കയ്യാണിക്കടവിൽ ഒരു ജൈന സങ്കേതം കണ്ടെത്തി
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ ചാലക്കുടിയ്ക്കരികേ മേലൂർ ഗ്രാമപഞ്ചായത്തിൽ മേലൂർ വില്ലേജിൽ അടിച്ചിലി ബസ് സ്റ്റോപ്പിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ മാത്രം വടക്കു കിഴക്കു മാറിയാണ് കയ്യാണി കടവ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിനു ഒരു കിലോമീറ്ററിൽ താഴെ മാത്രം വ്യാസമേയുള്ളൂ. കയ്യാണി കടവിന്റെ കിഴക്ക് മുന്നൂർപ്പിള്ളിയും തെക്ക് അടിച്ചിലിയും പടിഞ്ഞാറ് ആലയ്ക്കാപ്പിള്ളിയും വടക്ക് ചാലക്കുടി പുഴയും സ്ഥിതി ചെയ്യുന്നു. പുഴയിൽ വെള്ളം പലതായി പിരിഞ്ഞൊഴുകുന്നതിൽ കടവിന്റെ ഭാഗം ഒരു കയ്യാണി പോലെ ഒഴുകുന്നതു കൊണ്ടായിരിയ്ക്കാം കയ്യാണി കടവിനു ആ പേരു വീണത്. വളരെ വീതി കുറഞ്ഞ ജലസേചനത്തിനുള്ള തോടിനെയത്രേ കയ്യാണി എന്നു വിളിയ്ക്കുന്നത്.
കയ്യാണി കടവിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ധർമശാസ്താ ക്ഷേത്രത്തിനരികായാണ് കയ്യാണി കടവിന്റെ ഹൃദയഭാഗം. ഇവിടം അതി പുരാതനമായ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു എന്നു കരുതുന്നതിനു അനേകം കാരണങ്ങളുണ്ട്.
കയ്യാണി കടവിലെ ധർമശാസ്താ ക്ഷേത്രം
ഈ ക്ഷേത്രം അതിനടുത്ത ക്ഷേത്ര സമുച്ചയം നൂറ്റാണ്ടുകളായി നശിച്ചു പോയതിനു ശേഷം ബാക്കി വന്ന ദിനവും ഒരു ആലിൻ കടയ്ക്കൽ തിരി വച്ചു വന്ന ഒരു പുരാതന ശിലാ ഭാഗമത്രേ പ്രതിഷ്ഠയാക്കിയിരിയ്ക്കുന്നത്. അവിടെ നിന്നും 200 മീറ്റർ തെക്കു കിഴക്കു മാറി ഒന്നും ഏകദേശം മുപ്പത് മീറ്റർ വടക്കു മാറി മറ്റൊന്നുമായി പുതുതായി കണ്ടെത്തിയ രണ്ടു മുനിയറകൾ സ്ഥിതി ചെയ്യുന്നു.
കേരളത്തിലെ മഹാശിലായുഗ സംസ്കാരാവശിഷ്ടങ്ങൾ ലോക പ്രസിദ്ധമാണ്. അവ അന്തരാഷ്ട്രീയമായി തന്നെ പ്രസക്തവും പ്രാധാന്യമുള്ളവയുമാണ്. പക്ഷേ നമ്മുടെ ജനം അവയുടെ പ്രാധാന്യം മനസ്സിലാക്കാതെ അവ നിരന്തരമായി നശിപ്പിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഇപ്പോൾ കണ്ടെത്തിയിരിയ്ക്കുന്ന മുനിയാറകൾക്ക് 1500 മുതൽ 2300 വരെ പഴക്കം ഉണ്ടാകാം. ശാസ്ത്രീയ പഠനങ്ങൾക്കു ശേഷം മാത്രമേ കൃത്യമായ പഴക്കം നിർണ്ണയിയ്ക്കാനാകൂ.
