2019, ജൂൺ 9, ഞായറാഴ്‌ച

കൂട്ടേ ക്കാവ് ഭഗവതി ക്ഷേത്രം എറണാകുളം ജില്ല





കൂട്ടേ ക്കാവ് ഭഗവതി ക്ഷേത്രം
======================================
എറണാകുളം ജില്ലയിലെ ആമ്പല്ലൂരിനടുത്ത് തൃപ്പൂണി ത്തുറ -തലയോലപ്പറമ്പു റൂട്ടിലെ  ആമ്പല്ലൂർ കവലയിൽ നിന്നും  ഒരുകിലോമീറ്റർ തെക്കു ഭാഗത്ത്  രണ്ടു ക്ഷേത്രമുണ്ട്.ഭദ്രകാളിയും ശിവനും. ഭദ്രകാളി വടക്കോട്ടും ശിവൻ കിഴക്കോട്ടും ദർശനം .ചോറ്റാനിക്കര ഉത്സവ ദിവസമായ കുംഭത്തിലെ മകം  നാളിൽ പൂരം ഗരുഡൻ തൂക്കമുണ്ട് തൂക്കക്കാരുടെ പുറത്ത് കൊളുത്തിട്ടു ചോര  വരുത്തും .തൂക്കം നടക്കുമ്പോൾ ഭഗവതിയെ പുറത്തു എഴുന്നള്ളിച്ചിരുത്തും  മുൻപ് ഇതിനു ഏഴാം ദിവസം കോഴിവെട്ടുണ്ടായിരുന്നു നാട്ടേകുളത്തു പണിക്കർ കൊടുങ്ങല്ലൂരിൽ നിന്നും കൊണ്ടുവന്ന   ഭഗവതി എന്ന് ഐതിഹ്യം നാടുവാഴികളായ പറുകുടത്തി മേനോന്മാരുടെ ക്ഷേത്രമായിരുന്നു. (പറുതുരുത്തിൽ ,കാച്ചാനാട്ടു,കാറുള്ളിൽ ഇടംതൊട്ടു )

പത്തനംതിട്ടയിലെ പുത്തൻ ശബരിമല





പത്തനംതിട്ടയിലെ പുത്തൻ ശബരിമല
===================================
പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു അവിടെയുള്ള ഋഷിമാരുടെ പർണശാലയിൽ താമസിക്കുകയും അന്നേരത്തു പിതാവായ പരമശിവൻ മണികണ്ഠനു മുന്നിൽ പ്രത്യക്ഷപ്പെട്ടു പുലിപ്പാൽ ലഭിക്കാനുള്ള ഉപദേശം നൽകിയെന്നുമാണു പുരാണം. പിതാവിന്റെ ഉപദേശം സ്വീകരിച്ച മണികണ്ഠൻ അവിടെ നിന്നും ഉദ്ധിഷ്ടകാര്യ നിറവിൽ കൊട്ടാരത്തിലേക്കു മടങ്ങി.
അന്നു മണികണ്ഠൻ പുലിപ്പാൽ അന്വേഷിച്ചെത്തുകയും പരമശിവൻ പ്രത്യക്ഷപ്പെടുകയും ചെയ്ത വനപ്രദേശം പിന്നീട് പുത്തൻ ശബരിമല എന്നറിയപ്പെടാൻ തുടങ്ങി. ശബരിമലയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും അതേപടി തന്നെ പിന്തുടരുന്ന, എന്നാൽ ഏതുപ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചിട്ടുള്ള പുത്തൻശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രത്തെക്കുറിച്ചു കൂടുതലറിയാം.
സാദൃശ്യങ്ങളേറെ...
ക്ഷേത്രത്തിന്റെ രൂപത്തിലും പ്രതിഷ്ഠകളിലും ആചാരങ്ങളിലും യഥാർത്ഥ ശബരിമല ക്ഷേത്രത്തോടു സാദൃശ്യം പുലർത്തുന്ന പുത്തൻ ശബരിമല ക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ അരിയൂർ പഞ്ചായത്തിലെ തടിയൂർ എന്ന ഗ്രാമത്തിലാണ് ക്ഷേത്രം. 41 ദിവസം നോയമ്പു നോറ്റു, ഇരുമുടിക്കെട്ടുമേന്തി, പതിനെട്ടാംപടി കയറിച്ചെല്ലുമ്പോൾ പുത്തൻ ശബരിമലയിലെ അയ്യന്റെ ദർശനം ലഭിക്കും.
യഥാർത്ഥ ശബരിമലയിലെ പോലെത്തന്നെയാണ് ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും നടത്തിയിരിക്കുന്നത്. കൂടാതെ പതിനെട്ടു പടികളും അതേ അളവിലും വീതിയിലും തന്നെ നിർമിച്ചിരിക്കുന്നു. മാളികപ്പുറത്തമ്മയും വാവരുസ്വാമിയും കറുപ്പായി അമ്മയും വലിയ കടുത്ത സ്വാമിയും, യക്ഷിയും, നാഗങ്ങളും, ഗണപതിയും പുത്തൻ ശബരിമലയിലും ചൈതന്യം ചൊരിഞ്ഞു അനുഗ്രഹാശിസ്സുകളുമായി കുടികൊള്ളുന്നു.
കന്നിരാശിയിൽ ഗണപതിയും കുംഭരാശിയിൽ മാളികപ്പുറത്തമ്മയും പോലെ എല്ലാ പ്രതിഷ്ഠകളും യഥാർത്ഥ ശബരിമലയിലെ പോലെ തന്നെ ഇവിടെയുമുണ്ട്. കൃഷ്ണശില കൊണ്ടു നിർമിച്ച പതിനെട്ടുപടികൾ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനയുടെയും പുലിയുടെയും കല്ലിൽ കൊത്തിയ രൂപങ്ങളും പടികളിൽ ഏറ്റവും താഴെയായി കാണാൻ കഴിയും.
പാദുകങ്ങൾ പ്രതിഷ്ഠിച്ച്...
പുലിപ്പാൽ അന്വേഷിച്ചെത്തിയ മണികണ്ഠന്റെ മഹത്വം മനസിലാക്കിയ സന്യാസിമാർ അദ്ദേഹത്തിന്റെ പാദുകങ്ങൾ പ്രതിഷ്ഠിച്ചാണ് ഇവിടെ ആദ്യം ആരാധന തുടങ്ങിയതെന്നാണു വിശ്വാസം. പിന്നീടു ക്ഷേത്രം നിർമിക്കുകയും ആരാധന തുടർന്നു പോരുകയുമായിരുന്നു. ഇടക്കാലത്ത് ക്ഷേത്രം അഗ്നിക്കിരയായെങ്കിലും പുതുക്കിപ്പണിതു പുനഃപ്രതിഷ്ഠ നടത്തി. അധികമാരും പിന്നീട് ക്ഷേത്രത്തിലേക്ക് എത്താതിരുന്നതോടെ കാലക്രമേണ നാശോന്മുഖമായി. പിന്നീട് 1940–കളിലാണ് ക്ഷേത്രനവീകരണം നടന്നത്. കാടുപിടിച്ചു കിടന്ന ക്ഷേത്രവും പരിസരവും വെട്ടിത്തെളിച്ചെടുക്കുകയായിരുന്നു എന്നാണു പറയപ്പെടുന്നത്. 1999–ലായിരുന്നു ഇവിടുത്തെ പുനഃപ്രതിഷ്ഠ ചടങ്ങ്.
നാൽപത്തിയൊന്ന് ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്തവർക്കും ഋതുമതികളായ സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. പതിനെട്ടാം പടി ചവിട്ടാതെ, ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെയാണ് ഇവർ പ്രവേശിക്കേണ്ടതും അയ്യപ്പ സ്വാമിയെ തൊഴേണ്ടതും. യഥാർഥ ശബരിമലയിലേതു പോലെ മകരവിളക്ക് തന്നെയാണ് ഇവിടുത്തെയും പ്രധാന ഉത്സവം. ജനുവരി 4 മുതൽ 14 വരെയാണ് ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നത്. അപ്പവും അരവണയുമാണ് ഇവിടെയും പ്രസാദം. നെയ്യഭിഷേകം തന്നെയാണു പ്രധാന വഴിപാട്.
തിരുവല്ലയിൽ നിന്ന് 21 കിലോമീറ്ററും റാന്നിയിൽ നിന്നു 10 കിലോമീറ്ററും സഞ്ചരിച്ചാൽ അയ്യപ്പ സ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന പുത്തൻ ശബരിമല ക്ഷേത്രത്തിലെത്തിച്ചേരാം

