2021, നവംബർ 13, ശനിയാഴ്‌ച

നന്തിദേവര്‍-

 നന്തിദേവര്‍-

===============================


പതിനെട്ടു ശൈവസിദ്ധന്മാരില്‍ പ്രധാനി. അഗസ്ത്യരുടെ വിവരണത്തില്‍ കുശവജാതിയിലാണത്രെ നന്തിദേവരുടെ ജനനം.ഋഷി ചിലാതനാണത്രെ നന്തിദേവരുടെ അച്ഛന്‍. നന്തിദേവരുടെ “നന്തീശര്‍ കലൈഞ്ഞാനം” എന്ന ഗ്രന്ഥത്തില്‍ വ്യാസര്‍ഷി ഇളയ സഹോദരനാണെന്നും, ശ്രീരാമന്റെ അച്ഛനായ ദശരഥന്‍ അമ്മാവനാണെന്നും പറയുന്നുവത്രെ. കാശിവിശ്വനാഥക്ഷേത്രം നന്തിദേവരുടെ സമാധിസ്ഥാനമാണത്രെ.

പുരാണങ്ങള്‍പ്രകാരം ശിവന്റെ ഭൂതഗണങ്ങളില്‍ ഒരാളായ വീരഗണന്‍ ശ്രീപാര്‍വ്വതിയുടെ കാവല്ക്കാരനായിരുന്നുവത്രെ. ശ്രീപാര്‍വ്വതി ഒരു ദിവസം ധ്യാനത്തിനുപോയപ്പോള്‍ വീരഗണന്‍ അദിലഗന്‍ എന്ന രാക്ഷസനെ ദേവിയുടെ വീട്ടില്‍ താമസിയ്ക്കാന്‍ അനുവദിച്ചുവത്രെ . ഇതില്‍ ദേഷ്യപ്പെട്ട ഭഗവാന്‍ വീര്‍ഗണനെ മനുഷ്യനായിപ്പിറക്കട്ടെയെന്നു ശപിച്ചുവത്രെ.

അങ്ങിനെ വീരഗണന്‍ കുട്ടികളില്ലാതിരുന്ന ചിലാതന്‍ എന്ന ഋഷിയുടെ പുത്രനായി ശിവപ്രീതിയാല്‍ പിറന്നു.എന്നാല്‍ കുട്ടി പന്ത്രണ്ടാം വയസ്സില്‍ മരിയ്ക്കുമെന്നു ശിവഭഗവാന്‍ അരുളപ്പെട്ടുവത്രെ. കുട്ടിവലുതായപ്പോള്‍ ശിവനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തി ഭൂതഗണങ്ങളുടെ നായകനായി.

സിദ്ധനനായിരുന്ന നന്തിദേവര്‍ തനിയ്ക്കറിയാവുന്നതെല്ലാം തുറന്നെഴുതിയത്രെ. ഇതില്‍ കുപിതരായ ചില സിദ്ധന്മാര്‍ ശിവനോട് പരാതിപ്പെടുകയും ശിവന്‍ നന്തിയെ ശകാരിയ്ക്കുകയും ചെയ്തുവത്രെ. ഇതില്‍ പരിഭവപ്പെട്ട നന്തി ഒരു കാളയുടെ രൂപമെടുത്ത് കാട്ടിലൊളിച്ചു. ശിവഭഗവാന്‍ നന്തിയുടെ അടുത്ത് ചെന്നു പിണക്കം തീര്‍ക്കുകയും തന്റെ മുന്നില്‍ വരാന്‍ ആവശ്യപ്പെട്ടതിന്റെ വെളിച്ചത്തില്‍ നന്തി ഇഴഞ്ഞിഴഞ്ഞ് ശിവന്റെ മുന്നില്‍ നമസ്ക്കരിയ്ക്കുന്ന രൂപത്തില്‍ ഒരിയ്ക്കല്‍ വന്നുവത്രെ.