2020, നവംബർ 17, ചൊവ്വാഴ്ച

ഗംഗാതീർത്ഥത്തിലാറാടി അരക്കുപറമ്പ്‌ അർദ്ധനാരീശ്വര മൂർത്തി


 ഗംഗാതീർത്ഥത്തിലാറാടി അരക്കുപറമ്പ്‌ അർദ്ധനാരീശ്വര മൂർത്തി

മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ അരക്കുപറമ്പ്‌ ഗ്രാമത്തിലെ വെളിങ്ങോട്‌ എന്ന സ്ഥലത്താണ്‌ ശ്രീകോവിലും , പ്രദക്ഷിണ വഴിയും, നമസ്കാരമണ്ഡപവും ഗംഗാതീർത്ഥത്തിലാറാടി നിൽക്കും അരക്കുപറമ്പ്‌ വെളിങ്ങോട്‌ അർദ്ധനാരീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ഒരുപാട്‌ ഐതിഹ്യങ്ങളും , ചരിത്രങ്ങളും ഉള്ള വള്ളുവനാട്ടിലെ പ്രസിദ്ധമായ ഈ ക്ഷേത്രത്തെ കുറിച്ച്‌ നമുക്ക്‌ വായിക്കാം ഇവിടെ.

വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ഒരുപാട്‌ പ്രദേശങ്ങളുടെ ഐതിഹ്യങ്ങൾ മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ്‌ . ദുര്യോധനൻ പാണ്ഡവർക്കായി പണിത അരക്കില്ലം ഇവിടെ ആയിരുന്നു എന്നും അത്‌ കൊണ്ടാണ്‌ ഈ ഗ്രാമത്തിന്‌ അരക്കുപറമ്പ്‌ എന്ന് പേരു കാലക്രമേണ വന്നതെന്നും പറയപ്പെടുന്നു. നിലമ്പൂരിനടുത്തുള്ള
എടക്കര ( ഏകചക്ര) സൈലന്റ്‌ വാലി ( സൈരന്ധ്രി) കുന്തിപ്പുഴ, പാത്രക്കടവ്‌, ഭീമനാട്‌, ഐവർ മഠം തുടങ്ങീ അനവധി പ്രദേശങ്ങൾക്ക്‌ ഇത്‌ പോലെ മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഐതിഹ്യം ഉണ്ട്‌ . ക്ഷേത്രം സ്ഥിതി ചെയ്യുന്ന വെളിങ്ങോട്‌ എന്ന സ്ഥലത്തെ കുന്നിൻ മുകളിൽ നൂറ്റാണ്ടുകൾക്ക്‌ മുന്നെ ഒരു യോഗി താമസിച്ചിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം തപസ്സ്‌ ചെയ്യുന്ന സമയം ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത്‌ ജലത്തിലാറാടി ശ്രീപരമേശ്വര , പാർവ്വതി സാന്നിധ്യം ഉണ്ടെന്ന് അദ്ദേഹത്തിന്‌ വെളിപാട്‌ ഉണ്ടായി . അതിൻപ്രകാരം ജനങ്ങളുടെ ശ്രേയസ്സിനായി ആ പുണ്യാത്മാവ്‌ ശ്രീ പരമേശ്വര പാർവ്വതി സാന്നിധ്യം ഉള്ള ഭാഗത്ത്‌ ചെന്ന് അർദ്ധനാരീശ്വര സങ്കൽപ്പത്തിൽ ദേവചൈതന്യത്തിൽ ആരാധിച്ച്‌ പൂജിച്ച്‌ പോന്നു . ഈ യോഗീശ്വരന്‌ വെളിപാട്‌ ഉണ്ടായ സ്ഥലമാണ്‌ ലോപിച്ച്‌ വെളിങ്ങോട്‌ ആയി മാറിയെന്ന് പറയപ്പെടുന്നു.