2019, ജൂൺ 4, ചൊവ്വാഴ്ച

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം ( തുടർച്ച... )




രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം ( തുടർച്ച... )

11. ശങ്കു തീര്‍ത്ഥം
------------------------------
ക്ഷേത്രത്തിന്റെ ഉള്‍പ്രകാരത്തിലാണിത്. നന്ദികേട് കാട്ടിയതിലൂടെ വത്സനാഭ മുനി വരുത്തിയ പാപം മുക്തമാക്കിയ തീര്‍ത്ഥം.

12. ചക്ര തീര്‍ത്ഥം
----------------------------
ക്ഷേത്രത്തിന്റെ ഉള്‍പ്രകാരത്തിലുള്ള ഈ തീര്‍ത്ഥം സൂര്യന് സ്വര്‍ണ്ണക്കൈകള്‍ ലഭ്യമാക്കി.

13. ബ്രഹ്മഹത്യാവിമോചന തീര്‍ത്ഥം
----------------------------------------------------------
പേരു പോലെ തന്നെ ബ്രഹ്മഹത്യാ ദോഷത്തില്‍ നിന്നു മുക്തി നേടാന്‍ സഹായിക്കുന്ന തീര്‍ത്ഥം. ചക്ര തീര്‍ത്ഥത്തിനു സമീപം.

14. സൂര്യ തീര്‍ത്ഥം
---------------------------------
ഇതു ക്ഷേത്രത്തിന്റെ ഉള്‍പ്രകാരത്തില്‍ തന്നെ. തൃകാലജ്ഞാനവും കാലാനുസൃത പ്രാപ്തങ്ങളും ഇവിടത്തെ കുളിയിലൂടെ കൈവരിക്കാം.

15. ചന്ദ്ര തീര്‍ത്ഥം
----------------------------
സൂര്യതീര്‍ത്ഥത്തിനു സമീപമുള്ള ചന്ദ്രതീര്‍ത്ഥത്തിന്റെ ലക്ഷ്യവും തൃകാലജ്ഞാനവും കാലാനുസൃത പ്രാപ്തങ്ങളും കൈവരിക്കുന്നതു തന്നെ.

16. ഗംഗാ തീര്‍ത്ഥം
-------------------------------
ചന്ദ്ര തീര്‍ത്ഥത്തിനു സമീപത്തുള്ള ഈ തീര്‍ത്ഥം ജ്ഞാനശ്രുതി രാജാവിന് ജ്ഞാനലാഭം നേടിക്കൊടുത്തുവെന്ന് ഐതീഹ്യം.

17. യമുനാ തീര്‍ത്ഥം
---------------------------------
ജ്ഞാനശ്രുതി രാജാവിന് ജ്ഞാനലാഭം നേടിക്കൊടുത്ത മറ്റൊരു തീര്‍ത്ഥം. ഗംഗാ തീര്‍ത്ഥത്തിനു സമീപം.

18. ഗയാ തീര്‍ത്ഥം
-----------------------------
ജ്ഞാനശ്രുതി രാജാവിന് ജ്ഞാനലാഭം നേടിക്കൊടുത്ത മറ്റൊരു തീര്‍ത്ഥം. ഗംഗാ തീര്‍ത്ഥത്തിനു സമീപം.

19. ശിവ തീര്‍ത്ഥം
------------------------------
നന്ദി മണ്ഡപത്തിനു സമീപം. ഇവിടെ കുളിച്ച് ഭൈരവര്‍ ബ്രഹ്മഹത്യാപാപ മുക്തി നേടി.

20. സത്യമിത്ര തീര്‍ത്ഥം
------------------------------------------
ശ്രീ പര്‍വ്വതവര്‍ദ്ധിനി അമ്മന്‍ സന്നിധിക്കു സമീപം. പുനരുനു ചക്രവര്‍ത്തി ശാപദോഷ പരിഹാരം ചെയ്ത തീര്‍ത്ഥം.

21 സര്‍വ്വ തീര്‍ത്ഥം
-------------------------------
ശ്രീ രാമനാഥ സ്വാമി സന്നിദ്ധിക്കു മുന്‍വശം. ശുതിരിശനര്‍ക്ക് ജന്മനാ ഉണ്ടായിരുന്ന അന്ധത, ജരാനര, ദേഹ ബലഹീനത എന്നിവ പരിഹരിച്ച തീര്‍ത്ഥം.

22. കോടി തീര്‍ത്ഥം
---------------------------------
ക്ഷേത്രത്തിന്റെ പ്രഥമ പ്രകാരത്തിലാണിത്. അമ്മാവനായ കംസനെ വധിച്ച പാപത്തില്‍ നിന്നു മോചനം ലഭിക്കാന്‍ ശ്രീകൃഷ്ണന്‍ നിരാടിയ തീര്‍ത്ഥം.

 രാമേശ്വരത്തെ മറ്റുപ്രധാന തീര്‍ത്ഥക്കുളങ്ങള്‍
***************************************************


അഗ്നിതീര്‍ത്ഥം
****************
രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കു ഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീര്‍ത്ഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.

രാമതീര്‍ത്ഥം
****************
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീര്‍ത്ഥം. ധര്‍മ്മരാജന്‍ പാപം പരിഹരിക്കാന്‍ ഈ തീര്‍ത്ഥത്തില്‍ നീരാടിയെന്ന് പറയുന്നു.

