2019, ജൂൺ 1, ശനിയാഴ്‌ച

വെട്ടിക്കവല മഹാദേവക്ഷേത്രം കൊല്ലം ജില്ല






വെട്ടിക്കവല മഹാദേവക്ഷേത്രം കൊല്ലം ജില്ല
==================================================
കൊല്ലം ജില്ലയിലെ വെട്ടിക്കവല പഞ്ചായത്തിൽ കൊട്ടാരക്കര പുനലൂർ റൂട്ടിൽ ചെങ്ങമനാട് നിന്നുംരണ്ടു കിലോമീറ്റര് .പ്രധാനമൂർത്തി ശിവൻ രണ്ടു ക്ഷേത്രങ്ങൾ ഉണ്ട് ശിവന് വട്ട ശ്രീകോവിൽ താഴെ ചതുര ശ്രീകോവിൽക്ഷേത്രത്തിൽ വിഷ്ണു കിഴക്കോട്ടു ദര്ശനം മൂന്നു പൂജ. തന്ത്രി മേലൂ ട്ട് ക്ഷേത്രത്തിൽ താഴമൺ താഴെ ആദിച്ചനല്ലൂർ രണ്ടു കൊടിമരമുണ്ട്. ഉപദേവതാ. ഗണപതി നാഗം കഴിവുടയാൻ വസൂരിമാടൻ ഭൂതത്താൻ കൊച്ചുമൂർത്തി വാതുക്കൽ ഞാലികുഞ്ഞു .ഇവരിൽ വാതുക്കൽ ഞ്ഞാലികുഞ്ഞു പ്രസിദ്ധനാണ് .കുട്ടികൾക്ക് അസുഖം വന്നാൽ ഈ മൂർത്തിയ്ക്കു കരിവാളായും പാലും പഴവും സമർപ്പിക്കും .

വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ ചരിത്രം .......
-----------------------------------------------------------------------
സർവ്വചരാചരങ്ങളുടേയും സൃഷ്ടിയും സംഹാരവും നിർവഹിക്കുന്ന പ്രപഞ്ചത്തിന്റെ ആധാരശക്തിയായ ജഗദീശ്വരന്റെ നാമം ഉരുവിടുന്നതിനും പൂർണ്ണമനസ്സോടെ ഈശ്വരനിൽ ലയിക്കുന്നതിനും കഴിയുന്ന ഉത്തമ അഭയസ്ഥാനമാണ് ക്ഷേത്രങ്ങൾ.

ശൈവ വൈഷ്ണവ പ്രതിഷ്ഠകൾ തുല്യ പ്രാധാന്യത്തോടെ ഒരേ അങ്കണത്തിൽ ഇരു ശ്രീകോവിലുകളിലുമായി കുടികൊളളുന്ന മഹാക്ഷേത്ര സമുച്ചയമാണ് വെട്ടിക്കവല മഹാക്ഷേത്രങ്ങൾ.

രാജഭരണകാലത്ത് കൊട്ടാരക്കര തമ്പുരാന്മാരുടെ അധീനതയിലായിരുന്ന വെട്ടിക്കവല ദേശം തമ്പുരാന്റെ പിൻഗാമിയായ ഇളയിടത്ത് റാണിയുടെ ഭരണകാലത്ത് റാണിയുടെ തിരുവുള്ളമുണ്ടായി കല്പിച്ച് ഉത്തരവായത് മൂലം പണികഴിപ്പിച്ച ക്ഷേത്രങ്ങൾ ആയിരുന്നു ആദ്യം. ഇപ്പോഴും നിത്യ സ്മാരകം പോലെ വെട്ടിക്കവല ക്ഷേത്രത്തിനു സമീപമായി രാജകൊട്ടാരം അതിന്റെ പ്രൗഢിയോടെ നിലകൊളളുന്നു.

