2018, സെപ്റ്റംബർ 2, ഞായറാഴ്‌ച

കയ്യാണിക്കടവിൽ ഒരു ജൈന സങ്കേതം കണ്ടെത്തി തൃശ്ശൂർ ജില്ല









കയ്യാണിക്കടവിൽ ഒരു ജൈന സങ്കേതം കണ്ടെത്തി


തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ചാലക്കുടിയ്ക്കരികേ മേലൂർ ഗ്രാമപഞ്ചായത്തിൽ മേലൂർ വില്ലേജിൽ അടിച്ചിലി ബസ് സ്റ്റോപ്പിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാത്രം വടക്കു കിഴക്കു മാറിയാണ് കയ്യാണി കടവ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിനു ഒരു കിലോമീറ്ററിൽ താഴെ മാത്രം വ്യാസമേയുള്ളൂ. കയ്യാണി കടവിന്റെ കിഴക്ക് മുന്നൂർപ്പിള്ളിയും തെക്ക് അടിച്ചിലിയും പടിഞ്ഞാറ് ആലയ്ക്കാപ്പിള്ളിയും വടക്ക് ചാലക്കുടി പുഴയും സ്ഥിതി ചെയ്യുന്നു. പുഴയിൽ വെള്ളം പലതായി പിരിഞ്ഞൊഴുകുന്നതിൽ കടവിന്റെ ഭാഗം ഒരു കയ്യാണി പോലെ ഒഴുകുന്നതു കൊണ്ടായിരിയ്ക്കാം കയ്യാണി കടവിനു ആ പേരു വീണത്. വളരെ വീതി കുറഞ്ഞ ജലസേചനത്തിനുള്ള തോടിനെയത്രേ  കയ്യാണി എന്നു വിളിയ്ക്കുന്നത്.
കയ്യാണി കടവിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ധർമശാസ്താ ക്ഷേത്രത്തിനരികായാണ് കയ്യാണി കടവിന്റെ ഹൃദയഭാഗം. ഇവിടം അതി പുരാതനമായ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു എന്നു കരുതുന്നതിനു അനേകം കാരണങ്ങളുണ്ട്. 

കയ്യാണി കടവിലെ ധർമശാസ്താ ക്ഷേത്രം
ഈ ക്ഷേത്രം അതിനടുത്ത ക്ഷേത്ര സമുച്ചയം നൂറ്റാണ്ടുകളായി നശിച്ചു പോയതിനു ശേഷം ബാക്കി വന്ന ദിനവും ഒരു ആലിൻ കടയ്ക്കൽ തിരി വച്ചു വന്ന ഒരു പുരാതന ശിലാ ഭാഗമത്രേ പ്രതിഷ്ഠയാക്കിയിരിയ്ക്കുന്നത്. അവിടെ നിന്നും 200 മീറ്റർ തെക്കു കിഴക്കു മാറി ഒന്നും ഏകദേശം മുപ്പത്   മീറ്റർ വടക്കു മാറി മറ്റൊന്നുമായി പുതുതായി കണ്ടെത്തിയ രണ്ടു മുനിയറകൾ സ്ഥിതി ചെയ്യുന്നു.

തെക്കു കിഴക്കു മാറി സ്ഥിതി ചെയ്യുന്ന മുനിയറയുടെ അവശേഷിച്ച ഭാഗം
വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക 


കേരളത്തിലെ മഹാശിലായുഗ സംസ്കാരാവശിഷ്ടങ്ങൾ ലോക പ്രസിദ്ധമാണ്. അവ അന്തരാഷ്ട്രീയമായി തന്നെ പ്രസക്തവും പ്രാധാന്യമുള്ളവയുമാണ്. പക്ഷേ നമ്മുടെ ജനം അവയുടെ പ്രാധാന്യം മനസ്സിലാക്കാതെ അവ നിരന്തരമായി നശിപ്പിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുന്ന മുനിയാറകൾക്ക് 1500 മുതൽ 2300 വരെ പഴക്കം ഉണ്ടാകാം. ശാസ്ത്രീയ പഠനങ്ങൾക്കു ശേഷം മാത്രമേ കൃത്യമായ പഴക്കം നിർണ്ണയിയ്ക്കാനാകൂ.

തെക്കു കിഴക്കു മാറി സ്ഥിതി ചെയ്യുന്ന മുനിയറയുടെ മറ്റൊരു ദൃശ്യം
ഈ മുനിയറയുടെ അടിപ്പലകയും തെക്കും കിഴക്കും ഭാഗങ്ങളിലെ വശക്കല്ലുകളുടെ ഓരോ കഷണങ്ങളും മാത്രമാണു അവശേഷിച്ചിട്ടുള്ളത്. മറ്റുള്ളവ സ്ഥാന ഭ്രംശം വന്ന് അടുത്തെവിടെയോ മണ്ണു മൂടി കിടക്കുന്നുണ്ടെന്നു കരുതുന്നു. ധാരാളം ക്വാർട്ട്സ് കലർന്നതും ശക്തവും സാമാന്യം വീതിയുള്ളവയുമാണ് ശിലാപാളികൾ.

മാതൃകാ മുനിയറ മറയൂരുള്ളത്

ക്ഷേത്രത്തിനു വടക്കു വശത്തുള്ള മുനിയറയുടെ വശക്കല്ലുകളിൽ ഒരു വശത്തെ കല്ലുകളുടെ രണ്ടു ഭാഗങ്ങൾ മാത്രമാണ് മണ്ണിനു പുറത്തു കാണുന്നത്. ഭൂ പ്രകൃതി കൊണ്ട് മുമ്പ് അതിനരികെ പാടമായിരുന്നുവെന്നും അത് പിന്നീട് നികത്തപ്പെട്ടതാണെന്നും തോന്നി. അതിനാൽ ഒരു ചെറു ഉത്ഖനനം കൊണ്ടേ ബാക്കി അവശിഷ്ടങ്ങൾ എന്തെല്ലാമുണ്ടെന്നു പറയാനാകൂ. എന്നാൽ എല്ലാ ഉത്ഖനനവും ചരിത്രാവശിഷ്ടങ്ങളെ ക്രമത്തിൽ ദുർബലമാക്കും. മോഹഞ്ജാദാരോവിലേയും ഹാരപ്പായിലേയും അവശിഷ്ടങ്ങൾ അതിയായ ശ്രദ്ധ ചെലുത്തിയിട്ടും നശിച്ചു കൊണ്ടിരിയ്ക്കുന്നതു തന്നെ ഉദാഹരണം.

വടക്കു മാറി സ്ഥിതി ചെയ്യുന്ന മുനിയറയുടെ അവശേഷിച്ച ഭാഗം

മേലൂർ പഞ്ചായത്തിൽ നിന്നും അനേകം മഹാശിലായുഗാവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ളതാണ്. അവയിൽ പ്രധാനം ഏതാനും കുടക്കല്ലുകളാണ്. എന്നാൽ അവ ഇവിടെ നിന്നും നീക്കം ചെയ്യുകയാണുണ്ടായത്. അവ ഇപ്പോൾ എവിടെയാണെന്നു നാട്ടുകാർക്കു വ്യക്തതയില്ല. ആ കുടക്കല്ലുകളുടെ ചിത്രം തിരൂർ തുഞ്ചൻ പറമ്പു സ്മാരകത്തിൽ ഇപ്പോളും പ്രദർശിപ്പിച്ചു വരുന്നു.

തിരൂർ തുഞ്ചൻ പറമ്പ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള  മേലൂരിൽ നിന്നുള്ള കുടക്കല്ലിന്റെ ചിത്രം

ധർമശാസ്താ ക്ഷേത്രത്തിനു തെക്കു കിഴക്കായുള്ള മുനിയറയ്ക്ക് ഏഴെട്ടു മീറ്ററോളം വടക്കു മാറി ഒരു പുരാതനമായ കുടക്കല്ലിന്റെ തകർന്ന അവശിഷ്ടങ്ങൾ കാണപ്പെട്ടു. തദ്ദേശവാസികളോട് അന്വേഷിച്ചതിൽ ഏതാനും മാസങ്ങൾക്ക് മുമ്പു വരെ അത് പൂർണ്ണ രൂപത്തിൽ ഉണ്ടായിരുന്നു എന്നും എന്നാൽ സമീപത്തുള്ള ക്വാറി നടത്തിപ്പുകാർ ജെ.സി.ബി. ഉപയോഗിച്ച് ആ കുടക്കല്ല് തകർത്തു കളയുകയായിരുന്നുവെന്നും കുടക്കല്ലിന്റെ മേൽമൂടി ആഴത്തിൽ മണ്ണിട്ടു മൂടിയതായും അവർ പറഞ്ഞു.


തകർന്നു കിടക്കുന്ന കുടക്കല്ലിലെ വെട്ടുകല്ലിന്റെ നിറവും ഗുണവും നോക്കിയാൽ തന്നെ അതിനു ആയിരത്തിലധികം വർഷം പഴക്കം മതിയ്ക്കാനാകുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ ഇനിയും വേറെ കുടക്കല്ലുകളുടെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടോ എന്നും അന്വേഷണം തുടരേണ്ടതുമുണ്ട്.

ധർമശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഉപയോഗിച്ചു വരുന്ന പഴയ ജൈനശില

ഇരുപതോളം വർഷം മുമ്പ് ഇപ്പോളത്തെ ക്ഷേത്രം നിന്നിരുന്നതിനു ആറേഴുമീറ്റർ തെക്കു പടിഞ്ഞാറുമാറി അവിടെയുണ്ടായിരുന്ന ഒരു ആൽത്തറയ്ക്കൽ അടിച്ചിലി കോവിലകം വകയായി തുടർച്ചയായി വിളക്കു വയ്ക്കൽ നടത്തിക്കൊണ്ടിരുന്ന പ്രതിഷ്ഠ ആൽ മുറിച്ചു മാറ്റിയതിനു ശേഷം അനാഥമായപ്പോൾ ക്ഷേത്രത്തിനു സമീപത്തുള്ള ഒരു വ്യക്തി സ്വന്തം സ്ഥലത്ത് ഒരു ചെറു ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചതാണ് ഇന്നത്തെ ശിലാവിഗ്രഹം. പിന്നീട് അത് നാട്ടുകാർക്ക് വിട്ടു കൊടുത്തു.
ശിലാവിഗ്രഹം മിനുക്കാത്തതും ഒരു വശത്തു മാത്രമായി റിലീഫ് മാതൃകയിൽ ചിത്രാങ്കിതവും കൃഷ്ണ വർണ്ണമാർന്നതുമാണ്. അതിനാൽ ത്രിമാന ശില്പങ്ങളിലേയ്ക്ക് സാങ്കേതിക വിദ്യ പുരോഗമിയ്ക്കുന്നതിനു മുമ്പുള്ള ശിലയായിരിയ്ക്കണം അത്. ആദി ദ്രാവിഢമായ ശിലാവിഗ്രഹ സങ്കല്പത്തിനും ക്ഷേത്രങ്ങളിലെ സമ്പൂർണ്ണ ത്രിമാന ശില്പങ്ങൾക്കും ഇടയ്ക്കുള്ള ഒരു കാലഘട്ടത്തെ അതു പ്രതിനിധീകരിയ്ക്കുന്നു. കൊത്തിയ രൂപം അനേക നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്താൽ അവ്യക്തമായതിനാൽ അവ്യക്തമാണ്. ആനയോ മറ്റേതെങ്കിലും മൃഗമോ ശംഖോ ആണു ചിത്രമെന്നു തോന്നുന്നു. അവയിൽ ഏതായാലും അത് ജൈന സ്വാധീനത്തെ സൂചിപ്പിയ്ക്കുന്നു. കാരണം ആന രണ്ടാം തീർത്ഥങ്കരനായ അജിതനാഥനെ സൂചിപ്പിയ്ക്കുന്നു. കല്ലിൽ ജൈന ക്ഷേത്രത്തിലെ ആനയുടെ അതി പുരാതന ചിത്രം ഓർമ്മിയ്ക്കുമല്ലോ. ഇരുപത്തിരണ്ടാം തീർത്ഥങ്കരനായ നിമിനാഥന്റെ അടയാളമത്രേ ശംഖ്.

കല്ലിൽ ജൈന ക്ഷേത്രത്തിലെ ആനയുടെ ചിത്രം
കയ്യാണിക്കടവിനു കിഴക്കുള്ള മുന്നൂർപ്പിള്ളിയും പടിഞ്ഞാറുള്ള ആലയ്ക്കാപ്പിള്ളിയും ആ പ്രദേശത്തെ ജൈന സ്വാധീനത്തെ സൂചിപ്പിയ്ക്കുന്നുണ്ട്. മൂന്നു ഊർ പള്ളിയാണു മുന്നൂർപ്പിള്ളിയായി തീർന്നത്. ആലുക്കെ പള്ളിയാകണം ആലയ്ക്കാപ്പിള്ളിയായത്. കുന്നേൽ പള്ളിയായിരുന്ന കുന്നപ്പിള്ളിയും തൊട്ടടുത്താണ്. അവിടെ ക്രിസ്ത്യൻ പള്ളി സ്ഥാപിയ്ക്കുന്നതിനു മുമ്പ് പുഷ്പഗിരിയുടെ പേർ പൂത്തുമല എന്നായിരുന്നു. കുന്ന് മല തുടങ്ങിയവ ചേർന്ന പേരു ഹിന്ദു മതത്തിന്റെ സ്വാധീനം വർദ്ധിയ്ക്കുന്നതിനു മുമ്പുള്ള സ്ഥലമാകാനുള്ള സാധ്യത കൂടുതലാണല്ലോ. പൂങ്കാവനം തുടങ്ങി പൂക്കൾ ചേർത്തു വിശുദ്ധ സ്ഥാനങ്ങൾക്ക് പേരിടുന്നതും ബൌദ്ധജൈന രീതിയാണ്. പൂത്തുമലയും പുഷ്പഗിരിയും സമാനാർത്ഥദ്യോതകങ്ങളുമാണല്ലോ. പള്ളി പുരാതനമായ ജൈന ബുദ്ധ ക്ഷേത്രങ്ങളെ സൂചിപ്പിയ്ക്കുന്നു എന്നത് സുവിദിതവുമാണ്. ഇങ്ങനെ സ്ഥലനാമ ചരിത്രം കൊണ്ടും കയ്യാണി കടവിനു ചുറ്റുമുള്ള പ്രദേശം ഒരു ജൈന സ്വാധീനമുള്ള പ്രദേശമായിരുന്നെന്നു തെളിയുന്നുണ്ട്.

ആലയ്ക്കാപ്പിള്ളിയിലെ ഒരു അതി പുരാതനമായ കിണർ. 
ഇവിടെ ഒരു ജൈനക്ഷേത്രമുണ്ടായിരുന്നതായി കരുതപ്പെടുന്നു

ആലയ്ക്കാപ്പിള്ളിയിൽ ഒരു പുരാതന ക്ഷേത്രം ഉണ്ടായിരുന്നോ എന്ന പേരിൽ മേലൂർ ന്യൂസിൽ മുമ്പൊരിയ്ക്കൽ ഒരു ലേഖനം ചേർത്തിരുന്നു.(കാണുന്നതിനു ക്ലിക്ക് ചെയ്യുക) ആ ക്ഷേത്രം ഒരു ജൈന ക്ഷേത്രമായിരിയ്ക്കാനുള്ള സാധ്യത അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോളത്തെ കണ്ടെത്തലിന്റെ സാഹചര്യത്തിൽ അതിനു ആക്കവും കൂടുന്നു. ആ ക്ഷേത്രത്തിനോടു ചേർന്ന് ഉണ്ടായിരുന്നതായി കരുതപ്പെടുന്ന അടിമുതൽ ഇഷ്ടിക കെട്ടിച്ച കിണർ പോലെ മറ്റൊന്നു മേലൂർ ഗ്രാമ പഞ്ചായത്തിലെങ്ങും കണ്ടിട്ടുമില്ല. ഏതാണ്ട് അതിനു സമാനമായ ഒന്ന് മലപ്പുറം ജില്ലയിലെ തിരുനാവായ്ക്കടുത്ത് ചാവേറുകളുടെ ശവം തള്ളുന്നതിനു ഉപയോഗിച്ചിരുന്ന മണിക്കിണർ ആണ്. അതാകട്ടെ ക്രിസ്ത്വബ്ദം പതിനാലാം നൂറ്റാണ്ടിലെങ്കിലും ഉള്ളതാണ്. ഇഷ്ടികകൾക്കിടയ്ക്ക് പ്രത്യക്ഷമായ യാതൊരു സിമന്റിംഗ് മറ്റീരിയലുകളും ദൃശ്യമല്ല എന്ന പ്രത്യേകത മണിക്കിണറ്റിലും ആലയ്ക്കാപ്പിള്ളിയിലെ കിണറ്റിലും പൊതുവായ പ്രത്യേകതയാണ്. അതിനാൽ ആലയ്ക്കാപ്പിള്ളിയിലെ ക്ഷേത്രത്തോടു ചേർന്ന കിണർ ക്രിസ്ത്വബ്ദം 12 മുതൽ 14 നൂറ്റാണ്ടുകൾക്ക് ഇടയിൽ പണിയിയ്ക്കപ്പെട്ടിരിയ്ക്കാൻ സാധ്യതയുണ്ട്.

തിരുനാവായിലെ മാമാങ്കവുമായി ബന്ധപ്പെട്ട മണിക്കിണർ
ആലയ്ക്കാപ്പിള്ളിയിൽ നിന്നും നമുക്ക് കയ്യാണിക്കടവിലേയ്ക്ക് തിരിച്ചെത്താം. രണ്ടാമത്തെ മുനിയറ കണ്ടെത്തിയതിൽ നിന്നും നൂറു മീറ്റർ മാത്രം പടിഞ്ഞാറു മാറി ഒരു വീടിനോടു ചേർന്ന് കക്കൂസയ്ക്കു കുഴിയെടുത്തപ്പോൾ അവിടെ ഒരു നന്നങ്ങാടി കണ്ടെത്തുകയുണ്ടായി. അതിനാൽ വീട്ടുകാർ ആ കുഴി ഉപയോഗിയാതെ അങ്ങനെ തന്നെ തുറന്നിട്ടിരിയ്ക്കുകയാണ്. കാലപ്പഴക്കം കൊണ്ട് അല്പം രൂപമാറ്റം സംഭവിച്ച നിലയിലുള്ളതും താരതമ്യേന കനം കുറഞ്ഞതുമാണ് ഇവിടെ കണ്ടെത്തിയ നന്നങ്ങാടി. ശവസംസ്കാരത്തിനു ശേഷമുള്ള അവശിഷ്ടങ്ങൾ സുക്ഷിയ്ക്കാനുള്ള നന്നങ്ങാടികളിൽ കനവും ഉറപ്പും കുറഞ്ഞതായതിനാൽ കുറേക്കൂടി പഴയതാകാൻ സാദ്ധ്യത കാണുന്നു. ക്രിസ്ത്വബ്ദം അഞ്ചാം നൂറ്റാണ്ടിലെയെങ്കിലുമായിരിയ്ക്കണം ഈ നന്നങ്ങാടി.

കയ്യാണിക്കടവിൽ കണ്ടെത്തിയ നന്നങ്ങാടിയുടെ ഭാഗം

കയ്യാണിക്കടവിലെ മുതിർന്ന ആളുകളോടു സംസാരിച്ചപ്പോൾ റബ്ബറിനു കുഴിയെടുക്കുമ്പോളും റോഡു വെട്ടുമ്പോളും മറ്റുമായി ഏതാണ്ട് അറുപതോളം നന്നങ്ങാടികൾ നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെന്നു വെളിവായി. അതിനാൽ ഇവിടങ്ങളിൽ ഇനിയും അനേകം നന്നങ്ങാടികൾ മണ്ണിൽ മറഞ്ഞു കിടപ്പുണ്ടാകുമെന്ന് ഉറപ്പാണ്. സമീപവാസികൾ കിണറും കുഴിയും മറ്റുമെടുക്കുമ്പോൾ ഇത്തരം അമൂല്യമായ ചരിത്രാവശിഷ്ടങ്ങളെ നശിപ്പിയ്ക്കരുതെന്നും സംരക്ഷിയ്ക്കണമെന്നും അപേക്ഷിയ്ക്കുന്നു.

തിരൂർ തുഞ്ചൻ പറമ്പ് മ്യൂസിയത്തിൽ സൂക്ഷിക്കുന്ന താരതമ്യേന പഴക്കം കുറഞ്ഞനന്നങ്ങാടി

മേലൂരിൽ കാലടിയിൽ നിന്നും പാലമുറിയിൽ നിന്നും മറ്റുമായി അനേകം നന്നങ്ങാടികൾ കിട്ടിയിട്ടുള്ള സാഹചര്യത്തിൽ ഇവിടെ മുഴുവൻ ഒരു ഹൈന്ദവ പൂർവ സംസ്കാരത്തോടു ആഭിമുഖ്യം പുലർത്തിയ ജനത പുരാതന കാലം മുതൽ അധിവസിച്ചിരുന്നു എന്നു വ്യക്തമാണല്ലോ.

കയ്യാണിക്കടവിൽ മുനിയറകൾ കണ്ട സ്ഥലങ്ങൾക്കിടയ്ക്കുള്ള പ്രദേശങ്ങൾ പരിശോധിച്ചതിൽ പലയിടത്തും പഴയ ശിലാപാളികൾ ചിതറി കിടക്കുന്നതായി കാണപ്പെട്ടു. നാട്ടുകാർ പലതും തങ്ങളുടെ ദൈന്യംദിനാവശ്യങ്ങൾക്കായി ഉപയോഗിയ്ക്കുന്നുമുണ്ടായിരുന്നു.


ഒരു പുരാതന ശിലയുടെ കഷണം

ഇതൊരു പിൽക്കാല ജൈന ക്ഷേത്രമായിരിയ്ക്കാമെന്നു കരുതുന്നു. പുഴക്കക്കരെ അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന മുനിപ്പാറയും അവിടത്തെ ജൈനാവശിഷ്ടങ്ങളും ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രം ജൈനക്ഷേത്രമായിരുന്നപ്പോളത്തെ അവരുടെ അധികാരാതിർത്തി ചാലക്കുടിയിലെ കിഴക്കേ പോട്ട വരെ വ്യാപിച്ചിരുന്നതും ആ ക്ഷേത്രത്തിന്റെ ആറാട്ട് ചാലക്കുടിയിലെ ആറാട്ടു കടവിൽ ഒന്നിടവിട്ട വർഷങ്ങളിൽ ഇപ്പോളും നടന്നു വരുന്നതും അക്കാലങ്ങളിലെ ജൈന സ്വാധീനം കാട്ടുന്നുണ്ട്. അതിനാൽ കയ്യാണിക്കടവിലേയും ആലയ്ക്കാപ്പിള്ളിയിലേയും ക്ഷേത്രങ്ങൾ അക്കാലത്തു നില നിന്നിരുന്നുവെന്നും ക്ഷേത്രാതിർത്തികൾ ചാലക്കുടി പട്ടണവും പഴയ പൂർണ്ണാനദിയായിരുന്ന ഇന്നത്തെ ചാലക്കുടി പുഴയും നിർണ്ണയിച്ചു എന്നും വരാവുന്നതാണ്.

മറ്റൊരു പുരാതന ശില

ശിലാവശിഷ്ടങ്ങളുടെ സ്വഭാവം വച്ചു നോക്കുമ്പോൾ അവ ക്രിസ്ത്വബ്ദം പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയ്ക്കു സ്ഥാപിയ്ക്കപ്പെട്ടവ ആണെന്നു തോന്നുന്നു. ആലയ്ക്കാപ്പിള്ളിയിലെ കിണറിന്റെ കാലവും ഇതുമായി ഒത്തു വരുന്നുണ്ട്.
മറ്റൊരു പുരാതന ശില


മറ്റൊരു പുരാതന ശില


മറ്റൊരു പുരാതന ശില


പുരാതന ശിലകൾ


പുരാതന ശിലകൾ


പുരാതന ശിലകൾ

പുരാതന ശിലകൾ


പുരാതന ശിലകൾ


പുരാതന ശിലകൾ

പുരാതന ശിലകൾ

മറ്റൊരു പുരാതന ശില

പുരാതന ശിലകൾ മുറിച്ച് മതിൽ പണിതിരിയ്ക്കുന്നു


  പുരാതന ശിലകൾ കിണറു പണിയ്ക്ക് ഉപയോഗിച്ചിരിയ്ക്കുന്നു

കിണറ്റിലെ പുരാതന ശിലകൾ


കിണറ്റിലെ പുരാതന ശിലകൾ

  കിണറ്റിലെ പുരാതന ശിലകൾ
ഇവയിൽ ശില്പവേലകൾ ഉണ്ടായിരുന്നുവോ?
മറ്റൊരു വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
ക്രിസ്ത്വബ്ദം പന്ത്രണ്ടാം നൂറ്റാണ്ടുകളിലേതെന്നു കരുതപ്പെടുന്ന പിണ്ടാണിയിലെ നശിച്ചു പോയ ചതുർബാഹു വിഷ്ണു ക്ഷേത്രവും കരിങ്കൽ ശിലകൾ കൊണ്ട് നിർമ്മിച്ചതും അവിടവിടെ കൊത്തുപണികൾ ഉള്ളതുമായിരുന്നു. അതിനാൽ സമാന കാലത്തു നിർമ്മിച്ച കയ്യാണി കടവിലെ ക്ഷേത്രത്തിലും  കൊത്തുപണികൾ ഉണ്ടായിരിയ്ക്കാൻ സാധ്യത ഏറെയുണ്ട്. പക്ഷേ കൊത്തു പണികൾ ഉണ്ടോ എന്നു സംശയം തോന്നാവുന്ന ഏതാനും ശിലകൾ കിട്ടിയിട്ടുണ്ടെങ്കിലും അത് സംശയാതീതമായി തെളിയിയ്ക്കുന്ന ശിലകൾ ഒന്നും ഇനിയും കണ്ടു കിട്ടിയിട്ടില്ല. പക്ഷേ എന്തായാലും ക്ഷേത്രത്തിലും നൂറ്റാണ്ടുകൾ പുരാതനമാണ് ആനയുടേയോ ശംഖിന്റേയോ എന്നു വ്യക്തമല്ലാത്ത പ്രതിഷ്ഠ എന്നു വ്യക്തമാണ്.

പുരാതന ശിലകൾ കൊണ്ട് അർദ്ധവൃത്താകൃതിയിലുള്ള പടവുകൾ



ഇതിലും ശില്പവേലകൾ ഉണ്ടായിരുന്നുവോ?
ഏ.ഡി. ഒമ്പതാം ശതകത്തിൽ നിലനിന്നിരുന്നതായി കരുതപ്പെടുന്ന നാമാവശേഷമായ പിണ്ടാണിയിലെ ചതുർബാഹു വിഷ്ണുക്ഷേത്രത്തിൽ ധാരാളം കൊത്തുപണികൾ ഉള്ള ശിലകൾ ഉണ്ടായിരുന്നതായും അമ്പതു വർഷം മുമ്പു വരേയും അവയിൽ പലതും ദൃശ്യമായിരുന്നതായും മുതിർന്നവരിൽ പലരും പറയുകയുണ്ടായിട്ടുണ്ട്. അതിനാൽ അതിനു ശേഷം കയ്യാണി കടവിൽ ഉണ്ടായ ക്ഷേത്രത്തിലും കൊത്തു പണികൾ ഉണ്ടായിരുന്നിരിയ്ക്കാം.
 പിണ്ടാണിയിലെ ചതുർബാഹു വിഷ്ണു ക്ഷേത്രത്തിന്റെ ഒരു ശിലയുടെ കൊത്തിയ ഭാഗം


 പിണ്ടാണിയിലെ ചതുർബാഹു വിഷ്ണു ക്ഷേത്രത്തിന്റെ ഒരു ശിലയുടെ മറു ഭാഗം

പിണ്ടാണിയിലെ ചതുർബാഹു വിഷ്ണു ക്ഷേത്രത്തിന്റെ ഒരു ബലിക്കല്ല് 
പിണ്ടാണി ശിവപാർവതി ക്ഷേത്രത്തിൽ ഉപയോഗിച്ചു വരുന്നത്


സമീപത്തെ ക്വാറിയിൽ നിന്നൊരു ദൃശ്യം

പ്രകൃതി തന്നെ മിനുസമായി പാറകൾ ലംബമായി മുറിച്ചു നൽകാവുന്നത്ര നല്ല ക്ലീവേജും ദുർബ്ബലരേഖകളും ഉള്ളതായിരുന്നു കയ്യാണി കടവിലെ പാറകൾ. അതു കൊണ്ടായിരിയ്ക്കണം മുനിയറകളും കുടക്കല്ലുകളും നന്നങ്ങാടികളും ക്ഷേത്രവും മറ്റുമടങ്ങുന്ന തുടർച്ചയായ നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന അവശിഷ്ടങ്ങൾ ഒരേയിടത്ത് ഒരുമിച്ചത്. തൊട്ടടുത്ത വളപ്പിലെ ക്വാറിയിലെ മുകളിൽ കൊടുത്ത ചിത്രത്തിലെ ഈ മിനുപ്പുള്ള ഭാഗം അതു തെളിയിയ്ക്കും.
ഈ നിർമ്മിതികൾ സാധിച്ചത് മനുഷ്യനോ പ്രകൃതിയോ?
അതുപോലെ തന്നെ പ്രാധാന്യമർഹിയ്ക്കുന്ന ഒന്നാണ് അവിടെ പലയിടഠുമായി കാണുന്ന ഭീമൻ ഉരുളൻ കല്ലുകൾ. ഇവ ചെറു ശിലകളുടെ മേൽ സ്ഥിതി ചെയ്യുന്നതായി കാണുന്നു. പക്ഷേ അവയിൽ ചിലതിനടിയിൽ ആ പാറകളിൽ നിന്നും തികച്ചും നിറം കൊണ്ടും ഘടന കൊണ്ടും വ്യത്യസ്തമായ ശിലാപാളികൾ കാണുന്നത്ത് അത്തരം ഭീമൻ ഉരുളൻ കല്ലുകൾ അവിടെ മനുഷ്യർ എടുത്തു വച്ചതാണോ എന്നു സംശയം തോന്നിപ്പിയ്ക്കുന്നു. എന്തോ സ്മരണയോ അടയാളമോ കാട്ടാനായിരിയ്ക്കുമോ അവ സ്ഥാപിച്ചിട്ടുള്ളത്. ഇതു വരെ നാം കാണാത്ത മുനിയറകളോളമോ അതിലധികമോ പഴക്കമുള്ള ശിലായുഗ സംസ്കാരാവശിഷ്ടങ്ങളായിരിയ്ക്കുമോ? കൂടുതൽ പഠനം അവ അർഹിയ്ക്കുന്നു. ചിലപ്പോൾ സാധാരണ കരികല്ലിൽ നിരന്തരമായി വെള്ളം ഇറ്റു വീണ് ആവിയായി പോയി അവശേഷിപ്പിച്ച ധാതുക്കളുടെ ആവരണമാണു അവയ്ക്ക് വെളുപ്പും നീലയും നിറം കൊടുത്തത് എങ്കിൽ തീർച്ചയായും അവ മനുഷ്യ സൃഷ്ടി ആയേക്കുകയില്ല. പക്ഷേ അവ വൻ വെള്ളാറം കല്ലുകൾ ആണെങ്കിൽ തീർച്ചയായും ഒരു ശിലായുഗാവശിഷ്ടങ്ങൾക്കരികിലാണ് നാം നിൽക്കുന്നത്.

പാറകളുടെ നിറത്തിലും ഘടനയിലുള്ള വ്യത്യാസം യാദൃശ്ചികതയോ?
പഠനം തുടരേണ്ടതുണ്ട്. വിവരങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അവർ ഈ മാസം സ്ഥലം പരിശോധിച്ചേക്കാം. നമുക്ക് പക്ഷേ അത്രയും കാത്തിരിയ്ക്കേണ്ടതില്ല. നമ്മുടെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിയ്ക്കാനുള്ള ഒരു അവബോധം ജനങ്ങളിൽ സൃഷ്ടിയ്ക്കാനുള്ള പ്രവർത്തനങ്ങൾ നമുക്ക് ആരംഭിയ്ക്കാം.










ശാസ്താവ്‌ ക്ഷേത്രം തിരുവുള്ളക്കാവ്



 ശാസ്താവ്‌  ക്ഷേത്രം തിരുവുള്ളക്കാവ്




​*വിദ്യാധിപനായി
“തപോധനാനാമവിതര്‍ക്കിതാഗ്രജ
പ്രഭാവ സംഭൂത സമുദ്രജോര്‍വിയില്‍…
സമസ്ത വിദ്യയ്ക്കൊരു ജന്മഭൂമിയായ്‌
സ്ഫുരിച്ചു നല്‍ പുരുവനം പുരാതനം!”
പരശുരാമന്‍ മഴുവെറിഞ്ഞ്‌ സൃഷ്ടിച്ച പുരാതന കേരളത്തിലെ 32 ഗ്രാമങ്ങളില്‍ നടുഭാഗമായ പെരുവനം ഗ്രാമത്തെ കുറിച്ചുള്ള ശ്ലോകമാണിത്‌. കിഴക്ക്‌ കുതിരാന്‍, പടിഞ്ഞാറ്‌ എടത്തിരുത്തി, തെക്ക്‌ ഊഴത്ത,‌ വടക്ക്‌ അകമല എന്നീ പ്രദേശങ്ങള്‍ അതിരുകളായുള്ള പെരുവനം ഗ്രാമത്തിന്റെ തലവന്‍ ഇരട്ടയപ്പന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പാര്‍വ്വതീസമേതനായ പരമശിവനാണ്‌. എങ്കിലും ഗ്രാമരക്ഷകനായി വിരാജിക്കുന്നത്‌ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ തന്നെയാണ്‌.
ഇരട്ടയപ്പന്റെ തിരുവുള്ളം കൈയ്യില്‍ വിരാജിക്കുന്ന ശാസ്താവ്‌ എന്ന പേര്‌ കാലക്രമേണ ലോപിച്ചാണ്‌ തിരുവുള്ളക്കാവ്‌ ശാസ്താവായി മാറിയതെന്ന്‌ വിശ്വാസം. ധര്‍മ്മാനുഷ്ഠാന നിരതരായ ഭക്തന്മാരെ രക്ഷിക്കാനും അധര്‍മ്മചാരികളായ ദുഃഷ്ടന്മാരെ ശിക്ഷിക്കാനും ജാഗരൂകനായി വേടരൂപം ധരിച്ച മൂര്‍ത്തിയാണ്‌ ശാസ്താവെങ്കിലും തിരുവുള്ളക്കാവിലെ സ്വയംഭൂവായ ശാസ്താവ്‌ ജ്ഞാനമൂര്‍ത്തിയായ വിദ്യാശാസ്താവാണ്‌.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കൊടുംകാടിനുള്ളില്‍ ശാസ്താവിന്റ അത്ഭുതകരമായ ചൈതന്യം ഒരു ശിലയില്‍ അനുഭവവേദ്യമായി എന്നാണ്‌ വിശ്വാസം. പുരാതന ക്ഷേത്രങ്ങള്‍ ഗംഭീര ആകാരങ്ങളും കോട്ടകള്‍പോലെ ബലിഷ്ഠങ്ങളുമായിരുന്നു. എന്നാല്‍ തിരുവുള്ളക്കാവ്‌ ഭൗതികമായി വളരെ മോടി കുറഞ്ഞ ഒന്നായിരുന്നു. വലിയ സുന്ദരമായ ബിംബത്തിനുപകരം നിലത്തുനിന്നും ഉയര്‍ന്ന്‌ കാണാന്‍ പോലും പ്രയാസമായ മൂന്ന്‌ ശിലകള്‍ മാത്രമാണുള്ളത്‌. കരിങ്കല്ലുകൊണ്ടുള്ള ദീര്‍ഘചതുരത്തിനുള്ളില്‍ ഒരു കുഴിയും അതിന്‌ നടുവില്‍ സ്വയംഭൂവായ ശിലയും മാത്രമാണ്‌ ഉള്ളത്‌. സാധാരണ ക്ഷേത്രങ്ങളില്‍ തന്ത്രിവര്യന്മാര്‍ വിപുലമായ കര്‍മ്മങ്ങളോടെ വിഗ്രഹത്തില്‍ ചൈതന്യം പ്രതിഷ്ഠിക്കുകയാണ്‌ പതിവ്‌. എന്നാല്‍ തിരുവുള്ളക്കാവില്‍ സ്വയംഭൂവായി ശിലയിന്മേല്‍ ശാസ്താവിന്റെ ചൈതന്യം സ്വയം പ്രകാശിതമാകുകയാണ്‌ ഉണ്ടായത്‌.
മോഹിനീ-ശിവ സംഗമത്തില്‍ പിറവിയെടുത്ത ശാസ്താവ്‌ നിത്യബ്രഹ്മചാരിയും, തപസ്വിയുമാണെന്നാണ്‌ പറയപ്പെടുക. എന്നാല്‍ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ പ്രഭ എന്ന പത്നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയാണ്‌ എന്നതാണ്‌ സങ്കല്‍പ്പം. അനേക നാളുകളോളം കാടിനുള്ളില്‍ മേല്‍ക്കൂരയില്ലാതെ മഴയും വെയിലുമേറ്റ്‌ ഉഗ്രരൂപിയായി ശാസ്താവ്‌ വസിച്ചുരുന്നുവത്രേ. അതുകൊണ്ട്‌ മഴനനയുന്ന ശാസ്താവിനെ ‘നനശാസ്താവ്‌’ എന്നും വിളിച്ചിരുന്നു. കലാന്തരങ്ങള്‍ക്കുശേഷം ശാസ്താവിന്റെ ഭക്തനും പണ്ഡിതശ്രേഷ്ഠനുമായ മഴമംഗലം നമ്പൂതിരിയാണ്‌ തിരുവുള്ളക്കാവ്‌ ക്ഷേത്രത്തത്തിന്‌ മേല്‍ക്കൂര നിര്‍മ്മിച്ച്‌ നല്‍കിയത്‌.
ഹൈന്ദവര്‍ സരസ്വതീദേവിയേയും ദക്ഷിണമൂര്‍ത്തിയേയുമാണ്‌ വിദ്യയുടെ അധിദേവതമാരായി കല-ശാസ്ത്രം എന്നിവയില്‍ പ്രാവണ്യം നേടുവാനായി ഉപാസിക്കാറുള്ളത്‌. എന്നാല്‍ തിരുവുള്ളക്കാവ്‌ ശാസ്താവ്‌ വിദ്യയുടെ ഉപാസകനായി മാറിയതിന്‌ പിന്നിലും വിശ്വാസങ്ങള്‍ ഏറെയാണ്‌. മന്ദബുദ്ധിയായ പട്ടത്ത്‌ വാസു ഭട്ടതിരിക്ക്‌ ശാസ്താവിന്റെ അനുഗ്രഹത്താല്‍ പാണ്ഡിത്യം കൈവന്നതുമൂലമാകാം പ്രാചീനകാലം മുതല്‍ തന്നെ ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തലിന്‌ ഇത്രയധികം പ്രാധാന്യം കൈവന്നത്‌.
ലോകസഞ്ചാരിയായ വില്വമംഗലം സ്വാമിയാര്‍, കവിയും പണ്ഡിതനുമായ മഴമംഗലം നമ്പൂതിരി, ഭക്തനായ എടപ്പലത്ത്‌ നമ്പൂതിരി എന്നിവര്‍ക്കും ശാസ്താവിന്റെ ദര്‍ശനം ഉണ്ടായിട്ടുണ്ടെന്നാണ്‌ വിശ്വാസം. വാസുഭട്ടതിരിക്കൊപ്പം ശാസ്താവിന്റെ അനുഗ്രഹം ലഭിച്ച്‌ പണ്ഡിതയായി മാറിയ വാരസ്യാരുടെ വംശപരമ്പരയ്ക്കാണ്‌ വിദ്യാരംഭത്തിന്‌ ക്ഷേത്രത്തില്‍ ഗുരുക്കന്മാരാകാനുള്ള അവകാശം. തിരുവുള്ളക്കാവ്‌ ക്ഷേത്രത്തില്‍ വെച്ച്‌ കുട്ടികളെ വിദ്യാരംഭം നടത്തുന്നത്‌ അവരുടെ ഭാവിശ്രേയസ്സിന്‌ ഉത്തമമായി കരുതി പോരുന്നു. ഈ ക്ഷേത്രത്തില്‍ വിദ്യാരംഭം നടത്തുന്ന കുട്ടികള്‍ പണ്ഡിതന്മാരായി മാറുമെന്നാണ്‌ വിശ്വാസം.
തിരുവുള്ളക്കാവിലെ വിദ്യാരംഭ ചടങ്ങുകള്‍ക്കും പ്രത്യേകതയുണ്ട്‌. എഴുത്തിനിരുത്താന്‍ വന്ന കുട്ടി നിലത്ത്‌ ചമ്രം പടിഞ്ഞിരിക്കണം. ഗുരുവായ വാര്യര്‍ അടുത്തിരുന്ന്‌ അക്ഷരമാല ചൊല്ലിക്കൊടുക്കുമ്പോള്‍ കുട്ടി അത്‌ ഏറ്റ്‌ ചൊല്ലും. തുടര്‍ന്ന്‌ വാര്യര്‍ ഒരു സ്വര്‍ണ്ണമോതിരം കൊണ്ട്‌ കുട്ടികളുടെ നാവിന്മേല്‍ അക്ഷരങ്ങള്‍ എഴുതും. കുട്ടിയുടെ മുമ്പില്‍ വെച്ചിട്ടുള്ള ഉരുളിയില്‍ ഉണക്കലരി പരത്തി കുട്ടിയുടെ കൈപിടിച്ച്‌ അരിയില്‍ അക്ഷരങ്ങള്‍ എഴുത്തിക്കും. തുടര്‍ന്ന്‌ അക്ഷരങ്ങള്‍ ചൊല്ലികൊടുക്കുന്നത്‌ കുട്ടി ഏറ്റ്‌ ചൊല്ലണം. എഴുതിയ അരി വീട്ടില്‍ കൊണ്ടുപോയി മൂന്നുദിവസം അതില്‍ എഴുതിയതിനുശേഷം പായസം ഉണ്ടാക്കി കഴിക്കും.
മഹാനവമി ദിവസവും മീനമാസത്തിലെ അത്തം നാളിലുമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്‌ നടത്താറുണ്ട്‌. ഭാരതത്തിലെ ഏറ്റവും വലിയ ദേവസംഗമമായ പെരുവനം – ആറാട്ടുപുഴ പൂരമഹോത്സവത്തില്‍ ശാസ്താവും പ്രധാന പങ്കാളിയാണ്‌. ദേവസംഗമത്തിന്‌ തുടക്കം കുറിക്കുന്ന കൊടിയേറ്റവും സമാപന ചടങ്ങായ കൊടികുത്തും നടക്കുന്നത്‌ ഈ ക്ഷേത്രത്തില്‍ തന്നെയാണ്‌. വിഷുദിനത്തിലെ വിഷുപൂരവും രാമായണമാസാചരണവും ഈ ക്ഷേത്രത്തില്‍ നടത്തിവരാറുള്ള മറ്റു പ്രധാന ചടങ്ങുകളാണ്‌.
അപ്പവും കദളിപ്പഴവും നെയ്‌വിളക്കുമാണ്‌ ശാസ്താവിന്റെ പ്രധാനപ്പെട്ട വഴിപാടുകള്‍. എല്ലാ ദുഃഖങ്ങളുടെയും മൂലകാരണം അജ്ഞാനമാണ്‌; ഭക്തരുടെ മനോവ്യഥയകറ്റുന്ന ഗ്രാമപരദേവതയായി സദാരക്ഷിക്കുന്ന ശാസ്താവ്‌ അറിവിന്റെ വെളിച്ചം നല്‍കി നമ്മെ നേര്‍വഴിയ്ക്ക്‌ നയിക്കാന്‍ അതീവ തല്‍പ്പരനായി ഇന്നും തിരുവുള്ളക്കാവില്‍ വിരാജിക്കുന്നു.

2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

ആറന്മുള കണ്ണാടി



ആറന്മുള കണ്ണാടി 

ആറന്മുള പെരുമയെ ലോകത്തിനു പരിചയപ്പെടുത്തുമ്പോള്‍ ആറന്മുള കണ്ണാടിക്കുള്ള സ്ഥാനം ചെറുതായി കാണാവുന്നതല്ല. വായനക്കാരില്‍ കൌതുകം ഉണര്‍ത്താന്‍ തക്ക എന്തോ ഒന്ന് അതിലുണ്ടെന്ന് പേരില്‍ തന്നെ വ്യക്തം. ഒരു കണ്ണാടിക്ക് മുന്നില്‍ ആറന്മുള എന്ന പേരു കൊത്തിയതുകൊണ്ടു മാത്രം അതിനെ ആറന്മുള കണ്ണാടി എന്നു വിളിക്കാന്‍ സാധിക്കുമോ? ഈ കണ്ണാടി പെരുമ വായിച്ചതിനു ശേഷം മാന്യ വായനാക്കാര്‍ അതു തീരുമാനിക്കുക.




കണ്ണാടി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ ഓരോരുത്തരുടേയും മനസില്‍ ഒരു രൂപം ഉണ്ട്. സ്പടിക പ്രതലത്തില്‍ രസം പൂശിയുണ്ടാക്കുന്ന മുഖം നോക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒന്ന്.
പല രൂപത്തിലും ഡിസൈനിലും ഉള്ള ഒന്നാന്തരം കണ്ണാടികള്‍ വിപണിയില്‍ ലഭ്യമാകുമ്പോള്‍ ആറന്മുള എന്ന കുഗ്രാമത്തില്‍ ഉണ്ടാക്കുന്ന കണ്ണാടിക്കു മാത്രം എന്തേ ഇത്ര പ്രത്യേകത എന്നു സംശയിക്കുന്നുണ്ടെങ്കില്‍ ആറന്മുള കണ്ണാടിയുടെ സവിശേഷത അറിയില്ലെന്നു വ്യക്തം.




ആറന്മുളയില്‍ പരമ്പരാഗതമായി നിര്‍മ്മിച്ചു വരുന്ന കണ്ണാടിയാണ് ആറന്മുളക്കണ്ണാടി. ലോകത്തിന് മുന്നില്‍ കേരളത്തിന്റെ പാരമ്പര്യ കലയുടെ നേര്‍ കണ്ണാടി. സംസ്കാരത്തിന്റേയും, പാരമ്പര്യ കലയുടെയും രസക്കൂട്ട്.
കേരളത്തിന്റെ മഹത്തായ ലോഹസങ്കലനവിദ്യയുടെ മകുടോദാഹരണം .കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്ന്. അങ്ങനെ വിശേഷണങ്ങള്‍ അവസാനിക്കുന്നില്ല.

പ്രത്യേകത

രസം ഉപയോഗിച്ചുണ്ടാക്കുന്ന ദര്‍പ്പണങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടില്‍ ആണ്‌ ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നത്. ആറന്മുളയുടെ തനിമ വെളിവാക്കുന്ന ആറന്മു ളക്കണ്ണാടി പ്രത്യേകതരം ലോഹക്കൂട്ടുകളാലാണ്‌ തയാറാക്കുന്നത്‌. ചില്ലിന്‍റെ ഒരു വശത്ത് മെര്‍ക്കുറിയോ മറ്റ് രാസവസ്തുക്കളോ പൂശി അതില്‍ പതിക്കുന്ന പ്രകാശമെല്ലാം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ക്രമീകരിച്ചാണ് സാധാരണ കണ്ണാടികള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ആറന്മുള കണ്ണാടി അങ്ങനെയല്ല. ചില പ്രത്യേക ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ മൂശയില്‍ ഉരുക്കി വാര്‍ത്തെടുക്കുന്നതാണ് അത്. ഒരു ചെറിയ പോറല്‍ പോലുമില്ലാതെ ലോഹക്കൂട്ടില്‍ വാര്‍ത്തെടുക്കുന്ന തകിട് ചില്ലുകണ്ണാടിയേക്കാള്‍ തിളങ്ങി നില്‍ക്കും. അപൂര്‍വ്വലോഹക്കൂട്ടാലുള്ള ആറന്മുള കണ്ണാടി കാലപ്പഴക്കം കൊണ്ടും മറ്റും യാതൊരു കേടും സംഭവിക്കാതെ നാളുകളോളം നിലനില്‍ക്കും. സാധാരണ ദര്‍പ്പണങ്ങളെ പ്രതിഫലിപ്പിക്കുന്നത് പുറകില്‍ പൂശിയിരിക്കുന്ന രസത്തിന്റെ പ്രതലമാകുമ്പോള്‍ ആറന്മുള കണ്ണാടിയെ പ്രതിഫലിപ്പിക്കുന്നത് അതിന്റെ മിനുക്കി എടുത്ത മേല്‍ പ്രതലം തന്നെയാണ്. ആറന്മുള കണ്ണാടി പൂര്‍ണമായും മനുഷ്യ നിര്‍മ്മിതമാണ്. ഇതില്‍ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ഒരു ശതമാനം പോലും ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.



ആറന്മുള പെരുമയില്‍ മറ്റെന്തിനേയും പോലെ ആറന്മുളകണ്ണാടിക്കും ഒരു ചെറിയ ക്ഷേത്ര ബന്ധം ഉണ്ട്. തിരുവാറന്മുളയപ്പന് (ആറന്മുള പാര്‍ത്ഥസാരഥിക്ക്) മുഖം നോക്കാനുപയോഗിക്കുന്ന കണ്ണാടിയാണിതെന്നാണ് ആറന്മുള കണ്ണാടിയുടെ പിന്നിലെ ഐതീഹ്യം.

നിര്‍മ്മാതാക്കള്‍.

ആറന്മുളയിലെ പാരമ്പര്യ ലോഹവാര്‍പ്പുകാരായ ചില കുടുംബങ്ങള്‍ക്കു മാത്രമാണ് ഇന്ന് ആറന്മുള കണ്ണാടിയുടെ കൂട്ടിന്‍റെ രഹസ്യം അറിയാവുന്നത്. ആറു തലമുറകള്‍ മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ കുലത്തില്‍പെട്ടവരാണ് ആറന്മുള കണ്ണാടിയുടെ ഉപഞ്ജാതാക്കള്‍‍ എന്നു കരുതപ്പെടുന്നു. ലോഹപ്പുരയില്‍ പണിയെടുക്കുന്ന എല്ലാവര്‍ക്കം ഇതിന്‍റെ കൂട്ട് പറഞ്ഞുകൊടുക്കില്ല. ആലക്ക് നേതുത്വം നല്‍കുന്ന മൂത്താശാരിമാരുടെ രഹസ്യമായിരിക്കും ഈ കണ്ണാടിയുടെ ലോഹക്കൂട്ട്. തങ്ങളുടെ അനന്തര അവകാശിയായി യോഗ്യനെന്ന് തോന്നുന്ന ആള്‍ക്ക് മരണസമയത്താണ് ഈ രഹസ്യക്കൂട്ട് പറഞ്ഞുകൊടുക്കുക.



ആറന്മുളയുടെ സ്വന്തം ബ്രാന്‍ഡാണു ആറന്മുള കണ്ണാടി. അമൂല്യമായ ഈ പൈത്രിക സ്വത്ത്‌ സംരക്ഷിച്ചു നിലനിര്‍ത്തുന്ന 7 കുടുംബങ്ങള്‍ ഇവിടെയുണ്ട്‌. കണ്ണാടി നിര്‍മ്മാണവും വിപണനവും പുതുകാലത്തിനു അനുയോജ്യമായ നിലയില്‍ നടത്തുന്നതിനു ഇവരുടെ സഹകരണമാണു ഏറെ സഹായകമാവുന്നത്‌. അമൂല്യ വസ്തുവായി കേരളത്തിന്‍റെ വിശേഷ ഉത്പ്പന്നമായി ആറന്മുള കണ്ണാടിയെ വിശേഷിപ്പിക്കാം.

നിര്‍മ്മാണ രീതി

നിര്‍മ്മാണത്തിനു വേണ്ട അച്ച് ഉണ്ടാക്കുന്നത് ആറന്മുളയിലും സമീപ പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളില്‍ നിന്നും ശേഖരിക്കുന്ന കളിമണ്ണുകൊണ്ടാണ്. പരമ്പരാഗത ഓട്ടു പാത്ര നിര്‍മ്മാണരീതി തന്നെയാണ് ഇവിടെയും അവലംബിക്കുന്നത്. ക്ഷമയോടെയുള്ള നിര്‍മ്മാണ രീതിയിലും 60% ത്തോളം കണ്ണാടിക്കു വേണ്ട ലോഹക്കൂട്ടും നഷ്ടപ്പെടുകയാണ് പതിവ്. കണ്ണാടി നിര്‍മ്മാണത്തിനു മുന്നോടിയായി ഏകദേശം ഒന്‍പത് കിലോ ഉരുകിയ ലോഹ സങ്കരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വൃത്താകൃതിയുള്ള കഴുത്തിറുക്കമുള്ള ഒരു പാത്രം ഇരുമ്പില്‍ നിര്‍മ്മിക്കുന്നു. ഇതിനെ കോവ എന്ന പേരില്‍ അറിയപ്പെടുന്നു. ചെമ്പ്, ഈയം, നാഗം എന്നിവയുടെ ചെറു നുറുങ്ങുകള്‍ ഒരു പ്രത്യേക അനുപാതത്തില്‍ ഇതിലേക്ക് ഇടുന്നു. പിന്നീട് കോവയുടെ വായ് ഭാഗം കളിമണ്ണാല്‍ അടക്കുന്നു. അതിനു ശേഷം ഈ കളിമണ്‍ മൂടിയില്‍ രണ്ട് സമാന ദ്വാരങ്ങള്‍ ഇടുന്നു. ഉരുകിയ ലോഹസങ്കരത്തെ പുറത്തെടുകാനാണ് ഈ ദ്വാരങ്ങള്‍.



ലോഹ നുറുങ്ങുകള്‍ അടങ്ങിയ കോവയെ പിന്നീട് കരിയും തൊണ്ടും നിറച്ച് കത്തിച്ച അടുപ്പിലേക്ക് മാറ്റുന്നു. ഈ മിശ്രിതത്തെ ഏതാണ് 400 ഡിഗ്രിയില്‍ ചൂടാക്കുന്നു. ഉരുകിയ മിശ്രിതത്തെ നിരപ്പായ സധാരണ നിലത്തേക്ക് തന്നെ ഒഴുക്കുന്നു. നിലത്ത് ഒഴുക്കി തണുപ്പിച്ച ലോഹക്കൂട്ടിനെ ഒരു വലിയ ചുട്ടിക ഉപയോഗിച്ച് വീണ്ടും നുറുങ്ങുകളാക്കുന്നു. പിന്നീട് ഈ ലോഹക്കൂട്ടിനെ വിദഗ്ദമായി പരിശോധിച്ച് ഗുണം വിലയിരുത്തുന്നു. കൂട്ട് ഗുണസമ്പന്നമാണെങ്കില്‍ അതിനെ വീണ്ടും കോവയിലേക്ക് മാറ്റി മുന്‍പ് ചെയ്ത രീതിയില്‍ വീണ്ടും ഉരുക്കുന്നു. ഗുണത്തില്‍ കുറവുള്ളതായി കണ്ടാല്‍ അതിലേക്ക് കൂടുതല്‍ ലോഹ നുറുങ്ങുകള്‍ (ചെമ്പ്, ഈയം,നാ‍ഗം) ചേര്‍ത്ത് വീണ്ടും ഉരുക്കും. ഇപ്പോള്‍ ഉരുകി തയ്യാറായ ലോഹമിശ്രിതത്തെ മുന്‍പേ തയ്യാറാക്കി വച്ച അച്ചിലേക്ക് ഒഴുക്കുന്നു. പിന്നെ ഈ മിശ്രിതത്തെ അച്ചിലിരുന്നു തണുക്കാന്‍ അനുവദിക്കുന്നു.

തണുത്ത മിശ്രിതത്തിനു ചുറ്റുമുള്ള കളിമണ്‍ അച്ചിനെ ഉള്ളിലുള്ള ലോഹസങ്കരത്തിന് ഉടവു തട്ടാതെ പൊട്ടിച്ചെടുക്കുന്നു. ഉരുക്കി കിട്ടിയ ലോഹ സങ്കരം പിന്നീട് നന്നായി വെന്ത് ഭസ്മമായ കളിമണ്ണും, നല്ലെണ്ണയും, ചണവും കൂട്ടിയിളക്കിയ മിശ്രിതം ഉപയോഗിച്ച് മിനുക്കലിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നു. രണ്ടാം ഘട്ടമായി കോട്ടണ്‍ തുണി ഉപയോഗിച്ച് പലവുരു ഉരക്കുന്നു. മൂന്നാം ഘട്ടമായി വെല്‍‌വെറ്റ് ഉപയോഗിച്ച് ഉരക്കുന്നു. ഉരക്കുന്തോറും വെല്‍‌വെറ്റിലേക്ക് നിര്‍മ്മാണ വേളയില്‍ ഉപയോഗിച്ച നല്ലെണ്ണ ആഗിരണം ചെയ്യപ്പെടുന്നു. എണ്ണ നിറഞ്ഞ വെല്‍‌വെറ്റ് മാറി ഉണങ്ങിയ വെല്‍‌വെറ്റ് ഉപയോഗിച്ച് കൂടുതല്‍ ഉരക്കുന്നു. എതാണ്ട് എണ്ണമയം പൂര്‍ണമായി തുടച്ചു മാറ്റപ്പെടുമ്പോള്‍ അവസാന പ്രക്രിയ എന്നവണ്ണം വെല്‍‌വെറ്റ് ഒരു നിരന്ന പ്രതലത്തില്‍ ഉറപ്പിക്കുന്നു. പിന്നീട് കണ്ണാടിയുടെ തിളക്കമില്ലാത്ത വശത്ത് അതെ നീളവും വീതിയുമുള്ള ഒരു തടി കഷണം ഉറപ്പിച്ച് വെല്‍‌വെറ്റിനു മേലെയായി ഒരേ വശത്തേക്ക് ഉരക്കുന്നു. കണ്ണാടിക്ക് അതിന്റെ ഏറ്റവും ഉദാത്തമായ തിളക്കം ഉണ്ടായി എന്ന് ഉറപ്പായി കഴിഞ്ഞാല്‍ ചെറു ചൂടു കൊടുത്ത് പുറകില്‍ ഒട്ടിച്ച തടി കഷ്ണത്തെ വേര്‍‌പെടുത്തുന്നു. കണ്ണാടി എന്നത് അതിദര്‍പ്പണ സ്വഭാവമുള്ള ഒരു പ്രതലമായതുകൊണ്ട്, സധാരണ രസക്കൂട്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന കണ്ണാടിക്കൊപ്പം തിളക്കം ഉണ്ടാവാന്‍ ആറന്മുളകണ്ണാടിയുടെ ലോഹക്കൂട്ടില്‍ മേല്‍ പറഞ്ഞ പോലെ പലഘട്ടങ്ങളായി പലവുരു മിനുക്കേണ്ടി വരും. ഈ മിനുക്കല്‍ പ്രക്രിയ ചില അവസരങ്ങളില്‍ തുടര്‍ച്ചയായി നാലും അഞ്ചും ദിവസം നീണ്ടു നില്‍ക്കുകയും ചെയ്യും. മൂശാരിയുടെ മനസില്‍ ത്രിപ്തി വരും വരെ മിനുക്കല്‍ തുടരുന്നു. പിന്നീട് മുന്‍‌കൂട്ടി തയ്യാറാക്കി വച്ച ഓട്ടു ചട്ടത്തില്‍ ഉറപ്പിക്കുകയും ആവശ്യക്കാരന് കൈമാറുകയും ചെയ്യുന്നു.



ആറന്മുളയിലും പരിസരങ്ങളിലും നിന്നു കിട്ടുന്ന സാധങ്ങള്‍ മാത്രമാണ് ആറന്മുളകണ്ണാടിക്ക് ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇത് 100% കേരളീയന്‍ അല്ലെങ്കില്‍ ആറന്മുളയന്‍ ആണെന്ന് അവകാശപ്പെടാം. കളിമണ്ണ് ആറന്മുളയിലും പരിസരത്തുമുള്ള പാടങ്ങളില്‍ നിന്നും ശേഖരിക്കുന്നു. ചെമ്പ്, ഈയം, ഓട് എന്നീ ലോഹങ്ങള്‍ ആറന്മുളക്കടുത്തുള്ള മാന്നാര്‍ എന്ന സ്ഥലത്തു നിന്നും ശേഖരിക്കുന്നു.


എന്തുകൊണ്ട് വിലക്കൂടുതല്‍

സാധാരണ കണ്ണാടികളെ അപേക്ഷിച്ച് ആറന്മുള കണ്ണാടി വളരെ വിലക്കൂടിയതാണ്. കൈവെള്ളയില്‍ ഒതുങ്ങുന്ന വളരെ ചെറിയ ഒരു കണ്ണാടിക്ക് 500 രൂപാ വിലവരും. ഇരുപതിനായിരവും, മുപ്പതിനായിരവും വില വരുന്ന ആറന്മുളകണ്ണാടിക്ക് ഒരു പക്ഷെ നമ്മുടെ വീടുകളില്‍ കാണുന്ന സാധാരണ സ്പടിക കണ്ണാടിയുടെ അത്ര പോലും വില വരില്ല എന്നത് അത്ര അത്ഭുതകരമായ കാര്യമല്ല.



എന്തുകൊണ്ട് ആറന്മുള കണ്ണാടി ഇത്ര വിലക്കൂടിയതായി എന്ന ചോദ്യത്തിന് ഉത്തരം ഒന്നുമാത്രം. അതിന്റെ നിര്‍മ്മാണ ചിലവ്. സമയത്തിനൊപ്പം ക്ഷമയും വേണ്ട നിര്‍മ്മാണരിതിയാണിതിനു വേണ്ടത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കണ്ടുപിടിച്ച അതേ നിര്‍മ്മാണ രിതി ഇന്നും പിന്തുടര്‍ന്നു പോരുന്നു. ആറന്മുള കണ്ണാടി നിര്‍മ്മാണം കച്ചവടത്തിനുപരി ഒരു അനുഷ്ടാനമണ്. കേരളത്തിന്റെ തനതു പാരമ്പര്യ തൊഴില്‍ വ്യവസായങ്ങളെ നാമാവിശേഷമാക്കിയ യന്ത്രങ്ങളുടെ സാന്നിദ്ധ്യം ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഉപയോഗിക്കുന്നില്ല എന്നതാണ് സവിശേഷത. ഒരു കണ്ണാടി നിര്‍മ്മിക്കുന്നതിന് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വേണ്ടി വരും. അതെ പോലെ കുറഞ്ഞത് അഞ്ച് കണ്ണാടികള്‍ എങ്കിലും നിര്‍മ്മിച്ചാലെ എല്ലാ നിര്‍മ്മാണ കുറ്റങ്ങളും തീര്‍ന്ന വില്‍പ്പനക്ക് അനുയോജ്യമായ ഒന്ന് ലഭിക്കുകയുള്ളു. ആറന്മുള കണ്ണാടിയുടെ വില അതിന് മുശാരി നല്‍കുന്ന ബുദ്ധി,ശാരീരിക ക്ഷമത, ക്ഷമ, സഹന‍ശക്തി, ആത്മാര്‍ത്ഥത എന്നിവയുടെ ആകെ തുകയാണെന്ന് മനസിലാകുമ്പോള്‍ അതിന്റെ വിലയെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല.

എങ്ങനെ തിരിച്ചറിയാം

കൈ വിരലിനാല്‍ ആറന്മുള കണ്ണാടിയുടെ മുകളില്‍ തൊടുക, അതിനു ശേഷം കണ്ണാടിയില്‍ കാണുന്ന പ്രതിബിബത്തെ വീക്ഷിക്കുക. യദാര്‍ത്ഥ ആറന്മുള കണ്ണാടിയില്‍യില്‍ വിരലും കണ്ണാടിയില്‍ പ്രതിബിബിക്കുന്ന വിരലും തമ്മിലുള്ള അകലം പൂജ്യം ആയിരിക്കും. ഒരു ആറന്മുള കണ്ണാടി കൈവശപ്പെടുത്തിയാല്‍ ആദ്യം ഈ പരീക്ഷണം തീര്‍ച്ചയായും ചെയ്തു നോക്കണം, അങ്ങനെ നിങ്ങളുടെ കണ്ണാടി യദാര്‍ത്ഥ ആറന്മുള കണ്ണാടി ആണെന്ന് ഉറപ്പു വരുത്താം.


കണ്ണാടി പെരുമ

പെണ്‍കൊടിക്ക് അണിഞ്ഞൊരുങ്ങാന്‍ ‍സ്വര്‍ണ്ണവും കണ്‍മഷിയും കുങ്കുമവും ചന്ദനവും മാത്രം പോര, ആറന്മുള വാല്‍ക്കണ്ണാടിയും വേണമെന്നതായിരുന്നു പണ്ടത്തെ തറവാടുകളിലെ നിഷ്ട. അടയാഭരണങ്ങളേക്കാള്‍ വിലപ്പെട്ടതായിരുന്നു ആറന്മുള വാല്‍ക്കണ്ണാടി. പണ്ടത്തെ ഈ പ്രതാപത്തിന് ഇപ്പോഴും ഒരു കോട്ടവും പറ്റിയിട്ടില്ല, ഇന്നും കേരളത്തിലെ ഏറ്റവും വിശിഷ്ട ഉത്പ്പന്നങ്ങളിലൊന്നാണ് ആറന്മുള കണ്ണാടി. മദ്ധ്യതിരുവിതാംകൂറില്‍ വിഷുക്കണിയിലെ പ്രധാന ഇനം കൂടിയാണിത്. വിവാഹം പോലെ പ്രധാന ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന അഷ്ടമംഗല്യക്കാഴച്ചയിലെ പ്രധാന ഇനവും ആറന്മുള കണ്ണാടി തന്നെ. വാസ്തു ശാസ്ത്ര പ്രകാരം ആറന്മുള കണ്ണാടി വയ്ക്കുന്ന വീടുകളില്‍ സൌഭാഗ്യവും, പ്രശസ്തിയും, പണവും വന്നു ചേരുമെന്ന് പരകെ വിശ്വസിക്കപ്പെടുന്നു. ആറന്മുളയപ്പന്റെ പ്രതിരൂപം എന്ന നിലയില്‍ പൂജാ മുറികളിലും ഇതു ഉപയോഗിക്കപ്പെടുന്നു.

കേരളത്തിലെ മാത്രമല്ല, ലോകത്തിന്‍റെ എല്ലാ ഭാഗത്തും ആറന്മുള കണ്ണാടിയുടെ പ്രശസ്തിയും പ്രതാപവും പരന്നുകഴിഞ്ഞു. കേരളത്തിന്‍റെ ലോഹശില്‍പ്പകലയുടെ മഹിമ വിളിച്ചോതുന്ന ആറന്മുള കണ്ണാടിക്ക് ഇന്ന് ലോകവിപണിയില്‍ നമ്പര്‍ വണ്‍ സ്ഥാനമാണ് ഉള്ളത്. പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ കേരളീയ ഉല്‍പന്നമെന്ന ഖ്യാതി ആറന്മുള കണ്ണാടിക്കു ലഭിക്കും. ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ വിഭാഗത്തിലാണ് ആറന്മുളക്ക് പേറ്റന്റു ലഭിക്കുക.‍ വിദേശസഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ട കരകൗശലവസ്‌തുക്കളില്‍ ഒന്നാണിത്‌.


കാവടിയാട്ടം | Kavadiyattam



കാവടിയാട്ടം | Kavadiyattam 

തൈപ്പൂയ കാവടിയാട്ടം തങ്കമയില്‍ പീലിയാട്ടം
മനസ്സിലെ അമ്പലത്തില്‍ തേരോട്ടം
മാരമഹോത്സവത്തിന്‍ തേരൊട്ടം.



ശ്രീകുമാരന്‍ തമ്പി രചിച്ച്, ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന ഈ ഗാനം കേള്‍ക്കാത്തവരെമലയാളികള്‍ എന്ന് വിളിക്കുക തന്നെ പ്രയാസം. അത്ര പ്രശസ്തമായ ഈ നാലു വരികളിലൂടെകാവടിയാട്ടം” എന്ന ക്ഷേത്രകലയുടെ മനോഹാരിത അതു നേരിട്ടനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് പോലുംഅഭിനവേദ്യമാകുന്ന ഒന്നാക്കി തീര്‍ത്തു ശ്രീകുമാരന്‍ തമ്പി. യദാര്‍ത്ഥത്തില്‍ ഇന്ന് “കാവടിയാട്ടം” എന്നക്ഷേത്രകലയെ കുറിച്ച് എഴുതാന്‍ എന്തുകൊണ്ടും യോഗ്യതയുള്ളത് ഹരിപ്പാടു നിവാസിയായശ്രീകുമാരന്‍‌തമ്പിക്കു മാത്രമാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. കേരളത്തില്‍ ഇന്ന്കാവടിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിനാണന്നതാണ് അതിന് കാരണം. കാവടിയാട്ടത്തെ കുറിച്ച് നാലു വരി എഴുതാന്‍ എനിക്ക്പ്രചോദനമായത് അദ്ധേഹത്തിന്റെ മേല്‍ പറഞ്ഞ പാട്ടായതിനാല്‍ ആദ്യമായി അദ്ധേഹത്തിന് എന്റെനന്ദി അറിയിക്കട്ടെ.

കാവടിയാട്ടത്തിനു പിന്നിലെ വിശ്വാസം

പ്രധാനമായും തൈപ്പൂയത്തിനാണ് കാവടിയാട്ടം നടക്കുക. തൊണ്ണൂറു ശതമാനവും സുബ്രഹ്മണ്യക്ഷേത്രങ്ങളാവു ഈ ക്ഷേത്ര കലക്ക് വേദിയാവുക. എങ്കിലും മദ്ധ്യതിരുവിതാംകൂറില്‍ ശാസ്താ, ദേവി, ശിവക്ഷേത്രങ്ങളില്‍ തുടങ്ങി ദേവ സങ്കല്‍പ്പത്തിന്ന് അതീതമായി എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്രഉത്സവങ്ങളോട് അനുബന്ധിച്ച് കാവടിയാട്ടം കൊണ്ടാടുന്നതായി കാണപ്പെടുന്നു.

മകരമാസത്തിലെ പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനുംദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. സുബ്രഹ്മണ്യന്‍ താരകാസുരനെ യുദ്ധത്തില്‍ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌മകരമാസത്തിലെ പൂയം നാള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. താരകാസുരന്‍ ദേവലോകത്തെ ജീവിതംദുസ്സഹമാക്കിയപ്പോള്‍ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെയാണ്‌ ഭഗവാന്‍ അയയ്ക്കുന്നത്‌.പന്ത്രണ്ട്‌ആയുധങ്ങളുമായായിരുന്നു സുബ്രഹ്മണ്യന്റെ യാത്ര. അസുരനെ വധിച്ച്‌ സുബ്രഹ്മണ്യദേവന്‍ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ നാളിന്റെ സ്മരണയ്ക്കാണ്‌ തൈപ്പൂയാഘോഷം. വിജയംവരിച്ചു വന്ന സുബ്രഹ്മണ്യസ്വാമിക്കുളള സമര്‍പ്പണമാണ്‌ കാവടിയാട്ടം.


കേരളത്തിനു പുറത്ത് തൈപ്പൂയം കൊണ്ടാടുന്ന പ്രധാന ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രസിദ്ധങ്ങളായപളനിയും, മധുരയുമാണ്. കേരളത്തില്‍ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെറിയനാട്സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവയാണ്.

കാവടി വ്രതം

കാവടിയാട്ടം നാല്പത്തിയൊന്നു ദിവസത്തെ കഠിനവ്രതത്തോടു കൂടിയതും പ്രസിദ്ധവുംപ്രത്യേകതയുള്ളതുമായ വഴിപാടാണ്. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കര്‍പ്പൂരം, എന്നിവയിലേതെങ്കിലും വ്രതശുദ്ധിയിലുള്ള ഭക്തന്മാരുടെ കാവടിയില്‍ നിറയ്ക്കുന്നു. എങ്കിലുംപനിനീര്‍,പാല്‍ക്കാവടികളാണ് ഏറ്റവും പ്രധാനം. തൈപ്പൂയം നാളില്‍ കാലത്ത് വാദ്യമേളങ്ങളുടെഅകമ്പടിയോടെ തുള്ളി വരുന്ന കാവടികള്‍ മദ്ധ്യാഹ്നത്തോടെ ക്ഷേത്രത്തിലേക്ക് ആടിയെത്തും. വ്രതഭംഗം വന്നിട്ടില്ലെങ്കില്‍ അഭിഷേകത്തിനായി കാവടിയില്‍ നിറയ്ക്കുന്ന ദ്രവ്യം കേടുകൂടാതെയും പാല്‍പിരിയാതെയും ശുദ്ധമായിരിക്കുമെന്നുള്ളതുമാണ് വിശ്വാസം. ശുദ്ധ കാവടി ദ്രവ്യങ്ങള്‍ മാത്രമേഅഭിഷേകം നടത്താറുള്ളൂ. ദ്രവ്യം കേടുവന്നുവെന്നാല്‍ കാവടിഭക്തന്റെ വ്രതശുദ്ധിക്ക് ഭംഗം വന്നതായിമനസ്സിലാക്കി ഈശ്വരകോപപരിഹാരാര്‍ത്ഥം പിന്നാണ്ടിലെ കാവടിക്ക് വ്രതം നോക്കി ശുദ്ധകാവടിയാടി തീര്‍ക്കേണ്ടതുമാണ്. കാവടി വ്രതത്തിന്റെ ഭാഗമായി ഭക്തന്മാര്‍ പൂയം നാളിന് 10 ദിവസത്തോളം മുന്നേതന്നെ താമസം ക്ഷേത്രത്തിലേക്കും ക്ഷേത്ര ശുദ്ധിയുള്ള മറ്റിടങ്ങളിലേക്കുംമാറ്റുകയും പാപനാശനാര്‍ത്ഥം നാടുനീളെ വ്രതഭിക്ഷയെടുക്കുന്നതും കാവടി വ്രതത്തിന്റെ ഭാഗമാണ്.


കാവടി വ്രതം ആരംഭിക്കുന്നതിനു മുന്നോടിയായി ഭക്തര്‍ പ്രസ്ഥുത ക്ഷേത്രത്തില്‍ പൂജിച്ച രുദ്രാക്ഷമോ, തുളസിയോ കെട്ടിയ മാല മുദ്രയായി കഴുത്തില്‍ അണിയുന്നു. വ്രതം തുടങ്ങുന്ന ആദ്യ ദിനം മുതല്‍കാവിയോ, മഞ്ഞയോ നിറത്തിലുള്ള മുണ്ടുകള്‍ മാത്രമേ ധരിക്കാവൂ എന്നും ആചാരം നിഷ്കര്‍ഷിക്കുന്നു. പാദരക്ഷകള്‍, മേല്‍ വസ്ത്രം ധരിക്കാന്‍ എന്നിവ പാടില്ല എന്നും, ദേശം വിട്ട് യാത്രകള്‍ പാടില്ല എന്നുംനിഷ്കര്‍ഷിക്കുന്നു. വ്രത കാലത്ത് മുടി, താടി രോമം, നഖം എന്നിവ മുറിക്കാന്‍ പാടില്ല എന്ന് ശഠിക്കുന്നു. മിതമായ സസ്യ ഭക്ഷണം നിഷ്കര്‍ഷിക്കുമ്പോള്‍ മദ്യം, മയക്കു മരുന്നുകള്‍ സ്ത്രീ സംസര്‍ഗം എന്നിവപൂര്‍ണമായും ഒഴിവാക്കി എല്ലാ ലൌകീക സുഖങ്ങളും ത്വജിച്ച് നാല്‍പ്പത്തി ഒന്നു നാള്‍ പരിപൂര്‍ണമായിഭഗവത് ഭക്തനാണെന്ന് ഉറപ്പു വരുത്തുന്നു.


കാവടിയുടെ പ്രധാന ഭാഗങ്ങള്‍

രൂപ ഭംഗി കൊണ്ട് ആകര്‍ഷകമായ കാവടിക്ക് പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് ഉള്ളത്. എന്നാല്‍പളനിയിലെയും ,മധുരയിലേയും കാവടികള്‍ക്ക് നാല് ഭാഗങ്ങള്‍ മാത്രമേ ഉള്ളൂ. തടയില്‍ തീര്‍ത്തഭാഗമാണ് പ്രധാന ഭാഗത്തെ കാവടിക്കാല്‍ എന്നറിയപ്പെടുന്നു. ഇത് പ്ലാവ്, തേക്ക്, ഈട്ടിഎന്നിങ്ങനെയുള്ള തടികളില്‍ തീര്‍ത്ത് വര്‍ഷങ്ങളോളം കേട് കൂടാതെ ഉപയോഗിക്കുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഹിന്ദു ഭവനങ്ങളില്‍ തടിയില്‍ തീര്‍ത്ത ഇത്തരം കാവടിക്കാലുകള്‍വര്‍ഷങ്ങളോളം ഒരു നിധി പോലെ സൂക്ഷിച്ചു പോരുന്നുണ്ട്. രണ്ടും മൂന്നും ഭാഗങ്ങള്‍ അതാത് വര്‍ഷത്തെഉത്സവത്തോട് അനുബന്ധിച്ച് പ്രത്യേകം നിര്‍മ്മിച്ചെടുക്കുന്നവയാണ്. കാവടി ആടുന്ന ഭക്തരെ പോലെകാവടി നിര്‍മ്മിക്കുന്നവരും ആചാര അനുഷ്ടാന പ്രകാരമുള്ള ശുദ്ധവും, വൃത്തിയും സൂക്ഷിക്കണമെന്ന്നിര്‍ബന്ധമാണ്.



കാവടിയുടെ രണ്ടാമത്തെ പ്രധാന ഭാഗം “ചെണ്ട്” എന്ന് അറിയപ്പെടുന്നു. പൂക്കളുടെ ആകൃതിയില്‍മുറിച്ചെടുക്കുന്ന വിവിധ വര്‍ണ്ണ കടലാസുകളെ ചിട്ടയോടെ ഒരു കമ്പിയില്‍ കോര്‍ത്ത് മനോഹരങ്ങളായപുഷ്പങ്ങളാക്കി മാറ്റുന്നു. പിന്നീട് ഈ പുഷ്പങ്ങളെ കവുങ്ങില്‍ നിന്നു ചീന്തിയെടുത്ത് ഉരുട്ടിയെടുത്ത ഒരുദണ്ഡില്‍ ഭംഗിയായി നിരത്തി കെട്ടുന്നു. ചെണ്ടു കെട്ടല്‍ തികച്ചും ഒരു കലയാണ്. തഴക്കവും, പഴക്കവുംഒപ്പം തികഞ്ഞ കലാപാരമ്പര്യവും ഉള്ളവര്‍ക്കെ മനോഹരമായി ചെണ്ട് അലങ്കരിക്കാന്‍ സാധിക്കൂ. പൂക്കള്‍ അടുക്കി കെട്ടുന്നതിലെ എണ്ണം അനുസരിച്ച് കാവടികള്‍ തരംതിരിക്കപ്പെടും. ചിലയിടങ്ങളില്‍കാവടികളില്‍ പലതട്ടുകളില്‍ ചെണ്ട് കെട്ടാറുണ്ട്. മറ്റു ചിലയിടങ്ങളില്‍ ചെണ്ടുകള്‍ക്ക് പകരം മറ്റ്അലങ്കാര വസ്തുക്കളും ഉപയോഗിക്കുന്നു. ചെണ്ടുകള്‍ കാവടിക്കാലില്‍ മദ്ധ്യത്തായി തിര്‍ത്തസുഷിരങ്ങളിലാണ് ഉറപ്പിക്കുക. കൂടുതല്‍ ഉറപ്പിനായി ഇവയെ കാവടിക്കാലിനോട് ചേര്‍ത്ത്നൂല്‍ക്കമ്പികളാല്‍ കെട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ കാവടികളില്‍ ചെണ്ടുകള്‍ഉപയോഗിക്കാറില്ല.


മൂന്നാമത്തെ ഭാഗമാണ് കാവടിയുടെ ഹൃദയ ഭാഗം. ഇത് ഓരോ കാവടിക്കും രണ്ടെണ്ണം വീതംഉണ്ടായിരിക്കും. കാവടിക്ക് എല്ലാവിധ മോടികളും നല്‍കുന്ന ഈ ഭാഗത്തെ “കവാടം” എന്ന്അറിയപ്പെടുന്നു. കട്ടിയുള്ള കാര്‍ബോര്‍ഡുകളില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വെട്ടി എടുക്കുന്ന ഈ ഭാഗംവര്‍ണക്കടലാസുകളും, വര്‍ണ ചിത്രങ്ങളും ഒട്ടിച്ചു ചേര്‍ത്ത് മോടി പിടിപ്പിക്കുന്നു. പിന്നീട് ഇതിനെകാവടിക്കാലിന്റെ നെടുകെയുള്ള രണ്ട് വശങ്ങളിലായി നൂല്‍ക്കമ്പികളാല്‍ കെട്ടി ഉറപ്പിക്കുന്നു.

നാലാമത്തെ ഭാഗം മയില്‍പ്പീലിയാണ്. ഭംഗിയേറിയ മയില്‍ പീലികള്‍ പ്രത്യേക അനുപാതത്തില്‍അടുക്കി കാവടിക്കാലിന്റെ കുറുകെയുള്ള ഭാഗത്ത് ഭംഗിയായി കെട്ടി ഉറപ്പിക്കും. സുബ്രഹ്മണ്യസ്വാമിയുടെ വാഹനമായ മയിലിനെ ഓര്‍മ്മിപ്പിക്കാനാണ് മയിലിന്റെ പീലികള്‍ കാവടിയില്‍ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഞ്ചാമത്തെ ഭാഗം ഭക്തിപൂര്‍വ്വം ഭഗവാന് സമര്‍പ്പിക്കാനായി ആടുന്ന കാവടിയില്‍ ചേര്‍ത്തു കെട്ടുന്നദ്രവ്യങ്ങള്‍ ആണ്. പാല്‍, എണ്ണ, നെയ്യ്, തേന്‍, ശര്‍ക്കര, പനിനീര്‍, കളഭം, ഭസ്മം, കര്‍പ്പൂരം എന്നിവയില്‍ഏതെങ്കിലും ഒന്ന് ചെറിയ ഒരു പാത്രത്തില്‍ അതീവ ശ്രദ്ധയോടെ നിറച്ച് അതിനെ ചോര്‍ച്ച വരാത്തവണ്ണം അടച്ച് ഒരു പട്ടു തുണിയില്‍ പൊതിഞ്ഞ് കാവടിയുടെ കാലുകളില്‍ മയില്‍ പീലികള്‍ കെട്ടുന്നഭാഗത്ത് ഉള്ളിലായി ചേര്‍ത്തു കെട്ടുന്നു. ഇത് കാവടി ആടി തുടങ്ങുമ്പോള്‍ മാത്രമാണ് കെട്ടുന്നത്. കാവടിആടി പുറപ്പെടുന്ന ഉപദേവതാ ക്ഷേത്രങ്ങളില്‍ ഭക്തി പൂര്‍വ്വം പൂജിച്ച് ഇവയെ കാവടിയോട് ബന്ധിക്കും. അതിനാല്‍ തന്നെ ക്ഷേത്ര ആചാര പ്രകാരം ഈ ദ്രവ്യമാണ് കാവടിയില്‍ ഏറ്റവും പ്രാധാന്യംഅര്‍ഹിക്കുന്നത്.

കാവടിയാട്ടത്തിലെ മറ്റു പ്രത്യേകതകള്‍

മേല്‍ വിവരിച്ച പ്രകാരം വ്രതശുദ്ധിയൊടെ ആചാരാനിഷ്ടാനങ്ങളോടെ തയ്യാറായ കാവടിയും ഏന്തികാവടി ഭക്തന്‍ തൈപ്പൂയ ദിവസം (മറ്റു ക്ഷേത്രങ്ങളില്‍ അതാത് ഉത്സവ ദിവസം) തലേന്ന് തന്നെക്ഷേത്രത്തിലെത്തുന്നു. ആ രാത്രി ക്ഷേത്രത്തില്‍ ചിലവഴിക്കുന്ന ഭക്തന്‍ പിറ്റേന്ന് അതിരാവിലെക്ഷേത്ര കുളത്തില്‍ മുങ്ങി നിവര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനത്തോടെ കാവടി തുള്ളലിന് തയ്യാറെടുക്കുന്നു. പൂയം നാളില്‍ കാവടി ആടി തീരും വരെയും, അതിന്റെ തലേന്ന് രാത്രിയിലും ഭക്തന്‍ നിരാഹാരവ്രതത്തിലായിരിക്കും എന്നതും പ്രത്യേകതയാണ്. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കാവടിയുമേന്തിശുഭമുഹൂര്‍ത്തത്തില്‍ അടുത്തുള്ള ഉപദേവതാ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ അവിടെ നീന്നുംപൂജിച്ച് സ്വീകരിക്കുന്ന ദ്രവ്യങ്ങള്‍ ഭക്തി പുരസ്പരം കാവടിയില്‍ ചേര്‍ത്ത് കെട്ടി കാവടി തുള്ളലിന്തയ്യാറെടുക്കുന്നു. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കാവടി ഘോഷയാത്ര കിലോമീറ്ററുകള്‍ നീ‍ളുന്ന, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ഒന്നാണ്. ഭക്തിക്കൊപ്പം ഏതൊരുവനും അത്യന്തംനയനാനന്തകരമായ കാഴ്ച്ച സമ്മാനിക്കുന്ന കാവടിയാട്ട ഘോഷയാത്രകാണാന്‍ ജാതി മത വര്‍ണ്ണവ്യത്യാസങ്ങള്‍ക്ക് അതീതമായി ക്ഷേത്രങ്ങളില്‍ ജനലക്ഷങ്ങള്‍ തിങ്ങി നിറയാറുണ്ട്.

കാവടിയാട്ടം ശിവതാണ്ഡവത്തിന് തുല്യമാണ്. ചെണ്ട മേളമാണ് പ്രധാനമായി ഉപയോഗിക്കുന്നവാദ്യോപകരണം. ചിലയിടങ്ങളില്‍ കാവടി ഘോഷയാത്രയില്‍ പമ്പ മേളവും(പാണ്ടി മേളം) നാദസ്വരവും ഉപയോഗിച്ച് കാണുന്നു. രൌദ്രവും, ലസ്യവുമാണ് കാവടി തുള്ളലിന്റെ ഭാവങ്ങള്‍. ലാസ്യഭാവത്തില്‍ തുടങ്ങുന്ന കാവടി തുള്ളല്‍ ചെണ്ട മേളം പാരമ്യതയില്‍ എത്തുന്ന അവസരങ്ങളില്‍ രൌദ്രഭാവം കൈവരിക്കുന്നു. പരമ്പരാഗത നൃത്ത ഭാവങ്ങള്‍ വശമല്ലാത്ത കാവടി ഭക്തര്‍ ചെണ്ട മേളത്തിന്റെതാളത്തിനൊത്ത് തുള്ളി തിമിര്‍ക്കും.

ഇന്നു പ്രത്യക്ഷമായി എല്ലാ ക്ഷേത്രങ്ങളിലും നിലവിലില്ല എങ്കിലും പണ്ട് കാവടി ഭക്തര്‍, ഭക്തിയുടെപാരമ്യതയില്‍ ചെമ്പില്‍ തീര്‍ത്ത ശൂലങ്ങള്‍ കവിളുകള്‍, പുരികങ്ങള്‍, നാവ്, കണ്‍പോളകള്‍എന്നിവിടങ്ങളില്‍ തുളച്ച് കേറ്റിയിരുന്നു. കാവടിയാട്ടത്തിന്റെ ഏറ്റവും വൈകാരിക ഭാവങ്ങളില്‍ ഒന്നാണ്ഇത്തരം രീതികള്‍ അവലംബിക്കുന്ന കാവടിയാട്ടങ്ങള്‍. തങ്ങളുടെ ശരീരത്തിലും മനസിലുംഅടങ്ങിയിരിക്കുന്ന ദുഷ്ചിന്തകളെ, വൈരാഗ്യത്തെ അകറ്റാനായാണ് ഇത്തരത്തില്‍ സ്വയംമുറിവേല്‍പ്പിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കാവടിയാട്ടത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍കാവടികളില്‍ പലതും നശിച്ചു പോകുകയും ചെയ്യുന്നു.

കാവടിയാട്ടം അസാനിക്കുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലാകുന്ന ഭക്തന്‍ കരിക്കും വെള്ളം കുടിച്ച്പിന്നീട് കാവടിയില്‍ ചേര്‍ത്തു കെട്ടിയ അഭിഷേക ദ്രവ്യം പ്രധാന ക്ഷേത്രത്തിലെ ദേവന്സമര്‍പ്പിക്കുന്നതോടു കൂടി തന്റെ നാല്‍പ്പത്തി ഒന്നു നാള്‍ നീണ്ടു നില്‍ക്കുന്ന വ്രതാനുഷ്ടാനവും ഒപ്പം ഭക്തിപൂര്‍വ്വം ആചരിച്ച കാവടി തുള്ളലിനും അവസാനം കുറിക്കുന്നു.











വേലകളി | Velakali



വേലകളി | Velakali | 

കൊച്ചി കണ്ടവന് അച്ചി വേണ്ട!
കൊല്ലം കണ്ടവന് ഇല്ലം വേണ്ട!

എന്നിങ്ങനെ പ്രസിദ്ധമായ രണ്ട് പഴം ചൊല്ലുകള്‍ നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ഈ ചൊല്ലിനൊപ്പം മറ്റൊരു ചൊല്ലും കൂടി നിലനിന്നിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ അല്‍ഭുതപ്പെട്ടേക്കാം.


“അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട” എന്നതായിരുന്നു പ്രശസ്തമായ ആ ചൊല്ല്.

വേലകളി എന്ന അനുഷ്ടാന കലയുടെ പ്രതാപകാലത്ത് നിലനിന്നിരുന്ന പ്രസ്തുത ചൊല്ല് പോലും ആ കലയുടെ വിനാശകാലമാണ് നിലനില്‍ക്കുന്നത് എന്ന ഒര്‍മ്മപ്പെടുത്തി കാലയവനികക്കൂള്ളില്‍ മറഞ്ഞിരിക്കുന്നു.

ഇന്ന് വേലകളി ഒരു കലാരൂപമെന്ന നിലയില്‍ അതിന്റെ പരാജകാണ്ഡം പിന്നിടുകയാണ്.


മദ്ധ്യതിരുവിതാംകൂടിന്റെ സ്വന്തം എന്നു വേണമെങ്കില്‍ അവകാശപ്പെടാവുന്ന ഈ കലാരൂപം നിലവില്‍ വന്നത് അമ്പലപ്പുഴയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പടയണി, തെയ്യം എന്നീ അനുഷ്ടാന കലകള്‍ പൊലെ - കഥകളി, ഓട്ടന്‍‌തുള്ളല്‍ എന്നീ പാരമ്പര്യ കലകള്‍ പോലെ ഒരു കാലത്ത് പ്രതാപത്തിന്റെ കൊടുമുടിയില്‍ വിരാചിച്ചിരുന്ന ഈ കലാരൂപം, ടൂറിസം വാരാഘോഷങ്ങള്‍ക്കും, കെട്ടിട സമുച്ചയങ്ങളുടെ ഉത്ഘാടന മാമാങ്കത്തിനും പൊലിപ്പും, തുടിപ്പും കൂട്ടാനുള്ള വെറുമൊരു ദൃശ്യവിരുന്ന് എന്ന നിലയിലേക്ക് തരം താണതില്‍ ഇന്നീ കലാരൂപത്തിന്റെ മേലാളായിരിക്കുന്നവര്‍ക്കും കേരളാ സര്‍ക്കാറിനും തുല്യ പങ്കാളിത്തമുണ്ടെന്ന് പറയാതിരിക്കുക നിവൃത്തിയില്ല. തിരുവനതപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലും, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും നില നിന്നിരുന്ന പേരുകേട്ട വേലകലി മാമാങ്കങ്ങള്‍ പോലും ഇന്ന് വെറും ഒരു ചടങ്ങിന്റെ സ്ഥാനത്തേക്ക് ചുരുക്കപ്പെട്ടു എന്നു പറയുമ്പോള്‍ ഈ കലക്ക് സംഭവിച്ചിരിക്കുന്ന മൂല്യച്യുതി ഒരു പരിധി വരെ മനസ്സിലാക്കാവുന്നതേയുള്ളു.

വേലകളി പഠിക്കുന്നതിനും അത് അരങ്ങില്‍ എത്തിക്കുന്നതിനും ഈ അനുഷ്ടാനകലയുടെ പിന്മുറക്കാര്‍ പോലും ശ്രദ്ധിക്കുന്നില്ല എന്നതും ഈ കലയുടെ സര്‍വ്വ നാശത്തിന്റെ അവസാന ആണിക്കല്ലടിയില്‍ എത്തിച്ചിരിക്കുന്നു.


 ഈ കല യഥാര്‍ത്ഥത്തില്‍ താളമേള സംഗമങ്ങള്‍ തീര്‍ക്കുന്ന ഒരു ദൃശ്യവിരുന്നു തന്നെയാണ്. നേരിട്ട് വീക്ഷിക്കാതെ ദൂരെ മാറി നിന്ന് ഇതിന്റെ താളം ശ്രദ്ധിക്കുന്ന ഒരാള്‍ ഒരു പക്ഷേ അരങ്ങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പടയണി ആണോ എന്നു തെറ്റിദ്ധരിച്ചേക്കാം. ചുവടുകള്‍ക്ക് പടയണിയുമായി ഒരു സാമ്യവുമില്ല എങ്കിലും അതിന്റെ താളത്തിന് പടയണിയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് പറയാതിരിക്കുക വയ്യ. മദ്ധ്യതിരുവിതാംകൂറില്‍ വിവിധ കാലഘട്ടങ്ങലില്‍ ജന്മമെടുത്ത കലകള്‍ എന്ന നിലയില്‍ പടയണിക്കും, വേലകളിക്കും കുറഞ്ഞത് അതിന്റെ താളത്തിലെങ്കിലും സാമ്യമില്ലെങ്കില്‍ അതായിരിക്കും അത്ഭുതമായി വിശേഷിപ്പിക്കപ്പെടുക.

കുരുക്ഷേത്ര യുദ്ധത്തെയോ, ദേവാസുര യുദ്ധത്തെയോ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഈ കലയെന്ന് പഴമക്കാര്‍ അവകാശപ്പെടുന്നു. പഴയകാല പടയാളികലെ അനുസ്മരിപ്പിച്ച്, അവരുടെ ആടയാഭരണങ്ങള്‍ക്ക് സമാനമായ വേഷ സംവിധാനത്തില്‍ ഏതാണ്ട് പടക്കോപ്പുകള്‍ക്ക് സമാനമായ ഉപകരണങ്ങളുമേന്തി അനുഷ്ടിക്കപ്പെടുന്ന ഈ കല അമ്പലപ്പുഴയിലും, മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിലും ഇന്നും ഒരു ചടങ്ങ് എന്ന നിലയിലെങ്കിലും അവതരിപ്പിക്കപ്പെടുന്നത് യുവതലമുറക്ക് വേലകളിയെ കുറിച്ച്  മനസ്സിലാക്കാന്‍ കിട്ടുന്ന ഒരു അവസരമായി മാത്രം കരുതാം.

കേരളനടനത്തിന് പുതുജീവന്‍ പകര്‍ന്ന ഗുരു ഗോപിനാ‍ദ് വേലകളിയേയും ഉദ്ധരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. പിന്നീട് തിരുവനതപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വകലാകേന്ദ്രത്തില്‍ അനുഷ്ടാന കലകളുടെ പുനരുദ്ധാരനത്തിന്റെ ഭാഗമായി വേലകളി ക്ലാസ് ആരംഭിച്ചു എങ്കിലും, യുവജനോത്സവത്തിലും, ഫാഷന്‍ പരേഡുകളിലും മാര്‍ക്കു കൂട്ടാന്‍ കഴിയാത്ത ഒരു വിഭാഗമെന്ന നിലയില്‍ പുതുതലമുറയാല്‍ അവഗണിക്കപ്പെട്ട് അത് നിര്‍ത്തേണ്ടതായി വന്നു.

യുദ്ധസമാനമായ ആവേശം പകരുന്ന അംഗവിക്ഷേപം കൊണ്ടും, താളം കൊണ്ടും, ചുവടു വെപ്പുകളിലെ വൈവിദ്ധ്യം കൊണ്ടും സമൃദ്ധമായ ഈ നാടന്‍കലക്ക് ക്ഷേത്ര സംസ്കാരവും,ആയോധനാ സംസ്കാരവും ഊടും പാവും പകര്‍ന്നിരിക്കുന്നു. അമ്പലപ്പുഴയില്‍ ജന്മമെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഈ കലക്ക് ഇന്നും അമ്പലപ്പുഴയിലും പരിസരങ്ങളിലും മാത്രമാണ് ഇന്ന് ജീവനുള്ളത്. മാത്തൂര്‍ മോഹന്‍ കുഞ്ഞു പണിക്കര്‍ എന്ന മഹാനായ വേലകളി കലാകാരന്റെ വിടവാങ്ങലോടെ അന്യം നിന്നു പോയേക്കുമെന്ന് കരുതിയ ഈ കല അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ചിലര്‍ ഇന്നും അനുഷ്ടിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളത് ആശാവഹമാണ്. 

http://www.sulekha.com/mstore/juna/albums/default/vela2.jpg

വേലകളിയുടെ ഉത്ഭവം

മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കിയ ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാര്‍ പറയുന്നു. ചെമ്പകശ്ശേരി രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമര്‍ത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായിരുന്നു. 
കളരിപ്പയറ്റിന്‍റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി ഉത്സവകാലത്ത് കളരിപ്പയറ്റിനെ ഒന്നു പരിഷ്കരിച്ച് അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി പ്രചാരത്തിലായത്.
http://kuttanadtourismvillage.com/gallery/15L.jpg

വേലകളിയുടെ ഐതിഹ്യം

ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയില്‍ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹര്‍ഷി ഇവരുടെ കളിയില്‍ ആകൃഷ്ടനായി.

കേരളീയരെ ഒന്നടങ്കം കൃഷ്ണ ഭക്തരാക്കാന്‍ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തില്‍ ഈ കളി വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് നാരദമഹര്‍ഷി ഉപദേശിച്ചു. സ്വാമികള്‍ കൃഷ്ണധ്യാനത്തില്‍ മുഴുകുകയും തുടര്‍ന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണന്‍ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.
http://kuttanadtourismvillage.com/gallery/11L.jpg

വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികള്‍ കളിയില്‍ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിന്‍റെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയില്‍ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി
കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയില്‍ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിന്‍റെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതീഹ്യം.
http://farm4.static.flickr.com/3231/2663625736_b0d104d3f4.jpg?v=0

 
തിരുമുന്‍പില്‍ വേല


മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവാവസരങ്ങളില്‍ എഴുന്നള്ളിച്ചു നിര്‍ത്തിയിരിക്കുന്ന രാജാവിന്റെയും ദേവരുടെയും തിരുമുന്‍പില്‍ മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും ശിഷ്യന്മാരോടൊന്നിച്ച് അവരുടെ ആയോധന മുറകള്‍ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. ഈ രണ്ട് ആശാന്മാരും മാറി മാറി ഓരോ ദിവസങ്ങളില്‍ ഈ പ്രദര്‍ശനത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നു. ഈ ആയോധന പ്രധാനമായ കളിക്ക് വേല എന്നാണ് പറഞ്ഞുവന്നിരുന്നത്.
ഈശ്വരന്‍റെയും തമ്പുരാന്റെയും തിരുമുമ്പില്‍ വച്ചുള്ള വേലയായതുകൊണ്ട് ഇതിന് തിരുമുന്‍പു വേല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രപരിസരത്ത് നടത്തുന്ന വേലയെ കുളത്തില്‍ വേല എന്നാണ് പറഞ്ഞിരുന്നത്.

http://farm4.static.flickr.com/3042/2867345783_5dc2c71e60.jpg?v=0

മാത്തൂര്‍, വെള്ളൂര്‍ കുടുംബങ്ങള്‍

മാത്തൂര്‍ കുടുംബവും വെള്ളൂര്‍ കുടുംബവുമാണ് ആദ്യകാലം മുതല്‍ക്ക് ഈ കല ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രജകള്‍ക്ക് മുന്നില്‍ പടയാളികളെ നിരത്തി ചുവടും അടവും പ്രകടിപ്പിച്ച് നാടുവാഴി തമ്പുരാക്കന്മാരുടെ ആള്‍ക്കരുത്തും സേനാബലവും കാട്ടി കൊട്ടിപ്പറയടിക്കുകയായിരുന്നു വേലകളിയുടെ ലക്ഷ്യം.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയ്ക്കല്‍ ഉത്സവകാലത്ത് (മീനമാസത്തിലെ ആറാട്ടുത്സവം) പഞ്ചപാണ്ഡവന്മാരുടെ രൂപം നിര്‍മ്മിച്ചുവച്ചിട്ടുള്ളതിന്‍റെ മുന്‍പില്‍ തുറസ്സായ സ്ഥലത്ത് 150 ഓളം പേര്‍ ഉള്‍പ്പെട്ട വേലകളി ഏതാനും വര്‍ഷം നടത്തിയിരുന്നു.


ഇത് നിലച്ചിട്ട് 25 ഓളം വര്‍ഷമായെന്ന് തദ്ദേശവാസികള്‍ പറയുന്നു. എന്നാല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മാര്‍ച്ച് 27 ന് ആരംഭിച്ച് ഏപ്രില്‍ 5 ന് അവസാനിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് എട്ടുദിവസം വേലകളി നടത്തുന്നുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നതുപോലെ അതിവിപുലമായ രീതിയില്‍ അല്ലെന്നുമാത്രം.


താളങ്ങളും ചുവടുകളും

വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയില്‍ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിര്‍പക്ഷം അറിയാതിരിക്കാന്‍ വാദ്യമേളങ്ങളിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്.


മുറിയടന്ത (ഒരു താളം) മുഴങ്ങിയാല്‍ വേഗത്തിലുള്ള ചലനവും അടന്തയായാല്‍ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്. എതിരാളികളോട് പോരാടി വിജയിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ പഞ്ചാരി എന്ന താളം മുഴങ്ങും. പിന്‍തിരിഞ്ഞ് ഓടാന്‍ ആ താളം വേലകളി ഓര്‍മ്മപ്പെടുത്തുന്നു.

കളരിപ്പയറ്റില്‍ നിന്ന് വ്യത്യസ്തമായി വേലകളി കൂട്ട പയറ്റായതിനാല്‍ വേലകളിയുടെ ചുവടുകളില്‍ വ്യത്യാസമുണ്ട്.

വേലകളി അഭ്യാസരീതി

പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വര്‍ഷ കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകള്‍ പഠിപ്പിക്കുകയും മെയ്വഴക്കം സിദ്ധിക്കുവാന്‍ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാല്‍, കയ്യ്, മെയ്യ് ഇവകള്‍ക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു.


അമ്പലപ്പുഴ, ചമ്പക്കുളം, നെടുമുടി, കളര്‍കോട്, പുറക്കാട്, തകഴി, തലവടി തുടങ്ങിയ ചെമ്പകശ്ശേരി നാട്ടു രാജ്യത്തിലെ വില്ലേജ് ഓഫീസര്‍മാരുടെ (പ്രവൃത്തിയാര്‍) നേതൃത്വത്തില്‍ പടയാളികള്‍ അഭ്യാസ കാഴ്ച കാണാനെത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പുമായിരുന്നു സേനയുടെ പരിശീലകര്‍.

കളരി കെട്ടി ഓരോ കരയില്‍ നിന്നും 200 ഓളം ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തും മാത്തൂര്‍ കുടുംബത്തിലുമായിരുന്നു കളരികള്‍. പടയാളികളുടെ കുടുംബത്തിനുള്ള ചെലവുകള്‍ മുഴുവനും രാജാവ് വഹിച്ചിരുന്നു.


ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂര്‍ പണിക്കര്‍ക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികള്‍ കരുനാഗപ്പള്ളി തഹസീല്‍ദാര്‍ക്കുമുന്നില്‍ വേലകളി അവതരിപ്പിച്ചിരുന്നു.


അവതരണം

കളിക്കാര്‍ മുട്ടിന്മേല്‍ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളില്‍ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയില്‍ വാളും വലതുകയ്യില്‍ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്.

സംഘത്തിലെ ഇളയവര്‍ മുന്‍നിരയിലും പ്രായം കൂടിയവര്‍ കൊടിയുമേന്തി പിന്‍നിരയിലും നില്‍ക്കും. പഴയ കാലത്തെ യുദ്ധത്തില്‍ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങള്‍ ആദ്യകാലങ്ങളില്‍ വേലകളിയില്‍ കൊണ്ടുനടക്കാറുണ്ടായിരുന്നു.




വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകില്‍ കൊമ്പ്, കുറങ്കുഴല്‍, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങള്‍ മേളത്തിന് ഉപയോഗിക്കുന്നു .വേലതകില്‍ വാദ്യമേളത്തിന് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് അനുമാനിക്കാം.

ഒരു മണിക്കൂറോളം ഒരു കൊച്ചു യുദ്ധത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേര്‍ന് നയനാന്ദകരമായ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം.

കളമെഴുത്ത് | kalamezhuthu



കളമെഴുത്ത് | kalamezhuthu

പുല്ലിലും, പാഴ്വസ്തുക്കളിലും വരെ കലയും, കലാമഹിമയും കണ്ടെത്തുന്ന കേരളത്തിന്റെ കലാപാരമ്പര്യത്തില്‍ പ്രകൃതിയില്‍ നിന്നു കിട്ടുന്ന സാധാരണ ചായങ്ങള്‍ ഉപയോഗിച്ച് ചിത്രം വരക്കുന്ന രീതി പുരാതനകാലം മുതല്‍ നിലനിന്നിരുന്നു എന്നു നമ്മുക്കറിയാം. അതിനൊരു ഉദാഹരണമാണ് പുരാതന ചിത്രകലാ രീതിയായ ചുവര്‍ചിത്രകല. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന സ്വാഭാവിക നിറങ്ങളെ വ്യത്യസ്ഥ രീതിയില്‍ ചാലിച്ച്, പുരാതനകാലത്ത് ക്ഷേത്ര ഭിത്തികള്‍ക്ക് മിഴിവേകുവാന്‍ വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന ചുവര്‍ചിത്രങ്ങള്‍, ആ മിഴിവൊട്ടും വറ്റാതെ നൂറ്റാണ്ടുകള്‍ പിന്നിട്ടും നിലനില്‍ക്കുന്നു എന്നതുതന്നെ ആ പാരമ്പര്യ കലയുടെ പ്രത്യേകതയും.




കളമെഴുത്തിനേയും ചിത്രകലയുടെ വിഭാഗത്തില്‍ അല്ലാതെ മറ്റൊരു വിഭാഗത്തില്‍ പെടുത്തുക സാദ്ധ്യമല്ല തന്നെ. കാരണം ചുവര്‍ചിത്ര കലയില്‍ നിന്നും ഇതിനുള്ള വ്യത്യാസം വളരെ വലുതല്ല. ചുവര്‍ചിത്ര കലയില്‍ ഉപയോഗിക്കുന്ന ഏതാണ്ട് അതേ നിറക്കൂട്ടുകള്‍ തന്നെയാണ് കളമെഴുത്തിലും ഉപയോഗിക്കുന്നതെങ്കിലും, ചുവര്‍ചിത്രകലയില്‍ പ്രകൃതിയില്‍ നിന്ന് കിട്ടുന്ന നിറക്കൂട്ടുകളെ ഉണക്കി പൊടിച്ച് അതില്‍ വെള്ളവും, പ്രകൃതി നിര്‍മ്മിതങ്ങളായ പശകളും സമം ചേര്‍ത്ത് ഇന്നത്തെ ആധുനിക ചിത്രകലാകാരന്മാര്‍ ഉപയോഗിക്കുന്ന രീതിയിലുള്ള “വാട്ടര്‍ കളറുകള്‍” ആക്കി മാറ്റുകയും അതിനെ പ്രകൃതി നിര്‍മ്മിതമായ (ഇന്നു വരക്കുന്നവര്‍ ആധുനിക രീതിയിലുള്ള) ബ്രഷുകളാല്‍ നിരപ്പായ ഭിത്തികളില്‍ ആലേഖനം ചെയ്യുകയും ചെയ്യുമ്പോള്‍ ചുവര്‍ചിത്രങ്ങളായി മാറുന്നു. എന്നാല്‍ ഇതേ പ്രകൃതി നിര്‍മ്മിത നിറക്കൂട്ടുകളെ ഉണക്കി പൊടിക്കുന്ന അതേ പൊടിയുടെ രൂപത്തില്‍ തന്നെ കലാകാരന്‍ തന്റെ കയ്യുകളുടെ പ്രത്യേക ചലന വൈദഗദ്യത്തില്‍ രൂപപ്പെടുന്ന കലാരൂപമാണ് കളമെഴുത്ത്. അതുകൊണ്ട് തന്നെ ചുവര്‍ചിത്രകലയുടെ പിതാവ് (ആദ്യരൂപം) ആയി കളമെഴുത്തിനെ കണക്കാക്കപ്പെടുന്നു.


ചുവര്‍ചിത്ര കലയും, കളമെഴുത്തും ക്ഷേത്രവും, ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലും, അതിന്റെ വിഷയമാകുന്നവ ഹിന്ദു ആരാധനാമൂര്‍ത്തികളോ, പുരാണ സംഭവങ്ങളോ ആയതിനാലും മുഴുവിപ്പിച്ചു വച്ചിരിക്കുന്ന ഈ രണ്ടു കലാരൂപങ്ങളേയും ഒരു ക്യാമറയില്‍ പകര്‍ത്തി ഒരാള്‍ക്ക് കാട്ടിക്കൊടുത്താല്‍ ഈ കലകള്‍ തമ്മിലുള്ള വ്യത്യാസം അത്ര പെട്ടെന്നൊന്നും തിരിച്ചറിയാന്‍ കഴിയില്ല എന്നതു തന്നെ ഈ കലകള്‍ക്ക് രണ്ടുമുള്ള സാമ്യത മനസ്സിലാക്കാവുന്നതേയുള്ളു.


ചുവര്‍ചിത്രങ്ങള്‍ ക്ഷേത്ര മതില്‍ കെട്ടുകളെ മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണെങ്കില്‍ കളമെഴുത്ത് മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ക്ഷേത്രാചാര ചടങ്ങുകളുടെ ഭാഗമായി തറയില്‍ എഴുതപ്പെടുന്ന ഒന്നാണ്. വിരലുകൾ ഉപയോഗിച്ച് പലവര്‍ണ്ണങ്ങളില്‍ ഉള്ള പൊടികള്‍കൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. കളമെഴുത്തും പാട്ട്, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, സർപ്പംതുള്ളൽ തുടങ്ങിയ ക്ഷേത്ര അനുഷ്ഠാനകലകളോട് അനുബന്ധിച്ച് കളമെഴുത്ത് നടത്തപ്പെടുന്നു. ഈ കലയുടെ വിഷയങ്ങളായി സധാരണ ചിത്രീകരിക്കപ്പെടുക കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയും, തിരുമന്ധാംകുന്നിലമ്മയെയുമാണ്.

കളമെഴുതുന്നത് ചില സമുദായങ്ങളുടെ കുലവൃത്തിയായി കണക്കാപ്പെടുന്നു. കേരളത്തില്‍ പണ്ടു നിലനിന്നിരുന്ന ജാതി വ്യവസ്തകള്‍ എല്ലാ ക്ഷേത്ര കലകളേയും പോലെ കളമെഴുത്തിനും ഒരു കുലവൃത്തി പരിവേഷം തീര്‍ത്തു എന്നു പറയുന്നതാവും ശരി. ക്ഷേത്രകലകളില്‍ പലതും കേരളത്തിന്റെ അങ്ങോളമിങ്ങോളം ചില ജാതികളുടെ മാത്രം അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ കളമെഴുത്ത് എന്ന കല വിവിധജാതികള്‍ കൈകാര്യം ചെയ്യുന്നു എന്നത് തന്നെ ആശ്വാസകരമാണ്. കളമെഴുത്തുപാട്ടിനും മുടിയേറ്റിനും മുന്നോടിയായി കളം വരയ്ക്കുന്നത് കുറുപ്പ ജാതിയില്‍ (മധ്യകേരളത്തിലെ കളമെഴുത്തു കുറുപ്പന്മാര്‍, കല്ലറ്റുകുറുപ്പന്മാര്‍ എന്ന പേരിലാണറിയപ്പെടുന്നത്) പെട്ടവരാണ്. അയ്യപ്പൻ തീയാട്ടിനു തീയ്യാടി നമ്പ്യാർമാരും, ഭദ്രകാളി തീയാട്ടിനു തീയാട്ട് ഉണ്ണി ജാതിയില്‍ പെട്ടവരും, നാഗകളമെഴുതുന്നത് പുള്ളുവന്മാരും കോലം തുള്ളലിനു കണിയാന്മാരും ആണ് കളമെഴുത്ത് നടത്തുന്നത്. ക്ഷേത്ര ആചാരങ്ങളില്‍ പെടാത്ത മന്ത്രവാദത്തിന് കളമെഴുതുന്നത് വണ്ണാന്മാരാണ്. ഇത് നടത്തുന്നത് ആവശ്യക്കാരുടെ ഭവനങ്ങളില്‍ ആയതിനാലാണ് ഇതിന് ക്ഷേത്ര ആചാരങ്ങളുമായി ബന്ധമില്ലേന്ന് പ്രതിപാദിച്ചത്. ചില സിനിമകളില്‍ കല്‍പ്പാത്തി പോലെയുള്ള ബ്രാഹ്മണ ഗ്രാമങ്ങളില്‍ അതിരാവിലെ കുളിച്ച് ഈറനായി സ്ത്രീകള്‍ വീടിന്റെ നടയില്‍ കോലം വരയ്ക്കുന്നത് നിങ്ങള്‍ ഒരുപക്ഷേ കണ്ടിരിക്കാം. ഒരര്‍ത്ഥത്തില്‍ അതും കളമെഴുത്തിന്റെ മറ്റൊരു ഭാവമാണ്. വണ്ണാന്‍, മലയന്‍, പുലയര്‍, മാവിലര്‍, മുന്നൂറ്റാന്‍, പറയന്‍, പണിയന്‍, ആവിയര്‍, വേലന്‍, കോപ്പാളന്‍, കുറവര്‍, തുടങ്ങിയ വിവിധ സമുദായങ്ങളും കളമെഴുത്തുകള്‍ നടത്താറുണ്ട്‌.

പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ്‌‍ കളമെഴുത്തിനു ഉപയോഗിക്കുന്നത്. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയാണ്‌ കളമെഴുത്തിനു ഉപയോഗിക്കുന്ന നിറങ്ങൾ.വിരലുകള്‍ മാത്രം ഉപകരണമാക്കി ഈ അഞ്ചു തരം നിറങ്ങള്‍ മാത്രം ഉപയോഗിച്ചു ദേവീ ദേവന്മാരുടെ രൂപങ്ങള്‍ നിലത്തു വരയ്ക്കുന്ന എന്ന പ്രത്യേകതയാണ് കളമെഴുത്തിനെ മറ്റു ചിത്രകലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.


ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം. വ്രതാനുഷ്ടാനങ്ങളോടെ ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത്. ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ “ബ്രഹ്മസൂത്രം“ എന്നാണ് കളമെഴുത്തുകാർ പറയുന്നത്. ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്.


പല അനുഷ്‌ഠാനരൂപങ്ങളിലും കളമെഴുത്തുണ്ട്‌. ദേവപ്രീതിക്കുവേണ്ടിയും അശുഭങ്ങള്‍ ഒഴിവാക്കാനും വേണ്ടിയാണ്‌ കളമെഴുത്തും പാട്ടും നടത്തുന്നത്‌. ഭഗവതീക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്കും സര്‍പ്പക്കാവുകളിലും അയ്യപ്പന്‍കാവുകളിലും വിശേഷാവസരങ്ങളിലോ, വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു പതിനൊന്നു വരെയുള്ള മണ്ഡലക്കാലത്തോ ആണ് കളമെഴുത്ത് സാധാരണയായി നടക്കുന്നത്. ആരാധനാലയങ്ങള്‍ക്കു പുറമേ ആഢ്യഗ്രഹങ്ങളിലും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ കളമെഴുത്തും പാട്ടും നടത്തുന്നത് പണ്ടത്തെ പതിവായിരുന്നു.
 

ഇക്കാലത്ത് വളരെ അപൂര്‍വ്വമായെ വീടുകളില്‍ കാണാറുള്ളൂ. വിവിധതരം കളംപാട്ടുണ്ട്. ഭഗവതിക്കളം, അകപ്പന്‍കളം, വേട്ടക്കാരന്‍ കളം, നാഗക്കളം തുടങ്ങിയവയാണത്. പണ്ട് തിരുമാന്ധാംകുന്നില്‍ നടത്തിയിരുന്ന കളമെഴുത്തും പാട്ടും പനയ്യൂര്‍ മനയിലും നടത്തിയിരുന്നു. ഹിന്ദുമതാചാര പ്രകാരം ഇന്നും കളമെഴുതി യാഗങ്ങള്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ കണ്ടുവരുന്നു.



ഒരുകാലത്ത് കേരളത്തില്‍ പ്രചരിച്ചിരുന്ന ബുദ്ധമതത്തിന്റെ സംഭാവനയാണ് ധൂളി ചിത്രരചനയുടെ ഭാഗമായ കളമെഴുത്തെന്ന് അഭിപ്രായപ്പെട്ടുകേട്ടിട്ടുണ്ട്. ബുദ്ധമതം എത്തുന്നതിന് മുമ്പ് കേരളത്തില്‍‍ പ്രചരിച്ചിരുന്ന ശാക്തേയ മതവുമായി ബന്ധപ്പെടുന്ന ഒരു ശാക്തേയ അനുഷ്ടാനമാണ് കളമെഴുത്ത്. കളങ്ങള്‍ പൂജിക്കുവാന്‍ തെറ്റി പൂവ് നിര്‍ബന്ധമായും വേണം, എന്ത് ആചാരവും പൂജാവേളയില്‍ താന്ത്രിക മുദ്രകളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ദ്രാവിഡമെന്നോ ആവൈദികമെന്നോ, പറയാവുന്ന കാവുകളിലും ആരാധനാലയങ്ങളിലും മാത്രമേ കളമെഴുത്ത് നടക്കുന്നുള്ളൂ എന്നു കാണുന്നതിലും പ്രാധാന്യമുണ്ട്. പകര്‍ച്ചവ്യാധികളില്‍ നിന്നും ദുര്‍ഭൂതങ്ങളില്‍ നിന്നും രക്ഷതേടാനും ഉദ്ദിഷ്ടകാര്യ സാധ്യത്തിനും വേണ്ടി എന്നു വിശ്വസിച്ച് കളമെഴുത്തും പാട്ടും നടത്തുന്ന സമ്പ്രദായം ഇന്നും കേരളത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടില്ല. ഇതിനു പിന്നിലെ വിശ്വാസ അവിശ്വാസങ്ങള്‍ എന്തു തന്നെ ആയാലും അതിന്റെ പ്രാധാന്യത്തേക്കാള്‍ കളമെഴുത്ത് എന്ന കലയുടെ പ്രാധാന്യം വിസ്മരിക്കാവുന്നതല്ല.


കളമെഴുത്ത് പാട്ടു നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാമത് വൈക്കം ക്ഷേത്രമാണ്. ഇവിടെ വടക്കേ തിരുമുറ്റത്താണ് കളമെഴുതി പൂജിക്കുന്നത്. വൈക്കത്ത് കളമെഴുതി പൂജിക്കാനുള്ള അധികാരം പരമ്പരാഗതമായി പുതുശ്ശേരി കുറുപ്പിനായിരുന്നു. ആദ്യദിവസം എട്ട് കൈകളുള്ള ഭഗവതിയെയാണ് കളത്തില്‍ വരയ്ക്കുക. പിന്നീടുള്ള ഓരോ ദിവസവും കൈകളുടെ എണ്ണം കൂട്ടി വരയ്ക്കും. 12ആം ദിവസമാകുമ്പോള്‍ 64 കൈകളോടുകൂടിയ ആയുധപാണിയായ ഭഗവതിയാകും കളത്തിലുണ്ടാവുക. ഓരോ ദിവസവും കളം മായ്ക്കും. കളത്തിലെ പൊടി ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. പന്ത്രണ്ടാം ദിവസം ഇവിടെ വരക്കുന്ന കളം കേരളത്തിലെ ഏറ്റവും വലിയ കളമാണെന്ന് പറയപ്പെടുന്നു. ദേവിയുടെ സങ്കല്‍പ്പത്തില്‍ വരക്കുന്ന കോലത്തിന്റെ ഒരു മുല വരയ്ക്കാന്‍ വേണ്ടത് ഓരോ കിലോ അരിപ്പൊടിയും ഉമിക്കരിയുമാണ്.


കളമെഴുത്ത് കഴിഞ്ഞ് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പൂജകള്‍ക്കൊപ്പം ഭഗവതിയെ സ്തുതിക്കുന്ന പാട്ടുകള്‍ പാടുന്നു. ഒപ്പം ഗണപതി, സരസ്വതി എന്നീ ദേവതകളെയും സ്തുതിച്ചുകൊണ്ടുള്ള പാട്ടുകളും കളത്തിന് മുന്നിലിരുന്ന് പാടുന്നു. വെളിച്ചപ്പാട് തുള്ളാന്‍ തുടങ്ങുമ്പോള്‍ പാട്ടിന്റെ താളവും മുറുകുന്നു. പിന്നെ തുള്ളിയുറയുന്ന വെളിച്ചപ്പാടുതന്നെ കളം മായ്ക്കുന്നു. അതിനു ശേഷം കളത്തിലെ വര്‍ണ്ണക്കൂട്ടുകളും, അരച്ച മഞ്ഞളും, ചന്ദനവും പൂജിച്ച പുഷ്പങ്ങള്‍ക്കൊപ്പം ഭക്തര്‍ക്ക് വിതരണം ചെയ്യുന്നതോടെ കളമെഴുത്തും അതിന്റെ ചടങ്ങുകളും അവസാനിക്കുന്നു. കളമെഴുത്ത് ഒരു കലക്കൊപ്പം അനുഷ്ടാനവും കേരളത്തിന്റെ സംസ്കാരവും കൂടി ആണെന്ന തിരിച്ചറിവാണ് ആ കലക്കുള്ള പ്രസക്തി.