ലക്ഷ്മണതീര്‍ത്ഥം
********************
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീര്‍ത്ഥത്തിനടുത്തായാണ് ലക്ഷ്മണതീര്‍ത്ഥം. ബലരാമന്‍ ബ്രഹ്മഹത്യാപാപദോഷം പരിഹൃതമാക്കിയ തീര്‍ത്ഥം.

സീതാതീര്‍ത്ഥം
**********************
ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീര്‍ത്ഥത്തിനടുത്തായാണ് സീതാതീര്‍ത്ഥം.

ജടായുതീര്‍ത്ഥം
*********************
രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീര്‍ത്ഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ നീരാടുന്നവര്‍ ഏതു പാപകര്‍മ്മങ്ങളില്‍ നിന്നും വിമുക്തരാവും.

ഗന്ധമാദന പർവതം
***********************
രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടു കിലോമീറ്റർ ദൂരത്തിൽ ഗന്ധമാദന പർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ *ശ്രീരാമന്റെ പാദങ്ങൾ* കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.

തിരുപുല്ലാണി(ദര്‍ഭശയനം)
***************************
രാമനാഥപുരം  റെയിൽവേസ്റ്റേഷനിൽ നിന്നും പത്തുകിലോമീറ്ററോളം അകലെയാണ് ഈ സ്ഥലം. വിഷ്ണുക്ഷേത്രമാണ് പ്രധാന ആകർഷണം. ഈ സ്ഥലത്ത് ശ്രീരാമൻ ദർഭപ്പുല്ലിൽ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണൻ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാൽ കോപിഷ്ടനായ ശ്രീരാമൻ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം.

ദേവിപട്ടണം
***************
രാമനാഥപുരത്തുനിന്ന് പതിനഞ്ചുകിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് ദേവിപട്ടണം അഥവാ നവപാഷാണം. ദേവീക്ഷേത്രമാണ് മുഖ്യആകർഷണം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒൻപത് ശിലകൾ ശ്രീരാമൻ ഇവിടെ കടലോരത്ത് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം


ശ്രീ ഗോദണ്ഡരാമക്ഷേത്രം
****************************
ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണന്‍ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും  ലക്ഷ്മണൻ  വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമി ക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.

ആഞ്ജനേയക്ഷേത്രം
************************
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദർശിപ്പിച്ചിട്ടുള്ള ആഞ്ജനേയക്ഷേത്രവും തീർഥാടകരെ ആകർഷിക്കുന്നു. രാമസേതുനിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം.



ധനുഷ്കോടി
*****************
രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റമാണ് ധനുഷ്കോടി. ഇതിനു കിഴക്കു ഭാഗത്ത് സമുദ്രം ബംഗാൾ ഉൾക്കടൽ (മഹോദധി) എന്നും പടിഞ്ഞാറു ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രം (രത്നാകരം)എന്നും അറിയപ്പെടുന്നു. രാമേശ്വരം പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെയായാണ് ധനുഷ്കോടി സ്ഥിതി ചെയ്യുന്നത്.

ഐതിഹ്യം
--------------------
ധനുസ്സിന്റെ അറ്റം എന്നാണ്‌ ധനുഷ്കോടി എന്ന വാക്കിന്റെ അർത്ഥം. രണ്ട് കഥകളാണ് പൊതുവെ പറയപ്പെടുന്നത്.
രാമൻ സേതുബന്ധനം തീർത്തത് ഇവിടെനിന്നാണെന്ന് രാമായണം സൂചന നൽകുന്നു. ഹിന്ദു പുരാണഗ്രന്ഥങ്ങൾ പ്രകാരം, സീതയെവീണ്ടെടുക്കാൻ ശ്രീരാമൻ ലങ്കയിലേക്ക് സേതുബന്ധനം നടത്തുമ്പോൾ പണി തുടങ്ങാൻ തന്റെ ധനുസ്സ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നത് ധനുഷ്‌കോടിയുടെ തെക്കേ അറ്റമായിരുന്നു എന്ന് ഒരു ഐതിഹ്യം.

യുദ്ധാനന്തരം തിരികെ വരുമ്പോൾ രാവണന്റെ സഹോദരനും തന്റെ ഭക്തനുമായ വിഭീഷണന്റെ അപേക്ഷപ്രകാരം, ഭാരതതീരത്തെ ലങ്കയുമായി ബന്ധിപ്പിക്കുന്ന സേതുവിന്റെ ഒരറ്റം ശ്രീരാമൻ തന്റെ ധനുസ്സിന്റെ അറ്റം കൊണ്ട് മുറിച്ചുകളഞ്ഞു. ലങ്കയിൽ നിന്നും രാക്ഷസന്മാർ തിരികെ ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ വേണ്ടിയായിരുന്നു അത് എന്ന് മറ്റൊരു ഐതിഹ്യം.

ഇവിടെ നിന്നും നോക്കിയാല്‍ നമ്മുക്ക്
രാമന്റെ പാലം(സേതുബന്ധനം) കാണാനാവില്ല. ഉള്‍ക്കടലില്‍ പോയാല്‍ പാലം കടലിനടിയില്‍ കാണാനാവുമെന്നു പറയപ്പെടുന്നു. അതു പരീക്ഷിക്കാന്‍ ധൈര്യമുള്ളവര്‍ കുറവാണ് എന്നുതന്നെ പറയാം.

രാമേശ്വരം ദ്വീപില്‍ രാമായണ കഥയുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങള്‍ ആണ് ഇതുവരെ പറഞ്ഞത്.എതെങ്കിലും സ്ഥലം വിട്ടുപോയെങ്കില്‍ ക്ഷമിക്കണം...

രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം




രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം 

രാമേശ്വരം ദ്വീപ്
*******************
👉 തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. ഭാരതത്തിന്റെ മുഖ്യഭൂമിയിൽ നിന്നും രാമേശ്വരത്തെ പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. രാമേശ്വരം ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്. കപ്പലുകൾ‌ക്ക്  കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം.61.8 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട് രാമേശ്വരം ദ്വീപിന്. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമായ രാമേശ്വരത്ത് ഏതെല്ലാം പുണ്യസ്ഥലങ്ങളാണ് കാണാന്‍ ഉള്ളത്.


👉 ശ്രീ രാമനാഥസ്വാമി ക്ഷേത്രം
👉 22  പുണ്യതീര്‍ത്ഥങ്ങള്‍
👉 അഗ്നിതീർഥം
👉 രാമതീർഥം
👉 സീതാതീർഥം
👉 ലക്ഷ്മണതീർഥം
👉 ജടായുതീർഥം
👉 ഗന്ധമാദനപർവതം
👉 ശ്രീ ഗോദണ്ഡരാമക്ഷേത്രം
👉 തിരുപുല്ലാണി
👉 ദേവിപട്ടണം
👉 തങ്കച്ചിമഠം
👉 ധനുഷ്കോടി


🙏 ശ്രീ രാമനാഥസ്വാമി ക്ഷേത്രം🙏
   *********************************
👉 തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം.

👉 ഭാരതത്തിലുള്ള നാല് ഹിന്ദുമഹാ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമിക്ഷേത്രം.

      വടക്ക്     :- ബദരീനാഥം
      കിഴക്ക്    :- പുരി ജഗന്നാഥം
      പടിഞ്ഞാറ് :- ദ്വാരക
      തെക്ക്     :-രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം.

👉 ഈ ക്ഷേത്രം ഇന്ത്യയിലെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് .

👉 ഉയര്‍ന്ന് ബലവത്തായ ചുറ്റു മതിലുകള്‍ക്കുള്ളിലാണ് ശ്രീകോവില്‍. കിഴക്കു നിന്ന് പടിഞ്ഞാറേക്ക് 865 അടിയും വടക്കു നിന്ന് തെക്കോട്ടേക്ക് 657 അടിയും നീളമുണ്ട് ഈ ചുറ്റുമതിലിന്.

👉 കിഴക്കും പടിഞ്ഞാറും ഉള്ള പ്രവേശനകവാടങ്ങളില്‍ ഗംഭീരമായ കൂറ്റന്‍ ഗോപുരങ്ങളുണ്ട്.




👉 ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (ഇടനാഴിക)പ്രശസ്തമാണ്.
ക്ഷേത്രത്തിനുള്ളിലെ പ്രകാരങ്ങളുടെ ആകെ നീളം 3,850 അടി. 1,215 തൂണുകളാല്‍ ഇടനാഴികളുടെ മേല്‍ക്കൂര താങ്ങിനിര്‍ത്തുന്നു. ഓരോ തൂണിനും ഉയരം 30 അടി. ലോകത്തെ ഏറ്റവും നീളമുള്ള ഇടനാഴി (മൂന്നാം പ്രാകാരം) ഈ ക്ഷേത്രത്തിലേതാണ്.

ശ്രീ രാമനാഥസ്വാമിയും
ശ്രീ പര്‍വ്വതവര്‍ത്തിനി അമ്മനും
*********************************
👉 ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പര്‍വ്വതവര്‍ത്തിനി അമ്മനും ആണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ,ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്.
👉 ശ്രീ രാമനാഥസ്വാമിയുടെ സന്നിധിയില്‍ ഉള്ള ശിവലിംഗത്തെയാണ്  ശ്രീരാമദേവന്‍ പ്രതിഷ്ഠ നടത്തിയത്.


ശ്രീ വിശ്വനാഥനും
ശ്രീ വിശാലാക്ഷി അംബാളും
*******************************
👉 ശ്രീ ഹനുമാന്‍ കൈലാസത്തുനിന്നും കൊണ്ടു വന്ന വിശ്വലിംഗം, പ്രതിഷ്ഠിക്കപ്പെട്ട സന്നിധിയാണ് ശ്രീ വിശ്വനാഥര്‍ സന്നിധി.
👉 ശ്രീ രാമനാഥസ്വാമിയുടെ സന്നിധിയുടെ വടക്ക് വശത്താണ് ഈ സന്നിധി.
👉 ക്ഷേത്രത്തിലെ ആദ്യ പൂജ ശ്രീ വിശ്വനാഥര്‍ സന്നിധിയില്‍ നടത്തുന്നു.
👉 ശ്രീ വിശ്വനാഥസ്വാമിയുടെ ധർമപത്നിയായി വിശാലാക്ഷി അംബാള്‍ ഇവിടെ ദര്‍ശനം നല്‍കുന്നു.

ശ്രീ നന്ദിദേവന്‍ മണ്ഡപം
***************************
 👉 നന്ദിദേവന്‍ മണ്ഡപം ശ്രീ രാമനാഥസ്വാമി സന്നിധിയുടെ എതിര്‍വശത്താണ്. ഭീമാകാരമായ നന്ദിശില്പം ചുണ്ണാമ്പ്,ഇഷ്ടിക എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. ഇവിടത്തെ നന്ദിശില്പത്തിന് 22 അടി നീളവും12 അടി വീതിയും17 അടി ഉയരവും ഉണ്ട്.

ഇതിനുപുറമെ ഇവിടെയുള്ള മറ്റു സന്നിധികള്‍

👉ശ്രീ ഗണപതി
👉ശ്രീ സേതുമാധവന്‍
👉ശ്രീ വജ്രേശ്വരന്‍
👉ശ്രീ നടരാജര്‍
👉ശ്രീ പള്ളികൊണ്ടപെരുമാള്‍
👉ശ്രീ ഹനുമാന്‍
👉ശ്രീ ശിവദുര്‍ഗ്ഗ
👉ശ്രീ മഹാലക്ഷ്മി
👉ശ്രീ ദക്ഷിണേശ്വരര്‍

22  പുണ്യതീര്‍ത്ഥങ്ങള്‍
**************************
👉 രാമേശ്വരത്ത്‌  53 തീര്‍ത്ഥക്കുളങ്ങളുണ്ട്‌. ഇവയില്‍ 22 എണ്ണം ഈ ക്ഷേത്രത്തിലാണ് നിലകൊള്ളുന്നത്. ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു. അതുകൊണ്ട്‌ തന്നെ മോക്ഷം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദുമത വിശ്വാസികള്‍ വര്‍ഷം തോറും രാമേശ്വരം സന്ദര്‍ശിക്കുന്നു.

01. മഹാലക്ഷ്മീ തീര്‍ത്ഥം
02. സാവിത്രീ തീര്‍ത്ഥം
03. ഗായത്രീ തീര്‍ത്ഥം
04. സരസ്വതി തീര്‍ത്ഥം
05. സേതുമാധവ തീര്‍ത്ഥം
06. ഗന്ധമാദന തീര്‍ത്ഥം
07. ഗവാക്ഷ തീര്‍ത്ഥം
08. കവായ തീര്‍ത്ഥം
09. നള തീര്‍ത്ഥം
10. നിള തീര്‍ത്ഥം
11. ശങ്കു തീര്‍ത്ഥം
12. ചക്ര തീര്‍ത്ഥം
13. ബ്രഹ്മഹത്യാവിമോചന തീര്‍ത്ഥം
14. സൂര്യ തീര്‍ത്ഥം
15. ചന്ദ്ര തീര്‍ത്ഥം
16. ഗംഗാ തീര്‍ത്ഥം
17. യമുനാ തീര്‍ത്ഥം
18. ഗയാ തീര്‍ത്ഥം
19. ശിവ തീര്‍ത്ഥം
20. സത്യമിത്ര തീര്‍ത്ഥം
21 സര്‍വ്വ തീര്‍ത്ഥം
22. കോടി തീര്‍ത്ഥം

ഈ പുണ്യതീര്‍ത്ഥങ്ങളില്‍ കുളിക്കുന്നത്‌ പാപങ്ങളില്‍ നിന്ന്‌ മുക്തി നല്‍കുമെന്നാണ്‌ വിശ്വാസം. പാപങ്ങളില്‍ നിന്ന്‌ മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട്‌ തന്നെ ഈ പുണ്യതീര്‍ത്ഥങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ലെന്നും പറയപ്പെടുന്നു.

1. മഹാലക്ഷ്മീ തീര്‍ത്ഥം
--------------------------------------
ശ്രീ ഹനുമാന്‍ സന്നിധിക്ക് തെക്കുള്ള ഈ തീര്‍ത്ഥത്തില്‍ കുളിച്ച് ധര്‍മ്മരാജന്‍ സര്‍വ്വൈശ്വര്യങ്ങളും നേടി.

2. സാവിത്രീ തീര്‍ത്ഥം
------------------------------------
ശ്രീ ഹനുമാന്‍ സന്നിധിക്ക് പടിഞ്ഞാറുള്ള ഈ തീര്‍ത്ഥം കാശിപര്‍ രാജാവിന് ശാപമുക്തി നല്‍കി.

3. ഗായത്രീ തീര്‍ത്ഥം
---------------------------------
സാവിത്രി തീര്‍ത്ഥത്തിനു സമീപത്താണ് സ്ഥാനം. കാശിപര്‍ രാജാവ് ശാപദോഷം തീര്‍ത്ത മറ്റൊരു തീര്‍ത്ഥം.

4. സരസ്വതി തീര്‍ത്ഥം
------------------------------------
ഇതും സാവിത്രി തീര്‍ത്ഥത്തിനടുത്തു തന്നെ. കാശിപര്‍ രാജാവിന് ശാപമുക്തി നല്‍കിയ തീര്‍ത്ഥം.

5. സേതുമാധവ തീര്‍ത്ഥം
-----------------------------------------
മൂന്നാം പ്രകാരത്തിലെ തെപ്പകുളം ലക്ഷ്മീകടാക്ഷവും മനഃശുദ്ധിയും നേടിത്തരും.

6. ഗന്ധമാദന തീര്‍ത്ഥം
-------------------------------------
സേതുമാധവ സന്നിധിക്കു സമീപത്തുള്ള ഈ തീര്‍ത്ഥത്തിലെ കുളി ദാരിദ്ര്യദുഃഖത്തില്‍ നിന്നു മുക്തി നേടി സകല ഐശ്വര്യങ്ങളും ലഭിക്കുന്നതിനും ബ്രഹ്മഹത്യാപാപം ഇല്ലാതാക്കുന്നതിനു സഹായിക്കും.

7. ഗവാക്ഷ തീര്‍ത്ഥം
----------------------------------
ഗന്ധമാദന തീര്‍ത്ഥത്തിനു സമീപത്തുള്ള ഇവിടെ കുളിച്ചാല്‍ നരലോക വാസത്തില്‍ നിന്നു മോചനം ലഭിക്കും.

8. കവായ തീര്‍ത്ഥം
--------------------------------
സേതുമാധവ സന്നിധിക്കു സമീപത്തെ ഈ തീര്‍ത്ഥത്തിലെ കുളി കല്പവൃക്ഷ വാസം ലഭിക്കുന്നതിന്.

9. നള തീര്‍ത്ഥം
---------------------------
കവായ തീര്‍ത്ഥത്തിനു സമീപത്താണിത്. സൂര്യതേജസ്സ് നേടാനും സ്വര്‍ഗ്ഗലോക പ്രാപ്തിക്കും ഇവിടെ കുളിക്കാം.

10. നിള തീര്‍ത്ഥം
-----------------------------
ഇതും സേതുമാധവ സന്നിധിക്കു സമീപം തന്നെ. ഇവിടത്തെ കുളി സകല യാഗഫലങ്ങളും അഗ്നിയോഗ പദവിയും ലഭ്യമാക്കും.

തുടരും...


2019, ജൂൺ 1, ശനിയാഴ്‌ച

വെട്ടിക്കവല മഹാദേവക്ഷേത്രം കൊല്ലം ജില്ല






വെട്ടിക്കവല മഹാദേവക്ഷേത്രം കൊല്ലം ജില്ല
==================================================
കൊല്ലം ജില്ലയിലെ വെട്ടിക്കവല പഞ്ചായത്തിൽ കൊട്ടാരക്കര പുനലൂർ റൂട്ടിൽ ചെങ്ങമനാട് നിന്നുംരണ്ടു കിലോമീറ്റര് .പ്രധാനമൂർത്തി ശിവൻ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട് ശിവന് വട്ട ശ്രീകോവിൽ താഴെ ചതുര ശ്രീകോവിൽക്ഷേത്രത്തിൽ വിഷ്ണു കിഴക്കോട്ടു ദര്ശനം മൂന്നു പൂജ. തന്ത്രി മേലൂ ട്ട് ക്ഷേത്രത്തിൽ താഴമൺ താഴെ ആദിച്ചനല്ലൂർ രണ്ടു കൊടിമരമുണ്ട്. ഉപദേവതാ. ഗണപതി നാഗം കഴിവുടയാൻ വസൂരിമാടൻ ഭൂതത്താൻ കൊച്ചുമൂർത്തി വാതുക്കൽ ഞാലികുഞ്ഞു .ഇവരിൽ വാതുക്കൽ ഞ്ഞാലികുഞ്ഞു പ്രസിദ്ധനാണ് .കുട്ടികൾക്ക് അസുഖം വന്നാൽ ഈ മൂർത്തിയ്ക്കു കരിവാളായും പാലും പഴവും സമർപ്പിക്കും .

വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ ചരിത്രം .......
-----------------------------------------------------------------------
സർവ്വചരാചരങ്ങളുടേയും സൃഷ്ടിയും സംഹാരവും നിർവഹിക്കുന്ന പ്രപഞ്ചത്തിന്റെ ആധാരശക്തിയായ ജഗദീശ്വരന്റെ നാമം ഉരുവിടുന്നതിനും പൂർണ്ണമനസ്സോടെ ഈശ്വരനിൽ ലയിക്കുന്നതിനും കഴിയുന്ന ഉത്തമ അഭയസ്ഥാനമാണ് ക്ഷേത്രങ്ങൾ.

ശൈവ വൈഷ്ണവ പ്രതിഷ്ഠകൾ തുല്യ പ്രാധാന്യത്തോടെ ഒരേ അങ്കണത്തിൽ ഇരു ശ്രീകോവിലുകളിലുമായി കുടികൊളളുന്ന മഹാക്ഷേത്ര സമുച്ചയമാണ് വെട്ടിക്കവല മഹാക്ഷേത്രങ്ങൾ.

രാജഭരണകാലത്ത് കൊട്ടാരക്കര തമ്പുരാന്മാരുടെ അധീനതയിലായിരുന്ന വെട്ടിക്കവല ദേശം തമ്പുരാന്റെ പിൻഗാമിയായ ഇളയിടത്ത് റാണിയുടെ ഭരണകാലത്ത് റാണിയുടെ തിരുവുള്ളമുണ്ടായി കല്പിച്ച് ഉത്തരവായത് മൂലം പണികഴിപ്പിച്ച ക്ഷേത്രങ്ങൾ ആയിരുന്നു ആദ്യം. ഇപ്പോഴും നിത്യ സ്മാരകം പോലെ വെട്ടിക്കവല ക്ഷേത്രത്തിനു സമീപമായി രാജകൊട്ടാരം അതിന്റെ പ്രൗഢിയോടെ നിലകൊളളുന്നു.

കാലക്രമേണ ക്ഷേത്രം ജീർണ്ണാവസ്ഥയിൽ അയി. തുടർന്ന് ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് (1885 മുതൽ 1924 വരെ) രാജാവിന്റെ സർവ്വാധികാര്യക്കാരനായ ശങ്കരൻ തമ്പിയുടെ പ്രത്യേക താൽപര്യ പ്രകാരം ഈ ക്ഷേത്രങ്ങൾ പുതുക്കി പണിയുന്നതിന് ശ്രീമൂലം മഹാരാജാവ് കല്പിച്ചുത്തരവായി കൊല്ലവർഷം 1076 ക്രിസ്തു വർഷം 1900 ആം മാണ്ട് ഈ ക്ഷേത്രങ്ങൾ ഇന്നത്തെ പ്രൗഢിയിൽ പുതുക്കി പണിതു എന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മേലുട്ട് ക്ഷേത്രത്തിൽ മഹാദേവനെ മൃത്യുഞ്ജയ മൂർത്തീ ഭാവത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത് കീഴൂട്ട് ക്ഷേത്രത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിനെ ദ്വാദശ നാമ മൂർത്തി ഭാവത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മേലൂട്ട് മഹാദേവനും കീഴൂട്ട് മഹാവിഷ്ണുവും കിഴക്കോട്ട് ദർശനമായി മരുവുന്നു. രണ്ടു ക്ഷേത്രത്തിനും മുന്നിലായി വിശാലമായ ഒരു ക്ഷേത്രക്കുളവും ഉണ്ട്. ദേവന്മാരുടെ ആറാട്ട് ഈ ക്ഷേത്രക്കുളത്തിൽ പ്രത്യേകം തിരിച്ച് തടികളിൽ പണിതെടുത്ത ഒരു ഭാഗത്താണ്.

കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെട്ടിക്കവല മഹാക്ഷേത്രങ്ങൾ. മഹാദേവനും മഹാവിഷ്ണുവും ആണ് പ്രധാന ആരാധനാ മൂർത്തികൾ. ഇരു ദേവന്മാരും തുല്യ പ്രാധാന്യത്തോടെ പൂജിക്കപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രം. ഇവിടുത്തെ "വാതുക്കൽ ഞാലിക്കുഞ്ഞ്" എന്ന ദേവീസങ്കൽപം ഏറെ പ്രശസ്തമാണ് പുത്രലാഭമുണ്ടാകും എന്ന വിശ്വാസത്താൽ കരിവള, എണ്ണ, തൊട്ടിൽ എന്നിവ ഇവിടെ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നു. ഇവിടുത്തെ വലിയ ക്ഷേത്രഗോപുരങ്ങളോടും അകത്തളങ്ങളോടും കൂടിയ ക്ഷേത്രസമുച്ചയങ്ങൾ കേരളത്തിന്റെ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചവയാണ്.

മേലൂട്ട് കീഴുട്ട് ക്ഷേത്രങ്ങളിൽ ഇരു ദേവന്മാരും കിഴക്കോട്ട് ദർശനമായി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് പരിവസിക്കുന്നു. രണ്ടു ദേവന്മാർക്കും കൊടിമരവും ബലിക്കല്ലുമുണ്ട്. ഇരുവരും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനുപിന്നിലുള്ള ഐതിഹ്യം ഇങ്ങനെയാണ്.

ഒരിയ്ക്കൽ മഹാദേവനും മഹാവിഷ്ണുവും ഇതുവഴി പോകുമ്പോൾ ഈ സ്ഥലത്തിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് അവർ മതിമയങ്ങിപ്പോയി. തങ്ങൾക്ക് വിശ്രമിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുപിടിയ്ക്കുന്നതിനായി അവർ തങ്ങളുടെ സേവകരായ ഭൂതത്താനെയും അക്കരെത്തേവരെയും നിയമിച്ചു. ഇരുവരും തങ്ങളുടെ യജമാനന്മാർക്ക് വിശ്രമിയ്ക്കാൻ പറ്റിയ സ്ഥലമായി കണ്ടെത്തിയതിനാൽ ഇരുവരും അവിടെ വിശ്രമിച്ചു. പിന്നീട് അവിടെ ക്ഷേത്രം ഉയർന്നുവന്നു.

ഒരുനിലമാത്രമുള്ള ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ ശിവപ്രതിഷ്ഠയും രണ്ടുനിലകളുള്ള ചെമ്പുമേഞ്ഞ ചതുരശ്രീകോവിലിൽ വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു. വലിയമ്പലത്തോടുചേർന്ന് കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. കന്നിമൂല ഗണപതി, അരങ്ങത്ത് യക്ഷൻ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, വാതുക്കൽ ഞാലിക്കുഞ്ഞ്, അപ്പൂപ്പൻ, ഭൂതത്താൻ, വസൂരി മാടൻ, നാഗരാജാവ്, കഴുവുടയോൻ സ്വാമി, അക്കര തേവർ, കൊച്ചു മൂർത്തി, കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം എന്നിവരാണ് ഉപദേവതകൾ. നമസ്കാരമണ്ഡപത്തിലാണ് വാതുക്കൽ ഞാലി കുഞ്ഞ് പ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്തായി അപ്പൂപ്പൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വടക്കോട്ടാണ് ഇരുവരുടെയും ദർശനം. ഉപദേവന്മാരിൽ പ്രധാന ഉപദേവതയാണ് വാതുക്കൽ ഞാലിക്കുഞ്ഞ് കൃഷ്ണപക്ഷത്തിലെ സപ്തമി നാളിൽ ആണ് വാതുക്കൽ ഞാലിക്കുഞ്ഞിന് സമൂഹപാൽ പൊങ്കാല നടത്തുന്നത്.2 ദിവസത്തെ വൃത നിഷ്ടയോടെ പെൺകുട്ടികൾക്കും സ്ത്രീജനങ്ങൾക്കും പത്ത് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും സമൂഹ പാൽ പൊങ്കാല അർപ്പിക്കാം. ദേവപ്രശ്‌നത്തിൽ തെളിഞ്ഞതിനാൽ 2002 മുതലാണ് വാതുക്കൽഞ്ഞാലി കുഞ്ഞിന് സമൂഹ പാൽപൊങ്കാല ആരംഭിച്ചത്. വെട്ടിക്കവല മഹാക്ഷേത്രത്തെ തിരുവിതാംകൂർ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി കുഞ്ഞുങ്ങളുടെ ശബരിമല എന്ന് വിശേഷിപ്പിച്ചതിലൂടെ ഈ മഹാക്ഷേത്ര സമുച്ചയത്തിന്റെ പ്രസിദ്ധി വിശ്വ ചക്രത്തോളം ഉയർന്നിട്ടുണ്ട്.

ധാര, ചതുശ്ശതം, അപ്പം, അട, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ. പാൽപായസം, കദളിപ്പഴം, വെണ്ണ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവ വിഷ്ണുവിന് പ്രധാനമാണ്. ഗണപതിഹോമം, കറുകമാല, അപ്പം തുടങ്ങിയവ ഗണപതിക്കും എള്ളുപായസം, കർപ്പൂരം കത്തിയ്ക്കൽ തുടങ്ങിയവ അയ്യപ്പനും പ്രധാനമാണ്. യക്ഷിയ്ക്ക് വറപൊടിയാണ് പ്രധാനം. ബ്രഹ്മരക്ഷസ്സ് നാഗങ്ങൾ എന്നിവർക്ക് എല്ലാ സന്ധ്യയ്ക്കും വിളക്കുവെപ്പുണ്ട്. രക്ഷസ്സിന് പാൽപായസം തന്നെ പ്രധാനം. നാഗങ്ങൾക്ക് നൂറും പാലും പുറ്റുസമർപ്പണവും പ്രധാനം. വാതുക്കൽ ഞാലി കുഞ്ഞിന് കരിവള, കളിപ്പാവകൾ, തൊട്ടിൽ തുടങ്ങിയവയും അപ്പൂപ്പന് വെള്ളംകുടിയും പ്രധാനം.
വെട്ടിക്കവല മഹാക്ഷേത്രങ്ങളി ലെ മേലൂട്ട് ക്ഷേത്ര നടയ്ക്ക് തെക്കുഭാഗത്തായി പരിലസിക്കുന്ന ആരാധനാ സങ്കേതമാണ് അപ്പൂപ്പന്റെ ആലയം.വാതുക്കൽ ഞാലികുഞ്ഞിന്റെ വളർത്തച്ഛനാണ് ഊരാളിമൂപ്പനായ അപ്പുപ്പൻ. പ്രസവിച്ചയുടനെ തന്നെ വയൽ വരമ്പത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ തന്റെ കുടിലിൽ കൊണ്ടുപോയി പാലും പഴവും മാത്രം നൽകി വളർത്തുകയും കാട്ടുവള്ളികൾ കൊണ്ട് കട്ടിളപ്പടിയിൽ ഊഞ്ഞാൽ കെട്ടി കുഞ്ഞിന് നൽകുകയും ചെയ്തു. പുറത്തു പോയി തിരികെ വന്ന അപ്പുപ്പൻ കണ്ടത് കട്ടിളപ്പടിയിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ നിന്നും നിലത്തു വിണ് മരണപ്പെട്ട കുഞ്ഞിനെയാണ്.ഈ കുഞ്ഞാണ് പിൽക്കാലത്ത് വാതുക്കൽ ഞാലി കുഞ്ഞായി വെട്ടിക്കവല മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്.പിന്നോക്ക സമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടങ്ങളിൽ പോലും ഈ ആലയത്തിൽ എല്ലാ വിശ്വാസികൾക്കും എത്തുന്നതിനും ആരാധന നടത്തുന്നതിനും സ്വാതന്ത്ര്യം ലഭിച്ചിരുന്നു. മുറുക്കാൻ, ഭക്ഷണ വിഭവങ്ങൾ, അവൽ,മലർ, നാളീകേരം, പഴങ്ങൾ ഇവയെല്ലാം സമർപ്പിക്കുന്നു.

കീഴൂട്ട് ക്ഷേത്രത്തിന്റെ ഇടതു വശത്തായി വലിയ കല്പക വൃക്ഷത്തിന് മുന്നിലായി സ്ഥിതി ചെയ്യുന്ന ഒരു അരാധനാലയമാണ് കഴുവുടയോൻ കൊട്ടാരം.അപാര പണ്ഡിതനും മഹാ മാന്ത്രികനുമായിരുന്ന ഒരു യുവാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വെട്ടിക്കവല കിഴക്കുഭാഗത്തുള്ള പച്ചുർ എന്ന ഗ്രാമപ്രദേശത്തിനടുത്തുള്ള കഴുകുടയോൻ കുന്നിൽ കഴുകിലേറ്റി. ഈ പ്രേതാത്മാവും മറ്റു ദുരാത്മാക്കളും ഗ്രാമീണർക്ക് കൊടിയ ദുരിതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഭയവിഹ്വലരായ ഗ്രാമീണർ പ്രശ്ന വിധി നടത്തുകയും ചെയ്തു.പ്രശ്ന വിധി പ്രകാരം അവയെ ആവാഹിച്ച് ഒരു ആലയത്തിൽ കുടി ഇരുത്തണമെന്നും തീരുമാനിച്ചു.മഹാമാന്ത്രികനെ കഴുകുടയോൻ സ്വാമിയായി പിച്ചള തകിടിൽ പീഠത്തിലും ഇടതു വശത്തായി യോഗീശ്വരനേയും വലതു വശത്തായി കല്ലൂപ്പനങ്ങാട്ട് വലിയ കാരണവരെ മന്ത്രവാദി സങ്കൽപ്പത്തിലും മറ്റു ദുരാത്മാക്കളെ ആവാഹിച്ച് അറുകൊല എന്ന പേരിലും കുടിയിരുത്തി.കഴുവുടയോൻ സ്വാമിയുടെ ഉടവാൾ, ചൂരൽ എന്നിവ ഇപ്പോഴും ഈ ആലയത്തിലുണ്ട്. അവൽ, മലർ, കൽക്കണ്ഡം, മുന്തിരി, ശർക്കര, കരിക്ക്, പഴം, തെരളി എന്നിവ പ്രധാന നിവേദ്യങ്ങളാണ്.ഇവിടുത്തെ മുമ്പുണ്ടായിരുന്ന പൂജാരിയായിരുന്നു ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാട്. ഇന്നും കഴുവുടയോൻ കൊട്ടാരത്തിലെ പൂജാരി ഈ മൂർത്തികളെ സങ്കല്പിച്ച് ഭസ്മമിട്ടാൽ മുതിർന്നവർക്കും കുട്ടികൾക്കും ഉണ്ടാകുന്ന പ്രേതബാധകളും ആപത്തുകളും ഭയവും മാറി കിട്ടുമെന്ന് വിശ്വസിക്കുന്നു.

ഋഗ്വേദത്തിൽ ഉഷസ്സ്, യജുർവേദത്തിൽ ഗായത്രി, മറ്റു വേദങ്ങളിൽ ദുർഗ്ഗ വിവിധ പുരാണങ്ങളിൽ സംഹിതകളിൽ ലളിത, മഹാകാളി,ത്രിപുരസുന്ദരി, അന്നപൂർണ്ണേശ്വരി എന്നിങ്ങനെ നാനാ രൂപങ്ങളിൽ ജഗദംബയെ ആരാധിച്ചു വരുന്നു. ദേവി ഉപാസനയ്ക്ക് പ്രാധാന്യം വന്ന പ്പോൾ സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റേയും അധിദേവതയായ മഹാലക്ഷ്മി, കലയുടേയും, വിദ്യയുടേയും അധിഷ്ഠാനമായ സരസ്വതി, ശക്തി സ്വരുപിണിയും ധർമ്മ സ്ഥാപകയുമായ ദുർഗ്ഗാദേവി, മാതൃരുപിണിയും കൈവല്യദായിനിയുമായ മഹാകാളി, ശിവ ശക്തി സ്വരൂപമായ ത്രിപുരസുന്ദരി തുടങ്ങിയ സങ്കല്പ്പങ്ങളിൽ ദേവിയെ പൂജിച്ചു വരുന്നു.നവരാത്രി കാലത്ത് ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ രൂപങ്ങളിൽ ഭാരതത്തിലെവിടെയും ദേവിയെ ആരാധിക്കുന്നു. വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ പുരാതന കാലം മുതലേ തന്നെ ദേവിയെ ആരാധിച്ചു വരുന്നു. മേലൂട്ട് ക്ഷേത്ര മണ്ഡപത്തിൽ ഇടതു വശത്തായി ദേവിയെ സർവ്വാലങ്കാരങ്ങളോടുകൂടി പൂജാവിധികളോടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. നവരാത്രി മണ്ഡപത്തിൽ ഇരുന്നുകൊണ്ട് സംഗീതാർച്ചകന് ദേവീ വിഗ്രഹം നേരിൽ കാണാം എന്നുള്ളത് ഈ മഹാക്ഷേത്രങ്ങളുടെ മാത്രം പ്രത്യേകതയാണ്.

വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ ശൈവ വൈഷ്ണവ വിഗ്രഹങ്ങൾ ലഭിച്ചത് വെട്ടിക്കവല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആഡിറ്റോറിയത്തിനടുത്തായി പണ്ടുണ്ടായിരുന്ന വെട്ടിമരവും വൻ വൃക്ഷങ്ങളും നിറഞ്ഞ ഒരു കാവിൽ നിന്നായിരുന്നു.പ്രധാന വിഗ്രഹം ലഭിച്ച സ്ഥലത്താണ് ഒരു ആൽത്തറയും അതിൽ ആഭരണമണിഞ്ഞ തൃപ്പാദങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത്. വളരെ പ്രാധാന്യമുള്ള ഒരു ആൽത്തയാണിത്.നിരവധി വർഷങ്ങളായി ആരാധനയില്ലായിരുന്ന ഒരു ആൽത്തറയായിരുന്നു ഇത്. ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവ പ്രശ്നത്തിൽ അക്കരെത്തേവർക്ക് വളരെ പ്രാധാന്യം ഉണ്ടെന്നും അത് നരസിംഹമൂർത്തി സങ്കല്പമാണെന്ന് കണ്ടെത്തുകയും ഉത്സവങ്ങളോടനുബന്ധിച്ച് കൊടിയിറങ്ങിക്കഴിഞ്ഞാലുടൻ വിശേഷാൽ പൂജയും എല്ലാ മലയാള മാസവും ഒന്നാം തീയതി പ്രത്യേക പൂജകളും വേണമെന്ന് നിർദേശിക്കുകയും തത്ഫലമായി അക്കരത്തേവർക്ക് പൂജകളും ദീപാരാധനയും നടന്നു വരുന്നു.

കുംഭമാസത്തിൽ ചതയത്തിന് കൊടികയറി തിരുവാതിര ആറാട്ടായി സമാപിയ്ക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, തിരുവാതിര, അഷ്ടമി, നവരാത്രി തുടങ്ങിയവയും ആഘോഷിയ്ക്കപ്പെടുന്നു.

മേലൂട്ട് മഹാദേവ ക്ഷേത്രത്തിൽ താഴമൺ മഠത്തിനും കീഴൂട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ ആദിശ്ശമംഗലം മഠക്കാർക്കുമാണ് താന്ത്രികാവകാശം.

ക്ഷേത്ര ഊരാണ്മാക്കാർ കോക്കളത്ത് മഠം, അടൂർ മന്ത്രവാദി മഠം, മുല്ലശ്ശേരി മഠം, ഒരുതാഴപിള്ളിമഠം, തലവൂർ എന്നിവരാണ്.

വെട്ടിക്കവല മഹാക്ഷേത്രങ്ങൾ
വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ്. വാതുക്കൽ ഞാലിക്കുഞ്ഞു എന്ന ദേവി സങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭത്തിനായി ഇവിടെ കരിവള,എണ്ണ,തോട്ടിൽ എന്നിവ ഭക്തജനങ്ങൾ സമർപ്പിക്കുന്നു. വലിയ ക്ഷേത്ര ഗോപുരങ്ങളോടും അകത്തളങ്ങലോടും കൂടിയ ക്ഷേത്ര സമുച്ചയങ്ങൾ കേരളത്തിൻറെ വാസ്തു വിദ്യയുടെ പൂർണതയുടെ മകുടോദാഹരണമാണ്. കൊട്ടാരക്കര ബസ്‌ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവിട്ട്‌ വെട്ടിക്കവല വഴി കോക്കാട്,ചക്കുവരക്കൽ, കോട്ടവട്ടം, പുനലൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവ്വീസ് നടത്തുന്നു.NH208 ചെങ്ങമനാട് നിന്നും വാഹനത്തിൽ 5 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം.

കൊല്ലം, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ വരുന്നവർ കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ഇറങ്ങി ചക്കുവരക്കൽ, കോക്കാട്, തലച്ചിറ ബസുകളിൽ കയറി വെട്ടിക്കവലക്ക് ടിക്കറ്റ് എടുത്ത് ക്ഷേത്രത്തിനു മുൻപിൽ ഇറങ്ങാം. പുനലൂർ നിന്നും വരുന്നവർ ചെങ്ങമനാട് സ്റ്റോപ്പിൽ ഇറങ്ങി ചക്കുവരക്കൽ, കോക്കാട്, തലച്ചിറ ബസുകളിൽ കയറി വെട്ടിക്കവലക്ക് ടിക്കറ്റ് എടുത്ത് ക്ഷേത്രത്തിനു മുൻപിൽ ഇറങ്ങാം സ്വകാര്യ വാഹനത്തിൽ വരുന്നവർ ചെങ്ങമനാട് വന്നിട്ട് അവിടെ നിന്നും ഇടതു വശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം. തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ നിന്നും സ്വകാര്യ വാഹനത്തിൽ വരുന്നവർ കൊട്ടാരക്കര പുലമൺ ട്രാഫിക് സിഗ്നലിൽ നിന്നും ഇടതുവശം തിരിഞ്ഞ് കിഴക്കേത്തെരുവ് വഴി ചെങ്ങമനാട് വന്ന് വലതുവശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം. കൊല്ലത്തു നിന്നും സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ കൊട്ടാരക്കര പുലമൺ ട്രാഫിക് സിഗ്നലിൽ നിന്നും നേരെ കിഴക്കേത്തെരുവ് വഴി ചെങ്ങമനാട് വന്ന് വലതുവശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം തിരുവനന്തപുരത്തു നിന്നും സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ വാളകം ജഗ്ഷനിലെത്തി എം എൽ എ റോഡ് വഴി വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം.