അരീക്കുളങ്ങര ശ്രീദുർഗ്ഗാ ഭഗവതിക്ഷേത്രം
പടിഞ്ഞാറേക്കര പി. ഒ.വല്ലകം, വൈക്കം
കോട്ടയം, കേരള
===========================================
ഇവിടെ ഭഗവതി ദുർഗ്ഗാഭാവത്തിലാണ് പൂജിക്കപ്പെടുന്നത്. സ്വയംഭൂ ആയ ശിലയിലാണ് പൂജചെയ്യപെടുന്നത്. ഈ ശിലയോടുചേർന്ന് ഒരു ഭാഗത്ത് ശാസ്താ സാന്നിദ്ധ്യവും ദർശിച്ചു ആരാധിക്കപ്പെട്ടു വരൂന്നു.
ആദ്യകാലത്ത് ഇവിടെ ഭഗവതിക്കു ഗുരുതിയും ശത്രുസംഹാര പുഷ്പാഞ്ജലിയും മറ്റും നടത്തി വന്നിരുന്നു. പിന്നീട് ഭദ്രകാളി ചൈതന്യം മറ്റൊരു ഉപദേവതാസ്ഥാന പ്രതിഷ്ഠയായി. ബ്രഹ്മരക്ഷസ്സ്, സർപ്പദൈവങ്ങൾ ഇവിടുത്തെ മറ്റു ഉപദേവതാ പ്രതിഷ്ഠകളാണ്. മുൻപ് നടന്ന ദേവപ്രശ്നത്തിൽ ജ്യോതിഷപണ്ഡിതൻമാരുടെ കണ്ടെത്തൽ അനുസരിച്ച് ആയിരത്തിൽപരം വർഷത്തെ പഴക്കവും പാരമ്പര്യം ഈ ക്ഷേത്രത്തിന് ഉള്ളതായി കാണപ്പെട്ടു
പണ്ട് കേരളത്തിലെ മറ്റുഭാഗങ്ങൾപോലെ ഇവിടെയും വൃക്ഷങ്ങളും സസ്യലതാദികളും നിറഞ്ഞ വനപ്രകൃതത്തിൽ ആയിരുന്നു. അത്തരം വനങ്ങള്ക്കിടയ്ക്ക് ചെറിയ ഗ്രാമങ്ങളും കൃഷിയിടങ്ങളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.അത്തരത്തിലുള്ള ഒരു കൃഷിയിടത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരുന്ന പുലയവിഭാഗത്തിൽപ്പെടുന്ന ഒരു കർഷകസ്ത്രീ പണിചെയ്തുകൊണ്ടിരിക്കുമ്പോൾ പണിയായുധമായ കൊയ്ത്തരിവാൾ പാടത്തുള്ള ഒരു ശിലയിൽ തേച്ചുമൂർച്ചകൂട്ടുവാൻ ശ്രമിക്കുമ്പോൾ ശിലയിൽ നിന്ന് രക്തം വരുന്നതുകണ്ട് ശ്രദ്ധിച്ചപ്പോൾ ശിലയിൽ ഇരുമ്പ്കൊണ്ടുണ്ടാക്കിയ അരിവാൾ ഉരയുന്നിടത്തു നിന്ന് രക്തംവരുന്നത് വ്യക്തമായികാണുകയും കർഷകസ്ത്രീ സമീപത്തെ ബ്രാഹ്മണ ഗൃഹത്തിൽ ജപതപാദികളുമായി കഴിയുന്ന ബ്രാഹ്മണനെ ചെന്നു കണ്ട് വിവരമറിയിച്ചു. ആ തപസ്വിയായ ബ്രാഹ്മണൻ കർഷകസ്ത്രീ പറഞ്ഞ ദിക്കിലെത്തിയപ്പോൾതന്നെ ശിലയിൽ പരാശക്തിയുടെ സാന്നിദ്ധ്യം ദർശിച്ച് ദേവിയെ മാനസപൂജച്ചെയ്ത് നമസ്കരിച്ച് അവിടെ അടുത്തു കണ്ട കാവിലെ മാമ്പഴമെടുത്ത് ഭക്തിപൂർവ്വം ദേവിയ്ക്ക് സമർപ്പിച്ചു. അങ്ങനെ പുലയസ്ത്രീ കണ്ട അത്ഭുതത്തിൽ ബ്രാഹ്മണതാപസൻ ദേവിചൈതന്യത്തെ ദർശിച്ചു ആ കൃഷിയിടത്തിലെ ശിലയിൽ ദുര്ഗ്ഗാദേവിയുടെ പൂജകൾ ആരംഭിച്ചു. ആ ബ്രാഹ്മണകുടുംബമായ മരങ്ങാട്ടുമനക്കാർ അവിടെ ശ്രീകോവിലും ചുറ്റുമായി ക്ഷേത്രസമുച്ചയവും പണിതു. അന്ന് വൈക്കം മഹാദേവക്ഷേത്രതന്ത്രിയായിരുന്ന മോനാട്ടുമനയ്ക്കലെ തന്ത്രിമാരെ ക്ഷേത്രത്തിലെ ആചാര്യസ്ഥാനത്തു അവരോധിച്ചു.
കേട്ടുകേൾവിയുടെ കാലം മുതൽ മേടമാസം 1-)0 തിയതി വിഷുവാണ് ഇവിടുത്തെ ഉത്സവമായി കൊണ്ടാടുന്നത്. പിന്നീട് ഓരോ കാലങ്ങളിലായി നവരാത്രിപൂജയും വിജയദശമിയ്ക്കു വിദ്യാരംഭവും, പൂമൂടലും ഒക്കെ നടത്തിവരുന്നു. ഇന്നും ക്ഷേത്രത്തിലെ തന്ത്രം മോനാട്ടുമനക്കാർക്കും ഊരാളസ്ഥാനം മരങ്ങാട്ട തറമേൽ മനയ്ക്കുമാണ്. 1987 മുതൽ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മേൽനോട്ടത്തിലാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റുമുള്ള കൃഷിയിടത്തിൽ നെൽകൃഷി ചെയ്തു വരുന്നുണ്ട് പണ്ടുകാലങ്ങളിൽ നെൽക്കതിരിൽ അരിമണികൾ നേരിട്ടു കാണാമായിരുന്നു. അതിനാലാണ് അരീക്കുളങ്ങര എന്ന പേര് വന്നതെന്നാണ് ഐതീഹ്യം. ഭക്തരിൽ ചിലർ അരിക്കു പകരം ചോറുവിളഞ്ഞിരുന്നെങ്കിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഉണ്ണാമായിരുന്നു എന്നു പറഞ്ഞതുമുതൽക്കാണ് അരിവിളയുന്നത് നിലച്ചുപോയത് എന്നാണ് കേട്ടുകേൾവി. എന്നാൽ 2009 ൽ വീണ്ടും ക്ഷേത്രത്തിനുചുറ്റും നെൽകൃഷി ചെയ്തപ്പോൾ ധാരാളമായി നെല്ല് തന്നെ പ്പൊട്ടി അരിക്കുലകളായി കാണപ്പെടുകയുണ്ടായി.
മുൻ ശബരിമല മേൽശാന്തിയായിരുന്ന മോനാട്ടുമന കൃഷ്ണൻനമ്പൂതിരിയും പുത്രൻ ഗോവിന്ദൻനമ്പൂതിരിയുമാണ് ഇപ്പോൾ ഈ ക്ഷേത്രത്തിലെ താന്ത്രികവൃത്തി അനുഷ്ടിക്കുന്നത്. ക്ഷേത്ര ഊരാളൻ പ്രസിദ്ധ സംഗീതജ്ഞനായ ബ്രഹ്മശ്രീ വാസുദേവൻനമ്പൂതിരിയാണ്