2018, സെപ്റ്റംബർ 1, ശനിയാഴ്‌ച

വേലകളി | Velakali



വേലകളി | Velakali | 

കൊച്ചി കണ്ടവന് അച്ചി വേണ്ട!
കൊല്ലം കണ്ടവന് ഇല്ലം വേണ്ട!

എന്നിങ്ങനെ പ്രസിദ്ധമായ രണ്ട് പഴം ചൊല്ലുകള്‍ നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ നാളുകള്‍ക്ക് മുന്‍പ് ഈ ചൊല്ലിനൊപ്പം മറ്റൊരു ചൊല്ലും കൂടി നിലനിന്നിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങള്‍ അല്‍ഭുതപ്പെട്ടേക്കാം.


“അമ്പലപ്പുഴ വേല കണ്ടാല്‍ അമ്മയും വേണ്ട” എന്നതായിരുന്നു പ്രശസ്തമായ ആ ചൊല്ല്.

വേലകളി എന്ന അനുഷ്ടാന കലയുടെ പ്രതാപകാലത്ത് നിലനിന്നിരുന്ന പ്രസ്തുത ചൊല്ല് പോലും ആ കലയുടെ വിനാശകാലമാണ് നിലനില്‍ക്കുന്നത് എന്ന ഒര്‍മ്മപ്പെടുത്തി കാലയവനികക്കൂള്ളില്‍ മറഞ്ഞിരിക്കുന്നു.

ഇന്ന് വേലകളി ഒരു കലാരൂപമെന്ന നിലയില്‍ അതിന്റെ പരാജകാണ്ഡം പിന്നിടുകയാണ്.


മദ്ധ്യതിരുവിതാംകൂടിന്റെ സ്വന്തം എന്നു വേണമെങ്കില്‍ അവകാശപ്പെടാവുന്ന ഈ കലാരൂപം നിലവില്‍ വന്നത് അമ്പലപ്പുഴയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പടയണി, തെയ്യം എന്നീ അനുഷ്ടാന കലകള്‍ പൊലെ - കഥകളി, ഓട്ടന്‍‌തുള്ളല്‍ എന്നീ പാരമ്പര്യ കലകള്‍ പോലെ ഒരു കാലത്ത് പ്രതാപത്തിന്റെ കൊടുമുടിയില്‍ വിരാചിച്ചിരുന്ന ഈ കലാരൂപം, ടൂറിസം വാരാഘോഷങ്ങള്‍ക്കും, കെട്ടിട സമുച്ചയങ്ങളുടെ ഉത്ഘാടന മാമാങ്കത്തിനും പൊലിപ്പും, തുടിപ്പും കൂട്ടാനുള്ള വെറുമൊരു ദൃശ്യവിരുന്ന് എന്ന നിലയിലേക്ക് തരം താണതില്‍ ഇന്നീ കലാരൂപത്തിന്റെ മേലാളായിരിക്കുന്നവര്‍ക്കും കേരളാ സര്‍ക്കാറിനും തുല്യ പങ്കാളിത്തമുണ്ടെന്ന് പറയാതിരിക്കുക നിവൃത്തിയില്ല. തിരുവനതപുരം ശ്രീ പത്മനാഭ ക്ഷേത്രത്തിലും, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലും നില നിന്നിരുന്ന പേരുകേട്ട വേലകലി മാമാങ്കങ്ങള്‍ പോലും ഇന്ന് വെറും ഒരു ചടങ്ങിന്റെ സ്ഥാനത്തേക്ക് ചുരുക്കപ്പെട്ടു എന്നു പറയുമ്പോള്‍ ഈ കലക്ക് സംഭവിച്ചിരിക്കുന്ന മൂല്യച്യുതി ഒരു പരിധി വരെ മനസ്സിലാക്കാവുന്നതേയുള്ളു.

വേലകളി പഠിക്കുന്നതിനും അത് അരങ്ങില്‍ എത്തിക്കുന്നതിനും ഈ അനുഷ്ടാനകലയുടെ പിന്മുറക്കാര്‍ പോലും ശ്രദ്ധിക്കുന്നില്ല എന്നതും ഈ കലയുടെ സര്‍വ്വ നാശത്തിന്റെ അവസാന ആണിക്കല്ലടിയില്‍ എത്തിച്ചിരിക്കുന്നു.


 ഈ കല യഥാര്‍ത്ഥത്തില്‍ താളമേള സംഗമങ്ങള്‍ തീര്‍ക്കുന്ന ഒരു ദൃശ്യവിരുന്നു തന്നെയാണ്. നേരിട്ട് വീക്ഷിക്കാതെ ദൂരെ മാറി നിന്ന് ഇതിന്റെ താളം ശ്രദ്ധിക്കുന്ന ഒരാള്‍ ഒരു പക്ഷേ അരങ്ങില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് പടയണി ആണോ എന്നു തെറ്റിദ്ധരിച്ചേക്കാം. ചുവടുകള്‍ക്ക് പടയണിയുമായി ഒരു സാമ്യവുമില്ല എങ്കിലും അതിന്റെ താളത്തിന് പടയണിയുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് പറയാതിരിക്കുക വയ്യ. മദ്ധ്യതിരുവിതാംകൂറില്‍ വിവിധ കാലഘട്ടങ്ങലില്‍ ജന്മമെടുത്ത കലകള്‍ എന്ന നിലയില്‍ പടയണിക്കും, വേലകളിക്കും കുറഞ്ഞത് അതിന്റെ താളത്തിലെങ്കിലും സാമ്യമില്ലെങ്കില്‍ അതായിരിക്കും അത്ഭുതമായി വിശേഷിപ്പിക്കപ്പെടുക.

കുരുക്ഷേത്ര യുദ്ധത്തെയോ, ദേവാസുര യുദ്ധത്തെയോ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഈ കലയെന്ന് പഴമക്കാര്‍ അവകാശപ്പെടുന്നു. പഴയകാല പടയാളികലെ അനുസ്മരിപ്പിച്ച്, അവരുടെ ആടയാഭരണങ്ങള്‍ക്ക് സമാനമായ വേഷ സംവിധാനത്തില്‍ ഏതാണ്ട് പടക്കോപ്പുകള്‍ക്ക് സമാനമായ ഉപകരണങ്ങളുമേന്തി അനുഷ്ടിക്കപ്പെടുന്ന ഈ കല അമ്പലപ്പുഴയിലും, മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിലും ഇന്നും ഒരു ചടങ്ങ് എന്ന നിലയിലെങ്കിലും അവതരിപ്പിക്കപ്പെടുന്നത് യുവതലമുറക്ക് വേലകളിയെ കുറിച്ച്  മനസ്സിലാക്കാന്‍ കിട്ടുന്ന ഒരു അവസരമായി മാത്രം കരുതാം.

കേരളനടനത്തിന് പുതുജീവന്‍ പകര്‍ന്ന ഗുരു ഗോപിനാ‍ദ് വേലകളിയേയും ഉദ്ധരിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. പിന്നീട് തിരുവനതപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വകലാകേന്ദ്രത്തില്‍ അനുഷ്ടാന കലകളുടെ പുനരുദ്ധാരനത്തിന്റെ ഭാഗമായി വേലകളി ക്ലാസ് ആരംഭിച്ചു എങ്കിലും, യുവജനോത്സവത്തിലും, ഫാഷന്‍ പരേഡുകളിലും മാര്‍ക്കു കൂട്ടാന്‍ കഴിയാത്ത ഒരു വിഭാഗമെന്ന നിലയില്‍ പുതുതലമുറയാല്‍ അവഗണിക്കപ്പെട്ട് അത് നിര്‍ത്തേണ്ടതായി വന്നു.

യുദ്ധസമാനമായ ആവേശം പകരുന്ന അംഗവിക്ഷേപം കൊണ്ടും, താളം കൊണ്ടും, ചുവടു വെപ്പുകളിലെ വൈവിദ്ധ്യം കൊണ്ടും സമൃദ്ധമായ ഈ നാടന്‍കലക്ക് ക്ഷേത്ര സംസ്കാരവും,ആയോധനാ സംസ്കാരവും ഊടും പാവും പകര്‍ന്നിരിക്കുന്നു. അമ്പലപ്പുഴയില്‍ ജന്മമെടുത്തു എന്നു വിശ്വസിക്കപ്പെടുന്ന ഈ കലക്ക് ഇന്നും അമ്പലപ്പുഴയിലും പരിസരങ്ങളിലും മാത്രമാണ് ഇന്ന് ജീവനുള്ളത്. മാത്തൂര്‍ മോഹന്‍ കുഞ്ഞു പണിക്കര്‍ എന്ന മഹാനായ വേലകളി കലാകാരന്റെ വിടവാങ്ങലോടെ അന്യം നിന്നു പോയേക്കുമെന്ന് കരുതിയ ഈ കല അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ചിലര്‍ ഇന്നും അനുഷ്ടിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നു എന്നുള്ളത് ആശാവഹമാണ്. 