തെക്കു കിഴക്കു മാറി സ്ഥിതി ചെയ്യുന്ന മുനിയറയുടെ മറ്റൊരു ദൃശ്യം
ഈ മുനിയറയുടെ അടിപ്പലകയും തെക്കും കിഴക്കും ഭാഗങ്ങളിലെ വശക്കല്ലുകളുടെ ഓരോ കഷണങ്ങളും മാത്രമാണു അവശേഷിച്ചിട്ടുള്ളത്. മറ്റുള്ളവ സ്ഥാന ഭ്രംശം വന്ന് അടുത്തെവിടെയോ മണ്ണു മൂടി കിടക്കുന്നുണ്ടെന്നു കരുതുന്നു. ധാരാളം ക്വാർട്ട്സ് കലർന്നതും ശക്തവും സാമാന്യം വീതിയുള്ളവയുമാണ് ശിലാപാളികൾ.
മാതൃകാ മുനിയറ മറയൂരുള്ളത്
ക്ഷേത്രത്തിനു വടക്കു വശത്തുള്ള മുനിയറയുടെ വശക്കല്ലുകളിൽ ഒരു വശത്തെ കല്ലുകളുടെ രണ്ടു ഭാഗങ്ങൾ മാത്രമാണ് മണ്ണിനു പുറത്തു കാണുന്നത്. ഭൂ പ്രകൃതി കൊണ്ട് മുമ്പ് അതിനരികെ പാടമായിരുന്നുവെന്നും അത് പിന്നീട് നികത്തപ്പെട്ടതാണെന്നും തോന്നി. അതിനാൽ ഒരു ചെറു ഉത്ഖനനം കൊണ്ടേ ബാക്കി അവശിഷ്ടങ്ങൾ എന്തെല്ലാമുണ്ടെന്നു പറയാനാകൂ. എന്നാൽ എല്ലാ ഉത്ഖനനവും ചരിത്രാവശിഷ്ടങ്ങളെ ക്രമത്തിൽ ദുർബലമാക്കും. മോഹഞ്ജാദാരോവിലേയും ഹാരപ്പായിലേയും അവശിഷ്ടങ്ങൾ അതിയായ ശ്രദ്ധ ചെലുത്തിയിട്ടും നശിച്ചു കൊണ്ടിരിയ്ക്കുന്നതു തന്നെ ഉദാഹരണം.
വടക്കു മാറി സ്ഥിതി ചെയ്യുന്ന മുനിയറയുടെ അവശേഷിച്ച ഭാഗം
മേലൂർ പഞ്ചായത്തിൽ നിന്നും അനേകം മഹാശിലായുഗാവശിഷ്ടങ്ങൾ ലഭിച്ചിട്ടുള്ളതാണ്. അവയിൽ പ്രധാനം ഏതാനും കുടക്കല്ലുകളാണ്. എന്നാൽ അവ ഇവിടെ നിന്നും നീക്കം ചെയ്യുകയാണുണ്ടായത്. അവ ഇപ്പോൾ എവിടെയാണെന്നു നാട്ടുകാർക്കു വ്യക്തതയില്ല. ആ കുടക്കല്ലുകളുടെ ചിത്രം തിരൂർ തുഞ്ചൻ പറമ്പു സ്മാരകത്തിൽ ഇപ്പോളും പ്രദർശിപ്പിച്ചു വരുന്നു.
തിരൂർ തുഞ്ചൻ പറമ്പ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള മേലൂരിൽ നിന്നുള്ള കുടക്കല്ലിന്റെ ചിത്രം
ധർമശാസ്താ ക്ഷേത്രത്തിനു തെക്കു കിഴക്കായുള്ള മുനിയറയ്ക്ക് ഏഴെട്ടു മീറ്ററോളം വടക്കു മാറി ഒരു പുരാതനമായ കുടക്കല്ലിന്റെ തകർന്ന അവശിഷ്ടങ്ങൾ കാണപ്പെട്ടു. തദ്ദേശവാസികളോട് അന്വേഷിച്ചതിൽ ഏതാനും മാസങ്ങൾക്ക് മുമ്പു വരെ അത് പൂർണ്ണ രൂപത്തിൽ ഉണ്ടായിരുന്നു എന്നും എന്നാൽ സമീപത്തുള്ള ക്വാറി നടത്തിപ്പുകാർ ജെ.സി.ബി. ഉപയോഗിച്ച് ആ കുടക്കല്ല് തകർത്തു കളയുകയായിരുന്നുവെന്നും കുടക്കല്ലിന്റെ മേൽമൂടി ആഴത്തിൽ മണ്ണിട്ടു മൂടിയതായും അവർ പറഞ്ഞു.
