2020, നവംബർ 26, വ്യാഴാഴ്‌ച

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം വിളപ്പിൽശാലതിരുവനന്തപുരം

കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം  വിളപ്പിൽശാലതിരുവനന്തപുരം 

=======================================================================



തിരുവനന്തപുരത്തുനിന്നു 17 കിലോമീറ്റർ കിഴക്കു മാറി വിളപ്പിൽശാല എന്ന സ്ഥലത്തു വിളപ്പിൽശാല-കാട്ടാകട റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം. ആദിപരാശക്തിയായ ഭദ്രകാളിയാണ്  പ്രധാന പ്രതിഷ്ഠ.


തെക്കൻതിരുവിതാംകൂറിലും കന്യാകുമാരി പ്രദേശങ്ങളിലും കാണപ്പെടുന്ന മുടിപ്പുരകളിൽ ഒന്നാണിത്. ദേവിയുടെ തിരുമുടി വച്ച് ആരാധിക്കുന്നതിനാലാണ് മുടിപ്പുര എന്ന് വിശേഷിപ്പിക്കുന്നത്.പ്രാദേശികമായി കുണ്ടാമൂഴി മുടിപ്പുര എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ഉപദേവതമാരായി ഗണപതി, നാഗം , ശാസ്താവ്, യക്ഷി, മന്ത്രമൂർത്തി, തമ്പുരാൻ, ബ്രഹ്മരക്ഷസ്സ് തുടങ്ങിയ പ്രതിഷ്ഠകൾ ഉണ്ട്.


കുണ്ടാമൂഴി ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ്ന്റെ കീഴിലാണ്  പ്രവർതിയ്ക്കുന്നതു 


പ്രതിഷ്ഠ

പരാശക്തിയുടെ രൗദ്ര ഭാവമായ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ.ദാരികവധത്തിനായി പരമേശ്വരന്റെ മൂന്നാംകണ്ണിൽനിന്ന് പിറന്ന മഹാഭൈരവിയായി വിശ്വാസം. തിരുമുടികളിലായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിൽ വടക്കോട്ടു ദർശനമായി ഉഗ്രഭാവത്തിലും കിഴക്കൊട്ട് ദർശനമായി സൗമ്യഭാവത്തിലുമാണ് പ്രതിഷ്ഠ.


വടക്കോട്ട്‌ ദർശനമായിയാണ് ആദ്യം പ്രധാന തിരുമുടി(രൗദ്ര ഭാവത്തിൽ)പ്രതിഷ്ഠിച്ചിരുന്നത്.കാലക്രമേണ ദേവിയുടെ രൗദ്രത വർധിച്ചുവന്നതിനാൽ ചെറിയ തിരുമുടി ശാന്തഭാവത്തിൽ നിർമ്മിച്ച് കിഴക്കോ ട്ടു ദർശനമായി പ്രതിഷ്ഠിക്കുകയാണുണ്ടായത്.തിരുമുടിയോടൊപ്പം ദേവിയുടെ പള്ളിവാളും ത്രിശൂലവും മുലഹാരവും കാൽച്ചിലമ്പും ശ്രീകോവിലിലുണ്ട്.


തലയിൽ എഴുന്നള്ളിക്കാൻ ബുദ്ധിമുട്ടായതിനാൽ പ്രധാന തിരുമുടി പുറത്തെഴുന്നള്ളിക്കാറില്ല. ഉത്സവകാലങ്ങളിലും പ്രധാനത്തിരുമുടി ശ്രീകോവിലിന്റെ ഉള്ളിൽ തന്നെയാണ് ആരാധിക്കുക (ആദ്യ പ്രതിഷ്ഠനടത്തിയ കാലം പ്രധാന തിരുമുടി തന്നെയാണ് പുറത്തെഴുന്നള്ളിച്ചു കൊണ്ടിരുന്നത് എന്നാൽ ദേവിയുടെ ചൈതന്യം വർധിച്ചതിനാൽ തിരുമുടിക്ക് ഭാരം വർധിക്കുകയുണ്ടായതായി പറയപ്പെടുന്നു).


ഭദ്രകാളി ഭാവത്തിലായതിനാൽ കടുംപായസമാണ് ദേവിയുടെ ഇഷ്ട നിവേദ്യം. പാൽപ്പായസവും നിവേദിക്കാറുണ്ട്.


ഭദ്രകാളി സങ്കല്പം

മാർക്കണ്ഡേയപുരാണത്തിൽ ഭദ്രോത്പത്തിപ്രകരണം എന്ന ഭാഗത്താണ് ശിവന്റെ മകളായ ശ്രീ ഭദ്രകാളിയുടെ ഐതീഹ്യം പരാമർശിക്കുന്നത്. ദാരുമതിയുടെ പുത്രനായ ദാരികൻ ബ്രഹ്മാവിനെ തപസ്സുചെയ്യുന്നു.അങ്ങനെ നീണ്ടതപസ്സിനൊടുവിൽ സംപ്രീതനായ ബ്രഹ്മാവ് അവനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു.അമരത്വം വരമായി ചോദിക്കുന്ന ദാരികനേ അത് തനിക്ക് നൽകാനാവില്ല എന്നുപദേശിച് മറ്റെന്തങ്കിലും വരിക്കാൻ ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിൽ ഏറ്റവും ശക്തിയില്ലാത്തത് സ്ത്രീകൾ ആണെന്ന് ധരിച്ചിരുന്ന അവൻ നാരിയുടെ കൈകളാൽ മാത്രം വധ്യരാവണമെന്നും മണിമന്ത്രവും ആവശ്യപ്പെടുന്നു. വരബലത്താൽ അഹങ്കരിച്ച ദാരികാസുരൻ മൂന്നുലോകവും കൈക്കലാക്കാൻ തീരുമാനിക്കുന്നു.അങ്ങനെ ദേവലോകത്തേക്ക് അസുരപടനയിക്കുന്നു. ദാരികനേ ജയിക്കാനാവില്ല എന്ന കണ്ട ദേവേന്ദ്രനും സംഘവും അമരാവതിയിൽ നിന്ന് രക്ഷപ്പെടുന്നു.അങ്ങനെ മുന്ന് ലോകവും ജയിച്ചു അസുരചക്രവർത്തിയായ ദാരികൻ മദിച്ചുനടക്കുന്നു.


ദേവലോകത്തിൽ നിന്ന് തുരത്തപ്പെട്ട ദേവന്മാർ സത്യലോകത്തിൽ ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു.തന്നെക്കൊണ്ട് അസുരശ്രേഷ്ഠനെ നശിപ്പിക്കാനാവില്ല എന്ന് പറയുന്ന ബ്രഹ്മാവ് വൈകുണ്ഠത്തിൽപോയി മഹാവിഷ്ണുവിനെ കാണാൻ നിർദേശിക്കുന്നു.ബ്രഹ്മാവിന്റെ നേതൃത്വത്തിൽ വൈകുണ്ഠത്തിലേത്തിയ ദേവന്മാർ മഹാവിഷ്ണുവിനെ കണ്ടു സഹായം അഭ്യർത്ഥിക്കുന്നു. തന്നെകൊണ്ടും ദാരുമതിയുടെ പുത്രനെ കൊല്ലാനാവില്ല എന്ന് നാരായണൻ അവരെ അറിയിക്കുന്നു.തുടർന്ന് ബ്രഹ്മാവിഷ്ണുദേവാദികൾ കൈലാസത്തിൽ ഉമാകാന്തനെ കാണാൻ പുറപ്പെടുന്നു.അങ്ങനെ കൈലാസത്തിൽ എത്തിയ ദേവന്മാരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ ശ്രീ പരമേശ്വരൻ ഉഗ്രഭാവംകൈക്കൊള്ളുകയും നെറ്റിത്തടത്തിലെ മൂന്നാംതൃക്കണ്ണ് തുറക്കുകയും ചെയ്തു.ആ ത്രിനയനത്തിൽനിന്ന് പ്രപഞ്ചം അന്നുവരെ കണ്ടിട്ടില്ലാത്തവണ്ണം ഘോരമായ ദിവ്യസ്വരൂപത്തിൽ മൂലപ്രകൃതിയായ സാക്ഷാൽ പരാശക്തി കാളിയായി അവതരിക്കുന്നു.ആ ഉഗ്രരൂപത്തെ കാൺകെ ശ്രീപാർവ്വതിപോലും ഭയംകൊണ്ടു. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദിവ്യരൂപത്തിൽ സഹസ്രശിരസ്സുകളിൽ അന്ഗ്നിയാളുന്ന മൂവായിരം തൃക്കണ്ണുകളും ആയിരം തൃക്കൈകളിൽ അസ്ത്രശസ്ത്രങ്ങൾ ധരിച്ചും ആനത്തോൽമുലക്കച്ചയും പുലിത്തോൽപാവാടയായും ചെമ്പട്ട് വലിച്ചുടുത്തും കരിവീരന്മാരെ കർണ്ണാഭരണമായും പത്തിനാഗങ്ങളെ തിരുമുടിയായും ധരിച്ചും നിൽക്കുന്ന ആദിചൈതന്യമൂർത്തിയെ ദേവന്മാർ സ്തുതിച്ചുവണങ്ങുന്നു.അമ്മയായ ശ്രീപാർവ്വതിയുടെ അഭ്യർത്ഥനപ്രകാരം ഒരുശിരസ്സും 16 തൃക്കൈകളും ചേർന്ന രൂപം സ്വീകരിച്ച മഹാദേവി ശേഷം അച്ഛനായ മഹാദേവനിൽ നിന്ന് തന്റെ അവതാരോദ്ദേശ്യം മനസ്സിലാക്കുന്നു.


തുടർന്ന് മഹാവേതാളിയെ ഭക്ഷണം ഉറപ്പുനൽകി വാഹനമാക്കി ദാരികപുരിയിലേക്ക് തിരിയ് ക്കുന്നു.വൈകാതെ ദാരികപുരിയിലെത്തിയ മഹാഭൈരവിയുടെ സാന്നിദ്ധ്യത്തിൽ ദാരികാസുരൻ ചിലദുർ നിമിത്തങ്ങൾ കാണുകയും ഭാര്യയായ മനോദരിയോട് മണിമന്ത്രം ഉപദേശിച്ചശേഷം തനിക്ക് എന്തെങ്കിലും ആപത്തുണ്ടായാൽ മന്ത്രംജപിച്ചു രക്ഷിക്കാനും നിർദേശിക്കുന്നു.മറ്റൊരാൾക്ക് ഉപദേശിച്ചതിനാൽ ദാരികന് ആ മന്ത്രം ഉപഗോഗിക്കാനാവാതെ വരുന്നു.ശേഷം ഭദ്രകാളിയെ നശിപ്പിക്കുവാനായി ദാരികപ്പടയെ അയക്കുന്നു.ദാരികപ്പടയെ മുച്ചൂടും മുടിച്ച മഹാകാളിയെനേരിടാൻ ദാരികസഹോദരനായ ദാനവേന്ദ്രൻ പുറപ്പെടുന്നു എന്നാൽ പ്രപഞ്ചമാതാവായ ദേവിയെയുണ്ടോ ദാനവേന്ദ്രന്ന് നശിപ്പിക്കാൻ കഴിയുന്നു. അങ്ങനെ ദേവിയുടെ ദിവ്യമായ നന്തകവാളാൽ ദാനവേന്ദ്രൻ കാലനൂർ പൂകുന്നു.തന്റെ സഹോദരൻ വധിക്കപ്പെട്ടതറിഞ്ഞ ദാരികാസുരൻ ദേവിയോട് പോരുനയിക്കാൻ പടനിലത്തിൽ എത്തുന്നു. ഈസമയം ശ്രീപാർവതിയുടെ ഭക്തകൂടെ ആയിരുന്ന മനോദാരിയിൽ നിന്ന് ഗൗരി സൂത്രത്തിൽ മണിമന്ത്രം കൈക്കലാക്കുന്നു.അങ്ങനെ പലവിധആയുധങ്ങളാൽ 7 പോരുകൾ നടത്തുന്നു. ഇതിനിടയിൽ ദാരികൻ ദേവിയെയും അച്ഛനായ ശ്രീപരമേശ്വരനെയും അസഭ്യം പറയുകയും വീരവാദം നടത്തുകയും ഒക്കെ ചെയ്യുന്നു. കാളി-ദാരികയുദ്ധം മഹാഭീകരതയിലേക്ക് പോകുന്നതു കണ്ട സുരവൃന്ദൾപോലും ഭയപ്പെടുന്നു.അങ്ങനെ 7 പോരുകൾക്കൊടുവിൽ മുപ്പാരിനെയും പോറ്റുന്ന ജഗതീശ്വരി ദാരികകണ്ഠം അറുത്തു രക്തപാനം ചെയ്യുന്നു. ദാരികവധത്തിനുശേഷവും കോപവും രക്തദാഹവും ശമിക്കാത്ത വന്ന ദേവിക്ക് മഹാദേവൻ തന്റെ അണിവിരൽ മുറിച്ചു 3 തുള്ളി രക്തം കൊടുക്കുന്നു.രക്തദാഹം ശമിച്ച ദേവി കോപം വെടിഞ്ഞു ഈരേഴുപത്തിനാലുലോകവുംകാത്തരുളീ മൂലസ്ഥാനമായ കൊടുങ്ങല്ലൂർകാവിൽ വിളങ്ങുന്നു എന്നാണ് വിശ്വാസം.


പൂജാക്രമം 

ക്ഷേത്രത്തിൽ ത്രികാലപൂജ പതിവില്ല. ദിവസവും വൈകീട്ട് 4 30ന് നടതുറക്കുന്നു ; വൈകിട്ട് 6 30ന് ദീപാരാധന ; 7 ന് പൂജ തുടർന്ന് നട അടയ്ക്കുന്നു. തിരുമുടി പ്രതിഷ്ഠയായതിനാൽ നിർമ്മാല്യം മാറ്റിയതിനു ശേഷമേ നടയടക്കുകയൊള്ളു.


എല്ലാ ചൊവാഴ്ചയും രാഹുകാലസമയത് (3 നുമേൽ 4 30 നകം) നാരങ്ങാവിളക്കും രാഹുർദോഷനിവാരണവും നടക്കുന്നു.

ആയില്യം നാളിൽ രാവിലെ നാഗത്താൻ മാർക്കു ആയില്യ പൂജയും പൗർണമി നാളിൽ വൈകിട്ട് 5 ന് ഐശ്വര്യപൂജയുമുണ്ട്.

എല്ലാ മലയാള മാസം ഒന്നാം തീയതി രാവിലെ ഗണപതിഹോമവും 7 30 നും വൈകീട്ട് 5 30 നും സമൂഹപൊങ്കാലയും ഉണ്ട്


കാളിയൂട്ടും ദിക്കുബലിയും

കാളിയൂട്ട് മഹോത്സവം


എല്ലാവർഷവും കുംഭമാസത്തിലെ പൂരം നാളിലാണ് ഉത്സവം കൊടിയേറുന്നത്.എല്ലാ വർഷവും കാളിയൂട്ട് ഉത്സവം 8 ദിവസം നീണ്ടുനിൽക്കുന്നു .


ഒന്നാം ഉത്സവ ദിവസം രാത്രി തൃക്കൊടിയേറ്റിനുശേഷം തിരുമുടി പുറത്തെഴുന്നളിച്ചു പച്ചപ്പന്തലിൽ ഇരുത്തി ദേവിയെ കാപ്പുകെട്ടി പാടിക്കുടിയിരുത്തുന്നു. ചെറിയ തിരുമുടിയാണ് പുറത്തെഴുന്നള്ളിക്കുന്നത്.തോറ്റം പാട്ട് പാടി ദേവിയെ മൂലസ്ഥാനമായ കൊടുങ്ങല്ലൂരിൽനിന്നും ആവാഹിച്ചു കുടിയിരുത്തുന്നു.ദേവിയുടെ ഭർത്താവായ പാലകന്റെ ജനനം മുതലാണ് തോറ്റംപാട്ട് പാടുന്നത്.ഓരോ ദിവസത്തെ ഉത്സവപൂജകളും ഈ ഭദ്രകാളി പാട്ടുമായി ബന്ധപെട്ടു കിടക്കുന്നു.


കാളിയൂട്ട് ഉത്സവനാളുകളിൽ പൊതുവെ 2 4 6 ഉത്സവദിവസങ്ങളിൽ രാത്രി കളംകാവൽ ഉണ്ടാവും[തിരുമുടി ശിരസിൽ എടുത്ത് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ദേവി ദാരികനെ തിരയുന്നതിന്റെ ആവിഷ്കാരം].വളരെയേറെ നേരം നീണ്ടു നിൽക്കുന്ന ഒരു ചടങ്ങാണിത്.പല വിധ പുഷ്പ്പങ്ങളാലും പനിനീരിനാലും കൊണ്ടുള്ള അഭിഷേകത്തോടെയാണ് തിരുമുടി ഏന്തിയുള്ള ദേവിയുടെ(തിരുമുടി ശിരസ്സിൽ എടുത്തു കഴിഞ്ഞാൽ പൂജാരിയിൽ സ്വയം ഭദ്രകാളി ആവേശിക്കുന്നതായി പറയുന്നു) ചുവടുകൾ. കളംകാവലിന്റെ അവസാനം ദേവി ഭാവം ഉച്ചസ്ഥായിയിൽ എത്തുകയും തിരുമുടി ശിരസ്സിൽ നിന്ന് ഊരിമാറ്റുകയും ചെയ്യുന്നു(മുടി ചായുന്നു)


ദേവിയുടെ ത്രിക്കല്യാണം വർണ്ണിക്കുന്ന ഭാഗമായ മാലപ്പുറം പാട്ടു പാടുന്ന സമയം മാലവയ്പ്പ് എന്ന കർമ്മം നടക്കുന്നു.രണ്ട് വലിയപുഷ്പഹാരങ്ങൾ ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിച്ച് ത്രിക്കല്യാണം പാടുന്ന നേരം അവ തിരുമുടികളിൽ ചാർത്തി ദീപാരാധന നടത്തുന്നു,ഇതിനെയാണ് മലവയ്പ്പ് എന്ന് പറയുന്നത്.ഉത്സവദിവസങ്ങളിൽ പല സംഘങ്ങളുടെ നേതൃത്വത്തിൽ വിളക്കുകെട്ടുകൾ ചെണ്ടമേളത്തിന്റെയും മറ്റു കലാപരിപാടികളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്താറുണ്ട്.


പാലകൻ കൊല്ലപ്പെടുന്ന ഭാഗം വർണ്ണിക്കുന്ന പാട്ടു പാടുന്ന ദിവസം കൊന്ന് തോറ്റ് ദിവസം എന്നറിയപ്പെടുന്നു.അന്നേദിവസം ഉച്ചപൂജക്ക് ശേഷം നട അടച്ചാൽ പാലകനെ ദേവി തോറ്റിയുണർത്തിയതിനു ശേഷം മാത്രമേ തുറക്കുകയുള്ളു.(പാട്ടോ മറ്റു കലാപരിപാടികൾ ഒന്നും അന്നേ ദിവസം ഉച്ചപൂജക്ക് ശേഷം വെക്കാറില്ല).



വിളപ്പിൽശാല നല്ലിരുപ്പ് കളത്തിലെ കളംകാവൽ

ഉത്സവത്തിന്റെ ഏഴാം നാൾ രാവിലെ പാട്ടിൽ തന്റെ ഭർത്താവിനെ ചതിച്ചുകൊന്ന പാണ്ട്യരാജാവിനെ ദേവി വധിക്കുന്ന ഭാഗം പാടുമ്പോൾ പൊങ്കാല കലങ്ങളിൽ അഗ്നിപകരുന്നു. അന്നേദിവസം ഉച്ചക്ക് ശേഷം തിരുമുടി മാതൃവൃക്ഷച്ചുവട്ടിൽ എഴുന്നളിച്ചു പൂജ നടത്തുന്നു. വൈകീട്ട് കൊല്ലംകോണം ശ്രീ മണ്ണടി ഭഗവതി ക്ഷേത്രത്തിൽ നിന്ന് കുത്തിയോട്ടം താലപ്പൊലി ഘോഷയാത്രയകുത്തിയോട്ടം താലപ്പൊലി എന്നിവയോടൊപ്പമുള്ള കളങ്കാവലും ശേഷം ഗുരുസിയും നടക്കുന്നു.ശേഷം തിരുമുടിയിൽ നിന്ന് കാപ്പഴിച്ചു* ആറാട്ടിനുശേഷം അകത്തെഴുന്നള്ളിച്ചു പൂജയോടുകൂടി ഉത്സവത്തിന് പരിസമാപ്തിയാകുന്നു.*(ദേവിയെ തിരിച്ചു കൊടുങ്ങലൂരിൽ കൊണ്ടാക്കുന്നു എന്നാണ് വിശ്വാസം)


ദിക്കുബലി മഹോത്സവം


മൂന്നു വർഷത്തിലൊരിക്കൽ നടക്കുന്ന പതിനാലുദിവസം നീണ്ടു നിൽക്കുന്ന ദിക്കുബലി ഉത്സവത്തിൽ ദേവി നിറപറയ്ക്കായി നാലുദിക്കിലേക്കും എഴുന്നള്ളുന്നു. ദിക്കുബലി ഉത്സവനാളുകളിൽ തോറ്റംപാട്ട് കുറച്ചു കൂടി വിസ്തരിച്ചു പാടുന്നു(ഇവിടെ ദാരിക വധവും പരാമർശിക്കുന്നു). അഞ്ചാം ദിവസം മലവയ്പ്പും ഒൻപതാം ദിവസം കൊന്നുതോറ്റും പതിമൂന്നാം ദിവസം പൊങ്കാലയും വരുന്ന രീതിയിലാണ് പാട്ട് ക്രമീകരിച്ചിരിക്കുന്നത്.



ഓട്ടംതാലപ്പൊലി എന്നിവയോടൊപ്പമുള്ള കളംകാവൽ

നാല് ദിക്കുബലി കളങ്ങളിലേക്കും മൂന്ന് നല്ലിരുപ്പ്* കളങ്ങളിലേക്കും തിരുമുടി എഴുന്നള്ളിക്കുന്നു.ദിക്‌ബലി,നല്ലിരുപ്പ് കഴിഞ്ഞെഴുന്നള്ളുന്ന ദേവിയെ ഭക്തജനങ്ങൾ നിറപറയും തട്ടപൂജയും ഒരുക്കി സ്വീകരിക്കുന്നു.അലങ്കരിച്ചൊരുക്കിയ പച്ചപ്പന്തലിൽ ഇരുത്തിയാണ് നിറപറ പൂജ നടത്തുന്നത്.അർധരാത്രിയാണ് ദേവി ദിക്കുബലി കളങ്ങളിലേക്കു പുറപ്പെടുന്നത്.ഇതിനു മുന്നോടിയായി ഉച്ചബലി എന്ന കർമ്മം നടക്കുന്നു. ദേവിയില്ലാത്തസമയം ക്ഷേത്രത്തിന്റെ കാവൽ ചുമതല അഷ്ടദിക്ക്പാലകൾക്കുനൽകുന്നതാണ് ഈ കർമ്മത്തിനാധാരം.വലിയ കളം ഒരുക്കിയാണ് ഈ പൂജ നടക്കുന്നത്.


ദിക്‌ബലിക്കായി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടാൽ തിരിച്ചു ദേവി ക്ഷേത്രത്തിൽ എഴുന്നള്ളാൻ 3 ദിവസംവരെ കഴിയും. നല്ലിരുപ്പ്ദിക്കുബലി കളങ്ങളിൽ കളംകാവൽ ഉണ്ടാകും.ശേഷം ദേവി ധ്യാനാവസ്ഥയിൽ ഇരിക്കുന്നു.*ഈ ധ്യാനത്തെയാണ് നല്ലിരുപ്പ് എന്ന് പറയുന്നത്. എന്നാൽ തെക്ക് ദിക്കിൽ മാത്രം ദേവി നല്ലിരിക്കുന്നില്ല. തെക്കുദിക്കിലെ ദിക്‌ബലിക്ക് ശേഷം നിറപറകൾ സ്വീകരിച്ച ദേവി നേരെ ക്ഷേത്രത്തിലേക്ക് വരുന്നു.നിറപറകൾ സ്വീകരിച്ചു എത്തുന്ന ദിവസങ്ങളിൽ കളംകാവലൊടയാണ് ക്ഷേത്രത്തിൽ പ്രവേശിക്കുക.തുടർന്നുള്ള പൂജാകാര്യങ്ങൾ കാളിയൂട്ട് ഉത്സവത്തിന്റേതു പോലെ തന്നെ ആണ്.


എല്ലാ ഉത്സവങ്ങൾക്ക് ശേഷവും 7 ദിവസത്തേയ്ക്ക് ക്ഷേത്ര നട തുറക്കില്ല.ഏഴാം ദിവസം ഗണപതി ഹോമം പ്രസാദശുദ്ധി എന്നിവയോടെ രാവിലെ നടതുറക്കുന്നു.അന്നേദിവസം രാവിലെയും വൈകീട്ടും സമൂഹപൊങ്കാലയുണ്ടാവും.


കടപ്പാട്