കാലക്രമേണ ക്ഷേത്രം ജീർണ്ണാവസ്ഥയിൽ അയി. തുടർന്ന് ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് (1885 മുതൽ 1924 വരെ) രാജാവിന്റെ സർവ്വാധികാര്യക്കാരനായ ശങ്കരൻ തമ്പിയുടെ പ്രത്യേക താൽപര്യ പ്രകാരം ഈ ക്ഷേത്രങ്ങൾ പുതുക്കി പണിയുന്നതിന് ശ്രീമൂലം മഹാരാജാവ് കല്പിച്ചുത്തരവായി കൊല്ലവർഷം 1076 ക്രിസ്തു വർഷം 1900 ആം മാണ്ട് ഈ ക്ഷേത്രങ്ങൾ ഇന്നത്തെ പ്രൗഢിയിൽ പുതുക്കി പണിതു എന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മേലുട്ട് ക്ഷേത്രത്തിൽ മഹാദേവനെ മൃത്യുഞ്ജയ മൂർത്തീ ഭാവത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത് കീഴൂട്ട് ക്ഷേത്രത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിനെ ദ്വാദശ നാമ മൂർത്തി ഭാവത്തിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മേലൂട്ട് മഹാദേവനും കീഴൂട്ട് മഹാവിഷ്ണുവും കിഴക്കോട്ട് ദർശനമായി മരുവുന്നു. രണ്ടു ക്ഷേത്രത്തിനും മുന്നിലായി വിശാലമായ ഒരു ക്ഷേത്രക്കുളവും ഉണ്ട്. ദേവന്മാരുടെ ആറാട്ട് ഈ ക്ഷേത്രക്കുളത്തിൽ പ്രത്യേകം തിരിച്ച് തടികളിൽ പണിതെടുത്ത ഒരു ഭാഗത്താണ്.

കൊട്ടാരക്കരയിലെ വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതാണ് വെട്ടിക്കവല മഹാക്ഷേത്രങ്ങൾ. മഹാദേവനും മഹാവിഷ്ണുവും ആണ് പ്രധാന ആരാധനാ മൂർത്തികൾ. ഇരു ദേവന്മാരും തുല്യ പ്രാധാന്യത്തോടെ പൂജിക്കപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രം. ഇവിടുത്തെ "വാതുക്കൽ ഞാലിക്കുഞ്ഞ്" എന്ന ദേവീസങ്കൽപം ഏറെ പ്രശസ്തമാണ് പുത്രലാഭമുണ്ടാകും എന്ന വിശ്വാസത്താൽ കരിവള, എണ്ണ, തൊട്ടിൽ എന്നിവ ഇവിടെ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നു. ഇവിടുത്തെ വലിയ ക്ഷേത്രഗോപുരങ്ങളോടും അകത്തളങ്ങളോടും കൂടിയ ക്ഷേത്രസമുച്ചയങ്ങൾ കേരളത്തിന്റെ വാസ്തുവിദ്യ പ്രകാരം നിർമ്മിച്ചവയാണ്.

മേലൂട്ട് കീഴുട്ട് ക്ഷേത്രങ്ങളിൽ ഇരു ദേവന്മാരും കിഴക്കോട്ട് ദർശനമായി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് പരിവസിക്കുന്നു. രണ്ടു ദേവന്മാർക്കും കൊടിമരവും ബലിക്കല്ലുമുണ്ട്. ഇരുവരും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിയ്ക്കപ്പെട്ടതിനുപിന്നിലുള്ള ഐതിഹ്യം ഇങ്ങനെയാണ്.

ഒരിയ്ക്കൽ മഹാദേവനും മഹാവിഷ്ണുവും ഇതുവഴി പോകുമ്പോൾ ഈ സ്ഥലത്തിന്റെ ശാന്തതയും സൗന്ദര്യവും കണ്ട് അവർ മതിമയങ്ങിപ്പോയി. തങ്ങൾക്ക് വിശ്രമിയ്ക്കുന്നതിനുള്ള സ്ഥലം കണ്ടുപിടിയ്ക്കുന്നതിനായി അവർ തങ്ങളുടെ സേവകരായ ഭൂതത്താനെയും അക്കരെത്തേവരെയും നിയമിച്ചു. ഇരുവരും തങ്ങളുടെ യജമാനന്മാർക്ക് വിശ്രമിയ്ക്കാൻ പറ്റിയ സ്ഥലമായി കണ്ടെത്തിയതിനാൽ ഇരുവരും അവിടെ വിശ്രമിച്ചു. പിന്നീട് അവിടെ ക്ഷേത്രം ഉയർന്നുവന്നു.