തകർന്നു കിടക്കുന്ന കുടക്കല്ലിന്റെ ഭാഗങ്ങൾ
തകർന്നു കിടക്കുന്ന കുടക്കല്ലിലെ വെട്ടുകല്ലിന്റെ നിറവും ഗുണവും നോക്കിയാൽ തന്നെ അതിനു ആയിരത്തിലധികം വർഷം പഴക്കം മതിയ്ക്കാനാകുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ ഇനിയും വേറെ കുടക്കല്ലുകളുടെ അവശിഷ്ടങ്ങൾ ബാക്കിയുണ്ടോ എന്നും അന്വേഷണം തുടരേണ്ടതുമുണ്ട്.
ധർമശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠയായി ഉപയോഗിച്ചു വരുന്ന പഴയ ജൈനശില
ഇരുപതോളം വർഷം മുമ്പ് ഇപ്പോളത്തെ ക്ഷേത്രം നിന്നിരുന്നതിനു ആറേഴുമീറ്റർ തെക്കു പടിഞ്ഞാറുമാറി അവിടെയുണ്ടായിരുന്ന ഒരു ആൽത്തറയ്ക്കൽ അടിച്ചിലി കോവിലകം വകയായി തുടർച്ചയായി വിളക്കു വയ്ക്കൽ നടത്തിക്കൊണ്ടിരുന്ന പ്രതിഷ്ഠ ആൽ മുറിച്ചു മാറ്റിയതിനു ശേഷം അനാഥമായപ്പോൾ ക്ഷേത്രത്തിനു സമീപത്തുള്ള ഒരു വ്യക്തി സ്വന്തം സ്ഥലത്ത് ഒരു ചെറു ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചതാണ് ഇന്നത്തെ ശിലാവിഗ്രഹം. പിന്നീട് അത് നാട്ടുകാർക്ക് വിട്ടു കൊടുത്തു.
ശിലാവിഗ്രഹം മിനുക്കാത്തതും ഒരു വശത്തു മാത്രമായി റിലീഫ് മാതൃകയിൽ ചിത്രാങ്കിതവും കൃഷ്ണ വർണ്ണമാർന്നതുമാണ്. അതിനാൽ ത്രിമാന ശില്പങ്ങളിലേയ്ക്ക് സാങ്കേതിക വിദ്യ പുരോഗമിയ്ക്കുന്നതിനു മുമ്പുള്ള ശിലയായിരിയ്ക്കണം അത്. ആദി ദ്രാവിഢമായ ശിലാവിഗ്രഹ സങ്കല്പത്തിനും ക്ഷേത്രങ്ങളിലെ സമ്പൂർണ്ണ ത്രിമാന ശില്പങ്ങൾക്കും ഇടയ്ക്കുള്ള ഒരു കാലഘട്ടത്തെ അതു പ്രതിനിധീകരിയ്ക്കുന്നു. കൊത്തിയ രൂപം അനേക നൂറ്റാണ്ടുകളുടെ കാലപ്പഴക്കത്താൽ അവ്യക്തമായതിനാൽ അവ്യക്തമാണ്. ആനയോ മറ്റേതെങ്കിലും മൃഗമോ ശംഖോ ആണു ചിത്രമെന്നു തോന്നുന്നു. അവയിൽ ഏതായാലും അത് ജൈന സ്വാധീനത്തെ സൂചിപ്പിയ്ക്കുന്നു. കാരണം ആന രണ്ടാം തീർത്ഥങ്കരനായ അജിതനാഥനെ സൂചിപ്പിയ്ക്കുന്നു. കല്ലിൽ ജൈന ക്ഷേത്രത്തിലെ ആനയുടെ അതി പുരാതന ചിത്രം ഓർമ്മിയ്ക്കുമല്ലോ. ഇരുപത്തിരണ്ടാം തീർത്ഥങ്കരനായ നിമിനാഥന്റെ അടയാളമത്രേ ശംഖ്.
