2021, ജനുവരി 21, വ്യാഴാഴ്‌ച

മഹാഭാരതത്തിലെ തിരഞ്ഞെടുത്ത കഥകൾ // രുരുവിന്റെയും, ഡുംഡുഭത്തിന്റെയും കഥ

 


മഹാഭാരതത്തിലെ തിരഞ്ഞെടുത്ത കഥകൾ


രുരുവിന്റെയും, ഡുംഡുഭത്തിന്റെയും കഥ

=======================================================


ച്യവനന് സുകന്യയിൽ ജനിച്ച പുത്രനായിരുന്നു പ്രമതി. പ്രമതിയ്ക്ക് ഘൃതാചി എന്ന പത്നിയിൽ ഉണ്ടായ പുത്രനാണ് രുരു. പ്രമതിയുടെ പുത്രനായ രുരുവിന്റെ  കഥയാണ് ഇന്ന് ഞാനിവിടെ പറയുന്നത്!!



      പ്രമതിയുടെ പുത്രനായ രുരു തപസ്സും, ദാനവും ജീവിതവ്രതമാക്കിക്കൊണ്ടാണ് വളർന്നുവന്നത്. അങ്ങിനെ രുരുവിന് ഏതാണ്ട് വിവാഹപ്രായമെത്തി. ഒരിക്കൽ രുരു, വഴിയിൽ വെച്ച് പ്രമദ്വര എന്ന ഒരു സുന്ദരിയെ കാണാനിടയാവുകയും, അവളിൽ പ്രേമം തോന്നുകയും ചെയ്തു. രുരുവിന്റെ അച്ഛൻ ഈ വിവരമറിയുകയും, അദ്ദേഹം പ്രമദ്വരയുടെ പിതാവിനോട് കൂടി ആലോചിച്ച് രുരുവിന്റെയും, പ്രമദ്വരയുടെയും വിവാഹം തീരുമാനിക്കുകയും ചെയ്തു!


പ്രമദ്വര ആരാണെന്ന് പറഞ്ഞില്ലല്ലോ? അതാദ്യം പറയാം, എന്നിട്ട് നമുക്ക് ബാക്കി കഥയിലേക്ക് കടക്കാം. വിശ്വാവസു എന്ന ഗന്ധർവ്വനിൽ നിന്നും അപ്സരസ്സായ മേനക ഗർഭം ധരിക്കുകയും ,ഒരു പെൺകുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. മേനക ആ കുഞ്ഞിനെ സ്ഥൂലകേശൻ എന്ന മുനിയുടെ ആശ്രമത്തിന് സമീപം ഉപേക്ഷിക്കുകയും, മുനി ആ കുഞ്ഞിനെ എടുത്ത് ആശ്രമത്തിൽ കൊണ്ടുവരികയും, അവൾക്ക് പ്രമദ്വര എന്ന് നാമകരണം ചെയ്ത്  വളർത്തുകയും ചെയ്തു.

അവൾ ആ ആശ്രമത്തിൽ തന്നെ കളിച്ചുവളർന്ന് സുന്ദരിയായ ഒരു യുവതിയായി  തീർന്നു. ആ അവസരത്തിലാണ് രുരു അവളെ കാണാനിടയായി അവളിൽ അനുരക്തനായതും, വീട്ടുകാർ ചേർന്ന് അവരുടെ വിവാഹം നിശ്ചയിച്ചതും!

       


      അങ്ങിനെ രുരുവിന്റെയും, പ്രമദ്വരയുടെയും വിവാഹ ദിവസം അടുത്തുവന്നു .ഒരു ദിവസം പ്രമദ്വര, തന്റെ തോഴിമാർക്കൊപ്പം നടക്കുന്ന സമയത്ത്  അറിയാതെ ഒരു പാമ്പിന്റെ മേൽ ചവിട്ടുകയും, പാമ്പ് കടിച്ച് പ്രമദ്വര മരിക്കുകയും ചെയ്തു !!


   വിവരമറിഞ്ഞ രുരു ആകപ്പാടെ സങ്കടത്തിലായി. വിഷമം സഹിക്കാനാവാതെ അദ്ദേഹം വനത്തിലേക്ക് പോയി. തന്റെ തപസ്സിനും, പൂജയ്ക്കും ഫലമുണ്ടെങ്കിൽ പ്രമദ്വര ജീവിക്കട്ടെ എന്ന് രുരു മനസ്സുരുകി പ്രാർത്ഥിച്ചു.രുരുവിന്റെ മനംനൊന്ത പ്രാർത്ഥന കേട്ട് ഒരു ദേവദൂതൻ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.എന്നിട്ട്  രുരുവിനോട് : "ആയുസ്സ് എത്തിയാൽ മനുഷ്യർ മരിക്കുന്നത് പ്രകൃതിനിയമമല്ലെ, അതിൽ സങ്കടപ്പെട്ടിട്ട് എന്താണ് കാര്യം! " എന്ന് ചോദിച്ചു. മറുപടിയായി രുരു, "അങ്ങ് പറഞ്ഞതൊക്കെ ശരിയാണ്. എങ്കിലും അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. അതിനാൽ അവളെ ജീവിപ്പിക്കുവാനുള്ള എന്തെങ്കിലും ഒരു മാർഗ്ഗം അങ്ങ് എനിക്ക് പറഞ്ഞുതരൂ" എന്ന് അപേക്ഷിക്കുകയും ചെയ്തു. രുരുവിന്റെ സങ്കടത്തിൽ വിഷമം തോന്നിയ ദേവദൂതൻ"നിന്റെ ആയുസ്സിന്റെ പകുതി കൊടുക്കാമെങ്കിൽ പ്രമദ്വരയ്ക്ക് ജീവൻ തിരിച്ചു ലഭിക്കും" എന്ന് രുരുവിനെ അറിയിക്കുകയും ചെയ്തു!