നൂറ്റാണ്ടുകൾ അധികം പഴക്കമുണ്ടീ ക്ഷേത്രത്തിന്‌ . ഇവിടുത്തെ അർദ്ധനാരീശ്വര പ്രതിഷ്ഠ സ്വയംഭൂ ആണ്‌ . പൂർണ്ണമായും ജലത്തിൽ വസിക്കുന്ന അർദ്ധനാരീശ്വര പ്രതിഷ്ഠ അത്യപൂർവ്വങ്ങളിൽ അപൂർവ്വമാണ്‌ താനും. രണ്ട്‌ ശിലകൾ ചേർന്ന ഒറ്റശിലയായിട്ടാണ്‌ പ്രതിഷ്ഠയുള്ളത്‌. മൂർത്തി എന്നും ജലത്തിൽ വസിക്കുന്നതിനാൽ നിവേദ്യവും മറ്റും തെക്ക്‌ ഭാഗത്തായി ഉള്ള സ്ഥാനത്താണ്‌ നടത്തുന്നത്‌. ശിവരാത്രി നാളിൽ ജലം വറ്റിച്ച്‌ വിഗ്രഹത്തിൽ അർദ്ധരാത്രി അഭിഷേകം ഉണ്ട്‌, ഈ സമയത്തും നല്ല വെയിലുള്ള സമയത്ത്‌ ജലത്തിനുള്ളിലൂടെയും മാത്രമെ വിഗ്രഹം ദർശ്ശിക്കാൻ കഴിയൂ.തിരുവളയനാട്‌ ഭഗവതി, നാഗദൈവങ്ങൾ , എന്നീ പ്രതിഷ്ഠകളും , തിരുമാന്ധാംകുന്ന് ഭഗവതി സാന്നിധ്യവും ഉണ്ടിവിടെ . ശ്രീകോവിൽ നമസ്കാര മണ്ഡപം , അഷ്ടദിക്ക്‌ പാലകന്മാർ, പ്രദക്ഷിണ വഴി, സോമസൂത്രം വലിയ ബലിക്കല്ല്, സോപാനം, തുടങ്ങിയ ഭാഗങ്ങൾ മുഴുവൻ ഗംഗാസാന്നിധ്യം ഉള്ള ജലത്തിൽ ആറാടി നിൽക്കുന്ന അപൂർവ്വ കാഴ്ച്ച ഇവിടെ മാത്രമെ കാണൂ . പുതുമന ഹരിശങ്കരൻ നമ്പൂതിരിയാണ്‌ ക്ഷേത്ര തന്ത്രി. മേൽശാന്തി തഞ്ചാവൂർ സ്വദേശിയായ ശ്രീ മണി അയ്യർ ആണ്‌ . ഒരു കാലത്ത്‌ ഈ ക്ഷേത്രം സാമൂതിരി കോവിലകത്തിന്റേതായിരുന്നു. ഇന്ന് ജനകീയ കമ്മിറ്റിയുടെ കീഴിൽ ക്ഷേത്ര ഭരണം നടക്കുന്നു.

ഒരു കാലത്ത്‌ ക്ഷേത്രം അന്യാധീനപ്പെട്ട്‌ കിടന്നത്‌ പോലെ ആയിരുന്നു .പൂജകൾ പോലും ഇല്ലാതെ ഇരുന്ന കാലം . കുളത്തിനോട്‌ ചേർന്ന് ഒരു പ്രതിഷ്ഠ മാത്രം ആയിരുന്നു അന്നീ ക്ഷേത്രം . 1983 ഇൽ ദേശത്തെ ജനങ്ങൾ എല്ലാം ചേർന്ന് അഖണ്ഡ നാപജപത്തോടെ ക്ഷേത്രത്തിന്‌ പുതു ജീവൻ നൽകാനുള്ള പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചു. 2007 ഇൽ അഗസ്ത്യമല ശ്രീ ഉമാമഹേശ്വര ക്ഷേത്രം മേൽശാന്തി രാജീവ്‌ ജി ഈ ക്ഷേത്ര പുനരുദ്ധാരാണത്തിൽ മാർഗ്ഗദർശ്ശിയായി എത്തി. അദ്ദേഹത്തിന്റെയും ദേശത്തിലെ ജനങ്ങളുടെയും സഹകരണത്തോടെ, തച്ചുശാസ്ത്ര പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നാലമ്പല ,ചുറ്റമ്പല ,ശ്രീകോവിൽ നിർമ്മാണം പ്രക്രിയ നടന്നു പൂർണമായും ജലത്തിൽ ഉണ്ടായിരുന്ന പ്രതിഷ്ഠയ്ക്ക്‌ ചുറ്റുമായി പഴമ ഒട്ടും മായാതെ, കാഠിന്യമേറിയ ചെങ്കല്ല് കൊണ്ടും തറയും , ചുമരും നിർമ്മിച്ചു .ഈ ക്ഷേത്രം സന്ദർശിച്ചവർക്ക്‌ ഒരിക്കലും നിർമ്മിതി കണ്ട്‌ പഴക്കം കണ്ടുപിടിക്കാൻ സാധിക്കില്ലാ അതുറപ്പ്‌ . അത്രത്തോളം പഴമയുടെ ഭംഗി എടുത്ത്‌ കാണിക്കുന്ന വിധമാണീ ക്ഷേത്ര നിർമ്മാണം നടന്നിരിക്കുന്നത്‌ .ചെമ്പ്‌ മേഞ്ഞ ശ്രീകോവിലും , നമസ്കാര മണ്ഡപവും , മണ്ഡപത്തിലെ കരിങ്കൽ തൂണുകളിലെ കൊത്തുപണികളും എല്ലാം പൗരാണികത വിളിച്ചോതുന്നവയാണ്‌.2017 ജൂൺ28 ന്‌ 32 അടിയോളം ഉയരമുള്ള ഒറ്റക്കല്ലിൽ അലങ്കാരത്തോടെ തീർത്ത കൊടിമരം ക്ഷേത്രത്തിൽ സ്ഥാപിച്ചു . ഇത്‌ കേരള ചരിത്രത്തിൽ തന്നെ ആദ്യത്തെതാണ്‌ . ഇന്ന് ദേശത്തിലെ ഭക്ത ജനങ്ങളാലും , മാതൃസമിതിയാലും, ക്ഷേത്ര പുനരുദ്ധാരണ സമിതിയാലും , രാജീവ്‌ ജിയെ പോലെ ഉള്ള മഹത്‌ വ്യക്തിത്വങ്ങളുടെ മാർഗ്ഗനിർദ്ദേശത്താലും ക്ഷേത്രം പുരോഗമിച്ച്‌ വരുന്നു .ഇത്രയും ചെറിയ കാലഘട്ടം കൊണ്ട്‌ ജീർ ണാവസ്ഥയിൽ കിടന്നിരുന്ന ഒരു ക്ഷേത്രത്തെ ഇപ്പോൾ കാണുന്നത്രയും മനോഹരമാക്കിയ ഈ ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട എല്ലാവർക്കും കൂപ്പുകൈ. ഇതൊരു മാതൃക കൂടിയാണ്‌.

ഒരു മഹായോഗിയുടെ വെളിപാടിനാൽ അറിയപ്പെടുന്ന ഈ പുണ്യ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഒരു മഹായോഗിയുടെ സാന്നിധ്യം വേണമെന്ന് പ്രശ്നചിന്തയിൽ കണ്ടതിനാൽ 2007 ലെ മിഥുന മാസത്തിലെ മകം നാളിൽ 1008 കുടം ജലാഭിഷേകത്തിന്‌ , ജഗൽഗുരു ശങ്കരാചാര്യ സ്വാമിയുടെ ശിഷ്യനായ തോടകാചാര്യ പാരമ്പര്യത്തിലെ കാസർക്കോട്‌ ഇടനീർ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദഭാരതി ശ്രീപാദതീർത്ഥർ ക്ഷേത്രത്തിൽ വരികയും, അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെ 1008 കുടും അഭിഷേകം നടക്കുകയും, ഇന്നും നടന്ന് പോരികയും ചെയ്യുന്നു. സർവ്വദുരിതങ്ങൾക്കും പരിഹാരമായുള്ള ഈ ചടങ്ങിൽ അനവധി ഭക്തർ പങ്കെടുക്കാറുണ്ട്‌. ജനങ്ങൾക്ക്‌ നേരിട്ട്‌ അഭിഷേക ജലം നൽകാം എന്ന പ്രത്യേക കൂടി ഈ ചടങ്ങിനുണ്ട്‌. ഈ ചടങ്ങിന്‌ മുന്നെയുള്ള മൂന്ന് ദിനം പൂർണ്ണ വ്രതാനുഷ്ഠാനങ്ങൾ ഭക്തർ ആചരിക്കണം എന്ന് മാത്രം. 2007 മിഥുനമാസത്തിലെ മകം നാളിലെ ഇടനീർ മഠാധിപതി സ്ഥാപിച്ച കെടാവിളക്ക്‌ ഇന്നും ക്ഷേത്രത്തിൽ ചെന്നാൽ കാണാം.

ശിവരാത്രി , മിഥുന മാസത്തിലെ മകം നാളിൽ പ്രതിഷ്ഠാദിനത്തിനോട്‌ അനുബന്ധിച്ച്‌ നടക്കുന്ന ഉത്സവം ,ധനുമാസത്തിലെ മകം നാളിൽ തൃക്കൊടിയേറ്റവും തുടർന്ന് അഞ്ചാം നാളിൽ തിരുആറാട്ട് മഹോത്സവം എന്നിവ പ്രധാനം .മിഥുന മാസത്തിലെ മകം നാളിൽ ഉത്സവത്തോടനുബന്ധിച്ച്‌ മൂന്ന് ദിനം കളം പാട്ട്‌ നടക്കാറുണ്ട്‌ (തിരുവളയനാട്‌ ഭഗവതിയ്ക്കും, തിരുമാന്ധാകുന്നിലമ്മയ്ക്കും) മിഥുനത്തിലെ മകം നാളിലാണ്‌ 1008 കുടം ജലാഭിഷേകവും നടക്കുന്നത്‌. മാംഗല്യ വിഘ്നങ്ങൾക്ക്‌ പരിഹാരമായി ഉമാമഹേശ്വര പൂജ ഇവിടെ നടത്തുന്നത്‌ വിശേഷമാണ്‌ . നാനാദിക്കിൽ നിന്ന് അനവധി ഭക്ത ജനങ്ങൾ ഉമാമഹേശ്വര പൂജ നടത്താൻ വേണ്ടി ഇവിടെ വരാറുണ്ട്‌ . നിത്യേന രണ്ട്‌ നേരം പൂജയുണ്ട്‌. മണ്ഡലകാലത്തും , വിശേഷ ദിവസങ്ങളിലും പ്രത്യേക പൂജകൾ നടക്കാറുണ്ട്.

അരക്കു‌ പറമ്പ്‌ വെളിങ്ങോട്‌ അർദ്ധനാരീശ്വര ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേക അവിടുത്തെ പ്രകൃതി ഭംഗിയും ശാന്തതയും ആണ്‌ . നാലുഭാഗവും പാടങ്ങളാൽ ചുറ്റപ്പെട്ട്‌, കൊടിക്കുത്തി മലയുടെ താഴെയായി , നീർച്ചോലകൾ തേവർക്ക്‌ മാലപോലെ ഒഴുകുന്ന ഭൂമിയിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌.ക്ഷേത്രത്തോട്‌ ചേർന്ന് തന്നെയുള്ള മനോഹരമായ തീർത്ഥം കുളം ഗംഗാസാന്നിധ്യത്താൽ പുണ്യമായിരിക്കുന്നു.ഇവിടുത്തെ കാറ്റിൽ പോലും ഓംകാര മന്ത്ര ധ്വനികൾ കേൾക്കാം നമുക്ക്‌. തേവർക്ക്‌ കാവൽ നിൽക്കുന്ന കിങ്കരന്മാരെ പോലെ തലയുയർത്തി നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലൂടെ നടന്നാണ്‌ ക്ഷേത്രത്തിൽ എത്തിയത്‌. എന്തൊരു ശാന്തതയാണെന്നറിയാമൊ അവിടെ. ക്ഷേത്രഭൂമിയിൽ കാൽസ്പർശ്ശിച്ചപ്പോൾ തന്നെ മനശാന്തി കൈവന്നു. ക്ഷേത്രത്തിന്റെ ഉള്ളിലേക്ക്‌ കയറി , ആ പുണ്യ തീർത്ഥത്തിൽ കാൽ വച്ചപ്പോൾ എന്റെ ഉള്ളിലേക്ക്‌ കയറിയ തണുപ്പ്‌ ദുഖങ്ങൾക്ക്‌ എല്ലാം മരുന്ന് തന്നെ . ജലത്തിലൂടെ നടന്ന് മൂർത്തിയെ തൊഴുത്‌ വരുമ്പോഴേക്കും മനസ്സ്‌ ശാന്തമായി. പ്രിയരെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഇവിടെ ചെന്ന് തൊഴുക. അപ്പോൾ ലഭിക്കുന്ന നിർവൃതി അതൊന്ന് വേറെ തന്നെയാണ്‌ . ശാന്തിയും സമാധാനവും തേടിയുള്ള യാത്രയ്ക്കുള്ള ഉത്തരം ഇവിടെ നിന്ന് ലഭിക്കും . കൊറോണ കാലം കഴിഞ്ഞ്‌ ഒരിക്കൽ ഇവിടെ ചെന്ന് തൊഴാൻ ശ്രമിക്കുക . ദേശത്തിന്റെ സകല ഐശ്വര്യങ്ങൾക്കും കാരണഭൂതനായ്‌ അർദ്ധനാരീശ്വര മൂർത്തി ഏവരെയും കാത്തനുഗ്രഹിക്കട്ടെ.

ക്ഷേത്രത്തിലേക്ക്‌ എത്താനുള്ള മാർഗ്ഗം :പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കരിങ്കല്ലത്താണി stop ൽ നിന്നും വെട്ടത്തുർ റോഡിൽ 6 കി മീ സഞ്ചരിച്ചാൽ അരക്കു പറമ്പ് കുറ്റിപ്പുളിസ്റ്റോപ്പ്  ന് അടുത്താണ് ക്ഷേത്രം,

പെരിന്തൽമണ്ണ - കാര്യാ വട്ടം - അലനല്ലൂർ റോഡിൽ വെട്ടത്തൂർ ജംഗ്ഷനിൽ നിന്നും 3കി.മീ അരക്കുപറമ്പ് റോഡിൽ സഞ്ചരിച്ചാലും ക്ഷേത്രത്തിലെത്താം