാണ് മഹാഗൗരി. നവരാത്രിയില്‍ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗ്ഗാ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിക്കുന്നു.
തൂവെള്ള നിറമായതിനാല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നു. ശിവപ്രാപ്തിക്കായി തപസ്സു ചെയ്ത ദേവിയുടെ ശരീരം മുഴുവനും പൊടിപടലങ്ങളും മണ്ണും കൊണ്ട് ഇരുണ്ട നിറമായി. ദേവിയുടെ തപസ്സു പൂര്‍ണ്ണമായപ്പോള്‍ മഹാദേവന്‍ തന്നെ ഗംഗാജലം ഉപയോഗിച്ച് അവ നീക്കം ചെയ്തു. അപ്പോള്‍ ദേവിയുടെ ശരീരം വെളുത്തു പ്രകാശം പൊഴിക്കുന്നതായെന്നും അന്നുമുതല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നു എന്നും കഥകള്‍ ഉണ്ട്.
മഹാഗൗരി എട്ടുവയസ്സായ കുട്ടിയുടെ രൂപം ആണ്. ദേവിയുടെ വസ്ത്രങ്ങളും ആഭരണവും ശുഭ്രവര്‍ണ്ണമാണ്.
നവരാത്രിയില്‍ അഷ്ടമിക്ക് ദേവിയെ മഹാഗൗരി രൂപത്തില്‍ ആരാധിക്കുന്നത് പാപം നശിപ്പിക്കും.
മഹാദുര്‍ഗ്ഗാഷ്ടമി എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍ സകല കല്‍മഷങ്ങളും അകന്നു ജീവിതം ഐശ്വര്യപൂര്‍ണ്ണമാകും.
സാധകര്‍ ഈ ദിവസം ദേവിയെ ധ്യാനിക്കുമ്പോള്‍ പൂര്‍ണ്ണ ശുദ്ധരായി ഭവിക്കുകയും മഹാജ്ഞാനം അനുഭവിക്കുകയും ചെയ്യുന്നു.
ജപിക്കേണ്ട മന്ത്രം:-
ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാത് മഹാദേവ പ്രമോദദാ '
ദുർഗ്ഗാഷ്ടമി:-
ശരത് കാലത്തെ  ആദ്യത്തെ അഷ്ടമി. ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതുകൊണ്ടാണ് ഈ ദിവസം ദുര്‍ഗാപൂജ നടത്തുന്നത്. തിന്മയെ ജയിച്ച് നന്മ നേടാന്‍ വേണ്ട ശക്തി ലഭിക്കുന്നതിനുള്ള അനുഷ്ഠാനമായ നവരാത്രിപൂജയിലെ എട്ടാമത്തെ ദിനമാണിത്. ശ്രീരാമന്‍ രാവണനെ നിഗ്രഹിക്കുന്നതിന് ദുര്‍ഗാദേവിയുടെ അനുഗ്രഹം വാങ്ങി യാത്ര തിരിച്ചത് ആ ദിവസം ആയതിനാലാണ് ദുര്‍ഗാഷ്ടമി എന്ന പേരില്‍ ഈ ദിവസം പ്രസിദ്ധമായത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്. നവരാത്രി കാലത്താണ് ഈ അനുഷ്ഠാനപൂജ നടത്തുന്നത്. ആശ്വിനമാസത്തിലെ പ്രതിപദം മുതല്‍ നവമി (മഹാനവമി) വരെയുള്ള ഒന്‍പത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം. പത്താം ദിവസമായ വിജയദശമി ദിനത്തില്‍ രാവിലെ പൂജ തുടങ്ങുകയും കുട്ടികളെ വിദ്യാരംഭത്തിന് ഇരുത്തുകയും ചെയ്യുന്നു. വിദ്യാരംഭത്തിന് വിശേഷദിവസമാണ് വിജയദശമി. ദുര്‍ഗാഷ്ടമി, മഹാനവമി എന്നീ ദിവസങ്ങളില്‍ ഗ്രന്ഥങ്ങളും ആയുധങ്ങളും പൂജവയ്ക്കുകയും സരസ്വതീപൂജയോടനുബന്ധമായി ആയുധപൂജ നടത്തുകയും ചെയ്തുവരുന്നു. മഹിഷാസുരമര്‍ദിനി ആയ ദുര്‍ഗയും വിദ്യാദേവതയായ സരസ്വതിയും (കാളിയും പാര്‍വതിയും) ഒരേ ദേവിയുടെതന്നെ മൂര്‍ത്തിഭേദങ്ങളാണ്.
ഭാരതത്തിലെ മിക്ക പ്രദേശങ്ങളിലും ദുര്‍ഗാഷ്ടമിപൂജ നടത്തിവരുന്നു. ദുര്‍ഗയുടെ രൂപംതന്നെയായ സരസ്വതീദേവിയെയാണ് കേരളത്തില്‍ ആരാധിക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷംപേരും പൂജവയ്ക്കുന്നത് ദുര്‍ഗാഷ്ടമി ദിവസത്തിലാണ്. ഒന്നാം ദിനം മുതല്‍ പ്രത്യേകമായ പൂജയ്ക്ക് രംഗമൊരുക്കുകയും അന്നുതൊട്ട് ഒന്‍പതുദിവസം യഥാവിധിയുള്ള പൂജയും സ്തോത്ര ഗാനാലാപനങ്ങള്‍, സംഗീതാദി കലാപ്രകടനങ്ങള്‍, ബൊമ്മക്കൊലു ഒരുക്കല്‍ തുടങ്ങിയവയും നടത്തുന്നു. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഇതിനായി പ്രത്യേകം പണിയിച്ചിട്ടുള്ള നവരാത്രി മണ്ഡപത്തില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്‍റെ  കാലം മുതല്‍ നവരാത്രി പൂജയും ഒന്‍പതുദിവസത്തെ സംഗീതപൂജയും സ്ഥിരമായി നടത്തിവരുന്നു. നവരാത്രിപൂജ ആരംഭിക്കുന്ന ദിവസം മുതല്‍ ഓരോ പ്രദേശത്തെയും ജനങ്ങള്‍ ആരാധനാസ്വഭാവമനുസരിച്ച് ഗ്രന്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പൂജാപീഠത്തിനു മുന്നില്‍ സമര്‍പ്പിക്കുകയും വിജയദശമി നാളില്‍ അവ തിരിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങളുടെ വിദ്യയ്ക്കും ജീവിതവൃത്തിക്കും ദേവതാനുഗ്രഹം വാങ്ങുക എന്നതാണ് ഇതിന്‍റെ  പിന്നിലുള്ള സങ്കല്പം. കേരളീയര്‍ കുട്ടികളുടെ വിദ്യാരംഭത്തിന് ഏറ്റവും ശ്രേഷ്ഠമായി തിരഞ്ഞെടുക്കുന്ന ദിവസവും വിജയദശമിയാണ്.
നവരാത്രിപൂജ എന്ന വ്രതം ദുര്‍ഗാദേവിക്കുവേണ്ടിയാണ് അനുഷ്ഠിക്കപ്പെടുന്നത്.
ഇതിന്‍റെ  അനുഷ്ഠാനത്തിന് ചില ശാസ്ത്രവിധികളുണ്ട്. ഇതിനോടനുബന്ധമായി കുമാരീപൂജയും പതിവാണ്. കുമാരികളെ മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സത്ക്കാരങ്ങളോടും കൂടി പൂജിക്കുന്നു. എത്ര കുമാരികള്‍ ഇതിനു വേണമെന്നും എപ്രകാരമാവണം പൂജിക്കേണ്ടതെന്നും പൂജ നടത്തുന്നവര്‍ക്കു തീരുമാനിക്കാവുന്നതാണ്. നവകന്യകമാരില്‍ ആരെ വേണെമെങ്കിലും പൂജയ്ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നവകന്യകമാരില്‍ 2 വയസ്സായവള്‍ കുമാരി, 3 വയസ്സ് എത്തിയവള്‍ ത്രിമൂര്‍ത്തി, 4 വയസ്സുള്ളവള്‍ കല്യാണി, 5 വയസ്സുകാരി രോഹിണി, 6 വയസ്സിലെത്തിയവള്‍ കാളി, 7-ല്‍ ആയവള്‍ ചണ്ഡിക, 8 പൂര്‍ത്തിയായവള്‍ ശാംഭവി, 9-ലെത്തുന്നവള്‍ ദുര്‍ഗ എന്നിവരാണുള്ളത്. എന്നാല്‍ 2 വയസ്സ് തികയാത്ത കുഞ്ഞിനെ പൂജയ്ക്ക് തിരഞ്ഞെടുക്കാന്‍ പാടില്ല എന്നും വിധിയുണ്ട്.
മഹാനവമി, ആയുധ പൂജ:-

                                         ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു.
                                                          രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന്‍ പത്താമത്തെ ദിവസം സര്‍വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്‍മയ്ക്കായാണ് ഈ ദിനത്തില്‍ രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില്‍ ആചരിക്കുന്നത്. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു.
                                                            പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്‍റെ  പൊത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തില്‍ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു. പാണ്ഡവര്‍ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിച്ചിരുന്നു. അവര്‍ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്‍ത്തിയായപ്പോള്‍ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്‍വച്ച് പൂജിച്ചു. വനദുര്‍ഗ്ഗയായും തിന്മകളെ അടക്കി നന്മകള്‍ക്ക് വിജയമേകുന്നവളായും മനസ്സില്‍ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില്‍ ആയുധങ്ങള്‍ തിരിച്ചെടുത്തു. അവര്‍ നവരാത്രി ദിവസം ആയുധങ്ങള്‍ വച്ച് പൂജിച്ചതിനാല്‍ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്‍ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്‍റെ  ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും.
വിജയദശമി:-
ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്‌ വിജയദശമി. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുർഗ്ഗ വധിച്ച ദിവസമാണു വിജയദശമി . ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങായ വിദ്യാരംഭം, കേരളത്തിൽ, നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് നടത്തുന്നത്. (Bengali: বিজয়াদশমী, Kannada: ವಿಜಯದಶಮಿ, Malayalam: വിജയദശമി, Marathi: विजयादशमी, Nepali :विजया दशमी, Tamil: விஜயதசமி, Telugu: విజయదశమి).
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്‍റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള്‍ ദേവീ ഭാഗവതത്തിലും മാര്‍ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്‍, ചണ്ഡാസുരന്‍, രക്തബീജന്‍, ശുഭനിശുംഭന്മാര്‍, ധൂമ്രലോചനന്‍, മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. നവരാത്രങ്ങളിലെ പൂജകളെ നവരാത്രി പുജയെന്നും സരസ്വതീ പൂജയെന്നും ദുര്‍ഗാപൂജയെന്നും ലക്ഷ്മീപൂജയെന്നും വിശേഷിപ്പിക്കാറുണ്ട്‌. ശരത്കാലത്തിലെ ഈ ഒമ്പതു ദിവസങ്ങളിലും ഭാരതീയര്‍ വ്രതാനുഷ്ഠാനങ്ങള്‍കൊണ്ട്‌ ശാരീരികവും മാനസികവുമായ പവിത്രത കൈവരിച്ച്‌ സൃഷ്ടിയുടെ ആദിശക്തിയായ പരാശക്തിയെ ആരാധിക്കുന്ന ദിവസങ്ങളാണ്‌ ശരവന്നരാത്രി പൂജയെന്നത്‌. ബ്രഹ്മാവിഷ്ണുമഹേശ്വര സ്വരൂപങ്ങളായ സൃഷ്ടിസ്ഥിതി സംഹാര പ്രവൃത്തികള്‍പോലും ആ ആദിപരാശക്തിയുടെ മായാലീലകളായിട്ടാണ്‌ സനാതനധര്‍മത്തിലുള്ള അടിയുറച്ച വിശ്വാസം. ആദിപരാശക്തിയുടെ തന്നെ മൂന്ന്‌ രൂപങ്ങളായി ദുര്‍ഗാ, ലക്ഷ്മി, സരസ്വതി എന്ന രൂപത്തില്‍ പരാശക്തിയെ നാം ആരാധിക്കുന്നു. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ ശാരീരികവും മാനസികവുമായ തിന്മകളെ ആസുരിക ശക്തികളെ നിഗ്രഹിച്ച്‌ മനസിനെ പവിത്രമാക്കി, ഐഹികവും പാരലൗകികവുമായ സകലഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന ലക്ഷ്മീ ദേവിയെ ആരാധിച്ചതിനുശേഷം സകലവിദ്യാസ്വരൂപിണിയായ ബ്രഹ്മവിദ്യാ സ്വരൂപിണിയായ സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതീ ദേവിയെ ആരാധിച്ച്‌ പൂജിച്ച്‌ സ്തുതിച്ച്‌ ആദിപരാശക്തിയുടെ ദുര്‍ഗാലക്ഷ്മീ സരസ്വതി എന്നീ മൂന്ന്‌ സ്വരൂപങ്ങളുടെ വിജയയാത്രയായി വിജയദശമി എന്ന്‌ പത്താമത്തെ ദിവസത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌.
ആദി പരാശക്തിയുടെ ഈ മൂന്നു രൂപങ്ങളില്‍ ദുര്‍ഗയെ പര്‍വത രാജനായ ഹിമവാന്‍റെ  പുത്രി പാര്‍വതി ദേവിയായിട്ടാണ്‌ സങ്കല്‍പ്പിച്ചിട്ടുള്ളത്‌. മഹാലക്ഷ്മീ സ്വരൂപമായ പരാശക്തിയുടെ സ്വരൂപം ക്ഷീരസാഗരം മഥനത്തില്‍നിന്നും ജനിച്ച ലക്ഷ്മീ ദേവിയായിട്ട്‌ സങ്കല്‍പ്പിക്കുന്നു. ഭൃഗുമഹര്‍ഷിയുടെയും കാത്യായന മഹര്‍ഷിയുടെയും പുത്രിയായിട്ട്‌ ജനിച്ച സരസ്വതീ ദേവി സകല കലകളുടെയും അധിഷ്ഠാന ദേവതയാണ്‌. അതുകൊണ്ട്‌ ദേവി സരസ്വതി ഭാര്‍ഗവിയെന്നും കാത്യായനി എന്നും പ്രസിദ്ധങ്ങളാണ്‌. ഇപ്രകാരം പര്‍വത രാജപുത്രിയായ ദുര്‍ഗ മലൈമകളും, സാഗരത്തിലെ തിരമാലകളില്‍ നിന്നുത്ഭവിച്ച ലക്ഷ്മീദേവി അലൈമകളും സകലകലകളുടെയും അധിഷ്ഠാന ദേവതയായ സരസ്വതി ദേവി. കലൈമകളും എന്ന രൂപത്തില്‍ തമിഴ്സാഹിത്യത്തില്‍ സ്തുതിച്ച്‌ ആരാധിച്ചുവരുന്നുണ്ട്‌. നവരാത്രിയിലെ നായികമാരായി മലൈമകളായ ദുര്‍ഗാദേവിയും അലൈമകളായ ലക്ഷ്മീദേവിയും കലൈമകളായ സരസ്വതിദേവിയും മുമ്മൂന്നു ദിവസങ്ങളായി ഭാരതത്തില്‍ പൂജിച്ച്‌ സ്തുതിച്ച്‌ ആരാധിക്കപ്പെടുന്നുവെന്നുള്ളതാണ്‌ നവരാത്രി സവിശേഷത.

അക്ഷരപൂജയിലൂടെ അറിവിനെയും ആയുധ പൂജയുലൂടെ പ്രവൃത്തിയെയും കച്ഛപി കലകളെയും ഉപാസിക്കുകയാണ്. അറിവില്ലായ്മയുടെ പര്യായമായ മഹിഷാസുരനെ വധിച്ച് അറിവിന്‍റെ ദേവതയായ ആദിപരാശക്തി വിജയിച്ച ദിനമാണ് വിജയദശമി എന്നാണ് വിശ്വാസം. ആദിപരാശക്തിയായ ദേവിയെ ആദ്യത്തെ മൂന്നു നാളുകളിൽ തമോഗുണയായ ദുർഗ്ഗാരൂപത്തിലും അടുത്ത മൂന്നു നാളുകളിൽ രജോഗുണയായ മഹാലക്ഷ്മി രൂപത്തിലും അവസാന മൂന്നു നാളുകളിൽ സത്വഗുണയായ സരസ്വതീ രൂപത്തിലുമാണ് പൂജിക്കുന്നത്. ദേവീ പൂജയാണ് നവരാത്രി പൂജയിൽ പ്രധാനം. ദേവിയുടെ ഒമ്പതു ഭാവങ്ങളെ - ദുർഗ, ഭദ്രകാളി, അംബ, അന്നപൂർണ, സർവ്വമംഗള, ഭൈരവി, ചന്ദ്രിക, ലളിത, ഭവാനി- ആരാധിക്കുന്നു. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു. കേരളത്തിൽ നവരാത്രി ഉത്‌സവം പൂജാ ഉത്‌സവമാണ്. നവരാത്രിയ്ക്കു ഒടുവിലത്തെ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്കാണ് കൂടുതൽ പ്രാധാന്യം. ദുർഗ്ഗാഷ്ടമി നാളിൽ വൈകിട്ട് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്ക്കും. വിജയദശമിയ്ക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും. ദുർഗ്ഗാഷ്ടമിക്ക് സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങൾ പൂജയ്ക്കു വയ്‌ക്കേണ്ടത്. അന്ന് സന്ധ്യാപൂജയും മഹാനവമിയ്ക്ക് ത്രികാലപൂജയും വിജയദശമിയ്ക്ക് പ്രഭാതപൂജയും വേണം. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമി നാളിൽ രാവിലെ മണലിലോ അരിയിലോ അക്ഷരങ്ങൾ എഴുതി വേണംവിദ്യാരംഭം കുറിക്കാൻ. നവരാത്രി വ്രതം അനുഷ്ടിക്കുന്നത് ശരീരത്തിനും മനസിനും ബുദ്ധിയ്ക്കും ഗുണകരമാണെന്നാണ് വിശ്വാസം. വെളുപ്പിന് കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് ദേവീപൂജയും ക്ഷേത്രദർശനവും നടത്തണം. മത്‌സ്യ-മാംസാഹാരങ്ങൾ വർജ്യം. തലേനാൾ ഉണ്ടാക്കിയ ഭക്ഷണങ്ങളും കഴിക്കരുത്. അരി ആഹാരം ഒരു നേരമേ പാടുള്ളു. രാത്രി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക, അതല്ലെങ്കിൽ ലഘു ഭക്ഷണം മാത്രം കഴിക്കുക. മാനസികമായും ശാരീരികമായും ശുദ്ധി പുലർത്തുകയും വേണം.
പൂജ വെയ്പ്പ്, വിദ്യാരംഭം-: ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെയും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു.
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്‍റെ വിരല്‍പിടിച്ച് "ഹരിശ്രീഗണപതയെനമ:" എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവില്‍ "ഓം" എന്നും എഴുതുന്നതാണ് വിദ്യാരംഭം.
മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്‍റെ നക്ഷത്രക്കൂറിന്‍റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത് (എഴുതിക്കാനിരിക്കുന്ന ഗുരുവിന്‍റെ നക്ഷത്രം ചോദിക്കുകയെന്നത് പ്രായോഗികവും മര്യാദയില്ലാത്തതും ആകയാല്‍ ഇത് അവഗണിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു)
കന്നിമാസത്തിലെ ശുക്ലപക്ഷ (വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം) ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ ഉണ്ടായിരിക്കുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമം ആകുന്നു. എന്നാല്‍ ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്‍റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി വരുന്നത് അടുത്ത മാസത്തിലുമാകാം. കഴിഞ്ഞ വര്‍ഷത്തെ (2015) വിജയദശമി തുലാം മാസത്തിലായിരുന്നു.
മൂന്നാംവയസ്സും ആറാംവയസ്സും മാത്രമാണ് വിദ്യാരംഭത്തിന് പറഞ്ഞിട്ടുള്ളത് (മൂന്ന്‍ വയസ്സ് പൂര്‍ത്തിയായിക്കഴിഞ്ഞ് നാലിന് അകം വിദ്യാരംഭം നടത്തുന്നതായിരിക്കും ശുഭപ്രദം. മൂന്ന്‍ വയസ്സ് പൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങള്‍ക്ക് എന്തറിയാം!!) രണ്ടര വയസ്സ് കഴിഞ്ഞാല്‍ ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്താമെന്നും വാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്‌.
വരദയും കാമരൂപിണിയുമായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് വിദ്യാലാഭം കാംക്ഷിക്കുന്നവര്‍ക്ക് അത്യന്താപേക്ഷിതമാകുന്നു. വിദ്യാദേവതയായ സരസ്വതിയെ പ്രീതിപ്പെടുത്തുന്നത് എപ്പോഴും അത്യുത്തമം ആയിരിക്കും. നമ്മിലെ സാംസ്ക്കാരികബോധത്തിന് അടിത്തറയിടുന്നത് സരസ്വതീ ഉപാസനയിലൂടെയാകുന്നു.
സരസ്വതീക്ഷേത്രങ്ങള്‍, ഗണപതിക്ഷേത്രങ്ങള്‍, ഗണപതിഹോമം നടത്തുന്ന ക്ഷേത്രങ്ങള്‍, ദക്ഷിണാമൂര്‍ത്തിസങ്കല്പമുള്ള ക്ഷേത്രങ്ങള്‍, സരസ്വതീപൂജകളും ദക്ഷിണാമൂര്‍ത്തിപൂജകളും കൊണ്ട് പ്രസാദിച്ചുനില്‍ക്കുന്ന ഏതൊരു ക്ഷേത്രവും, സരസ്വതീകടാക്ഷമുള്ള ആചാര്യനോ ഗുരുതുല്യനോ പിതാവോ പിതാമഹനോ അമ്മാവനോ വിദ്യാരംഭം നല്‍കാന്‍ അര്‍ഹതയുള്ളവരാണ്.
വിദ്യാരംഭം കുറിയ്ക്കാനായി മാത്രം തയ്യാറാക്കിയ ചില ഓഫീസ്സ്, ആഡിറ്റോറിയങ്ങള്‍ എന്നിവ തീര്‍ച്ചയായും ഒഴിവാക്കുകതന്നെ ചെയ്യണം. നിത്യപൂജയുള്ളതും പരമപവിത്രവുമായ ക്ഷേത്രത്തില്‍ ചെയ്യുന്ന കര്‍മ്മഫലങ്ങളൊന്നും മറ്റെവിടെയും ലഭിക്കില്ലെന്ന് മനസ്സിലാക്കണം.
മന്ത്രോച്ചാരണങ്ങള്‍ കൊണ്ട് മുഖരിതമായ ക്ഷേത്രാങ്കണത്തില്‍ വെച്ച് നടത്തുന്ന ഒരു ശുഭകര്‍മ്മം അത്യുത്തമം ആയിരിക്കും.
പൂജവെയ്പ്പ്, പൂജയെടുപ്പ്, വിദ്യാരംഭം:-

ഈ വര്‍ഷത്തെ പൂജവെയ്പ്പ് 09-10-2016, ഞായറാഴ്ച (കന്നി 23) ന് വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെക്കാം. കാരണം, വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസം പൂജവെക്കേണ്ടതാകുന്നു.
എന്നാല്‍ അങ്ങനെ തലേദിവസം വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെക്കാനായി എടുക്കേണ്ടതുമാകുന്നു. കഴിഞ്ഞ വര്‍ഷം അങ്ങനെ സംഭവിച്ചിട്ടുണ്ട്.
പൂജയെടുപ്പ് 11-10-2016 ചൊവ്വാഴ്ച രാവിലെ 8.41 വരെയും തുടര്‍ന്ന്‍ 10.52 മുതല്‍ 11.04am വരെയുള്ള അമൃതഘടികാമുഹൂര്‍ത്തവും തുടര്‍ന്ന്‍ 11.46 മുതല്‍ 12.07 വരെയുള്ള ഒന്നാം അഭിജിത് മുഹൂര്‍ത്തവും തുടര്‍ന്ന്‍ കൃത്യം മദ്ധ്യാഹ്നസഹിതമായ നാല് മിനിട്ട് കഴിഞ്ഞുള്ള രണ്ടാം അഭിജിത് മുഹൂര്‍ത്തമായ 12.11 മുതല്‍ 12.33 വരെയും ശുഭപ്രദം (ഗണനം: കൊല്ലം ജില്ല). ഇതിന് മുമ്പായി വരുന്ന വൃശ്ചികം രാശി ശുഭപ്രദമല്ല. അന്ന് പൂജ വെച്ചിരിക്കുന്ന ക്ഷേത്രത്തില്‍ പൂക്കളുമായെത്തി പൂജയിലും പുഷ്പാഞ്ജലിയിലും പങ്കുകൊണ്ട്, പ്രസാദവും പുസ്തകങ്ങളും യഥാശക്തി ദക്ഷിണ നല്‍കി വാങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തില്‍ ഇരുന്ന്‍ മണ്ണിലോ അരിയിലോ ഹരി ശ്രീ ഗ ണ പ ത യെ ന മ: അവിഘ്നമസ്തു എന്നും അക്ഷരമാലയും എഴുതണം. സരസ്വതീദേവിയെ ധ്യാനിക്കണം, ഭജിക്കണം. തുടര്‍ന്ന്‍, ദേവിയുടെ അനുവാദവും ആശീര്‍വാദവും വാങ്ങി വീടുകളിലേക്ക്‌ മടങ്ങണം.
വിദ്യാരംഭം ക്ഷേത്രങ്ങളില്‍ നടത്തുന്നവര്‍ക്കും വീടുകളില്‍ ചെയ്യുന്നവര്‍ക്കും ഈ മുഹൂര്‍ത്തം ഉത്തമം ആകുന്നു.
എന്നാല്‍ ക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിനുള്ള കുഞ്ഞുങ്ങളുടെ ബാഹുല്യം കാരണം കൃത്യമായ മുഹൂര്‍ത്തം പാലിക്കാന്‍ സാധിക്കുകയില്ല. ക്ഷേത്രമാകയാല്‍ മുഹൂര്‍ത്തദോഷങ്ങള്‍ കാര്യമാക്കേണ്ടതുമില്ല.
സ്വന്തം വീട്ടില്‍ പൂജവെക്കാമോ? വിദ്യാരംഭം കുറിയ്ക്കാമോ?

പൂജാകര്‍മ്മങ്ങള്‍ അറിയുന്നവര്‍ പൂജാമുറിയുണ്ടെങ്കില്‍ ആ പൂജാമുറിയിലും, അല്ലാത്തവര്‍ക്ക് ക്ഷേത്രത്തിലും പൂജവെക്കാം. ക്ഷേത്രത്തില്‍ വിദ്യാരംഭദിവസം വിദ്യാരംഭം നടത്തുമ്പോള്‍ പ്രത്യേകിച്ച് മുഹൂര്‍ത്തം നോക്കേണ്ടതില്ല.
എന്നാല്‍, മറ്റ് ദിവസങ്ങളില്‍ എഴുത്തിന് ഇരുത്തിയാല്‍ മുഹൂര്‍ത്തം നോക്കുകയും ചെയ്യണം. വിദ്യാരംഭ ദിവസമല്ലാതെയുള്ള ഏതൊരുദിവസവും ക്ഷേത്രത്തില്‍ വെച്ചല്ല, വീട്ടില്‍ വെച്ച് നടത്തുന്ന വിദ്യാരംഭത്തിനും മുഹൂര്‍ത്തം നോക്കേണ്ടതാകുന്നു.
മുഹൂര്‍ത്തം: വിദ്യാരംഭം:

വിദ്യാരംഭത്തിന് തിരുവാതിരയും ഊണ്‍നാളുകളായ അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉതൃട്ടാതി, രേവതി (16 എണ്ണം) എന്നീ നക്ഷത്രങ്ങളിലും വിദ്യാരംഭം നടത്താം. നവമിതിഥിയും കൊള്ളാം.
രാത്രിയെ മൂന്നായി ഭാഗിച്ചാല്‍ അതിന്‍റെ ആദ്യ രണ്ടുഭാഗങ്ങളും, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം, മീനം എന്നീ രാശികളും, ബുധഗ്രഹത്തിന് മൗഢ്യം ഉള്ളപ്പോഴും, മുഹൂര്‍ത്തരാശിയുടെ അഷ്ടമത്തില്‍ ചൊവ്വ ഉള്ളപ്പോഴും, രണ്ടിലും അഞ്ചിലും പാപന്മാര്‍ ഉള്ളപ്പോഴും, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും, ജന്മനക്ഷത്രവും വിദ്യാരംഭത്തിന് വര്‍ജ്ജ്യങ്ങളാകുന്നു.
വിദ്യാരംഭത്തിന്‍റെ അടുത്ത ദിവസം സാദ്ധ്യായ ദിവസവും ആയിരിക്കണം.
പ്രസ്തുത മുഹൂര്‍ത്തനിയമപ്രകാരം ഈ വര്‍ഷത്തെ വിദ്യാരംഭം അത്യുത്തമല്ല.
വിദ്യാരംഭത്തിന് ജന്മനക്ഷത്രം കൊള്ളാമോ?:-

ക്ഷേത്രത്തില്‍ വെച്ച്, സകലപൂജാദികര്‍മ്മങ്ങളും ചെയ്തുകൊണ്ടുള്ള വിദ്യാരംഭത്തിന് കുഞ്ഞിന്‍റെ ജന്മനക്ഷത്രം വര്‍ജ്ജ്യമല്ല. ആകയാല്‍ ക്ഷേത്രത്തിലെ ചടങ്ങില്‍ ഈ വര്‍ഷം തിരുവോണം നക്ഷത്രക്കാര്‍ക്കും വിദ്യ ആരംഭിക്കാം.
പൂജാരീതി:

ഒരു പീഠത്തില്‍ പട്ടുവിരിച്ച് ദേവിയുടെ ഒരു ചിത്രം വെക്കണം. അതിനുമുമ്പില്‍ മദ്ധ്യത്തില്‍ അഷ്ടദളവും വശങ്ങളില്‍ വലത് രണ്ട്, ഇടത് രണ്ട് എന്ന രീതിയില്‍ നാല് സ്വസ്തികവും ഇടണം (വ്യത്യസ്ഥമായി ചെയ്യുന്നവരുമുണ്ട്). നടുക്ക് സരസ്വതീദേവിയ്ക്കും, വടക്കുഭാഗത്ത് ഗുരുവിനും വേദവ്യാസനും, തെക്കുഭാഗത്ത് ഗണപതിയ്ക്കും ദക്ഷിണാമൂര്‍ത്തിയ്ക്കും പൂജിക്കണം. പൂജ പൂര്‍ത്തിയായാല്‍ പുസ്തകങ്ങള്‍ പത്മത്തില്‍ സമര്‍പ്പിക്കാം.ക്ഷേത്രങ്ങളില്‍ പൂജവെക്കുന്നവര്‍ രാവിലെയും വൈകിട്ടും ക്ഷേത്രദര്‍ശനവും പ്രാര്‍ത്ഥനകളും നടത്തേണ്ടതാകുന്നു.
ദേവിയുടെ മന്ത്രങ്ങള്‍ അറിയാത്തവര്‍ ഈ ദിവസങ്ങളില്‍ ഗായത്രീമന്ത്രം ജപിക്കുന്നതായിരിക്കും അത്യുത്തമം. 108 വീതം രാവിലെയും വൈകിട്ടും (കുളി കഴിഞ്ഞ്) ഭക്തിയോടെ ഗായത്രീമന്ത്രം ജപിക്കാം. ക്ഷേത്രദര്‍ശനസമയത്തും ജപിക്കാവുന്നതാണ്.
ഗായത്രീമന്ത്രം:

"ഓം ഭൂര്‍ ഭുവ സ്വ:
തത്സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധിയോ യോന: പ്രചോദയാത്"
(ഗായത്രീമന്ത്രം വിജയദശമിക്കാലത്ത്‌ മാത്രമല്ല, നിത്യവും ജപിക്കാവുന്ന അതിശക്തമായതും പവിത്രവുമായ മന്ത്രമാകുന്നു. ആകയാല്‍ ഗായത്രീമന്ത്രജപം ശീലമാക്കുന്നത് അത്യുത്തമം ആയിരിക്കും).
സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രം:

"സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതു മേ സദാ"
സരസ്വതീദേവിയുടെ മൂലമന്ത്രം:
----------------------
"ഓം സം സരസ്വത്യെ നമ:"
സരസ്വതീഗായത്രി:

"ഓം സരസ്വത്യെ വിദ്മഹേ
ബ്രഹ്മപുത്ര്യെ ധീമഹി
തന്വോ സരസ്വതി: പ്രചോദയാത്"
സരസ്വതീദേവിയുടെ പ്രാര്‍ത്ഥനാമന്ത്രമോ മൂലമന്ത്രമോ ഗായത്രിയോ അല്ലെങ്കില്‍ ഇവയെല്ലാമോ ഭക്തിയോടെ ജപിക്കാവുന്നതാണ്.
വിദ്യാലാഭത്തിനായി സൗന്ദര്യലഹരിയിലെ അതീവ ഫലസിദ്ധിയുള്ള വിദ്യാലാഭമന്ത്രവും ജപിക്കാവുന്നതാണ്. ഈ മന്ത്രം അക്ഷരത്തെറ്റ് വരാതെ ജപിക്കുകയെന്നത് അതീവ ദുഷ്ക്കരമാകയാല്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഇത് ജപിക്കാന്‍ തയ്യാറാകാവൂ. ക്ഷേത്രങ്ങളിലെ വിദ്യാമന്ത്രാര്‍ച്ചനകള്‍ക്കായി മിക്ക കര്‍മ്മികളും ഉപയോഗിക്കുന്നത് ചുവടെ എഴുതുന്ന ഈ മന്ത്രമാണ്.
വിദ്യാലാഭമന്ത്രം:

"ശിവശ്ശക്തി: കാമ: ക്ഷിതിരഥ രവിശ്ശീതകിരണ:
സ്മരോ ഹംസശ്ശക്രസ്തദനു ച പരാമാരഹരയ:
അമീഹൃല്ലേഖാഭിസ്തിസൃഭിരവസാനേഷു ഘടിതാ
ഭജന്തേ വര്‍ണ്ണാസ്തേ തവ ജനനി നാമാവയവതാം"