കല്ലിൽ ജൈന ക്ഷേത്രത്തിലെ ആനയുടെ ചിത്രം
കയ്യാണിക്കടവിനു കിഴക്കുള്ള മുന്നൂർപ്പിള്ളിയും പടിഞ്ഞാറുള്ള ആലയ്ക്കാപ്പിള്ളിയും ആ പ്രദേശത്തെ ജൈന സ്വാധീനത്തെ സൂചിപ്പിയ്ക്കുന്നുണ്ട്. മൂന്നു ഊർ പള്ളിയാണു മുന്നൂർപ്പിള്ളിയായി തീർന്നത്. ആലുക്കെ പള്ളിയാകണം ആലയ്ക്കാപ്പിള്ളിയായത്. കുന്നേൽ പള്ളിയായിരുന്ന കുന്നപ്പിള്ളിയും തൊട്ടടുത്താണ്. അവിടെ ക്രിസ്ത്യൻ പള്ളി സ്ഥാപിയ്ക്കുന്നതിനു മുമ്പ് പുഷ്പഗിരിയുടെ പേർ പൂത്തുമല എന്നായിരുന്നു. കുന്ന് മല തുടങ്ങിയവ ചേർന്ന പേരു ഹിന്ദു മതത്തിന്റെ സ്വാധീനം വർദ്ധിയ്ക്കുന്നതിനു മുമ്പുള്ള സ്ഥലമാകാനുള്ള സാധ്യത കൂടുതലാണല്ലോ. പൂങ്കാവനം തുടങ്ങി പൂക്കൾ ചേർത്തു വിശുദ്ധ സ്ഥാനങ്ങൾക്ക് പേരിടുന്നതും ബൌദ്ധജൈന രീതിയാണ്. പൂത്തുമലയും പുഷ്പഗിരിയും സമാനാർത്ഥദ്യോതകങ്ങളുമാണല്ലോ. പള്ളി പുരാതനമായ ജൈന ബുദ്ധ ക്ഷേത്രങ്ങളെ സൂചിപ്പിയ്ക്കുന്നു എന്നത് സുവിദിതവുമാണ്. ഇങ്ങനെ സ്ഥലനാമ ചരിത്രം കൊണ്ടും കയ്യാണി കടവിനു ചുറ്റുമുള്ള പ്രദേശം ഒരു ജൈന സ്വാധീനമുള്ള പ്രദേശമായിരുന്നെന്നു തെളിയുന്നുണ്ട്.
ആലയ്ക്കാപ്പിള്ളിയിലെ ഒരു അതി പുരാതനമായ കിണർ.
ഇവിടെ ഒരു ജൈനക്ഷേത്രമുണ്ടായിരുന്നതായി കരുതപ്പെടുന്നു
ആലയ്ക്കാപ്പിള്ളിയിൽ ഒരു പുരാതന ക്ഷേത്രം ഉണ്ടായിരുന്നോ എന്ന പേരിൽ മേലൂർ ന്യൂസിൽ മുമ്പൊരിയ്ക്കൽ ഒരു ലേഖനം ചേർത്തിരുന്നു.(കാണുന്നതിനു ക്ലിക്ക് ചെയ്യുക) ആ ക്ഷേത്രം ഒരു ജൈന ക്ഷേത്രമായിരിയ്ക്കാനുള്ള സാധ്യത അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോളത്തെ കണ്ടെത്തലിന്റെ സാഹചര്യത്തിൽ അതിനു ആക്കവും കൂടുന്നു. ആ ക്ഷേത്രത്തിനോടു ചേർന്ന് ഉണ്ടായിരുന്നതായി കരുതപ്പെടുന്ന അടിമുതൽ ഇഷ്ടിക കെട്ടിച്ച കിണർ പോലെ മറ്റൊന്നു മേലൂർ ഗ്രാമ പഞ്ചായത്തിലെങ്ങും കണ്ടിട്ടുമില്ല. ഏതാണ്ട് അതിനു സമാനമായ ഒന്ന് മലപ്പുറം ജില്ലയിലെ തിരുനാവായ്ക്കടുത്ത് ചാവേറുകളുടെ ശവം തള്ളുന്നതിനു ഉപയോഗിച്ചിരുന്ന മണിക്കിണർ ആണ്. അതാകട്ടെ ക്രിസ്ത്വബ്ദം പതിനാലാം നൂറ്റാണ്ടിലെങ്കിലും ഉള്ളതാണ്. ഇഷ്ടികകൾക്കിടയ്ക്ക് പ്രത്യക്ഷമായ യാതൊരു സിമന്റിംഗ് മറ്റീരിയലുകളും ദൃശ്യമല്ല എന്ന പ്രത്യേകത മണിക്കിണറ്റിലും ആലയ്ക്കാപ്പിള്ളിയിലെ കിണറ്റിലും പൊതുവായ പ്രത്യേകതയാണ്. അതിനാൽ ആലയ്ക്കാപ്പിള്ളിയിലെ ക്ഷേത്രത്തോടു ചേർന്ന കിണർ ക്രിസ്ത്വബ്ദം 12 മുതൽ 14 നൂറ്റാണ്ടുകൾക്ക് ഇടയിൽ പണിയിയ്ക്കപ്പെട്ടിരിയ്ക്കാൻ സാധ്യതയുണ്ട്.
തിരുനാവായിലെ മാമാങ്കവുമായി ബന്ധപ്പെട്ട മണിക്കിണർ
ആലയ്ക്കാപ്പിള്ളിയിൽ നിന്നും നമുക്ക് കയ്യാണിക്കടവിലേയ്ക്ക് തിരിച്ചെത്താം. രണ്ടാമത്തെ മുനിയറ കണ്ടെത്തിയതിൽ നിന്നും നൂറു മീറ്റർ മാത്രം പടിഞ്ഞാറു മാറി ഒരു വീടിനോടു ചേർന്ന് കക്കൂസയ്ക്കു കുഴിയെടുത്തപ്പോൾ അവിടെ ഒരു നന്നങ്ങാടി കണ്ടെത്തുകയുണ്ടായി. അതിനാൽ വീട്ടുകാർ ആ കുഴി ഉപയോഗിയാതെ അങ്ങനെ തന്നെ തുറന്നിട്ടിരിയ്ക്കുകയാണ്. കാലപ്പഴക്കം കൊണ്ട് അല്പം രൂപമാറ്റം സംഭവിച്ച നിലയിലുള്ളതും താരതമ്യേന കനം കുറഞ്ഞതുമാണ് ഇവിടെ കണ്ടെത്തിയ നന്നങ്ങാടി. ശവസംസ്കാരത്തിനു ശേഷമുള്ള അവശിഷ്ടങ്ങൾ സുക്ഷിയ്ക്കാനുള്ള നന്നങ്ങാടികളിൽ കനവും ഉറപ്പും കുറഞ്ഞതായതിനാൽ കുറേക്കൂടി പഴയതാകാൻ സാദ്ധ്യത കാണുന്നു. ക്രിസ്ത്വബ്ദം അഞ്ചാം നൂറ്റാണ്ടിലെയെങ്കിലുമായിരിയ്ക്കണം ഈ നന്നങ്ങാടി.
കയ്യാണിക്കടവിൽ കണ്ടെത്തിയ നന്നങ്ങാടിയുടെ ഭാഗം
കയ്യാണിക്കടവിലെ മുതിർന്ന ആളുകളോടു സംസാരിച്ചപ്പോൾ റബ്ബറിനു കുഴിയെടുക്കുമ്പോളും റോഡു വെട്ടുമ്പോളും മറ്റുമായി ഏതാണ്ട് അറുപതോളം നന്നങ്ങാടികൾ നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെന്നു വെളിവായി. അതിനാൽ ഇവിടങ്ങളിൽ ഇനിയും അനേകം നന്നങ്ങാടികൾ മണ്ണിൽ മറഞ്ഞു കിടപ്പുണ്ടാകുമെന്ന് ഉറപ്പാണ്. സമീപവാസികൾ കിണറും കുഴിയും മറ്റുമെടുക്കുമ്പോൾ ഇത്തരം അമൂല്യമായ ചരിത്രാവശിഷ്ടങ്ങളെ നശിപ്പിയ്ക്കരുതെന്നും സംരക്ഷിയ്ക്കണമെന്നും അപേക്ഷിയ്ക്കുന്നു.
തിരൂർ തുഞ്ചൻ പറമ്പ് മ്യൂസിയത്തിൽ സൂക്ഷിക്കുന്ന താരതമ്യേന പഴക്കം കുറഞ്ഞനന്നങ്ങാടി
മേലൂരിൽ കാലടിയിൽ നിന്നും പാലമുറിയിൽ നിന്നും മറ്റുമായി അനേകം നന്നങ്ങാടികൾ കിട്ടിയിട്ടുള്ള സാഹചര്യത്തിൽ ഇവിടെ മുഴുവൻ ഒരു ഹൈന്ദവ പൂർവ സംസ്കാരത്തോടു ആഭിമുഖ്യം പുലർത്തിയ ജനത പുരാതന കാലം മുതൽ അധിവസിച്ചിരുന്നു എന്നു വ്യക്തമാണല്ലോ.
കയ്യാണിക്കടവിൽ മുനിയറകൾ കണ്ട സ്ഥലങ്ങൾക്കിടയ്ക്കുള്ള പ്രദേശങ്ങൾ പരിശോധിച്ചതിൽ പലയിടത്തും പഴയ ശിലാപാളികൾ ചിതറി കിടക്കുന്നതായി കാണപ്പെട്ടു. നാട്ടുകാർ പലതും തങ്ങളുടെ ദൈന്യംദിനാവശ്യങ്ങൾക്കായി ഉപയോഗിയ്ക്കുന്നുമുണ്ടായിരുന്നു.
ഒരു പുരാതന ശിലയുടെ കഷണം
ഇതൊരു പിൽക്കാല ജൈന ക്ഷേത്രമായിരിയ്ക്കാമെന്നു കരുതുന്നു. പുഴക്കക്കരെ അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന മുനിപ്പാറയും അവിടത്തെ ജൈനാവശിഷ്ടങ്ങളും ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രം ജൈനക്ഷേത്രമായിരുന്നപ്പോളത്തെ അവരുടെ അധികാരാതിർത്തി ചാലക്കുടിയിലെ കിഴക്കേ പോട്ട വരെ വ്യാപിച്ചിരുന്നതും ആ ക്ഷേത്രത്തിന്റെ ആറാട്ട് ചാലക്കുടിയിലെ ആറാട്ടു കടവിൽ ഒന്നിടവിട്ട വർഷങ്ങളിൽ ഇപ്പോളും നടന്നു വരുന്നതും അക്കാലങ്ങളിലെ ജൈന സ്വാധീനം കാട്ടുന്നുണ്ട്. അതിനാൽ കയ്യാണിക്കടവിലേയും ആലയ്ക്കാപ്പിള്ളിയിലേയും ക്ഷേത്രങ്ങൾ അക്കാലത്തു നില നിന്നിരുന്നുവെന്നും ക്ഷേത്രാതിർത്തികൾ ചാലക്കുടി പട്ടണവും പഴയ പൂർണ്ണാനദിയായിരുന്ന ഇന്നത്തെ ചാലക്കുടി പുഴയും നിർണ്ണയിച്ചു എന്നും വരാവുന്നതാണ്.
മറ്റൊരു പുരാതന ശില
ശിലാവശിഷ്ടങ്ങളുടെ സ്വഭാവം വച്ചു നോക്കുമ്പോൾ അവ ക്രിസ്ത്വബ്ദം പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയ്ക്കു സ്ഥാപിയ്ക്കപ്പെട്ടവ ആണെന്നു തോന്നുന്നു. ആലയ്ക്കാപ്പിള്ളിയിലെ കിണറിന്റെ കാലവും ഇതുമായി ഒത്തു വരുന്നുണ്ട്.
മറ്റൊരു പുരാതന ശില
മറ്റൊരു പുരാതന ശില
മറ്റൊരു പുരാതന ശില
പുരാതന ശിലകൾ
പുരാതന ശിലകൾ
പുരാതന ശിലകൾ
പുരാതന ശിലകൾ
പുരാതന ശിലകൾ
പുരാതന ശിലകൾ
പുരാതന ശിലകൾ
മറ്റൊരു പുരാതന ശില
പുരാതന ശിലകൾ മുറിച്ച് മതിൽ പണിതിരിയ്ക്കുന്നു
പുരാതന ശിലകൾ കിണറു പണിയ്ക്ക് ഉപയോഗിച്ചിരിയ്ക്കുന്നു
കിണറ്റിലെ പുരാതന ശിലകൾ
കിണറ്റിലെ പുരാതന ശിലകൾ
കിണറ്റിലെ പുരാതന ശിലകൾ
ഇവയിൽ ശില്പവേലകൾ ഉണ്ടായിരുന്നുവോ?
ഇവയിൽ ശില്പവേലകൾ ഉണ്ടായിരുന്നുവോ?
മറ്റൊരു വീഡിയോയ്ക്ക് ക്ലിക്ക് ചെയ്യുക
ക്രിസ്ത്വബ്ദം പന്ത്രണ്ടാം നൂറ്റാണ്ടുകളിലേതെന്നു കരുതപ്പെടുന്ന പിണ്ടാണിയിലെ നശിച്ചു പോയ ചതുർബാഹു വിഷ്ണു ക്ഷേത്രവും കരിങ്കൽ ശിലകൾ കൊണ്ട് നിർമ്മിച്ചതും അവിടവിടെ കൊത്തുപണികൾ ഉള്ളതുമായിരുന്നു. അതിനാൽ സമാന കാലത്തു നിർമ്മിച്ച കയ്യാണി കടവിലെ ക്ഷേത്രത്തിലും കൊത്തുപണികൾ ഉണ്ടായിരിയ്ക്കാൻ സാധ്യത ഏറെയുണ്ട്. പക്ഷേ കൊത്തു പണികൾ ഉണ്ടോ എന്നു സംശയം തോന്നാവുന്ന ഏതാനും ശിലകൾ കിട്ടിയിട്ടുണ്ടെങ്കിലും അത് സംശയാതീതമായി തെളിയിയ്ക്കുന്ന ശിലകൾ ഒന്നും ഇനിയും കണ്ടു കിട്ടിയിട്ടില്ല. പക്ഷേ എന്തായാലും ക്ഷേത്രത്തിലും നൂറ്റാണ്ടുകൾ പുരാതനമാണ് ആനയുടേയോ ശംഖിന്റേയോ എന്നു വ്യക്തമല്ലാത്ത പ്രതിഷ്ഠ എന്നു വ്യക്തമാണ്.
പുരാതന ശിലകൾ കൊണ്ട് അർദ്ധവൃത്താകൃതിയിലുള്ള പടവുകൾ
ഇതിലും ശില്പവേലകൾ ഉണ്ടായിരുന്നുവോ?
ഏ.ഡി. ഒമ്പതാം ശതകത്തിൽ നിലനിന്നിരുന്നതായി കരുതപ്പെടുന്ന നാമാവശേഷമായ പിണ്ടാണിയിലെ ചതുർബാഹു വിഷ്ണുക്ഷേത്രത്തിൽ ധാരാളം കൊത്തുപണികൾ ഉള്ള ശിലകൾ ഉണ്ടായിരുന്നതായും അമ്പതു വർഷം മുമ്പു വരേയും അവയിൽ പലതും ദൃശ്യമായിരുന്നതായും മുതിർന്നവരിൽ പലരും പറയുകയുണ്ടായിട്ടുണ്ട്. അതിനാൽ അതിനു ശേഷം കയ്യാണി കടവിൽ ഉണ്ടായ ക്ഷേത്രത്തിലും കൊത്തു പണികൾ ഉണ്ടായിരുന്നിരിയ്ക്കാം.
പിണ്ടാണിയിലെ ചതുർബാഹു വിഷ്ണു ക്ഷേത്രത്തിന്റെ ഒരു ശിലയുടെ കൊത്തിയ ഭാഗം
പിണ്ടാണിയിലെ ചതുർബാഹു വിഷ്ണു ക്ഷേത്രത്തിന്റെ ഒരു ശിലയുടെ മറു ഭാഗം
പിണ്ടാണിയിലെ ചതുർബാഹു വിഷ്ണു ക്ഷേത്രത്തിന്റെ ഒരു ബലിക്കല്ല്
പിണ്ടാണി ശിവപാർവതി ക്ഷേത്രത്തിൽ ഉപയോഗിച്ചു വരുന്നത്
സമീപത്തെ ക്വാറിയിൽ നിന്നൊരു ദൃശ്യം
പ്രകൃതി തന്നെ മിനുസമായി പാറകൾ ലംബമായി മുറിച്ചു നൽകാവുന്നത്ര നല്ല ക്ലീവേജും ദുർബ്ബലരേഖകളും ഉള്ളതായിരുന്നു കയ്യാണി കടവിലെ പാറകൾ. അതു കൊണ്ടായിരിയ്ക്കണം മുനിയറകളും കുടക്കല്ലുകളും നന്നങ്ങാടികളും ക്ഷേത്രവും മറ്റുമടങ്ങുന്ന തുടർച്ചയായ നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന അവശിഷ്ടങ്ങൾ ഒരേയിടത്ത് ഒരുമിച്ചത്. തൊട്ടടുത്ത വളപ്പിലെ ക്വാറിയിലെ മുകളിൽ കൊടുത്ത ചിത്രത്തിലെ ഈ മിനുപ്പുള്ള ഭാഗം അതു തെളിയിയ്ക്കും.
ഈ നിർമ്മിതികൾ സാധിച്ചത് മനുഷ്യനോ പ്രകൃതിയോ?
അതുപോലെ തന്നെ പ്രാധാന്യമർഹിയ്ക്കുന്ന ഒന്നാണ് അവിടെ പലയിടഠുമായി കാണുന്ന ഭീമൻ ഉരുളൻ കല്ലുകൾ. ഇവ ചെറു ശിലകളുടെ മേൽ സ്ഥിതി ചെയ്യുന്നതായി കാണുന്നു. പക്ഷേ അവയിൽ ചിലതിനടിയിൽ ആ പാറകളിൽ നിന്നും തികച്ചും നിറം കൊണ്ടും ഘടന കൊണ്ടും വ്യത്യസ്തമായ ശിലാപാളികൾ കാണുന്നത്ത് അത്തരം ഭീമൻ ഉരുളൻ കല്ലുകൾ അവിടെ മനുഷ്യർ എടുത്തു വച്ചതാണോ എന്നു സംശയം തോന്നിപ്പിയ്ക്കുന്നു. എന്തോ സ്മരണയോ അടയാളമോ കാട്ടാനായിരിയ്ക്കുമോ അവ സ്ഥാപിച്ചിട്ടുള്ളത്. ഇതു വരെ നാം കാണാത്ത മുനിയറകളോളമോ അതിലധികമോ പഴക്കമുള്ള ശിലായുഗ സംസ്കാരാവശിഷ്ടങ്ങളായിരിയ്ക്കുമോ? കൂടുതൽ പഠനം അവ അർഹിയ്ക്കുന്നു. ചിലപ്പോൾ സാധാരണ കരികല്ലിൽ നിരന്തരമായി വെള്ളം ഇറ്റു വീണ് ആവിയായി പോയി അവശേഷിപ്പിച്ച ധാതുക്കളുടെ ആവരണമാണു അവയ്ക്ക് വെളുപ്പും നീലയും നിറം കൊടുത്തത് എങ്കിൽ തീർച്ചയായും അവ മനുഷ്യ സൃഷ്ടി ആയേക്കുകയില്ല. പക്ഷേ അവ വൻ വെള്ളാറം കല്ലുകൾ ആണെങ്കിൽ തീർച്ചയായും ഒരു ശിലായുഗാവശിഷ്ടങ്ങൾക്കരികിലാണ് നാം നിൽക്കുന്നത്.
പാറകളുടെ നിറത്തിലും ഘടനയിലുള്ള വ്യത്യാസം യാദൃശ്ചികതയോ?
പഠനം തുടരേണ്ടതുണ്ട്. വിവരങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അവർ ഈ മാസം സ്ഥലം പരിശോധിച്ചേക്കാം. നമുക്ക് പക്ഷേ അത്രയും കാത്തിരിയ്ക്കേണ്ടതില്ല. നമ്മുടെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിയ്ക്കാനുള്ള ഒരു അവബോധം ജനങ്ങളിൽ സൃഷ്ടിയ്ക്കാനുള്ള പ്രവർത്തനങ്ങൾ നമുക്ക് ആരംഭിയ്ക്കാം.