      പ്രമദ്വരക്ക് തന്റെ ആയുസ്സിന്റെ പകുതി കൊടുക്കാമെന്ന് രുരു സമ്മതിക്കുകയും, ദേവദൂതൻ യമധർമ്മനെ കണ്ട് പ്രമദ്വരക്ക് ജീവൻ തിരിച്ചു നൽകണമെന്നാവശ്യപ്പെടുകയും ചെയ്തു."പ്രമദ്വരയെ, രുരു

വിവാഹം കഴിക്കുമെങ്കിൽ രുരുവിന്റെ ആയുസ്സിന്റെ പകുതി നൽകി അവളെ ജീവിപ്പിക്കാം" എന്ന ധർമ്മദേവന്റെ വാക്കുകൾ അനുസരിച്ച് പ്രമദ്വരക്ക് ജീവൻ തിരിച്ചു കിട്ടുകയും, രുരുവും, പ്രമദ്വരയുമായുള്ള വിവാഹം മുൻനിശ്ചയപ്രകാരം തന്നെ നടക്കുകയും ചെയ്തു!


  ഇനി നമുക്ക് ഡുംഡുഭത്തിന്റെ കഥയിലേക്ക് കടക്കാം!

പ്രമദ്വരയുടെ ജീവൻ തിരിച്ചു കിട്ടിയെങ്കിലും, അവളെ പാമ്പുകടിച്ച് കൊന്നിരുന്നതിന്റെ പകമൂലം, രുരു കാണുന്ന പാമ്പുകളെയെല്ലാം കൊല്ലാൻ തുടങ്ങി.ഒരു ദിവസം രുരു കാട്ടിലൂടെ നടക്കുമ്പോൾ ഒരു ഇഴജന്തുവിനെ ( ഡുംഡുഭത്തിനെ) കാണുകയും, അതിനെ കൊല്ലാനോങ്ങുകയുമുണ്ടായി! " നീ ആരാണ്?നിരപരാധിയായ എന്നെ എന്തിനാണ് നീ കൊല്ലുന്നത് "എന്ന ഇഴജന്തുവിന്റെ ചോദ്യത്തിന് "എന്റെ പേര് രുരു എന്നാണ്.എന്റെ  പ്രിയതമയെ പണ്ടൊരിക്കൽ ഒരു പാമ്പ് കടിച്ചതിനാലുള്ള പക മൂലമാണ് ഞാൻ പാമ്പുകളെയെല്ലാം കൊല്ലുന്നത് "എന്ന് രുരു മറുപടിയും കൊടുത്തു!


ഇതുകേട്ട ഇഴജന്തു പറഞ്ഞു: "ഞാൻ വിഷമുള്ള പാമ്പൊന്നുമല്ല. ഞാൻ സഹസ്രപാത്ത് എന്നു പേരുള്ള ഒരു മുനിയായിരുന്നു. ഒരു ദിവസം ഞാൻ എന്റെ സുഹൃത്തായ ഖഗമൻ എന്നുപേരായ ബ്രാഹ്മണനെ പുല്ലുകൊണ്ടുണ്ടാക്കിയ ഒരു പാമ്പിനെ കാണിച്ച് ഭയപ്പെടുത്തുകയുണ്ടായി ! അപ്പോൾ അദ്ദേഹം "നീ വിഷമില്ലാത്ത ഒരു ഉരഗമായി തീരട്ടെ " എന്ന് എന്നെ ശപിക്കുകയുണ്ടായി ! "ഞാൻ കളിതമാശയായി ചെയ്തതല്ലെ ,എന്നോട് ക്ഷമിച്ചു കൂടെ? "എന്നൊക്കെ സങ്കടത്തോടെ പറഞ്ഞപ്പോൾ ഖഗമൻ എനിക്ക് ശാപമോക്ഷവും തന്നു: ''പ്രമതിയുടെ പുത്രനായ രുരുവിനെ കാണുമ്പോൾ നിനക്ക് പൂർവ്വരൂപം ലഭിക്കും" ഇതായിരുന്നു ശാപമോക്ഷം! "


     ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും ഡുംഡുഭത്തിന് സ്വന്തം രൂപം തിരിച്ചു കിട്ടി, അദ്ദേഹം തേജസ്സുള്ള ഒരു മുനികുമാരനായി തീർന്നു!


തന്റെ പൂർവ്വരൂപം തിരിച്ചു കിട്ടിയതിൽ സന്തോഷിച്ച മുനികുമാരൻ, രുരുവിനോട് നന്ദി പറഞ്ഞു! മേലിൽ ജന്തുക്കളെയൊന്നും അനാവശ്യമായി ഉപദ്രവിക്കരുതെന്ന് മുനി കുമാരൻ, രുരുവിനെ ഉപദേശിക്കുകയും ചെയ്തു !!


ഓം ശ്രീകൃഷ്ണപരമാത്മനെ നമഃ


ചിന്താമണി