ഒരുനിലമാത്രമുള്ള ചെമ്പുമേഞ്ഞ വട്ടശ്രീകോവിലിൽ ശിവപ്രതിഷ്ഠയും രണ്ടുനിലകളുള്ള ചെമ്പുമേഞ്ഞ ചതുരശ്രീകോവിലിൽ വിഷ്ണുപ്രതിഷ്ഠയും നടത്തിയിരിയ്ക്കുന്നു. വലിയമ്പലത്തോടുചേർന്ന് കൂത്തമ്പലം പണികഴിപ്പിച്ചിരിയ്ക്കുന്നു. കന്നിമൂല ഗണപതി, അരങ്ങത്ത് യക്ഷൻ, യക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, വാതുക്കൽ ഞാലിക്കുഞ്ഞ്, അപ്പൂപ്പൻ, ഭൂതത്താൻ, വസൂരി മാടൻ, നാഗരാജാവ്, കഴുവുടയോൻ സ്വാമി, അക്കര തേവർ, കൊച്ചു മൂർത്തി, കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം എന്നിവരാണ് ഉപദേവതകൾ. നമസ്കാരമണ്ഡപത്തിലാണ് വാതുക്കൽ ഞാലി കുഞ്ഞ് പ്രതിഷ്ഠ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കുഭാഗത്തായി അപ്പൂപ്പൻ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വടക്കോട്ടാണ് ഇരുവരുടെയും ദർശനം. ഉപദേവന്മാരിൽ പ്രധാന ഉപദേവതയാണ് വാതുക്കൽ ഞാലിക്കുഞ്ഞ് കൃഷ്ണപക്ഷത്തിലെ സപ്തമി നാളിൽ ആണ് വാതുക്കൽ ഞാലിക്കുഞ്ഞിന് സമൂഹപാൽ പൊങ്കാല നടത്തുന്നത്.2 ദിവസത്തെ വൃത നിഷ്ടയോടെ പെൺകുട്ടികൾക്കും സ്ത്രീജനങ്ങൾക്കും പത്ത് വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്കും സമൂഹ പാൽ പൊങ്കാല അർപ്പിക്കാം. ദേവപ്രശ്‌നത്തിൽ തെളിഞ്ഞതിനാൽ 2002 മുതലാണ് വാതുക്കൽഞ്ഞാലി കുഞ്ഞിന് സമൂഹ പാൽപൊങ്കാല ആരംഭിച്ചത്. വെട്ടിക്കവല മഹാക്ഷേത്രത്തെ തിരുവിതാംകൂർ മഹാറാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി കുഞ്ഞുങ്ങളുടെ ശബരിമല എന്ന് വിശേഷിപ്പിച്ചതിലൂടെ ഈ മഹാക്ഷേത്ര സമുച്ചയത്തിന്റെ പ്രസിദ്ധി വിശ്വ ചക്രത്തോളം ഉയർന്നിട്ടുണ്ട്.

ധാര, ചതുശ്ശതം, അപ്പം, അട, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല തുടങ്ങിയവയാണ് ശിവന്റെ പ്രധാന വഴിപാടുകൾ. പാൽപായസം, കദളിപ്പഴം, വെണ്ണ, കളഭാഭിഷേകം, തുളസിമാല തുടങ്ങിയവ വിഷ്ണുവിന് പ്രധാനമാണ്. ഗണപതിഹോമം, കറുകമാല, അപ്പം തുടങ്ങിയവ ഗണപതിക്കും എള്ളുപായസം, കർപ്പൂരം കത്തിയ്ക്കൽ തുടങ്ങിയവ അയ്യപ്പനും പ്രധാനമാണ്. യക്ഷിയ്ക്ക് വറപൊടിയാണ് പ്രധാനം. ബ്രഹ്മരക്ഷസ്സ് നാഗങ്ങൾ എന്നിവർക്ക് എല്ലാ സന്ധ്യയ്ക്കും വിളക്കുവെപ്പുണ്ട്. രക്ഷസ്സിന് പാൽപായസം തന്നെ പ്രധാനം. നാഗങ്ങൾക്ക് നൂറും പാലും പുറ്റുസമർപ്പണവും പ്രധാനം. വാതുക്കൽ ഞാലി കുഞ്ഞിന് കരിവള, കളിപ്പാവകൾ, തൊട്ടിൽ തുടങ്ങിയവയും അപ്പൂപ്പന് വെള്ളംകുടിയും പ്രധാനം.
വെട്ടിക്കവല മഹാക്ഷേത്രങ്ങളി ലെ മേലൂട്ട് ക്ഷേത്ര നടയ്ക്ക് തെക്കുഭാഗത്തായി പരിലസിക്കുന്ന ആരാധനാ സങ്കേതമാണ് അപ്പൂപ്പന്റെ ആലയം.വാതുക്കൽ ഞാലികുഞ്ഞിന്റെ വളർത്തച്ഛനാണ് ഊരാളിമൂപ്പനായ അപ്പുപ്പൻ. പ്രസവിച്ചയുടനെ തന്നെ വയൽ വരമ്പത്ത് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ തന്റെ കുടിലിൽ കൊണ്ടുപോയി പാലും പഴവും മാത്രം നൽകി വളർത്തുകയും കാട്ടുവള്ളികൾ കൊണ്ട് കട്ടിളപ്പടിയിൽ ഊഞ്ഞാൽ കെട്ടി കുഞ്ഞിന് നൽകുകയും ചെയ്തു. പുറത്തു പോയി തിരികെ വന്ന അപ്പുപ്പൻ കണ്ടത് കട്ടിളപ്പടിയിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ നിന്നും നിലത്തു വിണ് മരണപ്പെട്ട കുഞ്ഞിനെയാണ്.ഈ കുഞ്ഞാണ് പിൽക്കാലത്ത് വാതുക്കൽ ഞാലി കുഞ്ഞായി വെട്ടിക്കവല മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചത്.പിന്നോക്ക സമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടങ്ങളിൽ പോലും ഈ ആലയത്തിൽ എല്ലാ വിശ്വാസികൾക്കും എത്തുന്നതിനും ആരാധന നടത്തുന്നതിനും സ്വാതന്ത്ര്യം ലഭിച്ചിരുന്നു. മുറുക്കാൻ, ഭക്ഷണ വിഭവങ്ങൾ, അവൽ,മലർ, നാളീകേരം, പഴങ്ങൾ ഇവയെല്ലാം സമർപ്പിക്കുന്നു.

കീഴൂട്ട് ക്ഷേത്രത്തിന്റെ ഇടതു വശത്തായി വലിയ കല്പക വൃക്ഷത്തിന് മുന്നിലായി സ്ഥിതി ചെയ്യുന്ന ഒരു അരാധനാലയമാണ് കഴുവുടയോൻ കൊട്ടാരം.അപാര പണ്ഡിതനും മഹാ മാന്ത്രികനുമായിരുന്ന ഒരു യുവാവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വെട്ടിക്കവല കിഴക്കുഭാഗത്തുള്ള പച്ചുർ എന്ന ഗ്രാമപ്രദേശത്തിനടുത്തുള്ള കഴുകുടയോൻ കുന്നിൽ കഴുകിലേറ്റി. ഈ പ്രേതാത്മാവും മറ്റു ദുരാത്മാക്കളും ഗ്രാമീണർക്ക് കൊടിയ ദുരിതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഭയവിഹ്വലരായ ഗ്രാമീണർ പ്രശ്ന വിധി നടത്തുകയും ചെയ്തു.പ്രശ്ന വിധി പ്രകാരം അവയെ ആവാഹിച്ച് ഒരു ആലയത്തിൽ കുടി ഇരുത്തണമെന്നും തീരുമാനിച്ചു.മഹാമാന്ത്രികനെ കഴുകുടയോൻ സ്വാമിയായി പിച്ചള തകിടിൽ പീഠത്തിലും ഇടതു വശത്തായി യോഗീശ്വരനേയും വലതു വശത്തായി കല്ലൂപ്പനങ്ങാട്ട് വലിയ കാരണവരെ മന്ത്രവാദി സങ്കൽപ്പത്തിലും മറ്റു ദുരാത്മാക്കളെ ആവാഹിച്ച് അറുകൊല എന്ന പേരിലും കുടിയിരുത്തി.കഴുവുടയോൻ സ്വാമിയുടെ ഉടവാൾ, ചൂരൽ എന്നിവ ഇപ്പോഴും ഈ ആലയത്തിലുണ്ട്. അവൽ, മലർ, കൽക്കണ്ഡം, മുന്തിരി, ശർക്കര, കരിക്ക്, പഴം, തെരളി എന്നിവ പ്രധാന നിവേദ്യങ്ങളാണ്.ഇവിടുത്തെ മുമ്പുണ്ടായിരുന്ന പൂജാരിയായിരുന്നു ഈ ക്ഷേത്രത്തിലെ വെളിച്ചപ്പാട്. ഇന്നും കഴുവുടയോൻ കൊട്ടാരത്തിലെ പൂജാരി ഈ മൂർത്തികളെ സങ്കല്പിച്ച് ഭസ്മമിട്ടാൽ മുതിർന്നവർക്കും കുട്ടികൾക്കും ഉണ്ടാകുന്ന പ്രേതബാധകളും ആപത്തുകളും ഭയവും മാറി കിട്ടുമെന്ന് വിശ്വസിക്കുന്നു.

ഋഗ്വേദത്തിൽ ഉഷസ്സ്, യജുർവേദത്തിൽ ഗായത്രി, മറ്റു വേദങ്ങളിൽ ദുർഗ്ഗ വിവിധ പുരാണങ്ങളിൽ സംഹിതകളിൽ ലളിത, മഹാകാളി,ത്രിപുരസുന്ദരി, അന്നപൂർണ്ണേശ്വരി എന്നിങ്ങനെ നാനാ രൂപങ്ങളിൽ ജഗദംബയെ ആരാധിച്ചു വരുന്നു. ദേവി ഉപാസനയ്ക്ക് പ്രാധാന്യം വന്ന പ്പോൾ സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റേയും അധിദേവതയായ മഹാലക്ഷ്മി, കലയുടേയും, വിദ്യയുടേയും അധിഷ്ഠാനമായ സരസ്വതി, ശക്തി സ്വരുപിണിയും ധർമ്മ സ്ഥാപകയുമായ ദുർഗ്ഗാദേവി, മാതൃരുപിണിയും കൈവല്യദായിനിയുമായ മഹാകാളി, ശിവ ശക്തി സ്വരൂപമായ ത്രിപുരസുന്ദരി തുടങ്ങിയ സങ്കല്പ്പങ്ങളിൽ ദേവിയെ പൂജിച്ചു വരുന്നു.നവരാത്രി കാലത്ത് ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ രൂപങ്ങളിൽ ഭാരതത്തിലെവിടെയും ദേവിയെ ആരാധിക്കുന്നു. വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ പുരാതന കാലം മുതലേ തന്നെ ദേവിയെ ആരാധിച്ചു വരുന്നു. മേലൂട്ട് ക്ഷേത്ര മണ്ഡപത്തിൽ ഇടതു വശത്തായി ദേവിയെ സർവ്വാലങ്കാരങ്ങളോടുകൂടി പൂജാവിധികളോടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. നവരാത്രി മണ്ഡപത്തിൽ ഇരുന്നുകൊണ്ട് സംഗീതാർച്ചകന് ദേവീ വിഗ്രഹം നേരിൽ കാണാം എന്നുള്ളത് ഈ മഹാക്ഷേത്രങ്ങളുടെ മാത്രം പ്രത്യേകതയാണ്.

വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ ശൈവ വൈഷ്ണവ വിഗ്രഹങ്ങൾ ലഭിച്ചത് വെട്ടിക്കവല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആഡിറ്റോറിയത്തിനടുത്തായി പണ്ടുണ്ടായിരുന്ന വെട്ടിമരവും വൻ വൃക്ഷങ്ങളും നിറഞ്ഞ ഒരു കാവിൽ നിന്നായിരുന്നു.പ്രധാന വിഗ്രഹം ലഭിച്ച സ്ഥലത്താണ് ഒരു ആൽത്തറയും അതിൽ ആഭരണമണിഞ്ഞ തൃപ്പാദങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നത്. വളരെ പ്രാധാന്യമുള്ള ഒരു ആൽത്തയാണിത്.നിരവധി വർഷങ്ങളായി ആരാധനയില്ലായിരുന്ന ഒരു ആൽത്തറയായിരുന്നു ഇത്. ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവ പ്രശ്നത്തിൽ അക്കരെത്തേവർക്ക് വളരെ പ്രാധാന്യം ഉണ്ടെന്നും അത് നരസിംഹമൂർത്തി സങ്കല്പമാണെന്ന് കണ്ടെത്തുകയും ഉത്സവങ്ങളോടനുബന്ധിച്ച് കൊടിയിറങ്ങിക്കഴിഞ്ഞാലുടൻ വിശേഷാൽ പൂജയും എല്ലാ മലയാള മാസവും ഒന്നാം തീയതി പ്രത്യേക പൂജകളും വേണമെന്ന് നിർദേശിക്കുകയും തത്ഫലമായി അക്കരത്തേവർക്ക് പൂജകളും ദീപാരാധനയും നടന്നു വരുന്നു.

കുംഭമാസത്തിൽ ചതയത്തിന് കൊടികയറി തിരുവാതിര ആറാട്ടായി സമാപിയ്ക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ ശിവരാത്രി, അഷ്ടമിരോഹിണി, തിരുവാതിര, അഷ്ടമി, നവരാത്രി തുടങ്ങിയവയും ആഘോഷിയ്ക്കപ്പെടുന്നു.

മേലൂട്ട് മഹാദേവ ക്ഷേത്രത്തിൽ താഴമൺ മഠത്തിനും കീഴൂട്ട് മഹാവിഷ്ണു ക്ഷേത്രത്തിൽ ആദിശ്ശമംഗലം മഠക്കാർക്കുമാണ് താന്ത്രികാവകാശം.

ക്ഷേത്ര ഊരാണ്മാക്കാർ കോക്കളത്ത് മഠം, അടൂർ മന്ത്രവാദി മഠം, മുല്ലശ്ശേരി മഠം, ഒരുതാഴപിള്ളിമഠം, തലവൂർ എന്നിവരാണ്.

വെട്ടിക്കവല മഹാക്ഷേത്രങ്ങൾ
വെട്ടിക്കവല ഗ്രാമപ്പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ്. വാതുക്കൽ ഞാലിക്കുഞ്ഞു എന്ന ദേവി സങ്കൽപം ഏറെ പ്രശസ്തമാണ്. ദേവിയുടെ ശൈശവ രൂപത്തെയാണ് ഇവിടെ ആരാധിക്കുന്നത്. പുത്രലാഭത്തിനായി ഇവിടെ കരിവള,എണ്ണ,തോട്ടിൽ എന്നിവ ഭക്തജനങ്ങൾ സമർപ്പിക്കുന്നു. വലിയ ക്ഷേത്ര ഗോപുരങ്ങളോടും അകത്തളങ്ങലോടും കൂടിയ ക്ഷേത്ര സമുച്ചയങ്ങൾ കേരളത്തിൻറെ വാസ്തു വിദ്യയുടെ പൂർണതയുടെ മകുടോദാഹരണമാണ്. കൊട്ടാരക്കര ബസ്‌ സ്റ്റേഷനിൽ നിന്നും 15 മിനിറ്റ് ഇടവിട്ട്‌ വെട്ടിക്കവല വഴി കോക്കാട്,ചക്കുവരക്കൽ, കോട്ടവട്ടം, പുനലൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ സർവ്വീസ് നടത്തുന്നു.NH208 ചെങ്ങമനാട് നിന്നും വാഹനത്തിൽ 5 മിനിറ്റ് സഞ്ചരിച്ചാൽ ഇവിടെ എത്താം.

കൊല്ലം, തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ വരുന്നവർ കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ ഇറങ്ങി ചക്കുവരക്കൽ, കോക്കാട്, തലച്ചിറ ബസുകളിൽ കയറി വെട്ടിക്കവലക്ക് ടിക്കറ്റ് എടുത്ത് ക്ഷേത്രത്തിനു മുൻപിൽ ഇറങ്ങാം. പുനലൂർ നിന്നും വരുന്നവർ ചെങ്ങമനാട് സ്റ്റോപ്പിൽ ഇറങ്ങി ചക്കുവരക്കൽ, കോക്കാട്, തലച്ചിറ ബസുകളിൽ കയറി വെട്ടിക്കവലക്ക് ടിക്കറ്റ് എടുത്ത് ക്ഷേത്രത്തിനു മുൻപിൽ ഇറങ്ങാം സ്വകാര്യ വാഹനത്തിൽ വരുന്നവർ ചെങ്ങമനാട് വന്നിട്ട് അവിടെ നിന്നും ഇടതു വശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം. തിരുവനന്തപുരം ഒഴികെ മറ്റു ജില്ലകളിൽ നിന്നും സ്വകാര്യ വാഹനത്തിൽ വരുന്നവർ കൊട്ടാരക്കര പുലമൺ ട്രാഫിക് സിഗ്നലിൽ നിന്നും ഇടതുവശം തിരിഞ്ഞ് കിഴക്കേത്തെരുവ് വഴി ചെങ്ങമനാട് വന്ന് വലതുവശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം. കൊല്ലത്തു നിന്നും സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ കൊട്ടാരക്കര പുലമൺ ട്രാഫിക് സിഗ്നലിൽ നിന്നും നേരെ കിഴക്കേത്തെരുവ് വഴി ചെങ്ങമനാട് വന്ന് വലതുവശം തിരിഞ്ഞ് പോയാൽ വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം തിരുവനന്തപുരത്തു നിന്നും സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ വാളകം ജഗ്ഷനിലെത്തി എം എൽ എ റോഡ് വഴി വെട്ടിക്കവല മഹാക്ഷേത്രങ്ങളിൽ എത്തിചേരാം.