http://www.sulekha.com/mstore/juna/albums/default/vela2.jpg

വേലകളിയുടെ ഉത്ഭവം

മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കിയ ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാര്‍ പറയുന്നു. ചെമ്പകശ്ശേരി രാജാവിന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമര്‍ത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവര്‍ക്കുണ്ടായിരുന്നു. 
കളരിപ്പയറ്റിന്‍റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി ഉത്സവകാലത്ത് കളരിപ്പയറ്റിനെ ഒന്നു പരിഷ്കരിച്ച് അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവര്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി പ്രചാരത്തിലായത്.
http://kuttanadtourismvillage.com/gallery/15L.jpg

വേലകളിയുടെ ഐതിഹ്യം

ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയില്‍ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹര്‍ഷി ഇവരുടെ കളിയില്‍ ആകൃഷ്ടനായി.

കേരളീയരെ ഒന്നടങ്കം കൃഷ്ണ ഭക്തരാക്കാന്‍ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തില്‍ ഈ കളി വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് നാരദമഹര്‍ഷി ഉപദേശിച്ചു. സ്വാമികള്‍ കൃഷ്ണധ്യാനത്തില്‍ മുഴുകുകയും തുടര്‍ന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണന്‍ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.
http://kuttanadtourismvillage.com/gallery/11L.jpg

വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികള്‍ കളിയില്‍ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിന്‍റെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങള്‍ ഉപയോഗിച്ചപ്പോള്‍ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയില്‍ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി
കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയില്‍ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിന്‍റെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതീഹ്യം.
http://farm4.static.flickr.com/3231/2663625736_b0d104d3f4.jpg?v=0

 
തിരുമുന്‍പില്‍ വേല


മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവാവസരങ്ങളില്‍ എഴുന്നള്ളിച്ചു നിര്‍ത്തിയിരിക്കുന്ന രാജാവിന്റെയും ദേവരുടെയും തിരുമുന്‍പില്‍ മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും ശിഷ്യന്മാരോടൊന്നിച്ച് അവരുടെ ആയോധന മുറകള്‍ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. ഈ രണ്ട് ആശാന്മാരും മാറി മാറി ഓരോ ദിവസങ്ങളില്‍ ഈ പ്രദര്‍ശനത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നു. ഈ ആയോധന പ്രധാനമായ കളിക്ക് വേല എന്നാണ് പറഞ്ഞുവന്നിരുന്നത്.
ഈശ്വരന്‍റെയും തമ്പുരാന്റെയും തിരുമുമ്പില്‍ വച്ചുള്ള വേലയായതുകൊണ്ട് ഇതിന് തിരുമുന്‍പു വേല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ക്ഷേത്രപരിസരത്ത് നടത്തുന്ന വേലയെ കുളത്തില്‍ വേല എന്നാണ് പറഞ്ഞിരുന്നത്.

http://farm4.static.flickr.com/3042/2867345783_5dc2c71e60.jpg?v=0

മാത്തൂര്‍, വെള്ളൂര്‍ കുടുംബങ്ങള്‍

മാത്തൂര്‍ കുടുംബവും വെള്ളൂര്‍ കുടുംബവുമാണ് ആദ്യകാലം മുതല്‍ക്ക് ഈ കല ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രജകള്‍ക്ക് മുന്നില്‍ പടയാളികളെ നിരത്തി ചുവടും അടവും പ്രകടിപ്പിച്ച് നാടുവാഴി തമ്പുരാക്കന്മാരുടെ ആള്‍ക്കരുത്തും സേനാബലവും കാട്ടി കൊട്ടിപ്പറയടിക്കുകയായിരുന്നു വേലകളിയുടെ ലക്ഷ്യം.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയ്ക്കല്‍ ഉത്സവകാലത്ത് (മീനമാസത്തിലെ ആറാട്ടുത്സവം) പഞ്ചപാണ്ഡവന്മാരുടെ രൂപം നിര്‍മ്മിച്ചുവച്ചിട്ടുള്ളതിന്‍റെ മുന്‍പില്‍ തുറസ്സായ സ്ഥലത്ത് 150 ഓളം പേര്‍ ഉള്‍പ്പെട്ട വേലകളി ഏതാനും വര്‍ഷം നടത്തിയിരുന്നു.


ഇത് നിലച്ചിട്ട് 25 ഓളം വര്‍ഷമായെന്ന് തദ്ദേശവാസികള്‍ പറയുന്നു. എന്നാല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മാര്‍ച്ച് 27 ന് ആരംഭിച്ച് ഏപ്രില്‍ 5 ന് അവസാനിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് എട്ടുദിവസം വേലകളി നടത്തുന്നുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടത്തിയിരുന്നതുപോലെ അതിവിപുലമായ രീതിയില്‍ അല്ലെന്നുമാത്രം.


താളങ്ങളും ചുവടുകളും

വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയില്‍ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിര്‍പക്ഷം അറിയാതിരിക്കാന്‍ വാദ്യമേളങ്ങളിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്.


മുറിയടന്ത (ഒരു താളം) മുഴങ്ങിയാല്‍ വേഗത്തിലുള്ള ചലനവും അടന്തയായാല്‍ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്. എതിരാളികളോട് പോരാടി വിജയിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ പഞ്ചാരി എന്ന താളം മുഴങ്ങും. പിന്‍തിരിഞ്ഞ് ഓടാന്‍ ആ താളം വേലകളി ഓര്‍മ്മപ്പെടുത്തുന്നു.

കളരിപ്പയറ്റില്‍ നിന്ന് വ്യത്യസ്തമായി വേലകളി കൂട്ട പയറ്റായതിനാല്‍ വേലകളിയുടെ ചുവടുകളില്‍ വ്യത്യാസമുണ്ട്.

വേലകളി അഭ്യാസരീതി

പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വര്‍ഷ കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകള്‍ പഠിപ്പിക്കുകയും മെയ്വഴക്കം സിദ്ധിക്കുവാന്‍ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാല്‍, കയ്യ്, മെയ്യ് ഇവകള്‍ക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു.


അമ്പലപ്പുഴ, ചമ്പക്കുളം, നെടുമുടി, കളര്‍കോട്, പുറക്കാട്, തകഴി, തലവടി തുടങ്ങിയ ചെമ്പകശ്ശേരി നാട്ടു രാജ്യത്തിലെ വില്ലേജ് ഓഫീസര്‍മാരുടെ (പ്രവൃത്തിയാര്‍) നേതൃത്വത്തില്‍ പടയാളികള്‍ അഭ്യാസ കാഴ്ച കാണാനെത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പുമായിരുന്നു സേനയുടെ പരിശീലകര്‍.

കളരി കെട്ടി ഓരോ കരയില്‍ നിന്നും 200 ഓളം ചെറുപ്പക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയിരുന്നു. ആലപ്പുഴ ജില്ലയിലെ ചമ്പക്കുളത്തും മാത്തൂര്‍ കുടുംബത്തിലുമായിരുന്നു കളരികള്‍. പടയാളികളുടെ കുടുംബത്തിനുള്ള ചെലവുകള്‍ മുഴുവനും രാജാവ് വഹിച്ചിരുന്നു.


ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂര്‍ പണിക്കര്‍ക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികള്‍ കരുനാഗപ്പള്ളി തഹസീല്‍ദാര്‍ക്കുമുന്നില്‍ വേലകളി അവതരിപ്പിച്ചിരുന്നു.


അവതരണം

കളിക്കാര്‍ മുട്ടിന്മേല്‍ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളില്‍ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയില്‍ വാളും വലതുകയ്യില്‍ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്.

സംഘത്തിലെ ഇളയവര്‍ മുന്‍നിരയിലും പ്രായം കൂടിയവര്‍ കൊടിയുമേന്തി പിന്‍നിരയിലും നില്‍ക്കും. പഴയ കാലത്തെ യുദ്ധത്തില്‍ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങള്‍ ആദ്യകാലങ്ങളില്‍ വേലകളിയില്‍ കൊണ്ടുനടക്കാറുണ്ടായിരുന്നു.




വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകില്‍ കൊമ്പ്, കുറങ്കുഴല്‍, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങള്‍ മേളത്തിന് ഉപയോഗിക്കുന്നു .വേലതകില്‍ വാദ്യമേളത്തിന് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് അനുമാനിക്കാം.

ഒരു മണിക്കൂറോളം ഒരു കൊച്ചു യുദ്ധത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേര്‍ന് നയനാന്ദകരമായ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം.